01 May, 2010
തൊഴിലാളിവര്‍ഗ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത
ലോകസാമ്പത്തിക വ്യവസ്ഥയെ ആകെ പിടിച്ചുലച്ച ആഗോള സാമ്പത്തികമാന്ദ്യത്തില്‍നിന്ന് ഇനിയും കരകയറി കഴിഞ്ഞിട്ടില്ല. കരയേറ്റം എളുപ്പമായിരിക്കുമെന്ന കണക്കുകൂട്ടലുകള്‍ ആകെ തെറ്റിക്കുന്ന അനുഭവമാണ് മുതലാളിത്ത രാജ്യങ്ങളില്‍ ഒട്ടാകെ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ ഭാരംമുഴുവന്‍ പേറുന്നത് അധ്വാനിക്കുന്ന വര്‍ഗങ്ങള്‍മാത്രമാണ്. എന്നാല്‍, അവര്‍ ആരും സാമ്പത്തികമാന്ദ്യത്തിനോ അതിനോട് ബന്ധപ്പെട്ട വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ തകര്‍ച്ചയ്ക്കോ തരിമ്പും ഉത്തരവാദികളല്ല.
വ്യാപകമായ തൊഴില്‍നഷ്ടം, ലേഓഫുകള്‍, അടച്ചുപൂട്ടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍ ആദിയായവ ഇപ്പോഴും തുടരുകയാണ്. 2008ല്‍ ഈ സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെട്ട ഉടന്‍ അഞ്ചുകോടി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്ന് ഐഎല്‍ഒ തിട്ടപ്പെടുത്തുകയു ണ്ടായി. 2008 അവസാനമായപ്പോള്‍ ഒട്ടാകെ തൊഴില്‍നഷ്ടപ്പെട്ടവരുടെ എണ്ണം 23 കോടിയായി വളര്‍ന്നു. ദിനംപ്രതി ഒരു ഡോളറില്‍ താഴെമാത്രം വരുമാനമുള്ളവരുടെ എണ്ണം 20 കോടി ആയിരുന്നു. 2009 അവസാനമായപ്പോള്‍ എട്ടുകോടി 80 ലക്ഷംപേര്‍കൂടി തൊഴിലില്ലാത്തവരുടെ പട്ടികയില്‍പ്പെട്ടു. ഈ അവസ്ഥ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും. അടച്ചുപൂട്ടലും ലേഓഫും പിരിച്ചുവിടലും കൂലി വെട്ടിക്കുറയ്ക്കലും തുടരുന്നു. സ്ഥിരം ജോലി പടിപടിയായി കുറച്ചുകൊണ്ടുവരുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിലും കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും ജോലിചെയ്യിക്കല്‍ വര്‍ധിക്കുന്നു.
മുതലാളിത്ത രാജ്യങ്ങളിലെല്ലാം ക്ഷേമപദ്ധതികള്‍ പലതും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു.
താരതമ്യേന സാമ്പത്തികക്കുഴപ്പത്തിന്റെ തിരിച്ചടി കുറഞ്ഞ രാജ്യമായിട്ടാണ് ഇന്ത്യ കണക്കാക്കപ്പെടുന്നത്. എന്നാല്‍, 50 ലക്ഷത്തില്‍പ്പരം പേര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലും ജോലി നഷ്ടപ്പെടുകയുണ്ടായിട്ടുണ്ട്. വേതനം വെട്ടിക്കുറയ്ക്കല്‍, കൂലിരഹിത നിര്‍ബന്ധിത അവധി അടിച്ചേല്‍പ്പിക്കല്‍, ലേഓഫ്, അടച്ചുപൂട്ടല്‍ തുടങ്ങിയവ ഇന്ത്യയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
മുതലാളിത്ത വ്യവസ്ഥിതിയുടെ ക്രൂരമായ ഈ ആക്രമണത്തെ കൈയുംകെട്ടി അംഗീകരിക്കുകയല്ല തൊഴിലാളിവര്‍ഗം ചെയ്യുന്നത്. പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള ചെറുത്തുനില്‍പ്പു പോരാട്ടം മുതലാളിത്ത രാജ്യങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍, ഗ്രീസ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ബ്രിട്ടന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരവധി പണിമുടക്ക് സമരങ്ങളും സംഘടിതമായ പ്രതിഷേധ പ്രകടനങ്ങളും ഈ വര്‍ഷം നടക്കുകയുണ്ടായി. വിരലില്‍ എണ്ണാവുന്ന വന്‍കിട കുത്തക മുതലാളിമാരെ രക്ഷിക്കുന്നതിനുവേണ്ടി ഖജനാവിലെ പൊതുപണം ചെലവഴിക്കുന്നതിനെതിരെ അമേരിക്കയിലും പണിമുടക്കുകളും പ്രതിഷേധ പ്രക്ഷോഭങ്ങളും വളരുകയാണ്. ഏഷ്യന്‍ രാജ്യങ്ങളും ഇതില്‍നിന്ന് ഒഴിവാകുന്നില്ല. ദക്ഷിണകൊറിയ, ഇറാന്‍, ജപ്പാന്‍, പാകിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ പല രാജ്യങ്ങളിലും പണിമുടക്കും സംഘടിത പ്രതിഷേധ പ്രകടനങ്ങളും നടന്നു. ചെറുത്തുനില്‍പ്പിന്റെ ശക്തമായ കേന്ദ്രമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ തീര്‍ന്നിരിക്കുന്നു.
മുമ്പ് ഒരുകാലത്തും ഇല്ലാത്ത വിധത്തിലുള്ള തൊഴിലാളിവര്‍ഗ ഐക്യമാണ് ഈ പോരാട്ടങ്ങളില്‍ കാണാന്‍ കഴിയുന്നത്. മുതലാളിവര്‍ഗത്തിന്റെയും ഭരണകൂടങ്ങളുടെയും അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്ക് എതിരായ ആക്രമണത്തെ പ്രതിരോധിക്കലാണ് ഇന്ന് തൊഴിലാളിവര്‍ഗം ഏറ്റെടുക്കേണ്ട അടിയന്തരകടമ. തൊഴിലാളികളുടെ ഐക്യം പടുത്തുയര്‍ത്തിക്കൊണ്ടുമാത്രമേ ഈ കടമ നിര്‍വഹിക്കാന്‍ ആവുകയുള്ളൂ. തൊഴിലാളികളുടെ ഐക്യം വളര്‍ത്തി എടുക്കുന്നതിന് നിരവധിരൂപത്തിലുള്ള തടസ്സം ഭരണവര്‍ഗവും ഗവണ്‍മെന്റും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ജാതിയും പ്രാദേശികവാദവും രാഷ്‌ട്രീയനിലപാടുകളുടെ വ്യത്യാസവും ഇതിന് ഉപയോഗിക്കുന്നുണ്ട്. അങ്ങനെയുള്ള പരിശ്രമങ്ങള്‍ക്ക് സാമ്രാജ്യത്വം പിന്തുണയും നല്‍കിപ്പോരുന്നു.
നവലിബറല്‍ സാമ്രാജ്യത്വ അനുകൂലനയങ്ങളെ ഉറച്ചുനിന്ന് എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. ഉറച്ച ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ശക്തികളെ തകര്‍ക്കുക എന്നത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഗവമെന്റിന്റെ പ്രധാനലക്ഷ്യമാണ്. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പ്പര്യത്തിനു വിരുദ്ധമായ പല നപടിയും തടഞ്ഞത് ഇടതുപക്ഷത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും ഉറച്ചനിലപാടുമൂലമാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റിന് നടപ്പില്‍ വരുത്താന്‍ കഴിയാതെപോയ ജനവിരുദ്ധ നടപടികള്‍ രണ്ടാം യുപിഎ ഗവണ്‍മെന്റ് അതിവേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
അമേരിക്കന്‍ സാമ്രാജ്യത്വവുമായി തന്ത്രപരമായ സഖ്യം സ്ഥാപിച്ച്, രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടുത്തുംവിധത്തിലുള്ള അമേരിക്കന്‍ സാമ്രാജ്യത്വ അനുകൂല നടപടികളാണ് ഇപ്പോള്‍ കൈക്കൊണ്ടുപോരുന്നത്. എല്ലാ മേഖലയിലും നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം വര്‍ധിപ്പിക്കുന്നു. നൂറുശതമാനം വിദേശ നിക്ഷേപംപോലും അനുവദിക്കുകയാണ്. വിദ്യാഭ്യാസരംഗത്തും വാര്‍ത്താവിനിമയരംഗത്തും മാധ്യമരംഗങ്ങളിലും വിദേശസ്ഥാപനങ്ങള്‍ക്ക് ആധിപത്യം സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നു. ആയുധനിര്‍മാണംപോലെ തന്ത്രപ്രധാന്യമുള്ള രംഗങ്ങളില്‍പ്പോലും സാമ്രാജ്യത്വ വിദേശ കുത്തകകളുടെ ആധിപത്യം ഒഴിവാക്കപ്പെടുന്നില്ല. ആയുധകച്ചവടകാര്യത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനുമാണ് മുന്‍ഗണന. സാമ്പത്തികമാന്ദ്യത്തെതുടര്‍ന്ന് വലിയ കുഴപ്പത്തില്‍ അകപ്പെട്ടുകഴിഞ്ഞിട്ടുള്ള അമേരിക്കന്‍ സാമ്രാജ്യത്വം അതില്‍നിന്ന് കരകയറാന്‍ അത്യധ്വാനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഇതെല്ലാം നടക്കുന്നതെന്നും ഓര്‍ക്കണം.
ഇറാഖ് ആക്രമണവും അഫ്‌ഗാനിസ്ഥാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധവും സ്ഥിതിഗതികള്‍ മൂര്‍ഛിപ്പിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള ഒരു വന്‍കിട രാജ്യത്തെ തങ്ങളുടെകൂടെ നിര്‍ത്താനും അവിടത്തെ സമ്പത്ത് വന്‍തോതില്‍ കൈയടക്കാനും കഴിയുന്നതും അമേരിക്കയെ സംബന്ധിച്ചിടത്തോളം നിലനില്‍പ്പിന്റെകൂടി പ്രശ്നമാണ്. അതുപോലെ സാമ്രാജ്യത്വം നിലനില്‍ക്കേണ്ടത് ഇന്ത്യന്‍ കുത്തകകളുടെയും അതിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെയുംകൂടി താല്‍പ്പര്യമായി തീര്‍ന്നിരിക്കുന്നു.
ഈ നയത്തിന്റെ ഫലമായി സാമ്പത്തികഭാരം ഉള്‍പ്പെടെയുള്ള ദോഷങ്ങള്‍ ഏറെയും നേരിടേണ്ടി വരുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിനാണ്. അതുകൊണ്ട് ഈ പോക്കിനെ തടയാനുള്ള ചുമതല മറ്റാരേക്കാളും കൂടുതല്‍ തൊഴിലാളിവര്‍ഗത്തിനുണ്ട്. തൊഴിലാളികളുടെ വിപുലമായ ഐക്യം കെട്ടിപ്പടുത്തുകൊണ്ടേ ഈ കടമ നിര്‍വഹിക്കാന്‍ കഴിയൂ. മറ്റാരേക്കാളും ഇതിന് ചുമതലയുള്ളത് സിഐടിയുവിനാണ്. സിഐടിയു ജന്മംകൊണ്ട കാലംമുതല്‍ ഈ കടമ നിര്‍വഹിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പരിശ്രമം തുടര്‍ന്നുപോരുന്നു. മാര്‍ച്ച് 17 മുതല്‍ 21വരെ ചണ്ഡീഗഢില്‍ നടന്ന സമ്മേളനത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും അടിവരയിട്ട് ഇതു വ്യക്തമാക്കുന്നുണ്ട്.
ദേശീയതലത്തില്‍ ഒരുകാലത്തും ഇല്ലാത്തവിധം ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഐക്യമാണ് രൂപംകൊണ്ടുവരുന്നത്. കഴിഞ്ഞ സെപ്തംബര്‍ 14ന് ചരിത്രപ്രസിദ്ധമായ ഒരു ട്രേഡ് യൂണിയന്‍ കണ്‍വന്‍ഷന്‍ ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി, എഐയുടിയുസി, എഐസിസിടിയു, എച്ച്എംഎസ്, യുടിയുസി, ടിയുസിസി എന്നീ ഇന്ത്യയിലെ ഒമ്പത് അഖിലേന്ത്യ സംഘടനകള്‍ ചേര്‍ന്നാണ് കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഐഎന്‍ടിയുസിയുടെ അഖിലേന്ത്യ ആസ്ഥാനത്ത് ഐഎന്‍ടിയുസി പ്രസിഡന്റ് ഡോ. എന്‍ സഞ്ജീവ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. താഴെപറയുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്താന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
1. ഭക്ഷ്യധാന്യം, പച്ചക്കറികള്‍ തുടങ്ങിയ ആവശ്യവസ്തുക്കളുടെ വിലവര്‍ധന.
2. സാമ്പത്തികമാന്ദ്യത്തിന്റെയും മറ്റും ഫലമായി ദശലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ജീവിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നന്നത്.
3. മിനിമംകൂലി, തൊഴില്‍സമയം, സാമൂഹ്യസുരക്ഷ, തൊഴില്‍സ്ഥലങ്ങളിലെ സുരക്ഷിതത്വം, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മൌലികനിയമങ്ങള്‍ നഗ്നമായി ലംഘിക്കപ്പെടുന്നതുകൊണ്ട് രാജ്യവ്യാപകമായി തൊഴിലെടുക്കുന്ന എല്ലാ ജനങ്ങളുടെയും ദുരിതം വര്‍ധിക്കുന്നത്.
4. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ നല്‍കുന്ന 2008ലെ ആക്ട് മഹാഭൂരിപക്ഷം അസംഘടിത തൊഴിലാളികള്‍ക്കും കോട്രാക്ട് തൊഴിലാളികള്‍ക്കും ആനുകൂല്യം ലഭിക്കാന്‍ പറ്റാത്തവിധത്തില്‍ നിയന്ത്രിതമായ വകുപ്പുകള്‍ അടങ്ങിയതാണ്. അതുകൊണ്ട് അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി പാര്‍ലമെന്റ് സ്റാന്‍ഡിങ് കമ്മിറ്റി ഓഫ് ലേബര്‍, എന്‍എഎഫ്‌യൂഎസ്, എന്‍സിഇയുഎസ് എന്നിവയുടെ ശുപാര്‍ശകള്‍ അനുസരിച്ചുള്ള ഫണ്ട് വകയിരുത്തുക.
5. ലാഭത്തില്‍ നടക്കുന്ന കേന്ദ്രപൊതുമേഖല വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന തുടങ്ങിയ കേന്ദ്രഗവമെന്റിന്റെ നയങ്ങള്‍ തിരുത്തുക.
തൊഴിലാളികളെ മാത്രമല്ല മുഴുവന്‍ ജനങ്ങളെയും നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളതെന്നു കാണാം. ഇതിനെ അടിസ്ഥാനമാക്കി രാജ്യവ്യാപകമായ പ്രക്ഷോഭം നടത്താന്‍ കണ്‍വന്‍ഷന്‍ എടുത്ത തീരുമാനം അനുസരിച്ച് 2009 ഒക്ടോബര്‍ 28ന് ദേശീയ പ്രതിഷേധദിനം ആചരിക്കുകയും ഡിസംബര്‍ 16ന് പാര്‍ലമെന്റിനു മുന്നില്‍ സംയുക്താഭിമുഖ്യത്തില്‍ വമ്പിച്ച ധര്‍ണ നടത്തുകയും ചെയ്തു. തുടര്‍ന്നുള്ള പരിപാടിയുടെ ഭാഗമായി 2010 മാര്‍ച്ച് അഞ്ചിന് ദേശവ്യാപകമായി ജയില്‍ നിറയ്ക്കല്‍ സമരമാണ് നടന്നത്. ഈ പ്രക്ഷോഭവും സമരവും കൂടുതല്‍ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് സംയുക്തമായി തീരുമാനിച്ചിരിക്കുന്നത്.
കാലഘട്ടത്തിന്റെ ആവശ്യമായ ഈ യോജിപ്പ് നേതൃനിരയില്‍മാത്രം ഒതുങ്ങിനിന്നാല്‍പോര. വ്യവസായം, തൊഴില്‍ മേഖല തുടങ്ങിയവയെ അടിസ്ഥാനമാക്കി താഴെ തട്ടിലുള്ള തൊഴിലെടുക്കുന്നവരുടെ മുഴുവന്‍ ഐക്യമാക്കി ഇതിനെ വളര്‍ത്തുക എന്നതാണ് ഈ വര്‍ഷത്തെ മെയ്‌ദിനത്തിന്റെ സന്ദേശം.
*****
എം എം ലോറന്‍സ്
29 June, 2009
നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത
നിര്‍മ്മാണമേഖല – ഈ നൂറ്റാണ്ടിലെ അടിമക്കച്ചവടച്ചന്ത
കേരളത്തിലെ കെട്ടിടനിര്‍മ്മാണ മേഖലയില്‍ സമീപകാലത്തുണ്ടായ ദാരുണമായ അപകടമരണങ്ങള്‍ തൊഴില്‍ മേഖലയിലെ അരക്ഷിതാവസ്ഥയെ വെളിപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്യ സംസ്ഥാനക്കാരായ ഏഴു് കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ അപകടമരണത്തിനിരയായി. ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു് അപകടത്തില്‍പെട്ടതു്. ബോംബെ മോഡല്‍ വികസനത്തിലേക്കു് കുതിച്ചുചാട്ടം നടത്തുന്ന എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ മാത്രമാണിതു്. മരിച്ച തൊഴിലാളികളുടെ കുടുംബത്തിനു് പരമാവധി എഴുപത്തയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള സൌമനസ്യം കാണിക്കാതെ, പൊതു ശ്മശാനത്തില്‍ അടക്കം ചെയ്യുന്ന അവസ്ഥയാണു് നിലവിലുള്ളതു്. നഷ്ടപരിഹാരത്തുക പലപ്പോഴും മരിച്ചവരുടെ കുടുംബത്തിനു് ലഭിക്കാറില്ല. ഇടനിലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ് എന്നീ വിഭാഗങ്ങള്‍ കൃത്രിമരേഖ ചമച്ചു് നഷ്ടപരിഹാരത്തുക തട്ടിയെടുക്കുന്നതു് അപൂര്‍വ്വ സംഭവമല്ല. കുടിയേറ്റ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തിലുള്ള രാജ്യത്തെ നിയമങ്ങള്‍ അപ്രസക്തമാക്കിക്കൊണ്ടുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നിര്‍മ്മാണ മേഖലയില്‍ പണമിറക്കിയ നിര്‍മ്മാണ കമ്പനികള്‍ക്കും റിയല്‍ എസ്റ്റേറ്റ്, ലാന്റ് ബാങ്ക് മാഫിയകള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നതു് സംസ്ഥാന ഭരണകൂടം, തൊഴില്‍ വകുപ്പു്, നിര്‍മ്മാണ മേഖലയിലെ പ്രബല ട്രേഡ് യൂണിയനുകള്‍ എന്നീ വിഭാഗങ്ങളാണു്. സ്വന്തം നാടും വീടും വിട്ടു് അന്യ സംസ്ഥാനങ്ങളില്‍ ഉപജീവനം നടത്താനായി എത്തിച്ചേരുന്ന തൊഴിലാളി, തൊഴില്‍ മേഖലയില്‍ പാലിക്കേണ്ട നിയമങ്ങളും സുരക്ഷാ ഉപാധികളും പാലിക്കാത്ത കരാറുകാരന്റെയും കെട്ടിട ഉടമയുടെയും കീഴില്‍ തൊഴിലിലേര്‍പ്പെട്ടിരിക്കേ അപകട മരണത്തില്‍പെട്ടാല്‍ ദുരിതാശ്വാസം എന്ന നിലയില്‍ 15,000 രൂപ നല്‍കി സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നു് സര്‍ക്കാര്‍ നിഷ്ക്രമിക്കുന്നു. ഉടമകളാകട്ടെ തൊഴിലാളി കുടുംബത്തിനു് നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ചെറിയൊരംശം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് ആനുപാതികമായി നല്‍കി കേസ് ഒതുക്കിത്തീര്‍ക്കുന്നു.
