21 April, 2011

കേന്ദ്രമന്ത്രി ശരദ്പവാറിനൊരു തുറന്ന കത്ത്


പ്രിയപ്പെട്ട ശരദ്ജി,

വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലിയുടെ തലേന്നാണ് ഞാനീ കത്തെഴുതുന്നത്. പക്ഷേ, ഇവിടെ വടക്കന്‍ കേരളത്തില്‍, കാസര്‍കോട്ടെ പതിനൊന്ന് ഗ്രാമങ്ങളില്‍ അത്തരം ആഘോഷങ്ങളൊന്നുമില്ല. വെളിച്ചമില്ലാതെ, വാടിക്കരിഞ്ഞു നില്‍ക്കുകയാണിവിടെ ജീവിതം.


എന്‍ഡോസള്‍ഫാന്റെ ഇരുട്ടുപരന്ന ആ പ്രദേശത്തേക്ക് ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. 1962ല്‍ സ്ഥാപിതമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഇവിടെ ഇരുപതിലേറെ ഗ്രാമങ്ങളിലായി മൂന്നു സെക്ടറുകളിലായി വ്യാപിച്ചുകിടക്കുന്ന 4,696 ഏക്കര്‍ കശുവണ്ടിത്തോട്ടമുണ്ട്. അവിടെയാണ് പരിസ്ഥിതി വൃത്തങ്ങളില്‍ 'രണ്ടാം ഭോപ്പാല്‍' എന്നറിയപ്പെടുന്ന വിഷവര്‍ഷം നടന്നത്. ഇന്നാട്ടിലെ നിരപരാധികളായ നാട്ടുകാരുടെമേല്‍ അശനിപാതം പോലെ ആകാശത്തു നിന്നുള്ള കീടനാശിനി പ്രയോഗത്തിന്റെ ദുരിതഫലങ്ങള്‍ നിപതിക്കുവാന്‍ തുടങ്ങുന്നത് എണ്‍പതുകളുടെ തുടക്കത്തിലാണ്. തേയിലക്കൊതുകിനെ നേരിടാന്‍ 1977'78 കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നു. 1981 മുതല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണവെച്ച് പതിവായി കീടനാശിനി പ്രയോഗം തുടര്‍ന്നു.

നരകതുല്യമായ 24 വര്‍ഷക്കാലം, ജന്മവൈകല്യങ്ങളായും ബുദ്ധിമാന്ദ്യമായും അന്തഃസ്രാവ ഗ്രന്ഥി തടസ്സങ്ങളായും അര്‍ബുദമായും വന്ധ്യതയായും ഈ പൈശാചിക രാസവസ്തു ആ പ്രദേശത്തിലെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുംമേല്‍ വന്‍ദുരിതമായി പെയ്തുകൊണ്ടിരുന്നു. 2000 ഡിസംബര്‍ 26ന് അവസാനതുള്ളി വിഷമഴ ഇവിടെ പതിച്ചുകഴിയുമ്പോള്‍, അഞ്ഞൂറിലേറെ മനുഷ്യരെങ്കിലും മരണപ്പെടുമെന്നും രണ്ടായിരത്തിലേറെപ്പേര്‍ അതിഭീകരങ്ങളായ ജനിതക വൈകല്യങ്ങള്‍ക്കിരയാവുകയും ചെയ്യുമെന്ന് അഭിശപ്തരായ ഈ നാട്ടുകാര്‍ക്ക് ഊഹിക്കാന്‍പോലുമാകുമായിരുന്നില്ല. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ വിതച്ച വിനാശത്തെത്തുടര്‍ന്ന് സമൂഹത്തില്‍ ആ ജനസമൂഹം അകറ്റപ്പെട്ടു, വിവാഹാലോചനകള്‍ പോലും മുടങ്ങുന്ന സ്ഥിതിവിശേഷം ആ പ്രദേശത്ത് സംജാതമായി.

