08 January, 2011

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഉയരുന്ന ആരവം

ഇത്തവണത്തെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ലോക ഉത്സവത്തിന് വേദിയായത് ദക്ഷിണാഫ്രിക്കയാണ്. പാര്‍ലമെന്റിന്റെ യൂത്ത്ഫോറം അംഗം എന്ന നിലയില്‍ അവിടെ പോകുന്നതിന് എനിക്ക് അവസരം ലഭിച്ചിരുന്നു. ലോക യുവജനപ്രസ്ഥാനത്തിന്റെ മുന്‍ നേതാക്കളില്‍ ഒരാളെന്ന നിലയില്‍ കെഎന്‍ ബാലഗോപാല്‍, ഡിവൈഎഫ്ഐ നേതാവെന്ന നിലയില്‍ എംബി രാജേഷ്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റെന്ന നിലയില്‍ പികെ ബിജു എന്നീ എംപിമാരും ഈ കൂടിച്ചേരലില്‍ പങ്കെടുത്തിരുന്നു. ഡിവൈഎഫഐ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്റെയും മറ്റും നേതൃത്വത്തില്‍ വന്‍ സംഘമാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്തത്. സാമ്രാജ്യത്വത്തിനെതിരായ യുവത്വത്തിന്റെ ഒത്തുചേരല്‍ എന്ന നിലയില്‍ വന്‍ പ്രാധാന്യമാണ് ഇതിനുള്ളത്. ഇത്തവണ 126 രാജ്യങ്ങളില്‍നിന്നായി 15000 പ്രതിനിധികളാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിയത്. 1957ല്‍ മോസ്കോയില്‍ നടന്ന സമ്മേളനത്തിലാണ് ഏറ്റവുമധികം പ്രതിനിധികള്‍ ഉണ്ടായിരുന്നത്. അന്ന് 131 രാജ്യങ്ങളില്‍നിന്നായി 34000 പേരാണ് മോസ്കോയില്‍ എത്തിയത്. 1989ല്‍ പ്യോങ്യാങില്‍ 177 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

1997ല്‍ ഹവാനയില്‍ ചേര്‍ന്ന ലോകയുവജനോത്സവത്തില്‍ പങ്കെടുക്കുന്നതിന് അന്ന് കേരളത്തിലെ എസ്എഫ്ഐ ഭാരവാഹിയെന്ന നിലയില്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. പ്യോങ്യാങ്ങിനുശേഷം എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹവാനയില്‍ ഉത്സവം നടന്നത്. സാധാരണ നാലു വര്‍ഷത്തിനുള്ളിലാണ് ലോക യുവജനോത്സവം നടക്കുന്നത്. പ്യോങ്യാങ്ങിനുശേഷമുള്ള കാലം ലോകം നിരവധി മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ സംഭവങ്ങളും ഇതിന്റെയെല്ലാം ഫലമായി സോഷ്യലിസത്തിനേറ്റ തിരിച്ചടിയും ലോകത്തിലെ ശാക്തികബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയല്ലോ. ഇത് പുരോഗമന ചിന്ത ഉയര്‍ത്തിപ്പിടിക്കുന്ന, സാമ്രാജ്യത്വവിരുദ്ധത മുഖമുദ്രയായിട്ടുള്ള ലോകയുജവനപ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തിയിരുന്നു. ഈ ഘട്ടത്തിലാണ് ക്യൂബ ഉത്തരവാദിത്തം ഏറ്റെടുത്ത് 97ലെ യുവജനോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് പ്രത്യേകമായ ആവേശമായിരുന്നു. അതിലെ പങ്കാളിത്തം പ്രതിനിധിയായിട്ടായിരുന്നു. ഇത്തവണ അതിഥിയായാണ് പങ്കെടുത്തത്. ഹവാനയില്‍ കാസ്ട്രോയുടെ സാന്നിധ്യം ആവേശത്തിന്റെ കൊടുങ്കാറ്റാണ് സൃഷ്ടിച്ചത്. കാസ്ട്രോയെ സ്പര്‍ശിക്കാന്‍ കഴിഞ്ഞപ്പോള്‍ ആകാശത്തെ കൈകൊണ്ട് തൊട്ടപോലെയെന്നാണ് മാറഡോണ എഴുതിയത്. ലോകത്തിലെ പോരാളികള്‍ക്ക് നിലയ്ക്കാത്ത ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഫിഡലിന്റെ സന്ദേശം ഇത്തവണ പ്രിട്ടോറിയയില്‍ ഒത്തുചേര്‍ന്നവരെയും ഇളക്കിമറിച്ചു. മണ്ടേലയുടെ സന്ദേശവും ഉദ്ഘാടന സമ്മേളനത്തില്‍ വായിച്ചിരുന്നു.

സാമ്രാജ്യത്വ വിരുദ്ധ പോരാളികളുടെ ഒത്തുചേരല്‍ അമേരിക്കന്‍ കടന്നാക്രമണത്തിനെതിരായ ശക്തമായ വികാരമാണ് പ്രകടിപ്പിച്ചത്്. അമേരിക്കന്‍ തടവറയില്‍ കഴിയുന്ന അഞ്ചു ക്യൂബക്കാരെ വിട്ടയക്കണമെന്ന ആവശ്യം ഉയര്‍ത്തിയ സമ്മേളനം ക്യൂബക്കെതിരായ ഉപരോധവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ചെഗുവേരയുടെ ചിന്തയെന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചെഗുവേരയുടെ മകള്‍ അലിഡ എത്തിയിരുന്നു. അലിഡയുടെ വാക്കുകളില്‍ ചെഗുവേര നിറഞ്ഞുനിന്നു. കേരളത്തില്‍ മുമ്പൊരിക്കല്‍ അലിഡ വന്നിരുന്നു. അന്ന് വികാരനിര്‍ഭരമായ വരവേല്‍പ്പാണ് നാട് അവര്‍ക്ക് നല്‍കിയത്.

കടുത്ത സാമ്രാജ്യത്വവിരുദ്ധതയാണ് ലോക യുവജനസമ്മേളനത്തിന്റെ പ്രത്യേകതയെങ്കിലും അതിവിശാലമായ വേദിയെന്ന പരിമിതി അതിനുണ്ട്. ഇന്ത്യയില്‍നിന്നും യൂത്ത്കോണ്‍ഗ്രസും എന്‍എസ്യുവും മാണികേരളയുടെ യുവജനവിഭാഗവുമെല്ലാം ഇതില്‍ പങ്കെടുക്കുന്നു. തങ്ങളുടെ രാജ്യങ്ങളില്‍ പരസ്പരം ഏറ്റുമുട്ടുന്ന പല സംഘടനകളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനുള്ള വേദി കൂടിയായി ഇത് മാറാറുണ്ട്.

അതിവേഗത്തില്‍ മാറുന്ന ആഫ്രിക്കയെക്കുറിച്ച് കുടുതല്‍ അറിയുന്നതിനുള്ള സന്ദര്‍ഭം കൂടിയായിരുന്നു ഈ യാത്ര. ഹവാന ക്യൂബയെ കുറിച്ചുള്ള ഒരിക്കലും മരിക്കാത്ത ഓര്‍മകളാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന്റെയും കോളനിവാഴ്ചയുടെയും ഭീകരാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു ജനത ഇപ്പോള്‍ വീണ്ടെടുക്കലിന്റെ ഘട്ടത്തിലാണ്. വര്‍ണവാഴ്ചക്കെതിരായ പോരാട്ടത്തിന്റെ ചരിത്രം നിറഞ്ഞുനില്‍ക്കുന്ന നിരവധി സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞു. ജീവിതത്തിന്റെ യൌവനം മുഴുവനും മണ്ടേലയെ തളച്ചിട്ട റോബന്‍ ദ്വീപിലെ ജയില്‍ ഇന്ന് ചരിത്ര സ്മാരകമാണ്. ഒന്നു നന്നായി നിന്നു തിരിയാന്‍ പോലും കഴിയാത്ത കുടുസുമുറിയില്‍ കാല്‍നൂറ്റാണ്ടിലധികമാണ് മണ്ടേല ചെലവഴിച്ചത്്. റോബന്‍ ജയിലിന്റെ ആദ്യ മുറിയില്‍ ചരിത്രത്തിലേക്ക് തുറക്കുന്ന കിളിവാതിലായി മാറ്റിയിരിക്കുന്ന ജയില്‍ തിരിച്ചറിയല്‍ കാര്‍ഡിലെ പേര് ബില്ലി നായരുടേതാണ്. ഇരുപതു വര്‍ഷങ്ങളാണ് ജയിലിലെ കഠിനകാലത്തില്‍ ഈ മലയാളി ചെലവിട്ടത്. മറ്റൊരു രാജ്യത്തിന്റെ മോചനത്തിനായി പേരാട്ടത്തില്‍ പങ്കെടുത്ത് ഇത്രയും അധികം ത്യാഗം സഹിക്കേണ്ടിവന്ന മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടായിട്ടുണ്ടാവില്ല.

ഏതു വികസിത രാജ്യത്തോടും കിടപിടിക്കാവുന്ന പശ്ചാത്തല സൌകര്യങ്ങളാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. പല നഗരങ്ങളും യൂറോപ്പിനെ അനുസ്മരിപ്പിക്കുന്നു. മനുഷ്യരെ കാണുമ്പോഴേ വ്യത്യസ്തത മനസിലാവുകയുള്ളൂ. ശരിക്കും ആഫ്രിക്കയെക്കുറിച്ച് അറിയണമെങ്കില്‍ മറ്റു രാജ്യങ്ങള്‍ കാണണം. കെനിയയും ഉഗാണ്ടയും എല്ലാം അതിവേഗത്തില്‍ വികസിക്കുന്ന രാജ്യങ്ങള്‍ തന്നെയാണ്. എങ്കിലും ദക്ഷിണാഫ്രിക്കയില്‍ നിന്നും വ്യത്യസ്തമാണ്. ദക്ഷിണാഫ്രിക്കയെ ഏറ്റവുമധികം ആക്രമിക്കുന്ന ഘടകം ഇന്ന് എയ്ഡ്സാണ്. പല തരത്തിലുള്ള പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായി നടത്തിയിട്ടും ഈ വിപത്തിനെ വേണ്ട രീതിയില്‍ പ്രതിരോധിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

ലോക യുവജനോത്സവം രാഷ്ട്രീയ ചര്‍ച്ചകളുടെയും സെമിനാറുകളുടെയും വേദിയാകുന്നതുപോലെ തന്നെ സാംസ്കാരികമായ കൂടിച്ചേരലിന്റെയും സന്ദര്‍ഭമാണ്്. ലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ സംസ്കാരത്തിന്റെയും കലാപാരമ്പര്യത്തിന്റെയും പ്രദര്‍ശന സന്ദര്‍ഭം കൂടിയാണ്. നൃത്തവും സംഗീതവും വേദികളെ പലപ്പോഴും ഇളക്കിമറിക്കും. മിക്കവാറും പ്രമേയം സാമ്രാജ്യത്വവിരുദ്ധമായിരിക്കും. വരാനിരിക്കുന്ന കാലത്തിലെ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണ് യുവജനോത്സവം എപ്പോഴും നല്‍കുന്നത്. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ലോക യുവജനങ്ങളുടെ ഒത്തുചേരലിന്റെ ചരിത്രപ്രാധാന്യവും അതുതന്നെയാണ്.

*
പി രാജീവ്

മലയാള സിനിമ എന്ന തൊഴിലുറപ്പു പദ്ധതി

ടിന്റുമോന്‍ : ഹോ, ഞാനിന്നൊരു മലയാള സിനിമ കാണാന്‍ പോയി. തൊട്ടു മുമ്പു കഴിച്ച ചിക്കന്‍ ബിരിയാണിയില്‍ നിന്ന് കോഴി ജീവന്‍ വെച്ച് കൂവി. അത്ര ബോറ് പടം!

എണ്‍പതുകളില്‍ നിലച്ചു പോയ കച്ചവട സിനിമയുടെയും എഴുപതുകളില്‍ നിലച്ചു പോയ കലാ സിനിമയുടെയും അറുപതുകളില്‍ നിലച്ചു പോയ പ്രദര്‍ശന സംവിധാനങ്ങളുടെയും ഇരുപതാം നൂറ്റാണ്ടില്‍ നിലച്ചു പോയ കാണികളുടെയും ഭാവുകത്വ പ്രതിസന്ധികളാണ് യഥാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ മാറ്റത്തെ അസാധ്യമാക്കുന്നതെന്ന തിരിച്ചറിവ് വീണ്ടും ഉറപ്പിക്കുന്ന ഒരു വര്‍ഷം കൂടിയാണ് കടന്നു പോയത്. വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് തൊഴിലുറപ്പു വരുത്താവുന്ന വിധത്തില്‍ തൊണ്ണൂറോളം സിനിമകള്‍ ഈ പ്രതിസന്ധിക്കിടയിലും പുറത്തു വന്നു എന്നത് ശുഭകരമായ കാര്യമാണോ അതോ അശുഭകരമായ കാര്യമാണോ എന്ന് തീരുമാനിക്കുന്നത്, ചലച്ചിത്ര രചനയെയും ആസ്വാദനത്തെയും സാമൂഹിക പ്രതിനിധാനത്തെയും സംബന്ധിച്ചുള്ള നിലപാടുകളനുസരിച്ച് മാറിയും മറിഞ്ഞുമിരിക്കുമെന്നതാണ് വാസ്തവം.

കേരളത്തിലെ കാണികളുടെ ഭാവുകത്വ പ്രതിസന്ധി കൃത്യമായി വെളിവായത് ഈയിടെ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം പ്രദര്‍ശിപ്പിച്ചപ്പോഴും നവാഗത സംവിധായകനുള്ള ഹസന്‍കുട്ടി പുരസ്കാരം നല്‍കിയപ്പോഴുമായിരുന്നു. കടുത്ത അസഹിഷ്ണുതയാണ് കാണികള്‍ പ്രദര്‍ശിപ്പിച്ചത്. കഥ പറയാന്‍ ഏറ്റവും പറ്റിയ മാധ്യമം എന്ന് തിരിച്ചറിഞ്ഞതോടെ, കഥ പറയാന്‍ മാത്രമായി സിനിമ അതിന്റെ ഒരു നൂറ്റാണ്ട് പാഴാക്കിക്കളഞ്ഞു എന്ന് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സിനിമ എന്നത് ദൃശ്യ-ശബ്ദ ഭാഷകളുടെ സമന്വയവും പുതിയ ദാര്‍ശനികവ്യവഹാരവുമാണെന്ന തിരിച്ചറിവിലേക്ക് വളരാനുള്ള കുതിപ്പായി ചിത്രസൂത്രത്തെ ഉള്‍ക്കൊള്ളാനുള്ള വിവേകവും പാകതയും മലയാളി കാണിച്ചില്ല എന്നത് ഈ വര്‍ഷത്തെ ഏറ്റവും ഖേദകരമായ ഈടുവെപ്പായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു.


