06 April, 2011

കെ ടിയുടെ നാടകപ്പന്തല്‍

കെ ടിയുടെ പുതിയ നാടകത്തിന്റെ അനൌണ്‍സ്മെന്റ് ഒരു ഉത്സവവിളംബരത്തിന്റെ ഫലം ചെയ്തിരുന്നു. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥാനം പിടിച്ചിരിക്കും, 'അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന' നാടകത്തെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്ത. ചിലതില്‍ കെ ടി മുഹമ്മദ് എന്ന നാടക (കലാപ) കാരനുമായുള്ള അഭിമുഖങ്ങളും മറ്റും അതും കാണും. രണ്ടുമൂന്ന് പ്രമുഖ പത്രങ്ങളിലെങ്കിലും നാടകത്തിന്റെ പരസ്യവും. കെ ടി സ്ഥലത്തുണ്ട് എന്ന അറിയിപ്പ്, അല്ലെങ്കില്‍, ആഴ്ചകളും ചിലപ്പോള്‍ മാസങ്ങള്‍ തന്നെയും നീളുന്ന റിഹേഴ്സല്‍ ക്യാമ്പിലേക്കുള്ള സ്വകാര്യമായ ക്ഷണക്കത്ത് - ടെലഫോണ്‍ ഇത്ര സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് വേണ്ടപ്പെട്ടവര്‍ അതൊക്കെ ഇതില്‍നിന്ന് വായിച്ചെടുത്തിരുന്നു.

    ഈ അനൌണ്‍സ്മെന്റ്, ഒരു കണക്കിന്, കെ ടി സ്വയം ഒരുക്കുന്ന കെണിയാണ്. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ തലവെച്ചുകൊടുക്കുന്ന ഒരുപരിപാടി. മദിരാശിയിലെ സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍നിന്നോ, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പില്‍നിന്നോ അവധി പറഞ്ഞ് സ്വന്തം നാടകസംഘത്തിന്റെ പുതിയ സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കാനായി കോഴിക്കോട്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടലാസിലേക്ക് പകര്‍ത്താന്‍ കെ ടിയുടെ മനസ്സില്‍ ഒന്നും തെളിഞ്ഞിട്ടുണ്ടാവില്ല. ഒന്നും ആയില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നുമുണ്ടാവും. മൂര്‍ത്തമായി ആകെ കൈവശമുള്ളത് നാടകത്തിന്റെ പേരുമാത്രമായിരിക്കും. പിന്നെ, ഒരുവേള, ആ പേരിന് പിന്നില്‍ കാണാനുണ്ടായിരുന്ന പ്രമേയത്തിന്റെ ഒരു അരണ്ട ചിത്രവും.

    പരസ്യത്തിന്റെയോ വാര്‍ത്തയുടെയോ രൂപത്തിലുള്ള അറിയിപ്പോ ക്ഷണമോ കാത്തുനില്‍ക്കാതെ അതിനകം വന്നു തലയിട്ട ചില അടുത്ത സുഹൃത്തുക്കള്‍ മുഖേനയാവും ട്രൂപ്പിന്റെ സെക്രട്ടറി, കെ ടിയുടെ മുന്നില്‍ ആ ചോദ്യം എടുത്തിട്ടിരിക്കുക: "നമുക്ക് നാടകമൊന്ന് അനൌണ്‍സ് ചെയ്യണ്ടെ?'' കെ ടി ഒരുപക്ഷേ, കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യം, അഭ്യുദയകാംക്ഷികള്‍ക്ക് വഴിപ്പെട്ടെന്നോണം കെ ടി പ്രതികരിക്കും. "സെയ്തിനോടൊന്ന് പോളിനെ വിളിക്കാന്‍ പറയ്''. പോള്‍ കല്ലാനോടിനെ, അല്ലെങ്കില്‍ മദനനെ; ആര്‍ടിസ്റ്റിനെ വിളിപ്പിക്കുന്നത് നാടകത്തിന്റെ പേര് എഴുതിക്കാനാണ്. കലാസമിതികള്‍ക്കുള്ള നോട്ടീസിലും പോസ്റ്ററുകളിലും, നാടകവാനിന്റെ മുന്നില്‍ വെക്കുന്ന ബോര്‍ഡിലും, പിന്നെ പത്രപ്പരസ്യങ്ങളിലും എല്ലാം കലാപരമായി വിന്യസിച്ച അക്ഷരങ്ങളില്‍ നാടകത്തിന്റെ പേര് കാണണമെന്ന് കെ ടിക്ക് നിര്‍ബന്ധമുണ്ട്. പേരില്‍ വല്ല പോരായ്മയും തോന്നിയാല്‍, അവസാന നിമിഷമായാലും വേണ്ടിവന്നാല്‍ തലകുത്തിനിന്നും മാറ്റംവരുത്തി കുറ്റംതീര്‍ത്തേ ആര്‍ടിസ്റ്റിനെ ഏല്‍പ്പിക്കുന്ന പ്രശ്നവുമുള്ളൂ. കൃതികളുടെ പേരുകളില്‍ കെ ടിയെ വെല്ലാന്‍ അല്ലെങ്കില്‍ത്തന്നെ ആരുണ്ട്. വെളിച്ചം വിളക്കന്വേഷിക്കുന്നു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവറ്റ പശു, ചിരിക്കുന്ന കത്തി, ഇത് ഭൂമിയാണ്, അച്ഛനും ബാപ്പയും, തുറക്കാത്തവാതില്‍, ദീപസ്തംഭം  മഹാശ്ചര്യം...

    കെ ടി തലവെച്ചു കൊടുത്തുകഴിഞ്ഞു. ഒരുപക്ഷേ, ഒരു കള്ളച്ചിരിയോടെ. ഒരു ആസന്നസ്വഭാവം വന്നില്ലെങ്കില്‍ കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകാം. സുഹൃത്തുക്കളോടും പരിചയക്കാരോടും വര്‍ത്തമാനം പറഞ്ഞിരുന്ന് എത്ര നേരവും ചെലവഴിക്കാന്‍ കഴിയുന്ന പ്രകൃതം. കെ ടിയുടെ സരസവും വിജ്ഞാനപ്രദവുമായ സംഭാഷണവും അതില്‍ നിറഞ്ഞുതുളുമ്പുന്ന നര്‍മവും ഉടനീളമുള്ള പ്രസാദാത്മകതയും കേള്‍വിക്കാരുടെ-ആരാധകരുടെതന്നെ - ഒരു വലിയ വൃന്ദത്തെ ആ വ്യക്തിത്വത്തിന് ചുറ്റും സദാ സംവരണം ചെയ്തുവെച്ചിരുന്നു. ഹരിഹരന്റെ പുതിയ സിനിമയുടെ അടുത്ത ഷെഡ്യൂളിന്റെ ആലോചനകള്‍ക്കിടയില്‍നിന്നോ കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകത്തിന്റെ എഴുത്തുമേശക്കരികില്‍നിന്നോ സ്വന്തം ട്രൂപ്പിന്റെ നിശ്ശബ്ദമായ വിളികേട്ട് ഓടിയെത്തിയത് ഇതിനായിരുന്നോ എന്ന് അകത്തുനിന്നുതന്നെ ഉയരുന്ന ചോദ്യത്തിന് മുന്നില്‍നിന്നാണ് പണി തുടങ്ങിക്കൊള്ളാന്‍ കെ ടി സമ്മതിക്കുന്നത്; റിഹേഴ്സലിലോ അരങ്ങിലോ അല്ലാതെ തനിക്ക് മുന്നില്‍ നേരിട്ടുവന്ന് നില്‍ക്കുകപോലും ചെയ്യാത്ത സഹോദരന്‍കൂടിയായ കെ ടി സെയ്തിന് പച്ചക്കൊടി കാണിക്കുന്നത്.

    ഉത്സവത്തിന്റെ വിളംബരം കേട്ട് അവരെത്തിത്തുടങ്ങുന്നു. കഴിഞ്ഞ സീസണില്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ഇടയ്ക്ക് ചില അസൌകര്യങ്ങളാലോ വല്ല പ്രലോഭനങ്ങള്‍ക്കും വശംവദരായോ മറ്റേതെങ്കിലും ട്രൂപ്പില്‍ ചേക്കേറിയെങ്കിലും പന്തിയല്ലെന്ന് കണ്ടു മടങ്ങിയവര്‍, പുതുതായി അവസരം അന്വേഷിക്കുന്നവര്‍, പിന്നെ പലവിധ ദൌത്യങ്ങള്‍ക്ക് ഉഴിഞ്ഞുവെക്കാന്‍ സന്നദ്ധരായി കുറ്റിയും പറിച്ച് ഇറങ്ങിപ്പുറപ്പെട്ട കെ ടിയുടെയും സഹോദരന്റെയും നിരവധിയായ ഒത്താശക്കാര്‍. കലാസാഹിത്യ രംഗങ്ങളിലെ പ്രഗത്ഭ മതികളും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയ - ടിയു സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെയുണ്ട് ഈ ഒത്താശക്കാരില്‍പ്പെടുന്നവരായി.

    കെ ടിയുടെ കഥകളില്‍ ചിലത് നേരത്തെ വായിച്ചിരുന്നുവെങ്കിലും, 'മുടിനാരേഴായ് ചീന്തീട്ട്...'' പോലുള്ള പാട്ടുകളുടെ ഈരടികള്‍ കര്‍തൃത്വത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ഒരുവേള ഏതോ നാടന്‍പാട്ടിന്റെ ഭാഗമെന്നുപോലും നിനച്ച് മൂളിനടക്കാറുണ്ടായിരുന്നെങ്കിലും, തപാല്‍ വകുപ്പിനോട് വിടപറഞ്ഞ് നാടകംതന്നെ മുഴുനീള ജീവിതോപാധിയാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ട പ്രതിബദ്ധനായ എഴുത്തുകാരന്റെ കര്‍മപദ്ധതികളെക്കുറിച്ചൊക്കെ പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നെങ്കിലും, ആ നാടകങ്ങളും ഏറെ പറയപ്പെട്ടിരുന്ന റിഹേഴ്സല്‍ ക്യാമ്പുകളും പത്രപ്രവര്‍ത്തനജീവിതം തുടങ്ങുംവരെ എനിക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു.  'തനിനിറ'ത്തില്‍ ജോലിയിലിരിക്കേ 1972ലാണ് കെ ടിയുടെ മരുമകന്‍ കൂടിയായ പ്രിയസുഹൃത്ത് പി എം താജിനൊപ്പം പ്രസിദ്ധമായ 'സ'കാര നാടകങ്ങളിലെ രണ്ടാമത്തേതായ 'സ്ഥിതി'യുടെ ആദ്യാവതരണം കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ച്കാണുന്നത്. 'തനിനിറ'ത്തില്‍ നാടകത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതുകയുംചെയ്തു. ആ പരമ്പരയിലെ തുടര്‍ന്നുള്ള നാടകങ്ങള്‍ ഓരോന്നായി വര്‍ഷതോറും അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് കാണുകയും ചിലതിനെക്കുറിച്ചൊക്കെ എഴുതുകയും ചെയ്തുവെങ്കിലും റിഹേഴ്സല്‍ ക്യാമ്പിലേക്ക് എത്തിപ്പെടാന്‍ പിന്നെയും സമയമെടുത്തു. പത്രപ്രവര്‍ത്തന ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പഠനം തുടരാന്‍ രണ്ടുവര്‍ഷം തിരുവനന്തപുരത്ത് തങ്ങേണ്ടിവന്നത് ഇതിന് ഒരു കാരണമായിരുന്നു. കെ ടിയെ വിശദമായി ഒന്നു കണ്ടു പരിചയപ്പെടാനുള്ള അവസരം കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം.

    ഞാന്‍ കാണുന്ന കെ ടി വളരെ തിരക്കേറിയ ആളായിരുന്നു. സിനിമക്കാരും എഴുത്തുകാരും നടന്മാരും നേതാക്കളും അടങ്ങുന്ന സംഘങ്ങള്‍ക്ക് നടുവില്‍ തലയെടുത്തുനിന്ന വ്യക്തിത്വം. 'തനിനിറം' കോഴിക്കോട് എഡിഷന്റെ ഉദ്ഘാടന സപ്ളിമെന്റിലേക്ക് ലേഖനം ചോദിച്ചായിരുന്നു 1972ന്റെ ആദ്യപാദത്തില്‍ ഒരു ദിവസം രാവിലെ ആറാം ഗേറ്റിന്നടുത്ത് വാടകവീട്ടില്‍ കെ ടിയുടെ മുമ്പാകെ ഞാനാദ്യം പ്രത്യക്ഷപ്പെട്ടത്. ഉമ്മറത്ത് കുറച്ചുനേരം എന്നെ കാത്തിരുത്തി കെ ടി ലേഖനം പൂര്‍ത്തിയാക്കി കൈയില്‍ തന്നു. 'മുസ്ളിംലീഗ് എന്ന ആല്‍മരം'. കെ ടിയുടെ ആക്ഷേപഹാസ്യം തിരതല്ലുന്നൊരു ലേഖനമായിരുന്നു അത്. സി എച്ച് മുഹമ്മദ്കോയ കോഴിക്കോട് ടൌണ്‍ഹാളില്‍ തന്റെ അനുയായികളോട് നടത്തിയ ഒരു പ്രസംഗം മുന്‍നിര്‍ത്തി ആ രാഷ്ട്രീയകക്ഷിയുടെ കാപട്യം വായനക്കാരന് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു കെ ടി. സ്വതസിദ്ധമായ ശൈലിയില്‍ ഫലിതബിന്ദുക്കള്‍ കുത്തിനിറച്ച പ്രസംഗത്തിനിടയില്‍ സി എച്ച് മുഹമ്മദ്കോയ നടത്തിയ ആലങ്കാരികമായ ഒരു പ്രയോഗം ഉദ്ദിഷ്ട ആശയത്തിന്റെ കടകവിരുദ്ധമായ അര്‍ഥത്തിലാണ് വന്നുഭവിച്ചതെങ്കിലും ശ്രോതാക്കള്‍ കരഘോഷം മുഴക്കി അതേറ്റെടുക്കുകയായിരുന്നു. ആ കക്ഷിയുടെ വൈപരീത്യവും ഏതാനും പേരുടെ സ്വാര്‍ഥലാഭത്തിനായി ഒരു സമുദായത്തെയാകെ ബലികഴിക്കുന്നതിന്റെ കൊടിയ അധാര്‍മികതയുമായിരുന്നു ലേഖനത്തിന്റെ പ്രതിപാദ്യം. ആ കൂടിക്കാഴ്ചയില്‍ കെ ടിയുമായി വേറെ വിശേഷിച്ച് ആശയവിനിമയമൊന്നും നടന്നിരുന്നില്ല എന്നാണോര്‍മ. പി എം താജിനൊപ്പം റെയില്‍വെസ്റ്റേഷനില്‍ വെച്ചോ, താജിന്റെയോ, കെ ടിയുടെയോ വീട്ടില്‍ വെച്ചോ   വര്‍ഷങ്ങളെടുത്തു നടന്ന കണ്ടുമുട്ടലുകളിലൂടെയാണ് കെ ടിയെ എനിക്ക് അടുത്തറിയാനിടയായത്. ആ നാടകക്യാമ്പില്‍ പ്രവേശനം ലഭിച്ചതും.

    നിലമ്പൂര്‍ ആയിശ മുതല്‍ റംഗൂണ്‍ റഹ്മാന്‍ വരെയുള്ള എത്രയോ അഭിനേതാക്കള്‍ കെ ടിയുടെ റിഹേഴ്സല്‍ ക്യാമ്പിലെ സമ്പന്നമായ അനുഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത് ഒന്നിലധികം തവണ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സകാര നാടകങ്ങള്‍ക്ക്ശേഷം 'സംഗമം' വിട്ട് 'കലിംഗ'തിയറ്റേഴ്സ് തുടങ്ങിയപ്പോഴാണ് കെ ടിയുടെ നാടകപ്പന്തലിലേക്ക്, വീട്ടുമുറ്റത്തെ നാടകക്കളരിയിലേക്ക് ഒരു കാഴ്ചക്കാരനായി എനിക്ക് പ്രവേശം കിട്ടുന്നത്. കെ ടിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന് പേരും പെരുമയും അത്യാവശ്യം വരുമാനവും നേടിയ നടീനടന്മാര്‍ പില്‍ക്കാലത്ത് വിവിധ വേദികളില്‍വെച്ച് തങ്ങളുടെ ഗുരുനാഥനെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറായ വാക്കുകള്‍ എത്രയും അര്‍ഥവത്തെന്ന് ക്യാമ്പില്‍ അവരുടെ കൂടെയൊക്കെ ചെലവഴിക്കാന്‍ കഴിഞ്ഞ നാളുകളിലെ അനുഭവംവെച്ച് സാക്ഷ്യപ്പെടുത്താന്‍ കഴിയും. പീഡനസദൃശം തന്നെയായിരുന്നു കെ ടിയുടെ ശിക്ഷണം. അഭിനയം എന്ന വൃത്തിതന്നെ വിട്ട് വേറെ വല്ല ജോലിയും തേടിപ്പോയാലോ എന്ന് ഇവരില്‍ പലരും ഇടക്കെങ്കിലും ആലോചിച്ചുപോയിരിക്കണം. ഓരോ ചലനത്തിലും ഓരോ അംഗവിക്ഷേപത്തിലും ഓരോ ഭാവപ്രകടനത്തിലും ഓരോ ഉച്ചാരണത്തിലും സംവിധായകന്‍ അഭിനേതാക്കളെ അടിമുടി പിന്തുടര്‍ന്നു. ആവശ്യത്തിലേറെ മുന്‍കൂര്‍ സജ്ജീകരണം നല്‍കിയായിരുന്നു ഈ പിന്തുടരല്‍ എന്നതും, ഓരോ വീഴ്ചയില്‍നിന്ന് എഴുന്നേല്‍പ്പിക്കുമ്പോഴും ഈ ബാലപാഠങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നതും കെ ടിക്ക് നാടകനിര്‍മിതി കൊടിയ ആത്മപീഡനമാക്കിത്തീര്‍ക്കുകയുംചെയ്തു.

