Showing posts with label സാംസ്കാരികം. Show all posts
Showing posts with label സാംസ്കാരികം. Show all posts

25 November, 2011

സദാചാര പൊലീസും ജനാധിപത്യ സദാചാരവും

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ്ബാവ എന്ന ഇരുപത്താറുകാരന്‍ കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഗള്‍ഫില്‍നിന്ന് ഈയിടെ തിരിച്ചെത്തിയ ഷാഹിദിനെ അദ്ദേഹത്തിെന്‍റ സുഹൃത്തിെന്‍റ വീട്ടിെന്‍റ അടുത്തുവെച്ചാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. സുഹൃത്തിെന്‍റ ഭാര്യയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയായിരുന്നത്രേ ആക്രമണം നടന്നത്. ഇത്തരം സദാചാര പൊലീസ് ചമയുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നുണ്ട്. ഈ സംഭവത്തോടൊപ്പം തൊടുപുഴയില്‍ സ്വന്തം പെങ്ങളെ കൂട്ടാന്‍ചെന്ന ഒരു എസ്ഐയെ കുറെപ്പേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റ്യാടിയില്‍ മിശ്രവിവാഹത്തിനു തയ്യാറായി റെജിസ്റ്റര്‍ ഓഫീസില്‍ എത്തിയ പെണ്‍കുട്ടിയെ കുറെപ്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ നാട്ടുകാര്‍ കൈകാര്യംചെയ്യുന്ന പ്രവണത ശക്തമാണ്.

    

    വ്യക്തമായ ജാതി മത താല്‍പര്യങ്ങളുള്ളവരാണ് പൊതുവില്‍ സദാചാര പൊലീസ് ചമയുന്നത്. ചിലയിടങ്ങളില്‍ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും സദാചാര പൊലീസായി മാറാറുണ്ട്. സദാചാരം എന്നാല്‍ എന്ത്? നിയമപരമായും അല്ലാതെയും സ്ത്രീപുരുഷ ബന്ധങ്ങളിലാണ് സദാചാരം ഒതുങ്ങിനില്‍ക്കുന്നത്. മോഷണം, പിടിച്ചുപറി, മര്‍ദ്ദനങ്ങള്‍ , കൊലപാതകങ്ങള്‍ മുതലായവ കുറ്റകൃത്യങ്ങളായി കരുതുമെങ്കിലും അവ 'സദാചാര'ത്തിെന്‍റ പ്രശ്നങ്ങളായി കരുതപ്പെടുന്നില്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും നാനോ എക്സല്‍ തട്ടിപ്പുമൊക്കെ തട്ടിപ്പുകളാണ്. സദാചാര പ്രശ്നങ്ങളല്ല. അതായത് സദാചാരം സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള സാമൂഹ്യധാരണകളില്‍നിന്നാണ് രൂപപ്പെടുന്നത്. നിയമസംഹിതകളിലെ സദാചാര സങ്കല്‍പം സ്ത്രീപുരുഷ ബന്ധങ്ങളുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. സ്ത്രീപുരുഷബന്ധങ്ങളെ തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരപുരുഷബന്ധം അല്ലെങ്കില്‍ പരസ്ത്രീ ബന്ധമാണെന്ന് നിയമം വിലയിരുത്തുന്നു. വ്യഭിചാരം വിവാഹമോചനം നേടുന്നതിന് മതിയായ കാരണമാണ്. വിവാഹം വേര്‍പെടുത്തുന്നതിന് മറ്റു കാരണങ്ങള്‍ ഇക്കാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ഭാര്യയെ അവഹേളിക്കുക, കുടുംബം നോക്കാതിരിക്കുക, സ്വത്ത് അപഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും വേര്‍പെടുത്തുന്നതിലേക്കു നയിക്കാം. പക്ഷേ, അവയൊന്നും സദാചാര ലംഘനമായി കരുതപ്പെടുന്നില്ല. അതായത്, സദാചാരം പൂര്‍ണ്ണമായി ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്. ലൈംഗികതയുടെ മേലുള്ള നിയന്ത്രണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക സദാചാരത്തിെന്‍റ പരിമിതികള്‍ ലൈംഗികതയുടെ മേലുള്ള പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാ സമൂഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗസമൂഹങ്ങളില്‍പോലും ഗോത്ര സമൂഹം നിര്‍ണ്ണയിക്കുന്ന ചില പൊതുഘടകങ്ങള്‍ക്കുള്ളിലാണ് ലൈംഗികത നിര്‍വചിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ ഒരു ചെറു ന്യൂനപക്ഷമാണ്.
    

    ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സമൂഹഘടനയനുസരിച്ച് മാറുന്നതും നമുക്കു കാണാം. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് ബഹുഭര്‍ത്തൃത്വവും ബഹു ഭാര്യത്വവും നിലനിന്നിരുന്നു. പിന്നീട് നിയോഗം എന്ന പേരില്‍ മരിച്ചുപോയ ഭര്‍ത്താവിെന്‍റ സഹോദരനെ സ്വീകരിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. കേരളത്തിലെ ചില സമുദായങ്ങളില്‍ സഹോദരന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്ന സമ്പ്രദായവും നിലനിന്നുപോന്നു. മരുമക്കത്തായം മറ്റൊരു രീതിയിലുള്ള സ്ത്രീപുരുഷബന്ധ സങ്കല്‍പമാണ്. നമ്പൂതിരിമാരും നായന്മാരും തമ്മിലുണ്ടായിരുന്ന സംബന്ധങ്ങള്‍ അടുത്ത കാലത്തു മാത്രമാണ് ഇല്ലാതെയായത്. ഇത്തരം വ്യത്യസ്ത വിവാഹമുറകളിലെല്ലാം വ്യത്യസ്ത സദാചാര സങ്കല്‍പങ്ങള്‍ നിലനിന്നതായി കാണാം. മദ്ധ്യകാല ഇന്ത്യയില്‍ കുലസ്ത്രീകളെ ചാരിത്ര്യത്തിെന്‍റയും പരിശുദ്ധിയുടെയും പ്രതിരൂപങ്ങളായി കണ്ടിരുന്നെങ്കില്‍ അതിനെതിരായ ഗണികാ സങ്കല്‍പവും അംഗീകരിക്കപ്പെടുന്നു. സദാചാരത്തിെന്‍റ മാനദണ്ഡങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടുകൂട്ടര്‍ക്കും വെവ്വേറെയാണ്. ഇന്ത്യയില്‍ നിലവിലിരുന്ന അനുലോമ പ്രതിലോമ വിവാഹങ്ങള്‍ സദാചാരങ്ങളുടെ മാനദണ്ഡങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രാഹ്മണ പുരുഷന്മാര്‍ക്ക് മറ്റേതു വര്‍ണങ്ങളില്‍നിന്നും സ്ത്രീകളെ സ്വീകരിക്കാം. ബ്രാഹ്മണസ്ത്രീകള്‍ക്ക് അത് നിന്ദ്യമാണ്. അതുകൊണ്ടാണല്ലോ പരപുരുഷന്മാരെ പ്രണയിച്ച ബ്രാഹ്മണസ്ത്രീകളെ 'അടുക്കളദോഷം' ചുമത്തി ഇല്ലങ്ങളില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാനാരംഭിച്ചത്.
   

    അതേസമയം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനോടൊപ്പം നടത്താന്‍ കൊച്ചി മഹാരാജാവ് കല്‍പിച്ച പുരുഷവിചാരം നമ്പൂതിരിമാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. സദാചാരലംഘനം അന്നും ഇന്നും നടത്തുന്നത് സ്ത്രീകളാണ് എന്നാണ് സങ്കല്‍പം. ഇവിടെ സാമുദായിക ബുദ്ധിജീവികളും സദാചാര പൊലീസുകാരും വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളില്‍ വളര്‍ന്നുവരേണ്ട സ്വാഭാവികമായ സൗഹൃദവും തുല്യതയും പരസ്പരവിശ്വാസവും നശിപ്പിക്കുകയും യാന്ത്രികമായ അടിമത്തബോധവും സ്ത്രീപുരുഷ ബന്ധങ്ങള്‍ ഭോഗത്തിനുവേണ്ടി മാത്രമാണെന്ന ധാരണയും വളര്‍ത്തുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുംതോറും ഈ ധാരണകള്‍ കൂടുതല്‍ വളരുന്നു. പ്രണയം, വിവാഹം തുടങ്ങിയവയുടെ മാനവിക വശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോടടുക്കുന്നത് എന്നു പഠിപ്പിക്കുന്നത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന സ്നേഹം, സാഹോദര്യം മുതലായ സങ്കല്‍പങ്ങള്‍ക്കുപോലും എതിരല്ലേ? ചലനത്തിനും വാക്കിനുംപോലും വിലക്കുകളുള്ള സമൂഹങ്ങളില്‍ സാഹോദര്യം പുലരില്ലെന്നതിന് ഇതുവരെയുള്ള മത സമൂഹങ്ങളുടെ അനുഭവങ്ങള്‍തന്നെ തെളിവാണ്. ഈയിടെയായി നമ്മുടെ സദാചാരബോധത്തിെന്‍റ വികൃതമായ വശം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു എല്‍ പി സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായി. കുറ്റമാരോപിക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാരടക്കം വ്യഗ്രത കാണിച്ചത്. പെണ്‍കുട്ടിയുടെമേല്‍ പഴിചാരാന്‍ ശ്രമം നടന്നു. കാരണം കുട്ടിയുടെ അമ്മ ചീത്തയാണെന്നായിരുന്നു ആരോപണം. അപ്പോള്‍ അമ്മയുടെമേല്‍ ചാരിയ സദാചാര ലംഘനത്തിെന്‍റ കുറ്റം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെമേലും ആരോപിക്കപ്പെട്ടു. അവസാനം സ്കൂള്‍ അധ്യാപകനുമേല്‍ നടപടിയുണ്ടായെങ്കിലും ആവശ്യമായ 'സദാചാര ചര്‍ച്ച'കള്‍ നാട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും സമൂഹത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ അതിെന്‍റ ഫലമായിരുന്നു. സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്‍പങ്ങള്‍ മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്‍പങ്ങള്‍ സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്. സംഘടിത മതങ്ങളുടെ നിയമസംഹിതകള്‍ ഏകഭര്‍ത്തൃത്വത്തിെന്‍റയും അതിനെ നിലനിര്‍ത്താനുള്ള സദാചാര സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. പരമ്പരാഗതമായ ചാരിത്ര്യത്തിെന്‍റയും പരിശുദ്ധിയുടെയും സങ്കല്‍പം കൂടാതെ ഉത്തരവാദിത്വബോധം, സാമ്പത്തികമായ വിധേയത്വം, കുടുംബത്തോടുള്ള കടമകള്‍ , വീട്ടമ്മ സങ്കല്‍പം തുടങ്ങി ഒട്ടനവധി ബാധ്യതകള്‍കൂടി സ്ത്രീകളുടെ ചുമലില്‍ വരുന്നു. ഇതിനെ ആധാരമാക്കി ഉടുപ്പ്, നടപ്പ്, മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള ചങ്ങാത്തം, തൊഴില്‍ സമയം തുടങ്ങിയവയിലെല്ലാം ക്രമീകരണങ്ങള്‍ വരുന്നു. സ്ത്രീപുരുഷന്മാരുടെ ചലനങ്ങള്‍ മുഴുവന്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ന് മുഖ്യമതങ്ങളെല്ലാം നടത്തുന്നുണ്ട്. വിവാഹങ്ങളും കുടുംബജീവിതവുമെല്ലാം നിരവധി ഔപചാരികതകളുടെ ചട്ടക്കൂട്ടിലൊതുങ്ങുകയും അവയെ ചെറിയ തോതില്‍ ലംഘി ക്കാനുള്ള ശ്രമങ്ങളെപ്പോലും ചാരപ്പണി നടത്തി പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവരുകയും ചെയ്യുന്നു. ഇന്നുള്ള ഐടിമൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇത്തരത്തിലുള്ള വിവരവിനിമയത്തിന് പ്രയോജനപ്പെടുന്നു. ഇത്തരം നെറ്റ്വര്‍ക്കുകള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും പിന്‍ബലം ലഭിക്കുന്നതോടെ സദാചാര പൊലീസിങ്ങിന് അധികാര സ്ഥാനം കിട്ടുന്നു. കൊടിയത്തൂരും കുറ്റ്യാടിയും മറ്റും പ്രവര്‍ത്തിച്ചവര്‍ ഇത്തരം ആളുകളാണ്. സ്വന്തം സമുദായത്തില്‍പെട്ടവരുടെ വീടുകളുടെ പുറത്തും അകത്തുമെല്ലാം ഇവരുടെ കണ്ണുകള്‍ എത്തുന്നു ണ്ടെന്നതിന് കൊടിയത്തൂര്‍ സംഭവം തെളിവാണ്. ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തുവെന്നു പറഞ്ഞ് വേറൊരു യുവാവിനെ കൊടിയത്തൂര്‍തന്നെ മര്‍ദ്ദിച്ചത് ഈ പൊലീസി ങ്ങിെന്‍റ വ്യാപ്തി തെളിയിക്കുന്നു. മര്‍ദ്ദിച്ചത് യുവാവിനെയാണെങ്കിലും നിയന്ത്രിക്കപ്പെടുന്നത് പെണ്‍കുട്ടിയാണ് എന്നതും ശ്രദ്ധിക്കണം. ഇവിടെ സദാചാര പൊലീസ് ഉത്തരം പറയേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അവര്‍ എന്തിന് ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലുമടക്കം സ്ത്രീപുരുഷന്മാരുടെ സകല പ്രവര്‍ത്തന ങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു? പ്രേമലേഖനമെഴുത്ത് ചരിത്രത്തില്‍ മുഴുവന്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലൊതുങ്ങുന്നതുമല്ല. പ്രത്യേക ലേഖനത്തെപ്പറ്റി പരാതികളുണ്ടെങ്കില്‍ പരിഹരിക്കാം. അതല്ലാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ ഭേദ്യം ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്. മതങ്ങളുടെ വിലങ്ങില്‍ ഇത്തരത്തില്‍ പൂട്ടിയിടുന്നതുകൊണ്ട് എന്ത് സ്വര്‍ഗരാജ്യമാണ് ലഭിക്കുക എന്ന് വിശദീകരിക്കാന്‍ സദാചാര പൊലീസുകാര്‍ തയ്യാറാകേണ്ടതാണ്. സദാചാര പൊലീസിങ്ങിെന്‍റ മനോവ്യാപാരം എന്താണെന്നുള്ളതിന്, പ്രമുഖ സാമുദായിക ബുദ്ധിജീവിയായ ഒ അബ്ദുല്ല ഈ സംഭവത്തോട് പ്രതികരിച്ച രീതിതന്നെ തെളിവാണ.് ഷാഹിദ്ബാവയുടെ കൊലപാതകത്തെ അപലപിച്ച അബ്ദുല്ല, കൊലപാതകികളുടെ ഉദ്ദേശ്യത്തെ ന്യായീകരിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. ഇതിലുള്‍പ്പെട്ട സ്ത്രീക്ക് ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതായത് ഷാഹിദിന്റെ കുറ്റം വ്യഭിചാരമാണ്. അത് മരണം അര്‍ഹിക്കുന്ന കുറ്റമാണ്. മരണശിക്ഷ വിധിക്കാനുള്ള അര്‍ഹത ഇന്നത്തെ ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകികള്‍ക്കില്ലെന്ന് അബ്ദുല്ല അംഗീകരിക്കുന്നു. അതേസമയം കുറ്റം വ്യഭിചാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതായത് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിക്കുന്ന പൗരനെന്ന നിലയില്‍ കൊലപാതകത്തെ അബ്ദുല്ല അപലപിക്കുന്നു. അതേസമയം അബ്ദുല്ലയുടെ മതപരമായ സദാചാരബോധം അതിനുനേരെ എതിരായി ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പത്തെ സ്വന്തം സദാചാരസംഹിതയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് സദാചാര പോലീസുകാരായിത്തീരുന്നത്. അത്തരം ആളുകളുടെ 'സദുദ്ദേശ്യ'ത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ അബ്ദുല്ലയെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും തയ്യാറാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'സദുദ്ദേശ്യം' തന്നെയാണോ സദാചാര പെലീസിങ്ങിനെ സ്വാധീനിക്കുന്നത്? സദുദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഷാഹിദ്ബാവയ്ക്ക് അയാളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇതില്‍പെട്ട സ്ത്രീയുടെയും ഭര്‍ത്താവിെന്‍റയും വിശദീകരണങ്ങള്‍കൂടി ലഭിക്കുമായിരുന്നു. അതിനുശേഷം യുക്തമായ തീരുമാനം സുതാര്യമായി, ജനാധിപത്യപരമായി, സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നു. അങ്ങിനെയൊന്നും ഇവിടെയുണ്ടായില്ല. അത്തരത്തിലുള്ള നീതിന്യായക്രമം പാടില്ലെന്നുള്ള ധാരണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്ന്, ഒരാളെ പൂര്‍ണമായി ഒഴിവാക്കാം; രണ്ട്, അയാളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും അയാള്‍ ഒരുപക്ഷേ ഉന്നയിക്കാനിടയുള്ള ന്യായീകരണങ്ങളും അതുപോലെ ഇല്ലാതാക്കാം. ഇതില്‍ രണ്ടാമത്തേത് ജനാധിപത്യപരമായ നീതിക്രമത്തിന് ആവശ്യമാണ്. അതുപോലെ ആവശ്യമാണ് സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിെന്‍റയും നിലപാടുകളും. ഇതെല്ലാം സദാചാര പോലീസുകാര്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. സദാചാര പോലീസ് മുറകള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നത് ഇങ്ങനെയാണ്. ഇതുകൂടാതെ സ്വന്തം സദാചാര സംഹിതകളെ ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന നീതിന്യായ രൂപങ്ങള്‍ക്ക് പകരംവെച്ച് വിധി നടപ്പിലാക്കുന്നതിലൂടെ സദാചാരപോലീസുകാര്‍ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.

    
    പ്രണയത്തിെന്‍റയും വിവാഹത്തിെന്‍റയും സഞ്ചാരത്തിെന്‍റയും മേല്‍ സദാചാരപോലീസിന്റെ കടന്നാക്രമണങ്ങള്‍ ഫാസിസത്തിെന്‍റ പ്രകടരൂപമാണ്. പ്രണയം ജാതിമതങ്ങള്‍ ലംഘിച്ചാലും സ്വസമുദായത്തില്‍നിന്നു തന്നെയായാലും ശക്തമായി എതിര്‍ക്കപ്പെടുന്നു. 'വീട്ടുകാര്‍ അറിഞ്ഞുള്ള' ബന്ധങ്ങള്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്നു. വിവാഹങ്ങള്‍ക്കുമേല്‍ മതസമുദായങ്ങള്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിവാഹ രജിസ്ട്രേഷനെതിരായി മതസമുദായങ്ങള്‍ ശബ്ദമുയര്‍ത്തിയത് ഈയിടെയാണ്. സാമുദായിക സ്വാധീനം ശക്തമായ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ മേല്‍നോട്ടത്തിന് വിധേയമാകുന്നു. സംസാരവും ഇടപഴകലും കൂടാതെ വെറും വാക്കും നോട്ടവും പോലും ശക്തമായ നിയന്ത്രണത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഇവയുടെ ഫലമായി സദാചാരത്തിെന്‍റ പേരില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാഥമികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു.

    

    ജനാധിപത്യവിരുദ്ധമായ നീതിന്യായ മുറകള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയില്‍നിന്നും തിരിച്ചുവരുന്നവരുടെ വികലമായ നീതിസങ്കല്‍പം എത്രമാത്രം ഈ അവകാശലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. വേണ്ടത് ജനാധിപത്യസദാചാര സങ്കല്‍പം വിവാഹമോചനങ്ങളും വേര്‍പിരിയലുകളും അനുദിനം വര്‍ദ്ധിച്ച നാടാണ് കേരളം. കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലുള്ള വര്‍ദ്ധന തന്നെ ഇതിെന്‍റ സൂചനയാണ്. സദാചാര പോലീസുകാരും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളും വാദിക്കുന്നതുപോലെ ഈ വര്‍ദ്ധന ലൈംഗിക അരാജകത്വത്തിെന്‍റ സൂചനയാകണമെന്നില്ല. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നതും അതിെന്‍റ ഫലമായി തര്‍ക്കപരിഹാരം നീതിന്യായ ക്രമത്തിനേറ്റെടുക്കേണ്ടിവരുന്നതുമാണ് മുഖ്യകാരണം.
    

    കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സ്ത്രീപുരുഷന്മാര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യമുറകളെയാണ് ഇതു കാണിക്കുന്നത്. അതുപോലെയാണ് സ്ത്രീകളുടെ ചലനങ്ങളിലും സഞ്ചാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റവും സ്ത്രീ പുരുഷന്മാരുടെ ഇടപഴകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സുതാര്യതയും. ഇവയെ നശിപ്പിക്കുകയാണ് കാമവെറിയന്മാരായ പുരുഷമേധാവിത്വശക്തികളും സദാചാരപോലീസുകാരും ഒരുപോലെ ചെയ്യുന്നത്. സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും അവയിലെ സുതാര്യതയും സൗഹൃദപരമായ അന്തരീക്ഷവും നശിപ്പിക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അംഗീകാരം ലഭിക്കുകയാണ്. ഷാഹിദ്ബാവയോ വേറെ ഏതെങ്കിലും പുരുഷനോ സ്ത്രീയോ നടത്തുന്ന ഇടപഴകലുകള്‍ അതിരു കടക്കുന്നുണ്ടെന്നു സംശയമുണ്ടെങ്കില്‍ തല്‍പരകക്ഷികള്‍ക്ക് ഇപ്പോള്‍ തന്നെ നീതിന്യായകോടതിയെയോ മറ്റേതെങ്കിലും വിധത്തിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങളെയോ സമീപിക്കാം. ഇപ്പോള്‍ നിലവിലുള്ള ജനമൈത്രി പോലീസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവില്ലെങ്കില്‍ , കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാം. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ഇതൊക്കെ തന്നെയാണോ സദാചാരപോലീസുകാരും അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും ചെയ്യുന്നത്? അവര്‍ സൃഷ്ടിക്കുന്നത് ഭീതിയുടെയും ആശങ്കയുടെയും സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അവിശ്വാസത്തിെന്‍റയും അന്തരീക്ഷമാണ്. അതിലൂടെ അവര്‍ തന്നെ തീരുമാനിക്കുന്ന മതത്തിലും ജാതിയിലും മറ്റേതെങ്കിലും വിധത്തിലുള്ള വിശ്വാസ പ്രമാണങ്ങളിലും അധിഷ്ഠിതമായ സദാചാര സങ്കല്‍പം വളര്‍ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ കാടത്തമാണ്.

    
    ഒരുവശത്ത്, ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും മറുവശത്ത് ഫാസിസ്റ്റ് മര്‍ദ്ദനമുറകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കുന്നു. അതിനെ തടയാനായി കൂടുതല്‍ മര്‍ദ്ദനമുറകളിലേക്കു നീങ്ങേണ്ടിവരുന്നു. സാമുദായികശക്തികള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഈ പ്രവണത ഇപ്പോള്‍ തന്നെ പ്രകടമാണ്. കാടത്തത്തിനെതിരായ പ്രതിരോധം വര്‍ദ്ധിച്ച ജനാധിപത്യത്തിലൂടെയാണ്. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പം ജനാധിപത്യത്തിെന്‍റ ആണിവേരാണ്. ഈ സങ്കല്‍പം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക ജനാധിപത്യശക്തികളുടെ കടമയുമാണ്. ഇതിനെ തകര്‍ത്ത് കാടത്തത്തിെന്‍റതായ നീതിസങ്കല്‍പങ്ങള്‍ വളര്‍ത്തുകയാണ് സമുദായപോലീസിങ്ങിെന്‍റ ലക്ഷ്യം. ഇന്നു വളര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തിേന്‍റതായ കാടത്തരൂപങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കുന്നു. ഇതിനെ തോല്‍പിക്കുന്നതിന് സമൂഹത്തില്‍ പരസ്പരവിശ്വാസവും സൗഹൃദവും തുല്യതയും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന ഏവരും ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിെന്‍റ ആവശ്യവുമാണ്.
*ഡോ. കെ എന്‍. ഗണേശ്

10 September, 2011

കടമ്മനിട്ടയുടെ ശാന്ത

കടമ്മനിട്ട തൊള്ളായിരത്തി തൊണ്ണൂറ്റാറിലാണ് എംഎല്‍എയായത്. അതിനുമുമ്പ് രണ്ടു പതിറ്റാണ്ടോളം കാലം അദ്ദേഹം ചക്രവര്‍ത്തിയായിരുന്നു. ക്യാമ്പസുകളില്‍ , ഹോസ്റ്റലുകളില്‍ , ലോഡ്ജുകളില്‍ , ആളുകള്‍ കൂടുന്നിടങ്ങളില്‍ - കേരള യൗവനത്തെ ഭരിച്ച ചക്രവര്‍ത്തി. ആ തലമുറയ്ക്ക് ശാന്ത കടമ്മനിട്ടയുടെ ഭാര്യയല്ലായിരുന്നു. ശാന്ത ഒരു മഹാകാവ്യമായിരുന്നു. ഗദ്യപദ്യ സമ്മിശ്രമായ ചമ്പുപ്രബന്ധങ്ങളുടെ സമ്പന്ന പാരമ്പര്യമുള്ള കൈരളിക്ക് പദ്യത്തേക്കാള്‍ കാവ്യാത്മകം ഗദ്യമാണെന്ന് തല കുലുക്കി സമ്മതിക്കേണ്ടിവന്ന സന്ദര്‍ഭം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം എന്ന് എന്നും പ്രാര്‍ഥിച്ചുപോന്ന കടമ്മനിട്ട തന്റെ കാമിനിയെ, പത്നിയെ അരികത്തേക്ക് വിളിച്ച് സന്ധ്യാലക്ഷ്മീ കീര്‍ത്തനം പോലെ നല്ല നാലഞ്ചു വാക്കോതി നിറയുവാന്‍ ക്ഷണിക്കുകയാണ്.








