29 October, 2009

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍

മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാതാവെങ്കില്‍ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന്‍ ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം.

ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്‍) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന്‍ അവതരിപ്പിക്കുന്ന പഴയം വീടന്‍ ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്.

സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്‍ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്‍പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ?

ബെന്‍ഹര്‍, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്‍, തെലുങ്കില്‍ നിന്ന് സുമന്‍ എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്‍പനകള്‍, ഡിവിഡി അവകാശം, ആഡിയോ വില്‍പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്‍പന എന്നിങ്ങനെ പലതരം വില്‍പനകള്‍ കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.

നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്‍പമെങ്കില്‍ അല്‍പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം.

ഒളിവില്‍ പാര്‍ക്കുന്ന നായകന്‍ പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്‍മോതിരം ഇന്നേതോ തമ്പുരാന്‍ തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ.

ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്‍ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.

അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്‍ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്‍) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു.

രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്.

മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്‍ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.

മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്‍ശന്‍/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന്‍ വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം.

പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന്‍ (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ.

നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു.

സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക:

1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്‍ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില്‍ ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള്‍ ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്‍/വിവര്‍ത്തനം ടി വി കൃഷ്ണന്‍ - പേജ് 322,323/മാതൃഭൂമി ബുക്സ് 2007)

ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന്‍ ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്‍(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്.

*
ജി. പി. രാമചന്ദ്രന്‍
കടപ്പാട്: ദേശാഭിമാനി വാരിക, വര്‍ക്കേഴ്സ് ഫോറം

തുളുമ്പി വരാത്ത കരച്ചില്‍

കൂവാഗത്തെ ഹിജഡകളുടെ ഉത്സവത്തില്‍ പങ്കെടുക്കണമെന്ന് ജെറീനയാണ് പറഞ്ഞത്. 'ഒരു മലയാളി ഹിജഡയുടെ ആത്മകഥ' എന്ന പുസ്തകത്തോടെ പ്രസിദ്ധയായ ഹിജഡ. ഇന്ത്യയിലെ ഒട്ടുമിക്ക ഹിജഡകളും അന്നവിടെ ഉത്സവത്തിന് എത്തുമത്രേ. ഹിജഡകളെക്കുറിച്ച് പുസ്തകം എഴുതിയിട്ടും കൂവാഗംവരെ പോകാത്തതില്‍ അപാകം തോന്നിയിരുന്നു. ഇക്കാര്യം സുഹൃത്തും നിരൂപകനുമായ കെ പി രമേഷിനോട് സൂചിപ്പിച്ചപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിച്ച് പാലക്കാട്ടുനിന്ന് വില്ലുപുര (വിഴുപുരമെന്നും പറയും)ത്തേക്കും തിരിച്ച് ചെങ്കല്‍പേട്ടനിന്ന് പാലക്കാട്ടേക്കും ടിക്കറ്റ് റിസര്‍വ് ചെയ്തെന്നു പറഞ്ഞു.

കോയമ്പത്തൂര്‍ വിട്ട് ഏറെക്കഴിയുംമുമ്പേ കൂവാഗത്തേക്കു പോകുന്ന ഹിജഡകള്‍ ഓരോരോ സ്റേഷനില്‍നിന്നായി കയറിത്തുടങ്ങി. ഒത്തുചേരലിന്റെ ആഹ്ളാദത്തില്‍ തമാശപൊട്ടിച്ചും പാട്ടുപാടിയും. മിക്കവരും സാരിയിലും ബ്ളൌസിലുമാണ്. കുറച്ചുപേര്‍ ചുരിദാറിലും. ഇത്രയും സ്ത്രൈണമായ രൂപങ്ങളില്‍നിന്ന് കര്‍ണകഠോരമായ ശബ്ദം പുറപ്പെട്ടപ്പോള്‍ കുട്ടികള്‍ ഭയത്തോടും മുതിര്‍ന്നവര്‍ കൌതുകത്തോടും അവരുടെ ചേഷ്ടകള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നോടെയാണ് ട്രെയിന്‍ വിഴുപുരത്തെത്തിയത്. ഇടത്തരം സ്റ്റേഷന്‍. ഞങ്ങളെത്തുമ്പോള്‍ അവിടം മങ്ങിയ ഇരുളിലാണ്. സിമന്റ് ബെഞ്ചുകളില്‍ മയങ്ങുന്ന കുറച്ചുപേര്‍. പുലര്‍കാല യാത്രികരും യാചകരും അവര്‍ക്കിടയില്‍. റോന്തുചുറ്റുന്ന രണ്ടുമൂന്ന് പൊലീസുകാരും ഏതാനും ചാവാലിപ്പട്ടികളുമായിരുന്നു ഉണര്‍ന്നിരിക്കുന്ന ജീവികള്‍.

യാത്ര ഒഴിവാക്കേണ്ടിവന്ന ജെറീന വിഴുപുരത്തെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നിരുന്നു. അതിലൊന്ന് കൂടുതല്‍ ഹിജഡകള്‍ തമ്പടിക്കുന്ന സെന്‍ട്രല്‍ ലോഡ്ജില്‍ താമസിക്കണം എന്നതായിരുന്നു. ശ്രീദേവി എന്ന ഹിജഡയുടെ കാമുകന്‍ മന്‍സൂര്‍ അലിഖാന്റേതാണ് ലോഡ്ജ്. എം വിനീഷ് സംവിധാനംചെയ്ത ഹിജഡകളെക്കുറിച്ചുള്ള 'ജെല്‍സ' ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനത്തിന് കോഴിക്കോട്ടു വന്ന ശ്രീദേവിയെ പരിചയപ്പെട്ടിരുന്നു. സുന്ദരിയായ ശ്രീദേവി ജ്വല്ലറി മോഡലായി പ്രത്യക്ഷപ്പെട്ടതിനു ലഭിച്ച പ്രതിഫലം ഒന്നരലക്ഷം രൂപ പാവങ്ങളുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന നല്‍കിയ ഹിജഡയാണ്. വിഴുപുരം റോഡിന്റെ ഇരുവശത്തും മൂന്നും നാലും നിലകളുള്ള കെട്ടിടങ്ങള്‍. ലോഡ്ജ് എന്നെഴുതിയ ബോര്‍ഡ് കാണുന്നിടത്തെല്ലാം കയറി. എവിടെയും ഒഴിവില്ല.

'പ്രഭു' ലോഡ്ജില്‍ മുറി കണ്ടെത്തുമ്പോള്‍ നാലുമണി കഴിഞ്ഞിരുന്നു. അതിന്റെ മുന്നിലെ അഞ്ചുനിലയുള്ള ലോഡ്ജിന്റെ ലോണില്‍ ഹിജഡകള്‍ കൂട്ടംകൂടി നില്‍ക്കുന്നു. ഒറ്റയ്ക്കും തെറ്റയ്ക്കും എത്തുന്ന ആവശ്യക്കാരെയുംകൊണ്ട് ഇരുളിന്റെ ഇടംതേടി പോകുന്നതും കാണാം. മിക്കവരും മദ്യത്തിന്റെ വീര്യത്തില്‍ ഒച്ചവച്ചു സംസാരിക്കുകയാണ്. ചിലര്‍ റോഡിലിറങ്ങി നില്‍ക്കുന്നു. കൂവാഗത്തെ ഉത്സവത്തിനുമുമ്പേ അറവാണികള്‍ എത്തുമെന്നറിഞ്ഞ് ബസ്‌സ്റ്റാന്‍ഡിലും പരിസരത്തും ദല്ലാളുകള്‍ കറങ്ങുന്നുണ്ട്.

ആഘോഷം ആരംഭിക്കാന്‍ വൈകിട്ട് ആറുമണിയാകും. അതുവരെ എങ്ങനെ സമയം ചെലവഴിക്കാം എന്നതായിരുന്നു പ്രശ്നം. പോണ്ടിച്ചേരിയിലെ അരവിന്ദാശ്രമത്തില്‍ പോകാമെന്ന നിര്‍ദേശംവച്ചത് രമേഷാണ്. വിഴുപുരത്തുനിന്ന് ഒരുമണിക്കൂറേയുള്ളു അവിടേക്ക്. ബസ് കയറി ആശ്രമത്തിലും ബീച്ചിലും ടൌണിലുമൊക്കെ കറങ്ങി. തിരിച്ച് മുറിയിലെത്തി സെന്‍ട്രല്‍ ലോഡ്ജ് തേടിയിറങ്ങി. റിസപ്ഷനില്‍ ഉടമ മന്‍സൂറിനെ അന്വേഷിച്ചു. അവിടെ സംസാരിച്ചുനിന്ന 25 വയസ്സ് തോന്നിച്ച സുന്ദരന്‍ പറഞ്ഞു: 'നാന്‍ താന്‍ മന്‍സൂര്‍, എന്ന വേണം സൊല്ലുങ്കെ'. കുറച്ചുകൂടി പ്രായമുള്ള ഒരാളെയാണു പ്രതീക്ഷിച്ചത്. ശ്രീദേവിയുടെയും ജെറീനയുടെയും സുഹൃത്തുക്കളാണെന്നു’പറഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം.

ബാംഗ്ളൂരില്‍ സെക്സ്‌വര്‍ക്ക് ചെയ്യുന്ന സേലത്തുകാരി മന്ത്ര എത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു താല്‍പ്പര്യം. തമ്പാക്കിന്റെയും ചാര്‍ സൌ ബീസിന്റെയും ഗന്ധം തങ്ങിനില്‍ക്കുന്ന, അസ്വസ്ഥത ഉണര്‍ത്തുന്ന അന്തരീക്ഷത്തിലൂടെ ഞങ്ങള്‍ ഒഴുകി.

മന്ത്രയുടെ മുറിയുടെ ബെല്ലമര്‍ത്തി. ആറടിയോളം ഉയരവും വേണ്ടതില്‍ കവിഞ്ഞ തടിയുമുള്ള ഭീമാകാരമായ രൂപം വാതില്‍ തുറന്നു. ‘"യാരത്?''

"മന്ത്ര ഇരിക്കാങ്കളാ'' ഞാന്‍ ചോദിച്ചു.

"ഇല്ലൈ, ഒറു ണിമിസ(നിമിഷം)ത്തുക്കുള്ളെ വന്തിടുവാങ്കെ. ഉള്ള വാങ്കെ''. അവര്‍ അകത്തേക്കു ക്ഷണിക്കുകയാണ്.

താഴെ കാത്തുനിന്നോളാം എന്നു പറഞ്ഞ് കോണിയിറങ്ങുമ്പോഴേക്കും എവിടെയോ പോയി മടങ്ങുകയായിരുന്ന മന്ത്ര ലോഡ്ജ് വരാന്തയിലെത്തിയിരുന്നു. ഞാന്‍ ഓര്‍മ പുതുക്കി. മന്ത്ര സുന്ദരിയും നല്ല പെരുമാറ്റക്കാരിയുമാണ്. രാത്രി സൌന്ദര്യമത്സരം നടക്കുന്ന ഹാളില്‍ കാണാമെന്നും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വിജയാശംസ നേര്‍ന്ന് ഞങ്ങള്‍ മടങ്ങി. അവിടെ അപ്പോള്‍ ഹിജഡകളുടെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ടാബ്ളോകളും ഡപ്പാങ്കൂത്തും പുലികളിയും അകമ്പടിയുള്ള അത് അവിസ്മരണീയമായിരുന്നു.

രാത്രി ആഞ്ജനേയ മാര്യേജ് ഹാളിലെ സാംസ്കാരികസദസ്സിന്റെ വേദിയില്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും. പ്രസംഗിക്കാന്‍ ഹിജഡകളുടെ പ്രതിനിധികളും. ഇരിപ്പിടം കിട്ടാതെ നൂറുകണക്കിന് ആളുകള്‍ വശങ്ങളില്‍. ഹാളില്‍ കയറാന്‍ കഴിയാതെ പുറത്ത് കൂടിനില്‍ക്കുന്നവരുടെ എണ്ണവും അസംഖ്യം. ചാനല്‍ ഫ്ളാഷുകള്‍ മിന്നിമറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ സുഹൃത്ത് അഭിജിത്തിനെയും കണ്ടു. കോഴിക്കോട്ട് ഹിജഡകളുടെ ഫോട്ടോ പ്രദര്‍ശനം (ഹിജ്റ) നടത്തിയിട്ടുണ്ട് അവന്‍. മലയാളികളെ അപേക്ഷിച്ച് ഹിജഡകളോട് കാരുണ്യപൂര്‍വമായ മനോഭാവമാണ് തമിഴ്ജനത പുലര്‍ത്തുന്നത്. അവര്‍ക്കായി തമിഴ്നാട് നിയമസഭ അനുവദിച്ച പല അവകാശങ്ങളും മന്ത്രി പ്രഖ്യാപിച്ചു. പുരുഷന്‍, സ്ത്രീ എന്നിവയ്ക്കു പുറമെ എല്ലാ അപേക്ഷകളിലും ട്രാന്‍സ്ജെന്‍ഡര്‍ എന്നൊരു കോളവും ഉണ്ടാവും. റേഷന്‍കാര്‍ഡിനും മറ്റും ഹിജഡകള്‍ക്കും അപേക്ഷിക്കാം. അവരെ 'അറുവാണി' എന്നു വിളിക്കാന്‍ പാടില്ല. പകരം 'തിരുനങ്കൈ' (ശ്രീമതി).

തീരുമാനം കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. പ്രസംഗശേഷം നപുംസക കലാകാരന്മാരുടെ പാട്ടും ഡാന്‍സും. പിന്നീട് സൌന്ദര്യമത്സരം. കാഷ്വല്‍, ഒഫീഷ്യല്‍, എഥനിക് വേഷങ്ങളെല്ലാം 'ക്യാറ്റ്വാക്കി'ലുണ്ടായിരുന്നു. പ്രതീക്ഷിച്ചപോലെ സേലം സുന്ദരി മന്ത്ര 'മിസ് കൂവാഗം 2008' ആയി തെരഞ്ഞെടുക്കപ്പെട്ടു.

രാത്രി വൈകിയാണ് ഞങ്ങള്‍ തിരിച്ചത്. റോഡിലും ഫുട്പാത്തിലും ബസ്സ്റാന്‍ഡിലും ഇരുള്‍മൂലകളിലും എല്ലാം ഹിജഡകള്‍. വഴിയില്‍ കുറച്ചുപേരെ പരിചയപ്പെട്ടു. ഡല്‍ഹിയില്‍ താമസിക്കുന്ന മലയാളിയായ പ്രേമ അവരിലൊരാള്‍. നാട്ടില്‍ ജീവിക്കാന്‍ കഴിയാത്തതിനാല്‍ വണ്ടികയറിയതാണ്. സെക്സും ബതായി (വിവാഹം, ഗൃഹപ്രവേശം, ഉദ്ഘാടനം, തറക്കല്ലിടല്‍, ജനനം തുടങ്ങിയ കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹിച്ച് ദക്ഷിണ വാങ്ങുന്ന ചടങ്ങ്)യും മാത്രമാണ് ജീവിതമാര്‍ഗം..

ഹിജഡകളുടെ മംഗല്യരാത്രി

ചിത്രാ പൌര്‍ണമി. ഹിജഡകളുടെ മംഗല്യരാത്രി. കൂവാഗത്തെ കൂത്താണ്ടവര്‍ കോവിലിലാണത്. വിഴുപുരത്തുനിന്ന് അരമണിക്കൂര്‍ ബസ് യാത്ര. ഓട്ടോയ്ക്ക് 300 രൂപ. വയലും കരിമ്പിന്‍തോട്ടങ്ങളും പുളിയും വേപ്പും മുള്‍മരങ്ങളും നിറഞ്ഞ ഉള്‍നാടന്‍ ഗ്രാമമാണ് കൂവാഗം. ഇരാവാനാ (കൂത്താണ്ടവര്‍ എന്നാണ് വിളിക്കുന്നത്)ണ് പ്രതിഷ്ഠ. അര്‍ജുനന് ഉലൂപി എന്ന നാഗസുന്ദരിയില്‍ ഉണ്ടായ പുത്രന്‍. പാണ്ഡവവിജയത്തിന് ഇരാവാനെ ബലികൊടുത്തു എന്ന് ഐതിഹ്യം. കൊല്ലപ്പെടുന്നതിന് തലേദിവസം അവസാന ആഗ്രഹം പറഞ്ഞു. ഒരുദിവസമെങ്കിലും ദാമ്പത്യജീവിതം നയിക്കണം. ഒരൊറ്റ ദിവസംകൊണ്ട് വിധവയാകാന്‍ ആരും തയ്യാറാകാത്തതിനാല്‍ വധുവിനെ കിട്ടിയില്ല. ഒടുവില്‍ ശ്രീകൃഷ്ണന്‍ മോഹിനിരൂപമെടുത്തെത്തി. ചിത്രാപൌര്‍ണമി നാളിലായിരുന്നു മാംഗല്യം. പിറ്റേദിവസം കൊല്ലപ്പെട്ടു. ഓരോ ഹിജഡയും തങ്ങള്‍ ഇരാവ വധുവാണെന്നു സങ്കല്‍പ്പിച്ച് മോഹിനിവേഷത്തില്‍ ക്ഷേത്രത്തിലെത്തുന്നു. ഇരാവാന്‍ തമിഴില്‍ അറവാന്‍. ഭാര്യ അറവാണിയും. പലതരം വേഷങ്ങള്‍ ധരിച്ചുവരുന്ന ഹിജഡകള്‍ സാരിയുടുത്ത് പൊട്ടുതൊട്ട് വര്‍ണവളകളണിഞ്ഞ് 'വധു'ക്കളായി ഇറങ്ങുന്നതു കാണാം. അറവാണികള്‍ക്ക് താലികെട്ടുന്നത് ക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍. ആ രാത്രി ഹിജഡയോടൊപ്പം കഴിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്കും താലികെട്ടാം. മഞ്ഞക്കയറില്‍ കൊരുത്ത താലിയാണ്. സാമ്പത്തികസ്ഥിതിയനുസരിച്ച് ഉണക്കമഞ്ഞള്‍ (മഞ്ചക്കൊമ്പ്), വെള്ളി (വെള്ളിത്താലി), സ്വര്‍ണം തുടങ്ങിയവകൊണ്ട് ഉണ്ടാക്കിയവയും.

താലികെട്ടാന്‍ നീണ്ട ക്യൂ. പാതിരാത്രിയില്‍ താലികെട്ടുന്നതാണ് ഉത്തമം. ചിത്രാപൌര്‍ണമി സന്ധ്യമുതല്‍ ആദ്യരാത്രി അരങ്ങേറും. തമ്പാക്കും മദ്യവും വിഴുങ്ങി മദോന്മത്തരായി. ക്ഷേത്രത്തിനു മുന്നിലെ ആളിക്കത്തുന്ന കര്‍പ്പൂരവെളിച്ചത്തില്‍ തൊട്ടടുത്ത വയലേലകളും മരച്ചുവടുകളും കിടപ്പറയാകും. സൂര്യനുദിക്കുംവരെ നീളുന്ന ആദ്യരാത്രി! പിറ്റേദിവസം ഉച്ചവരെ മാത്രമേ ആഘോഷമുള്ളു. പിന്നെ കരച്ചിലിനുവേണ്ടി. (അന്ന് കൂത്താണ്ടവര്‍ കൊല്ലപ്പെടുകയാണല്ലോ). അത് വൈധവ്യത്തിന്റെ രോദനം. കരയാന്‍ ക്ഷേത്രത്തില്‍നിന്ന് അല്‍പ്പം അകലെ 'അളുവ്കൊള' (കരച്ചിലിന്റെ ഇടം)ത്തിലെത്തിയ ഹിജഡകളുടെ താലി മുഖ്യപുരോഹിതന്‍ പ്രത്യേകതരം കത്തികൊണ്ട് മുറിച്ചുമാറ്റും. സ്വര്‍ണം, വെള്ളി, ഉണക്കമഞ്ഞള്‍ താലികള്‍ തട്ടില്‍ നിക്ഷേപിക്കും. അവ ദേവസ്വത്തിന്. മഞ്ഞക്കയറുകള്‍ തൊട്ടടുത്ത ചെടിയില്‍ കോര്‍ത്തുവയ്ക്കും പൂജാരി. വിധവകളായ ഹിജഡകള്‍ പൊട്ടു മായ്ച്ച്, വളകള്‍ പൊട്ടിച്ച്, നെഞ്ചത്തടിച്ചും കെട്ടിപ്പിടിച്ചും പൊട്ടിക്കരയും.

സന്ധ്യ മയങ്ങുകയാണ്. നിറങ്ങള്‍ മായുന്നു. ഇരുള്‍ പരക്കുകയാണ്. എല്ലാ ഉന്മാദങ്ങളുടെയും അഗാധതയില്‍ ലിംഗപ്രതിസന്ധി നല്‍കുന്ന ആഴമേറിയ മുറിവില്‍നിന്നുയരുന്ന ആത്മരോദനങ്ങളുടെ, ദീനവിലാപങ്ങളുടെ അലയൊലികളില്‍ വയലേലകള്‍, മുള്‍മരങ്ങള്‍, വേപ്പുകള്‍, പുളിമരങ്ങള്‍ എല്ലാം വിഷാദമൂകം..

