05 January, 2011

തുല്യതയിലേക്കിനിയെത്ര ദൂരം

2010 മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ലോകമാകെ ആഘോഷിക്കുന്ന ചരിത്രമുഹൂര്‍ത്തം. സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മകളുടെ ആവേശം കൊണ്ടാടുന്ന ഇതേദിവസം ഇന്ത്യന്‍ പാര്‍ലമെന്റ് ചില അവിസ്‌മരണീയ ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി. നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്ന് വനിതാസംവരണത്തിനായുള്ള ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത് അന്നാണ്. 14 വര്‍ഷം ഇന്ത്യയിലെ വിവിധ വനിതാസംഘടനകളും ലക്ഷക്കണക്ക് സ്‌ത്രീകളും പുരോഗമനവാദികളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെയും പോരാട്ടങ്ങളുടെയും സദ്ഫലത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയവരുടെ മുന്നില്‍ ജനാധിപത്യമൂല്യങ്ങളെ കളങ്കപ്പെടുത്തുന്ന രംഗങ്ങളാണ് അരങ്ങേറിയത്. മാര്‍ച്ച് എട്ട് പകല്‍ രണ്ടിന് രാജ്യസഭയിലെ ചെയര്‍മാനായ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ അധ്യക്ഷതയില്‍ വനിതാസംവരണബില്‍ കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്‌ലി അവതരിപ്പിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതുപോലെ ആര്‍ജെഡിയുടെയും സമാജ് വാദി പാര്‍ടിയുടെയും ലോക് ജനതാദളിന്റെയും എംപിമാര്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് അവിടെ നടന്നത് അസഹിഷ്‌ണുതയുടെ ആക്രോശങ്ങളായിരുന്നു. ആര്‍ജെഡി എംപി സുരേഷ് യാദവ് (രാബ്രിദേവിയുടെ സഹോദരന്‍), രാജ്‌നീതി പ്രസാദ്, കമല്‍ അക്തര്‍ (സമാജ്‌വാദി) എന്നിവര്‍ ചേര്‍ന്ന് വനിതാ സംവരണ ബില്‍ വലിച്ചുകീറി ചെയര്‍മാന്റെ മുഖത്തെറിഞ്ഞു. മേശയില്‍ കയറിനിന്ന് ബഹളമുണ്ടാക്കിയ കമല്‍ അക്തറിനേയും കുഴപ്പമുണ്ടാക്കിയ മറ്റ് എംപിമാരെയും വളരെ ക്ളേശിച്ചാണ് സുരക്ഷാഉദ്യോഗസ്ഥര്‍ സഭയ്‌ക്ക് പുറത്താക്കിയത്. ഒരു ദിവസം അഞ്ചുതവണ സഭ നിര്‍ത്തിവയ്‌ക്കേണ്ട അനുഭവമാണ് അന്നുണ്ടായത്.

