21 February, 2009

ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികള്‍

'ജര്‍മനിയില്‍നിന്ന് തിരിച്ചുവരുന്ന യാത്രക്കാരനോടു ചോദിച്ചു: ആരാണ് അവിടെ ഭരിക്കുന്നത്. ജര്‍മനി ഇന്ന് ഭരിക്കുന്നത് ഹിറ്റ്ലറല്ല, ഭയമാണ്' എന്നായിരുന്നു മറുപടി.(ബ്രെഹ്ത് )

നാസിസവും ഫാസിസവും ഭീകരതാണ്ഡവമാടിയ ജര്‍മനിയുടെ അതേ അവസ്ഥയിലാണ് ഇന്ന് ഒറീസ. ഒറീസയെ ഇന്ന് ഭരിക്കുന്നത് ഭയമാണ്. പരിചയപ്പെടുന്ന ആളുകള്‍ മതം മറച്ചുവയ്‌ക്കയല്ല, ഹിന്ദുവാണെന്നു തെളിയിക്കാന്‍ വ്യഗ്രതപ്പെടുകയാണ്. ഭുവനേശ്വറില്‍ തീവണ്ടിയിറങ്ങിയതുമുതല്‍ 'ഞങ്ങളും ഞങ്ങളും ഹിന്ദുക്കള്‍' എന്നത് പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്ന ജനതയെയാണ് കണ്ടത്.
ക്രിസ്‌ത്യാനികളായ ഡ്രൈവറും തൊഴിലാളിയും കച്ചവടക്കാരനുമെല്ലാം ഹിന്ദുവായി മാറുന്നത് ബോധ്യമായിട്ടുണ്ട്. യഥാര്‍ഥത്തില്‍ തങ്ങളെന്താണോ, അത് പ്രകടിപ്പിക്കാനാവാത്തതിന്റെ വിങ്ങല്‍- ഒരു ജനതയുടെ ആത്മബോധത്തിലുണ്ടാക്കുന്ന ശൈഥില്യത്തിന് ഏറ്റവും പറ്റിയ സാക്ഷ്യമാണ് ഒറീസയിലെ ക്രിസ്ത്യാനികള്‍. ഹിന്ദുക്കളായി അഭിനയിക്കേണ്ടിവരുന്ന ക്രിസ്തീയരുടെ ആത്മസംഘര്‍ഷം- ഇത് യാത്രയിലുടനീളം കണ്ട അസ്വസ്ഥജനകമായ കാഴ്‌ചയാണ്.

അതെ. ഹിന്ദുക്കളായഭിനയിക്കേണ്ടിവരുന്ന ക്രിസ്‌ത്യാനികളുടെ ദേശമായി ഒറീസ മാറിയിരിക്കയാണ്. ഭുവനേശ്വറില്‍ ഇറങ്ങിയപ്പോള്‍, പാറുന്ന ചെങ്കൊടിയാണ് ഞങ്ങള്‍ കണ്ടത്. ഒറ്റയ്‌ക്കൊരു ചെങ്കൊടിയുമായി നില്‍ക്കുന്ന മനുഷ്യന്‍. സംഘപരിവാറിന്റെ നഗരിയില്‍ ഇങ്ങനെയൊരു കാഴ്ച ഞങ്ങളെ ശരിക്കും ആവേശഭരിതരാക്കി. കൃഷക് സംഘം(കര്‍ഷകസംഘം)സംസ്ഥാന സെക്രട്ടറിയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ അഭിറാം ബെഹ്റയാണ് കൂറ്റന്‍ ചെങ്കൊടിയുമായി ഞങ്ങളെ വരവേല്‍ക്കാന്‍ സ്‌റ്റേഷനടുത്ത് കാത്തിരുന്നത്. യാത്രയിലുടനീളം ഞങ്ങള്‍ക്ക് സഹായിയും സഖാവുമായി ഈ കമ്യൂണിസ്‌റ്റുകാരനുണ്ടായിരുന്നു.