ലംഘിക്കപ്പെടുന്ന നിയമങ്ങള്‍
തൊഴിലാളികളെ നിയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ (ഇടനിലക്കാരന്‍) ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലാളികള്‍ക്കു് സ്ഥിരം തൊഴിലാളികള്‍ക്കു് നല്‍കുന്ന സേവന-വേതന വ്യവസ്ഥ, തൊഴില്‍ സമയ ക്ലിപ്തത, കാന്റീന്‍, പാര്‍പ്പിടം, മെഡിക്കല്‍ ട്രീറ്റ്മെന്റ്, ഓവര്‍ടൈം അലവന്‍സ്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍, തൊഴിലാളികളുടെ ലിസ്റ്റ്, കുടിവെള്ളം, സുരക്ഷാ ഉപകരണങ്ങള്‍ (ഹെല്‍മറ്റ്, ഗംബൂട്ട്, ഗ്ലൌസ്), ഫസ്റ്റ് എയ്ഡ് ബോക്സ്, യൂണിഫോം എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ടു്. എന്നാല്‍ ഒരു കമ്പനിയും ഇതു് പാലിക്കാറില്ല. ലൈസന്‍സ് ഉള്ളവര്‍ പതിന്മടങ്ങു് തൊഴിലാളികളെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു് അടിമസമാനമായ സാഹചര്യങ്ങളില്‍ തോഴിലിലേര്‍പ്പെടുത്തുന്നു. സംഘടിത മേഖലയുടെ തകര്‍ച്ചയ്ക്കു് വഴിയൊരുക്കിയ ആഗോളീകരണം സൃഷ്ടിച്ച വികേന്ദ്രീകരണ പ്രക്രിയ, വന്‍കിട പൊതുമേഖല, സ്വകാര്യ മേഖല വ്യവസായങ്ങളുടെ തകര്‍ച്ച, അടച്ചുപൂട്ടല്‍, കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ച, ദേശീയ അന്തര്‍ദേശീയ അഗ്രി ബിസിനസ് കുത്തകകളുടെ തള്ളിക്കയറ്റം സൃഷ്ടിച്ച തൊഴില്‍ രാഹിത്യം, കുറഞ്ഞ കൂലി നിരക്കു്, കൃഷി ഭൂമിയുടെ കുത്തകവല്‍ക്കരണം, കൃഷിഭൂമി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിനു് പരിവര്‍ത്തനപ്പെടുത്തല്‍, മറ്റാവശ്യങ്ങള്‍ക്കു് വിനിയോഗിക്കല്‍ എന്നിവമൂലം കാര്‍ഷിക മേഖലയില്‍നിന്നു് പുറന്തള്ളപ്പെടുന്ന തൊഴിലാളികള്‍ പുതിയ തൊഴില്‍ മേഖലയായ നിര്‍മ്മാണ രംഗത്തേക്കു് പ്രവേശിക്കാന്‍ നിര്‍ബന്ധിതമാകുന്നു. സ്വന്തം കായികാദ്ധ്വാനം വിറ്റ് ജീവസന്ധാരണം നിര്‍വഹിക്കാന്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ നിര്‍ബന്ധിക്കപ്പെടുന്ന തൊഴിലാളികള്‍ക്കു് കൂടുതല്‍ ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമില്ലെന്ന പരിഗണനയും അന്യ സംസ്ഥാന തൊഴിലാളികളെ വ്യാമോഹിപ്പിക്കുന്ന ഘടകമാണു്. പരമ്പരാഗത വ്യവസായങ്ങളെ ഉച്ചാടനം ചെയ്ത അന്തര്‍ദേശീയ കുത്തകകളുടെ സമഗ്രാധിപത്യം, മത്സ്യബന്ധന മേഖലയിലേയ്ക്കുള്ള തൊഴിലാളി പ്രവാഹത്തില്‍ ഗതിവേഗം വര്‍ദ്ധിപ്പിച്ചു. വിദഗ്ദ്ധ-അവിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത, മറ്റു് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വേതനനിരക്കു് എന്നിവ അന്യ സംസ്ഥാനതൊഴിലാളികളുടെ നിയന്ത്രണാതീതമായ കടന്നുവരവിനു് വഴിയൊരുക്കി.
തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ ഉദാരവല്‍ക്കരണം മൂലധനശക്തികള്‍ക്കു് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം നല്‍കി. കേന്ദ്ര കൃഷി വകുപ്പു് മന്ത്രി ശരത് പവാര്‍ ‘കൃഷിത്തൊഴില്‍ മുഖ്യ ജീവിത ഉപാധിയാക്കുന്ന പാരമ്പര്യ രീതി ഉപേക്ഷിച്ചു് കര്‍ഷകരും തൊഴിലാളികളും മറ്റു് തൊഴില്‍ മേഖലകള്‍ കണ്ടെത്തണമെന്നാഹ്വാനം ചെയ്തതു് രാജ്യത്തു് വികാസംപ്രാപിക്കുന്ന നിര്‍മ്മാണ മേഖലയെ മുന്നില്‍ കണ്ടുകൊണ്ടാവാം.
ഒറീസാ തൊഴിലാളികളുടെ ദുരന്തം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
അടിക്കടിയുണ്ടായ നാലു് അപകടമരണത്തിനു് തൊട്ടുപിന്നാലെയാണു് എറണാകുളം ബോട്ടു് ജെട്ടിക്കു് സമീപം തൊഴിലാളികളെ താമസിപ്പിച്ചിരുന്ന തൊഴിലുടമയുടെ ജീര്‍ണിച്ചുപഴകിയ കെട്ടിടം തകര്‍ന്നുവീണു് രണ്ടു് ഒറീസാ തൊഴിലാളികള്‍ മരിക്കാനിടയായതു്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയതു പ്രകാരം പൊളിച്ചുമാറ്റുന്നതിനുവേണ്ടി ഹോട്ടല്‍ കച്ചവടം നടത്തിയിരുന്നവരെ ഒഴിപ്പിച്ച കെട്ടിടത്തിലാണു് 50 ഒറീസാ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്നതു്. 16 നില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകാറായതുകൊണ്ടു് 20 തൊഴിലാളികള്‍ മടങ്ങിപ്പോയതുമൂലം വന്‍ ദുരന്തം ഒഴിവായി. മഴയില്‍ കുതിര്‍ന്നു് നിപതിച്ച കെട്ടിടത്തിലുണ്ടായിരുന്ന 28 ഒറീസാ തൊഴിലാളികളാണു് അപകടത്തില്‍പ്പെട്ടതു്. അപകടത്തിനിരയായവരുടെ ബന്ധുക്കള്‍ അവരെ സഹായിക്കണമെന്നാവശ്യപ്പെട്ടു് ടിയുസിഐ ഓഫീസില്‍ എത്തി യൂണിയന്‍ നേതൃത്വത്തെ വിഷയത്തില്‍ ഇടപെടാന്‍ ചുമതലപ്പെടുത്തിയതു പ്രകാരം ജില്ലാ കളക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്കു് ടിയുസിഐ പരാതി നല്‍കി. മരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് 10 ലക്ഷവും, കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് 5 ലക്ഷം രൂപയും നല്‍കുക, മരണത്തിനുത്തരവാദിയായ ഉടമയ്ക്കെതിരെ കൊലക്കുറ്റത്തിനു് കേസെടുക്കുക, ജില്ലയിലെ മുഴുവന്‍ നിര്‍മ്മാണകമ്പനികളിലെയും തൊഴിലാളികള്‍, കൂടിയേറ്റ തൊഴിലാളികള്‍, തൊഴില്‍ സാഹചര്യം എന്നിവയെ സംബന്ധിച്ചു് സമഗ്രമായ അന്വേഷണം, നടപടി എന്നിവ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണു് ഉന്നയിച്ചിരുന്നതു്. യൂണിയന്റെ പരാതിയെത്തുടര്‍ന്നു് ഉടമകള്‍ ഒന്നര ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്നു് അറിയിച്ചു് കളക്ടര്‍ മുഖാന്തിരം പത്രക്കുറിപ്പിറക്കി. ഇതംഗീകരിക്കാനാവില്ലെന്നു് അറിയിച്ചതു പ്രകാരം ചര്‍ച്ച ചെയ്തു പ്രശ്നം ഒത്തുതീര്‍പ്പാക്കുന്നതിനു് കളക്ടര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.
തുടര്‍ന്നു് ആര്‍ഡിഒ, എഡിഎം, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവര്‍ യൂണിയന്‍ നേതൃത്വവുമായി ചര്‍ച്ച ചെയ്തു് നഷ്ടപരിഹാരത്തെ സംബന്ധിച്ചു് ഒത്തുതീര്‍പ്പിലെത്തിച്ചു. വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് അനുസരിച്ചു് കേസ് നടത്തിയാല്‍ വര്‍ഷങ്ങള്‍ നീളും എന്നതിനാലും അര്‍ഹതപ്പെട്ട കുടുംബത്തിനു് നഷ്ടപരിഹാരം ലഭിക്കില്ലെന്ന മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണു് ഉഭയകക്ഷി സമ്മതപ്രകാരം ചര്‍ച്ചചെയ്തു് നഷ്ടപരിഹാരം നല്‍കണമന്നു് ടിയുസിഐ ആവശ്യപ്പെട്ടതു്. എന്നാല്‍ ഒത്തുതീര്‍പ്പു് വ്യവസ്ഥ ആദ്യം അംഗീകരിച്ച ഉടമകള്‍ പിന്നീടു് വ്യവസ്ഥ അംഗീകരിക്കുന്നില്ല എന്നറിയിച്ചു.
മരണമടഞ്ഞ തൊഴിലാളി കുടുംബത്തിനു് 3 ലക്ഷം രൂപയും കാല്‍ നഷ്ടപ്പെട്ട തൊഴിലാളിക്കു് മൂന്നര ലക്ഷം രൂപപ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ഉടമ അംഗീകരിച്ചു. എന്നാല്‍ പത്തു് നിമിറ്റിനകം ഒത്തുതീര്‍പ്പു് വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ല എന്നും കേസ് നടത്തി നഷ്ടപരിഹാരം വാങ്ങിയാല്‍ മതിയെന്നും ഉടമകള്‍ അറിയിച്ചു. നഷ്ടപരിഹാരത്തെ സംബന്ധിച്ചു് തീരുമാനിച്ചിട്ടു് പോസ്റ്റ്മാര്‍ട്ടം നടത്തിയാല്‍ മതിയെന്നു് ബന്ധുക്കള്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകീട്ടു് നാലു മണിവരെ നിരന്തരമായി ഡിഎല്‍ഒ ഇടപെട്ടു് ഉടമകളോടു് വാക്കു് പാലിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അവര്‍ പിന്‍മാറിയതു് ബാഹ്യ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു.
ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യാകുടുംബമായ ചാക്കോള ഇത്തരമൊരു ഒത്തുതീര്‍പ്പുണ്ടാക്കിയാല്‍ നിര്‍മ്മാണ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കപ്പെടും. ഇനിയുണ്ടാകുന്ന അപകടമരണങ്ങള്‍ക്കു് കൂടുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും എന്നതിനാല്‍ ഒത്തുതീര്‍പ്പു് അംഗീകരിക്കരുതെന്നാണു് ലഭിച്ച നിര്‍ദ്ദേശം. ഭരണ പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകാഭിപ്രായവും ഇതായിരുന്നു. ഈ മേഖലയിലെ കുത്തകകളായ സിഐടിയു, ഐഎന്‍ടിയുസി എന്നീ പ്രബല ട്രേഡ് യൂണിയനുകള്‍, ബില്‍ഡേഴ്സ് അസ്സോസിയേഷന്‍, ചേംബര്‍ ഓഫ് കോമേഴ്സ്, കോണ്‍ട്രാക്ടേഴ്സ് എന്നീ സംഘടനകളുടെ വിദഗ്ദ്ധോപദേശം, സമ്മര്‍ദം എന്നിവയുടെ ഫലമായിട്ടാണു് ചാക്കോള ഒത്തുതീര്‍പ്പു് വ്യവസ്ഥയില്‍നിന്നു് പിന്മാറിയതു്. തുടര്‍ന്നു് ഉന്നതതലങ്ങളില്‍നിന്നു് പോലീസിനു് ലഭിച്ച നിര്‍ദ്ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയില്ലാതെ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുത്തില്ലെങ്കില്‍ അനാഥപ്രേതമായി പരിഗണിച്ചു് പോലീസ് ശവം അടക്കംചെയ്യുമെന്നു് ഭീഷണിപ്പെടുത്തി. തുടര്‍ന്നു് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്തു് നൂറുകണക്കിനു് തഴിലാളികളുമായി ടിയുസിഐയുടെ നേതൃത്വത്തില്‍ ചാക്കോളയുടെ വീട്ടിലേക്കു് മാര്‍ച്ച് നടത്തി.
മാര്‍ച്ച് ആരംഭിക്കുന്നതിനു മുമ്പു് ഡല്‍ഹിയിലായിരുന്ന ജില്ലാ കളക്ടര്‍, ഉന്നത പോലീസുദ്യോഗസ്ഥര്‍ എന്നിവരെ വിവരമറിയിക്കുകയും ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കാന്‍ ഇനിയും സമയമുണ്ടെന്നു് അറിയിച്ചിട്ടും ‘നിങ്ങള്‍ മാര്‍ച്ച് നടത്തിയാല്‍ ശവത്തെ അവഹേളിച്ചു എന്ന വകുപ്പു് ചുമത്തി കേസ് എടുക്കും എന്നായിരുന്നു പോലീസിന്റെ മറുപടി. മാര്‍ച്ച് നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നു് പറഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധമാകാതെ തൊഴിലാളികളെ മര്‍ദ്ദിച്ചു് സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടത്തുകയായിരുന്നു. ശവമഞ്ചം വഹിച്ച സ്വന്തം പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ചു് മൃതദേഹത്തെ താഴെയിടാന്‍ വേണ്ടി ശ്രമിച്ച എസ്ഐക്കു് തൊഴിലാളിവര്‍ഗ്ഗത്തിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിന്മാറേണ്ടിവന്നു. തുടര്‍ന്നു് ഓടിനടന്നു് തൊഴിലാളികളെ മര്‍ദ്ദിച്ച സമയത്തു് നിങ്ങള്‍ മര്‍ദ്ദിക്കരുതു്, അറസ്റ്റ് ചെയ്യാം എന്നു് ടിയുസിഐ സംസ്ഥാന സെക്രട്ടറി എസ്ഐയോടു് ആവശ്യപ്പെട്ടപ്പോള്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു് മര്‍ദ്ദിക്കാന്‍ തുടങ്ങി. എതിര്‍ത്തതുമൂലം ഫ്ലയിംഗ് സ്ക്വാഡിന്റെ വാഹനത്തില്‍ ചാരിനിര്‍ത്തി മര്‍ദ്ദിക്കാന്‍ പോലീസുകാര്‍ക്കു് നിര്‍ദ്ദേശം കൊടുക്കുകയായിരുന്നു. ട്രേഡ് യൂണിയന്‍ നേതാക്കളെ മര്‍ദ്ദിച്ചു് അറസ്റ്റ് ചെയ്ത പോലീസ് നേതാക്കളെ കസ്റ്റഡിയില്‍ വെക്കുകയും തുടര്‍ന്നു് തൊഴിലാളികളെ ലാത്തിച്ചാര്‍ജ് ചെയ്തു് ഓടിച്ചതുമൂലം അര മണിക്കൂറോളം മൃതദേഹം അനാഥമായി റോഡില്‍ കിടന്നു. ഈ സമയത്താണു് പോലീസിനു് അബദ്ധം മനസ്സിലായതു്. തുടര്‍ന്നു് പോലീസ് മൃതദേഹം ആംബുലന്‍സ് വരുത്തി അതിലേക്കു് കയറ്റി. (ആംബുലന്‍സ് ഏര്‍പ്പാടു് ചെയ്തു് കൊടുത്തതു് സിപിഐക്കാര്‍). തല്ലിയോടിച്ച തൊഴിലാളികളെയും അറസ്റ്റ് ചെയ്തു് സ്റ്റേഷനില്‍ കൊണ്ടുപോയ തൊഴിലാളികളെയും മൃതദേഹത്തിനടുത്തെത്തിച്ചു് പൊതു ശ്മശാനത്തിലേയ്ക്കു് കൊണ്ടുപോയി. സംസ്ക്കരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി. തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം മറവുചെയ്യാന്‍ പോലീസിനു് അധികാരമില്ലെന്നും നേതാക്കന്മാരെ കൊണ്ടുവരാതെ സംസ്ക്കാരം നടത്തില്ലെന്നും പ്രഖ്യാപിച്ചു് തൊഴിലാളികളും ബന്ധുക്കളും ശ്മശാനത്തില്‍ കുത്തിയിരിപ്പു് നടത്തി. ഈ സമയത്തു് ചാക്കോളായുടെ കങ്കാണിമാര്‍ രംഗത്തെത്തി തൊഴിലാളികളെ ഉടമയ്ക്കനുകൂലമായി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ടിയുസിഐയുടെ ലേബല്‍ വ്യാജമായുപയോഗിച്ചു് മുതലാളിമാര്‍ക്കു് അനുകൂലമായി തൊഴിലാളികളെ കൂട്ടിക്കൊടുക്കുകയും യൂണിയനുകള്‍ തകര്‍ക്കുകയും ചെയ്യുന്ന വിപ്ലവ കുപ്പായമിട്ട ഒരു വനിതാ അഡ്വക്കേറ്റും അക്കൂട്ടത്തിലുണ്ടായിരുന്നു. കെട്ടിടം തകര്‍ന്നുവീണ ദിവസം തൊഴിലാളികളുടെ മുന്നില്‍നിന്നു് ടിവിയില്‍ അഭിനയിച്ച വനിതാ നേതാവിന്റെ തനിനിറം മനസ്സിലാക്കിയ ഒറീസാ തൊഴിലാളികള്‍ അവരെ ആട്ടിയോടിച്ചു. രാവിലെ മുതല്‍ ഈ സമയം വരെ നിങ്ങളെ ഫോണില്‍ വിളിച്ചിട്ടും നിങ്ങള്‍ ഫോണ്‍ എടുത്തില്ലല്ലോ, ഇപ്പോള്‍ നിങ്ങള്‍ മുതലാളിയ്ക്കു വേണ്ടി വന്നിരിക്കുകയാണോ? നിങ്ങളെ ഇവിടെ ആവശ്യമില്ല എന്നുപറഞ്ഞു് തിരിച്ചയച്ചതിനുശേഷം രാത്രി ഒമ്പതരയ്ക്കു് ഒത്തുതീര്‍പ്പു് വ്യവസ്ഥ പാലിക്കുമെന്നു് അസി.കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണു് ശവസംസ്ക്കാരം നടന്നതു്. പോലീസ് കസ്റ്റഡിയിലായിരുന്ന നേതാക്കളെ രാത്രി പന്ത്രണ്ടരയ്ക്കു് ജാമ്യത്തില്‍ വിട്ടയച്ചു. നേതൃത്വത്തെ അറസ്റ്റ് ചെയ്താല്‍ അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചും പ്രലോഭിപ്പിച്ചും സ്വന്തം നിയന്ത്രണത്തിലാക്കാമെന്ന ഗൂഢതന്ത്രത്തിന്റെ ഭാഗമായി സ്റ്റേറ്റ് നടപ്പിലാക്കിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു അറസ്റ്റും ലാത്തിച്ചാര്‍ജും. എന്നാല്‍ ഭരണകൂടതന്ത്രത്തെ സ്വന്തം നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം തൊഴിലാളികള്‍ നേരിട്ടപ്പോള്‍ വെളിവായതു് തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി എന്നു് സ്വയം വിശേഷിപ്പിക്കുന്ന സിപിഐ(എം)ന്റെ കാപട്യമാണു്. പരസ്യങ്ങള്‍വഴി കോടികള്‍ സമ്പാദിക്കുന്ന സമൂഹത്തിനു് ഒരു നേട്ടവുമുണ്ടാക്കാത്ത ക്രിക്കറ്റ് കളിക്കാരനു് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മുഖ്യമന്ത്രി ദാരുണമായി കെട്ടിടം തകര്‍ന്നുമരിച്ച തൊഴിലാളി കുടുംബങ്ങള്‍ക്കു് നല്‍കിയ ദുരിതാശ്വാസം പതിനയ്യായിരം രൂപ. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളെ പോലീസിനെ ഉപയോഗിച്ചു് ഭീഷണിപ്പെടുത്തി നാട്ടിലേക്കു് മടക്കിവിടാനുള്ള വ്യഗ്രതയിലായിരുന്നു കെട്ടിടമുടമകള്‍.
