06 April, 2011

കെ ടിയുടെ നാടകപ്പന്തല്‍

കെ ടിയുടെ പുതിയ നാടകത്തിന്റെ അനൌണ്‍സ്മെന്റ് ഒരു ഉത്സവവിളംബരത്തിന്റെ ഫലം ചെയ്തിരുന്നു. ദിനപ്പത്രങ്ങളിലും ആനുകാലികങ്ങളിലും സ്ഥാനം പിടിച്ചിരിക്കും, 'അണിയറയില്‍ അണിഞ്ഞൊരുങ്ങുന്ന' നാടകത്തെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും വെച്ച വാര്‍ത്ത. ചിലതില്‍ കെ ടി മുഹമ്മദ് എന്ന നാടക (കലാപ) കാരനുമായുള്ള അഭിമുഖങ്ങളും മറ്റും അതും കാണും. രണ്ടുമൂന്ന് പ്രമുഖ പത്രങ്ങളിലെങ്കിലും നാടകത്തിന്റെ പരസ്യവും. കെ ടി സ്ഥലത്തുണ്ട് എന്ന അറിയിപ്പ്, അല്ലെങ്കില്‍, ആഴ്ചകളും ചിലപ്പോള്‍ മാസങ്ങള്‍ തന്നെയും നീളുന്ന റിഹേഴ്സല്‍ ക്യാമ്പിലേക്കുള്ള സ്വകാര്യമായ ക്ഷണക്കത്ത് - ടെലഫോണ്‍ ഇത്ര സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് വേണ്ടപ്പെട്ടവര്‍ അതൊക്കെ ഇതില്‍നിന്ന് വായിച്ചെടുത്തിരുന്നു.

    ഈ അനൌണ്‍സ്മെന്റ്, ഒരു കണക്കിന്, കെ ടി സ്വയം ഒരുക്കുന്ന കെണിയാണ്. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ തലവെച്ചുകൊടുക്കുന്ന ഒരുപരിപാടി. മദിരാശിയിലെ സിനിമാ ചര്‍ച്ചകള്‍ക്കിടയില്‍നിന്നോ, കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ക്യാമ്പില്‍നിന്നോ അവധി പറഞ്ഞ് സ്വന്തം നാടകസംഘത്തിന്റെ പുതിയ സീസണിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ നയിക്കാനായി കോഴിക്കോട്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടലാസിലേക്ക് പകര്‍ത്താന്‍ കെ ടിയുടെ മനസ്സില്‍ ഒന്നും തെളിഞ്ഞിട്ടുണ്ടാവില്ല. ഒന്നും ആയില്ലല്ലോ എന്ന ചിന്ത മനസ്സിനെ മഥിക്കുന്നുമുണ്ടാവും. മൂര്‍ത്തമായി ആകെ കൈവശമുള്ളത് നാടകത്തിന്റെ പേരുമാത്രമായിരിക്കും. പിന്നെ, ഒരുവേള, ആ പേരിന് പിന്നില്‍ കാണാനുണ്ടായിരുന്ന പ്രമേയത്തിന്റെ ഒരു അരണ്ട ചിത്രവും.

    പരസ്യത്തിന്റെയോ വാര്‍ത്തയുടെയോ രൂപത്തിലുള്ള അറിയിപ്പോ ക്ഷണമോ കാത്തുനില്‍ക്കാതെ അതിനകം വന്നു തലയിട്ട ചില അടുത്ത സുഹൃത്തുക്കള്‍ മുഖേനയാവും ട്രൂപ്പിന്റെ സെക്രട്ടറി, കെ ടിയുടെ മുന്നില്‍ ആ ചോദ്യം എടുത്തിട്ടിരിക്കുക: "നമുക്ക് നാടകമൊന്ന് അനൌണ്‍സ് ചെയ്യണ്ടെ?'' കെ ടി ഒരുപക്ഷേ, കേള്‍ക്കാന്‍ കാത്തിരുന്ന ചോദ്യം, അഭ്യുദയകാംക്ഷികള്‍ക്ക് വഴിപ്പെട്ടെന്നോണം കെ ടി പ്രതികരിക്കും. "സെയ്തിനോടൊന്ന് പോളിനെ വിളിക്കാന്‍ പറയ്''. പോള്‍ കല്ലാനോടിനെ, അല്ലെങ്കില്‍ മദനനെ; ആര്‍ടിസ്റ്റിനെ വിളിപ്പിക്കുന്നത് നാടകത്തിന്റെ പേര് എഴുതിക്കാനാണ്. കലാസമിതികള്‍ക്കുള്ള നോട്ടീസിലും പോസ്റ്ററുകളിലും, നാടകവാനിന്റെ മുന്നില്‍ വെക്കുന്ന ബോര്‍ഡിലും, പിന്നെ പത്രപ്പരസ്യങ്ങളിലും എല്ലാം കലാപരമായി വിന്യസിച്ച അക്ഷരങ്ങളില്‍ നാടകത്തിന്റെ പേര് കാണണമെന്ന് കെ ടിക്ക് നിര്‍ബന്ധമുണ്ട്. പേരില്‍ വല്ല പോരായ്മയും തോന്നിയാല്‍, അവസാന നിമിഷമായാലും വേണ്ടിവന്നാല്‍ തലകുത്തിനിന്നും മാറ്റംവരുത്തി കുറ്റംതീര്‍ത്തേ ആര്‍ടിസ്റ്റിനെ ഏല്‍പ്പിക്കുന്ന പ്രശ്നവുമുള്ളൂ. കൃതികളുടെ പേരുകളില്‍ കെ ടിയെ വെല്ലാന്‍ അല്ലെങ്കില്‍ത്തന്നെ ആരുണ്ട്. വെളിച്ചം വിളക്കന്വേഷിക്കുന്നു, മനുഷ്യന്‍ കാരാഗൃഹത്തിലാണ്, കറവറ്റ പശു, ചിരിക്കുന്ന കത്തി, ഇത് ഭൂമിയാണ്, അച്ഛനും ബാപ്പയും, തുറക്കാത്തവാതില്‍, ദീപസ്തംഭം  മഹാശ്ചര്യം...

