Showing posts with label സാങ്കേതികവിദ്യ. Show all posts
Showing posts with label സാങ്കേതികവിദ്യ. Show all posts

07 January, 2011

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോണ്‍ഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.

ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോണ്‍ഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.

"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''.

വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.

നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോണ്‍സാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു.

ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോണ്‍സാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ടണ്‍. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോണ്‍സാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.

മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;

"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.

ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.

പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.

ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.

*
ഡോ. ടി എം തോമസ് ഐസക്

04 January, 2011

ജനിതകവിള: എസ്‌.ആര്‍.പിക്ക്‌ പിന്തുണയേറുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്റെ മൂന്നാമത് രാജ്യാന്തര കേരള പഠന കോണ്ഗ്രസ് ജനിതകവിളകളെ അന്ധമായി എതിര്ക്കേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയുടെ പ്രസ്താവനയില് മുങ്ങി. എസ്.ആര്.പിയുടെ നിലപാടിനെതിരേ സി.പി.ഐ. ശക്തമായി രംഗത്തെത്തിയെങ്കിലും സി.പി.എമ്മില് കൂടുതല് നേതാക്കള് അദ്ദേഹത്തിനു പിന്തുണയുമായെത്തി. പഠന കോണ്ഗ്രസിലെ പ്രധാന ചര്ച്ചാവിഷയം 'ജനിതകമാറ്റം വരുത്തിയ കാര്ഷികവിളകള്' ആയി മാറി.

പ്രബന്ധങ്ങള് അവതരിപ്പിക്കാനെത്തിയ ശാസ്ത്രജ്ഞരുടെ പിന്തുണയും എസ്.ആര്.പിക്കു ലഭിച്ചു. പഠന കോണ്ഗ്രസിനു പുറത്തുനിന്നാണെങ്കിലും കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി. തോമസും ഫോര്വേഡ് ബ്ലോക്കും എസ്.ആര്.പിക്കു പിന്തുണയുമായെത്തി. ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുകയോ അപ്പാടെ സ്വീകരിക്കുകയോ വേണ്ടെന്നാണു സി.പി.എം. നിലപാടെന്നു മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില് പറഞ്ഞു. ജനിതക വിത്തുകള് സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്, ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങള്, ഉടമസ്ഥത എന്നീ കാര്യങ്ങള് ഓരോ വിത്തിനത്തിന്റെയും കാര്യത്തില് പ്രത്യേകം പരിശോധിച്ചുവേണം അനുമതിക്കാര്യം തീരുമാനിക്കാനെന്ന് അദ്ദേഹം പറഞ്ഞു.

ജൈവ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കേരളത്തിലെ കൃഷിയെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു മന്ത്രി എളമരം കരീം പറഞ്ഞു. ശാസ്ത്രത്തെ നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ധമായി സ്വീകരിക്കുന്നതും അന്ധമായി എതിര്ക്കുന്നതും ശരിയല്ലെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം പി. രാജീവ് എം.പി പറഞ്ഞു. പരിസ്ഥിതി, ആരോഗ്യ പഠനങ്ങള് നടത്തിവേണം തീരുമാനമെടുക്കേണ്ടത്. ഉല്പന്നങ്ങളുടെ കുത്തകവത്കരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനിതക സാങ്കേതിക കണ്ടുപിടിത്തത്തെ നാടിനും സമൂഹത്തിനും കൃഷിക്കും പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ആലോചിക്കുന്നതിനു പകരം ഇതിനെ മാധ്യമങ്ങള് മറ്റൊരു തലത്തിലേക്കു കൊണ്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം എം.വി. ജയരാജന് പറഞ്ഞു.

കെ.എന്. ബാലഗോപാല് എം.പിയും എസ്.ആര്.പിയുടെ അഭിപ്രായത്തെ പിന്തുണച്ചു.

ബി.ടി. വഴുതനയെ സി.പി.എം. ശക്തമായി എതിര്ക്കുന്നുണ്ടെന്നു തോമസ് ഐസക് വ്യക്തമാക്കി. ഇത് രണ്ടായിരത്തഞ്ഞൂറോളം വരുന്ന മറ്റു വഴുതനങ്ങയിനങ്ങളെ എങ്ങിനെ ബാധിക്കുമെന്ന് ആദ്യം പരിശോധിക്കണം. പഠനം തീരുന്നതുവരെ ബി.ടി. വഴുതനയ്ക്കു മോറട്ടോറിയം വേണമെന്നാണു പാര്ട്ടി നിലപാട്.