വിഖ്യാതചിത്രകാരന്‍മാരായ ബോഷിന്റെയോ ബ്രൂഗലിന്റെയോ വിക്ഷുബ്ധഭാവനകളില്‍ തെളിഞ്ഞ വിച്ഛിന്നവൈരൂപ്യങ്ങളേക്കാള്‍ വികൃതമായ മനുഷ്യരൂപങ്ങളെ, പ്രിയ ശരദ്ജീ, താങ്കള്‍ക്ക് സങ്കല്പിക്കാനാവുമോ? കണ്ണുകളില്ലാതെ ജനിച്ചുവീണ കടിഞ്ഞൂല്‍ക്കുഞ്ഞിന്റെ മുഖത്തേക്ക് നോക്കുമ്പോഴേക്ക് ഹൃദയം തകര്‍ന്നു മോഹാലസ്യപ്പെട്ടു വീഴുന്ന ഒരമ്മയെ താങ്കള്‍ കണ്ടിട്ടുണ്ടോ? ആ അമ്മയുടെ മുലക്കണ്ണുകള്‍ക്കു പാല്‍ചുരത്താന്‍ കുഞ്ഞിന്റെ മൂക്കിനുതാഴെ വായയുണ്ടായിരുന്നില്ല; പകരം ഒരു പിളര്‍പ്പുമാത്രം. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞു, ഇപ്പോഴും തീരെ വളര്‍ച്ചയെത്താതെ, പ്രായമായ അമ്മയ്ക്ക് നിതാന്തഭാരമായി ആ 'കുട്ടി' ജീവിക്കുന്നു. അകാലവാര്‍ധക്യം വന്ന്, കണ്ണുകാണാനാകാതെ, നടക്കാന്‍പോലുമാകാതെ നരകിക്കുന്ന ഇരുപത്തിമൂന്നുകാരനെ കാണണമെങ്കില്‍ ഇവിടെ വന്നാല്‍ മതി. ഉത്സാഹപൂര്‍വം ഓടിക്കളിച്ചുകൊണ്ടിരുന്ന ഒരു നാലുവയസ്സുകാരി ഈ വിഷസ്?പര്‍ശമേറ്റയുടന്‍ പുഴുക്കുത്തേറ്റ ഇളംചെടിപോലെ വാടിക്കരിഞ്ഞുപോകുന്ന കാഴ്ച താങ്കള്‍ക്കു സങ്കല്പിക്കാനാകുമോ? പ്രായമെത്തുംമുമ്പേ പെണ്‍കിടാങ്ങള്‍ പ്രായപൂര്‍ത്തിയാവുന്നു; മാസത്തില്‍ രണ്ടോ മൂന്നോ വട്ടം മാസമുറ വരുന്നു, മറുവശത്ത് ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാന്‍ ഏറെ വൈകുന്നു. പെര്‍ള, എന്‍മകജെ, മുള്ളേരിയ, കാറഡുക്ക, മുളിയാര്‍, പെരിയ, പുല്ലൂര്‍ പെരിയ, അജാനൂര്‍, പനത്തടി, കള്ളാര്‍, പാണത്തൂര്‍, കയ്യൂര്‍, ചീമേനി ഈ കൊച്ചുഗ്രാമങ്ങളേതെങ്കിലും സന്ദര്‍ശിച്ചു നോക്കൂ, സ്വന്തമായി പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാകാത്ത ഇരുപതുപിന്നിട്ട മക്കളെയും പേറി നടക്കുന്ന അമ്മമാരെ നിങ്ങള്‍ക്കവിടെ കാണാം. കൂടാതെ, ഭീമമായ ചികിത്സാച്ചെലവുകാരണം ബാങ്കില്‍ നിന്നു വാങ്ങി പണം തിരിച്ചടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് വീട് ജപ്തിയിലാവുന്ന സ്ഥിതിയിലാണ് പല കുടുംബങ്ങളും.

ഈ പശ്ചാത്തലത്തില്‍ കാസര്‍കോടുവെച്ച് 2010 ഒക്ടോബര്‍ 25ാം തീയതി, ആകാശത്തുനിന്നു തളിച്ച എന്‍ഡോസള്‍ഫാനല്ല ഇവിടങ്ങളിലുണ്ടായ ചില ദുര്‍ഗ്രാഹ്യമായ രോഗങ്ങള്‍ക്കും തുടര്‍ന്നുണ്ടായ മരണങ്ങള്‍ക്കും ഹേതു എന്ന് ഒരു വിദഗ്ധ സമിതി വിലയിരുത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് പറഞ്ഞത് തികച്ചും ദൗര്‍ഭാഗ്യകരമായി. വാസ്തവത്തില്‍ പഠനങ്ങളുടെ നിഗമനം മറിച്ചായിരുന്നതു കൊണ്ട് മന്ത്രി അപ്രകാരം പറയരുതായിരുന്നു.

