സിപിഐ എമ്മിന്റെ സ്ഥാപകാംഗങ്ങളായ രണ്ട് സമുന്നത നേതാക്കളുടെ ചരമദിനം ആചരിക്കുന്ന വേളയിലാണ് ഈ ലേഖനം എഴുതുന്നത്. സഖാവ് എ കെ ജിയുടെ ചരമദിനമാണ് മാര്‍ച്ച് 22ന് നാം ആചരിക്കുന്നതെങ്കില്‍, സഖാവ് ഇ എം എസ്സിന്റെ ചരമദിനമാണ് മാര്‍ച്ച് 19ന് ആചരിക്കുന്നത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യകാല സജീവ പ്രവര്‍ത്തകരും നേതാക്കന്മാരും ആയിരുന്നു രണ്ടുപേരുമെങ്കില്‍, ഇ എം എസ്, കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പിലെ ഒരംഗം തന്നെയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി ഒന്നടങ്കം കമ്യൂണിസ്റ്റ് പാര്‍ടിയായി മാറിയ പാറപ്പുറം സമ്മേളനത്തിനു പിന്നിലെ സജീവ പ്രേരകശക്തിയായിരുന്നു ഇരുവരുമെങ്കില്‍, സിപിഐയുടെ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന മുപ്പത്തിരണ്ടുപേരില്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു ഇരുവരും. അങ്ങിനെ അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പിന്നീട് സിപിഐ എമ്മിന്റെയും ചരിത്രത്തിലെ അവിഭാജ്യ ഘടകങ്ങളായ അവര്‍, കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രങ്ങള്‍ മാറ്റിയെഴുതുന്നതില്‍ തോളോടുതോള്‍ചേര്‍ന്ന് പൊരുതി.
തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്മാരായ അവര്‍ ഇരുവരും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിലൂടെ പുരോഗമന പ്രസ്ഥാനത്തിലേക്കും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിലേക്കും കടന്നുവന്നു. കോളേജ് വിദ്യാഭ്യാസം പകുതിയ്ക്ക്‌വെച്ച് ഉപേക്ഷിച്ച് തൃശ്ശൂരില്‍നിന്ന് വണ്ടി കയറി, കോഴിക്കോട് കടപ്പുറത്തുവെച്ച് ഉപ്പുകുറുക്കിക്കൊണ്ട് ദേശീയ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ ഇ എം എസ്സും തുടക്കത്തില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങളിലും കര്‍ഷക പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്ര പ്രവേശന സമരത്തിലൂടെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഉയര്‍ന്നുവന്ന എ കെ ജിയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിസ്മരണീയ നേതാക്കന്മാരായി ഉയര്‍ന്നു.
സംഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ ദൃഢത കൈവരുത്തുന്നതിലാണ് ഒരാള്‍ ബദ്ധശ്രദ്ധനായതെങ്കില്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അവരെ സമര സജ്ജരാക്കുന്നതിലായിരുന്നു അപരന്റെ പ്രാഗത്ഭ്യം. പ്രത്യയശാസ്ത്രപരമായ ദൃഢതയും സമരോത്സുകതയും അഥവാ സിദ്ധാന്തവും പ്രയോഗവും ഒരേ നാണയത്തിന്റെ അവിഭാജ്യമായ രണ്ട് വശങ്ങളാണെന്ന് അവര്‍ തെളിയിച്ചു. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവിഭാജ്യമായ രണ്ട് ഘടകങ്ങളുടെ സജീവ പ്രതീകങ്ങളായ അവര്‍ രണ്ടുപേരുടെയും യോജിച്ചുള്ള പ്രവര്‍ത്തനം പാര്‍ടിയുടെ, അജയ്യമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.
അന്നത്തെ മലബാറിന്റെ വടക്കേ അറ്റത്തുനിന്ന് (മദിരാശി) സംസ്ഥാനത്തിന്റെ തലസ്ഥാനമായ മദിരാശിയിലേക്ക് നടത്തിയ ഐതിഹാസികമായ പട്ടിണിമാര്‍ച്ച് മുതല്‍ പഞ്ചാബിലെ ബെറ്റര്‍മെന്റ് സമരവും അമരാവതി പുരുളി കീരിത്തോട് സമരവും മിച്ചഭൂമി സമരവും മുടവന്‍മുകള്‍ സമരവും അടക്കം എണ്ണിയാലൊടുങ്ങാത്ത സമരങ്ങളിലൂടെ കേരളത്തിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയ എ കെ ജി, എവിടെ അന്യായം കണ്ടാലും, അവിടെ ഓടിയെത്തുമായിരുന്നു; അടിച്ചമര്‍ത്തപ്പെട്ടവരുടെ ഭാഗത്ത് നിലയുറപ്പിച്ച് അവര്‍ക്കുവേണ്ടി പൊരുതുമായിരുന്നു. തന്റെ സ്വത്തു മുഴുവനും ദേശാഭിമാനി പത്രത്തിനും പാര്‍ടിയ്ക്കും വേണ്ടി സമര്‍പ്പിച്ച ഇ എം എസ് ആകട്ടെ, തന്റെ ജീവസ്പന്ദനം നിലയ്ക്കുംവരെ, പാര്‍ടിയ്ക്കും തൊഴിലാളിവര്‍ഗത്തിനുംവേണ്ടി നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാധാരണക്കാരന്റെ ഒരു പുരുഷായുസ്സുകൊണ്ട് ഒരാള്‍ക്ക് വായിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ലേഖനങ്ങള്‍ അദ്ദേഹം എഴുതി. ദേശാഭിമാനിയ്ക്കുള്ള ലേഖന പരമ്പരയുടെ അവസാന അധ്യായം കൂടി പറഞ്ഞുകൊടുത്തെഴുതിച്ച്, അതു വായിച്ചുനോക്കി തിരുത്തിയതിനുശേഷമാണ്, അദ്ദേഹം പേന താഴെവെച്ച്, പതുക്കെ അന്ത്യവിശ്രമത്തിലേക്ക് നീങ്ങിയത്.