    കെ ടി തലവെച്ചു കൊടുത്തുകഴിഞ്ഞു. ഒരുപക്ഷേ, ഒരു കള്ളച്ചിരിയോടെ. ഒരു ആസന്നസ്വഭാവം വന്നില്ലെങ്കില്‍ കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകാം. സുഹൃത്തുക്കളോടും പരിചയക്കാരോടും വര്‍ത്തമാനം പറഞ്ഞിരുന്ന് എത്ര നേരവും ചെലവഴിക്കാന്‍ കഴിയുന്ന പ്രകൃതം. കെ ടിയുടെ സരസവും വിജ്ഞാനപ്രദവുമായ സംഭാഷണവും അതില്‍ നിറഞ്ഞുതുളുമ്പുന്ന നര്‍മവും ഉടനീളമുള്ള പ്രസാദാത്മകതയും കേള്‍വിക്കാരുടെ-ആരാധകരുടെതന്നെ - ഒരു വലിയ വൃന്ദത്തെ ആ വ്യക്തിത്വത്തിന് ചുറ്റും സദാ സംവരണം ചെയ്തുവെച്ചിരുന്നു. ഹരിഹരന്റെ പുതിയ സിനിമയുടെ അടുത്ത ഷെഡ്യൂളിന്റെ ആലോചനകള്‍ക്കിടയില്‍നിന്നോ കാളിദാസ കലാകേന്ദ്രത്തിന്റെ പുതിയ നാടകത്തിന്റെ എഴുത്തുമേശക്കരികില്‍നിന്നോ സ്വന്തം ട്രൂപ്പിന്റെ നിശ്ശബ്ദമായ വിളികേട്ട് ഓടിയെത്തിയത് ഇതിനായിരുന്നോ എന്ന് അകത്തുനിന്നുതന്നെ ഉയരുന്ന ചോദ്യത്തിന് മുന്നില്‍നിന്നാണ് പണി തുടങ്ങിക്കൊള്ളാന്‍ കെ ടി സമ്മതിക്കുന്നത്; റിഹേഴ്സലിലോ അരങ്ങിലോ അല്ലാതെ തനിക്ക് മുന്നില്‍ നേരിട്ടുവന്ന് നില്‍ക്കുകപോലും ചെയ്യാത്ത സഹോദരന്‍കൂടിയായ കെ ടി സെയ്തിന് പച്ചക്കൊടി കാണിക്കുന്നത്.

    ഉത്സവത്തിന്റെ വിളംബരം കേട്ട് അവരെത്തിത്തുടങ്ങുന്നു. കഴിഞ്ഞ സീസണില്‍ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍, ഇടയ്ക്ക് ചില അസൌകര്യങ്ങളാലോ വല്ല പ്രലോഭനങ്ങള്‍ക്കും വശംവദരായോ മറ്റേതെങ്കിലും ട്രൂപ്പില്‍ ചേക്കേറിയെങ്കിലും പന്തിയല്ലെന്ന് കണ്ടു മടങ്ങിയവര്‍, പുതുതായി അവസരം അന്വേഷിക്കുന്നവര്‍, പിന്നെ പലവിധ ദൌത്യങ്ങള്‍ക്ക് ഉഴിഞ്ഞുവെക്കാന്‍ സന്നദ്ധരായി കുറ്റിയും പറിച്ച് ഇറങ്ങിപ്പുറപ്പെട്ട കെ ടിയുടെയും സഹോദരന്റെയും നിരവധിയായ ഒത്താശക്കാര്‍. കലാസാഹിത്യ രംഗങ്ങളിലെ പ്രഗത്ഭ മതികളും ഉയര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും രാഷ്ട്രീയ - ടിയു സംഘടനകളുടെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെയുണ്ട് ഈ ഒത്താശക്കാരില്‍പ്പെടുന്നവരായി.