ഈ ദുരിതക്കാഴ്ചയുടെ ശാസ്ത്രീയവശത്തെക്കുറിച്ച്. കുറഞ്ഞ അളവിലുള്ള എന്‍ഡോസള്‍ഫാന്‍ബാധതന്നെ വൃക്കകളെയും ഭ്രൂണത്തെയും കരളിനെയും ബാധിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ജലാശയങ്ങളില്‍ അതു വിഷം കലക്കുന്നു, മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും വന്യമൃഗങ്ങള്‍ക്കും മാരകമാണത്. ഇക്കാര്യം സ്ഥാപിക്കാന്‍ വസ്തുതകളും തെളിവുകളും ധാരാളമുണ്ട്. ബാംഗ്ലൂരിലെ റീജ്യണല്‍ റിമോട്ട് സെന്‍സിങ് സര്‍വീസ് സെന്റര്‍ പദ്രെ ഗ്രാമത്തില്‍ നടത്തിയ ഉപഗ്രഹചിത്രണ പഠനമാണ് അതിലൊന്ന്. കുന്നിന്‍ മുകളിലുള്ള തോട്ടമേഖലയില്‍നിന്നുത്ഭവിക്കുന്ന 12 അരുവികളാണിവിടെയുള്ളത്. ചെങ്കുത്തായതുകാരണം വെള്ളം കുത്തിയൊഴുകിയെത്തും. ആകാശത്തുനിന്ന് തളിക്കുന്ന ഏതു വിഷവസ്തുവും വളരെപ്പെട്ടെന്നു തന്നെ ഭൂജലത്തിലെത്തി ലയിച്ചുചേരും. തോട്ടങ്ങളുള്ള കുന്നിലേക്ക് വെട്ടിയിറക്കിയുണ്ടാക്കുന്ന തുരങ്കങ്ങളില്‍ നിന്നാണ് ഇന്നാട്ടുകാര്‍ കുടിവെള്ളമെടുക്കുന്നത്. തോട്ടത്തില്‍ തളിക്കുന്ന കീടനാശിനികള്‍ അതിലെ വെള്ളവും വിഷലിപ്തമാക്കും. ഒഴുകിയെത്തുന്ന വെള്ളത്തിലൂടെയെത്തുന്ന മാലിന്യങ്ങള്‍ മണ്ണില്‍ ശേഖരിക്കപ്പെടുന്നു. ഈ മണ്ണില്‍ കൃഷിചെയ്തുണ്ടാക്കുന്ന വിളകള്‍ വിഷവസ്തുക്കളുടെ ശേഖരമായിത്തീരുന്നു. ഒടുവിലവ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളിലെത്തും ഇതായിരുന്നു അവരുടെ പഠനത്തിന്റെ നിഗമനം.

പ്രകൃതിസമ്പത്തിനു മേല്‍ എല്ലാ ജീവജാലങ്ങള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന കാര്യത്തില്‍ താങ്കള്‍ക്കു വിയോജിപ്പുണ്ടാകില്ലല്ലോ? മനുഷ്യന്റെ ദുരിതങ്ങള്‍ക്കൊപ്പം ഇവിടത്തെ മിണ്ടാപ്രാണികളനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റിയും ഒരു നിമിഷം ചിന്തിക്കുക. കീടനാശിനി തളിക്കുന്ന സമയത്ത് ഇവിടത്തെ തവളകളും കോഴികളുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി. കുളങ്ങളിലും അരുവികളിലും മീനുകള്‍ ചത്തുപൊങ്ങി. മീനുകളില്‍ സംഭരിക്കപ്പെടുന്ന വിഷാംശം മറ്റു ജീവികളിലേക്കും സംക്രമിച്ചു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മാനേജിങ് ഡയറക്ടര്‍ 2009 ജനവരി രണ്ടിന് വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്തില്‍ അറിയാതെയാണെങ്കിലും എന്‍ഡോസള്‍ഫാന്‍ കാരണം ജീവജാലങ്ങള്‍ക്കുണ്ടാകുന്ന നാശം സമ്മതിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതു നിര്‍ത്തിയ ശേഷം ഇവിടെ വന്യജീവികളുടെ ഉപദ്രവം കൂടിയെന്നാണ് കത്തില്‍ പറയുന്നത്. ജീവജാലങ്ങളെ കൊന്നൊടുക്കാനുള്ള നല്ലൊരു വഴി അടഞ്ഞുപോയതിലുള്ള വിലാപമാണ് അറിയാതെയാണെങ്കിലും അദ്ദേഹത്തില്‍ നിന്നു പുറത്തുവന്നത്. ഈ കത്തിന് മുഖ്യ വനപാലകന്‍ 2009 നവംബര്‍ 16ന് അയച്ച മറുപടിയും പ്രസക്തമാണ്. രാജപുരം എസ്‌റ്റേറ്റ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന് പാട്ടത്തിനു നല്‍കിയ നടപടി റദ്ദാക്കണമെന്നാണ് അദ്ദേഹം അതില്‍ നിര്‍ദേശിക്കുന്നത്. പാരിസ്ഥിതികാഘാതവും ഇപ്പോഴും നാട്ടുകാരനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് കാരണമായി പറയുന്നത്.

