24 June, 2009

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരോ കൂലിത്തല്ലുകാരോ?

അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കനുകൂലമായി ഈ ആധുനിക മാധ്യമങ്ങളെയെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുള്ളതുപോലെ പ്രതിലോമകരമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്വതന്ത്ര വ്യാപനത്തിനുവേണ്ടി ആസൂത്രിതമായി ഉപയോഗിക്കാനുമാവുമെന്നുള്ള ചരിത്രപാഠങ്ങളും അനുഭവങ്ങളും നമ്മുടെ കണ്‍മുമ്പിലുണ്ട്. ഇന്ന് ഈ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷത്തിന്റെയും കൂലിത്തല്ലുകാരായി അധഃപതിക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നിക്ഷ്പക്ഷ നാട്യങ്ങളുടെ തിളങ്ങുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയും കുടിലതയുടെയും ക്രൌര്യത്തിന്റെയും യഥാര്‍ഥരൂപം പ്രകടമാകുകയും ചെയ്തിട്ടുണ്ട്. കമ്പോളശക്തികളുടെയും ഫാസിസ്റ്റു യുക്തികളുടെയും മുതലെടുപ്പുകള്‍ക്ക് ഈ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെടുകയും ചെയ്യുന്ന ഒരന്തരീക്ഷനിര്‍മ്മിതി അതിവേഗം ശക്തിപ്രാപിക്കുന്നത് നമുക്ക് തൊട്ടറിയാനാവും. ആന്തരികവും ബാഹ്യവുമായ ആചാരാനുഷ്ഠാനങ്ങള്‍, പെരുമാറ്റരീതികള്‍, മൂല്യബോധം, അനുനിമിഷം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പൊതുബോധം, എന്നിവയിലൊക്കെ അഴിച്ചുപണികളും പുനക്രമീകരണങ്ങളും നടത്തിക്കൊണ്ട് സാംസ്കാരികമായ അധിനിവേശത്തിലൂടെ സാമ്രാജ്യത്വാനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ എല്ലാമറകളും പൊളിച്ചുകളഞ്ഞുകൊണ്ട് ഭീഷണസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയെ കീഴ്പ്പെടുത്താനും പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇന്ത്യയിലെ ഇടതുപക്ഷമതേതരശക്തികളെ തകര്‍ക്കണമെന്ന് സാമ്രാജ്യത്വശക്തികള്‍ക്ക് നന്നായറിയാം. സാമ്രാജ്യത്വത്തിന്റെ അധിനിവേശശ്രമങ്ങളെ തടയാന്‍ ആശയപരമായും പ്രായോഗികമായും നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു ശക്തികളെ തകര്‍ത്തുകൊണ്ടുമാത്രമേ അതിന് മുന്നേറാനാവൂ. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുകയും ആണവകരാറിനെ എതിര്‍ക്കുകയും, മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യുന്ന ഇടതുപക്ഷശക്തികളെ തകര്‍ക്കാന്‍ അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റുശക്തികളെ പ്രത്യേകിച്ച് സി പി ഐ (എം) നെ പൂര്‍ണമായും തകര്‍ക്കേണ്ടതുണ്ട് എന്ന് മറ്റാരേക്കാളും സാമ്രാജ്യത്വശക്തികള്‍ക്കറിയാം. അത് ലക്ഷ്യം വെച്ചുകൊണ്ടാണ് കേരളത്തിലും ബംഗാളിലും സി പി ഐ (എം)നെ നാലുവശത്ത് നിന്നും മാധ്യമങ്ങളുടെ പിന്തുണയോടെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ (എം) നെ തകര്‍ക്കാന്‍ അതിന്റെ സംഘടനാസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ അതിന്റെ കോട്ടകള്‍പൊളിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും അതിന്റെ വിലയ്ക്കെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും പിണറായി വിജയനെ വളഞ്ഞാക്രമിക്കുന്നതും കണ്ണൂരിലെ ധീരരായ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ശാരീരികമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകളെയും വര്‍ഗീയ മത തീവ്രവാദസംഘടനകളെയും പിന്തുണയ്ക്കുന്നതും. കണ്ണൂരിലെ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും തകര്‍ക്കാനായാല്‍ മറ്റുസ്ഥലങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കുക താരതമ്യേന എളുപ്പമാണെന്ന് എതിരാളികള്‍ക്കറിയാം.

സാമ്രാജ്യത്വത്തിന്റെയും അതുമായി പ്രണയാതുരമായ ബന്ധം പുലര്‍ത്തുന്ന വര്‍ഗീയഫാസിസത്തിന്റെയും അജണ്ടകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനുവേണ്ടി വ്യത്യസ്തതലത്തിലുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ ഒരു മധ്യവര്‍ഗസമൂഹത്തെ രൂപപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാത്തരം കാപട്യങ്ങളെയും സംഘടനാശേഷിയെ നിരാകരിക്കുന്ന അരാഷ്ട്രീയതയെയും, ഇടതു പക്ഷ തീവ്രവാദത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ മധ്യവര്‍ഗചിന്തകളും ജീവിതവും അതിന്റെ ചിറക് വിരിക്കുന്നത്. ദരിദ്രരും നിരാലംബരുമായ മനുഷ്യരെപ്പോലും മധ്യവര്‍ഗകാപട്യങ്ങള്‍ക്കും ചിന്തകള്‍ക്കും ആര്‍ത്തികള്‍ക്കും കീഴ്പ്പെടുത്തിക്കൊണ്ട് ആധിപത്യത്തിന്റെ, അരാഷ്ട്രീയതയുടെ വന്‍തുരുത്തുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഈ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിക്കുകയാണ്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സാധാരണദരിദ്രജനവിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ ജീവിതാവശ്യങ്ങളിലേക്കും വികസനങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാതെ സമ്പന്നമധ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു വികസനസങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുകയും ഈ പാവപ്പെട്ട ജനവിഭാഗങ്ങള്‍പോലും സ്വന്തം താല്‍പ്പര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, തങ്ങള്‍ക്ക് അന്യമായ വികസന-വിദ്യാഭ്യാസനയങ്ങളെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്.

