21 February, 2009

ദേശീയതയെ ഹിന്ദുത്വം നിര്‍വ്വചിക്കുമ്പോള്‍

മുംബൈയിലെ തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളേയും വൈകാരിതയേയും ഇന്ധനമാക്കി മുഖധാരാമാധ്യമങ്ങള്‍ അടക്കം അരാഷ്‌ട്രീയവും ഭ്രാന്തവുമായ സങ്കുചിതദേശീയതയെ ജനാധിപത്യത്തിനും രാഷ്‌ട്രീയത്തിനും ബദലായി പ്രതിഷ്‌ഠിക്കാനുള്ള അപകടകരമായ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ബോംബെ തെരുവുകളില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പ്രചാരണബോര്‍ഡുകള്‍ ആള്‍ക്കൂട്ടം തകര്‍ക്കുന്നത് പെരുപ്പിച്ചാഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍. "പൊലീസ് നല്ലത് / രാഷ്‌ട്രീയക്കാര്‍ ചീത്ത, ചീഫ് എൿസിക്യൂട്ടീവ് കേമൻ ‍/ ചീഫ് മിനിസ്‌റ്റര്‍ മോശം, സൈന്യം ഉഷാർ / സര്‍ക്കാര്‍ മോശം, ഇന്ത്യ നല്ലത് / പാക്കിസ്ഥാന്‍ ചീത്ത തുടങ്ങിയ ഫ്ളാഷ് കാര്‍ഡുകളിലൂടെ നമ്മുടെ ചാനലുകള്‍ അനിയന്ത്രിതമായ ഒരു ഹിസ്‌റ്റീരിയതന്നെ'' സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണെന്ന് അരുന്ധതിറോയി കുറ്റപ്പെടുത്തുന്നുണ്ട്. നമ്മുടെ രാജ്യം തീവ്രവാദത്തോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയും പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ച് വിധിപ്രസ്‌താവം നടത്തിയും മാധ്യമങ്ങള്‍ മുന്‍വിധിയുടേയും വെറുപ്പിന്റേയും ദൂഷിതമായ വികാരങ്ങള്‍ ഉണര്‍ത്താന്‍ ഉത്സാഹിക്കുന്നത് ആശങ്കയോടെ നയതന്ത്രജ്ഞന്‍ കൂടിയായ എം കെ ഭദ്രകുമാര്‍ കലാകൌമുദി വാരികയില്‍ വിവരിക്കുകയുണ്ടായി.

ഭീകരാക്രമണങ്ങളുടെ കാരണം ജനാധിപത്യമാണെന്നുവരെയുള്ള നിഗമനങ്ങള്‍ മാധ്യമങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ബ്യൂറോക്രസിയില്‍നിന്ന് റിട്ടയര്‍ ചെയ്‌തവര്‍ക്കും വിരമിച്ച സൈനികര്‍ക്കും സംഘപരിവാര്‍ ആഭിമുഖ്യമുള്ള സൈദ്ധാന്തികര്‍ക്കും മാത്രം പ്രാതിനിധ്യം നൽ‌കുന്ന ദേശസ്‌നേഹത്തിന്റെ ഈ ഉത്തേജകമാതൃകകള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിറസാനിധ്യമായി മാറുംവിധം ഇന്ത്യന്‍ രാഷ്‌ട്രീയ വ്യവഹാരങ്ങള്‍ക്കും പൊതുബോധത്തിനും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ? ജനാധിപത്യവ്യവസ്ഥയെ അപഹസിച്ചുകൊണ്ട് മധ്യവര്‍ഗത്തിന്റെ അലസയുക്തികളെ ഇത്രമേല്‍ ആദര്‍ശവത്കരിക്കുന്നതിലേക്ക് ഭരണവര്‍ഗം ചെന്നെത്തിയ സന്ദിഗ്ധത ജര്‍മ്മന്‍ ഫാസിസത്തിന്റെ ഓര്‍മ്മകളിലേക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.

