28 November, 2011

ടി കെ ഹംസ കമ്യൂണിസ്റ്റായ കഥ

മൈലാഞ്ചികൈയില്‍ പുസ്തകക്കെട്ടുമായി കൊച്ചു മൊഞ്ചത്തികളും, ഇശലുകള്‍ പെയ്യുന്ന ഖല്‍ബുമായി കുട്ടിക്കുറുമ്പന്മാരും നടന്നു നീങ്ങിയ മലപ്പുറത്തിന്റെ വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. പോക്കുവെയിലിന്റെ ഇളം ചൂടേറ്റ് ബീഡിതെറുത്ത തൊഴിലാളികള്‍ക്കിടയിലിരുന്ന് കട്ടന്‍ചായ കുടിച്ച സമ്പന്നമായ വൈകുന്നേരങ്ങളെക്കുറിച്ചാണ് അന്നത്തെ ഒരു കൊച്ചുവീരന് പറയാനുള്ളത്.


    കൂരാട് എന്ന ഗ്രാമത്തിലെ പഴകിയ കെട്ടിടത്തിന്റെ തിണ്ണയില്‍ ചാരിയിരുന്ന് ബീഡിതെറുത്ത ഇക്കാക്കമാര്‍ക്ക്, 'ദേശാഭിമാനി'യും 'നവയുഗ'വുമൊക്കെ വായിച്ചുകൊടുത്ത ഹൈസ്കൂള്‍കാരന്‍ . അവന്റെ വായനയില്‍നിന്നുതിരുന്ന വാക്കുകള്‍ കേട്ട് അവര്‍ സന്തോഷത്തോടെ ബീഡി തെറുക്കും. അതും കഴിഞ്ഞ് അവര്‍ക്കൊപ്പം കട്ടന്‍ചായയും കുടിച്ചിരിക്കുമ്പോഴാണ് അവരുടെ സംഭാഷണത്തില്‍ നിന്നുയരുന്ന രാഷ്ട്രീയചിന്താധാരകള്‍ അവന്റെ മനസ്സിലേക്കും പടരുന്നത്.

    തൊഴിലാളിവര്‍ഗത്തിന് ഒരു രാഷ്ട്രീയമുണ്ടെന്നും അതിനിടയില്‍ ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും ആദ്യമവനറിഞ്ഞത് ആ ബീഡിത്തൊഴിലാളികളുമായുള്ള പരിചയത്തില്‍നിന്നാണ്. പിന്നെ, പലപ്പോഴും പന്തു കളിക്കാനും സിനിമ കാണാനുമൊക്കെ അവരോടൊപ്പം ആ കൊച്ചുബാലനും പോയി.

    ഒരു കമ്യൂണിസ്റ്റു കുടുംബാംഗമല്ലാതിരുന്നിട്ടും ഇടത്തരം മുതലാളി കുടുംബത്തില്‍ പിറന്നിട്ടും, ഹംസ എന്ന കൗമാരക്കാരന്‍ അന്നും തൊഴിലാളികളുമായി ബന്ധം പുലര്‍ത്തി. കര്‍ഷക കുടുംബത്തില്‍നിന്ന് പാട്ടം വാങ്ങുന്ന ഒരു കുടുംബമായിരുന്നു അവന്റേത്. പാട്ടം കൊടുക്കേണ്ടതില്ല എന്ന നിലപാടില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുമ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍നിന്ന് എതിര്‍പ്പുണ്ടായി. അതുകൊണ്ടുതന്നെ അന്നവന്റെ രാഷ്ട്രീയപ്രവര്‍ത്തനവും കുടുംബം കാണിച്ച വഴിയില്‍ത്തന്നെയായി. അങ്ങനെ കോണ്‍ഗ്രസ്സുകാരനായിത്തീര്‍ന്ന ഹംസ ആ പാര്‍ടിയുടെ നേതാവുമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിലപാട് മാറ്റി. തൊഴിലാളികളുടെ ഉന്നമനത്തിനായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ടി കെ ഹംസ ഇന്ന് മറ്റൊരു ചരിത്രം.

    വണ്ടൂരിനടുത്തെ കൂരാട് ഗ്രാമത്തിലെ ആ കൊച്ചു ബീഡിക്കമ്പനിയിലെ ഇന്നത്തെ തൊഴിലാളികള്‍ക്കാകട്ടെ കെ ഹംസ വെറുമൊരു രാഷ്ട്രീയക്കാരനല്ല. സ്നേഹത്തോടെയുള്ള 'ബഡ്കൂസ്' വിളിയും പ്രസംഗത്തിനിടയില്‍ മാപ്പിളപ്പാട്ടുമായി തനി നാടന്‍ശൈലിയില്‍ 'ഹംസാക്ക' അവര്‍ക്കെല്ലാം പ്രിയങ്കരനാണ്. സ്നേഹത്തിന്റെയും സംഘബോധത്തിന്റെ തൂവെള്ളക്കുളിരുമായി നില്‍ക്കുന്ന സഖാവ് ടി കെ ഹംസ.

    അതുകൊണ്ടു തന്നെയാണ് തൊഴിലാളിവര്‍ഗത്തെ, അവരോപ്പം നില്‍ക്കുന്ന സിപിഐ എം എന്ന പ്രസ്ഥാനത്തെ നെഞ്ചേറ്റാനുള്ള സാഹചര്യം വിവരിച്ച് ടി കെ ഹംസ ആത്മകഥയെഴുതാന്‍ തയ്യാറായതും. ഹംസ എന്ന കമ്യൂണിസ്റ്റുകാരന്റെ സമകാലദൗത്യം വിവരിക്കുന്ന ആത്മകഥ 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മകഥ ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കോഴിക്കോട് വന്നപ്പോഴാണ് ടി കെ ഹംസയെ കണ്ടത്. ഉള്ളിലൊരു പാട്ടിന്റെ താളമൊളിപ്പിച്ച് വൈകി ഇറങ്ങിയ 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിനു ശേഷം ഇറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി'. എഴുത്തിന്റെ പാതയിലേക്ക് വൈകി എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:

    'എനിക്ക് എന്നെപ്പറ്റി ഒരു ധാരണയുണ്ടായിരുന്നു. അത് വേറൊന്നും അല്ല. എന്നില്‍ സര്‍ഗാത്മകത ഇല്ല എന്ന വിചാരം. ചെറുപ്പത്തില്‍ എഴുതി നോക്കിയിട്ടുണ്ട്. പിന്നെ പ്രസംഗത്തിലായി ശ്രദ്ധ. 14 വയസ്സില്‍ പ്രസംഗം തുടങ്ങിയതോടെ പിന്നെ എഴുതാന്‍ നോക്കിയിട്ടില്ല. കാലം കഴിഞ്ഞപ്പോള്‍ സംഗീതനാടക അക്കാദമിയുടെ ഒരു വാര്‍ഷികസമ്മേളനത്തില്‍ മാപ്പിളകലയെക്കുറിച്ച് സംസാരിച്ചത് കുറേപ്പേര്‍ ക്ഷണിച്ചു. റംലാബീഗം, ആയിഷാബീഗം, വി എം കുട്ടി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു. അവര്‍ ഇതേക്കുറിച്ച് എഴുതാന്‍ എന്നോട് പറഞ്ഞു. പിന്നെ ഇതേ വിഷയം തിരൂര്‍ തുഞ്ചന്‍പറമ്പിലും സംസാരിച്ചു. എം ടി വാസുദേവന്‍ നായരും പരിപാടിക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഇത് പുസ്തകരൂപത്തില്‍ ആക്കണമെന്ന് നിര്‍ദേശിച്ചത്. 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിന് കേരളത്തില്‍ അംഗീകാരവും കിട്ടി.

    പാടിക്കേട്ട ഓര്‍മയില്‍നിന്നു ചികഞ്ഞെടുത്ത പാട്ടിന്റെ ഈണവും താളവും ഭാവഭംഗിയുമൊക്കെ പകര്‍ത്തി രചിച്ച പുസ്തകത്തില്‍നിന്നുള്ള ഈരാടികളിലേക്കായി പിന്നെ..

    'പൂമകളാണെ ഹുസ്നല്‍ ജമാല്‍

    പുന്നാരത്താളം മികന്ത ബീവി.......

    ' ചീഫ് വിപ്പ്, മന്ത്രി, എം പി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തന മികവുമായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനകീയ നേതാവായി മാറിയ ടി കെ ഹംസ ഇങ്ങനെയൊക്കെയാണ്... ഏറനാടന്‍ ഭാഷയുടെ നാടന്‍ ഭാവുകത്വം മാറാതെ, ഇടയ്ക്കിടക്ക് നര്‍മം വിതറി സംസാരിക്കുന്ന നാട്ടുകാരുടെ 'ഹംസാക്ക'യോട് കൂടുതല്‍ സംസാരിച്ചാല്‍ , അദ്ദേഹം സോക്കറിന്റെയും സിനിമയുടെയും ലോകത്തേക്ക് പോകും. ഉമ്മ പാടിയ മാലപ്പാട്ട് കേട്ട് പാട്ടിനോട് താല്‍പ്പര്യം തോന്നിയ കഥമുതല്‍ , സ്കൂളില്‍ പഠിക്കുമ്പോള്‍ വളര്‍ന്നുതുടങ്ങിയ ഫുട്ബോള്‍ കമ്പംവരെ അതുനീണ്ടു പോയി. സന്തോഷ് ട്രോഫി ടൂര്‍ണമെന്റും ഡ്യൂറന്റ് കപ്പുമെല്ലാം കടന്ന് നിയമസഭാംഗമായിരിക്കെ ഫുട്ബോള്‍ മാച്ചില്‍ പങ്കെടുത്ത ഓര്‍മകളിലേക്കായി പിന്നെ നടത്തം. അന്ന് താന്‍ ആശ്വാസഗോള്‍ നേടിയ കഥ പറയുമ്പോള്‍ ആ മുഴുനീള രാഷ്ട്രീയക്കാരന്റെ മുഖത്ത് കണ്ടത് ഗോളടിച്ച സന്തോഷം.

    മാപ്പിളപ്പാട്ടിന്റെ ജ്വരത്തില്‍നിന്നും സിനിമയുടെ ലോകമാണ് പിന്നെ തുറന്നത്. കുട്ടിക്കാലംമുതല്‍ സിനിമാക്കമ്പവും തലയ്ക്കു പിടിച്ചിരുന്നു. കോഴിക്കോട് നിന്നാണ് ആദ്യം സിനിമ കണ്ടത്. അതും തിക്കുറിശി നായകനായ 'സ്ത്രീ' എന്നചിത്രം. പിന്നെ വണ്ടൂരിലും തിയറ്റര്‍ എത്തി. അങ്ങനെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. ഹിന്ദിതാരം ദിലീപ് കുമാറിന്റെ ചരിത്രം വായിച്ച് ആവേശം കൊണ്ട കാലമായിരുന്നു അന്ന്. സിനിമയില്‍ എന്നും ഏറ്റവും ആരാധന തോന്നിയത് ദിലീപ്കുമാറിനോടാണ്.

    'പണ്ട് വക്കീല്‍വേഷത്തിലിരിക്കുമ്പോള്‍ സ്നേഹിതനായ ശ്രീധരന്‍ വക്കീലിന്റെ അടുത്ത് പ്രാക്ടീസ് ചെയ്ത ആളാണ് മുഹമ്മദ്കുട്ടി. പിന്നെ അയാള്‍ മമ്മൂട്ടിയായി. അദ്ദേഹത്തോട് അന്ന് സൗഹൃദമുണ്ടായിരുന്നു. അന്നേ മമ്മൂട്ടിക്ക് കലാതാല്‍പ്പര്യമുണ്ടായിരുന്നു. മഞ്ചേരിയില്‍ ഹാര്‍മോണിയം തേടി മമ്മൂട്ടി എന്റെടുത്ത് വരും. ഞാന്‍ പാടുമ്പോള്‍ ഇടയ്ക്ക് വെള്ളി വീഴുന്നത് മമ്മൂട്ടിയാണ് ചൂണ്ടിക്കാണിച്ചത്'.

    രാഷ്ട്രീയവും സാഹിത്യവും സിനിമയും സ്പോര്‍ട്സും സംഗീതവും തുടങ്ങി ഏതു വിഷയം സംസാരിച്ചാലും ടി കെ ഹംസയ്ക്ക് പറയാന്‍ ഒരുപാടുണ്ടാകും. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാണികളുടെ മനം കവരുന്ന കണ്‍കെട്ടു വിദ്യക്കാരനായി മാറും. മാജികിന്റെ താവളമാണ് നിലമ്പൂര്‍ . വാഴക്കുന്നം നമ്പൂതിരി, മലയത്ത്, മുതുകാട് തുടങ്ങിയവരെല്ലാം അവിടെ നിന്നും വന്ന് ലോകമറിയുന്ന മജീഷ്യന്മാരായി. ഹംസയ്ക്ക് മാജികിനോടു കമ്പമുണ്ട്. നിലമ്പൂരിലെ കുഞ്ഞിക്കോയയില്‍നിന്നാണ് കണ്‍കെട്ടുവിദ്യ അഭ്യസിച്ചത്. പറഞ്ഞു പറഞ്ഞ് കൈയിലെ നാണയമൊളിപ്പിച്ച് ഇത്തിരി മാജിക്കും കാണിക്കാന്‍ തുടങ്ങി ആ ഏറനാട്ടുകാരന്‍ .

    കോല്‍ക്കളിയോടുള്ള പ്രിയവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. 'ഇത്ര ശാസ്ത്രീയവും ചടുലവുമായ കളി വേറെയില്ല,' ഹംസ വാചാലനായി.

    ഏറനാട്ടില്‍ വണ്ടൂരിനടുത്ത് കൂരാട് എന്ന സ്ഥലത്ത് ടി കെ മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനായി 1937ലാണ് ടി കെ ഹംസ ജനിച്ചത്. കാലം മുന്നേറിയപ്പോള്‍ കലയുടെയും സാംസ്കാരികതയുടെയും നിഷ്കളങ്ക സ്പര്‍ശമായി ഏറനാടിനുമപ്പുറത്തേക്ക് അദ്ദേഹം വളര്‍ന്നു. മലപ്പുറത്തുകാരന്റെ തനി നാടന്‍ പ്രസംഗത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്കു പ്രവേശിച്ച അദ്ദേഹം എഴുത്തിന്റെ വഴികളിലേക്കും കടന്നു. അതു തുടങ്ങുന്നതിനെപ്പറ്റി ഒരിക്കല്‍ എം എന്‍ കാരശ്ശേരി അദ്ദേഹത്തോട് പറഞ്ഞുനിങ്ങളുടെ അനുഭവം നിങ്ങള്‍ക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അങ്ങനെ ഒരു പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ അനുഭവങ്ങളാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

    പുസ്തകത്തിന് ആ പേരു വരാന്‍ തന്നെ ഒരു കാരണമുണ്ട്. അതേക്കുറിച്ച് ടി കെ ഹംസ പറയുന്നതിങ്ങനെ:

    'ഞാനൊരിക്കലും ഒരാളുടെയും നിര്‍ബന്ധത്തിനോ ക്ഷണം കൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ വന്നതല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയാദര്‍ശങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ തട്ടാനിടയായ പല സാഹചര്യങ്ങളുമുണ്ടായിരുന്നു. അത് കൃഷിപ്പണിക്കാരും ചെത്തുപ്പണിക്കാരുമായിട്ടുള്ള ചെറുപ്പത്തിലേയുള്ള ബന്ധവും, ബാല്യകാലത്ത് ബീഡിത്തെറുപ്പുകാരുമായിട്ടുള്ള അടുപ്പവും, തൊഴിലാളിവര്‍ഗപ്രശ്നങ്ങള്‍ അടുത്തറിയാന്‍ ഇടയായി. അതിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് ആലോചിക്കാനും ഇടയായി. അങ്ങിനെ ഒരു സന്ദര്‍ഭം വന്നപ്പോള്‍ , 1953 മുതല്‍ ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയായി.
  *എ. പി. സജീഷ്

Mullaperiyar Dam

Mullaperiyar Dam
During 1895 it was commissioned
Designed by Er: Penny Kuik
With a life Span of 50 years
Recommended for reconstruction during 1979
Dam is on fault Zone
Repeated tremors are occurring
Last one with intensity 3.4
Epicenter of earth quake is only 34 K M from dam
Now maximum storage is +136 feet
Water capacity is 15 T M C
Possibility of tremor of intensity 6 to 6.5
Now there are  repeated tremors
20 quakes reported after july 26 2011
Strengthening of structure programmed during 1979.
Some grouting done after
No foundation strengthening yet done.
Is the 116 years structure can function  safely  ?
Alternate Dam is the only Solution?
Life threat of 30 lakhs people in Kerala
Are we waiting for an unhappy event ?
Earth Quake and its intensity cannot be predicted in advance
On an Unhappy event nothing can be by Disaster Management Team ?
How the Disaster management team reaches The Dam site  ?
Bridges at periyar, Chappathu and Cheruthoni fails due to water bomb?
Total failure of C D Works in roads   ?
Whole transportation net work fails and idduki district will divide
Possibility of failure of cheruthoni  , kulamavu  and Iddukki arch dam
Cannot be forgotten?
K S E B and Irrigation has to study the after effects of an event ?
District administration and Roads to choke out solution of conveyance net work ?
Disaster management is in chides stage.
Give Training to N G O ‘s, Fire force, Police and Navy to do need full
Strengthen Fire Force and Start units at Kumily ,Vadiperiyar and Peer made
With required  trained staff, equipments and vehicle
Give training  to people to face situations
Installation of additional seismograph’s will never help the poor people going to be affected
For disaster management Choke out a correct program.
*ബിജു.വി.

25 November, 2011

സദാചാര പൊലീസും ജനാധിപത്യ സദാചാരവും

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ്ബാവ എന്ന ഇരുപത്താറുകാരന്‍ കൊല്ലപ്പെട്ടത് കേരളത്തെയാകെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു. ഗള്‍ഫില്‍നിന്ന് ഈയിടെ തിരിച്ചെത്തിയ ഷാഹിദിനെ അദ്ദേഹത്തിെന്‍റ സുഹൃത്തിെന്‍റ വീട്ടിെന്‍റ അടുത്തുവെച്ചാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. സുഹൃത്തിെന്‍റ ഭാര്യയുമായി ഇയാള്‍ക്കുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയായിരുന്നത്രേ ആക്രമണം നടന്നത്. ഇത്തരം സദാചാര പൊലീസ് ചമയുന്ന സംഭവങ്ങള്‍ കേരളത്തില്‍ പലയിടത്തായി നടക്കുന്നുണ്ട്. ഈ സംഭവത്തോടൊപ്പം തൊടുപുഴയില്‍ സ്വന്തം പെങ്ങളെ കൂട്ടാന്‍ചെന്ന ഒരു എസ്ഐയെ കുറെപ്പേര്‍ ചേര്‍ന്ന് ആക്രമിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റ്യാടിയില്‍ മിശ്രവിവാഹത്തിനു തയ്യാറായി റെജിസ്റ്റര്‍ ഓഫീസില്‍ എത്തിയ പെണ്‍കുട്ടിയെ കുറെപ്പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. ജാതിക്കും മതത്തിനും അതീതമായ പ്രണയങ്ങള്‍ , അവിഹിതബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം സദാചാരലംഘനമാണെന്ന് ആരോപിച്ച് അവരെ നാട്ടുകാര്‍ കൈകാര്യംചെയ്യുന്ന പ്രവണത ശക്തമാണ്.

