ജനുവരി 1: നവവര്‍ഷത്തിന് സ്വാഗതം. എല്ലാവര്‍ക്കും നല്ലതു ഭവിക്കട്ടെ. നന്മയുടെ പൊന്‍കതിര്‍ നീണ്ടുനില്‍ക്കട്ടെ. സ്നേഹമയമാകട്ടെ ജീവിതം. കന്മഷങ്ങള്‍ അകലട്ടെ. എനിക്കെതിരെ നിരന്തരം എഴുതുന്ന ആ നിരൂപകന് ഈ വര്‍ഷമെങ്കിലും അകാലമൃത്യു ഉണ്ടാകട്ടെ.
ജനുവരി 4: പുലര്‍ച്ചെ എഴുന്നേറ്റു. ഭാര്യ കട്ടന്‍കാപ്പി ഉണ്ടാക്കിത്തന്നു. ഹായ്! എന്ത് രുചി. അവള്‍ എത്രമാത്രം കഷ്ടപ്പെടുന്നു. രാവിലെ എഴുന്നേല്‍ക്കുന്നു. വീട്ടു ജോലികള്‍ മുഴുവന്‍ ചെയ്യുന്നു. കുട്ടികളെ സ്കൂളില്‍ അയക്കുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കുന്നു. ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നു. പാവം സ്ത്രീജന്മം!
പ്രഭാതസവാരിക്കിറങ്ങി. നല്ല തണുപ്പ്. നേരിയ മഞ്ഞിന്റെ പുടവ ചുറ്റിയ ഇടവഴി. പുലരിത്തുള്ളികളുടെ വൈരക്കല്ലുകള്‍ പതിച്ച പുല്‍നാമ്പുകള്‍.
പ്രകൃതീ! നീയെത്ര സുന്ദരി! വശ്യമനോഹരി! നാണംകൊണ്ട് തുടുത്ത കവിളില്‍ ഒരു ചുംബനം തന്നാല്‍ നീ പരിഭവിക്കുമോ..?
അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകള്‍ വരുന്നു. പാവങ്ങള്‍! അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് വീണ്ടും ഓര്‍മ വന്നു. ഒരു കവിത എഴുതണം.
അമ്പലത്തിലേക്ക് പോകുന്ന സ്ത്രീകള്‍ സുന്ദരികളാണ്. കുളിച്ചീറനായ മുടിത്തുമ്പില്‍നിന്ന് ഇപ്പോഴും ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികള്‍. മുടി മാടി ഒതുക്കുമ്പോള്‍ കഴുത്തിന് പിന്നില്‍ കുറ്റാലം കുളിരരുവി.
സ്ത്രീകളുടെ സങ്കടങ്ങള്‍ ആലോചിച്ചപ്പോള്‍ അറിയാതെ അവരുടെ പിന്നാലെ നടന്നു പോയി; അവരുടെ മോചനദിനവും സ്വപ്നം കണ്ട്. വഴിയില്‍ നിന്നൊരു അശ്രീകരം വിളിച്ചു പറഞ്ഞു ' ഡാ..വയസ്സാ..രാവിലെ തൊടങ്ങ്യാടോ..'
ഒരു കവിയും അയാളുടെ മനോഗതങ്ങളും തിരിച്ചറിയപ്പെടാതെ പോകുന്നതില്‍ സങ്കടം തോന്നി.
ജനുവരി 12: അസമയത്ത് അയല്‍പക്കത്തുനിന്നൊരു കരച്ചില്‍. അവിടെ എന്തോ അപകടം സംഭവിച്ചെന്ന് തോന്നുന്നു. എത്ര പെട്ടെന്നാണ് ജീവിതത്തിന്റെ താളം തെറ്റുന്നത്. പ്രവചനാതീതമായ മനുഷ്യ ജീവിതം!
