13 February, 2011

പിളളയുടേത് കുറ്റവാളിയുടെ ജല്‍പനം

പിളളയുടേത് കുറ്റവാളിയുടെ ജല്‍പനം

പിളളയുടേത് കുറ്റവാളിയുടെ ജല്‍പനം
ചെന്നെ: ഇടമലയാര്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാനൊരുങ്ങുന്ന മുന്‍ വൈദ്യുതിമന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശം കുറ്റവാളിയുടെ ജല്‍പനങ്ങളാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഇത് അപഹാസ്യമാണെന്നും ഇത്തരം മാടമ്പിത്തരം കേരളത്തിലെ ജനങ്ങള്‍ വകവെക്കില്ലെന്നും ചെന്നെയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇടമലയാര്‍ ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് മുസ്‌ലിം ലീഗിലെ സീതിഹാജിയാണ്. ഇതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനും. ഇവരില്‍ രണ്ടുപേരും എന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
അടുത്ത സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന്റെ കുടുംബത്തിലെ പലരും കോടതി കയറി ഇറങ്ങുമെന്ന ബാലകൃഷ്ണ പിളളയുടെ വാദവും വെറും ജല്‍പനമാണ്. വല്ലാര്‍പ്പാടം കണ്ടേനര്‍ ടര്‍മിനല്‍ ഉദ്ഘാടന ചടങ്ങില്‍ തന്നെ അവഗണിച്ചു എന്നല്ല കേരളത്തെ അവഗണിച്ചു എന്നാണ് പറഞ്ഞത്. താന്‍ മലയാളത്തില്‍ സംസാരിച്ചതിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആക്ഷേപിച്ചത് മാതൃഭാഷയെ അവഹേളിച്ചതിന് തുല്യമാണെന്നും  അദ്ദേഹം പറഞ്ഞു.

ലീഗില്‍ ആശയക്കുഴപ്പം രൂക്ഷം

കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം കെ മുനീറിനെതിരെ പരസ്യമായി രംഗത്തുവന്നതോടെ മുസ്ളിംലീഗിലെ ആശയക്കുഴപ്പവും ഭിന്നതയും രൂക്ഷമായി. ഇന്ത്യാവിഷനില്‍ തനിക്കെതിരായ വാര്‍ത്ത വന്നത് മുനീറിന്റെ അറിവോടെയാണെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചതോടെ നേതൃത്വം അക്ഷരാര്‍ഥത്തില്‍ വെട്ടിലായി. മുനീറിന്റെ രാജിക്കത്തില്‍ തീരുമാനത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയടക്കം നിര്‍ബന്ധിതമാക്കുക, തനിക്കെതിരായ പെണ്‍വാണിഭാരോപണം സമുദായത്തിനെതിരായ അക്രമമെന്ന് വരുത്തിത്തീര്‍ക്കുക, ഇതുകാരണം ഭരണം കിട്ടാതാവുന്നത് സമുദായത്തിന് വലിയ ദോഷം ചെയ്യുമെന്ന് പ്രചരിപ്പിക്കുക തുടങ്ങിയ ലക്ഷ്യം വെച്ചായിരുന്നു കുഞ്ഞാലിക്കുട്ടി മനോരമയുമായി ചേര്‍ന്ന് നടത്തിയ മുഖാമുഖം.

മുനീറിനെ കുഞ്ഞാലിക്കുട്ടി മനോരമ ചാനലില്‍ വിമര്‍ശിക്കുമെന്ന് കോണ്‍ഗ്രസിലെ ഉന്നതര്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നു. എന്നാല്‍ ലീഗിലെ ഒരൊറ്റ നേതാവിനോടും അഭിമുഖത്തില്‍ പറയാന്‍പോകുന്ന വിവരം പാര്‍ടി ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചിരുന്നില്ല. ഇക്കാര്യം പാര്‍ടി നേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യാവിഷനിലും ലീഗിലും തുടര്‍ന്നുകൊണ്ടുള്ള മുനീറിന്റെ മുന്നോട്ടുപോക്ക് അനുവദിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി മറ്റു നേതാക്കളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാര്‍ടിയോഗത്തിലും രാജിക്കത്ത് കിട്ടിയപ്പോഴും താന്‍ വിചാരിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടിക്ക് അസംതൃപ്തിയുണ്ടായിരുന്നു. മുനീര്‍ രാജിക്കത്തുമായി പാണക്കാട്ടെത്തിയപ്പോള്‍ നേതാക്കള്‍ ഓടിയെത്തിയതും കത്ത് കിട്ടിയില്ലെന്ന് പറഞ്ഞതിലും അദ്ദേഹത്തിന് നീരസമുണ്ട്. ഇതടക്കം മറികടക്കാനും വിഷയം രാഷ്ട്രീയമായി നേരിടാനുമുള്ള കൌശലമായിരുന്നു അഭിമുഖത്തില്‍ അവതരിപ്പിച്ചത്.

അതേസമയം, മുനീറും യുഡിഎഫിലെ ഘടകകക്ഷിയും ഗൂഢാലോചനയില്‍ പങ്കാളിയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ലീഗ്നേതാക്കള്‍ വിഴുങ്ങി. ശനിയാഴ്ച നേതൃയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് പറഞ്ഞ് പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ലീഗ് ശ്രമിച്ചത്. എന്നാല്‍ മുനീറാണ് ഗൂഢാലോചനയില്‍ പ്രതിയെന്ന് കുഞ്ഞാലിക്കുട്ടിപറഞ്ഞത് ലീഗ് പ്രവര്‍ത്തകരില്‍ ചര്‍ച്ചയായിട്ടുണ്ട്. പെണ്‍വാണിഭക്കേസിലൂടെ പാര്‍ടിക്ക് നാണക്കേടുണ്ടാക്കിയതിലും വലുതാണോ അത് വെളിപ്പെടുത്താന്‍ സ്വന്തം മാധ്യമം ഉപയോഗിച്ചതെന്ന ചോദ്യവും അണികള്‍ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ക്കൊന്നും കൃത്യമായ വിശദീകരണം നല്‍കാനാവാത്ത അനിശ്ചിതാവസ്ഥയിലാണ് ലീഗ്.

മുനീറാകട്ടെ സ്വന്തം രാജിക്കത്തില്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം ശനിയാഴ്ചയും നേതാക്കളുമായുള്ള കൂടിയാലോചനയില്‍ പ്രകടിപ്പിച്ചതായാണ് വിവരം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെത്തിയശേഷം ചിത്രം തെളിയുമെന്നാണ് ഇതേപ്പറ്റി ഭാരവാഹിയായ പ്രമുഖ നേതാവ് നല്‍കിയ പ്രതികരണം. യുഡിഎഫിനെ രക്ഷിക്കാനുള്ള ദൌത്യം ഏറ്റെടുത്ത് മുഖപ്രസംഗത്തിലൂടെ രംഗത്തുവന്ന മനോരമയുടെ ഉപശാലയില്‍ രൂപപ്പെട്ട തന്ത്രമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിവാദ അഭിമുഖം. മനോരമയിലെ ഉന്നതരും യുഡിഎഫിലെ പ്രമുഖരും തെരഞ്ഞെടുപ്പിന് മുന്നെതന്നെ കൂട്ടുകക്ഷിയായി നീങ്ങിയതിന്റെ ഭാഗമാണ് കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പടുത്തല്‍.
(പി വി ജീജോ)

കുഞ്ഞാലിക്കുട്ടി മാറണമെന്ന് മുനീര്‍


മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി മുസ്ളിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നതാണ് പാര്‍ടിയുടെ പ്രതിഛായക്ക് നല്ലതെന്ന് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ ആവര്‍ത്തിച്ചു. തനിക്കെതിരെ ഗൂഢാലോചന നടത്തിയത് മുനീറാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാണക്കാട്ട് വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് മുനീര്‍ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോഴിക്കോട് ലീഗ് ഹൌസില്‍ അടിയന്തരയോഗം വിളിച്ചു. അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിനെയും വിളിപ്പിച്ചിട്ടുണ്ട്. തനിക്കു പറയാനുള്ളതെല്ലാം തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ഇക്കാര്യത്തിലുള്ള പാര്‍ടിയുടെ നിലപാട് ഞായറാഴ്ച അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ടി സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് മുനീര്‍ കഴിഞ്ഞ ചൊവ്വാഴ്ച പാണക്കാട് തങ്ങള്‍ക്ക് കൈമാറിയ കത്തിലെ ഉള്ളടക്കം ശനിയാഴ്ചയും അദ്ദേഹം ആവര്‍ത്തിച്ചു. താന്‍ മാറിനില്‍ക്കുന്നതിനൊപ്പം കുഞ്ഞാലിക്കുട്ടികൂടി മാറിനില്‍ക്കുന്നതാകും പാര്‍ടിക്കും യുഡിഎഫിനും ഗുണകരമാകുക. പെണ്‍വിഷയവുമായി പാര്‍ടി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 2006ലെ 'കുറ്റിപ്പുറം ദുരന്തം' ആവര്‍ത്തിക്കുമെന്നും മുനീര്‍ തങ്ങളെ ഓര്‍മിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ബന്ധമുണ്ടായിട്ടും മുനീറിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ലീഗ് നേതൃത്വത്തിന് ധൈര്യമില്ല എന്നതാണ് വാസ്തവം. തെരഞ്ഞെടുപ്പുകാലത്ത്, സി എച്ച് മുഹമ്മദ് കോയയുടെ മകനെതിരെ നടപടിയെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് നേതൃത്വം ഭയക്കുന്നു.

പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ ലീഗില്‍ അവസാനവാക്കായിരുന്നു ഇതുവരെ. ചാനലില്‍ വാര്‍ത്ത കൊടുക്കരുതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടും മുനീര്‍ അനുസരിച്ചില്ല എന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തലും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ലീഗില്‍ പാണക്കാട് തങ്ങളുടെ ആജ്ഞാശേഷിയും കൈമോശം വന്നിരിക്കുന്നുവെന്ന സവിശേഷതയും ഈ വിവാദത്തിലുണ്ട്. പ്രശ്നത്തില്‍ പാണക്കാട് തങ്ങളുടെയും അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെയും പിന്തുണ ഉണ്ടെന്നാണ് മുനീര്‍ വിഭാഗം പറയുന്നത്. നിര്‍ണായക സമയത്ത് സമുദായ സംഘടനകളുടെ സഹായവും അവര്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ മുനീറിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കി കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലെന്നും അവര്‍ കരുതുന്നു. പ്രശ്നം ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞശേഷം കുഞ്ഞാലിക്കുട്ടി മുനീറിനെതിരെ രംഗത്തുവന്നത് ശരിയായില്ലെന്ന നിലപാട് ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. ആദ്യം വാര്‍ത്താസമ്മേളനം നടത്തി വെടിപൊട്ടിക്കുകയും പിന്നീട് ചാനലില്‍ക്കൂടി മുനീറിനെതിരെ പ്രതികരിക്കുകയും ചെയ്തത് പാര്‍ടിക്ക് ദോഷമുണ്ടാക്കിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം, പെണ്‍വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയെ അന്ധമായി പിന്തുണക്കേണ്ടെന്ന നിലപാട് മാറ്റത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നതായി സൂചനയുണ്ട്. ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ ഇക്കാര്യത്തില്‍ ഉപദേശിച്ചതായാണ് വാര്‍ത്ത. ലീഗ് പ്രതിസന്ധി സംബന്ധിച്ച് കുഞ്ഞാലിക്കുട്ടിയുടെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും പുതിയ പ്രതികരണങ്ങളോട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ശനിയാഴ്ച മലപ്പുറത്ത് പ്രത്യക്ഷമായി യോജിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നുള്ള മുഹമ്മദ് ബഷീറിന്റെ നിലപാടിനെ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി പിന്തുണച്ചില്ല. എല്ലാവിവരങ്ങളും പ്രതിപക്ഷ നേതാവിന് അറിയാമെന്ന കുഞ്ഞാലിക്കുട്ടിയുടെ ചാനല്‍ വെളിപ്പെടുത്തലും അദ്ദേഹം അംഗീകരിച്ചില്ല.
(ആര്‍ രഞ്ജിത്)

മുനീറിനെ യുഡിഎഫ് ജാഥയില്‍നിന്ന് ഒഴിവാക്കി

മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജാഥയില്‍ നിന്നും ഒഴിവാക്കി. ലീഗിന്റെ എല്ലാ നേതാക്കളും പങ്കെടുത്ത മലപ്പുറത്തെ സ്വീകരണ പരിപാടികളില്‍ ഒരിടത്തും മുനീറിനെ പങ്കെടുപ്പിച്ചില്ല. ജാഥ ഞായറാഴ്ച കോഴിക്കോട്ടെത്തുമ്പോള്‍ മുനീര്‍ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ച യോഗശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരമാവധി ലീഗ് പ്രവര്‍ത്തകരെ ജാഥാസ്വീകരണത്തില്‍ പങ്കെടുപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഫലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ശക്തിപ്രകടനത്തിനുള്ള വേദിയായി മോചനയാത്ര മാറി. കുഞ്ഞാലിക്കുട്ടിയുടെ ചിത്രങ്ങളുമായാണ് ലീഗുകാര്‍ സ്വീകരണത്തിനെത്തിയത്. ഗൂഢാലോചനാ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കുഞ്ഞാലിക്കുട്ടി യോഗങ്ങളില്‍ പറഞ്ഞു. എന്നാല്‍ പെവാണിഭ വാര്‍ത്തയെക്കുറിച്ച് കാര്യമായി പരാമര്‍ശിക്കാതെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം.

ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈയിലുണ്ട്: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇവയെല്ലാം യുഡിഎഫ് നേതൃത്വത്തിന് കൈമാറും. മലപ്പുറം ജില്ലയില്‍ പര്യടനം നടത്തിയ കേരള മോചനയാത്രയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഗൂഢാലോചന ആദ്യമായി അറിയിച്ചത് ഉമ്മന്‍ചാണ്ടിയാണ്. അക്കാര്യത്തില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. ബ്ളാക്ക്മെയില്‍ രാഷ്ട്രീയം ഇനി ജനങ്ങള്‍ അംഗീകരിക്കില്ല. സിപിഐ എമ്മില്‍ ചിലര്‍ക്ക് മേധാവിത്തം നേടാനും ഇന്ത്യാവിഷന്‍ ചാനലിന് റേറ്റിങ് ഉയര്‍ത്താനും വേണ്ടിയാണ് ആരോപണങ്ങള്‍ കുത്തിപ്പൊക്കിയതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കര്‍ണാടകത്തില്‍ 12 കര്‍ഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചു

ബംഗളൂരു: തുവരപ്പരിപ്പിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കര്‍ഷകരോടുള്ള നിഷേധ മനോഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവഗണിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് 12 പേര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗുല്‍ബര്‍ഗ ജില്ലയിലെ ജേവാര്‍ഗിയില്‍ തഹസില്‍ദാര്‍ ഓഫീസ് ഉപരോധത്തിനിടെയാണ് കര്‍ഷകര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കര്‍ഷകരില്‍ ആറുപേരുടെ നില ഗുരുതരമാണ്.

ഗുല്‍ബര്‍ഗ ജില്ലാ റെയ്ത്ത ഹോരാട്ട സമിതിയുടെ നേതൃത്വത്തിലാണ് അഞ്ചു ദിവസമായി കര്‍ഷകര്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തുവരപ്പരിപ്പിന്റെ താങ്ങുവില 4000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. താങ്ങുവില ഉടന്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും വില പ്രഖ്യാപിക്കാത്തതിലും കര്‍ഷകരെ നിരന്തരം അവഗണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ചമുതല്‍ കര്‍ഷകര്‍ സമരം തുടങ്ങിയത്. സമരത്തിന്റെ ഭാഗമായി കര്‍ഷകനേതാവ് കേദാര്‍ലിംഗയ്യ ഹിരെമത്തിന്റെ നിരാഹാരസമരം ആറുദിവസം പിന്നിട്ടു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ജേവാര്‍ഗിയില്‍ ബന്ദ് ആചരിച്ചു. അതേസമയം, കര്‍ഷക പ്രതിഷേധം ആത്മഹത്യാശ്രമത്തിലേക്ക് വഴിമാറിയതോടെ പ്രശ്നം അടിയന്തരമായി പരിഹരിക്കാന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നിര്‍ദേശം നല്‍കി.

മധ്യപ്രദേശില്‍ കര്‍ഷകസഹായം പ്രമാണിമാരുടെ കീശയിലേക്ക്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കൃഷിനശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്കായി അനുവദിക്കുന്ന ധനസഹായം പ്രമാണിമാരും രാഷ്ട്രീയനേതാക്കളും തട്ടിയെടുക്കുന്നു. എംഎല്‍എമാര്‍, പൊലീസ് ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പോക്കറ്റിലേക്കാണ് പണം ഒഴുകുന്നത്. കനത്ത മഞ്ഞിലും ശീതക്കാറ്റിലും കൃഷിനശിച്ചവര്‍ക്കുള്ള ധനസഹായമായി 2400 കോടി രൂപകൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് അരങ്ങേറുന്ന കൊള്ള മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ 13 മുതല്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്നും ചൌഹാന്‍ പ്രഖ്യാപിച്ചിരുന്നു.

ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എ ജിതേന്ദ്ര ദാഗ, മുന്‍ ചീഫ് സെക്രട്ടറി രാകേഷ് സാഹ്നി, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുഖ്രാജ് മരൂ, പൊലീസ് ഐജി സഞ്ജയ് റാണ, അഡീഷണല്‍ ഡിജിപി സുഖ്പാല്‍സിങ്, മുന്‍ ഐപിഎസ് ഓഫീസര്‍ ഷക്കീല്‍ റാസ തുടങ്ങിയവരുടെ പേരുകളിലാണ് പതിനായിരക്കണക്കിനു രൂപ 'കര്‍ഷക സഹായ'മായി നല്‍കിയിരിക്കുന്നത്. പ്രശ്നം വിവാദമായതോടെ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൌഹാന്‍ പ്രതികരിച്ചു. കഴിഞ്ഞ ഡിസംബറില്‍മാത്രം 12 കര്‍ഷക ആത്മഹത്യകളാണ് മധ്യപ്രദേശില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. 35,000 ഗ്രാമത്തില്‍ കര്‍ഷകര്‍ കൂട്ട ആത്മഹത്യയുടെ വക്കിലാണ്. സംസ്ഥാനത്തെ കൃഷിയുടെ 60 ശതമാനവും നശിച്ചു.

ഭക്ഷ്യധാന്യ കുംഭകോണം ഒറീസയിലെ വനിതാമന്ത്രി രാജിവച്ചു

ഭുവനേശ്വര്‍: ഭക്ഷ്യധാന്യ കുംഭകോണത്തെ തുടര്‍ന്ന് ഒറീസയിലെ വനിതാശിശുക്ഷേമമന്ത്രി പ്രമീളാ മല്ലിക് രാജിവച്ചു. കുട്ടികള്‍ക്കുള്ള സൌജന്യ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി ധാന്യങ്ങള്‍ വാങ്ങിയതില്‍ 700 കോടിരൂപയുടെ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പരിപാടിക്കും അനുബന്ധ പോഷകാഹാരപദ്ധതിക്കുമായി ധാന്യങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന്വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ അഴിമതിയാരോപണത്തെ തുടര്‍ന്ന് ഒറീസയിലെ ബിജു ജനതാദള്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രക്ഷോഭത്തിലാണ്. ഇതിനിടെയാണ് മന്ത്രിയുടെ രാജി. 2004 മുതല്‍ നവീന്‍ പട്നായിക് മന്ത്രി സഭയില്‍ അംഗമാണ് പ്രമീള. സംഭവവുമായി ബന്ധപ്പെട്ട് കളക്ടര്‍ തലത്തിലുള്ള 2 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ബി കെ പട്നായിക് അറിയിച്ചു.