    

    വ്യക്തമായ ജാതി മത താല്‍പര്യങ്ങളുള്ളവരാണ് പൊതുവില്‍ സദാചാര പൊലീസ് ചമയുന്നത്. ചിലയിടങ്ങളില്‍ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവരും സദാചാര പൊലീസായി മാറാറുണ്ട്. സദാചാരം എന്നാല്‍ എന്ത്? നിയമപരമായും അല്ലാതെയും സ്ത്രീപുരുഷ ബന്ധങ്ങളിലാണ് സദാചാരം ഒതുങ്ങിനില്‍ക്കുന്നത്. മോഷണം, പിടിച്ചുപറി, മര്‍ദ്ദനങ്ങള്‍ , കൊലപാതകങ്ങള്‍ മുതലായവ കുറ്റകൃത്യങ്ങളായി കരുതുമെങ്കിലും അവ 'സദാചാര'ത്തിെന്‍റ പ്രശ്നങ്ങളായി കരുതപ്പെടുന്നില്ല. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പും നാനോ എക്സല്‍ തട്ടിപ്പുമൊക്കെ തട്ടിപ്പുകളാണ്. സദാചാര പ്രശ്നങ്ങളല്ല. അതായത് സദാചാരം സ്ത്രീപുരുഷബന്ധങ്ങളെപ്പറ്റിയുള്ള സാമൂഹ്യധാരണകളില്‍നിന്നാണ് രൂപപ്പെടുന്നത്. നിയമസംഹിതകളിലെ സദാചാര സങ്കല്‍പം സ്ത്രീപുരുഷ ബന്ധങ്ങളുടെ ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ്. സ്ത്രീപുരുഷബന്ധങ്ങളെ തകര്‍ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പരപുരുഷബന്ധം അല്ലെങ്കില്‍ പരസ്ത്രീ ബന്ധമാണെന്ന് നിയമം വിലയിരുത്തുന്നു. വ്യഭിചാരം വിവാഹമോചനം നേടുന്നതിന് മതിയായ കാരണമാണ്. വിവാഹം വേര്‍പെടുത്തുന്നതിന് മറ്റു കാരണങ്ങള്‍ ഇക്കാലത്ത് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഗാര്‍ഹിക പീഡനം, ഭാര്യയെ അവഹേളിക്കുക, കുടുംബം നോക്കാതിരിക്കുക, സ്വത്ത് അപഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും വേര്‍പെടുത്തുന്നതിലേക്കു നയിക്കാം. പക്ഷേ, അവയൊന്നും സദാചാര ലംഘനമായി കരുതപ്പെടുന്നില്ല. അതായത്, സദാചാരം പൂര്‍ണ്ണമായി ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള സങ്കല്‍പമാണ്. ലൈംഗികതയുടെ മേലുള്ള നിയന്ത്രണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലൈംഗിക സദാചാരത്തിെന്‍റ പരിമിതികള്‍ ലൈംഗികതയുടെ മേലുള്ള പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാ സമൂഹങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗോത്രവര്‍ഗസമൂഹങ്ങളില്‍പോലും ഗോത്ര സമൂഹം നിര്‍ണ്ണയിക്കുന്ന ചില പൊതുഘടകങ്ങള്‍ക്കുള്ളിലാണ് ലൈംഗികത നിര്‍വചിക്കപ്പെടുന്നത്. ഇന്നത്തെ സമൂഹത്തില്‍ സ്വതന്ത്ര ലൈംഗികതയ്ക്കുവേണ്ടി വാദിക്കുന്നവര്‍ ഉണ്ടെങ്കിലും അവര്‍ ഒരു ചെറു ന്യൂനപക്ഷമാണ്.
    

    ലൈംഗിക സദാചാരത്തെക്കുറിച്ചുള്ള നിര്‍വചനങ്ങള്‍ സമൂഹഘടനയനുസരിച്ച് മാറുന്നതും നമുക്കു കാണാം. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഒരുകാലത്ത് ബഹുഭര്‍ത്തൃത്വവും ബഹു ഭാര്യത്വവും നിലനിന്നിരുന്നു. പിന്നീട് നിയോഗം എന്ന പേരില്‍ മരിച്ചുപോയ ഭര്‍ത്താവിെന്‍റ സഹോദരനെ സ്വീകരിക്കുന്ന സമ്പ്രദായം അടുത്ത കാലംവരെ ഇന്ത്യന്‍ സമൂഹത്തില്‍ നിലനിന്നു. കേരളത്തിലെ ചില സമുദായങ്ങളില്‍ സഹോദരന്മാരെ ഭര്‍ത്താക്കന്മാരായി സ്വീകരിക്കുന്ന സമ്പ്രദായവും നിലനിന്നുപോന്നു. മരുമക്കത്തായം മറ്റൊരു രീതിയിലുള്ള സ്ത്രീപുരുഷബന്ധ സങ്കല്‍പമാണ്. നമ്പൂതിരിമാരും നായന്മാരും തമ്മിലുണ്ടായിരുന്ന സംബന്ധങ്ങള്‍ അടുത്ത കാലത്തു മാത്രമാണ് ഇല്ലാതെയായത്. ഇത്തരം വ്യത്യസ്ത വിവാഹമുറകളിലെല്ലാം വ്യത്യസ്ത സദാചാര സങ്കല്‍പങ്ങള്‍ നിലനിന്നതായി കാണാം. മദ്ധ്യകാല ഇന്ത്യയില്‍ കുലസ്ത്രീകളെ ചാരിത്ര്യത്തിെന്‍റയും പരിശുദ്ധിയുടെയും പ്രതിരൂപങ്ങളായി കണ്ടിരുന്നെങ്കില്‍ അതിനെതിരായ ഗണികാ സങ്കല്‍പവും അംഗീകരിക്കപ്പെടുന്നു. സദാചാരത്തിെന്‍റ മാനദണ്ഡങ്ങള്‍ ഇവര്‍ക്കുണ്ട്. രണ്ടുകൂട്ടര്‍ക്കും വെവ്വേറെയാണ്. ഇന്ത്യയില്‍ നിലവിലിരുന്ന അനുലോമ പ്രതിലോമ വിവാഹങ്ങള്‍ സദാചാരങ്ങളുടെ മാനദണ്ഡങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. ബ്രാഹ്മണ പുരുഷന്മാര്‍ക്ക് മറ്റേതു വര്‍ണങ്ങളില്‍നിന്നും സ്ത്രീകളെ സ്വീകരിക്കാം. ബ്രാഹ്മണസ്ത്രീകള്‍ക്ക് അത് നിന്ദ്യമാണ്. അതുകൊണ്ടാണല്ലോ പരപുരുഷന്മാരെ പ്രണയിച്ച ബ്രാഹ്മണസ്ത്രീകളെ 'അടുക്കളദോഷം' ചുമത്തി ഇല്ലങ്ങളില്‍നിന്ന് പുറത്താക്കി പടിയടച്ച് പിണ്ഡംവെയ്ക്കാനാരംഭിച്ചത്.
   

    അതേസമയം കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരത്തിനോടൊപ്പം നടത്താന്‍ കൊച്ചി മഹാരാജാവ് കല്‍പിച്ച പുരുഷവിചാരം നമ്പൂതിരിമാരുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയും ചെയ്തു. സദാചാരലംഘനം അന്നും ഇന്നും നടത്തുന്നത് സ്ത്രീകളാണ് എന്നാണ് സങ്കല്‍പം. ഇവിടെ സാമുദായിക ബുദ്ധിജീവികളും സദാചാര പൊലീസുകാരും വിശദീകരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീപുരുഷ ബന്ധങ്ങളില്‍ വളര്‍ന്നുവരേണ്ട സ്വാഭാവികമായ സൗഹൃദവും തുല്യതയും പരസ്പരവിശ്വാസവും നശിപ്പിക്കുകയും യാന്ത്രികമായ അടിമത്തബോധവും സ്ത്രീപുരുഷ ബന്ധങ്ങള്‍ ഭോഗത്തിനുവേണ്ടി മാത്രമാണെന്ന ധാരണയും വളര്‍ത്തുകയും മാത്രമാണ് അവര്‍ ചെയ്യുന്നത്. കൂടുതല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തുംതോറും ഈ ധാരണകള്‍ കൂടുതല്‍ വളരുന്നു. പ്രണയം, വിവാഹം തുടങ്ങിയവയുടെ മാനവിക വശങ്ങള്‍ നശിപ്പിക്കപ്പെടുന്നു. ഇതിലൂടെയാണ് മനുഷ്യര്‍ സ്വര്‍ഗരാജ്യത്തോടടുക്കുന്നത് എന്നു പഠിപ്പിക്കുന്നത് മതങ്ങള്‍ പ്രചരിപ്പിക്കുന്ന സ്നേഹം, സാഹോദര്യം മുതലായ സങ്കല്‍പങ്ങള്‍ക്കുപോലും എതിരല്ലേ? ചലനത്തിനും വാക്കിനുംപോലും വിലക്കുകളുള്ള സമൂഹങ്ങളില്‍ സാഹോദര്യം പുലരില്ലെന്നതിന് ഇതുവരെയുള്ള മത സമൂഹങ്ങളുടെ അനുഭവങ്ങള്‍തന്നെ തെളിവാണ്. ഈയിടെയായി നമ്മുടെ സദാചാരബോധത്തിെന്‍റ വികൃതമായ വശം പ്രത്യക്ഷപ്പെട്ടിരുന്നു. തൃശൂര്‍ ജില്ലയിലെ ഒരു എല്‍ പി സ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായി. കുറ്റമാരോപിക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കുന്നതിനാണ് നാട്ടുകാരടക്കം വ്യഗ്രത കാണിച്ചത്. പെണ്‍കുട്ടിയുടെമേല്‍ പഴിചാരാന്‍ ശ്രമം നടന്നു. കാരണം കുട്ടിയുടെ അമ്മ ചീത്തയാണെന്നായിരുന്നു ആരോപണം. അപ്പോള്‍ അമ്മയുടെമേല്‍ ചാരിയ സദാചാര ലംഘനത്തിെന്‍റ കുറ്റം പ്രായപൂര്‍ത്തിയെത്താത്ത കുട്ടിയുടെമേലും ആരോപിക്കപ്പെട്ടു. അവസാനം സ്കൂള്‍ അധ്യാപകനുമേല്‍ നടപടിയുണ്ടായെങ്കിലും ആവശ്യമായ 'സദാചാര ചര്‍ച്ച'കള്‍ നാട്ടില്‍ നടന്നുകഴിഞ്ഞിരുന്നു. പീഡനത്തിനിരയായ കുട്ടിക്കും കുടുംബത്തിനും സമൂഹത്തില്‍ നേരിടേണ്ടിവന്ന ഒറ്റപ്പെടല്‍ അതിെന്‍റ ഫലമായിരുന്നു. സദാചാര പൊലീസ് ചമയുന്നവര്‍ സദാചാര സങ്കല്‍പങ്ങള്‍ മാറിമറയുന്ന സാഹചര്യങ്ങളില്‍ , ഇന്നത്തെ സദാചാരസങ്കല്‍പങ്ങള്‍ സൃഷ്ടിക്കുന്നതാര് എന്ന് പരിശോധിക്കേണ്ടതാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗം സംഘടിത മതങ്ങളാണ്. സംഘടിത മതങ്ങള്‍ക്ക് അവരുടേതായ നിയമസംഹിതകളുണ്ട്. നിയമസംഹിതകള്‍ ലംഘിക്കുന്നവര്‍ക്ക് അവരുടേതായ ശിക്ഷാവിധികളുണ്ട്. ഇവയില്‍ ശിക്ഷാവിധികള്‍ ഇന്ന് ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നിയമസംഹിതകളുടെ ഭാഗമായി മാറുകയാണ്. എങ്കിലും സ്വന്തം നിയമാവലികള്‍ സമാന്തരമായിത്തന്നെ നടപ്പിലാക്കണമെന്ന് ശാഠ്യംപിടിക്കുന്ന ഗ്രൂപ്പുകള്‍ ഇന്ന് മതങ്ങള്‍ക്കുള്ളിലുണ്ട്. അവരാണ് ഇപ്പോള്‍ സദാചാര പൊലീസായി മാറുന്നത്. സംഘടിത മതങ്ങളുടെ നിയമസംഹിതകള്‍ ഏകഭര്‍ത്തൃത്വത്തിെന്‍റയും അതിനെ നിലനിര്‍ത്താനുള്ള സദാചാര സങ്കല്‍പങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. പരമ്പരാഗതമായ ചാരിത്ര്യത്തിെന്‍റയും പരിശുദ്ധിയുടെയും സങ്കല്‍പം കൂടാതെ ഉത്തരവാദിത്വബോധം, സാമ്പത്തികമായ വിധേയത്വം, കുടുംബത്തോടുള്ള കടമകള്‍ , വീട്ടമ്മ സങ്കല്‍പം തുടങ്ങി ഒട്ടനവധി ബാധ്യതകള്‍കൂടി സ്ത്രീകളുടെ ചുമലില്‍ വരുന്നു. ഇതിനെ ആധാരമാക്കി ഉടുപ്പ്, നടപ്പ്, മറ്റു പുരുഷന്മാരും സ്ത്രീകളുമായുള്ള ചങ്ങാത്തം, തൊഴില്‍ സമയം തുടങ്ങിയവയിലെല്ലാം ക്രമീകരണങ്ങള്‍ വരുന്നു. സ്ത്രീപുരുഷന്മാരുടെ ചലനങ്ങള്‍ മുഴുവന്‍ ഇത്തരത്തില്‍ ക്രമീകരിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ ഇന്ന് മുഖ്യമതങ്ങളെല്ലാം നടത്തുന്നുണ്ട്. വിവാഹങ്ങളും കുടുംബജീവിതവുമെല്ലാം നിരവധി ഔപചാരികതകളുടെ ചട്ടക്കൂട്ടിലൊതുങ്ങുകയും അവയെ ചെറിയ തോതില്‍ ലംഘി ക്കാനുള്ള ശ്രമങ്ങളെപ്പോലും ചാരപ്പണി നടത്തി പിടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവരുകയും ചെയ്യുന്നു. ഇന്നുള്ള ഐടിമൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇത്തരത്തിലുള്ള വിവരവിനിമയത്തിന് പ്രയോജനപ്പെടുന്നു. ഇത്തരം നെറ്റ്വര്‍ക്കുകള്‍ക്ക് രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെയും മതപ്രസ്ഥാനങ്ങളുടെയും പിന്‍ബലം ലഭിക്കുന്നതോടെ സദാചാര പൊലീസിങ്ങിന് അധികാര സ്ഥാനം കിട്ടുന്നു. കൊടിയത്തൂരും കുറ്റ്യാടിയും മറ്റും പ്രവര്‍ത്തിച്ചവര്‍ ഇത്തരം ആളുകളാണ്. സ്വന്തം സമുദായത്തില്‍പെട്ടവരുടെ വീടുകളുടെ പുറത്തും അകത്തുമെല്ലാം ഇവരുടെ കണ്ണുകള്‍ എത്തുന്നു ണ്ടെന്നതിന് കൊടിയത്തൂര്‍ സംഭവം തെളിവാണ്. ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കൊടുത്തുവെന്നു പറഞ്ഞ് വേറൊരു യുവാവിനെ കൊടിയത്തൂര്‍തന്നെ മര്‍ദ്ദിച്ചത് ഈ പൊലീസി ങ്ങിെന്‍റ വ്യാപ്തി തെളിയിക്കുന്നു. മര്‍ദ്ദിച്ചത് യുവാവിനെയാണെങ്കിലും നിയന്ത്രിക്കപ്പെടുന്നത് പെണ്‍കുട്ടിയാണ് എന്നതും ശ്രദ്ധിക്കണം. ഇവിടെ സദാചാര പൊലീസ് ഉത്തരം പറയേണ്ട മറ്റു കാര്യങ്ങളുമുണ്ട്. അവര്‍ എന്തിന് ഉടുപ്പിലും നടപ്പിലും വാക്കിലും പ്രവൃത്തിയിലുമടക്കം സ്ത്രീപുരുഷന്മാരുടെ സകല പ്രവര്‍ത്തന ങ്ങളെയും നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു? പ്രേമലേഖനമെഴുത്ത് ചരിത്രത്തില്‍ മുഴുവന്‍ പ്രത്യക്ഷപ്പെടുന്ന പ്രതിഭാസമാണ്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിലൊതുങ്ങുന്നതുമല്ല. പ്രത്യേക ലേഖനത്തെപ്പറ്റി പരാതികളുണ്ടെങ്കില്‍ പരിഹരിക്കാം. അതല്ലാതെ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവരെയൊക്കെ ഭേദ്യം ചെയ്യുന്നത് തികഞ്ഞ കാടത്തമാണ്. മതങ്ങളുടെ വിലങ്ങില്‍ ഇത്തരത്തില്‍ പൂട്ടിയിടുന്നതുകൊണ്ട് എന്ത് സ്വര്‍ഗരാജ്യമാണ് ലഭിക്കുക എന്ന് വിശദീകരിക്കാന്‍ സദാചാര പൊലീസുകാര്‍ തയ്യാറാകേണ്ടതാണ്. സദാചാര പൊലീസിങ്ങിെന്‍റ മനോവ്യാപാരം എന്താണെന്നുള്ളതിന്, പ്രമുഖ സാമുദായിക ബുദ്ധിജീവിയായ ഒ അബ്ദുല്ല ഈ സംഭവത്തോട് പ്രതികരിച്ച രീതിതന്നെ തെളിവാണ.് ഷാഹിദ്ബാവയുടെ കൊലപാതകത്തെ അപലപിച്ച അബ്ദുല്ല, കൊലപാതകികളുടെ ഉദ്ദേശ്യത്തെ ന്യായീകരിക്കാനാണ് തുടര്‍ച്ചയായി ശ്രമിച്ചത്. ഇതിലുള്‍പ്പെട്ട സ്ത്രീക്ക് ഒരു ഭര്‍ത്താവുണ്ടെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതായത് ഷാഹിദിന്റെ കുറ്റം വ്യഭിചാരമാണ്. അത് മരണം അര്‍ഹിക്കുന്ന കുറ്റമാണ്. മരണശിക്ഷ വിധിക്കാനുള്ള അര്‍ഹത ഇന്നത്തെ ഇന്ത്യന്‍ നിയമപ്രകാരം കൊലപാതകികള്‍ക്കില്ലെന്ന് അബ്ദുല്ല അംഗീകരിക്കുന്നു. അതേസമയം കുറ്റം വ്യഭിചാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അതായത് ഇന്ത്യന്‍ നിയമവ്യവസ്ഥയനുസരിക്കുന്ന പൗരനെന്ന നിലയില്‍ കൊലപാതകത്തെ അബ്ദുല്ല അപലപിക്കുന്നു. അതേസമയം അബ്ദുല്ലയുടെ മതപരമായ സദാചാരബോധം അതിനുനേരെ എതിരായി ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഈ ആശയക്കുഴപ്പത്തെ സ്വന്തം സദാചാരസംഹിതയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ് സദാചാര പോലീസുകാരായിത്തീരുന്നത്. അത്തരം ആളുകളുടെ 'സദുദ്ദേശ്യ'ത്തോടുള്ള അനുഭാവം പ്രകടിപ്പിക്കാന്‍ അബ്ദുല്ലയെപ്പോലുള്ള ബുദ്ധിജീവികള്‍ എന്നും തയ്യാറാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 'സദുദ്ദേശ്യം' തന്നെയാണോ സദാചാര പെലീസിങ്ങിനെ സ്വാധീനിക്കുന്നത്? സദുദ്ദേശ്യമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഷാഹിദ്ബാവയ്ക്ക് അയാളുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം ലഭിക്കുമായിരുന്നു. ഇതില്‍പെട്ട സ്ത്രീയുടെയും ഭര്‍ത്താവിെന്‍റയും വിശദീകരണങ്ങള്‍കൂടി ലഭിക്കുമായിരുന്നു. അതിനുശേഷം യുക്തമായ തീരുമാനം സുതാര്യമായി, ജനാധിപത്യപരമായി, സ്വീകരിക്കാനുള്ള അവസരമുണ്ടാകുമായിരുന്നു. അങ്ങിനെയൊന്നും ഇവിടെയുണ്ടായില്ല. അത്തരത്തിലുള്ള നീതിന്യായക്രമം പാടില്ലെന്നുള്ള ധാരണയും ഉണ്ടായിരുന്നു. കൊലപാതകത്തിന് രണ്ട് പ്രയോജനങ്ങളുണ്ട്. ഒന്ന്, ഒരാളെ പൂര്‍ണമായി ഒഴിവാക്കാം; രണ്ട്, അയാളുടെ കൈവശമുള്ള വിവരങ്ങളും അഭിപ്രായങ്ങളും അയാള്‍ ഒരുപക്ഷേ ഉന്നയിക്കാനിടയുള്ള ന്യായീകരണങ്ങളും അതുപോലെ ഇല്ലാതാക്കാം. ഇതില്‍ രണ്ടാമത്തേത് ജനാധിപത്യപരമായ നീതിക്രമത്തിന് ആവശ്യമാണ്. അതുപോലെ ആവശ്യമാണ് സ്ത്രീയുടെയും അവരുടെ ഭര്‍ത്താവിെന്‍റയും നിലപാടുകളും. ഇതെല്ലാം സദാചാര പോലീസുകാര്‍ ഒറ്റയടിക്ക് ഇല്ലാതാക്കുന്നു. സദാചാര പോലീസ് മുറകള്‍ ജനാധിപത്യവിരുദ്ധമായി തീരുന്നത് ഇങ്ങനെയാണ്. ഇതുകൂടാതെ സ്വന്തം സദാചാര സംഹിതകളെ ജനാധിപത്യവ്യവസ്ഥ നിഷ്കര്‍ഷിക്കുന്ന നീതിന്യായ രൂപങ്ങള്‍ക്ക് പകരംവെച്ച് വിധി നടപ്പിലാക്കുന്നതിലൂടെ സദാചാരപോലീസുകാര്‍ ഫാസിസ്റ്റായി മാറുകയും ചെയ്യുന്നു.

