17 February, 2009

വ്യക്‌തിഹത്യകള്‍ക്കു പിറകിലെന്ത്‌?

കേവലമായ വ്യക്‌തിപ്രശംസകളുടെ പശ്‌ചാത്തലത്തില്‍, 'രാഷ്‌ട്രീയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത്‌' എപ്രകാരമാണെന്നു മുമ്പൊരിക്കല്‍ ഞാനെഴുതിയിരുന്നു. 'വ്യക്‌തിഹത്യകള്‍' കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അസ്‌തിത്വത്തെതന്നെ വേട്ടയാടുംവിധം അക്രമാസക്‌തമാവുന്ന ഇന്നത്തെ പശ്‌ചാത്തലത്തില്‍ അതൊരിക്കല്‍കൂടി ആവര്‍ത്തിക്കുന്നത്‌ എന്തുകൊണ്ടും പ്രസക്‌തമാകും.

ഇടതുപക്ഷശക്‌തികള്‍ക്കിടയില്‍ അനൈക്യം വളര്‍ത്തിയും കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനാധിപത്യ കേന്ദ്രീകരണമെന്ന പാര്‍ട്ടി സംഘാടനത്തിന്റെ കേന്ദ്രതത്വത്തെ തകര്‍ക്കുംവിധം ചിലരുടെമേല്‍ തെറികള്‍ ചൊരിഞ്ഞ്‌ ഒറ്റപ്പെടുത്തി ആക്രമിച്ചും ആകെക്കൂടി മറ്റെല്ലാ വലതുപാര്‍ട്ടികളുടെയും അവസ്‌ഥ തന്നെയാണ്‌ കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കുള്ളതെന്നു വരുത്തിത്തീര്‍ത്തും കേരളത്തിലും ആഗോളവല്‍കരണം അതിന്റെ അരാഷ്‌ട്രീയത ആഘോഷിക്കുന്ന ആവേശത്തിമര്‍പ്പുകളാണ്‌ മാധ്യമങ്ങളിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. പിണറായിയെ വളഞ്ഞിട്ട്‌ ആക്രമിക്കാനുള്ള മാധ്യമശ്രമത്തിനു പിറകിലുള്ളതു വ്യക്‌തിവിരോധമോ, അവരുടെ വി.എസ്‌ പ്രശംസയ്‌ക്കു പിറകിലുള്ളതു വ്യക്‌തിസ്‌നേഹമോ അല്ല, മറിച്ച്‌ തരാതരംപോലെ നിന്ദയും സ്‌തുതിയും നടത്തി നിന്ദിതരും പീഡിതരുമായ ജനങ്ങളുടെ പ്രതീകമായ ഒരു മഹാപ്രസ്‌ഥാനത്തെ തകര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്‌.

ഒരു മഹാപ്രസ്‌ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യക്‌തികള്‍ പ്രസ്‌ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ, ഫാന്‍സ്‌ അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിയിലാവുകയും പ്രസ്‌തുത വ്യക്‌തി 'ആന്തരികമായി' പാപ്പരാവുകയും ചെയ്യും. 'ഞാനാണ്‌ രാഷ്‌ട്രം എനിക്കുശേഷം പ്രളയം' എന്ന പഴയ ലൂയി പതിനാലാമന്റെ ആക്രോശത്തേക്കാള്‍ അപകടകരമാണ്‌ ആധുനിക അരാഷ്‌ട്രീയവാദം. എന്തുകൊണ്ടെന്നാല്‍, ലൂയിക്ക്‌ ആധുനിക ജനാധിപത്യ രാഷ്‌ട്രീയം രൂപംകൊള്ളുന്നതിനു മുമ്പുള്ള ഒരു വെറും വലതുപക്ഷ ആക്രോശം എന്നൊരു എക്‌സ്ക്യൂസ്‌ എങ്കിലുമുണ്ട്‌. എന്നാലിന്ന്‌ ഇടതുപക്ഷ രാഷ്‌ട്രീയത്തിനിടയില്‍നിന്ന്‌ ഇത്തരം സമീപനങ്ങളുയരുമ്പോള്‍ അതിനൊരു എക്‌സ്ക്യൂസിനും അര്‍ഹതയില്ല. 'അങ്ങേയറ്റം നിഷേധാത്മകമായ വ്യക്‌തിവാദം, ഒരു കാഴ്‌ചബംഗ്ലാവിന്റെ കാര്യത്തിലെന്നപോലെ പുറത്തുള്ളവര്‍ക്കുമാത്രം ആസ്വാദനവേദിയായ ഒന്നാണ്‌' എന്ന ഗ്രാംഷിയുടെ നിരീക്ഷണം മറ്റാരു മറന്നാലും ഇടതുപക്ഷ നേതാക്കന്മാര്‍ ഓര്‍ക്കണം.

