06 January, 2011

വേണം മലയാള സര്‍വകലാശാല

മലയാള സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ട് കാലമേറെയായി. പക്ഷേ, അധികാരികളുടെ കാതുകളില്‍ അത് ഇന്നുവരെ ചെന്നെത്തിയിട്ടില്ല. കേരളത്തില്‍ മലയാളത്തിന്റെ നില ഏറ്റവും ശോചനീയമാണ്. നമ്മുടെ വിദ്യാഭ്യാസത്തില്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്ന രണ്ടാംകിട പദവിയും ഔദ്യോഗികരംഗത്തും മറ്റും അതിന് കല്പിക്കുന്ന പാതിത്യവും ഇക്കാര്യം വ്യക്തമാക്കുന്നു. മലയാളിക്ക് മലയാളം ശരിയായി സ്വാംശീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവര്‍ അതിനോട് അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മനയം. ഇതിന് മാറ്റംവരുത്താവുന്ന ഒരു ശ്രമവും ഒരിടത്തും നടക്കുന്നില്ല. മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിതമായാല്‍ ഈ ദുരവസ്ഥയ്ക്ക് നല്ല പരിഹാരമാകും. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത് അതാണ്.
മലയാള സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്ന്, മലയാളം നമ്മുടെ മാതൃഭാഷയല്ലേ, അതിന് ഒരു സര്‍വകലാശാല വേണമോ എന്നതാണ്. എന്നാല്‍, ഇത് ഒട്ടും ശരിയല്ല എന്നാണല്ലോ മുകളില്‍ വിവരിച്ച വസ്തുതകള്‍ ബോധ്യമാക്കുന്നത്.
മറ്റൊന്ന്, ഒരു വിഷയത്തിന് മാത്രമായി ഒരു സര്‍വകലാശാല ആവശ്യമുണ്ടോ എന്നതാണ്. ഇത് മലയാള സര്‍വകലാശാല എന്ന പേര് മലയാളം എന്ന വിഷയത്തെമാത്രം പ്രതിനിധാനം ചെയ്യുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടാകുന്നതാണ്. മലയാള സര്‍വകലാശാലയുടെ വിവക്ഷിതം, അത് കേവലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതല്ല; മലയാളിയുടെ ജീവിതത്തോടുബന്ധപ്പെട്ട സകലജ്ഞാനമണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പഠനഗവേഷണാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം എന്നതാണ്. മലയാളിയുടെ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി എന്തൊക്കെയുണ്ടോ അവയെല്ലാം അവിടെ നടക്കുന്ന ഗവേഷണങ്ങളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ ചരിത്രവും ശാസ്ത്രവും സംസ്‌കാരവും ദര്‍ശനവും മാത്രമല്ല, ആധുനികവിജ്ഞാനങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം സൃഷ്ടിക്കപ്പെടും. അതായത്, ഭാഷയ്ക്കും സാഹിത്യത്തിനും അപ്പുറം ശാസ്ത്രസാങ്കേതികവിദ്യകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മലയാളത്തിന്റെ വികസനമായിരിക്കും മലയാള സര്‍വകലാശാല നിര്‍വഹിക്കുന്ന സാമൂഹികോത്തരവാദിത്വം. ഇത് മലയാളിയുടെ ആത്മവിശ്വാസവും പൈതൃകത്തോടുള്ള പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
''മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാലയോ'' എന്ന സന്ദേഹം ഇനിയും തീരാത്തവരോട് ഒരുകാര്യം കൂടി പറഞ്ഞോട്ടെ. ലോകത്ത് ഇത്തരം ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍ നൂറുകണക്കിനുണ്ട്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. അവയില്‍ പലതും നമ്മുടേതിനെക്കാള്‍ വികാസവും പുരോഗതിയും കൈവരിച്ച നാടുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭാഷാ സര്‍വകലാശാലകളാകട്ടെ, നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെ നാലെണ്ണമുണ്ട്. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല, ഹൈദരാബാദിലെ തെലുങ്കു സര്‍വകലാശാല, ഹംപിയിലെ കന്നഡ സര്‍വകലാശാല, കുപ്പത്തെ ദ്രവീഡിയന്‍ സര്‍വകലാശാല എന്നിവയാണവ. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാസര്‍വകലാശാല ഇല്ലാത്തത്.
