28 April, 2011

ജെയ്ത്താപ്പൂര്‍ ആണവ പദ്ധതി ഉപേക്ഷിക്കുക

പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം ഊര്‍ജ്ജിതമായി നടപ്പാക്കുന്നതിെന്‍റ ഭാഗമായി, ജനങ്ങളെ ആട്ടിയോടിച്ചിട്ടായാലും വെടിവെച്ചുവീഴ്ത്തിയിട്ടായാലും ശരി, വിദേശ കോര്‍പ്പറേറ്റുകളെ അരിയിട്ടുവാഴിക്കാന്‍ വഴിയൊരുക്കണമെന്ന വാശിയിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാരും കോണ്‍ഗ്രസും. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ ജെയ്ത്താപ്പൂരില്‍ ഫ്രഞ്ച് ആണവ കമ്പനിയായ അരേവയുടെ ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളില്‍നിന്ന് അതാണ് വ്യക്തമാകുന്നത്. ഒരു ലക്ഷം കോടി രൂപ ചെലവുചെയ്ത്, 1650 മെഗാവാട്ട് വീതം വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിവുള്ള ആറ് ആണവ റിയാക്ടറുകള്‍ സ്ഥാപിച്ച് 10,000ത്തോളം മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ലൈറ്റ് വാട്ടര്‍ റിയാക്ടറുകളുടെ ഇനത്തില്‍പ്പെട്ട യൂറോപ്യന്‍ സമ്മര്‍ദിത റിയാക്ടറുകള്‍ ജെയ്ത്താപ്പൂരില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ജപ്പാനിലെ ഫുക്കുഷിമയില്‍ ഭൂകമ്പത്തില്‍ പൊട്ടിത്തകര്‍ന്ന അമേരിക്കന്‍ റിയാക്ടറുകളുടെ അതേ മോഡലിലുള്ള ലൈറ്റ്വാട്ടര്‍ റിയാക്ടറുകള്‍, ഭൂകമ്പസാധ്യത ഏറെയുണ്ടെന്ന് ശാസ്ത്രജ്ഞന്മാര്‍ സമ്മതിക്കുന്ന രത്നഗിരിയില്‍ സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് വ്യഗ്രതകാണിക്കുന്നത്, ഫുക്കുഷിമ ആണവ നിലയ ദുരന്തത്തില്‍ ലോകമാകെ ഭയചകിതമായി നില്‍ക്കുമ്പോഴാണ് എന്ന് നാം ഓര്‍ക്കണം. ത്രീമൈല്‍ ഐലണ്ടിന്റെയും ചെര്‍ണോബിലിെന്‍റയും ഫുക്കുഷിമയുടെയും പശ്ചാത്തലത്തില്‍ ലോകത്താകെയുള്ള 440ല്‍പരം ആണവ വൈദ്യുതനിലയങ്ങളുടെയും പ്രവര്‍ത്തനം പുനഃപരിശോധനയ്ക്ക് വിധേയമാക്കപ്പെടണം എന്ന മുറവിളി ഉയര്‍ന്നുവരുമ്പോള്‍, അതൊന്നും ചെവിക്കൊള്ളാതെ, വിദേശ കൂറ്റന്‍ കോര്‍പ്പറേറ്റിനെ പ്രീതിപ്പെടുത്താന്‍ വെമ്പല്‍കാണിക്കുന്ന മന്‍മോഹന്‍സിങ്ങിെന്‍റ രാജ്യസ്നേഹം വാഴ്ത്തപ്പെടേണ്ടതുതന്നെയാണ്. മഹാരാഷ്ട്രയില്‍ത്തന്നെ ധാബോളില്‍ എന്‍റോണ്‍ എന്ന അമേരിക്കന്‍ കമ്പനിയുടെ കീഴില്‍ നിര്‍മ്മാണമാരംഭിച്ച വൈദ്യുതി നിലയത്തില്‍നിന്ന് ലഭിക്കുന്ന വെദ്യുതി യൂണിറ്റൊന്നിന് 12 രൂപ വിലവരുമെന്നും അത്ര ഉയര്‍ന്ന വിലകൊടുത്ത് അത് വാങ്ങാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന് കഴിവില്ലെന്നുമുള്ള കാരണത്താലാണ് പത്തുവര്‍ഷം മുമ്പ് അതിെന്‍റ പണി പകുതിയില്‍വെച്ച് നിര്‍ത്തിയത്. സര്‍ക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടം സംഭവിച്ചതുമാത്രം മിച്ചം. ജെയ്ത്താപ്പൂരില്‍ ആണവനിലയം പണികഴിഞ്ഞ്, പ്രവര്‍ത്തനക്ഷമമായാല്‍ അതുല്‍പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റൊന്നിന് 15 രൂപയില്‍ കൂടുതല്‍ ചെലവ് വരുമത്രേ. അതിനേക്കാള്‍ എത്രയോ കുറഞ്ഞ ചെലവുമാത്രം വരുന്ന ജലവൈദ്യുതി പദ്ധതികളേയും താപവൈദ്യുതി പദ്ധതികളെയും മറ്റും മാറ്റിവെച്ച്, ആണവ വൈദ്യുതിയുടെ പിറകേ മന്‍മോഹന്‍സിങ് പറക്കുന്നതെന്തിനാണ്? ഫ്രഞ്ച് അരേവാ കമ്പനിയുടെ യൂറോപ്യന്‍ സമ്മര്‍ദ്ദിത മോഡലിലുള്ള റിയാക്ടര്‍ ലോകത്തില്‍ മറ്റെവിടെയും ഇതിനുമുമ്പ് കമ്മീഷന്‍ ചെയ്തിട്ടില്ല; അതിെന്‍റ പ്രവര്‍ത്തനക്ഷമതയെപ്പറ്റിയോ സുരക്ഷിതത്വത്തെപ്പറ്റിയോ വിശ്വാസ്യതയെപ്പറ്റിയോ അപകട സാദ്ധ്യതയെപ്പറ്റിയോ ലോകത്തിന് യാതൊരു വിവരവുമില്ലആരേവ കമ്പനി നല്‍കുന്ന വാഗ്ദാനങ്ങളല്ലാതെ. ചരക്കിെന്‍റ ഗുണത്തെക്കുറിച്ച് കച്ചവടക്കാരന്‍ നല്‍കുന്ന ഉറപ്പിെന്‍റ അര്‍ഥമേ അതിനുള്ളു. അതാകട്ടെ എവിടെയും പരീക്ഷിക്കപ്പെട്ടിട്ടുമില്ല. എന്നിട്ടും അതി സങ്കീര്‍ണ്ണവും ദുരൂഹവും അനന്തമായ അപകടസാധ്യതയുള്ളതുമായ ആണവ വൈദ്യുതനിലയം സ്ഥാപിക്കാന്‍, സ്ഥലവാസികളെ വെടിവെച്ചുകൊന്നും അടിച്ചോടിച്ചും ഭൂമി ഒഴിപ്പിച്ചെടുക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. മൊത്തം നിര്‍മ്മാണച്ചെലവ്, നിര്‍മ്മാണ കാലതാമസം, യൂണിറ്റൊന്നിനുള്ള വില, ഇന്ധനലഭ്യത, പരിസര മലിനീകരണം, സാങ്കേതിക വിദ്യാ വിജ്ഞാനം, സുരക്ഷിതത്വം, അപകടസാധ്യത, ദീര്‍ഘവീക്ഷണത്തില്‍ നോക്കുമ്പോഴുള്ള ദുരന്തസാധ്യത തുടങ്ങിയ ഘടകങ്ങളൊന്നും നമുക്ക് അനുകൂലമല്ലാതിരിക്കെ, 2000ല്‍പരം കുടുംബങ്ങളെ ആട്ടിയോടിച്ച്, അഞ്ചുഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവനോപാധി മുട്ടിച്ച്, ജെയ്ത്താപ്പൂരില്‍ വിദേശ കോര്‍പ്പറേറ്റിെന്‍റ ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണം. ജനങ്ങളുടെ എതിര്‍പ്പിനെ അടിച്ചമര്‍ത്തിക്കൊണ്ട്, അവരുടെമേല്‍ ദുരന്തത്തിെന്‍റ ഭീതി അടിച്ചേല്‍പ്പിക്കുന്നത് ഒരു ജനാധിപത്യ ഗവണ്‍മെന്‍റിന് ചേര്‍ന്ന നടപടിയല്ല.
കടപ്പാട്: ചിന്ത

26 April, 2011

ഒറ്റമനസ്സായി കേരളം


ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലകളില്‍ കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യനിര തീര്‍ത്തു. എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്രസര്‍ക്കാരിന് കേരളം ഒറ്റമനസോടെ താക്കീത് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മതസാംസ്കാരിക നായകരും നടത്തിയ ഉപവാസസമരം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജില്ലകളില്‍ വിവിധ സമരകേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ അണിനിരന്നതോടെ കേരളത്തിന്റെ വികാരം അതിരുകള്‍ക്കപ്പുറത്തേക്ക് കൊടുങ്കാറ്റായി. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാരും മറ്റുജനപ്രതിനിധികളും നേതൃത്വം കൊടുത്തു. യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ട് ലീഗ് നേതാക്കളും പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത നേതാക്കളും ജനരോഷത്തില്‍ കൈകോര്‍ത്തു. ബിജെപി നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു. എന്‍ഡോസള്‍ഫാന്‍ അടക്കം അഞ്ച് മാരക കീടനാശിനികളെ നിരോധിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ സ്റ്റോക് ഹോം കണ്‍വന്‍ഷന്‍ തുടങ്ങുന്ന ദിനമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനു താക്കീതായി കേരളം സമരവേലിയേറ്റമൊരുക്കിയത്. ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായവരെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവനും ദുരിതക്കടലിലേക്ക് എറിയരുതെന്നും സംസ്ഥാനം ഒന്നിച്ച് ആവശ്യപ്പെട്ടു. ചരിത്രമിരമ്പുന്ന തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപവാസം. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കവയത്രി സുഗതകുമാരി, ബിജെപി നേതാവ് ഒ രാജഗോപാല്‍, പി ഗോവിന്ദപ്പിള്ള, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, പാളയം ഇമാം ജമാലുദീന്‍ മങ്കട, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, നടന്‍ സുരേഷ് ഗോപി, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിക്ക് സുഗതകുമാരി നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിച്ചത്. തിരുവനന്തപുരത്ത് വൈകിട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കൊച്ചി മറൈന്‍ഡ്രൈവില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സുകുമാര്‍ അഴീക്കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസന്ദേശം നല്‍കി. നടന്‍ കലാഭവന്‍ മണി പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും അണിചേര്‍ന്നു. ഇടക്കൊച്ചിയില്‍ ദിലീപും തമിഴ് നടന്‍ ഭാഗ്യരാജും പ്രതിഷേധത്തില്‍ പങ്കെടുത്തു. ദുരന്തഭൂമിയായ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ലീഗ് നേതാക്കളും പങ്കെടുത്തു. ജനീവയില്‍ കണ്‍വന്‍ഷന്‍ ആരംഭിച്ച ഇന്ത്യന്‍ സമയം പകല്‍ 1.30ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധാഗ്നി തെളിച്ചു. കാസര്‍കോട് നഗരത്തില്‍ പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റ്് നിശ്ചല സമരം അരങ്ങേറി. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി.
@
കടപ്പാട്: ദേശാഭിമാനി

23 April, 2011

സാര്‍ദ്രം എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ക്യാമ്പയ്ന്‍ - 2011

-----------------------------------------------------------------------

 ----------------------------------------------------------------------------------


ആഭ്യന്തര രാഷ്ട്രീയത്തിലെ അമേരിക്കന്‍ കൈകടത്തല്‍

ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന നഗ്നമായ കൈകടത്തലുകള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു. പുതിയ വിക്കിലീക്സ് രേഖകള്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെയും അവരുടെ തൃണമൂല്‍ കോൺഗ്രസിനെയും വളര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എമ്മിനെ തകര്‍ക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന അമേരിക്കന്‍ മനസ്സിലിരുപ്പാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്.

അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോഴും, അതിനെതിരെ പ്രതിഷേധത്തിന്റെ ഒരു ചെറുവാക്കുപോലും ഉച്ചരിക്കാനാകാതെ നില്‍ക്കുകയാണ് സോണിയ ഗാന്ധിയുടെ പരോക്ഷ കാര്‍മികത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം. രാജ്യത്തിന്റെ ആത്മാഭിമാനംപോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത അമേരിക്കന്‍ ദാസ്യത്തിന്റെ പ്രതീകമായി നില്‍ക്കുകയാണ് ഇന്ന് യുപിഎ ഭരണം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോൺഗ്രസിന്റെ മുന്‍കൈയോടെയുള്ള ഒരു സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ വരുന്നത് തങ്ങള്‍ക്ക് സഹായകമായിരിക്കുമെന്ന അമേരിക്കയുടെ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകളുമാണ് പുതിയ വിക്കിലീക്സ് രേഖകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്. മമത ബാനര്‍ജിയുടെ നേതൃത്വത്തിലൊരു ഭരണമുണ്ടായാല്‍ അത്, അമേരിക്കയോട് സൌഹൃദംപുലര്‍ത്തുമെന്നും അതിനാല്‍ത്തന്നെ അവരുമായുള്ള സൌഹൃദം ശക്തിപ്പെടുത്തണമെന്നും അവരെ വളര്‍ത്തിക്കൊണ്ടുവരണമെന്നുമാണ് അമേരിക്ക പറയുന്നത്. ഇതിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് അവരുടെതന്നെ നയതന്ത്രജ്ഞര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇന്ത്യന്‍ താല്‍പ്പര്യത്തിനുവേണ്ടി നില്‍ക്കുന്നതാര്, അതിനെതിരായി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ നില്‍ക്കുന്നതാര് എന്നീ കാര്യങ്ങള്‍ മറനീക്കി വ്യക്തമാക്കുന്നുണ്ട് പുതിയ വിക്കിലീക്സ് രേഖകള്‍. കൊല്‍ക്കത്ത യുഎസ് കോൺസുലേറ്റിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മാവോയിസ്റ് തീവ്രവാദികളെയും തൃണമൂല്‍ കോൺഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്ന കാര്യം നേരത്തേതന്നെ ദേശീയ ശ്രദ്ധയില്‍വന്നിരുന്നതാണ്. ഈവിധത്തില്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് അമേരിക്കയോടാവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിയോട് രാഷ്ട്രീയ വിവേകമുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞതുമാണ്. എന്നാല്‍, മന്‍മോഹന്‍സിങ്, അദ്ദേഹത്തിന്റെ സഹജമായ അമേരിക്കന്‍ വിധേയത്വമനോഭാവംകൊണ്ടുതന്നെ അതിന് തയ്യാറായില്ല. അതാകട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ കൈകടത്തല്‍ നടത്താനുള്ള ധൈര്യം നല്‍കി. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യരാജ്യവും അനുവദിക്കാത്തതാണ് ഈ വിധത്തിലുള്ള വൈദേശിക കൈകടത്തലുകള്‍.

തന്ത്രപ്രധാനമായ സൈനിക-സുരക്ഷാമേഖലകളിലും വിദേശനയകാര്യത്തിലും സാമ്പത്തികനയകാര്യത്തിലുമെല്ലാം അമേരിക്ക ഇടപെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ വിക്കിലീക്സ് രേഖയിലൂടെ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. യുപിഎ, മുമ്പ് അതിന്റെ പൊതുമിനിമംപരിപാടിയില്‍ പറഞ്ഞിരുന്ന സ്വതന്ത്രവിദേശനയം എന്ന തത്വം പ്രഹസനമാക്കിക്കൊണ്ട് അമേരിക്കയുടെ ആശ്രിതരാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിച്ചുതുടങ്ങിയവേളയില്‍ത്തന്നെ, ഇടതുപക്ഷം ഇതിലെ ആപത്ത് സംബന്ധിച്ച് മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. അത് വകവയ്ക്കാതെ യുപിഎ മുമ്പോട്ടുപോയി രാജ്യത്തിന്റെ പരമാധികാരത്തില്‍വരെ വിട്ടുവീഴ്ച ചെയ്യുംവിധം ആണവകരാര്‍ നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. അങ്ങനെ വന്നപ്പോള്‍ വിശ്വാസവോട്ടുനേടാന്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് തുണയായതുപോലും അമേരിക്കയാണ്. അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ടിയിലെ നാല് അംഗങ്ങളെയടക്കം കാലുമാറ്റിയെടുക്കാനും അങ്ങനെ വിശ്വാസവോട്ട് നേടാനും കഴിഞ്ഞത് അനേകകോടികളുടെ കൈക്കോഴയിലൂടെയാണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. വിശ്വാസവോട്ടിന്റെ തലേദിവസം, ക്യാപ്റ്റന്‍ സതീശ് ശര്‍മയുടെ വിശ്വസ്ത അനുയായിയായ നചികേത കപൂര്‍, കൈക്കൂലി കൊടുക്കാനായി കോഗ്രസ് ഒരുക്കിവച്ച കോടിക്കണക്കിനു രൂപയുടെ പെട്ടികള്‍, യുഎസ് എംബസിയിലെ പ്രമുഖര്‍ക്ക് കാണിച്ചുകൊടുത്ത്, തയ്യാറെടുപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തതും വിക്കിലീക്സ്തന്നെയാണ് പുറത്തുകൊണ്ടുവന്നത്.

2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ നിലപാടെടുത്തതിനു പിന്നിലുണ്ടായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദതന്ത്രങ്ങളും വിക്കിലീക്സ് രേഖകളിലൂടെ ജനം അറിഞ്ഞു. 2005ല്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശിച്ചവേളയില്‍ ഉണ്ടാക്കിയ പ്രതിരോധ സഹകരണചട്ടക്കൂട്, അമേരിക്കന്‍ കല്‍പ്പനപ്രകാരമുള്ളതായിരുന്നുവെന്നും, അത് ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങളിലെ ജൂനിയര്‍ പങ്കാളിയാക്കി ചേര്‍ക്കുന്നതായിരുന്നുവെന്നും യുഎസ് പ്രതിരോധസെക്രട്ടറി സ്ഥാനത്തിരുന്ന് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അയച്ച സന്ദേശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്സ് തെളിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുശേഷം എഫ്ബിഐ, സിഐഎ തലത്തിലുള്ള സഹകരണം കൂടിയതിന്റെ രേഖകളും വിക്കിലീക്സിലൂടെ പുറത്തുവന്നു. സുരക്ഷാ ഉപദേഷ്ടാവായ എം കെ നാരായണനെക്കുറിച്ചുള്ള യുഎസ് വിലയിരുത്തലുകള്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു.

2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ളതായിരുന്നുവെന്നത് വെളിപ്പെട്ടു. അമേരിക്കന്‍ പക്ഷപാതിത്വമുള്ള ചിലരെ- മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ്ശര്‍മ, അശ്വിന്‍കുമാര്‍, സെയ്ഫുദീന്‍ സോസ് തുടങ്ങിയവര്‍- മന്ത്രിസഭയിലെടുക്കണമെന്നത് അമേരിക്കയുടെ കല്‍പ്പനയായിരുന്നുവെന്നും, മന്ത്രിസഭാ അഴിച്ചുപണിയിലൂടെ അത് മന്‍മോഹന്‍സിങ് നിര്‍വഹിച്ചുകൊടുക്കുകയായിരുന്നു എന്നതും തെളിഞ്ഞു. മണിശങ്കർ അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നും എം കെ നാരായണനെ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍നിന്നും മാറ്റിയതിനു പിന്നിലെ കാര്യങ്ങളും വിക്കിലീക്സിലൂടെതന്നെ പുറത്തുവന്നു. ഇറാന്‍ വാതകപൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കി, അമേരിക്കയുമായുള്ള ആണവകരാര്‍പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കിയതിനുപിന്നിലെ ബുഷ്-മന്‍മോഹന്‍ ഗൂഢാലോചനകളും വിക്കിലീക്സ് രേഖകളിലൂടെതന്നെ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിമാനംപോലും പരിശോധിക്കാനുള്ള അധികാരം അമേരിക്ക കൈയടക്കിയതിനു പിന്നിലെ കഥകളും വിക്കിലീക്സിലൂടെ ചുരുളഴിഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞരെ ചാരനിരീക്ഷണത്തിനു കീഴിലാക്കാന്‍ അമേരിക്ക അവരുടെ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍മുതല്‍ യുഎന്‍ രക്ഷാസമിതി അംഗമാകണമെന്ന ഇന്ത്യയുടെ താല്‍പ്പര്യത്തെ അധിക്ഷേപിക്കുന്ന യുഎസ് സ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റന്റെ നിലപാടടങ്ങിയ രേഖകള്‍വരെ പുറത്തുവന്നു. മണിപ്പുരിനെ ഇന്ത്യയുടെ കോളനിയെന്ന് കൊല്‍ക്കത്തയിലെ യുഎസ് കോമ്മ്സുലേറ്റ് വിശേഷിപ്പിച്ച കാര്യം വെളിപ്പെട്ടു.

ഏറ്റവും ഒടുവിലിതാ, ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍വരെ അമേരിക്ക പ്രത്യക്ഷത്തില്‍ കൈകടത്തുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ ഭരണത്തിന്‍കീഴില്‍ ഇന്ത്യ ഏതുതരത്തിലുള്ള അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇതെല്ലാം ജനങ്ങള്‍ക്കു വ്യക്തമാക്കിത്തരുന്നുണ്ട്. കുപ്രസിദ്ധമായ വിമോചനസമരകാലത്തും മറ്റും കേരളത്തില്‍ കമ്യൂണിസ്റുപ്രസ്ഥാനത്തെ തകര്‍ക്കാനും ഇ എം എസ് മന്ത്രിസഭയെ അധികാരഭ്രഷ്ടമാക്കാനും സിഐഎ നടത്തിയ ഇടപെടലുകളെ അവിശ്വാസത്തോടെ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്, പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ അമേരിക്ക ഇടപെട്ടതിന്റെ തെളിവുകള്‍ അടങ്ങുന്ന പുതിയ വിക്കിലീക്സ് രേഖകള്‍.

