19 June, 2009

ഗീതയുടെ നാനാര്‍ഥങ്ങള്‍

ഗീതയുടെ നാനാര്‍ഥങ്ങള്‍

"രാമായണവും ഭാരതവുമൊക്കെ എഴുതപ്പെട്ടത് അന്ന് നിലവിലിരുന്ന അനീതികളെ വിപ്ലവകരമായി ചെറുക്കാനായിരുന്നു എന്ന നേര് തിരിച്ചറിയാന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന് പറ്റിയ ഒരു പ്രധാന അബദ്ധം'' -സി രാധാകൃഷ്ണന്‍.

ഒരു പ്രധാന അബദ്ധം എന്ന് പറയുമ്പോള്‍ വേറെയും അബദ്ധങ്ങള്‍ ഉണ്ടെന്ന സൂചനയുണ്ടോ?

"ശരിയായി വ്യാഖ്യാനിച്ച് മനസ്സിലാക്കിയാല്‍ ഗീത... മനുഷ്യന്റെ പുരോഗതിക്ക് ഒട്ടും എതിരല്ല'', തുടര്‍ന്നെഴുതുന്നു.

ഒരുപാട് വ്യാഖ്യാനങ്ങളുണ്ട് ഗീതയ്ക്ക്, മലയാളത്തില്‍ത്തന്നെ. ഈ വ്യാഖ്യാനങ്ങളൊന്നും ശരിയല്ലെന്നാണോ? ശരിയായത് വല്ലതുമുണ്ടോ?

ഇതിഹാസങ്ങളും ബ്രഹ്മസൂത്രവും ഗീതയും മറ്റും ചുട്ടുകരിക്കണമെന്ന് ആരാനും പറഞ്ഞോ? ഇത് പുസ്തകം ചുട്ടെരിക്കുന്ന കാലമായതുകൊണ്ട് തോന്നിയതായിരിക്കും. "ഭഗവത് ഗീത ഒരു വിമര്‍ശനപാഠം'' ചുട്ടെരിക്കാന്‍ പറഞ്ഞില്ലല്ലോ. ഇവയൊന്നും ചുട്ടെരിക്കണമെന്നല്ല ശരിക്ക് വായിച്ച് അര്‍ഥം ഗ്രഹിച്ച് വിലയിരുത്തണമെന്നുതന്നെയാണ് പക്ഷം. ഭക്ത്യാന്ധതയും മുന്‍വിധികളും മാറ്റിനിര്‍ത്തി വേണമെന്നുമാത്രം. അതെങ്ങനെ? "സംശയാത്മാ വിനശ്യതി'' (സംശയിക്കുന്നവന്‍ ഒടുങ്ങിപ്പോകും) എന്ന മന്ത്രച്ചരട് ഗീതാനുസന്ധായികള്‍ കെട്ടിയിട്ടുണ്ടാകുമല്ലോ.

ബ്രഹ്മസൂത്രങ്ങളും ഗീതയും എല്ലാം അറിവിന്റെയും സംസ്കാരത്തിന്റെയും പാഠങ്ങളാണെന്ന രാധാകൃഷ്ണന്റെ അഭിപ്രായം മാനിക്കുന്നു. അറിവ് അറിവുതന്നെയാണല്ലോ. "സര്‍വേലാഭാഃ സാഭിമാനാഃ എന്നും വിചാരിക്കാം.

'ശരിയാണ്, തല്പരകക്ഷികള്‍ ഇവയെല്ലാം ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗം ചെയ്തിട്ടുണ്ട്'' പ്രതികരണം സമ്മതിക്കുന്നു. ദുര്‍വ്യാഖ്യാനം ചെയ്ത ദുരുപയോഗങ്ങളാണ് ഇന്നും ശക്തം. നന്നായൊന്നു തട്ടിക്കുടഞ്ഞാല്‍ പോകുന്ന അഴുക്കും പൊടിയുമൊന്നുമല്ല പറ്റിപ്പിടിച്ചിട്ടുള്ളത്. കുളിപ്പിച്ച് കുളിപ്പിച്ചു കുട്ടിതന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. മാത്രമല്ല ഇടതുപക്ഷം തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിച്ചാല്‍ അതിന്നും പഴിയുണ്ടാവും. വിവേകാനന്ദ ജയന്തി ഡി വൈ എഫ് ഐ കൊണ്ടാടിയപ്പോള്‍ അതിന്റെ പേരിലുണ്ടായ പുകില്‍ നാം കണ്ടതാണല്ലോ. ഗീതയെ അതിന്റെ യഥാര്‍ഥ സ്ഥിതിയില്‍ അറിഞ്ഞു വിലയിരുത്തണം. അതാണഭികാമ്യം.

'മഹത്വഭാരവത്വാഢ്യ'മായ ഭാരതത്തിലെ ഒരു ഉപപര്‍വമാണല്ലോ ഗീത. മഹാഭാരതത്തേക്കാളും ഈ ഉപപര്‍വത്തിന് എങ്ങനെ ഈ മഹത്വം കിട്ടി. പലരും ഗീത കാണുന്നതും ഉപയോഗിക്കുന്നതും പ്രത്യേകമായി രചിക്കപ്പെട്ട ഒരു വിശിഷ്ട ഗ്രന്ഥമെന്ന നിലയ്ക്കാണ്. മരംമറഞ്ഞ് കാടുകാണാത്ത അവസ്ഥ തന്നെ. ഗീതയ്ക്കുവേണ്ടിയാണ് മഹാഭാരതം രചിക്കപ്പെട്ടത് എന്ന് കണ്ടെത്തിയവര്‍പോലുമുണ്ട്. ഉറപ്പിച്ചു പറയാം: ഈ ഗീതാനുസന്ധാകളില്‍ ഭൂരിഭാഗവും മഹാഭാരതം കണ്ടവര്‍പോലുമല്ല. മേല്‍പ്പുരപൊളിച്ച് നടുത്തളത്തിലിറങ്ങുന്നവരാണ് ഏറെയും.

"വിശ്വത്തിന്റെ ഘടന വ്യക്തമാക്കുന്നതിന്റെ ഭാഗമായാണ് ഗീത ആത്മാവിനെക്കുറിച്ച് പറയുന്നത്..... ക്ഷരം, അക്ഷതം.. അക്ഷരാതീരം എന്നതാണ് പ്രപഞ്ചഘടന. ഇതുതന്നെയാണ് ഇപ്പോള്‍ സയന്‍സിന്റെ കാഴ്ചപ്പാടും,''രാധാകൃഷ്ണന്‍ പറയുന്നു. 'ഇപ്പോള്‍' എന്ന് പറയുമ്പോള്‍ മുമ്പ് അങ്ങനെ ആയിരുന്നില്ലെന്നാവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗീത കണ്ടെത്തിയത് ഇപ്പോഴാണ് സയന്‍സ് കണ്ടെത്തുന്നത്. ദശാവതാരങ്ങളില്‍ പരിണാമസിദ്ധാന്തം കണ്ടെത്തിയ മിടുക്കന്മാരാണല്ലോ നാം.

ഗീത ആത്മാവിനെക്കുറിച്ചു പറയുന്നത് ബന്ധുമിത്രാദികളെ കൊന്നാലും അവര്‍ നശിക്കുന്നില്ല എന്നു സ്ഥാപിക്കാനാണ്. കൊന്നാലും കൊല്ലുന്നില്ല, ചത്താലും ചാകുന്നില്ല എന്നു സ്ഥാപിക്കാന്‍. പ്രഥമദൃഷ്ട്യാതന്നെ ഇത് സുവ്യക്തം. ശരീരം നാശമുള്ളതാണ്. അത് തടയാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍ ശരീരത്തിലെ ആത്മാവിനെ ആര്‍ക്കും കൊല്ലാനാവില്ല. 'തസ്മാദ്യുദ്ധ്യസ്വ ഭാരത' (അതുകൊണ്ട് യുദ്ധം ചെയ്തോളൂ- 2ല്‍18)

"നായം ഹന്തി ന ഹന്യതേ'' ആത്മാവ് കൊല്ലുന്നില്ല, കൊല്ലപ്പെടുന്നില്ല. (2 ല്‍ -19) എത്ര ശരി. അങ്ങനെ കൊന്നു. ഉണ്ടെങ്കിലല്ലേ അത് നടക്കൂ. അല്ലെങ്കില്‍ ആത്മബോധം, തന്റേത് എന്ന ബോധം ഒരിക്കലും ലോകത്തുനിന്ന് പോകയില്ലല്ലോ. "ഗുരുക്കന്മാരുടെ രക്തംപുരണ്ട ഭോഗങ്ങളെ അനുഭവിക്കാനില്ല (2ല്‍-5) - "ഇരന്നു കഴിഞ്ഞോളാം. സ്വജനത്തെ കൊന്നിട്ട് എങ്ങനെ സുഖിക്കും'' (1ല്‍ 37) എന്നൊക്കെ പറഞ്ഞ് പരവശനായി "യത്ശ്രേയഃസ്യാന്നിശ്ചിതം ബ്രൂഹിതന്മേ'' (ശ്രേയസ്കരമായിട്ടുള്ളത് പറഞ്ഞുതരൂ) എന്ന് ആവശ്യപ്പെടുന്ന അര്‍ജുനനോടാണ് ആത്മാവിനെക്കുറിച്ചു പറയാന്‍ തുടങ്ങുന്നത്. അനുക്രമം വായിക്കുന്നവര്‍ക്ക് ഇതുബോധ്യപ്പെടും.

യുദ്ധവിരക്തനായ അര്‍ജുനനെ യുദ്ധോക്ത്യുക്തനാക്കാനാണ് ഈ ഉപദേശങ്ങള്‍. കൃഷ്ണനെത്തന്നെ ഈ ഉപദേശത്തിന് കൈകണ്ടതിലും കവിയുടെ ഔചിത്യദീക്ഷയുണ്ട്. കാപട്യങ്ങളെക്കൊണ്ട് ഒരുവിധം യുദ്ധം ജയിച്ചതില്‍പ്പിന്നെ ഭരണകാര്യങ്ങളിലെ ഉപദേശത്തിന് കൃഷ്ണനെ കണ്ടില്ല. ധര്‍മജന്‍ ശരശയ്യയില്‍ കിടക്കുന്ന പിതാമഹന്റെ അടുത്താണ് അതിന് പോകുന്നത്. ഇന്ദ്രന്റെ അവരജനാണത്രെ വിഷ്ണു. "ഉപേന്ദ്ര ഇന്ദ്രാവരജോ'' എന്ന് നിഘണ്ടു (വിഷ്ണുവിന്റെ അവതാരമാണ് കൃഷ്ണന്‍ എന്നാണല്ലോ വെപ്പ്) 'യുദ്ധസ്വവിഗതജ്വരഃ'' എന്നു പറയാന്‍ സര്‍വഥാ യോഗ്യന്‍.

താന്‍ വലിയ ഇന്ദ്രജാലക്കാരനാണ്, കൃഷ്ണന്‍ തന്നെ വിളിച്ചു പറയുന്നുണ്ട്:

" ദേവീഹ്യേഷാ ഗുണമയീ

മമ മായാ ദുരാത്യയാ (7-ല്‍ 14) (എന്റെ മായയെ ആര്‍ക്കും മറികടക്കാവതല്ല) ദ്യൂതം ഛലയതാമസ്മി' (വഞ്ചകര്‍ക്കിടയില്‍ ഞാന്‍ ചൂതാട്ടമാണ്-10ല്‍-36) . "മൌനം ചാസ്മി ഗുഹ്യാനാം'' 10-ല്‍ 38 (രഹസ്യങ്ങളില്‍ ഞാന്‍ മൌനമാണ്) . ഇതുകൊണ്ട് പ്രപഞ്ചത്തെ അളന്നെടുക്കാം എന്ന് മറ്റുള്ളവരില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ് മായ.

ആത്മാവിന്റെ അനശ്വരതയെക്കുറിച്ചും വേദവാദരതന്മാരുടെ മൂഢതയെക്കുറിച്ചുമെല്ലാം പറഞ്ഞിട്ടും പടക്കിറങ്ങാന്‍ ധൈര്യം വരാത്ത സവ്യസാചിയെ "നീ ആരെ കൊല്ലാന്‍ മടിച്ചാണോ യുദ്ധത്തില്‍ ഇറങ്ങാത്തത് അവരെയെല്ലാം ഞാന്‍ തന്നെ ശരിപ്പെടുത്തിയിട്ടുണ്ട്. പൂപ്പറിക്കുംപോലെ കാര്യം നേടാം.'' അത്രയും ലഘൂകരിക്കപ്പെട്ടിരിക്കുന്നു നിന്റെ ഭാരം. അതുകൊണ്ട് "യുദ്ധസ്വജേതാസിരണേ''(11ല്‍, 33, 34). എന്നിട്ടും ഉദ്ബുദ്ധനാകുന്നില്ല എന്നായപ്പോഴാണ് പതിനെട്ടാമത്തെ അടവും കഴിഞ്ഞ് 'പൂഴിക്കടകന്‍' എടുക്കുന്നത്. 'വിശ്വരൂപദര്‍ശനം തന്റെ കൃതഹസ്തമായ ഇന്ദ്രജാലം. ഇതിലാണ് അര്‍ജുനന്‍ അടിപ്പെടുന്നത്. അര്‍ജുനന്‍ നിലവിളിച്ചുപോയി: "മമ മനഃ ഭയേന പ്രവ്യാഥിതം'' (എന്റെ മനസ്സ് ഭയാകുലമായിരിക്കുന്നു). "തദേവമേ ദര്‍ശയ ദേവ രൂപം'' ( ആ പഴരൂപം തന്നെ കാണിക്കൂ). "പ്രസീദ, ദേവേശ, ജഗന്നിവാസ'' (ദേവേശ ജഗന്നിവാസ പ്രസാദിക്കണേ). ഇതോടെ അര്‍ജുനന്‍ എങ്ങനെ വേണമെങ്കിലും വളയ്ക്കാനും തിരിക്കാനും പാകത്തിലായി. (ഗീത 11 ല്‍ 45)

"ഞാന്‍ പറയേണ്ടതൊക്കെ പറഞ്ഞു ഇനി ഇഷ്ടംപോലെ ചെയ്യ്'' എന്ന് പരിഭവംകൂടി പറഞ്ഞാണ് ഭഗവാന്‍ അവസാനിപ്പിക്കുന്നത് (18ല്‍ 63). ഒടുക്കം, പറയുംപോലെ ചെയ്തുകൊള്ളാം എന്ന് അര്‍ജുനന്‍ സമ്മതിക്കുന്നു (18 ല്‍ 74).

കൃഷ്ണന്റെ കരിമുകിലൊത്ത ചികുരഭാരത്തിലെ നിറന്നപീലികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. അത് വെറുമൊരലങ്കാരം മാത്രമാണോ. കൃഷ്ണസങ്കല്പത്തിലെ ദുരകത്യയമായാ പ്രതീകം കൂടിയാണെന്ന് തിരിച്ചറിയണം. ഇന്ദ്രജാലക്കാര്‍ മായാജാലപ്രകടനത്തില്‍ ഉപയോഗിക്കാറുള്ളതാണ് പീലിക്കെട്ട്. നീലച്ചമയിലിന്റെ പീലികെട്ടുഴിഞ്ഞെന്നെ തൂണാക്കി മാറ്റിയല്ലോ' എന്ന പി ഭാസ്കരന്റെ സിനിമാഗാനം ഓര്‍മിക്കുന്നില്ലെ.

'ഞാനെന്നേ മര്‍ത്യനെന്നോര്‍പ്പൂ'' എന്ന് വാല്മീകിയുടെ രാമന്‍. എന്നാല്‍ കൃഷ്ണനോ, അവജാനന്തിമാം മൂഢാഃ മാനുഷീം തനുമാശ്രിതം (വിഡ്ഢികള്‍ ഞാന്‍ മനുഷ്യരൂപിയാണെന്ന് മനസ്സിലാക്കുന്നു) എന്ന്.

"യദ്രവ്യം ബാന്ധവാനാം വാ

മിത്രാണാം വാക്ഷയേ ഭവേത്

നാഹം തത് പ്രതിഗൃഹ്ണാമി

ഭക്ഷാന്‍ വിഷകൃതാനിവ'' (ബന്ധുക്കളെയും ചങ്ങാതിമാരെയും കൊന്നുകിട്ടുന്ന സ്വത്ത് ഞാനെടുക്കകയില്ല. വിഷം കലര്‍ന്ന ഭക്ഷണംപോലെ തള്ളുകതന്നെ ചെയ്യും) എന്ന് രാമന്‍. കൃഷ്ണനോ "ഗുരുക്കന്മാരെക്കൊന്ന് അവരുടെ രക്തം പുരണ്ട അര്‍ഥകാമഭോഗങ്ങള്‍ ഞാന്‍ അനുഭവിക്കയില്ല (രാമന്റെ അതേ അഭിപ്രായം) എന്നതിനൊപ്പം യുദ്ധവിയുക്തനായ പാര്‍ഥനോട്, "ദുഃഖിക്കേണ്ടാത്തവരെക്കുറിച്ചാണ് നീ ദുഃഖിക്കുന്നത്; ചത്തവരെക്കുറിച്ചും ചാകാത്തവരെക്കുറിച്ചും ആരാനും ദുഃഖിക്കുമോ (2ല്‍ 11 ) എന്നും പറഞ്ഞു പരിഹസിക്കുന്നു. മാത്രമോ "ജിത്വാവാ ഭോക്ഷ്യസേ മഹിം തസ്മാദുത്തിഷ്ഠ യുദ്ധായ കൃതനിശ്ചയഃ'' (ജയിച്ചാല്‍ രാജ്യസുഖം അനുഭവിക്കാം യുദ്ധം ചെയ്യണമെന്നുറച്ച് എഴുന്നേല്‍ക്കു'' (2ല്‍ 37) എന്ന് ഉത്സാഹിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിന്നിടിയില്‍ ഭീഷ്മരുമായി പിണങ്ങിക്കഴിയുന്ന കര്‍ണന്റെ അടുത്തുചെന്ന് രഹസ്യങ്ങളില്‍ മൌനിയായ കൃഷ്ണന്‍ കുന്തിയുടെ മൂത്ത പുത്രനെന്ന നിലയ്ക്ക് രാജാവാകാമെന്നും ആറാമനായി പാഞ്ചാലിയുമായി കിടക്ക പങ്കിടാമെന്നും ഞങ്ങളുടെ പക്ഷം ചേരൂ എന്നും പറഞ്ഞു.

കൃഷ്ണന് സത്യാസത്യങ്ങളോ ധര്‍മാധര്‍മങ്ങളോ ഇല്ല. എല്ലാം സാപേക്ഷികമാണ്.

"സത്യം ചൊല്ലരുതെന്നാകും

പൊളി ചൊല്ലേണ്ടാതായ്വരും

അനൃതം സത്യമാം; സത്യം

അനൃതം തന്നെയായിടും (ഭീഷ്മപര്‍വം, തമ്പുരാന്റെ തര്‍ജമ.) പ്രായോഗിക ജീവിതത്തിന്റെ സമൂര്‍ത്ത സിദ്ധാന്തമാണിത്. ഈ സിദ്ധാന്തക്കാരനേ തന്നെ മടിയിലിരുത്തി പോറ്റിവളര്‍ത്തിയ മുതുമുത്തച്ഛനെ കൊന്ന് രാജ്യം പിടിച്ചടക്കാന്‍ ചങ്ങാതിയെ ഉപദേശിക്കാനാവൂ.

"എന്ത് ദുരിതം ചെയ്തും അധികാരം കൈയിലൊതുക്കുക രാജകുമാരന്മാരുടെ സ്വഭാവമാണ്'' കാളിദാസന്‍ രഘുവംശത്തില്‍ പറയുന്നു. ഭാഗവതം തന്നെ പറയുന്നു:

"മാതരം പിതരം ഭ്രാതൃന്‍

സര്‍വാംശ്ച സുഹൃദസ്തഥാ

ഘ്നന്തിഹ്യസൃതൃപോലുബ്ധാഃ

രാജാനഃ പ്രായശോ ഭുവി''

അസംതൃപ്തരായ രാജാക്കള്‍ (ക്ഷത്രിയര്‍) അച്ഛനെയും അമ്മയെയും ചങ്ങാതിമാരെയും അധികാരത്തിനുവേണ്ടി കൊല്ലാന്‍ മടിക്കില്ല. ചരിത്രത്തിലും അനുഭവപാഠങ്ങളുണ്ടല്ലൊ. അപ്പോള്‍ ഗീതോപദേശത്തിനും സര്‍വഥാ യോഗ്യനായവനാണ് കൃഷ്ണന്‍. കൃഷ്ണഗാഥയാണ് ഗീതോപദേശം. എന്നാല്‍ ഗീതയില്‍ എങ്ങനെ ഭഗവാന്‍ പറ്റിപ്പിടിച്ചു. പൌരോഹിത്യമാണ് അതു ഒട്ടിച്ചുവിട്ടിരിക്കുക പടച്ചോന്‍ നേരിട്ട് പറഞ്ഞതാണെങ്കില്‍ അതിന്നു പിന്നെ അപ്പീലുമില്ല. ഗീത ഭീഷ്മപര്‍വത്തിലെ ഒരു ഉപപര്‍വമാണെങ്കില്‍, മഹാഭാരതം വ്യാസനിര്‍മിതമാണെങ്കില്‍, വ്യാസഗീതയെന്ന് പറയുന്നതല്ലെ ശരി. സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് ഉപദേശിക്കുന്ന രീതിയിലാണ് അനുവാചകനറിയുന്നതെന്നും തിരിച്ചറിയണം. അപ്പോള്‍ 'സഞ്ജയഗീത'യെന്നും ആവാം. തികച്ചും ഭൌതികകാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗീത. അതാണതിലെ അംഗി. "യുദ്ധം ചെയ്യുക'' എന്ന അംഗിയെ ചൂഴ്ന്നുനില്‍ക്കുന്ന പരിവാരങ്ങളാണ് (അംഗങ്ങള്‍) മറ്റൊക്കെ. ആത്മാവും യോഗങ്ങളുമൊക്കെ 'യുദ്ധസ്വ' എന്നതിന്റെ പരിപോഷകങ്ങള്‍ മാത്രം. പതിനെട്ട് അധ്യായങ്ങളിലായി ഏതാണ്ട് 40 ഓളം സന്ദര്‍ഭങ്ങളില്‍ യുദ്ധം ചെയ്യൂ എന്ന് ശബ്ദതഃ പറയുന്നുണ്ട് ഗീതയില്‍. പതിനെട്ടാമധ്യായത്തിന്റെ ഒടുവില്‍ യുദ്ധം ചെയ്യൂ എന്ന ഒന്നില്‍ കേന്ദ്രീകരിക്കുന്നതും ശ്രദ്ധേയം:

എന്റെ ഈ ഉപദേശം കേട്ടില്ലെങ്കില്‍ നീ നശിക്കും (15ല്‍.58) അഹമ്മതിവെച്ച് ഞാന്‍ യുദ്ധം ചെയ്യില്ല എന്നാണെങ്കില്‍ അത് വെറുതെ (18ല്‍-59). സ്വന്തം കര്‍മത്താല്‍ ബന്ധിക്കപ്പെട്ട നീ ഗത്യന്തരമില്ലാതെ അത് (യുദ്ധം) ചെയ്യേണ്ടിവരും (18ല്‍ 60).

കടന്നുപറഞ്ഞാല്‍ തികഞ്ഞ രാഷ്ട്രീയമാണ് ഗീതയിലുള്ളത്. ഗീതോപദേശം വേണ്ടിവന്ന സാഹചര്യം തന്നെ അതു വ്യക്തമാക്കുന്നു. അര്‍ജുനന്‍ നേരെ യുദ്ധത്തില്‍ പ്രവേശിക്കുകയും എതിരാളികളെക്കൊന്നുവീഴ്ത്തുകയും ചെയ്തിരുന്നെങ്കില്‍ ഗീതോപദേശത്തിന് പ്രസക്തിയേ ഇല്ലല്ലോ.

ക്ഷത്രിയരും ബ്രാഹ്മണരും (പുരോഹിതര്‍) ആണ് മഹാഭാരതത്തിന്റെ കാലത്ത് സമൂഹത്തെ നിയന്ത്രിച്ചിരുന്നത്. പഠിപ്പും വെടിപ്പുമെല്ലാം അവരിലാണ്. ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അപദാനങ്ങളും കഥകളുമായി അതില്‍. അതുകൊണ്ട് കാലത്തിന്റെ പ്രതിബിംബമാണത്. ഭാരതാദികള്‍ അന്നത്തെ അനീതികളെ വിപ്ലവകരമായി ചെറുത്തു എന്നു സമ്മതിക്കാം. ഇന്നത്തെ അനീതികളെ ചെറുക്കാന്‍ അതു മതിയാകുമോ? ഉപയോഗിക്കണമെങ്കില്‍ അതിന്റെ അലകും പിടിയും മാറ്റേണ്ടിവരും.

ഇന്ദ്രിയങ്ങളെക്കൊണ്ടറിയില്ല ബുദ്ധിക്ക് ഗ്രഹിക്കാനാവും. എന്നാണ് ഗീത ആത്മാവിനെക്കുറിച്ചു പറയുന്നതൂ'' (ബുദ്ധിഗ്രാഹ്യം അതീന്ദ്രിയം). ഇതു ആത്മാവിനെക്കുറിച്ചുള്ളതല്ല. ആറാം അധ്യായത്തില്‍ (ധ്യാനയോഗം) 21 -ാം ശ്ലോകത്തിലാണ് ഇതുള്ളത്. യോഗയുക്തനെ (യോഗി) ആണ് അവിടെ പരാമര്‍ശിക്കുന്നത്.

"ഇന്ദ്രിയംകൊണ്ടറിയാത്തതും ബുദ്ധികൊണ്ട് അറിയാവുന്നതുമായ പരമാനന്ദത്തെ യോഗി അറിയുന്നു എന്നാണര്‍ഥം. "ജീവാത്മാക്കള്‍ക്ക് കണക്കു പുസ്തകമില്ല'' എന്ന് രാധാകൃഷ്ണന്‍. കണക്ക് പുസ്തകം ഉള്ളതുപോലെയാണ് ഗീതാശ്ലോകംകൊണ്ടു തോന്നുക. ജീര്‍ണശരീരം ഉപേക്ഷിച്ച് ആത്മാവ് പുതിയ ശരീരം തേടുന്നു, പഴന്തുണി കളഞ്ഞ് മനുഷ്യന്‍ പുതുതുണി ധരിക്കുംപോലെ എന്നുപറയുമ്പോള്‍ ഒരു കണക്ക് പുസ്തകം ഉള്ളതുപോലെ തോന്നിപ്പോകും. (സത്യമതല്ലായിരിക്കാം). എല്ലാം മുമ്പേ ഒരുക്കിവെച്ചപോലെ. ആത്മാവിന് ഗതി കിട്ടിയില്ല എന്ന് പറയുന്നത് കണക്ക് തെറ്റുമ്പോഴല്ലെ. "അതേ: ജീവിതലക്ഷ്യം ഈശ്വരസാക്ഷാത്കാരമാണ്.'' പ്രകൃതിയോടിണങ്ങി സ്വാഭാവികമായും സുഖമായും ജീവിക്കുക എന്ന് മാത്രമാണ് ഗീതയില്‍ ആ വാക്കിന്നര്‍ഥം. രാധാകൃഷ്ണന്റെ വ്യാഖ്യാനം കൊള്ളാം. ബ്രഹ്മസാക്ഷാത്കാരത്തെത്തന്നെയാണല്ലോ ഈശ്വരസാക്ഷാത്കാരം എന്നതുകൊണ്ടുദ്ദേശിച്ചത്. അങ്ങനെയെങ്കില്‍ നല്ല ബുദ്ധിയോടും മനസ്സോടും ഇന്ദ്രിയ നിഗ്രഹം ചെയ്ത് രാഗദ്വേഷങ്ങളില്ലാതെ ഒറ്റക്ക് അല്പാഹാരനായി. വാക്കുകള്‍ നിയന്ത്രിച്ച് ധ്യാനനിഷ്ഠനായി കാമക്രോധാദികളും ധനമോഹവും വെടിഞ്ഞ് ഒന്നിലും താല്പര്യമില്ലാതെ ഇരിക്കുന്നവനാണ് ഈശ്വര (ബ്രഹ്മ) സാക്ഷാത്കാരത്തിന് യോഗ്യനാകുന്നത് (18 ല്‍, 51, 52, 53) പ്രകൃതിയോടിണങ്ങി സാഭാവികമായും സുഖമായും ജീവിക്കലും മേല്‍പ്പറഞ്ഞതും ഒന്നാണോ?

"യജ്ഞം എന്ന വാക്കിന്ന് കര്‍മം എന്നാണത്രെ ഗീതയിലെ അര്‍ഥം. വേണമെങ്കില്‍ സ്വാഭാവിക കര്‍മം എന്നു പറയാം.''യജ്ഞം എന്നത് സ്വാഭാവിക കര്‍മം എന്ന നിലയ്ക്കല്ല ഗീതയില്‍. സ്വാഭാവികകര്‍മം ബന്ധകാരിയാണ്. ഫലകാംക്ഷയോടെയുള്ള കര്‍മമാണ് സ്വഭാവികകര്‍മം. യജ്ഞാര്‍ഥം സംഗരഹിതനായി കര്‍മം ചെയ്യാനാണ് ഗീത പറയുന്നത് (3ല്‍-9). ഈ യജ്ഞാഭാവത്തോടെയാണ് ജനങ്ങളെ സൃഷ്ടിച്ചിരിക്കുന്നതെന്നും ഗീത പറയുന്നു (3ല്‍-10) ഈ യജ്ഞംകൊണ്ടു ദേവന്മാരെ പൂജിച്ചാല്‍ ദേവന്മാര്‍ ഇങ്ങോട്ടും സഹായിക്കും എന്ന് പറയുമ്പോള്‍ (3 ല്‍ 11) സ്വാഭാവിക കര്‍മമല്ലെന്ന് വ്യക്തം.

