04 April, 2009

ഒരു ദശകത്തിന്റെ അനുഭവം കുടുംബശ്രീയെ നയിക്കുന്നു

ഒരു ദശകത്തിന്റെ അനുഭവം കുടുംബശ്രീയെ നയിക്കുന്നു

മുപ്പത്തിയാറുലക്ഷം സ്‌ത്രീകള്‍ അംഗങ്ങളായുള്ള 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളുടെ ശൃംഖലയായ കുടുംബശ്രീ പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ എങ്ങനെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ അടയാളപ്പെടുത്തേണ്ടത് ? കാര്യക്ഷമമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയെന്നോ? കേരള വികസനത്തിലെ സ്‌ത്രീകളുടെ അദൃശ്യതയെന്ന വെല്ലുവിളിയെ നേരിടാന്‍ കരുത്തേകുന്ന സ്‌ത്രീമുന്നേറ്റമെന്നോ? പ്രാദേശികതലത്തില്‍ വികസനപദ്ധതികളുടെ നിര്‍വഹണത്തിന് സുതാര്യവും ഫലപ്രദവുമായ ഏജന്‍സിയെന്നോ? ഇതെല്ലാമാണ് കുടുംബശ്രീയെന്നു രേഖപ്പെടുത്തുമ്പോള്‍തന്നെ മറ്റൊരു ചോദ്യമുയരാം. പാവപ്പെട്ടവരുടെ സ്വയംസഹായ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മൈക്രോക്രെഡിറ്റ് (ലഘുവായ്‌പാ പരിപാടി) ദാരിദ്ര്യത്തിന് മറുമരുന്നാണെന്ന ലോകബാങ്ക് സിദ്ധാന്തം ചോദ്യംചെയ്യപ്പെടുന്ന ഈ കാലത്ത് കുടുംബശ്രീയുടെ വിജയഗാഥയ്‌ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?

മൈക്രാക്രെഡിറ്റിന് ഒരാഗോള ചരിത്രമുണ്ട്. 1995 സെപ്‌തംബറില്‍ ബീജിംഗില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ നാലാമത് അന്താരാഷ്‌ട്ര വനിതാ സമ്മേളനവേദിയിലാണ്, വര്‍ദ്ധിച്ചുവരുന്ന കടക്കെണിയുടെയും ദാരിദ്ര്യതിന്റെയും ആഘാതങ്ങള്‍ക്കെതിരായുള്ള പ്രതിരോധമാര്‍ഗമെന്ന നിലയിൽ മൈക്രോക്രെഡിറ്റ് എന്ന ആശയം ലോകബാങ്ക് മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രചാരണാര്‍ത്ഥം ലോകബാങ്കില്‍തന്നെ ഒരു പ്രത്യേക സംവിധാനവും അതിന്റെ ആഭിമുഖ്യത്തില്‍ ആഗോള മൈക്രോക്രെഡിറ്റ് ക്യാമ്പെയിന്‍ എന്ന പ്രസ്ഥാനവുമുണ്ട്. 1997 മുതല്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന നിരവധി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകള്‍ മൈക്രോക്രെഡിറ്റ് പരിപാടി വിപുലപ്പെടുത്തുന്നതിനായി ലോകത്തെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍ക്കും ചെറുതും വലുതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനംനല്‍കി. 1995ല്‍ നിന്ന് 2008ലെത്തുമ്പോഴേക്ക് മൈക്രോക്രെഡിറ്റ് എന്നത് ദാരിദ്ര്യത്തിനെതിരെയുള്ള അതിജീവനമന്ത്രമായി ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ആഗോളവത്കരണ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളില്‍പെട്ടുലയുന്ന ദരിദ്രരുടെ രക്ഷയ്‌ക്ക് അവര്‍തന്നെ സ്വയം സംഘടിക്കുകയും മറ്റുമാര്‍ഗങ്ങള്‍ തേടുകയും ചെയ്യേണ്ടതുണ്ട് എന്ന നിലപാടാണ് ലോകബാങ്ക് സ്‌പോണ്‍സേര്‍ഡ് ആയിട്ടുള്ള ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളുടെ സൈദ്ധാന്തിക അടിത്തറ. ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കുള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ക്ക് ലോകബാങ്ക് വലിയ പ്രചാരമാണ് നല്‍കുന്നത്. സര്‍ക്കാരുകളുടെ പരമ്പരാഗത ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളേക്കാള്‍ കാര്യക്ഷമത മൈക്രോക്രെഡിറ്റ് പരിപാടികള്‍ക്കുണ്ടെന്നും അതിനാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ചുമതലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സന്നദ്ധസംഘടനകളെ ഏല്‍പിക്കുകയാണ് വേണ്ടതെന്നുമുള്ള നിഗമനങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന നിരവധി പഠനങ്ങളും ലോകബാങ്കുതന്നെ ധനസഹായം നല്‍കി നടത്തിയിട്ടുണ്ട്.

ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഉള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ വര്‍ണ്ണക്കടലാസുകളില്‍ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുമ്പോഴും ഇവ ദാരിദ്ര്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്‌തമായിട്ടില്ല എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഒന്നരക്കോടിയിലധികം സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ കേരളവും പശ്ചിമബംഗാളും ത്രിപുരയുമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ജന്മിത്വവും ജാതിമേധാവിത്വവും ഇന്നും കൊടികുത്തിവാഴുകയാണ്. ഭൂമിക്കുമേല്‍ അവകാശമില്ലാത്ത ദരിദ്രരുടെ ദുരിതങ്ങള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ കിട്ടുന്ന ചെറുവായ്‌പ പരിഹാരമല്ല. എന്നുമാത്രമല്ല, ഇത്തരം വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായുള്ള വരുമാനവര്‍ദ്ധനവ് മൈക്രോക്രെഡിറ്റ് പരിപാടികളുടെ ഭാഗമായി ലഭിക്കുന്നുമില്ല. ഇന്ത്യയിലെ ദരിദ്രരുടെ സ്വയംസഹായ സംഘങ്ങളുടെ വായ്‌പാതിരിച്ചടവ്നിരക്ക് ഉയര്‍ന്നതാണെന്നത് ഇവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കിയതിന്റെ തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടാറുണ്ട്. സംഘത്തില്‍നിന്നും പണം വായ്‌പനല്‍കുന്ന സന്നദ്ധ സംഘടനകളില്‍നിന്നും ബാങ്കില്‍നിന്നും മറ്റുമുള്ള പലവിധ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ ചുരുക്കിയും ദരിദ്രര്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് വാസ്തവം.

സംഘം ചേരുന്നതിന്റെയും തങ്ങളുടെ പ്രശ്‌നങ്ങള്‍ കൂട്ടായ്‌മയ്‌ക്കുമുന്നില്‍ പങ്കുവെയ്‌ക്കാന്‍ പറ്റുന്നതിന്റെയും ഫലമായുള്ള ആത്മവിശ്വാസവും പ്രതീക്ഷയുംസ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്‌ത്രീകളിലും പുരുഷന്മാരിലും കാണുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം, ജാതിവിവേചനം നിഷേധിക്കുന്ന അവകാശങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തുടങ്ങിയ ദൈനംദിന പ്രശ്‌നങ്ങള്‍ എല്ലാം ചേര്‍ന്നു സൃഷ്‌ടിക്കുന്ന ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍നിന്നും ദരിദ്രരെ രക്ഷിക്കാന്‍ മൈക്രോക്രെഡിറ്റെന്ന ലോകബാങ്കിന്റെ മന്ത്രത്തിന് കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണവും കാര്‍ഷിക പരിഷ്‌ക്കരണവും സാമൂഹ്യപരിഷ്‌ക്കരണവും നടപ്പാക്കാതെ ഇന്ത്യയിലെ ദരിദ്രര്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ ലഭിക്കില്ല. ദരിദ്രര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഇടത്തട്ടുകാര്‍ക്കും തല്‍പരകക്ഷികള്‍ക്കും മാത്രം നേട്ടമുണ്ടാക്കുന്ന ഒരു പ്രഹസനമായി ചുരുങ്ങുമെന്നതാണ് ഇന്ത്യന്‍ അനുഭവം.

ഇവിടെയാണ് കുടുംബശ്രീയും ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളും തമ്മില്‍ ദാര്‍ശനികമായിത്തന്നെ വേര്‍പിരിയുന്നത്. സാമൂഹ്യപരിഷ്‌ക്കരണവും ഭൂപരിഷ്‌ക്കരണവും സാമൂഹ്യക്ഷേമമുന്നേറ്റവും നടന്ന ഒരു സമൂഹത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത് എന്നതുതന്നെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ വ്യത്യസ്‌തമാക്കുന്നത്. കുടുംബശ്രീ ജന്മംകൊണ്ടതാകട്ടെ, ജനാധിപത്യപ്രക്രിയയെ അര്‍ത്ഥവത്തും പൂര്‍ണവുമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കപ്പെട്ട വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലും. ഈ രാഷ്‌ട്രീയ പശ്ചാത്തലമാണ് കുടുംബശ്രീയുടെ ദാര്‍ശനിക അടിത്തറയെ രൂപപ്പെടുത്തിയ മുഖ്യഘടകം.

ദരിദ്രരെ സഹായിക്കാന്‍ ദരിദ്രര്‍മാത്രമേയുള്ളു എന്ന സ്വയംസഹായ സംഘ സങ്കല്‍പത്തെത്തന്നെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രാദേശിക ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമായി സ്‌ത്രീകളുടെ കൂട്ടായ്‌മകള്‍ക്ക് രൂപം നല്‍കുകയും അവയെ സ്‌ത്രീകളുടെ അയല്‍ക്കൂട്ടമെന്ന് വിളിക്കുകയും ചെയ്‌തുകൊണ്ട് കുടുംബശ്രീ ലോകബാങ്ക് മാതൃകയെ ചോദ്യംചെയ്‌തു. തദ്ദേശ ഭരണസ്ഥാപനങ്ങളുമായി നേരിട്ടുബന്ധം പുലര്‍ത്തുകയും കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികളെന്ന നിലയില്‍ സംസ്ഥാനതലത്തില്‍തന്നെ ഏകോപിപ്പിക്കപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ സംഘടനാ സംവിധാനമാണ് ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ല്.

പ്രാദേശിക സര്‍ക്കാരുകളുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സിയെന്നനിലയില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കുടുംബശ്രീ നേടിയ സാമൂഹ്യ അംഗീകാരവും വിശ്വാസ്യതയും ചെറിയ കാര്യമല്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും വികസനത്തിന്റെ നേട്ടം പരമാവധി ജനങ്ങളിലെത്തിക്കുന്നതിലും കുടുംബശ്രീ നിര്‍ണായക ഘടകമായി മാറുന്നതാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കണ്ടത്. പല പ്രദേശങ്ങളിലും ഗ്രാമസഭകളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് കുടുംബശ്രീയാണ്. തൊഴിലുറപ്പുപദ്ധതിയുടെ നിര്‍വഹണത്തില്‍ സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയില്‍ കുടുംബശ്രീ എഡിഎസുകള്‍ വഹിക്കുന്ന പങ്ക് പദ്ധതിയുടെ സുതാര്യതയുടെ ഗ്യാരന്റിയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം പങ്കാളികളായിരുന്ന കേരളത്തിലെ സ്‌ത്രീകളുടെ ഭാഗധേയംതന്നെ തിരുത്തിക്കുറിച്ച് കേരള വികസനപ്രക്രിയയില്‍ സ്‌ത്രീകളെ കര്‍ത്തൃസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയാണ് കുടുംബശ്രീ. തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീയുമായുള്ള ബന്ധത്തെ കൂടുതല്‍ ഫലപ്രദമാക്കാന്‍ പര്യാപ്‌തമായവിധത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള കുടുംബശ്രീയുടെ പുതിയ ബൈലോ കൂടുതല്‍ ഗുണപരമായ മാറ്റം സൃഷ്‌ടിക്കാനാണ് അവസരമൊരുക്കുന്നത്.

കുടുംബശ്രീ അടിസ്ഥാനപരമായി ഒരു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയാണ്. എന്നാല്‍ പാവപ്പെട്ടവര്‍ വെള്ളംകയറാത്ത അറകളാക്കി മാറ്റിനിര്‍ത്തേണ്ടവരല്ല. ദരിദ്രര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായം അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തുമ്പോള്‍തന്നെ മറ്റു സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗത്തിലുംപെട്ട സ്‌ത്രീ സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ നിലപാട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഭരണകാലത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമായി കുടുംബശ്രീയെ പരിമിതപ്പെടുത്തിയെങ്കില്‍ ഇപ്പോള്‍ വളരെ വ്യക്തമായി പുതിയ ബൈലോ ബിപിഎല്ലിനൊപ്പം എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും കുടുംബശ്രീയില്‍ അംഗത്വം ഉറപ്പുനല്‍കുന്നു. പ്രധാന ഭാരവാഹികള്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരായിരിക്കണം എന്ന നിബന്ധനയിലൂടെ പാവപ്പെട്ട സ്‌ത്രീകള്‍ക്ക് നേതൃരംഗത്തേക്ക് വളരുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിരിക്കുന്നു. പട്ടികജാതി-പട്ടികവിഭാഗത്തില്‍പെട്ട സ്‌ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും കുടുംബശ്രീയുടെ എല്ലാ സംഘടനാതലങ്ങളിലും ഉറപ്പുവരുത്താനും പുതിയ ബൈലോ ശ്രദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 1083 കോടി രൂപയുടെ സമ്പാദ്യവും 2793 കോടി രൂപയുടെ ആഭ്യന്തരവായ്‌പയും 637 കോടി രൂപയുടെ ബാങ്ക് വായ്‌പയുമുള്ള വിപുലമായ സാമ്പത്തിക സ്ഥാപനമായി കുടുംബശ്രീ പ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. അമ്പതിനായിരത്തില്‍പരം സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനത്തിന് മാസച്ചന്തകളും ഉല്‍സവകാല ചന്തകളും പ്രാദേശിക മാര്‍ക്കറ്റുകളും വിദേശ കയറ്റുമതിയടക്കം പരീക്ഷിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ 367 ഓണച്ചന്തകള്‍ ലാഭംകൊയ്‌ത് ആത്മവിശ്വാസം വളര്‍ത്തിയിരിക്കുകയാണ്.

സ്‌ത്രീമുന്നേറ്റത്തിന്റെ വേദിയെന്നനിലയില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയും പത്തുവര്‍ഷത്തെ പ്രവര്‍ത്തനവിജയം നല്‍കുന്ന ആവേശവും കൂടുതല്‍ കടുത്ത ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. നിരവധി പരിമിതികള്‍, വെല്ലുവിളികള്‍, പ്രതിസന്ധികള്‍ കുടുംബശ്രീ പ്രസ്ഥാനം ഇന്നു നേരിടുന്നുണ്ട് എന്നതും കാണാതിരുന്നുകൂട. അതിലേറ്റവും പ്രധാനം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മുഖ്യലക്ഷ്യമായിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനത്തിനുപുറത്ത് ഇനിയും ഇതില്‍ അംഗങ്ങളാകാതെ നിരവധി ദരിദ്ര കുടുംബങ്ങളുണ്ട് എന്നതാണ്. അഗതികള്‍ക്കും ദരിദ്രര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കുമെന്നുറപ്പുവരുത്താന്‍ മുഴുവന്‍ ദരിദ്ര കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.

2006-ല്‍ കുടുംബശ്രീ നടത്തിയ പഠനവും പ്രശസ്‌ത സാമ്പത്തികവിദഗ്ധന്‍ പ്രൊഫ. എം.എ ഉമ്മന്‍ നടത്തിയ പഠനവും സൂചിപ്പിക്കുന്നത് കുടുംബശ്രീ അംഗങ്ങളുടെ ജീവിത ഗുണനിലവാരത്തിലും പരസ്‌പരസഹകരണത്തിന്റെ കാര്യത്തിലും വലിയൊരു മുന്നേറ്റം നേടാനായിട്ടുണ്ട് എന്നുതന്നെയാണ്. എന്നാല്‍ സാമ്പത്തികശാക്തീകരണത്തിന്റെ കാര്യത്തില്‍, വിശേഷിച്ച് സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ കുടുംബശ്രീക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല എന്ന ദൌര്‍ബല്യം രണ്ടു പഠനങ്ങളും അടിവരയിടുന്നു. 36 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീയില്‍ 2 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് സംരംഭങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ആകെ സംരംഭങ്ങളില്‍ 79 ശതമാനം പരമ്പരാഗതമേഖലയിലും മൂന്നില്‍രണ്ട് സംരംഭങ്ങള്‍ കാര്‍ഷിക അനുബന്ധമേഖലയിലുമാണ്. കുടുംബശ്രീ പഠനമനുസരിച്ച് 50 ശതമാനം സംരംഭങ്ങളുടെയും വിറ്റുവരവ് 10,000 രൂപയില്‍ താഴെയാണ്.

പ്രൊഫ. എം എ ഉമ്മന്‍ പഠനം നടത്തിയ അഞ്ചു ജില്ലകളില്‍ 35 ശതമാനം കുടുംബശ്രീ സംരംഭങ്ങളും നഷ്‌ടത്തിലാണ്. കുത്തകകള്‍ കമ്പോളം കീഴടക്കിയിട്ടുള്ള കേരളത്തില്‍ ഇതിലത്ഭുതപ്പെടാനില്ല. എന്നാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക ശാക്തീകരണവുംപോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വലിയ തടസ്സമാണ് ഇത് സൃഷ്ടിക്കുന്നത്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പകൊണ്ട് അടിയന്തിര വായ്‌പാ ആവശ്യങ്ങള്‍ മാത്രമേ നിറവേറ്റപ്പെടുകയുള്ളു. ഇന്നത്തെ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളോട് പൊരുതണമെങ്കില്‍ മെച്ചപ്പെട്ട വരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി കാര്‍ഷിക ഉല്‍പാദനമേഖലയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കേരളത്തിലെ വിവിധ വികസന ഏജന്‍സികളുടെയും ഫലപ്രദമായ ഇടപെടലുകളും ഏകോപന പ്രവര്‍ത്തനങ്ങളും ഈ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമാണ്. മാരാരിക്കുളത്ത് മാരാരി മാര്‍ക്കറ്റിംഗ് കമ്പനിയുടെ മാരിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സുഭിക്ഷയുംപോലെ, തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇഛാശക്തിയോടെയുള്ള ഇടപെടലുകളുടെ മാതൃകകള്‍ ഇനിയും സൃഷ്‌ടിക്കപ്പെടണം.

മൈക്രോ ക്രെഡിറ്റ് ലാഭകരമായ ഒരു ബിസിനസ് എന്ന നിലയിലും സ്‌ത്രീകളെ സംഘടിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗമെന്ന നിലയിലും കണ്ടുകൊണ്ട് നിരവധി ഏജന്‍സികളും സംഘടനകളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. വായ്‌പയുടെ ആവശ്യംകൊണ്ടും മറ്റ് സമ്മര്‍ദ്ദങ്ങള്‍കൊണ്ടും ഒരേസമയം കുടുംബശ്രീയിലും മറ്റ് ഒന്നിലധികം ഏജന്‍സികളുടെ സ്വയംസഹായ സംഘങ്ങളിലും അംഗങ്ങളാകുന്ന രീതി വ്യാപകമാണ്. ഇത്തരത്തിലുള്ള ബഹുഅംഗത്വം ഇന്ന് കുടുംബശ്രീയിലെ നിരവധി അംഗങ്ങളെ കടുത്ത കടക്കെണിയിലേക്ക് തള്ളിയിട്ടുണ്ട്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.

കര്‍ണാടക, ആന്ധ്രപ്രദേശ്, ഒറീസ, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങളിലെ സ്വയംസഹായ സംഘങ്ങളെക്കുറിച്ച് നബാര്‍ഡ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഈ സംസ്ഥാനങ്ങളില്‍ 66 ശതമാനത്തിലധികം സംഘങ്ങളും ജാതി അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളവയാണെന്നാണ്. കുടുംബശ്രീ വ്യത്യസ്തമാകുന്നത് 36 ലക്ഷം സ്‌ത്രീകളെ അണിനിരത്തുന്ന മതേതര ജനാധിപത്യവേദിയെന്ന നിലയിലാണ്. കേരളത്തിലെ സ്‌ത്രീകളുടെ ഈ മതേതര ജനാധിപത്യവേദിയെ തകര്‍ത്തുകൊണ്ട് ജാതി-മത-സമുദായസംഘടനകളും വര്‍ഗ്ഗീയ സംഘടനകളും സ്‌ത്രീകളെ തങ്ങളുടെ വരുതിയിലാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സ്‌ത്രീ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുകയും പൊതു വികസനധാരയില്‍നിന്ന് സ്‌ത്രീകളെ അടര്‍ത്തിമാറ്റി ജാതി-മത-സമുദായാടിസ്ഥാനത്തില്‍ തടവിലാക്കുകയും ചെയ്യും.