@

എം പ്രശാന്ത്, കടപ്പാട് :ദേശാഭിമാനി

21 April, 2011

ദാരിദ്ര്യ നിര്‍മാര്‍ജനം : കേന്ദ്രത്തിന് ആത്മാര്‍ഥതയില്ല- സുപ്രീംകോടതി


ന്യൂഡല്‍ഹി: ദാരിദ്യ്രനിര്‍മാര്‍ജന നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആസൂത്രണ കമീഷനും കേന്ദ്രസര്‍ക്കാരും സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും കോടതി വിമര്‍ശിച്ചു. സമ്പന്നരുടേതും ദരിദ്രരുടേതുമായി രണ്ട് ഇന്ത്യ സൃഷ്ടിക്കരുതെന്ന് ജസ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. പൊതുവിതരണസംവിധാനത്തിലെ അപാകം ചോദ്യംചെയ്ത പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. രാജ്യത്ത് പട്ടിണി വര്‍ധിക്കുമ്പോള്‍ 36 ശതമാനം പേര്‍ മാത്രമാണ് ദാരിദ്യ്രരേഖയ്ക്ക് താഴെയെന്ന ആസൂത്രണ കമീഷന്റെ കണ്ടെത്തല്‍ ആശ്ചര്യകരമാണ്. വിവിധ സംസ്ഥാനങ്ങളിലെ ആളോഹരി വരുമാനത്തില്‍ വ്യത്യാസങ്ങള്‍ ഉള്ള സാഹചര്യത്തില്‍ പൊതുമാനദണ്ഡം എങ്ങനെ സ്വീകരിക്കും. രാജ്യം വികസിക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ത്തന്നെയാണ് പലയിടത്തും പട്ടിണിമരണം സംഭവിക്കുന്നത്.

പോഷകാഹാരക്കുറവ് പൂര്‍ണമായും തുടച്ചുനീക്കണം- സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരനോട് കോടതി നിര്‍ദേശിച്ചു. ബിപിഎല്‍ വിഭാഗത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിച്ച് രണ്ടാഴ്ചയ്ക്കകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആസൂത്രണ കമീഷനോട് കോടതി ആവശ്യപ്പെട്ടു. പട്ടിണി ഇല്ലാതാക്കാന്‍ കൂടുതല്‍ ഭക്ഷ്യധാന്യം എന്തുകൊണ്ടാണ് വിതരണം ചെയ്യാത്തതെന്ന് കേന്ദ്രത്തോട് കോടതി ആരാഞ്ഞു. വന്‍വിളവ് പ്രതീക്ഷിക്കുമ്പോഴും 150 ദരിദ്രജില്ലകള്‍ക്ക് 10 ദശലക്ഷം ട ഭക്ഷ്യധാന്യം അധികമായി നല്‍കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ മടിക്കുന്നത്. ഗോഡൌണുകള്‍ നിറയുന്നത് സന്തോഷകരമാണ്. എന്നാല്‍, ഇതുകൊണ്ട് ജനങ്ങള്‍ക്ക് ഉപകാരമില്ലെങ്കില്‍ എന്ത് ഫലം? 1991ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ആസൂത്രണകമീഷന്‍ ദരിദ്രരെ നിശ്ചയിക്കുന്നത്. കോഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ഇതിനെ ചോദ്യംചെയ്തിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ 20 രൂപയും ഗ്രാമങ്ങളില്‍ 11 രൂപയുമാണ് ദരിദ്രരെ നിശ്ചയിക്കുന്ന വരുമാനപരിധി.

 ഒപ്പുമരത്തിന്റെ ചുവട്ടിലേക്ക് വരുക

കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ വിഷമായി പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഒരു ജനതയൊട്ടാകെ നടത്തുന്ന പോരാട്ടങ്ങളെ  അനുഭാവപൂര്‍വം കാണുന്നവരാണ് നമ്മളെല്ലാം. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ഇരകളായിത്തീര്‍ന്ന ഈ മനുഷ്യരുമായി പക്ഷംചേരേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടാതെ, സ്വന്തം ജനതയോട് യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസര്‍ക്കാറിനെ നാം എന്തുപേരിലാണ് വിളിക്കേണ്ടത്? അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് 80ലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോഴും കാസര്‍കോട് ഉള്‍പ്പെടുന്ന ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായി അന്താരാഷ്ട്രവേദികളില്‍ നിലയുറപ്പിക്കുന്നത്  ഇന്ത്യക്കാരെ മുഴുവന്‍ ലജ്ജിപ്പിക്കുന്നു.
ഏപ്രില്‍ 25 മുതല്‍ 27 വരെ ജനീവയില്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായ ശാസ്ത്രസമിതി യോഗം ചേരുന്നത് എന്‍ഡോസള്‍ഫാന്‍ നിരോധത്തെപ്പറ്റി ആലോചിക്കാനാണ്. ഈ സമിതി കഴിഞ്ഞ ഒക്‌ടോബറില്‍തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതുമാണ്. എന്നാല്‍, നമ്മുടെ ഭാരതം കുറ്റകരമായ മൗനം പാലിക്കുകയാണ്.
സ്വന്തം ജനത നരകയാതനയും പേറി മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുമ്പോള്‍ വേട്ടക്കാരുടെ പക്ഷം ചേര്‍ന്ന് 'കൊലവിളി' മുഴക്കുന്ന അപമാനകരമായ ദൃശ്യങ്ങളാണ് ഇന്ത്യയുടെ ഭരണാധികാരികള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളും ജനതയേയും പ്രകൃതിയേയും കേന്ദ്രബിന്ദുവായി കാണുന്ന ശാസ്ത്രലോകത്തിന്റെ നിരീക്ഷണങ്ങളും ഈ മാരകവിപത്തിനെതിരെ ചിന്തിക്കാനും പ്രതികരിക്കാനും ഏവരേയും പ്രേരിപ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയും ദുരിതങ്ങള്‍ പേറേണ്ടിവന്നവരെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയുമുണ്ടായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറാകട്ടെ, എന്‍ഡോസള്‍ഫാനെ പ്രകീര്‍ത്തിക്കാനാണ് ഇപ്പോഴും ഉത്സാഹിക്കുന്നത്.
1956ല്‍ ബോംബെയില്‍ നിന്ന് ഒരു കപ്പലില്‍ കൊച്ചിയിലേക്ക് കൊണ്ടുവന്ന ഫോളിഡോള്‍ എന്ന കീടനാശിനി ഭക്ഷ്യവസ്തുക്കളുമായി കലരുകയും നൂറിലധികം ആളുകളുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഞെട്ടലോടെ രാജ്യം കണ്ട ഈ ദാരുണസംഭവം അരങ്ങേറുമ്പോള്‍ പ്രധാനമന്ത്രിപദത്തിലുണ്ടായിരുന്നത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു. അദ്ദേഹം മന്‍മോഹന്‍സിങ്ങിനെപ്പോലെ മൗനത്തിന്റെ വല്മീകങ്ങളില്‍ അഭയം തേടുകയായിരുന്നില്ല ചെയ്തത്. ജസ്റ്റിസ് ഷായെ അന്വേഷണ കമീഷനായി നെഹ്‌റു നിയോഗിച്ചു. 1958ല്‍ കമീഷന്‍ റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷം സംഭവിക്കാന്‍ പാടില്ലെന്ന വിശാല കാഴ്ചപ്പാടോടെ കീടനാശിനികളുടെ ഉല്‍പാദനം, ഉപയോഗം, വിതരണം എന്നിവയിലെല്ലാം നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമത്തിന്റെ ആവശ്യകത പാര്‍ലമെന്റിനുമുമ്പാകെ അവതരിപ്പിച്ചതും നെഹ്‌റുതന്നെയായിരുന്നു. ഇതില്‍നിന്നാണ് 1968ലെ ഇന്ത്യന്‍ ഇന്‍സെക്റ്റിസൈഡ് ആക്ടിന്റെ പിറവിയുണ്ടായത്. നൂറിലധികംപേരുടെ മരണം നെഹ്‌റുവിന്റെ മനസ്സിനെ ഇളക്കി, ഉള്ളുപൊളിച്ചു, ഉറക്കം കെടുത്തി.  അദ്ദേഹത്തിന്റെ അടിയന്തര ഇടപെടലുകളിലൂടെ രാജ്യത്തിന് അത്യാവശ്യമായിരുന്ന ഒരു നിയമംതന്നെ ഉണ്ടായി.
വര്‍ഷങ്ങളേറെ കഴിയുമ്പോള്‍ കീടനാശിനി മൂലം പതിനായിരങ്ങള്‍ സമാനതകളില്ലാത്ത ദുരിതത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോള്‍ നെഹ്‌റുവിന്റെ കൊച്ചുമകന്റെ ഭാര്യ യു.പി.എ അധ്യക്ഷ പദവിയുംപേറി ഇന്ത്യന്‍ ഭരണത്തെ നിയന്ത്രിക്കുമ്പോള്‍, കേന്ദ്ര ഭരണകൂടം കീടനാശിനിക്കു സ്തുതിഗീതം പാടുകയാണ്. നെഹ്‌റുവിനെക്കുറിച്ചും ഇന്ദിരഗാന്ധിയെക്കുറിച്ചും അവര്‍ ഉയര്‍ത്തിപ്പിടിച്ച പ്രകൃതിപക്ഷപാതിത്വത്തെക്കുറിച്ചും വാതോരാതെ പറയുന്നവര്‍ കേന്ദ്ര കാബിനറ്റില്‍ വാണരുളുമ്പോള്‍ കാസര്‍കോട് ഒരു ദുരന്ത ഭൂമിയായി മാറിത്തീരുന്നു. ഇതിനു കാരണമായ കീടനാശിനി നിരോധിക്കണമെന്ന മുറവിളികള്‍ക്ക് ഭരണാധികാരികള്‍ കാതുകൊടുക്കാതിരിക്കുന്നത് മിതമായിപ്പറഞ്ഞാല്‍ മനുഷ്യത്വഹീനമാണ്.

