04 January, 2011

നീതിന്യായ സംവിധാനം വിചാരണ ചെയ്യപ്പെടുന്നു

"ന്യായാധിപരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയുണ്ടായാല്‍ അതിന്നര്‍ഥം ഒരു സമൂഹംതന്നെ അവസാനിക്കുന്നുവെന്നാണ്"
-ബല്‍സാക്


സമീപകാലത്ത് ചില ന്യായാധിപര്‍ക്കെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക്, അഴിമതിയാരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റ് ഭീഷണി നേരിട്ട ജസ്റ്റിസ് രാമസ്വാമിയുടെ പോലും വ്യക്തിത്വം എത്രയോ ഉയരത്തിലാണെന്ന് തോന്നിപ്പോകും. മുന്‍ ചീഫ് ജസ്റ്റിസുമാരുടെ നേരേ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് മുന്‍ നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ നല്‍കിയ സത്യവാങ്മൂലം യഥാര്‍ഥത്തില്‍ നടക്കാതെപോയ ഇംപീച്ച്‌മെന്റിനേക്കാളും ചരിത്രപ്രാധാന്യമുള്ളതാണ്. ഇപ്പോഴിതാ, കേരളീയര്‍ മാത്രമല്ല, ഒരു രാഷ്ട്രംതന്നെ അര്‍പ്പിച്ച പ്രതീക്ഷകളെ തകര്‍ക്കുന്നവിധത്തില്‍ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണനെതിരെ ആക്ഷേപമുയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രി എ. രാജ, മദ്രാസ് ഹൈക്കോടതിയിലെ ന്യായാധിപനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ ജസ്റ്റിസ് രഘുപതി എഴുതിയ കത്തിന്റെ കാര്യത്തില്‍, ജസ്റ്റിസ് ഗോഖലയെയും ജസ്റ്റിസ് രഘുപതിയെയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ജസ്റ്റിസ് ബാലകൃഷ്ണനെ വിശ്വസിക്കാന്‍ കഴിയില്ല. അംബാനിമാര്‍ തമ്മിലുണ്ടായ കേസ്, എസ്.എന്‍.സി. ലാവലിന്‍ കേസ് എന്നിവയുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ('ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസ്' 2010 ഡിസംബര്‍ 12, ഡിസംബര്‍ 31.) ഇവയോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് 2010 മെയ് അഞ്ചിന് 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ പ്രസിദ്ധീകരിച്ച നാഗേന്ദര്‍ശര്‍മയുടെ റിപ്പോര്‍ട്ട്.

ജസ്റ്റിസ് ബാലകൃഷ്ണന്റെ അടുത്തബന്ധുവായ സി.ടി. രവികുമാറിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചപ്പോള്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ അധിപന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ തന്നെയായിരുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്‍ പാനലില്‍നിന്നു 'സ്വയം മാറിനിന്നുകൊണ്ടാ'ണ് രവികുമാറിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതെന്ന് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് പറയുന്നു. ന്യായാധിപബന്ധുക്കള്‍ ഇന്ത്യന്‍ നീതിനിര്‍വഹണ സംവിധാനത്തിന് ഏല്പിച്ച ക്ഷതങ്ങളെക്കുറിച്ച് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്തന്നെ പരാമര്‍ശിച്ച സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന് പ്രത്യേക സാംഗത്യമുണ്ട്. ഉയര്‍ന്ന കോടതികളിലേക്കുള്ള ന്യായാധിപനിയമനം ഇങ്ങനെയൊക്കെയാണോ നടക്കേണ്ടത് എന്ന വിഷയത്തില്‍ ഒരു ദേശീയസംവാദം ആവശ്യമാണ്. അലഹാബാദ് ഹൈക്കോടതിയിലെ 'ദുര്‍ഗന്ധ'ത്തെക്കുറിച്ച് സുപ്രീംകോടതിയിലെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഈയിടെ വാചാലനാവുകയുണ്ടായി. എന്നാല്‍ ജസ്റ്റിസ് ബാലകൃഷ്ണന്റെ ചില അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വിവരാവകാശനിയമം അനുസരിച്ച് സ്വത്ത് വെളിപ്പെടുത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഭരണവിഭാഗം മുമ്പ് കാണിച്ച നിഷേധാത്മക സമീപനവുമെല്ലാം സുഖകരമായ സന്ദേശങ്ങളല്ല നല്കുന്നത്.

സ്വത്ത് വിവരം വെളിപ്പെടുത്താന്‍ സുപ്രീംകോടതിയിലെ ന്യായാധിപരും ബാധ്യസ്ഥരാണെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഭരണവിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ആ നടപടി സുപ്രീംകോടതിയെന്ന മഹത്സ്ഥാപനത്തെ ചെറുതാക്കിയെന്നു മാത്രമല്ല, പലരും പലതും ഒളിച്ചുവെക്കാനാഗ്രഹിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ആരോപണ വിധേയനായ ജസ്റ്റിസ് ദിനകറിന്റെ കാര്യത്തില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ മൃദുസമീപനം സ്വീകരിച്ചതായും ആക്ഷേപമുയര്‍ന്നു. ജസ്റ്റിസ് ദിനകറിനെതിരെ പരസ്യമായി രംഗത്തുവന്ന കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ശൈലേന്ദ്രകുമാറിന്റെ നടപടികള്‍ 'പബ്ലിസിറ്റിക്കുവേണ്ടിയുള്ളവ'യായി രുന്നുവെന്ന ജസ്റ്റിസ് ബാലകൃഷ്ണന്റെ പരാമര്‍ശവും സാധാരണക്കാര്‍ക്ക് ഹൃദ്യമായില്ല.

ആരോപണങ്ങള്‍ യാഥാര്‍ഥ്യങ്ങളാണെന്ന വിധത്തില്‍ ചിത്രീകരിക്കപ്പെട്ടുകൂടാ. എന്നാല്‍, ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എന്താണ് യാഥാര്‍ഥ്യം എന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉന്നതസ്ഥാനീയര്‍ക്കുണ്ട്. അത് ചെയ്യാതെ ജസ്റ്റിസ് ബാലകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല. അദ്ദേഹം രാജിവെക്കാതിരുന്നാല്‍ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കുകൂടി താന്‍ ആധ്യക്ഷ്യം വഹിക്കുകയാണെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരും.

അന്വേഷണം അനിവാര്യം

ന്യായാധിപബന്ധുക്കളുടെ അവിഹിതസമ്പാദ്യങ്ങള്‍ അന്വേഷിക്കപ്പെടുകതന്നെ വേണം. 1952-ലെ അന്വേഷണക്കമ്മീഷന്‍ നിയമം വ്യക്തികളുടെ കാര്യത്തില്‍ ബാധകമല്ല എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് അനുസരിച്ച് 'പൊതുപ്രാധാന്യമുള്ള' വിഷയങ്ങളില്‍ അന്വേഷണമാകാം. അത്തരം അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളുടെ സമ്പാദ്യത്തെക്കുറിച്ചുകൂടി അന്വേഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അഴിമതിക്കും വ്യക്തിഗത സമ്പാദ്യങ്ങള്‍ക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അന്വേഷണ കമ്മീഷന്റെ പൊതുവായ പരിമിതികള്‍ ആശങ്കാജനകമാണ്. റിപ്പോര്‍ട്ടുണ്ടാക്കുന്നതില്‍ കാലതാമസം, റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കല്‍, അതിന്മേല്‍ നടപടിയെടുക്കാതിരിക്കല്‍ തുടങ്ങിയ അനുഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെയും ജഡ്ജസ് എന്‍ക്വയറി ആക്ടിലെയും ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെയും മറ്റും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയൂ എന്നതുകൊണ്ടുമാത്രം അന്വേഷണമേ പാടില്ല എന്ന് ശഠിക്കുന്നത് ശരിയല്ല. ജസ്റ്റിസ് ഹോംസ് സൂചിപ്പിച്ചതുപോലെ നിയമത്തിന്റെ ജീവന്‍ കുടികൊള്ളുന്നത് തര്‍ക്കശാസ്ത്രത്തിലല്ല, അനുഭവങ്ങളിലാണ്. പുതിയ പ്രതിസന്ധിയുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി നിയമവിധേയമായ ശ്രമങ്ങള്‍ ഉണ്ടാവുകതന്നെ വേണം. സുപ്രീംകോടതിതന്നെ മറ്റൊരവസരത്തില്‍ പറഞ്ഞതുപോലെ, ''സൂര്യപ്രകാശമാണ് ഏറ്റവും മികച്ച അണുനാശിനി.''

ഇപ്പോള്‍ ന്യായാധിപന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ ഇന്ത്യയില്‍ ഊര്‍ജിതമായിരിക്കുന്നു. പല ജനാധിപത്യരാജ്യങ്ങളും ഈ നിലയ്ക്കുള്ള മികച്ച മാതൃകകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 1960-ല്‍ സ്ഥാപിക്കപ്പെട്ട കാലിഫോര്‍ണിയയിലെ കമ്മീഷന്‍, കാനാസ് കമ്മീഷന്‍ ഓഫ് ജുഡീഷ്യല്‍ പെര്‍ഫോമന്‍സ് (2006) എന്നിവ ഉദാഹരണങ്ങളാണ്. മിസിസിപ്പി കമ്മീഷന്‍, അരിസോന കമ്മീഷന്‍, ന്യൂ മെക്‌സിക്കോ കമ്മീഷന്‍ എന്നിവയും ന്യായാധിപരുടെ അച്ചടക്കവും പ്രവര്‍ത്തനക്ഷമതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു. ഇന്ത്യയില്‍ സമാനമായ സംവിധാനങ്ങളുണ്ടാക്കിയാല്‍മാത്രം പോരാ, അവയുടെ പരിധിയില്‍ മുന്‍ ന്യായാധിപരെക്കൂടി ഉള്‍പ്പെടുത്തുകയും വേണം. ഏതായാലും ഇംപീച്ച്‌മെന്റിനെ അപേക്ഷിച്ച് ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളെക്കുറിച്ച് രാഷ്ട്രം ഇന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. റിട്ടയര്‍ചെയ്തുവെന്നതുകൊണ്ടുമാത്രം ന്യായാധിപരുടെ ഔദ്യോഗിക ജീവിതത്തിലെ ക്രമരാഹിത്യങ്ങള്‍ തുറന്നുകാട്ടപ്പെടാതെപോകരുത്.