സിപിഎംന്റെ വര്‍ഗ്ഗപക്ഷപാതിത്വം
കഴിഞ്ഞ മുപ്പതു വര്‍ഷമായി സിപിഐ(എം) നയിക്കുന്ന ഇടതുഭരണത്തിന്‍കീഴിലുള്ള പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏകദേശം മുപ്പതിനായിരത്തിലധികം തൊഴിലാളികള്‍ എറണാകുളം ജില്ലയില്‍ മാത്രം വിവിധ സൈറ്റുകളില്‍ തൊഴിലെടുക്കുന്നു. ബംഗാളിലെ ദാരിദ്ര്യം 20 മുതല്‍ 80 വരെയുള്ള കുറഞ്ഞ കൂലി നിരക്കു് എന്നിവയാണു് 80 രൂപ മുതല്‍ 120 രൂപ വരെ കൂലി ലഭിക്കുന്ന വിദഗ്ദ്ധ തൊഴിലാളികളും 30 രൂപമുതല്‍ 60 രൂപവരെ കൂലി ലഭിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികള്‍ 60 മുതല്‍ 80 രൂപവരെ കൂലിനിരക്കിലും 80 രൂപ മുതല്‍ 150 രൂപ വരെ നിരക്കിലും കരാര്‍ തൊഴിലില്‍ ഏര്‍പ്പെടുന്നതു്. കരാറുകാരന്‍ 20 മുതല്‍ 30 രൂപവരെ കമ്മീഷനീടാക്കും. തുടര്‍ച്ചയായി പണി ലഭിക്കുമെന്ന ഒറ്റ കാരണത്താലാണു് കേരളത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലേയ്ക്കു് ബംഗാള്‍ ഉള്‍പ്പടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു് വ്യാപകമായ കുടിയേറ്റമുണ്ടാകുന്നതു്. ഒറീസയിലെ ദാരിദ്ര്യാവസ്ഥമൂലം ജില്ലയില്‍ ഏഴായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്നു. തമിഴ്നാടു്, കര്‍ണാടക, ആന്ധ്ര, രാജസ്ഥാന്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നായി മുപ്പതിനായിരത്തിലധികം തൊഴിലാളികളുണ്ടു്. അറുപതിനായിരത്തില്‍പരം അന്യ സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന എറണാകുളത്തു് തൊഴില്‍ വകുപ്പില്‍ ലൈസന്‍സുള്ള നാല്പതോളം കരാറുകാര്‍ പതിനായിരം തൊഴിലാളികളെ മാത്രമാണു് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു്. 50 പേരില്‍ കൂടുതലുള്ള കരാറുകാര്‍ സാനിട്ടേഷന്‍, താമസം, കാന്റീന്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന നിയമ വ്യവസ്ഥ അവഗണിക്കുമ്പോള്‍ സംസ്ഥാന ഭരണം നിര്‍വഹിക്കുന്ന എല്‍ഡിഎഫ്, കങ്കാണിമാരുടെ പക്ഷത്തു് നിലയുറപ്പിച്ചു് ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവരെ പോലീസിനെ ഉപയോഗിച്ചു് മര്‍ദ്ദിച്ചൊതുക്കാമെന്നു് വ്യാമോഹിക്കുന്നു. ഇരുപതിനായിരം തൊഴിലാളികളെവരെ കരാര്‍ തൊഴില്‍ വ്യവസായത്തിലേര്‍പ്പെട്ടിട്ടുള്ള കരാറുകാര്‍ കേരളത്തിലുണ്ടു്. ഇരുപതു രൂപവെച്ചു് കമ്മീഷന്‍ പിടിക്കുന്ന കരാറുകാരന്റെ പ്രതിദിന വരുമാനം നാലു ലക്ഷം രൂപയാണു്. ഇതിന്റെ ഒരു വിഹിതം പോലീസ്, തൊഴില്‍ വകുപ്പു് ഉദ്യോഗസ്ഥര്‍ക്കു് നല്‍കുന്നു. കുടിയേറ്റ കരാര്‍ തൊഴിലാളികള്‍ക്കു് ലഭിക്കേണ്ട നിയപരമായ പരിരക്ഷ മുന്‍ യുഡിഎഫ് ഭരണത്തില്‍ എന്നതുപോലെ എല്‍ഡിഎഫ് ഭരണത്തിലും അപ്രസക്തമാകുന്നതിന്റെ പിന്നിലെ സാമ്പത്തിക ശക്തികളുടെ ഇടപെടല്‍ എത്രമാത്രം ഗൌരവതരമാണെന്നു് ഇതില്‍നിന്നു് വ്യക്തമാകും. അന്യസംസ്ഥാനങ്ങളിലെ പിന്നോക്കാവസ്ഥയില്‍ പട്ടിണിയും ആത്മഹത്യയും ജീവിതത്തിന്റെ ഭാഗമായ ഗ്രാമങ്ങളെ അപ്പാടെ ദത്തെടുത്താണു് കേരളത്തില്‍ കങ്കാണിമാര്‍ എത്തിക്കുന്നതു്. ഇഷ്ടികക്കളം മുതല്‍ കെട്ടിടനിര്‍മ്മാണം വരെയുള്ള വിവിധ നിര്‍മ്മാണ മേഖലകളില്‍ ഈ തൊഴിലാളികളെ വിശ്രമിക്കാന്‍പോലും അനുവദിക്കാതെ തൊഴില്‍ ചെയ്യിക്കുന്നതില്‍നിന്നു് ലഭിക്കുന്ന മിച്ചമൂല്യമാണു് സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളുടെ മൂലധനമായി രൂപാന്തരപ്പെടുന്നതു്. ഇപ്രകാരം തൊഴിലാളിയുടെ രക്തത്തില്‍നിന്നുല്‍ഭവിക്കുന്ന ലാഭമാണു് ശോഭ ഡെവലപ്പേഴ്സിന്റെ പി.എന്‍.സി. മേനോനെപ്പോലുള്ളവര്‍ക്കു് ആറുകോടി മുടക്കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ്ണ തുലാഭാരം നടത്താന്‍ പ്രാപ്തനാക്കുന്നതു്. പഞ്ചനക്ഷത്ര പള്ളികളും അരമനകളും പാര്‍ട്ടി ഓഫീസുകളും ഉയരുന്നതു് ഇതേ രക്തത്തിന്റെ വിഹിതത്തില്‍നിന്നാണു്. പത്തു് മാസം മുന്‍പ് തിരുവനന്തപുരത്തു് സെക്രട്ടറിയറ്റിനു് സമീപത്തു് പൂഞ്ച് ലോയ്ഡ് കമ്പനിയില്‍ തൊഴില്‍ ചെയ്തിരുന്ന രണ്ടു് തൊഴിലാളികള്‍ പട്ടിണികിടന്നു് മരിച്ചു. പകര്‍ച്ചവ്യാധികള്‍ മറ്റു് തൊഴിലാളികളെ വേട്ടയാടുകയും ചെയ്തു. 250 പേര്‍ക്കു് ലൈസന്‍സുള്ള കമ്പനി ആയിരക്കണക്കിനു് തൊഴിലാളികളെ നിയമവിരുദ്ധമായി ഉപയോഗിച്ചിട്ടും സര്‍ക്കാര്‍ സ്വീകരിച്ച നടപടി കമ്പനിയെ സംരക്ഷിക്കുംവിധമായിരുന്നു. മുന്‍കൂര്‍ പണം നല്‍കി ഇറക്കുമതി ചെയ്യുന്ന ഒരു ചരക്കായി കുടിയേറ്റ തൊഴിലാളികളെ കരാറുകാര്‍ ഉപയോഗപ്പെടുത്തുന്നു.
കരാര്‍ അടിമപ്പണിക്കെതിരായ നിയമങ്ങള്‍
നൂറ്റാണ്ടുകളായി വിവിധ രാജ്യങ്ങളില്‍ നിലനിന്നിരുന്ന അടിമത്വം, കരാര്‍ തൊഴില്‍ എന്നിവ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം വരെ ഇതൊരു സാധാരണ പ്രവൃത്തി എന്നതിലപ്പുറം പരിഗണിച്ചിരുന്നില്ല. കോളനി ഭരണകാലത്തു് വടക്കേ അമേരിക്കയില്‍ വ്യാപകമായി കോണ്‍ട്രാക്ട് ലേബര്‍ സമ്പ്രദായമാണു് നിലനിന്നിരുന്നതു്. ബ്രിട്ടനില്‍നിന്നുള്ള ദരിദ്രവാസിയായ സ്ത്രീ-പുരുഷ തൊഴിലാളികളെയാണു് ഇതിനായുപയോഗിച്ചിരുന്നതു്. കുറ്റംചുമത്തപ്പെട്ട ക്രിമിനലുകളെ നിശ്ചിത കാലയളവില്‍ കഠിന ജോലികള്‍ ചെയ്യിക്കുക, തൊഴിലില്ലാത്തവരെ അപ്രന്റീസുകള്‍ ആയി നിയോഗിക്കുക, തൊഴില്‍ അഭ്യസിക്കുന്നവരെ ദീര്‍ഘകാലം ശിഷ്യരായി ഉപയോഗിക്കുക എന്നീ പ്രകാരമായിരുന്നു വിദേശ രാജ്യങ്ങളിലെ കരാര്‍ തൊഴിലിന്റെ പ്രാരംഭം. ഇന്ത്യയിലും ചൈനയിലും ‘കൂലി’ എന്നറിയപ്പെട്ട കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കള്‍ ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു. കുടിയേറ്റ തൊഴിലാളികളെയാണു് കരാര്‍ തൊഴിലാളികളായി ഉപയോഗിക്കാന്‍ തുടങ്ങിയതു്. 1951-ല്‍ മെക്സിക്കോയില്‍ നിന്നുള്ള തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്നതിനായി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കരാറടിസ്ഥാനത്തില്‍ നിയോഗിക്കാനുള്ള നിര്‍ദേശമാണു് നിയമപരമായ ആദ്യകാല കോണ്‍ട്രാക്ട് വര്‍ക്ക്. 18-ആം നൂറ്റാണ്ടിന്റെ അവസാനം കോണ്‍വാലീസ് പ്രഭു തന്റെ മുന്‍ഗാമികളെ ഉദ്ധരിച്ചുകൊണ്ടു് വ്യാഖ്യാനിച്ചതു് ഏറ്റവും വൃത്തികെട്ട ‘തൊഴില്‍ സമ്പ്രദായം’ എന്നാണു്.
കരാര്‍ തൊഴില്‍ സമ്പ്രദായം അടിമ തൊഴില്‍ കച്ചവടത്തിന്റെ തുടര്‍ച്ചയാണു്. ബ്രിട്ടീഷ് ഇന്ത്യയിലെ പ്ലാന്റേഷന്‍ തൊഴിലാളികള്‍ കോളനി രാജ്യമായ ചൈനയിലും അര്‍ദ്ധ കോളനിരാജ്യങ്ങളിലും നിലനിന്നിരുന്ന ഈ തൊഴില്‍ സമ്പ്രദായം അമേരിക്കയിലെ അടിമ വ്യവസ്ഥയ്ക്കു് സമാനമായിരുന്നു. എബ്രഹാം ലിങ്കണ്‍ അടിമത്വം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചെങ്കിലും വിവിധ രൂപങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും തുടരുന്ന കൂലി അടിമത്തൊഴില്‍ സമ്പ്രദായത്തിന്റെ വകഭേദങ്ങളാണു് ഇന്ത്യയില്‍ നിലനില്‍ക്കുന്നതു്. കാര്‍ഷിക സേവന മേഖലകളില്‍ വ്യാപകമായി തൊഴിലാളികളുടെ അദ്ധ്വാനശേഷിയെ ഉപയോഗിക്കുന്നതു് ഈ വ്യവസ്ഥ പ്രകാരമാണു്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഈ തൊഴില്‍ ചൂഷണത്തിനെതിരെ ഉയര്‍ന്നുവന്ന പൊതുജനാഭിപ്രായത്തെത്തുടര്‍ന്നു് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിയോഗിച്ച റോയല്‍ കമ്മീഷന്‍ കരാര്‍ തൊഴില്‍ റിക്രൂട്ട്മെന്റു്, തൊഴില്‍ ഇടനിലക്കാര്‍, കരാര്‍ തൊഴില്‍ എന്നിവ അവസാനിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തു. ബോംബെ ടെക്സ്റ്റയില്‍ ലേബര്‍ എന്‍ക്വയറി കമ്മിറ്റി ബോംബെ, ഷോലാപൂര്‍ എന്നിവിടങ്ങളിലെ ടെക്സ്റ്റയില്‍ മില്ലുകളിലേക്കു് നടത്തുന്ന കരാര്‍ തൊഴില്‍ നിയമനത്തില്‍, പ്രത്യേകിച്ചു് ബദലി തൊഴിലാളി നിയമനത്തിനു് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു് ആവശ്യപ്പെട്ടു. ഈ തൊഴിലാളികള്‍ക്കുമേല്‍ മില്ലുടമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.
കോണ്‍ട്രാക്ടറുടെ കടുത്ത ചൂഷണത്തിലധിഷ്ഠിതമായ ഈ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കണമെന്നും മാനേജ്മെന്റ് മില്ലിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലേക്കു് നേരിട്ടു് തൊഴിലാളികളെ നിയമിക്കുകയും ശമ്പളം നല്‍കുകയും ചെയ്യുന്നതു് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. കരാര്‍ തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ട ബോംബെ, ബീഹാര്‍ കമ്മറ്റികള്‍ കരാര്‍ തൊഴില്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ കോണ്‍ട്രാക്ട് ലേബര്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം വഴി വ്യവസ്ഥകള്‍ക്കു് വിധേയമാക്കണം എന്നാവശ്യപ്പെട്ടു. പ്ലാനിംഗ് കമ്മീഷന്റെ രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കരാര്‍ തൊഴില്‍ നിയമങ്ങളില്‍ തൊഴില്‍ സുരക്ഷിതത്വം വ്യവസ്ഥ ചെയ്യണമെന്നു് നിര്‍ദ്ദേശിച്ചിരുന്നു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
1. വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന കരാര്‍ തൊഴിലിന്റെ പ്രശ്നങ്ങളെ സംബന്ധിച്ചു് സാങ്കേതിക പഠനം നടത്തുക.
2. കരാര്‍ തൊഴില്‍ നിരോധിക്കാനുള്ള സാദ്ധ്യത കണ്ടെത്തുക.
3. വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നതിനു് ഏതൊക്കെ മേഖലകള്‍ കരാറുകാരനും ഉടമയയ്ക്കും നല്‍കണമെന്നു് നിശ്ചയിക്കുക.
4. സ്ഥിരമായ തൊഴിലവസരം നല്‍കി കരാര്‍ തൊഴിലാളിയെ സംരക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുക. കരാര്‍ തൊഴില്‍ പൂര്‍ണ്ണമായി നിരോധിക്കുന്നതിനുള്ള നിയമം രൂപപ്പെടുത്തുക.
5. സാധാരണ തൊഴിലാളിക്കു് ലഭിക്കുന്ന ആനുകൂല്യങ്ങളും കരാര്‍ തൊഴിലാളികള്‍ക്കു് ലഭ്യമാക്കുക.
