09 February, 2011

മനോരമയുടെ മുഖപ്രസംഗം നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പലക

മലയാളമനോരമയുടെ ഫെബ്രുവരി നാലിന്റെ മുഖപ്രസംഗം ആ പത്രത്തിന്റെ ധാര്‍മികനിലവാരം കുത്തനെ താഴ്ന്ന് നെല്ലിപ്പടിവരെ എത്തിനില്‍ക്കുകയാണെന്ന സൂചനയാണ് നല്‍കുന്നത്. മുഖപ്രസംഗത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ പറയുന്നു:

"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

മുഖപ്രസംഗം തയ്യാറാക്കിയ പത്രാധിപര്‍ സ്വന്തം പത്രത്തില്‍ ഒന്ന് കണ്ണോടിച്ചിരുന്നെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ ഇത്രയും നീചമായ ഭാഷയില്‍ ആക്ഷേപം ചൊരിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ മലയാളമനോരമയില്‍ ജനുവരി 29ന് വന്ന രണ്ടുമൂന്ന് റിപ്പോര്‍ട്ടുകളിലേക്കാണ് മനോരമ പത്രാധിപരുടെ ശ്രദ്ധക്ഷണിക്കാന്‍ ആഗ്രഹിക്കുന്നത്.

ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്. ജനുവരി 29ന്റെ മനോരമയില്‍ 'രാഷ്ട്രീയരസമാപിനി ഉയരുന്നു; ലീഗ് നിലപാട് നിര്‍ണായകം' എന്ന സുജിത് നായര്‍ തയ്യാറാക്കിയ ലേഖനം കാണാനുണ്ട്. അതില്‍ കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്നത് ഇങ്ങനെയാണ്:

"മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറുതലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍‍''.

ലേഖനം തുടരുന്നു:

"കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണപ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''.

അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് എന്ത് പിഴച്ചുവെന്ന് വ്യക്തമാക്കാനുള്ള ചുമതല മലയാളമനോരമയ്ക്കുണ്ട്. ലേഖനം തുടരുന്നു:

"തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''

ഈ ലേഖനം ശ്രദ്ധിച്ച് വായിച്ചാല്‍ മുസ്ളിംലീഗിനകത്തെ ആഭ്യന്തരകലഹമാണ് വെളിപ്പെടുത്തലിന് കാരണമെന്ന് വ്യക്തമല്ലേ? സിപിഐ എം അവധാനതയോടെമാത്രമേ പെരുമാറുന്നുള്ളൂ എന്നുകൂടി പറഞ്ഞാല്‍ മനോരമ എഴുതിയ മുഖപ്രസംഗം തികച്ചും വസ്തുതാവിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിയും.

ഫെബ്രുവരി അഞ്ചിന്റെ മനോരമയുടെ ഒന്നാം പേജിലെ ലീഡ് വാര്‍ത്തയിലെ പ്രസക്തഭാഗംകൂടി ഉദ്ധരിച്ചാലേ ചിത്രം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതിങ്ങനെ:

"ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''

മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി അതേ പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി എം കെ മുനീറിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചത് മനോരമതന്നെ റിപ്പോര്‍ട്ട്ചെയ്തു. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമാണ് ഐസ്ക്രീം കേസിനെപ്പറ്റിയുള്ള വെളിപ്പെടുത്തലെന്ന് കുഞ്ഞാലിക്കുട്ടി സംശയരഹിതമായി തുറന്നുപറയുമ്പോള്‍ മനോരമ മുഖപ്രസംഗത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് നെറികെട്ട പത്രപ്രവര്‍ത്തനമല്ലേ? സ്വന്തം പത്രത്തിലെ റിപ്പോര്‍ട്ടുകള്‍ വായിച്ച് മനസ്സിലാക്കി സമചിത്തതയോടെ കാര്യങ്ങള്‍ വിലയിരുത്തി തെറ്റായി എഴുതിയ മുഖപ്രസംഗം പിന്‍വലിച്ച് വായനക്കാരോട് മാപ്പുപറയാനുള്ള ആര്‍ജവം മനോരമ കാണിക്കുകമാത്രമാണ് ആ പത്രത്തിന് കരണീയമായിട്ടുള്ളത്. തെറ്റ് ചെയ്തെന്ന് സ്വയം ബോധ്യപ്പെട്ടാല്‍ തിരുത്താന്‍ മടി കാണിക്കേണ്ടതില്ലല്ലോ. അതാണല്ലോ പത്രധര്‍മവും മാന്യതയും.