രാഷ്‌ട്രീയത്തെ അപനിര്‍മ്മിച്ചുകൊണ്ട് ബ്യൂറോക്രസിയേയും സൈന്യത്തേയും ആദര്‍ശവത്ക്കരിക്കുന്ന ഈ പ്രചാരണങ്ങളുടെ ഇരയായി സ്വയം മാറുന്നതാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവിന്റെ പ്രകടനം.“ഒരു രാഷ്‌ട്രീയക്കാരനും ഇവിടെ വരണ്ട”എന്നാണ് അദ്ദേഹം അലമുറയിട്ടത്. തീര്‍ച്ചയായും തീവ്രവാദികള്‍ക്കെതിരെയുള്ള സൈനികപോരാട്ടങ്ങളെ ജനാധിപത്യം അങ്ങേയറ്റം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ മതേതരവും ജനാധിപത്യപരവുമായ ഊര്‍ജ്ജമാണ് മുംബെ ആക്ഷനില്‍ നാം കണ്ടത്. വ്യത്യസ്‌തവിഭാഗത്തില്‍പ്പെട്ടവരും മതരഹിതരുമടക്കമുള്ള സൈനികരുടെ ദേശസ്‌നേഹപരമായ വീര്യത്തിന്റെ മൂര്‍ത്തോദാഹരണമാണത്. സൈനികാധിഷ്‌ഠിതമായ പല രാജ്യങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ അരാജകപരമായ പ്രവണതകളിലേക്കും മത, വംശവിരുദ്ധ വേട്ടകളിലേക്കും വ്യതിചലിക്കുന്ന പതിവ് കാഴ്‌ചകളില്‍നിന്ന് വ്യത്യസ്‌തമായി ഇന്ത്യന്‍ സൈന്യം പക്വവും മാതൃകാപരവുമായ ഇച്‌ഛാശക്തിയോടുകൂടി തീവ്രവാദികളെ നേരിടുകയും തീവ്രവാദമെന്ന കെട്ട മാനസികാവസ്ഥയ്‌ക്കെതിരെ ജനാധിപത്യ കാഴ്‌ചപ്പാട് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു. ജനാധിപത്യത്തിന്റെയും രാഷ്‌ട്രീയ പാരമ്പര്യത്തിന്റെയും അന്തസ്സത്തയാണ് നമ്മുടെ സൈന്യത്തിന്റെ മുഖമുദ്രയെന്നര്‍ത്ഥം.

എന്നാല്‍ ഭീകരാക്രമണങ്ങള്‍ക്ക് പരവതാനി വിരിക്കുന്ന രാഷ്‌ട്രീയ സാമൂഹ്യസന്ദര്‍ഭങ്ങളെ അപഗ്രഥിക്കുന്നതിനും സുരക്ഷാസംവിധാനങ്ങളുടെ ഭീതിദമായ പരാജയങ്ങളെ ഗൌരവപരമായി പരിശോധിക്കുന്നതിനും പകരം പാക്കിസ്ഥാനും ഇന്ത്യക്കുമിടയില്‍ നിലനില്‍ക്കുന്ന ഭൂപരമായ ദേശീയതയുടെ വൈര്യത്തെ മൂര്‍ച്ഛിപ്പിക്കുന്നതിലും യുദ്ധസമാനമായ ഭയം ജനങ്ങളില്‍ ഉല്പാദിപ്പിക്കുന്നതിലുമാണ് കേന്ദ്രസര്‍ക്കാരും ആവേശം കൊണ്ടത്. “ഭീകരതയെ നേരിടാന്‍ നിങ്ങള്‍ പലതും സഹിക്കാന്‍ തയ്യാറെടുക്കുക''യെന്ന് അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കും വിധം മന്‍മോഹന്‍സിംഗ് ജനങ്ങളോട് വിശദീകരിച്ചു. ഭീകരത മതദേശ അതിര്‍ത്തികള്‍ക്കപ്പുറമുള്ള ഒരു രാഷ്‌ട്രീയപ്രശ്നമാണെന്നും അതൊരു കാടന്‍ തത്വശാസ്ത്രമാണെന്നും പാക്കിസ്ഥാന്‍ പോലും ഈ ഭീഷണിയുടെ ഇരകളാണെന്നുമുള്ള യാഥാര്‍ത്ഥ്യം സൌകര്യപൂര്‍വ്വം മറച്ചുവെയ്ക്കപ്പെട്ടു. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തിന് ഇസ്രായേലും അമേരിക്കയും പിന്തുണയുമായി വന്നതോടുകൂടി ഒരു രാഷ്‌ട്രീയ അച്ചുതണ്ടിന്റെ പ്രത്യയശാസ്ത്രനിര്‍മ്മിതി പൂര്‍ത്തീകരിച്ചുവെന്ന് പറയാം.

സെപ്തംബര്‍ 11 നെ സംസ്കാരത്തിനുമേലുള്ള കടന്നുകയറ്റമായി അവതരിപ്പിച്ചുകൊണ്ടാണ് ജോര്‍ജ്ജ് ബുഷ് അമേരിക്കന്‍ ദേശീയതയെ 'പ്രോജ്വല'മാക്കിയത്. രണ്ടു സംസ്കാരങ്ങളെന്നാല്‍ രണ്ടു മതങ്ങള്‍കൂടിയാണെന്നായിരുന്നു ബുഷിന്റെ ന്യായം. അഫ്‌ഗാനിസ്ഥാനിലും ഇറാക്കിലും അമേരിക്ക നടത്തിയ കടന്നാക്രമണങ്ങള്‍ കുരിശുയുദ്ധമാണെന്ന് ബുഷ് വ്യാഖ്യാനിച്ചു. കുരിശുയുദ്ധത്തെ ജിഹാദ് കൊണ്ട് എതിരിടുമെന്ന താലിബാന്റെ ആഹ്വാനം കൂടി ചേര്‍ന്നപ്പോള്‍ അത് ലോകരാഷ്‌ട്രീയത്തിനുമുകളിലുള്ള സാമ്രാജ്യത്വത്തിന്റെ ഒരാഗ്രഹപൂര്‍ത്തീകരണത്തിന്റെ വിജയാഘോഷമായി. സാമ്രാജ്യത്വരാഷ്‌ട്രീയം അതിന്റെ ഇരകളേയും അത് ആഗ്രഹിക്കുന്ന പ്രത്യയശാസ്‌ത്രത്തിന്റെ പ്രയോക്താക്കളാക്കി പരിണമിപ്പിക്കുന്നതിന് മൂര്‍ത്തോദാഹരണമാണിത്. ആഗോളവത്ക്കരണം ലോകജനതകള്‍ക്കിടയില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥയേയും സംഘര്‍ഷങ്ങളേയുമാണ് കുരിശുയുദ്ധത്തിലേക്കും ജിഹാദിലേക്കും ഹിന്ദുത്വത്തിലേക്കും ഇങ്ങനെ വഴിതിരിച്ചുവിട്ടത്.