    കെ ടിയുടെ കഥകളില്‍ ചിലത് നേരത്തെ വായിച്ചിരുന്നുവെങ്കിലും, 'മുടിനാരേഴായ് ചീന്തീട്ട്...'' പോലുള്ള പാട്ടുകളുടെ ഈരടികള്‍ കര്‍തൃത്വത്തെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ, ഒരുവേള ഏതോ നാടന്‍പാട്ടിന്റെ ഭാഗമെന്നുപോലും നിനച്ച് മൂളിനടക്കാറുണ്ടായിരുന്നെങ്കിലും, തപാല്‍ വകുപ്പിനോട് വിടപറഞ്ഞ് നാടകംതന്നെ മുഴുനീള ജീവിതോപാധിയാക്കാന്‍ നിശ്ചയിച്ച് ഇറങ്ങിപ്പുറപ്പെട്ട പ്രതിബദ്ധനായ എഴുത്തുകാരന്റെ കര്‍മപദ്ധതികളെക്കുറിച്ചൊക്കെ പത്രത്തില്‍ വായിച്ചറിഞ്ഞിരുന്നെങ്കിലും, ആ നാടകങ്ങളും ഏറെ പറയപ്പെട്ടിരുന്ന റിഹേഴ്സല്‍ ക്യാമ്പുകളും പത്രപ്രവര്‍ത്തനജീവിതം തുടങ്ങുംവരെ എനിക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു.  'തനിനിറ'ത്തില്‍ ജോലിയിലിരിക്കേ 1972ലാണ് കെ ടിയുടെ മരുമകന്‍ കൂടിയായ പ്രിയസുഹൃത്ത് പി എം താജിനൊപ്പം പ്രസിദ്ധമായ 'സ'കാര നാടകങ്ങളിലെ രണ്ടാമത്തേതായ 'സ്ഥിതി'യുടെ ആദ്യാവതരണം കോഴിക്കോട് ടൌണ്‍ഹാളില്‍ വെച്ച്കാണുന്നത്. 'തനിനിറ'ത്തില്‍ നാടകത്തെക്കുറിച്ച് ഒരു റിവ്യൂ എഴുതുകയുംചെയ്തു. ആ പരമ്പരയിലെ തുടര്‍ന്നുള്ള നാടകങ്ങള്‍ ഓരോന്നായി വര്‍ഷതോറും അവതരിപ്പിക്കപ്പെടുന്ന മുറയ്ക്ക് കാണുകയും ചിലതിനെക്കുറിച്ചൊക്കെ എഴുതുകയും ചെയ്തുവെങ്കിലും റിഹേഴ്സല്‍ ക്യാമ്പിലേക്ക് എത്തിപ്പെടാന്‍ പിന്നെയും സമയമെടുത്തു. പത്രപ്രവര്‍ത്തന ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പഠനം തുടരാന്‍ രണ്ടുവര്‍ഷം തിരുവനന്തപുരത്ത് തങ്ങേണ്ടിവന്നത് ഇതിന് ഒരു കാരണമായിരുന്നു. കെ ടിയെ വിശദമായി ഒന്നു കണ്ടു പരിചയപ്പെടാനുള്ള അവസരം കിട്ടാത്തതായിരുന്നു പ്രധാന പ്രശ്നം.