കമ്യൂണിസ്‌റ്റു പാര്‍ട്ടി ഒട്ടും കൊള്ളില്ല. ഇനി ആകെക്കൂടി പ്രതിക്ഷയര്‍പ്പിക്കാനുള്ളത്‌ ആ പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലുമല്ല, മറിച്ച്‌ പഴയ പാരമ്പര്യം വിടാതെ സൂക്ഷിക്കുന്ന കുറച്ച്‌ കമ്യൂണിസ്‌റ്റ് വ്യക്‌തികളില്‍ മാത്രമാണ്‌. സ്‌തുതിച്ചു സ്‌തുതിച്ച്‌ കാക്കയുടെ കൊക്കിലെ അപ്പം സ്വന്തമാക്കിയ പഴങ്കഥയിലെ കുറുക്കന്‍തന്ത്രത്തെ അനുസ്‌മരിപ്പിക്കുമാറു മുഖ്യധാരാ മാധ്യമങ്ങള്‍ പെരുമാറുമ്പോള്‍ കമ്യൂണിസ്‌റ്റു പാര്‍ട്ടി നേതാക്കള്‍, അവരാരായാലും ശരി, പ്രസ്‌തുത പഴങ്കഥയിലെ കാക്കയെപോലെ അത്രമേല്‍ 'നിഷ്‌കളങ്ക'രാവരുത് ‌!

'ഇന്ന നേതാവ്‌ നല്ലയാള്‍, ഇന്നയാള്‍ ചീത്ത എന്നെല്ലാമുള്ള പ്രചാരണങ്ങളിലൂടെ നേതാക്കളെ ഇകഴ്‌ത്തുകയോ, പുകഴ്‌ത്തുകയോ അല്ല, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണവര്‍ (മാധ്യമങ്ങള്‍) മുന്നില്‍ കാണുന്നത്‌' (ദേശാഭിമാനി പഠനക്ലാസ്‌: മാധ്യമ സെമിനാറിലെ പ്രഭാഷകര്‍ക്കുള്ള കുറിപ്പ്‌; ഇ.എം.എസ്‌. അക്കാദമി). യാതനാനിര്‍ഭരമായ സ്വയം സമര്‍പ്പണത്തിലൂടെ ചരിത്രത്തെ ജ്വലിപ്പിക്കുകയും സ്വയം ജ്വലിക്കുകയും ചെയ്യുന്ന കമ്യൂണിസ്‌റ്റു നേതാക്കള്‍, മാധ്യമക്കെണികളില്‍ കുടുങ്ങരുത്‌. മാധ്യമങ്ങള്‍വഴി വലതുപക്ഷം വിക്ഷേപിക്കുന്ന 'തെറി'കളിലും അപവാദപ്രചാരണങ്ങളിലും തളരാതിരിക്കുന്നതുപോലെതന്നെ പ്രധാനമാണ്‌ മാധ്യമങ്ങളൊരുക്കുന്ന പ്രശംസകളുടെ പട്ടുമെത്തകളില്‍ കിടന്നുറങ്ങാതിരിക്കുന്നതും !

