10 April, 2009

കമ്പോളത്തിന്റെ കൊമ്പൊടിയുന്നു

കമ്പോളത്തിന്റെ കൊമ്പൊടിയുന്നു

കമ്പോളം മൂക്കുംകുത്തി പാതാളത്തിലേക്ക്...

1990-ന്റെ തുടക്കത്തില്‍ അവര്‍ പറഞ്ഞു....

സോഷ്യലിസത്തിന്റെ കഥ കഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ചിതറിപ്പറന്നു.. മുതലാളിത്തം വെന്നിക്കൊടി നാട്ടി. കാലം ഇനി ഇവിടെ തങ്ങിനില്‍ക്കും. ചരിത്രം അവസാനിച്ചുകഴിഞ്ഞു.. ആരും ഭയപ്പെടേണ്ടതില്ല.. നിങ്ങളെ കമ്പോളം സംരക്ഷിക്കും. വര്‍ഗ്ഗവും വര്‍ഗ്ഗസമരവുമില്ലാത്ത 'സമത്വ സുന്ദരലോകം' കമ്പോളം വാഗ്ദാനം ചെയ്യുന്നു.! 'പൊതുമേഖല' ഇനി ആവശ്യമില്ല.... സബ്‌സിഡികള്‍ 'അസമത്വം' സൃഷ്‌‌ടിക്കും..! സര്‍ക്കാര്‍ കച്ചവടം നടത്തരുത്.. സമസ്‌ത സാമൂഹികപ്രശ്‌നങ്ങള്‍ക്കും കമ്പോളം പരിഹാരം കണ്ടുകൊള്ളും. മത്സരം കാര്യക്ഷമത കൊണ്ടുവരും. സ്വകാര്യവല്‍ക്കരണം വളര്‍ച്ചയായി പരിണമിക്കും.. വളര്‍ച്ച സാമൂഹികപുരോഗതിയായി വികസിക്കും.. അസമത്വങ്ങള്‍ അവസാനിക്കും... എല്ലാവര്‍ക്കും വേണ്ടതെല്ലാം ലഭിക്കും.. ജനാധിപത്യം പൂത്തുലയും.. ലോകം ഒരു ഗ്രാമമാവും.. അതാണ് ചരിത്രം അവസാനിച്ചുവെന്ന് ഞങ്ങള്‍ പറയുന്നത് !

അവിടെ യുദ്ധങ്ങളില്ല, ശീതയുദ്ധമോ ഉഷ്‌ണയുദ്ധമോ തീരെയുണ്ടാവില്ല.. അവിടെ വിലക്കയറ്റമുണ്ടാവില്ല.. വില കയറ്റാന്‍ ശ്രമിക്കുന്നവര്‍ മത്സരത്തില്‍ കീഴ്പ്പെടുത്തപ്പെടും അവിടെ ദേശീയ അതിരുകളോ സംഘര്‍ഷങ്ങളോ ഉണ്ടാവില്ല. കമ്പോളം അത്തരക്കാരെ ഉദ്ഗ്രഥിക്കും.. മതവൈരങ്ങളോ തീവ്രവാദങ്ങളോ പച്ചകൊടിവീശില്ല... അതെല്ലാം കമ്പോളത്തിന്റെ രക്തരഹിത വിനോദവ്യവസായത്തില്‍ ആവിയായി പോകും. ദാരിദ്ര്യമില്ലാതായാല്‍ പിന്നെ എന്തിന് വംശീയത.. എല്ലാവരും മത്സരിച്ച് പണിയെടുക്കുന്നിടത്ത് പട്ടിണി ഉണ്ടാവുമോ? കമ്പോളമാണ് യഥാര്‍ത്ഥ ദൈവമെങ്കില്‍, പിന്നെ പരശതം ദൈവങ്ങളെന്തിന് ? ഇത് മുതലാളിത്തമല്ല, ആഗോളവല്‍ക്കരണമാണ്. ആഗോളകമ്പോള വ്യവസ്ഥ എന്ന് വിളിച്ചോളൂ.. മനസിലായില്ലേ, മനസിലാകാത്തവരെ ഈ 'സമത്വസുന്ദര' ലോകത്തിലേക്കാനയിക്കാന്‍ ഞങ്ങള്‍ക്ക് ചില അമ്പാസിഡര്‍മാരുണ്ട്.. ആഗോള കമ്പോളാധിപന്‍മാര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഭരണഘടനയുണ്ട്. WTO എന്ന് കേട്ടിട്ടില്ലേ? ഐ.എം.എഫും. ലോകബാങ്കും, എഡിബിയും ഒക്കെ നിങ്ങളെ ലോക കമ്പോളവുമായി ഉദ്ഗ്രഥിക്കും. നിങ്ങള്‍ ഒന്നും അധികമായി ചെയ്യേണ്ടതില്ല. അവരുടെ പലിശരഹിത വായ്‌പ വാങ്ങി ധൂര്‍ത്തടിച്ചാല്‍ മാത്രം മതി. എത്രയും വേഗം നിങ്ങള്‍ സമത്വാധിഷ്‌ഠിത ആഗോള കമ്പോള വ്യവസ്ഥയിലെ വിശ്വപൌരന്മാരായിതീരും.. അല്ല, വാഴിക്കപ്പെടും...! മനസ്സിലായോ നാട്ടുകാരെ..?

ചരിത്രം പ്രയാണം തുടരും.........

2008 സെപ്തംബറില്‍ അവരെത്തിച്ചേര്‍ന്നത്..

സമത്വസുന്ദര കമ്പോള വ്യവസ്ഥയുടെ രാജധാനിയില്‍ രണ്ട് മാസത്തിനുളളില്‍ 16 അന്താരാഷ്‌ട്ര ബാങ്കുകള്‍ നിലം പൊത്തി.. 130 രാഷ്‌ട്രങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും 'സുരക്ഷാകവചം' തീര്‍ത്ത് വിലസിയ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എന്ന ഇന്‍ഷൂറന്‍സ് സ്ഥാപനം അടക്കം 14 ഇന്‍ഷൂറന്‍സ് കമ്പനികള്‍ തകര്‍ന്നുവീണു! എ.ഐ.ജി അടക്കം 12 കമ്പോള ഭീമന്‍മാരെ അമേരിക്കയിലും യൂറോപ്പിലും ദേശസാല്‍ക്കരിച്ചു! 117 ബാങ്കിംഗ് നിക്ഷേപ- ഇന്‍ഷൂറന്‍സ് കമ്പനികള്‍ ഈ വര്‍ഷം തീരുംമുമ്പ് പാപ്പരാവാന്‍ കാത്തിരിക്കുകയാണ്.!

ആഗോള കമ്പോള വ്യവസ്ഥയുടെ നെടുനായകത്വം വഹിക്കുന്ന അമേരിക്കയുടെ ഓഹരി കമ്പോളം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ വക്കിലുമായി... ഓഹരി ഉടമകളുടെ നാലരട്രില്യന്‍ ഡോളര്‍ ഒലിച്ചുപോയി! പെന്‍ഷന്‍ഫണ്ടുകളും മ്യൂച്ചല്‍ഫണ്ടുകളും തകര്‍ന്നടിഞ്ഞു.. ഈ ഇനത്തില്‍ 2 ട്രില്യന്‍ഡോളറിന്റെ കവര്‍ച്ചയാണ് നടന്നത് ! രണ്ടുമാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞ ബാങ്കുകള്‍ക്കും ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും ഓഹരി കമ്പോളത്തിനും വേണ്ടി രണ്ട് ലക്ഷം കോടി ഡോളറാണത്രെ അമേരിക്കന്‍ ഖജനാവ് നേരിട്ട് ഒഴുക്കികൊടുത്തത് ! വരുന്ന 3 മാസം കൂടി കഴിയുമ്പോള്‍ ഇതിന്റെ ഇരട്ടി പണം ചെലവഴിക്കുമെന്നാണ് പ്രവചനം. ഇത് അമേരിക്കയുടെ മാത്രം കാര്യം! ആഗോള കമ്പോളവ്യസ്ഥയുടെ മുഖ്യകാര്യസ്ഥന്‍മാരുടെയെല്ലാം കഥ വ്യത്യസ്ഥമല്ല. യൂറോപ്പില്‍ ബാങ്കുകള്‍ മുഴുവന്‍ ദേശസാല്‍ക്കരിക്കുകയാണ്.. ഈ രാജ്യങ്ങളെല്ലാം ദേശീയ ഖജനാവ് മലര്‍ക്കെ തുറന്നിട്ട് കമ്പോളത്തെ ഊട്ടുകയാണ് കാനഡയും ജപ്പാനും ആസ്‌ട്രേലിയയും, കൊറിയയും, ചൈനയും, ഇന്ത്യയും ഒക്കെ ട്രില്യന്‍ കണക്കിന് ദേശീയ സമ്പാദ്യം കമ്പോള ഭീമന്‍മാരെ താങ്ങി നിര്‍ത്താന്‍ വിളമ്പിക്കൊണ്ടിരിക്കുകയാണ്...

ആരുടെ പണമാണിത്.. ആര്‍ക്കുവേണ്ടിയാണിത് ഒഴുക്കുന്നത്... എല്ലാം സ്വകാര്യവല്‍ക്കരിച്ചവര്‍ എന്തിനാണ് വീണ്ടും ദേശസാല്‍ക്കരിക്കുന്നത്.. 600 ട്രില്യന്‍ ഡോളറിന്റെ ധനമൂലധനം ലോകമാകെ വിന്യസിച്ച് ആഗോള മേധാവിത്വം പുലര്‍ത്തിയവരുടെ കൈകളില്‍നിന്നും ആ പണമൊക്കെ എവിടേക്കാണ് ചോര്‍ന്ന്പോയത് ! ആരും ഇങ്ങനെയുളള ചോദ്യങ്ങള്‍ ഉന്നയിക്കുന്നില്ല! പകരം ചൂതാട്ട വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ ഖജനാവുകള്‍ കൈമാറുന്ന പ്രക്രിയ മാത്രം അഭംഗുരം തുടരുന്നു.! നഷ്‌ടങ്ങളെല്ലാം ദേശവല്‍ക്കരിക്കുന്നു. ലാഭങ്ങള്‍ മുഴുവനും മടക്കി നല്‍കുന്നു!

'സമത്വസുന്ദര' സാമൂഹികവ്യവസ്ഥയുടെ 'സ്വയം ചലിക്കുന്ന' കമ്പോളത്തിന്റെ തലയാണുരുളുന്നത് ! ഭരണകൂടം നിയമസമാധാനം നോക്കി നടത്തിയാല്‍ മതിയെന്ന് പുസ്‌തകമെഴുതിയവുടെ അക്ഷരമാണ് ചീയുന്നത്.! സോഷ്യലിസത്തെ തളളിപ്പറഞ്ഞവര്‍ സോഷ്യലിസ്‌റ്റാകുന്നു! കമ്പോളത്തിന്റെ കെട്ടുകഥകള്‍ക്കു പിന്നില്‍ അണിചേര്‍ന്നവരുടെയെല്ലാം നാവ് ആരാണ് വെട്ടിമാറ്റിയത് ? ചരിത്രം അവസാനിച്ചെന്ന് വിധി പറഞ്ഞവരുടെ വാക്കുകളും പ്രവര്‍ത്തികളും ചരിത്രത്തിന്റെ ചവറു കൂനയില്‍ കിടന്ന് ചീഞ്ഞു നാറുകയാണിപ്പോള്‍. അതെ ഞങ്ങള്‍ പണിയെടുക്കുന്ന വര്‍ഗ്ഗത്തിന്റെ വിയര്‍പ്പില്‍ നിന്ന് ചരിത്രം നടന്നുനീങ്ങുകയാണ്.. കാലത്തെ മുന്നോട്ട് നടത്തിക്കുന്ന വലിയ വര്‍ഗ്ഗസമരങ്ങള്‍ക്ക് വേണ്ടി ലോകം വീണ്ടും കാതോര്‍ക്കുകയാണ്. ഞങ്ങള്‍ക്ക് നഷ്‌ടപ്പെടുവാന്‍ കമ്പോളം പണിതീര്‍ത്ത ചങ്ങലകള്‍ മാത്രം.

ചൂതാട്ടം സാമൂഹ്യപ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ ഇങ്ങനെയിരിക്കും...!

സമസ്‌ത സാമൂഹിക പ്രശ്‌നങ്ങള്‍ക്കും 'ഒറ്റമൂലി'യുമായി കമ്പോളം അവതരിച്ചിട്ട് കാല്‍നൂറ്റാണ്ടായി. നട്ടാല്‍ കുരുക്കാത്ത ഒരു നുണയുടെ പിന്നില്‍ ലോകം അണിനിരന്നതിന്റെ ദുരന്ത ചിത്രങ്ങളാണ് ഈ കാല്‍നൂറ്റാണ്ടിനെ സമ്പന്നമാക്കുന്നത്.. മൂന്നാം ലോകരാജ്യങ്ങളുടെ പരമ്പരാഗത കാര്‍ഷിക വ്യവസായിക മേഖലകളൊക്കെ അന്താരാഷ്‌ട്ര കുത്തകകള്‍ പിടിച്ചെടുത്തു.. പൊതുമേഖലാ വ്യവസായങ്ങളുടെ മേല്‍ അവര്‍ ആധിപത്യം നേടി... രാഷ്‌ട്രങ്ങളുടെ പൊതുമുതലുകളെല്ലാം കുത്തകകള്‍ കരസ്‌ഥമാക്കി.. വെളളവും വെളിച്ചവും, വയലും പുഴയും, കായലും, കടലും വരെ കുത്തകകള്‍ തീറെഴുതിവാങ്ങി... ചെറുകിട വ്യവസായിക മേഖലകളും റിട്ടയില്‍ വ്യാപാര മേഖലകളും അവരുടെ കടന്നുകയറ്റത്തില്‍ ശുഷ്‌ക്കിച്ചു. സബ്‌സിഡികളും, പൊതുവിതരണ സംവിധാനങ്ങളും അട്ടിമറിക്കപ്പെട്ടു. തൊഴില്‍ ശാലകളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു.. കരാര്‍പണിയും 'ഹയര്‍ ആന്റ് ഫയറും' നിയമപരിരക്ഷ നേടി... ദാരിദ്ര്യവും പട്ടിണിയും, അസമത്വങ്ങളും ആഗോളവല്‍ക്കരിക്കപ്പെട്ടു!

തൊഴില്‍ സുരക്ഷ ഭക്ഷ്യസുരക്ഷ, സാമ്പത്തികസുരക്ഷ, ആരോഗ്യസുരക്ഷ, തുടങ്ങിയവയൊക്കെ സമ്പന്നരുടെ മാത്രം അവകാശങ്ങളായി അംഗീകരിക്കപ്പെട്ടു. അതിഭീകരമാംവിധം മനുഷ്യര്‍ തമ്മിലും രാഷ്‌ട്രങ്ങള്‍ തമ്മിലുമുളള സാമ്പത്തിക സാമൂഹിക അസമത്വം വളര്‍ന്നു.. മനുഷ്യരെ കൂലിയടിമകളാക്കുന്ന സാംസ്‌ക്കാരിക വ്യവസായവും വിദ്യാഭ്യാസ വ്യവസായവും ദരിദ്രരാഷ്‌ട്രങ്ങളുടെ കുഗ്രാമങ്ങളില്‍പോലും തഴച്ചുവളരുന്നു...

കമ്പോളം ലോകത്തെ കീഴടക്കിവാണരുളിയ കാല്‍നൂറ്റാണ്ടിന്റെ സാമൂഹികവശം ഇങ്ങനെ ചുരുക്കിവിവരിക്കാം... കടുത്ത അസമത്വങ്ങള്‍ സൃഷ്‌ടിച്ച കമ്പോളശക്തികള്‍ കൊയ്‌തെടുത്തത് ഹിമാലയത്തിന്റെ ഉയരമുളള ലാഭമാണ്. അവര്‍ വകഞ്ഞുകൂട്ടുന്ന ലാഭം സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിച്ചോളുമെന്ന് വിശ്വസിക്കുകയോ പ്രചരിക്കുകയോ ചെയ്‌തവരെല്ലാം വിചാരണ ചെയ്യപ്പെടുക തന്നെ വേണം...

കാല്‍നൂറ്റാണ്ടുകാലം ലോകം കീഴടക്കിവാണ ധനമൂലധന ശക്തികള്‍ ലോകരാഷ്‌ട്രങ്ങളുടെ എല്ലാം ദേശീയ സമ്പത്ത് കൊളളയടിച്ച് സമാഹരിച്ചത് 600 ട്രില്യന്‍ ഡോളറുണ്ടെന്നാണ് കണക്ക്.. ആഗോള ജി.ഡി.പി.യുടെ 40 ഇരട്ടി വരുമത്രെ ഈ ധനമൂലധന കൂമ്പാരം! 600 കോടി മനുഷ്യര്‍ക്കായി ഇത് വീതിച്ചാല്‍ ഒരാള്‍ക്ക് ഒരു കോടി ഡോളര്‍ വരുമെന്നാണ് പറഞ്ഞത് ! ഈ ഭീമാകാരമായ ധനമൂലധന കൂമ്പാരത്തിന് ജന്മം നല്‍കിയ ആഗോളമൂലധന വാഴ്‌ചക്ക് പക്ഷേ ലോകത്തിന്റെ വിശപ്പ് അകറ്റാനോ, മാന്യമായ ജീവിതം നല്‍കാനോ കഴിയില്ലെന്ന വളരെ വലിയ സത്യമാണ് ഇപ്പോള്‍ വ്യക്തമാക്കപ്പെടുന്നത്. ആഗോളവല്‍ക്കരണം സൃഷ്‌ടിച്ച സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പോലും യാതൊരു പരിഹാരവും നിര്‍ദ്ദേശിക്കാന്‍ ഈ ഊഹമൂലധനത്തിന് കഴിവില്ലെന്ന് മാത്രമല്ല, സൃഷ്‌ടിക്കപ്പെട്ടുവെന്ന് കരുതിയ മൂലധന സഞ്ചയം വെറും ഊതിപ്പെരുപ്പിച്ച ബലൂണായിരുന്നുവെന്നും വ്യക്തമാകുന്നു. എല്ലാം സ്വയംനോക്കി നടത്തുമെന്ന് ആണയിട്ടവര്‍ ഇപ്പോള്‍, ദരിദ്രരും സാധാരണക്കാരും നൽ‌കിയ നികുതി പണത്തിന് വേണ്ടി ഖജനാവുകള്‍ക്ക് മുമ്പില്‍ കാവല്‍ നില്‍ക്കുകയാണ്. അതെടുത്ത് മൂലധനത്തെ ഊട്ടുന്ന ഭരണാധികാരികളെ എങ്ങനെ വിചാരണ ചെയ്‌ത് ശിക്ഷിക്കണമെന്ന്കൂടി നാം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമാണിത്.

*
കടപ്പാട്: പീപ്പില്‍ എഗെയിന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ &

09 April, 2009

ഒബാമാ......

മിസ്റ്റര്‍ ഒബാമ,

എന്നെ പരിചയം ഉണ്ടാവും. തിരക്ക് കാരണം താങ്കളുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ പലവട്ടം എന്നെ വിളിച്ചതായി ഞാന്‍ അറിഞ്ഞു. എനിക്ക് തിരിച്ചു വിളിക്കാന്‍ കഴിഞ്ഞില്ല. ക്ഷമിക്കണം, മനപ്പൂര്‍വമല്ല. ഓരോവിധ തിരക്കുകള്‍.

ഞാന്‍ മുരളീധരന്‍. കെ മുരളീധരന്‍ എന്ന് പറഞ്ഞാല്‍ ഭുവനപ്രസിദ്ധനാണ്. ഡി ഐ സി എന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയിലെ ചീഫ് എൿസിക്യൂട്ടീവ് ഓഫീസറായിരുന്നു മുമ്പ്. ആഗോള സാമ്പത്തികമാന്ദ്യം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞതുകൊണ്ട് നേരത്തെ തന്നെ അതിന്റെ ഓഹരികള്‍ വിറ്റു. ഇപ്പോള്‍ എന്‍ സി പി എന്ന പേരില്‍ ഒരു ബാങ്ക് നടത്തുകയാണ്.

കൊള്ളാം. കഴിഞ്ഞുകൂടാം. മാസത്തില്‍ ഒരു പൊതുയോഗവും രണ്ടു മാസത്തിലൊരിക്കല്‍ ഒരു ധര്‍ണയും കിട്ടും. ഒരു ചെറിയ കുടുംബത്തിന് കഴിഞ്ഞുകൂടാന്‍ അത് ധാരാളമാണ്. ഇടക്കിടക്ക് ചാനലുകാരും വിളിച്ച് എന്തെങ്കിലും തരും. ദൈവകൃപകൊണ്ട് വലിയ അല്ലലില്ലാതെ കഴിയുന്നു. ഒരു മൂന്നാം ലോകരാജ്യക്കാരന്‍ അതില്‍ കൂടുതല്‍ ആഗ്രഹിക്കരുതല്ലൊ!.

വരുമാനം ചെറുതാണെങ്കിലും ഞങ്ങളുടെ ശക്തി ചെറുതല്ലെന്ന കാര്യം അങ്ങേക്കും അറിയാവുന്നതാണല്ലൊ. അമ്പലത്തിന്റെ വലുപ്പം നോക്കിയല്ല പ്രതിഷ്‌ഠയുടെ ശക്തി അറിയുന്നത്. താങ്കളുടെ തന്നെ വിജയത്തിന് എന്‍ സി പി വഹിച്ച പങ്ക് ചെറുതല്ലെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. കേരളത്തിലെപ്പോലെ എന്‍ സി പി അമേരിക്കയിലും ഒരു നിര്‍ണായക ശക്തിയാണെന്ന് ഇതിനകം തെളിഞ്ഞുവല്ലൊ. അമേരിക്കയില്‍ എല്ലാവരും തലകുലുക്കി സമ്മതിക്കുന്ന ഇക്കാര്യം സമ്മതിച്ചു തരാന്‍ കേരളത്തില്‍ ചിലര്‍ക്ക് മടിയാണ്.

അവരെക്കുറിച്ച് എന്ത് പറയാന് ‍! എന്‍ സി പി യുടെ ശക്തി അവര്‍ അറിയാനിരിക്കുന്നതേയുള്ളു. താങ്കള്‍ക്ക് അവരോട് സഹതാപം തോന്നുന്നു, അല്ലെ? എനിക്കും അതു തന്നെയാണ് അവരോട് തോന്നുന്നത്. അവര്‍ക്കാകട്ടെ അങ്ങനെ ഒരു തോന്നലേയില്ല! അവസരം വരുമ്പോള്‍ അവര്‍ പഠിച്ചോളും. ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്ന ഒരു ചൊല്ല് കേരളത്തിലുണ്ട്. എ ബ്രിഡ്‌ജ് ആന്‍ഡ് ടു ആന്റ് ഫ്രോ എന്ന് ഇംഗ്ലീഷില്‍ പറയാമെന്ന് തോന്നുന്നു.

പാലം കടന്നിട്ടാണ് 'പൂരായണ' എന്ന് പറയേണ്ടത്.അമേരിക്കയില്‍ എങ്ങനെയാണെന്ന് അറിയില്ല. വലിയ വ്യത്യാസമുണ്ടാവില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത്തരം രീതികള്‍ സാര്‍വദേശീമായിത്തന്നെ ഒരുപോലെയാണ്. പാലം കടക്കുന്നതിനു മുമ്പ് ആരെങ്കിലും 'പൂരായണ' എന്ന് പറഞ്ഞതായി കേട്ടിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ അവരാരും രക്ഷപ്പെട്ടതായി ചരിത്രം പറയുന്നുമില്ല. മഹാനായ ജൂലിയസ് സീസര്‍ പോലും റൂബിക്കണ്‍ നദി കടന്നശേഷമാണ് 'പൂരായണ' എന്ന് പറഞ്ഞത്.

മി. ഒബാമ, താങ്കളും ഇത് ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. രാഷ്‌ട്രീയ കാര്യങ്ങളില്‍ ഇത്തിരി പരിചയക്കുറവുള്ളതുകൊണ്ടാണ് ഞാന്‍ ഇതോര്‍മിപ്പിക്കുന്നത്.

ടെൿസാസിലും വിര്‍ജീനിയയിലും എന്‍ സി പിക്കുള്ള സ്വാധീനം ഒബാമ, താങ്കള്‍ക്കും ബോധ്യപ്പെട്ടുകാണുമല്ലൊ. ഒരുപാധിയും കൂടാതെയാണ് എന്‍ സി പി താങ്കളുടെ പാര്‍ടിയെ പിന്തുണച്ചതെന്നും അങ്ങേക്കറിയാമല്ലൊ. എന്‍ സി പി എപ്പോഴും അങ്ങനെയാണ്, നിലപാടുകളാണ് ഞങ്ങള്‍ക്ക് പ്രധാനം.

അതില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല. ഒരു സന്ദിഗ്ധഘട്ടത്തില്‍ എന്‍ സി പിയെടുത്ത തീരുമാനം ലോകചരിത്രത്തില്‍ തന്നെ വഴിത്തിരിവായെന്ന് അങ്ങേക്കും ബോധ്യമായല്ലൊ. ഇനിയും ഇങ്ങനെ നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ആര്‍ക്കും വിധേയരല്ല. ഞങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കുന്ന പ്രശ്‌നമേ ഇല്ല.