എന്‍ഡോസള്‍ഫാനെക്കുറിച്ചു പഠിക്കാന്‍ ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട സമിതി ഇത്തരത്തിലുള്ള പതിനഞ്ചാമത്തേതാണ്. ഇത്തരം സമിതികളോട് നാട്ടുകാര്‍ക്കുള്ള മനോഭാവമെന്താണെന്ന് ഞാന്‍ താങ്കളെ അറിയിക്കട്ടെ. ഇങ്ങനെയുള്ള പഠനസമിതികളുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന് അവര്‍ തീരുമാനിച്ചിരിക്കുകയാണ്. പഠനങ്ങളൊന്നും അവര്‍ക്ക് ഒരു ഗുണവും ചെയ്തിട്ടില്ലെന്നതാണ് ഒരു കാരണം. എന്തൊക്കെ ശാരീരിക വൈകല്യങ്ങളുണ്ടെങ്കിലും തങ്ങള്‍ക്ക് പ്രിയങ്കരായവരെ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥപ്രമുഖരുടെ സംശയങ്ങള്‍ തീര്‍ക്കാനുള്ള പ്രദര്‍ശനവസ്തുവാക്കാന്‍ അവര്‍ ഒട്ടുംതന്നെ ആഗ്രഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാരണം. വേറൊന്നുകൂടിയുണ്ട്. എന്‍ഡോസള്‍ഫാന്റെ പരമാവധി അര്‍ധായുസ്സ് എണ്ണൂറു ദിവസത്തില്‍ കൂടില്ല. അതുകൊണ്ടുതന്നെ ഇനി നടത്തുന്ന പരിശോധനകളില്‍ നിന്ന് അതിന്റെ അവശിഷ്ടങ്ങളെന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെന്നു തോന്നുന്നില്ല.

നാട്ടുകാരുടെ ആവശ്യങ്ങള്‍ വളരെ ലളിതമാണ്. ഇനിയുമെത്തുന്ന സമിതികള്‍ ദുരന്തബാധിതരെ ഓരോരുത്തരെയായെടുത്ത് വിദഗ്ധവൈദ്യപരിശോധനയ്ക്കു വിധേയരാക്കണം; അവര്‍ക്ക് ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കണം, അതിനുള്ള ചെലവു മുഴുവന്‍ വഹിക്കണം. വ്യത്യസ്ത വൈദ്യശാസ്ത്ര ശാഖകളിലെ വിദഗ്ധരടങ്ങിയതായിരിക്കണം സമിതി. ഇത്തരത്തിലുള്ളതാണ് സമിതിയുടെ പ്രവര്‍ത്തനമെങ്കിലത് സ്വാഗതാര്‍ഹമായിരിക്കും. അല്ലാതെ, ഇപ്പോഴത്തെപ്പോലെ കൃഷിശാസ്ത്രജ്ഞരും പരിസ്ഥിതിപ്രവര്‍ത്തകരും സന്നദ്ധസംഘടനാപ്രതിനിധികളുമടങ്ങുന്ന അനുഷ്ഠാനപരമായൊരു സമ്മിശ്രത്തോട് സഹകരിക്കാന്‍ അവര്‍ക്ക് ഒട്ടും താത്പര്യമില്ല.