വിലക്കയറ്റത്തിന്റെ രാഷ്ട്രീയം

രാജ്യത്ത് വിലക്കയറ്റത്തിന്റെ തോത് ആശങ്കാജനകമായ നിലയിലേക്ക് വളര്‍ന്നിരിക്കുന്നു. കേവലമായ ശതമാനകണക്കുകള്‍ കൊണ്ട് അളക്കാനാകാത്തവിധം ഭീതിജനകമാണ് വിലക്കയറ്റത്തിന്റെ രൂക്ഷതയും പ്രത്യാഘാതങ്ങളും. എല്ലാ സാധനങ്ങളുടെയും വില വര്‍ധിക്കുകയാണ്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയാണ് ഏറെ രൂക്ഷം. അതുകൊണ്ടുതന്നെ എല്ലാവരും വിലക്കയറ്റത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടിവരുന്നു.

താഴെകൊടുക്കുന്ന പട്ടിക ചില പ്രധാന നിഗമനങ്ങള്‍ സാധ്യമാക്കുന്നു.


1. മൊത്തവില സൂചിക തുടര്‍ച്ചയായി വര്‍ധിക്കുകയാണ്. വര്‍ധന സമീപകാല പ്രതിഭാസമല്ല. അതുകൊണ്ടുതന്നെ താല്‍ക്കാലിക പരിഹാരനടപടികള്‍കൊണ്ട് കാര്യമില്ല. ഉദാഹരണമായി ഉള്ളിവില കുറയ്ക്കാന്‍ ഇറക്കുമതി താല്‍ക്കാലിക പരിഹാരമായേക്കാം. പക്ഷേ, പൊതുവിലക്കയറ്റത്തിന്റെ ദീര്‍ഘകാലപ്രവണതയ്ക്ക് തടയിടാന്‍ മിനുക്കുവിദ്യകള്‍ കൊണ്ടാവുകയില്ല.

2. അടുത്തകാലത്തെ പ്രത്യേകിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളിലെ വിലക്കയറ്റം അതിരൂക്ഷമാണ്. ഈ സ്ഥിതി നേരിടാന്‍ സര്‍ക്കാരിനാകുന്നില്ല. നവലിബറല്‍ നയത്തിന്റെ ഫലമായി ദുര്‍ബലമാക്കപ്പെട്ട പൊതുവിതരണ സംവിധാനം അടിയന്തര സാഹചര്യം നേരിടാന്‍ പോലും സഹായകമല്ല.

3. ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന പ്രാഥമിക വസ്തുക്കളുടെ വില പൊതുവിലനിലവാരത്തേക്കാള്‍ ഉയര്‍ന്ന തോതിലാണ് വര്‍ധിക്കുന്നത്. കാര്‍ഷിക മേഖലയെ അവഗണിച്ചതിന്റെ ദുരന്തഫലമാണിത്.

4. ഏറ്റവും ഭയാനകമായ വസ്തുത വിലവര്‍ധന പ്രവണത വരുംവര്‍ഷങ്ങളിലും ഏറ്റവും ശക്തമായി തുടരുമെന്നതാണ്. കാര്‍ഷികോല്‍പ്പാദനത്തില്‍ വന്‍കുതിച്ചുചാട്ടമോ എണ്ണവിലയില്‍ വെട്ടിക്കിഴിവോ അവധിവ്യാപാരനിരോധമോ കരിഞ്ചന്ത നിയന്ത്രണമോ പൊതുവിതരണ ശൃംഖലയുടെ ശാക്തീകരണമോ ഇല്ലാതെ വില കുറയാന്‍ പോകുന്നില്ല. പക്ഷേ, മേല്‍പറഞ്ഞവയൊന്നും സര്‍ക്കാരിന്റെ അജന്‍ഡയിലില്ല. അതായത് സാധാരണക്കാരന് ആശ്വാസത്തിന് ഒരു വഴിയുമില്ല എന്നര്‍ഥം.

വിലക്കയറ്റത്തിന് രണ്ട് വിശദീകരണങ്ങളാണ് സര്‍ക്കാരും ഭരണകക്ഷിയും നല്‍കാറുള്ളത്. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്നാണ് ഒരു വാദം. എന്നാല്‍ പല രാജ്യങ്ങളും വിലത്തകര്‍ച്ചയുടെ കെടുതികളാണ് നേരിടുന്നത്. കേന്ദ്രബാങ്കുകളുടെ അന്താരാഷ്ട്ര കോൺഫറന്‍സില്‍ പങ്കെടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. സുബ്ബറാവുവിനോട് അല്‍പ്പം വിലക്കയറ്റം കയറ്റുമതിചെയ്യാമോ എന്ന് മറ്റുള്ളവര്‍ തമാശയായി അന്വേഷിച്ച കാര്യം അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തി. വിലക്കയറ്റത്തിന് കാരണം കാലാവസ്ഥയാണെന്നാണ് മറ്റൊരു വാദം. കടുത്ത വരള്‍ച്ചയും അതിവര്‍ഷവും ഇന്ത്യയില്‍ അസ്വാഭാവികമല്ല. അതുകൊണ്ട് ചിലപ്പോള്‍ ഉല്‍പ്പാദനം കുറയും, വില ഉയരും. പക്ഷേ, എല്ലാ വര്‍ഷവും എല്ലാ മാസവും അതിവര്‍ഷവും വരള്‍ച്ചയും സംഭവിക്കുന്നില്ല. എന്നാല്‍ എല്ലാ വര്‍ഷവും വില ഉയരുന്നു. വിലവര്‍ധന സാധാരണക്കാരന്റെ കീശ ശോഷിപ്പിക്കുന്നു, പണക്കാരന്റെ കീശ വീര്‍പ്പിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സാധാരണക്കാരില്‍നിന്ന് സമ്പന്നവര്‍ഗത്തിലേക്ക് വരുമാനം കൈമാറ്റം ചെയ്യപ്പെടുകയാണ് വിലക്കയറ്റം നിര്‍വഹിക്കുന്ന ധര്‍മം. അഥവാ, വര്‍ഗചൂഷണത്തിന്റെ ചട്ടുകമാണ് വിലക്കയറ്റം. കുത്തക വ്യവസായികളും കുത്തക വ്യാപാരികളുമാണ് വിലവര്‍ധനയുടെ ഗുണഭോക്താക്കള്‍. സാധാരണക്കാരെ കൊള്ളയടിച്ച് ധനികരെ പോറ്റിവളര്‍ത്തുന്ന മുതലാളിത്ത തത്വശാസ്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്.

കരിഞ്ചന്തയും പൂഴ്ത്തിവയ്പും അവധിവ്യാപാരവും പെട്രോള്‍ വിലവര്‍ധനയുമല്ല, പട്ടിണിപ്പാവങ്ങളെയാണ് വിലക്കയറ്റത്തിന് സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം പണം ധാരാളം കൈയിലെത്തിയതിനാല്‍ പാവപ്പെട്ടവര്‍ കൂടുതല്‍ അരിയും ഉള്ളിയും ഉരുളക്കിഴങ്ങും ഭക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നുവത്രേ. എന്തൊരു ന്യായം! അര്‍ജുന്‍ സെന്‍ ഗുപ്ത കമീഷന്റെ റിപ്പോര്‍ട്ടില്‍ ഒന്ന് കണ്ണോടിച്ചാല്‍ സര്‍ക്കാര്‍ വാദത്തിന്റെ പൊള്ളത്തരം വ്യക്തമാകും.

1. രാജ്യത്തെ 79 ശതമാനം ജനങ്ങളുടെ പ്രതിദിനച്ചെലവ് 20 രൂപയില്‍ താഴെയാണ്.

2. 83.6 കോടി ജനങ്ങളെ സാമ്പത്തികവളര്‍ച്ച സ്പര്‍ശിച്ചിട്ടില്ല.

3. 84 ശതമാനം സ്ത്രീത്തൊഴിലാളികള്‍ക്ക് മിനിമം വേതനമില്ല.

4. നിര്‍മാണ മേഖലയില്‍ 56 ശതമാനം പുരുഷന്‍മാരും 39 ശതമാനം സ്ത്രീകളും താല്‍ക്കാലിക തൊഴിലാളികളാണ്.

5. അസംഘടിത മേഖലയിലെ 39.46 കോടി ജനങ്ങളില്‍ 64 ശതമാനം കാര്‍ഷിക മേഖലയിലാണ്.

6. കര്‍ഷക തൊഴിലാളികളില്‍ 90 ശതമാനവും ഭൂരഹിതരോ നാമമാത്ര കര്‍ഷകരോ ആണ്.

കാര്‍ഷിക മേഖലയിലെ സ്ഥിതിയോ? പാര്‍ലമെന്റില്‍ കൃഷി സഹമന്ത്രി ഇത്രയുംകൂടി വെളിപ്പെടുത്തി. രാജ്യത്തെ ആകെ കൃഷിക്കാരില്‍ 83.28 ശതമാനം നാമമാത്ര-ചെറുകിട കൃഷിക്കാരാണ്. അവരുടെ കൈവശമുള്ള ആകെ കൃഷിഭൂമിയുടെ 38.9 ശതമാനംമാത്രം. പത്ത് ഹെക്ടറിന് മുകളില്‍ ഭൂമിയുള്ളവര്‍ 6.5 ശതമാനം മാത്രം. അവര്‍ കൈവശം വയ്ക്കുന്നത് 37.2 ശതമാനം കൃഷിഭൂമി. രാജ്യത്തെ പാവങ്ങളാണോ വിലക്കയറ്റമുണ്ടാക്കുന്നത്!

കാര്‍ഷികോല്‍പ്പന്നങ്ങളുടെ തറവില ഉയര്‍ത്തിയതാണ് കാരണമെന്ന വാദവും അടിസ്ഥാനരഹിതമാണ്. തറവില വര്‍ധനകൊണ്ട് അധികവരുമാനമുണ്ടാക്കുന്നത് അവശ്യം കഴിച്ച് മിച്ചം വില്‍ക്കാനുള്ളവരാണ്. അതായത് ധനിക കൃഷിക്കാനും ഭൂപ്രഭുക്കന്‍മാരും മുതലാളിത്ത കൃഷിക്കാരും. ധനികരുടെ വരുമാനമുയരുമ്പോള്‍ അവര്‍ അരിയും ഉള്ളിയും ഉരുളക്കിഴങ്ങും പച്ചക്കറിയുമല്ല വാങ്ങുക എന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ വാങ്ങുക ഭക്ഷ്യേതര വസ്തുക്കളാണ്. 2011 ജനുവരിയില്‍ മാത്രം 23,18,48 ഇന്ത്യന്‍ നിര്‍മിത കാറുകള്‍ വിറ്റഴിഞ്ഞു. 2010 ജനുവരിയില്‍ വിറ്റത് 18,9590 കാറുകളാണ്. അതിവേഗം വിറ്റഴിയുന്ന ഉപഭോക്തൃ വസ്തുക്കളുടെ മേഖല (fast moving consumer goods sector) വിപുലമാവുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അധ്വാനിച്ച പാവങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും സര്‍ക്കാര്‍ ഗോഡൌണുകളിലെ അരിയും ഗോതമ്പും (2007-08ല്‍ 19.75 ദശലക്ഷം ടൺ, 2010-11ല്‍ 55.43 ദശലക്ഷം ടൺ) പുഴുവരിക്കാന്‍ അനുവദിക്കുകയാണ്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശത്തിന് പാത്രമായതാണ് ഇക്കാര്യം. ഇത്രയും ഭക്ഷ്യധാന്യം പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്താല്‍ വില കുറയ്ക്കാനാകും. പക്ഷേ, അപ്പോള്‍ കുത്തക വ്യാപാരികളുടെ ലാഭം കുറയും. അതുകൊണ്ട് സര്‍ക്കാര്‍ ഭക്ഷ്യധാന്യ വിതരണത്തിനു തയ്യാറല്ല.


*****


പ്രൊഫ. കെ എന്‍ ഗംഗാധരന്‍

11 February, 2011

തലപൊക്കുന്ന ആള്‍ദൈവങ്ങള്‍

'മനസ്സിലെപ്പോഴും ഭയമാണ്... അവരെല്ലാം വലിയ ആളുകളല്ലേ.. നമ്മളൊറ്റയ്ക്കാണെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. ഭാര്യയും കുട്ടികളുമുള്ള ഒരാള്‍ക്ക് എപ്പോഴും പേടിച്ചല്ലേ പറ്റൂ'.... പറയുന്നത് കോഴിക്കോട് അത്തോളി കൊളത്തൂര്‍ സ്വദേശി സുമേഷ് സി ബി. മനസ്സില്‍ ഭയമുണ്ടെങ്കിലും കാര്യങ്ങള്‍ മറച്ചുവെച്ചാല്‍ കൂടുതല്‍ പേര്‍ ചതിക്കപ്പെടും എന്നതുകൊണ്ടാണ് താന്‍ പറയുന്നതെന്നും സുമേഷ് വ്യക്തമാക്കുന്നു.

സുമേഷിനെപ്പോലെ നിരവധി ആളുകളാണ് മുരളീകൃഷ്ണ സ്വാമിക്കെതിരെ പരാതികളുമായി രംഗത്തുവരുന്നത്. പാലക്കാടു നിന്നും കോഴിക്കോട്ടെത്തിയ മുരളീകൃഷ്ണന്‍ മുരളീ കൃഷ്ണ സ്വാമിയായത് വളരെ പെട്ടന്നാണ്. കോഴിക്കോട്ട് ജിലേബി നിര്‍മ്മാണമായിരുന്നു ആദ്യകാലത്ത് മുരളീകൃഷ്ണന് ജോലി. പിന്നീട് വളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. കോഴിക്കോട് കല്ലുത്താന്‍ കടവില്‍ ശരവണഭവ മഠം എന്ന പേരില്‍ ആശ്രമം തുടങ്ങിയ മുരളീകൃഷ്ണന്‍ കോഴിക്കോട്ട് മെഡിക്കല്‍ കോളെജിനടുത്തും ആശ്രമം സ്ഥാപിച്ചു.

''കോഴിക്കോട്ട് ഒരു ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞുവരുമ്പോള്‍ അവിചാരിതമായാണ് കല്ലുത്താന്‍ കടവിലെ ആശ്രമത്തിലെത്തിയത്. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ആശ്രമത്തിലെ പൂജകള്‍ ചെയ്യാമോ എന്ന് സ്വാമി ചോദിച്ചു. പിറ്റേന്ന് ആശ്രമത്തിലെത്തി ഗണപതിഹോമം ചെയ്തു. തന്റെ പൂജാവിധികളില്‍ താത്പര്യം തോന്നിയ സ്വാമി കൂടെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു'' -- സുമേഷ് പറഞ്ഞു.

മാസ ശമ്പളത്തിനാണ് സുമേഷ് സ്വാമിയുടെ കൂടെ കൂടിയത്. ബാങ്കിലും മറ്റും വലിയ കടങ്ങളുള്ള തനിക്ക് ഈ ജോലി സഹായമാവുമെന്ന് സുമേഷും കരുതി. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെയല്ല മുന്നോട്ട് പോയതെന്ന് സുമേഷ് പറയുന്നു. ശമ്പളം കിട്ടാതായപ്പോള്‍ സ്വാമിയോട് കാര്യം പറഞ്ഞു. ഇതിന് പലപ്പോഴും ദേഹോപദ്രമായിരുന്നു മറുപടി. നിസ്സാര കാര്യങ്ങള്‍ക്ക് പോലും ക്രൂരമര്‍ദനമേല്‍ക്കേണ്ടിവന്നു. പാലക്കാട് ശ്രീകൃഷ്ണപുരത്തെ ആശ്രമത്തില്‍ വെച്ചും കല്ലുത്താന്‍ കടവില്‍ വെച്ചും സ്വാമി മര്‍ദ്ദിച്ചിട്ടുണ്ട്. കര്‍ണാടകയിലെ കുക്കി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ച് നിസ്സാരകാര്യത്തിന് ചൂരല്‍ വടികൊണ്ട് ക്രൂരമായിട്ടായിരുന്നു പീഡനം. കാര്യങ്ങള്‍ പുറത്ത് പറയണമെന്ന് ആഗ്രഹിച്ചെങ്കിലും ഭീഷണി കാരണം എല്ലാം മറച്ചുപിടിക്കുകയായിരുന്നെന്നും സുമേഷ് പറഞ്ഞു.

സ്വാമി പല സ്ത്രീകളോടും അപമര്യാദയായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സുമേഷ് പറഞ്ഞു. ഇങ്ങനെ ചെയ്യുന്നത് ആശ്രമത്തിനും ആശ്രമത്തിന്റെ സംസ്‌കാരത്തിനും യോജിച്ചതല്ലെന്ന് സ്വാമിയോട് താന്‍ പറഞ്ഞതോടെ ദ്രേഹോപദ്രവമേല്‍പ്പിക്കുന്നത് കൂടുതല്‍ ശക്തമായി. ഇതിനെത്തുടര്‍ന്ന് ജീവ രക്ഷയ്ക്ക് താന്‍ ആശ്രമത്തിലെ ജോലി ഉപേക്ഷിക്കുകയായിരുന്നെന്നും സുമേഷ് പറഞ്ഞു.

ആശ്രമത്തിലെ ജോലി വിട്ട ശേഷം കൊളത്തൂരിലെ നന്താനത്ത് പൊയില്‍ വീട്ടില്‍ ചെറിയ പശുഫാം നടത്തി ജീവിതം പുലര്‍ത്തുകയാണ് സുമേഷ്. പക്ഷെ ഭീഷണികള്‍ വിടാതെ പിന്തുടരുകയാണെന്ന് സുമേഷ് പറയുന്നു. സ്വാമിയുടെ അവിഹിത ബന്ധങ്ങള്‍ സംബന്ധിച്ച രേഖകള്‍ ഉണ്ടെന്ന ഭയം കാരണം സ്വാമിയുടെ ആളുകള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തെളിവുകള്‍ തിരിച്ചു നല്‍കിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇതോടെ തന്റെ സ്വൈര ജീവിതം ഇല്ലാതായിരിക്കുകയാണെന്നും സുമേഷ് പറയുന്നു.