    റിഹേഴ്സലും നാടകരചനയും മിക്കപ്പോഴും സമാന്തരമായാണ് പുരോഗമിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ സ്വയം കൊണ്ടെത്തിച്ചു നിര്‍ത്തിയാണ് കെ ടി തന്റെ നാടകങ്ങള്‍ ഏറെയും എഴുതിച്ചെയ്തത്. സമ്മര്‍ദങ്ങള്‍ക്ക് മുന്നിലിരുന്നും റിഹേഴ്സലിനിടക്കുനിന്നുമായുള്ള എഴുത്ത് ഏകാഗ്രതയെ സ്വഭാവികമായും ബാധിക്കും. റിഹേഴ്സലിനിടക്ക് ഈ പഴുതുകള്‍ പലതും പ്രകടമാവും. ക്യാമ്പില്‍ കാണികളായുള്ളവര്‍, വലിയ കണ്ടുപിടുത്തംപോലെ, ഇതൊക്കെ ശ്രദ്ധയില്‍പ്പെടുത്തും. ഒട്ടും വൈമനസ്യമില്ലാതെ, എന്നു മാത്രമല്ല ഇരു കൈയും നീട്ടിക്കൊണ്ടുതന്നെ, കെ ടി അതെല്ലാം ചെവിക്കൊള്ളുകയും ആവശ്യമായ നിവൃത്തികള്‍ വരുത്തുകയും ചെയ്യും. ഇതിനല്ലെ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്; നിങ്ങളുടെ നാടകം കുറ്റമറ്റതാക്കിയാല്‍ നിങ്ങള്‍ക്ക് നന്ന് എന്നാണ് മട്ട്.

    രചനക്കും റിഹേഴ്സലിനുമിടക്ക് സെറ്റിനെക്കുറിച്ചും മറ്റു അനുബന്ധ സജ്ജീകരണങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ചയും വിവാദവും തകൃതിയായി നടക്കും. എല്ലാവര്‍ക്കും പറയാനിടമുണ്ട്. വെറുമൊരു തിരശ്ശീലമാത്രം പശ്ചാത്തലമാക്കി മുഴുനീള നാടകം വിജയകരമായവതരിപ്പിച്ച നാടകകാരനാണ്. പ്രൊഫഷണല്‍ വേദിയിലും വെറും നെയിംബോര്‍ഡും റെക്കാര്‍ഡും ഉപയോഗിച്ച് സ്ഥലവും കാലവും അവതരിപ്പിച്ച സംവിധായകന്‍. മാറുന്ന കാലത്തിന്റെ അഭിരുചിഭേദങ്ങള്‍ പ്രൊഫഷണല്‍ നാടകവേദിയുടെ പരിമിതികളില്‍ പരിഗണനാര്‍ഹമാകുന്നതെന്ന ചിന്തയ്ക്കും ഇടം കിട്ടാതെയല്ല. പാട്ട് വേണമെങ്കില്‍ മലയാള നാടകത്തിന് ധൈര്യമായി ആശ്രയിക്കാവുന്നത് അന്നും എന്നും ഒ എന്‍ വിതന്നെ എന്ന് കെ ടിക്ക് തിട്ടമുണ്ടായിരുന്നു. സ്വയം വിഖ്യാതമായ കുറേ നാടകഗാനങ്ങളുടെ രചയിതാവെങ്കിലും (സ്നേഹപൂര്‍വം കെ ടി മുഹമ്മദ് എന്ന പേരില്‍ ആ നാടകഗാനങ്ങള്‍ ഓഡിയോ കാസറ്റായി ഇറങ്ങിയിട്ടുണ്ട്).

    റിഹേഴ്സലിനും എഴുത്തിനും അവതരണത്തെക്കുറിച്ചുള്ള മറ്റു ആലോചനകള്‍ക്കും ഇടയ്ക്ക് കാണികളുടെ ചെറുവൃന്ദങ്ങള്‍ നാടകപ്പന്തലിനപ്പുറം വീടിന്റെ വരാന്തയിലോ തിണ്ണയിലോ ഇരുന്ന് ആഗോളകാര്യങ്ങളില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പടുന്നുണ്ടാവും. 'മുടി'വേണു എന്ന പേരില്‍ പരിചയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മികച്ച വായനക്കാരന്‍ കൂടിയായ നടന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര്‍ 'ലാംഗ്വേജ് ആന്‍ഡ് സൈലന്‍സിനെക്കുറിച്ചും ജോര്‍ജ് സ്റ്റീനറെക്കുറിച്ചും സൂസന്‍ സൊന്റാഗിനെക്കുറിച്ചുമുള്ള ചര്‍ച്ചയിലാവും. കെ ടിയുടെ 'സ്ഥിതി' ആര്‍തര്‍ മില്ലറുടെ 'ഡെത്ത് ഓഫ് എ സ്റ്റേറ്റ്സ്മാന്‍' എന്ന കൃതിയുടെ പ്രതിധ്വനിയാണെന്ന് തര്‍ക്കിച്ചത് വേണുവായിരുന്നു. ഈ സംഘത്തില്‍ നിന്നകലെ വേറൊരു കൂട്ടര്‍ ആയിടെ കോഴിക്കോട്ട് നടന്ന എഫ് എഫ് സി (എന്‍എഫ്ഡിസിയുടെ മുന്‍ഗാമി) ചലച്ചിത്രോത്സവത്തിന്റെ ഹാങ്ഓവറിലാവും. ഇടക്ക് കെ ടിയും അവിടെയെങ്ങാനും കയറിച്ചെന്ന് അവരുടെ ചര്‍ച്ചകളില്‍ ഇടപെടും. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മണികൌളിന്റെയും കുമാര്‍ഷഹാനിയുടെയും ചലച്ചിത്രങ്ങളുടെ ഭാഷയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അവരുടെ സിനിമ കാലത്തിന്റെ വേഗം ഉള്‍ക്കൊള്ളുന്നില്ല എന്നും അതുകൊണ്ട്തന്നെ ജനങ്ങള്‍ സ്വീകരിക്കില്ല എന്നും കെ ടി ഉറച്ചുവിശ്വസിച്ചു. മലയാളത്തിലും 'സ്വയംവര'ത്തിന്റെയും 'കാഞ്ചന സീത'യുടെയും സ്വഭാവത്തോടും തന്റെ നിലപാട് അതുതന്നെയെന്ന് കെ ടി പ്രഖ്യാപിക്കും.

    ദൂരദര്‍ശനിലെ ക്രിക്കറ്റും ഹിന്ദുവിലെ പദപ്രശ്നവും റിഹേഴ്സലിന്റെയും എഴുത്തിന്റെയും പിരിമുറുക്കത്തിനിടക്കും കെ ടിക്ക് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. ഒരുവേള അതില്‍നിന്ന് ഇടക്കൊരു വിടുതിയായിരുന്നു നിഷ്ഠവെച്ചുള്ള ആ പലായനം. ദിവസം മുഴുവന്‍ നീളുന്ന യാതനാപൂര്‍ണമായ അധ്വാനത്തിനുശേഷം ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍, അതിഥികളില്‍ രാത്രി വൈകിയും അവശേഷിക്കുന്നവരുമൊത്തുള്ള ഉപചാരംപോലെത്തന്നെ.

    നാടകത്തിന്റെ ഡ്രസ്റിഹേഴ്സലിന് വളരെ അടുപ്പമുള്ള ഏതാനുംപേരെ പ്രത്യേകം വിളിച്ചുവരുത്തുമായിരുന്നു.എഴുത്തുകാരും കലാകാരന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ അവര്‍ക്ക് വല്ല നിര്‍ദേശങ്ങളും അവതരിപ്പിക്കാനുണ്ടെങ്കിലത് പ്രത്യേകം ഗൌനിക്കുകയും ചെയ്യും.

    ഉദ്ഘാടന അവതരണം എന്നും കുട്ടികൃഷ്ണമാരാര്‍ ആദ്യമായൊരു നാടക നിരൂപണം നടത്താനിടയായ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' (1951) അരങ്ങേറ്റം കുറിച്ച കോഴിക്കോട് ടൌണ്‍ഹാളില്‍ത്തന്നെ. നാടകം തുടങ്ങുന്ന സമയത്തിലും മറ്റുമുള്ള കെ ടിയുടെ നിഷ്ഠ പ്രസിദ്ധമാണ്. അഞ്ചു മിനിറ്റ് മുമ്പ് ആദ്യത്തെ ബെല്‍ മുഴങ്ങും. പിന്നെ നാടകകാരന്റെ ആമുഖഭാഷണം. കൃത്യം ഏഴുമണിക്ക് രണ്ടാമത്തെ ബെല്ലടിക്കും. ഇനി നാടകം.

    ആദ്യാവതരണത്തിലെ കുറ്റംതീര്‍ത്ത് നാട്ടിലുടനീളമായുള്ള അവതരണ പര്യടനങ്ങള്‍ തുടങ്ങുകയായി. തുടക്കത്തില്‍ ഏതാനും വേദികളിലെങ്കിലും കെ ടി പുതിയ നാടകത്തെ പിന്തുടരും. ട്രൂപ്പിനൊപ്പം ഇത്തരം ചില യാത്രകളില്‍ കൂടാന്‍ കഴിഞ്ഞത് ഒരു നാടകസംഘത്തിന്റെ സംഘര്‍ഷത്തെക്കുറിച്ച് കുറെയൊക്കെ ധാരണ ലഭിക്കാന്‍ എനിക്ക് സഹായകമായിട്ടുണ്ട്. ആദ്യം പുറത്ത് ഒരു വേദിയിലേക്ക് യാത്രചെയ്യുമ്പോള്‍ സംഘാംഗങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷം വിവരണാതീതമാണ്. വര്‍ഷങ്ങളുടെ നിരീക്ഷണത്തില്‍നിന്ന് ഈ സംഘര്‍ഷാവസ്ഥയുടെ പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായിക്കഴിഞ്ഞിട്ടുള്ള കെ ടി അവരെ സാധാരണ നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കാണിക്കുന്ന ശ്രദ്ധ നമുക്ക് ജീവിതത്തില്‍ത്തന്നെ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. റിഹേഴ്സല്‍ ക്യാമ്പിലെ ശിക്ഷകന്റെ വേഷമെല്ലാം കെ ടി എങ്ങോ മാറ്റിവെച്ചു കഴിഞ്ഞിരിക്കും. ക്യാമ്പില്‍ത്തന്നെയും അതാത് സമയത്തെ കരണപ്രതികരണങ്ങള്‍ക്കപ്പുറം ആ ശിക്ഷകന്റെ നിലപാട് നീണ്ടുനില്‍ക്കാറുമില്ലല്ലോ. വേദിയില്‍ നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ അഭിനേതാക്കളിലെന്നതിനേക്കാള്‍ കാണികളിലായിരിക്കും കെ ടിയുടെ കണ്ണ്. സ്റ്റേജിന്റെ ഉചിതമായൊരു ഭാഗത്തുനിന്ന് കാണികളെ ഓരോരുത്തരെയും, ഓരോരുത്തരെത്തന്നെ, നിരീക്ഷിക്കും. അതാ, അവിടെ ഒരാള്‍ ഒട്ടും പിടിതരാതെ നിന്ന് നാടകം കാണുന്നു. കെ ടി ആ മനുഷ്യനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മൂകമായ സദസ്സിനിടയില്‍ നിന്നതാ ഒരു പൂച്ച കരച്ചില്‍. ഒരിടത്തുനിന്നല്ല, അത് പടരുകയാണ്. കെ ടിക്കറിയാം ആ ഒറ്റയാന്‍ ഏതോ കടുത്ത അനുഭവത്തിന്റെ പുനരാവിഷ്കരണമാണിവിടെ കാണുന്നത്. പൂച്ചകരച്ചില്‍ ഉയരുന്നത് നാടകത്തിലെ ആ വൈകാരിക മുഹൂര്‍ത്തത്തിന്റെ തീക്ഷ്ണത താങ്ങാന്‍ കഴിയാത്ത കാണികളുടെ ഭാഗത്തുനിന്നാണ്. മറ്റുള്ളവരെല്ലാം ആര്‍ത്തുചിരിക്കുമ്പോഴും ഗൌരവം വിടാതെ അരങ്ങിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ആള്‍ നാടകം കഴിഞ്ഞ ഉടന്‍ വേദിയിലെത്തി നാടകകൃത്തിനെയും അഭിനേതാക്കളെയും കണ്ട് കാര്യം തുറന്നുപറയുന്നു. ഇത് തന്റെ കഥ തന്നെയാണ്. ഞാനത് കണ്ണിമവെട്ടാതെ കണ്ടു. നന്ദി. നന്ദി. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍ മടക്കയാത്രയില്‍ - മൂന്നും നാലും നാടകം കഴിഞ്ഞായിരിക്കും ചിലപ്പോള്‍ കോഴിക്കോട്ടേക്ക് മടക്കം-സംഘാംഗങ്ങളുമായി കെ ടി പങ്കുവെക്കും. ഒരു വേദിയില്‍നിന്ന് വേറൊരു വേദിയിലേക്കുള്ള യാത്രക്കിടയിലാണെങ്കിലും ഇത്തരം അനുഭവങ്ങള്‍ തങ്ങള്‍ കാണാത്ത തലങ്ങള്‍ തങ്ങളുടെ പാത്രാവിഷ്കാരത്തിന് ഉണ്ടെന്ന പാഠം പങ്കുവെക്കാന്‍ കെ ടി പ്രയോജനപ്പെടുത്തും. മടക്കയാത്ര സംഘാംഗങ്ങളുടെ സൌഭ്രാത്രം ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായി ആ മനുഷ്യകഥാനുഗായി പ്രയോജനപ്പെടുത്തുന്നു. ഓരോരുത്തരെക്കൊണ്ടും പാട്ടുപാടിക്കാനും സാധാരണനിലയില്‍ വെളിപ്പെടുത്താത്ത മറ്റു കഴിവുകള്‍ പുറത്തെടുപ്പിക്കാനും ശ്രദ്ധവെക്കുന്നു. ഇതുപോലൊരു യാത്രയിലെ പാട്ടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടക്കാണ് എസ് എം ജമീല്‍ എഴുതിയ 'ദുബായ് കത്തി'നെക്കുറിച്ചുള്ള കെ ടിയുടെ വാക്കുകള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മലയാളത്തില്‍ ഇത്ര അര്‍ഥവത്തായ വിരഹ സന്ദേശകാവ്യം ഏതുണ്ട് എന്നാണ് ആ കത്തുപാട്ടിലെ ഓരോ വരിയും ഓരോ വാക്കും എടുത്തുകാണിച്ച് കെ ടി ചോദിച്ചത്. എല്ലാവരും ഈ യാത്രകളില്‍ പരസ്പരം ചിന്തകള്‍ പങ്കുവെച്ചു, വെവ്വേറെയും കൂട്ടായും. വെറുതെയല്ല കെ ടിയുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീനടന്മാരുടെ ഒരു പുനരാവിഷ്കരണ പരിപാടിയെക്കുറിച്ച് കോഴിക്കോട്ട് ഈയിടെ അനുസ്മരണ സമിതി യോഗത്തില്‍ ആലോചന വന്നപ്പോള്‍ അവിടെ എത്തിയിരുന്നവരില്‍ കെ ടിയുടെ നാടകങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരും ഞാന്‍, ഞാന്‍ എന്ന് പറഞ്ഞ് തിക്കിത്തിരക്കി മുന്നോട്ടുവന്നത്.