    ഞാന്‍ കാണുന്ന കെ ടി വളരെ തിരക്കേറിയ ആളായിരുന്നു. സിനിമക്കാരും എഴുത്തുകാരും നടന്മാരും നേതാക്കളും അടങ്ങുന്ന സംഘങ്ങള്‍ക്ക് നടുവില്‍ തലയെടുത്തുനിന്ന വ്യക്തിത്വം. 'തനിനിറം' കോഴിക്കോട് എഡിഷന്റെ ഉദ്ഘാടന സപ്ളിമെന്റിലേക്ക് ലേഖനം ചോദിച്ചായിരുന്നു 1972ന്റെ ആദ്യപാദത്തില്‍ ഒരു ദിവസം രാവിലെ ആറാം ഗേറ്റിന്നടുത്ത് വാടകവീട്ടില്‍ കെ ടിയുടെ മുമ്പാകെ ഞാനാദ്യം പ്രത്യക്ഷപ്പെട്ടത്. ഉമ്മറത്ത് കുറച്ചുനേരം എന്നെ കാത്തിരുത്തി കെ ടി ലേഖനം പൂര്‍ത്തിയാക്കി കൈയില്‍ തന്നു. 'മുസ്ളിംലീഗ് എന്ന ആല്‍മരം'. കെ ടിയുടെ ആക്ഷേപഹാസ്യം തിരതല്ലുന്നൊരു ലേഖനമായിരുന്നു അത്. സി എച്ച് മുഹമ്മദ്കോയ കോഴിക്കോട് ടൌണ്‍ഹാളില്‍ തന്റെ അനുയായികളോട് നടത്തിയ ഒരു പ്രസംഗം മുന്‍നിര്‍ത്തി ആ രാഷ്ട്രീയകക്ഷിയുടെ കാപട്യം വായനക്കാരന് മുമ്പാകെ അവതരിപ്പിക്കുകയായിരുന്നു കെ ടി. സ്വതസിദ്ധമായ ശൈലിയില്‍ ഫലിതബിന്ദുക്കള്‍ കുത്തിനിറച്ച പ്രസംഗത്തിനിടയില്‍ സി എച്ച് മുഹമ്മദ്കോയ നടത്തിയ ആലങ്കാരികമായ ഒരു പ്രയോഗം ഉദ്ദിഷ്ട ആശയത്തിന്റെ കടകവിരുദ്ധമായ അര്‍ഥത്തിലാണ് വന്നുഭവിച്ചതെങ്കിലും ശ്രോതാക്കള്‍ കരഘോഷം മുഴക്കി അതേറ്റെടുക്കുകയായിരുന്നു. ആ കക്ഷിയുടെ വൈപരീത്യവും ഏതാനും പേരുടെ സ്വാര്‍ഥലാഭത്തിനായി ഒരു സമുദായത്തെയാകെ ബലികഴിക്കുന്നതിന്റെ കൊടിയ അധാര്‍മികതയുമായിരുന്നു ലേഖനത്തിന്റെ പ്രതിപാദ്യം. ആ കൂടിക്കാഴ്ചയില്‍ കെ ടിയുമായി വേറെ വിശേഷിച്ച് ആശയവിനിമയമൊന്നും നടന്നിരുന്നില്ല എന്നാണോര്‍മ. പി എം താജിനൊപ്പം റെയില്‍വെസ്റ്റേഷനില്‍ വെച്ചോ, താജിന്റെയോ, കെ ടിയുടെയോ വീട്ടില്‍ വെച്ചോ   വര്‍ഷങ്ങളെടുത്തു നടന്ന കണ്ടുമുട്ടലുകളിലൂടെയാണ് കെ ടിയെ എനിക്ക് അടുത്തറിയാനിടയായത്. ആ നാടകക്യാമ്പില്‍ പ്രവേശനം ലഭിച്ചതും.

    നിലമ്പൂര്‍ ആയിശ മുതല്‍ റംഗൂണ്‍ റഹ്മാന്‍ വരെയുള്ള എത്രയോ അഭിനേതാക്കള്‍ കെ ടിയുടെ റിഹേഴ്സല്‍ ക്യാമ്പിലെ സമ്പന്നമായ അനുഭവത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്നത് ഒന്നിലധികം തവണ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സകാര നാടകങ്ങള്‍ക്ക്ശേഷം 'സംഗമം' വിട്ട് 'കലിംഗ'തിയറ്റേഴ്സ് തുടങ്ങിയപ്പോഴാണ് കെ ടിയുടെ നാടകപ്പന്തലിലേക്ക്, വീട്ടുമുറ്റത്തെ നാടകക്കളരിയിലേക്ക് ഒരു കാഴ്ചക്കാരനായി എനിക്ക് പ്രവേശം കിട്ടുന്നത്. കെ ടിയുടെ ശിക്ഷണത്തില്‍ വളര്‍ന്ന് പേരും പെരുമയും അത്യാവശ്യം വരുമാനവും നേടിയ നടീനടന്മാര്‍ പില്‍ക്കാലത്ത് വിവിധ വേദികളില്‍വെച്ച് തങ്ങളുടെ ഗുരുനാഥനെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറായ വാക്കുകള്‍ എത്രയും അര്‍ഥവത്തെന്ന് ക്യാമ്പില്‍ അവരുടെ കൂടെയൊക്കെ ചെലവഴിക്കാന്‍ കഴിഞ്ഞ നാളുകളിലെ അനുഭവംവെച്ച് സാക്ഷ്യപ്പെടുത്താന്‍ കഴിയും. പീഡനസദൃശം തന്നെയായിരുന്നു കെ ടിയുടെ ശിക്ഷണം. അഭിനയം എന്ന വൃത്തിതന്നെ വിട്ട് വേറെ വല്ല ജോലിയും തേടിപ്പോയാലോ എന്ന് ഇവരില്‍ പലരും ഇടക്കെങ്കിലും ആലോചിച്ചുപോയിരിക്കണം. ഓരോ ചലനത്തിലും ഓരോ അംഗവിക്ഷേപത്തിലും ഓരോ ഭാവപ്രകടനത്തിലും ഓരോ ഉച്ചാരണത്തിലും സംവിധായകന്‍ അഭിനേതാക്കളെ അടിമുടി പിന്തുടര്‍ന്നു. ആവശ്യത്തിലേറെ മുന്‍കൂര്‍ സജ്ജീകരണം നല്‍കിയായിരുന്നു ഈ പിന്തുടരല്‍ എന്നതും, ഓരോ വീഴ്ചയില്‍നിന്ന് എഴുന്നേല്‍പ്പിക്കുമ്പോഴും ഈ ബാലപാഠങ്ങളെല്ലാം വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു എന്നതും കെ ടിക്ക് നാടകനിര്‍മിതി കൊടിയ ആത്മപീഡനമാക്കിത്തീര്‍ക്കുകയുംചെയ്തു.