ശാന്തയുടെ വര്‍ത്തമാനങ്ങളല്ല, ഒരു ഗ്രാമത്തിന്റെ വര്‍ത്തമാനങ്ങളുമല്ല, ഒരു കാലഘട്ടത്തിന്റെ വര്‍ത്തമാനങ്ങളാണ് ശാന്ത മുന്നോട്ടു വയ്ക്കുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വര്‍ത്തമാനം. നാവിനെ അടക്കിപ്പിടിച്ചിട്ടും കാലത്തിന്റെ രോഷവും ദൈന്യവും ഉയര്‍ത്തെഴുന്നേല്പുമെല്ലാം ശാന്തയുടെ നെടുവീര്‍പ്പുകളിലൂടെ-കാതങ്ങള്‍ക്കപ്പുറത്തുനിന്ന് കേള്‍ക്കുന്ന നെടുവീര്‍പ്പുകളില്‍നിന്ന് വായിച്ചെടുക്കുകയാണ്. എല്ലാം എപ്പോഴും ഒരുപോലെയായിരിക്കില്ലെന്ന് കടമ്മനിട്ടക്ക് ഉറപ്പുണ്ടായിരുന്നു. അസ്തിത്വ ദുഃഖത്തിന്റെയും നൈരാശ്യത്തിന്റെയും ശ്രേണിയില്‍ നില്‍ക്കാതെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പോരാട്ടത്തിന്റെയും ശ്രേണിയില്‍ -അങ്ങനെ ആധുനികതയില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്ന രണ്ടു പ്രവണതകളില്‍ പ്രതീക്ഷയുടെ ശ്രേണിയെ കടമ്മനിട്ട പുല്കി. "വിസ്മയംപോലെ ലഭിക്കും നിമിഷത്തിനര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം" എന്നാണദ്ദേഹം ശാന്തയോട് പറഞ്ഞത്. ശാന്ത കടമ്മനിട്ടയുടെ ജീവിതപങ്കാളിയായതിനു പിന്നില്‍ ഭയങ്കരമായ ഒരു ഗൂഢാലോചനയും വിഭാഗീയതയുമുണ്ട്.







വള്ളിക്കോട്ടെ വീട്ടില്‍ ഭര്‍ത്താവിന്റെ അനുജന്‍ കടമ്മനിട്ട ഗോപിനാഥപണിക്കരുടെയും മകന്‍ ഗീതാകൃഷ്ണെന്‍റയും മുന്നില്‍വച്ച് ഒരു ചെറുചിരിയോടെ ശാന്തേച്ചി ആ കഥകള്‍ ഓര്‍ത്തെടുത്തു. വാഴമുട്ടത്ത് വലിയൊരു തറവാട്ടില്‍ നൂറുപറയുടെ നെല്‍കൃഷിയും പതിനഞ്ചേക്കറോളം കരഭൂമിയുമുള്ള കുടുംബം. മുറ്റത്ത് നാലു വലിയ തുറുകളാണ്. അന്ന് വൈക്കോല്‍കൂനയുടെ (തുറു) വലിപ്പം നോക്കി പെണ്ണുകാണലും നിശ്ചയവും നടക്കുന്ന കാലമാണ്. അമ്മ മീനാക്ഷിയമ്മ. അച്ഛന്മാര്‍ രണ്ടാണ്. രാഘവന്‍നായരും വേലായുധന്‍ നായരും. രാഘവന്‍ നായര്‍ കൃഷിക്കാരനും അനുജന്‍ വേലു സ്കൂള്‍ അധ്യാപകനുമാണ്. ജ്യേഷ്ഠാനുജന്മാര്‍ ഒരേ പെണ്ണിനെ വേള്‍ക്കുന്നത് അന്ന് മധ്യകേരളത്തില്‍ പലേടത്തും നായര്‍ സമുദായത്തിലും അപൂര്‍വമായിരുന്നില്ല. രാഘവന്‍ നായര്‍ക്കും വേലുനായര്‍ക്കും കൂടി മീനാക്ഷിയമ്മയില്‍ മക്കള്‍ മൂന്ന്. അവരില്‍ മൂത്തതത്രേ കഥാനായിക. ഇനി അവര്‍ തന്നെ പറയട്ടെ: "1962ല്‍ ഞാന്‍ പത്തില്‍ പഠിക്കുകയാണ്. കടമ്മനിട്ടയില്‍നിന്ന് ഞങ്ങളുടെ വീടിനടുത്ത് കല്യാണം കഴിച്ചുകൊണ്ടുവന്ന ഒരാളാണ് രാമകൃഷ്ണ പണിക്കരുടെ കാര്യം അമ്മയോട് പറഞ്ഞത്. മദിരാശിയില്‍ കേന്ദ്രഗവണ്‍മെന്റ് ജോലി. മുമ്പ് നല്ല പ്രസംഗക്കാരന്‍ ... നാള് നോക്കി. നല്ല പൊരുത്തം. പെണ്ണു കാണലോ ചെറുക്കന്‍ കാണലോ മറ്റന്വേഷണങ്ങളോ ഒന്നും നടന്നില്ല. അതിനുമുമ്പ് തന്നെ അമ്മയ്ക്ക് വലിയ ഇഷ്ടം. അമ്മ മനസ്സില്‍ അതങ്ങുറപ്പിക്കുകയായിരുന്നു... അച്ഛന്‍ വേലുനായര്‍ കടമ്മനിട്ടയില്‍ ചെന്ന് രഹസ്യമായി ഒരന്വേഷണം നടത്തി തിരിച്ചുവന്ന് പ്രഖ്യാപിച്ചു-അത് നമുക്ക് വേണ്ട. പാട്ടപ്പുരയിടമാണ്, വീടില്ല-ഒരു ചെറ്റപ്പുര. അന്നന്നത്തെ അന്നത്തിനുതന്നെ മുട്ട്. ദയനീയമായ കണ്ടീഷന്‍ . ആ ബന്ധം വേണ്ടേ വേണ്ട. അതൊരു സുഗ്രീവാജ്ഞപോലെയായിരുന്നു. പക്ഷേ അമ്മ പിന്‍വാങ്ങിയില്ല. അവര്‍ക്ക് അന്ന് അജ്ഞാതനായിരുന്നെങ്കിലും രാമകൃഷ്ണപണിക്കരെപ്പറ്റി പറയാന്‍ നാലു നാക്കായിരുന്നു. മിടുമിടുക്കന്‍ , നല്ല പ്രസംഗകന്‍ . പോരാത്തതിന് കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരനും. പുരയിടവും വീടും പണവുമെല്ലാം വരും പോകും. രാമകൃഷ്ണപണിക്കര്‍ക്ക് അതിനി ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും.







ആദ്യം എനിക്ക് അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ല. അച്ഛന്മാരുടെയും അമ്മയുടെയും തീരുമാനമാണ് എന്റെയും തീരുമാനം. അമ്മ പക്ഷേ എന്നെ വിട്ടില്ല. ഇതുപോലൊരു വീട്ടിലേക്ക് നിന്നെ ഞാന്‍ വിടില്ല. നീ കാണുന്നില്ലേ, എന്റെ സ്ഥിതി. എപ്പോഴും നെല്ല് പുഴുങ്ങല്‍ , വറുക്കല്‍ , കുത്തല്‍ ... പത്തുപതിനഞ്ച് പണിക്കാര്‍ക്ക് വച്ചുവിളമ്പല്‍ ... എന്റെ കുട്ടിയെ ഞാനതിന് വിടില്ല. അച്ഛന്റെ എതിര്‍പ്പ് തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് അമ്മയേയും മറ്റേ അച്ഛനേയും കടമ്മനിട്ടയില്‍ പോയി അന്വേഷിച്ച് വരാന്‍ വേലായുധന്‍നായര്‍ സമ്മതിച്ചു. മീനാക്ഷിയമ്മയും രാഘവന്‍നായരും കടമ്മനിട്ടയില്‍ ചെന്നു. അന്വേഷിക്കാനൊന്നുമില്ല. അമ്മ അച്ഛനോട് പറഞ്ഞു: സഹോദരനോട് പറഞ്ഞ് സമ്മതിപ്പിക്കണം. മോള്‍ക്ക് ഒരു പ്രയാസവും വരില്ല. ദൈവം നിശ്ചയിച്ച ബന്ധമാണിത്. അങ്ങനെ ഒരച്ഛനെ ചട്ടം കെട്ടിയാണ് അമ്മ തിരിച്ചെത്തിയത്. പക്ഷേ എതിര്‍പ്പ് കുറഞ്ഞില്ല. മറുഭാഗത്ത് ഇതേസമയത്ത് മറ്റൊരു തരത്തില്‍ "ആലോചന" പുരോഗമിക്കുന്നുണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു കടമ്മനിട്ടയുടെ അമ്മ കുട്ടിയമ്മ. അവിടെയുണ്ടായിരുന്ന ഒരു സ്വാമിനിയമ്മ കുട്ടിയമ്മയുടെ സങ്കടങ്ങള്‍ കേട്ടു. മകന്റെ വിവാഹം വൈകാതെ നടക്കും; ആദ്യത്തെ അന്വേഷണം തന്നെ കല്യാണത്തിലേക്കെത്തും. കുചേലന്റെ വീട്ടില്‍ മഹാലക്ഷ്മി വരുംപോലെയാവും അത്.



ഇപ്പുറത്ത് കുട്ടിയമ്മ. അപ്പുറത്ത് മീനാക്ഷിയമ്മ. വിവാഹാലോചന പുരോഗമിച്ചു. രണ്ടമ്മമാര്‍ക്കും ഒരേ നിര്‍ബന്ധം. 1962 ജൂലൈയില്‍ ഒരുച്ചനേരത്ത് കാറില്‍ എട്ടൊമ്പത് പേര്‍ തിടുക്കത്തില്‍ കയറിവന്നു. എല്ലാവരും ശാപ്പാട് കഴിച്ചാണ് മടങ്ങിയത്. (പെണ്ണിനെ ശരിക്ക് കണ്ടൊന്നുമില്ല. കാലിന്റെ ഉപ്പൂറ്റിയേ കണ്ടുള്ളൂ. അതിന് നല്ല ശക്തിയുണ്ടെന്ന് മനസിലായി. അങ്ങുറപ്പിച്ചു എന്നാണ് പില്ക്കാലത്ത് കടമ്മനിട്ട പറഞ്ഞത്). ഈ സമയത്താണ് ഭര്‍തൃസഹോദരന്‍ ഗോപിനാഥപണിക്കര്‍ ഇടപെട്ടത്. ഗോവയില്‍ കോളേജധ്യാപകനും ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമൊക്കെയായിരുന്ന ഗോപിനാഥപണിക്കര്‍ , ചേട്ടെന്‍റ മകന്‍ ഗീതാകൃഷ്ണന്‍ കുവൈത്തില്‍നിന്ന് ലീവിലെത്തിയതറിഞ്ഞ് വന്നതാണ്. ഗോപിച്ചേട്ടന്‍ പറഞ്ഞു: ഞങ്ങളുടെ കുടുംബാവസ്ഥ അന്വേഷിക്കാന്‍ വേലായുധന്‍ നായര്‍ പിന്നെയും വന്നു. അവിചാരിതമായി, രഹസ്യമായി വന്നതാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ പൂജ നടക്കുകയാണ്. രാമായണത്തിലെ "പട്ടാഭിഷേകം" വായനയും പൂജയുമൊക്കെയാണ്. വേലുനായര്‍ അന്ധാളിച്ചു...ഞങ്ങള്‍ ഭദ്രകാളി സേവയുള്ളവരാണ്, മന്ത്രവാദി കുടുംബമാണ് എന്നൊക്കെ അദ്ദേഹം ധരിച്ചുവശായി.... അതേയതേ, അച്ഛന്‍ കലി തുള്ളിക്കൊണ്ടുവന്ന് പറഞ്ഞു: അവര് കാളിസേവക്കാരാണ്, മന്ത്രവാദികളാണ്. എന്റെ കൊച്ചിനെ അങ്ങോട്ടയക്കുന്ന പ്രശ്നമേയില്ല... പക്ഷേ, അമ്മയുടെ ഗൂഢാലോചനകള്‍ തന്നെ ഒടുവില്‍ വിജയിച്ചു. 1963 ഫെബ്രുവരി രണ്ടിന് (മകരം ഇരുപത്) വിവാഹം നടന്നു. അതിനുമുമ്പ് കടമ്മനിട്ടയിലെ കുടില്‍ പൊളിച്ച് ചെറിയൊരു വീടുണ്ടാക്കിയിരുന്നു. അമ്മ അച്ഛന്മാരറിയാതെ വീടുപണിക്ക് പണം സഹായിച്ചു.." കടമ്മനിട്ടയില്‍ കമ്യൂണിസത്തിന്റെ തീപ്പൊരികള്‍ കൊണ്ടുവന്നതും ഊതിക്കത്തിച്ചതും എം ആര്‍ രാമകൃഷ്ണപണിക്കര്‍ തന്നെ. കോട്ടയം സിഎംഎസ് കോളേജില്‍ പഠിക്കുമ്പോള്‍ താമസിച്ചത് എന്‍എസ്എസ് പ്രസിഡന്റായിരുന്ന എന്‍ ഗോവിന്ദമേനോന്റെ വീട്ടില്‍ . അദ്ദേഹത്തിന്റെ അനന്തരവന്‍ എന്‍ രാഘവക്കുറുപ്പ് സഹപാഠി (വാഴൂര്‍ എംഎല്‍എയായിരുന്നു രാഘവക്കുറുപ്പ്). ആ ചങ്ങാത്തമാണ് രാമകൃഷ്ണപണിക്കരെ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനാക്കിയത്. പാഠപുസ്തകങ്ങള്‍ക്കൊപ്പം മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുടെയും പഠനം...വിദ്യാര്‍ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ രാമകൃഷ്ണപണിക്കര്‍ ബിരുദധാരിയായി തന്റെ കുഗ്രാമത്തില്‍ തിരിച്ചെത്തിയതോടെ അതൊരു കമ്യൂണിസ്റ്റ് ഗ്രാമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായി...







"1956ല്‍ കടമ്മനിട്ടയില്‍ ഒരു കര്‍ഷക കുടുംബത്തെ ജന്മി കുടിയൊഴിപ്പിച്ചു. ചേട്ടന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം നടന്നു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തെ തിരിച്ചുകൊണ്ടുവന്ന് പഴയ സ്ഥലത്തുതന്നെ പുനരധിവസിപ്പിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് ചേട്ടന്‍ പ്രത്യേകം ശ്രദ്ധയൂന്നിയത്. ചെങ്ങറ എസ്റ്റേറ്റിലും മറ്റും അക്കാലത്ത് പലതവണ സമരങ്ങള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായിരുന്നു ചേട്ടന്‍". തല്ലിന് തല്ല് എന്ന തത്വക്കാരനായിരുന്നു രാഷ്ട്രീയക്കാരനായിരുന്ന കടമ്മനിട്ട. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി പ്രത്യക്ഷബന്ധമൊന്നമില്ലാത്ത കാലത്ത് നടന്ന ഒരു സംഭവം സദസ്സില്‍ ചര്‍ച്ചയാക്കി. ബാബു ജോണാണതു പറഞ്ഞത്. "പരിചയക്കാരനായ ഒരു യുവാവിന്റെ കൈയില്‍ പ്രത്യേക ചരടും നെറ്റിയില്‍ പ്രത്യേക കുറിയും കണ്ടപ്പോള്‍ കടമ്മനിട്ട വിളിച്ചു, എടാ, ഇങ്ങ് വാടാ-എന്താടാ കൈയില്‍ കെട്ട് എന്നും പറഞ്ഞ് ഒരടി കൊടുത്തു"-അതാണ് കടമ്മനിട്ട. അദ്ദേഹം എന്നും രാഷ്ട്രീയക്കാരനായിരുന്നു. നാട്ടിന്‍പുറത്തെ പരുക്കനായ ഒരു കമ്യൂണിസ്റ്റിന്റെ മനസ്സ്...കയ്യൂരിനെക്കുറിച്ച് ജോണ്‍ എബ്രഹാം ഒരു സിനിമ നിര്‍മിക്കുകയാണ്. അതിന്റെ കൂട്ടായ്മയും കള്ളുകുടിയും വക്കാണവും നടക്കുമ്പോള്‍ ആ പ്രദേശത്തെ ഒരു പ്രവര്‍ത്തകന്‍ അവിടെയുണ്ടായിരുന്നു. കടമ്മനിട്ട കമ്യൂണിസത്തെക്കുറിച്ച് എന്തോ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ (പില്‍ക്കാലത്ത് സിഎംപിയില്‍ ചേര്‍ന്നു) പറഞ്ഞു: മുറത്തില്‍ കയറി കൊത്തല്ലേ. അപ്പോഴേക്കും കടമ്മനിട്ട ചാടിയെഴുന്നേറ്റു. സ്ഥലവും സന്ദര്‍ഭവും ആ സ്ഥലത്തെ ഭൗതിക സാഹചര്യവും ഒന്നും പരിഗണിക്കാതെ ഒരലര്‍ച്ചയാണ് - എന്താടാ കമ്യൂണിസത്തിന്റെ മുറം നിന്റെ തറവാട്ടു വകയാണോ... കടമ്മനിട്ടയുടെ രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ ഉള്‍ക്കരുത്തും ഗോപാലേട്ടന്‍ മാത്രമല്ല, സംഭവം നടന്ന സ്ഥലത്തെ ആളുകളും മനസിലാക്കിയതപ്പോഴാണ്. 1985ലാണെന്നു തോന്നുന്നു ഒരു ദിവസം കണ്ണൂരില്‍നിന്ന് എന്റെ ഗ്രാമമായ മയ്യിലേക്ക് കടമ്മനിട്ടയും ഞാനും കാറില്‍ പോവുകയാണ്. മയ്യിലും കുറ്റ്യാട്ടൂരിലും ഓരോ പരിപാടിയുണ്ട്. വഴിയില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ വലിയ ബോര്‍ഡുകള്‍ പലേടത്തും കാണാമായിരുന്നു. മതം മാറ്റത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനജാഗരണനിധി പിരിക്കുന്നതിനുവേണ്ടിയുള്ള വ്യാപകമായ വര്‍ഗീയ പ്രചാരണത്തിന്റെ ബോര്‍ഡുകളാണ് നിറഞ്ഞുനില്‍ക്കുന്നത്്. ഹിന്ദുത്വ പ്രചാരണം വല്ലാതെ ശക്തിപ്രാപിച്ച കാലം. തലശേരി മേഖലയില്‍ ആര്‍എസ്എസ് ആക്രമണങ്ങളും കൊലപാതകവും വര്‍ധിച്ചുവന്ന കാലം... അല്പം മാത്രം "വീരഭദ്രന്‍" അകത്താക്കിയിരുന്ന കടമ്മനിട്ടക്ക് രോഷമടക്കാനായില്ല. കവിത വായിക്കാനെത്തിയ അദ്ദേഹം ആദ്യം ഒരുഗ്രന്‍ പ്രസംഗമാണ് കാച്ചിയത്. കൈയില്‍ കെട്ടി, കഴുത്തില്‍ കെട്ടി, കുറിയിട്ട് ചുണ്ടും ചോപ്പിച്ച് നടക്കുന്ന അലവലാതികള്‍ ...സ്വവര്‍ഗാനുരാഗികളാണവരെന്നുപോലും പറഞ്ഞ് ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയപ്രസംഗം.







കടമ്മനിട്ട എല്ലാകാലത്തും മാര്‍ക്സിസ്റ്റായിരുന്നു. എം ഗോവിന്ദന്റെയും അയ്യപ്പപ്പണിക്കരുടെയും ശിഷ്യനും എഴുപതുകളിലെ ആധുനികതയുടെയും അരാജകത്വത്തോളമെത്തുന്ന കൂട്ടായ്മകളുടെയും പങ്കാളികളിലൊരാളുമായിരിക്കെത്തന്നെ സ്വക്ഷേത്രം വിട്ടുള്ള കളി കടമ്മനിട്ടക്കുണ്ടായിരുന്നില്ല. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ്പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാനും എംഎല്‍എയുമെല്ലാമായത് വിദ്യാര്‍ഥികാലം മുതലേയുള്ള വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തന തുടര്‍ച്ച മാത്രമായിരുന്നു. കമ്യൂണിസത്തിനെതിരെ തന്റെ കൂട്ടുകാരിലാരെങ്കിലും പ്രതികരിച്ചാല്‍ ഈറ്റപ്പുലിപോലെ ചാടിവീഴുന്ന കടമ്മനിട്ട. പക്ഷേ എണ്‍പതുകളില്‍ കടമ്മനിട്ടയെ തിരിച്ചറിയുന്നതില്‍ പുരോഗമന പ്രസ്ഥാനത്തിന് വീഴ്ച പറ്റിയെന്നത് വാസ്തവമാണ്. വിശാലമായ പുരോഗമന സാഹിത്യമെന്ന കാഴ്ചപ്പാട് രൂപപ്പെടുംമുമ്പുള്ള സെക്ടേറിയന്‍ അന്തരാള ഘട്ടമെന്ന് വിശേഷിപ്പിക്കാം. കടമ്മനിട്ടക്കവിതയിലെ വര്‍ഗസമരത്തെ, തീക്ഷ്ണമായ കീഴാളസമരത്തിന്റെ ജ്വാലയെ കാണാതെ ഭോഗലാലസതയും അശ്ലീലവുമാണ് കടമ്മനിട്ടക്കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നുവരെ പുരോഗമനപക്ഷത്തുനിന്ന് പുരോഗമനപരമല്ലാത്ത ആക്ഷേപങ്ങളുണ്ടായി. അക്കാലത്ത് പ്രൊഫ. എ സുധാകരന്‍ കടമ്മനിട്ടക്കവിതകള്‍ക്കെതിരെ എഴുതിയ ഒരു ദീര്‍ഘലേഖനം വല്ലാതെ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. ചൂഷകവര്‍ഗത്തിനെതിരെയും അധീശത്വത്തെയും എല്ലാത്തരം അമിതാധികാരങ്ങളെയും ഒരു കാട്ടാളന്റെ ഉശിരോടെ ചെറുത്ത, അടിയന്തരാവസ്ഥക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച കടമ്മനിട്ടക്ക് അദ്ദേഹം അര്‍ഹിക്കാത്ത ആക്ഷേപങ്ങളാണ് "ബന്ധു"ക്കളില്‍നിന്ന് ലഭിച്ചത്. ഇത്തരമൊരവസ്ഥയിലാണ് 1992ല്‍ കടമ്മനിട്ട ഉദ്യോഗത്തില്‍നിന്ന് വിരമിക്കുന്നത്. ഒരു തിങ്കളാഴ്ചയായിരുന്നു അന്ന്. തലേന്ന് ഉച്ചക്ക് ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയില്‍നിന്ന് ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹിമാനെ വിളിച്ചു. കടമ്മന്‍ നാളെ പിരിയുന്നു. ഒരു പ്രായശ്ചിത്തവും സ്വീകരണവും വേണ്ടേ... ധൈര്യമായി എഴുതൂ എന്ന് മറുപടി.