എ കെ ജിയും ഇ എം എസ്സും അന്തരിക്കുന്നത്, ഇന്ത്യാ ചരിത്രത്തിന്റെ രണ്ട് പ്രത്യേക ദശാസന്ധികളുടെ ആരംഭത്തിലാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യവാഴ്ചയും അടിയന്തിരാവസ്ഥയും അവസാനിപ്പിച്ച് കേന്ദ്രത്തില്‍ ജനതാ പാര്‍ടിയുടെ ഭരണം ആരംഭിച്ച ഘട്ടത്തിലാണ് എ കെ ജി നമ്മെ വിട്ടു പിരിയുന്നത്. അടിയന്തിരാവസ്ഥയ്‌ക്കെതിരായി പാര്‍ലമെന്റിലും പുറത്തും വീറോടെ പൊരുതിയ അദ്ദേഹത്തിന്, അടിയന്തിരാവസ്ഥ പൂര്‍ണമായി പിന്‍വലിച്ചതായ പ്രഖ്യാപനം കേള്‍ക്കുന്നതിനുള്ള അവസരം അവസാന ദിവസം ആശുപത്രിയില്‍ കിടക്കുമ്പോഴുണ്ടായി.
കോണ്‍ഗ്രസ്സിന്റെ ഏകകക്ഷി ഭരണം അവസാനിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നതായിരുന്നു 1977ലെ മുദ്രാവാക്യമെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനും ബിജെപിയുടെ വര്‍ഗീയതയ്ക്കും എതിരായി മൂന്നാം ബദല്‍ കെട്ടിപ്പടുക്കുക എന്നതായിരുന്നു 1998ലെ ആവശ്യം. 1996-98 കാലത്തെ ദേവഗൗഡ ഐ കെ ഗുജ്‌റാള്‍ ഗവണ്‍മെന്റുകള്‍ ആ വഴിയ്ക്കുള്ള വിജയകരമായ നീക്കമായിരുന്നുവെങ്കില്‍, 1998 മാര്‍ച്ചില്‍ വാജ്‌പേയ് ഗവണ്‍മെന്റ് അധികാരത്തിലേറാന്‍ തുനിഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇ എം എസ് നമ്മെ വിട്ടു പിരിയുന്നത്.
ഇവര്‍ ഇരുവരും ആ കാലത്ത് ഉയര്‍ത്തിയ മുദ്രാവാക്യത്തിന് കൂടുതല്‍ പ്രസക്തി കൈവന്ന ഒരു രാഷ്ട്രീയ ദശാസന്ധിയെയാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. 1967ല്‍ ഇ എം എസ് വിജയകരമായി പ്രാവര്‍ത്തികമാക്കി കാണിച്ചു തന്ന കോണ്‍ഗ്രസ് വിരുദ്ധ ഐക്യമുന്നണി ഗവണ്‍മെന്റ് എന്ന ആശയത്തിന്റെ കൂടുതല്‍ വിപുലവും വ്യക്തവുമായ കോണ്‍ഗ്രസിതര ബിജെപി ഇതര ബദല്‍ എന്ന മുന്നണി രൂപം അനിവാര്യവും പ്രായോഗികമായി സാധ്യവുമായ ഒരു രാഷ്ട്രീയ സ്ഥിതിയാണിന്നുള്ളത്. ദേശീയ രാഷ്ട്രീയരംഗവും എത്രമാത്രം സങ്കീര്‍ണവും കലുഷിതവുമാണെങ്കിലും ശരി, നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ മുറുകെ പിടിയ്ക്കുന്ന കോണ്‍ഗ്രസിനും ബിജെപിയ്ക്കും ബദലായി, ജനാധിപത്യ മതേതര ഫെഡറല്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരേണ്ടത്, ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരിക്കുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ക്ഷേമത്തിലും സാമ്പത്തിക വളര്‍ച്ചയിലും ലക്ഷ്യംവെയ്ക്കുന്ന അത്തരമൊരു ബദല്‍ മുന്നണിയെ സംയോജിപ്പിയ്ക്കുക എന്നത് ഇടതുപക്ഷത്തിന്റെ കടമയാണ്. അതിനുവേണ്ടി രാജ്യത്തെ ഇടതുപക്ഷ കക്ഷികളെ, പ്രത്യേകിച്ചും സിപിഐ എമ്മിനെ, കൂടുതല്‍ ശക്തിപ്പെടുത്തുകയും പാര്‍ലമെന്റില്‍ അവരുടെ ശക്തി വര്‍ധിപ്പിയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമായ ചുമതലയായി ഉയര്‍ന്നുവന്നിട്ടുള്ള ഈ സന്ദര്‍ഭത്തില്‍, നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്ന എ കെ ജിയുടെയും ഇ എം എസ്സിന്റെയും ദീപ്തമായ സ്മരണ കൂടുതല്‍ പ്രസക്തമായിത്തീരുന്നു.
** നാരായണന്‍ ചെമ്മലശ്ശേരി
No comments:
Post a Comment
Visit: http://sardram.blogspot.com