17 February, 2009

അമേരിക്കന്‍ അധിനിവേശവും ഇറാക്കിലെ പൊതുജനാഭിപ്രായവും

ജനാധിപത്യത്തിനു എന്തെങ്കിലും വില കല്പിക്കുന്ന ഒരു രാജ്യത്തിനും തങ്ങള്‍ അധിനിവേശം നടത്തുന്ന രാജ്യത്തിലെ ജനതയുടെ അഭിപ്രായത്തിനു വിരുദ്ധമായി തങ്ങളുടെ സൈന്യത്തെ ആ രാജ്യത്ത് നിലനിര്‍ത്തുവാന്‍ സാധ്യമല്ല. അധിനിവേശിത (Occupied) രാജ്യത്തിലെ ജനത അധിനിവേശത്തെ അനുകൂലിക്കുന്നുവെങ്കില്‍ മാത്രമേ ആ അധിനിവേശത്തിനു ന്യായീകരണമുള്ളൂ എന്നത് അടിസ്ഥാനപരമായ ഒരു സാമാന്യോക്തി മാത്രമാണ് എന്നിരിക്കെ, അമേരിക്കയിലെ മുഖ്യധാരാ കമന്റേറ്റര്‍മാര്‍ ഇറാ‍ഖിലെ അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഇറാഖി ജനതയുടെ അഭിപ്രായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. ഇറാഖിലെ പൊതുജനാഭിപ്രായ സര്‍വെകള്‍ വല്ലപ്പോഴും ഒരിക്കല്‍ മാത്രമേ അമേരിക്കന്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുള്ളൂ. അപ്പോള്‍ പോലും അവക്ക് വലിയ പ്രാധാന്യം ലഭിക്കാറുമില്ല. പകരം അമേരിക്കന്‍ രാഷ്ട്രീയക്കാരും നിരീക്ഷകരുമൊക്കെ “ ഇറാഖികള്‍ക്ക് നമ്മെ ആവശ്യമുണ്ട്”, “ഇറാഖികള്‍ ആവശ്യപ്പെടുമ്പോള്‍ നമ്മള്‍ അവിടെനിന്ന് പിന്മാറും” തുടങ്ങിയ തികച്ചും അവ്യക്തമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയാണ്.

അധിനിവേശത്തെ സംബന്ധിച്ചുള്ള ഇറാഖി ജനതയുടെ മനോഭാവം എന്താണ് എന്നറിയാനുള്ള ഒരു ചെറിയ പരിശ്രമമെങ്കിലും നടത്തിയാല്‍ മനസ്സിലാവും എന്തുകൊണ്ടാണ് മുഖ്യധാരാ കമന്റേറ്റര്‍മാര്‍ അഭിപ്രായ സര്‍വെകളെപ്പറ്റി പറയുന്നതിനു പകരം അവ്യക്ത നിറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതെന്ന്‌: അധിനിവേശം തങ്ങളുടെ രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അമേരിക്കന്‍ പട്ടാളം പിന്മാറിയാല്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നും അമേരിക്കക്ക് പ്രത്യക്ഷത്തില്‍ കാണുന്നതിനുമപ്പുറത്തു ചില ഉദ്ദേശങ്ങളുണ്ടെന്നും ഇറാഖി ജനത ആവര്‍ത്തിച്ചാവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍, വിവിധ ഏജന്‍സികള്‍ ഇറാഖിലെ വിവിധ വംശീയ-ജനവിഭാഗങ്ങള്‍ക്കിടയില്‍ നടത്തിയ എല്ലാ സര്‍വെകളിലും മുഴുവന്‍ ജനതയും യോജിച്ച ഒരു കാര്യമുണ്ട്, അത് അമേരിക്കന്‍ സൈനിക അധിനിവേശം ഏത് അക്രമങ്ങള്‍ തടയാന്‍ ലക്ഷ്യമാക്കിയാണോ ഇപ്പോഴും തുടരുന്നത്, അതിനേക്കാള്‍ ഏറെ അക്രമങ്ങള്‍ക്ക് അവരുടെ സാന്നിദ്ധ്യം കാരണമാകുന്നുണ്ട് എന്നതാണ്. 2004 മേയില്‍ Coalition Provisional Authority നടത്തിയ സര്‍വെയില്‍ തെളിഞ്ഞത് 80 ശതമാനത്തോളം ഇറാഖികളും അഭിപ്രായപ്പെട്ടത് അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ശക്തികള്‍ സുരക്ഷ മെച്ചപ്പെടുത്തുന്നു എന്നതില്‍ വിശ്വാസമില്ല എന്നു മാത്രമല്ല, സഖ്യസേന ഉടന്‍ തന്നെ ഇറാഖ് വിടുകയാണെങ്കില്‍ കൂടുതല്‍ സുരക്ഷിതത്വം ഉണ്ടാകും എന്നുമാണ്.