ആരും അങ്ങോട്ടേക്ക് പോകുന്നതായി കാണുന്നില്ല. മനുഷ്യത്വം ഇത്രയേറെ മരവിച്ചുപോയോ..? എവിടെ നാം കണ്ട നവോത്ഥാന സങ്കല്‍പ്പം? എവിടെ നാം അനുഭവിച്ച പ്രോജ്വലമായ മാനവീയത..?എവിടെ നാം ഒന്നിച്ചു പാടിയ ഒരുമയുടെ ഉദാത്തസംഗീതം..?മനുഷ്യമനസ്സിന്റെ വാതായനങ്ങള്‍ ഇത്രപെട്ടെന്ന് ഇടുങ്ങിപ്പോയോ..?എന്റെ അന്തര്‍ഗതം വികാരക്ഷോഭത്താല്‍ ഇളകിമറിയുന്നു. വാതിലും ജനലുമടച്ച് ഞാന്‍ ഉറങ്ങാന്‍ കിടന്നു. അല്ലങ്കില്‍ ഓരോ ശല്യങ്ങള്‍ കയറിവരും! ഉച്ചക്ക് ഉറക്കം പോയാല്‍ ഭയങ്കര തലവേദനയായിരിക്കും.
ഉറങ്ങുന്നതിനു മുമ്പ് അടുത്ത കവിതയെക്കുറിച്ചാലോചിച്ചു. 'ഒറ്റുകാരനും ഒട്ടകവും' അതാവാം. നല്ല വിഷയമായിരിക്കും. നിഷ്ഠുരമായ സ്വാര്‍ഥതക്കെതിരെ ഒരാഗ്നേയം. ചാക്കാടുംപാറ നടനകലാസമിതിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിന് കാര്യമായ പുസ്തകങ്ങളൊന്നും വന്നിട്ടില്ലെന്ന് അറിഞ്ഞു. നടനകലാസമിതിയുടെ പ്രസിഡന്റ് എന്റെ ഒരു സുഹൃത്താണ്. അവാര്‍ഡ് തുക അഡ്ജസ്റ്റ് ചെയ്യാമെന്ന് പറഞ്ഞാല്‍ മതി. പുള്ളി വഴങ്ങും. എത്ര കൊടുക്കണമോ ആവോ? ആര്‍ക്കും ഒരു മൂല്യവുമില്ലാതായി.
ജനുവരി 22: ഒരു കവിത ആഴ്ചപ്പതിപ്പില്‍ വന്നു.' ആല്‍മരവും വറ്റിയ പുഴയും'. ഒന്നാന്തരം കവിത. പുതിയ ഭാവുകത്വം പരീക്ഷിക്കുന്നുണ്ട്. മാറുന്ന കാലത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് അത്. ആരും വായിച്ചിട്ടില്ലെന്ന് തോന്നുന്നു. പലരെയും വിളിച്ചു ചോദിച്ചു. ആര്‍ക്കും ഒരറിവും ഇല്ല.
വായന മരിച്ചു; വേദന തോന്നി.
ജനുവരി 26: റിപ്പബ്ലിക്ക്. കവിത എഴുതണം. എങ്ങനെ എഴുതണം എന്ന് തീരുമാനിച്ചിട്ടില്ല. സ്വാതന്ത്ര്യത്തെ പരിഹസിക്കണോ..? പ്രശംസിക്കണോ..? ആരും വിളിച്ചില്ല. ഏതാണ് ലാഭം? ഭാഗ്യം പരീക്ഷിക്കണോ?