ജനുവരി 29ന്റെ മനോരമ പ്രസിദ്ധീകരിച്ച സ്വന്തം ലേഖകന്റെ 'പൊട്ടിയത് ലീഗില്‍ അസ്വസ്ഥതപകര്‍ന്ന അഗ്നിപര്‍വതം' എന്ന എട്ടുകോളം വാര്‍ത്തകൂടി പരാമര്‍ശിക്കാതെപോകുന്നത് ശരിയായിരിക്കുകയില്ല. ഇതുകൂടി വായിക്കണമെന്ന് പത്രാധിപരോട് ശുപാര്‍ശചെയ്യുന്നു.

"പക്ഷേ, വധഭീഷണിക്കുപകരം റൌഫിനെ വഴിവിട്ട് സഹായിച്ചുവെന്ന കുറ്റസമ്മതം ചാനലുകളില്‍ വലിയ ചര്‍ച്ചയായത് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായി.''

ഈ വാചകത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ അസാമാന്യമായ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചടിയായത് സ്വന്തം പത്രസമ്മേളനമാണ്. സ്വയംകൃതാനര്‍ഥം എന്ന് വ്യക്തമായ ഒരു കാര്യത്തിന് എല്‍ഡിഎഫിന്റെ പേര് എന്തിന് വലിച്ചിഴയ്ക്കണം. താന്‍ മന്ത്രിയായ കാലത്ത് ബന്ധുവും ഉറ്റമിത്രവും മനഃസാക്ഷി സൂക്ഷിപ്പുകാരനുമായ റൌഫിനുവേണ്ടി പലതും വഴിവിട്ട് ചെയ്തെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്തെങ്കിലും പ്രകോപനമുണ്ടായ സാഹചര്യത്തില്‍ അബദ്ധത്തില്‍ നാവില്‍നിന്ന് വീണുപോയതല്ല. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ഇതുകേട്ടയുടനെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വേണ്ടതുപോലെ പ്രതികരിച്ചു. വൈകിയാണെങ്കിലും തെറ്റ് തുറന്നുസമ്മതിച്ച കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിക്കുന്നുവെന്നാണ് അന്നത്തെ മുഖ്യമന്ത്രികൂടിയായിരുന്ന ഉമ്മന്‍ചാണ്ടി പറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ ഈ കുറ്റസമ്മതത്തെയാണ് സത്യപ്രതിജ്ഞാലംഘനമെന്ന് നിയമജ്ഞര്‍ വിലയിരുത്തിയത്. സ്വന്തം ലേഖകന്റെ ഒരുവാചകവുംകൂടി ഇവിടെ ഉദ്ധരിച്ചാലേ ചിത്രം വ്യക്തമാകുന്നുള്ളൂ.

"വിവാദം സിപിഎമ്മിനും ലീഗ് വിട്ട് സിപിഎം സഹയാത്രികരായവര്‍ക്കും ഐഎന്‍എല്‍ സെക്കുലറിനും അപ്രതീക്ഷിതമായി ലഭിച്ച മികച്ച ആയുധമായി. അതേസമയം അസമയത്തുണ്ടായ വിവാദം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിറങ്ങുന്ന ലീഗ് അണികളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.''

മനോരമ ലേഖകന്‍ പറയുന്ന ഈ ആശങ്കയായിരിക്കണം പത്രാധിപരെയും നിരാശയിലകപ്പെടുത്തിയത്. സിപിഐ എമ്മിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ഇടതുപക്ഷം ഒളിക്യാമറയെ അഭയംപ്രാപിച്ചെന്ന ആരോപണം സ്വയം തകര്‍ന്ന് തരിപ്പണമായില്ലേ. വ്യക്തിഹത്യയെക്കുറിച്ചും മുഖപ്രസംഗകാരന്‍ ആശങ്കപ്പെടുന്നുണ്ട്. കഷ്ടമെന്നു പറയണോ ചിരിക്കണോ എന്നറിയില്ല. രാഷ്ട്രീയ എതിരാളികളുടെ സ്വഭാവഹത്യയിലും വ്യക്തിഹത്യയിലും മനോരമയും അതിന്റെ രാഷ്ട്രീയനേതൃത്വവും എന്തൊക്കെ പരീക്ഷണങ്ങള്‍ നടത്തി എന്ന് മലയാളിക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ടതുണ്ടോ?