പുതിയ പ്രതീകങ്ങള്‍?

ജസ്റ്റിസ് ദിനകരനും ജസ്റ്റിസ് സൗമിത്ര സെന്നും ജസ്റ്റിസ് ബാലകൃഷ്ണനും ഇന്ത്യന്‍ നീതിനിര്‍വഹണരംഗത്തിന്റെ പുതിയ പ്രതീകങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അതിനര്‍ഥം രാഷ്ട്രം വന്‍ പ്രതിസന്ധിയെ നേരിടുന്നുവെന്നുതന്നെയാണ്. ആത്മാര്‍ഥതയും കഠിനാധ്വാനവും സത്യസന്ധതയും കൈമുതലായുള്ള ന്യായാധിപരുടെ സംഭാവനകള്‍പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് ചില ന്യായാധിപരുടെ ദുഷ്‌ചെയ്തികള്‍ കാരണമായിത്തീരുന്നുണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു എല്‍.ഡി .ക്ലര്‍ക്കിനെ നിയമിക്കുന്നതില്‍ കാണിക്കുന്ന കണിശതപോലും ഉന്നതകോടതികളിലെ ന്യായാധിപനിയമനത്തില്‍ കാണിക്കാത്ത നാട്ടില്‍ നീതിനടത്തിപ്പ് അപഹാസ്യതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. അരുന്ധതിറായിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തുകൊണ്ടും ഡോ. ബിനായക്‌സെന്നിനെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടും ഒരു സംവിധാനം സ്വന്തം സാംഗത്യത്തെതന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

അഴിമതിയും കഴിവുകേടും അസഹിഷ്ണുതയും എങ്ങനെ അമേരിക്കന്‍ നീതിന്യായ സംവിധാനത്തെ തകര്‍ത്തു തുടങ്ങിയെന്നതിനെപ്പറ്റി വാള്‍സ്ട്രീറ്റ് ജേണലിന്റെ എഡിറ്റര്‍ മാക്‌സ്ബൂട്ട് തന്റെ 'ഔട്ട് ഓഫ് ഓഡര്‍' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ (ബേസിക് ബുക്‌സ്, 1998) പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ 'ഔട്ട് ഓഫ് ഓഡര്‍' ആകുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ സ്റ്റേറ്റിനുണ്ടായതിനേക്കള്‍ മോശപ്പെട്ട പ്രതിച്ഛായയാണ് ഇപ്പോള്‍ നീതിന്യായ സംവിധാനത്തിനുണ്ടായിരിക്കുന്നതെങ്കില്‍ അതിന്നര്‍ഥം, ഈ സംവിധാനം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടാന്‍ സമയമായി എന്നുതന്നെയാണ്.

* അഡ്വ. കാളീശ്വരം രാജ്‌*
- കടപ്പാട്: മാതൃഭൂമി

സ്‌ത്രീപക്ഷ രാഷ്‌ട്രീയത്തിലെ സ്‌ത്രീ

കഴിഞ്ഞ വര്‍ഷം സ്‌ത്രീകളുടെ സാമൂഹ്യാവസ്ഥയില്‍ എന്തെല്ലാം ചലനങ്ങള്‍ സൃഷ്‌ടിച്ചുവെന്നാലോചിക്കുമ്പോള്‍ സന്തോഷവും പ്രത്യാശയുമാണ് മുന്നില്‍ നില്‍ക്കുന്നത്. കാലങ്ങളായി സ്‌ത്രീകള്‍ അനുഭവിക്കുന്ന സാമൂഹ്യാസമത്വത്തിന്റെ കാലം അവസാനിച്ചെന്നോ അക്രമങ്ങളുടെ പരമ്പര അവസാനിച്ചെന്നോ സമത്വത്തിന്റെ പുതുലോകം വന്നുകഴിഞ്ഞെന്നോ ഇതിനര്‍ഥമില്ല. പലയിടങ്ങളിലും സാമൂഹ്യാസമത്വത്തിന്റെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. എന്നാല്‍ സ്‌ത്രീപ്രസ്ഥാനങ്ങള്‍ ദീര്‍ഘമായി സമരം ചെയ്‌തുകൊണ്ടിരിക്കുന്ന പല രാഷ്‌ട്രീയപ്രശ്‌നങ്ങള്‍ക്കും കൂടുതല്‍ സാമൂഹ്യ രാഷ്‌ട്രീയ ഭരണകൂടശ്രദ്ധയും അംഗീകാരവും ലഭിച്ചതിന്റെ നല്ല ലക്ഷണങ്ങള്‍ ഈ വര്‍ഷത്തില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. സമൂഹത്തിലെ പൊതുരാഷ്‌ട്രീയസാംസ്‌കാരിക ഇടങ്ങളില്‍ സ്‌ത്രീകളുടെ സജീവപങ്കാളിത്തവും മുന്‍കൈയും കൂടുതലായി.

സ്‌ത്രീപക്ഷ രാഷ്‌ട്രീയം പഴയ രീതികളില്‍ നിന്ന് മാറി കൂടുതല്‍ വൈവിധ്യവും സങ്കീര്‍ണതയും ആര്‍ജിക്കുന്നതിന്റെ മാറ്റങ്ങളും പ്രകടമാണ്. എല്ലാ മേഖലകളും പരാമര്‍ശിക്കുന്ന ഒരു ചര്‍ച്ച വിശദമായ പഠനം ആവശ്യപ്പെടുന്നു. അതിനാല്‍ സ്‌ത്രീപക്ഷത്തുനിന്നു നോക്കുമ്പോള്‍ 2010 ന്റെ ഏറ്റവും പ്രധാന സൂചികയായി സ്‌ത്രീകളുടെ രാഷ്‌ട്രീയപങ്കാളിത്തത്തെ പരിഗണിച്ചുകൊണ്ടുള്ള ഒരു അവലോകനത്തിനാണ് ഞാന്‍ ശ്രമിക്കുന്നത്.

രാഷ്‌ട്രീയ നേതൃത്വത്തിലും ഭരണനേതൃത്വത്തിലും സ്‌ത്രീകളുടെ സാന്നിധ്യം ശ്രദ്ധിച്ച വര്‍ഷമായിരുന്നു പിന്നിട്ടത്. ലോകമാകെ നോക്കിയാല്‍ 18 രാജ്യങ്ങളില്‍ സ്‌ത്രീകള്‍ പ്രസിഡന്റ് അല്ലെങ്കില്‍ പ്രധാനമന്ത്രി പദവിയിലുണ്ട്. മുന്‍കാലങ്ങളില്‍ പിതാവിന്റേയോ ഭര്‍ത്താവിന്റേയോ കുടുംബവാഴ്‌ചയുടേയോ തുടര്‍ച്ചയായാണ് സ്‌ത്രീകള്‍ക്ക് രാഷ്‌ട്രീയാധികാരം ലഭിച്ചിരുന്നത്. എന്നാല്‍ മുമ്പ് സൂചിപ്പിച്ച 18 രാജ്യങ്ങളില്‍ ഭൂരിപക്ഷവും രാഷ്‌ട്രീയപ്രവര്‍ത്തനത്തിലൂടെ അല്ലെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ എത്തിയവരാണെന്നത് ശ്രദ്ധേയമായ വസ്‌തുതയാണ്. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആണ്‍കോയ്‌മയെ മറികടന്നുകൊണ്ടാണ് ഈ സ്‌ത്രീസാന്നിധ്യം എന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. വ്യത്യസ്‌തമായ രാഷ്‌ട്രീയധാരകളെ പ്രതിനിധീകരിക്കുന്നവരാണെങ്കിലും ദീര്‍ഘമായ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ചരിത്രമുള്ളവരാണ് പല രാജ്യങ്ങളിലേയും ഇപ്പോഴത്തെ സ്‌ത്രീനേതാക്കള്‍. ജര്‍മനിയുടെ ചാന്‍സലറായ ഏഞ്ചലാ മെര്‍ക്കലയും അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പദവിയില്‍ എത്തിയ നാന്‍സി പെലോസിയും ദീര്‍ഘമായ രാഷ്‌ട്രീയപ്രവര്‍ത്തന ചരിത്രം ഉള്ളവരാണ്. അടുത്തിടെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ ബ്രസീലില്‍ അധികാരത്തിലെത്തിയ വര്‍ക്കേഴ്‌സ് പാര്‍ടിയുടെ നേതാവും ഇപ്പോഴത്തെ ബ്രസീല്‍ പ്രസിഡന്റുമായ ദില്‍മാ റൂസഫ് ഇടതുപക്ഷ ഒളിപ്പോര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സജീവമായ മുഴുവന്‍ സമയരാഷ്‌ട്രീയപ്രവര്‍ത്തനം, അതും സ്‌ത്രീകളുടെ മാത്രം വേദികളിലല്ലാതെ പൊതുരാഷ്‌ട്രീയത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം സ്‌ത്രീയുടെ മേഖലയല്ലെന്ന പരമ്പരാഗത വിശ്വാസം തിരുത്തുന്നുണ്ട് ഈ മാറ്റം.

നിയമനിര്‍മാണ സഭകളില്‍ സ്‌ത്രീകള്‍ക്ക് സീറ്റുകള്‍ സംവരണം ചെയ്യണമെന്ന ഇന്ത്യയിലെ സ്‌ത്രീകളുടെ ദീര്‍ഘകാല ആവശ്യത്തിന് ഭാഗികമായ ഉറപ്പ് നല്‍കുന്ന വനിതാസംവരണബില്‍ രാജ്യസഭ പാസാക്കിയത് സ്‌ത്രീകളുടെ രാഷ്‌ട്രീയ സ്വയം നിര്‍ണയാവകാശത്തിനുള്ള സമരങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. കേരളസര്‍ക്കാര്‍ നടപ്പാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അമ്പത് ശതമാനം സംവരണം പ്രാദേശിക രാഷ്‌ട്രീയത്തിലെ സ്‌ത്രീ പങ്കാളിത്തത്തിലും നേതൃത്വത്തിലും വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. പുതുമയുള്ള പല രാഷ്‌ട്രീയ നീക്കുപോക്കുകള്‍ക്കും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതു കാരണമായിട്ടുണ്ട്. അതു പ്രത്യേകം പഠനാര്‍ഹമായ ഒന്നാണ്.

