26 January, 2011

ചോര കൊതിക്കുന്ന ത്രിശൂലങ്ങള്‍

എങ്ങും കരിഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധം. താല്‍ക്കാലികമായി ഉണ്ടാക്കിയ മോര്‍ച്ചറിയില്‍ ആണോ പെണ്ണോ എന്നുപോലും തിരിച്ചറിയാനാവാത്ത വിധം കൂട്ടിയിട്ട മൃതദേഹങ്ങള്‍. ഉറ്റവരുടെ മൃതദേഹങ്ങള്‍ കണ്ട് അലമുറയിടുന്നവര്‍. പാനിപ്പത്ത് ജില്ലാ ആശുപത്രിയില്‍ 2007 ഫെബ്രുവുരി 19ന് രാവിലെ ഈ ലേഖകന്‍ സാംക്ഷ്യംനിന്ന ഹൃദയഭേദകമായ രംഗങ്ങളാണിത്. ഹരിയാണയിലെ ദിവാനിയില്‍ സ്ഫോടനത്തെതുടര്‍ന്ന് നിര്‍ത്തിയിട്ട സംഝോത എക്സ്പ്രസ്. കത്തിക്കരിഞ്ഞ നിലയില്‍ എസ് 10, 11 കോച്ചുകള്‍. ജനറല്‍ കംപാര്‍ട്മെന്റുകളായിരുന്നു ഇവ. ചുറ്റും തോക്കുമേന്തി നില്‍ക്കുന്ന പട്ടാളക്കാര്‍. അപകടത്തില്‍പ്പെട്ട ബന്ധുക്കളെ തേടി ഡല്‍ഹിയില്‍നിന്നും മറ്റും എത്തിയ ബന്ധുക്കള്‍. പുരാന ഡല്‍ഹി സ്റ്റേഷനില്‍നിന്ന് 18ന് രാത്രി 10.30നാണ് 757 യാത്രക്കാരുമായി സംഝോത എക്സ്പ്രസ് പുറപ്പെട്ടത്. ഒന്നരമണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം ദിവാനിയിലെ 47-ാം നമ്പര്‍ സിഗ്നലിനടുത്ത് വച്ചായിരുന്നു ആദ്യസ്ഫോടനം. തീപിടിച്ച വണ്ടി ഏഴ് കിലോമീറ്റര്‍ ഓടിയ ശേഷമാണ് നിന്നത്. അപ്പോഴേക്കും 68 പേര്‍ വെന്ത് മരിച്ചിരുന്നു.




സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ പൊലീസുകാര്‍ക്ക് സംശയമൊന്നുമുണ്ടായില്ല. മുസ്ളീം ഭീകരവാദികള്‍ തന്നെ.സിമിയും ബംഗ്ളാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുള്‍ ജിഹാദെ ഇസ്ലാമി(ഹുജി)യാണെന്നും പിന്നീട് വിശദീകരണമുണ്ടായി. ലഷ്കര്‍ ഇ തൊയിബയാണെന്നും പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഭാഷണങ്ങളെ എതിര്‍ക്കുന്ന ശക്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഔദ്യോഗികമായിതന്നെ പ്രതികരിച്ചു. എന്നാല്‍ 757 യാത്രക്കാരില്‍ 543 പേരും പാകിസ്ഥാനികളായിരുന്നു. പാകിസ്ഥാനിലേക്ക് പോകുന്ന തീവണ്ടിയായതുകൊണ്ട് തന്നെ അതില്‍ പാകിസ്ഥാനികളാണ് കൂടുതലും ഉണ്ടായിരുന്നത്. പാകിസ്ഥാന്‍കാരെ വധിക്കാന്‍ മുസ്ളീം തീവ്രവാദികള്‍ തയ്യാറാകുമോ എന്ന സംശയം ഡല്‍ഹിയില്‍നിന്ന് പാനിപ്പത്തിലേക്ക് കുതിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.



ഈ സംശയങ്ങള്‍ക്ക് ഇപ്പോള്‍ പകല്‍വെളിച്ചംപോലെ നിവാരണമുണ്ടായിരിക്കുന്നു. സംഝോത എക്സ്പ്രസിന് ബോംബ് വച്ചവര്‍ക്ക് കാവി നിറമായിരുന്നുവെന്ന് സ്വാമി അസീമാനന്ദ് കുറ്റ സമ്മതം നടത്തി.ആര്‍എസ്എസുമായി ബന്ധമുള്ള അഭിനവ് ഭാരത് എന്ന സംഘടനയുടെ നേതാവായ താനും കൂട്ടരുമാണ് ഈ ഹീന കൃത്യം ചെയ്തതെന്നാണ്അദ്ദേഹം ഹരിയാണയിലെ പാഞ്ച്കുള ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക്ക് ദബാസിന് മുമ്പാകെ കുമ്പസരിച്ചത്. സ്വയമേവയാണോ കുറ്റം സമ്മതിക്കുന്നതെന്ന് ആറ് തവണ ചോദിച്ചപ്പോഴും അതെ എന്നായിരുന്നു ഉത്തരം. അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ ഹിന്ദുത്വ ഭീകരവാദികളുടെ വിപുലമായ ശൃംഖലകളിലേക്കാണ് വെളിച്ചം വീശുന്നത്. അതോടൊപ്പം മെക്ക മസ്ജിദ്, അജ്മീര്‍, മലേഗാവ്, സ്ഫോടനക്കേസുകളുടെ നിഗൂഢമായ പിന്നാമ്പുറങ്ങളിലേക്കും ഇത് വിരല്‍ ചൂണ്ടുന്നു. ഏതാനും ചില വ്യക്തികള്‍ മാത്രമല്ല ആര്‍എസ്എസ് എന്ന പ്രസ്ഥാനംതന്നെ സംഘടനാപരമായും ആശയപരമായും ഈ ഹിന്ദുത്വ ഭീകരവാദത്തിന് പിറകിലുണ്ടെന്ന് അസീമാനന്ദയുടെ കുറ്റസമ്മതം ലോകത്തോടു പറയുന്നു.



പ്രധാനമായും മൂന്ന് കാര്യങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്. 2007 ഫെബ്രുവരി 18ന് ഉണ്ടായ സംഝോത തീവണ്ടി സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയില്‍ തനിക്കും പങ്കുണ്ടെന്നതാണ് ഏറ്റവും പ്രധാനം. 2006ല്‍ നടന്ന ആദ്യ മലേഗാവ് സ്ഫോടനത്തിന് പിന്നിലും ഹിന്ദുത്വ ഭീകരവാദികളാണ് പ്രവര്‍ത്തിച്ചതെന്നാണ് രണ്ടാമത്. അജ്മീര്‍ ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹക സമിതി അംഗവും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തിന്റെ വലം കൈയുമായ ഇന്ദ്രേഷ് കുമാറാണ് സുനില്‍ ജോഷിയെന്ന മറ്റൊരു സംഘപരിവാര്‍ അംഗത്തിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നതാണ് മറ്റൊരു വെളിപ്പെടുത്തല്‍.



ശ്രീരാമകൃഷ്ണ പരമഹംസന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ പശ്ചിമബംഗാളിലെ കുമാര്‍പുക്കൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ജതിന്‍ ചക്രവര്‍ത്തിയാണ് പിന്നീട് സ്വാമി അസീമാനന്ദായി അറിയപ്പെട്ടത്. കുമാര്‍പുക്കൂറിലെ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ആര്‍എസ്എസില്‍ ചേര്‍ന്ന അസീമാനന്ദ ഭൌതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനായി പോയി. ഇവിടെനിന്നാണ് 1995ല്‍ വനവാസി കല്യാണ്‍ സമിതിയുടെ പ്രവര്‍ത്തകനായി അസീമാനന്ദ് ഗുജറാത്തിലെ ദാംഗ്സിലെത്തുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഹിന്ദുക്കളെ തിരിച്ച് മതപരിവര്‍ത്തനം നടത്തുകയായിരുന്നു ദൌത്യം. ഗുജറാത്തിലെ ദാംഗ്സിന് പുറമെ വല്‍സാദ്, നവസരി, സൂറത്ത് എന്നീ ജില്ലകളും മഹാരാഷ്ട്രയിലെ നന്ദുര്‍ബാറുമായിരുന്നു ഇയാളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രം. മുസ്ളീം തീവ്രവാദികളില്‍ നിന്നും ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്നും ഹിന്ദുമതത്തെ 'രക്ഷിക്കുക' എന്നതായിരുന്നു ഇയാളുടെ ദൌത്യം.



അസീമാനന്ദിന്റെ രംഗപ്രവേശത്തോടെ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ ശക്തമായ വര്‍ഗീയധ്രുവീകരണം ഉടലെടുത്തു. ഇത് 1998ല്‍ ദാംഗ്സിലെ ക്രിസ്ത്യന്‍ വിരുദ്ധ കലാപത്തിന് വഴിമരുന്നായി. അന്ന് ക്രിസ്ത്യാനികളുടെ മുപ്പത്തിയാറ് ആരാധനാലയങ്ങളാണ് തകര്‍ത്തത്. പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയും പ്രതിപക്ഷ നേതാവായിരുന്ന സോണിയാഗാന്ധിയും അന്ന് ദാംഗ്സ് സന്ദര്‍ശിച്ചു. എന്നിട്ടും തന്റെ വര്‍ഗീയ അജന്‍ഡയുമായി അസീമാനന്ദ മുന്നോട്ട് പോയി. ഇതിനുശേഷമാണ് ശബരികുംഭ് എന്ന പേരില്‍ 2006ല്‍ അസീമാനന്ദയുടെ നേതൃത്വത്തില്‍ ഇവിടെ കുംഭമേള നടത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ്ങ് ചൌഹാനും മുന്‍ ആര്‍എസ്എസ് മേധാവി കെ എസ് സുദര്‍ശനും ഇപ്പോഴത്തെ മേധാവി മോഹന്‍ഭാഗവതും മറ്റും ഈ മേളയില്‍ പങ്കെടുത്തത് സംഘപരിവാര്‍ നേതൃത്വവുമായി അസീമാനന്ദക്കുള്ള അടുത്ത ബന്ധം തുറന്നുകാട്ടി. 2007 ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി ദാംഗ്സ് ജില്ലയില്‍നിന്ന് ബിജെപി ജയിച്ചതും അസീമാനന്ദയുടെ സ്വാധീനം വര്‍ധിപ്പിച്ചു. തന്റെ അനുയായിയായ വിജയ്പട്ടേലിന് മോഡിയില്‍നിന്ന് നിയമസഭാ സീറ്റ് വാങ്ങിക്കൊടുത്തത് അസീമാനന്ദയായിരുന്നു. അതുവരെയും കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെട്ട ദാംഗ്സി ജില്ലയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ ബിജെപിയ്ക്കനൂകൂലമായി മാറ്റി മറിച്ചത് അസീമാനന്ദയായിരുന്നു.



ഹിന്ദുത്വ ഭീകരവാദത്തിന് ശബരീകുംഭവുമായി അടുത്ത ബന്ധമുണ്ട്. ഈ മേളയുടെ മറവിലാണ് ഹിന്ദുത്വ ഭീകരവാദികളുടെ സുപ്രധാന കൂടിക്കാഴ്ച നടക്കുന്നത്. മലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ പ്രജ്ഞസിങ്ങ് താക്കൂറും സുനില്‍ ജോഷിയും രാംജി കലസാഗരെയും ലോകേഷ് ശര്‍മയും മറ്റും ഒത്തുകൂടിയതും സംഝോത ഉള്‍പ്പെടെയുള്ള സ്ഫോടന പരമ്പരകളെക്കുറിച്ച് ഗൂഢാലോചന നടത്തിയതും ഇവിടെയാണ്. ഇതിന്റെ ഫലമായാണ് 2007ല്‍ നാല് ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത്. മലേഗാവ്, മെക്ക മസ്ജിദ്, സംഝോത, അജ്മീര്‍ ദര്‍ഗ ഷെരീഫ് എന്നിവ. 2006 മാര്‍ച്ചില്‍ വാരണാസിയിലെ സങ്കടമോചന്‍ ക്ഷേത്രത്തിലുണ്ടായ സ്ഫോടനത്തിന് ശേഷമാണ് ഗൂഢാലോചന നടന്നത്. സുനില്‍ ജോഷി, ഭരത്ഭായി എന്ന ഭരത്ഭായി രടേശ്വര്‍, പ്രജ്ഞസിങ്ങ് താക്കൂര്‍ എന്നിവരാണ് അസീമാനന്ദയോടൊപ്പം ഈ യോഗത്തില്‍ പങ്കെടുത്തത്. ആദ്യത്തെ സ്ഫോടനം 2006 സെപ്തംബര്‍ എട്ടിന് മലേഗാവിലായിരുന്നു. 31 പേര്‍ മരിക്കുയും 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 80 ശതമാനം മുസ്ളിങ്ങള്‍ താമസിക്കുന്ന നഗരമായതുകൊണ്ട് സുനില്‍ ജോഷിയാണ് ഈ നഗരം ആക്രമിക്കാന്‍ തെരഞ്ഞെടുത്തതെന്നായിരുന്നു അസീമാനന്ദ നടത്തിയ കുറ്റസമ്മതം. തങ്ങളുടെ ആള്‍ക്കാരാണ് ബോംബ് വച്ചതെന്ന് സുനില്‍ജോഷി പറഞ്ഞതായും ആരാണ് ബോംബ് വച്ചതെന്ന് മാത്രം ജോഷി വെളിപ്പെടുത്തിയില്ലെന്നും അസീമാനന്ദ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ വീണ്ടും ഈ കേസ് അന്വേഷിക്കുന്നത്.



സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തിന്റെ പിന്നാമ്പുറം എന്തെന്ന് കൂടി ഇവിടെ മറനീക്കി പുറത്തുവരുന്നുണ്ട്. ഇന്ത്യ വിഭജനകാലത്ത് പാകിസ്ഥാന്റെ കൂടെ നില്‍ക്കാന്‍ ഹൈദരാബാദിലെ നിസാം തീരുമാനിച്ചതാണ് ഹൈദരാബാദിലെ മെക്ക മസ്ജിദ് ആക്രാമിക്കാനുള്ള കാരണമായി അസീമാനന്ദ് കണ്ടെത്തിയത്. 80 ശതമാനം മുസ്ളീങ്ങള്‍ വസിക്കുന്ന നഗരമായതുകൊണ്ട് മലേഗാവിലും ഹിന്ദുക്കള്‍ ധാരാളമായി പോകുന്ന ആരാധനാലയമായതുകൊണ്ട് അജ്മീര്‍ ദര്‍ഗയും ആക്രമിക്കാന്‍ നിശ്ചയിക്കുകയായിരുന്നു.



ഹിന്ദുത്വ ഭീകരതയുടെ വിപുലമായ ചങ്ങലയെന്തെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ ആസൂത്രണം. മധ്യഭാരതത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇതുസംബന്ധിച്ച ഗൂഢാലോചനയും രഹസ്യയോഗങ്ങളും നടന്നുവെന്ന് ഈ സംഭവങ്ങള്‍ തെളിയിക്കുന്നു. ആര്‍എസ്എസ് നേതൃത്വത്തിന് ഹിന്ദുത്വ ഭീകരവാദവുമായി ബന്ധമില്ലെന്ന സംഘപരിവാര്‍ അവകാശവാദത്തെ അവരില്‍നിന്നുതന്നെയുള്ള അസീമാനന്ദയുടെ തുറന്നുകാണിക്കലും ഇതോടൊപ്പം സംഭവിക്കുന്നു.



മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കറെയാണ് ഹിന്ദുത്വ ഭീകരവാദത്തിലേക്ക് അന്വേഷണത്തെ ആദ്യമായി നയിച്ചത്. 2008 സെപ്തംബര്‍ 29ന് രാത്രി 9.35നാണ് മലേഗാവിലെ ഷക്കീല്‍ ഗുഡ്സ് കമ്പനിക്കു മുമ്പില്‍ സ്ഫോടനമുണ്ടായത്. എംഎച്ച്-15 പി 4572 എന്ന മോട്ടോര്‍ ബൈക്കില്‍ വച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ച സ്കൂട്ടറിന്റെ ഉടമയെത്തേടിയുള്ള അന്വേഷണം പ്രജ്ഞാസിങ്ങിലാണ് അവസാനിച്ചത്. അതോടെ അവര്‍ അറസ്റ്റിലായി. എന്നാല്‍ അന്ന് പ്രജ്ഞയെ സഹായിച്ച കലസാംഗ്രെ, സന്ദീപ് ദാംഗെ എന്നിവര്‍ ഒളിവില്‍പോയി. ആര്‍എസ്എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷിയുടെ 'ജയ് വന്ദേമാതരം' എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ഇവര്‍ ഇവരുമായി അടുത്ത ബന്ധമുള്ള അസീമാനന്ദയും ഒളിവിലായി. ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 19ന് ഹരിദ്വാറില്‍വച്ചാണ് അസീമാനന്ദ സിബിഐയുടെ കസ്റ്റഡിയിലായത്.



സുനില്‍ ജോഷി 2007 ഡിസംബറില്‍ മധ്യപ്രദേശിലെ ദേവാസില്‍ ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ജോഷിയുടെ കൂട്ടാളിയായ രാംപ്രസാദ് കലോഡയും ദുരൂഹമായിതന്നെ വധിക്കപ്പെട്ടു. ഈ കൊലപാതകത്തിന് സാക്ഷിയായ ശ്രീരാം പവാറിനെ രണ്ട് വര്‍ഷമായി കാണാനില്ല. സുനില്‍ ജോഷിയുടെ കൊലപാതകത്തിന് പിന്നില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാവും പ്രചാരകുമായ ഇന്ദ്രേഷ്കുമാറാണെന്നാണ് അസീമാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്.



അജ്മീര്‍ ദര്‍ഗാ ഷെരീഫിലെ സ്ഫോടനക്കേസില്‍ കുറ്റപത്രം ചുമത്തപ്പെട്ടയാളാണ് ഇന്ദ്രേഷ് കുമാര്‍. സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയവരുടെ യോഗങ്ങളില്‍ ഇന്ദ്രേഷ് കുമാറും പങ്കെടുത്തിരുന്നു. ജയ്പൂരിലെ ഗുജറാത്ത് ഗസ്റ്റ് ഹൌസില്‍ 2005 ഒക്ടോബര്‍ 31ന് നടന്ന യോഗത്തില്‍ പങ്കെടുത്തതായാണ് തെളിഞ്ഞിട്ടുള്ളത്. 2007ലെ ബോംബ് സ്ഫോടനക്കേസിലെ അന്വേഷണത്തിന് ശേഷം രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഇന്ദ്രേഷ് കുമാറിന്റെ പേരുള്ളത്. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗമായ ഇന്ദ്രേഷ് കുമാര്‍ സര്‍സംഘചാലക്ക് മോഹന്‍ഭാഗവതിന്റെ വലംകൈയാണ്. 2008ല്‍ അമര്‍നാഥ് സംഘര്‍ഷത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇന്ദ്രേഷ് കുമാര്‍ ആര്‍എസ്എസിന്റെ തന്ത്രങ്ങളുടെ തലച്ചോറാണ്. നേപ്പാളില്‍ മാധേശികളെ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിച്ചു വിടാന്‍ കളം വരഞ്ഞതും ഇയാള്‍ തന്നെയാണ്.



അഭിനവഭാരത് എന്ന സംഘടനയാണ് അജ്മീര്‍ സ്ഫോടനത്തിന് പിന്നിലെന്ന് കുറ്റപത്രം പറയുന്നു. 2007 ഒക്ടോബര്‍ 11നാണ് അജ്മീറിലെ ക്വാജ മൊയ്നുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ സ്ഫോടനമുണ്ടായത്. മൂന്ന് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തു. കേസില്‍ പ്രതികളായ ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ചന്ദ്രശേഖര്‍ ലാവെ, സന്ദീപ് ഡാങ്കെ, രാംജി കലസാംഗ്രെ എന്നിവര്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന, ആരാധനാലയങ്ങള്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഗുപ്ത, ശര്‍മ, ലവെ എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും ഡാങ്കെ, കലസാംഗ്രെ എന്നിവര്‍ ഒളിവിലുമാണ്. ഇവര്‍ക്ക് ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശശ് എന്നീ സംസ്ഥാനങ്ങളിലെ ബിസിനസുസകാരാണ് ഒളിത്താവളം നല്‍കുന്നതെന്ന് രണ്ടാം മലേഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ ശ്രീകാന്ത് പുരോഹിത് വെളിപ്പെടുത്തിയിട്ടുണ്ട്.



സ്വന്തം അനുയായികളാലാണ് സുനില്‍ജോഷി വധിക്കപ്പെട്ടതെന്ന് നേരത്തേ മധ്യപ്രദേശ് പൊലീസ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണം അങ്ങനെ മുന്നോട്ട് പോയില്ല. രാജസ്ഥാന്‍ എടിഎസ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്. മെക്ക മസ്ജിദ്, അജ്മീര്‍ സംഝോത എന്നിവിടങ്ങളില്‍ ബോംബ് വച്ചത് ജോഷിയായിരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിനുനേരെ ഭീഷണിയുടെ ത്രിശൂലങ്ങള്‍ ഉയര്‍ത്തുന്ന വെളിച്ചപ്പാടുകളായി ഹിന്ദു ഭീകരവാദം ഉയര്‍ന്നിരിക്കുന്നു എന്ന് ഈ സംഭവങ്ങളത്രയും പറയുന്നു. ഇതിന്റെ പിന്നാമ്പുറങ്ങളില്‍ പണിയെടുക്കുന്നവരെ വെളിച്ചത്ത് നിര്‍ത്താന്‍ നിതാന്ത ജാഗ്രതയോടെയുള്ള അന്വേഷണം മാത്രമാണ് വഴി. കുറ്റക്കാര്‍ക്കു നേരെ ശിക്ഷയുടെ കൂര്‍ത്ത കുന്തമുനകള്‍ പ്രയോഗിക്കാന്‍, ഭീകരവാദത്തെ ഭീകരവാദമായി കണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.