ടെൿസാസിലും വിര്‍ജീനിയയിലും പോലെ കേരളത്തിലും ഞങ്ങള്‍ നിര്‍ണായക ശക്തിയാണ്. ഞങ്ങളുടെ ശക്തി ആരും തിരിച്ചറിയുന്നില്ല. ഇതിനെയാണ് രാഷ്‌ട്രീയ ദുരന്തം എന്ന് പറയുന്നത്. താങ്കള്‍ക്ക് ഒരുപക്ഷേ ഇത് നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. ഞങ്ങള്‍ക്കിത് സ്ഥിരമാണ്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ 'അമ്മത്തൊട്ടില്‍' തരാമെന്നാണ് ചിലരുടെ പരിഹാസം.

അങ്ങേക്ക് ചിരിവരുന്നു അല്ലേ, എനിക്കും അതുതന്നെയാണ് വരുന്നത്. പക്ഷേ ഇപ്പോള്‍ ചിരിക്കാനുള്ള സന്ദര്‍ഭമല്ലല്ലൊ.അമേരിക്കയുടെ ഭാവി അങ്ങയെ ആശങ്കപ്പെടുത്തുന്ന പോലെ കേരളത്തിന്റെ ഭാവി എന്നെയും ആശങ്കാകുലനാക്കുന്നു.

അമേരിക്കയില്‍ എന്‍ സി പി എന്നും ഡെമോക്രാറ്റിക് പാര്‍ടിക്കൊപ്പമായിരുന്നെന്ന് അങ്ങേക്കറിയാവുന്നതാണല്ലൊ.റിപ്പബ്ലിക്കന്‍ പാര്‍ടിക്കെതിരെ ഞങ്ങള്‍ എന്നും ശക്തമായ നിലപാടെടുത്തിട്ടുണ്ട്. ഞങ്ങളുടെ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്ന് പറഞ്ഞ് മി. മക്കെയ്ന്‍ പുഛിച്ചു. ഒരു തിരുത്തല്‍ ശക്തിയായിപ്പോലും എന്‍ സി പിയെ കാണാന്‍ മക്കെയ്ന്‍ തയ്യാറായില്ല. ഇപ്പോള്‍ പാഠം പഠിച്ചില്ലേ. ഇങ്ങനെയാണ് എന്‍ സി പിയോട് കളിച്ചാല്‍!

തെരഞ്ഞെടുപ്പിനുശേഷം രണ്ടു തവണ മക്കെയ്ന്‍ എന്‍ സി പി യെ വിളിച്ചിരുന്നു.'നിങ്ങളുടെ നിലപാട് നൂറ് ശതമാനവും ശരിയായിരുന്നു. 'സോറി' എന്ന് ഇടറുന്ന ശബ്‌ദത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയത്തില്‍ അത്തരം വികാരങ്ങള്‍ക്ക് സ്ഥാനമില്ല. നിര്‍ണായക ഘട്ടത്തില്‍ ശരിയായ തീരുമാനമാണ് പ്രധാനം. അതുകൊണ്ട് 'ചത്തവന്റെ ജാതകം നോക്കീട്ടെന്ത് കാര്യ'മെന്ന് ഞാന്‍ ഇംഗ്ലീഷില്‍ പറഞ്ഞു. ( ആഫ്റ്റര്‍ ഡെത്ത് നോ ഹോറോസ്‌കോപ്). സംഭാഷണം പൂര്‍ത്തീകരിക്കാനാവാതെ അടഞ്ഞ രാഷ്‌ട്രീയതൊണ്ടയോടെ മക്കെയ്ന്‍ ഫോണ്‍ താഴെവെച്ചു.

എന്‍ സി പിക്ക് അങ്ങനെ അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നീ വ്യത്യസമൊന്നുമില്ല. എവിടെയായാലും എന്‍ സി പിക്ക് ഒരു നയമാണ്. ഞങ്ങളെ സഹായിച്ചവരെ ഞങ്ങളും സഹായിക്കും. ഞങ്ങള്‍ സഹായവും കൊണ്ട് വരുമ്പോള്‍ ' അയ്യോ..വേണ്ടേ..' എന്ന് പറഞ്ഞ് ഓടുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. ഇത് വായിക്കുമ്പോള്‍ അങ്ങയുടെ ഭാര്യ, ദ ഫസ്റ്റ് ലേഡി ഓഫ് അമേരിക്ക, മിസിസ് മിഷേല്‍ ഒബാമ ഞാന്‍ പുരുഷമേധാവിയാണെന്ന് കരുതുമായിരിക്കും. അങ്ങനെയൊന്നുമില്ല. കേരളത്തിലെ നാട്ടുനടപ്പനുസരിച്ച് ഒരു ശൈലി പ്രയോഗിച്ചെന്നേയുള്ളു.

മിഷേലിനോടും എന്‍ സി പി യുടെ അന്വേഷണം അറിയിക്കുമല്ലൊ.അവര്‍ക്കും എന്‍ സി പി യോട് ആദരവുണ്ടെന്നറിയാം. അവസരം വരുമ്പോള്‍ അവര്‍ അത് പ്രകടിപ്പിക്കുമെന്നും എനിക്കറിയാം. ഭാവിയില്‍ മിഷേല്‍ കാണിക്കാന്‍ പോകുന്ന ആദരവിനും ഞാനും എന്റെ പാര്‍ടിയും എന്നെന്നും കടപ്പെട്ടവരായിരിക്കും.

ഒബാമ, താങ്കള്‍ ഭരണത്തില്‍ പുതുമുഖമാണ്. അടിയന്തര പ്രാധാന്യമുള്ള പല കാര്യങ്ങളും നിങ്ങള്‍ക്ക് തീരുമാനിക്കാനുണ്ട്. അഫ്‌ഗാനിസ്ഥാന്‍ പ്രശ്‌നം, ഇറാഖ് യുദ്ധം, പലസ്‌തീന്‍ പ്രശ്‌നം, ഇറാനിലെ ആണവ പദ്ധതി, ആഗോള സാമ്പത്തികത്തകര്‍ച്ച.. ഇങ്ങനെ ലോകം ഉറ്റുനോക്കുന്ന എത്രയോ കാര്യങ്ങള്‍!

ഇതിലൊക്കെ ഏറ്റവും ശരിയായ തീരുമാനങ്ങളെടുക്കാന്‍ താങ്കളുടെ ഡെമോക്രാറ്റിക് പാര്‍ടിയെ സഹായിക്കാന്‍ എന്‍ സി പിക്ക് കഴിയും. സമാനമായ വിഷയങ്ങള്‍ കേരളത്തില്‍ ഭംഗിയായി കൈകാര്യം ചെയ്‌ത പാരമ്പര്യം എന്‍ സി പിക്കുണ്ട് എന്ന് ഞാന്‍ അഭിമാനപൂര്‍വം അറിയിക്കട്ടെ.

എന്‍ സി പി യും ഡെമോക്രാറ്റിക് പാര്‍ടിയും ഒന്നിച്ചു നില്‍ക്കേണ്ട ലോകസാഹചര്യമാണ് നിലവില്‍. ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും അതുതന്നെയാണ്. കാലഘട്ടം ആവശ്യപ്പെടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ എന്‍ സി പി തയ്യാറാണ്.

മി. ഒബാമ, ഡെമോക്രാറ്റിക് പാര്‍ടിയും ചരിത്രത്തിന്റെ ഈ നിയോഗം ശിരസാ വഹിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഡെമോക്രാറ്റിക് പാര്‍ടിയെ ശക്തിപ്പെടുത്താനും അതില്‍ ലയിക്കാനും എന്‍ സി പി തയ്യാറാണ്. എന്‍ സി പി യുടെ ലയന സന്നദ്ധത അറിയിക്കുന്നതിനൊപ്പം അങ്ങയുടെ പുതിയ സ്ഥാനലബ്‌ധിയില്‍ എന്‍ സി പി അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു എന്നറിയിക്കട്ടെ.

എന്‍ സി പിയുടെ ലയനനിര്‍ദേശം അങ്ങ് അംഗീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അഥവാ തിരസ്‌ക്കരിക്കുകയാണെങ്കില്‍ അങ്ങേക്കും ഡെമോക്രാറ്റിക് പാര്‍ടിക്കും ഭാവിയില്‍ ഉണ്ടാവുന്ന മുഴുവന്‍ ഭവിഷ്യത്തുകള്‍ക്കും എന്‍ സി പി ഉത്തരവാദിയായിരിക്കില്ലെന്ന് അറിയിക്കുകയും ചെയ്യുന്നു.

ജയ് ഒബാമജീ...ജയ് പവാര്‍ജീ..

വിശ്വസ്‌തതയോടെ

കെ മുരളീധരന്‍

ചീഫ് എൿസിക്യൂട്ടീവ് ഓഫീസര്‍

എന്‍ സി പി

മി. മുരളീധരന്‍,

കത്ത് കിട്ടി. സന്തോഷം. ലയിക്കുന്നതില്‍ ആഹ്ലാദമേയുള്ളു. എന്‍ സി പി മൊത്തം എത്ര കിലോ ഉണ്ടാവുമെന്ന് അറിയിക്കുമല്ലൊ. ഒരു വര്‍ഷം എത്രയാണ് നിങ്ങളുടെ ഉല്‍പ്പാദനം. എവിടെയായിരുന്നു നിങ്ങള്‍ ചരക്ക് വിറ്റിരുന്നത് ?കമ്പനിയുടെ മൊത്തം ആസ്‌തിയെത്രയാണ്? എന്‍ സി പി മാത്രമാണൊ നിങ്ങളുടെ പ്രൊഡക്ഷന്‍?

നിങ്ങള്‍ക്ക് മറ്റു വിപണികള്‍ കണ്ടെത്തേണ്ടതായുണ്ടോ..?

നിങ്ങള്‍ ലയിക്കുന്നത് ഏത് ആസിഡിലാണ് ? ഹൈഡ്രോക്ലോറിക്കാസിഡിലാണോ, സള്‍ഫ്യൂറിക്കാസിഡിലാണോ ? ഒരു കിലോ എന്‍ സി പി ലയിക്കാന്‍ എത്ര ലിറ്റര്‍ ആസിഡ് വേണ്ടിവരും?

ഇക്കാര്യങ്ങള്‍ വിശദമായി അറിയിക്കുമല്ലൊ.

ക്ഷേമം തന്നെ.

സ്നേഹപൂര്‍വം

ഒബാമ

വൈറ്റ് ഹൌസ്

***


എം എം പൌലോസ്
കടപ്പാട്. വര്ക്കേഴ്സ് ഫോറം

08 April, 2009

ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?

ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?

ആമുഖവചനം:

"കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും."

(സുവിശേഷം, മത്തായി, 6:22)

I

ടാജ് ഹോട്ടലിനെ അറിയാൻ എനിക്ക് വളരെ കുറച്ചു അവസരങ്ങളേ ലഭിച്ചിട്ടുള്ളൂ. അത് വളരെ വളരെ പണ്ട് 1962 ൽ ആയിരുന്നു.

അന്ന് ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഹൌസായിരുന്ന സ്‌റ്റാൻ‌ഡേർഡ് ഓയിൽ അവരുടെ ഏഷ്യൻ ഡിവിഷനായ എസ്സോ (ESSO) യിൽ ഒരു മാർക്കറ്റിംഗ് എൿസിക്യൂട്ടീവ് ആയി എന്നെ റിക്രൂട്ട് ചെയ്‌തിരുന്നു.

ഞങ്ങളുടെ ഓഫീസുകള്‍ നരിമാൻ പോയിന്റിലായിരുന്നു. ബോംബെയിൽ അന്ന് എയർ കണ്ടീഷനിംഗ് ഉള്ള ഏക കെട്ടിടം ഞങ്ങളുടേതായിരുന്നു.

എന്റെ ജോലിയുടെ പ്രത്യേകത കൊണ്ടാവാം പുഞ്ചിരിയും ബിസിനസ്സും നിറഞ്ഞ ടാജിന്റെ അകത്തളങ്ങളിൽ രണ്ടു മൂന്നു തവണ എനിക്ക് കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്.

ഏതാണ്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്കും ഇനി അടുത്ത നാൽ‌പ്പത് വർഷത്തേയ്‌ക്ക് എണ്ണ വിൽക്കാൻ ഞാനെന്തായാലുമില്ലെന്നു മനസ്സിലുറപ്പിക്കുകയും പൊരുത്തപ്പെടാനാവാത്ത മാർക്കറ്റിംഗ് ജീവിതത്തോട് വിട പറഞ്ഞ് ആൿടിവിസ്‌റ്റ് പ്രവര്‍ത്തനങ്ങളാല്‍ സജീവമായ അക്കാഡമിക്ക് ജീവിതത്തിലേക്ക് സസന്തോഷം മടങ്ങിവരികയും ചെയ്തു.

ആ ദിനങ്ങളില്‍ ടാജിന്റെ അകത്ത് ഇടപാടുകളുമായി ചുറ്റിക്കറങ്ങുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചിരുന്നത് പുറത്തു നിന്ന് അതിന്റെ ഗാംഭീര്യം വീക്ഷിക്കുന്നതായിരുന്നു. തികച്ചും ഗംഭീരമായൊരു സൌധമാണ് ടാജ്.

അതുകൊണ്ട് തന്നെ, മറ്റേതൊരു ഭാരതീയനെയും പോലെ, സാധാരണക്കാരുടെയും ഒട്ടേറെ വിശിഷ്‌ട വ്യൿതികളുടേയും ജീവന്‍ നഷ്‌ടപ്പെട്ടതും, ഈ സൌധത്തിനു നാശനഷ്ടങ്ങള്‍ നേരിട്ടതും എന്നെയും അഗാധമായി ദുഃഖിപ്പിക്കുന്നു. ബ്രിട്ടീഷുകാർക്ക് മാത്രമായി സംവരണം ചെയ്‌തിരുന്ന ഒരു ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ട ജംഷഡ്‌ജി, അഭിനന്ദനീയമായൊരു കൊളോണിയല്‍ വിരുദ്ധ അന്തഃക്ഷോഭത്താല്‍ കെട്ടിപ്പടുത്തതാണ് ടാജ് എന്നതോര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത നീറ്റലനുഭവപ്പെടുന്നു.

II

എന്റെ ഈ ചിന്തകള്‍ക്ക് കാരണമായത് ഒരു പ്രമുഖ ഇംഗ്ലീഷ് ചാനലില്‍ കഴിഞ്ഞ രാത്രി മുതല്‍ പ്രക്ഷേപണം ചെയ്‌തു വരുന്ന ഒരു പരിപാടിയാണ്.

അതിന്റെ തലക്കെട്ട് “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” (enough is enough) എന്നായിരുന്നു.

മുംബൈ നഗരത്തിന്റെ മറ്റു ഭാഗങ്ങളെയും, തീര്‍ച്ചയായും ഭാരതത്തിന്റെയും ലോകത്തിന്റെ തന്നെ മറ്റു ഭാഗങ്ങളെയും ചൂഴ്ന്ന് നില്‍ക്കുന്ന വൃത്തികേടുകളില്‍ നിന്നും അകലം പാലിക്കുന്ന, ശാന്തിയും ഐശ്വര്യവും വിളയാടുന്ന സമ്പന്നമായ ദക്ഷിണ മുംബൈയില്‍ തങ്ങളുടെ സന്ദര്‍ശനം ഒതുക്കുന്ന വിവിധ തരക്കാരായ മുംബൈ പൌരപ്രമുഖരുടെ കൂട്ടത്തില്‍ നിന്നും ഉയരുന്ന രോഷപ്രകടനങ്ങള്‍ക്ക് ചെവിയോര്‍ത്തിരിക്കെ ഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു "ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?" എന്നു പറയുന്നതാരാണ് ? ആരോടാണവർ പറയുന്നത് ? എന്തുകൊണ്ടാണിപ്പോള്‍ പറയുന്നത്?“

ഇന്നിപ്പോൾ, ഈ ദുരന്താനുഭവത്തിന്റെ പശ്ചാത്തലത്തില്‍, ഭാഗ്യം ചെയ്‌ത ജന്മങ്ങൾക്ക് ഉത്തേജനം നൽകികൊണ്ട് നമുക്ക് ചുറ്റും മുഴങ്ങുന്ന “ എന്ത് വില കൊടുത്തും ഐക്യം” എന്ന മുദ്രാവാക്യത്തിനു എന്തുമാത്രം വിശ്വസനീയത ഉണ്ട്?

ചര്‍ച്ചകളെ ഇല്ലാതാക്കുന്നതിനായി തയ്യാറാക്കപ്പെടുന്ന ഈ ആധികാരിക വചനങ്ങള്‍ എന്തുകൊണ്ടാണ് ഒരു ചോദ്യവുമുയർത്താതെ സ്വീകരിക്കപ്പെടുന്നത് ? മാരകവും ശിഥിലീകരണ സ്വഭാവവുമുള്ള സംഭവഗതികൾ അരങ്ങേറിയപ്പോൾ ഇതേ “ഒറ്റ കണ്ണിലൂടെ”അവയെ നോക്കിക്കാണാൻ ദക്ഷിണ-മുംബൈ ഇന്ത്യയ്‌ക്ക് കഴിയാതിരുന്ന ഒട്ടേറെ അവസരങ്ങൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ധാരാളം ഉണ്ടെന്നിരിക്കെ വിശേഷിച്ചും ?

ഇന്ന്, ടാജിനു എത്രതന്നെ നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കിലും, രൂപഭംഗം ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സുരക്ഷാസേനയുടെ മാതൃകാപരമായ ധൈര്യവും അച്ചടക്കവും കാരണം അത് തകര്‍ക്കപ്പെട്ടിട്ടില്ല - ഭീകരാക്രമണത്തിന്റെ ഉദ്ദേശം അതായിരുന്നിരിക്കാം എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാൽ, ഏതാണ്ട് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാനൂറ് വര്‍ഷം പഴക്കമുള്ള ഒരു പള്ളി സൈന്യവും, ടെലിവിഷനില്‍ മുഴുവന്‍ രാഷ്‌ട്രവും, നോക്കി നില്‍ക്കവെ ഇങ്ങിനി കാണാത്തവണ്ണം തകര്‍ക്കപ്പെട്ടിരുന്നു.

ആ അഭിശപ്‌തമായ ദിനത്തിലോ, കഴിഞ്ഞ പതിനാറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കൽ പോലുമോ “ ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? ” എന്ന വിലാപം ഇന്ന് രോഷാകുലരാകുന്നവരില്‍ നിന്നും ഉണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചവരിൽ ചിലർ പ്രതികരിച്ചില്ല എന്നല്ല. എന്നാൽ രാഷ്‌ട്രജീവിതത്തിലെ നിർണ്ണായക മുഹൂർത്തത്തിൽ ആഘാതമേൽ‌പ്പിച്ച സാമൂഹ്യശക്തികളെ ഇനിയൊരിക്കലും പ്രോത്സാഹിപ്പിക്കാൻ ആവില്ല എന്ന് ശക്തമായി പറയുന്നതിന് തുല്യമാവില്ലല്ലോ അത്.

അന്നത്തെ ഇരകള്‍ക്ക് നീതിയും സഹായവും ലഭിക്കുന്നതിനായി പോരാടിയത് മനസ്സാക്ഷിയും സാമൂഹ്യബോധവും കൈമോശം വരാത്ത ചില പൌരന്മാര്‍ മാത്രമാണ്. ഇതാകട്ടെ സ്വയം തിരക്കു നടിക്കുന്ന “അഭിജാതരുടെ ഇന്ത്യയില്‍“ നിന്നും പലപ്പോഴും പരസ്യമായ അവഹേളനം സഹിച്ചുകൊണ്ട് തന്നെയായിരുന്നു.

അന്ന് രാഷ്‌ട്രത്തിനുമേൽ രക്തദാഹം പൂണ്ട സര്‍വനാശം (blood-thirsty catastrophe) അടിച്ചേൽ‌പ്പിച്ചതിൽ പ്രത്യക്ഷത്തില്‍ തന്നെ കുറ്റക്കാരായ അഭിജാതവര്‍ഗം ഇന്നും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്‌ടതോഴരാ‍യി വിരാജിക്കുകയാണ്. ഈ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പല സംവാദങ്ങളും നടത്തിയിരുന്നിരിക്കാം. എങ്കിലും ഒരിക്കല്‍പ്പോലും “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? “ എന്നവർ ചോദിച്ചിട്ടില്ല.

മുംബൈയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ ഏതാണ്ട് ഇരുനൂറു ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. എന്നാലും ബാബറി മസ്‌ജിദിന്റെ തകര്‍ക്കലിനുശേഷം നമ്മുടെ തന്നെ ആളുകള്‍ ആയിരമോ മറ്റോ നമ്മുടെ തന്നെ ആളുകളെ ഇതേ മുംബൈ നഗരത്തില്‍ തന്നെ കൊന്നുകളഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനമില്ലാതെ തുടരുകയാണ്, ഈ ദിവസം വരെയും.

1992-93 ലെ കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിച്ച ഉന്നതാധികാര കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് എന്ത് കൊണ്ട് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമായില്ല എന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളില്‍ ഇന്ന് വരേണ്യ പണ്ഡിതന്മാർ പ്രകടിപ്പിക്കുന്ന മരണസമാനമായ ധൃതിയും, “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? “ എന്ന മനോഭാവവും എന്തുകൊണ്ട് പ്രതിഫലിക്കുന്നില്ല?

ഗുജറാത്തില്‍ 2002ല്‍ നടന്ന കൂട്ടക്കൊലകളുടെ കാര്യമോ? അവിടെയും പുറമെ നിന്നുള്ള ഭീകരര്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നതോ സ്ഥലത്തെ ഏറ്റവും ശക്തനായ വ്യക്തിയുടെ അനുഗ്രഹാശിസ്സുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്നുള്ള അറിവിന്റെ സുരക്ഷിതത്വത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ തന്നെ ആളുകള്‍ ആയിരുന്നു. ആ മനുഷ്യനാകട്ടെ, വികസനവും പരമാവധി ലാഭവും ഉറപ്പുവരുത്തിക്കൊണ്ട് രാഷ്‌ട്രത്തെ മാറ്റിത്തീർക്കാൻ അമാനുഷിക ശേഷികളുള്ള ചീഫ് എക്സിക്യൂട്ടീവ് ആയി കൊട്ടിഘോഷിക്കപ്പെടുകയാണ്. സ്‌തുതിപാഠകരാകാൻ അശേഷം ലജ്ജയില്ലാത്ത കുലീനവര്‍ഗത്തിന്റെ ഓമനയായി തുടരുകയാണയാൾ.

വെടിയുണ്ടകള്‍ പറക്കുന്ന ഗ്രൌണ്ട് സീറോയില്‍ ( ആ പ്രയോഗം ഉപയോഗിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു) പത്രസമ്മേളനം നടത്തുന്ന ആദ്യ ആളായി മോഡി മാറിയതില്‍ അത്ഭുതമൊന്നുമില്ല, പ്രധാനമന്ത്രിയെപ്പോലും പുച്‌ഛിക്കാനുള്ള അവസരമായി അതിനെ ഉപയോഗിച്ചുകൊണ്ട് തന്നെ.

ഹൈന്ദവ ഭീകരതക്കെതിരെ അന്വേഷണം നടത്തുന്നതിനു ധൈര്യം കാണിച്ച ഭീകരവിരുദ്ധ സംഘത്തിനെതിരെ (Anti-Terrorism Squad) കഴിഞ്ഞ ദിവസം വരെ പരസ്യമായി അതിശക്തമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ അതേ മോഡി തന്നെ.

‘ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” എന്നവിടെ ആരും പറഞ്ഞില്ല, ചാനലുകളില്‍ പോലും വളരെ പതിഞ്ഞ സ്വരത്തിലുള്ള അതിവിനീതമായ ചില വിസമ്മതങ്ങള്‍ മാത്രമാണ് ഉയർന്നത്.

ആശയക്കുഴപ്പം നിറഞ്ഞ ഈ സമകാലിക സംഭവവികാസങ്ങളിലെ ഏറ്റവും ധീരമായ ഏട് ഏതായിരുന്നുവെന്ന് എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പറയും അത് മോഡി കാപട്യത്തോടെ വെച്ച് നീട്ടിയ പണം ഭീകരവിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന, കൊല്ലപ്പെട്ട കാര്‍ക്കറെയുടെ വിധവ നിരസിച്ചതാണെന്ന്.

മുംബൈ നഗരം കശാപ്പ് ചെയ്യപ്പെടുന്ന അവസരത്തില്‍ മറാത്തി വിഭാഗീയ താല്പര്യങ്ങളുടെ മഹാനായ ചാമ്പ്യന്‍ രാജ് താക്കറെ എവിടെ എന്ന ചോദ്യവുമായി ഊരു ചുറ്റുന്ന എസ്.എം.എസ് സന്ദേശവും തികച്ചും അർത്ഥപൂർണ്ണമായിരുന്നു. അദ്ദേഹത്തിനറിയാമായിരിക്കുമോ, രാജ്യത്തിന്റെ ദക്ഷിണ, ഉത്തരഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള സുരക്ഷാസേനയായിരുന്നു മറാത്തി മാനുക്കളെയും (Marathi manoos) അതുപോലെ നഗരത്തിലെ മറ്റെല്ലാവരെയും രക്ഷിക്കുവാനായി മരിച്ചുവീണുകൊണ്ടിരുന്നതെന്ന് ?