ദേശ-വിദേശ മേളകളില്‍ പ്രവേശനവും പുരസ്കാരങ്ങളും നേടിയെടുത്ത ഏതാനും സിനിമകള്‍ മുന്‍ വര്‍ഷങ്ങളിലെന്നതു പോലെ ഇത്തവണയും മലയാളത്തിലുണ്ടായി. കുട്ടി സ്രാങ്ക് (ഷാജി എന്‍ കരുണ്‍), സൂഫി പറഞ്ഞ കഥ(കെ പി രാമനുണ്ണി/പ്രിയനന്ദനന്‍), യുഗപുരുഷന്‍(ആര്‍ സുകുമാരന്‍) എന്നീ സ്വയം പ്രഖ്യാപിത കലാത്മക സിനിമകളേക്കാള്‍ ശ്രദ്ധേയമായത് ടി ഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് ആറ് ബി(മോഹന്‍ രാഘവ്) എന്ന ചിത്രമായിരുന്നു. നഷ്ടപ്പെട്ടു പോയ അഛനെഴുതിയ കത്തുകള്‍ക്ക്, ചെറുകഥാകൃത്തായ അമ്മു അഛനെഴുതുന്നതെന്ന വ്യാജേന അയക്കുന്ന മറുപടികളിലൂടെ ടി ഡി ദാസന്‍ എന്ന കുട്ടി അനുഭവിക്കുന്ന സുരക്ഷിതത്വ ബോധവും സ്നേഹ സ്വീകാരവും; സത്യസന്ധമായ സര്‍ഗാത്മകാനുഭൂതിയായി അനുവാചകരിലേക്ക് പകരുന്നുണ്ട്. പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള പ്രചരണാത്മക സ്വഭാവം മുഴച്ചു നില്‍ക്കാത്ത പശ്ചാത്തലാഖ്യാനങ്ങള്‍ ഈ സിനിമക്ക് മാറ്റു കൂട്ടുന്നുമുണ്ട്. മാനുഷിക മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ ചിത്രം പ്രേരിപ്പിക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അതോടൊപ്പം; ഗ്രാമം/നഗരം, യാഥാര്‍ത്ഥ്യം/മിത്ത്, യാഥാര്‍ത്ഥ്യം/കഥ, കുട്ടികള്‍/മുതിര്‍ന്നവര്‍ എന്നിങ്ങനെ വിഭിന്നങ്ങളായ വീക്ഷണ കോണുകളിലേക്ക് ആഖ്യാനത്തെ വികേന്ദ്രീകരിക്കുന്നതിലൂടെ സിനിമ നൂതനമായ അനുഭവമായിത്തീരുകയും ചെയ്യുന്നു. ലളിതാഖ്യാനവും മനസ്സില്‍ തട്ടുന്ന ഇതിവൃത്തവുമുണ്ടായിട്ടും പക്ഷെ, ടി ഡി ദാസന്‍ സ്റ്റാന്റേര്‍ഡ് ആറ് ബി വാണിജ്യ റിലീസിംഗിലൂടെ തിയറ്ററുകളിലെത്തിയപ്പോള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടു. നമ്മുടെ പ്രദര്‍ശന സംവിധാനങ്ങളെയും കാഴ്ചാ രീതികളെയും കുറിച്ച് ആഴത്തിലുള്ള പര്യാലോചനകളുടെ പ്രേരണയായി ഇത്തരം ഉപേക്ഷകള്‍ മാറേണ്ടതാണ്.


ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക് ദേശീയ അവാര്‍ഡുകള്‍ വാരിക്കൂട്ടി. പുസാന്‍, മോണ്‍ട്രിയേല്‍, മുംബൈ, ഗോവ എന്നീ മേളകളിലും കുട്ടിസ്രാങ്ക് ശ്രദ്ധ പിടിച്ചു പറ്റി. പല തട്ടുകളിലായി ആവിഷ്ക്കരിക്കപ്പെടുന്നതും സങ്കീര്‍ണവുമായ ആഖ്യാനമാണ് കുട്ടിസ്രാങ്കിനുള്ളത്. പെമ്മേണയോടൊത്തുള്ള കുട്ടിസ്രാങ്കിന്റെ ജീവിതാനുഭവങ്ങള്‍ ഓര്‍മ്മിക്കപ്പെടുന്ന മധ്യഭാഗമാണ് കൂടുതല്‍ ആകര്‍ഷകം. ലവ് ജിഹാദ് എന്ന കെട്ടിച്ചമക്കപ്പെട്ട സാമൂഹിക ഭീതികഥകള്‍ പൊതുബോധത്തെ ആവേശിച്ചതിനിടയിലാണ് സമാനമായ ഒരു ഇതിവൃത്തവുമായി സൂഫി പറഞ്ഞ കഥ പ്രദര്‍ശനത്തിനെത്തിയത്. ആഖ്യാനത്തിലെ ഒതുക്കമില്ലായ്മയും അവ്യക്തതകളും ചേര്‍ന്ന് ചിത്രം പക്ഷെ അനാകര്‍ഷകമായി തീര്‍ന്നു.

പ്രാകൃതമായ ജീവിതം നയിച്ചിരുന്ന കേരളീയരെ ആധുനികവത്ക്കരിക്കുന്നതിലും ഐക്യപ്പെടുത്തുന്നതിലും ശ്രീനാരായണഗുരു വഹിച്ച പങ്ക് ചരിത്രത്തില്‍ പലരൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനിക കേരളസ്രഷ്ടാക്കളില്‍ പ്രഥമസ്ഥാനീയനായ അദ്ദേഹത്തിന്റെ ജീവിതകഥ, ചലച്ചിത്രരൂപത്തിലും പല തവണ ആഖ്യാനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത യുഗപുരുഷന്‍ പ്രകടിപ്പിക്കുന്ന സമഗ്രത അത്ഭുതാവഹമാണ്. ജാതിയുടെയും സാമുദായികതയുടെയും ശക്തമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുന്ന 'നവകേരളം', ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാക്കി മാറ്റാനുള്ള ഗുരുവിന്റെ പരിശ്രമങ്ങള്‍ വിഫലമായോ എന്ന് പുരോഗമനവാദികള്‍ ആശങ്കപ്പെടുന്ന കാലത്താണ് യുഗപുരുഷന്‍ ചലച്ചിത്ര രൂപത്തില്‍ പുറത്തു വന്നതെന്നതാണ് പ്രസക്തമായ സംഗതി. പതിനഞ്ചു വര്‍ഷം കൊണ്ടാണ് ആര്‍ സുകുമാരന്‍ യുഗപുരുഷന്‍ പൂര്‍ത്തീകരിച്ചത്. ഗുരുവിനോടുള്ള അഗാധമായ ഭക്തിയും ആരാധനയുമാണ് അദ്ദേഹത്തെ ഈ ചിത്രത്തിനു വേണ്ടി നീണ്ട കാലം കാത്തിരിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിച്ചത് എന്ന് വ്യക്തമാണ്. സ്റ്റോറി ബോര്‍ഡിനു വേണ്ടി ചിത്രകാരന്‍ കൂടിയായ സുകുമാരന്‍ 2000 ത്തിലധികം ചിത്രങ്ങളെങ്കിലും വരച്ചിട്ടുണ്ടെന്നറിയുന്നത് വിസ്മയകരമാണ്.

സവര്‍ണ-ഹിന്ദുത്വ-തീവ്രവാദ-കച്ചവട സിനിമകളില്‍ ഏറെക്കാലം അഭിരമിച്ചതിനു ശേഷം വഴി മാറി നടക്കുന്ന രഞ്ജിത്തിന്റെ പുതിയ സിനിമയായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ് തിയറ്ററുകളില്‍ നിറഞ്ഞോടിയ ചിത്രമാണ്. സമകാലിക കേരളത്തിലെ നാട്യങ്ങളും ജാടകളും; അംഗീകാരത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള നെട്ടോട്ടവും മറ്റും ആക്ഷേപഹാസ്യമായി അവതരിപ്പിക്കുവാനുള്ള ശ്രമമാണീ സിനിമയിലുള്ളത്. ടി വി ചന്ദ്രന്റെ പ്രസിദ്ധ സിനിമയായ ഡാനിയുടെയും അന്‍വര്‍ റഷീദിന്റെ രാജമാണിക്യത്തിന്റെയും ഇടയിലുള്ള ഏതോ വഴി കണ്ടു പിടിച്ചാണ് രഞ്ജിത് ഈ വിജയം കൊയ്തെടുത്തത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ചിറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന പ്രാഞ്ചിയേട്ടന്റെ തൃശൂര്‍ ഭാഷ, രാജമാണിക്യത്തിന്റെ തിരുവനന്തപുരം ഭാഷയുടെ അനുകരണം പോലെയല്ലെന്നും കൂടിയ ഇനമാണെന്നും സംവിധായകന്‍ അവകാശപ്പെടുന്നുണ്ട്. അതെന്തുമാവട്ടെ. പ്രാദേശിക ഭാഷാ ഭേദങ്ങളെ പരിഹാസ്യമാക്കുകയും; മുമ്പ് കോട്ടയം, ഇപ്പോള്‍ വള്ളുവനാട് എന്ന രീതിയില്‍ ക്രമീകൃത കേന്ദ്ര ഭാഷയെ മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന മലയാള സിനിമാ സമ്പ്രദായത്തിന്റെ ശിഥിലീകരണ പ്രവണതയില്‍ നിന്ന് പ്രാഞ്ചിയേട്ടനും ഒഴിഞ്ഞുമാറാനാവില്ല എന്നതാണ് വാസ്തവം.

ലാല്‍ ജോസിന്റെ എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് വ്യത്യസ്തതയും വിജയവും ഒരു പോലെ അവകാശപ്പെട്ട മറ്റൊരു സിനിമ. ആണുങ്ങളെക്കുറിച്ചും ആണ്‍കുട്ടികളെക്കുറിച്ചും പഴഞ്ചൊല്ലുകളിലൂടെയും നാട്ടുവഴക്കങ്ങളിലൂടെയും പൊതുബോധത്തിലൂടെയും രൂപീകരിച്ചെടുത്ത പുരുഷാധിപത്യപരമായ അഭിമാനബോധം ശീര്‍ഷകത്തില്‍ തന്നെ ചേര്‍ത്ത് അഹങ്കരിക്കുന്ന ഈ സിനിമ സാധാരണത്തത്തില്‍ കവിഞ്ഞൊരനുഭവവും സത്യത്തില്‍ സൃഷ്ടിക്കുന്നില്ല. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ഏക ഹിറ്റായ ശിക്കാര്‍ (പത്മകുമാര്‍) കാക്കി വേഷധാരികള്‍ക്ക് മഹത്വം കല്‍പിക്കുന്ന പതിവു സിനിമാ രീതികളില്‍ നിന്ന് വഴിമാറി എന്നത് ശ്രദ്ധേയമാണ്. നക്സലിസത്തെ കേവലം ക്രമസമാധാനപ്രശ്നമാക്കി അവതരിപ്പിക്കുകയും അപ്രകാരം തന്നെ ശമിപ്പിക്കുകയും ചെയ്യാമെന്ന ഭരണകൂട വ്യാമോഹങ്ങളെ അതിനാല്‍ ശിക്കാര്‍ പ്രതിരോധിക്കുന്നുണ്ട്. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതി, കമല്‍ സംവിധാനം ചെയ്ത ആഗതന്‍ കാക്കിവേഷധാരികളെ മഹത്വവത്ക്കരിക്കുന്ന സ്ഥിരം പ്രവണതയില്‍ നിന്ന് വഴി മാറി നടക്കുന്ന മറ്റൊരു സിനിമയാണ്. പ്രേംലാല്‍ സംവിധാനം ചെയ്ത ആത്മകഥ, കണ്ടു മടുത്ത പ്രമേയത്തെയാണ് ഉപജീവിക്കുന്നതെങ്കിലും ആത്മാര്‍ത്ഥമായ അവതരണം കൊണ്ടും ശ്രീനിവാസന്റെ മികച്ച അഭിനയം കൊണ്ടും ശ്രദ്ധേയമായ ഒരു സിനിമയായി മാറി. കുടുംബശ്രീ ജീവിതത്തെ ചിത്രീകരിക്കുന്ന പെണ്‍പട്ടണം(രഞ്ജിത്/വി എം വിനു) സാധാരണക്കാരുടെ ജീവിതത്തോട് കാണിക്കുന്ന സഹാനുഭൂതി എടുത്തു പറയേണ്ടതാണ്.

മുസ്ളിങ്ങളെ തീവ്രവാദികളും ഭീകരന്മാരുമാക്കി ഉറപ്പിച്ചെടുക്കാനും അതു വഴി, പൊതുബോധത്തിലെ മൃദു/തീവ്ര ഹിന്ദുത്വത്തെ ഉദ്ദീപിപ്പിച്ച് നാലു കാശു പിഴിയാനും ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഊര്‍ജ്ജം പകരാനും പതിവു പോലെ ഈ വര്‍ഷവും മലയാള സിനിമ അശ്രാന്തം പരിശ്രമിച്ചു. ഇസ്ളാം എന്ന സംഘടിത മതം കേരളത്തിന്റെ സാമൂഹ്യ-സാംസ്ക്കാരിക-വ്യക്തി ജീവിതങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് എത്രമാത്രം ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് ആഖ്യാനം ചെയ്യുന്നതിനു വേണ്ടിയാണ് കുറച്ചു ചിരിയും കുറെ ചിന്തയും എന്ന വിശേഷണത്തോടെ സത്യന്‍ അന്തിക്കാട് കഥ തുടരുന്നു എന്ന പേരില്‍ തന്റെ അമ്പതാമത് സിനിമ പുറത്തിറക്കിയിരിക്കുന്നത്. പ്രണയ വിരോധികളായിരുന്ന കുടുംബം/കുടുംബങ്ങള്‍ മക്കളെയും പേരമക്കളെയും സ്വീകരിക്കുന്ന ശുഭകഥാന്ത്യത്തിലേക്ക് വളരലാണ് മലയാള സിനിമയുടെ പതിവ്. എന്നാലതിവിടെ സാധ്യമല്ല, കാരണം കുട്ടിയുടെ പിതാവിന്റെ 'മുസ്ളിം കുടുംബ'മാണ് കുട്ടിയെ സംരക്ഷിക്കാനായി രംഗത്തുവരുന്നത് എന്നതു തന്നെ. മുസ്ളിം കുടുംബം കുട്ടിയെ ഏറ്റെടുക്കുന്നു എന്നതിന്റെ അര്‍ത്ഥം തങ്ങളുടെ മതത്തിന്റെ അംഗസംഖ്യ കൂട്ടാനുള്ള എളുപ്പവഴി എന്നു മാത്രം വായിച്ചെടുക്കാന്‍ തക്കവണ്ണം 'മതനിരപേക്ഷ' ബോധമുള്ളവരാണ് പൊതുമലയാളി എന്ന് സത്യന്‍ അന്തിക്കാട് തിരിച്ചറിഞ്ഞിരിക്കുന്നു. കേരളീയ മുസ്ളിം ജീവിതത്തിന്റെയും സമൂഹത്തിന്റെയും ചരിത്ര-വര്‍ത്തമാനങ്ങളെക്കുറിച്ച് നിശ്ചയമില്ലാതിരിക്കുകയും തെറ്റിദ്ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്ന പൊതുബോധ മലയാളിയുടെ പാകപ്പെട്ട പ്രതിനിധിയായിട്ടാണ് സത്യന്‍ അന്തിക്കാട് വര്‍ഷത്തിലൊന്നെന്ന വണ്ണം സിനിമകള്‍ സങ്കല്‍പിച്ചും വിഭാവനം ചെയ്തും നിര്‍വഹിച്ചും മലയാളിയെ രസിപ്പിച്ചുപോരുന്നത്. മുസ്ളിമിനെ കോമാളിയാക്കിക്കൊണ്ടും, എതിര്‍ത്തുകൊണ്ടും പൈശാചികവത്ക്കരിക്കുക എന്ന അധിനിവേശ തന്ത്രത്തിന്റെ നിദര്‍ശനമാണ് ഈ പ്രതിനിധാനങ്ങള്‍ എന്നതുറപ്പ്. കഥകള്‍ വംശഹത്യയിലേക്ക് നീളുന്ന മഹാ വര്‍ത്തമാനമായി കേരളം മാറുകയും ചെയ്തേക്കാം.