ബി.ടി. പരുത്തി വിത്തുകളുടെ വിതരണവും അവകാശവും കുത്തകക്കമ്പനിയായ മോണ്സാന്റോയില് നിക്ഷിപ്തമായതിന്റെ പേരില് മാത്രമാണ് അതിനോട് എതിര്പ്പെന്നും ഐസക് വ്യക്തമാക്കി.

കേരളത്തെ ജനിതകവിള വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കൃഷിവകുപ്പിന്റെ ശ്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അതു വളരെ നല്ലതാണെന്നും സംവാദം നടക്കുന്നതില് എന്താണു പേടിക്കാനുള്ളത്' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്ക്കാര് നിലപാട് മാറ്റേണ്ട യാതൊരു സാഹചര്യവും നിലനില്ക്കുന്നില്ലെന്നും മന്ത്രി ഐസക് പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഗവേഷണം നടക്കണമെന്നത് ഇടതുപക്ഷത്തിന്റെ പൊതുനിലപാടാണെന്ന് ഫോര്വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി. ദേവരാജന് പറഞ്ഞു. കുറവു സ്ഥലത്ത് കൂടുതല് ഉല്പാദനം നടത്താനാണു ശ്രമിക്കേണ്ടത്.

മൊണ്സാന്റോ പോലെയുള്ള കുത്തകകള്ക്കു മുന്നില് അടിയറ പറയാതെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള് ഉല്പാദിപ്പിക്കാന് പൊതുമേഖലാ സ്ഥാപനങ്ങള് ഗവേഷണം നടത്തണമെന്നും ദേവരാജന് പറഞ്ഞു.

ജനിതകവിത്ത്: പുറംതിരിഞ്ഞ് നില്ക്കേണ്ടതില്ലെന്ന് ഉമ്മന് ചാണ്ടി


തിരുവനന്തപരം: ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ കാര്യത്തില് ശാസ്ത്രത്തിന്റെ നേട്ടങ്ങളോട് പുറം തിരിഞ്ഞ് നില്ക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി. ശാസ്ത്ര നേട്ടങ്ങളെ അടഞ്ഞമനസ്സോടെ വീക്ഷിക്കേണ്ടതില്ല. കാലകാലങ്ങളില് ശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങള്സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില് പാര്ട്ടിയുടെ തീരുമാനം ചര്ച്ചകള്ക്കു ശേഷം അറിയിക്കാമെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.



ജനിതക വിത്ത്: സി.പി.എമ്മിനെതിരെ ബര്ദനും രാജയും

ന്യൂഡല്ഹി: ജനിതക മാറ്റം വരുത്തിയ വിളകള് ഉപയോഗിക്കണമെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്പിള്ളയുടെ നിലപാടിനെതിരെ സി.പി.ഐയിലെ ദേശീയ നേതാക്കള് രംഗത്തെത്തി. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള് സ്വീകരിക്കുന്നത് ഇടതു നയമല്ലെന്നു സി.പി.ഐ ജനറല് സെക്രട്ടറി എ.ബി.ബര്ദന് പറഞ്ഞു. സി.പി.എം പറഞ്ഞത് അവരുടെ നിലപാടാണ്. ജനിതക വിത്ത് കര്ഷകര്ക്ക് ദോഷം ചെയ്യും. കൃഷിച്ചെലവു കൂട്ടും. വിത്തുപയോഗം പരിസ്ഥിതിക്കു വന് പ്രത്യാഘ്യാതങ്ങള് ഉണ്ടാക്കും ബിടി കോട്ടണ് ഇതു തെളിയിച്ചതാണ്. ജനിതക വിത്തിനങ്ങള് ദോഷം ചെയ്യില്ലെങ്കില് സി.പി.എം അതിന്റെ തെളിവ് നിരത്തട്ടെ. ഇക്കാര്യത്തില് രാഷ്ട്രീയ പ്രസ്താവനയല്ല, ശാസ്ത്രജ്ഞരുടെ തീരുമാനമാണ് വേണ്ടതെന്നും ബര്ദന് പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ വിളകളെ പാടേ എതിര്ക്കുന്നത് ജനിതക വിത്തിനങ്ങളെ എതിര്ക്കുന്നവര് അന്ധവിശ്വാസികളാണെന്ന എസ്.ആര്.പിയുടെ പരാമര്ശത്തിനെതിശരയാണ് ഡി.രാജ രംഗത്തെത്തിയത്. രാമചന്ദ്രന്പിള്ളയുടെ നിലപാട് ശരിയല്ലെന്ന് ദേശീയ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. ഇത്തരം വിത്തുകളെക്കുറിച്ച് ബഹുരാഷ്ര്ടാ കുത്തകകള് മാത്രമേ പഠനം നടത്തിയിട്ടുള്ളൂവെന്നും വിശദമായി പഠിക്കാതെ വിത്തുപയോഗം അനുവദിക്കാന് കഴിയില്ലെന്നും രാജ പറഞ്ഞു. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങള് അടിച്ചേല്പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നതെന്നും വിത്ത് കുഴപ്പമില്ലാത്തതാണെങ്കില് പിന്നെ ഇടതുപാര്ട്ടികളും ശാസ്ത്രജ്ഞരും ഇത്രയുംകാലം എതിര്ത്തത് എന്തിനാണെന്നും ഡി. രാജ ചോദിച്ചു.