*
വിജയന്‍ കോടഞ്ചേരി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്, വര്‍ക്കേഴ്സ് ഫോറം

02 October, 2009

സോഷ്യലിസവും ക്ഷേമവാദവും

സോഷ്യലിസവും ക്ഷേമവാദവും
ഉത്കൃഷ്ടമായ സമൂഹം കെട്ടിപ്പടുക്കുക മാത്രമല്ല സോഷ്യലിസം. എല്ലാവര്‍ക്കും തൊഴില്‍ (അല്ലെങ്കില്‍ ഒട്ടുമിക്കവര്‍ക്കും തൊഴിലും അതില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മാവേതനവും) നല്‍കുക എന്നതു മാത്രമല്ല സോഷ്യലിസം. അത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കലും 'തൊട്ടിലില്‍ നിന്ന് ചുടലവരെ' അതിലെ പൌരന്മാരെ സംരക്ഷിക്കലും മാത്രമല്ല അത് സമത്വാധിഷ്ഠിത സമൂഹത്തിന്റെ ഉത്കൃഷ്ടമായ പരിപാലനം മാത്രമല്ല തീര്‍ച്ചയായും സോഷ്യലിസം ഇതെല്ലാമാണ്. അതേസമയം ഇതിനപ്പുറത്ത് മറ്റുചിലതുകൂടിയാണത്. ആന്റീഡ്യൂറിംഗില്‍, എംഗല്‍സ് ചൂണ്ടികാണിച്ചതുപോലെ, മനുഷ്യ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നം കൂടിയാണത്. തീര്‍ച്ചയായും, ജനങ്ങളുടെ പങ്ക്, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്ന്; ചരിത്രത്തിലെ വിഷയങ്ങളായി മാറുന്നതിന് മേല്‍പറഞ്ഞ സാമൂഹ്യ ഉപാധികള്‍, അതായത് പൂര്‍ണ്ണമായ തൊഴില്‍, ക്ഷേമരാഷ്ട്ര നടപടികള്‍, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളിലെ കുറവ്, സമത്വാധിഷ്ഠിത വ്യവസ്ഥ എന്നിവ അവശ്യ ഉപാധികള്‍ തന്നെയാണ്. പക്ഷേ അവയൊക്കെ ചേര്‍ന്നാലും, സ്വാതന്ത്ര്യം എന്ന സങ്കല്‍പത്തോടു തുല്യം നില്‍ക്കില്ല. അതുകൊണ്ടുതന്നെ അവ സോഷ്യലിസത്തിന്റെ അന്ത:സത്തയെ പൂര്‍ണ്ണമാക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ബൂര്‍ഷ്വാസാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്നാഡ് കെയ്ന്‍സിന്റെ രചനകള്‍, പരിശോധിച്ചാല്‍, മനുഷ്യത്വ പൂര്‍ണ്ണമായ സമൂഹം എന്ന സങ്കല്‍പവും, സോഷ്യലിസം എന്ന സങ്കല്‍പ്പവും തമ്മിലുളള അന്തരം കൃത്യമായി വെളിപ്പെടുന്നതുകാണാം. തൊഴിലാളി വര്‍ഗ്ഗത്തിന് തൊഴിലില്ലായ്മ വരുത്തിവെയ്ക്കുന്ന യാതനകളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന കെയ്ന്‍സ്, ആ സ്ഥിതിവിശേഷത്തെ വെറുത്തിരുന്നു. ഈ യാതനയ്ക്കറുതി വരുത്തുന്നതിനായി, മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ ഡിമാന്റ് മാനേജ്മെന്റില്‍ (ബൂര്‍ഷ്വാ) ഭരണകൂടത്തിന്റെ ഇടപെടലിനുളള സിദ്ധാന്തപരമായ വഴിയൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം തന്നെ. ഒരു ഉത്കൃഷ്ട സമൂഹത്തിന്റെ സൃഷ്ടിയില്‍ അദ്ദേഹം വികാരപരമായിത്തന്നെ പ്രതിബദ്ധനായിരുന്നു. ഒപ്പം, ഇത്തരത്തില്‍ പ്രതിബദ്ധരായിരിക്കുക എന്നത് സാമ്പത്തിക ശാസ്ത്രജ്ഞരുടെ കടമയാണ് എന്നുകൂടി അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, സാമ്പത്തിക ശാസ്ത്രകാരന്മാരെ "സമൂഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍'' എന്നദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം, കെയ്ന്‍സ് തീര്‍ത്തും ഒരു സോഷ്യലിസ്റ്റ് വിരോധിയായിരുന്നു. എന്നുവച്ചാല്‍, വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ച്, ഭരണകൂടത്തെ മഹത്വവല്‍ക്കരിക്കുന്ന വ്യവസ്ഥയായി സോഷ്യലിസത്തെ കാണുന്ന ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ പറയുന്ന അര്‍ത്ഥത്തിലല്ല, മറിച്ച്, കുറേക്കൂടി മൌലികമായ അര്‍ത്ഥത്തില്‍ അദ്ദേഹവും സോഷ്യലിസത്തില്‍ വ്യക്തിസ്വാതന്ത്ര്യനിഷേധം കണ്ടിട്ടുണ്ടാവാം. എന്നാല്‍, സോഷ്യലിസത്തോടുളള അദ്ദേഹത്തിന്റെ എതിര്‍പ്പ് തികച്ചും അടിസ്ഥാനപരമായിരുന്നു. അത് ഈ വാക്കുകളില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. "മത്സ്യത്തേക്കാള്‍ ചളി ഇഷ്ടപ്പെടുന്നു, ബൂര്‍ഷ്വാസിക്കും ബുദ്ധിജീവി വൃന്ദത്തിനും - പിശുക്കുകളൊക്കെ നിലനില്‍ക്കെത്തന്നെ ജീവിതത്തിന്റെ മേന്മയും, മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും വിത്തുകള്‍ വഹിക്കുന്നവര്‍ അവരാണെന്നിരിക്കെ - മേലെ, അപരിഷ്കൃതനായ തൊഴിലാളിയെ പ്രതിഷ്ഠിക്കുന്ന ഒരു വിശ്വാസ പ്രമാണത്തെ ഞാനെങ്ങനെ സ്വീകരിക്കും?..... മൂല്യങ്ങള്‍ അപ്പാടെ മാറ്റിമറിക്കുന്ന വിചിത്രവും ഭീകരവുമായ പരിവര്‍ത്തനം സംഭവിക്കാത്തിടത്തോളംകാലം, വിദ്യാസമ്പന്നനും മാന്യനും ബുദ്ധിമാനുമായ, പശ്ചിമ യൂറോപ്പിന്റെ ഒരു പുത്രന് തന്റെ വൈശിഷ്ട്യം ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.'' (essays in persuasion) മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കെയ്ന്‍സിന്റെ എതിര്‍പ്പ്, ജനങ്ങള്‍ ചരിത്രത്തിന്റെ വിഷയങ്ങളാകുന്നതിലായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തില്‍ ദീനാനുകമ്പ നിറഞ്ഞു തുളുമ്പിയിരുന്നു. പക്ഷേ തൊഴിലാളികളുടെ നേതൃത്വത്തില്‍ മനുഷ്യരെ, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്നും വിഷയങ്ങളാക്കി മാറ്റിത്തീര്‍ക്കുന്ന സ്വാതന്ത്ര്യം എന്ന ആശയത്തോട് അദ്ദേഹം പുറം തിരിഞ്ഞുനിന്നു.

ക്ഷേമവാദവും സോഷ്യലിസവും തികച്ചും വ്യത്യസ്തങ്ങളായ സങ്കല്‍പനങ്ങളാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായ ഒരു ബന്ധമുണ്ട്. സ്വാഭാവികമായും ഇത് കെയ്ന്‍സ് കാണുന്നില്ല എന്നതുതന്നെയാണ്,അക്കിലസിന്റെ ഉപ്പൂറ്റി പോലെ, അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ദൌര്‍ബല്യവും. ബൂര്‍ഷ്വാസി എന്തുകൊണ്ടാണ് വിട്ടുവീഴ്ചയില്ലാതെ ക്ഷേമരാഷ്ട്രത്തെ എതിര്‍ക്കുന്നത് എന്നും എന്തുകൊണ്ട് സോഷ്യലിസ്റുകള്‍ ബൂര്‍ഷ്വാസമൂഹത്തിനകത്ത് ക്ഷേമരാഷ്ട്രത്തിനുവേണ്ടി ശക്തമായി പൊരുതണമെന്നും, ഈ വൈരുദ്ധ്യാത്മകത വിശദീകരിക്കുന്നുണ്ട്. ഈ വൈരുദ്ധ്യാത്മകത മൂലമാണ്, ക്ഷേമരാഷ്ട്രത്തിന്, ബൂര്‍ഷ്വാവ്യവസ്ഥയെ ദൃഢീകരിക്കാനും എക്കാലത്തേക്കും നിലനില്‍ക്കാനും അനുവദിക്കുന്ന ഒരു തരം "പാതിപണിതവീട്'' പോലെ ആകാന്‍ കഴിയാത്തത്. ബൂര്‍ഷ്വാ വ്യവസ്ഥ, എപ്പോഴും അതിനെ പിന്നാക്കം വലിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതിനെ പ്രതിരോധിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ആയിരിക്കണം എല്ലായ്പ്പോഴും സോഷ്യലിസ്റ്റുകളുടെ പരിശ്രമം.

പരിപുര്‍ണ്ണതൊഴിലും സാമൂഹ്യസുരക്ഷയും ആരോഗ്യരക്ഷയും വിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതിനായി, ഡിമാന്റ് മാനേജ്‌മെന്റിലുളള ഭരണകൂട ഇടപെടലും വരുമാനത്തിലും സ്വത്തിലും ഉളള അസമത്വം നിയന്ത്രിക്കുന്നതിനുളള ഉപാധിയായി നികുതി വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്ന നടപടിയും ഉള്‍കൊളളുന്ന ക്ഷേമരാഷ്ട്രത്തെ ബൂര്‍ഷ്വാസി എതിര്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ഈ ബൂര്‍ഷ്വാ നൈതികതയെ, മൈക്കല്‍ കലേക്കി ഇങ്ങനെ പരിഹസിക്കുന്നുണ്ട്. "മറ്റ് സ്വകാര്യ സമ്പാദന മാര്‍ഗ്ഗങ്ങളില്ലാത്തിടത്തോളം നിങ്ങള്‍ നിങ്ങളുടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നിങ്ങളുടെ അപ്പം സമ്പാദിക്കണം'' എന്നാല്‍ അദ്ദേഹത്തിന്റെ പരിഹാസം മുതലാളിത്തത്തിന്റെ അടിസ്ഥാന നിലപാടിനു നേരെ തന്നെയായിരുന്നു. ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് പ്രതിഫലം നല്‍കുന്നു എന്നതുകൊണ്ടുതന്നെ പ്രതിഫലത്തിന്റെ വിതരണത്തില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥ "നീതിയുക്ത'മാണെന്ന തത്വത്തെയും അതില്‍ നിന്നുരുത്തിരിയുന്ന മറ്റൊരു തത്വമായ പ്രതിഫലത്തിന്റെ ഈ വിതരണത്തില്‍ ആരെങ്കിലും ഇടപെടുന്നത് അന്യായമാണെന്ന വാദത്തേയുമാണ് അദ്ദേഹം പരിഹസിച്ചത്. ആ നിലയില്‍ എല്ലാവര്‍ക്കും ചുരുങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനുളള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കുന്നത് ബൂര്‍ഷ്വാ വ്യവസ്ഥയുടെ നൈതികതയ്ക്ക് വിരുദ്ധവും "ന്യായരഹിത''വുമാണ് .

രണ്ടാമത്, കൃത്യമായും ഇക്കാരണത്താല്‍തന്നെ, ക്ഷേമവാദത്തെ സ്വീകരിക്കല്‍, ബൂര്‍ഷ്വാ വ്യവസ്ഥയിലുളള "അവിശ്വാസമായി കണക്കാക്കപ്പെട്ടു. ബൂര്‍ഷ്വാവ്യവസ്ഥയുടെ പ്രവര്‍ത്തനം ക്രൂരമായ ഫലങ്ങളുളവാക്കുന്നു എന്ന വാദം പൊതുവേ അംഗീകരിക്കപ്പെട്ടാല്‍, അതുമൂലം കീഴ്മേല്‍ മറിക്കപ്പെടുന്നത്, ബൂര്‍ഷ്വാവ്യവസ്ഥയുടെ സാമൂഹ്യമായ വിശ്വാസ്യതതന്നെയായിരിക്കും.

മൂന്നാമത്തെ കാരണമാണ് ഇവിടെ പ്രസക്തമാകുന്നത്.കൂലിവേലക്കാരുടെയും മറ്റ് തൊഴിലാളിവിഭാഗത്തിന്റെയും വിലപേശല്‍ശേഷി വര്‍ദ്ധിപ്പിക്കാന്‍ ക്ഷേമരാഷ്ട്ര നടപടികള്‍ സഹായിക്കുന്നുണ്ട്. ഏതാണ്ട് പൂര്‍ണ്ണമായും തൊഴില്‍ നല്‍കപ്പെടുന്നതും തൊഴിലില്ലായ്മ വേതനവും മറ്റ് സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമ്പദ്ഘടനയില്‍ തൊഴിലാളികള്‍ക്കുമേല്‍ മേലധികാരികള്‍ പ്രയോഗിക്കുന്ന 'പിരിച്ചുവിടല്‍' എന്ന ആയുധത്തിന് തീര്‍ച്ചയായും മൂര്‍ച്ച നഷ്ടപ്പെടും.

ചുരുക്കത്തില്‍ ക്ഷേമരാഷ്ട്ര നടപടികളിലൂടെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ മണിക് ബന്ദോപാദ്ധ്യായ, "ഛിനിയേവായ്നിക്വാനോ'' (എന്തുകൊണ്ട് അവര്‍ തട്ടിയെടുത്ത് ഭക്ഷിച്ചില്ല) എന്ന കഥയില്‍ ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. 1934 ലെ ബംഗാള്‍ ക്ഷാമകാലത്ത് ഏതാനും വാര അകലെ ഭക്ഷണം കൊണ്ടു നിറഞ്ഞ റസ്റ്റോറന്റുകളും വീടുകളും ഉണ്ടായിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഭക്ഷണം കിട്ടാതെ നിരവധി മനുഷ്യര്‍ തെരുവുകളില്‍ മരിച്ചുവീണത്? എന്തുകൊണ്ടാണവര്‍ ഈ സ്ഥലങ്ങള്‍ കൈയേറി ഭക്ഷണം തട്ടിയെടുത്ത് തങ്ങളുടെ വിശപ്പകറ്റാനും ജീവന്‍ രക്ഷിക്കാനും തുനിയാത്തത്? ഭക്ഷണമില്ലാത്ത അവസ്ഥ ചെറുക്കാനുളള ഇച്ഛാശക്തിയെ കുറയ്ക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ചെറുത്തു നില്‍ക്കുവാനുളള ഇച്ഛ ശക്തമാകുന്നത്, തൊഴിലാളികള്‍ ഭൌതികമായി മെച്ചപ്പെടുമ്പോഴാണ്. ഈ ശക്തിപ്പെടുത്തലാണ് ക്ഷേമരാഷ്ട്ര നടപടികള്‍ നിര്‍വ്വഹിക്കുന്നത്.

ചെറുത്തുനില്‍പിന്റെ ഈ ശക്തിപ്പെടല്‍ തന്നെ, വസ്തുവില്‍ നിന്നും വിഷയത്തിലേക്കുളള പരിവര്‍ത്തനത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ, ധാരണാപരമായി, ക്ഷേമവാദവും സോഷ്യലിസവും വ്യത്യസ്തമാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യത്വപരമാകുന്നു എന്നതുകൊണ്ടും തൊഴിലെടുക്കുന്നവര്‍ക്ക് ഗുണകരമായി മാറുന്നു എന്നതുകൊണ്ടും മാത്രമല്ല, മറിച്ച് ചെറുത്തുനില്‍പ്പിനുളള തൊഴിലാളികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരെ, വസ്തുവില്‍ നിന്ന് വിഷയത്തിലേക്കുളള മാറ്റത്തിന്റെ പ്രക്രിയയില്‍ സഹായിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ട് കൂടി, സോഷ്യലിസ്റ്റുകള്‍ ക്ഷേമരാഷ്ട്രനടപടികളെ പിന്തുണയ്ക്കേണ്ടതുണ്ട്. അങ്ങനെ വര്‍ഗ്ഗ സമരത്തിന് മൂര്‍ച്ച കൂടുന്ന പ്രക്രിയയില്‍ സഹായിക്കേണ്ടതുണ്ട്. ഇതൊഴിവാക്കുന്നതിനുവേണ്ടി ജനങ്ങളെ എന്നും വസ്തുവിന്റെ ചങ്ങലയില്‍ തളച്ചിടുന്നതിനും അവരെ ദുര്‍ബലപ്പെടുത്തി അടിമപ്പെടുത്തി, ഭിന്നിപ്പിച്ച്, അണുപ്രായമാക്കി സ്വന്തം അനുഭവത്തിനപ്പുറം ചിന്തിക്കാന്‍ കഴിയാത്തവരാക്കി മാറ്റി, എല്ലാ ക്ഷേമ രാഷ്ട്ര നടപടികളും പിന്‍വലിക്കുന്നതിനും ബൂര്‍ഷ്വാസി ഒരു നിരന്തര സമരം തന്നെ നടത്തുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇത്തരം നടപടികളുടെ സ്ഥാപനവല്‍ക്കരണം അംഗീകരിക്കേണ്ടിവരുന്നുണ്ടെങ്കിലും, ബൂര്‍ഷ്വാസിയുടെ ശ്രമം എല്ലായ്പ്പോഴും, അത് ഇല്ലായ്മ ചെയ്യാനാണ്.

ഇത് കാണാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട്, ബൂര്‍ഷ്വാസിയുടെ ഭാഗത്തുനിന്നുളള സമ്മര്‍ദ്ദഫലമായുള്ള "കെയ്നീഷ്യന്‍'' ഡിമാന്റ് മാനേജ്മെന്റിന്റെ, വിശിഷ്ടാ സാമ്പത്തിക താല്‍പര്യങ്ങളുടെ പതനം ദീര്‍ഘദര്‍ശിത്വം ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് കെയ്ന്‍സിന്റെ സാമൂഹ്യ സിദ്ധാന്തത്തിന്റെ ദൌര്‍ബല്യം. കെയ്നീഷ്യന്‍ ഡിമാന്റ് മാനേജ്മെന്റിന്റെ പതനം അത് അവതരിപ്പിക്കപ്പെട്ട ഭരണവാഴ്ചയില്‍ സംഭവിച്ചില്ല എന്നത് വാസ്തവമാണ്. ഭരണകൂടം പരമോന്നതവും അതിന്റെ അധികാരാതിര്‍ത്തിയില്‍, ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കപ്പെട്ടിരുന്നതുമായ ഒരു പരിസരത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അത് തകര്‍ന്നതാവട്ടെ, ധനത്തിന്റെ ആഗോളവല്‍ക്കരണം നിലനില്‍ക്കുന്ന, അതുകൊണ്ടുതന്നെ ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്രമായ ഒഴുക്ക് അനുവദിക്കപ്പെട്ടിട്ടുളള ഒരു വാഴ്ചയക്കകത്താണ്. എന്നാല്‍ ഈ മാറിയ പരിസരം, കെയ്നീഷ്യനിസത്തിലേക്കുളള ഒരു പിന്മടക്കത്തിനുളള ശേഷി മുതലാളിത്തത്തിനു പകര്‍ന്നു നല്‍കിയതേയുളളൂ. ഇങ്ങനെ ചെയ്യാന്‍ താല്‍പര്യപ്പെട്ടു എന്നുളളത്, ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കകത്ത് ക്ഷേമവാദം ഉല്‍പാദിപ്പിക്കുന്ന, മറികടക്കാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ പിന്തുണയോടെയുളള യുപിഎ ഭരണകാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദഫലമായി, സര്‍ക്കാരിനകത്തുണ്ടായിരുന്ന നവലിബറല്‍ വ്യാഖ്യാതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചും NREGS പോലെയുളള നിരവധി നടപടികള്‍ കൈക്കൊളളുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേ വ്യാഖ്യാതാക്കള്‍ തന്നെ, പില്‍ക്കാലത്ത്, ഈ നടപടികള്‍ക്ക് അവകാശവാദമുന്നയിച്ചു എന്നത് വിരോധാഭാസമാണ്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുമ്പോഴും അവ കുറേശ്ശെയായി വെട്ടിചുരുക്കുകയാണവര്‍,(ജനങ്ങള്‍ക്ക്, ഭക്ഷണത്തിന്റെ ലഭ്യത കുറയ്ക്കുന്ന, ഭക്ഷ്യാവകാശനിയമം ഏറ്റവും ഒടുവിലത്തെ ഉദാഹരണം) വാസ്തവത്തില്‍, തങ്ങള്‍ തുടര്‍ന്നുവരുന്ന നഗ്നമായ ധനിക പക്ഷപാത നയങ്ങളെ മറച്ചുവയ്ക്കുന്നതിനുളള ഒരു ഇലമറമാത്രമായിട്ടാണ് അവരിതിനെ ഉപയോഗിക്കുന്നത്. സര്‍ക്കാരാവട്ടെ, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിന് ഓഹരികമ്പോളത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. ഈ ശതകോടീശ്വരന്മാര്‍ക്ക്, '' വികസന''ത്തിന്റെ പേരില്‍ വീണ്ടും കനത്ത ഔദാര്യം നല്‍കുന്നു. ആരെങ്കിലും ഇതിനെ എതിര്‍ത്താലോ?'' നിങ്ങള്‍ക്കറിയില്ലേ? നമുക്കൊരു NREGS ഉണ്ടല്ലോ'' എന്ന മറുപടിയാണ്. ചുരുക്കിചുരുക്കി കൊണ്ടുവരികയാണെങ്കിലും ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ധനികര്‍ക്ക് കൂടുതല്‍ സൌജന്യം അനുവദിക്കുന്നതിനുളള ഒരു ഒഴിവുകഴിവായി മാറുന്നു.