ഫെബ്രുവരി 3: ' കൈവിലങ്ങും താമരപ്പൂവും' എന്ന കവിതാ സമാഹാരം ഇറങ്ങി. അതോടെ ആരും ബുക്ക് സ്റ്റാളില്‍ കയറാതായെന്ന് ചിലര്‍ ആക്ഷേപിക്കുന്നതായി അറിഞ്ഞു. മറ്റവന്റെ ' വസൂരിഗന്ധം' നന്നായി വില്‍ക്കുന്നു എന്ന് ചിലര്‍ പറയുന്നുണ്ട്. സത്യമല്ലായിരിക്കും. അവനെ ഒന്ന് ശരിയാക്കണം. ഒരു പ്രൊഫസറോട് പറഞ്ഞിട്ടുണ്ട്. അയാള്‍ ഏറ്റു. എന്തൊക്കെയാ അയാള്‍ ആവശ്യപ്പെടുന്നത്! ഛേ! നാണക്കേട്. എന്തായാലും നല്ലകാര്യത്തിനല്ലെ. എത്തിച്ചുകൊടുക്കാം.
നന്ദിയില്ലാത്ത ലോകം!
ഫെബ്രുവരി 6: ' കൈവിലങ്ങും താമരപ്പൂവും' ഇതുവരെ പുസ്തക നിരൂപണത്തില്‍ വന്നില്ല. സുഹൃത്തുക്കളോട് പറഞ്ഞിട്ട് ആരും ചെയ്യുന്നില്ല. ആപത്ത് വരുമ്പോള്‍ ആരും ഉണ്ടാവില്ലെന്ന് വെറുതെ പറയുന്നതല്ല. ഒരെണ്ണം ഞാന്‍ തന്നെ എഴുതി. പേര് മാറ്റി അയച്ചുകൊടുത്തു. പത്രാധിപര്‍ പരിചയക്കാരനാണ്. ആരോടും പറയില്ലെന്ന് കരുതാം. വിശ്വസിക്കാനാവില്ല. ചതിക്കും. അതൊന്നും നോക്കിയിട്ട് കാര്യമില്ല. വരുന്നിടത്ത്വച്ചു കാണാം.
മാര്‍ച്ച് 14: വേനലിന് കട്ടി കൂടി. അസഹ്യമായ ചൂട്. തണുപ്പു പകരാന്‍ ഒന്നുമില്ല. മരങ്ങളെല്ലാം വെട്ടിച്ചുട്ടു. മഴയും കാടും കടലെടുത്തു. മനുഷ്യന്റെ ആര്‍ത്തി എല്ലാം നശിപ്പിക്കുന്നു. പച്ചയായ എല്ലാത്തിനെയും പണം വിഴുങ്ങി.
വല്ലാത്തൊരു കാലം!.
പണ്ട് ഈ വഴിയിലൂടെ ഇത്തിരി കാറ്റ് വരുമായിരുന്നു. ഇപ്പോള്‍ എല്ലാം കൊട്ടിയടച്ച് കോട്ടകെട്ടി. കാറ്റ് വേറെ വഴി നോക്കി. 'കാടറിയുന്നോ കാറ്റിന്റെ വേദന' എന്ന കവിത വന്നതാണ്. ശരിയാക്കാം. എന്നാലും ഈ മോഡലിനി വേണോ എന്നൊരു ശങ്ക. ഇതിന്റെ സീസണ്‍ പോയി. കാറ്റും മഴയുമൊക്കെ പഴയ അമ്പാസഡര്‍ മോഡലാണ്. പുതിയ ഒരുപാടെണ്ണം മാര്‍ക്കറ്റിലിറങ്ങി. മാറ്റിപ്പിടിക്കുന്നതല്ലെ ബുദ്ധി! എഴുത്തും ബുദ്ധിയുള്ളവരുടെ ഏര്‍പ്പാടല്ലെ?