6. സാദ്ധ്യമായ മേഖലകളില്‍ ദിവസക്കൂലി അവസാനിപ്പിച്ചു് സ്ഥിരവേതനം നല്‍കുക.
ദേശീയ ലേബണ്‍ കമ്മീഷന്റെ 1969ലെ ഒന്നാമതു് റിപ്പോര്‍ട്ടില്‍ കരാര്‍ തൊഴില്‍ മുതലാളിവര്‍ഗ്ഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ടു്. അതിനാല്‍ കരാര്‍ തൊഴില്‍ സമ്പ്രദായം നിരോധിക്കണം എന്നു് ആവശ്യപ്പെട്ടു. വീറ്റ്ലി കമ്മീഷന്‍ മുതല്‍ മറ്റനേകം കമ്മീഷനുകളുടെ ഫലമായി കരാര്‍ തൊഴിലാളിയെ, 1948-ലെ ഫാക്ടറീസ് ആക്ട്, 1951-ലെ പ്ലാന്റേഷന്‍ ആക്ട്, 1952-ലെ മൈന്‍സ് ആക്ട് എന്നിവയുടെ കീഴിലുള്ള ‘തൊഴിലാളി’ എന്ന വകുപ്പില്‍ ഉള്‍ക്കൊള്ളിച്ചു. 1948-ലെ ഇഎസ്ഐ ആക്ടിലെ ‘ഇമ്മീഡിയറ്റ് എംപ്ലോയര്‍’ എന്ന വകുപ്പില്‍പ്പെടുത്തി കരാര്‍ തൊഴിലാളിക്കു് ആരോഗ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നിയമപരമാക്കി. പ്രധാന തുറമുഖങ്ങളില്‍ ജോലിചെയ്തിരുന്ന കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു് ‘ദി ഡോക്ക് വര്‍ക്കേഴ്സ് റഗുലേഷന്‍ ഓഫ് എംപ്ലോയ്മെന്റ് ആക്ട്’ എന്ന നിയമം പാസ്സാക്കി. 1948ലെ ‘ഇന്‍ഡസ്ട്രിയല്‍ കമ്മിറ്റി ഓണ്‍ കോള്‍ മൈന്‍സ്’ന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയില്‍ കരാര്‍ തൊഴില്‍ വ്യവസ്ഥ നിരോധിച്ചു. 1948-ലെ മിനിമം വേജസ് നിയമം, 1946-ലെ ബോംബെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ആക്ട് മൂതലായ നിയമങ്ങള്‍, കരാര്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവയാണു്. കാലാനുസൃതമായി ഒട്ടേറെ ഭേദഗതികള്‍ വന്നിട്ടുണ്ടു്. ആഗോളീകരണത്തോടെ നടപ്പിലാക്കിയ ഘടനാക്രമീകരണം തൊഴില്‍ മേഖലയില്‍ വരുത്തിയ നിയമഭേദഗതികള്‍, ആധുനിക സമൂഹം നിയമപരമായി നിരോധിച്ച അടിമ വ്യാപാരത്തിന്റെ തലത്തിലേയ്ക്കു് തൊഴിലാളി വര്‍ഗ്ഗത്തെ കരാര്‍ തൊഴിലാളികളാക്കി പരിവര്‍ത്തനപ്പെടുത്തുന്നു.
സി.പി.ഐ (എം.എല്‍) മുഖപത്രമായ സഖാവില്‍ പ്രസിദ്ധീകരിച്ചതു്.
കടപ്പാട്: ചക്കാത്തു വായന
23 March, 2009
കത്തുന്നത് സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകള്‍
കത്തുന്നത് സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകള്‍
മുതലാളിത്തമതാപൊട്ടിപ്പൊളിയുന്നു..സാമ്രാജ്യത്വ നായകനതാ നിന്നു ചിണുങ്ങുന്നു.
ലോകപൊലീസിന്റെ ചന്തിപൊള്ളുന്നു
അതതാ, നിന്നു ചിണുങ്ങുന്നു.
ഇറാഖില്‍ കുട്ടികളെ ചുട്ടുകൊന്നിട്ട്
അമ്മി ചാടിക്കടന്ന് വീരസ്യം കാട്ടിയ
ലോകപൊലീസതാ നിന്നു കത്തുന്നു.
അഫ്‌ഗാനിസ്ഥാനിലെ ജനപദങ്ങളാകെ
ഉഴുതുമറിച്ചശേഷം തീയിട്ടു രസിച്ച
യാങ്കിയതാ മേലാകെപ്പൊള്ളി
ഉടുവസ്‌ത്രമുരിഞ്ഞെറിഞ്ഞ് നെട്ടോട്ടമോടുന്നു.
തകരുന്നത് ലേഹ് മാനല്ല,
ചീയുന്നത് മുതലാളിത്തമാണ്
അതതാ കെട്ടു ചീയുന്നു.
ലോകത്തനേകകോടികള്‍ക്ക്
തീരാദുരിതം വിതച്ച മുതലാളിത്തത്തിന്റെ നാശം
ഹായ് ! അതെത്ര ആശ്വാസകരമായിരിക്കും!
യുദ്ധങ്ങള്‍, വറുതികള്‍, കൂട്ടക്കൊലകള്‍
പൂഴ്ത്തിവെപ്പുകള്‍, തട്ടിപ്പുകള്‍, കൊള്ളലാഭം
ഇതാ കഴുത്തറുപ്പന്‍ വ്യവസ്ഥ
അതിന്റെ തന്നെ തലയറക്കുന്നു.
ലാഭം, കൂടുതല്‍ ലാഭം, അതിലും ലാഭം
അതിന്റെ തത്വശാസ്ത്രമാണ് കിടന്നു പിടയുന്നത്.
തകരുന്നത് ഫാനി മെയും ഫ്രെഡ്‌ഡി മാക്കുമല്ല
ചീയുന്നത് മുതലാളിത്തമാണ്.
നോക്കൂ, മാസങ്ങളായി തകര്‍ന്നടിയുകയാണ്
ഓരോന്നോരോന്നായി ബാങ്കുകള്‍.
അമേരിക്കയില്‍, ഇംഗ്ളണ്ടില്‍,
ഫ്രാന്‍സില്‍, യൂറോപ്പിലാകെ
മുതലാളിത്തലോകമാകെ ആടിയുലയുന്നു.
കമ്പോളമൌലികതാവാദമതാ
മൂക്കുകുത്തി വീഴുന്നു.
ആരാന്റെ മണ്ണിലെ വിഭവവും
ലോകമാകെയുള്ള അധ്വാനശക്തിയും
യഥേഷ്‌ടം ചൂഷണം ചെയ്തു ചീര്‍ത്തുവന്ന
മുതലാളിത്തമാണ്, അതിന്റെ പരമോന്നതരൂപമാണ്
അളിഞ്ഞുകിടന്ന് ഊര്‍ധശ്വാസം വലിക്കുന്നത്.
സാമ്രാജ്യത്വത്തിന്റെ ആയുധപ്പുരകളിലാണ്
തീപിടിത്തം.
മഹാമാന്ദ്യത്തിന്റെ ശീതക്കാറ്റാണ്
വീശിയടിക്കുന്നത്.
സ്വതന്ത്രകമ്പോളത്തിന്റെ അപ്പോസ്തലന്മാര്‍
തലയില്‍ മുണ്ടിട്ട് നാണം മറയ്ക്കുകയാണ്.
ഇന്നലെ ചിദംബരം പറഞ്ഞതുകേട്ടോ?
പ്രതിസന്ധി ഇന്ത്യന്‍ ബാങ്കുകളെ ബാധിക്കില്ലത്രെ.
കാരണമല്ലേ ഹരകരം?
അവക്ക് നല്ല റഗുലേഷനുണ്ടത്രെ!
ഉള്ള റഗുലേഷനത്രയും ഉള്ള കണ്‍ട്രോളുകളത്രയും
വേണ്ടെന്നു വെക്കണമെന്നു ശഠിച്ച സുന്ദരക്കുട്ടപ്പന്മാര്‍
മുഖം കരിവാളിക്കുമെന്നു കാണുമ്പോള്‍
നിയന്ത്രണങ്ങളുടെ തൂവാല പൊക്കി
മോന്ത മറയ്‌ക്കുന്നത് കാണാനെന്തു ചേല് !
ഓര്‍മയുണ്ടോ ഇവരുടെ ജല്പനങ്ങള്‍?
കണ്‍ട്രോള്‍ വേണ്ട, റെഗുലേഷന്‍ വേണ്ട,
ലൈസന്‍സ് രാജ് വേണ്ടേ വേണ്ട;
കമ്പോള സൌഹൃദ സമീപനം.
പച്ച മലയാളത്തില്‍ ചന്തച്ചങ്ങാത്തം.
വന്നു വന്നെവിടെ വരെയായെന്നോ?
ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ട്
പാര്‍ലമെന്റ് പാസ്സാക്കിയ നിയമമാണ്.
എന്നാല്‍ അതില്‍ ' റെഗുലേഷനു'ണ്ട്,
സായ്പിന് റെഗുലേഷന്‍ ഇഷ്ടമല്ല.
ആകയാല്‍ നമ്മളത് മാറ്റിത്തീര്‍ത്തു.
നിയമത്തിന്റെ പേരുമാറ്റി
റെഗുലേഷന്‍ വേണ്ടെന്നുവച്ചു.
പുതുപേര് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്‌മെന്റ് ആക്ട് !
കേള്‍ക്കാനെന്ത് സുഖം?
പഴയൊരുദ്യോഗപ്പേരാണ് സി സി ഐ ആന്‍ഡ് ഇ
ചീഫ് കണ്‍ട്രോളര്‍ ഓഫ് ഇംപോര്‍ട്സ് & എക്സ്പോര്‍ട്സ്.
കണ്‍ട്രോള്‍ സായ്പിനിഷ്ടമല്ല.
ആ പേരുതന്നെ നാം മാറ്റി.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്
അതായി പുതിയ പേര് !
റെഗുലേഷനെ,
കണ്‍ട്രോളിനെ,
ലൈസന്‍സിനെ
കളിയാക്കിപ്പോന്ന ചിദംബരവും കൂട്ടരുമിതാ
കണ്‍ട്രോള്‍ രാജിന് സ്തുതി പാടുന്നു!
ഹരകരമല്ലാതെ മറ്റെന്താണിത്?
എന്നാല്‍ ഇതിവിടെ മാത്രമല്ല
ബുഷ് നിന്ന് വിയര്‍ക്കുമ്പോള്‍
അയാളുടെ ഫെഡറല്‍ റിസര്‍വ് ചെയ്യുന്നതെന്താ?
സര്‍വസ്വതന്ത്രമായ കമ്പോളത്തില്‍
സര്‍ക്കാറിടപെടരുതെന്ന്
വീണ്ടും വീണ്ടും നമ്മെ പഠിപ്പിക്കുന്നവര്‍
സ്വന്തം നാട്ടില്‍ ചെയ്യുന്നതെന്താ?
ദേശസാല്‍ക്കരണം !
ദേശസാല്‍ക്കരിച്ച നമ്മുടെ ബാങ്കുകളെ
സ്വകാര്യവല്‍ക്കരിക്കണമെന്നു പറയുന്നവര്‍
അത്യാര്‍ത്തി മൂത്ത സ്വകാര്യബാങ്കുകള്‍
തവിടുപൊടി തരിപ്പണമാകുമ്പോള്‍
അവസാന രക്ഷക്കായ് കണ്ടെത്തുന്നത്
ബാങ്ക് ദേശസാല്‍ക്കരണമാണത്രെ.
പത്രത്തില്‍ ടാറ്റാ-എഐജിയുടെ പരസ്യം കണ്ടോ?
നിക്ഷേപകരെ ആശ്വസിപ്പിക്കാനായി ടാറ്റ പറയുകയാണ്:
വിഷമിക്കേണ്ട,
എ ഐ ജിയുടെ പങ്ക് വെറും 26 ശതമാനം മാത്രം!
ആ ഇരുപത്താറ് 49 ആക്കുമെന്നാണ്
വിശ്വാസവോട്ടു വിലക്കെടുത്തതിന്റെ പിറ്റേന്ന്
പളനിയപ്പന്‍ ചിദംബരം പറഞ്ഞത്.
വിദേശ നിക്ഷേപം കൂട്ടുമെന്ന് !
മിസ്‌റ്റര്‍ മന്‍മോഹന്‍,
ടാറ്റാ-എ ഐ ജിയില്‍
എ ഐ ജിയുടെ പങ്ക്
74 ശതമാനമായിരുന്നെങ്കില്‍ ?
കമ്പോളം സ്വയം തിരുത്തുമോ
അതോ നിക്ഷേപകരെ കമ്പോളം തുരത്തുമോ?
ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍
വിദേശികള്‍ക്ക് 74 ശതമാനം ഷെയറാവാം.
എന്നാലൊരു രക്ഷ
അവര്‍ക്ക് വോട്ടവകാശം വെറും പത്തു ശതമാനം.
എന്നാലതു മാറ്റി
പൂര്‍ണ വോട്ടവകാശം കൊടുക്കാനുള്ള ബില്ല്
അടുപ്പത്തു വച്ചു തീപൂട്ടുകയാണ് ചിദംബരം.
അതാണ് ബാങ്കിങ് റഗുലേഷന്‍ ആക്‍ട് ഭേദഗതി.
കേന്ദ്രസര്‍ക്കാറിന് വര്‍ഷാവര്‍ഷം
ലാഭവിഹിതമായി
അനേകകോടികള്‍ എത്തിച്ചു കൊടുക്കുന്ന
പൊതുമേഖലാ ബാങ്കുകളുടെ ഷെയറുകള്‍
സ്വകാര്യമുതലാളിമാര്‍ക്ക് വിറ്റശേഷം
ഇപ്പോള്‍ പറയുന്നത്
അവരുടെ വോട്ടവകാശം കൂട്ടണമെന്നാണ് !
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുക,
സ്വകാര്യവല്‍ക്കരിച്ച് വിദേശവല്‍ക്കരിക്കുക,
അതിനായിരുന്നു നീക്കം.
അതിതിനകം നടന്നിരുന്നെങ്കില്‍
സ്വകാര്യ വിദേശ ബാങ്കുകള്‍
നമ്മുടെ ബാങ്കുകളെ വിഴുങ്ങിയിരുന്നെങ്കില്‍
നിക്ഷേപകന്റെ നഷ്ടം നികത്താന്‍
എത്ര റിസര്‍വ് ബാങ്ക് റിസര്‍വുകളുടെ
കെട്ടുതാലി തൂക്കിവിറ്റാലാവും,
എക്‍സ് ഗവര്‍ണര്‍ മന്‍മോഹന്‍ജീ!
എന്താണീ തകര്‍ച്ചകള്‍ നല്‍കുന്ന സൂചനകള്‍?
എന്താണ് നാമിതില്‍ നിന്നറിയേണ്ടത് ?
ഇത് വ്യവസ്ഥയുടെ തകര്‍ച്ചയാണ്
മാനവരാശിക്ക് തീരാദുരിതങ്ങളും
യുദ്ധങ്ങളും പട്ടിണിയും
സമ്മാനിച്ച മുതലാളിത്തം
അതിന്റെ സഹജ ദൌര്‍ബല്യത്താല്‍
വീണടിഞ്ഞു തകരുകയാണ്.
ലാഭം കൂടുന്നതിനനുസരിച്ച്
കൂടുതല്‍ കൂടുതല്‍ ലാഭം നോക്കിപ്പോവുന്ന മൂലധനം
ഇപ്പോഴിതാ സ്വയം കെട്ടിത്തൂങ്ങിച്ചാവുന്നു.
മൂലധനത്തിന് ദേശസ്നേഹമില്ല,
ലാഭം കൂടുന്നെങ്കില്‍ അത് കെട്ടിത്തൂങ്ങും.
നമ്മുടേത് മുട്ടത്തോടിന്മേലൂടെയുള്ള
നടത്തമാണ്.
യഥാര്‍ഥ സമ്പദ് വ്യവസ്ഥയുമായി
ബന്ധമില്ലാത്ത മട്ടില്‍
ധനമേഖല ഊതിപ്പെരുപ്പിക്കുകയാണ്.
മൂലധനമാകെ
അങ്ങോട്ടു കുത്തിയൊഴുകുകയാണ്.
ഉല്‍പാദന മേഖലയിലെ മൂലധനമാകെ
ഊഹക്കച്ചവടത്തിലേക്ക് തിരിയുകയാണ്.
ധനക്കമ്പോളത്തിലേക്ക് കുത്തിയൊഴുകുകയാണ്.
അങ്ങനെയാണ്
നാണയച്ചന്തകള്‍ പെരുകിയത്.
നാണയം തന്നെ ചന്തയിലെത്തുന്നു.
അതിന്റെ കൈമാറ്റത്തില്‍ കോടികള്‍ മറിയുന്നു.
അതിന്റെ കയറ്റിറക്കങ്ങള്‍ വഴി
സഹസ്രകോടികള്‍ കീശയിലാക്കുന്നു.
ഇതാണ് ഫിനാന്‍സ് മൂലധനത്തിന്റെ
പെരുമാറ്റ രീതി.
അതങ്ങനെ
പതഞ്ഞു പതഞ്ഞു പൊങ്ങുകയാണ്.
ഇത്തിരിയിത്തിരിയായി
ഇറ്റിറ്റു കിട്ടുന്നതും കാത്ത്
നമ്മുടെ കമ്പോള വാദികള്‍ പിറകേ കൂടുന്നു.
നോക്കൂ,
എന്താണ് യഥാര്‍ഥത്തില്‍
അമേരിക്കയില്‍ സംഭവിക്കുന്നത്?
സ്ഥിതി ഗുരുതരമാണ്,
നില പരുങ്ങലിലാണ്.
'ധൂര്‍ത്തന്റെ ഒഴിയാറായ മടിശ്ശീല'പോലെ
അതിതാ പാപ്പരായിക്കഴിഞ്ഞിരിക്കുന്നു.
ആരാന്റെ
കാശിലാണമേരിക്ക ജീവിക്കുന്നത്.
ആയുധപ്പുരകള്‍കാട്ടി കണ്ണുരുട്ടിയും
വെറുതേയടിക്കുന്ന ഡോളറിനെ
ലോകനാണയമാക്കി പ്രചരിപ്പിച്ചും
സ്വന്തം പ്രാരബ്‌ധം മറച്ചു പോന്ന ഈ കടല്‍ക്കിഴവന്‍
ഇതാ വടിയും കുത്തി
പൊതാപ്പൊത്തോന്ന് വീഴുന്നു.
തകര്‍ച്ചയാണ്,
മാന്ദ്യമാണ്.
അത് മറച്ചു വെക്കാന്‍ നെട്ടോട്ടമാണ്.