ഇതോടൊപ്പം ഹേമന്ത് കര്‍ക്കറെ മുംബൈ ഭീകരാക്രണവേളയില്‍ കൊല്ലപ്പെട്ടത് എങ്ങനെയെന്ന കാര്യവും പുനരന്വേഷണത്തിന് വിധേയമാക്കണം. കോണ്‍ഗ്രസില്‍ പ്രതിഛായ അവശേഷിക്കുന്ന നേതാക്കളില്‍ ഒരാളായ ദിഗ്വിജയ്സിങ് തെളിവ് സഹിതം രംഗത്തുള്ള കാരണത്താല്‍ പ്രത്യേകിച്ചും. മുബൈ ഭീകരാക്രണമത്തിനിടയില്‍ 'ജയ് വന്ദേമാതരം' പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറിയിരുന്നോ. 'ലഷ്കര്‍ ഇ തൊയ്ബ'യും 'ജയ് വന്ദേമാതര'വും തമ്മില്‍ സിഐഎയും ഐഎസ്ഐയും തമ്മിലുള്ളതുപോലെ ബന്ധം (ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍) ഉണ്ടാകുമോ?



*


വി ബി പരമേശ്വരന്‍

24 January, 2011

സംസ്കാരം മാധ്യമം വികസനം

ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ സാരാംശം കണ്ടെത്താനാവുക, ആ കാലഘട്ടത്തിലെ ജനങ്ങള്‍ പരീക്ഷിച്ച ഭാഷയിലും കലകളിലും ആകുന്നു. കാരണം സാഹിത്യമടക്കമുള്ള എല്ലാ കലകളും അതത് കാലത്ത് പരമാവധി ആത്മപ്രകാശനത്തിനുള്ള സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് സാഹിത്യം. സാഹിത്യരചനയെ പ്രസാധന സംവിധാനവും വിതരണ വ്യവസ്ഥയുമാണ് നിയന്ത്രിക്കുന്നത്. രചനാസ്വാതന്ത്ര്യത്തിന് ഇന്ന് കുറവൊന്നുമില്ല. വ്യക്തമായി, ജനങ്ങളുടെ ഭാഷയില്‍ റെക്കോഡ് ചെയ്യപ്പെടുന്നതാണ് സൃഷ്ടിക്കപ്പെടുന്ന രചന. കേരളത്തിലെ എഴുത്തുകാരെ സംബന്ധിച്ച് പറയാവുന്ന മറ്റൊരു പ്രധാന പരാതി, അവര്‍ക്ക് കൃതികള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റിന്റെ പരിമിത വൃത്തമാണ്. മലയാളികള്‍ ലോകമെങ്ങും വ്യാപിച്ചുകിടക്കുന്നുണ്ടെങ്കിലും സാഹിത്യം രചിക്കപ്പെടുന്നതും വ്യാപകമായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതും അവര്‍ ജീവിക്കുന്ന ജന്മനാട്ടിലാണ്. കേരളം ഭൂവിസ്തൃതി നന്നെ കുറഞ്ഞ ഒരു പ്രദേശമാണെന്നത് സത്യം.

മലയാളഭാഷ ലോകം മുഴുവനും വേര് പടര്‍ത്തിക്കഴിഞ്ഞു എന്നു ഘോഷിക്കുന്നതില്‍ വലിയ അര്‍ഥമില്ല. കാരണം ഏതു മറുനാട്ടിലും വിദേശത്തും അധിനിവേശത്തിനെത്തിയ മലയാളിയുടെ ആദ്യ തലമുറ മാത്രമാണ് മലയാളത്തെ പുണരുന്നത്. തുടര്‍ തലമുറ അതതു നാടിന്റെ ഭാഷ തനതാക്കുന്നു. മറുനാടന്‍ മലയാളികളെല്ലാംതന്നെ സഫലമായെഴുതുന്നത് ഇംഗ്ളീഷിലാണെന്നും ഓര്‍ക്കുക.

അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ മലയാള ഭാഷയ്ക്ക് ചില പ്രത്യേക ദൌത്യമുണ്ട്. അത് മാതൃഭാഷയുടെ ദൌത്യമാണ്. എന്താണത്? വ്യാപകമായ ഗ്രന്ഥശാല ശൃംഖല നമ്മുടെ അഭിമാനകരമായ നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയിലെ മറ്റൊരു പ്രാദേശികഭാഷയ്ക്കും ഇതവകാശപ്പെടാനാവില്ല. അത്ഭുതകരമായിരിക്കുന്നത് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്, ഒരു കൊളോണിയല്‍ ഭാഷയെ ജനം വിദ്യാഭ്യാസത്തിനു മുറുകെപ്പിടിച്ചിരിക്കുന്ന സംസ്ഥാനത്തിലാണ് എന്നതാണ്.

എന്തുകൊണ്ട് മലയാളിക്ക് തമിഴനെപ്പോലെ മാതൃഭാഷയോട് പ്രതിപത്തിയില്ല എന്നത് വിദ്യാഭ്യാസത്തിന്റെ പൊതുസംഘാടകര്‍ ചിന്തിക്കേണ്ടതുണ്ട്. നമുക്കൊരു മാതൃഭാഷാ സര്‍വകലാശാലയില്ല. സംസ്കൃതത്തിനുവേണ്ടി ആരംഭിച്ച സര്‍വകലാശാലയില്‍പ്പോലും സംസ്കൃതവിദ്യാഭ്യാസം മറ്റു വിജ്ഞാനശാഖകള്‍ക്കു സമമായോ കീഴപ്പെട്ടോ കഴിഞ്ഞുകൂടുന്നു. ഭാഷ ഭാഷയ്ക്കു വേണ്ടിയല്ല. അതൊരു വ്യവഹാര മാര്‍ഗമാണെന്നും സംസ്കാരികത്തനിമയാണെന്നും ഇത് വെളിപ്പെടുത്തുന്നു.

മലയാളത്തിനുവേണ്ടി നിജപ്പെടുത്തുന്ന ഒരു സര്‍വകലാശാലയുടെ പ്രവര്‍ത്തനം എല്ലാ വിജ്ഞാനശാഖകളേയും മാതൃഭാഷാ മാധ്യമത്തിലാക്കണം എന്ന തീരുമാനം എടുക്കേണ്ടിവരും. എന്‍ വി കൃഷ്ണവാര്യരുടെ നേതൃത്വത്തില്‍ രൂപം പൂണ്ട് ആരംഭിച്ച ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് അതിന്റെ പ്രാരംഭമായി വിജ്ഞാനഗ്രന്ഥങ്ങള്‍ പല വിഭാഗത്തിലും ഉല്പാദിപ്പിക്കുകയോ ശില്പശാലകള്‍ വഴി തര്‍ജമ ചെയ്യുകയോ ഉണ്ടായി. ഇതു സഫലമായി മുന്നോട്ടു പോയില്ല. പോകാന്‍ അനുവദിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

ഭാഷാപോഷണത്തിന്റെ പേരില്‍ നടന്ന സംരംഭങ്ങളെല്ലാം തന്നെ, ഇങ്ങനെ പെട്ടെന്ന് വഴികളുടെ ചരമബിന്ദുവില്‍ച്ചെന്നു മുട്ടി നില്‍ക്കുന്നതു കാണാം.

ഭാഷ എന്നാല്‍ വിദ്യാഭ്യാസത്തിന്റെ ഔപചാരിക തലങ്ങളില്‍ മാത്രം വര്‍ത്തിക്കുന്ന ഒന്നല്ല. അതാരംഭിക്കുന്നത് നിത്യജീവിത വ്യവഹാരത്തിലാണ്. അതിനാല്‍ നിത്യജീവിതത്തിന്റെ ബൃഹത് മണ്ഡലമായ സമൂഹത്തിന്റെ വ്യവഹാരങ്ങളില്‍ ഭാഷ അടിസ്ഥാനപരമായ പങ്ക് വഹിക്കുന്നു. ഈ പങ്ക് അതത് കാലത്ത് അതതു സമൂഹത്തിലുണ്ടാക്കുന്ന സാംസ്കാരിക നിലവാരത്തെ കാര്യമായി ബാധിക്കുന്നു. ഒരു ഭാഷ ദുഷിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് അത് കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റെ സംസ്കാരത്തെ മലിനപ്പെടുത്തുന്നു എന്നു തന്നെയാണ്.

കേരളീയസംസ്കാരം ദുഷിക്കുന്നു എന്നു നാം സങ്കടപ്പെടുമ്പോള്‍ നമ്മുടെ ഇടയില്‍ കുടുംബബന്ധങ്ങളിലും വ്യക്തിസൌഹൃദങ്ങളിലും സമൂഹക്കൂട്ടായ്മയിലും ദുഷിപ്പ് കടന്നുകൂടി എന്നര്‍ഥം.

എന്താണ് ഈ ദുഷിപ്പ്. മനുഷ്യനില്‍ മനുഷ്യത്വം ഇല്ലാതാവുന്നു. സമസൃഷ്ടിസ്നേഹം കുറയുന്നു. പിറന്ന മണ്ണിനോടും ഭൂമിയോടും പ്രകൃതിയോടുമുള്ള നാഭീനാളബന്ധം നഷ്ടപ്പെടുന്നു. ആത്യന്തികമായി ജീവിതം ജീവിക്കാന്‍ വേണ്ടിയുള്ള ഒരു മത്സരക്കൂട്ടയോട്ടം ആയിത്തീരുന്നു. ഈ ഓട്ടത്തില്‍ വൃദ്ധര്‍, വികലാംഗര്‍, രോഗികള്‍, മറുനാട്ടുകാര്‍ എന്നിവരെല്ലാം പിന്തള്ളപ്പെടുന്നു. ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ വിഭജിക്കപ്പെടുമ്പോള്‍ ഗോത്ര, ജാതി, മത, വര്‍ണവ്യത്യാസങ്ങളെല്ലാം വിസ്മരിക്കപ്പെടുന്നു. പണമാണ് ചക്രവര്‍ത്തി. അതില്ലാത്തവര്‍ നിസ്വര്‍. തൃഷ്ണ വര്‍ധിപ്പിക്കാന്‍ പുതിയ ഇനം സുഖഭോഗവസ്തുക്കള്‍ ഉല്പാദിപ്പിക്കപ്പെടും. ഒന്നുകൊണ്ടും തൃപ്തി നേടാനാകാതെ സമൂഹം നിരന്തരം അസ്വസ്ഥമാകും. എല്ലാ ബന്ധങ്ങളുടേയും പിരിമുറുകും. ലോകജീവിതം പലതരത്തില്‍ ശിഥിലമാകും.

ആഗോളവത്കരണകാലത്ത് ദേശീയത ചോദ്യം ചെയ്യപ്പെടും. അവകാശികള്‍ പലതരത്തില്‍ അവതരിക്കും. ഉദാഹരണത്തിന് ലോകത്തിലെ മഹാനദികളും പര്‍വതങ്ങളും പൌരാണിക ഈടുവയ്പ്പുകളും ആരുടേയും കുത്തകയല്ലെന്ന വാദം ഉയരും. അതിന്റെ തുടക്കത്തിലാണ് അമേരിക്ക ലോക പൊലീസ് ആവാന്‍ തുടങ്ങിയതും വിവിധ രാജ്യപ്രതിനിധികള്‍ മാര്‍ക്കറ്റ് തേടി ലോക നഗരങ്ങളിലും വനങ്ങളിലും മരുഭൂമികളില്‍പ്പോലും പല തരം പര്യവേഷണങ്ങള്‍ നടത്താന്‍ തുടങ്ങിയതും. സമുദ്രാന്തര ഗവേഷണങ്ങളും പുറംകടല്‍ മത്സ്യബന്ധനവും ഇങ്ങനെ സംഭവിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ മാത്രമേ നമുക്ക് കേരളഭാഷ, സംസ്കാരങ്ങളുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കാനാവൂ. എന്താണ് വികസനം എന്നതിനെപ്പറ്റി ഒരു പുനരാലോചന നടത്താനാവൂ. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മലയാളഭാഷ പുരോഗമിച്ചു എന്നു പറയാനാവുമോ? അച്ചടിക്കപ്പെടുന്ന പുസ്തകങ്ങളുടെ എണ്ണം എത്രയോ മടങ്ങ് വര്‍ധിച്ച മാര്‍ക്കറ്റില്‍ പുസ്തകങ്ങള്‍ പലവിധം ലഭ്യമാകുന്നു. അതിനുവേണ്ടി വിപണിയില്‍ മറ്റേതുല്പന്നങ്ങളും പോലെ പുസ്തകങ്ങളും ആനുകാലികങ്ങളും പെരുകുന്നു. കേരളത്തില്‍ ഇന്നത്തെ വിപണി സമ്പന്നമായിരിക്കുന്നത് കാറുകള്‍, മണ്ണ്, മണല്‍, കെട്ടിടനിര്‍മാണസാമഗ്രികള്‍, കെട്ടിടങ്ങള്‍, പുസ്തകങ്ങള്‍, മരുന്നുഷാപ്പുകള്‍, ടെക്സ്റൈല്‍, പൊന്ന്, ഇരുമ്പ് എന്നിവയാലാണ്.

അടിസ്ഥാനവികാസം സാധാരണക്കാരന്റെ ജീവിതത്തില്‍ എത്രകണ്ട് ലഭ്യമാകുന്നു എന്നതാണ് ജനപ്രധാനമായ ഒരു രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ പ്രധാനം. ഭൂമിക്ക് വില കൂടുന്തോറും ഇന്ത്യയില്‍ മുഴുവനും ഗ്രാമ-കാര്‍ഷിക പ്രദേശങ്ങളെ ഭൂമാഫിയ കൈവശപ്പെടുത്തുകയും ഈ ദേശങ്ങളില്‍നിന്ന് പുറന്തള്ളപ്പെടുന്ന വമ്പിച്ച ജനവിഭാഗം കൂടുതല്‍ നിരാശ്രയരാകുകയും അവരില്‍ ഭൂരിഭാഗവും സര്‍ക്കാരിന്റെ ദാക്ഷിണ്യത്തിലേയ്ക്ക് എറിയപ്പെടുകയും ചെയ്യുന്നു. സാധാരണക്കാരന്‍ അടിസ്ഥാന ആഹാരത്തിനുവേണ്ടി സബ് ഡിസൈഡഡ് വിപണിയെ ആശ്രയിക്കേണ്ടി വരുന്നു. ജോലിചെയ്യേണ്ട, വിലപിടിച്ച അനേകായിരം മണിക്കൂറുകള്‍ അങ്ങനെ റേഷന്‍ കടകള്‍ക്കു മുമ്പില്‍ ക്യൂവില്‍ നില്‍ക്കാന്‍ ചെലവാക്കുന്നു. വിശക്കുന്ന വയറിന്റെ എണ്ണം പെരുകുന്നതിനനുസരിച്ച് നമ്മള്‍ എന്തുത്പാദിപ്പിക്കുന്നു എന്ന ചോദ്യം ഇവിടെയാണാരംഭിക്കുന്നത്. കേരളത്തിലേയ്ക്ക് വരുന്ന ചരക്കുലോറികള്‍ ഒരു ദിവസം പണി മുടക്കുമ്പോള്‍ നമ്മുടെ വിപണിയില്‍ പരിഭ്രമം തിളയ്ക്കുന്നു. ജനം അസ്വസ്ഥരാകുന്നു. ആഹാരത്തിനു ഭേദപ്പെട്ട നിലവാരം കണ്ടെത്തിയ കേരളത്തിലെ മധ്യവര്‍ത്തിവര്‍ഗം പോലും ഈ ഉത്കണ്ഠയ്ക്ക് വിധേയമാകുന്നു. സ്റാര്‍ ഹോട്ടലുകളിലേയ്ക്ക് കപ്പ പ്പുഴുക്കിന് ക്ളാസ് കയറ്റം കിട്ടിയതുകൊണ്ടൊന്നും പരിഹരിക്കപ്പെടാവുന്നതല്ല നമ്മുടെ ഭക്ഷ്യപ്രതിസന്ധി. ഇന്ത്യ മുഴുവനും കാലാവസ്ഥമാറ്റത്തിനു വിധേയമാകുമ്പോള്‍ നമ്മുടെ ഭേദപ്പെട്ടിരുന്ന ഇന്ത്യന്‍ ഭക്ഷ്യോത്പന്ന വിപണിയും തകിടം മറിയുന്നു. നൂറുകോടിയിലധികം വരുന്ന ഇന്ത്യന്‍ വയറും അതിന്റെ ഒരു ഭാഗമായ കേരളത്തിന്റെ വിശപ്പും പ്രതിസന്ധിയിലേയ്ക്കു തന്നെയാണ് നീങ്ങുന്നത്. വികസിത ഗതാഗതവും പെരുകുന്ന വാഹനങ്ങളും ഈ പ്രതിസന്ധിയുടെ അടിത്തറയെ ഉറപ്പിക്കുകയില്ല.

കേരളത്തിന്റെ മണ്ണും ജലവും കുറെയെങ്കിലും ഇന്നും ഭക്ഷ്യോല്പാദനത്തിനു ലഭ്യമാകുന്നു. അല്ലെങ്കില്‍ അതിനുവിധേയമാക്കണം. ഭക്ഷ്യത്തെപ്പറ്റി ഇത്രയും പറയാന്‍ കാരണം, അന്നമുണ്ടെങ്കിലേ അക്ഷരം വിളയൂ എന്നതിനാലാണ്. വിദ്യാരംഗത്തും പാര്‍പ്പിടമേഖലയിലും നാം ഉണ്ടാക്കിയ പുരോഗതി ചീട്ടുകൊട്ടാരം പോലെ തകരാതിരിക്കണമെങ്കില്‍ ആഹാരസുരക്ഷിതത്വം നേടാനുള്ള തൊഴില്‍ വേണ്ടതുപോലെ വികസിക്കണം.

കേരളത്തിലേയ്ക്ക് തൊഴിലും അന്നവും തേടി കൂട്ടത്തോടെ ഓടിയെത്തുന്ന വലിയൊരു തൊഴില്‍ സേനയെ പോറ്റാനുള്ള ആഹാരം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. അവര്‍ കൂടെ കൊണ്ടുവരുന്ന ഇന്ത്യന്‍ ഭാഷകള്‍ നമ്മുടെ മാതൃഭാഷയുമായി ചേരുമ്പോള്‍ ഭാഷ സമ്പുഷ്ടമാക്കാനുള്ള സാധ്യത കാണുന്നുണ്ട്. മലയാളഭാഷയുടെ വികാസത്തിനു തടസ്സമായി നിന്ന പ്രധാന ഘടകങ്ങളിലൊന്ന് അതിനു സജീവവും നിരന്തരവുമായ സമ്പര്‍ക്കം മറ്റിന്ത്യന്‍ ഭാഷകളുമായി ഇല്ലാതിരുന്നതാണ്. ഗതാഗതവികസനം ഭാഷാവികസനത്തിനു പ്രോത്സാഹജനകമാണെന്ന് ഇന്ത്യന്‍ റെയില്‍വേ ഒരു നൂറ്റാണ്ടായി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത് തീര്‍ത്തും പരിമിതമാണ്.

ഇവിടെ നമ്മള്‍ വിദ്യാഭ്യാസവും സംസ്കാരവും തമ്മിലുള്ള സംബന്ധത്തെക്കുറിച്ചും ചിന്തിക്കണം. ഉന്നത വിദ്യാഭ്യാസം ഇംഗ്ളീഷിലൂടെ എന്നു തീരുമാനിക്കപ്പെട്ട സ്ഥിതിക്ക് അത് പ്രധാനമാണ്. മാതൃഭാഷയിലൂടെ ആകണമെന്ന് ഒരു ചിന്ത മുന്‍കാലത്ത് മുളച്ചുവന്നതിനെ നാം അപ്പാടെ നിരസിച്ചു. കാരണം വിജ്ഞാനം ഉല്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും മറു നാട്ടിലാണെന്ന, അതും പാശ്ചാത്യരാജ്യങ്ങളിലാണെന്ന ഒരു മുന്‍ധാരണയിലാണ് നാം എത്രയോ കാലമായി എത്തിചേര്‍ന്നിരിക്കുന്നത്. ഇന്ത്യ വിജ്ഞാനോത്പാദനത്തില്‍ പുറകിലായിരുന്നുവെന്നു നമ്മുടെ ശത്രുക്കള്‍പോലും പറയുകയില്ല. എന്നാല്‍ കേരളം വിദ്യാസമ്പന്നരുടെ നാടാണെന്ന് അഭിമാനിക്കുമ്പോഴും അതൊരു പൊങ്ങച്ചം മാത്രമാണെന്നു നാം അംഗീകരിക്കുന്നില്ല. ഇപ്പോള്‍ ഉപരി വിദ്യാഭ്യാസരംഗത്ത് നാം പിന്നിലാണ്.

ഡിഗ്രിയും ഗവേഷണ ബിരുദങ്ങളുമെല്ലാം ഇവിടെ ശൂന്യമായ അളവു പാത്രങ്ങള്‍ പോലെയാണ്. പ്രൊഫഷണല്‍ ബിരുദധാരികളില്‍പോലും മാര്‍ക്ക് വാങ്ങുന്ന യാന്ത്രികതയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവര്‍ നമ്മുടെ പൊങ്ങച്ച സംസ്കാരത്തിന്റെ കിരീടത്തിലെ തൂവലുകളാണെന്നു പറയാം. ജീവിതാനുഭവങ്ങളെ നേരിടുന്നതില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികള്‍ പിറകിലാണ്. അതിനാലാണ് പ്രൊഫഷണല്‍ മേഖലയിലെ ആണും പെണ്ണും പലപ്പോഴും കുടുബ ബന്ധങ്ങളില്‍ തോറ്റുപോകുന്നത്. ഉന്നത വിദ്യാഭ്യാസം ഉന്നതമാനുഷികതയെ വളര്‍ത്തുന്നില്ല. നമ്മുടെ പിഎച്ച്ഡി ബിരുദത്തിന്റെ പൊള്ളത്തരമിന്ന് സാധാരണക്കാര്‍ക്കുപോലും തിരിച്ചറിയാവുന്നതാണ്.

