04 January, 2011

നീതിന്യായ സംവിധാനം വിചാരണ ചെയ്യപ്പെടുന്നു

"ന്യായാധിപരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയുണ്ടായാല്‍ അതിന്നര്‍ഥം ഒരു സമൂഹംതന്നെ അവസാനിക്കുന്നുവെന്നാണ്"
-ബല്‍സാക്


സമീപകാലത്ത് ചില ന്യായാധിപര്‍ക്കെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക്, അഴിമതിയാരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റ് ഭീഷണി നേരിട്ട ജസ്റ്റിസ് രാമസ്വാമിയുടെ പോലും വ്യക്തിത്വം എത്രയോ ഉയരത്തിലാണെന്ന് തോന്നിപ്പോകും. മുന്‍ ചീഫ് ജസ്റ്റിസുമാരുടെ നേരേ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് മുന്‍ നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ നല്‍കിയ സത്യവാങ്മൂലം യഥാര്‍ഥത്തില്‍ നടക്കാതെപോയ ഇംപീച്ച്‌മെന്റിനേക്കാളും ചരിത്രപ്രാധാന്യമുള്ളതാണ്. ഇപ്പോഴിതാ, കേരളീയര്‍ മാത്രമല്ല, ഒരു രാഷ്ട്രംതന്നെ അര്‍പ്പിച്ച പ്രതീക്ഷകളെ തകര്‍ക്കുന്നവിധത്തില്‍ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണനെതിരെ ആക്ഷേപമുയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രി എ. രാജ, മദ്രാസ് ഹൈക്കോടതിയിലെ ന്യായാധിപനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ ജസ്റ്റിസ് രഘുപതി എഴുതിയ കത്തിന്റെ കാര്യത്തില്‍, ജസ്റ്റിസ് ഗോഖലയെയും ജസ്റ്റിസ് രഘുപതിയെയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ജസ്റ്റിസ് ബാലകൃഷ്ണനെ വിശ്വസിക്കാന്‍ കഴിയില്ല. അംബാനിമാര്‍ തമ്മിലുണ്ടായ കേസ്, എസ്.എന്‍.സി. ലാവലിന്‍ കേസ് എന്നിവയുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ('ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസ്' 2010 ഡിസംബര്‍ 12, ഡിസംബര്‍ 31.) ഇവയോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് 2010 മെയ് അഞ്ചിന് 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ പ്രസിദ്ധീകരിച്ച നാഗേന്ദര്‍ശര്‍മയുടെ റിപ്പോര്‍ട്ട്.

ജസ്റ്റിസ് ബാലകൃഷ്ണന്റെ അടുത്തബന്ധുവായ സി.ടി. രവികുമാറിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചപ്പോള്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ അധിപന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ തന്നെയായിരുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്‍ പാനലില്‍നിന്നു 'സ്വയം മാറിനിന്നുകൊണ്ടാ'ണ് രവികുമാറിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതെന്ന് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് പറയുന്നു. ന്യായാധിപബന്ധുക്കള്‍ ഇന്ത്യന്‍ നീതിനിര്‍വഹണ സംവിധാനത്തിന് ഏല്പിച്ച ക്ഷതങ്ങളെക്കുറിച്ച് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്തന്നെ പരാമര്‍ശിച്ച സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന് പ്രത്യേക സാംഗത്യമുണ്ട്. ഉയര്‍ന്ന കോടതികളിലേക്കുള്ള ന്യായാധിപനിയമനം ഇങ്ങനെയൊക്കെയാണോ നടക്കേണ്ടത് എന്ന വിഷയത്തില്‍ ഒരു ദേശീയസംവാദം ആവശ്യമാണ്. അലഹാബാദ് ഹൈക്കോടതിയിലെ 'ദുര്‍ഗന്ധ'ത്തെക്കുറിച്ച് സുപ്രീംകോടതിയിലെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഈയിടെ വാചാലനാവുകയുണ്ടായി. എന്നാല്‍ ജസ്റ്റിസ് ബാലകൃഷ്ണന്റെ ചില അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വിവരാവകാശനിയമം അനുസരിച്ച് സ്വത്ത് വെളിപ്പെടുത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഭരണവിഭാഗം മുമ്പ് കാണിച്ച നിഷേധാത്മക സമീപനവുമെല്ലാം സുഖകരമായ സന്ദേശങ്ങളല്ല നല്കുന്നത്.