    'പരാജിതനായ എഴുത്തുകാരന്‍' എന്നാണ് അവസാനനാളുകളില്‍ പക്ഷേ കെ ടി സ്വയം വിലയിരുത്തിയത്. ഏതെങ്കിലും സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണത്തിലായിരുന്നില്ല ഈ ആത്മരോദനം. കടുകിട വിട്ടുവീഴ്ചയില്ലാതെ ഒരായുസ്സു മുഴുവന്‍ താന്‍ നയിച്ച സര്‍ഗസമരത്തിന്റെ സന്ദേശം സര്‍വാത്മനാ ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും തക്കംപാര്‍ത്ത് തനിനിറം കാട്ടുകയും ചെയ്ത സമൂഹത്തിന് മുമ്പാകെ പരസ്യമായിത്തന്നെയായിരുന്നു ആ ഉള്ളുലയ്ക്കുന്ന വിലാപം. ആരു ചെവികൊടുത്തു. കെ ടി കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് സാന്ത്വനപൂര്‍വം ആര് തിരിച്ചുചോദിച്ചു. 'പരാജിതനായ മനുഷ്യന്‍' എന്നുകൂടി സ്വയം വിലയിരുത്താന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മനഷ്യകഥാനുഗായികളിലൊരാളായ ആ പാവത്താനെ കോഴിക്കോട്ടെ പുതിയങ്ങാടിയിലെ 'സുരഭില'യില്‍ ഒറ്റക്കിട്ട് നാമെല്ലാം പുതിയ വിലാപകര്‍ ഇനി ആരുണ്ട് എന്ന് അപ്പുറത്തേക്ക് കണ്ണ് നട്ടിരുന്നുവല്ലോ.
@@
കോയമുഹമ്മദ്

02 April, 2011

ലോക്സഭാ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന്റെ അനുഭവം

പതിനഞ്ചാം ലോക്സഭാതെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് രണ്ടു വര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളം 16 എംപിമാരെയാണ് യുപിഎക്ക് നല്‍കിയത്. ഈ വിജയമാണ് ജനപിന്തുണയുടെ പ്രധാന അളവുകോലായി യുഡിഎഫ് നേതൃത്വം എപ്പോഴും എടുത്തുകാണിക്കുന്നത്. എന്നാല്‍, പാര്‍ലമെന്റിലേക്ക് കോഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചവര്‍ ഇപ്പോഴത്തെ അനുഭവത്തില്‍ എവിടെയായിരിക്കും നില്‍ക്കുക? ബിജെപി വരാതിരിക്കുന്നതിനായിരുന്നു നല്ലൊരു ശതമാനം പേരും അന്ന് കോഗ്രസിന് വോട്ടു നല്‍കിയത്. ബിജെപി ഇതര പ്രതിപക്ഷം വിശ്വാസ്യതയുള്ള സംവിധാനമായിരുന്നുമില്ല. എന്നാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അങ്ങേയറ്റം വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സംവിധാനമായി രണ്ടാം യുപിഎ സര്‍ക്കാര്‍ മാറി. രണ്ടു വര്‍ഷത്തിനുള്ളില്‍ അഴിമതി ആരോപണങ്ങളില്‍പ്പെട്ട് രണ്ടു മന്ത്രിമാര്‍ രാജിവച്ചു. ആദ്യം അഴിമതിക്കേസില്‍ പിടിക്കപ്പെട്ടത് തിരുവനന്തപുരത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട് സഹമന്ത്രിയായ ശശി തരൂരാണ്. തന്റെ മന്ത്രിസ്ഥാനം ഉപയോഗിച്ച് കൊച്ചി ഐപിഎല്‍ ടീമിനുവേണ്ടി അവിഹിതമായി ഇടപെടുകയും പ്രതിശ്രുത വധുവിന്റെ പേരില്‍ വിയര്‍പ്പ് ഓഹരി സമ്പാദിക്കുകയും ചെയ്തുവെന്നതായിരുന്നു തരൂരിനെതിരെ ഉയര്‍ന്ന ആരോപണം. മന്ത്രിസ്ഥാനം രാജിവയ്ക്കാതെ തരമില്ലാത്തവിധം അഴിമതി തുറന്നുകാട്ടപ്പെട്ടു. വിവാദമായ കോമവെല്‍ത്ത് ഗെയിംസിലും കസള്‍ട്ടന്റ് പദവി വഹിച്ച് കോടികള്‍ തട്ടിയെടുത്ത ആരോപണവും തരൂരിനെതിരെ ഉയര്‍ന്നിട്ടുണ്ട്. അഴിമതികളുടെ മാതാവെന്ന് അറിയപ്പെട്ട രണ്ടാം തലമുറ സ്പെക്ട്രം അനുവദിച്ച നടപടിയിലൂടെ 1.76 ലക്ഷം കോടി രൂപയാണ് രാജ്യത്തെ ഖജനാവിന് നഷ്ടമായതെന്ന് സിഎജി കണ്ടെത്തി. ടെലികോംമന്ത്രി എ രാജയ്ക്ക് രാജിവയ്ക്കേണ്ടിവന്നു. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി രാജയെ അറസ്റ് ചെയ്തു. എന്നാല്‍, രാജയുടെ അറസ്റുകൊണ്ട് കാര്യങ്ങള്‍ അവസാനിച്ചില്ല. സ്പെക്ട്രം ഇടപാടില്‍ എല്ലാം പ്രധാനമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്ന രാജയുടെ വെളിപ്പെടുത്തല്‍ യുപിഎയുടെ വിശ്വാസ്യതയ്ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയും രാജയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ശക്തമായ തെളിവുകളാണ്. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പറ്റാത്ത സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിച്ചു. ബജറ്റ് പാസാക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാല്‍ ഗത്യന്തരമില്ലാതെ ജെപിസി അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായി. എന്നിട്ടും തെറ്റായ വഴികളിലൂടെ നേടിയ സ്പെക്ട്രം ലൈസന്‍സ് റദ്ദാക്കാന്‍ കേന്ദ്രം തയ്യാറായില്ല. സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ കൂട്ടത്തിലാണ് നീര റാഡിയ ടേപ്പ് പുറത്തുവന്നത്. ജനാധിപത്യ സംവിധാനത്തെ എങ്ങനെയാണ് കോഗ്രസ് കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്കായി കീഴ്പ്പെടുത്തുന്നുവെന്നതിന്റെ പ്രകടമായ തെളിവായിരുന്നു റാഡിയ ടേപ്പ്. കോഗ്രസ് നയിക്കുന്ന മന്ത്രിസഭയില്‍ ആരൊക്കെയാണ് ഉണ്ടാകേണ്ടതെന്നും അവരുടെ വകുപ്പുകള്‍ എന്തൊക്കെയായിരിക്കണമെന്നും വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ നിശ്ചയിക്കുന്ന അപമാനകരമായ കാഴ്ചയാണ് അതു പുറത്തുകൊണ്ടു വന്നത്. കോമവെല്‍ത്ത് ഗെയിസും ആദര്‍ശ് ഫ്ളാറ്റ് വിവാദവും കോഗ്രസിന്റെ നില കൂടുതല്‍ പരിതാപകരമാക്കി. രാജ്യത്തിന് അഭിമാനമാകേണ്ട കോമവെല്‍ത്ത് ഗെയിംസിനെ അഴിമതിയുടെ അഴിഞ്ഞാട്ടവേദിയാക്കി. കല്‍മാഡിയെ കോഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ടി നേതൃത്വസ്ഥാനത്തുനിന്ന് ഒഴിവാക്കി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അദ്ദേഹത്തെ ഒളിമ്പിക് കമ്മിറ്റി ഭാരവാഹി സ്ഥാനത്തുനിന്നു മാറ്റുന്നതിനുപോലും തയ്യാറായില്ല. ഫണ്ടിന്റെ ഭൂരിഭാഗവും കൈകാര്യംചെയ്ത ഡല്‍ഹി സംസ്ഥാനസര്‍ക്കാരിനെയും കേന്ദ്ര നഗരവികസനമന്ത്രാലയത്തെയും രക്ഷപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ആദര്‍ശ് ഫളാറ്റ് വിവാദത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്ര1ി അശോക് ചവാനെ മാറ്റി ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണ് കോഗ്രസ് ശ്രമിച്ചത്്. ഇക്കാര്യത്തില്‍ പ്രധാന പങ്ക് വഹിച്ച രണ്ടു മുന്‍ മുഖ്യമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖിനെയും സുശീല്‍ കുമാര്‍ ഷിന്‍ഡെയെയും കേന്ദ്രമന്ത്രിസഭയില്‍ തുടരാന്‍ അനുവദിച്ചതിലൂടെ കോഗ്രസിന്റെ അവസരവാദ സമീപനം ഒരിക്കല്‍കൂടി വ്യക്തമായി. പ്രധാനമന്ത്രി നേരിട്ട് പ്രതിയായ രണ്ടു സന്ദര്‍ഭമാണ് കേന്ദ്രവിജിലന്‍സ് കമീഷണര്‍ നിയമനവും എസ് ബാന്‍ഡ് ലൈസന്‍സ് നല്‍കിയതിലൂടെ രാജ്യത്തിനു രണ്ടുലക്ഷം കോടി രൂപ നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമായിരുന്ന കരാര്‍ നല്‍കിയ നടപടിയും. പാമൊലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന പി ജെ തോമസിനെ സിവിസിയായി നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതോടെ പ്രധാനമന്ത്രിയുടെ അവശേഷിച്ച വിശ്വാസ്യതയും നഷ്ടമായി. താന്‍ നേരിട്ട് കൈകാര്യംചെയ്യുന്ന ഐഎസ്ആര്‍ഒ സ്വകാര്യ കുത്തക കമ്പനിക്ക് എസ് ബാന്‍ഡ് നല്‍കാന്‍ തീരുമാനിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് കൈയൊഴിയാന്‍ പറ്റാതായതോടെ ഒടുവില്‍ കരാര്‍ റദ്ദാക്കുന്നതിന് പ്രധാനമന്ത്രി നിര്‍ബന്ധിതനായി. രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത്രയുമധികം അഴിമതി ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രിയും സഹമന്ത്രിമാരും വിധേയരായ സന്ദര്‍ഭം രാജ്യത്തിന്റെ ചരിത്രത്തിലുണ്ടാകില്ല. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യന്‍ കള്ളപ്പണത്തിന്റെ കണക്കുകള്‍ പലതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതും ഇക്കാലയളവിലാണ്. 70 ലക്ഷം കോടി രൂപയിലധികം പണം വന്‍കിട അക്കൌണ്ടുകളില്‍ മാത്രമായി ഉണ്ടെന്നാണ് പറയുന്നത്. ഈ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ കള്ളപ്പണക്കാരെ സംരക്ഷിക്കുന്ന കേന്ദ്രത്തിന്റെ നടപടി സുപ്രീംകോടതിയുടെ വിമര്‍ശത്തിനുവരെ വിധേയമായി. അമേരിക്ക എങ്ങനെയാണ് കോഗ്രസ് ഭരണത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്ന കാര്യം വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവന്നു. പെട്രോളിയംവകുപ്പില്‍നിന്ന് മണിശങ്കര്‍അയ്യരെ മാറ്റിയതും മുരളി ദേവ്റയെ നിയമിച്ചതും അമേരിക്കയുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണെന്നാണ് കേബിളുകള്‍ പുറത്തുകൊണ്ടുവന്നത്. ഈ മന്ത്രിസഭയില്‍ ആനന്ദ്ശര്‍മയും കപില്‍ സിബലും ഉള്‍പ്പെടുന്ന നിരവധിപേര്‍ തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നവരാണെന്നാണ് അമേരിക്കന്‍ എംബസി നല്‍കിയ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്ത ഇക്കൂട്ടര്‍ ആരുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന കൊടുക്കുക എന്ന കാര്യത്തില്‍ പിന്നെ വല്ല സംശയവും വേണോ? ഇറാന്‍ പ്രശ്നത്തിലും ആണവകരാര്‍ പ്രശ്നത്തിലും അമേരിക്ക എങ്ങനെയാണ് ഇന്ത്യയെ നിയന്ത്രിച്ചിരുന്നതെന്ന് ഈ രേഖകള്‍ പുറത്തുകൊണ്ടുവന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് ഒരു വിലയും കല്‍പ്പിക്കാത്ത സര്‍ക്കാരിനുവേണ്ടിയാണോ ജനം വോട്ടുചെയ്തത്? പണം നല്‍കിയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ ഭൂരിപക്ഷം സംഘടിപ്പിച്ചതെന്ന വിവരവും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന കാര്യങ്ങളിലുണ്ട്. രാജ്യത്തിന്റെ താല്‍പ്പര്യംപോലും ബലികഴിച്ച് ഒപ്പിട്ട കരാറിനുശേഷം ഒരു പുതിയ ആണവനിലയവും ആരംഭിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല. ജപ്പാനിലെ ആണവവികിരണത്തിനുശേഷം ഒരു രാജ്യവും ആണവനിലയം ആരംഭിക്കാന്‍ തയ്യാറാകുമെന്ന് തോന്നാത്ത സാഹചര്യത്തില്‍ പരമാധികാരം പണയപ്പെടുത്തിയതിനും ജനാധിപത്യം ദുര്‍ബലപ്പെടുത്തിയതിനും എന്തു സമാധാനമാണ് ഇപ്പോള്‍ കോഗ്രസ് പറയുക? കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് ജനങ്ങള്‍ നല്‍കിയ ഒരു വാഗ്ദാനവും നടപ്പാക്കാന്‍ ക്രേന്ദസര്‍ക്കാര്‍ തയ്യാറായില്ല. 35 കിലോ അരിയോ ഗോതമ്പോ കിലോയ്ക്ക് മൂന്നുരൂപ നിരക്കില്‍ നല്‍കുന്നതിനായി പുതിയ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷം രണ്ടായി. ഒരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല. മറുവശത്ത് പെട്രോളിന്റെ വില യഥേഷ്ടം നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കി. പാചകവാതകത്തിന്റെ സബ്സിഡി ബിപിഎല്ലുകാര്‍ക്കുമാത്രം മതിയെന്ന പുതിയ പ്രഖ്യാപനം കേരളത്തിലെ എല്ലാ കുടംബങ്ങള്‍ക്കും അധികഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. ഭക്ഷ്യധാന്യങ്ങളുടെയും രാസവളത്തിന്റെയും സബ്സിഡി പുതിയ രൂപത്തില്‍ നടപ്പാക്കാനുള്ള നീക്കവും കേരളത്തിലെ വിഖ്യാതമായ പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്നതാണ്. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ അതിരൂക്ഷ വിമര്‍ശത്തിന് പല തവണ ഇരയായി. ബാങ്കിങ് മേഖലയും ഇന്‍ഷുറന്‍സ് രംഗവും ഉള്‍പ്പെടെ എല്ലാ മേഖലയും വിദേശകുത്തകകള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണപ്രക്രിയയിലാണ് രണ്ടാം യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് വോട്ട് ചെയ്തത് ഇതിനായിരുന്നോ എന്ന സംശയം ഉയരുക സ്വാഭാവികം. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം ജനവിരുദ്ധമായ മറ്റൊരു സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടാകില്ല. ലോക്സഭാതെരഞ്ഞെടുപ്പില്‍ കോഗ്രസിന് വോട്ട് ചെയ്തുപോയത് അബദ്ധമായല്ലോ എന്നു ചിന്തിക്കുന്ന ജനങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്.
@@
പി രാജീവ്