    റിഹേഴ്സലും നാടകരചനയും മിക്കപ്പോഴും സമാന്തരമായാണ് പുരോഗമിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ സ്വയം കൊണ്ടെത്തിച്ചു നിര്‍ത്തിയാണ് കെ ടി തന്റെ നാടകങ്ങള്‍ ഏറെയും എഴുതിച്ചെയ്തത്. സമ്മര്‍ദങ്ങള്‍ക്ക് മുന്നിലിരുന്നും റിഹേഴ്സലിനിടക്കുനിന്നുമായുള്ള എഴുത്ത് ഏകാഗ്രതയെ സ്വഭാവികമായും ബാധിക്കും. റിഹേഴ്സലിനിടക്ക് ഈ പഴുതുകള്‍ പലതും പ്രകടമാവും. ക്യാമ്പില്‍ കാണികളായുള്ളവര്‍, വലിയ കണ്ടുപിടുത്തംപോലെ, ഇതൊക്കെ ശ്രദ്ധയില്‍പ്പെടുത്തും. ഒട്ടും വൈമനസ്യമില്ലാതെ, എന്നു മാത്രമല്ല ഇരു കൈയും നീട്ടിക്കൊണ്ടുതന്നെ, കെ ടി അതെല്ലാം ചെവിക്കൊള്ളുകയും ആവശ്യമായ നിവൃത്തികള്‍ വരുത്തുകയും ചെയ്യും. ഇതിനല്ലെ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്; നിങ്ങളുടെ നാടകം കുറ്റമറ്റതാക്കിയാല്‍ നിങ്ങള്‍ക്ക് നന്ന് എന്നാണ് മട്ട്.

    രചനക്കും റിഹേഴ്സലിനുമിടക്ക് സെറ്റിനെക്കുറിച്ചും മറ്റു അനുബന്ധ സജ്ജീകരണങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ചയും വിവാദവും തകൃതിയായി നടക്കും. എല്ലാവര്‍ക്കും പറയാനിടമുണ്ട്. വെറുമൊരു തിരശ്ശീലമാത്രം പശ്ചാത്തലമാക്കി മുഴുനീള നാടകം വിജയകരമായവതരിപ്പിച്ച നാടകകാരനാണ്. പ്രൊഫഷണല്‍ വേദിയിലും വെറും നെയിംബോര്‍ഡും റെക്കാര്‍ഡും ഉപയോഗിച്ച് സ്ഥലവും കാലവും അവതരിപ്പിച്ച സംവിധായകന്‍. മാറുന്ന കാലത്തിന്റെ അഭിരുചിഭേദങ്ങള്‍ പ്രൊഫഷണല്‍ നാടകവേദിയുടെ പരിമിതികളില്‍ പരിഗണനാര്‍ഹമാകുന്നതെന്ന ചിന്തയ്ക്കും ഇടം കിട്ടാതെയല്ല. പാട്ട് വേണമെങ്കില്‍ മലയാള നാടകത്തിന് ധൈര്യമായി ആശ്രയിക്കാവുന്നത് അന്നും എന്നും ഒ എന്‍ വിതന്നെ എന്ന് കെ ടിക്ക് തിട്ടമുണ്ടായിരുന്നു. സ്വയം വിഖ്യാതമായ കുറേ നാടകഗാനങ്ങളുടെ രചയിതാവെങ്കിലും (സ്നേഹപൂര്‍വം കെ ടി മുഹമ്മദ് എന്ന പേരില്‍ ആ നാടകഗാനങ്ങള്‍ ഓഡിയോ കാസറ്റായി ഇറങ്ങിയിട്ടുണ്ട്).