ഒറീസയുടെ മണ്ണില്‍ കാലെടുത്തുവച്ചപ്പോള്‍ ലഭിച്ച ആവേശം യാത്ര അവസാനിച്ചപ്പോള്‍ ആശങ്കയായി മാറിയെന്നത് മറച്ചുവയ്‌ക്കാനാവില്ല. ഭീകരമായ പീഡാനുഭവങ്ങള്‍ നേരിട്ട ഒരു ജനതയുടെ വിറങ്ങലിച്ച ചിത്രമാണ് തങ്ങിനില്‍ക്കുന്നത്. അക്രമത്തിന്റെയും ഭീകരതയുടെയും കേന്ദ്രമായ കന്ദഹാല്‍ ജില്ലയില്‍ റെയ്‌ക്കയിലെ സെന്റ് കാതറീന്‍ ഹൈസ്‌കൂളും മഠവും സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി. തങ്ങളുടെ വിദ്യാലയങ്ങളില്‍ സീറ്റ് ഉറപ്പാക്കാന്‍ കാലുപിടിച്ചു യാചിച്ചവര്‍, അവരടക്കം മുഖംമൂടി ധരിച്ചും അല്ലാതെയും മഠവും പള്ളിയും തകര്‍ത്തവരിലുണ്ടായിരുന്നു. ഒറിയക്കാരനായ ഹിന്ദുവിനെ വിശ്വസിക്കാനാവാത്ത സംഘര്‍ഷമാണിന്ന് അവരെ ഭരിക്കുന്നത്.

കന്ദമാല്‍, റെയ്‌ക്ക, ടിക്കാബലി എന്നിങ്ങനെ സംഘപരിവാര്‍ഭീകരത നടന്ന പല സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അതില്‍ മറക്കാനാവാത്ത ഒരു കാഴ്‌ചയുണ്ട്: ടിക്കാബലിയിലെ പള്ളിയില്‍ കുരിശു തകര്‍ത്തു മാറ്റി അവിടെ കാവിക്കൊടി നാട്ടി. ക്രൈസ്‌തവവേട്ടയും ഭീകരതയും അവസാനിച്ചെന്ന് കേന്ദ്ര-സംസ്ഥാന ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ഈ ദേവാലയത്തില്‍ ഭീതിപരത്തി കാവിക്കൊടി ഇപ്പോഴും പാറുന്നത്. ആഗസ്ത് 25 നു നാട്ടിയ ആ കൊടി അഴിച്ചുമാറ്റാന്‍ ഇന്നുമൊരു കൈ ഉയര്‍ന്നിട്ടില്ല. നമ്മുടെ മതേതരത്വത്തിന്റെ നിസ്സഹായതയുടെ അടയാളമാണ് ക്രൈസ്‌തവ ദേവാലയത്തിലെ കാവിക്കൊടി.

ഗുജറാത്തില്‍ വളരെ വലിയ ഭീകരതയാണ് നടമാടിയതെങ്കിലും പരിമിതമായ ചെറുത്തുനില്‍പ്പുണ്ടായി. ഒറീസയില്‍ അതുമുണ്ടായില്ല. ആഗസ്‌ത് 23-ന് ആരംഭിച്ച ക്രൈസ്‌തവ വേട്ടക്കെതിരായ പ്രതികരണമായി അവിടെയൊരു സമാധാനറാലിപോലും നടത്താനായില്ല. സെപ്തംബര്‍ 11-നായിരുന്നു റാലി നടന്നത്. സമാധാനറാലിയില്‍ പങ്കാളികളാകാനായത്, ഞങ്ങളുടെ പ്രതിനിധിസംഘത്തിന് ഏറെ അഭിമാനവും ആഹ്ലാദവും പകര്‍ന്ന സംഭവമാണ്. ഒറീസയില്‍ ചെറിയൊരു പാര്‍ടിയാണെങ്കിലും സിപിഐ എമ്മിന്റെ നേതൃത്വത്തിലായിരുന്നു റാലിസംഘാടനം. ബിജെപി ഒഴിച്ചുള്ള എല്ലാ പാര്‍ടികളെയും അണിനിരത്തി റാലി സംഘടിപ്പിക്കാനാണ് ശ്രമിച്ചതെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി ജനാര്‍ദനപതി ഞങ്ങളോടു പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് പതിവുപോലെ മതനിരപേക്ഷകൂട്ടായ്‌മയെ വഞ്ചിച്ചു. ആര്‍എസ്എസിനെ യോജിച്ചെതിര്‍ക്കാനുള്ള ഭയംമൂലമാണ് അവര്‍ വിട്ടുനിന്നത്.
വല്ലാത്തൊരാവേശമാണ് റാലി സമ്മാനിച്ചത്. സംഘപരിവാറിന്റെ കോട്ടയില്‍ അവരെ തുറന്നെതിര്‍ത്ത് നടന്ന പ്രകടനത്തില്‍ അണിനിരക്കാനായത് ആഹ്ലാദകരമായ അനുഭവമാണ്. നമ്മള്‍ നമ്മള്‍ മനുഷ്യസോദരര്‍, നമ്മളെല്ലാമൊന്നാണ് എന്നീ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