എന്നാല്‍ ഈ ക്ഷേമപ്രവര്‍ത്തനങ്ങളാവട്ടെ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള വലിയ സൌജന്യമായി കണക്കാക്കപ്പെടുന്നു. NREGS പോലെയുളള നിരവധി പദ്ധതികള്‍, പേരിനെങ്കിലും, അവകാശാടിസ്ഥാനമായിട്ടുളളതാണെങ്കിലും, പ്രയോഗത്തില്‍, അതിന്റെ ഫലം അതുനടപ്പാക്കുന്ന സര്‍ക്കാരിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചു നിലകൊണ്ടിരുന്ന മുന്‍ പദ്ധതികളില്‍ നിന്നും ഒട്ടും ഭിന്നമല്ല. അതുകൊണ്ട്, പാവപ്പെട്ടവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ഈ നടപടികള്‍ കുറച്ചൊക്കെ ആശ്വാസം പകരുമെങ്കിലും, അവ, വസ്തുക്കള്‍ എന്ന നിലയിലുളള ജനങ്ങളുടെ പങ്ക് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. ഭരണവര്‍ഗത്തോട് കൂറുപുലര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കിടയില്‍, ഇപ്പോള്‍ വളര്‍ന്നുവന്നിട്ടുളള ആത്മപ്രശംസാവ്യവഹാരം, പ്രത്യേകിച്ചും NREGS പോലുളള പദ്ധതികളുടെ ഫലമായി കോണ്‍ഗ്രസ് പാര്‍ട്ടി നല്ല പ്രകടനം കാഴ്ചവച്ചുഎന്നു കരുതുന്ന തെരഞ്ഞെടുപ്പിനു ശേഷം, ജനങ്ങളുടെ ഈ വസ്തുവല്‍ക്കരണം കൊണ്ടു നിറഞ്ഞ ഒന്നാണ്.

ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന, ചെറുക്കുവാനുളള ജനങ്ങളുടെ ഇച്ഛാശക്തി ഉയര്‍ത്തുന്ന നടപടി, ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ പ്രായോഗികമായി ഫലപ്രദമാക്കേണ്ടതുണ്ട്. കാരണം ജനതയുടെ വസ്തുവല്‍ക്കരണത്തെ മറികടക്കുക എന്നതുതന്നെയാണ് ഇടതുപക്ഷ പരിപാടി. അതുകൊണ്ട് NREGS പോലുളള ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നു വ്യതിചലിക്കാനുളള ബൂര്‍ഷ്വാസിയുടെ എല്ലാ ശ്രമങ്ങളേയും തടഞ്ഞുകൊണ്ട്, അതിന്റെ നടപ്പാക്കലിനായി ഇടതുപക്ഷം ഫലപ്രദമായിത്തന്നെ ഇടപെടുകയും, അതേസമയം, ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയും വര്‍ഗ്ഗസമരം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തില്‍, അത്തരം പദ്ധതികളില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുളളവസ്തുവല്‍ക്കരണത്തെ മറികടക്കുന്നതിനും, ആ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്ന ഭൌതിക പിന്‍ബലത്തിന്റെ പരിസരം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇടതുപക്ഷം പൊരുതുന്നത് കേവലം ക്ഷേമവാദത്തിനുവേണ്ടിയല്ല, മറിച്ച്, സോഷ്യലിസത്തിനുവേണ്ടിയാണ്. സോഷ്യലിസവുമായി ക്ഷേമവാദം വൈരുദ്ധ്യാത്മകമായി ബദ്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഉളളടക്കം ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

*
പ്രഭാത് പട്നായിക് എഴുതിയ Socialism and Welfarism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് ശ്രീ. സി.ബി. വേണുഗോപാല്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം, പി.എ.ജി ബുള്ളറ്റിന്‍ ലക്കം 74

30 September, 2009

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

ലോകസമാധാനത്തിനും മാനവികതയ്‌ക്കും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് മതമൌലികവാദവും ഭീകരതയും പശ്ചിമേഷ്യ ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ശക്തിപ്പെടുകയാണ്. പാക്ക്-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശം, ചൈനയിലെ സിന്‍ഗുവ പ്രവിശ്യ, പാക് അധിനിവേശ കാശ്‌മീര്‍ എന്നിവ ജിഹാദി ഭീകരസംഘങ്ങളുടെ വിക്ഷേപണത്തറയായി മാറിയിട്ട് ചുരുങ്ങിയത് രണ്ട് ദശാബ്‌ദങ്ങളായി. പാലസ്‌തീനിലെ സംഘര്‍ഷങ്ങള്‍, ഇറാഖ്- അഫ്‌ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ അധിനിവേശം, ചൈനയുടെ മതനയം, കാശ്‌മീര്‍ പ്രശ്‌നം, ഫിലിപ്പൈന്‍സിലെ ക്രൈസ്‌തവ ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ പരിശ്രമങ്ങളും തുടര്‍ച്ചയായ രാഷ്‌ട്രീയ-സൈനിക ഇടപെടലുകളുമാണ് മേഖലയെ നിരന്തര സംഘര്‍ഷങ്ങളുടെ വേദിയാക്കിയത്. ഇറാനിലെ ഇസ്ളാമികവിപ്ളവം (1979), സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്‍ അധിനിവേശം (1979) എന്നിവ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മതാത്മകസ്വഭാവം നല്‍കി. 1980 കളില്‍ ഹമാസിന്റെ ഉദയത്തോടുകൂടി പാലസ്‌തീന്‍ വിമോചന സമരം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. ഒരു മതേതര ദേശീയ വിമോചന സമരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നും 'ഇസ്ളാമിക വിമോചനം' അതായത് 'യഹൂദ - ക്രിസ്‌ത്യന്‍ ആധിപത്യത്തില്‍ നിന്ന് പാലസ്‌തീന്‍ മുസ്ളീങ്ങളുടെ വിമോചനം' എന്ന നിലയിലേക്ക് ജിഹാദിപ്രസ്ഥാനങ്ങള്‍ പാലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ത്തു. പാലസ്‌തീന്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഗോള വ്യാപകമായി ജിഹാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ഇത് കാരണമായി. ക്രിസ്‌ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദത്തിലേക്ക് നീങ്ങിയ ഫിലിപ്പൈന്‍സിലെ 'അബു-സയ്യാഫ് ' ജിഹാദി സംഘം പാലസ്‌തീന്റെ വിമോചനം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം സംഘടിത മതങ്ങള്‍ക്കും മതബോധത്തിനും ലഭിച്ച വ്യാപകമായ അംഗീകാരം ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു. ഇതോടൊപ്പം മധ്യേഷ്യയില്‍ ശക്തിപ്പെട്ട സാമ്രാജ്യത്വരാഷ്‌ട്രീയ-സാംസ്‌ക്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ 'ഇസ്ളാമിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. സാമ്രാജ്യത്വത്തെ പ്രതിരോധിക്കാന്‍ ഇസ്ളാമിന്റെ ജിഹാദി പാരമ്പര്യം തിരിച്ചുപിടിക്കേണ്ടത് ആവശ്യമാണെന്ന പൊതുബോധം, മധ്യേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങളിലേക്ക് പെട്രോഡോളര്‍ പ്രവഹിക്കാന്‍ കാരണമായി. ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനവും ജിഹാദിന്റെ വീണ്ടെടുപ്പും സാമ്രാജ്യത്വവിരുദ്ധ വികാരവും കൂടിച്ചേര്‍ന്ന് സൃഷ്‌ടിച്ച ഇസ്ളാമിക തീവ്രവാദം പെട്രോഡോളറിന്റെ ഒഴുക്കോടുകൂടി ശക്തമായ സായുധസംഘങ്ങള്‍ക്ക് ജന്മം നല്‍കി.

താലിബാന്റെ വരവ്

ഇസ്ളാമിക തീവ്രവാദത്തിന്റെ പൊതുപശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ ഉയര്‍ന്നുവന്നത്. 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന 'താലിബ് ' എന്ന പുഷ്‌തുഭാഷയിലെ പദത്തിന്റെ ബഹുവചനരൂപമാണ് താലിബാന്‍. അറബിയില്‍ നിന്നും പുഷ്‌തുഭാഷ കടം കൊണ്ടവാക്കാണിത്. അഫ്‌ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ 1996 മുതലമാണ് താലിബാന്‍- അഫ്‌ഗാന് അംഗീകാരം നല്‍കിയത്. താലിബാന് ‍- അഫ്‌ഗാനിസ്ഥാന്റെ ഔദ്യോഗികനാമം 'ഇസ്ളാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാന്‍' എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

സോവിയറ്റ് സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ നിരവധി മുജാഹിദ്ദീന്‍ സംഘങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ വളര്‍ന്നുവന്നിരുന്നു. 1980 കളില്‍ റൊണാള്‍ഡ് റീഗന്‍ - മാര്‍ഗരറ്റ് താച്ചര്‍ അച്ചുതണ്ട് വന്‍തോതില്‍ ആയുധങ്ങളും പടക്കോപ്പുകളും മുജാഹിദ്ദീന്‍ സംഘങ്ങള്‍ക്ക് നല്‍കി. 1987 ല്‍ മാത്രം 65000 ടണ്‍ അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും അഫ്‌ഗാനിസ്ഥാനിലേക്ക് ഒഴുകി. അഫ്‌ഗാന്‍ മുജാഹിദ്ദീന്‍ സംഘങ്ങള്‍ വംശീയാടിസ്ഥാനത്തിലാണ് സംഘടിച്ചിരുന്നത്. താജിക്കുകള്‍, ഉസ്‌ബെക്കുകള്‍, മംഗളോയ്‌സ് വംശജരായ ഹസാരകള്‍ എന്നീ വംശീയ വിഭാഗങ്ങള്‍ വടക്കന്‍ അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒളിപ്പോര്‍ സംഘടിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ പത്താന്‍ വംശജര്‍ 1990 കളുടെ തുടക്കത്തിലാണ് സംഘടിക്കപ്പെട്ടത്. വടക്കന്‍ പ്രദേശം നിയന്ത്രിക്കുന്ന വംശീയ വിഭാഗങ്ങളോടുള്ള പ്രതിഷേധമാണ് പത്താന്‍ തീവ്രവാദത്തിന്റെ തുടക്കത്തിന് കാരണമായത്. ഹെൿമത്യാര്‍ നേതൃത്വം നല്‍കുന്ന ഉസ്‌ബെക്ക് മുജാഹിദ്ദീനുകള്‍ ഒരു പത്താന്‍ കുടുംബത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതാണ് താലിബാന്റെ രൂപീകരണത്തിന് മുല്ല ഉമറിനെ പ്രേരിപ്പിച്ച ഘടകമെന്ന വാദം ശക്തമാണ്. പ്രസ്‌തുത കഥ താലിബാന്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. മുജാഹിദീനുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും അനിസ്ളാമിക ജീവിതവും മുല്ല ഉമറിനെ പുതിയൊരു വിപ്ളവപാത തുറക്കാന്‍ പ്രേരിപ്പിച്ചു എന്നു കരുതുന്നതില്‍ തെറ്റില്ല.

പാക്കിസ്ഥാനിലെ മതപഠന ശാലകളില്‍ പഠിച്ച അഫ്‌ഗാന്‍ അഭയാര്‍ത്ഥികളാണ് താലിബാന്‍ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരായ മുല്ലമാരും ചേര്‍ന്ന ഒരു സായുധസംഘമാണ് താലിബാന്‍. തെക്കന്‍ അഫ്‌ഗാനിസ്ഥാന്‍, തെക്കന്‍ പാക്കിസ്ഥാന്‍, പാക്- അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ്ഗമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് താലിബാന്‍ പോരാളികള്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെട്ടത്.

താലിബാന്‍: പ്രത്യയശാസ്‌ത്രം

പാക്കിസ്ഥാനിലെ 'ജാമിയത്ത്- ഉലമ- ഇ-ഇസ്ളാം' ആണ് താലിബാന് ആശയ അടിത്തറ നല്‍കിയത്. ദിയോബാന്‍ഡ് സ്‌കൂളിന്റെ ഖുര്‍-ആന്‍ വ്യാഖ്യാനങ്ങള്‍, വഹാബിസം എന്നിവയാണ് താലിബാന്റെ പ്രത്യയശാസ്‌ത്രം. ഈ അര്‍ത്ഥത്തില്‍ താലിബാന്‍ ഒരു സുന്നി- വഹാബി- ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമാണ്. ഇസ്ളാമിക മതമൌലികവാദത്തോടൊപ്പം പഷ്‌തൂണ്‍ വംശീയ ദേശീയതയുംകൂടി ചേര്‍ന്നപ്പോള്‍ താലിബാന്‍ ഏറ്റവും യാഥാസ്ഥിതികമായ ഭീകരപ്രസ്ഥാനമായിമാറി. ഇസ്ളാമിക സ്വത്വത്തോടൊപ്പം പഷ്‌തൂണ്‍ വംശീയവാദ രാഷ്‌ട്രീയ നിലപാടുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരേ സമയം താലിബാന്‍ ഒരു ഇസ്ളാമിക മതമൌലികവാദ - പഷ്‌തൂണ്‍ വംശീയ രാഷ്‌ട്രീയപ്രസ്ഥാനമായി മാറി.

താലിബാന്‍ പോരാളികളില്‍ ബഹുഭൂരിപക്ഷം പത്താന്‍ വംശജരാണ്. പത്താന്‍ പോരാളികളില്‍ 95 ശതമാനത്തോളം ദുറാനി പത്താനികളാണ്. ഇതോടൊപ്പം നോര്‍ത്ത് ആഫ്രിക്ക, പശ്ചിമേഷ്യന്‍ റിപ്പബ്ളിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള ജിഹാദിപ്രസ്ഥാനത്തിലംഗങ്ങളായ ഒരു സംഘം വളണ്ടിയര്‍മാരും താലിബാന്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1996 ല്‍ സുഡാനില്‍ നിന്നും ബിന്‍ലാദന്‍ അഫ്‌ഗാനിസ്ഥാനിലെത്തിയതോടെ അല്‍- ഖ്വയ്‌ദ പോരാളികള്‍ '055' 'ബ്രിഗേഡ് ' എന്ന പേരില്‍ താലിബാനില്‍ ലയിച്ചു.

അഹമ്മദ് ഷാ മസൂദ് നേതൃത്വം നല്‍കുന്ന വടക്കന്‍ സഖ്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്. 1998 ൽ വടക്കന്‍ നഗരമായ മാസാര്‍- ഇ- ഷറീഫ് ആക്രമിച്ച താലിബാന്‍ സ്‌ത്രീകളും കുട്ടികളുമടക്കം 8000 ആളുകളെ കശാപ്പു ചെയ്തു. ഉസ്‌ബെക്കുകളേയും ഹസാരകളേയും കൂട്ടക്കൊല ചെയ്‌തത് വംശീയ ഉന്മൂലനമായിരുന്നു. ഇസ്ളാമിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ശവശരീരങ്ങള്‍ മറവുചെയ്യാന്‍ അനുവദിക്കാതെ 6 ദിവസം ചീഞ്ഞഴുകാന്‍ വിട്ടശേഷമാണ് താലിബാന്‍ പിന്‍വാങ്ങിയത്.

താലിബാന്‍ അധികാരത്തില്‍ വന്ന ഉടനെ താജിക്ക്, ഉസ്‌ബെക്ക്, ഹസാര ബ്യൂറോക്രാറ്റുകളെ മുഴുവന്‍ പിരിച്ചുവിട്ടു. പഷ്‌തൂണ്‍ ആധിപത്യം ഇതര ഗോത്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. ഷിയാകളെ വഹാബികളേയും ദിയോബന്ദികളേയും പോലെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ചു. ഷിയാ വിശ്വാസികളായ മംഗളോയ്‌സ് വംശജരായ ഹസാരമുസ്ളീങ്ങളെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ച് കൊന്നൊടുക്കി. അഫ്‌ഗാന്‍ ജനസംഖ്യയുടെ 10 % ഹസാരകളാണ്.

ആധുനികതയോട് കടുത്ത വിയോജിപ്പാണ് താലിബാന്‍ പ്രകടിപ്പിച്ചത്. ഷരിയ നിയമങ്ങളും പഷ്‌തൂണ്‍ ഗോത്രനിയമങ്ങളും ചേര്‍ത്ത നിയമസംഹിതയാണ് ഭരണ (പഷ്‌തൂണ്‍ വാലി)ത്തിന്റെ അടിസ്ഥാനശില. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സകല അതിര്‍ത്തികളും താലിബാന്‍ ഉല്ലംഘിച്ചു. വിദ്യാഭ്യാസം, തൊഴില്‍, സ്പോര്‍ട്സ് എന്നിവ സ്‌ത്രീകള്‍ക്ക് നിഷിദ്ധമാക്കി. വഹാബി പര്‍ദ്ദ നിര്‍ബന്ധമാക്കി. അരുവിയില്‍ തുണിയലക്കുന്നത്, തയ്യല്‍ക്കാരന്‍ അളവെടുക്കുന്നത്, ടാക്സിയില്‍ അടുത്ത ബന്ധുവായ പുരുഷന്റെ കൂടെയല്ലാതെ സഞ്ചരിക്കുന്നത് എന്നിവ നിരോധിച്ചു. ഇതൊടൊപ്പം ടി വി സിനിമ, വീഡിയോ, നൃത്തം, വീട്ടില്‍ ചിത്രങ്ങള്‍ തൂക്കിയിടുന്നത്, സ്പോര്‍ട്സ് പരിപാടികളില്‍ കൈയടിക്കുന്നത്, പട്ടം പറത്തല്‍, പന്നി, പന്നിനെയ്യ്, മനുഷ്യന്റെ മുടികൊണ്ടുണ്ടാക്കിയ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെസ്സ്, മുഖംമൂടി, കമ്പ്യൂട്ടര്‍, മദ്യം, ലൈംഗികത, വീഞ്ഞ്, പടക്കം പ്രതിമ, സംഗീതം, താടിവടിക്കല്‍ എന്നിവ നിരോധിച്ചു. ചുരുക്കത്തില്‍ ആധുനികതയുടെ അടയാളങ്ങളായ സകലിതിനേയും താലിബാന്‍ നിഷിദ്ധമാക്കി. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉല്പന്നങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും അവര്‍ യഥേഷ്‌ടം ഉപയോഗിച്ചു.

നിഗൂഢാത്മകവും, സമഗ്രാധിപത്യപരവുമായ സൈനിക ഭരണകൂടമാണ് താലിബാന്‍ സ്ഥാപിച്ചത്. പോരാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഭക്ഷണം, വസ്‌ത്രം, ആയുധങ്ങള്‍, ഷൂസ് എന്നിവയാണ് ഭരണകൂടം പോരാളികള്‍ക്ക് നല്‍കിയത്. ഓരോ പോരാളിയുടേയും ഏറ്റവും പ്രധാനകടമ 'വിശുദ്ധയുദ്ധ'ത്തില്‍ അണിചേരുകയാണ്. ഇഹലോകവാസം എന്തുകൊണ്ടും മോശമാണ്. അതിനാല്‍ വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗ്ഗം നേടുകയാണ് ഓരോ പോരാളിയുടേയും കടമ. ഇസ്ളാമിക പ്രത്യയശാസ്ത്രം 'സ്വയം രക്തസാക്ഷിയായി സ്വര്‍ഗ്ഗം നേടാന്‍' സഹായിക്കുന്ന ഒന്നായി താലിബാന്‍ വ്യാഖ്യാനിച്ചു. '1400 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍ ജീവിച്ചപോലെ ജീവിക്കുക, പ്രവാചകനും ഖലീഫമാരും നടത്തിയതുപോലെ വിശുദ്ധയുദ്ധം നടത്തുക.' ഇതായിരുന്നു മുല്ല ഉമറിന്റെ ആഹ്വാനം.

പാക്-താലിബാന്‍

ചരിത്രത്തില്‍ അഭിരമിക്കുന്ന മതഭ്രാന്തും വംശീയഭ്രാന്തും തലയ്‌ക്കു പിടിച്ച താലിബാന്‍ പ്രസ്ഥാനത്തെ വടക്കന്‍ സഖ്യവും നാറ്റോ സൈന്യവും ചേര്‍ന്ന് 2001 ല്‍ പുറത്താക്കിയെങ്കിലും ഇതിനകം തന്നെ പാക്കിസ്ഥാന്റെ ഗോത്രമേഖലയിലേക്ക് താലിബാന്‍ വ്യാപിച്ചിരുന്നു. താലിബാന്‍ പോരാളികള്‍ക്ക് യുദ്ധതന്ത്രവും പരിശീലനവും നല്‍കിയിരുന്നത് ഐ എസ് ഐ ആണ്. താലിബാന്‍ പ്രത്യയശാസ്‌ത്രത്തിന് ഐ എസ് ഐ യിലും പാക്ക് സൈന്യത്തിനും നിര്‍ണ്ണായകസ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്.

2001-ല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ചിതറപ്പെട്ട താലിബാന്‍ 2004 ല്‍ പുന:സംഘടിക്കപ്പെട്ടു. 2007 ഡിസംബറില്‍ പാക് താലിബാന്‍ പ്രഖ്യാപിക്കപ്പെട്ടു. ' തെഹ്രീക്ക്- ഇ- താലിബാന്‍ പാക്കിസ്ഥാന്‍' എന്ന പേരിലാണ് പാക് താലിബാന്‍ സംഘടിക്കപ്പെട്ടത്. ജാമിയത്ത് - ഉലമ- ഇസ്ളാം (ജെയുഐ)യുടെ തലവന്‍ മൌലാനാ ഫസല്‍ ഉര്‍റഹ്മാനാണ് പാക്താലിബാന്റെ ബുദ്ധിസ്രോതസ്സ്. ബേനസീര്‍ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്ന ഫസല്‍ ഉര്‍ റഹ്മാന്‍ അവര്‍ പ്രധാനമന്ത്രിയായതോടെ ഭരണതലത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടി. ഐ എസ് ഐ യിലും ഗവണ്‍മെന്റിലും താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഒരു പരിധിവരെ ഐ എസ് ഐ യെ താലിബാന്‍ വല്‍ക്കരിക്കുവാനും ഫസല്‍ ഉര്‍ റഹ്മാന് സാധിച്ചു. പര്‍വേശ് മുഷറഫിന്റെ ഭരണകാലത്തും ജിഹാദിസംഘങ്ങള്‍, ഐ എസ് ഐ, പാക് സൈന്യം എന്നിവയെ കൂട്ടിയിണക്കുന്ന കണ്ണിയായി ജെ യു ഐ യും മൌലാനഫസല്‍ ഉര്‍ റഹ്മാനും തുടര്‍ന്നു.

താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ 15000 ഓളം വരുന്ന ലഷ്‌ക്കര്‍ അഥവാ പരമ്പരാഗത ഗോത്രസേനാംഗങ്ങള്‍ പാക് പത്താന്‍ മേഖലയിലേക്ക് പലായനം ചെയ്‌തു. ക്രമേണ ഗോത്രവര്‍ഗ്ഗമേഖലയില്‍ സ്വാധീനമുറപ്പിച്ച താലിബാന്‍ സേനാംഗങ്ങള്‍ പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ്ഗമേഖലയാകെ നിയന്ത്രണത്തിലാക്കി. അഫ്‌ഗാനിസ്ഥാനിലെ ഹമീദ് കര്‍സായി ഗവണ്‍മെന്റ്, പാകിസ്ഥാനിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2004നുശേഷം തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ താലിബാന് സാധിച്ചു.

പാക്കിസ്ഥാനെ അമേരിക്കന്‍ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഇസ്ളാമികവല്‍ക്കരിക്കുക അഥവാ താലിബാന്‍ വല്‍ക്കരിക്കുക എന്ന ലക്ഷ്യം 2007 ഓടുകൂടി മുഖ്യ അജണ്ടയായി താലിബാന്‍ സ്വീകരിച്ചു. ഐ എസ് ഐ, പാക് സൈന്യം, പാക് നിയന്ത്രിത കാശ്‌മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദിസംഘങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണ താലിബാന് ലഭിച്ചു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ ജനാധിപത്യഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാന്‍ താലിബാന് പ്രചോദനമായി. പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും മേല്‍ക്കൈയുള്ള പാക് ഭരണകൂടത്തിനെതിരായ പത്താന്‍ വംശീയദേശീയതയുടെ ശക്തമായ എതിര്‍പ്പും താലിബാനെ രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാനുള്ള വിശുദ്ധയുദ്ധത്തിലേക്ക് നയിച്ചു. മേഖലയിലെ ഗോത്രമുഖ്യന്‍മാരുടെ കലവറയില്ലാത്ത പിന്തുണ താലിബാന് ലഭിച്ചതോടുകൂടി സ്വാത് വാലി, ബ്യൂണര്‍ജില്ല, തെക്കന്‍ പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ സമാന്തര ഭരണകൂടമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക് സൈന്യവും ഭരണകൂടവും താലിബാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ദാരി ഗവണ്‍മെന്റ് താലിബാനുമായി കരാറിലെത്തുകയും ഫെബ്രുവരി 18, 2009 മുതല്‍ സ്വാത് താഴ്വരയില്‍ 'ഷരിയനിയമം' (പഷ്‌തൂണ്‍ വാലി) നടപ്പാക്കുകയും ചെയ്‌തു. അധികം വൈകാതെ ബ്യൂണര്‍ ജില്ലയും കടന്ന് ഇസ്ളാമബാദ് പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടിക്ക് നിദാനം. നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ താലിബാനെ താത്ക്കാലികമായി തുരത്താന്‍ കഴിഞ്ഞെങ്കിലും ഗോത്രവര്‍ഗ്ഗസംസ്‌ക്കാരം നിലനില്‍ക്കുന്ന പാക്-അഫ്‌ഗാന്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ സാന്നിധ്യമായി താലിബാന്‍ തുടരാനാണ് സാധ്യത.

താലിബാനെ ഒരു യഥാര്‍ത്ഥ ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമായി കാണാന്‍ കഴിയില്ല. അല്‍-ഖ്വയ്‌ദ ബന്ധം താലിബാനെ ആഗോള ജിഹാദി പ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ത്തുവെങ്കിലും വംശീയ സ്വത്വബോധത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇസ്ളാമിന്റെ മാനവിക മൂല്യങ്ങളുടെ സ്ഥാനത്ത് പത്താന്‍ ഗോത്ര മൂല്യങ്ങളാണ് താലിബാന്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വാത് താഴ്വരയില്‍ അവര്‍ നടപ്പിലാക്കിയ ഷരിയ നിയമം ഇസ്ളാമില്‍ പൊതിഞ്ഞ ഗോത്രപാരമ്പര്യങ്ങള്‍ മാത്രമാണ്. കടുത്ത വംശീയബോധമാണ് താലിബാനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ഐ എസ് ഐയ്‌ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. ലോകവീക്ഷണത്തിന്റെ അഭാവം, ഖുറാന്റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങള്‍, ആധുനിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ്, തീവ്രവംശീയ ബോധം, ഇഹലോകവാസത്തോടുള്ള അലക്ഷ്യഭാവം, രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശം, തുടര്‍ച്ചയായി യുദ്ധാവസ്ഥയില്‍ തുടരാനുള്ള താത്പര്യം തങ്ങളുടെ ആവാസസ്ഥലത്ത് അതിക്രമിച്ചു കടന്ന 'അന്യനെ' തകര്‍ക്കാനുള്ള പ്രാക്തന ഗോത്ര വീര്യം എന്നിവ ഉള്‍ച്ചേര്‍ന്ന താലിബാന്‍ പോരാളിയുടെ മനസ്സില്‍ വംശീയ ഉന്മൂലനവും 'ഇസ്ളാം അല്ലെങ്കില്‍ വാള്‍' എന്ന ഭീകരവാദ ജിഹാദി ബോധവും മാത്രമേ ബാക്കിയായിട്ടുള്ളൂ. 'ആധുനിക മനുഷ്യന്‍' എന്ന വിശേഷണത്തിന് അര്‍ഹതയില്ലാത്ത താലിബാനികളെ സൃഷ്ടിച്ച സാമ്രാജ്യത്വവും അതിന്റെ വേട്ടപ്പട്ടിയായ പാക്കിസ്ഥാനും ഇപ്പോള്‍ നല്‍കുന്ന കനത്ത വില ചരിത്രത്തിന്റെ മധുരപ്രതികാരമാണ്.

***

ഡോ: പി ജെ വിന്‍സെന്റ്
കടപ്പാട്: യുവധാര

28 September, 2009

രാജ്യം വിറ്റു കൈ കഴുകും...!

രാജ്യം വിറ്റു കൈ കഴുകും...!

ഇടതുപക്ഷമില്ലാതെ ഇന്ത്യ ഭരിക്കാനവസരം ലഭിച്ചതിന്റെ മുഴുവന്‍ 'ആവേശവും' പ്രതിഫലിപ്പിക്കുന്നതാണ് 2009-10ലെ സാമ്പത്തികസര്‍വ്വെയും ബജറ്റും! സര്‍ക്കാരിന്റെ ജനവിരുദ്ധ കമ്പോളാഭിമുഖ്യനിലപാടുകള്‍ വ്യക്തമാക്കുന്ന പ്രധാനരേഖകളാണിവ. സാമ്പത്തിക സര്‍വ്വെയും കേന്ദ്രബജറ്റും മുന്നോട്ടുവയ്ക്കുന്ന നയങ്ങളും പരിപാടികളും, മുന്‍ഗണനകളും ഇങ്ങനെ ക്രോഡീകരിക്കാം:-

* പൊതുമേഖലാ വ്യവസായങ്ങളിലേയും ബാങ്ക് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലും 49% ഓഹരി സ്വകാര്യമേഖലയ്ക്ക് കൈമാറും. പൊതുമേഖല 'പൊതുജനങ്ങളുടെ' ഉടമസ്ഥതയില്‍ കൊണ്ടുവരുന്നതിനാണത്രെ ഈ കച്ചവടം! ഇങ്ങനെ 25,000 കോടി രൂപ വീതം പ്രതിവര്‍ഷം സമാഹരിക്കും
* ചില്ലറ വില്‍പ്പന, കല്‍ക്കരി ഖനനം, ആണവോര്‍ജ്ജം, റിയില്‍വേ എന്നിവ വിദേശനിക്ഷേപമേഖലയാക്കും.
* പ്രതിരോധവ്യവസായത്തില്‍ 49% വിദേശനിക്ഷേപം കൊണ്ടുവരും.
* പെട്രോളിയം വിലനിര്‍ണ്ണയം കമ്പോളത്തെഏല്‍പ്പിക്കും
* വളം സബ്സിഡി വെട്ടിക്കുറക്കുകയും അത് കര്‍ഷകര്‍ക്ക് നേരിട്ട്നല്‍കുന്ന സംവിധാനം നടപ്പാക്കുകയും ചെയ്യും.. വളത്തിന്റെ വില നിര്‍ണ്ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സാരം.
* അടിസ്ഥാനമേഖലാ വികസനം സ്വകാര്യമേഖലയക്ക് കൈമാറും. സ്വകാര്യ പൊതുപങ്കാളിത്തം വഴി ഖജനാവിന്റെ സഹായത്തോടെയുളള സ്വകാര്യവല്‍ക്കരണമാണ് ലക്ഷ്യം.
* മണ്ണെണ്ണ പാചകവാതക സബ്സിഡികള്‍ ഒഴിവാക്കും. പാചകവാതകത്തിന് രണ്ടുതരം വില ഈടാക്കൂം. വര്‍ഷത്തില്‍ 6 സിലിണ്ടര്‍വരെ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ കുറഞ്ഞവിലയില്‍ ഗ്യാസ് ലഭ്യമാക്കേണ്ടതുളളൂ.
* പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ സ്വകാര്യമേഖലയ്ക്ക് അനുമതിനല്‍കും.
* മരുന്നുവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒഴിവാക്കും. (നിലവില്‍ 354തരം മരുന്നുകളുടെ മേലുളള വിലനിയന്ത്രണം 74 ആയി കുറയ്ക്കും.)
* കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലുളള ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിററഡ്, ഭാരത് കുക്കിംഗ്കോള്‍ ലിമിറ്റഡ് എന്നിവ വില്‍ക്കും!
* അവധിവ്യാപാരത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയും (അരി, ഗോതമ്പ്, സോയാഓയില്‍, റബ്ബര്‍, പഞ്ചസാര എന്നീ അവശ്യവസ്തുക്കളുടെ അവധിവ്യാപാരം ഇടതുപക്ഷനിര്‍ബന്ധം കാരണം തടഞ്ഞുവച്ചിരിക്കുന്നത്, പുനരാരംഭിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്)
* കരിമ്പ്, പഞ്ചസാര, വളം വ്യവസായങ്ങള്‍ക്കുമേലുളള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കും.
* പ്രാഥമിക - വിദ്യാഭ്യാസമേഖലയിലടക്കം സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണം നടപ്പാക്കും. വിദേശ സര്‍വ്വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവേശനാനുമതി നല്‍കും.
* ഭക്ഷ്യസുരക്ഷാനിയമം പാസാക്കും. 25കിലോഅരിയോ ഗോതമ്പോ ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവര്‍ക്ക് 3രൂപാനിരക്കില്‍ നല്‍കുന്നതിനാണ് ഈ നിയമം കൊണ്ടുവരുന്നത്.
* ആണവോര്‍ജ്ജനിയമത്തില്‍ ഭേദഗതിവരുത്തും.
* ഇന്‍ഷൂറന്‍സില്‍ 49% വിദേശനിക്ഷേപം അനുവദിക്കും. LIC-GIC ബാങ്കിംഗ് മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കും. (ഇന്‍ഷൂറന്‍സ് ബില്ലുകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

ഏറെ പുരോഗമന പരമെന്ന് മാധ്യമങ്ങള്‍ പുകഴ്ത്തിയ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ബജറ്റ് ഇനിപറയുന്നതുപോലെയും വായിച്ചെടുക്കാം.

* രാജ്യത്തിന്റെ മൊത്തം വികസന ക്ഷേമ കാര്യങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം മുന്‍വര്‍ഷം 60% ആയിരുന്നത് 57% ആയികുറച്ചു.
* ഒറ്റവര്‍ഷംകൊണ്ട് പ്രതിരോധ ബജറ്റില്‍ 24 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ച ബജറ്റ് ഗ്രാമീണ തൊഴില്‍ ദാന പദ്ധതികള്‍ക്ക് 6% വര്‍ദ്ധനവാണ് വരുത്തിയത്. ദേശീയ സര്‍ക്കാരിന്റെ ചെലവുകളുടെ 15.5% വരെ കാര്‍ഷിക-കാര്‍ഷിക അനുബന്ധ ചിലവുകള്‍ക്ക് മാറ്റിവെച്ചിരുന്നിടത്ത് പുതിയവര്‍ഷം (2009-10) 10.5% കണ്ട് വെട്ടിക്കുറയ്ക്കപ്പെട്ടു.
* 60% തൊഴില്‍ അധികമായി സൃഷ്ടിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍, തൊഴില്‍ പദ്ധതികള്‍ക്കുള്ള ബജറ്റു വിഹിതത്തില്‍ 6.4% വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്.
* പ്രാഥമിക വിദ്യാഭ്യാസത്തിനായി ദേശീയ വിദ്യാഭ്യാസ വിഹിതത്തിന്റെ 59% ആണ് 2008-09ല്‍ ചെലവിട്ടത്. ഈ വര്‍ഷം അത് 48% ആയി വെട്ടിക്കുറച്ചു. വിദ്യാഭ്യാസത്തിനുള്ള മൊത്തം സര്‍ക്കാര്‍ വിഹിതം, റവന്യൂ ചെലവിന്റെ 11.1%ല്‍ നിന്ന് 9.98% ആയി കുറച്ചു.
* വിവിധ സബ്സിഡികളായി കഴിഞ്ഞവര്‍ഷം ദേശീയ ബജറ്റ് വകയിരുത്തിയത് 1,29,243 കോടി രൂപയായിരുന്നു. പുതിയ വര്‍ഷം അത് 1,11,276 കോടിയായി വെട്ടിക്കുറച്ചു. 14% കുറവ്.
* രാസവളം സബ്സിഡി കഴിഞ്ഞവര്‍ഷം 75,849 കോടി രൂപയുടേതായിരുന്നു. ഇക്കുറി മൊത്തം വളം സബ്സിഡിതന്നെ 49,980 കോടി രൂപ മതിയെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ അടിയന്തിര അജണ്ടകളാണ് ഇവിടെ വിവരിച്ചത്... പലതും 100 ദിവസത്തിനുളളില്‍ തന്നെ നടപ്പാക്കുന്നതിന് തീവ്രശ്രമം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇന്ത്യയിലെ കര്‍ഷസമൂഹത്തെ മുഴുവന്‍ കണ്ണീരുകുടിപ്പിക്കുകയും ആത്മഹൂതി ചെയ്യിപ്പിക്കുകയും ചെയ്യുന്നതിന് ഉതകുന്ന ആസിയന്‍ കരാര്‍ ഒപ്പിട്ടതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ 'നേട്ടമെന്ന്' കമ്പോളഗുരുക്കന്‍മാരും കോളമെഴുത്തുകാരും ഒരുപോലെ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 4ന് പാര്‍ലിമെന്റ് അംഗീകരിച്ച 'വിദ്യാഭ്യാസ അവകാശനിയമം' മറ്റൊരു 'പൊന്‍തൂവലാ'ണെന്ന് ഇക്കൂട്ടര്‍ വാചാലമായി പറഞ്ഞു നടക്കുന്നു. വരാന്‍പോകുന്ന ഭക്ഷ്യസുരക്ഷാനിയമം 'ചരിത്രത്തിലെ നാഴികക്കല്ലാ'യിരിക്കുമെന്നാണ് മറ്റുചില മാധ്യമങ്ങളുടെ വായ്താരി... പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞ സമഗ്രഇന്‍ഷൂറന്‍സ് ബില്‍ എല്‍. ഐ.സി. ഭേദഗതിനിയമം എന്നിവയാണ് കമ്പോളരാജാക്കന്‍മാരെ ഹരം പിടിപ്പിച്ച മറ്റൊരു സര്‍ക്കാര്‍ നടപടി.. 49% ഓഹരി കൈമാറി പൊതുമേഖല കമ്പോളമേധാവികളുടെ താളത്തിന് തുളളുന്ന വിധം പുന:സംഘടിപ്പിക്കുമെന്നുളള സര്‍ക്കാര്‍ പ്രഖ്യാപനം മുതലാളിമാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിട്ടുളളത്. ഔഷധ മേഖലയിലെ വില നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ സന്തോഷം വ്യവസായ കുത്തകകള്‍ പങ്കുവയ്ക്കുന്നുണ്ട്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുന്നതുവഴി തങ്ങളുടെ ലാഭസഞ്ചയത്തിലേക്ക് ഒഴുകുന്ന ധനം സങ്കല്‍പ്പാതീതമായിരിക്കുമെന്ന് റിലയന്‍സും, എസാര്‍ എന്ന എണ്ണ കുത്തകയും സമ്മതിക്കുന്നുണ്ട്. വരാന്‍പോകുന്ന 'നികുതി പരിഷ്കരണം' തങ്ങളുടെ മൂലധന സഞ്ചയത്തെ ഹിമാലയന്‍ ഉയരങ്ങളിലേക്കാണ് കൈപിടിച്ചുയര്‍ത്തുകയെന്ന് കുത്തകകള്‍ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു... അവശ്യ ഉപഭോഗസാധനങ്ങളും ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അവധിവ്യാപാരത്തിന് തുറന്നുകിട്ടുന്നതിന്റെ സന്തോഷം ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടക്കാര്‍ക്ക് അടക്കാനാവുന്നില്ല... ചുരുക്കത്തില്‍ ഇടതുപക്ഷ പ്രതിരോധമില്ലാത്തതു കാരണം കമ്പോളമേധാവികള്‍ക്ക് മേയാന്‍ ഇന്ത്യാമഹാരാജ്യം സമ്പൂര്‍ണ്ണമായിവിട്ടുകൊടുത്തുകൊണ്ടുളള നയങ്ങളും പരിപാടികളുമാണ് ചുരുങ്ങിയനാളുകള്‍ക്കുളളില്‍തന്നെ മന്‍മോഹന്‍സിംഗ് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്.

115 കോടി മനുഷ്യരുളള രാജ്യത്തെ 10%വരുന്ന അതിസമ്പന്നരുടെയും ഒന്നോരണ്ടോ ശതമാനം വരുന്ന ഓഹരികമ്പോളത്തിലെ നിക്ഷേപകരുടെയും നൂറില്‍താഴെ വരുന്ന ശതകോടിശ്വരന്മാരുടെയും വളര്‍ച്ചയും ഉയര്‍ച്ചയും ലാഭവും മാത്രം ഉറപ്പുവരുത്തികൊണ്ട് ഭരണം നടത്തുവാനുളള 'മാന്‍ഡേറ്റാ'ണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നതെന്ന് ഈ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് കരുതുന്നുവെന്നാണ് നമുക്ക് മനസ്സിലാവുന്നത്. ആഗോളമായി നിയോലിബറലിസവും, കമ്പോളത്തിന്റെ ചൂതാട്ടവും, ധനമൂലധനത്തിന്റെ വാഴ്ചയും ചോദ്യം ചെയ്യപ്പെടുകയും തകര്‍ന്നുവീഴുകയും ചെയ്യുന്ന മുഹൂര്‍ത്തത്തിലാണ്, അതിന് പുതുജീവന്‍ നല്‍കാനുളള കര്‍മ്മപരിപാടികളുമായി കോണ്‍ഗ്രസ്സ് ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തരമൊരു ചരിത്രഘട്ടത്തില്‍ കുത്തകമൂലധനത്തിനും, ധനമൂലധനത്തിനും രാഷ്ട്രം സമ്പൂര്‍ണ്ണമായി ഏല്‍പ്പിച്ചുകൊടുക്കുന്നവരെ വിചാരണചെയ്യുന്ന ജനമുന്നേറ്റങ്ങള്‍ക്കുവേണ്ടി കാതോര്‍ക്കുകയല്ല, പോരാട്ടങ്ങളുടെ മഹാമാരി സൃഷ്ടിക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയുമാണ് ദേശാഭിമാനവും പൌരബോധവുമുളള ഏവരുടെയും കടമയെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതിജീവിക്കുവാനുളള ഏകവഴി അതുമാത്രമാണ് എന്ന് പറയാവുന്ന ഘട്ടമെത്തിയിരിക്കുന്നു.

ഭക്ഷ്യസുരക്ഷയ്ക്ക് കോണ്‍ഗ്രസിന്റെ ബദല്‍!

സര്‍ക്കാര്‍ നിയോഗിച്ച അര്‍ജ്ജുന്‍ സെന്‍ഗുപ്ത റിപ്പോര്‍ട്ട് അസന്നിഗ്ധമായി കണ്ടെത്തിയത്76% ഭാരതീയര്‍ 12 രൂപ മുതല്‍ 20 രൂപവരെ മാത്രം ചിലവഴിച്ച് ജീവിക്കുന്നവരാണ് എന്നായിരുന്നു. പക്ഷേ 26% പേരാണ് ഔദ്യോഗികമായി ദരിദ്രരെന്നാണ് ഭരണകൂടം ആവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫുഡ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ 'ഹംഗര്‍ ഇന്‍ഡെക്സ്' പ്രകാരം 88 വികസ്വര-ദരിദ്രരാഷ്ട്രങ്ങളില്‍ 66-ാം സ്ഥാനത്താണ്ഇന്ത്യ നിലകൊളളുന്നത്. ഇന്ത്യയിലെ 80% ഗ്രാമീണരും 64% നഗരവാസികളും വിശപ്പടക്കാന്‍ ആവശ്യമായ വരുമാനമുളളവരല്ലെന്നാണ് അവരുടെ കണക്ക്. എന്നിട്ടും 11.80 രൂപ കൊണ്ട് ഗ്രാമീണരും 17.80 രൂപകൊണ്ട് നഗരവാസിയും സുഭിക്ഷമായി കഴിയുമെന്നാണ് ഭരണകൂടം ഉളുപ്പില്ലാതെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഖ്യക്ക് മുകളില്‍ വരുമാനമുണ്ടായാല്‍ അവരെല്ലാം ഏ.പി.എല്‍ ആവുകയും, 25 രൂപ, കൊടുത്ത് അരിവാങ്ങി കഴിക്കാന്‍ (ഇപ്പോഴത്തെ വില) ബാധ്യസ്ഥമാവുകയും ചെയ്യുന്നു.