കടമ്മനിട്ട അശ്ലീലത്തിന്റെ കവിയല്ല, എല്ലാത്തരം അശ്ലീലങ്ങളെയും പിച്ചിച്ചീന്തുന്ന വര്‍ഗസമരത്തിന്റെ കവിയാണ്, വിപ്ലവത്തിെന്‍റ തീജ്വാലയാണ് ആ മഹാകണ്ഠത്തില്‍നിന്ന് ഉദ്ഗമിക്കുന്നത്. തപാലോഫീസിന്റെ ചുമരുകള്‍ ഭേദിച്ച് ആ മേഘഗര്‍ജനം ഇനി നമ്മുടെ സമൂഹത്തിലാകെ മുഴങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദം നിറഞ്ഞ വരവേല്പ് ലേഖനം. ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാംപേജിലാണ് ആ ദീര്‍ഘലേഖനം വന്നത്... പിന്നീട് കടമ്മനിട്ട പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റും പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എംഎല്‍എയുമൊക്കെയായി. ഈ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് എതിര്‍പ്പുകളുണ്ടാക്കി. ചില കോണുകളില്‍നിന്ന് പരിഹാസവുമുണ്ടായി. പ്രിയപ്പെട്ട അനുജനായി കടമ്മനിട്ട കണക്കാക്കിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഹസിച്ചത് അദ്ദേഹത്തെ വല്ലാതെ വികാരം കൊള്ളിച്ചു. കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യകാലത്ത് ഒരുനാള്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിമധ്യേ പള്ളിക്കുന്ന് ദേശാഭിമാനിയില്‍ കാര്‍ നിര്‍ത്തി. വിളിച്ചു-എടാ, ഇങ്ങ് വാടാ... കാന്റീനില്‍ നിന്ന് ചായ വരുത്തി കുടിച്ചശേഷം കടമ്മനിട്ട ഒരു കത്ത് പുറത്തെടുത്തു. കത്ത് മുഴുവന്‍ വായിച്ചുകേള്‍പ്പിച്ചു. ബാലചന്ദ്രന്റെ ആക്ഷേപങ്ങളാണ്. നിലപാടുകളില്‍നിന്ന് പിന്മാറി പദവികള്‍ സ്വീകരിക്കുന്നു, കവിതയെ പടികടത്തുന്നു എന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ്. ആ മുഖത്ത് വല്ലാത്ത സങ്കടം വന്നുനിറഞ്ഞതുപോലെ. ഇതുവഴി കടന്നുപോകുമ്പോള്‍ ഈ കത്ത് നിന്നെ ഒന്ന് വായിച്ചുകേള്‍പ്പിക്കാമെന്നു കരുതി, അത്രമാത്രം. കടമ്മന്‍ പോയി... ജോലിയില്‍നിന്ന് വിരമിച്ചശേഷം എടുത്തുപറയത്തക്ക കവിതകളൊന്നും കടമ്മനിട്ട എഴുതിയിട്ടില്ല. മദ്യപാനം ഒഴിവാക്കിയതും സജീവ പൊതുപ്രവര്‍ത്തനം ആരംഭിച്ചതുമാണ് കടമ്മനിട്ടയുടെ കാവ്യരചന നിലയ്ക്കാനിടയാക്കിയതെന്ന് മേല്‍പറഞ്ഞതുപോലുള്ള വിമര്‍ശനം പലര്‍ക്കുമുണ്ടായിരുന്നു. ചര്‍ച്ച അതേക്കുറിച്ചായപ്പോള്‍ മകന്‍ ഗീതാകൃഷ്ണന്‍ പറഞ്ഞു: പലരും ഇങ്ങനെ പറയാറുണ്ട്. അച്ഛനോട് അക്കാര്യം പലരും ചോദിക്കുകയും ചെയ്തു. "കവിത വരുമ്പോള്‍ വരും. അല്ലാതെ കുത്തിയിരുന്ന് കവിത എഴുതിക്കൂട്ടലല്ല. മദ്യപിച്ചുകൊണ്ട് ഒരു കവിതയും തനിക്ക് എഴുതാന്‍ കഴിഞ്ഞിട്ടില്ല. മദ്യപാനം ഉപേക്ഷിച്ചതും കവിത എഴുത്തുമായി ഒരു ബന്ധവുമില്ല. മദ്യം ഒരിക്കലും പ്രചോദനമായിട്ടില്ല. അതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകിയതും കവിതയെ ബാധിച്ചിട്ടില്ല. താപല്‍വകുപ്പില്‍ യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നപ്പോഴാണ് പ്രധാന കവിതകളെല്ലാം എഴുതിയത്" അച്ഛന്‍ അങ്ങനെയാണ് മറുപടി പറഞ്ഞത്-ഗീതാകൃഷ്ണന്‍ അനുസ്മരിച്ചു. കാളിസേവയല്ല, വീരഭദ്രസേവാമൂര്‍ത്തിയായിരുന്ന കടമ്മനിട്ട എങ്ങനെയാണ് മദ്യവിരുദ്ധനായത്. ശാന്തേച്ചി ആ കഥയിലേക്ക് കടന്നു. "1989 ലാണ്. കടമ്മനിട്ടയുടെ അടുത്ത സുഹൃത്തുക്കള്‍ ഒരു എസ്റ്റേറ്റില്‍ ഒത്തുകൂടുന്നു. എസ്റ്റേറ്റ് ഉടമ അടുത്ത കൂട്ടുകാരന്‍ . മൂന്നുദിവസം നീണ്ട അഖണ്ഡ മദ്യപാനവും കവിത വായനയുമാണവിടെ നടന്നതെന്നാണ് പിന്നീട് കേട്ടത്. കുടിച്ചുകുടിച്ച് തല പൊക്കാനാവാത്തവിധം ക്ഷീണിച്ച് വന്ന് ഇതാ ആ കട്ടിലില്‍ വീണു. പിറ്റേന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ വൈകിട്ടാവുമ്പോഴേക്കും വിളിക്കാന്‍ ആളെത്തി. കവി... വിദേശത്തുനിന്ന് വന്നിട്ടുണ്ട്. കുപ്പിയുണ്ട്. ആഗതന്‍ കടമ്മനിട്ടയെ കുലുക്കി വിളിക്കുകയാണ്. എഴുന്നേല്‍ക്ക് ചേട്ടാ, കുപ്പിയുണ്ട്... എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെടാ, വല്ലാത്ത ക്ഷീണം എന്നായി ചേട്ടന്‍ . അപ്പോഴാണ് ഞാന്‍ കാണുന്നത്. ചേട്ടനെ ഞാന്‍ കുലുക്കി വിളിച്ചു. എഴുന്നേല്‍ക്കൂ ഞാന്‍ താങ്ങിപ്പിടിക്കാം. കുപ്പി കൊണ്ടുവന്നതല്ലേ, പോയി കുടിച്ചു വാ... ഞാന്‍ "പ്രോത്സാഹിപ്പിച്ചു". എനിക്ക് കരച്ചിലും രോഷവും അടക്കാനായില്ല.... ഒടുവില്‍ ചേട്ടന്‍ പറഞ്ഞു നീ പോ...ഞാന്‍ ഇന്നു വരുന്നില്ല...നാളെ വരാമെന്നു പറ. പക്ഷേ കടമ്മനിട്ട പിന്നൊരിക്കലും മദ്യപിക്കാന്‍ പോയില്ല. മദ്യപിച്ചില്ല. മദ്യത്തിന്റെ മണം പിടിച്ചാല്‍ത്തന്നെ ഛര്‍ദിക്കാന്‍ വരുമായിരുന്നു. കോട്ടയത്തെ എസ്റ്റേറ്റില്‍ വച്ച് മൂന്നുദിവസം നടന്ന അഖണ്ഡ മദ്യപാനയജ്ഞം കള്ളുകുടി നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു." ശാന്തേച്ചി ദീര്‍ഘനിശ്വാസമുതിര്‍ത്തു. രൗദ്രതാളങ്ങള്‍ നിറഞ്ഞ എത്രയോ നിശകളില്‍ പാനോത്സവങ്ങള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കേണ്ടിവന്ന ധര്‍മപത്നി.... വച്ചുവിളമ്പലിന്റെ മഹാപുണ്യം കൊണ്ട് ശാന്തയായവള്‍ ... "കല്യാണം കഴിഞ്ഞ് ഒരാഴ്ചപോലും തികഞ്ഞില്ല. റാന്നിയില്‍ ഒരു ബന്ധുവീട്ടില്‍ വിരുന്നുപോയി. പുറത്ത് ഇരുട്ട് കട്ടപിടിച്ചപ്പോഴേക്കും അകത്ത് വാറ്റുചാരായത്തിന്റെ മണമുയര്‍ന്നു. പതിനഞ്ചുകാരിയായ പുതുപ്പെണ്ണ് കാണെ രാമകൃഷ്ണ പണിക്കര്‍ ബന്ധുവിനോടൊപ്പം ഗ്ലാസ് കാലിയാക്കിക്കൊണ്ട് മുന്നേറുകയായിരുന്നു. ഒച്ചയായി. ബഹളമായി; പാട്ടായി.... ഭര്‍ത്താവിന്റെ യഥാര്‍ഥ മുഖം... എനിക്ക് പേടിയും സങ്കടവുമായിരുന്നു. അമ്മയെ ഓര്‍ത്താണ് പേടി. അച്ഛന്റെ കടുത്ത എതിര്‍പ്പുകള്‍ അമ്മ ഗൂഢാലോചനയിലൂടെ തകര്‍ത്താണ് കല്യാണം നടത്തിയത്. ഇങ്ങനെ കുടിച്ചാല്‍ എന്താണ് ഗതി. തറവാട്ടില്‍ തിരിച്ചുപോയാല്‍ എന്തായിരിക്കും അവസ്ഥ..." എഗ്മോര്‍ ഹൈറോഡില്‍ സ്വാമി റെഡ്ഡി സ്ട്രീറ്റിലെ വാടകവീട്ടില്‍ എന്നും പ്രതിഭാ സംഗമമായിരുന്നു. സി എന്‍ കരുണാകരനും മുത്തുക്കോയയും പാരീസ് വിശ്വനാഥനും മദ്യപിക്കാതെ എല്ലാറ്റിനും സാക്ഷിയായിരിക്കുന്ന ദാമോദരനും; പിന്നീട് ദാമോദരന്റെ ജീവിതസഖിയായിത്തീര്‍ന്ന പത്മിനിയും... കെ സി എസ് പണിക്കര്‍ പ്രിന്‍സിപ്പലായ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിലെ (പിന്നീട് ഫൈന്‍ ആര്‍ട്സ് കോളേജ്) വിദ്യാര്‍ഥികളും പ്രശസ്ത ചിത്രകാരന്മാരുമാണവര്‍ .







രണ്ടു കിടപ്പുമുറി മാത്രമുള്ള വാടകവീട്ടില്‍ ഒരു മുറിയില്‍ രാത്രി തിത്തൈ തകതക... കള്ളുകുടിയും സാഹിത്യ ചര്‍ച്ചയും കലാചര്‍ച്ചയും അട്ടഹാസങ്ങളും. കൗമാരപ്രായം കടന്നിട്ടില്ലാത്ത വീട്ടമ്മ അവര്‍ക്കെല്ലാം ചോറും മീനും വച്ചുവിളമ്പി... അന്ന് കടമ്മനിട്ടയുടെ പത്ത് വയസ്സിളപ്പമുള്ള അനുജന്‍ ഗോപിനാഥ പണിക്കര്‍ അവിടെയുണ്ടായിരുന്നു. ഏട്ടനും ഏട്ടത്തിയമ്മക്കും കൂട്ട്. മദ്രാസ് പച്ചപ്പയ്യാസ് കോളേജിലെ രസതന്ത്രം ബിരുദവിദ്യാര്‍ഥിയാണന്ന് ഗോപിനാഥന്‍ . "രാത്രി പ്രതിഭാസംഗമം തുടങ്ങിയാല്‍ ഞാന്‍ മെല്ലെ, ടെറസ്സിലേക്ക് പോകും. അവിടെയിരുന്നാണെന്റെ പഠിത്തം. ഉത്സവം കഴിഞ്ഞ് പലരും അവിടെത്തന്നെ കിടന്നുറങ്ങും. എന്നാല്‍ എത്ര മത്തുപിടിച്ച് ക്ഷീണിച്ച് കിടന്നാലും ചേട്ടന്‍ കാലത്തെഴുന്നേറ്റ് കുളിച്ച് റെഡിയായി ജോലിക്ക് പോകും. അതിന് മുടക്കം വരുത്തുന്ന പ്രശ്നമില്ല"- ഗോപിനാഥപണിക്കര്‍ ഓര്‍ത്തു. "1964ലാണ് ഞാന്‍ ഗീതയെ പ്രസവിച്ചത്. ഒന്നരക്കൊല്ലത്തെ വ്യത്യാസമേയുള്ളൂ ഗീതയും ഗീതാകൃഷ്ണനുമായി. ചേട്ടനും അനിയനും ഞാനും രണ്ടു മക്കളും ഒക്കെകൂടി വലിയ കുടുംബമായതിനാല്‍ റോയ്പ്പേട്ടിലെ അല്പം വലിയൊരു വീട് വാടകയ്ക്കെടുത്തു. അവിടെയും സുഹൃത്തുക്കള്‍ക്ക് കുറവില്ല. രണ്ടു മാസത്തേക്കുള്ള സാധനങ്ങള്‍ ഒന്നിച്ചാണ് വാങ്ങുക. രണ്ടു മാസത്തേക്ക് നാളികേരം പതിനഞ്ചെണ്ണമാണ്. അതില്‍ അഞ്ചെണ്ണം കേടായിരിക്കും. ഒരു നാളികേരം നാലോ അഞ്ചോ ദിവസത്തേക്ക് തികയ്ക്കണം. പല ദിവസവും നാളികേരമരയ്ക്കാത്ത കറികള്‍ ...ഫ്രിഡ്ജില്ലാത്തതിനാല്‍ തേങ്ങാമുറി കടലാസില്‍ പൊതിഞ്ഞ് കെട്ടിവയ്ക്കും. പിറ്റേന്നു നോക്കുമ്പോള്‍ മഞ്ഞനിറം വന്നിട്ടുണ്ടാവും... അതൊന്നും ചേട്ടന് ബാധകമല്ല... എന്നും ഒന്നിച്ച് ആളുകളുണ്ടാവും. കൈ കഴുകുമ്പോഴേക്കും ചോറ് വിളമ്പിയിരിക്കണം...എനിക്ക് തല്ലുകിട്ടിയിട്ടു പോലുമുണ്ട.്.. പക്ഷേ അതിനേക്കാളെല്ലാം സ്നേഹവും കിട്ടിയിട്ടുണ്ട്..."-ശാന്തേച്ചി പറഞ്ഞു. കടമ്മനിട്ടയും മദ്യവും തമ്മിലുണ്ടായിരുന്ന ബന്ധം കേരളത്തില്‍ ഒരു വാര്‍ത്തയല്ല. 1985ലെ ഒരു രാത്രി. കൂത്തുപറമ്പ് യുപി സ്കുളില്‍ ഒരു പരിപാടി കഴിഞ്ഞ് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുകയാണ്. കടമ്മനിട്ടക്ക് വീരഭദ്രന്‍ നിര്‍ബന്ധം. വിദേശന്‍ പോരാ. വീരഭദ്രനുള്ള സ്ഥലം എ ടി മോഹന്‍രാജിനറിയാം. ഒരു വീട്ടിനടുത്ത് കാര്‍ നിന്നു. കുപ്പിനിറച്ച് വീരഭദ്രന്‍ എത്തുകയായി. റോഡരികില്‍ ഇരുളില്‍ നിന്നുകൊണ്ട് അതിന്റെ കഥ കഴിക്കുകയും...







രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു സംഭവം. അതേ ലോഡ്ജ്, അതേ മുറി. സന്ധ്യയായിക്കാണും. ഓഫീസില്‍ പോയി ജോലി കഴിഞ്ഞുവന്ന് ഒന്നു മിനുങ്ങിയതേയുള്ളു. ജുബ്ബായെല്ലാം ഊരിത്തൂക്കിക്കഴിഞ്ഞു. അപ്പോഴാണ് വാതിലില്‍ മുട്ട്. ഒരു എസ്ഐയും ഹെഡ്കോണ്‍സ്റ്റബിളുമാണ്. ഞങ്ങള്‍ പരിഭ്രമിച്ച് നില്‍ക്കുമ്പോള്‍ കടമ്മന്‍ ചീത്തവിളി തുടങ്ങിയിരുന്നു. "സോറി സാര്‍ , ഇന്നലെ ഒരബദ്ധം പറ്റിപ്പോയതാണ്. ഞങ്ങളെ രക്ഷിക്കണം"-എസ് ഐയുടെ അഭ്യര്‍ഥന. കടമ്മനിട്ട അടങ്ങുന്ന ഭാവമില്ല. കൈപിടിച്ച് ഒരുവിധം കട്ടിലിലിരുത്തി... കാര്യം ഇതായിരുന്നു: തലേന്ന് രാത്രി കോടിയേരിക്കടുത്ത് ഒരു പരിപാടി കഴിഞ്ഞ് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു കഥാനായകന്‍ . അന്ന് എംഎല്‍എയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏല്പിച്ച പരിപാടിയാണ്. സംഘാടകര്‍ കൊടുത്ത "ഉപഹാരം" കാറിലുണ്ട്. അപ്പോള്‍ത്തന്നെ നല്ല ലെവലായിട്ടുണ്ടുതാനും. ധര്‍മടം മൊയ്തുപാലത്തിനടുത്തുവച്ച് കാര്‍ പൊലീസ് തടഞ്ഞു. പരിശോധിച്ചു. വണ്ടിയില്‍നിന്ന്പുറത്തിറങ്ങിയ കടമ്മനിട്ട അവിടെ നിന്നാക്രോശിച്ചു- വിളിക്കെട, വയലാര്‍ രവിയെ; നിന്റെ തൊപ്പി തെറിപ്പിക്കും ഞാന്‍ . കടമ്മനിട്ടയോടാണോടാ കളി... അന്ന് ആഭ്യന്തരമന്ത്രിയാണ് വയലാര്‍ രവി. പിറ്റേന്ന് കാര്യങ്ങളുടെ ഗൗരവം പിടി കിട്ടിയിട്ടോ അതോ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശാനുസരണമോ ആവണം കാര്‍ പരിശോധിച്ച എസ്ഐയും എച്ച്സിയും മാപ്പു പറയാന്‍ വന്നിരിക്കുന്നത്. അവരെ ഏറെ ഗുണദോഷിച്ചശേഷം ഒരു കല്പനയാണ്. എടാ, അവര്‍ക്ക് ഒഴിച്ചുകൊടുക്കെടാ....കണ്ണൂരിലെ ബിവറേജസ് കോര്‍പറേഷനിലെ ആരാധകര്‍ അല്പംമുമ്പ് കൊണ്ടുവച്ച രണ്ട് കുപ്പികളുണ്ട്. നിര്‍ബന്ധിച്ചിട്ടും എസ്ഐ കഴിക്കാന്‍ കൂട്ടാക്കിയില്ല. എസ്ഐ അനുമതി നല്‍കിയിട്ടും എച്ച്സിക്ക് ബാത്ത്റൂമില്‍ കയറേണ്ടിവന്നു രണ്ടെണ്ണം അകത്താക്കാന്‍ . കണ്ടോടാ, പൊലീസിലെ അടിമത്തം എന്ന് കവിയുടെ കമന്റും...







കടമ്മനിട്ട ഒരു കര്‍ഷകനായിരുന്നു. നെല്ലിന്‍ തണ്ടു മണക്കും വഴികളും എള്ളിന്‍നാമ്പ് കുരുക്കും വയലുകളുംമനസ്സില്‍ എന്നും കൊണ്ടുനടന്ന കര്‍ഷകന്‍ ... 1967ല്‍ തിരുവനന്തപുരത്ത് സ്ഥലംമാറിയെത്തിയതില്‍പ്പിന്നെ വാരാന്തങ്ങളില്‍ വീട്ടിലെത്തി കൃഷികാര്യങ്ങള്‍ നോക്കി നടത്തുമായിരുന്നു. ഭാര്യവീടിനടുത്ത് വള്ളിക്കോട്ടുള്ള സ്വന്തം വീടിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ശാന്തേച്ചി കടമ്മനിട്ട എന്ന കൃഷിക്കാരനുണ്ടാക്കിയ പൊല്ലാപ്പുകളിലേക്ക് വഴി തെളിച്ചു. "അടിയന്തരാവസ്ഥക്കാലത്താണെന്നു തോന്നുന്നു, ഈ സ്ഥലം വാങ്ങിയത്. ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ സ്ഥലമാണ്. ഞാനന്ന് അമ്മയുടെ കൂടെ തറവാട്ടു വീട്ടിലാണ്. ഭര്‍ത്താവും ആ വീടുമായി അപ്പോഴേക്കും നന്നായി ഇണങ്ങിക്കഴിഞ്ഞിരുന്നു. ഭൂപ്രഭുവും പണക്കാരനുമൊന്നുമല്ലെങ്കിലും എന്തിനും പോന്നവനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമാണ് മരുമകന്‍ എന്ന് മനസിലായി പഴയ എതിര്‍പ്പ് സ്നേഹവാത്സല്യങ്ങള്‍ക്ക് വഴിമാറിയിരുന്നു. അച്ഛന്‍ വേലുനായര്‍ , രാമകൃഷ്ണപണിക്കരേ എന്ന് ബഹുമാനത്തോടെയാണ് മരുമകനെ അഭിസംബോധന ചെയ്തിരുന്നത്. വാരാന്ത്യത്തില്‍ വാഴമുട്ടത്തെ എന്റെ വീട്ടില്‍ താമസിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ മടങ്ങാറാണ് പതിവ്. അന്നാളില്‍ ഒരു ദിവസം ഒരു ബന്ധുവാണ് പറഞ്ഞത് ഈ സ്ഥലത്തെപ്പറ്റി. സ്ഥലമുടമ പാമ്പുകടിയേറ്റ് മരിച്ചു; അറവലയുണ്ടായ വീടുമാണ്-ബ്ലീഡിങ് കാരണം ഗര്‍ഭിണിയുടെ ദുര്‍മരണം. അതുകൊണ്ട് ഇവിടെ ആദ്യമുണ്ടായിരുന്ന കൊച്ചുവീടും ഈ വലിയ പറമ്പും എടുക്കാന്‍ ആളുണ്ടായില്ല. കടമ്മനിട്ട ഈ സ്ഥലം കച്ചവടമാക്കി. 1976ല്‍ "കുറത്തി" എഴുതിയ കാലത്താണെന്നു തോന്നുന്നു. ഇവിടെ താമസവുമാക്കി.. "ശാന്തേ, നമുക്കീ വീട് കിട്ടിയത് കവിത കൊണ്ടാണ്. അതുകൊണ്ട് വീടിന് പേര് കവിത എന്നിടാം." ഓരോ കവിതയുടെ കാശുകൊണ്ടാണ് വീട് പുതുക്കിയത്, ഓരോ മുറി കൂട്ടിയെടുത്തത്. പക്ഷേ വീടിന് കവിത എന്ന് പേരിടാനാവുമായിരുന്നില്ല. കൊയ്പ്പള്ളില്‍ വീടാണ്, കൊയ്പ്പള്ളില്‍ പുരയിടമാണ്.. ആ പേര് അങ്ങനെതന്നെ കിടന്നു. ദുര്‍മരണവും അറവലയും നടന്ന വീട് കാവൈശ്വര്യത്തിന്റെ, പ്രതിഭാ പ്രകര്‍ഷത്തിന്റെ ആധാരമായി... തുണിസഞ്ചിയും സഞ്ചിയില്‍ കുപ്പിയും ചുണ്ടില്‍ ബീഡിയും മനസ്സില്‍ പുത്തന്‍ചിന്തയും ചുണ്ടില്‍ തത്തിക്കളിക്കുന്ന പുതുകവിതകളും കൊണ്ട് പാന്ഥര്‍ കടന്നുവരികയും ഇറങ്ങിപ്പോവുകയും ചെയ്ത കാലം..







ഒരു രാത്രി കവിയോടൊപ്പം ബാലചന്ദ്രനും വിജയലക്ഷ്മിയുമുണ്ടായിരുന്നു. ഒപ്പമുള്ളത് പെങ്ങളാണെന്ന് കള്ളം പറയാന്‍ ശട്ടംകെട്ടിയിട്ടാണ് വരവ്. സത്യം പറഞ്ഞാല്‍ മൂവരെയും വീട്ടില്‍ കയറ്റില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നുവത്രേ. വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഭര്‍ത്താവിനൊപ്പം ബാലചന്ദ്രനും കൂടെ ഒരു പെണ്‍കുട്ടിയും. ആരാണെന്ന് ഞാന്‍ കടുപ്പിച്ച് ചോദിച്ചു. പെങ്ങള്‍ എന്നു മറുപടി. കടമ്മനിട്ടയിലെ കൃഷിക്കാരനെക്കുറിച്ചാണ് പറഞ്ഞുവന്നത്. തിരുവനന്തപുരത്ത് പൈപ്പിന്‍മൂടില്‍ കടമ്മനിട്ടയുടെ വാടകവീട്ടിലെ മറ്റു അന്തേവാസികളായി നരേന്ദ്രപ്രസാദും മുരളിയും മറ്റും ഇവിടെ വന്ന് ദിവസങ്ങളോളം താമസിക്കും. വന്നാല്‍പിന്നെ പാട്ടും കളിയും. വയലില്‍ കൃഷിപ്പണി തുടങ്ങുന്ന കാലത്ത് കടമ്മനിട്ടക്കൊപ്പം കൊച്ചാട്ടാ, കൊച്ചാട്ടാ എന്നും വിളിച്ച് മുരളിയും വരും, പിന്നെ കുറെനാള്‍ ഇരുവരും കര്‍ഷകരാവും. രാവിലെ കൈലിയുടുത്ത് തലയില്‍ കെട്ടുമായി ഇറങ്ങും. ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും എല്ലാം പാത്രത്തിലാക്കി തലയില്‍ വച്ചാണ് പോക്ക്. പിന്നെ വൈകീട്ടേ മടങ്ങൂ. കൃഷിപ്പണിക്ക് പുറമെ പാടത്ത് ഒരുത്സവം തന്നെയാണെന്ന് പിന്നീടാണറിഞ്ഞത്. കൊച്ചാട്ടന്റെയും അനിയന്റെയും വയലില്‍ പോക്ക് ഞാന്‍ വരച്ച വരയില്‍ നിര്‍ത്തുകയായിരുന്നു. പാടത്തിനരികില്‍ ബീഡിയും മുറുക്കാനുമെല്ലാം വില്ക്കുന്നതിന് താല്‍ക്കാലികമായി ഒരു "ചാപ്പ"യുണ്ടായിരുന്നുപോലും. അതിന്റെ "ഉടമ"യാണെന്നും പറഞ്ഞ് ഒരാള്‍ ഒരു ദിവസം വീട്ടില്‍വന്നു. കൊച്ചാട്ടനും അനിയനുംകൂടി അവിടെ ഉണ്ടാക്കിവച്ച പറ്റ് മൂവായിരം രൂപ. ഞാന്‍ പണമൊന്നും തരില്ല, പോകൂ എന്നുപറഞ്ഞ് അന്ന് ഒഴിവാക്കി. രാത്രിയില്‍ വന്നപ്പോള്‍ ചോദിച്ചു, മൂവായിരം രൂപയുടെ പറ്റുണ്ടോ? ങ്ങ്ആ കുറേ രൂപ കൊടുക്കാന്‍ കാണും. 25-30 വര്‍ഷം മുമ്പ് വയല്‍ക്കരയിലെ ഒരു മുറുക്കാന്‍ കടയില്‍ ഒരാഴ്ച കൊണ്ട് മൂവായിരം രൂപയുടെ പറ്റുണ്ടാക്കണമെങ്കില്‍ - എന്റെ കണ്ണു തള്ളിപ്പോയി. അടുത്ത ദിവസം ആ ചെറുപ്പക്കാരനെ വിളിച്ചുവരുത്തി പണം മുഴുവന്‍ കൊടുത്തു. അന്ന് ഒരു നിരോധനാജ്ഞയും പുറപ്പെടുവിച്ചു. കൊച്ചാട്ടനും അനിയനും കൃഷിപ്പണിക്കാണെന്നും പറഞ്ഞ് ഇനി വയലിലെറങ്ങിപ്പോകരുത്. അവരുടെ പോക്ക് നിലച്ചത് കര്‍ഷകത്തൊഴിലാളികള്‍ക്ക് സങ്കടമുണ്ടാക്കി. കൊച്ചാട്ടനും അനിയനുമെത്തിയാല്‍ കണ്ടത്തില്‍ നല്ല ചേലായിരുന്നുപോല്‍ ...