യുഡിഎഫ് പത്രികയ്ക്ക് നവ ഉദാരവല്‍ക്കരണ മുഖം

നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിന്റെ പിന്തിരിപ്പനും അതീവ അപകടകരവുമായ മാനിഫെസ്റോയാണ് യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇത് കേരളത്തെ തകര്‍ക്കുന്നതും ജനങ്ങളെ പാപ്പരീകരിക്കുന്നതുമാണ്. ഒരുരൂപ അരി തുടങ്ങിയ നിര്‍ദേശങ്ങള്‍ വലിയ ചതിയെ പൊതിയാനുള്ള വര്‍ണക്കടലാസ് മാത്രമാണ്. 1991ല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ പുത്തന്‍ സാമ്പത്തികനയത്തിന്റെ ഫലമായി കാര്‍ഷിക, വ്യാവസായിക രംഗങ്ങളിലടക്കം ദോഷകരമായ പ്രത്യാഘാതമുണ്ടായി. ഈ നയം ഇന്നത്തെ കാലത്ത് ഏറ്റവും വഷളായ രൂപത്തില്‍ ശക്തമായും വ്യാപകമായും നടപ്പാക്കുകയാണ് മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. ഇതിന് ബദലായ സാമ്പത്തികനയവും പരിപാടിയുമാണ് അഞ്ചാണ്ടിലായി കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. അതുകൊണ്ടാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ട കാര്‍ഷികപ്രതിസന്ധിയും കെടുതിയും കര്‍ഷക ആത്മഹത്യയും കേരളത്തില്‍ പൊതുവില്‍ ഒഴിവായത്. വയനാട്ടിലടക്കം കര്‍ഷക ആത്മഹത്യയും പട്ടിണിമരണവും ഉണ്ടാകാത്തത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ കൊണ്ടാണെന്ന അവകാശവാദം കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി നടത്തിയതായി കണ്ടു. ഇത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. വിദര്‍ഭയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കര്‍ഷക ആത്മഹത്യ കുറയുകയല്ല കൂടുകയാണ് ചെയ്തത്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ഒരേ കക്ഷി സര്‍ക്കാര്‍ ഭരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന ആന്റണിയുടെ സങ്കല്‍പ്പത്തിന് നിരക്കാത്തതാണ് വിദര്‍ഭ അനുഭവവും കേരള കാഴ്ചകളും. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കോഗ്രസോ കോഗ്രസ് മുന്നണിയോ ആണ് ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ കാര്‍ഷിക-വ്യവസായ നയത്തിന്റെ ദോഷകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് കര്‍ഷകജനവിഭാഗങ്ങളെയും വ്യവസായത്തൊഴിലാളികളെയും പരമ്പരാഗത തൊഴിലാളികളെയും സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. അതുപോലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും മികച്ച നേട്ടങ്ങളുണ്ടാക്കി. എന്നാല്‍, ഇതിനെയെല്ലാം തകര്‍ക്കുകയും കേരളത്തിലെ കാര്‍ഷിക, വ്യവസായ, സേവനമേഖലകളെ വീണ്ടും കടുത്ത പ്രതിസന്ധിയില്‍ ആഴ്ത്താനുള്ള നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം നാടിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ളതാണ് യുഡിഎഫ് പ്രകടനപത്രിക. ഇത് നടപ്പാക്കാന്‍ ജനങ്ങള്‍ യുഡിഎഫിന് അവസരം കൊടുത്താല്‍ ഇതുവരെ കാണാത്തത്ര കടുത്തതും സര്‍വതലസ്പര്‍ശിയുമായ അത്യഗാധ പ്രതിസന്ധിയുടെ ഗര്‍ത്തത്തില്‍ സംസ്ഥാനം വീഴും. യുപിഎ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം പകര്‍ത്തിയതു കാരണം കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വലിയ തകര്‍ച്ചയിലായിരുന്നു 2006 വരെ കേരളം. സാമൂഹ്യമേഖലയായ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളും വലിയ കുഴപ്പത്തിലായിരുന്നു. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ കുടിശ്ശികയാക്കി. പൊതുവിതരണ സമ്പ്രദായം തകര്‍ത്ത് വിലക്കയറ്റം അനിയന്ത്രിതമാക്കി. ഈ കോട്ടങ്ങള്‍ മറികടന്ന് നാടിനെ ഐശ്വര്യത്തിലേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ നയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന് ബദല്‍ അവതരിപ്പിച്ചുകൊണ്ടാണ്. അതും ഭരണഘടനയുടെയും കേന്ദ്രസര്‍ക്കാരിന്റെ നയസമീപനത്തിന്റെയും പരിധികളും വിഭവസമൃദ്ധിയുടെ കുറവിനെയും അതിജീവിച്ചാണ്. യുഡിഎഫ് പ്രകടനപത്രിക നിര്‍ദേശിക്കുന്നത് കോര്‍പറേറ്റ് കൃഷിയും കരാര്‍ കൃഷിയുമാണ്. കൃഷിയെ രക്ഷിക്കാന്‍ കൃഷിഭൂമി ആര്‍ക്കും കൈമാറാമെന്നും കൃഷിഭൂമിയില്‍ കൃഷിചെയ്യാന്‍ മറ്റുള്ളവരെ അനുവദിക്കാമെന്നുമാണ് പറയുന്നത്. ഇതിനുവേണ്ടി നിയമസുരക്ഷിതത്വവും നല്‍കും. കൃഷിഭൂമിയെ ആശ്രയിച്ച് ജീവിക്കുന്ന പാവപ്പെട്ടവരെയും കര്‍ഷകരെയും പുറത്താക്കി ഭൂമിയും കൃഷിയും കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള അപകടകരമായ നിര്‍ദേശമാണ് യുഡിഎഫിന്റേത്. കര്‍ഷകനെയും കൃഷിഭൂമിയെയും കേന്ദ്രസ്ഥാനത്തുനിര്‍ത്തി കാര്‍ഷികമേഖലയെ രക്ഷിക്കാനാണ് കേരളസര്‍ക്കാര്‍ പരിശ്രമിച്ചത്. അതിന്റെ ഫലമായി നെല്‍കൃഷി വ്യാപിക്കുകയും ഉല്‍പ്പാദനവും വന്‍തോതില്‍ കൂടുകയും ചെയ്തു. പാല്‍, മുട്ട, മത്സ്യസമ്പത്ത് എന്നിവയുടെ ഉല്‍പ്പാദനവും വര്‍ധിച്ചു. എന്നാല്‍, ഈ മുന്നേറ്റത്തെ തകിടംമറിക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തില്‍ അധിഷ്ഠിതമാണ് യുഡിഎഫ് പ്രകടനപത്രിക. പൊതുമേഖലാ യൂണിറ്റുകളുടെ ഉടമസ്ഥാവകാശം പൊതുജനങ്ങളില്‍ അധിഷ്ഠിതമാക്കുന്ന ചട്ടങ്ങള്‍ക്ക് രൂപംനല്‍കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ നിര്‍ദേശം ഏറ്റവും അപകടകരമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സ്വകാര്യവല്‍ക്കരണം മറയിട്ടു നടപ്പാക്കാനുള്ള ഉപായമാണ് ഇത്. ഉടമസ്ഥാവകാശം പൊതുജനങ്ങള്‍ക്ക് നല്‍കുമെന്നത് സ്വകാര്യവല്‍ക്കരണത്തിനുള്ള 'സംസ്കൃത'മാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 44 പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലായിരുന്നു. എന്നാല്‍, സ്വകാര്യവല്‍ക്കരണ പാത സ്വീകരിക്കാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലയെ ശക്തിപ്പെടുത്തിയപ്പോള്‍ വ്യവസായസ്ഥാപനങ്ങളെ ലാഭത്തിലാക്കാനും പൊതുമേഖലയില്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാനും കഴിഞ്ഞു. പശ്ചാത്തലവികസനരംഗവും ബഹുരാഷ്ട്ര കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുക്കുന്നതാണ് യുഡിഎഫിന്റെ മറ്റൊരു നിര്‍ദേശം. സ്വകാര്യമേഖലയ്ക്കു പുറമെ വിദേശ കുത്തകകള്‍ക്കുകൂടി വിദ്യാഭ്യാസത്തെ എറിഞ്ഞുകൊടുക്കുന്നതാണ് മറ്റൊരു അപകടകരമായ നയം. കേരളം ഇന്ന് ആര്‍ജിച്ച നേട്ടങ്ങള്‍ക്കു പിന്നില്‍ വിദ്യാഭ്യാസമുള്ള ജനത എന്ന ഘടകം പ്രധാനമാണ്. പാവപ്പെട്ടവരെ ഇതിന് പ്രാപ്തരാക്കിയത് ഒന്നാം കമ്യൂണിസ്റ് മന്ത്രിസഭയുടെ കാലംമുതല്‍ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസനയമാണ്. പൊതുവിദ്യാലയങ്ങളെയും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തകര്‍ത്ത് അവിടേക്കുപോലും പ്രൈവറ്റ് സ്പോസര്‍ഷിപ്പ് നല്‍കുന്നതിനുള്ള നിര്‍ദേശവും യുഡിഎഫ് ഉന്നയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വിദേശ-സ്വദേശ ഏജന്‍സികള്‍ക്ക് കടന്നുവരുന്നതിനുള്ള അനുമതി നല്‍കാനുള്ള നിര്‍ദേശം സദുദ്ദേശ്യപരമല്ല. നേഴ്സിങ്, എന്‍ജിനിയറിങ്, മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുമെന്നത് ഈ വിഭാഗങ്ങളോടുള്ള കൂറല്ല, ഇവരുടെ പേരില്‍ വിദ്യാഭ്യാസക്കച്ചവടം നടപ്പാക്കുന്നതിനുള്ള അഭ്യാസമാണ്. ആരോഗ്യരംഗം, വിദ്യാഭ്യാസം എന്നിവ സ്വകാര്യമേഖലയ്ക്കായി അടിയറവയ്ക്കുകയാണ് യുഡിഎഫ്. ടൂറിസംമേഖല അന്താരാഷ്ട്ര ഭീമന്മാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും തുറന്നുകൊടുക്കാനുള്ള നിര്‍ദേശം നടപ്പാക്കിയാല്‍ കേരളത്തിന്റെ സാംസ്കാരികവും സാമ്പത്തികവുമായ അവസ്ഥ മോശമാകുമെന്ന കാര്യം ഉറപ്പാണ്. ബിപിഎല്‍, എപിഎല്‍ നിര്‍ണയത്തെച്ചൊല്ലി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. എല്‍ഡിഎഫ് മുന്നോട്ടുവെക്കുന്നതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി 11 ലക്ഷം എന്ന അംഗസംഖ്യയില്‍ ദരിദ്രവിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള തെറ്റായ മാനദണ്ഡമാണ് യുഡിഎഫ് മുന്നോട്ടുവെക്കുന്നത്. ഇങ്ങനെ ഏതുവിധത്തില്‍ നോക്കിയാലും കേരളത്തിന്റെ താല്‍പ്പര്യങ്ങളെ മുച്ചൂടും തകര്‍ക്കുന്നതാണ് യുഡിഎഫ് പ്രകടനപത്രിക.
എസ് രാമചന്ദ്രന്‍ പിള്ള