ഇവിടെയാണ് മാതൃഭാഷയുടെ പ്രസക്തി. പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ പിറന്നു വീഴുന്നവയില്‍ ഒട്ടുമുക്കാലും വിപണിയില്‍ വിറ്റുപോകുന്നു എന്നത് സത്യം. വായന എത്ര കണ്ടു വളര്‍ന്നു എന്ന് ആലോചിക്കുമ്പോള്‍ പരാജയത്തില്‍ ചെന്നെത്തും. നമ്മുടെ സംസ്കാരത്തിന്റെ ഒരു ചിത്രം പുസ്തകങ്ങള്‍ തരുന്നു. എങ്ങനെ? വായിക്കപ്പെടാതിരിക്കുന്നതില്‍. ഗ്രന്ഥങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന വായനശാലകളും ഗ്രന്ഥശാലകളും വായനക്കാരെ കാത്തുനില്‍പ്പുണ്ട് ഇന്നും. വൃദ്ധരും കുട്ടികളുമാണ് വായനക്കാര്‍. കുട്ടികളുടെ വായന ഒരു വാഗ്ദാനമാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര പുസ്തകങ്ങള്‍ കടയില്‍ ഇല്ല. വൃദ്ധരുടെ വായന ഒരു പരിമിതിയാണ്. വായിക്കാത്ത ഒരു യുവജനതയാണ് ഇന്ന് കേരളത്തിലുള്ളത്. എഴുതുന്നത് അധികവും യുവാക്കളാണ്. എന്നാല്‍ അവര്‍ വായിക്കുന്നവരല്ല. വായന ആവശ്യമില്ലെന്നും എഴുതുന്നവര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ഒരു കാലം! ഒരു നാട്! ഇതും നമ്മുടെ സംസ്കാരത്തിന്റെ വൈചിത്യ്രമാണ്.

സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മീഡിയം മാതൃഭാഷയിലാക്കാത്തതിന്റെ ഫലം പ്രതിഫലിക്കുന്നത് നമ്മുടെ ഗവേഷണരംഗത്താണെന്നു പറയുമ്പോള്‍ അത്ഭുതം തോന്നാം. സത്യത്തില്‍ അതങ്ങനെയാണ്. ഒരു കാലത്ത് ഇന്ത്യയില്‍നിന്ന് ഗണിതത്തിലും സയന്‍സിലും ഭാഷാശാസ്ത്രത്തിലും അതിവിദഗ്ധരായ യുവാക്കളെ തങ്ങളുടെ ഗവേഷണാലയങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നു ലഭിച്ചിരുന്നു എന്ന് അമേരിക്കന്‍-യൂറോപ്യന്‍ സര്‍വകലാശാലകള്‍ പറയുന്നു. അങ്ങനെ പോയവരെല്ലാം അതതു രാജ്യങ്ങളിലെ പൌരത്വം സ്വീകരിച്ചു. കാരണം ഗവേഷണത്തിന്റെ കവാടങ്ങള്‍ ഇന്ത്യാരാജ്യത്ത് (കേരളത്തിലും) ഇന്നും പാതിയടഞ്ഞും ഇരുട്ടുകേറിയും ഇരിക്കുന്നു. സ്കൂള്‍ കാലത്താണ് കുട്ടികളുടെ ബുദ്ധിയുടെ കവാടങ്ങള്‍ തുറക്കേണ്ടത്. അപ്പോഴവര്‍ ഇംഗ്ളീഷിന്റെ പാതയില്‍ തപ്പിത്തടയുകയാണ്. യഥാര്‍ഥ വിദ്യയുടെ വെളിച്ചം ഏവരുടേയും വഴിയില്‍ വീഴുന്നത് വൈകിയാണ്. ഇത് പുതുതലമുറയുടെ ബൌദ്ധിക വളര്‍ച്ചയേയും പ്രതിഭയേയും സാരമായി ബാധിക്കുന്നുണ്ട്. ഇന്ന് വിദ്യാലയങ്ങളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ കുറെ പുത്തനാണെങ്കിലും അത് ഫലിപ്പിക്കാനുള്ള സംവിധാനം അപര്യാപ്തമാണ്. ഇന്ത്യയിലെ കുട്ടികള്‍ മികച്ച ബുദ്ധിയും പ്രതിഭയും ഉള്ളവരാണെങ്കിലും അവരോളം മികച്ച പഠന സംവിധാനം നാം ഇനിയും ഉണ്ടാക്കിയിട്ടില്ല. മാതൃഭാഷയുടെ സ്റാറ്റസ് ഉയര്‍ത്തിയാലെ അത് വികസിക്കുകയുള്ളു. അപ്പോഴേ, അതൊരു ജ്ഞാനസമ്പാദന ഉപകരണവും സംസ്കാരപുരോഗതിയുടെ അടിത്തറയും ആവുകയുള്ളു.

ഇന്ത്യയ്ക്ക് ഇന്ത്യയുടെ സാഹിത്യരംഗം വികസിക്കുന്നില്ല. എന്നും മറ്റു നാട്ടിലേയ്ക്ക് പ്രചോദനത്തിനായി ഉറ്റുനോക്കുന്ന എഴുത്തുകാരാണ് ഇവിടെ പാതിയും ഉണ്ടായിരുന്നത്. ഇപ്പോഴും. ഇന്ത്യന്‍ ജീവിതം എന്തുകൊണ്ട് ഇന്ത്യയിലെ യുവ എഴുത്തുകാര്‍ക്ക് പ്രചോദനമാവുന്നില്ല? മേലേക്കിട ലോക സമ്മാനം വാങ്ങുന്ന ചില എഴുത്തുകാര്‍ ഇന്ത്യക്കാരാണ്. അവരാകട്ടെ ഇംഗ്ളീഷില്‍ എഴുതുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍ പുറത്തുവരുന്നത് എണ്ണത്തില്‍ ധാരാളമുണ്ടെങ്കിലും ഒരു നൊബേല്‍ സമ്മാനം മേടിക്കാന്‍ മഹാകവി ടാഗോറിനുശേഷം ഇവിടെ ഇന്ത്യക്കാരുണ്ടായില്ല. സ്വന്തം ജീവിതം കീറിമുറിച്ച് വിശകലനം ചെയ്യാനും അതിസൂക്ഷ്മമായ തന്തുക്കള്‍ കണ്ടെടുക്കാനും ഇന്ത്യന്‍ ഭാഷയിലെഴുതുന്നവര്‍ക്ക് കഴിയുന്നില്ല. കാരണം അവര്‍ ഇന്ത്യയുടെ വികാരവും ചരിത്രവും ഉള്‍ക്കൊണ്ടതായി മാറി.?

*
പി വത്സല കടപ്പാട്: ദേശാഭിമാനി വാരിക 23 ജനുവരി 2011

19 January, 2011

മാര്‍ക്സിസവും ക്രിസ്തുമതവും

മാര്‍ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന്‍ കലാപമായിരുന്നു മാര്‍ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്‍ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില്‍ അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്‍ദ്ദിതര്‍ക്കും പീഡിതര്‍ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില്‍ അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്‍ക്സിന്റേത്. വാള്‍ ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്‍ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്‍ക്സ് ആലോചിച്ചത്.

എന്നാല്‍, വിപ്ളവത്തിന്റെ പാതയില്‍ നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്‍ക്സ് കണ്ടിട്ടില്ല. ഇന്റര്‍നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന്‍ ശ്രമിച്ച റഷ്യന്‍ വിപ്ളവകാരി ബക്കുനിനെ മാര്‍ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന എംഗല്‍സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്‍ക്കിന്റെ നിയമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്‍ക്സ് എതിര്‍ത്തു. ജനാധിപത്യക്രമത്തില്‍ അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില്‍ മാര്‍ക്സിന്റേത്.

മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്‍ക്സ് കണ്ടു. ചരിത്രപരമായ സന്ദര്‍ഭത്തില്‍നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില്‍ മാര്‍ക്സിന്റെ ദര്‍ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില്‍ കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്‍ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്‍ക്ക് മാര്‍ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന്‍ ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്‍ക്സ് ചിന്തിച്ചത്. രണ്ടും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.

മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്‍ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില്‍ മതവിശ്വാസികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്‍ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്‍പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്‍ക്സ് വിമര്‍ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്‍ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്‍ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര്‍ സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര്‍ അനുഭവിക്കുന്ന അവാച്യമായ നിര്‍വൃതിയെന്തോ അതാണ് മാര്‍ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്‍ക്സിന്റെ ദര്‍ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്‍ശനികതലത്തില്‍ വിശുദ്ധനായി സ്വീകരിച്ച മാര്‍ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.

ചരിത്രപരമായി മതവിരുദ്ധത ബോള്‍ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില്‍ ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്‍. അയര്‍ലണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില്‍ ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില്‍ വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില്‍ മതവിമുക്തമായി മാര്‍ക്സിസത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ മാര്‍ക്സിസ്റ്റ് പാര്‍ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്‍ക്ക് ഇടം നല്‍കാത്തത്. പള്ളിയും പാര്‍ട്ടിയും അപഭ്രംശങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ സ്ഥാപിതമാക്കാന്‍ യത്നിക്കുന്ന മാര്‍ക്സും വിരുദ്ധചേരികളില്‍ നില്‍ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്‍ക്കും നാണയമാറ്റക്കാര്‍ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ്‍ പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്കാരും മാര്‍ക്സിസത്തിന്റെ ബൂര്‍ഷ്വാവല്‍കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്‍ത്തി വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാകുമ്പോള്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള്‍ സ്വീകരിക്കേണ്ടത്.

അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്‍ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സ് നിര്‍ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്‍കുന്നത്. പ്രാര്‍ത്ഥന പ്രവര്‍ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്‍ത്തനത്തില്‍ ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്‍ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര്‍ തെരേസയുടെ പ്രാര്‍ത്ഥനയില്‍ വിപ്ളവകാരികള്‍ പങ്കുചേര്‍ന്നത്. അയല്‍ക്കാരനുവേണ്ടിയുള്ള സമര്‍പ്പണത്തില്‍ നിന്നാണ് രക്തസാക്ഷികള്‍ ഉണ്ടാകുന്നത്.

ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്‍ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്‍ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്‍ഗസമരത്തിന്റെ ജയമുഹൂര്‍ത്തത്തില്‍ സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്‍ഗത്തില്‍ സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്‍ക്സിസ്റ്റുകാരും. ആ യാത്രയില്‍ ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല്‍ അപ്രസക്തമാണ്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില്‍ ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്‍ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികള്‍ക്കും ജനപ്രതിനിധികള്‍ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്നു വരുന്നു'' എന്ന് ബൈബിള്‍ പറയുന്നു. സെക്കുലര്‍ വ്യവസ്ഥയില്‍ ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നവര്‍ സ്വന്തം വാക്കിലാണ് വിശ്വാസം അര്‍പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന്‍ കഴിഞ്ഞാല്‍ പ്രത്യയശാസ്ത്രദു:ഖങ്ങള്‍ക്കും വിശ്വാസപരമായ പ്രതിസന്ധികള്‍ക്കും ശമനമുണ്ടാകും.

വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്‍ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്‍ക്കും ഇടം നല്‍കാന്‍ മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന്‍ യഹോവ സാക്ഷികള്‍ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന്‍ സെവന്‍ത് ഡേ അഡ്വെന്റിസ്റ്റുകള്‍ക്കും അനുവാദം നല്‍കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന്‍ വിശ്വാസികള്‍ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള്‍ സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്‍ക്കും ഇടം നല്‍കാത്തവരാണ് തീവ്രവാദികള്‍. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള്‍ നിര്‍ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്‍വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.

ഗത്സേമനിയില്‍ യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള്‍ ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്‍ന്ന വാളാണത്. അത് എക്കാലവും ഉറയില്‍ സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന്‍ വാളാല്‍ നശിക്കുമെന്നറിയാത്തവരല്ല മാര്‍ക്സിസ്റ്റ്കാര്‍. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില്‍ ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.

ഡോ. സെബാസ്റ്റ്യന്‍ പോള്‍ കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011

11 January, 2011

ഇറാനിയന്‍ ഭരണകൂടം ഈ പച്ച ഭൂതത്തെ പേടിക്കുന്നതെന്തിന്?

ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഇറാനില്‍ നിന്ന് പുറത്തു വരുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയെ ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ജയിലിലടക്കുകയും അദ്ദേഹത്തിന് ഇരുപതു വര്‍ഷത്തേക്ക് സിനിമയെടുക്കാന്‍ പാടില്ല എന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് ഇറാനിയന്‍ ഭരണകൂടം. ഒരു സമൂഹജീവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. സിനിമയെടുക്കുന്നതിനു മാത്രമല്ല; തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നീ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അവകാശമില്ല. ഭരണകൂടത്തിനെതിരായ പ്രചാരണങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇറാനിയന്‍ ഭരണ/മത നേതൃത്വത്തിന് കലയോട് അസഹിഷ്ണുതാപൂര്‍ണമായ സമീപനമാണുള്ളത് എന്ന ഖൊമേനിക്കാലത്തെ പഴയ ആരോപണത്തെ വീണ്ടും ശരി വെക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഈ കുടില സംഭവം തെളിയിക്കുന്നു. ലോക പ്രശസ്തി നേടിയെടുത്ത ഇറാനിയന്‍ സിനിമയുടെ ദുരന്തവും ഒരു പക്ഷെ അവസാനവും കുറിച്ചേക്കാവുന്ന ഒരു ഭരണകൂട ഭീകരപ്രവൃത്തിയായിട്ടാണ് സ്വതന്ത്ര-ജനാധിപത്യ ലോകം ഈ സംഭവത്തെ കണക്കാക്കുന്നത്.

മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയന്‍ സിനിമ അഥവാ പേര്‍സ്യന്‍ സിനിമ. സ്വയം പര്യാപ്തമായ രീതിയില്‍ സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങള്‍ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാര്‍ഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൌന്ദര്യാത്മക സൃഷ്ടികള്‍ വരെ അനവധി സിനിമകള്‍ വര്‍ഷം തോറും ഇറാനില്‍ നിന്ന് പുറത്തിറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയന്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇറാനിയന്‍ ചലച്ചിത്ര മേളകള്‍ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തില്‍ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകര്‍ ലോകത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുന്‍ ദശകങ്ങളില്‍ സജീവമായിരുന്ന ഇറ്റാലിയന്‍ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയന്‍ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ളവര്‍ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ളവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്.

1960കളിലാണ് ഇറാനിയന്‍ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കെ തന്നെ കാവ്യാത്മകമായ ഒരു ആഖ്യാന രീതി ഈ ചിത്രങ്ങളില്‍ കാണാം. ഇവയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പുതിയ ഇറാനിയന്‍ സിനിമ എന്ന സംജ്ഞയും പ്രയോഗത്തില്‍ വന്നു. അബ്ബാസ് ഖൈരസ്തമി, ജാഫര്‍ പനാഹി, മാജിദ് മജീദി, ബഹ്റാം ബെയസായ്, ദറിയൂസ് മെഹ്റൂജി, മൊഹ്സെന്‍ മഖ്മല്‍ബഫ്, ഖോസ്റോ സിനായ്, സൊഹ്റാബ് ഷാഹിസ് സാലെസ്സ്, പര്‍വീസ് കിമിയാവി, അമീര്‍ നദേരി, അബോല്‍ ഫാസി ജലീലി എന്നീ പേരുകള്‍ ഇറാനിയന്‍ നവതരംഗസിനിമകളിലൂടെ ലോകപ്രശസ്തമായിത്തീര്‍ന്നു. ആ കാലഘട്ടത്തിലെ ബുദ്ധിജീവി മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുണ്ടായ രാസപരിണാമങ്ങളെ തുടര്‍ന്നാണ് ചൈതന്യവത്തായ ഒരു ചലച്ചിത്രാഖ്യാന രീതി ഇറാന്‍ സ്വായത്തമാക്കിയത്. പുതിയ ഇറാനിയന്‍ സിനിമയെ ഉത്തരാധുനിക കലയുടെ ഉദാഹരണങ്ങളായി കണക്കു കൂട്ടുന്ന നിരൂപകരുമുണ്ട്. ഇറ്റാലിയന്‍ നിയോ റിയലിസത്തോട് ഒരു ചാര്‍ച്ച ഇറാനിയന്‍ സിനിമക്കുണ്ടെന്ന നിരീക്ഷണം പ്രബലമാണെങ്കിലും ഇറാനിയന്‍ സിനിമയുടെ സ്വത്വം പ്രത്യേകം രൂപീകൃതമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധമതം.

നവതരംഗ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച് റിയല്‍ ഫിക്ഷന്‍സ് എന്ന ലേഖനത്തില്‍ റോസ് ഈസ ഇപ്രകാരമെഴുതി. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്കുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് സാധാരണ മനുഷ്യരിലും ദൈനം ദിന ജീവിതത്തിലും കാവ്യാത്മക കാല്‍പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഇറാനിയന്‍ സിനിമയുടെ വിജയം.
ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൌന്ദര്യാത്മകവുമായ ചലച്ചിത്ര ഭാഷ ആഗോളീയതയുടെ ശാക്തേയതയെ മറികടന്നുകൊണ്ട് സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷക സമൂഹത്തിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു.
ക്ളോസപ്പ് - ഇറാനിയന്‍ സിനിമ, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠനങ്ങള്‍ക്കുള്ള വിഭാഗത്തിലെ പ്രൊഫസറായ ഹമീദ് ദബാഷി പറയുന്നത് ആധുനിക ഇറാനിയന്‍ സിനിമയും ദേശീയ സിനിമ എന്ന പ്രതിഭാസവും സാംസ്ക്കാരിക ആധുനികതയുടെ രൂപമായി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നാണ്. അനാദിയായ മനുഷ്യനെക്കുറിച്ചുള്ള ഖുര്‍ ആന്‍ വ്യാഖ്യാനത്തിനു പകരം ചരിത്രപരമായ സ്ഥലകാലനിബന്ധനകളില്‍ കൃത്യമായി സ്ഥാനപ്പെടുത്താവുന്ന തരം ആധുനിക മനുഷ്യനെ ദൃശ്യവത്ക്കരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ ആധുനികതയോട് ഇറാനിയന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.

ഇറാനില്‍ സിനിമക്ക് ഇത്തരത്തില്‍ ആകര്‍ഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ളവത്തിനു മുമ്പും പിമ്പുമായി പല തരത്തില്‍ സജീവമായ സെന്‍സര്‍ഷിപ്പ് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച് ചലച്ചിത്രകാര•ാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയന്‍ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയന്‍ സിനിമകളും രാജ്യത്തിനകത്ത് പ്രദര്‍ശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമായി. ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്ക്കാരം കൂടിയായിരുന്നു. ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ളാമിസ്റുകള്‍ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകള്‍ തീയിട്ടും ബോംബിട്ടും തകര്‍ത്തു. ഇക്കൂട്ടത്തില്‍ അബദാന്‍ നഗരത്തിലെ സിനിമാ റെക്സ് 1979ല്‍ അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് സിനിമാ റെക്സില്‍ ചുട്ടു കൊല്ലപ്പെട്ടത്.
ഇസ്ളാമിക വിപ്ളവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകള്‍ പരിണമിക്കുന്നതിന് ഇസ്ളാമിസ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലംഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാര്‍ത്ഥ്യമായി സിനിമാതിയറ്ററുകള്‍ മാറി ത്തീര്‍ന്നു. ഇരുട്ടില്‍ കൈ കോര്‍ക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകള്‍ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകര്‍ഷണം, നിരോധത്തെ മറികടക്കല്‍, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു സിനിമ.

ലോകസിനിമയുടെ വൈവിധ്യങ്ങള്‍ കഴിഞ്ഞകാലത്ത് കാണുകയും ഗ്രഹിക്കുകയും അവയുടെ സ്വത്വ പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ ഒരു മറുപടിയാണ് പില്‍ക്കാല ഇറാനിയന്‍ സിനിമ എന്നാണ് ഹമീദ് ദബാഷി നിര്‍വചിക്കുന്നത്. എന്താണോ തങ്ങള്‍ പണ്ട് കണ്ടത് അതിനെ തങ്ങളുടെ സാംസ്കാരിക വര്‍ണഛായയില്‍ മുക്കി ലോകത്തിനെ തിരിച്ചേല്‍പ്പിക്കുകയാണ് ഇറാന്‍ സിനിമ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള സംഗീത സിനിമകള്‍, അമേരിക്കന്‍ വെസ്റേണ്‍ ഴാങ്റിലുള്ളവ, യൂറോപ്യന്‍ അവാങ് ഗാര്‍ദ്, സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന സാമൂഹ്യ യഥാതഥ സിനിമകള്‍ എന്നിവയെല്ലാം കണ്ട് അപഗ്രഥിച്ചതിന്റെ ഒരു ഭൂതകാലത്തില്‍ നിന്നാണ് പുതിയ ഇറാനിയന്‍ സിനിമ ഉദയം കൊണ്ടത്. ഇസ്ളാമിക വിപ്ളവത്തിന്റെ മഹാഖ്യാനത്തിനുള്ളില്‍ മാത്രം ഇറാനിയന്‍ സംസ്ക്കാരത്തെ പരിമിതപ്പെടുത്തിയ പാശ്ചാത്യ വീക്ഷണത്തെ സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്ന നൂതനവും വ്യത്യസ്തവുമായ ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അത് ചെയ്തത്. ഒളിച്ചുവെക്കപ്പെട്ട ആഗ്രഹങ്ങളൊക്കെയും സിനിമകളിലൂടെ വെളിച്ചം കണ്ടു. രാഷ്ട്രീയവും മതാത്മകവുമായ സെന്‍സര്‍ഷിപ്പുകള്‍ക്കു ശേഷവും മാരിവില്ലിന്റെ സൌന്ദര്യം കൊണ്ട് മെനഞ്ഞ പകല്‍ക്കിനാവുകള്‍ ഇറാനിയന്‍ സിനിമക്ക് നെയ്തെടുക്കാനായി എന്നത് ശ്രദ്ധേയമാണ്.