    
    പ്രണയത്തിെന്‍റയും വിവാഹത്തിെന്‍റയും സഞ്ചാരത്തിെന്‍റയും മേല്‍ സദാചാരപോലീസിന്റെ കടന്നാക്രമണങ്ങള്‍ ഫാസിസത്തിെന്‍റ പ്രകടരൂപമാണ്. പ്രണയം ജാതിമതങ്ങള്‍ ലംഘിച്ചാലും സ്വസമുദായത്തില്‍നിന്നു തന്നെയായാലും ശക്തമായി എതിര്‍ക്കപ്പെടുന്നു. 'വീട്ടുകാര്‍ അറിഞ്ഞുള്ള' ബന്ധങ്ങള്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്നു. വിവാഹങ്ങള്‍ക്കുമേല്‍ മതസമുദായങ്ങള്‍ ശക്തമായ ആധിപത്യം ഉറപ്പിക്കുന്നു. കേന്ദ്ര ഗവണ്‍മെന്‍റ് കൊണ്ടുവന്ന വിവാഹ രജിസ്ട്രേഷനെതിരായി മതസമുദായങ്ങള്‍ ശബ്ദമുയര്‍ത്തിയത് ഈയിടെയാണ്. സാമുദായിക സ്വാധീനം ശക്തമായ സ്ഥലങ്ങളില്‍ സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യംപോലും സമുദായശക്തികളുടെ മേല്‍നോട്ടത്തിന് വിധേയമാകുന്നു. സംസാരവും ഇടപഴകലും കൂടാതെ വെറും വാക്കും നോട്ടവും പോലും ശക്തമായ നിയന്ത്രണത്തിന് വിധേയമാകുന്ന സന്ദര്‍ഭങ്ങള്‍ കുറവല്ല. ഇവയുടെ ഫലമായി സദാചാരത്തിെന്‍റ പേരില്‍ ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ പ്രാഥമികാവകാശങ്ങള്‍പോലും ലംഘിക്കപ്പെടുന്നു.

    

    ജനാധിപത്യവിരുദ്ധമായ നീതിന്യായ മുറകള്‍ നിലനില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദി അറേബ്യയില്‍നിന്നും തിരിച്ചുവരുന്നവരുടെ വികലമായ നീതിസങ്കല്‍പം എത്രമാത്രം ഈ അവകാശലംഘനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പരിശോധിക്കേണ്ടതാണ്. വേണ്ടത് ജനാധിപത്യസദാചാര സങ്കല്‍പം വിവാഹമോചനങ്ങളും വേര്‍പിരിയലുകളും അനുദിനം വര്‍ദ്ധിച്ച നാടാണ് കേരളം. കുടുംബ കോടതികളില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളിലുള്ള വര്‍ദ്ധന തന്നെ ഇതിെന്‍റ സൂചനയാണ്. സദാചാര പോലീസുകാരും അവരെ അനുകൂലിക്കുന്ന ബുദ്ധിജീവികളും വാദിക്കുന്നതുപോലെ ഈ വര്‍ദ്ധന ലൈംഗിക അരാജകത്വത്തിെന്‍റ സൂചനയാകണമെന്നില്ല. കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ത്രീകള്‍ ശക്തമായി മുന്നോട്ടുവരുന്നതും അതിെന്‍റ ഫലമായി തര്‍ക്കപരിഹാരം നീതിന്യായ ക്രമത്തിനേറ്റെടുക്കേണ്ടിവരുന്നതുമാണ് മുഖ്യകാരണം.
    

    കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും ലഭിക്കുന്ന സ്ത്രീപുരുഷന്മാര്‍ അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യമുറകളെയാണ് ഇതു കാണിക്കുന്നത്. അതുപോലെയാണ് സ്ത്രീകളുടെ ചലനങ്ങളിലും സഞ്ചാരത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റവും സ്ത്രീ പുരുഷന്മാരുടെ ഇടപഴകലുകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സുതാര്യതയും. ഇവയെ നശിപ്പിക്കുകയാണ് കാമവെറിയന്മാരായ പുരുഷമേധാവിത്വശക്തികളും സദാചാരപോലീസുകാരും ഒരുപോലെ ചെയ്യുന്നത്. സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയും അവയിലെ സുതാര്യതയും സൗഹൃദപരമായ അന്തരീക്ഷവും നശിപ്പിക്കുകയും ചെയ്യുന്നതോടെ ഫാസിസത്തിന്റെ മര്‍ദ്ദനമുറകള്‍ക്ക് അംഗീകാരം ലഭിക്കുകയാണ്. ഷാഹിദ്ബാവയോ വേറെ ഏതെങ്കിലും പുരുഷനോ സ്ത്രീയോ നടത്തുന്ന ഇടപഴകലുകള്‍ അതിരു കടക്കുന്നുണ്ടെന്നു സംശയമുണ്ടെങ്കില്‍ തല്‍പരകക്ഷികള്‍ക്ക് ഇപ്പോള്‍ തന്നെ നീതിന്യായകോടതിയെയോ മറ്റേതെങ്കിലും വിധത്തിലുള്ള തര്‍ക്കപരിഹാര സംവിധാനങ്ങളെയോ സമീപിക്കാം. ഇപ്പോള്‍ നിലവിലുള്ള ജനമൈത്രി പോലീസും ഇതേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. നിലവിലുള്ള നിയമങ്ങള്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവില്ലെങ്കില്‍ , കൂടുതല്‍ സുതാര്യവും ജനാധിപത്യപരവുമായ നിയമങ്ങള്‍ക്കുവേണ്ടി വാദിക്കാം. സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള തികച്ചും സുതാര്യവും തുല്യതയിലധിഷ്ഠിതവുമായ സൗഹൃദങ്ങള്‍ക്കുവേണ്ടി വാദിക്കുന്ന ജനാധിപത്യ സദാചാര വ്യവസ്ഥയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. പക്ഷേ, ഇതൊക്കെ തന്നെയാണോ സദാചാരപോലീസുകാരും അവരെ പിന്തുണയ്ക്കുന്ന ബുദ്ധിജീവികളും ചെയ്യുന്നത്? അവര്‍ സൃഷ്ടിക്കുന്നത് ഭീതിയുടെയും ആശങ്കയുടെയും സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള അവിശ്വാസത്തിെന്‍റയും അന്തരീക്ഷമാണ്. അതിലൂടെ അവര്‍ തന്നെ തീരുമാനിക്കുന്ന മതത്തിലും ജാതിയിലും മറ്റേതെങ്കിലും വിധത്തിലുള്ള വിശ്വാസ പ്രമാണങ്ങളിലും അധിഷ്ഠിതമായ സദാചാര സങ്കല്‍പം വളര്‍ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ പ്രചരിപ്പിക്കുന്നത് തികഞ്ഞ കാടത്തമാണ്.

    
    ഒരുവശത്ത്, ജനങ്ങളുടെ സ്വാതന്ത്ര്യമോഹവും മറുവശത്ത് ഫാസിസ്റ്റ് മര്‍ദ്ദനമുറകളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ അരാജകത്വത്തിലേക്കു നയിക്കുന്നു. അതിനെ തടയാനായി കൂടുതല്‍ മര്‍ദ്ദനമുറകളിലേക്കു നീങ്ങേണ്ടിവരുന്നു. സാമുദായികശക്തികള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍ ഈ പ്രവണത ഇപ്പോള്‍ തന്നെ പ്രകടമാണ്. കാടത്തത്തിനെതിരായ പ്രതിരോധം വര്‍ദ്ധിച്ച ജനാധിപത്യത്തിലൂടെയാണ്. തുല്യതയിലും നീതിയിലും പരസ്പര വിശ്വാസത്തിലും സൗഹൃദത്തിലുമധിഷ്ഠിതമായ ജനാധിപത്യസദാചാര സങ്കല്‍പം ജനാധിപത്യത്തിെന്‍റ ആണിവേരാണ്. ഈ സങ്കല്‍പം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ അന്തരീക്ഷം വളര്‍ത്തിക്കൊണ്ടു വരിക ജനാധിപത്യശക്തികളുടെ കടമയുമാണ്. ഇതിനെ തകര്‍ത്ത് കാടത്തത്തിെന്‍റതായ നീതിസങ്കല്‍പങ്ങള്‍ വളര്‍ത്തുകയാണ് സമുദായപോലീസിങ്ങിെന്‍റ ലക്ഷ്യം. ഇന്നു വളര്‍ന്നുവരുന്ന പുരുഷമേധാവിത്വത്തിേന്‍റതായ കാടത്തരൂപങ്ങള്‍ ഇതിനാവശ്യമായ കളമൊരുക്കുന്നു. ഇതിനെ തോല്‍പിക്കുന്നതിന് സമൂഹത്തില്‍ പരസ്പരവിശ്വാസവും സൗഹൃദവും തുല്യതയും പുലര്‍ന്നുകാണണമെന്നാഗ്രഹിക്കുന്ന ഏവരും ഒന്നിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിെന്‍റ ആവശ്യവുമാണ്.
*ഡോ. കെ എന്‍. ഗണേശ്

കൂടംകുളം സ്വര്‍ഗവാതിലോ?

വിലക്കയറ്റം എന്നതാണ് ഇന്നത്തെ ഏറ്റവും സജീവമായ വാക്ക്. പ്രധാന വാര്‍ത്തയും അതുതന്നെ. എല്ലാത്തിനും വില കൂടിക്കൂടി വരുന്നു. ഉപ്പതൊട്ട് കര്‍പ്പൂരംവരെ എന്ന് പറഞ്ഞതുപോലെ പെട്രോള്‍തൊട്ട് പച്ചക്കറിവരെ വിലക്കയറ്റമാണ്. ഒരെണ്ണത്തിന് വില കൂടിയാല്‍ ഉടനെ മറ്റൊന്നിന് വില കയറുകയായി. വീട്ടുചെലവ് ഈയിടെ പരിശോധിക്കേണ്ടിവന്നപ്പോള്‍ പേടിച്ചുപോയി; ഇങ്ങനെപോയാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന്. ഒരു കഷ്ണം കുമ്പളങ്ങയ്ക്ക് 15 രൂപ! വിലക്കയറ്റത്തിന്റെ ഈ വെള്ളപ്പാച്ചിലില്‍ വില വളരെ കുറഞ്ഞുപോയ ഒരു വസ്തുവുണ്ട്. മനുഷ്യനുമാത്രം വിലയില്ല. അവന്റെ കാര്യം അവസാനത്തേക്ക് എല്ലാവരും മാറ്റിവയ്ക്കുന്നു. എല്ലാം മനുഷ്യനുവേണ്ടിയാണെന്നു പറയാത്ത ആളില്ല. വമ്പിച്ച അണക്കെട്ടുകള്‍ , വികസന പദ്ധതികള്‍ , നാലുവരിപ്പാതകള്‍  എന്തു വന്നാലും അവയുടെ ഏറ്റവും ചീത്തഫലം അനുഭവിക്കേണ്ടത് ഏറ്റവും അടുത്തുള്ള പാവം മനുഷ്യരാണ്. അപ്പോഴേക്കും ന്യായം മാറും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ചുറ്റുപാടുമുള്ള കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് തടസ്സപ്പെടുത്താമോ എന്നാണ് ചോദ്യം. നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരുമ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നതുപോലെയാണ് സംസാരമുണ്ടായത്. പക്ഷേ, അവിടെ പാര്‍ത്തുവന്ന ആദിവാസികളും പാവങ്ങളും വെള്ളംകയറുമ്പോള്‍ ഓടി ഉയര്‍ന്നപ്രദേശങ്ങളില്‍ രക്ഷപ്പെടണം. നര്‍മദാ അണക്കെട്ടിനെ വാഴ്ത്തിപ്പാടിയവര്‍ ആരെങ്കിലും ഇങ്ങനെ കഴിയുമോ?



വികസനമെന്നല്ല എന്തുവന്നാലും കേക്ക് നമുക്കും പൊതി അവര്‍ക്കുമാണ്. അപ്പോഴാണ് കൂടംകുളം വരുന്നത്. സ്വര്‍ഗവാതില്‍ തുറന്നിട്ടിരിക്കുകയാണത്രേ. നടപ്പുമണിക്കൂറിന്റെ അടിയന്തരാവശ്യമാണ് കൂടംകുളം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം ഈ ആണവ റിയാക്ടര്‍ നിര്‍ദോഷവും നിരുപദ്രവവും ആണെന്ന് വളരെ പ്രചാരം നേടിയ ഒരു പ്രബന്ധത്തില്‍ വാദിച്ചു. അല്‍പ്പമാസംമുമ്പ് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ യന്ത്രത്തകരാറ് കാരണം ആയിരക്കണക്കിനു സമീപവാസികളായ പാവങ്ങള്‍ക്ക് റേഡിയേഷന്‍ വിപത്ത് നേരിട്ട സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകുന്നതിനുമുമ്പ്. അതിലും നേരത്തെ റഷ്യയിലെ ചെര്‍ണോബിലും മുന്നറിയിപ്പ് തന്നു. മുന്നറിയിപ്പും പിന്നറിയിപ്പും വെറുതെ. കുറച്ചുമാസം മുമ്പേ ഒരു ഭൂകമ്പവും പിന്നെ സുനാമിയും കൂട്ടുചേര്‍ന്ന് ഫുക്കുഷിമയിലെ ആകെയുള്ള ആറ് റിയാക്ടറില്‍ നാലെണ്ണത്തെയും തകര്‍ത്തുകളഞ്ഞു. എല്ലാം നന്നായി പ്രവര്‍ത്തിച്ചാല്‍പ്പോലും കാല്‍ഭാഗം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അത്യാപത്തിന്റെ മുമ്പില്‍ ചെന്ന് നാം ചാടുന്നത്. പാവപ്പെട്ട മനുഷ്യരാകുമ്പോള്‍ പുതിയ ന്യായങ്ങള്‍ തുരുതുരെ പുറത്തുവരുന്നു. സര്‍ക്കാര്‍ കോടിക്കണക്കിനു മുതല്‍മുടക്കിയതുകൊണ്ട് ജനങ്ങളെ വിഷയം പഠിപ്പിച്ച് അനുകൂല മനഃസ്ഥിതിക്കാരാക്കണം എന്നതാണ് ഇപ്പോഴത്തെ ന്യായം. കോടിക്കണക്കിനു മുതലിറക്കുന്നവര്‍ നേരത്തെ എല്ലാവശങ്ങളും കണക്കിലെടുക്കേണ്ടതല്ലേ? കുറ്റം സര്‍ക്കാരിന്റെയോ ആ പാവങ്ങളുടേതോ?