കപട ആള്‍ദൈവങ്ങള്‍ക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ വ്യാപകമായപ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ മുരളീകൃഷ്ണന് സാധിച്ചിരുന്നു. കാരന്തൂരിലുള്ള സുനില്‍ എന്ന വിശ്വചൈതന്യയും വാകയാട്ടെ ചന്ദ്രമാമനുമെല്ലാം ജനങ്ങളുടെ പ്രതിഷേധത്തില്‍ തകര്‍ന്നു തരിപ്പണമായി. പണവും ആള്‍സ്വാധീനവുമുള്ള മുരളീകൃഷ്ണന്‍ അതിനെയെല്ലാം അതിജീവിക്കുകയായിരുന്നു. സമൂഹത്തില്‍ ഉന്നതരായ പലരുടെയും സഹായം മുരളീകൃഷ്ണനുണ്ട്. രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു. കോടികള്‍ ചിലവഴിച്ച് മുരളീകൃഷ്ണന്‍ സംഘടിപ്പിക്കുന്ന മംഗള ചണ്ഢി യാഗങ്ങള്‍ വലിയ സംഭവമാകാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ മുരളീ കൃഷ്ണന്‍ തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നെങ്കിലും ആ സംഭവവും തേച്ച് മായ്ക്കപ്പെട്ട് പോവുകയായിരുന്നു.

നിരന്തരമായി ഭീഷണിപ്പെടുത്തുന്നതിനാലുള്ള ഭയം കാരണമാണ് സ്വാമിക്കെതിരെ ഇതുവരെ പരാതിയുമായി രംഗത്ത് വരാതിരുന്നതെന്ന് സുമേഷ് പറഞ്ഞു. സാധു ജന സേവ എന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് കാവി വസ്ത്രത്തിന്റെ മറവില്‍ വിദേശങ്ങളില്‍ യാത്ര ചെയ്ത് പാവപ്പെട്ട ആളുകളുടെ ഫോട്ടോ, സി ഡി എന്നിവ വിദേശികളെ കാണിച്ച് കോടിക്കണക്കിന് രൂപയാണ് സ്വാമി സ്വന്തമാക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാനെന്ന് പറഞ്ഞ് കൊണ്ടുവരുന്ന പണം സ്വന്തം പേരിലും സഹോദരന്മാരുടെ പേരിലും ബിനാമിയായും നിക്ഷേപമാക്കുകയും ആഡംബര കാറുകളിലും എ സി മുറികളിലും സുഖലോലുപനായി കഴിയുകയുമാണ് സ്വാമി- സുമേഷ് പറഞ്ഞു.

* 
കടപ്പാട്: ജനയുഗം 

09 February, 2011

മനോരമയുടെ മുഖപ്രസംഗം നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പലക

മലയാളമനോരമയുടെ ഫെബ്രുവരി നാലിന്റെ മുഖപ്രസംഗം ആ പത്രത്തിന്റെ ധാര്‍മികനിലവാരം കുത്തനെ താഴ്ന്ന് നെല്ലിപ്പടിവരെ എത്തിനില്‍ക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്. മുഖപ്രസംഗത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറയുന്നു:

"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

മുഖപ്രസംഗം തയ്യാറാക്കിയ പത്രാധിപര്‍ സ്വന്തം പത്രത്തില്‍ ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ഇത്രയും നീചമായ ഭാഷയില്‍ ആക്ഷേപം ചൊരിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളമനോരമയില്‍ ജനുവരി 29ന് വന്ന രണ്ടുമൂന്ന് റിപ്പോര്‍ട്ടുകളിലേക്കാണ് മനോരമ പത്രാധിപരുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നത്.

ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. ജനുവരി 29ന്റെ മനോരമയില്‍ 'രാഷ്ട്രീയരസമാപിനി ഉയരുന്നു; ലീഗ് നിലപാട് നിര്‍ണായകം' എന്ന സുജിത് നായര്‍ തയ്യാറാക്കിയ ലേഖനം കാണാനുണ്ട്. അതില്‍ കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറുതലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍‍''.

ലേഖനം തുടരുന്നു:

"കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് എന്ത് പിഴച്ചുവെന്ന് വ്യക്തമാക്കാനുള്ള ചുമതല മലയാളമനോരമയ്ക്കുണ്ട്. ലേഖനം തുടരുന്നു:

"തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''

ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാല്‍ മുസ്ളിംലീഗിനകത്തെ ആഭ്യന്തരകലഹമാണ് വെളിപ്പെടുത്തലിന് കാരണമെന്ന് വ്യക്തമല്ലേ? സിപിഐ എം അവധാനതയോടെമാത്രമേ പെരുമാറുന്നുള്ളൂ എന്നുകൂടി പറഞ്ഞാല്‍ മനോരമ എഴുതിയ മുഖപ്രസംഗം തികച്ചും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ഫെബ്രുവരി അഞ്ചിന്റെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് വാര്‍ത്തയിലെ പ്രസക്തഭാഗംകൂടി ഉദ്ധരിച്ചാലേ ചിത്രം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതിങ്ങനെ:

"ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''

മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി അതേ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചത് മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമാണ് ഐസ്ക്രീം കേസിനെപ്പറ്റിയുള്ള വെളിപ്പെടുത്തലെന്ന് കുഞ്ഞാലിക്കുട്ടി സംശയരഹിതമായി തുറന്നുപറയുമ്പോള്‍ മനോരമ മുഖപ്രസംഗത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് നെറികെട്ട പത്രപ്രവര്‍ത്തനമല്ലേ? സ്വന്തം പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസ്സിലാക്കി സമചിത്തതയോടെ കാര്യങ്ങള്‍ വിലയിരുത്തി തെറ്റായി എഴുതിയ മുഖപ്രസംഗം പിന്‍വലിച്ച് വായനക്കാരോട് മാപ്പുപറയാനുള്ള ആര്‍ജവം മനോരമ കാണിക്കുകമാത്രമാണ് ആ പത്രത്തിന് കരണീയമായിട്ടുള്ളത്. തെറ്റ് ചെയ്തെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടി കാണിക്കേണ്ടതില്ലല്ലോ. അതാണല്ലോ പത്രധര്‍മവും മാന്യതയും.

ജനുവരി 29ന്റെ മനോരമ പ്രസിദ്ധീകരിച്ച സ്വന്തം ലേഖകന്റെ 'പൊട്ടിയത് ലീഗില്‍ അസ്വസ്ഥതപകര്‍ന്ന അഗ്നിപര്‍വതം' എന്ന എട്ടുകോളം വാര്‍ത്തകൂടി പരാമര്‍ശിക്കാതെപോകുന്നത് ശരിയായിരിക്കുകയില്ല. ഇതുകൂടി വായിക്കണമെന്ന് പത്രാധിപരോട് ശുപാര്‍ശചെയ്യുന്നു.

"പക്ഷേ, വധഭീഷണിക്കുപകരം റൌഫിനെ വഴിവിട്ട് സഹായിച്ചുവെന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി.''

ഈ വാചകത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ അസാമാന്യമായ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത് സ്വന്തം പത്രസമ്മേളനമാണ്. സ്വയംകൃതാനര്‍ഥം എന്ന് വ്യക്തമായ ഒരു കാര്യത്തിന് എല്‍ഡിഎഫിന്റെ പേര് എന്തിന് വലിച്ചിഴയ്ക്കണം. താന്‍ മന്ത്രിയായ കാലത്ത് ബന്ധുവും ഉറ്റമിത്രവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ റൌഫിനുവേണ്ടി പലതും വഴിവിട്ട് ചെയ്തെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്തെങ്കിലും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതല്ല. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ഇതുകേട്ടയുടനെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വേണ്ടതുപോലെ പ്രതികരിച്ചു. വൈകിയാണെങ്കിലും തെറ്റ് തുറന്നുസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ഈ കുറ്റസമ്മതത്തെയാണ് സത്യപ്രതിജ്ഞാലംഘനമെന്ന് നിയമജ്ഞര്‍ വിലയിരുത്തിയത്. സ്വന്തം ലേഖകന്റെ ഒരുവാചകവുംകൂടി ഇവിടെ ഉദ്ധരിച്ചാലേ ചിത്രം വ്യക്തമാകുന്നുള്ളൂ.

"വിവാദം സിപിഎമ്മിനും ലീഗ് വിട്ട് സിപിഎം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച മികച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.''

മനോരമ ലേഖകന്‍ പറയുന്ന ഈ ആശങ്കയായിരിക്കണം പത്രാധിപരെയും നിരാശയിലകപ്പെടുത്തിയത്. സിപിഐ എമ്മിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ഒളിക്യാമറയെ അഭയംപ്രാപിച്ചെന്ന ആരോപണം സ്വയം തകര്‍ന്ന് തരിപ്പണമായില്ലേ. വ്യക്തിഹത്യയെക്കുറിച്ചും മുഖപ്രസംഗകാരന്‍ ആശങ്കപ്പെടുന്നുണ്ട്. കഷ്ടമെന്നു പറയണോ ചിരിക്കണോ എന്നറിയില്ല. രാഷ്ട്രീയ എതിരാളികളുടെ സ്വഭാവഹത്യയിലും വ്യക്തിഹത്യയിലും മനോരമയും അതിന്റെ രാഷ്ട്രീയനേതൃത്വവും എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി എന്ന് മലയാളിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഇനി റൌഫ് വെളിപ്പെടുത്തിയ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത അതീവഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് കടക്കാം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗില്‍ ഏറെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും താല്‍ക്കാലികമായി ഒതുക്കിവച്ചതുമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ അണപൊട്ടി പുറത്തേക്കൊഴുകിവന്നത്. അത് അഗ്നിപര്‍വതമായും ബോംബായുമൊക്കെ മനോരമ ലേഖകര്‍ വിശേഷിപ്പിച്ചത് സൌകര്യപൂര്‍വം മറക്കാന്‍ കഴിയുന്നതല്ല. മുസ്ളിംലീഗിനകത്തേത് മുനീറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡിപ്പിക്കപ്പെട്ട റജീന ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യം ശ്രോതാക്കള്‍ക്ക് ഓര്‍മയുണ്ട്. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണവും മറന്നുകാണുകയില്ല. അതേ ചാനലാണ് ഇപ്പോള്‍ റൌഫിന്റെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്.

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം. മൂന്നാമതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായിരുന്നെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്ന് കാണിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കി. നാലാമതായി അവിഹിതമായ സ്വത്ത് സമ്പാദിച്ചു. അഞ്ചാമതായി അവിഹിതമായി ആര്‍ജിച്ച പണം വിദേശബാങ്കില്‍ നിക്ഷേപിച്ചു. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.

ഗൌരവസ്വഭാവമുള്ള ഈ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ചെളിവാരിയെറിഞ്ഞതുകൊണ്ടോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചുമലില്‍ കുറ്റം ഇറക്കിവച്ചതുകൊണ്ടോ യുഡിഎഫ് നേതൃത്വത്തിന് രക്ഷപെടാന്‍കഴിയുമെന്ന് കരുതേണ്ടതില്ല. യുഡിഎഫിന്റെ ജീര്‍ണമുഖമാണ് റൌഫിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അതില്‍ വിട്ടുവീഴ്ചയുടെ പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വരാനിടയായാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അതൊഴിവാക്കാനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

*
വി വി ദക്ഷിണാമൂര്‍ത്തി

07 February, 2011

ജയിലിലായ മുസ്ളിം നിരപരാധികളെപ്പറ്റി ലീഗ് മിണ്ടാത്തതെന്ത്

പെണ്‍വാണിഭ കേസില്‍ ആരോപണ വിധേയനായ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ മുഴുവന്‍ ശക്തിയും ഉപയോഗിക്കുന്ന ലീഗ് നേതൃത്വം, സംഘപരിവാര്‍ ഗൂഢാലോചനയില്‍ ജയിലിലായ നിരപരാധികളായ മുസ്ളിം യുവാക്കളെക്കുറിച്ച് മിണ്ടാത്തതെന്തെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് ചോദിച്ചു. ടാഗോര്‍ ഹാളില്‍ കെഎസ്ടിഎ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മലേഗാവ്, ഹൈദരാബാദ്, സംജോത എക്സ്പ്രസ് സ്ഫോടനങ്ങളുടെ പേരില്‍ നൂറുകണക്കിന് നിരപരാധികളായ മുസ്ളിം യുവാക്കളാണ് ജയിലിലടയ്ക്കപ്പെട്ടത്. സ്വാമി അസിമാനന്ദിന്റെ വെളിപ്പെടുത്തലിനു ശേഷവും ലീഗ് ഒരു വാക്കുപോലും മിണ്ടിയിട്ടില്ല. ഇടതുപക്ഷം മാത്രമാണ് ഇക്കാര്യത്തില്‍ ശബ്ദമുയര്‍ത്തിയത്. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ജാഥ കേരളത്തിന് നാണക്കേടാണ്. യുഡിഎഫ് ഭരണത്തില്‍ മന്ത്രിപദവി അലങ്കരിച്ചയാള്‍ക്കെതിരെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതു മാത്രമല്ല, ഭരണസ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതായാണ് വെളിപ്പെടുത്തല്‍. അതിന് ജുഡീഷ്യറിയെപ്പോലും ഉപയോഗിച്ചതായും ആരോപണമുയര്‍ന്നു. ഇത്തരം ഒരാളെയാണ് ഉമ്മന്‍ചാണ്ടിയും യുഡിഎഫും സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ജാഥയിലൂടെ എന്തില്‍ നിന്നാണ് മോചനം ആഗ്രഹിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

വിലക്കയറ്റമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നം. പട്ടിണിയില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ ഡല്‍ഹിയിലേക്കാണ് ഉമ്മന്‍ചാണ്ടി യാത്ര നടത്തേണ്ടത്. ഭക്ഷ്യക്ഷാമം പരിഹരിച്ചു എന്നാണ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയാണ്. കേരളത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിട്ടും അനുവദിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അഞ്ചു കോടി ടണ്ണിലേറെ ഭക്ഷ്യധാന്യം രാജ്യത്ത് കെട്ടിക്കിടക്കുകയാണ്. ഇവ വിതരണം ചെയ്യണമെന്ന് സുപ്രീംകോടതിയും ആവശ്യപ്പെട്ടു. എന്നിട്ടും കേന്ദ്രം കുത്തകകളെ സഹായിക്കുകയാണ്. ഇത്രയും അഴിമതി നിറഞ്ഞ കേന്ദ്ര ഭരണം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും അഴിമതി ബാധിച്ചു എന്നു പറയുന്ന പ്രധാനമന്ത്രി അഴിമതിക്കാരായ കാബിനറ്റ് മന്ത്രിമാര്‍ക്കെതിരെ മിണ്ടുന്നില്ല. അഴിമതിയുടെ പ്രദര്‍ശനശാലയായി കാബിനറ്റ് മാറി. ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ രാജ്യത്തിന്റെ അന്തസ്സാണ് ഇല്ലാതായത്. ഇതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രക്കാര്‍ മറുപടി പറയണം- വൃന്ദാകാരാട്ട് ആവശ്യപ്പെട്ടു.

കേരളം നടുങ്ങിയ ക്രൂരത

വിവാഹ സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സോടെയായിരിക്കാം കൊച്ചി-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സൌമ്യ വീട്ടിലേക്ക് യാത്ര ചെയ്തത്. എന്നാല്‍, വീടെത്തുന്നതിനു തൊട്ടുമുമ്പ് വള്ളത്തോള്‍ നഗര്‍ സ്റ്റേഷന് സമീപം സൌമ്യയുടെ എല്ലാ സ്വപ്നങ്ങളും പാളം തെറ്റി. വിവാഹ സ്വപ്നങ്ങളിലേക്ക് നടന്നടുത്ത സൌമ്യയെ ഗോവിന്ദച്ചാമിയെന്ന മനുഷ്യമൃഗത്തിന്റെ പൈശാചികത മരണത്തിലേക്ക് തള്ളിയിടുകയായിരുന്നു. നിര്‍ധന കുടുംബത്തിലെ അംഗമായ സൌമ്യയെ പെണ്ണുകാണാന്‍ കഴിഞ്ഞ ബുധനാഴ്ച പാലക്കാട്ട്നിന്നും ആളുകള്‍ വരുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച വൈകിട്ട് വീട്ടിലേക്ക് പോന്നത്. ട്രെയിനില്‍ ഗോവിന്ദച്ചാമി സൌമ്യയെ ജീവിതത്തില്‍നിന്നുതന്നെ പിഴുതെറിയുകയായിരുന്നു. പാലക്കാട്ടെ ഗള്‍ഫുകാരനായിരുന്നു സൌമ്യയെ പെണ്ണുകാണാനായി നിശ്ചയിച്ചിരുന്നത്. സൌമ്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴും ഈ കുടുംബം കാണാന്‍ പോയി.

റെയില്‍വേയുടെ സുരക്ഷാപാളിച്ചയാണ് ഒരര്‍ഥത്തില്‍ സൌമ്യയുടെ ജീവിതം തല്ലിക്കെടുത്തിയത്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രതിയെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞു. ചുഡുവാലത്തൂരിലെ വാടകവീട്ടില്‍ താമസിക്കുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് മഞ്ഞക്കാടുള്ള സ്വന്തം വീടും സ്ഥലവും വിറ്റത്. പ്ളസ്ടു കഴിഞ്ഞതിനുശേഷം സൌമ്യ ഹോട്ടല്‍ മനേജ്മെന്റ് കോഴ്സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല.

"എങ്ങനെ ഞാന്‍ സഹിക്കും''

തൃശൂര്‍: 'ന്റെ മോളേ...' പൊന്നുമോളുടെ ചേതനയറ്റ ശരീരത്തിനു മുന്നില്‍ വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ സുമതി തളര്‍ന്ന് വീണു. ആശുപത്രി മുറിയില്‍ നെഞ്ചകംവിങ്ങി കരയുന്ന ആ അമ്മയെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ പാടുപെട്ടു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അനസ്തേഷ്യ വിഭാഗം ഐസിയുവിന് മുന്നില്‍ വിതുമ്പലടക്കി ഊണും ഉറക്കവും കളഞ്ഞ് സഹോദരിയുടെ പ്രാണന് കാവല്‍ നിന്ന സന്തോഷിനും ആ നിമിഷം പിടിച്ചുനില്‍ക്കാനായില്ല. പൊട്ടിക്കരഞ്ഞ സന്തോഷിനെ സുഹൃത്തുക്കളാണ് സാന്ത്വനിപ്പിച്ചത്. എന്നും തനിക്ക് പ്രിയങ്കരിയായ മകള്‍ സൌമ്യയുടെ വേര്‍പാട് താങ്ങാനാതെ അച്ഛന്‍ ഗണേശനും വിതുമ്പി.

സൌമ്യയുടെ മരണം ഞായറാഴ്ച പകല്‍ മൂന്നിന് സ്ഥിരീകരിച്ചതോടെ ഹൃദയഭേദകമായ രംഗങ്ങള്‍ക്കാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരവും സാക്ഷിയായത്. തലച്ചോറിലെ രക്തം കട്ടപിടിച്ചത് വെള്ളിയാഴ്ച നടത്തിയ ശസ്ത്രക്രിയയില്‍ നീക്കം ചെയ്തതോടെ സൌമ്യയുടെ ജീവന്‍ വീണ്ടെടുക്കാനാകുമെന്ന നേരിയ പ്രതീക്ഷ ഉയര്‍ന്നിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ സ്ഥിതി വഷളായി. തലച്ചോറിനേറ്റ ക്ഷതവും ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ക്രൂരം; റെയില്‍വേയുടെ നിസ്സംഗത

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയില്‍ സൌമ്യ കഴിഞ്ഞത് അഞ്ചുദിവസം. എല്ലാവരുടേയും പ്രതീക്ഷകളെ അസ്തമിപ്പിച്ച് ആറാംനാള്‍ ആ ജീവന്‍ പൊലിഞ്ഞു. ഈ ദിവസങ്ങള്‍ക്കിടയില്‍ ഒന്നു തിരിഞ്ഞുനോക്കാന്‍പോലും റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. കേരളത്തില്‍നിന്നും വന്‍ വരുമാനം റെയില്‍വേ നേടുമ്പോഴും യുവതിയുടെ ചികിത്സക്ക് ഒരുപൈസപോലും നല്‍കാതെ ക്രൂരമായ ഒഴിഞ്ഞുമാറലാണ് റെയില്‍വേ അധികൃതരില്‍നിന്നുണ്ടായത്. ഒടുവില്‍ ഞായറാഴ്ച രാത്രിയോടെ കുടുംബത്തിന് മൂന്ന് ലക്ഷം പ്രഖ്യാപിച്ച് റെയില്‍വേ കൈയൊഴിഞ്ഞു.