സംസ്കാരങ്ങളുടെ സംഘട്ടനം ഫൈനാന്‍സ് മൂലധനത്തിന്റെ അതിജീവനത്തിനായി ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരു പദ്ധതിയാണെന്നര്‍ത്ഥം. നോം ചോംസ്കി നിരീക്ഷിച്ചതുപോലെ ,ദേശീയതാല്പര്യമെന്ന പേരില്‍ അധീശത്വവര്‍ഗ്ഗങ്ങളുടെ താല്പര്യങ്ങളെ സാമാന്യജനതയുടെ ചോദനയാക്കിമാറ്റിക്കൊണ്ടാണ് ഫൈനാന്‍സ് മൂലധനം ഊര്‍ജ്ജം സംഭരിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച അമേരിക്കനിസം എന്ന അധീശബോധത്തെ നിഷ്പ്രഭമാക്കുന്ന സമകാലിക അവസ്ഥയില്‍ ഫൈനാന്‍സ് മൂലധനം രണ്ടാംലോകമഹായുദ്ധസാഹചര്യങ്ങള്‍ക്ക് സമാനമായ യുദ്ധോന്മുഖ ദേശീയതയില്‍ അഭയംതേടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മൂലധനരാഷ്‌ട്രീയത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്‌ഠിച്ചുകൊണ്ടുമാത്രമേ സകല വിഭാഗീയ ദര്‍ശനങ്ങളേയും കൃത്യമായി അടയാളപ്പെടുത്താനാവൂ.

"ഒരു ബൂര്‍ഷ്വാസമൂഹത്തില്‍ ദേശീയതയുടെ തത്വം ചരിത്രപരമായ അനിവാര്യതയാണ്. ഈ സമൂഹത്തെ പരിഗണിക്കുമ്പോള്‍ ദേശീയപ്രസ്ഥാനങ്ങളുടെ ചരിത്രപരമായ സാധുത ഒരു മാര്‍ക്സിസ്‌റ്റ് പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എന്നാല്‍ ഈ അംഗീകാരത്തെ ദേശീയസങ്കുചിതത്വത്തിന്റെ സാധൂകരണമാക്കുന്നതില്‍നിന്ന് തടഞ്ഞുനിര്‍ത്തണമെങ്കില്‍ അതിനെ ദേശീയപ്രസ്ഥാനങ്ങളില്‍ പുരോഗമനപരമായതേതോ അതിലേക്ക് കര്‍ശനമായും ഒതുക്കണം. ഈ അംഗീകാരം തൊഴിലാളിവര്‍ഗബോധത്തെ നിഷ്പ്രഭമാക്കുന്ന ആശയങ്ങളിലേക്ക് നയിക്കാതിരിക്കണമെങ്കില്‍ ഇത് അത്യാവശ്യമാണ്'' (ലെനിന്‍).