ഭക്ഷണത്തിന്റെ കാര്യത്തില്‍ കടമ്മനിട്ട ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. വിവിധ ജില്ലകളില്‍ പോസ്റ്റല്‍ ഓഡിറ്റ് ജോലിക്കായി പോയി താമസിക്കുമ്പോഴും കാവ്യാവതരണത്തിനു പോയാലും ഭക്ഷണം കഴിവതും വീടുകളില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. മീന്‍കറിയും മീന്‍ വറുത്തതും ഏറ്റവും പ്രിയങ്കരം. കണ്ണൂര്‍ വീറ്റ്ഹൗസിലും കണ്ണൂരിലെ ചിരാഗ് ഹോട്ടലിലും വച്ച് മീനിനോടുള്ള ആക്രാന്തം കണ്ടതിന്റെ ഓര്‍മ ഇന്നും മനസ്സിലുണ്ട.് ഭക്ഷണം മോശമാണെങ്കില്‍ അത് മുഖത്ത് നോക്കി പറയാനും കടമ്മനിട്ട മടിക്കില്ല. മനസിലൊന്നും പുറത്തൊന്നും എന്നത് അദ്ദേഹത്തിന് അപരിചിതമായിരുന്നു. നാഗരിക നാട്യങ്ങള്‍ അന്യമായ കടമ്മനിട്ടക്ക് രോഷമുണ്ടായാല്‍ അടക്കിവയ്ക്കാനാവുമായിരുന്നില്ല. അത്തരമൊരനുഭവത്തിലേക്ക് ശാന്തേച്ചി കൂട്ടിക്കൊണ്ടുപോയി. റാന്നിയിലെ കോഫി ഹൗസാണ് രംഗം. അല്പമൊന്നു ഫിറ്റായ ശേഷം കഥാനായകന്‍ ഭക്ഷണം കഴിക്കാനെത്തിയതാണ്. ദോശയും സാമ്പാറുമാണ് കിട്ടിയത്. പുളിച്ച ദോശ, വളിച്ച സാമ്പാര്‍ .. പ്ലേറ്റ് എടുത്തെറിയുന്നതും വെയിറ്ററുടെ മുഖത്തൊന്നു പൊട്ടിക്കുന്നതുമാണ് പിന്നെ കണ്ടത്. ഈറ്റപ്പുലിയെപ്പോലെ കടമ്മനിട്ട അലറുകയാണ്. എടാ ഭക്ഷണമുണ്ടാക്കാന്‍ പഠിക്കണം. രുചിയുള്ള ഭക്ഷണം കഴിച്ചാലേ രുചിയുള്ള ഭക്ഷണമുണ്ടാക്കാനാവൂ. ആളുകള്‍ കൂടി. ഭയങ്കര ബഹളമായി. രുചിയുള്ള ഭക്ഷണമുണ്ടാക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരാം, കഴിച്ചുനോക്കാന്‍ വാടാ-തൊപ്പിയും യൂനിഫോമുമണിഞ്ഞവരുള്‍പ്പെടെ ആറു പേരെ കാറില്‍ പിടിച്ചുകയറ്റി വള്ളിക്കോട്ടേക്ക്. മുപ്പത്തഞ്ച് കിലോമീറ്ററോളം ഓടി ഇവിടെ എത്തുമ്പോള്‍ ഉച്ചയാവാറായി. കോഫി ഹൗസ് യൂണിഫോമുകാര്‍ കാറില്‍ നിന്നിറങ്ങുന്നത് കണ്ട് അന്ധാളിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. അവരെയും നയിച്ച് ചേട്ടന്‍ അകത്തു കയറി.



ഇവര്‍ക്കെല്ലാം ചോറ് വിളമ്പെടി എന്ന ആക്രോശമാണ് ആദ്യം പുറത്തുവന്നത്. അഞ്ചാറു പേരെ കൂട്ടിക്കൊണ്ടുവന്ന് ഇപ്പൊത്തന്നെ ചോറ് വിളമ്പെന്ന് പറഞ്ഞാല്‍ ... കടമ്മനിട്ടയെ സംബന്ധിച്ച് അത് പതിവായിരുന്നു. ശാന്തേച്ചിക്ക് അത് ചിരപരിചിതവും... എന്താണ് പ്രശ്നമെന്നൊന്നും ചോദിക്കാതെ അമ്പരപ്പോടെ തന്നെ അവര്‍ക്കാറുപേര്‍ക്കും വിളമ്പി. കപ്പയും മീന്‍കറിയും ചോറും. ആവശ്യത്തിന് വിഭവങ്ങളുണ്ടായിരുന്നു. പുരയിടത്തില്‍ അന്ന് ഏഴെട്ടുപേര്‍ പണിക്കുണ്ടായിരുന്നു. അതുകൊണ്ട് നാണം കെടാതെ രക്ഷപ്പെട്ടു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചേട്ടന്‍ ശാന്തനായി പറയുന്നത് കേള്‍ക്കാമായിരുന്നു. നന്നായി രുചിച്ച് കഴിക്കൂ. എങ്ങനെയുള്ള ഭക്ഷണമാണുണ്ടാക്കേണ്ടതെന്ന് മനസ്സിലായോ. അവര്‍ ഒരക്ഷരം ഉരിയാടാതെ കഴിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ചശേഷം അവര്‍ തൃപ്തരായാണ് മടങ്ങിയത്. കടമ്മനിട്ടയെ അവര്‍ക്കും അറിയാമായിരുന്നു. ഇഷ്ടവുമായിരുന്നു... തിരിച്ചുപോകുമ്പോള്‍ ടാക്സികൂലി കൊടുക്കേണ്ട ബാധ്യതയും എനിക്ക്.. ഒന്നിനും മടിയില്ലാത്ത, യാതൊരു ജാടയുമില്ലാത്ത മനുഷ്യനായിരുന്നു കടമ്മനിട്ട. എഴുപതുകളും എണ്‍പതുകളും എന്ന കാലത്തിന്റെ സവിശേഷത കൂടിയായിരുന്നു അത്. കശുമാങ്ങ വാറ്റിയുണ്ടാക്കിയ റാക്കില്‍ കരിങ്ങാലി ചേര്‍ത്തുപിടിപ്പിക്കുമ്പോള്‍ പ്രത്യേകമായ ഒരു സുഖമായിരുന്നുവെന്ന്; കണ്ണ് പുകയുകയും മൂക്ക് ഗന്ധാധിക്യത്താല്‍ വിങ്ങുന്നതും തൊണ്ടയിലൂടെയുള്ള എരിപൊരി സഞ്ചാരത്തിന്റെയും വന്യമായ സുഖം. കടമ്മനിട്ടയും വള്ളിക്കോടും വാഴമുട്ടവും പോലൊരു ഗ്രാമത്തെ മലബാറില്‍ കവി കണ്ടെത്തിയത് കുറ്റ്യാട്ടൂരിലാണ്. കുറ്റ്യാട്ടൂര്‍ എന്ന തനി കാര്‍ഷിക ഗ്രാമത്തിലെ കന്നിമണ്ണ് കടമ്മനിട്ടക്കാവ്യ വര്‍ഷപാതം കൊണ്ട് ധന്യമായത് 1986ലാണ്. അതിന്റെ സ്മരണയ്ക്കായി കൊണ്ടുപോയത് കശുമാവിന്‍ തൈകളാണ്. വള്ളിക്കോട്ടെ പുരയിടത്തില്‍ കശുമാവ് വളര്‍ത്തി അതിന്റെ മാങ്ങ പിഴിഞ്ഞ് വാറ്റി അതിന്റെ രസം മോന്തി നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാക്കുക... തന്റെ തന്നെ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ സുകുമാരന്‍ കുറ്റ്യാട്ടൂരിലേക്ക് കവിതാവതരണത്തിന് വിളിച്ചപ്പോള്‍ കവി രണ്ടു കണ്ടീഷനാണ് വച്ചത്. നല്ല മീന്‍ വേണം. മുളകിട്ടത് പ്രത്യേകം വേണം, പിന്നെ...







കുഗ്രാമം എന്നത് തെറ്റായ വിശേഷണമാണെങ്കിലും ഉപയോഗത്തിലുള്ള പദമതായതിനാല്‍ അന്നത്തെ കുറ്റ്യാട്ടൂര്‍ അതുതന്നെ. ആദ്യമായി അവിടെ ഒരു മഹാകവി എത്തുകയാണ്. രണ്ട് തപാലോഫീസുകളില്‍ ഓഡിറ്റ് നടത്തി രാമകൃഷ്ണപണിക്കര്‍ കുറ്റ്യാട്ടൂരിലേക്ക്.. കവിയും സംഘാടകനും മൈക്ക്സെറ്റും അതിന്റെ ഓപ്പറേറ്ററുമെല്ലാം ചേര്‍ന്ന സംഘത്തെയും വഹിച്ച് ജീപ്പ് ഉച്ചയോടെ ഗ്രാമത്തിലെത്തുന്നു. നല്ലവനായ കാട്ടാളന്‍ നാളെ ഗ്രാമത്തിലെത്തുന്നുവെന്ന മെഗഫോണ്‍ പ്രചാരണം കേട്ട് ഗ്രാമവാസികള്‍ കൗതുകത്തോടെ കാത്തുനില്പാണ്. ഉച്ചയോടെയെത്തിയ കടമ്മനെ സ്വാഗതം ചെയ്തത് "കശുമാങ്ങക്കഷായ"ത്തിന്റെ തീക്ഷ്ണഗന്ധമാണ്. വീരഭദ്രസേവയും യഥേഷ്ടം മീന്‍ സഹിതമുള്ള മൃഷ്ടാന്നഭോജനവും കഴിഞ്ഞ് കിടന്നു. വൈകിട്ട് അഞ്ചു മണിയോടെ സുകുമാരന്റെ വീട്ടില്‍നിന്ന് കാല്‍നടയായി ഒന്നര കിലോമീറ്ററോളം നടന്ന് യോഗവേദിയിലേക്ക്. നിരവധി കുട്ടികള്‍ ഒപ്പം ചേര്‍ന്നു "ഒരു സംഭവമായ" യാത്ര. കുറ്റ്യാട്ടൂരിനോടുള്ള സവിശേഷമായ ബന്ധം വിവരിച്ച്, മാങ്ങയുടെ പുണ്യം വിളിച്ചറിയിച്ച്, നിങ്ങളുടെ നാട്ടുകാരനായ പ്രതിഭാശാലിയായ എന്‍ ശശിധരനെ നിങ്ങള്‍ക്കറിയില്ലേ, എനിക്കേറ്റവും വേണ്ടപ്പെട്ട അവന്‍ ഈ നാടിന്റെ നന്മകള്‍ പങ്കുവച്ചിട്ടുണ്ടെന്ന ആമുഖത്തോടെ ദീര്‍ഘഭാഷണം. നാടകകൃത്തും നിരൂപകനുമായ ശശിധരനെക്കുറിച്ച് അന്നാണ് നാട്ടുകാര്‍ അറിയുന്നത്. പ്രസംഗം തുടര്‍ന്നുകെണ്ടിരിക്കെ സ്റ്റേജില്‍ നോക്കി എവിടെ മറ്റവന്‍ എന്ന ചോദ്യം. കരിങ്ങാലി ചേര്‍ത്ത കശുമാങ്ങ രസമെവിടെ... സുകുമാരന്‍ വീട്ടിലേക്കോടി. ആളുകള്‍ എന്ത് പറയുമെന്ന ഭയം ഒരുഭാഗത്ത്. മറ്റവനെ കിട്ടിയില്ലെങ്കില്‍ കവിതാവതരണം ഉടന്‍ നിന്നേക്കുമെന്ന ഭീഷണിയും. പരസ്യമായിത്തന്നെ കരിങ്ങാലി വന്നുകൊണ്ടിരുന്നു. ഇടക്കിരുന്ന് വിശ്രമിച്ച് വീണ്ടും പ്രകടനം. നീണ്ടുനീണ്ട് മൂന്നു മണിക്കൂറോളം തുടര്‍ന്ന, ഇടിവെട്ടും മിന്നല്‍പിണരും കൊടുങ്കാറ്റും നിറഞ്ഞ മഹാകാവ്യ വര്‍ഷപാതം... തനിക്ക് ലഭിച്ച പുതിയ ഊര്‍ജപ്രവാഹത്തിന്റെ സ്രോതസ്സായി കവി കണ്ടത് "മങ്കുര്‍ണി" എന്നറിയപ്പെട്ടിരുന്ന "മാങ്ങേന്റെ വെള്ള"മാണ്. രണ്ടു കുപ്പി പൊതിഞ്ഞു നാട്ടിലേക്ക് കൊണ്ടുപോയ കവി, അത് തീര്‍ന്നപ്പോള്‍ സുകുമാരന് എഴുതിയത് കശുമാവിന്‍ തൈകള്‍ എത്തിച്ചുതരണമെന്നാണ്. നല്ല ഇനം കശുമാവിന്‍ തൈകള്‍ പെട്ടിയിലാക്കി സുകുമാരന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് പുറപ്പെട്ടു. കടമ്മനിട്ടയുടെ മകള്‍ ഗീത അവിടെ ബിഡിഎസിന് പഠിക്കുന്നുണ്ട്. ഗീതയുടെ അടുത്ത സുഹൃത്ത് സുകുമാരന്റെ സുഹൃത്തായ ബിഡിഎസ് വിദ്യാര്‍ഥി വിശ്വനാഥന്റെ കാമുകിയാണ്. ഹോസ്റ്റലിലെത്തുമ്പോഴേക്കും ഗീത നാട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. വിശ്വനാഥന്റെ ഒരു പരിചയക്കാരിയെ കശുമാവിന്‍ തൈകളെ ശുശ്രൂഷിക്കാന്‍ ഏല്പിച്ച് സുകുമാരന്‍ മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ഗ്രാമത്തില്‍ മറ്റൊരു പരിപാടിക്ക് വന്നപ്പോള്‍ കടമ്മനിട്ട കുറ്റ്യാട്ടൂരിലെ കശുമാവുകള്‍ തന്റെ പുരയിടത്തില്‍ വളരുന്നതിനെപ്പറ്റിയും അതിന്റെ മാങ്ങകളെക്കുറിച്ചും സംസാരിച്ചു. ആ മാവുകള്‍ വളരുമ്പോഴേക്കും കടമ്മനിട്ട എല്ലാത്തരം മദ്യങ്ങളുടെയും കടുത്ത ശത്രുവായിക്കഴിഞ്ഞിരുന്നു.







കടമ്മനിട്ടയുടെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ശാന്തേച്ചിക്ക് മറ്റൊരു കഥാപാത്രത്തെ ഓര്‍മ വന്നു. ജോണ്‍ . ജോണ്‍ ഒരു കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവന്നാല്‍ ഉണ്ടാകാവുന്ന പുകില്‍ ... ഒരു സന്ധ്യയ്ക്കാണ് തന്റെ തനി സ്വരൂപത്തില്‍ ജോണ്‍ വള്ളിക്കോട്ടെ കൊയ്പ്പള്ളില്‍ വീട്ടിലേക്ക് കടന്നുവന്നത്. കടമ്മനിട്ടയുടെ അമ്മ മുഖം കൈയിലമര്‍ത്തി വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. ആഗതന്‍ വന്ന ഉടനെ ചോദ്യം, കടമ്മനിട്ടയുടെ അമ്മയല്ലേ. "അതേ മോനെ" മറുപടി. "എന്താ ഇങ്ങനെ ഇരിക്കുന്നത്"- "കൈക്കൊരു വേദനയാണ് മോനേ" മറുപടി. ഓ, അതാണോ കാര്യം, അതിപ്പം ശരിയാക്കിത്തരാം എന്ന് ജോണിന്റെ വാഗ്ദാനം. പെട്ടെന്ന് ഒരു മര്‍മ ചികിത്സകനായി മാറി ജോണ്‍ അമ്മയുടെ കൈ പിടിച്ച്തിരിക്കാനും വലിക്കാനും തുടങ്ങി. പിന്നെ കേള്‍ക്കുന്നത് ദീനരോദനമാണ്. ഓടിവായോ ശാന്തേ, ഓടി വായോ എന്ന ദീനരോദനം. ഒരു ഗോസായി അമ്മയുടെ കൈ പിടിച്ചുവലിക്കുന്നു. കൈ വിടുവിക്കാന്‍ അമ്മയുടെ ശ്രമം. പശുവിന് വെള്ളം കൊടുക്കുന്ന തിരക്കിലായിരുന്നു ഞാന്‍ . അമ്മയുടെ കൈ പൊട്ടാഞ്ഞത് ഭാഗ്യം. കുഴമ്പിട്ട് തടവേണ്ടി വന്നു. രാത്രി കടമ്മനിട്ട കാര്യമറിഞ്ഞ് ജോണിനെ വഴക്ക് പറഞ്ഞു. എടാ, നീ എന്റെ അമ്മയുടെ കൈ പൊട്ടിക്കാനാണോ നോക്കിയത്-കൈ പിടിച്ച് നേരെയാക്കാനായിരുന്നു, വേദന പോക്കാനായിരുന്നു തന്റെ ശ്രമമെന്ന് ജോണ്‍ . ഗീതാകൃഷ്ണനും കവിതയുടെ സുഖക്കേടുണ്ടായിരുന്നു. മകന്റെ കവിത അച്ഛന്‍ നോക്കി തിരുത്തുന്ന പ്രശ്നമില്ല. അങ്ങനെയിരിക്കെ വീട്ടില്‍വന്ന് തമ്പടിച്ച ജോണിന് കടമ്മനിട്ട ഒരു പണി കൊടുത്തു. ഒരു ഇമ്പോസിഷന്‍ തന്നെ. ഗീതാകൃഷ്ണന്റെ കവിത നോക്കി തിരുത്തിക്കൊടുക്കണം; അവന് കവിതയെഴുത്തിനെക്കുറിച്ച് പറഞ്ഞുകൊടുക്കണം. കൊച്ചാട്ടന്‍ പറഞ്ഞാല്‍ ആര്‍ക്കാണതിനപ്പീല്‍ . "ഹൃദയതാരകം" എന്ന പേരില്‍ എഴുതിയ കവിത ജോണ്‍ വായിക്കുന്നു. അന്ന് കേരളത്തിലെ എല്ലാ യുവകവികളെയുംപോലെ കടമ്മനിട്ടക്കവിതകളുടെ അനുകരണം അറിയാതെ തന്നെ ഇതിലും വന്നിട്ടുണ്ടായിരുന്നു. പിന്നെ ജോണിെന്‍റ ഭര്‍ത്സനമാണ് "എടാ, നീ നിന്റെ അച്ഛന്റെ നിഴലാകരുത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. നിനക്ക് സ്വന്തമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം എഴുതുക. അത് നിന്റെ രീതിയിലായിരിക്കണം" - അങ്ങനെ ആ ക്ലാസ് നീണ്ടുപോയി







ചെലവും കഴിച്ച് അഞ്ചു രൂപ. അതാണ് ജോണിന്റെ കണക്ക്. പോകുമ്പോള്‍ അഞ്ച് രൂപ കൊടുക്കണം... ആ അപൂര്‍വ ജീനിയസ് ഒടുവില്‍ കടമ്മനിട്ടയുടെ കുടുംബത്തോട് തെറ്റി, വള്ളിക്കോട്ടെ വീട്ടില്‍ വരുന്നതേ നിര്‍ത്തി-അതിന് ഭയങ്കരമായ ഒരു കാരണവുമുണ്ടായിരുന്നു. പതിവുപോലെ ഒരു സന്ധ്യയ്ക്ക് ജോണ്‍ വന്നു. എത്രയോ മാസമായി അലക്കാത്ത പാന്റും ജുബ്ബയും അഴിച്ച് ഭദ്രമായി ഒരിടത്ത് വച്ച് ഗീതാകൃഷ്ണെന്‍റ ലുങ്കിയും ഷര്‍ട്ടും അണിഞ്ഞു. കുളിക്കുകയോ പല്ലു തേക്കുകയോ ചെയ്യുന്നതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്ന ജോണിന് അലക്കിയ വസ്ത്രത്തോടും വല്ലാത്ത അലര്‍ജി തന്നെയുണ്ടായിരുന്നു. അന്ന് കടമ്മനിട്ട ശാന്തേച്ചിയുമായി ചേര്‍ന്ന് ഒരു ഗൂഢാലോചന നടത്തി. മുറ്റത്ത് അടുപ്പ് കൂട്ടി ഒരു കുട്ടകത്തില്‍ ജോണിന്റെ പാന്റും ജുബയും എടുത്തിട്ട് അത് പുഴുങ്ങി അലക്കി വെളുപ്പിച്ച് ഇസ്തിരിയിട്ട് കൊടുക്കുക എന്നതായിരുന്നു ഗൂഢാലോചന. പക്ഷേ ഇടയ്ക്ക് ജോണ്‍ സര്‍ഗനിദ്രയില്‍ നിന്നുണര്‍ന്നു. തന്റെ വിശിഷ്ട വസ്ത്രങ്ങള്‍ കാണാനില്ല. വീടിനു ചുറ്റും നടന്ന് തിരയുകയായി. ആരെങ്കിലും എടുത്ത് എറിഞ്ഞുകളഞ്ഞോ എന്ന ശങ്ക. അതിന്റെ നിറമാകെ മാറി ഉണങ്ങാനിട്ട അവസ്ഥയില്‍ കണ്ടതും ജോണ്‍ കോപിഷ്ഠനായി. മുറ്റത്തിറങ്ങി, ഉണങ്ങാത്ത പാന്റും ജുബ്ബയുമെല്ലാം എടുത്ത് സഞ്ചിയും തൂക്കി ഒരക്ഷരം ഉരിയാടാതെ, പതിവ് അഞ്ച് രൂപ പോലും വാങ്ങാതെ നടകൊള്ളുകയായി. പിന്നെ ജോണ്‍ ഈ പടി കടന്നിട്ടില്ല. ശാന്തേച്ചി കണ്ണു തുടച്ചു.