ജന്മനാട്ടില്‍ അഭയാര്‍ഥികളായ ഒരു ജനതയായാണ് ഒറീസയില്‍ ക്രൈസ്‌തവരുടെ ജീവിതം. ക്യാമ്പുകളില്‍ പലതിലും അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാതെ സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്‌ടപ്പാട് ദയനീയമാണ്. സമാധാനറാലിക്കുശേഷം അടുത്ത ദിവസമാണ് കാതറീന്‍ മഠത്തില്‍ ഞങ്ങളെത്തിയത്. അവിടത്തെ സിസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ ഭീതിയും ആശങ്കയുമെല്ലാം പ്രതിഫലിപ്പിക്കുന്നതായിരുന്നു: "മാര്‍ച്ച് നന്നായി. നിങ്ങള്‍ തിരിച്ചു പോകും. പിന്നെ ഞങ്ങള്‍ക്കെന്ത് സമാധാനം.'' ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ കടലുണ്ടിയും മറ്റും ഇതെല്ലാം ചിത്രീകരിക്കുന്നതു കണ്ടപ്പോള്‍ ഏറെ ഭീതിയോടെ അവര്‍ മഠത്തിനകത്തേക്കു പോയി. എന്നിട്ട് ഞങ്ങളോട് പറഞ്ഞു: നിങ്ങള്‍ ഞങ്ങളുടെ ശബ്ദം കൊടുത്തോളൂ. ദയവുചെയ്ത് ചിത്രവും ശരിപ്പേരും പുറത്തുപറയരുത്. ഒറീസയില്‍നിന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍ ഒരു വീഡിയോ പ്രദര്‍ശനത്തില്‍ തങ്ങളുടെ ചിത്രം കാണിക്കുന്നതുപോലും ഭയക്കുന്ന വിധമാണിവരുടെ ജീവിതം. ആരാണ് ഒറ്റുകാരനെന്ന ഭയം.

താമസിക്കുന്ന ലക്ഷ്‌മി ലോഡ്‌ജില്‍ വച്ചും ഇതിനു സമാനമായ അനുഭവമുണ്ടായി. ലോഡ്‌ജിനടുത്ത് നില്‍ക്കവെ ഒരാള്‍ വന്ന് കൈപിടിച്ച് അഭിവാദ്യംചെയ്ത് പതുക്കെ പറഞ്ഞു, "ഞാനൊരു ക്രിസ്‌ത്യനാണ്, സ്‌കൂള്‍ അധ്യാപകനാണ്. ടിവിയില്‍ കണ്ടതിനാലാണ് നിങ്ങളോട് സംസാരിക്കുന്നത്.'' ഭയപ്പാടായിരുന്നു ആ മനുഷ്യനെയും ഭരിച്ചിരുന്ന വികാരം.

അവര്‍ പ്രതീക്ഷിക്കുന്ന സഹായം, പിന്തുണ ഇതൊന്നും അവര്‍ക്ക് കിട്ടുന്നില്ല. രാഷ്‌ട്രീയ കക്ഷികള്‍, ഭരണസംവിധാനം- ഒന്നും ഈ നിരാലംബര്‍ക്ക് തുണയേകാനെത്തുന്നില്ല. എല്ലാം നഷ്‌ടമായി കഴിയുന്ന ഒരു പാവം ഒറിയക്കാരനെയും പരിചയപ്പെട്ടു. പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ജോലിചെയ്യുന്ന അമൂസ് എന്ന ചെറുപ്പക്കാരന്‍. കേരളത്തെപ്പറ്റി അഭിമാനിക്കുന്ന ഈ യുവാവിന് വീടും സമ്പാദ്യവുമെല്ലാം കൊള്ളയടിക്കപ്പെട്ടു. ജീവിതം തകര്‍ന്നുപോയ ഇവരെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ലോകത്തെങ്ങുമുള്ള നല്ല മനുഷ്യരെയാണ്.

ലക്ഷ്‌മി ലോഡ്‌ജില്‍ ഭീഷണമായ നോട്ടങ്ങളും തുറിച്ചുനോട്ടവുമേറെയുണ്ടായി. താഴെനിന്ന് ചായ കുടിക്കവെ കൈയില്‍ ചരടും വളകളുമണിഞ്ഞ ചെറുപ്പക്കാര്‍ ക്രൂരമായി നോക്കിയതും ടിവി ചാനലിലെ വാര്‍ത്ത കണ്ടതിന്റെ പ്രതികരണമായിരുന്നു.