രാഷ്‌ട്രീയലാക്കോടുകൂടി സ്‌ത്രീകളെ സംഘടിപ്പിച്ച് മൈക്രോക്രെഡിറ്റിലൂടെ വന്‍ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ജനശ്രീയെ രംഗത്തിറക്കിയ കോണ്‍ഗ്രസിന്റെ ലക്ഷ്യവും കുടുംബശ്രീയെന്ന ജനാധിപത്യവേദിയെ തകര്‍ക്കലാണ്. കേരളത്തെപോലെ, രാഷ്‌ട്രീയ ധ്രുവീകരണം നടന്ന ഒരു സമൂഹത്തില്‍ ജാതി-സമുദായ സംഘടനകള്‍ തങ്ങളുടെ സ്വാധീനം പ്രബലമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, രാഷ്‌ട്രീയത്തിന്റെയും സമുദായങ്ങളുടെയും പേരില്‍ കുടുംബശ്രീയെ ശിഥിലീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കെതിരെ തിരിച്ചറിവിന്റെയും ജാഗ്രതയുടെയും പ്രതിരോധം സ്‌ത്രീകള്‍ക്കിടയില്‍ ശക്തമാക്കേണ്ടതുണ്ട്. 2007ല്‍ യുപിഎ സര്‍ക്കാര്‍ രൂപംനല്‍കിയ മൈക്രോഫിനാന്‍സ് ബില്‍പോലെ, സ്‌ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും ജനാധിപത്യ സ്വഭാവവും നഷ്‌ടപ്പെടുത്തിക്കൊണ്ട് അവരെ ധനകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും കൊള്ളയ്‌ക്ക് ഇരകളാക്കുന്ന കയ്യേറ്റങ്ങള്‍ക്കുനേരെ സ്‌ത്രീകള്‍ ജാഗരൂകരാകേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ സത്തയെത്തന്നെ ചോദ്യംചെയ്യുന്നതരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കേന്ദ്രത്തില്‍നിന്ന് നേരിട്ട് സന്നദ്ധ സംഘടനകളെ ഏല്‍പിക്കുകയും അവയുടെ നിര്‍വഹണത്തിനായി സമാന്തര സ്വയംസഹായ സംഘങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എതിര്‍ക്കപ്പെടണം. പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം കവരുന്നതിനെതിരെയുള്ള പ്രതിരോധത്തിലും കുടുംബശ്രീ പങ്കുചേരേണ്ടതുണ്ട്.

സ്വയംസഹായസംഘം സമം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സമം സ്‌ത്രീ ശാക്തീകരണം എന്ന ലോകബാങ്ക് മന്ത്രം വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ കേരളത്തിലുമുണ്ട്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പാ പദ്ധതി ദാരിദ്ര്യത്തെയോ സമൂഹത്തിലെ സ്‌ത്രീയുടെ അദൃശ്യതയെയോ പരിഹരിക്കാനുള്ള മന്ത്രവിദ്യയല്ല. ആഴ്‌ചയില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുന്നതും ചിട്ടയായ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ചെറുവായ്‌പകിട്ടുന്നതും ഇതിന്റെയൊക്കെ ഭാഗമായി പൊതു സമൂഹവുമായി ബന്ധമുണ്ടാകുന്നതും തീര്‍ച്ചയായും സ്‌ത്രീകളുടെ ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്‌ടിക്കും. എന്നാല്‍ സ്‌ത്രീ ശക്തയാകുന്നത് താന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും കാരണമായ ഭൌതികവും ആശയപരവുമായ സാഹചര്യങ്ങളോട് പോരാടുമ്പോഴാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായി തുടരുന്ന പുരുഷാധിപത്യ മൂല്യബോധത്തെ തിരുത്താന്‍ കഴിയുന്നതരത്തില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ട സ്‌ത്രീ സമൂഹത്തെ സൃഷ്‌ടിക്കാന്‍ കുടുംബശ്രീക്ക് കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി. കുടുംബശ്രീ സംവിധാനത്തിലൂടെയുള്ള സ്‌ത്രീകളുടെ വന്‍തോതിലുള്ള മുന്നേറ്റം അവരെ കേരള സമൂഹത്തില്‍ ദൃശ്യരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാന്നിദ്ധ്യവും സാമൂഹ്യജീവിതത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ഇടപെടലുകളും കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി ബോധത്തില്‍ മാറ്റംവരുത്താന്‍ പര്യാപ്‌തമായ നിലയില്‍ നിര്‍ണായകമാകേണ്ടതുണ്ട്.

കുടുംബശ്രീ പത്താംവാര്‍ഷികത്തില്‍ പ്രഖ്യാപിച്ച സ്‌ത്രീപദവി സ്വയംപഠന പരിപാടി ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വിപുലമായ സ്‌ത്രീപദവി പഠനപ്രവര്‍ത്തനമായി മാറാന്‍ പോവുകയാണ്. 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 36 ലക്ഷം സ്‌ത്രീകള്‍ പങ്കെടുത്തുകൊണ്ട് സ്‌ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലും പൌരയെന്നനിലയിലും തങ്ങള്‍ കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ വിശകലനംചെയ്‌ത് തങ്ങളെത്തന്നെ പഠിക്കാന്‍പോകുന്നു. എല്ലാം പഠിച്ചുകഴിഞ്ഞുവെന്ന മലയാളി നാട്യത്തിനുമുന്നില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് സ്‌ത്രീകള്‍ നടത്തുന്ന അസാധാരണമായ ഈ പഠനം കേരള സമൂഹത്തിനും ഭാവിയിലേക്ക് പഠിക്കാനുള്ള ചില പാഠങ്ങള്‍ നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.

****

ഡോ. ടി.എന്‍.സീമ
കടപ്പാട്. വര്‍ക്കേഴ്‌സ് ഫോറം

03 April, 2009

ഒരു വലിയ തസ്‌തിക ഒഴിവുണ്ട്

മൂന്നു രാത്രിയും മൂന്ന് പകലും നീണ്ട, ലോകം നടുങ്ങിയ ഭീകരതയ്‌ക്ക് നേര്‍സാക്ഷിയായ എഴുത്തുകാരി മാനസി മരണവും ജീവിതവും നൂല്‍പ്പാലത്തിനഭിമുഖം നിന്ന സ്‌തോഭജനകമായ നിമിഷങ്ങളെക്കുറിച്ച് എഴുതുന്നു. ഒപ്പം കാര്‍ട്ടൂണിസ്റ്റ് ബോണി തോമസ് കണ്ട ദൃശ്യങ്ങളും.

*
ഒരു ഭീകരാക്രമണത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ ആദ്യം നിങ്ങളുടെ മനസ്സില്‍ ഉയരുന്നതെന്താണ്? ഭീതി? അമര്‍ഷം? നിസ്സഹായത? തിരിച്ചടിക്കാനുള്ള ആവേശം? ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഒരു ഭീകരാക്രമണത്തിന്റെ നിഴലിലൂടെ ഏഴെട്ടു ദിവസം കടന്നുപോയ എനിക്ക് ഇന്നും അത് വ്യക്തമല്ല. ഇതെല്ലാം കൂടിയ എന്തോ ഒന്നാണ് ഇപ്പോഴും മനസ്സില്‍ എന്നേ പറയാനാവൂ. നവംബര്‍ 26ന് രാത്രി തിരക്കിട്ട ഒരു ദിവസത്തെ ജോലിക്കുശേഷം തളര്‍ന്ന് ലോക്കല്‍ ട്രെയിനിലെ സീറ്റിലേക്കു ചാരുമ്പോള്‍, പിറ്റേദിവസം ചെയ്‌തുതീര്‍ക്കേണ്ട ജോലികള്‍മാത്രമായിരുന്നു മനസ്സില്‍. മിക്കവരും വീട്ടിലെത്തുമ്പോഴേക്കും രാത്രി പത്തും പതിനൊന്നും ഒക്കെയാവുന്ന മുംബൈജീവിതം അങ്ങനെയാണ്. ദിവസവും യാത്രയില്‍ ചെലവഴിക്കുന്ന രണ്ടും നാലും മണിക്കൂര്‍ മുംബൈക്കാര്‍ക്ക് വിലപ്പെട്ടതാണ്. പൂജയും കറിക്കു നുറുക്കലും ഉത്തരക്കടലാസ് നോക്കലും ബിസിനസ് ഡിസ്‌ക്കഷനും വായനയും ഒക്കെ നടക്കുന്ന ഇടമാണ് മുംബൈ ലോക്കല്‍ ട്രെയിന്‍. മൊബൈല്‍ അടിച്ചപ്പോള്‍ ഒപ്പം ജോലിചെയ്യുന്ന ശാരദയുടെ പതിവു വിളിയാവും എന്നാണ് കരുതിയത്. ലൈനില്‍ പക്ഷേ അയല്‍ക്കാരി സുനീതയായിരുന്നു. നീ ഇപ്പോള്‍ എവിടെയാണ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. ശബ്‌ദത്തില്‍ നിറയെ അക്ഷമയും വിറയലും. ടിവിയില്‍ ഫ്ലാഷ് ചെയ്‌തുകൊണ്ടിരുന്ന വാര്‍ത്ത മുഴുവനാക്കുന്നതിനുമുമ്പുതന്നെ സുനീത കരയാന്‍ തുടങ്ങി. ഭര്‍ത്താവ് തിരിച്ചെത്തിയിട്ടില്ല. സിഎസ്‌ടി സ്റ്റേഷനില്‍ വെടിവയ്‌പില്‍ ഒരുപാടുപേര്‍ മരിച്ചിട്ടുണ്ട്. ആര് വെടിയുതിര്‍ക്കുന്നു എന്നറിയില്ല. ഒരു ഐസ്‌കട്ടയില്‍ ചെന്നുവീണപോലെ ശരീരം തരിച്ചു. അപ്പോള്‍, വെടിപൊട്ടല്‍ തുടങ്ങുന്നതിനു വെറും രണ്ടുമിനിറ്റ് മുമ്പാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടിരിക്കുന്നത്. മകളുടെ മുഖം മനസ്സില്‍ ഒരു തീനാളംപോലെ ആളി. അവിടെയായിരുന്നെങ്കില്‍ എന്താകും താന്‍ ചെയ്‌തിരിക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തുചെയ്യണമെന്ന് ഇതുവരെ ആലോചിച്ചിട്ടുപോലുമില്ല. ഒരു പബ്ലിക് ഡ്രില്ലും അത് പറഞ്ഞുതന്നിട്ടില്ല. നഗരവാസികള്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണെന്ന് ആലോചിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അപ്പോഴേക്കും ട്രെയിനില്‍ എല്ലാവരുടെയും മൊബൈലുകള്‍ നിര്‍ത്താതെ ശബ്‌ദിച്ചുതുടങ്ങിയിരുന്നു. വണ്ടി എപ്പോള്‍ വേണമെങ്കിലും നിന്നേക്കാം. നിന്നാല്‍? എല്ലാവരും പരസ്‌പരം ചോദിച്ചുകൊണ്ടിരുന്നു. തൊട്ടുമുന്നില്‍ നിന്നിരുന്ന പന്ത്രണ്ടുകാരി ഉറക്കെ കരയാന്‍ തുടങ്ങി. മൊബൈല്‍ഫോണ്‍ എന്തൊരു അനുഗ്രഹമാണെന്ന് ചിന്തിച്ചുതീരുംമുമ്പേ ഫോണുകള്‍ ജാം ആകാന്‍ തുടങ്ങി. റെയില്‍വെ സ്റ്റേഷനുകളില്‍ ടിവിക്കു മുമ്പില്‍ ജനങ്ങള്‍ സ്‌തംഭിച്ചുനിന്നു. ട്രെയിനിറങ്ങി ബസിനും കാറിനും ഒന്നും കാത്തുനില്‍ക്കാതെ ഏഴെട്ടു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു വലിഞ്ഞു നടന്നു. ബില്‍ഡിങ്ങിന്റെ ചുവട്ടില്‍ ഒരുപാടുപേരുണ്ട്. തിരിച്ചെത്താത്തവരുടെ ഉറ്റവര്‍. ആരോടും ഒന്നും പറയാതെ ലിഫ്റ്റിലേക്ക് ഓടിക്കയറി. ഫ്ലാറ്റിലെത്തി, ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ നിര്‍ന്നിമേഷം നോക്കിനിന്നു. എന്തായിരുന്നു അപ്പോള്‍ മനസ്സില്‍ എന്നുചോദിച്ചാല്‍ അറിയില്ല എന്നു പറയുന്നതാവും ശരി. ഇഴപിരിക്കാനാവാത്ത കെട്ടുപിണഞ്ഞ നൂലുണ്ടപോലെ മനസ്സുരുകുന്നു. ടിവി സ്‌ക്രീനില്‍ ചിത്രങ്ങളും വാര്‍ത്തകളും പുളച്ചുപൊന്തി. 11 സ്ഥലത്ത് ! ഒരേസമയം ! മുംബൈയുടെ 9/11.

ഒരു മുന്നറിവുമില്ലാത്ത ആക്രമണത്തിന്റെ സൂൿഷ്‌മതയ്‌ക്കും വൈപുല്യത്തിനും മുന്നില്‍ ഇന്ത്യ നടുങ്ങുന്നത് എല്ലാവരും അമ്പരപ്പോടെ കണ്ടു. ഇപ്പോഴേക്കും ഏറെ പ്രശംസ നേടിയ സുരക്ഷാസന്നാഹങ്ങളുടെ പ്രാഗത്ഭ്യവും കെട്ടുറപ്പും സാന്ത്വനിക്കാന്‍ വക നല്‍കിയെങ്കിലും ഒപ്പം അലോസരപ്പെടുത്തുന്ന ഒരുപാട് ചോദ്യങ്ങളും ഈ മനസ്സില്‍ തികട്ടി. എവിടെയാണ് മുംബൈയ്‌ക്ക് പിഴച്ചത്? ആരാണ് ഉത്തരം പറയേണ്ടവര്‍. എവിടെയാണ് നമ്മുടെ ഇന്റലിജന്‍സ്? മുംബൈപോലുള്ള ഒരു നഗരത്തിന്റെ കടല്‍ത്തീരം ഇങ്ങനെ അനാഥമായതെങ്ങനെ? തൃപ്‌തികരമായ ഉത്തരങ്ങളില്ലാതെ ജനം വലഞ്ഞു. അതത് ചാനലുകളുടെ ടിആര്‍പി ഉയര്‍ത്താനുള്ള പരക്കംപാച്ചിലില്‍ രാജ്യത്തിന്റെ സുരക്ഷ വേണ്ടപോലെ ഗൌനിക്കപ്പെടുന്നില്ല എന്ന ആക്ഷേപം മീഡിയയ്‌ക്കുനേരെയും ഉയര്‍ന്നു. (ഇന്ന് നിരുത്തരവാദമായ സമീപനത്തിന് മീഡിയക്കെതിരെ മുംബൈയില്‍ ഒരു പൊതുസങ്കടഹര്‍ജി ഫയല്‍ചെയ്യപ്പട്ടിരിക്കുകയാണ്).

രാത്രി മുഴുവന്‍ ടിവി സ്‌ക്രീനിനുമുന്നില്‍ത്തന്നെ ഇരുന്നു. നിശ്ശബ്‌ദതയ്‌ക്ക് ചെകിടടപ്പിക്കുന്ന സ്വരമാണ്. ബില്‍ഡിങ്ങിന്റെ ഓഫീസില്‍ പണിയെടുത്തിരുന്ന ദത്താറാമിന്റെ മകനെയുംകൊണ്ട് അയല്‍ക്കാരനെത്തിയപ്പോഴാണ് ഞാന്‍ വീണ്ടും യാഥാര്‍ഥ്യത്തിലേക്ക് ഉര്‍ന്നുവീണത്. പാണ്ഡുരംഗിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും തലേന്നത്തെ വെടിവയ്‌പില്‍ കൊല്ലപ്പെട്ടിരുന്നു. അനാഥാലയമേ വഴിയുള്ളൂ. പാണ്ഡുരംഗിന്റെ അയല്‍ക്കാരന്‍ കുട്ടിയെ മുന്നിലേക്കു നീക്കിനിര്‍ത്തി. 11 വയസ്സായ പാണ്ഡുരംഗിന്റെ സ്ഥാനത്ത് തന്റെ മകളാവാം എന്നത് ഒരു ഇടിവാളുപോലെയാണ് മനസ്സില്‍ മിന്നിയത്. ഈ വാതില്‍ക്കല്‍ ഇന്ന് താന്‍ ജീവനോടെ നില്‍ക്കുന്നു എന്നത് വെറും ഒരു യാദൃച്‌ഛികതയാണ് എന്നും. ഇതാണ്, ഈ അറിവാണ്, ഭീകരാക്രമണംപോലുള്ള അപ്രതീക്ഷിത സംഭവങ്ങള്‍ ഒരു സാധാരണക്കാരന്റെ മനസ്സില്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരുപക്ഷേ താനിന്ന് തിരിച്ചുവന്നേക്കില്ല എന്ന ചിന്ത മനസ്സിലുണ്ടാക്കുന്ന അട്ടിമറിച്ചിലുകള്‍ ഏറെയാണ്. ചിതറുന്ന മനസ്സുമായി ജീവിക്കേണ്ടിവരിക ഒരു വലിയ വെല്ലുവിളിയാണ്. എന്തുവന്നാലും കൂസാത്ത 'മുംബൈ സ്‌പിരിറ്റ്' എന്നൊക്കെ പറയുന്നത് നിവൃത്തിയില്ലായ്‌മയെ ഗ്ലാമറൈസ് ചെയ്യുന്ന ക്രൂരതയാണ് എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പോംവഴികളോ, തെരഞ്ഞെടുപ്പു സാധ്യതകളോ ഇല്ലാത്ത സാഹചര്യങ്ങളാല്‍ 'കോര്‍ണര്‍' ചെയ്യപ്പെടുന്ന ഒരുവന്റെ വിടുധൈര്യമാണ് സത്യത്തില്‍ ഈ സ്‌പിരിറ്റ്. ഉണ്ടുറങ്ങി വീട്ടിലിരിക്കാനുള്ള സാഹചര്യങ്ങളില്ല. സമയമില്ല. നഗരം പാതി കത്തുമ്പോഴും പിറ്റേദിവസത്തെ പവര്‍പോയിന്റ് പ്രസന്റേഷനോ നിത്യക്കൂലിയോ മനസ്സിലെ വേവലാതിയാണ് നഗരജീവിക്ക്. നഷ്‌ടം എല്ലാ അര്‍ഥത്തിലും കരിനിഴല്‍പോലെ ഓരോ നിമിഷവും പിന്‍തുടരുന്ന സാഹചര്യമാണ് ഇത്തരം ആക്രമണങ്ങളുടെ ബാക്കിപത്രം. തനിക്ക് വേദനിക്കുമ്പോള്‍ അതിന്റെ കുറ്റം ചുമത്താന്‍ ഒരു എതിരാളിയെ, കുറ്റവാളിയെ എല്ലാവരും തെരഞ്ഞെന്നുവരും. ഒരു സംവിധാനത്തിന്റെ പരാജയം. അതിന്റെ പ്രത്യക്ഷമുഖങ്ങളായ രാഷ്‌ട്രീയക്കാരിലൂടെയും മറ്റു ഭരണവിഭാഗങ്ങളിലൂടെയും തെരയുന്നത് അതിനാലാണ്. സംവിധാനങ്ങളുടെ തലപ്പത്തിരുന്ന് കാര്യം നടത്തേണ്ടവരുടെ സ്ഥാനനഷ്‌ടങ്ങള്‍ ഒരു മാപ്പുപറയലും കുറ്റസമ്മതവുമാകുന്നത്, പൊതുജനത്തിന്റെ മനസ്സിന് താല്‍ക്കാലിക ആശ്വാസമാകുന്നത് അതുകൊണ്ടാണ്. അപ്രീതിയുടെ പ്രതീകമാകുകയാണ് ഇവിടെ സ്ഥാനമൊഴിപ്പിക്കല്‍. സമാധാനത്തിന്റെ വില സാധാരണക്കാരനറിയുംപോലെ മറ്റുള്ളവര്‍ക്കറിഞ്ഞുകൂടല്ലോ.