പാവങ്ങളാകുമ്പോള്‍ തെറ്റ് എപ്പോഴും അവരുടേതായിരിക്കും. കോടീശ്വരനായ വിജയ് മല്യയുടെ വിമാന പരിപാടി ചീറ്റിപ്പോയപ്പോള്‍ മല്യയെ കരകയറ്റേണ്ട ചുമതല സര്‍ക്കാരിന്റേതായി ത്തീര്‍ന്നല്ലോ. മല്യയായപ്പോള്‍ ആരും അദ്ദേഹത്തെ 'വിദ്യാഭ്യാസം ചെയ്യിക്കാന്‍' ശ്രമിച്ചില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിന് ഇക്കൂട്ടര്‍ കല്‍പ്പിക്കുന്ന ഗൂഢമായ അര്‍ഥം, ബുദ്ധിമുട്ടൊക്കെ സഹിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക എന്നുമാത്രമാണ്. ജപ്പാന്‍ ഒമ്പതു റിയാക്ടര്‍ കൂടെ തുടങ്ങുമെന്നുവച്ചിട്ട് ഇപ്പോള്‍ അത് വേണോ എന്ന ആശങ്കയിലാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്, മഹാനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനുപോലും അത്തരം ആശങ്ക ഉള്ളതായി കണ്ടില്ല. അവിടെ ഈ പ്രശ്നത്തില്‍ ഒരു പ്രധാനമന്ത്രി പോയി മറ്റൊരാള്‍ വന്നു. സമീപവാസികള്‍ എന്തും സഹിക്കാന്‍ പഠിക്കണം എന്നായിരുന്നില്ല ഇരുവരുടെയും കാഴ്ചപ്പാട്. ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും വികസനത്തിന്റെ ബലിക്കല്ലുകളാണ് പാവപ്പെട്ടവന്‍ എന്ന ചിന്താഗതി ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന നാട് നമ്മുടേതാണ്. അതുകൊണ്ട് വന്നുകൂടുന്നത്, വികസനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാനാകാതെ തടസ്സങ്ങളില്‍ വഴിമുട്ടിനില്‍ക്കുക എന്ന അവസ്ഥയാണ്. മുതിര്‍ന്നവര്‍ പറയാറുണ്ടല്ലോ, 'പിള്ളയ്ക്ക് അത്രമതി' എന്ന്. അതുപോലെ 'പാവങ്ങള്‍ക്ക് അത്രമതി' എന്ന വിചാരം വിലപ്പോകില്ല. മനുഷ്യന്റെ വില കെടുത്തുന്ന സര്‍ക്കാരിനെ പിടികൂടുന്ന ഭ്രാന്ത് നമ്മുടെ ഭരണകേന്ദ്രങ്ങളെ ബാധിച്ചതുപോലുണ്ട്. വികസനത്തിന്റെ ലക്ഷ്യവും സങ്കല്‍പ്പവും എല്ലാം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്ലാനിങ് വിദഗ്ധര്‍ കാര്യമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വികസനം അര്‍ഥമില്ലാത്ത വെറും പൊള്ളവാക്കായി മാറും.



മുമ്പത്തെ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ലേഖനം, അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശിഷ്ടത കാരണം സാധാരണയില്‍ കവിഞ്ഞ അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ചീത്തവശങ്ങളെ നാം തുറന്നു കാണിക്കണം. നമ്മുടെ പത്രങ്ങള്‍ 'മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം' എന്ന പേരിന്റെ മുമ്പില്‍ മയക്കം പിടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ യാത്രയില്‍ വിമാനത്താവളത്തില്‍വച്ച് അപമാനകരമാംവിധം ദേഹപരിശോധന നടത്തിയത് നാടിനുപോലും അപമാനകരമായിരുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി അമേരിക്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. പക്ഷേ, മുന്‍ രാഷ്ട്രപതി പറഞ്ഞത് എല്ലാം മറക്കാനാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കഴിയുമായിരിക്കും എല്ലാം മറന്നുകളയാന്‍ . പക്ഷേ, ഒരു രാജ്യത്തിന് ഇതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? അതിനാല്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തിലും നമുക്ക് പാവങ്ങളുടെ താല്‍പ്പര്യത്തിന്റെ കൂടെ സഞ്ചരിക്കാനേ പറ്റുകയുള്ളൂ. ഈ കുറിപ്പിന്റെ ഉന്നം കേവലം കൂടംകുളമോ ആണവ റിയാക്ടറിന്റെ വിശ്വാസ്യതയോ ഒന്നുമല്ല, നമ്മുടെ സര്‍ക്കാരിന്റെ മസ്തിഷ്ക കേന്ദ്രങ്ങളില്‍ മറക്കാന്‍ പാടില്ലാത്തത് മറക്കാനും ഓര്‍ക്കേണ്ടത് ഓര്‍ക്കാനും കഴിയാത്ത ഒരു ഞരമ്പുരോഗം വ്യാപിച്ചുവരുന്ന സ്ഥിതിവിശേഷം നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് അടിവരയിട്ടു പറയാനാണ്. ഗ്ലോബലൈസേഷന്റെ കാലാവസ്ഥയില്‍ പല പരിപാടികളും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യതാല്‍പ്പര്യങ്ങളെ കൈവെടിയരുത്. മനുഷ്യന്റെ വില കുറയ്ക്കുന്ന 'ഗൂഢമായ അജന്‍ഡ' നടപ്പാക്കുന്നതിനെതി രെ ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിത്.
* സുകുമാര്‍ അഴീക്കോട്

21 November, 2011

കര്‍മയോഗിയുടെ സമ്പര്‍ക്കങ്ങള്‍

കര്‍മയോഗി എന്നാണ് ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ ഔദ്യോഗികമായി വിശേഷിപ്പിക്കുന്നത്. യോഗി കര്‍മം നിരന്തരം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ആ കര്‍മത്തിന്റെ ചില ഭാഗങ്ങള്‍ കുഞ്ഞൂഞ്ഞ് കഥകള്‍ എന്നപേരില്‍ സര്‍ക്കാര്‍വക വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ്ക്ലാസ്, ഒരു ട്രെയിന്‍യാത്ര, ഊഷ്മള സ്മരണകള്‍ , ഇടനാഴിയില്‍ ഒരു പാതിരായാത്ര, ആള്‍ക്കൂട്ടമില്ലെങ്കില്‍ , ഒരു മുണ്ടുരിയല്‍ , ആരോരും അറിയാതെ, ഗുലുമാല്‍ , തടിയൂരല്‍ , രക്ഷപ്പെട്ടു, പിന്‍വാതില്‍ , ഓടുന്ന മുഖ്യന്‍ ഇങ്ങനെയൊക്കെയാണ് കഥകളുടെ പേര് കാണുന്നത്. കര്‍മയോഗിയായ മുഖ്യമന്ത്രിയുടെ ജീവിതത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍നിന്ന് മുങ്ങിത്തപ്പിയെടുത്ത ഏടുകളാണത്രെ ഇപ്പറഞ്ഞതെല്ലാം. തലക്കെട്ടുകള്‍ കണ്ടാലറിയാം സംഗതി ജീവിത ഗന്ധിയാണെന്ന്്. ഇതിനെയാണ് കര്‍മഫലം എന്ന് വിളിക്കുന്നത്. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍ എന്നിങ്ങനെയുള്ള കര്‍മയോഗികളെക്കുറിച്ച് കേട്ടിട്ടുണ്ട്. അവര്‍ക്കുശേഷം ഇങ്ങനെ ഒരു കര്‍മയോഗി പുതുപ്പള്ളിയില്‍ പിറന്നത് മലയാളത്തിന്റെ സുകൃതം. കര്‍മയോഗിപ്പട്ടത്തിങ്കലേക്ക് മത്സരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ , പി സി ജോര്‍ജ്, കുഞ്ഞാലിക്കുട്ടി, തോക്ക് സ്വാമി, ദല്ലാള്‍ കുമാരന്‍ , നടികര്‍ യോഗി ഗണേശ് തുടങ്ങിയവരെവിടെ; സാക്ഷാല്‍ കുഞ്ഞൂഞ്ഞെവിടെ. യോഗി എന്നാല്‍ യോഗാനുഷ്ഠാനനിരതനാണ്സന്യാസിയാണ്. സര്‍വസംഗ പരിത്യാഗി. ലോകമേ തറവാട്. ലൗകികമോഹങ്ങള്‍ അശേഷമില്ല. കലിയുഗമായതുകൊണ്ട് കാഷായവും തപസ്സുമൊന്നും വേണമെന്നില്ല. അഥവാ തപസ്സുചെയ്താല്‍ അത് ഇളക്കിക്കളയാന്‍ സൂപ്പര്‍ഡാന്‍സര്‍ പരിപാടി നടത്തേണ്ടിവരും.

യോഗി എന്ന വാക്കിന് ചില അസൂയാലുക്കള്‍ ഇന്ദ്രജാലക്കാരന്‍ എന്ന അര്‍ഥവും നല്‍കിയതായി കാണുന്നു. അത് മാര്‍ക്സിസ്റ്റുകാരുടെ ഗൂഢാലോചനയാകാനേ തരമുള്ളൂ. നമ്മുടെ അഭിനവ കര്‍മയോഗിയുടെ പ്രധാന കര്‍മം പരിപാടി പ്രഖ്യാപനമാണ്. നൂറു ദിവസത്തേക്ക്, ഒരു കൊല്ലത്തേക്ക്, അഞ്ചുകൊല്ലത്തേക്ക്, ഇരുപത്തഞ്ചുകൊല്ലത്തേക്ക് ഇങ്ങനെ കാലഗണന നടത്തി പരിപാടി പ്രഖ്യാപിക്കും. നൂറു ദിവസം കഴിഞ്ഞ് ഒന്നും നടന്നില്ലെങ്കില്‍ ഒരുകൊല്ലംകൊണ്ട് കാട്ടിത്തരാമെന്ന് പറയും. അതും കഴിഞ്ഞാല്‍ അഞ്ചുകൊല്ലംകൊണ്ട്. യോഗവിദ്യ കൈവശമുള്ളതുകൊണ്ട് പ്രഖ്യാപനം ഭക്ഷിച്ചാലും വയറുനിറയും. ഏമ്പക്കവും വരും. ബാബാ രാംദേവിനെപ്പോലെയാണ്; ഒറ്റയ്ക്കാണ് യോഗാഭ്യാസ പ്രകടനം. കൂടെയുള്ളവരെ വിശ്വാസമില്ലാഞ്ഞിട്ടല്ല. അണ്ണ ഹസാരെ സംഘത്തിലുള്ളതുപോലെ എല്ലാവരുമായും നല്ല യോജിപ്പാണ്. രജനികാന്തിനോടാണ് ആരാധന. എല്ലാറ്റിനും 'തനി വഴി'യാണ്. അല്ലെങ്കിലും കൂടെയുള്ളവരുടെ യോഗവിദ്യാപാടവത്തില്‍ ഒട്ടും മതിപ്പുപോരാ. കടത്തനാടന്‍ മുറയില്‍ കെ പി മോഹനന്‍ ഗുരുക്കള്‍ കാലുപൊക്കുന്നതും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കോല്‍ക്കളിയും അതിന്റെ വായ്ത്താരിയും വടക്കോട്ടേ പറ്റൂ. അത് നടന്നുകഴിഞ്ഞാല്‍ ഒന്നുകില്‍ ഒരു കേസുണ്ടാകും; അല്ലെങ്കില്‍ ഒരു കലാപം നടക്കും. പാലായുടെ മാണിക്യത്തിനാകട്ടെ ചവിട്ടുനാടകത്തിലാണ് പഥ്യം. അഞ്ചപ്പമുണ്ടെങ്കില്‍ നാലെണ്ണം അപ്പോള്‍ കഴിക്കും. ബാക്കി ഒന്നിന്റെ പാതി മകനുകൊടുക്കും. പിന്നെയുള്ള അരയപ്പംകൊണ്ട് കേരളാ കോണ്‍ഗ്രസിലെ തൊള്ളായിരത്തില്‍പരം അണികളെ തീറ്റും. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടുകയും വെള്ളം വീഞ്ഞാക്കി മാറ്റുകയും അന്ധനെയും കുഷ്ഠരോഗിയെയും സൗഖ്യപ്പെടുത്തുകയും കടലിനുമീതെ നടക്കുകയുംചെയ്ത യേശുവിലാണ് വിശ്വാസമെങ്കിലും മാണി കേരളയിലെ ജോര്‍ജും ജോസഫുമൊഴികെ തൊള്ളായിരത്തില്‍പ്പരത്തിനും മാണിക്യത്തിലും മകനിലും കീശയിലുമാണാശ്വാസം. ഇത്തരം കുറെ ആചാര്യന്‍മാരുടെ നടുവില്‍ ജീവിക്കുന്നതുകൊണ്ടാകണം, നമ്മുടെ കര്‍മയോഗിക്ക് പൊതുജനങ്ങളുമായി ഇടയ്ക്ക് ഒന്ന് സമ്പര്‍ക്കപ്പെടാന്‍ തോന്നുന്നത്. നല്ല കാര്യമാണ്. സദാ ടിവിയില്‍ നിറഞ്ഞുനില്‍ക്കും. നാട്ടിലെ മൂന്നരക്കോടിക്കും പ്രശ്നങ്ങളുണ്ടെങ്കിലെന്ത്നമുക്ക് കോണ്‍ഗ്രസുകാരുടെ പ്രശ്നങ്ങള്‍മാത്രം പരിഹരിക്കാം. വില്ലേജാപ്പീസും താലൂക്കാപ്പീസും കലക്ടറേറ്റും നിയമവും പുസ്തകവുമെന്നും വേണ്ടസമക്ഷത്തിങ്കല്‍ സങ്കടം ബോധിപ്പിക്കുക; കാശ് വാങ്ങുക; തിരിച്ചുപോരുക. ഉത്സവമാണ് നടക്കുന്നത്. കൂട്ടത്തോടെ ഇരകളെ അണിനിരത്തും. ആശ്വാസം ജലപീരങ്കിയില്‍നിന്നെന്നപോലെ സ്പ്രേ ചെയ്യും. നടത്തിപ്പുകരാര്‍ മനോരമയ്ക്കാണ്. സര്‍ക്കാര്‍ പണിയൊന്നും ചെയ്യുന്നില്ലെങ്കിലും മുഖ്യമന്ത്രി റെയില്‍വേ എന്‍ജിന്‍പോലെയാണ്, നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുപരത്തണം. നാട്ടില്‍ പ്രശ്നങ്ങള്‍ മലപോലെ വളര്‍ന്നുനില്‍പ്പുണ്ട്. സുധീരന്‍ വാളെടുത്തു. ലീഗ് മലപ്പുറം കത്തി ചുഴറ്റുന്നു. ചെന്നിത്തല ഊഴം കാത്തിരിക്കുന്നു. വാളകത്തെ സാറിന്റെ പാര ഇതുവരെ കണ്ടെത്തിയിട്ടില്ല. പിള്ളയും പുള്ളയും പുരപ്പുറം തൂക്കുന്നു. ഇതിനിടയ്ക്ക് കര്‍മയോഗിക്ക് ഭൂഷണം പൊതുജനസമ്പര്‍ക്കം തന്നെ.



ആയിരം പരാതി കിട്ടി, എണ്ണൂറ് തീര്‍പ്പാക്കി; രാവ് പകലാക്കി; തളരാതെ മാരത്തണ്‍ എന്നെല്ലാം തലക്കെട്ട് വരുത്താന്‍ പത്രങ്ങളുള്ളപ്പോള്‍ ആരെയും പേടിക്കേണ്ടതുമില്ല. ഭരണത്തിലേറി ഇന്നുവരെ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്റ്റേഡിയത്തിന്റെ ഒത്ത നടുവില്‍ പന്തലുകെട്ടി മണ്ഡലം കമ്മിറ്റി മുഖേന ആവലാതിക്കാരെ വരുത്തി മണ്ഡലവിളക്കുകാലത്തെ തിരക്കു സൃഷ്ടിച്ച് ടിവിയില്‍ കാണിച്ചാല്‍ മികച്ച ഭരണാധികാരിയായ കര്‍മയോഗി എന്ന സല്‍പ്പേര് കിട്ടുമെന്നത്രെ ജ്യോതിഷ പ്രവചനം. എന്തായാലും ഈ പരിപാടി മാതൃകയാക്കേണ്ടതാണ്. ഇനി വില്ലേജാപ്പീസുകള്‍ പിരിച്ചുവിടാം. കോടതികളും പൊലീസ് സ്റ്റേഷനുകളും വേണ്ടെന്നുവയ്ക്കാം. പാറശാലയില്‍തുടങ്ങി മഞ്ചേശ്വരത്ത് അവസാനിക്കുന്ന പൊതുജന സമ്പര്‍ക്ക യോഗവിദ്യാ പരിപാടി നടത്തുകയും രാംദേവ് ചാടിയതുപോലെ വേദിയില്‍നിന്ന് ഭക്തരിലേക്ക് ചാടുകയും ചെയ്താല്‍ വാര്‍ത്ത മുടങ്ങാതെ വരും. ഇതാണ് മുഖ്യമന്ത്രിയുടെ പണി എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മനോരമയുണ്ട്. മറ്റു മന്ത്രിമാര്‍ക്ക് ഇഷ്ടംപോലെ കാല് പൊക്കുകയോ പാര കുത്തുകയോ ഭരണിപ്പാട്ട് പാടുകയോ ചെയ്യാം. കര്‍മയോഗിയുടെ ഭരണകാലം എന്ന് പില്‍ക്കാലത്ത് ചരിത്രകാരന്‍മാര്‍ ഇതിനെ വാഴ്ത്തും. സമ്പര്‍ക്കത്തിന് ആളെക്കൂട്ടുകയും ആളൊന്നുക്ക് എന്ന കണക്കില്‍ സായുജ്യം കൊള്ളുകയുംചെയ്യുന്ന മണ്ഡലം പ്രസിഡന്റുമാരുടെ പിന്തുണ കര്‍മയോഗിക്ക് ഉറപ്പാക്കാം. അങ്ങനെ വന്നാല്‍ എന്ത് സംഭവിക്കും എന്ന ചിന്തയെങ്കിലും ചെന്നിത്തലയിലെ യോഗവിദ്യാര്‍ഥിയുടെ മനസ്സില്‍ അങ്കുരിക്കട്ടെ എന്നാശംസിക്കാം. പുള്ളിയും തുടങ്ങട്ടെ ഒരു വെബ്സൈറ്റ്. രചിക്കട്ടെ ചില ചെന്നിക്കുത്ത് കഥകള്‍ ഹിമാലയം, വീട്ടിലെ മോഷണം, മാണ്ഡ്യയിലെ തോട്ടം, ഡല്‍ഹിയിലെ ബിസിനസ്, ചെങ്ങന്നൂരിന്റെ സൗരഭം, നഷ്ടവസന്തം തുടങ്ങിയ കഥകള്‍ അതിലും നിറയട്ടെ. അങ്ങനെയൊക്കെയാണല്ലോ ഒരു കര്‍മയോഗി ജനിക്കുന്നത്. കടുവയെ കിടുവ പിടിച്ചതായ വാര്‍ത്തയും കേട്ടു. സമ്പര്‍ക്ക കര്‍മത്തിന്റെ ഫലം വിയോജനക്കത്തായി ധനവകുപ്പില്‍നിന്ന് റൊക്കം കൊടുത്തു എന്നതാണ് വാര്‍ത്ത. മുഖ്യമന്ത്രിയുടെ സഞ്ചരിക്കുന്ന ദര്‍ബാറുകളില്‍ ഒരു ചാണകംതളിക്കല്‍ .