പ്രശസ്ത നോവലിസ്റ് യശ്പാല്‍ അദ്ദേഹത്തിന്റെ നിറം പിടിപ്പിച്ച നുണകള്‍ എന്ന നോവലില്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ തളം കെട്ടിയ രക്തത്തെ ചൂണ്ടി 'ഈ രക്തത്തില്‍നിന്ന് നിങ്ങള്‍ക്ക് ഭാഷയും ദേശവും മതവും വേര്‍തിരിക്കാനാകുമോ' എന്നൊരു ചോദ്യം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. കൊളോണിയല്‍വിരുദ്ധ സമരത്തിന്റെ ഈ വീര്യമാണ് ഇന്ത്യന്‍ദേശിയതയുടെ ഊര്‍ജ്ജം. അത് ഭാഷാപരവും സാംസ്‌ക്കാരികവുമായ വൈജാത്യങ്ങളുള്ള ജനവിഭാഗങ്ങളെ ഒരൊറ്റ ലക്ഷ്യത്തിനുകീഴില്‍ ഐക്യപ്പെടുത്തുന്ന രാഷ്‌ട്രീയ ഇച്‌ഛാശക്തിയായിരുന്നു. നാട്ടുരാജാക്കന്മാരുടെ പെണ്ണിനും സ്വത്തിനും വേണ്ടിയുള്ള വെട്ടിപ്പിടുത്തങ്ങളുടെ ബ്രിട്ടീഷ് പൂര്‍വ്വ ഇന്ത്യയില്‍ ഒരേകീകൃത ദേശീയതയുടെ വളര്‍ച്ചയ്ക്ക് അനുഗുണമായ ആത്മനിഷ്‌ഠവും വസ്‌തുനിഷ്‌ഠവുമായ സാഹചര്യം ഉണ്ടായിരിക്കില്ലല്ലൊ? ഒരേകീകൃത ഭരണസംവിധാനം നടപ്പിലാക്കിയ ബ്രിട്ടന്റെ ആധുനികവത്ക്കരണ പ്രക്രിയയുടെയും വര്‍ത്താവിനിമയം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയവയിലൂടെ വികസിച്ചുവന്ന പാരസ്‌പര്യത്തിന്റേയും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഐക്യമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയായത്. മുതലാളിത്ത പരിവര്‍ത്തനത്തിന്റെ ചരിത്രപരതയില്‍നിന്ന് വികസിച്ചുവന്ന ഈ ദേശീയബോധം നാടുവാഴിത്ത ജീര്‍ണ്ണതയില്‍നിന്നുള്ള ബഹുജനങ്ങളുടെ ഉണര്‍വിന്റെയും എല്ലാ അധികാരമര്‍ദ്ദനത്തിനുമെതിരെയുള്ള ജനകീയ സമരങ്ങളുടേയും ദൃഢമായ ജനാധിപത്യത്തിനുവേണ്ടിയുള്ള അവരുടെ വാഞ്ഛയുടേയും സമരോത്സുകമായ പരിണതിയായിരുന്നു. മതേതരവും ജനാധിപത്യപരവും കൊളോണിയല്‍വിരുദ്ധവുമായ ഇന്ത്യന്‍ ദേശീയതയുടെ ഈ ഐക്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഹിന്ദു മുസ്ലീം സങ്കുചിതദേശീയത സ്വാതന്ത്ര്യ സമരകാലത്തുതന്നെ ബ്രിട്ടന്റെ സഹായത്തോടുകൂടി മുളപൊട്ടിയത്.

ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ 1857ല്‍ ഉയര്‍ന്നുവന്ന ഒന്നാം സ്വാതന്ത്ര്യസമരത്തിന് മുമ്പ് ഒരു വര്‍ഗീയ കലാപവും ചരിത്രം റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നോര്‍ക്കണം. 1857 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഝാന്‍സി റാണിയും ബഹദൂര്‍ഷായും ഐക്യപ്പെട്ടുകൊണ്ടാണ് നയിച്ചതെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ജനങ്ങളുടെ അസംതൃപ്‌തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയും അത് സംഘടിതരൂപം കൈവരിക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലാണ് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം ബ്രിട്ടന്‍ ആവിഷ്‌ക്കരിക്കുന്നത്. അന്നേ വരെ ലിഖിതമായൊരു ചരിത്രമില്ലാതിരുന്ന ഇന്ത്യയുടെ ചരിത്രം മുന്‍വിധികളോടുകൂടി ബ്രിട്ടന്‍ എഴുതുന്നത് ഇക്കാലത്താണ്. " ഇന്ത്യയുടെ ഭൂതകാലം ഹിന്ദുക്കളുടേതായിരുന്നുവെന്നും മുസ്ലീം അക്രമകാരികള്‍ അത് പിടിച്ചെടുക്കുകയും ഹിന്ദുക്കളെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നുവെന്നും ബ്രിട്ടനാണ് അതില്‍നിന്ന് ഹിന്ദുക്കളെ മോചിപ്പിച്ചതെന്നും സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. വില്യംജോണ്‍സണും ജെയിംസ് വില്യമും ഹിന്ദുരാഷ്‌ട്രം, മുസ്ലീം രാഷ്‌ട്രം തുടങ്ങിയ പദങ്ങള്‍ സമൂഹത്തിലേക്ക് നിരന്തരമായി വിക്ഷേപിച്ചു. ഹിന്ദുരാഷ്‌ട്രം, ഹൈന്ദവീകരണം തുടങ്ങിയ വാദങ്ങളുമായി അവര്‍ മുന്നോട്ടു വന്നു. ഇങ്ങനെ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിഭാഗീയത സൃഷ്‌ടിച്ചും ഉപരിവര്‍ഗത്തെ കൂടെ നിര്‍ത്തിയും തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ മുനയൊടിച്ച് ഭരണം സുഗമമായി നടത്തുന്നതിന് ബ്രിട്ടന്‍ ആവിഷ്‌ക്കരിച്ച തന്ത്രങ്ങളുടെ ഭാഗമായ ഇന്ത്യാചരിത്രമാണ് ഹിന്ദുത്വ ഫാസിസ്‌റ്റുകളുടെ 'വിചാരധാര'യായി പിന്നീട് പരിണമിച്ചത്.

