07 April, 2011

മാധ്യമങ്ങള്‍ക്കൊരു വനിതാ നയം


പണ്ടൊക്കെ നമ്മളുടെ പിടിയിലായിരുന്നു മാധ്യമങ്ങളെങ്കില്‍ ഇന്ന് നമ്മുടെ ദൈനംദിനജീവിതം മാധ്യമങ്ങളുടെ പിടിയിലായിരിക്കുന്നു. പണ്ടൊക്കെ ഒന്നോ രണ്ടോ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ രാവിലെ വായിക്കും; പിന്നെ ആകാശവാണിയില്‍ രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കുമുള്ള വാര്‍ത്തകളും നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളും ശബ്ദരേഖകളും നാടകങ്ങളും കേട്ട് റേഡിയോ അടച്ചുവച്ച് ഉറങ്ങാന്‍പോകുന്ന സാധാരണ മലയാളിയുടെ ജീവിതചര്യ ഇന്ന് മാറിയിരിക്കുന്നു. നിങ്ങളുടെ സ്വീകരണമുറിയില്‍ ലോകത്തെ ഏതൊരു കോണിലെ സംഭവത്തിനെയും ഏതു ദൃശ്യകോണിലും നിങ്ങളുടെ മുന്നില്‍ കുടഞ്ഞിട്ടുതരുന്ന എണ്ണമറ്റ ചാനലുകളാണ് ടെലിവിഷന്‍ പെട്ടിയിലൂടെ മിന്നി മറയുന്നത്. നിങ്ങളുടെ കംപ്യൂട്ടറിലൂടെ വെബ്സൈറ്റ് പോര്‍ട്ടലുകള്‍ വഴി ദൃശ്യശ്രാവ്യ കാഴ്ചകളായി എത്തുന്ന സൈബര്‍ വാര്‍ത്താമാധ്യമങ്ങളും സുഹൃദ്ശൃംഖലകളും മുഖഗ്രന്ഥങ്ങളും യൂകുഴലുകളും പിന്നെ നിങ്ങളുടെ കൈയിലും കാതിലും ചുണ്ടിലുമായി മാറി, മാറി സന്ദേശങ്ങള്‍ പകരാനുള്ള മൊബൈല്‍ ഫോണുകളും നിറഞ്ഞ സൈബര്‍ മാധ്യമങ്ങളെക്കുറിച്ച് എന്തുതന്നെ പറഞ്ഞുകൂടാ.. ഇതെല്ലാംകൂടിയ 24 മണിക്കൂറിലും നിറഞ്ഞുകവിയുന്ന നിങ്ങളുടെ മാധ്യമദിനചര്യയെ ഒരു ശബ്ദ-ചിത്ര-വാര്‍ത്താ-ഹാസ്യകോലാഹലമെന്നുതന്നെ വിളിക്കുന്നതല്ലേ ഉചിതം. ഇന്നത്തെ യുവജനതയെ പിന്നെ ഇന്റര്‍നെറ്റിലും മൊബൈലിലും ഉണ്ണുന്നവരെന്നും ഉറങ്ങുന്നവരെന്നും നിര്‍വചിക്കേണ്ടിയും വരും. എന്തായാലും ആശയവിനിമയം വഴിയും വിവരവിപ്ളവം വഴിയും ലോകം കൊച്ചുഗ്രാമമായി ചുരുങ്ങും എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് വെളിപ്പെടുത്തിയ നമ്മുടെ ആര്‍തര്‍ മക്ലൂഹന്‍ അന്ന് ഇത്ര കരുതിയിട്ടുണ്ടാവില്ല. പക്ഷേ, നമുക്ക് മടുത്തിരിക്കുന്നു- അതിര് വിട്ടുവീഴ്ചകള്‍ കണ്ടിട്ട്. വളച്ചൊടിച്ച് വില്‍ക്കപ്പെടുന്ന വാര്‍ത്തകള്‍ കണ്ടിട്ട്, സ്ത്രീകളെ കച്ചവടച്ചരക്കാക്കി മനം മയക്കുന്ന പരസ്യങ്ങള്‍കണ്ടിട്ട്, വേണ്ട വിഷയങ്ങള്‍ പറയാതിരിക്കുകയും വേണ്ടാത്തത് പറയുകയും എഴുതുകയും ചെയ്യുന്നത് കണ്ടിട്ട്, മാധ്യമങ്ങളില്‍ നിലനില്‍ക്കുന്ന സ്ത്രീവിവേചനം കണ്ടിട്ട് - മതിയായിരിക്കുന്നു. മാധ്യമങ്ങള്‍ സ്ത്രീകളെ വികലമാക്കി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനും പ്രതികരിക്കാനും സമൂഹം തയ്യാറാണെന്ന് എടുത്തുകാട്ടിയ രംഗങ്ങളാണ് കേരള വനിതാ കമീഷന്‍, മാധ്യമങ്ങള്‍ക്ക് വനിതാനയം കൊണ്ടുവരുന്നതിന്റെ ഭാഗമായി കാര്‍ഷികസര്‍വകലാശാലയിലെ കാര്‍ഷിക പഠനകേന്ദ്രവും കേരള സാഹിത്യ അക്കാദമിയുമായി ചേര്‍ന്ന് മാര്‍ച്ച് 18ന് നടത്തിയ ശില്‍പ്പശാല. ശില്‍പ്പശാല അവസാനിക്കുമ്പോഴും പങ്കെടുത്തവര്‍ക്ക് ഇനിയും ഏറെ പറയാനുണ്ടായിരുന്നു. സ്ത്രീപ്രശ്നങ്ങള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ചും മാധ്യമങ്ങളിലെ സത്രീവിരുദ്ധ പ്രവണതകളെക്കുറിച്ചും സദസ്യര്‍ പറഞ്ഞുതീര്‍ന്നിരുന്നില്ല.