രാഷ്‌ട്രീയമണ്ഡലത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ സ്‌ത്രീകളെ വ്യത്യസ്‌തമായ രാഷ്‌ട്രീയപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും സ്‌ത്രീപ്രശ്‌നങ്ങള്‍ക്കും പൊതുരാഷ്‌ട്രീയപ്രശ്‌നങ്ങള്‍ക്കും വ്യത്യസ്‌തമായ സമീപനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. പല രീതിയില്‍ സ്‌ത്രീകളെ നിയന്ത്രിച്ച് രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാഷ്‌ട്രീയ മത സാമുദായിക നേതൃത്വങ്ങള്‍ ഊര്‍ജിതമായ ശ്രമം തുടങ്ങിയിരിക്കുന്നുവെന്നതാണ് മറ്റൊരു വശം. പാരമ്പര്യത്തിന്റെ ചട്ടക്കൂടുകളാല്‍ വളര്‍ത്തപ്പെട്ട സ്‌ത്രീകളെ യാഥാസ്ഥിതികമായ രാഷ്‌ട്രീയദര്‍ശനങ്ങള്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നു. വിവിധ ജാതി മത വര്‍ഗ ശ്രേണികളുടെ സ്വാധീനത്താല്‍ സങ്കീര്‍ണമായ അവസ്ഥയിലുള്ള ഇന്ത്യയിലെ സ്‌ത്രീകളില്‍ ഏതു വിഭാഗത്തിന് ഈ മാറ്റങ്ങളുടെ പ്രയോജനം ലഭിക്കും, ഏതു വിഭാഗങ്ങളുടെ ദുരിത ജീവിതം പുതിയ തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമാകും എന്ന ചോദ്യം ഈ അവസരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതുകൊണ്ടുതന്നെ പുരോഗമനപരമായ സ്‌ത്രീപക്ഷ രാഷ്‌ട്രീയം കൂടുതല്‍ പ്രസക്തവുമാകുന്നു.

ആഗോളതലത്തില്‍ തന്നെ ഈയൊരു വസ്‌തുത പ്രധാനപ്പെട്ടതാണ്. സ്‌ത്രീശാക്തീകരണം കൃത്യമായ രാഷ്‌ട്രീയ ദൌത്യങ്ങള്‍ ഉള്ളതാണ്. അരാഷ്‌ട്രീയതയും വലതുപക്ഷ തീവ്രതയും പറയുന്നവരും ഇന്ന് സ്‌ത്രീകളുടെ രാഷ്‌ട്രീയമായ ശാക്തീകരണത്തെ പിന്തുണയ്‌ക്കുന്നു. ഒപ്പം സ്‌ത്രീകളെ രാഷ്‌ട്രീയവല്‍ക്കരിക്കാനും സജീവപ്രവര്‍ത്തകരാക്കാനും ശ്രമിക്കുന്നു. ഗുജറാത്തിലെ വര്‍ഗീയകലാപത്തിനു നേതൃത്വം നല്‍കാനും മാറാട് സാമുദായിക സംഘര്‍ഷം നിലനിര്‍ത്താന്‍ മുന്നില്‍ നിന്നു പ്രവര്‍ത്തിക്കാനും സ്‌ത്രീകള്‍ ഉണ്ടായിരുന്നു. അവരും സജീവ രാഷ്‌ട്രീയപ്രവര്‍ത്തകരായിരുന്നു. സ്‌ത്രീപ്രശ്‌നവും സ്‌ത്രീപക്ഷ രാഷ്‌ട്രീയവും സങ്കീര്‍ണമാകുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് ഗൌരവമായ രാഷ്‌ട്രീയ ചര്‍ച്ച ആവശ്യപ്പെടുന്നതാണ്. ഉപരിപ്ളവമായ പ്രചാരണപരിപാടികളല്ല സ്‌ത്രീകള്‍ക്ക് ആവശ്യം, രാഷ്‌ട്രീയ നയപരിപാടികളാണ്. വോട്ടുചെയ്യുക മാത്രം ചെയ്യുന്ന പരിമിത രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും രാഷ്‌ട്രീയപങ്കാളിത്തത്തിലേക്ക് സ്‌ത്രീകള്‍ എത്തിയിരിക്കുന്നു. ഈ സമകാലീനതയെ മനസ്സിലാക്കുക എന്നതാണ് 2010 ലെ സ്‌ത്രീ നല്‍കുന്ന സന്ദേശം.


******


മിനി സുകുമാര്

ജനിതകവിള: എസ്‌.ആര്‍.പിക്ക്‌ പിന്തുണയേറുന്നു

തിരുവനന്തപുരം: സി.പി.എമ്മിന്റെ മൂന്നാമത് രാജ്യാന്തര കേരള പഠന കോണ്ഗ്രസ് ജനിതകവിളകളെ അന്ധമായി എതിര്ക്കേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ളയുടെ പ്രസ്താവനയില് മുങ്ങി. എസ്.ആര്.പിയുടെ നിലപാടിനെതിരേ സി.പി.ഐ. ശക്തമായി രംഗത്തെത്തിയെങ്കിലും സി.പി.എമ്മില് കൂടുതല് നേതാക്കള് അദ്ദേഹത്തിനു പിന്തുണയുമായെത്തി. പഠന കോണ്ഗ്രസിലെ പ്രധാന ചര്ച്ചാവിഷയം 'ജനിതകമാറ്റം വരുത്തിയ കാര്ഷികവിളകള്' ആയി മാറി.

പ്രബന്ധങ്ങള് അവതരിപ്പിക്കാനെത്തിയ ശാസ്ത്രജ്ഞരുടെ പിന്തുണയും എസ്.ആര്.പിക്കു ലഭിച്ചു. പഠന കോണ്ഗ്രസിനു പുറത്തുനിന്നാണെങ്കിലും കേന്ദ്ര കൃഷി സഹമന്ത്രി പ്രഫ. കെ.വി. തോമസും ഫോര്വേഡ് ബ്ലോക്കും എസ്.ആര്.പിക്കു പിന്തുണയുമായെത്തി. ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുകയോ അപ്പാടെ സ്വീകരിക്കുകയോ വേണ്ടെന്നാണു സി.പി.എം. നിലപാടെന്നു മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില് പറഞ്ഞു. ജനിതക വിത്തുകള് സൃഷ്ടിക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്, ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങള്, ഉടമസ്ഥത എന്നീ കാര്യങ്ങള് ഓരോ വിത്തിനത്തിന്റെയും കാര്യത്തില് പ്രത്യേകം പരിശോധിച്ചുവേണം അനുമതിക്കാര്യം തീരുമാനിക്കാനെന്ന് അദ്ദേഹം പറഞ്ഞു.

ജൈവ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കേരളത്തിലെ കൃഷിയെ ശാസ്ത്രീയമായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു മന്ത്രി എളമരം കരീം പറഞ്ഞു. ശാസ്ത്രത്തെ നിഷേധിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്ധമായി സ്വീകരിക്കുന്നതും അന്ധമായി എതിര്ക്കുന്നതും ശരിയല്ലെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം പി. രാജീവ് എം.പി പറഞ്ഞു. പരിസ്ഥിതി, ആരോഗ്യ പഠനങ്ങള് നടത്തിവേണം തീരുമാനമെടുക്കേണ്ടത്. ഉല്പന്നങ്ങളുടെ കുത്തകവത്കരണം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനിതക സാങ്കേതിക കണ്ടുപിടിത്തത്തെ നാടിനും സമൂഹത്തിനും കൃഷിക്കും പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ആലോചിക്കുന്നതിനു പകരം ഇതിനെ മാധ്യമങ്ങള് മറ്റൊരു തലത്തിലേക്കു കൊണ്ടുപോകുകയാണെന്ന് സി.പി.എം. സംസ്ഥാന സമിതിയംഗം എം.വി. ജയരാജന് പറഞ്ഞു.

കെ.എന്. ബാലഗോപാല് എം.പിയും എസ്.ആര്.പിയുടെ അഭിപ്രായത്തെ പിന്തുണച്ചു.

ബി.ടി. വഴുതനയെ സി.പി.എം. ശക്തമായി എതിര്ക്കുന്നുണ്ടെന്നു തോമസ് ഐസക് വ്യക്തമാക്കി. ഇത് രണ്ടായിരത്തഞ്ഞൂറോളം വരുന്ന മറ്റു വഴുതനങ്ങയിനങ്ങളെ എങ്ങിനെ ബാധിക്കുമെന്ന് ആദ്യം പരിശോധിക്കണം. പഠനം തീരുന്നതുവരെ ബി.ടി. വഴുതനയ്ക്കു മോറട്ടോറിയം വേണമെന്നാണു പാര്ട്ടി നിലപാട്.

ബി.ടി. പരുത്തി വിത്തുകളുടെ വിതരണവും അവകാശവും കുത്തകക്കമ്പനിയായ മോണ്സാന്റോയില് നിക്ഷിപ്തമായതിന്റെ പേരില് മാത്രമാണ് അതിനോട് എതിര്പ്പെന്നും ഐസക് വ്യക്തമാക്കി.

കേരളത്തെ ജനിതകവിള വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനുള്ള കൃഷിവകുപ്പിന്റെ ശ്രമത്തെക്കുറിച്ചുള്ള ചോദ്യത്തിന് 'അതു വളരെ നല്ലതാണെന്നും സംവാദം നടക്കുന്നതില് എന്താണു പേടിക്കാനുള്ളത്' എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്ക്കാര് നിലപാട് മാറ്റേണ്ട യാതൊരു സാഹചര്യവും നിലനില്ക്കുന്നില്ലെന്നും മന്ത്രി ഐസക് പറഞ്ഞു.

ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഗവേഷണം നടക്കണമെന്നത് ഇടതുപക്ഷത്തിന്റെ പൊതുനിലപാടാണെന്ന് ഫോര്വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി. ദേവരാജന് പറഞ്ഞു. കുറവു സ്ഥലത്ത് കൂടുതല് ഉല്പാദനം നടത്താനാണു ശ്രമിക്കേണ്ടത്.