കേരളത്തില്‍നിന്നുള്ള മുന്‍റെയില്‍വേ മന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാരും തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. ട്രെയിനില്‍ യാത്രയ്ക്കിടെയുള്ള അപകടങ്ങള്‍ക്കിരയാകുന്നവര്‍ക്കുള്ള ചികിത്സാ ചെലവ് പൂര്‍ണമായി വഹിക്കാനും മതിയായ നഷ്ടപരിഹാരം നല്‍കാനും റെയില്‍വേ ബാധ്യസ്ഥമാണെന്നാണ് ഇന്ത്യന്‍ റെയില്‍വേ മെഡിക്കല്‍ മാന്വലില്‍ പറയുന്നത്. ആശുപത്രിയില്‍ കഴിയുന്നവരുടെയും കൂട്ടുനില്‍ക്കുന്നവരുടെയും അടക്കം ചെലവുകള്‍ റെയില്‍വേ വഹിക്കണം. അടിയന്തിരമായി പതിനായിരം രൂപയും മൊത്തം രണ്ടുലക്ഷം രൂപയും അനുവദിക്കാന്‍ ഡിവിഷണല്‍ മാനേജര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, തിരുവനന്തപുരത്തെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍, അസി. ഡിവിഷണല്‍ മാനേജര്‍, സീനിയര്‍ ഡിവിഷണല്‍ പേഴ്സണല്‍ ഓഫീസര്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥര്‍ ആരും തിരിഞ്ഞുനോക്കിയില്ല. സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പിനും തയ്യാറായിട്ടില്ല. സഹായത്തിന് അപേക്ഷിച്ചാല്‍ ട്രിബ്യൂണല്‍ തീരുമാനമെടുക്കുമെന്ന ധിക്കാരപരമായ നിലപാടാണ് അധികൃതര്‍ എന്നും സ്വീകരിക്കുന്നത്.

റെയില്‍വേ ഏരിയ മാനേജര്‍ ജോര്‍ജ് ജോണ്‍, സെക്യൂരിറ്റി കമാന്‍ഡന്റ് കെ ജെ ജോയി, മെഡിക്കല്‍ ഓഫീസര്‍ ബാബുരാജ്, തൃശൂര്‍ സ്റ്റേഷന്‍ മാനേജര്‍ കെ ആര്‍ ജയകുമാര്‍ എന്നിവര്‍ ശനിയാഴ്ച മെഡിക്കല്‍ കോളേജിലെത്തി. ഞായറാഴ്ച റെയില്‍വേ ചീഫ് മെഡിക്കല്‍ ഓഫീസര്‍ മേരി മാത്യുവും ആശുപത്രിയിലെത്തി. മെഡിക്കല്‍ റിപ്പോര്‍ട്ട് റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. എന്നാല്‍, സഹായത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനമൊന്നും ഉണ്ടായില്ല.

സാന്ത്വനമായ് സംസ്ഥാന സര്‍ക്കാര്‍

സൌമ്യയുടെ ദുരന്തം റെയില്‍വേ അവഗണിച്ചപ്പോള്‍ സാന്ത്വനമേകിയത് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിമാരായ പി കെ ശ്രീമതിയും കെ പി രാജേന്ദ്രനും നേരിട്ട് ആശുപത്രിയിലെത്തി. സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. ചികിത്സാചെലവ് പൂര്‍ണമായി ആരോഗ്യവകുപ്പ് വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രവീലാല്‍, സൂപ്രണ്ട് കെ മോഹനന്‍, യുവതിയുടെ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. ബിജു കൃഷ്ണന്‍ എന്നിവരുമായി ആലോചിച്ച് ആരോഗ്യവകുപ്പ് മികച്ച ചികിത്സയും ഉറപ്പാക്കി. കാര്‍ഡിയോളജിസ്റ് ഡോ. സിബു മാത്യു, മെഡിക്കല്‍ വിഭാഗത്തിലെ പ്രൊഫ. ആന്‍ഡ്രൂസ്, സര്‍ജറി വിഭാഗത്തിലെ പ്രൊഫ. ബാബു, അനസ്തേഷ്യാ വിഭാഗത്തിലെ പ്രൊഫ. ജയിംസ് എന്നിവരടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ യുവതിയുടെ ആരോഗ്യനില നിരീക്ഷിക്കാന്‍ നിയോഗിച്ചു. വിദഗ്ധ ചികിത്സയ്ക്ക് മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യാനും നിര്‍ദേശിച്ചു. ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കായി പ്രത്യേക മുറിയും ഏര്‍പ്പെടുത്തി.

തലയ്ക്കുള്ളില്‍ കട്ടപിടിച്ച രക്തം നീക്കാന്‍ വെള്ളിയാഴ്ച ഡോ. ബിജു കൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നുമണിക്കൂര്‍ നടത്തിയ ശസ്ത്രക്രിയയാണ് യുവതിയുടെ ആയുസ്സ് ഒരുദിവസത്തേക്കെങ്കിലും നീട്ടിയത്. മന്ത്രി കെ പി രാജേന്ദ്രന്‍ ആശുപത്രിയിലെത്തി അടിയന്തരസഹായമായി 25,000 രൂപ ബന്ധുക്കള്‍ക്ക് കൈമാറി. അപകട ദിവസം മന്ത്രി രാജേന്ദ്രന് എസ്കോര്‍ട്ട് പോയ പൊലീസ് വാഹനത്തിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംസ്കാരച്ചടങ്ങിന് തൃശൂര്‍, പാലക്കാട് കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ ചുമതല നല്‍കി. ഈ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. സൌമ്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനും സംസ്കാരം ഉള്‍പ്പെടെയുള്ള നടപടികള്‍ ബന്ധുക്കളുമായി ആലോചിച്ച് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് സൂപ്രണ്ട് എം പി ദിനേശിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴരക്ക് പോസ്റ്റ്മോര്‍ട്ടം നടപടി ആരംഭിക്കാനും നിര്‍ദേശിച്ചു.

മുഖം രക്ഷിക്കാനുള്ള ലീഗ് വാദം വിലപ്പോകില്ല

കുഞ്ഞാലിക്കുട്ടി പ്രശ്നം ഒത്തുതീര്‍ക്കാന്‍ പറ്റില്ല: തോമസ് ഐസക്

എസ്എല്‍ പുരം (ആലപ്പുഴ): കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ ലീഗുകാര്‍ തമ്മിലോ, ലീഗും യുഡിഎഫും തമ്മിലോ ഒത്തുതീര്‍ക്കാന്‍ പറ്റുന്നവയല്ലെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിന്റെ നിര്‍മാണപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ കമ്പനി സന്ദര്‍ശിച്ച മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു.

ഉത്തരവാദപ്പെട്ട ഭരണസ്ഥാനത്തിരുന്ന മന്ത്രി കള്ളരേഖകള്‍ ഉണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. കള്ളപ്പണ വിനിയോഗത്തിലൂടെ നിയമലംഘനം നടത്തുകയും ചെയ്തു. എന്ത് ഒത്തുതീര്‍പ്പ് ഉണ്ടാക്കിയാലും ഇത്രയേറെ മാനങ്ങളുള്ള പ്രശ്നം സജീവമായി ചര്‍ച്ച ചെയ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട് പുതിയ തെളിവുകള്‍ വരാന്‍പോകുകയാണ്. കുഞ്ഞാലിക്കുട്ടിയും ലീഗും മറുപടി പറേയണ്ടിവരും. ഗൂഢാലോചനയുടെ തെളിവുകള്‍ പ്രതിപക്ഷ നേതാവിന് മുന്നിലല്ല ജനങ്ങള്‍ക്കു മുന്നിലാണ് ലീഗ് ഹാജരാക്കേണ്ടത്.

ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയില്ലെന്ന് മുനീര്‍

കോഴിക്കോട്: ഐസ്ക്രീം പെണ്‍വാണിഭത്തിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഉടന്‍ ഒഴിയില്ലെന്ന് മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് യോഗശേഷം ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുനു അദ്ദേഹം.

കമ്പനിയില്‍ ചര്‍ച്ചചെയ്യാതെ ചെയര്‍മാന്‍ സ്ഥാനമൊഴിയാനാവില്ല. സാങ്കേതികമായ കാര്യങ്ങളുണ്ടിതില്‍. സാമ്പത്തിക സാഹചര്യമടക്കം വിലയിരുത്തിയേ തീരുമാനമെടുക്കാനാകൂ. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് എന്തായാലും ഇന്ത്യാവിഷന്‍ വിടാനാകില്ല. പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന്റെ രേഖകള്‍ ഇന്ത്യാവിഷന്‍ സര്‍ക്കാരിന് കൈമാറുന്നത് പാര്‍ടിയുമായി ആലോചിച്ചായിരിക്കുമെന്നും മുനീര്‍ പറഞ്ഞു. ഇന്ത്യാവിഷന്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാമെന്ന് എം കെ മുനീര്‍ അറിയിച്ചുവെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഇതേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തനിക്കെതിരായി വന്ന വാര്‍ത്തയുടെ പേരില്‍ മുനീറിനെ ഗൂഢാലോചനക്കാരനെന്ന് വിളിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനീര്‍ ചാനലിന്റെ തലപ്പത്തുണ്ടായിട്ടും വാര്‍ത്ത തടഞ്ഞില്ലെന്ന ഖേദമാണ് പ്രകടിപ്പിച്ചത്. മുനീര്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍സ്ഥാനമൊഴിയാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കുഞ്ഞാലിക്കുട്ടിക്കെതിരായി ഇപ്പോള്‍ ഉയര്‍ന്ന വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് പാര്‍ടിയിലുടലെടുത്ത തെറ്റിദ്ധാരണ നീങ്ങിയതായി ഇ അഹമ്മദ് അവകാശപ്പെട്ടു. ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടില്ലെന്ന് കരുതി മുന്നോട്ട്പോകുമെന്നും അഹമ്മദ് പറഞ്ഞു.

മുഖംരക്ഷിക്കാനുള്ള ലീഗ് വാദം വിലപ്പോകില്ല: പിണറായി

കൊച്ചി: സാങ്കേതിക കാരണങ്ങളാല്‍ എം കെ മുനീര്‍ ചാനലിന്റെ ചെയര്‍മാന്‍സ്ഥാനം ഉടന്‍ രാജിവയ്ക്കില്ലെന്ന മുസ്ളിംലീഗിന്റെ വാദം പാര്‍ടിയുടെ മുഖം രക്ഷിക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. എ പി വര്‍ക്കിയുടെ ഒമ്പതാം ചരമവാര്‍ഷികാചരണത്തോട് അനുബന്ധിച്ച് തൃപ്പൂണിത്തുറയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് ചാനല്‍ നേതൃത്വമൊഴിയാന്‍ മുനീര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെങ്കില്‍ ലീഗ് അക്കാര്യം തുറന്നുപറയണം. മറിച്ചുള്ള വാദമൊന്നും വിലപ്പോകില്ല. ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ലീഗിന്റെ ആഭ്യന്തരപ്രശ്നം മാത്രമല്ല, കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നടന്ന വൃത്തികേടുകളുടെകൂടി ചരിത്രമാണ്. അതിന്റെ ദോഷഫലങ്ങള്‍ ജനം അനുഭവിച്ചതാണെന്നും പിണറായി പറഞ്ഞു. ഇ അഹമ്മദിന്റെ മധ്യസ്ഥതയില്‍ നടന്ന സമവായ ചര്‍ച്ചയ്ക്കുശേഷം മുനീര്‍ ചെയര്‍മാന്‍സ്ഥാനം ഒഴിയുമെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍, ലീഗ് സെക്രട്ടറിയറ്റ് യോഗം കഴിഞ്ഞപ്പോള്‍ നേതാക്കള്‍ പറഞ്ഞത് ഉടനെ സ്ഥാനമൊഴിയുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ്. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃസ്ഥാനമൊഴിയാന്‍ വലിയ പ്രയാസമൊന്നുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാജിക്കത്ത് നല്‍കിയാല്‍ മതി. ബോര്‍ഡ് മേല്‍നടപടികളെടുക്കും. കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ ലീഗ് മറിച്ചുപറയുന്നത് നാട്ടില്‍ ചെലവാകില്ല.

മുനീറിന്റെ അറിവോടെയല്ലാതെ ചാനലിന് കുഞ്ഞാലിക്കുട്ടിക്കെതിരായ വാര്‍ത്ത ശേഖരിക്കാനാകില്ല. ശേഖരിച്ചവ സമൂഹം അറിയേണ്ടതാണെന്ന് ബോധ്യമുള്ളതിനാലാണ് അദ്ദേഹം അവ സംപ്രേഷണം ചെയ്തത്. ലീഗില്‍നിന്ന് എതിര്‍പ്പും കുഞ്ഞാലിക്കുട്ടിയുടെ പരസ്യ വിമര്‍ശവും വന്നപ്പോള്‍ എല്ലാം ചാനലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനമാണെന്നും പറഞ്ഞു. പുറത്തുവന്നതിലധികം വെളിപ്പെടുത്താനുണ്ടെന്നായിരുന്നു സൂചന. ഈ സാഹചര്യത്തിലാണ് മുനീറിനെ വരുതിയിലാക്കാന്‍ മാധ്യസ്ഥവും സമവായവുമായി ലീഗ് രംഗത്തുവന്നത്. വെളിപ്പെടുത്തലുകളിലൂടെ യുഡിഎഫിലെ ജീര്‍ണതയാണ് പുറത്തുവന്നത്. യുഡിഎഫ് ഭരണകാലത്ത് ഇല്ലാക്കഥകളെഴുതി അവരെ സംരക്ഷിച്ചവര്‍ വേവലാതിയിലാണ്. അതാണ് മനോരമ മുഖപ്രസംഗത്തില്‍ കണ്ടത്. സിപിഐ എമ്മിനു നേരെയായിരുന്നു അവരുടെ ആക്ഷേപങ്ങള്‍. ഭരണത്തിലിരുന്ന് വൃത്തികേടുകള്‍ കാണിച്ചവരും അവരെ വഴിവിട്ട് സഹായിച്ചവരുമാണ് വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്. പുറത്തുവന്ന കാര്യങ്ങള്‍ മനോരമയെപ്പോലെ മറച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിനാകില്ല. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടത് അതുകൊണ്ടാണ്. ജീര്‍ണതയുടെ കൂടാരമായി മാറിയ യുഡിഎഫിനെ കേരളജനത തള്ളുമെന്നും പിണറായി പറഞ്ഞു.

മുനീര്‍ തുടരും; രണ്ടു പദവിയിലും

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്ത്യാവിഷന്‍ ഉപയോഗിച്ച് ഐസ്ക്രീം കേസ് കുത്തിപ്പൊക്കിയെന്ന് ആരോപണം നേരിടുന്ന എം കെ മുനീറിനെതിരെ മുസ്ളിംലീഗ് നേതൃത്വം തല്‍ക്കാലം നടപടിയൊന്നും എടുക്കില്ല. മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി സ്ഥാനത്തും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ പദവിയിലും മുനീര്‍ തുടരും. മുനീറിനെ പാര്‍ടി നേതൃസ്ഥാനത്തു നിന്നോ ടിവി ചാനലിന്റെ തലപ്പത്തു നിന്നോ മാറ്റാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കം വിജയിച്ചില്ല. പാര്‍ടിക്കും യുഡിഎഫിനും ഭീഷണിയായി വളര്‍ന്ന പ്രശ്നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ഞായറാഴ്ച കോഴിക്കോട്ടു ചേര്‍ന്ന മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം മുനീറിനെതിരെ നടപടി എടുക്കാനാകാതെ പിരിഞ്ഞു. മുസ്ളിംലീഗില്‍ സര്‍വാധിപതിയെന്നു കരുതുന്ന പാര്‍ടി ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ നീക്കത്തിന് സെക്രട്ടറിയറ്റ് യോഗത്തില്‍ കാര്യമായ പിന്തുണ കിട്ടിയില്ലെന്നാണ് സൂചന. ഇന്ത്യാവിഷന്‍ കൈവിടില്ലെന്ന നിലപാട് സെക്രട്ടറിയറ്റ് യോഗത്തില്‍ മുനീര്‍ ആവര്‍ത്തിച്ചതായി അറിയുന്നു. അതേസമയം, കുഞ്ഞാലിക്കുട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കുന്നതാണ് ഉചിതമെന്ന് മുനീര്‍ പറഞ്ഞു.

സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് തന്റെ നിലപാട് ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും മുനീര്‍ ധരിപ്പിച്ചിരുന്നു. മുനീര്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടിയും മുന്നോട്ടുവച്ചു. തര്‍ക്കം രൂക്ഷമാണെന്ന് ബോധ്യപ്പെട്ടതോടെ മുഖംരക്ഷിക്കാന്‍ വഴിതേടി. സെക്രട്ടറിയറ്റ് യോഗത്തിനുമുമ്പ് തങ്ങളും അഹമ്മദും കുഞ്ഞാലിക്കുട്ടിയും മുനീറും മാത്രമായി പ്രത്യേക കൂടിയാലോചനായോഗം വിളിച്ചു. അഹമ്മദാണ് തര്‍ക്കം അവസാനിപ്പിച്ച് പാര്‍ടിയെ രക്ഷിക്കണമെന്നുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. ഈ അവസരത്തില്‍ മുനീര്‍ ഇന്ത്യാവിഷന്‍ വിടാന്‍ കാലയളവ് വയ്ക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കൂടുതല്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുനീര്‍ വ്യക്തമാക്കി. മറുവഴിയില്ലാതെ നിശ്ശബ്ദനായ കുഞ്ഞാലിക്കുട്ടി സെക്രട്ടറിയറ്റ് ചേര്‍ന്ന് ഇതംഗീകരിച്ചു പിരിയാമെന്ന ധാരണ അനുസരിച്ചു.

കുഞ്ഞാലിക്കുട്ടി സമ്മര്‍ദം ചെലുത്തിയിട്ടും ചാനല്‍ പദവി ഒഴിയാന്‍ മുനീര്‍ തയ്യാറായില്ലെന്നത് ലീഗിലെ ശാക്തികചേരിയിലെ മാറ്റത്തിന്റെ സൂചനയാണ്. ലീഗിലെ വിവിധ കേന്ദ്രത്തില്‍നിന്നു കിട്ടിയ പിന്തുണയിലാണ് മുനീറിന്റെ കര്‍ക്കശ നിലപാട്. ലീഗിലെ പ്രബലനെന്ന് അറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിക്ക് വലിയ ക്ഷീണമാണ് സെക്രട്ടറിയറ്റ് തീരുമാനം. മുനീറിനെ അഹമ്മദ് കൈവിടാതിരുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ കാട്ടിയ താല്‍പ്പര്യവുമാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത്. മുനീറിനെ ഗൂഢാലോചനക്കാരനെന്നു പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തിരുത്തി പറയേണ്ടിയും വന്നു.

