08 June, 2009

ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ചൂതാട്ടക്കാരുടെ വിളയാട്ടംഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ചൂതാട്ടക്കാരുടെ വിളയാട്ടംസ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ നമ്മുടെ ഭരണകൂടം സ്വീകരിച്ചാനയിച്ചിട്ട് 9 വര്‍ഷമാവുന്നു.. ദേശീയവികസനത്തിനും സമ്പാദ്യശീലത്തിനും, സാമൂഹിക സുരക്ഷക്കും സര്‍ക്കാര്‍ കുത്തക തുടര്‍ന്നാല്‍ ഭംഗം വരുമെന്നാണ് ഐ.ആര്‍.ഡി.എ. നിയമം പാസാക്കാന്‍ കൈപൊക്കിയ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ജനങ്ങളെ ധരിപ്പിച്ചത്. എന്നാല്‍ ജനങ്ങളുടെ വിയര്‍പ്പില്‍ നിന്ന് സമാഹരിക്കുന്ന സമ്പാദ്യം മുഴുവന്‍ സ്വകാര്യകമ്പനികള്‍ വെട്ടിവിഴുങ്ങിക്കഴിഞ്ഞുവെന്നത് സത്യം. ചൂതാട്ടവും, ഊഹക്കച്ചവടവും, വെട്ടിപ്പിടുത്തവും, വഞ്ചനയും ഒന്നിച്ച് ചേര്‍ന്നാല്‍ പോളിസി ഉടമകളുടെ പണത്തിനെന്തു സംഭവിക്കുമെന്ന് യുലിപ്പ് പോളിസികളെക്കുറിച്ച് മനസ്സിലാക്കിയാല്‍ വ്യക്തമാവും. അന്നദാദാവിന്റെ മരണമോ അപകട മരണമോ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ നേരിടാന്‍ ലൈഫ് ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനുപകരം സമ്പാദ്യം ഇരട്ടിപ്പിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ഇന്‍ഷൂറന്‍സ് എന്നാണ് സ്വകാര്യകമ്പനികള്‍ പ്രചരിപ്പിക്കുന്നത് അങ്ങനെയാണ് യുലിപ്പ് പോളിസികളുടെ പ്രവാഹമുണ്ടായത്.. ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വിറ്റ പോളിസികളില്‍ 80% വും യുലിപ്പ് പോളിസികളായിരുന്നു.. വിവിധ തവണകളായോ, ഒരുമിച്ചോ പണമടക്കുന്ന പദ്ധതികളില്‍ ലക്ഷക്കണക്കിനാളുകള്‍ ചേര്‍ന്നു.15,000 മുതല്‍ കോടിക്കണക്കിന് രൂപവരെ നിക്ഷേപം നടത്തി.


എന്താണ് യൂലിപ്പ് പോളിസികളുടെ ഇപ്പോഴത്തെ മൂല്യം?


ഒരു ലക്ഷം രൂപ തവണയടച്ച പോളിസി ഉടമയുടെ കണക്കില്‍ ഇപ്പോള്‍ എത്ര രൂപയാണ് അവശേഷിക്കുന്നത്? പണം ആരടിച്ചെടുത്തു? തരുമെന്നോ കിട്ടുമെന്നോപറഞ്ഞ അധികമൂല്യമെവിടെ? ഓഹരികമ്പോളതകര്‍ച്ചയില്‍ അതൊക്കെ ഒലിച്ചുപോയന്നാണ് ഒരുത്തരം.! കമ്പോളത്തിന് വെട്ടിത്തിന്നാനറിയില്ല, വാരിവിളമ്പാനെ അറിയൂ എന്നാണല്ലോ നമ്മളില്‍ പലരും കരുതിയത്.. സമ്പാദ്യത്തിന് 100%വരെ മൂല്യശോഷണം വന്ന ഒരു വഴി കമ്പോളമാണെങ്കില്‍ മറുവഴി ഇതിലും ഭീകരമാണ്.. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് തന്നെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വെട്ടിമാറ്റുന്ന ചാര്‍ജ്ജുകളുടെ മാതൃക ഇതാണ്.1. പ്രീമിയം അലോക്കേഷന്‍ചാര്‍ജ്ജ്2. പോളിസി അഡ്‌മിനിസ്‌ട്രേഷന്‍ ചാര്‍ജ്ജ്3. മോര്‍ട്ടാലിറ്റിചാര്‍ജ്ജ്4. ടോപ്പപ്പ് ചാര്‍ജ്ജ്5. സ്വിച്ചിംഗ് ചാര്‍ജ്ജ്6. പാര്‍ഷ്യല്‍ വിത്ഡ്രോവല്‍ചാര്‍ജ്ജ്7. സറണ്ടര്‍ചാര്‍ജ്ജ്ആദ്യത്തേത് ഏജന്റ് കമ്മീഷന്‍, മാര്‍ക്കറ്റിംഗ് ചിലവുകള്‍, ഇന്‍സിഡന്റല്‍ ചെലവുകള്‍ തുടങ്ങിയവയാണ്.. ആദ്യ പ്രീമിയത്തിന്റെ 5% മുതല്‍ 20% വരെ തുടക്കത്തില്‍ തന്നെ കമ്പനി വരവ് വയ്ക്കുന്നു. പിന്നീട് എല്ലാ മാസവും 7 ശതമാനം വരെ വിവിധ ചാര്‍ജ്ജുകളായി കുറച്ചുകൊണ്ടിരിക്കുന്നു. (ഇവിടെ കൊടുത്തിട്ടുള്ള സ്റേറ്റ്മെന്റ് കാണുക). രണ്ടാമത്തേതാകട്ടെ ഭരണചിലവുകളാണ് ! അച്ചടി, സ്റ്റേഷനറി, പോസ്റ്റേജ്, പ്രോസസിംഗ് തുടങ്ങിയ ഇനങ്ങളിലായി കുറഞ്ഞത് ഒരു പോളിസിയുടെ മേല്‍ പ്രതിമാസം 20 രൂപയെങ്കിലും അടിച്ചു മാറ്റപ്പെടുന്നു. മൂന്നാമത്തെ ചാര്‍ജ്ജ് - റിസ്‌ക് കവര്‍ ചെയ്യുന്നതിനുള്ള വിഹിതമാണ്.. അത് പക്ഷേ നല്‍കേണ്ടതു തന്നെയാണുതാനും.. ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്ജ് എന്നാല്‍ നിങ്ങളുടെ നിക്ഷേപം കമ്പോളത്തില്‍ വില്‍ക്കുക- വാങ്ങുക-തുടങ്ങിയ പ്രക്രിയകള്‍ക്കായി കമ്പനികള്‍ പിടിച്ചെടുക്കുന്ന വിഹിതമാണ്.. മാനേജ് ചെയ്യുന്ന തുകയുടെ 1 മുതല്‍ 5% വരെ ഇങ്ങനെ മാറ്റിവയ്ക്കപ്പെടും! ടോപ്പപ്പ് മുതല്‍ സറണ്ടര്‍ ചെയ്യുന്നതിനു വരെയുള്ള ചാര്‍ജ്ജുകളൊക്കെ പോളിസി ഉടമകളുടെ മേല്‍ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിച്ചേല്‍പ്പിക്കുന്നതില്‍ വീഴ്ചവരാറില്ല. ചുരുക്കത്തില്‍ യുലിപ് പോളിസിയുടെ പകുതിയോളം (ഇവിടെ ഏതാണ്ട് മുഴുവനും അടിച്ചെടുത്തിരിക്കുന്നു - സ്റ്റേറ്റ്മെന്റ് കാണുക) തുക കമ്പനികളുടെ പേരില്‍ വരവുവക്കാനുള്ളതാണ്.. ശേഷമുള്ളത് കമ്പോളത്തില്‍ നിക്ഷേപിച്ച് ലാഭം കിട്ടിയാല്‍ നിങ്ങള്‍ക്ക് അത് തരുമെന്നാണ് വാഗ്ദാനം!ഇന്‍ഷൂറന്‍സ് അരിക്കച്ചവടമല്ലല്ലോ.. 'വാഗ്ദാന'മാണവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഉല്‍പ്പന്നം. ഇവിടെ കള്ളന്മാരെ കപ്പലേല്‍പ്പിക്കുന്നുവെന്നുമാത്രമല്ല. അവര്‍ കപ്പലോടിക്കുന്നതാകട്ടെ കടലിലൂടെയല്ല. കമ്പോളത്തിലൂടെയാണ് താനും! കവര്‍ച്ച സുതാര്യമായി നടക്കുന്ന യുലിപ്പിന്റെ വിശേഷങ്ങള്‍ മാക്സ് ന്യൂയോര്‍ക്കിന്റെ ഒരു പോളിസി സ്റ്റേറ്റ്മെന്റ് വെച്ച് ഞങ്ങളിവിടെ വിശദീകരിക്കുന്നു.ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെ 'പിഴ' നിങ്ങളടച്ചോ?