അന്ധവിശ്വാസമാണെന്നാണു കേരള പഠന കോണ്ഗ്രസ് സെമിനാറില് കിസാന്സഭ ദേശീയ അധ്യക്ഷന് കൂടിയായ എസ്. രാമചന്ദ്രന്പിള്ള അഭിപ്രായപ്പെട്ടതാണു സംവാദത്തിനു തിരികൊളിത്തിയത്. ഈ അഭിപ്രായത്തെ അതേ വേദിയില്ത്തന്നെ മന്ത്രി മുല്ലക്കര രത്നാകരന് നിശിതമായി എതിര്ത്തിരുന്നു. അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാന സര്ക്കാരിന്റെതല്ലെന്നും മുല്ലക്കര പറഞ്ഞു. എസ്.ആര്.പിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവനും രംഗത്തെത്തിയിരുന്നു.

23 September, 2009

ആണവായുധ പരീക്ഷണവും വിവാദങ്ങളും

ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു.

"ഭൂചലനവുമായി ബന്ധപ്പെട്ട അളവുകളുടെയും വിദഗ്ധന്മാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1998 മെയ് മാസത്തില്‍ പൊഖ്റാനില്‍ നടത്തിയ ആണവായുധ പരീക്ഷണം വളരെ കുറഞ്ഞ നിലവാരത്തിലുള്ളതായിരുന്നു എന്നാണ് ആഗസ്റ്റ് 27ന് സന്താനം പറഞ്ഞത്. ആണവ ഭാഷാശൈലിപ്രകാരം അണുസ്ഫോടനം നിശ്ചിതഫലം പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അതിനെ ഒരു "പാഴ്വേല'' (fizzle) എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇനിയും കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തറപ്പിച്ചുപറയുന്ന സന്താനം, സിടിബിടിയില്‍ ഒപ്പിടുന്നതിന് ഇന്ത്യക്കുമേല്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

സന്താനത്തിന്റെ പ്രസ്താവന ശാസ്ത്രലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്; രാഷ്ട്രീയ സംവിധാനത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇത് തികച്ചും പുതിയൊരു സംഭവവികാസമല്ല. 1998ലെ അണു ആയുധ പരീക്ഷണങ്ങളുടെ ഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും ശാസ്ത്രലോകത്ത് അത് നടത്തി ഒരാഴ്ചയ്ക്കകംതന്നെ ആരംഭിച്ചിരുന്നു.