വിദേശത്തുനിന്നൊരു സുഹൃത്ത് വിളിച്ചു. ഹോളണ്ടില്‍ കവികളുടെ ലോകസമ്മേളനം ചേരുന്നുണ്ടത്രെ. പിടിച്ചാല്‍ കിട്ടുമെന്നാണ് അയാള്‍ അറിയിച്ചത്. അയാള്‍ എന്നെക്കുറിച്ച് എന്ത് വിചാരിച്ചു..!ഞാന്‍ അത്തരക്കാരനാണെന്നോ..എഴുത്തുകാരന്റെ സത്യസന്ധതയാണ് എനിക്ക് വലുത്. ആരെങ്കിലും വച്ചുനീട്ടുന്ന അപ്പക്കഷണങ്ങളില്‍ വീഴുന്നവനല്ല ഞാന്‍. എഴുത്തുകാരന്റെമേല്‍ നടക്കുന്ന വിലപേശലുകളാണ് ഇതെല്ലാം. ഇല്ല, ഞാനിതില്‍ വീഴില്ല.
എനിക്ക് ശരിക്കും ദേഷ്യം വന്നു. എങ്കിലും അയാളെ പിണക്കാന്‍ തോന്നിയില്ല. സ്നേഹംകൊണ്ട് ദൂരെനിന്ന് വിളിച്ചതല്ലെ. അയാള്‍ തന്ന അഡ്രസ് കുറിച്ചെടുത്തു.
മാര്‍ച്ച് 15: അഡ്രസ് അനുസരിച്ച് വിളിച്ചു. ആവശ്യമുണ്ടായിട്ടല്ല. വിദേശത്ത് നിന്ന് ഒരു സുഹൃത്ത് കഷ്ടപ്പെട്ട് അഡ്രസ്സൊക്കെ സംഘടിപ്പിച്ചു തന്നിട്ട് ഞാന്‍ ഒന്ന് വിളിക്കുകപോലും ചെയ്തില്ലന്നറിഞ്ഞാല്‍ അയാള്‍ക്കെന്തു തോന്നും?.
വിളിച്ചപ്പോള്‍ ആളെ കിട്ടി. പരുക്കന്‍ ശബ്ദം. കാട്ടുപോത്തിന്റെ ഒച്ച. ഞാന്‍ എന്തോ ശുപാര്‍ശക്ക് വിളിച്ചതാണെന്നാണ് അയാളുടെ തോന്നല്‍.
ഞാന്‍ അത്തരക്കാരനല്ലെന്ന് പറയാന്‍ ഒരാളെ ചുമതലപ്പെടുത്തി.
മാര്‍ച്ച് 28: വിദേശയാത്രക്കുള്ള പിടുത്തം മുറുകിയെന്നറിഞ്ഞു. വെറുതെ ഒന്നന്വേഷിച്ചു. അത്രമാത്രം. എന്തൊക്കെയാണ് നടക്കുന്നതെന്നറിയാമല്ലൊ. വിദേശയാത്രക്ക് ആളെ തീരുമാനിക്കുന്ന ഒരാള്‍ക്ക് മീന്‍ അച്ചാറ് ഇഷ്ടമാണത്രെ! കാവ്യ ദേവതക്ക് കവിത പോലെയാണത്രെ അയാള്‍ക്ക് മീന്‍ അച്ചാര്‍. പലരും മീന്‍ അച്ചാറിനുവേണ്ടി നെട്ടോട്ടമാണെന്ന് കേള്‍ക്കുന്നു. സാഹിത്യലോകം മീന്‍ അച്ചാറുകൊണ്ട് സജീവമായി. വഷള്!
ഇത്രയ്ക്കധഃപ്പതിച്ചല്ലൊ കാവ്യലോകം! കീഴടങ്ങാത്ത തൂലികകൊണ്ട് ചരിത്രം തീര്‍ത്ത നമ്മുടെ മഹാസൂരികള്‍ എവിടെ? അവര്‍ തീര്‍ത്ത പാരമ്പര്യമെവിടെ..?
മീന്‍ അച്ചാറിന് വില ചോദിച്ചു. കുഴപ്പമില്ല. വാങ്ങാവുന്നതേയുള്ളു.