വനിതാ കമീഷന്റെ മാധ്യമ മോണിറ്ററിങ് സെല്‍ വിവിധ ചര്‍ച്ചകളിലൂടെയും ശില്‍പ്പശാലകളിലൂടെയും രൂപീകരിച്ച 'മാധ്യമങ്ങള്‍ക്ക് ഒരു വനിതാനയം' എന്ന 'കരടുരേഖ' ക്ഷണിക്കപ്പെട്ട വികസന മാധ്യമ, വനിതാ പ്രവര്‍ത്തകര്‍ അടങ്ങിയ സദസ്സിനു മുന്നില്‍ അവതരിപ്പിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പ്പശാല നടത്തിയത്. ശില്‍പ്പശാലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ അധ്യക്ഷനായി. വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ശ്രീദേവി ഉദ്ഘാടനം ചെയ്ത ശില്‍പ്പശാലയില്‍, സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ പോകുന്ന നയത്തിന്റെ കരടുരേഖ കമീഷന്‍ അംഗം ടി ദേവി അവതരിപ്പിച്ചു. ഇത് ഞങ്ങള്‍ക്കുവേണ്ടിയുള്ളതും ഞങ്ങള്‍ കാത്തിരുന്നതുമായ ഒരു നടപടി എന്ന് എല്ലാവരും വനിതാ കമീഷനെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇത് ഇത്രയും വൈകിയല്ലോ എന്നൊരു നൈരാശ്യവും സദസ്യര്‍ പ്രകടിപ്പിച്ചു. കമീഷന്‍ അംഗങ്ങളായ മീനാക്ഷി തമ്പാന്‍, സൈനബ, ആസൂത്രണ കമീഷന്‍ അംഗം ഡോ. മൃദുള്‍ ഈപ്പന്‍,  ലീലാ മേനോന്‍, കാര്‍ഷിക സര്‍വകലാശാലായിലെ പ്രൊഫ. ഡോ. ഗീതക്കുട്ടി, മ്യൂസ്മേരി എന്നിവര്‍ നയത്തിന്റെ ആവശ്യകതയെക്കുറിച്ചും നടപ്പാക്കാന്‍ വേണ്ട സമീപനങ്ങളെക്കുറിച്ചും സംസാരിച്ചു.