നിയമവും ചട്ടവും തമ്മില്‍ എന്തു വ്യത്യാസമെന്ന് അറിയാത്ത ഒരു എംപിയെക്കുറിച്ച് പണ്ട് കണ്ണൂരില്‍ കേട്ടിരുന്നു. അല്ലെങ്കിലും അത്തരം വ്യത്യാസത്തിനൊന്നും പുതിയ കാലത്ത് പ്രസക്തിയില്ല. വല്ല വിധേനയും വോട്ട് നേടണം; ജയിക്കണംപിന്നെ ഭരിക്കണം. രണ്ടുവട്ടം എംപിയും രണ്ടുവട്ടം എംഎല്‍എയുമൊക്കെ ആയാലെങ്കിലും വല്ലതും പഠിച്ചുപോകുമെന്ന് ഭയപ്പെടുകയേ വേണ്ട. നിയമവും ചട്ടവും തമ്മിലുള്ള വ്യത്യാസം മാത്രമല്ല, കണ്ണും മൂക്കും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കിലും എംഎല്‍എ ആകാം. മൂന്നുനേരം ഭക്ഷണത്തിന് മുമ്പ് സുധാകരഭജന ആലപിച്ചാല്‍മതി. കുങ്കുമത്തിന്റെ എന്തറിഞ്ഞിട്ടാണ് ഗര്‍ദഭം അത് ചുമക്കുന്നത് എന്നാണല്ലോ പഴയൊരു ചോദ്യം. ഖദറിട്ടു നടക്കണമെന്നേയുള്ളൂദേശീയ പതാകയെക്കുറിച്ച് അറിയണമെന്നില്ല. 'ഇന്ത്യന്‍ പതാകാ നിയമം' എന്നൊരു നിയമം കടലാസിലുണ്ട്. ദേശീയപതാകയുടെ പ്രദര്‍ശനത്തെയും ഉപയോഗത്തെയും നിയന്ത്രിക്കുന്ന നിയമമാണ് അതത്രെ. അതുപ്രകാരം ദേശീയപതാക ഭൂമിയോ ജലമോ സ്പര്‍ശിക്കരുതാത്തതാണ്. മേശവിരിയായോ, പ്രതിമകളെയോ ഫലകങ്ങളെയോ മൂലക്കല്ലുകളെയോ മൂടുന്നതിനായോ ഉപയോഗിക്കാനോ വേദിക്കു മുമ്പില്‍ തൂക്കിയിടാനോ പാടുള്ളതല്ല. അരയ്ക്കു താഴെയുള്ള വസ്ത്രങ്ങളുടെ ഭാഗമായോ അടിവസ്ത്രമായോ ഉപയോഗിക്കാന്‍ പാടില്ല.



തലയിണയുറയിലോ കൈത്തൂവാലകളിലോ തുന്നിച്ചേര്‍ക്കരുത്. ഇതൊന്നും പാടില്ല എന്നേയുള്ളൂ. ദേശീയ പതാകയെ കേക്ക് ആക്കി മാറ്റാം. എന്നിട്ട് കത്തിയെടുത്ത് മുറിച്ച് പതാകയുടെ കഷണങ്ങള്‍ അണ്ണാക്കിലേക്ക് കുത്തിത്തിരുകാം. ചെയ്യുന്നത് സാക്ഷാല്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ ആകുമ്പോള്‍ മനോരമയിലോ മാതൃഭൂമിയിലോ വാര്‍ത്ത വരില്ല; പൊലീസ് സ്വമേധയാ കേസും എടുക്കില്ല. ജോര്‍ജും ഗണേശും വൃത്തികേട് ഛര്‍ദിക്കുന്നു; അബ്ദുള്ളക്കുട്ടി ദേശീയ പതാക വിഴുങ്ങുന്നു. എംഎല്‍എമാരായാല്‍ എന്തുംചെയ്യാം. ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ ഉണര്‍ന്ന മാധ്യമരാഷ്ട്രീയ ധാര്‍മികബോധം ഇപ്പോള്‍ കാശിക്കുള്ള യാത്രയിലാണ്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാറിയപ്പോള്‍ പതാകഭോജികളുടെ ഭരണമാണ് വന്നതെന്ന് തോന്നുന്നു. അടുത്ത പൊതുജന സമ്പര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കും വിഴുങ്ങാവുന്നതാണ് അശോകചക്രം പതിപ്പിച്ച ഒരു മുവര്‍ണകേക്ക്. ലീഗുകാര്‍ പച്ച ലഡു തിന്നും കൊടുത്തുമാണ് സന്തോഷം പ്രകടിപ്പിക്കുക. അതും ഒരു മാതൃകതന്നെ.
ശതമന്യു

വീണ്ടും കര്‍ഷക ആത്മഹത്യകള്‍

കേരളത്തില്‍ കടക്കെണിയും വിലത്തകര്‍ച്ചയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും നിത്യസംഭവമായിരിക്കുന്നു. വയനാട് ജില്ലയില്‍ ഇതിനകം നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തു. കണ്ണൂര്‍ ജില്ലയിലെ മലയോര കാര്‍ഷികമേഖലയായ കൊട്ടിയൂരില്‍ ജപ്തി നോട്ടീസ് കിട്ടിയതിനെത്തുടര്‍ന്ന് ഒരു കൃഷിക്കാരന്‍ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഒരാഴ്ചയ്ക്കകം ഏഴ് കൃഷിക്കാരാണ് കടബാധ്യത കാരണം കേരളത്തില്‍ ആത്മഹത്യചെയ്തത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ച ഉടന്‍തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുപകരം കര്‍ഷക ആത്മഹത്യകളെല്ലാം കാര്‍ഷിക പ്രതിസന്ധിയോ കടക്കെണിയോ കാരണമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. വയനാട്ടില്‍ നാല് കൃഷിക്കാര്‍ ആത്മഹത്യചെയ്തപ്പോള്‍ അത് സാധാരണ ആത്മഹത്യകളാണെന്ന് പുച്ഛരസത്തില്‍ പറയുകയാണ് വയനാട് ഡിസിസി പ്രസിഡന്റ് ചെയ്തത്.
അതേസമയം കടുത്ത വിലത്തകര്‍ച്ചയും കടക്കെണിയും കാരണമാണ് കൃഷിക്കാര്‍ ആത്മഹത്യചെയ്തതെന്ന് ജില്ലാ കലക്ടര്‍ ഈ മാസം 9ന് തന്നെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് അയച്ചു. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് വയനാട് ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവന മുഖവിലക്കെടുത്ത് പ്രസ്താവന നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. 20012006ലെ യുഡിഎഫ് ഭരണകാലത്ത് ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. കേരളത്തില്‍ നൂറുകണക്കിന് കൃഷിക്കാര്‍ ആത്മഹത്യചെയ്ത സംഭവങ്ങള്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അങ്ങനെയൊരു സംഭവമേ ഇല്ലെന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയവരാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ . അതുകാരണം കേന്ദ്രത്തില്‍നിന്ന് ആശ്വാസസഹായമൊന്നും അക്കാലയളവില്‍ കേരളത്തിന് ലഭിച്ചില്ല. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വ്യക്തമായത് തൊട്ടുമുമ്പത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് അങ്ങോളമിങ്ങോളമായി 1500ല്‍പ്പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നതാണ്. അതില്‍ അഞ്ഞൂറ്റിയമ്പതോളം പേര്‍ വയനാട് ജില്ലയില്‍ നിന്നുള്ളവരാണ്. ബാങ്ക് ഭാരവാഹികളെ വിളിച്ചുചേര്‍ത്ത് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്തത്. തുടര്‍ന്ന്, ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടെയും കടങ്ങള്‍ എഴുതിത്തള്ളുകയും അങ്ങനെ അവരുടെ ശേഷിച്ച കുടുംബാംഗങ്ങളെ രക്ഷിക്കുകയുംചെയ്തു. ആ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം അടിയന്തര ധനസഹായം നല്‍കി. തുടര്‍ന്ന് സംസ്ഥാനത്തിനാകെ ബാധകമായ നിലയില്‍ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയും കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും കടാശ്വാസ നിയമം കൊണ്ടുവരികയുംചെയ്തു.
കമീഷന്‍ ഓരോ മേഖലയിലെയും കടങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി കടം എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആശ്വാസനടപടികള്‍ സ്വീകരിച്ചു. കാര്‍ഷിക മേഖലയിലും മത്സ്യബന്ധന മേഖലയിലും നടപ്പാക്കിയ ഈ കടാശ്വാസ നിയമം ഈ രണ്ട് മേഖലകളെയും പുതിയ ഉണര്‍വിലേക്ക് നയിച്ചു. നെല്‍ക്കൃഷിക്ക് പലിശരഹിത വായ്പ ഏര്‍പ്പെടുത്തുകയും സംഭരണവില ഗണ്യമായി വര്‍ധിപ്പിച്ച് സംഭരണം ശക്തിപ്പെടുത്തുകയുംചെയ്തു. കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തി. ഇങ്ങനെ സമഗ്രമായ നടപടികളിലൂടെ കാര്‍ഷികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുകയും കര്‍ഷക ആത്മഹത്യ പൂര്‍ണമായും ഇല്ലാതാക്കുകയുംചെയ്തു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലെന്നുപറഞ്ഞ്, കേന്ദ്രസഹായം തട്ടിമാറ്റുകയാണ് ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ കൃത്യമായി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും അന്നത്തെ യുപിഎ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഇടതുപക്ഷത്തിന്റെകൂടി പിന്തുണ അനിവാര്യമാണെന്ന അനുകൂലസാഹചര്യംകൂടി ഉപയോഗപ്പെടുത്തി മൂന്ന് ജില്ലകള്‍ക്ക് വിദര്‍ഭ മോഡല്‍ പാക്കേജ് നേടിയെടുത്തു. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് അന്നത്തെ യുപിഎ സര്‍ക്കാര്‍ ഒറ്റത്തവണ നടപടി എന്ന നിലയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തയ്യാറായി. എന്നാല്‍ , കേരളാ മോഡലില്‍ സ്ഥിരം സംവിധാനം എന്ന നിലയില്‍ കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
കൃഷിക്കാരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ കഴിഞ്ഞതും ജപ്തി നടപടികള്‍ ഒഴിവായതും കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയ ഉദാരമായ സഹായവുംകൊണ്ടാണ് കേരളത്തില്‍ കാര്‍ഷികമേഖലയില്‍ പുതിയ ഉണര്‍വുണ്ടായതും കര്‍ഷക ആത്മഹത്യ ഇല്ലാതായതും. ഇപ്പോള്‍ പഴയ സ്ഥിതി തിരിച്ചുവന്നിരിക്കുന്നു. കഴിഞ്ഞ ദിവസം കല്‍പ്പറ്റയില്‍ സ്ഥിതിഗതികള്‍ അവലോകനംചെയ്ത കാര്‍ഷികോല്‍പ്പാദക കമീഷണര്‍ കെ ജയകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത് വയനാട്ടിലെ കാര്‍ഷിക മേഖലയിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ്. ഉമ്മന്‍ചാണ്ടി പറഞ്ഞതല്ല വസ്തുത എന്നാണ് ഇതിലൂടെ തെളിയുന്നത്. ആഗോളവല്‍ക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉദാരവല്‍ക്കരിച്ചതും രാസവളങ്ങളുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും വിലസ്ഥിരത ഇല്ലാതാക്കിയതുമാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് കാരണം. അവധിവ്യാപാരവും ഊഹക്കച്ചവടവും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. വയനാട്ടില്‍ ഇഞ്ചി, ഏത്തവാഴ, കിഴങ്ങ് കൃഷിയുമായി ബന്ധപ്പെട്ടാണ് അടുത്തകാലത്ത് ഏറ്റവുമധികം പ്രശ്നമുണ്ടായിരിക്കുന്നത്. ഈ മേഖലയില്‍ ഇടത്തട്ടുകാരുടെ കടുത്ത ചൂഷണമാണ് നടക്കുന്നത്. ഒരുകിലോ ഇഞ്ചിക്ക് വിപണിയില്‍ 70 രൂപവരെ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. ഏത്തക്കായക്ക് 3035 രൂപ വിപണിയില്‍ വിലയുള്ളപ്പോള്‍ ആറും ഏഴും രൂപയാണ് കൃഷിക്കാരന് ലഭിക്കുന്നത്. കപ്പയ്ക്ക് വിപണിയില്‍ 15 രൂപ വിലയുള്ളപ്പോള്‍ കൃഷിക്കാരന് ലഭിക്കുന്നത് ആറ് രൂപയാണ്. അവധിവ്യാപാരംകൊണ്ടുള്ള ഈ ചൂഷണം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ആഭ്യന്തര കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന വിലസംരക്ഷണം 1991ല്‍ ആഗോളവല്‍ക്കരണനയങ്ങളുടെ ഭാഗമായാണ് എടുത്തുമാറ്റിയത്. അതുപോലെ രാസവളത്തിന്റെ സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കുകയും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുറകെ രാസവളത്തിന്റെയും വിലനിയന്ത്രണം എടുത്തുകളയുകയും ചെയ്തിരിക്കുന്നു.
ഇരട്ടി മുതല്‍ ആറിരട്ടിവരെയാണ് രാസവളം വില ഒരുവര്‍ഷംകൊണ്ട് വര്‍ധിച്ചത്. ഒരുവര്‍ഷം മുമ്പ് 4860 രൂപയായിരുന്ന യൂറിയയുടെ വില 12,000 രൂപയായി ഉയര്‍ന്നു. പൊട്ടാഷിന്റെ വില 4455 രൂപയായിരുന്നത് 6300 രൂപയായി വര്‍ധിപ്പിക്കുകയും അത് 8500 രൂപയ്ക്ക് കരിഞ്ചന്തയ്ക്ക് വില്‍ക്കുകയുമാണ്. ഡിഎപി എന്ന അമോണിയം വളത്തിന് 9350 രൂപയായിരുന്നത് 19,000 രൂപയായി. രാസവളത്തിന് കടുത്ത ക്ഷാമമുണ്ടാക്കുകയും അതിന്റെ മറവില്‍ പൂഴ്ത്തിവയ്്പും കരിഞ്ചന്തയും സൃഷ്ടിക്കുകയുമാണ്. ഇതുവഴി ഉല്‍പ്പാദനച്ചെലവ് വന്‍തോതില്‍ വര്‍ധിക്കുകയും കൃഷിക്കാരന് വരുമാനം ഗണ്യമായി കുറയുകയും ചെയ്യുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ബാങ്കില്‍നിന്ന് കാര്‍ഷികവായ്പ ലഭിക്കാത്തതിനാല്‍ ബ്ലേഡുകാരെ ആശ്രയിക്കേണ്ടിവരികയും ബാങ്കുകളില്‍ നിന്നുതന്നെ വന്‍ പലിശയ്ക്ക് മറ്റുതരം വായ്പകള്‍ വാങ്ങുകയും ചെയ്യേണ്ടിവരുന്നു. ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് കാരണം പണം തിരിച്ചടയ്ക്കാന്‍ ഗത്യന്തരമില്ലാതെയാണ് കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നത്. ആയിരക്കണക്കിന് കൃഷിക്കാരാണ് ഭൂമി പാട്ടമെടുത്ത് കൃഷിചെയ്യുന്നത്. അവര്‍ക്ക് കാര്‍ഷികവായ്പ നല്‍കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. അതേസമയം കാര്‍ഷിക വായ്പയ്ക്കായി നീക്കിവയ്ക്കുന്ന പണത്തില്‍ വലിയൊരു ഭാഗം വന്‍കിടക്കാര്‍ക്ക് കൊടുക്കുകയാണ്.
കാര്‍ഷിക വായ്പയില്‍ നല്ലൊരുപങ്ക് കൃഷിക്കാര്‍ക്കല്ല കിട്ടുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയണം. മലയോര മേഖലകളില്‍ കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണുണ്ടാകുന്നത്. കൊട്ടിയൂരില്‍ കഴിഞ്ഞ ദിവസം ആത്മഹത്യചെയ്ത കര്‍ഷകന്റെ ഏത്തവാഴക്കൃഷി മുഴുവന്‍ കാട്ടുമൃഗങ്ങള്‍ നശിപ്പിച്ചു. ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ഈ പ്രശ്നമാണ്. വിളനാശത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വിളസംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും സമഗ്രമായ വിള ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനും കൃഷിക്കാരില്‍ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം. കാര്‍ഷിക കടങ്ങളുടെ ജപ്തിനടപടികള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കുകയും കടാശ്വാസ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും വേണം. പുതിയ പ്രശ്നങ്ങള്‍കൂടി പരിഹരിക്കാനാകുംവിധം കാര്‍ഷിക കടാശ്വാസകമീഷനെ ശക്തിപ്പെടുത്തുകയും അവര്‍ കൈകാര്യംചെയ്യുന്ന വിഷയപരിധി വിപുലപ്പെടുത്തുകയും വേണം. ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച ഒഴിവാക്കാന്‍ വിലസ്ഥിരതാ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണം. അതോടൊപ്പംതന്നെ വിള ഇന്‍ഷുറന്‍സ് കാര്യക്ഷമമായി നടപ്പാക്കണം. രാസവളങ്ങളുടെ ക്ഷാമത്തിന് അറുതിവരുത്തുകയും വര്‍ധിപ്പിച്ച വില പിന്‍വലിക്കുകയും വേണം. രാസവളങ്ങള്‍ക്ക് വിലനിയന്ത്രണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം.
പ്രശ്നപരിഹാരത്തിന് വയനാട്ടില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില ലഭ്യമാക്കാന്‍ ഒരു പദ്ധതി സമര്‍പ്പിക്കാനാണ് ഇപ്പോള്‍ മന്ത്രിസഭ എപിസിയോട് നിര്‍ദേശിച്ചിരിക്കുന്നത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച വയനാട്ടിലെമാത്രം പ്രശ്നമല്ല, സംസ്ഥാനത്തിന്റെയാകെ പ്രശ്നമാണ്. അതുകൊണ്ട് താങ്ങുവില സംസ്ഥാനവ്യാപകമായി ബാധകമാക്കണം. സംസ്ഥാനവ്യാപകമായി ജപ്തിനടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം തയ്യാറായിട്ടില്ല. ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളുടെ കടം എഴുതിത്തള്ളാനോ അവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മന്ത്രിസഭ തയ്യാറായില്ല. പ്രശ്നത്തെ വയനാട്ടിലെ പ്രാദേശിക പ്രശ്നമായി ലഘൂകരിച്ച് കാണാനാണ് സര്‍ക്കാര്‍ തയ്യാറായത്. പ്രശ്നത്തിന്റെ അതീവഗുരുതരാവസ്ഥ പരിഗണിച്ചുള്ള ചര്‍ച്ച നടത്താനോ നടപടികള്‍ സ്വീകരിക്കാനോ തയ്യാറായില്ല. സംസ്ഥാനത്തെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ സമഗ്രപദ്ധതി ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് കര്‍ഷക ആത്മഹത്യക്ക് അടിസ്ഥാന കാരണമെന്നതിനാല്‍ ലോകജനത തന്നെ നിരസിച്ചുകഴിഞ്ഞ ഉദാരവല്‍ക്കരണനയം തിരുത്തിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.
വി.എസ്. അച്യുതാനന്ദന്‍

