06 January, 2011

ഭാഷാവിചാരം

മലയാളം മിനക്കെട്ടു പഠിച്ചതുകൊണ്ടോ
ഭാഷാപഠനസ്ഥാപനങ്ങള്‍ പെരുകിയതുകൊണ്ടോ
ഭാഷ നന്നാവണമെന്നില്ല.
മലയാളത്തിന്റെ ലാസ്യ-താണ്ഡവഭാവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയ
പ്രമുഖരില്‍ പലരും മാതൃഭാഷ ഐച്ഛികമായി പഠിച്ചവരായിരുന്നില്ല
എന്നത് ചരിത്രസത്യം

മലയാളത്തിന് ക്ലാസിക്കല്‍ പദവി കൈവരട്ടെ. 'കനക്കുമര്‍ഥവും സുധകണക്കെ പദനിരയും' തരാവട്ടെ. ഇതിനുള്ള കാത്തുനില്പിനിടയില്‍ ഭാഷാഭിമാനികളായ നമ്മുടെ അടിയന്തരാവശ്യം ആത്മപരിശോധനയാണ്. മിക്കവാറും സമ്പൂര്‍ണ സാക്ഷരത നേടിയതിനാല്‍ അക്ഷരമെഴുതുന്ന കാര്യത്തില്‍ മലയാളിയെ തോല്പിക്കാന്‍ ഭാരതത്തിലാര്‍ക്കുമാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ഉച്ചാരണത്തിലോ? നമുക്ക് അന്തോം കുന്തോം ഇല്ലാത്ത അവസ്ഥയാണ്. അനഭ്യസ്തരെ അവരുടെ പാട്ടിന് വിടാം. പക്ഷേ, അഭ്യസ്തവിദ്യരുടെ കഥയോ? ഇവരില്‍ത്തന്നെ ഭാഷാധ്യാപകനുമായി ഒന്നു മുട്ടിനോക്കൂ. ഉച്ചാരണത്തിലെ ഗുരു-ലഘുത്വമറിയുന്നവരെത്ര പേരുണ്ടിവരില്‍ ? 'ത', 'ധ', 'ഥ', 'ട', 'ഠ' എന്നീ അക്ഷരങ്ങള്‍ വേര്‍തിരിച്ച് സ്ഫുടമായി ഉച്ചരിക്കാന്‍ പോന്നവരെത്ര? ഒരു വാക്യം അര്‍ഥശങ്കയ്ക്കിടയില്ലാതെ വെടിപ്പായി പറയാന്‍ കഴിയുന്നവരെത്ര?
'ക്ലാസിക്കല്‍' എന്ന സ്ഥാനലബ്ധിയുടെ ഭാഗമെന്നോണം കാല-ദേശാതീതമായി നിര്‍ണയിക്കപ്പെട്ട യുക്തിബദ്ധമായ വ്യവസ്ഥകള്‍ വാമൊഴിയിലും വേണ്ടിവരില്ലേ? വരമൊഴിയും വാമൊഴിയും തമ്മിലൊരൈക്യം സാധ്യമാവേണ്ടതില്ലേ? 'നിശ്ചയം' എന്നെഴുതിയിട്ട് 'നിഛയം' എന്നു പറയുന്നത് കടന്നകൈയല്ലേ? 'ആശ്ചര്യം' 'ആഛര്യ'മായാല്‍ മനംനൊന്ത് ശപിച്ചുപോവില്ലേ കേള്‍ക്കുന്നയാള്‍? കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമെന്ന് ഞെളിയുന്ന തൃശ്ശൂര്‍ക്കാര്‍ക്ക് 'ഭാഷ' 'ബാഷ'യും 'ഭാവം' 'ബാവ'വും 'ഭംഗി' 'ബംഗി'യും 'ബുദ്ധിമുട്ട്', 'ബുത്തിമുട്ടു'മാണല്ലോ. അധഃപതനം തൃശ്ശൂര്‍ക്കാര്‍ക്ക് 'അധമ്പതന'മാണെന്ന് സുകുമാര്‍ അഴീക്കോട് ഒരു പ്രഭാഷണമധ്യേ കളിയാക്കിയതോര്‍മിക്കുന്നു. തെക്കന്‍ തിരുവിതാംകൂറുകാര്‍ക്ക് 'ഭാര്യ' 'ഫാര്യ'യാണ് (ഫാര്യയാണ് ശുദ്ധപദമെന്ന് വി.കെ.എന്‍.).