കേരളത്തിലെ മാധ്യമലോകത്ത് പൊതുവേ സ്ത്രീ-പുരുഷപങ്കാളിത്ത കാഴ്ചപ്പാടിന്റെ അഭാവമാണ് നിലനില്‍ക്കുന്നത് എന്ന് വനിതാ കമീഷന്റെ കരടുനയത്തില്‍ പറയുന്നു. വാര്‍ത്തകളിലെ സ്ത്രീ, സ്ത്രീപ്രശ്നങ്ങളുടെ വികലമായ അവതരണം, മാധ്യമങ്ങളിലെ വനിതാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നീ മൂന്നു പ്രധാന വിഭാഗങ്ങളിലായി മാധ്യമങ്ങള്‍ തിരുത്തേണ്ട പെരുമാറ്റങ്ങളും പാലിച്ചിരിക്കേണ്ട നിയമങ്ങളും മാനദണ്ഡങ്ങളും നടപടികളും വിശദീകരിച്ചു.  സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല; മാധ്യമങ്ങള്‍ സ്ത്രീയുടെ പ്രശ്നങ്ങളെ മറക്കുകയും മറയ്ക്കുകയും ചെയ്യുന്നതിനോടൊപ്പം മാധ്യമങ്ങള്‍ പൊതുവിഷയങ്ങളിലെ സ്ത്രീപക്ഷനിലപാടുകള്‍ മനഃപൂര്‍വം തമസ്കരിക്കുകയോ തിരിച്ചറിയാന്‍ കഴിയാത്തവരായി തുടരുകയും ചെയ്യുന്നുണ്ട.്

മാധ്യമരംഗത്തെ പ്രവര്‍ത്തകര്‍ തിരിച്ചറിയാതെ പോകുന്ന വിഷയങ്ങള്‍ക്ക് ഉദാഹരണമായിട്ട് ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളിലോ ചര്‍ച്ചകളിലോ ആഗോളവല്‍ക്കരണത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ ഏറ്റുവാങ്ങുന്നത് കാര്‍ഷികരംഗത്തെ സ്ത്രീകളാണെന്ന് മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നില്ല. വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തുന്ന സ്ത്രീപ്രശ്നങ്ങളോ സെന്‍സേഷണലൈസ് ചെയ്യപ്പെട്ട് സ്ത്രീകള്‍ക്ക് ദോഷകരമാക്കുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

സീരിയലുകളിലും പരസ്യങ്ങളിലും പംക്തികളിലും സ്ത്രീകളെ അവതരിപ്പിക്കുന്ന രീതിയെ ചോദ്യംചെയ്തുകൊണ്ട് നയം പറയുന്നത് - ഇന്നത്തെ പരസ്യങ്ങള്‍ ഭൂരിപക്ഷവും ഉല്‍പ്പന്നത്തിന്റെ പ്രചാരണത്തോടൊപ്പം പുരുഷാധിപത്യ സാമൂഹ്യക്രമത്തിന്റെ മൂല്യങ്ങളും സമൂഹമനസ്സില്‍ ഊട്ടി ഉറപ്പിക്കുന്നു. ഉദാഹരണമായി സ്ത്രീയുടെ മേഖല അടുക്കളയാണ് എന്ന് ആവര്‍ത്തിച്ച് കൊടുത്തുകൊണ്ടിരിക്കുന്ന സന്ദേശങ്ങളുള്ള പരസ്യങ്ങളും സീരിയലും കേരളത്തിലെ മാധ്യമങ്ങളില്‍ അനവധിയാണ്. സ്ത്രീയുടെ ശരീരനഗ്നതാ പ്രദര്‍ശനം കരുവാക്കുന്ന പല പരസ്യങ്ങളും കിറലരലി ഞലുൃലലിെമേശീിേ ീള ണീാലി അര ന്റെ നഗ്നലംഘനമാണ്.

വനിതാപംക്തികള്‍, വനിതാ മാസികകള്‍, ടിവി സീരിയലുകള്‍, സിനിമകള്‍ എന്നിവയാണ് ഈ പ്രവണതകള്‍ ഗണ്യമായി കാണിക്കുന്ന മാധ്യമങ്ങള്‍. സൌന്ദര്യപ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അല്ലാതെ ഗൌരവതരമായ ചര്‍ച്ചകള്‍ പത്രമാസികകളില്‍ കുറവാണ്. സൌന്ദര്യ-ആരോഗ്യ പ്രശ്നങ്ങളിലാകട്ടെ കമ്പോളത്തിന്റെ കാഴ്ചപ്പാടുമായി സ്ത്രീയെ മാറാന്‍ പ്രേരിപ്പിക്കുന്ന ആശയങ്ങളും പ്രവണതകളുമാണ് നിറഞ്ഞുനില്‍ക്കുന്നത്. അപൂര്‍മവായി മാത്രമേ സ്ത്രീയുടെ ആന്തരികവ്യക്തിത്വം മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നുള്ളൂ എന്നതിനാല്‍ സ്ത്രീമുന്നേറ്റത്തിനും സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും വിഘാതമായ രീതിയില്‍, വ്യക്തിത്വവും കഴിവുമുള്ള സ്ത്രീകളെ അനുകരണമാതൃകകളായിട്ട് കാണികള്‍ക്കു മുന്നില്‍ വയ്ക്കാന്‍ മാധ്യമങ്ങള്‍ മറക്കുന്നു. കോമഡി ഷോകളിലും സീരിയലുകളിലും വര്‍ധിച്ചുവരുന്ന വികലമായ സ്ത്രീകഥാപാത്ര ആവിഷ്കരണത്തെ നയം ശക്തമായി വിമര്‍ശിച്ചു. എങ്കിലും അതിലും വലിയ രൂക്ഷമായ വിമര്‍ശനഭാഷയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതും ഇത് തടയാനായി ശക്തമായ നടപടികള്‍ നയം നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടതും.

നയം ഗൌരവത്തോടെ കാണുന്ന മറ്റൊരു പ്രശ്നം വനിതാ മാധ്യമപ്രവര്‍ത്തകരോടുള്ള മാധ്യമങ്ങള്‍ക്കുള്ളിലെ സമീപനങ്ങളെക്കുറിച്ചാണ്. കേരളത്തിലെ നാലായിരത്തോളം വരുന്ന അക്രഡിറ്റഡ് മാധ്യമപ്രവര്‍ത്തകരില്‍ അഞ്ചുശതമാനത്തിന് താഴെ മാത്രമാണ് വനിതകളുള്ളത്. സ്ത്രീകളായതുകൊണ്ട് മാത്രം 'പുരുഷന് തുല്യമായ കഴിവുകളും യോഗ്യതയുമുള്ള വനിതകള്‍ക്ക് മാധ്യമങ്ങളില്‍ തൊഴില്‍ നിഷേധിക്കപ്പെടുന്നുണ്ട്. അച്ചടിമാധ്യമങ്ങളിലാണ് ഈ പ്രവണത കൂടുതല്‍. മാധ്യമങ്ങളിലെ തീരുമാനമെടുക്കുന്ന ബ്യൂറോചീഫ്, ന്യൂസ് എഡിറ്റര്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നിയമനവും പ്രൊമോഷനും നല്‍കാറില്ലെന്നും കരട് നയത്തില്‍ പറയുന്നു. മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നയം അക്കമിട്ടു നിരത്തുന്നുണ്ട്. ലൈംഗിക ചൂഷണം, സ്ത്രീകള്‍ക്കുവേണ്ട അടിസ്ഥാനസൌകര്യങ്ങളില്ലായ്മ, സ്ത്രീപീഡനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാനുള്ള കമ്മിറ്റികള്‍ രൂപീകരിക്കാത്തത്, പ്രസവാവധി നല്‍കാതിരിക്കുക, പ്രസവത്തെത്തുടര്‍ന്ന് ജോലിയില്‍നിന്ന് പിരിച്ചുവിടുക തുടങ്ങിയവ മാധ്യമങ്ങളില്‍ നിലനില്‍ക്കുന്നു. അതോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ രംഗത്തെ മാധ്യമപ്രവര്‍ത്തകരും ഇതേ വിഷയങ്ങള്‍തന്നെ ഉദാഹരണസഹിതം എടുത്തപറയുകയും നടപടികളും മാറ്റങ്ങളും ആവശ്യപ്പെടുകയും ചെയ്തു.

കേരളത്തിലെ മാധ്യമങ്ങളെമാത്രം നിയന്ത്രിച്ചതുകൊണ്ട് സമൂഹത്തില്‍ ആകെയുള്ള മാധ്യമങ്ങളുണ്ടാക്കുന്ന ഇത്തരത്തിലുള്ള വികലവും അപകടകരവുമായ സ്വാധീനത്തെ ചെറുത്തുനില്‍ക്കാനാവില്ലെന്ന് ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവെങ്കിലും ഇത്തരത്തിലുള്ള നയം ആ മാറ്റത്തിനുള്ള തുടക്കവും മാതൃകയുമാവും എന്ന അഭിപ്രായമാണ് മുന്നിട്ടുനിന്നത്. പക്ഷേ, നയം രൂപീകരിച്ചാല്‍ മാത്രംപോരാ യഥാര്‍ഥത്തില്‍ നടപ്പാക്കപ്പെടണം. അങ്ങനെ നടപ്പാക്കാനുള്ള വ്യക്തമായ ചുമതലകള്‍ ആരുടേതെന്ന വ്യക്തതയും നയത്തിന്റെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിരിക്കണമെന്ന നിര്‍ദേശം ചര്‍ച്ചയിലുണ്ടായി.

സ്ത്രീ-പുരുഷ പങ്കാളിത്ത കാഴ്ചപ്പാട് (ഴലിറലൃ ുലൃുലരശ്േല), സ്ത്രീശാക്തീകരണം, സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍, സ്ത്രീ പീഡനങ്ങളിലും പെണ്‍വാണിഭങ്ങളിലും ഇരകളാകുന്നവരുടെ കാഴ്ചപ്പാട് (്ശരശോ ുലൃുലരശ്േല) തുടങ്ങിയ വിഷയങ്ങള്‍ ജേര്‍ണലിസം കോഴ്സുകളില്‍ അത്യാവശ്യ വിഷയങ്ങളാക്കണമെന്നും ഇതേ വിഷയങ്ങളില്‍ പ്രസ് ക്ളബുകള്‍ വഴി ഇന്നത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവബോധം സൃഷ്ടിക്കണമെന്നും അവ നയത്തിന്റെ ഭാഗമാക്കണമെന്നുമുള്ള നിര്‍ദേശമുണ്ടായി.

മാധ്യമ സ്ഥാപനങ്ങള്‍ സ്വയം ഒരു വനിതാ നയം രൂപപ്പെടുത്തുകയാണ് അഭികാമ്യം. അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്.

വാര്‍ത്തകളും ചിത്രീകരണങ്ങളും പരസ്യങ്ങളും സീരിയലുകളും എങ്ങനെയാകണം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് കാണിക്കുന്ന പത്തോളം നിര്‍ദേശങ്ങളും മാധ്യമങ്ങളിലെ വനിതാ ജീവനക്കാരുടെ തുല്യപങ്കാളിത്തത്തിനും പരിരക്ഷയ്ക്കുമായി എട്ട് നിര്‍ദേശവും വനിതാ കമീഷന്റെ കരടുനയത്തിലുണ്ട്. അവയോടൊപ്പം നയം നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ ഒരു വാച്ച്ഡോഗ് കമ്മിറ്റിയും മാധ്യമങ്ങളിലെ ഉള്ളടക്കങ്ങള്‍ നിരന്തരമായി നിരീക്ഷിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി മാധ്യമ സെന്‍സറിങ് ജൂറിയെയും നയം നടപ്പാക്കുന്ന സംവിധാനത്തിലുള്‍പ്പെടുത്തണമെന്ന് ശില്‍പ്പശാലയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും കാണികളും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിങ് വേണമെന്ന നിര്‍ദേശവുമുണ്ടായി.

ഇത്തരത്തില്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തവരുടെ ആവേശകരമായ പ്രതികരണവും നിര്‍ദേശങ്ങളും കേരളത്തിലെ സ്ത്രീസമൂഹം ഇത്തരമൊരു നയവും അതിന്റെ നടപ്പാക്കലും എത്രമാത്രം കാത്തിരിക്കുന്നു എന്നു മാത്രമല്ല, എത്രമാത്രം പ്രതീക്ഷ അര്‍പ്പിക്കുന്നതുകൂടിയാണ് എന്നത് വനിതാ കമീഷനും സര്‍ക്കാരിനും നയം നടപ്പാക്കാന്‍ പ്രേരകമാകണം.
@@
പി എസ് ഗീതക്കുട്ടി

No comments:

Post a Comment

Visit: http://sardram.blogspot.com