'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാന്‍വേണ്ടി പഴയ യൂറോപ്പിന്റെ ശക്‌തികളെല്ലാം മാര്‍പ്പാപ്പയും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗീസോയും ഫ്രഞ്ച്‌ റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പോലീസ്‌ ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്‌'. 1848 ലെ കമ്യൂണിസ്‌റ്റു മാനിഫെസ്‌റ്റോയുടെ വാക്കുകള്‍ ഇന്നത്തെ കേരളത്തിലെ രാഷ്‌ട്രീയാന്തരീക്ഷത്തിനും നന്നായിച്ചേരും! കമ്യൂണിസ്‌റ്റു വിരോധത്തിന്റെ ഒരു കവിള്‍ ചോര കുടിക്കാതെ പ്രഭാതചര്യകള്‍ നിര്‍വഹിക്കാനാവാത്തവര്‍, ഇന്നതിന്റെ തുടര്‍ച്ചയില്‍നിന്നു മോഹിക്കുന്നത്‌ പിണറായിയുടെ ചോരയില്‍ കുതിര്‍ന്ന ഒരു കഷണം മാംസംകൂടി തിന്നാനാണ് ‌! അവരുടെ പിണറായിവേട്ടയ്‌ക്കു പിറകിലുള്ളതു വ്യക്‌തിവിരോധമല്ല, കമ്യൂണിസ്‌റ്റുവിരുദ്ധതയുടെ വീര്യമാണ്‌. വിഭാഗീയതയുടെ പാറക്കെട്ടില്‍ മുട്ടി ഒരു കുപ്പിഗ്ലാസ്‌ പോലെ ഒരു മഹാപ്രസ്‌ഥാനമാകെ ചിതറിത്തെറിച്ചു പോകുമെന്നു കണക്കുകൂട്ടിയവരൊക്കെയും ആശയപരമായി കുഴഞ്ഞുവീഴുന്നതാണ്‌ ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്‌. ആശയപരമായി പരാജിതരായിട്ടും അവരാണിന്നു പാര്‍ട്ടിവിരുദ്ധ യുദ്ധത്തിലെ 'ചാനല്‍പോരാളികളായി' മിന്നിമറയുന്നത്‌ ! ആരോ തങ്ങളെ നയിക്കാന്‍ ഇന്നോ, നാളെയോ സി.പി.എമ്മില്‍നിന്ന്‌ ഇറങ്ങിവരും എന്നവര്‍ പ്രതീക്ഷിക്കുന്നതായി തോന്നുന്നു! നിരന്തരമായ ആക്രമണങ്ങളുടെ നടുവില്‍ പതറാതെനിന്ന്‌, ഒരു പ്രതിസന്ധി കാലഘട്ടത്തില്‍, പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതില്‍, പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പിണറായി വഹിച്ചുകൊണ്ടിരിക്കുന്ന പങ്കാണ്‌ ഇന്നു 'നവ വലതുപക്ഷ'ത്തെ വല്ലാതെ അസ്വസ്‌ഥമാക്കുന്നത്‌. വ്യക്‌തികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറം സംഘടനയുടെ 'ശരി' നടപ്പിലാക്കുകയെന്ന അത്യന്തം ക്ലേശകരമായ ദൗത്യമാണ്‌ ഇന്നു കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു നടപ്പാക്കാനുള്ളത്‌. മഹാപ്രസ്‌ഥാനങ്ങള്‍ക്കു പകരം 'വിപ്ലവ വായാടിത്തം' മാത്രം പ്രചരിപ്പിക്കുന്ന ചെറുസംഘങ്ങളെ പോഷിപ്പിക്കുന്ന മൂലധനാധിപത്യത്തോടു നിരന്തരം ഏറ്റുമുട്ടിക്കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്‌ഥാനങ്ങള്‍ക്കൊന്നും ഇന്നു മുന്നോട്ടുപോകാന്‍ കഴിയില്ല.

കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ക്കു ലോകവ്യാപകമായിത്തന്നെ തിരിച്ചടിയേറ്റ ആഗോളവല്‍കരണ പശ്‌ചാത്തലത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്‌ മൂന്നു സംസ്‌ഥാനങ്ങളിലെങ്കിലും സുശക്‌തമായ കമ്യൂണിസ്‌റ്റു പാര്‍ട്ടി നിലകൊള്ളുന്നതാണു സാമ്രാജ്യത്വശക്‌തികളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്‌. സ്വന്തം കാര്യപരിപാടികള്‍ സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിനു തടസംനില്‍ക്കുന്ന ഇടതുപക്ഷ ശക്‌തികളെ മുഴുവന്‍ തകര്‍ക്കാനവര്‍ ആഗ്രഹിക്കുന്നത്‌ ഏതര്‍ഥത്തിലും സ്വാഭാവികമാണ്‌. അതിനുവേണ്ടി അവരെന്തും ചെയ്യും. ചിലരെ പുകഴ്‌ത്തും, മറ്റു ചിലരെ ഇകഴ്‌ത്തും. ഏതറ്റംവരെയുള്ള അപവാദങ്ങളും ആവര്‍ത്തിക്കും. നിലവിലുള്ള കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു വിപ്ലവം പോരെന്ന്‌ 'വിപ്ലവവിരുദ്ധ ശക്‌തികള്‍' തീസിസുകള്‍ നിര്‍മിക്കും! മെലിഞ്ഞ കമ്യൂണിസ്‌റ്റുകാരില്‍ വിപ്ലവവും തടിച്ച കമ്യൂണിസ്‌റ്റുകാരില്‍ പ്രതിവിപ്ലവം വരെയും അവര്‍ കണ്ടെത്തിക്കളയും! വെള്ളക്കുപ്പായമിട്ടവരൊക്കെ വിശുദ്ധരും കളര്‍ ഷര്‍ട്ട്‌ ധരിക്കുന്നവരൊക്കെ കള്ളന്മാരെന്നുവരെ ഇവര്‍ നാളെ വിളിച്ചുകൂവിയാര്‍ക്കും! ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ‌! പിണറായിയുടെ 'കൊട്ടാരവീടിനെ'കുറിച്ച്‌ ചാനല്‍ചര്‍ച്ചകള്‍ക്കിടയില്‍ മുരളുന്നവര്‍ ആ വിപ്ലവവിരുദ്ധ വീടിന്റെ മുഴുദൃശ്യം ചാനല്‍വഴി ഉടന്‍ ജനസമക്ഷം അവതരിപ്പിക്കാനാവശ്യപ്പെടാത്തത്‌ ദുരൂഹമായിരിക്കുന്നു!

ഒരു മഹാപ്രസ്‌ഥാനത്തിന്റെ ആത്മാഭിമാനവും സംഘടനാചിട്ടകളും ഉയര്‍ത്തിപ്പിടിക്കുന്നു എന്നൊരൊറ്റ കാരണത്താല്‍ ഇത്രമാത്രം വേട്ടയാടപ്പെട്ട ഒരു പാര്‍ട്ടി സെക്രട്ടറി കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ സമീപകാല ചരിത്രത്തില്‍ പിണറായിയെപോലെ വേറെ ആരുമുണ്ടായിട്ടില്ല. സര്‍വ പിന്തിരിപ്പന്മാരും അതിവിപ്ലവ നാട്യക്കാരും പിണറായിക്കെതിരേ തിരിയാന്‍ കാരണം സ്വന്തം പാര്‍ട്ടി കാഴ്‌ചപ്പാടില്‍ വെള്ളം കലരാന്‍ അനുവദിക്കാത്തവിധം അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തുന്നതുകൊണ്ടാണ്‌. പിണറായിയുടെ ചോരകലര്‍ന്ന മാംസത്തിനുവേണ്ടി കൊതിക്കാന്‍ പലരേയും പ്രചോദിപ്പിക്കുന്നത്‌, അദ്ദേഹത്തിലെ പൊരുതുന്ന 'പാര്‍ട്ടിപരത'യാണ്‌. ഒരു വ്യക്‌തിയെന്ന നിലയിലുള്ള സ്വന്തം പ്രതിഛായ മിനുക്കാനല്ല, പാര്‍ട്ടിയുടെ ശക്‌തി വര്‍ധിപ്പിക്കാനാണ്‌, യഥാര്‍ഥ കമ്യൂണിസ്‌റ്റു നേതാക്കന്മാരെപ്പോലെ അദ്ദേഹവും നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നത്‌.