“വെറുതെ ഓരോന്ന് പറഞ്ഞ് അവസരങ്ങള്‍ കളഞ്ഞു കുളിക്കരുതേ” എന്നാണ് ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷം എതിര്‍ത്തപ്പോള്‍ നമ്മളില്‍ പലരും പ്രാര്‍ത്ഥിച്ചത്.. സ്വകാര്യ-വിദേശ ബ്രാന്‍ഡുകള്‍ എത്തി. നാട്ടുകാര്‍ക്ക് "പുതിയതും നൂതനവുമായ ഇന്‍ഷൂറന്‍സ് പദ്ധതികള്‍'' അവര്‍ വാരിവിളമ്പി! അതില്‍ ഏറ്റവും മുന്തിയ സാധനമായിരുന്നു 'യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍'.. സ്വകാര്യ കമ്പനികള്‍ വിറ്റഴിച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ 80% വും ഈ ഗണത്തില്‍പ്പെടുന്നു.. നാടോടുമ്പോള്‍ നടുവെ ഓടാതെ വയ്യെന്ന തത്വം പാലിച്ച് എല്‍.ഐ.സിയും അത്തരം പോളിസികള്‍ ഇറക്കി (അത് ഇത്രയും വലിയ നഷ്ടത്തിലല്ല. അവര്‍ നിക്ഷേപം മുഴുവനുമെടുത്ത് ഉണ്ണുന്നില്ല). പോളിസിയിലടയ്ക്കുന്ന തുക ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച് വന്‍തുക കൊയ്തെടുക്കാമെന്നാണ് യുലിപ് പോളിസികള്‍ നല്‍കുന്ന വാഗ്ദാനം.. പൊട്ടകണ്ണന്റെ മാവേലേറുപോലെ, അപൂര്‍വ്വമായി ലക്ഷ്യം കാണില്ലെന്ന് പറയാനാവില്ല.. എന്നാല്‍ ഇവിടെ ഞങ്ങള്‍, ഒരന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് ഭീമന്റെ ഇന്ത്യന്‍ അവതാരമായ 'മാക്സ് ന്യൂയോര്‍ക്ക്' ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പോളിസിക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന 'സ്റ്റേറ്റ്മെന്റാണ്' കൊടുത്തിരിക്കുന്നത്.. കമ്പോളത്തില്‍ നിക്ഷേപിച്ച് ലാഭം വാരിയെടുത്ത് പോളിസി ഉടമകളെ സമ്പന്നരാക്കുമെന്ന് വാഗ്ദാനം നല്‍കുന്ന കമ്പനി ഒരു ദമ്പതികളില്‍ നിന്ന് 2007 ഒക്ടോബറില്‍ 50,000 രൂപാ വീതം വാര്‍ഷിക പ്രീമിയം വാങ്ങി (രണ്ടാള്‍ചേര്‍ന്ന് 1 ലക്ഷം) കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അവര്‍ക്കയച്ചുകൊടുത്ത സ്റേറ്റ്മെന്റാണിവിടെ കൊടുത്തിട്ടുള്ളത്. (ഓര്‍ക്കുക, ഓഹരികമ്പോളം വമ്പന്‍ തകര്‍ച്ചയിലായത് 2008 ഒക്ടോബറില്‍ മാത്രമാണ്. നമ്മുടെ കേസില്‍, കമ്പോളം 'കത്തിനിന്ന' കാലത്താണ് ഇവര്‍ നിക്ഷേപം നടത്തിയത്!)എന്താണ് ഇതില്‍പറയുന്നത്?1) നിക്ഷേപ തുകയില്‍ നിന്ന് നിക്ഷേപ നാളില്‍ തന്നെ 20% വീതം (Rs. 10,000/-) 'പ്രീമിയം അലോക്കേഷന്‍ചാര്‍ജ്ജ് (ഏജന്‍സി കമ്മീഷന്‍ മുതല്‍...ഭരണചെലവ് വരെ) കമ്പനിയെടുത്തു.. പോളിസി ഉടമയുടെ പേരില്‍ ബാക്കിയുള്ളത് 40,000/- രൂപയാണ് .. 