അഞ്ച് അംഗങ്ങളുളള കുടുംബത്തിന് രണ്ടു നേരമെങ്കിലും വയറുനിറക്കാന്‍ 100രൂപ പോലും മതിയാവാത്തവിധം വില ഉയരുമ്പോള്‍ തന്നെയാണ് ഇത്തരം തിട്ടൂരങ്ങള്‍ രാജകല്‍പനകളായി നാം ഏറ്റുവാങ്ങുന്നത്!(പട്ടിക-താഴെ) ലഭിക്കുന്ന കൂലിയൂടെ 90% ഭക്ഷണാവശ്യത്തിന് വേണ്ടിമാത്രം ചിലവിടേണ്ടിവരുന്ന 76% മനുഷ്യരില്‍ മൂന്നില്‍ രണ്ടുഭാഗത്തെയും സമ്പൂര്‍ണ്ണമായി കമ്പോളത്തിന്റെ അഗ്നിനാളങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുവാനുളള 'നിയമം' ആണ് വരാന്‍ പോകുന്ന ഭക്ഷ്യസുരക്ഷാനിയമം.

ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ച് ഇന്ത്യയിലെ 6 കോടി ദരിദ്രര്‍ക്ക് കിലോഗ്രാമിന് 3 രൂപാ നിരക്കില്‍ 25 കിലോധാന്യം പ്രതിമാസം നല്‍കുന്നത് ഭരണകൂടത്തിന്റെ ബാധ്യതയാക്കുന്നതാണ് പുതിയ നിയമം. നിലവില്‍ ഇവരില്‍ ഒരു കോടിയോളം കുടുംബങ്ങള്‍ക്ക് 35കിലോ ധാന്യം നല്‍കുന്ന പദ്ധതിയുണ്ട്. അത് 10 കിലോഗ്രാം കണ്ട് കുറയുകയും, വിലയില്‍ ഒരു രൂപ വര്‍ദ്ധനവ് വരുത്തുകയും ചെയ്യും. (ഈ വെട്ടി കുറവും വിലകയറ്റവും വഴി 4000 കോടി രൂപ ഖജനാവിന് നേട്ടമുണ്ടാവുമത്രെ). പ്രതിദിനം 700 കോടി രൂപ നികുതി ഇളവായി കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നവരാണ് ഇങ്ങനെ ചെയ്യുന്നത് രാജ്യത്താകെ 5 ലക്ഷം പൊതുവിതരണ കേന്ദ്രങ്ങളിലൂടെ 6കോടി കുടുംബങ്ങള്‍ക്ക് (അവരെപ്പോലും ഇതുവരെ സര്‍ക്കാര്‍ കണ്ടെത്തുകയോ - കാര്‍ഡ് നല്‍കുകയോ ചെയ്തിട്ടില്ല) മുകളില്‍ പറഞ്ഞ അളവിലും നിരക്കിലും ധാന്യം കൊടുത്ത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് പറയുന്നതുകൊണ്ട് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നത്?

*സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന അതിദരിദ്രരായ 25% ജനങ്ങള്‍ ഒഴിച്ചുള്ളവരെല്ലാം ഭക്ഷ്യാവശ്യങ്ങള്‍ കമ്പോളത്തിന് എറിഞ്ഞുകൊടുക്കുവാന്‍ ഭരണകൂടത്തിന് നിയമപരമായ അനുമതി ലഭിക്കുന്നു.
*നാമമാത്രമായ ധാന്യവിതരണം കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുമെന്ന് നിയമം വഴി പ്രഖ്യാപിക്കപ്പെടും.
* പൊതുവിതരണ സംവിധാനങ്ങളുടെ നടത്തിപ്പ്, ഭക്ഷ്യ ധാന്യ സംഭരണം വിതരണം എന്നീ ഉത്തരവാദിത്വങ്ങളില്‍ നിന്ന് പാര്‍ലിമെന്റ് അനുമതിയോടെ ഭരണകൂടത്തിന് പിന്മാറാം.
* ദാരിദ്ര്യരേഖാമാനദണ്ഡങ്ങളിലെ അശാസ്ത്രീയതക്ക് നിയമപ്രാബല്യം ലഭിക്കും.
* അതിദരിദ്രരൊഴികെയുളള 55% വരുന്ന പാവങ്ങള്‍ക്കും സാധാരണകാര്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പുനല്‍കേണ്ട ബാധ്യതയില്‍നിന്ന് ഭരണകൂടം രക്ഷപ്പെടും.
* സ്കൂളുകളിലെ ഉച്ചഭക്ഷണപരിപാടിയും, ICDS ഉം അംഗന്‍വാടികളും വഴിയുളള പോഷകാഹാര വിതരണവും എന്നിവ നിയമപരമായി നിലനില്‍ക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെടും.

അതെ, കഴിഞ്ഞ ഒന്നര ദശാബ്ദമായി തുടരുന്ന കമ്പോളവല്‍ക്കരണ നടപടികളില്‍ ഏറ്റവും ക്രൂരമായത് എന്നു വിശേഷിപ്പിക്കാവുന്ന നിയമമാണ് കോണ്‍ഗ്രസ്സ് ഭരണകൂടം ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ പോകുന്നത്. കഴിഞ്ഞവര്‍ഷം കടുത്ത ഭക്ഷ്യക്ഷാമവും വിലക്കയറ്റവും കാരണം ആഗോളഭക്ഷ്യ പ്രതിസന്ധിയും വിശക്കുന്നവരുടെ കലാപവും ലോകത്താകെ അരങ്ങേറിയതിനെക്കുറിച്ച് ഇവര്‍ക്ക് ഓര്‍മ്മയില്ലെന്നാണോ? കഴിഞ്ഞരണ്ടു മൂന്നുവര്‍ഷം കൊണ്ട് ഭക്ഷ്യധാന്യങ്ങള്‍ക്കും അവശ്യഭക്ഷ്യവസ്തുക്കള്‍ക്കും മൂന്ന് മടങ്ങ് വരെ വില കയറിയിട്ടുണ്ടെന്ന സത്യം ഈ അധികാര ദല്ലാള്‍മാര്‍ക്കറിയാത്തതാണോ? (പട്ടിക താഴെ)

ജീവിതം ദുസഹമാക്കുന്ന അവശ്യവസ്തുക്കളുടെ വിലക്കയറ്റം
(2004-09) ഡല്‍ഹി
പക്ഷേ, ദശാബ്ദങ്ങളായി മാറ്റമൊന്നുമില്ലാതെ ഒരേ നിരക്കില്‍ തുടരുന്ന ഒരു കാര്യമുണ്ട്. അതാണ് ദാരിദ്ര്യരേഖ നിശ്ചയിക്കുന്നതിനുളള വരുമാന നിരക്ക് - ഗ്രാമത്തില്‍ 11.80 രൂപയും നഗരവാസികള്‍ക്ക് 17.80 രൂപയുമാണ് ഈ നിരക്ക്.

എന്നിട്ടും ഒരു ദശാബ്ദം മുമ്പത്തെ ദാരിദ്ര്യരേഖാ നിരക്കുകളില്‍ ഇവര്‍ തൂങ്ങിയാടുന്നത് ആരോടുളള വെല്ലുവിളിയാണ്? പ്രളയബാധിത മേഖലയില്‍ റൊട്ടി വലിച്ചെറിയുന്ന ലാഘവത്തോടെ, ഒരു രാജ്യത്തെ മനുഷ്യരെ മുഴുവന്‍ ധിക്കാരപൂര്‍വ്വം മറന്നുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുവാനിറങ്ങിയിരിക്കുന്ന കോണ്‍ഗ്രസ് ഭരണകൂടത്തെ കണ്ട് ലോകം ലജ്ജിക്കട്ടെ!

പരിഹാസവും നിന്ദ്യവുമായ ഈ നിയമത്തെ ബലപ്പെടുത്തുവാനുളള നിരവധി പ്രതിലോമപരമായ തീരുമാനങ്ങള്‍ ഇതിനകംതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷ ഇടപെടല്‍ കൊണ്ട് തടഞ്ഞുവച്ച അവശ്യവസ്തുക്കളുടെ അവധി വ്യാപാരം പുന:രാരംഭിക്കുവാനുളള തീരുമാനമാണ് അതിലൊന്ന്. ഊഹവ്യാപാരികള്‍ക്കും ഓഹരികമ്പോളത്തിനും ചൂതാടാനുളള മേഖലയായി ഭക്ഷ്യവസ്തുക്കളും ധാന്യവും വിട്ടുകൊടുക്കുന്ന അവധി വ്യാപാരം ഇന്ത്യന്‍ കമ്പോളത്തില്‍ അവശ്യ വസ്തു വിലക്കയറ്റത്തിന്റെ ഭീകരതാണ്ഡവമായി പരിണമിക്കും. ധാന്യസംഭരണവും വിതരണവും വിലനിയന്ത്രണവും സമ്പൂര്‍ണ്ണമായി കമ്പോളത്തിന് ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് 'ഭക്ഷ്യസുരക്ഷ' ഉറപ്പുവരുത്തുമെന്ന് പറയുന്നവരെ എങ്ങനെയാണ് വിചാരണ ചെയ്യേണ്ടത്? സ്വാതന്ത്ര്യാനന്തരം ഇന്നുവരെ തുടര്‍ന്നുവന്ന വളംവില നിയന്ത്രണവും സബ്സിഡിയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ പ്രധാനപ്പെട്ട ഘടകങ്ങളായിരുന്നു. വളം സബ്സിഡി 25,868 കോടി രൂപ കണ്ട് വെട്ടികുറച്ചും വിലനിയന്ത്രണം ഒഴിവാക്കിയും ഉളള സര്‍ക്കാര്‍ തീരുമാനം ധനമന്ത്രിയുടെ ബജറ്റിലൂടെ നടപ്പായികഴിഞ്ഞു. എല്‍.പി.ജി. മണ്ണെണ്ണ സബ്സിഡി എടുത്തുകളയുവാനുളള തീരുമാനം ഒപ്പം വന്നതാണ്. ഫലത്തില്‍ ഭക്ഷ്യസുരക്ഷയുടെ പേരില്‍ വരാന്‍ പോകുന്നത്, സമ്പൂര്‍ണ്ണമായ 'അസുരക്ഷ'യായിരിക്കുമെന്ന് ഈ നിയമവും അനുബന്ധനടപടികളും ഉറക്കെ പ്രഖ്യാപിക്കുന്നു... ഇത് കണ്ട് മൌനികളായിരിക്കുന്നവരെപ്പോലും ചരിത്രം കുറ്റക്കാരെന്ന് വിധിക്കും.

ഭക്ഷ്യസുരക്ഷയാണ് ലക്ഷ്യമെങ്കില്‍ ഇത്രയെങ്കിലും ചെയ്യണം

* 6 കോടി ദരിദ്ര കുടുംബങ്ങള്‍ എന്ന അസംബന്ധംപറച്ചില്‍ നിര്‍ത്തണം. കുറഞ്ഞത് 18കോടി കുടുംബങ്ങളെ ഉള്‍ക്കൊളളുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയാണ് രാജ്യത്തിനാവശ്യം
* ഭക്ഷ്യധാന്യങ്ങളുടെയും അവശ്യ ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്ന പൊതുവിതരണ സംവിധാനമാണ് ഭക്ഷ്യസുരക്ഷയുടെ പ്രാഥമിക അടിത്തറ. 14 സാധനങ്ങളെങ്കിലും സബ്സിഡിയോടെ വിതരണം ചെയ്യുന്ന സംവിധാനമാണ് വേണ്ടത്.
* സ്കൂള്‍വഴിയുളള ഉച്ചഭക്ഷണ പരിപാടിയും അംഗന്‍വാടി കേന്ദ്രങ്ങളിലൂടെയുളള പോഷകാഹാരപരിപാടിയും ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയില്‍ വരണം.
* ജി.ഡി.പിയുടെ 0.6% മാത്രം വരുന്ന ഭക്ഷ്യധാന്യസബ്സിഡി 3 ശതമാനംകണ്ട് ഉയര്‍ത്തണം.
* ഗ്രാമീണ തൊഴില്‍ ദാനപദ്ധതികളുടെ കൂലി ദേശീയമിനിമം കൂലിയുടെ ഇരട്ടിയാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കൂലിയുടെ ഭാഗമാക്കുകയും ചെയ്യണം.
* ഭക്ഷ്യസുരക്ഷക്കാവശ്യമായ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്ന ചുമതല കേന്ദ്രസര്‍ക്കാരിന്റെ കടമയായിരിക്കണം.
* ദരിദ്രകര്‍ഷകരെ ഭക്ഷ്യസുരക്ഷാപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
* അവശ്യ വസ്തുക്കളുടെ അവധിവ്യാപാരം നിരോധിക്കണം.

ഇത്രയും മാറ്റങ്ങളോടെയെങ്കിലുമുളള ഭക്ഷ്യസുരക്ഷാനിയമം കൊണ്ടുവരാന്‍ ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന 'ഭക്ഷ്യകലാപങ്ങള്‍' രാജ്യത്ത് ഉയരുമെങ്കില്‍, ഒരു പക്ഷേ, കോണ്‍ഗ്രസ്സിന്റെ നയരൂപീകരണ ഗുരുക്കന്മാര്‍ക്ക് തങ്ങളുടെ പരിഹാസ്യത ബോധ്യപ്പെടാന്‍ സാധ്യതയുണ്ട്.

പൊതുമേഖലയേ 'പൊതുസ്വത്താക്കു' മത്രെ!

രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ തുടങ്ങി, 2009-10 ലെ ബജറ്റ് പ്രസംഗത്തില്‍വരെ, പൊതുമേഖല 'സ്വകാര്യവല്‍ക്കരിക്കു'ന്നതിനുപകരം 'പൊതുജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കു'മെന്നുള്ള വായ്താരിയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് 'സത്യ'മാക്കുന്ന അഭ്യാസമാണ് കോണ്‍ഗ്രസിന്റെ നേതാക്കന്മാരും അണിയറ ശില്‍പികളും നടത്തുന്നത്. 49% ഓഹരിവിറ്റ് പ്രതിവര്‍ഷം 25,000 കോടി വീതം സമാഹരിച്ച് ധനകമ്മിയും കടവും നികത്തുമെന്നുള്ള പ്രഖ്യാപനത്തിന് അകമ്പടിയായിട്ടാണ് ഈ 'പൊതുമുതലാക്കല്‍' പ്രക്രീയ കടന്നുവരുന്നത്. ഇത്രയും കപടമായ രാഷ്ട്രീയ ദല്ലാള്‍പ്പണി ഒരു പക്ഷേ ഇതിനുമുമ്പ് നാം കണ്ടിട്ടുണ്ടാവില്ല. പൊതുമേഖലയുടെ നേരായ നിര്‍വ്വചനം 'ജനങ്ങളുടെ ഉടമസ്ഥതയിലുള്ളത്' എന്നാണ്. മുഴുവന്‍ ജനങ്ങള്‍ക്കുംവേണ്ടിയാണ് അതിന്റെ ഉടമസ്ഥത സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിതന്നെയാണ് പൊതുമേഖലയേ സര്‍ക്കാര്‍ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ എങ്ങനെയാണ് വീണ്ടും ജനങ്ങള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുന്നത്? ഓഹരിവിറ്റാല്‍ അവ ജനങ്ങളുടെ നേരിട്ടുള്ള ഭരണത്തില്‍ ചെന്നുചേരുമോ?

2007-08ല്‍ NCAER നടത്തിയ പഠനം പറയുന്നത് ഇന്ത്യയിലെ 0.5% കുടുംബങ്ങള്‍ മാത്രമാണ് ഓഹരികളില്‍ നിക്ഷേപിക്കുന്നുള്ളു എന്നാണ്. 21-05-09 ന്റെ എക്കണോമിസ്റിന്റെ സര്‍വ്വെപറയുന്നത് ഇന്ത്യയിലെ 0.7% കുടുംബങ്ങള്‍ക്കു മാത്രമെ ഓഹരികമ്പോളവുമായി എന്തെങ്കിലും ബന്ധമുള്ളു എന്നാണ്. ഓഹരിവിറ്റഴിച്ച് പൊതുമേഖല 'പൊതുജനത്തെ' ഏല്‍പ്പിക്കുമെന്നുപറയുന്നതിന്റെ അര്‍ത്ഥം ഈ 0.7% 'ഇന്ത്യാക്കാര്‍ക്ക്' ഉടമസ്ഥത കൈമാറുമെന്നാണ്! അതായത് മുഴുവന്‍ ജനങ്ങളുടേതുമായ ഈ സ്ഥാപനങ്ങള്‍ ഒരു ശതമാനത്തില്‍ താഴെ വരുന്ന ഓഹരി കമ്പോളത്തിലെ നിക്ഷേപകര്‍ക്ക് കൈമാറുമെന്ന്! 1% വരുന്ന സമ്പന്നര്‍ മാത്രമാണ് 'ഇന്ത്യക്കാര്‍' എന്നാണോ കോണ്‍ഗ്രസ്കാര്‍ പ്രഖ്യാപിക്കുന്നത്?

ഇനി ഒരു ശതമാനത്തിലും താഴെ വരുന്ന ഈ സമ്പന്ന ഇന്ത്യാക്കാരാണോ ഓഹരികമ്പോളത്തിലെ യഥാര്‍ത്ഥ നിക്ഷേപകര്‍ എന്നുകൂടി പരിശോധിക്കുക. 2008 ജനുവരിയില്‍ ഇന്ത്യന്‍ ഓഹരികമ്പോളത്തിലെ വിദേശനിക്ഷേപകരുടെ വിഹിതം 76% ആയിരുന്നുവെന്നാണ് സെബിയുടെ രേഖകള്‍ പറയുന്നത്.

6,89,958 കോടിരൂപയുടെ നിക്ഷേപവുമായി, വിദേശഓഹരി നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ കമ്പനികളുടെ ഏറ്റവും കൂടുതല്‍ ഓഹരി കൈവശം വച്ചിരിക്കുന്നവരായി മാറിയെന്നാണ് (40% വരെ) സെബിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നത്. ICICI - HDFC തുടങ്ങിയ നിരവധി സ്വകാര്യബാങ്കുകളുടെ 30% വരെ ഓഹരി ഉടമസ്ഥത ഈ ധനകാര്യ ഏജന്‍സികളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ഇന്ത്യന്‍ ബാങ്കിംഗ് കമ്പോളത്തിന്റെ 54% കയ്യടക്കിവച്ചിരിക്കുന്ന സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ സര്‍ക്കാര്‍ ഇതര ഓഹരിമൂലധനത്തിന്റെ 44% വും വിദേശ നിക്ഷേപകരുടേതാണ്. വിജയാബാങ്കിന്റെ 46% ഓഹരിപുറത്താണുള്ളത്. ഇതിന്റെ 36% വിദേശനിക്ഷേപകരുടെ നിയന്ത്രണത്തിലാണ്. കനറാബാങ്കിന്റെ 26.83% ഓഹരിയാണ് സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞത്. അതില്‍ 68%വും വിദേശ നിക്ഷേപകരുടെ കൈകളിലാണ്.ചുരുക്കത്തില്‍, പൊതുജനത്തിന്റെ പേരുപറഞ്ഞ്, വിദേശമൂലധന ഉടമകള്‍ക്ക് ഇന്ത്യന്‍ പൊതുമേഖല കൈമാറാനാണ്- രാഷ്ട്രപതി മുതല്‍ പ്രണാബ് കുമാര്‍ മുഖര്‍ജി വരെയുള്ളവര്‍ ഒരു പെരുംനുണ പറഞ്ഞുനടക്കുന്നതെന്ന് സാരം. ലാഭകരമായി പ്രവര്‍ത്തിക്കുകയും അനുദിനം വളരുകയും ചെയ്യുന്ന പൊതുമേഖലയുടെ ഓഹരിവില്‍പ്പന വന്‍നഷ്ടക്കച്ചവടമായിരിക്കുമെന്നതാണ് വേറൊരു യാഥാര്‍ത്ഥ്യം. ബോബെ സ്റോക്ക്എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്ത 45 വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം 49% ഓഹരിവിറ്റ് 5 വര്‍ഷംകൊണ്ട് 2,50,000 കോടി സമാഹരിക്കുമെന്നാണ് ആസൂത്രണകമ്മീഷന്‍ പറയുന്നത്.. എന്നാല്‍ 2006-07 ല്‍ മാത്രം ഈ സ്ഥാപനങ്ങള്‍ 89,773 കോടി രൂപാ ഡിവിഡന്റായി സര്‍ക്കാരിന് നല്‍കിയെന്നും 4,46,000 കോടി രൂപയുടെ ക്യാഷ് റിസര്‍വ്വും, നീക്കിയിരുപ്പും അവയ്ക്കുണ്ടെന്നും പബ്ളിക്ക് എന്റര്‍ പ്രൈസസ് സര്‍വ്വെ ഫലം ചൂണ്ടിക്കാണിക്കുന്നു. ഫലത്തില്‍ - പൊതുമേഖലാ ഓഹരിവില്‍പ്പനയുടെ ഉദ്ദേശ്യവും ലക്ഷ്യവും - അവ മൂലധന ഉടമകള്‍ക്ക് പന്താടാനും ലാഭം കൊയ്യാനും വിട്ടുകൊടുക്കുക എന്നത് മാത്രമാണ്. ഈ ധിക്കാരം അനുവദിച്ചുകൊടുക്കാന്‍ നമുക്കാവുമോ?

*
അജയ്ഘോഷ് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍

27 September, 2009

ആസിയന്‍ കരാറും ചില സംശയങ്ങളും

ആസിയന്‍ കരാറിന് അനുകൂലമായും പ്രതികൂലമായും ഉന്നയിക്കപ്പെടുന്ന വാദങ്ങളുടെ നിജസ്ഥിതിയെന്താണ്?

1. പാമോയില്‍, കുരുമുളക്, കാപ്പി, തേയില എന്നിവ പ്രത്യേക ഉല്‍പ്പന്ന പട്ടികയിലാണ്. അതുകൊണ്ട് ആശങ്കപ്പെടാനില്ല.