ദക്ഷിണ മുംബൈക്കാര്‍ ഒരിക്കല്‍പ്പോലും ‘ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?’ എന്ന് താക്കറെക്കൂട്ടങ്ങളോട് പറഞ്ഞിരിക്കാന്‍ ഇടയില്ല. ഇന്നിപ്പോൾ അതേ താക്കറെക്കൂട്ടങ്ങള്‍ക്ക് അവർ ആർക്കെതിരായാണോ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചത്, അവരുടെ കരുണയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലാതായിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ, ഒരു മഹാ ഐക്യത്തിന്റെ ആവേശം നമുക്കില്ലാതെയാകുന്നുവെന്ന് വിലപിക്കുന്നത് എന്ത് മാത്രം വിരോധാഭാസമാണ് ?

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഫാസിസ്‌റ്റ് വര്‍ഗീയതയുടെ രാഷ്‌ട്രീയത്തെക്കുറിച്ച് എന്തുകൊണ്ടാണ് നാം “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” എന്ന് ഐക്യകണ്ഠേനെ പറയാത്തത് ? ഭീകരവാ‍ദത്തിനുമേല്‍ അതിനുള്ള ഗാഢമായ സ്വാധീനത്തെക്കുറിച്ചൊരു പൊതുസമ്മിതി ഉണ്ടാ‍കാത്തതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണീ യാഥാര്‍ത്ഥ്യങ്ങള്‍, ഒരിക്കലും അവസാ‍നിക്കാത്ത, വാരങ്ങളില്‍ നിന്നും വാരങ്ങളിലേക്ക് നീളുന്ന, കുറ്റവാളികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അധികം സമയം ലഭിക്കുന്ന, ടെലിവിഷന്‍ സംവാദങ്ങളിലെ വിഷയമായി നിലനില്‍ക്കുന്നത് ?

III

ഐക്യത്തെക്കുറിച്ച് പറയുമ്പോൾ നാം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ചില വിള്ളലുകള്‍ ഉണ്ട്. മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളിൽ സമര്‍ത്ഥമായി നാം ഒളിപ്പിച്ചുവച്ചിരിക്കുന്ന കരടുകളെ വെളിവാക്കുന്ന ചില വിള്ളലുകൾ.

മുംബൈ ആക്രമിക്കപ്പെട്ട അതേ ദിവസം രാവിലെ ഒരു മുൻ‌പ്രധാനമന്ത്രി നിര്യാതനായി.

ഒരു ചാനലിലൊഴിച്ച് മറ്റെവിടെയും മിന്നായം പോലെ മറഞ്ഞുപോകുന്ന അടിക്കുറിപ്പുകളിലെങ്കിലും ഇതിനെക്കുറിച്ചെന്തെങ്കിലും പരാമർശം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ച വിവരം പോലും എങ്ങും റിപ്പോർട്ട് ചെയ്‌തു കണ്ടില്ല.

നമ്മുടെ കുലീനരായ ചാനലുകൾ ടാജിനും ഒബറോയിയ്‌ക്കും നേരെ നടന്ന ആക്രമത്തിന്റെ ഓരോ സെക്കൻഡുകളും ഒപ്പിയെടുത്ത് രാഷ്‌ട്രത്തിന് സമർപ്പിക്കുന്നതിൽ മുഴുകിയിരുന്നതുകൊണ്ടാണിതു സംഭവിച്ചത് എന്ന് തോന്നുന്നുണ്ടോ?

ഞാൻ ഇങ്ങനെ പറയും: അസുഖ ബാധിതനും സ്വന്തം പാർട്ടിക്കാരാൽ അവഗണിക്കപ്പെടുന്നവനും ആണെങ്കിലും നമുക്കിടയിൽ ഇപ്പോഴും സന്തോഷപൂർവം ജീവിച്ചിരിക്കുന്ന മറ്റൊരു മുൻ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗിന്റെ സ്ഥാനത്ത് എന്ന് സങ്കൽ‌പ്പിക്കുക. നമ്മുടെ കുലീന ചാനലുകൾ എന്തു ചെയ്യുമായിരുന്നു? അവർ അദ്ദേഹത്തിനും മുംബൈയിലെ സംഭവങ്ങൾക്കുമായി തങ്ങളുടെ സമയം വീതിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

എന്തുകൊണ്ടാണ് വിശ്വനാഥ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും ഇത്ര ക്രൂരമായും വൃത്തികെട്ട രീതിയിലും അവഗണിക്കപ്പെട്ടത്?

ദക്ഷിണ മുംബൈയിലെ ഇന്ത്യ (South-Mumbai India)ഇത്രമാത്രം വെറുത്ത ഒരാൾ ഉണ്ടാവില്ല എന്നതാണതിന്റെ കാരണം എന്നു തന്നെ ഞാൻ പറയും. നെഹ്‌റു കഴിഞ്ഞാൽ ഇന്ത്യ കണ്ട സ്വഭാവമഹിമയുള്ള ഒരു വിശിഷ്‌ട വ്യക്തിത്വം മാത്രമായിരുന്നില്ല, നെഹ്‌റുവിനെപ്പോലെ തന്നെ അടിമുടി മതേതരവാദിയുമായിരുന്നു അദ്ദേഹം. ഒരു പക്ഷെ നെഹ്‌റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ഭാവനാശാലിയായ രാഷ്‌ട്രീയ മനസ്സും അദ്ദേഹത്തിന്റേതായിരിക്കും.

നമ്മുടെ ഭരണഘടന ഇന്ത്യയിലെ “മറ്റു പിന്നോക്ക വർഗങ്ങൾ” ( ഒ ബി സി ) എന്ന് വിശേഷിപ്പിക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തണം എന്ന് ശുപാർശ ചെയ്‌ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള ദീർഘവീക്ഷണവും ധൈര്യവും അദ്ദേഹം കാണിച്ചു എന്നതിനാലാണ് അദ്ദേഹം ഇത്രയേറെ വെറുക്കപ്പെടുന്നത്. അതും ഭരണഘടന സുവ്യക്തമായി അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങക്കനുരൂപമായി മാത്രം നടപ്പിലാക്കിയതിന്.

ഇന്ത്യയിൽ അനാദികാലം ഭരിക്കുവാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ധരിച്ചുവശായ ഉയർന്ന ജാതിക്കാർ ഈ നടപടിയെ, കാലങ്ങളായി പിന്നാമ്പുറങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നവരെ രാഷ്‌ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന( അങ്ങനെ ദേശീയ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന) നടപടിയായല്ല, മറിച്ച് രാഷ്‌ട്രത്തെയും രാഷ്‌ട്രീയത്തെയും വിഭജിക്കുവാനുദ്ദേശിച്ച് കരുതിക്കൂട്ടി തയ്യാറാക്കിയ ദുഷ്‌ടലാക്കായാണ് കണ്ടത്. അവർ അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകിയില്ല.

ആ ദിവസങ്ങളിൽ തെരുവുകളിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ഈ നടപടിയെ നഖശിഖാന്തമെതിർത്തവർ, വർഷങ്ങൾ കഴിയും തോറും ഇതിനെ ശരിവയ്‌ക്കുക മാത്രമല്ല ഹൃദയപൂർവം പിന്താങ്ങുക കൂടി ചെയ്യുന്ന കാഴ്‌ച കൌതുകകരമാണ്. പ്രസ്‌തുത നടപടി ചരിത്രപരമായ ഒരു ആവശ്യകതയായിരുന്നു എന്ന അദ്ദേഹത്തിന്റെ ദീർഘദർശിതത്വത്തിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം ആവശ്യമുണ്ടോ?

ബാബറി മസ്‌ജിദ് പൊളിച്ചതിനുശേഷമുള്ള സംഭവങ്ങളിലും ഗുജറാത്ത് കൂട്ടക്കൊലയിലും പങ്കെടുക്കുക വഴി രക്തപങ്കിലമായ കൈകളുള്ളവർ അദ്ദേഹത്തിൽ കണ്ടത് മുസ്ലീങ്ങളെ സ്‌നേഹിക്കുന്ന, ഹിന്ദുക്കളെ വിഭജിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന, രാഷ്‌ട്രദ്രോഹിയായ ഒരു വില്ലനെയാണ്.

ഇതു കേട്ടാൽ തോന്നുക സഹസ്രാബ്‌ദങ്ങളായി ഹിന്ദുക്കൾക്കിടയിൽ യാതൊരു വിഭജനവും ഇല്ലാതെ നല്ല ഐക്യമായിരുന്നു എന്നാണ്.

അതിനാൽ തന്നെ, വി പി സിങിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാനെത്തിയ രാഷ്‌ട്രീയ നേതൃത്വത്തിൽ ദളിതരും മറ്റു പിന്നോക്ക വിഭാഗക്കാരുമായിരുന്നു കാണപ്പെട്ടത്. മറ്റു പാർട്ടികളുടെ പ്രാദേശിക / താഴ്‌ന്ന നിലവാരത്തിലെ പ്രവർത്തകരുടെ പ്രാതിനിധ്യം ഉണ്ടെങ്കിൽ തന്നെ ആരു ശ്രദ്ധിക്കുവാനാണ് ? ഇന്ത്യക്കാരെല്ലാം ഇന്ത്യയെ “ഒറ്റക്കണ്ണിലൂടെ” മാത്രം നോക്കിക്കാണണം എന്ന കുലീന മാദ്ധ്യമങ്ങളുടെ നിലവിളിയോട് നീതി പുലർത്താൻ അതു പോരല്ലോ?

അന്തിമ സംസ്‌ക്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ എല്ലാ ചാനലുകളിലും മാറി മാറി നോക്കി. ഔദ്യോഗിക ചാനലായ ദൂരദര്‍ശനൊഴിച്ച് മറ്റാരും അത് പ്രക്ഷേപണം ചെയ്‌ത് കണ്ടില്ല.

അതു കൊണ്ട് തന്നെ ഞാൻ ഒന്നു കൂടി ആവർത്തിക്കട്ടെ, നേരത്തെ സൂചിപ്പിച്ച മുൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, എന്റെ അവസാന നാണയം വരെ പന്തയം വയ്‌ക്കാൻ ഞാൻ തയ്യാറാണ്, അവരെല്ലാം അവിടെ വന്നേനെ.

ഐക്യത്തിനുവേണ്ടിയുള്ള കാഹളത്തെക്കുറിച്ച് എനിക്ക് ഇത്ര മാത്രമേ പറയാനുള്ളൂ.

IV

അവസാനിപ്പിക്കും മുമ്പ്, മുംബൈയിലാക്രമണം സംഘടിപ്പിച്ചവർക്ക്, എനിക്കൊരു സന്ദേശം നൽകുവാനുണ്ട്.

അവർ സർക്കുലേറ്റ് ചെയ്‌ത ഇ - മെയിലിൽ പറയുന്നത് അമേരിക്കൻ പൌരന്മാരേയും ബ്രിട്ടീഷുകാരേയും സിയോണിസ്‌റ്റുകളെയും വധിയ്‌ക്കുകയെന്ന മറ്റു ലക്ഷ്യങ്ങൾ കൂടാതെ അവർ ഇന്ത്യക്കാരായ മുസ്ലീങ്ങൾക്ക് വേണ്ടിയാണ് ഈ കൃത്യം ചെയ്യുന്നതെന്നാണ്.

ഞാൻ പറയുന്നു, ഇപ്പോൾ ചെയ്‌ത ഈ പ്രവൃത്തികളിലൂടെ അവർ ഇന്ത്യൻ മുസ്ലീങ്ങൾക്ക് സേവനമല്ല മറിച്ച് ഗുരുതരവും ക്രൂരവുമായ ദ്രോഹമാണ് ചെയ്‌തിരിക്കുന്നത്.

മറ്റു മത സമുദായങ്ങളിലുള്ളതു പോലെ തന്നെ, പ്രതികാരത്തിന്റെ അക്രാമകമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ അവിടെയും ഇവിടെയും ഉണ്ടാവില്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലീം സമുദായ അംഗങ്ങളും, അതു പോലെ തന്നെ പാകിസ്‌താനിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങൾക്കു വേണ്ടി എന്ന നാട്യത്തിൽ നടത്തപ്പെടുന്ന ഇത്തരം ആക്രമങ്ങൾക്കും കൂട്ടക്കുരുതികൾക്കും എതിരാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് .എന്നു മാത്രമല്ല ജീവിതത്തിൽ നിന്നും എന്താണോ അവരാഗ്രഹിക്കുന്നത് അവ നേടിയെടുക്കാനുള്ള അവരുടെ കഠിനമായ പരിശ്രമങ്ങൾക്ക് ഇത്തരം സംഭവങ്ങൾ ഗുരുതരമായ തിരിച്ചടി നൽക്കുന്നുവെന്നാണവർ കരുതുന്നത്.

വാസ്‌തവത്തിൽ, ഭീകരവാദത്തിലധിഷ്‌ഠിതമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നവർ പ്രാഥമികമായി തന്നെ മുസ്ലീം അല്ല എന്നത് ഇന്ത്യൻ മുസ്ലീങ്ങൾ അംഗീകരിക്കുക മാത്രമല്ല, സാദ്ധ്യമായ എല്ലാ സംഘടിത പ്ലാറ്റ്ഫോമുകളിൽ നിന്നും ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കുക കൂടിയാണ് .

അതിനാൽ, നിങ്ങൾ വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്ന അള്ളായുടെ നാമത്തിൽ, ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങളുടെ ജീവിതം കൊണ്ട് കൂടുതൽ പ്രയോജനപ്രദമായ, മനുഷ്യത്വപരമായ എന്തെങ്കിലും ചെയ്യൂ, യഥാർത്ഥ മതം അംഗീകരിക്കുന്ന എന്തെങ്കിലും.

ആഗോള സാമ്രാജ്യത്വത്തെ പിഴുതെറിയുവാനുള്ള വഴിയിലൂടെയാണ് നിങ്ങൾ സഞ്ചരിക്കുന്നത് എന്ന് ദയവായി വിശ്വസിക്കാതിരിക്കൂ..

അതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിങ്ങളുടെ സ്വന്തം രാഷ്‌ട്രത്തിൽ ജനാധിപത്യപരമായും ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും പഠനങ്ങളിലൂടെയും വാദങ്ങളിലൂടെയും പൊതു അഭിപ്രായരൂപീകരണം നടത്തി മുന്നേറുക എന്നതിനെ കവച്ചു വയ്‌ക്കുന്ന മറ്റൊരു മാർഗമില്ല തന്നെ.

നിങ്ങളുടെ മാർഗം ഇതിലേതാണെങ്കിലും , ദയവായി ഇന്ത്യൻ മുസ്ലീങ്ങളെ നിങ്ങളുടെ ആഗോള വ്യാകുലതകളിലേയ്‌ക്ക് വലിച്ചിഴയ്‌ക്കാതിരിക്കുക...ഒപ്പം പാക്കിസ്‌താനി മുസ്ലീങ്ങളെയും.

ഒരു നല്ല ഭാവി അവരെ കാത്തിരിക്കുന്നു. അവർക്കായി പൊരുതാൻ ആയിരങ്ങൾ തയ്യാറാണ്. ദയവായി അവരുടെ ശത്രുക്കാളാവരുതേ.

“എന്തു തരം ഐക്യമാണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ സ്വയം ചോദിക്കൂ”, എന്ന് ദക്ഷിണ- മുംബൈ ഇന്ത്യക്കാരോട് നമുക്ക് പറയാം. ഇന്ത്യയിൽ ലഭ്യമായ എല്ലാ സുഖസൌകര്യങ്ങളും അടിച്ചുമാറ്റി ശാന്തമായും സന്തോഷത്തോടെയും കഴിയാൻ അനുവദിക്കുന്ന ഐക്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അതോ എല്ലാത്തിനേയും ഒരേകണ്ണിലൂടെ നോക്കുന്ന എല്ലാവർക്കും വേണ്ട അളവിൽ നൽകുന്ന ഐക്യമോ? ഏതൊക്കെ നിറത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും, അത് പച്ചയോ, ചുമപ്പോ, കുങ്കുമമോ ആയിക്കോട്ടെ പാപത്തെ അപലപിക്കാൻ ഈ “ഒറ്റക്കണ്ണി”നാവണം. എല്ലാറ്റിനും ഉപരിയായി ഈ “ഒറ്റക്കണ്ണ് ” ഇടയ്‌ക്കിടെ അകത്തേയ്‌ക്കും തിരിയ്‌ക്കേണം, നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന അത്യാഗ്രഹത്തെ അപലപിക്കാൻ.

****


ഡോ. ബദ്രി റെയ്‌ന എഴുതിയ 'enough is enough Says who to whom?' എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. അദ്ദേഹത്തിന്റെ ഇ മെയില്‍ വിലാസം badri.raina@gmail.com
കടപ്പാട്: വര്‍ക്കേഴ്‌സ് ഫോറം

07 April, 2009

നിയന്ത്രണങ്ങൾ ഇല്ലാത്ത വികസനം വിനാശകരം

നിയന്ത്രണങ്ങൾ ഇല്ലാത്ത വികസനം വിനാശകരം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യോമയാന കമ്പനിയായ ജെറ്റ് എയര്‍ വേയ്‌സ് അതില്‍ പണിയെടുക്കുന്ന 1900-ത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത് ഈ കമ്പനി വലിപ്പത്തിന്റെ കാര്യത്തില്‍ സ്വകാര്യ മേഖലയിലെ വ്യോമയാന കമ്പനികളില്‍ രണ്ടാം സ്ഥാനമുള്ള കിങ് ഫിഷര്‍ എയര്‍ലൈനുമായി ഒരു 'വിഭവം പങ്കുവയ്‌ക്കൽ ല്‍ കൂട്ടായ്‌മ' (Resource sharing alliance) രൂപീകരിക്കുന്നു എന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞ് കൃത്യം രണ്ടു ദിവസം പിന്നിട്ടപ്പോഴായിരുന്നു എന്നത് യാദൃച്‌ഛികമായ ഒരു സംഭവമായിരുന്നില്ല.

ജീവനക്കാരെ പിരിച്ചുവിടുന്നതിനും വിഭവം പങ്ക് വയ്‌ക്കുന്നതിനുള്ള ധാരണയില്‍ ഏര്‍പ്പെടുന്നതിനും വേണ്ടി ജെറ്റ് എയര്‍വേയ്‌സ് എടുത്ത രണ്ട് തീരുമാനങ്ങള്‍ക്ക് പുറകിലുള്ള കാരണങ്ങള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. സിവില്‍ വ്യോമയാന മേഖലയില്‍ ആവശ്യത്തിലും എത്രയോ അധികം വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നതും ഇത് ഈ മേഖലയ്‌ക്ക് വരുത്തിവയ്‌ക്കുന്ന ഭീമമായ നഷ്‌ടം പരിഹരിക്കുന്നതിനായി ഏതെങ്കിലും മാര്‍ഗത്തിലൂടെ ചെലവ് വെട്ടിച്ചുരുക്കുന്നതിനുമായി നടക്കുന്ന ശ്രമങ്ങളുമാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഏതായാലും പിരിച്ചുവിടലിനെതിരെ പ്രക്ഷോഭം ആരംഭിച്ച 850 കാബിന്‍ ക്രൂവില്‍ ചൈനക്കാരുള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരെയും തിരിച്ചെടുക്കാന്‍ ജെറ്റ് എയര്‍വേയ്‌സ് ഒടുവില്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ കിങ് ഫിഷര്‍ എയര്‍ലൈനുമായി ഒരു കൂട്ടായ്‌മ രൂപീകരിക്കാനുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ ആദ്യത്തെ തീരുമാനം - ഇതാകട്ടെ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ ഭാവിയെ വലിയ രീതിയില്‍ ബാധിക്കുന്നതും ഇതുകൊണ്ടുതന്നെ പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള രണ്ടാമത്തെ തീരുമാനത്തെക്കാള്‍ ഏറെ പ്രാധാന്യമുള്ളതുമാണ് - ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഈ കൂട്ടായ്‌മ രൂപീകരണം സിവില്‍ വ്യോമയാന മേഖലയില്‍ ആശാവഹമല്ലാത്ത കുത്തകവല്‍ക്കരണത്തിന് വഴിയൊരുക്കും. വിപണിയില്‍ പല തിരിമറികളും നടത്തി വിമാനയാത്രാനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്യും.

എന്താണ് പിരിച്ചുവിടപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കാന്‍ ജെറ്റ് എയര്‍വേയ്‌സിന്റെ ചെയര്‍മാനായ നരേഷ് ഗോയലിനെ നിര്‍ബന്ധിതനാക്കിയതെന്ന് നാം ഒരിക്കലും അറിയാന്‍ പോകുന്നില്ല. പിരിച്ചുവിടലിന് സ്വന്തം മനഃസാക്ഷിയുടെ അംഗീകാരം ലഭിച്ചില്ല, താന്‍ കാരണം നിരവധി പേരുടെ ഉപജീവനമാര്‍ഗം ഇല്ലാതാകും എന്നതോര്‍ത്ത് ഉറങ്ങുവാന്‍ പോലും കഴിഞ്ഞില്ല, എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. പിരിച്ചുവിടല്‍ പട്ടികയിലുള്ള പൈലറ്റുമാര്‍ 40 ലക്ഷത്തോളം രൂപ ചിലവാക്കിയാണ് വിമാനം പറപ്പിക്കുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കിയത്. കാബിന്‍ ക്രൂ ജീവനക്കാരാകട്ടെ 55,000 രൂപ 'സുരക്ഷാ നിക്ഷേപമായി' ജെറ്റ് എയര്‍വേയ്‌സിന് നല്‍കിയ ശേഷമാണ് ആ സ്ഥാപനത്തില്‍ ജോലിക്കായി ചേര്‍ന്നത്.

വിശാലമായ ഒരു മനസ്സിന്റെ ഉടമയായല്ല മറിച്ച് വിട്ടുവീഴ്‌ചകള്‍ക്കൊന്നും തന്നെ തയ്യാറാകാതെ ഇടപാടുകള്‍ നടത്തുന്ന ഒരു മുതലാളിയായിട്ടാണ് ഗോയല്‍ അറിയപ്പെടുന്നത്. സിവില്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍, പെട്രോളിയം മന്ത്രി മുരളി ദേവ്‌റ, മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ എന്നിവരില്‍ നിന്നും നേരിടേണ്ടി വന്ന സമ്മര്‍ദവും പൊതുജന രോഷത്തെക്കുറിച്ചുള്ള ഭീതിയുമായിരിക്കാം ജീവനക്കാരെ തിരിച്ചെടുക്കാന്‍ ഗോയലിനെ പ്രേരിപ്പിച്ചത്. ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ഗോയലിന്റെ തീരുമാനത്തെ ഏറ്റവും അധികം സ്വാധീനിച്ച ഘടകങ്ങള്‍ മധ്യവര്‍ഗവും മാധ്യമങ്ങളുമായിരിക്കാം. വെള്ളക്കോളര്‍ തൊഴില്‍ശക്തിയുടെ ഏറ്റവും ആകര്‍ഷണീയമായ വിഭാഗങ്ങളിലൊന്നായ പിരിച്ചുവിടപ്പെട്ട കാബിന്‍ ക്രൂ ജീവനക്കാര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും മധ്യവര്‍ഗത്തില്‍നിന്നും അളവറ്റ അനുകമ്പയാണ് ലഭിച്ചത്.

ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും അനന്തരഫലമായി അനുദിനം ഉപജീവനമാര്‍ഗം നഷ്‌ടപ്പെടുന്ന സംഘടിത മേഖലയിലെയും അസംഘടിത മേഖലയിലേയും പാവപ്പെട്ടവരായ അധ്വാനിക്കുന്ന തൊഴിലാളികളോട് ഇന്ത്യയിലെ സമ്പന്നവര്‍ഗം യാതൊരു രീതിയിലുമുള്ള ദയവും പ്രകടിപ്പിക്കാറില്ല. എന്നാല്‍ സമ്പന്ന വര്‍ഗത്തിന് എയര്‍ ഹോസ്‌റ്റസുമാരെ പോലുള്ള വിഭാഗങ്ങളെ പിരിച്ചുവിടുന്നത് ഒരു കാരണവശാലും സഹിക്കുവാന്‍ സാധിക്കുകയില്ല.