കടമ്മനിട്ട മലയാളത്തിലെ പ്രോലിറ്റേറിയന്‍ കവിയായി, നിസ്വവര്‍ഗത്തിന്റെ കവിയായി, സമരോത്സുകതയുടെ കവിയായി, നല്ലവനായ കാട്ടാളനായി മുന്നേറിയതിന് ഒരു പശ്ചാത്തലമുണ്ട്. അച്ഛന്‍വഴിക്കും അമ്മവഴിക്കും അനാഥത്വത്തിന്റെ തീവ്രദൈന്യത്തിന്റേതായ പാരമ്പര്യമാണ് കടമ്മനിട്ടക്ക് പകര്‍ന്നുകിട്ടിയത്. അച്ഛന്‍ കടമ്മനിട്ട രാമന്‍നായരുടെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് അമ്മാവന്റെ വീട്ടില്‍ കുഞ്ഞമ്മയുടെ സംരക്ഷണയിലായി ജീവിത സംരക്ഷണം എന്നതു കൊണ്ട് അനാഥത്വം ഇല്ലാതായില്ലെന്നത് വേറെ കാര്യം. സന്ദര്‍ഭവശാല്‍ അതേ വീട്ടില്‍ത്തന്നെയാണ് കടമ്മനിട്ടയുടെ അമ്മ കുട്ടിയമ്മയ്ക്കും താമസിക്കേണ്ടിവന്നത്. കുട്ടിയമ്മയുടെ അമ്മയും ചെറുപ്പത്തിലേ മരിച്ചു. അതോടെ അച്ഛന്‍ സന്ന്യാസിയായി.... കുഞ്ഞൂഞ്ഞ് പണിക്കര്‍ ജാനകീദാസായി. പറവൂര്‍ രാമദാസ് സ്വാമിയാണ് കടമ്മനിട്ടയുടെ അപ്പൂപ്പനായ കുഞ്ഞൂഞ്ഞ് പണിക്കര്‍ക്ക് സന്ന്യാസദീക്ഷ നല്‍കിയതും ജാനകീദാസ് എന്ന് നാമകരണം ചെയ്തതും. ഹിമാലയത്തിലും ബദരീനാഥിലുമെല്ലാം തപസ്സനുഷ്ഠിച്ച ജാനകീദാസ് കോട്ടയം മല്ലപ്പള്ളിക്കടുത്ത് കറുകച്ചാലില്‍ ആശ്രമം സ്ഥാപിച്ചു. ഫലത്തില്‍ രണ്ട് അനാഥ ജന്മങ്ങളായ രാമന്‍നായരും കുട്ടിയമ്മയും ഒരേ തറവാട്ടില്‍ കഴിയുകയായിരുന്നു. അവിടെവച്ച് അവര്‍ വിവാഹിതരാകുന്നു...മേലേത്തറ രാമന്‍നായര്‍ പിന്നീട് പ്രഗല്ഭനായ പടയണി ആശാനായി, കടമ്മനിട്ട രാമന്‍നായര്‍ എന്നറിയപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. ഈ ദമ്പതികളുടെ മൂത്ത മകനാണ് എം ആര്‍ രാമകൃഷ്ണപണിക്കര്‍ എന്ന കടമ്മനിട്ട. രണ്ടാമനത്രെ കടമ്മനിട്ട ഗോപാലകൃഷ്ണപണിക്കര്‍ എന്ന പടയണി ആശാന്‍ . അദ്ദേഹത്തിനും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഇളയവനാണ് കടമ്മനിട്ട ഗോപിനാഥപണിക്കര്‍ ... മുഴുപ്പട്ടിണിയും അര്‍ധപട്ടിണിയുമായ കുടുംബം. പടയണിയാശാനായ രാമന്‍നായര്‍ക്ക് ഒരേയൊരാഗ്രഹം. മൂത്തമകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കണം.... കടമ്മനിട്ട കോളേജില്‍ ചേരുന്നത് അങ്ങനെയാണ്.്..







പഠനകാലത്ത് ഭാഗികമായും പഠനാനന്തരം മുഴുവന്‍ സമയവും പാര്‍ടി പ്രവര്‍ത്തകനായ കടമ്മനിട്ടക്ക് ഒരു ജോലിയില്ലാതെ ജീവിതം തള്ളിനീക്കാനാവുമായിരുന്നില്ല. അടുപ്പില്‍ തീ പുകയുന്നില്ല....ഇളയ അനുജനെയെങ്കിലും കോളേജില്‍ പഠിപ്പിക്കണം..... അങ്ങനെ വിപ്ലവകാരി സജീവരാഷ്ട്രീയം ഉപേക്ഷിച്ച് അസമിലേക്ക് വണ്ടി കയറുകയാണ്. അസമില്‍ എന്തെങ്കിലും പണിയെടുത്ത് ജീവിക്കുക..... വൈലോപ്പിള്ളിയുടെ "ആസാം പണിക്കാര്‍" എന്ന കവിതയൊക്കെ വന്നിട്ട് 18 വര്‍ഷം കഴിഞ്ഞാണ് കടമ്മനിട്ടയുടെ ദേശാന്തരം. അസമില്‍ സ്ഥലംമാറ്റംകിട്ടി എത്തിയ പട്ടാളക്കാരനായ അമ്മാവന്‍ വിചാരിച്ചാല്‍ എന്തെങ്കിലും ജോലി കിട്ടുമെന്നാണ് പ്രതീക്ഷ. പക്ഷേ അസമില്‍ കാലുകുത്തേണ്ടിവന്നില്ല. ഹൗറയില്‍ വണ്ടി ഇറങ്ങിയപ്പോഴേക്കും പുതിയൊരാശയമുദിച്ചു. എന്‍എസ്എസ് പ്രസിഡന്റ് ഗോവിന്ദമേനോന്റെ മകന്‍ കല്‍ക്കത്തയിലുണ്ട്. 24 പര്‍ഗാനയിലെ ഗാന്ധി ആശ്രമത്തില്‍ . അവിടെ പലപല കൈത്തൊഴിലുകളിലേര്‍പ്പെട്ട് വിവിധ നാട്ടുകാരായ നിരവധിപേര്‍ കഴിയുന്നുണ്ട്. 24 പര്‍ഗാനയിലെ ഒരു കുടുസ്സുമുറിയില്‍ താമസിച്ചുകൊണ്ട് ഗാന്ധിആശ്രമത്തിലെ തീപ്പെട്ടിക്കമ്പനിയില്‍ എം ആര്‍ രാമകൃഷ്ണപണിക്കര്‍ ഒരു അപ്രന്റീസായി ചേരുന്നു. ആശ്രമത്തിലെ നിയമങ്ങള്‍ കടുകട്ടി. അതെല്ലാം അനുസരിച്ച് ഒരു തൊഴിലാളിയായി ഏതാനും മാസം.....







കടമ്മനിട്ടക്കാവിലെ കാളിയുടെ ഉപാസകനായ രാമകൃഷ്ണന്‍ 24 പര്‍ഗാന ജില്ലയുടെയും കല്‍ക്കത്തയുടെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ബംഗാളി ഗ്രാമീണന്റെ ജീവിതം കണ്ടു. ദുര്‍ഗാദേവി പൂജയുടെ ഭക്തിസാന്ദ്രതയും വികാരതീവ്രതയും ഉള്‍ക്കൊണ്ടു. തിന്മയുടെ പ്രതീകമായ ദാരികനെ നിഗ്രഹിക്കുന്ന കാളിയുടെ, ദുര്‍ഗയുടെ ബിംബം ആ മനസ്സില്‍ ഒന്നുകൂടി തിടംവച്ചു..... അങ്ങനെയിരിക്കെയാണ് പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍ ഓഡിറ്റ് വിഭാഗത്തില്‍ ജോലി ലഭിച്ചതായുള്ള അറിയിപ്പ് കടമ്മനിട്ടയിലെ വീട്ടില്‍ കിട്ടുന്നത്. ഫോണ്‍ വിളിക്കാന്‍ സൗകര്യമില്ല. അറിയിക്കാന്‍ കത്ത് മാത്രമാണ് മാര്‍ഗം. കത്തയച്ചാല്‍ മദിരാശിയില്‍ ജോലിക്ക് ചേരേണ്ട സമയത്തിന് മുമ്പ് എത്താന്‍ സാധിക്കുമോ എന്ന് നിശ്ചയമില്ല. കമ്പനിയില്‍നിന്ന് പുറത്തുവിടില്ലെന്ന പ്രശ്നവുമുണ്ട്. അതുകൊണ്ട് കല്‍ക്കത്തയില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിവരമറിയിക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ആ സുഹൃത്ത് രാമകൃഷ്ണനെ ചെന്നുകണ്ട് കാര്യം അറിയിക്കുകയുംചെയ്തു. "അമ്മ മരിച്ചു; ഉടന്‍ പുറപ്പെടുക" എന്ന് കമ്പിസന്ദേശം. കമ്പനിയില്‍നിന്ന് പുറത്തേക്ക് വിടാന്‍ മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് ആ അടവെടുത്തത്. കമ്പി കിട്ടിയ ഉടനെത്തന്നെ രാമകൃഷ്ണന്‍ മദിരാശിയിലേക്ക് പുറപ്പെട്ടു. അഡൈ്വസ് മെമ്മോയുമായി നാട്ടില്‍നിന്ന് മദിരാശി മെയിലില്‍ ബന്ധുവും..... 1959മുതല്‍ 67വരെയാണ് കടമ്മനിട്ട മദിരാശിയില്‍ ജോലിചെയ്തത്.







കുടുംബത്തെ സംരക്ഷിക്കുന്നതിന് കിട്ടുന്ന അണ പൈ മുഴുവന്‍ ഉപയോഗിക്കുക-അതായിരുന്നു കടമ്മനിട്ടയുടെ നയം. അതിനായി കഠിനാധ്വാനവും പിശുക്കും.... "പോസ്റ്റല്‍ ഓഡിറ്റ് വിഭാഗത്തില്‍ അന്ന് ഓവര്‍ടൈം കിട്ടുമായിരുന്നു. മണിഓര്‍ഡര്‍ കൂപ്പണുകളുടെയും മറ്റും വലിയ കെട്ടുമായാണ് രാത്രി വീട്ടില്‍ വരിക. ഊണുകഴിഞ്ഞശേഷം മണിക്കൂറുകളോളം അതിന്റെ പിന്നാലെയായിരിക്കും. അതില്‍നിന്ന് കിട്ടുന്ന ഓവര്‍ടൈം വരുമാനം ഏറെ സഹായകമായി"- ശാന്തച്ചേച്ചി അനുസ്മരിച്ചു. കടമ്മനിട്ടയുടെ പിശുക്ക് പ്രശസ്തമാണ്. അതേക്കുറിച്ച് അങ്ങോട്ട് ചില കഥകള്‍ പറഞ്ഞപ്പോള്‍ സദസ്സില്‍വച്ച് ഗോപിനാഥപണിക്കര്‍ പൊട്ടിച്ചിരിച്ചു. കടമ്മനിട്ട കടമ്മനിട്ടയായി കഴിഞ്ഞശേഷമാണ് സംഭവം. അനുജന്‍ ഗോപിക്കും അന്ന് ഗോവയില്‍ ജോലികിട്ടിക്കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും ഒന്നിച്ച് തിരുവനന്തപുരത്ത് പോകണം. ഗോപി പുലര്‍ച്ചെതന്നെ വള്ളിക്കോട്ടെ വീട്ടിലെത്തുന്നു. അഞ്ചരയുടെ സ്റ്റേറ്റ് ബസ്സിന് പോകാന്‍ കട്ടന്‍ മാത്രം കഴിച്ച് ഇറങ്ങി. പ്രഭാതഭക്ഷണത്തിനായി ബസ്സ് ചടയമംഗലത്ത് നിര്‍ത്തി. അനുജനെയും കൂട്ടി ചേട്ടനും പുറത്തിറങ്ങി. ഹോട്ടലിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഒരു ബോധോദയംപോലെ ചേട്ടന്‍ പറയുകയാണ്: "എടാ, നമ്മുടെ കാന്റീനില്‍ നല്ല പുട്ടും കടലയും കിട്ടും. ഇവിടുന്ന് കഴിക്കേണ്ട...." ചേട്ടന്റെ ചേതോവികാരം മനസ്സിലാക്കി ഒന്നുംമിണ്ടാതെ തിരിഞ്ഞുനടന്നു. തിരുവനന്തപുരത്തെത്തുമ്പോള്‍ വൈകിയതിനാല്‍ കാന്റീനില്‍ ഒന്നുമുണ്ടായിരുന്നില്ല. "ഇനി സാരമില്ല. ഉച്ചക്ക് ഉണ്ണാം"- ചേട്ടന്‍ ആശ്വസിപ്പിക്കുകയാണ്. അന്നുച്ചക്ക് ഊണ് ഫ്രീയായിരുന്നു. മുരളി പുതിയൊരു ഫിയറ്റ് കാര്‍ വാങ്ങിയതിന്റെ ആഘോഷം......







പിശുക്കുണ്ടെങ്കിലും സ്നേഹവാത്സല്യങ്ങളുടെ കാര്യത്തില്‍ കടമ്മനിട്ടച്ചേട്ടനെ കഴിച്ചേ മറ്റാരുമുള്ളു. മദിരാശിയില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഗോപി ചേട്ടനൊന്നിച്ചായിരുന്നല്ലോ താമസം. ഗോവയില്‍ ജോലി കിട്ടി പോയശേഷവും ലീവില്‍ വന്നാല്‍ തിരുവനന്തപുരത്ത് പൈപ്പിന്‍മൂട്ടിലുള്ള തന്റെ വാടകവീട്ടില്‍ വന്ന് താമസിച്ചുകൊള്ളണം എന്ന് നിര്‍ബന്ധമായിരുന്നു. വീട്ടിനകത്തും ലോഡ്ജുകളിലും ബാറുകളിലും നടന്ന പ്രതിഭാസംഗമങ്ങളില്‍ മുരളിക്കും നെടുമുടിക്കും നരേന്ദ്രപ്രസാദിനുമെല്ലാമൊപ്പം ഗോപിക്കും പ്രവേശനമുണ്ടായിരുന്നു. അത്തരമൊരു പ്രതിഭാസംഗമത്തില്‍ ഗോപിനാഥപണിക്കരെ കൈയേറ്റം ചെയ്തുവെന്ന സംശയത്തില്‍ ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കടമ്മനിട്ട തല്ലിയ സംഭവവുമുണ്ടായിട്ടുണ്ടത്രെ.... കോട്ടയം മല്ലപ്പള്ളിയിലെ കറുകച്ചാല്‍ ആശ്രമത്തില്‍ വാരാന്ത്യങ്ങളില്‍ എത്തുന്ന സന്ദര്‍ശകരായിരുന്നു കുട്ടിയമ്മയും മക്കളും. ആഴ്ചയില്‍ ഒരു രാത്രിയും രണ്ടു പകലും നീളുന്ന ആശ്രമവാസം കടമ്മനിട്ടയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഉച്ചത്തിലുള്ള നാമജപവും സന്ധ്യാലക്ഷ്മീ കീര്‍ത്തനവും വേദേതിഹാസപാരായണവും. മുത്തച്ഛന്‍ ജാനകീദാസ് സ്വാമി നല്‍കിയ ഈണങ്ങള്‍ .....ആശ്രമത്തിലെ പുരാണഗ്രന്ഥങ്ങള്‍ കൊച്ചു കടമ്മനിട്ടയുടെ മനസ്സില്‍ പദങ്ങളുടെയും താളത്തിന്റെയും തത്വങ്ങളുടെയും സമ്പത്തുണ്ടാക്കി...







പിന്നീടെന്നോ ആശ്രമത്തില്‍ മോഷണം നടക്കുകയും എല്ലാം പാഴാണെന്ന തിരിച്ചറിവില്‍ ആശ്രമം "പിരിച്ചുവിട്ട്" ജാനകീദാസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തെങ്കിലും ആശ്രമത്തിലെ അനുഭവങ്ങള്‍ രാമകൃഷ്ണന്റെ മനസില്‍ കൂടുകൂട്ടി. സാഹിത്യത്തോടും പാട്ടിനോടുമുള്ള അഭിനിവേശം.... പടയണി ചെറുപ്പത്തിലേ രാമകൃഷ്ണന്റെ മനസ്സില്‍ രൗദ്രതാളങ്ങള്‍ നിറച്ചു. കറുകച്ചാല്‍ ആശ്രമാനുഭവത്തിന്റെ തുടര്‍ച്ചയും ഇടര്‍ച്ചയുമായി പടയണിപ്പാട്ടുകളും പടയണിത്തുള്ളലും. രാമായണ-മഹാഭാരത-ഭാഗവതാദി ഗ്രന്ഥങ്ങളുമായുള്ള ബന്ധമാണ് ആശ്രമത്തില്‍നിന്നെങ്കില്‍ കടമ്മനിട്ടക്കാവിലെ പടയണിയനുഭവം കാളീപൂജയുടെയും ദാരികനെ വധിക്കുന്ന കാളിയുടെ ഭൈരവിയുടെ ദ്രാവിഡപ്രഭാവത്തിന്റെ അനുഭവമായിരുന്നു. അച്ഛന്‍ മേലേത്തറയില്‍ രാമന്‍നായര്‍ പടയണിയാശാനും പടയണിയിലെ തപ്പുമേളക്കാരനും. അമ്മാവന്‍ കടമ്മനിട്ട രാമന്‍നായരും പടയണി കലാകാരന്‍ . കുടുംബപരമായി പടയണിക്കാരനാണെങ്കിലും മൂത്തമകനെ അതുമായി അടുപ്പിക്കാതെ കോളേജിലയച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കിയേ തീരൂ എന്നതായിരുന്നു മേലേത്തറയില്‍ രാമന്‍നായരുടെ ശപഥം. കോട്ടയം സിഎംഎസ്സിലും ചങ്ങനാശ്ശേരി എന്‍എസ്്എസ്സിലും പഠിച്ച് 1957ല്‍ ബിരുദമെടുത്ത രാമകൃഷ്ണന് രണ്ട് വര്‍ഷത്തിനകംതന്നെ അച്ഛന്‍ ആഗ്രഹിച്ചതുപോലുള്ള ജോലി കിട്ടുകയുംചെയ്തു. പടയണിക്കാരനായില്ലെങ്കിലും പടയണിയുടെ പാട്ടും തപ്പുതാളവും അന്തര്‍ലീനമാവുകയും അത് പുതിയൊരു കാവ്യസംസ്കാരമായി ഉരുവംകൊള്ളുകയുംചെയ്തു. കവിതയുടെ സൃഷ്ടി തുടങ്ങുംമുമ്പ് നല്ലൊരു കാവ്യപ്രഭാഷകനായും രാമകൃഷ്ണന്‍ പേരെടുത്തു. വയലാറിന്റെ "ആയിഷ"യും മഹാകവി പി കുഞ്ഞിരാമന്‍നായരുടെ കവിതകളുമെല്ലാം പത്തനംതിട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാസമിതി വാര്‍ഷികങ്ങളിലും ക്ഷേത്രോത്സവവേദികളിലുമെല്ലാം രാമകൃഷ്ണന്‍ അവതരിപ്പിച്ച് പേരെടുത്തു. കടമ്മനിട്ടക്കാവിലെ പടയണിക്ക് പാട്ടുപാടാനും രാമകൃഷ്ണന്‍ റെഡി. അങ്ങനെ വശ്യവചസ്സായി, പുതിയ താളസ്രഷ്ടാവായി, പുതിയ ഈണത്തിന്റെയും വികാരാവേഗങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദഗാംഭീര്യത്തിന്റെയും ചൊല്‍ക്കാഴ്ചയുടെ പ്രതിരൂപമായി എം ആര്‍ രാമകൃഷ്ണപണിക്കര്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന സാര്‍ഥക മുഴക്കമായി സംഭവിച്ചു....







അനന്തമൂര്‍ത്തിയും അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും ഗോപിയും നരേന്ദ്രപ്രസാദും നെടുമുടിവേണുവും മുരളിയുമടക്കമുള്ള മഹാപ്രതിഭകളുടെ സാന്നിധ്യവും സംഗമവുംകൊണ്ടുകൂടി കടമ്മനിട്ടക്കാവിലെ പടയണി പുഷ്കലമായി. സുഹൃദ്സംഘങ്ങള്‍ക്ക് കടമ്മനിട്ട ഗുരുജിയും കുറേക്കൂടി അടുപ്പമുള്ളവര്‍ക്ക് കൊച്ചാട്ടനുമായി. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന അനുഷ്ഠാനമായ പടയണിയോടെന്നപോലെ വടക്കേ മലബാറിലെ കാവുകളിലെ തെയ്യം തിറകളോടും കടമ്മനിട്ടക്ക് വലിയ കമ്പമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയില്‍ പരേതനായ കാന്തലോട്ട് കരുണന്റെ വീട്ടില്‍ ഒരു രാത്രി കടമ്മനിട്ട അതിഥിയായെത്തി. ഒരുകാലത്ത് നക്സല്‍ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കാന്തലോട്ട് കരുണന്‍ സജീവരാഷ്ട്രീയമെല്ലാം വിട്ട് കൃഷിയും പശുവളര്‍ത്തലുമായി കഴിയുന്ന കാലം. ഫോക്ലോര്‍ സൈദ്ധാന്തികനായ അനന്തരവന്‍ രാഘവന്‍ പയ്യനാടിനൊപ്പം എത്തിയ കടമ്മനിട്ടയെ എല്ലാവരും ചേര്‍ന്ന് നയിച്ചത് തൊട്ടടുത്ത വയലിലെ പുതിയ ഭഗവതിത്തിറ കാണുന്നതിനാണ്. ആതിഥേയരില്‍ ഭൂരിപക്ഷവും ഉറക്കച്ചടവ് കാരണം വീട്ടിലേക്ക് മടങ്ങിയിട്ടും പുലര്‍കാലമഞ്ഞും തണുപ്പും അസഹ്യമായ പൊടിയും സഹിച്ച് കടമ്മനിട്ട തെയ്യത്തിന്റെ മാസ്മര നൃത്തം കാണാനിരുന്നു. ആ തെയ്യക്കണ്ടത്തില്‍ തണുപ്പിനെ അകറ്റാന്‍ മറ്റു "ഭക്തജന"ങ്ങളില്‍നിന്ന് ബീഡി വാങ്ങി വലിച്ച്, വീണ്ടും ബീഡിക്ക് ചോദിച്ച് കവി നടന്നത് പലരും മറന്നിട്ടുണ്ടാവില്ല. ഇന്ന് പല വന്‍ സിനിമാതാരങ്ങള്‍ക്കുമുള്ളത്ര "ഗ്ലാമര്‍" അന്ന് കടമ്മനിട്ടക്കുണ്ടായിരുന്നു. കടമ്മനിട്ട എന്നുകേട്ടാല്‍ ആവേശം നിറയുന്ന കാലം. ആ കാലത്താണ് തെയ്യക്കണ്ടത്തില്‍ ബീഡിചോദിച്ചുവാങ്ങി വലിച്ചും കടല കൊറിച്ചും യാതൊരസ്വാഭാവികതയുമില്ലാതെ കടമ്മനിട്ട..... ജാട എന്നത് കടമ്മനിട്ടക്കറിയില്ലായിരുന്നു. തന്റെ മുന്നില്‍ ജാട കാട്ടുന്നവരെ യാതൊരു കരുണയുമില്ലാതെ ആട്ടുന്ന സ്വഭാവവുമുണ്ടായിരുന്നു. ഏതെങ്കിലും വീട്ടില്‍പോയാലും തന്റെ വീട്ടിലെന്നപോലെയുള്ള പെരുമാറ്റം...വീട്ടില്‍ വന്നുകയറിയ ഉടന്‍ കുപ്പായമഴിച്ചുവയ്ക്കല്‍ ... പലപ്പോഴും മുണ്ടും... മറ്റുസ്ഥലങ്ങളില്‍ചെന്നാലും അതിന് മാറ്റമില്ലെന്നുപറഞ്ഞ് ശാന്തേച്ചി ചിരിച്ചു..... "യുഎസ് മലയാളി ഫൗണ്ടേഷന്‍ അവാര്‍ഡ് കടമ്മനിട്ടക്ക് കിട്ടുന്നത് 1984ലാണ്. അത് വലിയൊരു സഹായമായിരുന്നു. രണ്ടു മൂന്നാഴ്ചയോളം അമേരിക്കയിലും കനഡയിലും പര്യടനം നടത്തി കവിത അവതരിപ്പിച്ചു; പ്രസംഗിച്ചു. അമേരിക്കയിലും കനഡയിലുമായിരുന്നിട്ടും യാത്രയിലും പ്രോഗ്രാമുകളിലും മുണ്ടും ജുബ്ബയുമായിരുന്നു വേഷം. ആ യൂണിഫോം മാറാന്‍ ഒരിക്കലും കൂട്ടാക്കിയില്ല"-ശാന്തേച്ചിയും ഗോപിച്ചേട്ടനും അനുസ്മരിച്ചു. പുതിയ ഭാവുകത്വപ്രക്ഷേപണത്തിന്, പുരോഗമന രാഷ്ട്രീയത്തിന,് സൗന്ദര്യശാസ്ത്രപിന്‍ബലമേകുന്ന കൂട്ടായ്മകള്‍ക്ക,് കവിയരങ്ങ് എന്ന മഹാപ്രസ്ഥാനത്തിന് ചൈതന്യം പകരുകയും നേതൃത്വം നല്‍കുകയും ചെയ്ത കടമ്മനിട്ട അറുപതുകളുടെ രണ്ടാം പകുതിയോടെ മാത്രമാണ് കാവ്യരചനയില്‍ സജീവമാകുന്നത്.