ഈ നാല് ഉല്‍പ്പന്നത്തിന്റെയും തീരുവ അടിസ്ഥാനവര്‍ഷത്തെ (2007) നിരക്കില്‍ നിലനിര്‍ത്തുമെന്നല്ല കരാര്‍ വ്യവസ്ഥ. അസംസ്കൃത പാമോയിലിന്റെ തീരുവ 80 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം നാല് ശതമാനം വീതം കുറച്ച് 2019ല്‍ 37.5 ശതമാനമാക്കും. ശുദ്ധീകരിച്ച പാമോയിലിന്റേത് 90 ശതമാനത്തില്‍നിന്ന് നാല് ശതമാനംവീതം ഇളവുചെയ്ത് 2019ല്‍ 45 ശതമാനമാക്കും. കാപ്പിയുടെ തീരുവ 100 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം അഞ്ച് ശതമാനം വീതം ഇളവുചെയ്ത് 45 ശതമാനമായും തേയിലയുടേത് 100 ശതമാനത്തില്‍നിന്നും 45 ശതമാനമായും കുരുമുളകിന്റേത് 70 ശതമാനത്തില്‍നിന്നും ഓരോ വര്‍ഷവും കുറച്ച് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. തീരുവ നിരക്ക് നിലനിര്‍ത്താനല്ല, കുറയ്ക്കാനാണ് തീരുമാനം. എന്തിനാണ് ഇവ പ്രത്യേക പട്ടികയിലാക്കിയത്. എന്തുകൊണ്ട് നെഗറ്റീവ് പട്ടികയിലെങ്കിലും ആക്കിയില്ല എന്നതിന് കേരളീയരോട് ഉത്തരം പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്; കേരളത്തിലെ പ്രതിപക്ഷമാണ്.

2. അസംസ്കൃത പാമോയിലിന് പൂജ്യം ശതമാനവും ശുദ്ധീകരിച്ച പാമോയിലിന് 7.5 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. അവ യഥാക്രമം 37.5 ശതമാനവും 45 ശതമാനവും ആയി ഉയര്‍ത്താന്‍ കഴിയും.

ഈ ധാരണ തെറ്റാണ്. നിലവിലുള്ള നിരക്കാണ് അപ്ളൈഡ്റേറ്റ്. പരമാവധി ചുമത്താവുന്ന നിരക്കാണ് ബൌണ്ട് റേറ്റ്. (ചുമത്താന്‍ ബാധ്യതപ്പെട്ട നിരക്ക് എന്നു സാരം). ഈ രണ്ട് നിരക്കുകളില്‍ ഏതാണോ കുറവ് അതാകണം പ്രയോഗത്തില്‍ വരുത്തേണ്ടതെന്ന് ഡബ്ള്യുഡിഒ കരാര്‍ അനുശാസിക്കുന്നു. അതായത് പൂജ്യം ശതമാനവും 7.5 ശതമാനവും നിലനിര്‍ത്തപ്പെടും.

3. നെഗറ്റീവ് പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. അവയുടെ തീരുവ നിലനിര്‍ത്തപ്പെടും.

ഈ ധാരണയ്ക്കും അടിസ്ഥാനമില്ല. 489 ഉല്‍പ്പന്നത്തില്‍ കുറെയെണ്ണത്തിന്റെയോ എല്ലാത്തിന്റെയുമോ തീരുവ, വ്യാപാരവര്‍ധന്ക്ക് തടസ്സമെന്നുകണ്ടാല്‍, തീരുവ കുറയ്ക്കപ്പെടും. ഇതുസംബന്ധിച്ച പരിശോധന ഓരോ ആണ്ടിലും നിര്‍ബന്ധമായും നടത്തണം. നെഗറ്റീവ് പട്ടിക സര്‍വകാലത്തേക്കുമുള്ള ഒറ്റമൂലിയല്ല. അവയില്‍പെട്ട ഉല്‍പ്പന്നങ്ങളുടെ തീരുവ മാറ്റമില്ലാതെ തുടരുകയുമില്ല. കേരളത്തിന് താല്‍പ്പര്യമുള്ള വളരെ കുറച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാത്രമാണ് നെഗറ്റീവ് പട്ടികയിലുള്ളത്. ടൊമാറ്റോ, ഉരുളക്കിഴങ്ങ്, ചുമന്നുള്ളി, വെളുത്തുള്ളി, ചോളം, ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍, ആപ്പിള്‍, ചെറി, മല്ലി, ജീരകം, കടുക്, പരുത്തിക്കുരു, കപ്പലണ്ടി എണ്ണ, സഫ്ളവര്‍ ഓയില്‍, പുകയില തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളെല്ലാം പട്ടികയിലുണ്ട്. വൈന്‍, ബിയര്‍, വിസ്കി, റം, ജിന്‍, വോഡ്ക തുടങ്ങിയ കാര്‍ഷികജന്യമായ ഉല്‍പ്പന്നങ്ങളും പട്ടികയിലുണ്ട്. ഇവയൊന്നും കേരളത്തിന് ബാധകമല്ല. സമുദ്രോല്‍പ്പന്നങ്ങളില്‍ മത്തി, അയില, ചൂര, കൊഞ്ച്, നാരന്‍, ഞണ്ട്, നത്തോലി എന്നിവ പട്ടികയിലുണ്ടെങ്കിലും കേരളത്തിന്റെ സമുദ്രമേഖലയില്‍ കാണുന്ന മിക്ക മത്സ്യങ്ങളും നികുതിരഹിതമായി ഇറക്കുമതിചെയ്യാവുന്ന പട്ടികയിലാണ്. മുള്ളുവാള, ഏട്ട, പരവക്കോല, മാലന്‍, കളിമീന്‍, കിളിമീന്‍, കരിമീന്‍, നെയ്മീന്‍, നരിമീന്‍, തിരുത, ആവോലി, പരവ, പാര, ചെമ്പല്ലി, എലിച്ചൂര, തെരണ്ടി, സ്രാവ്, കലവ, കൊഴിവല, നന്തന്‍, പള്ളാത്തി, വരാല്‍, വെളിച്ചി, പൂവാലി, കോര, കാരി, സിലോപ്പി, കട്ല, ആരെല്‍ തുടങ്ങിയ മത്സ്യങ്ങളെല്ലാം സ്വതന്ത്രമായി ഇറക്കുമതിചെയ്യപ്പെടും. അയിലയും മത്തിയും ചൂണ്ടിക്കാട്ടി, മത്സ്യമേഖലയെ ആസിയന്‍ കരാര്‍ ബാധിക്കുകയില്ല എന്നു വാദിക്കുന്നത് സത്യത്തിന് നിരക്കുന്നതല്ല. കൊത്തിയരിഞ്ഞ തേങ്ങ നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, പൊതിച്ച പച്ചത്തേങ്ങ ഇറക്കുമതിചെയ്യാം. ഏലാം നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, ഏലം പൊടിയും മറ്റുല്‍പ്പന്നങ്ങളും ഇറക്കുമതിചെയ്യാം. പച്ചമരച്ചീനിയും സ്വതന്ത്ര ഇറക്കുമതി പട്ടികയിലുണ്ട്. മരച്ചീനി ചിപ്സ് നെഗറ്റീവ് പട്ടികയിലാണ്. 173 ഇനം റബര്‍ ഉല്‍പ്പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് നെഗറ്റീവ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

4. തീരുവ കുറയ്ക്കാന്‍ സാവകാശമുള്ളതുകൊണ്ട് അതിനിടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തി, മത്സരശേഷി വര്‍ധിപ്പിക്കാവുന്നതാണ്.

ഇതൊരു ആഗ്രഹംമാത്രമാണ്. ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണ്. 2013 ഡിസംബറിനുമുമ്പ് തീരുവ പൂജ്യത്തിലെത്തിക്കണം. സെന്‍സിറ്റീവ് ട്രാക്കില്‍പെട്ട ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും തീരുവ, 2016 ആവുമ്പോഴേക്കും പൂജ്യത്തിലെത്തിക്കണം. ആദ്യം അഞ്ചുശതമാനമായും പിന്നീട് 4.5 ശതമാനമായും തുടര്‍ന്ന് പൂജ്യം ശതമാനമായും കുറയ്ക്കണം. ഒരു ഹെക്ടര്‍ ഭൂമിയില്‍നിന്ന് എത്ര കിലോഗ്രാം ഉല്‍പ്പന്നം എന്നതാണ് ഉല്‍പ്പാദനക്ഷമതയുടെ അളവുകോല്‍. ഒരു ഹെക്ടര്‍ സ്ഥലത്ത് വിയറ്റ്നാം 1885 കിലോഗ്രാം കുരുമുളകുണ്ടാക്കുമ്പോള്‍, ഇന്ത്യ ഉണ്ടാക്കുന്നത് 280 കിലോഗ്രാം. ഇന്ത്യയുടേതിനേക്കാള്‍ ഏതാണ്ട് ആറര ഇരട്ടിയാണ് വിയറ്റ്നാം ഉണ്ടാക്കുന്നത്. തായ്ലന്‍ഡ് ഒരു ഹെക്ടറില്‍ 1710 കിലോഗ്രാം റബര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യ 820 കിലോഗ്രാമും. വിയറ്റ്നാം 1970 കിലോഗ്രാം കാപ്പി ഉണ്ടാക്കുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമത 839 ആണ്. ഇന്തോനേഷ്യ 6767 കിലോഗ്രാം നാളികേരം ഉണ്ടാക്കുന്നു. കേരളം ഉണ്ടാക്കുന്നത് 1025 കിലോഗ്രാം. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യക്ക് (കേരളത്തിന്) ഓടിയെത്താനാവുകയില്ല. മുതലാളിത്ത കൃഷിരീതിയാണ് മിക്ക ആസിയന്‍ രാജ്യങ്ങളും അവലംബിക്കുന്നത്. അതായത്, പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉപയോഗിച്ച് കൃഷി - ഇതാണ് ആസിയന്‍ രാജ്യങ്ങളുടെ രീതി. കിലോമീറ്റര്‍ കണക്കിന് വിസ്തൃതിയില്‍ തെങ്ങും എണ്ണപ്പനയും കൃഷിചെയ്യുന്നത് മലേഷ്യയിലും ഇന്തോനേഷ്യയിലും പതിവുകാഴ്ചയാണ്. കൃഷിഭൂമി ഏതാനും ജന്മികള്‍ കൈയടക്കിവച്ചിരിക്കുന്നു. ഭൂപരിഷ്കരണം അപരിചിതമാണ്. കേരളത്തിന്റെ സ്ഥിതി തികച്ചും വിഭിന്നമാണ്. നാമമാത്ര ചെറുകിട കൃഷിക്കാരാണ് ഭൂരിപക്ഷവും. പുരയിട കൃഷിയാണ് സാധാരണം. വന്‍മുതല്‍ മുടക്കാന്‍ കെല്‍പ്പില്ല. കേരളത്തിലെ സാധാരണ കൃഷിക്കാര്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ ആസിയന്‍ രാജ്യങ്ങളിലെ കൃഷിക്കാര്‍ക്കൊപ്പം ഓടണമെന്നുപറഞ്ഞാല്‍ പി ടി ഉഷക്കൊപ്പം എല്ലാവരും ഓടിയെത്തണമെന്നാണ്.

5. ഡംബിങ് നടത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയും

ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്ത് വില്‍ക്കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു രാജ്യത്ത് വില്‍ക്കുന്നതിനെയാണ് ഡംബിങ് എന്നുപറയുന്നത്. അതായത് ഉല്‍പ്പന്നത്തിന്റെ വില കുറച്ച് പുറംവിപണിയില്‍ കൊണ്ടുചെന്നുതള്ളുക. വില കുറഞ്ഞ വിദേശ ഉല്‍പ്പന്നവുമായി വിലകൂടിയ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ മത്സരിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആന്റി ഡംബിങ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വാദിക്കപ്പെടുന്നു. ആന്റി ഡമ്പിങ് നടപടി എളുപ്പമല്ല. ഡബ്ള്യൂടിഒ കരാറിന്റെ ആര്‍ട്ടിക്കിള്‍ ആറും പത്തൊമ്പതും അനുസരിച്ച് ഒന്ന്, ഡംബിങ് ഉണ്ടെന്ന് തെളിയിക്കണം. രണ്ട്, ഡംബിങ്ങിന്റെ വ്യാപ്തി തെളിയിക്കണം. മൂന്ന്, ഡംബിങ് ആഭ്യന്തരവ്യവസായത്തിന് കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് സമര്‍ഥിക്കണം. നാല്, ഡംബിങ് നടത്തുന്ന രാജ്യത്തിന് ഇക്കാര്യങ്ങളെല്ലാം ബോധ്യം വരണം. എളുപ്പമല്ല കാര്യം എന്നര്‍ഥം.

6. ഇറക്കുമതി ധാരാളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. വില കുറയും. ഉപയോക്താക്കള്‍ക്ക് ഗുണകരമാണ് ഇറക്കുമതി.

വിരുദ്ധതാല്‍പര്യങ്ങളുള്ള ഉല്‍പാദകര്‍, ഉപഭോക്താക്കള്‍ എന്ന് സമൂഹത്തെ വേര്‍തിരിക്കുന്നത് ശാസ്ത്രീയമല്ല. ഒരാള്‍ ഒരു സമയം ഉല്‍പാദകരാണ്, ഉപഭോക്താവുമാണ്. അധ്വാനശേഷി പ്രയോഗിച്ച് ഉല്‍പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കുന്നവരെന്ന നിലയില്‍ തൊഴിലാളികളും ജീവനക്കാരും അധ്യാപകരുമെല്ലാം ഉല്‍പാദന പ്രവര്‍ത്തനം നടത്തുന്നവരാണ്. വരുമാനം ചെലവിട്ട് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരെന്ന നിലയില്‍ അവര്‍ ഉപഭോക്താക്കളുമാണ്. പണം കൈയിലുള്ളവരെക്കുറിച്ചാണ് ഇപ്പറയുന്നത്. പണം ആകാശത്തുനിന്ന് ഉതിര്‍ന്നുവീഴുന്നില്ല. ഉല്‍പ്പാദനമാണ് പണത്തിന്റെ ഉറവിടം. ഉല്‍പ്പാദനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലി, കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റ് വരുമാനം, ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് വരുമാനം, ചുമടെടുക്കുന്നവര്‍ക്കു കൂലി, ലോറിയോടിക്കുന്നവര്‍ക്ക് കൂലി, അങ്ങനെ ഉല്‍പ്പാദന പ്രവര്‍ത്തനത്തിലൂടെയാണ് പണം സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. നൂറുരൂപയുടെ വരുമാനമുണ്ടായാല്‍ അത് പതിന്മടങ്ങ് കൈമാറ്റങ്ങള്‍ക്ക് ഉതകും. ഒരു റബര്‍ കൃഷിക്കാരന് റബര്‍ വിറ്റ് നൂറുരൂപ കിട്ടുന്നു എന്നിരിക്കട്ടെ. അതയാളുടെ വരുമാനമാണ്. അതുകൊണ്ടയാള്‍ അരി വാങ്ങുന്നു. അരിക്കച്ചവടക്കാരന് നൂറുരൂപ വരുമാനം കിട്ടി. അരിക്കച്ചവടക്കാരന്‍ അതുകൊണ്ട് തുണി വാങ്ങുന്നു. തുണിക്കച്ചവടക്കാരന് വരുമാനമായി. ഈ പട്ടിക ഇനിയും നീട്ടാം. എത്ര കൈമാറ്റം നടക്കുന്നുവോ അത്രയും ഇരട്ടി പണത്തിന്റെ ഫലം നൂറുരൂപ സൃഷ്ടിക്കും. തുണിക്കച്ചവടക്കാരന്‍ തുണി വില്‍ക്കുമ്പോള്‍ വീണ്ടും അയാള്‍ തുണിക്ക് ഓര്‍ഡര്‍ നല്‍കും. കൂടുതല്‍ തുണിയുണ്ടാക്കാന്‍ മില്ലുടമ കൂടുതല്‍ തൊഴിലാളികളെ നിയമിക്കും. യന്ത്രങ്ങള്‍ വാങ്ങും. നൂല്‍ വാങ്ങും. നൂലിന്റെ ആവശ്യം പരുത്തികൃഷിക്കാര്‍ക്ക് തൊഴിലും വരുമാനവുമുണ്ടാക്കും. ചുരുക്കത്തില്‍ തുണിയുല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വരുമാനമുണ്ടാകും. ഇതിന്റെ തുടക്കം റബര്‍ കൃഷിയായിരുന്നല്ലോ. റബര്‍കൃഷി തകര്‍ന്നാലോ? തെങ്ങുകൃഷി തകര്‍ന്നാലോ? കള്ളനോട്ടും കള്ളപ്പണവും കൈകാര്യം ചെയ്യുന്നവരുടെയും ഊഹക്കച്ചവടക്കാരുടെയും പൂഴ്ത്തിവയ്പുകാരുടെയും റിയല്‍ എസ്റേറ്റ് -മദ്യ മാഫിയകളുടെയും കാര്യം ഇവിടെ പരിഗണിക്കുന്നില്ല.

7. ഇന്ത്യ ആസിയന്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ചൈന ഒപ്പിടുമായിരുന്നു

ഇത് ശുദ്ധ അസംബന്ധമാണ്. ചൈന, ആസിയന്‍ രാജ്യങ്ങളുമായി ചരക്ക് വ്യാപാരകരാര്‍ 2005 ജൂലൈയിലും സേവന വ്യാപാര കരാര്‍ 2007 ജനുവരിയിലും നിക്ഷേപകരാര്‍ 2009 ആഗസ്തിലും ഒപ്പിട്ടുകഴിഞ്ഞു.

8. ചൈനക്കാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കായിക്കൂടാ?

വ്യാപാര കരാറുകളല്ല പ്രശ്നം. കരാറിലെ കര്‍ഷകവിരുദ്ധ-ജനദ്രോഹ വ്യവസ്ഥകളാണ്. കുത്തക വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയങ്ങളാണ് പ്രശ്നം. കേരളത്തിലെ 84 ശതമാനം കൃഷിഭൂമിയില്‍, റബറും തേയിലും കാപ്പിയും നാളികേരവും കുരുമുളകും ഏലവും ഇഞ്ചിയും മഞ്ഞളും ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് കൃഷിക്കാരുടെയും മത്സ്യം പിടിച്ചും മത്സ്യം വിറ്റും ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങളുടെ സംസ്കരണത്തിലും വ്യാപാരത്തിലും ഏര്‍പ്പെട്ടിട്ടുള്ള ലക്ഷക്കണക്കിന് പരമ്പരാഗത തൊഴിലാളികളുടെയും ഇരുളടഞ്ഞ ഭാവിജീവിതമാണ് പ്രശ്നം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍

23 September, 2009

ആണവായുധ പരീക്ഷണവും വിവാദങ്ങളും

ഇന്ത്യയുടെ 1998ലെ ആണവായുധ പരീക്ഷണത്തില്‍ പങ്കെടുത്ത പ്രമുഖ ശാസ്ത്രജ്ഞന്മാര്‍ തീകൊളുത്തിയ വിവാദം ഇന്ത്യയിലെ രാഷ്ട്രീയരംഗത്തും ശാസ്ത്രരംഗത്തുമുള്ളവരെയാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

ആണവായുധ പരീക്ഷണത്തെ "പാഴ്വേല''യായി വിശേഷിപ്പിച്ച കെ. സന്താനം ആണവായുധ പരീക്ഷണത്തെക്കുറിച്ചുള്ള ഔദ്യോഗിക അവകാശവാദത്തെ വെല്ലുവിളിക്കുക മാത്രമല്ല, ഇന്ത്യയുടെ ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് വിമര്‍ശനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആണവായുധ പരീക്ഷണങ്ങള്‍ക്ക് സ്വമേധയാ ഏര്‍പ്പെടുത്തിയ മൊറട്ടോറിയം, സമഗ്ര ആണവായുധ പരീക്ഷണ നിരോധന കരാറി (സിടിബിടി) നോടുള്ള ഇന്ത്യയുടെ മമത, ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കയുമായുള്ള സിവിലിയന്‍ ആണവ സഹകരണ കരാര്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം വിമര്‍ശനങ്ങള്‍ തൊടുത്തുവിടുന്നു.

"ഭൂചലനവുമായി ബന്ധപ്പെട്ട അളവുകളുടെയും വിദഗ്ധന്മാരുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ 1998 മെയ് മാസത്തില്‍ പൊഖ്റാനില്‍ നടത്തിയ ആണവായുധ പരീക്ഷണം വളരെ കുറഞ്ഞ നിലവാരത്തിലുള്ളതായിരുന്നു എന്നാണ് ആഗസ്റ്റ് 27ന് സന്താനം പറഞ്ഞത്. ആണവ ഭാഷാശൈലിപ്രകാരം അണുസ്ഫോടനം നിശ്ചിതഫലം പ്രദാനംചെയ്യുന്നതില്‍ പരാജയപ്പെടുമ്പോഴാണ് അതിനെ ഒരു "പാഴ്വേല'' (fizzle) എന്ന് വിശേഷിപ്പിക്കുന്നത്. ഇന്ത്യ ഇനിയും കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് തറപ്പിച്ചുപറയുന്ന സന്താനം, സിടിബിടിയില്‍ ഒപ്പിടുന്നതിന് ഇന്ത്യക്കുമേല്‍ വരുന്ന സമ്മര്‍ദ്ദങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുന്നു.

സന്താനത്തിന്റെ പ്രസ്താവന ശാസ്ത്രലോകത്തെ ഭിന്നിപ്പിച്ചിരിക്കുകയാണ്; രാഷ്ട്രീയ സംവിധാനത്തെയാകെ ഞെട്ടിപ്പിച്ചിരിക്കുകയുമാണ്. എന്നാല്‍ ഇത് തികച്ചും പുതിയൊരു സംഭവവികാസമല്ല. 1998ലെ അണു ആയുധ പരീക്ഷണങ്ങളുടെ ഫലത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഇന്ത്യയിലെയും വിദേശങ്ങളിലെയും ശാസ്ത്രലോകത്ത് അത് നടത്തി ഒരാഴ്ചയ്ക്കകംതന്നെ ആരംഭിച്ചിരുന്നു.