ധനികരുടെയും ഇടത്തരക്കാരുടെ ജീവിതസൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും കമ്പോളത്തിലെത്തുന്ന ആധുനിക ഉപകരണങ്ങളും വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കുകയും കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അശാന്തമായ ഓട്ടം തുടരുകയും ചെയ്യുമ്പോള്‍ ദരിദ്രജനവിഭാഗങ്ങള്‍വെറും കാഴ്ചക്കാരായി ഞെരുങ്ങുകയും തളര്‍ന്നു വീഴുകയും പിന്തള്ളപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ദാരിദ്ര്യമോ ദരിദ്രരോ തീരെയില്ലായെന്ന അസംബന്ധപ്രചാരണങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദരിദ്രരെ അവഗണിക്കുകയും എല്ലാം മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും സൌകര്യങ്ങള്‍ക്കു വേണ്ടിയെന്ന് വ്യാഖ്യാനിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളാകട്ടെ രാഷ്ട്രീയവൃത്തങ്ങളിലെ ഗോസിപ്പുകളും പടലപിണക്കങ്ങളും വ്യക്തികേന്ദ്രീകൃതതര്‍ക്കങ്ങളും വിഷയമാക്കി ദിവസവും തുടര്‍ക്കഥകള്‍ മെനയുന്നു. സത്യത്തിന്റെ തരികളുള്ള നുണകളുടെ ഭാവനാവിലാസങ്ങള്‍ അവര്‍ കെട്ടിപ്പൊക്കുന്നു. പൈങ്കിളിവാരികകളിലെ തുടര്‍ക്കഥകളും ടെലിവിഷനിലെ സീരിയലുകളും കാത്തിരിക്കുന്നവരെപ്പോലെ വാര്‍ത്താമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും വായിക്കുന്നവരെയും മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.

കേരളസമൂഹവും ഇന്ത്യന്‍ സമൂഹവും ലോകമാകെത്തന്നെയും നേരിടുന്ന തീവ്രമായ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പോംവഴികളും രാഷ്ട്രീയമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. വികസനത്തിന്റെ പേരില്‍ ദിവസവും ഉയര്‍ന്നുകൊണ്ടിരുന്ന രമ്യഹര്‍മ്മങ്ങളുടെയും വലിയ കെട്ടിടസമുച്ചയങ്ങളുടെയും റോഡില്‍ ജനങ്ങളെ കൊന്നു വീഴ്ത്തിക്കൊണ്ടോടുന്ന ആര്‍ഭാടവാഹനങ്ങളുടെയും സ്വാശ്രയകച്ചവടസ്ഥാപനങ്ങളുടെ അഹങ്കാരഗര്‍ജ്ജനങ്ങളുടെയും ഷെയര്‍ മാര്‍ക്കറ്റുകളിലെ ചൂതുകളികളുടെയും ഇടയില്‍ തങ്ങളുടെ ചെറിയ ജീവിതങ്ങളുമായി സാധാരണ മനുഷ്യര്‍ അന്തംവിട്ടുനില്‍ക്കുകയായിരുന്നു. അപ്പോഴൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നോ അതോ ധനികന്യൂനപക്ഷത്തിന്റെ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുറകെ പായുകയായിരുന്നോ?

പ്രശസ്തനും വ്യത്യസ്തനുമായ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ചില വസ്തുതകളുണ്ട്.* ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വാര്‍ത്തകളില്‍ തീരെ സ്ഥാനം കൊടുക്കാത്തവര്‍ 2005ലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കിനുവേണ്ടി എത്രമാത്രം പ്രാധാന്യവും സ്ഥലവും സമയവും അനുവദിച്ചു എന്നദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും ദില്ലിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയും അവരുടെ യൂണിയനുകള്‍ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്താല്‍ അഞ്ചോ ആറോ പത്രപ്രവര്‍ത്തകരായിരിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും, പത്രങ്ങള്‍ ഒരു ഫോട്ടോയും രണ്ടു കോളം വാര്‍ത്തയും നല്‍കിയായിരിക്കും ഇതിനോട് പ്രതികരിക്കുകയെന്നും സായിനാഥ് പറയുന്നു. എന്നാല്‍ 2004ലെ ലാക്മെ ഇന്ത്യ വീക്കിനെക്കുറിച്ച് പത്രങ്ങളില്‍ നാലുലക്ഷം വാക്കുകള്‍ അച്ചടിച്ചുവന്നു. ടെലിവിഷനുകളില്‍ 1000 മിനിട്ടിലധികം സമയം ലഭിച്ചു. ടി വിക്കുവേണ്ടി 800 മണിക്കൂര്‍ വീഡിയോ ഫുട്ടേജ് ഷൂട്ട് ചെയ്തു. 10000 റോള്‍ ഫിലിം ഫോട്ടോകള്‍ക്കായി ഉപയോഗിച്ചു. ഇത് നമ്മുടെ മാധ്യമങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് നല്‍കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ആവേണ്ടതാണ്.