"ചാതുര്‍വര്‍ണ്യത്തെ ഗീത അംഗീകരിക്കയല്ല നിഷേധിക്കുകയാണ''ത്രെ. "ചാതുര്‍വര്‍ണ്യം മയാസൃഷ്ടം'' എന്ന് ഭഗവാന്‍ വിളിച്ചുപറഞ്ഞിട്ടും രാധാകൃഷ്ണന്‍ അതിലെങ്ങനെ നിഷേധം കണ്ടെത്തുന്നു. അതിന്റെ കര്‍ത്താവാണെങ്കിലും ആ കര്‍ത്താവായറിയണമെന്ന് പറഞ്ഞതുകൊണ്ടാണോ (4ല്‍ 13)? സത്വരജസ്തമോ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് ചാതുര്‍വര്‍ണ്യസൃഷ്ടി. ബ്രഹ്മനെന്നും ക്ഷത്രനെന്നും വൈശ്യനെന്നും ശൂദ്രനെന്നും ഈശ്വരന്‍ ഉണ്ടാക്കിയെന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ചന്‍ നമ്പ്യാര്‍ വ്യക്തമായി പറഞ്ഞിരിക്കുന്നു. നാലു ജാതിക്കും തൊഴില്‍ വിഭജനം കൂടി ചെയ്തുവെച്ചിട്ടുണ്ട് (18ല്‍ 41).

'ധര്‍മമെന്ന വാക്കും ശരിയായ അര്‍ഥത്തിലല്ല. വര്‍ണാശ്രമധര്‍മം എന്ന അര്‍ഥം ഗീതാകാരന്‍ ഉദ്ദേശിച്ചില്ല. സ്വഭാവേനയുള്ള കര്‍മമാണ് സ്വധര്‍മം.'' "ധര്‍മാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷത്രിയസ്യനവിദ്യതേ'.' ക്ഷത്രിയജാതിയുടെ ധര്‍മമാണ് യുദ്ധം എന്നല്ലെ ഇവിടെ അര്‍ഥം. വര്‍ണധര്‍മം തന്നെയാണിത്.

പരമമായ അറിവാണ് ഈശ്വരന്‍ എന്നാണ് ഗീത പഠിപ്പിക്കുന്നത്. അതായത് ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് കുറ്റിപ്പുഴയുടെ 'വിചാരവിപ്ലവ'ത്തില്‍ ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച് വാദപ്രതിവാദം നടത്തുന്ന ഒരു ഭാഗമുണ്ട്. വാദിച്ച് വാദിച്ച് ആസ്തികന്‍ ഈശ്വരന്‍ ജ്ഞാനസ്വരൂപനാണെന്ന് വാദിച്ചുനിര്‍ത്തി. അപ്പോള്‍ കുറ്റിപ്പുഴ പറഞ്ഞു: അതാണീശ്വരനെങ്കില്‍ ഞാനും ആസ്തികനാണെന്ന്. ജ്ഞാനസ്വരൂപനാണ് ഈശ്വരനെങ്കില്‍ ആരും അംഗീകരിക്കും.

ഗീതയിലെ ഈശ്വരന്‍ ആ ജ്ഞാനസ്വരൂപനല്ല. മുഖസ്തുതിയിലും പൂജകളിലും ഉപഹാരങ്ങളിലും ഭ്രമിക്കുന്ന ഈശ്വരനാണ്. പക്ഷേ, ക്ഷിപ്രപ്രസാദിയാണ്. നിസ്സാരമായ ഉപഹാരംകൊണ്ട് പ്രസാദിക്കും. പൊന്നുകൊണ്ട് തുലാഭാരവും ഒന്നും വേണ്ട. പത്ര, പുഷ്പം, ഫലം, തോയം തുടങ്ങിയ വിലകുറഞ്ഞ വസ്തുക്കള്‍ സമര്‍പ്പിച്ചാല്‍തന്നെ പ്രസാദിക്കും. ഭക്തിയോടെ നല്‍കണമെന്നേയുള്ളൂ. (9ല്‍ 267) എന്നാല്‍ മറ്റു ദൈവങ്ങളെ പൂജിക്കുന്നത് അത്ര ഇഷ്ടമല്ല. (9-ല്‍ 22,23). ഐതരേയത്തിലെ 'പ്രജ്ഞാനം ബ്രഹ്മ' എന്നതിനേക്കാളും ബൃഹദാരണ്യകത്തിലെ 'അഹം ബ്രഹ്മാസ്മി' എന്നതാണ് ഗീതക്ക് ചേര്‍ന്നത്.

നിരുത്സാഹകനായി അകര്‍മണ്യതയില്‍ ആപതിച്ച വ്യക്തിയെ ഉത്സാഹപ്പെടുത്തി കര്‍മനിരതനാക്കുന്ന ഉപദേശനിര്‍ദേശങ്ങളാണ് ഗീതയില്‍ ഉള്ളതെന്ന് ആരും സമ്മതിക്കും. തേരാളിയെത്തന്നെ ഉപദേശത്തിന് അവതരിപ്പിച്ചതും ഉചിതംതന്നെ. ഇടയില്‍ ഭഗവാന്‍ പറ്റിച്ചേര്‍ന്നതാണ് ഊര്‍ജം കെടുത്തിയത്.

കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് വൈകാരിക സംഘര്‍ഷാത്മകമായ ഒരു രംഗം ആവിഷ്കരിച്ച് തത്വോപദേശം വഴി ആ വൈകാരികോഷ്മാവിനെ ശീതീകരിക്കുന്ന രീതിയിലുള്ള ഗീതോപദേശം ഭാവോന്മീലകമായ കാവ്യപശ്ചാത്തലം ഒരുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവ്യാസ്വാദനജന്യമായ ഒരനുഭൂതി അനുവാചകന് ലഭിച്ചെന്ന് വരും. അവിടന്നും ഇവിടന്നും എടുത്ത് മുക്തമാക്കി ചൊല്ലി ആവേശംകൊള്ളാം. അറവുകാരനും കൊലപാതകിക്കും കരിഞ്ചന്തക്കാരനും വിപ്ലവകാരിക്കും തീവ്രവാദിക്കും പരമസാത്വികനും തങ്ങളുടെ ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താം. എന്നാല്‍ ഏകകമായ ഒരനുക്രമ വായനയില്‍ പരസ്പരവിരുദ്ധവും ആശയക്കുഴപ്പമുണ്ടാക്കുന്നതുമാണ് ഗീത.

വര്‍ണവ്യവസ്ഥയനുസരിച്ച് തൊഴില്‍ വിഭജനവും ഭക്ഷണരീതിയും ഗീത പ്രഖ്യാപിക്കുന്നു. (18-ല്‍ 42, 43, 44) ഞാനാരുടെയും പാപം കൈയേല്‍ക്കില്ല എന്ന് പറഞ്ഞ ഭഗവാന്‍ (5ല്‍ 15) യുദ്ധം ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന എല്ലാ പാപങ്ങളും ഏറ്റെടുത്തോളാം എന്നു പറയുന്നു. സ്വര്‍ഗകാമനയെ നിന്ദിക്കുന്ന ഗീത യുദ്ധത്തെ സ്വര്‍ഗത്തിലേക്ക് കടക്കാനുള്ള വഴിയായി കാണുന്നു. സ്ത്രീകളില്‍ കീര്‍ത്തിയും ഐശ്വര്യവും ഞാനാണെന്ന് പറഞ്ഞ് അവരെ പാപയോഗികള്‍ എന്ന് നിന്ദിക്കുന്നു. (ഭഗവാനില്‍ മയങ്ങിയവര്‍ക്ക് അതു നന്ദനമായും കാണാം.)

മഹാകവി അക്കിത്തം ഒരു യോഗത്തില്‍ പ്രസംഗിച്ചുകേട്ടിട്ടുണ്ട്. എന്നില്‍ ഭാവന ഉള്ളിടത്തോളം ഈശ്വരനുമുണ്ടാകും. ആ സ്വാത്വികന്‍ പറഞ്ഞതിനര്‍ഥം ഈശ്വരന്‍ (ഭഗവാന്‍) മനോഹരസങ്കല്പം തന്നെയാണെന്നല്ലെ. "ആയിരമായിരമാണ്ടുകള്‍ക്കപ്പുറം ആരോ വിരചിച്ച മുഗ്ധസങ്കല്പമേ'' എന്ന് ഭഗവാനെ അഭിസംബോധനചെയ്തതതും പ്രിയങ്കരനായ മറ്റൊരു കവിതന്നെ.

ഒരു നിലക്ക് ഗീത ഒരു കാവ്യമാണ്. മഹാഭാരതത്തിലെ സംഘര്‍ഷഭരിതമായ ഒരു രംഗത്തെ വിഭാവനം ചെയ്ത് ഉണ്ടാക്കിയ കാവ്യം. അര്‍ജുനന്റെ ഹൃദയദൌര്‍ബല്യം വിഭാവനം ചെയ്തതാവാം. ഇതിഹാസത്തിലെ ഇത്തരം സംഘര്‍ഷരംഗങ്ങളെ ഭാവന ചെയ്താണല്ലോ"വേണി സംഹാരവും'' "ഊരുഭംഗവും'' മറ്റും ഉണ്ടായത്. കാവ്യമാകുമ്പോള്‍ വ്യാഖ്യാനങ്ങളും ഉണ്ടാവും. ഗീതക്കിത്രയധികം വ്യാഖ്യാനങ്ങളുണ്ടായത് അതിന്റെ കാവ്യാത്മകതകൊണ്ടുതന്നെ. "കവിതാരസചാതുര്യം വ്യാഖ്യാതാവേത്തി'' എന്നാണല്ലോ. മേഘസന്ദേശത്തില്‍ പരമാത്മാവിനെ തേടിപ്പോകുന്ന ജീവാത്മാവിനെയാണ് ടാഗോര്‍ കണ്ടത്. സന്തപ്തനായ കാമുകന്റെ ബാഷ്പം ഘനീഭവിച്ചതാണ് കാളിദാസമേഘം എന്നാണ് മാരാര്‍ വിലയിരുത്തിയത്. രാസലീലയെ പരമാത്മാവും ജീവാത്മാക്കളുമായുള്ള കെട്ടിമറിയലായും നാം ഭാവന ചെയ്തിട്ടുണ്ട്. ഭാവനക്ക് എതിരില്ല അതിരുമില്ല.

ജനനത്തിനും മരണത്തിനും ഇടയിലുള്ളതാണ് വ്യക്തം (2 ല്‍ 28). അതായത് ജീവിതമാണ് സത്യം. 'ബ്രഹ്മസത്യം ജഗന്മിഥ്യ' എന്നതിന്റെ നിഷേധം കൂടിയതാണിത്. ഭൌതികവാദപരമായ സാംഖ്യദര്‍ശനത്തിലാണ് ഇത് വെളിച്ചമടിക്കുന്നത്. സാംഖ്യദര്‍ശനത്തെ വ്യക്തമായിത്തന്നെ ഗീത കടാക്ഷിക്കുന്നുണ്ട്. അര്‍ജുനാ നിനക്കുള്ള ഉപദേശം സാംഖ്യ ദര്‍ശനത്തിലേതാണ് (2ല്‍39). മുനികളില്‍ കപിലനാണെന്നും പറയുന്നുണ്ട്. ഈ ശരീരം തന്നെയാണ് ക്ഷേത്രം. എന്നതും ഭൌതികമാണ്.

ഒന്നാലോചിച്ചാല്‍ ഈ ആത്മാവ്തന്നെ ആരാണ്. ആത്മാ-സ്വഃ ഒന്നുതന്നെയല്ലെ. ആത്മാര്‍ഥവും സ്വാര്‍ഥവും തമ്മില്‍ അര്‍ഥവ്യത്യാസമൊന്നുമില്ല. പില്‍ക്കാലത്ത് ഒരര്‍ഥവ്യത്യാസം വന്നു എന്നത് നേര്, യോഗവും യോഗയും പോലെ. "മാമനുസ്മരയുദ്ധ്യ'. എന്നെ ഓര്‍ത്ത് (തന്നെത്തന്നെ ഓര്‍ത്ത്) യുദ്ധം ചെയ്യൂ എന്ന് വ്യാഖ്യാനിച്ചെടുക്കാം. 'മത്തപരതരം നാന്യത് കിഞ്ചിദസ്തി.' എന്നിലപ്പുറം ഒന്നുമില്ല. ഞാന്‍ ഉത്തമ പുരുഷന്‍ തന്നെയാണല്ലോ. ഡോ. കെ എന്‍ എഴുത്തച്ഛന്‍ ഗീതക്കൊരു ഭൌതിക വ്യാഖ്യാനം എഴുതിയത് ഓര്‍ത്തുപോകുന്നു. "അപ്പോള്‍ സര്‍വവുമുപേക്ഷിച്ചും ആത്മാവെ രക്ഷിക്കണം'' എന്നിടത്താണ് ഗീത എത്തുന്നത്. 'തള്ളക്കിട്ടൊരു തല്ലുവരുമ്പോള്‍ 'പിള്ളയെ എടുത്തു തടുക്കല്‍''തന്നെ. ഒരു വ്യക്തി ജീവിതവിജയത്തിന് ഗീതയെ ആശ്രയിക്കാം. വ്യക്തിയുടെ സ്വഭാവമോ കര്‍മമോ പരിഗണിക്കേണ്ടതില്ല. ആയുധങ്ങളില്‍ ഞാന്‍ വജ്രായുധമാണെന്ന് പറഞ്ഞതിന്റെ പൊരുള്‍ ഏത് വിധത്തില്‍ ആര്‍ക്കും ഇത് ഉപയോഗിക്കാമെന്നുതന്നെ. വജ്രം ശതകോടിയാണല്ലോ. അതാണ് വെടികൊണ്ട ഗാന്ധിയുടെ കക്ഷത്തും വെടിവെച്ച ഗോഡ്‌സെയുടെ കക്ഷത്തും ഗീത കാണാനായത്. ഗീത പ്രകാരം ഗോഡ്‌സെ ഗാന്ധിയെ കൊന്നിട്ടില്ല. ഗാന്ധി മരിച്ചിട്ടുമില്ല.

****

കുഞ്ഞനന്തന്‍നായര്‍ , കടപ്പാട് : ദേശാഭിമാനി വാരിക

18 June, 2009

ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

ഒരു വാള്‍ തരിക, ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

പരേതനായ കവി പി. ഉദയഭാനുവിനെപ്പറ്റി

കുങ്കുമവര്‍ണം തീയ്‌ക്ക് പകരം നില്‍ക്കുന്നു;
അവസാനം നമ്മളെയെല്ലാം തിന്നൊടുക്കുന്ന തീയ്‌ക്ക് പകരം,
നമ്മള്‍ സ്വപ്‌നം കാണുന്ന ഒരിക്കലും കാണുകയില്ലാത്ത,
പരിശുദ്ധിക്ക് പകരം വെളുപ്പ് നില്‍ക്കുന്നു.
പാവങ്ങള്‍ക്കുകൂടി ഒരിടം കണ്ടെത്താവുന്ന
സ്വര്‍ഗത്തിലെ പുല്‍മേടുകള്‍ക്കുപകരമായി പച്ച നിലകൊള്ളുന്നു.
നടുവിലെ ചലനമറ്റ ചക്രം നിലകൊള്ളുന്നത്
മനുഷ്യ ഹസ്‌തങ്ങളാല്‍ തടവിലാക്കപ്പെട്ട,
കാലത്തിന് പകരമല്ലാതെന്തിനാണ്? ....
പാവം പതാക,
പ്രിയപ്പെട്ട പതാക,
ആകാശങ്ങളെ ഉപേക്ഷിച്ച് ഊര്‍ന്നു വീണ്
നിന്റെ നാണക്കേടുകള്‍
ഈ മണ്ണില്‍ ഒളിപ്പിക്കാന്‍
അവിടെ കിടന്ന് ചീഞ്ഞളിയാന്‍,
സമയമായിരിക്കുന്നു.
വിശപ്പുകൊണ്ടു കുഴിച്ചുമൂടപ്പെട്ട
ആ കുഞ്ഞുങ്ങളെപ്പോലെ ചീഞ്ഞളിയാന്‍....

(ദേശീയ പതാക- കമലാദാസ്)

"ഇക്കവിത നീ തന്നെ എഴുതിയല്ലേ ഭാനു, മാധവിക്കുട്ടിയുടെപേരില്‍. സത്യം പറയ്, ഈ കവിത നിന്റെതല്ലേ?'' -

വടകരക്കും മാഹിക്കുമിടയിലെ ഏതോ ഒരു വീട്ടില്‍വെച്ച് ആ ടീച്ചര്‍ ഈ ചോദ്യം
പി‌ ഉദയഭാനുവിനോടാണ് ചോദിച്ചത്. അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങള്‍. വലിയ ആവേശത്തോടെ ഞങ്ങളെല്ലാം ചേര്‍ന്നിറക്കുന്ന 'യെനാന്‍' എന്ന മാസികയുടെ ആദ്യ ലക്കം തുന്നിക്കെട്ടി ന്യൂസ് സ്റ്റാന്‍ഡിലെത്തിക്കാന്‍ ധൃതിയില്‍ പണിയെടുക്കുകയാണ് മടപ്പള്ളി കോളേജ് വിദ്യാര്‍ഥികളും ഞാനും. അതിനിടയിലാണ് മാസികയിലെ മാധവിക്കുട്ടിയുടെ രാഷ്‌ട്രീയ കവിത ടീച്ചര്‍ കണ്ടുപിടിക്കുന്നത് ഞങ്ങളോടൊപ്പം ഈ പണിയെല്ലാമെടുക്കാനും ഇടക്ക് ഞങ്ങള്‍ക്ക് ചായയുണ്ടാക്കിത്തരാനും സന്മനസ്സ് കാണിച്ച ടീച്ചര്‍ക്കുറപ്പാണ് മാധവിക്കുട്ടി ഇതുപോലൊരു കവിത എഴുതില്ലെന്ന് !

കേരളത്തിലെ മറ്റുപല കോളേജുകളുടെ എന്നപോലെ മടപ്പള്ളി കോളേജിന്റെയും ക്ഷുബ്‌ധകാലമായിരുന്നു അത്. എഴുപതുകള്‍ ആരംഭിക്കുകയായിരുന്നു. ഉദയഭാനുവും കൂട്ടരും കോളേജില്‍നിന്ന് 'മൂന്നാംലോകം' എന്നൊരു കൈയഴുത്തു മാസിക ഇറക്കുന്നുണ്ടായിരുന്നു. പ്രധാനമായും ആഫ്രിക്കന്‍- ലാറ്റിനമേരിക്കന്‍ കവിതകളുടെ വിവര്‍ത്തനങ്ങള്‍. ബി എക്ക് ചരിത്രത്തിന് പഠിക്കുന്ന അക്കാലം മുതലേ പുതിയ പുസ്‌തകങ്ങള്‍ വായിക്കാനും അവ പരിചയപ്പെടുത്താനും അവയില്‍ ചിലവ വിവര്‍ത്തനം ചെയ്യാനും ഉത്സുകനായിരുന്നു ഉദയഭാനു. അങ്ങനെയാണ് മാധവിക്കുട്ടി മലയാളത്തില്‍ രാഷ്‌ട്രീയകവിയുമായി അവതരിപ്പിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടെ ആസ്‌പത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുമ്പോഴാണ് ഉദയഭാനു വായിച്ച ഏറ്റവുമൊടുവിലത്തെ പുസ്‌തകത്തിന്റെ റിവ്യൂ അച്ചടിച്ചുവരുന്നത്. തേജസിന്റെ വാരാന്ത്യപ്പതിപ്പില്‍ 'വെള്ളക്കടുവയെക്കുറിച്ച് ബുക്കര്‍ സമ്മാനം നേടിയ നോവലിനെക്കുറിച്ച്.

ധാരാളം വിവര്‍ത്തനങ്ങളും പുസ്‌തകാവതരണങ്ങളും നടത്തുക മാത്രമല്ല ഉദയഭാനു ചെയ്‌തിട്ടുള്ളത്. അയാള്‍ മികച്ചൊരു കവിയുമായിരുന്നു. അടഞ്ഞ വാതില്‍, സഹാറ എന്നീ സമാഹാരങ്ങള്‍ കൂടാതെ പ്രസിദ്ധീകരിക്കാത്തതും പ്രസിദ്ധീകരിച്ചതുമായ കവിതകളും. എം ടി വാസുദേവന്‍ നായര്‍ , സച്ചിദാനന്ദന്‍, വി സി ശ്രീജന്‍ എന്നിവരാണ് കവിതാ സമാഹാരങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. തന്റെ അവതാരിക സച്ചിദാനന്ദന്‍ ഇങ്ങനെ തുടങ്ങുന്നു:

എഴുപതുകളില്‍ മലയാള കവിതയില്‍ ഒരു പുതിയ തലമുറ രംഗത്തെത്തുകയുണ്ടായി; തീവ്രമായ രാഷ്‌ട്രീയബോധം, നവീനമായൊരു നൈതിക ജാഗ്രത, കാല്പനികരുടെതില്‍നിന്ന് വ്യത്യസ്‌തമായ ഒരു സൌന്ദര്യബോധം. ഇവയായിരുന്നു ഈ തലമുറയുടെ സവിശേഷതകള്‍. അറുപതുകളില്‍ തന്നെ പ്രതിഷ്ഠനേടിയ ചില കവികളും ഇക്കാലത്തെ കവിതയുടെ രാസപരിണാമത്തെ ത്വരിപ്പിച്ചുവെന്നത് ചരിത്രവസ്‌തുതയാണ്. എഴുപതുകളില്‍ എഴുതിത്തുടങ്ങിയവരില്‍ ചിലര്‍ അന്നത്തെ രാഷ്‌ട്രീയോര്‍ജം ക്ഷയിച്ചതോടെ നിശ്ശബ്‌ദരായി. എന്നാല്‍ പ്രാഥമികമായും ഊര്‍ജം കവിതയുടെ നിത്യചൈതന്യത്തില്‍ നിന്നുതന്നെ സ്വീകരിച്ചിരുന്ന കവികള്‍- 'രാഷ്‌ട്രീയം കേന്ദ്രസ്ഥാനത്ത് എന്നതിനു പകരം 'കവിത കേന്ദ്രസ്ഥാനത്ത് എന്ന് വിശ്വസിച്ചിരുന്നവര്‍- തുടര്‍ന്നും അതിജീവിക്കുകയും മാറിയ കാലത്തെ ഉള്‍ക്കൊണ്ട് വളരുകയും ചെയ്തു. അത്തരമൊരു കവിയാണ് പി ഉദയഭാനു.

ഒരു തോക്കിലെ ഉണ്ടയുടെ വലുപ്പംപോലുമില്ലല്ലോ നിനക്ക് ?. നീയൊക്കെയാണോടാ പൊലീസ് സ്റ്റേഷനാക്രമിച്ച് തോക്ക് തട്ടിയെടുത്ത് സായുധവിപ്ലവം നടത്തി ഇന്ത്യയെ മോചിപ്പിക്കാന്‍ പോകുന്നത് ?- അന്നത്തെ കുപ്രസിദ്ധനായ പൊലീസ് ഇന്‍‌സ്‌പെക്‍ടര്‍ ജനറല്‍ ജയറാം പടിക്കലിന്റെ പരിഹാസത്തിന് നല്‍കിയ മറുപടിയാണ് ഉദയഭാനുവിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കരുതല്‍ തടങ്കല്‍ തടവുകാരനായെത്തിച്ചത്. കീഴടങ്ങുകയില്ല, ഒരധികാരത്തിനും, ഒരടിയന്തരാവസ്ഥക്കും എന്ന രാഷ്‌ട്രീയ ഇച്ഛാശക്തിയാണ് അതിജീവനത്തിന്റെ ഭാഗമായി ഞങ്ങളില്‍ ചിലരെക്കൊണ്ട് കവിത എഴുതിച്ചത്. തടവറക്ക് പുറത്ത് 'സ്വതന്ത്രരായ' കവികളോട് ഞങ്ങളിങ്ങനെ പറയാന്‍ ശ്രമിച്ചു:

നിങ്ങള്‍ ഭൌതികമായി സ്വതന്ത്രര്‍,
എന്നാല്‍ ആത്മീയമായി തടവില്‍.
ഞങ്ങളോ?
ഭൌതികമായി തടവില്‍
ആത്മീയമായി സ്വതന്ത്രരും.

കണ്ണൂര്‍, വിയ്യൂര്‍, തിരുവനന്തപുരം ജയിലുകളിലെ ചെറുപ്പക്കാരായ കവികളുടെ അടിയന്തരാവസ്ഥാക്കവിതകള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാന്‍ എഡിറ്റ്ചെയ്ത് പ്രസിദ്ധീകരിച്ചപ്പോള്‍ (തടവറക്കവിതകള്‍) ഉദയഭാനു ആയിരുന്നു അവതാരികാകാരന്‍. ഉദയഭാനുവിന്റെയും എന്റെയുമായിരുന്നു ആ സമാഹാരത്തിലെ പകുതിയോളം കവിതകള്‍..

എനിക്കൊരുവാള്‍ തരികെ
ഓടക്കുഴലും കിരീടവും തിരിച്ചെടുക്കുക

എന്ന ഉദയഭാനുവിന്റെ വരികളോടെയാണ് ഞങ്ങള്‍ എഴുത്തുകാരുടെ തലമുറ കവിതയെഴുതിത്തുടങ്ങിയത്. കാല്‍നൂറ്റാണ്ടുകളുടെ യാഥാര്‍ഥ്യം ഉദയഭാനുവിന്റെ തന്നെ മറ്റൊരു ഈരടിയിലാണ് ഞങ്ങളെഴുതിയത്.

എനിക്കൊരു നിദ്രതരിക
പേക്കിനാവുകളും വിഷക്കോപ്പയും തിരിച്ചെടുക്കുക.

ഇതിന്നിടിയിലും കവി കാത്തിരിക്കുക തന്നെയാണ്.

എല്ലാ വാതിലുകളും മലര്‍ക്കെത്തുറന്ന്
കവി കാത്തിരിക്കുന്നു
ആസുരമായ ക്രൌര്യത്തോടെ
വര്‍ത്തമാനം ഇരുളുമ്പോള്‍
സിരകളില്‍ മുള്ളുമുളയ്‌ക്കുമ്പോള്‍
ഒഴിഞ്ഞ കുമ്പിളുമായി കവി കാത്തിരിക്കുന്നു....

കവി അറിയുന്നതും സ്വപ്‌നം കാണുന്നതും തേങ്ങുന്നതും സാന്ത്വനംകൊള്ളുന്നതും ഊമയും ബധിരനും അന്ധനുമാകുന്നതും ആവിഷ്‌ക്കരിക്കുന്ന 'ചോദ്യങ്ങള്‍' എന്ന കവിത അവസാനിക്കുന്നതിങ്ങനെ:

ചോദ്യങ്ങള്‍ക്ക് കൊക്കു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് ചിറകു മുളയ്‌ക്കുന്നു
ചോദ്യങ്ങള്‍ക്ക് നഖം വളരുന്നു
കവിയുടെ ആകാശത്തില്‍ അവ വട്ടമിട്ടു പറക്കുന്നു.

അടിയന്തരാവസ്ഥ കഴിഞ്ഞ് ജയില്‍മോചിതനായപ്പോള്‍ ഞങ്ങളാദ്യം ചെയ്തത് തൃശൂരില്‍നിന്ന് 'പ്രേരണ' എന്ന പേരില്‍ ഒരു ചെറുമാസിക ആരംഭിക്കയായിരുന്നു. പിന്നീട് ജനകീയ സാംസ്‌ക്കാരികവേദിയുടെ മുഖപ്രസിദ്ധീകരണമായി മാറിയ ആ മാസികയുടെ ആദ്യത്തെ പത്രാധിപര്‍ ഉദയഭാനുവായിരുന്നു. അവിടെനിന്നാണയാള്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി പോകുന്നത്. തുറന്ന രാഷ്‌ട്രീയ- സാംസ്‌ക്കാരികപ്രവര്‍ത്തനങ്ങള്‍ പിന്നീട് തുടരാനായില്ല എങ്കിലും കവിതഎഴുത്തും വിവര്‍ത്തനവും പുസ്‌തകാവതരണങ്ങളും തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനത്തെ കവിതകളിലൊന്നവസാനിക്കുന്നതിങ്ങനെ:

എന്തേ തിരിനാളമാളുന്നു,
ചേങ്കില വല്ലാതെ വല്ലാതെ ആര്‍ത്തു മുഴങ്ങുന്നു!

ഇരുമ്പും ഉരുക്കും ചേര്‍ത്ത് കുഴച്ച വെറും വരണ്ട കവിതകളായിരുന്നില്ല എന്നാല്‍ ഞങ്ങള്‍ എഴുതിക്കൊണ്ടിരുന്നത്. ഉദയഭാനുവിന്റെ മറ്റൊരു കവിത ഇങ്ങനെ:

ഓരോ തവണയും
നീണ്ട ഒരു വിരഹത്തിനൊടുവില്‍
നിന്നെ ചുംബിക്കുമ്പോള്‍
ചുകന്ന തപാല്‍പെട്ടിയില്‍
ധൃതിയില്‍ ഒരു പ്രണയലേഖനം
നിക്ഷേപിക്കുകയാണ്
ഞാനെന്ന്
എനിക്ക് തോന്നും....

കാറ്റുപോകുംപോല്‍ മെല്ലെ
പോകയാണയാള്‍
കൈയിലെന്നെയും തൂക്കി
ശാന്ത ഗംഭീരം
ഭാരരഹിതം

എന്ന് അവസാനവരികളെഴുതിവെച്ച് പ്രിയ സുഹൃത്ത് ഇക്കഴിഞ്ഞ ദിവസം യാത്രയായി

****

സിവിക് ചന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി വാരിക

കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനകളുടെ ചരിത്രവും വര്‍ത്തമാനവും

മഹാനായ മാര്‍ക്സും എംഗല്‍സും സാര്‍വദേശീയതലത്തില്‍ രൂപപ്പെട്ടിരിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്. ലോക തൊഴിലാളിവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും തുറന്നു പ്രഖ്യാപിക്കുന്ന മാനിഫെസ്റ്റോ ആരംഭിക്കുന്നതുതന്നെ സാര്‍വദേശീയ പിന്തിരിപ്പന്മാരുടെ കമ്യൂണിസ്റ്റ്വിരുദ്ധ വിശുദ്ധസഖ്യത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ്.

"യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു-കമ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാനായി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം -പോപ്പും സാര്‍ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പൊലീസ് ചാരന്മാരുമെല്ലാം ഒരു വിശുദ്ധസഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.''