കണ്ണീര്‍ പോലും വറ്റിവരണ്ടുപോകുന്ന കാസര്‍കോടന്‍ കാഴ്ചകള്‍ ഇതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നുണ്ട്. ചിവപ്പഷെട്ടി, സുജിത്, ഷാഹിന... എന്റെ ഉള്ളിലെ ചിത്രങ്ങള്‍ ഏറെയാണ്. 20 വയസ്സിനപ്പുറമെത്തിയിട്ടും 'അമ്മേ' എന്നൊന്നുച്ചരിക്കാത്ത മകനേയും ചേര്‍ത്തുനിര്‍ത്തി കണ്ണിലേക്ക് നോക്കിനിന്ന ആ സഹോദരിയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഒരു കുഞ്ഞിക്കാലുകാണാന്‍ നിരവധിപേര്‍ കൊതിക്കുന്ന ഈ ലോകത്ത്, തങ്ങള്‍ക്ക് അംഗവൈകല്യമുള്ള മക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഗര്‍ഭഛിദ്രത്തിന് തയാറാകുന്നവരെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്തകളെത്തുന്നത്! ഇതെത്ര ദയനീയവും ഭീകരവുമാണ്!
മനുഷ്യത്വത്തെ പിടിച്ചുലക്കുന്ന ഈ ദൃശ്യങ്ങളും വാര്‍ത്തകളും ശരദ് പവാറിനും കെ.വി. തോമസിനും ബാധകമാകുന്നതേയില്ല. 'മായിയായ നമഃ' (അവരുടെ ഇഷ്ട ശാസ്ത്രജ്ഞനായ ഡോ.  മായിയെ ഓര്‍ക്കുക) എന്ന മന്ത്രം ചൊല്ലി കീടനാശിനി കമ്പനികളുടെ ദാസ്യവേലയില്‍ അഭിരമിക്കുന്നവരില്‍നിന്ന് ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക ?
ഏപ്രില്‍ 25ന് ജനീവയില്‍ യോഗം ചേരുമ്പോള്‍ ഇന്ത്യ എന്താണ് പറയുക?  ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ലോക രാജ്യങ്ങളിലെ മഹാഭൂരിപക്ഷവും പറയുമ്പോള്‍ ഇന്ത്യ വേട്ടക്കാരുടെ പക്ഷത്തായിരുന്നു നാളിതുവരെ. എന്‍ഡോസള്‍ഫാന്‍ ആരോഗ്യത്തിന് അത്യുത്തമം എന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് ഉരുക്കഴിക്കുന്നുണ്ട്. ജനീവയില്‍ പറയാന്‍ പോകുന്നതും ഇതായിരിക്കാം. പ്രധാനമന്ത്രിയോടും കൃഷിമന്ത്രാലയത്തിലെ പ്രമുഖരോടും ഇക്കാര്യത്തിലെ കേരളത്തിന്റെ നിലപാട് അറിയിക്കാന്‍ സര്‍വകക്ഷി സംഘം ദല്‍ഹിക്കു പുറപ്പെടുകയാണ്, അവസാനമായി ഒന്നുകൂടി പറയാന്‍. ജനീവ സമ്മേളനം ആരംഭിക്കുന്ന ഏപ്രില്‍ 25ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനമായി കേരളം ആചരിക്കുകയാണ്. കേരളമൊന്നാകെ ഈ പ്രതിഷേധത്തില്‍ പങ്കാളികളാവേണ്ടതുണ്ട്.
ഒരു ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ വേട്ടനായ്ക്കളായി കടിച്ചുകീറപ്പെടുമ്പോള്‍ ജനപ്രതിനിധികള്‍ ആരുടെ പക്ഷത്തായിരിക്കണം? എന്‍ഡോസള്‍ഫാന്‍ വിഷയം നമുക്കു നല്‍കുന്ന കാഴ്ച ജനസേവകര്‍ ജനവിരുദ്ധരുടെ വാണിജ്യ താല്‍പര്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നതാണ്. ഇതിനെതിരായ പ്രതിഷേധം ശക്തിപ്പെട്ടേ മതിയാകൂ.
നമ്മുടെ രോഷങ്ങള്‍ അണപൊട്ടി ഒഴുകേണ്ടത് ഇപ്പോഴാണ്. ജനങ്ങള്‍ക്ക് മരണം സമ്മാനിക്കുന്ന അഭിനവ നീറോമാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ വീണ വായിക്കുമ്പോള്‍ നാം നിസ്സംഗത പാലിക്കുന്നത് അപകടകരമാണ്.
ഗാന്ധിയന്‍ സമരങ്ങളിലൂടെ, പ്രതിഷേധങ്ങളിലൂടെ, പ്രതികരണങ്ങളിലൂടെ കേന്ദ്രഭരണക്കാരുടെ കണ്ണുതുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് ഒരു ജനതയിപ്പോള്‍. പല പേരുകളില്‍ പല സംഘങ്ങളായി അവര്‍ ഈ പ്രവര്‍ത്തനത്തിലാണ്. അവര്‍ പാതയോരങ്ങളില്‍ യോഗങ്ങള്‍ ചേരുന്നു, പ്രതിഷേധത്തിന്റെ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്നു. മരങ്ങളെ ആദരവോടെ കണ്ട പഴയ തലമുറയുടെ രീതികളെ ഉള്ളില്‍ കുടിയിരുത്തി മരച്ചുവട്ടില്‍ ഒപ്പുശേഖരിക്കുന്നു. ഒപ്പുമരങ്ങളെന്നാണ് ഈ നല്ല മനുഷ്യര്‍ അവക്കിട്ടിരിക്കുന്ന പേര്.

 കാസര്‍കോട്ടും തിരുവനന്തപുരത്തും കേരളത്തില്‍ നിരവധിയായ ഇടങ്ങളിലും ഒപ്പുമരങ്ങളുണ്ടായിക്കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.എസ് ആണ് തിരുവനന്തപുരത്തെ ഒപ്പുമരത്തില്‍ ആദ്യത്തെ  ഒപ്പ് രേഖപ്പെടുത്തിയത്. ഇനി നമ്മുടെയെല്ലാം ഊഴമാണ്.
കേരളമൊന്നാകെ ഈ കൊടിയ അനീതിയില്‍ പ്രതിഷേധിച്ചേ മതിയാകൂ. ഒപ്പുമരങ്ങളുടെ ചുവട്ടിലേക്ക് നമ്മളെല്ലാം കൂട്ടംകൂട്ടമായി എത്തുക. പ്രതികരിക്കുക, പ്രതിഷേധിക്കുക. ഇതാണ് അതിനുള്ള സമയം.
ബിനോയ് വിശ്വം.

എന്‍ഡോസള്‍ഫാന്‍: മറയ്‌ക്കപ്പെടുന്നതെന്ത്‌?

നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനെ ജനീവാ കണ്‍വെന്‍ഷനില്‍ ന്യായീകരിച്ചതു വഴി ഈ വിഷത്തിന്റെ ദുരന്തങ്ങള്‍ പേറുന്ന പതിനായിരക്കണക്കിന് മനുഷ്യരോട് കടുത്ത അനീതിയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന്


അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ ലജ്ജിച്ചു തലതാഴ്‌ത്തിയ ദിവസങ്ങളായിരുന്നു പോയമാസം അവസാനത്തിലേത്‌. മനുഷ്യനും പ്രകൃതിക്കും മാരകമാവുന്ന വിഷപദാര്‍ത്ഥങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിരോധിക്കുന്നത്‌ സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി ജനീവയില്‍ ഒത്തുകൂടിയ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയെ പിന്താങ്ങുന്നതിലൂടെയായിരുന്നു അത്‌. എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവച്ഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെ അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ടാണ്‌ ഇന്ത്യ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ നിലപാട്‌ കൈകൊണ്ടത്‌. എന്‍ഡോസള്‍ഫാനും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധമേതുമില്ലെന്ന്‌ ഒരു അന്തര്‍ദേശീയ വേദിയില്‍ പ്രഖ്യാപിക്കുന്നതിലൂടെ കാസര്‍ഗോഡിലെയും ദക്ഷിണ കര്‍ണാടകത്തിലെയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ജീവനോടെ കുഴിച്ചുമൂടുകയാണ്‌ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. എഴുപതിലേറെ രാജ്യങ്ങള്‍ അപകടം കണ്ടറിഞ്ഞ്‌ നിരോധിച്ച ഒരു കീടനാശിനിയെ സര്വാത്മനാ പിന്താങ്ങിയ ഈ നടപടി ഇന്ത്യയുടെ പ്രതിച്ഛായക്ക്‌ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്‌ തീരാകളങ്കമാണ്‌. ലാഭേച്ഛ മാത്രമാണ്‌ ഇന്ത്യയുടെ ഈ നെറികേടിന്‌ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമാക്കുന്നത്‌ എന്‍ഡോസള്‍ഫാന്റെ തന്നെ ഇന്ത്യയിലെ വ്യവഹാരക്കണക്കുകളാണ്‌.
ലോകത്തില്‍ ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുകയും ഉത്‌പാദിപ്പിക്കുകയും ചെയ്യുന്ന രാജ്യമാണ്‌ ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ്‌ ലിമിറ്റഡാണ്‌ ഇന്ത്യയില്‍ അത്‌ നിര്‍മിക്കുന്നത്‌. ‘എന്‍ഡോസള്‍ഫാന്‍’ എന്ന പേരില്ലെന്ന്‌ മാത്രം. തയോണെക്‌സ്‌ (Thionex), എന്‍ഡോസില്‍ (Endocil), ഫേസര്‍ (Phaser), ബെന്‍സോയ്‌പിന്‍(Benzoepin) എന്നീ വ്യവഹാരങ്ങളിലാണ്‌ അത്‌ വിപണിയിലെത്തുന്നത്‌. എന്‍ഡോസള്‍ഫാന്‍ എന്ന പേര്‌ ബഹുരാഷ്‌ട്ര കുത്തകയായ ബേയര്‍ ക്രോപ്‌ സയന്‍സാണ്‌ സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. നാഡീ വ്യവസ്ഥയെ ബാധിക്കുന്ന അസുഖങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ക്കുവരെ കാരണമാകുന്ന എന്‍ഡോസള്‍ഫാന്‍ ലോകത്തിലെ ഏറ്റവുമധികം പടര്‍ന്നിട്ടുള്ള വിഷങ്ങളിലൊന്നുമാണ്‌. ഇതുകാരണം 2010 അവസാനത്തോടെ ബേയര്‍ ക്രോപ്‌സയന്‍സ്‌ എന്‍ഡോസള്‍ഫാന്‍ ഉത്‌പാദനവും വില്‍പ്പനയും നിറുത്തുകയാണ്‌. ഇതൊന്നും കണക്കിലെടുക്കാതെയാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തെ പിന്താങ്ങുന്നത്‌.
എന്‍ഡോസള്‍ഫാന്‌ പകരമായി പുതിയൊരു കീടനാശിനി കണ്ടെത്തുക അസാധ്യമാണെന്നും അഥവാ കണ്ടെത്തിയാല്‍ തന്നെ അതിന്റെ പ്രയോഗരീതികളെക്കുറിച്ച്‌ കര്‍ഷകരെ ബോധവത്‌കരിക്കുക അപ്രായോഗികമാണെന്നുമാണ്‌ ഇന്ത്യ ഇതിനായുള്ള ന്യായവാദമായി അവതരിപ്പിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കപ്പെട്ട ഇന്ത്യന്‍ പ്രദേശങ്ങളിലൊന്നും അതിന്റെ ‘സുരക്ഷിത’ ഉപയോഗത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ പാലിക്കപ്പെടുന്നില്ല എന്നത്‌ ഈ ന്യായത്തിന്റെ പൊള്ളത്തരം എടുത്തുകാട്ടുന്നതാണ്‌. എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്ന സമയത്തിന്‌ തൊട്ടുമുമ്പു മുതല്‍ 20 ദിവസം വരെ സമീപവാസികളായ ജനങ്ങള്‍ അവിടെ നിന്നും മാറിതാമസിക്കണമെന്നതാണ്‌ ഒരു നിര്‍ദ്ദേശം. ഇതേക്കുറിച്ച്‌ ജനങ്ങളെ അറിയിക്കുകയും എല്ലാ ശുദ്ധജലസ്രോതസ്സുകളും (കുളങ്ങള്‍, നദികള്‍ എന്നിവയുള്‍പ്പെടെ) മൂടിയിടുകയും വേണം. വൃക്ഷവിളകളുടെ തോട്ടത്തില്‍ ഹെലികോപ്‌റ്റര്‍ ഉപയോഗിച്ച്‌ സ്‌പ്രേ ചെയ്യുകയാണെങ്കില്‍ അത്‌ വൃക്ഷത്തലപ്പുകളില്‍ നിന്ന്‌ രണ്ടു മുതല്‍ മൂന്നു വരെ മീറ്റര്‍ ഉയരെയാവാന്‍ പാടില്ല. പ്രായോഗികതലത്തില്‍ ഇതൊക്കെയും എത്രത്തോളം പാലിക്കപ്പെടുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. അതേസമയം, ഇത്തരം നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെട്ട രാജ്യങ്ങളില്‍ പോലും എന്‍ഡോസള്‍ഫാന്റെ മാരകഫലങ്ങള്‍ കുറവുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാവാത്ത കീടനാശിനിയാണെന്നു പറയുന്നതും കളവാണ്‌. 1998 മുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ശ്രീലങ്കയ്‌ക്ക്‌ ബദല്‍ മാര്‍ഗങ്ങളിലൂടെ ഉത്‌പാദനനിരക്കില്‍ ഇടിവ്‌ സംഭവിക്കാതെ നിലനിറുത്താനായിട്ടുണ്ട്‌. അതുപോലെ 2006-ല്‍ യൂറോപ്യന്‍ യൂണിയന്‍ നിരോധനമേര്‍പ്പെടുത്തും മുന്‍പേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഗ്രീസ്‌, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കും സ്ഥിരീകരിക്കപ്പെട്ട ശാസ്‌ത്രസത്യങ്ങളുടെ തമസ്‌കരണം കൂടിയാണ്‌ ഇന്ത്യ ജനീവയില്‍ നടത്തിയത്‌.
എന്‍ഡോസള്‍ഫാന്റെ ആരോഗ്യപ്രത്യാഘാതങ്ങളെക്കുറിച്ച്‌ തെളിവുകളേതുമില്ലെന്നതായിരുന്നു ഇന്ത്യയുടെ മറ്റൊരു വാദം. എന്നാല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യുപേഷണല്‍ ഹെല്‍ത്ത്‌ (National Institute of Occupational Health) എന്ന സര്‍ക്കാര്‍ സ്ഥാപനം കാസര്‍ഗോഡ്‌ മേഖലയില്‍ നടത്തിയ പഠനത്തില്‍, അവിടത്തെ ജനങ്ങളിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുന്നത്‌ എന്‍ഡോസള്‍ഫാനാണെന്ന്‌ കണ്ടെത്തിയിരുന്നു. 1968ലെ ഇന്‍ഡ്യന്‍ ഇന്‍സെക്‌റ്റിസെഡ്‌ ആക്‌ടിന്റെ (Indial Insecticide Act) നഗ്നമായ ലംഘനമാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രയോഗത്തിലൂടെ നടക്കുന്നതെന്ന്‌ ദില്ലി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സയന്‍സ്‌ ആന്റ്‌ എന്‍വയോണ്‍മെന്റ്‌ (CSE) നടത്തിയ പഠനങ്ങളും വെളിപ്പെടുത്തിയിരുന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ദൈന്യചിത്രങ്ങള്‍ ദേശീയതലത്തില്‍ തന്നെ മാധ്യമശ്രദ്ധ നേടിയതുമാണ്. ഇതൊക്കെയും പൂഴ്‌ത്തിവച്ചിട്ടാണ്‌ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിഷമാണോ എന്നതിന്‌ തെളിവില്ല എന്ന്‌ വാദിച്ചതെന്നത്‌ ഇതിനുപിന്നിലെ ദുരൂഹലക്ഷ്യങ്ങള്‍ വെളിവാക്കുന്നു. കീടനാശിനി നിര്‍മാണ കമ്പനികളുടെ സ്വാധീനമാണ്‌ സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചതെന്നാണ്‌ പരിസ്ഥിതി സംഘടനകള്‍ പറയുന്നത്‌.
ഇതാദ്യമായല്ല ഇന്ത്യ എന്‍ഡോസള്‍ഫാനുവേണ്ടിയുള്ള അഭിഭാഷക വൃത്തി ഏറ്റെടുക്കുന്നത്‌. ഇക്കാര്യത്തിലെ 2007ലാണ്‌ രാജ്യാന്തര തലത്തില്‍ എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രതിഷേധം ശക്തമായത്‌. ഉല്‍പ്പാദനമോ വിപണനമോ ഉപഭോഗമോ അനുവദിച്ചുകൂടാത്ത വിഷപദാര്‍ത്ഥങ്ങളുടെ പട്ടിക രൂപപ്പെടുത്തുന്ന റോട്ടര്‍ഡാം ഉടമ്പടിയില്‍ (Rotterdam Convention) എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ആദ്യമായി ഉയര്‍ന്നുവന്നത്‌ ആ വര്‍ഷമായിരുന്നു. തുടര്‍ന്നാണ്‌, എന്‍ഡോസള്‍ഫാന്‍ ഉത്‌പാദകരമായ ബേയര്‍ ക്രോപ്‌സയന്‍സ്‌ അമേരിക്കന്‍ വിപണിയില്‍ നിന്ന്‌ അത്‌ പിന്‍വലിക്കാന്‍ സ്വയം നിര്‍ബന്ധിതമായത്‌. എന്നാല്‍ മറ്റ്‌ രാജ്യങ്ങളിലെ വില്പന നിര്‍ബാധം തുടകരുകയും ചെയ്‌തു. ഇതേത്തുടര്‍ന്ന്‌ 2008ല്‍ എന്‍ഡോസള്‍ഫാന്‍ റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഒരു അന്താരാഷ്‌ട്ര സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ എന്‍ഡോസള്‍ഫാനുവേണ്ടി ശക്തമായി വാദിച്ച രാജ്യമായിരുന്നു ഇന്ത്യ. ഇക്കാരണത്താലാണ്‌ ജനീവയില്‍ ഇപ്പോള്‍ നടന്ന സമ്മേളനത്തിന്‌ ഈ പ്രമേയം വീണ്ടും അതരിപ്പിക്കേണ്ടി വന്നത്‌. ഓര്‍ഗാനിക്‌ കീടനാശിനികളുടെ ഉപയോഗം പുനര്‍നിര്‍ണ്ണയിക്കുന്ന സമിതി (Persistent Organic Pollutant Review Committee) പൂര്‍ണ്ണമായും ഒരു ശാസ്‌ത്രീയ സമിതിയാണ്‌. ഇതിന്റെ ഉപദേശമനുസരിച്ചാണ്‌ സ്റ്റോക്‌ഹോം ഉടമ്പടിയിലെ അംഗരാഷ്ട്രങ്ങള്‍ തീരുമാനമെടുക്കുന്നത്‌. ഇക്കാരണത്താല്‍, ശാസ്‌ത്രീയ വസ്‌തുതകള്‍ മറച്ചുവച്ചുകൊണ്ടുള്ള ഇന്ത്യയുടെ പ്രകടനം തെറ്റായ കീഴ്‌വഴക്കമാവുമെന്നും അന്താരാഷ്‌ട്ര നിരീക്ഷകര്‍ കരുതുന്നു.
എന്താണ്‌ എന്‍ഡോസള്‍ഫാന്‍?
ഷഡ്‌പദകീടങ്ങളെ നശിപ്പിക്കുന്നതിനായി ഇലകളില്‍ പ്രയോഗിക്കുന്ന കീടനാശിനിയാണ്‌ (Foliar Insecticide) എന്‍ഡോസള്‍ഫാന്‍. കോളറാഡോ ബീറ്റില്‍ (Colorado Beetle) ഇലചുരുട്ടിപ്പുഴുക്കള്‍ (Leaf Hoppers, Caterpillars) എന്നിവയ്‌ക്കെതിരെയാണ്‌ ഇത്‌ പ്രയോഗിക്കപ്പെടുന്നത്‌. തവിട്ട്‌ നിറത്തിലുള്ള പൊടിരൂപത്തിലാണ്‌ എന്‍ഡോസള്‍ഫാന്‍ വിപണിയിലെത്തുന്നത്‌. കീടങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിലൂടെയോ ആഹാരത്തിലൂടെ അകത്തെത്തുന്നതിലൂടെയോ ആണ്‌ ഇതിന്റെ പ്രവര്‍ത്തനം. കീടങ്ങളുടെ നാഡീവ്യവസ്ഥയെ (Central Nervous Sstem) തകര്‍ക്കുന്നതിലൂടെയാണ്‌ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനക്ഷമമാവുന്നത്‌.

എന്‍ഡോസള്‍ഫാന്റെ രാസസ്വഭാവം?