സ്വത്ത് വിവരം വെളിപ്പെടുത്താന്‍ സുപ്രീംകോടതിയിലെ ന്യായാധിപരും ബാധ്യസ്ഥരാണെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഭരണവിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ആ നടപടി സുപ്രീംകോടതിയെന്ന മഹത്സ്ഥാപനത്തെ ചെറുതാക്കിയെന്നു മാത്രമല്ല, പലരും പലതും ഒളിച്ചുവെക്കാനാഗ്രഹിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ആരോപണ വിധേയനായ ജസ്റ്റിസ് ദിനകറിന്റെ കാര്യത്തില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ മൃദുസമീപനം സ്വീകരിച്ചതായും ആക്ഷേപമുയര്‍ന്നു. ജസ്റ്റിസ് ദിനകറിനെതിരെ പരസ്യമായി രംഗത്തുവന്ന കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ശൈലേന്ദ്രകുമാറിന്റെ നടപടികള്‍ 'പബ്ലിസിറ്റിക്കുവേണ്ടിയുള്ളവ'യായി രുന്നുവെന്ന ജസ്റ്റിസ് ബാലകൃഷ്ണന്റെ പരാമര്‍ശവും സാധാരണക്കാര്‍ക്ക് ഹൃദ്യമായില്ല.

ആരോപണങ്ങള്‍ യാഥാര്‍ഥ്യങ്ങളാണെന്ന വിധത്തില്‍ ചിത്രീകരിക്കപ്പെട്ടുകൂടാ. എന്നാല്‍, ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എന്താണ് യാഥാര്‍ഥ്യം എന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉന്നതസ്ഥാനീയര്‍ക്കുണ്ട്. അത് ചെയ്യാതെ ജസ്റ്റിസ് ബാലകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല. അദ്ദേഹം രാജിവെക്കാതിരുന്നാല്‍ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കുകൂടി താന്‍ ആധ്യക്ഷ്യം വഹിക്കുകയാണെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരും.

അന്വേഷണം അനിവാര്യം

ന്യായാധിപബന്ധുക്കളുടെ അവിഹിതസമ്പാദ്യങ്ങള്‍ അന്വേഷിക്കപ്പെടുകതന്നെ വേണം. 1952-ലെ അന്വേഷണക്കമ്മീഷന്‍ നിയമം വ്യക്തികളുടെ കാര്യത്തില്‍ ബാധകമല്ല എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് അനുസരിച്ച് 'പൊതുപ്രാധാന്യമുള്ള' വിഷയങ്ങളില്‍ അന്വേഷണമാകാം. അത്തരം അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളുടെ സമ്പാദ്യത്തെക്കുറിച്ചുകൂടി അന്വേഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അഴിമതിക്കും വ്യക്തിഗത സമ്പാദ്യങ്ങള്‍ക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അന്വേഷണ കമ്മീഷന്റെ പൊതുവായ പരിമിതികള്‍ ആശങ്കാജനകമാണ്. റിപ്പോര്‍ട്ടുണ്ടാക്കുന്നതില്‍ കാലതാമസം, റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കല്‍, അതിന്മേല്‍ നടപടിയെടുക്കാതിരിക്കല്‍ തുടങ്ങിയ അനുഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെയും ജഡ്ജസ് എന്‍ക്വയറി ആക്ടിലെയും ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെയും മറ്റും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയൂ എന്നതുകൊണ്ടുമാത്രം അന്വേഷണമേ പാടില്ല എന്ന് ശഠിക്കുന്നത് ശരിയല്ല. ജസ്റ്റിസ് ഹോംസ് സൂചിപ്പിച്ചതുപോലെ നിയമത്തിന്റെ ജീവന്‍ കുടികൊള്ളുന്നത് തര്‍ക്കശാസ്ത്രത്തിലല്ല, അനുഭവങ്ങളിലാണ്. പുതിയ പ്രതിസന്ധിയുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി നിയമവിധേയമായ ശ്രമങ്ങള്‍ ഉണ്ടാവുകതന്നെ വേണം. സുപ്രീംകോടതിതന്നെ മറ്റൊരവസരത്തില്‍ പറഞ്ഞതുപോലെ, ''സൂര്യപ്രകാശമാണ് ഏറ്റവും മികച്ച അണുനാശിനി.''