ബൈ ഫോര്‍ അമേരിക്കാ
എന്നാണ് ഒരു പ്രസിഡന്റ് അഭ്യര്‍ഥിച്ചത്.
കൈയില്‍ കാശില്ലെങ്കിലും വാങ്ങിച്ചോളാന്‍
കാശില്ലെങ്കിലെന്താ,
ക്രെഡിറ്റ് കാര്‍ഡ് മതീ എന്ന്.
അങ്ങനെയങ്ങനെ വാങ്ങിച്ച് വാങ്ങിച്ച്
കടം പിടിച്ചു പിടിച്ചു
ദരിദ്രമായ ഒരു നാടാണ്,
അവിടുത്തെ നാട്ടുകാരാണ്,
കടക്കെണിയില്‍ പെട്ട
സ്വന്തം നാടിനെ രക്ഷിക്കാനായി
വാങ്ങിക്കൂട്ടിയത്.
എന്നിട്ടും പോണില്ല ചോണനുറുമ്പ്
എന്നായപ്പോഴോ?
അപ്പോഴാണ് പുതിയൊരിനം:
കടം വാങ്ങി വീടുവെച്ചോ,
വീടുവെച്ചാലോ?
കുറച്ചാള്‍ക്ക് പണി കിട്ടും
കമ്പിയുമിരുമ്പും സിമന്റുമൊക്കെ
കുറേശ്ശയായി ചെലവായിക്കിട്ടും.
അവിടെയൊരനക്കമുണ്ടാവും.
കടംവാങ്ങി വീടുവെച്ചു,
കടം തിരിച്ചടക്കാനാവുന്നവനും
ആവാത്തവനും.
ക്രയശേഷി കുറഞ്ഞാല്‍
എങ്ങനെ തിരിച്ചടക്കും?
തിരിച്ചടക്കാഞ്ഞാല്‍
പിന്നെ ബാങ്കെന്തു ചെയ്യും?
വീടുകള്‍ തൂക്കിവില്‍ക്കാന്‍ നോക്കും.
അങ്ങനെ വന്നാല്‍ ഭവന മാര്‍ക്കറ്റോ?
വിലയിടിഞ്ഞ് നാശകോശമാവും.
അങ്ങനെയങ്ങനെ വീടിനു വിലകുറഞ്ഞാലോ?
പണം കൊടുത്ത ബാങ്ക് പൂട്ടേണ്ടിവരും.
പക്ഷേ ഭൂപണയ ബാങ്കുകള്‍ വിരുതന്മാരാണ്.
അവരാ വീടും വെച്ചൊരു പണി ഒപ്പിച്ചു.
വീടിന്റെ ഈടില്‍ കടപ്പത്രമുണ്ടാക്കി.
ആ കടപ്പത്രത്തില്‍ ചെന്ന്
കൈയിട്ട് വാരി വമ്പന്‍ ലാഭം കൊയ്യാനായി
കൊമ്പന്മാരായ ബാങ്കുകളാകെ പാഞ്ഞു.
പെട്ടന്നാണ് തിരിച്ചടി വന്നത്.
മോര്‍ട്ഗേജ് ബാക്ക്ഡ് സെക്യൂരിറ്റികള്‍
കൈയിലുള്ള ബാങ്കുകള്‍
ഇതെവിടെക്കൊണ്ടുചെന്ന് വില്‍ക്കും?
ആര്‍ക്കുവേണമീ കടപ്പത്രം?
ആര്‍ക്കുവേണമീ ലേല വീടുകള്‍?
ബാങ്കായ ബാങ്കുകളൊക്കെ
കുത്തുപാളയെടുത്തു.
കള്ളക്കണക്കെഴുതി നാട്ടാരെയും
മറുനാടുകളെയും പറ്റിച്ച
പഴയ എന്‍റോണിനെപ്പോലെ
തട്ടിപ്പും വെട്ടിപ്പും നടത്തിയവര്‍
കോടികള്‍ വിഴുങ്ങി ഏമ്പക്കമിട്ടപ്പോള്‍
ലോകത്താകെ
ബാങ്കുകള്‍ പലതും പൊട്ടിപ്പൊളിഞ്ഞു.
എന്നിട്ടുമെന്നിട്ടുമെന്തേ
ഇന്ത്യയില്‍ ബാങ്കുകള്‍ തകര്‍ന്നില്ല?
കാരണം വേറൊന്നല്ല.
ഇവിടെ നിയന്ത്രണങ്ങള്‍
നിലവിലുണ്ടായിരുന്നു.
ആ നിയന്ത്രണങ്ങള്‍
എടുത്തു കളയാനായിരുന്നു നീക്കം.
അതു പറ്റില്ലെന്ന് ഇടതുപക്ഷം,
അത് പറ്റില്ലെന്ന് തൊഴിലാളികള്‍.
മുഖാമുഖം നിന്നെതിരിടുകയായിരുന്നു
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി.
ഇടതുപക്ഷത്തെ കൂടാതെ
നിലനില്‍പ്പില്ലാത്തതുകൊണ്ട്
ബില്ലുകളൊന്നും പാസ്സാക്കാനായില്ല
എന്നാല്‍
വിശ്വാസം വിലകൊടുത്തു വാങ്ങിയശേഷം
പളനിയപ്പന്‍ ചിദംബരം ചെട്ടിയാര്‍
പച്ചക്ക് വെട്ടിത്തുറന്നു ബോധ്യപ്പെടുത്തി,
താന്‍ ആരുടെ ദാസനാണെന്ന് !
ബാങ്കിങ്, ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ ബില്ലുകള്‍
ഉടനെ പാസ്സാക്കിയെടുക്കുമെന്ന് വീമ്പടി.
എന്നാല്‍
ഏവരെയും ഞെട്ടിച്ചുകൊണ്ടാണ്
അവരുടെ'സ്വര്‍ഗരാജ്യ'ത്തില്‍
നരകം പൊട്ടിയൊലിച്ചത്.
അതിന്റെ ചലം വീണുപൊള്ളുന്ന മുഖവും പൊത്തി
ചിദംബരം നീറ്റലകറ്റുകയാണ്.
ഒന്നോര്‍ത്തുനോക്കൂ , മന്ത്രിപുംഗവന്‍
ഇന്ത്യന്‍ ബാങ്കുകളില്‍
ലേഹ്‌മാന്‍ ബ്രദേര്‍സിന്
നിങ്ങളാഗ്രഹിച്ചതിന്‍ പടി ഷെയറുകള്‍ നല്‍കുകയും
കാര്യങ്ങള്‍ അവരാഗ്രഹിച്ചതിന്‍പടി
നടക്കുകയും ചെയ്തിരുന്നെങ്കില്‍
എത്ര ദശലക്ഷം ഇന്ത്യക്കാരായിരുന്നു,
പാവപ്പെട്ട നിക്ഷേപകരായിരുന്നു,
കുത്തുപാളയെടുത്ത്
ലേഹ്‌മാനെ പ്രാകുന്നുണ്ടാവുക?
ആരാണീ ലേഹ്‌മാന്‍?
ഒന്നും രണ്ടും ലോകമഹായുദ്ധവും
മഹാമാന്ദ്യവും
ഡോട്ട് കോം ബബിളും
സിലിക്കണ്‍വാലിയിലെ ശീതക്കാറ്റും
എല്ലാം അതിജീവിച്ച മഹാമല്ലന്‍!
ആന പാറുന്ന കാറ്റിലെന്താട് ?
മഹാ മാന്ദ്യത്തിന്റെ ശീതക്കാറ്റില്‍
സ്വന്തം നാട്ടിലെ ബാങ്കിങ്ങിനെയും
സമ്പദ് വ്യവസ്ഥയെത്തന്നെയും
സംരക്ഷിക്കാനായി
എത്ര ശതകോടികളാണവര്‍
ഒഴുക്കിക്കൊണ്ടിരിക്കുന്നത് !
ഇന്ത്യന്‍ ബാങ്കുകള്‍
ഇന്ന് പൊട്ടാതെ പൊളിയാതെ നില്‍ക്കുന്നെങ്കില്‍
ആര്‍ക്കാണതില്‍ അഭിമാനിക്കാനാവുക?
ഇതിനെത്തടുത്ത ബാങ്ക് ജീവനക്കാരും
അവരെത്തുണച്ച ഇടതുപക്ഷവും തന്നെ.
ആര്‍ക്കും വിലയ്ക്കെടുക്കാനാവുന്ന
ഒരു വലതുപക്ഷമുള്ളൊരു നാട്ടില്‍
നാടിനെയും നാട്ടാരെയും സംരക്ഷിച്ചു നിര്‍ത്താന്‍
സ്വയം ഒരു പരിചയും വാളുമാവാന്‍
ബാധ്യതപ്പെട്ട ഇടതുപക്ഷം
അതിന്റെ കടമ നിറവേറ്റുകതന്നെ ചെയ്തു.
അന്നങ്ങനെ ചെയ്തതുകൊണ്ട് മാത്രമാണ്
ഒരു മഹാദുരന്തത്തില്‍ നിന്ന് നാം രക്ഷപ്പെട്ടത്.
കഥ തീരുന്നില്ല,
കളി തീരുന്നില്ല.
കമ്പോള മൌലികതാവാദികള്‍
ഒരുങ്ങിപ്പുറപ്പെട്ടുതന്നെയാണ് നില്‍പ്പ്.
അവരെത്തളയ്ക്കാന്‍,
ജനതയെ രക്ഷിക്കാന്‍
ഇനിയും പോരാട്ടങ്ങളേറെ വേണ്ടിവരും.
ഇന്ത്യയുടെ ഭാവി
ഇടതുപക്ഷത്തിലാണെന്ന്
വീണ്ടും കാലം നമ്മെ പഠിപ്പിക്കുകയാണ്.
പക്ഷേ ഒന്നുണ്ട്
വ്യക്തമായും അറിയേണ്ടത്,
പറയേണ്ടത് :
തകരുന്നത് മുതലാളിത്തമാണ് ;
അതിന്റെ ആസുരമുഖമാണ് വികൃതമാകുന്നത്.
സോഷ്യലിസം,
സോഷ്യലിസം മാത്രമാണ് ബദല്‍.
അതേ
ഇതൊരു സൂചനയാണ്.
ഇതൊരു മുന്നറിയിപ്പാണ്
ഈ തകര്‍ച്ച ഒരു വ്യവസ്ഥയുടേതാണ്.
*****
ഏ കെ രമേശ്, കടപ്പാട്: ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം
05 March, 2009
പണിമുടക്കുകളാര്‍ക്കു വേണ്ടി?
പണിമുടക്കുകളാര്‍ക്കു വേണ്ടി?
സ്വതന്ത്ര കമ്പോളത്തിന്റെ സ്വര്‍ഗരാജ്യം പകച്ചു നില്‍കുന്ന ദിവസങ്ങളിലൂടെയാണു നാം കടന്നുപൊയ്കൊണ്ടിരിക്കുന്നത്. നോര്‍ത്തേണ്‍ റോക്കും ബെയര്‍ സ്റ്റേണ്‍സും തകര്‍ന്നപ്പോള്‍ അതിനു ഒത്തിരി ഒത്തിരി കാരണങ്ങള്‍ അവര്‍ കണ്ടെത്തി. അതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ കുറെയേറെ വിശദീകരണങ്ങളും നല്‍കി. ഇപ്പോള്‍ ഫ്രെഡിയായി, പിന്നെ ഫാനിയായി . പിറകെ ലീമാന്‍ ആയി . അതിനു പിറകെ മെരില്‍ ലിഞ്ചു വരുന്നു.പിന്നെ എഐജി .മോര്‍ഗന്‍ സ്റ്റാന്‍ലി വരിയില്‍ പിറകെ നില്‍ക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ പറയുന്നു. സഹസ്ര കോടി ഡോളര്‍ ദിവസവും കമ്പോളത്തിലേക്ക് ഒഴുക്കി വിടുകയാണ്, തകര്‍ന്ന ഭീമന്മരെ രക്ഷിക്കാന്‍. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. എല്ലാ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളും വിറങ്ങലിച്ചു നില്‍ക്കുന്നു. എല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളും കമ്പോളത്തിലേക്ക് പണം ഒഴുക്കി വിടുകയാണ്. സഹസ്ര കോടികളുടെ കണക്കാണു നാം വായിക്കുന്നത്.
അമേരിക്കയിലും വന്‍ മുതലാളിത്ത രാജ്യങ്ങളിലും മാത്രമായി ഇതു ഒതുങ്ങാന്‍ പോകുന്നില്ല. ആഗോളവല്‍കരണ കമ്പോളവുമായി തൊട്ടു നില്‍ക്കുന്ന എല്ലാ രാജ്യങ്ങളെയും ഇതു ബാധിക്കാന്‍ പോകുകയാണ്. മെരില്‍ ലിഞ്ചുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ ഐസിഐസിഐ മാത്രമല്ല എസ്‌ബിഐയും, ബാങ്ക് ഒഫ് ഇന്ത്യ യും, ബാങ്ക് ഒഫ് ബറോഡയും, പിഎന്‍ബി യും എച്‌ഡിഎഫ്‌സിയും ഒക്കെ ഉണ്ടെന്ന വാര്‍ത്ത വന്നിട്ടുണ്ട്. എഐജിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് കച്ചവടം നടത്തുന്ന ടാറ്റ എഐജി, അതുപോലെയുള്ള കമ്പനികളും കുഴപ്പത്തിലേക്കു തന്നെയാണു പോകുന്നത്. അതെ വന്ന വാര്‍ത്തകള്‍ ഭീകരമാണ്. വരാനിരിക്കുന്ന വാര്‍ത്തകള്‍ അതിനേക്കാള്‍ ഭീകരമാണ്.ഇങ്ങനെ നഷ്ടം വന്ന പണമെല്ലാം അവസാനം തട്ടിയെടുക്കപ്പെടുന്നതു നാട്ടുകാരുടെ കയ്യില്‍ നിന്നുമാണ്. തല്‍ക്കാലം കുറെ പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കൊടുത്തതും അവസാനം ജനങ്ങള്‍ കൊടുക്കേണ്ടി വരും. അമേരിക്കയിലും ഇംഗ്ലണ്ടിലേയും ജനങ്ങള്‍ മാത്രമല്ല. ലോകത്തിലെ സാധാരണക്കാരെല്ലാം ഇതു സഹിക്കേണ്ടി വരും. എഐജിക്ക് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇന്‍ഷുറന്‍സ് ബിസിനസ്സ് ഉണ്ട് .പെന്‍ഷന്‍ പദ്ധതിയും ഉണ്ട്. സാധരണ ജനങ്ങള്‍ ഇവരെ വിശ്വസിച്ചു എടുത്ത ഇന്‍ഷുറന്‍സ് പോളിസികളും പെന്‍ഷന്‍ നിക്ഷേപങ്ങളും അവര്‍ക്കു നഷ്ടപ്പെടും.
ഓഹരി വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മാര്‍ക്കറ്റുകള്‍ തകര്‍ച്ചയുടെ കഥ പറയുന്നു. അതിന്റെ നഷ്ടവും അവസാനം സാധാരണക്കാരന്റെ ചുമലില്‍ എത്തും.
ഇതു പുതിയ പ്രതിഭാസമല്ല . 1930 നും അതിനു മുന്‍പും അതിനു ശേഷവും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അന്നെല്ലം രക്ഷക്ക് ആശ്രയിക്കേണ്ടി വന്നതും ട്രഷറിയെത്തന്നെയാണ്. ആഗോളവല്‍കരണം കയറ്റം കയറാന്‍ തുടങ്ങിയ കാലത്താണ് ലോംഗ് ടേം കാപിറ്റല്‍ മാര്‍ക്കറ്റിന്റെ തകര്‍ച്ചയുണ്ടായത്. റെഗുലേറ്ററി വ്യവസ്ഥകള്‍ കര്‍ശനമാക്കി അതൊക്കെ പരിഹരിച്ചുവെന്നാണ് അപ്പോള്‍ പറഞ്ഞത്. അതിലും എത്രയോ രൂക്ഷമായ തകര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
നിയന്ത്രണങ്ങളില്ലാത്ത കമ്പോളം വളര്‍ച്ചയും വികസനവും കാര്യക്ഷമതയും ഉറപ്പാക്കുമെന്നാണല്ലോ പറഞ്ഞിരുന്നത്. എല്ലാകുഴപ്പത്തിനും കാരണം സ്റ്റേറ്റിന്റെ ഇടപെടലാണെന്നും പറഞ്ഞിരുന്നു. ലൈസന്‍സ് രാജ് എന്നു വിളിച്ച് കളിയാക്കി. ഒരു ചെറിയ നിയന്ത്രണംപോലും അംഗീകരിക്കാനുള്ള സഹിഷ്ണുത കാണിച്ചിരുന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ മുതലാളിമാര്‍ തകര്‍ത്ത സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണവും തേടി അവര്‍ കാവല്‍ നില്‍ക്കുന്നത്. എല്ലാം കമ്പോളത്തിനു വിട്ടു കൊടുക്കണമെന്ന് മുറവിളി കൂട്ടുന്ന അമേരിക്കക്ക് ഇങ്ങനെ സംഭവിക്കാമെങ്കില്‍ എന്തായിരിക്കും ഇന്ത്യയുടെ സ്ഥിതി?
ഈ അപകടത്തെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ടാണ് തൊഴിലാളി സംഘടനകളും ഇടതുപക്ഷവും ഈ നീക്കങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്. അവരെല്ലാം വികസന വിരുദ്ധരും പിന്തിരിപ്പന്മാരും ആയി ചിത്രീകരിക്കപ്പെട്ടു. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കഴിഞ്ഞ പതിനാറു കൊല്ലങ്ങള്‍ക്കുള്ളില്‍ നടന്ന ഭൂരിപക്ഷം പണിമുടക്കുകളും സര്‍ക്കാര്‍കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ നയങ്ങള്‍ക്കെതിരായായിരുന്നു. ശമ്പളം കളഞ്ഞു അവര്‍ പണിമുടക്കിയത് രാജ്യ സ്നേഹം മുന്‍നിര്‍ത്തിയായിരുന്നു . തെരുവിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നതു ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു.