കമ്യൂണിസ്‌റ്റു നേതാക്കന്മാരൊക്കെയും ആക്രമണവിധേയരാവുന്നത്‌ ഇടറലെന്തെന്നറിയാത്ത കമ്യൂണിസ്‌റ്റ് ഇഛാശക്‌തിയുടെ കരുത്ത്‌ വലതുപക്ഷത്തെ പ്രകോപിപ്പിക്കുംവിധം അവരിലൂടെ പ്രകടമാകുമ്പോഴാണ്‌. പാര്‍ട്ടിയുടെ കേരള സംസ്‌ഥാന സെക്രട്ടറിയെന്ന നിലയില്‍ പിണറായിയിലൂടെ പ്രകടമാവുന്നത്‌ ഒരു മഹാപ്രസ്‌ഥാനത്തിന്റെ വീര്യമാണ്‌. 'എന്റെ ശരീരത്തില്‍ തെറിക്കുന്ന ചളി എനിക്കു പ്രശ്‌നമല്ല, എന്റെ പാര്‍ട്ടിക്കു പറ്റുന്ന പരുക്കാണ്‌ എനിക്കു പ്രശ്‌നം' എന്ന്‌ ഒരഭിമുഖത്തില്‍ പിണറായി പറഞ്ഞത്‌, വ്യക്‌തിപരതയുടെ 'ഇത്തിരി വട്ടങ്ങളില്‍' 'അന്ത്യവിശ്രമം' കൊള്ളുന്നവര്‍ക്കൊന്നും അത്രവേഗം മനസിലാവില്ല. സി.പി.എമ്മിന്റെ പോളിറ്റ്‌ ബ്യൂറോ ലാവ്‌ലിന്‍ സംബന്ധിച്ച്‌ പാര്‍ട്ടിക്കെതിരേ നടക്കുന്ന അപവാദപ്രചാരണങ്ങളെ ഇപ്പോഴല്ല, മുമ്പേതന്നെ തള്ളിക്കളഞ്ഞതാണ്‌. ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകളില്‍ ഗതികിട്ടാതെ ഉഴലുന്നവര്‍ ഇപ്പോള്‍ സഖാവ്‌ വി.എസിനു ചുറ്റും എന്നിട്ടും ചുമ്മാ വട്ടംകറങ്ങുകയാണ് ‌!

മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത്‌, ലാവ്‌ലിന്‍ സംബന്ധിച്ച സംവാദങ്ങളെ വി.എസിന്റെ 'മൗന'ത്തിലേക്കു മറിച്ചിടാനാണ്‌. ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച്‌ സി.ബി.ഐ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിമിതികളോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ, അതൊക്കെ തന്ത്രപൂര്‍വം മറികടന്ന്‌, 'എല്ലാം വി.എസിനറിയാം എന്ന മട്ടില്‍' സംവാദകേന്ദ്രത്തെതന്നെ മാറ്റിത്തീര്‍ക്കാനാണ്‌ ആ വീരപ്പ മൊയ്‌ലിക്കൊപ്പം നമ്മുടെ മാധ്യമങ്ങള്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. മന്ത്രിയായിപ്പോയാല്‍ പിന്നെ തട്ടിന്‍പുറത്തു കയറി, താഴെ എന്തു സംഭവിച്ചാലും ഇളകാതെ അവിടെത്തന്നെ അമര്‍ന്നിരിക്കുന്നതാണു ജനാധിപത്യത്തിന്റെ മഹിമയെന്നു കരുതുന്ന ഒരുതരം 'നവ അരാഷ്‌ട്രീയവാദ'മാണ്‌ മറുഭാഗത്ത്‌ ചാനലുകള്‍തോറും കോടിയേരിക്കെതിരേ കൊമ്പുകുലുക്കുന്നത്‌! ലാവ്‌ലിന്‍ റിപ്പോര്‍ട്ടിലെ പൊള്ളത്തരങ്ങളെ വെളിപ്പെടുത്തുംവിധം ഇടതുപക്ഷം അവതരിപ്പിച്ച കാര്യങ്ങള്‍തന്നെ വേണ്ടതിലേറെയുള്ളപ്പോള്‍, അതിനോടൊന്നും യുക്‌തിപൂര്‍വം പ്രതികരിക്കാന്‍ കഴിയാതെ, പമ്മിനില്‍ക്കുന്ന വലതുപക്ഷം ഇപ്പോള്‍ വി.എസിന്റെ 'മൗന'ത്തിലാണ്‌ ഏക പ്രതീക്ഷപുലര്‍ത്തുന്നത്‌. ലാവ്‌ലിന്‍ സംബന്ധിച്ച പോളിറ്റ്‌ബ്യൂറോ തീരുമാനം കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ പൊതുതീരുമാനമാണെന്നു തിരിച്ചറിയാനുള്ള പ്രാഥമിക വിവേകമാണ്‌, കൃത്രിമവിവാദങ്ങള്‍ക്കിടയില്‍നിന്നും അപ്രത്യക്ഷമാകുന്നത്‌. അന്വേഷണങ്ങളിലല്ല, അഭ്യൂഹങ്ങളിലാണു വലതുപക്ഷം ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നത്‌.

*

കെ.ഇ.എന്‍

No comments:

Post a Comment

Visit: http://sardram.blogspot.com