മദിരാശിയില്‍ എം ഗോവിന്ദനും മറ്റും നേതൃത്വം നല്‍കിയ കൊച്ചു സാഹിത്യ കൂട്ടായ്മകളില്‍ , സാഹിത്യസമാജങ്ങളില്‍ പങ്കാളിയായിക്കൊണ്ടാണ് രചനാ രംഗത്ത് കടമ്മനിട്ട പ്രത്യക്ഷനാകുന്നത്. പുതിയ സൗന്ദര്യബോധവും പുതിയ യുക്തികളും നിറഞ്ഞ ചോദ്യങ്ങളും ഇടപെടലുകളും കടമ്മനിട്ടയെ സദസ്സില്‍ ശ്രദ്ധേയനാക്കുകയും ഗോവിന്ദന്‍ പ്രോത്സാഹകനായിത്തീരുകയും കടമ്മനിട്ട ചുവടുറപ്പിക്കുകയുമായിരുന്നു. പില്ക്കാലത്ത് "ന്യൂഡല്‍ഹി ഇന്ന്" മാസിക നടത്തിയ ടി വി കുഞ്ഞികൃഷ്ണന്‍ പത്രാധിപരായി മദിരാശിയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയ "അന്വേഷണം" എന്ന പുത്തന്‍ കൂറ്റ് മാസികയിലാണ് കടമ്മനിട്ടയുടെ കവിത ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്-




താറും കുറ്റിച്ചൂലും -1965ല്‍ . അതിനുമുമ്പ് എത്രയോ കവിതകള്‍ എഴുതിവച്ചെങ്കിലും പ്രസിദ്ധപ്പെടുത്തിയില്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സാഹിത്യ വാരിക കവിത നിരസിച്ചതോടെ ചോദിച്ചാലല്ലാതെ കവിത അയക്കുന്നത് കടമ്മനിട്ട നിര്‍ത്തി. പ്രസ്തുത വാരികയില്‍ ഒരു കവിതയും പ്രസിദ്ധപ്പെടുത്താതെ തന്നെ കടമ്മനിട്ടയെ മഹാകവിയായി കേരളം നെഞ്ചേറ്റുകയും ചെയ്തു. "കലാകൗമുദിക്കു വേണ്ടി കവിത കൊടുക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നതും കവിത വാങ്ങിക്കൊണ്ടുപോയി കൊടുക്കാറുള്ളതും നെടുമുടിയായിരുന്നു. ഓണക്കാലത്ത് എല്ലാ ആഴ്ചപ്പതിപ്പുകാരും കവിത ചോദിക്കും. മുന്‍കൂര്‍ കാശ് വരെ അയക്കും. പക്ഷേ അദ്ദേഹം ഞെക്കിപ്പഴുപ്പിച്ച് ഓണപ്പതിപ്പുകള്‍ക്കുവേണ്ടി എഴുതാറില്ലായിരുന്നു" - ശാന്തച്ചേച്ചി അനുസ്മരിച്ചു. തീവ്രവേദന സഹിച്ചുകൊണ്ടാണ,് സ്വയം വല്ലാതെ പീഡിപ്പിച്ചുകൊണ്ടാണ് കടമ്മനിട്ട മനസ്സില്‍ കവിതകള്‍ രചിച്ചത്. ഓരോ അക്ഷരവും ഓരോ വാക്കും ഓരോ വരിയും ഉരുവം കൊള്ളുന്ന സൃഷ്ടിയുടെ മഹാമുഹൂര്‍ത്തങ്ങള്‍ .. തിരുവനന്തപുരത്ത് പൈപ്പിന്‍മൂട്ടിലെ വാടകവീടിന് തൊട്ടടുത്താണ് (സാഹിത്യവാരഫലം) എം കൃഷ്ണന്‍നായരുടെ വസതി. വീട്ടുമുറ്റത്ത്, കടമ്മനിട്ട മറ്റെങ്ങും ശ്രദ്ധിക്കാതെ ഇടതുകൈ മൂര്‍ധാവില്‍ തിരുപ്പിടിപ്പിച്ച് നടക്കുന്നത് കാണുമ്പോള്‍ കൃഷ്ണന്‍നായര്‍ സാര്‍ പറയുമായിരുന്നുവത്രേ-അതാ അവിടെ ഒരു കവിത ജന്മമെടുക്കുകയാണ്. ഒന്നുകില്‍ ഇടതുകൈകൊണ്ട് മൂര്‍ധാവിലെ മുടി അതിശക്തിയോടെ പിഴുതെടുത്തെറിയുക, അല്ലെങ്കില്‍ വലതുകൈ കൊണ്ട് നെഞ്ചിലെ രോമം പിഴുതെടുത്തെറിയുക-അങ്ങനെ നൂറുനൂറു മുടികൊഴിച്ചിലിനുശേഷമാണ് മനസ്സില്‍ വരികള്‍ കൂടുകൂട്ടുന്നത്. ദിവസങ്ങളും ചിലപ്പോള്‍ മാസങ്ങളും നീളുന്ന ആ പ്രക്രിയയിലൂടെ രൂപം കൊള്ളുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്ന കവിത കടലാസില്‍ കോറിയിടുന്നത് എത്രയോ കഴിഞ്ഞ്. കവിയരങ്ങുകളില്‍ തന്റെ കവിത നോക്കി വായിക്കേണ്ടി വരാറില്ലായിരുന്നു. അത് രൂപം കൊണ്ടതുപോലെ തന്നെ സ്വാഭാവികമായി പ്രവഹിക്കുകയും ചെയ്തുപോന്നു. കടമ്മനിട്ടക്കവിതകളുടെ സൃഷ്ടിക്കു പിന്നില്‍ അനുഭവങ്ങള്‍ തന്നെയാണ് പ്രേരകശക്തി. "കുറത്തി" എന്ന കവിതയ്ക്ക് പിന്നില്‍ ഒരു ബാഹ്യപ്രേരണ, അഥവാ ഒരഭ്യര്‍ഥനയുടെ ഫലമാണതെന്ന് ശാന്തച്ചേച്ചി ഓര്‍ക്കുന്നു.







വാഴമുട്ടത്ത് ഭാര്യയുടെ തറവാട് വീട്ടില്‍ കടമ്മനിട്ട താമസിക്കുന്ന കാലം. കുറവ സമുദായത്തില്‍പെട്ടവരാണ് തറവാട്ടിലെ കര്‍ഷകതൊഴിലാളികള്‍ . ഒരു കണ്ണില്ലാത്ത, കാളി എന്ന കുറവ സ്ത്രീ കടമ്മനിട്ടയ്ക്ക് ഒരു മുരുട പാല് കൊടുക്കുന്നു. അയിത്തം നിലനില്ക്കുന്ന കാലം. കടമ്മനിട്ട പാല്‍ കുടിക്കുന്നു. "ഞങ്ങളെപ്പറ്റി എന്താ പാട്ടെഴുതാത്തത്" എന്ന് കാളി ചോദിക്കുന്നു. "നോക്കട്ടെ, എഴുതാം" എന്ന് കവി. കേരളം അത്യാവേശത്തോടെയും രോഷത്തോടെയും വിപ്ലവക്കരുത്തോടെയും പാടിനടന്ന, കുറത്തി എന്ന മഹാകാവ്യത്തിന്റെ പിറവി അങ്ങനെയത്രേ. ശാന്തച്ചേച്ചിക്ക് ഏറ്റവും ഇഷ്ടം "ശാന്ത" തന്നെയാവുക സ്വാഭാവികം. "അയാളെന്ത് കവിതയാണെഴുതുന്നത്. സ്വന്തം പെമ്പ്രന്നോത്തിയെക്കൊണ്ട് കവിതയെഴുതുന്നതൊക്കെ മോശമല്ലേ" എന്ന് പലരും എന്നോട് ആക്ഷേപിച്ച് പറയുകയുണ്ടായി. "എന്നെപ്പറ്റി മാത്രമല്ലല്ലോ എല്ലാ പെണ്ണുങ്ങളെയും പറ്റിയല്ലേ എഴുതിയിരിക്കുന്നത്. എന്റെ പേരിട്ടുവെന്നല്ലേയുള്ളൂ" എന്നാണ് ഞാനവരോട് പറഞ്ഞത്. കവിതയിലൂടെ ഏറ്റവും പ്രശസ്തയായ കവിപത്നി അഭിമാനബോധത്തോടെ പറഞ്ഞു. കുറത്തിയും കാട്ടാളനും കിരാതവൃത്തവും പോലെ ചൂഷിതവര്‍ഗത്തിന്റെ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും ഇതിഹാസമാണ് അടിയന്തരാവസ്ഥയുടെ കരിമ്പാറയെ പിടിച്ചുലയ്ക്കാന്‍ ശ്രമിച്ച ശാന്ത-കടമ്മനിട്ടക്കവിതകളുടെ പശ്ചാത്തലത്തിലേക്ക് മാത്രം വിഹഗ വീക്ഷണം നടത്തി കവിതകളിലേക്കു കടക്കുകയേ ചെയ്യാതെ ഈ നിബന്ധം സമാപ്തം.

@@

കെ ബാലകൃഷ്ണന്‍



13 August, 2011

അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍

ആണുങ്ങള്‍ക്ക് പലപ്പോഴും പെണ്ണുങ്ങള്‍ ഒരു പ്രശ്നമാണ്. അല്ലെങ്കില്‍ ഒരു വിഷയമാണ്. പെണ്ണുങ്ങള്‍ക്ക് പലപ്പോഴും ആണുങ്ങളും. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. സ്ത്രീവിഷയം എന്നൊരു പ്രത്യേക വിഷയം തന്നെ നമ്മള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വെറുതെയല്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും പുരോഹിതന്മാരുടെയും ഒക്കെ അവിശ്രാന്തമായ അധ്വാനം ഇതിനു പിന്നിലുണ്ട്. ക്ലാസ്മുറിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും തമ്മില്‍ തൊടാതെ രണ്ടു ഭാഗത്തായി "സുരക്ഷിതരായി" ഇരുത്തുന്നതു തൊട്ട് തുടങ്ങുന്നു ഇത്.

"ആണ്‍കുട്ടികളെ സൂക്ഷിക്കണം" എന്ന് പെണ്‍കുട്ടികളോടും പെണ്‍കുട്ടികളെ നോക്കുന്നത് തന്നെ മോശം സ്വഭാവമാണെന്ന് ആണുങ്ങളെയും നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിക്കഴിയുമ്പോള്‍ കാര്യം ഇതിലേറെ തമാശയാണ്. ഒരു സ്ത്രീയെ കാണുമ്പോള്‍, പരിചയപ്പെടുമ്പോള്‍ ഒരു പുരുഷനു മുന്നിലുള്ള ആദ്യത്തെ പ്രശ്നം അവളെ ആരായി കാണണം എന്നതാണ്. അതൊരു വിഷമം പിടിച്ച പ്രശ്നമാവുന്നത് അവന് തെരഞ്ഞെടുക്കാന്‍ അറിയാവുന്ന ഉത്തരങ്ങള്‍ പരിമിതമാണ് എന്നതുകൊണ്ടത്രേ. അവന്‍ പരിചയിച്ച ഉത്തരങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:

ഒന്ന്: അമ്മ എന്നുവച്ചാല്‍ കവിയൂര്‍ പൊന്നമ്മ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടം. അങ്ങനെ ഒരമ്മയെ കിട്ടിക്കഴിഞ്ഞാല്‍ സുഖമാണ് ജീവിതം. നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് "അമ്മ" ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍ . പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും "വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം" എന്നും അവള്‍ക്കറിയാം (ഈയടുത്തിറങ്ങിയ "കേരളാ കഫേ" എന്ന സിനിമയിലെ "ലളിതം ഹിരണ്‍മയം" എന്ന കഥയില്‍ ജ്യോതിര്‍മയി അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം ഈയിനത്തില്‍ പെടുന്ന ഒരമ്മയായിരുന്നു). താന്‍ വല്ല വികൃതിയുംകാണിച്ചാല്‍ "അങ്ങേര്‍" സഹിക്കുകയില്ല എന്നും അവള്‍ക്ക് നല്ലപോലെ അറിയാം. ചുരുങ്ങിയപക്ഷം കോക്ടെയിലിലെ ജയസൂര്യയുടെ ഭാര്യയെപ്പോലെ പക്ഷാഘാതമടിച്ച് കിടക്കുകയെങ്കിലും വേണ്ടിവരും എന്നും.

രണ്ട്: കാമുകി ധാരാളം എഴുതപ്പെട്ടിട്ടുണ്ട് പ്രണയത്തെപ്പറ്റി. ഒട്ടുമിക്കതും എഴുതിയത് ആണുങ്ങള്‍ തന്നെ. കാല്‍പ്പനികമായാലും മാംസനിബദ്ധമായാലും പ്രണയത്തിന്റെ (പ്രണയത്തിന്റെ സാക്ഷാത്കാരമായി ആഘോഷിക്കപ്പെടുന്ന ദാമ്പത്യത്തിന്റെയും) എഴുതിയതും എഴുതാത്തതുമായ നിയമങ്ങളൊക്കെ ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. വിവാഹം കഴിക്കുന്നതിലൂടെ അവന്‍ ഒരു സ്ത്രീയ്ക്ക് "ജീവിതം നല്‍കുക"യാണ്. ചാരിത്ര്യശുദ്ധി മുതലായ സങ്കല്പങ്ങള്‍ അത്രയും സ്ത്രീയ്ക്ക് മാത്രം ബാധകമാണ്. ഇനി പ്രണയവും വിവാഹവും വേണ്ടെന്നു വച്ചാലാകട്ടെ, ആണിന്റെ താങ്ങില്ലാത്ത സ്ത്രീയെ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നതും. പോരാത്തതിന് പുരുഷന് ആത്മാവിഷ്കാരത്തിനുള്ള മാര്‍ഗം കൂടിയത്രേ പ്രണയം. കേരളത്തില്‍ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും അങ്ങനെത്തന്നെയാണ്. പ്രണയം കേരളീയര്‍ക്ക് പൊതുവേ "ദുഃഖപര്യവസായിയായ ഒരു കഥ"യാവുന്നതിനെപ്പറ്റി, കൂടുതല്‍ ക്രിയാത്മകമായതും സന്തോഷം തരുന്നതുമായ പ്രണയങ്ങള്‍ ഉണ്ടാവേണ്ടതിനെപ്പറ്റി എല്ലാം ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം എം മുകുന്ദന്‍ എഴുതിയിരുന്നു. എഴുത്തിന്റെയും കലയുടെയും ലോകത്തെ പ്രണയത്തെപ്പറ്റി അദ്ദേഹം എഴുതി: "എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ടു മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.." "...പെണ്ണും പ്രണയവും പിക്കാസോവിെന്‍റ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍ ... പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ലോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി". സാര്‍ത്രിന്റെയും സിമോന്‍ ദ് ബുവാറിന്റെയും ജീവിതത്തെപ്പറ്റി അദ്ദേഹം പറയുന്നു: "ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്തിരുന്നില്ല. എല്ലാം അവര്‍ പരസ്പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്പരം ആഴത്തില്‍ സ്നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചുകഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി". എന്നിട്ടും മുകുന്ദന്‍ പ്രണയം എന്ന് പറയുമ്പോള്‍ ഓര്‍ക്കുന്ന പേരുകളില്‍ സിമോന്‍ ദ് ബുവാറിന്റെ പേരില്ല. അങ്ങനെ, മലയാളി ശീലിച്ചിട്ടില്ലാത്ത പലതരം പ്രണയങ്ങളെ നമുക്ക് പരിചയപ്പെടുത്തുമ്പോഴും (അതൊരു നല്ല കാര്യം തന്നെ) "ആണുങ്ങള്‍ക്ക്" ആത്മാവിഷ്കാരത്തിനുള്ള ഭാഷ മാത്രമായിട്ടാണ് അതില്‍ പെണ്ണ് കടന്നുവരുന്നത്. ആത്മാവിഷ്കാരം, കല, എഴുത്ത് ഇതൊക്കെ "ആണുങ്ങള്‍ക്ക് പറഞ്ഞ" കാര്യങ്ങളാണല്ലോ.

മൂന്ന്: ഒരു "കുറ്റി" കുറച്ചു "മോഡേണ്‍" ആയി വസ്ത്രം ധരിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്താല്‍ അവള്‍ ആരുടെ കൂടെയും എപ്പോഴും കിടക്കുന്ന ഒരു "അരാജകവാദി" ആകണം എന്നാണ് വയ്പ്പ്. ഒറ്റയ്ക്ക് താമസിക്കുന്നതും മുടി ചെറുതാക്കി വെട്ടുന്നതും ജീന്‍സും ടോപ്പും ധരിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ആണുങ്ങളുടെ കൂടെ നടക്കുന്നതുമൊക്കെ ഈ "ഇമേജിന്" ശക്തി പകരുന്ന കാര്യങ്ങളാണ്. അങ്ങനെ ഒരാളെ കണ്ടാല്‍ പിന്നെ ആണിന് കുറച്ചുകാലത്തേക്ക് ഉറക്കം വരില്ല. ഒരു "കളി" എങ്ങനെയും തരപ്പെടുത്തുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. പിന്നെ വേണമെങ്കില്‍ കുറച്ചുകാലം "കൊണ്ടുനടക്കുക"യും ആവാം (ഭാര്യ അറിയാതെ നോക്കിയാല്‍ മതി). അതിനുള്ള ശ്രമത്തില്‍ അവളുടെ കൈയിന്റെയോ ചെരിപ്പിന്റെയോ ചൂടറിയുന്നതും അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതും ഈഗോ മുറിപ്പെടുന്നതും സ്വാഭാവികം മാത്രം. അപ്പോള്‍പ്പിന്നെ അടുത്ത പണി അവളുടെ അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്്

നാല്: പെങ്ങള്‍ ഇതും അത്ര മോശമായ പരിപാടിയല്ല. ഭാര്യയൊഴിച്ച് ആരെയും പെങ്ങളാക്കാം. (ഭാര്യയെ പെങ്ങളാക്കിയാല്‍ വിവരമറിയും!) ഇതിനുമുമ്പ് പറഞ്ഞ കേസില്‍ നിന്ന് വ്യത്യസ്തമായി "മാന്യന്മാര്‍"ക്ക് പറ്റിയ പണിയാണ് എന്നു മാത്രമല്ല ഇവിടെ ഒരു സംരക്ഷകന്റെ റോളും എടുക്കാം. ഒരു "വല്യേട്ടന്‍" ആയില്ലെങ്കില്‍ ഒരു ബാലേട്ടനെങ്കിലും ആവാം. ആവണം. വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ കേറി ഇടപെടാനും സൗജന്യമായി കുറെ ഉപദേശം കൊടുക്കാനുമൊക്കെ ഇതിലും നല്ല ഒരു ചാന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പെണ്ണുങ്ങള്‍ തന്നെ പേടിച്ച് ചില ആണുങ്ങളെ ആങ്ങളയായങ്ങ് പ്രഖ്യാപിച്ചുകളയും. (അതു കഴിഞ്ഞിട്ടായിരിക്കും അവര്‍ മനസ്സിലാക്കുന്നത് ഈ "ഏട്ടനെ/അനിയനെ" സഹിക്കുന്നതിലും ഭേദം പഴയ പൂവാലനായിരുന്നു എന്ന്.) രക്ഷാബന്ധനം എന്നാണ് ഉത്തരേന്ത്യയില്‍ ഈ പരിപാടിയുടെ പേര്.

അഞ്ച്: മകള്‍ സുഹൃത്തിന്റെയോ സഹോദരങ്ങളുടെയോ മക്കളാണ് മിക്കവാറും ഈ കാറ്റഗറിയില്‍ ഏറെയും വന്നുപെടുന്നത്. സംരക്ഷകന്റെ വേഷം ഉള്‍പ്പെടെ ഏട്ടന്റെ റോളില്‍ കിട്ടുന്ന ഏതാണ്ടെല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവിടെയും കിട്ടും. അധികാരം കുറച്ചുകൂടി കൂടുതല്‍ എടുക്കുകയും ആവാം. "ലോകപരിചയമില്ലാത്ത" ഭാര്യയേയും വേണമെങ്കില്‍ മകളായി പ്രഖ്യാപിക്കാവുന്നതേ ഉള്ളൂ (ഭാര്യയെ പെങ്ങളാക്കുന്ന പോലെ റിസ്കില്ല മകളാക്കുന്നതില്‍).

പൊതുപ്രവര്‍ത്തന രംഗത്തോ ജോലിസ്ഥലത്തോ പുറത്തോ ഒക്കെ നമുക്കുമേല്‍ ഏതെങ്കിലും തരത്തില്‍ അധികാരമുള്ള സ്ത്രീകളെയും നമ്മള്‍ എങ്ങനെയെങ്കിലും ഇതിലേതെങ്കിലും ഒന്നിലേക്ക് ഒതുക്കാന്‍ ശ്രമിക്കും, എന്നിട്ട് നമ്മുടെ അധികാരം അവര്‍ക്കുമേല്‍ കാണിക്കാനും. പഞ്ചായത്ത് മെമ്പര്‍ , പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ഡോക്ടര്‍ , ഓട്ടോറിക്ഷാ ഡ്രൈവര്‍, പ്രിന്‍സിപ്പല്‍ , ഓഫീസിലെ മേലധികാരി..അങ്ങനെ ആരുമാവട്ടെ. ഇതൊന്നുമല്ലാതെ ഒരു സുഹൃത്തായി, അല്ലെങ്കില്‍ ഒരു വ്യക്തിയായി, അല്ലെങ്കില്‍ നമ്മുടെമേല്‍ അധികാരമുള്ള ഒരാളായി ഒരു പെണ്ണ് എന്നുപറഞ്ഞാല്‍ ... അത് ആലോചിക്കാന്‍ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. നമ്മളൊരു സിക്സ്റ്റീസ്/സെവന്റീസ് മോഡലൊക്കെ ആണെങ്കില്‍ വിശേഷിച്ചും.
പക്ഷേ പതുക്കെയാണെങ്കിലും അത് മാറിവരുന്നുണ്ട്. നമ്മള്‍ പൊതുവേ എന്തിനും ഏതിനും കുറ്റം പറയുന്ന "ഇന്റര്‍നെറ്റ്/മൊബൈല്‍ തലമുറ" ഈ നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. സൗഹൃദങ്ങള്‍ ഉണ്ടാവുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഒക്കെ അത് തടയാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും. കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍സുഹൃത്തുക്കളോ പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ "അവര്‍ തമ്മില്‍ ലൈനാണ്" എന്നൊരര്‍ഥം ഇന്നില്ല. നമുക്കറിയാവുന്നതിലും കൂടുതല്‍തരം ബന്ധങ്ങള്‍ അവര്‍ സങ്കല്‍പ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു (ഏറെക്കാലം അത് തുടര്‍ന്നുകൊണ്ടുപോവാന്‍ നമ്മള്‍ സമ്മതിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ).

ഈയൊരു മാറ്റം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. സ്ത്രീയെ പ്രധാനപ്പെട്ട കാര്യങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു ആണ്‍ജനതയുടെ "ആത്മാവിഷ്കാര"ത്തിന്റെ അന്ത്യം കുറിക്കുന്ന വിപ്ലവം. പുരുഷനെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു പെണ്‍ജനതയും അതോടൊപ്പം തന്നെ നാമാവശേഷമാവുന്നു. അങ്ങനെ ഒരു ലോകത്ത്, ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും പുസ്തകങ്ങളും പരദൂഷണങ്ങളും സിനിമകളും സീരിയലുകളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. ഇരുകൂട്ടരും സ്വാതന്ത്ര്യം മണക്കുന്നു. പറക്കാന്‍ തുടങ്ങുന്നു. ആ മാറ്റത്തിന് തടയിടാന്‍ ശ്രമിച്ചവര്‍ എന്ന് ചരിത്രം നമ്മെപ്പറ്റി പറയാന്‍ ഇടവരുത്താതെ നമുക്ക് നോക്കാം.
@@

ഡോ. സുദീപ് കെ എസ്, 
കടപ്പാട് :ദേശാഭിമാനി വാരിക

10 July, 2011

വൈകിട്ടെന്താ പരിപാടി...