ഇനിയൊരു അന്വേഷണം ആവശ്യമില്ലാത്തത്ര കൃത്യമായ കണ്ടെത്തലുമായൊരു പഠനം പദ്രേ ഗ്രാമത്തിലെ വാണിനഗറില്‍ 2001ല്‍ നടന്നതാണ്. എന്‍ഡോസള്‍ഫാന്റെ ദുരിത ഫലമനുഭവിച്ച നാട്ടുകാരെയും മറ്റൊരു സ്ഥലത്തെ ഗ്രാമീണരെയും ശാസ്ത്രീയ മാനദണ്ഡങ്ങളുപയോഗിച്ച് താരതമ്യം ചെയ്ത് ആ പഠനം നടത്തിയത് അഹമ്മദാബാദിലെ പ്രശസ്തമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്കുപ്പേഷണല്‍ ഹെല്‍ത്ത് സംഘമാണ്. ഹബീബുള്ള എന്‍. സയ്യദായിരുന്നു സംഘത്തലവന്‍. ഈ പ്രദേശത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണം എന്‍ഡോസള്‍ഫാന്‍ തന്നെയാണെന്ന നിഗമനത്തിലാണ് സൂക്ഷ്മമായ പഠനത്തിനൊടുവില്‍ അവരെത്തിച്ചേര്‍ന്നത്. അവിടത്തെ മണ്ണിലും വെള്ളത്തിലും മനുഷ്യരക്തത്തിലും അവര്‍ എന്‍ഡോസള്‍ഫാന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍, കേന്ദ്ര കീടനാശിനി ബോര്‍ഡിന്റെ രജിസ്‌ട്രേഷന്‍ കമ്മിറ്റി 2002 ഏപ്രിലില്‍ നിയമിച്ച ഒ.പി. ദുബേ കമ്മിറ്റി ഈ കണ്ടെത്തലുകള്‍ അസംബന്ധമെന്നു തള്ളിക്കളഞ്ഞു. അതൊരട്ടിമറിയായിരുന്നെന്നു 2004ല്‍ വ്യക്തമായി. കാസര്‍കോട്ടെ കേന്ദ്ര പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലവനായിരിക്കെ, നേരത്തേ, ഇതേ ദുബേ തന്നെയാണ് കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നത് എന്നത് കേവലം യാദൃച്ഛികമാവാനിടയില്ലല്ലോ?

ഈ പശ്ചാത്തലത്തില്‍, താങ്കളുടെ ദയാവായ്പിനു മുന്നില്‍ എനിക്കു സമര്‍പ്പിക്കാനുള്ള അപേക്ഷ ഇതാണ്. അറുപതിലേറെ ലോകരാഷ്ട്രങ്ങള്‍ സ്വമേധയാ എടുത്ത നടപടിക്കനുസൃതമായി ഇന്ത്യയിലും എന്‍ഡോസള്‍ഫാന്‍ എന്നെന്നേക്കുമായി നിരോധിക്കാനുള്ള തികച്ചും ശരിയായ തീരുമാനം താങ്കള്‍ എടുക്കണം. പക്ഷേ, ജനീവയില്‍ ഐക്യരാഷ്ട്രസഭ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഇന്ത്യ സ്വീകരിച്ച ലജ്ജാകരമായ നിലപാടു കാണുമ്പോള്‍ ഈ ആഗ്രഹം അല്പം കടന്നുപോയോ എന്നു സംശയിക്കേണ്ടിവരുന്നു. തുടര്‍ച്ചയായുള്ള ജൈവമലിനീകരണത്തിനെതിരെയുള്ള ജനീവ കണ്‍വെന്‍ഷന്‍ (ടമഫ ഞര്‍സഋലമസവശ ഇസഷല്‍ഫഷര്‍യസഷ സഷ ഛഫഴറയറര്‍ഫഷര്‍ ചഴഭദഷയഋ ഛസവവന്‍ര്‍ദഷര്‍റ) ഉടമ്പടിയുടെ ഭാഗമായി എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥപ്രഭുക്കള്‍ പറഞ്ഞത്, എന്‍ഡോസള്‍ഫാന്‍ പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു എന്നതിനു തെളിവൊന്നുമില്ലെന്നാണ്! കീടനാശിനി നിര്‍മാതാക്കളുടെ (അതില്‍ പ്രമുഖര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനവും എക്‌സല്‍ ക്രോപ് കെയറുമാണ്) താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു അതെന്നു വ്യക്തം.