അന്നത്തെ ഹൈഡ്രജന്‍ ബോംബ് 43 കിലോ ടണ്‍ ടിഎന്‍ടിയുടെ സ്ഫോടകശേഷി കൈവരിച്ചതായാണ് ഔദ്യോഗികമായ അവകാശവാദം. "അണുപ്രസരണം കുറയ്ക്കുന്നതിനും അയല്‍ ഗ്രാമങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമായി താരതമ്യേന കുറഞ്ഞ സ്ഫോടനശേഷി ലഭിക്കുന്ന തരത്തില്‍ ബോധപൂര്‍വം കൈകാര്യം ചെയ്യുകയായുണ്ടായത്'' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അണുപരീക്ഷണത്തിനുശേഷം നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തില്‍, ആണവോര്‍ജ ഏജന്‍സിയുടെ തലവനായിരുന്ന ആര്‍ ചിദംബരവും പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഡയറക്ടര്‍ ജനറലായിരുന്ന എപിജെ അബ്ദുള്‍കലാമും ഉള്‍പ്പെടെയുള്ള, ആണവായുധ പരീക്ഷണത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞര്‍ തറപ്പിച്ചുപറഞ്ഞത് ആയുധവല്‍ക്കരണം സമ്പൂര്‍ണ്ണമായെന്നാണ്.

ആ പത്രസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഒരാളായിരുന്നു കെ സന്താനം. അദ്ദേഹം അന്ന് ഡിആര്‍ഡിഒയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. അണു ആയുധ പരീക്ഷണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ചയാളാണ് അദ്ദേഹം.

ഇന്ത്യയിലും വിദേശങ്ങളിലും ഈ അവകാശവാദങ്ങള്‍ വെല്ലുവിളിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍, ശാസ്ത്രലോകം പൊതുവെ ഔദ്യോഗികനയത്തെ അംഗീകരിച്ചെങ്കിലും ആണവോര്‍ജകമ്മീഷന്റെ മുന്‍ ഡയറക്ടറായ പി കെ അയ്യങ്കാര്‍ ഉള്‍പ്പെടെയുള്ള ചില പ്രമുഖ ശാസ്ത്രജ്ഞര്‍ ഗൌരവതരമായ ചില സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വിദേശങ്ങളിലെ വിശകലനവിദഗ്ധര്‍ ഇന്ത്യയുടെ അവകാശവാദങ്ങളെ അന്നുതന്നെ വെല്ലുവിളിച്ചിരുന്നതായും ആ അണുആയുധസ്ഫോടനം 12 മുതല്‍ 25 വരെ കിലോ ടണ്‍ നിലവാരത്തിലേ എത്തിയിരുന്നുള്ളു എന്ന് സീസ്മോഗ്രാഫിക് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിരുന്നതായും അന്താരാഷ്ട്ര ആണവായുധ സമൂഹത്തില്‍ ആ കാലത്തുനടന്ന സാങ്കേതിക സംവാദങ്ങള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ ഓര്‍മ്മിക്കുന്നുണ്ടാവും.

"ശക്തികൂടിയ അണുവിഭജന''ആയുധം ആയിരുന്നു ശക്തി ക എന്നും അതിനെ ഹൈഡ്രജന്‍ ബോംബെന്ന് വിശേഷിപ്പിക്കാന്‍ പറ്റില്ലെന്നുമാണ് ചിലര്‍ സൂചിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റിന്റെ വെബ്സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-

"ഹൈഡ്രജന്‍ ബോംബ് പരീക്ഷണം എന്ന് വിളിക്കപ്പെടുന്നതിന്റെ സ്ഫോടനശേഷി 12-25 കിലോ ടണ്‍ നിലവാരത്തില്‍ മാത്രമേ എത്തിയിരുന്നുള്ളുവെന്നും 43 കിലോ ടണ്‍ എന്ന ഇന്ത്യയുടെ അവകാശവാദം ശരിയല്ലെന്നുമാണ് ഭൂചലനം സംബന്ധിച്ച ഡാറ്റകളുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ വിദഗ്ധന്മാരും സ്വതന്ത്രരായ മറ്റു വിദഗ്ധന്മാരും എത്തിച്ചേര്‍ന്ന നിഗമനം. ഈ താഴ്ന്ന നിലവാരമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടനം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്''.

ഇന്ത്യയുടെ രണ്ട് ഘട്ടങ്ങളുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഉദ്ദേശിച്ച ഫലം നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാലിഫോര്‍ണിയയിലെ ലോറന്‍സ് ലിവര്‍മൂര്‍ നാഷണല്‍ ലബോറട്ടറിയുടെ ഇസഡ് ഡിവിഷനിലെ ശാസ്ത്രജ്ഞര്‍ നിഗമനത്തിലെത്തിയതായാണ് അന്താരാഷ്ട്ര ആണവ വ്യവസായത്തിന്റെ വാണിജ്യ പ്രസിദ്ധീകരണമായ "ന്യൂക്ളിയോണിക്സ് വീക്കി''ന്റെ 1998 നവംബര്‍ ലക്കത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വിദേശ ആണവ ആയുധ പരിപാടികളിലെ പുരോഗതി വിലയിരുത്താന്‍ ബാധ്യതപ്പെട്ട നിരീക്ഷണ സംവിധാനമാണ് കാലിഫോര്‍ണിയയിലെ ഈ സ്ഥാപനം.

ചിദംബരവും കൂട്ടരും തങ്ങളുടെ അവകാശവാദം ആവര്‍ത്തിച്ചു. അതിനെ അല്‍പംകൂടി വിപുലപ്പെടുത്തുകപോലുമുണ്ടായി. 1999 ഫെബ്രുവരിയില്‍ ഇന്ത്യന്‍ ശാസ്ത്ര സാഹിത്യകാരന്മാരുടെ അസോസിയേഷനുവേണ്ടി നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട വിശദീകരണത്തിനിടയില്‍ ഇന്ത്യയുടെ അണുവായുധ പരീക്ഷണങ്ങളുടെ "അന്യൂന''മായ അവസ്ഥയെക്കുറിച്ചും ഈ രാജ്യത്തിന്റെ "ഉന്നത സാങ്കേതിക വിദ്യയിലുള്ള മികവി''നെക്കുറിച്ചുമെല്ലാം ചിദംബരം ഒട്ടേറെ അവകാശവാദങ്ങള്‍ നടത്തി. ആണവായുധത്തിന് ഏറ്റവും അനുയോജ്യമായ രൂപമാതൃക സ്വായത്തമാക്കല്‍, കൈവരിക്കേണ്ട പ്രത്യേക നേട്ടത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍, റേഡിയോ ആക്ടീവതമൂലമുള്ള മലിനീകരണം അല്‍പവും ഉണ്ടാവില്ല എന്ന് ഉറപ്പാക്കല്‍ - ഈ മൂന്നു കാര്യങ്ങളിലും "കൃത്യത'' കൈവരിക്കാന്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

"കൃത്യത''യെയും മികവിനെയും സംബന്ധിച്ച ഈ അവകാശവാദമാണ് ഇപ്പോള്‍ കടുത്ത വെല്ലുവിളി നേരിടുന്നത്. ഈ അവകാശവാദം തികച്ചും പൊള്ളയല്ലെങ്കില്‍പോലും സംശയാസ്പദമാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആറ്റോമിക് എനര്‍ജി റഗുലേറ്ററി ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനെയും പി കെ അയ്യങ്കാറെയുംപോലെയുള്ള പ്രശസ്തരും പ്രഗത്ഭരുമായ ശാസ്ത്രജ്ഞന്മാര്‍ സന്താനത്തിന്റെ വിമര്‍ശനത്തോട് യോജിപ്പുള്ളവരാണ്. 1998ല്‍ ഇന്ത്യ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബ് ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തിച്ചില്ലെന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാണിച്ചത്.

അതിന്റെ രൂപ മാതൃകയിലോ കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയ രീതിയിലോ എന്തോ ചില പിശക് സംഭവിച്ചതായാണ് അവര്‍ വാദിക്കുന്നത്. അതുകൊണ്ട് ഇനിയും പരീക്ഷണങ്ങള്‍ ആവശ്യമാണോ എന്ന് തീരുമാനിക്കുന്നതിന് ഈ കാര്യങ്ങളെല്ലാം പുന:പരിശോധിക്കേണ്ടതുണ്ട്; അതിന് കൂടുതല്‍ "മികവുറ്റ'' രൂപമാതൃക ഉണ്ടാക്കേണ്ടതും ആവശ്യമാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ സംബന്ധിച്ചിടത്തോളം, മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം അന്തിമ തീര്‍പ്പ് കല്‍പിച്ചതോടെ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതായാണ് വിശ്വസിക്കുന്നത്. പരീക്ഷണങ്ങള്‍ നടത്തിയ കാലത്ത് ഡിആര്‍ഡിഒയില്‍ തന്റെ കീഴ് ഉദ്യോഗസ്ഥനായിരുന്ന സന്താനത്തിന്റെ അവകാശവാദങ്ങളെ കലാം തള്ളിക്കളഞ്ഞു.

ഈ വിഷയത്തില്‍ ഏറ്റവും ആധികാരിക വ്യക്തിത്വമായി കരുതപ്പെടുന്ന കലാമിന്റെ യോഗ്യതയെത്തന്നെ ആണവോര്‍ജ്ജ കമ്മീഷന്റെ മറ്റൊരു മുന്‍ ചെയര്‍മാനായ ഹോമി സേത്ന ഉള്‍പ്പെടെയുള്ള പല ശാസ്ത്രജ്ഞന്മാരും ചോദ്യംചെയ്യുകയാണ്. സേത്ന ആയിരുന്നു 1974ലെ ആദ്യത്തെ ആണവായുധ പരീക്ഷണത്തിന്റെ മാര്‍ഗദര്‍ശി.

പിന്നീട് ഇന്ത്യയുടെ പ്രസിഡന്റായി തീര്‍ന്ന കലാം അണുപരീക്ഷണം കഴിഞ്ഞയുടനെ നടത്തിയ ഏറ്റവും പ്രധാനമായ പ്രസ്താവന ശാസ്ത്രീയമായതായിരുന്നില്ല; അത് വെറും രാഷ്ട്രീയമായിരുന്നു. "പൌരാണിക ഹിന്ദു സംസ്കാരത്തെ നിരന്തരം ചവിട്ടിമെതിച്ചുകൊണ്ടിരുന്ന വിദേശ ആക്രമണരങ്ങളില്‍നിന്നും ആണവായുധങ്ങളുള്ള ഇന്ത്യ'' എങ്ങനെ വിമുക്തമാക്കപ്പെടും എന്ന് അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് അധികാരത്തിലിരുന്ന ഭാരതീയ ജനതാപാര്‍ടിയുടെ നേതൃത്വത്തിന് കലാം പ്രീയപ്പെട്ടവനായത് ബോംബിനെക്കാള്‍ ഉപരി ഈ പ്രസ്താവനയായിരുന്നു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായിരുന്നു. സന്താനത്തിന്റെ വിമര്‍ശനത്തെ നിരാകരിച്ചുകൊണ്ടുള്ള കലാമിന്റെ പ്രസ്താവന ഒരു രാഷ്ട്രീയക്കാരന്റേതായിരുന്നുവെന്ന് സെത്ന ഓര്‍മ്മിപ്പിക്കുകയുണ്ടായി.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളിലൂടെ ഈ വിവാദം നമ്മുടെ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളെ എത്രത്തോളം ഉലച്ചിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സന്താനത്തിന്റെ പ്രസ്താവനയില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി പറയുന്നതിനുപകരം നാരായണന്‍ അദ്ദേഹത്തെ "വെറുമൊരു കഥയില്ലാത്തവനാ''യി പുച്ഛിച്ചുതള്ളുകയാണുണ്ടായത്.

പാശ്ചാത്യ വിശകലനവിദഗ്ധര്‍ പൊഖ്റാന്‍ കക പരീക്ഷണത്തെ ചോദ്യംചെയ്യുന്നത്, ഒരു ആണവായുധശക്തിയായി പ്രത്യേകിച്ചും അണുസംയോജന പ്രയോഗം ആര്‍ജ്ജിച്ച രാജ്യമായി നമ്മെ അംഗീകരിക്കാന്‍ അവര്‍ ഇഷ്ടപ്പെടാത്തതുകൊണ്ടാണെന്നാണ് എം കെ നാരായണന്‍ പറഞ്ഞത്. നല്ല പെരുമാറ്റത്തോടുകൂടിയ യഥാര്‍ത്ഥ ആണവായുധരാഷ്ട്രമെന്ന നിലയില്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ള്യു ബുഷില്‍നിന്നും ഇന്ത്യക്ക് ഒരു സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെലവഴിച്ച സമയവും ഊര്‍ജ്ജവും എത്രയെന്ന് നാരായണന് നന്നായി അറിയാവുന്നതാണ്.

പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നായിരുന്നു അണു ആയുധ പരീക്ഷണകാലത്ത് ചിദംബരത്തിന്റെയും കൂട്ടരുടെയും മറ്റൊരു അവകാശവാദം. മെയ് 16ന് അവര്‍ നടത്തിയ പ്രസ്താവനയില്‍ ഇതിനെക്കുറിച്ചും വ്യക്തത വന്നിട്ടില്ലാത്ത മറ്റു പരീക്ഷണങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യയിലുള്ള അമിതമായ ഈ ആത്മവിശ്വാസമായിരുന്നു തുടര്‍ന്ന് അണുവായുധ പരീക്ഷണമൊന്നും ആവശ്യമില്ലെന്ന് അവര്‍ അവകാശപ്പെട്ടതിന്റെയും കാരണം. ഈ അവകാശവാദവും ആ കാലത്തുതന്നെ വിവാദമായിരുന്നു. പെസഫിക് സമുദ്രത്തില്‍ ഇരുന്നൂറോളം പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഫ്രാന്‍സിന് പുന:സൃഷ്ടിക്കല്‍ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കഴിഞ്ഞില്ല.

സിടിബിടിക്ക് ഫ്രാന്‍സിന്റെ പിന്തുണ ഉറപ്പാക്കാന്‍ അവര്‍ക്കുവേണ്ട സാങ്കേതിക സഹായം പ്രദാനംചെയ്യാനും ആണവായുധങ്ങളുടെ ആധികാരികത നിലനിര്‍ത്താന്‍ കമ്പ്യൂട്ടര്‍ സിമുലേഷന്‍ പരിപോഷിപ്പിക്കാനും അമേരിക്കന്‍ ആണവായുധ ലബോറട്ടറികളുമായി സഹകരണത്തിനും അമേരിക്ക ഫ്രാന്‍സുമായി രഹസ്യധാരണയുണ്ടാക്കിയിരുന്നു. ആണവായുധ പരീക്ഷണങ്ങള്‍ കഴിഞ്ഞയുടന്‍തന്നെ ഇന്ത്യയും ഇതേ സഹായം ലഭിക്കുന്നതിന് അമേരിക്കയെ സമീപിച്ചിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആണവായുധ ഇതര രാഷ്ട്രത്തിന് ഇത്തരം ഒരു സഹായം പ്രദാനംചെയ്യുന്നത് നോണ്‍ പ്രോലിഫെറേഷന്‍ ട്രീറ്റിയുടെ നഗ്നമായ ലംഘനമാകും എന്നതിനാല്‍ വാഷിങ്ടണ്‍ ഇത് ചെവിക്കൊണ്ടില്ല. ഇനിയും ഏറെ ആണവായുധ പരീക്ഷണങ്ങള്‍ നടത്താതെ സാധുതയുള്ള ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്‍ മാതൃക നിര്‍മ്മിക്കാന്‍ കഴിയില്ലെന്നാണ്, 1998ലെ പരീക്ഷണം പരാജയമായിരുന്നുവെന്ന് ഇപ്പോള്‍ പറയുന്ന, ശാസ്ത്രജ്ഞന്മാര്‍ വ്യക്തമാക്കുന്നത്.

സൈദ്ധാന്തികമായ ശൂന്യതയിലായിരുന്നു ആണവ പരീക്ഷണം നടപ്പാക്കിയത്. പരീക്ഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായി ഒരു സിദ്ധാന്തമോ പരീക്ഷണങ്ങള്‍ക്കുശേഷം ഇന്ത്യയുടെ ആണവ സിദ്ധാന്തം എന്തായിരിക്കണമെന്നതിനെ സംബന്ധിച്ച ഒരു സമവായമോ ഉണ്ടായില്ല. "നമ്മുടെ ആണവ സിദ്ധാന്തം നാം ഇപ്പോള്‍ പ്രഖ്യാപിക്കുകയാണ്'' എന്നാണ് 1998 ആഗസ്റ്റ് 4ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ പ്രസ്താവിച്ചത് "ആക്രമിക്കപ്പെട്ടാല്‍ തിരിച്ചടിക്കുകയെന്ന അടിസ്ഥാനത്തില്‍, നാം ആദ്യം ഉപയോഗിക്കില്ല'' എന്നതായിരിക്കും ഇന്ത്യയുടെ ആണവസിദ്ധാന്തം എന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

ഒരു വര്‍ഷത്തിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍, പുതുതായി രൂപീകരിച്ച ദേശീയ സുരക്ഷാ ഉപദേശകബോര്‍ഡ് നിര്‍ദ്ദേശിച്ച കരട് ആണവ സിദ്ധാന്തം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഈ വിലപ്പെട്ട ആധികാരിക രേഖയെക്കുറിച്ച് പിന്നീട് ദീര്‍ഘകാലം ഒന്നുംതന്നെ കേട്ടിരുന്നില്ല. എന്നാല്‍ അമേരിക്കയിലെ മുന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി സ്ട്രോബ് താല്‍ബോട്ടുമായുള്ള തന്റെ കൂടിയാലോചനകളില്‍ അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത്സിങ് ഈ രേഖ "അനൌദ്യോഗികം'' എന്നുപറഞ്ഞ് നിരാകരിച്ചിരുന്നതായാണ് പിന്നീട് മനസ്സിലായത്.

വളരെക്കാലം ആണവ സിദ്ധാന്തത്തെ സംബന്ധിച്ച് അക്ഷരാര്‍ത്ഥത്തില്‍ മൌനം പാലിച്ചതിനുശേഷം 2003 ജനുവരി 4ന് സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പ് പുറത്തിറക്കി.

"വിശ്വസനീയമായ മിനിമം പ്രതിരോധം കെട്ടിപ്പടുക്കുന്നതിനെയും നിലനിര്‍ത്തുന്നതിനെയും'' സംബന്ധിച്ചും "ആദ്യം ഉപയോഗിക്കില്ല എന്ന നിലപാടി''നെക്കുറിച്ചും പത്രക്കുറിപ്പില്‍ പറയുന്നു. "ഒരു ആണവ ആക്രമണമുണ്ടായാല്‍ പരിഹരിക്കാനാവാത്തവിധം കനത്ത നാശനഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതും സര്‍വ സ്പര്‍ശിയുമായിരിക്കും രണ്ടാം ആക്രമണശേഷി'' എന്നും ആ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. ആ പ്രാമാണിക രേഖയില്‍ ഇങ്ങനെ പറയുന്നു'' ഇന്ത്യന്‍ ആണവ ആയുധങ്ങളുടെ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ത്യയ്ക്കെതിരെയും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കെതിരെയും ഏതെങ്കിലും രാഷ്ട്രം ആണവായുധങ്ങള്‍ ഉപയോഗിക്കുകയോ ഉപയോഗിച്ചേക്കാമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അതിനെ പ്രതിരോധിക്കുകയെന്നതാണ്.''

വിശ്വസനീയമായ രണ്ടാം ആക്രമണശേഷിക്കും ഏതു രാജ്യത്തെയും ശിക്ഷിക്കുന്നതിനായി തിരിച്ചടിക്കുന്നതിനും ആവശ്യമായ മിനിമം പ്രതിരോധം എന്തായിരിക്കും? ഈ രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും കൂട്ടത്തില്‍ അമേരിക്കയും ഉത്തര അറ്റ്ലാന്റിക് സഖ്യവും ഉള്‍പ്പെടുമോ?

ഏറ്റവും പ്രധാനപ്പെട്ട സംഗതി, "ഇന്ത്യക്കും മറ്റെവിടെയെങ്കിലും നിലയുറപ്പിച്ചിട്ടുള്ള ഇന്ത്യന്‍ സേനയ്ക്കും എതിരായ "ആക്രമണത്തെക്കുറിച്ച് ആ രേഖയില്‍ പറയുന്നു. കൂടുതല്‍ അണു ആയുധ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ സിദ്ധാന്തവും ആയുധവല്‍ക്കരണവും തമ്മില്‍ ഒരു പൊരുത്തക്കേട് കാണുന്നു. പ്രതിരോധത്തിനുവേണ്ടി ഒരു കൂട്ടം ആണവായുധങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഇന്നേവരെ പ്രതിരോധാവശ്യത്തിന് ഏറ്റവും കുറഞ്ഞത് എന്തെല്ലാമാണ് ആവശ്യമായിട്ടുള്ളത് എന്നതിനെക്കുറിച്ച് പൊതുമണ്ഡലത്തില്‍ പരിമിതമായ ഒരു ചര്‍ച്ചയ്ക്കുപോലും നീക്കം നടന്നിട്ടില്ല.

ബരാക്ക് ഒബാമ സര്‍ക്കാരില്‍നിന്നും സിടിബിടിയില്‍ ഒപ്പിടാന്‍ ഇന്ത്യാ ഗവണ്‍മെന്റിനുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടാകുന്നതിനാല്‍ ഇന്ത്യാ ഗവണ്‍മെന്റ് വഴിതെറ്റിപ്പോകുന്നത് തടയുകയെന്നതാണ് തന്റെ പ്രസ്താവനയുടെ ലക്ഷ്യം എന്ന് സന്താനം വ്യക്തമാക്കിയിട്ടുണ്ട്. ആണവ പരീക്ഷണം നടത്തിയ സമയംവരെ ഇന്ത്യ സിടിബിടിയെ എതിര്‍ത്തിരുന്നു.