ചൂഷണാധിഷ്ഠിതമായ മുതലാളിത്തത്തെയും അതിന്റെ അവശിഷ്ടങ്ങളെയും ഈ ഭൂമുഖത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യുവാനായി പോരാടുന്ന കമ്യൂണിസ്റ്റുകാരെ മാനിഫെസ്റ്റോയുടെ കാലംമുതല്‍ ലോകത്തെല്ലായിടത്തുമുള്ള പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ വേട്ടയാടിയിട്ടുണ്ട്. മാര്‍ക്സിന്റെ കൊളോണ്‍ വിചാരണ മുതല്‍ ജര്‍മനിയിലെ റൈസ്താഗ് തീവയ്പ്പ് കേസുവരെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിരവധി ബൂര്‍ഷ്വാഗൂഢാലോചനകള്‍ക്ക് തൊഴിലാളിവര്‍ഗ വിപ്ലവകാരികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ട്. കള്ളക്കേസുകളില്‍പ്പെടുത്തി എത്രയോ വിപ്ലവകാരികള്‍ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്.

ഹിറ്റ്ലറുടെ ചാരസൈന്യം ജര്‍മന്‍ പാര്‍ലമെന്റായ റൈസ്താഗ് തീവയ്ക്കുകയും ആ കേസ് ദിമിത്രോവ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റു നേതാക്കളുടെമേല്‍ കെട്ടിവയ്ക്കുകയുമായിരുന്നല്ലോ. കള്ളക്കേസുകളില്‍ കുടുക്കി മുതലാളിത്ത ഭരണകൂടങ്ങള്‍ നടത്തിയ മാര്‍ക്സിനെതിരായ കൊളോണ്‍ വിചാരണയും, ഹിറ്റ്ലറുടെ നാസിഭരണകൂടം ദിമിത്രോവിനെതിരെ നടത്തിയ വിചാരണയുമെല്ലാം ബൂര്‍ഷ്വാ-ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കുടിലമായ അതിജീവനശ്രമങ്ങളെയും ഭ്രാന്തമായ കമ്യൂണിസ്റ്റ് വിരോധത്തെയും ലോകജനതക്ക് മുമ്പില്‍ തുറന്നുകാട്ടിയ ചരിത്രസംഭവങ്ങള്‍ കൂടിയായിരുന്നു.

ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ അപവാദപ്രചാരണങ്ങളും ഉപജാപങ്ങളും മാര്‍ക്സിസത്തിന്റെ അപ്രതിരോധ്യമായ മുന്നേറ്റങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. മുതലാളിത്തവ്യവസ്ഥ ഈ ലോകത്തിലെ മനുഷ്യരുടെ പുരോഗതിക്കും വളര്‍ച്ചക്കും തടസ്സമാണെന്ന് തിരിച്ചറിയുന്നവര്‍ കമ്യൂണിസത്തോടും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും കാണിക്കുന്ന വര്‍ധിതമാകുന്ന ആഭിമുഖ്യം എല്ലാ പിന്തിരിപ്പന്മാരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ അവയുടെ ജനനകാലം മുതല്‍ മാനവ പുരോഗതിയുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ടും എല്ലാ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ചിന്താഗതികളെയും വെല്ലുവിളിച്ചുകൊണ്ടുമാണ് മാനവ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വിഘ്നം സൃഷ്ടിക്കുന്ന ഭൌതികഘടകങ്ങളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നത്. അപരിഹാര്യമായ പ്രതിസന്ധിയിലും കുഴപ്പങ്ങളിലുംപെട്ട് സാമ്രാജ്യത്വവ്യവസ്ഥ സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ലോകം ദര്‍ശിക്കുന്നത്. മുതലാളിത്തവ്യവസ്ഥയും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രവും അതിന്റെ അനിവാര്യമായ പരാജയത്തെ നേരിടുകയാണെന്ന വസ്തുത എല്ലാ വലതുപക്ഷ ശക്തികളെയും ഭ്രാന്തെടുപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വ പിന്തിരിപ്പന്‍ ഭരണകൂടങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം ലോകത്തെല്ലായിടത്തും അതിനീചമായ മാര്‍ഗങ്ങളിലൂടെ പുരോഗതിയുടെ ശക്തികളെ വേട്ടയാടുന്നത് അവിരാമമായി തുടരുകയാണ്. കൊളോണിയന്‍ ശക്തികളും ശീതയുദ്ധകാലത്തെ അമേരിക്കന്‍ നയങ്ങളുടെ അനുവര്‍ത്തികളായ നവകൊളോണിയല്‍ ഭരണകൂടങ്ങളും കമ്യൂണിസ്റ്റുകാര്‍ക്കും സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ക്കുമെതിരെ രാഷ്ട്രീയ ഗൂഢാലോചനകളും കള്ളക്കേസുകളും പടച്ചുണ്ടാക്കി തങ്ങള്‍ക്കെതിരായ ജനമുന്നേറ്റങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ വൃഥാശ്രമങ്ങള്‍ എത്രയോ ആണ്. ചരിത്രത്തിലെ വര്‍ഗസമരത്തെ വഴിതെറ്റിക്കുകയും വര്‍ത്തമാനലോകത്തിലെ മുതലാളിത്ത ദുഷ്ചെയ്തികളെ മൂടിവയ്ക്കുകയും കൂടിയാണ് ഇത്തരം ഹീനമായ ഗൂഢാലോചനകളും ഉപജാപങ്ങളും വഴി ഭരണവര്‍ഗങ്ങള്‍ ചെയ്യുന്നത്.

പെഷവാര്‍, കാണ്‍പൂര്‍, ലാഹോര്‍, മീററ്റ്...

ലോകത്തെമ്പാടുമുള്ള തൊഴിലാളികളോടും മര്‍ദിത ജനതകളോടും പുതിയൊരു ലോകത്തിനായി സംഘടിക്കാനുള്ള മൂന്നാം ഇന്റര്‍നാഷണലിന്റെ ആഹ്വാനവും ലെനിന്റെ കോളനിരാജ്യങ്ങളിലെ വിപ്ലവസിദ്ധാന്തങ്ങളുമാണ് ഇന്ത്യപോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് വിപ്ലവപ്രവര്‍ത്തനത്തെ സജീവമാക്കിയത്. ഇന്ത്യയിലെ ബൂര്‍ഷ്വാ ദേശീയ പ്രസ്ഥാനത്തെ അതിന്റെ വര്‍ഗപരമായ ആന്ധ്യത്തില്‍നിന്നു പിടിച്ചുണര്‍ത്തിയത് എം എന്‍ റോയിയും അബനിമുഖര്‍ജിയും ചേര്‍ന്ന് തയാറാക്കിയ മാനിഫെസ്റ്റോയും അതിന്റെ വീക്ഷണമനുസരിച്ച് നാടൊട്ടാകെ വളര്‍ന്നുവന്ന തൊഴിലാളി, കര്‍ഷകസമരങ്ങളുമായിരുന്നു. മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ വെടിയൊച്ചയാണ് ചൈനയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയൊരുക്കിയതെന്ന് മൌസേദോങ് പറയുന്നുണ്ട്. അതേപോലെ ഒക്ടോബര്‍ വിപ്ലവവും, മുതലാളിത്തേതരമായ സോവിയറ്റ് നയങ്ങളുമാണ് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് -കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വമ്പിച്ച സ്വീകാര്യത സൃഷ്ടിച്ചതെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം അവലോകനം ചെയ്തുകൊണ്ട് ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളെയും ആരംഭം മുതല്‍തന്നെ ഒരു 'ബോള്‍ഷെവിക് ഗൂഢാലോചന'യായിട്ടാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നോക്കിക്കണ്ടത്.

ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കുന്ന ബൂര്‍ഷ്വാ നേതൃത്വത്തോട് അസംതൃപ്തരായ, നിരവധി വിപ്ലവഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരാണ് സോവിയറ്റ് യൂണിയനിലേതുപോലെ ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഇന്ത്യയില്‍ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടെ വളരെ പ്രതികൂലമായ ഹിമാലയന്‍ ചുരംവഴി സോവിയറ്റ് യൂണിയനിലെ താഷ്ക്കന്റില്‍ എത്തിച്ചേര്‍ന്നത്. താഷ്ക്കന്റിലെ വര്‍ക്കേഴ്സ് യൂണിവേഴ്സിറ്റിയില്‍നിന്നു മാര്‍ക്സിസം പഠിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഈ വിപ്ലവകാരികളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ്ചെയ്ത് വിചാരണക്ക് വിധേയമാക്കി. ഇന്നത്തെ പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന പെഷവാറില്‍വച്ചായിരുന്നു ഈ വിചാരണ നടപടികള്‍ നടന്നത്. ബ്രിട്ടീഷ് ഭരണകൂടം കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ അഞ്ചു കേസുകളാണ് പെഷവാറില്‍ വിചാരണചെയ്യപ്പെട്ടത്. ഇന്ത്യന്‍ ചരിത്രത്തില്‍ "പെഷവാര്‍ ഗൂഢാലോചനക്കേസുകള്‍'' എന്ന പേരില്‍ വിഖ്യാതമായ ഈ രാഷ്ട്രീയ ഗൂഢാലോചന നീചവും ഭീകരവുമായ കമ്യൂണിസ്റ്റ്വേട്ടയുടെ തുടക്കമായിരുന്നു. ഇതിലാദ്യത്തെ മൂന്ന് കേസുകളിലും പ്രതികളായ അക്ബര്‍ ഖുറേഷി മുതല്‍ റഫീക് അഹമ്മദ് വരെയുള്ളവര്‍ ബ്രിട്ടീഷ് ഭരണത്തോടുള്ള വിദ്വേഷത്തിലപ്പുറം ദൃഢമായ കമ്യൂണിസ്റ്റ് രാഷ്ട്രീയം ഉള്ളവരായിരുന്നില്ല. 'മുഹാജീര്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന ഇവര്‍ സോവിയറ്റ് യൂണിയനില്‍ തങ്ങള്‍ കണ്ട മാറ്റത്തില്‍ ആവേശഭരിതരായി ഇന്ത്യയില്‍ തിരിച്ചുവന്നവരായിരുന്നു. ബോള്‍ഷെവിക് ഏജന്റുമാരായി മുദ്രയടിച്ചാണ് ഇവരെയും വിചാരണ ചെയ്തത്.

ഇന്ത്യയില്‍ നടന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആദ്യത്തെ ഗുഢാലോചനക്കേസ് എന്നതാണ് പെഷവാര്‍ ഗൂഢാലോചനക്കേസിന്റെ പ്രാധാന്യം. ഈ കേസുകള്‍ വിചാരണചെയ്ത സെഷന്‍സ് ജഡ്ജി തന്നെയായിരുന്നു 'ചൌരിചൌരാ' സംഭവത്തെത്തുടര്‍ന്ന് കലാപകാരികള്‍ക്കെതിരെ ഗവണ്‍മെന്റ് എടുത്ത കേസ് വിചാരണചെയ്തത്. 'ചൌരിചൌര' കേസില്‍ ആകെ ഉണ്ടായിരുന്ന 228 പ്രതികളില്‍ 172 പേരെയും വധശിക്ഷക്ക് വിധിച്ചത് ഇദ്ദേഹമായിരുന്നു. എല്ലാവിധ നിഷ്പക്ഷതയും നീതിന്യായ യുക്തിയും ഉപേക്ഷിച്ച് പ്രോസിക്യൂഷന്‍ വാദം കണ്ണുമടച്ച് വിശ്വസിച്ച് പ്രതികളെ ശിക്ഷിക്കുകയെന്ന സാമ്രാജ്യത്വ അഭീഷ്ടം പ്രാവര്‍ത്തികമാക്കുകയാണ് ഈ ന്യായാധിപന്‍ ചെയ്തത്. ചൌരിചൌരാ വിധിയെ എം എന്‍ റോയി വിശേഷിപ്പിച്ചത് "നിയമം വഴിയുള്ള കൂട്ടക്കൊല'' എന്നാണ്. പെഷവാര്‍ ഗൂഢാലോചനക്കേസുകളും ഈ വഴിക്കുതന്നെയാണ് കൈകാര്യം ചെയ്യപ്പെട്ടത്.

പെഷവാര്‍ ഗൂഢാലോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് 'കാണ്‍പൂര്‍ ഗുഢാലോചനകേസ്' കെട്ടിച്ചമച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ രണ്ടാമത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനക്കേസാണിത്. പെഷവാര്‍ക്കേസില്‍നിന്ന് വ്യത്യസ്തമായി, പിന്നീട് വളരെ പ്രശസ്തരായിത്തീര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രതികളായിത്തീര്‍ന്ന കേസാണിത്. എസ് എ ഡാങ്കേ, മുസാഫര്‍ അഹമ്മദ്, എം എന്‍ റോയ് തുടങ്ങി18 പ്രതികളാണ് കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍പെട്ടിരുന്നത്. മോസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയില്‍ ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി ബന്ധമുള്ളവരാണ് പ്രതികളെന്നായിരുന്നു പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റം. ഈ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ റഷ്യക്കുവേണ്ടി ചാരപ്പണി നടത്തുന്ന സംഘടനയുടെ-കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ - ഏജന്റുമാരായി ചിത്രീകരിച്ചാണ് വിചാരണ ചെയ്തത്. ഇന്ത്യയില്‍ ബോള്‍ഷെവിക് വിപ്ലവം ഇറക്കുമതിചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും ഇതില്‍ പ്രധാനിയായ എം എന്‍ റോയിയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഭരണത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണ് പ്രതികളെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ പെഷവാര്‍ക്കേസില്‍നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ് പൊലീസിന്റെ വാദങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള വേദിയായി കോടതിയെ കാണ്‍പൂര്‍ കേസിലെ പ്രതികള്‍ ഉപയോഗിച്ചു. പിന്നീട് മീററ്റ് ഗൂഢാലോചനക്കേസിന്റെ വിചാരണനടപടികളെയും കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ബ്രിട്ടീഷ് രാജിനെതിരായ തങ്ങളുടെ വാദങ്ങളെ സമര്‍ഥിക്കാനും കമ്യൂണിസ്റ്റാദര്‍ശങ്ങളെ തുറന്നു പ്രഖ്യാപിക്കാനുള്ള അവസരമായി ഉപയോഗിച്ചു.

ബ്രിട്ടീഷ്വിരുദ്ധ തൊഴിലാളി-കര്‍ഷക മുന്നേറ്റങ്ങള്‍ അലയടിച്ചുയരുന്നതും സാമ്രാജ്യത്വ്വ ഭീകരത പത്തിവിടര്‍ത്തിയാടുന്നതുമാണ് സൈമണ്‍ ഉള്‍പ്പെടെയുള്ള സമരപ്രക്ഷോഭങ്ങളുടെ സാഹചര്യം പ്രതിഫലിപ്പിച്ചത്. ഇതില്‍ പ്രകോപിതരായ ബ്രിട്ടീഷ് ഗവണ്‍മെന്റ് കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാരല്ലാത്ത തൊഴിലാളി-കര്‍ഷക പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത് ഉണ്ടാക്കിയതാണ്. "മീററ്റ് ഗൂഢാലോചനക്കേസ്.'' സാമ്രാജ്യത്വവിരുദ്ധ ലീഗില്‍ കോണ്‍ഗ്രസ് അംഗമായതും ജവഹര്‍ലാല്‍ നെഹ്റുവും മോത്തിലാല്‍ നെഹ്റുവും മോസ്കോ സന്ദര്‍ശിച്ചതുമെല്ലാം അത്യന്തം ആശങ്കയോടെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരീക്ഷിച്ചത്. ഇടതുപക്ഷ കോണ്‍ഗ്രസുകാരില്‍ മാത്രമല്ല വലതുപക്ഷ കോണ്‍ഗ്രസ് വിഭാഗത്തിലും സോവിയറ്റ് സ്വാധീനവും കമ്യൂണിസ്റ്റാഭിമുഖ്യവും വളരുന്നത് ബ്രിട്ടീഷുകാര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല.

വളര്‍ന്നുവരുന്ന സാമ്രാജ്യത്വ വിരുദ്ധമായ തൊഴിലാളി കര്‍ഷകസമരങ്ങളെയും ദേശീയ പ്രസ്ഥാനത്തില്‍ സ്വാധീനം നേടുന്ന കമ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനങ്ങളെയും കിരാതമായ മര്‍ദന നടപടികളിലൂടെയും കരിനിയമങ്ങള്‍ പടച്ചുവിട്ടുമാണ് ബ്രിട്ടീഷ് ഭരണകൂടം നേരിട്ടത്. ഇതില്‍ ക്ഷുഭിതരായ വിപ്ലവകാരികള്‍ സാഹസികമായിത്തന്നെ ബ്രിട്ടീഷ് ഭരണത്തോട് പ്രതികരിക്കാന്‍ മുന്നോട്ടുവന്നു. പൊതുരക്ഷാ ബില്ലും തൊഴില്‍തര്‍ക്ക ബില്ലുമെല്ലാം ജനവികാരങ്ങളെ പരിഗണിക്കാതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നു. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് 1929 ഏപ്രില്‍ എട്ടിന് ഭഗത്സിങ്ങും കൂട്ടുകാരും പാര്‍ലമെന്റില്‍ ബോംബെറിയുന്നത്. ഭഗത്സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും വധശിക്ഷക്ക് വിധിക്കുന്നതിലെത്തിച്ച ചരിത്രപ്രധാനമായ 'ലാഹോര്‍ ഗൂഢാലോചന കേസ്' ഈയൊരു സാഹചര്യത്തിലാണ് പടച്ചുണ്ടാക്കിയത്. ബ്രിട്ടീഷ്ഭരണത്തിന്റെ കിരാതത്വത്തിലേക്ക് ജനശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോംബേറ് സംഭവം വിപ്ലവകാരികള്‍ ആസൂത്രണം ചെയ്തത്. ബ്രിട്ടീഷ് പ്രോഷിക്യൂഷന്‍ കുറ്റപ്പെടുത്തിയതുപോലെ അതൊരു ഭീകരപ്രവര്‍ത്തനമേ അല്ലായിരുന്നു. അക്രമം നടത്തിയ ഭഗത്സിങ്ങും ദത്തും ഓടിപ്പോകാതെ മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വാരിവിതറി അറസ്റ്റു വരിക്കുകയാണ് ചെയ്തത്.

നേരത്തെ സൂചിപ്പിച്ചതുപോലെ മീററ്റില്‍ 1928 ഡിസംബറില്‍ നടന്ന തൊഴിലാളി-കര്‍ഷകസംഘടനക്ക് അഖിലേന്ത്യാ രൂപം നല്‍കാനുള്ള സമ്മേളനത്തില്‍ പങ്കെടുത്തവരെയാണ് മീററ്റ് ഗുഢാലോചന കേസ്സില്‍ പ്രതികളാക്കിയത്. പി സി ജോഷി, ഡോ. അധികാരി, മുസാഫര്‍ അഹമ്മദ്, ഡാങ്കെ എന്നീ നേതാക്കളെല്ലാം മീററ്റ് കേസില്‍ പ്രതികളായിരുന്നു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ കുത്സിതമായ നടപടികളായിരുന്നു ഈ ഗൂഢാലോചനക്കേസുകളെല്ലാം. അത്തരം ഗൂഢാലോചനകളെയും ഭരണവര്‍ഗ ഉപജാപങ്ങളെയും മര്‍ദനനടപടികളെയും ധീരോദാത്തം നേരിട്ടുകൊണ്ടാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ചരിത്രത്തിന്റെ എല്ലാ പ്രതികൂല ഘട്ടങ്ങളെയും അതിജീവിച്ചത്. ഈ ചരിത്രപാഠമറിയാത്ത ഭരണവര്‍ഗകോമാളികളാണ് കള്ളക്കേസ്സുകള്‍ ചമച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാന്‍ ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റുകാരെ ഭീകരരും ക്രൂര തസ്കരന്മാരുമാക്കുമ്പോള്‍

കേരളത്തിലെ വിപ്ലവ ബഹുജനപ്രസ്ഥാനത്തിന്റെ നേതാവിനെ അഴിമതിക്കേസ്സില്‍പ്പെടുത്തി രാഷ്ട്രീയനിഗ്രഹം നടത്താന്‍ യു ഡി എഫ് നേതൃത്വവും കമ്യൂണിസ്റ്റ് വിരുദ്ധ ഉപജാപകസംഘവും നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളികള്‍ ക്രൂരമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ലാവ്ലിന്‍ കേസില്‍ സുവ്യക്തമായ രാഷ്ട്രീയ താല്‍പ്പര്യത്തോടെ സി ബി ഐ രൂപപ്പെടുത്തിയ കുറ്റപത്രത്തില്‍ ഒന്നാംപ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍ 9-ാം പ്രതിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനത്തെ ഭരണഘടനാപരമായ വഴികളിലൂടെ സമീപിക്കേണ്ട ഗവര്‍ണര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ പ്രോസിക്യൂഷന്‍ അനുമതി ധൃതിവച്ച് നല്‍കിയിരിക്കുന്നത്. ഭരണഘടനാപരമായ നടപടിക്രമങ്ങളെയും ലാവ്ലിന്‍ കേസിലെ വസ്തുതകളെയും കുറിച്ച് അജ്ഞത സൃഷ്ടിച്ച് പിണറായി വിജയനെ ഏറ്റവും വലിയ അഴിമതിക്കാരനായി അപനിര്‍മിച്ചെടുക്കാനാണ് മാധ്യമങ്ങളും വലതുപക്ഷശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സുദീര്‍ഘമായ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെതായ സഹനപൂര്‍ണമായ അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും പീഡിതമായ ജീവിതത്തെയും നുണക്കഥകള്‍കൊണ്ട് പുതപ്പിച്ച് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും അഹന്തയുടെയും പ്രതീകമാക്കി ഒരു തൊഴിലാളിവര്‍ഗ നേതാവിനെ അവതരിപ്പിക്കുകയാണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കമ്യൂണിസ്റ്റുകാരെയും പുരോഗമനശക്തികളെയും ക്രൂരന്മാരായ തസ്കരന്മാരും ഭീകരവാദികളുമായി ചിത്രീകരിച്ചുകൊണ്ടാണ് സാമ്രാജ്യത്വത്തിന്റെ മനോരോഗികളായ പ്രചാരകന്മാര്‍ ലോകത്തെല്ലായിടത്തും മൂലധനവ്യവസ്ഥക്കെതിരെ വളര്‍ന്നുവരുന്ന ബഹുജനമുന്നേറ്റങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെപ്പോലെയാണ് നവകൊളോണിയല്‍ മാധ്യമവ്യവസ്ഥയെന്ന് ഒരു പോളിഷ് ബുദ്ധിജീവി നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ ഇത്തരം നുണയന്‍ പ്രചാരണങ്ങള്‍ നവലിബറല്‍ മുതലാളിത്തത്തിന്റെ അപരിഹാര്യമായ പ്രതിസന്ധികളെയും ജീര്‍ണതകളെയും മറച്ചുപിടിക്കാനുള്ള ലജ്ജാകരമായ ശ്രമങ്ങളായിട്ടാണ് ചോംസ്കി നിരീക്ഷിക്കുന്നത്. എല്ലാവിധ സാമൂഹ്യജീര്‍ണതകളും ക്രിമിനല്‍വല്‍ക്കരണവും പേറുന്ന ഫൈനാന്‍സ് പ്രഭുക്കന്മാരുടെ സംഘം ബൂര്‍ഷ്വാഭരണകൂടത്തെയും സമ്പദ്ഘടനയെയും മാധ്യമങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന ഘട്ടത്തെയാണല്ലോ സഖാവ് ലെനിന്‍ മുതലാളിത്തത്തിന്റെ സാമ്രാജ്യത്വഘട്ടമായി വിശദീകരിക്കുന്നത്. ഭരണ-ഉദ്യോഗസ്ഥതലങ്ങളാകെ അഴിമതിയുടെയും ക്രിമിനല്‍വല്‍ക്കരണത്തിന്റെയും ജീര്‍ണകേന്ദ്രങ്ങളായി അധഃപതിപ്പിച്ചിരിക്കുകയാണ് നവലിബറല്‍നയങ്ങളിലൂടെ സാമ്രാജ്യത്വവും അതിന്റെ സാമന്തന്മാരായ ഭരണകൂടങ്ങളും.

ഈയൊരു അവസ്ഥ രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ഭാവിയില്‍ തല്‍പ്പരരായ എല്ലാ വിഭാഗം ജനങ്ങളുടെയിടയിലും സംഭീതിയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം സംശയരഹിതമാണ്. വ്യക്തിശുദ്ധിയുടെയും സദാചാരമൂല്യങ്ങളുടെ ശോഷണത്തിന്റെയും കേവലമായ ധാര്‍മികതയുടെയുമെല്ലാം പ്രശ്നമായിട്ടാണ് ബൂര്‍ഷ്വാ ധാര്‍മികവാദികള്‍ ഭരണരംഗത്തെ അഴിമതിയെ കാണുന്നത്. നവലിബറല്‍ മൂലധനവ്യവസ്ഥയുടെ ഘടനാപരമായ ഒരു വിശേഷമായിട്ടുതന്നെയാണ് ഇന്ന് മൂന്നാംലോകരാജ്യങ്ങളില്‍ അഴിമതി വര്‍ധിതമായിത്തീര്‍ന്നിരിക്കുന്നത്. സിഐഎ പ്രോക്തമായ നിരവധി ഫണ്ടഡ് സംഘടനകളും എന്‍ജിഒ ബുദ്ധിജീവികളും ഈയൊരു അവസ്ഥയെ മുതലെടുത്തുകൊണ്ട് സമൂഹത്തില്‍ അരാഷ്ട്രീയവല്‍ക്കരണം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. "രാഷ്ട്രീയം മലീമസവും ജീര്‍ണവുമാകയാല്‍'' രാഷ്ട്രീയരംഗത്തുനിന്ന് ജനങ്ങളെ മതധാര്‍മികതയിലേക്കും കള്‍ട്ടുകളിലേക്കും നയിക്കാന്‍ വെമ്പുന്ന അരാഷ്ട്രീയതയുടേതായ ഒരു പ്രവണത പ്രബലമാകുന്നുമുണ്ട്. അഴിമതിയുടെ രാഷ്ട്രീയമായ സ്രോതസ്സുകളെയും സാമൂഹ്യവ്യവസ്ഥയുടെ സങ്കീര്‍ണമായ ബന്ധങ്ങളെയും അപഗ്രഥനവിധേയമാക്കുന്ന സമഗ്രമായൊരു സാമൂഹ്യ-രാഷ്ട്രീയ പദ്ധതിയും വീക്ഷണവുമെന്ന നിലയിലാണ് കമ്യൂണിസം പ്രസക്തമാകുന്നത്. അഴിമതിയുടെയും നവലിബറല്‍ ചൂഷണത്തിന്റെയും സാമൂഹ്യഅവലംബങ്ങളെയും വര്‍ഗബന്ധങ്ങളെയും നിര്‍മാര്‍ജനം ചെയ്യുന്ന സര്‍വതലസ്പര്‍ശിയായ ഒരു സാമൂഹ്യ വിപ്ലവത്തിനുവേണ്ടിയാണ് കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് ശക്തികള്‍ നിലകൊള്ളുന്നത്. ബൂര്‍ഷ്വാവ്യവസ്ഥയുടെ ജന്മസിദ്ധവും നൈസര്‍ഗികവുമായ സ്വഭാവവിശേഷണങ്ങളാണ് അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും. ആഗോളവല്‍ക്കരണമെന്നതുതന്നെ "അഴിമതിവല്‍ക്കരണ''മാണെന്ന് ജോസഫ് ഇ സ്റ്റിഗ്ളിറ്റ്സ് കോര്‍പ്പറേറ്റ് മൂലധന കുത്തകകളുടെ അവിഹിത പ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നു.

സാമ്രാജ്യത്വത്തിന്റെ കൊള്ളയുടെയും സംഹാരാത്മകമായ അധിനിവേശത്തിന്റെയും ക്രൂരമായ കടന്നാക്രമണങ്ങള്‍ ലോകത്തെ രക്തപങ്കിലമായ യുദ്ധങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കുമാണിന്നെത്തിച്ചിരിക്കുന്നത്. വിഭവങ്ങളും സമ്പത്തും കൈയടക്കാന്‍ കോര്‍പ്പറേറ്റ് മൂലധനക്കുത്തകകള്‍ നടത്തുന്ന നാനാവിധ കടന്നാക്രമണങ്ങളെയും സാമ്പത്തിക പരിഷ്കാരങ്ങളെയും നിക്ഷേപകവേഷമിട്ട സാമ്രാജ്യത്വ മൂലധന പ്രവേശത്തെയുമെല്ലാം തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതും ലോകത്തെല്ലായിടത്തും ഇടതുപക്ഷശക്തികളാണ്. കെ ജി ശങ്കരപ്പിള്ളയുടെ കവിതയില്‍ പറയുന്നതുപോലെ ഭീരുത്വംമൂലം ഒരിക്കല്‍പ്പോലും 'ഇതാ ഒരു കള്ളന്‍' എന്ന് വിളിച്ചുപറയാന്‍ കമ്യൂണിസ്റ്റുകാര്‍ മടി കാണിച്ചിട്ടില്ല. ഇന്നിപ്പോള്‍ ആഗോളവല്‍ക്കരണ സംവിധാനത്തിനകത്ത് നിയന്ത്രണരഹിതമായി പ്രവര്‍ത്തിക്കാന്‍ വെമ്പുന്ന മൂലധനശക്തികളെ സാമൂഹ്യനിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുന്നത് ഇടതുപക്ഷമാണ്. സമ്പദ്ഘടനയുടെ എല്ലാ മണ്ഡലങ്ങളെയും സാമ്രാജ്യത്വത്തിന് അടിയറവച്ച് അതിന്റെ കമീഷനും കോഴയും പറ്റി സ്വന്തം ഭൌതികജീവിതം സ്വിസ്ബാങ്ക് അക്കൌണ്ടുകളിലൂടെ സുരക്ഷിതരാക്കുന്നവരാണ് ഇന്ത്യയിലെ ഭരണവര്‍ഗരാഷ്ട്രീയ നേതൃത്വം. രാജ്യത്തിനും ജനങ്ങള്‍ക്കും എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നുമില്ലെന്നും കരുതുന്നവരാണിവര്‍. സ്വിസ്ബാങ്കില്‍ 94 ലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്കുള്ളത് - അഴിമതിയിലൂടെയും അധോലോകപ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യയിലെ ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വം സമാഹരിച്ച് രാജ്യത്തിന്റെ നിയമങ്ങളെ വെട്ടിച്ച് സ്വിസ്ബാങ്കുകളിലേക്കൊഴുക്കിയതാണ് ഈ പണമത്രയും.