ചരിത്രപരമായി വികസിച്ചുവന്ന ഇന്ത്യന്‍ ദേശീയതയേയും അതിന്റെ ഫെഡറല്‍ സംവിധാനത്തേയും വൈവിധ്യമാര്‍ന്ന സാംസ്‌ക്കാരിക സമ്പത്തിനേയും അംഗീകരിക്കാന്‍ വിസമ്മതിക്കുന്നതാണ് ഹിന്ദുത്വഫാസിസം. 'ഇന്ത്യയെ ബ്രാഹ്മണവത്ക്കരിക്കുക ബ്രാഹ്മണ്യത്തെ സൈനികവത്ക്കരിക്കുക' എന്ന ഹിന്ദുമഹാസഭയുടെ സ്ഥാപകനേതാവായ ഡോ. ബി എസ് മൂഞ്ചെയുടെ കാഴ്ചപ്പാടാണ് ഹിന്ദുത്വഫാസിസത്തിന്റെ പ്രത്യേയശാസ്‌ത്ര അടിത്തറ. മുസ്സോളിനിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷമാണ് മൂഞ്ചെ സൈനിക അച്ചടക്കത്തോടുകൂടിയ ഒരു ഫാസിസ്‌റ്റ് സംഘടനയെന്ന ആശയം മുന്നോട്ടുവെച്ചത്. മൂഞ്ചെയില്‍ നിന്ന് ആവേശം കൊണ്ടാണ് ഹെഡ്‌ഗേവാര്‍ ആര്‍ എസ് എസ്സിന് രൂപം നല്കിയത്.

"സമാധാനം ബലഹീനതയാണ്. യുദ്ധം വീരന്മാരുടെ മാര്‍ഗവും.'' ഹിറ്റ്ലറും മുസ്സോളിനിയും ഗോള്‍വാള്‍ക്കറും അദ്വാനിയും ഒരുപോലെ പങ്കുവെയ്‌ക്കുന്ന സങ്കുചിതദേശീയതയുടെ മുഖവാക്യമാണിത്. അതുകൊണ്ടുതന്നെ സൈനികവത്കരണത്തിന്റെ പ്രത്യയശാസ്‌ത്രം ഇന്ത്യന്‍ഫാസിസത്തിന്റെ ഒരു സ്വകാര്യസ്വപ്‌നമാണ്. യുദ്ധോന്മുഖമായ ഭ്രാന്തദേശീയതയുടെ ഉറച്ച ശബ്‌ദമായി സംഘപരിവാര്‍ മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല. ജര്‍മ്മന്‍ ഫാസിസത്തെക്കുറിച്ച് ദിമിത്രോവ് പറഞ്ഞു, "ഫാസിസം ഏറ്റവും മുരത്ത സാമ്രാജ്യവാദികളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും, എന്നാല്‍, ദുഷ്‌പെരുമാറ്റത്തിനിരയായ ഒരു രാഷ്‌ട്രത്തിന്റെ വേഷത്തില്‍ ബഹുജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും അപമാനിതമായ ദേശീയവികാരങ്ങളെ ഉയര്‍ത്തിവിടുകയും ചെയ്യുന്നു.'' ഹിറ്റ്ലര്‍ക്ക് ദേശീയതയെന്നാല്‍ ആര്യവംശമായിരുന്നു. ഗോള്‍വാള്‍ക്കര്‍ക്ക് ഹിന്ദുത്വവും. "ഹിന്ദുരാഷ്‌ട്രത്തെ പുനര്‍നിര്‍മ്മിക്കുകയും പുനരുത്തേജിപ്പിക്കുകയും ജനത്തെ മോചിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയ പ്രസ്ഥാനങ്ങള്‍ മാത്രമേ ശരിക്കും ദേശീയമാകുന്നുള്ളു. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുവംശത്തെ മഹത്വവത്ക്കരിക്കണം. അങ്ങനെ ചെയ്യുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ദേശീയമാകുന്നുള്ളൂ.'' (ഗോള്‍വാള്‍ക്കര്‍, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു). രക്തം, വംശം, ദേശം മതം തുടങ്ങിയ സവര്‍ക്കറും ഗോള്‍വാള്‍ക്കറും മുസോളിനിയുടെയും ഹിറ്റ്ലറുടെയും ദര്‍ശനങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് രൂപപ്പെടുത്തിയവയെ അടിസ്ഥാനമാക്കിയുള്ള ജനാധിപത്യപൂര്‍വ്വയുക്തികളെ അതിവൈകാരികമായി ആദര്‍ശവത്ക്കരിക്കുന്ന ഈ സങ്കുചിതദേശീയത വിപ്ളവകരമായ ഇന്ത്യന്‍ ദേശീയതയുടെ വിച്‌ഛേദമാണ്. ഫാസിസത്തിന്റെ അധികാര ആരോഹണം നവോത്ഥാനത്തിന്റേയും ജ്ഞാനോദയത്തിന്റേയും നേരവകാശിയായിവന്ന ബൂര്‍ഷ്വാ ഗവണ്‍മെന്റിന്റെ സ്വഭാവികമായ പിന്തുടര്‍ച്ചയോ പരിവര്‍ത്തനമോ അല്ല. ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ ബഹുസ്വരതയുടെ സ്ഥാനത്ത് സങ്കുചിതത്വവും സ്വേച്‌ഛാധിപത്യവും പകരം പ്രതിഷ്‌ഠിക്കലാണ്.