അതിനിടെ വ്യോമയാന കമ്പനികളെ പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് എങ്ങനെ രക്ഷപ്പെടുത്താനാകും എന്നതിനെ കുറിച്ച് ഒരു സംവാദത്തിന് പ്രഫുല്‍ പട്ടേല്‍ തുടക്കം കുറിച്ചിരിക്കുകയാണ്. വ്യോമയാന മേഖല പൊതുജനങ്ങളുടെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ഘടകമാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലാണ് ഈ സംവാദം നടക്കുന്നത്. വ്യോയാന വ്യവസായത്തിന്റെ നഷ്‌ടം കുന്നുകൂടുകയാണ് എന്നത് വാസ്‌തവം തന്നെയാണ്. 2007-08ല്‍ ഒരു ബില്യണ്‍ ഡോളറിന്റെ (4980 കോടി രൂപ) നഷ്‌ടം സംഭവിച്ച ഈ മേഖലയുടെ 2008-09 ലെ നഷ്‌ടം 2 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ വ്യോമയാന വ്യവസായത്തില്‍ ഏറ്റവുമധികം നഷ്‌ടം സംഭവിച്ചിട്ടുള്ള രാജ്യമായ അമേരിക്കയ്‌ക്ക് സമാനമായ സാഹചര്യത്തെ ഇന്ത്യയിലെ വ്യോമയാന കമ്പനികളും നേരിടേണ്ടി വന്നേക്കും. നീണ്ട കാലമായി അമേരിക്കയിലെ വലിയ വ്യോമയാന കമ്പനികളെല്ലാം പ്രതിസന്ധിയിലാണ്. ചെറിയ കമ്പനികളുടെ കാര്യമാകട്ടെ ഏറെ പരിതാപകരവുമാണ്.

ജെറ്റ് എയര്‍വേയ്‌സിന്റെയും കിങ് ഫിഷര്‍ എയര്‍ലൈനിന്റെയും നഷ്‌ടം യഥാക്രമം 800 കോടിയും ആയിരം കോടിയും രൂപ വീതമാണ്. കൂട്ടിച്ചേര്‍ക്കപ്പെട്ട എയര്‍ ഇന്ത്യ - ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇതിലും ഉയര്‍ന്ന 2144 കോടി രൂപയുടെ നഷ്‌ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന ആലംബ മനോഭാവമാണ് ഒന്നാക്കപ്പെട്ട എയര്‍ ഇന്ത്യ - ഇന്ത്യന്‍ എയര്‍ലൈന്‍സ് നഷ്‌ടത്തിലാകുന്നതിന് കാരണം.ഇതുകൂടാതെ വ്യോമയാന കമ്പനികള്‍ കുടിശികയായി പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 2000 കോടി രൂപയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് 1000 കോടി രൂപയും നല്‍കാനുണ്ട്.

പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഇന്ത്യയിലെ വ്യോമയാന കമ്പനികള്‍, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലുള്ളവ, പ്രതിസന്ധിയെ നേരിടുന്നത്. വ്യോമയാന വിപണിയില്‍ എത്രയും പെട്ടെന്ന് ഏറ്റവും കൂടുതല്‍ ആധിപത്യം സ്ഥാപിക്കുന്നതിനായി കഴിഞ്ഞ ഒരു ദശകമായി ഈ കമ്പനികള്‍ അനന്തര ഫലങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ വളരെ വേഗത്തില്‍ വികസിക്കുന്നതിനുള്ള തത്രപ്പാടിലായിരുന്നു എന്നതാണ് ഒന്നാമത്തെ കാരണം. തുടര്‍ച്ചയായ നയംമാറ്റങ്ങളിലൂടെ ഈ മേഖലയില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ സര്‍ക്കാര്‍ എടുത്തുകളഞ്ഞതാണ് മറ്റൊന്ന്. ഇത് ആവശ്യത്തിനുള്ള മൂലധനം പോലുമില്ലാതെ പ്രവര്‍ത്തനം നടത്തുന്നതിനും തോന്നുംപോലെ സര്‍വീസുകള്‍ നടത്തുന്നതിനും വ്യോയാന കമ്പനികള്‍ക്ക് സ്വാതന്ത്ര്യം നല്‍കി.

ഈ സാഹചര്യമാകട്ടെ വ്യോമയാന മേഖലയില്‍ കമ്പനികള്‍ തമ്മിലുള്ള പരിധി വിട്ടതും അനാരോഗ്യപരവുമായ മത്സരത്തിന് വഴിയൊരുക്കി. ആവശ്യമുള്ളതിനേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ അധിക സര്‍വീസുകള്‍ കമ്പനികള്‍ നടത്തുന്നത് സാധാരണയായി. മാത്രവുമല്ല വ്യോമയാന വിപണിയില്‍ തങ്ങളുടെ വ്യവസായത്തിന്റെ പങ്ക് നിലനിര്‍ത്തുന്നതിനായി കമ്പനികള്‍ ഈ മേഖലയില്‍ അടുത്തിടെ ഉണ്ടായ വളര്‍ച്ചയുടെ അനുഭവത്തെ മാത്രം അടിസ്ഥാനമാക്കി വിമാനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്‌തു. ഇതോടെ വിമാനസര്‍വീസിന്റെ കാര്യത്തില്‍ നേരത്തെ തന്നെ ഉണ്ടായിരുന്ന അധികലഭ്യതയുടെയും അതിനെ തുടര്‍ന്നുള്ള നഷ്‌ടത്തിന്റെയും പ്രശ്‌നം ഒന്നുകൂടി ഗുരുതരമായി.

വിമാന സര്‍വീസുകളുടെ എണ്ണം വര്‍ധിക്കുന്നതിനും വ്യോമയാന വ്യവസായം വികസിക്കുന്നതിനും അനുസൃതമായി കൂടുതല്‍ സാധാരണക്കാര്‍ യാത്രക്കായി വിമാനങ്ങളെ ആശ്രയിക്കുമെന്നും വിമാനക്കമ്പനികള്‍ തെറ്റിദ്ധരിക്കുകയും ഈ തെറ്റിദ്ധാരണയെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. എയര്‍ ഡെക്കാനെ പോലെ അനാവശ്യമായ ആഡംബരങ്ങള്‍ ഒഴിവാക്കി ചെലവ് കുറഞ്ഞ വിമാനയാത്ര യാഥാര്‍ഥ്യമാക്കിയ കമ്പനികള്‍ അഞ്ചു കൊല്ലങ്ങള്‍ക്കു മുമ്പ് വ്യോമയാനരംഗത്ത് പ്രവേശിച്ചത് ഈ തെറ്റിദ്ധാരണ കൂടുതല്‍ ദൃഢമാകുന്നതിന് കാരണമായി. തീവണ്ടി യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി പല വ്യോമയാന കമ്പനികളും തങ്ങളുടെ യാത്രാനിരക്കുകൾ ബോധപൂര്‍വം വെട്ടിക്കുറിച്ചു. എന്നാല്‍ വ്യോമയാന വ്യവസായത്തിന്റെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായി വേണ്ടിവരുന്ന ചെലവാണെന്നും അതുകൊണ്ട് വ്യവസായം വികസിക്കുന്നതു കൊണ്ടുമാത്രം വിമാന യാത്രാക്കൂലി സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കിലേക്ക് കുറച്ചുകൊണ്ടു വരുവാനാകുകയില്ല എന്നുമുള്ള വസ്‌തുതയെ വിമാനക്കമ്പനികള്‍ പാടെ വിസ്‌മരിക്കുകയാണുണ്ടായത്.

തീവണ്ടി യാത്രയാകട്ടെ സ്വാഭാവികമായും ചെലവ് കുറഞ്ഞതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാത്തതുമാണ്. എന്തൊക്കെയായാലും കുറഞ്ഞ വരുമാനം ലഭിക്കുന്ന ബഹുഭൂരിപക്ഷം ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം വിമാനയാത്ര വിദൂരമായ ഒരു സ്വപ്‌നമായി തുടരുക തന്നെ ചെയ്യും.

വിമാനയാത്രാനിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയിലായിരുന്ന സമീപകാലത്തു പോലും ഇന്ത്യയുടെ മൂന്ന് ശതമാനം വരുന്ന ആള്‍ക്കാര്‍ മാത്രമാണ് വിമാനത്തില്‍ സഞ്ചരിച്ചത്. ഇതില്‍ത്തന്നെ വലിയൊരു വിഭാഗം യാത്രക്കായി പഴയതുപോലെ വീണ്ടും തീവണ്ടിയെ ആശ്രയിക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുന്നു.

ആവശ്യത്തില്‍ അധികം വിമാന സര്‍വീസുകള്‍ നടത്തിയതുകൊണ്ടും സാധാരണക്കാരെ ആകര്‍ഷിക്കുന്നതിനായി നിരക്കുകള്‍ വെട്ടിക്കുറച്ചതുകൊണ്ടും 2007 ആയതോടെ പല വ്യോമയാന കമ്പനികള്‍ക്കും പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടു പോകുന്നതിന് കഴിയാത്ത സാഹചര്യം സംജാതമായി. തുടര്‍ന്ന് സഹാറ എയര്‍ലൈന്‍സിനെ ജെറ്റ് എയര്‍വേയ്‌സും പ്രതിദിനം 10.5 കോടി രൂപയുടെ നഷ്‌ടത്തെ നേരിടുകയായിരുന്ന ഡെക്കാന്‍ എയര്‍ലൈനിനെ കിങ്ഫിഷര്‍ എയര്‍ലൈന്‍സും വിലയ്‌ക്ക് വാങ്ങി.

വിമാനയാത്രാച്ചെലവ് കുറഞ്ഞതാക്കുന്നതിന് സഹായകരമായിരുന്ന വ്യോമയാന കമ്പനികള്‍ തമ്മിലുള്ള മത്സരങ്ങളെ ഇല്ലാതാക്കുന്ന ഇത്തരം ലയനങ്ങള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ഈ ലയനങ്ങള്‍ യാതൊരു തടസത്തെയും അഭിമുഖീകരിക്കാതെ നടക്കുകയാണുണ്ടായത്. ഇക്കൊല്ലം ഇന്ധനവിലയില്‍ ഉണ്ടായ വന്‍വര്‍ധന വ്യോമയാന കമ്പനികളുടെ ലാഭത്തില്‍ വീണ്ടും ഇടിവുണ്ടാക്കിയതിനെത്തുടര്‍ന്ന് അവ ഏറ്റവും കുറഞ്ഞത് 2800 രൂപയെങ്കിലും ഇന്ധന സര്‍ച്ചാര്‍ജ് എന്ന പേരില്‍ യാത്രക്കാരില്‍ നിന്നും അധികമായി ഈടാക്കുന്നതിന് ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ഇതോടെ വളരെ ചുരുങ്ങിയ കാലം മാത്രം നിലനിന്ന ചെലവ് കുറഞ്ഞ വിമാനയാത്രയുടെ യുഗം അവസാനിച്ചു. എന്നാല്‍ വ്യോമയാന കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവസാനിച്ചുമില്ല.

ഇന്ത്യന്‍ വ്യോമയാന കമ്പനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം മുഖ്യകാരണം നമ്മുടെ വ്യോമയാന മേഖലയെ അമേരിക്കന്‍ മാതൃകയില്‍ പൂര്‍ണമായും നിയന്ത്രണ വിമുക്തമാക്കിയതാണ്. വ്യോമയാന മേഖലയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വിദഗ്ധനായി അറിയപ്പെടുന്ന കാനഡയിലുള്ള മൿഗില്‍ സ്‌റ്റീഫന്‍ ഡെംപ്‌സി ഇതിനെ വളരെ ലളിതമായി അവലോകനം ചെയ്‌തിട്ടുണ്ട്. 1978-ല്‍ എയര്‍ലൈന്‍ ഡി റഗുലേഷന്‍ ആൿട് നടപ്പിലാക്കി ഒരു ദശകം ആയപ്പോള്‍ തന്നെ റൈറ്റ് സഹോദരന്മാര്‍ 1903-ല്‍ ആദ്യത്തെ വിമാനം പറപ്പിച്ച നാള്‍ മുതല്‍ നേടിയ പണമെല്ലാം അമേരിക്കയിലെ വ്യോമയാന വ്യവസായത്തിന് നഷ്‌ടപ്പെട്ടിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അന്തിമ വിലയിരുത്തല്‍.

നഷ്‌ടം കാരണം അടച്ചുപൂട്ടപ്പെട്ട അമേരിക്കന്‍ വ്യോമയാന കമ്പികളുടെ എണ്ണം നൂറ്റമ്പതോളം വരും. അവിടെ നടന്ന വ്യോമയാന കമ്പനികള്‍ തമ്മിലുള്ള ലയനങ്ങളുടെ എണ്ണം അമ്പതിലും അധികമാണ്. വികസിത രാജ്യങ്ങളില്‍ ഏറ്റവും പഴഞ്ചനായതും ഏറ്റവും കൂടുതല്‍ തവണ റീ-പെയിന്റിംഗ് നടത്തപ്പെട്ടതുമായ വിമാനങ്ങള്‍ ഉള്ളത് അമേരിക്കയിലാണ്. വ്യോമയാന മേഖലയെ നിയന്ത്രണ വിമുക്തമാക്കിയതിനു ശേഷം അമേരിക്കയില്‍ പുതിയതായി നിലവില്‍ വന്ന 176 വ്യോമയാന കമ്പനികളില്‍ ഒരെണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളു. ഈ കമ്പനി പോലും അടച്ചൂപൂട്ടലിന്റെ ഭീഷണിയെ നേരിടുകയാണ്. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയത് വ്യോമയാന മേഖലയില്‍ കുത്തകവല്‍ക്കരണത്തിനും കേന്ദ്രീകരണത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. അമേരിക്കന്‍ വ്യോമയാന മേഖലയുടെ മൂന്നില്‍ രണ്ട് പങ്കും ഇന്ന് നാല് വ്യോമയാന കമ്പനികളുടെ നിയന്ത്രണത്തിലാണ്.

സ്വതന്ത്ര വിപണിയുടെ സ്‌തുതിപാഠകര്‍ ആത്മവിശ്വാസത്തോടെ നടത്തിയ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിനു ശേഷം വിമാന യാത്രാനിരക്ക് കുറയുകയല്ല മറിച്ച് വര്‍ധിക്കുകയാണ് ചെയ്തത്. യാത്രക്കാര്‍ക്ക് ലഭിക്കുന്ന സേവനത്തിന്റെ നിലവാരത്തിലും ഇടിവും സംഭവിച്ചു.

അമേരിക്കന്‍ അനുഭവത്തില്‍ നിന്നും പാഠമൊന്നും ഉള്‍ക്കൊള്ളുവാന്‍ ഇന്ത്യ തയ്യാറാകുന്നില്ല. നിയന്ത്രണ വിമുക്തമായ വ്യോമയാന മേഖലയെന്ന അമേരിക്കന്‍ മാതൃകയെ അതേപടി അനുകരിക്കുന്നതിനാണ് - 1990 കളില്‍ അടച്ചുപൂട്ടപ്പെട്ട മോഡി.., ഈസ്‌റ്റ് വെസ്‌റ്റ് എയര്‍ലൈന്‍സ്, പനാമ എയര്‍വേയ്‌സ് എന്നീ കമ്പനികളുടെ ചരിത്രവും സമീപകാല അനുഭവങ്ങളും ഈ മാതൃക നമ്മുടെ നാട്ടില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായും തെളിയിച്ചിട്ടുകൂടി - നമ്മുടെ ഭരണാധികാരികള്‍ ശ്രമിക്കുന്നത്. വ്യോമയാന മേഖലയ്‌ക്ക് കുറഞ്ഞ ഇന്ധന നികുതി, വായ്‌പകളും മറ്റു കുടിശികകളും തിരിച്ചടക്കുന്നതിന് കൂടുതല്‍ സമയം തുടങ്ങിയ അനര്‍ഹമായ പല ഇളവുകളും ഉള്‍പ്പെടുന്ന അയ്യായിരം കോടി രൂപയുടെ ഉദാരമായ ഒരു ബെയില്‍ ഔട്ട് പാക്കേജ് നല്‍കിക്കൊണ്ട് അമേരിക്കന്‍ മാതൃകയുമായി മുന്നോട്ടു പോകുന്നതിന് തന്നെയാണ് പ്രഫുല്‍ പട്ടേല്‍ ആഗ്രഹിക്കുന്നത്.

പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് സഹായകരമായ നയങ്ങള്‍ സൃഷ്‌ടിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന ഭരണാധികാരിയായിട്ടല്ല മറിച്ച് വ്യോമയാന വ്യവസായ ലോബിയുടെ ഒരു പ്രതിനിധിയായും രക്ഷാധികാരിയുമായാണ് പ്രഫുല്‍ പട്ടേല്‍ അദ്ദേഹത്തെ കാണുന്നത്. വ്യോമയാന മേഖലയില്‍ ആരോഗ്യപരമായ മത്സരം നടക്കുന്നതിനെ തടയിടുന്ന ജെറ്റ് എയര്‍വേയ്‌സിന്റെയും കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്റെയും കൂട്ടുകെട്ടിനെ അദ്ദേഹം പിന്തുണയ്‌ക്കുകയാണ്. സമീപഭാവിയില്‍ തന്നെ ഇന്ത്യന്‍ വ്യോമയാന വിപണിയുടെ 60 ശതമാനവും ഈ കൂട്ടുകെട്ടിന്റെ നിയന്ത്രണത്തിലാകും. മിക്ക രാജ്യങ്ങളിലും ഒരു കമ്പനിയുടെ നിയന്ത്രണത്തിന്‍ കീഴില്‍ വരാവുന്ന വ്യോമയാന വിപണിയുടെ പങ്ക് 7 മുതല്‍ 15 ശതമാനം വരെയായി നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. ഈ നിശ്ചിത പരിധിയില്‍ കൂടുതല്‍ വിപണിയുടെ പങ്ക് (share) കൈക്കലാക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ കുത്തകവല്‍ക്കരണം ഒഴിവാക്കാനായി ആ രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം നടപടികള്‍ക്ക് വിധേയമാകും.

തീര്‍ച്ചയായും അസാധാരണവും വിചിത്രവുമായ രീതികളാണ് ഇക്കാര്യത്തില്‍ നമ്മുടെ ഭരണാധികാരികള്‍ പിന്തുടരുന്നത്. ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നമ്മള്‍ Monopolies and Restrictive Trade Practices Commission നെ പിരിച്ചുവിട്ടു. എന്നാല്‍ വാഗ്ദാനം ചെയ്തതുപോലെ ഇതിന്റെ സ്ഥാനത്ത് കോംപറ്റീഷന്‍ കമ്മീഷനെ നിയമിക്കാനുള്ള താല്‍പ്പര്യം കാട്ടിയതുമില്ല. ഇതെല്ലാം സ്വതന്ത്ര വിപണി നയങ്ങളെ മറയാക്കി വിപണിയെ വളച്ചൊടിച്ചും പ്രതിസന്ധി സൃഷ്‌ടിച്ചുകൊണ്ടും തടിച്ചുകൊഴുക്കുന്നതിന് കുത്തകകള്‍ക്ക് അവസരമൊരുക്കിക്കൊടുത്തു.

പ്രതിസന്ധിയും അസ്ഥിരതയും അസമത്വവും സമ്പത്തിന്റെ നശീകരണവും സൃഷ്‌ടിക്കുന്നതിനും സാമൂഹിക സന്തുലനാവസ്ഥയെ അട്ടിമറിക്കുന്നതിനും വഴിയൊരുക്കുന്ന നവ ഉദാര- സ്വതന്ത്ര വിപണി നയങ്ങളെ ലോകമാകെ തള്ളിപ്പറയുന്ന ഇന്നത്തെ സാഹചര്യത്തിലും നമ്മുടെ ഭരണവര്‍ഗം ഈ നയങ്ങളില്‍ അന്ധമായ വിശ്വാസം വച്ചുപുലര്‍ത്തുകയാണ്. ധനതത്വ ശാസ്‌ത്രത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ പുരസ്‌ക്കാരം ലഭിച്ച പോള്‍ ക്രൂഗ്‌മാനെ പോലെയുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന, വിപണി മൌലികവാദത്തെ ചോദ്യം ചെയ്യുന്ന, വ്യത്യസ്‌തങ്ങളായ ആശയങ്ങള്‍ക്ക് ഇപ്പോള്‍ വീണ്ടും മാന്യതയും സ്വീകാര്യതയും കൈവന്നിരിക്കുകയാണ്. യാഥാസ്ഥിതിക നയങ്ങളെ അതിശക്തമായി പിന്തുണച്ചിരുന്ന പലരും ഇപ്പോള്‍ ബാങ്കിംഗ്, ഗതാഗം, ടെലികോം, വാര്‍ത്താവിനിമയം, ഗതാഗതം, പ്രകൃതി വാതകം എന്നീ മേഖലകളില്‍ സര്‍ക്കാരിന്റെ നിയന്ത്രണവും ഇടപെടലും വേണമെന്ന് അഭിപ്രായപ്പെടുകയാണ്.

പാശ്ചാത്യ രാജ്യങ്ങളിലെ നിരവധി മുഖ്യധാരാ നിരീക്ഷകരും സാമ്പത്തിക - സാമൂഹിക നയങ്ങള്‍ രൂപീകരിക്കുന്നതില്‍ യാഥാസ്ഥിതിക ചിന്താധാരക്കുണ്ടായിരുന്ന മേധാവിത്വം അവസാനിച്ചുകഴിഞ്ഞു എന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. അന്തര്‍ ദേശീയ ധനകാര്യസ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനായി ഒരു ബ്രെട്ടൻവുഡ് സമ്മേളനം വിളിച്ചുകൂട്ടണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണ്‍ ആവശ്യപ്പെടുകയാണ്. നിരവധി സര്‍ക്കാരുകള്‍ വലിയ അളവില്‍ സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ദേശവല്‍ക്കരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയിലെ നിരവധി യാഥാസ്ഥിതിക ചിന്താഗതിക്കാര്‍ ഇപ്പോഴും ആഗോള സമ്പദ് ഘടന പ്രതിസന്ധിയെ നേരിടുകയാണ് എന്ന വസ്തുതയെ കണ്ടില്ലെന്ന് നടിക്കുകയും ആഗോളവല്‍ക്കരണ നയങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടുകഴിഞ്ഞു എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. മൂലധനത്തിനു മേല്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം അതിന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്നതിനും (Capital Account convertability) വളരെ രഹസ്യസ്വഭാവമുള്ള പാര്‍ട്ടിസിപ്പേറ്ററി നോട്ട് പോലുള്ള സാമ്പത്തിക ഉപകരണങ്ങളുടെ രൂപത്തില്‍ ഊഹക്കച്ചവടത്തില്‍ പങ്കെടുക്കുന്നതിനും അനുവദിക്കണമെന്നാണ് ചിലര്‍ വാദിക്കുന്നത്.

പിന്തിരിപ്പന്‍ ചിന്തകളുടെ തടവുകാരായ ഇക്കൂട്ടര്‍ കൂടുതല്‍ വേദനയും ദുരിതവുമായിരിക്കും നമുക്ക് സമ്മാനിക്കുക. ഇവര്‍ എത്ര പെട്ടെന്ന് പിന്തിരിപ്പന്‍ ചിന്തകളുടെ തടവറയില്‍ നിന്ന് മോചിതരാകുന്നുവോ അത്രയും പെട്ടെന്ന് നമുക്കെല്ലാവര്‍ക്കും നല്ലത് സംഭവിക്കുകയും ചെയ്യും.

***

പ്രഫുൽ ബിദ്വായ്, കടപ്പാട്: വര്‍ക്കേഴ്‌സ് ഫോറം

06 April, 2009

മാധ്യമം, കമ്പോളം, അധിനിവേശം

മാധ്യമം, കമ്പോളം, അധിനിവേശം

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനായ
ശ്രീ ശശികുമാർ തന്റെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കു വയ്‌ക്കുന്നു.


ഒരു മാധ്യമ വിദഗ്ധന്‍ എന്ന നിലയില്‍ കേരളത്തിലെ മാധ്യമ ഇടപെടലുകളെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?


മാധ്യമരംഗത്തെക്കുറിച്ച് പഠിച്ച റോബിന്‍ ജെഫ്രിയെപ്പോലുള്ള പണ്ഡിതര്‍ സൂചിപ്പിച്ച പോലെ ഒരു ഡ്യുവോപോളി (രണ്ടു സ്ഥാപനങ്ങളുടെ കുത്തകയുള്ള അവസ്ഥ) യായിരുന്നു കേരളത്തിലെ മാധ്യമരംഗത്ത് ദീര്‍ഘകാലമായുണ്ടായിരുന്നത്. രണ്ടു പ്രധാന മുഖ്യധാരാ ദിനപത്രങ്ങള്‍ അജന്‍ഡ നിശ്ചയിച്ചുകൊണ്ട് ഈ രംഗത്ത് ആധിപത്യമുറപ്പിച്ചു. ഈ അവസ്ഥക്ക് ഒരു പരിധിവരെ മാറ്റമുണ്ടായത് ടിവി വാര്‍ത്താചാനലുകളുടെ വരവോടെയാണ്.