കുഞ്ഞുണ്ണിമാസ്റ്റര്‍ കവിത ചൊല്ലിയും ചൊല്ലിപ്പിച്ചും കുഞ്ഞുങ്ങളെ ആനന്ദിപ്പിച്ചിരുന്ന കാലത്ത് ഒരുനാള്‍ ഞാനദ്ദേഹത്തോടപേക്ഷിച്ചു. ''സ്‌കൂള്‍-കോളേജധ്യാപകര്‍ക്ക് മലയാളം വൃത്തിയായി ഉച്ചരിക്കാനുള്ള പരിശീലനംകൂടി മാഷ് കൊടുക്കുമോ?'' താന്‍ കൂട്ടിയാല്‍ കൂടില്ലെന്നായി മാഷ്.
ഭാഷാപദങ്ങളുടെ ശരിയായ ഉച്ചാരണം വാമൊഴിയുടെ ലയപ്രവാഹമാണ്. അര്‍ധവിരാമങ്ങളും പൂര്‍ണവിരാമങ്ങളും മൗനവും മൂളലുകളും എണ്ണമറ്റ ലൗകികസ്‌തോഭങ്ങളും സംസാരത്തിന്റെ താള-കാലങ്ങളുമായി ഇണങ്ങിച്ചേര്‍ന്നുണ്ടാവുന്നതാണ് മൊഴിയുടെ മിഴിവും മുഗ്ധതയും. വേദോച്ചാരണം പോലെ സുവ്യക്തമാവുന്ന വാക്കുകള്‍ക്ക് ചാരുതയില്ല.
സ്​പഷ്ടതയുടെയും അസ്​പഷ്ടതയുടെയും ഇടയിലുള്ള സാന്ധ്യപ്രഭയിലാണ് മൊഴികള്‍ക്ക് അനുഭവസാഫല്യമുണ്ടാവുക. പറച്ചിലിന്റെ 'അകൃത്രിമദ്യുതി' ദൈവത്തിന്റെ കൃപാകടാക്ഷം. കെ.പി. അപ്പനിലും മാധവിക്കുട്ടിയിലും അയ്യപ്പപ്പണിക്കരിലും അതുണ്ടായിരുന്നു. ആറ്റൂരിലും കെ.ജി. ശങ്കരപ്പിള്ളയിലും കല്പറ്റ നാരായണനിലും സക്കറിയയിലും കാവാലത്തിലും നമ്പൂതിരിയിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയിലും നമുക്കിതു കേള്‍ക്കാം. ചലച്ചിത്രകലയിലെ പുതുനിരനായകരില്‍ പൃഥ്വീരാജിന്റെ വര്‍ത്തമാനത്തിനുണ്ട് സ്വാഭാവികമായൊരീണം.
മലയാളം മിനക്കെട്ടു പഠിച്ചതുകൊണ്ടോ ഭാഷാപഠനസ്ഥാപനങ്ങള്‍ പെരുകിയതുകൊണ്ടോ ഭാഷ നന്നാവണമെന്നില്ല. മലയാളത്തിന്റെ ലാസ്യ-താണ്ഡവഭാവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയ പ്രമുഖരില്‍ പലരും മാതൃഭാഷ ഐച്ഛികമായി പഠിച്ചവരായിരുന്നില്ല എന്നത് ചരിത്രസത്യം. ഡോ. കെ. ഭാസ്‌കരന്‍ നായരും ഒ.വി. വിജയനും എം.പി. നാരായണപിള്ളയും ആര്‍. വിശ്വനാഥനും വി. രാജകൃഷ്ണനും ഇതിന് മികച്ച ദൃഷ്ടാന്തങ്ങള്‍.
ഭാഷയ്ക്കു പുലരാനും വളരാനും പടരാനുമുള്ള ഞാറ്റുവേല കേരളത്തിന് കൈമോശം വന്നിട്ട് നാളേറെയായി. നിരര്‍ഥകശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും ആത്മരതിയുടെയും കോലാഹലത്തില്‍ മതിമറന്നാടുന്ന മലയാളിക്ക് മാതാപിതാക്കളും മാതൃഭാഷയും ഇനിയൊരിക്കലുമൊരനിവാര്യതയല്ല.
*
വി. കലാധരന്‍

No comments:

Post a Comment

Visit: http://sardram.blogspot.com