30 March, 2011

ഹജ്ജ് കച്ചവടത്തിന്റെ അണിയറ രഹസ്യങ്ങള്‍

സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാര്‍ തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചാണ് സാധാരണയായി പരാതികളും പരിഭവങ്ങളും ഉയര്‍ന്നുകേള്‍ക്കാറ്. എന്നാല്‍, വിശുദ്ധതീര്‍ഥാടനത്തെ വാണിജ്യവത്കരിക്കുന്നതില്‍ ഒന്നാംസ്ഥാനത്ത് കേന്ദ്ര ഭരണകൂടം തന്നെയാണ് എന്ന കാര്യം പലര്‍ക്കുമറിയില്ല. ഹജ്ജിനെ വന്‍ ബിസിനസായി മാറ്റിയെടുത്തതില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇ. അഹമ്മദ് നിസ്സാരമല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് അതിന്റെ നേട്ടങ്ങള്‍ കൊയ്യുന്നത് ജാതിമത വ്യത്യാസമില്ലാതെ വിദേശമന്ത്രാലയ ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് നേതാക്കളുമാണ് എന്ന വ്യത്യാസമേയുള്ളൂ.
വിദേശകാര്യ വകുപ്പില്‍ മുസ്‌ലിംമന്ത്രി ഉണ്ടായിട്ടും ഹജ്ജ് എസ്.എം. കൃഷ്ണ സ്വന്തമാക്കി വെച്ചിരിക്കയാണ്. വകുപ്പ് സത്യസന്ധമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന് സാധിക്കുകയില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും സോണിയഗാന്ധിയുടെയും ആശീര്‍വാദത്തോടെയാണ് അഹമ്മദിനെ വകുപ്പില്‍നിന്ന്  അകറ്റിനിര്‍ത്തുന്നതെന്ന ധാരണ പരത്തുന്നതില്‍ കൃഷ്ണയുടെ ആള്‍ക്കാര്‍ വിജയിച്ചിട്ടുമുണ്ട്.  എന്നാല്‍, കൃഷ്ണക്ക് കീഴിലും സ്വജനപക്ഷപാതവും കൊള്ളരുതായ്മകളുമാണ് നടമാടുന്നതെന്നാണ് അരമനരഹസ്യം.
ഗവണ്‍മെന്റ് ക്വോട്ടയുടെ പേരില്‍ മൂന്നു നാല് കൊല്ലമായി 11,000 പേരുടെ അവസരമാണ് വിദേശമന്ത്രാലയം കവര്‍ന്നെടുക്കുന്നത്. ഇ. അഹമ്മദ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന 2009 മുതല്‍ക്കാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി എത്തുന്ന ഹാജിമാരുടെ (ഏകദേശം 1.2 ലക്ഷം) പത്ത് ശതമാനം സീറ്റ് ഗവണ്‍മെന്റ് ക്വോട്ടയായി  മാറ്റിവെക്കാന്‍ തുടങ്ങിയത്. മുമ്പ് ആയിരം സീറ്റ്  മാത്രമേ മാറ്റിവെച്ചിരുന്നുള്ളൂ. ക്വോട്ട, വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് യഥേഷ്ടം വിനിയോഗിക്കാം എന്ന് വരുത്തിത്തീര്‍ത്തിട്ടുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇക്കാര്യത്തില്‍ നോക്കുകുത്തി മാത്രമാണ്. കച്ചവടവും തിരിമറിയും അരങ്ങേറുന്നത് സൗദി അധികൃതരുമായി ഒപ്പുവെക്കുന്ന കരാറിന്റെ മറവിലാണ്. ഈ പകല്‍ക്കൊള്ളക്കെതിരെ പ്രൈവറ്റ് ടൂര്‍ ഓപറേറ്റര്‍മാരിലൊരാളായ മുഹമ്മദ് തസ്‌നീഫ് ഖാന്‍ കഴിഞ്ഞവര്‍ഷം മധ്യപ്രദേശ് ഹൈകോടതിയെ സമീപിച്ചപ്പോള്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി  സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലൂടെ കണേ്ണാടിച്ചാല്‍ മനസ്സിലാവും പച്ചക്കള്ളം നിരത്തിയാണ് നീതിപീഠത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചതെന്ന്. ഗവണ്‍മെന്റ് ക്വോട്ടയുടെ സാധൂകരണത്തിന്ഡോ. ഹാമിദ് അന്‍സാരി  (ഇപ്പോഴത്തെ ഉപരാഷ്ട്രപതി) ചെയര്‍മാനായുള്ള ഒരു കമ്മിറ്റി വിഷയം പഠിച്ച് 2006 ല്‍ മന്ത്രിസഭ ഉപസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും അതിന് കാബിനറ്റ് അംഗീകാരം നല്‍കിയതും എടുത്തുപറയുന്നുണ്ട്. തീര്‍ഥാടകരുടെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെയും ഹജ്ജ് കമ്മിറ്റി ഭാരവാഹികളുടെയും മറ്റും ആവശ്യത്തിലേക്കായി ചെറിയൊരു ക്വോട്ട മാറ്റിവെക്കാമെന്നു മാത്രമാണ് സമിതി ശിപാര്‍ശ ചെയ്തിരുന്നത്. അങ്ങനെയാണ് ആയിരം സീറ്റ് വീതം മാറ്റിവെക്കാന്‍ തുടങ്ങിയത്. 2009 ല്‍ സൗദി ഗവണ്‍മെന്റില്‍നിന്ന് അധിക ക്വോട്ടയായി കിട്ടിയ 10,000വും സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കാതെ മന്ത്രി തന്നെ കൈകാര്യം ചെയ്തതോടെയാണ് ഈ വലിയ കച്ചവടത്തിന് സ്ഥായീഭാവം കൈവരുന്നത്. കഴിഞ്ഞ വര്‍ഷം വകുപ്പ് കൈകാര്യം ചെയ്യാന്‍ മന്ത്രിയുണ്ടായിരുന്നില്ലെങ്കിലും ഗവണ്‍മെന്റ് ക്വോട്ടയായി 11,000 നീക്കിവെച്ചു.  45,000 ത്തിന്റെ ക്വോട്ട 583 സ്വകാര്യ ഹജ്ജ് ഓപറേറ്റര്‍മാര്‍ക്ക് വീതിച്ചുകൊടുത്തപ്പോള്‍ പലര്‍ക്കും കിട്ടാതെപോയി. ഗവണ്‍മെന്റ് ക്വോട്ടയില്‍നിന്നെങ്കിലും തങ്ങളുടെ വിഹിതം ലഭിക്കണമെന്ന് ന്യായാസനത്തോട് ചിലര്‍ അഭ്യര്‍ഥിച്ചു. അവരുടെ ആവശ്യം നിരസിക്കുന്നതിന് കോടതി മുമ്പാകെ വിദേശകാര്യ മന്ത്രാലയം കള്ളക്കണക്ക് സമര്‍പ്പിച്ചു. ആ കണക്ക് പ്രകാരം 11,000 സീറ്റ് വീതംവെച്ചിരിക്കുന്നത് ഇപ്രകാരമാണ്: ഖാദിമുല്‍ ഹുജ്ജാജ് (ഓരോ സംസ്ഥാനത്തുനിന്നും ഹാജിമാരെ സേവിക്കുന്നതിന് അയക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍) -300, മഹ്‌റം (സ്ത്രീകളെ അനുഗമിക്കുന്ന പുരുഷന്മാര്‍)- 400, പുണ്യഭൂമിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആളെ അയക്കാന്‍ ഹജ്ജ് കമ്മിറ്റിക്ക് നല്‍കുന്നത് -500, ജമ്മു-കശ്മീരിന്റെ പ്രത്യേകത കണക്കിലെടുത്ത് നല്‍കുന്നത്-1500, ലക്ഷദ്വീപിന് പ്രത്യേകമായി -239, സംസ്ഥാനങ്ങള്‍ക്ക് ഓരോ സ്ഥലത്തെയും മുസ്‌ലിം ജനസംഖ്യക്കും ഹജ്ജ് അപേക്ഷകരുടെ എണ്ണത്തിനും ആനുപാതികമായി നല്‍കുന്നത് -2500, ബോറാ സമുദായത്തിന് പ്രത്യേകമായി നീക്കിവെക്കുന്നത് -2500, ഓരോ പാര്‍ലമെന്റംഗത്തിനും ശരാശരി മുമ്മൂന്ന് വീതം മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍ക്കുമായി വീതിച്ചുകൊടുക്കുന്നത് -3000 (നറുക്കെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടാത്ത വൃദ്ധജനത്തിന് നല്‍കാനാണത്രെ ഇത്് ).
 തീര്‍ത്തും വാസ്തവവിരുദ്ധമായ വിവരങ്ങള്‍ നല്‍കി മന്ത്രാലയം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. വിവാഹബന്ധം പാടില്ലാത്തവരുടെ (മഹ്‌റം) കൂടെ നല്‍കിയാലേ അപേക്ഷ സ്വീകരിക്കൂ എന്നിരിക്കെ ആ ഇനത്തില്‍ 400 പേര്‍ക്ക് അവസരം നല്‍കി എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അതുപോലെ ജമ്മു-കശ്മീരിന് പ്രത്യേകമായി ക്വോട്ടയൊന്നും അനുവദിക്കാറില്ല. ഓരോ സംസ്ഥാനത്തെയും മുസ്‌ലിം ജനസംഖ്യയുടെ ആനുപാതികമായാണ് ക്വോട്ട നിര്‍ണയിക്കുന്നത്. ഗവണ്‍മെന്റ് ക്വോട്ട വഴി 2010 ല്‍ ഹജ്ജിനെത്തിയവരുടെ കണക്ക് പരിശോധിച്ചാല്‍ (ടേബ്ള്‍ കാണുക) മനസ്സിലാകും കല്ലുവെച്ച നുണയാണ് മന്ത്രാലയം നിരത്തിയതെന്ന്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍നിന്ന് ക്വോട്ടയില്‍ 47 പേര്‍ മാത്രമാണ് എത്തിയതെന്ന് ഹജ്ജ് മിഷന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നു. ഖാദിമുല്‍ ഹുജ്ജാജിനു പുറമെ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ആളുകളെ അയക്കുന്നില്ല. 500 ഉദ്യോഗസ്ഥര്‍ എത്തുന്നത് ഒഫിഷ്യല്‍ വിസയിലാണ്. സൗദി ഭരണകൂടം ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായാണ് ക്വോട്ട നിശ്ചയിക്കുന്നത്. രാജ്യത്തെ ഓരോ വിശ്വാസിയുടെയും അവകാശമാണത്. അതില്‍നിന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വീതിച്ചുകൊടുക്കുന്നത് അനീതിയാണ്. അത് മറച്ചുവെക്കുന്നതിനാണ് പ്രായാധിക്യമുള്ളവര്‍ക്ക് നല്‍കാനാണ് എം.പിമാര്‍ക്ക് മുമ്മൂന്ന് സീറ്റ് അലോട്ട് ചെയ്യുന്നതെന്ന് കള്ളം പറയുന്നത്. ഭൂരിഭാഗം അംഗങ്ങള്‍ക്കും, വിശിഷ്യാ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് സീറ്റ് കിട്ടാറേയില്ലത്രെ. കിട്ടിയവര്‍ തന്നെ ഏതെങ്കിലും രാഷ്ട്രീയക്കാരനോ ട്രാവല്‍ ഏജന്‍സിക്കോ മറിച്ചുകൊടുക്കും.
ഹജ്ജുമായി ബന്ധപ്പെട്ടതെല്ലാം കച്ചവടമായതോടെ തൊട്ടവനെല്ലാം ലാഭം കൊയ്യാന്‍ തുടങ്ങി. അതോടെ, അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തിവാണു. മുസ്‌ലിം മത-രാഷ്ട്രീയ നേതൃത്വത്തിന്റെ അലംഭാവവും ശ്രദ്ധക്കുറവുമാണ് ഇതിന് പ്രധാന കാരണം. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ക്വോട്ടയില്‍ ഏറ്റവും കൂടുതല്‍ ഹാജിമാര്‍ വന്നത് ഗുജറാത്തില്‍നിന്നാണ്- 2021 പേര്‍. അതേസമയം, ഹജ്ജിന് അപേക്ഷിച്ചവരില്‍ പകുതി പേര്‍ക്കും അവസരം ലഭിക്കാത്ത കേരളത്തില്‍നിന്ന് എത്തിയത് 440 പേര്‍ മാത്രം. ഇതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം റെഡി-കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ രാഷ്ട്രീയകാര്യ  ഉപദേഷ്ടാവ് അഹ്മദ്പട്ടേലിന്റെ (ദുഃ)സ്വാധീനം. 20 ശതമാനത്തോളം മുസ്‌ലിം ജനസംഖ്യയുള്ള ആന്ധ്രക്ക് കേവലം 96 സീറ്റ് അനുവദിച്ചപ്പോള്‍ അതിന്റെ പകുതിപോലും മുസ്‌ലിംകളില്ലാത്ത കര്‍ണാടകയില്‍നിന്ന് 854 പേരാണ് സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിനെത്തിയത്. കാരണം? വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ കര്‍ണാടകക്കാരനായതുതന്നെ. മിക്കവാറും കേന്ദ്ര ക്വോട്ട കരിഞ്ചന്തയിലേക്കാണ് പോവുന്നത്. അല്ലെങ്കില്‍ രാഷ്ട്രീയപരിലാളനത്തിന്. വിദേശകാര്യമന്ത്രാലയത്തിന്റെ ഇടനാഴിയില്‍ ഇതിനായി ഏജന്റുമാരും ബ്രോക്കര്‍മാരും അലയുന്നുണ്ട്. ഡിമാന്റ് കൂടുമ്പോള്‍ ഒരു 'തസ്‌രീഹിന്' 60000-75000രൂപ വരെ ഈടാക്കാമെന്ന് രാഷ്ട്രീയ കങ്കാണിമാര്‍ മനസ്സിലാക്കിയിട്ടുണ്ട്. 10,000 തസ്‌രീഹ് വഴി കീശയിലെത്തുന്ന വരുമാനത്തെക്കുറിച്ച് ഒന്നു  കണക്കു കൂട്ടി നോക്കൂ!
ഹജ്ജ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘം എന്നുപറഞ്ഞ് 35 നേതാക്കളും അവരുടെ കുടുംബങ്ങളും രണ്ടാഴ്ചയോളം സുഖവാസത്തിനെത്തുന്നത്. ഇന്ത്യയല്ലാത്ത ഒരു രാജ്യവും ഇത്രയും വലിയ 'ഗുഡ്‌വില്‍ ഡെലിഗേഷനെ' അയക്കാറില്ല. പുണ്യഭൂമിയില്‍ രണ്ടുമാസത്തെ സേവനത്തിന് അയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍പോലും രാഷ്ട്രീയ ഇടപെടലുകളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുമ്പ് സേവനരംഗത്ത് മികവ് പുലര്‍ത്തിയവരെ അയക്കണമെന്ന ഹജ്ജ് മിഷന്റെ അഭ്യര്‍ഥന ചെവിക്കൊള്ളാതെ ഓരോ സംസ്ഥാനത്തുനിന്നും പിന്‍വാതിലിലൂടെ കയറിക്കൂടുന്നവരെയാണ് വിദേശകാര്യ മന്ത്രാലയം നിയോഗിക്കാറ്.
ഈ വര്‍ഷത്തെ ഹജ്ജിന് തയാറെടുപ്പ് തുടങ്ങിയിരിക്കെ, ഈ വിഷയങ്ങളില്‍ പൊതുസംവാദം വേണം. വിദേശകാര്യ മന്ത്രാലയത്തിന്റെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യപ്പെടണം. കേന്ദ്ര ക്വോട്ടക്കെതിരെ ആവശ്യമാണെങ്കില്‍ സുപ്രീം കോടതിയെത്തന്നെ സമീപിക്കണം. ഹജ്ജ് പ്രതിനിധി സംഘത്തില്‍ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്ന് മുസ്‌ലിംനേതൃത്വം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തണം.
കഴിഞ്ഞ വര്‍ഷം
ഗവണ്‍മെന്റ് ക്വോട്ടയില്‍
ഹജ്ജിനെത്തിയവര്‍
ആന്ധ്രപ്രദേശ്                                 96
ഛത്തിസ്ഗഢ്                                 64
ദല്‍ഹി                                           410
ഗുജറാത്ത്                                     2021 
ഹരിയാന                                       83  
ജമ്മു-കശ്മീര്‍                                  47
കര്‍ണാടക                                     854   
കേരള                                           440
ലക്ഷദ്വീപ്                                      150
മഹാരാഷ്ട്ര                                    626 
മധ്യപ്രദേശ്                                    244  
പഞ്ചാബ്                                      88
രാജസ്ഥാന്‍                                      473
തമിഴ്‌നാട്                                     393
ഉത്തരഖണ്ഡ്                                    74
ഉത്തര്‍പ്രദേശ്                                  724

Courtesy: Madhyamam daily 29.03.2011

26 March, 2011

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍

വിക്കിലീക്സ് വെളിപ്പെടുത്തലുകളുടെ സ്ഫോടനശേഷി ടുണീഷ്യയിലും ഈജിപ്തിലും തെളിഞ്ഞതാണ്. ഈ രണ്ട് രാജ്യത്തും ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് തീര്ച്ചയായും രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ കാരണങ്ങളുണ്ടായിരുന്നു. എന്നാല്, ജനരോഷം ഉയരാന് രാസത്വരകമായി പ്രവര്ത്തിച്ചത് ഭരണാധികാരികളുടെ അഴിമതിയും സമ്പത്തിന്റെ കുന്നുകൂട്ടലും സംബന്ധിച്ച് വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകളാണ്. ടുണീഷ്യയിലെ സമ്പത്തിന്റെ ഭൂരിഭാഗവും ബിന് അലി കുടുംബത്തിന്റെ അധീനതയിലാണെന്ന് സ്ഥിരീകരിച്ച് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങള് വിക്കിലീക്സ് വെളിപ്പെടുത്തി. ഈജിപ്തില് ഹൊസ്നി മുബാറക് കൊള്ളയടിച്ച ഭീമമായ സ്വത്തിന്റെ വിവരങ്ങളും വിക്കിലീക്സ് ജനങ്ങളുടെ മുന്നില് കൊണ്ടുവന്നു. ദാരിദ്ര്യം കൊടികുത്തി വാഴുന്ന രാജ്യങ്ങളില് ഭരണാധികാരികള് നടത്തുന്ന കൊള്ളയും ഇവരുടെ സാമ്രാജ്യത്വദാസ്യവും സ്വാഭാവികമായും ജനങ്ങളെ ചൊടിപ്പിച്ചു. വന്പ്രക്ഷോഭത്തിന്റെ ഫലമായി ഇരുഭരണാധികാരികളും സ്ഥാനഭ്രഷ്ടരാകുകയും ചെയ്തു.

ന്യൂഡല്ഹിയില്നിന്ന് അമേരിക്കന് നയതന്ത്രജ്ഞര് വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളിലും നമ്മുടെ രാജ്യത്തെ ഞെട്ടിപ്പിക്കുന്ന അഴിമതിയുടെ വിവരണങ്ങളാണ്. ഒപ്പം ഭരണവര്ഗം നടത്തുന്ന അമേരിക്കന്പ്രീണനത്തിന്റെ ലജ്ജിപ്പിക്കുന്ന കഥകളും. ഇടതുപക്ഷ പാര്ടികള് ചൂണ്ടിക്കാട്ടിവന്ന കാര്യങ്ങള് നൂറുശതമാനവും ശരിയാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. ആണവകരാര് നടപ്പാക്കാന് മന്മോഹന്സിങ്ങും സോണിയ ഗാന്ധിയും രാഹുലും കാട്ടുന്ന വ്യഗ്രത, ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് 2008ല് പാര്ലമെന്റില് നടന്ന വിശ്വാസവോട്ട് അതിജീവിക്കാന് എംപിമാരെ വിലയ്ക്കെടുത്തത്, ഇറാന്വാതകപൈപ്പ്ലൈന് പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച മണിശങ്കര് അയ്യരെ പെട്രോളിയംമന്ത്രാലയത്തില്നിന്ന് പുറത്താക്കിയത്- ഇങ്ങനെ മുമ്പ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയപ്രചാരണമെന്ന പേരില് കോണ്ഗ്രസ് നിഷേധിച്ച സര്വസംഗതികളും വസ്തുതയാണെന്ന് തെളിഞ്ഞു.

കേരളരാഷ്ട്രീയത്തില് അമേരിക്കന് ചാരസംഘടന സിഐഎ പുലര്ത്തുന്ന താല്പ്പര്യവും നടത്തിയ ഇടപെടലുകളും ഇടതുപക്ഷം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ പല മാധ്യമങ്ങളും ഇക്കാര്യത്തില് സിപിഐ എം നേതാക്കളെ പരിഹസിക്കാനാണ് മുതിര്ന്നിട്ടുള്ളത്. കേരളത്തില് എന്തു നടന്നാലും അമേരിക്കയ്ക്ക് എന്താണ് പ്രശ്നമെന്നാണ് ഇവര് ചോദിച്ചിരുന്നത്. എന്നാല്, ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും നടക്കുന്ന കാര്യങ്ങള് അമേരിക്ക സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണെന്ന് നയതന്ത്രജ്ഞരുടെ സന്ദേശങ്ങള് വെളിപ്പെടുത്തുന്നു. പത്രറിപ്പോര്ട്ടര്മാര് പ്രവര്ത്തിക്കുന്നതുപോലെയാണ് അമേരിക്കന് ഉദ്യോഗസ്ഥര് ഓരോ സംഭവത്തിലും വാഷിങ്ടണിലേക്ക് റിപ്പോര്ട്ട് നല്കുന്നത്. ഇവിടെ നടക്കുന്ന തെരഞ്ഞെടുപ്പുകള്, രാഷ്ട്രീയപാര്ടികള്, അവരുടെ നയങ്ങള്, നേതാക്കളുടെ വ്യക്തിപരമായ താല്പ്പര്യങ്ങള്-ഇവയെല്ലാം അമേരിക്ക വിലയിരുത്തുന്നു.

പൊതുവെ കോണ്ഗ്രസ് ഭരണത്തോട് അമേരിക്കയ്ക്ക് താല്പ്പര്യമുണ്ടെങ്കിലും അതില്തന്നെ വ്യക്തിപരമായ വിവേചനങ്ങളുണ്ട്. രണ്ടാം യുപിഎ സര്ക്കാരില് പ്രണബ് മുഖര്ജിക്ക് ധനവകുപ്പ് നല്കിയപ്പോള് അമേരിക്കയുടെ നെറ്റി ചുളിഞ്ഞു. ഉദാരവല്ക്കരണത്തിന്റെ തീവ്രഅപ്പോസ്തലനായ ആസൂത്രണ കമീഷന് ഉപാധ്യഷന് മൊണ്ടേക്സിങ് അലുവാലിയക്കോ കോര്പറേറ്റുകളുടെ കളിത്തോഴനായ പി ചിദംബരത്തിനോ ധനമന്ത്രാലയത്തിന്റെ ചുമതല ലഭിക്കണമെന്നാണ് അമേരിക്ക ആഗ്രഹിച്ചത്. എന്നാല്, മുന്നണി രാഷ്ട്രീയത്തിന്റെ സമ്മര്ദങ്ങള് നേരിടാനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രണബ് മുഖര്ജിക്ക് ധനമന്ത്രാലയം നല്കാനാണ് യുപിഎ തീരുമാനിച്ചത്. ഇതില് അസ്വസ്ഥരായ അമേരിക്കന്നേതൃത്വം പ്രണബിന്റെ സമീപനങ്ങളും താല്പ്പര്യങ്ങളും ആരാഞ്ഞ് ന്യൂഡല്ഹി എംബസിയിലേക്ക് അയച്ച സന്ദേശം പുറത്തുവന്നിട്ടുണ്ട്. ഇതില് അമേരിക്കന് വിദേശസെക്രട്ടറി ഹിലരി ക്ളിന്റ ഉന്നയിച്ച ഓരോ ചോദ്യവും ഏത് ഇന്ത്യക്കാരനെയും ശരിക്കും പരിഹസിക്കുന്നതാണ്. ഏത് വ്യവസായ-ബിസിനസ് ഗ്രൂപ്പിനോടാണ് പ്രണബ് കൂറ് പുലര്ത്തുന്നതെന്നും അദ്ദേഹത്തിന്റെ നയങ്ങള് ആര്ക്കാണ് ഗുണകരമാവുകയെന്നും ഹിലരി ആരാഞ്ഞു. അടുത്ത ബജറ്റില് പ്രണബ് മുന്ഗണന നല്കാനിടയുള്ള മേഖലകളെക്കുറിച്ച് വിവരം നല്കണമെന്നും ഇന്ത്യയിലെ നയതന്ത്രജ്ഞരോട് ഹിലരി ആവശ്യപ്പെടുകയുണ്ടായി.