15-ാം ലോക്സഭയില്‍, 'ഇലക്ഷന്‍ വാച്ച്' എന്ന സംഘടനയുടെ പഠനമനുസരിച്ച് 300 കോടീശ്വരന്മാരാണുള്ളത്. ഇവരിലാരും ഇടതുപക്ഷക്കാരല്ല. കോണ്‍ഗ്രസ് - ബി ജെ പി തുടങ്ങിയ ബൂര്‍ഷ്വാ പാര്‍ടി ടിക്കറ്റുകളില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തിയവരാണിവര്‍. ആഗോളവല്‍ക്കരണത്തിന്റെ സൌകര്യങ്ങളും സൌജന്യങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്ന ഒരു നവജാത സമ്പന്നവര്‍ഗത്തെയാണ് ഇക്കൂട്ടര്‍ പ്രതിനിധീകരിക്കുന്നത്. ഉദാരവല്‍ക്കരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി 500 ശതകോടീശ്വരന്മാരാണ് ഇന്ത്യയില്‍ വളര്‍ന്നുവന്നിരിക്കുന്നത്. ലോകത്തിലെ പത്ത് അതിസമ്പന്നരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്! പ്രതിദിനം 20 രൂപപോലും വരുമാനമില്ലാത്ത 90 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്താണ് കോര്‍പറേറ്റ് മൂലധനകുത്തകകളും അവരുടെ അനുചരവൃന്ദവും അഴിമതിയിലൂടെയും ഊഹക്കച്ചവട മൂലധനപ്രവര്‍ത്തനങ്ങളിലൂടെയും പുളച്ച് വളരുന്നത് എന്നോര്‍ക്കണം. ഇന്ത്യയുടെ കേന്ദ്ര വിജിലന്‍സിന്റെ മുന്‍ മേധാവി ഡല്‍ഹിയില്‍ ഒരു സ്കൂള്‍ വാര്‍ഷികയോഗത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തുകൊണ്ട് പറഞ്ഞത്, അഴിമതിയിലൂടെയും അവിഹിതമാര്‍ഗങ്ങളിലൂടെയും ഇന്ത്യന്‍ ഭരണവര്‍ഗമേധാവികള്‍ സമ്പാദിക്കുന്ന പണം വിദേശ ബാങ്കുകളിലേക്കൊഴുക്കിക്കൊണ്ടിരിക്കുകയാണെന്നാണ്. രാജ്യദ്രോഹകരമായ സാമ്പത്തികക്കുറ്റങ്ങളും അഴിമതിയും സിബിഐയും കോടതിയുമെല്ലാം ചേര്‍ന്ന് മുക്കിക്കളയുന്ന ഇന്ത്യനവസ്ഥ ബനാന റിപ്പബ്ളിക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍നാടുകളിലെ പുത്തന്‍ കൊളോണിയല്‍ രാഷ്ട്രീയ അടിമത്തത്തെയും ജീര്‍ണതകളെയുമാണ് അനുസ്മരിപ്പിക്കുന്നത്. അജ്ഞാതവും അപ്രതീക്ഷിതവുമായ ഇടപെടലുകളിലൂടെ ഒരു ജനതയുടെ വിധി ബഹുരാഷ്ട്രകുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയാണിതെന്ന് "ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ'' കര്‍ത്താവായ മാര്‍ക്വേസ് പറയുന്നുണ്ട്.

ലാറ്റിനമേരിക്കന്‍ നാടുകളില്‍ നവകൊളോണിയല്‍ രാഷ്ട്രീയ അടിമത്തവും സാമ്പത്തികചൂഷണവും സൃഷ്ടിച്ച അരക്ഷിതപൂര്‍ണമായ സാമൂഹ്യ അവസ്ഥ ഇന്ന് ഇടതുപക്ഷമുന്നേറ്റങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വെനിസ്വലയിലെ ഷാവേസ് മുതല്‍ എല്‍സാല്‍വദോറിലെ മൌറീഷ്യ ഫ്യൂണ്‍സ് വരെയുള്ളവര്‍ നേതൃത്വം കൊടുക്കുന്ന ലാറ്റിന്‍നാടുകളിലെ ഇടതുപക്ഷ വിപ്ലവ ഗവണ്‍മെന്റുകള്‍ അമേരിക്കയുടെ നാനാവിധമായ അധിനിവേശങ്ങളെ ചെറുക്കുകയാണ്. 2006 ല്‍ ഷാവേസ് നടത്തിയ യു എന്‍ പ്രസംഗത്തോട് അമേരിക്കന്‍ പ്രതിനിധിയായ നാന്‍സി ഫെലോസി പ്രതികരിച്ചത് അതിരൂക്ഷമായ അധിക്ഷേപ വാക്കുകളിലായിരുന്നല്ലോ. യഥാര്‍ഥ കൊള്ളക്കാരെയും ക്രിമിനലുകളെയും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ സധൈര്യം തുറന്നുകാട്ടിയ ഹ്യൂഗോഷാവേസിനെ നാന്‍സി ഫെലോസി തഗ്ഗ് (ഠവൌഴ) എന്ന് വിളിച്ചാണ് വിമര്‍ശിച്ചത്. തഗ്ഗ് എന്ന പദത്തിന്റെ അര്‍ഥം ക്രൂരനായ തസ്കരന്‍, കവര്‍ച്ചക്കാരന്‍ എന്നാണല്ലോ. ബുഷിനെയും ഫെലോസിയെയും പോലുള്ളവര്‍ ചരിത്രത്തില്‍ എല്ലാകാലത്തും വിപ്ലവകാരികളെ "കൊള്ളക്കാരും ഭീകരരും സര്‍വോപരി കമ്യൂണിസ്റ്റുമായി'' അധിക്ഷേപിച്ചിട്ടുണ്ട്.

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കഥയിലെ നായകനായി ചിത്രീകരിക്കപ്പെടുമ്പോള്‍ രാജ്യത്തെ വിറ്റുതുലച്ച് ആയിരക്കണക്കിന് കോടികള്‍ തട്ടിയെടുത്ത കോണ്‍ഗ്രസ്- ബി ജെ പി നേതാക്കള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെയും അഴിമതിവിരുദ്ധതയുടെയും പ്രതീകങ്ങളായി വാഴ്ത്തപ്പെടുകയാണ്. ഈ മാധ്യമതന്ത്രത്തെയാണ് ചോംസ്കി പോക്കറ്റടിക്കാരന്‍ " കള്ളന്‍ കള്ളന്‍'' എന്ന് വിളിച്ചുപറഞ്ഞ് ആള്‍ക്കൂട്ടത്തില്‍ ഓടി മറയുന്നതുപോലുള്ള കോര്‍പറേറ്റ് കൌശലമെന്ന് വിശേഷിപ്പിച്ചത്. നവലിബറല്‍ ജീര്‍ണതകളെ മൂടിവയ്ക്കാനുള്ള ഇത്തരം ബൂര്‍ഷ്വാ മറുവിദ്യകളെ കാണാതെ അഴിമതിയെക്കുറിച്ച് കേവലമായ ധാര്‍മികരോഷം കൊള്ളുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ് - അല്ലെങ്കില്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ മാപ്പുസാക്ഷികളാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക 21-06-2009

അത്ര നല്ലതല്ലാത്ത വാര്‍ത്തകള്‍

അത്ര നല്ലതല്ലാത്ത വാര്‍ത്തകള്‍

സൂരത്ത് വറുതിയില്‍

ഇന്ത്യയിലെ ഡയമണ്ട് വ്യവസായത്തിന്റെ കേന്ദ്രസ്ഥാനം സൂരത്ത് നഗരത്തിനാണ്.. 2008 നവംബറിലെ ഔദ്യോഗിക കണക്കനുസരിച്ച് ആയിരത്തോളം ചെറുകിട-ഇടത്തരം വജ്രസംസ്കരണ കേന്ദ്രങ്ങളും ഏതാണ്ടിത്രയും കുടുംബയൂണിറ്റുകളുമായിരുന്നു സൂരത്തിലുണ്ടായിരുന്നത്. ഏഴ് ലക്ഷം വിദഗ്ധ തൊഴിലാളികളുടെ ഈ പണിശാലകളില്‍ ഇപ്പോള്‍ നാലര ലക്ഷം പേരാണ് അവശേഷിക്കുന്നതത്രെ! മാന്ദ്യം കാരണം രണ്ടര ലക്ഷം തൊഴിലാളികള്‍ പിരിച്ചയക്കപ്പെട്ടു! വര്‍ഷംതോറും 20 ബില്യന്‍ ഡോളര്‍ മൂല്യമുള്ള (ഒരു ലക്ഷം കോടി രൂപ) ഡയമണ്ട് സൂരത്തില്‍് സംസ്കരിച്ചിരുന്നു. അതിപ്പോള്‍ 40% കണ്ട് കുറഞ്ഞുവെന്നാണ് വ്യവസായവൃത്തങ്ങള്‍ പറയുന്നത്.. അമേരിക്കയിലേക്കും യൂറോപ്പിലേക്കും കയറ്റുമതി ചെയ്യാനാണ് സൂരത്തിലെ യൂണിറ്റുകളിലേറെയും പ്രവര്‍ത്തിക്കുന്നത്. ആഗോള മാന്ദ്യം കയറ്റുമതിയില്‍ 50% കുറവുണ്ടാക്കിയപ്പോള്‍ സൂരത്തിലെ തൊഴിലാളികളാണ് പട്ടിണിയിലായത്. സൂരത്തിലെ 'മിനിബസാറില്‍' 5000 ചെറുകിട ഡയമണ്ട് വ്യാപാര കേന്ദ്രങ്ങളാണുണ്ടായിരുന്നത്.. 1500 വിദഗ്ധ തൊഴിലാളികള്‍ ഈ സ്ഥാപനങ്ങളില്‍ മാത്രം തൊഴിലെടുത്തിരുന്നു.. ഏപ്രില്‍ 25ന് മിനിബസാറിലെ ഷോപ്പുകളില്‍ നിന്നെല്ലാം കൂടി തലയെണ്ണിയപ്പോള്‍ അവശേഷിക്കുന്നത് 300 പേര്‍ മാത്രം.. 5000 ഷോപ്പുകളില്‍ നേര്‍പകുതിയും ഏകാംഗഷോപ്പുകളാണ്.. പകുതിയോളം ഷോപ്പുടമകള്‍ കച്ചവടമില്ലാതെ പൂട്ടിപ്പോയി.. മാന്ദ്യം ചവച്ചുതുപ്പിയ ഈ കച്ചവടക്കാരില്‍ പലരും സ്വന്തം കിടപ്പാടങ്ങള്‍ വിറ്റാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നത്.. 20 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ ഫ്ളാറ്റ് 6 ലക്ഷത്തിന് വിറ്റ കഥ, മുകേഷ് ഷാ എന്ന ചെറുകിടവ്യാപാരി പത്രക്കാരോട് വെളിപ്പെടുത്തിയെന്ന് ബിസിനസ് ലൈന്‍ എഴുതുന്നു.. എട്ടുവര്‍ഷമായി സാമാന്യം തരക്കേടില്ലാതെ പണിയെടുത്ത് ജീവിച്ച മുകേഷിന്റെ ഗതിതന്നെയാണ് സൂരത്തിലെ ഒട്ടുമിക്ക ഡയമണ്ട് കച്ചവടക്കാരും തൊഴിലാളികളും നേരിടുന്നത്. അവരില്‍ ഒരാള്‍, ദീപക്പട്ടേല്‍, ഇക്കുറി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.. "7 ലക്ഷം ഡയമണ്ട് തൊഴിലാളികളുടേയും കുടുംബങ്ങളുടെയും ദയനീയപതനം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് താനീ 'കടുംകൈ' ചെയ്യുന്നതെന്നാണ് ദീപക് പട്ടേല്‍ പറഞ്ഞത്. കമ്പോളത്തിന്റെ ക്രൂരതകളില്‍ വെന്തു തീരുന്ന ഇവരെ രാജ്യം രക്ഷിക്കുമോ? ഇല്ലെന്നാണ് തെരഞ്ഞെടുപ്പുഫലം തെളിയിച്ചിരിക്കുന്നത്. (കണക്കുകള്‍ - ബിസിനസ് ലൈന്‍)

ബെഞ്ചിലിരിക്കൂ, തൊഴിലാളിയായി തുടരൂ

മൈക്രോസോഫ്റ്റ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 5000 പേരെ പിരിച്ചുവിട്ടു. കമ്പനിയുടെ ഇന്ത്യന്‍ ഘടകത്തില്‍ 55 പേരെയാണ് പറഞ്ഞയച്ചത്.

ഹെക്സാവയര്‍ ടെക്നോളജീസ് എന്ന ഇന്ത്യന്‍ ഐ.ടി. കമ്പനി മാന്ദ്യം കാരണം ജീവനക്കാരുടെ അടിസ്ഥാനശമ്പളം 50% വരെ വെട്ടികുറച്ചു. 350 ജീവനക്കാരെ വെറുതെ ബെഞ്ചിലിരുത്താനാണ് കമ്പനി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബെഞ്ചിലിരിക്കുന്നവര്‍ക്ക് തൊഴിലാളികളായി തുടരാമെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. ആരോഗ്യ ഇന്‍ഷൂറന്‍സ്, പ്രൊവിഡന്റ് ഫണ്ട് എന്നിവ തുടര്‍ന്നും ലഭിക്കുമത്രെ. ഉയര്‍ന്ന തലങ്ങളില്‍ ജോലിയെടുക്കുന്ന എക്സിക്യൂട്ടീവുകളുടെ വേതനം 20% വരെ കുറക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഐ.ടി., ബി.പി.ഒ. സോഫ്റ്റ്വെയര്‍ കമ്പനികളെല്ലാം ഏതാണ്ട് ഇതേ പാതയിലേക്കാണ് നീങ്ങുന്നത്.

ജര്‍മനിയിലും തൊഴിലില്ലായ്മ പെരുകുന്നു

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെപ്പോലെ ജര്‍മ്മനിയിലും തൊഴിലില്ലായ്മ പെരുകുകയാണ്. 2008 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് ജനുവരിയില്‍ 3,87,000 പേര്‍ കൂടുതലായി തൊഴില്‍ രഹിതരായി. ജോലിയില്ലാത്തവരുടെ എണ്ണം 3.49 ദശലക്ഷമാണത്രെ! തൊഴിലില്ലായ്മയുടെ തോത് 0.9 ശതമാനം വര്‍ദ്ധിച്ച് 8.3 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. കിഴക്കന്‍ ജനര്‍മ്മനിയില്‍ 13.9 ശതമാനമാണ് തൊഴിലില്ലായ്മ. ആഗോള സാമ്പത്തിക പ്രതിസന്ധി ജനര്‍മ്മനിയിലും തൊഴില്‍ മേഖല കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ സമയം കൂട്ടി, കൂലി വെട്ടിക്കുറച്ചു. 1930കളില്‍ സംഭവിച്ചതിനേക്കാള്‍ ഭയാനകമായ ദിനങ്ങളാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പുലരുന്നത്. യൂറോ സോണില്‍പ്പെട്ട 16 രാജ്യങ്ങളിലെ തൊഴിലില്ലായ്മ 2010-ല്‍ 10 ശതമാനത്തില്‍ കൂടാനാണ് സാധ്യത. ജര്‍മന്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസേര്‍ച്ചിന്റെ ഏറ്റവും പുതിയ പഠനത്തില്‍ സാമ്പത്തിക അസമത്വം അതിഭീകരമായി വര്‍ദ്ധിക്കുന്ന കാര്യം പരമാമര്‍ശിക്കുന്നുണ്ട്. ജര്‍മനിയില്‍ ജനസംഖ്യയുടെ 10 ശതമാനം വരുന്ന സമ്പന്നര്‍ ആകെ സമ്പത്തിന്റെ 61.1 ശതമാനത്തിന്റെ ഉടമകളാണ്. ഏറ്റവും പാവപ്പെട്ട 70 ശതമാനത്തിന്റെ കയ്യിലുളളത് കേവലം 9 ശതമാനം മാത്രം. കടുത്ത സാമ്പത്തിക അസമത്വമാണ് മാന്ദ്യം കൊണ്ടുവരുന്നത്.

അമേരിക്കയില്‍ തൊഴിലില്ലായ്മ 8.5%

അമേരിക്കയിലെ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഏപ്രില്‍ 3ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം അമേരിക്കയിലെ തൊഴിലില്ലായ്മ 8.5 ശതമാനത്തില്‍ എത്തി. മാര്‍ച്ച് മാസത്തില്‍ തൊഴില്‍ രഹിതരായവരുടെ എണ്ണം 6,93,000 ആണ്. സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതിനുശേഷം 5.1 മില്യണ്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമായി. ഇതില്‍ മൂന്നില്‍ രണ്ടുഭാഗവും കഴിഞ്ഞ അഞ്ചുമാസത്തിനിടയിലാണ് തൊഴില്‍ രഹിതരായത്. വിവിധ മേഖലകളില്‍ സംഭവിച്ച തൊഴില്‍ നഷ്ടം (മാര്‍ച്ച് 2009) താഴെ.

മാനുഫാക്‍ചറിങ് 1,61,000
നിര്‍മാണമേഖല 1,26,000
സേവന മേഖല 3,58,000
ചില്ലറ വില്‍പന 48,000
ആകെ 6,93,000

സാമ്പത്തികമാന്ദ്യം അമേരിക്കയിലെ ജനജീവിതം അതീവദുഷ്കരമാക്കിയിരിക്കുകയാണ്. ആത്മഹത്യകളും കൊലപാതകങ്ങളും പെരുകുന്നു. ഫെഡറല്‍ റിസര്‍വിന്റെ ധാരണകള്‍ പ്രകാരം 2009 അവസാനിക്കുമ്പോള്‍ അമേരിക്കയിലെ തൊഴിലില്ലായ്മ 8.8 ശതമാനമാകും. എന്നാല്‍ ഇപ്പോള്‍ത്തന്നെ പല പ്രദേശങ്ങളിലും തൊഴിലില്ലായ്മ രണ്ടക്കത്തിലെത്തിക്കഴിഞ്ഞുവെന്നതാണ് സത്യം.

തുര്‍ക്കിയില്‍ തൊഴിലില്ലായ്മ അതിരൂക്ഷം

മാര്‍ച്ച് 16ന് Turkish Statistical Institute പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തുര്‍ക്കിയിലെ തൊഴിലില്ലായ്മ 2008 ഡിസംബര്‍ മാസം 13.6 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. 2007 ഡിസംബറിലേതിനെക്കാള്‍ 3 ശതമാനം കൂടുതല്‍. ഭൂരിഭാഗം ആളുകളും ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു രാജ്യത്തിന്റെ സ്ഥിതിയാണിത്. തൊഴിലില്ലായ്മ ഗ്രാമപ്രദേശങ്ങളേക്കാള്‍ കൂടുതല്‍ നഗരങ്ങളിലാണ്. നഗരപ്രദേശങ്ങളില്‍ തൊഴിലില്ലായ്മ ഡിസംബറില്‍ 17.3 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 10.7 ശതമാനവുമാണ്. തുര്‍ക്കിയിലെ തൊഴില്‍ രഹിതരുടെ എണ്ണം 3.27 ദശലക്ഷം ആണ്. 2008 ഡിസംബറിനുശേഷം 8,38,000 പേര്‍ തൊഴില്‍ രഹിതരായി. സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന കണക്കുകള്‍ യഥാര്‍ത്ഥമല്ലെന്നും സ്ഥിതി വളരെ ശോചനീയമാണെന്നും ധനകാര്യവിദഗ്ദര്‍ പറയുന്നു. യഥാര്‍ത്ഥകണക്കുകള്‍ പ്രകാരം കഴിഞ്ഞ ഡിസംബര്‍ മാസത്തെ തൊഴിലില്ലായ്മ 28 ശതമാനം വരുമത്രെ. തുര്‍ക്കിയില്‍ പലപ്പോഴായി മുതലാളിത്തപ്രതിസന്ധി ഉടലെടുത്തിരുന്നുവെങ്കിലും ഇത്രയും ഭീകരമായ അവസ്ഥ ആദ്യമായാണ്. 1970ല്‍ തൊഴിലില്ലായ്മ രൂക്ഷമായി അനുഭവപ്പെട്ടെങ്കിലും അന്ന് 40% പേര്‍ കൃഷിയിലും അനുബന്ധ മേഖലകളിലും വിന്യസിക്കപ്പെട്ടിരുന്നതിനാല്‍ അവസ്ഥ ഭേദമായിരുന്നു. ഇന്ന് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിയതിനാല്‍ കാര്‍ഷിക മേഖല നശിക്കുകയും പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുകയും ചെയ്തു.വ്യാവസായിക വളര്‍ച്ച താഴോട്ടാണ്. കയറ്റുമതിയില്‍ 35% കുറവാണ് രേഖപ്പെടുത്തിയത്. മുതലാളിത്തം ലോകമാകെ സാധാരണ ജനങ്ങള്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുകയാണ്. ബദലുകളെക്കുറിച്ചുള്ള അന്വേഷണത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തകര്‍ച്ചയാണ് തുര്‍ക്കി നേരിടുന്നത്.
(കെ.ജി. സുധാകരന്‍, NMGB, Kannur)

പെന്‍ഷന്‍ ഫണ്ടുകള്‍ തകര്‍ന്നടിഞ്ഞു

California Public Employees Retirement System (CALPERS) കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ പെന്‍ഷന്‍ ഫണ്ടുകളില്‍ ഒന്നാണ്. ലോകത്തിലെ നാലാമത്തെ ഫണ്ട്. 2007 ഒക്ടോബര്‍ മാസത്തില്‍ ഇവരുടെ ആസ്തി 220 ബില്യന്‍ ഡോളറായിരുന്നു. ഡിസംബറിലത് 186 ബില്യന്‍ ഡോളറായി കുറഞ്ഞു. റിയല്‍ എസ്റേറ്റ് മേഖലയില്‍ ചൂതാടാന്‍ പെന്‍ഷന്‍ ഫണ്ട് എടുത്ത് ഉപയോഗിച്ചതാണ് തകര്‍ച്ചയുടെ കാരണം. 16 ലക്ഷം പെന്‍ഷന്‍കാരുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും വിഹിതം ക്രമാതീതമായി വര്‍ദ്ധിപ്പിച്ച് നിലനിര്‍ത്തുവാനാണ് ഇപ്പോള്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. ബോസ്റണ്‍ കോളേജിലെ സെന്റര്‍ ഫോര്‍ റിട്ടയര്‍മെന്റ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍ പറയുന്നത് കഴിഞ്ഞ 6 മാസക്കാലത്തെ പെന്‍ഷന്‍ ഫണ്ടുകളുടെ നഷ്ടം മാത്രം 865 ബില്യന്‍ ഡോളര്‍ വരുമെന്നാണ്. അമേരിക്കയിലെ 109 പെന്‍ഷന്‍ ഫണ്ടുകളുടെ ആസ്ഥി 37 ശതമാനം വരെ കുറഞ്ഞു. ആനുകൂല്യങ്ങള്‍ വെട്ടികുറച്ച്, പെന്‍ഷന്‍ പ്രായത്തില്‍ വ്യത്യാസം വരുത്തി തകര്‍ച്ച നേരിടാനാണ് പല കമ്പനികളും ഇപ്പോള്‍ ശ്രമിക്കുന്നത്.

ഇന്ത്യയില്‍ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുവാന്‍ ഉള്ള വിജ്ഞാപനം ഇറക്കിയിട്ടാണ് കോണ്‍ഗ്രസ്സ് ഈ തെരഞ്ഞെടുപ്പ് നേരിട്ടത്. അഞ്ചു വര്‍ഷമായി പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണനിയമം ഇടതുപക്ഷം തടഞ്ഞുവെച്ചതാണ്. അധികാരം തിരിച്ച്പിടിച്ച പശ്ചാത്തലത്തില്‍ നിയമം ഉടനെ പാസ്സാക്കാനാണ് കോണ്‍ഗ്രസ്സ് തീരുമാനിച്ചിട്ടുള്ളത്. (കെ.ജി. സുധാകരന്‍)

പിരിച്ചുവിടല്‍ പടരുന്നു

അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനി 'ഫെഡക്സ് കോര്‍പ്പറേഷന്‍' 1000 പേരെ ഏപ്രില്‍ മാസം പിരിച്ചയച്ചു. ഒരു ബില്യന്‍ ഡോളര്‍ നഷ്ടം നേരിടാനാണ് ഈ നടപടിയത്രെ. വാള്‍ട്ട് ഡിസ്നി 1900 തൊഴിലാളികളെയാണ് പറഞ്ഞുവിട്ടത്. ഭരണപരമായ ജോലി ചെയ്യുന്നവരാണത്രെ പുറത്താക്കപ്പെട്ടവരില്‍ ഏറെയും.

തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചും തൊഴിലാളികളെ പിരിച്ചുവിട്ടും ഡിസംബറില്‍ വാര്‍ത്ത സൃഷ്ടിച്ച ജെറ്റ് എയര്‍വെയ്സ് മാര്‍ച്ച് മാസം 1900 പേരെ പിരിച്ചുവിട്ടു. 110 കരാര്‍ തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കമ്പനിയില്‍ 12,000 പേരാണത്രെ പണിയെടുത്തിരുന്നത്.

ഐ.ബി.എം. എന്ന ആഗോള ഐ.ടി. ഭീമന്‍ അമേരിക്കയില്‍ മാത്രം 4600 പേരെയാണ് ഏപ്രില്‍ മാസം പിരിച്ചുവിട്ടത്. 1.15 ലക്ഷം പേരാണ് ഐ.ബി.എം.ന്റെ അമേരിക്കന്‍ ഘടകത്തില്‍ പണിയെടുക്കുന്നത്. ലോകത്തൊട്ടാകെ പ്രവര്‍ത്തക്കുന്ന ഐ.ബി.എം. കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 29 ശതമാനം ജീവനക്കാരെ കുറച്ചതായിട്ടാണ് കണക്കുകള്‍ പറയുന്നത്. 2008 സെപ്റ്റംബറില്‍ 3.9 ലക്ഷം ജീവനക്കാര്‍ ഐ.ബി.എം.ല്‍ പണിയെടുത്തിരുന്നു.

'മാര്‍ക്കറ്റ് വിസ്ത' എന്ന ഗ്ളോബല്‍ ഏജന്‍സിയുടെ കണ്ടത്തല്‍ അനുസരിച്ച് ആഗോള ഔട്ട്സോഴ്സിംഗ് കമ്പോളം 7 ശതമാനം കണ്ട് ചെറുതായിട്ടുണ്ട്. വ്യവസായത്തിന്റെ മൂല്യത്തില്‍ 16 ശതമാനമാണ് കുറവ്. അമേരിക്കയില്‍ മാത്രം 15 ശതമാനം മൂല്യശോഷണമാണ് 'ഔട്ട്സോഴ്സിംഗ് വ്യവസായത്തില്‍' ഉണ്ടായിട്ടുള്ളത്. 2009 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലത്തെ അവലോകന റിപ്പോര്‍ട്ടാണ് ഈ വസ്തുത പുറത്തുവിട്ടിട്ടുള്ളത്.

വയറു പിഴക്കാന്‍ തലമുടിയും ഗര്‍ഭപാത്രവും

മാന്ദ്യം കാരണം സ്വന്തം തലമുടിയും രക്തവും വിറ്റ് വയറുപിഴക്കുന്നവര്‍ അമേരിക്കയില്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്തം, പ്ളാസ്മ, മുടി തുടങ്ങിയവയൊക്കെ വില്‍ക്കാന്‍ സഹായം ചോദിക്കുന്നവര്‍ ധാരാളം. വില്‍പ്പന തരപ്പെടുത്തികൊടുക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വെബ് സൈറ്റുകളും ധാരാളം. തൊഴില്‍ നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതായ ആളുകളാണ് ഈ മാര്‍ഗ്ഗത്തിലൂടെ ജീവിക്കാന്‍ ശ്രമിക്കുന്നത്. കടം കയറി മുടിഞ്ഞവര്‍ സ്വന്തം ശരീരത്തിന്റെ അംശങ്ങള്‍ വിറ്റുജീവിക്കുന്നതിന് വെബ് സൈറ്റുകള്‍ തെളിവു നിരത്തുന്നു.