ഓര്‍ഗാനോ ക്ലോറിന്‍ ഇന്‍ സെക്‌റ്റിസൈഡുകള്‍ ‍(Organo Chlorine Insecticide) എന്ന വിഭാഗത്തില്‍പ്പെടുന്ന കീടനാശിനിയാണിത്. ക്ലോറിനേറ്റഡ്‌ സൈക്ലോഡയീന്‍ (Chlorinated Cyclodiene) എന്ന ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ വിപണനരൂപം വിവിധ ഐസോമെറ്റുകളുടെ ഒരു മിശ്രിതമാണ്‌. സ്വഭാവപരമായി ഇതൊരു ന്യൂറോ റ്റോക്‌സിന്‍ (Neuro toxin) അഥവാ നാഡീവിഷമാണ്‌. നാഡീകോശങ്ങള്‍ എന്നറിയപ്പെടുന്ന `ന്യൂറോണു (Neurons) കളുമായി ബന്ധപ്പെട്ടാണ്‌ ഇതിന്റെ പ്രവര്‍ത്തനം. ഭക്ഷ്യ-ഭക്ഷ്യേതരവിളകളില്‍ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കപ്പെടുന്നുണ്ട്‌. വൃക്ഷവിളികള്‍, ധാന്യവിളകള്‍, പച്ചക്കറികള്‍, എണ്ണക്കുരുകള്‍, കാപ്പി എന്നിവയില്‍ ഉപയോഗിക്കുന്നു. ഭക്ഷ്യേതരവിളകളില്‍ പുകയിലയും പരുത്തിയും ഉപയോഗിക്കുന്നു.
ആരോഗ്യപ്രത്യാഘാതങ്ങള്‍ ?
1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം. മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന്‌ അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതിയാവും.(ഒരു കിലോഗ്രാം ശരീരഭാരത്തിന്‌ എന്ന കണക്കില്‍)
2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിതമായ പേശീചലനങ്ങള്‍ എന്നിവയാണ്‌. തലച്ചോറിനെയും കേന്ദ്രനാഡീവ്യവസ്ഥയേയും ബാധിക്കുന്നതുമൂലം, ബുദ്ധി, മരവിക്കും. (Learning disabilities, Low IQ) ശാരീരിക പ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും.
3. സ്‌ത്രീ ഹോര്‍മോണായ ഈസ്‌ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്‍മാരിലെ ലൈംഗീകത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗിക വളര്‍ച്ചയെ തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍ വ്യവസ്ഥ താറുമാറാകും.
4. വൃക്കകള്‍, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും.
5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്‌ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിന്‌ കാരണമാകും.
6. ജനിതകമാറ്റങ്ങള്‍ (Mutations)ക്ക്‌ കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക്‌ ദുരന്തങ്ങളെ എത്തിക്കും.
7. സ്‌തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവക്ക്‌ കാരണമാകുന്നു.
8. ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ (Immunilogycal System)യെ തകരാറിലാക്കുന്നതിലൂടെ മറ്റ്‌ രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
പ്രതിരോധം എന്തിന്‌?
1. ആരോഗ്യപ്രശ്‌നങ്ങള്‍
2. ആഹാരശൃംഖലയില്‍ എത്തപ്പെടുന്നതിലൂടെയുണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ (bio accumulation)
3. കാറ്റിലൂടെ ഏറ്റവും വേഗത്തില്‍ പരക്കുന്നത്‌ (Long Range Air Pollution)
4. പ്രകൃതിയില്‍ കേടുകൂടാതെ ഏറെക്കാലം നിലനില്‍ക്കുന്നു എന്നതിനാല്‍ (Persistent nature)
5. സുരക്ഷിതമായി ഉപയോഗിക്കുക എന്നത്‌ ഏറെക്കുറെ അസാധ്യമായതിനാല്‍.
ദുരന്തങ്ങള്‍ എവിടെയൊക്കെ?
ഏഷ്യ, ലാറ്റിനമേരിക്ക, പടിഞ്ഞാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഏറ്റവുമധികം വ്യാപകമായിട്ടുള്ളത്‌. അതിനാല്‍ ദുരന്തങ്ങളും ഇവിടങ്ങളിലാണ്‌ കൂടുതല്‍. അമേരിക്കയില്‍ നിന്നും ഏറ്റവുമധികം എന്‍ഡോസള്‍ഫാന്‍ കയറ്റിയയക്കുന്നത്‌ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്കാണ്‌. ഈജിപ്‌ത്‌, മഡഗാസ്‌കര്‍, കസാഖ്സ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്ഥാന്‍, സ്‌പെയിന്‍, നിക്കരാഗ്വെ, കൊളംബിയ, ദക്ഷിണാഫ്രിക്ക, ഡെന്‍മാര്‍ക്ക്‌, ഫിന്‍ലാന്‍ഡ്‌ എന്നിവിടങ്ങളിലെ സ്‌ത്രീകളിലെ മുലപ്പാലില്‍ എന്‍ഡോസള്‍ഫാന്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. മരണമുള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ റിപോര്‍ട്ട്‌ ചെയ്യപ്പെട്ടവയില്‍ ഇന്ത്യ, ഇന്തോനേഷ്യ, കൊളംബിയ, കോസ്റ്റോറിക്ക, ഗോട്ടിമാല, മലേഷ്യ, ഫിലിപ്പീന്‍സ്‌, മാലി, ന്യൂസിലന്റ്‌, ടര്‍ക്കി, സെനിഗര്‍, ദക്ഷിണാഫ്രിക്ക, അമേരിക്ക എന്നിവയാണ്‌ മുന്നില്‍.
എന്‍ഡോസള്‍ഫാന്‍ നാള്‍വഴി:
1950കള്‍: എന്‍ഡോസള്‍ഫാന്‍ വികസിപ്പിക്കുന്നു.
1954: അമേരിക്കന്‍ വില്‍പ്പനാനുമതി. `ബേയര്‍ ക്രോപ്‌സയന്‍സി’ന്റെ പഴയ കമ്പനി രൂപത്തിന്‌
2000: ഗാര്‍ഹിക ഉപയോഗത്തിന്‌ അമേരിക്കയില്‍ നിരോധനം.
2001 ഫെബ്രുവരി 28: കാസര്‍ഗോഡുനിന്നും ആദ്‌ത്തെ എന്‍ഡോസള്‍ഫാന്‍ വിഷബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌ അന്വേഷണം നടത്തുന്നു.
2001 ഓഗസ്റ്റ്‌ 25: സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്‌ സര്‍ക്കാര്‍ നിരോധിക്കുന്നു.
2002 മാര്‍ച്ച്‌: കേരളത്തിലെ നിരോധനം നീക്കം ചെയ്യപ്പെടുന്നു. ആകാശമാര്‍ഗ്ഗം സ്‌പ്രേ ചെയ്യുന്നതിലെ നിരോധനം മാത്രം നിലനിര്‍ത്തുന്നു.
2002 ജൂലൈ: അഹമ്മദാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഒക്യൂപേഷണല്‍ ഹെല്‍ത്ത്‌ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പഠനവിഷയമാക്കുന്നു.
2002 ഓഗസ്റ്റ്‌: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ്‌ ഡുബെ (Dubey) കമ്മീഷനെ നിയോഗിക്കുന്നു.
2002 ഓഗസ്റ്റ്‌ 12: കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ കേരളത്തില്‍ ഉപയോഗിക്കുന്നത്‌ വിലക്കുന്നു (മറ്റ്‌ വിപണനനാമങ്ങളില്‍ ഉപയോഗിക്കുന്നതും).
2002 മാര്‍ച്ച്‌: എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമായ കീടനാശിനിയാണെന്ന്‌ ഡുബെ കമ്മീഷന്‍ കേന്ദ്രഗവണ്‍മെന്റിന്‌ റിപ്പോര്‍ട്ട്‌ നല്‍കുന്നു.
2004 സെപ്‌തംബര്‍: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പഠിക്കുന്നതിനായി പുതിയൊരു കമ്മീഷനെ കേന്ദ്രഗവണ്‍മെന്റ്‌ നിയമിക്കുന്നു. സിഡി. മായി (CD Mayee) കമ്മീഷന്‍ .
2004 ഡിസംബര്‍: എന്‍ഡോസള്‍ഫാന്‍ ദോഷരഹിതമാണെന്ന്‌ മായീ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നു. (റിപ്പോര്‍ട്ട്‌ ഔദ്യോഗിക രേഖയാണെന്ന പേരില്‍ പുറത്തുവിട്ടില്ല).
2007: എന്‍ഡോസള്‍ഫാന്‍, റോട്ടര്‍ഡാം ഉടമ്പടി രേഖയില്‍ പെടുത്തി സമ്പൂര്‍ണ്ണമായി നിരോധിക്കണമെന്ന്‌ യൂറോപ്യന്‍ യൂണിയനും അന്താരാഷ്‌ട്ര സമൂഹവും.
2008 ഒക്‌ടോബര്‍: റോട്ടര്‍ഡാം ഉടമ്പടിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ എന്‍ഡോസള്‍ഫാന്‍ പരിഗണിക്കപ്പെടുന്നത്‌ ഇന്ത്യ തടയുന്നു.
2008-10: ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയ ഉള്‍പ്പെടെ 73 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നു.
2010 ഒക്‌ടോബര്‍: ജനീവസമ്മേളനത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാനെ പിന്താങ്ങുന്നു.

എന്‍എസ് അരുണ്‍കുമാര്‍

അരുണ്‍കുമാറിന്റെ ബ്ലോഗ് ശാസ്ത്രവീഥി ഇവിടെ കാണാം

 

കേന്ദ്രമന്ത്രി ശരദ്പവാറിനൊരു തുറന്ന കത്ത്


പ്രിയപ്പെട്ട ശരദ്ജി,

വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ തലേന്നാണ് ഞാനീ കത്തെഴുതുന്നത്. പക്ഷേ, ഇവിടെ വടക്കന്‍ കേരളത്തില്‍, കാസര്‍കോട്ടെ പതിനൊന്ന് ഗ്രാമങ്ങളില്‍ അത്തരം ആഘോഷങ്ങളൊന്നുമില്ല. വെളിച്ചമില്ലാതെ, വാടിക്കരിഞ്ഞു നില്‍ക്കുകയാണിവിടെ ജീവിതം.


എന്‍ഡോസള്‍ഫാന്റെ ഇരുട്ടുപരന്ന ആ പ്രദേശത്തേക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 1962ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഇവിടെ ഇരുപതിലേറെ ഗ്രാമങ്ങളിലായി മൂന്നു സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 4,696 ഏക്കര്‍ കശുവണ്ടിത്തോട്ടമുണ്ട്. അവിടെയാണ് പരിസ്ഥിതി വൃത്തങ്ങളില്‍ 'രണ്ടാം ഭോപ്പാല്‍' എന്നറിയപ്പെടുന്ന വിഷവര്‍ഷം നടന്നത്. ഇന്നാട്ടിലെ നിരപരാധികളായ നാട്ടുകാരുടെമേല്‍ അശനിപാതം പോലെ ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗത്തിന്റെ ദുരിതഫലങ്ങള്‍ നിപതിക്കുവാന്‍ തുടങ്ങുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. തേയിലക്കൊതുകിനെ നേരിടാന്‍ 1977'78 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. 1981 മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണവെച്ച് പതിവായി കീടനാശിനി പ്രയോഗം തുടര്‍ന്നു.

നരകതുല്യമായ 24 വര്‍ഷക്കാലം, ജന്മവൈകല്യങ്ങളായും ബുദ്ധിമാന്ദ്യമായും അന്തഃസ്രാവ ഗ്രന്ഥി തടസ്സങ്ങളായും അര്‍ബുദമായും വന്ധ്യതയായും ഈ പൈശാചിക രാസവസ്തു ആ പ്രദേശത്തിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംമേല്‍ വന്‍ദുരിതമായി പെയ്തുകൊണ്ടിരുന്നു. 2000 ഡിസംബര്‍ 26ന് അവസാനതുള്ളി വിഷമഴ ഇവിടെ പതിച്ചുകഴിയുമ്പോള്‍, അഞ്ഞൂറിലേറെ മനുഷ്യരെങ്കിലും മരണപ്പെടുമെന്നും രണ്ടായിരത്തിലേറെപ്പേര്‍ അതിഭീകരങ്ങളായ ജനിതക വൈകല്യങ്ങള്‍ക്കിരയാവുകയും ചെയ്യുമെന്ന് അഭിശപ്തരായ ഈ നാട്ടുകാര്‍ക്ക് ഊഹിക്കാന്‍പോലുമാകുമായിരുന്നില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ വിതച്ച വിനാശത്തെത്തുടര്‍ന്ന് സമൂഹത്തില്‍ ആ ജനസമൂഹം അകറ്റപ്പെട്ടു, വിവാഹാലോചനകള്‍ പോലും മുടങ്ങുന്ന സ്ഥിതിവിശേഷം ആ പ്രദേശത്ത് സംജാതമായി.