മലയാളത്തിലെ അച്ചടിമാധ്യമങ്ങള്‍ വരുമാനമിശ്രിതത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ ഇംഗ്ലീഷ് ദേശീയ ദിനപത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ പ്രധാനമായും പരസ്യവരുമാനത്തെയാണ് ആശ്രയിക്കുന്നത്. വരിസംഖ്യ ഇനത്തിലുള്ള വരുമാനത്തെ അവര്‍ കാര്യമായി പരിഗണിക്കുന്നില്ല. വലുതും വന്‍ സ്വാധീനമുള്ളതുമായ പത്രങ്ങളുടെ എഴുപതു ശതമാനം വരുമാനവും പരസ്യങ്ങളില്‍ നിന്നാണ്. വരിക്കാരില്‍നിന്നു ലഭിക്കുന്ന വരുമാനം ഇരുപതു മുതല്‍ മുപ്പതു ശതമാനംവരെ മാത്രം. പത്രവും വായനക്കാരനും തമ്മിലുള്ള ബന്ധത്തില്‍ ഇത് അപകടകരമായ മാനങ്ങളുണ്ടാക്കി. വിപണിയെ പ്രതിനിധാനം ചെയ്യുന്ന പരസ്യക്കാരെക്കാള്‍ പ്രധാന്യം കുറഞ്ഞയാളായി വായനക്കാരന്‍. പത്രത്തിന് വിപണിയോടുള്ള ആശ്രിതത്വം കൂടിയ പോലെതന്നെ പത്രവും വായനക്കാരും തമ്മിലുള്ള അകലവും വര്‍ധിച്ചു. പത്രത്തിന്റെ സ്വാതന്ത്ര്യവും വായനക്കാരുടെ പ്രസക്തിയും കുറഞ്ഞു. അതേസമയം, പ്രധാന മലയാള പത്രങ്ങളില്‍ ആരോഗ്യകരമായ വരുമാനമിശ്രിതമാണുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വരുമാനത്തില്‍ മുഖ്യപങ്കും പരസ്യവരുമാനമാണെന്നും അത് പ്രധാനമാണെന്നും സംശയമില്ല. എന്നാല്‍, വരിസംഖ്യയില്‍ നിന്നുള്ള വരുമാനം 40-50 ശതമാനമാണെന്നതുകൊണ്ടുതന്നെ ഈയിനത്തിലുള്ള വരുമാനം ദയനീയമോ അപ്രധാനമോ അല്ല. വായനക്കാരന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്ന് ഊഹിക്കാം. പക്ഷേ, പത്രങ്ങള്‍ വരുമാനത്തിനായി പരസ്‌പരം മത്സരിക്കുന്നതിനൊപ്പം തന്നെ അവയ്‌ക്ക് വാര്‍ത്താചാനലുകളുമായും മത്സരിക്കേണ്ടിവരുന്നു. ടി വി ചാനലുകള്‍ക്ക് പരസ്യം മാത്രമാണ് വരുമാന മാര്‍ഗം. ഡിറൿട് ടു ഹോം (ഡിടിഎച്ച്) സംവിധാനത്തിന്റെ വരവോടെ ഈ അവസ്ഥ പതുക്കെ മാറിയേക്കാം. എങ്കിലും ഇപ്പോഴും പരസ്യങ്ങളാല്‍ നയിക്കപ്പെടുന്നവയാണ് ടി വി ചാനലുകള്‍. ശരാശരി വീടുകളുടെ പ്രധാന വാര്‍ത്താ ഉറവിടം ഏതുസമയത്തും കിട്ടുന്ന 24X7 ടെലിവിഷന്‍ ചാനലുകളായി മാറിക്കഴിഞ്ഞു. പരസ്യങ്ങള്‍ പത്രങ്ങളില്‍നിന്ന് ചാനലുകളിലേക്ക് മാറുന്നതോടെ ടി വി ചാനലുകളുടെ വിജയം അനുകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് പത്രങ്ങള്‍. ഈ പ്രക്രിയയില്‍ പത്രങ്ങളും വിപണിയില്‍ കേന്ദ്രീകരിക്കുകയാണ്. വിപണിയുടെ കൈയിലകപ്പെട്ട ഒരു വാര്‍ത്താ മാധ്യമത്തിന് ഇടപെടാനും വായനക്കാരുടെയോ കാഴ്‌ചക്കാരുടെയോ ജീവിതത്തില്‍ വ്യത്യസ്‌തത സൃഷ്ടിക്കുന്നതിനും പരിമിതമായ കഴിവുമാത്രമേ ഉണ്ടായിരിക്കൂ.

കേരളത്തിലെ ആനുകാലികങ്ങള്‍ പൊതുവെ നേരിടുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാണ് ?

കേരളത്തിലെ ആനുകാലികങ്ങള്‍ നേരിടുന്ന പ്രത്യേകമായ പ്രശ്‌നങ്ങളെക്കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, നാഷണല്‍ റീഡര്‍ഷിപ്പ് സര്‍വെയില്‍ പറയുന്നത് ദേശീയതലത്തില്‍ ആനുകാലികങ്ങളുടെ വായനയും വരുമാനവും കുറയുന്നുവെന്നാണ്. അതേസമയം, ഊര്‍ജസ്വലമായ ആനുകാലികസംസ്‌ക്കാരമാണ് കേരളത്തിലുള്ളത്. ഒരോ ആനുകാലികത്തിനും അതിന്റേതായ സ്വഭാവമുണ്ട്. അതില്‍ വിശ്വാസ്യതയുള്ള വായനസമൂഹവും.

1990 -കളോടെ കേരളത്തിലെ മാധ്യമലോകം സ്വഭാവത്തില്‍ വളരെ മാറിയിട്ടുണ്ടല്ലോ. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും ചുവടുപിടിച്ചുണ്ടായ ഈ മാറ്റത്തെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്?

തൊണ്ണൂറുകള്‍ തൊട്ട് ഒരു പുതിയ വിപ്ലവം നമ്മെ വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഉല്‍പ്പാദനപ്രക്രിയയിലും ബന്ധങ്ങളിലും വിവരാധിഷ്‌ഠിത സമ്പദ് വ്യവസ്ഥയുടെ ഉദയത്തിനും, വ്യവസായ സമൂഹത്തില്‍നിന്നു വിവരസമൂഹത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിനും മൌലികമാറ്റത്തിന് നാന്ദിയായ വിവരവിപ്ലവം (ഇന്‍ഫര്‍മേഷന്‍ റെവല്യൂഷന്‍) അല്ലെങ്കില്‍ വിവര, വാര്‍ത്താവിനിമയ വിപ്ലവം ആണത്. ഇത് ഒരു രാത്രികൊണ്ട് സംഭവിച്ചതല്ല. സുപ്രധാനമായ ഈ മാറ്റത്തിന്റെ സൂചനകള്‍ എഴുപതുകളില്‍ ഉണ്ടായിരുന്നു. മൂന്നാം തരംഗ (തേർഡ് വെയ്‌വ്) ത്തെക്കുറിച്ച് ആല്‍വില്‍ ടോഫ്ളറും വ്യവസായ തൊഴിലാളികള്‍ക്കു(ബ്ലൂ കോളര്‍) പകരം വൈറ്റ് കോളര്‍ തൊഴിലാളികള്‍ ഉയര്‍ന്നുവരുമെന്ന് ഭാവിയിലെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന സമൂഹത്തെക്കുറിച്ചു പരാമര്‍ശിക്കവെ ഡാനിയല്‍ ബെല്ലും ഡിജിറ്റല്‍ നിയന്ത്രിത ലോകത്തെക്കുറിച്ച് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെ മീഡിയലാബ് സ്ഥാപകന്‍ നിക്കോളാസ് നെഗ്രോപോണ്ടെയും പറഞ്ഞുവച്ചിരുന്നു.

ഈ വിപ്ലവത്തിന്റെ ആദ്യ പ്രതീക്ഷ ഇന്ത്യയെപ്പോലുള്ള വികസ്വര സമ്പദ് വ്യവസ്ഥകളിലെ അത്ഭുതാവഹമായ അവസരങ്ങളെക്കുറിച്ചുള്ള ഭാവനയായിരുന്നു. വ്യവസായവിപ്ലവം നമ്മിലുപേക്ഷിച്ചുപോയ വടക്കു - തെക്ക് ഭിന്നതയ്‌ക്ക് ഒരു പാലം പണിയാനുള്ള ചരിത്രപരമായ അവസരമായിരുന്നു അത്. വിവരവിപ്ലവത്തിന്റെ പ്രധാന ഉപകരണങ്ങളായ ഇലൿട്രോണിക് മാധ്യമവും കംപ്യൂട്ടറും അവയുടെ പാശ്ചാത്യമായ പ്രയോഗങ്ങളുടെ ചുവടുപിടിച്ചാണ് നമ്മിലെത്തിയത്. വ്യവസായയുഗത്തിലെ സാങ്കേതികമായ പിന്നോക്കാവസ്ഥ പൊടുന്നനെ മറികടക്കാന്‍ കഴിഞ്ഞ നമ്മള്‍ വികസിത ലോകത്തോടൊപ്പം മുന്നോട്ടു നീങ്ങി.

വിവര സാങ്കേതിക വിദ്യയുടെ രണ്ടു പ്രധാനഘടകങ്ങള്‍ അനലോഗില്‍നിന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്കുള്ള മാറ്റവും ടെൿനോളജിക്കല്‍ കണ്‍വേര്‍ജന്‍സുമാണ്. ഈ രണ്ടു സവിശേഷതകള്‍ക്കും വിപുലമായ ജനാധിപത്യസാധ്യതകളുണ്ട്. പക്ഷേ, ഇവ രണ്ടും കൂടിച്ചേര്‍ന്നപ്പോള്‍ തികച്ചും വിരുദ്ധമായ ഒരു ഫലം സൃഷ്‌ടിച്ചുകൊണ്ട് ഇവ ഹൈജാക്കു ചെയ്യപ്പെട്ടു. മാധ്യമരംഗത്തെ കൂറ്റന്‍ കുത്തകകളുടെ വളര്‍ച്ചക്ക് വഴിയൊരുക്കിക്കൊണ്ട് ടെൿനിക്കല്‍ കണ്‍വെര്‍ജന്‍സ് തകര്‍ന്നു. ഈ സഹസ്രാബ്‌ദത്തിന്റെ തുടക്കത്തിലെ ആധിപത്യമുള്ള രാഷ്‌ട്രീയ തത്വശാസ്‌ത്രമായ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. ഇതിന്റെ അന്തിമഫലം റോബര്‍ട്ട് മൿ ചെ‌ന്‍സിയുടെ 'റിച്ച് മീഡിയ ആന്‍ഡ് പുവര്‍ ഡെമോക്രസി' എന്ന പുസ്‌തകത്തില്‍ പ്രതിപാദിച്ചത് നാം കണ്ടു. മാധ്യമങ്ങള്‍ കൂടുതല്‍ സമ്പന്നമാവുകയാണെന്നും ജനാധിപത്യം കൂടുതല്‍ ദരിദ്രമാവുകയാണെന്നുമാണ് മൿ ചെ‌ന്‍സി ഈ പുസ്തകത്തില്‍ വാദിക്കുന്നത്. മാധ്യമങ്ങള്‍ ലാഭമുണ്ടാക്കരുതെന്നല്ല ഇതിനര്‍ഥം. സാമ്പത്തികമായി മെച്ചപ്പെട്ട മാധ്യമസ്ഥാപനങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്തവയുമാവാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമുക്ക് സമ്പന്നമായ മാധ്യമങ്ങളും ദരിദ്രമായ മാധ്യമപ്രവര്‍ത്തനവുമാണുള്ളത്. കാതലായ മൂല്യങ്ങളും മാധ്യമപ്രവര്‍ത്തനത്തിന്റെ മൌലികതത്വങ്ങളും ലാഭമുണ്ടാക്കുന്നതിന് തടസ്സമാണെന്ന് കണ്ടെത്തിയ, സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ വിപണി മന്ത്രങ്ങളില്‍ വീണുപോയ മാധ്യമസ്ഥാപനങ്ങള്‍ ഈ മൂല്യങ്ങളെല്ലാം കുഴിച്ചുമൂടി. ഒരു പതിറ്റാണ്ടിലേറെയായി ലാഭം കൊയ്യുന്ന ഇന്ത്യയിലെയും കേരളത്തിലെയും മുഖ്യധാരാമാധ്യമങ്ങള്‍ തങ്ങളുടെ പത്രപ്രവര്‍ത്തനത്തിന്റെ നിലവാരത്തകര്‍ച്ച ലാഭത്തെ ബാധിക്കുന്നില്ലെന്ന് മനസ്സിലാക്കി. ലാഭം കൊയ്‌തുകൊണ്ട് സമൃദ്ധിനേടുന്ന മാധ്യമങ്ങളും വിഭവദാരിദ്ര്യം അനുഭവിക്കുകയും അനുദിനം ചുരുങ്ങുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തനവും തമ്മിലുള്ള യഥാര്‍ഥ ധ്രുവീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അന്തര്‍ലീനമായ വൈരുധ്യമായി തോന്നിയേക്കാം. എന്നാല്‍, തൊണ്ണൂറുകള്‍ മുതല്‍ മാധ്യമങ്ങളില്‍ നിന്ന് കുത്തകകളിലേക്കുള്ള വളര്‍ച്ചയെ മാധ്യമപ്രവര്‍ത്തനത്തിന്റെ തകര്‍ച്ചയായാണ് അടയാളപ്പെടുത്തേണ്ടത്. മാധ്യമങ്ങളുടെ ഭാവി ശോഭനമായേക്കാം. പക്ഷേ, പത്രപ്രവര്‍ത്തനത്തിന്റേത് ഒരു ചോദ്യചിഹ്നമാണ്.

ഒന്നിനോടും പ്രതിബദ്ധതയില്ലാത്ത ഒരു സംഘം പ്രൊഫഷണലുകളുടെ കൈകളിലേക്ക് മുഖ്യധാരാ മാധ്യമ ലോകം മാറിക്കഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിനോടുള്ള താങ്കളുടെ പ്രതികരണമെന്തായിരിക്കും. നവോത്ഥാനകാല മാധ്യമ പ്രവര്‍ത്തനത്തെ മനസ്സില്‍വച്ചുകൊണ്ട് ഈ ചോദ്യത്തോടൊന്ന് പ്രതികരിക്കാമോ?

ഇന്ന് മാധ്യമങ്ങള്‍ മാടിവിളിക്കുന്നത് വായനക്കാരെയും കാഴ്‌ചക്കാരെയുമല്ല, വിപണിയെ മാത്രമാണ്. മാധ്യമസ്ഥാപനങ്ങള്‍ക്കുള്ളിലെ മാറ്റങ്ങള്‍ തികച്ചും പ്രകടമാണെന്ന് നിങ്ങള്‍ക്കു കാണാം. സ്വതന്ത്രവും സുഗമവുമായ മാധ്യമത്തിന്റെ ഏറ്റവും നല്ല മാതൃകയില്‍ എഡിറ്റോറിയല്‍ വിഭാഗത്തിനും മാര്‍ക്കറ്റിങ്ങ് വിഭാഗത്തിനുമിടയ്‌ക്ക് എപ്പോഴും ഒരു മതില്‍ ഉണ്ടായിരുന്നു. ആ മതിലാണ് ഇപ്പോള്‍ തകര്‍ന്നത്. പലപ്പോഴും മാര്‍ക്കറ്റിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ എഡിറ്റോറിയല്‍ വിഭാഗം ചെയ്യുകയും ചെയ്യുന്നു. പ്രധാനപ്പെട്ട ഇംഗ്ലീഷ് ദിനപത്രങ്ങളുടെയും ആനുകാലികങ്ങളുടെയും ചീഫ് എഡിറ്റര്‍ തന്നെയാണ് ചീഫ് എൿസിക്യൂട്ടീവ് ഓഫീസറുടെ തൊപ്പിയണിയുന്നത്. വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതോടെ പത്രത്തിന്റെയോ മാഗസിന്റെയോ എഡിറ്ററുടെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി മാറും. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയും നമ്മുടെ പൊതുമണ്ഡലത്തില്‍ ഒരു സാമൂഹ്യസ്ഥാപനമെന്ന പദവി അലങ്കരിക്കുകയും ചെയ്‌ത അച്ചടി മാധ്യമങ്ങള്‍ക്കുണ്ടായ മൌലികമായ മാറ്റത്തിന്റെ ഒരു ഘട്ടമാണിത്. ഇപ്പോളത് കമ്പോളത്തില്‍ ഒരിടം കണ്ടെത്തിയിരിക്കുന്നു. താരതമ്യേന പുതിയതും സ്വതന്ത്രവുമായ ടി വി ചാനലുകള്‍ക്കാവട്ടെ, രാഷ്‌ട്രനിര്‍മാണത്തിന്റെ ഭാഗമാണെന്ന പൈതൃകമില്ല. അവ പരസ്യത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിലാണ് വ്യാപരിക്കുന്നത്. സര്‍ക്കാര്‍ നിയന്ത്രണമുള്ള പ്രചാരണമാധ്യമ (ദൂരദര്‍ശന്‍) ത്തില്‍ നിന്ന് കുതറിച്ചാടുന്നതിനു മാത്രമല്ല, ജനങ്ങളെ സംബന്ധിച്ച് പ്രസക്തമാവുന്ന കാര്യങ്ങളില്‍ ഇടപെടാനുള്ള അവസരവും ഇലൿട്രോണിക് മാധ്യമ വിപ്ലവം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സ്വകാര്യ ടി വി ചാനലുകള്‍ കൂടുതല്‍ സ്വകാര്യമായി. ബിസിനസ് മാത്രമായി പരിമിതപ്പെട്ടു. തുടക്കത്തില്‍ പ്രതീക്ഷ ഉയര്‍ത്തിയതുപോലെ പൊതുജനതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവയ്‌ക്ക് കഴിഞ്ഞതുമില്ല. സ്വാഭാവികമായി മനസ്സിലുയരുന്ന ചോദ്യമുണ്ട്. കമ്പോളത്തിലെ മറ്റു ഉല്‍പ്പന്നങ്ങള്‍ പോലെയാണ് മാധ്യമങ്ങള്‍ എങ്കില്‍ അവ എങ്ങനെ നമ്മുടെ ഭരണഘടനയുടെ 19-ാം അനുഛേദം ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കും? ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥാ പരീക്ഷണകാലംതൊട്ട് പത്രങ്ങളെ വരിഞ്ഞുമുറുക്കാനും നിയന്ത്രിക്കാനും കേന്ദ്ര-സംസ്ഥാനതലങ്ങളില്‍ നിയമങ്ങള്‍ കൊണ്ടുവന്നപ്പോഴൊക്കെ പത്രങ്ങള്‍ക്ക് ജനകീയവിശ്വാസവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ ഐക്യദാര്‍ഢ്യം മാധ്യമങ്ങളില്‍നിന്ന് പൊതുജനങ്ങള്‍ക്കും ലഭിക്കേണ്ടതല്ലേ. സ്വതന്ത്രവിപണിയുടെ അവകാശങ്ങള്‍ക്കായി മാധ്യമങ്ങള്‍ നിലകൊള്ളുമ്പോള്‍ എന്തിനാണ് ജനങ്ങള്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഉണര്‍ന്നുകൊണ്ടേയിരിക്കുന്നത്? കമ്പോളത്തോടുള്ള മാധ്യമങ്ങളുടെ പ്രതിപത്തി ഒരു കെണിയാണ്. വായനക്കാരെ/പ്രേക്ഷകരെ പരസ്യക്കാരെക്കൊണ്ട് പകരം വയ്‌ക്കുന്ന, അങ്ങനെ കമ്പോളത്തിന് പകരം വയ്‌ക്കുന്ന മാധ്യമങ്ങള്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്.

ടി വി ചാനലുകളുടെ പെരുക്കം കേരളത്തെ എങ്ങനെയൊക്കെയാണ് ബാധിച്ചുകൊണ്ടിരിക്കുന്നത്?

മത്സരക്ഷമത ഉപഭോക്താവിന് തെരഞ്ഞെടുക്കാനുള്ള അവസരങ്ങളും വ്യത്യസ്‌തകളും സൃഷ്‌ടിക്കുമെന്നാണ് സ്വതന്ത്ര വിപണിയിലെ ടെലിവിഷന്റെ ലോകം മുന്നോട്ടുവയ്‌ക്കുന്ന ആശയം. പക്ഷേ, എല്ലാ ചാനലുകളിലെയും പരിപാടികള്‍ ഏകതാനവും വാര്‍പ്പുമാതൃകയിലുള്ളതുമാവുന്നു. ചാനലുകള്‍ തമ്മിലുള്ള വ്യത്യാസവും അവര്‍ വാഗ്ദാനം ചെയ്യുന്നവയും തികച്ചും പരിമിതവും സാങ്കല്‍പ്പികവുമാണ്. പ്രൈം ടൈമിലെ സീരിയലായാലും റിയാലിറ്റി ഷോ ആയാലും ന്യൂസ് ഷോ അയാലും എല്ലാ ചാനലിലും ഒരുപോലെ തന്നെ. സാമ്പത്തികശാസ്‌ത്രത്തിലെ ലോ ഓഫ് ഡിമിനിഷിങ് റിട്ടേണ്‍സ് പ്രതിഭാസം ഇതില്‍ പ്രയോഗിച്ചാല്‍, നിങ്ങള്‍ക്ക് ഒരേ ഇനത്തിലുള്ളത് കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കുമ്പോള്‍, ഈ ആധിക്യം കുറയുന്ന ഘട്ടത്തിലാണ് നിങ്ങള്‍ എത്തിച്ചേരുക. ഇതാണ് ചാനലുകളുടെ പെരുക്കം നമ്മോട് ചെയ്യുന്നത്. കൂടുതല്‍ എന്ന പേരില്‍ നമുക്ക് കിട്ടുന്നത് കുറച്ചു മാത്രം. പരിപാടികള്‍ പരിമിതം. ഒരേ മെനുവിലെ പകരംവയ്‌ക്കലുകള്‍ മാത്രം. ഇത് നമ്മുടെ മനസ്സിന്റെ ചക്രവാളങ്ങളെ വിപുലമാക്കുന്നില്ല. പകരം നമ്മുടെ ത്വര ഒരു കിടങ്ങില്‍ ചെന്നുചാടും. ചാനലുകള്‍ നമുക്ക് തരുന്നതില്‍ കൂടുതല്‍ നല്ലതൊന്നുമില്ലെന്ന് അറിയാവുന്നതുകൊണ്ടുതന്നെ കൂടുതല്‍ മെച്ചപ്പെട്ടതു വേണമെന്ന് നാം ആവശ്യപ്പെടാറുമില്ല. ബൌദ്ധികമായ വന്ധ്യംകരണത്തിന്റെ നിരാശാജനകവും അപകടകരവുമായ പ്രക്രിയയാണിത്. ഇങ്ങനെയാണ് ഇംഗ്ലീഷ് പഴഞ്ചൊല്ലില്‍ പറയുന്നപോലെ നമ്മള്‍ സ്വയം 'കൌച്ച് പൊട്ടറ്റോ'കളായി അധഃപതിക്കുന്നത്.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ സ്ഥാപകനാണല്ലോ താങ്കള്‍. അത്തരമൊരു ചാനല്‍ തുടങ്ങുമ്പോള്‍ സമൂഹത്തില്‍ അതിന്റെ ഇടപെടലുകള്‍ എങ്ങനെയായിരിക്കണം എന്നായിരുന്നു താങ്കള്‍ വിഭാവനം ചെയ്‌തിരുന്നത്?

ഏഷ്യാനെറ്റ് ഒരു വെറും ചാനലോ ഒരു സാംസ്‌ക്കാരികോല്‍പ്പന്നമോ അല്ല, പുരോഗമനപരവും മാനുഷികവുമായ മൂല്യങ്ങള്‍ക്കായുള്ള ഒരു പ്രസ്ഥാനമാവണമെന്നായിരുന്നു എന്റെ കാഴ്‌ചപ്പാട്. പ്രേക്ഷകരെ ശാക്തീകരിക്കുകയും അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും, അവന്റെ ഇന്ദ്രിയങ്ങളെയല്ല, ബുദ്ധിയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന പരിപാടികളുടെ തുടക്കം ഇതാവണമെന്നായിരുന്നു കാഴ്‌ചപ്പാട്. ചാനല്‍ വിളമ്പുന്നതെല്ലാം നിഷ്‌ക്രിയവും അലസവുമായി സ്വീകരിക്കുന്നവരായി പ്രേക്ഷകരെ മാറ്റുന്നതിന് പകരം ചോദ്യംചെയ്യാനും അന്വേഷിക്കാനുമുള്ള ഒരു ത്വര അവരിലുണ്ടാക്കുക എന്നതായിരുന്ന ലക്ഷ്യം. ഗുണപരമായ മാറ്റമുണ്ടാക്കാത്ത വിവരങ്ങള്‍ വെറും പരദൂഷണമാണെന്ന് മുമ്പാരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചാനല്‍ ഗുണപരമായ മാറ്റത്തിനുള്ളതാവണമെന്നും നിഷ്‌ക്കര്‍ഷിച്ചിരുന്നു. വിനോദത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ധാരണ വ്യത്യസ്‌തമായതുകൊണ്ടുതന്നെ ഇത് ഘട്ടംഘട്ടമായി മാത്രമേ സാധിക്കൂ എന്ന് എനിക്ക് ബോധ്യമായി. ആദ്യഘട്ടത്തില്‍ സ്‌പോണ്‍സര്‍മാര്‍ക്കും പരസ്യക്കാര്‍ക്കും എളുപ്പം വില്‍ക്കാന്‍ കഴിയുന്ന, കൂടുതല്‍ ജനപ്രിയപരിപാടികള്‍ ചാനലിലെ അര്‍ഥപൂര്‍ണമായ നല്ല പരിപാടികളുമായി ക്രോസ് സബ്‌സിഡി ചെയ്യുകയായിരുന്നു. ചാനലില്‍ നിന്ന് ഞാന്‍ ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെന്നത് വാസ്‌തവം. പക്ഷേ, നല്ല രീതിയില്‍ വ്യത്യസ്‌തത സൃഷ്‌ടിക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു.