ഇനി റൌഫ് വെളിപ്പെടുത്തിയ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത അതീവഗുരുതരമായ കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് കടക്കാം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗില്‍ ഏറെക്കാലമായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നതും താല്‍ക്കാലികമായി ഒതുക്കിവച്ചതുമായ പ്രശ്നങ്ങളാണ് ഇപ്പോള്‍ അണപൊട്ടി പുറത്തേക്കൊഴുകിവന്നത്. അത് അഗ്നിപര്‍വതമായും ബോംബായുമൊക്കെ മനോരമ ലേഖകര്‍ വിശേഷിപ്പിച്ചത് സൌകര്യപൂര്‍വം മറക്കാന്‍ കഴിയുന്നതല്ല. മുസ്ളിംലീഗിനകത്തേത് മുനീറുമായി ഒത്തുതീര്‍പ്പുണ്ടാക്കിയാലും പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമല്ല. പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡിപ്പിക്കപ്പെട്ട റജീന ഇന്ത്യാവിഷന്‍ ചാനലില്‍ വെളിപ്പെടുത്തിയ കാര്യം ശ്രോതാക്കള്‍ക്ക് ഓര്‍മയുണ്ട്. ചെറൂട്ടി റോഡിലെ ഇന്ത്യാവിഷന്‍ ചാനല്‍ ഓഫീസിനുനേരെയുണ്ടായ ആക്രമണവും മറന്നുകാണുകയില്ല. അതേ ചാനലാണ് ഇപ്പോള്‍ റൌഫിന്റെ വെളിപ്പെടുത്തല്‍ സംപ്രേഷണം ചെയ്തത്.

റൌഫ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരുടെയെങ്കിലും അടുക്കളക്കാര്യമല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. പ്രായപൂര്‍ത്തിയാകാത്ത ഏതാനും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു. അവര്‍ക്ക് പണം നല്‍കി മൊഴി തിരുത്തിച്ചു. തിരുത്തിയ മൊഴി കോഴിക്കോട്ടെ ഒരു അഭിഭാഷകനായ നോട്ടറി പബ്ളിക്കിന്റെ സാക്ഷ്യപ്പെടുത്തലോടെ സ്റാമ്പ് പേപ്പറില്‍ രേഖപ്പെടുത്തി വാങ്ങി. ഇത് ഗൌരവമായ ഒരു കുറ്റകൃത്യം തേച്ചുമായ്ച്ചുകളയാനുള്ള ഹീനശ്രമമാണ്. കുഞ്ഞാലിക്കുട്ടി കേസില്‍ പ്രതിയാകാതിരിക്കാനാണ് റൌഫ് ഇത് ചെയ്തത്. തെളിവ് നശിപ്പിക്കുന്നതും അതിന് കൂട്ടുനില്‍ക്കുന്നതും കുറ്റകൃത്യമാണ്. രണ്ടാമതായി കേസില്‍ അനുകൂലവിധിയുണ്ടാകാന്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതായും താന്‍ അതിന് സാക്ഷിയാണെന്നും റൌഫ് വെളിപ്പെടുത്തി. ഇത് ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാനിടവരുത്തുന്നതാണ്. അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. അതിന് ജുഡീഷ്യറിതന്നെ മുന്‍കൈയെടുക്കണം. മൂന്നാമതായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി എത്താത്തവരായിരുന്നെങ്കിലും പ്രായപൂര്‍ത്തിയായവരാണെന്ന് കാണിക്കാന്‍ തെറ്റായ രേഖകള്‍ ഹാജരാക്കി. നാലാമതായി അവിഹിതമായ സ്വത്ത് സമ്പാദിച്ചു. അഞ്ചാമതായി അവിഹിതമായി ആര്‍ജിച്ച പണം വിദേശബാങ്കില്‍ നിക്ഷേപിച്ചു. ഈ വെളിപ്പെടുത്തലിന്റെ പേരിലാണ് സ്പെഷ്യല്‍ ഇന്‍വെസ്റിഗേഷന്‍ ടീം അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.

ഗൌരവസ്വഭാവമുള്ള ഈ കുറ്റകൃത്യങ്ങള്‍ മറച്ചുവയ്ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ ചെളിവാരിയെറിഞ്ഞതുകൊണ്ടോ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ചുമലില്‍ കുറ്റം ഇറക്കിവച്ചതുകൊണ്ടോ യുഡിഎഫ് നേതൃത്വത്തിന് രക്ഷപെടാന്‍കഴിയുമെന്ന് കരുതേണ്ടതില്ല. യുഡിഎഫിന്റെ ജീര്‍ണമുഖമാണ് റൌഫിന്റെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. അതില്‍ വിട്ടുവീഴ്ചയുടെ പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് അധികാരത്തില്‍ വരാനിടയായാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അതൊഴിവാക്കാനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

*
വി വി ദക്ഷിണാമൂര്‍ത്തി

No comments:

Post a Comment

Visit: http://sardram.blogspot.com