രാഷ്ട്രീയപ്രവര്‍ത്തനം വെറുക്കപ്പെടേണ്ടതും അകലം സൂക്ഷിക്കേണ്ടതും ആയ ഒന്നായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തമാധ്യമങ്ങള്‍ ഏറെ സ്ഥലവും സമയവും വിനിയോഗിക്കുന്നത് രാഷ്ട്രീയത്തിനു വേണ്ടിയാണെന്നുള്ളതാണ് ഒരു വൈരുദ്ധ്യം. രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രമല്ല, ശാസ്ത്രം, സാംസ്കാരികം, പുസ്തകങ്ങള്‍ എന്നിവയ്ക്കൊക്കെ മതിയായ പ്രാധാന്യം നല്‍കേണ്ടതാണെങ്കിലും ആരും അത് നല്‍കുന്നില്ലല്ലോ. മാധ്യമങ്ങളുടെ വലതുപക്ഷ താല്‍പ്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളും കൂടുതല്‍ സമയവും കണ്ടെത്താനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ട്, ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ മര്‍ദ്ദിതജനതയുടെ ഏക ആശ്രയവും കരുതല്‍ ധനവും അവര്‍ക്ക് സാധ്യമാവുന്ന സംഘടനാനിര്‍മ്മിതിയാണ്. നിവര്‍ന്നു നില്‍ക്കാനവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നത് അവര്‍ തന്നെ പൊരുതിയുണ്ടാക്കിയ സംഘടനകളാണ്. പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഈ സംഘടനകളുടെ ഏകശിലാരൂപത്തിലുള്ള ഘടനയെയും കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവമുതലാളിത്തത്തിനും മുമ്പോട്ടു സഞ്ചരിക്കാനാവൂ. അതുകൊണ്ടവര്‍ക്ക് സംഘടനയെ തകര്‍ക്കാന്‍ ആധുനികമായ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം ക്രിമിനലുകളാണെന്നും പുരോഗമനവിരുദ്ധരാണെന്നും മാര്‍ക്സിസ്റ്റ് നയങ്ങളെ കയ്യൊഴിയുന്നവരാണെന്നും പ്രചരിപ്പിക്കുകയും വ്യക്തി പ്രഭാവസിദ്ധാന്തം പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് സംഘടനതന്നെ അപകടകരമാണെന്നും വ്യക്തികളാണ് പോരാളികളെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയസാംസ്കാരിക അറിവുകള്‍ രൂപീകരിക്കുന്നതിന് സമൂഹം ഏറെക്കുറെ ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. കേരളം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ഒരു മാധ്യമാശ്രിതസമൂഹമായതുകൊണ്ട്. മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ വലതുപക്ഷാനുകൂലമാക്കിത്തീര്‍ക്കുന്നതിന് ജനവിരുദ്ധശക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. സാര്‍വ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തേക്കും അതിന്റെ സംഘടനാബലത്തിലേക്കും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതുകൊണ്ട്, ഈ മാധ്യമങ്ങള്‍ക്കും അതിന്റെ പിറകിലുള്ള ശക്തികള്‍ക്കും കൂടുതല്‍ ഇടതുപക്ഷവിരുദ്ധമായ ഒരാശയാടിത്തറ പണിതുയര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതിനായി ഇടതുപക്ഷ ശക്തികളുടെ നേതൃനിരയിലുള്ള സി പി ഐ (എം)ന്റെ സംഘടനാശേഷിയെയും തീരുമാനങ്ങള്‍ക്ക് രൂപംകൊടുക്കുന്ന സംഘടനാസംവിധാനങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അതിനായിട്ടാണ് ചരിത്രപ്രക്രിയയുടെ ഭാഗമെന്ന നിലയിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ വേര്‍പെടുത്തി തമസ്കരിക്കുകയും പകരം വ്യക്തികളുടെ പൊലിപ്പിച്ചെടുക്കുന്ന അതിശയോക്തി കലര്‍ന്ന സാങ്കല്‍പ്പിക സിദ്ധികളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു യുദ്ധതന്ത്രം മെനയുകയും ചെയ്യുന്നത്. ഒരു സംഘടനയ്ക്കകത്ത് വളര്‍ന്നു വരാവുന്ന നിരവധി പ്രശ്നങ്ങളെ, ആശയവ്യതിയാനങ്ങളെ, പ്രത്യയശാസ്ത്രചര്‍ച്ചകളെ, പുതിയ കുതിപ്പുകളെ, ഒക്കെ നല്ല വ്യക്തികളും ചീത്തവ്യക്തികളും തമ്മിലുള്ള അധികാരപോരാട്ടമായി ചുരുക്കുകയും സംഘടനകളെയും സമൂഹത്തെ തന്നെയും അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സംഘടനയെ ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനുമായാല്‍ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകള്‍ എതിര്‍പ്പുകളില്ലാതെ ശക്തമായി നടപ്പിലാക്കാനാവും എന്നവര്‍ക്കറിയാം. മാധ്യമങ്ങളിലെ 'വിദഗ്ധരെ' കൂട്ടുപിടിച്ചുകൊണ്ട് അവര്‍ സി പി ഐ (എം) നുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയും തലകീഴായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ സിപി ഐ (എം)ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വലവിജയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു വരെ മാധ്യമങ്ങള്‍ എഡിറ്റോറിയലുകളും ഫീച്ചറുകളും എഴുതി. 'വി എസ് നേടിയ വിജയം പിണറായി കൈപ്പിടിയിലൊതുക്കുന്നു' എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് പാര്‍ട്ടി സംഘടനയെ അപ്രസക്തമാക്കുന്നു.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പുവിഭജനത്തിലും സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണകാര്യങ്ങളിലും സി പി ഐ (എം)ന് എന്തവകാശം എന്ന അസാധാരണവും അസംബന്ധജഡിലവുമായ ചോദ്യം, മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കും ജനജീവിതത്തിനും അതീവഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ഭരണം എ കെ ജി സെന്ററില്‍ നിന്നാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. സി പി ഐ (എം) ന്റെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചുവന്നാല്‍ എ കെ ജി സെന്ററില്‍ നിന്നു തന്നെയാണ് ഭരണസംവിധാനത്തെയാകെയും മന്ത്രിസഭയെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതെന്ന ജനാധിപത്യത്തിന്റെ പ്രാഥമികയാഥാര്‍ഥ്യത്തെ നുണപ്രചരണങ്ങള്‍ക്കൊണ്ട് ഈ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മുമ്പോട്ട് വെക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തില്‍, അതാത് പാര്‍ട്ടികള്‍ തന്നെ തീരുമാനമെടുത്തു സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയും മത്സരരംഗത്തിറക്കി വിജയം നേടുകയുമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ട്ടി രംഗമൊഴിയുകയും വെറും നോക്കുകുത്തികളായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'മാധ്യമവിദഗ്ധന്മാരുമായി തികച്ചും സുതാര്യവും ജനാധിപത്യപരവുമായ ഒരു സംവാദം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ട്.