ഇന്ത്യാവിഷന്റെ തലപ്പത്ത് പാര്‍ടി സംസ്ഥാന സെക്രട്ടറി തുടരരുതെന്ന കടുത്ത വാശിയിലായിരുന്നു കുഞ്ഞാലിക്കുട്ടി. ശനിയാഴ്ച പാണക്കാട്ട് ചേര്‍ന്ന യോഗത്തില്‍ ഈ ആവശ്യം കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചിരുന്നു. അതിനു കളമൊരുക്കാനായിരുന്നു മനോരമ ചാനലിനെ കൂട്ടുപിടിച്ചു നടത്തിയ അഭിമുഖവും മുനീറിനെ ഗൂഢാലോചനക്കാരനെന്നു മുദ്രകുത്തിയതും. കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെക്കൊണ്ട് മുനീറിനെതിരായി പറയിപ്പിക്കുന്നതിലും വിജയിച്ചു. എന്നാല്‍, ആ നീക്കങ്ങള്‍ക്ക് പിന്തുണ കിട്ടിയില്ലെന്നത് പാര്‍ടിക്കകത്ത് കുഞ്ഞാലിക്കുട്ടിവിരുദ്ധചേരി കരുത്തുനേടുന്നതിന്റെ സൂചനയാണ്.


05 February, 2011

കള്ളപ്പണത്തിന്റെ കുത്തൊഴുക്കും കേന്ദ്രസര്‍ക്കാരിന്റെ ഒളിച്ചുകളിയും

ദാരിദ്ര്യം രക്തബന്ധം പോലുള്ളൊരു 'ജനാധിപത്യ' രാഷ്ട്രമാണ് നമ്മുടേത്. അത്തരമൊരു രാജ്യത്ത് കള്ളപ്പണത്തിന്റെ വളര്‍ച്ച അവിശ്വസനീയമാംവിധം വലുതാണെന്നത് നമ്മുടെ ദാരിദ്ര്യത്തിന്റെ കാരണത്തിലേയ്ക്കും ജനാധിപത്യത്തിന്റെ വൈകല്യങ്ങളിലേയ്ക്കും വിരല്‍ചൂണ്ടുന്നു. കള്ളപ്പണക്കാരുടെ പേരുവിവരം പോലും പരസ്യമാക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകൂടി ഇതിനോട് ചേര്‍ത്തുവച്ചാല്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം ശരിക്കും മനസ്സിലാവും. കള്ളപ്പണം ഉണ്ടാക്കുന്നതിനേക്കാള്‍ എത്രയോ വലുതാണ് കള്ളപ്പണക്കാരൂടെ പേര് പരസ്യപ്പെടുത്താനാവില്ലെന്ന ഭരണകൂടത്തിന്റെ നിലപാട്. സത്യസന്ധതയെന്നത് നമ്മുടെ സമൂഹത്തില്‍ കാറ്റത്ത് കത്തിച്ചുവച്ചിരിക്കുന്ന മെഴുകുതിരിപോലെ ആയിരിക്കുന്നു.

പ്രശ്‌നം തുടങ്ങുന്നത് മുന്‍ കേന്ദ്ര നിയമകാര്യ മന്ത്രി രാംജത്ത് മലാനിയും മുന്‍ പഞ്ചാബ് ഡി ജി പി കെ പി എസ് ഗില്ലും മുന്‍ ലോക്‌സഭാ സെക്രട്ടറി സുഭാഷ്‌കശ്യപും സംയുക്തമായി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നിന്നാണ്. ഇന്ത്യക്കാരുടെ രഹസ്യനിക്ഷേപങ്ങളുടെ വിവരം വെളിപ്പെടുത്തണമെന്നും തുക നാട്ടിലേക്ക് തിരികെ കൊണ്ടുവരാനാവശ്യമായ നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ഇതിനിടയിലാണ് ജര്‍മനിയിലെ ലിഷ്‌ടെന്‍ സ്റ്റൈല്‍ ബാങ്ക് തങ്ങളുടെ രഹസ്യ ഇടപാടുകാരില്‍ 1400 പേരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ 26 പേര്‍ ഇന്ത്യക്കാരാണത്രെ. ഇവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ മുദ്രവച്ച കവറില്‍ സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ ജസ്റ്റിസുമാരായ സുദര്‍ശന റെഡ്ഢിയും നിജ്ജറും ഉന്നയിച്ച ചോദ്യത്തില്‍ നിന്നാണ് പ്രശ്‌നത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. വളരെ ലളിതമായ ചോദ്യമാണ് ഇരുവരും ഉന്നയിച്ചത്; 'കവറില്‍ അടങ്ങിയിരിക്കുന്ന പേരുവിവരം പരസ്യമായി വെളിപ്പെടുത്തികൂടേ?'

വെളിപ്പെടുത്താനാവില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ ഉത്തരം. രണ്ടു കാര്യങ്ങളാണ് ഇതിനാധാരമായി അദ്ദേഹം മുന്നോട്ടുവച്ചത്. പേരുവെളിപ്പെടുത്തുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമാവും. മാത്രമല്ല അങ്ങനെ ചെയ്താല്‍ നികുതി വെട്ടിപ്പുകാരുടെ വിശദവിവരങ്ങള്‍ ഇനിമേല്‍ ഒരു രാജ്യവും ഇന്ത്യയുമായി പങ്കുവയ്ക്കില്ല! ഇവിടം മുതലാണ് കാര്യങ്ങള്‍ കൈവിട്ടുപോയതും സംശയത്തിന്റെ മുള്‍മുന കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞതും.

കേന്ദ്ര നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഇതിനെ കേവലം നികുതി പ്രശ്‌നം മാത്രമായി കാണാനാവില്ലെന്നും അന്താരാഷ്ട്ര ഉടമ്പടിയുടെ ഉമ്മാക്കി കാട്ടി അതിനെ ന്യായീകരിക്കാനാവില്ലെന്നും ഇത് കൊള്ളമുതലാണെന്നുമാണ് പ്രതികരിച്ചത്. കൂട്ടത്തില്‍ മറ്റുചില കാര്യങ്ങള്‍കൂടി സുപ്രിംകോടതി സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി. കള്ളപ്പണത്തെ സംബന്ധിക്കുന്ന ഇത്രയും വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈവശം ഉള്ളോ? അന്വേഷണം എന്തുകൊണ്ട് ഇതര രാജ്യങ്ങളിലെ ബാങ്കുകളിലേയ്ക്കും വ്യാപിപ്പിക്കുന്നില്ല? ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചു? നമ്മുടെ ഭരണകൂടത്തിന്റെ ഉറക്കം കെടുത്തിയ ചോദ്യങ്ങളായിരുന്നൂ ഇവ. വിദേശ ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ടുകളെ കേവലം നികുതിവെട്ടിപ്പിന്റെയും രാജ്യാന്തര ഉടമ്പടികളുടെയും അക്ഷപടത്തില്‍ വച്ചുമാത്രം വ്യവച്ഛേദിക്കാനാവില്ലെന്നും മറിച്ച് അത് കൊള്ള മുതലാണെന്നും അതിനെ ആയുധ കച്ചവടത്തിന്റെയും ഭീകര പ്രവര്‍ത്തനത്തിന്റെയും വെളിച്ചത്തില്‍ കാണേണ്ടിയിരിക്കുന്നു എന്നുമാണ് കോടതി ഭംഗ്യന്തരേണ പറഞ്ഞുവച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് ഒഴുകിപ്പോയ കള്ളപ്പണത്തിന്റെ അളവ് ആരേയും ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയുടെ കണക്കനുസരിച്ച് 1948 മുതല്‍ 2008 വരെ ഏതാണ്ട് 500 ബില്യണ്‍ ഡോളറാണ് (22.5 ലക്ഷം കോടി രൂപ) ഈ വിധം അപ്രത്യക്ഷമായത്. ഇത് നമ്മുടെ ജി ഡി പിയുടെ 50 ശതമാനത്തോളം വരുമെന്നാണ് ഇപ്പോഴത്തെ നിഗമനം. 1955-56 ല്‍ കേവലം നാല് ശതമാനം ആയിരുന്നത് ഇപ്പോള്‍ 50 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. 2000-2008 ല്‍ മാത്രം ഇന്ത്യയ്ക്ക് ഈ വിധം നഷ്ടപ്പെട്ടത് 125 ബില്യണ്‍ ഡോളറാണത്രെ. സാമ്പത്തിക ഉദാരവല്‍ക്കരണവും കള്ളപ്പണവും തമ്മിലുള്ള ബന്ധത്തെയും ഇത് വെളിപ്പെടുത്തുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, ചാനല്‍ ദ്വീപുകള്‍, ബഹാമിസ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് കള്ളപ്പണത്തിന്റെ പ്രധാന താവളങ്ങള്‍. ഇതില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മാത്രം ഇന്ത്യാക്കാരുടെ വകയായി 1466 ശതകോടി ഡോളറിന്റെ സമ്പാദ്യം ഉണ്ടത്രേ. മുംബൈയിലെ ഒരു ബിസിനസ് എക്‌സിക്യൂട്ടീവിന്റെ അഭിപ്രായത്തില്‍ മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് പ്രത്യേക വിമാനങ്ങളിലാണ് ഈ വിധം പണം കൊണ്ടുപോകുന്നത്. സ്വകാര്യ വിമാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യം വര്‍ധിച്ചുവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് എണ്‍പതിനായിരത്തോളം പേര്‍ പോകുന്നു എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ ഏതാണ്ട് ഇരുപത്തയ്യായിരം പേര്‍ പലവട്ടം ഈ രാജ്യം സന്ദര്‍ശിക്കുന്നവരുമാണ്. ഇത്തരം യാത്രക്കാരുടെ വിശദാംശങ്ങള്‍ എടുത്താല്‍ തന്നെ കള്ളപ്പണക്കാരെക്കുറിച്ച് ഒരേകദേശ ധാരണ നമുക്ക് ഉണ്ടാക്കാനാവും. പക്ഷേ ഇതിനാവശ്യം രാഷ്ട്രീയ ഇച്ഛാശക്തിയും അഴിമതി വിമുക്തമായ ഭരണസംവിധാനവുമാണ്. ഇവ രണ്ടും നമുക്കില്ലെന്നാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതികരണത്തില്‍ നിന്ന് മനസ്സിലാവുന്നത്.

കള്ളപ്പണത്തെക്കുറിച്ച് ഇത്രയും പരിമിതമായ വെളിപ്പെടുത്തല്‍ തന്നെയും ഇപ്പോള്‍ ഉണ്ടായത് രഹസ്യ ബാങ്കിംഗിനെതിരെ ആഗോളതലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഭിപ്രായം മൂലമാണെന്ന കാര്യവും ശ്രദ്ധേയമാണ്. 9/11ന് അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണമാണ് ഇതിന്റെ ഏറ്റവും സുപ്രധാനമായ കാരണം. ഇതിനെതുടര്‍ന്ന് അമേരിക്കന്‍ ഭരണകൂടം പേട്ര്യായ്റ്റ് ആക്ട് (2001) എന്ന പേരില്‍ നടത്തിയ നിയമനിര്‍മാണം ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറണമെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 2008 ല്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇത്തരം നീക്കങ്ങള്‍ക്ക് ശക്തിപകര്‍ന്നതായി കാണാം. എന്നാല്‍ ഇത്തരം അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഭരണകൂടം ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ അമാന്തം കാണിക്കുന്നു എന്നതാണ് വാസ്തവം. ഇന്ത്യക്കാരുടെ രഹസ്യ അക്കൗണ്ടുകളെക്കുറിച്ചുള്ള പൂര്‍ണ വിവരം കൈമാറുവാന്‍ സ്വിസ്ബാങ്കുകള്‍ നിരന്തരമായി സന്നദ്ധത പ്രകടിപ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു എന്നിടത്താണ് അത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ തന്റെ കൈവശം മാന്ത്രിക വിദ്യയൊന്നും ഇല്ലെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ തണുപ്പന്‍ പ്രതികരണം എന്തോ എവിടയോ ചീഞ്ഞുനാറുന്നു എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ ഇതിനോടകം തന്നെ നടപടിയെടുത്ത പല രാജ്യങ്ങള്‍ക്കും വന്‍ സാമ്പത്തിക നേട്ടം കൈവരിക്കാനായെന്നത് ഇവിടെ അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു. ഈ ഇനത്തില്‍ ജര്‍മനി 5.4 ബില്യണ്‍ ഡോളറും ഇംഗ്ലണ്ട് 810 ദശലക്ഷം ഡോളറും ഫ്രാന്‍സ് 1.3 ബില്യണ്‍ ഡോളറും ഇറ്റലി 6.7 ബില്യണ്‍ ഡോളറും നികുതി ഇനത്തില്‍ പൊതു ഖജനാവിലേക്ക് മുതല്‍കൂട്ടി കഴിഞ്ഞു. മറ്റു രാജ്യങ്ങള്‍ ഈ വിധം മുന്നേറുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ വേണ്ടുന്ന ശുഷ്‌കാന്തി കാണിക്കുന്നില്ലെന്നത് നമ്മെ അദ്ഭുതപ്പെടുത്തുന്നു. ഇക്കാരണത്താലാണ് സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതും.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ അഴിമതിയുടെ വ്യാപ്തി വളര്‍ന്നുവലുതായിരിക്കുന്നു എന്നു മാത്രമല്ല ഇതെല്ലാം കാണിക്കുന്നത്. മറിച്ച് പ്രതിച്ഛായ ഉള്ള പലരും ഇക്കാര്യത്തില്‍ നിരപരാധികള്‍ അല്ലെന്ന വസ്തുത കൂടി ഇത് വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ-വ്യാവസായിക-ഉദ്യോഗസ്ഥ പ്രമാണിമാര്‍, ന്യായാധിപന്‍മാര്‍, പ്രഫഷണലുകള്‍, മാധ്യമപ്രവര്‍ത്തകര്‍-അപവാദങ്ങള്‍ മാറ്റിവച്ചാല്‍ ഇവരില്‍ ആരേയും സംശയത്തിനതീതമായി കാണാന്‍ ഇന്ന് നമുക്കാവുന്നില്ല. സാധാരണക്കാര്‍ മാത്രമാണ് ഇതിന് അപവാദമായി നില്‍ക്കുന്നത്.

ലിഷ്‌ടെന്‍സ്റ്റൈല്‍ ബാങ്കില്‍ രഹസ്യ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ എന്തെല്ലാം ന്യായം പറഞ്ഞാലും അത് പ്രതികൂലമായി ബാധിക്കുന്നത് യു പി എ സര്‍ക്കാരിന്റെ പ്രതിച്ഛായയെയാണ്, പ്രത്യേകിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ പ്രതിച്ഛായയെ. ഇക്കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന മൗനവും എടുത്തിരിക്കുന്ന നിലപാടും അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോര്‍ത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും അല്‍പം ഗര്‍ഭം ധരിക്കാനാവില്ലെന്ന് പറയുംപോലെ ആര്‍ക്കും അല്‍പം സത്യവാനാവാനും കഴിയില്ല. സത്യസന്ധത പൂര്‍ണമായ ഒന്നാണ്. ഒരു വ്യക്തിക്ക് സ്വയം സത്യസന്ധനാവാനും മറ്റുള്ളവര്‍ കാണിക്കുന്ന കള്ളത്തരങ്ങള്‍ക്കു നേരെ കണ്ണടയ്ക്കാനുമാവില്ലെന്നാണ് പറഞ്ഞുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാനമന്ത്രിക്ക് ഏറ്റവും കരണീയമായത് കള്ളപ്പണക്കാരുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുകയും അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുകയും ചെയ്യുക എന്നതാണ്.

*
ജെ.പ്രഭാഷ് കടപ്പാട്: ജനയുഗം

03 February, 2011

സത്യം പറയാന്‍ ഒരു ദശാബ്ദം!

അസാധാരണവും അവിശ്വസനീയവുമായ ഒരു സംഭവത്തിന്റെ സ്ഫോടനം നടന്നതിന്റെ ഞെട്ടിത്തെറിക്കുള്ളില്‍പ്പെട്ട് ഉലയുകയാണ് ഇപ്പോള്‍ കേരളം ആകെ. പ്രതിപക്ഷത്തിരിക്കുന്ന ഇന്നത്തെ ഐക്യജനാധിപത്യമുന്നണിയുടെ ഒരു പ്രബല ഘടകമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ഒന്നാംനിരയിലെ ഒന്നാംനേതാവായ പി കെ കുഞ്ഞാലിക്കുട്ടി ഒരു ദശാബ്ദത്തിനുശേഷം താന്‍കൂടെ പങ്കാളിയായി നടന്ന കുറെ കയ്പുറ്റ സത്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഇതു കേട്ട് ഞെട്ടിത്തെറിച്ചതുകൊണ്ടായില്ല. ഇതുമൂലം സന്തോഷിക്കുകയാണോ സങ്കടപ്പെടുകയാണോ വേണ്ടത്? ആദ്യം ഇത് തീരുമാനിച്ചിട്ടുവേണമല്ലോ ഇനി ചെയ്യേണ്ടതിനെപ്പറ്റി ചിന്തിക്കാന്‍.

ഘടകകക്ഷികളുടെ നേതൃസ്ഥാനത്തിരിക്കുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെ ഞെട്ടലൊന്നും ബാധിക്കാതിരിക്കുന്നത് ഭാഗ്യം. വിമോചനയാത്രയുടെ ആവേശത്തിരകളിലേറി നിലംതൊടാതെ സഞ്ചരിക്കുമ്പോഴും ഈ സംഭവത്തില്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നതിനെപ്പറ്റി അദ്ദേഹത്തിന് ഒരു സംശയവുമില്ല. അദ്ദേഹം കുഞ്ഞാലിക്കുട്ടിയെ ഈ സത്യപ്രസ്താവനയില്‍ അഭിനന്ദിച്ചിരിക്കുന്നു. സത്യം പറഞ്ഞു എന്നതിലാണ് നേതാവിന്റെ ശ്രദ്ധ മുഴുവന്‍. 'പത്തു കൊല്ലം കഴിഞ്ഞു' എന്നതില്‍ അത്ര നോട്ടം പോയില്ല. 'സത്യം പറഞ്ഞല്ലോ കുഞ്ഞാലിക്കുട്ടി' എന്നതിലാണ് സന്തോഷം. കുഞ്ഞാലിക്കുട്ടിയുമായി സഹപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏറെ കാലത്തെ അടുത്ത ബന്ധമുള്ള ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹം പത്തുകൊല്ലം കഴിഞ്ഞിട്ടാണെങ്കിലും സത്യം പറഞ്ഞല്ലോ എന്ന സന്തോഷം മൂടിവയ്ക്കാനാവുന്നില്ലെന്ന് വളരെ വ്യക്തമാണ്. അദ്ദേഹം അത്ര പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. എത്രകാലം കഴിഞ്ഞാലും സുഹൃത്ത് കുഞ്ഞാലിക്കുട്ടി ഇതുപോലെ സത്യം തുറന്നു പറയില്ലെന്നാണ് പ്രതിപക്ഷനേതാവ് കരുതിയതെന്ന് കണക്കാക്കണം. പത്തുവര്‍ഷമല്ലേ സത്യം പറയാന്‍ എടുത്തുള്ളൂ എന്നതാണ് സന്തോഷത്തിന് കാരണമെന്ന് ഊഹിക്കാം. പല അര്‍ഥസൂചനകള്‍ അടങ്ങിയ ഇത്തരം പ്രസ്താവന നടത്തിയ ആളെയാണ് അഭിനന്ദിക്കേണ്ടത്. തന്റെ രാഷ്ട്രീയ സഹജീവികളുടെ സ്വഭാവത്തിലേക്ക് വെളിച്ചം വീശുന്ന ഈ പ്രസ്താവന സമയം കളയാതെ ഇറക്കിയതിന് അദ്ദേഹത്തെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു.

