14 June, 2009

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍

നര്‍മബോധമില്ലാത്ത കോമാളികള്‍ അരങ്ങ് കീഴടക്കുമ്പോള്‍
കോമഡി രംഗത്തെ ബ്രാന്റ് നാമമായ കെ.എസ്.പ്രസാദും സംഘവും അവതരിപ്പിച്ച ഡ്യൂട്ടി ഫ്രീ കോമഡിഷോ ഉയര്‍ത്തിയ ചെറിയ ചില ചിന്തകളെങ്കിലും ഉറക്കെ പറയാതിരിക്കാന്‍ കഴിയുന്നില്ല. നമ്മുടെ ആസ്വാദനത്തിന്റെ നിലവാരം എവിടേയ്ക്കാണ് പോവുന്നത്? നിരന്തരം ഉന്നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോദ്യം തന്നെയാണിത്.ശാസ്ത്രീയ സംഗീതം പോലെയുള്ള പരിപാടികളുടെ ആസ്വാദനത്തിന് കൃത്യമായ സംവേദനക്ഷമത ആവശ്യമായിരിക്കാം. എന്നാല്‍ മനോഹരമായ ഒരു ഗസല്‍ സന്ധ്യക്കും നല്ല ഒരു നാടകത്തിനും ആള്‍ക്കൂട്ടങ്ങള്‍ പോയിട്ട് ആളനക്കം പോലും കുറയുന്നതെന്തുകൊണ്ടാണ്? എന്നാല്‍ ഇതേ സമയം തന്നെ ഏതെങ്കിലും ചാനലിലെ റിയാലിറ്റി ഷോയിലെ ഏതെങ്കിലും താരത്തിന്റെ സാന്നിദ്ധ്യമുള്ള പരിപാടികള്‍ക്കും കോമഡി പരിപാടികള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ ഇരച്ചെത്തുന്നത് എന്തുകൊണ്ട് എന്ന് ഗൌരവമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.ഡ്യൂട്ടീ ഫ്രീ കോമഡി ഷോയില്‍ കോമഡി ഇല്ല എന്നാണ് ഏറ്റവും ലളിതമായ വസ്തുത. നമുക്കതിനെ ഒരു വിനോദ പരിപാടി എന്ന് വിളിക്കാം. പാട്ട്, നൃത്തം, വിവിധ കലാരൂപങ്ങളുടെ അവതരണം, പ്രച്ഛന്ന വേഷങ്ങള്‍ ഒക്കെയും കൃത്യമായ അളവുകളില്‍ ചേര്‍ത്ത്, ആധുനിക സമൂഹത്തിന് യോജിച്ച തരത്തില്‍ പാകപ്പെടുത്തി എടുത്ത ഒരു ചേരുവ.ഹര്‍ത്താലുകള്‍, ബന്ദ്, സമരം, പണിമുടക്കുകള്‍ എന്നിവയെ ആക്ഷേപഹാസ്യമായി വേദിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ആരുടെ മുഖത്ത് നോക്കിയാണ് പരിഹസിക്കുന്നത്? ഒരു പാട് ദുരിതങ്ങളില്‍ നിന്ന്, ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിച്ച് കേരള ജനതയെ ഇന്നുകളിലേക്കെത്തിച്ച തൊഴിലാളി സംഘടനകളേയോ? സംഘടിത തൊഴിലാളി സംസ്ക്കാരത്തിന്റെ ഗുണഫലങ്ങള്‍ ഒട്ടേറെ അനുഭവിക്കുന്ന, നിരന്തരം പോരാട്ടങ്ങളില്‍ സജീവമായി ഇടപെടുന്ന, മുന്നില്‍ നില്ക്കുന്ന ഒരു വിഭാഗത്തിന്റെ മുന്നില്‍ നിന്നുകൊണ്ട് കാണിക്കുന്ന കൊഞ്ഞനം കുത്തലുകള്‍ ആരെയാണ് ഉന്നമിടുന്നത്? അടുത്ത തലമുറയിലേക്ക് അരാഷ്ട്രീയവാദങ്ങള്‍ നിറക്കാന്‍ ശ്രമിക്കുന്ന, ആധുനിക മുതലാളിത്തത്തിന്റേതുതന്നെയാണ് ഇത്തരം ചിന്തകള്‍. കാമ്പസുകളെ 'രാഷ്ട്രീയ വിമുക്തമാക്കി' മതവിഭാഗീയ ചിന്തകള്‍ക്കും, ഭീകരവാദത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും, വിട്ടുകൊടുത്തു കൊണ്ടിരിക്കുന്ന സംസ്ക്കാരത്തിന്റെ മറ്റൊരു മുഖമല്ലേ ഇത്തരത്തിലുള്ള പരിപാടികളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്?