1518 രൂപയാണ് യൂണിറ്റിന്റെ മൂല്യമായി അയാളുടെ പേരില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 26 രൂപ അതിന്റെ 'പ്രോസസിംഗ് ചാര്‍ജ്ജായി' ഈടാക്കിയത്. കൂടാതെ 2,515.64 രൂപ 'ഫണ്ട്മാനേജ്മെന്റ് ചാര്‍ജ്ജ്' എന്ന കണക്കില്‍ കമ്പനിഅടിച്ചുമാറ്റി.. തുടര്‍ന്ന് ഓരോമാസവും കമ്പനിക്ക് എടുക്കാനുള്ളത് മുഴുവന്‍ യഥാസമയം കിഴിച്ചിട്ടുള്ളത് ശ്രദ്ധിക്കുക.. പോളിസി ഉടമയുടെ പേരിലുള്ള യൂണിറ്റിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നത് എത്ര അളവിലാണെന്നും അവശേഷിക്കുന്ന മൂല്യം എത്രയെന്നും കോളം 8ഉം 9ഉം പറയുന്നുണ്ട്..പോളിസി എടുത്ത് 12 മാസം കഴിയുമ്പോള്‍ (ഒക്:30, 2008) ഭര്‍ത്താവിന്റെ പേരിലുള്ള 50,000 രൂപയുടെ പോളിസിയുടെ മൂല്യം 397.98 രൂപയും ഭാര്യയുടെ പേരില്‍ (നവംബര്‍ 30ന്) മൂന്ന് പൂജ്യവുമാണുള്ളത്. എന്തൊരത്ഭുതം.ഞെട്ടരുത്, കഴിഞ്ഞ 9 വര്‍ഷമായി 17 ഓളം സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ രാജ്യത്ത് നിന്ന് പ്രീമിയമായി സമാഹരിച്ച കോടാനുകോടിരൂപയുടെ 80%വും യുലിപ് ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ ആയിരുന്നു. ഫലത്തില്‍ ഇത് മുഴുവന്‍ കവര്‍ച്ച ചെയ്യപ്പെടുകയായിരുന്നു! ഇന്‍ഷൂറന്‍സ് ചൂതാട്ടമായി മാറുകയും, ഭാഗ്യക്കുറിക്ക് സമാനമായിത്തീരുകയും ചെയ്യുന്ന അവസ്ഥയെ 'അവസര' മായി കണ്ട ലക്ഷക്കണക്കിന് പോളിസി ഉടമകളില്‍ നിങ്ങളും പെടുന്നുണ്ടോ? കേരളത്തില്‍ നിന്ന് മാത്രം 15,000 കോടിരൂപാ ഇങ്ങനെ സ്വകാര്യ കമ്പനികള്‍ വിഴുങ്ങിയിട്ടുണ്ടന്നാണ്. പി.എ.ജി.യുടെ ഏരിയല്‍ സര്‍വ്വെ കണ്ടെത്തിയത്.. അന്താരാഷ്‌ട്ര വെട്ടിപ്പുസംഘങ്ങള്‍ക്ക് ഖജനാവ് തന്നെ തുറന്നു കൊടുത്ത് കമ്പോളവ്യവസ്ഥ നിലനിര്‍ത്താന്‍ പാടുപെടുന്ന രാഷ്‌ട്രീയ ദല്ലാള്‍മാര്‍ ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിനും, വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വേണ്ടി കുത്തിമറിയുമ്പോള്‍ ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യുന്ന ഇടതുപക്ഷത്തെയും, തൊഴിലാളി സംഘടനകളെയും കുറ്റപ്പെടുത്തിയും കളിയാക്കിയും നടക്കുന്ന മധ്യവര്‍ഗ്ഗവും, സമ്പന്നരും ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണ തീരുമാനത്തിന്റെ പേരില്‍ അടയ്ക്കുന്ന 'പിഴ' യാണ് ULIP നിക്ഷേപങ്ങള്‍... തുടര്‍ന്നും അതടയ്ക്കുവാന്‍, അവര്‍ക്ക് അവകാശമുണ്ടല്ലോ! കമ്പോളം നീണാള്‍ വാഴട്ടെ... വഞ്ചന നീണാള്‍ വാഴട്ടെ.