കാനില്‍ പാം ദ ഓറും വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണും ബെര്‍ലിനില്‍ സില്‍വര്‍ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയെ പ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെ തന്നെ തടവിലിട്ടതിന് തുല്യമാണ്. കുട്ടിക്കാലത്തേ സാഹിത്യ-കലാ വാസനകള്‍ പ്രകടിപ്പിച്ചിരുന്ന പനാഹി പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയും ഡോക്കുമെന്ററികളും എടുത്തുകൊണ്ടാണ് ചലച്ചിത്രകലയിലേക്ക് ആകൃഷ്ടനാകുന്നത്. 1980-1988 കാലത്തെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈനിക സര്‍വ്വീസിലുണ്ടായിരുന്ന പനാഹി ആ യുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. അബ്ബാസ് ഖൈരസ്തമിയുടെ ത്രൂ ദ ഒലീവ് ട്രീസിന്റെ സഹസംവിധായകനായിരുന്നു പനാഹി.


1995ല്‍ സംവിധാനം ചെയ്ത വൈറ്റ് ബലൂണ്‍ കാനില്‍ പാം ദ ഓര്‍ നേടി. ഖൈരസ്തമിയാണ് തിരക്കഥ രചിച്ചത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയില്‍ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ. സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളില്‍ പലരും അപ്രസക്തരാവുന്നു. പകരം പുതിയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് പനാഹി നമ്മെ അമ്പരപ്പിക്കുന്നത്. ഇസ്ളാമികഭരണകാലത്തെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ദ സര്‍ക്കിള്‍(2000) ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്. അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടത് ആണ്‍കുട്ടിയെ ആയിരുന്നുവെങ്കിലും സോള്‍മാസ് ഗോലാമി പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണ്. അവളുടെ അമ്മ തികച്ചും അസ്വസ്ഥയാകുന്നു. അവളെ ഭര്‍തൃഗൃഹക്കാര്‍ ഉപേക്ഷിച്ചേക്കുമോ എന്ന് ഭയന്ന്, മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് ഭര്‍തൃസഹോദരന്മാരെ അമ്മാവാ എന്നു വിളിപ്പിക്കുകയാണ് അവര്‍. ഫോണ്‍ ബൂത്തിലുള്ളത് മൂന്നു പേരാണ്. അതില്‍ പാരിയുടെ കാര്യം കഷ്ടമാണ്. അവള്‍ ഗര്‍ഭിണിയാണ്; പക്ഷെ കുഞ്ഞിന്റെ അഛന്‍ വധിക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്നുണ്ട്; പക്ഷെ അതിനുള്ള അപേക്ഷയില്‍ ഒപ്പിടാനുള്ള ആളാണ് മരണപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല നിരാശാഭരിതരുടെ ദൂഷിത വൃത്തമായിട്ടാണ് സിനിമ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകളാണ് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തന്നെയാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപനം കൊള്ളിക്കുന്നതും. ഒറ്റക്ക് യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട്, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ എന്നിവ ഹൃദയസ്പര്‍ശകമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. തെഹ്റാന്‍ നഗരക്കാഴ്ചകളില്‍, ദുരന്തവും സന്തോഷവും സമാന്തരമായിരിക്കുന്നത് പനാഹി ചിത്രീകരിക്കുന്നത് ചലച്ചിത്രകലയുടെ ആഖ്യാനരീതിയെ സമ്പുഷ്ടമാക്കുന്ന തരത്തിലാണ്. ഒരു ഭാഗത്ത്, ഒരു പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത് ഒരു വിവാഹപാര്‍ടിയുടെ ആരവങ്ങളാണ്. ദ സര്‍ക്കിളിന് വെനീസില്‍ ഗോള്‍ഡന്‍ ലയണും സാന്‍ സെബാസ്റ്യനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ വെച്ച് പനാഹി തടഞ്ഞുവെക്കപ്പെടുകയുണ്ടായി. ഇറാനിലെ പൊതു ഫുട്ബാള്‍ സ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആവേശകരമായ ഒരു കളി കാണാന്‍ വേഷപ്രഛന്നരായി ഗാലറിയില്‍ കടന്നിരിക്കുന്ന പെണ്‍കുട്ടികളുടെ കഥയായ ഓഫ്സൈഡ്(2006) ഇറാനില്‍ നിരോധിക്കപ്പെട്ടു; ബെര്‍ലിനില്‍ സില്‍വര്‍ ബെയര്‍ നേടി. ക്രിമ്സണ്‍ ഗോള്‍ഡാണ് ജാഫര്‍ പനാഹിയുടെ പ്രസിദ്ധമായ മറ്റൊരു സിനിമ.


2009 ജൂലായില്‍ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു ഇറാനിയന്‍ ബ്ളോഗര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു. ബെര്‍ലിന്‍ മേളയില്‍ അതിഥിയായി പങ്കെടുത്ത് ഇറാനിയന്‍ സിനിമയുടെ വര്‍ത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു പനാഹി. അത് നടന്നില്ല. പിന്നീട് 2010 മാര്‍ച്ചില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അറസ്റിനെ അപലപിച്ചിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും തടവിനെ പനാഹി വിശേഷിപ്പിക്കുന്നത്, കലയെയും കലാകാരന്മാരെയും റാഞ്ചാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമം എന്നാണ്. ഇറാനില്‍ അധിനിവേശം നടത്താനും ജനങ്ങളെ ബന്ദിയാക്കാനുമുള്ള അമേരിക്കയടക്കമുള്ള ഏതെങ്കിലും വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് ജാഫര്‍ പനാഹി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. (ക്രിസ് വിസ്നീസ്ക്കി പനാഹിയുമായി നടത്തിയ അഭിമുഖം റിവേഴ്സ് ഷോട്ട് എന്ന വെബ്സൈറ്റില്‍ വായിക്കുക ). ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫര്‍ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദര്‍ശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനം ദിന ജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.

*

ജി പി രാമചന്ദ്രന്‍

10 January, 2011

മന്ത്രിയായിരുന്ന നാളുകള്‍ ചില ഓര്‍മ്മകള്‍


കഴിഞ്ഞ കാലം ഓര്‍ത്തെടുത്ത്‌ ചിന്തകള്‍ കുറിക്കാന്‍ പേനയെടുക്കുമ്പോള്‍ കൗളിന്റെ വരികള്‍ ഓര്‍മ്മയിലെത്തുന്നു: `തന്നെപ്പറ്റി എഴുതുക ഒരു മനുഷ്യന്‌ കഠിനവും ആനന്ദകരവുമായ ഒന്നാണ്‌. വില കെടുത്തുംവിധം എന്തെങ്കിലും പറഞ്ഞുപോകുമോ എന്ന്‌ സ്വന്തം ഹൃദയത്തെയും ആത്മപ്രശംസയാകുമോ കേള്‍ക്കേണ്ടി വരികയെന്ന്‌ വായനക്കാരനെയും അത്‌ സംഘര്‍ഷത്തിലാഴ്‌ത്തുന്നു.'

എന്റെ കാര്യത്തില്‍ അതിലേറെ തടസ്സം, വസ്‌തുതാപരമായി സത്യസന്ധത പുലര്‍ത്തണമെന്ന ദൃഢനിശ്ചയം ചെയ്‌താലും തൊണ്ണൂറാം വയസ്സില്‍ ഓര്‍മ്മ അത്രയ്‌ക്ക്‌ ആശ്രയിക്കാവുന്ന സാക്ഷിയായി നില്‍ക്കുമോ എന്നതാണ്‌. വിവരണകൃത്യത ബുദ്ധിഭ്രമത്തിന്റെയോ വാര്‍ദ്ധക്യത്തിന്റെയോ ഒഴികഴിവൊന്നും അനുവദിച്ചു തരില്ലെന്ന്‌ എന്റെ കഥനശ്രമത്തെ വേവാലാതിപ്പെടുത്തുന്നു. എന്നിരിക്കിലും ആവശ്യം ആധികാരികത എനിക്ക്‌ കൈമോശം വരാതുണ്ടെന്നതിനാല്‍ 1957-59 ലെ കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയുടെ കാലത്തെ ഉജ്ജ്വലസംഭവങ്ങളെപ്പറ്റി സ്വതന്ത്ര്യ കമ്മ്യൂണിസ്റ്റ്‌ അംഗമായിരുന്ന എന്നില്‍ നിന്ന്‌ അറിയണമെന്ന സുഹൃത്തുക്കളുടെ സമ്മര്‍ദ്ദത്തിന്‌ ഞാന്‍ വഴങ്ങുന്നു.

തലശ്ശേരി കോടതിയില്‍ അഭിവൃദ്ധിപ്പെട്ടു കൊണ്ടിരുന്ന പ്രാക്‌ടീസും മികച്ച തൊഴില്‍ഭാവിയുമണ്ടായിരുന്ന യുവ അഭിഭാഷകനായിരുന്നു ഞാന്‍. പൊതുരംഗത്ത്‌ ഒട്ടേറെ സാധ്യതകളുണ്ടായിരുന്നു. അഭിഭാഷകവൃത്തിക്ക്‌. നിങ്ങള്‍ക്ക്‌ `പുരോഗമന' ചായ്‌വുണ്ടെങ്കില്‍ ഇടതുപക്ഷപ്രസ്ഥാനങ്ങളാല്‍ ആകര്‍ഷിക്കപ്പെടും. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും സ്വാധീനം അരുണിമ കലര്‍ന്ന അഭിരുചിയും ചേര്‍ന്ന്‌ എന്റെ വീക്ഷണത്തെ പാകപ്പെടുത്തിയെങ്കിലും, ഒരു തരത്തിലും പ്രഖ്യാപിത സോഷ്യലിസ്റ്റ്‌ പ്രക്ഷോഭങ്ങളൊന്നും കോളേജ്‌ പഠനകാലത്ത്‌ എന്നെ പ്രചോദിപ്പിച്ചില്ല. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷകളും നെഹ്‌റുവിന്റെ ആത്മകഥയും വലിയൊരളവില്‍ എന്നെ സ്വാധീനിക്കുകതന്നെ ചെയ്‌തു. എന്റെ അഭിഭാഷകവൃത്തിയുടെ ഭൂമികയായിരുന്ന വടക്കേ മലബാറില്‍ കര്‍ഷകസമരങ്ങളും തൊഴിലാളി വര്‍ഗപ്രക്ഷോഭങ്ങളും സത്യാഗ്രഹപ്രസ്ഥാനവും നാല്‍പ്പതുകളില്‍തന്നെ പുറമേക്ക്‌ പ്രകടമായിത്തുടങ്ങിയിരുന്നു. രാഷ്‌ട്രീയമായെന്നതിനെക്കാള്‍, തൊഴില്‍പരമായി ഞാനാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മനുഷ്യസംബന്ധിയായ കാര്യങ്ങളില്‍ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുക സാധ്യമല്ല. നിയമപ്രക്രീയയെന്നാല്‍ കക്ഷികളുടെ ദുരിതങ്ങളെ അഭിസംബോധന ചെയ്യലാണ്‌; ന്യായത്തോട്‌ സഹഭാവമുണ്ടാകലാണ്‌; ചൂഷണങ്ങളോടുള്ള പ്രതിരോധമാണ്‌. യാദൃച്ഛികമായിട്ടായാലും സര്‍വകാലത്തേക്കും അതോടെ ഒരാളുടെ മനോഭാവം രൂപപ്പെടും; ജഡതുല്യമായ നിഷ്‌പക്ഷത അതോടെ അസ്‌തമിക്കും. ഈ പ്രക്രീയയില്‍നിന്ന്‌ എനിക്കും മോചനമുണ്ടാവില്ല. വിശ്വസ്‌തനായ ഇടതുപക്ഷ അഭിഭാഷകനായി ഞാന്‍ വീക്ഷിക്കപ്പെട്ടു.

തൊഴില്‍വിജയം നേടിയ യുവഅഭിഭാഷകന്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും അറിയപ്പെടുന്നവന്‍, വിവിധ സംഘടനകളിലൂടെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി- അങ്ങനെയൊരാള്‍ക്ക്‌ ഇടതുപക്ഷ മേല്‍ക്കൈയുള്ളതല്ലായിരിക്കുകയും ചെയ്‌താല്‍ അയാള്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി തന്നെ. സ്വാഭാവികമെന്നോണം, പുതിയ ഭരണഘടന പ്രകാരമുള്ള 1952 ലെ ഒന്നാം പൊതുതിരഞ്ഞെടുപ്പില്‍ ഞാന്‍ സര്‍വസ്വീകാര്യനായ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി. മല്‍സരം കടുത്തതായിരുന്നെങ്കിലും, മണ്ഡലം ബഹുസമുദായങ്ങളുള്ളതായിരുന്നെങ്കിലും, വോട്ടു വ്യത്യാസം ഏതാനും ആയിരം മാത്രമായാലും, നിയമസഭാസീറ്റില്‍ ഞാന്‍ ജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു ഞാന്‍. കോണ്‍ഗ്രസിനോട്‌ എതിര്‍പ്പായിരുന്നതുകൊണ്ടും മുസ്ലീംലീഗുപോലും എന്നെ പിന്തുണച്ചു. പ്രചാരണവും വോട്ടുപിടിത്തവും പത്രികയിറക്കലും സാക്ഷാല്‍ നെഹ്രുതന്നെ റാലിക്കെത്തുന്ന കോണ്‍ഗ്രസിനെ നേരിടലും ഒക്കെയായി കഠിനമായിരുന്നു തെരഞ്ഞെടുപ്പ്‌. യുവാക്കള്‍ക്ക്‌ വോട്ടവകാശത്തിന്റെ ആദ്യനാളുകളായിരുന്നു അത്‌.
മലബാര്‍ അന്ന്‌ മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. രാജാജി, കാമരാജ്‌, സി.സുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു മദ്രാസ്‌ നിയമസഭയില്‍ ഭരണപക്ഷബഞ്ചിലെ പ്രമുഖര്‍. ആന്ധ്രകേസരി പ്രകാശം, ജി.നാഗിറെഡ്‌ഢി, പി.രാമമൂര്‍ത്തി തുടങ്ങിയവര്‍ പ്രതിപക്ഷ ബഞ്ചുകളില്‍. ചോദ്യോത്തരവേളയിലും നിയമനിര്‍മ്മാണവേളയിലും പ്രതിപക്ഷത്തുനിന്ന്‌ കാര്യമായി ഇടപെടുന്ന ഒരാളായിട്ടാണ്‌ ഞാനന്ന്‌ ശ്രദ്ധ നേടിയത്‌. ശിവഷണ്‍മുഖം പിള്ളയായിരുന്നു സ്‌പീക്കര്‍. ആര്‍.വി.കൃഷ്‌ണയ്യര്‍ നിയമസഭാസെക്രട്ടറിയും.

ഒരു അഭിഭാഷകന്‌ തൊഴില്‍പരമായിത്തന്നെ കാര്യങ്ങള്‍ വ്യക്തമായും ബോധ്യപ്പെടുത്തും വിധവും അവതരിപ്പിക്കാന്‍ ശേഷിയുണ്ടാകും. വാക്കിന്റെ കരുത്ത്‌ വളര്‍ത്തിയെടുക്കാന്‍ 1952 മുതല്‍ 56 വരെയുള്ള മദ്രാസ്‌ നിയമസഭയിലെ കാലയളവ്‌ എനിക്ക്‌ ഒട്ടേറെ അവസരമേകി. പാര്‍ലെന്റേറിയന്മാരിലെ അത്ഭുതമായിരുന്ന രാജാജിയായിരുന്നു പ്രധാന പ്രചോദനം.

1956 അവസാനം, സംസ്ഥാന പുനഃസംഘാടനത്തോടെ മലബാറില്‍ നിന്നുള്ള എം.എല്‍.എമാര്‍ കേരളത്തിലേക്ക്‌ മടക്കി അയക്കപ്പെട്ടു. കേരള നിയമസഭായിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ സ്വാഭാവികമായി സ്ഥാനാര്‍ത്ഥിയായിത്തീര്‍ന്ന ഞാന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പിന്തുണയോടെ തലശ്ശേരിയില്‍നിന്ന്‌ വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേര്‍ന്ന്‌ പാര്‍ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്‌തു. അങ്ങനെ കേരളനിയമസഭയിലേക്ക്‌ നടന്ന ആദ്യതിരഞ്ഞെടുപ്പ്‌ ബൂര്‍ഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്രു നയിക്കുന്ന കോണ്‍ഗ്രസിനെതിരെയാണ്‌ പാര്‍ടി ആ ജയം നേടിയത്‌.

കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ അതുല്യനായ നേതാവ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിനെ ജനാധിപത്യപരമായ എല്ലാ കൂടിയാലോചനകള്‍ക്കും ശേഷം മുഖ്യമന്ത്രിയാവാന്‍ പാര്‍ടി നിയോഗിച്ചു. എറണാകുളത്ത്‌ ഞങ്ങള്‍ ഒരു പൊതുയോഗം വിളിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള നിയുക്ത സര്‍ക്കാരിന്റെ തൊഴിലാളി വര്‍ഗ സമീപനത്തെക്കുറിച്ച്‌ പാര്‍ടി നിലപാട്‌ നേതാവെന്ന നിലയില്‍ ഇ.എം.എസ്‌.വ്യക്തമാക്കി. മന്ത്രിസഭയില്‍ അംഗമാകാന്‍ അന്നുതന്നെ വൈകിട്ട്‌ ഇ.എം.എസ്‌ എന്നോട്‌ അഭ്യര്‍ത്ഥിക്കുകയും എന്റെ എതിര്‍പ്പ്‌ മറികടക്കുകയും ചെയ്‌തു.

പ്രാദേശികതലത്തിലായിരുന്ന തൊഴിലെങ്കിലും അഭിഭാഷകവൃത്തി വഴി എനിക്ക്‌ കിട്ടിപ്പോന്ന ശമ്പളത്തേക്കാള്‍ കുറഞ്ഞതായിരുന്നു മന്ത്രിയാകുമ്പോഴുള്ള വരുമാനം (അഞ്ഞൂറ്‌ രൂപയായിരുന്നു അന്ന്‌ മന്ത്രിക്ക്‌ ശമ്പളം). അതിനാല്‍ തൊഴില്‍പരമായും സാമ്പത്തികമായും എനിക്ക്‌ ത്യാഗങ്ങള്‍ വേണ്ടിവന്നു. അറബിക്കടലിന്റെ ഓരത്തെ എന്റെ മനോഹരമായ ബംഗ്ലാവില്‍നിന്ന്‌ എനിക്ക്‌ ഒഴിയേണ്ടിവന്നു. ജീവിതത്തിലെ നല്ല ഒരു പാട്‌ കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി കാര്യങ്ങള്‍ ഉപേക്ഷിച്ച്‌ ഒരു ചെറുസംസ്ഥാനത്തിന്റെ മന്ത്രിയായി തിരുവനന്തപുരത്ത്‌ പോകുകയെന്നത്‌ കുടുംബപരമായിക്കൂടി തീരുമാനിക്കേണ്ട ഒന്നായിരുന്നു. ഒടുവില്‍ ഞാന്‍ അങ്ങനെ തീരുമാനിച്ചു.

കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനുമുമ്പ്‌ തിരു-കൊച്ചിക്കും മലബാറിനുമിടക്ക്‌ ഒരു രാഷ്‌ട്രീയ ഉരുക്കുമറയുണ്ടായിരുന്നു. തിരു-കൊച്ചിയിലെ രാഷ്‌ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചും നേതാക്കളെക്കുറിച്ചും അതിനാല്‍ ഞാന്‍ ഏറെക്കുറെ അജ്ഞനായിരുന്നു. ഒരു പക്ഷെ, മലബാറിലെ രാഷ്‌ട്രീയ നേതൃനിരയെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും തിരു-കൊച്ചി ജനതയും ഇതുപോലെതന്നെയായിരുന്നിരിക്കണം. എന്നിരുന്നാലും, ഐക്യകേരള സംസ്ഥാനം ആവേശകരമായി സ്വീകരിക്കപ്പെട്ടു. ഇങ്ങനെയൊരു സന്ദര്‍ഭത്തിലായിരുന്നു മന്ത്രിപദവിയിലേക്കുള്ള എന്റെ പ്രവേശം. നാമമാത്രമായല്ലാതെ എന്നെ കേള്‍ക്കാതിരുന്നവര്‍ എന്നെ ഉള്‍ക്കൊണ്ടു. ഒരു സംശയവുമില്ലാതെ എന്നില്‍ വിശ്വാസമര്‍പ്പിച്ച ഇ.എം.എസിനോട്‌ ഇക്കാര്യത്തില്‍ ഞാന്‍ നന്ദി പറയണം.

നിയമം, ജയില്‍, സാമൂഹ്യക്ഷേമം, ഊര്‍ജ്ജം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം എന്നീ വകുപ്പുകളായിരുന്നു എനിക്ക്‌. ഏതൊരു സര്‍ക്കാരിനും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരവും നീതിന്യായവും കൂടി പിന്നീടെനിക്ക്‌ തന്നു. ഏല്‍പിച്ച മേഖലകളിലെല്ലാം ഒരു മാറ്റം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എന്നെ മുഴുവനായും ചുമതലകള്‍ക്കായി ഞാന്‍ നീക്കിവെച്ചു.