മൊണ്സാന്റോ പോലെയുള്ള കുത്തകകള്ക്കു മുന്നില് അടിയറ പറയാതെ ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള് ഉല്പാദിപ്പിക്കാന് പൊതുമേഖലാ സ്ഥാപനങ്ങള് ഗവേഷണം നടത്തണമെന്നും ദേവരാജന് പറഞ്ഞു.

ജനിതകവിത്ത്: പുറംതിരിഞ്ഞ് നില്ക്കേണ്ടതില്ലെന്ന് ഉമ്മന് ചാണ്ടി


തിരുവനന്തപരം: ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങളുടെ കാര്യത്തില് ശാസ്ത്രത്തിന്റെ നേട്ടങ്ങളോട് പുറം തിരിഞ്ഞ് നില്ക്കേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി. ശാസ്ത്ര നേട്ടങ്ങളെ അടഞ്ഞമനസ്സോടെ വീക്ഷിക്കേണ്ടതില്ല. കാലകാലങ്ങളില് ശാസ്ത്രം കൈവരിക്കുന്ന നേട്ടങ്ങള്സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില് പാര്ട്ടിയുടെ തീരുമാനം ചര്ച്ചകള്ക്കു ശേഷം അറിയിക്കാമെന്നും ഉമ്മന് ചാണ്ടി പറഞ്ഞു.



ജനിതക വിത്ത്: സി.പി.എമ്മിനെതിരെ ബര്ദനും രാജയും

ന്യൂഡല്ഹി: ജനിതക മാറ്റം വരുത്തിയ വിളകള് ഉപയോഗിക്കണമെന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്പിള്ളയുടെ നിലപാടിനെതിരെ സി.പി.ഐയിലെ ദേശീയ നേതാക്കള് രംഗത്തെത്തി. ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള് സ്വീകരിക്കുന്നത് ഇടതു നയമല്ലെന്നു സി.പി.ഐ ജനറല് സെക്രട്ടറി എ.ബി.ബര്ദന് പറഞ്ഞു. സി.പി.എം പറഞ്ഞത് അവരുടെ നിലപാടാണ്. ജനിതക വിത്ത് കര്ഷകര്ക്ക് ദോഷം ചെയ്യും. കൃഷിച്ചെലവു കൂട്ടും. വിത്തുപയോഗം പരിസ്ഥിതിക്കു വന് പ്രത്യാഘ്യാതങ്ങള് ഉണ്ടാക്കും ബിടി കോട്ടണ് ഇതു തെളിയിച്ചതാണ്. ജനിതക വിത്തിനങ്ങള് ദോഷം ചെയ്യില്ലെങ്കില് സി.പി.എം അതിന്റെ തെളിവ് നിരത്തട്ടെ. ഇക്കാര്യത്തില് രാഷ്ട്രീയ പ്രസ്താവനയല്ല, ശാസ്ത്രജ്ഞരുടെ തീരുമാനമാണ് വേണ്ടതെന്നും ബര്ദന് പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ വിളകളെ പാടേ എതിര്ക്കുന്നത് ജനിതക വിത്തിനങ്ങളെ എതിര്ക്കുന്നവര് അന്ധവിശ്വാസികളാണെന്ന എസ്.ആര്.പിയുടെ പരാമര്ശത്തിനെതിശരയാണ് ഡി.രാജ രംഗത്തെത്തിയത്. രാമചന്ദ്രന്പിള്ളയുടെ നിലപാട് ശരിയല്ലെന്ന് ദേശീയ സെക്രട്ടറി ഡി. രാജ പ്രതികരിച്ചു. ഇത്തരം വിത്തുകളെക്കുറിച്ച് ബഹുരാഷ്ര്ടാ കുത്തകകള് മാത്രമേ പഠനം നടത്തിയിട്ടുള്ളൂവെന്നും വിശദമായി പഠിക്കാതെ വിത്തുപയോഗം അനുവദിക്കാന് കഴിയില്ലെന്നും രാജ പറഞ്ഞു. ചിലരുടെ നിക്ഷിപ്ത താല്പര്യങ്ങള് അടിച്ചേല്പ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നതെന്നും വിത്ത് കുഴപ്പമില്ലാത്തതാണെങ്കില് പിന്നെ ഇടതുപാര്ട്ടികളും ശാസ്ത്രജ്ഞരും ഇത്രയുംകാലം എതിര്ത്തത് എന്തിനാണെന്നും ഡി. രാജ ചോദിച്ചു.

അന്ധവിശ്വാസമാണെന്നാണു കേരള പഠന കോണ്ഗ്രസ് സെമിനാറില് കിസാന്സഭ ദേശീയ അധ്യക്ഷന് കൂടിയായ എസ്. രാമചന്ദ്രന്പിള്ള അഭിപ്രായപ്പെട്ടതാണു സംവാദത്തിനു തിരികൊളിത്തിയത്. ഈ അഭിപ്രായത്തെ അതേ വേദിയില്ത്തന്നെ മന്ത്രി മുല്ലക്കര രത്നാകരന് നിശിതമായി എതിര്ത്തിരുന്നു. അദ്ദേഹത്തിന്റെ നിലപാട് സംസ്ഥാന സര്ക്കാരിന്റെതല്ലെന്നും മുല്ലക്കര പറഞ്ഞു. എസ്.ആര്.പിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്ഗവനും രംഗത്തെത്തിയിരുന്നു.

03 January, 2011

പീഢനവും ലൈംഗികതയുമല്ലാതെ സ്‌ത്രീയെന്തെഴുതും ?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം തീരുന്നു. മാനവരാശിയുടെ പകുതിയിലധികം വരുന്ന സ്‌ത്രീകള്‍ എന്തു പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരുന്നു. ഈ വര്‍ഷം കേരളത്തില്‍ 50ശതമാനം സ്‌ത്രീകള്‍ പൊതുഭരണത്തില്‍ അധികാരത്തില്‍ വന്നു. മുമ്പൊന്നും സംഭവിക്കാത്ത വലിയ മാറ്റമാണിത്്. ഞങ്ങളും ഇവിടെയുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിന്റെ പോരായ്‌മകളൊക്കെ ഇനിയും പരിഹരിക്കാം.

കാലം നീണ്ടുപരന്നുകിടക്കുന്നു. എന്തായാലും ആദ്യപടി സംഭവിച്ചു. ഉന്തിത്തള്ളിമാറ്റിയ ഇടത്തില്‍ അവള്‍ കയറിയിരുന്നു. ഭൂമിയില്‍ കമിഴ്ന്നു കിടന്നു കാണുന്നതിനേക്കാള്‍ വ്യത്യസ്‌തമായിരിക്കും ഇരിപ്പിടത്തില്‍ നിവര്‍ന്നിരുന്നുകൊണ്ടുള്ള അവളുടെ കാഴ്‌ച. ആ കാഴ്‌ചകളെ അവളിനിയും പറയാനിരിക്കുന്നതേയുള്ളൂ. ഇതുവരെ അവള്‍ വിളിച്ചുപറഞ്ഞതെല്ലാം ഇരിപ്പിടത്തില്‍നിന്ന് ഉന്തിത്തള്ളി താഴെയിട്ടപ്പോള്‍, മണ്ണില്‍ മൂക്കുംകുത്തി വീണപ്പോള്‍, ആ വേദനയിലും അപമാനത്തിലും തലയുയര്‍ത്താതെ കണ്ണിന്റെ ഇത്തിരിവെട്ടത്തില്‍ കണ്ട കാഴ്‌ചകളായിരുന്നു. അത്രമാത്രം അതു സത്യസന്ധവുമാണ്. ആദ്യമൊന്നും ഈ പറച്ചിലിനെ ലോകം അനുവദിച്ചില്ല. അതുവെറും തേങ്ങലായ് ഒതുക്കി. പിന്നെയാണ് ഞരങ്ങിയും വിങ്ങിയും പറഞ്ഞുതുടങ്ങിയത്. ആ പറച്ചിലിലെ വേദന പുരുഷന് ഇഷ്‌ടപ്പെട്ടു. ഇരയുടെ വേദന കണ്ട് രസിക്കുന്ന വേട്ടക്കാരനെപ്പോലെ അവനത് ആഘോഷിച്ചു.

ഫെമിനിസമെന്നും പെണ്ണെഴുത്തെന്നും മാര്‍ജിനിട്ട് അതിനെ മാറ്റിനിര്‍ത്തി, വികലാംഗര്‍ക്ക് നല്‍കുന്ന പരിഗണനപോലെ അതിനെയും പരിഗണിച്ചു. എലിക്ക് പ്രാണസഞ്ചാരം പൂച്ചയ്‌ക്ക് കളിവിളയാട്ടം എന്നൊരു ചൊല്ലുണ്ടല്ലോ? കുറേനേരം പൂച്ചയുടെ ഔദാര്യത്തില്‍ ഈ കളിതുടര്‍ന്നപ്പോള്‍ എലി ആ കളിയില്‍ ഒരു സുഖം കണ്ടെത്തി. നമ്മുടെ സ്‌ത്രീകളുടെ മുഖ്യധാര എഴുത്തും ഇതുപോലെയാണ്. ഒരു സ്‌ത്രീയുടെ രചനകള്‍ മുഖ്യധാര മാധ്യമങ്ങളില്‍ വരണമെങ്കില്‍, അത് ആഘോഷിക്കപ്പെടണമെങ്കില്‍ അവള്‍ ഈ ഇരയുടെ വിലാപം നടത്തിക്കൊണ്ടിരിക്കണം. ഒരു സ്‌ത്രീക്ക് എഴുത്തുകാരിയായി സമൂഹത്തിന്റെ, അംഗീകാരം കിട്ടണമെങ്കില്‍ ഒന്നുകില്‍ പീഡനത്തെക്കുറിച്ച് അല്ലെങ്കില്‍ ലൈംഗികതയെപ്പറ്റി പറയണം. ഇതു രണ്ടുംകൂടി ഒരുമിച്ചായാല്‍ ഏറെ ഗുണകരം. അങ്ങനെ പറയുകയും എഴുതുകയും ചെയ്യുന്ന ഒരു എഴുത്തുകാരിക്ക് മാത്രമേ എഴുത്തിലൊരു സാന്നിധ്യമായി നിലനില്‍പ്പുള്ളൂ. ഇങ്ങനെ എഴുതുന്ന ഒരുവള്‍ പ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കും പ്രിയപ്പെട്ടവളാണ്. അതാണ് എഴുത്തിലേക്ക് കടക്കാന്‍ സ്‌ത്രീക്കുള്ള വിശാലമായ വാതില്‍.