"വാടക കൊടുക്കാനും ഭക്ഷണത്തിനും കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനും എനിക്ക് നിര്‍വ്വാഹമില്ലാതായിരിക്കുന്നു... 10/20/40 ഡോളര്‍, എത്രയായാലും വേണ്ടില്ല അതെനിക്കിപ്പോള്‍ വലിയ സഹായമായിരിക്കും. ഇത്രയും ചെറുതാവേണ്ടി വന്നതില്‍ ഞാന്‍ ദുഖിക്കുന്നു. എന്തായാലും ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്'' എമിലി എന്ന് സ്വയം പരിചയപ്പെടുത്തുന്ന പെണ്‍കുട്ടി 'ബ്ളഡ്‌ബാങ്കര്‍കോം' എന്ന വെബ് സൈറ്റിനയച്ച സന്ദേശത്തില്‍ പറയുന്നതായി വെബ് സൈറ്റ് ഉടമ വിശദീകരിക്കുന്നു. 'തൊഴില്‍ നഷ്ടപ്പെട്ട കാരണത്താല്‍ 25 ഡോളറിന് പ്ളാസ്മ സംഭാവന ചെയ്യുന്ന നിരവധി അമ്മമാരെ ഞാന്‍ ദിവസവും കാണുന്നു. ആഴ്ചയില്‍ രണ്ട് തവണ പ്ളാസ്മ സംഭാവന ചെയ്താല്‍ ഒരു മാസം 240 ഡോളര്‍ വരെ ലഭിക്കുമെന്നാണ് ഒരു സ്ത്രീ പറഞ്ഞത്. തന്റെ വീട്ടിലെ വൈദ്യുതി ബില്ലിന് ഇത് തികയുമെന്നാണ് അവര്‍ ആശ്വസിക്കുന്നത്. സ്പേം വില്‍പ്പനയും വ്യാപകമായതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

2008 ഒക്ടോബര്‍ മുതല്‍ അണ്ഡ വില്‍പ്പന വ്യാപകമായിട്ടുണ്ട്. അണ്ഡം സംഭാവന ചെയ്യാന്‍ തയ്യാറായി എത്തുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നാണ് പെന്‍സില്‍വാനിയയിലെ ഹോസ്പിറ്റല്‍ ഉടമകള്‍ പറയുന്നത്. "5000 ഡോളര്‍ വരെ ഒരണ്ഡത്തിന് ഞങ്ങള്‍ നല്‍കാറുണ്ട്. പരമാവധി 6 തവണയെങ്കിലും ഡൊണേഷന്‍ അനുവദനീയമാണ്. ഏറെ ശ്രദ്ധാപൂര്‍വ്വമുള്ള കരുതലുകള്‍ ആവശ്യമുള്ളതിനാല്‍ അണ്ഡ ദാതാക്കളെ വളരെ ശ്രദ്ധിച്ച് മാത്രമേ ഞങ്ങള്‍ സ്വീകരിക്കാറുള്ളൂ'' അവര്‍ പറയുന്നു. ഇങ്ങനെ 26,000 ഡോളര്‍ വരെ സമ്പാദിച്ചവരുണ്ടെത്രെ.
ശരീരാവയവങ്ങള്‍ മുതല്‍ മുടി വരെ വിറ്റ് ജീവിക്കുവാന്‍ മഹാമാന്ദ്യം അമേരിക്കക്കാരെ പഠിപ്പിച്ചിരിക്കുകയാണ്. ഡീനാ പെന്റഗണ്‍ എന്ന പേരുള്ള നോര്‍ത്ത് കരോലിനക്കാരിയായ പെണ്‍കുട്ടി പറയുന്നത് മൂന്നടി നീളമുള്ള തന്റെ ചുവന്ന മുടി 2000 ഡോളറിന് വിറ്റുവെന്നാണ്. കടുത്ത സാമ്പത്തിക തകര്‍ച്ചയില്‍ തന്റെ ഭര്‍ത്താവിന്റെ കാര്‍ നഷ്ടപ്പെട്ടു. ചെറിയൊരു വിനോദ വ്യാപാരകേന്ദ്രം നടത്തിവന്ന അവരുടെ സ്ഥാപനം മാന്ദ്യത്തില്‍ പൂട്ടിപ്പോയി. അതുകൊണ്ട് മുടി വില്‍ക്കുകയല്ലാതെ വേറെ വഴിയൊന്നും തന്റെ മുമ്പില്‍ ഉണ്ടായില്ലെന്ന് ഈ പെണ്‍കുട്ടി പറയുന്നു. (ബിസിനസ്സ് ലൈന്‍)

*
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍,

17 June, 2009

ലോക മുതലാളിത്ത പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും

ലോക മുതലാളിത്ത പ്രതിസന്ധിയും വര്‍ദ്ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളും

ആസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ ശക്തിയായി തുടരുകയാണ്. സ്വാഭാവികമായും ഇത് ഇന്ത്യയില്‍ അതീവ ഉത്ക്കണ്ഠയ്ക്കും ദു:ഖത്തിനും ഇടവരുത്തിയിട്ടുണ്ട്. ആസ്ട്രേലിയയില്‍, പ്രത്യേകിച്ച് മെല്‍ബോണില്‍, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായവരോടാണ് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും ശരിയായ ഉറപ്പുകള്‍തന്നെയാണ് നല്‍കുന്നത്; പക്ഷേ വംശീയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ജനാധിപത്യ സിവില്‍ സമൂഹത്തിന്റെ ഇച്ഛാശക്തിതന്നെ വിജയിക്കും എന്നു മാത്രമെ പ്രതീക്ഷിക്കാനാവൂ.

ആകര്‍ഷകമായ വിദ്യാഭ്യാസ അവസരങ്ങള്‍ പ്രദാനംചെയ്യുന്ന ഇടമാണ് അതെന്ന് ആസ്ട്രേലിയതന്നെയാണ് കൊണ്ടുപിടിച്ച് പ്രചാരണം നടത്തുന്നത്. ഇതിന്റെ ഫലമായി ഇപ്പോള്‍ ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെ പഠിക്കുന്നത്. ആസ്ട്രേലിയയിലെ മൊത്തം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ 18 ശതമാനമാണിത്. അവര്‍ ആസ്ട്രേലിയയുടെ ജിഡിപിക്ക് പ്രതിവര്‍ഷം 200 കോടി ആസ്ട്രേലിയന്‍ ഡോളറാണ് (7500 കോടി രൂപ) നല്‍കുന്നത്.

പ്രവാസം വംശീയ അതിക്രമങ്ങള്‍ക്കിടവരുത്തുമെന്നത് സര്‍വസാധാരണമാണ്. അതിന്റെ തദ്ദേശീയ രൂപഭേദം നമുക്ക് ഇവിടെത്തന്നെ കാണാന്‍ കഴിയും-അടുത്തകാലത്ത് മുംബൈ അതിന് സാക്ഷ്യം വഹിച്ചതാണ്. ഇതേ വികാരപ്രകടനംതന്നെ അതിനുമുമ്പ് നാം വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കണ്ടതാണ്. അപ്പത്തിന്റെ വിഹിതം എത്രത്തോളം ലഭിക്കുന്നു എന്നതുമായി ബന്ധപ്പെട്ടാണ് വിദ്വേഷം ഉണ്ടാകുന്നത് എന്നു പറയാം. 'തദ്ദേശവാസികള്‍'ക്ക് കൂടുതല്‍ കിട്ടണമെന്ന ആവശ്യമാണ് പ്രവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് കാരണമാകുന്നത്. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്ക് വംശീയതയെ ഉപയോഗിക്കുന്ന ശിവസേനയെപ്പോലെയുള്ള ചിലര്‍ ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു.

ആസ്ട്രേലിയയിലെ വംശീയ ദുര്‍നടപടികളുടെ വിവരങ്ങള്‍ 1990കളുടെ തുടക്കംമുതല്‍തന്നെ ഹോളിവുഡ് പോലും ചിത്രീകരിച്ചിട്ടുണ്ട്. "ആസ്ത്രേലിയന്‍ സര്‍വ്വകലാശാലകള്‍ ആസ്ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക്'' എന്ന മുദ്രാവാക്യം ഉയര്‍ത്തി 2004ല്‍തന്നെ തീക്ഷ്ണമായ ഒരു വംശീയ പ്രചാരണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ 70 ആക്രമണങ്ങള്‍ നടന്നിരുന്നു. അതിന്റെ രക്തപങ്കിലമായ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.

എന്നാല്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നതിന്റെ കാരണം വംശീയവാദം മാത്രമാണെന്ന് ആരോപിക്കുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിന്റേതായ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ മരം കാണുകയും കാട് കാണാതിരിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. വംശീയ അതിക്രമങ്ങള്‍ കൂടുതല്‍ ആഴമേറിയ അസ്വസ്ഥതകളുടെ ബഹിര്‍പ്രകടനമാണ്. 2008 ജനുവരിക്കും 2009 ജനുവരിക്കും ഇടയില്‍ ആസ്ട്രേലിയയുടെ ജിഡിപി വളര്‍ച്ചാനിരക്ക് 4.2 ശതമാനത്തില്‍നിന്ന് 0.3 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഏറ്റവും ഒടുവിലത്തെ പാദം കമ്പനികളുടെ ലാഭം 7.2 ശതമാനത്തോളം കുറയുന്നതിനും സാക്ഷ്യം വഹിച്ചു. ബിസിനസ് നിക്ഷേപം ഏകദേശം 9 ശതമാനത്തിലേക്ക് തലകുത്തി വീണു. അതിനും പുറമെ, ഈ വര്‍ഷം ആസ്ട്രേലിയ ദര്‍ശിച്ചത് ഏറ്റവും കടുത്ത വരള്‍ച്ചയുമാണ്. ഇതിന്റെ ഫലമായി, തൊഴിലില്ലായ്മ 2008 ഫെബ്രുവരിയില്‍ 3.9 ശതമാനമായിരുന്നത് 2009 ഏപ്രിലില്‍ 5.4 ശതമാനമായി ഉയര്‍ന്നു. സമ്പദ്ഘടന മാന്ദ്യാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ഇതാദ്യമായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. ആസ്ട്രേലിയയിലെ ലേബര്‍ ഗവണ്‍മെന്റ് 990 കോടി ആസ്ട്രേലിയന്‍ ഡോളര്‍ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് നേരിട്ട് നല്‍കിയിട്ടും (അസാധാരണമായത്ര വലിയ തുകയാണിത്) അതുകൊണ്ടൊന്നും പരിഹാരമാകാതെ അവിടത്തെ ജനങ്ങള്‍ ഉപജീവനത്തിന് വകകാണാതെ വലയുകയാണ്.

ലോകത്തെ വാഹന നിര്‍മ്മാതാക്കളില്‍ നായകനായ ഒരു നൂറ്റാണ്ട് പഴക്കമുള്ള ജനറല്‍ മോട്ടേഴ്സ് പാപ്പരായതായി പ്രഖ്യാപിച്ചത് നല്‍കുന്ന സൂചന ആഗോള സാമ്പത്തികമാന്ദ്യം കൂടുതല്‍ വഷളാകുന്നതായാണ്. "ലോക ഉല്‍പാദനത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയ തകര്‍ച്ചയ്ക്ക്'' ഇതാദ്യമായി 2009 സാക്ഷ്യം വഹിക്കും എന്നാണ് ലോകബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന അപ്പത്തിന്റെ പങ്കുപറ്റാന്‍ വിവിധ ജനവിഭാഗങ്ങള്‍ നടത്തുന്ന പിടിവലിയെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്ന സാമൂഹിക സംഘര്‍ഷങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഈ മാന്ദ്യത്തെ എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിശ്ചയിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള രക്ഷാപദ്ധതികള്‍ക്കൊപ്പം വലിയതോതിലുള്ള പൊതുനിക്ഷേപം നടത്താതിരിക്കാനാവില്ല. അത് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ആഭ്യന്തര ചോദനം വര്‍ദ്ധിപ്പിക്കുമെന്നതും പ്രധാനമാണ്. ആഭ്യന്തര ചോദനം വര്‍ദ്ധിക്കുന്നതാണ് സമ്പദ്ഘടനയ്ക്ക് ഏറെ ആവശ്യമായ ഉത്തേജനം പ്രദാനംചെയ്യുന്നത്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് ലാഭത്തെക്കാള്‍ ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം; ഒരിക്കലും നേരെമറിച്ചാകരുത്.

എന്നാല്‍ ഇതിന് കഴിഞ്ഞ പതിറ്റാണ്ടുകളിലെ നവലിബറല്‍ ആഗോളവല്‍ക്കരണത്തിന്റെ പാത അവസാനിച്ചു കഴിഞ്ഞതായി അംഗീകരിക്കേണ്ടത് ആവശ്യമായിരിക്കുന്നു. എന്നാല്‍, കോര്‍പ്പറേറ്റ് ഇന്ത്യ ഇപ്പോഴും പഴയ മാനസികാവസ്ഥയില്‍തന്നെ തുടരുകയാണ്. തങ്ങളുടെ ആഗോള മഹാപുരോഹിതന്മാരുടെ തകര്‍ച്ചയും പാപ്പരീകരണവുമൊന്നും അവര്‍ കണക്കിലെടുക്കുന്നതേയില്ല. പരിഷ്കരണങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രത്യേകിച്ചും യുപിഎ സര്‍ക്കാരിന് ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ ഫണ്ടുകളുടെ സ്വകാര്യവല്‍ക്കരണം, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപത്തിന്റെ പരിധി ഉയര്‍ത്തല്‍, ഇന്ത്യന്‍ സ്വകാര്യബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ഏറ്റെടുക്കാന്‍ അനുവാദം നല്‍കുന്ന ബാങ്കിങ് പരിഷ്കരണം എന്നിവപോലുള്ള അനിയന്ത്രിതമായ ധനമേഖലാ പരിഷ്കരണങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് മുന്‍ ഗവണ്‍മെന്റിനെ ഇടതുപക്ഷം പിന്തിരിപ്പിച്ചതിനാലാണ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇപ്പോഴത്തേതിനെക്കാള്‍ വലിയ തകര്‍ച്ച ഉണ്ടാകാതെ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്.

ഇതും ചരിത്രത്തില്‍ പഠിക്കേണ്ടത് ആവശ്യമാണ്. 1930കളിലെ മഹാമാന്ദ്യംമൂലമുണ്ടായ തകര്‍ച്ചയെ വിവിധ മുതലാളിത്ത രാജ്യങ്ങള്‍ വ്യത്യസ്തവിധങ്ങളിലാണ് കൈകാര്യംചെയ്തത്.

ഇതില്‍ ഒരു വഴി ഫാസിസത്തിന്റെ ഉദയത്തിന് അടിത്തറപാകി. 1935ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ ജോര്‍ജി ദിമിത്രോവ് ചെയ്ത പ്രസംഗത്തില്‍ ഇങ്ങനെ അടിവരയിട്ട് വ്യക്തമാക്കിയിരിക്കുന്നു. "ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍ക്കനുസരിച്ച് ഫാസിസം ജനങ്ങളെ ഇളക്കിവിടാനുള്ള അതിന്റെ തന്ത്രത്തിന് രൂപം നല്‍കുന്നു. പെറ്റി ബൂര്‍ഷ്വാ വിഭാഗമാകെയും തൊഴിലാളിവര്‍ഗത്തിന്റെ ഒരു വിഭാഗംപോലും തൊഴിലില്ലായ്മയും സുരക്ഷിതത്വമില്ലായ്മയും സ്വന്തം നിലനില്‍പിനെത്തന്നെ അപകടപ്പെടുത്തിയിരിക്കുകയാണെന്ന നിരാശാബോധത്തിന് അടിപ്പെട്ട് ഫാസിസത്തിന്റെ സാമൂഹികവും സങ്കുചിതവുമായ കലഹങ്ങളുടെ ഇരകളായി തീരുന്നു. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു. പഴയ ബൂര്‍ഷ്വാ പാര്‍ടികളെ കൈവെടിഞ്ഞ നിരാശരായ ബഹുജനങ്ങള്‍ക്കിടയിലേക്ക് ബൂര്‍ഷ്വാസിയുടെ ഏറ്റവും പിന്തിരിപ്പന്‍ വിഭാഗങ്ങളുടെ താല്‍പര്യാനുസരണം ഫാസിസം നുഴഞ്ഞുകയറുന്നു. ബൂര്‍ഷ്വാ സര്‍ക്കാരിനുനേരെ അവര്‍ നടത്തുന്ന രൂക്ഷമായ ആക്രമണവും പഴയ ബൂര്‍ഷ്വാ പാര്‍ടികളോടുള്ള അവരുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൊണ്ട് അവര്‍ ബഹുജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നു''.

പ്രതിസന്ധിമൂലമുണ്ടായ വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിച്ചത് വലിയൊരു പടയെത്തന്നെയാണ്. ഈ തൊഴിലില്ലാപ്പടയെയാണ് ഫാസിസ്റ്റുകള്‍ തങ്ങളുടെ കലാപങ്ങളില്‍ അണിനിരത്തി ഹിറ്റ്ലര്‍ക്ക് അധികാരത്തിലെത്താന്‍ വഴിയൊരുക്കിയത്. നാസി ഫാസിസം വംശീയവാദത്തിന്റെ-ആര്യന്‍ മേധാവിത്വം-ഏറ്റവും തീവ്രമായ പ്രകടരൂപമാണ്. അതിന്റെ ഭീകരമായ അനന്തരഫലങ്ങളായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും രണ്ടാം ലോകയുദ്ധവും നമ്മെ ഇപ്പോഴും വേട്ടയാടുകയാണ്. ഒരുപക്ഷേ, ഫാസിസ്റ്റ് യുദ്ധയന്ത്രം കെട്ടിപ്പടുത്തതായിരിക്കും ആ കാലഘട്ടത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജനം. ആയതിനാല്‍, സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന്റെ മാത്രമല്ല പ്രശ്നം. എന്തുതരത്തില്‍പ്പെട്ട സാമ്പത്തിക ഉത്തേജനമായിരിക്കും നല്‍കുന്നത് എന്നതാണ് പ്രശ്നം. അതൊരിക്കലും സ്വേച്ഛാധിപത്യത്തെയും ഫാസിസ്റ്റ് പ്രവണതകളെയും ശക്തിപ്പെടുത്തുന്നതായിരിക്കരുത്.

മുതലാളിത്ത സാമ്പത്തികമാന്ദ്യത്തെ നേരിടുന്നതിനുള്ള ഇത്തരം മാര്‍ഗങ്ങള്‍ തടയപ്പെടും എന്ന് ഉറപ്പുവരുത്തുന്ന വിധത്തില്‍ ജനകീയ സമ്മര്‍ദ്ദം പടര്‍ന്നുവരണം. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തല സൌകര്യങ്ങള്‍ കെട്ടിപ്പടുക്കാനും ശക്തിപ്പെടുത്താനുംവേണ്ടി പൊതുനിക്ഷേപത്തില്‍ വലിയൊരു കുതിച്ചുചാട്ടത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ ജനകീയ സമ്മര്‍ദ്ദത്തിലൂടെ നിര്‍ബന്ധിതരാകും. വംശീയ അതിക്രമങ്ങള്‍പോലെയുള്ള ജനാധിപത്യവിരുദ്ധവും പൌരബോധത്തിന് നിരക്കാത്തതും ഹീനവുമായ സര്‍വപരിശ്രമങ്ങളും നടത്തുകയും ചെയ്യും. അതേസമയംതന്നെ, അധികാരികളുടെ നിര്‍ണായകമായ കരുതല്‍ നടപടികളുടെ അടിസ്ഥാനത്തില്‍ അതിനെ പ്രതിരോധിക്കാനുമാകും.

***

സീതാറാം യെച്ചൂരി

കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

16 June, 2009

കള്ളപ്പണം


കള്ളപ്പണം

മാന്യമായി അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തില്‍ നിന്നും നിയമാനുസൃതമായ നികുതി കൊടുത്തുകഴിഞ്ഞ് ബാക്കിവരുന്നതാണ് വെള്ളപ്പണം. എന്നാല്‍, വളഞ്ഞവഴികള്‍ ഉപയോഗിച്ച് നിയമാനുസൃതമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെട്ട് ഉണ്ടാക്കുന്ന പണം മറച്ചുപിടിച്ച് നികുതി വെട്ടിച്ച് സ്വരൂപിക്കുന്ന പണം രഹസ്യമായി കണക്കുബുക്കുകളില്‍ രേഖപ്പെടുത്താതെ സൂക്ഷിക്കുമ്പോള്‍ ഉണ്ടാകുന്നതാണ് കറുത്ത പണം(ബ്ലാക്ക് മണി). എന്നാല്‍ പലപ്പോഴും പുത്തന്‍ തന്ത്രങ്ങളുപയോഗിച്ച് ഇത്തരത്തിലുള്ള കറുത്ത പണത്തെ വെള്ളപ്പണമായി മാറ്റിയെടുക്കാറുമുണ്ട്. പലപ്പോഴും വെള്ളപ്പണം, കള്ളപ്പണം എന്നിവ തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഏതാണ് നിയമാനുസൃതം, നിയമാനുസൃതമല്ലാത്തത് എന്ന് കണ്ടുപിടിക്കാന്‍ വയ്യ. ആരാധനാലയങ്ങള്‍, ആതുരസ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവയുടെ വരുമാന സ്രോതസ്സുകള്‍ പരിശോധിച്ചാല്‍ കണക്കില്‍പ്പെടുത്താത്ത കറുത്ത പണം കണ്ടെത്താന്‍ പറ്റും. വന്‍‌കിട വ്യവസായികള്‍, കമ്പനിത്തലവന്മാര്‍, സിനിമാ ലോകത്തിലെ വമ്പന്മാര്‍, ഓഹരി ബ്രോക്കര്‍മാര്‍, വിദേശവ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രമുഖര്‍, ബ്യൂറോക്രാറ്റുകള്‍, രാഷ്‌ട്രീയപാര്‍ട്ടികള്‍ എന്നിവരുടെയൊക്കെ കൈവശം കറുത്തപണം ധാരാളമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ഒരു നല്ല പങ്ക് സ്വിറ്റ്സര്‍ലണ്ട്, ലീഷ് ടെന്‍സ്റ്റീന്‍, സെയിന്റ് കിറ്റ്സ്, കാനറി ഐലന്‍ഡ്, ആന്റിഗ്വാ, ബഹാമസ് എന്നീ ഓഫ് ഷോര്‍ ഫൈനാന്‍ഷ്യല്‍ കേന്ദ്രങ്ങളില്‍ രഹസ്യമായി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതിന് പുറമേ മറ്റ് വിവിധ രൂപത്തില്‍ ഈ കറുത്തപണം ഇന്ത്യയില്‍ തന്നെ പെട്ടെന്ന് എടുത്ത് ഉപയോഗിക്കാന്‍ തക്ക രീതിയില്‍ സൂക്ഷിക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏതായാലും വിശദമായ പഠനത്തിനു പരിഹാരത്തിനും ഈ വിഷയം എടുക്കാന്‍ ഇന്ത്യയിലെ ഭരണകൂടം തയ്യാറായിട്ടില്ല.സ്വിസ് ബാങ്കുകള്‍ പുറത്ത് വിട്ട വിവരങ്ങള്‍ അനുസരിച്ച് ഇന്ത്യക്കരുടെ സ്വിസ്സ് ബാങ്കുകളിലെ നിക്ഷേപം 1496 ബില്യണ്‍ ഡോളറാണ്. ഒന്നാം സ്ഥാ‍നത്ത് നില്‍ക്കുന്ന ഇന്ത്യ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് റഷ്യയാണ്. റഷ്യക്കാരുടെ നിക്ഷേപം വെറും 470 ബില്യണ്‍ ഡോളര്‍ മാത്രം. മൂന്നാമത്തെ സ്ഥാനത്ത് നില്‍ക്കുന്ന ബ്രിട്ടണ് 390 ബില്യണും നാലാം സ്ഥാനത്തുള്ള യുക്രേയിന് 100 ബില്യണും അഞ്ചാം സ്ഥാനത്തുള്ള ചൈനക്ക് 96 ബില്യണ്‍ ഡോളറുമാണ് രഹസ്യനിക്ഷേപമായി കണക്കാക്കിയിട്ടുള്ളത്. (2008 നവംബറിലെ കണക്ക്- ഇന്ത്യ 1891, റഷ്യ 610, ചൈന 213, ഇംഗ്ലണ്ട് 210 ഉക്രയിന്‍ 140 ബില്യണ്‍ ഡോളറുകള്‍ - വര്‍ക്കേഴ്സ് ഫോറം) ദരിദ്ര രാഷ്‌ട്രമായ പലരും മുദ്രകുത്തിയിട്ടിരിക്കുന്ന ഇന്ത്യുടെ സ്വിസ്സ് ബാങ്ക് നിക്ഷേപം ആകെയെടുത്താല്‍ ഇന്ത്യയുടെ വിദേശക്കടത്തിന്റെ 13 ഇരട്ടി വരും. അതാ‍യത് ഈ വിദേശക്കടം പൂര്‍ണ്ണമായി തിരിച്ചടക്കാന്‍ ഇന്ത്യക്ക് കുറച്ച് നിമിഷങ്ങള്‍ മതി. എന്നാല്‍ സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങള്‍ ആരുടെയൊക്കെ പേരിലാണെന്ന് അന്വേഷിപ്പിക്കാന്‍ ഇന്ത്യയിലെ ഭരണകൂടം തയ്യാറായിട്ടില്ല. അതേസമയത്ത്, അമേരിക്ക, ജര്‍മ്മനി എന്നീ സമ്പന്ന രാജ്യങ്ങള്‍ അവരുടെ പൌരന്മാര്‍ സ്വിസ്സ് ബാങ്കുകളില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി തന്നെ സ്വിസ്സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടു കഴിഞ്ഞു.കറുത്ത പണത്തിന്റെ അളവിനെക്കുറിച്ച് നടത്തിയ ഇന്ത്യന്‍ പഠനങ്ങളില്‍ ഏറ്റവും പുതിയത് മുംബൈയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസര്‍ച്ച് പുറത്തിറക്കിയതാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ജി.ഡി.പിയുടെ (17,10,000 കോടി രൂപ) 18-21 ശതമാനം വരും കറുത്ത പണം. ഇതില്‍ ഒരു നല്ല പങ്ക് നികുതി വെട്ടിപ്പ് മൂലം ഉണ്ടാകുന്നതാണ്. നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ കള്ളക്കടത്ത്, ചൂതാട്ടം, ആയുധ കച്ചവടം, അശ്ലീല വിപണിയിലെ ഇടപാടുകള്‍ എന്നിവ വഴിയും കറുത്തപണം സൃഷ്ടിക്കപ്പെടുന്നു. വലിയ ഉപദ്രവങ്ങള്‍ സൃഷ്ടിക്കാത്ത ചില പ്രവര്‍ത്തനങ്ങളും കറുത്ത പണത്തെയും വരുമാനത്തെയും സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന് ശമ്പളം വാങ്ങുന്ന അധ്യാപകന്‍ സ്വകാര്യ ട്യൂഷന്‍ നടത്തി സമ്പാദിക്കുന്ന പണം, സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയുണ്ടാക്കുന്ന വരുമാനം ഇവയൊന്നു കണക്കില്‍പ്പെടുത്താറില്ല. നികുതിയില്‍ നിന്നും ഒഴിവാക്കാനാണിത്. ഇത്തരം പ്രവൃത്തിയെ ഇംഗ്ലീഷില്‍ Moonlighting എന്ന് വിളിക്കുന്നു.കറുത്ത പണം സൃഷ്ടിക്കുന്ന മറ്റ് ചില പ്രവര്‍ത്തനങ്ങള്‍ താഴെ വിവരിക്കുന്നു. വിദേശവ്യപാരത്തില്‍ കയറ്റുമതിക്കും ഇറക്കുമതിക്കും വ്യാപാരബില്ലുകള്‍ ബാങ്കുകളില്‍ സമര്‍പ്പിക്കപ്പെടാറുണ്ട്. ഒരു ലക്ഷം രൂപയുടെ ചരക്കുകള്‍ കയറ്റി അയക്കുമ്പോള്‍ അതിന് വേണ്ടി തയ്യാറാക്കുന്ന വ്യാപാര ബില്ലില്‍ മൂല്യം പതിനായിരം രൂപയായി കാണിയ്ക്കും. ആ ബില്‍ ബാങ്കില്‍ ഡിസ്കൌണ്ട് ചെയ്താണ് പണമിടപാട് നടത്തുക. എന്നാല്‍ വിദേശത്തെ ഇറക്കുമതിക്കാരനുമായി ഉണ്ടാക്കുന്ന രഹസ്യ കരാറിന്റെ അടിസ്ഥാനത്തില്‍ കയറ്റുമതി മൂല്യമായ ഒരു ലക്ഷം രൂപയില്‍ പതിനായിരം രൂപ കഴിച്ച് ബാക്കിയുള്ള 90,000 രൂപ വിദേശത്ത് തന്നെ രഹസ്യമായി സൂക്ഷിക്കുന്നു. കയറ്റുമതി വരുമാനമായി ഇന്ത്യയില്‍ യഥാര്‍ഥത്തില്‍ കിട്ടുന്നത് വെറും പതിനായിരം രൂപ മാത്രം. ഈ നടപടിയെ ആണ് under invoicing of export bills എന്ന് വിളിക്കുന്നത്. ഇതുപോലെ ഇന്ത്യ വിദേശത്ത് നിന്നും ചരക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ഇറക്കുമതിയുടെ യഥാര്‍ഥ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന ഒരു മൂല്യമാണ് ഇറക്കുമതി ബില്ലില്‍ കാണിക്കുക. ഇതിനെ over invoicing of import bills എന്ന് വിളിക്കുന്നു. ഇത്തരത്തില്‍ നേടുന്ന അധിക വിദേശനാണ്യം ഇറക്കുമതിക്കാര്‍ വിദേശത്തുള്ള കയറ്റുമതിക്കാരുമായി രഹസ്യക്കരാറുണ്ടാക്കി വിദേശത്ത് തന്നെ സൂക്ഷിക്കുന്നു. വിദേശയാത്രക്ക് റിസര്‍വ് ബാങ്ക് അനുവദിക്കുന്ന വിദേശ നാണ്യത്തേക്കാള്‍ എത്രയോ മടങ്ങാണ് ഇന്ത്യക്കാര്‍ വിദേശത്ത് ചെലവിടുന്നത്.നികുതിനിരക്കുകള്‍ ഭീമമാണെങ്കില്‍ നികുതിവെട്ടിപ്പ് കൂടും, അതുകൊണ്ട് കറുത്തപണം കുറയണമെങ്കില്‍ നികുതി നിരക്കുകള്‍ കുറയ്ക്കണമെന്ന് പലരും വാദിക്കുന്നുണ്ട്. വരുമാനവും സ്വത്തും മറച്ചുവെക്കാന്‍ ഉത്തേജനം നല്‍കുന്നതാണ് ഉയര്‍ന്ന നിരക്കുകള്‍. രണ്ട് വിധത്തില്‍ നികുതി വെട്ടിക്കാം. ഒന്ന്, വരുമാനവും സ്വത്തും പൂര്‍ണ്ണമായി വെളിപ്പെടുത്താതിരിക്കുക. ഇത് ഒളിപ്പിച്ചുവെക്കലാണ്. രണ്ട്, നികുതിനിയമത്തിലെ പഴുതുകള്‍ നികുതിനിയമവിദഗ്ദരുമായി കൂടി ആലോചിച്ച് പരമാവധി നികുതി ഒഴിവാക്കിയെടുക്കുക. ഈ രണ്ട് രീതികളാണ് നികുതിവെട്ടിപ്പ്, നികുതി ഒഴിവാക്കല്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവ രണ്ടും ഇന്ത്യയില്‍ വ്യാപകമാണ്. കള്ളക്കടത്ത്, കുഴല്‍‌പ്പണം, ഹവാല ഇടപാടുകള്‍ എന്നിവ വഴിയും കണക്കില്ലാത്ത എത്തുന്ന കറുത്ത പണം ഇന്ത്യയില്‍ സമാന്തര സമ്പദ്‌വ്യവസ്ഥക്ക് ഇട നല്‍കിയിട്ടുണ്ട്.റിയല്‍ എസ്റ്റേറ്റ് വിപണി ഇന്ന് ഊര്‍ജ്ജസ്വലമാണ്. കോടിക്കണക്കിന് രൂപ അതില്‍ നിക്ഷേപിക്കപ്പെടുന്നു. സ്വന്തം പേരിലും ബിനാമി പേരുകളിലും വസ്‌തുക്കളും പാര്‍പ്പിടങ്ങളും വാങ്ങിക്കൂട്ടുന്നവര്‍ ഏറെയാണ്. പൂട്ടിക്കിടന്ന ഫ്ലാറ്റുകളും പാര്‍പ്പിടങ്ങളും ഏറെയാണ്. അതുപോലെ തന്നെ ആഢംബരകാറുകളിലുള്ള നിക്ഷേപങ്ങള്‍. നികുതി വെട്ടിച്ചുള്ള വരുമാനം ഏത് തരത്തില്‍ സൂക്ഷിക്കണം എന്ന കാര്യത്തില്‍ പലതരത്തിലുള്ള നടപടികളും ഉണ്ടായിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ ആദായനികുതി വകുപ്പ് നടത്തിയ സര്‍വേകള്‍ വഴി പുറത്ത് വന്നിട്ടുണ്ട്. സ്വര്‍ണത്തില്‍ ഉണ്ടാക്കിയ ടോയ്ലറ്റ് സീറ്റുകള്‍ അതിലൊന്നാണ്. ഫോം മെത്തയുടെ അടിയില്‍ അടുക്കിവെച്ച സ്വര്‍ണ്ണത്തിലും ചെമ്പിലുമുള്ള തകിടുകള്‍ മറ്റൊന്നാണ്. നികുതിദായകര്‍ ഒരു മാസം നടത്തുന്ന ഡിന്നര്‍ പാര്‍ട്ടികള്‍, അവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം, പാര്‍ട്ടികള്‍ക്ക് വേണ്ടി ചെലവിടുന്ന തുക, ബംഗ്ലാവില്‍ വളര്‍ത്തുന്ന പട്ടികളുടെ എണ്ണം, അവിടെയുള്ള പരിചാരകരുടെ എണ്ണം, ഉപയോഗത്തിലുള്ള ആഢംബര കാറുകള്‍, ബാങ്ക് അക്കൌണ്ടുകള്‍, ബാങ്ക് ലോക്കറുകള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നികുതി വകുപ്പിന് സ്വമേധയാ വരുമാനം കണക്കാക്കാനും നികുതി ചുമത്താനും സാധിക്കും. എന്നാല്‍ ഇവിടെ കൈക്കൂലിയും സ്വാധീനവും വ്യാപകമാണ്. കുറഞ്ഞ വരുമാനവും സ്വത്തും കണ്ടെടുക്കുക വിഷമം പിടിച്ച ഒരു പരിപാടിയാണ്.ഓഹരി കമ്പോളത്തിലെ വ്യാപാരത്തില്‍ കറുത്ത പണത്തിന്റെ ഉപയോഗം വ്യാപകമാണ്. ഓഹരിക്കമ്പോളം നിയന്ത്രിക്കുന്ന കാളക്കൂറ്റന്മാര്‍ ഏറെയാണ്. ഹര്‍ഷദ് മേത്ത ഉള്‍പ്പെട്ട സെക്യൂരിറ്റി സ്‌കാം ഓര്‍മ്മിക്കുക. വന്‍‌കിട ബാങ്കുകളെപ്പോലും അയാള്‍ കബളിപ്പിച്ചു. ബോളിവുഡിലും മോളിവുഡിലും സിനിമാനിര്‍മാണത്തില്‍ കറുത്ത പണം വ്യാപകമാണ്. നടന്മാര്‍ക്കും നടിമാര്‍ക്കും നല്‍കുന്ന പ്രതിഫലം കുറച്ച് വെളുത്തതും ബാക്കി കറുത്തതും ആണ്. ഇത്തരത്തില്‍ കോടികളുടെ ഇടപാടാണ് നിത്യേന നടക്കുന്നത്. മെട്രോ നഗരങ്ങളില്‍ കറുത്ത പണത്തിന്റെ വിന്യാസത്തിന് ചിലര്‍ വിലയേറിയ പെയിന്റിംഗുകള്‍ വാങ്ങി ചെറിയ തോതിലുള്ള ചിത്രഗ്യാലറികള്‍ സ്ഥാപിക്കുന്ന രീതിയും തുടങ്ങിയിട്ടുണ്ട്. ഓഹരി കമ്പോളങ്ങളില്‍ ഡമ്മി ട്രെയിഡിങ്ങ് നടത്തുന്ന രീതിവഴിയും കറുത്ത പണം ധാരാളമായി വിന്യസിക്കപ്പെടുന്നുണ്ട്. ഒന്നിലധികം ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നത് പതിവാണ്. ബാങ്ക് മാനേജര്‍മാരുടെ സഹായത്തോടെ തുടങ്ങുന്ന അക്കൌണ്ടുകളില്‍ ഇടതു കൈയും വലതുകൈയും മാറിമാറി ഉപയോഗിച്ച് ഒപ്പിട്ട് അക്കൌണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ ഇവര്‍ക്ക് കഴിയുന്നു. വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളുടെ പേരിലും ബാങ്ക് അക്കൌണ്ടുകള്‍ ഉണ്ടെന്നാണ് ചില പഠനങ്ങള്‍/സര്‍വേകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.ഓരോ വര്‍ഷവും 80,000 ഇന്ത്യക്കാര്‍ സ്വിറ്റ്സര്‍ലണ്ടില്‍ വന്നു പോകുന്നു എന്നാണ് കണക്ക്. ഇതില്‍ 25,000 പതിവായി ഇവിടെ വരുന്നവരാണ്. കറുത്തപണം നിക്ഷേപിക്കാനും ഉപയോഗിക്കാനും വരുന്നവരാണിവര്‍. 1962ല്‍ ഡോക്ടര്‍ ബി.ആര്‍. ഷേണായ് എന്ന ധനശാസ്‌ത്രജ്ഞനാണ് കറുത്ത പണം ഇന്ത്യയില്‍ വേരുറച്ച് കഴിഞ്ഞു എന്ന് പ്രവചിച്ചത്. പിന്നീട് പല കമ്മിറ്റികളും ഈ പ്രശ്നം വിശദമായി പഠിച്ചു. ഭരണകൂടം പ്രശ്‌നപരിഹാരത്തിന് പല നടപടികളും എടുത്തിട്ടുണ്ട്. അവയില്‍ രണ്ടെണ്ണം ഇവയാണ്. ഒന്ന്, സ്വമേധയാ പ്രഖ്യാപനം. രണ്ട്, സ്പെഷ്യല്‍ ബെയറന്‍ ബോണ്ടുകള്‍. കറുത്ത പണം ഉള്ളവര്‍ അവരുടെ കൈവശമുള്ള പണം തുറന്ന് കാട്ടിയാല്‍ അതിന്മേല്‍ നാമമാത്രമായ നികുതി മാത്രം ചുമത്തി അവര്‍ക്ക് മാപ്പ് കൊടുക്കുന്ന രീതിയാണിത്. 1997ല്‍ ഈ പദ്ധതിയനുസരിച്ച് പിടിച്ചെടുത്ത കറുത്ത പണം വെറും 10,050 കോടി രൂപ ആയിരുന്നു. ആകെ തുറന്ന് പ്രഖ്യാപിച്ച കറുത്ത പണം 33,000 കോടി രൂപയും. 1946 - 97 കാലത്ത് ഇത്തരത്തില്‍ 12 തവണ നടത്തിയ ശ്രമങ്ങള്‍ ഫലവത്തായില്ല. 1981ലാണ് സ്പെഷ്യല്‍ ബെയറര്‍ ബോണ്ട്സ് സ്കീം വന്നത്. കറുത്ത പണം ഉള്ളവര്‍ക്ക് അതുപയോഗിച്ച് ഒരു നിശ്ചിത പലിശ നല്‍കുന്ന ബോണ്ടുകള്‍ വാങ്ങാം. കാലാവധി കഴിയുമ്പോള്‍ ആ പണം തിരിച്ച് നല്‍കും. കറുത്ത പണം വലിയ നഷ്ടം കൂടാതെ വെളുത്ത പണമാക്കാനും അത് വികസനത്തിന് ഉപയോഗിക്കാനും കഴിയുമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ ഈ ബോണ്ട് സ്‌കീം കൊണ്ട് പ്രയോജനമുണ്ടായില്ല.കറുത്ത പണം സാധാരണയായി സൂക്ഷിക്കപ്പെടുന്നത് ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകളുടെ രൂപത്തിലാണ് എന്ന വിശ്വാസത്തില്‍ ഒന്നു രണ്ട് അവസരങ്ങളില്‍ 1000 രൂപയും അതിനു മുകളില്‍ മൂല്യമുള്ള കറന്‍സി നോട്ടുകളും പിന്‍‌വലിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായി. എന്നാല്‍ അതു കൊണ്ടും വലിയ പ്രയോജനമുണ്ടായില്ല. കാരണം, മറ്റ് പല രീതികളിലും കറുത്തപണം സൂക്ഷിക്കാന്‍ അതുള്ളവർ പഠിച്ചു കഴിഞ്ഞു. വൃത്തികെട്ടതും സമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്നതുമായ കറുത്തപണമെന്ന പ്രതിഭാസം കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഇതിനു മാറ്റമുണ്ടാകുമോ?