മന്ത്രിയായിരിക്കെ പ്രധാനമന്ത്രി നെഹ്രുവിനെ കാണാനും വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തോട്‌ കത്തിടപാടുകള്‍ നടത്താനും പിന്തിരിപ്പത്തരം നിറഞ്ഞ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ എതിര്‍പ്പുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഉപദേശനിര്‍ദേശങ്ങള്‍ ആരായാനും എനിക്ക്‌ അവസരങ്ങളുണ്ടായി. ഇതെന്നെ അദ്ദേഹവുമായി അടുപ്പത്തിലേക്ക്‌ നയിച്ചു. നെഹ്രുവിന്റെ കുലീനമായ നയതന്ത്രജ്ഞതയോടും കലവറയില്ലാതെ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുന്ന രീതിയോടും എനിക്ക്‌ വലിയ മതിപ്പുണ്ടായിരുന്നു. ആ കാഴ്‌ചപ്പാടുകള്‍ എന്നെ പ്രചോദിപ്പിച്ചു.
ബാലറ്റുപെട്ടിയിലൂടെയുള്ള കമ്മ്യൂണിസ്റ്റ്‌ വിജയം കോണ്‍ഗ്രസ്‌ ബൂര്‍ഷ്വാസിക്ക്‌ ദഹിക്കുക വിഷമമായിരുന്നു. അസാധാരണവും അപ്രതീക്ഷിതവുമായ ഈ പ്രതിഭാസം പരമ്പരാഗതരാഷ്‌ട്രീയക്കാരിലും കച്ചവടസമൂഹത്തിലും, കേരളത്തിലാണെങ്കില്‍ പള്ളിക്കാരിലും, ശത്രുതയുണര്‍ത്തി. പൊതുകാര്യങ്ങളില്‍ നിഷേധാത്മകശക്തിയായ നിലനിന്നുവരികയായിരുന്നു പള്ളി. തുടക്കം മുതലേ ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉണ്ടാക്കിയ പ്രതീതി കേരളത്തില്‍ ഭരണഘടന അപകടത്തിലാണെന്ന്‌. കാരണം, കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ അവരുടെ സിദ്ധാന്തപ്രകാരം നിയമവാഴ്‌ചയിലും ജനാധിപത്യത്തിലും വിശ്വാസമില്ലെന്നായിരുന്നു പൊതുധാരണ. മാര്‍ക്‌സിസ്റ്റുകാരുടെ എതിരാളിയായിരുന്നു സഭ.

പ്രഖ്യാപിക്കുകയല്ലാതെ നടപ്പാക്കാതിരുന്ന കോണ്‍ഗ്രസ്‌ പാര്‍ടിയുടെ പുരോഗമനപരമായ നയങ്ങളും പരിപാടികളും നടപ്പില്‍ വരുത്തലാണ്‌ തന്റെ സര്‍ക്കാരിന്റെ അടിസ്ഥാനനിലപാടെന്ന്‌ ഇ.എം.എസ്‌.നമ്പൂതിരിപ്പാട്‌ വിശദീകരിച്ചത്‌ ഞാനോര്‍ക്കുന്നു. കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ അല്ല, കോണ്‍ഗ്രസിന്റെ കാര്യപരിപാടിയായ ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശസംരക്ഷണം തുടങ്ങിയവയായിരുന്നു അടിയന്തിരപരിപാടികള്‍. സ്വാഭാവികമായും ഈ ഭരണകാര്യപരിപാടിയോട്‌ നേരിട്ട്‌ എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസിനോ സഭക്കോ ആയില്ല. ഭരണഘടനയുടെ ആധാരശിലയായ ഈ കാര്യപരിപാടി കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിനൊരുങ്ങിയ പ്രതിപക്ഷത്തെ നിരായുധമാക്കി. എന്നാല്‍, എതിര്‍ക്കാനും ഭരണം പിടിച്ചെടുക്കാനും തന്നെയായിരുന്നു അവരുടെ നീക്കം. നാഷണല്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ ധേബാര്‍ജി കേരളത്തില്‍ വന്നു. തൊഴില്‍ത്തര്‍ക്കങ്ങളിലും കര്‍ഷകപ്രക്ഷോഭങ്ങളിലും ഇടപെടില്ലെന്ന പോലീസ്‌ നയത്തെ വിമര്‍ശിച്ചു. ആഭ്യന്തരമന്ത്രിയെന്ന നിലയ്‌ക്ക്‌ ഞാന്‍ അദ്ദേഹത്തെ കണ്ട്‌ സര്‍ക്കാരിന്റെ നയം പരമാവധി വ്യക്തമായി വിശദീകരിച്ചു. ക്രമസമാധാനസാഹചര്യം ആവശ്യപ്പെടുന്നപക്ഷം തീര്‍ച്ചയായും സര്‍ക്കാര്‍ ഇടപെടുമെന്നും പറഞ്ഞു. എന്നാലിത്‌ ന്യായമായ തൊഴില്‍ദാതാവിനെയും ഭൂവുടമയെയും പിന്തുണക്കുന്ന പരമ്പരാഗതനയമാവില്ലെന്നും അദ്ദേഹത്തിന്‌ വിശദീകരിച്ചുകൊടുത്തു. അദ്ദേഹത്തിന്‌ അതെല്ലാം ബോധ്യപ്പെട്ടുവെന്ന്‌ തോന്നി.

1958 ല്‍ ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ്‌ ജൂറിസ്റ്റ്‌സ്‌ (ഐ.സി.ജെ) സമ്മേളനം ചേര്‍ന്നിരുന്നു. നെഹ്രുവായിരുന്നു ഉദ്‌ഘാടകന്‍. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരിക്കുന്ന സ്ഥലത്ത്‌ ഭരണഘടന ആപത്തിലാണ്‌ പ്രതീതിയുണ്ടാക്കാന്‍ അവിടെ ശ്രമം നടന്നു. ഭരണഘടനാതകര്‍ച്ചയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഐ.സി.ജെ അദ്ധ്യക്ഷന്‍ തിരുവനന്തപുരം വരെ വന്നു. പ്രഗല്‍ഭ നിയമജ്ഞനായിരുന്ന അദ്ദേഹത്തെ ഭക്ഷണത്തിന്‌ ക്ഷണിച്ച്‌ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ ഞാന്‍ മുന്‍കൈയെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെയും നിയമങ്ങളുടെയും മനുഷ്യാവകാശപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ ഊന്നി ഞാന്‍ വസ്‌തുതകളും സംഭവങ്ങളും വിശദീകരിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തികഭാഷയില്ല, നിയമഭാഷയിലാണ്‌ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞത്‌. മദ്രാസിലേക്ക്‌ തിരിച്ചുപോയ അദ്ദേഹം അവിടെ കോസ്‌മോപൊളിറ്റന്‍ ക്ലബില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ എന്നില്‍നിന്നുണ്ടായ ബോധ്യം വെളിപ്പെടുത്തിയത്‌ കോസ്‌മോപൊളിറ്റന്‍ ക്ലബ്‌ പ്രസിഡന്റ്‌ പിന്നീടെന്നെ കത്തിലൂടെ അറിയിച്ചു.

കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്‌ സ്വീകാര്യത ലഭിച്ചുതുടങ്ങിയതോടെ പള്ളിക്കാര്‍ അസ്വസ്ഥരും പ്രതിപക്ഷപാര്‍ടികള്‍ കോപാകുലരും ആയി. ഭൂപരിഷ്‌കരണവും ക്ഷേമനടപടികളും സ്വകാര്യമാനേജ്‌മെന്റുകളുടെ പിടിയില്‍നിന്ന്‌ വിദ്യാഭ്യാസത്തെ മോചിപ്പിക്കലും കൃഷി, ജലസേചനം, വൈദ്യുതി എന്നീ രംഗങ്ങളിലെ പുരോഗമനപരമായ നയങ്ങളുമെല്ലാം ചേര്‍ന്നപ്പോള്‍ പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിത്തുടങ്ങി. തുടര്‍ന്നായിരുന്നു അവസരവാദസംഘങ്ങളുടെ മുന്‍നിരയില്‍ വിമോചനസമരം. ഇന്ദിരാഗാന്ധിയും സുചേതാ കൃപലാനിയും ഒക്കെ നയിച്ച കോണ്‍ഗ്രസിന്റെയും ഏതാണ്ട്‌ ഭീകരവാദികളെപ്പോലെയായി മാറിയ പള്ളിയുടെയും സാമുദായിക ശക്തികളുടെയുമൊക്കെ അംഗീകാരത്തോടെ ഭരണഘടനാവിരുദ്ധമായ നടപടികളിലേക്ക്‌ സമരം നീങ്ങി. അര്‍ദ്ധഭീകരവാദദൗത്യത്തോടെയുള്ള അക്രമാസക്തസമരത്തിന്റെ നേതൃറോളായിരുന്നു എന്‍.എസ്‌.എസ്‌.നായകനായിരുന്ന ബഹുമാന്യനായ മന്നത്ത്‌ പത്മനാഭന്‌. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധതയുടെ പേരില്‍ പള്ളിയുടെ കായികപിന്തുണയും സമരത്തിനുണ്ടായി. മുസ്ലീംലീഗടക്കമുള്ള വര്‍ഗീയശക്തികളും പട്ടംതാണുപിള്ളയെപ്പോലുള്ള പ്രഗല്‍ഭമതികളും സര്‍ക്കാരിനെതിരെ അണിനിരന്നു. സംസ്ഥാനത്ത്‌ ക്രമസമാധാനവും ശാന്തിയും നിലനിര്‍ത്തല്‍ കടുത്ത വെല്ലുവിളിയായിരുന്നു എനിക്ക്‌. തീര്‍ച്ചയായും ഇ.എം.എസിന്റെ സര്‍വപിന്തുണയും എനിക്കുണ്ടായി.

വിമോചനസമരമെന്നായിരുന്നു പേരെങ്കിലും സര്‍ക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കുകയായിരുന്നു അര്‍ദ്ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ പ്രഖ്യാപിതലക്ഷ്യം. തുടക്കത്തില്‍ എല്ലാ അക്രമങ്ങള്‍ക്കും പിന്നില്‍ ഗൂഢമായി ഒളിഞ്ഞിരിക്കുകയായിരുന്നു കോണ്‍ഗ്രസ്‌. അവിശുദ്ധസഖ്യത്തിന്‌ ആദ്യഘട്ടത്തില്‍ ചില ജയങ്ങള്‍ ലഭിച്ചതോടെ അതിന്‌ രാഷ്‌ട്രീയസ്വീകാര്യത നല്‍കാന്‍ കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തുവന്നു. കേന്ദ്രസര്‍ക്കാരിനും ഉയര്‍ന്ന തലത്തിലുള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിനും - ഒരു പക്ഷെ, നെഹ്രു ഒഴികെ- ഈ ഭരണഘടനാ വിരുദ്ധ വിളയാട്ടങ്ങളെപ്പറ്റി നന്നായറിയാമായിരുന്നു. സര്‍ക്കാരിനെ ബലം പ്രയോഗിച്ചു നീക്കുമെന്നുവരെ അവര്‍ ചിലപ്പോള്‍ വെല്ലുവിളിച്ചു. അക്രമാസക്തമായ പ്രകടനങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. പള്ളിവളപ്പുകളില്‍ സേനാപരിശീലനംവരെ പതിവായി.

ഒരു വിധത്തിലുള്ള തിരിച്ചടിക്കും ഞങ്ങള്‍ മുതിര്‍ന്നില്ല. ഗാന്ധിയന്മാരായി ചിന്തിക്കുകയും ഗാന്ധിയന്മാരായി പ്രസംഗിക്കുകയും ചെയ്യല്‍ അന്ന്‌ സര്‍വസാധാരണമായിരുന്നു. എന്നാല്‍, ഗാന്ധിയനായി പ്രവര്‍ത്തിക്കുകയെന്നത്‌ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ പണിയായിരുന്നു. മൃഗതുല്യനായ പ്രകടനങ്ങള്‍ തടയുകയും പിരിച്ചുവിടുകയും ചെയ്യേണ്ടിയിരുന്ന ഘട്ടങ്ങളില്‍പോലും പോലീസ്‌ അങ്ങനെ ചെയ്‌തില്ല. അക്രമിസംഘങ്ങള്‍ക്കുനേര്‍ക്ക്‌ വെടിവെക്കാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കുകയും തുടര്‍ന്ന്‌ അതില്‍ പേരില്‍ രംഗം കൊഴുപ്പിച്ച്‌ സര്‍ക്കാരിനെ നിര്‍ബന്ധിച്ച്‌ രാജിവെപ്പിക്കുകയോ രാഷ്‌ട്രപതിയെക്കൊണ്ട്‌ പിരിച്ചുവിടുവിക്കുകയോ ചെയ്യുകയെന്നതായിരുന്നു അക്രമങ്ങളുടെ ആസൂത്രകരുടെ മനസ്സിലിരുപ്പ്‌. പോലീസ്‌ പ്രതിരോധത്തിന്‌ തുനിയാതിരിക്കുകയെന്ന എന്റെ നയത്തോട്‌ മന്ത്രിമാരെല്ലാം യോജിച്ചു. അതിനാല്‍, സര്‍വസന്നാഹങ്ങളും ഉണ്ടായിട്ടും പോലീസ്‌ തിരിച്ചടിക്ക്‌ മുതിര്‍ന്നില്ല. തീര്‍ച്ചയായും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായ ഒന്നോരണ്ടോ വേളകളില്‍ പോലീസിന്‌ അങ്ങനെയല്ലാതെയും ഇടപെടേണ്ടിവന്നു. ഒരു യുവതിയുടെ ജീവന്‍ നഷ്‌ടപ്പെട്ട ഒരു സംഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തു.

കോണ്‍ഗ്രസിന്റെ ചീഞ്ഞ കളിയില്‍നിന്ന്‌ സമുന്നതനേതാക്കളായ ദാമോദരമേനോനെയും വി.കെ.കൃഷ്‌ണമേനോനെയും പോലുള്ളവര്‍ ഒഴിഞ്ഞുനിന്നു. എന്നാല്‍, ആര്‍.ശങ്കര്‍ സമരക്കാര്‍ക്ക്‌ പൂര്‍ണപിന്തുണയേകി. വിഷലിപ്‌തമായ പ്രവര്‍ത്തനങ്ങളുടെ ഭരണഘടനാ വിരുദ്ധതെയപ്പറ്റി തെല്ലും ആധിയില്ലാതെ വിദ്യാര്‍ത്ഥികളക്കം ഏതാനും യുവകോണ്‍ഗ്രസുകാരും സമരത്തിനിറങ്ങി. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ തകരുമെന്നും കോണ്‍ഗ്രസ്‌ അധികാരമേറുമെന്നുമുള്ള ഉറപ്പില്‍ യുവകോണ്‍ഗ്രസുകാര്‍ വിവേകശൂന്യരായി രംഗത്തേക്ക്‌ ചാടി വീഴാന്‍ മാത്രം ഉച്ചസ്ഥായിയിലായിരുന്നു ഉന്മാദതരംഗം. വസ്‌തുതകളും നിയമങ്ങളും നോക്കിയാല്‍ എത്രയും അടിസ്ഥാനരഹിതമായ മഹാപ്രചരവേലയായിരുന്നു കമ്മ്യൂണിസ്റ്റ്‌ ഭരണത്തിനെതിരെ. കുപിതകൗമാരങ്ങള്‍ അട്ടമറി പ്രസ്ഥാനത്തിന്റെ ശരിതെറ്റുകളെപ്പറ്റി തെല്ലും വേവലാതിപ്പെട്ടില്ല. ഇടവേളകളില്‍ കോണ്‍ഗ്രസ്‌ ദേശീയനേതൃത്വത്തെ പ്രതിനിധാനംചെയ്‌ത്‌ `അട്ടിമറി സാഹസ'ത്തെ കത്തിച്ചുപടര്‍ത്താന്‍ ഡല്‍ഹിയില്‍ നിന്നും ആളെത്തി. ഈ നികൃഷ്‌ട ഉദ്യമത്തെ നെഹ്രുവിന്റെ കോണ്‍ഗ്രസ്‌ അവജ്ഞയോടെ അവസാനിപ്പിക്കേണ്ടിയിരുന്നു. പകരം, സുചേതാകൃപലാനിയെപ്പോലുള്ള പ്രഗല്‍ഭ വനിത സമരത്തിന്‌ ധാര്‍മികബലം നല്‍കാന്‍ ഇത്രയും ദൂരം താണ്ടിയെത്തി. ഇവിടുത്തെ ഭരണഘടനാലംഘനത്തെപ്പറ്റിയും സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള വിലക്കിനെപ്പറ്റിയും അവര്‍ ഇടിമുഴക്കമുണ്ടാക്കി. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ ഞാനവരെ ഫോണില്‍ വിളിച്ച്‌ ഒരു ചായ സല്‍ക്കാരത്തിന്‌ വരാനും എവിടെയാണവര്‍ സഞ്ചാരസ്വാതന്ത്ര്യത്തിന്‌ വിലക്കുകണ്ടതെന്ന്‌ പറയാനും അഭ്യര്‍ത്ഥിച്ചു. അവരാഗ്രഹിക്കുന്ന എവിടേക്കും പോകാന്‍ പോലീസുതന്നെ സൗകര്യമൊരുക്കിത്തരാമെന്നും ഞാനവരോട്‌ പറഞ്ഞു. പിന്നീട്‌ അവരൊരു പ്രതിഷേധശബ്‌ദവും ഉയര്‍ത്തിയത്‌ കേട്ടില്ല; മിണ്ടാതെ സ്ഥാലം വിട്ടു.

സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടെന്നും പതനം ആസന്നമാണെന്നുമായിരുന്നു പൊതുപ്രതീതി. അക്രമങ്ങളിലൂടെ കേന്ദ്രത്തിന്റെ അനുഭാവം പിടിച്ചുപറ്റി രാഷ്‌ട്രപതിഭരണം പ്രഖ്യാപിക്കാമെന്നായിരുന്നു മനസ്സിലിരിപ്പ്‌. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. പോലീസിന്റെ നിസ്സംഗസമീപനത്തിനും പരിധിയുണ്ടായിരുന്നു. വര്‍ദ്ധമാനമായ തോതില്‍ അക്രമങ്ങളിലേക്ക്‌ തിരിഞ്ഞവരെ അറസ്റ്റു ചെയ്യാനും റിമാണ്ടുചെയ്‌ത്‌ ജയിലിലയക്കാനും ഞങ്ങള്‍ നിര്‍ബന്ധിതമായി. കെട്ടിടങ്ങള്‍ ഏറ്റെടുത്ത്‌ താല്‍ക്കാലികജയിലായി പ്രഖ്യാപിക്കേണ്ടിവന്നു. ജയില്‍ പരിഷ്‌കരണനയം കാരണം തടവുകാര്‍ക്ക്‌ ജയിലിനകത്ത്‌ ഒരു പ്രയാസവുണ്ടായില്ല. ജയിലിലുള്ള കോണ്‍ഗ്രസുകാരുടെ `ദുരിതം' നേരില്‍ കാണാനെത്തിയ കേന്ദ്രമന്ത്രി രാം സുബ്ബാസിങ്‌ തടവുപുള്ളികള്‍ സന്തോഷത്തോടെ കഴിയുന്നതാണ്‌ കണ്ടത്‌. ഒരു അലട്ടലുമില്ലാത്ത തടവ്‌ എന്ന നയം എന്തിനാണെന്നായിരുന്നു നേരെ വന്ന്‌ എന്നോട്‌ അദ്ദേഹത്തിന്റെ ചോദ്യം.

അത്യസാധാരണമായ പുതുമയോടും ജനവികാരത്തിന്റെ ബഹിര്‍സ്‌ഫുരണമായും ആദ്യ സര്‍ക്കാര്‍ വന്നതോടെ യാഥാസ്ഥിതിക വിഭാഗങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെപ്പറ്റി മുന്‍വിധി ശക്തമായി. മുതലാളിവര്‍ഗം കമ്മ്യൂണിസ്റ്റുകാരെപറ്റി മുന്‍വിധി ശക്തമായി. മുതലാളി വര്‍ഗം കമ്മ്യൂണിസ്റ്റുകാരെ വെറുത്തു. സ്വത്തെല്ലാം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന്‌ അവര്‍ ഭയന്നു. സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനക്കു കീഴില്‍ പ്രവര്‍ത്തിക്കുകയും കമ്മ്യൂണിസ്റ്റുകാരുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്രസര്‍ക്കാര്‍ നിലനില്‍ക്കുകയും ചെയ്യുന്നേടത്തോളം അത്തരം ഭയം തീര്‍ത്തും അസ്ഥാനത്തായിരുന്നു. ഒരു ലെനിനിസ്റ്റ്‌ വിപ്ലവം നടത്തി സര്‍ക്കാര്‍ സ്വകാര്യഭൂമിയിലാകെ കൈവയ്‌ക്കുമെന്നും ധാരണ പരന്നു.

1957 ലോ 58 ലോ വിനോബാഭാവെ കാലടിയില്‍ ദേശീയ സര്‍വോദയ സമ്മേളനത്തിനെത്തി. പാര്‍ടി ഭൂപരിഷ്‌കരണം നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വാഗ്‌ദാനം നടപ്പാക്കുക മാത്രമാണ്‌ ഇടതുപക്ഷം ചെയ്യുന്നതെന്നും വിശദമാക്കിയിരുന്നു. വിനോബായുടെ ഭൂദാനപ്രസ്ഥാനത്തില്‍ ആകൃഷ്‌ടനായിരുന്ന ഞാന്‍ അവിടെ പോകാനാഗ്രഹിച്ചു. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിയായി പോകാന്‍ ഇ.എം.എസ്‌ ആവശ്യപ്പെട്ടു. ജയപ്രകാശ്‌ നാരായണന്‍ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക്‌ വേദിയിലിരിക്കേണ്ടിവന്നു. വിനോബാജിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ മന്ത്രിയെന്ന നിലയില്‍ സംസാരിക്കാന്‍ ജയപ്രകാശ്‌ നാരായണന്‍ എന്നോടാവശ്യപ്പെട്ടു. പ്രതീക്ഷിക്കാതെയാണെങ്കിലും ദീര്‍ഘമായിത്തന്നെ ഭൂപരിഷ്‌കരണത്തിന്റെ അനിവാര്യത ഞാന്‍ അവതരിപ്പിച്ചു. കാര്‍ഷിക പരിഷ്‌കരണത്തോട്‌ ഭൂവുടമകള്‍ക്കുള്ള എതിര്‍പ്പ്‌ ലഘൂകരിക്കാനുള്ള വിനോബാജിയുടെ പ്രസ്ഥാനത്തിന്റെ ആത്മീയമൂല്യത്തില്‍ ഊന്നിയായിരുന്നു എന്റെ പ്രസംഗം. ഭൂപരിഷ്‌കരണത്തിന്‌ അനുകൂലമായി ഭൂവുടമകളുടെ മനസ്സൊരക്കാന്‍ ധാര്‍മ്മികശക്തിയായി ഭൂദാനപ്രസ്ഥാനം മാറണമെന്നും ഞാന്‍ പറഞ്ഞു. മാനസികമായി ഭൂവുടമകളെ മാറ്റാന്‍ കഴിഞ്ഞാല്‍ കാര്‍ഷിക നിയമത്തിലൂടെ, കൈവശം വയ്‌ക്കാവുന്ന ഭൂമിക്ക്‌ പരിധി നിശ്ചയിക്കാം; അധികമുള്ള ഭൂമി ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യാം. വിനോബാജിയുടെ പ്രസ്ഥാനത്തിനും കേരളസര്‍ക്കാര്‍ കൊണ്ടുവരാന്‍ കരുതുന്ന നിയമത്തിനും ഇക്കാര്യത്തില്‍ പരസ്‌പരപൂരകമായ ധര്‍മമുണ്ട്‌. ഇതായിരുന്നു എന്റെ വാദം. പ്രസംഗം കേള്‍വിക്കാര്‍ കയ്യടിച്ച്‌ സ്വീകരിച്ചു. ഇങ്ങനെയൊരു നയമാണോ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റേതെന്ന്‌ ജെ.പി അതിശയപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിലെ നിയമമന്ത്രിയെന്ന നിലയില്‍ എന്റെ വാക്കുകള്‍ ആധികാരികമായെടുക്കാമെന്ന്‌ ഞാന്‍ മറുപടി നല്‍കി.