II

ദേശസ്‌നേഹത്തെക്കുറിച്ചുള്ള ഇത്തരം മതാത്മകമായ ഉത്കൺ‌ഠകള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ പങ്കുവയ്‌ക്കും വിധം പൊതുബോധവും ഭരണകൂടവും മാറിത്തീരുന്നതിന്റെ ഒട്ടേറെ അനുഭവങ്ങള്‍ക്ക് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നുണ്ട്. "ഒരുപക്ഷേ പാക്കിസ്ഥാന്‍ നമ്മുടെ രാജ്യത്തിനുമേലെ സായുധസമരത്തിന് തീരുമാനമെടുക്കുമ്പോള്‍ ഉള്ളില്‍നിന്ന് കുത്തുവാന്‍ മുസ്ലീങ്ങള്‍ തക്കംപാര്‍ത്തിരിക്കുകയാണ് '' എന്ന ഗോള്‍വാള്‍ക്കറുടെ വിഷലിപ്‌തമായ യുക്തി ഇന്ന് സാധാരണ ഇന്ത്യക്കാരന്റെ സ്വകാര്യ ഭീതിയായി മാറ്റിത്തീര്‍ക്കും വിധമാണ് സങ്കുചിത ദേശീയത ഭരണകൂടത്തിന്റെ വ്യവഹാരമാധ്യമമായി പരിണമിക്കുന്നത്. ഗോള്‍വാള്‍ക്കര്‍ പറയുന്നു, "മിസ്റര്‍ ജിന്നയെക്കാള്‍ സൂത്രശാലിയായിരുന്നു മൌലാനാ ആസാദ്. അദ്ദേഹത്തിന്റെ കയ്യില്‍ ഇന്ത്യ ശരിക്കുമൊരു മുസ്ലീം ആധിപത്യരാജ്യമായി'' ഇന്ത്യന്‍ദേശീയതയുടെ തിളക്കമാര്‍ന്ന പ്രതീകമായ മൌലാന ആസാദിനെപ്പോലും കടുത്ത വര്‍ഗ്ഗീയ വീക്ഷണത്തോടുകൂടി കാണുന്ന ഗോള്‍വാള്‍ക്കര്‍സിദ്ധാന്തം ഓരോ ഇന്ത്യന്‍ അനുഭവത്തിലൂടേയും ആവേശഭരിതമാവുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

2001 ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മുഹമ്മദ് അഫ്‌സലിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്നു വ്യക്തമാക്കിയ കോടതി അയാളെ തൂക്കിലേറ്റാന്‍ കാരണം കണ്ടെത്തിയത് 'സമൂഹത്തിന്റെ പൊതുബോധം ഇയാള്‍ക്ക് ശിക്ഷ നൽ‌കിയാലേ പൊറുക്കുകയുള്ളൂ' എന്ന അസാധാരണമായ ന്യായം മുന്നോട്ടുവെച്ചുകൊണ്ടാണ്. പൊതുബോധത്തിന്റെ ആഗ്രഹപൂര്‍ത്തീകരണമാണോ കോടതികള്‍ നിര്‍വ്വഹിക്കേണ്ടത് എന്ന ജനാധിപത്യപരമായ ചോദ്യം പോലും ദേശദ്രോഹമായിത്തീരുന്ന ഭരണകൂടഭീകരതയിലേക്കാണോ നാം പതുക്കെ നടന്നുനീങ്ങുന്നത് ! ഇന്ത്യയെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന ബോംബ് സ്‌ഫോടനങ്ങളടക്കം മുന്‍വിധികളോടെ ഭരണകൂടം സമീപിക്കുന്നതുകൊണ്ട് തന്നെ അന്വേഷണങ്ങളുടെ തുടര്‍ച്ചയും അന്തിമവിധിയും നീഗുഢമായി മാറുകയാണ്. എന്നാല്‍ സ്‌ഫോടനങ്ങളൊന്നും ഏകപക്ഷീയമല്ലെന്നും ഫാസിസ്റ്റുകള്‍ ഇത്തരം സ്‌ഫോടനങ്ങളുടെ ഗുണഭോക്താക്കള്‍ മാത്രമല്ല, സൃഷ്‌ടാക്കള്‍ കൂടിയാണ് എന്നുമുള്ള നഗ്നയാഥാര്‍ത്ഥ്യമാണ് മാലേഗാവ് പുറത്തുകൊണ്ടുവന്നത്.

ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളില്‍ ഒരാളായ ബാബുബജ്രംഗിയുടെ സംഭാഷണം രഹസ്യക്യാമറയിലൂടെ പകര്‍ത്തിയത് തെഹല്‍ക്ക പുറത്തുവിടുകയുണ്ടായി. ആത്മാഭിമാനത്തോടുകൂടി ഗുജറാത്ത് കൂട്ടക്കൊലയില്‍ ആവേശം പൂണ്ട ബജ്രംഗി പറഞ്ഞു, "ഒരൊറ്റ മുസ്ലീം കടയും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല, ഞങ്ങള്‍ എല്ലാം തീയിട്ടു... ഇവറ്റയെ തീവയ്‌ക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം ഈ തന്തയില്ലാത്തവന്മാര്‍ക്ക് സംസ്‌ക്കരിക്കുന്നത് ഇഷ്ടമല്ല, അവറ്റകള്‍ക്ക് പേടിയാണ്... എനിക്ക് അവസാനമായി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ. എന്നെ വധശിക്ഷയ്‌ക്ക് വിധിച്ചോട്ടെ, എന്നെ തൂക്കിക്കൊല്ലുന്നതിനുമുമ്പ് രണ്ട് ദിവസം തരണം. ഇവറ്റകള്‍ ഏഴോ എട്ടോ ലക്ഷംപേര്‍ താമസിക്കുന്ന ജൂഹാപുരയില്‍ ഒന്ന് പോയി എനിക്ക് തകര്‍ക്കണം...''