പിറ്റേദിവസം ഹമീദ് അന്‍സാരിയുടെ അധ്യക്ഷതയില്‍ ചര്‍ച്ചയൊന്നും കൂടാതെ ബില്‍ വോട്ടിനിട്ടു. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ വനിതാ സംവരണബില്‍ രാജ്യസഭയില്‍ പാസായി. ഇത് സ്‌ത്രീശാക്തീകരണത്തോടുള്ള യുപിഎ സര്‍ക്കാരിന്റെയും വിശേഷിച്ച് സോണിയാഗാന്ധിയുടെയും പ്രതിബദ്ധതയ്‌ക്ക് തെളിവായാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത്. സാര്‍വദേശീയ വനിതാദിനത്തിന്റെ നൂറാംവാര്‍ഷികവേളയില്‍ 2010ലെ ഇന്ത്യന്‍ സ്‌ത്രീസമൂഹത്തിന്റെ നേട്ടമായി ഇത് ആഘോഷിക്കപ്പെട്ടു. വനിതാ സംവരണബില്‍ പാസാക്കിയ നേട്ടം ഒന്നര ദശകത്തെ ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്. എന്നാല്‍ ലോക്‌സഭയില്‍ ഇത് പാസാകാത്തിടത്തോളം നിഷ്‌ഫലമാണ്. 2010 ഇന്ത്യയിലെ ഭരണരംഗത്തേക്ക് മൂന്നിലൊന്ന് സ്‌ത്രീകളുടെ രംഗപ്രവേശം കുറിക്കുമെന്നും ചരിത്രവര്‍ഷമാകുമെന്ന പ്രതീക്ഷ അസ്‌തമിച്ചു. നിരവധി ജനദ്രോഹ നിയമങ്ങളും നയങ്ങളും നടപ്പാക്കുന്നതിന് സമാജ്‌വാദി പാര്‍ടി അടക്കമുള്ളവരുടെ പിന്തുണ വേണമെന്നുള്ളതിനാല്‍ യുപിഎ അതിസമര്‍ഥമായി വനിതാ സംവരണബില്ലിനെ വിലപേശലിനുള്ള കരുവാക്കി മാറ്റിയിരിക്കുന്നു. ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാസംവരണ ബില്‍ ലിസ്റ്റ് ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാതിരിക്കുന്നത് ഇതിന്റെ തെളിവാണ്.

വനിതാ സംവരണ ബില്ലിനെ സംബന്ധിച്ചിടത്തോളം 2010 ഓര്‍മിക്കപ്പെടാന്‍ പോകുന്നത് രാജ്യസഭയില്‍ പാസായതിന്റെ പേരിലായിരിക്കില്ല, ഇതിന്റെ പേരില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ന്ന പ്രതിഷേധ കോലാഹലങ്ങളുടെ പേരിലായിരിക്കും. 62 വര്‍ഷം പൂര്‍ത്തിയായ സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യതയിലേക്ക് ഇനിയുമെത്രയോ ദൂരം എന്ന് ഈ കോലാഹലങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തി. പിന്നോക്കജാതിയുടെയും മുസ്ളിം സ്‌ത്രീകളുടെയും പേരുപറഞ്ഞ് സ്‌ത്രീകളുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല, പുറത്ത് വനിതാ സംവരണത്തെ പിന്തുണക്കുന്നുവെന്ന നാട്യവും ഉള്ളില്‍ ഇതിനെതിരായ കടുത്ത വിദ്വേഷം വച്ചുപുലര്‍ത്തുന്നവരും രാഷ്‌ട്രീയം സ്‌ത്രീകളുടെ പണിയല്ല എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന യാഥാസ്ഥിതികരും ഇന്ത്യന്‍ സമൂഹത്തില്‍ ഒരു നിര്‍ണായക പങ്കുണ്ടെന്നും അവര്‍ സംഘടിതരാണെന്നും ഉള്ള സത്യത്തെ ഈ സംഭവം നാടകീയമായി പ്രത്യക്ഷപ്പെടുത്തി. ലിംഗ തുല്യതക്കായുള്ള ഇന്ത്യന്‍ സ്‌ത്രീയുടെ പോരാട്ടം കഠിനവും നിരന്തരവുമായിരിക്കണമെന്ന പാഠമാണ് ഇത് നല്‍കുന്നത്.