ഫോണിലൂടെയും ആംഗ്യത്തിലൂടെയും മൗനത്തിലൂടെയും ഓഫീസിലും ബാങ്കിലും ആശുപത്രിയിലും കുടുംബത്തിനുള്ളില്‍ത്തന്നെയും ഈ ചോദ്യം സന്ദേശമായി വ്യാപരിക്കാന്‍ തുടങ്ങിയിട്ട് നാളേറെ യായിരിക്കുന്നു. വൈകിട്ടെന്താ പരിപാടി? വേറെന്താ അടിയോടടി തന്നെ എന്ന് സിനിമകളും നമ്മളോട് പറയുമ്പോള്‍ വൈകുന്നേരമെന്നത് കള്ളുകുടിക്കാനുള്ളതാണെന്ന് കണ്ടീഷന്‍ ചെയ്തു വച്ചിരിക്കുന്ന അവസ്ഥയിലേക്ക് മലയാളി എത്തിച്ചേരുന്നു. ജോലി കഴിഞ്ഞ് വൈകിട്ടാകുമ്പോള്‍ എന്റര്‍ടെയിന്‍ ചെയ്യാന്‍ മറ്റൊന്നുമില്ലാതെ മദ്യത്തിന്റെ മാസ്മരിക ലഹരിയിലേക്ക് നടന്നുപോകുന്ന മലയാളിയുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അത്രമേല്‍ കഠിനമായ ജോലിയാണോ നാമോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലെങ്കില്‍ത്തന്നെ ജോലി ചെയ്തു തളരുന്നതിന്റെ ക്ഷീണം മാറാനുള്ള മരുന്നാണോ മദ്യം? ജോലിഭാരം മദ്യപിക്കുന്നതിന് കാരണമാവുന്നില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ ശുഷ്കമാകുന്ന വൈകുന്നേരങ്ങള്‍ തള്ളി നീക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ല. മദ്യപിച്ചില്ലെങ്കില്‍ വൈകുന്നേരങ്ങള്‍ മരവിച്ചുപോകുമെന്ന അവസ്ഥ. അഞ്ചുമണിക്ക് ഓഫീസില്‍നിന്നിറങ്ങിയാല്‍ അല്ലെങ്കില്‍ പണി കഴിഞ്ഞിറങ്ങിയാല്‍ രാത്രി ഉറങ്ങുംവരെയുള്ള നാലഞ്ചുമണിക്കൂര്‍ ബോറടി മാറ്റാന്‍ വേറെന്തു ചെയ്യും? എത്ര നേരമെന്നും പറഞ്ഞ് ടിവി കാണും? അല്ലെങ്കില്‍ത്തന്നെ അത്രയും നേരം സീരിയലാണ്. കണ്ണീരും കരച്ചിലുമായി വീട്ടുകാരി കണ്ടുകൊള്ളും. പക്ഷേ ആണുങ്ങളെങ്ങനെ ക്ഷമിക്കും? ആ സമയം ഒരു നാലെണ്ണം വീശിയിട്ടാണെങ്കില്‍ ബോറടിയും മാറും രാത്രിയില്‍ സുഖമായി കിടന്നുറങ്ങുകയും ചെയ്യാം. മദ്യപാനം ശീലമാകുന്ന രീതിയെക്കുറിച്ച് മിക്കവാറും പേരുടെ അഭിപ്രായമാണിത്. അപ്പോള്‍ പ്രശ്നം വൈകുന്നേരങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ശുഷ്കമായിരിക്കുന്നു എന്നതാണ്. മുന്‍കാലത്തെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ കൂടുതലും മദ്യപാനശീലത്തിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ മടുപ്പുതന്നെയാണ്. മുമ്പ് വൈകുന്നേരങ്ങള്‍ ഇത്രയേറെ വിരസ മായിരുന്നില്ല. പ്രത്യേകിച്ച് എണ്‍പതുകള്‍വരെയുള്ള സായാഹ്നങ്ങള്‍ . സാംസ്കാരികമായി സമ്പന്ന മായിരുന്ന ആ കാലത്തും മദ്യമുണ്ടായിരുന്നു. മദ്യപന്‍ന്മാരുണ്ടായിരുന്നു. പക്ഷേ ഇത്രയേറെ ചെറുപ്പക്കാര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. വിരലിലെണ്ണാവുന്ന കുറെ കള്ളുകുടിയന്മാര്‍ ഏത് നാട്ടിലുമുണ്ടായിരുന്നു എന്നല്ലാതെ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ജീവിതത്തിന്റെ സമസ്ത മേഖലകളുമായി മദ്യത്തെ ബന്ധിപ്പിക്കുന്ന ദുരവസ്ഥ മുമ്പുണ്ടായിരുന്നില്ല തന്നെ. വ്യത്യസ്തവും പ്രയോജനപ്രദവുമായ അനേകം കാര്യങ്ങളുമായി ആ തലമുറ സാമൂഹികമായി സജീവമായിരുന്നു. പല കാര്യങ്ങളും അവര്‍ക്ക് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം, നാട്ടിലെ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്, ഫുട്ബോള്‍ , വോളിബോള്‍ കളികള്‍ , പാരലല്‍ കോളേജ് സൗഹൃദങ്ങള്‍ , വായനശാലകളുമായി ബന്ധപ്പെട്ട സാഹിത്യ സാംസ്കാരിക പരിപാടികള്‍ , കവിയരങ്ങുകള്‍ അങ്ങനെ പലപല കാര്യങ്ങള്‍ . ജീവിതത്തെ അടുത്തറിയാന്‍ അങ്ങനെ പലതും ആവശ്യമായിരുന്നു അവര്‍ക്ക്. സായാഹ്നങ്ങളില്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്തു. സമൂഹത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ ശ്രമിച്ചു. ഇന്ന് കേരളത്തില്‍ സജീവമായി നില്‍ക്കുന്ന എത്ര ക്ലബുകളുണ്ട്? വിമന്‍സ് ക്ലബുകളുടെയും ലയണ്‍സ് ക്ലബുകളുടെയും കാര്യമല്ല. നാടിന്റെ നാഡീഞരമ്പുകളായി ചോരയോട്ടമുണ്ടായിരുന്ന ആര്‍ട്സ് ക്ലബുകള്‍ കൂമ്പടഞ്ഞു. ഗ്രാമങ്ങള്‍ക്ക് അധികം പ്രയോജനമില്ലാത്ത റഡിഡന്‍സ് അസോസിയേഷനുകള്‍ കുറെ തലയുയര്‍ത്തി. ചെറുപ്പക്കാരെ കര്‍മ്മോത്സുകരാക്കി ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ഇത്തരം അസോസിയേഷനുകള്‍ക്ക് കഴിയാതെ പോയി. വിരസവും ശുഷ്കവുമായി സായാഹ്നങ്ങള്‍ പരുവപ്പെട്ടതിന്റെ ചരിത്രം ഒരു പരിധിവരെ ഇങ്ങനെയാണ്. ഈ നിര്‍വിചാരാവസ്ഥയാകട്ടെ മടുപ്പിനും ആലസ്യത്തിനും കാരണമാവുകയും അതില്‍നിന്ന് രക്ഷനേടാന്‍ മദ്യം ഒരുപാധിയാവുകയും ചെയ്തു. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതായ ഒരു വഴിത്തിരിവല്ല ഇത്. 'എന്ത് മീറ്റിങ്ങായാലെന്താ ആരു പ്രസംഗിച്ചാലെന്താ നീ വരുന്നോ. ഞാന്‍ പോകുവാ. സാബു ഷെയറിടാമെന്ന് പറഞ്ഞിട്ടുണ്ട്' താല്‍പര്യരാഹിത്യം മാനസികവൈകല്യംപോലെ ചെറുപ്പക്കാരെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അരാഷ്ട്രീയവാദമൊക്കെ സൃഷ്ടിച്ച അപകടമാണിത്. ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ലാത്ത അവസ്ഥ. അടിയന്തരമോ മീറ്റിങ്ങോ എന്തോ ആവട്ടെ. വരാം സഹകരിക്കാം. പക്ഷേ കുപ്പിയെടുത്തുതരണം. രണ്ടെണ്ണം വീശിയിട്ടാണേല്‍ ഏത് പാതാളത്തിലും വരാം. വലിയൊരു സാമൂഹികദുരന്തമാണ് ഈ മനോഭാവത്തിന്റെ പരിണിതഫലം. സാമൂഹിക സാംസ്കാരികരംഗത്ത് നില്‍ക്കുന്നവരും ഭരണകര്‍ത്താക്കളുമെല്ലാം ഈ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകണം. പ്രാദേശികഭരണകൂടങ്ങള്‍ ചെറുപ്പക്കാരുടെ സാംസ്കാരിക കൂട്ടായ്മക്കുവേണ്ടി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. ചെറിയ ധനസഹായങ്ങളിലൂടെയാണെങ്കിലും നാട്ടിന്‍പുറത്തെ ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. രാഷ്ട്രീയ സംഘടനകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ സമ്പന്നമാകണം. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന മാനസികാരോഗ്യ രംഗത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. അല്ലാത്തപക്ഷം കേരളം കുടിച്ചുകുഴയും. ലഹരിയുടെ അരാജകത്വത്തിലഴിഞ്ഞാടി ഇവിടുത്തെ യൗവ്വനം കീഴടങ്ങും. അടിമത്ത ത്തിന്റെ ദൗര്‍ബല്യം പേറി നില്‍ക്കുന്ന ഒരു ജനതയായല്ല, എവിടെയും കര്‍മ്മോത്സുകമായി സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തെളിഞ്ഞ, ഉയര്‍ന്ന ശിരസ്സിനവകാശികളായി വേണം മലയാളി ജനത ഉണര്‍ന്നെണീക്കാന്‍ .

@@
എല്‍ ആര്‍ മധുജന്‍

06 April, 2011

കെ ടിയുടെ നാടകപ്പന്തല്‍

കെ ടിയുടെ പുതിയ നാടകത്തിന്റെ അനൌണ്‍സ്മെന്റ് ഒരു ഉത്സവവിളംബരത്തിന്റെ ഫലം ചെയ്തിരുന്നു. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥാനം പിടിച്ചിരിക്കും, 'അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന' നാടകത്തെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്ത. ചിലതില്‍ കെ ടി മുഹമ്മദ് എന്ന നാടക (കലാപ) കാരനുമായുള്ള അഭിമുഖങ്ങളും മറ്റും അതും കാണും. രണ്ടുമൂന്ന് പ്രമുഖ പത്രങ്ങളിലെങ്കിലും നാടകത്തിന്റെ പരസ്യവും. കെ ടി സ്ഥലത്തുണ്ട് എന്ന അറിയിപ്പ്, അല്ലെങ്കില്‍, ആഴ്ചകളും ചിലപ്പോള്‍ മാസങ്ങള്‍ തന്നെയും നീളുന്ന റിഹേഴ്സല്‍ ക്യാമ്പിലേക്കുള്ള സ്വകാര്യമായ ക്ഷണക്കത്ത് - ടെലഫോണ്‍ ഇത്ര സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് വേണ്ടപ്പെട്ടവര്‍ അതൊക്കെ ഇതില്‍നിന്ന് വായിച്ചെടുത്തിരുന്നു.

    ഈ അനൌണ്‍സ്മെന്റ്, ഒരു കണക്കിന്, കെ ടി സ്വയം ഒരുക്കുന്ന കെണിയാണ്. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ തലവെച്ചുകൊടുക്കുന്ന ഒരുപരിപാടി. മദിരാശിയിലെ സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍നിന്നോ, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പില്‍നിന്നോ അവധി പറഞ്ഞ് സ്വന്തം നാടകസംഘത്തിന്റെ പുതിയ സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കാനായി കോഴിക്കോട്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടലാസിലേക്ക് പകര്‍ത്താന്‍ കെ ടിയുടെ മനസ്സില്‍ ഒന്നും തെളിഞ്ഞിട്ടുണ്ടാവില്ല. ഒന്നും ആയില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നുമുണ്ടാവും. മൂര്‍ത്തമായി ആകെ കൈവശമുള്ളത് നാടകത്തിന്റെ പേരുമാത്രമായിരിക്കും. പിന്നെ, ഒരുവേള, ആ പേരിന് പിന്നില്‍ കാണാനുണ്ടായിരുന്ന പ്രമേയത്തിന്റെ ഒരു അരണ്ട ചിത്രവും.

    പരസ്യത്തിന്റെയോ വാര്‍ത്തയുടെയോ രൂപത്തിലുള്ള അറിയിപ്പോ ക്ഷണമോ കാത്തുനില്‍ക്കാതെ അതിനകം വന്നു തലയിട്ട ചില അടുത്ത സുഹൃത്തുക്കള്‍ മുഖേനയാവും ട്രൂപ്പിന്റെ സെക്രട്ടറി, കെ ടിയുടെ മുന്നില്‍ ആ ചോദ്യം എടുത്തിട്ടിരിക്കുക: "നമുക്ക് നാടകമൊന്ന് അനൌണ്‍സ് ചെയ്യണ്ടെ?'' കെ ടി ഒരുപക്ഷേ, കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യം, അഭ്യുദയകാംക്ഷികള്‍ക്ക് വഴിപ്പെട്ടെന്നോണം കെ ടി പ്രതികരിക്കും. "സെയ്തിനോടൊന്ന് പോളിനെ വിളിക്കാന്‍ പറയ്''. പോള്‍ കല്ലാനോടിനെ, അല്ലെങ്കില്‍ മദനനെ; ആര്‍ടിസ്റ്റിനെ വിളിപ്പിക്കുന്നത് നാടകത്തിന്റെ പേര് എഴുതിക്കാനാണ്. കലാസമിതികള്‍ക്കുള്ള നോട്ടീസിലും പോസ്റ്ററുകളിലും, നാടകവാനിന്റെ മുന്നില്‍ വെക്കുന്ന ബോര്‍ഡിലും, പിന്നെ പത്രപ്പരസ്യങ്ങളിലും എല്ലാം കലാപരമായി വിന്യസിച്ച അക്ഷരങ്ങളില്‍ നാടകത്തിന്റെ പേര് കാണണമെന്ന് കെ ടിക്ക് നിര്‍ബന്ധമുണ്ട്. പേരില്‍ വല്ല പോരായ്മയും തോന്നിയാല്‍, അവസാന നിമിഷമായാലും വേണ്ടിവന്നാല്‍ തലകുത്തിനിന്നും മാറ്റംവരുത്തി കുറ്റംതീര്‍ത്തേ ആര്‍ടിസ്റ്റിനെ ഏല്‍പ്പിക്കുന്ന പ്രശ്നവുമുള്ളൂ. കൃതികളുടെ പേരുകളില്‍ കെ ടിയെ വെല്ലാന്‍ അല്ലെങ്കില്‍ത്തന്നെ ആരുണ്ട്. വെളിച്ചം വിളക്കന്വേഷിക്കുന്നു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവറ്റ പശു, ചിരിക്കുന്ന കത്തി, ഇത് ഭൂമിയാണ്, അച്ഛനും ബാപ്പയും, തുറക്കാത്തവാതില്‍, ദീപസ്തംഭം  മഹാശ്ചര്യം...

    കെ ടി തലവെച്ചു കൊടുത്തുകഴിഞ്ഞു. ഒരുപക്ഷേ, ഒരു കള്ളച്ചിരിയോടെ. ഒരു ആസന്നസ്വഭാവം വന്നില്ലെങ്കില്‍ കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകാം. സുഹൃത്തുക്കളോടും പരിചയക്കാരോടും വര്‍ത്തമാനം പറഞ്ഞിരുന്ന് എത്ര നേരവും ചെലവഴിക്കാന്‍ കഴിയുന്ന പ്രകൃതം. കെ ടിയുടെ സരസവും വിജ്ഞാനപ്രദവുമായ സംഭാഷണവും അതില്‍ നിറഞ്ഞുതുളുമ്പുന്ന നര്‍മവും ഉടനീളമുള്ള പ്രസാദാത്മകതയും കേള്‍വിക്കാരുടെ-ആരാധകരുടെതന്നെ - ഒരു വലിയ വൃന്ദത്തെ ആ വ്യക്തിത്വത്തിന് ചുറ്റും സദാ സംവരണം ചെയ്തുവെച്ചിരുന്നു. ഹരിഹരന്റെ പുതിയ സിനിമയുടെ അടുത്ത ഷെഡ്യൂളിന്റെ ആലോചനകള്‍ക്കിടയില്‍നിന്നോ കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകത്തിന്റെ എഴുത്തുമേശക്കരികില്‍നിന്നോ സ്വന്തം ട്രൂപ്പിന്റെ നിശ്ശബ്ദമായ വിളികേട്ട് ഓടിയെത്തിയത് ഇതിനായിരുന്നോ എന്ന് അകത്തുനിന്നുതന്നെ ഉയരുന്ന ചോദ്യത്തിന് മുന്നില്‍നിന്നാണ് പണി തുടങ്ങിക്കൊള്ളാന്‍ കെ ടി സമ്മതിക്കുന്നത്; റിഹേഴ്സലിലോ അരങ്ങിലോ അല്ലാതെ തനിക്ക് മുന്നില്‍ നേരിട്ടുവന്ന് നില്‍ക്കുകപോലും ചെയ്യാത്ത സഹോദരന്‍കൂടിയായ കെ ടി സെയ്തിന് പച്ചക്കൊടി കാണിക്കുന്നത്.

    ഉത്സവത്തിന്റെ വിളംബരം കേട്ട് അവരെത്തിത്തുടങ്ങുന്നു. കഴിഞ്ഞ സീസണില്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ഇടയ്ക്ക് ചില അസൌകര്യങ്ങളാലോ വല്ല പ്രലോഭനങ്ങള്‍ക്കും വശംവദരായോ മറ്റേതെങ്കിലും ട്രൂപ്പില്‍ ചേക്കേറിയെങ്കിലും പന്തിയല്ലെന്ന് കണ്ടു മടങ്ങിയവര്‍, പുതുതായി അവസരം അന്വേഷിക്കുന്നവര്‍, പിന്നെ പലവിധ ദൌത്യങ്ങള്‍ക്ക് ഉഴിഞ്ഞുവെക്കാന്‍ സന്നദ്ധരായി കുറ്റിയും പറിച്ച് ഇറങ്ങിപ്പുറപ്പെട്ട കെ ടിയുടെയും സഹോദരന്റെയും നിരവധിയായ ഒത്താശക്കാര്‍. കലാസാഹിത്യ രംഗങ്ങളിലെ പ്രഗത്ഭ മതികളും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയ - ടിയു സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെയുണ്ട് ഈ ഒത്താശക്കാരില്‍പ്പെടുന്നവരായി.

    കെ ടിയുടെ കഥകളില്‍ ചിലത് നേരത്തെ വായിച്ചിരുന്നുവെങ്കിലും, 'മുടിനാരേഴായ് ചീന്തീട്ട്...'' പോലുള്ള പാട്ടുകളുടെ ഈരടികള്‍ കര്‍തൃത്വത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ഒരുവേള ഏതോ നാടന്‍പാട്ടിന്റെ ഭാഗമെന്നുപോലും നിനച്ച് മൂളിനടക്കാറുണ്ടായിരുന്നെങ്കിലും, തപാല്‍ വകുപ്പിനോട് വിടപറഞ്ഞ് നാടകംതന്നെ മുഴുനീള ജീവിതോപാധിയാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ട പ്രതിബദ്ധനായ എഴുത്തുകാരന്റെ കര്‍മപദ്ധതികളെക്കുറിച്ചൊക്കെ പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നെങ്കിലും, ആ നാടകങ്ങളും ഏറെ പറയപ്പെട്ടിരുന്ന റിഹേഴ്സല്‍ ക്യാമ്പുകളും പത്രപ്രവര്‍ത്തനജീവിതം തുടങ്ങുംവരെ എനിക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു.  'തനിനിറ'ത്തില്‍ ജോലിയിലിരിക്കേ 1972ലാണ് കെ ടിയുടെ മരുമകന്‍ കൂടിയായ പ്രിയസുഹൃത്ത് പി എം താജിനൊപ്പം പ്രസിദ്ധമായ 'സ'കാര നാടകങ്ങളിലെ രണ്ടാമത്തേതായ 'സ്ഥിതി'യുടെ ആദ്യാവതരണം കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ച്കാണുന്നത്. 'തനിനിറ'ത്തില്‍ നാടകത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതുകയുംചെയ്തു. ആ പരമ്പരയിലെ തുടര്‍ന്നുള്ള നാടകങ്ങള്‍ ഓരോന്നായി വര്‍ഷതോറും അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് കാണുകയും ചിലതിനെക്കുറിച്ചൊക്കെ എഴുതുകയും ചെയ്തുവെങ്കിലും റിഹേഴ്സല്‍ ക്യാമ്പിലേക്ക് എത്തിപ്പെടാന്‍ പിന്നെയും സമയമെടുത്തു. പത്രപ്രവര്‍ത്തന ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പഠനം തുടരാന്‍ രണ്ടുവര്‍ഷം തിരുവനന്തപുരത്ത് തങ്ങേണ്ടിവന്നത് ഇതിന് ഒരു കാരണമായിരുന്നു. കെ ടിയെ വിശദമായി ഒന്നു കണ്ടു പരിചയപ്പെടാനുള്ള അവസരം കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം.

    ഞാന്‍ കാണുന്ന കെ ടി വളരെ തിരക്കേറിയ ആളായിരുന്നു. സിനിമക്കാരും എഴുത്തുകാരും നടന്മാരും നേതാക്കളും അടങ്ങുന്ന സംഘങ്ങള്‍ക്ക് നടുവില്‍ തലയെടുത്തുനിന്ന വ്യക്തിത്വം. 'തനിനിറം' കോഴിക്കോട് എഡിഷന്റെ ഉദ്ഘാടന സപ്ളിമെന്റിലേക്ക് ലേഖനം ചോദിച്ചായിരുന്നു 1972ന്റെ ആദ്യപാദത്തില്‍ ഒരു ദിവസം രാവിലെ ആറാം ഗേറ്റിന്നടുത്ത് വാടകവീട്ടില്‍ കെ ടിയുടെ മുമ്പാകെ ഞാനാദ്യം പ്രത്യക്ഷപ്പെട്ടത്. ഉമ്മറത്ത് കുറച്ചുനേരം എന്നെ കാത്തിരുത്തി കെ ടി ലേഖനം പൂര്‍ത്തിയാക്കി കൈയില്‍ തന്നു. 'മുസ്ളിംലീഗ് എന്ന ആല്‍മരം'. കെ ടിയുടെ ആക്ഷേപഹാസ്യം തിരതല്ലുന്നൊരു ലേഖനമായിരുന്നു അത്. സി എച്ച് മുഹമ്മദ്കോയ കോഴിക്കോട് ടൌണ്‍ഹാളില്‍ തന്റെ അനുയായികളോട് നടത്തിയ ഒരു പ്രസംഗം മുന്‍നിര്‍ത്തി ആ രാഷ്ട്രീയകക്ഷിയുടെ കാപട്യം വായനക്കാരന് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു കെ ടി. സ്വതസിദ്ധമായ ശൈലിയില്‍ ഫലിതബിന്ദുക്കള്‍ കുത്തിനിറച്ച പ്രസംഗത്തിനിടയില്‍ സി എച്ച് മുഹമ്മദ്കോയ നടത്തിയ ആലങ്കാരികമായ ഒരു പ്രയോഗം ഉദ്ദിഷ്ട ആശയത്തിന്റെ കടകവിരുദ്ധമായ അര്‍ഥത്തിലാണ് വന്നുഭവിച്ചതെങ്കിലും ശ്രോതാക്കള്‍ കരഘോഷം മുഴക്കി അതേറ്റെടുക്കുകയായിരുന്നു. ആ കക്ഷിയുടെ വൈപരീത്യവും ഏതാനും പേരുടെ സ്വാര്‍ഥലാഭത്തിനായി ഒരു സമുദായത്തെയാകെ ബലികഴിക്കുന്നതിന്റെ കൊടിയ അധാര്‍മികതയുമായിരുന്നു ലേഖനത്തിന്റെ പ്രതിപാദ്യം. ആ കൂടിക്കാഴ്ചയില്‍ കെ ടിയുമായി വേറെ വിശേഷിച്ച് ആശയവിനിമയമൊന്നും നടന്നിരുന്നില്ല എന്നാണോര്‍മ. പി എം താജിനൊപ്പം റെയില്‍വെസ്റ്റേഷനില്‍ വെച്ചോ, താജിന്റെയോ, കെ ടിയുടെയോ വീട്ടില്‍ വെച്ചോ   വര്‍ഷങ്ങളെടുത്തു നടന്ന കണ്ടുമുട്ടലുകളിലൂടെയാണ് കെ ടിയെ എനിക്ക് അടുത്തറിയാനിടയായത്. ആ നാടകക്യാമ്പില്‍ പ്രവേശനം ലഭിച്ചതും.

    നിലമ്പൂര്‍ ആയിശ മുതല്‍ റംഗൂണ്‍ റഹ്മാന്‍ വരെയുള്ള എത്രയോ അഭിനേതാക്കള്‍ കെ ടിയുടെ റിഹേഴ്സല്‍ ക്യാമ്പിലെ സമ്പന്നമായ അനുഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത് ഒന്നിലധികം തവണ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സകാര നാടകങ്ങള്‍ക്ക്ശേഷം 'സംഗമം' വിട്ട് 'കലിംഗ'തിയറ്റേഴ്സ് തുടങ്ങിയപ്പോഴാണ് കെ ടിയുടെ നാടകപ്പന്തലിലേക്ക്, വീട്ടുമുറ്റത്തെ നാടകക്കളരിയിലേക്ക് ഒരു കാഴ്ചക്കാരനായി എനിക്ക് പ്രവേശം കിട്ടുന്നത്. കെ ടിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന് പേരും പെരുമയും അത്യാവശ്യം വരുമാനവും നേടിയ നടീനടന്മാര്‍ പില്‍ക്കാലത്ത് വിവിധ വേദികളില്‍വെച്ച് തങ്ങളുടെ ഗുരുനാഥനെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറായ വാക്കുകള്‍ എത്രയും അര്‍ഥവത്തെന്ന് ക്യാമ്പില്‍ അവരുടെ കൂടെയൊക്കെ ചെലവഴിക്കാന്‍ കഴിഞ്ഞ നാളുകളിലെ അനുഭവംവെച്ച് സാക്ഷ്യപ്പെടുത്താന്‍ കഴിയും. പീഡനസദൃശം തന്നെയായിരുന്നു കെ ടിയുടെ ശിക്ഷണം. അഭിനയം എന്ന വൃത്തിതന്നെ വിട്ട് വേറെ വല്ല ജോലിയും തേടിപ്പോയാലോ എന്ന് ഇവരില്‍ പലരും ഇടക്കെങ്കിലും ആലോചിച്ചുപോയിരിക്കണം. ഓരോ ചലനത്തിലും ഓരോ അംഗവിക്ഷേപത്തിലും ഓരോ ഭാവപ്രകടനത്തിലും ഓരോ ഉച്ചാരണത്തിലും സംവിധായകന്‍ അഭിനേതാക്കളെ അടിമുടി പിന്തുടര്‍ന്നു. ആവശ്യത്തിലേറെ മുന്‍കൂര്‍ സജ്ജീകരണം നല്‍കിയായിരുന്നു ഈ പിന്തുടരല്‍ എന്നതും, ഓരോ വീഴ്ചയില്‍നിന്ന് എഴുന്നേല്‍പ്പിക്കുമ്പോഴും ഈ ബാലപാഠങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നതും കെ ടിക്ക് നാടകനിര്‍മിതി കൊടിയ ആത്മപീഡനമാക്കിത്തീര്‍ക്കുകയുംചെയ്തു.