ഇപ്പോള്‍ ന്യായാധിപന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ ഇന്ത്യയില്‍ ഊര്‍ജിതമായിരിക്കുന്നു. പല ജനാധിപത്യരാജ്യങ്ങളും ഈ നിലയ്ക്കുള്ള മികച്ച മാതൃകകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 1960-ല്‍ സ്ഥാപിക്കപ്പെട്ട കാലിഫോര്‍ണിയയിലെ കമ്മീഷന്‍, കാനാസ് കമ്മീഷന്‍ ഓഫ് ജുഡീഷ്യല്‍ പെര്‍ഫോമന്‍സ് (2006) എന്നിവ ഉദാഹരണങ്ങളാണ്. മിസിസിപ്പി കമ്മീഷന്‍, അരിസോന കമ്മീഷന്‍, ന്യൂ മെക്‌സിക്കോ കമ്മീഷന്‍ എന്നിവയും ന്യായാധിപരുടെ അച്ചടക്കവും പ്രവര്‍ത്തനക്ഷമതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു. ഇന്ത്യയില്‍ സമാനമായ സംവിധാനങ്ങളുണ്ടാക്കിയാല്‍മാത്രം പോരാ, അവയുടെ പരിധിയില്‍ മുന്‍ ന്യായാധിപരെക്കൂടി ഉള്‍പ്പെടുത്തുകയും വേണം. ഏതായാലും ഇംപീച്ച്‌മെന്റിനെ അപേക്ഷിച്ച് ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളെക്കുറിച്ച് രാഷ്ട്രം ഇന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. റിട്ടയര്‍ചെയ്തുവെന്നതുകൊണ്ടുമാത്രം ന്യായാധിപരുടെ ഔദ്യോഗിക ജീവിതത്തിലെ ക്രമരാഹിത്യങ്ങള്‍ തുറന്നുകാട്ടപ്പെടാതെപോകരുത്.

പുതിയ പ്രതീകങ്ങള്‍?

ജസ്റ്റിസ് ദിനകരനും ജസ്റ്റിസ് സൗമിത്ര സെന്നും ജസ്റ്റിസ് ബാലകൃഷ്ണനും ഇന്ത്യന്‍ നീതിനിര്‍വഹണരംഗത്തിന്റെ പുതിയ പ്രതീകങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അതിനര്‍ഥം രാഷ്ട്രം വന്‍ പ്രതിസന്ധിയെ നേരിടുന്നുവെന്നുതന്നെയാണ്. ആത്മാര്‍ഥതയും കഠിനാധ്വാനവും സത്യസന്ധതയും കൈമുതലായുള്ള ന്യായാധിപരുടെ സംഭാവനകള്‍പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് ചില ന്യായാധിപരുടെ ദുഷ്‌ചെയ്തികള്‍ കാരണമായിത്തീരുന്നുണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു എല്‍.ഡി .ക്ലര്‍ക്കിനെ നിയമിക്കുന്നതില്‍ കാണിക്കുന്ന കണിശതപോലും ഉന്നതകോടതികളിലെ ന്യായാധിപനിയമനത്തില്‍ കാണിക്കാത്ത നാട്ടില്‍ നീതിനടത്തിപ്പ് അപഹാസ്യതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. അരുന്ധതിറായിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തുകൊണ്ടും ഡോ. ബിനായക്‌സെന്നിനെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടും ഒരു സംവിധാനം സ്വന്തം സാംഗത്യത്തെതന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

അഴിമതിയും കഴിവുകേടും അസഹിഷ്ണുതയും എങ്ങനെ അമേരിക്കന്‍ നീതിന്യായ സംവിധാനത്തെ തകര്‍ത്തു തുടങ്ങിയെന്നതിനെപ്പറ്റി വാള്‍സ്ട്രീറ്റ് ജേണലിന്റെ എഡിറ്റര്‍ മാക്‌സ്ബൂട്ട് തന്റെ 'ഔട്ട് ഓഫ് ഓഡര്‍' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ (ബേസിക് ബുക്‌സ്, 1998) പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ 'ഔട്ട് ഓഫ് ഓഡര്‍' ആകുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ സ്റ്റേറ്റിനുണ്ടായതിനേക്കള്‍ മോശപ്പെട്ട പ്രതിച്ഛായയാണ് ഇപ്പോള്‍ നീതിന്യായ സംവിധാനത്തിനുണ്ടായിരിക്കുന്നതെങ്കില്‍ അതിന്നര്‍ഥം, ഈ സംവിധാനം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടാന്‍ സമയമായി എന്നുതന്നെയാണ്.

* അഡ്വ. കാളീശ്വരം രാജ്‌*
- കടപ്പാട്: മാതൃഭൂമി

No comments:

Post a Comment

Visit: http://sardram.blogspot.com