വംശഹത്യകള്‍ സംഘപരിവാറിന്റെ കൈത്തെറ്റോ യാദൃച്‌ഛികതയോ ആയി അവതരിപ്പിക്കുന്ന മാഞ്ഞാല വര്‍ത്തമാനങ്ങള്‍ക്ക് ഈ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ആകില്ല. മാലേഗാവ് സ്‌ഫോടനത്തിന്റെ ഉള്ളറകള്‍ പുറത്തുകൊണ്ടുവന്ന ഹേമന്ദ് കാര്‍ക്കറെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടാന്‍ ഇടയായ സാഹചര്യം പരിശോധിക്കണമെന്ന് പറഞ്ഞതിന്റെ പേരിലാണ് കേന്ദ്രമന്ത്രികൂടിയായ എ ആര്‍ ആന്തുലെ ക്രൂശിക്കപ്പെട്ടതും അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നതും. എ ആര്‍ ആന്തുലെയെ അബ്‌ദുള്‍ റഹ്‌മാന്‍ ആന്തുലെയാക്കി പുന:പ്രതിഷ്‌ഠിച്ച മറിമായമാണ് പിന്നീട് കണ്ടത്. ഇന്ത്യയില്‍ നടന്ന എല്ലാ വര്‍ഗീയ കലാപങ്ങളേയും കുറിച്ച് സ്‌പെഷ്യല്‍ അന്വേഷണം നടത്തണമെന്ന ആന്തുലെയുടെ വളരെ ന്യായമായ അഭിപ്രായത്തെപ്പോലും ഐ എസ് ഐ ചാരപരിവേഷംകൊണ്ടാണ് ഭരണകൂടവും മാധ്യമങ്ങളും സംഘപരിവാറും ചേര്‍ന്ന് നേരിട്ടത്. ഭീകരതയുടെ ലേബല്‍ പേറേണ്ടിവരുന്ന അന്യതാബോധം ഇരകള്‍ക്കിടയില്‍ ഉല്പാദിപ്പിച്ചും വേട്ടക്കാരന്റെ അധീശത്വബോധത്തെ ആദര്‍ശവത്ക്കരിച്ചുമാണ് ഫാസിസം അതിന്റെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നതെന്നും ഹിന്ദുത്വം അതിന്റെ ഉദ്ഭവകാലം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ അത്തരത്തിലാണെന്നും ജനാധിപത്യവാദികള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഹിന്ദുത്വഫാസിസം ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ കേന്ദ്രീകൃതവും മതവിദ്വേഷത്തിലധിഷ്‌ഠിതവുമായ സങ്കുചിതദേശീയതയുടെ അപകടകരമായ ഇത്തരം ലളിതയുക്തികള്‍ ഭീകരതയുടെ സാമ്പത്തികവും രാഷ്‌ട്രീയവുമായ വേരുകള്‍ ബോധപൂര്‍വ്വം മറച്ചുപിടിക്കുന്നു. ലോകത്തിലെ സകലഭീകരതയുടെയും ഫാക്റ്ററി സാമ്രാജ്യത്വമാണ്. ആഗോളമൂലധനം നടത്തിക്കൊണ്ടിരിക്കുന്ന വിനാശകരമായ സാമ്പത്തിക അധിനിവേശത്തിന്റെ ഭാഗമായിട്ടാണ് സാമ്രാജ്യത്വപ്രോക്ത മതവംശതീവ്രവാദങ്ങള്‍ ശക്തിപ്പെടുന്നത്. ആണവക്കരാറിലൂടെ അമേരിക്ക നേടിയെടുത്ത ഇന്ത്യാബന്ധം ഉറപ്പിക്കുന്നതിനും ഭീകരതയെ നേരിടാനെന്ന പേരില്‍ അവര്‍ നടത്തുന്ന അധിനിവേശങ്ങള്‍ക്ക് ഇന്ത്യയെക്കൂടി സഖ്യകക്ഷിയാക്കുന്നതിനുമുള്ള ശ്രമങ്ങളാണ് മുംബൈയില്‍ ഭീകരവാദികള്‍ സഫലീകരിച്ചുകൊടുത്തത്.