മുസ്ളിമിങ്ങള്‍ രാജ്യ സ്നേഹം പ്രകടിപ്പിക്കുന്നതിനും അരക്കിട്ടുറപ്പിക്കുന്നതിനും വേണ്ടി ഭരണകൂടത്തിന്റെയും പോലീസിന്റെയും പട്ടാളത്തിന്റെയും മറ്റും ഏജന്റായി പ്രവര്‍ത്തിച്ച് നിലവിലുള്ള മുസ്ളിം ഭീകരത എന്ന പ്രതിഭാസത്തെ ഇല്ലാതാക്കണമെന്ന ഷോര്‍ട്ട് കട്ട് മാര്‍ഗമാണ് അന്‍വര്‍ (അമല്‍നീരദ്) നിര്‍ദ്ദേശിക്കുന്നത്. എന്താണ്, അന്‍വര്‍ പുറപ്പെടുവിക്കുന്ന സന്ദേശം? എല്ലാ മുസ്ളിങ്ങളും ഭീകരരല്ലെങ്കിലും എല്ലാ ഭീകരരും മുസ്ളിങ്ങളാണ് എന്ന ഭരണകൂടങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റുകളുടെയും ആശയത്തെ സിനിമ നഗ്നമായി പിന്തുണക്കുന്നു. ആ ആരോപണത്തിന്റെ പുകമറയില്‍ നിന്ന് മുസ്ളിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു എളുപ്പവഴിയും സിനിമ നിര്‍ദ്ദേശിക്കുന്നു. ഒറ്റുകാരനാവുക എന്നതാണ് ആ പോംവഴി. മേജര്‍ രവിയുടെ കാണ്ഡഹാര്‍ പോലുള്ള രാജ്യസ്നേഹ/പട്ടാള സിനിമകള്‍ കാണുന്ന സാധാരണക്കാര്‍ പോലും സഹികെട്ട് ഇതിലും ഭേദം തീവ്രവാദവും രാജ്യദ്രോഹവുമാണെന്ന് കരുതും എന്നത് മറ്റൊരു തമാശ.

പോക്കിരിരാജ, പ്രമാണി, താന്തോന്നി, ബോഡി ഗാര്‍ഡ്, ദ്രോണ 2010, നായകന്‍, ജനകന്‍, അലക്സാണ്ടര്‍ ദ ഗ്രേറ്റ്, അവന്‍, ചേകവര്‍, കാര്യസ്ഥന്‍, ത്രില്ലര്‍ എന്നിങ്ങനെയുള്ള സിനിമകളെല്ലാം തന്നെ സര്‍വ സംഹാരിയും സര്‍വകലാ വല്ലഭനും ഇടി വീരനും പ്രണയാതുരനുമായ പുരുഷനെ ആഘോഷിച്ച സിനിമകളാണ്. ഫാന്‍സുകാര്‍ കൂവിയാര്‍ത്ത് പ്രോത്സാഹിപ്പിച്ചിട്ടും ഇക്കൂട്ടത്തില്‍ ഒന്നോ രണ്ടോ ഒഴിച്ചുള്ളവയെല്ലാം നിലം പൊത്തി. പാപ്പി അപ്പച്ചാ, ഒരു നാള്‍ വരും, ഹാപ്പി ഹസ്ബന്റ്സ്, സീനിയര്‍ മാന്‍ഡ്രേക്ക്, ചെറിയ കള്ളനും വലിയ പോലീസും, ഇന്‍ ഗോസ്റ് ഹൌസ് ഇന്‍, ഏപ്രില്‍ ഫൂള്‍, മമ്മി ആന്റ് മി, സകുടുംബം ശ്യാമള, തസ്ക്കരലഹള, അഡ്വക്കറ്റ് ലക്ഷ്മണന്‍ ലേഡീസ് ഓണ്‍ലി, ത്രീ ചാര്‍ സൌബീസ്, ഒരിടത്തൊരു പോസ്റ്മാന്‍, സ്വന്തം ഭാര്യ സിന്ദാബാദ്, വീണ്ടും കാസര്‍കോഡ് കാദര്‍ഭായ് എന്നിങ്ങനെ കുറെയധികം സിനിമകള്‍ മലയാളികളെ ചിരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയെങ്കിലും ബഹുഭൂരിപക്ഷവും കാണികളെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും തിയറ്ററുടമകളെയും കണ്ണീര്‍ കുടിപ്പിച്ചു. കടാക്ഷം, സഹസ്രം, സദ്ഗമയ തുടങ്ങിയ കുടുംബ ചിത്രങ്ങള്‍ സീരിയലുകളെക്കാള്‍ പരിതാപകരമായ അനുഭവങ്ങളായിരുന്നു. മലര്‍വാടി ആര്‍ട്സ് ക്ളബ്ബ് (വിനീത് ശ്രീനിവാസന്‍), അപൂര്‍വ്വരാഗം(സിബി മലയില്‍) എന്നീ 'യുവ' ചിത്രങ്ങള്‍ പരിമിതികളുണ്ടായിരിക്കെ തന്നെ നൂതനത്വം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. എന്നാല്‍, പ്ളസ് ടു, കോളേജ് ഡെയ്സ്, ബെസ്റ്റ് ഓഫ് ലക്ക്, കോക്ക്ടെയില്‍, ഹോളിഡെയ്സ് എന്നിങ്ങനെ യുവത്വമണിഞ്ഞെത്തിയ മിക്കവാറും സിനിമകളും അസഹനീയമായ അനുഭവങ്ങളായിരുന്നു.

ചുരുക്കത്തില്‍ ആയിരക്കണക്കിന് സാങ്കേതിക-കലാ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പു വരുത്തുക എന്നതിലപ്പുറം; മലയാളി/കേരളം എന്നീ പ്രതിനിധാനങ്ങളെ സാംസ്ക്കാരികമായി പ്രതിനിധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായി മാറാന്‍ മലയാള സിനിമക്ക് സാധിക്കുന്നില്ല എന്നു മാത്രമല്ല, അത്തരമൊരു അവസ്ഥയിലേക്ക് വളരാന്‍ കഴിയുമെന്നതിന്റെ സൂചനകളൊന്നും തന്നെ കാണാന്‍ കഴിയുന്നുമില്ല.

*
ജി പി രാമചന്ദ്രന്‍

07 January, 2011

വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?

മൂന്നാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോണ്‍ഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.

ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല. ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോണ്‍ഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.

"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''.

വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.

നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്. ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോണ്‍സാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു.

ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്. ജനിതക വിത്തുകള്‍ മോണ്‍സാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ടണ്‍. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോണ്‍സാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്. മോണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.

മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു. ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;

"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.

ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു. "വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.

പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.

ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല. സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.

*
ഡോ. ടി എം തോമസ് ഐസക്

06 January, 2011

ഭാഷാവിചാരം

മലയാളം മിനക്കെട്ടു പഠിച്ചതുകൊണ്ടോ
ഭാഷാപഠനസ്ഥാപനങ്ങള്‍ പെരുകിയതുകൊണ്ടോ
ഭാഷ നന്നാവണമെന്നില്ല.
മലയാളത്തിന്റെ ലാസ്യ-താണ്ഡവഭാവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയ
പ്രമുഖരില്‍ പലരും മാതൃഭാഷ ഐച്ഛികമായി പഠിച്ചവരായിരുന്നില്ല
എന്നത് ചരിത്രസത്യം

മലയാളത്തിന് ക്ലാസിക്കല്‍ പദവി കൈവരട്ടെ. 'കനക്കുമര്‍ഥവും സുധകണക്കെ പദനിരയും' തരാവട്ടെ. ഇതിനുള്ള കാത്തുനില്പിനിടയില്‍ ഭാഷാഭിമാനികളായ നമ്മുടെ അടിയന്തരാവശ്യം ആത്മപരിശോധനയാണ്. മിക്കവാറും സമ്പൂര്‍ണ സാക്ഷരത നേടിയതിനാല്‍ അക്ഷരമെഴുതുന്ന കാര്യത്തില്‍ മലയാളിയെ തോല്പിക്കാന്‍ ഭാരതത്തിലാര്‍ക്കുമാവുമെന്നു തോന്നുന്നില്ല. എന്നാല്‍ ഉച്ചാരണത്തിലോ? നമുക്ക് അന്തോം കുന്തോം ഇല്ലാത്ത അവസ്ഥയാണ്. അനഭ്യസ്തരെ അവരുടെ പാട്ടിന് വിടാം. പക്ഷേ, അഭ്യസ്തവിദ്യരുടെ കഥയോ? ഇവരില്‍ത്തന്നെ ഭാഷാധ്യാപകനുമായി ഒന്നു മുട്ടിനോക്കൂ. ഉച്ചാരണത്തിലെ ഗുരു-ലഘുത്വമറിയുന്നവരെത്ര പേരുണ്ടിവരില്‍ ? 'ത', 'ധ', 'ഥ', 'ട', 'ഠ' എന്നീ അക്ഷരങ്ങള്‍ വേര്‍തിരിച്ച് സ്ഫുടമായി ഉച്ചരിക്കാന്‍ പോന്നവരെത്ര? ഒരു വാക്യം അര്‍ഥശങ്കയ്ക്കിടയില്ലാതെ വെടിപ്പായി പറയാന്‍ കഴിയുന്നവരെത്ര?
'ക്ലാസിക്കല്‍' എന്ന സ്ഥാനലബ്ധിയുടെ ഭാഗമെന്നോണം കാല-ദേശാതീതമായി നിര്‍ണയിക്കപ്പെട്ട യുക്തിബദ്ധമായ വ്യവസ്ഥകള്‍ വാമൊഴിയിലും വേണ്ടിവരില്ലേ? വരമൊഴിയും വാമൊഴിയും തമ്മിലൊരൈക്യം സാധ്യമാവേണ്ടതില്ലേ? 'നിശ്ചയം' എന്നെഴുതിയിട്ട് 'നിഛയം' എന്നു പറയുന്നത് കടന്നകൈയല്ലേ? 'ആശ്ചര്യം' 'ആഛര്യ'മായാല്‍ മനംനൊന്ത് ശപിച്ചുപോവില്ലേ കേള്‍ക്കുന്നയാള്‍? കേരളത്തിന്റെ സാംസ്‌കാരികതലസ്ഥാനമെന്ന് ഞെളിയുന്ന തൃശ്ശൂര്‍ക്കാര്‍ക്ക് 'ഭാഷ' 'ബാഷ'യും 'ഭാവം' 'ബാവ'വും 'ഭംഗി' 'ബംഗി'യും 'ബുദ്ധിമുട്ട്', 'ബുത്തിമുട്ടു'മാണല്ലോ. അധഃപതനം തൃശ്ശൂര്‍ക്കാര്‍ക്ക് 'അധമ്പതന'മാണെന്ന് സുകുമാര്‍ അഴീക്കോട് ഒരു പ്രഭാഷണമധ്യേ കളിയാക്കിയതോര്‍മിക്കുന്നു. തെക്കന്‍ തിരുവിതാംകൂറുകാര്‍ക്ക് 'ഭാര്യ' 'ഫാര്യ'യാണ് (ഫാര്യയാണ് ശുദ്ധപദമെന്ന് വി.കെ.എന്‍.).
കുഞ്ഞുണ്ണിമാസ്റ്റര്‍ കവിത ചൊല്ലിയും ചൊല്ലിപ്പിച്ചും കുഞ്ഞുങ്ങളെ ആനന്ദിപ്പിച്ചിരുന്ന കാലത്ത് ഒരുനാള്‍ ഞാനദ്ദേഹത്തോടപേക്ഷിച്ചു. ''സ്‌കൂള്‍-കോളേജധ്യാപകര്‍ക്ക് മലയാളം വൃത്തിയായി ഉച്ചരിക്കാനുള്ള പരിശീലനംകൂടി മാഷ് കൊടുക്കുമോ?'' താന്‍ കൂട്ടിയാല്‍ കൂടില്ലെന്നായി മാഷ്.
ഭാഷാപദങ്ങളുടെ ശരിയായ ഉച്ചാരണം വാമൊഴിയുടെ ലയപ്രവാഹമാണ്. അര്‍ധവിരാമങ്ങളും പൂര്‍ണവിരാമങ്ങളും മൗനവും മൂളലുകളും എണ്ണമറ്റ ലൗകികസ്‌തോഭങ്ങളും സംസാരത്തിന്റെ താള-കാലങ്ങളുമായി ഇണങ്ങിച്ചേര്‍ന്നുണ്ടാവുന്നതാണ് മൊഴിയുടെ മിഴിവും മുഗ്ധതയും. വേദോച്ചാരണം പോലെ സുവ്യക്തമാവുന്ന വാക്കുകള്‍ക്ക് ചാരുതയില്ല.
സ്​പഷ്ടതയുടെയും അസ്​പഷ്ടതയുടെയും ഇടയിലുള്ള സാന്ധ്യപ്രഭയിലാണ് മൊഴികള്‍ക്ക് അനുഭവസാഫല്യമുണ്ടാവുക. പറച്ചിലിന്റെ 'അകൃത്രിമദ്യുതി' ദൈവത്തിന്റെ കൃപാകടാക്ഷം. കെ.പി. അപ്പനിലും മാധവിക്കുട്ടിയിലും അയ്യപ്പപ്പണിക്കരിലും അതുണ്ടായിരുന്നു. ആറ്റൂരിലും കെ.ജി. ശങ്കരപ്പിള്ളയിലും കല്പറ്റ നാരായണനിലും സക്കറിയയിലും കാവാലത്തിലും നമ്പൂതിരിയിലും വിഷ്ണുനാരായണന്‍ നമ്പൂതിരിയിലും നമുക്കിതു കേള്‍ക്കാം. ചലച്ചിത്രകലയിലെ പുതുനിരനായകരില്‍ പൃഥ്വീരാജിന്റെ വര്‍ത്തമാനത്തിനുണ്ട് സ്വാഭാവികമായൊരീണം.
മലയാളം മിനക്കെട്ടു പഠിച്ചതുകൊണ്ടോ ഭാഷാപഠനസ്ഥാപനങ്ങള്‍ പെരുകിയതുകൊണ്ടോ ഭാഷ നന്നാവണമെന്നില്ല. മലയാളത്തിന്റെ ലാസ്യ-താണ്ഡവഭാവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയ പ്രമുഖരില്‍ പലരും മാതൃഭാഷ ഐച്ഛികമായി പഠിച്ചവരായിരുന്നില്ല എന്നത് ചരിത്രസത്യം. ഡോ. കെ. ഭാസ്‌കരന്‍ നായരും ഒ.വി. വിജയനും എം.പി. നാരായണപിള്ളയും ആര്‍. വിശ്വനാഥനും വി. രാജകൃഷ്ണനും ഇതിന് മികച്ച ദൃഷ്ടാന്തങ്ങള്‍.
ഭാഷയ്ക്കു പുലരാനും വളരാനും പടരാനുമുള്ള ഞാറ്റുവേല കേരളത്തിന് കൈമോശം വന്നിട്ട് നാളേറെയായി. നിരര്‍ഥകശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും ആത്മരതിയുടെയും കോലാഹലത്തില്‍ മതിമറന്നാടുന്ന മലയാളിക്ക് മാതാപിതാക്കളും മാതൃഭാഷയും ഇനിയൊരിക്കലുമൊരനിവാര്യതയല്ല.
*
വി. കലാധരന്‍