പോയ വര്‍ഷങ്ങളിലെ ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? ആരംഭകാലത്തെ ഏഷ്യാനെറ്റും ഇന്നത്തെ ഏഷ്യാനെറ്റും താരതമ്യം ചെയ്യാമോ?

അന്നത്തെയും ഇന്നത്തെയും എഷ്യാനെറ്റിനെ താരതമ്യപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ചാനലിനെ പുറത്തുനിന്ന് വിമര്‍ശിക്കാന്‍ എളുപ്പമാണ്. ചാനലിന്റെ ഡ്രൈവിങ് സീറ്റിലില്ലാത്തപ്പോള്‍ അതിനെ വിമര്‍ശിക്കുന്നത് ആശാസ്യമല്ല. ഒരു പൊതു ബ്രോഡ്‌കാസ്റ്റിങ് ഫിലോസഫി എന്ന ആശയമാണ് ഏഷ്യാനെറ്റിനെ നയിക്കേണ്ടിയിരുന്നത് എന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിപണിയിലെ കുതിപ്പ് താഴോട്ടുള്ള കുതിപ്പാണ്. മത്സരത്തില്‍ മുകളില്‍ നില്‍ക്കുക എന്നതാണ് വെല്ലുവിളി. ജനങ്ങള്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നു എന്നതാണ് മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രഭുക്കളും ഇപ്പോള്‍ വാദിച്ചുകൊണ്ടേയിരിക്കുന്നത്. ഇത് കള്ളവാറ്റുകാരന്റെ ന്യായമാണ്. വായനക്കാരന്റെ അഭിരുചികളെ പരിപക്വമാക്കുകയും നിര്‍ബന്ധിതാവസ്ഥയില്‍ ആ അഭിരുചിയെ കയ്‌പുള്ളതാക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഒരു സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.

ഏഷ്യാനെറ്റിനെ മര്‍ഡോക്ക് വാങ്ങി എന്ന വാര്‍ത്തയോട് താങ്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?

മര്‍ഡോക് ഏഷ്യാനെറ്റ് വാങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഞാനും കേട്ടു. അത് സത്യമാണോ എന്നറിയില്ല. ഇതുസംബന്ധിച്ച് വിശ്വസനീയമായ ഒരു വിവരവും എനിക്കില്ല. ഇതെല്ലാം ശരിയാണെങ്കില്‍ ഈ ബിസിനസ്സിലെ വിനോദമെന്ന ഭാഗത്തെക്കുറിച്ചാണ് നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. വാര്‍ത്തയെപ്പറ്റിയല്ല. കാരണം ന്യൂസ് ചാനലില്‍ 24 ശതമാനം മാത്രമേ വിദേശനിക്ഷേപം അനുവദിച്ചിട്ടുള്ളൂ. മര്‍ഡോക്കിന്റെ ഓഹരികള്‍ രൂപപ്പെടുത്താനും മര്‍ഡോക്ക് സാന്നിധ്യം പൊതുജനങ്ങളില്‍നിന്ന് ഒളിച്ചുവയ്‌ക്കാനുമുള്ള നിരവധി നിഗൂഢവഴികളുണ്ട്. ഇത്തരം ഇടപാടുകള്‍ നടത്താന്‍ വിദഗ്ധരാണ് മര്‍ഡോക്കിന്റെ സംഘം. പക്ഷേ, ഈ ആശയം മൊത്തത്തില്‍ ഏഷ്യാനെറ്റിനു മാത്രമല്ല, ഏതു സ്വതന്ത്ര മാധ്യമത്തിനും അരുചിയുണ്ടാക്കുന്നതാണ്. വ്യവസായയുഗത്തില്‍ ഹെന്‍ട്രി ഫോർഡും ഫോർഡിസവും എത്ര കൊടിയ ശാപമായിരുന്നോ അത്രയുമാണ് വിവരയുഗത്തില്‍ മര്‍ഡോക്കും മര്‍ഡോക്കിസവും. മാധ്യമങ്ങളിലെ ഏറ്റവും നീചമായതിനെയാണ് മര്‍ഡോക് പ്രതിനിധാനം ചെയ്യുന്നത്. ലോകത്തെങ്ങുമുള്ള പത്രപ്രവര്‍ത്തനത്തെ മര്‍ഡോക് തന്ത്രപൂര്‍വം വരിയുടയ്-ക്കുകയാണ്. പൂച്ചയ്‌ക്കുമുന്നില്‍ പെട്ട പ്രാവുകളുടെ അവസ്ഥയാണ് കേരളത്തില്‍ മര്‍ഡോക്കിനെ കയറൂരിവിട്ടാല്‍ ഉണ്ടാവുക. കേരളത്തിലെ മാധ്യമങ്ങളുടെ സ്ഥിതി കൂടുതല്‍ ദയനീയവും ദരിദ്രവുമാകും. മര്‍ഡോക്കിന്റെ മാധ്യമങ്ങള്‍ എപ്പോഴും വലതുപക്ഷരാഷ്‌ട്രീയത്തെയാണ് ആശ്ലേഷിക്കുന്നത്. ഒപ്പം ഇടതുപക്ഷരാഷ്‌ട്രീയത്തിനെതിരെ തെറ്റായ പ്രചാരണവും നടത്തുന്നു. എഡ്വേഡ് ഹെര്‍മാനൊപ്പം നോം ചോംസ്‌ക്കി എഴുതിയ മാന്യുഫാൿചറിങ് കണ്‍സെന്റ് എന്ന പുസ്തകത്തില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കുമേല്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് അരിപ്പകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. 'കമ്യൂണിസ്‌റ്റ് വിരുദ്ധത ഒരു ദേശീയമതം' എന്ന അഞ്ചാമത്തെ അരിപ്പക്ക് ഏറ്റവും ശക്തമായ പ്രചാരണം നല്‍കുന്നത് മര്‍ഡോക് അല്ലാതെ മറ്റാരുമല്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബരാക് ഒബാമയെ തകര്‍ക്കാന്‍ മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ഫോൿസ് ന്യൂസ് നടത്തിയ പരിശ്രമങ്ങള്‍ ശ്രദ്ധിക്കുക. ഒബാമയുടെ വിജയസാധ്യത ദിനംപ്രതി വര്‍ധിക്കുമ്പോള്‍ അവര്‍ പന്തയത്തിന്റെ വീര്യം കുറയ്‌ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വലതുപക്ഷ റിവിഷനിസത്തിന്റെയും അവസരവാദത്തിന്റെയും സംയുക്തമാണിത്. മര്‍ഡോക്കിന്റെ ചാനലുകളെ രാജ്യത്തുനിന്ന് പുറത്താക്കുകയും കര്‍ശനമായ മുന്നുപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്‌ത ചൈന മാത്രമാണ് മര്‍ഡോക്കിന് കടിഞ്ഞാണിട്ടത്.

മാതൃഭൂമിയുടെ ഓഹരികള്‍ മറ്റൊരു പത്രം വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റിന്റെ വില്‍പ്പന അത്തരത്തിലുള്ള പ്രതിഷേധമൊന്നും സൃഷ്‌ടിച്ചില്ലല്ലോ?

മാതൃഭൂമിയുടെ അനുഭവം ഒരു ശരിയായ താരതമ്യമല്ല. കാരണം, ശത്രുതാപരമായ ആ ഏറ്റെടുക്കല്‍ ചെറുത്തുതോല്‍പ്പിച്ചിരുന്നു. ഇവിടെ ഇരുപക്ഷത്തിനും സ്വീകാര്യമായ കരാറാണെന്നത് സുവ്യക്തമാണ്. കേരളത്തിലെ മാധ്യമപരിസ്ഥിതിയെ ഇതെങ്ങനെ ബാധിക്കുമെന്നതാണ് ഉത്കണ്ഠാകുലം.

പരസ്യങ്ങളുടെയും സ്വകാര്യ മൂലധനത്തിന്റെയും പിടിയില്‍നിന്നുകൊണ്ട് എന്തെങ്കിലുമൊരു ബ്രേക്ക് ടെലിവിഷന്‍ ചാനലുകള്‍ക്ക് ഉണ്ടാക്കാനാകുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

സ്വകാര്യമൂലധനംകൊണ്ട് സ്ഥാപിക്കപ്പെടുകയും പരസ്യവരുമാനംകൊണ്ടു മുന്നോട്ടുപോവുകയും ചെയ്യുന്നതാണ് നമുക്ക് പരിചിതമായ മാധ്യമമാതൃക. വൈകിയിട്ടാണെങ്കിലും മൂലധനത്തിന്റെ പുതിയ രൂപങ്ങളും വരുമാനമാര്‍ഗങ്ങളും ഈ മേഖലയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. രാഷ്‌ട്രീയ മുതലാളിത്തം എന്നുവിളിയ്ക്കാവുന്ന മാധ്യമ ബിസിനസ് ഇറ്റലിയിലും തായ്‌ലന്‍ഡിലും ആഞ്ഞടിച്ചു. തന്റെ ടി വി ചാനലുകളുടെ പിന്‍ബലത്തിലാണ് ഇറ്റലിയില്‍ സില്‍വിയോ ബെര്‍ലുസ്‌ക്കോണി അധികാരത്തിലെത്തിയത്. അതുപോലെ തന്നെ തായ്‌ലന്‍ഡില്‍ ഷിനാവത്ര അധികാരത്തിലെത്തിയത് മാധ്യമനിക്ഷേപങ്ങളിലൂടെയും. അമേരിക്ക പിരികയറ്റിവിട്ട ടി വി ചാനലുകള്‍ വെനിസ്വേലയില്‍ ഷാവേസിനെതിരെ എങ്ങനെ ആയുസ്സ് അധികമില്ലാത്ത ഒരു അട്ടിമറി സംഘടിപ്പിച്ചുവെന്നും നമുക്കറിയാം. ഇന്ത്യയില്‍ പ്രാദേശികഭാഷകളില്‍ തുടങ്ങിയ ചില രാഷ്‌ട്രീയ ചാനലുകളും രാഷ്‌ട്രീയ മൂലധനത്തില്‍ നിന്നാണുണ്ടായത്. തമിഴ്‌നാട്ടില്‍ ഇത്തരം ചാനലുകളുടെ പ്രളയമാണ്. നേരത്തെ സണ്‍ ടിവിയും ഇപ്പോള്‍ കലൈഞ്ജര്‍ ടിവിയും ഡിഎംകെയുടെ ഉടമസ്ഥതയില്‍. എഐഎഡിഎംകെയുടെ ജയാ ടിവി, പിഎംകെയുടെ മക്കള്‍ ടിവി, പിന്നെ രണ്ടു കോണ്‍ഗ്രസ് ചാനലുകളും. കേരളത്തില്‍ കക്ഷിരാഷ്‌ട്രീയം ചാനലുകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. സിപിഐ എമ്മിന്റെ കൈരളിയും കോണ്‍ഗ്രസിന്റെ ചാനലും. ജനങ്ങളില്‍ നിന്ന് ഓഹരിയെടുത്തു തുടങ്ങിയ മൂലധനമാണ് കൈരളിക്കുള്ളത് എന്നതുകൊണ്ട് ആ ചാനല്‍ വ്യത്യസ്‌ത തലത്തിലാണ്.

കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴി ലഭിക്കുന്നതും പരസ്യവരുമാനം കൊണ്ടു പ്രവര്‍ത്തിക്കുന്നതുമായ ഡിറൿട് ബ്രോഡ്‌കാസ്റ്റ് സാറ്റലൈറ്റ്(ഡിബിഎസ്) സാങ്കേതിക വിദ്യ ഇപ്പോള്‍ ഡിറൿട് ടു ഹോം(ഡിടിഎച്ച്) സാങ്കേതിക വിദ്യക്ക് വഴിമാറിയിരിക്കുന്നു. ഇതില്‍ കേബിള്‍ ഓപ്പറേറ്റര്‍മാരില്ല. ആവശ്യമായ ബാന്‍ഡ് വിഡ്ത്തിന്റെ അഭാവമാണ് ഈ രംഗത്തെ കുപ്പിക്കഴുത്ത്. എങ്കിലും ഇതില്‍ ഉടന്‍ മാറ്റം വരും. ചെറുസംരംഭകരെ സംബന്ധിച്ചിടത്തോളം ഐപിടിവി ചെലവുകുറഞ്ഞ സാങ്കേതികവിദ്യയാണ്. ഈ മേഖല കൈയടക്കിയ കുത്തകകള്‍ക്കും കാര്‍ടലുകള്‍ക്കും എതിരെ ജനകീയ സംസ്‌ക്കാരം സൃഷ്‌ടിക്കാന്‍ ഇതിനാവും.

ജനകീയമായ ടെലിവിഷന്‍ ചാനലുകള്‍ക്കുവേണ്ടി ആഗോളതലത്തില്‍ പോയകാലത്തുണ്ടായ പരിശ്രമങ്ങളെക്കുറിച്ചൊന്നു വിശദീകരിക്കാമോ?

നിര്‍ഭാഗ്യമെന്നു പറയട്ടെ, ആഗോളതലത്തില്‍ സ്വതന്ത്രമായ മുന്‍കൈയെടുക്കലിന് കാര്യമായ ശ്രമമുണ്ടായിട്ടില്ല. പ്രതീക്ഷാനിര്‍ഭരമായ ചില തുടക്കങ്ങളുണ്ടായെങ്കിലും പിന്നീടത് അസ്‌തമിച്ചു. മുന്‍കാലങ്ങളില്‍ പൊതുപ്രക്ഷേപണസേവനങ്ങള്‍ക്ക് പണം നല്‍കിയത് സ്റ്റേറ്റും അപകടകാരികളല്ലാത്ത കോര്‍പറേറ്റുകളുമാണ് എന്നതാണ് വാസ്‌തവം. അവ താരതമ്യേന പക്വവും ഉദ്ബുദ്ധവുമായിരുന്നു. പക്ഷേ വാണിജ്യ ടെലിവിഷനുകള്‍ ഇവയെ ഞെക്കിപ്പുറത്താക്കി. അമേരിക്കയിലെ പിബിഎസിന്റെ ചഞ്ചലവും അനിശ്ചിതവുമായ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇതിന് തിളങ്ങുന്ന ഉദാഹരണമാണ്. നിഷേധികളായ ചെറുപ്പക്കാരുടെ ഒരു മണ്ഡലത്തെ ഏകോപിപ്പിക്കാന്‍ കഴിവുണ്ടായിരുന്ന എംടിവി പോലുള്ള ചാനലുകള്‍ പ്രതീക്ഷ ഉയര്‍ത്തിയിരുന്നുവെങ്കിലും അവയും സാംസ്‌ക്കാരികമായ സാമ്രാജ്യത്വത്തിന്റെ ഭാഗമാവുകയും ദേശീയ മൂല്യങ്ങളെയും സ്വത്വങ്ങളെയും കടന്നാക്രമിക്കുകയും ചെയ്‌തു. ഡിറൿട് ബ്രോഡ്‌കാസ്റ്റിങ് കാലത്തെ ടെലിവിഷന്‍ ലോകസോഷ്യലിസത്തെ നശിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് പൂര്‍ണമായും മനസ്സിലാക്കപ്പെട്ടിട്ടില്ല. ഡിബിഎസ് സിഗ്നലുകള്‍ രാജ്യാതിര്‍ത്തികളെ ബഹുമാനിക്കുന്നില്ല. ഡി ബി എസിന്റെ കാല്‍ച്ചുവട്ടിലുള്ള ആര്‍ക്കും സിഗ്നലുകള്‍ സ്വീകരിക്കാം. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്ക് തൊട്ടുമുമ്പ്, എണ്‍പതുകളുടെ ഒടുവില്‍ കിഴക്കന്‍ ബര്‍ലിനിലേക്ക് നടത്തിയ യാത്ര ഞാന്‍ അനുസ്‌മരിക്കുന്നു. കിഴക്കന്‍ ബര്‍ലിനില്‍ ഞാന്‍ സന്ദര്‍ശിച്ച വീടുകളില്‍ എല്ലാം സ്വന്തം ഡിഷ് വഴി പടിഞ്ഞാറന്‍ ജര്‍മനിയില്‍നിന്നുള്ള ഉപഗ്രഹ ടെലിവിഷന്‍ സിഗ്നലുകള്‍ രഹസ്യമായി ലഭിച്ചിരുന്നു. ഇവ നിരോധിക്കപ്പെട്ടിരുന്നുവെങ്കിലും നിയന്ത്രിക്കാനുള്ള സംവിധാനമുണ്ടായിരുന്നില്ല. ഞാന്‍ പോയ വീടുകളിലെല്ലാം അവര്‍ പശ്ചിമ ജര്‍മന്‍ പരിപാടികള്‍ കാണുന്നുണ്ടായിരുന്നു. ജര്‍മനിയിലേക്ക് മൊഴിമാറ്റം ചെയ്‌ത ഡലസ് എന്ന അമേരിക്കന്‍ സീരിയല്‍ ആയിരുന്നു എല്ലാവരും ആവേശത്തോടെ കാണ്ടിരുന്നത്. സമ്പന്നമായ അമേരിക്കന്‍ ജീവിതരീതിയെക്കുറിച്ചുള്ള ഒരു മിത്തായിരുന്നു ആ സീരിയല്‍. വലിയ കാറുകള്‍, നീന്തല്‍ക്കുളമെല്ലാമുള്ള കൊട്ടാരസദൃശമായ വീടുകള്‍, ആര്‍ഭാടത്തിന്റെ എല്ലാത്തരം ഘടകങ്ങളും നിറഞ്ഞതായിരുന്നു ആ സീരിയല്‍.ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ ഇങ്ങനെയാണ് ജീവിക്കുന്നതെന്ന് കിഴക്കന്‍ ബര്‍ലിന്‍കാര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. വീടും ഹീറ്റിങ്ങും പൊതുഗതാഗതവും വിദ്യാഭ്യാസവും ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൌകര്യങ്ങളും ആ സോഷ്യലിസ്റ്റ് രാജ്യത്ത് സൌജന്യമായോ, കുറഞ്ഞ ചെലവിലോ ലഭിച്ചിട്ടും അമേരിക്കന്‍ മാതൃകയിലുള്ള നല്ല ജീവിതം നഷ്‌ടപ്പെട്ടതില്‍ കിഴക്കന്‍ ബര്‍ലിന്‍കാര്‍ നഷ്‌ടബോധം പ്രകടിപ്പിച്ചു. പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഒരു വിപ്ലവത്തിലേക്ക് നയിച്ചത് ഇതെല്ലാമാണ്. ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കും ഇതുതന്നെയാണ് കാരണമായത്. ഒരു സോപ്പ് ഓപ്പറക്ക് ഒരു രാജ്യത്തിനുമേല്‍ ഇതൊക്കെ ചെയ്യാനാവും. ഇത് അതിശയോക്തിപരമല്ല. അതുകൊണ്ടാണ് ഫ്രഞ്ച് സാംസ്‌ക്കാരിക മന്ത്രി ജാക് ലാങ് പ്രഖ്യാപിച്ചത് - ഡലസ് ഒരു സാംസ്‌ക്കാരിക സാമ്രാജ്യത്വമാണെന്ന്.

സമൂഹത്തിന്റെ കൂട്ടായ അഭിലാഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന് ഒരു ടെലിവിഷന്‍ ആരംഭിക്കുക എന്ന ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആസ്‌ട്രേലിയയിലെ ആദിവാസി സമൂഹം ഒരു ടി വി ചാനല്‍ തുടങ്ങിയതാണ് ഈ രംഗത്തെ ശ്രദ്ധേയമായ കാര്യം. തൊണ്ണൂറുകളുടെ തുടക്കത്തില്‍ അവര്‍ സ്വന്തമായി ഫണ്ട് സ്വരൂപിച്ചാണ് ചാനല്‍ നടത്തിക്കൊണ്ടുപോയത്. എന്നാല്‍ വിപണിയുടെ സമ്മര്‍ദത്തിന് അടിപ്പെട്ട് ചാനലിന്റെ വ്യത്യസ്‌തത നഷ്‌ടമായി. സമാനമായ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. കാനഡയിലെ ഇന്യുട്ട് ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷനും ന്യൂസിലാന്‍ഡിലെ ആദിവാസികളായ മാവോറിസ് സ്വന്തമായ ഒരു പ്രക്ഷേപണ സംവിധാനം തുടങ്ങിയതും ഇതില്‍ പ്രധാനപ്പെട്ടവയാണ്.

ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാധ്യമങ്ങള്‍ പിന്നോട്ടു പോയി എന്ന വിമര്‍ശനത്തോട് താങ്കളുടെ പ്രതികരണം എന്താണ് ?

മാധ്യമങ്ങളില്‍ ഒരു നല്ല പങ്ക് വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്നത് സത്യമാണ്. തന്ത്രപരമായി മാധ്യമങ്ങളില്‍ നുഴഞ്ഞുകയറാന്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി വലതുപക്ഷ ഹിന്ദുത്വം നടത്തിയ കൂട്ടായ ശ്രമങ്ങള്‍ അപകടകരമായ വിജയത്തിലെത്തിയിരിക്കയാണ്. മാധ്യമറിപ്പോര്‍ടുകളിലൂടെ അവരുടെ ഗൂഢപ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുമ്പോഴൊക്കെ കത്തുകളിലൂടെയും ഫോണ്‍കോളുകളിലൂടെയും പത്രങ്ങള്‍ക്കുമേല്‍ കടന്നാക്രമണം നടത്തുകയാണ് ജാഗരൂകമായ വലതുപക്ഷഹിന്ദുത്വ ബ്രിഗേഡ്. ശക്തവും പരുഷവുമായ ഒരു സമ്മര്‍ദ ഗ്രൂപ്പായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ഒറീസയിലെ ക്രിസ്‌ത്യന്‍ വംശഹത്യയുടെ, പ്രത്യേകിച്ച് പൊലീസിന്റെ കണ്‍മുന്നില്‍ വെച്ച് കന്യാസ്‌ത്രീയെ നീചമായി ബലാല്‍സംഗം ചെയ്‌ത വാര്‍ത്ത നല്‍കിയ ശക്തമായ സെക്യുലര്‍ പത്രമായ ദ ഹിന്ദുവിനെ അവര്‍ ലക്ഷ്യമിട്ടത് എങ്ങനെയെന്ന് നോക്കുക. വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ടു ചെയ്യുന്ന കാര്യത്തില്‍ പ്രാദേശികപത്രങ്ങളെക്കാള്‍ മെച്ചമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ എന്നതാണ് ചരിത്രം. 2002ലെ ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഇംഗ്ലീഷ് പത്രങ്ങളും ഗുജറാത്തി പത്രങ്ങളും റിപ്പോര്‍ട് ചെയ്‌തതിലെ വൈരുധ്യങ്ങള്‍ ഇതിനകം സ്വതന്ത്രപഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ടുള്ള ഹിന്ദുത്വത്തിന്റെ പ്രസംഗങ്ങളും ലേഖനങ്ങളും ഇന്റര്‍നെറ്റില്‍ അതിന്റെ ഏറ്റവും നീചമായ അവസ്ഥയിലാണ്.