പണിമുടക്കിനെതിരെ ആക്രോശിച്ചവര്‍, തൊഴിലാളിയെ പുലഭ്യം പറഞ്ഞവര്‍ ഇപ്പോഴെങ്കിലുമോര്‍ക്കുക. അന്നത് ചെയ്തില്ലായിരുന്നെങ്ങില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ പെട്ടിയിലെ അവസാന ചില്ലിക്കാശുപോലും ഈ കുത്തൊഴുക്കില്‍ ഒലിച്ചുപോയേനെ. പണിമുടക്കിനെ പുച്ഛിച്ചവര്‍ അറിയുക, ഞങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധമാണ് ഇന്നീ നാടിനെ തകരാതെ നിര്‍ത്തുന്നത്. എതിര്‍ക്കാന്‍ ഇവിടെ ആളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും വിദേശ മുതലാളിമാരുടെ കൈകളിലമര്‍ന്നേനെ. ഇന്നാട്ടിലെ സാധാരണക്കാരുടെ പണമിട്ടവര്‍ ഓഹരി ചൂതാട്ട കേന്ദ്രങ്ങളില്‍ അമ്മാനമാടിയേനെ. അമേരിക്കയിലെ സുനാമിയും ഐയ്ക്കും ഇന്ത്യന്‍ തീരങ്ങളെയും കടന്നു ഇവിടുത്തെ ജനങ്ങളെയും സമ്പദ് വ്യവസ്ഥയേയും അറബിക്കടലില്‍ മുക്കിയേനെ.*
എ. സിയാവുദീന്‍
(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)
കമ്പോള മൌലികതാ വാദം ജനാധിപത്യവിരുദ്ധം
എപിജി ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് അതിപ്രധാനമായ ഒരു വിഷയത്തെക്കുറിച്ച്, ധനമേഖലാ പരിഷ്കാരങ്ങള്‍ക്കുള്ള രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച്, സംസാരിക്കാന്‍ ഇങ്ങനെയൊരവസരം കിട്ടിയത് എനിക്കുള്ള ഒരു ബഹുമതിയായി ഞാന്‍ കണക്കാക്കുന്നു. ഈയിടെയായി പുതിയ പരിഷ്‌കാരങ്ങളുടെ കാലത്ത്, കമ്മിറ്റികള്‍ നിയോഗിക്കപ്പെടുന്നത് രാജ്യത്തിന് ഉത്തമമായതെന്തെന്ന് നിഷ്പക്ഷമായി കണ്ടെത്താനായല്ല, മറിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ശുപാര്‍ശകള്‍ എഴുതിവാങ്ങാനാണ്. പക്ഷേ പലപ്പോഴും ഈ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ പരിമിതികളാല്‍ സര്‍ക്കാറിന് കഴിയാതെ പോവാറുണ്ട്. അതുകൊണ്ട് ഒരു പക്ഷേ രഘുറാം രാജന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാനായിക്കൊള്ളണമെന്നില്ല. പക്ഷേ അത് നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന റിപ്പോര്‍ട്ടാണ്. ധനകാര്യമേഖലയെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട് എങ്ങനെ പോവണമെന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു റോഡ് മാപ്പാണിത്.
തീര്‍ച്ചയായും ഇതൊരു ഗഹനമായ വിഷയമാണ്. ഈ ചെറിയ പ്രഭാഷണത്തിലൂടെ അതിനോട് നീതിപുലര്‍ത്താനാവുകയില്ല. പക്ഷേ അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് എനിക്കു തോന്നുന്ന ചില വശങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മാത്രമാണ് ഞാനുദ്ദേശിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ഏക കടമ വിലനിലവാരം പിടിച്ചു നിര്‍ത്തുക എന്നതാവണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതിനായി ഒരൊറ്റ ഉപകരണമേ ഉപയോഗിക്കാവൂ എന്നും, അത് ഹ്രസ്വകാല പലിശനിരക്കും റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും മാത്രമായിരിക്കണമെന്നുമാണ് നിര്‍ദ്ദേശം. ഒരൊറ്റ ലക്ഷ്യം, ഒരൊറ്റമാര്‍ഗം; ലക്ഷ്യം വിലക്കയറ്റം തടയല്‍. മാര്‍ഗം ഹ്രസ്വകാല പലിശനിരക്ക്.
വിലനിലവാരം പിടിച്ചു നിര്‍ത്തണമെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും എതിരുനില്‍ക്കാനാവുമോ? പക്ഷേ റിപ്പോര്‍ട്ടിന്റെ വിവക്ഷകള്‍ സൂക്ഷ്മമായി നോക്കിയാല്‍ പലതും വ്യക്തമാകും. റിസര്‍വ് ബാങ്ക് വിലക്കയറ്റം മാത്രം തടഞ്ഞു നിര്‍ത്തുകയും ഹ്രസ്വകാല പലിശ നിരക്ക് വഴി മാത്രം ഇടപെടുകയും ചെയ്താല്‍ വിനിമയ നിരക്കിന്റെ കാര്യമെന്താവും? നിങ്ങള്‍ക്കറിയാം, വിദേശനിക്ഷേപം ഒഴുകി വരുമ്പോഴൊക്കെ, റിസര്‍വ് ബാങ്ക് ഇടപെടാറുണ്ട്. അങ്ങിനെ ഇടപെട്ട് റിസര്‍വ് ബാങ്ക് നിശ്ചയിക്കുന്ന വിനിമയ നിരക്കാണ് രാജ്യത്തെ രൂപയുടെ വിനിമയ നിരക്ക് നിര്‍ണയിക്കുക. സമീപകാലംവരെ, വന്‍തോതിലുള്ള വിദേശനാണ്യം കടന്നുവന്നപ്പോഴൊക്കെ അത് വാങ്ങിക്കൊണ്ട് രൂപ പകരം നല്‍കി റിസര്‍വ് ബാങ്ക് വിനിമയ നിരക്ക് പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അങ്ങനെയാണ് 320 ബില്യണ്‍ ഡോളര്‍ വിദേശനാണ്യ റിസര്‍വ് നമുക്കുണ്ടായത്.
അങ്ങനെ നോക്കിയാല്‍ എക്സ്ചേഞ്ച് നിരക്ക് മാര്‍ക്കറ്റി ലെ പ്രധാന കളിക്കാരന്‍ റിസര്‍വ് ബാങ്കായിരുന്നു എന്നുകാണാം.
റിസര്‍വ് ബാങ്ക് പണപ്പെരുപ്പം മാത്രം നോക്കിയാല്‍ മതിയെങ്കില്‍, വിനിമയ നിരക്കിന്റെ കാര്യമെന്താവും? അത് കമ്പോളം നിര്‍ണ്ണയിച്ചുകൊള്ളും എന്നാണ് രഘുറാം രാജന്‍ കമ്മിറ്റി പറയുന്നത്. കൂടുതല്‍ വിദേശനാണ്യം കടന്നുവരുമ്പോള്‍ രൂപയുടെ വിനിമയ നിരക്ക് കൂടും. പക്ഷേ അതൊക്കെ മാര്‍ക്കറ്റ് നോക്കിക്കൊള്ളട്ടെ എന്നാണ് രഘുറാം രാജന്‍ പറയുന്നത്.
ധനക്കമ്മി വന്നാല്‍ സര്‍ക്കാരിന് ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കാം. റിസര്‍വ് ബാങ്ക് പണപ്പെരുപ്പകാര്യം മാത്രം നോക്കിയാല്‍ മതിയെങ്കില്‍ സര്‍ക്കാറിന്റെ ധനനയമെന്താവും? സര്‍ക്കാറിന് വന്‍തുക ധനക്കമ്മിയുണ്ടെന്ന് കരുതുക. തീര്‍ച്ചയായും അത് പലിശ നിരക്കിനെ ബാധിക്കും. അങ്ങനെ വന്നാല്‍ റിസര്‍വ് ബാങ്കിന് മാത്രമായി പലിശ നിരക്കിനെ നിയന്ത്രിക്കാനാവില്ല. പിന്നെയെന്താണ് പോംവഴി? ധനക്കമ്മി നിയന്ത്രിക്കുക തന്നെ. അതിനര്‍ത്ഥം, ബജറ്റ് അതിന് കണക്കാക്കി ബാലന്‍സ് ചെയ്യാനും ധനകമ്മി 3% മാക്കി ചുരുക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമാകും എന്നുതന്നെ. എന്നു വെച്ചാല്‍ സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ തന്നെ.
ഇതിന്റെ പ്രത്യാഘാതമോ? സര്‍ക്കാറിന് ആകെ ചെയ്യാനാവുക ബജറ്റിലെ ധനക്കമ്മി മുന്‍കൂട്ടി നിശ്ചയിച്ച നിരക്കിലേക്ക് ചുരുക്കിക്കൊണ്ടുവരിക എന്നതാണ്. വിനിമയ നിരക്ക് സംബന്ധിച്ച് യാതൊരു നയവും കൈക്കൊള്ളേണ്ടതില്ല. കാരണം അതൊക്കെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണ്. അതാകട്ടെ, ആ സ്വയംഭരണസ്ഥാപനം പരിപാലിച്ചുപോരുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലുള്ള ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുക എന്നതാണ് ഇതിന്റെ അര്‍ത്ഥം.
സര്‍ക്കാര്‍ എന്താണ് ചെയ്യുക, കാര്യങ്ങളെല്ലാം കമ്പോളത്തിന് വിട്ടാല്‍? എത്ര നികുതി ചുമത്തണം, എത്ര കാശ് ചെലവാക്കണം, ധനക്കമ്മി എത്രയാവണം, ബജറ്റിലെ കറന്റ് എക്കൌണ്ട് കമ്മി എത്ര എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കാം.
ബഡ്‌ജറ്റ് നയം തന്നെ നിലവിലുള്ള നിയമമനുസരിച്ച് കര്‍ശന നിയന്ത്രണത്തിന് വിധേയമാണ്. സ്വയം അടിച്ചേല്‍പ്പിച്ച ആ നിയന്ത്രണങ്ങള്‍ തന്നെ സര്‍ക്കാര്‍ നിരന്തരമായി ലംഘിക്കുകയാണ്. എന്നാല്‍ ഇനിയിപ്പോള്‍ അതിനും കഴിയാതാവും. കാരണം ധനക്കമ്മി നയത്തില്‍ സര്‍ക്കാറിനുള്ള നിയന്ത്രണം തന്നെ വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണ്. സര്‍ക്കാറിന് ഒരിടമില്ല, സ്വയംഭരണാവകാശമില്ല. തന്ത്രപൂര്‍വം ഇടപെടാനുള്ള യാതൊരു സാധ്യതയുമില്ല. പലിശനയം റിസര്‍വ് ബാങ്ക് നോക്കിനടത്തും. എല്ലാ പ്രധാന സാമ്പത്തിക നയങ്ങളിലും സര്‍ക്കാറിന് ഒരു പങ്കുമില്ല. ഇത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കലാണ്. സ്വയംഭരണാവാകാശമുള്ള റിസര്‍വ് ബാങ്ക് പലിശനിരക്ക് നയം തീരുമാനിക്കുമെങ്കില്‍, അക്കാര്യങ്ങളാകെ തീരുമാനിക്കാനുള്ള സാമ്പത്തിക സാര്‍ ചക്രവര്‍ത്തിയായിരിക്കും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പരിപൂര്‍ണ സ്വതന്ത്രന്‍. സര്‍ക്കാറിന് ഒരു പങ്കും നിറവേറ്റാനാവില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലും സര്‍ക്കാര്‍ ഇടപെടലിനും പുറത്തായിരിക്കും അയാള്‍.
ഒരു ഭാഗത്ത് ഭരണകൂടത്തിന്റെ പങ്ക് തകര്‍ക്കുന്നതും അതിനെ ദുര്‍ബലമാക്കുന്നതുമാണ് ഈ നയം. അതോടൊപ്പം ഇത്തിരി ഇളവുകള്‍ അനുവദിക്കാന്‍ സാധ്യതയുള്ള പണനയത്തിന്റെ കാര്യം തീരുമാനിക്കാന്‍ സാമ്പത്തിക സാറിനായിരിക്കും അധികാരം. ഈ സാറാകട്ടെ ധനകാര്യ സമൂഹത്തിന്റെ മനസ്സിനിണങ്ങിയ ഒരാളായിരിക്കണം താനും. ഇത് തികച്ചും ജനാധിപത്യവിരുദ്ധമാണ്.
ഇങ്ങനെയൊരു പ്രഖ്യാപനം നടത്താന്‍ ആവുന്നതെങ്ങനെ എന്ന കാര്യത്തില്‍ എനിക്ക് അത്ഭുതമുണ്ട്. സര്‍ക്കാറാണ് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏക സംവിധാനം. ജനാധിപത്യത്തില്‍ തെരഞ്ഞെടുപ്പിലൂടെയാണ് എക്സിക്യൂട്ടീവിന്റെ നേതൃത്വം ഉരുത്തിരിഞ്ഞുവരിക. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വമുണ്ട്. അവര്‍ തെരഞ്ഞെടുക്കുന്ന മന്ത്രിമാര്‍ക്കും. സര്‍ക്കാറിന്റെ എക്കണോമിക് സാറിന് ജനങ്ങളോട് യാതൊരുത്തരവാദിത്തവുമുണ്ടാകില്ല. കാരണം അയാളെ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ ആരോടും ഉത്തരം പറയാനുമില്ല. നേരെ മറിച്ച് രാഷ്ട്രീയമായി ഉത്തരവാദിത്തമുള്ളതും ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥവുമായ സര്‍ക്കാരിന്റെ കാര്യത്തിലാവട്ടെ നയരൂപീകരണ കാര്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുകയാണ്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്തവരാണ്.
പണപ്പെരുപ്പ നിയന്ത്രണം മാത്രമാണ് റിസര്‍വ് ബാങ്കിന്റെ ഏക ജോലി എന്നാണ് പറയുന്നത്. അതിനുള്ള ഏക ഉപകരണം ഹ്രസ്വകാല പരിശനിരക്കാണ്. ഇപ്പോള്‍ 12 ശതമാനമാണ് നാട്ടിലെ പണപ്പെരുപ്പം. അടിസ്ഥാനപരമായി രണ്ട് കാര്യങ്ങളാണ് ഈ പണപ്പെരുപ്പത്തെ നയിക്കുന്നത്. എണ്ണയും, ഭക്ഷ്യധാന്യങ്ങളും. ഇതാകട്ടെ ഇന്ത്യയുടെ മാത്രം കാര്യമല്ലതന്നെ. ലോകമാകെ വ്യാപകമാണീ പ്രവണത. എണ്ണവില വര്‍ധിക്കുന്നു. ഇതിന് ഡോളറിന്റെ തകര്‍ച്ചയുമായി ബന്ധമുണ്ട്. ഡോളറിലുള്ള ധനപരമായ ആസ്തികള്‍ കൈവശം വെക്കുന്നതിലും നല്ലത് എണ്ണയുടെ കാര്യത്തിലുള്ള ഊഹക്കച്ചവടമാണ് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
എന്തുകൊണ്ട് ഡോളര്‍ തകരുന്നു? ഇറാഖിലെ എണ്ണ നിക്ഷേപങ്ങള്‍ അടക്കി വാഴാനായി തുടങ്ങിയ നീക്കം അതിദീര്‍ഘമായ ഒരു യുദ്ധമായി മാറിയതോടെ അതില്‍ നിന്ന് തടിയൂരാനാവാതെ വന്‍ കറന്റ് അക്കൌണ്ട് കമ്മി വരുത്തിവെച്ചതിന്റെ ഫലമാണിത്. അതിന് ആഗോളഘടകങ്ങളുമായി ബന്ധമുണ്ട്. അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയിലെ അധികാര ബന്ധങ്ങളുമായി നേരിട്ടു ബന്ധമുണ്ട്. എണ്ണവില ഇങ്ങനെ കുതിച്ചുയരുമ്പോള്‍ അത് നമ്മുടെ സമ്പദ് വ്യവസ്ഥകളിലും പ്രത്യാഘാതങ്ങളുണ്ടാക്കും. ഹ്രസ്വകാല പലിശനിരക്കും റിവേര്‍സ് റെപ്പോ റെയ്റ്റും താഴ്ത്തിക്കൊണ്ട് എങ്ങിനെയാണ് എണ്ണ വില താഴ്ത്തിക്കൊണ്ടുവരാനാവുക എന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും പറയാനാവുമോ? അതസാധ്യമാണ്. ശ്രീമാന്‍ രാജന്‍ തന്റെ വാദങ്ങളാകെ കെട്ടിപ്പൊക്കുന്ന ഇത്തരം ഒരസംബന്ധ അവകാശവാദം പിന്നെങ്ങനെ ഉയര്‍ത്തപ്പെടുന്നു? ഇത് വില കുതിച്ചുയര്‍ത്തുന്ന പണപ്പെരുപ്പത്തിനെ തീരെ കണക്കിലെടുക്കാതെയുള്ള ഒരു സൈദ്ധാന്തിക ഘടനയാണ്.
ഇന്ത്യയില്‍ എണ്ണവില കുതിച്ചുയരുന്നത് ഇവിടെ എണ്ണക്ക് വന്‍തോതിലുള്ള ചോദനം ഉള്ളതുകൊണ്ടല്ല. നമ്മുടെ ഇറക്കുമതിക്ക് മുന്‍കാലത്തേക്കാള്‍ ഉയര്‍ന്ന വിലയാണ് നല്‍കുന്നത്. ഇതിനെയാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ കോസ്റ്റ് പുഷ് ഇന്‍ഫ്ളേഷന്‍ എന്ന് വിശേഷിപ്പിക്കുക. ശ്രീ രഘുറാം രാജനെപ്പോലുള്ളവര്‍ ഇതില്‍ വിശ്വസിക്കുന്നേയില്ല. ഇതിന്റെ ഫലമായി ഇവര്‍ പറയുന്നതെന്തെന്നോ? പലിശ നിരക്ക് കൂട്ടാന്‍. നിങ്ങള്‍ പലിശനിരക്ക് ഉയര്‍ത്തുക. അങ്ങനെ ചെയ്താല്‍ ചില ചിലവുകളൊക്കെ ചുരുങ്ങും. ചിലവ് ചുരുങ്ങിയാലോ വിലകള്‍ താഴുകയും ചെയ്യും. അവരുടെ അഭിപ്രായത്തി ല്‍ എണ്ണവിലകൂടിയാല്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് റെപ്പോ നിരക്കും റിവേഴ്സ് റെപ്പോ നിരക്കും വെട്ടിച്ചുരുക്കുക മാത്രമാണ്. പക്ഷേ നിങ്ങള്‍ക്കറിയാം ഇതുകൊണ്ടൊന്നും എണ്ണവില ചുരുങ്ങുകയില്ല എന്ന്. ഭക്ഷ്യധാന്യങ്ങളുടെ വിലയുടെ കാര്യത്തിലും സ്ഥിതി ഇതുതന്നെയാണ്. ഭക്ഷ്യധാന്യ വിലകള്‍ കുത്തനെ കയറുന്നത് അത് പൂഴ്ത്തിവെപ്പു കാരണമാണെങ്കില്‍ പലിശ നിരക്ക് കൂട്ടിയാല്‍ ഈ ന്യായപ്രകാരം പൂഴ്ത്തിവെപ്പ് കുറയണം.