വേണം മലയാള സര്‍വകലാശാല

മലയാള സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ട് കാലമേറെയായി. പക്ഷേ, അധികാരികളുടെ കാതുകളില്‍ അത് ഇന്നുവരെ ചെന്നെത്തിയിട്ടില്ല. കേരളത്തില്‍ മലയാളത്തിന്റെ നില ഏറ്റവും ശോചനീയമാണ്. നമ്മുടെ വിദ്യാഭ്യാസത്തില്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്ന രണ്ടാംകിട പദവിയും ഔദ്യോഗികരംഗത്തും മറ്റും അതിന് കല്പിക്കുന്ന പാതിത്യവും ഇക്കാര്യം വ്യക്തമാക്കുന്നു. മലയാളിക്ക് മലയാളം ശരിയായി സ്വാംശീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവര്‍ അതിനോട് അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മനയം. ഇതിന് മാറ്റംവരുത്താവുന്ന ഒരു ശ്രമവും ഒരിടത്തും നടക്കുന്നില്ല. മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിതമായാല്‍ ഈ ദുരവസ്ഥയ്ക്ക് നല്ല പരിഹാരമാകും. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത് അതാണ്.
മലയാള സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്ന്, മലയാളം നമ്മുടെ മാതൃഭാഷയല്ലേ, അതിന് ഒരു സര്‍വകലാശാല വേണമോ എന്നതാണ്. എന്നാല്‍, ഇത് ഒട്ടും ശരിയല്ല എന്നാണല്ലോ മുകളില്‍ വിവരിച്ച വസ്തുതകള്‍ ബോധ്യമാക്കുന്നത്.
മറ്റൊന്ന്, ഒരു വിഷയത്തിന് മാത്രമായി ഒരു സര്‍വകലാശാല ആവശ്യമുണ്ടോ എന്നതാണ്. ഇത് മലയാള സര്‍വകലാശാല എന്ന പേര് മലയാളം എന്ന വിഷയത്തെമാത്രം പ്രതിനിധാനം ചെയ്യുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടാകുന്നതാണ്. മലയാള സര്‍വകലാശാലയുടെ വിവക്ഷിതം, അത് കേവലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതല്ല; മലയാളിയുടെ ജീവിതത്തോടുബന്ധപ്പെട്ട സകലജ്ഞാനമണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പഠനഗവേഷണാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം എന്നതാണ്. മലയാളിയുടെ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി എന്തൊക്കെയുണ്ടോ അവയെല്ലാം അവിടെ നടക്കുന്ന ഗവേഷണങ്ങളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ ചരിത്രവും ശാസ്ത്രവും സംസ്‌കാരവും ദര്‍ശനവും മാത്രമല്ല, ആധുനികവിജ്ഞാനങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം സൃഷ്ടിക്കപ്പെടും. അതായത്, ഭാഷയ്ക്കും സാഹിത്യത്തിനും അപ്പുറം ശാസ്ത്രസാങ്കേതികവിദ്യകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മലയാളത്തിന്റെ വികസനമായിരിക്കും മലയാള സര്‍വകലാശാല നിര്‍വഹിക്കുന്ന സാമൂഹികോത്തരവാദിത്വം. ഇത് മലയാളിയുടെ ആത്മവിശ്വാസവും പൈതൃകത്തോടുള്ള പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
''മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാലയോ'' എന്ന സന്ദേഹം ഇനിയും തീരാത്തവരോട് ഒരുകാര്യം കൂടി പറഞ്ഞോട്ടെ. ലോകത്ത് ഇത്തരം ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍ നൂറുകണക്കിനുണ്ട്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. അവയില്‍ പലതും നമ്മുടേതിനെക്കാള്‍ വികാസവും പുരോഗതിയും കൈവരിച്ച നാടുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭാഷാ സര്‍വകലാശാലകളാകട്ടെ, നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെ നാലെണ്ണമുണ്ട്. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല, ഹൈദരാബാദിലെ തെലുങ്കു സര്‍വകലാശാല, ഹംപിയിലെ കന്നഡ സര്‍വകലാശാല, കുപ്പത്തെ ദ്രവീഡിയന്‍ സര്‍വകലാശാല എന്നിവയാണവ. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാസര്‍വകലാശാല ഇല്ലാത്തത്.
എന്തിന് മറ്റുസ്ഥലങ്ങളിലേക്കു നോക്കണം? കേരളത്തില്‍ത്തന്നെയുണ്ടല്ലോ എത്രയോ ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍. കാര്‍ഷിക സര്‍വകലാശാല, നിയമ സര്‍വകലാശാല, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സഹകരണ സര്‍വകലാശാല ഇവയൊക്കെ കേരളത്തില്‍ത്തന്നെയല്ലേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്? എങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷാസാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മാത്രം എന്തു തടസ്സമാണുള്ളത്?
മുകളില്‍പ്പറഞ്ഞ സര്‍വകലാശാലകളൊക്കെ കേരളത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇവയിലേതെങ്കിലും ഒന്ന് ഇവിടെ സ്ഥാപിതമായില്ല എന്നതുകൊണ്ട് എന്ത് കോട്ടമാണ് മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നത്? എന്നുതന്നെയല്ല, ഇവയില്‍ പലതും ലോകത്തെവിടെ വേണമെങ്കിലും തുടങ്ങാവുന്നതും അവയുടെ പ്രയോജനം നമുക്കുകൂടി അനുഭവിക്കാവുന്നതുമല്ലേയുള്ളൂ?
എന്നാല്‍, ഇങ്ങനെയാണോ മലയാള സര്‍വകലാശാലയുടെ കാര്യം? കേരളത്തിന്റെ മണ്ണിലല്ലാതെ മറ്റൊരിടത്തും മലയാള സര്‍വകലാശാല സ്ഥാപിക്കാനാവുകയില്ലല്ലോ. എന്നിട്ടും എന്തേ ഈ മണ്ണില്‍ മലയാള സര്‍വകലാശാല മാത്രം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുന്നത്?
ഇവിടെയാണ് മലയാളിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മിഥ്യകളില്‍ അഭിരമിക്കുകയും തനതായതിനോടൊക്കെ തികഞ്ഞ അവജ്ഞ പുലര്‍ത്തുകയുമാണല്ലോ മലയാളിയുടെ ശീലം. ഇതിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമൊട്ടറിയുകയുമില്ല.
ഇപ്പോള്‍ ക്ലാസിക്കല്‍പദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റു സമ്പത്തുകളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണല്ലോ. അത് പല പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല, അതിന്റെ ഇരട്ടിയിലധികമാണ്. അതായത്, കന്നഡത്തിന് ഏറെ പുറകിലുമല്ല, ഏതാണ്ടു തെലുങ്കിനൊപ്പവുമാണ് മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്. പക്ഷേ, ആ ഭാഷകള്‍ക്ക് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹപരിചരണങ്ങളുടെ ഒരംശം പോലും കേരളത്തില്‍ മലയാളത്തിനു കിട്ടുന്നില്ലല്ലോ. ആ ഭാഷകളൊക്കെ ഇതിനകം ക്ലാസിക്കല്‍പദവിയും അനുബന്ധനേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ് അവ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്.നമ്മുടെ വരുംതലമുറകള്‍ സ്വന്തം ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ശരിയായി ഉള്‍ക്കൊണ്ടുവേണം വളരേണ്ടത്. അതിന് സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളത്തിന് അവകാശപ്പെട്ട ഒന്നാംസ്ഥാനം ലഭിച്ചേ മതിയാവൂ. അതിലേറെ, നമ്മുടെ സാംസ്‌കാരികചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയം നടക്കുകയും വേണം. അതിന് ഉത്കൃഷ്ടമായ ലക്ഷ്യധര്‍മങ്ങളും ഉന്നതനിലവാരമുള്ള മലയാള സര്‍വകലാശാല അനിവാര്യമാണ്.
മറ്റെല്ലാ സങ്കുചിത താത്പര്യങ്ങളും വെടിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി മലയാള സര്‍വകലാശാലയ്ക്കുവേണ്ടി അണിനിരക്കണം. സര്‍ക്കാര്‍ ഈ ജനഹിതം മനസ്സിലാക്കി ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കുകയും വേണം. കാരണം, മലയാളിയുടെ ഭാവിയെ നിര്‍ണയിക്കുന്ന മഹാദൗത്യമായിരിക്കും അതു നിറവേറ്റുക.
*
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍

ലിയു സിയാബോ

'കൊളോണിയലിസം, സംസ്‌കാരം, പ്രതിരോധം' എന്ന ഗ്രന്ഥത്തില്‍ ഡോ. കെ എന്‍ പണിക്കര്‍ രസകരമായ ഒരു കാര്യം പറയുന്നുണ്ട്. ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ചെറിയ ഒരു മധ്യവര്‍ഗംമാത്രമാണ് കൊളോണിയല്‍ സംസ്‌കാരവും പ്രത്യയശാസ്‌ത്രവും തങ്ങളുടെ സിരകളിലേക്ക് സ്വാംശീകരിച്ചതെന്നും ബഹുജനങ്ങളിലേക്ക് അവ കാര്യമായി അരിച്ചിറങ്ങിയില്ലെന്നും സമര്‍ഥിക്കവെ പണിക്കര്‍മാഷ് ഒരു ചൈനീസ് ഉദാഹരണത്തിലേക്ക് നമ്മെ കൊണ്ടുപോകുന്നു. ചൈനയില്‍ ആദ്യമായി ഫോര്‍ക്കും കത്തിയും ഇറക്കുമതിചെയ്‌തത് ഇംഗ്ളീഷ് വ്യാപാരികളത്രേ. എന്നാല്‍, ചൈനക്കാര്‍ ആരും ഫോര്‍ക്കും കത്തിയും ഭക്ഷണവേളയില്‍ ഉപയോഗിച്ചില്ല. ഇംഗ്ളീഷുകാര്‍ കാരണമാരാഞ്ഞു. ചൈനക്കാരുടെ മറുപടി ഇപ്രകാരമായിരുന്നു. 'ഞങ്ങള്‍ അപരിഷ്‌കൃതരായിരുന്ന കാലത്ത് ഫോര്‍ക്കും കത്തിയും ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല'. ഇന്ത്യയെപ്പോലെ ക്ളാസിക്കല്‍ കൊളോണിയല്‍ ദശയിലൂടെ കടന്നുപോയിട്ടില്ലാത്ത ചൈനയില്‍ 'വാട്ട് എ ഫൈന്‍ വെദര്‍ ടുഡേ' എന്നു പറയുന്ന ഇംഗ്ളീഷ്‌ബാബുമാരെപ്പോലെ ചൈനീസ് ബാബുമാര്‍ അധികം ഉണ്ടായിരുന്നില്ല. കൊളോണിയലിസം ഒരു രാഷ്‌ട്രീയ സാമ്പത്തിക ചൂഷണ സംവിധാനം മാത്രമല്ല, അത് സംസ്‌കാരമണ്ഡലത്തിലും നഖക്ഷതങ്ങള്‍ പതിപ്പിക്കുന്നു എന്ന് പണിക്കര്‍ മാഷ് തുടര്‍ന്ന് എഴുതുന്നു.

ഈ ചൈനീസ് കഥ ഓര്‍ത്തത് ലോകപ്രശസ്‌ത ഇടതുപക്ഷ ചിന്തകനും 'ന്യൂ ലെഫ്റ്റ് റിവ്യൂ' പത്രാധിപസമിതി അംഗവുമായ താരിഖ് അലി ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സ് ബ്ളോഗില്‍ ഈ വര്‍ഷം സമാധാന നൊബേല്‍ നേടിയ ലിയു സിയാബോവിന്റെ രാഷ്‌ട്രീയ വീക്ഷണങ്ങള്‍ അക്കമിട്ട് നിരത്തി എഴുതിയതിന്റെ പശ്ചാത്തലത്തിലാണ്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ രാഷ്‌ട്രീയം എത്രമേല്‍ സമാധനവിരുദ്ധവും സാമ്രാജ്യത്വാഭിനിവേശപരമാണെന്നും കൂടി വെളിപ്പെടുത്തുന്നു ലിയുവിന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍. ലിയുവിന്റെ നിരീക്ഷണങ്ങള്‍ കാണുക.

1) ഒരു പാശ്ചാത്യരാഷ്‌ട്രം ചുരുങ്ങിയത് മുന്നൂറ് വര്‍ഷമെങ്കിലും ചൈനയെ കോളനിയാക്കി വച്ചിരുന്നെങ്കില്‍ ചൈനക്കാര്‍ എന്നെന്നേക്കും പരിഷ്‌കൃതരായി മാറിയേനെ. (ഇംഗ്ളീഷ് കച്ചവടക്കാര്‍ കൊണ്ടുവന്ന ഫോര്‍ക്കിനോടും കത്തിയോടും പരിഹാസനിര്‍ഭരരായി പ്രതികരിച്ച ചൈനാക്കാരോടാണ് ഇതു പറയുന്നത്).

2) കൊറിയയിലും വിയറ്റ്നാമിലും അമേരിക്ക പൊരുതിയത് സ്വേച്ഛാധിപത്യ ഭരണകൂടങ്ങളോടാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ ധാര്‍മിക വിശ്വാസ്യത തര്‍ക്കമറ്റതാണ്. (1950-53 ലെ കൊറിയന്‍ യുദ്ധത്തിലേയും 1960-75 ലെ വിയറ്റ്നാം യുദ്ധത്തിലേയും അമേരിക്കന്‍ ഇടപെടലുകള്‍ അന്താരാഷ്‌ട്ര നിയമങ്ങളെ കാറ്റില്‍ പറത്തിയും മനുഷ്യാവകാശങ്ങളെ ചവിട്ടിയരച്ചും ജനാധിപത്യമൂല്യങ്ങളെ കശക്കിയെറിഞ്ഞും നടത്തിയ കിരാത യുദ്ധകാണ്ഡങ്ങളായിരുന്നെന്ന് അമേരിക്കയുടെ ഭരണകര്‍ത്താക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്ന കാലത്താണ് ലിയുവിന്റെ ഈ സാമ്രാജ്യത്വ സ്‌തുതിഗീതം)

3) ജോര്‍ജ് ഡബ്ള്യു ബുഷ് നടത്തിയ ഇറാഖ് അധിനിവേശം നൂറ് ശതമാനം ശരിയാണ്. 2004ല്‍ ബുഷിന്റെ എതിരാളിയായി മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോൺ കെറിയുടെ വിമര്‍ശങ്ങള്‍ ദുഷ്പ്രവാദങ്ങള്‍ മാത്രമാണ്. (ഇല്ലാത്ത സമൂല നശീകരണ ആയുധങ്ങളുടെ പേരില്‍, എല്ലാ അന്താരാഷ്‌ട്ര നിയമങ്ങളെയും മര്യാദകളെയും തുരങ്കം വച്ച്, എണ്ണയില്‍ കണ്ണുവച്ച് നടത്തിയ അധിനിവേശമാണ് അതെന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവരെ അറിയാമെങ്കിലും ലിയുവിന് അറിയില്ല)

4) അഫ്ഗാനിസ്ഥാനില്‍ നാറ്റോ നടത്തുന്ന യുദ്ധം ന്യായയുക്തമാണ്.

5) ലിയു തന്റെ 'ചാര്‍ട്ടര്‍ 08' മാനിഫെസ്റ്റോയില്‍ ചൈനയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാന്‍ ആഹ്വാനംചെയ്യുന്നു.

6) ചൈനീസ് സംസ്‌കാരത്തിന്റെ നിശിത വിമര്‍ശകനാണ് സിയാബോ. അദ്ദേഹം ആഗ്രഹിക്കുന്നത് പാശ്ചാത്യവല്‍ക്കരിക്കപ്പെട്ട ചൈനയെയാണ്.

ഇത്രയും കാര്യങ്ങള്‍ അക്കമിട്ട് എഴുതിയശേഷം താരിഖ് അലി ചോദിക്കുന്നു. എന്തടിസ്ഥാനത്തിലാണ് ഈ രണോത്സുക സാമ്രാജ്യത്വവാദിക്ക് നൊബേല്‍ സമ്മാനം നല്‍കാന്‍ നോര്‍വീജിയന്‍ കമ്മിറ്റി തീരുമാനിച്ചത്? സിയാബോവിന്റെ കാര്‍മികത്വത്തില്‍ രൂപീകരിച്ച പെന്‍ (PEN) എന്ന സംരംഭത്തിന് ഫണ്ട് നല്‍കുന്നത് റൊണാള്‍ഡ് റീഗന്റെ കാലത്ത് നിലവില്‍വന്ന നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസി എന്ന സംഘടനയാണ്. ഇതിന് ഫണ്ട് നല്‍കുന്നതാകട്ടെ അമേരിക്കന്‍ കോൺ‌ഗ്രസും. (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി, ഡിസംബര്‍ 18-24, 2010) എവിടെയൊക്കെ നവലിബറല്‍ രഥയാത്രികര്‍ക്ക് വിഘ്നം വരുന്നുവോ, എവിടെയെല്ലാം 'ഉദാരജനാധിപത്യം' വെല്ലുവിളികള്‍ നേരിടുന്നുവോ അവിടെയെല്ലാം ഫണ്ടുമായി പാഞ്ഞെത്തുക എന്നതാണ് നാഷണല്‍ എന്‍ഡോവ്മെന്റ് ഫോര്‍ ഡെമോക്രസിയുടെ പ്രഖ്യാപിത ലക്ഷ്യം. താരിഖ് അലിയുടെ അഭിപ്രായത്തില്‍ ലിയു സിയാബോവിന്റെ ഇത്തരം പ്രതിലോമ വിചാരങ്ങളെയും ബന്ധങ്ങളെയും ലോകത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതിലായിരുന്നു ചൈന കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടിയിരുന്നത്.