വിഖ്യാതചിത്രകാരന്‍മാരായ ബോഷിന്റെയോ ബ്രൂഗലിന്റെയോ വിക്ഷുബ്ധഭാവനകളില്‍ തെളിഞ്ഞ വിച്ഛിന്നവൈരൂപ്യങ്ങളേക്കാള്‍ വികൃതമായ മനുഷ്യരൂപങ്ങളെ, പ്രിയ ശരദ്ജീ, താങ്കള്‍ക്ക് സങ്കല്പിക്കാനാവുമോ? കണ്ണുകളില്ലാതെ ജനിച്ചുവീണ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്ക് ഹൃദയം തകര്‍ന്നു മോഹാലസ്യപ്പെട്ടു വീഴുന്ന ഒരമ്മയെ താങ്കള്‍ കണ്ടിട്ടുണ്ടോ? ആ അമ്മയുടെ മുലക്കണ്ണുകള്‍ക്കു പാല്‍ചുരത്താന്‍ കുഞ്ഞിന്റെ മൂക്കിനുതാഴെ വായയുണ്ടായിരുന്നില്ല; പകരം ഒരു പിളര്‍പ്പുമാത്രം. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു, ഇപ്പോഴും തീരെ വളര്‍ച്ചയെത്താതെ, പ്രായമായ അമ്മയ്ക്ക് നിതാന്തഭാരമായി ആ 'കുട്ടി' ജീവിക്കുന്നു. അകാലവാര്‍ധക്യം വന്ന്, കണ്ണുകാണാനാകാതെ, നടക്കാന്‍പോലുമാകാതെ നരകിക്കുന്ന ഇരുപത്തിമൂന്നുകാരനെ കാണണമെങ്കില്‍ ഇവിടെ വന്നാല്‍ മതി. ഉത്സാഹപൂര്‍വം ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഈ വിഷസ്?പര്‍ശമേറ്റയുടന്‍ പുഴുക്കുത്തേറ്റ ഇളംചെടിപോലെ വാടിക്കരിഞ്ഞുപോകുന്ന കാഴ്ച താങ്കള്‍ക്കു സങ്കല്പിക്കാനാകുമോ? പ്രായമെത്തുംമുമ്പേ പെണ്‍കിടാങ്ങള്‍ പ്രായപൂര്‍ത്തിയാവുന്നു; മാസത്തില്‍ രണ്ടോ മൂന്നോ വട്ടം മാസമുറ വരുന്നു, മറുവശത്ത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാന്‍ ഏറെ വൈകുന്നു. പെര്‍ള, എന്‍മകജെ, മുള്ളേരിയ, കാറഡുക്ക, മുളിയാര്‍, പെരിയ, പുല്ലൂര്‍ പെരിയ, അജാനൂര്‍, പനത്തടി, കള്ളാര്‍, പാണത്തൂര്‍, കയ്യൂര്‍, ചീമേനി ഈ കൊച്ചുഗ്രാമങ്ങളേതെങ്കിലും സന്ദര്‍ശിച്ചു നോക്കൂ, സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാത്ത ഇരുപതുപിന്നിട്ട മക്കളെയും പേറി നടക്കുന്ന അമ്മമാരെ നിങ്ങള്‍ക്കവിടെ കാണാം. കൂടാതെ, ഭീമമായ ചികിത്സാച്ചെലവുകാരണം ബാങ്കില്‍ നിന്നു വാങ്ങി പണം തിരിച്ചടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് വീട് ജപ്തിയിലാവുന്ന സ്ഥിതിയിലാണ് പല കുടുംബങ്ങളും.

ഈ പശ്ചാത്തലത്തില്‍ കാസര്‍കോടുവെച്ച് 2010 ഒക്ടോബര്‍ 25ാം തീയതി, ആകാശത്തുനിന്നു തളിച്ച എന്‍ഡോസള്‍ഫാനല്ല ഇവിടങ്ങളിലുണ്ടായ ചില ദുര്‍ഗ്രാഹ്യമായ രോഗങ്ങള്‍ക്കും തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്കും ഹേതു എന്ന് ഒരു വിദഗ്ധ സമിതി വിലയിരുത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് പറഞ്ഞത് തികച്ചും ദൗര്‍ഭാഗ്യകരമായി. വാസ്തവത്തില്‍ പഠനങ്ങളുടെ നിഗമനം മറിച്ചായിരുന്നതു കൊണ്ട് മന്ത്രി അപ്രകാരം പറയരുതായിരുന്നു.

ഈ ദുരിതക്കാഴ്ചയുടെ ശാസ്ത്രീയവശത്തെക്കുറിച്ച്. കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ബാധതന്നെ വൃക്കകളെയും ഭ്രൂണത്തെയും കരളിനെയും ബാധിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളില്‍ അതു വിഷം കലക്കുന്നു, മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വന്യമൃഗങ്ങള്‍ക്കും മാരകമാണത്. ഇക്കാര്യം സ്ഥാപിക്കാന്‍ വസ്തുതകളും തെളിവുകളും ധാരാളമുണ്ട്. ബാംഗ്ലൂരിലെ റീജ്യണല്‍ റിമോട്ട് സെന്‍സിങ് സര്‍വീസ് സെന്റര്‍ പദ്രെ ഗ്രാമത്തില്‍ നടത്തിയ ഉപഗ്രഹചിത്രണ പഠനമാണ് അതിലൊന്ന്. കുന്നിന്‍ മുകളിലുള്ള തോട്ടമേഖലയില്‍നിന്നുത്ഭവിക്കുന്ന 12 അരുവികളാണിവിടെയുള്ളത്. ചെങ്കുത്തായതുകാരണം വെള്ളം കുത്തിയൊഴുകിയെത്തും. ആകാശത്തുനിന്ന് തളിക്കുന്ന ഏതു വിഷവസ്തുവും വളരെപ്പെട്ടെന്നു തന്നെ ഭൂജലത്തിലെത്തി ലയിച്ചുചേരും. തോട്ടങ്ങളുള്ള കുന്നിലേക്ക് വെട്ടിയിറക്കിയുണ്ടാക്കുന്ന തുരങ്കങ്ങളില്‍ നിന്നാണ് ഇന്നാട്ടുകാര്‍ കുടിവെള്ളമെടുക്കുന്നത്. തോട്ടത്തില്‍ തളിക്കുന്ന കീടനാശിനികള്‍ അതിലെ വെള്ളവും വിഷലിപ്തമാക്കും. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയെത്തുന്ന മാലിന്യങ്ങള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായിത്തീരുന്നു. ഒടുവിലവ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളിലെത്തും ഇതായിരുന്നു അവരുടെ പഠനത്തിന്റെ നിഗമനം.

പ്രകൃതിസമ്പത്തിനു മേല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന കാര്യത്തില്‍ താങ്കള്‍ക്കു വിയോജിപ്പുണ്ടാകില്ലല്ലോ? മനുഷ്യന്റെ ദുരിതങ്ങള്‍ക്കൊപ്പം ഇവിടത്തെ മിണ്ടാപ്രാണികളനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ഒരു നിമിഷം ചിന്തിക്കുക. കീടനാശിനി തളിക്കുന്ന സമയത്ത് ഇവിടത്തെ തവളകളും കോഴികളുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി. കുളങ്ങളിലും അരുവികളിലും മീനുകള്‍ ചത്തുപൊങ്ങി. മീനുകളില്‍ സംഭരിക്കപ്പെടുന്ന വിഷാംശം മറ്റു ജീവികളിലേക്കും സംക്രമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ 2009 ജനവരി രണ്ടിന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ അറിയാതെയാണെങ്കിലും എന്‍ഡോസള്‍ഫാന്‍ കാരണം ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം സമ്മതിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയ ശേഷം ഇവിടെ വന്യജീവികളുടെ ഉപദ്രവം കൂടിയെന്നാണ് കത്തില്‍ പറയുന്നത്. ജീവജാലങ്ങളെ കൊന്നൊടുക്കാനുള്ള നല്ലൊരു വഴി അടഞ്ഞുപോയതിലുള്ള വിലാപമാണ് അറിയാതെയാണെങ്കിലും അദ്ദേഹത്തില്‍ നിന്നു പുറത്തുവന്നത്. ഈ കത്തിന് മുഖ്യ വനപാലകന്‍ 2009 നവംബര്‍ 16ന് അയച്ച മറുപടിയും പ്രസക്തമാണ്. രാജപുരം എസ്‌റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കിയ നടപടി റദ്ദാക്കണമെന്നാണ് അദ്ദേഹം അതില്‍ നിര്‍ദേശിക്കുന്നത്. പാരിസ്ഥിതികാഘാതവും ഇപ്പോഴും നാട്ടുകാരനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് കാരണമായി പറയുന്നത്.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട സമിതി ഇത്തരത്തിലുള്ള പതിനഞ്ചാമത്തേതാണ്. ഇത്തരം സമിതികളോട് നാട്ടുകാര്‍ക്കുള്ള മനോഭാവമെന്താണെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെ. ഇങ്ങനെയുള്ള പഠനസമിതികളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുകയാണ്. പഠനങ്ങളൊന്നും അവര്‍ക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നതാണ് ഒരു കാരണം. എന്തൊക്കെ ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രിയങ്കരായവരെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥപ്രമുഖരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള പ്രദര്‍ശനവസ്തുവാക്കാന്‍ അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം. വേറൊന്നുകൂടിയുണ്ട്. എന്‍ഡോസള്‍ഫാന്റെ പരമാവധി അര്‍ധായുസ്സ് എണ്ണൂറു ദിവസത്തില്‍ കൂടില്ല. അതുകൊണ്ടുതന്നെ ഇനി നടത്തുന്ന പരിശോധനകളില്‍ നിന്ന് അതിന്റെ അവശിഷ്ടങ്ങളെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല.

ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തത്ര കൃത്യമായ കണ്ടെത്തലുമായൊരു പഠനം പദ്രേ ഗ്രാമത്തിലെ വാണിനഗറില്‍ 2001ല്‍ നടന്നതാണ്. എന്‍ഡോസള്‍ഫാന്റെ ദുരിത ഫലമനുഭവിച്ച നാട്ടുകാരെയും മറ്റൊരു സ്ഥലത്തെ ഗ്രാമീണരെയും ശാസ്ത്രീയ മാനദണ്ഡങ്ങളുപയോഗിച്ച് താരതമ്യം ചെയ്ത് ആ പഠനം നടത്തിയത് അഹമ്മദാബാദിലെ പ്രശസ്തമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് സംഘമാണ്. ഹബീബുള്ള എന്‍. സയ്യദായിരുന്നു സംഘത്തലവന്‍. ഈ പ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന നിഗമനത്തിലാണ് സൂക്ഷ്മമായ പഠനത്തിനൊടുവില്‍ അവരെത്തിച്ചേര്‍ന്നത്. അവിടത്തെ മണ്ണിലും വെള്ളത്തിലും മനുഷ്യരക്തത്തിലും അവര്‍ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റി 2002 ഏപ്രിലില്‍ നിയമിച്ച ഒ.പി. ദുബേ കമ്മിറ്റി ഈ കണ്ടെത്തലുകള്‍ അസംബന്ധമെന്നു തള്ളിക്കളഞ്ഞു. അതൊരട്ടിമറിയായിരുന്നെന്നു 2004ല്‍ വ്യക്തമായി. കാസര്‍കോട്ടെ കേന്ദ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായിരിക്കെ, നേരത്തേ, ഇതേ ദുബേ തന്നെയാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത് എന്നത് കേവലം യാദൃച്ഛികമാവാനിടയില്ലല്ലോ?

ഈ പശ്ചാത്തലത്തില്‍, താങ്കളുടെ ദയാവായ്പിനു മുന്നില്‍ എനിക്കു സമര്‍പ്പിക്കാനുള്ള അപേക്ഷ ഇതാണ്. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ സ്വമേധയാ എടുത്ത നടപടിക്കനുസൃതമായി ഇന്ത്യയിലും എന്‍ഡോസള്‍ഫാന്‍ എന്നെന്നേക്കുമായി നിരോധിക്കാനുള്ള തികച്ചും ശരിയായ തീരുമാനം താങ്കള്‍ എടുക്കണം. പക്ഷേ, ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ സ്വീകരിച്ച ലജ്ജാകരമായ നിലപാടു കാണുമ്പോള്‍ ഈ ആഗ്രഹം അല്പം കടന്നുപോയോ എന്നു സംശയിക്കേണ്ടിവരുന്നു. തുടര്‍ച്ചയായുള്ള ജൈവമലിനീകരണത്തിനെതിരെയുള്ള ജനീവ കണ്‍വെന്‍ഷന്‍ (ടമഫ ഞര്‍സഋലമസവശ ഇസഷല്‍ഫഷര്‍യസഷ സഷ ഛഫഴറയറര്‍ഫഷര്‍ ചഴഭദഷയഋ ഛസവവന്‍ര്‍ദഷര്‍റ) ഉടമ്പടിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥപ്രഭുക്കള്‍ പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു എന്നതിനു തെളിവൊന്നുമില്ലെന്നാണ്! കീടനാശിനി നിര്‍മാതാക്കളുടെ (അതില്‍ പ്രമുഖര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും എക്‌സല്‍ ക്രോപ് കെയറുമാണ്) താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു അതെന്നു വ്യക്തം.