അന്നത്തെ ഹൈഡ്രജന്‍ ബോംബ് 43 കിലോ ടണ്‍ ടിഎന്‍ടിയുടെ സ്ഫോടകശേഷി കൈവരിച്ചതായാണ് ഔദ്യോഗികമായ അവകാശവാദം. "അണുപ്രസരണം കുറയ്ക്കുന്നതിനും അയല്‍ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി താരതമ്യേന കുറഞ്ഞ സ്ഫോടനശേഷി ലഭിക്കുന്ന തരത്തില്‍ ബോധപൂര്‍വം കൈകാര്യം ചെയ്യുകയായുണ്ടായത്'' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അണുപരീക്ഷണത്തിനുശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍, ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന ആര്‍ ചിദംബരവും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന എപിജെ അബ്ദുള്‍കലാമും ഉള്‍പ്പെടെയുള്ള, ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞര്‍ തറപ്പിച്ചുപറഞ്ഞത് ആയുധവല്‍ക്കരണം സമ്പൂര്‍ണ്ണമായെന്നാണ്.

ആ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു കെ സന്താനം. അദ്ദേഹം അന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അണു ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അദ്ദേഹം.

ഇന്ത്യയിലും വിദേശങ്ങളിലും ഈ അവകാശവാദങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, ശാസ്ത്രലോകം പൊതുവെ ഔദ്യോഗികനയത്തെ അംഗീകരിച്ചെങ്കിലും ആണവോര്‍ജകമ്മീഷന്റെ മുന്‍ ഡയറക്ടറായ പി കെ അയ്യങ്കാര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ ശാസ്ത്രജ്ഞര്‍ ഗൌരവതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശങ്ങളിലെ വിശകലനവിദഗ്ധര്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ അന്നുതന്നെ വെല്ലുവിളിച്ചിരുന്നതായും ആ അണുആയുധസ്ഫോടനം 12 മുതല്‍ 25 വരെ കിലോ ടണ്‍ നിലവാരത്തിലേ എത്തിയിരുന്നുള്ളു എന്ന് സീസ്മോഗ്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ആണവായുധ സമൂഹത്തില്‍ ആ കാലത്തുനടന്ന സാങ്കേതിക സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

"ശക്തികൂടിയ അണുവിഭജന''ആയുധം ആയിരുന്നു ശക്തി ക എന്നും അതിനെ ഹൈഡ്രജന്‍ ബോംബെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ചിലര്‍ സൂചിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ വെബ്സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-

"ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് വിളിക്കപ്പെടുന്നതിന്റെ സ്ഫോടനശേഷി 12-25 കിലോ ടണ്‍ നിലവാരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നും 43 കിലോ ടണ്‍ എന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്നുമാണ് ഭൂചലനം സംബന്ധിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വിദഗ്ധന്മാരും സ്വതന്ത്രരായ മറ്റു വിദഗ്ധന്മാരും എത്തിച്ചേര്‍ന്ന നിഗമനം. ഈ താഴ്ന്ന നിലവാരമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്''.

ഇന്ത്യയുടെ രണ്ട് ഘട്ടങ്ങളുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയുടെ ഇസഡ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയതായാണ് അന്താരാഷ്ട്ര ആണവ വ്യവസായത്തിന്റെ വാണിജ്യ പ്രസിദ്ധീകരണമായ "ന്യൂക്ളിയോണിക്സ് വീക്കി''ന്റെ 1998 നവംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിദേശ ആണവ ആയുധ പരിപാടികളിലെ പുരോഗതി വിലയിരുത്താന്‍ ബാധ്യതപ്പെട്ട നിരീക്ഷണ സംവിധാനമാണ് കാലിഫോര്‍ണിയയിലെ ഈ സ്ഥാപനം.

ചിദംബരവും കൂട്ടരും തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ചു. അതിനെ അല്‍പംകൂടി വിപുലപ്പെടുത്തുകപോലുമുണ്ടായി. 1999 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യകാരന്മാരുടെ അസോസിയേഷനുവേണ്ടി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വിശദീകരണത്തിനിടയില്‍ ഇന്ത്യയുടെ അണുവായുധ പരീക്ഷണങ്ങളുടെ "അന്യൂന''മായ അവസ്ഥയെക്കുറിച്ചും ഈ രാജ്യത്തിന്റെ "ഉന്നത സാങ്കേതിക വിദ്യയിലുള്ള മികവി''നെക്കുറിച്ചുമെല്ലാം ചിദംബരം ഒട്ടേറെ അവകാശവാദങ്ങള്‍ നടത്തി. ആണവായുധത്തിന് ഏറ്റവും അനുയോജ്യമായ രൂപമാതൃക സ്വായത്തമാക്കല്‍, കൈവരിക്കേണ്ട പ്രത്യേക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, റേഡിയോ ആക്ടീവതമൂലമുള്ള മലിനീകരണം അല്‍പവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കല്‍ - ഈ മൂന്നു കാര്യങ്ങളിലും "കൃത്യത'' കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

