06 June, 2009

അമേരിക്ക ആഗ്രഹിച്ച സര്‍ക്കാര്‍

അമേരിക്ക ആഗ്രഹിച്ച സര്‍ക്കാര്‍
പതിനഞ്ചാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അമേരിക്കയുമായുള്ള ബന്ധത്തിന് ആക്കം വര്‍ധിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ഭരണം കൊതിച്ച ഫലമാണ് ഉണ്ടായതെന്ന് വാഷിങ്ങ്ടണില്‍നിന്നുള്ള പ്രസ്താവനകള്‍ തെളിയിക്കുന്നു. മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നത് അമേരിക്കന്‍ ഭരണകൂടത്തെ അത്യന്തം ആഹ്ളാദത്തിലാഴ്ത്തിയെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെയാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് എന്നതാണ് അമേരിക്കയെ ഏറെ സന്തോഷിപ്പിക്കുന്നത്. അമേരിക്കയും കോണ്‍ഗ്രസും ജനവിധിയെ വിലയിരുത്തിയത് ഇരുരാജ്യവും തമ്മിലുള്ള തന്ത്രപ്രധാന ബന്ധത്തിന് ജനങ്ങള്‍ വര്‍ധിച്ച അംഗീകാരം നല്‍കിയെന്ന രീതിയിലാണ്. അതുകൊണ്ടു തന്നെ ആ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇനിയുള്ള ദിവസങ്ങളില്‍ നടപടികളുണ്ടാകും.ആദ്യനടപടി ബുഷ് ഭരണകാലത്ത് ഒപ്പിട്ട സിവില്‍ ആണവകരാര്‍ നടപ്പാക്കലാണ്. അതിന് ഇന്ത്യ ഏതാനും നടപടികള്‍കൂടി സ്വീകരിക്കേണ്ടതുണ്ടെന്ന് അമേരിക്കന്‍ വിദേശമന്ത്രാലയത്തിലെ ദക്ഷിണേഷ്യന്‍കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് സെക്രട്ടറി റോബര്‍ട്ട് ബ്ളേക്ക് പരസ്യമായിത്തന്നെ പറയുകയുണ്ടായി. അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് ചില സൌജന്യങ്ങള്‍കൂടി ഇന്ത്യ ചെയ്തുനല്‍കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അമേരിക്കന്‍ സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ആണവറിയാക്ടര്‍ പൊട്ടിത്തെറിക്കുകയോ മറ്റോ ചെയ്താല്‍ അതുമൂലമുണ്ടാകുന്ന നഷ്ടം ഇന്ത്യ ഗവണ്‍മെന്റ് തന്നെ ഏറ്റെടുക്കണമെന്ന് നിഷ്കര്‍ഷിക്കുന്ന നിയമനിര്‍മാണം പാസാക്കണമെന്നാണ് ബ്ളേക്ക് ആവശ്യപ്പെടുന്നത്. അമേരിക്കന്‍ ആണവകമ്പനികളുമായി ആണവ ബിസിനസില്‍ ഏര്‍പ്പെടാന്‍ ഇന്ത്യന്‍ ഊര്‍ജ നിയമത്തില്‍ ഭേദഗതി വരുത്തുകയും വേണം.കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെതന്നെ അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായുള്ള വര്‍ധിച്ച സൈനിക ഇടപാടുകള്‍ ആരംഭിച്ചു. ഇതില്‍ ഏറ്റവും പ്രധാനമാണ് സൈനിക സഹായങ്ങള്‍ പരസ്പരം കൈമാറുന്ന കരാറും അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും ഉപകരണങ്ങളും മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ഇന്ത്യയില്‍വന്ന് പരിശോധിക്കുന്നതിന് അധികാരംനല്‍കുന്ന കരാറും. ഇന്ത്യയുടെ പരമാധികാരം നഷ്ടപ്പെടുത്തുന്നതാണ് ഈ രണ്ട് കരാറും. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ട അമേരിക്കയ്ക്ക് ഇന്ത്യന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും യഥേഷ്ടം ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതാണ് ആദ്യത്തെ കരാര്‍. അതായത്, അഫ്ഗാനിസ്ഥാനില്‍ ബോംബ് വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍വിമാനങ്ങള്‍ക്ക് ഡല്‍ഹിയില്‍വന്ന് ഇന്ധനം നിറച്ച് വീണ്ടും യുദ്ധമുഖത്തേക്ക് പറക്കാന്‍ കഴിയും. നിമിറ്റ്സ് പോലുള്ള യുദ്ധക്കറ പുരണ്ട കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാനും അറ്റകുറ്റപ്പണികള്‍ നടത്താനും സൌകര്യമുണ്ടായിരിക്കും. അമേരിക്കന്‍ തുറമുഖങ്ങളും വിമാനത്താവളങ്ങളും ഇന്ത്യക്കും ഉപയോഗിക്കാമെന്നാണ് കരാറിന്റെ ഗുണമായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നതെങ്കിലും മറ്റ് രാജ്യങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടാത്ത ഇന്ത്യക്ക് അതിന്റെ ആവശ്യം തുലോം വിരളമായിരിക്കും. അമേരിക്കയോടൊപ്പം ചേര്‍ന്ന് യുദ്ധംചെയ്യാനാണ് ഇന്ത്യ തയ്യാറെടുക്കുന്നതെങ്കില്‍ ഈ കരാര്‍ 'ഉപകാരപ്രദ'മായിരിക്കും.ഇന്ത്യയുടെ പരമാധികാരം പൂര്‍ണമായും അമേരിക്കയ്ക്ക് അടിയറ വയ്ക്കുന്നതാണ് രണ്ടാമത്തെ കരാര്‍. അമേരിക്ക ഇന്ത്യക്ക് നല്‍കുന്ന ഉപകരണങ്ങളും ആയുധങ്ങളും ഇന്ത്യയില്‍ വന്ന് പരിശോധിക്കാന്‍ അവര്‍ക്ക് അധികാരം നല്‍കുന്നത് എന്തിനാണെന്നാണ് പ്രധാന ചോദ്യം. വെറും കച്ചവടത്തിനപ്പുറം അമേരിക്ക അവരുടെ തന്ത്രപ്രധാന താല്‍പ്പര്യങ്ങളാണ് ഇതുവഴി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റും യാത്ര ചെയ്യുന്ന വിമാനങ്ങള്‍പോലും ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തി പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കുന്നത് ഒട്ടും അഭികാമ്യമല്ല.ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അമേരിക്കയുമായുള്ള സൈനികവ്യാപാരം പൊടിപൊടിക്കുകയാണ്. 123 കരാര്‍ എന്നറിയപ്പെടുന്ന ആണവകരാറിന് അമേരിക്കന്‍ ആയുധലോബി നല്‍കിയ പേര് 126 കരാര്‍ എന്നാണ്. ആണവകരാര്‍ ഒപ്പിട്ട് അതിനുപിന്നാലെ ഇന്ത്യ 126 ഇടത്തരം വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറില്‍ അമേരിക്കയുമായി ഒപ്പിടുമെന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കിയത്. 4,500,00 കോടിരൂപയുടേതാണ് ഈ കരാര്‍. അമേരിക്കന്‍ കമ്പനികളായ ലോക്ഹീഡ് മാര്‍ട്ടിനും ബോയിങ്ങിനും ലേലത്തില്‍ പങ്കെടുക്കുന്നതിനായി ആദ്യം ഇറക്കിയ ടെന്‍ഡര്‍ ഇന്ത്യ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് ആറ് കമ്പനിയാണ് ലേലത്തില്‍ പങ്കുകൊണ്ടത്. ഇടയ്ക്കുവച്ച് ഫ്രഞ്ച് കമ്പനിയായ റാഫെല്‍സിനെ തഴഞ്ഞെങ്കിലും പിന്നീട് പിന്‍വാതിലിലൂടെ ആ കമ്പനിയെ വീണ്ടും ഉള്‍പ്പെടുത്തി. മേല്‍പ്പറഞ്ഞ മൂന്ന് കമ്പനിക്കു പുറമെ യൂറോപ്യന്‍ കമ്പനിയായ യൂറോഫൈറ്റര്‍ ടൈഫൂ, സ്വീഡിഷ് കമ്പനിയായ സാബ്, റഷ്യന്‍ എയര്‍ക്രാഫ്റ്റ് കോര്‍പറേഷന്‍ എന്നിവയാണ് ലേലം കൊണ്ടിട്ടുള്ളത്. ഈ കമ്പനികളുടെ വിമാനങ്ങള്‍ ഈ മാസംമുതല്‍ പരീക്ഷണ പറക്കല്‍ നടത്തും. ഏറ്റവും ചൂടുള്ള ജയ്സാല്‍മീര്‍, തണുപ്പുള്ള ലേ, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷണപ്പറക്കല്‍. ഇതില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എഫ്16 ഫാല്‍ക്കണ്‍ വിമാനങ്ങളുണ്ടാക്കുന്ന ലോക്ഫീല്‍ഡ് മാര്‍ട്ടില്‍, എഫ്എ18 സൂപ്പര്‍ ഹോര്‍ണെറ്റ് വിമാനങ്ങളുണ്ടാക്കുന്ന ബോയിങ് എന്നീ കമ്പനികള്‍ക്ക് കരാര്‍ ലഭിക്കാനാണ് സാധ്യത.