ലോഡ്‌ജില്‍നിന്ന് പുറത്തുനോക്കിയപ്പോള്‍ കണ്ട കാഴ്‌ച കൌതുകവും സന്തോഷവുമുണ്ടാക്കി. ലോഡ്‌ജിനു മുകളില്‍ നിന്ന് നോക്കിയാല്‍ കണ്ണില്‍പ്പെടുന്നത് സദ്ദാം ആന്‍ഡ് ടിപ്പുസുല്‍ത്താന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സ് എന്ന ബോര്‍ഡാണ്. സംഘപരിവാര്‍ കിടന്നുതുള്ളുന്ന കോട്ടയില്‍പ്പോലും അവരുടെ ഫാസിസ്റ്റ് വാഴ്ചക്കെതിരെ ചുരുട്ടിയ മുഷ്‌ടി പോലെയാണാ മാര്‍ക്കറ്റിന്റെ ബോര്‍ഡ് .

സന്ദര്‍ശനത്തിനിടയില്‍ സംഘപരിവാറിന്റെ ഏറെ ലഘുലേഖകളും നോട്ടീസുകളും ശ്രദ്ധയില്‍പ്പെട്ടു. വായിച്ചു കളഞ്ഞശേഷം കത്തിക്കുക എന്നെഴുതിയ പ്രകോപനപരവും വിഷംതുപ്പുന്നതുമായ നോട്ടീസുകളായിരുന്നു അവ. നിങ്ങളുടെ ആശുപത്രിയില്‍ ക്രിസ്‌ത്യാനി ചികിത്സ തേടി വന്നാല്‍ മരുന്നിനുപകരം വിഷം നല്‍കുക, അങ്ങനെ നല്‍കിയാല്‍ സംഘകേന്ദ്രത്തിലറിയിക്കണം. ഓസ്‌ട്രേലിയന്‍ പുരോഹിതന്‍ ഗ്രഹാംസ്റ്റെയിന്‍സിനെയും രണ്ടുമക്കളെയും ചുട്ടുകൊന്ന 1999-ലെ ക്രൂരതയെ ന്യായീകരിക്കുന്നതാണ് മറ്റൊന്ന്. കൊലയാളിയായ ഭീകരന്‍ ധാരാസിങ്ങിനെ വാഴ്ത്തുന്ന ലഘുലേഖയുമുണ്ട്. ഫാസിസം ജര്‍മനിയില്‍ വളരെ സമര്‍ഥവും ഫലപ്രദവുമായി ഉപയോഗിച്ചതായിരുന്നു ലഘുലേഖവഴിയുള്ള പ്രത്യയശാസ്ത്ര ആക്രമണം. ഒറീസയിലും അവരിത് സമൃദ്ധമായി പ്രയോഗിച്ചു. ഇത്തരം ലഘുലേഖകള്‍ കാണുമ്പോള്‍ അതിനാല്‍ത്തന്നെ ഏതു സമൂഹവും ജാഗ്രത പുലര്‍ത്തണം. കാരണം- ഓര്‍ക്കുക, ഇതൊരു പീറക്കടലാസല്ല. ഒരു കുരുതി നടക്കാനുള്ള പാകപ്പെടുത്തലാണീ ലഘുലേഖകള്‍. ഫാസിസം എവിടെയും പ്രത്യയശാസ്‌ത്രപദ്ധതി എന്നും പ്രചരിപ്പിച്ചിട്ടുള്ളത് ഇതുവഴിയാണ്.

ഒറീസയില്‍ ഭീകരമായതോതില്‍ മതപ്രചാരണം നടക്കുന്നുവെന്നാണ് സംഘപരിവാറിന്റെ പ്രചാരണം. ഇത് വസ്തുതകള്‍ക്കു വിരുദ്ധമാണ്. പാരമ്പര്യവും സംസ്‌ക്കാരവും തകരുന്നെന്ന വാദമാണ് മതപരിവര്‍ത്തനത്തിനെതിരായി അവരുയര്‍ത്തുന്നത്. രണ്ടു ലക്ഷം ദളിതരുമായി അംബേദ്കര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ഇവിടെ ഒന്നുമുണ്ടായില്ലല്ലോ. ഏത് ആശയവും പൂഴ്ത്തിവയ്‌ക്കാനുള്ളതല്ല, പ്രചരിപ്പിക്കാനുള്ളതാണ് എന്ന ബ്രെഹ്തിന്റെ കാഴ്ചപ്പാട് മതങ്ങള്‍ക്കും ബാധകമാണ്.