"കൃത്യത''യെയും മികവിനെയും സംബന്ധിച്ച ഈ അവകാശവാദമാണ് ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഈ അവകാശവാദം തികച്ചും പൊള്ളയല്ലെങ്കില്‍പോലും സംശയാസ്പദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനെയും പി കെ അയ്യങ്കാറെയുംപോലെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാര്‍ സന്താനത്തിന്റെ വിമര്‍ശനത്തോട് യോജിപ്പുള്ളവരാണ്. 1998ല്‍ ഇന്ത്യ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചില്ലെന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.

അതിന്റെ രൂപ മാതൃകയിലോ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലോ എന്തോ ചില പിശക് സംഭവിച്ചതായാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ഈ കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ "മികവുറ്റ'' രൂപമാതൃക ഉണ്ടാക്കേണ്ടതും ആവശ്യമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ചിടത്തോളം, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം അന്തിമ തീര്‍പ്പ് കല്‍പിച്ചതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതായാണ് വിശ്വസിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയ കാലത്ത് ഡിആര്‍ഡിഒയില്‍ തന്റെ കീഴ് ഉദ്യോഗസ്ഥനായിരുന്ന സന്താനത്തിന്റെ അവകാശവാദങ്ങളെ കലാം തള്ളിക്കളഞ്ഞു.

ഈ വിഷയത്തില്‍ ഏറ്റവും ആധികാരിക വ്യക്തിത്വമായി കരുതപ്പെടുന്ന കലാമിന്റെ യോഗ്യതയെത്തന്നെ ആണവോര്‍ജ്ജ കമ്മീഷന്റെ മറ്റൊരു മുന്‍ ചെയര്‍മാനായ ഹോമി സേത്ന ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞന്മാരും ചോദ്യംചെയ്യുകയാണ്. സേത്ന ആയിരുന്നു 1974ലെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ മാര്‍ഗദര്‍ശി.

പിന്നീട് ഇന്ത്യയുടെ പ്രസിഡന്റായി തീര്‍ന്ന കലാം അണുപരീക്ഷണം കഴിഞ്ഞയുടനെ നടത്തിയ ഏറ്റവും പ്രധാനമായ പ്രസ്താവന ശാസ്ത്രീയമായതായിരുന്നില്ല; അത് വെറും രാഷ്ട്രീയമായിരുന്നു. "പൌരാണിക ഹിന്ദു സംസ്കാരത്തെ നിരന്തരം ചവിട്ടിമെതിച്ചുകൊണ്ടിരുന്ന വിദേശ ആക്രമണരങ്ങളില്‍നിന്നും ആണവായുധങ്ങളുള്ള ഇന്ത്യ'' എങ്ങനെ വിമുക്തമാക്കപ്പെടും എന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അധികാരത്തിലിരുന്ന ഭാരതീയ ജനതാപാര്‍ടിയുടെ നേതൃത്വത്തിന് കലാം പ്രീയപ്പെട്ടവനായത് ബോംബിനെക്കാള്‍ ഉപരി ഈ പ്രസ്താവനയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായിരുന്നു. സന്താനത്തിന്റെ വിമര്‍ശനത്തെ നിരാകരിച്ചുകൊണ്ടുള്ള കലാമിന്റെ പ്രസ്താവന ഒരു രാഷ്ട്രീയക്കാരന്റേതായിരുന്നുവെന്ന് സെത്ന ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളിലൂടെ ഈ വിവാദം നമ്മുടെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ എത്രത്തോളം ഉലച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സന്താനത്തിന്റെ പ്രസ്താവനയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം നാരായണന്‍ അദ്ദേഹത്തെ "വെറുമൊരു കഥയില്ലാത്തവനാ''യി പുച്ഛിച്ചുതള്ളുകയാണുണ്ടായത്.