    റിഹേഴ്സലിനും എഴുത്തിനും അവതരണത്തെക്കുറിച്ചുള്ള മറ്റു ആലോചനകള്‍ക്കും ഇടയ്ക്ക് കാണികളുടെ ചെറുവൃന്ദങ്ങള്‍ നാടകപ്പന്തലിനപ്പുറം വീടിന്റെ വരാന്തയിലോ തിണ്ണയിലോ ഇരുന്ന് ആഗോളകാര്യങ്ങളില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പടുന്നുണ്ടാവും. 'മുടി'വേണു എന്ന പേരില്‍ പരിചയക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന മികച്ച വായനക്കാരന്‍ കൂടിയായ നടന്റെ നേതൃത്വത്തില്‍ ഒരു കൂട്ടര്‍ 'ലാംഗ്വേജ് ആന്‍ഡ് സൈലന്‍സിനെക്കുറിച്ചും ജോര്‍ജ് സ്റ്റീനറെക്കുറിച്ചും സൂസന്‍ സൊന്റാഗിനെക്കുറിച്ചുമുള്ള ചര്‍ച്ചയിലാവും. കെ ടിയുടെ 'സ്ഥിതി' ആര്‍തര്‍ മില്ലറുടെ 'ഡെത്ത് ഓഫ് എ സ്റ്റേറ്റ്സ്മാന്‍' എന്ന കൃതിയുടെ പ്രതിധ്വനിയാണെന്ന് തര്‍ക്കിച്ചത് വേണുവായിരുന്നു. ഈ സംഘത്തില്‍ നിന്നകലെ വേറൊരു കൂട്ടര്‍ ആയിടെ കോഴിക്കോട്ട് നടന്ന എഫ് എഫ് സി (എന്‍എഫ്ഡിസിയുടെ മുന്‍ഗാമി) ചലച്ചിത്രോത്സവത്തിന്റെ ഹാങ്ഓവറിലാവും. ഇടക്ക് കെ ടിയും അവിടെയെങ്ങാനും കയറിച്ചെന്ന് അവരുടെ ചര്‍ച്ചകളില്‍ ഇടപെടും. ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച മണികൌളിന്റെയും കുമാര്‍ഷഹാനിയുടെയും ചലച്ചിത്രങ്ങളുടെ ഭാഷയോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തും. അവരുടെ സിനിമ കാലത്തിന്റെ വേഗം ഉള്‍ക്കൊള്ളുന്നില്ല എന്നും അതുകൊണ്ട്തന്നെ ജനങ്ങള്‍ സ്വീകരിക്കില്ല എന്നും കെ ടി ഉറച്ചുവിശ്വസിച്ചു. മലയാളത്തിലും 'സ്വയംവര'ത്തിന്റെയും 'കാഞ്ചന സീത'യുടെയും സ്വഭാവത്തോടും തന്റെ നിലപാട് അതുതന്നെയെന്ന് കെ ടി പ്രഖ്യാപിക്കും.

    ദൂരദര്‍ശനിലെ ക്രിക്കറ്റും ഹിന്ദുവിലെ പദപ്രശ്നവും റിഹേഴ്സലിന്റെയും എഴുത്തിന്റെയും പിരിമുറുക്കത്തിനിടക്കും കെ ടിക്ക് ഒഴിവാക്കാന്‍ പറ്റുമായിരുന്നില്ല. ഒരുവേള അതില്‍നിന്ന് ഇടക്കൊരു വിടുതിയായിരുന്നു നിഷ്ഠവെച്ചുള്ള ആ പലായനം. ദിവസം മുഴുവന്‍ നീളുന്ന യാതനാപൂര്‍ണമായ അധ്വാനത്തിനുശേഷം ശരീരത്തിന്റെയും മനസ്സിന്റെയും സന്തുലിതാവസ്ഥ വീണ്ടെടുക്കാന്‍, അതിഥികളില്‍ രാത്രി വൈകിയും അവശേഷിക്കുന്നവരുമൊത്തുള്ള ഉപചാരംപോലെത്തന്നെ.

    നാടകത്തിന്റെ ഡ്രസ്റിഹേഴ്സലിന് വളരെ അടുപ്പമുള്ള ഏതാനുംപേരെ പ്രത്യേകം വിളിച്ചുവരുത്തുമായിരുന്നു.എഴുത്തുകാരും കലാകാരന്മാരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായ അവര്‍ക്ക് വല്ല നിര്‍ദേശങ്ങളും അവതരിപ്പിക്കാനുണ്ടെങ്കിലത് പ്രത്യേകം ഗൌനിക്കുകയും ചെയ്യും.

    ഉദ്ഘാടന അവതരണം എന്നും കുട്ടികൃഷ്ണമാരാര്‍ ആദ്യമായൊരു നാടക നിരൂപണം നടത്താനിടയായ 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' (1951) അരങ്ങേറ്റം കുറിച്ച കോഴിക്കോട് ടൌണ്‍ഹാളില്‍ത്തന്നെ. നാടകം തുടങ്ങുന്ന സമയത്തിലും മറ്റുമുള്ള കെ ടിയുടെ നിഷ്ഠ പ്രസിദ്ധമാണ്. അഞ്ചു മിനിറ്റ് മുമ്പ് ആദ്യത്തെ ബെല്‍ മുഴങ്ങും. പിന്നെ നാടകകാരന്റെ ആമുഖഭാഷണം. കൃത്യം ഏഴുമണിക്ക് രണ്ടാമത്തെ ബെല്ലടിക്കും. ഇനി നാടകം.