*പ്രൊഫസര്‍ കെ. രാമചന്ദ്രന്‍ നായര്‍

15 June, 2009

ചില പരിചിന്തനങ്ങള്‍ : ആഗോള സാമ്പത്തികക്കുഴപ്പം

ചില പരിചിന്തനങ്ങള്‍ : ആഗോള സാമ്പത്തികക്കുഴപ്പം
ജനലക്ഷങ്ങളുടെ ജീവിതം ദുഃസഹമാക്കും വിധം ഭീകരമായ ഒരു മാന്ദ്യം ലോകമാകെ വീശിയടിക്കുകയാണ്. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന്റെയും, ഉപഭോക്തൃ ചിലവില്‍ കുറവ് വരുന്നതിന്റെയും, ഓഹരിചന്തയുടെ താഴേക്കുള്ള ഇറക്കത്തിന്റെയും വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. എല്ലാ തരം വിശദീകരണങ്ങളും പ്രതിവിധികളും നിര്‍ദ്ദേശിക്കപ്പെടുന്നു. അത്യാര്‍ത്തിയാണ് ഇതിനൊക്കെ കാരണമെന്ന് ചിലര്‍ പറയുന്നു. സബ് പ്രൈം വായ്പ, ഹെഡ്ജ് ഫണ്ട്, ഡെറിവേറ്റീവ്, സാമ്പത്തിക സമീപനം, പലിശനിരക്ക്, എന്നിവയൊക്കെ മറ്റുചിലര്‍ കാരണമായി ചൂണ്ടികാണിക്കുന്നു. ഇവയൊക്കെ ഉപരിപ്ലവമായ വിശദീകരണമായാണ് എനിക്ക് തോന്നുന്നത്.സാമ്പത്തിക മാന്ദ്യം കാര്‍ഷിക സമ്പദ്ഘടനയുടേതല്ല: വ്യവസായസമ്പദ്ഘടനയുടെ പ്രത്യേകതയാണ്. കാര്‍ഷിക സമ്പദ്ഘടനയിലും ഇത്തരം അത്യാഹിതങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അവയെല്ലാം വരള്‍ച്ച, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം വ്യവസായ സമ്പദ്ഘടനയ്ക്ക് ബാധകമായ പ്രത്യേകത തന്നെയാണ്.18-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ കാലം മുതല്‍ ഓരോ എട്ടോ പത്തോ വര്‍ഷത്തില്‍ മാന്ദ്യം ഉണ്ടായിട്ടുണ്ട്. താമസംവിനാ അത് മറികടക്കാനുമായിട്ടുണ്ട്. ഇതിനൊരപവാദം 1929 മുതല്‍ 1939 വരെ നീണ്ടു നിന്ന മഹാ മാന്ദ്യമാണ്. അന്‍പത് ദശലക്ഷം പേരുടെ ജീവനൊടുക്കിയ രണ്ടാം ലോകമഹായുദ്ധത്തോടെ അതവസാനിച്ചു. യുദ്ധോപകരണങ്ങള്‍ക്കും പട്ടാളത്തിനും യുദ്ധത്തിന്റെ കെടുതി ബാധിച്ച ജനങ്ങള്‍ക്കും വിഭവങ്ങളെത്തിക്കാനും പുനര്‍നിര്‍മ്മാണത്തിനു വേണ്ട മൂലധനത്തിനുമുള്ള ഡിമാന്റ് യുദ്ധം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴത്തേത് രണ്ടാം മഹാമാന്ദ്യമാണ്. അതിന്റെ തീവ്രത 1929നേക്കാള്‍ ഏറെ ആഴത്തിലുള്ളതാണ്. 1929ലെ മാന്ദ്യം പ്രധാനമായും ബാധിച്ചത് അമേരിക്കയെയും യൂറോപ്പിനേയും ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മാന്ദ്യം ലോകത്തെ ആകെ ബാധിച്ചിരിക്കുന്നു.സാന്ദര്‍ഭികമായ മറ്റു പല കാരണങ്ങളുമുണ്ടാകാമെങ്കിലും ഇപ്പോഴത്തെ മാന്ദ്യത്തിന് മുഖ്യകാരണം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറഞ്ഞതിന്റെ ഭാഗമായി കച്ചവടത്തില്‍ വന്ന ഇടിവാണ്. ലോകജനസംഖ്യയിലെ ഗണ്യമായ വിഭാഗം വാങ്ങല്‍ശേഷി തീരെയില്ലാത്ത പാവപ്പെട്ടവരാണ്. വികസിത രാജ്യങ്ങളില്‍ പോലും ധാരാളം പേര്‍ പാവപ്പെട്ടവരാണ്.വ്യാവസായിക സമ്പദ്ഘടനയുടെ വികാസത്തിനൊപ്പം വ്യവസായത്തിന് കൂടുതല്‍ മൂലധനാധിഷ്ഠിതമായ വന്‍ വ്യവസായങ്ങളായി മാറേണ്ടിവരും. മാര്‍ക്കറ്റിലെ മത്സരം നേരിടുന്നതിന് അവയ്ക്ക് അങ്ങനെ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ വിലകുറച്ചുവില്‍ക്കുന്ന എതിരാളികള്‍ അവരെ മാര്‍ക്കറ്റില്‍ നിന്നു പുറത്താക്കും. അനിവാര്യമായ ഈ പ്രക്രിയ, മിക്ക വ്യവസായങ്ങളിലും വന്‍ തോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിക്കും. പ്രത്യേകിച്ചും തൊഴിലധിഷ്ഠിത വ്യവസായങ്ങള്‍ മൂലധനാധിഷ്ഠിത വ്യവസായങ്ങളായി മാറുമ്പോള്‍ ധാരാളം തൊഴിലാളികള്‍ തൊഴിലില്‍ നിന്ന് പുറത്താകും.തൊഴിലാളി ഉല്പാദകനാണ് : ഒപ്പം ഉപഭോക്താവുമാണ്. സ്റ്റീല്‍ ഫാക്ടറിയിലെ തൊഴിലാളി സ്റ്റീലിന്റെ ഉപഭോക്താവല്ല, എന്നാല്‍ അയാളും അയാളുടെ കുടുംബവും ഭക്ഷണം, വസ്ത്രം, പാദരക്ഷ മുതലായവയുടെ ഉപഭോക്താവാണ്. തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ അയാളുടെ വാങ്ങല്‍ ശേഷിയിലും വന്‍ ഇടിവുണ്ടാകുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ (വ്യവസായങ്ങള്‍ കൂടുതല്‍ കൂടുതല്‍ മൂലധനാധിഷ്ഠിതമാകുന്ന മുറയ്ക്ക്) അതിനനുസൃതമായി കമ്പോളം ചുരുങ്ങുന്നു. ഉല്‍പാദനം വര്‍ദ്ധിക്കുമ്പോള്‍ വില്‍പന കുറയുന്നു. അത് മാന്ദ്യത്തിലേക്ക് നയിക്കുന്നു.അതായത്, നിയന്ത്രണമില്ലാത്ത വ്യവസായ സമ്പദ്ഘടന അനിവാര്യമായും അതിന്റെ വളര്‍ച്ചക്കൊപ്പം അതിന്റെ തന്നെ കമ്പോളത്തെ നശിപ്പിക്കുക കൂടി ചെയ്യുന്നു. ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ വില്‍ക്കേണ്ടതുണ്ട്, എന്നാല്‍ തൊഴിലില്‍ നിന്നു പുറത്തായി വാങ്ങല്‍ശേഷി നഷ്ടമായ ജനങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ എങ്ങിനെയാണ് വില്‍ക്കാന്‍ കഴിയുക?വന്‍കിട ഉല്‍പാദനത്തിനൊപ്പം വന്‍കിട ഉപഭോഗവും നടക്കേണ്ടതുണ്ട്. ജനങ്ങളുടെ വാങ്ങല്‍ കഴിവ് എടുത്തുകളയുന്നതിലൂടെ വ്യവസായികള്‍ അവരുടെ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് സ്വയം ഇല്ലാതാക്കുന്നു. അതോടെപ്പം പുതിയ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനുള്ള മൂലധനം ശേഖരിക്കാനും വീണ്ടും തൊഴില്‍ നല്‍കാനുമുള്ള സാധ്യതയും ഇല്ലാതാകുന്നു. അങ്ങനെ ഉല്‍പാദന കഴിവ് വര്‍ദ്ധിക്കുന്നതിനൊപ്പം ഡിമാന്റ് ചുരുങ്ങുകയും ഈ സംവിധാനം സ്വയം നശിക്കുകയും ചെയ്യുന്നു.മഹാമാന്ദ്യത്തിനു മുന്‍പ് പണയം തുടങ്ങിയുള്ള വിവിധ കടപ്പെടുത്തല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴും അതു തന്നെയാണ് നടന്നത്. പക്ഷേ ഈ രീതി അനന്തമായി തുടരാന്‍ കഴിയില്ല. തൊഴില്‍ നഷ്ടപ്പെടുമ്പോള്‍, യഥാര്‍ത്ഥ വേതനം വെട്ടിക്കുറക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് കടം തിരിച്ചടക്കാന്‍ കഴിയാതെവരും. കടക്കാര്‍ അപ്പോള്‍ അവരുടെ ഉപഭോഗം വെട്ടിക്കുറക്കും. അത് ഡിമാന്റ് ചുരുക്കും. ഉല്‍പാദനം വെട്ടിചുരുക്കേണ്ടിവരും. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരികയും ചെയ്യും.ആധുനിക സമ്പദ്സ്ഥിതിയില്‍ മിക്ക ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അവരുടെ സാധാരണപ്രവര്‍ത്തനത്തിന് വായ്പ വേണ്ടി വരും. ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ഒരു ചെറിയ ഭാഗം(അഞ്ച് ശതമാനമോ അതില്‍ കുറവോ) കൈവശം വെച്ച് ബാക്കി വായ്പയായി നല്‍കുന്നു. വായ്പ എടുത്തവരില്‍ നിന്ന് തിരിച്ചടവില്ലാതെ ബാങ്കിങ്ങ് മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കാന്‍ തടസ്സം നേരിടുന്നു. അപ്പോള്‍ അവ ഉല്‍പാദനം വെട്ടിച്ചുരുക്കി തൊഴിലാളികളെ ലേ ഓഫ് ചെയ്യുന്നു. അവയ്ക്ക് അപ്പോള്‍ അസംസ്കൃതവസ്തുക്കളും മറ്റു സാധനങ്ങളും കുറച്ചേ വേണ്ടതുള്ളൂ. അപ്പോള്‍ അവ വിതരണം ചെയ്യുന്നവര്‍ അവരുടെ ഉല്‍പ്പാദനവും കുറയ്ക്കും, തൊഴിലാളികളെ ലേ ഓഫ് ചെയ്യും. ഈ വിതരണക്കാരന്റെ വിതരണക്കാരനും ഇതുതന്നെ ചെയ്യും. ഇത് ഒരു ചങ്ങലയായി അങ്ങനെ തുടരും (സാമ്പത്തിക ശാസ്ത്രത്തില്‍ മള്‍ട്ടിപ്ലയര്‍ ഇഫക്ട് എന്ന് ഇത് അറിയപ്പെടുന്നു)ഉല്‍പാദകര്‍ക്ക് വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്ന അളവില്‍ വരുമാനം ലഭിക്കാതെ വരും. ബിസിനസ്സ് തകരും. ബാങ്കുകള്‍ നല്‍കിയ വായ്പ കിട്ടാക്കടമായി മാറും. അതിനാല്‍ ബാങ്കുകള്‍ അധികം വായ്പ നല്‍കില്ല. ഇത് ഒരു ദൂഷിത വലയമായിമാറും. ചില ബാങ്കുകള്‍ തകരുന്നതോടെ നിക്ഷേപകര്‍ പരിഭ്രാന്തരാകും. അവര്‍ അവരുടെ പണം പിന്‍വലിക്കും. അതോടെ കൂടുതല്‍ ബാങ്കുകള്‍ തകര്‍ച്ചയിലെത്തും.നിയന്ത്രണാതീതമായ വളര്‍ച്ച ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ജനങ്ങളുടെ ക്രയശേഷി ചുരുങ്ങുന്നു. ഇങ്ങനെ സാമ്പത്തിക മാന്ദ്യത്തിലെത്തുന്നു. ഉല്‍പാദന കഴിവ് വന്‍തോതില്‍ വളര്‍ത്തുമ്പോള്‍ ഭൂരിപക്ഷം ജനങ്ങളും ഉല്‍പ്പന്നം വാങ്ങാന്‍ കഴിയാത്തവിധം ദരിദ്രരായി മാറുന്നു.അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നം ഉല്‍പാദന വര്‍ദ്ധനവുമായി ബന്ധപ്പെട്ടതല്ല : ജനങ്ങളുടെ വാങ്ങല്‍ ശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതാണ്. ഉല്‍പാദനം അനേകം മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍കഴിയും. നമുക്ക് പതിനായിരക്കണക്കിന് എഞ്ചിനിയര്‍മാരും ടെക്നീഷ്യന്മാരും എല്ലാമുണ്ട്. അസംസ്കൃത വസ്തുക്കളുടെ വന്‍ ശേഖരവുമുണ്ട്. എന്നാല്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍കഴിയണം. ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായി തൊഴിലില്ലാതെ തീരെ വാങ്ങല്‍ശേഷിയില്ലാത്ത അവസ്ഥയിലെത്തിയാല്‍ എങ്ങനെയാണവ വില്‍ക്കാന്‍ കഴിയുക?പ്രശ്നം ഡിമാന്റ് എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതുമല്ല. ഡിമാന്റ് ഉണ്ട്. പക്ഷേ വാങ്ങാന്‍ ജനങ്ങളുടെ കൈവശം പണമില്ല. ഉദാഹരണത്തിന് ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത് ശതമാനത്തിന് ദിവസവരുമാനം 20 രൂപയാണ്. മറ്റു സാധനങ്ങള്‍ വാങ്ങുന്നത് പോകട്ടെ; അവശ്യവസ്തുക്കളായ ഭക്ഷണവും മരുന്നും വാങ്ങാന്‍ പോലും ഇതു തികയില്ല.ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തിക്കൊണ്ടു മാത്രമേ സാമ്പത്തികക്കുഴപ്പത്തിന് പരിഹാരം കാണാന്‍കഴിയൂ. അതിന് ധാരാളം ചിന്തയും ചര്‍ച്ചയുമൊക്കെ വേണ്ടതുണ്ട്. ഇന്ത്യയും ലോകവും അഭിമുഖീകരിക്കുന്ന ഈ പ്രശ്നം ചിന്തകരുടെ ഗൌരവതരമായ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണ്.നികുതികള്‍ കാര്യമായി വെട്ടിക്കുറക്കുന്നത് സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള വരുമാനമുണ്ടാക്കാനാണ് നികുതികള്‍ ചുമത്തുന്നത്. നികുതിനിരക്കു കുറച്ചാല്‍ സാധനങ്ങളുടെ വില കുറയുകയും ജനങ്ങള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുകയും ചെയ്യും. അതായത് നികുതി കുറയ്ക്കുന്നതിലൂടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു. ഇത് കുഴപ്പം പരിഹരിക്കാന്‍ സ്വീകരിക്കാവുന്ന പ്രധാന മാര്‍ഗമാണ്.സര്‍ക്കാരിന് തീര്‍ച്ചയായും നികുതി വരുമാനം വേണം. എന്നാല്‍ ഈ വരുമാനം വേണ്ടതില്‍ കൂടുതല്‍ പാടില്ല. അഴിമതി, കെടുകാര്യസ്ഥത തുടങ്ങി പല വഴികളിലൂടെ ധാരാളം പെതുപണം പാഴായി പോകുന്നുണ്ട്. അതുമൂലം സര്‍ക്കാര്‍ ചിലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. പൊതുപണത്തിന്റെ പാഴ്‌ചിലവ് അവസാനിപ്പിക്കണം. അതിന് അഴിമതിയും കെടുകാര്യസ്ഥതയും മറ്റും ഇല്ലാതാവണം. പൊതുപണത്തിന്റെ കണക്കുകള്‍ കൃത്യമായി പരിപാലിക്കേണ്ടതാണ്. വിദഗ്ധന്മാരും പൊതുജനങ്ങളാകെയും ശ്രദ്ധാപൂര്‍വ്വം ഇതില്‍ ഇടപെട്ടേതീരൂ.വന്‍ തോതിലുള്ള ദാരിദ്ര്യവും വരുമാനത്തിലെ അന്തരവുമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇപ്പോഴുള്ള നികുതിനിരക്കുകള്‍ നീതി യുക്തമോ ന്യായീകരിക്കത്തക്കതോ അല്ല. അഞ്ചുലക്ഷത്തിന്മേല്‍ വരുമാനമുള്ള എല്ലാവര്‍ക്കും പരമാവധി 30% എന്ന നിരക്ക് പുനരാലോചിക്കേണ്ടതുണ്ട്. പ്രതി വര്‍ഷം 5ലക്ഷം വരുമാനമുള്ളയാളും 100കോടി വരുമാനമുള്ളയാളും ഒരോ നിരക്കില്‍ നികുതിനല്‍ക്കണമെന്നത് അസംബന്ധമാണ്.ഇതിനെല്ലാം ഉപരി ഇപ്പോള്‍ ധനകമ്പോളത്തില്‍ കളിക്കുന്നവര്‍ക്ക് ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിനോ അവര്‍ക്ക് കിട്ടുന്ന ഡിവിഡന്റിനോ നികുതി നല്‍കേണ്ടതില്ല. ഒരു പക്ഷേ ലോകത്ത് ഏറ്റവുമധികം നികുതി കുറവുള്ള ധന കമ്പോളം ഇന്ത്യയുടേതായിരിക്കും . ഹൃസ്വകാല നേട്ടത്തിന്റെ കാര്യത്തിലും (മൌറീഷ്യസ്സ് വഴിയും മറ്റും) നികുതി ഒഴിവുകള്‍ നല്‍കാനുള്ള കുല്‍സിത മാര്‍ഗങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പത്തും സ്വാധീനവുമുള്ള ആളുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഇത്തരം നിയമങ്ങളും വ്യവസ്ഥകളും മൂലം വരുമാനത്തിലെ അന്തരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും മിഡില്‍ക്ളാസ്സ് വിഭാഗങ്ങളില്‍പ്പെട്ടവര്‍പോലും വിലകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇത് വ്യാപകമായ സാമൂഹ്യ കുഴപ്പങ്ങളിലേക്കും പൊട്ടിത്തെറിയിലേക്കും നയിച്ചേക്കാം. സാധാരണക്കാരായ ഗണ്യമായ വിഭാഗം ജനങ്ങളോടുള്ള ഈ അനീതി ദീര്‍ഘകാലം തുടരാന്‍ കഴിയില്ല.എല്ലാ പൌരന്മാര്‍ക്കും ന്യായമായ പ്രതിഫലത്തോടെ തൊഴില്‍ ചെയ്യാനും, തൊഴില്‍ ഇല്ലാത്തവര്‍ക്ക് ജീവിത മാര്‍ഗ്ഗം ലഭ്യമാക്കാനുമുള്ള സംവിധാനം ഉറപ്പുവരുത്താന്‍ സമൂഹത്തിന് കഴിയേണ്ടതാണ്.“ അസമത്വത്തെക്കുറിച്ചുള്ള സംവാദ” (Discourse on inequality)ത്തില്‍ മഹാനായ ഫ്രഞ്ച് ചിന്തകന്‍ ജീന്‍ ജാക്സ് റൂസോ ഇങ്ങനെ നിരീക്ഷിക്കുന്നു.“ഏതു തരത്തില്‍ നാം അതിനെ വ്യാഖ്യാനിച്ചാലും ശരി, ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാകാതെ ബഹുഃശതം ജനങ്ങള്‍ പട്ടിണിയില്‍ ഉഴലുമ്പോള്‍ അംഗുലീപരിമിതരായ ഒരു കൂട്ടം ആള്‍ക്കാര്‍ എല്ലാ ആര്‍ഭാടങ്ങളിലും തിമിര്‍ത്താടുന്നത് പ്രകൃതിയുടെ എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമാണ്”.മഹാരാഷ്ട്രയില്‍ ലക്ഷകണക്കിനു കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ഇപ്പോഴും ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വ്യവസായി തനിക്കു താമസിക്കാന്‍ 40 നില കെട്ടിടം പണിയുന്നു എന്നാണ് വാര്‍ത്ത. ഇത് ദീര്‍ഘകാലം തുടരാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനങ്ങള്‍ നേരിടുന്ന ഭീകരമായ ഈ സ്ഥിതിവിശേഷം അധികം പേരും നിശ്ശബ്ദരായി നോക്കിനില്‍ക്കുകയാണ്. തുറന്നു സംസാരിക്കുന്നവരിലധികവും ഈ വ്യവസ്ഥയുടെ ഗുണം അനുഭവിക്കുന്നവരാണ്. അതുകൊണ്ട് അവിടെ ഇടങ്കോലിട്ട് കുഴപ്പമുണ്ടാക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഇത്തരം തടസ്സങ്ങള്‍ അതിജീവിച്ച് ശബ്ദമുയര്‍ത്താന്‍ ദേശാഭിമാനികളായ ബുദ്ധിജീവികള്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. അവരെല്ലാം സാമ്പത്തികശാസ്ത്രം പഠിക്കണം. ആഡം സ്മിത്ത്, റിക്കാര്‍, മാര്‍ക്സ്, കെയിന്‍സ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിക്കണം. അതിന് കഴിയില്ലെങ്കില്‍ അവരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരണങ്ങളെങ്കിലും ഹൃദിസ്ഥമാക്കണം. എന്താണ് സാമ്പത്തിക കുഴപ്പമെന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കാനും അതിന് പ്രതിവിധി നിര്‍ദ്ദേശിക്കാനും അതവരെ സഹായിക്കും
*(Global Economic Scenerio - Role of Tax Professionals എന്ന വിഷയത്തില്‍ 2009 മാര്‍ച്ച് 7ന് വാരണാസിയില്‍ നാഷ്ണല്‍ ടാക്സ് കോണ്‍ഫറന്‍സില്‍ ബഹു : സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കാട്ജു നടത്തിയ പ്രസംഗത്തെ അധികരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം)