കൃഷിഭൂമി കര്‍ഷകനെന്നത്‌ മുദ്രാവാക്യത്തില്‍ നിന്നു മാറി നിയമമാകാന്‍ പോകുന്നതോടെ ഭൂപ്രഭുക്കളില്‍ ശത്രുത പടര്‍ന്നു. എന്നാല്‍, കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്ന്‌ പിന്മാറാതെ സംസ്ഥാന സര്‍ക്കാര്‍ കേരള കാര്‍ഷികബന്ധബില്‍ പാസ്സാക്കി.

സഭയും എന്‍.എസ്‌.എസും ഉള്‍പ്പെട്ട സ്ഥാപിതതാല്‍പര്യക്കാരുടെ കച്ചവടപ്പിടിയില്‍നിന്ന്‌ വിദ്യാഭ്യാസത്തെ വിമോചിപ്പിച്ച വിദ്യാഭ്യാസ ബില്ലായിരുന്നു പിന്നെ. സഭയുടെയും മറ്റ്‌ സാമുദായിക സംഘടനകളുടെയും വറ്റാത്ത വരുമാനസ്രോതസ്സും സ്വാധീനശക്തിയുമായിരുന്നു ലാഭക്കച്ചവടമായി സംസ്ഥാനത്തെങ്ങും നിലനിന്ന സ്‌കൂള്‍വ്യവസായം. സഹായം നല്‍കുമ്പോഴും സര്‍ക്കാരിന്‌ ഇവയുടെ മാനേജ്‌മെന്റ്‌ നടത്തിപ്പില്‍ ഒരു പങ്കാളിത്തവുമുണ്ടായിരുന്നില്ല. കമ്യൂണിസവുമായി ബന്ധപ്പെട്ടതൊന്നുമല്ലായിരുന്നു വിദ്യാഭ്യാസബില്‍. മറിച്ച്‌, ജനങ്ങളുടെ അടിയന്തര താല്‍പര്യ സംരക്ഷണത്തിനായിരുന്നു അത്‌. വിദ്യാഭ്യാസത്തില്‍ സാമൂഹ്യനിയന്ത്രണം ന്യായവും അവശ്യവുമായിരുന്നു. കമ്യൂണിസ്റ്റുകാരാണ്‌ നടപ്പാക്കുന്നതെന്നതുകൊണ്ടുമാത്രം അതില്‍ `ചുകപ്പ്‌' കാണേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. ഇടതുപക്ഷ സ്വതന്ത്രനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രൊഫ. മുണ്ടശ്ശേരിക്ക്‌ തനിക്ക്‌ ചെയ്യാനുള്ളതെന്താണെന്ന്‌ നന്നായറിയുമായിരുന്നു. അതിനോട്‌ ധീരമായ പ്രതിബദ്ധതയുമുണ്ടായിരുന്നു അദ്ദേഹത്തിന്‌.

ബില്‍ പാസായതോടെ ഒക്‌ടോബര്‍ വിപ്ലവം നടന്നെന്ന മട്ടിലായിരുന്നു ബഹളം. സര്‍ക്കാരിന്റെ പൂര്‍ണ്ണ ധനസഹായത്തോടെയുള്ള നിയമമില്ലാവ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന സഭയ്‌ക്ക്‌ അതോടെ മുറിവേറ്റു. കലാപവുമായി ഉണര്‍ന്നെണീറ്റ അവര്‍ പ്രക്ഷോഭത്തിന്റെ എല്ലാ രീതികളും പുറത്തെടുത്തു. സ്വകാര്യ വിദ്യാഭ്യാസക്കച്ചവടം നടത്തിവന്ന വലുതും ചെറുതുമായ സാമുദായിക ശക്തികളൊക്കെ കലാപത്തിനിറങ്ങി. ഒരു വിദ്യാഭ്യാസ നിയമവിരുദ്ധ പ്രസ്ഥാനം തന്നെ ഉടലെടുത്തു. കായികശക്തി ഉപയോഗിച്ചും കമ്മ്യൂണിസ്റ്റുകാരെ അധികാരത്തില്‍ നിന്ന്‌ പിടിച്ചിറക്കാന്‍ ആഹ്വാനം മുഴങ്ങി. സര്‍ക്കാരിനെ സ്ഥാനഭ്രഷ്‌ടമാക്കാന്‍ അമേരിക്കയ്‌ക്കുള്ള താല്‍പര്യം സുവ്യക്തമായിരുന്നു. മതപരിവേഷത്തിന്റെ മറപിടിച്ച്‌ സഭ അമേരിക്കന്‍ ഫണ്ട്‌ ഇവിടേക്ക്‌ ഒഴുകിയെത്താനുള്ള കുഴലായി പ്രവര്‍ത്തിച്ചുവെന്ന്‌ ആഭ്യന്തരമന്ത്രിയെന്ന നിലയ്‌ക്ക്‌ എനിക്ക്‌ കിട്ടിയ രഹസ്യ പോലീസ്‌ റിപ്പോര്‍ട്ടുകളില്‍ തെളിഞ്ഞു. അങ്ങനെ, ഭരണഘടനാതീതവും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധവുമായ ശക്തികളുടെ അവിശുദ്ധസഖ്യം ഉയര്‍ന്നുവന്നു. തലപ്പത്ത്‌ സഭയും, പണം നല്‍കി അമേരിക്കയും, ഔപചാരികമായ നേതൃത്വത്തില്‍ മന്നത്ത്‌ പത്മനാഭനും അടങ്ങുന്നതായിരുന്നു ആ സഖ്യം. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സര്‍ക്കാരിനോടോ കമ്മ്യൂണിസ്റ്റുകാരോടോ അമര്‍ഷമുണ്ടായിരുന്ന എല്ലാവരും പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കാന്‍ പരമാവധി പങ്കുവഹിച്ചു. സര്‍ക്കാര്‍ ബസ്സുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇവയെല്ലാം സംശയകരമായ സാമ്പത്തിക ബലത്തില്‍ കെട്ടിച്ചമയ്‌ക്കപ്പെട്ട `ജനരോഷ'ത്തിന്റെ പ്രകടനവേദികളായിത്തീര്‍ന്നു.

ഏതാനും സ്വതന്ത്രന്മാരടക്കം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ മാത്രമാണ്‌ നിന്ദ്യമായ അതിക്രമങ്ങളെ ചെറുക്കാനുണ്ടായത്‌. സാധാരണക്കാരായ ജനങ്ങള്‍ക്കും മാന്യമായി ജീവിക്കുന്നവര്‍ക്കുമൊക്കെ അസഹനീയമായിരുന്നു വിമോചനസമരമെന്ന പേരില്‍ നടന്ന അതിക്രമങ്ങള്‍. അക്രമികളെ പിടിച്ച്‌ തടവിലിടണമെന്ന്‌ കമ്മ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ഒട്ടേറെ സുഹൃത്തുക്കള്‍ എന്നോട്‌ പറഞ്ഞു. കാര്യങ്ങള്‍ അരാജകാവസ്ഥയിലേക്ക്‌ നീങ്ങുമ്പോഴും ഞങ്ങളതിന്‌ വഴങ്ങിയില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നേരിയ തിരിച്ചടിപോലും സര്‍ക്കാരിനെ വലിച്ചിറക്കാനുള്ള പദ്ധതിക്ക്‌ ഉള്‍പ്രേരകമാകുമായിരുന്നു. ഓരോ കരുതല്‍തടങ്കലും കമ്മ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യത്തെക്കുറിച്ചുള്ള മുറവിളികളില്‍ കലാശിക്കുമെന്നും ഉറപ്പായിരുന്നു. തിരു-കൊച്ചി മേഖലയായിരുന്നു ജനജീവിതത്തെ താറുമാറാക്കിയ വിമോചനസമരത്തിന്റെ കാര്യമായ ഇടം.

വിടാതെ തുടര്‍ന്ന പ്രതിസന്ധിക്കിടയിലാണ്‌ ആ വാര്‍ത്ത വന്നത്‌--പഞ്ചവത്സരപദ്ധതി ആസൂത്രണം ചെയ്യാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റി ഊട്ടിയില്‍ യോഗം ചേരുന്നു. നെഹ്‌റുവും ഇന്ദിരാഗാന്ധിയും പങ്കെടുക്കുന്നുണ്ടായിരുന്നു. പാര്‍ടി പ്രസിഡന്റിന്റെ പ്രത്യക്ഷ പിന്തുണയോടെ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ അഴിച്ചുവിടുന്ന അക്രമങ്ങളെപ്പറ്റി പ്രധാനമന്ത്രി നെഹ്രുവിനെ നേരിട്ട്‌ ബോധ്യപ്പെടുത്തണമെന്ന്‌ ഇ.എം.എസ്‌ എന്നോട്‌ നിര്‍ദ്ദേശിച്ചു. എനിക്ക്‌ നെഹ്രുവുമായുള്ള അടുപ്പം ഇ.എം.എസിന്‌ അറിയാമായിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ കാര്യങ്ങളുടെ സത്യാവസ്ഥ ആധികാരികമായി എനിക്ക്‌ നെഹ്രുവിനോട്‌ അവതരിപ്പിക്കാനാവുമെന്നും അദ്ദേഹം കരുതി. അഖിലേന്ത്യാ നേതൃത്വം ഇടപെട്ടാല്‍ ഇവിടത്തെ പ്രതിസന്ധിക്ക്‌ അവസാനമാകുമെന്നും ഇ.എം.എസിന്‌ ഉറപ്പുണ്ടായിരുന്നു. എന്നാല്‍, അത്രയ്‌ക്ക്‌ പ്രത്യാശയൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. കാരണം, കൈവിട്ടുകളിക്കുന്ന ഇരുട്ടിന്റെ ശക്തികള്‍ നെഹ്രുവിനെക്കാളും അദ്ദേഹം ധരിക്കുന്ന സമാധാനത്തിന്റെ റോസാപ്പൂവിനെക്കാളും ശക്തരായിരുന്നു.

ആസുരശക്തി ഉപയോഗിച്ച്‌ വിളയാടുന്ന ഭ്രാന്തന്‍ പ്രസ്ഥാനത്തെക്കുറിച്ച്‌ നെഹ്രുവിനെ ബോധ്യപ്പെടുത്താന്‍ ഊട്ടിയില്‍ പോകാനുള്ള ദൗത്യം ഞാന്‍ ഏറ്റെടുത്തു. വിശാലവീക്ഷണമുള്ള വ്യക്തിയും നയതന്ത്രജ്ഞനുമായ നെഹ്രു ഭരണഘടനയ്‌ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൂടിയാണല്ലോ എന്നത്‌ എനിക്ക്‌ പ്രതീക്ഷ നല്‍കി. ഞാന്‍ പറയുന്നത്‌ ശ്രദ്ധിക്കുമെന്നും അനുയായികളെ ദുഷ്‌ചെയ്‌തികളില്‍ നിന്ന്‌ പിന്തിരിപ്പിക്കുമെന്നും എനിക്ക്‌ വിശ്വാസമുണ്ടായിരുന്നു. എന്റെ ഏത്‌ യാത്രകളിലും ഭാര്യ ശാരദ കൂടെയുണ്ടാവാറുണ്ട്‌. അവരുടെ സാന്നിധ്യം ദൗത്യയാത്രയിലുള്ള എന്റെ വിശ്വാസം ദൃഢമാക്കി. കോണ്‍ഗ്രസ്‌ നേതാക്കളായ ദാമോദരമേനോനെയും വി.കെ. കൃഷ്‌ണമേനോനെയും അവിടെവച്ച്‌ കണ്ടു. കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തില്‍ വേദനയുള്ളവരായിരുന്നു രണ്ട്‌ മേനോന്മാരും. ഒന്നൊഴിയാതെ എല്ലാ കാര്യങ്ങളും യഥാത്ഥമായി പണ്ഡിറ്റ്‌ജിക്കു മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ്‌ പോംവഴിയെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം. തെരഞ്ഞെടുത്ത പാത ഉചിതം തന്നെയെന്ന്‌ എനിക്കുറപ്പായി. അന്നു തന്നെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ഞാന്‍ സമയം തേടി. ഭാര്യയുമുണ്ടായിരുന്നു എന്നോടൊപ്പം. ഉച്ചയൂണിന്‌ നെഹ്രു ഞങ്ങളെ ക്ഷണിച്ചു. നെഹ്രുവിനൊപ്പം ഇരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുകയെന്നത്‌ ശരിക്കും ആനന്ദകരമായിരുന്നു. ഒരു മാങ്ങയെടുത്ത്‌ മുറിച്ചുകൊണ്ട്‌ അതെവിടെനിന്നുള്ളതാണെന്നും അതിന്റെ രുചിയുടെ പ്രത്യേകതയെന്തെന്നും എങ്ങനെ വേണം അത്‌ മുറിക്കാനെന്നുമൊക്കെ നെഹ്രു ശാരദയോട്‌ വിശദീകരിച്ചു. സ്‌നേഹം തുളുമ്പുന്ന സംഭാഷണത്തില്‍നിന്ന്‌ അദ്ദേഹത്തെ എന്റെ ദൗത്യത്തിലേക്ക്‌ കൊണ്ടുവരാന്‍ എനിക്ക്‌ നയചാതുരി വേണ്ടിവന്നു. കാര്യങ്ങള്‍ കേട്ട നെഹ്രുവിന്‌ പ്രഥമദൃഷ്‌ട്യാ ഒക്കെ ബോധ്യപ്പെട്ടു. ഇന്ദിരാഗാന്ധിയെ വിളിച്ച്‌ അദ്ദേഹം പറഞ്ഞു: ``ഇന്ദൂ, കേരളത്തിലെ ചില രാഷ്‌ട്രീയപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ കൃഷ്‌ണയ്യര്‍ വന്നിരിക്കുന്നത്‌. അദ്ദേഹം പറയുന്നത്‌ കേട്ട്‌ പ്രശ്‌നങ്ങള്‍ മനസ്സിലാക്കൂ.'' ``ശരി'', അവര്‍ പറഞ്ഞു. അവരോട്‌ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരത്തിനായി ഞാന്‍ കാത്തുനിന്നു.

കേരളത്തില്‍ നടക്കുന്ന ഗൂഢാലോചനയെക്കുറിച്ചും ഞെട്ടിക്കുന്ന കൃത്യങ്ങളെക്കുറിച്ചും ഇന്ദിരാഗാന്ധിക്ക്‌ അറിവുണ്ടെന്ന്‌ വിശ്വസനീയമായ ഊഹാപോഹം കേരളത്തിലുണ്ടായിരുന്നു. എന്നാല്‍, അതെന്നെ അവരോട്‌ സംസാരിക്കുന്നതില്‍ നിന്ന്‌ പിന്മാറ്റിയില്ല. എന്നോട്‌ സംസാരിക്കുന്നത്‌ വൈകിക്കുന്നതിനെച്ചൊല്ലി അച്ഛന്‍ രോഷം പ്രകടിപ്പിക്കുന്നതുവരെയും അവരെനിക്ക്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം തന്നില്ല. കേരളത്തിലെ അതിക്രമങ്ങളുടെ ചിത്രം ഞാന്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. എല്ലാം കേട്ടെങ്കിലും അവര്‍ ഒരു വാക്കുപോലും പറഞ്ഞില്ല. മൂന്നാം ദിവസം വീണ്ടും നെഹ്രുവിനെ കണ്ട ഞാന്‍ സംഭവവികാസങ്ങളില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ ഉടന്‍ വേണമെന്ന്‌ അഭ്യര്‍ത്ഥിച്ചു. ക്ഷുഭിതനും അങ്ങേയറ്റം അതൃപ്‌തനുമായിരുന്നു നെഹ്രു. സംഭവങ്ങളെ അപലപിക്കാമെന്ന്‌ അദ്ദേഹം ഉറപ്പുനല്‍കി. കോയമ്പത്തൂരില്‍ പത്ര അഭിമുഖത്തില്‍ അദ്ദേഹം അങ്ങനെ ചെയ്യുകയും ചെയ്‌തു. മുന്‍വിധികള്‍ നിറഞ്ഞ കേരളത്തിലെ മാധ്യമങ്ങള്‍ അത്‌ പ്രസിദ്ധീകരിച്ചുപോലുമില്ല. കേരളത്തില്‍ വരാനും കാര്യങ്ങള്‍ നേരിട്ടുകാണാനും ഞാന്‍ നെഹ്രുവിനോട്‌ അഭ്യര്‍ത്ഥിച്ചു. ജൂണിലായിരുന്നു നെഹ്രുവുമായി എന്റെ കൂടിക്കാഴ്‌ച. കേരളത്തില്‍ വരാമെന്നും ഉചിതമായ നടപടിയെടുക്കാമെന്നും അദ്ദേഹം എനിക്ക്‌ വാക്കു തന്നു. ജൂലൈയില്‍ നെഹ്രു കേരളത്തിലെത്തി. നെഹ്രുവിനെ സ്വീകരിച്ച മുഖ്യമന്ത്രി ഇ.എം.എസ്‌ ഒരിക്കല്‍ക്കൂടി കാര്യങ്ങള്‍ വിശദമായി അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. മൂന്നുദിവസം കേരളത്തില്‍ താമസിച്ച നെഹ്രു അതിനിടെ രണ്ടുതവണ മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്‌ച നടത്തി.

ഇതിനിടെ മറ്റൊരു കാര്യവും നടന്നിരുന്നു. കേരള സര്‍ക്കാരിനെതിരെ 32 ആരോപണങ്ങള്‍ അശോക്‌ മേത്ത പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു സംസ്ഥാന സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവരാന്‍ സാധിക്കുന്നതെങ്ങനെയെന്ന്‌ എനിക്ക്‌ മനസ്സിലായതേയില്ല. പാര്‍ലമെന്ററി മര്യാദകളെ രാഷ്‌ട്രീയവൈരം മുറിപ്പെടുത്തിക്കൂടാ. പ്രതിസ്ഥാനത്ത്‌ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരാണെങ്കില്‍ക്കൂടി ഭരണഘടന അത്തരം നടപടിക്രമത്തിന്‌ അനുമതിയേകുന്നില്ല. എന്നിട്ടും അത്തരമൊരു പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുകയും സംസ്ഥാന ആഭ്യന്തരമന്ത്രിയെന്ന നിലക്ക്‌ ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. താന്‍ വിധികര്‍ത്താവും സംസ്ഥാനസര്‍ക്കാര്‍ പ്രതിയുമാണെന്ന മട്ടില്‍ ആരോപണങ്ങളെപ്പറ്റി സംസ്ഥാനസര്‍ക്കാരിനോട്‌ വിശദീകരണം തേടുകയെന്നതും കേന്ദ്രആഭ്യന്തരമന്ത്രിയുടെ ചുമതലയുടെ പരിധിയില്‍ വരുന്നതല്ല. എന്നിട്ടും ഞാന്‍ അവക്കെല്ലാം മറുപടി തയ്യാറാക്കി ഞങ്ങളുടെ ഭാഗവും അവതരിപ്പിച്ച സ്‌പീക്കര്‍ക്ക്‌ (അതോ, ആഭ്യന്തരമന്ത്രിക്കോ, ഞാന്‍ ഓര്‍ക്കുന്നില്ല) അയച്ചുകൊടുത്തു. പിന്നീട്‌ ഞങ്ങള്‍ ആ ആരോപണങ്ങള്‍ കേള്‍ക്കുന്നത്‌ പണ്ഡിറ്റ്‌ജി കേരളമന്ത്രിയുമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌.

ഈ കൂടിക്കാഴ്‌ചയില്‍ മൂന്ന്‌ പ്രശ്‌നങ്ങള്‍ ഉന്നയിച്ച നെഹ്രു ഞങ്ങളോട്‌ പ്രതികരണം ആരാഞ്ഞു. അശോക്‌ മേത്ത ഉന്നയിച്ച 32 ആരോപണങ്ങള്‍ അന്വേഷിക്കാമോ എന്നതായിരുന്നു ആദ്യത്തേത്‌. ഫ്‌ളോറിയെന്ന യുവതിയുടെ മരണത്തില്‍ കലാശിച്ച പോലീസ്‌ വെടിവെപ്പിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നതായിരുന്നു രണ്ടാമത്തെ ആവശ്യം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളെ മുറിപ്പെടുത്തിയ കേരള വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ്‌ നാക്കം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്നതായിരുന്നു മൂന്നാമത്തെ ചോദ്യം. മറുപടിക്ക്‌ ഞങ്ങള്‍ ഒരു ദിവസത്തെ സമയം ചോദിച്ചു. ഇ.എം.എസ്‌ എം.എല്‍.എമാരുടെയും പാര്‍ടി നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി. പ്രധാനമന്ത്രി ഉന്നയിച്ച മൂന്ന്‌ ആവശ്യങ്ങളും യോഗത്തില്‍ അവതരിപ്പിച്ച ഇ.എം.എസ്‌ കാര്യങ്ങളുടെ എല്ലാ വശങ്ങളും അവതരിപ്പിച്ച്‌ ചര്‍ച്ചക്ക്‌ തുടക്കമിട്ടു.