മാര്‍ച്ച് 30: യാത്ര തരപ്പെടണമെങ്കില്‍ ഒരു സ്പൊണ്‍സര്‍ വേണമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു കവിക്കുവേണ്ടി ഒരു അരിക്കച്ചവടക്കാരനും, മറ്റൊരു സാഹിത്യകാരനു വേണ്ടി ഒരു ബാര്‍ ഹോട്ടലുകാരനും രംഗത്തെത്തിയിട്ടുണ്ടെന്ന് കേള്‍ക്കുന്നു.
പണക്കാര്‍ എല്ലാം കൈയടക്കുന്നു. കൈരളിക്ക് വിലപേശുന്നു. സ്വാതന്ത്ര്യം തന്നെയമൃതം എന്ന കവിത കേട്ടുണര്‍ന്ന കേരളമാണോ ഇത്!
സ്പൊണ്‍സറെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ജാതി വഴി നോക്കുന്നതാവും ബുദ്ധി.
ഏപ്രില്‍ 3: യാത്ര ഫലിക്കുന്ന ലക്ഷണമില്ല. ജാതി പറഞ്ഞ് നോക്കിയെങ്കിലും മൂന്നു പേരാണ് ഒരെണ്ണത്തില്‍നിന്നുതന്നെ. അല്ലെങ്കിലും പാര എപ്പോഴും സ്വന്തം ജാതിയില്‍നിന്നുതന്നെയാവും. ചരിത്രം അതെത്ര തവണ തെളിയിച്ചിരിക്കുന്നു!.
ഞാന്‍ ആദ്യറൌണ്ടില്‍ത്തന്നെ തള്ളിപ്പോകുമെന്നാണ് ഇപ്പോള്‍ കിട്ടിയ സൂചന.
അല്ലെങ്കിലും കവിയും കവിതയും ആരുടെയും പണയപ്പണ്ടമല്ല. സ്വാതന്ത്ര്യമാണ് പരമപ്രധാനം. സ്ഥാനമാനങ്ങള്‍ക്കും അധികാരികള്‍ വച്ചു നീട്ടുന്ന പദവികള്‍ക്കും വേണ്ടി എന്തും ചെയ്യാനൊരുങ്ങുന്നവരോട് പുച്ഛം തോന്നി. ഒരു കവിത വന്നു. ' ആഗോള ഞെരിച്ചില്‍'. എഴുതിയില്ല. വരട്ടെ. ഇനി അവസാന നിമിഷമെങ്ങാനും ഒരു ചാന്‍സ് കിട്ടിയാലോ...?
ഏപ്രില്‍ 8 എല്ലാം വെറുതെയായി. എന്നെ തെരഞ്ഞെടുത്തില്ല. കൈരളിക്ക് വല്ലാത്ത സങ്കടം വന്നു. ഞാന്‍ ആശ്വസിപ്പിച്ചു. കഴുത്തല്ല; എഴുത്താണ് വലുത്.
ഏപ്രില്‍ 9: ' കലാപ കാലത്തെ ഭാവുകത്വങ്ങള്‍' എന്ന ലേഖനമെഴുതി. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തും ചെയ്യുന്നവരെ പരിഹസിക്കുന്ന ലേഖനമായിരുന്നു അത്. നല്ല കൈയടി കിട്ടി.
ഏപ്രില്‍ 10: ഇനിയെന്ത് ചെയ്യും? പിടിച്ച കൊമ്പുമില്ല, ചവിട്ടിയ കൊമ്പുമില്ല എന്ന സ്ഥിതിയിലായി.
ദൈവമേ ഇതെന്ത് പരീക്ഷണം..?
ഏപ്രില്‍ 11: ഒരു വഴി തെളിയുന്നതു വരെ നിശ്ശബ്ദത പാലിക്കാന്‍ തീരുമാനിച്ചു. അതിനുശേഷം എഴുതാം. അതുവരെ നമസ്കാരം..
*
എം എം പൌലോസ്
No comments:
Post a Comment
Visit: http://sardram.blogspot.com