സമീപകാലങ്ങളിലായി മലയാള പ്രസിദ്ധീകരണരംഗത്ത് ആഘോഷിക്കപ്പെട്ടതും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടതും സ്‌ത്രീകളുടെ ഇത്തരം രചനകളാണല്ലോ. ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയും കന്യാസ്‌ത്രീയുടെ പീഡനകഥകളും കോളേജധ്യാപികയുടെ രതികാവ്യതര്‍ജമയും ഒക്കെയാണല്ലോ പ്രസാധകര്‍ക്ക് ഏറ്റവും അധികം ലാഭം ഉണ്ടാക്കിക്കൊടുത്ത പുസ്‌തകങ്ങള്‍.

ആനുകാലികങ്ങളില്‍ സ്വന്തം രചനകളുമായി ധാരാളം സ്‌ത്രീകള്‍ പ്രത്യക്ഷപ്പെട്ട വര്‍ഷംകൂടിയാണ് കടന്നുപോയത്. ചെറുതും വലുതുമായ പ്രസാധകരില്‍നിന്ന് പുതിയ എഴുത്തുകാരികളുടേതടക്കം അത്ര കുറവല്ലാത്ത പുസ്‌തകങ്ങളും പുറത്തുവന്നു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച സ്‌ത്രീ എഴുത്തുകാരികളുടെ സംഗമത്തില്‍ പുതിയതും മുമ്പ് എഴുതിക്കൊണ്ടിരുന്നവരുമായ കുറേ എഴുത്തുകാരികള്‍ വന്നുചേര്‍ന്നിരുന്നു. അതില്‍ പലരും സ്വന്തമായി പുസ്‌തകം പ്രസാധനം ചെയ്‌തവരാണ്. സ്വന്തമായി ബ്ളോഗുകള്‍ ഉള്ളവരും തൊഴിലില്‍നിന്നു വിരമിച്ചവരും പുതിയ പെണ്‍കുട്ടികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ച ഇരയുടെയും വേട്ടക്കാരന്റെയും ദ്വന്ദ്വത്തില്‍ ഒതുങ്ങി നിന്നു.

വീടിനുപുറത്തും തൊഴിലിടങ്ങളിലും തങ്ങള്‍ക്കാവശ്യമുള്ളിടത്തോളം പുരുഷസുഹൃത്തുക്കളുള്ളവരും വീട്ടില്‍ ഭര്‍ത്താവിന്റെയോ അച്‌ഛന്റെയോ സഹോദരന്റെയോ എല്ലാ പിന്തുണയും ലഭിക്കുന്നവരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ കൂടാതെ മധ്യവര്‍ഗജീവിതം ജീവിക്കുന്നവരുമാണ് നമ്മുടെ സ്‌ത്രീ എഴുത്തുകാരില്‍ വലിയൊരു വിഭാഗം. എന്നാലും ഇവരും ഇരയുടെ വിലാപംതന്നെ മുഴക്കിക്കൊണ്ടിരിക്കും. കാരണം മാര്‍ക്കറ്റാണ് പ്രധാനം. എന്നാല്‍, സത്യസന്ധമായി ഇതു പറയേണ്ടവര്‍ ഇനിയും പറയാന്‍ തുടങ്ങിയിട്ടില്ല. അവരുടെ ആത്മകഥകളാണ് മലയാളത്തില്‍ സ്‌ത്രീയുടെ ശക്തമായ സാന്നിധ്യമായി ഇനിയും വരാനിരിക്കുന്നത്. ഒരു അമ്മവഴിചരിത്രം അതിന്റെ ഊര്‍ജം ഇനിയും മലയാള സാഹിത്യത്തില്‍ രൂപപ്പെടേണ്ടതുണ്ട്. മാധവിക്കുട്ടിയും സാറാജോസഫും അതിനൊരു വഴിതുറന്നുതന്നു. ആ ധാരയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന രചനകളൊന്നും പോയവര്‍ഷം നമുക്കു ലഭ്യമായിട്ടില്ല.

ആരെങ്കിലും വ്യത്യസ്‌തമായി ലോകത്തെ കാണുകയും അത് തങ്ങളുടെ എഴുത്തിലൂടെ അവതരിപ്പിക്കുകയും ചെയ്‌താല്‍തന്നെ അത്തരം രചനകളൊന്നും പ്രധാന പ്രസാധകരില്‍നിന്ന് പുറത്തുവരുന്നതും അസാധ്യം. വേനല്‍ക്കാലത്ത് മധുരനാരങ്ങ വിറ്റഴിയുംപോലെ’ വിറ്റഴിയേണ്ട പുസ്‌തകമാണ് അവര്‍ക്കാവശ്യം.

പലപ്പോഴും ഒരു എഴുത്തുകാരി പുറത്തുവരിക ഭര്‍ത്താവ് പ്രശസ്‌തനാണെങ്കില്‍ അയാളുടെ മരണശേഷം അയാളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുമായിട്ടായിരിക്കും. റോസി തോമസിനെപ്പോലെ ആന്തരികമായി കരുത്തുള്ള ഒരു എഴുത്തുകാരിയെപ്പോലും (അവരുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഡിസംബര്‍ 16) ഓര്‍മിക്കുന്നത് 'ഇവന്‍ എന്റെ പ്രിയ സി ജെ'" എന്ന ഓര്‍മപ്പുസ്‌തകത്തിന്റെ പേരിലാണ്. എല്ലാ പത്രമാസികകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും സ്‌ത്രീകള്‍ക്കുമാത്രമായി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതില്‍ ഏതെങ്കിലും രംഗത്ത് പ്രശസ്‌തിയിലേക്ക് എത്തിയ സ്‌ത്രീയെ അവതരിപ്പിക്കുമ്പോള്‍ അവസാനം ചോദിക്കുന്ന ചോദ്യം ഇങ്ങനെയായിരിക്കും. അതാണ് പ്രധാനം. നിങ്ങളുടെ വളര്‍ച്ചയില്‍ കുടുംബം എങ്ങനെ സഹായിക്കുന്നു/നിങ്ങള്‍ ഇത്രസമയം വീട്ടില്‍നിന്നു മാറിനില്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെയും ഭര്‍ത്താവിന്റെയും കാര്യം ആരു നോക്കും?/ഏതു തരത്തിലും നിറത്തിലുമുള്ള വസ്‌ത്രമാണ് ധരിക്കാനിഷ്‌ടം. ഇങ്ങനെ പോകും. ഇതേ ചോദ്യം ഒരിക്കലും ഒരു പുരുഷനെ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ ചോദിച്ചുകേട്ടിട്ടില്ല.

ഇതിന്റെ അര്‍ഥം ഇതാണ്. സമൂഹം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്‌ത്രീയുടെ ഇടം വീടും അവസ്ഥ ഇരയുടേതുമാണ്. അവളതു ലംഘിക്കുന്നുണ്ടോ എന്ന് ഓര്‍മപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. വേട്ടക്കാരന്റെയും ഇരയുടെയും റോളില്‍നിന്ന് എന്നാണോ സ്‌ത്രീക്കും പുരുഷനും പുറത്തുകടക്കാന്‍ കഴിയുക അപ്പോള്‍ മാത്രമേ സ്‌ത്രീയുടെ യഥാര്‍ഥ സത്തയിലൂന്നിയ രചനകള്‍ പുറത്തുവരികയുള്ളൂ.

നമ്മുടെ ഏറ്റവും പുതിയ എഴുത്തുകാരികള്‍ എഴുത്തിനെ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. അക്കാദമിയില്‍ നടന്ന സ്‌ത്രീകളുടെ സംഗമത്തില്‍ ഇന്ദുമേനോന്‍ പറഞ്ഞു. 'ഞാന്‍ കഥകളെഴുതുന്നത് എന്റെ അമ്മ കുഞ്ഞിനെ നോക്കുകയും അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ടും രാത്രി ഭര്‍ത്താവ് എന്നെ ഇരുന്ന് എഴുതാന്‍ അനുവദിക്കുന്നതുകൊണ്ടുമാണ്.'

" ഗൌരവപൂര്‍വം മലയാള ചെറുകഥയില്‍ ഇടപെടുന്ന എഴുത്തുകാരിപോലും എഴുത്തിനെ കാണുന്നത് മറ്റുള്ളവരുടെ ഔദാര്യത്തില്‍ നടക്കുന്ന, ജീവിതവുമായി ബന്ധമില്ലാത്ത, എഴുതാന്‍വേണ്ടി മാത്രമുള്ള ഒന്ന് എന്നാണ്. സ്‌ത്രീക്ക് എല്ലാ ജോലിയും കഴിഞ്ഞ് അല്‍പ്പസമയമേ എഴുതാന്‍ കിട്ടുന്നുള്ളൂ അതുകൊണ്ട് അവളുടെ എഴുത്തിനെ ആ പരിമിതിയോടെ കാണണം" എന്നാണ് കവിതാരംഗത്ത് സജീവസാന്നിധ്യമായ ബിന്ദുകൃഷ്ണന്‍ ഒരു ലേഖനത്തില്‍ എഴുതിയത്. പുതിയ എഴുത്തുകാരികളുടെ കൂട്ടത്തിലെ രോഷ്നിസ്വപ്ന ഒരഭിമുഖത്തില്‍ പറയുന്നത് തന്റെ അച്‌ഛനും ഭര്‍ത്താവും ഇത്രയധികം കൂടെനില്‍ക്കുന്നതുകൊണ്ടാണ് എഴുതാന്‍ കഴിയുന്നത് എന്നാണ്."

ഈ വര്‍ഷം വായനയില്‍ ശ്രദ്ധേയമായ ചില സ്‌ത്രീ രചനകള്‍ ഇവയൊക്കെയായിരുന്നു. ദയാബായ്- പച്ചവിരല്‍, പി ഗീത - പെണ്‍കാലങ്ങള്‍, സജിത മഠത്തില്‍- മലയാള നാടകസ്‌ത്രീചരിത്രം, ജെ ദേവിക- കുലസ്‌ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, കെ ആര്‍ ഗൌരിയമ്മ- ആത്മകഥ എന്നിവയാണ്. വ്യത്യസ്‌തങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ പുസ്‌തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്.


*****


ഡോ. റോസി തമ്പി

02 January, 2011

ബച്ചനെ ഒളിച്ചു കടത്തിയതാര്?

വിക്കിപ്പീഡിയ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് ബി സി മൂവ്വായിരം ആണ്ടു മുതല്‍ കേരളത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ കച്ചവടം നടക്കുന്നുണ്ട്. ഗ്രീക്കുകാരുമായും അറബികളുമായും മറ്റ് യൂറോപ്യന്മാരുമായും നൂറ്റാണ്ടുകള്‍ കച്ചവടം ചെയ്ത ബൃഹത്തായ പാരമ്പര്യമാണ് മലയാളികള്‍ക്കുള്ളതെന്നു സാരം. ലോകത്തെമ്പാടുമെന്നതു പോലെ, കേരളവും വ്യാപാരത്തിന്റെയും വ്യവസായത്തിന്റെയും പുതിയ മേഖലകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രമാണു താനും. കച്ചവടം എന്നത് ജനങ്ങളുടെ ജീവിതം നിലനിര്‍ത്തുന്ന ഒരു സാമ്പത്തിക പ്രക്രിയയും മനുഷ്യബന്ധങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു സാംസ്ക്കാരിക മേഖലയുമാണ്. ഉപഭോഗ സംസ്ക്കാരം സാധാരണക്കാരെയും മധ്യവര്‍ഗ്ഗക്കാരെയും കടക്കെണിയിലാഴ്ത്തും എന്ന സ്ഥിരം പല്ലവിയില്‍ ധാരാളം സത്യമുണ്ടായിരിക്കെ തന്നെ, വ്യാപാരമെന്നത് ആധുനിക സമൂഹത്തിന്റെ ജീവനാഡിയാണെന്ന വാസ്തവം നാം കണ്ണടച്ചില്ലാതാക്കാന്‍ ശ്രമിക്കേണ്ടതുമില്ല. ഈ സാഹചര്യത്തിലാണ്, വ്യാപാരം വര്‍ദ്ധിപ്പിക്കാനായി കേരള സര്‍ക്കാര്‍ ഊര്‍ജ്ജസ്വലതയോടെ സംഘടിപ്പിക്കുന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ പോലുള്ള സംരംഭങ്ങള്‍ സ്വാഗതത്തോടെയും ആവേശത്തോടെയും, വ്യാപാരസമൂഹവും ജനസാമാന്യവും സ്വീകരിക്കുന്നത്.

എന്നാല്‍, സാംസ്ക്കാരിക നിരീക്ഷകരെ ഉത്ക്കണ്ഠപ്പെടുത്തുന്നത് അതൊന്നുമല്ല. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സ്പോണ്‍സര്‍ഷിപ്പിലൂടെ, കേരളത്തിലെ മതേതര-സാമൂഹ്യ-സാംസ്ക്കാരിക ജീവിതത്തിന് കടുത്ത ഭീഷണി സൃഷ്ടിക്കുന്ന ഘടകങ്ങള്‍ കേരളത്തിന്റെ ദൃശ്യപ്രതലത്തില്‍ നിറയുന്നു എന്ന യാഥാര്‍ത്ഥ്യമാണ് അവരെ ആശങ്കാകുലരാക്കുന്നത്. കേരളം ഒരുവട്ടം നിഷ്ക്കരുണം തള്ളിക്കളഞ്ഞ ബച്ചന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ ഒളിച്ചുകടത്തപ്പെട്ടിരിക്കുകയാണ്. ഈ അസംബന്ധത്തിലൂടെ കേരളത്തിലെ തെരുവോരങ്ങളും പത്രത്താളുകളും അശ്ളീലമയമായിക്കഴിഞ്ഞു. കീര്‍ത്തി ചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ തുടങ്ങി; അമിത ദേശീയത, മുസ്ളിം വിരുദ്ധത, അക്രമോത്സുകത, കാക്കിയുടെ അപ്രമാദിത്വം, യുദ്ധരതി എന്നിങ്ങനെയുള്ള മാനുഷിക വിരുദ്ധമായ ഇതിവൃത്ത-ആഖ്യാന പ്രകടനങ്ങള്‍ വ്യാപകമായി കൊണ്ടാടപ്പെട്ടതിനെ തുടര്‍ന്നാണ്; ഈ ചിത്രങ്ങളില്‍ മേജര്‍ വേഷം അവതരിപ്പിച്ചു എന്ന പേരില്‍ മോഹന്‍ലാലിനെ പട്ടാള മേജറാക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ അസംബന്ധ നാടകമായിരുന്നു ഈ മേജര്‍ പദവി. അതിരിക്കട്ടെ. അതിനു തുല്യമായ വിധത്തില്‍ കേരളത്തില്‍ ഇപ്പോള്‍ ഇത്തരമൊരു അസംബന്ധകരമായ ദൃശ്യ വയറിളക്കം (വിഷ്വല്‍ ഡയറിയ) തുറന്നു വിടാന്‍ കേരള സര്‍ക്കാരിലെ ഏതു ഉദ്യോഗസ്ഥ ദുഷ്പ്രഭുവാണ് തുനിഞ്ഞിറങ്ങിയത് എന്നറിയില്ല.

സി പി ഐ (എം) കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്ന് ഗുജറാത്ത് ബ്രാന്റ് അംബാസഡറായ അമിതാബ് ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേരള സര്‍ക്കാര്‍ ഒരിക്കല്‍ പുറകോട്ടു പോയതാണ്. കേരളത്തിലും പുറത്തുമുള്ള ജനാധിപത്യ വിശ്വാസികളും സ്വാതന്ത്ര്യവാദികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വലിയ ആശ്വാസമാണ് അന്നനുഭവിച്ചത്. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് അന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു അതിനെ തുടര്‍ന്ന് പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്. നരേന്ദ്രമോഡിയെക്കുറിച്ച് അമിതാബ് ബച്ചന്‍ അദ്ദേഹത്തിന്റെ ബ്ളോഗില്‍ ഇപ്രകാരം എഴുതി:

അദ്ദേഹം(മോഡി) അടിസ്ഥാനാവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊണ്ട് ലാളിത്യത്തോടെ ജീവിക്കുകയും, ഒരു സംസ്ഥാനത്തിന്റെ തലവനാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും അദ്ദേഹം സഹാനുഭൂതിയോടെയാണ് സംസാരിക്കുന്നത്. പുതിയ ആശയങ്ങളെയും ആദര്‍ശങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു. സാധാരണക്കാരന്‍(കോമണ്‍ മാന്‍) എന്ന അര്‍ത്ഥത്തിലാണ് താന്‍ സി എം ആകുന്നതെന്ന അദ്ദേഹത്തിന്റെ സ്ഥിരം വ്യാഖ്യാനം ആരും തെറ്റിദ്ധരിക്കേണ്ടതില്ല. എന്താണോ സംസാരിക്കുന്നത് അപ്രകാരം തന്നെ പ്രവര്‍ത്തിക്കുന്ന ഒരാളാണ് നരേന്ദ്രമോഡി.

ചരിത്രം മറന്നു പോകരുത്. 1970കളില്‍ ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുത്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന്, അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ എന്നായിരുന്നു ഗുജറാത്ത് ബ്രാന്റ് അംബാസഡറായതിലൂടെ ജനാധിപത്യ വൃത്തങ്ങളില്‍ ചോദ്യമുയര്‍ന്നത്. ബച്ചനെ കേരളത്തിന്റെ ബ്രാന്റ് അംബാസഡറാക്കണോ എന്ന കാര്യത്തില്‍ കേരള സര്‍ക്കാരാണ് അന്തിമമായ തീരുമാനമെടുക്കുക എന്നിരിക്കിലും, നരേന്ദ്ര മോഡിയുടെ ഗുജറാത്തിന്റെ അതേ അംബാസഡറെ കേരളവും സ്വീകരിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത് എന്നാണ് സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗമായ സീതാറാം യച്ചൂരി പി ടി ഐ യോട് പറഞ്ഞത്. ഇതിനെ തുടര്‍ന്ന് കേരളത്തിലെ ഭരണമുന്നണി നേതൃത്വം രാഷ്ട്രീയമായി ഉണര്‍ന്നെണീക്കുകയും ബച്ചനെ കേരളത്തിന്റെ പ്രതീകമാക്കുക എന്ന മൂഢാലോചന ഉപേക്ഷിക്കുകയും ചെയ്തു. രോഷാകുലനായ വൃദ്ധനായി ബച്ചന്‍ ഇതില്‍ തന്റെ അതൃപ്തി ലോകത്തെ അറിയിക്കുകയും ചെയ്തു. മാതൃഭൂമി, മനോരമ, ഉമ്മന്‍ ചാണ്ടി തുടങ്ങിയ 'ജനാധിപത്യ വാദികള്‍' ഇതില്‍ തുടര്‍ രോഷാകുലത പ്രകടിപ്പിക്കുകയും ചെയ്തു. ആ അദ്ധ്യായം അവിടെ അടഞ്ഞതാണ്. ഇപ്പോള്‍ ആ പണ്ടാരപ്പെട്ടി കുത്തിത്തുറന്ന് പുറത്തിട്ടതാരാണ്?

ടൂറിസത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബിഗ് ബിയെ, നടനില്‍ നിന്ന് കഥാപാത്രമാക്കി മാറ്റി കച്ചവടത്തിന്റെ പ്രതീകമായി ഒളിച്ചുകടത്തിയത് കേരളത്തെയും കേരളീയ ജനതയെയും അപമാനിക്കുന്നതിന് തുല്യമാണ്. ഒമ്പതു മാസങ്ങള്‍ കൊണ്ട് സംഭവിക്കുന്ന മറവികള്‍ക്കു മേലാണോ കേരളത്തിന്റെ സാമൂഹ്യ ബോധം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്? വഴിയോരങ്ങളിലെ കൂറ്റന്‍ ഹോര്‍ഡിംഗുകളിലും പത്രത്താളുകളിലെ നെടുങ്കന്‍ പരസ്യങ്ങളിലും നിവര്‍ന്നു നില്‍ക്കുന്നത് ബച്ചനാണെങ്കിലും ഉദ്ദേശിച്ചത് അതല്ല എന്ന് തോന്നിപ്പിക്കാന്‍ വേണ്ടി; മോഹന്‍ ലാലിന്റെ പടത്തിന്മേല്‍ മേജര്‍ മഹാദേവന്‍, കാണ്ഡഹാര്‍ എന്നും ബച്ചന്റെ പടത്തിന്മേല്‍ ലോകനാഥ് ശര്‍മ്മ, കാണ്ഡഹാര്‍ എന്നും ചെറുതായി എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. കൌണ്ടര്‍ മീഡിയയില്‍ സുദീപ് കെ എസ് എഴുതിയതു പോലെ സിഗരറ്റു പാക്കറ്റിന്മേല്‍ സിഗരറ്റ് വലി ആരോഗ്യത്തിന് ഹാനികരം എന്നെഴുതിയതിന് തുല്യമായ അപഹാസ്യമായ മുന്നറിയിപ്പുകള്‍ മാത്രമാണിത്.

മാത്രമല്ല, രോഷാകുലനായ ബച്ചന്റെ കൂലി കൊടുക്കാതെയാണ് അദ്ദേഹത്തെ കഥാപാത്രമെന്നോണം ഇവിടെ അവതരിപ്പിച്ചിരിക്കുന്നതെന്നും മനസ്സിലാക്കാവുന്നതാണ്. കോടികള്‍ കൈക്കലാക്കിക്കൊണ്ടാണ്, ബച്ചനെപ്പോലൊരാള്‍ പരസ്യങ്ങളില്‍ മോഡലാവാറുള്ളത്. അത്തരമൊരാളെ മേജര്‍ രവിയുടെ സിനിമയില്‍ മുഖവും ശരീരവും കാണിച്ചു എന്നതിന്റെ പേരില്‍ കൂലി കൊടുക്കാതെ ചൂഷണം ചെയ്യുന്നത്, കേരളീയരുടെ അഭിമാനത്തിന് ഭൂഷണമാണെന്ന് കരുതുന്നില്ല. ബച്ചനെ മാത്രമല്ല, ഈ ഒളിച്ചു കടത്തല്‍ വഞ്ചിക്കുന്നത്. ആദര്‍ശത്തിന്റെ പേരില്‍ സിനിമാ പരസ്യങ്ങളും ലോട്ടറി പരസ്യങ്ങളും വേണ്ടെന്നു വെച്ച കുറെയധികം മാധ്യമങ്ങളെ - മാധ്യമം, സിറാജ്, തേജസ് - ഷോപ്പിംഗ് ഫെസ്റ്റിവല്‍ പരസ്യമെന്ന പേരില്‍ സിനിമാപരസ്യം അടിച്ചേല്‍പ്പിച്ചിരിക്കുകയാണിവിടെ. ആദര്‍ശത്തിനു മേല്‍ സാംസ്ക്കാരിക കള്ളക്കടത്തുകാരുടെ അധിനിവേശം എന്ന് ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്.

താരവ്യക്തിത്വത്തിന്റെ പ്രതിനിധാനം കഥാപാത്രത്തെക്കാള്‍ എത്രയോ വലുതാണെന്ന കാര്യം കച്ചവടസിനിമയുമായി പ്രാഥമിക പരിചയം ഉള്ളവര്‍ക്കു പോലും ബോധ്യപ്പെടുന്നതാണ്. കഥാപാത്രങ്ങളുടെ സ്വഭാവവൈശിഷ്ട്യങ്ങള്‍ താരനിര്‍മിതിക്ക് സഹായകമാണെന്നതു പോലെ തന്നെ താരത്തിന്റെ പ്രാഭവം കഥാപാത്രത്തിന്റെ വിശ്വാസ്യതക്കും പിന്‍ബലമേകുന്നു. ആരാധനയും പിന്തുണയും ഫാന്‍സ് അസോസിയേഷനുകളും മാധ്യമങ്ങളിലെ നിറം പിടിപ്പിച്ച അണിയറക്കഥകളും ചേര്‍ന്ന് താരത്തെ ദൈവതുല്യനാക്കാറുമുണ്ട്. തമിഴ് നാട്ടിലും മറ്റും താരങ്ങള്‍ക്ക് ക്ഷേത്രം വരെ പണിതതും മറ്റൊന്നും കൊണ്ടല്ല. കേരളത്തില്‍ അത്തരത്തിലൊന്നും സംഭവിക്കില്ല എന്നും അത്യാവശ്യത്തിന് ഔചിത്യബോധവും ചരിത്രജ്ഞാനവും ഉള്ളവരാണ് കേരളീയര്‍ എന്നുമാണ് ഇതുവരെയും കരുതിപ്പോന്നിരുന്നത്. എന്നാല്‍, താരങ്ങളുടെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ കെട്ടിയുയര്‍ത്തപ്പെടുമ്പോള്‍, നമ്മുടെ ജനാധിപത്യ-മത നിരപേക്ഷ ധാരണകള്‍ ഒലിച്ചുപോകുന്നു എന്നു വരുന്നത് ദയനീയം തന്നെയാണ്.

*
ജി പി രാമചന്ദ്രന്‍

01 January, 2011

ലോകം 2010 - തിരിഞ്ഞു നോക്കുമ്പോള്‍





അമേരിക്ക വിക്കി വലയില്‍

രാജാവ് നഗ്നന്‍ മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന്‍ അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്‍ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്‍ത്തകരും അമേരിക്കയ്ക്ക് ഏല്‍പ്പിച്ച പ്രഹരം സാര്‍വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില്‍ തെളിഞ്ഞുകാണാം.

സൈബര്‍ലോകത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന്‍ അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്‍നെറ്റ് ശൃംഖലയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്‍കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന്‍ അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില്‍ നിസ്സാരന്മാരാണെന്ന ഭാവത്തില്‍ പ്രവര്‍ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്‍ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ ചാരപ്രവര്‍ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥാനപതിമാര്‍ വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധികള്‍പോലും ചാരപ്പണിയില്‍ മുഴുകിയിരിക്കുകയാണ്. അമേരിക്കന്‍ വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്‍കി.

ഇത്തരം രഹസ്യങ്ങള്‍ പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന്‍ തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന്‍ വെമ്പല്‍കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു സര്‍ക്കാര്‍ ചിന്തിക്കാന്‍പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്‍കിവന്ന അമേരിക്കന്‍ കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള്‍ പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര്‍ കാര്‍ഡ് സ്ഥാപനങ്ങള്‍ക്ക് അമേരിക്ക ഉത്തരവ് നല്‍കി. എന്നാല്‍, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര്‍ വിക്കിലീക്സിനുവേണ്ടി സൈബര്‍യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള്‍ ആക്രമണവിധേയമായി.

സ്വീഡനില്‍ കെട്ടിച്ചമച്ച കേസിന്റെ പേരില്‍ ബ്രിട്ടനില്‍ അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള്‍ അസാഞ്ചെയെ ജാമ്യം നേടാന്‍ നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള്‍ ദൃഢമാണ്. ഞാന്‍ പ്രകടിപ്പിച്ച ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ നിശ്ചയദാര്‍ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ പ്രക്രിയ(കേസും ജയില്‍വാസവും) ഇടയാക്കിയുള്ളൂ.

ഓസ്ട്രേലിയന്‍ പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന്‍ കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്‍ചെയ്തു.
(സാ‍ജന്‍ എവുജിന്‍)

ഒറ്റപ്പെടുന്ന ഒബാമ

സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്‍ഗ്രസിന്റെ ജനപ്രതിനിധിസഭയില്‍ റിപ്പബ്ളിക്കന്മാര്‍ ആധിപത്യം നേടി. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്‍ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്‍ണായക നിയമനിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിക്കുമ്പോള്‍ സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്.

നവംബറില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഏറെ വിയര്‍പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന്‍ ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന്‍ കോര്‍പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്‍കുന്നതിനെ ഒബാമ ശക്തിപൂര്‍വം തടയാന്‍ ശ്രമിച്ചു. പക്ഷേ, അമേരിക്കന്‍ വ്യവസായികള്‍ ഇതിനെ പിന്‍താങ്ങുന്നില്ല. ലാഭമാണ് അവര്‍ക്ക് പ്രധാനം.

അമേരിക്കക്കാരുടെ തകര്‍ന്ന വാങ്ങല്‍ കഴിവ് തിരികെ കൊണ്ടുവരാന്‍ കഴിയുന്നില്ല. 149 ലക്ഷംപേര്‍ തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര്‍ മാസങ്ങളായി സര്‍ക്കാര്‍ സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്‍ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് നടത്തിയ പ്രചാരണത്തില്‍ ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയം.

യൂറോപ്പില്‍ പ്രക്ഷോഭ കൊടുങ്കാറ്റ്

തൊഴിലാളിപ്രക്ഷോഭങ്ങള്‍ യൂറോപ്പിലാകെ അലയടിച്ച വര്‍ഷമാണ് കടന്നുപോയത്. സുദീര്‍ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര്‍ നേടിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരുകള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായ സമരങ്ങള്‍ വ്യാപകമായി. 'സോഷ്യലിസമാണ് ബദല്‍' എന്ന് പ്രഖ്യാപിക്കാനുള്ള ആര്‍ജവം വീണ്ടും ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ചു. ഫ്രാന്‍സിലും ഗ്രീസിലും പൊതുപണിമുടക്കുകള്‍ പതിവായി. ഫ്രാന്‍സില്‍ എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്‍പോര്‍ട്ട്, റെയില്‍, ട്രാന്‍സ്പോര്‍ട്ട്, പോസ്റല്‍ സര്‍വീസ്, ആശുപത്രികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ക്കൊപ്പം ഉപരോധത്തില്‍ പങ്കുചേര്‍ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.

പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്‍ത്താന്‍ 5000 കോടി പവന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് മുടക്കാന്‍ അയര്‍ലന്‍ഡില്‍ ബില്‍ കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്‍പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില്‍ പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. സ്പെയിനില്‍ തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. സാഹചര്യത്തിലാണ് സെപ്തംബറില്‍ ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.

ജര്‍മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കേലിന്റെ സര്‍ക്കാര്‍ ബജറ്റില്‍ 8000 കോടി മാര്‍ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്‍മനിയിയും ഇറ്റലിയിലും പൊതുചെലവില്‍ വന്‍വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്‍ജിക്കുകയാണ്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുറയ്ക്കാനും തൊഴില്‍നിയമങ്ങളില്‍ തൊഴിലാളിവിരുദ്ധമായ അയവുകള്‍ വരുത്താനുമുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള്‍ ഗ്രീസില്‍ നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില്‍ പ്രകടനം നടത്തിയത്.

യൂറോപ്യന്‍ യൂണിയന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ ഒരു ലക്ഷം തൊഴിലാളികള്‍ അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല്‍ ഉപേക്ഷിക്കുക, തൊഴിലിനും വളര്‍ച്ചയ്ക്കും മുന്‍ഗണന നല്‍കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല്‍ എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്. എന്നാല്‍, വന്‍കിട ബിസിനസുകാരുടെമേല്‍ ഒരുവിധ സമ്മര്‍ദവും ഇല്ല. അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുകയാണ്. മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായ ഐക്യത്തില്‍ എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്‍ട്സ് കൌണ്‍സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്‍നിന്ന് കാമറോ സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍.

രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്‍ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില്‍ ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്‍. മുതലാളിത്തത്തിന് സ്ഥിതി ഒരിക്കലും തരണംചെയ്യാന്‍ സാധ്യമല്ല എന്നത് അമേരിക്കയില്‍ ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്‍ത്താന്‍ പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ അവരെയും രാജ്യങ്ങളെയും കൂടുതല്‍ കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.

ചൈന കുതിപ്പ് തുടരുന്നു

മാന്ദ്യം സ്പര്‍ശിക്കാതെ ചൈനയുടെ സമഗ്രവളര്‍ച്ച ഇക്കൊല്ലവും തുടര്‍ന്നു. ആഭ്യന്തരമൊത്ത ഉല്‍പ്പാദനത്തിന്റെ അടിസ്ഥാനത്തില്‍ ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് കറന്‍സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്‍, മറ്റു പല കാര്യങ്ങളിലും അമേരിക്കന്‍പക്ഷത്തുനില്‍ക്കുന്ന യൂറോപ്യന്‍രാജ്യങ്ങള്‍പോലും പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന്‍ കഴിയൂ.

അറുപത്തിഒന്നുവര്‍ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്‍സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല്‍ സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില്‍ 1990ല്‍ ചൈനീസ് സ്ഥാപനങ്ങള്‍ ലോകറാങ്കിങ്ങില്‍ 73-ാം സ്ഥാനത്തായിരുന്നു. 2008ല്‍ 17-ാം സ്ഥാനത്തായി. 2030ല്‍ മൂന്നാം റാങ്കില്‍ എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള്‍ നടപ്പാക്കുന്നത്. ദാരിദ്ര്യനിര്‍മാജനംമുതല്‍ ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകം. സഹവര്‍ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന്‍ ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.

ഗാസയില്‍ നിലവിളി ഒടുങ്ങുന്നില്ല

ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്‍ഷത്തിലും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള്‍ ആക്രമിച്ച് ഒന്‍പതുപേരെ വധിച്ച ഇസ്രയേല്‍ നിഷ്ഠുരത ലോകത്തെ നടുക്കി. തുര്‍ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്‍ത്തകര്‍ ഗാസയിലേക്ക് തിരിച്ചത്. എന്നാല്‍, തങ്ങള്‍ വളഞ്ഞുവച്ചിരിക്കുന്ന ഗാസയില്‍ ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല്‍ കമാന്‍ഡോകള്‍ കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്‍ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്‍ക്കിയില്‍നിന്നുള്ള ഒന്‍പതു യുവാക്കള്‍കൊല്ലപ്പെട്ടു. കപ്പലുകള്‍ ഇസ്രയേല്‍ പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല്‍ അതിക്രമത്തെ അപലപിച്ചു. തുര്‍ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്‍, ഇസ്രയേല്‍ കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള്‍ എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന്‍ രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല്‍ നിലകൊള്ളുന്നു. സമാധാനചര്‍ച്ചകള്‍ പ്രഹസനം.

അഴിമതി വര്‍ഷം

ഇരുന്നൂറിലേറെ കോണ്‍ഗ്രസ് എംപിമാരുമായി 'കൂടുതല്‍ ഭദ്രതയോടെ' അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ 2ജി അഴിമതിയില്‍ ഉലയുന്നതാണ് വര്‍ഷാന്ത്യ കാഴ്ച. അഴിമതിയില്‍ തട്ടിയും മുട്ടിയും മന്‍മോഹന്‍സര്‍ക്കാര്‍ അധികകാലം മുന്നോട്ടുനീങ്ങില്ലെന്ന് തീര്‍ച്ച. പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിക്കുമുന്നില്‍ താനും ഹാജരുണ്ടെന്ന് പറയുന്ന ദയനീയസ്ഥിതിയിലേക്ക് രാജ്യത്തെ പ്രധാനമന്ത്രിക്ക് താഴേണ്ടി വന്നിരിക്കയാണ്.
2010 അഴിമതികളുടെ വര്‍ഷമാണ്. 2ജി, കോമണ്‍വെല്‍ത്ത്, ഐപിഎല്‍, ആദര്‍ശ് ഫ്ളാറ്റ്, അരികയറ്റുമതി തുടങ്ങി കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും കോര്‍പ്പറേറ്റുകളും ബ്യൂറോക്രാറ്റുകളുമൊക്കെ ഉള്‍പ്പെട്ട അഴിമതികള്‍ നിരവധി. മന്‍മോഹന്‍സിങ് തുടക്കമിട്ട സാമ്പത്തികപരിഷ്ക്കാരങ്ങളുടെ ഫലംനുകര്‍ന്ന കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് കേന്ദ്രഭരണവും കോണ്‍ഗ്രസ്സും. സര്‍ക്കാര്‍ നയം നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകള്‍. രാജ്യം ഭരിക്കുന്നത് അംബാനിമാരും ടാറ്റയും. 2ജി ഇടപാടില്‍ ടെലികോം മന്ത്രി എ രാജ രാജി വെച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംശയത്തിന്റെ കരിനിഴലിലായി. കോമണ്‍വെല്‍ത്ത് അഴിമതിവീരന്‍ സുരേഷ്കല്‍മാഡിക്ക് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനം പോയി. പക്ഷേ ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന്‍ അധ്യക്ഷന്റെ കസേരയില്‍ കല്‍മാഡിതന്നെ. കൊച്ചി ഐപിഎല്‍ ടീമില്‍ കാമുകിക്ക് വിയര്‍പ്പ്ഓഹരി വാങ്ങികൊടുത്ത ശശി തരൂരിന് നഷ്ടമായത് വിദേശസഹമന്ത്രി സ്ഥാനം. ഫ്ളാറ്റ് അഴിമതിയില്‍പ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കസേരപോയി. കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളില്‍ വട്ടംകറങ്ങുകയാണ്. 2ജി ഇടപാടുകള്‍ക്ക് ചരടുവലിച്ച കോര്‍പ്പറേറ്റ് ഇടനിലക്കാരി നിരറാഡിയയുടെ ഫോണ്‍സംഭാഷണങ്ങള്‍ കോണ്‍ഗ്രസ്-ബിജെപി നേതൃത്വങ്ങളെ വട്ടംകറക്കുകയാണ്.
2ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ വെളിപ്പെടുത്തലോടെ ലോകത്തിലെ ഒന്നാംനമ്പര്‍ അഴിമതിയാണ് മറനീക്കിയത്. എല്ലാ ഉത്തരവാദിത്തവും രാജയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. എന്നാല്‍ അഴിമതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യമാണ് പ്രധാനമന്ത്രി നേരിടുന്നത്. മന്‍മോഹന്റെ മൌനം ആര്‍ക്കുവേണ്ടിയായിരുന്നെന്ന് കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സാധിച്ചേക്കും. ഇതൊഴിവാക്കാനാണ് ജെപിസി പറ്റില്ലെന്നും പിഎസിക്ക് മുമ്പാകെ ഹാജരാകാമെന്നും മന്‍മോഹന്‍ ആവര്‍ത്തിക്കുന്നത്.

തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഡിഎംകെയെ ദുര്‍ബലപ്പെടുത്താന്‍ ചിദംബരം ബോധപൂര്‍വ്വം ടേപ്പുകള്‍ ചോര്‍ത്തിയെന്ന ആക്ഷേപവും ശക്തം. റാഡിയക്ക് ചാരപ്പണിയും നികുതിവെട്ടിപ്പുമുണ്ടെന്ന് 2007 നവംബറില്‍ നികുതിവകുപ്പിന് പരാതി ലഭിക്കുമ്പോള്‍ ചിദംബരമായിരുന്നു ധനമന്ത്രി. 2008 ആഗസ്തില്‍ ഫോണ്‍ചോര്‍ത്തലിന് തീരുമാനമെടുക്കുമ്പോഴും ചിദംബരം തന്നെ ധനമന്ത്രി. 2008-09 കാലയളവില്‍ വീണ്ടും ചോര്‍ത്തുമ്പോള്‍ ആഭ്യന്തരമന്ത്രി പദത്തില്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഡിഎംകെ ദുര്‍ബലപ്പെട്ടാല്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ചിദംബരത്തിന്. തമിഴ്നാട്ടില്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോണ്‍ഗ്രസില്‍ പിടിമുറുക്കി കഴിഞ്ഞു. തമിഴ്നാട്ടില്‍ മകന്റെ ഭാവി ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി നടത്തിയ എടുത്തുചാട്ടം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നാണ് ചിദംബരംവിരുദ്ധ ക്യാമ്പിന്റെ പ്രചാരണം. ഒന്നൊന്നായി പുറത്തുവരുന്ന അഴിമതികള്‍ രണ്ടാംയുപിഎ സര്‍ക്കാരിന്റെ അടിത്തറയിളക്കി കഴിഞ്ഞു. ഇനി കൌണ്ട്ഡൌണ്‍ തുടങ്ങാം.

*
എം പ്രശാന്ത്