മണലില്‍നിന്ന് എണ്ണ ആട്ടിയെടുക്കാന്‍ എത്ര വര്‍ഷം വേണം? ഏതായാലും ഇത്ര വൈകിയാണെങ്കിലും സത്യത്തിന്റെ എണ്ണ കള്ളങ്ങളുടെ മണല്‍ക്കൂമ്പാരങ്ങള്‍ ആട്ടി ഒടുവില്‍ പുറത്തുവന്നത് സന്തോഷജനകമാണ്. ആ സന്തോഷത്തിന്റെ സ്വാഭാവികമായ തള്ളല്‍മൂലം പ്രതിപക്ഷനേതാവ് സ്വന്തം നില മറന്നുപോവുകയും തന്റെ സത്യം തുറന്നുപറയുകയുംചെയ്തു. മറ്റൊരു നേതാവും അങ്ങനെ ഹൃദയം തുറന്നില്ല. അവര്‍ തങ്ങളുടെ കൂട്ടുകാരന് വധഭീഷണിയില്‍നിന്ന് സംരക്ഷണം വേണമെന്നും എതിര്‍കക്ഷിയെ നേരിടണമെന്നുംമറ്റും പതിവുരാഷ്ട്രീയ വായ്ത്താരികളാണ് പുറത്തുവിട്ടത്. ഇവരാണ് ബുദ്ധിശാലികള്‍. ഉമ്മന്‍ചാണ്ടി സത്യസന്ധതമൂലം അല്‍പ്പം ആലോചനക്കുറവ് പ്രകടിപ്പിച്ചില്ലേ! കുഞ്ഞാലിക്കുട്ടി പറഞ്ഞ സത്യങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങളല്ല, കേരളത്തിലെ പൊതുജീവിതത്തെ വളരെ ശക്തമായി ബാധിച്ച് പിടിച്ചുകുലുക്കിയ ചില പഴയ സംഭവങ്ങളുടെ ആവരണങ്ങളാണ് അദ്ദേഹം ഇപ്പോള്‍ വലിച്ചുമാറ്റിയിരിക്കുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസ് എന്ന കുപ്രശസ്തി നേടിയ കേസില്‍ കള്ളസാക്ഷിമൊഴിയുണ്ടാക്കാനുള്ള ശ്രമം, മൊഴിമാറ്റിപ്പറഞ്ഞതിന് പ്രേരണ, ന്യായാസനങ്ങളെവരെ ഗ്രസിച്ച അവിഹിതമായ ധന സ്വാധീനശക്തികളുടെ ദുരുപയോഗം തുടങ്ങി പല കാര്യങ്ങളില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കാന്‍ പോരുന്നതാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍. താന്‍ ഇത്രയും കാലം ഈ സത്യം മൂടിവച്ചു എന്ന് മുന്‍മന്ത്രി സമ്മതിച്ചിട്ടും ഉണ്ട്. എന്തിന് മൂടിവച്ചു? സത്യം അറിയിക്കാതെ പത്തുകൊല്ലം ജനങ്ങളുടെയും പത്രങ്ങളുടെയും നീതിപീഠങ്ങളുടെയും കണ്ണ് മൂടിയതും പ്രതിജ്ഞാബദ്ധനായ ഒരു ബഹുകാല മന്ത്രി ചെയ്യാന്‍ പാടുള്ളതാണോ?

നീതിനിര്‍വഹണം വഴിതെറ്റിക്കപ്പെട്ടു, ധനശക്തികൊണ്ട് അനീതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഈ മന്ത്രി കോടതിയില്‍ പ്രതിക്കൂട്ടില്‍ സ്ഥാനം പിടിച്ചിരിക്കയാണ്. ഭാര്യാ സഹോദരിയുടെ ഭര്‍ത്താവ് എന്നാല്‍ ഒരു തരം അളിയന്‍ തന്നെ. അളിയന്മാര്‍ വളരെ ഇഷ്ടപ്പെട്ടവരായിരുന്നു. പക്ഷേ ഈ ഭാര്യാസഹോദരി ഭര്‍തൃബന്ധം അഴിമതിയുടെ ചരിത്രത്തില്‍ ഒരു പുതിയ കുടുംബബന്ധത്തിന് തുടക്കം കുറിക്കുന്നുവെന്നും ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്ന വ്യക്തിയും ഭാര്യയുടെ സഹോദരീഭര്‍ത്താവായിരിക്കുന്ന മറ്റേ വ്യക്തിയും തമ്മില്‍ യോജിച്ച് കുറേക്കാലം കൂട്ടുകച്ചവടം നടത്തിയെന്നും പിന്നെ ചില സംഗതികളില്‍ താല്‍പ്പര്യങ്ങള്‍ എതിരായിത്തീര്‍ന്നതാകാമെന്നും ജനങ്ങള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ തെറ്റ് പറഞ്ഞുകൂടാ. റൌഫിനെതിരായി കൊണ്ടുവരുന്ന ക്രിമിനല്‍ കുറ്റാരോപണവും നമ്മുടെ പൂര്‍വമന്ത്രിയെയും ബാധിക്കുമെന്ന് തീര്‍ച്ചയാണ്. രണ്ടുപേരും ഈ ഗൂഢങ്ങളായ അവിഹിതകൃത്യങ്ങളില്‍ തുല്യപങ്കാളികളായിരുന്നു. അതാണ് പത്ത് വര്‍ഷത്തിന്റെ ഇടവേളയുടെ അര്‍ഥം. ഈ കാലത്തൊക്കെ നിര്‍ദോഷനായ നമ്മുടെ മുന്‍ മന്ത്രി കണ്ണടച്ച് കഴിയുകയായിരുന്നില്ലേ. കൂട്ടുകാരന്റെ കുറ്റങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളും അതേതരത്തില്‍ കുറ്റവാളിയെന്നതാണ് നിയമം എന്നാണ് നാമൊക്കെ മനസിലാക്കിയിരിക്കുന്നത്.

കുറ്റം ചെയ്യുന്ന ഗൂഢസംഘങ്ങളുടെ അക്രമപ്രവൃത്തികളില്‍നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കാന്‍ പ്രകൃതി ഉണ്ടാക്കിയ ഒരു രക്ഷാമാര്‍ഗമാണ് കള്ളന്മാര്‍ തമ്മിലടി. തൃശിനാപ്പള്ളിക്കള്ളനും തഞ്ചാവൂര്‍ കള്ളനും എന്ന് കേട്ടിട്ടില്ലേ? ഒടുവില്‍ അവര്‍ അടിച്ചുപിരിയും, സത്യം പുറത്തുവരും, ജനങ്ങള്‍ രക്ഷപ്പെടും. ഇതാണ് ചുരുക്കത്തില്‍ റൌഫ്-കുഞ്ഞാലിക്കുട്ടി അച്ചുതണ്ടിന് സംഭവിച്ചത്. ഇവര്‍ ഇപ്പോഴും യോജിപ്പിലായിരുന്നെങ്കില്‍, ഇപ്പോള്‍ കിട്ടിയ സത്യത്തിന്റെ അംശങ്ങള്‍ ലഭിക്കാന്‍ ഇനിയും ഒരു ദശാബ്ദം കഴിയേണ്ടിവന്നേനെ? അപ്പോള്‍ ഉമ്മന്‍ചാണ്ടി (ഇവരെല്ലാം പത്തുകൊല്ലം കഴിയുമ്പോള്‍ ഭൂമിയില്‍ ഉണ്ടാവട്ടെ എന്ന് ആശംസയോടുകൂടിയാണ് ഇതെഴുതുന്നത്!) തന്റെ സഹപ്രവര്‍ത്തകനെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടാന്‍ മടിക്കില്ല 20 കൊല്ലം ആയിട്ടും സത്യം പറഞ്ഞില്ലേ എന്ന്! മുന്‍മന്ത്രി മുനീറിനെ ചീത്തയാക്കാന്‍ ഇരുവരും പല ഗൂഢ പരിപാടികളും ചെയ്തിരുന്നു എന്ന് 'കുറ്റസമ്മതം' വഴി നാം അറിയുന്നു. റൌഫിനെക്കാള്‍ താന്‍ കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കുന്നു എന്നോ മറ്റോ മുനീര്‍ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ഒരു വാചകം പറഞ്ഞതായി കണ്ടു. റൌഫ് മഹാ മോശക്കാരനാണെന്ന് കുഞ്ഞാലിക്കുട്ടിതന്നെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആ വ്യക്തിയോട് മുനീര്‍ തന്റെ സഹപ്രവര്‍ത്തകനെന്ന് താരതമ്യപ്പെടുത്തിപ്പറഞ്ഞത് കുഞ്ഞാലിക്കുട്ടിക്ക് ഭൂഷണമാണെന്ന് ജനങ്ങള്‍ക്ക് തോന്നാന്‍ വഴിയില്ല. സ്പെക്ട്രം അഴിമതിക്കാരനായ രാജയെക്കാള്‍ ഭേദം കോമണ്‍വെല്‍ത്ത് അഴിമതി നടത്തിയ കല്‍മാഡിയാണെന്ന് പറഞ്ഞാല്‍ അതൊരു പ്രശംസയാകാന്‍ പ്രയാസമുണ്ട്. ഇംഗ്ളീഷില്‍ പറയാറുള്ളതുപോലെ അത് 'ഇടതുകൈകൊണ്ടുള്ള ഒരു പ്രശംസ' മാത്രമാണ്.

കഥ ആരംഭിച്ചിട്ടേയുള്ളൂ എന്നതാണ് വലിയ തമാശ. ഇനിയും റൌഫ് പലതും പുറത്തുകൊണ്ടുവരുമെന്ന ഒരു ഭീഷണി നിലവിലുണ്ട്. അത് പുറത്തുവരുമ്പോള്‍ പഴയ മന്ത്രി മൂകനായി കഴിയുമോ. അദ്ദേഹം നിശ്ശബ്ദത ഭഞ്ജിച്ചു തീരുമ്പോഴേക്കും ഏറെക്കുറെ മുഖംമൂടികള്‍ എല്ലാം പുറത്തുവീണ് സത്യം പ്രത്യക്ഷമാകും. സ്വര്‍ണപ്പാത്രംകൊണ്ട് മൂടിയാലും സത്യത്തെ നീ വെളിപ്പെടുത്തേണമേ എന്ന് ഉപനിഷത്തില്‍ ഋഷിയുടെ ഒരു പ്രാര്‍ഥനയുണ്ട്. ആ പഴയ പ്രാര്‍ഥന ഇന്ന് നമ്മുടെ രക്ഷയ്ക്കെത്തിയിരിക്കുന്നു. പണംകൊണ്ടും പൊന്നുകൊണ്ടും പദവികൊണ്ടും എല്ലാം സത്യത്തിന്റെ മുഖം മൂടാന്‍ ശ്രമിച്ചവരെ പരാജയപ്പെടുത്തുവാന്‍ പ്രകൃതിയും തന്റെ നയത്തിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അളിയന്മാരും ഇളിയന്മാരും മക്കളും മരുമക്കളും എല്ലാം സൂക്ഷിക്കുക. ഇവിടെ വിസ്തരിച്ച ഈ അഴിമതിക്കൂട്ടുകെട്ടിന്റെ കഥ ഇതില്‍ പേരെടുത്തുപറഞ്ഞ ഒന്നുരണ്ടു വ്യക്തികളില്‍ ഒതുങ്ങിനില്‍ക്കുന്ന കാര്യമല്ലെന്നുകൂടി പറഞ്ഞാലേ ഈ പ്രബന്ധത്തിന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അടവരയിട്ടു പറയേണ്ടതാണിത്.

കേരളത്തില്‍ പുറത്തുവന്ന ഈ ഭരണനീതിലംഘന വലയത്തിന്റെ കഥ ഇന്ത്യയാകെ നിര്‍ബാധമായി നടന്നുവരുന്നതായി കുറെ ദശാബ്ദങ്ങളായി പുറത്തുവന്ന ഭീകരങ്ങളായ അഴിമതിയുടെ ഇതിഹാസത്തിന്റെ ഒരു ഭാഗം മാത്രമാണ്. ബൊഫോഴ്സ് തൊട്ട് കേട്ടുതുടങ്ങിയതാണ്. ഈ വര്‍ഷം നാം കേട്ട കഥകള്‍തന്നെ ഞെട്ടിക്കുന്നവയാണ്. ബോംബെയിലെ ആദര്‍ശ് ഫ്ളാറ്റ് നിര്‍മാണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടന്ന കൊടുംകൊള്ള, അഴിമതിയില്‍ വീരചക്രം നല്‍കി ആദരിക്കേണ്ട 2 ജി സ്പെക്ട്രം തട്ടിപ്പ്, സുഖറാമിന്റെ കേളികള്‍ എന്നിവ. ഇന്ത്യക്കകത്ത് വെളിയിലുള്ള കടലുകളേക്കാള്‍ ആഴമേറിയതും കൊടുംതിരകള്‍ തീര്‍ക്കുന്നതും പാറക്കെട്ടുകള്‍ നിറഞ്ഞതും ആയ ഒരു വിഷക്കടല്‍ ഉണ്ട്. അതിനെ അഴിമതിക്കടല്‍ എന്ന് വിളിക്കാം. ആ കടലിലെ ഒരു തിരമാലയാണ് ഇക്കണ്ട റൌഫ്- കുഞ്ഞാലിക്കുട്ടി കെട്ടുപിണയലിന്റെ പീറക്കഥ. ഈ കഥ ഇത്രകാലം പൂഴ്ത്തിവച്ചിട്ടും ഇപ്പോള്‍ തെരഞ്ഞെടുപ്പ് അത്യാസന്നമായ ഈ നിര്‍ണായക മുഹൂര്‍ത്തത്തില്‍ വെളിയിലേക്ക് വിടണമെന്ന് മുന്‍മന്ത്രിക്ക് തോന്നിയതും എന്തുകൊണ്ടാണെന്ന് ആരും ആലോചിച്ചുപോകും. തെരഞ്ഞെടുപ്പില്‍ ഈ കഥ പറഞ്ഞ് ജയസാധ്യത കൂട്ടുവാന്‍ ആവില്ലെന്ന് പ്രകടം. വല്ല ചാന്‍സും ഉണ്ടെങ്കില്‍ അതു നഷ്ടപ്പെടുവാന്‍ പറ്റിയ സംഭവമാണ് ഇത്. സാധാരണയായി എതിര്‍ കക്ഷിയാണ് ഇത്തരം കഥകള്‍ പുറത്ത് പറത്തിവിടുക. എന്നാല്‍, ഇവിടെ നാം പ്രതീക്ഷിക്കാത്ത തരത്തില്‍ തെരഞ്ഞെടുപ്പില്‍ അപകടസാധ്യതയുള്ള ആള്‍തന്നെ വേദിയില്‍ വന്നിരിക്കുകയാണ്. എനിക്ക് തോന്നുന്നത് ഇതാണ്. തന്റെ സ്യാലന്‍ ആക്ഷേപവുംകൊണ്ട് ജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാന്‍ ഉദ്ദേശ്യമുണ്ടെന്ന് മനസിലാക്കിയ തന്ത്രശാലിയായ പൂര്‍വമന്ത്രി, ആ ഇടിമുഴക്കത്തിന്റെ ഒച്ച കുറയ്ക്കാന്‍വേണ്ടി തന്റെ ഒരു വെടിക്കെട്ട് നേരത്തെ നടത്താന്‍ നിശ്ചയിച്ചതാകാം. ഒന്നാമത്തെ വെടിവച്ച ആള്‍ക്ക് ചെറിയൊരു മുന്‍തൂക്കം കിട്ടുമെന്നായിരിക്കും കണക്കൂകൂട്ടല്‍. പക്ഷേ, വിവാദം മൂത്തുവരുമ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു വ്യക്തിക്ക് വരുന്ന മുറിവുകള്‍ പുറത്തുനിന്ന് കല്ലെറിയുന്ന ഒരാള്‍ക്ക് പറ്റുകയില്ല. അതിനാല്‍ വിപല്‍സാധ്യത കൂടുതല്‍ മന്ത്രിപദമോഹിയായി രംഗത്തിറങ്ങുന്ന വ്യക്തിക്കുതന്നെയാണ്.

ലീഗ് ഇതിനെ ഒറ്റക്കെട്ടായി നേരിടും എന്നൊരു പ്രസ്താവന തങ്ങളില്‍നിന്ന് ഉണ്ടായിട്ടുണ്ട്. അത്തരം ആവേശകരങ്ങളായ വാക്കുകള്‍ ഇപ്പോള്‍ അല്‍പ്പം ആശ്വാസം നല്‍കിയേക്കാം. പക്ഷേ, ചെയ്തുകൂട്ടിയ കൊള്ളരുതായ്മകളുടെ കെട്ടഴിഞ്ഞപ്പോള്‍ സംഘടന ഒരുതടിയായി നില്‍ക്കണമെങ്കില്‍ ആരോപണവിധേയനായ വ്യക്തിയില്‍നിന്ന് അകലം പാലിക്കുന്നതായിരിക്കും ബുദ്ധി എന്ന് സംഘടനാ നേതാക്കള്‍ക്ക് അപ്പോള്‍ തോന്നാതിരിക്കില്ല. കുഞ്ഞാലിക്കുട്ടിയോ ലീഗോ എന്നമട്ടില്‍ പ്രശ്നം രൂപപ്പെടുകയാണെങ്കില്‍ ആശ്വാസവചനങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരും. കപടകൂട്ടുസംഘങ്ങള്‍ക്ക് ഇത്തരം നാശം സംഭവിച്ചെങ്കിലും നാടിന് അല്‍പ്പം ആശ്വാസം കൈവരുമാറാകട്ടെ എന്ന് നമുക്ക് ആശിക്കാം.

*
സുകുമാര്‍ അഴീക്കോട്

01 February, 2011

ഉമ്മന്‍ ചാണ്ടിയോട് ചിന്തിക്കുന്ന മലയാളിയുടെ ചോദ്യങ്ങള്‍

നമ്മുടെ ഈ കേരളത്തെ മോചിപ്പിക്കാന്‍ ഏതോ ദൈവപുത്രന്‍ കാസര്‍ഗോഡുനിന്ന് പുറപ്പെട്ടതായി മാധ്യമങ്ങള്‍ ഉദ്ഘോഷിക്കുന്നു! ചിന്തിക്കുന്ന ഒരു ശരാശരി മലയാളി അറിയാതെ ചോദിച്ചുപോകുന്നു: "ആരില്‍നിന്നാണ് അങ്ങ് ഞങ്ങളെ മോചിപ്പിക്കാന്‍ പോകുന്നത്? എന്തില്‍നിന്ന് എന്തിലേക്കാണ് മോചനം?''