ഒരു വര്‍ഷത്തിനുശേഷം 2005 ആഗസ്റ്റില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം നടത്തിയ സര്‍വെയില്‍ കണ്ടത് ഒരു ശതമാനത്തില്‍ താഴെ ജനങ്ങള്‍ മാത്രമെ സഖ്യശക്തികള്‍ തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കൂടുതല്‍ സുരക്ഷിതത്വം നല്‍കി എന്നു വിശ്വസിക്കുന്നുള്ളൂ എന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ സര്‍വേകളിലെല്ലാം തന്നെ ഭൂരിഭാഗം ഇറാഖി ജനതയും ഈ അഭിപ്രായത്തെ അനുകൂലിക്കുന്നതായാണ് കാണുന്നത്.

ജനുവരി 2006

പ്രോഗ്രാം ഓഫ് ഇന്റര്‍നാഷണല്‍ പോളിസി ആറ്റിട്യൂഡ് (PIPA) നടത്തിയ സര്‍വെയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് ഭാഗവും 2006ലെ വേനലിനു മുന്‍പായി അമേരിക്കന്‍ സൈന്യം പിന്മാറുകയാണെങ്കില്‍ സാധാരണക്കാരായ ഇറാഖി ജനതക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടുമെന്നും, ആക്രമണങ്ങളുടെ രൂക്ഷത കുറയുമെന്നും,വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളില്‍ കുറവുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 2006

PIPA നടത്തിയ രണ്ടാമത്തെ സര്‍വെയില്‍ 78 ശതമാനം പേര്‍ അമേരിക്കന്‍ അധിനിവേശം സംഘര്‍ഷങ്ങള്‍ തടയുകയല്ല കൂടുതല്‍ കൂടുതല്‍ രക്തച്ചൊരിച്ചിലിന് വഴിവെക്കുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു.

മാര്‍ച്ച് 2007

അമേരിക്ക‍,ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ സര്‍വെയില്‍ തെളിഞ്ഞത് പത്തില്‍ ഏഴ് ഷിയകളും മിക്കവാറും എല്ലാ സുന്നി അറബുകളും അമേരിക്കന്‍ സൈനിക സാന്നിധ്യം സുരക്ഷ വഷളാക്കുന്നു എന്നു വിശ്വസിക്കുന്നതായാണ്. ബ്രിട്ടനിലെ Opinion Research Business നടത്തിയ മറ്റൊരു സര്‍വെയില്‍ 74% ഇറാഖികളും (77% ബാഗ്ദാദ് നിവാസികള്‍ ഉള്‍പ്പെടെ) അഭിപ്രായപ്പെട്ടത് അധിനിവേശ സൈന്യം പിന്മാറിയാലുടന്‍ സുരക്ഷാ സ്ഥിതിഗതികള്‍ മെച്ചപ്പെടുകയോ(53%) ചുരുങ്ങിയത് അതേപോലെ തുടരുകയെങ്കിലുമോ (21%) ചെയ്യുമെന്നാണ്. 26% പേര്‍ മാത്രമാണ് പ്രശ്നം വഷളാകും എന്നഭിപ്രായപ്പെട്ടത്.

