21 February, 2009

മാധ്യമങ്ങള്‍ കാണാത്തത്

കടന്നുപോയ വര്‍ഷത്തില്‍, നഗരജീവിതത്തിന്റെ, വിശേഷിച്ചും അതിന്റെ വെണ്ണപ്പാളിയുടെ ആശങ്കകളിലും പ്രതീക്ഷകളിലുമാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പതിവുപോലെ കേന്ദ്രീകരിച്ചത്.

കേന്ദ്രീകരണവും ശ്രദ്ധയും ജീവിത രീതികളിലാണ്-ജീവസന്ധാരണ പ്രശ്നങ്ങളിലല്ല.

രതിയിലും ലൈംഗികതയിലുമാണ്-ലിംഗവിവേചനത്തിലല്ല.

നഗരകേന്ദ്രങ്ങളിലെ വര്‍ധിക്കുന്ന സമ്മര്‍ദങ്ങളെക്കുറിച്ചാണ്-ഇന്ത്യയുടെ മരിച്ചുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളെച്ചൊല്ലിയല്ല.

ഐടി വ്യവസായത്തിന്റെ അതിവേഗ വളര്‍ച്ചയെപ്പറ്റിയാണ്-ഉല്‍പ്പാദക വ്യവസായങ്ങളുടെ, വിശേഷിച്ചും ചെറുകിട വ്യവസായങ്ങളുടെ അനിശ്ചിതമായ ഭാവിയെക്കുറിച്ചല്ല.

മികച്ച മാനേജ്‌മെന്റ് സ്കൂളുകളെക്കുറിച്ചാണ്-ബ്ലാക്ക് ബോര്‍ഡും അധ്യാപകരുമില്ലാത്ത പ്രൈമറി സ്കൂളുകളെച്ചൊല്ലിയല്ല.

പഞ്ചനക്ഷത്ര ആശുപത്രികള്‍ വാഗ്ദാനംചെയ്യുന്ന ആരോഗ്യ പരിപാലനത്തെക്കുറിച്ചാണ്-ചിന്നിച്ചിതറിപ്പോകുന്ന പൊതുജനാരോഗ്യ സ്ഥാപനങ്ങളെപ്പറ്റിയല്ല.

മികച്ച ഭോജനശാലകളെക്കുറിച്ചാണ്-ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ രൂക്ഷമാകുന്ന ഭക്ഷ്യസുരക്ഷാഭീഷണിയെക്കുറിച്ചല്ല.

അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും ആധിപത്യം സ്ഥാപിച്ചത് ഈ കാര്യങ്ങളാണ്.

നോം ചോംസ്കിയും ഇ ഹെര്‍മനും തങ്ങളുടെ 'സമ്മതങ്ങളുടെ നിര്‍മിതി' എന്ന പുസ്തകത്തില്‍, വായനക്കാരിലോ അനുവാചകരിലോ എത്തുംമുമ്പ് വാര്‍ത്ത കടന്നുപോകുന്ന അഞ്ച് അരിപ്പകളെക്കുറിച്ച് പറയുന്നുണ്ട്.

1. മാധ്യമ സ്ഥാപനത്തിന്റെ വലുപ്പം

2. പരസ്യ താല്‍പ്പര്യങ്ങള്‍

3. വാര്‍ത്താ സ്രോതസ്സ്

4. പ്രതികരണം

5. കമ്യൂണിസ്റ് വിരുദ്ധത എന്നിവയാണവ.

ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ ഈ പട്ടികയില്‍ ഒരിനംകൂടി നമുക്കു ചേര്‍ക്കാം-ജാതി.

പോയവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ ഉയര്‍ന്ന സംവരണവിരുദ്ധ പ്രക്ഷോഭത്തെ മഹത്തായ വിപ്ലവ പരിവേഷത്തോടെയാണ് മാധ്യമങ്ങള്‍ കൊണ്ടാടിയത്. അതിനിടയില്‍ ഒരിക്കല്‍പ്പോലും അവര്‍ അടിച്ചമര്‍ത്തലുകളുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജാതിവ്യവസ്ഥയെക്കുറിച്ചുരിയാടിയില്ല. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷമായ പിന്നോക്ക വിഭാഗങ്ങള്‍ സാമൂഹ്യ നീതിക്കായി നടത്തുന്ന നീണ്ട പോരാട്ടത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല.

മാര്‍ക്സ് വിശേഷിപ്പിച്ച, സമ്പത്ത് കയ്യാളുന്ന ന്യൂനപക്ഷത്തിന്റെ മേല്‍ക്കോയ്മയില്‍നിന്ന് മാധ്യമങ്ങളും വേറിട്ടു നില്‍ക്കുന്നില്ല. ഈ മേല്‍ക്കോയ്മ രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, സാംസ്കാരിക മേഖലകളിലെല്ലാം പ്രകടമാണ്.

(ലേഖകന്‍: ശ്രീ.ആര്‍ വിജയശങ്കര്‍, ഫ്രണ്ട്‌ലൈന്‍ അസോസിയറ്റ് എഡിറ്റര്‍. കടപ്പാട്: ദേശാഭിമാനി)

No comments:

Post a Comment

Visit: http://sardram.blogspot.com