ടെലിവിഷനിലായാലും , പല ചാനലുകളും മതസംവാദങ്ങള്‍ക്കായി മാത്രമുള്ളതാണ്. ഇവയില്‍ ഏറിയപങ്കും അന്യമതങ്ങളോടും ആചാരങ്ങളോടും അസഹിഷ്‌ണുത പുലര്‍ത്തുന്നവയാണ്. താരതമ്യേന നവവും ഉത്കൺ‌ഠാകുലാവുമായ ഒരു പ്രവണതയുണ്ട്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിന്റെ പേരില്‍ മുസ്ലീം സമുദായത്തിന് പ്രത്യേക മുദ്രനല്‍കാനും സമുദായത്തിനെതിരെ ദുരാരോപണം ഉന്നയിക്കാനും ഗവണ്‍മെന്റിന്റെയും ഇന്റലിജന്‍സ് ഏജന്‍സികളുടെയും ആളുകള്‍ക്ക് അറിയാതെയെങ്കിലും വേദി നല്‍കുകയാണ് മുഖ്യധാരാചാനലുകള്‍.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദൂരദര്‍ശന്‍ മാത്രമുള്ള കാലത്ത് മതനിരപേക്ഷ ഇടം ടെലിവിഷനില്‍ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഇതിനു വിരുദ്ധമായി ഹിന്ദുത്വ വോട്ട് ബാങ്ക് വളര്‍ത്താന്‍ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയുടെ കാലത്ത് രാമായണം പോലുള്ള ഐതിഹ്യസീരിയലുകളെ പ്രൈംടൈമില്‍ കെട്ടഴിച്ചുവിട്ടതോടെയാണ് ദൂരദര്‍ശന്റെ മതനിരപേക്ഷ ചരിത്രത്തിന് ആഘാതമേറ്റത്. മെഗാ ടിവി സീരിയലിനുവേണ്ടി തുളസീദാസിന്റെ രാമായണം തെരഞ്ഞെടുത്തതും പ്രശ്‌നം സൃഷ്‌ടിച്ചിരുന്നു. കാരണം 12, 13 നൂറ്റാണ്ടുകളിലെ മുസ്ലീം ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള ധാരണകളോടുള്ള ഒരു പ്രതികരണമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ഹിന്ദുഭവനങ്ങള്‍ക്ക് അറിയാവുന്ന ശാന്തനും ഉദാരനുമായ രാമനല്ല, ആക്രമണോത്സുകനും യുദ്ധസന്നദ്ധനുമായ രാമനെയാണ് സീരിയല്‍ വരച്ചു കാട്ടിയത്. വിശുദ്ധഭാവമുള്ള രാമനെ എല്ലാ അഹിന്ദുശക്തികളെയും കടന്നാക്രമിക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന യുദ്ധവീരനായ, അമ്പും വില്ലും അണിഞ്ഞ രാമനെയാക്കി രാമാനന്ദ് സാഗര്‍ ഈ സീരിയലില്‍ മാറ്റിയെടുത്തു. ഹിന്ദുത്വത്തിന്റെ വിദ്വേഷപ്രചാരണത്തിന്റെയും ബാബ്‌റി പള്ളി തകര്‍ക്കുന്നതില്‍ കലാശിച്ച എല്‍ കെ അദ്വാനിയുടെ രഥയാത്രയുടെയും ബിംബമായി ഈ രാമന്‍ മാറുകയായിരുന്നു.

ഈ സീരിയല്‍ സംപ്രേഷണം ചെയ്‌തതിനു പിന്നാലെ ഇതിഹാസ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി സീരിയലുകള്‍ ടെലിവിഷന്‍ സ്‌ക്രീനിനെ വൈറസ് പോലെ ബാധിച്ചു. ഇതിന്റെ എല്ലാ കുറ്റവും ചെന്നു ചേരുന്നത് ആദ്യമായി ഇത്തരം സീരിയലുകള്‍ക്ക് അനുമതി നല്‍കിയ രാജീവ്ഗാന്ധിയിലാണ്.

മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണം മാധ്യമങ്ങള്‍ക്കുള്ളിലും മാധ്യമങ്ങളുപയോഗിച്ചും സൃഷ്‌ടിക്കാനാണ് വലതുപക്ഷ ഹിന്ദുത്വം ശ്രമിക്കുന്നത്. 'കപടമതേതരത്വം' എന്ന വ്യാജപ്രയോഗം അവര്‍ രൂപപ്പെടുത്തിയെടുത്തു. ആമുഖത്തില്‍ പോലും രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന് നിര്‍വചിക്കുകയും ഏതു മതവും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള പ്രഛന്നമായ ആക്രമണമാണിത്.

വാണിജ്യവല്‍ക്കരണത്തിന്റെ ഇക്കാലത്ത്, പരിമിതികളില്‍ നിന്നുകൊണ്ടാണെങ്കിലും, ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെയൊക്കെ പ്രവര്‍ത്തിക്കാം?

വാണിജ്യവല്‍ക്കരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ യഥാര്‍ഥ സ്‌പിരിറ്റ് വിപണി ചോര്‍ത്തിക്കളഞ്ഞിട്ടുണ്ടെങ്കിലും, രൂപപ്പെടുന്ന ചില പ്രതിപ്രവണതകള്‍ വെള്ളിരേഖകളാവുന്നു. ചുരുക്കത്തില്‍, വാര്‍ത്താമാധ്യമത്തിന്റെ വിശ്വാസ്യത സംശയിക്കപ്പെട്ടിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് ജനങ്ങള്‍ കൂടുതലായി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ബ്ലോഗുകളും ബ്ലോഗിടങ്ങളും(ബ്ളോഗ് സ്‌പേസ്) പത്രപ്രവര്‍ത്തനത്തിന്റെ പിന്നാമ്പുറമായിരിക്കുന്നു. പലപ്പോഴും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും സന്ദര്‍ഭങ്ങളില്‍ മുഖ്യധാരാമാധ്യമങ്ങള്‍പോലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാര്‍ നടത്തുന്ന വിശ്വസനീയമായ ബ്ലോഗുകളിലെ വിവരങ്ങളെ പൂര്‍ണമായി ആശ്രയിക്കുന്നു. ഇറാഖിന്റെ കാര്യത്തില്‍ ഇത് വളരെ വ്യക്തമായി കാണാം. അമേരിക്കന്‍ അധിനിവേശം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആ രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനോ രാജ്യത്തെ സ്ഥിതിയെക്കുറിച്ച് ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങള്‍ ശേഖരിക്കാനോ കഴിയുന്നില്ല. ഇറാഖിലെ പ്രാദേശിക സ്‌ട്രിങ്ങര്‍മാരും ബ്ലോഗര്‍മാരും നല്‍കുന്ന വിരങ്ങള്‍ക്കായി അവര്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ കാത്തുകെട്ടിക്കിടക്കും. അവരില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് ടി വിയിലും റേഡിയോയിലും പത്രങ്ങളിലും വരുന്നത്. തങ്ങളുടെ ഈ വിധിയെക്കുറിച്ച് ഫലിതബോധമുള്ള പാശ്ചാത്യ ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ സ്വയം പരിഹസിക്കുന്നത് മങ്കി ജേർണലിസ്‌റ്റുകള്‍ എന്നാണ്. കാരണം കൂടുതല്‍ സമയവും ഹോട്ടലുകളുടെ ടെറസില്‍ കഴിയുന്ന ഇവര്‍ക്ക് ബ്ലോഗര്‍മാരും സ്‌ട്രിങ്ങര്‍മാരും നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

അധികാരകേന്ദ്രങ്ങളോട് സത്യം വിളിച്ചു പറയലാണ് മാധ്യമദൌത്യം. ഇന്ന് സിറ്റിസണ്‍ ജേർണലിസ്‌റ്റാണ് മാധ്യമത്തോട് സത്യം വിളിച്ചു പറയുന്നത്. അധിനിവേശശക്തികളോട് രാജിയാവാത്തവര്‍ക്ക് പ്രതിഷേധിക്കാനുള്ള പ്രധാനകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് ഇന്റര്‍നെറ്റ്. ഫിനാന്‍സ് മൂലധനം അഭൂതപൂര്‍വവും ദയനീയവുമായ പ്രതിസന്ധിയിൽ പെട്ടിരിക്കയാണെന്നും ആ മൂലധനവ്യവസ്ഥ ഉല്‍പ്പാദിപ്പിച്ച മാധ്യമമൂല്യങ്ങള്‍ വല്ലാതെ തുറന്നുകാട്ടപ്പെട്ടിരിക്കയാണെന്നും നാം മറക്കരുത്.

****

കടപ്പാട്: ദേശാഭിമാനി വാരിക,

ദൈവം ഉറങ്ങുകയാണ്

ദൈവം ഉറങ്ങുകയാണ്

ദൈവമേ..നീ എവിടെയാണ്...?

ഇന്നലെയും നഗരത്തില്‍ ബോംബ് പൊട്ടി.

ദൈവാധീനം!

അത്യാഹിതം നിയന്ത്രണാതീതമായില്ല. പൊട്ടിക്കഴിഞ്ഞശേഷം സ്വയം നിര്‍വീര്യമായി ബോംബ് അതിന്റെ ദേശസ്‌നേഹം കാണിക്കുകയും ചെയ്‌തു. പ്രശ്‌നം ഗുരുതരവുമായില്ല. എണ്ണിത്തീര്‍ക്കാവുന്ന ശവങ്ങളേ ഉണ്ടായിരുന്നുള്ളു.

അക്കങ്ങള്‍ പെറുക്കിവെച്ച് മരണം കണക്കാക്കേണ്ടി വന്നില്ല എന്നുള്ളത് തന്നെ സംഭവത്തിന്റെ ലാളിത്യം വ്യക്തമാക്കുന്നു. മാത്രമല്ല, അതുകൊണ്ട് മരണത്തെക്കുറിച്ച് ഔദ്യോഗികവും അനൌദ്യോഗികവുമായ തര്‍ക്കങ്ങളും ഉണ്ടായില്ല.

കണക്കില്‍പ്പെടാതെ അന്ത്യകര്‍മങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്ന അപമാനത്തില്‍ നിന്ന് ജഡങ്ങള്‍ രക്ഷപ്പെടുകയും ചെയ്‌തു. പൊതുവെ ശാന്തവും,സമാധാനപരവും, രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കാത്തതുമായിരുന്നു ആ സ്‌ഫോടനം. ഒരു ചായക്കോപ്പയിലെ പൊട്ടിത്തെറി.

മരണം രണ്ടിലൊതുങ്ങിയത് ഇന്നത്തെ സാഹചര്യത്തില്‍ തീര്‍ത്തും നിലവാരമില്ലാത്തതായിപ്പോയി. ഒരാളെക്കൊന്നാല്‍ കൊല, പത്തുപേരെക്കൊന്നാല്‍ മനോരോഗി, നൂറുപേരെക്കൊന്നാല്‍ യുദ്ധം എന്നാണല്ലൊ കണക്ക്. അതുകൊണ്ട് ഈ ' രണ്ട് ' ഏതില്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വിദഗ്ധര്‍ക്കിടയില്‍ തര്‍ക്കമുണ്ട്. തര്‍ക്കം തീരുന്നതു വരെ ഇതില്‍ അഭിപ്രായം പറയാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവും.

എന്തായാലും മരിച്ച രണ്ടുപേര്‍ രണ്ടു മതത്തില്‍പെട്ടവരായത് നന്നായി. അതുകൊണ്ട് മാത്രം മതനിരപേക്ഷത 1- 1ല്‍ ശക്തമായ സമനില പാലിച്ചു. നമ്മുടെ ജനാധിപത്യ - മതനിരപേക്ഷ സങ്കല്‍പ്പം എത്ര ഭദ്രമാണെന്നതിന്റെ തെളിവാണ് ഈ 1-1. നാനാത്വത്തില്‍ ഏകത്വത്തിന്റെ നിദാനമായി ഈ 1-1.വൈവിധ്യം ബലഹീനതയല്ല, ശക്തി തന്നെയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ 1-1. ഈശ്വര്‍ അള്ളാ തേരേ നാം എന്ന് ഈ 1-1ല്‍ ഉറച്ചുപാടാം. ദൈവം ഒന്നാണെന്നും മനുഷ്യര്‍ അതിനെ രാമനെന്നും അള്ളായെന്നും മാറിമാറി വിളിക്കുന്നതാണെന്നും ഈ 1-1 തെളിയിക്കുന്നു.

തെരുവില്‍ ചെരുപ്പ്കുത്തുന്ന പയ്യനും, വസ്ത്രം വില്‍ക്കുന്ന മധ്യവയസ്‌ക്കനുമാണ് മരിച്ചത്.

ചെരുപ്പ്കുത്തിയായ പയ്യന്‍ ഭാഗ്യവാനാണ്. അവന്‍ അനാഥന്‍. അവനെക്കുറിച്ച് അവനൊന്നും അറിയാത്തതിനാല്‍ സംതൃപ്‌തനുമായിരുന്നു. ഓര്‍ക്കാന്‍ ഒരു ബാല്യം പോലും ഇല്ല. ഭൂതകാലത്തിന്റെ ഭാരമില്ല. ഗൃഹാതുരത്വം പറഞ്ഞ് രസിക്കാനുള്ള വരുമാനവുമില്ല.

ഏകാകിയായ ദരിദ്രന്റെ അലസസുന്ദരമായ ജീവിതം!. അവന് ആമുഖം വേണ്ട. പരിചയപ്പെടുത്താന്‍ ഒരു സ്വാഗത പ്രാസംഗികനെ കൊണ്ടു നടക്കേണ്ട.

ഓര്‍മ വെച്ച നാള്‍ മുതല്‍ ഈ തെരുവിലുണ്ട്. വില്‍ക്കുന്നവരുടെയും വാങ്ങുന്നവരുടെയും തെരുവ്. ഇവിടെ വരുന്നത് സ്വപ്‌നങ്ങള്‍ ഉള്ളവര്‍ മാത്രമാണ്. പണത്തിന്റെ സ്വപ്‌നം!

ചവിട്ടിക്കടന്നുപോയവര്‍ എത്ര. ചവിട്ടുകൊണ്ടവര്‍ എത്ര. എന്നിട്ടും ആരും പിന്മാറുന്നില്ല. ആരും തോല്‍ക്കുന്നില്ല. ചിലര്‍ മറ്റുള്ളവരെ പെട്ടെന്ന് കടന്ന് പോകുന്നു എന്നു മാത്രം.

ഇതോന്നും അവന്‍ അറിഞ്ഞില്ല. അവന്‍ ചെരുപ്പുകളെ മാത്രം കാത്തിരിക്കുകയാണ്. ചെരുപ്പുകളെ മാത്രം. അവന്‍ ഒരിക്കലും മുഖമുയര്‍ത്താറില്ല. അതിന്റെ ആവശ്യമില്ല. അവന് ചെരുപ്പുകള്‍ മതി. ആരുടെ കാലിലാണ് അത് കിടക്കുന്നതെന്ന് അവനറിയേണ്ട. അവനെ ഈ തൊഴില്‍ പഠിപ്പിച്ചയാളും ആരെയും നോക്കാറില്ലായിരുന്നു. എങ്ങനെയാണ് അയാളുടെ അടുത്തെത്തിയതെന്ന് അവനറിയില്ല.

ഇതേ സ്ഥലത്ത് തന്നെയാണ് അയാളും ഇരുന്നത്. എങ്ങനെയോ അയാളുടെ അടുത്തെത്തി. അയാള്‍ക്ക് അവനോട് എന്തോ ഇഷ്‌ടം തോന്നി.

അയാള്‍ അവനോട് പേര് ചോദിച്ചു. അന്ന് അവന് പേരില്ലായിരുന്നു. അയാള്‍ ഒരു പേര് വിളിച്ചു. അങ്ങനെ ആദ്യമായി അവന് ഒരു പേരു കിട്ടി. അയാള്‍ മരിച്ചതോടെ അവന്‍ ആ പേരും ഉപേക്ഷിച്ചു. ഈ നഗരത്തില്‍ ജീവിക്കാന്‍ പേരു വേണ്ട.

അയാളും അവനെപ്പോലെ ആരുമില്ലാത്തവനായിരുന്നു. കറുത്ത് മെലിഞ്ഞ ഒരാള്‍. കറുത്ത തൊപ്പിയും, വെളുത്ത താടിയും.നെറ്റിയില്‍ തഴമ്പ്. മുഖം നിറയെ ചുളിവുകള്‍. കറുത്ത് ഉണങ്ങിയ ചുണ്ട്. വെളുത്ത് പിഞ്ഞിയ ജുബ്ബ. ആര്‍ക്കും ഇഷ്‌ടം തോന്നാത്ത രൂപം.

അയാള്‍ക്ക് അതിന്റെ ആവശ്യവുമില്ല. പക്ഷേ അവന്‍ മാത്രം ആ കണ്ണില്‍ കരുണ കണ്ടു. നെറ്റിയിലെ തഴമ്പ് ദയാപൂര്‍വം അവനെ നോക്കുന്നതായി തോന്നി.

കിട്ടുന്ന പണം ഈ തഴമ്പില്‍ തൊട്ടാണ് അയാള്‍ പെട്ടിയിലിട്ടത്. ഈ പണം അയാള്‍ക്ക് ദൈവം കൊടുക്കുന്നതായിരുന്നു. അതുകൊണ്ട് അവര്‍ ഭക്ഷണം കഴിച്ചു. പലപ്പോഴും രണ്ടു പേര്‍ക്ക് വിശപ്പ് തീരാനുള്ള പണം ഉണ്ടാവില്ല. ആ പട്ടിണി നിശ്ശബ്‌ദമായി പങ്കുവെച്ച് അവര്‍ ഉറങ്ങി, സ്വപ്‌നങ്ങളില്ലാതെ.

ഒരു ദിവസം പെട്ടെന്ന് അയാള്‍ മരിച്ചു.

സൂചിയും നൂലുമായി അയാള്‍ ഇരുന്ന ആ പഴയ പത്രത്തിന്റെ മീതെ ഒരു കാല്‍ കുന്തിച്ച് മുഖം മുട്ടുകാലില്‍ താങ്ങി അവനുമിരുന്നു; കാലുകള്‍ നീളുന്നതും കാത്ത്. അതാണ് അവന്റെ ചോറ്. എല്ലാ കാലുകളും അവന് ദൈവം തരുന്നതായിരുന്നു. ആ കാലുകളില്‍ അവന്‍ ഹിന്ദുവിനെയും മുസ്ലീമിനെയും ക്രിസ്‌ത്യാനിയെയും കണ്ടില്ല. അവന്‍ അതില്‍ ദൈവത്തെ കണ്ടു.

പണം നെറ്റിയില്‍ തൊട്ട് പെട്ടിയിലിട്ടു.

എന്നിട്ടും അവന്റെ ശരീരം ചിതറിത്തെറിച്ചു.

ദൈവമേ..നീ എവിടെയാണ്?

നീ എന്തുകൊണ്ട് അവന്റെ രക്ഷകനായില്ല ?

നീ ആരെയാണ് ഭയപ്പെടുന്നത്?

വസ്‌ത്ര വ്യാപാരി അനാഥനല്ല. അയാള്‍ക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്. രണ്ടുപേരും പഠിക്കുന്നു.

അയാള്‍ക്ക് സ്വപ്‌നങ്ങളുണ്ട്. അയാള്‍ക്ക് കിട്ടുന്ന ഓരോ നാണയവും ആ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയാണ്. രാത്രിയില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ അയാള്‍ തകരപ്പെട്ടി തുറന്ന് പണമെണ്ണുന്നു.

ഇനിയെത്ര ദൂരം?

മക്കളെ പഠിപ്പിച്ച് മിടുക്കികളാക്കണം. പിന്നെ അവര്‍ക്ക് നല്ല വിവാഹം. അവസാന കാലത്ത് സ്വസ്ഥമായി കഴിയാനുള്ള വസ്‌തുവകകള്‍.

കണക്ക് കൂട്ടിയാണ് അയാളുടെ ജീവിതം.

രാവിലെയും രാത്രിയും അയാള്‍ ഗണപതിക്കോവിലില്‍ പോകും. കണക്കുകള്‍ തെറ്റരുതേ എന്ന് പ്രാര്‍ഥിക്കും. ഒരു വിഹിതം ദൈവത്തിനും നല്‍കും.

വിവിധ തരം തുണികളെടുത്ത് അയാള്‍ വഴിയാത്രക്കാരെ വീശിക്കാണിച്ചു. ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു. ആളുകള്‍ തടിച്ചുകൂടി. ഓരോ തുണിക്കും അവര്‍ വിലപേശി. വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും മെച്ചം. നന്മനിറഞ്ഞ ലാഭം.

സ്‌നേഹത്തോടെയുള്ള പെരുമാറ്റം. സൌമ്യഭാവം. ആളുകള്‍ അയാളെത്തേടി എത്തി. ഇയാള്‍ ചതിക്കില്ലെന്ന് അവര്‍ പരസ്‌പരം പറഞ്ഞു. കുട്ടികള്‍ അയാളെ 'മാമാ' എന്ന് വിളിച്ചു. അവര്‍ക്ക് അയാളെ വലിയ ഇഷ്‌ടമായി. അയാള്‍ക്ക് ചുറ്റും തിരക്ക് കൂടി. അയാള്‍ കൂടുതല്‍ കൂടുതല്‍ തുണികള്‍ കൊണ്ടുവന്നു. വിവിധ നിറത്തിലുള്ള തുണികള്‍. എല്ലാം വിറ്റുപോയി.

അയാള്‍ക്ക് ലാഭം കൂടി.

ശബ്‌ദമുണ്ടാക്കാതെ അയാള്‍ സ്വന്തം സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുത്തു.

അയാള്‍ക്ക് ഒപ്പം ആ കുടുംബവും.

വെടിച്ചില്ലുകള്‍ അയാളുടെ നെഞ്ചും തകര്‍ത്തു.

സ്വപ്‌നങ്ങളുടെ സ്വകാര്യ സിംഹാസനം ഛിന്നഭിന്നമായി.

ഭാര്യയും മക്കളും ജഡത്തില്‍ കെട്ടിപ്പിടിച്ചു. ആ ജഡം എടുത്തുകൊണ്ടു പോയാല്‍ അവശേഷിക്കുന്നത് ശൂന്യതയാണ്. ശബ്‌ദമില്ലാത്ത, ചലനമില്ലാത്ത ശൂന്യത; ഒരിക്കലും അടയ്‌ക്കാത്ത ഒരു ശവപ്പെട്ടി പോലെ.

ആ ശവത്തില്‍ അവര്‍ മുറുക്കെമുറുക്കെപ്പിടിച്ചു. ആരൊക്കെയോ അവരുടെ കൈകള്‍ വിടുവിച്ചു. ശവം ചുടലയിലേക്കെടുത്തു. ചുടലത്തീ അണഞ്ഞിട്ടും വിലാപത്തിന്റെ നേര്‍ത്ത പുക ഉയര്‍ന്നുകൊണ്ടേയിരുന്നു.

ദൈവമേ, നീ എവിടെയാണ്?

നിന്നെ വിശ്വസിക്കുന്നവരില്‍ നിന്നു നീ എങ്ങോട്ടാണ് ഒളിച്ചോടുന്നത്?

നീ ആരെയാണ് ഭയക്കുന്നത്?

സ്‌കൂള്‍ ബസ്സില്‍നിന്നു തുള്ളിച്ചാടി അമ്മയുടെ അടുത്തേക്കോടിയ പിഞ്ചുകുഞ്ഞ് വെടിയേറ്റ് വീണതും നീ കണ്ടില്ല.

അന്നും അവള്‍ക്ക് അമ്മയോട് എന്തോ പറയാനുണ്ടായിരുന്നു.

നൂറില്‍ നൂറും കിട്ടിയെന്നോ, നൃത്തത്തില്‍ ഒന്നാമതായെന്നോ, പാട്ടില്‍ മിടുക്കിയായെന്നോ, ടീച്ചര്‍ ഉമ്മകൊടുത്തെന്നോ..മറ്റോ.

നീ അതിന് സമ്മതിച്ചില്ല.

അമ്മയുടെ മടിത്തട്ടില്‍ അവള്‍ രക്തം വാര്‍ന്ന് കിടന്നു.

എല്ലാ തുമ്പികളെയും കണ്ടു തീരുന്നതിന് മുമ്പ്, എല്ലാ പൂക്കളും വിടരുന്നതിനു മുമ്പ്, എല്ലാ നക്ഷത്രങ്ങളും ചിരിക്കുന്നതിനു മുമ്പ്, എല്ലാ കഥകളും കേട്ടു തീരുന്നതിന് മുമ്പ്...അവളെ അമ്മയുടെ മാറില്‍ നിന്നു പറിച്ചെടുക്കുകയാണ്.

അമ്മയുടെ മടിയില്‍ കിടന്ന് അവള്‍ കെഞ്ചി..

'അമ്മേ..എനിക്ക് ഉറക്കം വരുന്നപോലെ..'

അവള്‍ കണ്ണുകള്‍ ആവുന്നത്ര തുറക്കാന്‍ ശ്രമിച്ചു. ആവുന്നത്ര ശക്തിയില്‍ ശ്വസിക്കാന്‍ ശ്രമിച്ചു.

പക്ഷേ,

കൈകള്‍ തണുത്തുതുടങ്ങി, കാലുകള്‍ മരവിച്ചു തുടങ്ങി, കണ്ണുകള്‍ കൂമ്പിത്തുടങ്ങി.

ജീവന്റെ കൂട്ടില്‍ നിന്ന് ഒരു കിളിക്കുഞ്ഞ് താഴെ വീണു.

'പൊന്നുമോളേ..'

അമ്മയുടെ ഇടനെഞ്ചില്‍ നിന്ന് ഒരിടിവാള്‍ പാഞ്ഞു.

ദൈവമേ, നീ എവിടെയാണ്?

ഈ ശബ്‌ദവും നീ കേള്‍ക്കുന്നില്ലേ?

ഞങ്ങളുടെ സര്‍വശക്തനായ ദൈവം ഇപ്പോള്‍ അന്ധനും ബധിരനുമാണോ?

എവിടെ നിന്റെ വിശ്വരൂപം?

എവിടെ നിന്റെ ദിവ്യാല്‍ഭുതം?

എവിടെ നിന്റെ സംഹാരശക്തി?

ഞങ്ങളുടെ പൂജാപാത്രങ്ങളില്‍ ചോരവീഴുന്നത് നീ കാണുന്നില്ലേ?