ആഗസ്റ്റ് 2007

അമേരിക്ക‍,ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളിലെ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ മറ്റൊരു സര്‍വെയില്‍ 70% പേരും അഭിപ്രായപ്പെട്ടത് അധിനിവേശ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ സുരക്ഷ കഴിഞ്ഞ ആറുമാസത്തിനിടെ മോശമായിട്ടുണ്ട് എന്നാണ്. എന്നു മാത്രവുമല്ല, അധിനിവേശം മൂലം രാഷ്ട്രീയമായ ചര്‍ച്ചകള്‍ക്കും, പുനര്‍‌നിര്‍മാണത്തിനും സാമ്പത്തികവികസനത്തിനുമൊക്കെ തടസ്സം നേരിടുന്നുവെന്ന് 70% പേര്‍ വിശ്വസിക്കുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള അധിനിവേശ സൈന്യത്തെ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് 85% പേര്‍ ഉത്തരം നല്‍കിയത് ഇല്ല എന്നോ അത്രയൊന്നും ഇല്ല എന്നോ ആണ്. 2007 ഫെബ്രുവരിയില്‍ 82% പേര്‍ക്കും, 2005ല്‍ 78% പേര്‍ക്കും,2004ല്‍ 66% പേര്‍ക്കുമാണ് ഈ അഭിപ്രായം ഉണ്ടായിരുന്നത്. ഇറാഖിലെ ആക്രമങ്ങള്‍ക്കുള്ള ഏറ്റവും വലിയ ഒറ്റ കാരണമെന്താണ് എന്ന് 14 വ്യക്തികളുടേയും ഗ്രൂപ്പുകളുടേയും ലിസ്റ്റ് നല്‍കി അതില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 27% ജനങ്ങളും അമേരിക്കന്‍ നേതൃത്വത്തിലുള്ള അധിനിവേശ സൈന്യത്തെയോ പ്രസിഡന്റ് ബുഷിനെയോ ആണ് തിരഞ്ഞെടുത്തത്. സൈനിക സാന്നിധ്യം പ്രശ്നം വഷളാക്കുന്നുവെന്ന് 72% പേരും അത് വലിയ മാറ്റമൊന്നുമുണ്ടാക്കുന്നില്ല എന്ന് 9% പേരും അഭിപ്രായപ്പെട്ടു.

ഒക്ടോബര്‍ 2007

അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ സര്‍വെയില്‍ 12% ഇറാഖികള്‍ക്ക് ബഹുരാഷ്ട്രസൈന്യം ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതായി എന്തെങ്കിലും തരത്തിലുള്ള വിശ്വാസമുണ്ടെന്ന് തെളിഞ്ഞു!! ഇത്രയും മോശമായ സ്ഥിതിവിവരക്കണക്കിനെ എത്ര മനോഹര്‍മായാണ് അവതരിപ്പിച്ചിരിക്കുന്നത് ! വര്‍ദ്ധിച്ചു വരുന്ന ജനപിന്തുണയെപ്പറ്റിയും അമേരിക്കന്‍ സൈനിക സാന്നിധ്യം മൂലം സുരക്ഷിതത്വം വര്‍ദ്ധിച്ചതിനെക്കുറിച്ചും ഈ സര്‍വെ വലിയ വായില്‍ പറയുന്നുണ്ട്.

ശതമാനക്കണക്കുകളില്‍ വ്യത്യാസമുണ്ടെങ്കിലും 2004 മുതല്‍ നടത്തിയിട്ടുള്ള എല്ലാ പ്രധാന പൊതുജനാഭിപ്രായ സര്‍വെകളിലും അമേരിക്കന്‍ സൈനികസാന്നിധ്യം സംബന്ധിച്ചുള്ള ഇറാഖി ജനതയുടെ അഭിപ്രായം വ്യക്തമാണ്: മഹാഭൂരിപക്ഷവും വിശ്വസിക്കുന്നത് അധിനിവേശം സമാധാനത്തിനു തടസ്സമാണെന്നും, ആക്രമണങ്ങള്‍ തടയുന്നതിനേക്കാള്‍ ഉണ്ടാക്കുകയാണ് അധിനിവേശം ചെയ്യുന്നത് എന്നുമാണ്. അമേരിക്കന്‍ സാന്നിധ്യത്തെക്കുറിച്ചുള്ള ഇറാഖികളുടെ ഏറ്റവും നല്ല അഭിപ്രായം ഒരു പക്ഷെ “ അത് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നു” എന്നതായിരിക്കും.