സംഘപരിവാര്‍ ഫാസിസ്റ്റ് ആശയത്തിന്റെ പ്രചാരകരും പ്രയോക്താക്കളുമായി ഒറീസയിലെ മാധ്യമസമൂഹവും മാറിയെന്നതാണ് സന്ദര്‍ശനം ബോധ്യപ്പെടുത്തുന്ന ഭീതിദമായ മറ്റൊരു വസ്തുത. അവിടത്തെ പ്രാദേശികപത്രങ്ങള്‍ ഒന്നോ രണ്ടോ ഒഴിച്ചുനിര്‍ത്തിയാല്‍ എല്ലാം ഈ കാഴ്‌ചപ്പാടാണ് ബോധ്യപ്പെടുത്തിയത്. ആദിവാസി-പട്ടികജാതി വിഭാഗങ്ങളായ കന്ദാസും പാണകളുമായുള്ള പ്രാദേശികവും വംശീയവുമായ പ്രശ്‌നമാണെന്ന് കുഴപ്പങ്ങളെ വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ബജ്രംഗ്‌ദള്‍ നേതാവ് സ്വാമി ലക്‌ഷ്‌മണാനന്ദയുടെ മരണമാണ് കുഴപ്പത്തിനു കാരണമെന്നും പ്രചരിപ്പിക്കുന്നു. അയാളുടെ 'പൂര്‍വാശ്രമ'ചരിതം ഇതിന് അടിവരയിടുന്നു. കാഷായവസ്ത്രം ധരിച്ച കൊടുംക്രിമിനലാണ് ലക്‌ഷ്‌മണാനന്ദ. ഭൂസംബന്ധമായ കേസില്‍ ഒരാളെ കൊന്ന് രക്ഷപ്പെടാന്‍ ഹിമാലയത്തിലേക്ക് പോയതാണിയാള്‍. പിന്നീട് കാവിയുടുത്ത് സന്യാസിയായി മാറിയ ലക്‌ഷ്‌മണാനന്ദ ഇത്തരത്തിലുള്ള ഉത്തരേന്ത്യന്‍ പ്രതിഭാസത്തിനുദാഹരണമാണ്. സത്യത്തില്‍ ഇയാളുടെ വരവാണ് കന്ദമാലില്‍ സംഘര്‍ഷകാരണമായി ജനങ്ങള്‍ പറയുന്നത്.

ഇദ്ദേഹത്തിന്റെ കൊലയെക്കുറിച്ചും വ്യത്യസ്‌ത നിലപാടുണ്ട്. ആശ്രമത്തിലെ അധികാരത്തര്‍ക്കമാണ് കാരണമെന്നതാണൊന്ന്. മാവോയിസ്‌റ്റുകളാകട്ടെ വധത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. മാവോയിസ്‌റ്റുകളുടെ നേതാക്കളായ സഞ്‌ജീവ് പാണ്ഡെയും ആസാദും ഇക്കാര്യം പരസ്യപ്പെടുത്തിയതുമാണ്. മനുഷ്യത്വവിരുദ്ധരായി പ്രവര്‍ത്തിക്കുന്ന ഭ്രാന്തന്മാരെ ഇനിയും കൊല്ലുമെന്നും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്രിസ്‌ത്യന്‍ പുരോഹിതരാണ് കൊലയാളികളെന്ന് ആവര്‍ത്തിക്കയാണ് സംഘപരിവാര്‍ ഇപ്പോഴും. മാവോയിസ്‌റ്റുകള്‍ പൊലീസിനെ കൊല്ലും, ഭൂപ്രശ്‌നത്തിലിടപെടും അല്ലാതെ തങ്ങളെയൊന്നും ചെയ്യുന്നില്ലെന്ന ന്യായീകരണവും നടത്തുന്നു. കൊല നടത്തിയ മാവോയിസ്‌റ്റുകളെ വെള്ളപൂശുകയും ക്രൈസ്‌തവരെ പിശാചുവല്‍ക്കരിക്കയും ചെയ്യുന്നതിനു പിന്നിലെ താല്‍പ്പര്യവും അജന്‍ഡയും പ്രകടമാണ്.

****

കെ ഇ എന്‍, കടപ്പാട് : ദേശാഭിമാനി

ഒറീസയിലെ സമാധാനറാലിയില്‍ പങ്കെടുത്ത പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ തന്റെ യാത്രാനുഭവം പങ്കുവയ്ക്കുന്നു. തയ്യാറാക്കിയത്: പി വി ജീജോ

No comments:

Post a Comment

Visit: http://sardram.blogspot.com