രാജാവ് തുണി ഉടുത്തിട്ടില്ല!

ചൂതാട്ടക്കാര്‍ ഖജനാവിലെ പണമെടുത്ത് ധൂര്‍ത്തടിക്കുന്നു...

2008 സെപ്റ്റംബര്‍ 2-ാംവാരം. 8500 കോടി അമേരിക്കന്‍ ഡോളര്‍ ഖജനാവില്‍ നിന്ന് വാങ്ങിയെടുത്ത് ജീവന്‍ നിലനിര്‍ത്തിയ AIGക്ക് പിന്നീട് 8800 കോടി ഡോളര്‍ കൂടി ഫെഡറല്‍ റിസര്‍വ്വിന്റെ വായ്പ കിട്ടി. (ആകെ 17300 കോടി ഡോളര്‍). AIGയുടെ 79 ശതമാനം ഓഹരി ഈടായി വാങ്ങിവെച്ചിട്ടാണ് നാട്ടുകാരുടെ പണമെടുത്ത് ഈ അന്താരാഷ്ട്ര തട്ടിപ്പുവീരന് നൽകിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം! പക്ഷെ AIG അതിന്റെ കിട്ടാക്കടങ്ങളിലും, മൂല്യരഹിത സെക്യൂരിറ്റികളിലും മുങ്ങിത്താണുകൊണ്ടിരിക്കുകയാണന്നാണ് വാര്‍ത്തകള്‍... 136 രാഷ്‌ട്രങ്ങളില്‍ 15ലധികം മേഖലകളിലായി പടര്‍ന്നു പന്തലിച്ച് കിടന്ന AIG യുടെ ഘടകങ്ങളില്‍ ഏറെയും ഇതിനോടകം വിറ്റുപെറുക്കി.. ഏറ്റവും അവസാനം വിറ്റത് അമേരിക്കയിലെ 40 സംസ്ഥാനങ്ങളില്‍ ഓട്ടോ ഇന്‍ഷൂറന്‍സ് ചെയ്തുകൊണ്ടിരുന്ന 21st Century Insurance Group ആണ്. കഥയിതാണെങ്കിലും, മുങ്ങിത്താഴുന്ന AIG 2008-2009ലെ 'ബോണസ്' പ്രഖ്യാപിക്കുകയും അത്, കമ്പനിയുടെ ഭരണാധിപന്‍മാരായ എക്സിക്യൂട്ടീവുകള്‍ക്കെല്ലാം വിതരണം ചെയ്യുകയും ഉണ്ടായി! 165 ദശലക്ഷം ഡോളര്‍ ആണ് (ഏതാനും ദശകങ്ങള്‍മാത്രം വരുന്ന) കമ്പനിമേധാവികള്‍ക്ക് വീതിക്കപ്പെട്ടത്. വിവരമറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റും സെനറ്റും 'ചൂടായ'തിന്റെ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചുവല്ലോ... അവസാനം നാട്ടുകാരുടെ തെറിയഭിഷേകം ഭയന്ന് സെനറ്റ് ഒരു പുതിയ നിയമം തന്നെ കൊണ്ടുവരാനാണ് തീരുമാനിച്ചത്..ഖജനാവില്‍ നിന്ന് 5 ബില്യന്‍ ഡോളറിനു മുകളില്‍ ധനസഹായം വാങ്ങിയിട്ടുളള കമ്പനികള്‍ ബോണസ് പ്രഖ്യാപിച്ചാല്‍: 2.5 ലക്ഷം ഡോളറിലധികം തുക ബോണസായി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍, കിട്ടിയതിന്റെ 90% നികുതിയടക്കണം എന്നാണ് നിയമത്തിലെ വ്യവസ്ഥ!ഇതെന്തു ബില്ല് ! നികുതിയടക്കാതെ വളര്‍ന്നുവന്ന ഞങ്ങള്‍ നികുതിയടക്കുകയോ? ചത്തുകൊണ്ടിരിക്കുന്ന കമ്പനി മേധാവികള്‍ മുഴുവന്‍ ഞെട്ടിപിടഞ്ഞെണീറ്റു! 2008 സെപ്റ്റംബറിലുണ്ടായ സാമ്പത്തികസുനാമിയില്‍ തകര്‍ന്നുതരിപ്പണമായ ബാങ്കുകളുടെ മേധാവികള്‍ മുഴുവന്‍ ഒബാമക്കെതിരെ രോഷത്തോടെ കുരച്ചുചാടി "ഈ നികുതി നിര്‍ദ്ദേശം കാരണം അടുത്തൊന്നും സാമ്പത്തിക മന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കക്ക് സാധിക്കില്ല'' എന്നാണ് ഖജനാവിന്റെ കനിവില്‍ ജീവിക്കുന്ന ബാങ്കര്‍മാര്‍ ശപിച്ചത്.. "കഴിവുള്ള മഹാപ്രതിഭകളെ ബാങ്ക് /ഇന്‍ഷൂറന്‍സ് / ഓട്ടോ കമ്പനികള്‍ക്ക് നഷ്ടപ്പെടാന്‍ ഈ നികുതി നിര്‍ദ്ദേശം വഴിവയ്ക്കു'' മെന്നാണ് CEO മാര്‍ സംഘം ചേര്‍ന്ന് പ്രഖ്യാപിച്ചത്. ജെ.പി മോര്‍ഗന്‍ 25 ബില്യനും , സിറ്റിഗ്രൂപ്പ് 45 ബില്യനും (ഒപ്പം 118 ബില്യന്‍ ഡോളറിന്റെ ഗ്യാരണ്ടിയും) ഖജനാവില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.. അവരൊക്കെയാണ് സെനറ്റിന്റെ നികുതി നിര്‍ദ്ദേശത്തിനെതിരെ പടയൊരുക്കം നടത്തുന്നത്.ഈ ധിക്കാരികളുടെ നേരെ അമേരിക്കന്‍ ജനതയുടെ കടുത്ത രോഷവും പരിഹാസവും അണപൊട്ടി ഒഴുകുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. എ.ഐ.ജി.യുടെ ഉന്നതഉദ്യോഗസ്ഥന്മാര്‍ ജനരോഷം ഭയന്ന് രഹസ്യകേന്ദ്രങ്ങളില്‍ പോയി ഒളിക്കുകയാണത്രെ! മുങ്ങിയമരുന്ന എ.ഐ.ജിക്ക് നേരെ 6.4 ദശലക്ഷം ചീഞ്ഞ തക്കാളികള്‍ വലിച്ചെറിഞ്ഞ് ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ പ്രതിഷേധിച്ചുവെന്ന് കൂടി കേള്‍ക്കുക! ഒപ്പം അമേരിക്കന്‍ സര്‍ക്കാരിനോട് "ഞങ്ങളുടെ പണമാണത്. അത് തിരിച്ചു വാങ്ങിത്തരൂ'' എന്ന ആവശ്യത്തിന് താഴെ ഇത്രയും പേര്‍ കൈയ്യൊപ്പ്ചാര്‍ത്തിയെന്നത് ചൂതാട്ടക്കരെ ഭയപ്പെടുത്തുന്നു.AIGയുടെ ഒരു മിനിട്ട് നേരത്തെ നഷ്ടം 4,60,000 ഡോളറാണത്രെ! കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'നഷ്ട'മാണിതെന്ന് കമ്പോളമേധാവികള്‍ പറയുന്നു. ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള 3 മാസക്കാലത്തെ നഷ്ടം 60 ബില്യന്‍ ഡോളറായിരുന്നു.. (ഇതാണ് മിനിട്ടിലാക്കികൊടുത്തിരിക്കുന്നത്) ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ സെക്യൂരിറ്റികളാക്കി വായ്പയെടുക്കാനും, അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയ ഭീമന്‍ തുകക്ക് പലിശ ഒഴിവാക്കി രക്ഷപെടാനുമാണ് ഇപ്പോള്‍ അവരുടെ ശ്രമം.അമേരിക്കന്‍ ഖജനാവില്‍ നിന്ന് 173 ബില്യന്‍ ഡോളര്‍ ഇതിനോടകം വാങ്ങിയ എ.ഐ.ജിയുടെ ഓട്ടോ ഇന്‍ഷൂറന്‍സ് യൂണിറ്റ് ഈ കഴിഞ്ഞ ദിവസം 1.9 ബില്യന്‍ ഡോളറിന് സൂറിച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് വിലക്ക് വാങ്ങി. സൂറിച്ച് ഒരു സ്വിറ്റ്സര്‍ലാന്റ് കമ്പനിയാണ്. 21st Century Insurance Group എന്ന പേരില്‍ അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓട്ടോ ഇന്‍ഷൂറന്‍സ് കമ്പനിയാണ് എ.ഐ.ജി. കയ്യൊഴിഞ്ഞിരിക്കുന്നത്.AIG യുടെ ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡണ്ട് ജാക്ക് ഡെമ്പന്റിസ് ഇതിനിടെ മനഃസ്താപം കൊണ്ട് പരസ്യമായി സ്ഥാനം രാജിവെച്ചു. 7.42 ലക്ഷം ഡോളര്‍ ബോണസ് ലഭിച്ച അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ തന്റെ രാജിക്കത്ത് പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തു. "ഞാന്‍ നാണക്കേടുകൊണ്ട് കമ്പനി വിടുകയാണ്, നിങ്ങള്‍ തന്ന ബോണസ്, ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്യാനാണ് എന്റെ തീരുമാനം'' അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു! ജനങ്ങളുടെ നികുതിപ്പണം വാങ്ങിവച്ച് ഉണ്ണുന്നവര്‍ സെനറ്റിനും ഒബാമക്കും, ജനങ്ങള്‍ക്കുമെതിരെ, രോഷംകൊള്ളുമ്പോള്‍ കമ്പോളാധിപന്മാരുടെ തൊലിയുടെ കട്ടിയും നഗ്നതയുടെ ഭീകരതയും എത്രയുണ്ടെന്ന് നിങ്ങള്‍ ഊഹിക്കുക.കമ്പോളം നീണാള്‍വാഴട്ടെ!ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വന്‍നഷ്ടത്തില്‍

വിദേശ നിക്ഷേപപരിധി 26% മാത്രമുള്ള ഇന്ത്യയില്‍ AIG യുടെയും ലോയ്‌ഡിന്റെയും തകര്‍ച്ചക്ക് സമാനമായ ദുരന്തം സംഭവിച്ചില്ലന്നത് നേരാണ്. എന്നാല്‍, ഓഹരികമ്പോളത്തില്‍ പണമെറിഞ്ഞ് നാട്ടുകാരുടെ പണം കവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് ഒട്ടുമോശമല്ലന്ന് നാം കണ്ടു. ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന ഒരു വസ്തുത കൂടി ഉണ്ട്. 17 സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.. അതില്‍ 4 എണ്ണം ഒഴിച്ചുള്ളവയെല്ലാം തുടര്‍ച്ചയായി വന്‍സാമ്പത്തിക നഷ്ടത്തിലാണ്. ഏറെ വൈകാതെ ഇവയൊക്കെ നാട്ടുകാരുടെ പണവുമായി ശൂന്യതയില്‍ വിലയം പ്രാപിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലന്ന് സാരം. IRDA പ്രസിദ്ധീകരിച്ച സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ 2007-08 ലെ നഷ്ടകണക്കുകള്‍ നോക്കുക.


എവിടേക്കാണ് ഈ കമ്പനികള്‍ പോകുന്നത്? അവയില്‍ നിന്ന് പോളിസി എടുത്തവരുടെ പണം എന്തായിതീരും? എസ്.ബി.ഐ. ലൈഫ് ശ്രീറാം ലൈഫ്, മെറ്റ് ലൈഫ് എന്നിവയാണ് നാമമാത്രലാഭമുണ്ടാക്കിയ മൂന്നു കമ്പനികള്‍. ഏക പൊതുമേഖലാ കമ്പനിയായ എല്‍.ഐ.സിയാവട്ടെ 5 കോടി പ്രവര്‍ത്തന മൂലധനവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2006-07ല്‍ 774 കോടിയും 2007-08ല്‍ 845 കോടി രൂപയുമാണ് എല്‍.ഐ.സിയുടെ അറ്റാദായം.. 5 ലക്ഷം കോടിയുടെ കരുതല്‍ധനമുള്ള എല്‍.ഐ.സി ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ്.
സ്വകാര്യ കമ്പനികളുടെ നിലനില്‍പ്പ് അപകടത്തില്‍
ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിലനില്‍പ്പും ആരോഗ്യവും അളക്കുന്നതിനുള്ള മാനദണ്ഡമാണ് സോള്‍വന്‍സി റേഷ്യോ. 17 സ്വകാര്യ ലൈഫ്ഇന്‍ഷൂറന്‍സ് കമ്പനികളില്‍ 5 എണ്ണത്തിന്റെയും സോള്‍വന്‍സി റേഷ്യോ, IRDA നിശ്ചയത്തിന് വളരെ താഴെയെത്തിയതായി കണക്കുകള്‍ പറയുന്നു.. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ശേഷിനഷ്ടപ്പെട്ടുവെന്ന് പറയാവുന്ന അഞ്ച് സ്വകാര്യ കമ്പനികള്‍ ഇവയാണ്..1) അവീവ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി2) ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്3) ഐ.എന്‍.ജി. വൈശ്യാ ലൈഫ് ഇന്‍ഷൂറന്‍സ്4) മെറ്റ്ലൈഫ് ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ്5) ടാറ്റാ എ.ഐ.ജി.ലൈഫ് ഇന്‍ഷൂറന്‍സ്‘അനാഥ പോളിസികള്‍' പെരുകുന്നുകഴിഞ്ഞ 3 വര്‍ഷമായി ആദ്യപ്രീമിയം അടച്ച് നിന്നുപോകുന്ന ഇന്‍ഷൂറന്‍സ് പോളിസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണത്രെ! 2008-09 ല്‍ 35% പോളിസികള്‍ ക്യാന്‍സലാവുകയുണ്ടായെന്ന് IRDA പറയുന്നു.. ULIP പോളിസികളുടെ തള്ളിക്കയറ്റം കാരണം അനാഥമാവുന്ന പോളിസികളുടെ എണ്ണം 50% വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് IRDA അംഗമായ ശ്രീ. ആര്‍. കണ്ണന്‍ പ്രതീക്ഷിക്കുന്നു.വിദേശ മ്യൂച്ചല്‍ഫണ്ടുകള്‍ മെലിയുന്നുവിദേശ മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള മ്യൂച്വല്‍ഫണ്ടുകളുടെ മൂല്യതകര്‍ച്ച തുടരുകയാണ്. 2008 മാര്‍ച്ചില്‍ വിദേശ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മൂല്യം 20.6% ആയിരുന്നത് 2009 മാര്‍ച്ചില്‍ നേര്‍പകുതിയായി (11.6%) ഇടിഞ്ഞു. AIG, GIO വിന്റെ മൂല്യം 57.22% ഇടിഞ്ഞപ്പോള്‍ മിറാക്കിന്റെ മൂല്യം 85.57% ആയി താണു. HSBC യുടെ മൂല്യം 39.84% വും ING യുടേത് 70.99%വും താണു! മോര്‍ഗന്‍ ആന്റ് സ്റ്റാന്‍ലിക്ക് 57.80% ശോഷണം സംഭവിച്ചപ്പോള്‍ ഫിഡിലിറ്റിക്ക് 26.5 ശതമാനമാണ് തകര്‍ച്ച!പടവലങ്ങാ വളര്‍ച്ചHDFCയുടെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി വന്‍കടബാധ്യതയില്‍ മുങ്ങുകയാണ്. 502.96 കോടി രൂപയാണ് എച്ച്.ഡി.എഫ്.സി. സ്റ്റാന്‍ഡേര്‍ഡ് ലൈഫിന്റെ 2008-09 വര്‍ഷത്തെ നഷ്ടം. തൊട്ടുമുന്‍വര്‍ഷം അത് 241.51 കോടിയായിരുന്നു. എച്ച്.ഡി.എഫ്.സിക്ക് ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമുണ്ട് HDFC ERGO.. ഇതിന്റെ കച്ചവട നഷ്ടം 25.21 കോടിയാണത്രെ. മറ്റൊരു വമ്പന്‍ ഇന്‍ഷൂറസ് കമ്പനിയാണ് ICICI Prudential. 2008-2009ല്‍ അവരുടെ വാര്‍ഷികവളര്‍ച്ച 2 ശതമാനമാണത്രെ. ICICI Lombard എന്ന പേരില്‍ ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും ഇവര്‍ക്കുണ്ട്. 2009 മാര്‍ച്ചില്‍ 19 ശതമാനം പിറകോട്ടാണ് അത് 'വളര്‍ന്നത്'.
(ബിസിനസ്സ് ലൈന്‍്‍)*കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍

No comments:

Post a Comment

Visit: http://sardram.blogspot.com