03 January, 2011

പീഢനവും ലൈംഗികതയുമല്ലാതെ സ്‌ത്രീയെന്തെഴുതും ?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം തീരുന്നു. മാനവരാശിയുടെ പകുതിയിലധികം വരുന്ന സ്‌ത്രീകള്‍ എന്തു പറയുന്നു എന്നറിയാന്‍ കാതോര്‍ത്തിരുന്നു. ഈ വര്‍ഷം കേരളത്തില്‍ 50ശതമാനം സ്‌ത്രീകള്‍ പൊതുഭരണത്തില്‍ അധികാരത്തില്‍ വന്നു. മുമ്പൊന്നും സംഭവിക്കാത്ത വലിയ മാറ്റമാണിത്്. ഞങ്ങളും ഇവിടെയുണ്ട് എന്ന് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. അതിന്റെ പോരായ്‌മകളൊക്കെ ഇനിയും പരിഹരിക്കാം.

കാലം നീണ്ടുപരന്നുകിടക്കുന്നു. എന്തായാലും ആദ്യപടി സംഭവിച്ചു. ഉന്തിത്തള്ളിമാറ്റിയ ഇടത്തില്‍ അവള്‍ കയറിയിരുന്നു. ഭൂമിയില്‍ കമിഴ്ന്നു കിടന്നു കാണുന്നതിനേക്കാള്‍ വ്യത്യസ്‌തമായിരിക്കും ഇരിപ്പിടത്തില്‍ നിവര്‍ന്നിരുന്നുകൊണ്ടുള്ള അവളുടെ കാഴ്‌ച. ആ കാഴ്‌ചകളെ അവളിനിയും പറയാനിരിക്കുന്നതേയുള്ളൂ. ഇതുവരെ അവള്‍ വിളിച്ചുപറഞ്ഞതെല്ലാം ഇരിപ്പിടത്തില്‍നിന്ന് ഉന്തിത്തള്ളി താഴെയിട്ടപ്പോള്‍, മണ്ണില്‍ മൂക്കുംകുത്തി വീണപ്പോള്‍, ആ വേദനയിലും അപമാനത്തിലും തലയുയര്‍ത്താതെ കണ്ണിന്റെ ഇത്തിരിവെട്ടത്തില്‍ കണ്ട കാഴ്‌ചകളായിരുന്നു. അത്രമാത്രം അതു സത്യസന്ധവുമാണ്. ആദ്യമൊന്നും ഈ പറച്ചിലിനെ ലോകം അനുവദിച്ചില്ല. അതുവെറും തേങ്ങലായ് ഒതുക്കി. പിന്നെയാണ് ഞരങ്ങിയും വിങ്ങിയും പറഞ്ഞുതുടങ്ങിയത്. ആ പറച്ചിലിലെ വേദന പുരുഷന് ഇഷ്‌ടപ്പെട്ടു. ഇരയുടെ വേദന കണ്ട് രസിക്കുന്ന വേട്ടക്കാരനെപ്പോലെ അവനത് ആഘോഷിച്ചു.