മുംബൈയിലെ സംവിധാനങ്ങളുടെ പരിപാലനം എത്ര ശോചനീയമാണെന്ന്, എത്ര നിരുത്തരവാദപരമാണെന്ന്, എത്ര നിസ്സാരവല്‍ക്കരിക്കപ്പെടുന്നു എന്ന് മുംബൈയില്‍ രണ്ടുവര്‍ഷംമുമ്പുണ്ടായ വെള്ളപ്പൊക്കം നമുക്കു കാണിച്ചുതന്നതാണ്. ഒരല്‍പ്പം കാര്യക്ഷമത. ജനങ്ങളുടെ ദുരിതങ്ങളോട് അല്‍പ്പം മനുഷ്യത്വം. അതേ അന്ന് മുംബൈക്കാര്‍ ആവശ്യപ്പെട്ടുള്ളൂ. കാര്യങ്ങള്‍ ഒരുതരി മാറിയിട്ടില്ലെന്ന് ഇന്ന് സിഎസ്‌ടി സ്റ്റേഷനിലെ പ്രവര്‍ത്തിക്കാത്ത സിസി ടിവികള്‍ നമ്മോടു പറയുന്നു. പ്രവര്‍ത്തനക്ഷമമല്ലാത്ത കോസ്റ്റ്ഗാര്‍ഡ് ബോട്ടുകള്‍ പറയുന്നു. ഇന്റലിജന്‍സിലെ ഒഴിഞ്ഞ തസ്‌തികകള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രാവര്‍ത്തികമാക്കേണ്ടിയിരുന്ന പൊലീസ് പരിഷ്‌ക്കരണങ്ങള്‍ ചവറ്റുകുട്ടയില്‍കിടന്ന് നിലവിളിക്കുന്നു. ഇവയെക്കെ ഒന്നു ശരിയാക്കാന്‍ ആരാണ്, എന്താണ് തടസ്സം? ഭരണത്തിന്റെ അനാസ്ഥയല്ലാതെ? ആശുപത്രിയിലായാലും എയര്‍പോര്‍ട്ടിലായാലും വിദ്യാഭ്യാസത്തിലായാലും നിയമം അനുസരിക്കാതിരിക്കുകയും അതില്‍ അഭിമാനിക്കുകയും ആണ് നമ്മുടെ സ്ഥായിയായ ശീലം. അടിമയുടെ മൈന്‍ഡ് സെറ്റ്. സര്‍ക്കാര്‍ പദ്ധതികളില്‍ ജനത്തിന് നീക്കിവയ്‌ക്കപ്പെടുന്ന ഓരോ നൂറുപൈസയിലും ഒരു പൈസയാണത്രെ ലക്ഷ്യസ്ഥാനത്തെത്തുന്നത്. കൈക്കൂലിയുടെയും വെട്ടിപ്പിന്റെയും അതിപ്രസരം മാത്രമല്ല ഗുണമേന്മയോട് നാം കാണിക്കുന്ന അക്ഷന്തവ്യമായ വിട്ടുവീഴ്ചകളാണ് മരണക്കെണികളുടെ ഈറ്റില്ലങ്ങള്‍. ഈ അത്യാഹിതത്തിനിടയില്‍ നാം നമ്മുടെ നേതാക്കന്മാരുടെ അല്‍പ്പത്തവും അനൌചിത്യവും നേരില്‍ കണ്ടു. മറുപുറത്ത് ജീവന്‍ പണയംവച്ച് അന്യര്‍ക്കുവേണ്ടി പൊരുതിയ സാഹസികതയും. ജനങ്ങളുടെ രോഷം പൊട്ടിയൊഴുകാന്‍ ഈ ഭീകരാക്രമണത്തില്‍ നടന്ന മരണങ്ങള്‍ മാത്രമല്ല കാരണം. ദിനംപ്രതി അടിഞ്ഞുകൂടുന്ന നിരാശ, കിട്ടിയ വിടവിലൂടെ കുത്തിയൊലിച്ചതുകൂടിയാണ്.

സാമ്പത്തിപരാധീനതകള്‍ ഏറെയുള്ള ഒരു രാജ്യത്തിന് അതിന്റെ സുരക്ഷാസന്നാഹങ്ങളെ അന്നന്നത്തെ സാങ്കേതികപുരോഗതിക്കനുസരിച്ച് ആധുനീകരിക്കാനായില്ലെന്നുവരും. എന്നാല്‍ ആര്‍ക്കും തട്ടിക്കളിക്കാവുന്ന ജീവിതങ്ങളല്ല നമ്മുടെ സന്നാഹങ്ങളുടെ അടിത്തട്ടിലുള്ളവരുടേതെന്ന് എങ്ങനെ, ആരോടു പറയും എന്നതുതന്നെയാണ് ഇന്നത്തെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം. ഉദ്യോഗസ്ഥവൃന്ദത്തിന്റെ രാജ്യത്തോടും അതിന്റെ സംവിധാനങ്ങളുടെ നടത്തിപ്പിനോടും ഉള്ള ജാഗ്രതനിറഞ്ഞ പ്രതിബദ്ധതയാണ് പൊതുജനത്തിന്റെ സുരക്ഷിതാബോധത്തിന്റെ നട്ടെല്ല്.

ഇതെഴുതുമ്പോള്‍ പൊലീസിന്റെ ആധുനീകരണം, ആയുധങ്ങള്‍, ഹെലികോപ്റ്റര്‍ സൌകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതു സങ്കടഹര്‍ജി മുംബൈയില്‍ ഫയല്‍ചെയ്‌തുകഴിഞ്ഞിരിക്കയാണ്.

ഭീകരാക്രമണങ്ങള്‍ നൂറുശതമാനം തടുക്കാനാവില്ലെന്ന് അറിയേണ്ടതുപോലെതന്നെ പ്രധാനമാണ്, ഭീകരാക്രമണങ്ങളുടെ അടിയൊഴുക്കുകളും ആത്യന്തികലക്ഷ്യവും പുറമെ കാണുന്ന കാരണങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ് എന്ന തിരിച്ചറിവും. പാകിസ്ഥാന്റെ മറ്റതിര്‍ത്തികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മതമൌലികവാദികള്‍ ഉന്നമിടുന്നത്, ആ അതിര്‍ത്തികളില്‍നിന്ന് പാകിസ്ഥാന്‍ പട്ടാളത്തെ പിന്‍വലിക്കലാണ്. പുതിയ പാകിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാരിക്കു കീഴില്‍ വന്നേക്കാവുന്ന ഇന്ത്യ-പാകിസ്ഥാന്‍ സൌഹൃദം തകര്‍ക്കല്‍ ഒരു പ്രധാനലക്ഷ്യമാണെന്നതിനുപുറമേ, ഇന്ത്യ പാകിസ്ഥാനുമായി യുദ്ധത്തിലേര്‍പ്പെട്ടാല്‍ അവിടത്തെ ജനാധിപത്യശക്തികള്‍ ബലഹീനമാകുമെന്നും മിലിട്ടറിക്ക് മുന്‍തൂക്കം കിട്ടുമെന്നും ആണ് അവരുടെ കണക്കുകൂട്ടല്‍. ഇന്ത്യക്ക് അതൊരു തിരിച്ചടിയും തലവേദനയുമാക്കാം. ലോകശ്രദ്ധ തീവ്രവാദപ്രവര്‍ത്തനരംഗത്തുനിന്ന് ഇന്തോ-പാകിസ്ഥാന്‍ ഉരസലുകളിലേക്ക് തിരിക്കാനുമാകും. സര്‍ക്കാരിന്റെ പ്രവൃത്തികളെ വിലയിരുത്തുമ്പോള്‍ പൊതുജനം അറിയാത്ത, അറിയേണ്ടാത്ത നിരവധി ഘടകങ്ങളുണ്ട്. വികാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികരിക്കുക വിഡ്‌ഢിത്തമാണ്. അതുകൊണ്ടാണ് നമ്മുടെ സുരക്ഷാസന്നാഹങ്ങളുടെ ശേഷിയും ശേമുഷിയും സര്‍വപ്രധാനമാകുന്നത്.

എല്ലാം കഴിയുമ്പോഴും ഉറക്കംകെടുത്തിക്കൊണ്ട് വിടാതെനില്‍ക്കുന്ന ഒരു ചോദ്യം എന്റെ മനസ്സില്‍ ബാക്കിയാവുന്നു. കണ്ടവരെ മുഴുവന്‍ കൊന്നൊടുക്കി, സ്വന്തം ജീവിതം തകര്‍ത്തു തരിപ്പണമാക്കി, മറ്റാരൊക്കെയോ മുന്നില്‍ വരച്ചിട്ട സ്വര്‍ഗത്തിലേക്കുള്ള യാത്ര ഉറപ്പിക്കാന്‍ തുനിയുന്ന ഒരു ചെറുപ്പം മനസ്സിന്റെ രീതിശാസ്‌ത്രമെന്താണ്? സ്വര്‍ഗം വേണമെങ്കില്‍ത്തന്നെ കുറച്ചുകൂടി ഈ ലോകം കണ്ടിട്ടുപോരെ? ആ കുട്ടിയോട് ആരാണ് സത്യം പറയാന്‍ മുതിരുക? അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ് ? ഏതെങ്കിലും സാമൂഹിക മുന്നേറ്റങ്ങള്‍ അതിനൊരുങ്ങുമോ? മതങ്ങളെ കൂട്ടുപിടിക്കാത്ത, ജാതിയും ജനനവും ചോദിക്കാത്ത, ഭാവിയിലേക്ക് നോക്കാന്‍ കെല്‍പ്പും തയ്യാറുമുള്ള ഒരു നേതാവിന്റെ സ്ഥാനം കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. ഒരമ്മയ്‌ക്ക് വിശ്വസിക്കാവുന്ന ഒരു നേതാവിന്റെ സ്ഥാനം. ഇത്തരം ആക്രമണങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ദുരന്തവും അതാണ്.

*
മാനസി
കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്,


02 April, 2009

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെയും, അതിന്റെ ആക്രമണാത്മകതയുടെയും യുഗത്തിലാണ് നാം ജീവിക്കുവാനായി പോരാടുന്നത് . യുദ്ധം, അധിനിവേശം, ദേശീയ സുരക്ഷാ പ്രത്യയശാസ്‌ത്രങ്ങൾ, എതിരഭിപ്രായങ്ങളെ - നാട്ടിലും വിദേശത്തും- മർദ്ദിച്ചൊതുക്കൽ തുടങ്ങിയവയൊക്കെ ലോകമെമ്പാടും ബിസിനസിന്റെ അനന്തസാദ്ധ്യതകളാണ് സൃഷ്‌ടിക്കുന്നത്. സ്വതന്ത്ര കമ്പോളത്തിന്റെ വക്താവായ തോമസ് ഫ്രീഡ്‌മാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ അതിനെ കൃത്യമായി ഇങ്ങനെ വിലയിരുത്തുന്നു:“കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍ക്ക് അദൃശ്യമായൊരു മുഷ്‌ടി ഇല്ലാതെ ഒരിക്കലും പ്രവര്‍ത്തിക്കാനാകുകയില്ല. മക്‍ഡോണാള്‍ഡ് ഡഗ്ലസ് എന്ന എഫ്-15 വിമാനങ്ങളുടെ നിര്‍മ്മാതാവില്ലാതെ മക്‍ഡോണാള്‍ഡിനു പ്രവര്‍ത്തിക്കാനാകുകയില്ല. അതുപോലെ, സിലിക്കന്‍ വാലിയിലെ സാങ്കേതികവിദ്യകളെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ആ അദൃശ്യമുഷ്‌ടിയാണ് യു എസ് ആര്‍മി, വ്യോമസേന, മറൈന്‍ കോര്‍പ്പ്സ് എന്നിവ.“

സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം:സൈനിക വ്യാവസായിക സമുച്ചയം 2008ൽ

2008ൽ സൈനിക വ്യാവസായിക സമുച്ചയം എന്നാല്‍ എന്താണ് മനസ്സിലാവുക? അതെവിടെയാണ് ? അതിന്റെ രൂപമെന്താണ്? മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസന്‍‌ഹോവര്‍ 1961ല്‍ ഉപയോഗിച്ച സൈനിക വ്യാവസായിക സമുച്ചയം എന്ന പദപ്രയോഗത്തിന് യുദ്ധത്തിന്റെയും സുരക്ഷാവ്യവസായത്തിന്റെയും വിവിധ മുഖങ്ങളേയോ, അതിന്റെ വിവിധ നീരാളിക്കൈകളെയുമോ, അതുപോലെ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയസഖ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളെയോ കൃത്യമായി വിശദീകരിക്കുവാന്‍ കഴിയുന്നുണ്ടോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. 'പ്രതിരോധവ്യവസായം’, ആയുധക്കച്ചവടം’ തുടങ്ങിയ വാക്കുകള്‍ ഇന്ന് യുദ്ധങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്നവരെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഇവരുടെ വിനാശകരമായ സ്വാധീനം ആയുധനിര്‍മ്മാണത്തിലും അവയുടെ കയറ്റുമതിയിലും എന്നപോലെ തന്നെ വെസ്റ്റ് ബാങ്കിനെയും ഗാസയെയും വേര്‍തിരിക്കുവാന്‍ ഇസ്രായേല്‍ കെട്ടിയുയര്‍ത്തിക്കൊണ്ടിരിക്കുന്ന ഹൈടെക്ക് വംശീയമതിലിലും, അതിന്റെ പശ്ചിമാര്‍ദ്ധഗോളത്തിലെ പതിപ്പായി അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിൽ ഉയരുന്ന മതിലിലും, കാനഡയുടെ സി എ ഇ (CAE) എന്ന കമ്പനി അമേരിക്കയുടെയും ബ്രിട്ടന്റെയും സൈന്യത്തിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള കമ്പ്യൂട്ടര്‍ സിമുലേഷന്‍ പ്രോഗ്രാമുകളിലും, ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും മറ്റിടങ്ങളിലും വിന്യസിച്ചിട്ടുള്ള Blackwater, DynCorp, Aegis7 തുടങ്ങിയ സ്വകാര്യ സൈനിക സംഘങ്ങളിലും, പുറംകരാർ നൽകപ്പെട്ട ഇന്റലിജന്‍സിലും, L-3 / Titan തുടങ്ങിയ സിവിലിയന്‍ കോണ്‍‌ട്രാൿറ്റ് കമ്പനികള്‍ ചെയ്യുന്ന വിവര്‍ത്തനം, ചോദ്യം ചെയ്യല്‍ എന്നീ കൃത്യങ്ങളിലും, ഇസ്രായേലിനും, പാക്കിസ്ഥാനും ഈജിപ്‌തിനും കൊളംബിയക്കുമൊക്കെ അമേരിക്ക നല്‍കുന്ന ഭീമമായ സൈനിക സാമ്പത്തിക സഹായങ്ങളിലും, ഫിലിപ്പൈന്‍സിൽ താവളമടിച്ചിട്ടുള്ള അമേരിക്കയുടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് വിഭാഗം മിന്‍ഡനാവോയിലും മറ്റും നടത്തുന്ന 'hearts and minds' എന്ന -വൈദ്യ, ദന്ത, സാമൂഹ്യസഹായങ്ങൾ ഉൾപ്പെടെ- മനുഷ്യത്വപരമായ സേവനങ്ങളിലും, എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലെ ജനവിഭാഗങ്ങൾക്ക് പാശ്ചാത്തലസൌകര്യം ഒരുക്കുന്ന പദ്ധതികളിലും തെളിഞ്ഞുകാണാം. ഇതില്‍ പലതും സര്‍ക്കാരുകള്‍ ചെയ്യേണ്ടതായ കാര്യങ്ങളുമാണ്.

മറ്റെല്ലാ രാജ്യാന്തര കോര്‍പ്പറേഷനുകളെയും പോലെ ഈ കമ്പനികളും ഗവര്‍മ്മെണ്ടുകളിലെയും, അവയുടെ സായുധ സേനകളിലെയും ഉന്നതാധികാരികളുടെ രക്ഷാകര്‍തൃത്വവും, അവരുമായി അന്യോന്യാശ്രയ ബന്ധങ്ങളും ഉള്ളവയാണ്. ഈ കമ്പനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായത് അവയുടെ ലാഭത്തിന്റെ കാര്യമാണ്. നികുതി ഒഴിവുകൾ, കയറ്റുമതിക്കുള്ള സഹായം, മറ്റു തരം സഹായങ്ങള്‍ എന്നിവ അവരെ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സഹായിക്കുന്നു‍. അമേരിക്കയിലെ ഭരണസംവിധാനങ്ങളെല്ലാം തന്നെ, അത് ഏത് രാഷ്‌ട്രീയ കക്ഷിയുടേതാണെങ്കിലും, പ്രതിരോധവ്യവസായത്തില്‍ നിക്ഷേപങ്ങളും കച്ചവടതാല്പര്യങ്ങളും ഉള്ള രാഷ്‌ട്രീയക്കാരാലും യുദ്ധത്തില്‍ നിന്നും ലാഭമൂറ്റുന്നവരാലും നിറയ്‌ക്കപ്പെട്ടവയാണ്. ഡിക്‍ചെനിക്ക് ഹാലിബര്‍ട്ടനുമായുള്ള ബന്ധവും, 2003ലെ ഇറാഖ് അധിനിവേശത്തിനുശേഷം അമേരിക്കന്‍ സൈന്യത്തിന് വേണ്ട സേവനങ്ങളും മറ്റും എത്തിച്ചുകൊടുക്കാനായി പ്രസ്‌തുത കമ്പനിക്ക് ലഭിച്ച സഹസ്രകോടി ഡോളർ വരുന്ന കരാറുകളും ഇതിന്റെ കൃത്യമായ സൂചനയാണ്. എങ്കിലും, അമേരിക്കയിലെ സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം ഇത് പതിവു ബിസിനസ് മാത്രമാണ്. സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സീവ് പൊളിറ്റിൿസിന്റെ 2008 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ സൈന്യത്തിന് ചരക്കുകളും സേവനങ്ങളും നല്‍കുന്നതിനായി നൂറുകണക്കിനു മില്യണ്‍ ഡോളറുകള്‍ ദിവസേന ലഭിക്കുന്ന കരാറുകള്‍ പെന്റഗണില്‍ നിന്ന് കരസ്ഥമാക്കിയിട്ടുള്ള കമ്പനികളില്‍, അമേരിക്കന്‍ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ ഏകദേശം196 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. വിമാനങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ മുതല്‍ മരുന്നുകളും, ലഘുപാനീയങ്ങളും നിര്‍മ്മിക്കുന്ന കമ്പനികള്‍ വരെ ഇതില്‍പ്പെടും. ഇത്തരത്തിലുള്ള പരസ്‌പരസഹായത്തിന്റെ ചില ഉദാഹരണങ്ങളാണ് ജനറല്‍ ഡൈനാമിൿസിന്റെ ഡയറൿടര്‍ ബോര്‍ഡ് അംഗങ്ങളില്‍ അമേരിക്കയുടെ ഒരു മുന്‍ വൈസ് ചീഫ് ഓഫ് ആര്‍മിയും, ഒരു മുന്‍ നാവികസേനാ ജനറലും, നാവികസേനയുടെ ഒരു മുന്‍ നാവല്‍ ചീഫ് ഓഫ് ഓപ്പറേഷനും, ബ്രിട്ടന്റെ ഒരു മുന്‍ ചീഫ് ഓഫ് ഡിഫന്‍സ് പ്രൊക്യൂര്‍മെന്റും ഉള്‍പ്പെടുന്നുണ്ട് എന്നത്. അതുപോലെ തന്നെ കാനഡയിലെ CAEയുടെ ഇപ്പോഴത്തെ (മുന്‍പത്തെയും) എക്സിക്യൂട്ടീവുകളില്‍ കനഡയുടെ അന്താരാഷ്‌ട്ര വ്യാപാരങ്ങളുടെ ചുമതല വഹിച്ചിരുന്ന ഒരു മുന്‍മന്ത്രിയും, മുൻ പ്രധാനമന്ത്രിയായിരുന്ന മുള്‍‌റോണിയുടെ പേഴ്‌സണൽ സ്റ്റാഫിന്റെ തലവനും ഉണ്ട്.

വാടക ഗുണ്ടകൾ‍‍, പൂത്ത പണം, നിയമരാഹിത്യം

സര്‍ക്കാരുകളാലും കമ്പനികളാലും വാടകക്കെടുക്കപ്പെട്ട സ്വകാര്യസേനകള്‍ പുതിയ കാര്യമൊന്നുമല്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങള്‍ക്കു വേണ്ടി യുദ്ധങ്ങള്‍ ചെയ്യുവാനും ഇന്ത്യയുടെ മേല്‍ ആധിപത്യം നേടുവാനും സ്വകാര്യസേനകളെ വാടകയ്‌ക്കെടുത്തിരുന്നു. എങ്കിലും തങ്ങളുടെ ബിസിനസ്സിന്റെ 90 ശതമാനവും അമേരിക്കയുടെ സര്‍ക്കാര്‍ കോണ്‍‌ട്രാ‌‌ടുകളില്‍ നിന്ന് നേടുന്ന ബ്ല്ലാക്ക് വാട്ടര്‍, ഡിന്‍‌കോര്‍പ്പ് എന്നിവയിലൂടെ സ്വകാര്യ സുരക്ഷാവ്യവസായ കോണ്‍‌ട്രാൿടര്‍മാര്‍ക്കുണ്ടായ ഊഹിക്കാൻ പോലുമാവാത്ത വളർച്ചയും, അത്തരം സ്വകാര്യ സേനകളുടെ ആധുനികവല്‍ക്കരണവും, ആഗോളവല്‍ക്കരണവും ആരെയും അമ്പരപ്പിക്കുന്നതാണ്. ഔദ്യോഗിക സൈനികര്‍ക്കു പോലും പലപ്പോഴും കൊലപാതകത്തിനു ഉത്തരം പറയേണ്ടി വരാറില്ല എന്നിരിക്കെ, സര്‍ക്കാരുകൾ കരാർ അടിസ്ഥാനത്തിൽ എടുക്കുന്നവരും പൊതുഖജനാവില്‍ നിന്ന് പണം പറ്റുന്നവരുമാണെങ്കിലും, ഇത്തരം കരാർ സൈനികരെ നിരീക്ഷിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനോ ഉള്ള സംവിധാനം ഇല്ലാത്തതിനാൽ ഈ സ്വകാര്യ സേനകള്‍ എന്തില്‍ നിന്നൊക്കെ രക്ഷപ്പെടുന്നുണ്ടാവില്ല? ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും അവർക്കില്ല എന്നു മാത്രമല്ല, തങ്ങളിൽ കുറ്റങ്ങൾ ആരോപിക്കാൻ ആർക്കും ആവില്ല എന്നും അവർ ഉറച്ച് വിശ്വസിക്കുകയാണ്. ലോകത്തിലെല്ലായിടത്തു നിന്നും ഇത്തരം സേനകൾ വിമുക്ത സൈനികരെയും, പോലീസുകാരെയും റിക്രൂട്ട് ചെയ്യുകയാണ്. ഇവരിൽ പലരും ലോകത്തിലെത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ മർദ്ദക/കൊലയാളി സ്വഭാവമുള്ള സേനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ്. ബാഗ്‌ദാദിലെ നിസൌര്‍ ചത്വരത്തില്‍ വെച്ച് 17 ഇറാഖികളെ വെടിവെച്ച് കൊന്നതില്‍ ജനരോഷം ഇരമ്പിയിട്ടും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കരാര്‍ പുതുക്കിക്കൊടുത്ത ബ്ലാക്ക് വാട്ടര്‍ അവരുടെ വെബ് ‌സൈറ്റില്‍ പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്.