ആരോപണങ്ങള്‍ ആദ്യം കൈകാര്യം ചെയ്യുകയും കേന്ദ്ര ആഭ്യന്തരമന്ത്രിക്ക്‌ മറുപടി തയ്യാറാക്കി നല്‍കുകയും ചെയ്‌തയാളെന്ന നിലക്ക്‌ യോഗത്തില്‍ പങ്കെടുത്ത സഖാക്കള്‍ക്ക്‌ ഞാന്‍ ഉറപ്പുനല്‍കി: ഒരൊറ്റ ആരോപണത്തിലും തെല്ലും കഴമ്പില്ല; അന്വേഷിച്ചാലും ഒരു കളങ്കവുമില്ലാതെ നമുക്ക്‌ പുറത്തു വരാനാകും. ഒടുവില്‍ ഞങ്ങളങ്ങനെയൊരു ധാരണയിലെത്തി. നെഹ്രുവിനെ മദ്ധ്യസ്ഥനായി അംഗീകരിച്ച്‌ ആരോപണങ്ങളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ തീര്‍പ്പിന്‌ വഴങ്ങാമെന്ന്‌ ഞങ്ങള്‍ അറിയിച്ചു. അരാജകത്വത്തിന്‌ പരിഹാരമുണ്ടാകുമെങ്കില്‍ വിദ്യാഭ്യാസനിയമത്തിലെ പതിനൊന്നാം വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിക്കാമെന്ന്‌ ഞങ്ങള്‍ സമ്മതിച്ചു. പോലീസ്‌ വെടിവെപ്പിനെക്കുറിച്ചുള്ള നേതാക്കള്‍ ഉറച്ച നിലപാടെടുത്തു. അദ്ദേഹം ഉന്നയിച്ച കാരണങ്ങളും ന്യായമായിരുന്നു. അന്നത്തെ അതിക്രമങ്ങളുടെ സാഹചര്യത്തില്‍ ഏറ്റവും പരീക്ഷിക്കപ്പെട്ട പോലീസ്‌, അക്രമം പരമാവധി നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്‌ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന്‌ അച്യുതമേനോന്‍ പറഞ്ഞു. അതിനാല്‍, പോലീസിന്റെ ധാര്‍മികബലത്തെ ബാധിക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്‌ വഴങ്ങരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. നേരെ മറിച്ചായിരുന്നു എന്റെ നിലപാട്‌. രാജ്യത്തെവിടെയായാലും പോലീസ്‌ വെടിവെപ്പില്‍ ദുരന്തമുണ്ടായല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുകയെന്നത്‌ ജനാധിപത്യരീതിയാണെന്ന്‌ ഞാന്‍ വാദിച്ചു. അന്വേഷണത്തിന്‌ വഴങ്ങുന്നില്ലെങ്കില്‍ സ്ഥാനമൊഴിയാനാണ്‌ ആഗ്രഹിക്കുന്നതെന്നുവരെ ഞാന്‍ പറഞ്ഞു. ജൂഡീഷ്യല്‍ അന്വേഷണം നടത്താമെന്നും ഒടുവില്‍ ധാരണയായി.

(സര്‍ക്കാരിന്റെ അവസാനനാളുകളില്‍ ആഭ്യന്തരവകുപ്പ്‌ അച്യുതമേനോന്‌ കൈമാറി. കൃഷിയും സഹകരണവുമായിരുന്നു പകരം എനിക്ക്‌ കൈകാര്യം ചെയ്യേണ്ടിവന്ന വകുപ്പുകള്‍. എന്നെപ്പോലെതന്നെ അച്യുതമേനോനും അക്രമം തടയാന്‍ കരുതല്‍ തടങ്കലില്‍ അടക്കാനുള്ള അധികാരം വിനിയോഗിച്ചില്ല.)

പിറ്റേന്ന്‌ പ്രധാനമന്ത്രിയെ അത്ഭുതപെടുത്തിക്കൊണ്ട്‌ മൂന്ന്‌ ആവശ്യങ്ങളും അംഗീകരിക്കാനുള്ള തീരുമാനം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. മൂന്ന്‌ നിര്‍ദ്ദേശങ്ങളം എതിര്‍പ്പില്ലാതെ സ്വീകരിച്ചത്‌ ഉള്ളിലെങ്കിലും പ്രധാനമന്ത്രിയെ നടുക്കിക്കാണുമെന്നാണ്‌ എന്റെ ഊഹം. ഞങ്ങളുടെ ന്യായയുക്തമായ ആവശ്യം അംഗീകരിക്കാമെന്ന്‌ വാക്കുനല്‍കി നെഹ്രു ഞങ്ങളെ അയച്ചു.

നടന്നതെന്തൊക്കെയെന്ന്‌ പ്രധാനമന്ത്രി കോണ്‍ഗ്രസ്‌ നേതാക്കളോട്‌ പറഞ്ഞിരിക്കാം. നെറി കാണിക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന്‌ വേണ്ടിയിരുന്നതെന്നും ഞാന്‍ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വാസ്യത കാക്കലല്ല, ഞങ്ങളുടെ രക്തം കിട്ടലായിരിക്കാം പ്രതിപക്ഷത്തിന്‌ വേണ്ടിയിരുന്നതെന്നും ഞാന്‍ ഊഹിക്കുന്നു. നെഹ്രുവിന്റെ വിശ്വസ്യത കാക്കലല്ല, സര്‍ക്കാരിനെ പിരിച്ചുവിടലായിരുന്നു അവര്‍ക്ക്‌ വേണ്ടിയിരുന്നത്‌. പിറ്റേന്ന്‌ കേരളം വിടുകയായിരുന്നെങ്കിലും അന്ന്‌ നെഹ്രു ഞങ്ങളെ തന്റെ തീരുമാനം അറിയിച്ചില്ല. കേരളത്തിലെ പ്രതിസന്ധി നിറഞ്ഞ അവസ്ഥ നേരിട്ടറിയുകയും അതില്‍ തന്റെ പാര്‍ടിയെടുക്കുന്ന ഏറ്റവും അസ്വീകാര്യമായ നിലപാട്‌ ബോധ്യപ്പെടുകയും ചെയ്‌ത അദ്ദേഹത്തിന്‌ തന്റെ ഒത്തുതീര്‍പ്പുനിര്‍ദ്ദേശങ്ങള്‍ക്കെല്ലാം കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ വഴങ്ങിയതും അദ്ദേഹം കണ്ടു. അട്ടിമറി സമരക്കാരെ വിളിച്ച്‌ നിയമവിരുദ്ധസമരം നിര്‍ത്തണമെന്നാവശ്യപ്പെടുകയല്ലാതെ മറ്റെന്താണ്‌ പ്രധാനമന്ത്രിയെന്ന നിലയ്‌ക്കും പാര്‍ടി നേതാവെന്ന നിലയ്‌ക്കും അദ്ദേഹത്തിന്‌ ചെയ്യാനുണ്ടായിരുന്നത്‌? എന്നാല്‍, 1959 ജൂലൈയോടെ നെഹ്രു ദൃഢമായ കാമ്പുള്ളയാളല്ലാതായിത്തീര്‍ന്നു. `ഓപ്പറേഷന്‍ അട്ടിമറി' നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെടാനുള്ള ധൈര്യവും ഇച്ഛാശക്തിയും അദ്ദേഹത്തിന്‌ ഇല്ലാതായിപ്പോയി.

മൂന്നുദിവസം, നെഹ്രു കേരളം വിടുന്ന അന്ന്‌, അദ്ദേഹത്തെ യാത്രയാക്കാനും അദ്ദേഹത്തിന്റെ തീര്‍പ്പറിയാനും ഞാന്‍ രാജ്‌ഭവനില്‍ ചെന്നു. ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പുറത്തേക്കു വരികയായിരുന്നു. മഹാനായ ആ മനുഷ്യനെ അഭിവാദ്യം ചെയ്യാന്‍ ഞാന്‍ അടുത്തെത്തിയപ്പോള്‍ ആ മുഖത്ത്‌ പതിവുള്ള ഉന്മേഷം ചോര്‍ന്നുപോയിരുന്നു. `പണ്ഡിറ്റ്‌ജി, താങ്ങള്‍ ഇന്ന്‌ പോകുകയാണല്ലോ. എന്നാല്‍ പ്രശ്‌നം അങ്ങനെ കിടക്കുന്നു. താങ്കള്‍ ആവശ്യപ്പെട്ടതിനെല്ലാം ഞങ്ങള്‍ വഴങ്ങി. എന്താണിനി അങ്ങയുടെ പ്രശ്‌നപരിഹാരം?' അദ്ദേഹം എന്നെ തുറിച്ചുനോക്കി. മുഖം ആകെവാടി. ഏതാണ്ട്‌ ബോധശൂന്യനായി. വീഴാതിരിക്കാന്‍ കൈകള്‍ അരികിലെ കയറില്‍ പിടിച്ചു. ചരിത്രപ്രധാനമായ രണ്ട്‌ ഛായാചിത്രങ്ങള്‍ ഇന്നും എന്റെ ചുവരില്‍ തൂങ്ങുന്നുണ്ട്‌- ദയനീയഭാവവും തളര്‍ന്ന മുഖവുമുള്ള നെഹ്രുവിന്റെ രണ്ടു ചിത്രങ്ങള്‍. പിന്നീട്‌ വിമാനത്താവളത്തില്‍ അദ്ദേഹം പത്രക്കാരോട്‌ സംസാരിച്ചു. കേരളത്തില്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനുമിടയ്‌ക്ക്‌ ഒരു മതില്‍ ഉയര്‍ന്നിരിക്കുന്നെന്നും അനിയന്ത്രിതമായിത്തീര്‍ന്ന ജനവികാരത്തെ പുതിയൊരു തെരഞ്ഞെടുപ്പിലൂടെയല്ലാതെ അടക്കാനാവില്ലെന്നും.

ജവഹര്‍ലാല്‍ വന്നു, കണ്ടു. പക്ഷെ, കീഴടക്കിയില്ല. എന്തുകൊണ്ട്‌? ഒരു പക്ഷെ, സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ പിന്തിരിപ്പന്‍ ശക്തികള്‍ അദ്ദേഹത്തെ മറികടന്നതുകൊണ്ടാകാം. അതില്‍ കുറഞ്ഞ മറ്റൊരു കാരണവും ഞാനതില്‍ കാണുന്നില്ല. മൂന്നാംദിവസം നെഹ്രുവില്‍ കണ്ട ദയനീയതയ്‌ക്ക്‌ കാരണം പാര്‍ടിയിലെ ഉള്‍പ്പാര്‍ട്ടി സമരമാണെന്നാണ്‌ എന്റെ ഊഹം. യഥാര്‍ത്ഥ നെഹ്രു തകര്‍ച്ചയിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ കോണ്‍ഗ്രസ്‌ കേരള നിയമസഭ പിരിച്ചുവിടാനും സര്‍ക്കാരിനെ പുറത്താക്കി രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കാനും തീരുമാനിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇങ്ങനെയൊരു തീരുമാനത്തിന്‌ ഊര്‍ജ്ജം പകര്‍ന്ന്‌ മന്നത്ത്‌ പത്മനാഭനും കൂട്ടരും സെക്രട്ടറിയറ്റിലേക്ക്‌ മാര്‍ച്ച്‌ നടത്തുമെന്നും ബലം പ്രയോഗിച്ചും അധികാരം പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ്‌ ഭരണതീരുമാനത്തിലൂടെ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അവരോടുള്ള വിധേയത്വം പ്രകടിപ്പിച്ചു.

മൈസൂരില്‍ സഹകരണമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞുവരും വഴി, മദ്രാസിലുണ്ടായിരുന്ന ഉപരാഷ്‌ട്രപതി രാധാകൃഷ്‌ണനെ ഞാന്‍ സന്ദര്‍ശിച്ചു. ഹീനമായ സംഭവങ്ങളുടെ ലഘുചരിത്രവും പിരിച്ചുവിടല്‍ ഭീഷണിയെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട്‌ സംസാരിച്ചു. ഡല്‍ഹിയില്‍ ചെന്നയുടന്‍ പ്രധാനമന്ത്രിയെ കാണാമെന്നും കടുത്ത നടപടിയില്‍ നിന്ന്‌ പിന്‍മാറാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ഉപരാഷ്‌ട്രപതി വാഗ്‌ദാനം ചെയ്‌തു. അദ്ദേഹം ആ ദൗത്യത്തില്‍ വിജയിക്കുമോയെന്നത്‌ സംശയമായിരുന്നു. ഉപരാഷ്‌ട്രപതി ഡല്‍ഹിയിലെത്തുംമുമ്പേ 356-ാം വകുപ്പുപ്രകാരമുള്ള ഉത്തരവുമായി ആഭ്യന്തരമന്ത്രി (ശങ്കര്‍) തിരുവനന്തപുരത്തേക്ക്‌ തിരിച്ചിരുന്നു. മദ്രാസില്‍നിന്ന്‌ തിരുവനന്തപുരംവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. ഞങ്ങളുടെ മരണവിധയുമായാണ്‌ ആഭ്യന്തരസെക്രട്ടറിയുടെ വരവെന്ന്‌ ഞാന്‍ ഊഹിച്ചു. അന്നു വൈകിട്ട്‌ ഗവര്‍ണര്‍ ബി.രാമകൃഷ്‌ണറാവു അടിയന്തരസന്ദേശമയച്ച്‌ ഞങ്ങളെയെല്ലാവരെയും വിളിപ്പിച്ചു. രാജ്‌ഭവനില്‍ ഞങ്ങള്‍ക്ക്‌ ചായ പകര്‍ന്നുതന്ന്‌ അദ്ദേഹം പറഞ്ഞു, നിങ്ങളുടെ സര്‍ക്കാര്‍ ഇല്ലാതാകാന്‍ പോകുകയാണെന്ന്‌. പിറ്റേന്ന്‌ ഇ.എം.എസിനും മന്ത്രിസഭാംഗങ്ങള്‍ക്കും സെക്രട്ടറിയറ്റ്‌ ഉദ്യോഗസ്ഥരുടെ യാത്ര അയപ്പായിരുന്നു. ഉജ്ജ്വലമായ ഉപസംഹാരപ്രസംഗത്തില്‍ സര്‍ക്കാര്‍ പോകുകയാണെന്ന്‌ ഇ.എം.എസ്‌ പ്രഖ്യാപിച്ചു. ജനങ്ങളിലേക്കാണ്‌ പോകുന്നത്‌; അവിടെനിന്ന്‌ വീണ്ടും മന്ത്രിസഭയുണ്ടാക്കാന്‍ മടങ്ങിവരും-ഉറച്ച സ്വരത്തില്‍ ഇ.എം.എസ്‌ പറഞ്ഞു. കേരളത്തിലെ അരാജകനീക്കത്തെ അംഗീകരിക്കുകയും ആദര്‍ശവല്‍ക്കരിക്കുകയും ചെയ്യുകവഴി 1959 ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ കീഴടങ്ങല്‍ ഇന്ത്യന്‍ ഭരണഘടനാക്രമത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിത്തീര്‍ന്നു.

*
ജസ്റ്റിസ്‌ വി.ആര്‍. കൃഷ്‌ണയ്യര്‍

09 January, 2011

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

(ലോട്ടറി വിവാദം - മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍ നിന്ന് - 2010 സെപ്തംബര്‍ 18ന് ദേശാഭിമാനി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഞങ്ങള്‍ ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു...)

'ധര്‍മ്മോസ്മദ് കുലദൈവതം' എന്ന ആപ്തവാക്യത്തെ 'ധര്‍മ്മത്തെ ഞാന്‍ സദാ കൊല ചെയ്തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വികെഎന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാള മനോരമ. തമസ്‌കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവുകളും പയറ്റുന്നതാണ് ലോട്ടറി വിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറി മാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറു വര്‍ഷത്തോളമായി കേന്ദ്രത്തിന് മുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാള മനോരമ ലോട്ടറി പരമ്പരയെഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥ തലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മ്മപ്പെടുത്തലുകള്‍, ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാം വകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുളള അവകാശം കേന്ദ്രസര്‍ക്കാരിനാണ് എന്നു വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചു നോക്കാനും കോയമ്പത്തൂര്‍ - സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്ചകള്‍ക്കകകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചു എന്ന പച്ചക്കളളം മനോരമ അച്ചടിച്ചുവെച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാന ലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിക്കപ്പെട്ട കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷി സംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടുവെന്ന വസ്തുതയും മനോരമ തമസ്‌കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചുവെന്ന് അച്ചടിക്കാന്‍ ഒരു മനസാക്ഷിക്കുത്തും മനോരമയ്ക്ക് ഉണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ

''ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വിഎസ്, പാര്‍ട്ടി പിന്തുണച്ചില്ല, വിഎസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്തംബര്‍ 4ലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍ നിന്ന് 25 ലക്ഷമായും ബംബറിന് 17 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐഎം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. ഓരോ തവണ നികുതി അടയ്ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റ്റേറ്റ്‌മെന്റ് വേണമെന്നും നാലാം വകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കണമെന്നുമൊക്കെയുളള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്.

നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പ് കൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുളള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഫയല്‍ വന്നയുടനെ തന്നെ ഇതംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്ക്ക് മുഖ്യമന്ത്രി വഴി തന്നെ അയയ്ക്കുകയും ചെയ്തു. ഈ നിര്‍ദ്ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാം വകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് തന്നെ. വളരെ സ്പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരള കൗമുദി കുടുംബത്തിലെ ഫ്‌ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ലാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍ നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്.

''വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ ലോട്ടറിയ്ക്ക്'' എന്നായി സെപ്തംബര്‍ അഞ്ചിന് മനോരമ. ''സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.
കേന്ദ്രലോട്ടറി നിയമത്തിന്റെ നാലാം വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്തുകള്‍ മുഖ്യമന്ത്രി തന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.
തങ്ങളുടെ വാര്‍ത്താ വിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറി നിയമത്തെക്കുറിച്ച് സാമാന്യവിവരമുളളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശം ഉണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍ പുറത്തു വന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.
ഈ ഓര്‍ഡിനന്‍സ് വിവാദ തിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുളള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തിട്ടുണ്ട്). നടപടി ക്രമങ്ങള്‍ പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടി വരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയേറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കളളങ്ങള്‍ സൃഷ്ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പരയെഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുളള ഉളുപ്പില്ലായ്മ തെളിയിക്കുന്നത് ഒന്നേയുളളൂ, മടങ്ങിവരാനാവാത്ത വിധം, അധപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണു പോയിരിക്കുന്നു.

മനോരമയുടെ പുതിയ പത്രാധിപരോട്
ആദരണീയനായ ശ്രീ കെ എം മാത്യുവിന്റെ വിയോഗത്തെ തുടര്‍ന്ന് മനോരമയുടെ പത്രാധിപരായി ചുമതലയേറ്റ ശ്രീ മാമ്മാന്‍ മാത്യുവിനോട് ഒരുകാര്യം സൂചിപ്പിക്കട്ടെ.

''പ്രാര്‍ത്ഥനയോടെ പുനരര്‍പ്പണം'' എന്ന തലക്കെട്ടില്‍ ആഗസ്റ്റ് 19ന് പേരുവെച്ച് താങ്കളെഴുതിയ ആദ്യമുഖപ്രസംഗം വളരെ കൗതുകത്തോടെയാണ് ഞാന്‍ വായിച്ചത്. "നേര്‍വഴി കാട്ടണേ"യെന്ന പ്രാര്‍ത്ഥനയോടെയാണ് മുഖ്യപത്രാധിപസ്ഥാനം ഏറ്റെടുക്കുന്നതെന്ന് അതില്‍ താങ്കള്‍ അവകാശപ്പെടുന്നുണ്ട്. "പാവനമായ പത്രധര്‍മ്മത്തിന്റെ അടയാള മുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്" എന്നുമുണ്ട്, അവകാശവാദം.

പാവനമായ പത്രധര്‍മ്മം പരിപാലിക്കുന്നതിനിടയില്‍ മനോരമയില്‍ നിന്ന് നേരിട്ട ഒരനുഭവം താങ്കളുടെ ശ്രദ്ധയില്‍ പെടുത്തട്ടെ,

ലോട്ടറി പരമ്പരയില്‍ മനോരമ എന്നോട് ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. പരമ്പരയുടെ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച പ്രതിപക്ഷ നേതാവിന്റെ ലേഖനത്തിലും ചോദ്യങ്ങളും വളച്ചൊടിക്കലുകളും അസത്യപ്രചരണവും വേണ്ടത്രയുണ്ടായിരുന്നു. ഇവയോട് പ്രതികരിച്ച് ഒരു ലേഖനം ഞാന്‍ മനോരമയ്ക്ക് അയച്ചുകൊടുത്തു. മനോരമയുടെ എഡിറ്റിംഗ് വൈഭവം പിറ്റേന്നു തന്നെ എനിക്ക് ബോധ്യപ്പെട്ടു. മര്‍മ്മപ്രധാനമായ ഉദ്ധരണികളത്രയും വെട്ടിക്കളഞ്ഞാണ് അവര്‍ എന്റെ മറുപടി പ്രസിദ്ധീകരിച്ചത്!

ലോട്ടറി നിയമലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി കേന്ദ്രത്തിന് എഴുതിയ രണ്ടു കത്തുകള്‍, കേരളത്തിലെ സര്‍വകക്ഷി നിവേദക സംഘം കേന്ദ്രത്തിന് നല്‍കിയ മെമ്മോറാണ്ടം, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി നല്‍കിയ നിര്‍ദ്ദേശം ഇവയില്‍ നിന്നെക്കെ എടുത്തു ചേര്‍ത്ത ഉദ്ധരണികളാണ് മുറിച്ചു മാറ്റിയത്.