എന്തിന് മറ്റുസ്ഥലങ്ങളിലേക്കു നോക്കണം? കേരളത്തില്‍ത്തന്നെയുണ്ടല്ലോ എത്രയോ ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍. കാര്‍ഷിക സര്‍വകലാശാല, നിയമ സര്‍വകലാശാല, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സഹകരണ സര്‍വകലാശാല ഇവയൊക്കെ കേരളത്തില്‍ത്തന്നെയല്ലേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്? എങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷാസാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മാത്രം എന്തു തടസ്സമാണുള്ളത്?
മുകളില്‍പ്പറഞ്ഞ സര്‍വകലാശാലകളൊക്കെ കേരളത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇവയിലേതെങ്കിലും ഒന്ന് ഇവിടെ സ്ഥാപിതമായില്ല എന്നതുകൊണ്ട് എന്ത് കോട്ടമാണ് മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നത്? എന്നുതന്നെയല്ല, ഇവയില്‍ പലതും ലോകത്തെവിടെ വേണമെങ്കിലും തുടങ്ങാവുന്നതും അവയുടെ പ്രയോജനം നമുക്കുകൂടി അനുഭവിക്കാവുന്നതുമല്ലേയുള്ളൂ?
എന്നാല്‍, ഇങ്ങനെയാണോ മലയാള സര്‍വകലാശാലയുടെ കാര്യം? കേരളത്തിന്റെ മണ്ണിലല്ലാതെ മറ്റൊരിടത്തും മലയാള സര്‍വകലാശാല സ്ഥാപിക്കാനാവുകയില്ലല്ലോ. എന്നിട്ടും എന്തേ ഈ മണ്ണില്‍ മലയാള സര്‍വകലാശാല മാത്രം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുന്നത്?
ഇവിടെയാണ് മലയാളിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മിഥ്യകളില്‍ അഭിരമിക്കുകയും തനതായതിനോടൊക്കെ തികഞ്ഞ അവജ്ഞ പുലര്‍ത്തുകയുമാണല്ലോ മലയാളിയുടെ ശീലം. ഇതിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമൊട്ടറിയുകയുമില്ല.
ഇപ്പോള്‍ ക്ലാസിക്കല്‍പദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റു സമ്പത്തുകളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണല്ലോ. അത് പല പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല, അതിന്റെ ഇരട്ടിയിലധികമാണ്. അതായത്, കന്നഡത്തിന് ഏറെ പുറകിലുമല്ല, ഏതാണ്ടു തെലുങ്കിനൊപ്പവുമാണ് മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്. പക്ഷേ, ആ ഭാഷകള്‍ക്ക് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹപരിചരണങ്ങളുടെ ഒരംശം പോലും കേരളത്തില്‍ മലയാളത്തിനു കിട്ടുന്നില്ലല്ലോ. ആ ഭാഷകളൊക്കെ ഇതിനകം ക്ലാസിക്കല്‍പദവിയും അനുബന്ധനേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ് അവ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്.നമ്മുടെ വരുംതലമുറകള്‍ സ്വന്തം ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ശരിയായി ഉള്‍ക്കൊണ്ടുവേണം വളരേണ്ടത്. അതിന് സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളത്തിന് അവകാശപ്പെട്ട ഒന്നാംസ്ഥാനം ലഭിച്ചേ മതിയാവൂ. അതിലേറെ, നമ്മുടെ സാംസ്‌കാരികചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയം നടക്കുകയും വേണം. അതിന് ഉത്കൃഷ്ടമായ ലക്ഷ്യധര്‍മങ്ങളും ഉന്നതനിലവാരമുള്ള മലയാള സര്‍വകലാശാല അനിവാര്യമാണ്.
മറ്റെല്ലാ സങ്കുചിത താത്പര്യങ്ങളും വെടിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി മലയാള സര്‍വകലാശാലയ്ക്കുവേണ്ടി അണിനിരക്കണം. സര്‍ക്കാര്‍ ഈ ജനഹിതം മനസ്സിലാക്കി ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കുകയും വേണം. കാരണം, മലയാളിയുടെ ഭാവിയെ നിര്‍ണയിക്കുന്ന മഹാദൗത്യമായിരിക്കും അതു നിറവേറ്റുക.
*
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍

No comments:

Post a Comment

Visit: http://sardram.blogspot.com