ഫെമിനിസമെന്നും പെണ്ണെഴുത്തെന്നും മാര്‍ജിനിട്ട് അതിനെ മാറ്റിനിര്‍ത്തി, വികലാംഗര്‍ക്ക് നല്‍കുന്ന പരിഗണനപോലെ അതിനെയും പരിഗണിച്ചു. എലിക്ക് പ്രാണസഞ്ചാരം പൂച്ചയ്‌ക്ക് കളിവിളയാട്ടം എന്നൊരു ചൊല്ലുണ്ടല്ലോ? കുറേനേരം പൂച്ചയുടെ ഔദാര്യത്തില്‍ ഈ കളിതുടര്‍ന്നപ്പോള്‍ എലി ആ കളിയില്‍ ഒരു സുഖം കണ്ടെത്തി. നമ്മുടെ സ്‌ത്രീകളുടെ മുഖ്യധാര എഴുത്തും ഇതുപോലെയാണ്. ഒരു സ്‌ത്രീയുടെ രചനകള്‍ മുഖ്യധാര മാധ്യമങ്ങളില്‍ വരണമെങ്കില്‍, അത് ആഘോഷിക്കപ്പെടണമെങ്കില്‍ അവള്‍ ഈ ഇരയുടെ വിലാപം നടത്തിക്കൊണ്ടിരിക്കണം. ഒരു സ്‌ത്രീക്ക് എഴുത്തുകാരിയായി സമൂഹത്തിന്റെ, അംഗീകാരം കിട്ടണമെങ്കില്‍ ഒന്നുകില്‍ പീഡനത്തെക്കുറിച്ച് അല്ലെങ്കില്‍ ലൈംഗികതയെപ്പറ്റി പറയണം. ഇതു രണ്ടുംകൂടി ഒരുമിച്ചായാല്‍ ഏറെ ഗുണകരം. അങ്ങനെ പറയുകയും എഴുതുകയും ചെയ്യുന്ന ഒരു എഴുത്തുകാരിക്ക് മാത്രമേ എഴുത്തിലൊരു സാന്നിധ്യമായി നിലനില്‍പ്പുള്ളൂ. ഇങ്ങനെ എഴുതുന്ന ഒരുവള്‍ പ്രസാധകര്‍ക്കും എഡിറ്റര്‍മാര്‍ക്കും പ്രിയപ്പെട്ടവളാണ്. അതാണ് എഴുത്തിലേക്ക് കടക്കാന്‍ സ്‌ത്രീക്കുള്ള വിശാലമായ വാതില്‍.

സമീപകാലങ്ങളിലായി മലയാള പ്രസിദ്ധീകരണരംഗത്ത് ആഘോഷിക്കപ്പെട്ടതും ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടതും സ്‌ത്രീകളുടെ ഇത്തരം രചനകളാണല്ലോ. ലൈംഗികത്തൊഴിലാളിയുടെ ആത്മകഥയും കന്യാസ്‌ത്രീയുടെ പീഡനകഥകളും കോളേജധ്യാപികയുടെ രതികാവ്യതര്‍ജമയും ഒക്കെയാണല്ലോ പ്രസാധകര്‍ക്ക് ഏറ്റവും അധികം ലാഭം ഉണ്ടാക്കിക്കൊടുത്ത പുസ്‌തകങ്ങള്‍.

ആനുകാലികങ്ങളില്‍ സ്വന്തം രചനകളുമായി ധാരാളം സ്‌ത്രീകള്‍ പ്രത്യക്ഷപ്പെട്ട വര്‍ഷംകൂടിയാണ് കടന്നുപോയത്. ചെറുതും വലുതുമായ പ്രസാധകരില്‍നിന്ന് പുതിയ എഴുത്തുകാരികളുടേതടക്കം അത്ര കുറവല്ലാത്ത പുസ്‌തകങ്ങളും പുറത്തുവന്നു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച സ്‌ത്രീ എഴുത്തുകാരികളുടെ സംഗമത്തില്‍ പുതിയതും മുമ്പ് എഴുതിക്കൊണ്ടിരുന്നവരുമായ കുറേ എഴുത്തുകാരികള്‍ വന്നുചേര്‍ന്നിരുന്നു. അതില്‍ പലരും സ്വന്തമായി പുസ്‌തകം പ്രസാധനം ചെയ്‌തവരാണ്. സ്വന്തമായി ബ്ളോഗുകള്‍ ഉള്ളവരും തൊഴിലില്‍നിന്നു വിരമിച്ചവരും പുതിയ പെണ്‍കുട്ടികളും വീട്ടമ്മമാരും ഉദ്യോഗസ്ഥരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ച ഇരയുടെയും വേട്ടക്കാരന്റെയും ദ്വന്ദ്വത്തില്‍ ഒതുങ്ങി നിന്നു.