ജനങ്ങള്‍ ഏതെങ്കിലും കുറെ വ്യക്തികളുടെയോ നേതാക്കന്മാരുടെയോ മേന്മകളെ കണ്ടുകൊണ്ടല്ല വോട്ടു ചെയ്യുന്നതെന്നും തികച്ചും രാഷ്ട്രീയമായ അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അറിയാത്ത നിഷ്കളങ്കരോ അജ്ഞാനികളോ അല്ല മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും. ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ സംരക്ഷിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം നല്‍കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നറിയാത്തവരല്ല നമ്മളുടെ മാധ്യമങ്ങള്‍. സി പി ഐ (എം)ന്റെ ആസ്ഥാനം എ കെ ജി സെന്ററിലാണെന്നുള്ളതുകൊണ്ടു തന്നെ തീര്‍ച്ചയായും ഭരണകാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ ജനങ്ങള്‍ക്കനുകൂലമായിത്തീരുന്നതിനുവേണ്ടി നിരന്തരമായും സൂക്ഷ്മമായും ഭരണകാര്യങ്ങളെയും നടപടികളെയും അവിടെനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. ഇന്ന് ഭരണം എ കെ ജി സെന്ററിലാണെന്നും പിണറായി വിജയനാണ് നയിക്കുന്നതെന്നും വിലപിക്കുന്നതിന്റെ പുറകില്‍ നേരത്തെപറഞ്ഞ അജന്‍ഡകളുണ്ട്. സംഘടനകളെയും ഭരണകൂടസമ്പ്രദായങ്ങളെയും സ്ഥാപനങ്ങളെയും തീര്‍ത്തും അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട്, അതൊക്കെ ജനാഭിലാഷങ്ങള്‍ക്കും സാമാന്യനീതിക്കും എതിരാണെന്ന് വരുത്തിതീര്‍ക്കുകയും പകരം ഒറ്റയാള്‍ പോരാട്ടങ്ങളുടെ ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിലെ ഇടതുപക്ഷാഭിമുഖ്യത്തെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കമ്യൂണിസ്റ്റ് വിരുദ്ധര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ നക്സലൈറ്റുകള്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, വര്‍ഗീയവാദികള്‍, സമഗ്രമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന ചില പ്രത്യേകവിഭാഗത്തില്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍, എന്നിവരൊക്കെ പുതിയകാലത്തിന്റെ അപ്പസ്തോലന്മാരായും വലിയ വിപ്ലവകാരികളായും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഒരു പുതിയ മുന്നണി കേരളത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നണി ഫലത്തില്‍ വലതുപക്ഷ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു.

ഈ മുന്നണിയെ രഹസ്യമായും പരസ്യമായും പിന്തുണച്ചിരുന്ന മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് മുന്നണിയുടെ ഘടകകക്ഷികളായി പ്രവര്‍ത്തിക്കുന്ന കാഴ്ച കേരളീയരുടെ മുമ്പിലുണ്ട്. മനോരമ, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ പരമ്പരാഗതമായി തന്നെ എക്കാലത്തും ഇടതുപക്ഷവിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരും ആകയാല്‍ വായനക്കാര്‍ അവരുടെ വാര്‍ത്തകളെയും അഭിപ്രായങ്ങളെയും വിവേചനബുദ്ധിയോടെയും സൂക്ഷ്മതയോടെയും വായിച്ചറിയാന്‍ സ്വയം പരിശീലനം നേടിയുള്ളവരാണ്. എന്നാല്‍ മാതൃഭൂമി ദിനപത്രം ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന പാരമ്പര്യമുള്ള പത്രമെന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരവും വിശ്വാസ്യതയും നേടിയതായിരുന്നു. പക്ഷേ കാലക്രമേണ ആ പത്രം ഒരു വ്യവസായ സ്ഥാപനമായി വളരുകയും ദേശീയസമരങ്ങളുടെ ഭാഗമായിരുന്നതിന്റെ പാരമ്പര്യത്തെയും വിശ്വാസ്യതയെയും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കായും മറ്റ് വലതുപക്ഷ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമായി വിനിയോഗിച്ചു ചെയ്തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് എതിര്‍ത്തുവന്നിരുന്ന കെ പി കേശവമേനോന്റെയും മറ്റുള്ളവരുടെയും മര്യാദകളും നൈതികബോധവും ധാര്‍മ്മികതയും സാംസ്കാരിക ഔന്നത്യവും പില്‍ക്കാലത്ത് മാതൃഭൂമി പൂര്‍ണമായും കയ്യടക്കിയവര്‍ക്ക് ഇല്ലാതെയായി എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യം.

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കേരളത്തിന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്ന ചില ധാരണകള്‍ രൂപപ്പെട്ടു. വീരേന്ദ്രകുമാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിലൊരാളായതുകൊണ്ടും അദ്ദേഹം തന്നെ അമേരിക്കന്‍ സ്വാധീനത്താലുള്ള ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായും പരിസ്ഥിതി സംരക്ഷണത്തിനനുകൂലമായും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍കൊണ്ടും ഈ പത്രം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒന്നാണെന്ന ഒരു ബോധം ഉണ്ടാക്കാനായി എന്നുള്ളതാണ് ഒരു ഘടകം. കുറേക്കാലത്തേക്കെങ്കിലും ഈ പത്രം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷാനുകൂല പത്രമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ വീരേന്ദ്രകുമാറിന്റെ സാന്നിധ്യംകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് ഈ പത്രം സി പി ഐ (എം) നും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തിരുത്തലിന്റെയും തെറ്റ് ചൂണ്ടിക്കാട്ടലിന്റെയും ഉദ്ദേശ്യശുദ്ധിയുണ്ടെന്ന് കുറെ വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ക്കായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങള്‍ അതിന്റെ പാരമ്യതയിലും അവസാനഘട്ടത്തിലുമാണ്. മനോരമയെ ഏറെ പുറകിലാക്കുന്ന തരത്തില്‍ തരംതാണ മാര്‍ക്സിസ്റ്റു വിരുദ്ധതയുടെ ഇടയലേഖനമായും ഗസറ്റായും ഈ പത്രം മാറിക്കഴിഞ്ഞു. മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും മാത്രമല്ല അതിന്റെ വായനക്കാരില്‍ നല്ലൊരു പങ്കും മാതൃഭൂമിയുടെ മുതലാളി കുറേനാളായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുവേട്ടയുടെ ദല്ലാള്‍ പണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ജനതാദളിന് കോഴിക്കോട്ട് സീറ്റ് ലഭിക്കാതെ ആയതോടെ സമനില നഷ്ടമായ ഭീകരവാദികളെപ്പോലെ വീരേന്ദ്രകുമാര്‍ നേരിട്ട് എഡിറ്ററുടെ ചുമലിലെ എഡിറ്ററായി അമര്‍ന്നിരുന്ന് രണ്ടും കയ്യും കൊണ്ട് ആക്രാന്തത്തോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെയും യു ഡി എഫിനനുകൂലമായും കഥകളെഴുതിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിയുടെ പുതിയ എഡിറ്ററായി കെ പി കേശവമേനോന്റെ കുടുംബപാരമ്പര്യവും ഹിന്ദുപത്രത്തിന്റെ അന്തസ്സിന്റെയും ധാര്‍മ്മികതയുടെയും പരിശീലനവും കൈമുതലാക്കിയുള്ള ഒരാള്‍ ചുമതലയേറ്റിരുന്നു എന്ന് കേട്ടുവെങ്കിലും അദ്ദേഹത്തെ വീരേന്ദ്രകുമാര്‍ ഇരുട്ടുമുറിയിലടച്ചിട്ടുണ്ടാവും എന്ന് കരുതാനേ ഇപ്പോള്‍ പുറത്തിറങ്ങുന്ന മഞ്ഞപ്പത്രനിലവാരമുള്ള പത്രത്താളുകള്‍ കാണുമ്പോള്‍ തോന്നുകയുള്ളൂ. ക്രൈമും അതിന്റെ ഉടമസ്ഥനുമായുള്ള വീരേന്ദ്രകുമാറിന്റെ ആത്മബന്ധം മാതൃഭൂമി പത്രത്തെയും പൂര്‍ണമായും മഞ്ഞയാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അതിന്റെ വായനക്കാര്‍ മനസ്സിലാക്കുന്നു.

പിണറായി വിജയനെതിരെയും സി പി ഐ (എം)നെതിരെയും നേരത്തെ കൊടുത്ത കള്ളത്തരങ്ങള്‍ തന്നെ വാചകഘടന മാറ്റി പുതിയതെന്നനിലയില്‍ ദിവസവും അച്ചടിച്ചുകൊണ്ടിരിക്കുന്നു. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന മാതൃഭൂമി യു ഡി എഫ്, യു പി എ പുകഴ്ത്തലുകള്‍കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധസമരപോരാളിയായി സ്വയം അഭിരമിക്കുന്ന വീരേന്ദ്രകുമാറിന്റെ പത്രം 10000 കോടി രൂപയുടെ ഇസ്രായേല്‍ ആയുധക്കച്ചവടത്തെക്കുറിച്ച് മൌനം പാലിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വഇടപെടലും സമ്മര്‍ദ്ദവും കൊണ്ടുണ്ടായിട്ടുള്ള. ദൂരവ്യാപകഫലങ്ങളുളവാക്കുന്ന ഇസ്രായേല്‍ ആയുധ ഇടപാടിലെ അഴിമതിയും മറ്റ് രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഈ പത്രത്തിനും അതിന്റെ തലവനും ഒരു കോളം വാര്‍ത്തയുടെ പ്രാധാന്യം മാത്രമേയുള്ളൂ.

ഏപ്രില്‍ 9, 10 തീയതികളിലെ മാതൃഭൂമിയിലെ ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു പത്രത്തിന്റെ ധാര്‍മ്മികാധപതനത്തിന്റെയും കൂലിത്തല്ല് ധാര്‍ഷ്ട്യത്തിന്റെയും അവസ്ഥ മനസിലാകും. "9-ലെ പത്രത്തിലെ പ്രധാന വാര്‍ത്ത "ഉച്ചഭക്ഷണപ്പണം കൊണ്ട് ആഡംബരക്കാറുകള്‍ വാങ്ങുന്നു.'' എന്നാണ്. ഉച്ചഭക്ഷണം കഞ്ഞിയും പയറുമായിരുന്നതിനെ ചോറും കറികളുമാക്കി മാറ്റുകയും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ഒരു സര്‍ക്കാരിനെതിരായാണ് ഈ വാര്‍ത്ത എന്നോര്‍ക്കണം. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവുമായി ബന്ധപ്പെട്ട് ആറു വലിയ വാര്‍ത്തകളും നാലു ചിത്രങ്ങളും ആണ് നല്‍കിയിട്ടുള്ളത്. ഒരു സോണിയ സപ്ലിമെന്റ്. അന്നു തന്നെ മറ്റൊരു ദേശീയ നേതാവ് പ്രകാശ് കാരാട്ട് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഒരു കോളം വാര്‍ത്തയോ ചിത്രങ്ങളോ നല്‍കിയിട്ടില്ല. 10-ാം തീയതി വീണ്ടും സോണിയ ഗാന്ധി ഗസറ്റ്. തലക്കെട്ട് ഇങ്ങനെ: "ഇന്ദിരയുടെ ശൈലിയില്‍ സോണിയ; ഊര്‍ജ്ജസ്വലമായി യു ഡി എഫ്.'' കോണ്‍ഗ്രസിറക്കുന്ന നോട്ടീസുകളില്‍ പോലും അവര്‍ പ്രയോഗിക്കാന്‍ മടിക്കുന്ന വിശേഷണങ്ങളോടെയുള്ള ഈ വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ ഇടതുപക്ഷമുന്നണിയെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുന്ന ഒരു വീരേന്ദ്രകുമാര്‍ ഈ വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം.

സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മമായ ഇടപെടലുകളും നിയന്ത്രണവും നിരീക്ഷണവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് ആഗോള മാധ്യമങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പരിശോധിക്കുന്നവര്‍ക്കറിയാന്‍ കഴിയും. അനന്തവും അജ്ഞാതവുമായ രീതികളിലൂടെ മാധ്യമങ്ങളുടെ നയങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൂട്ടാളികളും ഇടപെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ചിലത് അവര്‍ നിയന്ത്രിക്കുകയും ചിലത് അവര്‍ നേരിട്ട് വിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂലധന താല്‍പ്പര്യങ്ങളുടെ പങ്കുകച്ചവടക്കാരനും ആഗോള മാധ്യമസാമ്രാജ്യത്തിന്റെ തമ്പുരാനുമായ റൂപ്പോര്‍ട്ട് മുര്‍ദോക് കേരളത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ വിലയ്ക്കുവാങ്ങിക്കൊണ്ട് അതിന്റെ സാമ്രാജ്യത്വ സാന്നിധ്യത്തെ അറിയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റ് വാര്‍ത്തകളുടെയും പരിപാടികളുടെയും മാറ്റം പരിശോധിച്ചാല്‍ അത് മനസ്സിലാവും. അവരും മുര്‍ദോക്കിന്റെ നിര്‍ദ്ദേശാനുസരണം മാര്‍ക്സിസത്തെ രക്ഷിക്കാനും സി പി ഐ (എം)നെ നേര്‍വഴിക്ക് നടത്താനുമുള്ള വിപ്ലവപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മുര്‍ദോക്കിന്റെ മാധ്യമ സാമ്രാജ്യത്തില്‍ ഏഷ്യാനെറ്റ് അതിന്റെ വലിപ്പവും കച്ചവടസാധ്യതയും ലാഭവും വെച്ച് കണക്കാക്കുമ്പോള്‍ വളരെ അപ്രസക്തമാണ്. പക്ഷേ ചാനലിന്റെ വരുമാനത്തിനപ്പുറമുള്ള അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഈ കച്ചവടത്തിനു പിറകിലുള്ള പ്രേരണയെന്ന് കാണാന്‍ വിഷമമില്ല. അവര്‍ നടത്തുന്ന ചര്‍ച്ചകളും വിശകലനങ്ങളും തെരഞ്ഞെടുപ്പ് സര്‍വ്വേകളും ഒക്കെ വിദേശനിയന്ത്രിത താല്‍പ്പര്യങ്ങളുടെ കാണാമറയത്ത് നിന്ന് പ്രത്യക്ഷ ഇടപെടലിന്റെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയും സാന്നിധ്യമായി മാറുന്നത് വേഗം തിരിച്ചറിയാനാകും.

ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കണ്ടെത്തി ജനങ്ങള്‍ക്കെത്തിക്കുകയും ജനങ്ങളുടെ പീഢിതാവസ്ഥകളില്‍ അവരുടെ നാവായി സംസാരിക്കുകയും ചെയ്യുകയല്ല ചെയ്യുന്നത്. അവര്‍ സ്വന്തം രാഷ്ട്രീയ-മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും ജനങ്ങളെ ബന്ദിയാക്കി നാവരിഞ്ഞു കൊണ്ട് അധാര്‍മ്മികമായി നിര്‍മ്മിക്കുന്ന വാര്‍ത്തകളുടെ വാറ്റുചാരായം വായിലേക്കൊഴിച്ചുകൊടുത്തു കൊണ്ടിരിക്കുകയുമാണ്. ഈ മാധ്യമമുന്നണിക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ചീത്തവിളിക്കാം, അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ നുണക്കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം, ഏത് വ്യക്തികളുടെയും സ്വകാര്യതകളിലേക്ക് ഇടിച്ചു കയറാം, എന്ത് വേണമെങ്കിലും ചെയ്യാം. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍, മറുത്തൊരു ന്യായമോ, യാഥാര്‍ഥ്യമോ ചൂണ്ടിക്കാണിക്കുകയോ, എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭൂമി മലയാളത്തെ കീഴ്‌മേല്‍ മറിക്കും. തീര്‍ച്ചയായും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി, പടയാളികളായി, അതിരുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യത്തോടെ പത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വയം ഓര്‍മ്മിപ്പിക്കുന്ന ധാര്‍മ്മികത എപ്പോഴും പേനത്തുമ്പിലും ക്യാമറക്കണ്ണുകളിലും ജാഗ്രതയോടെ ഒരുങ്ങിനില്‍ക്കണം. പത്രങ്ങളുടെ സാമ്രാജ്യത്തിലേക്ക് ടെലിവിഷന്‍ ചാനലുകള്‍ കൂടി എത്തിയതോടെ ജനാധിപത്യത്തിന്റെ കാവല്‍ കൂടുതല്‍ ശക്തമാവേണ്ടതാണ്. പക്ഷേ കാര്യമായ രാഷ്ട്രീയ ബോധമോ, ചരിത്രബോധമോ, മാധ്യമ സംസ്കാരമോ ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരും വ്യാഖ്യാതാക്കളും ടെലിവിഷന്റെ ദൃശ്യസാധ്യതയുടെയും അധികാരത്തിന്റെയും പേരില്‍, വിലസുകയാണ്. അവര്‍ എല്ലാ ദിവസവും തല്‍സമയറിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചര്‍ച്ചകളില്‍ പ്രമുഖരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ട്, ശക്തമായ അധികാരസാന്നിധ്യമായിത്തീരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരിലും നേതാക്കളിലുംപെട്ട പലര്‍ക്കും ഇവരെ പേടിയോ ആവശ്യത്തില്‍കവിഞ്ഞ ബഹുമാനമോ ആണ്. അവര്‍ പിണങ്ങിയാല്‍ സ്വന്തം രാഷ്ട്രീയ ഭാവി തകരുമോ എന്ന് ഭയക്കുന്നവരാണ് കൂടുതലും.

കുറേ നാളുകളായി മലയാള മാധ്യമ രംഗത്ത് നടക്കുന്ന വേട്ടകളുടെയും ആക്രമണങ്ങളുടെയും പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കേണ്ടതുണ്ട്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധോലോകനായകന്റെയും വില്ലന്റെയും അഴിമതിക്കാരന്റെയും ഒരു മുഖം നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ് ഈ സംഘം. പിണറായി വിജയന്‍ നേരിട്ടിട്ടുള്ളതു പോലെയുള്ള സംഘടിതമായ ആക്രമണം ഒരുപക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനു നേരെയും ഉണ്ടായിട്ടുണ്ടാവില്ല. ഈ ആക്രണണങ്ങളുടെയും കള്ളത്തരങ്ങളുടെയും ഫലമായി ഈ മനുഷ്യന്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് സാധാരണഗതിയില്‍ അപ്രത്യക്ഷനാവേണ്ടതാണ്. ഫാരിസ് അബൂബേക്കര്‍, ലാവ്ലിന്‍ അഴിമതി, കമ്യൂണിസത്തെ കയ്യൊഴിഞ്ഞവന്‍, മുതലാളിമാരുടെ കൂട്ടുകാരന്‍, ആഡംബരജീവിതം നയിക്കുന്നവന്‍ എന്നൊക്കെപ്പറഞ്ഞ് കെ എം മാത്യുവിന്റെ മനോരമയും മനോരമവിഷനും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും മുര്‍ദോക്കിന്റെ ഏഷ്യാനെറ്റും മുനീറിന്റെ ഇന്താവിഷനും ഒക്കെ തുടര്‍ച്ചയായ ആക്രമണം ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇവരും ഇവരുടെ മാധ്യമസിന്‍ഡിക്കേറ്റും മറന്നു പോയ ചില ചരിത്രപാഠങ്ങളുണ്ട്. പിണറായി വിജയന്‍ തന്നെ അവര്‍ക്കൊരു പാഠമാകേണ്ടതാണ്. സി പി ഐ (എം) സംഘടനയും അതിന്റെ അംഗങ്ങളും അനുഭാവികളും പിണറായി വിജയനെ വെറുക്കുകയും കയ്യൊഴിയുകയും ചെയ്തു എന്നാണവര്‍ രഹസ്യമായും പരസ്യമായും പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ പിണറായി വിജയന്‍ ശക്തനായ സംഘാടകനും നേതാവുമായി വര്‍ദ്ധിച്ച ജനപിന്തുണയോടെ പാര്‍ട്ടിയെ നയിക്കുന്നത് നവകേരളമാര്‍ച്ചിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നില്ല. പകരം അവരുടെ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ വൈരാഗ്യബുദ്ധിയോടെ തമസ്കരിക്കുകയും ചെയ്യുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. മാതൃഭൂമി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വ്യാഖ്യാനങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ അസംബ്ളിയില്‍ നടത്തിയ കുറ്റസമ്മതപ്രസംഗം തമസ്കരിക്കുകയും ചെയ്തപ്പോള്‍ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞനും കഥാകൃത്തുമായ ഡോ. എന്‍ എം മുഹമ്മദാലി വായനക്കാരന്‍ എന്ന നിലയില്‍ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിക്കൊണ്ട് പത്രത്തിന്റെ ദേശീയ സ്വാതന്ത്ര്യസമരപാരമ്പര്യവും ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ചു. ഡോ. എന്‍. എം. മുഹമ്മദാലിയുടെ അഞ്ചുകഥകള്‍ മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ ഈ കത്തിനു ശേഷം അദ്ദേഹത്തിന്റെ കഥകളുടെ നിലവാരം കുറഞ്ഞുപോവുകയും കഥകള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഡോ. മുഹമ്മദാലിയുടെ അനുഭവം ഉണ്ടാവാതിരിക്കാന്‍ പ്രശസ്തരായ എഴുത്തുകാരൊക്കെ ശ്രദ്ധാലുക്കളാണ്. മറ്റൊന്ന് കഥാകൃത്ത് ആര്‍ ഉണ്ണിയുടെ 'ഞാന്‍ ആര്‍ എസ് എസു കാരനായിരുന്നു' എന്ന കുറ്റ സമ്മതലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതിനെതിരെ നടന്ന കോലാഹലമാണ്. ഈ ലേഖനം അച്ചടിച്ചതിന്റെ ഉത്തരവാദിയായ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിനെതിരെ സംഘപരിവാറിന്റെ നിര്‍ദ്ദേശാനുസരണം രഹസ്യ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നുള്ളത് മാതൃഭൂമിക്കകത്തും പുറത്തും പ്രചരിച്ചിട്ടുള്ള സത്യമാണ്.

മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരില്‍ ഒരു നല്ല വിഭാഗം സി പി ഐ (എം) ന്റെ അംഗങ്ങളോ അനുഭാവികളോ ഉണ്ടാവും. മാതൃഭൂമിയുടെ എം ഡി വീരേന്ദ്രകുമാറിന്റെ ധാര്‍മ്മികതയില്ലാത്ത നിലപാടിനെ നേരിടാന്‍, പാര്‍ട്ടി തീരുമാനമെടുത്താല്‍ മാതൃഭൂമി വായന ഉപേക്ഷിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. പക്ഷേ സി പി ഐ (എം) ഉയര്‍ന്ന ജനാധിപത്യബോധവും സഹിഷ്ണുതയും പുലര്‍ത്തുന്നതുകൊണ്ട് അത്തരം തീരുമാനങ്ങളുണ്ടാകുന്നില്ല.

ഇത്ര പ്രകടമായും നഗ്നമായും വാര്‍ത്താമാധ്യമങ്ങള്‍ (പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍) പക്ഷം പിടിക്കുകയും എല്ലാ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മികതയും ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ കളിക്കളത്തിലിറങ്ങുകയും ചെയ്തിട്ടുള്ള ഒരു കാലം കേരളം ദര്‍ശിച്ചിട്ടുണ്ടാവില്ല എന്ന് വളരെ മുതിര്‍ന്ന രാഷ്ട്രീയ നിരൂപകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ടെലിവിഷന്‍ ചാനലുകള്‍ ദിവസവും എവിടെനിന്നെങ്കിലും കെട്ടിയെഴുന്നെള്ളിക്കുന്ന രാഷ്ട്രീയമറിയാത്ത 'രാഷ്ട്രീയനിരീക്ഷകരു'ടെയും ധാര്‍മ്മികതയില്ലാത്ത 'മാധ്യമ വിദഗ്ധ' രുടെയും ജനുസില്‍പ്പെട്ടവരെക്കുറിച്ചല്ല പറയുന്നത്. സി പി ഐ (എം) നോട് കടുത്ത ശത്രുതയുള്ളവരെല്ലാം ഇന്ന് മാധ്യമവിദഗ്ധരും രാഷ്ട്രീയനിരീക്ഷകരുമായി ചാനലുകളിലൂടെ വാഴിക്കപ്പെടുകയാണ്. അപ്പുക്കുട്ടന്‍ വളളിക്കുന്നു മുതല്‍ രാജേശ്വരിയായി അഴിഞ്ഞാടുന്ന അഡ്വ. ജയശങ്കര്‍ വരെയുള്ളവരുടെ അശ്ളീലങ്ങളെ ദിവസവും സഹിക്കേണ്ടിവരുന്ന കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നുള്ളത് ഒരത്ഭുതമാണ്. പീഡനങ്ങള്‍ സഹിക്കാനാവാതെ വരുമ്പോഴാണല്ലോ മനുഷ്യര്‍ ആത്മഹത്യയിലഭയം തേടുന്നത്.

ടെലിവിഷന്‍ ചാനലുകളെല്ലാം തന്നെ കളിക്കളത്തിലിറങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അമ്പയര്‍മാരാവേണ്ടവര്‍ പക്ഷം ചേര്‍ന്നുകൊണ്ട് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിക്കുകയാണ്. മലയാളത്തിലെ ചെറുതം വലുതുമായ പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലെ ഭൂരിപക്ഷവും സി പി ഐ (എം) നെതിരെയുള്ള മുന്നണിയിലെ സഖ്യകക്ഷികളായി മാറിയിരിക്കുന്നു. എല്ലാവരും പ്രത്യേക പതിപ്പുകളും, വാര്‍ത്തകളും, പരിപാടികളും, വോട്ടുവണ്ടികളും, പടക്കളങ്ങളും, പോര്‍ക്കളങ്ങളുമൊക്കെയായി വേട്ടക്കാരുടെ വന്യമായ ആഹ്ളാദത്തോടെ ഇറങ്ങിയിരിക്കുകയാണ്. ഇവരുടെയൊക്കെ വായനക്കാരോ പ്രേക്ഷകരോ ആണ് കേരളത്തിലെ 95 ശതമാനം ആളുകളും എന്നിരിക്കെ, കമ്യൂണിസ്റ്റു വിരുദ്ധതയുടെ വിഷം കലര്‍ന്ന ഈ സാംസ്കാരിക പരിസ്ഥിതിയില്‍ നിന്ന് ഭൂരിപക്ഷം ആളുകളും സ്വയം രക്ഷപ്പെടുകയും അവര്‍ സ്നേഹിക്കുന്ന ഇടതുപക്ഷശക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഫാസിസ്റ്റുശക്തികളെയും വീണ്ടും വിറളിപിടിപ്പിക്കുന്നുണ്ട്: ഇടതുപക്ഷത്തിന്റെ ഗോള്‍ മുഖത്തേക്ക് നുണപ്രചാരണങ്ങളുടെ പന്തുമായി കുതിക്കുന്ന മാധ്യമങ്ങളുടെ (അമ്പയര്‍മാരായി നില്‍ക്കേണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂലിത്തല്ലുകാരും ദല്ലാളന്മാരുമായി മാറുകയാണ്) ആക്രമണങ്ങളെ ചെറുക്കാന്‍ പ്രേക്ഷകരായിരിക്കുന്ന ജനങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയും ഗോള്‍മുഖം സംരക്ഷിക്കുകയും ചെയ്യും എന്ന് എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്.

*
വി കെ ജോസഫ് കടപ്പാട്: യുവധാര 2009 മെയ് ലക്കം

No comments:

Post a Comment

Visit: http://sardram.blogspot.com