14 June, 2009

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍
കോമഡി രംഗത്തെ ബ്രാന്റ് നാമമായ കെ.എസ്.പ്രസാദും സംഘവും അവതരിപ്പിച്ച ഡ്യൂട്ടി ഫ്രീ കോമഡിഷോ ഉയര്‍ത്തിയ ചെറിയ ചില ചിന്തകളെങ്കിലും ഉറക്കെ പറയാതിരിക്കാന്‍ കഴിയുന്നില്ല. നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം എവിടേയ്ക്കാണ് പോവുന്നത്? നിരന്തരം ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോദ്യം തന്നെയാണിത്.ശാസ്ത്രീയ സംഗീതം പോലെയുള്ള പരിപാടികളുടെ ആസ്വാദനത്തിന് കൃത്യമായ സംവേദനക്ഷമത ആവശ്യമായിരിക്കാം. എന്നാല്‍ മനോഹരമായ ഒരു ഗസല്‍ സന്ധ്യക്കും നല്ല ഒരു നാടകത്തിനും ആള്‍ക്കൂട്ടങ്ങള്‍ പോയിട്ട് ആളനക്കം പോലും കുറയുന്നതെന്തുകൊണ്ടാണ്? എന്നാല്‍ ഇതേ സമയം തന്നെ ഏതെങ്കിലും ചാനലിലെ റിയാലിറ്റി ഷോയിലെ ഏതെങ്കിലും താരത്തിന്റെ സാന്നിദ്ധ്യമുള്ള പരിപാടികള്‍ക്കും കോമഡി പരിപാടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഇരച്ചെത്തുന്നത് എന്തുകൊണ്ട് എന്ന് ഗൌരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.ഡ്യൂട്ടീ ഫ്രീ കോമഡി ഷോയില്‍ കോമഡി ഇല്ല എന്നാണ് ഏറ്റവും ലളിതമായ വസ്തുത. നമുക്കതിനെ ഒരു വിനോദ പരിപാടി എന്ന് വിളിക്കാം. പാട്ട്, നൃത്തം, വിവിധ കലാരൂപങ്ങളുടെ അവതരണം, പ്രച്ഛന്ന വേഷങ്ങള്‍ ഒക്കെയും കൃത്യമായ അളവുകളില്‍ ചേര്‍ത്ത്, ആധുനിക സമൂഹത്തിന് യോജിച്ച തരത്തില്‍ പാകപ്പെടുത്തി എടുത്ത ഒരു ചേരുവ.ഹര്‍ത്താലുകള്‍, ബന്ദ്, സമരം, പണിമുടക്കുകള്‍ എന്നിവയെ ആക്ഷേപഹാസ്യമായി വേദിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ മുഖത്ത് നോക്കിയാണ് പരിഹസിക്കുന്നത്? ഒരു പാട് ദുരിതങ്ങളില്‍ നിന്ന്, ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിച്ച് കേരള ജനതയെ ഇന്നുകളിലേക്കെത്തിച്ച തൊഴിലാളി സംഘടനകളേയോ? സംഘടിത തൊഴിലാളി സംസ്ക്കാരത്തിന്റെ ഗുണഫലങ്ങള്‍ ഒട്ടേറെ അനുഭവിക്കുന്ന, നിരന്തരം പോരാട്ടങ്ങളില്‍ സജീവമായി ഇടപെടുന്ന, മുന്നില്‍ നില്ക്കുന്ന ഒരു വിഭാഗത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് കാണിക്കുന്ന കൊഞ്ഞനം കുത്തലുകള്‍ ആരെയാണ് ഉന്നമിടുന്നത്? അടുത്ത തലമുറയിലേക്ക് അരാഷ്ട്രീയവാദങ്ങള്‍ നിറക്കാന്‍ ശ്രമിക്കുന്ന, ആധുനിക മുതലാളിത്തത്തിന്റേതുതന്നെയാണ് ഇത്തരം ചിന്തകള്‍. കാമ്പസുകളെ 'രാഷ്ട്രീയ വിമുക്തമാക്കി' മതവിഭാഗീയ ചിന്തകള്‍ക്കും, ഭീകരവാദത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും, വിട്ടുകൊടുത്തു കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റെ മറ്റൊരു മുഖമല്ലേ ഇത്തരത്തിലുള്ള പരിപാടികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്?നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ചിഹ്നങ്ങളായി മാറിയ കലാരൂപങ്ങളെങ്കിലും, അതിന്റെ തനിമയില്‍ നിലനില്‍ക്കേണ്ടതുണ്ട്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തിന്, ദ്രുത താളത്തിന്റെ ചടുലത നല്കുമ്പോള്‍, നഷ്ടമാവുന്നത്, അതിന്റെ വശ്യത മാത്രമല്ല. ആ കലാരൂപം കൂടിയാണ്. അര്‍ത്ഥമില്ലാത്ത ചടുലത നല്‍കുന്നത് വഴി ചെയ്യുന്നത്, ഇത്തരം ചടുലതകളില്‍ അഭിരമിക്കുന്ന, മതിമറക്കുന്ന ഒരു പുതിയ ജനവിഭാഗത്തിന്റെ രൂപീകരണം മാത്രമാണ്. അത്തരം വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണിവിടെ സംഭവിക്കുന്നത്. ചാനലുകളിലെ റിയാലിറ്റി ഷോകളെ പരിഹസിച്ചു കൊണ്ട് മലയാളി മനസ്സുകളിലേക്ക് കടന്നു ചെല്ലാന്‍ ഇടക്കെങ്കിലും പ്രസാദ് ശ്രമിക്കുന്നുണ്ട്. അത്തരം പരിഹാസം നടത്തുന്ന സംഘം തന്നെ അവരുടെ സ്കിറ്റുകളില്‍ ഉപയോഗിക്കുന്ന ഭാഷ ആശാസ്യമാണോ? തമാശ സൃഷ്ടിക്കാനായി ഉപയോഗിക്കുന്ന വാക്കുകളുടെ 'വള്‍ഗാരിറ്റി' അരോചകം തന്നെ.ഈ ഒരു പരിപാടിയില്‍ മാത്രമല്ല, ഇത്തരം എല്ലാ കോമഡി പരിപാടികളും കോമഡി എന്നത് അശ്ളീലമെന്നതായി മാറിയിട്ടുണ്ട്. മൌലികമായ ചിന്തകളുടേയും, ആശയങ്ങളുടേയും ദാരിദ്ര്യം തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. ശ്ളീലാശ്ളീലങ്ങള്‍, ആസ്വാദകമനസ്സുകള്‍ക്കനുസരിച്ച് മാറാം. പറയുന്ന രീതിക്കനുസരിച്ച് ഏത് അശ്ളീലവും ശ്ളീലവുമാകാം. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അശ്ളീലം- അശ്ളീലമായിത്തന്നെ പറഞ്ഞു കൊണ്ട്, അതാണ് യഥാര്‍ത്ഥ തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു നുറുങ്ങു ചിരി പോലും ഉണരുന്നില്ല.ഒരേ സമയം പലരെ സ്നേഹിക്കുന്ന സ്ത്രീയെയും അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷന്മാരേയും ചിത്രീകരിക്കുന്നതിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന നര്‍മ്മം എന്താണ്? സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന മുതലാളിത്ത സംസ്ക്കാരത്തിന്റെ ചിന്തകള്‍ തന്നെയാണ് ഇവിടെയും ചിത്രീകരിക്കപ്പെടുന്നത്.ചിലപ്പോഴെങ്കിലും പഴയ ചാക്യാരുടെ വേഷം എടുത്തണിയുന്നുണ്ട് പ്രസാദും കൂട്ടുകാരും. രാഷ്ട്രീയ കോമാളിത്തരങ്ങളെ, ചാനലുകളിലെ ചില പരിപാടികളെ ഒക്കെ വിദൂഷകന്റെ സാമര്‍ത്ഥ്യത്തോടെ വിമര്‍ശിക്കുന്നുമുണ്ട്.അത്തരത്തിലുളള ചുരുക്കം ചില ഇനങ്ങള്‍ മാറ്റി നിറുത്തിയാല്‍, മറ്റെല്ലാം തന്നെ, പാട്ടിലും നൃത്തത്തിലും, ദ്രുതതാളങ്ങളിലും കെട്ടുകാഴ്ചകളുടെ മാസ്മരികതയിലും അലിഞ്ഞു തീര്‍ന്നു എന്നു തന്നെ പറയാം.എന്നാല്‍ കുറച്ചു വര്‍ഷത്തി നു മുമ്പ്, ഇതേ വേദിയില്‍ കെ. എസ്.പ്രസാദിന്റെ സംഘം അവതരിപ്പിച്ച പരിപാടികള്‍ നിലവാരം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം?ചാനലുകളിലെ മത്സരങ്ങള്‍ക്ക് പിന്നാലെ ഇത്തരം പരിപാടികളും മാറുകയാണോ? കെ.എസ്. പ്രസാദിന്റെ പരിപാടി മുന്‍നിറുത്തിയാണ് പറഞ്ഞതെങ്കിലും മറ്റു കോമഡി ഷോകളും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാകാനുള്ള ഒരു മത്സരം തന്നെയാണ് നടക്കുന്നത്. കാരണം കാഴ്ചപ്പാടിന്റേതാണ് എന്നതാണ് വസ്തുത. ചാനലുകളിലായാലും ഇതൊക്കെത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വേഷവിധാനങ്ങളിലൂടെയും, വാക്കുകള്‍ക്കിടയില്‍ കയറ്റി വെക്കുന്ന അശ്ളീലങ്ങളിലുമാണ് ഇന്ന് കോമഡി സൃഷ്ടിക്കപ്പെടുന്നത്.എന്നിട്ടും, ഇത്തരം പരിപാടികള്‍ക്കും യാഥാര്‍ത്ഥ്യം ഇല്ലാത്ത റിയാലിറ്റി ഷോകള്‍ക്കും ഒക്കെത്തന്നെയാണ് കാണികളുണ്ടാകുന്നത്. ഇത്തരം പരിപാടികളിലേക്ക് കാണികള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്തു കൊണ്ടാണ് ? തിരക്കു പിടിച്ച സംഘര്‍ഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒന്നും ചിന്തിക്കാതെ കുറിച്ചു നേരമെങ്കിലും രക്ഷപ്പെടാനുളള ത്വരയാണോ ഇതിന്റെ പിന്നിലെ മാനസികാവസ്ഥ? അതോ, തനിക്കു ചുറ്റും എന്ത് തന്നെ നടന്നാലും അതൊന്നും തനിക്ക് ബാധകമാവുന്നില്ല എന്നു കരുതുന്ന, എന്ത് കിട്ടിയാലും അതിനെ കണ്ട് കടന്നു പോകാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ 'സംസ്ക്കാര'രൂപീകരണത്തിന്റെ ഭാഗമോ?കുട്ടികളാണ് ഇന്ന് പല കുടുംബ തീരുമാനങ്ങളുടേയും കേന്ദ്ര സ്ഥാനത്ത് വരുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടികളില്‍ മാത്രം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം പരിപാടികള്‍ സൃഷ്ടിക്കപ്പെടുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. നമുക്കിത് വേണ്ട എന്നു പറയാന്‍ ആസ്വാദകര്‍ തയ്യാറല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ കൂടുതല്‍ മോശമായിക്കൊണ്ടേയിരിക്കും. ഇവിടെയാണ്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ അര്‍ത്ഥമില്ലാത്ത ദ്രുത താളങ്ങളും, വര്‍ണ്ണഭംഗികളും മാത്രം മതിയോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടതും, തിരിച്ചറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നമ്മള്‍ തന്നെയാണ്.
*നൈസ കാക്കൂര്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

13 June, 2009

ഇ എം എസും ചരിത്രപരമായ ഭൌതികവാദവും

ഇ എം എസും ചരിത്രപരമായ ഭൌതികവാദവും
ഇ എം എസ് ഒരു ചരിത്രകാരനല്ലെന്ന വിമര്‍ശനം അക്കാദമിക് പണ്ഡിതന്മാര്‍ ഉന്നയിക്കാറുണ്ട്. ചരിത്രപഠനത്തില്‍ അടിസ്ഥാന സംഭാവനകള്‍ ഒന്നും ഇ എം എസ് നല്‍കിയിട്ടില്ലെന്നും അവര്‍ പറയാറുണ്ട്. അവരുടെ ചരിത്രസങ്കല്‍പത്തെ ആധാരമാക്കി പരിശോധിച്ചാല്‍, ഈ വാദങ്ങള്‍ ശരിയാണ്. അതേസമയം, ഈ വാദങ്ങള്‍ ഇ എം എസിന്റെ ചരിത്രവീക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍നിന്ന് രൂപംകൊണ്ടതുമാണ്. ഇ എം എസിന്റെ ചരിത്രവീക്ഷണം അദ്ദേഹം അംഗീകരിച്ച രാഷ്‌ട്രീയചട്ടക്കൂടിന്റെ ഭാഗമാണ്. മാര്‍ക്സിസ്റ്റ് രാഷ്‌ട്രീയമായിരുന്നു ഇ എം എസിന്റെ രാഷ്‌ട്രീയം. ചരിത്രത്തെക്കുറിച്ചു മാത്രമല്ല, സാമ്പത്തികശാസ്ത്രം, സാമൂഹ്യ സിദ്ധാന്തങ്ങള്‍, സാഹിത്യ സിദ്ധാന്തങ്ങള്‍ തുടങ്ങി ഇ എം എസ് ഇടപെട്ട എല്ലാ മേഖലകളിലും ഇ എം എസിന്റെ കാഴ്ചപ്പാടിനെ രൂപപ്പെടുത്തിയതും അതേ രാഷ്‌ട്രീയമാണ്. ഈ ലളിതമായ സത്യം അക്കാദമിക് പണ്ഡിതന്മാര്‍ വിസ്മരിക്കുന്നു.

മാര്‍ക്സിസം: അക്കാദമികവും രാഷ്‌ട്രീയവും

ഇ എം എസിനെ സംബന്ധിച്ച അക്കാദമിക് പണ്ഡിതന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് ഒരു സുപ്രധാന അടിത്തറയുണ്ട്. ചരിത്രരചനയ്ക്കാവശ്യമായ രീതിശാസ്ത്രങ്ങളിലൊന്നായി മാര്‍ക്സിസത്തെ അക്കാദമിക് പണ്ഡിതന്മാര്‍ അംഗീകരിക്കുന്നു. മാര്‍ക്സിസ്റ്റ് ചരിത്ര സിദ്ധാന്തം ഒരു പ്രത്യേക വിഷയമായി ക്ളാസുമുറികളില്‍ പഠിപ്പിക്കുന്നു. ഇന്ത്യയിലും, ലോകത്തില്‍ മുഴുവനും, മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാരുടെ ഒരു വന്‍നിര തന്നെയുണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ മാത്രമല്ല, സാമ്പത്തികശാസ്ത്രം, തത്വചിന്ത, സാമൂഹ്യശാസ്ത്രം, ഭൌതികശാസ്ത്രം തുടങ്ങി ഭൂമിശാസ്ത്രവും പുരാവസ്തു വിജ്ഞാനീയവുംപോലുള്ള വിഷയങ്ങളില്‍ വരെ മാര്‍ക്സിസത്തിന് സ്വാധീനമുണ്ട്. അക്കാദമിക് ലോകം മുഴുവന്‍ അവരുടെ സംഭാവനകള്‍ ഗൌരവത്തില്‍ കാണുകയും ചെയ്യുന്നുണ്ട്.അവര്‍ക്കൊക്കെ സംഭാവനകള്‍ നല്‍കാമെങ്കില്‍, ഒരു മാര്‍ക്സിസ്റ്റായ ഇ എം എസിന് അവരുടെ നിലവാരത്തില്‍ സംഭാവനകള്‍ നല്‍കാമായിരുന്നില്ലേ? മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്ന രീതികള്‍ ഉപയോഗിച്ച് എന്തുകൊണ്ട് അദ്ദേഹം ചരിത്രം എഴുതിയില്ല? സമയമെടുത്ത് അദ്ദേഹം എഴുതിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രംപോലും മേലേക്കിട ചരിത്രഗ്രന്ഥമായി മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ പോലും അംഗീകരിക്കുന്നില്ലല്ലോ?വീണ്ടും അക്കാദമിക് പണ്ഡിതരുടെ നിരീക്ഷണത്തില്‍ പരിശോധിച്ചാല്‍ ഈ വിമര്‍ശനങ്ങളില്‍ ശരിയുണ്ടെന്നു തോന്നാം. അക്കാദമിക് പണ്ഡിതരുടെ നിലവാരത്തിലുള്ള പഠനങ്ങള്‍ ഇ എം എസില്‍നിന്നു മാത്രമല്ല, മറ്റു കമ്യൂണിസ്റ്റ് നേതാക്കളില്‍നിന്നുമുണ്ടായിട്ടില്ല. ഇ എം എസിന്റെയും ഹിരെന്‍ മുഖര്‍ജിയുടെയും ഗാന്ധിജിയെക്കുറിച്ചുള്ള വിമര്‍ശനാത്മക പഠനങ്ങളും പി സുന്ദരയ്യയുടെ തെലുങ്കാന സമരത്തെക്കുറിച്ചുള്ള പഠനവുമാണ് സാധാരണയായി ഇതിനപവാദമായി എടുത്തുകാട്ടാറുള്ളത്. ഗവേഷണ പഠനങ്ങളിലൂടെ ഖ്യാതി നേടി പിന്നീട് പൂര്‍ണസമയ കമ്യൂണിസ്റ്റ് പ്രവര്‍ത്തകരായ പലരുമുണ്ട്. അവരെ ഇതില്‍ ഉള്‍പ്പെടുത്തുന്നില്ല. മറ്റുള്ളവര്‍ ശ്രദ്ധേയമായ ചില ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്, അത്രമാത്രം. ഇതു പോര എന്നും ഇനിയും വളരെയധികം പഠനങ്ങള്‍ ആവശ്യമാണെന്നും വാദിക്കാം.പക്ഷേ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നത് മാര്‍ക്സിസ്റ്റ് രാഷ്‌ട്രീയത്തിന്റെ സ്വഭാവമാണ്. അത് എല്ലായ്പ്പോഴും ഊന്നുന്ന സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ഐക്യമാണ്. അക്കാദമിക് പണ്ഡിതന്മാര്‍ക്ക് സ്വന്തം പ്രബന്ധങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തില്‍ സംതൃപ്തിയടയാം. മാര്‍ക്സിസ്റ്റുകാരുടെ പഠനങ്ങള്‍ അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങളുടെ പ്രായോഗികപരതയില്‍ ഊന്നിനിന്നുള്ളതാണ്. മാര്‍ക്സിസ്റ്റ് "ചരിത്രസിദ്ധാന്ത''വും ചരിത്രപരമായ ഭൌതികവാദവും തമ്മിലുള്ള വേര്‍തിരിവും അവിടെയാണ്.

ചരിത്രപരമായ ഭൌതികവാദം

മാര്‍ക്സ് ചരിത്രത്തെ ഉപയോഗിച്ച രീതിയില്‍ ഈ വ്യത്യാസം വ്യക്തമായി കാണാം. ലോക ചരിത്രത്തിന്റെ വിവിധ ദശകളെയും മുതലാളിത്തത്തിന്റെ വളര്‍ച്ചയെയും സംബന്ധിച്ച നിരവധി പരാമര്‍ശങ്ങള്‍ മാര്‍ക്സിന്റെ രചനകളില്‍ കാണാം. പക്ഷേ, ഏറ്റവുമധികം സമയമെടുത്തു പഠിച്ച മൂലധനത്തിന്റെപോലും സമഗ്രമായ ചരിത്രം അദ്ദേഹം എഴുതിയില്ല. ചരിത്രപരമായി അദ്ദേഹം പരിശോധിച്ച പല വിഷയങ്ങളും സമകാലിക സംഭവങ്ങളാണ്. 1848ലെ വിപ്ളവം, 1857ലെ ഇന്ത്യന്‍ കലാപം, 1871ലെ പാരീസ് കമ്യൂണ്‍ തുടങ്ങിയവ ഇതില്‍പെടും. ഇതിന്റെ കാരണവും വ്യക്തമാണ്. ഇന്ന് പല അക്കാദമിക് പണ്ഡിതരും ചെയ്യുന്നതുപോലെ, സമൂഹത്തിന്റെ ചരിത്രപരമായ വളര്‍ച്ചയെ രേഖീയമായി പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ താന്‍ പരിശോധിക്കുന്ന സംഭവത്തെ വ്യാഖ്യാനിക്കുകയല്ല മാര്‍ക്സ് ചെയ്തത്. അതിനുവിപരീതമായി, താന്‍ നിരീക്ഷിച്ച സംഭവത്തെ സനിഷ്‌ക്കര്‍ഷം പരിശോധിച്ച്, അത് രൂപംകൊണ്ട ചരിത്രപരമായ പശ്ചാത്തലത്തെ കൂടി കണക്കിലെടുത്തുകൊണ്ട് നിഗമനങ്ങളിലെത്തുകയാണ് അദ്ദേഹം ചെയ്തത്.ഈ ചരിത്രപരമായ പശ്ചാത്തലം സംഭവത്തില്‍ പങ്കെടുക്കുന്നവരുടെ അനുഭവങ്ങളിലും ആഗ്രഹാഭിലാഷങ്ങളിലും ഒതുങ്ങി നില്‍ക്കുന്നതല്ല. അത്തരത്തിലുള്ള സമീപനം ആശയവാദമായി തീരും. ചരിത്ര പ്രക്രിയകളുടെ യാന്ത്രികമായ പ്രകടനവുമല്ല അത്. അങ്ങനെയെങ്കില്‍ അത് യാന്ത്രിക ഭൌതികവാദമാകും. ഇവ രണ്ടും നിരാകരിക്കുകയും ചരിത്രപ്രക്രിയകളും സംഭവത്തില്‍ പങ്കെടുത്ത മനുഷ്യരും പ്രസ്ഥാനങ്ങളും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ സംഭവങ്ങളെ വിലയിരുത്തുകയും ചെയ്തു എന്നതാണ് മാര്‍ക്സിന്റെ സംഭാവന. വര്‍ഗങ്ങളെയും വര്‍ഗസമരത്തെയും സംബന്ധിച്ച നിലപാടുകള്‍ രൂപപ്പെടുന്നത് ഈ ബന്ധങ്ങളില്‍നിന്നാണ്. സമകാലിക സംഭവങ്ങളില്‍നിന്ന് അവയുടെ ഭൂതകാലത്തിലേക്കും പിന്നീട് ഭാവിയിലേക്കും പോകുകയാണ് മാര്‍ക്സ് ചെയ്തത്; രേഖീയമായി ചരിത്രം നിര്‍മ്മിക്കുകയല്ല.വര്‍ഗം, വര്‍ഗസമരങ്ങള്‍, ഉല്‍പാദനവ്യവസ്ഥ, സമൂഹരൂപങ്ങള്‍ തുടങ്ങിയവയെല്ലാം മാര്‍ക്സിസ്റ്റ് ചരിത്രസിദ്ധാന്തത്തില്‍ കാണാം. അവയനുസരിച്ച് സംഭവങ്ങളെ വിശകലനം ചെയ്യാനും ചരിത്ര സിദ്ധാന്തത്തിനു കഴിയും. പക്ഷേ, ചരിത്രപരമായ ഭൌതികവാദത്തിന്റെ ഉദ്ദേശ്യം അതുമാത്രമായിരുന്നില്ല. ചരിത്രപഠനത്തിലൂടെ, ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള ബന്ധങ്ങളുടെ പഠനത്തിലൂടെ, ഭാവിയെക്കുറിച്ചുള്ള ധാരണകള്‍ രൂപീകരിക്കുകയും ചരിത്രപരമായ ഭൌതികവാദത്തിന്റെ ലക്ഷ്യമായിരുന്നു. 1848ലെ ജൂണ്‍ വിപ്ളവത്തില്‍ മുതലാളിത്ത ശക്തികളെ തകര്‍ക്കാന്‍ തൊഴിലാളിവര്‍ഗത്തിനു സാധിക്കാത്തത് കനത്ത തിരിച്ചടിയായി മാര്‍ക്സ് കണ്ടു. കാരണം, ലൂയി നെപ്പോളിയനെന്ന ഏകാധിപതി ഭരണത്തില്‍വന്നത് ഈ പരാജയത്തിനുശേഷം മുതലാളിത്ത ശക്തികളില്‍വന്ന വിള്ളലുകളെ മുതലെടുത്തുകൊണ്ടാണ്. 1871ല്‍ പാരീസിലെ അധികാരം തൊഴിലാളിവര്‍ഗം പിടിച്ചെടുത്തു. അതു നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ഈ പരാജയങ്ങളെ സംബന്ധിച്ച അന്വേഷണം മാര്‍ക്സിനെ എത്തിക്കുന്നത് സംഘടിതമായ തൊഴിലാളിവര്‍ഗ പാര്‍ടിയുടെ ആവശ്യകതയിലേക്കാണ്, തൊഴിലാളിവര്‍ഗ രാഷ്‌ട്രീയത്തെ സംബന്ധിച്ച ധാരണയിലേക്കും. ചരിത്രപരമായ അന്വേഷണം വര്‍ത്തമാനവും ഭാവിയും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച നിഗമനങ്ങളിലേക്കും കര്‍മ്മ പദ്ധതികളിലേക്കുമാണ് നയിക്കുന്നത്. അക്കാദമിക് പണ്ഡിതരുടെ മാര്‍ക്സിസ്റ്റ് ചരിത്രരചനകളിലില്ലാത്തതും ഇതുതന്നെ.ചരിത്രപരമായ ഭൌതികവാദത്തിന്റെ ഇതേ രീതിയിലുള്ള ഉപയോഗം ലെനിനിലും കാണാം. റഷ്യയിലെ മുതലാളിത്തത്തിന്റെ വികാസത്തെ സംബന്ധിച്ച പഠനങ്ങളില്‍നിന്നാണ് തൊഴിലാളിവര്‍ഗവും കര്‍ഷകരും തമ്മിലുണ്ടാകേണ്ട ഐക്യത്തെക്കുറിച്ചുള്ള ധാരണകളിലേക്ക് ലെനിന്‍ ചെന്നെത്തുന്നത്. ഗ്രാമീണര്‍ നഗരങ്ങളെ വളയുകയും നശിപ്പിക്കുകയും ചെയ്യുമെന്ന നരോദ്നിക്കുകളുടെ കാല്‍പനികവാദത്തെ വിമര്‍ശിക്കുന്നതിനും ലെനിനു സാധിച്ചു.ഒന്നാംലോക മഹായുദ്ധത്തെ സംബന്ധിച്ച് രണ്ടാം ഇന്റര്‍നാഷണലില്‍ നടന്ന ചുടുപിടിച്ച വിവാദങ്ങളാണ് ലെനിനെ സാമ്രാജ്യത്വത്തെക്കുറിച്ചുള്ള സിദ്ധാന്തം അവതരിപ്പിക്കുന്നതിലേക്കു നയിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ മുതലാളിത്തത്തിനു വന്നുചേര്‍ന്ന മാറ്റങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന ലെനിന്‍ സാമ്രാജ്യത്വത്തെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. അതിലൂടെ ലെനിന്‍ എത്തിച്ചേരുന്നത് സാമ്രാജ്യത്വയുദ്ധം തൊഴിലാളിവര്‍ഗത്തിന് നല്‍കുന്ന സാദ്ധ്യതകളെ സംബന്ധിച്ച നിഗമനങ്ങളിലാണ് അക്കാദമികമായി ലെനിനോടൊപ്പംനിന്ന ഹില്‍ ഫര്‍ഡിംഗിന്റെയും റോസാലക്സംബെര്‍ഗിന്റെയും രചനകളില്‍നിന്ന് ലെനിന്റെ രചനയെ വേര്‍തിരിക്കുന്നതും അതാണ്.മാര്‍ക്സിസ്റ്റ് വിപ്ളവകാരികളെ സംബന്ധിച്ചിടത്തോളം ചരിത്രം മണ്‍മറഞ്ഞുപോയ വ്യക്തികളെയോ സംഭവങ്ങളെയോ സംബന്ധിച്ച വിവരശേഖരണവും മാര്‍ക്സിസ്റ്റ് "ചരിത്രസിദ്ധാന്ത''മുപയോഗിച്ചുള്ള വിശകലനവും മാത്രമായിരുന്നില്ലെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ഭൂതകാലത്തിന്റെ ജഡമായ ആഖ്യാനമോ ആരാധനയോ അല്ല ചരിത്രപരമായ ഭൌതികവാദം പ്രോല്‍സാഹിപ്പിക്കുന്നത് ഭാവി സൃഷ്ടിക്കുന്നതിനുള്ള ഉപാധിയായി ചരിത്രപഠനത്തെ മാറ്റുന്നതിലാണ്. അതുകൊണ്ടാണ് "മൂലധനസമാഹരണത്തിന്റെ ചരിത്രപരമായ പ്രവണത'' എന്ന ഒരു അദ്ധ്യായമൊഴികെ "ചരിത്രസിദ്ധാന്ത''പരമായ ആഖ്യാനം "മൂലധന''ത്തില്‍ കാണാത്തത്; അതേസമയം, "മൂലധനം'' എന്ന മഹാഗ്രന്ഥം സാമ്പ്രദായിക സാമ്പത്തികശാസ്ത്രത്തില്‍നിന്നകന്ന് ചരിത്രപരമായ സാമൂഹ്യസാമ്പത്തിക വിശകലനത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാകുന്നതും. ഇ എം എസിന്റെ രചനകളില്‍ ഉള്‍പ്പെട്ട ചരിത്രപരമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ വിശകലനങ്ങളെ ഈ കാഴ്ചപ്പാടില്‍നിന്നാണ് വിലയിരുത്തേണ്ടതും.

ഇ എം എസിന്റെ "കേരളചരിത്രം''

ഇ എം എസ് സമഗ്രമായ ഒരു "കേരള ചരിത്രം'' എഴുതിയിട്ടില്ല. കേരള സമൂഹത്തെയും രാഷ്‌ട്രീയത്തെയും ചരിത്രപരമായി വിശകലനം ചെയ്യുന്ന (ഇംഗ്ളീഷിലും മലയാളത്തിലുമായി) ആറു കൃതികളെങ്കിലും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇന്ത്യാ ചരിത്രത്തെക്കുറിച്ച് രണ്ടു പൊതുരചനകളും ഒരു ബൃഹത്തായ സ്വാതന്ത്ര്യസമരചരിത്രവും ഉണ്ട്. സമകാലിക ഇന്ത്യന്‍ രാഷ്‌ട്രീയത്തെക്കുറിച്ച് നാല് ഇംഗ്ളീഷ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ഇവ കൂടാതെ നിരവധി ചെറുതും വലുതുമായ ലേഖനങ്ങളിലും ചരിത്രപരമായ വിശകലനം അടങ്ങുന്നു. ആത്മകഥാപരമായ രചനകളിലും ചരിത്രപരമായ നിരീക്ഷണങ്ങള്‍ സുലഭമാണ്. കൂടാതെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രവും അദ്ദേഹം എഴുതി. ഇവയെല്ലാം അദ്ദേഹത്തിന്റെ ചരിത്രരചനയ്ക്കുള്ള സംഭാവനകളാണ്. എങ്കിലും മുമ്പു സൂചിപ്പിച്ച അക്കാദമിക് മാര്‍ക്സിസ്റ്റ് (അല്ലെങ്കില്‍ ചിലര്‍ പറയുന്നതുപോലെ മാര്‍ക്സിയന്‍) 'ചരിത്ര സിദ്ധാന്ത'മനുസരിച്ച രചനകളായി ഇവയെ കണ്ടുകൂട. ഇത്തരം രചനകളും ഇ എം എസിന്റെ രചനകളും തമ്മില്‍ രണ്ടു വ്യത്യാസങ്ങള്‍ പ്രകടമാണ്. ഒന്ന് ഇ എംഎസിന്റെ ചരിത്രരചനകളുടെ ആത്മനിഷ്ഠഘടകം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്‍, പാര്‍ടി നേതാവ് എന്നീ നിലകളിലുള്ള വിപുലമായ അനുഭവസമ്പത്താണ്. ലഭ്യമായ എല്ലാ രേഖകളും അദ്ദേഹം ചരിത്രപഠനത്തിനായി ഉപയോഗിച്ചിരുന്നു. ആ രേഖകളുടെ പ്രസക്തി വേര്‍തിരിച്ചറിയുന്നതിനുള്ള ഉപാധി അദ്ദേഹത്തിന്റെ അനുഭവസമ്പത്തുതന്നെയായി. മാര്‍ക്സിസം നല്‍കിയ ഇന്ത്യാ ചരിത്രത്തെ സംബന്ധിച്ച വിശകലനപദ്ധതിയായിരുന്നു പഠനങ്ങളുടെ വസ്തുനിഷ്ഠഘടകം. ഈ വിശകലനങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഉദാഹരണത്തിന് കേരളത്തിലെ മദ്ധ്യകാല രാഷ്‌ട്രീയത്തെ മിലിട്ടറി ഫ്യൂഡലിസം എന്നു വിശേഷിപ്പിച്ചുവെങ്കിലും, മധ്യകാല ഇന്ത്യന്‍ സമൂഹം യൂറോപ്യന്‍ ഫ്യൂഡലിസത്തിന് സമാനമായ "ഇന്ത്യന്‍ ഫ്യൂഡലിസ'മാണെന്ന ആര്‍എസ് ശര്‍മ്മയുടെ വാദം അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതിനുപകരം "ജാതി-ജന്മി-നാടുവാഴി വ്യവസ്ഥ എന്ന പേരാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചെഴുതിയ മറ്റു ലേഖനങ്ങളിലും അദ്ദേഹം വര്‍ണ-ജാതി വ്യവസ്ഥയ്ക്കും ഗ്രാമസമൂഹങ്ങള്‍ക്കും (village community) ഊന്നല്‍ നല്‍കിയതായി കാണാം.രണ്ടാമത്തെ വ്യത്യാസം, ചരിത്രപഠനങ്ങളും രാഷ്‌ട്രീയവും തമ്മില്‍ ഉണ്ടായിരുന്ന നേരിട്ടുള്ള ബന്ധമാണ്. രാഷ്‌ട്രീയമായ പ്രവര്‍ത്തനപദ്ധതിക്കുള്ള ശക്തമായ അടിത്തറ എന്ന നിലയിലാണ് ചരിത്ര പഠനങ്ങളെ അദ്ദേഹം കണ്ടിരുന്നത്. മുപ്പതുകളുടെ അവസാനത്തിലും നാല്‍പതുകളുടെ ആദ്യത്തിലുമായി കേരളത്തിലെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങള്‍ ഉദാഹരണമാണ്. കേരളത്തില്‍ നിലനിന്നിരുന്ന ജന്മി നാടുവാഴിത്തവും ബ്രിട്ടീഷ് കാലഘട്ടത്തില്‍ വന്ന പരിവര്‍ത്തനങ്ങളും പരിശോധിച്ചതിനുശേഷം ഇ എം എസ് എത്തിച്ചേരുന്ന നിഗമനം. പല്ലും നഖവും കൊഴിഞ്ഞുപോയ, ബ്രിട്ടീഷുകാരുടെ കീഴില്‍ ഇത്തിക്കണ്ണികളെപ്പോലെ കര്‍ഷകരുടെ മിച്ച ഉല്‍പന്നം കൈപ്പറ്റിയ ഒരു വര്‍ഗമായിരുന്നു കേരളത്തിലെ ജന്മിമാര്‍ എന്നായിരുന്നു.എന്നാല്‍, ജന്മിമാരുടെ വര്‍ഗ ശത്രുക്കള്‍ ബ്രിട്ടീഷ് ഭരണാധികാരികളും ഒരു വിഭാഗം കോണ്‍ഗ്രസുകാരും കരുതിയതുപോലെ കാണക്കാരല്ല, മണ്ണില്‍ പണിയെടുക്കുന്ന വെറും പാട്ടക്കാരാണ്. ബ്രിട്ടീഷുകാര്‍ വരുത്തിയ നിയമപരമായ മാറ്റങ്ങള്‍കൊണ്ട് ഒരു മാറ്റവും വരാത്തവരും കൂടുതല്‍ ദുരിതങ്ങളിലേക്ക് നീങ്ങിയവരും അവരാണ്. അതായത് വെറും പാട്ടക്കാര്‍ക്ക് ഭൂമി ലഭിക്കുമ്പോള്‍ മാത്രമാണ് ഭൂമിയുടെ മേലുള്ള ജന്മിനാടുവാഴി ആധിപത്യം ഇല്ലാതാക്കുക. ഈ നിഗമനം ചരിത്രപരമാണ്. അതേസമയം പ്രായോഗിക രാഷ്‌ട്രീയ പദ്ധതിയുടെ ഭാഗവുമാണ്.ഇതുപോലെ, ഇ എം എസ് ചെന്നെത്തിയ മറ്റൊരു നിഗമനമാണ് കേരളത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ ഉദ്ഗ്രഥനത്തെ സംബന്ധിച്ചുള്ളത്. ബ്രാഹ്മണരുടെ അധിനിവേശവും സാംസ്കാരികവും സാമൂഹ്യവുമായ ആധിപത്യവും ബൃഹത്തായ ഭാരതത്തിന്റെ ഭാഗമായി കേരളത്തെ മാറ്റി എന്നല്ല അദ്ദേഹം വാദിച്ചത്. ബ്രാഹ്മണാധിപത്യം തദ്ദേശീയ ജനതയെ പൂര്‍ണ്ണമായി നശിപ്പിച്ചു എന്നു വാദിക്കാനും അദ്ദേഹം തയ്യാറായില്ല. ബ്രാഹ്മണാധിപത്യവും അബ്രാഹ്മണരും തമ്മിലുള്ള വൈരുദ്ധ്യം പുതിയ തരത്തിലുള്ള ഉദ്ഗ്രഥനത്തിലേക്കു നയിച്ചുവെന്നും ഭാഷാപരവും സാംസ്കാരികവുമായ ഐക്യം കേരളമെന്ന പ്രദേശത്തെയും മലയാളിയെയും സൃഷ്ടിച്ചുവെന്നും അദ്ദേഹം വാദിച്ചു.ഇ എം എസിന്റെ ഈ നിലപാടാണ് കേരളത്തില്‍ തമിഴ്‌നാടിന് തുല്യമായ അബ്രാഹ്മണ പ്രസ്ഥാനത്തെ തടഞ്ഞതെന്നും, അദ്ദേഹത്തിന്റെ ബ്രാഹ്മണ മനസ്സാണ് അവിടെ പ്രവര്‍ത്തിച്ചതെന്നും വാദിക്കുന്ന അക്കാദമിക് പണ്ഡിതന്മാരുണ്ട്. വികലമനശാസ്ത്രപരമായ ഇത്തരം സമീപനങ്ങള്‍ക്കുപകരം ഉന്നയിക്കാവുന്ന ഒരു രാഷ്‌ട്രീയ സമീപനമുണ്ട്.ഇ എം എസിന്റെ ലക്ഷ്യം ബ്രാഹ്മണാധിപത്യത്തെയോ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മിലുള്ള വൈരുദ്ധ്യത്തെയോ ചരിത്രപരമായി വിശകലനം ചെയ്യുകയായിരുന്നില്ല. താന്‍ മുന്നില്‍കണ്ട, ബ്രാഹ്മണരും അബ്രാഹ്മണരും ജാതിനിന്ദ്യരുമെല്ലാം അടങ്ങിയ കേരളം സൃഷ്ടിക്കപ്പെട്ടത് മദ്ധ്യകാലത്താണ്. അതിന് ദേശീയ സ്വഭാവം കൈവന്നത് ഇവരെല്ലാം പങ്കെടുത്ത കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിലുമാണ്. ജാതിവിരുദ്ധ സമരങ്ങളും കര്‍ഷകസമരങ്ങളും തൊഴിലാളി സമരങ്ങളും ഈ ദേശീയതയെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അതിലേതെങ്കിലും ഒന്നുമാത്രമെടുത്ത് ശാശ്വതഘടകമായി ഉപയോഗിക്കുന്നതിന് അദ്ദേഹം തയ്യാറായിരുന്നില്ല. പ്രായോഗികതലത്തില്‍ ഉദ്ഗ്രഥിതമായ ഭാഷാ സംസ്ഥാനമായി കേരളം മാറുന്നതിന് സഹായിച്ചത് ഈ നിലപാടിന് ലഭിച്ച അംഗീകാരമാണ്.പ്രസിദ്ധമായ ഗാന്ധിയും ഗാന്ധിസവും എന്ന പുസ്തകവും തുടര്‍ന്ന് "ആവഡി സോഷ്യലിസം'' എന്നദ്ദേഹം വ്യവഹരിച്ച നെഹ്റു കാലഘട്ടത്തെ സംബന്ധിച്ച വിശകലനവും ഇത്തരം സമീപനത്തിന്റെ മറ്റുദാഹരണങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയില്‍ മഹാത്മാന്ധിയുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ടുതന്നെ ഗാന്ധിയുടെ സിദ്ധാന്തവും പ്രയോഗവും എങ്ങനെ വര്‍ഗ അനുരഞ്ജനത്തിന്റെ സൂത്രവാക്യമായി മാറുന്നു എന്നു വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. നെഹ്റു അവതരിപ്പിച്ച "സോഷ്യലിസ്റ്റ് പാറ്റേണ്‍'' എങ്ങനെ കോളണി ഭരണത്തില്‍നിന്ന് രൂപംകൊണ്ട ഒരു മുതലാളിവര്‍ഗത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കുമാവശ്യമായ മുദ്രാവാക്യമായി മാറുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ രണ്ടു ഗ്രന്ഥങ്ങളും ഗാന്ധിയെയോ നെഹ്റുവിനെയോ സംബന്ധിച്ച ചരിത്രസിദ്ധാന്ത'പരമായ വിമര്‍ശനങ്ങളായിരുന്നില്ല. പകരം ചരിത്രപരമായ ഭൌതികവാദത്തില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള പ്രായോഗിക രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ നിരീക്ഷണങ്ങളായിരുന്നു. ഈ വിമര്‍ശനങ്ങളുന്നയിക്കുന്ന കാലഘട്ടങ്ങളില്‍ ഗാന്ധിജി ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച നേതാവും "സോഷ്യലിസ്റ്റ് പാറ്റേണ്‍'' ഇന്ത്യയിലെ ഇടതുപക്ഷത്തില്‍ ഒരു വിഭാഗത്തെപ്പോലും ആകര്‍ഷിച്ച ആശയസംഹിതയുമായിരുന്നുവെന്നും ഓര്‍ക്കണം. ചരിത്രപരമായ ഭൌതികവാദം രാഷ്‌ട്രീയ സംവാദങ്ങള്‍ക്കുള്ള ഉപാധിയായി രൂപപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്.ഔപചാരിക ചരിത്ര രചനയോട് ഇ എം എസ് ഏറ്റവും അടുത്തുവന്നത് എഴുപതുകളില്‍ തയ്യാറാക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലായിരുന്നു. സ്വാതന്ത്ര്യസമരത്തെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഒരു ഗ്രന്ഥത്തിന്റെ അഭാവമാണ് അദ്ദേഹത്തെ ഈ പുസ്തകത്തിന്റെ രചനയിലെത്തിക്കുന്നത്. എങ്കിലും, അദ്ദേഹം എന്തിന് ഇതെഴുതി? ഭാരതം അതിന്റെ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ അനുക്രമമായി കളഞ്ഞുകുളിക്കുകയും ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധിയിലേക്കും രാഷ്‌ട്രീയഘടന അമിതാധികാരത്തിലേക്കും വഴുതിവീഴുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥം എഴുതുന്നത്. സംഭവകഥനത്തിന്റെ രൂപത്തിലാണെങ്കിലും ദേശീയപ്രസ്ഥാനത്തിന്റെ ബൂര്‍ഷ്വാ നേതൃത്വത്തിന്റെയും കോണ്‍ഗ്രസിന്റെയും ജനവിരുദ്ധ സ്വഭാവം തുറന്നുകാണിക്കുകയും, ഇതിന്റെ ഫലമായി രൂപംകൊണ്ട ജനവിരുദ്ധ നയങ്ങളാണ് ഇന്ത്യയെ പ്രതിസന്ധിയിലെത്തിച്ചത് എന്ന് വാദിക്കുകയും ചെയ്യുന്നതിന് ആവശ്യമായ വിവരങ്ങളുടെ അടിത്തറപാകലാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ മറ്റു കൃതികളില്‍നിന്ന് വ്യത്യസ്തമായി. ആ പുസ്തകത്തിനുണ്ടായിരുന്ന കേവല ചരിത്രസ്വഭാവം അതിന്റെ ഒരു ദൌര്‍ബല്യവും കൂടിയായിരുന്നു. ചരിത്രപരമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഉണ്ടാകേണ്ട ഭാവി രൂപ നിര്‍ണയം അതില്‍ ഉണ്ടായില്ല.

ചരിത്രപരതയും രാഷ്‌ട്രീയവും

ഇ എം എസിന്റെ ചരിത്രരചനകളെക്കുറിച്ച് ഉദിക്കാവുന്ന മറ്റൊരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം ചരിത്രപരമായ വിശകലനത്തില്‍ ഉറച്ചുനിന്നത്? അദ്ദേഹത്തിന് രാഷ്‌ട്രീയവും സാമ്പത്തിക ശാസ്ത്രപരവുമായ വിശകലനങ്ങളില്‍ ഉറച്ചുനില്‍ക്കാമായിരുന്നില്ലേ? കെ എന്‍ രാജ്, ജോവാന്‍ റോബിന്‍സണ്‍ മുതലായവരുമായുള്ള സംവാദങ്ങള്‍ മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹത്തിന് തെളിവാണ്. രാഷ്‌ട്രീയ വിമര്‍ശകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ ഏവരും തിരിച്ചറിഞ്ഞതുമാണ്. എവിടെയാണ് ഇതില്‍ ചരിത്രപഠനത്തിന്റെ പ്രസക്തി?ഇവിടെയാണ് ഇ എം എസ് ഉള്‍ക്കൊണ്ട മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ സമഗ്രത വെളിപ്പെടുന്നത്. മാര്‍ക്സിസ്റ്റ് 'ചരിത്രസിദ്ധാന്ത'മുള്‍പ്പെടെയുള്ള ചരിത്ര വിശകലനരീതികള്‍ നിരവധിതരത്തിലുള്ള പ്രശ്നങ്ങള്‍ കൈകാര്യംചെയ്യുന്നുണ്ട്. വര്‍ഗീയ ഹിന്ദുത്വത്തിന്റെ ചരിത്രവാദങ്ങള്‍, ജാതിമത രാഷ്‌ട്രീയം, കൊളോണിയലിസം മുതലായവ ചരിത്രസിദ്ധാന്ത'ത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെടുന്നു. അവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ നാം ചരിത്രകാരന്മാരുടെ സഹായംതേടുന്നു. അവര്‍ നല്‍കുന്ന വിവരങ്ങളും നിമഗനങ്ങളും വര്‍ഗീയവാദികളുടെ നിഗമനങ്ങളെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്നുണ്ട്. പക്ഷേ, അതുകൊണ്ട് സമകാലിക സമൂഹത്തിലെ ജാതിമത ശക്തികളെ ഇല്ലാതാക്കാന്‍ കഴിയുന്നില്ല. അവരുടെ നിലപാടുകളെ സാധൂകരിക്കുന്ന മറ്റു ചരിത്രങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. വര്‍ഗീയതയുടെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ അക്കാദമിക് ചരിത്രകാരന്മാര്‍ക്ക് കഴിയുമെങ്കിലും അതിനെ മറികടക്കാനുള്ള പ്രായോഗിക പദ്ധതി നിര്‍ദ്ദേശിക്കാന്‍ അവര്‍ക്കു കഴിയില്ല. അതവരുടെ ബാധ്യതയല്ലെന്ന് കരുതുന്നവരുമുണ്ട്. അക്കാദമിക് ചരിത്രരചനയുടെയും 'ചരിത്ര സിദ്ധാന്ത'ങ്ങളുടെയും ദൌര്‍ബല്യത്തെയാണ് ഇത് കാണിക്കുന്നത്.ഇതിനൊരു മറുവശവുമുണ്ട്. സമകാലിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുമ്പോള്‍ അവ രൂപപ്പെടുന്ന ചരിത്ര പശ്ചാത്തലം നാം കണക്കിലെടുക്കാറില്ല. സമൂഹപ്രക്രിയകള്‍ ഉണ്ടാകുന്നത് അതിനുമുമ്പുതന്നെ രൂപംകൊള്ളുന്ന സന്ദര്‍ഭങ്ങളിലാണെന്ന് നാം ഓര്‍മ്മിക്കാറില്ല. അത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം വെറും ദത്തങ്ങള്‍ മാത്രമാണ്. അവ ചില കണക്കുകളിലൂടെ കാണിക്കാനാണ് ഇടതുപക്ഷ സൈദ്ധാന്തികര്‍പോലും താല്‍പര്യപ്പെടുക. ഇതിന് നാം അക്കാദമിക് പണ്ഡിതരുടെ സഹായം തേടുകയും ചെയ്യുന്നു. സാമൂഹ്യശാസ്ത്രജ്ഞര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍, സ്റ്റാറ്റിസ്റ്റീഷ്യന്മാര്‍, മാനേജ്‌മെന്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ ചേര്‍ന്നു നടത്തുന്ന 'സമകാലിക' പഠനങ്ങളില്‍ ചരിത്രകാരന്മാര്‍, അക്കാദമിക് ചരിത്രകാരന്മാരടക്കം, ഒരധികപ്പറ്റാണ്. ഭൂതകാലവും വര്‍ത്തമാനകാലവും തമ്മിലുള്ള ബന്ധങ്ങളുടെ വിശകലനത്തെ ആധാരമാക്കി ഭാവി പരിപ്രേക്ഷ്യം രൂപപ്പെടുത്തുക എന്ന മാര്‍ക്സിസ്റ്റ് വിശകലനപദ്ധതിക്കുപകരം ഇന്നത്തെ സമൂഹത്തിന്റെ നില വിലയിരുത്തുന്ന കണക്കുകള്‍ പരിശോധിക്കുകയും അവയെ ആധാരമാക്കി ഭാവി പ്രോജക്ഷനുകള്‍ കണക്കാക്കുകയും ചെയ്യുന്ന യാന്ത്രിക രീതിയാണ് ഇന്ന് സ്വീകരിക്കുന്നത് ഉല്‍പാദനബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളും വര്‍ഗസമരങ്ങളുടെ രൂപഭാവങ്ങളും ഭൌതിക പ്രക്രിയകളും മനുഷ്യരുടെ ഇടപെടലുകളും തമ്മിലുള്ള ബന്ധവും സമകാലിക സംഭവങ്ങളുടെ വിശകലനത്തിന് ഏറ്റവും ആവശ്യമാണെന്ന് മാര്‍ക്സ് നമ്മെ പഠിപ്പിച്ചത് നാം പൂര്‍ണമായി മറക്കുന്നു. ഇടതുപക്ഷ സാമൂഹ്യശാസ്ത്രജ്ഞര്‍പോലും സ്വന്തം വിശകലനങ്ങള്‍ക്ക് ചരിത്രപരമായ 'ആമുഖ'ങ്ങള്‍ തയ്യാറാക്കുന്നതില്‍ മാത്രമാണ് താല്‍പര്യം കാണിക്കുന്നത്. സമകാലിക സംഭവങ്ങളെ ചരിത്രപരമായി വ്യാഖ്യാനിക്കുന്നതിലല്ല.ചരിത്രപരമായ ഭൌതികവാദത്തിന്റെ രാഷ്‌ട്രീയമായ പ്രയോഗത്തിന് നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച മാതൃകകളാണ് ഇ എം എസിന്റെ രചനകള്‍, ഇന്ത്യയുടെ ആസൂത്രണ രൂപങ്ങളെക്കുറിച്ച് ഇ എം എസ് നടത്തിയ പഠനങ്ങള്‍ വെറും സാമ്പത്തിക ശാസ്ത്രപഠനങ്ങള്‍ മാത്രമായിരുന്നില്ല, ആസൂത്രണത്തെ സംബന്ധിച്ച ചരിത്രപരമായ അന്വേഷണങ്ങള്‍കൂടിയായിരുന്നു. കേന്ദ്രീകൃത ആസൂത്രണത്തിന്റെയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന ആശയങ്ങളുടെയും പ്രയോഗത്തിന്റെയും വെളിച്ചത്തിലാണ് ഇ എം എസ് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ വക്താവാകുന്നത്. ഇത്തരം അന്വേഷണങ്ങള്‍ക്ക് ഒരു അടിസ്ഥാന സ്വഭാവമുണ്ട്. ചരിത്രപരമായ ഭൌതികവാദം അതുവരെ നടന്ന പ്രക്രിയകളുടെയും സമകാലിക സംഭവങ്ങള്‍ രൂപപ്പെടുന്ന സന്ദര്‍ഭങ്ങളുടെയും വിമര്‍ശനപദ്ധതി കൂടിയാണ്. ഭാവി പരിപ്രേക്ഷ്യങ്ങള്‍ രൂപപ്പെടുക അത്തരം വിമര്‍ശനപദ്ധതികളിലൂടെയാണെന്നും ഇ എം എസ് കണ്ടു.സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ എല്ലാ പ്രക്രിയകളുടെയും വിമര്‍ശനം ചരിത്രപരമാണ്. വ്യത്യസ്ത സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും അനുഭവങ്ങളുടെ വെളിച്ചത്തിലാണ് വിമര്‍ശനം നടക്കുക. ഈ വിമര്‍ശനങ്ങളെ ശാസ്ത്രീയവും വസ്തുനിഷ്ഠവുമാക്കുന്നതിനാണ് ചരിത്രപരമായ ഭൌതികവാദം പ്രയോജനപ്പെടുക, അല്ലാത്ത വിമര്‍ശനങ്ങള്‍ വിതണ്ഡവാദമാണ്. ഏതെങ്കിലും വിധത്തിലുള്ള അടിച്ചുടയ്ക്കല്‍ വാദമാണ് . ഇ എം എസ് വിതണ്ഡവാദിയോ ഉന്മൂലനവാദിയോ ആയിരുന്നില്ല. കോണ്‍ഗ്രസിനെതിരെ ഏറ്റവും ശക്തമായ വിമര്‍ശനങ്ങളുയര്‍ത്തിയ കാലത്തുപോലും ആ ഭരണത്തിലെ ഗുണപരമായ വശങ്ങള്‍ കാണാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. ആശയവാദികളുടെയും ആത്മനിഷ്ഠവാദികളുടെയും വൈകാരികമായ സമീപനങ്ങളാണ് അടിച്ചുടയ്ക്കല്‍ വാദത്തിലേക്ക് നയിക്കുക എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെ പോരാടാനും അദ്ദേഹം ശ്രമിച്ചു.വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനും ഇ എം എസ് നല്‍കിയ പ്രാധാന്യം ഇതിന്റെ ഭാഗമാണ്. വസ്തുനിഷ്ഠ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങളനുസരിച്ച് സ്വാനുഭവങ്ങളെയും പ്രവര്‍ത്തനങ്ങളെയും വിമര്‍ശനാത്മകമായി വിലയിരുത്താന്‍ അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതുപോലെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ വിമര്‍ശിക്കാനും സന്നദ്ധനായിരുന്നു. ഈ വൈരുദ്ധ്യാത്മക രീതി ചരിത്രപരമായ ഭൌതികവാദത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. വസ്തുനിഷ്ഠയാഥാര്‍ഥ്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെയും രൂപപ്പെടുത്തുന്നു. ഈ കാഴ്ചപ്പാടിലൂടെയുള്ള ചലനാത്മക സമീപനമാണ് സമൂഹത്തിന്റെ ഗതിവിഗതികള്‍ തിരിച്ചറിഞ്ഞുകൊണ്ട് ഭാവി പരിപ്രേക്ഷ്യം രൂപപ്പെടുത്താന്‍ നമ്മെ സഹായിക്കുക. അതിന് സഹായിക്കുന്ന വിമര്‍ശന പദ്ധതിയെയാണ് നാം വിമര്‍ശനവും സ്വയം വിമര്‍ശനവും എന്ന പേരില്‍ വ്യവഹരിക്കുന്നത്.ചരിത്രപരമായ ഭൌതികവാദത്തെ രാഷ്‌ട്രീയ വിമര്‍ശനപദ്ധതിയാക്കി മാറ്റിയതാണ് ഇ എം എസിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. അക്കാദമിക് ചരിത്രകാരന്മാരില്‍നിന്നു മാത്രമല്ല, യാന്ത്രികവും വൈകാരികവുമായ നിലപാടുകളുള്ള സാമൂഹ്യ രാഷ്‌ട്രീയ വിമര്‍ശകരില്‍നിന്നും ഇ എം എസിനെ വേര്‍തിരിക്കുന്നതും ഈ സവിശേഷത തന്നെ. ഇ എം എസിനെ പിന്തുടരാനാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് രാഷ്‌ട്രീയ സാമൂഹ്യ വിമര്‍ശനത്തെ ആത്മനിഷ്ഠമായും വൈകാരികമായും അധഃപതിപ്പിക്കുകയല്ല. സാമൂഹ്യമാറ്റം എന്നത് സാമൂഹ്യ മാനേജ്‌മെന്റിന്റെ സൃഷ്ടിയും സാമ്പത്തിക ശാസ്ത്രപരമായ മാതൃകാ നിര്‍മ്മാണവും പ്രൊജക്ഷനുമല്ല എന്ന തിരിച്ചറിവും ഇതിന്റെ ഭാഗമാണ്. ചരിത്രപരമായ ഭൌതികവാദം സമകാലിക സമൂഹത്തെ നിയന്ത്രിക്കുന്ന ശക്തികളെ സംബന്ധിച്ച നിശിതമായ വിമര്‍ശനത്തിലേക്ക് നമ്മെ നയിക്കുന്നു. അതിനോടൊപ്പം സാമൂഹ്യമാറ്റത്തിനുള്ള പ്രയോഗത്തിലെ വീഴ്ചകളെയും കുറവുകളെയും സ്വയം വിമര്‍ശനാത്മകമായി വിലയിരുത്താനും കഴിയുന്നു. സൈദ്ധാന്തികവും പ്രായോഗികവുമായ ഈ പ്രക്രിയയിലൂടെയാണ് ചരിത്രം മുന്നേറുന്നത്. ഇതിന് അക്കാദമിക് ചരിത്രകാരന്മാരുടെ "ചരിത്രസിദ്ധാന്ത''ങ്ങളുടെ പ്രസക്തി പരിചിതമായിരിക്കാം. പക്ഷെ, ചരിത്രബോധമുള്ളവരും ചരിത്രസംഭവങ്ങളെ ഭൌതികവാദപരമായി വിശകലനംചെയ്യാനും നിശിതമായി വിമര്‍ശിക്കാനും കഴിവുള്ളവരുമായ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ ഇന്നെത്തെ ആവശ്യമാണ്. ഇ എം എസ് അത്തരം പ്രവര്‍ത്തനശൈലിക്ക് മാര്‍ഗദര്‍ശിയുമാണ്.

***ഡോ. കെ എന്‍ ഗണേശ്, വര്‍ക്കേഴ്സ് ഫോറം