വീടിനുപുറത്തും തൊഴിലിടങ്ങളിലും തങ്ങള്‍ക്കാവശ്യമുള്ളിടത്തോളം പുരുഷസുഹൃത്തുക്കളുള്ളവരും വീട്ടില്‍ ഭര്‍ത്താവിന്റെയോ അച്‌ഛന്റെയോ സഹോദരന്റെയോ എല്ലാ പിന്തുണയും ലഭിക്കുന്നവരും സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ കൂടാതെ മധ്യവര്‍ഗജീവിതം ജീവിക്കുന്നവരുമാണ് നമ്മുടെ സ്‌ത്രീ എഴുത്തുകാരില്‍ വലിയൊരു വിഭാഗം. എന്നാലും ഇവരും ഇരയുടെ വിലാപംതന്നെ മുഴക്കിക്കൊണ്ടിരിക്കും. കാരണം മാര്‍ക്കറ്റാണ് പ്രധാനം. എന്നാല്‍, സത്യസന്ധമായി ഇതു പറയേണ്ടവര്‍ ഇനിയും പറയാന്‍ തുടങ്ങിയിട്ടില്ല. അവരുടെ ആത്മകഥകളാണ് മലയാളത്തില്‍ സ്‌ത്രീയുടെ ശക്തമായ സാന്നിധ്യമായി ഇനിയും വരാനിരിക്കുന്നത്. ഒരു അമ്മവഴിചരിത്രം അതിന്റെ ഊര്‍ജം ഇനിയും മലയാള സാഹിത്യത്തില്‍ രൂപപ്പെടേണ്ടതുണ്ട്. മാധവിക്കുട്ടിയും സാറാജോസഫും അതിനൊരു വഴിതുറന്നുതന്നു. ആ ധാരയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന രചനകളൊന്നും പോയവര്‍ഷം നമുക്കു ലഭ്യമായിട്ടില്ല.

ആരെങ്കിലും വ്യത്യസ്‌തമായി ലോകത്തെ കാണുകയും അത് തങ്ങളുടെ എഴുത്തിലൂടെ അവതരിപ്പിക്കുകയും ചെയ്‌താല്‍തന്നെ അത്തരം രചനകളൊന്നും പ്രധാന പ്രസാധകരില്‍നിന്ന് പുറത്തുവരുന്നതും അസാധ്യം. വേനല്‍ക്കാലത്ത് മധുരനാരങ്ങ വിറ്റഴിയുംപോലെ’ വിറ്റഴിയേണ്ട പുസ്‌തകമാണ് അവര്‍ക്കാവശ്യം.

പലപ്പോഴും ഒരു എഴുത്തുകാരി പുറത്തുവരിക ഭര്‍ത്താവ് പ്രശസ്‌തനാണെങ്കില്‍ അയാളുടെ മരണശേഷം അയാളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുമായിട്ടായിരിക്കും. റോസി തോമസിനെപ്പോലെ ആന്തരികമായി കരുത്തുള്ള ഒരു എഴുത്തുകാരിയെപ്പോലും (അവരുടെ ഒന്നാം ചരമവാര്‍ഷികമായിരുന്നു ഡിസംബര്‍ 16) ഓര്‍മിക്കുന്നത് 'ഇവന്‍ എന്റെ പ്രിയ സി ജെ'" എന്ന ഓര്‍മപ്പുസ്‌തകത്തിന്റെ പേരിലാണ്. എല്ലാ പത്രമാസികകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും സ്‌ത്രീകള്‍ക്കുമാത്രമായി നടത്തുന്ന പ്രോഗ്രാമുകളുണ്ട്. അതില്‍ ഏതെങ്കിലും രംഗത്ത് പ്രശസ്‌തിയിലേക്ക് എത്തിയ സ്‌ത്രീയെ അവതരിപ്പിക്കുമ്പോള്‍ അവസാനം ചോദിക്കുന്ന ചോദ്യം ഇങ്ങനെയായിരിക്കും. അതാണ് പ്രധാനം. നിങ്ങളുടെ വളര്‍ച്ചയില്‍ കുടുംബം എങ്ങനെ സഹായിക്കുന്നു/നിങ്ങള്‍ ഇത്രസമയം വീട്ടില്‍നിന്നു മാറിനില്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളുടെയും ഭര്‍ത്താവിന്റെയും കാര്യം ആരു നോക്കും?/ഏതു തരത്തിലും നിറത്തിലുമുള്ള വസ്‌ത്രമാണ് ധരിക്കാനിഷ്‌ടം. ഇങ്ങനെ പോകും. ഇതേ ചോദ്യം ഒരിക്കലും ഒരു പുരുഷനെ ഇന്റര്‍വ്യു ചെയ്യുമ്പോള്‍ ചോദിച്ചുകേട്ടിട്ടില്ല.