ഞങ്ങള്‍ മറ്റുള്ളവരോട് അങ്ങേയറ്റം മാന്യമായും സമഭാവനയോടും വിശ്വസ്‌തതയോടുമാണ് പെരുമാറുന്നത്. ഞങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളുടെ സംസ്‌ക്കാരത്തെയും വിശ്വാസങ്ങളെയും വിലമതിക്കുന്നു.“

എന്നാല്‍ വസ്‌തുതയെന്താണ് ?

ബ്ലാക്ക് വാട്ടറിന് ഇറാഖി ജനങ്ങളെ യാതൊരു വിലയുമില്ല” ഇറാഖി ആഭ്യന്തിര വകുപ്പിലെ ഒരുദ്യോഗസ്ഥന്‍ 2007ല്‍ വാഷിങ്ങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞു. “അവര്‍ ഇറാഖികളെ മൃഗതുല്യരായാണ് കാണുന്നത്, ഒരു പക്ഷെ മൃഗങ്ങളോട് അവർ കൂടുതല്‍ ആദരവ് കാട്ടാറുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തെരുവുകളില്‍ അവര്‍ കാണിക്കുന്നത് ഞങ്ങള്‍ നിത്യവും കണ്ടുകൊണ്ടിരിക്കുകയാണ്. വെടിവെയ്‌ക്കാത്ത അവസരങ്ങളിൽ അവര്‍ ജനങ്ങള്‍ക്ക് നേരെ വെള്ളം നിറച്ച കുപ്പികള്‍ എറിയുകയും അസഭ്യം പറയുകയുമാണ്. ഒരാൾ ഒരു കുഞ്ഞിനെയോ പ്രായം ചെന്ന സ്‌ത്രീയെയോ ഭീതിയിലാഴ്ത്തുകയോ സ്വയം കാറോടിച്ച് പോകുന്ന നിരപരാധിയെ വെടിവച്ചു കൊല്ലുകയോ ചെയ്യുന്നുവെങ്കില്‍, അത് ഭീകരപ്രവര്‍ത്തനം തന്നെയല്ലേ?

ഡോളര്‍ ഡോളര്‍ സർവ്വത്ര, ബോധം തെല്ലും ഇല്ലത്രെ

ആയുധ നിയന്ത്രണ നിർവ്യാപന കേന്ദ്രത്തിന്റെ (Center for Arms Control and Non-proliferation) 2008 ഫെബ്രുവരിയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പെന്റഗണിന്റെ 2009 സാമ്പത്തികവര്‍ഷത്തെ ബജറ്റ് , പണപ്പെരുപ്പം കണക്കിലെടുത്തിട്ടു പോലും, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം അവതരിപ്പിക്കപ്പെട്ട ഏറ്റവും വലിയ ബജറ്റാണ്. 515.4 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമിത്‍. വിയറ്റ്നാം, കൊറിയന്‍ യുദ്ധ കാലഘട്ടത്തിലെയോ, റീഗന്റെ ശീതയുദ്ധം മുറുകിയിരുന്ന സമയത്തെയോ ബജറ്റിനേക്കാള്‍ അധികമാണിത്. തൊട്ടു താഴെയുള്ളാ 45 രാജ്യങ്ങള്‍ ചേര്‍ന്ന് സൈനികകാര്യങ്ങള്‍ക്കായി ചിലവഴിക്കുന്ന തുകയേക്കാള്‍ അധികം തുക അമേരിക്ക ചിലവഴിക്കുന്നുണ്ട്. ചൈനയുടെ 5.8 മടങ്ങും, റഷ്യയുടെ 10.2 മടങ്ങും ഇറാന്റെ 98.6 മടങ്ങും വരും ഈ തുക. ലോകത്തിലെ ആകെ സൈനിക ചിലവിന്റെ 48%. US Office of Management and Budget ന്റെ ഒരു എസ്റ്റിമേറ്റിനെക്കുറിച്ചും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഇതനുസരിച്ച് 2013 ഓടെ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിനു മാത്രമായുള്ള വാര്‍ഷിക ഫണ്ടിങ്ങ് 546 ബില്യണ്‍ ഡോളറായി വര്‍ദ്ധിക്കും. ഇത് വളരെ മിതമായ രീതിയിലുള്ള അനുമാനമാണ്. ഊര്‍ജ്ജവകുപ്പിനുള്ള തുകയോ, 2009 മുതല്‍ 2013 വരെ സൈനിക മുന്നേറ്റങ്ങള്‍ക്കു വേണ്ടി വരുന്ന യഥാര്‍ത്ഥ ചിലവോ കണക്കിലെടുക്കാതെ തന്നെ പെന്റഗണിന്റെ മൊത്തം ചിലവ് 2.6 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാകും. (പരിഭാഷകന്റെ കുറിപ്പ്: ട്രില്യണില്‍ 12 പൂജ്യം ഉണ്ടാകും) കഴിഞ്ഞ വര്‍ഷം സ്റ്റോക്ക്‍ഹോമിലെ ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (SIPRI) കണക്കാക്കിയത് പ്രകാരം 2006ലെ ആഗോള സൈനിക ചിലവ് 1204 ബില്യണില്‍ എത്തിയിരുന്നു. 2005നേക്കാള്‍ 3.5% അധികം, 1997 മുതലുള്ള 10 വര്‍ഷത്തെ കണക്കിൽ 37% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2006ല്‍ ഏറ്റവും കൂടുതൽ തുക സൈനികാവശ്യങ്ങൾക്കായി ചിലവിടുന്നആദ്യത്തെ 15 രാജ്യങ്ങളുടെ സൈനിക ചിലവ് ലോകത്തിലെ മൊത്തം സൈനിക ചിലവിന്റെ 83 ശതമാനം ആയിരുന്നു.

അമേരിക്കയുടെ സൈനിക-വ്യവസായ സമുച്ചയവും(US military-industrial complex) സൈനിക ചിലവുകളും ലോകത്തിലെ മറ്റെല്ലാ രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച് വളരെ ഉയര്‍ന്നതാണെന്നിരിക്കെ, അതും അവരുടെ സൈനിക സഹായ പാക്കേജുകളും, ആഗോള സുരക്ഷയെക്കുറിച്ച് അവരുയർത്തുന്ന ഹിസ്റ്റീരിയയും ഒക്കെ ചേരുമ്പോൾ മറ്റു രാഷ്‌ട്രങ്ങളുടെ സൈനിക ചിലവുകളും വലിയ തോതില്‍ ഉയരുകയാണ് . ജപ്പാന്‍ ഈയിടെ വന്‍ തോതിലുള്ള സൈനിക നവീകരണ പരിപാടി (military upgrades) പ്രഖ്യാപിക്കുകയുണ്ടായി. ദക്ഷിണകൊറിയ, ചൈന, റഷ്യ എന്നിവരൊക്കെയും സൈനിക ചിലവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ കാര്യത്തിലാകട്ടെ 2008 ൽ റെക്കോര്‍ഡ് വർദ്ധനവാണ് പ്രതിരോധ ചിലവിൽ ഉണ്ടായിട്ടുള്ളത് . 2006ല്‍ ലോകത്തിലെ നൂറ് പ്രമുഖ ആയുധ ഉല്പാദക സ്ഥാപനങ്ങളില്‍ 4 എണ്ണം ഇസ്രായേലിന്റെതായിരുന്നു: ഇസ്രായേലി എയര്‍ക്രാഫ്‌ട് ഇന്‍ഡസ്‌ട്രീസ്, ഇസ്രായേലി മിലിറ്ററി ഇന്‍ഡസ്‌ട്രീസ്, എല്‍ബിറ്റ് സിസ്റ്റംസ്, റഫായേല്‍ എന്നിവയാണവ. സൈനിക പ്രധാനമായ കയറ്റുമതിയെ സംബന്ധിച്ച കസ്റ്റംസ് ഡാറ്റയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ 2007 ഒൿടോബറിലെ സി.ബി.സി റിപ്പോര്‍ട്ട് അനുസരിച്ച് ആയുധവിതരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ആറാം സ്ഥാനക്കാരായ കാനഡയുടെ ആയുധകയറ്റുമതി 2000 നും 2006 നും ഇടക്ക് 3.5 മടങ്ങ് വര്‍ദ്ധിച്ചു. അവര്‍ 3.6 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ സൈനിക ചരക്കുകള്‍ കയറ്റുമതി ചെയ്‌തു. 2002 മുതലുള്ള ആയുധക്കയറ്റുമതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ അടങ്ങുന്ന വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ഫെഡറല്‍ ഗവര്‍മ്മെണ്ട് ഇനിയും പാര്‍ലിമെന്റിന് സമര്‍പ്പിച്ചിട്ടില്ല എന്നതിനാലും, ആയുധ നിയന്ത്രണത്തിന്റെ കാര്യത്തില്‍ അത്ര സുതാര്യതയില്ലാത്തതിനാലും, കനഡയുടെ സൈനിക കയറ്റുമതിയെ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം ലഭിക്കുക എന്നത് വിഷമകരമാണ്. ഉദാഹരണത്തിന് മോൺ‌ട്രിയോൾ ആസ്ഥാനമായുള്ള എസ്.എന്‍.സി ലാവ്‌ലിന്റെ സബ്‌സിഡറി ആയ എസ്.എന്‍.സി.ടെക് അമേരിക്കന്‍ സൈന്യത്തിനുവേണ്ടി ചെറുകിട ആയുധങ്ങളും വെടിക്കോപ്പുകളും നിര്‍മ്മിക്കുന്നുണ്ട്. (ഇറാഖിലെ അമേരിക്കന്‍ തോക്കുകളില്‍ നിന്നും പാഞ്ഞ വെടിയുണ്ടകള്‍ക്ക് കനേഡിയന്‍ കോര്‍പ്പറേറ്റുകളുമായി ബന്ധമുണ്ടെന്ന കാര്യം യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ പൊതുശ്രദ്ധയില്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് എസ്.എന്‍.സി.ടെക്കിനെ 2006ല്‍ ജനറല്‍ ഡൈനാമിൿസിനു വില്‍ക്കുകയുണ്ടായി.)

കൊല്ലാനുള്ള ലൈസന്‍സ് : ആയുധ നിയന്ത്രണത്തിന്റെ മുഖം‌മൂടി

സര്‍വവിനാശായുധങ്ങളുടെ വിവിധ നീരാളിക്കൈകളേയും, അവയുടെ ഏജന്റുമാരെയും തിരിച്ചറിയുകയും പിന്തുടരുകയും ചെയ്യുക എന്നത് അത്യധികം വിഷമമേറിയതാണ്. പ്രതിരോധചിലവിന്റെയും സൈനിക പ്രവര്‍ത്തനങ്ങളുടെയും കാര്യത്തില്‍ മൂന്നാം ലോകരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുലര്‍ത്തുന്ന രഹസ്യാത്മകതയെയും സുതാര്യതയില്ലായ്‌മയെയും സംബന്ധിച്ച ഒട്ടേറെ വിമര്‍ശനങ്ങൾ ഉയർത്തുന്ന ഒന്നാം ലോകരാജ്യങ്ങളെന്നു വിളിക്കപ്പെടുന്നവയിലും ആയുധ നിയന്ത്രണത്തിന്റെ കാര്യത്തിൽ ധാരാളം പഴുതുകള്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന്, അമേരിക്കയിലേക്കുള്ള കനഡയില്‍ നിന്നുള്ള സൈനിക ഷിപ്പ്മെന്റുകള്‍ ട്രാക്ക് ചെയ്യപ്പെടാറില്ല. ഒട്ടാവയും വാഷിങ്ങ്ടണും തമ്മില്‍ 1940ല്‍ ഒപ്പുവെച്ച പ്രതിരോധ ഉടമ്പടി അനുസരിച്ച് അവയ്‌ക്ക് സര്‍ക്കാര്‍ അനുമതിയുടെ ആവശ്യമില്ല എന്നതുതന്നെ കാരണം. കയറ്റുമതി ലൈസന്‍സിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിബന്ധനകള്‍ വളരെ അയവേറിയവയായതിനാൽ യുദ്ധോപകരണങ്ങള്‍ മൂന്നാം കക്ഷിയുടെ പക്കല്‍ എത്തിച്ചേരുന്നതിനുള്ള സാദ്ധ്യതകള്‍ ഉണ്ടെന്ന് പല വിമര്‍ശകരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചില യൂറോപ്യന്‍ യൂണിയന്‍ സര്‍ക്കാരുകള്‍ ദേശീയ കയറ്റുമതി മാനദണ്ഡങ്ങളെയും യൂറോപ്യന്‍ യൂണിയന്റെ ആയുധക്കയറ്റുമതിയെ സംബന്ധിച്ച പെരുമാറ്റച്ചട്ടങ്ങളെയും ലംഘിക്കുകയും, ഒഴിവാക്കുകയും, അവഗണിക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌പെയിനും മറ്റു ചില രാജ്യങ്ങളും(അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ) കൊളംബിയയിലേക്ക്, തദ്വാരാ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ അവിടുത്തെ സുരക്ഷാസേനക്കും അര്‍ദ്ധ സൈനികവിഭാഗത്തിനും, ആയുധങ്ങളും മറ്റു സഹായങ്ങളും കൈമാറ്റം ചെയ്യുന്നത് നിയമവിധേയമാക്കിയിട്ടുണ്ട്. അള്‍ജീരിയ, കൊളംബിയ, എരിത്രിയ, ഇന്‍ഡോനേഷ്യ, ഇന്ത്യ, ഇസ്രായേൽ, കസാക്കിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, സിയറ ലിയോണ്‍ തുടങ്ങി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതോ മനുഷ്യാവകാ‍ശലംഘനം നടക്കുന്നതോ ആയ രാജ്യങ്ങളിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മിതമായ ചെറുകിട ആയുധങ്ങള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. ബ്രിട്ടീഷ് ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മാര്‍ക്ക് തോമസ് ബ്രിട്ടീഷ് ഹൈ-ടെക് കമ്പനിയായ റാഡ്‌സ്‌ട്രോണിന് ‘പ്രെഡേറ്റര്‍ ഡോണ്‍ ’ എന്ന പൈലറ്റില്ലാത്ത വ്യോമ വാഹനത്തിന്റെ തലച്ചോര്‍ ഉള്‍പ്പെടുന്ന കമ്പ്യൂട്ടര്‍ പാര്‍ട്ടുകള്‍ സപ്ലൈ ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതിനെപ്പറ്റി വിശദീകരിച്ചിട്ടുണ്ട്. ജനറല്‍ ഏറോനോട്ടിക്കല്‍ സിസ്റ്റംസ് നിര്‍മ്മിക്കുന്ന ഈ വാഹനം യെമനിലെ അല്‍ ക്വയ്‌ദക്കാര്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തുന്നതിന് 2002ലും, പാക്കിസ്ഥാനിലെ Federally Administered Tribal Area യില്‍ 2006ലും സി.ഐ.എ ഉപയോഗിച്ചിട്ടുണ്ട്. രണ്ടാമത് പറഞ്ഞ ആക്രമണത്തില്‍ 5 സ്‌ത്രീകളും 5 കുട്ടികളും ഉള്‍പ്പെടെ ഇരുപത്തിഅഞ്ചോളം പേര്‍ മരണമടഞ്ഞിരുന്നു.

ബ്രിട്ടീഷ് ഗവേഷകയായ അന്ന സ്റ്റാവ്രി അനകിസ് പറയുന്നു, “ആയുധക്കയറ്റുമതി നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് താൽ‌പ്പര്യമില്ല. ഇത്തരം കയറ്റുമതികള്‍ക്കുള്ള ലൈസന്‍സ് അപേക്ഷകള്‍ വിലയിരുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വളരെ അവ്യക്തമാണെന്ന് മാത്രമല്ല അവയൊക്കെ കയറ്റുമതിയെ പ്രോത്‌സാഹിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയുമാണ്. മാറി മാറി വരുന്ന ബ്രിട്ടീഷ് സര്‍ക്കാരുകള്‍ എടുത്തിട്ടുള്ള കയറ്റുമതി അനുകൂല നിലപാടുകൾ, ആയുധവ്യവസായവുമായി അവര്‍ക്കുള്ള അടുത്ത ബന്ധം, ആഗോള തലത്തില്‍ തങ്ങളുടെ പ്രെസ്റ്റീജിന്റെ സൂചകമായി സൈനികശക്തിയെ കാണുന്നത്, ഇവയെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം അവയൊക്കെയാണ് ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളായി മാറുന്നത്.”

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ 2006ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 200ല്‍പ്പരം ചൈനീസ് ട്രക്കുകള്‍ 2005 ആഗസ്റ്റില്‍ സുഡാനിലേക്ക് കയറ്റി അയക്കപ്പടുകയുണ്ടായി. അമേരിക്കന്‍ നിര്‍മ്മിതമായ കുമ്മിന്‍സ് എഞ്ചിന്‍ ആണ് ഇവയില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. മേല്‍പ്പറഞ്ഞ രണ്ടു രാജ്യങ്ങള്‍ക്കും അമേരിക്കയുടെ ആയുധ ഉപരോധം ബാധകമായിരിക്കുകയും, ഇത്തരം വാഹനങ്ങള്‍ ദാഫറില്‍ സാധാരണക്കാരെ തട്ടിക്കൊണ്ടു പോകുന്നതിനും കൊലപ്പെടുത്തുന്നതിനും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ തന്നെയാണ് ഈ കയറ്റുമതി നടന്നത്. ചൈനയില്‍ നിന്നും സ്ഥിരമായി ബര്‍മ്മയിലേക്ക് സൈനികസാമഗ്രികള്‍ കയറ്റി അയക്കപ്പെടുന്നുണ്ട്. മ്യാൻ‌മര്‍ ആര്‍മിക്ക് 2005ല്‍ നല്‍കിയ 400 സൈനികട്രക്കുകളും ഇതില്‍പ്പെടും. ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന നേപ്പാളി സുരക്ഷാ സേനക്കായി 2005ലും 2006ലും ചൈനയില്‍ നിന്ന് റൈഫിളുകളും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള സൈനിക സാമഗ്രികള്‍ കയറ്റി അയച്ചിട്ടുണ്ട്. ആസ്‌ട്രേലിയ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലും ദക്ഷിണ ആഫ്രിക്കയില്‍ പ്രത്യേകിച്ചും ചൈനീസ് നിര്‍മ്മിത നോരിന്‍‌കോ തോക്കുകളുടെ വ്യാജവില്‍പ്പന നടക്കുന്നതില്‍ ചൈനക്കും പങ്കുണ്ട്. ഈ ആയുധങ്ങള്‍ കൊള്ളയും ബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.