ഇന്ത്യയുടെ ആണവനയത്തെ സംബന്ധിച്ച് 1998 മെയ് 27ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍, ഇന്ത്യ ഭൂഗര്‍ഭ ആണവ സ്ഫോടനങ്ങള്‍ നടത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും സ്വമേധയായുള്ള മൊറട്ടോറിയം നടപ്പാക്കുമെന്നുമുള്ള ഇന്ത്യയുടെ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

"പ്രഖ്യാപനത്തിന് നിയമാനുസൃതമുള്ള അംഗീകാരം നല്‍കുന്നതിലേക്ക് നീങ്ങാനും'' അങ്ങനെ സിടിബിടിയിലെ അടിസ്ഥാന ബാധ്യതകള്‍ പിന്‍വാതിലിലൂടെ നിറവേറ്റാനുമുള്ള സന്നദ്ധതയുടെ സൂചനയുമാണത്. പരീക്ഷണംകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര പറഞ്ഞത് സിടിബിടിയിലെ ചില വ്യവസ്ഥകള്‍ പാലിക്കാന്‍ ഇന്ത്യ സന്നദ്ധമാണെന്നാണ്. ബ്രജേഷ് ഇങ്ങനെ തുടര്‍ന്നു-"ശൂന്യതയില്‍നിന്നും ഇത് ചെയ്യാനാവില്ല.''

അമേരിക്കയില്‍നിന്ന് ഇന്ത്യ ചില ആനുകൂല്യങ്ങളാണ് ആഗ്രഹിച്ചിരുന്നത്-പ്രത്യേകിച്ചും ഉന്നത സാങ്കേതികവിദ്യയുടെയും ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന്റെയും കാര്യത്തില്‍. പില്‍ക്കാലത്ത് തന്റെ "ഇന്ത്യയുമായി ഇടപെടല്‍'' എന്ന കൃതിയില്‍ താല്‍ബോട്ട് എഴുതി- "അമേരിക്കയുമായും ആഗോള ആണവ വ്യവസ്ഥിതിയുമായും ഒത്തൊരുമിച്ച് നീങ്ങാന്‍ ഇന്ത്യ തയ്യാറായിരുന്നു; ഒട്ടേറെ ആയുധ നിയന്ത്രണ കരാറുകളില്‍ പങ്കാളിയാകുന്നതിലൂടെയായിരുന്നു ഇത്. "സിടിബിടി''യുടെ അന്തഃസത്തയോട് യഥാര്‍ത്ഥത്തിലുള്ള യോജിപ്പ് ഇന്ത്യ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. ഉപരോധങ്ങള്‍ നീക്കംചെയ്യുന്നതിന് പകരമായി ഇന്ത്യ അടുത്ത നടപടികളിലേക്ക് നീങ്ങും-നമ്മുടെ നിലപാട് ഔപചാരികമായി അംഗീകരിക്കലും കരാര്‍ പൂര്‍ണമായി അംഗീകരിക്കലും.''

അമേരിക്കന്‍ സെനറ്റ് സിടിബിടിക്ക് ഔപചാരികമായി അംഗീകാരം നല്‍കാതെ നിരാകരിച്ചപ്പോള്‍ ഇന്ത്യ സിടിബിടിയില്‍ ഒപ്പിടുന്നതിന് ഏറെക്കുറെ അടുത്തെത്തുകയാണുണ്ടായത്. അമേരിക്കയുമായി കരാര്‍ ഉണ്ടാക്കാന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് അധികാരം ഒഴിയുന്നതുവരെ ഇന്ത്യ കാത്തുനില്‍ക്കണമായിരുന്നു. ആണവക്കരാറില്‍ സിടിബിടിയില്‍ ഇന്ത്യ ഒപ്പിടുന്നതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്. സ്വയം പ്രഖ്യാപിത മൊറട്ടോറിയം ഭാവിയില്‍ ആണവ പരീക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍തന്നെ നിരോധിക്കുന്നതായിട്ടുണ്ട്. അമേരിക്കയുമായുള്ള സിവില്‍ ആണവക്കരാറിന്റെ ഒരു വ്യവസ്ഥതന്നെ അതാണ്.

സിടിബിടിക്ക് സെനറ്റിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് ഒബാമ സര്‍ക്കാര്‍. അത് ചെയ്തുകഴിഞ്ഞാല്‍ ഇന്ത്യയും സിടിബിടിയില്‍ ഒപ്പിടുന്നതിനായി അമേരിക്കയില്‍നിന്നു മാത്രമല്ല, എന്‍എസ്ജിയിലെ മറ്റ് അംഗരാഷ്ട്രങ്ങളില്‍നിന്നും സമ്മര്‍ദ്ദം ശക്തമാകും.

ആണവ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും എന്നാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെങ്കിലും പ്രായോഗികമായി ഇന്ത്യക്ക് അതിന് അനുവാദമില്ല. ഇന്ത്യ ആണവ പരീക്ഷണം നടത്തുകയാണെങ്കില്‍ അമേരിക്ക ഇന്ത്യയുമായുള്ള ആണവക്കരാര്‍ റദ്ദുചെയ്യും. കരാര്‍ നടപ്പാക്കിയശേഷം അമേരിക്ക അങ്ങനെ ചെയ്താല്‍ ഇന്ത്യക്ക് ഭീമമായ നഷ്ടത്തിന് അത് ഇടയാക്കും. ആയതിനാല്‍, കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ക്കായി വാദിക്കുന്നവര്‍ ഇതാണ് പറ്റിയ സമയം എന്നാണ് പറയുന്നത്.

"വിശ്വസനീയമായ ആണവ പ്രതിരോധം'' ഉണ്ടാക്കുന്നതിന് ഇനിയും കൂടുതല്‍ ആണവ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വാദിക്കുന്നവരും അമേരിക്കയുമായുള്ള ആണവക്കരാര്‍മൂലം ദുര്‍ബലരാക്കപ്പെട്ട ഔദ്യോഗിക വക്താക്കളും തമ്മിലാണ് ഇപ്പോഴത്തെ സംവാദം. സ്ഫോടകാത്മകമായ ഈ ഉപദ്വീപില്‍ ആണവായുധ പന്തയം നടത്തുന്നതില്‍ കടുത്ത ഉത്ക്കണ്ഠയുള്ളവരുടെ ശബ്ദവും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് മുഴങ്ങേണ്ടതുണ്ട്.

*
ഡോ. നൈനാന്‍ കോശി

02 September, 2009

ഓണമായെന്ന് ചൊല്ലുവതെങ്ങനെ


ഓണമായെന്ന് ചൊല്ലുവതെങ്ങനെ


അഞ്ചാം ക്ളാസുകാരി ആദിത്യ വൈകിട്ട് സ്കൂളില്‍നിന്നു വന്ന് പുസ്തകസഞ്ചി കട്ടിലിലേക്കെറിഞ്ഞു. നാളെ പരീക്ഷ അവസാനിക്കും. മറ്റന്നാള്‍ സ്കൂളില്‍ ഓണാഘോഷമാണ്. ക്ളാസ് ടീച്ചര്‍ ഡയറിയില്‍ കുറിച്ചുകൊടുത്തതെല്ലാം അവള്‍ അമ്മയ്ക്ക് വായിക്കാന്‍ നല്‍കി. മഞ്ഞജമന്തി (അര കിലോ), വാടാമല്ലി (അര കിലോ), പട്ടുപാവാടയും ബ്ളൌസും (ടൈറ്റ് ഷിമ്മി), മേക്കപ്പ്മാനു കൊടുക്കാന്‍ 100 രൂപ.... ഡയറിയിലെ വരികള്‍ അമ്മ ഒരുവട്ടംകൂടി വായിച്ചു. കാര്യം പിടികിട്ടി. സ്കൂളില്‍ ഓണാഘോഷമാണ്. പൂക്കളം ഒരുക്കാനുള്ളതെല്ലാം ടീച്ചര്‍ കുട്ടികള്‍ക്ക് വീതംവച്ചു നല്‍കിയതിന്റെ കുറിപ്പടിയാണിത്.

അമ്മയ്ക്ക് ആദ്യം അത്ഭുതമാണ് തോന്നിയത്. പിന്നെ അവര്‍ ഡയറിയിലെ കുറിപ്പടിയോട് പൊരുത്തപ്പെട്ടു. മാറിവന്ന കാലം കോറിയിട്ട കുറിപ്പടി. ഓര്‍മകളുടെ സുഗന്ധം പരത്തുന്ന നാട്ടിടവഴിയിലൂടെ അമ്മ സഞ്ചാരം തുടങ്ങി. കൈയില്‍ ചെറിയൊരു ചൂരല്‍ക്കൊട്ട. ഒപ്പം കൂട്ടുകാരികള്‍. അയലത്തെ വീട്ടിലെ പൊടിമീശക്കാരന്‍ അവള്‍ക്കു തൊട്ടുപിന്നില്‍. മണ്ണിരകള്‍ മാളംതേടുന്ന വയല്‍വരമ്പിലൂടെ നടക്കുകയാണവള്‍. മത്സരയോട്ടത്തിനുള്ള തുടക്കം മാത്രമാണീ നടത്തം. ചെത്തി -മന്താരം മുതല്‍ മുക്കുറ്റിവരെയുള്ള എന്തും പൂക്കളത്തിന് ശോഭയേറ്റും. നീര്‍ക്കോലിയോടും കുളക്കൂരനോടും കളിപറഞ്ഞും കഥപറഞ്ഞും ചളിവഴുതുന്ന പാടവരമ്പിലൂടെ അവള്‍. നടവഴിയിലെ തൊട്ടാവാടിയോടു പിണങ്ങാതെ വിരലില്‍ ചോരയുതിര്‍ക്കാതെ ഇളംചുവപ്പുള്ള പൂക്കള്‍ പിഞ്ഞിപ്പോവാതെ പറിച്ചെടുത്തു. വിരല്‍തൊട്ടാല്‍ പിണങ്ങുന്ന തൊട്ടാവാടിയോട് മൌനത്താല്‍ മാപ്പുപറഞ്ഞു. പൂക്കളോരോന്നും പൂക്കൂടയിലേക്കിട്ടു. പുലര്‍ച്ചെ വാടിയ തൊട്ടാവാടിയെപ്പോലെ അവളും ഒന്നു വാടി. പിന്നെ കണ്ണുതുറന്ന് തിളങ്ങുന്ന ചിരി സമ്മാനിച്ചു. അടുത്ത പൂക്കളിലേക്ക്...

ഡയറിയിലെ കുറിപ്പടി വായിച്ച് അമ്മ ചോദിച്ചു, മോളെ ജമന്തിപ്പൂവ് എങ്ങനെ തൂക്കിനോക്കും. അച്ഛന്‍ ഓഫീസില്‍നിന്നു വരുംമുമ്പ് പറഞ്ഞാല്‍ ഏതെങ്കിലും പൂക്കടയില്‍നിന്ന് വാങ്ങിവരും. നമ്മുടെ തൊടിയിലെ പൂക്കളില്‍ ഇത്രയും ജമന്തി ഉണ്ടാവുമോ?

തുമ്പയും മുക്കുറ്റിയും നിലാവുപെയ്യുന്ന ഒരു ഓണക്കാലത്തിലൂടെ അവള്‍ യാത്രതുടങ്ങി, പൊയ്പ്പോയ നല്ലകാലത്തിന്റെ ഓര്‍മകള്‍ക്ക് ശ്രാദ്ധമൂട്ടി.

മകള്‍ പറഞ്ഞു: ഓണം എന്തു രസമാണ്. കഴിഞ്ഞവര്‍ഷം എനിക്കു കിട്ടിയത് വര്‍ണംനിറഞ്ഞ എത്ര ഉടുപ്പുകളാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു, രണ്ട് കളര്‍ഡ്രസുകൂടി കൊണ്ടുപോണം. പൂക്കളം ഇടുമ്പോള്‍ ഒന്ന്, അതുകഴിഞ്ഞ് ഓണഗാനമാലപിക്കുമ്പോള്‍ മറ്റൊന്ന്.

അവള്‍ മകളോട് ചോദിച്ചു: മക്കളെ, ഇത്രയും പണമൊക്കെ ചെലവിട്ടുവേണോ ഈ ഓണാഘോഷം?

അഞ്ചാം ക്ളാസുകാരി പൊട്ടിത്തെറിച്ചു. അമ്മയ്ക്കെന്തറിയാം, ഞങ്ങളുടെ ക്ളാസുകള്‍ തമ്മില്‍ മത്സരമാണ്. ടീച്ചര്‍ പ്രത്യേകം പറഞ്ഞു എത്രത്തോളം പൂവുകിട്ടുമോ അത്രയും വേണമെന്ന്. പിന്നെ ചെമ്പരത്തി തുളസി തൊട്ടാവാടി, ഇങ്ങനെയുള്ള കണ്ട്രീസൊന്നും വേണ്ട. അതൊക്കെ സമയമാകുമ്പോള്‍ വാടിപ്പോകും. അരളി കിട്ടിയാല്‍ കൊള്ളാം. പൂക്കളം ഒരുക്കുംവരെ ടീച്ചറുടെ വീട്ടിലെ ഫ്രിഡ്ജില്‍ വെക്കാം. എടുക്കുമ്പോഴും ഒരു ഫ്രഷ്നെസ് ഉണ്ടാകുമല്ലോ.

അമ്മ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു. ഏതു നിമിഷവും അവസാനിക്കുന്ന സ്വപ്നങ്ങളുടെ ലോകത്ത്. പണ്ടൊരാള്‍ നെന്മണി കണ്ടതും പിന്നാലെ ഗവേഷകര്‍ കൂടിയതും ഒട്ടേറെ പേരുകള്‍ അതിനു പറഞ്ഞതും അവസാനം പാളത്തൊപ്പിക്കാരന്‍ കര്‍ഷകന്‍ വന്ന് അത് നെല്ലാണെന്നു സ്ഥിരീകരിച്ചതുമൊക്കെ മനസ്സിലേക്ക് ഓടിയെത്തി അവള്‍ മകളോടു ചോദിച്ചു: മോളേ നിനക്കറിയുമോ മുക്കുറ്റിയെ, മണവും മധുരവും പ്രേമവും നല്‍കുന്ന നാട്ടുമുല്ലയെ?

കുട്ടി മിണ്ടിയില്ല. അവള്‍ യാചനാസ്വരത്തില്‍ പറഞ്ഞു: "പ്ളീസ് അച്ഛനെ വിളിച്ചുപറ, ഹാഫ് കിലോ യെല്ലോ ജെമന്തി.... ''

അമ്മ അപ്പോഴും സ്വപ്നലോകത്താണ്. കവരംവീശി നില്‍ക്കുന്ന പുളിമരത്തിലെ ആടുന്ന ഊഞ്ഞാലില്‍ അവള്‍മാത്രം. ആരോ പിന്നില്‍നിന്ന് ഉന്തിവിടുന്നുണ്ട്. കാറ്റില്‍ മേലോട്ടുയരുന്ന പട്ടുപാവാട തിരുകിക്കയറ്റി പറക്കുകയാണ്. അടുത്ത കൊമ്പിലെ പച്ചിളംപുളിയില്‍ കാലൊന്നു തൊട്ട് കാല്‍വിരലുകളാല്‍ മുറുക്കിപ്പിടിച്ച് കൊച്ചൊരു പിച്ചപ്പുളിയും പറിച്ച് ഊഞ്ഞാലിലെ മടക്കയാത്ര. താഴെ നില്‍ക്കുന്നവര്‍ കാണാതെ വലതുകാല്‍ ഉയര്‍ത്തി വിരലുകള്‍ക്കിടയിലെ പിച്ചപ്പുളി ഇടതുകൈകൊണ്ടെടുത്തു കടിച്ച് വീണ്ടും തുടരുന്ന ആകാശയാത്ര.

"യു മീന്‍ ക്രാഡില്‍.....'' മകള്‍ ചോദിച്ചു. അല്ല മക്കളെ തൊട്ടിലല്ല. അത് ഊഞ്ഞാല്‍. അന്നു ഞങ്ങടെ മനസ്സുപോലെ ഉയര്‍ന്നുപാറിയ ഊഞ്ഞാല്‍. പുളിമരത്തിന്റെ ഇലകള്‍ മഴയായ് പെയ്തിറങ്ങിയ ഊഞ്ഞാല്‍ക്കാലം.

അമ്മ മകളോട് ചോദിച്ചു. നീ തലപ്പന്ത് കണ്ടിട്ടുണ്ടോ. കാലുമടക്കികുത്തി ആഞ്ഞടിക്കുമ്പോള്‍ ആകാശത്തേക്കുയരുന്ന തലപ്പന്ത്. ആര്‍പ്പുവിളികളുടെയും നിലയ്ക്കാത്ത കരഘോഷങ്ങളുടെയും നടുവില്‍ ആങ്ങളയുടെ പെരുവിരലില്‍ ചോരപൊടിഞ്ഞിട്ടും ആകാശത്തേക്കുയര്‍ന്ന് ഏതോ പൊന്തയില്‍ ആരും കാണാതെ മറഞ്ഞ കാല്‍പ്പന്ത്. നാട്ടിടങ്ങളിലെ കൊച്ചുപീടികയില്‍പോലും പല വര്‍ണങ്ങളില്‍ മോഹിപ്പിച്ചുകിടന്ന റബര്‍പ്പന്തുകള്‍.

ഉയര്‍ന്നുനില്‍ക്കുന്ന വഴുക്കന്‍ കവുങ്ങില്‍ തറ്റുടുത്ത് മേയ്ക്കരുത്തുകാട്ടി അയലത്തെ മുറിമീശക്കാരന്‍ കുതിച്ചും വഴുതിയും കയറിപ്പറ്റി പൊന്നിന്‍ പുടവയുമായി നിലംതൊട്ടത് ... അയാളന്ന് പടയാളിയായിരുന്നു. എന്നെപ്പോലെ പെണ്‍മനസ്സുകളില്‍ കിനാവിന്റെ കുളിരുനിറച്ച പടയാളി. മകള്‍ക്കൊന്നും മനസ്സിലായില്ല. എങ്കിലും പറഞ്ഞു, പറയൂ... അമ്മേ... പറയൂ.....
നീ കാണുന്ന മാബലിയല്ല അന്ന്. അദ്ദേഹത്തിന് കൂളിങ് ഗ്ളാസും കൈയില്‍ മൊബൈല്‍ഫോണുമൊന്നുമുണ്ടായിരുന്നില്ല. വട്ടത്തില്‍ മെടഞ്ഞെടുത്ത കുടപ്പനക്കുടയും ചന്ദനമെഴുതിയ കൈകളും പിഞ്ഞിത്തീരാറായ സാറ്റണ്‍വസ്ത്രവും ധരിച്ച് വരും.
അമ്മൂമ്മ പറഞ്ഞിരുന്നു ഏതോ രാത്രിയാമത്തില്‍ പ്രജാക്ഷേമം തിരക്കിയെത്തുന്ന പാവം രാജാവിനെക്കുറിച്ച്, കുടവയറനായ ഓണത്തപ്പനെപ്പറ്റി.

മാവേലി നാടുവാണീടും കാലം..... അമ്മ അവള്‍ക്കറിയാവുന്ന താളത്തില്‍ നീട്ടിച്ചൊല്ലി. ഒന്നാംതുമ്പിയും അവള്‍ പെറ്റ മക്കളും പോയിട്ട് കാലമേറെയാവുന്നു. ലഹരിനുരയുന്ന കണ്ണുകളുമായി പാറിനടക്കുന്ന തുമ്പികളാണ് ചുറ്റും. അവള്‍ മകളെ മാറോടു ചേര്‍ത്തുപിടിച്ചു. ഞങ്ങള്‍ക്കൊരു സ്വപ്നമുണ്ട്. ആ മാവേലിനാടിന്റെ സ്വപ്നം. നാളെക്കഴിഞ്ഞാല്‍ ഇനി പത്തുദിവസം സ്കൂളില്‍ പോണ്ട. ഓണാവധി. പക്ഷേ, ട്യൂഷന്‍ ടീച്ചര്‍ എല്ലാദിവസവും ഫുള്‍ടൈം ക്ളാസുവെച്ചിട്ടുണ്ട്. ഈ ഗ്യാപ്പില്‍ റിവിഷന്‍ നടത്തിയാല്‍ അടുത്ത ടേമില്‍ കൂടുതല്‍ റിസ്ക് എടുക്കേണ്ട. മകള്‍ അമ്മയോടു പുലമ്പുന്നു... അമ്മേ, പ്ളീസ് ടീച്ചറോട് പറ. സ്കൂള്‍ തുറന്നിട്ട് ക്ളാസുമതി. അതുവരെ ഞാന്‍.....

അമ്മ പെട്ടെന്ന് സംസാരമെല്ലാം മാറ്റി. കളി വേറെ കാര്യം വേറെ. ലുക്ക് മോളേ, ഈ പത്തുദിവസം ശ്രദ്ധിച്ചു പഠിച്ചാല്‍ അടുത്ത ടേമില്‍ നീ ആകും ക്ളാസ് ഫസ്റ്റ്. അതില്‍ നമ്മള്‍ തമ്മില്‍ ക്രോംപ്രമൈസ് ഇല്ല. ഓണാവധിക്ക് അച്ഛന്റെ വീട്ടിലൊന്ന് പോകണമെന്നു പറഞ്ഞിട്ടും ഞാനെന്താ വില്ലിങ്ങാകാത്തത്? അതു ശരിയാവില്ല. അത് നിന്റെ കരിയര്‍ സ്പോയില്‍ചെയ്യും.

ഡീസന്റ് മുക്കിലെ ആര്‍ട്സ് ക്ളബ്ബുകാര്‍ പിരിവിനെത്തിയിട്ടുണ്ട്. അമ്പതു രൂപയുടെ നോട്ട് മടക്കി അവര്‍ക്കുനേരെ നീട്ടി അമ്മ പറഞ്ഞു: ഇത് സ്ഥിരം പിരിവാണല്ലോ. പിരിച്ചുപെറുക്കി പുട്ടടിയല്ലേ പണി. പിരിവുകാരന്‍ യുവാവിന്റെ നോട്ടം മറികടക്കാന്‍ മറുപടിയായി മൊബൈലില്‍ അവള്‍ ഭര്‍ത്താവിനെ വിളിച്ചു- "യെല്ലോ ജെമന്തി ഹാഫ്‌കിലോ, വാടാമല്ലി........''

***

കെ ആര്‍ അജയന്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം