23 December, 2010

ഓള്‍ ഇന്ത്യാ റാഡിയ

ഇത്തവണ പാര്‍ലമെന്റ് സമ്മേളനം പുതിയ അനുഭവമായിരുന്നു. ഡല്‍ഹിയിലെ കൊടുംതണുപ്പുകാലത്തുതന്നെയാണ് ശൈത്യകാല സമ്മേളനം നടക്കാറുള്ളത്. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇത്തവണ പതിവിലും നേരത്തെയായിരുന്നു സമ്മേളനം. എങ്കിലും തണുപ്പിനു വലിയ കുറവുണ്ടായിരുന്നില്ല. പക്ഷേ, സഭയ്ക്കകത്ത് കൊടുംചൂടായിരുന്നു. ഒരു ദിവസംപോലും നടപടികളിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിയെന്ന സിഎജി വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്ന ആവശ്യം അംഗീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയാണ് സ്തംഭനത്തിലേക്ക് നയിച്ചത്. ഞെട്ടിപ്പിക്കുംവിധം ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ നിലവിലുള്ള സംവിധാനങ്ങള്‍ അന്വേഷണത്തിനു പര്യാപ്തമല്ലെന്ന് തെളിയിക്കുന്നതാണ്. സിഎജി റിപ്പോര്‍ട്ടിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ മാത്രം അധികാരമുള്ളതും കാലാവധി തീരാന്‍ ആറു മാസം മാത്രം സമയമുള്ളതുമായ പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിയുടെ അധികാരപരിധിയേക്കാളും ഏറെ വലുതാണ് അഴിമതിയുടെ ആഴം.

രാജയ്ക്ക് രണ്ടാമതും ടെലികോം വകുപ്പ് കിട്ടുന്നതിനായി നടത്തിയ കോര്‍പറേറ്റ് ലോബിയുടെ ഇടപെടലുകള്‍ ഔട്ട്ലുക്ക് വാരികയും ഓപ്പണ്‍ മാസികയുമാണ് പുറത്തുകൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രധാന പങ്ക് വഹിച്ചെന്ന നിഷേധിക്കാനാവാത്ത തെളിവുകള്‍ രാജ്യത്തെ ജനാധിപത്യം നേരിടുന്ന അതീവ ഗുരുതരമായ ഭീഷണിയെ കൂടിയാണ് പുറത്തുകൊണ്ടുവന്നത്. നീര റാഡിയ എന്ന ഇടനിലക്കാരി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളില്‍ മറുവശത്ത് രാഷ്ട്രീയ നേതാക്കളും വന്‍കിട വ്യവസായികളും പ്രധാന മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഇക്കൂട്ടരാണ് വിവിധ തരത്തിലുള്ള സമ്മര്‍ദങ്ങളിലൂടെ രാജയ്ക്ക് ടെലികോം വകുപ്പ് സംഘടിപ്പിച്ചു നല്‍കിയത്. റാഡിയ ഇപ്പോള്‍ ഡല്‍ഹിയില്‍ അറിയപ്പെടുന്നത് ഓള്‍ ഇന്ത്യാ റാഡിയ എന്നാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുന്ന ഇവരുടെ ഇടപെടലുകളെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ വാട്ടര്‍ഗേറ്റിനെ അനുസ്മരിപ്പിക്കുംവിധം റാഡിയ ഗേറ്റ് എന്നും വിശേഷിപ്പിക്കുന്നുണ്ട്.

മാധ്യമ പ്രതിനിധികള്‍ എങ്ങനെ ഇടനിലക്കാരായി മാറുന്നെന്ന ലജ്ജിപ്പിക്കുന്ന ചിത്രമാണ് ഈ സംഭാഷണങ്ങളിലൂടെ പുറത്തുവന്നത്. ദേശീയതലത്തില്‍ ഏറെ പ്രാധാന്യമുള്ള മാധ്യമ പ്രവര്‍ത്തകരായാണ് എന്‍ഡിടിവിയുടെ ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്കാദത്തിനെയും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ വിര്‍ സാങ്വിയെയും പൊതുവെ കണ്ടിരുന്നത്. അംബാനി സഹോദര തര്‍ക്കം കോളത്തിന്റെ വിഷയമാക്കുന്നതും ഏതു നിലപാടില്‍ എഴുതണമെന്ന് സാങ്വിയോട് പറയുന്നതും റാഡിയയാണ്. രാജയ്ക്ക് ടെലികോം വകുപ്പ് ലഭിക്കുന്നതിന് പ്രധാന ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് ബര്‍ക്കാദത്താണെന്ന് തെളിഞ്ഞിരിക്കുന്നു. ഔട്ട്ലുക്ക് വാരികയുടെ വെബ്സൈറ്റില്‍ ടേപ്പിന്റെ രണ്ടാംഘട്ടം കൂടി പുറത്തുവന്നപ്പോള്‍ പ്രതിരോധിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്തവിധം തുറന്നുകാട്ടപ്പെട്ടിരിക്കുന്നു ഈ മാധ്യമ പ്രതിഭകള്‍.

സാങ്വി തല്‍ക്കാലത്തേക്ക് കോളമെഴുത്ത് നിര്‍ത്തി. ബാര്‍ക്കാദത്ത് ആദ്യം വെല്ലുവിളി ഏറ്റെടുത്ത മട്ടില്‍ എന്‍ഡിടിവിയില്‍ ചര്‍ച്ച സംഘടിപ്പിച്ചു. താന്‍ നിരപരാധിയാണെന്ന് തെളിയിക്കുകയായിരുന്നു ലക്ഷ്യം. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേശകനായിരുന്ന സജ്ജയ് ബാറുവും ഓപ്പണ്‍ മാഗസിന്റെ എഡിറ്റര്‍ മനു ജോസഫും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ച എഡിറ്റ് ചെയ്യാതെയായിരിക്കും സംപ്രേഷണം ചെയ്യുന്നതെന്ന് അറിയിച്ചിരുന്നു. മേയ്ക്ക്അപ്പുകളൊന്നുമില്ലാതെയാണ് ബര്‍ക്കാദത്ത് സ്റ്റുഡിയോയിലെത്തിയത്. സ്വതസിദ്ധമായ ചടുല ശൈലിയില്‍ തന്നെയായിരുന്നു തുടക്കം. രണ്ടാം യുപിഎ മന്ത്രിസഭാ രൂപീകരണ സമയത്ത് നല്‍കിയ വാര്‍ത്തകളുടെ ക്ളിപ്പിങ്ങുകളും അനുബന്ധമായിട്ടുണ്ടായിരുന്നു. റാഡിയ തനിയ്ക്ക് ഒരു സ്രോതസ് മാത്രമായിരുന്നെന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. വകുപ്പ് വിഭജനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുകൊണ്ടിരുന്ന റാഡിയയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തന്റെ പത്രപ്രവര്‍ത്തനത്തിലെ അസംസ്കൃതവസ്തുക്കള്‍ മാത്രമായിരുന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യം താന്‍ നോക്കിക്കൊള്ളാമെന്നും എന്തുചെയ്യണമെന്നത് പറഞ്ഞാല്‍ മതിയെന്നുമുള്ള സംഭാഷണത്തിന്റെ പ്രസക്തിയെ സംബന്ധിച്ച ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ബര്‍ക്ക പതറാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് മനു ജോസഫ് വളരെ പ്രസക്തമായ ചോദ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിസഭയുടെ വകുപ്പ് വിഭജനത്തില്‍ കോര്‍പ്പറേറ്റ് ലോബി ഇടപെടുന്നെന്ന് ഇത്രമാത്രം നേരിട്ട് അറിഞ്ഞിട്ടും എന്തുകൊണ്ട് അതു വാര്‍ത്തയാക്കിയില്ലെന്നായിരുന്നു ആ ചോദ്യം. ടാറ്റയുടേയും അംബാനിയുടേയും വക്താവായ റാഡിയ വകുപ്പുകള്‍ ഉള്‍പ്പെടെ തീരുമാനിച്ചത് പോലും എന്തുകൊണ്ട് വാര്‍ത്തയായില്ല? വാര്‍ത്തയുടെ പ്രാധാന്യം വിലയിരുത്തുന്നതില്‍ പറ്റിയ പാളിച്ചയായി അത് കൂട്ടാമെന്നായിരുന്നു ബര്‍ക്കയുടെ ആദ്യ പ്രതികരണം. എന്നാല്‍, അത് ശരിയായ മറുപടിയല്ലെന്നും തന്റെ ചോദ്യത്തിനു മറുപടി ലഭിക്കണമെന്നും മനു ശക്തമായി ആവശ്യപ്പെടുകയും മറ്റു ചിലരുടെ പിന്തുണ കൂടി ആ ചോദ്യത്തിനു ലഭിക്കുകയും ചെയ്തതോടെ ബര്‍ക്കയ്ക്ക് നിയന്ത്രണം വിട്ടു. താന്‍ നടത്തിയ ഇടപാടുകളെ ന്യായീകരിക്കാന്‍ കഴിയാതെ പതറിപ്പോയ ബര്‍ക്ക ഒടുവില്‍ കണ്ണീരിന്റെ അവസാന ആയുധം വരെ പുറത്തെടുത്തുനോക്കി. രക്ഷ കിട്ടിയില്ല.

ഇപ്പോള്‍ ഔട്ട്ലുക്കിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ സംഭാഷണങ്ങള്‍ ബര്‍ക്കയുടെ തനിനിറം പുറത്തുകൊണ്ടുവന്നു. കോണ്‍ഗ്രസിനെകൊണ്ട് പ്രസ്താവന ഇറക്കുന്നതില്‍ ബര്‍ക്ക വിജയിച്ചെന്ന് അത്യാവേശത്തോടെയാണ് റാഡിയ പറയുന്നത്. സോണിയാഗാന്ധിയിലേക്കുള്ള രണ്ടു വഴികളിലും ബര്‍ക്കക്ക് നല്ല സ്വാധീനമുണ്ടത്രേ. ഒന്ന് അഹമ്മദ് പട്ടേല്‍ വഴിയും മറ്റൊന്ന് ഗുലാംനബി വഴിയുമാണ്. ബര്‍ക്കയും വിര്‍സാങ്വിയും അടങ്ങുന്ന പുതിയകാല മാധ്യമ പ്രവര്‍ത്തനത്തിന്റെ പ്രതീകങ്ങള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ ഏറ്റവും വൃത്തികെട്ട കണ്ണികളായി മാറുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് റാഡിയ ടേപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഒപ്പം അഴിമതി രാജയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും വ്യക്തം. നേരത്തെ ഐപിഎല്‍ കേസില്‍ ശശി തരൂരിനുവേണ്ടിയും ബര്‍ക്ക രംഗത്തിറങ്ങിയെന്ന വാര്‍ത്തയുണ്ടായിരുന്നു. അന്ന് ഒരേ കോളേജില്‍ പഠിച്ചിരുന്നവര്‍ എന്ന ന്യായമാണെന്നു തോന്നുന്നു ബര്‍ക്ക പുറത്തിറക്കിയത്. എല്ലാ ഇടപാടുകളിലും 15 ശതമാനം കമീഷന്‍ വാങ്ങുന്നയാളാണ് കമല്‍നാഥെന്നും ദേശീയപാതാവകുപ്പ് അദ്ദേഹത്തിനു എടിഎം പോലെയാണെന്നും വ്യവസായി സംഘടനകളുടെ പഴയ തലവനാണ് റാഡിയയോട് പറയുന്നത്. അദ്ദേഹം അത് നിഷേധിച്ചില്ലെന്നതും കാണണം. ആഗോളവല്‍ക്കരണം ഭരണകൂട സംവിധാനങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ ഉപകരണങ്ങളാക്കി അധഃപതിപ്പിക്കുന്നതെന്ന പാഠംകൂടി റാഡിയ ടേപ്പുകള്‍ പകര്‍ന്നുനല്‍കുന്നു.

*
പി രാജീവ്

കേരളത്തിന് അപമാനംവരുത്തിയ ''ശുദ്ധികലശം''

കേരള പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള നാലാമത് തിരഞ്ഞെടുപ്പാണ് കഴിഞ്ഞ ഒക്‌ടോബര്‍ 23, 25 തീയതികളില്‍ നടന്നത്. വളരെ മാതൃകാപരമായി കേരളത്തില്‍ തിരഞ്ഞെടുപ്പ് നടന്നതില്‍ ഏതൊരു കേരളീയനും സര്‍ക്കാരിനും അഭിമാനിക്കാവുന്നതാണ്. തിരഞ്ഞെടുപ്പിനുശേഷം നവംബര്‍ ഒന്നാം തീയതി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. തിരഞ്ഞെടുക്കപ്പെട്ടവരെല്ലാം വളരെ സന്തോഷപൂര്‍വം പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. എന്നാല്‍ അടുത്ത ദിവസങ്ങളിലെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നാം ഇക്കാലമത്രയും കാത്തുസൂക്ഷിച്ച മൂല്യങ്ങള്‍ നഷ്ടപ്പെട്ടുപോകുന്നു എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്.

തിരുവനന്തപുരം ജില്ലയില്‍ പുല്ലാമ്പാറ പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പഞ്ചായത്ത് രാജ് നിയമമനുസരിച്ച് പട്ടികജാതി വനിതയായ കലാകൃഷ്ണന്‍ ആയിരുന്നു പ്രസിഡന്റ്. 2010 ലെ തിരഞ്ഞെടുപ്പില്‍ ചുള്ളാളം രാജന്‍ ബി ജെ പിയുടെ പിന്തുണയോടെ പ്രസിഡന്റ് ആയി. പിന്നീട് അരങ്ങേറിയ നാടകങ്ങളാണ് സാമൂഹിക നീതിക്കും ജനാധിപത്യത്തിനും ദളിത് പിന്നോക്ക സമൂഹത്തിനും മുറിവേല്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന പട്ടികജാതി സ്ത്രീ പഞ്ചായത്ത് ഓഫീസും ആ പദവിയും ''അശുദ്ധ''മാക്കിയെന്ന് ആരോപിച്ച് ചുള്ളാളം രാജനും അനുയായികളും പ്രസിഡന്റിന്റെ മുറിയും പരിസരവും ചാണകവെള്ളം കുടഞ്ഞ് ശുദ്ധിയാക്കിയെന്ന് മാധ്യമങ്ങള്‍ ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തു.

ഇതിനെക്കാള്‍ ഗുരുതരമായ സംഭവങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ഏനാദിമംഗലം പഞ്ചായത്തില്‍ അരങ്ങേറിയത്. കഴിഞ്ഞ രണ്ടു തവണയും പട്ടികജാതിക്കാരായ സരസമ്മകുട്ടപ്പനും കെ നാരായണനും ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റുമാര്‍. കോണ്‍ഗ്രസ് മണ്ഡലം നേതാവായിരുന്ന മാരൂര്‍ സജി ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഇത്തവണ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പത്ത് വര്‍ഷക്കാലം പട്ടികജാതിക്കാര്‍ പ്രസിഡന്റ് ആയിരുന്നതിനാല്‍ ''ശുദ്ധിയാക്കല്‍'' കര്‍മത്തിന് കുറെക്കൂടി വീറും വാശിയും കാണിച്ചു. മാരൂര്‍ സജിയും അനുയായികളും പ്രസിഡന്റ് ഇരുന്ന മുറി മുഴുനും കഴുകി വൃത്തിയാക്കി. ഉപകരണങ്ങള്‍ മുഴുവനും മാറ്റി ചാണകവെള്ളം തളിച്ചു കഴുകിയതിനുശേഷം സമീപ ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവന്ന പുണ്യാഹം തളിച്ച് തേങ്ങയടിച്ചാണ് മുറിയില്‍ പ്രവേശിച്ചത്. നൂറ് കണക്കിന് നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഈ വൈകൃതങ്ങള്‍. എത്രയോ പ്രമാണിമാരും പ്രഗത്ഭരും പ്രസിഡന്റുമാരും അംഗങ്ങളുമായി ഭരണം നടത്തിയിട്ടുള്ള പഞ്ചായത്തുകളാണ് ഏനാദിമംഗലവും പുല്ലമ്പാറയും.

നിരവധി നവോഥാന നായകന്‍മാര്‍ക്ക് ജന്‍മം നല്‍കിയ നാടാണ് കേരളം. ക്ഷേത്രപ്രവേശനത്തിനും തെരുവിലൂടെ സ്വാതന്ത്ര്യത്തോടെ നടക്കുവാനും ജാതി ചിന്തകള്‍ അവസാനിപ്പിക്കാനും സാമൂഹ്യ നീതി ഉറപ്പുവരുത്തുവാനും രാഷ്ട്രീയ ഭേദമന്യേ എത്രയോ പ്രക്ഷോഭ സമരങ്ങള്‍ ഇവിടെ നടന്നു.

പഞ്ചായത്ത് മെമ്പര്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡന്റുവരെ പ്രതിനിധീകരിക്കുന്ന എത്രയോ ജനാധിപത്യ സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അവിടെയൊക്ക ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ഉണ്ടായിക്കൂടെന്നുണ്ടോ? എങ്കില്‍ നമ്മള്‍ പഴയ തലമുറയിലേയ്ക്കു തിരിച്ചു പോകേണ്ടിവരും. ഇത് മുളയിലെ നുള്ളിക്കളയണം.

ഈ രണ്ടു ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാരായി വന്നിട്ടുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധികളാണെന്നുള്ളത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരക്കാരുടെ രാജി ആവശ്യപ്പെടാത്തത്. കുറഞ്ഞപക്ഷം ശാസ്സിക്കുകപോലും ചെയ്യാതെ മൗനംപാലിക്കുന്നത്?

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും സത്യപ്രതിജ്ഞാ വാചകത്തിനുപോലും കളങ്കം ഉണ്ടാക്കുന്ന ഇത്തരം നടപടികള്‍ അവസാനിപ്പിക്കുവാന്‍ ജനങ്ങളുടെ കൂട്ടായ്മ ഉണ്ടാവണം

പട്ടികവിഭാഗങ്ങളെ പരസ്യമായി ജനമധ്യത്തില്‍ വച്ച് ജാതിയുടെയോ വിഭാഗീയതയുടെയോ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് 1989 ലെ പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമമനുസരിച്ച് വളരെ ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്. കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണ്. നിയമം നിയമത്തിന്റെ വഴിയേ പോകണം. കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം.

*
എന്‍ രാജന്‍ എം എല്‍ എ കടപ്പാട്: ജനയുഗം ദിനപത്രം 22 ഡിസംബര്‍ 2010

സ്വപ്നങ്ങളും യാഥാര്‍ഥ്യങ്ങളും

"If you believe, it will happen"

"പ്രബോധനം സിനിമയുടെ മരണമാണ്. അത് അഭിനിവേശത്തിനും പ്രണയത്തിനും നേരെതിരാണ്. സിനിമ പണ്ഡിതരുടെ കലയല്ല, മറിച്ച് നിരക്ഷരരുടേതാണ്.''

-വെര്‍ണര്‍ ഹെര്‍സോഗ്

പടിഞ്ഞാറന്‍ ജര്‍മന്‍ എംബസിയുടെ മദ്രാസിലെ ഓഫീസ് പണ്ട് ടൂറിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമായിരുന്നു. മലപ്പുറം രശ്മി ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകനായിരുന്ന കാലത്ത് മലപ്പുറത്ത് ഞങ്ങളുടെ അഭ്യര്‍ഥനപ്രകാരം അവര്‍ സിനിമ പ്രദര്‍ശിപ്പിക്കാനായി വരികയുണ്ടായി. ഇറക്കുമതിചെയ്ത വാനും പ്രൊജക്ടറും ഞങ്ങളില്‍ അസൂയ ഉണര്‍ത്തി. അന്ന് ആദ്യം കാണിച്ച സിനിമ 'അഗ്വിറേ, ദി റാത്ത് ഓഫ് ഗോഡ്' ആയിരുന്നു. ജര്‍മനിയില്‍ നിര്‍മിച്ച 16 എം എം പ്രൊജക്ടറില്‍ പുതിയ, കേടുവരാത്ത പ്രിന്റ് പ്രദര്‍ശിപ്പിച്ച അന്ന് കുറേപ്പേര്‍ ഹെര്‍സോഗിന്റെ ആരാധകരായി. പിന്നീട് മദ്രാസില്‍നിന്ന് എംബസിയുടെ സിനിമയുമായി വന്നപ്പോഴൊക്കെ മറ്റു സിനിമകള്‍ക്കൊപ്പം അഗ്വിറേ ഞങ്ങള്‍ പ്രദര്‍ശിപ്പിച്ചു. പിന്നീട് തരംകിട്ടുമ്പോഴെല്ലാം പൊതുപ്രദര്‍ശനങ്ങളിലും ആ സിനിമയെ ഉള്‍ക്കൊള്ളിച്ചു. കാരണം അഗ്വിറേ ദി റാത്ത് ഓഫ് ഗോഡ് നല്‍കുന്ന പ്രദര്‍ശനാനുഭവം അപൂര്‍വം സിനിമകള്‍ക്കേ ലഭിക്കാറുള്ളൂ. പിന്നീട് ബെര്‍ലിന്‍ മതില്‍ പൊളിയുകയും പടിഞ്ഞാറന്‍, കിഴക്കന്‍ ജര്‍മനികള്‍ ഒന്നാകുകയും ചെയ്തപ്പോള്‍ ജര്‍മനിക്കാര്‍ സന്തോഷിച്ചു. പക്ഷേ ഞങ്ങള്‍ ദുഃഖിച്ചു. കാരണം പുതിയ നയത്തിന്റെ ഭാഗമായി മദ്രാസിലെ ഓഫീസ് യാത്രകളും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവെച്ചു. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത വാനും പ്രൊജക്ടറും ഇനി മലപ്പുറത്ത് വരില്ല. അഗ്വിറേ പ്രദര്‍ശിപ്പിക്കുകയില്ല. ഡി വി ഡി വ്യാപകമായപ്പോള്‍ അഗ്വിറേ എന്നും കാണാമെന്നായി. ഹെര്‍സോഗും ക്ളോസ് കിന്‍സ്കിയും തമ്മിലുള്ള ബന്ധം പോലെയല്ലെങ്കിലും ഞങ്ങള്‍ക്ക് അഗ്വിറേയുമായി ആത്മബന്ധം വളര്‍ന്നിരുന്നു എന്നതാണ് സത്യം. പിന്നീട് ജര്‍മന്‍ എംബസിയും ഫിലിം സൊസൈറ്റി ഫെഡറേഷനും ചേര്‍ന്ന് നടത്തിയ ഹെര്‍സോഗ് ഫെസ്റ്റിവലില്‍ അഗ്വിറേയെ കൂടാതെ വൊയ്സെക്, ഫിറ്റ്സ് ഗെറാള്‍ഡോ എന്നിവയെല്ലാം പ്രദര്‍ശിപ്പിച്ചു. ഹെര്‍സോഗിനൊപ്പം ക്ളോസ് കിന്‍സ്കി എന്ന കിറുക്കന്‍ നടന്റെ മഹാപ്രകടനങ്ങള്‍ കണ്ടു.

ഒരു ഫിലിം സൊസൈറ്റി തുടങ്ങുമ്പോള്‍ ഉദ്ഘാടന ചിത്രമായി പണ്ട് ഞങ്ങള്‍ നിര്‍ദേശിക്കുക അഗ്വിറേ ആയിരുന്നു. അത് കണ്ടുകഴിയുന്നതോടെ ഒരാള്‍ സിനിമയുമായി പ്രണയത്തിലാകുമെന്നും പിന്നീട് അയാള്‍ക്ക്/അവള്‍ക്ക് ഒരിക്കലും അതില്‍നിന്ന് മോചനം സാധ്യമാവുകയില്ലെന്നും ഞങ്ങള്‍ വിശ്വസിച്ചു.

ജര്‍മനിയിലെ പുതിയ സിനിമയുടെ വക്താക്കളായ റെയ്നര്‍ ബര്‍നര്‍ ഫാസ്ബിന്ദര്‍, മാര്‍ഗററ്റ് വോണ്‍ ടൊറോത്ത, വോള്‍ക്കര്‍ പ്ളോന്‍ ഡ്രോഫ്, ഹാന്‍സ് ജര്‍ഗന്‍, സൈബര്‍ ബര്‍ഗ്, വിം വെന്റേഴ്സ് എന്നിവരോടൊപ്പമാണ് ഹെര്‍സോഗും സിനിമയിലെത്തുന്നത്. എന്നാല്‍ പ്രമേയസ്വീകരണത്തില്‍ എല്ലാവരില്‍നിന്നും വ്യത്യസ്തനായിരുന്നു ഹെര്‍സോഗ്. അസാധ്യമെന്ന് കരുതുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന നായകരാണ് ഹെര്‍സോഗിന്റെ സിനിമയില്‍. അവര്‍ ദുരൂഹവും അവ്യക്തവുമായ മേഖലയില്‍ മൌലിക പ്രതിഭയുള്ളവരോ പ്രകൃതിയുമായി മല്ലിട്ട് വിജയിക്കുന്നവരോ ആകും.

'ഞാനെന്താണോ, അതാണെന്റെ ചിത്രങ്ങള്‍' എന്ന് ഹെര്‍സോഗ് പറഞ്ഞിട്ടുണ്ട്. മ്യൂണിക്കിലാണ് ഹെര്‍സോഗ് ജനിച്ചത്. പിന്നീട് ആല്‍പ്സ് പര്‍വതനിരകള്‍ക്കടുത്തുള്ള ബവേറിയന്‍ ഗ്രാമമായ സച്ച്രംഗിലേക്ക് മാറിത്താമസിച്ചു. രണ്ടാം ലോകയുദ്ധത്തിനിടെ ബോംബിട്ട് നശിപ്പിക്കപ്പെട്ട ഭാഗത്തായിരുന്നു അവരുടെ വസതി. 12-ാംവയസ്സില്‍ ഹെര്‍സോഗും കുടുംബവും മ്യൂണിക്കില്‍ തിരിച്ചെത്തി, അവിടെവെച്ച് പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു. അതേവര്‍ഷം ക്ളാസില്‍ കുട്ടികളുടെ മുമ്പില്‍ പാട്ടുപാടാന്‍ നിര്‍ദേശിക്കപ്പെട്ട ഹെര്‍സോഗ് അത് ചെയ്യാത്തതിന്റെ പേരില്‍ സ്കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നതിന്റെ വക്ക്വരെയെത്തി. ഈ ദേഷ്യം തീര്‍ക്കാന്‍ പിന്നീട് അയാള്‍ ആറുവര്‍ഷം ഒരു സംഗീതവും ശ്രവിച്ചില്ല. ഒരു ഉപകരണവും പഠിച്ചില്ല. മുതിര്‍ന്നതിന്ശേഷം ഒരു സംഗീതോപകരണം പഠിക്കാനായി 10 വര്‍ഷം ചെലവഴിക്കാന്‍ തയാറാണെന്ന് ഹെര്‍സോഗ് പറയുകയുണ്ടായി.14-ാം വയസ്സില്‍ എന്‍സൈക്ളോപീഡിയയിലെ സിനിമാ നിര്‍മാണത്തെക്കുറിച്ചുള്ള നിര്‍വചനത്തില്‍ ആകൃഷ്ടനായി. മ്യൂണിക് ഫിലിം സ്കൂളില്‍നിന്ന് ഒരു 35 എം എം ക്യാമറ മോഷ്ടിച്ച് സിനിമയെടുക്കാന്‍ ആരംഭിച്ചു. അതിനെക്കുറിച്ച് ഹെര്‍സോഗ് പറഞ്ഞത് 'അത് ഒരു കളവായി താന്‍ കരുതുന്നില്ലെന്നാണ്. അത് ഒരു അത്യാവശ്യമായിരുന്നു. ജോലിയെടുക്കാനുള്ള ഉപകരണം എന്ന നിലയില്‍ ക്യാമറ തന്റെ അടിസ്ഥാന അവകാശമായിരുന്നു'. മ്യൂണിക് യൂണിവേഴ്സിറ്റിയില്‍ പഠിക്കുകയും തന്റെ സിനിമകള്‍ നിര്‍മിക്കാനായി 60 കളില്‍ ഒരു സ്റ്റീല്‍ഫാക്ടറിയില്‍ വെല്‍ഡറായി ജോലിനോക്കുകയും ചെയ്തു. 2006 ല്‍ ബിബിസിക്ക് ഒരു ഇന്റര്‍വ്യൂ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ അജ്ഞാതനായ ഒരാള്‍ എയര്‍ റൈഫിള്‍കൊണ്ട് ഹെര്‍സോഗിന്നേരെ നിറയൊഴിച്ചു. അത് കാര്യപ്പെട്ട ഒരു തിരയല്ലെന്ന് പറഞ്ഞുകൊണ്ട് ഒന്നും സംഭവിക്കാത്തതുപോലെ ഇന്റര്‍വ്യൂ തുടര്‍ന്നു. പിന്നീട് മുറിവേറ്റ ഭാഗം ക്യാമറക്ക് നേരെ കാണിച്ചു.

ഇതൊക്കെയാണ് ഹെര്‍സോഗ്. ജര്‍മന്‍, അമേരിക്കന്‍ താരങ്ങളെ സിനിമയില്‍ ഉപയോഗിക്കുമ്പോഴും ഷൂട്ടിങ് ലൊക്കേഷനിനടുത്തുള്ള സാധാരണക്കാരെ അദ്ദേഹം സിനിമയിലഭിനയിപ്പിച്ചു. പ്രത്യേകിച്ചും ഡോക്യുമെന്ററികളില്‍. അഭിനയിച്ചും അല്ലാതെയും. അത്യാനന്ദകരമായ സത്യം എന്നാണ് ഹെര്‍സോഗ് അതിനെ വിശേഷിപ്പിക്കുന്നത്. ബെര്‍ലിന്‍, കാന്‍, വെനീസ്, സാന്‍ഫ്രാന്‍സിസ്കോ ഉള്‍പ്പെടെ എല്ലാ പ്രമുഖ ചലച്ചിത്രമേളകളിലും ഹെര്‍സോഗിന്റെ സിനിമകള്‍ പുരസ്കാരം നേടി. വെനീസ് ഫിലിംമേളയില്‍ ഒരു വര്‍ഷം രണ്ട് സിനിമകള്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയെന്ന അപൂര്‍വ ബഹുമതി ലഭിച്ചു. എന്നാല്‍ ഒരിക്കലും അവാര്‍ഡുകളില്‍ താല്‍പ്പര്യം ജനിച്ചില്ല.

വിചിത്രമായ ചില പ്രവൃത്തികളും ത്യാഗങ്ങളും വഴി സര്‍റിയലിസ്റ്റ് ചിത്രകാരനായ സാര്‍വദോര്‍ ദാലിയെപ്പോലും അതിശയിച്ചു. 'ഈവണ്‍ ഡ്വാര്‍ഫ്സ് സ്റ്റാര്‍ടഡ് അറ്റ് സ്മോള്‍' എന്ന സിനിമയില്‍ അഭിനയിച്ച കുള്ളന്മാരില്‍ ചിലര്‍ക്ക് അപകടം പിണഞ്ഞപ്പോള്‍ കൂടുതല്‍ അപായങ്ങളുണ്ടാകാതെ ഷൂട്ടിങ് പൂര്‍ത്തീകരിക്കാനായാല്‍ താന്‍ കള്ളിമുള്‍ച്ചെടികളില്‍ കിടന്നിഴയുമെന്ന് പ്രഖ്യാപിച്ചു. അങ്ങനെ ചെയ്തു. അകത്ത് കയറിക്കൂടുന്നതാണ് രക്ഷപ്പെടുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ പ്രവൃത്തിയെന്ന് ഇതേക്കുറിച്ച് ഹെര്‍സോഗ് പറയുകയുണ്ടായി. ഇറോള്‍ മോറിസ് എന്ന ഡോക്യുമെന്ററി സംവിധായകനെ വെല്ലുവിളിക്കാനും പ്രചോദിപ്പിക്കാനുമായി, അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയാല്‍ തന്റെ ഷൂസ് തിന്നുമെന്ന് ഹെര്‍സോഗ് പ്രഖ്യാപിച്ചു. 'ഗെയ്റ്റ് ഓഫ് ഹെവന്‍' എന്ന പ്രസ്തുത ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനവേളയില്‍ ഹെര്‍സോഗ് തന്റെ വാക്ക് പാലിച്ചു. പരസ്യമായി ഷൂ സ്വയം പുഴുങ്ങുകയും തിന്നുകയും ചെയ്തു. ലെസ് ബാങ്ക് ഇത് ഡോക്യുമെന്ററിയായി പുറത്തിറക്കി. ഏതെങ്കിലും സംവിധായകര്‍ തങ്ങളുടെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ടുന്നുവെങ്കില്‍ അവര്‍ക്ക് ഈ പ്രവൃത്തി ഒരു പ്രചോദനമാകട്ടെ എന്നും അദ്ദേഹം ചടങ്ങില്‍ പ്രത്യാശിച്ചു. 1974 ല്‍ ഗുരുതരമായ രോഗശയ്യയില്‍ കിടന്ന ജര്‍മന്‍ ചലച്ചിത്ര നിരൂപകമായ ലോട്ടി ഐസ്നറെ കാണാന്‍ മ്യൂണിക്കില്‍നിന്ന് പാരിസ്വരെ 600 മൈലുകള്‍ കൈയില്‍ കാശോ മാറ്റിയുടുക്കാന്‍ തുണിയോ ഇല്ലാതെ ഹെര്‍സോഗ് നടന്നുപോയി. ഹെര്‍സോഗ് കണ്ടു സംസാരിച്ചതിനുശേഷമാണ് ലോട്ടി അന്ത്യശ്വാസം വലിച്ചത്.

ഹെര്‍സോഗിന്റെ സിനിമയുടെ പ്രമേയങ്ങള്‍ യാഥാര്‍ഥ്യവും കഥയും കൂടിക്കലര്‍ന്നാണ് പലപ്പോഴും രൂപപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നടന്മാര്‍ 'സാധാരണ'ക്കാരായിരുന്നില്ല. ജീവിതത്തിലും സിനിമയിലും അവര്‍ ഉന്മാദികളായിരുന്നു. ആമസോണ്‍ വനത്തിനുള്ളില്‍ അഗ്വിറേയുടെ ഷൂട്ടിങ്ങിനായി ക്ളോസ് കിന്‍സ്കി എത്തിയകാലത്ത് കിന്‍സ്കി ജര്‍മനിയിലെ താരവും ഹെര്‍സോഗ് താരതമ്യേന അപ്രശസ്തനുമായിരുന്നു. കാട്ടിനുള്ളിലെ പരിമിത സൌകര്യങ്ങളില്‍ തൃപ്തനാവാതെ കിന്‍സ്കി തിരിച്ചുപോകാനൊരുങ്ങിയപ്പോള്‍, തന്റെ തോക്കിനുള്ളില്‍ ഒമ്പത് തിരകളുണ്ടെന്നും അതില്‍ എട്ടെണ്ണം കിന്‍സ്കിക്കും ഒന്ന് തനിക്കുതന്നെയും ആണ് കരുതിയിരിക്കുന്നതെന്ന് ഹെര്‍സോഗ് ഭീഷണിപ്പെടുത്തി. തോക്കിന്‍മുനയിലെ കിന്‍സ്കിയുടെ പ്രകടനം പിന്നീട് അഭിനയത്തില്‍ ലോകസിനിമയിലെ ഉദാത്ത മാതൃകയും അതേസമയം മൌലികവുമായി വാഴ്ത്തപ്പെട്ടു. പിന്നീട് നാല് സിനിമകളില്‍ അഭിനയിച്ചപ്പോഴും സ്ഥിതിഗതികളില്‍ വലിയ പുരോഗതി ഉണ്ടായില്ലെന്ന് കിന്‍സ്കിയുടെ മരണശേഷം കിന്‍സ്കിയും താനുമായി ഉണ്ടായിരുന്ന വിചിത്ര ബന്ധത്തെക്കുറിച്ച് ഹെര്‍സോഗ് സംവിധാനംചെയ്ത "മൈ ഡിയര്‍ ഫ്രെന്‍ഡ്'എന്ന ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. ജനിച്ചത് മുതല്‍ 16 വര്‍ഷംവരെ ഒരു തടവറയില്‍ അടക്കപ്പെട്ടതിനാല്‍ നടക്കാനോ സംസാരിക്കാനോ കഴിയാതായിപ്പോയ ഒരു പയ്യന്റെ യഥാര്‍ഥജീവിതം 'ദി മിസ്റ്ററി ഓഫ് കാസ്പര്‍ ഹോസര്‍' എന്ന പേരില്‍ ചലച്ചിത്രമാക്കിയപ്പോള്‍ ഹെര്‍സോഗ് അതിലെ നായകനായി കണ്ടെത്തിയത് മാനസികരോഗിയും തെരുവ് പ്രകടനക്കാരനുമായ ബ്രൂണോ എഡിനെയാണ്. ഒരു ലൈംഗികത്തൊഴിലാളിയുടെ അവിഹിത സന്തതിയായ ബ്രൂണോ പിന്നീട് സ്ട്രോസെക് എന്ന സിനിമയിലും അഭിനയിച്ചു. 'ലാ സുഫ്രി' എന്ന അഗ്നിപര്‍വതം പൊട്ടിത്തെറിക്കാറായ നേരം അതിനു ചുറ്റുമുള്ള നഗരം വിജനമാക്കപ്പെട്ടപ്പോള്‍, ക്യാമറയുമായി ഹെര്‍സോഗ് അവിടേക്ക് പോകുകയും അവിടെ നിന്നൊഴിഞ്ഞ് പോകാന്‍ കൂട്ടാക്കാത്ത ഒരാളെ കണ്ടെത്തി അഭിമുഖം നടത്തുകയും ചെയ്തു. 'തങ്ങളുടെ ജീവിതത്തിന്റെ നിലവാരം മാറാന്‍ പോകുന്നില്ല എന്നതുകൊണ്ട് ജീവിതമാകട്ടെ, മരണമാകട്ടെ ഈ മണ്ണില്‍ ഉറച്ചുനിന്ന് സ്വീകരിക്കും' എന്നാണയാള്‍ പറയുന്നത്. ഹെര്‍സോഗ് അഗ്നിപര്‍വതത്തിലേക്കുള്ള തന്റെ യാത്രയെപ്പറ്റി പറയുന്നു. "മരണം എപ്പോഴും സംഭവിക്കാം. യാത്രക്കിടക്കോ സ്റ്റെയര്‍ കെയ്സില്‍നിന്നുള്ള വീഴ്ചയിലോ. അതിനെ സ്വീകരിക്കാന്‍ തയാറായിക്കഴിഞ്ഞാല്‍ അത് പ്രശ്നമാവുകയില്ല'' ഗ്ളാസ് നിര്‍മാണശാലയുടെ ഫോര്‍മാന്‍ മരിച്ചപ്പോള്‍ റൂബി ഗ്ളാസിന്റെ ഫോര്‍മുല അന്വേഷിച്ച് യാത്രയാകുന്നതിന്റെ കഥയാണ് 'ഹാര്‍ട് ഓഫ് ഗ്ളാസ്.' ഇതിലെ അഭിനേതാക്കളെല്ലാംതന്നെ ഹിപ്നോട്ടൈസ് ചെയ്യപ്പെട്ടവരെപ്പോലെയാണ് പെരുമാറുന്നത്. 'ഫിറ്റ്സ്ഗെറാള്‍ഡോ' ഒരു മലയ്ക്ക് മുകളിലൂടെ ഒരു കപ്പല്‍ വലിച്ചുകയറ്റുന്നതിന്റെ കഥയാണ്. മൂന്നുവര്‍ഷംകൊണ്ട് ആ സിനിമ നിര്‍മിച്ചതിനെക്കുറിച്ച് തന്നെ ഒരു ഡോക്യുമെന്ററി 'ബെര്‍ഡന്‍ ഓഫ് ഡ്രീംസ്' (സംവി ലെസ് ബ്ളാങ്ക്) പുറത്തുവന്നിട്ടുണ്ട്. ജോര്‍ജ് ബുക്ക്നറുടെ സുപ്രസിദ്ധ നാടകമായ വൊയ്സെകിന്റെ ചലച്ചിത്രഭാഷ്യം, ജര്‍മന്‍ എക്സ്പ്രഷനിസത്തിലെ ചക്രവര്‍ത്തിയായ മുര്‍നോയുടെ 'നൊസ്ഫെറാതു - എ സിംഫണി ഓഫ് ടെറര്‍' എന്ന സിനിമയുടെ റീമേക്ക് ആയ 'നൊസ്ഫെറാതു - ദി വാംപയര്‍' എന്നിവയൊക്കെ ലോകസിനിമയിലെ അത്ഭുതങ്ങളായി തന്നെയാണ് നിലനില്‍ക്കുന്നത്. നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ഓപ്പെറകളും ഹെര്‍സോഗ് സംവിധാനം ചെയ്തിട്ടുണ്ട്.

*
മധുജനാര്‍ദനന്‍ കടപ്പാട്: ദേശാഭിമാനി വാരിക

13 December, 2010

സ്‌ത്രീപക്ഷവിചാരം, ചുരുക്കത്തിൽ

ആണ്‍-പെണ്‍ തുല്യത, ലിംഗസമത്വം, പൊതുസമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഘടന താത്വികമായെങ്കിലും അംഗീകരിക്കാന്‍ തയാറാവുന്ന ഒരു അനുരഞ്ജന കാലാവസ്ഥ:: അത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സാമാന്യേന പുലരുന്നുണ്ടെന്ന നിരീക്ഷണത്തിനു പിന്തുണ വര്‍ധിക്കുന്നു. എന്നാല്‍ കാലങ്ങളായി, പല തലങ്ങളില്‍ നടന്ന ഫെമിനിസ്‌റ്റ് പോരാട്ടം വിജയശ്രീലാളിതമായെന്നു പ്രഖ്യാപിക്കാന്‍ വരട്ടെ. പെങ്ങമ്മാരേ, തോക്ക് താഴെവെക്കാന്‍ സമയമായിട്ടില്ല. തൊഴിലവസരങ്ങളില്‍, വേതന വ്യവസ്ഥയില്‍, സാമൂഹ്യ-രാഷ്‌ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളില്‍, സ്‌ത്രീ നേരിടേണ്ടിവന്നിരുന്ന വിവേചനം, അവഗണന, അകറ്റിനിര്‍ത്തല്‍, തന്ത്രപരമായ താഴ്ത്തിക്കെട്ടല്‍, ഒട്ടുമിക്ക പരിഷ്‌കൃത സമൂഹങ്ങളിലും ഏതാണ്ട് അവസാനിച്ചുവെന്നത് ശരിതന്നെ. പക്ഷേ സ്‌ത്രീയെ പുനര്‍നിര്‍വചിക്കാന്‍ പുരുഷന്‍ ഇനിയും സന്നദ്ധനായിട്ടില്ല എന്ന സത്യം അവശേഷിക്കുന്നു. രക്ഷാധികാരിയുടെ (Patron), സംരക്ഷകന്റെ (Protector), വഴികാട്ടിയുടെ (Guide) ചമയങ്ങള്‍ അഴിച്ചുവെക്കാന്‍ ആണിന് ഇപ്പോഴും മനസ്സുവരുന്നില്ല. മാത്രമല്ല, അമര്‍ത്തിപ്പിടിച്ച ഒരു ജന്‍ഡര്‍പുച്ഛം പുരുഷന്റെ ഇടപെടലുകളില്‍ പലപ്പോഴും നുരപൊട്ടുന്നുമുണ്ട്. മോളിക്കുട്ടി മാഡത്തിന്റെ സന്നിധിയില്‍ ഫയലുമായി നില്‍ക്കുന്ന ഓഫീസ് സൂപ്രണ്ട് ബലരാമമേനോക്കിയുടെ പ്രസന്നവദനം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവിടെ ഒരു നേര്‍ത്ത ചിരിയുടെ ലാഞ്ഛനയുണ്ടാവും. Smirk (സ്‌മിര്‍ക്) എന്നാണ് അതിനെ ആംഗലത്തില്‍ പറയുക. അതില്‍ ഇതള്‍വിരിയുന്നത് പരിഹാസമത്രെ. ചെറുപ്പക്കാരിയായ പൊലീസ് മേധാവിയുടെ മുന്നില്‍ വടിപോലെ നീര്‍ന്നുനിന്നു സല്യൂട്ടടിക്കുന്ന ഉണ്ടവയറന്‍ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ കുക്കുടം കുമാരന്റെ അധരപുടങ്ങളിലും ഈ ഹാസ്യഭാവത്തിന്റെ മിന്നായം കാണാം. ഉദരനിമിത്തം ഇവളുമാരെയൊക്കെ സലാംവയ്‌ക്കേണ്ടിവരുന്ന ആണിന്റെ ഗതികേട് എന്ന് ടിയാന്റെ ഉള്ളില്‍നിന്നു Male ego - ആണ്‍അഹന്ത- പിറുപിറുക്കുന്നത് നിപുണ ശ്രോത്രങ്ങള്‍ക്കു കേള്‍ക്കുകയുമാവാം.

ലിംഗസമത്വം, പെണ്‍ബിംബത്തിന്റെ പുനഃപ്രതിഷ്ഠ, നിയമനിര്‍മാണത്തിലൂടെമാത്രം സാധ്യമാവുന്ന സംഗതിയല്ല. ഇക്കാര്യം പല ഫെമിനിസ്‌റ്റ് സൈദ്ധാന്തികരും അടിവരയിട്ടു പറഞ്ഞതാണ്. അയേണ്‍ലേഡി എന്നു പുകള്‍പൊങ്ങിയ മാഗി മദാമ്മയും-സംശയിക്കേണ്ട, മാര്‍ഗററ്റ്താച്ചര്‍തന്നെ -ഇതേ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. ആണ്‍-പെണ്‍ മനോഭാവങ്ങളിലാണ് പൊളിച്ചെഴുത്തു നടക്കേണ്ടത്. സമീപനങ്ങളില്‍, കാഴ്‌ച്ചപ്പാടുകളില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങളുണ്ടാകണം. ഈ മാറ്റങ്ങളുടെ കാറ്റിനു ചൂടുകൂടും. തൊലി പൊള്ളിയെന്നുവരും. പാരമ്പര്യത്തിന്റെ താടിക്കു തീപ്പിടിച്ചെന്നും വരും. ഏട്ടിലെ പശുവായി ലിംഗസമത്വം വര്‍ത്തിക്കുമ്പോള്‍ ഒരു അലോഹ്യവുമില്ല, പുരുഷാധീശ സമൂഹത്തിന്. ആ പശു പുല്ലുതിന്നാന്‍ തുടങ്ങുമ്പോഴാണ് ആണിന് അങ്കലാപ്പ്.

പെണ്‍ അവബോധത്തില്‍, വീക്ഷണത്തില്‍, അപഗ്രഥന രീതിശാസ്‌ത്രത്തില്‍, അടിമുടി ഉടച്ചുവാര്‍ക്കലുകളുണ്ടാകേണ്ടതിന്റെ അത്യാവശ്യത്തെക്കുറിച്ചാണ് സ്വത്വനിര്‍ണയത്തെ ഗൌരവമായി പരിഗണിച്ച പുരോഗമന സ്‌ത്രീപക്ഷം ആവര്‍ത്തിച്ചു പറഞ്ഞത്. മഹിളാമണികള്‍ അവിടെയുമിവിടെയും മന്ത്രിമാരായതുകൊണ്ടോ, പൊതുസ്ഥാപനങ്ങളുടെ തലപ്പത്തെത്തിയതുകൊണ്ടോ, വ്യവസായ സംരംഭകളായി വിജയഗാഥ രചിച്ചതുകൊണ്ടോ, ബഹിരാകാശയാനങ്ങളില്‍ ഇടം നേടിയതുകൊണ്ടോ, മീശക്കാരന്‍ കേശവനുമാത്രമായി സംവരണം ചെയ്യപ്പെട്ട കര്‍മരംഗങ്ങളില്‍ ഇടിച്ചുകയറിയതുകൊണ്ടോ സ്‌ത്രീവിമോചനം സംഭവിച്ചുകഴിഞ്ഞു എന്ന യുഫോറിയ- അത്യാഹ്ളാദം- അസ്ഥാനത്താണ്. അപകടകരവുമാണ്. ഈ താക്കീത് ഉദ്ബുദ്ധ ഫെമിനിസം കാലാകാലങ്ങളില്‍ നല്‍കിയിട്ടുണ്ട്. സ്‌ത്രീയുടെ റോളും പുരുഷന്റെ റോളും പ്രത്യേകമായി വ്യവസ്ഥപ്പെടുത്തുന്ന വഴക്കങ്ങളും അവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാനസികഘടനയും മാറാതിരിക്കുന്ന കാലത്തോളം പെണ്‍മുക്തി എന്നത് സംഭവിക്കുകയില്ലെന്നു കോറാ കാപ്ളാന്‍ (Cora Kaplan) പറഞ്ഞതാണ് ശരി. ഉപരിപ്ളവമായ മാറ്റങ്ങളെ (Cosmetic Changes) പല വനിതാ കൂട്ടായ്‌മകളും വിപ്ളവപരമെന്നു തെറ്റായി വായിക്കുന്നു. ഈ മാറ്റങ്ങളില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്നു.

വിവാഹം, കുടുംബം, ലൈംഗിക വേഴ്‌ച, അധ്വാനം, ഉല്പാദനം, വിനോദം തുടങ്ങിയ അതിപ്രധാനമായ ജീവിതവൃത്തികളിലെല്ലാംതന്നെ ആണും പെണ്ണും തുല്യപങ്കാളികള്‍ (equal partners) ആണെന്നും, പരസ്‌പര പൂരകങ്ങളായ മനുഷ്യഘടകങ്ങളാണെന്നും ഏംഗല്‍സ് നിരീക്ഷിക്കുകയുണ്ടായി. പ്രകൃതി ചിട്ടപ്പെടുത്തിയ ഈ തുല്യതയെ അംഗീകരിക്കാന്‍ ആണ്‍കോയ്‌മ വിസമ്മതിച്ചു. ഒരു യജമാന-ദാസി സങ്കല്പം പും-സ്‌ത്രീ ബന്ധങ്ങളില്‍ ആണ്‍ഗര്‍വ് അടിച്ചേല്പിക്കുകയും ചെയ്‌തു. സിമണ്‍ ദെ ബുവെ ചൂണ്ടിക്കാട്ടിയപോലെ സ്‌ത്രീ എന്ന സ്വത്വത്തെ പുരുഷമേധാവിത്വം ഒരു ഗര്‍ഭപാത്രമാക്കി (Womb)ച്ചുരുക്കി. ഈ പാത്രത്തില്‍ ബീജം (Seed) നിക്ഷേപിക്കാനുള്ള ദൈവദത്തമായ അവകാശം ആണിനുണ്ടെന്നു വരുത്തിത്തീര്‍ത്തു. ധ്വജവാഴ്‌ചയെ വാഴ്ത്തുന്ന മിത്തുകള്‍ സൃഷ്‌ടിച്ചു. സ്‌ത്രീ തീര്‍ത്തും അബലയാണ്, അതി ലോലയാണ്, പടര്‍ന്നുകയറാന്‍ മരം തേടുന്ന വള്ളിയാണ് എന്നു പെണ്ണിനെത്തന്നെ വിശ്വസിപ്പിച്ചു. ഒരാണ്‍തുണയില്ലെങ്കില്‍ തനിക്കു രക്ഷയില്ലെന്ന ധാരണ അവളില്‍ വളര്‍ത്തി.

Enslavement of the feminine gender-സ്‌ത്രീലിംഗത്തിന്റെ ദാസ്യവത്കരണം -എന്ന് ക്ളാരാ സെറ്റ്കിന്‍ കൃത്യമായി അടയാളപ്പെടുത്തിയ അവസ്ഥയുണ്ടല്ലോ, അത് ആസൂത്രിതവും അനുക്രമവുമായിരുന്നു. മതം, സദാചാരം, ദൈവഭയം, സല്‍ക്കീര്‍ത്തി, മാന്യത തുടങ്ങിയ സംഗതികളെയൊക്കെ സ്‌ത്രീയുടെ അടിമത്തവത്കരണത്തില്‍ പുരുഷന്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. ചാരിത്രം (Chastity) എന്നാല്‍ പെണ്ണുമാത്രം പവിത്രമായി പരിരക്ഷിക്കേണ്ട ഒരു സ്വഭാവശുദ്ധി എന്ന വ്യാഖ്യാനം പ്രചരിച്ചു. ആണിനു നേരമ്പോക്കാകാം. ആര്‍ക്കുമതില്‍ പരാതിയില്ല. മറിയയെ കല്ലെറിയാനും വിശാലുവിന്റെ തല മുണ്ഡനം ചെയ്യാനുമൊക്കെ പുരുഷനിര്‍മിത സദാചാരച്ചിട്ടകളില്‍ വകുപ്പുണ്ടായിരുന്നു. എന്നാല്‍ അവരോട് സഹശയിച്ച വറതപ്പനും വേലുക്കുട്ടിമേനോനും ശിക്ഷയില്ല. ആണുങ്ങളായാല്‍ ചളിയില്‍ ചവിട്ടും; അടുത്തു കണ്ടവെള്ളത്തില്‍ കാല്‍ കഴുകുകയും ചെയ്യും. അത്രതന്നെ.

ഈ നെറികേടിന്, നീതിനിഷേധത്തിന്, സ്വത്വ ധ്വംസനത്തിന് എതിരായാണ് പെണ്‍കൂട്ടായ്‌മകള്‍ പട നടത്തിപ്പോന്നത്. ചില രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടുന്ന കീഴാള സമൂഹവുമായി സ്‌ത്രീ സംഘങ്ങള്‍ ഐക്യപ്പെടുകയും കൈകോര്‍ക്കുകയും ചെയ്‌തു. പ്രത്യയശാസ്‌ത്രപരമായ പ്രബുദ്ധത അവര്‍ ഉള്‍ക്കൊണ്ടു. സംഘം ചേരുക, ശക്തി നേടുക എന്ന ആഹ്വാനത്തിന് ആവേശകരമായ പിന്തുണയാണ് കിട്ടിയത്. വോട്ടവകാശവും ഭരണ സംവിധാനത്തില്‍ മോശമല്ലാത്ത പ്രാതിനിധ്യവും തരപ്പെട്ടാല്‍ തങ്ങളുടെ യുദ്ധം പാതി ജയിച്ചതായി കരുതാമെന്നായി ചില ലിബറല്‍ ഫെമിനിസ്‌റ്റുകള്‍. ഇവിടെയാണ് പിഴച്ചത്. ഏതാനും രാഷ്‌ട്രീയ സൌകര്യങ്ങള്‍ ചാര്‍ത്തിക്കിട്ടിയതുകൊണ്ട് സ്‌ത്രീമോചനം സഫലമാവുന്നില്ല.

ലിംഗസമത്വവും അവസര സമത്വവും ഭരണഘടനയുടെ തന്നെ ഭാഗമാക്കുകയും അവ കാര്യക്ഷമമായി നടപ്പിലാക്കുകയും ചെയ്‌ത ആദ്യ രാഷ്‌ട്രം യുഎസ്എസ് ആര്‍ (Union of Soviet Socialist Republics) - അതായത് പഴയ സോവിയറ്റ് യൂണിയന്‍ - ആയിരുന്നു. ഒരു നിത്യചൂഷിത വര്‍ഗമെന്നനിലയില്‍ സ്‌ത്രീ സമൂഹത്തെ കാണുകയും പെണ്‍പ്രശ്‌നങ്ങളെ ശാസ്‌ത്രീയമായി അപഗ്രഥിക്കുകയും ചെയ്‌ത ഒരു മോചന തത്വശാസ്‌ത്രത്തിന്റെ ധീരമായ പരീക്ഷണശാലയായി മാറി സോവിയറ്റുനാട്. വിപ്ളവാചാര്യനായ ലെനിന്‍ സംവിധാനം ചെയ്‌ത സോഷ്യലിസ്‌റ്റ് സമൂഹക്രമത്തില്‍ സുപ്രധാനമായ സ്ഥാനവും സര്‍വതോമുഖമായ വളര്‍ച്ചയുമാണ് സ്‌ത്രീസമൂഹത്തിനു കൈവന്നത്. സോഷ്യലിസ്‌റ്റ് നവലോക നിര്‍മിതിയില്‍ അടങ്ങാത്ത ആത്മവീര്യത്തോടും അഗാധമായ അര്‍പ്പണബോധത്തോടും കൂടിയാണ് റഷ്യയിലെ പെണ്ണുങ്ങള്‍ പങ്കെടുത്തത്. അവര്‍ക്കുമുമ്പില്‍ ഒരു വാതിലും അടഞ്ഞുകിടന്നില്ല. ലിംഗപരമായ വിവേചനത്തിന്റെ എല്ലാ വരമ്പുകളും അവിടെ തകര്‍ക്കപ്പെട്ടു. സ്‌ത്രീയുടെ അധ്വാനത്തിന്റെ അന്തസ്സ് ആദരപൂര്‍വം അംഗീകരിക്കപ്പെട്ടു. വ്യഭിചാരമെന്നത് അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. വിവാഹം, കുടുംബം, ഇണചേരല്‍ എന്നീ കാര്യങ്ങളിലൊക്കെ സോവിയറ്റ്സ്‌ത്രീക്ക് സമ്പൂര്‍ണമായ സ്വയം നിര്‍ണയാവകാശം സ്ഥാപിച്ചുകിട്ടി.

'വെല്‍ഫേര്‍ സ്‌റ്റേറ്റുകളെ'ന്ന് സ്വയം വിശേഷിപ്പിക്കുന്ന പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും സോവിയറ്റ് യൂണിയന്റെ സ്‌ത്രീശാക്തീകരണ പ്രയത്നങ്ങള്‍ മാതൃകയും പാഠപുസ്‌തകവുമായി. യു കെ, ഓസ്‌ട്രിയ, നോര്‍വെ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ബെല്‍ജിയം എന്നീ നാടുകളിലാണ് ആ വഴിക്കുള്ള നീക്കങ്ങളുണ്ടായത്. പക്ഷേ അവിടങ്ങളിലെല്ലാംതന്നെ 'കോസ്‌മെറ്റിക്' -തൊലിപ്പുറത്തുള്ളത്- എന്ന് വിളിക്കാവുന്ന ചായംപൂശലുകളേ നടന്നിട്ടുള്ളു. കാരണം ഈ നാടുകളെല്ലാം അടിസ്ഥാനപരമായി ക്യാപ്പിറ്റലിസ്‌റ്റ് വ്യവസ്ഥയുടെ വരുതിയിലാണ്. ആ വ്യവസ്ഥയാകട്ടെ പുരുഷാധിപത്യപരവും.

രണ്ടാം ലോകയുദ്ധം കത്തിയമര്‍ന്നപ്പോള്‍ പല രാഷ്‌ട്രീയ ഭൂപടങ്ങളും മാറ്റിവരയ്‌ക്കപ്പെടുന്ന അവസ്ഥയുണ്ടായി. കിഴക്കന്‍ യൂറോപ്പില്‍ ജനകീയ ജനാധിപത്യ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങള്‍ നിലവില്‍വന്നു: ഈസ്‌റ്റ് ജര്‍മനി, ഹംഗറി, പോളണ്ട്, ബള്‍ഗേറിയ, റൊമേനിയ, യുഗസ്ളോവിയ എന്നീ നാടുകളില്‍. അവിടെയൊക്കെ സ്‌ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും പൂര്‍ണമായും അംഗീകരിക്കപ്പെട്ടു. വമ്പിച്ച വനിതാ മുന്നേറ്റത്തിനാണ് പൂര്‍വ യൂറോപ്പ് സാക്ഷ്യം വഹിച്ചത്. ലൈംഗിക വൈജാത്യമെന്നത് വെറും ജീവശാസ്‌ത്രപരമായ കാര്യമായി മാറി.

ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെ മര്‍ദിത വര്‍ഗപ്പോരാട്ടങ്ങളില്‍ പടച്ചട്ടയും തോക്കുമായി മുന്നിട്ടിറങ്ങിയവരാണ് അവിടത്തെ സ്‌ത്രീജനങ്ങള്‍: ക്യൂബയില്‍, ബൊളീവിയയില്‍, ചിലിയില്‍, നിക്കരാഗ്വയില്‍, ബ്രസീലില്‍, അര്‍ജന്റീനയില്‍, പെറുവില്‍, കൊളമ്പിയയില്‍, വെനിസുലയില്‍. ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെ വിമോചന യുദ്ധങ്ങളില്‍ സ്‌ത്രീകള്‍ വഹിച്ച ഐതിഹാസികമായ പങ്കിനെ ചെഗുവേര മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്. ക്യൂബയില്‍ സായുധ സോഷ്യലിസ്‌റ്റ് വിപ്ളവം വിജയകരമായി അവസാനിക്കുകയും ജനകീയ ഭരണകൂടം രൂപംകൊള്ളുകയും ചെയ്‌തപ്പോള്‍ ഫിദല്‍കാസ്‌ട്രോ ആദ്യം ചെയ്‌തത് എല്ലാ മേഖലകളിലും സ്‌ത്രീസമത്വം ഉറപ്പുവരുത്തുക എന്നതാണ്. അത് ഒരു 'ideological mandate’ - പ്രത്യയശാസ്‌ത്രപരമായ ആദേശം - ആണെന്ന് ഹവാനയില്‍ ചേര്‍ന്ന ജനപ്രതിനിധി സഭയില്‍ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്‌തു.

ദൂരപൌരസ്‌ത്യ ദേശങ്ങളില്‍ സ്‌ത്രീസ്വാതന്ത്ര്യനിഷേധം ഏറെ രൂക്ഷമായിരുന്നു, പ്രത്യേകിച്ച് പഴയ ചൈനയില്‍. പെണ്‍കുട്ടികളുടെ പാദങ്ങള്‍ വരിഞ്ഞുകെട്ടിവയ്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു. ചെറിയ പാദങ്ങളാണ് ഭംഗി എന്ന പുരുഷ ധാരണയാണ് ഈ വഴക്കം സൃഷ്‌ടിച്ചത്. ഒരു ഭാര്യക്ക് നാല്പതു വയസ്സുകഴിഞ്ഞാല്‍ അവള്‍ സ്വന്തം ഭര്‍ത്താവിന് ചെറുപ്പക്കാരിയായ ഒരു കിടപ്പറക്കൂട്ടിനെ കണ്ടുപിടിച്ചു നല്‍കണമെന്ന ചിട്ടയും നിലനിന്നിരുന്നു (പേള്‍ എസ് ബെക്കിന്റെ വിശ്വവിഖ്യാതമായ 'ഗുഡ് എര്‍ത്ത്' എന്ന നോവലില്‍ ഇതു വിവരിക്കുന്നുണ്ട്). ഇന്ത്യയിലെന്നപോലെ പെണ്ണ് ആണിന്റെ ദാസി എന്ന സങ്കല്പം ചൈനയിലും നിലനിന്നിരുന്നു. പൊതുസമൂഹത്തില്‍ തിണ്ണ അനുവദിച്ചിരുന്നത് ഉപരിവര്‍ഗത്തിലെ പൊന്നും പണവുമുള്ള പെണ്ണുങ്ങള്‍ക്കു മാത്രമായിരുന്നു. ജനകീയ ചൈന പുലര്‍ന്നപ്പോഴാണ് പെണ്‍മുക്തി ഒരു യാഥാര്‍ഥ്യമായത്. ലിംഗപരമായ എല്ലാ വിവേചനങ്ങള്‍ക്കും ചെയര്‍മാന്‍ മാവോ വിരാമമിട്ടു. സോവിയറ്റ് റഷ്യയിലെന്നപോലെ പീപ്പിള്‍സ് ചൈനയിലും സ്‌ത്രീ-പുരുഷ തുല്യത എല്ലാ കര്‍മമുഖങ്ങളിലും നടപ്പായി. ആണിനും പെണ്ണിനും ഒരേ തൊഴില്‍ക്കുപ്പായം (Work gown) എന്ന മാവോയുടെ ആശയം തീര്‍ത്തും വിപ്ളവകരമായിരുന്നു.

വിയത്‌നാമിലുമുണ്ടായി ഗംഭീരമായ സ്‌ത്രീപക്ഷ മുന്നേറ്റം. ആദ്യം ഫ്രഞ്ച് കൊളോണിയല്‍ വാഴ്‌ചക്കെതിരായും പിന്നീട് തെക്കന്‍വിയറ്റ്നാമില്‍ താവളമടിച്ച അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായും സഖാവ് ഹോചിമിന്‍ നടത്തിയ നീണ്ട യുദ്ധവും പുളകകാരിയായ ചെറുത്തുനില്‍പ്പും ലോകചരിത്രത്തിന്റെ ചുവന്ന ഏടുകളാണ്. സ്‌ത്രീശക്തിയില്‍, സ്‌ത്രീ മോചനത്തില്‍ ഉറച്ചു വിശ്വസിച്ചിരുന്ന പടത്തലവനായിരുന്നു ഹോ. പാടത്തു പണിയെടുക്കുന്ന നാട്ടുപെണ്ണുങ്ങള്‍ക്കു അദ്ദേഹം തന്റെ പട്ടാളത്തില്‍ പ്രവേശനം നല്‍കി. പല തിളയ്‌ക്കുന്ന സമരമുഖങ്ങളിലും ആണ്‍പടയാളികളോടൊപ്പം പെണ്‍പുലികളുമുണ്ടായിരുന്നു. മോചിത വിയത്‌നാം കാഴ്‌ചവച്ചത് പെണ്‍നവോത്ഥാനത്തിന്റെ ആവേശകരമായ കഥയത്രെ.

സെക്‌സ് ബോംബുകളെ ഉത്പാദിപ്പിക്കുന്ന, പെണ്‍ശരീരത്തെ, സ്‌ത്രീസൌന്ദര്യത്തെ, സ്‌ത്രൈണചേഷ്‌ടകളെ, പല മട്ടില്‍ വിപണനവത്കരിക്കുകയും മലീമസമാക്കുകയും ചെയ്യുന്ന, പില്‍ക്കാല മുതലാളിത്ത വ്യവസ്ഥയുടെ അഥര്‍വ വേദാന്തത്തിന് മാന്യതയും സ്വീകാര്യതയും അതിഥിപീഠവും ഒരു പച്ചച്ചിരിയോടെ അനുവദിക്കുകയാണ് വര്‍ത്തമാന സമൂഹം ചെയ്യുന്നത്. സൌന്ദര്യറാണി മത്സരങ്ങളും ഫാഷന്‍ ഷോകളും അനാവരണത്തിന്റെ ആഭാസങ്ങളും നിത്യേനയെന്നോണം നടക്കുന്നു. ഇതിനെതിരായ സിംഹിക ഗര്‍ജനങ്ങള്‍ വളരെ വിരളമായേ കേള്‍ക്കുന്നുള്ളു. സ്‌ത്രീസംഘങ്ങള്‍തന്നെ പല സ്വത്വമലിനീകരണങ്ങളോടും സന്ധിചെയ്യുന്നു. പിന്നില്‍നിന്നു തോണ്ടുന്ന വഷളന്റെ വൃത്തികെട്ട മോന്തക്ക് മുഷ്‌ടി ചുരുട്ടിയടിക്കാന്‍ പണ്ടുണ്ടായിരുന്ന തന്റേടം ഇപ്പോള്‍ ചോര്‍ന്നുപോവുന്നുണ്ടോ എന്നു സംശയം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. അത് മറക്കരുത്.

*****

വി സുകുമാരന്‍

11 December, 2010

ചൈനയില്‍ നിന്നും എന്ത് പഠിക്കാം?

ദാരിദ്ര്യം, ദരിദ്രരുടെ എണ്ണം എന്നിവ കൃത്യമായി നിര്‍വചിക്കാനോ തിട്ടപ്പെടുത്താനോ എളുപ്പമല്ല. ഇന്ത്യയില്‍ ഇതിന് ശ്രമം തുടങ്ങിയത് ഏതാണ്ട് 40-45 വര്‍ഷം മുമ്പാണ്. പ്രതിശീര്‍ഷ ഉപഭോഗ ചെലവ്, വരുമാനം, കലോറി ഉപഭോഗം എന്നിവ കണക്കിലെടുത്ത് ജനസംഖ്യയുടെ നിശ്ചിത ശതമാനം വരുന്നവര്‍ ദരിദ്രരാണെന്ന് സ്ഥിതി വിവരകണക്കുകള്‍ പുറത്തു വന്നു. ദാരിദ്ര്യ രേഖയ്ക്ക് നിര്‍വചനം ഉണ്ടായി. ആ രേഖയ്ക്ക് താഴേയും മുകളിലുമായി ജനസംഖ്യ വിഭജിക്കപ്പെട്ടു. ദാരിദ്ര്യം എന്ന വിഷയത്തിനെക്കുറിച്ച് സാമൂഹ്യ സാമ്പത്തിക ശാസ്ത്ര ഗവേഷകര്‍ അവരുടെ പഠനങ്ങളുമായി രംഗത്തുവന്നു. ഇതിന്റെയൊക്കെ വെളിച്ചത്തില്‍ ഭരണകൂടം ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി. പൊതു ഖജനാവില്‍ നിന്നും കോടികള്‍ അവയ്ക്കായി ചെലവഴിച്ചു. ഇതൊക്കെ ആയിട്ടും ഇന്ത്യയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വിജയം കണ്ടെത്താനായില്ല. അര്‍ജുന്‍സെന്‍ ഗുപ്ത തയ്യാറാക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 77 ശതമാനം വരുന്നവര്‍ ശരാശരി 20 രൂപകൊണ്ട് ഒരു ദിവസം കഴിച്ചുകൂട്ടാന്‍ വിഷമിക്കുന്നവരാണ്. വേള്‍ഡ് ഹംഗര്‍ റിപ്പോര്‍ട്ടനുസരിച്ച് പട്ടിണികിടക്കുന്നവരുടെ എണ്ണവും ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്.

ദാരിദ്ര്യം എന്നത് മുതലാളിത്ത വ്യവസ്ഥിതിയുടെ മുഖമുദ്രയാണ്. അതെങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് മാര്‍ക്‌സും ഏംഗല്‍സും വിവരിക്കുന്നുണ്ട്. ദാരിദ്ര്യം ഇല്ലാത്ത ഒരു വ്യവസ്ഥിതിയാണ് സോഷ്യലിസം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ സോഷ്യലിസം പ്രിയമുള്ളതാകുന്നു. എന്നാല്‍ ശുദ്ധ സോഷ്യലിസ്റ്റ് വ്യവസ്ഥിതി ലോകത്ത് ഒരു രാജ്യത്തും നിലവില്‍ വന്നിട്ടില്ല എന്നു വേണം പറയാന്‍. എങ്കിലും കമ്മ്യൂണിസ്റ്റ് ചൈന അത്തരത്തിലുള്ള ഒരു ശുദ്ധ സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിക്കുമെന്ന് അവകാശപ്പെടുന്നു. അതിന് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിപണി സോഷ്യലിസവും അതിന്റെ അവിഭാജ്യ ഘടകമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങളും ഉപകരിക്കുമെന്ന് ചൈനയുടെ ഭരണകൂടവും പാര്‍ട്ടിയും വിശ്വസിക്കുന്നു.

ചെയര്‍മാന്‍ മാവോയുടെ കാലത്ത് തന്നെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ചൈനയുടെ സാമൂഹ്യ ഘടനയ്ക്കും സംസ്‌കാരത്തിനും ജീവിത രീതിക്കും യോജിക്കുന്ന നടപടികള്‍ പാര്‍ട്ടിയുടെ നേതൃത്വ സഹായത്തോടെ ഭരണകൂടം തയ്യാറാക്കി. എന്നാല്‍ പില്‍ക്കാലത്തുണ്ടായ കള്‍ച്ചറല്‍ റവല്യൂഷന്‍ കാലത്ത് പ്രവര്‍ത്തനങ്ങള്‍ കുറച്ച് പിന്നോട്ടുപോയി. 1978 ആയതോടുകൂടി 250 ദശലക്ഷം ചൈനക്കാര്‍ കടുത്ത ദാരിദ്ര്യത്തെ മുഖാമുഖം കണ്ടിരുന്നു. 1978 നുശേഷമാണ് സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമായത്. ഉയര്‍ന്നതും വേഗതയിലുമുള്ള സാമ്പത്തിക വളര്‍ച്ച സൃഷ്ടിച്ചാലേ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാകൂ എന്ന് ഭരണകൂടം വിശ്വസിച്ചു. ഇതിന് സാമൂഹ്യ ഉല്‍പാദനക്ഷമത ഉയര്‍ത്തണം. ഇതിനുള്ള പ്രത്യേക നടപടികളും തുടങ്ങി. 1980-2010 കാലത്ത് പ്രതിശീര്‍ഷ ജീവിതനിലവാരം എട്ടു മടങ്ങ് വര്‍ധിച്ചു. 1980 ല്‍ തന്നെ ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍ക്ക് ചൈന ചെലവിട്ടത് നാല് ബില്യണ്‍ യുവാനാണ്. തൊഴില്‍ സൃഷ്ടിക്കാനാണ് മുന്തിയ മുന്‍ഗണന നല്‍കിയത്. കൂടാതെ ഒമ്പത് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസവും നടപ്പിലാക്കി. ആരോഗ്യ പരിരക്ഷയ്ക്കും, സാമൂഹ്യ പരിരക്ഷയ്ക്കും മുന്‍ഗണന നല്‍കി. ശരാശരി ചൈനാക്കാരന്റെ ആയുര്‍ദൈര്‍ഘ്യം 73 ആയി. 1978 നുശേഷം ശിശു മരണനിരക്ക് 56 ശതമാനം കണ്ട് കുറഞ്ഞ് 15.3 ല്‍ എത്തി. അതുപോലെതന്നെ മാതൃ മരണനിരക്കും കുത്തനെകുറഞ്ഞു.

ഇതൊക്കെയാണെങ്കിലും ചൈനയുടെ ചില പ്രദേശങ്ങളില്‍ ഈ മാറ്റങ്ങള്‍ ഉണ്ടായില്ല. ഈ പ്രദേശങ്ങളിലാണ് എത്‌നിക്ക് ന്യൂനപക്ഷങ്ങള്‍ ജീവിക്കുന്നത്. ടിബറ്റ് ഏറ്റവും നല്ല ഉദാഹരണമാണിത്. ഫ്യൂഡല്‍ ചൂഷണത്തിനും അടിമത്വത്തിനും ഇരയായിട്ടുള്ളവരാണ് ഈ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന പ്രവിശ്യകള്‍ (പ്രദേശങ്ങള്‍). ഈ പ്രവിശ്യകളുടെ പ്രശ്‌നങ്ങള്‍ ചൈനീസ് ഭരണകൂടത്തിനും പാര്‍ട്ടിക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്.

ആഗോള സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും അമേരിക്കപോലുള്ള വന്‍കിട സമ്പന്ന രാജ്യങ്ങളെ അടിപ്പെടുത്തിയ അവസരത്തില്‍ ചൈനയില്‍ അതിന്റെ പ്രതിഫലനം ഉണ്ടായില്ല. വിപണി സോഷ്യലിസത്തിന്റെയും സാമ്പത്തിക പരിഷ്‌കാരങ്ങളുടേയും സോഷ്യലിസത്തിന്റേയും ഭാഗമായി സമ്പദ് വ്യവസ്ഥ തുറന്നിടുന്നതില്‍ ചൈന സംയമനവും വിവേചനവും കാട്ടിയതുകൊണ്ടാണ് ഈ വേറിട്ട അനുഭവം ഉണ്ടായത്. എന്നാല്‍ ദാരിദ്ര്യ നിര്‍മാര്‍ജന നടപടികള്‍ക്കുണ്ടായിരുന്ന ഉണര്‍വ് നഷ്ടപ്പെട്ടു. ഇതിന് പുറമേ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയുടെ ഫലമായി ഗ്രാമ-നഗര തലത്തിലെ അസന്തുലിതാവസ്ഥ രൂക്ഷമായതായി ഭരണകൂടം തന്നെ സമ്മതിച്ചു. ഗ്രാമതലത്തില്‍ നിന്നും നഗരപ്രദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റം നിരുത്സാഹപ്പെടുത്താന്‍ നിയന്ത്രണ നടപടികളെടുക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി.

സമ്പദ് വ്യവസ്ഥ തുറന്നിടുന്നതില്‍ സംയമനവും വിവേചനവും ചൈന കാട്ടിയെന്ന് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. തുറന്നിടലില്‍ ഏറ്റവും പ്രധാനം വിദേശ മൂലധന നിക്ഷേപം ഒഴുകിയെത്തുന്നതിനുള്ള നിയന്ത്രിത സ്വാതന്ത്ര്യമാണ്. ഏതൊക്കെ മേഖലകളിലാണ് വിദേശമൂലധന നിക്ഷേപം ചൈനയുടെ സമ്പദ് ഘടനയ്ക്ക് ആവശ്യം എന്ന് പാര്‍ട്ടിയും ഭരണകൂടവും തീരുമാനിക്കുന്നു. അതുമാത്രമേ അനുവദിക്കുകയുള്ളൂ. ഇന്ത്യയുടെ നയം ഇതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. ഈയിടയ്ക്ക് വന്ന ഒരു റിപ്പോര്‍ട്ടനുസരിച്ച് ബോംബെയിലെ ഓഹരി കമ്പോളത്തിലെ ആകെ നിക്ഷേപത്തിന്റെ പകുതിയിലേറെ വിദേശ നിക്ഷേപ ഏജന്‍സികളുടെ കൈവശമാണ്. ചൈന ഡബ്ല്യു ടി ഒയിലും അംഗമായി ചേര്‍ന്നു. താരിഫുകള്‍ ശരാശരി പത്ത് ശതമാനമായി കുറഞ്ഞു. മാനുഫാക്ചറിംഗ് ചരക്കുകളുടെ കാര്യത്തില്‍ താരിഫ് അഞ്ച് ശതമാനമായി കുറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) സ്ഥാപിക്കുന്നതിലും ചൈന ലോഭം കാണിച്ചില്ല. ഇതൊക്കെ ആയിട്ടും ദാരിദ്ര്യനിര്‍മാര്‍ജനം ചൈനയില്‍ അതിവേഗത്തില്‍ നടക്കുകയാണ്. ശരാശരി ചൈനക്കാരുടെ മുഖത്ത് ഇത് പ്രതിഫലിക്കുന്നുണ്ട്. പോഷകാഹാരം വസ്ത്രധാരണം, വിദ്യാഭ്യാസം, തൊഴില്‍ വൈദഗ്ധ്യം, ഉല്‍പാദന ക്ഷമത, ആരോഗ്യ പരിപാലനം എന്നീ ഓരോ ഘടകങ്ങളിലും കാര്യമായ മെച്ചം പ്രകടമാണ്. ഇത്തരത്തിലുള്ള ഒരു മാറ്റം, അല്ലെങ്കില്‍ മെച്ചം ഇന്ത്യയില്‍ കാണാനില്ല എന്നതാണ് നമ്മുടെ ദുഃഖം.

ചൈനയുടെ ഭൂനയം പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. എല്ലാ നാട്ടിലും വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് തര്‍ക്കവിഷയമാണ്. ചൈനയില്‍ ഗ്രാമപ്രദേശങ്ങളിലെ ഭൂമി, പ്രത്യേകിച്ചും കൃഷി യോഗ്യമായ ഭൂമി വില്‍ക്കാനോ, പണയപ്പെടുത്താനോ അവകാശമില്ല. മറിച്ച് നഗരഭൂമിയാണെങ്കില്‍ ഉടമയ്ക്ക് അത് വില്‍ക്കാനും പണയപ്പെടുത്താനും കൈമാറ്റം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. ഗ്രാമത്തിനും നഗരത്തിനും പരസ്പരം തൊട്ടുകിടക്കുന്ന ഭൂമിയുടെ കാര്യത്തില്‍ ഒരു പ്രത്യേകത ചൈനയിലുണ്ട്. അത്തരം ഭൂമിയുടെ ഉപയോഗിക്കാനുള്ള അവകാശം ചൈനയില്‍ ലേലം ചെയ്ത് കിട്ടുന്ന തുക സ്റ്റേറ്റിന്റെ ബജറ്റില്‍ പ്രത്യേക ഫണ്ടായി സൂക്ഷിക്കുന്നു. ഈ നടപടി വഴി ഭൂമിയുടെ പേരിലുണ്ടാകുന്ന ഊഹക്കച്ചവടം ഇല്ലാതാകുന്നു.

ചൈനയില്‍ ഫിസ്‌ക്കല്‍ പ്രസ്ഥാനം വളരെ വികേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ധാരാളം അവകാശങ്ങളും ചുമതലകളും കേന്ദ്ര ഭരണകൂടം നല്‍കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവരുടെ പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ട പൊതുസേവനങ്ങളൊക്കെ അവ തന്നെ സംഭരിക്കുന്ന നികുതി വരുമാനം കൊണ്ട് നടത്തണമെന്നാണ് വ്യവസ്ഥ. ചൈനയില്‍ 50 ശതമാനത്തിലേറെ പൊതു ചെലവുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് നടത്തുക. സാമൂഹ്യ പരിരക്ഷ, നിയമ-ന്യായ നടപടികള്‍ തുടങ്ങി സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നത് വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയിലാണ് ചൈനയില്‍ നടക്കുന്നത്. ചൈനയിലെ പ്രവിശ്യകള്‍ക്കിടയില്‍ വികസനം, വരുമാന വിതരണം, തൊഴില്‍ സൃഷ്ടി എന്നിവയില്‍ കണ്ടുവരുന്ന അസമത്വവും അസന്തുലിതാവസ്ഥയും ദാരിദ്ര്യത്തിന്റെ നിലവാരത്തിലും കണ്ടുവരുന്നു. വളരെ സമ്പന്നമായ പ്രവിശ്യകളിലെ പ്രതിശീര്‍ഷ വരുമാനം താഴെക്കിടയിലുള്ള പ്രവിശ്യകളിലുള്ളതിനേക്കാള്‍ എട്ടിരട്ടിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഈ കടുത്ത അന്തരം തദ്ദേശ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അസന്തുലിതാവസ്ഥയാണ് കാണിക്കുന്നത്. ഇതിന്റെ ഫലമായി ദരിദ്രരുടെ സംഖ്യയിലും പ്രവിശ്യകള്‍ക്കിടയില്‍ വലിയ അന്തരം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ചില പ്രവിശ്യകളിലെ ജനങ്ങള്‍ അസന്തുഷ്ടരാണ്. അത് കേന്ദ്ര ഭരണകൂടത്തിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുമുണ്ട്.

ഏതായാലും സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച നയങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജന നയങ്ങള്‍ എന്നീ കാര്യങ്ങളില്‍ ചൈനയുടെ സമീപനം ഇന്ത്യ ശ്രദ്ധിച്ച് പഠിക്കേണ്ടതുണ്ട്. ഇന്ത്യയേക്കാളും പിന്നോക്കാവസ്ഥയിലായിരുന്ന ചൈന ഇന്ന് അമേരിക്ക പോലും ബഹുമാനിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. ഇതെങ്ങനെ ഉണ്ടായി എന്ന് ഇന്ത്യയും പഠിക്കേണ്ടതാണ്.

*****

പ്രഫ. കെ രാമചന്ദ്രന്‍ നായര്‍

അഴിമതിയും മനുഷ്യാവകാശവും

'വിവേചനം ഇല്ലാതാക്കുക'’എന്ന മുദ്രാവാക്യമാണ് ഈ മനുഷ്യാവകാശ ദിനത്തില്‍ ഐക്യരാഷ്ട്രസഭ ഉയര്‍ത്തുന്നത്. ജനാധിപത്യം ശക്തിപ്രാപിക്കുമ്പോഴും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ലെന്നതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. സാമ്പത്തികവും സാമൂഹ്യവുമായ അനീതികള്‍ എല്ലാ മേഖലകളെയും കീഴടക്കുകയാണ്. രാജ്യത്തിന്റെ പൊതുസമ്പത്ത് അഴിമതിയിലൂടെ ഒരു വിഭാഗത്തിന്റെ കൈകളില്‍ അമരുകയും ദരിദ്രര്‍ പാര്‍ശ്വവല്‍ക്കരിക്കരിക്കപ്പെടുകയും ശതകോടീശ്വരന്‍മാരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയും ചെയ്യുന്നു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ 1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തില്‍ (2 (ഡി)‘ മനുഷ്യാവകാശങ്ങള്‍’ എന്നതിന്റെ നിര്‍വചനം‘ജീവന്‍, സ്വാതന്ത്ര്യം, തുല്യത, വ്യക്തി, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ട് ഭരണഘടനയോ അന്താരാഷ്ട്ര ഉടമ്പടികളോ അംഗീകരിച്ചിട്ടുള്ളതും കോടതികളാല്‍ നടപ്പാക്കാവുന്നതുമായ അവകാശങ്ങള്‍ എന്നാണ്. മനുഷ്യാവകാശം ലംഘിക്കല്‍ അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കല്‍, അത്തരം ലംഘനങ്ങള്‍ തടയുന്നതില്‍ ജീവനക്കാര്‍ കാണിക്കുന്ന ഉപേക്ഷ എന്നീ പരാതികള്‍ക്കുമേല്‍ അന്വേഷണം നടത്തുക എന്നതാണ് ഈ സംരക്ഷണ നിയമത്തിന്റെ പ്രഥമ കര്‍ത്തവ്യം.

അഴിമതിമൂലം ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ വ്യാപ്തി വളരെ വലുതാണ്. പൌരന്‍മാരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നതിനാവശ്യമായ പൊതുമുതല്‍ ഏതാനും വ്യക്തികളുടെ പോക്കറ്റിലെത്താന്‍ സഹായിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും വ്യക്തിപരമായ ധനസമ്പാദനത്തിന് ഭരണതലത്തില്‍ ഒത്താശ ചെയ്തുകൊടുക്കുന്നതും വഴിയൊരുക്കുന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണ്.
സമീപകാലത്ത് അഴിമതിയിലൂടെ നഷ്ടപ്പെട്ട രാജ്യത്തിന്റെ സമ്പത്ത് കോടികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8000 കോടി. 2ജി-സ്പെക്ട്രം ഇടപാടില്‍ 1,76,645 കോടി. ഇത് കൂടാതെ മഹാരാഷ്ട്രയിലെ ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തിലൂടെയും കര്‍ണാടകത്തിലെ ഭൂമിതട്ടിപ്പിലൂടെയും കോടികള്‍ ഒഴുകി. അഴിമതിയുടെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവന്നത് സ്പെക്ട്രം അഴിമതിയില്‍മാത്രമാണ്. ഒരു പരിശോധന നടത്തിയാല്‍ നിരവധി കോഴക്കേസുകളില്‍ അന്വേഷണം നടത്താതിരിക്കുകയോ പാതിവഴിയില്‍ അന്വേഷണം മരവിപ്പിച്ചിട്ടുള്ളതോ ആയി കാണാം.

രാജ്യത്തിന്റെ സമ്പത്ത് എങ്ങനെയാണ് ഏതാനും പേരുടെ കൈകളിലെത്തുന്നതെന്നും അതിന് ഭരണകൂടം എങ്ങനെയാണ് ഒത്താശചെയ്യുന്നതെന്നും പരിശോധിക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്. 2ജി സ്പെക്ട്രം ഇടപാടിലൂടെ ലൈസന്‍സ് ലഭിച്ച ഒരു കമ്പനി ടാറ്റ ടെലികോമാണ്. ലൈസന്‍സ് കിട്ടിയ ഉടനെ ഇവരുടെ ഓഹരിയുടെ 27.31 ശതമാനം ജപ്പാന്‍ കമ്പനിയായ ‘ഡോകോമോയ്ക്ക് 12,924 കോടി രൂപയ്ക്ക് വിറ്റു. ഇതോടുകൂടി ഇതിന്റെ മൂല്യം 47,323 കോടിയായി വര്‍ധിച്ചു. ടെലികോം അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് രാജിവച്ച എ രാജയുടെ ഒത്താശയോടെ ലൈസന്‍സ് ലഭിച്ച മറ്റു മൂന്നു കമ്പനികളാണ് സ്പാന്‍ ടെലികോം, യൂണിടെക്, എസ്ടെല്‍ എന്നിവ. ഈ മേഖലയില്‍ ഇവര്‍ക്ക് ലൈസന്‍സ് ഇല്ല എന്നതിനു പുറമെ അവര്‍ക്ക് കിട്ടിയ ലൈസന്‍സ് മറിച്ചുവില്‍ക്കുകയുംചെയ്തു. ഇതുവഴി അവര്‍ക്ക് ലഭിച്ചത് 20,543 കോടി രൂപ. ഈ നാല് കമ്പനികള്‍ക്കുമാത്രം ലഭിച്ച ലാഭം 67,866 കോടിയാണ്. സിഎജിയുടെ കണക്കു പ്രകാരം 2ജി സ്പെക്ട്രം അഴിമതിയിലൂടെ ഇന്ത്യയിലെ ഓരോ പൌരന്റെയും പോക്കറ്റില്‍നിന്ന് ചോര്‍ന്നുപോയത് 1400 രൂപയാണ്.

ഏറ്റവുമൊടുവില്‍ ലഭ്യമായ മനുഷ്യവികസന റിപ്പോര്‍ട്ട് (2010) പറയുന്നത് ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ ജനസംഖ്യയുടെ 36 ശതമാനം വരുമെന്നാണ്. ഒരു ഇന്ത്യക്കാരന്റെ ശരാശരി വരുമാനം പ്രതിദിനം ഇരുപതുരൂപയാണ്. ഭരണനേതൃത്വങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ സ്ഥിതിക്ക് എങ്ങനെയാണ് മാറ്റമുണ്ടാവുക.

അഴിമതിയുടെ കാര്യത്തില്‍ ജൂഡിഷ്യറിയും മുക്തമല്ല. അലഹബാദ് ഹൈക്കോടതിയില്‍ ശുദ്ധീകരണം ആവശ്യമാണെന്നാണ് ഏറ്റവുമൊടുവില്‍ സുപ്രീംകോടതി നിരീക്ഷിച്ചത്. 20 ശതമാനം ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെന്ന് മുന്‍ ചീഫ് ജസ്റിസ് പി എന്‍ ഭഗവതി പറഞ്ഞിട്ട് അധികനാളായിട്ടില്ല. സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായി പ്രവര്‍ത്തിക്കേണ്ട കോടതികളും ജീര്‍ണതയ്ക്ക് വിധേയമാവുമ്പോള്‍ ജനങ്ങള്‍ക്ക് ഭരണകൂട സ്ഥാപനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. അതിനിടവരുത്താതെയുള്ള ജാഗ്രതയാണ് ഈ സ്ഥാപനങ്ങളിലുള്ളവരും അതിന് നേതൃത്വം നല്‍കുന്നവരും ചെയ്യേണ്ടത്.

സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ കള്ളപ്പണം 70 ലക്ഷം കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎന്‍ അഴിമതി വിരുദ്ധ രേഖയില്‍ (2004) ഇന്ത്യ ഒപ്പുവച്ചങ്കിലും സര്‍ക്കാര്‍തലത്തില്‍ അംഗീകാരം നല്‍കാത്തത് വിദേശ ബാങ്കുകളിലെ നിക്ഷേപം തിരിച്ചുപിടിക്കുന്നതിന് തടസ്സമാകുന്നു.രേഖയില്‍ ഒപ്പുവച്ച 140 രാജ്യങ്ങളില്‍ ഇന്ത്യയുള്‍പ്പെടെ നാല് രാജ്യംമാത്രമാണ് അംഗീകാരം നല്‍കാത്തത്. സമ്പന്നരുടെ കൈയിലെ പാവയാണ് ഭരണകര്‍ത്താക്കള്‍ എന്ന കറുത്ത സത്യമാണ് ഇതിലൂടെ പുറത്തുവരുന്നത്.

വ്യവസായികളുടെ പ്രമുഖ സംഘടനയായ ‘അസോച്ചം’ (അസോസിയേറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി) ഈ വര്‍ഷം നടത്തിയ പഠനത്തില്‍ സേവനമേഖലയില്‍ ഏറ്റവും കൂടുതല്‍ വികസിച്ച സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം-62.6 ശതമാനം. സാമ്പത്തിക വളര്‍ച്ചയിലും ഗണ്യമായ പുരോഗതിയുണ്ട്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന് ലഭിച്ച അംഗീകാരംകൂടിയാണിത്. സര്‍ക്കാര്‍ ഉദ്യോഗം മാന്യമായ തൊഴില്‍മേഖലയാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. അതിന് കളങ്കമേല്‍പ്പിക്കുന്നത് അഴിമതിയാണ്. വയനാട്ടില്‍നിന്ന് ഇപ്പോള്‍ പുറത്തുവന്ന ജോലിതട്ടിപ്പ് ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യാവകാശങ്ങള്‍ക്കുമേല്‍ അഴിമതിമൂലമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷിയുണര്‍ത്തുക എന്നതാണ് പൌരധര്‍മം. അതിന് മനുഷ്യാവകാശ കമീഷനുകളും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ബഹുജന പ്രസ്ഥാനങ്ങളും ഒരുമിച്ച് മുന്‍കൈയെടുക്കണം.

*
കെ രാജന്‍

09 December, 2010

തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?

കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മഅ്ദനിക്കെതിരെ ആരോപിക്കപ്പെട്ട തെളിവുകളും മൊഴികളും തീര്‍ത്തും ദുര്‍ബലവും പലതും കള്ളവും ആണെന്ന ബോധ്യമാണ് തന്റെ അന്വേഷണത്തില്‍ ലഭ്യമായതെന്ന് ഷാഹിന പറയുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മഅ്ദനിക്കെതിരെ മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി ജെ പി പ്രവര്‍ത്തകന്‍ യോഗാനന്ദയെ കാണാനായി കുടക് ഐഗൂര്‍ പഞ്ചായത്തിലെ കുംബൂര്‍, ഹോസതോട്ട എന്നിവിടങ്ങളില്‍ വിവരശേഖരണത്തിനായി പോയപ്പോള്‍ തന്നെ ഷാഹിന പോലീസിന്റെ ഭീഷണി നേരിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഹോസതോട്ട സി ഐ വിളിച്ച് നിങ്ങളൊരു തീവ്രവാദിയാണെന്ന് സംശയമുണ്ടെന്ന് പറയുകയുമുണ്ടായത്രെ. ഇതിനെ തുടര്‍ന്ന് കന്നട പത്രങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തനിക്കെതിരായ കേസായി കാണുന്നില്ലെന്നും മാധ്യമസമൂഹത്തിനെതിരായ കേസായാണ് കാണുന്നതെന്നുമാണ് ഷാഹിന പ്രതികരിച്ചത്. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, റിപ്പോര്‍ട് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും പൊലീസ് ഏതുവിധേനയും തെളിവുണ്ടാക്കിയാല്‍ അവരെ ജയിലിടക്കാമെന്നുമുള്ള സ്ഥിതിഗതിയാണ് സംജാതമാക്കിയിരിക്കുന്നത്. പൊലീസും ഭരണകൂടവും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയുമാണ്. അത് പൊളിച്ചടുക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് വെപ്രാളത്തോടും വിറളിയോടും കൂടി പോലീസ് പാഞ്ഞടുക്കുന്നത്. മാതൃഭൂമിയും കേരളകൌമുദിയുമടക്കമുള്ള മലയാള മാധ്യമങ്ങള്‍ കന്നട പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പോലീസ് വ്യാഖ്യാനങ്ങളും വെള്ളം തൊടാതെ പ്രസിദ്ധീകരിച്ചു എന്നതും ഞെട്ടിക്കുന്ന പരമാര്‍ത്ഥമായി മാറിയിരിക്കുന്നു.

നിരവധി വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുകയും വാര്‍ത്തകള്‍ വായിക്കുകയും ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ധീരയായ പത്രപ്രവര്‍ത്തകയാണ് കെ കെ ഷാഹിന. മിശ്രവിവാഹിതയായ ഷാഹിന എല്ലാ അര്‍ത്ഥത്തിലും പുരോഗമന ചിന്താഗതിക്കാരിയും സ്വതന്ത്ര മനോഭാവക്കാരിയുമാണ്. അത്തരമൊരാളെ തീവ്രവാദിയും ഭീകരപ്രവര്‍ത്തകയുമായി ആരോപിച്ച് കുടുക്കാന്‍ ഭരണകൂടവും കന്നട മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തെ പിന്തുണച്ച മലയാള മാധ്യമങ്ങളെയും അതിലെ ലേഖകരെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഷാഹിനക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവാറും മുഖ്യാധാരാ ചാനലുകളും പത്രങ്ങളും ഈ സംഭവവികാസം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. 'മഅ്ദനി കുടകില്‍ പോയി' എന്നല്ലാതെ 'മഅ്ദനി കുടകില്‍ പോയി എന്ന് പോലീസ് പറയുന്നു' എന്ന് ഒരു പത്രവും ചാനലും റിപ്പോര്‍ട് ചെയ്യുന്നില്ല എന്ന് കൃത്യമായി ഷാഹിന ഈ അവസ്ഥയെ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നതിലും ഫാസിസ്റ് ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുന്നതിലും മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്.

മതം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും തന്റെ മുസ്ളിം പേര് തന്നെ തടഞ്ഞു നിര്‍ത്തുക, കൂടുതല്‍ വിശദമായുള്ള ചോദ്യം ചെയ്യലിനു വിധേയയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കാരണമാകുന്നുണ്ടെന്ന് ഷാഹിന സാക്ഷ്യപ്പെടുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മുസ്ളിമായി കണ്ടതിനെ സംബന്ധിച്ച് മുമ്പൊരിക്കല്‍ ഷാഹിന എഴുതിയതോര്‍ക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സമൂഹങ്ങളിലും പോര്‍ട്ടലുകളിലും ഇതു സംബന്ധമായി ഗൌരവമുള്ള ചര്‍ച്ചകളും ഒത്തുകൂടലുകളും നടക്കുന്നുണ്ടെന്നതാണ് ആശാവഹമായ സംഗതി. മുഖ്യധാരയിലുള്ള ടെലിവിഷന്‍ ചാനലുകളെയും ദിനപത്രങ്ങളെയും ആനുകാലികങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പൌരത്വ ജേര്‍ണലിസം ഇനിയുള്ള നാളുകളില്‍ മുന്നോട്ടു കുതിക്കുമെന്നതിന്റെ ശക്തമായ തെളിവായി ഈ പ്രവണതയെ കാണാവുന്നതാണ്. മലയാള്‍ ഡോട്ട് എഎം, വൈഗ ന്യൂസ്, കഫില ഡോട്ട് ഓആര്‍ജി, കൌണ്ടര്‍ മീഡിയ ഡോട്ട് ഇന്‍ എന്നീ പോര്‍ട്ടലുകളില്‍ വിശദമായ കുറിപ്പുകളും അഭിമുഖങ്ങളും നല്‍കിയത് സൈബര്‍ ജനാധിപത്യത്തിന്റെ കരുത്തിനെ വെളിവാക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഒപ്പിട്ട് സമര്‍പ്പിച്ച ഒരു നിവേദനം കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബി ആര്‍ പി ഭാസ്ക്കര്‍, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു, ശശികുമാര്‍, സക്കറിയ, എസ് ആര്‍ ശക്തിധരന്‍, എം പി അച്യുതന്‍ എം പി, എന്‍ മാധവന്‍ കുട്ടി, സെബാസ്റ്യന്‍ പോള്‍, നീലന്‍, എന്‍ പി രാജേന്ദ്രന്‍, കെ പി മോഹനന്‍, എന്‍ പി ചെക്കുട്ടി, വെങ്കിടേഷ് രാമകൃഷ്ണന്‍, വി എം ഇബ്രാഹിം, എം ജി രാധാകൃഷ്ണന്‍, എന്‍ പത്മനാഭന്‍, സി ഗൌരിദാസന്‍ നായര്‍, കെ സി രാജഗോപാല്‍, മനോഹരന്‍ മൊറായി എന്നിവരാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ്. ഈ കേസു സംബന്ധിച്ചും മഅ്ദനിയുടെ കേസ് സംബന്ധിച്ചും കുറെക്കൂടി നീതിയുക്തവും ജനാധിപത്യപരവുമായ സമീപനം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെ പ്രയോഗവത്ക്കരിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നവംബര്‍ 28ന് ലെനിന്‍ ബാലവാടിയില്‍ പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍, യുവ ശ്രീലങ്കന്‍ തമിഴ് സംവിധായകനായ സോമീധരന്‍ സംവിധാനം ചെയ്ത മുല്ലൈത്തീവ് സാഗ എന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പത്രങ്ങളിലെയും ഇന്നത്തെ പരിപാടിയിലടക്കം കൊടുത്തുകൊണ്ട് പരസ്യമായി നടത്തിയ ഈ പ്രദര്‍ശനത്തെ സംബന്ധിച്ച് 30-ാം തീയതിയിലെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്, തമിഴ് ദേശീയതക്കായി പ്രചാരണം, പോലീസ് അന്വേഷണം ആരംഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു. മാതൃഭൂമി വാരിക 2009ല്‍ സോമീധരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍, മാതൃഭൂമി വാരികയും തമിഴ് വംശീയതക്കു വേണ്ടിയും എല്‍ ടി ടി ഇ ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കാമല്ലോ! പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രാധിപര്‍ക്കെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടതു പോലെ, മാതൃഭൂമിയുടെ റിപ്പോര്‍ടര്‍മാര്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കാറില്ല എന്നും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 79 ഡിഗ്രിസ് 6 മണിക്കൂര്‍ എന്ന ചിത്രവും ഒരു നാടകവും മുല്ലൈത്തീവ് സാഗക്കു പുറമെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ആഴത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചര്‍ച്ചയില്‍ മുഖ്യമായും അന്വേഷണവിധേയമായത്. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള വിഷയങ്ങളും അതോടൊപ്പം, കൊല്ലുക, കൊല്ലപ്പെടുക എന്നീ അവസ്ഥകളും ചര്‍ച്ചയില്‍ പൊന്തി വന്നിരുന്നു. ഈ പ്രദര്‍ശനങ്ങളെയും യോഗത്തെയുമാണ് രഹസ്യ യോഗം എന്ന നിലക്ക് മാതൃഭൂമി റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

ജനാധിപത്യ സ്വാതന്ത്ര്യത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപചയത്തെയാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. പൊലീസ് ഭാഷ്യങ്ങള്‍ക്കും ഫാസിസത്തിനും കീഴ്പ്പെട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളെ മുഴുവന്‍ പോലീസാക്കുക എന്ന കര്‍ത്തവ്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്ക്കാരിക അവസ്ഥകളെ കുറ്റം/ശിക്ഷ എന്ന ദ്വന്ദ്വത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ലളിതവത്ക്കരണ പ്രവണതകളും പൊതുബോധത്തില്‍ വ്യാപകമായത് കാണാം. ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ ഏതായാലും തള്ളിക്കളയുന്നില്ല.

*
ജി പി രാമചന്ദ്രന്‍

മാറുന്ന മാധ്യമ ദൌത്യം

കുറെനാളുകള്‍ക്കുമുമ്പ് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാധ്യമസിന്‍ഡിക്കറ്റ് എന്ന പ്രയോഗം നടത്തിയത് വലിയ വിവാദമാക്കാന്‍ പലരും ശ്രമിച്ചിരുന്നു. ഒരു കേന്ദ്രത്തില്‍നിന്നു തയ്യാറാക്കുന്ന കഥകള്‍ ഒരു സംഘം പത്രപ്രവര്‍ത്തകരുടെ ബൈലൈനില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രസിദ്ധീകരിക്കുന്ന പ്രവണതയുമായി ബന്ധപ്പെട്ടാണ് ആ പ്രയോഗം വരുന്നത്. ഒരേ അടുക്കളയില്‍നിന്ന് ചുട്ടെടുക്കുന്ന വിഭവങ്ങള്‍ ഉപ്പുകൂട്ടാതെ വിഴുങ്ങി തങ്ങളുടെ മാധ്യമങ്ങളില്‍ വിളമ്പുകയാണ് ഇവര്‍ ചെയ്തിരുന്നത്. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കാര്യങ്ങള്‍ നിര്‍മിത വാര്‍ത്തകളായി കുറെക്കാലം നിറഞ്ഞുനിന്നു. സിപിഐ എം വിരുദ്ധപ്രചാരവേലയുടെ ഭാഗമായി നടന്ന ഈ പ്രവര്‍ത്തനം തുറന്നുകാണിച്ചതിനോട് പലരും യോജിച്ചിരുന്നില്ല. തനിക്കും തന്റെ പാര്‍ടിക്കും നേരെ വരുന്ന വിമര്‍ശങ്ങളെയും ആക്ഷേപങ്ങളെയും നേരിടുന്നതിനാണ് ഇങ്ങനെ വിമര്‍ശം ഉന്നയിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. എന്നാല്‍, കഴിഞ്ഞ കുറെ മാസമായി പുറത്തുവരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ള വാര്‍ത്തകള്‍, പിടിച്ചതിനേക്കാളും എത്രയോ വലിയതാണ് അളയിലിരിക്കുന്നതെന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നതാണ്.

'പാര്‍ലമെന്റും മാധ്യമങ്ങളും' എന്ന വിഷയത്തില്‍ പാര്‍ലമെന്റ്ഹൌസില്‍ സംസാരിക്കുമ്പോള്‍ മാധ്യമദൌത്യത്തില്‍ വന്ന മാറ്റത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉല്‍ക്കണ്ഠയോടെ വിമര്‍ശിക്കുകയുണ്ടായി. ഉദാരവല്‍ക്കരണനയം മാധ്യമങ്ങളുടെ ഡിഎന്‍എയെത്തന്നെ മാറ്റിമറിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളുടെ അപചയം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പു പ്രക്രിയയെ അട്ടിമറിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്ന വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ജനാധിപത്യത്തിന്റെ നാലുതൂണുകളില്‍ വാണിജ്യസ്വഭാവത്തിലുള്ളതും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതും മാധ്യമം മാത്രമാണ്. അതുകൊണ്ടുതന്നെ ഈ അപചയം ഗൌരവമായി കാണേണ്ട ഒന്നാണ്.

രണ്ടാംതലമുറ സ്പെക്ട്രം വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ടെലിഫോണ്‍ രേഖകളാണ് മാധ്യമങ്ങളുടെ അധഃപതനത്തിന്റെ ഞെട്ടിക്കുന്ന ആഴം പുറത്തുകൊണ്ടുവന്നത്. അച്ചടിമഷി പുരണ്ടതും ടെലിവിഷന്‍ സ്ക്രീനില്‍ കാണുന്നതും സത്യമാണെന്ന് അന്ധമായി വിശ്വസിക്കുന്ന ചെറുതല്ലാത്ത വിഭാഗമുള്ള സമൂഹമാണ് നമ്മുടേത്. ഇവിടെ എങ്ങനെ വാര്‍ത്ത എഴുതണമെന്നും എന്താണ് ക്യാമറ കാണേണ്ടതെന്നും നിശ്ചയിക്കുന്നത് വന്‍കിട കോര്‍പറേറ്റുകളാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസിദ്ധ കോളമിസ്റ്റുമായ വീര്‍ സാങ്വി എന്ത് എഴുതണമെന്ന് നിര്‍ദേശിക്കുന്നത് വിവാദനായികയായ നീരാ റാഡിയയാണെന്ന് ടെലിഫോണ്‍ സംഭാഷണം വെളിപ്പെടുത്തുന്നു. ഇത് ഒരു വ്യക്തിയുമായുള്ള അടുപ്പത്തില്‍നിന്ന് കേവലമായി രൂപംകൊള്ളുന്ന സംഭവമല്ല. റാഡിയയുടെ പബ്ളിക് റിലേഷന്‍സ് സ്ഥാപനമായ വൈഷ്ണവി കോര്‍പറേറ്റ് കണ്‍സള്‍ട്ടന്‍സിയുടെ വെബ്സൈറ്റില്‍ത്തന്നെ അവരുടെ ദൌത്യം വെളിപ്പെടുത്തുന്നുണ്ട്. വാര്‍ത്തകളുടെ ഘടനയിലേക്കും പത്രാധിപനയത്തിലേക്കും നയിക്കുന്ന ചിന്താശക്തിയെ മനസ്സിലാക്കുകയാണ് ആദ്യത്തേത്. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ബന്ധപ്പെടലിലൂടെ തങ്ങളുടെ കക്ഷികളുടെ നയം മാധ്യമങ്ങളില്‍ ശരിയായി അവതരിപ്പിക്കുക. അതുവഴി മാധ്യമനിലപാടുകളെ സ്വാധീനിക്കുക. ഇത്രയും പ്രകടമായി നയം പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയോട് സംസാരിക്കുന്നത് തങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നാണ് പ്രശസ്തരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്!

രണ്ടാം യുപിഎ സര്‍ക്കാരില്‍ ടെലികോംവകുപ്പ് രാജയ്ക്ക് കിട്ടുന്നതിനായി നടത്തിയ ഇടപെടലാണ് ടെലിഫോണ്‍ സംഭാഷണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. വന്‍കിട കോര്‍പറേറ്റുകളുടെ ഇടനിലക്കാരായി ചില പത്രപ്രവര്‍ത്തകര്‍ തരംതാണിരിക്കുന്നു. അതിനായി അവര്‍ മാധ്യമത്തെ ദുരുപയോഗപ്പെടുത്തുന്നു. മാധ്യമങ്ങളുടെ നിഷ്പക്ഷതയെക്കുറിച്ചും നാലാംതൂണിന്റെ ദൌത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്ന പലരും ഇത്രയും ഗൌരവമായ വിഷയത്തിന് തങ്ങളുടെ മാധ്യമങ്ങളില്‍ ഇടം നല്‍കാന്‍പോലും തയ്യാറായില്ല. യഥാര്‍ഥത്തില്‍ ഹമീദ് അന്‍സാരി ചൂണ്ടിക്കാട്ടിയതുപോലെ 1991നുശേഷം നടപ്പാക്കിയ ഉദാരവല്‍ക്കരണനയത്തിന്റെ ഗൌരവമായ പ്രത്യാഘാതമാണ് ഇതില്‍ പ്രതിഫലിക്കുന്നത്.

പുതിയ കാലത്തിനു പറ്റുന്ന മാധ്യമനയം ആദ്യം നടപ്പാക്കിയത് ടൈംസ് ഓഫ് ഇന്ത്യയാണ്. വാര്‍ത്തയും പരസ്യവും തമ്മിലുള്ള അതിര്‍വരമ്പ് അവര്‍ എടുത്തുകളഞ്ഞു. പത്രാധിപര്‍ക്ക് പകരം പരസ്യമാനേജര്‍മാര്‍ പത്രത്തിന്റെ നയം നിശ്ചയിക്കാന്‍ തുടങ്ങി. ഇവരുടെ പത്രങ്ങളില്‍ ആരംഭിച്ച മീഡിയാനെറ്റ് പുതിയ പ്രവണതയുടെ രൂപമായിരുന്നു. വിവിധ പേരുകളില്‍ പുറത്തിറക്കുന്ന സപ്ളിമെന്റുകളും പത്രത്തിന്റെ മൂന്നാംപേജുമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. കച്ചവടകാര്യങ്ങള്‍ വാര്‍ത്ത എന്ന രൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. അതിനായി പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇതിന്റെ അടുത്തഘട്ടമായാണ് സ്വകാര്യ ഉടമ്പടികള്‍ ആരംഭിച്ചത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥരായ ബിസിസിഎല്‍ ഗ്രൂപ്പ് സ്വകാര്യകമ്പനികളുമായാണ് ഉടമ്പടിയില്‍ ഏര്‍പ്പെട്ടത്. ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് പണത്തിനു പകരം ഈ സ്ഥാപനങ്ങളുടെ ഓഹരിയാണ് നല്‍കുന്നത്. ഇങ്ങനെ കരാറുള്ള സ്ഥാപനങ്ങള്‍ക്ക് എതിരായ വാര്‍ത്തകള്‍ക്ക് പത്രത്തില്‍ ഇടം ലഭിക്കില്ലെന്ന ഉറപ്പും ഈ ഉടമ്പടിയിലുണ്ട്.

ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായ സ്ഥാപനങ്ങളില്‍ ഓഹരിയുള്ള സ്ഥാപനം ടൈംസ് ഓഫ് ഇന്ത്യയായിരിക്കും. 2008ലെ കണക്കുപ്രകാരം 200 സ്ഥാപനത്തില്‍ ഇവര്‍ക്ക് ഓഹരിയുണ്ട്. വായനക്കാരന്റെ അറിയാനുള്ള അവകാശത്തെ തകര്‍ക്കുകയാണ് ഇതുവഴി അവര്‍ ചെയ്യുന്നത്. ഇക്കാര്യങ്ങളിലെല്ലാം ടൈംസ് സൃഷ്ടിച്ച വഴി പിന്തുടരുകയാണ് മിക്ക മാധ്യമങ്ങളും ചെയ്തത്. ഇതേത്തുടര്‍ന്ന് സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് മാധ്യമങ്ങള്‍ തങ്ങള്‍ക്ക് ഓഹരിയുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

2009ലാണ് പണം കൊടുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന പ്രവണതയായ പെയ്ഡ് ന്യൂസ് ശക്തിപ്പെട്ടത്. പ്രധാനമായും ഹിന്ദു പത്രത്തിലെ സായ്നാഥാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അധികവും പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലുമാണ് ഈ പ്രവണത ശക്തിപ്പെട്ടത്. മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ സമീപിച്ച് മാധ്യമപ്രതിനിധികള്‍ റേറ്റ് കാര്‍ഡ് നല്‍കും. അച്ചടി മാധ്യമങ്ങളുടെ റേറ്റ് കാര്‍ഡിനു പകരം ദൃശ്യമാധ്യമങ്ങളില്‍ പാക്കേജുകളാണ് അധികവും. പണം നല്‍കാത്ത സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ടെന്ന വിവരംപോലും വായനക്കാര്‍/കാഴ്ചക്കാര്‍ അറിയില്ല. പണം നല്‍കുന്നതിന് അനുസരിച്ച് പേജുകളും സ്ഥാനവും വലുപ്പവും സ്വഭാവവും മാറും. എതിരാളികളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന വാര്‍ത്തകള്‍ക്ക് പ്രത്യേക റേറ്റാണ്. പണം നല്‍കുന്ന രാഷ്ട്രീയ പാര്‍ടികള്‍ക്കുവേണ്ടി തരംഗ വാര്‍ത്തകളും അഭിപ്രായവോട്ടെടുപ്പു ഫലവും നിഷ്പക്ഷമെന്ന മട്ടില്‍ നല്‍കാനും റെഡി. ഈ പ്രവണത ജനാധിപത്യപ്രക്രിയയെ അങ്ങേയറ്റം ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

മഹാരാഷ്ട്രയില്‍ കോടിപതികളായ എംഎല്‍എമാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായെന്നാണ് നാഷണല്‍ ഇലക്ഷന്‍ വാച്ച് വിലയിരുത്തുന്നത്. 2004ല്‍ ഇവരുടെ എണ്ണം 108 ആയിരുന്നെങ്കില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 184 ആയി വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ മൂന്നില്‍ രണ്ടും ഹരിയാനയില്‍ നാലില്‍ മൂന്നും എംഎല്‍എമാര്‍ കോടിപതികളാണെന്നും കണക്ക് വ്യക്തമാക്കുന്നു. രാജ്യസഭയില്‍ നൂറു കോടിശ്വരന്മാരുണ്ട്. 200ല്‍ അധികം കോടി ആസ്തിയുള്ളവരാണ് ഇവരില്‍ വലിയൊരു വിഭാഗം. ലോക്സഭയില്‍ 2004ല്‍ 156 കോടിശ്വരന്മാരാണുണ്ടായിരുന്നതെങ്കില്‍ അവരുടെ എണ്ണം 315 ആയി ഉയര്‍ന്നു. 102 ശതമാനം വര്‍ധന. 2004ല്‍ ഒരു എംപിയുടെ ശരാശരി ആസ്തി 86 ലക്ഷം രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് 5.33 കോടി രൂപയാണ്. കുത്തകകള്‍ക്കുമാത്രം വിജയിച്ചുവരാന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പുകളെ കുറെയെങ്കിലും മാറ്റിത്തീര്‍ക്കുന്നതായിരിക്കുന്നു മാധ്യമപ്രചാരണത്തിന്റെ പുതിയ രീതി. ഇവിടെയാണ് പുതിയ വെളിപ്പെടുത്തലുകളുടെ പ്രസക്തി.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പു വിഭജനത്തിലും നിര്‍ണായകസ്വാധീനം ചെലുത്തിയെന്നു വെളിപ്പെടുത്തിയ ഫോണ്‍ ടേപ്പുകള്‍ക്കു മുകളില്‍ ഒരു വര്‍ഷത്തിലധികം അടയിരിക്കുകയാണ് സിബിഐ ചെയ്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെ ഇത് ചോര്‍ന്നു കിട്ടിയെന്ന അന്വേഷണം പ്രഖ്യാപിക്കാന്‍ അസാധാരണ തിടുക്കമാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയത്. മാധ്യമങ്ങളുടെ അപചയം ജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതും പ്രധാനമായും മാധ്യമങ്ങള്‍തന്നെയാണെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. നവമാധ്യമങ്ങള്‍ കുറെയൊക്കെ ഈ ചുമതല നിര്‍വഹിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചെയ്യാവുന്നതിന് ഇന്ത്യയില്‍ നിരവധി പരിമിതിയുണ്ട്.

പെയ്ഡ് ന്യൂസ് സംബന്ധിച്ച് രാജ്യസഭയില്‍ ഞാന്‍ ഒരു ശ്രദ്ധക്ഷണിക്കല്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ആദ്യമായാണ് പാര്‍ലമെന്റ് ഈ പ്രവണതയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത്. ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പ്രസ്കൌസിലിന്റെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നാണ് വാര്‍ത്താവിതരണമന്ത്രി അംബികാസോണി പറഞ്ഞത്. പ്രസ് കൌണ്‍സിലിന്റെ അന്വേഷണ കമീഷന്‍ സമര്‍പ്പിച്ചത് 36,000 വാക്കുള്ള റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍, അതിലെ പ്രധാനഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് കേവലം 3600 വാക്കായി കൌണ്‍സില്‍ അത് ചുരുക്കി. ഇതു കാണിക്കുന്നത് ഇപ്പോഴത്തെ മാധ്യമഇടപെടലുകള്‍ തുറന്നുകാണിക്കുന്നതിന് ഇത്തരം സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നുകൂടിയാണ്. ഒപ്പം ഉദാരവല്‍ക്കരണം ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെ എങ്ങനെയാണ് മൂലധനത്തിന്റെ കളിയുപകരണങ്ങളാക്കി മാറ്റുന്നതെന്നുകൂടി ഈ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.

*
പി രാജീവ്

08 December, 2010

ലാവ്ലിന്‍ നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും വഴി

എസ്എന്‍സി ലാവ്ലിന്‍ കേസ് നിയമപരിശോധനയുടെ വിവിധ തലങ്ങളിലൂടെ കടന്നുപോവുകയാണ്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലും രാജ്യത്തിന്റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയിലും കേസ് നടക്കുന്നു. കോടതിനിര്‍ദേശപ്രകാരമുള്ള തുടരന്വേഷണവും നടക്കുന്നു. ഇത്തരമൊരു ഘട്ടത്തില്‍, കേസ് നിയമപരമായാണോ അല്ലാതെയാണോ നേരിടേണ്ടത് എന്ന മട്ടിലുള്ള ചര്‍ച്ചയ്ക്ക് പ്രസക്തിയുമില്ല, പ്രാധാന്യവുമില്ല. ഈ കേസുമായി ബന്ധപ്പെട്ട ഒരു വിഷയംപോലും സിപിഐ എം ചര്‍ച്ചചെയ്യാത്തതായോ നിലപാട് വ്യക്തമാക്കാത്തതായോ അവശേഷിക്കുന്നില്ല. പലകുറി ആവര്‍ത്തിക്കപ്പെട്ട ആ വസ്തുതകള്‍ മനസിലാക്കാത്ത ചില കേന്ദ്രങ്ങളും ഏതാനും മാധ്യമങ്ങളുമാണ് പാതി വെന്ത സംശയങ്ങളും വിവാദവുമായി ഇപ്പോള്‍ രംഗത്തുവന്നിട്ടുള്ളത്.

ഈ കേസ് ഉത്ഭവിച്ചതും വളര്‍ന്നുവന്നതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇടപെടലുകളിലൂടെയാണ്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് വിജിലന്‍സ് അനേഷണം നടത്തി. ആ അന്വേഷണത്തെ ആരും എതിര്‍ത്തതുമില്ല, അതുമായി നിസ്സഹകരിച്ചതുമല്ല. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് എന്തിന് തള്ളിക്കളഞ്ഞു എന്ന് ഉമ്മന്‍ചാണ്ടിയോ യുഡിഎഫോ ഇന്നുവരെ പറഞ്ഞിട്ടില്ല. വിജിലന്‍സ് തുടര്‍നടപടിയുമായി കോടതിയിലെത്തിയപ്പോഴാണ്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസം(മാര്‍ച്ച് ഒന്ന്) മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്ക് പുറത്തുള്ള വിഷയമായി പരിഗണിച്ച് ലാവ്ലിന്‍ കേസന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയനെ കുരുക്കാനുള്ള ഒന്നും കണ്ടെത്തിയില്ല എന്ന ഒറ്റക്കാരണമാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് യുഡിഎഫ് ഗവണ്‍‌മെന്റിനെ നയിച്ചത്. സിപിഐ എം സംസ്ഥാനസെക്രട്ടറിയെ കേസില്‍പ്പെടുത്തുക; അത് രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയുള്ള ഈ നടപടിയാണ് കേസിലെ രാഷ്ട്രീയം.

വിജിലന്‍സ് അന്വേഷിച്ച കേസില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്നാണ് സിബിഐ തുടക്കത്തില്‍ നിലപാടെടുത്തത്. പിന്നീട് ഒരു സ്വകാര്യവ്യക്തിയുടെ ഹര്‍ജിയെത്തുടര്‍ന്ന് അനേഷണം സിബിഐക്ക് വിട്ടു. കൂലംകഷമായി അന്വേഷിച്ച സിബിഐക്ക് പിണറായി വിജയന്‍ ഒരു നയാപൈസയുടെ അഴിമതി നടത്തി എന്ന് പറയാന്‍ കഴിഞ്ഞില്ല. ജി കാര്‍ത്തികേയനെ കേസില്‍നിന്ന് സിബിഐ ഒഴിവാക്കിയത് ലാവ്ലിന്‍ ഇടപാടിന്റെ തുടക്കക്കാരനായ അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ഉണ്ടായിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ടാണ്. പിണറായി വിജയന്‍ നേട്ടമുണ്ടാക്കി എന്നു സിബിഐ പറഞ്ഞിട്ടില്ല. എന്നിട്ടും രാഷ്ട്രീയ താല്‍പ്പര്യം വച്ച് പിണറായിയെ പ്രതിചേര്‍ത്തു. പിന്നീട് അതേ സിബിഐതന്നെ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചുപറഞ്ഞു, പിണറായി എന്തെങ്കിലും സാമ്പത്തികനേട്ടം ഉണ്ടാക്കി എന്നുപറയാനുള്ള ഒരു തെളിവും കിട്ടിയിട്ടില്ല എന്ന്. അങ്ങനെ സംശയിക്കാനുള്ള നേരിയ തുമ്പുപോലും തങ്ങളുടെ കൈയില്‍ ഇല്ല എന്ന്.

വിജിലന്‍സ് അന്വേഷിച്ചു കണ്ടെത്തിയതുമാത്രമേ സിബിഐക്കും കാണാനായിട്ടുള്ളൂ. അവര്‍ചെയ്ത അധിക കാര്യം, തങ്ങളുടെ പക്കല്‍ ഒരു തുമ്പുമില്ലാതിരുന്നിട്ടുകൂടി, പിണറായി വിജയന്റെ പേര് കേസില്‍ ഉള്‍പ്പെടുത്തി എന്നതാണ്. വിദേശകമ്പനി ഉള്‍പ്പെട്ട കേസായതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടത് എന്ന് വാദിച്ചവരുണ്ടായിരുന്നു. അത്തരത്തിലൊരു വിദേശ അന്വേഷണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമായി ലാവ്ലിന്‍ കേസ് മാറിയത് രാഷ്ട്രീയ ഗൂഢാലോചനയിലൂടെ മാത്രമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുവേണ്ടി ഉപയോഗിക്കാനാണ് വിജിലന്‍സ് അന്വേഷിച്ച് പൂര്‍ത്തിയാക്കിയ കേസ് പൊടുന്നനെ സിബിഐക്ക് വിട്ടത്. അക്കാര്യം കേസ് കൈയില്‍ കിട്ടിയ ഉടനെ സിബിഐ പ്രത്യേക കോടതി നടത്തിയ പരാമര്‍ശത്തില്‍ തെളിയുന്നുണ്ട്. ഗൂഢാലോചനയുടെ തുടക്കക്കാരന്‍ എന്ന് കാര്‍ത്തികേയനെക്കുറിച്ച് എഴുതിവച്ചവര്‍ എന്തുകൊണ്ട് കാര്‍ത്തികേയനെ പ്രതിചേര്‍ത്തില്ല എന്നാണ് കോടതി സംശയിച്ചത്. കാര്‍ത്തികേയന്റെ പങ്കാളിത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. പിണറായിയെ ഉള്‍പ്പെടുത്തിയും കാര്‍ത്തികേയനെ ഒഴിവാക്കിയും സിബിഐ കളിച്ച(അവരെക്കൊണ്ട് കളിപ്പിച്ച) കളിയിലാണ് രാഷ്ട്രീയം.

ലാവ്ലിന്‍ ഇടപാടില്‍ ആകെ ഉണ്ടായ പ്രശ്നം, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സ്വരൂപിച്ച് നല്‍കാമെന്നേറ്റ തുക നേടിയെടുക്കാനായില്ല എന്നതാണ്. ലാവ്ലിന്‍ കമ്പനിക്ക് ഒഴിഞ്ഞുമാറാനുള്ള സൌകര്യം ആര് ചെയ്തുകൊടുത്തു എന്നതാണ് ചോദ്യം. ക്യാന്‍സര്‍ സെന്ററിനുവേണ്ടി ലാവ്ലിനുമായുണ്ടാക്കിയ ധാരണാപത്രം കാലഹരണപ്പെടുത്തിയവരാണ് ഉത്തരവാദികള്‍; ധാരണാ പത്രത്തിനുപകരം കരാര്‍ ഒപ്പിടാന്‍ കൂട്ടാക്കാത്തവരാണ് പ്രതികള്‍. അത് 2000ല്‍ വന്ന യുഡിഎഫ് സര്‍ക്കാരാണ്-അന്നത്തെ വൈദ്യുതിമന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനാണ്. നിലവിലുള്ള കേസ് ഇവിടെ അവസാനിപ്പിച്ച്, മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള പണം മുടക്കിയവര്‍ക്കെതിരായ കേസാണ് ഇനി തുടങ്ങേണ്ടത്. അത്തരത്തിലൊരു ചര്‍ച്ചയാണ് ഈ പ്രശ്നത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നവര്‍ ഉയര്‍ത്തിക്കൊണ്ടുവരിക.

ലാവ്ലിന്‍ കരാര്‍ വിവിധ തലത്തില്‍ പരിശോധിച്ചുകഴിഞ്ഞു. സിഎജി, വിജിലന്‍സ്, സിബിഐ. ഈ പരിശോധനകളിലൊന്നും ഒരു നയാപെസയുടെ അഴിമതി കണ്ടെത്തിയില്ല. സിബിഐ പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ഭരണകക്ഷിയായ കോണ്‍ഗ്രസിനുവേണ്ടിയാണെന്നും അത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും അന്നുതന്നെ ചൂണ്ടിക്കാണിക്കപ്പെട്ടു. ഒടുവില്‍ എല്ലാം പൂര്‍ത്തിയാക്കിയ സിബിഐക്ക് പറയേണ്ടിവന്നു, പിണറായി അഴിമതി നടത്തിയിട്ടില്ല എന്ന്. അന്നുതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നുവെങ്കില്‍ ലാവ്ലിന്‍ കേസ് ഉണ്ടാകുമായിരുന്നില്ല.

സിപിഐ എം നിയമപരമായ ഒരു പരിശോധനയ്ക്കും എതിരുനിന്നിട്ടില്ല. സിബിഐ അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചു. പിണറായി വിജയന്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. എല്‍ഡിഎഫ് ഗവണ്‍‌മെന്റ് ഈ കേസ് കൈകാര്യംചെയ്തതും നൂറുശതമാനം നിയമത്തിന്റെ വഴിയിലൂടെയാണ്. പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയപ്പോള്‍, ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെ പരിഗണനയ്ക്ക് ആ വിഷയം വിട്ടു. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം പരിശോധിച്ച് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്തു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍‌മെന്റ് നല്‍കിയ ശുപാര്‍ശ അംഗീകരിക്കുന്നതിനുപകരം, സ്വേച്ഛാനുസൃതം ഒരു മുന്‍ജഡ്ജിയെക്കൊണ്ട് തനിക്കു താല്‍പ്പര്യപ്പെട്ട 'നിയമോപദേശം' എഴുതിവാങ്ങി അതിന്റെ മറവില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുകയാണ് ഗവര്‍ണര്‍ ചെയ്തത്. നിയമോപദേശം നല്‍കാന്‍ ചുമതലപ്പെട്ട അറ്റോര്‍ണി ജനറലിനെ സമീപിക്കാതെ സ്വകാര്യ പ്രാക്ടീസില്‍ അഭയം തേടിയ ഗവര്‍ണര്‍ തികഞ്ഞ രാഷ്ട്രീയക്കളിയാണ് കളിച്ചത്. അത് ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. പരമോന്നത കോടതിയെ സമീപിക്കുന്നത് നിയമപരമായ വഴി അല്ലാതാകുമോ? പിണറായി വിജയന് നിയമപരമായി നിരപരാധിത്വം തെളിയിക്കാനും കേസിന്റെ വ്യര്‍ഥത ചൂണ്ടിക്കാണിക്കാനുമുള്ള അവകാശം നിഷേധിക്കുന്നതാണോ നിയമത്തിന്റെ വഴി?

കേസിന്റെ നാനാവശങ്ങളും പരിശോധിച്ചശേഷമാണ് സിപിഐ എം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചത്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസിന്റെ ആ വശം കാണാതെ ശുദ്ധനിയമവാദികള്‍ വിവാദങ്ങളുയര്‍ത്തുകയും ഏതാനും മാധ്യമങ്ങള്‍ അതിന്റെ പിന്നാലെ പോവുകയും ചെയ്യുന്നത് ജുഗുപ്സാവഹമാണ്. നിയമത്തിന്റെ പരിശോധനകള്‍ പ്രത്യേക ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍, നിയമപരമായിത്തന്നെ നേരിടണം എന്ന വാദമുയര്‍ത്തുന്നത് പരിഹാസ്യമാണ്.