നമ്മുടെ സംസ്ക്കാരത്തിന്റെ തന്നെ ചിഹ്നങ്ങളായി മാറിയ കലാരൂപങ്ങളെങ്കിലും, അതിന്റെ തനിമയില്‍ നിലനില്‍ക്കേണ്ടതുണ്ട്. മോഹിനിയാട്ടത്തിന്റെ ലാസ്യഭാവത്തിന്, ദ്രുത താളത്തിന്റെ ചടുലത നല്കുമ്പോള്‍, നഷ്ടമാവുന്നത്, അതിന്റെ വശ്യത മാത്രമല്ല. ആ കലാരൂപം കൂടിയാണ്. അര്‍ത്ഥമില്ലാത്ത ചടുലത നല്‍കുന്നത് വഴി ചെയ്യുന്നത്, ഇത്തരം ചടുലതകളില്‍ അഭിരമിക്കുന്ന, മതിമറക്കുന്ന ഒരു പുതിയ ജനവിഭാഗത്തിന്റെ രൂപീകരണം മാത്രമാണ്. അത്തരം വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാണിവിടെ സംഭവിക്കുന്നത്. ചാനലുകളിലെ റിയാലിറ്റി ഷോകളെ പരിഹസിച്ചു കൊണ്ട് മലയാളി മനസ്സുകളിലേക്ക് കടന്നു ചെല്ലാന്‍ ഇടക്കെങ്കിലും പ്രസാദ് ശ്രമിക്കുന്നുണ്ട്. അത്തരം പരിഹാസം നടത്തുന്ന സംഘം തന്നെ അവരുടെ സ്കിറ്റുകളില്‍ ഉപയോഗിക്കുന്ന ഭാഷ ആശാസ്യമാണോ? തമാശ സൃഷ്ടിക്കാനായി ഉപയോഗിക്കുന്ന വാക്കുകളുടെ 'വള്‍ഗാരിറ്റി' അരോചകം തന്നെ.ഈ ഒരു പരിപാടിയില്‍ മാത്രമല്ല, ഇത്തരം എല്ലാ കോമഡി പരിപാടികളും കോമഡി എന്നത് അശ്ളീലമെന്നതായി മാറിയിട്ടുണ്ട്. മൌലികമായ ചിന്തകളുടേയും, ആശയങ്ങളുടേയും ദാരിദ്ര്യം തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. ശ്ളീലാശ്ളീലങ്ങള്‍, ആസ്വാദകമനസ്സുകള്‍ക്കനുസരിച്ച് മാറാം. പറയുന്ന രീതിക്കനുസരിച്ച് ഏത് അശ്ളീലവും ശ്ളീലവുമാകാം. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ അശ്ളീലം- അശ്ളീലമായിത്തന്നെ പറഞ്ഞു കൊണ്ട്, അതാണ് യഥാര്‍ത്ഥ തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു നുറുങ്ങു ചിരി പോലും ഉണരുന്നില്ല.ഒരേ സമയം പലരെ സ്നേഹിക്കുന്ന സ്ത്രീയെയും അവളെ ആത്മാര്‍ത്ഥമായി സ്നേഹിച്ച് വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷന്മാരേയും ചിത്രീകരിക്കുന്നതിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കുന്ന നര്‍മ്മം എന്താണ്? സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന മുതലാളിത്ത സംസ്ക്കാരത്തിന്റെ ചിന്തകള്‍ തന്നെയാണ് ഇവിടെയും ചിത്രീകരിക്കപ്പെടുന്നത്.ചിലപ്പോഴെങ്കിലും പഴയ ചാക്യാരുടെ വേഷം എടുത്തണിയുന്നുണ്ട് പ്രസാദും കൂട്ടുകാരും. രാഷ്ട്രീയ കോമാളിത്തരങ്ങളെ, ചാനലുകളിലെ ചില പരിപാടികളെ ഒക്കെ വിദൂഷകന്റെ സാമര്‍ത്ഥ്യത്തോടെ വിമര്‍ശിക്കുന്നുമുണ്ട്.അത്തരത്തിലുളള ചുരുക്കം ചില ഇനങ്ങള്‍ മാറ്റി നിറുത്തിയാല്‍, മറ്റെല്ലാം തന്നെ, പാട്ടിലും നൃത്തത്തിലും, ദ്രുതതാളങ്ങളിലും കെട്ടുകാഴ്ചകളുടെ മാസ്മരികതയിലും അലിഞ്ഞു തീര്‍ന്നു എന്നു തന്നെ പറയാം.