അത് ഒരു പക്ഷേ വിലകളുടെ മേലുള്ള സമ്മര്‍ദ്ദത്തെ ഒരളവുവരെ കുറച്ചേക്കാം, പക്ഷേ അടിസ്ഥാനപരമായ ഒരു സാഹചര്യം- ഉദാഹരണത്തിന് വേണ്ടത്ര സപ്ലൈ ഇല്ലാതിരിക്കുകയോ ലോക മാര്‍ക്കറ്റില്‍ ആകെ വിലകൂടികൊണ്ടിരിക്കുകയോ പോലുള്ള സാഹചര്യം- ഉണ്ടെങ്കില്‍ സ്ഥിതി വ്യത്യസ്തമാണ്. അങ്ങനെ വന്നാല്‍, നമ്മുടെ ആഭ്യന്തര സമ്പദ് വ്യവസ്ഥയിലും നാണയപ്പെരുപ്പത്തിന്റെ പ്രവണത കാണാം. നമ്മള്‍ അടുത്തിടെ വളരെ നല്ലൊരു കാര്യം ചെയ്തിരിക്കുന്നു- വാസ്തവം പറഞ്ഞാല്‍, അത് നിയോ ലിബറലുകളുടെ തത്വശാസ്ത്രത്തിന് എതിരാണ്- നാം ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. അങ്ങനെ ചെയ്തിരുന്നില്ലെങ്കില്‍ ഭക്ഷ്യധാന്യ വില വര്‍ധിക്കാതിരിക്കാന്‍ നാം ശ്രമിച്ചാല്‍ അതെല്ലാം നമ്മുടെ കമ്പോളത്തില്‍ നിന്ന് അപ്രത്യക്ഷമായി ലോക മാര്‍ക്കറ്റില്‍ ചെന്നെത്തുമായിരുന്നു. സര്‍ക്കാര്‍ ഭക്ഷ്യധാന്യക്കയറ്റുമതി നിരോധിച്ചത് യഥാര്‍ത്ഥത്തില്‍ വന്‍ സമ്മര്‍ദ്ദ ത്തെ തുടര്‍ന്നാണ്. തീര്‍ച്ചയായും അതൊരു ജനകീയ സമ്മര്‍ദ്ദമായിരുന്നു. നമ്മുടെ ഭക്ഷ്യധാന്യ മാര്‍ക്കറ്റില്‍ ഇടപെടാനും വിലകള്‍ ഇത്രയെങ്കിലും പിടിച്ചു നിര്‍ത്താനും നമുക്ക് കഴിഞ്ഞതിന് കാരണം ഇതാണ്.
എന്നാല്‍ സംഗതികള്‍ അപ്പാടെ കമ്പോളത്തിന് വിട്ടുകൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും ലോക മാര്‍ക്കറ്റിലെ വില വളരെ ഉയര്‍ന്നതാണ്- റെപ്പോ, റിവേഴ്സ് റെപ്പോ നിരക്കുകളുടെ അഴുക്കുതോണ്ടിക്കൊണ്ടൊന്നും നമുക്ക് പണപ്പെരുപ്പം കണക്കാക്കുന്ന വിലക്കയറ്റത്തെ തടഞ്ഞുനിര്‍ത്താനാവില്ല. വാദത്തിനുവേണ്ടി ഒരുകാര്യം സമ്മതിക്കുക. ഈ പലിശനിരക്ക് വ്യത്യാസം പണപ്പെരുപ്പനിരക്ക് കുറയുമെന്ന് സമ്മതിച്ചുകൊടുത്തുകൊണ്ട് രാജന്റെ വാദങ്ങളോട് ഉദാരപൂര്‍വ്വമായ സമീപനം കൈക്കൊള്ളുക. അതങ്ങനെ പണപ്പെരുപ്പ നിരക്ക് കുറക്കുമെങ്കില്‍ അത് അഞ്ചാറുമാസംകൊണ്ടേ കുറയൂ. അല്ലെങ്കില്‍ പത്തുമാസം കൊണ്ട്. അങ്ങനെ വന്ന് വന്ന് പണപ്പെരുപ്പ നിരക്ക് പൂജ്യമായി ചുരുങ്ങിയെന്ന് കരുതുക (അതിപ്പോള്‍ 12 ശതമാനമാണ്). അതിനര്‍ത്ഥം വിലകള്‍ ഏറ്റവും ഉയരെ എത്തിനില്‍ക്കുകയാണെന്നും ഇനിയങ്ങോട്ട് വര്‍ധിക്കാനുമില്ല എന്ന അവസ്ഥയാണെന്നുമാണ്.
ഇന്ത്യയില്‍ നമ്മുടെ തൊഴില്‍ ശക്തിയുടെ 95 ശതമാനത്തിനും കിട്ടുന്നകൂലി വിലക്കയറ്റ സൂചികയുമായി ബന്ധപ്പെട്ടതല്ല. ഇങ്ങനെ വരുമ്പോള്‍, വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഘട്ടത്തില്‍ 95% പേര്‍ക്കും യഥാര്‍ത്ഥവരുമാനത്തില്‍ 12%ത്തിന്റെ ഇടിവുണ്ടാകും. ഏത് വിലക്കയറ്റവും ഇവരുടെ യഥാര്‍ത്ഥ വരുമാനത്തിന് എതിരായി ബാധിക്കും. പണപ്പെരുപ്പനിരക്ക് പൂജ്യമായി തീരുമ്പോള്‍പോലും (അങ്ങനെ വരുമ്പോള്‍ ആ വില പണപ്പെരുപ്പം ഉയര്‍ന്നു കാണിക്കുന്ന കാലത്തെ വിലയേക്കാള്‍ കൂടുതലായിരിക്കുമല്ലോ? ) അവരുടെ കൂലി ഇന്‍ഡക്സ് ചെയ്തിട്ടില്ലാത്തതുകൊണ്ട് പൂജ്യം ശതമാനം പണപ്പെരുപ്പത്തിലും അവരുടെ യഥാര്‍ത്ഥ കൂലി കുറഞ്ഞുകൊണ്ടുതന്നെ ഇരിക്കും.
രാജനെപോലുള്ളവര്‍ വാദിക്കുന്ന തരത്തില്‍ പലിശനിരക്ക് വഴി സര്‍ക്കാര്‍ ഇടപെട്ട് ദീര്‍ഘകാല അടിസ്ഥാനത്തില്‍ വിജയിച്ചാല്‍ പോലും അത് നിങ്ങളുടെ ജനതയില്‍ മഹാഭൂരിപക്ഷത്തിന്റെയും യഥാര്‍ത്ഥകൂലി ഗണ്യമായി വെട്ടിക്കുറക്കുന്നതിലേക്ക് നയിക്കും. ചിലപ്പോള്‍ ഇത് ക്ഷാമങ്ങളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഇതാണ് 1943ലെ ബംഗാള്‍ ക്ഷാമകാലത്ത് കണ്ടത്. അങ്ങാടിയില്‍ ഭക്ഷ്യധാന്യങ്ങള്‍ കിട്ടാനുണ്ടായിരുന്നു. പക്ഷേ അതിഭീമമായ വില നല്‍കണമെന്ന് മാത്രം. അത് വാങ്ങാനുള്ള കഴിവ് ജനങ്ങള്‍ക്കില്ലതാനും.
12% പണപ്പെരുപ്പത്തിന്റെ കാര്യത്തെക്കുറിച്ച് ഞാന്‍ പറയുകയായിരുന്നല്ലോ. ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തില്‍ 12 ശതമാനം കുറവു വന്നാല്‍ അത് അവരുടെ വാങ്ങല്‍ കഴിവ് കുറക്കും. അതാകട്ടെ ക്ഷാമത്തിലേക്കാണ് നയിക്കുക. മാര്‍ക്കറ്റുകള്‍ സ്വമേധയാ പ്രവര്‍ത്തിക്കില്ലെന്ന കാര്യം രാജനെ പോലുള്ളവര്‍ മറക്കുകയാണ് പതിവ്. ഇനി അഥവാ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ തന്നെ അതിന് സമയമെടുക്കും. ഈ അന്തരാളകാലഘട്ടത്തിലെ ദുരിതങ്ങള്‍ അതി ഗുരുതരമായിരിക്കും. അവര്‍ക്കത് താങ്ങാനാവുകയില്ല എന്നുള്ളതാണ് വസ്തുത. കണ്‍മുമ്പില്‍ ഇങ്ങനെ ആത്മഹത്യകള്‍ പെരുതിക്കൊണ്ടിരിക്കെ ജനങ്ങളുടെ പോഷകാഹാരലഭ്യത കൂടെകൂടെ കുറഞ്ഞുകൊണ്ടിരിക്കെ, ഇങ്ങനെ കമ്പോളത്തിന് കാര്യങ്ങള്‍ വിട്ടുകൊടുക്കുന്നത്, ഉത്തരവാദിത്യരഹിതമായ നിഗമനമാണ് അര്‍ത്ഥശൂന്യമായ നിലപാടാണ്. ഇതിനകം അത്യാവശ്യസാധനം കിട്ടാതെ ആയിരക്കണക്കിനാളുകള്‍ ചത്തു കഴിഞ്ഞിരിക്കും. നാം നമ്മുടെ കണ്‍മുമ്പില്‍ കേരളത്തില്‍തന്നെ ഇത് കണ്ടതാണ്. കര്‍ഷകാത്മഹത്യകളുടെ രൂപത്തില്‍ . ഇവിടെ ഇപ്പോള്‍ അതിനൊരു വിരാമമായിട്ടുണ്ട്. പക്ഷേ ഇന്ത്യയില്‍ മറ്റിടങ്ങളില്‍ ഇപ്പോഴും കര്‍ഷകാത്മഹത്യകള്‍ പെരുകുകയാണ്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ (കമ്പോളപ്രവര്‍ത്തനം) കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില ആകെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്, കൃഷി ഇനിയും തുടരാനാവാത്ത തരത്തില്‍. അങ്ങനെ തുടരാനാവാതെ വരുമ്പോള്‍ കര്‍ഷകര്‍ ജീവിതം തുടരേണ്ടെന്നും വെക്കുന്നു.
സ്റ്റേറ്റിന് ഇടപെടാനാവില്ല എന്നും, ഇടപെട്ടുകൂടാ എന്നുമൊക്കെ പറയുന്നത് ഉത്തരവാദിത്വമില്ലായ്മ കാരണമാണ്. ഭരണകൂട ഇടപെടല്‍ എന്നത് പെട്ടെന്ന് പൊട്ടിവീണ ഒരാശയമല്ല. അത്തരം ഇടപെടല്‍ ഒരു നല്ലകാര്യമാണ് എന്ന് ബുദ്ധിയും വിവരവുമുള്ള ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. മഹാമാന്ദ്യത്തിന്റെ കാലത്ത് , അതിന്റെ ഫലമായി ഗണ്യമായ തോതില്‍ ഉയര്‍ന്നുവന്ന ഒന്നാണ് സ്റ്റേറ്റ് ഇടപെടല്‍ എന്ന ആശയം എല്ലായിടത്തും വന്‍തോതിലുള്ള തൊഴിലില്ലായ്മ ആയിരുന്നു അന്ന്. രണ്ടാം ലോക മഹായുദ്ധംവരെ അമേരിക്കയില്‍ ഈ തൊഴിലില്ലായ്മ തുടര്‍ന്നു. യൂറോപ്പിലും സ്ഥിതി സമാനമായിരുന്നു. അക്കാലത്തിലേക്ക് തിരിച്ചു നടക്കാനാവില്ലെന്നാണ് പരക്കെ തോന്നിയത്. യുദ്ധാനന്തരം ലേബര്‍ സര്‍ക്കാര്‍ ബ്രിട്ടനില്‍ അധികാരത്തില്‍ എത്തി, യൂറോപ്പിലാകെ സോഷ്യല്‍ ഡെമോക്രാറ്റുകളും.
ഇന്ത്യയിലും ബ്രിട്ടീഷ് ഗവ ണ്‍മെന്റിന്റെ കാലത്ത് സ്വാതന്ത്ര കമ്പോള വാദമാണ് നിലനിന്നിരുന്നത്, ബംഗാള്‍ക്ഷാമം വരെ. 30 ലക്ഷം പേരാണതില്‍ ചത്തൊടുങ്ങിയത്. യഥാര്‍ത്ഥത്തില്‍ ക്ഷാമത്തിനു ശേഷമാണ് കല്‍ക്കത്തയില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍ വന്നത്. ജനങ്ങളുടെ ജീവിതത്തെ തന്നെ രക്ഷിക്കാനായി കമ്പോളത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ ഇത്തരം അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഒരു സുപ്രഭാതത്തില്‍ ഏതാനും പേരുടെ തലയിലുണ്ടായ ബോധോദയമല്ല ഇതിനു പിന്നില്‍. നാം പഠിച്ച പാഠങ്ങളെ മറക്കാന്‍ ശ്രമിക്കുകയാണ്. അതാകട്ടെ അത്യന്തം അപകടകരവുമാണ്.
നമുക്കറിയാം സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യന്‍ ധനമേഖല ആഗോള വ്യവസ്ഥയുമായി ഉദ്ഗ്രഥിതമായിരുന്നു. സ്വാതന്ത്രത്തിനു ശേഷമാണ് ഈ മേഖലയില്‍ നിയന്ത്രണം വേണമെന്ന് നമുക്ക് തോന്നിയത്. ധനമേഖലയെ സര്‍ക്കാര്‍ നിയന്ത്രിക്കാത്തിടത്തോളം കാലം അര്‍ത്ഥ പൂര്‍ണ്ണമായ ഭരണകൂട ഇടപെടല്‍ അസാധ്യമാണ്. ധനമേഖലയെ ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാക്കുകയാണെങ്കില്‍, നിങ്ങളുടെ ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ സ്വയം എടുക്കാനുള്ള അവകാശം ഇല്ലാതാകും. അങ്ങനെ വന്നാല്‍ ഭരണകൂട ഇടപെടല്‍ എന്നത് സുസ്ഥിരമല്ലാതാവും.
ഉദാഹരണത്തിന്, നാളെ ഭക്ഷ്യ ധാന്യ കമ്പോളത്തില്‍ ഇടപെടാന്‍ നമ്മുടെ സര്‍ക്കാറിന് തീരുമാനിക്കാനാവുമെന്ന് കരുതുക. ഇന്ത്യാഗവണ്‍മെന്റ് ഒരിടതു പക്ഷ ഭരണകൂടമായി മാറുന്നുവെന്നും കരുതുക. ലോകത്താകെയുള്ള ധന മൂലധന നാഥന്മാര്‍ അതോടെ പെട്ടെന്ന് പരിഭ്രാന്തരാവും. അങ്ങനെ ഇടപെടാന്‍ തുടങ്ങിയാല്‍ ഉടനെ തന്നെ മൂലധനം പുറത്തേക്കൊഴുകാന്‍ തുടങ്ങും. അങ്ങനെയൊരു പുറത്തേക്കൊഴുക്ക് എന്നത് സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കടുത്ത ഭാരമാണുളവാക്കുക. സമ്പദ് ഘടന തന്നെ പാപ്പരാവുകയും ഹ്രസ്വകാലാവശ്യങ്ങള്‍ക്കുള്ള ഫണ്ടു പോലും ഇല്ലാതാവുകയും ചെയ്യും. ഇത് നാം നേരത്തെ കിഴക്കനേഷ്യയില്‍ കണ്ടതാണ്.
നിങ്ങളുടെ ധനമേഖല ആഗോള ഫൈനാന്‍സുമായി ഉദ്ഗ്രഥിതമാണെങ്കില്‍ ആഗോള മൂലധനത്തിന് ഏതു സമയവും കടന്നു വരികയും അതു പോലെ പുറത്തേക്ക് ഒഴുകുകയും ചെയ്യാനാവും. അത്തരമൊരവസ്ഥയ്ക്ക് വേണ്ടിയാണ് മിസ്റ്റര്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നത്. അതോടെ ആഗോള മൂലധന തമ്പ്രാക്കള്‍ക്ക് അഹിതമായതൊന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാവും. അങ്ങനെ വന്നാല്‍ ജനങ്ങളുടെ താല്പര്യത്തിനനുസരിച്ച് പെരുമാറാന്‍ സര്‍ക്കാറിന് കഴിയാതെ വരും. ഒരു പ്രത്യേക നയം ജനങ്ങള്‍ക്കിണങ്ങുന്നതാണെങ്കിലും അത് മൂലധന വാതുവെപ്പുകാര്‍ക്കിണങ്ങിയതല്ലെങ്കില്‍ ആ നയം നടപ്പാക്കാനാവില്ല. ചുരുക്കത്തില്‍ സ്വയം ഭരണാവകാശമുള്ള ഒരു ഗവണ്‍മെന്റാവണമെങ്കില്‍, ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് സ്വതന്ത്രമാവണമെന്നര്‍ത്ഥം. ഇതൊരു പുതിയ കാര്യമോ, വിപ്ലവകരമായ കണ്ടെത്തലോ അല്ല. ജോണ്‍ മെയ്നാഡ് കെയിന്‍സ് എന്ന പഴയ ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞന്‍ തന്നെയാണ് ഭരണകൂട ഇടപെടലുകളെക്കുറിച്ചുള്ള തിയറിയുടെ ഉപജ്ഞാതാവ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ ഇക്കാര്യം ഒന്നിലേറെത്തവണ ഊന്നിപ്പറയുകയുണ്ടായി. അദ്ദേഹം 1946ല്‍ അന്തരിച്ചു. 62 വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറഞ്ഞു, ധനകാര്യം എന്തിലും മീതെ ദേശീയമായിരിക്കണമെന്ന് .... അതിനെ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്ന് കണ്ണി വിടര്‍ത്തണമെന്ന്.
ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചു കാലമായി ഒരു പോരാട്ടം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ധനമേഖല ആഗോള ധനമേഖലയുമായി കണ്ണി ചേര്‍ക്കണമെന്നും കണ്ണി വിടര്‍ത്തണമെന്നും ഉള്ള രണ്ടു വാദഗതികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. നമ്മുടെ സമ്പദ് വ്യവസ്ഥ മുമ്പത്തേതിലും ഉദ്ഗ്രഥിതമാണിപ്പോള്‍ എന്നത് നേര്. പക്ഷേ ഇപ്പോഴും നമ്മുടെ മൂലധന അക്കൌണ്ട് "സ്വതന്ത്രമാക്കിയിട്ടില്ല''. ഇതൊരു കടുത്ത പോരട്ടമാണ്. സര്‍ക്കാറിന്റെ നീക്കത്തെ തടയാനായത് ഇടതു പക്ഷത്തിന്റെ ശബ്ദവും ട്രേഡ് യൂനിയനുകളുടെ ശബ്ദവും ധനമേഖലാ ഓഫീസര്‍മാരുടേയും ജീവനക്കാരുടേയും ശബ്ദവും ഇന്ത്യയിലെ ബുദ്ധി ജീവികളുടെ ശബ്ദവും എല്ലാം എല്ലാം “അരുത് ” എന്നു ഒന്നിച്ചുയര്‍ന്നതു കൊണ്ടാണ്. ഞാന്‍ തന്നെ ഒരൊപ്പു ശേഖരണത്തിന് മുന്‍ കൈ എടുത്തതാണ്. സമയ ദൌര്‍ലഭ്യം ഉണ്ടായിരുന്നിട്ടു കൂടി വളരെ പെട്ടെന്ന് 156 സാമ്പത്തിക വിദഗ്ദരുടെ ഒപ്പാണ് അരുതെന്ന് പറഞ്ഞ് സംഘടിപ്പിക്കാനായത്.