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍പ്പാണ്. ഒന്നേമുക്കാല്‍ ലക്ഷം കോടി കൊള്ളയടിച്ച 2 ജി സ്പെക്ട്രം അഴിമതി കോണ്‍ഗ്രസിനെയും ആ പാര്‍ടി നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിനെയും ജനങ്ങളുടെ കടുത്ത രോഷത്തിനിരയാക്കിയിരിക്കുന്നു. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പരിശോധനയിലാണ് അഴിമതി കണ്ടെത്തിയത്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുക മാത്രമല്ല, അതിനുത്തരവാദികളാരെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട് സിഎജി. അതിന്റെ ഗൌരവം കുറയ്ക്കാന്‍ കോണ്‍ഗ്രസനുകൂലികള്‍ നിരത്തുന്ന വാദങ്ങളിലൊന്ന് ലാവ്ലിന്‍ കേസും സിഎജിയുടെ കണ്ടുപിടിത്തമായിരുന്നു എന്നാണ്. ലാവ്ലിന്‍ പ്രശ്നത്തില്‍ 'ചെലവിട്ട തുകയ്ക്ക് തുല്യമായ പ്രയോജനം ഉണ്ടായിട്ടില്ല' എന്നതാണ് സിഎജി അന്തിമറിപ്പോര്‍ട്ടില്‍ പറഞ്ഞ ഏക കാര്യം. അത്തരമൊരു വാദം ശരിയല്ല എന്ന് തെളിയിക്കുന്ന കണക്കുകള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ചെലവിട്ട തുകയ്ക്ക് തുല്യമായതുമാത്രമല്ല, അതിന്റെ പലമടങ്ങ് പ്രയോജനമുണ്ടായി എന്ന് വ്യക്തമാക്കുന്ന ആ കണക്കുകള്‍ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ് വൈദ്യുതി ബോര്‍ഡ് സിഎജിക്ക് നല്‍കിയത്. 2ജി സ്പെക്ട്രം അഴിമതിയെ വെള്ളപൂശാന്‍ ലാവ്ലിനില്‍ കയറിപ്പിടിക്കുന്നവര്‍ക്കുള്ള മറുപടി ആ കണക്കുതന്നെയാണ്. വിജിലന്‍സും സിബിഐയും അന്വേഷിച്ചിട്ടും ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ അഴിമതി നടത്തി എന്ന് പറഞ്ഞിട്ടില്ല എന്നത് മറ്റൊരു കാര്യം.

ഇതെല്ലാം അറിഞ്ഞിട്ടും അജ്ഞത ഭാവിച്ചോ, വേണ്ടവിധം മനസിലാക്കാതെയോ വിവാദമുയര്‍ത്തുന്നത് നല്ല കീഴ്വഴക്കമല്ലതന്നെ. ലാവ്ലിന്‍ കേസില്‍ സിപിഐ എമ്മിന്റെ നിലപാടില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ഇല്ല എന്നും നിയമത്തിന്റെ വഴിയില്‍തന്നെയാണ് കേസ് നേരിടുന്നതെന്നും, എന്നാല്‍, കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും കുതന്ത്രങ്ങളും തുറന്നുകാട്ടുന്നതില്‍നിന്ന് ഒരിഞ്ചു പുറകോട്ട് പോകാന്‍ സിപിഐ എം തയ്യാറല്ല എന്നും ആവര്‍ത്തിച്ച് വ്യക്തമാക്കേണ്ടിവരുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. വിവാദ സ്രഷ്ടാക്കള്‍ അവധാനതയോടെ ഈ പ്രശ്നം പഠിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.

*
വി വി ദക്ഷിണാമൂര്‍ത്തി

മാധ്യമങ്ങളുടെ ലക്ഷ്യബോധവും മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും

വളരെ മുമ്പ് നടന്നൊരു സംഭവമാണ്. കൃത്യമായി പറഞ്ഞാല്‍ 1944 ല്‍. അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാങ്ക് മൊറെയ്ഡ് ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ (അന്നതിനെ സോഷ്യല്‍ സര്‍വീസ് എന്നാണ് വിളിച്ചിരുന്നത്) പ്രഭാഷണത്തിന് ക്ഷണിക്കപ്പെട്ടു. വിഷയം 'മാധ്യമപ്രവര്‍ത്തനം: ഒരു സാമൂഹ്യ സേവനം' എന്നതും. ഇതറിഞ്ഞ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഡി എഫ് കരക ബോംബെ ക്രോണിക്കിളിലെ തന്റെ കോളത്തില്‍ (ഒമഹള ഇീഹൗാി എന്നാണ് അത് അറിയപ്പെട്ടത്) ഇങ്ങനെ എഴുതി. ''മാധ്യമ രംഗത്തെക്കുറിച്ച് സന്തുലിതമായൊരു ചിത്രം നല്‍കണമെങ്കില്‍ മൊറെയ്ഡ് രണ്ടാമതൊരു പ്രഭാഷണം കൂടി നടത്തേണ്ടിവരും-മാധ്യമ പ്രവര്‍ത്തനം: ഏറ്റവും വലിയ തട്ടിപ്പ്.'' ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ കരക പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് സമ്മതിക്കാതെ വയ്യ. സമീപകാലത്ത് വിവാദമായ നീരാ റാഡിയ ടേപ്പിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

മാധ്യമപ്രവര്‍ത്തനത്തിന് വളരെ ശക്തമായൊരു സാമൂഹ്യാടിത്തറയും ചരിത്രവും ഉണ്ടായിരുന്നെന്ന വസ്തുത ഇന്ന് അധികമാര്‍ക്കും അറിയാമെന്ന് തോന്നുന്നില്ല. അഥവാ അറിയാമെങ്കില്‍ത്തന്നെ അത് ആരും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ജന്മിത്വത്തിനും സ്വേച്ഛാധിപത്യത്തിനും എതിരായ ജനകീയ പ്രസ്ഥാനമായാണ് പത്രങ്ങള്‍ രൂപപ്പെട്ടത് തന്നെ. തന്മൂലം, സ്വാഭാവികമായും, ലോകത്തെമ്പാടും അരങ്ങേറിയ അനേകം പുരോഗമന മുന്നേറ്റങ്ങളുടെ നടുവില്‍ അവ നില ഉറപ്പിച്ചുപോന്നു. എന്നാല്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ ചരിത്രം പരിശോധിച്ചാല്‍ അവയുടെ സാമൂഹ്യ ഇടപെടലിന്റെ തോത് ഗണ്യമായി കുറഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് കാണാന്‍ ബുദ്ധിമുട്ടില്ല. മാത്രമല്ല, ഇതിന്റെ വിരുദ്ധ ദിശയില്‍ അത് സഞ്ചരിച്ചും തുടങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തനം പബ്ലിക് റിലേഷന്‍ വര്‍ക്കായും ക്രിയാത്മകമായി, ചിന്തിക്കുന്നവര്‍ക്ക് ചേരാത്ത പണിയായും തരംതാണിരിക്കുന്നു എന്ന് പ്രശസ്ത മലയാളി പത്രപ്രവര്‍ത്തകനായിരുന്ന സി പി രാമചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത് ഓര്‍മവരുന്നു. പക്ഷേ നീരാ റാഡിയ ടേപ്പുകള്‍ വെളിപ്പെടുത്തുന്നത്, സി പി ആര്‍ പറഞ്ഞതിനെക്കാള്‍ പരിതാപകരമാണ് ഈ മേഖലയില്‍ കാര്യങ്ങള്‍ എന്നാണ്. ഒരു വിഭാഗം പത്രപ്രവര്‍ത്തകരെങ്കിലും കോര്‍പ്പറേറ്റുകളുടെ പൂന്തോട്ടക്കാരായി തരംതാണിരിക്കുന്നു!

ടേപ്പുകളിലെ വെളിപ്പെടുത്തലുകളെ ലളിതവല്‍ക്കരിക്കുന്നത് അപകടകരമാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ഏറിയ പങ്കും വിഷയം തമസ്‌കരിച്ചതും, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പങ്കെടുത്ത പത്രപ്രവര്‍ത്തകരില്‍ ഒരു വിഭാഗം വിവാദത്തില്‍ ഉള്‍പ്പെട്ട തങ്ങളുടെ സഹപ്രവര്‍ത്തകരെ ന്യായീകരിച്ചതും പ്രശ്‌നത്തിന്റെ ഗൗരവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം നീരാ റാഡിയ എന്ന കോര്‍പ്പറേറ്റ് ഇടനിലക്കാരി വാര്‍ത്തകളുടെ ഒരു സുപ്രധാന ഉറവിടം മാത്രമാണ്. തന്‍മൂലം അവരില്‍ നിന്ന് ചൂടുള്ള വാര്‍ത്തകള്‍ പരമാവധി ശേഖരിക്കാനാവശ്യമായ ചില 'സുഖിപ്പിക്കല്‍ വര്‍ത്തമാനം' ബന്ധപ്പെട്ട പത്രപ്രവര്‍ത്തകര്‍ നടത്തിയെന്നേ ഉള്ളൂ. ഇതിനപ്പുറം മാധ്യമ സദാചാരവുമായി ബന്ധപ്പെട്ട ഒന്നും പ്രശ്‌നത്തില്‍ ഇല്ലെന്നാണ് ഇവരുടെ പക്ഷം. ഇത് വാദത്തിനുവേണ്ടി അംഗീകരിച്ചാല്‍പോലും ഒരു സുപ്രധാന ചോദ്യത്തിന് ഇവര്‍ മറുപടി പറയേണ്ടിവരും. നീരാ റാഡിയയുമായുള്ള സംഭാഷണത്തില്‍ നിന്ന് ലഭിച്ച ഏറ്റവും ചൂടുള്ള വാര്‍ത്ത - ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തെ അടിമുടി പിടിച്ച് കുലുക്കിയേക്കാവുന്ന ഒന്ന് - ബന്ധപ്പെട്ടവര്‍ എന്തുകൊണ്ട് തങ്ങളുടെ മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല?

ഉള്‍ക്കാഴ്ചയുള്ള ജേണലിസ്റ്റിനെ സംബന്ധിച്ചിടത്തോളം ടേപ്പിലെ വെളിപ്പെടുത്തലുകളില്‍ രണ്ട് കാര്യങ്ങളാണ് വാര്‍ത്താ മൂല്യമായുള്ളത്. ഇതില്‍ ആദ്യത്തേത്, ഒരു കോര്‍പ്പറേറ്റ് ഇടനിലക്കാരിക്ക് തന്നെ തീറ്റിപ്പോറ്റുന്നവര്‍ക്കുവേണ്ടി ഏതുവിധം ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ കഴിയുന്നു എന്നതാണ്. മറ്റതാകട്ടെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയ്ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് നല്‍കാന്‍ തീരുമാനിച്ച വന്‍ കരം ഇളവും. സാമ്പത്തിക ഉദാരവല്‍ക്കരണകാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഏത് ദിശയില്‍ സഞ്ചരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളാണ് രണ്ടും.

'ദല്ലാള്‍ രാഷ്ട്രീയം' എങ്ങനെ നമ്മുടെ ജനാധിപത്യത്തെ കാര്‍ന്ന് തിന്നുന്നു എന്നാണ് നീരാ റാഡിയ നമ്മെ ബോധ്യപ്പെടുത്തുന്നത്. മന്ത്രിസഭയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, അവര്‍ക്ക് ഏത് വകുപ്പുകള്‍ നല്‍കണം എന്ന് തുടങ്ങി ഭരണകക്ഷികളുടെ ഉള്ളറ രഹസ്യങ്ങള്‍വരെ ടേപ്പുകള്‍ അനാവരണം ചെയ്യുന്നു. മറുവശത്ത്, 2009 ലെ കേന്ദ്ര ബജറ്റില്‍ ഗ്യാസ് ഉല്‍പ്പാദനമേഖലയ്ക്ക് മുന്‍കാല പ്രാബല്യത്തോടെ അനുവദിച്ച ടാക്‌സ് ഇളവ് മൂലം മുകേഷ് അംബാനിക്ക് ലഭിച്ചേക്കാവുന്ന 81,000 കോടി രൂപയുടെ ലാഭത്തെക്കുറിച്ച് ജനതാദള്‍ (യു) അംഗം എന്‍ കെ സിംഗ് റാഡിയയോട് സംസാരിക്കുന്ന ഭാഗവും ടേപ്പുകള്‍ വെളിപ്പെടുത്തുന്നുണ്ട്. സംഭാഷണത്തിനിടയില്‍ സിംഗ് പ്രകടിപ്പിക്കുന്ന ഏറ്റവും വലിയ ആശങ്ക പാര്‍ലമെന്റ് ബജറ്റ് ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ പ്രതിപക്ഷം വലിയ ഒച്ചപ്പാട് ഉണ്ടാക്കുമോ എന്നതാണ്. ഇക്കാര്യത്തില്‍ രസകരമായ മറ്റൊന്നുകൂടി അദ്ദേഹം വെളിപ്പെടുത്തുന്നു - അടുത്തദിവസം നടക്കുന്ന ചര്‍ച്ചയില്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് അരുണ്‍ ഷൂരിക്ക് പകരം (അനില്‍ അംബാനി പക്ഷക്കാരന്‍) വെങ്കയ്യനായിഡുവിനെ മുഖ്യ പ്രസംഗകനാക്കാന്‍ അദ്ദേഹം കൈവരിച്ച വിജയത്തെക്കുറിച്ച്! എന്നാല്‍ ഇതൊന്നും തന്നെ വാര്‍ത്താ മൂല്യമുള്ളതായി വിവാദത്തില്‍ ഉള്‍പ്പെട്ട പ്രമുഖ പത്രാധിപന്‍മാര്‍ക്ക് തോന്നിയില്ലെന്നിടത്താണ് ഇന്ത്യന്‍ മാധ്യമരംഗത്തിന് പ്രതിസ്ഥാനത്ത് നില്‍ക്കേണ്ടിവരുന്നത്. ഔട്ട്‌ലുക്കിന്റെ പത്രാധിപര്‍ വിനോദ് മേത്ത പറയുന്നതുപോലെ 'തങ്ങള്‍ ആരോട് എന്താണ്, സംസാരിക്കുന്നതെന്ന് ഓരോ മാധ്യമ പ്രവര്‍ത്തകനും തിരിച്ചറിവ് ഉണ്ടാകണം'. ഈ തിരിച്ചറിവാണ് ഇന്ത്യന്‍ മാധ്യമരംഗത്തെ പ്രമുഖരായ പ്രഭു ചാവ്‌ല മുതല്‍ വീര്‍ സിംഗ്‌വി വരെയുള്ളവര്‍ ബോധപൂര്‍വം പണയപ്പെടുത്തിയത്.

പത്രപ്രവര്‍ത്തകര്‍ക്ക് വാര്‍ത്താ സ്രോതസുകളെ ഉപയോഗിക്കാം. തിരിച്ചാവുകയും അരുത്. പക്ഷേ ഇവിടെ സംഭവിച്ചത് രണ്ടാമത് സൂചിപ്പിച്ചതാണ്. നീരാ റാഡിയയുടെയും അവരുടെ പിന്നില്‍ നില്‍ക്കുന്ന ടാറ്റായും അംബാനിക്കും വേണ്ടി വിടുപണി ചെയ്യുവാന്‍ മാധ്യമ മുഖ്യന്‍മാര്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുന്നു. പണവും സ്വാധീനവും ഉണ്ടെങ്കില്‍ ഏത് വാര്‍ത്തയും, പത്രത്തിന്റെ ഏത് സ്ഥാനത്തും ഏത് തലവാചകത്തോടെയും അച്ചടിപ്പിക്കാം എന്നാണ് സ്‌പെക്ട്രം കുംഭകോണത്തിലെ അണിയറ സംഭവങ്ങള്‍ നല്‍കുന്ന പാഠം. ഇന്ത്യന്‍ മാധ്യമങ്ങളുടെ ഈ തകര്‍ച്ചയില്‍ സാമ്പത്തിക ഉദാരവല്‍ക്കരണം വഹിക്കുന്ന പങ്കും നിസ്തുലമാണ്. ഏതാണ്ട് തൊണ്ണൂറുകള്‍ മുതല്‍ക്കാണല്ലോ മാധ്യമങ്ങള്‍ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പൊതുവേദി അല്ലാതായിതീര്‍ന്നത്. വ്യവസായ ഗ്രൂപ്പുകള്‍ വന്‍തോതില്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നതും അവയുടെ ഉടമസ്ഥത കേന്ദ്രീകരിച്ചു തുടങ്ങിയതും ഇത് മുതല്‍ക്കാണ്. ദേശീയ മാധ്യമരംഗം കയ്യടക്കിയിരിക്കുന്നത് ഇന്നിപ്പോള്‍ കേവലം ഏഴ് പ്രമുഖ കമ്പനികളാണ്. ഇവരാണ് നാം എന്ത് കാണണമെന്നും വായിക്കണമെന്നും തീരുമാനിക്കുന്നത്. മറ്റേതിനെയും പോലെ പത്രപ്രവര്‍ത്തനവും ഒരു വ്യവസായമായി മാറിയിരിക്കുന്നു.

വിപണിയുടെ ഭാഗം അല്ലാത്തതൊന്നും ഇന്ന് മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്നില്ല. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഭരണകൂട ഭീകരതയും സാമൂഹ്യനീതിയുമൊക്കെ പുട്ടിലെ പീരപോലെ പരസ്യങ്ങള്‍ക്കും പ്രമുഖരുടെ (ഗിരി) പ്രഭാഷണങ്ങള്‍ക്കും ഇടയിലെ സ്ഥലം നിറയ്ക്കാനുള്ള ചപ്പുചവറുകള്‍ മാത്രം. 'മാസ് മീഡിയ'യില്‍ 'മാസസ്' (ജനങ്ങള്‍) ഇല്ലാത്ത അവസ്ഥ. ഇത്തരമൊരു സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മുതലാളിയുടെയും അദ്ദേഹത്തിന്റെ പങ്കുകച്ചവടക്കാരുടെയും പേന ഉന്തുകാരായി മാറേണ്ടിവരും. ഷൂസരമാഗോയുടെ ഒരു നോവലില്‍ - The Gospel According to Jesus Christ - ദൈവം മനുഷ്യനെക്കുറിച്ച് പറയുന്നൊരു വാചകമുണ്ട് - ''ജനനം മുതല്‍ മരണംവരെ എന്തിനും ഏതിനും ഉപയോഗിക്കാവുന്ന തടിക്കഷണമാണ് മനുഷ്യന്‍''. മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഈ വിധം തടിക്കഷണങ്ങളായി മാറിയിരിക്കുന്നു എന്നാണ് നീരാ റാഡിയ സംഭവം വെളിപ്പെടുത്തുന്നത്. വണിക്കുകളില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും കൃത്യമായ അകലം പാലിക്കുവാനും ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കുവാന്‍ ബോധപൂര്‍വം ശ്രമിക്കുകയും ചെയ്താല്‍ മാത്രമേ മാധ്യമരംഗത്തിന് അതിന്റെ സാമൂഹ്യപ്രസക്തി തെളിയിക്കാനാവൂ. ഇന്നത്തെ അവസ്ഥയില്‍ ഇത് മലര്‍പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്.

*
ഡോ. ജെ പ്രഭാഷ്