പാശ്ചാത്യ മൂല്യങ്ങളെ, പ്രത്യേകിച്ച് ഉത്തര അറ്റ്ലാന്റിക് രാഷ്‌ട്രങ്ങള്‍ പ്രേക്ഷണംചെയ്യുന്ന മൂല്യങ്ങളെ പരിരംഭണം ചെയ്യുന്ന വ്യക്തികളെയും സംഘടനകളെയും തഴുകുകയും ഈ ലോകവീക്ഷണത്തെ സമരോത്സുകരായി എതിരിടുന്നവരെ തഴയുകയുമാണ് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ പൊതുവെയുള്ള രീതി. 1975ല്‍ സോവിയറ്റ് ഹൈഡ്രജന്‍ ബോംബിന്റെ പിതാവായ ആന്ദ്രേയ് സഖാറോവിനും 1990ല്‍ മിഖായേല്‍ ഗോര്‍ബച്ചേവിനും 2003ല്‍ ഇറാനിയന്‍ അഭിഭാഷകയായ ഷിറിന്‍ എബാദിക്കും സമാധാന നൊബേല്‍ നല്‍കിയത് വ്യക്തമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. സഖാറോവ് സോവിയറ്റ് യൂണിയനില്‍ ഒരു “മനുഷ്യാവകാശ കമ്മിറ്റി” ഉണ്ടാക്കിയാണ് നൊബേല്‍ സമിതിക്ക് പ്രിയങ്കരനായതെങ്കില്‍ സോവിയറ്റ് യൂണിയനെ തുണ്ടം തുണ്ടമാക്കി കൈയില്‍ കൊടുത്താണ് ഗോര്‍ബച്ചേവ് പ്രീതി പിടിച്ചുപറ്റിയത്. ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകയായ ഷിറിന്‍ എബാദിക്കുള്ള സമ്മാനം ടെഹ്റാനുള്ള ഒരു താക്കീതായിരുന്നു.

ചൈന അമേരിക്കയ്‌ക്ക് കനത്ത സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ചൈനീസ് ഭരണകൂടത്തെയും സംസ്‌കാരത്തെയും എതിര്‍ക്കുന്ന ഒരാള്‍ക്ക് സമ്മാനം കൊടുക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയല്ല. ശ്രദ്ധേയമായ കാര്യം, സമകാലിക ലോകത്ത് സമാധാന നൊബേലിന് എന്തുകൊണ്ടും അര്‍ഹരായ രണ്ടുപേര്‍ നോര്‍വീജിയന്‍ കമ്മിറ്റിയുടെ കൺവെട്ടത്തെങ്ങും വന്നില്ല (വരികയുമില്ല) എന്നതത്രേ. കടുത്ത യുദ്ധവിരുദ്ധനും വിയറ്റ്നാം യുദ്ധം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വ പദ്ധതികളുടെ നിശിത വിമര്‍ശകനുമായ നോം ചോംസ്‌കിയാണ് ഒന്നാമത്തെയാള്‍. ലക്ഷണമൊത്ത ഈ അനാര്‍ക്കിസ്‌റ്റിന് (ചിലര്‍ അദ്ദേഹം മാര്‍ക്‌സിസ്‌റ്റാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്) വളരെ മുമ്പേ സമാധാന നൊബേല്‍ ലഭിക്കേണ്ടതായിരുന്നു. മറ്റൊരാള്‍ നോര്‍വീജിയന്‍ പ്രൊഫസറായ യൊഹാന്‍ ഗാല്‍തൂങ് ആണ്. പാശ്ചാത്യലോകത്തിന്റെ തീക്ഷ്‌ണ വിമര്‍ശകനായ ഈ നോര്‍വേക്കാരന്‍ സമാധനപഠനങ്ങളുടെ പിതാവായാണ് അറിയപ്പെടുന്നത്.

എന്തിനേറെ പറയുന്നു ഇരുപതാം നുറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ മഹാത്മാഗാന്ധിയുടെ പേര് പലപാട് സമാധാന നൊബേലിന് നിര്‍ദേശിക്കപ്പെട്ടിരുന്നു. 1937ല്‍ ഗാന്ധിജിയുടെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ നോര്‍വീജിയന്‍ സമിതിയില്‍ അംഗമായിരുന്ന ജേക്കബ് വോം മ്യൂളര്‍ ഗാന്ധിജിയുടെ പേര് തിരസ്‌കരിച്ച് നടത്തിയ നിരീക്ഷണം കൌതുകകരമത്രേ. 'ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധിയെ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട് എന്നത് ശരിതന്നെ, എന്നാല്‍, അദ്ദേഹം ഒരു സ്വാതന്ത്ര്യസമര പോരാളിയും സ്വേച്‌ഛാധികാരിയും ദേശീയവാദിയും ആദര്‍ശവാദിയുമാണ്. അദ്ദേഹത്തിന്റെ മൂല്യങ്ങള്‍ സാര്‍വലൌകികമോ നയങ്ങള്‍ സ്ഥിരസമാധാന സ്വഭാവമുള്ളതോ അല്ല'. ആ വര്‍ഷം സമാധാനത്തിനുള്ള പുരസ്‌കാരം നല്‍കിയത് ബ്രിട്ടനിലെ യാഥാസ്ഥിതിക കക്ഷിയുടെ നേതാവായ റോബര്‍ട്ട് സെസിലിന് ആയിരുന്നു. അദ്ദേഹത്തിന്റെ മേന്മയായി കമ്മിറ്റി കണ്ടെത്തിയത് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ ഡിസ്രായേലിയുടെ കാലം മുതല്‍ ബ്രിട്ടന്‍ തുടര്‍ന്നുപോന്ന സാമ്രാജ്യത്വനയത്തിന് ഊര്‍ജ്വസ്വലമായ തുടര്‍ച്ച നല്‍കി എന്നതും അദ്ദേഹം പിറന്നത് രാഷ്‌ട്രീയ പാരമ്പര്യമുള്ള ഒരു പ്രഭുകുടുംബത്തിലാണ് എന്നതുമാണ്. ഇതാണ് സമാധാന നൊബേലിന്റെ ചരിത്രം. ലിയു സിയാബോവിന് ഇത് കിട്ടാമെങ്കില്‍ അരുന്ധതി റോയിക്കും ഭാവിയില്‍ ഇത് ലഭിച്ചേക്കാം. ബുക്കര്‍ ജേതാവായ അരുന്ധതി ഒരു മുഴം നീട്ടിയെറിയുകയാണോ?


*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി

ഒരു വലിയ തുടക്കം

കേരളത്തിലെ മാധ്യമരംഗത്തെ സ്‌ത്രീകള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് ഈ വര്‍ഷം നേടിയത്.

എന്നാല്‍ ഈ മേഖല സ്‌ത്രീ സാന്നിധ്യം അറിഞ്ഞുതുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. 20 വര്‍ഷം മുമ്പുവരെ പത്രപ്രവര്‍ത്തകരാകാന്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഒരു വാചകമുണ്ട്. 'സ്‌ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല'. അക്കാലത്ത് പത്രപ്രവര്‍ത്തന കോഴ്‌സ് പഠിക്കാന്‍ രണ്ടോ മൂന്നോ പെണ്‍കുട്ടികള്‍ എത്തുന്നതുതന്നെ അപൂര്‍വമായിരുന്നു. പത്രസ്ഥാപനങ്ങള്‍ക്ക് സ്‌ത്രീകള്‍ക്ക് പ്രസവാവധി നല്‍കണം എന്നുപോലും (!) തിട്ടമില്ലാതിരുന്ന കാലം, നിയമസഭയിലും പത്രസമ്മേളനങ്ങളിലും മറ്റുമൊക്കെ റിപ്പോര്‍ട്ടിങ്ങിന് പോകുമ്പോള്‍ ഒറ്റയായിരുന്ന അവസ്ഥ.. അവിടെനിന്ന് ഇന്ന് കാണുന്നത് ഒരു കുതിച്ചുചാട്ടമാണ്. പത്രപ്രവര്‍ത്തന ക്ളാസുകളില്‍ പാതിയിലേറെയും പെണ്‍കുട്ടികള്‍, അച്ചടി -ഇലക്‌ട്രോണിക് മാധ്യമരംഗത്ത് സ്‌ത്രീകളുടെ പ്രകടമായ സാന്നിധ്യം.

സ്‌ത്രീ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടായ്‌മകള്‍ ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഇതിനിടയ്‌ക്ക് നടന്നു. 10 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന കൂട്ടായ്‌മ ഒരു തുടക്കമായിരുന്നു. തുടര്‍ന്ന് പലരും പലയിടത്തും ഒത്തുകൂടാനും അനുഭവങ്ങള്‍ പങ്കുവയ്‌ക്കാനുമുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, അതെല്ലാം ശ്രമങ്ങളായി ഒതുങ്ങി.

2009ല്‍ മണിപ്പൂരിലെ ഇംഫാലില്‍ നടന്ന നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ - ഇന്ത്യയുടെ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും പങ്കെടുത്തവര്‍ സംസ്ഥാനതലത്തിലും സംഘം ചേരല്‍" നടത്താന്‍ നിര്‍ബന്ധം പിടിച്ചു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി മാധ്യമരംഗത്തെ സ്‌ത്രീകളെ ഏകോപിപ്പിച്ച് യോഗങ്ങള്‍ നടത്തി. ആ യോഗങ്ങളിലൂടെ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ- കേരള ഉരുത്തിരിഞ്ഞുവന്നു. മാധ്യമരംഗത്തെ സ്‌ത്രീകളെഴുതുന്ന പുസ്‌തകങ്ങള്‍ "നെറ്റ്വര്‍ക്ക്"വഴി പ്രകാശിപ്പിക്കുക, സ്‌ത്രീകള്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുക, വിനോദയാത്രകള്‍, സിനിമ കാണല്‍... അങ്ങനെ കൂട്ടായ്‌മയുടെ സുഖവും ശക്തിയും അന്യോന്യം ബോധ്യപ്പെടുത്തി. "2010 ഫെബ്രുവരി 5, 6, 7 തീയതികളില്‍ കോഴിക്കോട്ട് വച്ച് സമ്മേളനം നടത്തി. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഔദ്യോഗിക-അനൌദ്യോഗിക തിരക്കുകള്‍, മുമ്പ് ഇങ്ങനെയൊന്ന് നടത്തിയിട്ടില്ലാത്തതിന്റെ പരിചയക്കുറവ്, സാമ്പത്തിക പരാധീനത- ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയി എങ്കിലും ഒടുവില്‍ ചരിത്രത്തിലേക്ക് ഈടു വയ്‌ക്കാവുന്ന ഒരു ദേശീയ സമ്മേളനം സംഘടിപ്പിക്കാന്‍ കേരളത്തിലെ കൂട്ടായ്‌മയ്‌ക്ക് കഴിഞ്ഞുവെന്നത് ചെറിയകാര്യമല്ല. ഒരു മാധ്യമ സ്ഥാപനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കിടയില്‍പ്പോലും ഉണ്ടാക്കാന്‍ പ്രയാസമേറിയ "നെറ്റ്വര്‍ക്ക്, ദേശീയതലത്തില്‍ വിജയകരമായി നടത്താന്‍ ഇവിടത്തെ മാധ്യമപ്രവര്‍ത്തകകള്‍ക്കായി എന്നത് ചരിത്രസംഭവമായിത്തന്നെ കാണേണ്ടിയിരിക്കുന്നു.

ഛത്തീസ്‌ഗഢ്, അഹമ്മദാബാദ്, പഞ്ചാബ് എന്നിവിടങ്ങളിലെ മാധ്യമ പ്രവര്‍ത്തകകള്‍ അവരുടെ കടുത്ത അനുഭവങ്ങള്‍ വിവരിച്ചു. ഒരു ഷിഫ്റ്റിലെ ജോലി ചെയ്‌ത് വീട്ടില്‍ പോയി അവിടത്തെ പണികൂടി ചെയ്‌ത് തളര്‍ന്നുറങ്ങി ജീവിക്കല്‍ മാത്രമല്ല മാധ്യമപ്രവര്‍ത്തനമെന്ന് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സ്‌ത്രീകളിലൂടെ പലരുമറിഞ്ഞു. കല്‍പ്പനാശര്‍മയും മൃണാള്‍ പാണ്ഡെയും അമ്മുജോസഫും വാസന്തിയുമൊക്കെ ആവേശം പകര്‍ന്ന് ഇവിടത്തെ മാധ്യമ പ്രവര്‍ത്തകകളുടെ മനസ്സില്‍ ഇടംനേടി.

പുറത്തുനിന്നെത്തിയ പ്രതിനിധികള്‍ക്ക് കേരളത്തെ അറിയാന്‍ സഹായിക്കുന്ന നിരവധി സെഷനുകളും സംഘടിപ്പിച്ചിരുന്നു. ജനകീയാസൂത്രണവും കേരളാ മോഡല്‍ വികസനവും കുടുംബശ്രീയും ജനകീയാരോഗ്യ പദ്ധതികളും പാലിയേറ്റീവ് കെയറും ഒക്കെ സമ്മേളനത്തില്‍ വിഷയങ്ങളായി. ഉദ്ഘാടകയായെത്തിയ സാമൂഹ്യ പ്രവര്‍ത്തകയും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ അരുണാ റോയ്, മാധ്യമങ്ങള്‍ സാമൂഹിക ഉത്തരവാദിത്തം മറക്കുമ്പോള്‍ ഓര്‍മിപ്പിക്കാനുള്ള ബാധ്യത സ്‌ത്രീകള്‍ക്കുണ്ടെന്ന് പറഞ്ഞു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകളുടെ ആവശ്യാവകാശങ്ങളും മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന സ്‌ത്രീബിംബങ്ങളും ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി. ഡോ. ഖദീജാ മുംതാസ്, സി. ജെസ്‌മി, കെ അജിത എന്നിവരുമായുള്ള ആശയവിനിമയം പുറത്തുനിന്നെത്തിയ പ്രതിനിധികള്‍ക്ക് പ്രിയപ്പെട്ടതായി.‘ഇവിടെ ഞങ്ങളും ഉണ്ട്’ എന്ന് സ്‌ത്രീ മാധ്യമപ്രവര്‍ത്തകകള്‍ പുറംലോകത്തെ അറിയിച്ച ഒരു സംരംഭം എന്നതിനൊപ്പം കൂട്ടായിനിന്നാല്‍ ഈ രംഗത്ത് നേടാനേറെയുണ്ട് എന്ന് ബോധ്യപ്പെടുത്തുകകൂടി ചെയ്‌തു ഈ സമ്മേളനം.

കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രമാക്കി പ്രാദേശിക ഘടകങ്ങളും സംസ്ഥാനാടിസ്ഥാനത്തില്‍ NWMK- ഘടകവും പ്രവര്‍ത്തിക്കുന്നു. ഒത്തു ചേരലുകള്‍ക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ഒപ്പം മാധ്യമ പ്രവര്‍ത്തനം ബുദ്ധിമുട്ടുകള്‍ നല്‍കുന്ന സ്‌ത്രീകള്‍ക്കൊപ്പം (ഏറ്റവും ഒടുവില്‍ കെ കെ ഷാഹിന) നില്‍ക്കാനും നെറ്റ്വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ ശ്രദ്ധിക്കുന്നു. കേരളത്തിലെ മാധ്യമരംഗത്തുള്ള സ്‌ത്രീകള്‍ക്ക് വര്‍ഷംതോറും ഫെലോഷിപ് ഏര്‍പ്പെടുത്താന്‍ കേരളഘടകം തീരുമാനിച്ചിട്ടുണ്ട്. ഒരു വലിയ തുടക്കമാണ് കഴിഞ്ഞ വര്‍ഷം ഇവിടത്തെ മാധ്യമരംഗത്തെ സ്‌ത്രീകള്‍ കൈവരിച്ചിരിക്കുന്നത്.