ആണവകരാറില്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കുന്നതുതന്നെ അമേരിക്കയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നിരിക്കെ ഈ വന്‍തുകയ്ക്കുള്ള കരാറും അമേരിക്കയ്ക്കുതന്നെ നല്‍കണമെന്നാണ് വാഷിങ്ട സമ്മര്‍ദം ചെലുത്തുന്നത്. ആണവകരാറിന്റെ ഭാഗമായി ആണവ നിര്‍വ്യാപന കരാറിലും ഇന്ത്യ ഒപ്പുവയ്ക്കണമെന്ന സമ്മര്‍ദം ഒബാമ ഭരണകൂടം ശക്തിപ്പെടുത്തിയിരിക്കയാണ്. 2010 ലെ ആണവ നിര്‍വ്യാപന പുനഃപരിശോധന സമ്മേളനത്തില്‍ ഇന്ത്യയെക്കൂടി പങ്കെടുപ്പിക്കാനുള്ള തകൃതിയായ ശ്രമമാണ് അമേരിക്ക നടത്തുന്നത്. എഫ്എംസിടി കരാറില്ലെങ്കിലും ഇന്ത്യയെകൊണ്ട് ഒപ്പുവയ്പിക്കാനാണ് ശ്രമം. എന്‍പിടി, സിടിബിടി, എഫ്എംസിടി തുടങ്ങിയ കരാറുകള്‍ അസമമായതിനാല്‍ അതില്‍ ഒപ്പുവയ്ക്കില്ലെന്ന സമീപനമാണ് ഇന്ത്യ കൈക്കൊണ്ടിരുന്നത്. എന്നാല്‍, ആണവകരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇത്തരം കരാറുകളില്‍ ഇന്ത്യ ഒപ്പുവയ്ക്കണമെന്നാണ് ഇപ്പോള്‍ അമേരിക്ക നിര്‍ബന്ധിക്കുന്നത്. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും താലിബാനെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തില്‍ ഇന്ത്യ പങ്കെടുക്കണമെന്നും ഒബാമ ഭരണകൂടം സമ്മര്‍ദം ചെലുത്തുകയാണ്. ഇന്ത്യയുടെ സഹായമില്ലാതെ അഫ്ഗാന്‍പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്ന അമേരിക്കയുടെ അഫ്‌ഗാന്‍, പാകിസ്ഥാന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്കിന്റെ പ്രസ്താവന ഇന്ത്യയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ അമേരിക്കയ്ക്കുള്ള താല്‍പ്പര്യമാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയുടെ പ്രത്യേക പ്രതിനിധികൂടിയാണ് ഹോള്‍ബ്രൂക്ക് എന്ന അമേരിക്കയുടെ വെളിപ്പെടുത്തല്‍ സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. അമേരിക്കയുടെ തന്ത്രപ്രധാനനീക്കങ്ങളില്‍ ഇന്ത്യയെക്കൂടി ഭാഗഭാക്കാക്കാനുള്ള കാര്യമായ ശ്രമം അമേരിക്ക നടത്തുന്നുണ്ട്. അടുത്തയിടെ ഏഷ്യ സൊസൈറ്റിയുടെ പേരില്‍ പുറത്തിറക്കിയ കര്‍മസമിതി റിപ്പോര്‍ട്ട് വളച്ചുകെട്ടില്ലാതെ പറയുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ്. ആണവകരാറിന്റെ പ്രമുഖ ശില്‍പ്പികളില്‍ ഒരാളായ ആഷ്ലെ ജെ ടെല്ലിസ്, ബ്രൂകിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റീവന്‍ കോഹന്‍, മക്കാര്‍ത്തി അസോസിയേറ്റ്സിന്റെ അലീസ അയേഴ്സ് തുടങ്ങിയവര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ കര്‍മസമിതി റിപ്പോര്‍ട്ട്. ഇന്ത്യയുടെയും അമേരിക്കയുടെയും താല്‍പ്പര്യങ്ങള്‍ ഒന്നാകുമ്പോള്‍ പുതിയ ബന്ധത്തിന് തുടക്കമാകുമെന്നും ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത അടുപ്പമാണ് ഇതിലൂടെയുണ്ടാകുകയെന്നും ഈ റിപ്പോര്‍ട്ട് വിഭാവനംചെയ്യുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളില്‍ അവര്‍ക്ക് രംഗപ്രവേശം നല്‍കാനും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

വി ബി പരമേശ്വരന്‍

കടപ്പാട്: വര്‍ക്കേഴ്സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com