17 November, 2011

മന്‍മോഹെന്‍റ കാന്‍ പ്രഖ്യാപനവും സ്വതന്ത്രവിപണിവാദത്തിെന്റ തത്ത്വചിന്തയും

തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഫ്രാന്‍സിലെ കാനില്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യയിലെ 99 ശതമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സ്വതന്ത്രവിപണിവാദത്തിെന്‍റ തത്വചിന്താപരമായ വചനങ്ങളാണ് മന്‍മോഹന്‍സിങ് കാനില്‍ മാധ്യമ പ്രവര്‍ത്തകരോട് മൊഴിഞ്ഞത്. വിപണി സ്വന്തം കാലില്‍ നില്‍ക്കട്ടെയെന്നാണ് ഈ നവലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കല്‍പിച്ചത്. പെട്രോളിയം വിലവര്‍ദ്ധനവിനെതിരെ ഇന്ത്യയിലുയരുന്ന പ്രതിഷേധങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍കൊണ്ടുവന്നപ്പോള്‍ രാജ്യം കൈവരിക്കുന്ന സാമ്പത്തിക വളര്‍ച്ചയെയും ജനസംഖ്യാ വര്‍ദ്ധനവിനെയും ഓര്‍മ്മപ്പെടുത്തികൊണ്ട് വിലക്കയറ്റത്തെ ന്യായീകരിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. മുതലാളിത്ത പണ്ഡിതന്മാര്‍ നൂറ്റാണ്ടുകളായി ഉരുവിട്ടുകൊണ്ടിരിക്കുന്ന ഡിമാന്‍റ് സപ്ലൈ തിയറി ഉദ്ധരിച്ച് വിലക്കയറ്റം ഒഴിവാക്കാനാവാത്തതാണെന്ന് കൗശലപൂര്‍വ്വം സമര്‍ത്ഥിക്കുവാനാണ് പ്രധാനമന്ത്രി ശ്രമിച്ചുനോക്കിയത്. യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര വിപണിയുടെ മൗലികവാദികളായ വക്താക്കള്‍പോലും നവലിബറല്‍ പരിഷ്കാരങ്ങളില്‍ സംശയം പ്രകടിപ്പിക്കുമ്പോഴാണ് ആഗോള ഫൈനാന്‍സ് മൂലധനത്തിെന്‍റ ശക്തനായ സംരക്ഷകനായി പരിഷ്കാരങ്ങള്‍ സധൈര്യം മുന്നോട്ടുകൊണ്ടുപോകുവാന്‍ ജി 20 നേതാക്കളെ മന്‍മോഹന്‍ കാനില്‍ ഉദ്ബോധിപ്പിച്ചത്.

    ഇന്ത്യയില്‍ പെട്രോളിനു മാത്രമല്ല ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില നിയന്ത്രണം എടുത്തുകളയുമെന്നാണ് മന്‍മോഹന്‍ വികാരപൂര്‍വം പ്രഖ്യാപിച്ചത്. എണ്ണ കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം നല്‍കിയതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ യുപിഎ ഘടകകക്ഷികളുടെയും പല കോണ്‍ഗ്രസ് നേതാക്കളുടെയും വിമര്‍ശനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രി ഉദാരവല്‍ക്കരണനയങ്ങള്‍ ഇനിയും തീവ്രഗതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.    

    1990കളോടെ സാമ്പത്തിക സാമൂഹിക ചിന്തകളുടെ രംഗങ്ങളില്‍ മേല്‍ക്കൈ നേടിയിരുന്ന സ്വതന്ത്ര വിപണിയുടെ ദര്‍ശനം സമകാലീന മുതലാളിത്ത പ്രതിസന്ധിയോടെ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്വതന്ത്ര വിപണി സിദ്ധാന്തത്തിെന്‍റ മുന്‍നിര വക്താക്കളില്‍ പ്രമുഖനായിരുന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പോലും തങ്ങളുടെ ദര്‍ശനം അപകടം നിറഞ്ഞതായിരുന്നുവെന്ന് അമേരിക്കന്‍ സമൂഹത്തോട് ഏറ്റുപറയുകയുണ്ടായി. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും അടിസ്ഥാനമായിരുന്ന മില്‍ട്ടണ്‍ ഫ്രീഡ്മാെന്‍റയും ഫ്രെഡറിക് പോണ്‍ഹായെക്കിെന്‍റയും സാമ്പത്തിക സാമൂഹ്യശാസ്ത്ര ദര്‍ശനങ്ങള്‍ അത്യന്തം അപാകതകള്‍ നിറഞ്ഞതും മനുഷ്യത്വരഹിതവുമായിരുന്നുവെന്ന തിരിച്ചറിവ് മുതലാളിത്ത പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ സ്തുതിപാഠകന്മാരായിരുന്ന പല സാമ്പത്തിക ശാസ്ത്രജ്ഞരും ഇപ്പോള്‍ തികഞ്ഞ കുറ്റസമ്മതത്തിലാണെന്നാണ് മാധ്യമങ്ങളിലൂടെ വരുന്ന അവരുടെ ലേഖനങ്ങള്‍ സൂചിപ്പിക്കുന്നത്. നവലിബറല്‍ നയങ്ങളുടെ നിര്‍മാനുഷികതയും ഹിംസാത്മകമായ കൊള്ളയും പലരെയും മാറി ചിന്തിപ്പിക്കുവാന്‍ നിര്‍ബന്ധിതരാക്കി. നിയോലിബറല്‍ നയങ്ങള്‍ ഈ ലോകത്തെ അസമത്വങ്ങളുടെ വിളഭൂമിയാക്കിയെന്നാണ് നോബല്‍ സമ്മാനജേതാവും മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനുമായിരുന്ന വിശ്വവിഖ്യാത ധനശാസ്ത്രജ്ഞന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്സ് കുമ്പസാരം നടത്തിയത്.    

    ഭരണകൂടങ്ങളുടെ പങ്ക് ഉപേക്ഷിക്കുന്നതിലൂടെ കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിയിലേക്കാണ് ലോകം വഴുതി വീണതെന്നാണ് സ്റ്റിഗ്ലിറ്റ്സ് പശ്ചാത്താപപൂര്‍വം എഴുതിയത്. നവലിബറല്‍ മൂലധനത്തിനാവശ്യമായ രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രണവും ഉടമസ്ഥതയും അവസാനിപ്പിക്കണമെന്ന് ക്രൂരമായി വാദിച്ചുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിങ് രാഷ്ട്രത്തെയും ജനങ്ങളെയും സംബന്ധിച്ച ഉത്തരവാദിത്വം വിസ്മരിച്ചു കളഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ ഉപാസകന്‍ മാത്രമാണ്. അന്ധമായ വിപണിവാദത്തിലൂടെ സാമൂഹ്യ ഉത്തരവാദിത്വത്തിെന്‍റ ഭാഷ തന്നെയാണ് മന്‍മോഹന്‍സിങ്ങിന് നഷ്ടമായിരിക്കുന്നത്. രാഷ്ട്ര ധര്‍മ്മത്തിെന്‍റയും ഭരണത്തിെന്‍റയും മാനദണ്ഡമായിരിക്കേണ്ടത് മനുഷ്യനാണെന്ന് നൂറ്റാണ്ടുകള്‍ക്കുമുമ്പ് തന്നെ പൈതഗോറസ് പ്രഖ്യാപിക്കുകയുണ്ടായി. ജനങ്ങള്‍ക്ക് ക്ഷേമവും സൗഖ്യവും നല്‍കുവാനാണ് ചരിത്രത്തില്‍ രാഷ്ട്രങ്ങള്‍ രൂപപ്പെട്ടതെന്നാണ് പൈതഗോറസ് പഠിപ്പിച്ചത്. ജനങ്ങള്‍ക്ക് നന്മയും ക്ഷേമവും നല്‍കുവാന്‍ കഴിയാതെ പോകുന്ന സര്‍ക്കാരുകള്‍ നിഷ്ഫലങ്ങളാണെന്നാണ് മാനവികതയെക്കുറിച്ച് ചിന്തിച്ച മഹാന്മാരെല്ലാം അസന്ദിഗ്ദ്ധമായ ഭാഷയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രത്തിെന്‍റ ആചാര്യ സ്ഥാനമലങ്കരിക്കുന്ന ആദം സ്മിത്ത് 'വെല്‍ത്ത് ഓഫ് നാഷന്‍സി'ലൂടെ വിപണിയെ മനുഷ്യനുപകരം എല്ലാറ്റിെന്‍റയും അടിസ്ഥാനവും ചോദനയുമാക്കുവാനാണ് ശ്രമിച്ചത്. ചാക്രികമായി മുതലാളിത്തത്തിന് കീഴില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും കുഴപ്പങ്ങളും സ്വതന്ത്രവിപണിയുടെ കാര്യക്ഷമതയെയും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിച്ച എല്ലാ അവകാശവാദങ്ങളെയും അപ്രസക്തമാക്കി. മുപ്പതുകളില്‍ കെയ്നീഷ്യന്‍ പരിഹാരങ്ങളിലൂടെ പ്രതിസന്ധി നിര്‍ഭരമായ മുതലാളിത്ത വ്യവസ്ഥ അതിജീവനത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍പോലും താല്‍കാലിക വിജയത്തിനുശേഷം പൊളിഞ്ഞുപോയതോടെയാണല്ലോ റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും രൂപത്തില്‍ നവലിബറല്‍ നയങ്ങള്‍ പരീക്ഷിക്കപ്പെട്ടത്. ഫൈനാന്‍സ് മൂലധനത്തിെന്‍റ ആധിപത്യം നിയന്ത്രണാതീതമാകുമ്പോള്‍ ഗുരുതരമായ സാമ്പത്തിക കുഴപ്പങ്ങളിലേക്കും സാമൂഹ്യ ദുരന്തങ്ങളിലേക്കുമാണ് ലോകം നയിക്കപ്പെടുകയെന്നതാണ് ഇപ്പോഴത്തെ മുതലാളിത്ത പ്രതിസന്ധി സ്വയം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. റീഗണോമിക്സിെന്‍റയും താച്ചറിസത്തിെന്‍റയും ഇന്ത്യന്‍ അവതാരമാണല്ലോ മന്‍മോഹന്‍സിംഗ്. സ്വതന്ത്ര വിപണിവാദത്തിെന്‍റ മൗലികവാദനിലപാടുകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന മന്‍മോഹന്‍സിംഗ് കടുത്ത പല നിയോലിബറല്‍വാദികളും തിരിച്ചറിഞ്ഞ ഫൈനാന്‍സ് മൂലധനത്തിെന്‍റ നിഷ്ഠൂരമായ വ്യാപന താല്‍പര്യങ്ങളെ മറച്ചുപിടിച്ചുകൊണ്ട് കമ്പോളവാദം ആവര്‍ത്തിക്കുകയാണ്. ധനമൂലധനത്തിെന്‍റ അമിതവളര്‍ച്ച എവിടെയും എപ്പോഴും സാമ്പത്തിക വ്യവസ്ഥയെ ഊഹ വ്യാപാരമാക്കുകയാണ് ചെയ്യുന്നത്. കോര്‍പ്പറേറ്റുകള്‍ അന്താരാഷ്ട്ര നിയമനിര്‍മ്മാതാക്കളായി മാറുകയാണ് ഇത്തരം സാമ്പത്തിക വ്യവസ്ഥയില്‍ എന്ന യാഥാര്‍ത്ഥ്യമാണ് മന്‍മോഹന്‍സിംഗ് തെന്‍റ സ്വതന്ത്ര വിപണിവാദത്തിലൂടെ വിസ്മരിച്ചുകളയുകയോ ജനങ്ങളോട് തുറന്നുപറയാന്‍ തയ്യാറാകാതിരിക്കുകയോ ചെയ്യുന്നത്. വിപണിയെ സ്വതന്ത്രമാക്കുന്നതിലൂടെ സമ്പദ്വ്യവസ്ഥ കാര്യക്ഷമമാക്കുന്ന മന്‍മോഹന്‍സിംഗിെന്‍റ വാദം മുതലാളിത്തത്തിെന്‍റ ചരിത്രത്തെയും സമകാലീന പ്രതിസന്ധിയെയും സംബന്ധിച്ച് അറിവുള്ള ഒരാള്‍ക്കും അംഗീകരിക്കാവുന്നതല്ല. സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും വെറും വിടുവായത്തം മാത്രമാണ്. സാമൂഹ്യ സുരക്ഷയുടെയും സാമൂഹ്യ നിയന്ത്രണത്തിെന്‍റയും തത്വങ്ങളും വ്യവസ്ഥകളും ഉപേക്ഷിക്കുന്ന ഒരു സമ്പദ്ഘടനയ്ക്കും ജനജീവിതം മെച്ചപ്പെടുത്തുവാന്‍ കഴിയില്ല. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ തുറന്നു സമ്മതിച്ച കാര്യം മന്‍മോഹന്‍സിംഗിനെപ്പോലുള്ളവര്‍ എന്തുകൊണ്ടാണ് കാണാതെപോകുന്നത്. സ്വന്തം ഓഹരിക്കാരെയും വിവിധ സ്ഥാപനങ്ങളില്‍ തങ്ങള്‍ക്കുള്ള ഓഹരികളെയും സംരക്ഷിക്കുവാനുള്ള കഴിവും താല്‍പര്യവും ബാങ്കുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കുമുണ്ടായിരിക്കുമെന്ന് ധരിച്ചപ്പോള്‍ ഞങ്ങളൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ് അലന്‍ ഗ്രീന്‍സ്പാന്‍ കുറ്റസമ്മതം നടത്തിയത്. സ്വതന്ത്ര വിപണിയുടെ അപ്പോസ്തലന്മാര്‍ അവകാശപ്പെടുന്നതുപോലെ അത് നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ലെന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിത്തരുന്നത്. ഇവിടെയാണ് മാര്‍ക്സിെന്‍റ മുതലാളിത്ത വിമര്‍ശനങ്ങളുടെ ശരിമ ലോകം തിരിച്ചറിയുന്നതും. മാര്‍ക്സ് തെന്‍റ വിശകലനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളത്, സ്വതന്ത്ര വിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യവസ്ഥയാണെന്നാണ്. അനിയന്ത്രിതവും സഹജസ്വഭാവംകൊണ്ടുതന്നെ അസ്ഥിരവുമായ ഒരു വ്യവസ്ഥയാണത്. ആവര്‍ത്തിക്കപ്പെടുന്ന പ്രതിസന്ധികള്‍ക്കും അതുമൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനും ഉല്‍പാദനോപാധികളുടെ വിനാശത്തിനും വിധേയമാണത്. സ്വയം സൃഷ്ടിച്ച ഉല്‍പാദനശക്തികളെ കൈകാര്യംചെയ്യുവാന്‍ മുതലാളിത്തം അശക്തമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് ഇത് അനാവരണംചെയ്യുന്നത്. 'അന്യലോകത്തുനിന്നും താന്‍ ആവാഹിച്ചുകൊണ്ടുവന്ന അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നിസ്സഹായനാവുന്ന മന്ത്രവാദി'യെപ്പോലെയാണ് മുതലാളിത്തമെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നുണ്ട്. മുതലാളിത്തത്തിനുകീഴില്‍ കാലാകാലങ്ങളില്‍ ഉല്‍പാദനശക്തികള്‍ വികാസംനേടുകയും ഉല്‍പാദനബന്ധങ്ങളുമായി അവ സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നു. അതേ തുടര്‍ന്ന് മുതലാളിത്ത വ്യവസ്ഥ അനിവാര്യമായ പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടേയിരിക്കുന്നു. എത്ര വിനാശകരമായ മാര്‍ഗ്ഗത്തിലൂടെയാണ് മുതലാളിത്തം ഈ പ്രതിസന്ധി അതിജീവിക്കുന്നതെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വ്യക്തമാക്കുന്നുണ്ട്.    

    'ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത് ഉല്‍പാദനശക്തിളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികള്‍ കീഴ്പ്പെടുത്തുകയും പഴയ വിപണികളെ കുറെക്കൂടി നന്നായി ചൂഷണംചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്. വികാസത്തിെന്‍റയും മാന്ദ്യത്തിെന്‍റയും ഒന്നിടവിട്ട പരമ്പരയിലൂടെ കടന്നുപോകുന്ന സ്വതന്ത്ര വിപണിവ്യവസ്ഥയിലെ മത്സരവും തെരഞ്ഞെടുക്കുവാനുള്ള അവസരസാധ്യതയെക്കുറിച്ചുള്ള അവകാശവാദങ്ങളുമെല്ലാം ശുദ്ധ തട്ടിപ്പാണ്. യഥാര്‍ത്ഥത്തില്‍ കുത്തകകളെ വളര്‍ത്തിയെടുത്ത് മല്‍സരത്തെത്തന്നെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീകരമായ അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് സ്വതന്ത്ര വിപണി വ്യവസ്ഥകള്‍ ചെയ്യുന്നത്. പെട്രോളിയം മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യവല്‍ക്കരണ നയങ്ങളാണ് അടിക്കടിയുള്ള വിലക്കയറ്റത്തിന് കാരണമായിരിക്കുന്നതെന്ന വസ്തുതയെക്കുറിച്ച് മന്‍മോഹന്‍സിംഗ് നിശ്ശബ്ദത പാലിക്കുകയാണ്. ആഗോള എണ്ണ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായ നയങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ചത് മന്‍മോഹന്‍സിംഗായിരുന്നു.    