*****

കെ എ ബീന

05 January, 2011

സാമ്പത്തിക മാന്ദ്യവും സ്‌ത്രീ തൊഴിലാളികളും

ലോകത്ത് സ്‌ത്രീകളുടെ ജീവിത അവസ്ഥയില്‍ സമീപകാലത്ത് ഏറ്റവും അധികം ആഘാതമുണ്ടാക്കിയ ദുരന്തമാണ് ആഗോളസാമ്പത്തിക പ്രതിസന്ധിയെന്ന് സംശയരഹിതമായി പറയാം. ദരിദ്രരാജ്യങ്ങളില്‍ മാത്രമല്ല, താരതമ്യേന മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയും ജീവിതഗുണനിലവാരവും അവകാശപ്പെട്ടിരുന്ന പല യൂറോപ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് തൊഴില്‍രംഗത്തും സാമൂഹ്യക്ഷേമരംഗത്തും ഉണ്ടായ മാറ്റങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്‌ത്രീകളുടെ ജീവിതത്തിലാണ് പ്രതിസന്ധികള്‍ സൃഷ്‌ടിച്ചിരിക്കുന്നത്.

തൊഴിലില്ലായ്‌മയും കൂലിവെട്ടിക്കുറയ്‌ക്കലും ദാരിദ്ര്യത്തിന്റെ തോത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. പല രാജ്യങ്ങളും ക്ഷേമപദ്ധതികള്‍ വെട്ടിച്ചുരുക്കിയത് കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. കുട്ടികളെ തനിച്ചു വളര്‍ത്തേണ്ടി വരുന്ന രക്ഷിതാക്കളില്‍ മൂന്നിലൊന്നും പരമദരിദ്രരാണ്. ഇവരിലാകട്ടെ 80-90 ശതമാനം സ്‌ത്രീകളാണ്. സാമ്പത്തികപ്രതിസന്ധി സ്‌ത്രീജീവിതത്തില്‍ സൃഷ്‌ടിച്ചിരിക്കുന്ന ദുരന്തങ്ങള്‍ സങ്കീര്‍ണമാണെന്ന് യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും അടിവരയിടുന്നു.

സാമ്പത്തികപ്രതിസന്ധിയുടെയും ഉത്പാദനമാന്ദ്യത്തിന്റെയും ആഘാതം ഏറ്റവുമൊടുവില്‍ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തിനില്‍ക്കുകയാണ് സ്‌പെയിനില്‍. നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിട്ടും തൊഴില്‍ സമയം കൂട്ടിയും കൂലിയും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചും സാമ്പത്തികപ്രതിസന്ധിയെ അതിജീവിക്കാനുള്ള സ്വകാര്യമേഖലയുടെയും സര്‍ക്കാരിന്റെയും പരിശ്രമങ്ങള്‍ക്കെതിരെ തൊഴിലാളി പ്രക്ഷോഭമാണ് സ്‌പെയിനില്‍ നടക്കുന്നത്.

സാധാരണഗതിയില്‍ മുതലാളിത്ത വ്യവസ്ഥതിയില്‍ നാം കാണുന്നത് തൊഴില്‍ കമ്പോളം വികസിക്കുമ്പോള്‍ സ്‌ത്രീകള്‍ കൂടുതലായി തൊഴിലിലേക്ക് കടന്നു വരികയും മാന്ദ്യകാലത്ത് വീടുകളിലേക്ക് (വീട് കേന്ദ്രമാക്കിയുള്ള കുടില്‍ വ്യവസായത്തില്‍ പോലും പലപ്പോഴും കൂലിയില്ലാതെ സ്‌ത്രീകള്‍ പണിയെടുക്കുന്നു) അഥവാ കൂലിയില്ലാപ്പണികളിലേക്ക് സ്‌ത്രീകള്‍ തിരിച്ചുപോകുന്നതുമാണ്. സ്‌പെയിനില്‍ പരമ്പരാഗതമായി കണ്ടുവന്നിരുന്നതും ഈ പ്രവണതയാണ്. എന്നാല്‍ ആഗോളവത്കരണകാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ ഈ പ്രവണതയ്‌ക്ക് മാറ്റം വന്നിരിക്കുന്നു. സ്‌ത്രീകളേക്കാള്‍ അധികം ഇപ്പോള്‍ സ്‌പെയിനില്‍ തൊഴില്‍ നഷ്‌ടപ്പെട്ടിരിക്കുന്നത് പുരുഷന്മാര്‍ക്കാണ്. കാരണം സാമ്പത്തികപ്രതിസന്ധി ഏറ്റവുമധികം ബാധിച്ച ഉത്പാദന നിര്‍മ്മാണ പ്രവര്‍ത്തനമേഖലയിലാണ് പുരുഷത്തൊഴിലാളികള്‍ കേന്ദ്രീകരിച്ചിരുന്നത്. സ്‌ത്രീകളാകട്ടെ ആരോഗ്യം, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസം, മറ്റ് സേവനങ്ങള്‍ തുടങ്ങിയ താരതമ്യേ പുതിയ പ്രതിസന്ധി കുറച്ചു മാത്രം ബാധിച്ച മേഖലകളിലും. ഇതിന്റെ ഫലമായി സ്‌പെയിനില്‍ ഇപ്പോള്‍ സ്‌ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് (23%) പുരുഷന്മാരേക്കാള്‍ (27%) കുറവാണ്. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇപ്പോഴും പുരുഷന്മാരാണ് (55.6%) സ്‌ത്രീകളേക്കാള്‍ മുന്നില്‍ (41.7%).

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും സ്‌പെയിനില്‍ (മറ്റ് പല രാജ്യങ്ങളിലും) സ്‌ത്രീകളുടെ തൊഴിലവസരങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്നത് നേട്ടമായി ചിലര്‍ അവകാശപ്പെടുന്നുണ്ട്. വാസ്‌തവത്തില്‍ സേവനമേഖലയിലെ സ്‌ത്രീതൊഴിലാളികളുടെ കേന്ദ്രീകരണം എന്ന (Feminisation of labour force) ആഗോളവത്കരണ സാമ്പത്തികക്രമത്തിലെ പ്രതിഭാസം സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് പല രാജ്യങ്ങളിലും നാടകീയമായി വര്‍ദ്ധിച്ചു എന്നത് ചൂഷണത്തിന്റെ സങ്കീര്‍ണതയെയാണ് വെളിപ്പെടുത്തുന്നത്. ഉത്പാദന-നിര്‍മ്മാണമേഖലകളില്‍ പുരുഷന്മാര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടപ്പോള്‍ കുടുംബം പുലര്‍ത്താന്‍ എത്ര കുറഞ്ഞ കൂലിക്കും പണിയെടുക്കാന്‍ തയ്യാറാകുന്ന സ്‌ത്രീകളെയാണ് പ്രതിസന്ധിയുടെ കാലത്ത് മുതലാളിത്തത്തിന് ആവശ്യം. അനാരോഗ്യകരവും വിവേചനപരവുമായ തൊഴിലുകളിലേക്ക് സ്‌ത്രീകള്‍ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നത് ശാക്തീകരണമായല്ല തികഞ്ഞ ചൂഷണമായാണ് കാണേണ്ടത്. കുടുംബത്തിന്റെ ചുമതല കൂടുതലായി സ്‌ത്രീകള്‍ ഏറ്റെടുക്കേണ്ടി വരുന്നു. സ്‌പെയിനില്‍ സംഭവിക്കുന്നതും ഇതേ പ്രതിഭാസമാണ്. ഇത് സ്‌പെയിനിലെ തൊഴില്‍മേഖലയില്‍ നിലനിന്നിരുന്ന ലിംഗവിവേചനത്തെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ഏകാധിപതിയായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ ഭരണത്തിനു ശേഷം 1975 മുതല്‍ സ്‌ത്രീകള്‍ക്കനുകൂലമായ നിയമനിര്‍മ്മാണമാവശ്യപ്പെട്ടുകൊണ്ട് സ്‌ത്രീസംഘടനകള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സ്‌പെയിനിന്റെ ഭരണഘടനയില്‍ ലിംഗതുല്യത എഴുതിച്ചേര്‍ത്തത്. അതിനുശേഷവും വര്‍ഷങ്ങള്‍ നീണ്ടു നിന്ന സമരങ്ങളെത്തുടര്‍ന്ന് 2007 ലാണ് തൊഴിലെടുക്കുന്ന സ്‌ത്രീകള്‍ക്ക് തുല്യവേതനമടക്കമുള്ള അവകാശങ്ങളും സവിശേഷ പരിഗണനകളും (ഉദാ. പ്രസവാവധി) ഉറപ്പാക്കുന്ന നിയമം നടപ്പാക്കുന്നത്. എന്നാല്‍ ഇതൊന്നും തന്നെ തൊഴിലുടമകളുടെ അനിവാര്യചുമതലകളായി അനുശാസിച്ചിട്ടില്ലാത്തതുകൊണ്ട് നിയമത്തില്‍ വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യത സ്‌ത്രീത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യമാകട്ടെ സ്‌ത്രീത്തൊഴിലാളികള്‍ക്ക് തുല്യ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാകുന്ന എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്താനുള്ള മറയായിട്ടാണ് സ്‌പെയിനില്‍ തൊഴിലുടമകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

സ്‌പ്പെയിനുൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ തുല്യ ജോലിക്കു തുല്യവേതനമെന്നത് അംഗീകരിക്കുകയും 1975 ല്‍ കൂലിയിലെ ലിംഗവിവേചനം തടയാന്‍ നിയമം കൊണ്ടുവരികയും ചെയ്തതാണ്. എന്നാല്‍ 35 വര്‍ഷങ്ങള്‍ക്കുശേഷവും യൂറോപ്പില്‍ സ്‌ത്രീത്തൊഴിലാളികള്‍ക്ക് പുരുഷന്മാര്‍ക്ക് കിട്ടുന്ന കൂലിയുടെ ശരാശരി 80 ശതമാനം മാത്രമേ കിട്ടുന്നുള്ളൂ.
സ്‌ത്രീശാക്തീകരണത്തിലൂടെ അവര്‍ സ്വയം ആര്‍ജ്ജിക്കേണ്ട അതിജീവനശേഷിയെക്കുറിച്ച് വാചാലമാകുന്നവര്‍ ഇത്തരം പ്രതിസന്ധികളില്‍ സര്‍ക്കാര്‍ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ്. സ്വകാര്യമേഖലയുടെ ദയാദാക്ഷിണ്യത്തിലേക്ക് സ്‌ത്രീകളടക്കമുള്ള തൊഴിലാളികളെ വലിച്ചെറിയുന്നത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണെന്ന് സ്‌പെയിനില്‍ പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നു. സാമ്പത്തിക പ്രതിസന്ധി താത്കാലിക പ്രതിഭാസം മാത്രമാണെന്നും ആഗോളസാമ്പത്തികമാന്ദ്യം പരിഹരിക്കപ്പെട്ടുകഴിഞ്ഞുവെന്നും അങ്ങനെ മുതലാളിത്തം അജയ്യമാണെന്നും വരുത്തിത്തീര്‍ക്കാന്‍ വലിയ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഓരോ രാജ്യത്തിന്റെയും കുടുംബത്തിന്റെയും സ്‌ത്രീജീവിതത്തിന്റെയും താളം തെറ്റിക്കുന്ന പ്രഹരമാണ് എന്ന് സ്‌പെയിനിന്റെ അനുഭവം ആവര്‍ത്തിക്കുന്നു.


****


ടി എൻ സീമ

തുല്യതയിലേക്കിനിയെത്ര ദൂരം

2010 മാര്‍ച്ച് എട്ട് സാര്‍വദേശീയ വനിതാദിനത്തിന്റെ നൂറാം വാര്‍ഷികം ലോകമാകെ ആഘോഷിക്കുന്ന ചരിത്രമുഹൂര്‍ത്തം. സ്‌ത്രീകളുടെ അവകാശപ്പോരാട്ടങ്ങളുടെ ഒരു നൂറ്റാണ്ടിന്റെ ഓര്‍മകളുടെ ആവേശം കൊണ്ടാടുന്ന ഇതേദിവസം ഇന്ത്യന്‍ പാര്‍ലമെന്റ് ചില അവിസ്‌മരണീയ ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി. നിയമനിര്‍മാണസഭകളില്‍ മൂന്നിലൊന്ന് വനിതാസംവരണത്തിനായുള്ള ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചത് അന്നാണ്. 14 വര്‍ഷം ഇന്ത്യയിലെ വിവിധ വനിതാസംഘടനകളും ലക്ഷക്കണക്ക് സ്‌ത്രീകളും പുരോഗമനവാദികളും ഉയര്‍ത്തിയ മുദ്രാവാക്യങ്ങളുടെയും പോരാട്ടങ്ങളുടെയും സദ്ഫലത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കിയവരുടെ മുന്നില്‍ ജനാധിപത്യമൂല്യങ്ങളെ കളങ്കപ്പെടുത്തുന്ന രംഗങ്ങളാണ് അരങ്ങേറിയത്. മാര്‍ച്ച് എട്ട് പകല്‍ രണ്ടിന് രാജ്യസഭയിലെ ചെയര്‍മാനായ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയുടെ അധ്യക്ഷതയില്‍ വനിതാസംവരണബില്‍ കേന്ദ്രനിയമമന്ത്രി വീരപ്പമൊയ്‌ലി അവതരിപ്പിച്ചു. മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതുപോലെ ആര്‍ജെഡിയുടെയും സമാജ് വാദി പാര്‍ടിയുടെയും ലോക് ജനതാദളിന്റെയും എംപിമാര്‍ മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് അവിടെ നടന്നത് അസഹിഷ്‌ണുതയുടെ ആക്രോശങ്ങളായിരുന്നു. ആര്‍ജെഡി എംപി സുരേഷ് യാദവ് (രാബ്രിദേവിയുടെ സഹോദരന്‍), രാജ്‌നീതി പ്രസാദ്, കമല്‍ അക്തര്‍ (സമാജ്‌വാദി) എന്നിവര്‍ ചേര്‍ന്ന് വനിതാ സംവരണ ബില്‍ വലിച്ചുകീറി ചെയര്‍മാന്റെ മുഖത്തെറിഞ്ഞു. മേശയില്‍ കയറിനിന്ന് ബഹളമുണ്ടാക്കിയ കമല്‍ അക്തറിനേയും കുഴപ്പമുണ്ടാക്കിയ മറ്റ് എംപിമാരെയും വളരെ ക്ളേശിച്ചാണ് സുരക്ഷാഉദ്യോഗസ്ഥര്‍ സഭയ്‌ക്ക് പുറത്താക്കിയത്. ഒരു ദിവസം അഞ്ചുതവണ സഭ നിര്‍ത്തിവയ്‌ക്കേണ്ട അനുഭവമാണ് അന്നുണ്ടായത്.