എന്നാല്‍ സ്‌ത്രീകളുടെ പൊതുരംഗപ്രവേശനം ഒരു രാഷ്‌ട്രീയപ്രക്രിയയാണെന്നും അതിന് സാഹചര്യമൊരുക്കുക എന്നത് രാഷ്‌ട്രീയ ഇച്‌ഛാശക്തിയുടെ പ്രതിഫലനമാണെന്നും കേരളം 2010ല്‍ ആവര്‍ത്തിച്ചു. കേരളത്തിലെ മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും സ്‌ത്രീകളുടെ സാമൂഹ്യപദവിയിലെ പിന്നോക്കാവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യം വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു ദശകം കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയരംഗത്തെ ലിംഗ സമവാക്യങ്ങളില്‍ പ്രകടമായ മാറ്റങ്ങളുടെ കാലമാണ്. പ്രാദേശിക ഭരണരംഗത്ത് 40 ശതമാനത്തിലധികം വരുന്ന സ്‌ത്രീ സാന്നിധ്യമാണ് കേരളത്തിലുണ്ടായിരുന്നത്. ഒന്നരദശകമായുള്ള അധികാരവികേന്ദ്രീകരണം കേരളത്തിലെ സ്‌ത്രീയുടെ അദൃശ്യതയെ ചോദ്യം ചെയ്യുന്ന ഒരു രാഷ്‌ട്രീയപ്രക്രിയ കൂടിയാക്കിമാറിയെന്നത് ഇന്ത്യയില്‍ മറ്റൊരിടത്തും അവകാശപ്പെടാനാകാത്ത സവിശേഷതയാണ്. 1999ല്‍ ആരംഭിച്ച കുടുംബശ്രീ വീടിന് പുറത്ത് സ്‌ത്രീകള്‍ക്ക് ഒരു പൊതുഇടം സൃഷ്‌ടിക്കുന്നതരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക തുടര്‍ച്ചയെന്ന നിലയിലാണ് തദ്ദേശഭരണരംഗത്ത് 50 ശതമാനം വനിതാ സംവരണം കേരള സര്‍ക്കാര്‍ അംഗീകരിച്ചത്. ബീഹാറും ഛത്തീസ്‌ഗഢും അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഇതിനുമുമ്പുതന്നെ 50 ശതമാനം വനിതാ സംവരണം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേവലം വനിതാസംവരണം സ്‌ത്രീകളുടെ സാമൂഹ്യ-രാഷ്‌ട്രീയ ശാക്തീകരണം സാധ്യമാക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി, സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പ്രതീകങ്ങളായി ഈ സംസ്ഥാനങ്ങള്‍ തുടരുകയാണ്.

2010ല്‍ രാജ്യത്തിനുതന്നെ കേരളത്തിന്റെ സംഭാവന തദ്ദേശഭരണരംഗത്തെ ലിംഗതുല്യതയാണ്. മുനിസിപ്പാലിറ്റിയുള്‍പ്പെടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവിയടക്കം പകുതി സ്‌ത്രീകള്‍ക്കായി സംവരണം ചെയ്യുന്നത് രാജ്യത്താദ്യമായിട്ടാണ്.

ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യത കേവലം ഭരണരംഗത്ത് മാത്രമല്ല, അത് അവകാശതുല്യതയും അവസര തുല്യതയും കൂടിയാണ്.

പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍പോലും അവകാശം നിഷേധിക്കപ്പെടുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്കുപോലും അവസരം ലഭിക്കാത്ത സമൂഹമാണ് സ്വാതന്ത്ര്യലബ്‌ധിക്ക് ആറുദശകങ്ങള്‍ക്കുശേഷവും ഇന്ത്യയെന്നതിന് 2010 നിരവധി തവണ സാക്ഷിയായി. ഹരിയാനയിലും രാജസ്ഥാനിലുമെല്ലാം ഇന്നും സാമൂഹ്യജീവിതം നിര്‍ണയിക്കുന്നതില്‍ ജാതി-മത-ഫ്യൂഡല്‍ അധികാര സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്കാണുള്ളത്. പ്രണയിച്ചുവിവാഹം കഴിച്ചതിന്റെ പേരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട മനോജിന്റെയും ബബ്ലിയുടെയും ദുരന്തകഥയുടെ ആഘാതം ഒടുങ്ങുന്നതിനുമുമ്പ് നിരവധി അഭിമാന കൊലപാതകങ്ങള്‍ (Honor killing) 2010ല്‍ ഹരിയാനയിലും ഡല്‍ഹിയിലും ഝാര്‍ഖണ്ഡിലുമെല്ലാം അരങ്ങേറി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനമായ ഹരിയാനയില്‍നിന്ന് 2010ല്‍ കേട്ട വാര്‍ത്തകള്‍ സ്‌ത്രീകളുടെ നിലനില്‍പ്പിനേയും ആത്മാഭിമാനത്തേയും ചോദ്യം ചെയ്യുന്നവയായിരുന്നു.