പ്രതിഷേധങ്ങളെ സൈനികമായി മർദ്ദിച്ചൊതുക്കലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണവും

പല സര്‍ക്കാരുകളും, ഫിലിപ്പൈന്‍സ് മുതല്‍ ഇന്ത്യയും കൊളംബിയയും വരെ, പ്രതിരോധപ്രസ്ഥാനങ്ങള്‍ക്കും സര്‍ക്കാര്‍ വിരുദ്ധര്‍ക്കും എതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധത്തിലാണ്. ആഭ്യന്തിരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും, സുരക്ഷാപരമായ അടിച്ചമര്‍ത്തലുകള്‍ക്കും, ‘രാജ്യത്തിനുള്ളില്‍ തന്നെയുള്ള ശത്രുക്കളെ ’ - ദരിദ്രർ‍, സ്‌ത്രീ കൂട്ടായ്‌മ, ആദിവാസികൾ, ഭൂരഹിതർ‍, കര്‍ഷകർ തൊഴിലാളികള്‍ എന്നിവരുടെ പ്രതിരോധ പ്രസ്ഥാനങ്ങളെയും, നവലിബറല്‍ പരിഷ്‌ക്കാരങ്ങള്‍ക്കും സ്വതന്ത്രവ്യാപാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും- ഒതുക്കുന്നതിനും ഭീതിയുടേതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആയുധങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നു. മൈനിങ്ങ്, എണ്ണ, ഗ്യാസ്, വ്യാവസായികാടിസ്ഥാനത്തിലുള്ള കൃഷി, വനം വ്യവസായം തുടങ്ങി മേഖലകളിലെ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളുടെ സൈനികവല്‍ക്കരണം ഭൂമി, പ്രകൃതിസമ്പത്തിന്മേലുള്ള തുല്യാവകാശം എന്നിവയ്‌ക്കായുള്ള പ്രക്ഷോഭങ്ങളെ ആളിക്കത്തിക്കുകയും വഷളാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഷെവ്‌റോണ്‍ (എണ്ണ കുത്തക) തങ്ങളുടെ നൈജര്‍ ഡെല്‍റ്റ മേഖലയിലെ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന പ്രതിഷേധ സമരക്കാരെ വെടിവെക്കുന്നതിനും പീഡിപ്പിക്കുന്നതിനുമായി നൈജീരിയന്‍ സൈന്യത്തിനും പോലീസിനും പണവും ഉപകരണങ്ങളും നല്‍കിയിരുന്നുവെന്നതിന് തെളിവുകളുണ്ടെന്ന് അമേരിക്കയിലെ ഒരു ജില്ലാ ജഡ്‌ജി (US District court judge) തന്നെ സമ്മതിക്കുന്നുണ്ട്. ഫ്രീപോര്‍ട്ട് മക്‍മോറന്‍ എന്ന സ്ഥാപനം അവരുടെ ഗ്രാസ്‌ബെര്‍ഗ് സ്വര്‍ണ്ണ, ചെമ്പ് ഖനികള്‍ക്ക് ചുറ്റുമുള്ള തദ്ദേശവാസികളെ ആക്രമിക്കുന്നതിന് ഇന്‍ഡോനേഷ്യന്‍ സൈന്യത്തിനും, പോലീസിനും, സ്വകാര്യ സുരക്ഷാ സേനകള്‍ക്കും പണം നല്‍കിയിരുന്നു. അതുപോലെ ഏജീസ്(Aegis)ന്റെ സ്ഥാപകനും ചീഫ് എൿസിക്യൂട്ടീവും ആയ ബ്രിട്ടീഷ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് കേണല്‍ ടിം സ്‌പൈസർ സ്ഥാപിച്ച സാൻഡ്‌ലൈൻ എന്ന കൂലിപ്പട്ടാള കമ്പനിയെ പാപ്പുവ ന്യൂ ഗിനിയയിലെ സർക്കാർ ഏകദേശം പത്തു വർഷം മുമ്പ് 36 മില്യൺ യു എസ് ഡോളർ നൽകി തദ്ദേശവാസികളുടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തെ അടിച്ചമർത്താനായി ഉപയോഗിച്ചിരുന്നു. ഈ പ്രക്ഷോഭം മൂലം റിയോ ടിന്റോ എന്ന ബഹുരാഷ്‌ട്ര ഭീമന്റെ ഒരു സബ്‌സിഡിയറിയുടെ ഉടമസ്ഥതയിലുള്ള കൂറ്റൻ ചെമ്പു ഖനിയുടെ പ്രവർത്തനം നിർത്തിവെയ്‌ക്കേണ്ടി വന്നതിന്റെ പ്രതികാരമായിരുന്നുവത്രെ പ്രസ്‌തുത നടപടി. ശരിക്കും പണം പട്ടാളമായി മാറുകയായിരുന്നു.

ഉറുഗ്വേയിലെ അനലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ റൌള്‍ സിബേച്ചി (Raul Zibechi) എഴുതുന്നത് മൂന്നാം ലോകരാജ്യങ്ങളിലെ നഗരാതിര്‍ത്തികള്‍ യുദ്ധമേഖലകള്‍ ആയിട്ടുണ്ടെന്നും അവിടെ ഭരണകൂടങ്ങള്‍ ദരിദ്രരെ ‘സാധാരണ’ സമൂഹത്തില്‍ നിന്നും വേര്‍തിരിക്കുന്ന തരത്തില്‍ ഒരു തരം “ശുചിത്വ നാട ‍”('sanitary cordon') വലിച്ചുകെട്ടി ഒരു പ്രത്യേകക്രമം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ ദരിദ്രരെ സൈനികശക്തി ഉപയോഗിച്ച് ഒതുക്കുന്നതില്‍ പ്രതിഫലിക്കുന്നത് ഭരണകൂടശക്തിക്കെതിരെ ദരിദ്രരായ നഗരവാസികളുടെ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് രാഷ്‌ട്രീയ, സാമ്പത്തിക മേഖലകളിലെ ഉന്നതര്‍ക്ക് ഉള്ള ഭീതിയാണ്. ജനങ്ങള്‍ക്ക് ആവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഭരണകൂടങ്ങള്‍ക്കുള്ള കഴിവിനെ ക്രമാനുഗതമായി തകര്‍ക്കുന്നതും, ദേശീയ ബജറ്റ് വിഹിതത്തില്‍ നിന്നും ചെലവഴിക്കാവുന്നതിലും കൂടുതല്‍ പങ്ക് സൈന്യത്തെ സൈനികവല്‍ക്കരിക്കുന്നതിനായി (military militarization) ചിലവഴിക്കുന്നതും ചേര്‍ന്ന് ദാരിദ്ര്യവും സംഘര്‍ഷവും വര്‍ദ്ധിപ്പിക്കുകയാണ്.

അധിനിവേശിത പാലസ്‌തീനിലെ വംശവിദ്വേഷ മതിലിന്റെ നിര്‍മ്മാതാക്കളായ Elbit എന്ന ഇസ്രായേലി കമ്പനിയുടെ സബ്‌സിഡറി കോൾസ്‌മാന്‍ ഇന്‍‌കോര്‍പ്പറേറ്റഡ് എന്ന ന്യൂ ഹാം‌പ്‌ഷയര്‍ ആസ്ഥാനമായ സ്ഥാ‍പനവും ബോയിങ്ങ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സിസ്റ്റംസ് എന്ന ബോയിങ്ങിന്റെ സബ്‌സിഡറിയും ചേർന്ന കണ്‍സോര്‍ഷ്യത്തിന് Secure Border Initiative എന്ന പദ്ധതിയുടെ ഭാഗമായി യു.എസ്-മെക്സിക്കോ അതിര്‍ത്തിയിലേക്കും യു.എസ്.-കാനഡ അതിര്‍ത്തിയിലേക്കും വേണ്ടതായ SBInet എന്ന ഹൈടെക്ക് സുരക്ഷാസംവിധാനം വികസിപ്പിച്ചെടുക്കുന്നതിനായി കരാര്‍ നല്‍കിയത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം‌ലാന്‍ഡ് സെക്യൂരിറ്റി ആയിരുന്നു. ന്യൂയോര്‍ക്കിലെ ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളായ Ad Hoc Coalition for Justice in the Middle East ഉം Desis Rising Up & Moving (DRUM) ഉം ഇതിനെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്, “എല്‍ബിറ്റ്(Elbit) പാ‍ലസ്തീനികളില്‍ പരീക്ഷിച്ച ഇസ്രായേലി സൈനിക സാങ്കേതിക വിദ്യ ഇവിടുത്തെ പാവപ്പെട്ട കുടിയേറ്റക്കാര്‍ക്ക് നേരെ പ്രയോഗിക്കാനായി ഇറക്കുമതി ചെയ്യും.”

തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള അധികാരം ഇല്ലാതാക്കി രാജ്യങ്ങളെ വിദേശ നിക്ഷേപകര്‍ക്ക് ‘സുരക്ഷിത’മായ ഒന്നാക്കി മാറ്റുന്നതിനുള്ള ഉപകരണങ്ങളാണ് സ്വതന്ത്ര കമ്പോളവ്യവസ്ഥയ്‌ക്കായി അടിച്ചേല്‍പ്പിക്കപ്പെടുന്ന അച്ചടക്കവും സൈനികവല്‍ക്കരണവും. WTO കരാറുകള്‍ സാമൂഹ്യവും പാരിസ്ഥിതികവുമായ പരിഗണനകൾ മൂലം ചില പ്രത്യേക സന്ദർഭങ്ങളിൽ ചില പ്രത്യേക ജനവിഭാഗങ്ങള്‍ക്കനുകൂലമയ നയസമീപനങ്ങൾ കൈക്കൊള്ളുവാനുള്ള അനുവാദം പോലും നിരാകരിക്കുന്നു. എന്നാല്‍ അത് യുദ്ധവ്യവസായത്തെ ഗാട്ട് കരാറിലെ ആര്‍ട്ടിക്കില്‍ 21 അനുസരിച്ചുള്ള “സുരക്ഷാ ഒഴിവുകൾ” (security exception) വഴി സംരക്ഷിക്കുന്നു. ഈ security exception പറയുന്നത് ഇങ്ങനെയാണ്.

‘a country cannot be stopped from taking any action it considers necessary to protect its essential security interests; actions 'relating to the traffic in arms, ammunition and implements of war and such traffic in other goods and materials as is carried on directly for the purpose of supplying a military establishment (or) taken in time of war or other emergency in international relations'

ഘടനാപരമായ പരിഷ്‌ക്കാരങ്ങളും വാണിജ്യ, നിക്ഷേപ മേഖലകളിലെ ഉദാരവല്‍ക്കരണവും ഏഷ്യാ പസഫിക് മേഖലകളിലും അതിനപ്പുറമുള്ള മേഖലകളിലും അടിച്ചേല്‍പ്പിക്കപ്പെടുന്ന സാഹചര്യത്തില്‍, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികകാര്യങ്ങള്‍ എന്നിവയ്‌ക്കായുള്ള ബജറ്റുകള്‍ വെട്ടിച്ചുരുക്കപ്പെടുകയും, തദ്ദേശീയമായ വ്യവസായങ്ങള്‍ക്കും കാര്‍ഷികവൃത്തിക്കുമുള്ള സഹായം നിര്‍ത്തലാക്കപ്പെടുകയും ചെയ്യുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് ക്ഷേമവും, പ്രതിരോധവ്യവസായത്തിനുള്ള സബ്‌സിഡിയും, ഉന്നതതല സൈനിക ചിലവുകളും ഒക്കെ തുടരുക തന്നെയാണ്.

മുതലാളിത്തത്തിന്റെ കൊലപാതകയന്ത്രങ്ങൾ‍ക്ക് ലിംഗപരമായ പക്ഷപാതമോ?

യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്‌ത്രീകളുടെ മേലാണ്. സ്‌ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്‌ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ‍, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്‌ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്‌ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്‌ത്രീകളാണ്. സിന്തിയ എന്‍ലോ (Cynthia Enloe) എഴുതുന്നത് വീട്ടിനകത്തെ ആക്രമങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ വര്‍ക്കര്‍മാര്‍ " സൈന്യത്തിലെ ജോലി മറ്റേത് ജോലിയേക്കാളും അധികം വീട്ടിനകത്തെ ആക്രമത്തിന് ഇട നല്‍കുന്നു എന്ന് അംഗീകരിക്കുന്നു" എന്നാണ്. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ അധിനിവേശത്തിന്റെ പ്രാഥമിക ലക്ഷ്യം അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകളെ വിമോചിതരാക്കുക എന്നതാണെന്ന അവകാശവാദം നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള പ്രതികരണമായി സുനേറ തൊബാനി (Sunera Thobani) ഇങ്ങനെ എഴുതുന്നു;

ലിംഗപരമായ ബന്ധങ്ങളുടെ തലത്തിൽ ആശയപരമായ ഒരു യുദ്ധം നടത്തുക വളരെ അത്യന്താപേക്ഷിതമായിരുന്നു, എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും സ്രോതസ്സുകൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്ക് പിന്തുണ നേടിയെടുക്കുന്നതിലും എത്രയോ എളുപ്പമായിരുന്നു അഫ്‌ഗാനിസ്ഥാനിലെ മുസ്ലീം സ്‌‌ത്രീകളെ വിമോചിപ്പിക്കുന്നതിനു വേണ്ടി പാശ്ചാത്യ ജനതയുടെ പിന്തുണ നേടിയെടുക്കുക എന്നത്.”

മാനുഷികമായ പരിഗണനകള്‍ എന്നു തോന്നിപ്പിക്കുന്ന ചിലതൊക്കെ പ്രകൃതിവിഭവങ്ങള്‍ക്കായുള്ള സാമ്രാജ്യത്വ യുദ്ധത്തിനുള്ള ദുര്‍ബലമായ ന്യായീകരണമായി മാറുന്നതുപോലെത്തന്നെ, സൈനിക കോണ്‍‌ട്രാൿടര്‍മാരും, യുദ്ധത്തില്‍ നിന്ന് ലാഭം കൊയ്യുന്നവരും തങ്ങളെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നവരും (inclusive), സാമൂഹികമായി പുരോഗമനേച്ഛുക്കളും, ലിംഗസമത്വത്തില്‍ ഊന്നുന്നവരും ആയി സ്വയം ചിത്രീകരിക്കാറുണ്ട്. അവരുടെ കോര്‍പ്പറേറ്റ് വെബ് സൈറ്റുകളില്‍ തങ്ങളുടെ മുഖ്യ ബിസിനസ്സിനെ 'സൌന്ദര്യവര്‍ദ്ധകവസ്‌തുക്കള്‍ പൂശി' അവതരിപ്പിക്കുന്നത് ഇതൊക്കെ യുദ്ധത്തിനായാണെന്നും ജനങ്ങളെ കൊല്ലുന്നതിനായുള്ളതാണെന്നുമുള്ള വസ്‌തുത മറന്നുപോകുന്ന സാഹചര്യം സൃഷ്‌ടിക്കുന്നു. ഉദാഹരണമായി പെന്റഗണിന്റെ കോണ്‍‌ട്രാൿടര്‍മാരിലൊന്നായ നോര്‍ത്ത് റോപ്പ് ഗ്രുമ്മന് (Northrop Grumman) തങ്ങളുടെ സ്ഥാപനത്തിലെ‍ " തൊഴില്‍ശക്തിയിലെ വൈവിധ്യ"ത്തെക്കുറിച്ച് ഗീര്‍വാണമടിക്കുകയും തങ്ങളുടെ വനിതാ എൿസിക്യൂട്ടീവുകളുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. കനഡയിലേയും അമേരിക്കയിലെയും പ്രതിരോധ വ്യവസായസ്ഥാപനങ്ങള്‍ Women in Defence and Security (WiDS) പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും, കനഡയുടെ ദേശീയ പ്രതിരോധ വകുപ്പുമായി ചില ധാരണാ പത്രങ്ങൾ (memoranda of understanding) ഒപ്പിടുകയും ചെയ്യുന്നു. ഇവരൊക്കെത്തന്നെ "കനഡയില്‍ പ്രതിരോധത്തിലും സുരക്ഷാ പ്രൊഫഷനിലും ഒക്കെ നേതൃസ്ഥാനത്തുള്ള വനിതകളുടെ മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി" 550 ഓളം പ്രതിരോധ സുരക്ഷാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ള Canadian Association of Defence and Security Industries (CADSI)ല്‍ അഫിലിയേറ്റ് ചെയ്‌തിട്ടുള്ളവരുമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നിരവധിപേരുടെ മരണത്തിനിടയാക്കിയ "ബങ്കര്‍ ബസ്റ്റർ‍" ബോംബുകളുടെയും ടോം ഹാക്ക്, പാട്രിയറ്റ് മിസൈലുകളുടെയും നിര്‍മ്മാതാക്കളായ റേതിയോണ്‍ (Raytheon) പ്രഖ്യാപിക്കുന്നത്

"Diversity at Raytheon is about inclusiveness — providing an atmosphere where everyone feels valued and empowered to perform at a peak level, regardless of the many ways people are different" എന്നാണ്.

റേതിയോണില്‍ വൈവിധ്യം എന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിലാണ് - പല രീതികളിലും ആളുകള്‍ വ്യത്യസ്തരാണെങ്കിലും, ഓരോരുത്തര്‍ക്കും തങ്ങള്‍ വിലമതിക്കപ്പെടുന്നവരാണെന്ന് തോന്നുന്ന, ഓരോരുത്തരെയും ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശക്തരാക്കുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നതില്‍.”

സി.ഐ.എ, എൻ‍.എസ്.എ, Defence Intelligence Agency (DIA), US Department of Defence, Department of Homeland Security എന്നിവയ്‌ക്കൊക്കെ സാങ്കേതികവിദ്യയും ആളുകളെയും നല്‍കുന്നതില്‍ ഏറ്റവും മുന്നിലുള്ള Booz Allen Hamilton എന്ന വെര്‍ജീനിയ ആസ്ഥാനമായ കമ്പനിയും (സി.ഐ.എയുടെ മുന്‍ ഡയറക്ടര്‍ ആയിരുന്ന R. James Woolsey ഇപ്പോള്‍ Booz Allen ന്റെ വൈസ് പ്രസിഡന്റ് ആണ്.) തൊഴില്‍ശക്തി വൈവിധ്യത്തെക്കുറിച്ച് മേന്മ നടിക്കുന്നവരാണ്. അവര്‍ പറയുന്നത്

"because we believe that diversity of backgrounds contributes to different ideas, which in turn drives better results for clients. To us, diversity means all the ways individuals differ from one another—race, gender, ethnicity, physical abilities, educational background, country of origin, age, sexual orientation, skills, income, marital status, parental status, religion, work experience, and military service" എന്നാണ്.

Aegis Defence Services എന്ന കമ്പനിയും മോശമല്ല. ഇവരുടെ ജീവനക്കാര്‍ ബാഗ്ദാദിലെ എയര്‍‌പോര്‍ട്ട് റോഡില്‍ വെച്ച് സാധാരണക്കാര്‍ക്ക് നേരെ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ നിറയൊഴിക്കുന്നത് വീഡിയോ ക്യാമറയില്‍ പെട്ടിരുന്നു. ഈ കമ്പനി പറയുന്നത് "Our equal-opportunity policy emphasizes our aim to create a work environment that is inclusive and non-discriminatory, where all employees are empowered by their individuality and encouraged to use it in order to achieve success" എന്നത്രെ. പാരിസ്ഥിതിക്ക് നാശം വരുത്തുന്ന കോര്‍പ്പറേഷനുകളെ "ഗ്രീന്‍ വാഷ് " ചെയ്യുന്നത് തന്നെ അധാര്‍മ്മികമാണ്. എന്നിരിക്കെ ഇത്തരം കോര്‍പ്പറേഷനുകള്‍ മുകളില്‍ പറഞ്ഞതുപോലുള്ള mission and values statements നൽകുന്നതിന്റെയും വൈവിധ്യത്തിനോട് തങ്ങള്‍ക്ക് പ്രതിബദ്ധത ഉണ്ടെന്ന് അവകാശപ്പെടുന്നതിന്റെയും ഒക്കെ പിറകില്‍ തികഞ്ഞ അശ്ലീലത ഉണ്ട്. അഫ്‌ഗാനിസ്ഥാനിലെ സൈന്യങ്ങള്‍ തങ്ങള്‍ അഫ്‌ഗാന്‍ വനിതകളെ വിമോചിതരാക്കുകയാണ് എന്നു അവകാശപ്പെടുന്നത് ഇതിന്റെ പൂരകമാണ്.

