21 February, 2009

അകാലചരമം അടയുന്ന ഒരമേരിക്കന്‍ നൂറ്റാണ്ട്

അമേരിക്കയുടെ വന്‍ശക്തിയുഗം അവസാനിക്കാന്‍ തുടങ്ങുകയാണ്. ഇറാക്ക് അധിനിവേശത്തിനും അന്താരാഷ്‌ട്ര ഉടമ്പടികള്‍ക്കും ശേഷം എല്ലാ പ്രതീക്ഷകളും പൊലിഞ്ഞുപോവുകയാണ്. വേണ്ടത്ര ഈടില്ലാതെ നല്‍കിയ വായ്‌പകള്‍ സമ്പദ് വ്യവസ്ഥയെ മലിനപ്പെടുത്തുക മാത്രമല്ല 600 കോടി ജനതയെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തുകയും ചെയ്തു. ഈ പാതകം എളുപ്പം പൊറുക്കാന്‍ കഴിയാത്തതാണ്.

അമേരിക്കയും കടന്നു വളരെവേഗം പ്രതിസന്ധി മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. പല ലോകനേതാക്കളും അമേരിക്കന്‍ പ്രതിസന്ധിയെ അപലപിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഷാവോസും പുടിനും ഫ്രഞ്ച് ഭരണാധികാരികളും അവരില്‍ ചിലര്‍ മാത്രം.

"താമസിയാതെ അമേരിക്കന്‍ സര്‍വാധിപത്യം തകരും. ഈ തകര്‍ച്ച മാനവരാശിക്ക് ആശ്വാസകരമായിരിക്കും. ഏകധ്രുവലോകത്തില്‍നിന്നും ബഹുധ്രുവ ലോകത്തിലേക്കുള്ള പ്രയാണമാണിപ്പോള്‍ നടന്നുവരുന്നത്. ഇത് ലോകസമാധാനം ഉറപ്പാക്കും. ബഹുധ്രുവലോകത്തിന് വേണ്ടിയുള്ള എളിയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടരുകയാണ്'' - വെനിസ്വലയുടെ പ്രസിഡന്റിന്റെ പ്രതികരണങ്ങളാണിവ.

ആഗോളതാപനം മുതല്‍ ആണവവ്യാപനം വരെയുള്ള സുപ്രധാന കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുന്ന വാഷിംഗ്‌ടണ്‍ രീതിയേയാണ് ഷാവോസ് വിമര്‍ശിക്കുന്നത്. ഒരു രാജ്യവും മറ്റാരുടെയും കല്‍പ്പനകള്‍ അതേപടി അനുസരിക്കാന്‍ ഇന്നും സന്നദ്ധമാവുകയില്ല.

പല പ്രമുഖരും അമേരിക്കന്‍ പ്രതിസന്ധി ഒരു വലിയ മാറ്റത്തിന് അവസരമൊരുക്കുമെന്ന് കരുതുന്നു. പലരും ഒരു മാറ്റം ആഗ്രഹിക്കുന്നുമുണ്ട്. ഷാവോസിന്റെ പ്രത്യാശ പല ലോകനേതാക്കളും ആവര്‍ത്തിക്കുന്നതിന്റെ സൂചനയും മറ്റൊന്നുമല്ല. ഏകധ്രുവ ചട്ടക്കൂട് പൊളിച്ച് ഭാവി സ്വയം രൂപപ്പെടുത്താന്‍ തങ്ങള്‍ക്കാവുമെന്നുതന്നെ പല ഭരണാധികാരികളും കരുതുന്നു. യുദ്ധങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും സാമ്പത്തിക അസമത്വങ്ങളില്‍ നിന്നുമുള്ള മോചനം തന്നെയാണ് പലരും ആഗ്രഹിക്കുന്നത്. അമേരിക്കന്‍ ഉദാരവല്‍ക്കരണവും സാമ്പത്തിക നയങ്ങളും വിലക്കയറ്റവും പണപ്പെരുപ്പവും ഭക്ഷ്യകലാപങ്ങളുമാണ് ലോകത്തിന് സമ്മാനിച്ചത്. ഇന്നത്തെ പ്രതിസന്ധി ലോകജനതയുടെ ആവശ്യങ്ങളെ നീതിപൂര്‍വം പരിഗണിക്കുവാന്‍ അമേരിക്കയ്‌ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് കരുതാനാവുമോ?