ജാതി-ജന്മി മേധാവിത്വത്തിന്റെ അടിച്ചമര്‍ത്തല്‍ നിത്യജീവിതത്തില്‍ കഠിനമായി നേരിടുന്നവരാണ് ഇന്നും ഇന്ത്യന്‍ സ്‌ത്രീകളില്‍ നല്ല പങ്കും. ലിംഗപരവും വര്‍ഗപരവും ജാതിപരവുമായ വിവേചനങ്ങളുടെ ദുരിതങ്ങളേറ്റുവാങ്ങുന്ന ഇന്ത്യയിലെ ദളിത് സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം നിരാശയുടെ നിരവധി അനുഭവങ്ങളാണ് 2010 നല്‍കിയത്. ദളിതരുടെയും പിന്നാക്കക്കാരുടെയും രക്ഷകയായി അവതരിപ്പിച്ച മായാവതിയും ബിഎസ്‌പിയും ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദളിത് സ്‌ത്രീകള്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമിക്കപ്പെട്ടതിന്റെയും ജന്മിമാരുടെ ഗുണ്ടകള്‍ സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ചതിന്റെയും വാര്‍ത്തകള്‍ 2010ന്റെ സംഭാവനയായിരുന്നു. ഇന്ത്യയിലെ ഭൂരഹിതരായ ദളിതരെയും പിന്നോക്കവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം 2010 ദുരിതങ്ങളുടെ ഒരു തുടര്‍ക്കഥ തന്നെയായിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാജ്യസഭയിലും ലോക്‌സഭയിലും കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയ കണക്കുകളിലും റിപ്പോര്‍ട്ടുകളിലും കാണാനാകുന്ന വസ്‌തുത കുഞ്ഞുങ്ങളുടെയും സ്‌ത്രീകളുടെയും പോഷകാഹാരക്കുറവും രോഗാതുരതയുമാണ്. എഫ് സി ഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം ചീഞ്ഞളിയുമ്പോള്‍ ഇന്ത്യയിലെ 58 ശതമാനത്തിലധികം വരുന്ന വിളര്‍ച്ചരോഗം ബാധിച്ച ഗര്‍ഭിണികള്‍ തൂക്കമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുകയും കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ അഞ്ചുവയസ്സിനുമുമ്പ് മരണമടയുകയും ചെയ്യുന്നു. ലോകത്ത് അഞ്ച് വയസ്സിന് താഴെ മരണമടയുന്ന കുഞ്ഞുങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന വിവരം 2010ലെ ലോകാരോഗ്യ റിപ്പോര്‍ട്ട് ഇന്ത്യയെ ഓര്‍മിപ്പിക്കുന്നു.

ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും അതിക്ളേശങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ട സ്‌ത്രീകളുടെ ചുമലിലാണ് ഇന്ത്യന്‍ഗ്രാമങ്ങളിലെ മൂന്നില്‍ ഒന്ന് കുടുംബങ്ങളും എന്നത് വര്‍ത്തമാന സ്‌ത്രീ ജീവിതത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്നു. നിലവിലുള്ള ബിപിഎല്‍ ആനുകൂല്യംപോലും നിഷേധിക്കുന്നതരത്തിലുള്ള ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാന്‍ പോകുന്നു എന്നത് 2010 ലെ നിറഞ്ഞ ഭീഷണിയാണ്. അത് 2011ന്റെ ഭീഷണിയും ആശങ്കയും സത്യവുമായി മാറ്റാന്‍ പോകുന്നുവെന്നതാണ് ഇപ്പോഴത്തെ സൂചനകള്‍.

