26 April, 2011

ഒറ്റമനസ്സായി കേരളം


ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലകളില്‍ കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യനിര തീര്‍ത്തു. എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്രസര്‍ക്കാരിന് കേരളം ഒറ്റമനസോടെ താക്കീത് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മതസാംസ്കാരിക നായകരും നടത്തിയ ഉപവാസസമരം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജില്ലകളില്‍ വിവിധ സമരകേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ അണിനിരന്നതോടെ കേരളത്തിന്റെ വികാരം അതിരുകള്‍ക്കപ്പുറത്തേക്ക് കൊടുങ്കാറ്റായി. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാരും മറ്റുജനപ്രതിനിധികളും നേതൃത്വം കൊടുത്തു. യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ട് ലീഗ് നേതാക്കളും പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത നേതാക്കളും ജനരോഷത്തില്‍ കൈകോര്‍ത്തു. ബിജെപി നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു. എന്‍ഡോസള്‍ഫാന്‍ അടക്കം അഞ്ച് മാരക കീടനാശിനികളെ നിരോധിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ സ്റ്റോക് ഹോം കണ്‍വന്‍ഷന്‍ തുടങ്ങുന്ന ദിനമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനു താക്കീതായി കേരളം സമരവേലിയേറ്റമൊരുക്കിയത്. ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായവരെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവനും ദുരിതക്കടലിലേക്ക് എറിയരുതെന്നും സംസ്ഥാനം ഒന്നിച്ച് ആവശ്യപ്പെട്ടു. ചരിത്രമിരമ്പുന്ന തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപവാസം. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കവയത്രി സുഗതകുമാരി, ബിജെപി നേതാവ് ഒ രാജഗോപാല്‍, പി ഗോവിന്ദപ്പിള്ള, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലീമീസ് കാതോലിക്കാബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, പാളയം ഇമാം ജമാലുദീന്‍ മങ്കട, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സംവിധായകന്‍ ഷാജി എന്‍ കരുണ്‍, നടന്‍ സുരേഷ് ഗോപി, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിക്ക് സുഗതകുമാരി നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിച്ചത്. തിരുവനന്തപുരത്ത് വൈകിട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കൊച്ചി മറൈന്‍ഡ്രൈവില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സുകുമാര്‍ അഴീക്കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസന്ദേശം നല്‍കി. നടന്‍ കലാഭവന്‍ മണി പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും അണിചേര്‍ന്നു. ഇടക്കൊച്ചിയില്‍ ദിലീപും തമിഴ് നടന്‍ ഭാഗ്യരാജും പ്രതിഷേധത്തില്‍ പങ്കെടുത്തു. ദുരന്തഭൂമിയായ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ലീഗ് നേതാക്കളും പങ്കെടുത്തു. ജനീവയില്‍ കണ്‍വന്‍ഷന്‍ ആരംഭിച്ച ഇന്ത്യന്‍ സമയം പകല്‍ 1.30ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധാഗ്നി തെളിച്ചു. കാസര്‍കോട് നഗരത്തില്‍ പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റ്് നിശ്ചല സമരം അരങ്ങേറി. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി.
@
കടപ്പാട്: ദേശാഭിമാനി

No comments:

Post a Comment

Visit: http://sardram.blogspot.com