ഇതു പോലെ തന്നെ ഇറാഖി ജനത സഖ്യകക്ഷി സാന്നിധ്യത്തെക്കുറിച്ചുള്ള തങ്ങളുടെ എതിര്‍പ്പും നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. 2005 ആഗസ്റ്റില്‍ 82% പേര്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തു, 2006 ജനുവരിയില്‍ 87% പേര്‍ പിന്മാറ്റത്തിനു ഒരു സമയപരിധി നിശ്ചയിക്കുന്നതിനെ അനുകൂലിച്ചു, ഒരു വര്‍ഷം കഴിഞ്ഞ് 2006 സെപ്തംബറില്‍ 71% പേര്‍ 2007 പകുതിയോടെ സൈന്യത്തിന്റെ പൂര്‍ണ്ണമായ പിന്മാറ്റം ആവശ്യപ്പെട്ടു.

ഇടയ്ക്കിടെ കയറിയും ഇറങ്ങിയും ഇരിക്കുന്നുവെങ്കിലും, 2007 മാര്‍ച്ചില്‍ അമേരിക്കന്‍,ബ്രിട്ടന്‍, ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സികള്‍ നടത്തിയ സര്‍വെ അധിനിവേശത്തോട് കാലക്രമത്തില്‍ ഇറാഖി ജനതക്കുണ്ടായിട്ടുള്ള വര്‍ദ്ധിച്ചുവരുന്ന എതിര്‍പ്പിന്റെ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. 78% ഇറാഖികളും അധിനിവേശത്തെ ശക്തമാ‍യോ ഏതാണ്ടൊക്കെയോ എതിര്‍ക്കുന്നു എന്നിതില്‍ കാണുകയുണ്ടായി. അധിനിവേശത്തിനു ഒരു വയസ്സായപ്പോള്‍ 2004 തുടക്കത്തില്‍ നടത്തിയ സര്‍വേയില്‍ ഇത് 51 ശതമാനവും, 21 മാസങ്ങള്‍ക്ക് ശേഷം ഇത് 65 ശതമാനവും 2007 മാര്‍ച്ചില്‍ മുകളില്‍ പറഞ്ഞതുപോലെ 78 ശതമാനവും ആയി. 2007 ആഗസ്തില്‍ ഇത് അല്പം വര്‍ദ്ധിച്ച് 79 ശതമാനം ആയി.

അധിനിവേശത്തിനെതിരെയുള്ള ഇറാഖി ജനതയുടെ എതിര്‍പ്പിന്റെ ഈ ക്രമാനുഗതമായ വളര്‍ച്ച മറ്റൊരു നിര്‍ണ്ണായകമായ സ്റ്റാറ്റിസ്റ്റിക്സിനേയും അരക്കിട്ടുറപ്പിക്കുന്നുണ്ട്. അധിനിവേശസൈന്യത്തിനെതിരായി നടക്കുന്ന ആക്രമണങ്ങളെ എത്ര പേര്‍ അനുകൂലിക്കുന്നു? 2004 ജനുവരിയില്‍ 47% പേരും, 2006 സെപ്റ്റംബറില്‍ 61% പേരും, 2007 ആഗസ്റ്റില്‍ 57% (93% സുന്നികള്‍ ഉള്‍പ്പെടെ) പേരും ഇത്തരം ആക്രമണങ്ങളെ അനുകൂലിക്കുന്നുണ്ട്. ഇറാഖി ജനതക്ക് അധിനിവേശത്തോടുള്ള ഈ എതിര്‍പ്പ്, അഞ്ചുവര്‍ഷത്തെ കടിനമായ പരിശ്രമങ്ങള്‍ക്ക് ശേഷവും, ആറു ലക്ഷത്തോളം വരുന്ന സഖ്യകക്ഷി-ഇറാഖി സൈന്യത്തെ ഇറാഖില്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിക്കുന്നതില്‍ നിന്നും തടയുവാന്‍ന്‍ 30000 ഇറാഖികളും 800-2000 വിദേശികളും അടങ്ങുന്ന പോരാട്ടഗ്രൂപ്പുകള്‍ക്ക് എങ്ങിനെ സാധിക്കുന്നു എന്നതിനു കൃത്യമായ വിശദീകരണം നല്‍കുന്നുണ്ട്.