ഈ സമ്മേളനത്തിനു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ഓസ്‌ട്രേലിയ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. 'ഓസ്‌ട്രേലിയാസ് 60' എന്ന ടെലിവിഷന്‍ പരിപാടിയായിരുന്നു അതിനവര്‍ക്കു മുഖ്യപ്രേരണ. ആ പരിപാടിയില്‍, എന്‍മകജെ, മുളിയാര്‍ പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഭയാനക ദൃശ്യങ്ങളുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെപ്പറ്റി ആദ്യമായി മുന്നറിയിപ്പു നല്‍കിയ ഡോ. വൈ.എസ്. മോഹന്‍കുമാറുമായി പ്രസ്തുത പരിപാടി അവതരിപ്പിച്ചവര്‍ സംസാരിച്ചിരുന്നു.

എന്തിനേറെപ്പറയുന്നു, കീടനാശിനി നിര്‍മാതാക്കളായ ബായര്‍ ക്രോപ്‌സയന്‍സ് 2007ല്‍ത്തന്നെ എന്‍ഡോസള്‍ഫാന്റെ ഉത്പാദനം നിര്‍ത്തിയതാണ്. ഈ വര്‍ഷത്തോടെ ലോകവ്യാപകമായി അവരതിന്റെ വില്പന അവസാനിപ്പിക്കും. ബഹുരാഷ്ട്ര കീടനാശിനി നിര്‍മാതാക്കളുടെ ഈ മാനുഷിക സമീപനം കണ്ടിട്ടും നമ്മുടെ 'സാറന്മാര്‍'ക്ക് കുലുക്കമൊന്നുമില്ല. ദുരിതബാധിതരുടെ നരകയാതന അവരെ സ്?പര്‍ശിക്കുന്നേയില്ല. ജനീവ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനുമേല്‍ പതിനായിരം കോടി രൂപ വിറ്റുവരവുള്ള കീടനാശിനി വ്യവസായ ലോബിയുടെ സ്വാധീനം ഉറപ്പിക്കാന്‍ പറ്റിയവരുടെ സാന്നിധ്യം അല്പംപോലും അതിശയകരമല്ല! ജനീവ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി ഈ ഗൂഢബന്ധത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് എഴുതിയത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍, ഇന്ത്യക്കാരനായതില്‍ നാണിച്ചുപോയ ദിനങ്ങളായിരുന്നു അതെന്നാണ്. അതേസമയം നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍പോലുമറിയാത്ത ബ്രസീല്‍ പ്രതിനിധി ഹോസെ സൊലാ വാസ്‌ക്വസ് ജൂനിയര്‍ മൂന്നു വര്‍ഷംകൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാനുള്ള തന്റെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ഫലപ്രദമായി അവതരിപ്പിച്ച് സമ്മേളനത്തില്‍ ബ്രസീലിയന്‍ ജനതയുടെ ശബ്ദമായി മാറി.

കൃഷിവകുപ്പില്‍ അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മയുടെ കാര്യംകൂടി പറഞ്ഞ് ഞാനീ കത്ത് അവസാനിപ്പിക്കാം. 2001ല്‍ അവരാണ് എന്‍ഡോസള്‍ഫാനെതിരെ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയെ സമീപിച്ചതും ആകാശത്തുനിന്നുള്ള മരുന്നുതളിക്ക് താത്കാലിക നിരോധനം സമ്പാദിച്ചതും. 2003ല്‍ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏര്‍പ്പെടുത്തി. ഇതാണ് 2004ല്‍ എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്താന്‍ കേരള സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയത്. അപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ലീലാകുമാരിയമ്മ കോഴിക്കോട്ട് മാതൃഭൂമിയും പെന്‍ഗ്വിനും സംയുക്തമായി സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ അധര്‍മങ്ങളെല്ലാം ഇപ്പോഴും അരങ്ങേറുന്നത് മഹാത്മജിയുടെ മണ്ണിലാണല്ലോ എന്ന സങ്കടമാണ് അന്നവര്‍ പങ്കുവെച്ചത്. നമ്മുടെ ഉദ്യോഗസ്ഥപ്രഭുക്കന്മാരെ സ്വാധീനിച്ചിട്ടില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രചോദനമാകുന്നത് ഗാന്ധിജി തന്നെയാണ്. ഇത്ര നാളും സമാധാനപരമായ പ്രതിഷേധങ്ങളില്‍ ഉറച്ചു നിന്ന അവര്‍ ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തു എന്നത് അതിന്റെ തെളിവാണ്. പലയിടങ്ങളിലും നിസ്സാര പ്രാദേശികപ്രശ്‌നങ്ങള്‍ പോലും തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിലേക്കു നയിക്കുമ്പോള്‍ അവര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി ജനായത്തത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചു. അധികാരികളുടെ ഹൃദയകാഠിന്യം അവരെ വിദ്വേഷചിത്തരാക്കി മാറ്റിയില്ലെങ്കില്‍, അതവരുടെ ഹൃദയവിശാലത ഒന്നുകൊണ്ടു മാത്രമാണ്.

സന്താനനഷ്ടം കാരണമുള്ള മാതൃവ്യഥ എത്രമാത്രം തീവ്രമാണെന്ന് മഹാഭാരതം നമുക്കു പറഞ്ഞുതരുന്നുണ്ട്. യുദ്ധത്തില്‍ മക്കളെയെല്ലാം നഷ്ടമായ ഗാന്ധാരിയുടെ ശാപത്തില്‍ ശ്രീകൃഷ്ണന്റെ കാല്‍നഖം പോലും കരിഞ്ഞുപോയെന്നാണ് മഹാഭാരതം പറയുന്നത്. അവതാരപുരുഷനായ ശ്രീകൃഷ്ണന്റെ കാര്യമിതാണെങ്കില്‍ ഈ മാതൃവിലാപങ്ങളേല്‍ക്കുന്ന നിസ്സാരരായ മനുഷ്യരുടെ വിധി എന്തായിരിക്കുമെന്ന് താങ്കള്‍ ഊഹിച്ചുനോക്കിയാല്‍ മതി. മഹാദുരന്തത്തില്‍പ്പെട്ടുഴലുന്ന ആ ആത്മാക്കളെ മാനിക്കേണ്ട കടമ നമ്മള്‍ക്കുണ്ട്. ആരോഗ്യസഹായവും സാമ്പത്തികസഹായവും നല്‍കി അവരോടുള്ള കടം നാം വീട്ടിയേ തീരൂ.

നിര്‍ദിഷ്ട കീടനാശിനി നിയന്ത്രണ ബില്ലില്‍ ഹാനികരമെന്നു കരുതപ്പെടുന്നവയുടെ പട്ടികയിലുള്ള കീടനാശിനികള്‍ നിരോധിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതു പരിഗണിക്കണമെന്ന ആവശ്യം കൂടി ഈയവസരത്തില്‍ ഞാന്‍ താങ്കള്‍ക്കു മുന്നില്‍ വെക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അസന്തുഷ്ടിയുടെ ശിശിരം ഇതോടെ അവസാനിക്കട്ടെ. അവരുടെ ജീവിതത്തിലും പ്രകാശം പരക്കട്ടെ.

(ഇംഗ്ലീഷില്‍ നിന്നുള്ള പരിഭാഷ)

എം.പി.വീരേന്ദ്രകുമാര്‍

07 April, 2011

പ്രവാചക വേഷം കെട്ടുന്ന ഖുറൈശികളെ ജനം തിരിച്ചറിയും: വി.എസ്


പ്രവാചക വേഷം കെട്ടുന്ന ഖുറൈശികളെ ജനം തിരിച്ചറിയും: വി.എസ്
പ്രവാചകനെ കല്ലെറിഞ്ഞോടിച്ച ഖുറൈശികള്‍ ഇപ്പോള്‍ പ്രവാചകന്റെ വേഷം കെട്ടി രംഗത്തുണ്ടെന്നും കുറ്റിപ്പുറത്തെ ജനങ്ങള്‍ ഖുറൈശികളുടെ തട്ടിപ്പ് തിരിച്ചറിഞ്ഞുവെന്നും മുഖ്യമന്ത്രി വി.എസ്. അച്യൂതാനന്ദന്‍. വേങ്ങരയിലെ പ്രവാചക വേഷം കെട്ടി വരുന്ന ഖുറൈശിമാരെ ജനങ്ങള്‍ നിറുത്തേണ്ടിടത്ത് നിറുത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയിലെ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസും കടുത്ത അഴിമതിയില്‍ കുളിച്ചു നില്‍ക്കുമ്പോഴാണ്  പ്രധാനമന്ത്രിയുടെ മൂക്കിനു താഴെ അണ്ണാ ഹസാരെ അഴിമതികെതിരെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്. അന്നാഹസാരയെകുറിച്ചും  അദ്ദേഹത്തിന്റെ നിരാഹാരത്തെ കുറിച്ചും അറിയാതെയല്ല സോണിയാഗാന്ധി കേരളത്തിലെത്തി അഴിമതിക്കെതിരെ പ്രസംഗിച്ചത്. കേരളത്തിലെ കൃഷിക്കാരുടെ ആത്മഹത്യകളെ കുറിച്ചും  സോണിയ സംസാരിച്ചു. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും ആന്റണിയുമായിരുന്നു കേരളം ഭരിച്ചിരുന്നത്.
സര്‍ക്കാരിന്റെ ചന്ദനക്കാടുകളില്‍ നിന്ന് ചന്ദനം മോഷ്ടിച്ച് സ്വന്തം ഫാക്ടറിയില്‍ പ്രോസസ് ചെയ്ത് വിദേശത്തേക്ക് കയറ്റിയയച്ച് കോടികള്‍ സമ്പാദിച്ചപ്പോള്‍ ചിലര്‍ക്ക് സ്വന്തം ഭാര്യ മാത്രം പോരെന്ന് വന്നു. നിരവധി പെണ്‍കുട്ടികളെ ചൂഷണത്തിന് വിധേയരാക്കി. അവര്‍ക്ക് പുതിയ ഭര്‍ത്താക്കന്മാരെ ഉണ്ടാക്കിക്കൊടുത്തു. ഗള്‍ഫിലേക്കയച്ചു. വീട് വെച്ചു കൊടുത്തു. പരാതിയെന്നുമില്ലാതിരിക്കാന്‍ പൊലീസിനെയും ജഡ്ജിമാരെയും കയ്യിലെടുത്തു. എല്ലാം ശാന്തമായെന്ന് കരുതി മാന്യന്മാരായിരിക്കുമ്പോഴാണ് കൂറ്റന്‍ വസ്തുതകള്‍ പുറത്ത് വന്നു തുടങ്ങിയത്. ഇതോടെ ഇത്തരക്കാര്‍ ബേജാറിലായി. അവരാണ് ഇപ്പോള്‍ വി.എസ് പ്രതികാര ദാഹിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വി.എസിന് ആരോടും പ്രതികാരമില്ല. പൊതുമുതല്‍ കട്ടുതിന്നുന്നവരോട് എനിക്ക് സന്ധിയില്ല. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവരോടും സന്ധിയില്ല എന്നും അദ്ദേഹം പറഞ്ഞു.