ഉപസംഹാരം

ആഗോള ആയുധവ്യാപാര ഉടമ്പടി (Global Arms Trade Treaty) പോലുള്ള ചില ഉടമ്പടികള്‍ക്കായി പല എൻ‍.ജി.ഒകളും പ്രചരണം നടത്തുന്നുണ്ട്. എങ്കിലും സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്ന വ്യവസായങ്ങളുടേയും രാഷ്‌ട്രീയക്കാരുടേയും(political actors) കൂട്ടുകെട്ടും, അമേരിക്കയും ഇസ്രായേലും അതുപോലെ ക്ലസ്റ്റര്‍ ആയുധങ്ങളുടെ (cluster munitions) മറ്റു പ്രധാന ഉല്പാദകരും ഉപയോക്താക്കളും കഴിഞ്ഞ മാസം നടന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന ക്ലസ്റ്റര്‍ ആയുധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഒരു അന്താരാഷ്‌ട്ര ഉടമ്പടി പാസാക്കിയതുമായ ഡബ്ലിന്‍ ഡിപ്ലോമാറ്റിക് കോണ്‍ഫെറെന്‍സ് ഓണ്‍ ക്ലസ്റ്റര്‍ മ്യൂനിഷനില്‍ നിന്ന് വിട്ടു നിന്ന രീതിയും കാണുന്ന നമുക്ക് സൈനിക കരാറുകളിലൂടെയും യുദ്ധാനുബന്ധലാഭത്തിലൂടെയും വലിയൊരു വിഭാഗത്തിന്റെ ചിലവില്‍ കുറച്ചുപേര്‍ അശ്ലീലമായ ലാഭം ഉണ്ടാക്കുന്ന വ്യവസ്ഥക്കെതിരെ ഇത്തരം തന്ത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നാം പോകേണ്ടതുണ്ടെന്നുള്ളത് വ്യക്തമാണ്. ആ വ്യവസ്ഥയുടെ പേര്‍ മുതലാളിത്തം എന്നാണ്. നമ്മെപ്പോലെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുതലാളിത്തത്തിന്റെ സൈനികവല്‍ക്കരണത്തെയും ആക്രമണാത്മകതയെയും, അതിന്റെ എല്ലാ രൂപങ്ങളെയും, നമ്മുടെ സമൂഹങ്ങളിൽ‍, രാജ്യത്തിനകത്തും പുറത്തും, എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്നത് തുടരേണ്ടതുണ്ട്. അങ്ങിനെ ചെയ്യുമ്പോൾ‍, യുദ്ധങ്ങളുടെ പരസ്‌പരബന്ധം, നവലിബറല്‍ ആഗോളവല്‍ക്കരണം, കോര്‍പ്പറേറ്റുകളുടെ ലാഭം, എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന രീതികൾ, "സമാധാനപാലനം", "പുനര്‍ നിര്‍മ്മാണം", കുടിയേറ്റത്തിന്റെ ക്രിമിനല്‍വല്‍ക്കരണവും സൈനികവല്‍ക്കരണവും(criminalization and militarization of immigration) സ്‌ത്രീകള്‍ക്കെതിരായ ആക്രമം, കോളനിവല്‍ക്കരണം എന്നിവയെ മനസ്സിലാക്കാന്‍ കഴിവുള്ള ജനകീയ പ്രസ്ഥാനങ്ങളെ പിന്തുണക്കുകയും, രൂപീകരിക്കുകയും, നിലനിര്‍ത്തുകയും ചെയ്യേണ്ടത് നമ്മുടെ ബാദ്ധ്യത ആയി മാറുന്നു.

*

പ്രൊഫസർ അസീസ് ചൌധരി എഴുതിയ The Military - Industrial Complex: Impacts on the Third World എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

01 April, 2009

മൂന്നാം മുന്നണി അസാദ്ധ്യമോ?

മൂന്നാം മുന്നണി അസാദ്ധ്യമോ?

മാധ്യമങ്ങളാകെ ഈ സംശയം ഉയർത്തുകയാണ്. രാജ്യമാകെ ചിതറികിടക്കുന്ന ചെറുകക്ഷികൾക്ക് അതിന് കഴിയില്ലെന്ന ധാരണ സൃഷ്ടിക്കാൻ ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമം നടക്കയാണ്. ദേശീയ കക്ഷികളില്ലാത്ത മുന്നണി അസാദ്ധ്യം, അചിന്തനീയം എന്ന ധാരണ നൽകാനാണ് ശ്രമം. ഇതിന് വസ്തുതകളുമായി ബന്ധമുണ്ടോ?

ഇല്ല എന്നാണുത്തരം

2004ൽ പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിൽ കക്ഷികൾ ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. UPA മുന്നണിയുണ്ടായിരുന്നില്ല. കോൺഗ്രസ് ജയിച്ചത് 145 സീറ്റിൽ. പിന്നീടാണ് UPA ഉണ്ടാക്കിയത്. അതിലെ ഘടക കക്ഷികൾക്കുണ്ടായിരുന്നത് 218 സീറ്റ്. ഇടതുപക്ഷത്തിന് 61 സീറ്റ്; ആകെ സീറ്റിന്റെ 15 ശതമാനം. UPA മിനിമം പരിപാടി അംഗീകരിച്ചു. നേതൃത്വം മുഖ്യകക്ഷിക്ക്. അവർ പ്രധാനമന്ത്രിയെ തീരുമാനിച്ചു.

2009 ൽ NDA സഖ്യം 22 കക്ഷികളിൽ നിന്ന് 8 ആയി ചുരുങ്ങിയിരിക്കുന്നു. UPA ആകട്ടെ 12 ൽ നിന്നും 9 ആയി.

UPA ഘടക കക്ഷികൾ തമ്മിൽ മത്സരം ഒഴിവാക്കിയാൽ കോൺഗ്രസിനു മത്സരിക്കാൻ കഴിയുന്നത് പകുതിയിലും താഴെ സീറ്റിൽ. അതിന്റെ സാധ്യത തുലോം വിരളമെന്ന് ഇതിനകം വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

തെക്കു കേരളം മുതൽ വടക്ക്, വടക്കു-കിഴക്കുവരെ നിക്ഷ്പക്ഷ മനസ്സോടെ ഒന്നോടിച്ചു നോക്കിയാൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസും ബി.ജെ.പി യും മുഖ്യശക്തിയാകാൻ സാധ്യതയില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾക്കാണ് മുൻ‌തൂക്കം. നവീൻ പട്നായിക്ക്, സംഗ്‌മ എന്നിവർ മാത്രമല്ല; ശരത് പവാർ പോലും മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോൾ ലല്ലു പ്രസാദും, രാം വിലസ് പസ്വാനും ആടിക്കളിക്കയാണ്.

14 വർഷം മുൻപ് ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോഴും അധികംപേരും പരിഹസിക്കയാണുണ്ടായത്. ഇന്നത് യാഥാർത്ഥ്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു.

B.J.P. യും കോൺഗ്രസും ഇല്ലാത്ത മുന്നണിയെന്നു കേൾക്കുമ്പോഴുള്ള അവിശ്വാസ്യത പഴയ മാനസികാവസ്ഥയുടെ തുടർച്ചയാണ്.

വ്യത്യസ്തമായ ഒരു മൂന്നാം മുന്നണി

ഒരു മിനിമം പരിപാടി

അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ

അതിനൊരു പ്രധാനമന്ത്രി

ഇതെല്ലാം സാധ്യമാണ്, അതു ഒരിന്ത്യൻ യാഥാർത്ഥ്യമാകാൻ പോകയാണ്.

കടപ്പാട്. വര്‍ക്കേഴ്സ് ഫോറം

ആയുധക്കരാര്‍ വിവാ‍ദം

ആയുധക്കരാര്‍ വിവാ‍ദം

ബോഫോഴ്സ് ഇടപാടിനുശേഷം ഒരു ആയുധക്കരാര്‍ കൂടി വിവാദക്കുരുക്കില്‍പ്പെട്ടിരിക്കുന്നു.

ഇസ്രയേലുമായി യുപിഎ സര്‍ക്കാര്‍ ഒപ്പുവച്ച പതിനായിരം കോടി രൂപയുടെ മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) ഇടപാടാണ് ആരോപണ വിധേയമായിരിക്കുന്നത്. 600 കോടി രൂപയുടെ കോഴയുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കരാര്‍ത്തുകയുടെ ആറ് ശതമാനമാണ് ഇസ്രയേല്‍ കമ്പനിയായ ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസ് (ഐഎഐ) ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴയായി നല്‍കിയത് എന്നാണ് ഈ വാര്‍ത്തകളില്‍ പറയുന്നത്. പ്രതിരോധ ഇടപാടില്‍ ആദ്യമായാണ് ബിസിനസ് ചാര്‍ജ് എന്ന പേരില്‍ കോഴ കരാറിന്റെ ഭാഗമായി നല്‍കുന്നതെന്നും, ഇടനിലക്കാര്‍ക്ക് ഒന്നര ശതമാനം മാത്രമാണ് ലഭിച്ചതെന്നും, ബാക്കി തുക കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മാറ്റിയെന്നുമാണ് ആരോപണം. 450 കോടി രൂപ ഫെബ്രുവരി 27ന് ഒപ്പുവച്ച കരാറിലൂടെ പ്രതിരോധമന്ത്രി എ കെ ആന്റണി കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയെന്നും, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോഴയുടെ ആദ്യഗഡു കൈമാറിയെന്നും ഈ വാര്‍ത്തകള്‍ പറയുന്നു. ആംഗലേയ ദിനപ്പത്രമായ ഡി.എന്‍.എ ആണ് ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

കരാറിനെക്കുറിച്ച് ദേശീയമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും പ്രതിരോധമന്ത്രാലയം മൌനം പാലിക്കുകയാണ്. ബിസിനസ് ചാര്‍ജ് ഉള്‍പ്പെട്ട കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അംഗീകാരം നല്‍കിയത് കോഴയ്ക്ക് സാധുത നല്‍കിയെന്നാണ് ആരോപണം. എ കെ ആന്റണി നേതൃത്വംനല്‍കുന്ന പ്രതിരോധമന്ത്രാലയമാണ് ബിസിനസ് ഉള്‍പ്പെടുന്ന കരാര്‍ അംഗീകരിച്ചത്. 2007 അവസാനം കരാര്‍ തിരിച്ചയച്ച ആന്റണി 2008 മാര്‍ച്ചില്‍ കരാറുമായി മുന്നോട്ടുവന്നതില്‍ ദൂരൂഹതയുണ്ടെന്ന് പറയപ്പെടുന്നു. പ്രധാനമന്ത്രികാര്യാലയമാണോ കോണ്‍ഗ്രസ് പ്രസിഡന്റാണോ കരാറുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശം ആന്റണിക്ക് നല്‍കിയതെന്ന് വ്യക്തമല്ല.

കോഴക്കേസില്‍പെട്ട എല്ലാ കമ്പനികളെയും കരിമ്പട്ടികയില്‍ പെടുത്തുക എന്നത് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ രീതിയാണ്. 22 വര്‍ഷംമുമ്പ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന ബൊഫോഴ്സ് ഇടപാടില്‍ 64 കോടി രൂപയുടെ അഴിമതി പുറത്തുവന്നതോടെ ഈ സ്വീഡിഷ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. പ്രതിരോധ ഇടപാടില്‍ അഴിമതി കണ്ടതിനെത്തുടര്‍ന്ന് ഡച്ച് കമ്പനിയായ എച്ച്ഡിഡബ്ള്യുവിനെയും ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ഡെനലിനെയും കരിമ്പട്ടികയില്‍പ്പെടുത്തി. സിബിഐ എഫ്ഐആര്‍ ഫയല്‍ ചെയ്യുംമുമ്പായിരുന്നു ഈ കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയത്. എന്നാല്‍, ബറാക് മിസൈല്‍ ഇടപാടില്‍ ഇന്ത്യയിലും മറ്റ് ഇടപാടുകളില്‍ ഇസ്രയേലില്‍ ത്തന്നെയും കോഴ ആരോപണത്തിന് വിധേയമായ ഐഎഐയെ കരിമ്പട്ടികയില്‍ പെടുത്തിയില്ല. അവരുമായി വീണ്ടും പതിനായിരം കോടി രൂപയുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്.

വായുസേനയിലെ ഉന്നതരരായ ചില ഇസ്രയേലി പക്ഷപാതികളാണ് കരാറുമായി മുന്നോട്ടുപോകാന്‍ പ്രതിരോധമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്തിയത് എന്നറിയുന്നു. ഇസ്രയേല്‍ ആയുധക്കമ്പനിയുടെ ഏജന്റായ മുന്‍ വ്യോമസേനാ മേധാവി ത്യാഗിയും നിലവിലുള്ള വൈസ് ചീഫ് എയര്‍മാര്‍ഷല്‍ ബ്രൌണുമാണ് ഇസ്രയേല്‍ മിസൈല്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് പറയപ്പെടുന്നു. 1992ല്‍ ഇസ്രയേലുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച ഘട്ടത്തില്‍ ഇസ്രയേലില്‍ ഡിഫന്‍സ് അറ്റാഷെയായി പ്രവര്‍ത്തിച്ചയാളാണ് ബ്രൌൺ. ടെന്‍ഡര്‍ വിളിക്കാതെയാണ് ഇസ്രയേല്‍ കമ്പനിക്ക് കരാര്‍ നല്‍കിയത്.

യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമാണ് ടെന്‍ഡര്‍ വിളിക്കാതെ പ്രതിരോധ ഇടപാടുകള്‍ ഉറപ്പിക്കാനാരംഭിക്കുന്നത്. ഇസ്രയേലുമായി കഴിഞ്ഞവര്‍ഷം ഒപ്പുവച്ച സ്പൈഡര്‍ മിസൈല്‍ കരാറിലും ഇതുതന്നെ സംഭവിച്ചു. കാലതാമസം ഒഴിവാക്കുക എന്ന ന്യായം പറഞ്ഞാണ് ഇങ്ങനെ കരാര്‍ ഉറപ്പിക്കുന്നത്.

ഇടപാടിന്റെ ചരിത്രം

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇസ്രയേലുമായി പതിനായിരം കോടിരൂപയുടെ പ്രതിരോധ ഇടപാടില്‍ യുപിഎ സര്‍ക്കാര്‍ ഒപ്പുവെച്ചത്. സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പെയ്സ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) രഹസ്യമായിട്ടാണ് മധ്യദൂര ഭൂതല-ആകാശ മിസൈല്‍ (എംആര്‍എസ്എഎം) കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ബറാക് മിസൈല്‍ വാങ്ങിയതില്‍ അഴിമതി കണ്ടെത്തിയതിനെത്തുടന്ന് സിബിഐ അന്വേഷണം നേരിടുന്ന കമ്പനിയാണ് ഐഎഐ. അന്വേഷണം തുടരവെയാണ് അതേ കമ്പനിയുമായി മറ്റൊരു മിസൈല്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഈ കമ്പനിയില്‍നിന്ന് വാങ്ങുന്ന മിസൈല്‍ ഇതുവരെ പരീക്ഷിക്കുകയോ അത് നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യ കമ്പനിക്കുണ്ടോ എന്ന് നോക്കുകയോ ചെയ്യാതെയാണ് ഇസ്രയേല്‍ ലോബിയുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രതിരോധമന്ത്രി എ കെ ആന്റണി കരാറുമായി മുന്നോട്ടുപോയതത്രെ.

എംആര്‍എഎസ്എഎമ്മിന് സമാനമോ അതിനേക്കാള്‍ ശേഷിയുള്ളതോ ആയ ഇന്ത്യയുടെ അഡ്വാൻ‌സ്‌ഡ് എയര്‍ ഡിഫന്‍സ് മിസൈലിനെയും ആകാശ് മിസൈലിനെയും തകര്‍ക്കുന്നതാണ് ഇസ്രയേലുമായുള്ള ഈ ഇടപാടെന്നും അതുകൊണ്ടുതന്നെ ഈ കരാറുമായി മുന്നോട്ടുപോകരുതെന്നും ഫെബ്രുവരി പത്തിന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് കത്തയച്ചിരുന്നു. എങ്കിലും, ഈ എതിര്‍പ്പിനെയെല്ലാം മറികടന്നാണ് കരാറിലൊപ്പിട്ടത്.

സിബിഐ അന്വേഷണം നടത്തുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടരുതെന്ന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിലെ വിജിലന്‍സ് ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്ന് തല്‍ക്കാലം മാറ്റിവയ്ക്കപ്പെട്ട ഈ നീക്കം 2008 മാര്‍ച്ചിലാണ് സജീവമായത്. കരാറിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതിയുടെ അംഗീകാരത്തിനായി പ്രതിരോധ മന്ത്രാലയത്തിനു പകരം ഡിആര്‍ഡിഒ ആണ് സമീപിച്ചത്. ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തി കരാര്‍ ആവശ്യമാണെന്ന റിപ്പോര്‍ട്ട് കേന്ദ്ര വിജിലന്‍സ് കമീഷനില്‍നിന്നും നിയമ മന്ത്രാലയത്തില്‍നിന്നും സംഘടിപ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം നേരിടുന്ന ഐഎഐയുമായി കരാറിലെത്തരുതെന്ന പ്രതിരോധമന്ത്രാലയത്തിന്റെ മാര്‍ഗരേഖ മറികടന്നുള്ളതാണ് ഈ തീരുമാനം.

ഇസ്രയേലില്‍നിന്ന് വാങ്ങുന്ന മിസൈല്‍ഭാഗങ്ങള്‍ ഡിആര്‍ഡിഒയും നോവ എന്ന പേരിലുള്ള സ്വകാര്യകമ്പനിയും സംയുക്തമായി ഘടിപ്പിക്കും. ഇത്തരം കമ്പനികള്‍ നേരത്തെ പൊതുമേഖലാ കമ്പനികള്‍മാത്രമെ നടത്തിയിരുന്നുള്ളൂ. ആദ്യമായാണ് ഒരു സ്വകാര്യകമ്പനിയെ ഇതില്‍ പങ്കെടുപ്പിക്കുന്നത്. വാണിജ്യമന്ത്രി കമല്‍നാഥിന്റെ ബന്ധുവായ സുധീര്‍ ചൌധരിയാണ് ഈ ഇടപാടിലെ മധ്യസ്ഥന്‍ എന്നാണറിവ്. ആര്‍ട്ടിലറി ഗണ്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇസ്രയേലിലെ സോള്‍ട്ടം കമ്പനിയുമായി നടത്തിയ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്നയാളാണ് ചൌധരി.

ഒപ്പിട്ടത് ഇസ്രായേലിന്റെ പക്കല്‍ ഇല്ലാത്ത സംവിധാനത്തിന്

പതിനായിരം കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടത് ഇസ്രയേല്‍ ഇതുവരെ വികസിപ്പിക്കാത്ത മിസൈല്‍ സംവിധാനം വാങ്ങാനാണത്രെ ‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) മൂന്ന് തവണ വിജയകരമായി പരീക്ഷിച്ച ഈ സംവിധാനം രാജ്യത്തെ പ്രതിരോധ ഉല്‍പ്പാദന യൂണിറ്റുകളില്‍ നിര്‍മിക്കാം. മാത്രമല്ല ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈല്‍ സംവിധാനത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പൂര്‍ണ തൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ആവശ്യപ്പെടുന്ന മിസൈല്‍ സംവിധാനം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ ഇന്ത്യ ആദ്യം ഇസ്രയേലിന് കൈമാറണം. എങ്കിലേ കരാര്‍ പ്രകാരം അവര്‍ക്ക് മിസൈല്‍ നിര്‍മിച്ചു ഇന്ത്യയ്ക്ക് നല്‍കാന്‍ കഴിയൂ. ഇസ്രയേല്‍ മിസൈലുകളേക്കാള്‍ ശേഷിയുള്ള ആത്യാധുനിക വ്യോമ പ്രതിരോധ (എഎഡി) മിസൈലുകളാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. എതിര്‍ദിശയില്‍ നിന്ന് വരുന്ന മിസൈലുകളെയും വിമാനങ്ങളെയും ഒരുപോലെ തകര്‍ക്കാന്‍ കഴിയുന്നതാണ് എഎഡി മിസൈല്‍ സംവിധാനം. ഇസ്രയേലിന്റെ മിസൈല്‍ സംവിധാനത്തിന് ഈ കഴിവില്ല. ശത്രുവിമാനങ്ങളെ മാത്രമേ അതിന് നേരിടാനാവൂ. 18 കിലോമീറ്റര്‍ ഉയരത്തില്‍ ബാലിസ്റ്റിക് മിസൈലുകളെ തകര്‍ക്കാന്‍ ഡിആര്‍ഡിഒയുടെ മിസൈല്‍ സംവിധാനത്തിന് കഴിയും. എന്നാല്‍ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഈ ശേഷിയില്ല.

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയേക്കാള്‍ താഴെയുള്ള ഇസ്രയേലില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനാണ് എ കെ ആന്റണിയുടെ മന്ത്രാലയം കരാര്‍ ഒപ്പിട്ടത്. സാങ്കേതിക സഹകരണമെന്ന പേരില്‍ ഇന്ത്യന്‍ സാങ്കേതികവിദ്യ നേടിയശേഷമായിരിക്കും മിസൈല്‍ സംവിധാനം ഇസ്രയേല്‍ നിര്‍മിച്ചു നല്‍കുക. മികച്ച രീതിയില്‍ ഇവ നിര്‍മിക്കാന്‍ ഇസ്രയേലിനു കഴിയുമോ എന്നും ഉറപ്പില്ല. ഇസ്രയേല്‍ ഇത് ഇതുവരെ പരീക്ഷിച്ച് വിജയിച്ചിട്ടില്ല. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ (ബിഎംഡി) മിസൈലുകള്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് കുവൈറ്റിലേക്ക് ഇറാഖ് വിട്ടയച്ച സ്കഡ് മിസൈലിനെ തകര്‍ത്ത അമേരിക്കന്‍ പേട്രിയറ്റ് മിസൈലിന് തുല്യമാണ് ബിഎംഡി-എഎഡി മിസൈലുകള്‍. ഇതോടെ അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളുടെ കൈവശമുള്ള സാങ്കേതികവിദ്യക്ക് തുല്യമായ നിലയാണ് ഇന്ത്യ കൈവരിച്ചത്. ലോക നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ നേടിക്കഴിഞ്ഞെന്ന് വിക്ഷേപണത്തിനുശേഷം പ്രതിരോധ മന്ത്രാലയ വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പറയാനുള്ളത്

കരാര്‍ റദ്ദാക്കി കോഴയിടപാടിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ഇടതുപാര്‍ട്ടികളും വിശദാന്വേഷണം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. രാഷ്ട്രീയ സംശുദ്ധത തെളിയിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണിയോട് സി.പി.എം ആവശ്യപ്പെട്ടു.