എല്ലാ അഭിപ്രായ സര്‍വെകളും ഏകകണ്ഠമല്ല. എപ്പോള്‍ സൈന്യം പിന്മാറണം എന്നതിനെക്കുറിച്ച് നടത്തിയ ഡസന്‍ കണക്കിനു സര്‍വെകള്‍ ഇറാഖി ജനതക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉള്ളതായി പറയുന്നു. പിന്മാറ്റത്തിനൊരു സമയപരിധി വേണമെന്ന കാര്യത്തില്‍ ഭൂരിഭാഗം ഇറാഖികള്‍ക്കും ഏകാഭിപ്രായമുണ്ടെങ്കിലും, മിക്കാവാറും സര്‍വെകളും പിന്മാറ്റം എത്രപെട്ടെന്ന് വേണമെന്നോ, പിന്മാറ്റത്തിനുശേഷം സമാധാന പുനസ്ഥാപനത്തിന് എന്ത് ചെയ്യണമെന്നോ ഉള്ള ചോദ്യങ്ങള്‍ ചോദിക്കാറില്ല. ഈ ചോദ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി(6 മാസത്തിനുള്ളില്‍, ഒരു വര്‍ഷത്തിനകം എന്നിങ്ങനെ) ചോദിച്ച ചില സര്‍വെകളാകട്ടെ ചില സൂക്ഷ്മമായ അഭിപ്രായഭിന്നതകള്‍ ഉള്ളതായി പറയുന്നു. ഉദാഹരണമായി 2006 സെപ്തംബറില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയത് 65% ബാഗ്ദാദ് നിവാസികളും അമേരിക്കന്‍ സൈന്യം ഉടന്‍ പിന്മാറണമെന്ന് അഭിപ്രായപ്പെട്ടതായാണ്.

എങ്കിലും അതേമാസം തന്നെ നടന്ന മറ്റൊരു സര്‍വെയില്‍ 70% ഇറാഖികള്‍ ഒരു വര്‍ഷത്തിനകം പിന്മാറണമെന്ന് അഭിപ്രായപ്പെട്ടതായും അക്കൂട്ടത്തില്‍ 37% പേര്‍ ആറുമാസത്തിനകം സൈന്യം പിന്മാറണമെന്ന് പറഞ്ഞതായും കണ്ടു. ഈ സര്‍വെകള്‍ ഇറാഖി ജനതയുടെ മനോഭാവത്തില്‍ ചില വ്യതിയാനങ്ങള്‍ ഉള്ളതായി സൂചിപ്പിക്കുന്നുണ്ട്. ഒരു പക്ഷെ, ഈ വ്യതിയാനങ്ങള്‍ സര്‍വേകളുടെ രീതിയിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങളുടെയും, ചോദ്യങ്ങള്‍ തയ്യാറാക്കുന്ന രീതിയുടേയും ഓപ്‌ഷനുകള്‍ നല്‍കുന്നതിലെ വ്യത്യാസത്തിന്റേയും, സര്‍വെ നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകതകളുടേയുമൊക്കെ ഫലമായിരിക്കാം.