പിറ്റേദിവസം ഹമീദ് അന്‍സാരിയുടെ അധ്യക്ഷതയില്‍ ചര്‍ച്ചയൊന്നും കൂടാതെ ബില്‍ വോട്ടിനിട്ടു. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയോടെ വനിതാ സംവരണബില്‍ രാജ്യസഭയില്‍ പാസായി. ഇത് സ്‌ത്രീശാക്തീകരണത്തോടുള്ള യുപിഎ സര്‍ക്കാരിന്റെയും വിശേഷിച്ച് സോണിയാഗാന്ധിയുടെയും പ്രതിബദ്ധതയ്‌ക്ക് തെളിവായാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാണിച്ചത്. സാര്‍വദേശീയ വനിതാദിനത്തിന്റെ നൂറാംവാര്‍ഷികവേളയില്‍ 2010ലെ ഇന്ത്യന്‍ സ്‌ത്രീസമൂഹത്തിന്റെ നേട്ടമായി ഇത് ആഘോഷിക്കപ്പെട്ടു. വനിതാ സംവരണബില്‍ പാസാക്കിയ നേട്ടം ഒന്നര ദശകത്തെ ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങളുടെ പോരാട്ടത്തിന്റെ ഫലമാണ്. എന്നാല്‍ ലോക്‌സഭയില്‍ ഇത് പാസാകാത്തിടത്തോളം നിഷ്‌ഫലമാണ്. 2010 ഇന്ത്യയിലെ ഭരണരംഗത്തേക്ക് മൂന്നിലൊന്ന് സ്‌ത്രീകളുടെ രംഗപ്രവേശം കുറിക്കുമെന്നും ചരിത്രവര്‍ഷമാകുമെന്ന പ്രതീക്ഷ അസ്‌തമിച്ചു. നിരവധി ജനദ്രോഹ നിയമങ്ങളും നയങ്ങളും നടപ്പാക്കുന്നതിന് സമാജ്‌വാദി പാര്‍ടി അടക്കമുള്ളവരുടെ പിന്തുണ വേണമെന്നുള്ളതിനാല്‍ യുപിഎ അതിസമര്‍ഥമായി വനിതാ സംവരണബില്ലിനെ വിലപേശലിനുള്ള കരുവാക്കി മാറ്റിയിരിക്കുന്നു. ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാസംവരണ ബില്‍ ലിസ്റ്റ് ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറാകാതിരിക്കുന്നത് ഇതിന്റെ തെളിവാണ്.

വനിതാ സംവരണ ബില്ലിനെ സംബന്ധിച്ചിടത്തോളം 2010 ഓര്‍മിക്കപ്പെടാന്‍ പോകുന്നത് രാജ്യസഭയില്‍ പാസായതിന്റെ പേരിലായിരിക്കില്ല, ഇതിന്റെ പേരില്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉയര്‍ന്ന പ്രതിഷേധ കോലാഹലങ്ങളുടെ പേരിലായിരിക്കും. 62 വര്‍ഷം പൂര്‍ത്തിയായ സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യതയിലേക്ക് ഇനിയുമെത്രയോ ദൂരം എന്ന് ഈ കോലാഹലങ്ങള്‍ നമ്മളെ ബോധ്യപ്പെടുത്തി. പിന്നോക്കജാതിയുടെയും മുസ്ളിം സ്‌ത്രീകളുടെയും പേരുപറഞ്ഞ് സ്‌ത്രീകളുടെ അവകാശങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ മാത്രമല്ല, പുറത്ത് വനിതാ സംവരണത്തെ പിന്തുണക്കുന്നുവെന്ന നാട്യവും ഉള്ളില്‍ ഇതിനെതിരായ കടുത്ത വിദ്വേഷം വച്ചുപുലര്‍ത്തുന്നവരും രാഷ്‌ട്രീയം സ്‌ത്രീകളുടെ പണിയല്ല എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന യാഥാസ്ഥിതികരും ഇന്ത്യന്‍ സമൂഹത്തില്‍ ഒരു നിര്‍ണായക പങ്കുണ്ടെന്നും അവര്‍ സംഘടിതരാണെന്നും ഉള്ള സത്യത്തെ ഈ സംഭവം നാടകീയമായി പ്രത്യക്ഷപ്പെടുത്തി. ലിംഗ തുല്യതക്കായുള്ള ഇന്ത്യന്‍ സ്‌ത്രീയുടെ പോരാട്ടം കഠിനവും നിരന്തരവുമായിരിക്കണമെന്ന പാഠമാണ് ഇത് നല്‍കുന്നത്.

എന്നാല്‍ സ്‌ത്രീകളുടെ പൊതുരംഗപ്രവേശനം ഒരു രാഷ്‌ട്രീയപ്രക്രിയയാണെന്നും അതിന് സാഹചര്യമൊരുക്കുക എന്നത് രാഷ്‌ട്രീയ ഇച്‌ഛാശക്തിയുടെ പ്രതിഫലനമാണെന്നും കേരളം 2010ല്‍ ആവര്‍ത്തിച്ചു. കേരളത്തിലെ മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും സ്‌ത്രീകളുടെ സാമൂഹ്യപദവിയിലെ പിന്നോക്കാവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യം വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു ദശകം കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയരംഗത്തെ ലിംഗ സമവാക്യങ്ങളില്‍ പ്രകടമായ മാറ്റങ്ങളുടെ കാലമാണ്. പ്രാദേശിക ഭരണരംഗത്ത് 40 ശതമാനത്തിലധികം വരുന്ന സ്‌ത്രീ സാന്നിധ്യമാണ് കേരളത്തിലുണ്ടായിരുന്നത്. ഒന്നരദശകമായുള്ള അധികാരവികേന്ദ്രീകരണം കേരളത്തിലെ സ്‌ത്രീയുടെ അദൃശ്യതയെ ചോദ്യം ചെയ്യുന്ന ഒരു രാഷ്‌ട്രീയപ്രക്രിയ കൂടിയാക്കിമാറിയെന്നത് ഇന്ത്യയില്‍ മറ്റൊരിടത്തും അവകാശപ്പെടാനാകാത്ത സവിശേഷതയാണ്. 1999ല്‍ ആരംഭിച്ച കുടുംബശ്രീ വീടിന് പുറത്ത് സ്‌ത്രീകള്‍ക്ക് ഒരു പൊതുഇടം സൃഷ്‌ടിക്കുന്നതരത്തിലേക്ക് വളര്‍ന്നിരിക്കുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക തുടര്‍ച്ചയെന്ന നിലയിലാണ് തദ്ദേശഭരണരംഗത്ത് 50 ശതമാനം വനിതാ സംവരണം കേരള സര്‍ക്കാര്‍ അംഗീകരിച്ചത്. ബീഹാറും ഛത്തീസ്‌ഗഢും അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഇതിനുമുമ്പുതന്നെ 50 ശതമാനം വനിതാ സംവരണം അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ കേവലം വനിതാസംവരണം സ്‌ത്രീകളുടെ സാമൂഹ്യ-രാഷ്‌ട്രീയ ശാക്തീകരണം സാധ്യമാക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായി, സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പ്രതീകങ്ങളായി ഈ സംസ്ഥാനങ്ങള്‍ തുടരുകയാണ്.

2010ല്‍ രാജ്യത്തിനുതന്നെ കേരളത്തിന്റെ സംഭാവന തദ്ദേശഭരണരംഗത്തെ ലിംഗതുല്യതയാണ്. മുനിസിപ്പാലിറ്റിയുള്‍പ്പെടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷപദവിയടക്കം പകുതി സ്‌ത്രീകള്‍ക്കായി സംവരണം ചെയ്യുന്നത് രാജ്യത്താദ്യമായിട്ടാണ്.

ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന ലിംഗതുല്യത കേവലം ഭരണരംഗത്ത് മാത്രമല്ല, അത് അവകാശതുല്യതയും അവസര തുല്യതയും കൂടിയാണ്.

പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍പോലും അവകാശം നിഷേധിക്കപ്പെടുന്നു. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്കുപോലും അവസരം ലഭിക്കാത്ത സമൂഹമാണ് സ്വാതന്ത്ര്യലബ്‌ധിക്ക് ആറുദശകങ്ങള്‍ക്കുശേഷവും ഇന്ത്യയെന്നതിന് 2010 നിരവധി തവണ സാക്ഷിയായി. ഹരിയാനയിലും രാജസ്ഥാനിലുമെല്ലാം ഇന്നും സാമൂഹ്യജീവിതം നിര്‍ണയിക്കുന്നതില്‍ ജാതി-മത-ഫ്യൂഡല്‍ അധികാര സ്ഥാപനങ്ങള്‍ക്ക് മുഖ്യപങ്കാണുള്ളത്. പ്രണയിച്ചുവിവാഹം കഴിച്ചതിന്റെ പേരില്‍ ദാരുണമായി കൊലചെയ്യപ്പെട്ട മനോജിന്റെയും ബബ്ലിയുടെയും ദുരന്തകഥയുടെ ആഘാതം ഒടുങ്ങുന്നതിനുമുമ്പ് നിരവധി അഭിമാന കൊലപാതകങ്ങള്‍ (Honor killing) 2010ല്‍ ഹരിയാനയിലും ഡല്‍ഹിയിലും ഝാര്‍ഖണ്ഡിലുമെല്ലാം അരങ്ങേറി. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആളോഹരി വരുമാനമുള്ള സാമ്പത്തിക ഭദ്രതയുള്ള സംസ്ഥാനമായ ഹരിയാനയില്‍നിന്ന് 2010ല്‍ കേട്ട വാര്‍ത്തകള്‍ സ്‌ത്രീകളുടെ നിലനില്‍പ്പിനേയും ആത്മാഭിമാനത്തേയും ചോദ്യം ചെയ്യുന്നവയായിരുന്നു.

ജാതി-ജന്മി മേധാവിത്വത്തിന്റെ അടിച്ചമര്‍ത്തല്‍ നിത്യജീവിതത്തില്‍ കഠിനമായി നേരിടുന്നവരാണ് ഇന്നും ഇന്ത്യന്‍ സ്‌ത്രീകളില്‍ നല്ല പങ്കും. ലിംഗപരവും വര്‍ഗപരവും ജാതിപരവുമായ വിവേചനങ്ങളുടെ ദുരിതങ്ങളേറ്റുവാങ്ങുന്ന ഇന്ത്യയിലെ ദളിത് സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം നിരാശയുടെ നിരവധി അനുഭവങ്ങളാണ് 2010 നല്‍കിയത്. ദളിതരുടെയും പിന്നാക്കക്കാരുടെയും രക്ഷകയായി അവതരിപ്പിച്ച മായാവതിയും ബിഎസ്‌പിയും ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദളിത് സ്‌ത്രീകള്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമിക്കപ്പെട്ടതിന്റെയും ജന്മിമാരുടെ ഗുണ്ടകള്‍ സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ചതിന്റെയും വാര്‍ത്തകള്‍ 2010ന്റെ സംഭാവനയായിരുന്നു. ഇന്ത്യയിലെ ഭൂരഹിതരായ ദളിതരെയും പിന്നോക്കവിഭാഗങ്ങളെയും സംബന്ധിച്ചിടത്തോളം 2010 ദുരിതങ്ങളുടെ ഒരു തുടര്‍ക്കഥ തന്നെയായിരുന്നു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാജ്യസഭയിലും ലോക്‌സഭയിലും കഴിഞ്ഞ ഒരു വര്‍ഷം നല്‍കിയ കണക്കുകളിലും റിപ്പോര്‍ട്ടുകളിലും കാണാനാകുന്ന വസ്‌തുത കുഞ്ഞുങ്ങളുടെയും സ്‌ത്രീകളുടെയും പോഷകാഹാരക്കുറവും രോഗാതുരതയുമാണ്. എഫ് സി ഐ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം ചീഞ്ഞളിയുമ്പോള്‍ ഇന്ത്യയിലെ 58 ശതമാനത്തിലധികം വരുന്ന വിളര്‍ച്ചരോഗം ബാധിച്ച ഗര്‍ഭിണികള്‍ തൂക്കമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുകയും കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ അഞ്ചുവയസ്സിനുമുമ്പ് മരണമടയുകയും ചെയ്യുന്നു. ലോകത്ത് അഞ്ച് വയസ്സിന് താഴെ മരണമടയുന്ന കുഞ്ഞുങ്ങളില്‍ മൂന്നിലൊന്നും ഇന്ത്യയിലാണെന്ന വിവരം 2010ലെ ലോകാരോഗ്യ റിപ്പോര്‍ട്ട് ഇന്ത്യയെ ഓര്‍മിപ്പിക്കുന്നു.

ദാരിദ്ര്യത്തിന്റെയും രോഗങ്ങളുടെയും അതിക്ളേശങ്ങള്‍ അനുഭവിക്കുന്ന പാവപ്പെട്ട സ്‌ത്രീകളുടെ ചുമലിലാണ് ഇന്ത്യന്‍ഗ്രാമങ്ങളിലെ മൂന്നില്‍ ഒന്ന് കുടുംബങ്ങളും എന്നത് വര്‍ത്തമാന സ്‌ത്രീ ജീവിതത്തിന്റെ സങ്കീര്‍ണത വെളിപ്പെടുത്തുന്നു. നിലവിലുള്ള ബിപിഎല്‍ ആനുകൂല്യംപോലും നിഷേധിക്കുന്നതരത്തിലുള്ള ഭക്ഷ്യസുരക്ഷാബില്‍ പാസാക്കാന്‍ പോകുന്നു എന്നത് 2010 ലെ നിറഞ്ഞ ഭീഷണിയാണ്. അത് 2011ന്റെ ഭീഷണിയും ആശങ്കയും സത്യവുമായി മാറ്റാന്‍ പോകുന്നുവെന്നതാണ് ഇപ്പോഴത്തെ സൂചനകള്‍.

2010 രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ശക്തിദുര്‍ഗങ്ങളായി ജീവന്‍ ബലികഴിച്ചും ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ നിരവധി ധീരവനിതകള്‍ക്കായി സമര്‍പ്പിക്കപ്പെടേണ്ട വര്‍ഷമാണ്.

ബംഗാളിലെ മാവോയിസ്റ്റ്- തൃണമൂല്‍ ആക്രമണത്തില്‍ നാല് സ്‌ത്രീകള്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമില്ലാതായി. സ്‌ത്രീകള്‍ക്ക് ക്രൂരമര്‍ദനം ഏറ്റുവാങ്ങേണ്ടിവന്നു. മാവോയിസ്റ്റ്-തൃണമൂല്‍ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനൊടുവില്‍ ജീവനോടെ കുഴിച്ചുമൂടിക്കൊന്ന അങ്കണവാടി പ്രവര്‍ത്തകയായ ഛാബി മഹാദോയുടെയും മറ്റ് ധീരവനിതകളുടെയും 150ല്‍ അധികം വരുന്ന ധീരസഖാക്കളുടെയും രക്തസാക്ഷിത്വം 2010നെ പോരാട്ടചരിത്രത്തിന്റെ ഭാഗമാക്കുന്നു.

നേട്ടങ്ങളുടെയും വിജയാഹ്ളാദങ്ങളുടെയും നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ 2010നുണ്ട്. എന്നാല്‍ 120കോടി ജനങ്ങളുടെ രാജ്യത്ത് പാതിയോളം വരുന്ന സ്‌ത്രീസമൂഹത്തിന്റെ ഭാഗധേയം ഒറ്റപ്പെട്ട വിജയങ്ങളിലൂടെയല്ല നിര്‍വചിക്കപ്പെടേണ്ടത്. ലിംഗതുല്യതയും സ്‌ത്രീശാക്തീകരണവും സംബന്ധിച്ച ഗീര്‍വാണപ്രസംഗങ്ങളല്ല, രാഷ്‌ട്രീയ ഇച്‌ഛാശക്തിയോടെയുള്ള പ്രായോഗിക നടപടികളാണ് ഭരണകൂടങ്ങളില്‍ നിന്ന് ഇന്ത്യയിലെ സ്‌ത്രീകള്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ തലസ്ഥാനനഗരിയില്‍പോലും രാത്രിയും പകലും സ്‌ത്രീകള്‍ ആക്രമിക്കപ്പെടുകയും തൊഴിലിടങ്ങളില്‍ സ്‌ത്രീകള്‍ക്ക് സുരക്ഷ നഷ്‌ടപ്പെടുകയും ചെയ്യുന്നത് പൊതുഇടങ്ങളില്‍ സ്‌ത്രീയുടെ സാന്നിധ്യം തന്നെ നിഷേധിക്കലാണ്. ഇത്തരം നിരവധി ഞെട്ടിക്കുന്ന വാര്‍ത്തകളുമായാണ് 2010 യാത്രയാകുന്നത്. എന്നാല്‍ അതോടൊപ്പം സ്‌ത്രീകളുടെ മുന്നേറ്റത്തിന് ഭരണപരവും രാഷ്‌ട്രീയവുമായ പിന്തുണയും സാഹചര്യവുമൊരുക്കുന്ന കേരളത്തിലെ ഇടതുപക്ഷ ബദല്‍ പ്രതീക്ഷ നല്‍കുന്നു. ജനിക്കാനും പഠിക്കാനും ചിന്തിക്കാനും സഞ്ചരിക്കാനും പണിയെടുക്കാനും സ്വന്തം ജീവിതം നിര്‍ണയിക്കാനുമുള്ള ഇന്ത്യന്‍ സ്‌ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നത് കടുത്ത രാഷ്‌ട്രീയ പോരാട്ടമാണെന്ന തിരിച്ചറിവ് ഒരു അനുഭവപാഠം കൂടിയായി മാറി 2010.