എന്നാല്‍ കുറച്ചു വര്‍ഷത്തി നു മുമ്പ്, ഇതേ വേദിയില്‍ കെ. എസ്.പ്രസാദിന്റെ സംഘം അവതരിപ്പിച്ച പരിപാടികള്‍ നിലവാരം പുലര്‍ത്തിയിരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പിന്നെന്തു കൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം?ചാനലുകളിലെ മത്സരങ്ങള്‍ക്ക് പിന്നാലെ ഇത്തരം പരിപാടികളും മാറുകയാണോ? കെ.എസ്. പ്രസാദിന്റെ പരിപാടി മുന്‍നിറുത്തിയാണ് പറഞ്ഞതെങ്കിലും മറ്റു കോമഡി ഷോകളും ഇതില്‍ നിന്നും വ്യത്യസ്തമല്ല എന്നു മാത്രമല്ല, കൂടുതല്‍ മോശമാകാനുള്ള ഒരു മത്സരം തന്നെയാണ് നടക്കുന്നത്. കാരണം കാഴ്ചപ്പാടിന്റേതാണ് എന്നതാണ് വസ്തുത. ചാനലുകളിലായാലും ഇതൊക്കെത്തന്നെയാണ് ചിത്രീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. വേഷവിധാനങ്ങളിലൂടെയും, വാക്കുകള്‍ക്കിടയില്‍ കയറ്റി വെക്കുന്ന അശ്ളീലങ്ങളിലുമാണ് ഇന്ന് കോമഡി സൃഷ്ടിക്കപ്പെടുന്നത്.എന്നിട്ടും, ഇത്തരം പരിപാടികള്‍ക്കും യാഥാര്‍ത്ഥ്യം ഇല്ലാത്ത റിയാലിറ്റി ഷോകള്‍ക്കും ഒക്കെത്തന്നെയാണ് കാണികളുണ്ടാകുന്നത്. ഇത്തരം പരിപാടികളിലേക്ക് കാണികള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്തു കൊണ്ടാണ് ? തിരക്കു പിടിച്ച സംഘര്‍ഷം നിറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഒന്നും ചിന്തിക്കാതെ കുറിച്ചു നേരമെങ്കിലും രക്ഷപ്പെടാനുളള ത്വരയാണോ ഇതിന്റെ പിന്നിലെ മാനസികാവസ്ഥ? അതോ, തനിക്കു ചുറ്റും എന്ത് തന്നെ നടന്നാലും അതൊന്നും തനിക്ക് ബാധകമാവുന്നില്ല എന്നു കരുതുന്ന, എന്ത് കിട്ടിയാലും അതിനെ കണ്ട് കടന്നു പോകാന്‍ കഴിയുന്ന തരത്തിലുള്ള പുതിയ 'സംസ്ക്കാര'രൂപീകരണത്തിന്റെ ഭാഗമോ?കുട്ടികളാണ് ഇന്ന് പല കുടുംബ തീരുമാനങ്ങളുടേയും കേന്ദ്ര സ്ഥാനത്ത് വരുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ ആകര്‍ഷിക്കുന്ന പരിപാടികളില്‍ മാത്രം ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം പരിപാടികള്‍ സൃഷ്ടിക്കപ്പെടുന്നതും ഇതേ ലക്ഷ്യത്തോടെ തന്നെയാണ്. നമുക്കിത് വേണ്ട എന്നു പറയാന്‍ ആസ്വാദകര്‍ തയ്യാറല്ലെങ്കില്‍ ഇത്തരം പരിപാടികള്‍ കൂടുതല്‍ മോശമായിക്കൊണ്ടേയിരിക്കും. ഇവിടെയാണ്, നമ്മുടെ കുട്ടികളുടെ മനസ്സില്‍ അര്‍ത്ഥമില്ലാത്ത ദ്രുത താളങ്ങളും, വര്‍ണ്ണഭംഗികളും മാത്രം മതിയോ എന്ന ചോദ്യം പ്രസക്തമാകുന്നത്. അതിനുള്ള ഉത്തരം കണ്ടെത്തേണ്ടതും, തിരിച്ചറിയേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതും നമ്മള്‍ തന്നെയാണ്.
*നൈസ കാക്കൂര്‍
കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com