    റാവു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയെന്ന നിലയില്‍ 1992 ഫെബ്രുവരി 29െന്‍റ ബജറ്റ് പ്രസംഗത്തിലാണ് പുതിയ നിക്ഷേപപദ്ധതികള്‍ മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത്. വിദേശകുത്തക കമ്പനികള്‍ക്ക് എണ്ണ പര്യവേഷണത്തിനും ഖനനത്തിനും അനുമതിനല്‍കിയത് റാവുമന്‍മോഹന്‍ ക്ലിക്കായിരുന്നു. ലോകബാങ്ക് നിര്‍ദ്ദേശമനുസരിച്ച് പി കെ കൗള്‍ കമ്മിറ്റിയെ നിയോഗിച്ചതും പൊതുമേഖലാ എണ്ണ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുവാനും വിദേശ മൂലധന നിക്ഷേപം ഈ രംഗത്ത് അനുവദിക്കുവാനും പച്ചക്കൊടി കാണിച്ചതും മന്‍മോഹന്‍സിംഗായിരുന്നു. ഈ നയങ്ങള്‍ പിന്നീട് വന്ന ബിജെപി സര്‍ക്കാര്‍ തീവ്രഗതിയില്‍ നടപ്പാക്കുകയായിരുന്നു. തദ്ദേശീയമായ എണ്ണ ഉല്‍പാദനത്തെയും ഈ രംഗത്തെ സ്വാശ്രയ സമീപനത്തെയും സ്വതന്ത്ര വിപണി നയങ്ങളിലൂടെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പെട്രോളിയം വില നിയന്ത്രണം എടുത്തുകളയുവാനുള്ള നീക്കങ്ങളെ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയോഗിച്ച പാര്‍ലമെന്ററി സ്റ്റാന്‍റിംഗ് കമ്മിറ്റി ശക്തമായി എതിര്‍ക്കുകയായിരുന്നു. പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടാണ് വിലനിയന്ത്രണം എടുത്തുകളയുവാനുള്ള ശുപാര്‍ശ സമര്‍പ്പിക്കാനായി കരീത് പരീഖ് കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നത്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയാധികാരം നല്‍കുവാനാണ് ഈ കമ്മിറ്റി, എണ്ണ കമ്പനികളുടെ നഷ്ടത്തെക്കുറിച്ചുള്ള കള്ളക്കണക്കുകളിലൂടെ ആവശ്യപ്പെടുന്നത്. സ്വതന്ത്ര വിപണിവാദികള്‍ സര്‍വ്വതന്ത്ര സ്വതന്ത്രമായ മൂലധന പ്രവര്‍ത്തനങ്ങള്‍ക്കും വ്യാപാരത്തിനും രാജ്യത്തിെന്‍റ സമ്പദ്ഘടനയെ തുറന്നുകൊടുക്കുകയാണ്. പെട്രോളിന് പിറകെ ഇപ്പോള്‍ ഡീസലിന്റെയും പാചകവാതകത്തിെന്‍റയും മണ്ണെണ്ണയുടെയും വിലനിയന്ത്രണാധികാരം പെട്രോളിയം കുത്തകകളെ ഏല്‍പിക്കുവാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഇനിയും കൂട്ടിയും വിപണിയെ കൂടുതല്‍ സ്വതന്ത്രമാക്കിയും മന്‍മോഹന്‍സിംഗ് കോര്‍പ്പറേറ്റുകളോടുള്ള കൂറും ഉത്തരവാദിത്വവും പ്രകടിപ്പിക്കുകയാണ്. പെട്രോളിയം കമ്പനികളുടെ ഇല്ലാ നഷ്ടത്തിെന്‍റ കള്ളക്കഥകളുമായി കുത്തകകള്‍ക്ക് ജനങ്ങളെ പിഴിഞ്ഞൂറ്റുവാനാണ് സര്‍ക്കാര്‍ യാതൊരുവിധ മനഃസാക്ഷിക്കുത്തുമില്ലാതെ ഉത്സാഹം കാണിക്കുന്നത്.    

    2010ല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം പെട്രോള്‍ വില ക്രമാതീതമായി വര്‍ദ്ധിക്കുകയും വിലക്കയറ്റം ദുസ്സഹമായിക്കഴിഞ്ഞിരിക്കുകയുമാണ്. വിദേശ നാടന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങളുടെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി കാനില്‍ നടത്തിയത്. സ്വതന്ത്ര വിപണി വ്യവസ്ഥയെന്നത് പ്രതിസന്ധി നിര്‍ഭരവും മനുഷ്യത്വരഹിതവുമായൊരു സാമൂഹ്യ സംവിധാനമാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയാണ്. പ്രതിസന്ധി നീട്ടിവെയ്ക്കുന്തോറും അത് കൂടുതല്‍ വ്യാപകവും വിനാശകരവുമായിത്തീരും. സ്വതന്ത്ര വിപണിയെന്ന മുതലാളിത്തത്തിെന്‍റ സര്‍വ്വാധിപത്യ വ്യവസ്ഥ ചരിത്രത്തിലുടനീളം മനുഷ്യജീവിതങ്ങളെ തകര്‍ത്തെറിഞ്ഞും നശിപ്പിച്ചുമാണ് അതിജീവനം നേടിപ്പോന്നിട്ടുള്ളത്. പ്രതിസന്ധിയില്‍നിന്നും ഒരിക്കലും മോചനമില്ലാത്ത വ്യവസ്ഥയാണ് സ്വതന്ത്ര വിപണി വ്യവസ്ഥയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് വിപണി അതിെന്‍റ വഴികള്‍ കണ്ടുപിടിക്കട്ടെയെന്ന് മന്‍മോഹന്‍സിംഗിനെപ്പോലുള്ള നവലിബറല്‍ വാദികള്‍ പുലമ്പുന്നത്. വിപണി നിയമങ്ങളുടെ ഹിംസാത്മകതയിലേക്ക് ജനസമൂഹങ്ങളെ എറിഞ്ഞുകൊടുക്കുന്ന സാമ്രാജ്യത്വമോഹങ്ങളുടെ പരിചാരകന്മാരായ ഇത്തരക്കാരെ മനുഷ്യസ്നേഹികള്‍ ഒന്നിച്ചു നേരിടേണ്ടതുണ്ട്.
കെ ടി കുഞ്ഞിക്കണ്ണന്‍