പാശ്ചാത്യ വിശകലനവിദഗ്ധര്‍ പൊഖ്റാന്‍ കക പരീക്ഷണത്തെ ചോദ്യംചെയ്യുന്നത്, ഒരു ആണവായുധശക്തിയായി പ്രത്യേകിച്ചും അണുസംയോജന പ്രയോഗം ആര്‍ജ്ജിച്ച രാജ്യമായി നമ്മെ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നാണ് എം കെ നാരായണന്‍ പറഞ്ഞത്. നല്ല പെരുമാറ്റത്തോടുകൂടിയ യഥാര്‍ത്ഥ ആണവായുധരാഷ്ട്രമെന്ന നിലയില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷില്‍നിന്നും ഇന്ത്യക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെലവഴിച്ച സമയവും ഊര്‍ജ്ജവും എത്രയെന്ന് നാരായണന് നന്നായി അറിയാവുന്നതാണ്.

പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു അണു ആയുധ പരീക്ഷണകാലത്ത് ചിദംബരത്തിന്റെയും കൂട്ടരുടെയും മറ്റൊരു അവകാശവാദം. മെയ് 16ന് അവര്‍ നടത്തിയ പ്രസ്താവനയില്‍ ഇതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ലാത്ത മറ്റു പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യയിലുള്ള അമിതമായ ഈ ആത്മവിശ്വാസമായിരുന്നു തുടര്‍ന്ന് അണുവായുധ പരീക്ഷണമൊന്നും ആവശ്യമില്ലെന്ന് അവര്‍ അവകാശപ്പെട്ടതിന്റെയും കാരണം. ഈ അവകാശവാദവും ആ കാലത്തുതന്നെ വിവാദമായിരുന്നു. പെസഫിക് സമുദ്രത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിന് പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല.

സിടിബിടിക്ക് ഫ്രാന്‍സിന്റെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ട സാങ്കേതിക സഹായം പ്രദാനംചെയ്യാനും ആണവായുധങ്ങളുടെ ആധികാരികത നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പരിപോഷിപ്പിക്കാനും അമേരിക്കന്‍ ആണവായുധ ലബോറട്ടറികളുമായി സഹകരണത്തിനും അമേരിക്ക ഫ്രാന്‍സുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. ആണവായുധ പരീക്ഷണങ്ങള്‍ കഴിഞ്ഞയുടന്‍തന്നെ ഇന്ത്യയും ഇതേ സഹായം ലഭിക്കുന്നതിന് അമേരിക്കയെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആണവായുധ ഇതര രാഷ്ട്രത്തിന് ഇത്തരം ഒരു സഹായം പ്രദാനംചെയ്യുന്നത് നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയുടെ നഗ്നമായ ലംഘനമാകും എന്നതിനാല്‍ വാഷിങ്ടണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇനിയും ഏറെ ആണവായുധ പരീക്ഷണങ്ങള്‍ നടത്താതെ സാധുതയുള്ള ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃക നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്, 1998ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്ന, ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്.

സൈദ്ധാന്തികമായ ശൂന്യതയിലായിരുന്നു ആണവ പരീക്ഷണം നടപ്പാക്കിയത്. പരീക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു സിദ്ധാന്തമോ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച ഒരു സമവായമോ ഉണ്ടായില്ല. "നമ്മുടെ ആണവ സിദ്ധാന്തം നാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്'' എന്നാണ് 1998 ആഗസ്റ്റ് 4ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് "ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുകയെന്ന അടിസ്ഥാനത്തില്‍, നാം ആദ്യം ഉപയോഗിക്കില്ല'' എന്നതായിരിക്കും ഇന്ത്യയുടെ ആണവസിദ്ധാന്തം എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍, പുതുതായി രൂപീകരിച്ച ദേശീയ സുരക്ഷാ ഉപദേശകബോര്‍ഡ് നിര്‍ദ്ദേശിച്ച കരട് ആണവ സിദ്ധാന്തം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ വിലപ്പെട്ട ആധികാരിക രേഖയെക്കുറിച്ച് പിന്നീട് ദീര്‍ഘകാലം ഒന്നുംതന്നെ കേട്ടിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ മുന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടുമായുള്ള തന്റെ കൂടിയാലോചനകളില്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത്സിങ് ഈ രേഖ "അനൌദ്യോഗികം'' എന്നുപറഞ്ഞ് നിരാകരിച്ചിരുന്നതായാണ് പിന്നീട് മനസ്സിലായത്.