    ആദ്യാവതരണത്തിലെ കുറ്റംതീര്‍ത്ത് നാട്ടിലുടനീളമായുള്ള അവതരണ പര്യടനങ്ങള്‍ തുടങ്ങുകയായി. തുടക്കത്തില്‍ ഏതാനും വേദികളിലെങ്കിലും കെ ടി പുതിയ നാടകത്തെ പിന്തുടരും. ട്രൂപ്പിനൊപ്പം ഇത്തരം ചില യാത്രകളില്‍ കൂടാന്‍ കഴിഞ്ഞത് ഒരു നാടകസംഘത്തിന്റെ സംഘര്‍ഷത്തെക്കുറിച്ച് കുറെയൊക്കെ ധാരണ ലഭിക്കാന്‍ എനിക്ക് സഹായകമായിട്ടുണ്ട്. ആദ്യം പുറത്ത് ഒരു വേദിയിലേക്ക് യാത്രചെയ്യുമ്പോള്‍ സംഘാംഗങ്ങള്‍ അനുഭവിക്കുന്ന സംഘര്‍ഷം വിവരണാതീതമാണ്. വര്‍ഷങ്ങളുടെ നിരീക്ഷണത്തില്‍നിന്ന് ഈ സംഘര്‍ഷാവസ്ഥയുടെ പ്രത്യാഘാതത്തെക്കുറിച്ച് ബോധവാനായിക്കഴിഞ്ഞിട്ടുള്ള കെ ടി അവരെ സാധാരണ നിലയില്‍ പിടിച്ചുനിര്‍ത്താന്‍ കാണിക്കുന്ന ശ്രദ്ധ നമുക്ക് ജീവിതത്തില്‍ത്തന്നെ ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. റിഹേഴ്സല്‍ ക്യാമ്പിലെ ശിക്ഷകന്റെ വേഷമെല്ലാം കെ ടി എങ്ങോ മാറ്റിവെച്ചു കഴിഞ്ഞിരിക്കും. ക്യാമ്പില്‍ത്തന്നെയും അതാത് സമയത്തെ കരണപ്രതികരണങ്ങള്‍ക്കപ്പുറം ആ ശിക്ഷകന്റെ നിലപാട് നീണ്ടുനില്‍ക്കാറുമില്ലല്ലോ. വേദിയില്‍ നാടകം നടന്നുകൊണ്ടിരിക്കുമ്പോള്‍ അഭിനേതാക്കളിലെന്നതിനേക്കാള്‍ കാണികളിലായിരിക്കും കെ ടിയുടെ കണ്ണ്. സ്റ്റേജിന്റെ ഉചിതമായൊരു ഭാഗത്തുനിന്ന് കാണികളെ ഓരോരുത്തരെയും, ഓരോരുത്തരെത്തന്നെ, നിരീക്ഷിക്കും. അതാ, അവിടെ ഒരാള്‍ ഒട്ടും പിടിതരാതെ നിന്ന് നാടകം കാണുന്നു. കെ ടി ആ മനുഷ്യനെ അടയാളപ്പെടുത്തിക്കഴിഞ്ഞു. മൂകമായ സദസ്സിനിടയില്‍ നിന്നതാ ഒരു പൂച്ച കരച്ചില്‍. ഒരിടത്തുനിന്നല്ല, അത് പടരുകയാണ്. കെ ടിക്കറിയാം ആ ഒറ്റയാന്‍ ഏതോ കടുത്ത അനുഭവത്തിന്റെ പുനരാവിഷ്കരണമാണിവിടെ കാണുന്നത്. പൂച്ചകരച്ചില്‍ ഉയരുന്നത് നാടകത്തിലെ ആ വൈകാരിക മുഹൂര്‍ത്തത്തിന്റെ തീക്ഷ്ണത താങ്ങാന്‍ കഴിയാത്ത കാണികളുടെ ഭാഗത്തുനിന്നാണ്. മറ്റുള്ളവരെല്ലാം ആര്‍ത്തുചിരിക്കുമ്പോഴും ഗൌരവം വിടാതെ അരങ്ങിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ആള്‍ നാടകം കഴിഞ്ഞ ഉടന്‍ വേദിയിലെത്തി നാടകകൃത്തിനെയും അഭിനേതാക്കളെയും കണ്ട് കാര്യം തുറന്നുപറയുന്നു. ഇത് തന്റെ കഥ തന്നെയാണ്. ഞാനത് കണ്ണിമവെട്ടാതെ കണ്ടു. നന്ദി. നന്ദി. ഇങ്ങനെ എത്രയോ അനുഭവങ്ങള്‍ മടക്കയാത്രയില്‍ - മൂന്നും നാലും നാടകം കഴിഞ്ഞായിരിക്കും ചിലപ്പോള്‍ കോഴിക്കോട്ടേക്ക് മടക്കം-സംഘാംഗങ്ങളുമായി കെ ടി പങ്കുവെക്കും. ഒരു വേദിയില്‍നിന്ന് വേറൊരു വേദിയിലേക്കുള്ള യാത്രക്കിടയിലാണെങ്കിലും ഇത്തരം അനുഭവങ്ങള്‍ തങ്ങള്‍ കാണാത്ത തലങ്ങള്‍ തങ്ങളുടെ പാത്രാവിഷ്കാരത്തിന് ഉണ്ടെന്ന പാഠം പങ്കുവെക്കാന്‍ കെ ടി പ്രയോജനപ്പെടുത്തും. മടക്കയാത്ര സംഘാംഗങ്ങളുടെ സൌഭ്രാത്രം ഊട്ടിയുറപ്പിക്കാനുള്ള വേദികൂടിയായി ആ മനുഷ്യകഥാനുഗായി പ്രയോജനപ്പെടുത്തുന്നു. ഓരോരുത്തരെക്കൊണ്ടും പാട്ടുപാടിക്കാനും സാധാരണനിലയില്‍ വെളിപ്പെടുത്താത്ത മറ്റു കഴിവുകള്‍ പുറത്തെടുപ്പിക്കാനും ശ്രദ്ധവെക്കുന്നു. ഇതുപോലൊരു യാത്രയിലെ പാട്ടുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടക്കാണ് എസ് എം ജമീല്‍ എഴുതിയ 'ദുബായ് കത്തി'നെക്കുറിച്ചുള്ള കെ ടിയുടെ വാക്കുകള്‍ എന്റെ ശ്രദ്ധയാകര്‍ഷിച്ചത്. മലയാളത്തില്‍ ഇത്ര അര്‍ഥവത്തായ വിരഹ സന്ദേശകാവ്യം ഏതുണ്ട് എന്നാണ് ആ കത്തുപാട്ടിലെ ഓരോ വരിയും ഓരോ വാക്കും എടുത്തുകാണിച്ച് കെ ടി ചോദിച്ചത്. എല്ലാവരും ഈ യാത്രകളില്‍ പരസ്പരം ചിന്തകള്‍ പങ്കുവെച്ചു, വെവ്വേറെയും കൂട്ടായും. വെറുതെയല്ല കെ ടിയുടെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടീനടന്മാരുടെ ഒരു പുനരാവിഷ്കരണ പരിപാടിയെക്കുറിച്ച് കോഴിക്കോട്ട് ഈയിടെ അനുസ്മരണ സമിതി യോഗത്തില്‍ ആലോചന വന്നപ്പോള്‍ അവിടെ എത്തിയിരുന്നവരില്‍ കെ ടിയുടെ നാടകങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഓരോരുത്തരും ഞാന്‍, ഞാന്‍ എന്ന് പറഞ്ഞ് തിക്കിത്തിരക്കി മുന്നോട്ടുവന്നത്.