എങ്കിലും മിക്കവാറും ഇറാഖി ജനത മറ്റു പല ചോദ്യങ്ങള്‍ക്കും തികച്ചും സ്ഥിരതയാര്‍ന്ന ഉത്തരങ്ങളാണ് നല്‍കിയിട്ടുള്ളത്. പ്രത്യേകിച്ചും അധിനിവേശത്തിന്റെ അനന്തരഫലങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക്. അവര്‍ ശക്തമായും തുടര്‍ച്ചയായും അഭിപ്രായപ്പെട്ടിട്ടുണ്ട് അധിനിവേശം തടയുന്നതിനേക്കാള്‍ കൂടുതല്‍ ആക്രമണം ഉണ്ടാക്കുന്നുവെന്ന്, അമേരിക്കന്‍ ഉദ്ദേശത്തില്‍ വിശ്വാസമില്ലെന്ന്. ഭൂരിഭാഗവും വിശ്വസിക്കുന്നത് അമേരിക്കയുടെ കണ്ണ്‌ ഇറാഖിലെ എണ്ണയിലാണെന്നും സ്ഥിരമായ ഒരു സൈനികത്താവളം സ്ഥാപിക്കുകയാണ് അവരുടെ പരിപാടി എന്നുമാണ്. അമേരിക്കന്‍ സൈന്യത്തിനെ പിന്‍‌മാറ്റം സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയില്ലെന്നും, മറിച്ച് അത് വിഭാഗീയതക്ക് ശമനം വരുത്തുമെന്നും അല്‍ ക്വയ്‌ദയുടെയും അതുപോലുള്ള തീവ്രവാദികളുടേയും സ്വാധീനം കുറയ്ക്കുവാന്‍ സഹായിക്കുമെന്നും സ്ഥിരമായും ശക്തമായും ഇറാഖി ജനത അഭിപ്രായപ്പെട്ടിട്ടുണ്ട്.

2007 ആ‍ഗസ്റ്റില്‍ നടത്തിയ സര്‍വെയില്‍ അമേരിക്കന്‍ സൈന്യത്തിനെ പിന്മാറ്റം ഒരു മുഴുവന്‍ സിവില്‍ യുദ്ധത്തിന് ഇടയാക്കില്ലെന്ന് 46% പേര്‍അഭിപ്രായപ്പെട്ടു. മറ്റൊരു 19% പേര്‍ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാവില്ലെന്നും അഭിപ്രായപ്പെട്ടു. ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് സൈന്യത്തിന്റെ പിന്മാറ്റം വര്‍ദ്ധിച്ചരീതിയിലുള്ള ഭീകരരുടെ സാന്നിദ്ധ്യത്തിന് ഇടയാക്കുമെന്ന്‌ പറഞ്ഞത്. വെറും 9% പേര്‍ മാത്രമാണ് പിന്മാറ്റം കുര്‍ദിഷ് മേഖലയില്‍ ആക്രമണം വര്‍ദ്ധിപ്പിക്കും എന്ന് അഭിപ്രായപ്പെട്ടത്.

പത്രപ്രവര്‍ത്തകനായ പാട്രിക് കോക്‍ബേണ്‍ 2007 ഡിസംബറില്‍ പറഞ്ഞതുപോലെ ഇറാഖി ജനത തങ്ങളില്‍ തങ്ങളില്‍ എത്ര തന്നെ പോരാടിയാലും, കുര്‍ദിസ്ഥാനു പുറത്തുള്ള ജനത അമേരിക്കന്‍ സൈനിക സാന്നിദ്ധ്യത്തെ വെറുക്കുന്നു എന്നത് ഒരു രാഷ്ട്രീയ സത്യം മാത്രമാണ് .

(കെവിന്‍ യങ്ങ് കൌണ്ടര്‍ പഞ്ചില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Kevin Young is a Graduate Student in Latin American History at Stony Brook University. He can be reached at: kyoung@wesleyan. edu

No comments:

Post a Comment

Visit: http://sardram.blogspot.com