ഇതിന്റെ അര്‍ഥം ഇതാണ്. സമൂഹം നിശ്ചയിക്കപ്പെട്ടിരിക്കുന്ന സ്‌ത്രീയുടെ ഇടം വീടും അവസ്ഥ ഇരയുടേതുമാണ്. അവളതു ലംഘിക്കുന്നുണ്ടോ എന്ന് ഓര്‍മപ്പെടുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. വേട്ടക്കാരന്റെയും ഇരയുടെയും റോളില്‍നിന്ന് എന്നാണോ സ്‌ത്രീക്കും പുരുഷനും പുറത്തുകടക്കാന്‍ കഴിയുക അപ്പോള്‍ മാത്രമേ സ്‌ത്രീയുടെ യഥാര്‍ഥ സത്തയിലൂന്നിയ രചനകള്‍ പുറത്തുവരികയുള്ളൂ.

നമ്മുടെ ഏറ്റവും പുതിയ എഴുത്തുകാരികള്‍ എഴുത്തിനെ എങ്ങനെ കാണുന്നു എന്നത് പ്രധാനമാണ്. അക്കാദമിയില്‍ നടന്ന സ്‌ത്രീകളുടെ സംഗമത്തില്‍ ഇന്ദുമേനോന്‍ പറഞ്ഞു. 'ഞാന്‍ കഥകളെഴുതുന്നത് എന്റെ അമ്മ കുഞ്ഞിനെ നോക്കുകയും അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കുകയും ചെയ്യുന്നതുകൊണ്ടും രാത്രി ഭര്‍ത്താവ് എന്നെ ഇരുന്ന് എഴുതാന്‍ അനുവദിക്കുന്നതുകൊണ്ടുമാണ്.'

" ഗൌരവപൂര്‍വം മലയാള ചെറുകഥയില്‍ ഇടപെടുന്ന എഴുത്തുകാരിപോലും എഴുത്തിനെ കാണുന്നത് മറ്റുള്ളവരുടെ ഔദാര്യത്തില്‍ നടക്കുന്ന, ജീവിതവുമായി ബന്ധമില്ലാത്ത, എഴുതാന്‍വേണ്ടി മാത്രമുള്ള ഒന്ന് എന്നാണ്. സ്‌ത്രീക്ക് എല്ലാ ജോലിയും കഴിഞ്ഞ് അല്‍പ്പസമയമേ എഴുതാന്‍ കിട്ടുന്നുള്ളൂ അതുകൊണ്ട് അവളുടെ എഴുത്തിനെ ആ പരിമിതിയോടെ കാണണം" എന്നാണ് കവിതാരംഗത്ത് സജീവസാന്നിധ്യമായ ബിന്ദുകൃഷ്ണന്‍ ഒരു ലേഖനത്തില്‍ എഴുതിയത്. പുതിയ എഴുത്തുകാരികളുടെ കൂട്ടത്തിലെ രോഷ്നിസ്വപ്ന ഒരഭിമുഖത്തില്‍ പറയുന്നത് തന്റെ അച്‌ഛനും ഭര്‍ത്താവും ഇത്രയധികം കൂടെനില്‍ക്കുന്നതുകൊണ്ടാണ് എഴുതാന്‍ കഴിയുന്നത് എന്നാണ്."

ഈ വര്‍ഷം വായനയില്‍ ശ്രദ്ധേയമായ ചില സ്‌ത്രീ രചനകള്‍ ഇവയൊക്കെയായിരുന്നു. ദയാബായ്- പച്ചവിരല്‍, പി ഗീത - പെണ്‍കാലങ്ങള്‍, സജിത മഠത്തില്‍- മലയാള നാടകസ്‌ത്രീചരിത്രം, ജെ ദേവിക- കുലസ്‌ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ, കെ ആര്‍ ഗൌരിയമ്മ- ആത്മകഥ എന്നിവയാണ്. വ്യത്യസ്‌തങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ പുസ്‌തകങ്ങള്‍ ഈ വര്‍ഷം പുറത്തിറങ്ങിയിട്ടുണ്ട്.


*****


ഡോ. റോസി തമ്പി

No comments:

Post a Comment

Visit: http://sardram.blogspot.com