    റിഹേഴ്സലും നാടകരചനയും മിക്കപ്പോഴും സമാന്തരമായാണ് പുരോഗമിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ സ്വയം കൊണ്ടെത്തിച്ചു നിര്‍ത്തിയാണ് കെ ടി തന്റെ നാടകങ്ങള്‍ ഏറെയും എഴുതിച്ചെയ്തത്. സമ്മര്‍ദങ്ങള്‍ക്ക് മുന്നിലിരുന്നും റിഹേഴ്സലിനിടക്കുനിന്നുമായുള്ള എഴുത്ത് ഏകാഗ്രതയെ സ്വഭാവികമായും ബാധിക്കും. റിഹേഴ്സലിനിടക്ക് ഈ പഴുതുകള്‍ പലതും പ്രകടമാവും. ക്യാമ്പില്‍ കാണികളായുള്ളവര്‍, വലിയ കണ്ടുപിടുത്തംപോലെ, ഇതൊക്കെ ശ്രദ്ധയില്‍പ്പെടുത്തും. ഒട്ടും വൈമനസ്യമില്ലാതെ, എന്നു മാത്രമല്ല ഇരു കൈയും നീട്ടിക്കൊണ്ടുതന്നെ, കെ ടി അതെല്ലാം ചെവിക്കൊള്ളുകയും ആവശ്യമായ നിവൃത്തികള്‍ വരുത്തുകയും ചെയ്യും. ഇതിനല്ലെ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്; നിങ്ങളുടെ നാടകം കുറ്റമറ്റതാക്കിയാല്‍ നിങ്ങള്‍ക്ക് നന്ന് എന്നാണ് മട്ട്.

    രചനക്കും റിഹേഴ്സലിനുമിടക്ക് സെറ്റിനെക്കുറിച്ചും മറ്റു അനുബന്ധ സജ്ജീകരണങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ചയും വിവാദവും തകൃതിയായി നടക്കും. എല്ലാവര്‍ക്കും പറയാനിടമുണ്ട്. വെറുമൊരു തിരശ്ശീലമാത്രം പശ്ചാത്തലമാക്കി മുഴുനീള നാടകം വിജയകരമായവതരിപ്പിച്ച നാടകകാരനാണ്. പ്രൊഫഷണല്‍ വേദിയിലും വെറും നെയിംബോര്‍ഡും റെക്കാര്‍ഡും ഉപയോഗിച്ച് സ്ഥലവും കാലവും അവതരിപ്പിച്ച സംവിധായകന്‍. മാറുന്ന കാലത്തിന്റെ അഭിരുചിഭേദങ്ങള്‍ പ്രൊഫഷണല്‍ നാടകവേദിയുടെ പരിമിതികളില്‍ പരിഗണനാര്‍ഹമാകുന്നതെന്ന ചിന്തയ്ക്കും ഇടം കിട്ടാതെയല്ല. പാട്ട് വേണമെങ്കില്‍ മലയാള നാടകത്തിന് ധൈര്യമായി ആശ്രയിക്കാവുന്നത് അന്നും എന്നും ഒ എന്‍ വിതന്നെ എന്ന് കെ ടിക്ക് തിട്ടമുണ്ടായിരുന്നു. സ്വയം വിഖ്യാതമായ കുറേ നാടകഗാനങ്ങളുടെ രചയിതാവെങ്കിലും (സ്നേഹപൂര്‍വം കെ ടി മുഹമ്മദ് എന്ന പേരില്‍ ആ നാടകഗാനങ്ങള്‍ ഓഡിയോ കാസറ്റായി ഇറങ്ങിയിട്ടുണ്ട്).

    റിഹേഴ്സലിനും എഴുത്തിനും അവതരണത്തെക്കുറിച്ചുള്ള മറ്റു ആലോചനകള്‍ക്കും ഇടയ്ക്ക് കാണികളുടെ ചെറുവൃന്ദങ്ങള്‍ നാടകപ്പന്തലിനപ്പുറം വീടിന്റെ വരാന്തയിലോ തിണ്ണയിലോ ഇരുന്ന് ആഗോളകാര്യങ്ങളില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പടുന്നുണ്ടാവും. 'മുടി'വേണു എന്ന പേരില്‍ പരിചയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മികച്ച വായനക്കാരന്‍ കൂടിയായ നടന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര്‍ 'ലാംഗ്വേജ് ആന്‍ഡ് സൈലന്‍സിനെക്കുറിച്ചും ജോര്‍ജ് സ്റ്റീനറെക്കുറിച്ചും സൂസന്‍ സൊന്റാഗിനെക്കുറിച്ചുമുള്ള ചര്‍ച്ചയിലാവും. കെ ടിയുടെ 'സ്ഥിതി' ആര്‍തര്‍ മില്ലറുടെ 'ഡെത്ത് ഓഫ് എ സ്റ്റേറ്റ്സ്മാന്‍' എന്ന കൃതിയുടെ പ്രതിധ്വനിയാണെന്ന് തര്‍ക്കിച്ചത് വേണുവായിരുന്നു. ഈ സംഘത്തില്‍ നിന്നകലെ വേറൊരു കൂട്ടര്‍ ആയിടെ കോഴിക്കോട്ട് നടന്ന എഫ് എഫ് സി (എന്‍എഫ്ഡിസിയുടെ മുന്‍ഗാമി) ചലച്ചിത്രോത്സവത്തിന്റെ ഹാങ്ഓവറിലാവും. ഇടക്ക് കെ ടിയും അവിടെയെങ്ങാനും കയറിച്ചെന്ന് അവരുടെ ചര്‍ച്ചകളില്‍ ഇടപെടും. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മണികൌളിന്റെയും കുമാര്‍ഷഹാനിയുടെയും ചലച്ചിത്രങ്ങളുടെ ഭാഷയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അവരുടെ സിനിമ കാലത്തിന്റെ വേഗം ഉള്‍ക്കൊള്ളുന്നില്ല എന്നും അതുകൊണ്ട്തന്നെ ജനങ്ങള്‍ സ്വീകരിക്കില്ല എന്നും കെ ടി ഉറച്ചുവിശ്വസിച്ചു. മലയാളത്തിലും 'സ്വയംവര'ത്തിന്റെയും 'കാഞ്ചന സീത'യുടെയും സ്വഭാവത്തോടും തന്റെ നിലപാട് അതുതന്നെയെന്ന് കെ ടി പ്രഖ്യാപിക്കും.

    ദൂരദര്‍ശനിലെ ക്രിക്കറ്റും ഹിന്ദുവിലെ പദപ്രശ്നവും റിഹേഴ്സലിന്റെയും എഴുത്തിന്റെയും പിരിമുറുക്കത്തിനിടക്കും കെ ടിക്ക് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. ഒരുവേള അതില്‍നിന്ന് ഇടക്കൊരു വിടുതിയായിരുന്നു നിഷ്ഠവെച്ചുള്ള ആ പലായനം. ദിവസം മുഴുവന്‍ നീളുന്ന യാതനാപൂര്‍ണമായ അധ്വാനത്തിനുശേഷം ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍, അതിഥികളില്‍ രാത്രി വൈകിയും അവശേഷിക്കുന്നവരുമൊത്തുള്ള ഉപചാരംപോലെത്തന്നെ.

    നാടകത്തിന്റെ ഡ്രസ്റിഹേഴ്സലിന് വളരെ അടുപ്പമുള്ള ഏതാനുംപേരെ പ്രത്യേകം വിളിച്ചുവരുത്തുമായിരുന്നു.എഴുത്തുകാരും കലാകാരന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ അവര്‍ക്ക് വല്ല നിര്‍ദേശങ്ങളും അവതരിപ്പിക്കാനുണ്ടെങ്കിലത് പ്രത്യേകം ഗൌനിക്കുകയും ചെയ്യും.

    ഉദ്ഘാടന അവതരണം എന്നും കുട്ടികൃഷ്ണമാരാര്‍ ആദ്യമായൊരു നാടക നിരൂപണം നടത്താനിടയായ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' (1951) അരങ്ങേറ്റം കുറിച്ച കോഴിക്കോട് ടൌണ്‍ഹാളില്‍ത്തന്നെ. നാടകം തുടങ്ങുന്ന സമയത്തിലും മറ്റുമുള്ള കെ ടിയുടെ നിഷ്ഠ പ്രസിദ്ധമാണ്. അഞ്ചു മിനിറ്റ് മുമ്പ് ആദ്യത്തെ ബെല്‍ മുഴങ്ങും. പിന്നെ നാടകകാരന്റെ ആമുഖഭാഷണം. കൃത്യം ഏഴുമണിക്ക് രണ്ടാമത്തെ ബെല്ലടിക്കും. ഇനി നാടകം.

    ആദ്യാവതരണത്തിലെ കുറ്റംതീര്‍ത്ത് നാട്ടിലുടനീളമായുള്ള അവതരണ പര്യടനങ്ങള്‍ തുടങ്ങുകയായി. തുടക്കത്തില്‍ ഏതാനും വേദികളിലെങ്കിലും കെ ടി പുതിയ നാടകത്തെ പിന്തുടരും. ട്രൂപ്പിനൊപ്പം ഇത്തരം ചില യാത്രകളില്‍ കൂടാന്‍ കഴിഞ്ഞത് ഒരു നാടകസംഘത്തിന്റെ സംഘര്‍ഷത്തെക്കുറിച്ച് കുറെയൊക്കെ ധാരണ ലഭിക്കാന്‍ എനിക്ക് സഹായകമായിട്ടുണ്ട്. ആദ്യം പുറത്ത് ഒരു വേദിയിലേക്ക് യാത്രചെയ്യുമ്പോള്‍ സംഘാംഗങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷം വിവരണാതീതമാണ്. വര്‍ഷങ്ങളുടെ നിരീക്ഷണത്തില്‍നിന്ന് ഈ സംഘര്‍ഷാവസ്ഥയുടെ പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായിക്കഴിഞ്ഞിട്ടുള്ള കെ ടി അവരെ സാധാരണ നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കാണിക്കുന്ന ശ്രദ്ധ നമുക്ക് ജീവിതത്തില്‍ത്തന്നെ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. റിഹേഴ്സല്‍ ക്യാമ്പിലെ ശിക്ഷകന്റെ വേഷമെല്ലാം കെ ടി എങ്ങോ മാറ്റിവെച്ചു കഴിഞ്ഞിരിക്കും. ക്യാമ്പില്‍ത്തന്നെയും അതാത് സമയത്തെ കരണപ്രതികരണങ്ങള്‍ക്കപ്പുറം ആ ശിക്ഷകന്റെ നിലപാട് നീണ്ടുനില്‍ക്കാറുമില്ലല്ലോ. വേദിയില്‍ നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ അഭിനേതാക്കളിലെന്നതിനേക്കാള്‍ കാണികളിലായിരിക്കും കെ ടിയുടെ കണ്ണ്. സ്റ്റേജിന്റെ ഉചിതമായൊരു ഭാഗത്തുനിന്ന് കാണികളെ ഓരോരുത്തരെയും, ഓരോരുത്തരെത്തന്നെ, നിരീക്ഷിക്കും. അതാ, അവിടെ ഒരാള്‍ ഒട്ടും പിടിതരാതെ നിന്ന് നാടകം കാണുന്നു. കെ ടി ആ മനുഷ്യനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മൂകമായ സദസ്സിനിടയില്‍ നിന്നതാ ഒരു പൂച്ച കരച്ചില്‍. ഒരിടത്തുനിന്നല്ല, അത് പടരുകയാണ്. കെ ടിക്കറിയാം ആ ഒറ്റയാന്‍ ഏതോ കടുത്ത അനുഭവത്തിന്റെ പുനരാവിഷ്കരണമാണിവിടെ കാണുന്നത്. പൂച്ചകരച്ചില്‍ ഉയരുന്നത് നാടകത്തിലെ ആ വൈകാരിക മുഹൂര്‍ത്തത്തിന്റെ തീക്ഷ്ണത താങ്ങാന്‍ കഴിയാത്ത കാണികളുടെ ഭാഗത്തുനിന്നാണ്. മറ്റുള്ളവരെല്ലാം ആര്‍ത്തുചിരിക്കുമ്പോഴും ഗൌരവം വിടാതെ അരങ്ങിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ആള്‍ നാടകം കഴിഞ്ഞ ഉടന്‍ വേദിയിലെത്തി നാടകകൃത്തിനെയും അഭിനേതാക്കളെയും കണ്ട് കാര്യം തുറന്നുപറയുന്നു. ഇത് തന്റെ കഥ തന്നെയാണ്. ഞാനത് കണ്ണിമവെട്ടാതെ കണ്ടു. നന്ദി. നന്ദി. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍ മടക്കയാത്രയില്‍ - മൂന്നും നാലും നാടകം കഴിഞ്ഞായിരിക്കും ചിലപ്പോള്‍ കോഴിക്കോട്ടേക്ക് മടക്കം-സംഘാംഗങ്ങളുമായി കെ ടി പങ്കുവെക്കും. ഒരു വേദിയില്‍നിന്ന് വേറൊരു വേദിയിലേക്കുള്ള യാത്രക്കിടയിലാണെങ്കിലും ഇത്തരം അനുഭവങ്ങള്‍ തങ്ങള്‍ കാണാത്ത തലങ്ങള്‍ തങ്ങളുടെ പാത്രാവിഷ്കാരത്തിന് ഉണ്ടെന്ന പാഠം പങ്കുവെക്കാന്‍ കെ ടി പ്രയോജനപ്പെടുത്തും. മടക്കയാത്ര സംഘാംഗങ്ങളുടെ സൌഭ്രാത്രം ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായി ആ മനുഷ്യകഥാനുഗായി പ്രയോജനപ്പെടുത്തുന്നു. ഓരോരുത്തരെക്കൊണ്ടും പാട്ടുപാടിക്കാനും സാധാരണനിലയില്‍ വെളിപ്പെടുത്താത്ത മറ്റു കഴിവുകള്‍ പുറത്തെടുപ്പിക്കാനും ശ്രദ്ധവെക്കുന്നു. ഇതുപോലൊരു യാത്രയിലെ പാട്ടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടക്കാണ് എസ് എം ജമീല്‍ എഴുതിയ 'ദുബായ് കത്തി'നെക്കുറിച്ചുള്ള കെ ടിയുടെ വാക്കുകള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മലയാളത്തില്‍ ഇത്ര അര്‍ഥവത്തായ വിരഹ സന്ദേശകാവ്യം ഏതുണ്ട് എന്നാണ് ആ കത്തുപാട്ടിലെ ഓരോ വരിയും ഓരോ വാക്കും എടുത്തുകാണിച്ച് കെ ടി ചോദിച്ചത്. എല്ലാവരും ഈ യാത്രകളില്‍ പരസ്പരം ചിന്തകള്‍ പങ്കുവെച്ചു, വെവ്വേറെയും കൂട്ടായും. വെറുതെയല്ല കെ ടിയുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീനടന്മാരുടെ ഒരു പുനരാവിഷ്കരണ പരിപാടിയെക്കുറിച്ച് കോഴിക്കോട്ട് ഈയിടെ അനുസ്മരണ സമിതി യോഗത്തില്‍ ആലോചന വന്നപ്പോള്‍ അവിടെ എത്തിയിരുന്നവരില്‍ കെ ടിയുടെ നാടകങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരും ഞാന്‍, ഞാന്‍ എന്ന് പറഞ്ഞ് തിക്കിത്തിരക്കി മുന്നോട്ടുവന്നത്.

    'പരാജിതനായ എഴുത്തുകാരന്‍' എന്നാണ് അവസാനനാളുകളില്‍ പക്ഷേ കെ ടി സ്വയം വിലയിരുത്തിയത്. ഏതെങ്കിലും സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണത്തിലായിരുന്നില്ല ഈ ആത്മരോദനം. കടുകിട വിട്ടുവീഴ്ചയില്ലാതെ ഒരായുസ്സു മുഴുവന്‍ താന്‍ നയിച്ച സര്‍ഗസമരത്തിന്റെ സന്ദേശം സര്‍വാത്മനാ ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും തക്കംപാര്‍ത്ത് തനിനിറം കാട്ടുകയും ചെയ്ത സമൂഹത്തിന് മുമ്പാകെ പരസ്യമായിത്തന്നെയായിരുന്നു ആ ഉള്ളുലയ്ക്കുന്ന വിലാപം. ആരു ചെവികൊടുത്തു. കെ ടി കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് സാന്ത്വനപൂര്‍വം ആര് തിരിച്ചുചോദിച്ചു. 'പരാജിതനായ മനുഷ്യന്‍' എന്നുകൂടി സ്വയം വിലയിരുത്താന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മനഷ്യകഥാനുഗായികളിലൊരാളായ ആ പാവത്താനെ കോഴിക്കോട്ടെ പുതിയങ്ങാടിയിലെ 'സുരഭില'യില്‍ ഒറ്റക്കിട്ട് നാമെല്ലാം പുതിയ വിലാപകര്‍ ഇനി ആരുണ്ട് എന്ന് അപ്പുറത്തേക്ക് കണ്ണ് നട്ടിരുന്നുവല്ലോ.
@@
കോയമുഹമ്മദ്

11 February, 2011

തലപൊക്കുന്ന ആള്‍ദൈവങ്ങള്‍

'മനസ്സിലെപ്പോഴും ഭയമാണ്... അവരെല്ലാം വലിയ ആളുകളല്ലേ.. നമ്മളൊറ്റയ്ക്കാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഭാര്യയും കുട്ടികളുമുള്ള ഒരാള്‍ക്ക് എപ്പോഴും പേടിച്ചല്ലേ പറ്റൂ'.... പറയുന്നത് കോഴിക്കോട് അത്തോളി കൊളത്തൂര്‍ സ്വദേശി സുമേഷ് സി ബി. മനസ്സില്‍ ഭയമുണ്ടെങ്കിലും കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ കൂടുതല്‍ പേര്‍ ചതിക്കപ്പെടും എന്നതുകൊണ്ടാണ് താന്‍ പറയുന്നതെന്നും സുമേഷ് വ്യക്തമാക്കുന്നു.

സുമേഷിനെപ്പോലെ നിരവധി ആളുകളാണ് മുരളീകൃഷ്ണ സ്വാമിക്കെതിരെ പരാതികളുമായി രംഗത്തുവരുന്നത്. പാലക്കാടു നിന്നും കോഴിക്കോട്ടെത്തിയ മുരളീകൃഷ്ണന്‍ മുരളീ കൃഷ്ണ സ്വാമിയായത് വളരെ പെട്ടന്നാണ്. കോഴിക്കോട്ട് ജിലേബി നിര്‍മ്മാണമായിരുന്നു ആദ്യകാലത്ത് മുരളീകൃഷ്ണന് ജോലി. പിന്നീട് വളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. കോഴിക്കോട് കല്ലുത്താന്‍ കടവില്‍ ശരവണഭവ മഠം എന്ന പേരില്‍ ആശ്രമം തുടങ്ങിയ മുരളീകൃഷ്ണന്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളെജിനടുത്തും ആശ്രമം സ്ഥാപിച്ചു.

''കോഴിക്കോട്ട് ഒരു ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞുവരുമ്പോള്‍ അവിചാരിതമായാണ് കല്ലുത്താന്‍ കടവിലെ ആശ്രമത്തിലെത്തിയത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആശ്രമത്തിലെ പൂജകള്‍ ചെയ്യാമോ എന്ന് സ്വാമി ചോദിച്ചു. പിറ്റേന്ന് ആശ്രമത്തിലെത്തി ഗണപതിഹോമം ചെയ്തു. തന്റെ പൂജാവിധികളില്‍ താത്പര്യം തോന്നിയ സ്വാമി കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു'' -- സുമേഷ് പറഞ്ഞു.

മാസ ശമ്പളത്തിനാണ് സുമേഷ് സ്വാമിയുടെ കൂടെ കൂടിയത്. ബാങ്കിലും മറ്റും വലിയ കടങ്ങളുള്ള തനിക്ക് ഈ ജോലി സഹായമാവുമെന്ന് സുമേഷും കരുതി. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയല്ല മുന്നോട്ട് പോയതെന്ന് സുമേഷ് പറയുന്നു. ശമ്പളം കിട്ടാതായപ്പോള്‍ സ്വാമിയോട് കാര്യം പറഞ്ഞു. ഇതിന് പലപ്പോഴും ദേഹോപദ്രമായിരുന്നു മറുപടി. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ആശ്രമത്തില്‍ വെച്ചും കല്ലുത്താന്‍ കടവില്‍ വെച്ചും സ്വാമി മര്‍ദ്ദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കുക്കി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് നിസ്സാരകാര്യത്തിന് ചൂരല്‍ വടികൊണ്ട് ക്രൂരമായിട്ടായിരുന്നു പീഡനം. കാര്യങ്ങള്‍ പുറത്ത് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും ഭീഷണി കാരണം എല്ലാം മറച്ചുപിടിക്കുകയായിരുന്നെന്നും സുമേഷ് പറഞ്ഞു.

സ്വാമി പല സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് ആശ്രമത്തിനും ആശ്രമത്തിന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് സ്വാമിയോട് താന്‍ പറഞ്ഞതോടെ ദ്രേഹോപദ്രവമേല്‍പ്പിക്കുന്നത് കൂടുതല്‍ ശക്തമായി. ഇതിനെത്തുടര്‍ന്ന് ജീവ രക്ഷയ്ക്ക് താന്‍ ആശ്രമത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും സുമേഷ് പറഞ്ഞു.

ആശ്രമത്തിലെ ജോലി വിട്ട ശേഷം കൊളത്തൂരിലെ നന്താനത്ത് പൊയില്‍ വീട്ടില്‍ ചെറിയ പശുഫാം നടത്തി ജീവിതം പുലര്‍ത്തുകയാണ് സുമേഷ്. പക്ഷെ ഭീഷണികള്‍ വിടാതെ പിന്തുടരുകയാണെന്ന് സുമേഷ് പറയുന്നു. സ്വാമിയുടെ അവിഹിത ബന്ധങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഉണ്ടെന്ന ഭയം കാരണം സ്വാമിയുടെ ആളുകള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തെളിവുകള്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇതോടെ തന്റെ സ്വൈര ജീവിതം ഇല്ലാതായിരിക്കുകയാണെന്നും സുമേഷ് പറയുന്നു.

കപട ആള്‍ദൈവങ്ങള്‍ക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ വ്യാപകമായപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മുരളീകൃഷ്ണന് സാധിച്ചിരുന്നു. കാരന്തൂരിലുള്ള സുനില്‍ എന്ന വിശ്വചൈതന്യയും വാകയാട്ടെ ചന്ദ്രമാമനുമെല്ലാം ജനങ്ങളുടെ പ്രതിഷേധത്തില്‍ തകര്‍ന്നു തരിപ്പണമായി. പണവും ആള്‍സ്വാധീനവുമുള്ള മുരളീകൃഷ്ണന്‍ അതിനെയെല്ലാം അതിജീവിക്കുകയായിരുന്നു. സമൂഹത്തില്‍ ഉന്നതരായ പലരുടെയും സഹായം മുരളീകൃഷ്ണനുണ്ട്. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. കോടികള്‍ ചിലവഴിച്ച് മുരളീകൃഷ്ണന്‍ സംഘടിപ്പിക്കുന്ന മംഗള ചണ്ഢി യാഗങ്ങള്‍ വലിയ സംഭവമാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ മുരളീ കൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നെങ്കിലും ആ സംഭവവും തേച്ച് മായ്ക്കപ്പെട്ട് പോവുകയായിരുന്നു.

നിരന്തരമായി ഭീഷണിപ്പെടുത്തുന്നതിനാലുള്ള ഭയം കാരണമാണ് സ്വാമിക്കെതിരെ ഇതുവരെ പരാതിയുമായി രംഗത്ത് വരാതിരുന്നതെന്ന് സുമേഷ് പറഞ്ഞു. സാധു ജന സേവ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് കാവി വസ്ത്രത്തിന്റെ മറവില്‍ വിദേശങ്ങളില്‍ യാത്ര ചെയ്ത് പാവപ്പെട്ട ആളുകളുടെ ഫോട്ടോ, സി ഡി എന്നിവ വിദേശികളെ കാണിച്ച് കോടിക്കണക്കിന് രൂപയാണ് സ്വാമി സ്വന്തമാക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന് പറഞ്ഞ് കൊണ്ടുവരുന്ന പണം സ്വന്തം പേരിലും സഹോദരന്മാരുടെ പേരിലും ബിനാമിയായും നിക്ഷേപമാക്കുകയും ആഡംബര കാറുകളിലും എ സി മുറികളിലും സുഖലോലുപനായി കഴിയുകയുമാണ് സ്വാമി- സുമേഷ് പറഞ്ഞു.

* 
കടപ്പാട്: ജനയുഗം 

02 January, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.

എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.

ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

*
ജി പി രാമചന്ദ്രന്‍