2010 രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ശക്തിദുര്‍ഗങ്ങളായി ജീവന്‍ ബലികഴിച്ചും ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ നിരവധി ധീരവനിതകള്‍ക്കായി സമര്‍പ്പിക്കപ്പെടേണ്ട വര്‍ഷമാണ്.

ബംഗാളിലെ മാവോയിസ്റ്റ്- തൃണമൂല്‍ ആക്രമണത്തില്‍ നാല് സ്‌ത്രീകള്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമില്ലാതായി. സ്‌ത്രീകള്‍ക്ക് ക്രൂരമര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നു. മാവോയിസ്റ്റ്-തൃണമൂല്‍ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനൊടുവില്‍ ജീവനോടെ കുഴിച്ചുമൂടിക്കൊന്ന അങ്കണവാടി പ്രവര്‍ത്തകയായ ഛാബി മഹാദോയുടെയും മറ്റ് ധീരവനിതകളുടെയും 150ല്‍ അധികം വരുന്ന ധീരസഖാക്കളുടെയും രക്തസാക്ഷിത്വം 2010നെ പോരാട്ടചരിത്രത്തിന്റെ ഭാഗമാക്കുന്നു.

നേട്ടങ്ങളുടെയും വിജയാഹ്ളാദങ്ങളുടെയും നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ 2010നുണ്ട്. എന്നാല്‍ 120കോടി ജനങ്ങളുടെ രാജ്യത്ത് പാതിയോളം വരുന്ന സ്‌ത്രീസമൂഹത്തിന്റെ ഭാഗധേയം ഒറ്റപ്പെട്ട വിജയങ്ങളിലൂടെയല്ല നിര്‍വചിക്കപ്പെടേണ്ടത്. ലിംഗതുല്യതയും സ്‌ത്രീശാക്തീകരണവും സംബന്ധിച്ച ഗീര്‍വാണപ്രസംഗങ്ങളല്ല, രാഷ്‌ട്രീയ ഇച്‌ഛാശക്തിയോടെയുള്ള പ്രായോഗിക നടപടികളാണ് ഭരണകൂടങ്ങളില്‍ നിന്ന് ഇന്ത്യയിലെ സ്‌ത്രീകള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍പോലും രാത്രിയും പകലും സ്‌ത്രീകള്‍ ആക്രമിക്കപ്പെടുകയും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് സുരക്ഷ നഷ്‌ടപ്പെടുകയും ചെയ്യുന്നത് പൊതുഇടങ്ങളില്‍ സ്‌ത്രീയുടെ സാന്നിധ്യം തന്നെ നിഷേധിക്കലാണ്. ഇത്തരം നിരവധി ഞെട്ടിക്കുന്ന വാര്‍ത്തകളുമായാണ് 2010 യാത്രയാകുന്നത്. എന്നാല്‍ അതോടൊപ്പം സ്‌ത്രീകളുടെ മുന്നേറ്റത്തിന് ഭരണപരവും രാഷ്‌ട്രീയവുമായ പിന്തുണയും സാഹചര്യവുമൊരുക്കുന്ന കേരളത്തിലെ ഇടതുപക്ഷ ബദല്‍ പ്രതീക്ഷ നല്‍കുന്നു. ജനിക്കാനും പഠിക്കാനും ചിന്തിക്കാനും സഞ്ചരിക്കാനും പണിയെടുക്കാനും സ്വന്തം ജീവിതം നിര്‍ണയിക്കാനുമുള്ള ഇന്ത്യന്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നത് കടുത്ത രാഷ്‌ട്രീയ പോരാട്ടമാണെന്ന തിരിച്ചറിവ് ഒരു അനുഭവപാഠം കൂടിയായി മാറി 2010.

*****

ടി എന്‍ സീമ എംപി

No comments:

Post a Comment

Visit: http://sardram.blogspot.com