'ദി ഒബ്‌സര്‍വര്‍' എന്ന പ്രസിദ്ധീകരണത്തില്‍ ജോണ്‍ ഗ്രേ എന്ന പത്രപ്രവര്‍ത്തകന്റെ നിരീക്ഷണങ്ങള്‍ ഒന്നു ശ്രദ്ധിക്കാം. "അധികാര അധീശത്വത്തിന്റെ പതനം തുടങ്ങുന്ന നിമിഷങ്ങളാണിവ. സംഭവഗതികളുടെ നിയന്ത്രണങ്ങള്‍ അമേരിക്കയ്‌ക്ക് കൈവിട്ടുപോവുകയാണ്. ഊതിവീര്‍പ്പിച്ച് നിര്‍മിക്കപ്പെട്ട ചരിത്രത്തിലെ ഏറ്റവും വലിയ കുമിളകള്‍ പൊട്ടിത്തകരുമ്പോള്‍ പോലും ഭരണാധികാരികള്‍ക്ക് തങ്ങളുടെ രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മനസ്സിലാകുന്നില്ല. അമേരിക്കന്‍ നേതൃത്വം ലോകം നിരാകരിക്കാന്‍ പോവുന്നു. അധികമാരും ശ്രദ്ധിക്കപ്പെടാതെ പുതിയ ലോകം രൂപപ്പെടുകയാണ്. ഭാവിയില്‍ പല വന്‍ശക്തികളില്‍ ഒരു വന്‍ശക്തി മാത്രമായിരിക്കും ഒരുപക്ഷെ അമേരിക്ക. അമേരിക്ക ആഗ്രഹിച്ചാലും ഇല്ലെങ്കിലും അയല്‍രാജ്യങ്ങളുമായി സഹകരിച്ചും അവിടെനിന്നും പാഠങ്ങള്‍ പഠിച്ചും മാത്രമേ അവര്‍ക്കിനി മുന്നേറാനാവൂ. കാരണം ഡോളര്‍ തകരുകയാണ്; കമ്മി പെരുകുകയാണ്; ധനമേഖല ഉലയുകയാണ്. സഹകരണത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിസമ്മതിച്ചാല്‍ അമേരിക്ക ലോകത്ത് ഒറ്റപ്പെടും.

സി.ഐ.എ.യുടെ കുതന്ത്രങ്ങള്‍ കൊണ്ടും കണക്കില്ലാത്ത പണമൊഴുക്കിയും ഇന്നത്തെ ദുരന്തം മറികടന്നു തങ്ങള്‍ക്ക് പഴയ പ്രതാപം നിലനിര്‍ത്താനാവുമെന്ന് കരുതാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തകര്‍ന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം സ്വപ്‌നം കാണുന്നതുപോലെ മാത്രമായിരിക്കുമത്. വെറുമൊരു നിരുപദ്രവകരമായ സ്വപ്‌നം... ആളിക്കത്തിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയില്‍ അവശേഷിക്കുന്നത് ഒരുപിടി ചാരം മാത്രമായിരിക്കും. അമേരിക്ക വിതച്ചത് കൊയ്യുകയാണോ...?

ഗ്ലോബല്‍ മോണിറ്ററി അതോറിറ്റി സ്ഥാപിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്ന് കിസിംഗര്‍ പറയുന്നു. അങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞാലും അതു താല്‍ക്കാലികമാണെന്നും ദൂരവ്യാപകമായ ദുരന്തങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും ലേമന്‍ ബ്രദേഴ്‌സിന്റെ മുന്‍ എം.ഡി. പറയുന്നു.