    'പരാജിതനായ എഴുത്തുകാരന്‍' എന്നാണ് അവസാനനാളുകളില്‍ പക്ഷേ കെ ടി സ്വയം വിലയിരുത്തിയത്. ഏതെങ്കിലും സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണത്തിലായിരുന്നില്ല ഈ ആത്മരോദനം. കടുകിട വിട്ടുവീഴ്ചയില്ലാതെ ഒരായുസ്സു മുഴുവന്‍ താന്‍ നയിച്ച സര്‍ഗസമരത്തിന്റെ സന്ദേശം സര്‍വാത്മനാ ഏറ്റെടുത്തുവെന്ന് തോന്നിപ്പിക്കുകയും തക്കംപാര്‍ത്ത് തനിനിറം കാട്ടുകയും ചെയ്ത സമൂഹത്തിന് മുമ്പാകെ പരസ്യമായിത്തന്നെയായിരുന്നു ആ ഉള്ളുലയ്ക്കുന്ന വിലാപം. ആരു ചെവികൊടുത്തു. കെ ടി കൂടി ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ സ്ഥിതി എന്താകുമായിരുന്നുവെന്ന് സാന്ത്വനപൂര്‍വം ആര് തിരിച്ചുചോദിച്ചു. 'പരാജിതനായ മനുഷ്യന്‍' എന്നുകൂടി സ്വയം വിലയിരുത്താന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ മനഷ്യകഥാനുഗായികളിലൊരാളായ ആ പാവത്താനെ കോഴിക്കോട്ടെ പുതിയങ്ങാടിയിലെ 'സുരഭില'യില്‍ ഒറ്റക്കിട്ട് നാമെല്ലാം പുതിയ വിലാപകര്‍ ഇനി ആരുണ്ട് എന്ന് അപ്പുറത്തേക്ക് കണ്ണ് നട്ടിരുന്നുവല്ലോ.
@@
കോയമുഹമ്മദ്

No comments:

Post a Comment

Visit: http://sardram.blogspot.com