വളരെക്കാലം ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ മൌനം പാലിച്ചതിനുശേഷം 2003 ജനുവരി 4ന് സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.

"വിശ്വസനീയമായ മിനിമം പ്രതിരോധം കെട്ടിപ്പടുക്കുന്നതിനെയും നിലനിര്‍ത്തുന്നതിനെയും'' സംബന്ധിച്ചും "ആദ്യം ഉപയോഗിക്കില്ല എന്ന നിലപാടി''നെക്കുറിച്ചും പത്രക്കുറിപ്പില്‍ പറയുന്നു. "ഒരു ആണവ ആക്രമണമുണ്ടായാല്‍ പരിഹരിക്കാനാവാത്തവിധം കനത്ത നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതും സര്‍വ സ്പര്‍ശിയുമായിരിക്കും രണ്ടാം ആക്രമണശേഷി'' എന്നും ആ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആ പ്രാമാണിക രേഖയില്‍ ഇങ്ങനെ പറയുന്നു'' ഇന്ത്യന്‍ ആണവ ആയുധങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയ്ക്കെതിരെയും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കെതിരെയും ഏതെങ്കിലും രാഷ്ട്രം ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചേക്കാമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കുകയെന്നതാണ്.''

വിശ്വസനീയമായ രണ്ടാം ആക്രമണശേഷിക്കും ഏതു രാജ്യത്തെയും ശിക്ഷിക്കുന്നതിനായി തിരിച്ചടിക്കുന്നതിനും ആവശ്യമായ മിനിമം പ്രതിരോധം എന്തായിരിക്കും? ഈ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും കൂട്ടത്തില്‍ അമേരിക്കയും ഉത്തര അറ്റ്ലാന്റിക് സഖ്യവും ഉള്‍പ്പെടുമോ?

ഏറ്റവും പ്രധാനപ്പെട്ട സംഗതി, "ഇന്ത്യക്കും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കും എതിരായ "ആക്രമണത്തെക്കുറിച്ച് ആ രേഖയില്‍ പറയുന്നു. കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ സിദ്ധാന്തവും ആയുധവല്‍ക്കരണവും തമ്മില്‍ ഒരു പൊരുത്തക്കേട് കാണുന്നു. പ്രതിരോധത്തിനുവേണ്ടി ഒരു കൂട്ടം ആണവായുധങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നേവരെ പ്രതിരോധാവശ്യത്തിന് ഏറ്റവും കുറഞ്ഞത് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തില്‍ പരിമിതമായ ഒരു ചര്‍ച്ചയ്ക്കുപോലും നീക്കം നടന്നിട്ടില്ല.

ബരാക്ക് ഒബാമ സര്‍ക്കാരില്‍നിന്നും സിടിബിടിയില്‍ ഒപ്പിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് വഴിതെറ്റിപ്പോകുന്നത് തടയുകയെന്നതാണ് തന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്ന് സന്താനം വ്യക്തമാക്കിയിട്ടുണ്ട്. ആണവ പരീക്ഷണം നടത്തിയ സമയംവരെ ഇന്ത്യ സിടിബിടിയെ എതിര്‍ത്തിരുന്നു.

ഇന്ത്യയുടെ ആണവനയത്തെ സംബന്ധിച്ച് 1998 മെയ് 27ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍, ഇന്ത്യ ഭൂഗര്‍ഭ ആണവ സ്ഫോടനങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സ്വമേധയായുള്ള മൊറട്ടോറിയം നടപ്പാക്കുമെന്നുമുള്ള ഇന്ത്യയുടെ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

"പ്രഖ്യാപനത്തിന് നിയമാനുസൃതമുള്ള അംഗീകാരം നല്‍കുന്നതിലേക്ക് നീങ്ങാനും'' അങ്ങനെ സിടിബിടിയിലെ അടിസ്ഥാന ബാധ്യതകള്‍ പിന്‍വാതിലിലൂടെ നിറവേറ്റാനുമുള്ള സന്നദ്ധതയുടെ സൂചനയുമാണത്. പരീക്ഷണംകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര പറഞ്ഞത് സിടിബിടിയിലെ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ്. ബ്രജേഷ് ഇങ്ങനെ തുടര്‍ന്നു-"ശൂന്യതയില്‍നിന്നും ഇത് ചെയ്യാനാവില്ല.''

