07 January, 2011

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോണ്‍ഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.

ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോണ്‍ഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.

"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''.

വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.

നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോണ്‍സാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു.

ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോണ്‍സാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ടണ്‍. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോണ്‍സാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.

മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;

"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.

ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.

പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.

ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.

*
ഡോ. ടി എം തോമസ് ഐസക്

No comments:

Post a Comment

Visit: http://sardram.blogspot.com