*****

ടി എന്‍ സീമ എംപി

04 January, 2011

നീതിന്യായ സംവിധാനം വിചാരണ ചെയ്യപ്പെടുന്നു

"ന്യായാധിപരില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത അവസ്ഥയുണ്ടായാല്‍ അതിന്നര്‍ഥം ഒരു സമൂഹംതന്നെ അവസാനിക്കുന്നുവെന്നാണ്"
-ബല്‍സാക്


സമീപകാലത്ത് ചില ന്യായാധിപര്‍ക്കെതിരായി ഉയര്‍ന്നുവന്നിട്ടുള്ള ആക്ഷേപങ്ങളും ആരോപണങ്ങളും ശ്രദ്ധിക്കുന്ന ഒരാള്‍ക്ക്, അഴിമതിയാരോപണങ്ങളുടെ പേരില്‍ ഇംപീച്ച്‌മെന്റ് ഭീഷണി നേരിട്ട ജസ്റ്റിസ് രാമസ്വാമിയുടെ പോലും വ്യക്തിത്വം എത്രയോ ഉയരത്തിലാണെന്ന് തോന്നിപ്പോകും. മുന്‍ ചീഫ് ജസ്റ്റിസുമാരുടെ നേരേ അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ട് മുന്‍ നിയമമന്ത്രിയും സുപ്രീംകോടതി അഭിഭാഷകനുമായ ശാന്തിഭൂഷണ്‍ നല്‍കിയ സത്യവാങ്മൂലം യഥാര്‍ഥത്തില്‍ നടക്കാതെപോയ ഇംപീച്ച്‌മെന്റിനേക്കാളും ചരിത്രപ്രാധാന്യമുള്ളതാണ്. ഇപ്പോഴിതാ, കേരളീയര്‍ മാത്രമല്ല, ഒരു രാഷ്ട്രംതന്നെ അര്‍പ്പിച്ച പ്രതീക്ഷകളെ തകര്‍ക്കുന്നവിധത്തില്‍ ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ കെ.ജി. ബാലകൃഷ്ണനെതിരെ ആക്ഷേപമുയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രി എ. രാജ, മദ്രാസ് ഹൈക്കോടതിയിലെ ന്യായാധിപനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പറയപ്പെടുന്ന സംഭവത്തില്‍ ജസ്റ്റിസ് രഘുപതി എഴുതിയ കത്തിന്റെ കാര്യത്തില്‍, ജസ്റ്റിസ് ഗോഖലയെയും ജസ്റ്റിസ് രഘുപതിയെയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് ജസ്റ്റിസ് ബാലകൃഷ്ണനെ വിശ്വസിക്കാന്‍ കഴിയില്ല. അംബാനിമാര്‍ തമ്മിലുണ്ടായ കേസ്, എസ്.എന്‍.സി. ലാവലിന്‍ കേസ് എന്നിവയുമായി ബന്ധപ്പെട്ടും ഗുരുതരമായ ആരോപണങ്ങളാണ് ജസ്റ്റിസ് ബാലകൃഷ്ണനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ('ന്യൂ ഇന്ത്യന്‍ എക്‌സ്​പ്രസ്' 2010 ഡിസംബര്‍ 12, ഡിസംബര്‍ 31.) ഇവയോടൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് 2010 മെയ് അഞ്ചിന് 'ഹിന്ദുസ്ഥാന്‍ ടൈംസി'ല്‍ പ്രസിദ്ധീകരിച്ച നാഗേന്ദര്‍ശര്‍മയുടെ റിപ്പോര്‍ട്ട്.

ജസ്റ്റിസ് ബാലകൃഷ്ണന്റെ അടുത്തബന്ധുവായ സി.ടി. രവികുമാറിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിച്ചപ്പോള്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ അധിപന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ തന്നെയായിരുന്നു. ജസ്റ്റിസ് ബാലകൃഷ്ണന്‍ പാനലില്‍നിന്നു 'സ്വയം മാറിനിന്നുകൊണ്ടാ'ണ് രവികുമാറിനെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചതെന്ന് 'ഹിന്ദുസ്ഥാന്‍ ടൈംസ്' റിപ്പോര്‍ട്ട് പറയുന്നു. ന്യായാധിപബന്ധുക്കള്‍ ഇന്ത്യന്‍ നീതിനിര്‍വഹണ സംവിധാനത്തിന് ഏല്പിച്ച ക്ഷതങ്ങളെക്കുറിച്ച് ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ്തന്നെ പരാമര്‍ശിച്ച സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന് പ്രത്യേക സാംഗത്യമുണ്ട്. ഉയര്‍ന്ന കോടതികളിലേക്കുള്ള ന്യായാധിപനിയമനം ഇങ്ങനെയൊക്കെയാണോ നടക്കേണ്ടത് എന്ന വിഷയത്തില്‍ ഒരു ദേശീയസംവാദം ആവശ്യമാണ്. അലഹാബാദ് ഹൈക്കോടതിയിലെ 'ദുര്‍ഗന്ധ'ത്തെക്കുറിച്ച് സുപ്രീംകോടതിയിലെ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഈയിടെ വാചാലനാവുകയുണ്ടായി. എന്നാല്‍ ജസ്റ്റിസ് ബാലകൃഷ്ണന്റെ ചില അടുത്ത ബന്ധുക്കളുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വിവരാവകാശനിയമം അനുസരിച്ച് സ്വത്ത് വെളിപ്പെടുത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി ഭരണവിഭാഗം മുമ്പ് കാണിച്ച നിഷേധാത്മക സമീപനവുമെല്ലാം സുഖകരമായ സന്ദേശങ്ങളല്ല നല്കുന്നത്.

സ്വത്ത് വിവരം വെളിപ്പെടുത്താന്‍ സുപ്രീംകോടതിയിലെ ന്യായാധിപരും ബാധ്യസ്ഥരാണെന്ന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ഭരണവിഭാഗം ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ആ നടപടി സുപ്രീംകോടതിയെന്ന മഹത്സ്ഥാപനത്തെ ചെറുതാക്കിയെന്നു മാത്രമല്ല, പലരും പലതും ഒളിച്ചുവെക്കാനാഗ്രഹിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തു. ആരോപണ വിധേയനായ ജസ്റ്റിസ് ദിനകറിന്റെ കാര്യത്തില്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ മൃദുസമീപനം സ്വീകരിച്ചതായും ആക്ഷേപമുയര്‍ന്നു. ജസ്റ്റിസ് ദിനകറിനെതിരെ പരസ്യമായി രംഗത്തുവന്ന കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ശൈലേന്ദ്രകുമാറിന്റെ നടപടികള്‍ 'പബ്ലിസിറ്റിക്കുവേണ്ടിയുള്ളവ'യായി രുന്നുവെന്ന ജസ്റ്റിസ് ബാലകൃഷ്ണന്റെ പരാമര്‍ശവും സാധാരണക്കാര്‍ക്ക് ഹൃദ്യമായില്ല.

ആരോപണങ്ങള്‍ യാഥാര്‍ഥ്യങ്ങളാണെന്ന വിധത്തില്‍ ചിത്രീകരിക്കപ്പെട്ടുകൂടാ. എന്നാല്‍, ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എന്താണ് യാഥാര്‍ഥ്യം എന്ന് ജനങ്ങളെ അറിയിക്കാനുള്ള ബാധ്യത ഉന്നതസ്ഥാനീയര്‍ക്കുണ്ട്. അത് ചെയ്യാതെ ജസ്റ്റിസ് ബാലകൃഷ്ണന്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ല. അദ്ദേഹം രാജിവെക്കാതിരുന്നാല്‍ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കുകൂടി താന്‍ ആധ്യക്ഷ്യം വഹിക്കുകയാണെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരും.

അന്വേഷണം അനിവാര്യം

ന്യായാധിപബന്ധുക്കളുടെ അവിഹിതസമ്പാദ്യങ്ങള്‍ അന്വേഷിക്കപ്പെടുകതന്നെ വേണം. 1952-ലെ അന്വേഷണക്കമ്മീഷന്‍ നിയമം വ്യക്തികളുടെ കാര്യത്തില്‍ ബാധകമല്ല എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് അനുസരിച്ച് 'പൊതുപ്രാധാന്യമുള്ള' വിഷയങ്ങളില്‍ അന്വേഷണമാകാം. അത്തരം അന്വേഷണത്തിന്റെ ഭാഗമായി വ്യക്തികളുടെ സമ്പാദ്യത്തെക്കുറിച്ചുകൂടി അന്വേഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. അഴിമതിക്കും വ്യക്തിഗത സമ്പാദ്യങ്ങള്‍ക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍ അന്വേഷണ കമ്മീഷന്റെ പൊതുവായ പരിമിതികള്‍ ആശങ്കാജനകമാണ്. റിപ്പോര്‍ട്ടുണ്ടാക്കുന്നതില്‍ കാലതാമസം, റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കല്‍, അതിന്മേല്‍ നടപടിയെടുക്കാതിരിക്കല്‍ തുടങ്ങിയ അനുഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെയും ജഡ്ജസ് എന്‍ക്വയറി ആക്ടിലെയും ഡല്‍ഹി സ്‌പെഷല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെയും മറ്റും വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇക്കാര്യത്തില്‍ കേസെടുക്കാന്‍ കഴിയൂ എന്നതുകൊണ്ടുമാത്രം അന്വേഷണമേ പാടില്ല എന്ന് ശഠിക്കുന്നത് ശരിയല്ല. ജസ്റ്റിസ് ഹോംസ് സൂചിപ്പിച്ചതുപോലെ നിയമത്തിന്റെ ജീവന്‍ കുടികൊള്ളുന്നത് തര്‍ക്കശാസ്ത്രത്തിലല്ല, അനുഭവങ്ങളിലാണ്. പുതിയ പ്രതിസന്ധിയുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനായി നിയമവിധേയമായ ശ്രമങ്ങള്‍ ഉണ്ടാവുകതന്നെ വേണം. സുപ്രീംകോടതിതന്നെ മറ്റൊരവസരത്തില്‍ പറഞ്ഞതുപോലെ, ''സൂര്യപ്രകാശമാണ് ഏറ്റവും മികച്ച അണുനാശിനി.''

ഇപ്പോള്‍ ന്യായാധിപന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വ്യവസ്ഥചെയ്യുന്ന നിയമനിര്‍മാണങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ ഇന്ത്യയില്‍ ഊര്‍ജിതമായിരിക്കുന്നു. പല ജനാധിപത്യരാജ്യങ്ങളും ഈ നിലയ്ക്കുള്ള മികച്ച മാതൃകകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 1960-ല്‍ സ്ഥാപിക്കപ്പെട്ട കാലിഫോര്‍ണിയയിലെ കമ്മീഷന്‍, കാനാസ് കമ്മീഷന്‍ ഓഫ് ജുഡീഷ്യല്‍ പെര്‍ഫോമന്‍സ് (2006) എന്നിവ ഉദാഹരണങ്ങളാണ്. മിസിസിപ്പി കമ്മീഷന്‍, അരിസോന കമ്മീഷന്‍, ന്യൂ മെക്‌സിക്കോ കമ്മീഷന്‍ എന്നിവയും ന്യായാധിപരുടെ അച്ചടക്കവും പ്രവര്‍ത്തനക്ഷമതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതില്‍ ഗണ്യമായ പങ്കു വഹിച്ചു. ഇന്ത്യയില്‍ സമാനമായ സംവിധാനങ്ങളുണ്ടാക്കിയാല്‍മാത്രം പോരാ, അവയുടെ പരിധിയില്‍ മുന്‍ ന്യായാധിപരെക്കൂടി ഉള്‍പ്പെടുത്തുകയും വേണം. ഏതായാലും ഇംപീച്ച്‌മെന്റിനെ അപേക്ഷിച്ച് ലളിതവും ഫലപ്രദവുമായ മാര്‍ഗങ്ങളെക്കുറിച്ച് രാഷ്ട്രം ഇന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. റിട്ടയര്‍ചെയ്തുവെന്നതുകൊണ്ടുമാത്രം ന്യായാധിപരുടെ ഔദ്യോഗിക ജീവിതത്തിലെ ക്രമരാഹിത്യങ്ങള്‍ തുറന്നുകാട്ടപ്പെടാതെപോകരുത്.

പുതിയ പ്രതീകങ്ങള്‍?

ജസ്റ്റിസ് ദിനകരനും ജസ്റ്റിസ് സൗമിത്ര സെന്നും ജസ്റ്റിസ് ബാലകൃഷ്ണനും ഇന്ത്യന്‍ നീതിനിര്‍വഹണരംഗത്തിന്റെ പുതിയ പ്രതീകങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ അതിനര്‍ഥം രാഷ്ട്രം വന്‍ പ്രതിസന്ധിയെ നേരിടുന്നുവെന്നുതന്നെയാണ്. ആത്മാര്‍ഥതയും കഠിനാധ്വാനവും സത്യസന്ധതയും കൈമുതലായുള്ള ന്യായാധിപരുടെ സംഭാവനകള്‍പോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് ചില ന്യായാധിപരുടെ ദുഷ്‌ചെയ്തികള്‍ കാരണമായിത്തീരുന്നുണ്ട്.

സര്‍ക്കാര്‍ സര്‍വീസില്‍ ഒരു എല്‍.ഡി .ക്ലര്‍ക്കിനെ നിയമിക്കുന്നതില്‍ കാണിക്കുന്ന കണിശതപോലും ഉന്നതകോടതികളിലെ ന്യായാധിപനിയമനത്തില്‍ കാണിക്കാത്ത നാട്ടില്‍ നീതിനടത്തിപ്പ് അപഹാസ്യതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. അരുന്ധതിറായിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തുകൊണ്ടും ഡോ. ബിനായക്‌സെന്നിനെ ജീവപര്യന്തം ശിക്ഷിച്ചുകൊണ്ടും ഒരു സംവിധാനം സ്വന്തം സാംഗത്യത്തെതന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു.

അഴിമതിയും കഴിവുകേടും അസഹിഷ്ണുതയും എങ്ങനെ അമേരിക്കന്‍ നീതിന്യായ സംവിധാനത്തെ തകര്‍ത്തു തുടങ്ങിയെന്നതിനെപ്പറ്റി വാള്‍സ്ട്രീറ്റ് ജേണലിന്റെ എഡിറ്റര്‍ മാക്‌സ്ബൂട്ട് തന്റെ 'ഔട്ട് ഓഫ് ഓഡര്‍' എന്ന വിഖ്യാത ഗ്രന്ഥത്തില്‍ (ബേസിക് ബുക്‌സ്, 1998) പ്രതിപാദിക്കുന്നുണ്ട്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ 'ഔട്ട് ഓഫ് ഓഡര്‍' ആകുന്നതിന്റെ സൂചനകള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ സ്റ്റേറ്റിനുണ്ടായതിനേക്കള്‍ മോശപ്പെട്ട പ്രതിച്ഛായയാണ് ഇപ്പോള്‍ നീതിന്യായ സംവിധാനത്തിനുണ്ടായിരിക്കുന്നതെങ്കില്‍ അതിന്നര്‍ഥം, ഈ സംവിധാനം ജനങ്ങളാല്‍ വിചാരണ ചെയ്യപ്പെടാന്‍ സമയമായി എന്നുതന്നെയാണ്.

* അഡ്വ. കാളീശ്വരം രാജ്‌*
- കടപ്പാട്: മാതൃഭൂമി