    കര്‍ഷകജനതയെ ആത്മഹത്യാമുനമ്പില്‍നിന്ന് ഹരിത സാന്ദ്വനങ്ങളിലേക്കാനയിച്ച ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് എങ്ങോട്ടാണ് മോചിപ്പിക്കുക? കൃഷിയിറക്കാന്‍ കുറഞ്ഞ പലിശക്കും പലിശയില്ലാതെയും വായ്പാ സൌകര്യവും, ഉല്‍പന്നത്തിന് മര്യാദവിലയും (ഒരു കിലോ നെല്ലിന് 14 രൂപ) ലഭിക്കുന്ന ഈ കേരളത്തില്‍നിന്ന് ഞങ്ങളെ എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? കടംവീട്ടാന്‍ കഴിയാതെ വന്നാല്‍ നിയമപ്രാബല്യമുള്ള കടാശ്വാസക്കമ്മീഷന്റെ സംരക്ഷണം ഞങ്ങള്‍ക്ക് മറ്റെവിടെയാണ് ലഭ്യമാവുക? കര്‍ഷകനെ അവന്റെ ഇല്ലായ്മയുടെ വലയില്‍ കുരുക്കി ഹുണ്ടികക്കച്ചവടക്കാരുടെയും ഊഹക്കച്ചവടക്കാരുടെയും നിസ്സഹായരായ ഇരകളാക്കി മാറ്റുന്ന 'നവലിബറല്‍ ലോക'ത്തേയ്ക്കോ? എല്ലാവിധ പിന്തുണകളില്‍നിന്നും സബ്സിഡികളില്‍നിന്നും കര്‍ഷകനെ "മോചിപ്പിച്ച'' മന്‍മോഹന്‍സിങ് ഭരണത്തിലേയ്ക്കോ? നവലിബറല്‍ നയങ്ങളുടെ കര്‍ഷക ഉന്മൂലന പരിപാടി കേരളത്തിലും നടപ്പിലാക്കാന്‍ വ്യഗ്രത പൂണ്ടു നടക്കുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലേയ്ക്കോ? കൊക്കോകോളയില്‍ 'കുരുഡാന്‍' കലക്കിക്കുടിച്ച് സകുടുംബം 'മോക്ഷം' പ്രാപിച്ചിരുന്ന പഴയ യുഡിഎഫ് ഭരണകാലത്തേയ്ക്കോ?

    ആയിരക്കണക്കിനു ന്യായവില ഷാപ്പുകളുണ്ട്, കേരളത്തില്‍, പൊതുകമ്പോളത്തെ അപേക്ഷിച്ച് ഈ ന്യായവില ഷാപ്പുകളിലെ വിലക്കുറവ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ ബോധ്യമുള്ള കാര്യമാണല്ലോ! മാതൃകാപരമെന്ന് കേന്ദ്ര സര്‍ക്കാര്‍പോലും പ്രശംസിച്ച ശക്തമായ പൊതുവിതരണസമ്പ്രദായം നിലവിലുള്ള ഈ കേരളത്തിലാണ് നാം ജീവിക്കുന്നത്.

    കിലോവിന് 2 രൂപ വിലയ്ക്ക് 35 കി. ഗ്രാം ധാന്യം 42 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകുന്ന ഒരു നാട് - ഓണത്തിനും പെരുന്നാളിനും ക്രിസ്മസ്സിനും ഓരോ സ്കൂള്‍ കുട്ടിക്കും 5 കിലോ വീതം സൌജന്യമായി അരി കിട്ടുന്ന ഒരു നാട്. ഇവിടെനിന്ന് ഞങ്ങളെ എങ്ങോട്ടാണ് അങ്ങ് മോചിപ്പിക്കുന്നത്? ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത 84 കോടി ജനങ്ങളെ (കോണ്‍ഗ്രസ് എംപിയായിരുന്ന അര്‍ജ്ജുന്‍ സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്) അവരുടെ വരുമാന വര്‍ധനവാണ് വിലക്കയറ്റത്തിനു കാരണമെന്ന സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്ന മന്‍മോഹന്‍ജിയുടെ ഭരണത്തിലേയ്ക്കോ? അനുദിനം പെട്രോള്‍ വില വര്‍ധനവിലൂടെ എരിതീയില്‍ എണ്ണ കോരി ഒഴിക്കുന്ന 'യുപിഎ സ്വര്‍ഗ'ത്തിലേക്കോ? മനോമോഹന നയങ്ങള്‍ക്ക് ഹലേലുയ്യ പാടുന്ന ചാണ്ടിജീ, അങ്ങ് ഞങ്ങളെ ഏതു സ്വര്‍ഗത്തിലേക്കാണ് മോചിപ്പിക്കുന്നത്? പെട്രോള്‍ വില വര്‍ധന ന്യായീകരിക്കാന്‍ അങ്ങുപോലും തുനിയുന്നില്ലല്ലോ?

    ഇന്ത്യയില്‍ മറ്റെവിടെയും കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ പൊതുമേഖലാ വ്യവസായങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നു ഈ കേരളത്തില്‍. യുഡിഎഫ് ഭരണകാലത്ത് ഫാക്ടറി അടച്ചുപൂട്ടി തൊഴില്‍ നഷ്ടപ്പെട്ട ചെറുപ്പക്കാരന്‍ പെങ്ങളുടെ കല്യാണം നടത്താന്‍ വൃക്ക മുറിച്ചുവിറ്റു. ആ ചെറുപ്പക്കാരന്‍ ഇന്നു ജോലിക്കു തിരികെ കയറിയിരിക്കുന്നു. പൊതുമേഖലയുടെ ഈ പൂക്കാലത്തില്‍നിന്ന് ഓഹരിവില്‍പനയിലൂടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് ചുളുവില്‍ ചോര്‍ത്തിക്കൊടുക്കുന്ന കൊള്ളയുടെ, കൊടും ലോകത്തേയ്ക്കോ?

    സ്വകാര്യവല്‍ക്കരിക്കാതെ, ഫ്രാഞ്ചൈസികളായി ശിഥിലീകരിക്കാതെ തന്നെ പൊതുമേഖലയില്‍ വൈദ്യുതി ഉല്‍പാദനവും വിതരണവും നിലനിര്‍ത്തുകയും 'കറന്റ് കട്ടി'ല്ലാതെ ഗുണമേന്മയുള്ള വൈദ്യുതി നല്‍കിപ്പോരുകയും ചെയ്യുന്ന കേരള നാട്ടില്‍നിന്ന് ഞങ്ങളെ ഏത് ഇരുട്ടിലേക്കാണ് അങ്ങ് ആനയിക്കുന്നത്?

    ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പാലക്കാട്ടുനിന്ന് തുടങ്ങി സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനത്തിലേയ്ക്ക് അതിവേഗം കുതിക്കുന്ന ഈ കേരളത്തിന്റെ കുതികാല്‍വെട്ടി ഏതു നരകത്തിലേക്ക് തള്ളിയിടാം എന്നാണ് അങ്ങയുടെ വാഗ്ദാനം? വൈദ്യുതിബോര്‍ഡുകളെ ഫ്രാഞ്ചൈസികളായി വേര്‍പിരിച്ചും സ്വകാര്യവത്കരിച്ചും എന്‍റോണ്‍പോലുള്ള വിദേശക്കമ്പനികള്‍ക്ക് അടിയറവെച്ചും തകര്‍ക്കുന്ന ഊര്‍ജ്ജനയത്തിലേയ്ക്കോ? മൂന്നിലൊന്നോളം ഗ്രാമങ്ങളില്‍ വൈദ്യുതി എത്താത്ത ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ അപാരാന്ധകാരത്തിലേയ്ക്കോ? 'പീക്ക് അവറി'ല്‍ രണ്ടു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ മോചനത്തിനുവേണ്ടി നിങ്ങളെങ്ങനെ കുഴലൂതും, പ്രിയപ്പെട്ട മാധ്യമപ്രഭുക്കളേ!

    ഡോക്ടര്‍മാരും, മരുന്നും, നഴ്സുമാരുമുള്ള സജീവമായ സര്‍ക്കാര്‍ ആശുപത്രികള്‍. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജുവരെയുള്ള സാമൂഹ്യാരോഗ്യ സുരക്ഷാസംവിധാനം. പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ മാതൃകാപരമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രശംസ. ഈ കേരളത്തേക്കാള്‍ ആരോഗ്യമുള്ള മറ്റേതു ജനതയുണ്ട് ചാണ്ടിജീ, അങ്ങയുടെ പാര്‍ടി ഭരിക്കുന്ന ഈ വിശാല ഭാരതത്തില്‍?

    ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം വരെ സാര്‍വത്രികവും സൌജന്യവുമായ കേരളത്തില്‍ എല്ലാ പഞ്ചായത്തിലും ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന ലക്ഷ്യം സാധിച്ചുകഴിഞ്ഞു. പിന്നോക്ക പ്രദേശങ്ങളില്‍ പുതിയ വിദ്യാലയങ്ങള്‍ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു. വിദ്യാഭ്യാസക്കച്ചവടക്കാരും 'നീതി' പീഠങ്ങളും ഇടങ്കോലിട്ടെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവന്ന് പരമാവധി സാമൂഹ്യനീതി പരിരക്ഷിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍...! ഈ സാക്ഷര കേരളത്തെ അങ്ങ് എങ്ങോട്ടാണ് മോചിപ്പിക്കുന്നത്? 8-ാം തരം വരെയുള്ള വിദ്യാഭ്യാസം മൌലികാവകാശമായി പ്രഖ്യാപിച്ചതിനുശേഷവും സ്കൂളില്ലാത്ത അഞ്ചിലൊന്നു ഗ്രാമങ്ങളും സ്കൂള്‍ കാണാത്ത തെരുവുകുട്ടികളും നിറഞ്ഞ ഭാരതഭൂമിയില്‍ വിദ്യാഭ്യാസവിഹിതം അരശതമാനംപോലും വര്‍ധിപ്പിക്കാത്ത ബാലശാപങ്ങളുടെ ദുരന്തഭൂമിയിലേക്കോ? വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുവരുത്തി കുടിയിരുത്തി നമ്മുടെ മസ്തിഷ്കങ്ങളെ പണയപ്പെടുത്തുന്ന കൊടുംവഞ്ചനയിലേക്കോ?

    വര്‍ഗീയത ചുരമാന്തുന്നുണ്ടെങ്കിലും കലാപങ്ങള്‍ തടയപ്പെടുന്ന, മതസൌഹാര്‍ദ്ദം നിലനില്‍ക്കുന്ന സമാധാനജീവിതം പുലരുന്ന നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്. ഒരു പാഠത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് കലാപമഴിച്ചുവിട്ട് അങ്ങയോടൊപ്പമുള്ളവര്‍ ഒരധ്യാപകനെ ചവിട്ടിക്കൊന്നതും, തന്റെ പിശകിന് മാപ്പിരന്ന ഒരധ്യാപകന്റെ കൈപ്പത്തി അറുത്തെറിഞ്ഞ് റഹ്മത്തിന്റെ (കാരുണ്യത്തിന്റെ) മതത്തെ അപമാനിച്ചതും (അവരും ഇപ്പോള്‍ അങ്ങയുടെ താവളത്തിലാണല്ലോ! അവരുടെ വോട്ടു വേണ്ടെന്നു പറയാനുള്ള ധിക്കാരം എനിക്കില്ലെന്ന് അങ്ങ് വിനയഭാവത്തോടെ കുമ്പിടുന്നത് അവരുടെ മുന്നിലാണല്ലോ!) ഒഴിച്ചാല്‍ മറ്റൊരു വര്‍ഗീയ - ഭീകരവാദസംഭവങ്ങളും നടക്കാത്ത ഈ കേരളത്തിലാണ് രാഷ്ട്രപതി പ്രതിഭാ പാട്ടീലും, രാഹുല്‍ഗാന്ധിയും സ്വൈരമായി രണ്ടുദിവസം ചിലവിടാന്‍ തെരഞ്ഞെടുത്തത്. ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് അങ്ങ് ഞങ്ങളെ മോചിപ്പിക്കുന്നത് എങ്ങോട്ടാണ്? കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും കുരുതിക്കളങ്ങളിലേയ്ക്കോ? ജീവിതസമാധാനത്തില്‍നിന്ന് മാറാടുകളുടെ കലാപഭീതികളിലേയ്ക്കോ? തൊടുപുഴയിലെ കൈവെട്ടു ഭീകരതയിലേയ്ക്കോ?

    കേരള മോചനത്തിനായി നിത്യവും തൊണ്ടകീറി വശംകെട്ട മാധ്യമ പ്രവര്‍ത്തകരെങ്കിലും നാക്കനക്കുമോ? കേരളത്തിലെ മന്ത്രിമാരെക്കുറിച്ച് വ്യക്തമായ ഒരഴിമതിയാരോപണവും നാളിതുവരെ ഉന്നയിക്കാന്‍ മോചനയാത്രക്കാര്‍ക്കോ, മാധ്യമപ്രവര്‍ത്തകര്‍ക്കോ കഴിഞ്ഞിട്ടില്ല. ഈ കേരളത്തെ എങ്ങോട്ടാണ് നമ്മുടെ പ്രതിപക്ഷ നേതാവ് നയിക്കുന്നത്? ക്രിക്കറ്റ് കളിയും കോമണ്‍വെല്‍ത്ത് ഗെയിംസും അഴിമതിയരങ്ങാക്കിയ, അഴിമതി 'ആദര്‍ശ' സൌധമാക്കിയ, 2 ജി സ്പെക്ട്രത്തിലൂടെ 176000 കോടിയുടെ പൊതുമുതല്‍ കോര്‍പറേറ്റ് മുതലാളിമാര്‍ക്കു ചോര്‍ത്തിക്കൊടുത്ത പകല്‍ക്കൊള്ളയുടെ ഭൂമികയിലേക്കോ?

    കര്‍ഷകത്തൊഴിലാളികള്‍ ചോദിക്കുന്നു: 300 രൂപ പെന്‍ഷന്‍ നല്‍കിയ, പെന്‍ഷന്‍ അഡ്വാന്‍സ് നല്‍കിയ ഈ ഭരണത്തില്‍നിന്ന് പെന്‍ഷന്‍ കുടിശ്ശികയുടെ ഭൂതകാലത്തിലേക്കാണോ ഞങ്ങളെ നയിക്കുന്നത്? പെന്‍ഷന്‍ വാങ്ങുന്നവര്‍, ക്ഷേമനിധി ആനുകൂല്യങ്ങള്‍ വാങ്ങുന്നവര്‍, ശമ്പളവര്‍ധന നേടിയ ജീവനക്കാര്‍ എല്ലാവരുടെ ചുണ്ടത്തും ചോദ്യങ്ങളുണ്ട്. എല്ലാവരും വിരലുയര്‍ത്തുന്നുണ്ട്! അങ്ങേയ്ക്കു കഴിയില്ലെങ്കില്‍ അങ്ങയുടെ പൂര്‍ണകായ ചിത്രത്തോടു കൊരുത്തിട്ടിരിക്കുന്ന അനേകം ശിരസ്സുകളുണ്ടല്ലോ, മോചനയാത്ര വിളംബരം ചെയ്യുന്ന പോസ്റ്ററില്‍! മാണിസാറിന്റെയും എം വി ആറിന്റെയും ഗൌരിയമ്മയുടെയും, തങ്ങളുപ്പാപ്പയുടെയും ചെന്നിത്തലയുടെയും കുഞ്ഞിത്തലകള്‍! (അഹോ! അങ്ങെത്ര വിനീതന്‍!) തലയില്‍ ആള്‍താമസമുള്ള ആരെങ്കിലും ഞങ്ങള്‍ക്കു മറുപടി നല്‍കുമോ? ഇന്നുവരെ മിനിമം കൂലി നിയമമുണ്ടാക്കാന്‍ സമയം കിട്ടാത്ത മന്‍മോഹന്‍ജിയുടെ ഭരണത്തിരക്കിലേക്കാണോ ഞങ്ങളുടെ മോചനം?

    വംഗനാട്ടിലെ ഇടതുപക്ഷഭരണം അവസാനിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോട് ഡോ. അമര്‍ത്യാസെന്‍ ചോദിച്ചു: (അമര്‍ത്യാസെന്‍ കമ്യൂണിസ്റ്റല്ല!) ഇടതുപക്ഷത്തെ തോല്‍പിച്ച് നിങ്ങള്‍ ആരെയാണ് ജയിപ്പിക്കാന്‍ പോകുന്നത്? മുപ്പതുവര്‍ഷംകൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നുകാണാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ?

    ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്ക് സ്തുതിപാഠകരോളം ബുദ്ധി കാണില്ല എന്നായിരിക്കും മാധ്യമ പ്രവര്‍ത്തകരുടെ ചിരി...! ഒടുവില്‍ നിങ്ങള്‍ അലറിവിളിച്ച് ഒരു "വിമോചിത കേരളം'' വന്നാല്‍ അതിന്റെ ചേലെന്തായിരിക്കുമെന്ന് അമര്‍ത്യാസെന്നിനോടൊപ്പം ഒരു നിമിഷം ശാന്തമായി ആലോചിക്കാം, സ്വകാര്യമായി, നിശ്ശബ്ദമായി...

    പണ്ടൊരു വിമോചനസമരം നടന്നു! അതിലൂടെ കേരളം "വിമോചിക്ക''പ്പെട്ടപ്പോള്‍ എന്തൊക്കെയാണ് നാം നേടിയത്...! ആ 'നേട്ട'ങ്ങളുടെ ഓര്‍മ്മകളില്‍ നടുങ്ങി, ഒരു നിമിഷം...!

    എങ്കിലും അന്നൊഴുകിയെത്തിയ അമേരിക്കന്‍ ഡോളറിന്റെ കഥ, ആസൂത്രകരും അനുഭവിച്ചവരും ഒരുപോലെ ഏറ്റുപറഞ്ഞു. ഇന്നും ഈ മോചനയാത്രയും സഫലമാവുകയാണെങ്കില്‍ ഡോളര്‍ക്കിഴികള്‍ തീര്‍ച്ചയായും വന്നെത്തും! യാത്ര ചെയ്തവര്‍ക്കു മാത്രമല്ല; മുന്നില്‍ കുഴലൂതിയവര്‍ക്കും!

    പക്ഷേ, ഞങ്ങള്‍ക്കോ? അതെ; അതു മന്ദബുദ്ധികളുടെ ചോദ്യമായി, നിങ്ങള്‍ക്കവഗണിക്കാം!