മനോരമയുടെ അപവാദങ്ങളും പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങളും വസ്തുതാവിരുദ്ധ മാണെന്ന് തെളിയിക്കുന്ന ഉദ്ധരണികളായിരുന്നു അവ. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്ന വസ്തുതകള്‍ക്ക് മേലാണ് താങ്കളുടെ പത്രം കത്രിക പ്രയോഗിച്ചത്. ആരോപണങ്ങള്‍ക്ക്് മറുപടി പറയാനുളള മൗലികാവകാശത്തെയാണ് മനോരമ ഹനിച്ചു കളഞ്ഞത്.

''സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരങ്ങള്‍ക്കും കരുത്തുപകരാന്‍ മികവുറ്റ ഒരു പ്രൊഫഷണല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്'' എന്ന് മുഖപ്രസംഗത്തില്‍ താങ്കള്‍ ആശ്വസിക്കുന്നുണ്ട്. ആ ''പ്രൊഫഷണല്‍ ടീമിന്റെ'' അധാര്‍മ്മിക പ്രവര്‍ത്തനങ്ങളിലേയ്ക്കാണ് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. നിശ്ചയമായും ഏത് മാധ്യമത്തിനും അതിന്റേതായ രാഷ്ട്രീയമുണ്ടാകാം. അത് തുറന്നു പ്രകടിപ്പിക്കരുത് എന്ന് ഒരു ശാഠ്യവും എനിക്കില്ലതാനും. എന്നാല്‍ നിര്‍ലോഭം നുണകളെഴുതിയും വസ്തുതകള്‍ പാടെ തമസ്‌കരിച്ചും നടത്തുന്ന രാഷ്ട്രീയ പ്രചാരവേല, കഴിവല്ല, ദൗര്‍ബല്യമാണ് എന്നെങ്കിലും മാമ്മന്‍ മാത്യു തിരിച്ചറിയണം.
*
ഡോ. ടി. എം. തോമസ് ഐസക്

ആത്മാവിനുള്ള ഭക്ഷണം

ഭക്ഷണവും നൃത്തവും ലൈംഗികതയും സംഗീതവും - ആര്‍ക്കാണ് പരാതി?

മൂന്നാം റീഷിന്റെ പദ്ധതികളോട് താരതമ്യം ചെയ്യാവുന്ന പദ്ധതികള്‍ തന്നെയാണ് ബുഷിന്റേതും. ഗ്വാണ്ടനാമോ അടക്കമുള്ള പീഡനപര്‍വ്വങ്ങളെ ന്യായീകരിക്കുന്ന തരം സിനിമകളെടുക്കാന്‍ പെന്റഗണ്‍ ഹോളിവുഡിനോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് ബുഷ് ഭരണകൂടം ലക്ഷ്യമിടുന്നത്. അവര്‍ ഫാസിസ്റുകള്‍ തന്നെയാണ്

- ഫത്തി അക്കിന്‍

ഒരു ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ജര്‍മന്‍ പോലീസിന്റെ നിരീക്ഷണത്തിന്‍ കീഴിലായ വിവാദ ചലച്ചിത്രകാരനാണ് ഫത്തി അക്കിന്‍. ബുഷ് എന്ന പേരിലെ എസ്, നാസി സ്വസ്തിക രൂപത്തിലെഴുതിയ ടീഷര്‍ട്ടാണ് അക്കിന്‍ ധരിച്ചത്. കാഴ്ചയുടെയും ഫാഷന്റെയും രാഷ്ട്രീയ പ്രകോപനത്തെ യാഥാര്‍ത്ഥ്യവത്ക്കരിച്ച ജര്‍മന്‍-ടര്‍ക്കിഷ് സംവിധായകനായ അക്കിന്‍ പുതിയ കാലത്തെ സിനിമയുടെ പ്രതീകമായി കൊണ്ടാടപ്പെടുന്നു. ഗോവയിലെ പനാജിയില്‍ നടന്ന 41-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാധാരണ പ്രതിനിധികള്‍ മുതല്‍ അനുരാഗ് കാശ്യപിനെപ്പോലെ, ബോളിവുഡിലെ കോടികള്‍ വാരുന്ന പുതുതലമുറ സംവിധായകരുടെ വരെ ആരാധനാപാത്രമായി മാറിക്കൊണ്ട്; അക്കിന്‍ തികഞ്ഞ ലാളിത്യത്തോടെയും ഫലിതങ്ങള്‍ നിറഞ്ഞ സംസാരത്തോടെയും മേളയെ കീഴടക്കി. മിരാമര്‍ ബീച്ചിലേക്കും ദോണ പൌളയിലേക്കും പോകുന്ന റോഡിനും മണ്ഡോവി നദിക്കും ഇടയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് റിസോര്‍ടില്‍ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഫിലിം ബസാറില്‍ തിരക്കഥാരചനയെ സംബന്ധിച്ച് സംസാരിക്കാനാണ് അക്കിനെത്തിയത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ സിനിമയായ സോള്‍ കിച്ചന്‍(2009) ഐനോക്സ് സ്ക്രീന്‍ വണ്ണില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. വെനീസില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് സോള്‍ കിച്ചന്‍. ബ്രിസ്ബേനിലും അഡലൈഡിലും സോള്‍ കിച്ചനായിരുന്നു ഉദ്ഘാടന ചിത്രം.

കഠിനമായ ആശയങ്ങള്‍ കൈകാര്യം ചെയ്ത ഹെഡ് ഓണ്‍, ദ എഡ്ജ് ഓഫ് ഹെവന്‍ എന്നീ ഗംഭീര സിനിമകള്‍ക്കു ശേഷം, ലളിത മാനസികാവസ്ഥയോടെ താന്‍ പൂര്‍ത്തിയാക്കിയ കോമഡിയാണ് സോള്‍ കിച്ചന്‍ എന്നാണ് ഫത്തി അക്കിന്‍ പറയുന്നത്. ഈ കോമഡി കണ്ട് പക്ഷെ കാണികള്‍ക്ക് അധികമൊന്നും ചിരിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ആത്മാവിനുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റോറന്റാണ്, ആത്മാവുള്ളതെന്നോ ആത്മാവിന്റേതെന്നോ പരിഭാഷപ്പെടുത്താവുന്ന അടുക്കള (അതുമല്ലെങ്കില്‍ അടുക്കളയുടെ ആത്മാവ് എന്നുമാവാം) എന്നു പേരുള്ള സോള്‍ കിച്ചന്‍. റെസ്റോറന്റിന്റെ ഉടമ കൂടിയായ പാചകക്കാരന്‍ തന്നെക്കാള്‍ മികവു കൂടിയ ഒരു പാചകക്കാരനെ നിയമിച്ച് സ്ഥിരം തീറ്റക്കാരെ വിഭ്രമിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഈ സിനിമയുടെ കഥ എന്നു തോന്നാം. അഞ്ചേ അഞ്ചു ദിവസം കൊണ്ടാണ് താന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; പക്ഷെ അത് അഞ്ചു വര്‍ഷം മുമ്പായിരുന്നു എന്നാണ് അക്കിന്‍ പറഞ്ഞത്.

ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് തുര്‍ക്കി വംശജരെയാണ് ഫത്തി അക്കിന്‍ പ്രതിനിധീകരിക്കുന്നത്. സാംസ്ക്കാരിക-മത-വംശീയ-രാഷ്ട്രീയ-ലൈംഗിക-സദാചാര മേഖലകളില്‍ ജര്‍മന്‍/തുര്‍ക്കിക്കാര്‍ അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങളും പ്രായോഗികപ്രശ്നങ്ങളും നിത്യ സംഘര്‍ഷങ്ങളുമാണ് അക്കിനെ പ്രകോപിപ്പിക്കുന്ന മുഖ്യ ഇതിവൃത്തം. സ്നേഹം, മരണം, പൈശാചികത എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചുള്ള ത്രയമാണ് അക്കിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. വൈകാരികവും ആന്തരിക ചൈതന്യം കൊണ്ട് തേജോമയവുമായ ഹെഡ് ഓണ്‍, മെക്സിക്കന്‍ ചലച്ചിത്രകാരനായ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിത്തുവിന്റെ സങ്കീര്‍ണ ശൈലിയെ അതിശയിക്കുന്ന തരത്തിലെടുത്തതും അഭയാര്‍ത്ഥിപ്രശ്നത്തെ ഇതിവൃത്തമാക്കുന്നതുമായ എഡ്ജ് ഓഫ് ഹെവന്‍ എന്നീ സിനിമകള്‍ക്കു ശേഷമുള്ള മൂന്നാമത്തെ ചിത്രമായ ദ ഡെവിള്‍ തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് തമാശക്കു വേണ്ടി സോള്‍ കിച്ചന്‍ പൂര്‍ത്തീകരിച്ചതെന്നും അക്കിന്‍ പ്രദര്‍ശനത്തിനു തൊട്ടുമുമ്പുള്ള അവതരണത്തില്‍ പറയുകയുണ്ടായി.

ജര്‍മനിയിലെ രണ്ടാമത്തേതും യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തേതുമായ നഗരമായ ഹാംബര്‍ഗിലെ ബോഹീമിയന്‍ ഉപ സംസ്ക്കാരത്തിന്റെ രീതികളും വേരുകളുമാണ്, കാതടപ്പിക്കുന്നതും അവിശ്വസനീയവുമായ സംഗീത ശബ്ദ ബഹളങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചടുല ദൃശ്യ സമന്വയങ്ങളോടെ അക്കിന്‍ അന്വേഷിക്കുന്നത്. കൌമാരകാലത്തും യൌവനത്തിന്റെ ആരംഭത്തിലും താന്‍ ജീവിച്ച അടി പൊളി ജീവിതത്തിനോടുള്ള പ്രേമലേഖനമാണ് ഈ ചിത്രമെന്നും അക്കിന്‍ വിശേഷിപ്പിക്കുന്നു. ഇതില്‍ കാണിക്കുന്നതു പോലുള്ള ഒരു റെസ്റോറണ്ടിലെ സ്ഥിരക്കാരനായിരുന്നു അക്കിന്‍. അഥവാ, ഹാംബര്‍ഗ് നഗരത്തിലെ വില്ലെംസ്ബര്‍ഗ് ഭാഗത്തുള്ള ആ റെസ്റോറണ്ടു തന്നെയല്ലേ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്? സോള്‍ കിച്ചന്‍ ഒരേ സമയം ഒരു റെസ്റോറണ്ടും ഒരു മാനസികാവസ്ഥയുമാണ്. കസാന്‍ത്സാക്കീസ്, സോക്രട്ടീസ് എന്നിങ്ങനെയുള്ള ഞെട്ടിപ്പിക്കുന്ന പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് വംശജനും അഭയാര്‍ത്ഥിയുമായ സിനോസ് കസാന്‍ത്സാക്കീസ് ആണ് സോള്‍ കിച്ചന്റെ നടത്തിപ്പുകാരന്‍. ഏതോ പാണ്ടികശാല പോലെ തോന്നിപ്പിക്കുന്ന ഈ ഭക്ഷണശാലയില്‍ ബീറിന്റെയും സോസേജിന്റെയും ചൈനീസ് സ്വാദുവര്‍ദ്ധിനികളുടെയും മാത്രമല്ല; ഗ്രീസിന്റെയും വിയര്‍പ്പിന്റെയും ചോരയുടെയും ഗന്ധങ്ങളും നിറഞ്ഞതായി അനുഭവപ്പെടും. അവിടെ മധുരവും ചവര്‍പ്പും എരിവും കയ്പ്പും മാത്രമല്ല, രസങ്ങളായുള്ളത്; വേദനയും പ്രതികാരവും രതിയും നിയമലംഘനവും വംശവെറിയും എല്ലാം അവിടത്തെ രസങ്ങളാണ്. ജര്‍മനിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തുര്‍ക്കിത്തലമുറക്കാരുടെ വികാരവിചാരങ്ങളാണ് ആത്മപരിഹാസങ്ങളെന്നോണം സിനിമയിലെ കോമഡിയെ നിര്‍മ്മിച്ചെടുക്കുന്നത്. കോമഡി എന്നത് വംശവെറിയും വൈരാഗ്യവും ആണെന്ന പരമമായ യാഥാര്‍ത്ഥ്യത്തെയാണ് അക്കിന്‍ നിസ്സാരമായ അവതരണരീതിയിലൂടെ വെളിപ്പെടുത്തുന്നത്.


ആരോഗ്യ പരിപാലനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ഭക്ഷണ ശൈലികളാണ് സോള്‍ കിച്ചനിലുണ്ടായിരുന്നത്. പരിസ്ഥിതിസംരക്ഷണവും സന്തുലിതാഹാര രീതിയും സവര്‍ണ-വരേണ്യ പശ്ചാത്തലത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യവത്ക്കരിക്കാനാകൂ എന്ന് ലോകമെമ്പാടും തെളിയുന്നതായി സിനിമ സധൈര്യം തെളിയിക്കുന്നു. കക്കൂസിലുപയോഗിക്കുന്ന തരം ബക്കറ്റില്‍ നിന്നാണ് ബീറും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഉരുളക്കിഴങ്ങു സലാഡും വിളമ്പുന്നത്. സന്തോഷമാകട്ടെ അധികം നീണ്ടു നില്‍ക്കുന്നുമില്ല. നികുതി കുടിശ്ശികയുടെ പേരില്‍ സിനോസ് പീഡിപ്പിക്കപ്പെടുന്നു; അവന്റെ കാമുകി നദീന്‍ അവനെ വിട്ട് ചൈനയിലേക്ക് പോകുന്നു; ചൂടനും തല്ലിപ്പൊളിയുമായ സഹോദരന്‍ ഇല്ല്യാസ് പരോളിലിറങ്ങിയതിനെ തുടര്‍ന്ന് അവിടെ അഭയം തേടുന്നു; പ്രതിഭാശാലിയെങ്കിലും അക്രമോത്സുകനായി തോന്നിപ്പിക്കുന്ന പുതിയ പാചകക്കാരന്‍ അമേരിക്കന്‍ പാട്ടഭക്ഷണ(ജങ്ക്ഫുഡ്)ത്തിനു പകരം പരമ്പരാഗത ഭക്ഷണം നല്‍കി ഉപഭോക്താക്കളെ അകറ്റുന്നു; സിനോസിന്റെ നട്ടെല്ലിന്റെ ഡിസ്ക് ഇളകുന്നു; എല്ലാം പോരാഞ്ഞ് ആര്യവംശജനായ ഒരു റിയല്‍ എസ്റേറ്റ് മാഫിയക്കാരന്‍ റെസ്റോറണ്ടിന്റെ ടൈറ്റില്‍ തട്ടിയെടുക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൂട്ടു പിടിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും അതേ സമയം അങ്ങേയറ്റം രാഷ്ട്രീയവുമായ കുഴപ്പങ്ങളാണ് ഇതിവൃത്തത്തെ ചുറ്റിവരിയുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ആരും യാഥാര്‍ത്ഥ്യബോധത്തോടെ ചലിക്കുന്നവരല്ല; എല്ലാവരും കാരിക്കേച്ചറുകള്‍ എന്നിങ്ങനെ ദാര്‍ശനികലോകത്തെ കീഴ്മേല്‍ മറിച്ചിടുകയാണ് അക്കിന്‍.

നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും നിരാകരിച്ചു കൊണ്ട്, പ്രണയം, സൌഹൃദം, വിശ്വാസം എന്നീ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ചലച്ചിത്രപാചകത്തിലെ നൂതനത്വമുള്ളതും ഭ്രാന്തു പിടിച്ചതുമായ പരീക്ഷണക്കാരനായി ഫത്തി അക്കിന്‍ മാറുന്നത് ഈ അടിസ്ഥാന തീരുമാനം കൊണ്ടാണ്. ചൈതന്യവും ശക്തിയും ആകര്‍ഷണീയതയും സൌന്ദര്യവും നിറഞ്ഞു നില്‍ക്കുന്ന തന്റെ ശരീരവും ശരീരഭാഷയും പോലെ ത്തന്നെയാണ് അക്കിന്റെ സിനിമകളും. അധികം വേവിച്ച ഭക്ഷണം പോലെ അതിഭാവുകത്വം നിറഞ്ഞ സോള്‍ കിച്ചന്‍ പക്ഷെ കാണിയില്‍ അപ്രീതി ജനിപ്പിക്കുന്നില്ല; കാരണം, മാനവികതയും കാരുണ്യവുമാണ് സംവിധായകന്റെ ദിശാബോധത്തെ നിര്‍ണയിക്കുന്നത് എന്നത് തിരിച്ചറിയപ്പെടുന്നുണ്ടെന്നതു തന്നെ. ഐസ്‌ലി സഹോദരങ്ങള്‍, കൂള്‍ & ദ ഗാംഗ്, കര്‍ട്ടിസ് മേയ്‌ഫീല്‍ഡ്, തുടങ്ങി ബ്ളൂസും റെഗ്ഗെയും റോക്കും ഇലക്ട്രോണിക്സ് സംഗീതവും എല്ലാം കൂടിക്കുഴയുന്ന ചിത്രത്തിന്റെ ശബ്ദപഥം വിസ്മയകരമായ അനുഭൂതിയാണ് സൃഷ്ടിച്ചെടുക്കുന്നത്. കഥയും ഇതിവൃത്തവും എന്തുമാകട്ടെ, അതീവം ഹൃദ്യവും മത്തു പിടിപ്പിക്കുന്നതുമായ ഒരു ഡാന്‍സ് പാര്‍ടിയില്‍ പെട്ടു പോയതു പോലെ നിങ്ങള്‍ക്ക് സിനിമയില്‍ രസിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. കോമഡി കൊണ്ട് കദനകഥകള്‍ ആവിഷ്ക്കരിച്ച ചാര്‍ളി ചാപ്ളിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിന്‍ഗാമി തന്നെയാണ് ഫത്തി അക്കിന്‍ എന്ന് സോള്‍ കിച്ചന്‍ തെളിയിക്കുന്നു.

വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള തരം വിഫലശ്രമങ്ങളാണ് മുഖ്യ കഥാപാത്രമായ സിനോസ് നടത്തുന്നത്. ഇതു പക്ഷെ ജര്‍മനിയില്‍ അധിവസിക്കുന്ന അനവധി ഇതര വംശജരുടെ നിത്യയാഥാര്‍ത്ഥ്യമാണു താനും. പല സംസ്ക്കാരങ്ങള്‍ കൂടിക്കലരുന്ന ആധുനിക യാഥാര്‍ത്ഥ്യത്തെ ആഘോഷിക്കുന്നതിലൂടെ, സവര്‍ണ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന നവനാസിസത്തെ ചെറുക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ജര്‍മന്‍കാരല്ലാത്തവര്‍ക്ക് ജര്‍മനിയിലെ ജീവിതം എന്നത് ഏറ്റവും വിഷമകരമായ ഒരു പോരാട്ടമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിനെ ആവിഷ്ക്കരിക്കാന്‍ രൂപപ്പെട്ട നവ സിനിമാ ഭാവുകത്വത്തിന്റെ മൌനങ്ങളും വ്യസനങ്ങളും ഏകമാനമായ അസ്തിത്വ വ്യഥകളുമല്ല, അഭയാര്‍ത്ഥിത്വവും പ്രവാസവും ദാരിദ്യ്രവും വംശവെറിയും നേരിടുന്നവരുടെ ഭാവങ്ങളെന്ന് വ്യക്തമായി തെളിയിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. പ്രതി-യൂറോപ്യന്‍ സിനിമ എന്നു വിളിക്കാവുന്ന തരത്തിലുള്ള ത്രിമാനവും ബഹുമുഖവുമായ ചലനങ്ങളിലൂടെ ശബ്ദ-വര്‍ണ ബഹളങ്ങള്‍ സൃഷ്ടിക്കുന്ന അക്കിന്‍ കിഴക്കു നിന്നുള്ള മൌലികവാദാഹ്വാനങ്ങളെയും നിരാകരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷവത്ക്കരിക്കുന്ന യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ചുറ്റുപാടുകളുമായി അഗാധമായ ബന്ധമാണുള്ളത്; പക്ഷെ ഒരിക്കലും അവര്‍ക്കതില്‍ മുഴുവനര്‍ത്ഥത്തില്‍ ആശ്രയം ലഭ്യമാവുന്നുമില്ല. ആ ആശ്രയരാഹിത്യമാണ് അവരെ പരസ്പരം സംശയിപ്പിക്കുന്നതിലേക്കും അകറ്റുന്നതിലേക്കും നയിക്കുന്നത്. ദുരന്തത്തിന്റെ ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഫത്തി അക്കിന്റെ തമാശകള്‍ എന്നതിനാലാണ് അത് ചിരിയന്ത്രമായി ഒടുങ്ങിപ്പോകാത്തത്. എല്ലാ തരത്തിലുമുള്ള സ്നേഹങ്ങള്‍ കൊണ്ടാണ് സോള്‍ കിച്ചന്‍ ഊഷ്മളമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് റെസ്റോറണ്ടിനോടുള്ള സ്നേഹം; അക്കിനും സഹപ്രവര്‍ത്തകര്‍ക്കും കഥാപാത്രങ്ങളോടുള്ള സ്നേഹം; ആത്മാവിന് ശരീരത്തോടും തിരിച്ചുമുള്ള സ്നേഹം എന്നിങ്ങനെ പല തരത്തിലുള്ളതും വിചിത്രവുമായ സ്നേഹങ്ങള്‍ സോള്‍ കിച്ചനില്‍ നിന്ന് കണ്ടെടുക്കാനാകും. കൃത്യതയോടെ തുന്നിച്ചേര്‍ത്ത ഒരു പ്രഹസനമാണ് സോള്‍ കിച്ചന്‍. എത്ര മാത്രം വിസ്മയകരവും വിചിത്രവുമായ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരൊക്കെയും എന്ന യാഥാര്‍ത്ഥ്യമാണ് അക്കിനെ ഉത്സാഹഭരിതനാക്കുന്നത്. ഈ ഉത്സാഹമാണ് ദുരന്തങ്ങളുടെ പെരുമഴക്കിടയില്‍ നിന്നും മാനവികതയുടെ ആത്യന്തികമായ മൂല്യത്തെക്കുറിച്ച് വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.

*
ജി. പി. രാമചന്ദ്രന്‍