ഹിലരിയുടെ ചോദ്യങ്ങള് ഇങ്ങനെ തുടര്ന്നു: തന്റെ പദവിയില് തുടരുന്നതിനെക്കുറിച്ച് അലുവാലിയയുടെ മനോവികാരം എന്താണ്? പ്രത്യേകിച്ച് ഏതെങ്കിലും അജന്ഡ നടപ്പാക്കാന് അദ്ദേഹം ശ്രമിക്കുന്നുണ്ടോ? പ്രധാനമന്ത്രിയുമായി അദ്ദേഹം നല്ല ബന്ധത്തിലാണോ? റിസര്വ് ബാങ്ക് ഗവര്ണര് ഡി വി സുബ്ബറാവുവുമായി പ്രണബ് മുഖര്ജിയുടെ ബന്ധം എങ്ങനെയാണ്? ചിദംബരത്തെ ധനമന്ത്രിസ്ഥാനത്തുനിന്ന് നീക്കിയതിനെ സുബ്ബറാവു എങ്ങനെ കാണുന്നു? ഈ മാറ്റം ധനമന്ത്രാലയവും റിസര്വ്ബാങ്കും തമ്മിലുള്ള ബന്ധത്തെ എതു രീതിയില് ബാധിക്കും?

കമല്നാഥിനെ എന്തുകൊണ്ടാണ് വാണിജ്യവകുപ്പില്നിന്ന് ഒഴിവാക്കിയതെന്നും ആനന്ദ്ശര്മയെ ഈ വകുപ്പിലേക്ക് നിയോഗിച്ചത് എന്തിനാണെന്നും ഹിലരി സംശയം ഉന്നയിച്ചു. ശര്മയുടെ പൊതുവീക്ഷണങ്ങള്, ലോകവ്യാപാരസംഘടനയോടുള്ള സമീപനം, പ്രത്യക്ഷവിദേശനിക്ഷേപം സംബന്ധിച്ചുള്ള നിലപാട് എന്നിവയും ആരാഞ്ഞു. പുതിയ സര്ക്കാരിന്റെ പ്രവര്ത്തനം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സമയത്തിനും വിഭവങ്ങള്ക്കും അനുസൃതമായ വിവരങ്ങള് അറിയിക്കാമെന്നും ഹിലരിക്ക് എംബസിയില്നിന്ന് ഉടന്തന്നെ മറുപടി നല്കി.

ആണവകരാര്വിഷയത്തില് ഇടതുപക്ഷം പിന്തുണ പിന്വലിച്ചതിനെത്തുടര്ന്ന് കോടിക്കണക്കിന് രൂപ ഒഴുക്കിയാണ് മന്മോഹന്സിങ് സര്ക്കാര് അധികാരം നിലനിര്ത്തിയതെന്നും പുറത്തുവന്ന രേഖകള് വ്യക്തമാക്കുന്നു. സോണിയകുടുംബത്തിന്റെ വിശ്വസ്തനായ കോണ്ഗ്രസ് നേതാവ് സതീശ് ശര്മ ഇതുസംബന്ധിച്ച് അമേരിക്കന് നയതന്ത്രജ്ഞനോട് നടത്തിയ സംഭാഷണമാണ് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നത്. സതീശ്ശര്മയെ ഉദ്ധരിച്ച് അമേരിക്കന് നയതന്ത്രജ്ഞന് സ്റീഫന് വൈറ്റ് വാഷിങ്ടണിലേക്ക് അയച്ച സന്ദേശം വിക്കിലീക്സ് ചോര്ത്തിയതാണ് കുറെക്കാലമായി നിലനില്ക്കുന്ന ആരോപണത്തിന്റെ സ്ഥിരീകരണത്തിന് വഴിയൊരുക്കിയത്. അകാലിദളിന്റെ എട്ടു എംപിമാരെ സ്വാധീനിക്കാന് പ്രധാനമന്ത്രി മന്മോഹന്സിങ്ങും ശ്രമിച്ചു.

എംപിമാരെ വിലയ്ക്കെടുക്കാന് സതീശ് ശര്മയുടെ വീട്ടില് സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരുഭാഗം അടങ്ങിയ ബാഗുകള് അദ്ദേഹത്തിന്റെ അനുയായി നചികേത കപൂര് അമേരിക്കന് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിക്കുകയുമുണ്ടായി. പാര്ലമെന്റില് വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് അഞ്ചുദിവസം മുമ്പ്, 2008 ജൂലൈ 16ന് ആയിരുന്നു ഈ സംഭവം. വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാന് അജിത്സിങ്ങിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്ദളിന്റെ നാല് എംപിമാര്ക്ക് പത്തുകോടിരൂപ വീതം ഇതിനകം നല്കിയതായും നചികേത കപൂര് അമേരിക്കന് ഉദ്യോഗസ്ഥനോടു പറഞ്ഞു. പണം എത്ര കൊടുക്കാനും തയ്യാറാണെന്നും എംപിമാരുടെ പിന്തുണ ഉറപ്പാക്കുകയെന്നതാണ് പ്രധാനമെന്നും കപൂര് തുടര്ന്നു.

അമേരിക്കന് സ്ഥാനപതികാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന് വൈറ്റ് ജൂലൈ 17നുതന്നെ ഇക്കാര്യങ്ങള് വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് സന്ദേശം അയച്ചു. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കന് ഭരണകൂടത്തിനുള്ള വ്യഗ്രതയുടെ തെളിവാണിത്. സ്റീഫന് വൈറ്റ് ജൂലൈ 16ന് സതീശ്ശര്മയെ സന്ദര്ശിച്ചപ്പോഴാണ് സര്ക്കാരിനെ സംരക്ഷിക്കാന് യുപിഎ നേതൃത്വം നടത്തുന്ന ഇടപാടുകളുടെ വിവരം ലഭിച്ചത്. യുപിഎ സര്ക്കാര് നിലനില്ക്കണമെന്ന കാര്യത്തില് അമേരിക്കയും അമേരിക്കയുടെ താല്പ്പര്യം സംരക്ഷിക്കാന് യുപിഎ നേതൃത്വവും പ്രകടിപ്പിക്കുന്ന വ്യഗ്രതയാണ് ഇവിടെ ശ്രദ്ധേയം.
പ്രധാനമന്ത്രിയുടെ വിമാനവും അമേരിക്ക പരിശോധിക്കുന്നു

പ്രധാനമന്ത്രി ഉള്പ്പടെയുള്ള പ്രമുഖര്ക്ക് സഞ്ചരിക്കാന് വാങ്ങിയ ബോയിങ് വിമാനത്തിന്റെ കരാറില് ഏകപക്ഷീയ നിബന്ധനകള് അടിച്ചേല്പ്പിച്ച് അമേരിക്ക ഇന്ത്യയെ വഞ്ചിച്ചു. വിമാനത്തിലെ ആക്രമണ-പ്രതിരോധസംവിധാനം അമേരിക്കന് ഉദ്യോഗസ്ഥര് ഓരോവര്ഷവും ഇവിടെയെത്തി പരിശോധിക്കുമെന്ന വ്യവസ്ഥയാണ് അടിച്ചേല്പ്പിച്ചത്. വിമാനം വാങ്ങാന് ധാരണാപത്രം ഒപ്പിട്ട് മൂന്നുവര്ഷത്തിനുശേഷമാണ് പുതിയ നിബന്ധന എഴുതിച്ചേര്ത്തത്. അമേരിക്കന് ഉദ്യോഗസ്ഥര് ഇന്ത്യയിലെത്തി നടത്തുന്ന പരിശോധന രാഷ്ട്രീയപ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് മന്മോഹന്സിങ് സര്ക്കാര് ഇത് ചെറുക്കാന് ശ്രമിച്ചതായും ഒടുവില് അമേരിക്കന് സമ്മര്ദത്തിന് വഴങ്ങിയെന്നും വിക്കിലീക്സ് പുറത്തുകൊണ്ടുവന്ന രേഖകള് വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിക്കും സംഘത്തിനും മറ്റും സഞ്ചരിക്കാന് ഇന്ഫ്രാറെഡ് രശ്മികള് ഉപയോഗിച്ചുള്ള ആക്രമണ-പ്രതിരോധ സംവിധാനമുള്ള മൂന്ന് ബോയിങ് 737-7എച്ച്1 (ബിബിജെ) വിമാനം വാങ്ങാന് 2005 സെപ്തംബറിലാണ് മന്ത്രിസഭയുടെ സുരക്ഷാസമിതി അനുമതി നല്കിയത്. അന്ന് ഒപ്പിട്ട ധാരണപത്രത്തില് വിമാനത്തില് വര്ഷംതോറും എന്ഡ്യൂസ് മോണിറ്ററിങ് പരിശോധന നടത്താന് വ്യവസ്ഥ ചെയ്തിരുന്നില്ല. എന്നാല്, മൂന്നുവര്ഷത്തിനുശേഷം, 2008 മേയില് അമേരിക്ക ഈ ധാരണപത്രം ഏകപക്ഷീയമായി തിരുത്തി. യാത്രാമധ്യേ വിമാനം ആക്രമിക്കപ്പെട്ടാല് പ്രതിരോധനടപടി സ്വീകരിക്കാന് പൈലറ്റിനെ അനുവദിക്കുന്ന സംവിധാനത്തിന്റെ പ്രവര്ത്തനം വര്ഷംതോറും പരിശോധിക്കാന് അമേരിക്കയ്ക്ക് അനുമതി നല്കുന്നതാണ് പ്രധാന ഭേദഗതി.

ഇക്കാര്യം പുറത്തുവന്നാല് കനത്ത രാഷ്ട്രീയ തിരിച്ചടി ഉണ്ടാകുമെന്ന് മന്മോഹന്സിങ് സര്ക്കാരിന് ബോധ്യമുണ്ടായിരുന്നു. ഉടന്തന്നെ വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഗെയ്ത്രി കുമാര് അമേരിക്കന് എംബസിയിലെത്തി. ഇദ്ദേഹം അമേരിക്കന് പ്രതിരോധ അണ്ടര് സെക്രട്ടറി ജെയിംസ് ഗ്ളാഡുമായി നടത്തിയ ചര്ച്ചയില് മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പങ്കിട്ടു. ഇതേത്തുടര്ന്ന് മെയ് അഞ്ചിന് അമേരിക്കന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് പോയ സന്ദേശത്തില് പറയുന്നു: "ബോയിങ് വിമാനത്തിലെ പ്രതിരോധസംവിധാനം പുനഃപരിശോധിക്കാനുള്ള കരാര്ഭേദഗതിയില് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നു. കരാറില് സാമ്പത്തികവും സാങ്കേതികവുമായ ചില മാറ്റങ്ങള് വരുത്താന് ഇന്ത്യ സന്നദ്ധമാണ്. പക്ഷേ, എന്ഡ്യൂസ് മോണിറ്ററിങ് പരിശോധനയ്ക്ക് അവസരം നല്കുന്ന ഭേദഗതി പ്രശ്നങ്ങള് സൃഷ്ടിക്കുമെന്ന് അവര് കരുതുന്നു.'' പ്രതിപക്ഷം സര്ക്കാരിനെതിരെ പ്രചാരണം നടത്തുമെന്ന ആശങ്കയാണ് കോണ്ഗ്രസ് നേതൃത്വത്തെ അലട്ടിയത്. രാജ്യതാല്പ്പര്യം അവര്ക്ക് പ്രശ്നമായിരുന്നില്ല.

മന്മോഹന്സിങ് സര്ക്കാരിന്റെ ആശങ്ക പരിഹരിക്കാന് അമേരിക്ക കണ്ടെത്തിയ വഴി 'പരിശോധന' എന്നതിനുപകരം 'അവലോകനം' എന്ന് കരാറില് വാക്ക് മാറ്റുകയായിരുന്നു. രാഷ്ട്രീയ സ്ഫോടനത്തിന് ഇടവരുത്തുന്ന പ്രശ്നം ഇത്തരത്തില് പരിഹരിക്കാന് കഴിഞ്ഞതായി ദേശീയസുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന് ആശ്വാസം പ്രകടിപ്പിച്ചതായും അമേരിക്കന് നയതന്ത്രരേഖകള് വെളിപ്പെടുത്തുന്നു. മെയ് 29ന് എംബസിയില്നിന്ന് വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് നാരായണന്റെ ആശ്വാസപ്രകടനം വിവരിക്കുന്നത്: "സ്ഥലത്തെത്തിയുള്ള പരിശോധന എന്നതിനുപകരം സ്ഥലത്തെത്തിയുള്ള അവലോകനം എന്ന തരത്തില് കരാറിലെ വാക്കുകള് മാറ്റി പ്രശ്നം തീര്ത്തതില് എം കെ നാരായണന് അഭിനന്ദനം അറിയിച്ചു. രാഷ്ട്രീയമായ പ്രതികരണം ഭയന്നാണ് ഇന്ത്യ സര്ക്കാര് ഇത്തരത്തില് പെരുമാറുന്നത്''.

അതേസമയം, കരാറിലെ വ്യവസ്ഥകള് രഹസ്യമായി സൂക്ഷിക്കാന് ഇരുകൂട്ടരും തീരുമാനിച്ചു. ഇക്കാര്യത്തില് അമേരിക്കന് സ്ഥാനപതി ഡേവിഡ് മുള്ഫോര്ഡും എം കെ നാരായണനും തമ്മില് നടത്തിയ ചര്ച്ചകളുടെ വിശദാംശങ്ങളും വിക്കിലീക്സ് പുറത്തുകൊണ്ടുവന്നിട്ടുണ്ട്.
--സാജന്‍ എവുജിന്‍--

08 March, 2011

കള്ളപ്പണക്കാരുടെ സാമ്രാജ്യമോ?

ധനശക്തിയാണ് രാജ്യത്തിന്റെ സമുന്നത ഭരണതലത്തില്‍ ആധിപത്യം വഹിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാനും അതിനായി വോട്ടര്‍മാരെ പാട്ടിലാക്കാനും മാധ്യമങ്ങളെ സ്വാധീനിക്കാനും പാര്‍ലമെന്റില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാനും നോട്ടുകൂമ്പാരങ്ങള്‍ വിനിയോഗിക്കപ്പെടുന്ന അവസ്ഥയെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. ഇന്ത്യാ രാജ്യത്ത് ഇന്ന് തെരഞ്ഞെടുപ്പുകളിലും മന്ത്രിസഭാ രൂപീകരണത്തിലും നയനിര്‍മാണത്തിലും ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നതിലും മാധ്യമങ്ങളുടെ അഭിപ്രായ രൂപീകരണത്തിലുമെല്ലാം പണമാണ് ആധിപത്യശക്തി എന്നത് സംശയത്തിനിടയില്ലാത്തവിധം തെളിയിക്കപ്പെട്ട കാലമാണിത്. അതിന്റെ മറുവശമാണ് സങ്കല്‍പ്പിക്കാനാവാത്ത വിധം പടര്‍ന്നുപന്തലിക്കുന്ന അഴിമതി. കള്ളപ്പണത്തിന്റെ വ്യാപനം എത്ര വലുതാണെന്ന് ആര്‍ക്കും തിട്ടപ്പെടുത്താനാവാത്ത സ്ഥിതിയാണ്്. ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ച് പല കണക്കുകളും വന്നിട്ടുണ്ട്. എന്തായാലും ഇന്നാട്ടിലെ പട്ടിണിയും ദാരിദ്യ്രവും തൊഴിലില്ലായ്മയും പാര്‍പ്പിട പ്രശ്നവും പരിഹരിക്കാന്‍ പറ്റുന്നത്രയും തുക സ്വിസ് ബാങ്കുകളുള്‍പ്പെടെ വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ അനധികൃതമായി നിക്ഷേപിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരെ കസ്റഡിയിലെടുത്ത് ചോദ്യംചെയ്യാന്‍ ആരാണ് തടസ്സമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചത്. പുണെയിലെ പന്തയക്കുതിരക്കച്ചവടക്കാരന്‍ ഹസന്‍ അലി ഖാനടക്കമുള്ളവരെ പിടികൂടാതെ യഥേഷ്ടം മേയാന്‍ വിടുന്ന കേന്ദ്രസര്‍ക്കാരിനെ നോക്കിയാണ് പരമോന്നത കോടതി ഈ ചോദ്യമുന്നയിച്ചത്. ഹസന്‍ അലിക്ക് വിദേശ ബാങ്കുകളില്‍ 40,000 കോടിയോളം രൂപയുടെ കള്ളപ്പണ നിക്ഷേപമുള്ളതായാണ് കണ്ടെത്തിയത്. 50,000 കോടി രൂപയുടെ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് അയാള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് നാല്‍പ്പതിനായിരം കോടി രൂപ പിഴ ചുമത്തിയതായും വാര്‍ത്ത വന്നു. മിന്നല്‍വേഗത്തില്‍ ശതകോടീശ്വരനായി മാറിയ ഈ ദുരൂഹബിസിനസുകാരനെ ചുറ്റിപ്പറ്റി അനധികൃത പാസ്പോര്‍ട്ട് കൈവശം വച്ചതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. എന്നാല്‍, ഭരണത്തിന്റെ തണലില്‍ അയാളെ സുരക്ഷിതമായി ഒളിപ്പിക്കാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. സുപ്രീംകോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഏറ്റവുമൊടുവില്‍ ഹസന്‍ അലിയെ കസ്റഡിയിലെടുത്ത വാര്‍ത്ത വന്നിട്ടുണ്ട്. എന്നാല്‍, രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളിയും വിദേശശക്തികളുടെ സഹായത്തോടെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നു എന്ന് കരുതുന്നയാളുമായ ഹസനെ എന്തിന് ഇത്രകാലം സ്വച്ഛന്ദം വിഹരിക്കാന്‍ വിട്ടു എന്നതിന് യുപിഎ നേതൃത്വം ഉത്തരം നല്‍കിയേ മതിയാകൂ. എത്ര മോശപ്പെട്ട കാര്യങ്ങളാണ് ഈ രാജ്യത്ത് നടക്കുന്നതെന്നാണ് സുപ്രീംകോടതി ചോദിച്ചിരുന്നത്. ചെറിയ കുറ്റം ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുമ്പോഴും വന്‍കിടക്കാര്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കാത്തതിലെ നൈരാശ്യവും മറച്ചുവച്ചില്ല. ഹസന്‍ അലി ഖാന്‍ ഇന്ത്യയില്‍തന്നെ ഉണ്ടെന്നും കേന്ദ്രം ആവശ്യമായ നടപടി എടുത്തുവരികയാണെന്നും കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത് പരിഹാസത്തോടെയാണ് കോടതി കണ്ടത്. വിദേശ ബാങ്കുകളിലുള്ള ലക്ഷക്കണക്കിന് കോടികളുടെ കള്ളപ്പണ നിക്ഷേപം തിരിച്ചുപിടിക്കണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന; ആരൊക്കെയാണ് നിക്ഷേപകര്‍ എന്ന് കണ്ടുപിടിക്കാന്‍ വിമുഖത കാട്ടുന്ന യുപിഎ സര്‍ക്കാരില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഹസന്‍ അലിയെപ്പോലുള്ള കള്ളപ്പണ-ഹവാലക്കാരും മണികുമാര്‍ സുബ്ബയെപ്പോലുള്ള ലോട്ടറി രാജാക്കന്മാരും വന്‍കിടനികുതിവെട്ടിപ്പുകാരുമാണ് യുപിഎയുടെ അഴിമതിരാജിന്റെ സ്വാഭാവിക സഖ്യശക്തികള്‍. ഉയര്‍ന്ന തോതില്‍ നികുതി അടയ്ക്കാന്‍ ശേഷിയുള്ള ധനികരെയും സമ്പന്ന വിഭാഗങ്ങളെയും ഒഴിവാക്കി ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിനുമേലും പരോക്ഷനികുതികള്‍ അടിച്ചേല്‍പ്പിക്കുന്നതാണ് യുപിഎയുടെ നയം. ഇന്നുള്ള മൊത്തം നികുതിവരുമാനത്തിന്റെ 86 ശതമാനവും അതാണ്. പ്രത്യക്ഷ-കോര്‍പറേറ്റ് നികുതിയിനങ്ങളില്‍മാത്രം രണ്ടു ലക്ഷം കോടിയിലേറെ രൂപ പിരിച്ചെടുക്കാനുണ്ട്. കോര്‍പറേറ്റുകളും ബിസിനസ് ഹൌസുകളും കുടിശ്ശികയാക്കിയിട്ടുള്ള ബാങ്കിങ് സംവിധാനത്തിലെ കിട്ടാക്കടം മറ്റൊരു ഹിമാലയന്‍ തട്ടിപ്പാണ്. എല്ലാംകൊണ്ടും നികുതിവെട്ടിപ്പുകാരുടെയും കുഴല്‍പ്പണക്കാരുടെയും അഴിമതിക്കാരുടെയും ലോട്ടറിത്തട്ടിപ്പുകാരുടെയും ഫെഡറേഷനായി കേന്ദ്രഭരണ സംവിധാനത്തെ യുപിഎ മാറ്റിയിരിക്കുന്നു. കള്ളപ്പണത്തിനെതിരെ ഇക്കൊല്ലത്തെ ബജറ്റില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് വീമ്പിളക്കിയിരുന്നുവെങ്കിലും നാമമാത്രവും നിഷ്പ്രയോജനകരവുമായ പ്രഖ്യാപനമേ ഉണ്ടായുള്ളൂ. നികുതി കുറച്ചുമാത്രം ഈടാക്കുന്ന വിദേശ രാജ്യങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കണക്കില്‍പ്പെടാത്ത ഭീമന്‍ തുകകള്‍ ഉള്‍പ്പെടെ സമ്പദ്ഘടനയിലെ വമ്പിച്ച കള്ളപ്പണശേഖരത്തെ പുറത്തുകൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുതന്നെ ആകണം. നിയമവിരുദ്ധമായി വിദേശത്തേക്ക് ഒഴുക്കിയ ഈ നാടിന്റെ പണം തിരികെ എത്തിക്കണം. രാജ്യത്തിന്റെ വിദേശ കടബാധ്യതയായ 23,000 കോടി ഡോളറിന്റെ രണ്ടിരട്ടിയിലധികമുണ്ടാകും ഈ തുക എന്നാണ് കണക്കാക്കപ്പെടുന്നത്. നിയമ സംവിധാനങ്ങളുടെ മൂക്കിന്‍തുമ്പില്‍ കള്ളപ്പണ സാമ്രാജ്യം കെട്ടിപ്പൊക്കിയ ഹസന്‍ അലിയെ ഒന്നുതൊടാന്‍പോലും സുപ്രീം കോടതിയുടെ ഉഗ്രശാസനം വേണ്ടിവന്നുവെങ്കില്‍, കള്ളപ്പണക്കാരെയും ഹവാലക്കാരെയും നികുതിവെട്ടിപ്പുകാരെയും യുപിഎ സര്‍ക്കാര്‍ സ്വമേധയാ നിയന്ത്രിക്കുമെന്ന് കരുതാനാവില്ല. അതിനായി ജനകീയ പ്രക്ഷോഭം ഉയരേണ്ടതുണ്ട്.
കടപ്പാട്‌ : ദേശാഭിമാനി

13 February, 2011

പിളളയുടേത് കുറ്റവാളിയുടെ ജല്‍പനം

പിളളയുടേത് കുറ്റവാളിയുടെ ജല്‍പനം

പിളളയുടേത് കുറ്റവാളിയുടെ ജല്‍പനം
ചെന്നെ: ഇടമലയാര്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാനൊരുങ്ങുന്ന മുന്‍ വൈദ്യുതിമന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശം കുറ്റവാളിയുടെ ജല്‍പനങ്ങളാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഇത് അപഹാസ്യമാണെന്നും ഇത്തരം മാടമ്പിത്തരം കേരളത്തിലെ ജനങ്ങള്‍ വകവെക്കില്ലെന്നും ചെന്നെയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടമലയാര്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മുസ്‌ലിം ലീഗിലെ സീതിഹാജിയാണ്. ഇതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും. ഇവരില്‍ രണ്ടുപേരും എന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
അടുത്ത സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്റെ കുടുംബത്തിലെ പലരും കോടതി കയറി ഇറങ്ങുമെന്ന ബാലകൃഷ്ണ പിളളയുടെ വാദവും വെറും ജല്‍പനമാണ്. വല്ലാര്‍പ്പാടം കണ്ടേനര്‍ ടര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ അവഗണിച്ചു എന്നല്ല കേരളത്തെ അവഗണിച്ചു എന്നാണ് പറഞ്ഞത്. താന്‍ മലയാളത്തില്‍ സംസാരിച്ചതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആക്ഷേപിച്ചത് മാതൃഭാഷയെ അവഹേളിച്ചതിന് തുല്യമാണെന്നും  അദ്ദേഹം പറഞ്ഞു.

ലീഗില്‍ ആശയക്കുഴപ്പം രൂക്ഷം

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം കെ മുനീറിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ മുസ്ളിംലീഗിലെ ആശയക്കുഴപ്പവും ഭിന്നതയും രൂക്ഷമായി. ഇന്ത്യാവിഷനില്‍ തനിക്കെതിരായ വാര്‍ത്ത വന്നത് മുനീറിന്റെ അറിവോടെയാണെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചതോടെ നേതൃത്വം അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. മുനീറിന്റെ രാജിക്കത്തില്‍ തീരുമാനത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയടക്കം നിര്‍ബന്ധിതമാക്കുക, തനിക്കെതിരായ പെണ്‍വാണിഭാരോപണം സമുദായത്തിനെതിരായ അക്രമമെന്ന് വരുത്തിത്തീര്‍ക്കുക, ഇതുകാരണം ഭരണം കിട്ടാതാവുന്നത് സമുദായത്തിന് വലിയ ദോഷം ചെയ്യുമെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞാലിക്കുട്ടി മനോരമയുമായി ചേര്‍ന്ന് നടത്തിയ മുഖാമുഖം.

മുനീറിനെ കുഞ്ഞാലിക്കുട്ടി മനോരമ ചാനലില്‍ വിമര്‍ശിക്കുമെന്ന് കോണ്‍ഗ്രസിലെ ഉന്നതര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നു. എന്നാല്‍ ലീഗിലെ ഒരൊറ്റ നേതാവിനോടും അഭിമുഖത്തില്‍ പറയാന്‍പോകുന്ന വിവരം പാര്‍ടി ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചിരുന്നില്ല. ഇക്കാര്യം പാര്‍ടി നേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യാവിഷനിലും ലീഗിലും തുടര്‍ന്നുകൊണ്ടുള്ള മുനീറിന്റെ മുന്നോട്ടുപോക്ക് അനുവദിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി മറ്റു നേതാക്കളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ടിയോഗത്തിലും രാജിക്കത്ത് കിട്ടിയപ്പോഴും താന്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് അസംതൃപ്തിയുണ്ടായിരുന്നു. മുനീര്‍ രാജിക്കത്തുമായി പാണക്കാട്ടെത്തിയപ്പോള്‍ നേതാക്കള്‍ ഓടിയെത്തിയതും കത്ത് കിട്ടിയില്ലെന്ന് പറഞ്ഞതിലും അദ്ദേഹത്തിന് നീരസമുണ്ട്. ഇതടക്കം മറികടക്കാനും വിഷയം രാഷ്ട്രീയമായി നേരിടാനുമുള്ള കൌശലമായിരുന്നു അഭിമുഖത്തില്‍ അവതരിപ്പിച്ചത്.

അതേസമയം, മുനീറും യുഡിഎഫിലെ ഘടകകക്ഷിയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ലീഗ്നേതാക്കള്‍ വിഴുങ്ങി. ശനിയാഴ്ച നേതൃയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പറഞ്ഞ് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ലീഗ് ശ്രമിച്ചത്. എന്നാല്‍ മുനീറാണ് ഗൂഢാലോചനയില്‍ പ്രതിയെന്ന് കുഞ്ഞാലിക്കുട്ടിപറഞ്ഞത് ലീഗ് പ്രവര്‍ത്തകരില്‍ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍വാണിഭക്കേസിലൂടെ പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയതിലും വലുതാണോ അത് വെളിപ്പെടുത്താന്‍ സ്വന്തം മാധ്യമം ഉപയോഗിച്ചതെന്ന ചോദ്യവും അണികള്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്കൊന്നും കൃത്യമായ വിശദീകരണം നല്‍കാനാവാത്ത അനിശ്ചിതാവസ്ഥയിലാണ് ലീഗ്.

മുനീറാകട്ടെ സ്വന്തം രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം ശനിയാഴ്ചയും നേതാക്കളുമായുള്ള കൂടിയാലോചനയില്‍ പ്രകടിപ്പിച്ചതായാണ് വിവരം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തിയശേഷം ചിത്രം തെളിയുമെന്നാണ് ഇതേപ്പറ്റി ഭാരവാഹിയായ പ്രമുഖ നേതാവ് നല്‍കിയ പ്രതികരണം. യുഡിഎഫിനെ രക്ഷിക്കാനുള്ള ദൌത്യം ഏറ്റെടുത്ത് മുഖപ്രസംഗത്തിലൂടെ രംഗത്തുവന്ന മനോരമയുടെ ഉപശാലയില്‍ രൂപപ്പെട്ട തന്ത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിവാദ അഭിമുഖം. മനോരമയിലെ ഉന്നതരും യുഡിഎഫിലെ പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നെതന്നെ കൂട്ടുകക്ഷിയായി നീങ്ങിയതിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പടുത്തല്‍.
(പി വി ജീജോ)

കുഞ്ഞാലിക്കുട്ടി മാറണമെന്ന് മുനീര്‍


മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി മുസ്ളിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നതാണ് പാര്‍ടിയുടെ പ്രതിഛായക്ക് നല്ലതെന്ന് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ആവര്‍ത്തിച്ചു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മുനീറാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാണക്കാട്ട് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് മുനീര്‍ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ലീഗ് ഹൌസില്‍ അടിയന്തരയോഗം വിളിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെയും വിളിപ്പിച്ചിട്ടുണ്ട്. തനിക്കു പറയാനുള്ളതെല്ലാം തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇക്കാര്യത്തിലുള്ള പാര്‍ടിയുടെ നിലപാട് ഞായറാഴ്ച അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ടി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് മുനീര്‍ കഴിഞ്ഞ ചൊവ്വാഴ്ച പാണക്കാട് തങ്ങള്‍ക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം ശനിയാഴ്ചയും അദ്ദേഹം ആവര്‍ത്തിച്ചു. താന്‍ മാറിനില്‍ക്കുന്നതിനൊപ്പം കുഞ്ഞാലിക്കുട്ടികൂടി മാറിനില്‍ക്കുന്നതാകും പാര്‍ടിക്കും യുഡിഎഫിനും ഗുണകരമാകുക. പെണ്‍വിഷയവുമായി പാര്‍ടി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 2006ലെ 'കുറ്റിപ്പുറം ദുരന്തം' ആവര്‍ത്തിക്കുമെന്നും മുനീര്‍ തങ്ങളെ ഓര്‍മിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ബന്ധമുണ്ടായിട്ടും മുനീറിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ലീഗ് നേതൃത്വത്തിന് ധൈര്യമില്ല എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകാലത്ത്, സി എച്ച് മുഹമ്മദ് കോയയുടെ മകനെതിരെ നടപടിയെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതൃത്വം ഭയക്കുന്നു.

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ലീഗില്‍ അവസാനവാക്കായിരുന്നു ഇതുവരെ. ചാനലില്‍ വാര്‍ത്ത കൊടുക്കരുതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല എന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ലീഗില്‍ പാണക്കാട് തങ്ങളുടെ ആജ്ഞാശേഷിയും കൈമോശം വന്നിരിക്കുന്നുവെന്ന സവിശേഷതയും ഈ വിവാദത്തിലുണ്ട്. പ്രശ്നത്തില്‍ പാണക്കാട് തങ്ങളുടെയും അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെയും പിന്തുണ ഉണ്ടെന്നാണ് മുനീര്‍ വിഭാഗം പറയുന്നത്. നിര്‍ണായക സമയത്ത് സമുദായ സംഘടനകളുടെ സഹായവും അവര്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ മുനീറിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെന്നും അവര്‍ കരുതുന്നു. പ്രശ്നം ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞശേഷം കുഞ്ഞാലിക്കുട്ടി മുനീറിനെതിരെ രംഗത്തുവന്നത് ശരിയായില്ലെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ആദ്യം വാര്‍ത്താസമ്മേളനം നടത്തി വെടിപൊട്ടിക്കുകയും പിന്നീട് ചാനലില്‍ക്കൂടി മുനീറിനെതിരെ പ്രതികരിക്കുകയും ചെയ്തത് പാര്‍ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം, പെണ്‍വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയെ അന്ധമായി പിന്തുണക്കേണ്ടെന്ന നിലപാട് മാറ്റത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നതായി സൂചനയുണ്ട്. ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ഇക്കാര്യത്തില്‍ ഉപദേശിച്ചതായാണ് വാര്‍ത്ത. ലീഗ് പ്രതിസന്ധി സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും പുതിയ പ്രതികരണങ്ങളോട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച മലപ്പുറത്ത് പ്രത്യക്ഷമായി യോജിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നുള്ള മുഹമ്മദ് ബഷീറിന്റെ നിലപാടിനെ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പിന്തുണച്ചില്ല. എല്ലാവിവരങ്ങളും പ്രതിപക്ഷ നേതാവിന് അറിയാമെന്ന കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ വെളിപ്പെടുത്തലും അദ്ദേഹം അംഗീകരിച്ചില്ല.
(ആര്‍ രഞ്ജിത്)

മുനീറിനെ യുഡിഎഫ് ജാഥയില്‍നിന്ന് ഒഴിവാക്കി

മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജാഥയില്‍ നിന്നും ഒഴിവാക്കി. ലീഗിന്റെ എല്ലാ നേതാക്കളും പങ്കെടുത്ത മലപ്പുറത്തെ സ്വീകരണ പരിപാടികളില്‍ ഒരിടത്തും മുനീറിനെ പങ്കെടുപ്പിച്ചില്ല. ജാഥ ഞായറാഴ്ച കോഴിക്കോട്ടെത്തുമ്പോള്‍ മുനീര്‍ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ച യോഗശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരമാവധി ലീഗ് പ്രവര്‍ത്തകരെ ജാഥാസ്വീകരണത്തില്‍ പങ്കെടുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ശക്തിപ്രകടനത്തിനുള്ള വേദിയായി മോചനയാത്ര മാറി. കുഞ്ഞാലിക്കുട്ടിയുടെ ചിത്രങ്ങളുമായാണ് ലീഗുകാര്‍ സ്വീകരണത്തിനെത്തിയത്. ഗൂഢാലോചനാ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കുഞ്ഞാലിക്കുട്ടി യോഗങ്ങളില്‍ പറഞ്ഞു. എന്നാല്‍ പെവാണിഭ വാര്‍ത്തയെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈയിലുണ്ട്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇവയെല്ലാം യുഡിഎഫ് നേതൃത്വത്തിന് കൈമാറും. മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ കേരള മോചനയാത്രയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഗൂഢാലോചന ആദ്യമായി അറിയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. ബ്ളാക്ക്മെയില്‍ രാഷ്ട്രീയം ഇനി ജനങ്ങള്‍ അംഗീകരിക്കില്ല. സിപിഐ എമ്മില്‍ ചിലര്‍ക്ക് മേധാവിത്തം നേടാനും ഇന്ത്യാവിഷന്‍ ചാനലിന് റേറ്റിങ് ഉയര്‍ത്താനും വേണ്ടിയാണ് ആരോപണങ്ങള്‍ കുത്തിപ്പൊക്കിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കര്‍ണാടകത്തില്‍ 12 കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചു

ബംഗളൂരു: തുവരപ്പരിപ്പിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കര്‍ഷകരോടുള്ള നിഷേധ മനോഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവഗണിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 12 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുല്‍ബര്‍ഗ ജില്ലയിലെ ജേവാര്‍ഗിയില്‍ തഹസില്‍ദാര്‍ ഓഫീസ് ഉപരോധത്തിനിടെയാണ് കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കര്‍ഷകരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

ഗുല്‍ബര്‍ഗ ജില്ലാ റെയ്ത്ത ഹോരാട്ട സമിതിയുടെ നേതൃത്വത്തിലാണ് അഞ്ചു ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തുവരപ്പരിപ്പിന്റെ താങ്ങുവില 4000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. താങ്ങുവില ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും വില പ്രഖ്യാപിക്കാത്തതിലും കര്‍ഷകരെ നിരന്തരം അവഗണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ചമുതല്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി കര്‍ഷകനേതാവ് കേദാര്‍ലിംഗയ്യ ഹിരെമത്തിന്റെ നിരാഹാരസമരം ആറുദിവസം പിന്നിട്ടു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജേവാര്‍ഗിയില്‍ ബന്ദ് ആചരിച്ചു. അതേസമയം, കര്‍ഷക പ്രതിഷേധം ആത്മഹത്യാശ്രമത്തിലേക്ക് വഴിമാറിയതോടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിര്‍ദേശം നല്‍കി.

മധ്യപ്രദേശില്‍ കര്‍ഷകസഹായം പ്രമാണിമാരുടെ കീശയിലേക്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കൃഷിനശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്കായി അനുവദിക്കുന്ന ധനസഹായം പ്രമാണിമാരും രാഷ്ട്രീയനേതാക്കളും തട്ടിയെടുക്കുന്നു. എംഎല്‍എമാര്‍, പൊലീസ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പോക്കറ്റിലേക്കാണ് പണം ഒഴുകുന്നത്. കനത്ത മഞ്ഞിലും ശീതക്കാറ്റിലും കൃഷിനശിച്ചവര്‍ക്കുള്ള ധനസഹായമായി 2400 കോടി രൂപകൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് അരങ്ങേറുന്ന കൊള്ള മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 13 മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും ചൌഹാന്‍ പ്രഖ്യാപിച്ചിരുന്നു.

ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ ജിതേന്ദ്ര ദാഗ, മുന്‍ ചീഫ് സെക്രട്ടറി രാകേഷ് സാഹ്നി, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുഖ്രാജ് മരൂ, പൊലീസ് ഐജി സഞ്ജയ് റാണ, അഡീഷണല്‍ ഡിജിപി സുഖ്പാല്‍സിങ്, മുന്‍ ഐപിഎസ് ഓഫീസര്‍ ഷക്കീല്‍ റാസ തുടങ്ങിയവരുടെ പേരുകളിലാണ് പതിനായിരക്കണക്കിനു രൂപ 'കര്‍ഷക സഹായ'മായി നല്‍കിയിരിക്കുന്നത്. പ്രശ്നം വിവാദമായതോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍മാത്രം 12 കര്‍ഷക ആത്മഹത്യകളാണ് മധ്യപ്രദേശില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 35,000 ഗ്രാമത്തില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്തെ കൃഷിയുടെ 60 ശതമാനവും നശിച്ചു.

ഭക്ഷ്യധാന്യ കുംഭകോണം ഒറീസയിലെ വനിതാമന്ത്രി രാജിവച്ചു

ഭുവനേശ്വര്‍: ഭക്ഷ്യധാന്യ കുംഭകോണത്തെ തുടര്‍ന്ന് ഒറീസയിലെ വനിതാശിശുക്ഷേമമന്ത്രി പ്രമീളാ മല്ലിക് രാജിവച്ചു. കുട്ടികള്‍ക്കുള്ള സൌജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ധാന്യങ്ങള്‍ വാങ്ങിയതില്‍ 700 കോടിരൂപയുടെ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിക്കും അനുബന്ധ പോഷകാഹാരപദ്ധതിക്കുമായി ധാന്യങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന്വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ അഴിമതിയാരോപണത്തെ തുടര്‍ന്ന് ഒറീസയിലെ ബിജു ജനതാദള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് മന്ത്രിയുടെ രാജി. 2004 മുതല്‍ നവീന്‍ പട്നായിക് മന്ത്രി സഭയില്‍ അംഗമാണ് പ്രമീള. സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ തലത്തിലുള്ള 2 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ബി കെ പട്നായിക് അറിയിച്ചു.

വിലക്കയറ്റത്തിന്റെ രാഷ്ട്രീയം

രാജ്യത്ത് വിലക്കയറ്റത്തിന്റെ തോത് ആശങ്കാജനകമായ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. കേവലമായ ശതമാനകണക്കുകള്‍ കൊണ്ട് അളക്കാനാകാത്തവിധം ഭീതിജനകമാണ് വിലക്കയറ്റത്തിന്റെ രൂക്ഷതയും പ്രത്യാഘാതങ്ങളും. എല്ലാ സാധനങ്ങളുടെയും വില വര്‍ധിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയാണ് ഏറെ രൂക്ഷം. അതുകൊണ്ടുതന്നെ എല്ലാവരും വിലക്കയറ്റത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു.

താഴെകൊടുക്കുന്ന പട്ടിക ചില പ്രധാന നിഗമനങ്ങള്‍ സാധ്യമാക്കുന്നു.


1. മൊത്തവില സൂചിക തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. വര്‍ധന സമീപകാല പ്രതിഭാസമല്ല. അതുകൊണ്ടുതന്നെ താല്‍ക്കാലിക പരിഹാരനടപടികള്‍കൊണ്ട് കാര്യമില്ല. ഉദാഹരണമായി ഉള്ളിവില കുറയ്ക്കാന്‍ ഇറക്കുമതി താല്‍ക്കാലിക പരിഹാരമായേക്കാം. പക്ഷേ, പൊതുവിലക്കയറ്റത്തിന്റെ ദീര്‍ഘകാലപ്രവണതയ്ക്ക് തടയിടാന്‍ മിനുക്കുവിദ്യകള്‍ കൊണ്ടാവുകയില്ല.

2. അടുത്തകാലത്തെ പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളിലെ വിലക്കയറ്റം അതിരൂക്ഷമാണ്. ഈ സ്ഥിതി നേരിടാന്‍ സര്‍ക്കാരിനാകുന്നില്ല. നവലിബറല്‍ നയത്തിന്റെ ഫലമായി ദുര്‍ബലമാക്കപ്പെട്ട പൊതുവിതരണ സംവിധാനം അടിയന്തര സാഹചര്യം നേരിടാന്‍ പോലും സഹായകമല്ല.

3. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന പ്രാഥമിക വസ്തുക്കളുടെ വില പൊതുവിലനിലവാരത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ് വര്‍ധിക്കുന്നത്. കാര്‍ഷിക മേഖലയെ അവഗണിച്ചതിന്റെ ദുരന്തഫലമാണിത്.

4. ഏറ്റവും ഭയാനകമായ വസ്തുത വിലവര്‍ധന പ്രവണത വരുംവര്‍ഷങ്ങളിലും ഏറ്റവും ശക്തമായി തുടരുമെന്നതാണ്. കാര്‍ഷികോല്‍പ്പാദനത്തില്‍ വന്‍കുതിച്ചുചാട്ടമോ എണ്ണവിലയില്‍ വെട്ടിക്കിഴിവോ അവധിവ്യാപാരനിരോധമോ കരിഞ്ചന്ത നിയന്ത്രണമോ പൊതുവിതരണ ശൃംഖലയുടെ ശാക്തീകരണമോ ഇല്ലാതെ വില കുറയാന്‍ പോകുന്നില്ല. പക്ഷേ, മേല്‍പറഞ്ഞവയൊന്നും സര്‍ക്കാരിന്റെ അജന്‍ഡയിലില്ല. അതായത് സാധാരണക്കാരന് ആശ്വാസത്തിന് ഒരു വഴിയുമില്ല എന്നര്‍ഥം.

വിലക്കയറ്റത്തിന് രണ്ട് വിശദീകരണങ്ങളാണ് സര്‍ക്കാരും ഭരണകക്ഷിയും നല്‍കാറുള്ളത്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നാണ് ഒരു വാദം. എന്നാല്‍ പല രാജ്യങ്ങളും വിലത്തകര്‍ച്ചയുടെ കെടുതികളാണ് നേരിടുന്നത്. കേന്ദ്രബാങ്കുകളുടെ അന്താരാഷ്ട്ര കോൺഫറന്‍സില്‍ പങ്കെടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. സുബ്ബറാവുവിനോട് അല്‍പ്പം വിലക്കയറ്റം കയറ്റുമതിചെയ്യാമോ എന്ന് മറ്റുള്ളവര്‍ തമാശയായി അന്വേഷിച്ച കാര്യം അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തി. വിലക്കയറ്റത്തിന് കാരണം കാലാവസ്ഥയാണെന്നാണ് മറ്റൊരു വാദം. കടുത്ത വരള്‍ച്ചയും അതിവര്‍ഷവും ഇന്ത്യയില്‍ അസ്വാഭാവികമല്ല. അതുകൊണ്ട് ചിലപ്പോള്‍ ഉല്‍പ്പാദനം കുറയും, വില ഉയരും. പക്ഷേ, എല്ലാ വര്‍ഷവും എല്ലാ മാസവും അതിവര്‍ഷവും വരള്‍ച്ചയും സംഭവിക്കുന്നില്ല. എന്നാല്‍ എല്ലാ വര്‍ഷവും വില ഉയരുന്നു. വിലവര്‍ധന സാധാരണക്കാരന്റെ കീശ ശോഷിപ്പിക്കുന്നു, പണക്കാരന്റെ കീശ വീര്‍പ്പിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാധാരണക്കാരില്‍നിന്ന് സമ്പന്നവര്‍ഗത്തിലേക്ക് വരുമാനം കൈമാറ്റം ചെയ്യപ്പെടുകയാണ് വിലക്കയറ്റം നിര്‍വഹിക്കുന്ന ധര്‍മം. അഥവാ, വര്‍ഗചൂഷണത്തിന്റെ ചട്ടുകമാണ് വിലക്കയറ്റം. കുത്തക വ്യവസായികളും കുത്തക വ്യാപാരികളുമാണ് വിലവര്‍ധനയുടെ ഗുണഭോക്താക്കള്‍. സാധാരണക്കാരെ കൊള്ളയടിച്ച് ധനികരെ പോറ്റിവളര്‍ത്തുന്ന മുതലാളിത്ത തത്വശാസ്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.

കരിഞ്ചന്തയും പൂഴ്ത്തിവയ്പും അവധിവ്യാപാരവും പെട്രോള്‍ വിലവര്‍ധനയുമല്ല, പട്ടിണിപ്പാവങ്ങളെയാണ് വിലക്കയറ്റത്തിന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം പണം ധാരാളം കൈയിലെത്തിയതിനാല്‍ പാവപ്പെട്ടവര്‍ കൂടുതല്‍ അരിയും ഉള്ളിയും ഉരുളക്കിഴങ്ങും ഭക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രേ. എന്തൊരു ന്യായം! അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്റെ റിപ്പോര്‍ട്ടില്‍ ഒന്ന് കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും.

1. രാജ്യത്തെ 79 ശതമാനം ജനങ്ങളുടെ പ്രതിദിനച്ചെലവ് 20 രൂപയില്‍ താഴെയാണ്.

2. 83.6 കോടി ജനങ്ങളെ സാമ്പത്തികവളര്‍ച്ച സ്പര്‍ശിച്ചിട്ടില്ല.

3. 84 ശതമാനം സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം വേതനമില്ല.

4. നിര്‍മാണ മേഖലയില്‍ 56 ശതമാനം പുരുഷന്‍മാരും 39 ശതമാനം സ്ത്രീകളും താല്‍ക്കാലിക തൊഴിലാളികളാണ്.

5. അസംഘടിത മേഖലയിലെ 39.46 കോടി ജനങ്ങളില്‍ 64 ശതമാനം കാര്‍ഷിക മേഖലയിലാണ്.

6. കര്‍ഷക തൊഴിലാളികളില്‍ 90 ശതമാനവും ഭൂരഹിതരോ നാമമാത്ര കര്‍ഷകരോ ആണ്.

കാര്‍ഷിക മേഖലയിലെ സ്ഥിതിയോ? പാര്‍ലമെന്റില്‍ കൃഷി സഹമന്ത്രി ഇത്രയുംകൂടി വെളിപ്പെടുത്തി. രാജ്യത്തെ ആകെ കൃഷിക്കാരില്‍ 83.28 ശതമാനം നാമമാത്ര-ചെറുകിട കൃഷിക്കാരാണ്. അവരുടെ കൈവശമുള്ള ആകെ കൃഷിഭൂമിയുടെ 38.9 ശതമാനംമാത്രം. പത്ത് ഹെക്ടറിന് മുകളില്‍ ഭൂമിയുള്ളവര്‍ 6.5 ശതമാനം മാത്രം. അവര്‍ കൈവശം വയ്ക്കുന്നത് 37.2 ശതമാനം കൃഷിഭൂമി. രാജ്യത്തെ പാവങ്ങളാണോ വിലക്കയറ്റമുണ്ടാക്കുന്നത്!

കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവില ഉയര്‍ത്തിയതാണ് കാരണമെന്ന വാദവും അടിസ്ഥാനരഹിതമാണ്. തറവില വര്‍ധനകൊണ്ട് അധികവരുമാനമുണ്ടാക്കുന്നത് അവശ്യം കഴിച്ച് മിച്ചം വില്‍ക്കാനുള്ളവരാണ്. അതായത് ധനിക കൃഷിക്കാനും ഭൂപ്രഭുക്കന്‍മാരും മുതലാളിത്ത കൃഷിക്കാരും. ധനികരുടെ വരുമാനമുയരുമ്പോള്‍ അവര്‍ അരിയും ഉള്ളിയും ഉരുളക്കിഴങ്ങും പച്ചക്കറിയുമല്ല വാങ്ങുക എന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ വാങ്ങുക ഭക്ഷ്യേതര വസ്തുക്കളാണ്. 2011 ജനുവരിയില്‍ മാത്രം 23,18,48 ഇന്ത്യന്‍ നിര്‍മിത കാറുകള്‍ വിറ്റഴിഞ്ഞു. 2010 ജനുവരിയില്‍ വിറ്റത് 18,9590 കാറുകളാണ്. അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ മേഖല (fast moving consumer goods sector) വിപുലമാവുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അധ്വാനിച്ച പാവങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും സര്‍ക്കാര്‍ ഗോഡൌണുകളിലെ അരിയും ഗോതമ്പും (2007-08ല്‍ 19.75 ദശലക്ഷം ടൺ, 2010-11ല്‍ 55.43 ദശലക്ഷം ടൺ) പുഴുവരിക്കാന്‍ അനുവദിക്കുകയാണ്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശത്തിന് പാത്രമായതാണ് ഇക്കാര്യം. ഇത്രയും ഭക്ഷ്യധാന്യം പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്താല്‍ വില കുറയ്ക്കാനാകും. പക്ഷേ, അപ്പോള്‍ കുത്തക വ്യാപാരികളുടെ ലാഭം കുറയും. അതുകൊണ്ട് സര്‍ക്കാര്‍ ഭക്ഷ്യധാന്യ വിതരണത്തിനു തയ്യാറല്ല.


*****


പ്രൊഫ. കെ എന്‍ ഗംഗാധരന്‍