സീതാറാം യെച്ചൂരി പറയുന്നതു ശ്രദ്ധിക്കുക..

ഇസ്രായേല്‍ കമ്പനിയുമായി മിസൈല്‍ നിര്‍മാണ കരാര്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് രണ്ടു വട്ടം പ്രധാനമന്ത്രിയെ തങ്ങള്‍ സമീപിച്ചിരുന്നതാണ്. അത് പല കാരണങ്ങള്‍ കൊണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്ത് നടന്ന ബാരക് മിസൈല്‍ കുംഭകോണത്തില്‍ പെട്ട കമ്പനിയാണ് എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്. അതേക്കുറിച്ച് സി.ബി.ഐ അന്വേഷണം നടക്കുന്നുവെന്ന കാര്യം അവഗണിച്ചാണ്, കരിമ്പട്ടികയില്‍ പെടുത്തേണ്ട അതേ കമ്പനിയുമായി പുതിയ ഇടപാടിന് മുതിര്‍ന്നത്.

കരാര്‍ പ്രകാരം നിര്‍മിക്കുന്ന മിസൈലിനേക്കാള്‍ പ്രഹരശേഷി കൂടിയത് നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ രാജ്യത്തെ പ്രതിരോധ ഗവേഷണ സ്ഥാപനം വികസിപ്പിച്ചിട്ടുണ്ട്. ഇത് അവഗണിച്ച് ഇസ്രായേല്‍ കമ്പനിയുമായി കരാറില്‍ ഒപ്പിട്ടത് കേന്ദ്രസര്‍ക്കാറിന്റെ അമിതതാല്‍പര്യവും അവിഹിതവും ഒരുപോലെ പ്രകടമാക്കുന്നു. ഫലസ്തീന്‍ ജനതയെ ഞെരിച്ചമര്‍ത്തുന്ന ഇസ്രായേലുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെടാമോ എന്ന കാതലായ ചോദ്യം ബാക്കി നില്‍ക്കുമ്പോള്‍ തന്നെയാണ്, ആ രാജ്യത്തിന് ഇന്ത്യയുടെ പ്രതിരോധ ഇടപാടില്‍ രണ്ടാം സ്ഥാനമുള്ളത്. പുതിയ ഇടപാടില്‍ 600 കോടിയുടെ കോഴയിടപാടിന്റെ കഥ ഇംഗ്ലീഷ് ദിനപത്രമായ ഡി.എന്‍.എ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.

ഇസ്രയേലുമായുള്ള മിസൈല്‍ ഇടപാടിലെ അഴിമതിയുടെ ധാര്‍മിക ഉത്തരവാദിത്തം പ്രതിരോധമന്ത്രി എ കെ ആന്റണി ഏറ്റെടുക്കണം.മിസ്റര്‍ ക്ളീന്‍ എന്ന് വിശേഷിക്കപ്പെടുന്ന ആന്റണി സംശുദ്ധി തെളിയിക്കാന്‍ തയ്യാറാകണം. നാല് ഇടതുപക്ഷ പാര്‍ടികളുടെ ജനറല്‍ സെക്രട്ടറിമാര്‍ 2008 മാര്‍ച്ച് 17ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബറാക് മിസൈല്‍ ഇടപാടില്‍ അഴിമതി നടത്തിയ ഈ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ ഇടപാടിലെ നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും നടന്നാല്‍ കരാര്‍ റദ്ദാക്കാനും കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താനും സര്‍ക്കാരിന് അധികാരമുണ്ടെന്ന് മാര്‍ച്ച് 19ന് ആന്റണി അറിയിച്ചിരുന്നു. ആ വാക്ക് ആന്റണി പാലിക്കണം.

സര്‍ക്കാരിന്റെ മൌനം, കോണ്‍ഗ്രസിന്റെ നിഷേധം

മിസൈല്‍ കോഴ വലിയൊരു വിവാദമായി കത്തിപ്പടരുകയാണെങ്കിലും പ്രതിരോധ മന്ത്രാലയവും, കരാര്‍ പ്രകാരം നിര്‍മിക്കുന്നതിനേക്കാള്‍ മുന്തിയ ഇനം മിസൈലിന് ശേഷി വികസിപ്പിച്ചെടുത്ത പ്രതിരോധ ഗവേഷണ സ്ഥാപനവും ദിവസങ്ങളായി മൌനത്തിലാണ്. ഇതിനിടെ, കരാര്‍ വിവരം രഹസ്യമാക്കി വെക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെന്ന് ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസ് വെളിപ്പെടുത്തിയത് ദുരൂഹത ഒന്നുകൂടി വര്‍ധിപ്പിച്ചു. ഔദ്യോഗികമായി ഇനിയും സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. ഇടപാടില്‍ ക്രമക്കേടൊന്നുമില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞൊഴിഞ്ഞു.

സര്‍ക്കാറിനോട് എട്ടു ചോദ്യങ്ങള്‍

വിവാദമായ ഇന്ത്യ-ഇസ്രായേല്‍ മിസൈല്‍ കരാറിനെക്കുറിച്ച് സര്‍ക്കാറിനോട് സി.പി.എം എട്ടു ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നു.

1. ബാരക് മിസൈല്‍ ഇന്ത്യക്ക് നല്‍കുന്നതിന് ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസിന് ഒന്‍പതു കൊല്ലം മുമ്പ് എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്ത് കരാര്‍ നല്‍കിയിരുന്നു. ഇസ്രായേല്‍ കമ്പനി, ആയുധ ദല്ലാളായ സുരേഷ് നന്ദ, റാഫേല്‍ കോര്‍പറേഷന്‍ എന്നിവരെ പ്രതികളാക്കി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസ് നിലനില്‍ക്കേ, വിവാദ കമ്പനിയുമായുള്ള ഇടപാടുകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ വിലക്കിയില്ല?

2. മറ്റു രാജ്യങ്ങളുമായുള്ള കരാറുകളില്‍ ക്രമക്കേട് കാട്ടിയെന്നതിന് വിവാദ കമ്പനിയെക്കുറിച്ച് ഇസ്രായേല്‍ അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. 2005ല്‍ അതിന്റെ തലവന്‍ രാജി വെക്കുകയും ചെയ്തു. ഇത് സര്‍ക്കാറിന് അറിയാമായിരുന്നില്ലേ?

3. ഇസ്രായേല്‍ കമ്പനി ഇന്ത്യന്‍ ഏജന്റിനെ മാറ്റിയപ്പോള്‍, തനിക്ക് കമീഷന്‍ തുക ബാക്കി കിട്ടാനുണ്ടെന്ന് പരാതിപ്പെട്ട് ആദ്യ ഏജന്റ് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ച കാര്യം ഇവിടത്തെ പ്രതിരോധ മന്ത്രാലയം അറിഞ്ഞില്ലേ?

4. നൂതന ശേഷിയുള്ള മിസൈല്‍ സാങ്കേതികവിദ്യ പ്രതിരോധ ഗവേഷണ സംഘടന വികസിപ്പിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ എന്തു പറയുന്നു? എന്നിട്ടും അതിനേക്കാള്‍ ശേഷി കുറഞ്ഞ മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യ^ഇസ്രായേല്‍ സഹകരണം എന്തിന്?

5. ബാരക് മിസൈല്‍ ഇടപാടിലെന്നപോലെ ഇടനിലക്കാരും കോഴയും പ്രതിരോധ ഇടപാടുകളിലുണ്ടെന്ന് സര്‍ക്കാറിന് അറിയുമായിരുന്നില്ലെന്നോ? ഈ ഏജന്റുമാരെക്കുറിച്ചും സര്‍ക്കാറിന് അറിയുമായിരുന്നില്ലേ?

6. പുതിയ കരാറിന്റെ മൊത്തം തുകയില്‍ ആറു ശതമാനം വരുന്ന 'കൈകാര്യ ചെലവി'നെക്കുറിച്ച് എന്തു പറയുന്നു? ഏജന്റുമാരും കമീഷനും പാടില്ലെന്ന വ്യവസ്ഥക്ക് വിരുദ്ധമല്ലേ ഇത്?

7. കഴിഞ്ഞ മാസം 27ന് കരാര്‍ ഒപ്പിട്ട വിവരം എന്തുകൊണ്ട് രഹസ്യമാക്കി വെച്ചു

8. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് രണ്ടു ദിവസം മുമ്പു മാത്രം കരാറില്‍ ഒപ്പിട്ടത് എന്തുകൊണ്ട്?

സുതാര്യതയില്ലാത്ത 'രാജ്യരക്ഷ' (മാധ്യമം മുഖപ്രസംഗം 28 മാര്‍ച്ച് 2009)

ഇന്ത്യ-ഇസ്രായേല്‍ മിസൈല്‍ ഇടപാടില്‍ അഴിമതി മണക്കുന്നു. മുമ്പ് സ്വീഡനിലെ ബോഫോഴ്സ് കമ്പനിയുമായി ഉണ്ടാക്കിയ ഹവിറ്റ്സര്‍ തോക്കിടപാടില്‍ 64 കോടി രൂപയുടെ കോഴയാണ് നടന്നതെങ്കില്‍ 22 വര്‍ഷം കഴിഞ്ഞപ്പോഴേക്കും പത്തിരട്ടിയുടെ അഴിമതി നടന്നതായാണ് മുംബൈയിലെ 'ഡി.എന്‍.എ' പത്രത്തിന്റെ അന്വേഷണത്തില്‍ കണ്ടിട്ടുള്ളത്. ഇസ്രായേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസും (ഐ.എ.ഐ) ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും (ഡി.ആര്‍.ഡി.ഒ) ചേര്‍ന്നുള്ള ഇടപാടാണ് മധ്യദൂര കര-വായു മിസൈല്‍ നിര്‍മാണം. 10,000 കോടി രൂപയാണ് ഇതിന് ഇന്ത്യ കൊടുക്കേണ്ടത്. അതേസമയം, ഈ കുട്ടുസംരംഭത്തില്‍ 7000 കോടി ഐ.എ.ഐക്കാണ് കിട്ടുക. 3000 കോടിയേ ഡി.ആര്‍.ഡി.ഒക്ക് കിട്ടൂ. മാത്രമല്ല, 'ബിസിനസ് ചാര്‍ജുകള്‍' എന്ന വകയില്‍ 600 കോടി കൊടുത്തിരിക്കുന്നു. ഇത് ഒരു നിലക്കും ന്യായീകരിക്കാന്‍ പറ്റാത്തതാണ്. ഇത്തരമൊരു കരാറില്‍ ബിസിനസ് ചാര്‍ജ് നല്‍കുന്ന പതിവില്ല. ഇതാകട്ടെ മൊത്തം തുകയുടെ ആറുശതമാനവും. കടത്ത്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ് എന്നീ വകയിലാണ് ഈ തുക എന്നാണ് ഇസ്രായേലി കമ്പനിയുടെ വിശദീകരണം. പക്ഷേ, പുറമെനിന്ന് കൊണ്ടുവരുന്ന ഘടകങ്ങള്‍ ഇന്ത്യയിലാണ് കൂട്ടിച്ചേര്‍ക്കുന്നത് എന്നതിനാല്‍ ഇപ്പറഞ്ഞ ചെലവുകള്‍ പരമാവധി ഒന്നര ശതമാനമേ വരൂ. തന്നെയുമല്ല, ശതമാനക്കണക്കില്‍ പറയുന്നതിനുപകരം, യഥാര്‍ഥത്തില്‍ ചെലവായ തുക അനുവദിക്കുന്നതാണ് കീഴ്വഴക്കം.

ഇത്ര കനത്ത തുക എല്ലാ കരുതല്‍ സംവിധാനങ്ങളെയും മറികടന്ന് എങ്ങനെ അനുവദിക്കപ്പെട്ടു എന്നത് കേന്ദ്രസര്‍ക്കാറാണ് ഇനി വിശദീകരിക്കേണ്ടത്. എ.കെ. ആന്റണിയുടെ കീഴിലുള്ള പ്രതിരോധ മന്ത്രാലയം വിശദമായി പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമേ ഇത് മേല്‍നടപടികള്‍ക്കായി കൊടുക്കാനാവൂ. സുരക്ഷ സംബന്ധിച്ച മന്ത്രിസഭാ സമിതി (സി.സി.എസ്) ആണ് കരാര്‍ അവസാനമായി പാസാക്കേണ്ടത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി, ആഭ്യന്തരമന്ത്രി ചിദംബരം, പ്രതിരോധമന്ത്രി ആന്റണി, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്സിംഗ് അഹ്ലുവാലിയ എന്നിവരാണ് സി.സി.എസിലുള്ളത്. 2007 ജൂലൈയില്‍ സി.സി.എസ് ഇതിന് പ്രാഥമിക അനുമതി നല്‍കി;

എന്നാല്‍, കരാറുമായി മുന്നോട്ടുപോകേണ്ടതില്ല എന്ന് കഴിഞ്ഞ മേയില്‍ തീരുമാനിക്കേണ്ടി വന്നിരുന്നു. മുമ്പ് ഇതേ ഇസ്രായേലി കമ്പനിയുമായി ഉണ്ടാക്കിയ ബറാക് മിസൈല്‍ ഇടപാടില്‍ അഴിമതിക്കുറ്റം ചാര്‍ത്തപ്പെട്ടതോടെയായിരുന്നു അത്. എന്‍.ഡി.എ സര്‍ക്കാറിന്റെ കാലത്തായിരുന്നു (1999) ഇന്ത്യന്‍ നാവിക സേനക്ക് 1150 കോടി രൂപയുടെ മിസൈല്‍ സംവിധാനം ഇസ്രായേലില്‍നിന്ന് വാങ്ങിയത്. ആ കച്ചവടത്തിലെ കോഴയിടപാടിന്റെ പേരില്‍ അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, നാവികമേധാവി അഡ്മിറല്‍ സുശീല്‍കുമാര്‍, ആയുധമിടപാടുകാരന്‍ സുരേഷ് നന്ദ തുടങ്ങി പലര്‍ക്കുമെതിരെ സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ കരാര്‍ വേണ്ടെന്നുവെച്ചത്. എന്നാല്‍, ഇപ്പോള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുമുമ്പ് ഈ കരാര്‍ പെട്ടെന്ന് ഒപ്പുവെക്കുകയായിരുന്നു.

രാജ്യരക്ഷയും രാജ്യക്ഷേമവും ബലികഴിച്ചുകൊണ്ടുള്ള ഇസ്രായേല്‍ ബാന്ധവമാണ് ഈ ഇടപാടിന്റെ പശ്ചാത്തലം. ബറാക് മിസൈലിനു പുറമെ ഫാല്‍ക്കണ്‍ അവാക്സ് വിമാനങ്ങള്‍, സ്പൈഡര്‍ വ്യോമപ്രതിരോധ സംവിധാനം, ഗ്രീന്‍പൈന്‍ റഡാര്‍ സംവിധാനം, ഹെറണ്‍ ആളില്ലാ വിമാനം, ക്രിസ്റ്റല്‍മേസ്, പൈത്തണ്‍ തുടങ്ങി ഇരുപതിലേറെ വന്‍ കരാറുകള്‍ ഇസ്രായേലിന് ഇതിനകം നല്‍കിയിട്ടുണ്ട്. പത്തോളം ഇടപാടുകള്‍ വരാന്‍ പോകുന്നുമുണ്ട്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് വന്‍തോതില്‍ ഉയര്‍ത്തിയത് രാജ്യത്തിന്റെ രക്ഷക്കോ അതോ ഇസ്രായേലി കമ്പനികളുടെ രക്ഷക്കോ എന്ന ചോദ്യമുയര്‍ത്തുന്നതാണ് ഇതിലേറെയും. കാരണം, രാജ്യരക്ഷയാണ് പ്രധാനമെങ്കില്‍ നാം കഴിയുന്നത്ര തദ്ദേശീയ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് ഉപയോഗിക്കുക. ഇന്ത്യക്കകത്ത് വികസിപ്പിക്കാന്‍ തീരെ സാധ്യമല്ലാത്തതും എന്നാല്‍, രാജ്യരക്ഷക്ക് അനുപേക്ഷണീയവുമായ ആയുധങ്ങളും സജ്ജീകരണങ്ങളും മാത്രമേ പുറമെനിന്ന് വാങ്ങുകയുള്ളൂ. അങ്ങനെ വാങ്ങുമ്പോഴും അപരരെ ആശ്രയിക്കുന്ന രീതി കഴിവതും നേരത്തേ ഉപേക്ഷിച്ച് സ്വാശ്രയത്വം സ്ഥാപിച്ചെടുക്കാന്‍ ബോധപൂര്‍വം ശ്രമിക്കും.

എന്നാല്‍, ഇപ്പോള്‍ വിവാദമായ കരാറില്‍ ഇന്ത്യന്‍ പങ്കാളിയായ ഡി.ആര്‍.ഡി.ഒക്ക് 30 ശതമാനം മാത്രം വകയിരുത്തിയതും 600 കോടി സംശയാസ്പദമായി കൊടുത്തതും മാത്രമല്ല നഷ്ടം. ഇത്ര വലിയ കൂട്ടുകച്ചവടത്തിനൊടുവില്‍ ഇന്ത്യക്ക് മിസൈലിന്റെ സാങ്കേതികവിദ്യ കൈമാറുന്നില്ല. 'സീക്കര്‍ ടെക്നോളജി' തുടര്‍ന്നും ഇസ്രായേലിന്റെ കൈയില്‍ ഭദ്രമായി ഇരിക്കും -വീണ്ടും വീണ്ടും നാം അവരെ ആശ്രയിച്ചുകൊണ്ടേയിരിക്കണമെന്നര്‍ഥം.

രാജ്യരക്ഷയുടെ കാര്യത്തില്‍ സ്വാശ്രയത്വം കൈവരുത്താന്‍ ശ്രമിക്കുന്നില്ലെന്നു മാത്രമല്ല, മുമ്പ് നേടിക്കഴിഞ്ഞ തദ്ദേശീയ വിദ്യപോലും ഉപേക്ഷിച്ച് ഇസ്രായേലിനെ ആശ്രയിക്കുന്ന രാജ്യദ്രോഹവും അരങ്ങേറുന്നുണ്ട്. ഇപ്പോള്‍ ഒപ്പുവെച്ച മിസൈല്‍ ഇടപാടുതന്നെ നമ്മുടെ സ്വന്തം മിസൈലായ 'ആകാശി'നെ അട്ടത്തുവെച്ചുകൊണ്ടുള്ളതാണ്. ബറാക് കേസിനെ തുടര്‍ന്ന് ഇപ്പോഴത്തെ ഇസ്രായേലി ഇടപാട് വേണ്ടെന്നുവെച്ചപ്പോള്‍ തന്നെ നാം വ്യക്തമാക്കിയിരുന്നു, 'ആകാശ്' നമ്മുടെ ആവശ്യങ്ങള്‍ക്ക് മതിയായതാണെന്ന്. സ്പൈഡര്‍ വ്യോമപ്രതിരോധത്തിനുപകരം നമ്മുടെ സ്വന്തം 'ത്രിശൂല്‍' മതിയായിരുന്നു. നമ്മുടെ 'ലക്ഷ്യ'യും എം.എ.എല്‍.ഇയുമുള്ളപ്പോള്‍ ഇസ്രായേലിന്റെ യു.എ.വികള്‍ (ആളില്ലാ വിമാനങ്ങള്‍) വേണ്ടതില്ലായിരുന്നു. ബാലിസ്റ്റിക് വേധ മിസൈലുകള്‍ നാം വികസിപ്പിച്ചിട്ടുണ്ട്; എന്നിട്ടും ഇസ്രായേലിന്റെ എ.ബി.എം വാങ്ങുന്നു. 'ത്രിശൂലി'ന്റെ കാര്യത്തില്‍, സംവിധാനം വികസിപ്പിക്കുന്ന ജോലികഴിഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതിന്റെയും 'ആകാശി'ന്റെയും പ്രവര്‍ത്തന പരീക്ഷണം നടത്താതെ നീട്ടിക്കൊണ്ടുപോവുകയാണ് ചെയ്തുവന്നിട്ടുള്ളത്. ഏതു കാലാവസ്ഥയിലും പ്രവര്‍ത്തനക്ഷമമായ തദ്ദേശീയ നിര്‍മിത മിസൈലാണ് 'നാഗ്'! അതിന്റെയും പരീക്ഷണം വൈകിയിരിക്കുന്നു. നാം വാങ്ങാന്‍ പോകുന്ന 'ഗലീല്‍' റൈഫിളുകള്‍ എ.കെ 47 ഇനത്തില്‍ പെടുന്നവയാണ്. നാം സ്വന്തമായി 'ഇന്‍സാസ്' റൈഫിളുകള്‍ വികസിപ്പിച്ചിരിക്കെ 'ഗലീല്‍' വാങ്ങേണ്ട ആവശ്യമേയില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഴിമതി മാത്രമല്ല ഇവിടെ പ്രശ്നം. രാജ്യരക്ഷ കൂടിയാണ്. നമ്മുടെ വിദേശനയവും സാമ്പത്തിക നയവും പോലെ പ്രതിരോധവും പുതിയ യജമാനന്മാരെ ഏല്‍പിച്ച്, ചോദിക്കുന്ന കപ്പം കൊടുത്തുകൊള്ളാമെന്ന് നാം സമ്മതിച്ചുകഴിഞ്ഞുവോ? ഇതെല്ലാം നാട്ടുകാര്‍ക്ക് അറിയണമെന്നുണ്ട്. മന്‍മോഹന്‍സിംഗും എ.കെ. ആന്റണിയും കാര്യങ്ങള്‍ ഒന്ന് തുറന്നുപറയുമോ?