ഈ സമ്മേളനത്തിനു ദിവസങ്ങള്‍ക്കു മുമ്പു മാത്രമാണ് ഓസ്‌ട്രേലിയ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. 'ഓസ്‌ട്രേലിയാസ് 60' എന്ന ടെലിവിഷന്‍ പരിപാടിയായിരുന്നു അതിനവര്‍ക്കു മുഖ്യപ്രേരണ. ആ പരിപാടിയില്‍, എന്‍മകജെ, മുളിയാര്‍ പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ഭയാനക ദൃശ്യങ്ങളുണ്ടായിരുന്നു. എന്‍ഡോസള്‍ഫാന്റെ ദുരന്തഫലങ്ങളെപ്പറ്റി ആദ്യമായി മുന്നറിയിപ്പു നല്‍കിയ ഡോ. വൈ.എസ്. മോഹന്‍കുമാറുമായി പ്രസ്തുത പരിപാടി അവതരിപ്പിച്ചവര്‍ സംസാരിച്ചിരുന്നു.

എന്തിനേറെപ്പറയുന്നു, കീടനാശിനി നിര്‍മാതാക്കളായ ബായര്‍ ക്രോപ്‌സയന്‍സ് 2007ല്‍ത്തന്നെ എന്‍ഡോസള്‍ഫാന്റെ ഉത്പാദനം നിര്‍ത്തിയതാണ്. ഈ വര്‍ഷത്തോടെ ലോകവ്യാപകമായി അവരതിന്റെ വില്പന അവസാനിപ്പിക്കും. ബഹുരാഷ്ട്ര കീടനാശിനി നിര്‍മാതാക്കളുടെ ഈ മാനുഷിക സമീപനം കണ്ടിട്ടും നമ്മുടെ 'സാറന്മാര്‍'ക്ക് കുലുക്കമൊന്നുമില്ല. ദുരിതബാധിതരുടെ നരകയാതന അവരെ സ്?പര്‍ശിക്കുന്നേയില്ല. ജനീവ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിനുമേല്‍ പതിനായിരം കോടി രൂപ വിറ്റുവരവുള്ള കീടനാശിനി വ്യവസായ ലോബിയുടെ സ്വാധീനം ഉറപ്പിക്കാന്‍ പറ്റിയവരുടെ സാന്നിധ്യം അല്പംപോലും അതിശയകരമല്ല! ജനീവ സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി ഈ ഗൂഢബന്ധത്തെക്കുറിച്ചു വിശദീകരിച്ചുകൊണ്ട് എഴുതിയത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍, ഇന്ത്യക്കാരനായതില്‍ നാണിച്ചുപോയ ദിനങ്ങളായിരുന്നു അതെന്നാണ്. അതേസമയം നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍പോലുമറിയാത്ത ബ്രസീല്‍ പ്രതിനിധി ഹോസെ സൊലാ വാസ്‌ക്വസ് ജൂനിയര്‍ മൂന്നു വര്‍ഷംകൊണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാക്കാനുള്ള തന്റെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യം ഫലപ്രദമായി അവതരിപ്പിച്ച് സമ്മേളനത്തില്‍ ബ്രസീലിയന്‍ ജനതയുടെ ശബ്ദമായി മാറി.

കൃഷിവകുപ്പില്‍ അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മയുടെ കാര്യംകൂടി പറഞ്ഞ് ഞാനീ കത്ത് അവസാനിപ്പിക്കാം. 2001ല്‍ അവരാണ് എന്‍ഡോസള്‍ഫാനെതിരെ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയെ സമീപിച്ചതും ആകാശത്തുനിന്നുള്ള മരുന്നുതളിക്ക് താത്കാലിക നിരോധനം സമ്പാദിച്ചതും. 2003ല്‍ ഹൈക്കോടതി ഈ വിധി ശരിവെച്ച്, സ്ഥിരം നിരോധനം ഏര്‍പ്പെടുത്തി. ഇതാണ് 2004ല്‍ എന്‍ഡോസള്‍ഫാന് നിരോധനമേര്‍പ്പെടുത്താന്‍ കേരള സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയത്. അപൂര്‍വമായി മാത്രം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള ലീലാകുമാരിയമ്മ കോഴിക്കോട്ട് മാതൃഭൂമിയും പെന്‍ഗ്വിനും സംയുക്തമായി സംഘടിപ്പിച്ച ഒരു പുസ്തകപ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഈ അധര്‍മങ്ങളെല്ലാം ഇപ്പോഴും അരങ്ങേറുന്നത് മഹാത്മജിയുടെ മണ്ണിലാണല്ലോ എന്ന സങ്കടമാണ് അന്നവര്‍ പങ്കുവെച്ചത്. നമ്മുടെ ഉദ്യോഗസ്ഥപ്രഭുക്കന്മാരെ സ്വാധീനിച്ചിട്ടില്ലെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രചോദനമാകുന്നത് ഗാന്ധിജി തന്നെയാണ്. ഇത്ര നാളും സമാധാനപരമായ പ്രതിഷേധങ്ങളില്‍ ഉറച്ചു നിന്ന അവര്‍ ഇക്കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലും വോട്ടു ചെയ്തു എന്നത് അതിന്റെ തെളിവാണ്. പലയിടങ്ങളിലും നിസ്സാര പ്രാദേശികപ്രശ്‌നങ്ങള്‍ പോലും തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിലേക്കു നയിക്കുമ്പോള്‍ അവര്‍ കൂട്ടത്തോടെ പോളിങ് ബൂത്തിലെത്തി ജനായത്തത്തിലുള്ള വിശ്വാസം പ്രഖ്യാപിച്ചു. അധികാരികളുടെ ഹൃദയകാഠിന്യം അവരെ വിദ്വേഷചിത്തരാക്കി മാറ്റിയില്ലെങ്കില്‍, അതവരുടെ ഹൃദയവിശാലത ഒന്നുകൊണ്ടു മാത്രമാണ്.

സന്താനനഷ്ടം കാരണമുള്ള മാതൃവ്യഥ എത്രമാത്രം തീവ്രമാണെന്ന് മഹാഭാരതം നമുക്കു പറഞ്ഞുതരുന്നുണ്ട്. യുദ്ധത്തില്‍ മക്കളെയെല്ലാം നഷ്ടമായ ഗാന്ധാരിയുടെ ശാപത്തില്‍ ശ്രീകൃഷ്ണന്റെ കാല്‍നഖം പോലും കരിഞ്ഞുപോയെന്നാണ് മഹാഭാരതം പറയുന്നത്. അവതാരപുരുഷനായ ശ്രീകൃഷ്ണന്റെ കാര്യമിതാണെങ്കില്‍ ഈ മാതൃവിലാപങ്ങളേല്‍ക്കുന്ന നിസ്സാരരായ മനുഷ്യരുടെ വിധി എന്തായിരിക്കുമെന്ന് താങ്കള്‍ ഊഹിച്ചുനോക്കിയാല്‍ മതി. മഹാദുരന്തത്തില്‍പ്പെട്ടുഴലുന്ന ആ ആത്മാക്കളെ മാനിക്കേണ്ട കടമ നമ്മള്‍ക്കുണ്ട്. ആരോഗ്യസഹായവും സാമ്പത്തികസഹായവും നല്‍കി അവരോടുള്ള കടം നാം വീട്ടിയേ തീരൂ.

നിര്‍ദിഷ്ട കീടനാശിനി നിയന്ത്രണ ബില്ലില്‍ ഹാനികരമെന്നു കരുതപ്പെടുന്നവയുടെ പട്ടികയിലുള്ള കീടനാശിനികള്‍ നിരോധിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്നതു പരിഗണിക്കണമെന്ന ആവശ്യം കൂടി ഈയവസരത്തില്‍ ഞാന്‍ താങ്കള്‍ക്കു മുന്നില്‍ വെക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അസന്തുഷ്ടിയുടെ ശിശിരം ഇതോടെ അവസാനിക്കട്ടെ. അവരുടെ ജീവിതത്തിലും പ്രകാശം പരക്കട്ടെ.

(ഇംഗ്ലീഷില്‍ നിന്നുള്ള പരിഭാഷ)

എം.പി.വീരേന്ദ്രകുമാര്‍

No comments:

Post a Comment

Visit: http://sardram.blogspot.com