അതുകൊണ്ട് ഭീകരതയെ മതാത്‌മകവായനയ്‌ക്ക് വിധേയമാക്കുന്ന സാമ്രാജ്യത്വഭാഷ്യം ഏറ്റുപാടുകയല്ല, സാമ്പത്തികവും രാഷ്‌ട്രീയവുമായ ഉള്ളടക്കത്തോടുകൂടിയ വൈരുദ്ധ്യാത്മക വീക്ഷണത്തിലൂടെ ഭീകരതയെ തിരിച്ചറിയുകയും അതിനെ നേരിടുകയുമാണ് വേണ്ടത്. ഭീകരത മതപരമല്ലയെന്നതുപോലെതന്നെ ഹിന്ദുത്വഫാസിസം ഹിന്ദുമതത്തിന്റെ സൃഷ്‌ടിയുമല്ല. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ അധീശത്വം വഹിക്കുന്ന സവര്‍ണപ്രത്യയശാസ്‌ത്രത്തിലും ഫിനാന്‍സ് മൂലധനത്തെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ പ്രതിസന്ധിയിലുമാണ് ഇന്ത്യന്‍ ഫാസിസത്തെ കണ്ടെത്തേണ്ടത്.

കൊളോണിയല്‍ വിരുദ്ധവും മതനിരപേക്ഷവുമായ ഇന്ത്യന്‍ ദേശയതയും ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും കോണ്‍ഗ്രസിനെ അമിതമായി ആശ്രയിക്കുന്നതിനുള്ള തടസ്സങ്ങളായി ഇന്ത്യന്‍ ഭരണവര്‍ഗം കരുതുന്നു. അതുകൊണ്ടാണ് തീവ്രവലതുക്ഷത്തെ പ്രതിനിധീകരിക്കുന്ന സംഘപരിവാരിനെ ബുര്‍ഷ്വാസി അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസാവട്ടെ തങ്ങളുടെ ഒറ്റപ്പെടലും പരാജയങ്ങളും അതിജീവിക്കാന്‍ ദേശീയപ്രസ്ഥാനത്തിന്റെ ബാധ്യതകളില്‍നിന്ന് രക്ഷപ്പെടാനുള്ള തത്രപാടിലാണ്. ചേരിചേരാനയങ്ങളും ദേശീയതയുടെ സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുകളും മാറ്റിവെച്ച് നഗ്നമായ അമേരിക്കന്‍ പക്ഷപാതിത്യവും, ക്ഷേമരാഷ്‌ട്രസങ്കല്പം ഉപേക്ഷിച്ചുകൊണ്ടുള്ള മൂലധനസേവയും നടത്തി ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ അനിഷ്‌ടങ്ങളില്‍നിന്ന് രക്ഷപെടാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസിനകത്ത് മൂടിവെയ്ക്കപ്പെട്ട ഹിന്ദുത്വത്തിന്റെ മൃദുസമീപങ്ങള്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് പുറത്തുവരുന്നത് അതിന്റെ ഭാഗമാണ്. സംഘപരിവാറിനെ തുറന്നെതിര്‍ക്കന്‍ കഴിയാതെയും ഫാസിസത്തിന്റെ വര്‍ഗസ്വഭാവം മറച്ചുപിടിച്ചും ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചെയ്‌ത കുറ്റങ്ങള്‍ തന്നെ കോണ്‍ഗ്രസും ആവര്‍ത്തിക്കുന്നു.

മതേതര നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള ഇന്ത്യയുടെ ആധുനികവത്ക്കരണം കോണ്‍ഗ്രസ് ഇനി മുന്നോട്ട് കൊണ്ടുപോകും എന്ന് ധരിക്കാന്‍ യാതൊരു കാരണവുമില്ല. ഫാസിസ്‌റ്റ് വിരുദ്ധ സമരം സാമ്രാജ്യത്വവിരുദ്ധസമരത്തിന്റെ അവിഭാജ്യഭാഗമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മാത്രമേ ഇന്ത്യന്‍ ദേശീയതയുടെ ശരിയായ ഊര്‍ജ്ജം നിലനിര്‍ത്താനാവൂ. സാമ്രാജ്യത്വത്തെ മറന്ന് ഫാസിസത്തെക്കുറിച്ച് വാചാലമാകുന്നതും, ഇവ രണ്ടിനേയും മാറ്റിവെച്ച് ഭീകരതയെ വിശകലനം ചെയ്യുന്നതും ഒരുപോലെ നിരര്‍ത്ഥകമാണ്. ലെനിന്‍ വിശദീകരിച്ചതുപോലെ ശരിയായതും ഉറച്ചതുമായ ദേശീയത തൊഴിലാളിവര്‍ഗത്തിന്റെ ഐക്യത്തിലൂടെ ദൃഢമാകുന്നതും എല്ലാ അധീശത്വമൂല്യങ്ങളെയും നിരാകരിക്കുന്നതുമായ സാര്‍വദേശീയതയുടെ അഭേദ്യമായ ഭാഗമാണ്. തൊഴിലാളിവര്‍ഗരാഷ്‌ട്രീയത്തിന്റെയും കാലഘട്ടത്തിലെ ദേശീയത സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളാല്‍ മാത്രം നിര്‍ണ്ണയിക്കപ്പെടുന്നതാണ്.

*****

ഗുലാബ്‌ജാൻ, കടപ്പാട്: യുവധാര

No comments:

Post a Comment

Visit: http://sardram.blogspot.com