വിശ്വസിക്കാന്‍ ഒരു കെട്ടുകഥയെങ്കിലും തന്ന് നീ ഞങ്ങളെ ഉപേക്ഷിച്ചുകൊള്ളു.

എങ്കിലും ഇത് ഞങ്ങളുടെ ബാഷ്‌പാഞ്‌ജലി.


****

എം എം പൌലോസ്
കടപ്പാട്.

05 April, 2009

അമേരിക്കയില്‍ നിന്നും പഠിക്കേണ്ട പാഠം

അമേരിക്കയില്‍ നിന്നും പഠിക്കേണ്ട പാഠം

മുംബൈയില്‍ നടന്ന നൂറ്റി‌എണ്‍പത് പേരുടെ കൂട്ടക്കുരുതിക്കു ശേഷം പ്രചരിച്ച വാദങ്ങളില്‍ ഏറ്റവും അപഹാസ്യമായത് ഇതായിരുന്നു: ഇത്തരം ഭീകരതയോട് എങ്ങിനെ പ്രതികരിക്കണം എന്ന് ഇന്ത്യ അമേരിക്കയില്‍ നിന്നും പഠിക്കണം. “അമേരിക്കയെ നോക്കൂ , 9/11നുശേഷം അമേരിക്കന്‍ മണ്ണില്‍ മറ്റൊരാക്രമണം ഉണ്ടായിട്ടുണ്ടോ?” വീണ്ടും വീണ്ടും ഇതേ വായ്‌ത്താരി എങ്ങും മുഴങ്ങുകയാണ് . ആ ദുരന്തത്തിനുശേഷം വാഷിങ്ങ്ടണ്‍ എടുത്ത നടപടികള്‍ വളരെ ഫലപ്രദമായിരുന്നതിനാൽ പിന്നീടവരെ ശല്യം ചെയ്യാന്‍ ആരും തന്നെ തുനിഞ്ഞിട്ടില്ല, ഇതാണീ വാദഗതികളുടെ ചുരുക്കം. എന്നാൽ വാസ്‌തവമെന്താണ് ? മനോനില തെറ്റിയവർക്ക് മാത്രം ഉയർത്താൻ കഴിയുന്ന ഒരു വാദമല്ലേയിത് ? അമേരിക്കയുടെ “പ്രതികരണം‍”തീര്‍ച്ചയായും വ്യത്യസ്‌തമാണ്, അതിൽ നിന്നും ധാരാളം പാഠങ്ങള്‍ പഠിക്കേണ്ടതായുമുണ്ട്. പൿഷെ ആ പ്രതികരണത്തിൽ തെറ്റ് പറ്റാത്തതായി തീരെക്കുറച്ച് കാര്യങ്ങളേയുള്ളൂ എന്നതാണ് യാഥാർത്ഥ്യം.

9/11 ന് നടന്ന ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ഏതാണ്ട് 3000 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. യുദ്ധത്തിനിറങ്ങുക എന്നതായിരുന്നു ഇതിനു അമേരിക്കയുടെ പ്രതികരണം. അവര്‍ രണ്ടു യുദ്ധങ്ങള്‍ തുടങ്ങി, അതിലൊന്നാകട്ടെ 9/11 ലെ സംഭവങ്ങളുമായി ഒരു ചെറിയ ബന്ധം പോലും ഇല്ലാത്ത ഒരു രാജ്യവുമായി. ഏതാണ്ട് പത്തുലക്ഷം മനുഷ്യർക്ക് ആ പ്രതികരണത്തിലൂടെ ജീവന്‍ നഷ്‌ടപ്പെട്ടു. ഇതില്‍ ഇറാഖില്‍ ജീവന്‍ നഷ്‌ടപ്പെട്ട 4000 അമേരിക്കന്‍ സൈനികരും അഫ്‌ഗാനിസ്ഥാനില്‍ മരണപ്പെട്ട 1000 സൈനികരും ഉള്‍പ്പെടും. ഇതിനു പുറമെയാണ് ലക്ഷക്കണക്കിനു ഇറാഖികള്‍ക്ക് ജീവന്‍ നഷ്‌ടമായത്. എണ്ണമറ്റ അഫ്‌ഗാനികള്‍ ഓരോ മാ‍സവും മരിച്ചുകൊണ്ടിരിക്കുന്നു.ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളില്‍ ഒന്നായ അത് കൂടുതൽ കൂടുതൽ ദുരിതങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. അമേരിക്കയിലെ ലിബറലുകള്‍ക്ക് അഫ്‌ഗാനിസ്ഥാനിലെ യുദ്ധം “ശരി ” ആണ് (ഇറാഖിലേത് തെറ്റും). ആ മേഖലയിലെ ദശലക്ഷങ്ങള്‍ ദാരിദ്ര്യത്തിന്റെയും പാലായനത്തിന്റെയും ദുരന്തങ്ങള്‍ അനുഭവിച്ചു തീർക്കുയാണ്.

3 ട്രില്യണ്‍ ഡോളറിന്റെ യുദ്ധം

നോബല്‍ സമ്മാനജേതാ‍വാ‍യ ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ കണക്ക് പ്രകാരം ഇറാഖ് യുദ്ധത്തിനായി അമേരിക്കചെലവിടുന്നത് ഏതാണ്ട് 3 ട്രില്യണ്‍ ഡോളർ ആണ് (ഇത് ഇന്ത്യയുടെ മൊത്തം ദേശീയ ഉൽ‌പ്പാദനത്തിന്റെ മൂന്ന് മടങ്ങ് വരും). വലിയ തോതിലുള്ള കൊന്നു തള്ളല്‍(large-scale killing) നടക്കുന്ന ഓരോ അവസരത്തിലും ‘കൊല്ലുന്ന’ ലാഭം ഉണ്ടാക്കുന്ന അമേരിക്കന്‍ കോര്‍പ്പറേഷനുകളെ സംബന്ധിച്ച് ഇതൊരു ശുഭ വാര്‍ത്തയാണെങ്കിലും, അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തീവ്രമായൊരു പ്രതിസന്ധിയെ നേരിടുന്ന അവസരത്തില്‍, ഈ ചിലവുകള്‍ ചോര ചിന്തുന്നവയാണ്. ഇറാഖിലെ യുദ്ധം അരങ്ങേറിയത് അവിടെ സര്‍വവിനാശകായുധങ്ങള്‍ അട്ടിയിട്ടിരിക്കുകയാണെന്ന ഇന്റലിജന്‍സ് കണ്ടെത്തലുകളുടെ പുറത്തും, 9/11 മായി ബാഗ്ദാദിന് നേരിട്ട് ബന്ധമുണ്ട് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലുമാണ്. ഇതായിരുന്നു “പ്രതികരണത്തിന്റെ” ന്യായീകരണം. രണ്ടു അവകാശവാദങ്ങളും തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ആ സമയത്ത്, അമേരിക്കന്‍ മാധ്യമങ്ങള്‍ സര്‍വവിനാശകായുധങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ ഉണ്ടാക്കുന്നതിൽ വലിയൊരു പങ്കാണ് വഹിച്ചത്. ഇതിനെ അവരുടെ ‘പ്രതികരണം‘ എന്ന് വിശേഷിപ്പിക്കാം. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വിനാശകരമായ യുദ്ധം തുടങ്ങുവാന്‍ സഹായകരമായത് മാധ്യമങ്ങളുടെ ഈ പ്രതികരണമാണ്. അമേരിക്കയുടെ നഷ്‌ടത്തിന്റെ കണക്കുകളില്‍ മുറിവേറ്റ, പരിക്കു പറ്റിയ, അസുഖ ബാധിതരായ ലക്ഷക്കണക്കിന് സൈനികരും ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തോളം സൈനികര്‍ “യുദ്ധരംഗത്ത് നിന്നും മാനസികമായ തകരാറുകളോടെ തിരിച്ചുവരുമ്പോള്‍, അതിലെ വലിയൊരു ഭാഗം വളരെ ഗുരുതരമായ രോഗം ബാധിച്ചവരായിരിക്കും.” (സ്റ്റിഗ്ലിറ്റ്സ് - “The Three Trillion Dollar War") ഇതിനു പുറമെ, യുദ്ധം ആഭ്യന്തിരമായ ചിലവുകളില്‍ വന്‍ തോതിലുള്ള വെട്ടിക്കുറയ്ക്കലുകള്‍ക്ക് ഇടയാക്കുന്നുണ്ട്. ഇതെഴുതുന്ന സമയത്ത്, അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ കാലിഫോര്‍ണിയ വലിയ വെട്ടിച്ചുരുക്കലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. “അവരുടെ ബജറ്റ് കമ്മി 11 ബില്യണ്‍ ഡോളറാണ്”, പത്രപ്രവര്‍ത്തകനും വിശകലനവിദഗ്ദനുമായ കോണ്‍ ഹള്ളിനന്‍ പറയുന്നു. “ഇത് ഏതാണ്ട് അഫ്‌ഗാനിസ്ഥാനിലും ഇറാഖിലുമായി യുദ്ധത്തിനായി ഒരു മാസം ചിലവഴിക്കുന്ന തുകയാണ്.

2006 അവസാനത്തോടെ, അതായത് പ്രസ്‌തുത 'പ്രതികരണം' ആരംഭിച്ച് മൂന്നു വര്‍ഷം കഴിഞ്ഞപ്പോള്‍, ആറര ലക്ഷത്തില്‍പ്പരം ഇറാഖികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. മേരിലാന്‍ഡിലെ ബാള്‍ട്ടിമൂര്‍ ജോണ്‍ ഹോപ്‌ക്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ബാഗ്ദാദിലെ അല്‍ മുസ്‌തന്‍സിരിയ യൂണിവേഴ്‌സിറ്റിയിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ സര്‍വ്വേ അത് മറയില്ലാതെ വ്യക്തമാക്കി. " മാര്‍ച്ച് 2003ല്‍ ഇറാഖില്‍ അധിനിവേശം ആരംഭിച്ചതിനുശേഷം, യുദ്ധത്തിനു മുന്‍പുള്ള സാധാരണ അവസ്ഥയില്‍ ഉണ്ടാകുന്നതിലും അധികമായി 6,54,965 ഇറാഖികള്‍ കൂടി കൊല്ലപ്പെട്ടിരിക്കാം. 2003ലെ അധിനിവേശത്തിനു മുന്‍പ്, വിവിധ കാരണങ്ങളാൽ വര്‍ഷാവര്‍ഷം മരിക്കാനിടയുള്ളവരുടെ സംഖ്യ 143,000 ആയാണ് അനുമാനിച്ചിരുന്നത്. ആക്രമണങ്ങൾ മൂലമോ അല്ലാതെയോ അധിനിവേശാനന്തരം ജീവന്‍ നഷ്‌ടപ്പെട്ടവരുടേതായി മുകളിൽ നൽ‌കിയിട്ടുള്ള സംഖ്യ ഇതിന് പുറമേയാണ് . ''അധിനിവേശം ആരംഭിക്കുന്നതിനു മുന്‍പ് ഇറാഖിലെ വാര്‍ഷിക മരണ നിരക്ക് 1000ന് 5.5 എന്നായിരുന്നത് 2006 അവസാനമായപ്പോഴേക്കും ഇരട്ടിയിലധികമാകുകയും 1000ന് 13.3 പേര്‍ എന്നായിത്തീരുകയും ചെയ്‌തു.

അതിനുശേഷവും നിരപരാധികളായ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്, 9/11നോടുള്ള അമേരിക്കൻ “പ്രതികരണ”ത്തിന്റെ ബാക്കിപത്രമെന്നോണം‍. യുദ്ധത്തിനു മുന്‍പുള്ള ഇറാഖ് ഇസ്ലാമിക മൌലികവാദികളോട് ഒരു ദാക്ഷിണ്യവും കാട്ടാത്ത അറബ് രാജ്യമായിരുന്നു. ഇന്നാകട്ടെ, തങ്ങൾക്ക് യാതൊരു അടിത്തറയും ഇല്ലാതിരുന്ന ഒരു രാജ്യത്തില്‍ ഈ മൌലികവാദികള്‍ വളരെയധികം ശക്തിപ്രാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ ആക്രമണങ്ങളിൽ നിന്നും വളം വലിച്ചെടുത്ത് മൌലികവാദം പുതിയ റിക്രൂട്ടിംഗ് മേഖകളിൽ നൂറു മേനി കൊയ്യുകയാണ്. പഠിക്കേണ്ട പാഠമിതാണ് : 9/11നോടുള്ള അമേരിക്കയുടെ “പ്രതികരണത്തിന്റെ” ഏറ്റവും വലിയ ഗുണഭോൿതാവ് അല്‍ ക്വയ്‌ദയാണ്, അമേരിക്കൻ കോര്‍പ്പറേഷനുകളോടൊപ്പം. അമേരിക്കയുടെ “ഭീകരതക്കെതിരായ യുദ്ധം” അവരുടെ പ്രതികരണത്തിനു മു‌ൻപ് ലോകത്തുണ്ടായിരുന്നതിനേക്കാക്ക് അധികം ഭീകരത ഇന്നിപ്പോൾ സൃഷ്‌ടിച്ചിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം.

അമേരിക്കയുടെ പരാജയത്തില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍ ഇനിയുമുണ്ട്. അമേരിക്ക, ദശകങ്ങളോളം അവരുടെ സന്തത സഹചാരിയായിരുന്ന പാക്കിസ്ഥാനിലെ ഏതെങ്കിലുമൊരു ഭാഗത്ത് മിക്കവാറും എല്ലാ ആഴ്‌ചകളിലും ബോംബുകള്‍ വര്‍ഷിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ നിത്യേനെ ഇതിനാല്‍ കൊല്ലപ്പെടുകയുമാണ്. ഒബാമയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കപ്പെടണമെങ്കിൽ ഇത്തരം വ്യോമാക്രമണങ്ങൾ വര്‍ദ്ധിക്കുക തന്നെ ചെയ്യും. അതുകൊണ്ട് തന്നെ മൌലികവാദത്തിന് (ബോംബിങ്ങിനെത്തുടര്‍ന്നുള്ള ദുരിതങ്ങള്‍ക്ക്) ഇരകളാകുന്നവരില്‍ ഉള്ള സ്വാധീനവും വര്‍ദ്ധിക്കും.

ഇതാണ് അഫ്‌ഗാനിസ്ഥാനിലെ അമേരിക്കയുടെ സൈനികസാഹസങ്ങള്‍ക്ക് വിശ്വസ്‌ത പിന്തുണ നല്‍കിയതിന് ഇസ്ലാമബാദിനു കിട്ടിയ സമ്മാനം. ഇന്ത്യയിലെ കുലീന വർഗ്ഗം തങ്ങള്‍ക്ക് അമേരിക്കയുമായി ഉണ്ടാകണമെന്ന് ഹൃദയപൂർവം ആഗ്രഹിക്കുന്ന തരത്തിലുള്ള തന്ത്രപരമായ ഒരു സൌഹൃദം അമേരിക്കയുമായി പുലര്‍ത്തിയതാണ് പാക്കിസ്ഥാന്റെ പല ദുരിതങ്ങള്‍ക്കും കാരണം. മാത്രമല്ല, ഇതിന്റെയൊക്കെ ഫലമായി ഉണ്ടാകുന്ന പാക്കിസ്ഥാന്റെ തകര്‍ച്ച ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശുഭോദര്‍ക്കവുമല്ല. കൂടുതല്‍ മൌലികവാദവും, കൂടുതല്‍ തീവ്രവാദവും. അതിര്‍ത്തിയുടെ രണ്ട് വശത്തും ഇത് ഉണ്ടാക്കും എന്നതാണ് കൂടുതല്‍ വിനാശകരമായത്.

എംബെഡഡ് മാധ്യമപ്രവര്‍ത്തനം

നമ്മുടെ മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ തങ്ങളുടെ പ്രതിപുരുഷന്മാരുടെ(counterparts) “പ്രതികരണ”ത്തില്‍ നിന്നും ധാരാളം പഠിക്കാനുണ്ട്. “എംബെഡഡ് പത്രപ്രവര്‍ത്തനം”അമേരിക്കയിലെ ചില മുന്‍ നിര മാധ്യമ സ്ഥാപനങ്ങളുടെ വിലയിടിച്ചത് നാം കണ്ടതാണ്. ന്യൂയോര്‍ക്ക് ടൈംസ് യുദ്ധത്തിനെതിരായി മുഖപ്രസംഗം എഴുതുന്നുണ്ടാവാം, പക്ഷെ ഒരിക്കലും അവർ സര്‍വവിനാശകായുധങ്ങളെ സംബന്ധിച്ച കഥകള്‍ സൃഷ്‌ടിച്ച മാനഹാനിയിൽ നിന്ന് മുൿതരാവില്ല. ജോര്‍ജ്ജ് ബുഷിനെ ഇന്ന് അധിക്ഷേപിക്കുന്ന അതെ മാധ്യമങ്ങള്‍ ആ സമയത്ത് അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. യുദ്ധം എത്രമേല്‍ വെറുക്കപ്പെടുന്നു എന്നും, ബുഷ് എത്രമാത്രം മൂഢനായിരുന്നു എന്നും അവര്‍ ഇപ്പോള്‍ എഴുതുകയാണ്. എങ്കിലും “റേറ്റിങ്ങുകള്‍ക്കായുള്ള യുദ്ധം” അപരിഹാര്യമായ നാശങ്ങള്‍ വരുത്തിക്കഴിഞ്ഞു. ഇത് സഹതാപാര്‍ഹവും പരിഹാസ്യവുമാണ് : (തങ്ങളുടെ നാട്ടില്‍) നടന്ന കാര്യങ്ങളിലൊക്കെയും ബാഹ്യവും വൈദേശികവുമായ കാരണങ്ങള്‍ മാത്രം ദര്‍ശിച്ച അമേരിക്കയിലെ അതേ ശൿതികൾ ഇന്ന് നേരെ വിപരീതമായ ഉപദേശങ്ങള്‍ ഇന്ത്യക്ക് നല്‍കുകയാണ്. അത്തരം കണ്‍ക്ലൂഷനുകളിലേക്ക് എടുത്ത് ചാടല്ലേ എന്ന്. “ തങ്ങളുടെ പൌരന്മാരെ സംരക്ഷിക്കുന്നതില്‍ സർക്കാരിന് എവിടെയൊക്കെ എങ്ങിനെയൊക്കെ പരാജയം സംഭവിച്ചു എന്നറിയുന്നതിന് വരും ദിനങ്ങളില്‍ ഭാരതത്തിന് ആത്‌മപരിശോധന നടത്തേണ്ടി വരും” എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞത് ഒരുദാ‍ഹരണം മാത്രം.

“പ്രതികരണത്തിന്റെ” ഭാഗമായി ആളിക്കത്തിച്ച ഹിസ്റ്റീരിയ അമേരിക്കക്കകത്തും നാശങ്ങളുണ്ടാക്കിയിട്ടുണ്ട്. 9/11 നുശേഷം സിക്കുകാര്‍ ആ രാജ്യത്തുടനീളം ക്രൂരമായ ഹേറ്റ് ക്രൈംസിന്റെ ലക്ഷ്യമാക്കപ്പെട്ടു. തലപ്പാവും താടിയും വെച്ച ആരെയും ദുഷ്‌ടരാക്കുന്ന തരത്തില്‍ വര്‍ഷങ്ങളോളം നീണ്ട പ്രചരണം സിക്കുകാരെ “തിരിച്ചടി”കളുടെ ലക്ഷ്യമാക്കി. അവരുടെ ഒരു സംഘടന പറയുന്നത് 9/11 നു ശേഷം മുന്നൂറില്‍പ്പരം കുറ്റകൃത്യങ്ങള്‍(hate crimes) സിക്കുകാര്‍ക്കു നേരെ ഉണ്ടായി എന്നാണ്. വീടുകള്‍ കത്തിക്കല്‍‍, ഗുരുദ്വാരകളെ ആക്രമിക്കല്‍, ക്രൂരമായ ദേഹോപദ്രവങ്ങൾ എന്നിവയും ഒരാളെ വെടിവെച്ച് കൊന്നതും ഇതിലുള്‍പ്പെടും.

ഇതാണോ അനുകരണീയമായ മാതൃക?

പൌരാവകാശ നിഷേധം

വര്‍ഷങ്ങളോളമുള്ള പീഡനത്തിനവസാനം നിരവധി തടവുകാര്‍ നിരപരാധികളെന്നു കണ്ട് വിട്ടയക്കപ്പെട്ടിട്ടുള്ള ഗ്വാണ്ടനാമോയിലെ ജയിലറകള്‍ ആഗോളതലത്തില്‍ തന്നെ അമേരിക്കന്‍ “പ്രതികരണ”ത്തിലെ വളരെ ഏറെ വിമര്‍ശിക്കപ്പെട്ട ഭാഗമാണ്. അമേരിക്കക്കകത്താകട്ടെ 9/11നോടുള്ള മറ്റൊരു പ്രതികരണം പൌരാവകാശങ്ങളെ നിഷേധിച്ചുകൊണ്ടായിരുന്നു - ഒരു പക്ഷെ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിനുശേഷം ഇത്രമേൽ പൌരാവകാശങ്ങൾ നിഷേധിക്കപ്പെട്ട മറ്റൊരു കാലഘട്ടമുണ്ടാവില്ല. പാട്രിയറ്റ് ആൿട് ഇതിന്റെ ഒരു സൂചകം മാത്രം. ബുഷ് ആകട്ടെ (ഒസാമ ബിന്‍ ലാദനും അല്‍ ക്വയ്‌ദക്കും ഒരിക്കലും സ്വപ്‌നം കാണുവാന്‍ പോലും കഴിയാത്തത്ര പ്രശസ്‌തി നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചുവെങ്കിലും) എക്കാലത്തേയും ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഒരാളായി മാറിയിരിക്കുന്നു.

മുംബൈയിലെ ഹൃദയഭേദകമായ ക്രൂരകൃത്യങ്ങള്‍ക്ക് ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു “പ്രതികരണം” നല്‍കേണ്ടതുണ്ട്. അതെന്തായിരിക്കണം എന്നത് വളരെ വ്യക്തവുമാണ് : കുറ്റവാളികളെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരിക, ഇന്റലിജന്‍സ് നെറ്റ് വര്‍ക്കുകളെ ശക്തിപ്പെടുത്തുക, വിവിധ വിഭാഗം സെക്യൂരിറ്റി ഏജന്‍സികളെ കൂടുതല്‍ തയ്യാറെടുപ്പുള്ളവരാക്കി മാറ്റുക ഇവയൊക്കെ അതിന്റെ ഭാഗമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഈ ക്രൂരകൃത്യങ്ങളുടെ സൃഷ്‌ടാക്കളെ അവരുടെ ലക്ഷ്യം നേടുന്നതില്‍ നിന്നും തടയുന്ന രീതിയിൽ അടിയന്തിരമായി ചെയ്യേണ്ട “പ്രതികരണ”ങ്ങളും. അതിന് വേണ്ടത് മുംബൈയിലെ ജനസമൂഹത്തില്‍ മതപരവും വിഭാഗീയവുമായ കൂടുതല്‍ ധ്രുവീകരണം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുക എന്നതാണ്. “പ്രതികരണ”ത്തിന്റെ ഭാഗമായി നിരപരാധികളായ ജനങ്ങള്‍ കൊല്ലപ്പെടുകയോ ഭയവിഹ്വലരാകുകയോ ചെയ്യുന്നില്ല എന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പൌരാവകാശങ്ങളും ജനാധിപത്യപരമായ അവകാശങ്ങളും ഇല്ലാതാക്കുന്നത് ആരെയും ഒരു വിധത്തിലും സഹായിക്കില്ല എന്ന് നാം നാം തിരിച്ചറിഞ്ഞേ മതിയാവൂ. ചീന്തിയെറിയേണ്ടത് മേധാവിത്വവാദത്തെയും, ജിങ്കോയിസത്തെയുമാണ്, ഭരണഘടനയെ അല്ല. വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന ഏതൊരു ശക്തിയെയും, അതേത് മതവിഭാഗത്തില്‍ പെട്ടതാണെങ്കിലും, ശക്തമായി ചെറുത്തേ തീരൂ. രണ്ടരലക്ഷത്തോളം പേര്‍ ഭയവിഹ്വലരായി നഗരം വിട്ട 1992-93 ആവര്‍ത്തിക്കുകയില്ല എന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നു. ഇത് ഒന്നാം തരമൊരു “പ്രതികരണ”മായിരിക്കും.

9/11 നോടുള്ള പ്രതികരണം തങ്ങളെ എത്രമാത്രം ദോഷകരമായി ബാധിച്ചുവെന്ന് അമേരിക്കക്കാര്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍, അമേരിക്കയുടെ “പ്രതികരണത്തെ” നാം അനുകരിക്കണം എന്ന പാഠമാണ് മുംബൈയില്‍ നിന്ന് നമ്മള്‍ പഠിക്കുന്നതെങ്കില്‍ അത് ചരിത്രത്തെ ദുരന്തമായും പ്രഹസനമായും ആവര്‍ത്തിക്കലായിരിക്കും.

*

പി. സായ്‌നാഥ് എഴുതിയ Why the United States got it wrong എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
കടപ്പാട്. വര്ക്കേഴ്സ് ഫോറം