അവലംബം: വിവിധ പത്രവാര്‍ത്തകള്‍
കടപ്പാട്. വര്ക്കേഴ്സ് ഫോറം

Congress: Illusion And Reality

Congress: Illusion And Reality

In an editorial written for People's Democracy, Sitaram Yechury responds to the Congress Election Manifesto.

UNMINDFUL of the ground realities, when important allies have refused any arrangement on seat sharing in major states like Uttar Pradesh and Bihar, accounting for 120 members of parliament, the Congress party, while releasing its manifesto, exuded confidence of returning to power under the same prime minister. In the run-up to elections, every party has the democratic right to entertain grandeur illusions, however different they may be, from the ground reality. The sovereign masters in a democracy are its people, who will determine the results in these elections.

While the results will, eventually, decide on the future five years of governance, the observations made in the Congress manifesto on the Left parties and the third front merit proper examination.

The Congress manifesto describes the third front as a “recipe for chaos”. From its convoluted logic, three elements can be distilled as the basis for such a conclusion, viz, a) the front has no alternative policies, b) it helps the BJP and communal forces, and c) it is unstable.

Before taking up these issues, it is necessary to deal with another one. The manifesto says, “Left parties, who are prime movers behind the so-called Third Front, supported the Congress-led UPA government for over four years. They attempted to exercise authority without taking on any responsibility.”

First, despite the fact that 54 of the 61 Left members of parliament entered the Lok Sabha by defeating Congress candidates, the Left exercising utmost maturity and responsibility decided to support the UPA government from the outside in the interests of providing a secular government to the country to thwart the challenges posed by the communal forces to our unity and integrity and to the secular democratic foundations of the modern Indian republic. This responsibility was undertaken by the Left without any return of authority or spoils of office. In contemporary politics, this is a rare display of principles where responsibility is discharged without the authority of office and its accompanying perks. Thus, it is the other way around, the Left exercised responsibility without taking on any authority.

Secondly, the Congress manifesto says that the Left parties withdrew support to the UPA on the issue of “the civil nuclear agreement even though it had been negotiated and concluded on our terms”. It goes on to say that this agreement “was in India's supreme national interest”. What they do not say is that this was an agreement with the United States of America as an integral part of developing a strategic relationship with US imperialism that impinges upon India's sovereignty and independent foreign policy. India's votes in international fora against Iran and closer cooperation with Israel were all consequences of such a strategic alliance with US imperialism.

Thirdly, the Left's support to the UPA government was based on the Common Minimum Programme (CMP). All through these years, the Left strove to exercise pressure for the implementation of this programme and to prevent its violation. By concluding the Indo-US nuclear deal and announcing to the world that all Indians loved George Bush, the Manmohan Singh government violated the CMP. The CMP stated: “Independent foreign policy to be pursued to promote multipolarity in world relations and oppose all attempts at unilateralism”. Instead, the UPA government entered into a strategic alliance with US imperialism when it was implementing its unilateralism aggressively with the military occupation of Iraq. Further, the CMP stated, “While pursuing closer engagement and relations with the USA, independence of India's foreign policy position on all regional and global issues will be maintained”. Instead, as we have seen, our foreign policy positions were made to dovetail US positions.

It needs to be recollected that during the course of the drafting of the Common Minimum Programme, the Left had objected to a reference on the strategic relations with the USA. This was replaced by what has been quoted above in order to enlist the support of the Left parties for the formation of the government. Once in office, the UPA government violated the CMP and proceeded with its earlier desire for strategic ties with US imperialism. It is this betrayal of the CMP that forced the Left to withdraw its support. These are the facts.

As noted in these columns earlier, all the achievements of the UPA government listed in the Congress manifesto have been the result of the Left's persuasion and pressure. It is only when the Left decided to walk out of the Coordination Committee did the UPA government roll back its plans on the privatisation of the public sector. During the course of these years, the Left did not permit any dilution of the public sector. On the contrary, many a sick PSU was put back on track. Additionally, as noted in these columns earlier, the Left prevented the government from going ahead with its disastrous financial liberalization reforms which is the main reason that India was able to blunt, to some extent, the devastating impact of the current global recession.

Having set the record straight, let us now come to the charges noted above regarding the third front made in the Congress manifesto. First, the charge that there are no alternative policies of the front. Has the UPA, or for that matter, the NDA, put forward any policy prescriptions? All political parties come before the people with their election manifestos, which contain the policy programme that they would implement if in government. The experience of the last two decades of coalition governments shows that the fronts or alliances that formed the government were all forged post-elections – the United Front in 1996, the NDA in 1998 and the UPA in 2004. Only after the formation of the alliance is the common programme for the government drafted and agreed upon by the coalition partners, like it was the case with the CMP under discussion of the UPA government. So shall it be with the alternative secular front, post the 2009 elections. Thus, this charge of the Congress party simply just does not hold any water.

Secondly, the charge that the Left and such an alternative front are “responsible for the electoral growth of the BJP” is not merely hollow but diabolic. First, it should be remembered that in those states where the Left is a decisive force like West Bengal, Kerala and Tripura, the BJP has not been able to win a single assembly seat, leave alone a parliament seat, on its own. On the contrary, it is the Congress who continuously ceded ground to the BJP in the entire North India reducing itself to a marginal force. During the period of the UPA government, the Congress lost its governments to the BJP in Karnataka, Uttarakhand, Punjab and Himachal Pradesh. Thus, who is helping the BJP to retrieve lost ground?

Thirdly, the charge that the governments of the alternative front are inherently unstable. Yes, the past experiences of such governments show that they have not been able to complete their full term. This is mainly because the instability was created by either of the major parties who gave support from the outside. The V P Singh government in 1989 required the support, in terms of numbers, of both the Left and the BJP. It was at the insistence of the Left that the BJP, ever eager as it always is, was not allowed to join the government. On the issue of Advani's incendiary `rath yatra’, the BJP withdrew its support forcing that government to fall. The Congress, then, propped up the Chandrasekhar government, which again fell when it withdrew support on the flimsy charge of two policemen keeping a vigil on Rajiv Gandhi. Later, in 1996, when the Congress lost the people's mandate, it extended outside support to the United Front government with a promise to continue for the full term. Incidentally, the Left played an important role in the formation of the United Front precisely to give India a secular government and prevent the BJP, which had emerged as the single largest party, to consolidate as a government. Recall that Vajpayee government on the 13th day, after assuming office, was defeated in the trust vote and the United Front government assumed office. The Congress party, using its outside support, first forced the UF to change its prime minister and, after few months, it withdrew its support on the grounds of allegations against the UF constituent, DMK, for its involvement in the assassination of Rajiv Gandhi (strange, it has now completed its full term leading the UPA government with the very same DMK as a partner) leading to its collapse. If the Congress had not thus betrayed, the BJP could neither have forged the NDA nor form the government in 1998. If the Congress had honoured its commitment to the country and the people, then the UF government would have continued till 2001. In pulling down the UF government, the Congress voted along with the BJP, as it did in pulling down the V P Singh government. Who, pray, is `responsible for the electoral growth of the BJP'?

Thus, the past experience of instability of the non-Congress, non-BJP governments had been caused invariably by the outside support provided by either of these parties. The solution against such possibilities in 2009 lies in ensuring that the alternative secular front has a majority of its own. This is not a far cry, as some make it out to be, considering the fact that when the 14th Lok Sabha ended its term, the number of Congress and BJP MPs put together was less than the majority.

The efforts for forging such a non-Congress, non-BJP secular alternative has set in motion a churning process. The rumblings in both the UPA and the NDA, superficially ascribed to political opportunism, is due, mainly to the popular pressure being mounted by the mass support of many regional parties on their leadership for a shift in policy direction that will provide relief to them. This is what explains why many longstanding allies of both the BJP and the Congress have chosen to part ways.

The need is for an alternative policy trajectory that contains and weakens the communal forces; that follows economic policies where people come before profits, that pursues policies for achieving social justice and welfare of religious minorities, that protects and strengthens India's economic and political sovereignty by pursuing an independent foreign policy defining a place of pride for India in the world.

It is only through ensuring the emergence of an alternative secular government that will follow such alternative policies that the future of India shall be better along with the livelihood of its people.

Sitaram Yechury

സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം

സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം

പ്രൊഫ. കെ പി ശങ്കരന്‍

നിത്യവും ഞാന്‍ വായിക്കുന്ന പത്രവാര്‍ത്തകള്‍ ഉള്ളില്‍ കിടിലം ഉണ്ടാക്കാറുണ്ട്. മുന്നണിയില്‍ വിള്ളല്‍ വീഴുകയാണോ? വീണാല്‍ അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതത്രെ എന്റെ വേവലാതി. ഒറ്റയ്ക്കൊറ്റയ്ക്ക് വ്യക്തി എന്നതിനേക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകം ഏതു മുന്നണി വിജയിക്കും എന്നതത്രെ. അവിടെ വികല്‍പ്പത്തിന് ഇടയില്ലതന്നെ. മതേതര ജനാധിപത്യ ബോധമുള്ള ആര്‍ക്കും ഒറ്റ മുന്നണിയെ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. അത് ഇടതുമുന്നണിയാണെന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ?

പ്രിയനന്ദനന്‍

കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിസമത്വം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേട്ടമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇത്. ഈ സ്ഥിതിയല്ല ഇപ്പോഴും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍. അവിടെ ഇടതുപക്ഷസ്വാധീനം വേണ്ടത്രയില്ല എന്നതുതന്നെയാണ് ഇതിനു കാരണം. എന്നാല്‍ മുമ്പില്ലാത്തവിധം ഇടതുപക്ഷപ്രാധാന്യം ഇന്ത്യയില്‍ വര്‍ധിച്ച കാലമാണിത്. ഇടതുപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി വരുന്ന വിമര്‍ശനം അതുകൊണ്ടാണ്. മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ സ്വരമാണ്. വിപരീതശക്തികള്‍ക്കെതിരെ ഒട്ടും സുഗമമല്ലാത്ത പാതയാണ് ഇടതുപക്ഷത്തിനു താണ്ടാനുള്ളത്. തെരഞ്ഞെടുപ്പുപോരാട്ടം ഇന്ത്യയില്‍ ഇടതുപക്ഷത്തെ മുന്നോട്ടാനയിക്കാനുള്ള അവസരമായി മാറേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനത്തില്‍ ഞാനും പങ്കാളിയാണെന്നു പറയാന്‍ അഭിമാനമുണ്ട്.

ലോഹിതദാസ്

മതവിരുദ്ധമായ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഭരണമാണ് ഉണ്ടാവേണ്ടത്. ഈ തെരഞ്ഞെടുപ്പ് അത്തരമൊരു ഭരണനേതൃത്വത്തെ ആനയിക്കാനുള്ള അവസരമാവണം. രാജ്യത്തിന്റെ സമഗ്രഭാവി വിഭാവനം ചെയ്യാന്‍ കഴിയുന്ന ഇടതുപക്ഷസ്വാധീനമുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ഏതൊരുസാധാരണക്കാരനെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്. അധഃസ്ഥിതരുടെയും സ്ത്രീകളുടെയും ഉന്നമനം കണക്കാക്കുന്ന ഇടതുപക്ഷത്തെ ജയിപ്പിക്കാന്‍ കേരളജനതയ്ക്ക് ചുമതലയുണ്ട്.

വി കെ ശ്രീരാമന്‍

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഭീതിദമായ കാഴ്ചയാണ് ഇന്ത്യന്‍ വര്‍ത്തമാനകാല രാഷ്ട്രീയം. കോണ്‍ഗ്രസിനെപ്പോലുള്ള ശക്തികളാകട്ടെ അമേരിക്കന്‍ സര്‍വാധിപത്യത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗതാല്‍പ്പര്യം സംരക്ഷിച്ചുനിര്‍ത്താന്‍ ഇടതുശക്തികള്‍ക്കുമാത്രമേ കഴിയൂ എന്ന് വ്യക്തമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഓരോവോട്ടും ഈ പ്രതിസന്ധിക്കുമേലുള്ള നിര്‍ണായകമായ ഇടപെടലാണ്. ഇടതുപക്ഷവിജയത്തെ സുനിശ്ചിതമാക്കാനുള്ള ഇടപെടലുകള്‍.

വൈശാഖന്‍

സാമ്രാജ്യത്വ അധിനിവേശവും താലിബാനിസവും ജാതിമതധ്രുവീകരണവും നമ്മുടെ ജനാധിപത്യത്തെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷനേതൃത്വമോ പങ്കാളിത്തമോ ഉള്ള ഒരുസര്‍ക്കാരാണ് കേന്ദ്രത്തില്‍ രൂപംകൊള്ളേണ്ടത്. ഒരുപക്ഷേ ഇന്ത്യയെ യഥാര്‍ഥ മതേതര രാഷ്ട്രമാക്കാനുള്ള അവസാന അവസരമാകുമോ എന്നും ഭയപ്പെടുന്നുണ്ട്. ഇത് സമ്മതിദായകര്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി വത്സല

ആഗോളവല്‍ക്കരണത്തെ ചെറുത്ത് ഏഷ്യന്‍രാജ്യങ്ങളുടെ നിലനില്‍പ്പ് സുസ്ഥിരമാക്കാന്‍ ശക്തമായ ഇടതുപക്ഷ മുന്നേറ്റം ഇന്നാവശ്യമാണ്. സാമ്പത്തിക രംഗത്ത് മുതലാളിത്തം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ അമ്പേ പരാജയമാണെന്ന് സമീപകാല അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്നത്തെ പ്രതിസന്ധിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ടാണ്. നാട് അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനുമെതിരായി ഇടതുപക്ഷമാണ് അടിയുറച്ച് നിലകൊണ്ടത്. വ്യവസായരംഗത്ത് പൊതുമേഖലയുടെ സംരക്ഷണത്തിനുള്ള നയം പൂര്‍ണമായി ഇല്ലാതാകാതെ തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്.

ജനശക്തിയെ രാഷ്ട്രീയമായി നവീകരിക്കുകയും ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുക എന്നതിലാണ് ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പ്രസക്തിയും. ഭക്ഷ്യസുരക്ഷയ്ക്ക് സര്‍വപ്രാധാന്യം നല്‍കുകയുംവേണം. മതനിരപേക്ഷ ജനാധിപത്യസംസ്കാരത്തിന്റെ കരുത്തിനും കര്‍മശേഷിക്കും അടിസ്ഥാനവും ഇടതുപക്ഷത്തിന്റെ ശക്തിയിലാണ്.

യു എ ഖാദര്‍

ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കന്നത് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിലാണ്. ജനങ്ങളുടെ പൂര്‍വാനുഭവങ്ങള്‍ അവരെ പഠിപ്പിക്കുന്നതും ഓര്‍മിപ്പിക്കുന്നതും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനാണ്. ആണവകരാറടക്കമുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാകുമിത്. നാടിനെയും നാട്ടുകാരെയും പണയംവയ്ക്കുന്ന സമീപനം ഇവിടെ വിലയിരുത്തപ്പെട്ടേ തീരൂ. മതനിരപേക്ഷതയിലൂന്നിയ സാമൂഹ്യവ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊന്നാകെ വികസിതമാകാനുള്ള കാലാവസ്ഥ ഉടലെടുക്കയാണ്. അമേരിക്കയുടെ പാദസേവ നടത്തിയ ഭരണത്തിനെതിരെ ചോരയില്‍ സാമ്രാജ്യത്വവിരുദ്ധത പ്രവഹിക്കുന്ന സാധാരണ ഇന്ത്യക്കാരന് പ്രതികരിക്കാതിരിക്കാനാവില്ല. അത് നാടിന്റെ ഭാവിക്കുള്ള കൈയൊപ്പാണ്. ചരിത്രം നമ്മെ കുറ്റക്കാരനല്ലെന്ന് വിധിക്കാനുള്ള അവസരമാണ് ഇടതുപക്ഷത്തെ തെരഞ്ഞെടുക്കുന്നതിലൂടെ കൈവരുന്നത്.

കാക്കനാടന്‍

ഇത്രയും ദുഷിച്ചുനാറിയ, പുറംലോകത്തിനുമുന്നില്‍ നാടിനെ നാണം കെടുത്തിയ മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. നിഘണ്ടുവില്‍ കിട്ടില്ല ഇവരെ വിശേഷിപ്പിക്കാന്‍ തരത്തിലൊരു വാക്ക്. ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിനെ ഏതുവിധേനയും പുറത്താക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യമായി ഞാന്‍ കണക്കാക്കുന്നത്. നാടിന്റെ സ്വാതന്ത്യ്രത്തെയും ജനാധിപത്യബോധത്തെയുമാണ് അവര്‍ ചവിട്ടിയരച്ചത്. വിശ്വാസവോട്ടെടുപ്പില്‍ നടന്നത് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. എന്തും ഏച്ചുകെട്ടാനും വിലകൊടുത്തുവാങ്ങാനും മടിയില്ലാത്തവര്‍. ഒരുപാടുപേര്‍ രക്തംകൊടുത്തു നേടിയ നാടിന്റെ സ്വാതന്ത്യ്രത്തെയാണ് ആണവകരാറിലൂടെ ഇവര്‍ അടിമപ്പെടുത്തിയത്. ലോക ജനാധിപത്യരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഇതുപോലെ നാണംകെട്ടുനിന്ന സ്ഥിതി ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് ഏതുവിധത്തിലായാലും യുപിഎ അധികാരമൊഴിയുന്ന സ്ഥിതിയുണ്ടാവണം. ഇടതുപക്ഷപിന്തുണയോടെ പവാറും ലാലുപ്രസാദും പാസ്വാനുമടങ്ങുന്ന ഒരു കൂട്ടുകെട്ടിനെ അധികാരത്തില്‍ ഞാന്‍ സ്വപ്നം കാണുന്നുണ്ട്.

സച്ചിദാനന്ദന്‍

കേരളത്തിന് വിശാലമായ ഇടതുപക്ഷപാരമ്പര്യമുണ്ട്. മതേതരത്വത്തിന് എതിരായ ശക്തികളെയും സാമ്രാജ്യത്വശക്തികളെയും വളരുന്നതില്‍നിന്ന് തടഞ്ഞുവന്നിട്ടുള്ളത് ഈ ഇടതുപക്ഷപാരമ്പര്യമാണ്. പ്രതിരോധത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിന് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ പൊതുവായും കേരളത്തില്‍ വിശേഷിച്ചും നിലനിന്നേതീരൂ. ഈ തെരഞ്ഞെടുപ്പ് അതിന്റെ പ്രതിഫലനമാകട്ടെ എന്നാഗ്രഹിക്കുന്നു.

ജയരാജ് വാര്യര്‍

മതേതരത്വം വലിയൊരു പരിധിയോളം കേരളത്തില്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ സ്വാധീനംകൊണ്ടാണ്. സാമ്രാജ്യത്വസൃഷ്ടിയായ ഭീകരവാദ ഭീഷണിയെ ചെറുത്തുനില്‍ക്കാനും ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കണം. ജീവിതത്തെ പിറകോട്ടു വലിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ ഇടതുപക്ഷത്തോട് ഐക്യപ്പെടേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷസ്ഥാനാര്‍ഥികള്‍ വിജയിച്ചുവരണമെന്ന് ഞാനാഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്.

കലാമണ്ഡലം ക്ഷേമാവതി

സാധാരണക്കാര്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് നാട്ടില്‍ ഉണ്ടാവേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം മല്ലടിക്കുന്ന അവസ്ഥ ഇല്ലാതാവണം. അതുകൊണ്ട് മതേതരശക്തികള്‍ക്കൊപ്പമാണ് മനുഷ്യസ്നേഹികളൊക്കെ നില്‍ക്കേണ്ടത് എന്നു തോന്നുന്നു.

കലാമണ്ഡലം ഗോപി

അധ്വാനിക്കുന്ന ജനവിഭാഗത്തിന് ഗുണംകിട്ടണമെങ്കില്‍ ഇടതുപക്ഷം ജയിച്ചേപറ്റൂ. സാധാരണക്കാരുടെയും ബഹുഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരുടെയും ഏക ആശ്രയം ഇടതുപക്ഷകക്ഷികളാണ്. അതുകൊണ്ട് ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അതിനുവേണ്ടി ഉത്സാഹിക്കണം.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ്