2008 നവംബര്‍ മാസത്തില്‍ ഒരു കൂട്ടം ഭീകരര്‍ മുംബൈയിലെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം അഴിച്ചുവിടുകയും ഏതാണ്ട് 200 സാധാരണക്കാരായ ജനങ്ങളെ വധിക്കുകയും ചെയ്തു. അവരുടെ ചെയ്തിക്കുപിന്നിലെ ഉദ്ദേശം എന്തായിരുന്നുവെന്നോ അവര്‍ ആരായിരുന്നുവെന്നോ എന്നതിനെക്കുറിച്ച് നമുക്ക് അത്ര ഉറപ്പൊന്നും ഇതുവരെയും ഇല്ല. അവരുടെ ആസൂത്രണം രഹസ്യമായാണ് നടന്നത്. എല്ലാ ആക്രമണകാരികളും കൊല്ലപ്പെടുകയോ പിടികൂടപ്പെടുകയോ ചെയ്തു. ഈ കൂട്ടക്കൊലക്ക് “ഇന്ത്യയുടെ 9/11” എന്ന അപരനാമവും നല്‍കി. ഇന്ത്യയുടെ സുഹൃത്തുക്കളും ശത്രുക്കളും ഒരേപോലെ ഈ ആക്രമണത്തെ അപലപിച്ചു.

ആരും പാലസ്തീനിന്റെ 9/11നെക്കുറിച്ച് സംസാരിക്കുന്നില്ല - പാലസ്തീനിനു 9/11നു അവകാശമില്ല തന്നെ.
ഈ ആക്രമണങ്ങള്‍ നടത്തുമ്പോള്‍ അടുത്തു വരുന്ന തെരഞ്ഞെടുപ്പ് (പാലസ്തീനികളുടെ വധം വോട്ടര്‍മാര്‍ക്കിടയില്‍ മുന്‍തൂക്കം നല്‍കുന്നു), അവധിക്കാലം (അന്താരാഷ്ട്ര നിരീക്ഷകര്‍ അവധിയിലാകുന്ന സമയം), അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യം (ഇസ്രായേലിനാല്‍ സൃഷ്ടിക്കപ്പെട്ട നിലവിലെ സാഹചര്യം ഒബാമയെ ഓര്‍മ്മപ്പെടുത്താന്‍) എന്നിവയൊക്കെ ഉള്‍പ്പെടുന്ന താല്‍കാലികമായ ചില കണക്കുകൂട്ടലുകള്‍ ഇസ്രായേലിനു ഉണ്ടായിരുന്നു. എങ്കിലും ഈ ആക്രമണത്തിനുള്ള ഇസ്രായേലിന്റെ കാരണങ്ങള്‍ അതിന്റെ ദീര്‍ഘകാല ആവശ്യത്തില്‍ നിന്നും നേരിട്ടുതന്നെയാണ് ഉയരുന്നത്, അവ അടിസ്ഥാനപരമായി വംശീയോന്മൂലനത്തില്‍ ഊന്നുന്നവയുമാണ്. ഇസ്രായേലിന്റെ വിഭവങ്ങളധികവും പാലസ്തീനികളെ തടവിലാക്കുന്നതിനും പട്ടിണിക്കിടുന്നതിനും അധിനിവേശത്തിനും കൊലയ്ക്കും ഉന്മൂലനത്തിനുമായിട്ടാണ് ഉഴിഞ്ഞുവെച്ചിരിക്കുന്നത്. അവരുടെ നയതന്ത്രജ്ഞതയൊക്കെയും പാലസ്തീനികള്‍ക്ക് പോകാനൊരിടമില്ലെന്നുറപ്പുവരുത്തുന്നതിനും, അവര്‍ക്ക് സമൂഹം, സമ്പദ്‌വ്യവസ്ഥ, സംസ്കാരം എന്നിവയ്ക്കൊക്കെ അവകാശമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നത്.
ശാരീരികമായ ഇല്ലായ്മ ചെയ്യല്‍ ഇതിന്റെ ഭാഗമാണ്, അത് തുടരുകയുമാണ്. കുറെക്കാലമായി ഇസ്രായേല്‍ 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഗാസയിലെ 15 ലക്ഷം വരുന്ന പാലസ്തീനികളെ ലക്ഷ്യമിടുന്നു. വര്‍ഷങ്ങളായി ഇസ്രായേല്‍ അവര്‍ക്കുള്ള മരുന്ന്, ഭക്ഷണം, ഊര്‍ജ്ജം എന്നിവയുടെ മാത്രമല്ല കടലാസ്, മഷി, പുസ്തകങ്ങള്‍ തുടങ്ങി അവശ്യസാധനങ്ങളുടെ പോലും പ്രവേശനം തടയുകയായിരുന്നു. പുറംലോകത്തു നിന്നൊരു സഹായമില്ലാതെയും, വൈദ്യസഹായമോ മരുന്നോ ഇല്ലാതെയും വേണമായിരുന്നു പാലസ്തീനികള്‍ക്ക് തങ്ങളെ കൊല്ലാനായി പാഞ്ഞുവരുന്ന മിസൈലുകളെ നേരിടേണ്ടിയിരുന്നത്. ഗാസയില്‍ ഇപ്പോള്‍ മരുന്നേ ഇല്ല. ഇസ്രായേലികളാകട്ടെ സ്കൂളുകളെയും, പള്ളികളെയും, ആശുപത്രികളെയും ആക്രമിക്കുകയുമാണ്. അഞ്ച് ആംബുലന്‍സുകളും മൂന്ന് അഗ്നിശമന യന്ത്രങ്ങളും മാത്രമാണ് മൊത്തം ഗാസയിലെ സേവനത്തിനായി ഉള്ളത് - അതും ഇസ്രയേല്‍ തകര്‍ക്കും വരെ മാത്രം...
ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധക്കുറ്റമല്ല. അവിടെ യുദ്ധമേയില്ല. ഇത് മാനവികതക്കെതിരായ കുറ്റകൃത്യമാണ്; തങ്ങള്‍ തന്നെ തടവിലാക്കുകയും, പട്ടിണിക്കിടുകയും ചെയ്യുന്ന ജനതക്കു നേരെ, ലോകത്തിന്റെ മുഴുവന്‍ മുന്‍പില്‍ അവരുടെ പിന്തുണയോടെയും നടക്കുന്ന കുറ്റകൃത്യം. ഇസ്രായേലിനു ഒറ്റക്ക് പാലസ്തീനിനെ തടവിലിടുവാനാവുകയില്ല, ഒരു കൊച്ചുരാജ്യത്തെ പട്ടിണിക്കിടുന്നതിനായി ഇസ്രായേല്‍ മൊത്തം ലോകത്തെയും കൂടെക്കൂട്ടുകയാണ്. അതുകൊണ്ടു തന്നെ ഈ കുറ്റകൃത്യങ്ങള്‍ ഇസ്രായേലിന്റെതുമാത്രമല്ല. അതിക്രമവും തിരിച്ചടിയും തമ്മിലുള്ള വ്യത്യാസമെന്തെന്നും, രണ്ട് തുല്യശക്തികള്‍ തമ്മിലുള്ള യുദ്ധവും നിസ്സഹായരായ ഒരു ജനതയെ മുച്ചൂടും നശിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നും മനസ്സിലാക്കിക്കുവാന്‍ പാശ്ചാത്യരാജ്യങ്ങള്‍ക്ക് കഴിയാത്തിടത്തോളം അവരും ഈ കുറ്റകൃത്യങ്ങളില്‍ കൂട്ടുപ്രതികളായി തുടരും. ഇസ്രായേലിന്റെ അജണ്ട എന്തെന്നത് കണ്ണു തുറന്നിരിക്കുന്നവര്‍ക്കൊക്കെയും വളരെ വ്യക്തമാണ്. ആരെങ്കിലും തടയുന്നതുവരെ ഇസ്രായേല്‍ ഇത് തുടരുകയും ചെയ്യും. അത് അവസാനിപ്പിക്കാന്‍ അവരുടെ ഇരകള്‍ക്കാവുകയുമില്ല. ആയതിനാല്‍ ലോകമേ, നീ എത്രകാലം ഈ പീഡനത്തെ പിന്താങ്ങും ?
*
Justin Podur എഴുതിയ Palestine Doesn't Get to Have a 9/11 എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
No comments:
Post a Comment
Visit: http://sardram.blogspot.com