ആഗോള സമ്പദ് ഘടനയുടെ കേന്ദ്രമാണല്ലോ ഫെഡറല്‍ റിസര്‍വ് (അമേരിക്കന്‍ കേന്ദ്രബാങ്ക്). ഐ.എം.എഫും ലോകബാങ്കും ജി-7-ഉം ലോകത്താകമാനം ഡോളര്‍ വിനിമയ സമ്പ്രദായം ഉറപ്പിക്കാന്‍ രാപ്പകല്‍ അധ്വാനിക്കുന്ന നിരവധി എന്‍.ജി.ഒ.കളും ഈ കേന്ദ്രബാങ്കിന് കൂട്ടുണ്ടായിരുന്നുവല്ലോ. എന്നിട്ടും നിയോ ലിബറല്‍ പദ്ധതികള്‍ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. മരുന്നുകൊണ്ട് ഇതുപോലൊരു രോഗിയെ പൂര്‍ണ ആരോഗ്യവാനാക്കുവാന്‍ ഇന്നത്തെ വൈദ്യന്മാര്‍ക്കാവില്ല. "അമേരിക്കന്‍ പ്രശ്‌നങ്ങള്‍ ഞങ്ങളും അനുഭവിക്കുന്നുണ്ട്. ഇതു പരിഹരിക്കാന്‍ യുക്തമായ തീരുമാനമെടുക്കാന്‍ യു.എസിന് ആവുന്നില്ല. ലോകനേതാവ് ചമയുന്നവരുടെ നിരുത്തരവാദിത്വം തന്നെയാണിത് '' - റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വാക്കുകളാണിവ.

"ജര്‍മനിയോ യൂറോപ്പോ ആരുമല്ല ഇതിനുത്തരവാദി. മറിച്ച് അമേരിക്ക മാത്രമാണ്. ഇതിന്റെ ഊഹാതീതമായ ദുരന്തഫലങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. പക്ഷെ ഒന്നുറപ്പിച്ചുപറയാം. അമേരിക്കന്‍ ആധിപത്യം അവസാനിച്ചിരിക്കുന്നു. ലോകം ബഹുധ്രുവമാവുകയാണ് '' - ജര്‍മന്‍ ധനമന്ത്രി പീര്‍ സ്‌റ്റെല്‍ബക്കിന്റെ പ്രതികരണമാണിത്.

ഭരണകൂടത്തിന്റെ ശക്തമായ നിയന്ത്രണങ്ങളാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരമെന്നാണ് ജർമ്മൻ ചാന്‍സലര്‍ മെര്‍ക്കലിന്റെ അഭിപ്രായം.

എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റിക്കൊണ്ട് യൂറോപ്പ് അമേരിക്കയെ അന്ധമായി പിന്തുടരുകയായിരുന്നു. മിഡില്‍ ഈസ്‌റ്റിൽ സാമ്പത്തികത്തകര്‍ച്ചക്ക് ഉത്തരവാദികളായ ഉന്നതന്മാരായ സി.ഇ.ഒ-മാരെ പോലും ജയിലിലടച്ചു. എന്നാല്‍ അമേരിക്കയില്‍ കുറ്റം ചെയ്‌ത ഒരു സാമ്പത്തിക കുറ്റവാളി പോലും ഒരു വിചാരണ പോലും നേരിടേണ്ടി വന്നില്ല. അത്രമാത്രം സ്വതന്ത്രവും ഉദാരവുമായിരുന്നു അവിടുത്തെ ധനമേഖല.

വലിയ വിലയാണ് അമേരിക്ക ഇതിന് നല്‍കേണ്ടിവരുന്നത്. അമേരിക്കന്‍ ട്രഷറി തളരുകയാണ്; അവരുടെ വിശ്വാസ്യതയും. സ്വകാര്യ കോര്‍പ്പറേറ്റുകളുടെ മോഹങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്തത് അവര്‍ക്ക് പലതും നേടാനും കവരാനും അവസരമൊരുക്കി. നഷ്‌ടവും നൊമ്പരങ്ങളും അമേരിക്കയിലെയും മറ്റിടങ്ങളിലെയും സാധാരണക്കാരനും ടെര്‍ബോ ക്യാപിറ്റലിസത്തിന്റെയോ സായുധശക്തിയുടെയോ കാലം കഴിഞ്ഞിരിക്കുന്നുവെന്ന സൂചനയാണീ അനുഭവങ്ങള്‍. ദുര മൂത്ത സാമ്രാജ്യത്വത്തിന്റെ നിലവിളിയാണിന്ന് അമേരിക്കയില്‍ നിന്നുയരുന്നത്.
****************************
മൈക് വിറ്റ്നി

മൈക് വിറ്റ്നി എഴുതിയ The New American Century: Cut Short By 92 Years എന്ന ലേഖനത്തിന്റെ സ്വതന്ത്രവും സംക്ഷിപ്‌തവുമായ പരിഭാഷ

No comments:

Post a Comment

Visit: http://sardram.blogspot.com