അമേരിക്കയില്‍നിന്ന് ഇന്ത്യ ചില ആനുകൂല്യങ്ങളാണ് ആഗ്രഹിച്ചിരുന്നത്-പ്രത്യേകിച്ചും ഉന്നത സാങ്കേതികവിദ്യയുടെയും ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന്റെയും കാര്യത്തില്‍. പില്‍ക്കാലത്ത് തന്റെ "ഇന്ത്യയുമായി ഇടപെടല്‍'' എന്ന കൃതിയില്‍ താല്‍ബോട്ട് എഴുതി- "അമേരിക്കയുമായും ആഗോള ആണവ വ്യവസ്ഥിതിയുമായും ഒത്തൊരുമിച്ച് നീങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നു; ഒട്ടേറെ ആയുധ നിയന്ത്രണ കരാറുകളില്‍ പങ്കാളിയാകുന്നതിലൂടെയായിരുന്നു ഇത്. "സിടിബിടി''യുടെ അന്തഃസത്തയോട് യഥാര്‍ത്ഥത്തിലുള്ള യോജിപ്പ് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന് പകരമായി ഇന്ത്യ അടുത്ത നടപടികളിലേക്ക് നീങ്ങും-നമ്മുടെ നിലപാട് ഔപചാരികമായി അംഗീകരിക്കലും കരാര്‍ പൂര്‍ണമായി അംഗീകരിക്കലും.''

അമേരിക്കന്‍ സെനറ്റ് സിടിബിടിക്ക് ഔപചാരികമായി അംഗീകാരം നല്‍കാതെ നിരാകരിച്ചപ്പോള്‍ ഇന്ത്യ സിടിബിടിയില്‍ ഒപ്പിടുന്നതിന് ഏറെക്കുറെ അടുത്തെത്തുകയാണുണ്ടായത്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് അധികാരം ഒഴിയുന്നതുവരെ ഇന്ത്യ കാത്തുനില്‍ക്കണമായിരുന്നു. ആണവക്കരാറില്‍ സിടിബിടിയില്‍ ഇന്ത്യ ഒപ്പിടുന്നതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഭാവിയില്‍ ആണവ പരീക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ നിരോധിക്കുന്നതായിട്ടുണ്ട്. അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാറിന്റെ ഒരു വ്യവസ്ഥതന്നെ അതാണ്.

സിടിബിടിക്ക് സെനറ്റിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ സര്‍ക്കാര്‍. അത് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയും സിടിബിടിയില്‍ ഒപ്പിടുന്നതിനായി അമേരിക്കയില്‍നിന്നു മാത്രമല്ല, എന്‍എസ്ജിയിലെ മറ്റ് അംഗരാഷ്ട്രങ്ങളില്‍നിന്നും സമ്മര്‍ദ്ദം ശക്തമാകും.

ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെങ്കിലും പ്രായോഗികമായി ഇന്ത്യക്ക് അതിന് അനുവാദമില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക ഇന്ത്യയുമായുള്ള ആണവക്കരാര്‍ റദ്ദുചെയ്യും. കരാര്‍ നടപ്പാക്കിയശേഷം അമേരിക്ക അങ്ങനെ ചെയ്താല്‍ ഇന്ത്യക്ക് ഭീമമായ നഷ്ടത്തിന് അത് ഇടയാക്കും. ആയതിനാല്‍, കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഇതാണ് പറ്റിയ സമയം എന്നാണ് പറയുന്നത്.

"വിശ്വസനീയമായ ആണവ പ്രതിരോധം'' ഉണ്ടാക്കുന്നതിന് ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിക്കുന്നവരും അമേരിക്കയുമായുള്ള ആണവക്കരാര്‍മൂലം ദുര്‍ബലരാക്കപ്പെട്ട ഔദ്യോഗിക വക്താക്കളും തമ്മിലാണ് ഇപ്പോഴത്തെ സംവാദം. സ്ഫോടകാത്മകമായ ഈ ഉപദ്വീപില്‍ ആണവായുധ പന്തയം നടത്തുന്നതില്‍ കടുത്ത ഉത്ക്കണ്ഠയുള്ളവരുടെ ശബ്ദവും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മുഴങ്ങേണ്ടതുണ്ട്.

*
ഡോ. നൈനാന്‍ കോശി