ഈയൊരു പോരാട്ടം കുറച്ചു കാലമായി തുടരുകയാണ്. ഇന്ത്യയിലെ ഉല്പാദന സമ്പദ് വ്യവസ്ഥയ്ക്ക്(Productive Economy) സഹായകമായ നിലപാടില്‍ നിന്നു പിന്‍മാറണമോ എന്നതാണ് ചോദ്യം. നമ്മുടെ ധനമേഖല ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഭരണകൂടത്തിന്റെ ഭാഗമായി തുടരണോ എന്നതു തന്നെയാണ് ചോദ്യം. അതോ അന്താരാഷ്ട്ര മേഖലയുമായി ബന്ധപ്പെട്ടു കൊണ്ട് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളില്‍ നിന്ന് സ്വയം പറിച്ചെറിയണമോ എന്നാണ് ചോദ്യം. ഈ പോരാട്ടം ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയ കാലം മുതല്‍ നടക്കുന്നതാണ്. ആദ്യഘട്ടത്തിലെ സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ നിന്നും വലിയ മാറ്റങ്ങളാണ് ഈ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നത്. ഇനി മേല്‍ ജനങ്ങളോട് ഉത്തരം പറയാന്‍ ബാധ്യസ്ഥമല്ലെന്നും അതിന്റേതായ സ്വയം ഭരണാവകാശമുള്ള നയങ്ങളുമായി മുന്നോട്ടു പോവുമെന്നുമാണത് പറയുന്നത്.
ഒരു ചെറിയ കാര്യം. നമ്മുടെ ജീവിതാനുഭവത്തില്‍ നിന്നു തന്നെ ഉദാഹരണമായെടുക്കാം. സ്വാമിനാഥന്‍ കമ്മറ്റി പറഞ്ഞത് കര്‍ഷകര്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ നല്‍കണമെന്നാണ്. കര്‍ഷകര്‍ക്കു 4 ശതമാനത്തിന് വായ്പ കിട്ടണമെങ്കില്‍ നിങ്ങളുടെ മറ്റു വായ്പകളുടെ പലിശ നിരക്ക് 35% ആവുക വയ്യ. എങ്കില്‍ അതൊരു സബ്സിഡിയായി മാറും. അതാകട്ടെ, ധനകമ്മി വരുത്താനേ പാടില്ലാത്ത ഒരു ലോകത്ത് എവിടെ നടപ്പിലാവാന്‍? പലിശ നിരക്കില്‍ ഇനി നിയന്ത്രണമില്ലെന്നാണ് അതിനര്‍ത്ഥം.
******
പ്രൊ.പ്രഭാത് പട്നായിക്
(എന്‍.സി.ബി.ഇ.-നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്- നേതാവ് എ.പി.ഗോപാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ എ.പി.ജി. ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രഭാത് പട്നായിക് ചെയ്ത പ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം)
01 March, 2009
ആഗോള വേതന റിപ്പോര്‍ട്ട് 2008-09
തൊഴില്‍കമ്പോള സ്ഥാപനങ്ങളുടെ പ്രസക്തി
ഇപ്പോഴത്തെ ഘട്ടത്തില്‍, സര്‍ക്കാരുകള്‍ തങ്ങളുടെ ജനതയുടെ വാങ്ങല്‍കഴിവ് സംരക്ഷിക്കാനും അങ്ങനെ ആഭ്യന്തര ഉപഭോഗം ഉത്തേജിപ്പിക്കാനും ശക്തമായ പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ട്. ആദ്യമായി വേണ്ടത്, ജിഡിപിയില്‍ ലാഭത്തിന്റെ വിഹിതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനത്തിന്റെ വിഹിതത്തില്‍ കൂടുതല്‍ ഇടിവ് ഉണ്ടാകുന്നത് തടയാന്‍ വേണ്ട അനുരഞ്ജനങ്ങള്‍ക്ക് സാമൂഹിക പങ്കാളികളെ പ്രോത്സാഹിപ്പിക്കലാണ്. രണ്ടാമതായി വേണ്ടത്, ഏറ്റവും ശോചനീയാവസ്ഥയിലുള്ള തൊഴിലാളികളുടെ വാങ്ങല്‍കഴിവ് സംരക്ഷിക്കുന്നതിനായി സാധ്യമാകുന്നിടത്തെല്ലാം മിനിമം വേതനത്തിന്റെ നിലവാരം വര്‍ധിപ്പിക്കലാണ്. മൂന്നാമതായി വേണ്ടത്, മിനിമം വേതനവും വേതനത്തിനായുള്ള വിലപേശലും വരുമാന പിന്തുണ നടപടികള്‍ പോലെയുള്ള പൊതു ഇടപെടലുകളുടെ പിന്തുണയോടെ ഉറപ്പാക്കണമെന്നതാണ്. സര്‍വോപരി, തൊഴില്‍വിപണിസ്ഥാപനങ്ങളുടെ മൂല്യത്തെ ആവര്‍ത്തിച്ചുറപ്പാക്കേണ്ടത് ആവശ്യമാണെന്ന വീക്ഷണത്തെ റിപ്പോര്‍ട്ട് പിന്താങ്ങുന്നു.
വേതനത്തിലെ മുഖ്യപ്രവണതകള്‍
1995-2007 കാലഘട്ടത്തില്‍ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ചെറിയ തോതിലുള്ള വേതന വളര്‍ച്ചയുണ്ട്. ആഗോളാടിസ്ഥാനത്തില്‍, വേതന തൊഴില്‍ കണക്കുകള്‍ മൊത്തം തൊഴിലവസരങ്ങളുടെ ഏകദേശം പകുതിയോളം വരും. എല്ലായിടത്തും സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍ ഈ വിഹിതം ഒരേപോലെ വര്‍ധിക്കുകയാണ്. 2001-07 കാലഘട്ടത്തില്‍ ഏകദേശം പകുതിയോളം രാജ്യങ്ങളില്‍ യഥാര്‍ഥ ശരാശരി വേതനം 1.9 ശതമാനം നിരക്കില്‍ പ്രതിവര്‍ഷ വളര്‍ച്ച ഉണ്ടായതായി ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എന്നാല്‍, പ്രാദേശികമായ അന്തരം വളരെയധികമാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍, ഇടത്തരം രാജ്യങ്ങളിലെ വേതനം പ്രതിവര്‍ഷം ഏകദേശം 0.9 ശതമാനമാണ് വര്‍ധിച്ചത്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും ഇത് 0.3 ശതമാനവും ഏഷ്യയില്‍ 1.7 ശതമാനവും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോണ്‍ഫെഡറേഷനിലും യൂറോപ്യന്‍ യൂണിയന്‍ ഇതര മധ്യ-ദക്ഷിണ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും 14.4 ശതമാനവുമാണ്. 1990-കളില്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ പരിവര്‍ത്തനത്തെ തുടര്‍ന്നുള്ള ആദ്യഘട്ടത്തില്‍ കടുത്ത വേതനചോര്‍ച്ച സംഭവിച്ച ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അതില്‍നിന്ന് കരകയറുന്നതിനാലാണ് ഈ ഉയര്‍ന്ന നിരക്ക്. ഓരോ രാജ്യമായെടുത്താലും ഈ അന്തരം കാണാന്‍ കഴിയും. ഉദാഹരണത്തിന്, ജപ്പാന്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍ യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച 0 ശതമാനമാണ്. എന്നാല്‍ ചൈന, റഷ്യ, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനമോ അതിലേറെയോ ആണ്. ഇന്ത്യ, മെക്സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ വേതനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം 2 ശതമാനത്തോളമാണ്.
വേതനം പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നില്‍
1995 മുതല്‍ 2007 വരെയുള്ള മൊത്തം കാലഘട്ടത്തില്‍, പ്രതിശീര്‍ഷ ജിഡിപി ഒരു ശതമാനം പോയിന്റില്‍ അധികമായി വളര്‍ന്നപ്പോള്‍ ശരാശരി വേതനത്തില്‍ 0.75 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 0.75 ശതമാനം 'വേതന ഇലാസ്റ്റികത' എന്ന് വിളിക്കപ്പെടുന്ന ഇത് വേതനവളര്‍ച്ച പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നിലാണെന്ന് സ്ഥിരീകരിക്കുന്നു. യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച ഉല്‍പ്പാദന വളര്‍ച്ചയുടെ പിന്നിലാണെന്ന് ഇത് വ്യക്തമാക്കുന്നു. കാലം കഴിയുന്നതോടെ ഈ ഇലാസ്റ്റികത കുറഞ്ഞുവരികയാണ്. 1995-2000-ല്‍ 0.80 ശതമാനമായിരുന്നത് 2001 മുതല്‍ 0.72 ശതമാനമായി കുറഞ്ഞു. ഏകദേശം നാലില്‍ മൂന്ന് ഭാഗം രാജ്യങ്ങളിലും, ലാഭവും മറ്റു തരത്തിലുള്ള വരുമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനമായി വിതരണം ചെയ്യുന്ന ജിഡിപി വിഹിതം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. സാമ്പത്തിക വികാസത്തിന്റെ ഘട്ടത്തില്‍ വേതനം കൃത്യമായും അതിനോട് ചേര്‍ച്ച കുറഞ്ഞതായിരിക്കും. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തില്‍ അതിനോട് അമിതമായ ചേര്‍ച്ചയായിരിക്കും വേതനത്തിന്റെ കാര്യത്തിലുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ തകര്‍ച്ച ഉണ്ടാകുമ്പോള്‍ വേതനത്തില്‍ 1.55 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുന്നതായാണ് കാണുന്നത്.
വേതന അസമത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു
സ്ഥിതിവിവര കണക്കുകള്‍ ലഭ്യമായ രാജ്യങ്ങളുടെ മൂന്നില്‍ രണ്ടിലും 1995 മുതല്‍ ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. വികസിത രാജ്യങ്ങളില്‍ ജര്‍മ്മനി, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം കുത്തനെ വര്‍ധിക്കുന്നത്. മറ്റു പ്രദേശങ്ങളിലും പ്രത്യേകിച്ച് അര്‍ജന്റീന, ചൈന, തായ്‌ലന്റ് എന്നിവിടങ്ങളില്‍, അസമത്വം രൂക്ഷമായി വര്‍ധിച്ചുവരികയാണ്. വേതനത്തിലെ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ച രാജ്യങ്ങളില്‍ ഫ്രാന്‍സും സ്പെയിനും കൂടാതെ ബ്രസീല്‍, ഇന്‍ഡോനേഷ്യ എന്നിവയും ഉള്‍പ്പെടുന്നു. ഇവയില്‍ ബ്രസീലിലും ഇന്‍ഡോനേഷ്യയിലും അസമത്വം വളരെ ഉയര്‍ന്ന നിലയിലാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അന്തരം വളരെ വലുതാണ്; വളരെ മന്ദഗതിയില്‍ മാത്രമാണ് അത് അടുത്തുവരുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമായവയില്‍ 80 ശതമാനത്തോളം രാജ്യങ്ങളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അനുപാതത്തിലെ വര്‍ധനവിലെ മാറ്റത്തിന്റെ വലിപ്പം വളരെ തുച്ഛമായതോ അവഗണിക്കത്തക്കതോ ആണ്. മഹാഭൂരിപക്ഷം രാജ്യങ്ങളിലും പുരുഷന്മാരുടെ വേതനത്തിന്റെ ശരാശരി 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്ക് മാത്രമാണ് സ്ത്രീകളുടെ വേതനം. എന്നാല്‍, ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഏഷ്യയില്‍, ഇതിലും താഴ്ന്ന അനുപാതം കണ്ടെത്തുന്നത് അസാധാരണമല്ല.
മിനിമം വേതനവും കൂട്ടായ വിലപേശലും
നിരവധി രാജ്യങ്ങളുടെ സാമൂഹിക അജണ്ടയില്‍ മിനിമം വേതനം തിരികെ എത്തുന്നു. അടുത്ത കാലത്തായി തൊഴില്‍ വിപണിയിലെ താഴ്ന്ന വിഭാഗത്തിലെ അസമത്വം വര്‍ധിച്ചവരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹിക സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനായി മിനിമം വേതനം വീണ്ടും യാഥാര്‍ഥ്യമാക്കാന്‍ നോക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍, 2001-2007 കാലഘട്ടത്തില്‍ പ്രതിവര്‍ഷം മിനിമം വേതനം ശരാശരി 5.7 ശതമാനം വീതം വര്‍ധിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിനിമം വേതനത്തിന്റെ യഥാര്‍ഥ മൂല്യം കുറഞ്ഞിരിക്കുകയാണ്. മിനിമം വേതനം ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളമുള്ള യഥാര്‍ഥ നേട്ടം വികസിത രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും (+3.8%) വികസ്വരരാജ്യങ്ങളിലും (+6.5%) ഒരേപോലെ ഗണ്യമായ വിധമാണ്. ശരാശരി വേതനവുമായി താരതമ്യപ്പെടുത്തുമ്പോഴും മിനിമം വേതനം വര്‍ധിച്ചിരിക്കുകയാണ്. 2000-2002-ല്‍ 37 ശതമാനമായിരുന്നത് 2004-07-ല്‍ 39 ശതമാനമായി വര്‍ധിച്ചു.
കൂട്ടായ വിലപേശല്‍ പൊതുവെ കുറഞ്ഞു
എന്നാല്‍ ചില രാജ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നുണ്ട്. കൂട്ടായ വിലപേശലിലെ വ്യാപ്തിയുടെ വളര്‍ച്ച ലോകമാകെ ചുരുങ്ങിവരികയാണ്. പല രാജ്യങ്ങളിലും കൂട്ടായ വിലപേശല്‍ വളരെ കുറവാണ്. വ്യത്യസ്ത ലോകങ്ങളില്‍ അത് കുറഞ്ഞുവരികയാണ്. ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതും മാതൃകാപരമല്ലാത്ത കരാറുകളും ഈ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയംതന്നെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, പോര്‍ട്ടുഗല്‍, സ്ളൊവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ മറ്റു ചില മേഖലകളിലെ നിരവധി രാജ്യങ്ങളിലും കൂട്ടായ വിലപേശലിന്റെ വ്യാപ്തി വളരെ ഉയര്‍ന്ന തോതിലാണ്. അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൂട്ടായ വിലപേശല്‍ ശക്തിപ്പെടുത്തുന്നതില്‍ വിജയം വരിച്ചിരിക്കുകയുണാണ്.
കൂട്ടായ വിലപേശലും മിനിമം വേതനവും
കൂട്ടായ വിലപേശലും മിനിമം വേതനവും വേതനത്തിന്റെ അനന്തരഫലത്തെ അഭിവൃദ്ധിപ്പെടുത്തും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി വര്‍ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയുമായി വേതനം കൂടുതല്‍ ചേര്‍ച്ചയുള്ളതായിരിക്കുമെന്ന് ഉറപ്പാക്കുന്നു; വേതനത്തിലെ അസമത്വം കുറവായിരിക്കാനും അത് ഇടയാക്കുന്നു. "ഉയര്‍ന്ന വ്യാപ്തി''യുള്ള രാജ്യങ്ങളില്‍ (ജീവനക്കാരില്‍ 30 ശതമാനത്തിലേറെ കൂട്ടായ വിലപേശലില്‍ ഉള്‍പ്പെടുന്നത്) വേതന ഇലാസ്റ്റികത 0.27 ശതമാനമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകുമ്പോള്‍ ശരാശരി വേതനത്തില്‍ 0.87 ശതമാനം പോയിന്റ് കൂടി വര്‍ധിക്കും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി കുറഞ്ഞ രാജ്യങ്ങളിലെ 0.65% എന്ന കുറഞ്ഞ വേതന ഇലാസ്റികതയുമായി ഇതിനെ താരതമ്യപ്പെടുത്താം. അതേസമയം തന്നെ, ഉയര്‍ന്ന മിനിമം വേതനം വേതനത്തിലെ അസമത്വത്തെ താഴ്ത്തുകയും വേതനത്തിലെ സ്ത്രീപുരുഷ അന്തരം കുറയ്ക്കുകയും ചെ യ്യും.
ന്യായമായ നയാവിഷ്കരണം അനിവാര്യം
പരസ്പര പൂരകവും ന്യായയുക്തവുമായ മിനിമം വേതനം പദ്ധതിയുമായും കൂട്ടായ വിലപേശല്‍ നയങ്ങളുമായും ബന്ധപ്പെട്ട നല്ല നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.
• കൂട്ടായ വിലപേശലിന് പകരമായി മിനിമം വേതനം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍.
•മിനിമം വേതന നിര്‍ണയ സംവിധാനം സാധ്യമായേടത്തോളം ലളിതവും കൈകാര്യം ചെയ്യാവുന്ന വിധത്തിലുള്ളതുമായി നിലനിര്‍ത്തുക.
•കഴിയാവുന്നതിടത്തെല്ലാം സാമൂഹിക ആനുകൂല്യങ്ങള്‍ മിനിമം വേതന നിലവാരത്തില്‍ നിന്നും വേറിട്ടതായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കല്‍ - സാമൂഹിക സുരക്ഷാ ബജറ്റിനുമേല്‍ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന നടപടിയായതിനാലാണ് ഇത്.
•മിനിമം വേതനം നിശ്ചയിക്കുന്നതോടൊപ്പം അത് ശരിയായ വിധം നടപ്പിലാക്കാനുള്ള സംവിധാനം - ലേബര്‍ ഇന്‍സ്പെക്ടര്‍മാരും അവരോടൊപ്പം സാമൂഹിക പങ്കാളികളും ഉള്‍പ്പെടുന്നതായിരിക്കണം ഈ സംവിധാനം.
•പലപ്പോഴും മിനിമം വേതന നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വീട്ടുവേലക്കാരെ പോലുള്ള അസംരക്ഷിതരായ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാക്കണം. മിനിമം വേതനത്തില്‍ ലിംഗ തുല്യതയുടെ പ്രത്യാഘാതം പരമാവധിയാക്കാന്‍ ഇത് ഏറെ പ്രധാനമാണ്.
*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം