18 June, 2009

കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനകളുടെ ചരിത്രവും വര്‍ത്തമാനവും

മഹാനായ മാര്‍ക്സും എംഗല്‍സും സാര്‍വദേശീയതലത്തില്‍ രൂപപ്പെട്ടിരിക്കുന്ന കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവതരിപ്പിക്കുന്നത്. ലോക തൊഴിലാളിവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രവും രാഷ്ട്രീയ ലക്ഷ്യങ്ങളും തുറന്നു പ്രഖ്യാപിക്കുന്ന മാനിഫെസ്റ്റോ ആരംഭിക്കുന്നതുതന്നെ സാര്‍വദേശീയ പിന്തിരിപ്പന്മാരുടെ കമ്യൂണിസ്റ്റ്വിരുദ്ധ വിശുദ്ധസഖ്യത്തിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ടാണ്.

"യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു-കമ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിപ്പിക്കാനായി പഴയ യൂറോപ്പിന്റെ ശക്തികളെല്ലാം -പോപ്പും സാര്‍ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗിസോവും ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പൊലീസ് ചാരന്മാരുമെല്ലാം ഒരു വിശുദ്ധസഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്.''

ചൂഷണാധിഷ്ഠിതമായ മുതലാളിത്തത്തെയും അതിന്റെ അവശിഷ്ടങ്ങളെയും ഈ ഭൂമുഖത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യുവാനായി പോരാടുന്ന കമ്യൂണിസ്റ്റുകാരെ മാനിഫെസ്റ്റോയുടെ കാലംമുതല്‍ ലോകത്തെല്ലായിടത്തുമുള്ള പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ വേട്ടയാടിയിട്ടുണ്ട്. മാര്‍ക്സിന്റെ കൊളോണ്‍ വിചാരണ മുതല്‍ ജര്‍മനിയിലെ റൈസ്താഗ് തീവയ്പ്പ് കേസുവരെ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ നിരവധി ബൂര്‍ഷ്വാഗൂഢാലോചനകള്‍ക്ക് തൊഴിലാളിവര്‍ഗ വിപ്ലവകാരികള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ട്. കള്ളക്കേസുകളില്‍പ്പെടുത്തി എത്രയോ വിപ്ലവകാരികള്‍ വിചാരണചെയ്യപ്പെട്ടിട്ടുണ്ട്.

ഹിറ്റ്ലറുടെ ചാരസൈന്യം ജര്‍മന്‍ പാര്‍ലമെന്റായ റൈസ്താഗ് തീവയ്ക്കുകയും ആ കേസ് ദിമിത്രോവ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റു നേതാക്കളുടെമേല്‍ കെട്ടിവയ്ക്കുകയുമായിരുന്നല്ലോ. കള്ളക്കേസുകളില്‍ കുടുക്കി മുതലാളിത്ത ഭരണകൂടങ്ങള്‍ നടത്തിയ മാര്‍ക്സിനെതിരായ കൊളോണ്‍ വിചാരണയും, ഹിറ്റ്ലറുടെ നാസിഭരണകൂടം ദിമിത്രോവിനെതിരെ നടത്തിയ വിചാരണയുമെല്ലാം ബൂര്‍ഷ്വാ-ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ കുടിലമായ അതിജീവനശ്രമങ്ങളെയും ഭ്രാന്തമായ കമ്യൂണിസ്റ്റ് വിരോധത്തെയും ലോകജനതക്ക് മുമ്പില്‍ തുറന്നുകാട്ടിയ ചരിത്രസംഭവങ്ങള്‍ കൂടിയായിരുന്നു.

ബൂര്‍ഷ്വാ പിന്തിരിപ്പന്‍ ഭരണകൂടങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ചരിത്രത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ അപവാദപ്രചാരണങ്ങളും ഉപജാപങ്ങളും മാര്‍ക്സിസത്തിന്റെ അപ്രതിരോധ്യമായ മുന്നേറ്റങ്ങളെ തടയുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്. മുതലാളിത്തവ്യവസ്ഥ ഈ ലോകത്തിലെ മനുഷ്യരുടെ പുരോഗതിക്കും വളര്‍ച്ചക്കും തടസ്സമാണെന്ന് തിരിച്ചറിയുന്നവര്‍ കമ്യൂണിസത്തോടും ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും കാണിക്കുന്ന വര്‍ധിതമാകുന്ന ആഭിമുഖ്യം എല്ലാ പിന്തിരിപ്പന്മാരെയും അസ്വസ്ഥപ്പെടുത്തുന്നതാണ്. മാര്‍ക്സിസ്റ്റ് ആശയങ്ങള്‍ അവയുടെ ജനനകാലം മുതല്‍ മാനവ പുരോഗതിയുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ടും എല്ലാ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ ചിന്താഗതികളെയും വെല്ലുവിളിച്ചുകൊണ്ടുമാണ് മാനവ വിമോചനത്തിനും സ്വാതന്ത്ര്യത്തിനും വിഘ്നം സൃഷ്ടിക്കുന്ന ഭൌതികഘടകങ്ങളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നത്. അപരിഹാര്യമായ പ്രതിസന്ധിയിലും കുഴപ്പങ്ങളിലുംപെട്ട് സാമ്രാജ്യത്വവ്യവസ്ഥ സ്വയം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതാണ് ലോകം ദര്‍ശിക്കുന്നത്. മുതലാളിത്തവ്യവസ്ഥയും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രവും അതിന്റെ അനിവാര്യമായ പരാജയത്തെ നേരിടുകയാണെന്ന വസ്തുത എല്ലാ വലതുപക്ഷ ശക്തികളെയും ഭ്രാന്തെടുപ്പിക്കുന്നുണ്ട്. സാമ്രാജ്യത്വ പിന്തിരിപ്പന്‍ ഭരണകൂടങ്ങളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദം ലോകത്തെല്ലായിടത്തും അതിനീചമായ മാര്‍ഗങ്ങളിലൂടെ പുരോഗതിയുടെ ശക്തികളെ വേട്ടയാടുന്നത് അവിരാമമായി തുടരുകയാണ്. കൊളോണിയന്‍ ശക്തികളും ശീതയുദ്ധകാലത്തെ അമേരിക്കന്‍ നയങ്ങളുടെ അനുവര്‍ത്തികളായ നവകൊളോണിയല്‍ ഭരണകൂടങ്ങളും കമ്യൂണിസ്റ്റുകാര്‍ക്കും സാമ്രാജ്യത്വവിരുദ്ധ ശക്തികള്‍ക്കുമെതിരെ രാഷ്ട്രീയ ഗൂഢാലോചനകളും കള്ളക്കേസുകളും പടച്ചുണ്ടാക്കി തങ്ങള്‍ക്കെതിരായ ജനമുന്നേറ്റങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ നടത്തിയ വൃഥാശ്രമങ്ങള്‍ എത്രയോ ആണ്. ചരിത്രത്തിലെ വര്‍ഗസമരത്തെ വഴിതെറ്റിക്കുകയും വര്‍ത്തമാനലോകത്തിലെ മുതലാളിത്ത ദുഷ്ചെയ്തികളെ മൂടിവയ്ക്കുകയും കൂടിയാണ് ഇത്തരം ഹീനമായ ഗൂഢാലോചനകളും ഉപജാപങ്ങളും വഴി ഭരണവര്‍ഗങ്ങള്‍ ചെയ്യുന്നത്.

പെഷവാര്‍, കാണ്‍പൂര്‍, ലാഹോര്‍, മീററ്റ്...

ലോകത്തെമ്പാടുമുള്ള തൊഴിലാളികളോടും മര്‍ദിത ജനതകളോടും പുതിയൊരു ലോകത്തിനായി സംഘടിക്കാനുള്ള മൂന്നാം ഇന്റര്‍നാഷണലിന്റെ ആഹ്വാനവും ലെനിന്റെ കോളനിരാജ്യങ്ങളിലെ വിപ്ലവസിദ്ധാന്തങ്ങളുമാണ് ഇന്ത്യപോലുള്ള മൂന്നാംലോക രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് വിപ്ലവപ്രവര്‍ത്തനത്തെ സജീവമാക്കിയത്. ഇന്ത്യയിലെ ബൂര്‍ഷ്വാ ദേശീയ പ്രസ്ഥാനത്തെ അതിന്റെ വര്‍ഗപരമായ ആന്ധ്യത്തില്‍നിന്നു പിടിച്ചുണര്‍ത്തിയത് എം എന്‍ റോയിയും അബനിമുഖര്‍ജിയും ചേര്‍ന്ന് തയാറാക്കിയ മാനിഫെസ്റ്റോയും അതിന്റെ വീക്ഷണമനുസരിച്ച് നാടൊട്ടാകെ വളര്‍ന്നുവന്ന തൊഴിലാളി, കര്‍ഷകസമരങ്ങളുമായിരുന്നു. മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ വെടിയൊച്ചയാണ് ചൈനയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറയൊരുക്കിയതെന്ന് മൌസേദോങ് പറയുന്നുണ്ട്. അതേപോലെ ഒക്ടോബര്‍ വിപ്ലവവും, മുതലാളിത്തേതരമായ സോവിയറ്റ് നയങ്ങളുമാണ് ഇന്ത്യയില്‍ സോഷ്യലിസ്റ്റ് -കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വമ്പിച്ച സ്വീകാര്യത സൃഷ്ടിച്ചതെന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം അവലോകനം ചെയ്തുകൊണ്ട് ഇ എം എസ് നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തൊഴിലാളി പ്രവര്‍ത്തനങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളെയും ആരംഭം മുതല്‍തന്നെ ഒരു 'ബോള്‍ഷെവിക് ഗൂഢാലോചന'യായിട്ടാണ് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നോക്കിക്കണ്ടത്.

ഇന്ത്യയിലെ ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കുന്ന ബൂര്‍ഷ്വാ നേതൃത്വത്തോട് അസംതൃപ്തരായ, നിരവധി വിപ്ലവഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുപ്പക്കാരാണ് സോവിയറ്റ് യൂണിയനിലേതുപോലെ ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഇന്ത്യയില്‍ കെട്ടിപ്പടുക്കുക എന്ന ഉദ്ദേശ്യത്തോടെ വളരെ പ്രതികൂലമായ ഹിമാലയന്‍ ചുരംവഴി സോവിയറ്റ് യൂണിയനിലെ താഷ്ക്കന്റില്‍ എത്തിച്ചേര്‍ന്നത്. താഷ്ക്കന്റിലെ വര്‍ക്കേഴ്സ് യൂണിവേഴ്സിറ്റിയില്‍നിന്നു മാര്‍ക്സിസം പഠിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവന്ന ഈ വിപ്ലവകാരികളെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ്ചെയ്ത് വിചാരണക്ക് വിധേയമാക്കി. ഇന്നത്തെ പാകിസ്ഥാനില്‍ സ്ഥിതിചെയ്യുന്ന പെഷവാറില്‍വച്ചായിരുന്നു ഈ വിചാരണ നടപടികള്‍ നടന്നത്. ബ്രിട്ടീഷ് ഭരണകൂടം കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ അഞ്ചു കേസുകളാണ് പെഷവാറില്‍ വിചാരണചെയ്യപ്പെട്ടത്. ഇന്ത്യന്‍ ചരിത്രത്തില്‍ "പെഷവാര്‍ ഗൂഢാലോചനക്കേസുകള്‍'' എന്ന പേരില്‍ വിഖ്യാതമായ ഈ രാഷ്ട്രീയ ഗൂഢാലോചന നീചവും ഭീകരവുമായ കമ്യൂണിസ്റ്റ്വേട്ടയുടെ തുടക്കമായിരുന്നു. ഇതിലാദ്യത്തെ മൂന്ന് കേസുകളിലും പ്രതികളായ അക്ബര്‍ ഖുറേഷി മുതല്‍ റഫീക് അഹമ്മദ് വരെയുള്ളവര്‍ ബ്രിട്ടീഷ് ഭരണത്തോടുള്ള വിദ്വേഷത്തിലപ്പുറം ദൃഢമായ കമ്യൂണിസ്റ്റ് രാഷ്ട്രീയം ഉള്ളവരായിരുന്നില്ല. 'മുഹാജീര്‍മാര്‍' എന്ന് വിളിക്കപ്പെടുന്ന ഇവര്‍ സോവിയറ്റ് യൂണിയനില്‍ തങ്ങള്‍ കണ്ട മാറ്റത്തില്‍ ആവേശഭരിതരായി ഇന്ത്യയില്‍ തിരിച്ചുവന്നവരായിരുന്നു. ബോള്‍ഷെവിക് ഏജന്റുമാരായി മുദ്രയടിച്ചാണ് ഇവരെയും വിചാരണ ചെയ്തത്.

ഇന്ത്യയില്‍ നടന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരായ ആദ്യത്തെ ഗുഢാലോചനക്കേസ് എന്നതാണ് പെഷവാര്‍ ഗൂഢാലോചനക്കേസിന്റെ പ്രാധാന്യം. ഈ കേസുകള്‍ വിചാരണചെയ്ത സെഷന്‍സ് ജഡ്ജി തന്നെയായിരുന്നു 'ചൌരിചൌരാ' സംഭവത്തെത്തുടര്‍ന്ന് കലാപകാരികള്‍ക്കെതിരെ ഗവണ്‍മെന്റ് എടുത്ത കേസ് വിചാരണചെയ്തത്. 'ചൌരിചൌര' കേസില്‍ ആകെ ഉണ്ടായിരുന്ന 228 പ്രതികളില്‍ 172 പേരെയും വധശിക്ഷക്ക് വിധിച്ചത് ഇദ്ദേഹമായിരുന്നു. എല്ലാവിധ നിഷ്പക്ഷതയും നീതിന്യായ യുക്തിയും ഉപേക്ഷിച്ച് പ്രോസിക്യൂഷന്‍ വാദം കണ്ണുമടച്ച് വിശ്വസിച്ച് പ്രതികളെ ശിക്ഷിക്കുകയെന്ന സാമ്രാജ്യത്വ അഭീഷ്ടം പ്രാവര്‍ത്തികമാക്കുകയാണ് ഈ ന്യായാധിപന്‍ ചെയ്തത്. ചൌരിചൌരാ വിധിയെ എം എന്‍ റോയി വിശേഷിപ്പിച്ചത് "നിയമം വഴിയുള്ള കൂട്ടക്കൊല'' എന്നാണ്. പെഷവാര്‍ ഗൂഢാലോചനക്കേസുകളും ഈ വഴിക്കുതന്നെയാണ് കൈകാര്യം ചെയ്യപ്പെട്ടത്.

പെഷവാര്‍ ഗൂഢാലോചനക്കേസ് നടന്നുകൊണ്ടിരിക്കെയാണ് 'കാണ്‍പൂര്‍ ഗുഢാലോചനകേസ്' കെട്ടിച്ചമച്ചത്. ഇന്ത്യന്‍ ചരിത്രത്തിലെ രണ്ടാമത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഢാലോചനക്കേസാണിത്. പെഷവാര്‍ക്കേസില്‍നിന്ന് വ്യത്യസ്തമായി, പിന്നീട് വളരെ പ്രശസ്തരായിത്തീര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രതികളായിത്തീര്‍ന്ന കേസാണിത്. എസ് എ ഡാങ്കേ, മുസാഫര്‍ അഹമ്മദ്, എം എന്‍ റോയ് തുടങ്ങി18 പ്രതികളാണ് കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍പെട്ടിരുന്നത്. മോസ്കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഇന്ത്യയില്‍ ബ്രിട്ടീഷ്ഭരണം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലുമായി ബന്ധമുള്ളവരാണ് പ്രതികളെന്നായിരുന്നു പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റം. ഈ കമ്യൂണിസ്റ്റ് വിപ്ലവകാരികളെ റഷ്യക്കുവേണ്ടി ചാരപ്പണി നടത്തുന്ന സംഘടനയുടെ-കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ - ഏജന്റുമാരായി ചിത്രീകരിച്ചാണ് വിചാരണ ചെയ്തത്. ഇന്ത്യയില്‍ ബോള്‍ഷെവിക് വിപ്ലവം ഇറക്കുമതിചെയ്യുന്നവരാണ് കമ്യൂണിസ്റ്റുകാരെന്നും ഇതില്‍ പ്രധാനിയായ എം എന്‍ റോയിയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യയിലെ ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ ഭരണത്തിന് ഭീഷണി ഉയര്‍ത്തുന്നവരാണ് പ്രതികളെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ പെഷവാര്‍ക്കേസില്‍നിന്ന് വ്യത്യസ്തമായി ബ്രിട്ടീഷ് പൊലീസിന്റെ വാദങ്ങളെ രാഷ്ട്രീയമായി നേരിടാനുള്ള വേദിയായി കോടതിയെ കാണ്‍പൂര്‍ കേസിലെ പ്രതികള്‍ ഉപയോഗിച്ചു. പിന്നീട് മീററ്റ് ഗൂഢാലോചനക്കേസിന്റെ വിചാരണനടപടികളെയും കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ ബ്രിട്ടീഷ് രാജിനെതിരായ തങ്ങളുടെ വാദങ്ങളെ സമര്‍ഥിക്കാനും കമ്യൂണിസ്റ്റാദര്‍ശങ്ങളെ തുറന്നു പ്രഖ്യാപിക്കാനുള്ള അവസരമായി ഉപയോഗിച്ചു.

ബ്രിട്ടീഷ്വിരുദ്ധ തൊഴിലാളി-കര്‍ഷക മുന്നേറ്റങ്ങള്‍ അലയടിച്ചുയരുന്നതും സാമ്രാജ്യത്വ്വ ഭീകരത പത്തിവിടര്‍ത്തിയാടുന്നതുമാണ് സൈമണ്‍ ഉള്‍പ്പെടെയുള്ള സമരപ്രക്ഷോഭങ്ങളുടെ സാഹചര്യം പ്രതിഫലിപ്പിച്ചത്. ഇതില്‍ പ്രകോപിതരായ ബ്രിട്ടീഷ് ഗവണ്‍മെന്റ് കമ്യൂണിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാരല്ലാത്ത തൊഴിലാളി-കര്‍ഷക പ്രവര്‍ത്തകരെയും പ്രതിചേര്‍ത്ത് ഉണ്ടാക്കിയതാണ്. "മീററ്റ് ഗൂഢാലോചനക്കേസ്.'' സാമ്രാജ്യത്വവിരുദ്ധ ലീഗില്‍ കോണ്‍ഗ്രസ് അംഗമായതും ജവഹര്‍ലാല്‍ നെഹ്റുവും മോത്തിലാല്‍ നെഹ്റുവും മോസ്കോ സന്ദര്‍ശിച്ചതുമെല്ലാം അത്യന്തം ആശങ്കയോടെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ നിരീക്ഷിച്ചത്. ഇടതുപക്ഷ കോണ്‍ഗ്രസുകാരില്‍ മാത്രമല്ല വലതുപക്ഷ കോണ്‍ഗ്രസ് വിഭാഗത്തിലും സോവിയറ്റ് സ്വാധീനവും കമ്യൂണിസ്റ്റാഭിമുഖ്യവും വളരുന്നത് ബ്രിട്ടീഷുകാര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല.

വളര്‍ന്നുവരുന്ന സാമ്രാജ്യത്വ വിരുദ്ധമായ തൊഴിലാളി കര്‍ഷകസമരങ്ങളെയും ദേശീയ പ്രസ്ഥാനത്തില്‍ സ്വാധീനം നേടുന്ന കമ്യൂണിസ്റ്റ് വിപ്ലവ പ്രവര്‍ത്തനങ്ങളെയും കിരാതമായ മര്‍ദന നടപടികളിലൂടെയും കരിനിയമങ്ങള്‍ പടച്ചുവിട്ടുമാണ് ബ്രിട്ടീഷ് ഭരണകൂടം നേരിട്ടത്. ഇതില്‍ ക്ഷുഭിതരായ വിപ്ലവകാരികള്‍ സാഹസികമായിത്തന്നെ ബ്രിട്ടീഷ് ഭരണത്തോട് പ്രതികരിക്കാന്‍ മുന്നോട്ടുവന്നു. പൊതുരക്ഷാ ബില്ലും തൊഴില്‍തര്‍ക്ക ബില്ലുമെല്ലാം ജനവികാരങ്ങളെ പരിഗണിക്കാതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ മുതിര്‍ന്നു. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് 1929 ഏപ്രില്‍ എട്ടിന് ഭഗത്സിങ്ങും കൂട്ടുകാരും പാര്‍ലമെന്റില്‍ ബോംബെറിയുന്നത്. ഭഗത്സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനെയും വധശിക്ഷക്ക് വിധിക്കുന്നതിലെത്തിച്ച ചരിത്രപ്രധാനമായ 'ലാഹോര്‍ ഗൂഢാലോചന കേസ്' ഈയൊരു സാഹചര്യത്തിലാണ് പടച്ചുണ്ടാക്കിയത്. ബ്രിട്ടീഷ്ഭരണത്തിന്റെ കിരാതത്വത്തിലേക്ക് ജനശ്രദ്ധ തിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോംബേറ് സംഭവം വിപ്ലവകാരികള്‍ ആസൂത്രണം ചെയ്തത്. ബ്രിട്ടീഷ് പ്രോഷിക്യൂഷന്‍ കുറ്റപ്പെടുത്തിയതുപോലെ അതൊരു ഭീകരപ്രവര്‍ത്തനമേ അല്ലായിരുന്നു. അക്രമം നടത്തിയ ഭഗത്സിങ്ങും ദത്തും ഓടിപ്പോകാതെ മുദ്രാവാക്യം വിളിച്ച് ലഘുലേഖകള്‍ വാരിവിതറി അറസ്റ്റു വരിക്കുകയാണ് ചെയ്തത്.

നേരത്തെ സൂചിപ്പിച്ചതുപോലെ മീററ്റില്‍ 1928 ഡിസംബറില്‍ നടന്ന തൊഴിലാളി-കര്‍ഷകസംഘടനക്ക് അഖിലേന്ത്യാ രൂപം നല്‍കാനുള്ള സമ്മേളനത്തില്‍ പങ്കെടുത്തവരെയാണ് മീററ്റ് ഗുഢാലോചന കേസ്സില്‍ പ്രതികളാക്കിയത്. പി സി ജോഷി, ഡോ. അധികാരി, മുസാഫര്‍ അഹമ്മദ്, ഡാങ്കെ എന്നീ നേതാക്കളെല്ലാം മീററ്റ് കേസില്‍ പ്രതികളായിരുന്നു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളെ മുളയിലേ നുള്ളിക്കളയാനുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന്റെ കുത്സിതമായ നടപടികളായിരുന്നു ഈ ഗൂഢാലോചനക്കേസുകളെല്ലാം. അത്തരം ഗൂഢാലോചനകളെയും ഭരണവര്‍ഗ ഉപജാപങ്ങളെയും മര്‍ദനനടപടികളെയും ധീരോദാത്തം നേരിട്ടുകൊണ്ടാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ചരിത്രത്തിന്റെ എല്ലാ പ്രതികൂല ഘട്ടങ്ങളെയും അതിജീവിച്ചത്. ഈ ചരിത്രപാഠമറിയാത്ത ഭരണവര്‍ഗകോമാളികളാണ് കള്ളക്കേസ്സുകള്‍ ചമച്ച് കമ്യൂണിസ്റ്റുകാരെ വിരട്ടാന്‍ ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റുകാരെ ഭീകരരും ക്രൂര തസ്കരന്മാരുമാക്കുമ്പോള്‍

കേരളത്തിലെ വിപ്ലവ ബഹുജനപ്രസ്ഥാനത്തിന്റെ നേതാവിനെ അഴിമതിക്കേസ്സില്‍പ്പെടുത്തി രാഷ്ട്രീയനിഗ്രഹം നടത്താന്‍ യു ഡി എഫ് നേതൃത്വവും കമ്യൂണിസ്റ്റ് വിരുദ്ധ ഉപജാപകസംഘവും നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയക്കളികള്‍ ക്രൂരമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. ലാവ്ലിന്‍ കേസില്‍ സുവ്യക്തമായ രാഷ്ട്രീയ താല്‍പ്പര്യത്തോടെ സി ബി ഐ രൂപപ്പെടുത്തിയ കുറ്റപത്രത്തില്‍ ഒന്നാംപ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍ 9-ാം പ്രതിയായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനത്തെ ഭരണഘടനാപരമായ വഴികളിലൂടെ സമീപിക്കേണ്ട ഗവര്‍ണര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് ഈ പ്രോസിക്യൂഷന്‍ അനുമതി ധൃതിവച്ച് നല്‍കിയിരിക്കുന്നത്. ഭരണഘടനാപരമായ നടപടിക്രമങ്ങളെയും ലാവ്ലിന്‍ കേസിലെ വസ്തുതകളെയും കുറിച്ച് അജ്ഞത സൃഷ്ടിച്ച് പിണറായി വിജയനെ ഏറ്റവും വലിയ അഴിമതിക്കാരനായി അപനിര്‍മിച്ചെടുക്കാനാണ് മാധ്യമങ്ങളും വലതുപക്ഷശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സുദീര്‍ഘമായ കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെതായ സഹനപൂര്‍ണമായ അദ്ദേഹത്തിന്റെ പാരമ്പര്യത്തെയും പീഡിതമായ ജീവിതത്തെയും നുണക്കഥകള്‍കൊണ്ട് പുതപ്പിച്ച് കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെയും അഹന്തയുടെയും പ്രതീകമാക്കി ഒരു തൊഴിലാളിവര്‍ഗ നേതാവിനെ അവതരിപ്പിക്കുകയാണ് ബൂര്‍ഷ്വാമാധ്യമങ്ങള്‍.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കമ്യൂണിസ്റ്റുകാരെയും പുരോഗമനശക്തികളെയും ക്രൂരന്മാരായ തസ്കരന്മാരും ഭീകരവാദികളുമായി ചിത്രീകരിച്ചുകൊണ്ടാണ് സാമ്രാജ്യത്വത്തിന്റെ മനോരോഗികളായ പ്രചാരകന്മാര്‍ ലോകത്തെല്ലായിടത്തും മൂലധനവ്യവസ്ഥക്കെതിരെ വളര്‍ന്നുവരുന്ന ബഹുജനമുന്നേറ്റങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്. വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെപ്പോലെയാണ് നവകൊളോണിയല്‍ മാധ്യമവ്യവസ്ഥയെന്ന് ഒരു പോളിഷ് ബുദ്ധിജീവി നിരീക്ഷിക്കുന്നുണ്ട്. തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റുകാര്‍ക്കുമെതിരായ ഇത്തരം നുണയന്‍ പ്രചാരണങ്ങള്‍ നവലിബറല്‍ മുതലാളിത്തത്തിന്റെ അപരിഹാര്യമായ പ്രതിസന്ധികളെയും ജീര്‍ണതകളെയും മറച്ചുപിടിക്കാനുള്ള ലജ്ജാകരമായ ശ്രമങ്ങളായിട്ടാണ് ചോംസ്കി നിരീക്ഷിക്കുന്നത്. എല്ലാവിധ സാമൂഹ്യജീര്‍ണതകളും ക്രിമിനല്‍വല്‍ക്കരണവും പേറുന്ന ഫൈനാന്‍സ് പ്രഭുക്കന്മാരുടെ സംഘം ബൂര്‍ഷ്വാഭരണകൂടത്തെയും സമ്പദ്ഘടനയെയും മാധ്യമങ്ങളെയുമെല്ലാം നിയന്ത്രിക്കുന്ന ഘട്ടത്തെയാണല്ലോ സഖാവ് ലെനിന്‍ മുതലാളിത്തത്തിന്റെ സാമ്രാജ്യത്വഘട്ടമായി വിശദീകരിക്കുന്നത്. ഭരണ-ഉദ്യോഗസ്ഥതലങ്ങളാകെ അഴിമതിയുടെയും ക്രിമിനല്‍വല്‍ക്കരണത്തിന്റെയും ജീര്‍ണകേന്ദ്രങ്ങളായി അധഃപതിപ്പിച്ചിരിക്കുകയാണ് നവലിബറല്‍നയങ്ങളിലൂടെ സാമ്രാജ്യത്വവും അതിന്റെ സാമന്തന്മാരായ ഭരണകൂടങ്ങളും.

ഈയൊരു അവസ്ഥ രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും ഭാവിയില്‍ തല്‍പ്പരരായ എല്ലാ വിഭാഗം ജനങ്ങളുടെയിടയിലും സംഭീതിയും ആശങ്കയും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം സംശയരഹിതമാണ്. വ്യക്തിശുദ്ധിയുടെയും സദാചാരമൂല്യങ്ങളുടെ ശോഷണത്തിന്റെയും കേവലമായ ധാര്‍മികതയുടെയുമെല്ലാം പ്രശ്നമായിട്ടാണ് ബൂര്‍ഷ്വാ ധാര്‍മികവാദികള്‍ ഭരണരംഗത്തെ അഴിമതിയെ കാണുന്നത്. നവലിബറല്‍ മൂലധനവ്യവസ്ഥയുടെ ഘടനാപരമായ ഒരു വിശേഷമായിട്ടുതന്നെയാണ് ഇന്ന് മൂന്നാംലോകരാജ്യങ്ങളില്‍ അഴിമതി വര്‍ധിതമായിത്തീര്‍ന്നിരിക്കുന്നത്. സിഐഎ പ്രോക്തമായ നിരവധി ഫണ്ടഡ് സംഘടനകളും എന്‍ജിഒ ബുദ്ധിജീവികളും ഈയൊരു അവസ്ഥയെ മുതലെടുത്തുകൊണ്ട് സമൂഹത്തില്‍ അരാഷ്ട്രീയവല്‍ക്കരണം വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. "രാഷ്ട്രീയം മലീമസവും ജീര്‍ണവുമാകയാല്‍'' രാഷ്ട്രീയരംഗത്തുനിന്ന് ജനങ്ങളെ മതധാര്‍മികതയിലേക്കും കള്‍ട്ടുകളിലേക്കും നയിക്കാന്‍ വെമ്പുന്ന അരാഷ്ട്രീയതയുടേതായ ഒരു പ്രവണത പ്രബലമാകുന്നുമുണ്ട്. അഴിമതിയുടെ രാഷ്ട്രീയമായ സ്രോതസ്സുകളെയും സാമൂഹ്യവ്യവസ്ഥയുടെ സങ്കീര്‍ണമായ ബന്ധങ്ങളെയും അപഗ്രഥനവിധേയമാക്കുന്ന സമഗ്രമായൊരു സാമൂഹ്യ-രാഷ്ട്രീയ പദ്ധതിയും വീക്ഷണവുമെന്ന നിലയിലാണ് കമ്യൂണിസം പ്രസക്തമാകുന്നത്. അഴിമതിയുടെയും നവലിബറല്‍ ചൂഷണത്തിന്റെയും സാമൂഹ്യഅവലംബങ്ങളെയും വര്‍ഗബന്ധങ്ങളെയും നിര്‍മാര്‍ജനം ചെയ്യുന്ന സര്‍വതലസ്പര്‍ശിയായ ഒരു സാമൂഹ്യ വിപ്ലവത്തിനുവേണ്ടിയാണ് കമ്യൂണിസ്റ്റ്- സോഷ്യലിസ്റ്റ് ശക്തികള്‍ നിലകൊള്ളുന്നത്. ബൂര്‍ഷ്വാവ്യവസ്ഥയുടെ ജന്മസിദ്ധവും നൈസര്‍ഗികവുമായ സ്വഭാവവിശേഷണങ്ങളാണ് അഴിമതിയും ക്രിമിനല്‍വല്‍ക്കരണവും. ആഗോളവല്‍ക്കരണമെന്നതുതന്നെ "അഴിമതിവല്‍ക്കരണ''മാണെന്ന് ജോസഫ് ഇ സ്റ്റിഗ്ളിറ്റ്സ് കോര്‍പ്പറേറ്റ് മൂലധന കുത്തകകളുടെ അവിഹിത പ്രവര്‍ത്തനങ്ങള്‍ അനാവരണം ചെയ്തുകൊണ്ട് സ്ഥാപിക്കുന്നു.

സാമ്രാജ്യത്വത്തിന്റെ കൊള്ളയുടെയും സംഹാരാത്മകമായ അധിനിവേശത്തിന്റെയും ക്രൂരമായ കടന്നാക്രമണങ്ങള്‍ ലോകത്തെ രക്തപങ്കിലമായ യുദ്ധങ്ങളിലേക്കും കൂട്ടക്കൊലകളിലേക്കുമാണിന്നെത്തിച്ചിരിക്കുന്നത്. വിഭവങ്ങളും സമ്പത്തും കൈയടക്കാന്‍ കോര്‍പ്പറേറ്റ് മൂലധനക്കുത്തകകള്‍ നടത്തുന്ന നാനാവിധ കടന്നാക്രമണങ്ങളെയും സാമ്പത്തിക പരിഷ്കാരങ്ങളെയും നിക്ഷേപകവേഷമിട്ട സാമ്രാജ്യത്വ മൂലധന പ്രവേശത്തെയുമെല്ലാം തുറന്നുകാട്ടുന്നതും പ്രതിരോധിക്കുന്നതും ലോകത്തെല്ലായിടത്തും ഇടതുപക്ഷശക്തികളാണ്. കെ ജി ശങ്കരപ്പിള്ളയുടെ കവിതയില്‍ പറയുന്നതുപോലെ ഭീരുത്വംമൂലം ഒരിക്കല്‍പ്പോലും 'ഇതാ ഒരു കള്ളന്‍' എന്ന് വിളിച്ചുപറയാന്‍ കമ്യൂണിസ്റ്റുകാര്‍ മടി കാണിച്ചിട്ടില്ല. ഇന്നിപ്പോള്‍ ആഗോളവല്‍ക്കരണ സംവിധാനത്തിനകത്ത് നിയന്ത്രണരഹിതമായി പ്രവര്‍ത്തിക്കാന്‍ വെമ്പുന്ന മൂലധനശക്തികളെ സാമൂഹ്യനിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് ശക്തമായി വാദിക്കുന്നത് ഇടതുപക്ഷമാണ്. സമ്പദ്ഘടനയുടെ എല്ലാ മണ്ഡലങ്ങളെയും സാമ്രാജ്യത്വത്തിന് അടിയറവച്ച് അതിന്റെ കമീഷനും കോഴയും പറ്റി സ്വന്തം ഭൌതികജീവിതം സ്വിസ്ബാങ്ക് അക്കൌണ്ടുകളിലൂടെ സുരക്ഷിതരാക്കുന്നവരാണ് ഇന്ത്യയിലെ ഭരണവര്‍ഗരാഷ്ട്രീയ നേതൃത്വം. രാജ്യത്തിനും ജനങ്ങള്‍ക്കും എന്തു സംഭവിച്ചാലും തങ്ങള്‍ക്ക് ഒന്നുമില്ലെന്നും കരുതുന്നവരാണിവര്‍. സ്വിസ്ബാങ്കില്‍ 94 ലക്ഷംകോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്കുള്ളത് - അഴിമതിയിലൂടെയും അധോലോകപ്രവര്‍ത്തനങ്ങളിലൂടെയും ഇന്ത്യയിലെ ഭരണവര്‍ഗ രാഷ്ട്രീയ നേതൃത്വം സമാഹരിച്ച് രാജ്യത്തിന്റെ നിയമങ്ങളെ വെട്ടിച്ച് സ്വിസ്ബാങ്കുകളിലേക്കൊഴുക്കിയതാണ് ഈ പണമത്രയും.

15-ാം ലോക്സഭയില്‍, 'ഇലക്ഷന്‍ വാച്ച്' എന്ന സംഘടനയുടെ പഠനമനുസരിച്ച് 300 കോടീശ്വരന്മാരാണുള്ളത്. ഇവരിലാരും ഇടതുപക്ഷക്കാരല്ല. കോണ്‍ഗ്രസ് - ബി ജെ പി തുടങ്ങിയ ബൂര്‍ഷ്വാ പാര്‍ടി ടിക്കറ്റുകളില്‍ മത്സരിച്ച് പാര്‍ലമെന്റിലെത്തിയവരാണിവര്‍. ആഗോളവല്‍ക്കരണത്തിന്റെ സൌകര്യങ്ങളും സൌജന്യങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്ന ഒരു നവജാത സമ്പന്നവര്‍ഗത്തെയാണ് ഇക്കൂട്ടര്‍ പ്രതിനിധീകരിക്കുന്നത്. ഉദാരവല്‍ക്കരണത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി 500 ശതകോടീശ്വരന്മാരാണ് ഇന്ത്യയില്‍ വളര്‍ന്നുവന്നിരിക്കുന്നത്. ലോകത്തിലെ പത്ത് അതിസമ്പന്നരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്! പ്രതിദിനം 20 രൂപപോലും വരുമാനമില്ലാത്ത 90 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്താണ് കോര്‍പറേറ്റ് മൂലധനകുത്തകകളും അവരുടെ അനുചരവൃന്ദവും അഴിമതിയിലൂടെയും ഊഹക്കച്ചവട മൂലധനപ്രവര്‍ത്തനങ്ങളിലൂടെയും പുളച്ച് വളരുന്നത് എന്നോര്‍ക്കണം. ഇന്ത്യയുടെ കേന്ദ്ര വിജിലന്‍സിന്റെ മുന്‍ മേധാവി ഡല്‍ഹിയില്‍ ഒരു സ്കൂള്‍ വാര്‍ഷികയോഗത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തുകൊണ്ട് പറഞ്ഞത്, അഴിമതിയിലൂടെയും അവിഹിതമാര്‍ഗങ്ങളിലൂടെയും ഇന്ത്യന്‍ ഭരണവര്‍ഗമേധാവികള്‍ സമ്പാദിക്കുന്ന പണം വിദേശ ബാങ്കുകളിലേക്കൊഴുക്കിക്കൊണ്ടിരിക്കുകയാണെന്നാണ്. രാജ്യദ്രോഹകരമായ സാമ്പത്തികക്കുറ്റങ്ങളും അഴിമതിയും സിബിഐയും കോടതിയുമെല്ലാം ചേര്‍ന്ന് മുക്കിക്കളയുന്ന ഇന്ത്യനവസ്ഥ ബനാന റിപ്പബ്ളിക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്ന ലാറ്റിനമേരിക്കന്‍നാടുകളിലെ പുത്തന്‍ കൊളോണിയല്‍ രാഷ്ട്രീയ അടിമത്തത്തെയും ജീര്‍ണതകളെയുമാണ് അനുസ്മരിപ്പിക്കുന്നത്. അജ്ഞാതവും അപ്രതീക്ഷിതവുമായ ഇടപെടലുകളിലൂടെ ഒരു ജനതയുടെ വിധി ബഹുരാഷ്ട്രകുത്തകകള്‍ തീരുമാനിക്കുന്ന അവസ്ഥയാണിതെന്ന് "ഏകാന്തതയുടെ നൂറുവര്‍ഷങ്ങളുടെ'' കര്‍ത്താവായ മാര്‍ക്വേസ് പറയുന്നുണ്ട്.

ലാറ്റിനമേരിക്കന്‍ നാടുകളില്‍ നവകൊളോണിയല്‍ രാഷ്ട്രീയ അടിമത്തവും സാമ്പത്തികചൂഷണവും സൃഷ്ടിച്ച അരക്ഷിതപൂര്‍ണമായ സാമൂഹ്യ അവസ്ഥ ഇന്ന് ഇടതുപക്ഷമുന്നേറ്റങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. വെനിസ്വലയിലെ ഷാവേസ് മുതല്‍ എല്‍സാല്‍വദോറിലെ മൌറീഷ്യ ഫ്യൂണ്‍സ് വരെയുള്ളവര്‍ നേതൃത്വം കൊടുക്കുന്ന ലാറ്റിന്‍നാടുകളിലെ ഇടതുപക്ഷ വിപ്ലവ ഗവണ്‍മെന്റുകള്‍ അമേരിക്കയുടെ നാനാവിധമായ അധിനിവേശങ്ങളെ ചെറുക്കുകയാണ്. 2006 ല്‍ ഷാവേസ് നടത്തിയ യു എന്‍ പ്രസംഗത്തോട് അമേരിക്കന്‍ പ്രതിനിധിയായ നാന്‍സി ഫെലോസി പ്രതികരിച്ചത് അതിരൂക്ഷമായ അധിക്ഷേപ വാക്കുകളിലായിരുന്നല്ലോ. യഥാര്‍ഥ കൊള്ളക്കാരെയും ക്രിമിനലുകളെയും അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ സധൈര്യം തുറന്നുകാട്ടിയ ഹ്യൂഗോഷാവേസിനെ നാന്‍സി ഫെലോസി തഗ്ഗ് (ഠവൌഴ) എന്ന് വിളിച്ചാണ് വിമര്‍ശിച്ചത്. തഗ്ഗ് എന്ന പദത്തിന്റെ അര്‍ഥം ക്രൂരനായ തസ്കരന്‍, കവര്‍ച്ചക്കാരന്‍ എന്നാണല്ലോ. ബുഷിനെയും ഫെലോസിയെയും പോലുള്ളവര്‍ ചരിത്രത്തില്‍ എല്ലാകാലത്തും വിപ്ലവകാരികളെ "കൊള്ളക്കാരും ഭീകരരും സര്‍വോപരി കമ്യൂണിസ്റ്റുമായി'' അധിക്ഷേപിച്ചിട്ടുണ്ട്.

പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കഥയിലെ നായകനായി ചിത്രീകരിക്കപ്പെടുമ്പോള്‍ രാജ്യത്തെ വിറ്റുതുലച്ച് ആയിരക്കണക്കിന് കോടികള്‍ തട്ടിയെടുത്ത കോണ്‍ഗ്രസ്- ബി ജെ പി നേതാക്കള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെയും അഴിമതിവിരുദ്ധതയുടെയും പ്രതീകങ്ങളായി വാഴ്ത്തപ്പെടുകയാണ്. ഈ മാധ്യമതന്ത്രത്തെയാണ് ചോംസ്കി പോക്കറ്റടിക്കാരന്‍ " കള്ളന്‍ കള്ളന്‍'' എന്ന് വിളിച്ചുപറഞ്ഞ് ആള്‍ക്കൂട്ടത്തില്‍ ഓടി മറയുന്നതുപോലുള്ള കോര്‍പറേറ്റ് കൌശലമെന്ന് വിശേഷിപ്പിച്ചത്. നവലിബറല്‍ ജീര്‍ണതകളെ മൂടിവയ്ക്കാനുള്ള ഇത്തരം ബൂര്‍ഷ്വാ മറുവിദ്യകളെ കാണാതെ അഴിമതിയെക്കുറിച്ച് കേവലമായ ധാര്‍മികരോഷം കൊള്ളുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ് - അല്ലെങ്കില്‍ സാമ്രാജ്യത്വ ഗൂഢാലോചനയുടെ മാപ്പുസാക്ഷികളാണ്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക 21-06-2009

No comments:

Post a Comment

Visit: http://sardram.blogspot.com