*

ടി കെ നാരായണദാസ്

അഭിനന്ദനം, അഭിനന്ദനം കുഞ്ഞായ അലിക്ക് കുഞ്ഞൂഞ്ഞിന്‍ അഭിനന്ദനം

ഐസ്‌ക്രീം കണ്ടാല്‍ കുഞ്ഞുങ്ങള്‍ക്ക് അഥവാ കുട്ടികള്‍ക്ക് കൊതിയൂറും. മുതിര്‍ന്നവര്‍ക്ക് മാധുര്യം തോന്നും. പക്ഷേ ഐസ്‌ക്രീം എന്നു കേട്ടാല്‍ ഉറക്കം നഷ്ടപ്പെടുന്നവരും ചുട്ടുപൊള്ളുന്നവരുമുണ്ടെന്ന് കുറച്ചുകാലമേ ആയിട്ടുള്ളൂ കേരളക്കരക്കാര്‍ക്ക് മനസ്സിലായിട്ട്. ഇപ്പോള്‍ ആ അപൂര്‍വങ്ങളില്‍ അപൂര്‍വമായ, അവിശ്വസനീയമായ പൊള്ളുന്ന സത്യം കേരളം വീണ്ടും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഐസ്‌ക്രീമിന് കാഞ്ഞിരക്കുവിനേക്കാള്‍ കയ്‌പ്പോ എന്ന് ലീഗുകാരും കോണ്‍ഗ്രസുകാരും കടന്നല്‍കുത്തിയ മുഖഭാവത്തോടെ ചോദിക്കാതെ ചോദിക്കുന്നു.

പേരില്‍ ആദ്യം കുഞ്ഞും ഒടുവില്‍ കുട്ടിയുമുള്ളതിനാല്‍ കുഞ്ഞാലിക്കുട്ടിക്ക് ഐസ്‌ക്രീമിനോട് തീര്‍ത്താല്‍ തീരാത്ത ഭ്രമമമുണ്ടായിപ്പോയി. കുഞ്ഞുങ്ങള്‍ക്കാണല്ലോ ഐസ്‌ക്രീമില്‍ ഏറെ കമ്പം. പേരില്‍ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നതൊക്കെ വെറുതേയാണ്. പേരിലാണ് എല്ലാമിരിക്കുന്നതെന്ന് ചെറുമക്കളെ താലോലിക്കാന്‍ അവസരം കൈവന്ന പ്രായത്തിലും കുഞ്ഞാലിക്കുട്ടി തെളിയിക്കുന്നു.

മലയാളികള്‍ ഉദ്വേഗത്തോടെ കഥകള്‍ കേള്‍ക്കുകയും ആകാംക്ഷയോടെ കാഴ്ചകള്‍ കാണുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേട്ട കഥകളല്ല, കേള്‍ക്കാനിരിക്കുന്ന കഥകളിലാണ് കാതലിരിക്കുന്നതെന്ന് പറഞ്ഞുകേള്‍ക്കുന്നു. കാണാനിരിക്കുന്ന കാഴ്ചകളിലാണ് കമ്പമേറുകയെന്നും പറയുന്നു. കാതലേറിയ കഥകള്‍ കേള്‍ക്കാനും കമ്പമേറിയ കാഴ്ചകള്‍ക്കായും പാവം പ്രജ കാത്തിരക്കുന്നു.

ഒരുമയുണ്ടെങ്കില്‍ ഒലക്കമേലും കിടക്കാം എന്ന ചൊല്ല് പ്രാബല്യത്തിലുണ്ടായിരുന്ന കാലത്ത് കുഞ്ഞാലിക്കുട്ടിയ്ക്കും ഭാര്യാ സഹോദരീ ഭര്‍ത്താവ് റൗഫിനും ശയിക്കാന്‍ ഒലക്കയുടെ പകുതി മതിയായിരുന്നു. പക്ഷേ ആ ചൊല്ലിന് ഇപ്പോള്‍ വേണ്ടത്ര ഗരിമയില്ലാതായതുകൊണ്ട് ഒരുമയില്ലാതാവുകയും ഒലക്കമേലെന്നല്ല വീതിയേറിയ കട്ടിലില്‍ പോലും കിടക്കാനാവാതാവുകയും വന്നു.

ഇരുമെയ്യാണെങ്കിലും ഒറ്റക്കരളായി ജീവിച്ച് വികൃതികളും പരാക്രമങ്ങളും അട്ടിമറികളും സംയുക്തസംരഭമായി നടപ്പില്‍വരുത്തുകയും ചെയ്ത സമ്മോഹനകാലം കൈവിട്ടുപോയി. എനിക്കുള്ളതെല്ലാം നിനക്കുള്ളതെന്നും നിനക്കുള്ളതെല്ലാം എനിക്കുള്ളതെന്നും ഒരുമിച്ച് പാടി നടന്ന ബിനാമി വസന്തവും കൊഴിഞ്ഞുപോയി. അപ്പോഴാണ് ഐസ്‌ക്രീം വീണ്ടും പൊള്ളാന്‍ തുടങ്ങിയത്. ആ പൊള്ളുന്ന കാലത്ത് വധഭീഷണി കേട്ട് കുട്ടിയും കുഞ്ഞുമായ അലി ഞെട്ടിത്തരിച്ചു. വ്യാജ സി ഡി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേട്ട് പരിഭ്രാന്തനായി.

പറ്റിപ്പോയതൊക്കെയും ചെയ്തുപോയതില്‍ ചിലതം ഉള്ളിന്റെ ഉള്ളില്‍ നിന്ന് പുറത്തേയ്ക്കുവന്നു. അധികാരത്തിലിരുന്ന കാലത്ത്, അധികാരത്തിന്റെ സിരാകേന്ദ്രങ്ങളില്‍ പതിവുതാമസക്കാരനായി കഴിഞ്ഞുകൂടിയ ഭാര്യാസഹോദരീ ഭര്‍ത്താവിനുവേണ്ടി വഴിവിട്ട പലതും ചെയ്തുപോയി. ഇനി കൊന്നാലും ചെയ്യില്ല. ചെയ്തുപോയതിന്റെ കുറ്റബോധം കാരണം ഏറെനാളായി ഊണുമില്ല, ഉറക്കവുമില്ല. ജലപാനം തെല്ലുമില്ല. കാരണം ജനങ്ങളോടും നാടിനോടും അത്രമാത്രം പ്രതിജ്ഞാബദ്ധതയുണ്ട് കുഞ്ഞാണെങ്കിലും കുട്ടിയാണെങ്കിലും അലിക്ക്. ഭാര്യാസഹോദരീ ഭര്‍ത്താവിന് റബ്ബര്‍ ഫാക്ടറി തീവെച്ചതിലും പാകിസ്ഥാനില്‍ നിന്ന് കള്ളനോട്ട് കടത്തിയതിലുമൊക്കെ പങ്കുണ്ടെന്ന് വ്യാജ സി ഡി ഒരുങ്ങുകയും മംഗലാപുരത്തുനിന്ന് ക്വട്ടേഷന്‍ സംഘം ഫോണില്‍ പലയാവര്‍ത്തി വിളിക്കുകയും ചെയ്തപ്പോഴാണ് കുഞ്ഞാലിക്കുട്ടിക്ക് അറിയാന്‍ കഴിഞ്ഞത്. തെറ്റുപറഞ്ഞിട്ടുകാര്യമില്ല. കാരണം ആള്‍ വെറുമൊരു കുട്ടിയാണല്ലോ.

പക്ഷേ ഭാര്യാസഹോരദീ ഭര്‍ത്താവ് ഒരു കുട്ടിയല്ലാത്തതുകൊണ്ട് വൈകുന്നേരം ഒരു പിടി കഥകള്‍ പറഞ്ഞു. ഐസ്‌ക്രീം കേസ് അട്ടിമറിച്ചകഥ, ഇരകള്‍ക്കും സാക്ഷികള്‍ക്കും കോടികള്‍ കൈമാറിയകഥ, ജഡ്ജിമാരെ വശീകരിച്ച കഥ, വ്യാജരേഖയുണ്ടാക്കിയകഥ. കഥ തുടരും എന്നുകൂടി റൗഫ് ഭീഷണിപ്പെടുത്തി. കഥ തുടരുമെന്ന് കേട്ടപ്പോള്‍ കുട്ടിക്ക് ഉള്‍വിളിയുണ്ടായി. ഭാര്യാസഹോദരീ ഭര്‍ത്താവ് ഒരു ഭീകരജീവിയാണ്.
ആ ഭീകരസത്വത്തെ ഇനിയും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവെന്ന് വിശേഷിപ്പിച്ച് നിഷ്‌കളങ്കനായ കുട്ടിയെ വേദനിപ്പിക്കരുതെന്ന് അദ്ദേഹം കേണുകരഞ്ഞു.

'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഒരായിരം പേര്‍ വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും' എന്ന സിനിമാ ഗാനശകലം പോലെയായിരുന്നു കുട്ടിയുടെ അനുഭവം. ഐസ്‌ക്രീം മധുരത്തിന്റെ കാലത്ത് കൂടെനിന്ന് ചിരിക്കുവാനും കൈകൊട്ടി പാടാനും ആയിരം പേരൊന്നുമല്ല, എത്രയോ ആയിരങ്ങളുണ്ടായിരുന്നു. കരയാന്‍ തുടങ്ങിയപ്പോള്‍ കൂടെ കരയാന്‍ നിഴലിനെപോലും കണ്ടുകിട്ടാതെ  കരഞ്ഞപ്പോഴാണ് നല്ലവരില്‍ നല്ലവനായ കുഞ്ഞൂഞ്ഞ് താങ്ങായും തണലായും സ്വന്തം നിഴല്‍ തന്നെയായും രംഗത്തുവന്നത്.

മുന്നണി നേതാവായാല്‍ ഇങ്ങനെ വേണം. കൂടെകിടക്കുന്നവനേ രാപ്പനി അറിയൂ എന്നു പറയുന്നത് എത്ര ശരിയാണ്. മോചനയാത്രയുടെ ക്ഷീണകാലമാണ്, പനി വിടാതെ പിന്തുടരുന്നുമുണ്ട്. എന്നിട്ടും ഉമ്മന്‍ചാണ്ടി പാവം പാവം കുട്ടിയുടെ രാപ്പനി അറിഞ്ഞു. പത്രക്കാരെ വിളിച്ചുവരുത്തി മുഖത്തുനോക്കി ആര്‍ജവത്തോടെ പറഞ്ഞു! 'കുഞ്ഞാലിക്കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു'. വൈകിയാണെങ്കിലും കുറ്റസമ്മതം നടത്തിയതിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍. കുഞ്ഞാലിക്കുട്ടി സന്തോഷംകൊണ്ട് വിതുമ്പിപ്പോയി.

അച്ഛനെയും അമ്മയെയും കൊന്ന മകന്‍ കോടതിമുറിയില്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ജഡ്ജിയോട് കുറ്റം ഏറ്റുപറഞ്ഞു. പക്ഷേ ഒന്നുകൂടി പ്രതി പറഞ്ഞത്രേ; ഞാന്‍ അച്ഛനും അമ്മയുമില്ലാത്ത അനാഥനാണ്. അതുകൊണ്ട് തന്നെ മോചിപ്പിക്കണം. കുഞ്ഞാലിക്കുട്ടിയും തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നു. കൂടെ കരയാന്‍ ആരുമില്ലാത്ത നിലയില്‍ അനാഥനുമായിരിക്കുന്നു. സ്വന്തം പാര്‍ട്ടി നേതാവുതന്നെ സ്വന്തം ചാനലിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. അതിനാല്‍ കുറ്റവിമുക്തനാക്കാവുന്നതാണ്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കാവുന്നതാണ്. എല്ലാം വെറുമൊരു മായ എന്നു പറഞ്ഞതുപോലെ എല്ലാം വെറും ഗൂഢാലോചനയാണ് ചെന്നിത്തലയ്ക്ക്.

കേരളത്തെ മോചിപ്പിക്കുവാനാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും മാണിയും ആദിയായവരും റോഡിലിറങ്ങിയത്. ഇപ്പോള്‍ മോചിപ്പിക്കുവാനിറങ്ങിയവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ തടവറയിലാണ്. കേരളത്തിന്റെ മോചനം പിന്നെ; ഇനി അവരവരുടെ മോചനം എന്ന അവരുടെ എക്കാലത്തെയും മുദ്രാവാക്യം ചാണ്ടിമാരും കുഞ്ഞാലിമാരും ഗദ്ഗദസ്വരത്തില്‍ മുഴക്കുന്നത് കേരളം കേള്‍ക്കുന്നുണ്ട്.

*ദിഗംബരന്‍ ജനയുഗം

പൊട്ടി മോനേ, ലഡു പൊട്ടി...!

ആലപ്പുഴ: 'ആലപ്പുഴ കടന്നാല്‍പ്പിന്നെ തലസ്ഥാനം പിടിക്കാന്‍ അധികദൂരമില്ലെന്നു കെ.എസ്.യുവിന്റെ നീലപ്പറവകള്‍ മുന്‍‌കൂട്ടി കണ്ടു. കേരള മോചനയാത്ര നയിച്ച് ആലപ്പുഴയിലെത്തിയ ഉമ്മന്‍ചാണ്ടിക്കു പ്രവര്‍ത്തകര്‍ വാളും പരിചയുംതന്നെ സമ്മാനിച്ചു. തെരഞ്ഞെടുപ്പുയുദ്ധം വരാന്‍ പോകുന്നുവെന്ന മുന്നറിയിപ്പും ആ വാള്‍ത്തലയില്‍ മിന്നി...'

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിച്ച കേരള മോചനയാത്ര ആലപ്പുഴയിലെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ച. തൊട്ടടുത്തദിവസം, ശനിയാഴ്ച രാവിലെ മലയാള മനോരമ വലിയ വെണ്ടയ്ക്കനിരത്തി വായനക്കാരെ അറിയിച്ച റിപ്പോര്‍ട്ടിന്റെ തുടക്കമാണു മേല്‍ ഉദ്ധരിച്ചത്. വിമോചനസമരത്തിനു ആവേശം പകര്‍ന്നു കെ.എസ്.യു നടത്തിയ ഒരണസമരത്തിന്റെ ഓര്‍മ്മകള്‍ പകര്‍ന്നാണു നീലപ്പറവകളുടെ കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതെന്നു വ്യക്തം.

പക്ഷേ, അത് 1959ല്‍. ഇന്നു കാലം മാറി 2011ലെത്തി. മനോരമ പറഞ്ഞ വാളും പരിചയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതിവയ്ക്കുമ്പോള്‍ മലപ്പുറത്ത് മുസ്ളിംലീഗിലെ പ്രബലന്റെ അറിവോടെ മറ്റു ചിലര്‍ മൂര്‍ച്ഛയേറിയ വാളും പരിചയുംതന്നെ തയ്യാറാക്കിയിരുന്നു. അതുപക്ഷേ, ഉമ്മന്‍ചാണ്ടിക്കു ആലപ്പുഴയില്‍ ലഭിച്ചപോലെത്തെ മൂര്‍ച്ഛപോയ വാളായിരുന്നില്ല. ആ വാള്‍ത്തല വേണ്ടപോലെ മിന്നിയപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്ര ആശുപത്രിക്കിടക്കയില്‍ പനിച്ചുകിടപ്പായി. നോക്കണേ! ഒരു യാത്രയുടെ ഗതികേട്!!

'പുരുഷാരത്തിനു നടുവില്‍ ക്ഷീണം മറന്ന് ഉമ്മന്‍ചാണ്ടി' എന്നായിരുന്നു അന്നത്തെ വാര്‍ത്തയ്ക്കു മനോരമ നല്‍കിയ ബാനര്‍ തലക്കെട്ട്. ആ ദിവസം ആലപ്പുഴയില്‍ രണ്ടാംദിവസത്തെ യാത്രയ്ക്കു തയ്യറാറെടുത്ത ഉമ്മന്‍ചാണ്ടി മനോരമ വാര്‍ത്ത കണ്ട് ഞെട്ടിയത്രെ. ക്ഷീണം മറന്നു ഉമ്മന്‍ചാണ്ടി എന്നു കൊടുത്തതിലല്ല മറിച്ച്, പുരുഷാരത്തെ കണ്ട് ഞെട്ടി എന്നു പറഞ്ഞതിനാല്‍...! എത്ര ആലോചിച്ചിട്ടും മനോരമ പറഞ്ഞതുപോലെ തലേദിവസം പുരുഷാരം എവിടെയായിരുന്നു എന്ന് അദ്ദേഹത്തിനു കാണാനായില്ല. മനോരമ ഒന്നാംപേജില്‍ കൊടുത്ത തന്റെ പടത്തില്‍ നോക്കി. കണ്ടില്ല. രണ്ടാംപേജില്‍ മുട്ടിവിളിച്ചു. കണ്ടതേയില്ല. മൂന്നാംപേജില്‍ കാണാനേയില്ല. നാലാംപേജും നല്‍കിയതു നിരാശമാത്രം. അന്നിറങ്ങിയ മലയാള മനോരമയുടെ 20 പേജും പരതി. പുരഷാരം പോയിട്ടു 300 പേരെപോലും കണ്ടില്ലത്രെ. പിന്നെയെങ്ങനെ ഉമ്മന്‍ചാണ്ടി ഞെട്ടാതിരിക്കും. ഹല്ല, പിന്നെ...!!

മോചനയാത്ര അന്നു ഒരുവിധം ഒപ്പിച്ചപാട് അദ്ദേഹത്തിനേ അറിയൂ. കാരണം ജില്ലയില്‍ കടന്നദിവസംതന്നെ മലപ്പുറത്തും കോഴിക്കോട്ടുമായി ചില വാളുകള്‍ മിന്നി. മിന്നല്‍പ്പിണര്‍ കണക്കെ അവ ചുഴറ്റിവന്നു വീണതു ഉമ്മന്‍ചാണ്ടിയുടെ തലയില്‍. വാസ്തവം പറഞ്ഞാല്‍ ഈ യാത്രയില്‍നിന്നു എങ്ങനെയെങ്കിലും മോചനം തരണേ എന്നു പ്രാര്‍ഥിച്ച ഉമ്മന്‍ചാണ്ടിക്കു മലപ്പുറം വാള്‍ മിന്നിയതോടെ മോചനം സിദ്ധിക്കുകയും ചെയ്തു. 'പൊട്ടി മോനേ, ലഡു പൊട്ടി...' എന്നു ഏതോ പരസ്യത്തില്‍ പറയുംപോല്‍ മനോരയുടെ മുനയൊടിഞ്ഞ വാള്‍ത്തല നോക്കി ഉമ്മന്‍ചാണ്ടി തലയ്ക്കു കൈയും കൊടുത്തിരിപ്പായി, പിന്നെ കിടപ്പായി, രണ്ടുദിവസം ജാഥ നടക്കില്ലെന്നും ഉറപ്പായി. ഇല്ലാത്ത പുരുഷാരത്തെ തലക്കെട്ടില്‍ നല്‍കി ഉമ്മന്‍ചാണ്ടിക്കു ഊര്‍ജം പകരാന്‍ ശ്രമിച്ചു തോറ്റുപോയ മനോമയിലെ 'കുഞ്ഞുങ്ങളെ' നോക്കി, കുഞ്ഞുങ്ങളെ നിങ്ങളും എന്നെ തകര്‍ത്തു കളഞ്ഞല്ലോ, ആ കുഞ്ഞാലിക്കുട്ടിയെപോലെ എന്നുറക്കെ അലറിയത്രെ. ശേഷം അദ്ദേഹം ശരണം പ്രാപിച്ചത് ആലപ്പുഴയിലെ ഡോക്ടര്‍മാരെയായിരുന്നു...!

കടപ്പാട്: ദേശാഭിമാനി