വശീകരണങ്ങളില്‍ നഷ്ടപ്പെട്ടുപോകാത്ത ആത്മാവ്

തമിഴ്നാടിന്റെ വിശാലമായ ഭൂപ്രദേശം ഇത്രത്തോളം കൃഷി ചെയ്യപ്പെടാതെ കിടക്കുമ്പോള്‍ ഗ്രാമവാസികള്‍ ചായക്കടകളിലും നിരത്തിന്റെ കവലകളിലും കൂട്ടംകൂടി ഇരുന്നു വെടിപറഞ്ഞു നേരം കളയുന്നത് തനിയ്ക്ക് ഒട്ടും സ്വീകാര്യമല്ല എന്നു തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നാട്ടുകാര്‍ മടിയന്മാരല്ലെന്നും, അവര്‍ അങ്ങനെത്തന്നെയാകാന്‍ സര്‍ക്കാര്‍ തന്നെ അവരെ നിര്‍ബന്ധിക്കുന്നു എന്നും, ഞങ്ങളുടെ ഭൂഗര്‍ഭജലം കുഴിക്കുംതോറും ഞങ്ങളെ കൊഞ്ഞനംകുത്തി താഴേ ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഞാന്‍ വിശദീകരിച്ചു. 'ഇല്ല, ഇല്ല, ഇതില്‍ എനിയ്ക്കു നിങ്ങളോട് യോജിപ്പില്ല', ഇടയില്‍ കയറിപ്പറഞ്ഞു അദ്ദേഹം. 'നിങ്ങള്‍ അതിനോട് യോജിയ്ക്കേണ്ട. പക്ഷേ ഇതെന്റെ അഭിപ്രായമാണ്, ഇത് പറയാന്‍ എന്നെ അനുവദിയ്ക്കൂ' എന്നുപറഞ്ഞു ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ കൈപിടിച്ചു. ഇന്ത്യന്‍ സിനിമയുടെ മെഗാ സ്റ്റാറായ മമ്മൂട്ടിയോടാണ് ഞാന്‍ ഈ സംഭാഷണം നടത്തിക്കൊണ്ടിരുന്നത് എന്ന വസ്തുത ഇല്ലാതായി. ഈ രാജ്യത്തിനോട് സ്നേഹവും കൂറുമുള്ള രണ്ടു വ്യക്തികളുടെ ആത്മാര്‍ഥമായ സംഭാഷണമാണത് എന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായി. അതിനായിട്ടുള്ള ഒരു എളിയ പാരിതോഷികമായിരുന്നു ഈ കൈകോര്‍ക്കല്‍ . അതിനുശേഷം ഞങ്ങളുടെ കൂടിക്കാഴ്ചകള്‍ക്കും സംഭാഷണങ്ങള്‍ക്കും വഴിവിട്ടുകൊണ്ട് ഞങ്ങളുടെ മനസ്സിന്റെ വാതിലുകള്‍ എന്നും തുറന്നുതന്നെ കിടന്നു. ഒരു ചിത്രീകരണത്തിനായി തിരുവണ്ണാമലയില്‍ നാല്പതോളം ദിവസം താമസിക്കാനിടയായ കാലത്ത് ഏതാണ്ട് എല്ലാ കാര്‍ യാത്രകളിലും ഞാന്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. കാര്‍ ഓടിച്ചുകൊണ്ട് സാഹിത്യം, കല, ചിത്രകല, ലോകസിനിമ, കൃഷി, രാഷ്ട്രീയം, മാര്‍ക്സിസ്റ്റ് ഭരണം, ബഷീര്‍ , തകഴി, എം ടി എന്നിങ്ങനെ പലതിനെയും കുറിച്ച് അദ്ദേഹം നടത്തിയ സംഭാഷണങ്ങള്‍ . ഇതില്‍ ഭൂരിഭാഗവും വിരുദ്ധമായ പ്രതികരണങ്ങളാല്‍ കയര്‍ത്തു, വീര്‍ത്തു, മൗനത്തിലെത്തിച്ചേര്‍ന്നു. എവിടെയെങ്കിലും കാര്‍ നിര്‍ത്തി, എന്റെ വാശിയേറിയ ആശയങ്ങളുടെ പേരില്‍ പെരുവഴിയില്‍ എന്നെ ഇറക്കിവിടുമോ എന്നു ഞാന്‍ ഭയന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. മാത്രമല്ല, മമ്മൂട്ടി എന്ന ആ കലാകാരന്‍ എന്നെ അതിയായി സ്നേഹിച്ചിരുന്നു എന്ന സത്യം ഓരോ ആഴ്ചയും അദ്ദേഹം എനിയ്ക്കുവേണ്ടി തന്റെ വീട്ടില്‍നിന്നും കൊണ്ടുവന്ന മീന്‍കറിയുടെ പുത്തന്‍ സ്വാദിലൂടെ എനിയ്ക്ക് ബോധ്യമായി. ഞാന്‍ അന്നേരം വായിച്ചുകൊണ്ടിരുന്ന കാര്യങ്ങള്‍ ഓരോ ദിവസവും അദ്ദേഹവുമായി പങ്കിടുക എന്നതിന് പകരം അദ്ദേഹത്തോടു എന്തെങ്കിലും പറയുവാനായി ഞാന്‍ വായിക്കാന്‍ തുടങ്ങി. സംഗീതം ആസ്വദിക്കുന്നതുപോലെ സാഹിത്യം പറഞ്ഞുകേള്‍ക്കുന്ന ഏതൊരു കേള്‍വിക്കാരന്റെ വിശാലമായ മൗനവും, പറഞ്ഞുകൊണ്ടിരിക്കുന്ന മനസ്സിന്റെ അഗാധതലങ്ങളില്‍ തിരഞ്ഞ്, ഇനിയെന്തെങ്കിലും മിച്ചമുണ്ടോ എന്നന്വേഷിക്കും. അദ്ദേഹത്തിന്റെ ഭാവവും അങ്ങനെയായിരുന്നു തിരഞ്ഞത്. ഈ രീതിയിലുള്ള സൗഹൃദങ്ങള്‍ സാധാരണമായി സിനിമാ ചിത്രീകരണത്തിന്റെ അവസാന ദിവസങ്ങളില്‍ തീരാറാണ് പതിവ്. കാറില്‍ കയറിയശേഷം കൈവീശുന്നത് മാഞ്ഞുപോകുംവരെ. അയഥാര്‍ഥമായ കണ്ണുനീരോടെ നില്‍ക്കുന്ന ഒരു ആരാധകനും അഭിനേതാവിനും ഇടയിലുള്ള സൗഹൃദമല്ല ഞങ്ങളുടേതെന്ന് താമസിയാതെ മനസ്സിലായി. ചെന്നൈയിലെത്തി രണ്ടു മാസങ്ങള്‍ക്കുള്ളില്‍ എന്നെ അദ്ദേഹത്തിന്റെ വീട്ടിലേക്കു ക്ഷണിച്ചു. ചെന്നൈയിലെ രാജാ അണ്ണാമലൈപുരത്തിലുള്ള ആ വീടിനെ വീടെന്നു വിശേഷിപ്പിക്കാമോ? വീട്ടുമുറ്റത്ത് എന്റെ കാല് പതിച്ച അടുത്ത നിമിഷത്തില്‍ ഇത് വീടിനും അതീതമായ ഏതോ വാക്കുകളാല്‍ നിര്‍മിക്കപ്പെട്ട ഒന്നാണെന്നു തോന്നി. കേരളത്തിലെ പരമ്പരാഗത ശൈലിയില്‍ മറുനാടന്‍ ഓടുകളാല്‍ ആവരണം ചെയ്യപ്പെട്ട ആ വീടിന്റെ ഓരോ ഇഞ്ചും ഒരു കരിനാഗത്തിന്റെ ഞെളിയുന്ന ശരീരത്തെ ഓര്‍മിപ്പിച്ചു. വേനല്‍മഴയില്‍ നനഞ്ഞ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ അദ്ദേഹം എന്നെ ഓരോ മുറിയും കാണിച്ചുതന്നു. ഭംഗിയുള്ള വായനമുറിയും പുസ്തക ശേഖരവും ഹോം തിയറ്ററും ഞാനതുവരെ വേറെയെവിടെയും കണ്ടിട്ടില്ലാത്തവയായിരുന്നു. കേരളത്തില്‍നിന്ന് ലേലത്തില്‍ എടുത്തു കയറ്റിക്കൊണ്ടുവന്ന മരത്തടിയില്‍ മിനുക്കിയെടുത്ത വീടിന്റെ ഓരോ അംഗുലവും ഞാന്‍ എന്റെ കണ്ണുകളാല്‍ ഊറ്റിക്കുടിച്ചു. എന്റെ മനോഗതം മനസ്സിലാക്കി അദ്ദേഹം ഞൊടിയിടയില്‍ പറഞ്ഞു. 'വീടെന്നു പറഞ്ഞാല്‍ വെറുതെ ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്ന സ്ഥലം മാത്രമല്ല, ബവാ, അതിനൊക്കെയപ്പുറത്താണത്... സിനിമയെന്നത് എനിയ്ക്ക് ഒരു ജോലിക്കുപോയി വരുന്നതുപോലെയാണ്. പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥനെപ്പോലെയാണ് ഞാനും. പാര്‍ടി, ഡ്രിങ്ക്സ്, ഡാന്‍സ് ഇങ്ങനെയൊന്നുമില്ല. വായന കഴിഞ്ഞാല്‍ പിന്നെ കാര്‍ ഡ്രൈവിങ്. എത്ര ദൂരമാണെങ്കിലും ഞാന്‍ തന്നെ കാറോടിക്കും. വേഗത്തിനോട് എനിയ്ക്കെന്തോ ഒരു ഇഷ്ടമാണ്.....' ആ വേഗതയ്ക്ക് അദ്ദേഹം ഒരിയ്ക്കല്‍ കൊടുത്ത, അല്ല, വാങ്ങിയ വില എനിക്കോര്‍മ വന്നു. അര്‍ധരാത്രിയില്‍ കോഴിക്കോട്ടുനിന്നു മഞ്ചേരി വരുന്ന സംസ്ഥാനപാതയില്‍ കാര്‍ 100 സ്പീഡ് കടന്നു പറക്കുന്നു. അദ്ദേഹമാണ് ഓടിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും കത്തുന്ന വിളക്കുകള്‍ മിന്നാമിനുങ്ങുകളെപ്പോല്‍ കടന്നുപോകുന്നു. വാഹനത്തിന്റെ വേഗതയും ജീവിതത്തിന്റെ വേഗതയും ഏതെങ്കിലും ഒരിടത്തു നിന്നുപോകുന്നു; അല്ലെങ്കില്‍ അത്യാഹിതം സംഭവിക്കുന്നു. അദ്ദേഹം തീരെ പ്രതീക്ഷിക്കാതെ ഒരു വൃദ്ധന്‍ റോഡ് മുറിച്ചുകടന്നു തന്റെ വാഹനത്തിന്റെ മുന്നില്‍ വന്നുവീഴുന്നു. ആകെ ഞെട്ടി വെപ്രാളപ്പെട്ടു ബ്രേക്കിട്ടു. കാറില്‍ നിന്നും ഇറങ്ങിച്ചെന്ന് അയാളെ മെല്ലെ പൊക്കിയപ്പോള്‍ പരിക്കൊന്നുമില്ല. പതുക്കെ എഴുന്നേറ്റുനിന്ന് റോഡിന്റെ സൈഡിലേക്കുനോക്കുകയാണ് വൃദ്ധന്‍ . ഒരു പഴകിയ തുണിയുടെ ഭാണ്ഡംപോലെ ഒരു സ്ത്രീരൂപം വഴിയില്‍ കിടക്കുന്നു. അവള്‍ വേദനകൊണ്ടു ഞരങ്ങിമൂളുന്നതും വ്യക്തമായി കേള്‍ക്കുന്നു. ഞൊടിയിടയില്‍ സ്ഥിതിഗതി എന്താണെന്നു ഗ്രഹിക്കുന്നു ആ കലാകാരന്റെ മനസ്സ്. ആ സ്ത്രീയെ തന്റെ കാറിന്റെ പിന്‍സീറ്റില്‍ കയറ്റുന്നു. അവള്‍ക്കു തല ചായ്ക്കാന്‍ ആ വൃദ്ധന്റെ മടിയും. ചില നാഴികദൂരം പിന്നിട്ടപ്പോള്‍ മഞ്ചേരിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ സമീപത്തെത്തി. ആസ്പത്രിയുടെ മുറ്റത്തെ ഗേറ്റിനടുത്തുള്ള വലിയ വേപ്പിന്റെ താഴെ വണ്ടി നിറുത്തി വൃദ്ധന്റെ കൂടെ താങ്ങിപ്പിടിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിലെത്തുന്നു. സര്‍ക്കാരാശുപത്രിയുടെ മങ്ങിയ വെളിച്ചം മമ്മൂട്ടിയുടെ താരപ്രഭയെ മറച്ചുകളഞ്ഞു. ആരും അദ്ദേഹത്തിനെ തിരിച്ചറിഞ്ഞില്ല. ഒരു ചെറിയ സംതൃപ്തി മുഖത്ത് പ്രതിഫലിച്ചുകൊണ്ടു ആ വൃദ്ധന്‍ പുറത്തുവന്നു. അപ്പോഴാണ് സ്വമനസ്സാ അയാള്‍ അദ്ദേഹത്തെ സമീപിച്ചത്. മുഷിഞ്ഞ മുണ്ട് ചികഞ്ഞ് എന്തോ പുറത്തെടുത്തു. പൊടുന്നനവേ ഇദ്ദേഹത്തിന്റെ കൈപിടിച്ചു ചുക്കിച്ചുളിഞ്ഞ രണ്ടുരൂപയുടെ നോട്ടു തിരുകി ആ വൃദ്ധന്‍ . 'മോന്റെ പേരെന്താണ്?' 'മമ്മൂട്ടി'. 'അതെയോ, ശരി ഇത് കൈയില്‍ വച്ചോളൂ'. പേരുപറഞ്ഞിട്ടും തന്നെത്തിരിച്ചറിയാത്ത ആ വയോധികന്‍ തന്ന പണം അദ്ദേഹം ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടത്രെ. പക്ഷേ അതു തന്റെ അതിവേഗതയ്ക്ക് കിട്ടിയ വിലയാണോ? അല്ലെങ്കില്‍ ആ പെണ്ണിനെ ചുമന്നുകൊണ്ടു വന്നതിനുള്ള കൂലിയാണോ എന്നു മാത്രമേ മനസ്സിലാകാത്തതുള്ളൂ എന്നുപറയുന്നു അദ്ദേഹം. എളിയ മനുഷ്യരുടെ വലിയ സ്നേഹം എന്നാണു നമുക്കെല്ലാം മനസ്സിലായിട്ടുള്ളത്. പൊതുപരിപാടികളില്‍ ഏറെയും പങ്കെടുക്കാറില്ല എന്ന അദ്ദേഹത്തിന്റെ തീരുമാനം സൗഹൃദത്തിന്റെ സങ്കീര്‍ണതയില്‍ വഴിമാറും. അങ്ങനെ ഒരു സന്ദര്‍ഭത്തിലാണ് സംവിധായകന്‍ തങ്കര്‍ ബച്ചന്റെ പുസ്തകപ്രകാശനച്ചടങ്ങിന് അദ്ദേഹം വന്നത്. ഞാനും ആ പരിപാടിയില്‍ ഏതോ ഒരു മൂലയില്‍ ഇരുന്നത് അദ്ദേഹം ശ്രദ്ധിച്ചിരിക്കാനിടയില്ല. ഹൈക്കു കവിതപോലെ ഒരു ചുരുങ്ങിയ പ്രഭാഷണം നടത്തി അദ്ദേഹം. 'ഞാന്‍ സുഹൃത്തുക്കളില്ലാത്തവനാണ്. സിനിമ, വായന, വീട്, ഇതല്ലാതെ വേറെയൊന്നിലും മനസ്സു പതിയുന്നില്ല. തമിഴ്നാട്ടില്‍ എന്റെ മനസ്സിനിണങ്ങിയ ഒരാത്മ സുഹൃത്തുണ്ട് എനിയ്ക്ക്. അങ്ങേര് ഇവിടെയില്ല. അങ്ങേരും അദ്ദേഹത്തെപ്പോലെ തിരുവണ്ണാമലയില്‍ വസിക്കുന്ന ഒരെഴുത്തുകാരനാണ്. പേര്, ബവാ ചെല്ലദുരൈ...' ഇതു കേട്ടപ്പോള്‍ ഈറനണിഞ്ഞ കണ്ണുമായി ഞാന്‍ ആ മനുഷ്യന്റെ സൗഹൃദത്തിന്റെ കരങ്ങള്‍ ദൂരത്തിരുന്നുകൊണ്ട് സ്പര്‍ശിക്കാന്‍ ശ്രമിച്ചു. 1996  എന്റെ ഓര്‍മയുടെ തീരത്ത് ഒതുങ്ങിനില്ക്കുന്ന വര്‍ഷമാണ്. പതിവുപോലെ തിരുവണ്ണാമലയില്‍ രണ്ടുദിവസത്തെ സാഹിത്യ സെമിനാര്‍ . കൂടാതെ മുരുകഭൂപതിയുടെ ഒരു ആധുനിക നാടകവുമുണ്ടായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി ഇവിടെ വന്നു താമസിച്ചിരുന്ന മമ്മൂട്ടി എന്നെ അദ്ദേഹത്തിന്റെ റൂമിലേക്ക് ക്ഷണിച്ചുവരുത്തി. തനിയ്ക്ക് ഇന്നു വൈകിട്ട് നടക്കാനിരിക്കുന്ന സാഹിത്യസദസ്സിലും അതിനെത്തുടര്‍ന്നുള്ള നാടകത്തിലും ഒരു ആസ്വാദകനെന്ന നിലയില്‍ പങ്കെടുക്കാന്‍ താല്പര്യമുണ്ടെന്നറിയിച്ചു. ഒരു നിബന്ധന മാത്രം. തന്നോട് പ്രസംഗിക്കാന്‍ പറയരുത്. എന്നാല്‍ മാത്രമേ വരികയുള്ളൂ എന്നും പറഞ്ഞു. ഞാന്‍ ഒരു കൂസലുമില്ലാതെ, 'നിങ്ങള്‍ വിചാരിച്ചാലും അവിടെ പ്രസംഗിക്കാന്‍ പറ്റില്ല', എന്നു പറഞ്ഞു. ഞെട്ടലിന്റെ പച്ചഘട്ടത്തിലേക്ക് പോയ മെഗാസ്റ്റാര്‍ ആശ്ചര്യത്തോടെ ചോദിക്കുന്നു. 'എന്തേ? എന്തുകൊണ്ട്?' അതിനു ഞാന്‍ മറുപടി പറഞ്ഞു, 'കുറഞ്ഞപക്ഷം, ഞാന്‍ ഞങ്ങളുടെ നിര്‍വാഹക കമ്മിറ്റിയില്‍ മുന്‍കൂട്ടി സമ്മതം വാങ്ങണം, സാര്‍ . അതിനിപ്പോ സമയമില്ലല്ലോ..' വളരെ സന്തോഷത്തോടെ അദ്ദേഹം പുറപ്പെട്ട് എന്റെ കൂടെ പരിപാടി നടക്കുന്ന മുനിസിപ്പല്‍ ഗേള്‍സ് സ്കൂളിലേക്ക് വന്നു. വേദിയില്‍ എസ് രാമകൃഷ്ണന്‍ ആവേശത്തോടെ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നു മമ്മൂട്ടിയുടെ സാന്നിധ്യം കണ്ടറിഞ്ഞ സാഹിത്യാസ്വാദകര്‍ക്കിടയില്‍ ഒരു ചലനമുണ്ടായി. രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം നിര്‍ത്തിവെച്ചുകൊണ്ടു പറഞ്ഞു. 'ഈ വ്യക്തിയുടെ സാന്നിധ്യം എന്റെ പ്രസംഗത്തെ ശിഥിലമാക്കുന്നു. തിരുവണ്ണാമലയിലെ സാഹിത്യാസ്വാദകര്‍ കാഴ്ചക്കാരല്ല കേള്‍വിക്കാരാണ് എന്നറിഞ്ഞാണ് ഞാനും കോണങ്കിയും ഇത്രയും ദൂരം യാത്ര ചെയ്ത് ഇവിടംവരെ വന്നത്. നിങ്ങള്‍ വെറും കാഴ്ചയുടെ ആളുകളാണെങ്കില്‍ കണ്ടുകൊണ്ടിരുന്നോളൂ. സംസാരിക്കാന്‍ എന്നെക്കൊണ്ടാവില്ല', എന്നുപറഞ്ഞു സദസ്സില്‍ , ഒരാളായിച്ചെന്നിരുന്നു. നിശ്ശബ്ദത മരണത്തെപ്പോലെ ആ സദസ്സെങ്ങും വ്യാപിച്ചു. പിന്നീട് രാമകൃഷ്ണന്‍ തന്റെ പ്രഭാഷണം ഒരു മണിക്കൂറോളം തുടര്‍ന്നു. അതിനുശേഷം നടന്ന മുരുക ഭൂപതിയുടെ 'ചരിത്രത്തിന്റെ അതീതമായ മ്യൂസിയം' എന്ന നാടകം കാണാന്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. ഇടയില്‍ ഒരു സിഗരറ്റ് പുകയ്ക്കാന്‍ കൂരിരുട്ടു വേണ്ടിവന്നു മമ്മൂട്ടിക്ക്. നാടകം ഭ്രമിപ്പിക്കുന്നതായിരുന്നെങ്കിലും അതിന്റെ കഠിനമായ ഭാഷ അദ്ദേഹത്തിനെ അകറ്റി നിര്‍ത്തി. 'ബവാ, എനിയ്ക്ക് ഈ നാടകസംഘവുമായി സ്വകാര്യമായി സംസാരിക്കണം', എന്നായി അങ്ങേര്. ആ സ്കൂളിലെ ഒരു ക്ലാസ്മുറിയിലെ 60 വാട്സിന്റെ മഞ്ഞ മള്‍ബ് ആ സംഭാഷണത്തിന് മതിയായിരുന്നു. അദ്ദേഹം പറഞ്ഞു, 'ഈ നാടകം വളരെ വ്യത്യസ്തമായ ഒന്നാണെന്ന് എനിയ്ക്ക് തോന്നുന്നു. ഇതിലെ കൊറിയോഗ്രാഫി ഞാന്‍ വേറെ എവിടെയും കണ്ടിട്ടില്ല. പക്ഷേ നിങ്ങള്‍ ഉപയോഗിച്ച ഭാഷ അല്പം കാഠിന്യമുള്ളതുമാണ്. അത് എനിയ്ക്ക് പോലും മനസ്സിലായില്ല'. മിതമായ, പക്ഷേ ശക്തമായ വാക്കുകളാല്‍ തന്റെ സംഭാഷണം തുടങ്ങുന്നു. 'എനിയ്ക്കുപോലും എന്നുപറഞ്ഞാല്‍ എന്താണ് സാര്‍ , ഉദ്ദേശിക്കുന്നത്? നിങ്ങളെന്താ അത്ര വലിയ ആളാണോ?' ഒരു യുവനടന്‍ ആരംഭകാല ബുദ്ധിജീവി ചമഞ്ഞ ധാര്‍ഷ്ട്യത്തോടെ വാക്കുകളില്‍ കൈയേറുന്നു. അദ്ദേഹത്തിന്റെ മുഖം തുടുക്കുന്നു. 'തീര്‍ച്ചയായും, തീര്‍ച്ചയായും ഞാന്‍ നിന്നേക്കാള്‍ വലിയ ആള് തന്നെയാ മോനെ. ഇന്നു നാടകരംഗത്ത് ലോകത്തിലെ ഏത് രാജ്യത്തില്‍ എന്ത് നടക്കുന്നു എന്ന് എനിയ്ക്കറിയാം. എന്റെ എല്ലാ തിരക്കുകള്‍ക്കിടയിലും ഞാന്‍ ദിവസേന വായിക്കുന്നുണ്ട്. നാടകരംഗത്ത്, സിനിമയില്‍ , ആര്‍ക്കിടെക്ചറില്‍ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു. നടനെന്നുപറഞ്ഞു കേമറയ്ക്കു മുന്നില്‍ വെറുതെ ഡയലോഗ് പറഞ്ഞു പോകുന്ന ബൊമ്മയല്ല മോനേ, ഞാന്‍'. ആ ശബ്ദത്തിന്റെ തീവ്രത അവിടെയിരുന്ന ചെറിയ നാടകസംഘത്തെ സ്തംഭിപ്പിക്കുന്നു. ഉഷ്ണംകൊണ്ടു വീര്‍പ്പുമുട്ടിയ ആ മുറിയില്‍ അതീവ സൗഹൃദത്തോടെയും വാത്സല്യത്തോടെയും തന്റെ കോളേജ് പഠനകാല നാടകാനുഭവങ്ങളെ, ഒരു കര്‍ഷകന്‍ ശ്രാവണമാസത്തിലെ ഈര്‍പ്പമുള്ള നിലത്തില്‍ നെല്ലിന്‍ വിത്തുകള്‍ വിതക്കുന്നതുപോലെ അദ്ദേഹം വിതച്ചു. ഇതിനെതുടര്‍ന്നു കഴിഞ്ഞകൊല്ലം മഴ ചൊരിഞ്ഞുപെയ്ത ഒരു ഡിസംബര്‍ മാസത്തില്‍ 'കാഴ്ചപ്പാട്' എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു പ്രശംസയാര്‍ജിച്ച മമ്മൂട്ടിയുടെ ജീവിതാനുഭവങ്ങളെ എന്റെ സഹധര്‍മിണി ശൈലജ തമിഴില്‍ മൊഴിമാറ്റം ചെയ്തു. ആ കൈയെഴുത്തു പ്രതിയുടെ ആദ്യവായനക്കാരനാകാനുള്ള ഭാഗ്യം എനിയ്ക്കു ലഭിച്ചു. കുറച്ചുനാള്‍ ആ കൈയെഴുത്തു പ്രതിയുമായി ഞാന്‍ ശരിക്കും ജീവിച്ചു. അച്ചടി കഴിഞ്ഞു കൈയില്‍കിട്ടിയ ആദ്യത്തെ കോപ്പിയുംകൊണ്ട് അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. എന്റെ ഉത്സാഹത്തില്‍ ഒട്ടും കുറവില്ലാതെ അദ്ദേഹവും എന്റെയൊപ്പം സന്തോഷിച്ചു. ഇന്ത്യന്‍ സിനിമാലോകം അതിന്റെ കിരീടത്തില്‍ പ്രതിഷ്ഠിച്ചുവച്ച് ആഘോഷിക്കുന്ന മമ്മൂട്ടി എന്ന ആ ചലച്ചിത്ര കലാകാരന്റെ മനസ്സ് തന്റെ എഴുത്തിന്റെപേരില്‍ അനുഭവിച്ച സന്തോഷവും അഭിമാനവുമായിരുന്നു അത്. അദ്ദേഹം പറഞ്ഞു, 'ഞാന്‍ ഇപ്പോ പോണ്ടിച്ചേരിയില്‍ ഷൂട്ടിങ്ങിലാണ്, ബവാ. ഇന്നലെ രാത്രി നിങ്ങളുടെ നാട്ടിലൂടെയായിരുന്നു യാത്ര. കാറു നിര്‍ത്തി നിന്നെ ഒന്നു വിളിക്കണമെന്നു വിചാരിച്ചു. സമയം നോക്കിയപ്പോ രാത്രി രണ്ടുമണിയായിരുന്നു. വേണ്ടെന്നുവച്ചു ഞാന്‍ ഇങ്ങുപോന്നു. ഇന്നു വൈകിട്ട് ഇങ്ങോട്ട് വരാനാകുമോ, ബവാ?' 'തീര്‍ച്ചയായും വരാം, സാര്‍'. അന്നു വൈകുന്നേരം തന്നെ കൈയില്‍ 'മൂന്നാംപിറ' എന്ന പുസ്തകവുമായി ചില സൃഹുത്തുക്കളെയും കൂട്ടി ഷൂട്ടിങ് നടക്കുന്ന സ്ഥലത്തെത്തി. ആ പുസ്തകത്തിനോട് ഏറെ താല്പര്യവും പ്രതീക്ഷയും കൊണ്ടിരുന്ന അദ്ദേഹത്തിന്റെ വികാരം ആ കണ്ണുകളില്‍ പ്രകടമായിരുന്നു. പുസ്തകം കൈയിലെടുത്ത് ഓരോ പുറവും മറിച്ചുനോക്കി,'ഐ ആം ഇല്ലിട്ടറേറ്റ്', എന്നുപറഞ്ഞു പുസ്തകം എന്റെ കൈയില്‍ തന്നിട്ടു പറഞ്ഞു, 'എനിയ്ക്കു തമിഴ് സംസാരിക്കാനറിയാം, വായിക്കാനറിയില്ല'. ചിത്രീകരണം നിര്‍ത്തി, അവിടെയുള്ള മൊത്തം പേരും ഞങ്ങളുടെ ചുറ്റും കൂടിനിന്നു. ആ സിനിമയുടെ സംവിധായകന്‍ എന്നെ കൊന്നുകളയാന്‍ ഭാവത്തില്‍ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. മമ്മൂട്ടിസാറോ ഒരു കുലുക്കവുമില്ലാതെ, 'വാ, ഇതിലെ ചില ഭാഗങ്ങള്‍ എനിയ്ക്കുവേണ്ടി നിനക്കു വായിച്ചു തരാമോ?' എന്നുചോദിച്ചു. ഞാന്‍ അത് വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ആ ചിത്രീകരണസംഘം ആ ഗ്രന്ഥത്തിലെ സത്യസന്ധതയിലും അതിന്റെ തീവ്രതയിലും അലിഞ്ഞുപോയി. അദ്ദേഹം താനെഴുതിയ എഴുത്തിന്റെ വേറൊരു ഭാഷാന്തരീകരണത്തില്‍ അഭിമാനം പൂണ്ടു. മുഴുവനായി മൂന്നുഭാഗങ്ങള്‍ വായിച്ചുകേട്ടശേഷം എന്നെ നോക്കി ചോദിച്ചു. 'ബവാ, ഈ പുസ്തകത്തിന്റെ എല്ലാ പേജുകളിലും ഞാനല്ലേ വില്ലന്‍ , വൃത്തികെട്ടവന്‍ , ദയയില്ലാത്തവന്‍ , അഹങ്കാരി, അല്‍പന്‍ , എല്ലാം..' 'അതെ, സര്‍' 'പക്ഷെ സിനിമയില്‍ മാത്രം ഞാന്‍ ഉയര്‍ന്നവന്‍ , മേന്മയുള്ളവന്‍ , ഉന്നതന്‍ ... എന്തൊരു വിരോധാഭാസമാണ്, നിങ്ങള്‍ ശ്രദ്ധിച്ചോ?' തന്റെ ജീവിതത്തെ സത്യത്തിന് വളരെയടുത്തു കൊണ്ടുചെല്ലാന്‍ ശ്രമിക്കുന്ന ഒരു കലാകാരനില്‍നിന്നും ഞാന്‍ ഏറെ ദൂരത്ത് നില്‍ക്കുന്നതായി തോന്നിയ നിമിഷമായിരുന്നു അത്.
*ബവാ ചെല്ലദുരൈ

16 November, 2011

ജനാധിപത്യാവകാശം നിഷേധിക്കപ്പെടുമ്പോള്‍

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ എം വി ജയരാജനെ ഹൈക്കോടതി ജയിലിലടച്ചിരിക്കുന്നു. കോടതിയലക്ഷ്യ പ്രസ്താവനയ്ക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ പ്രഖ്യാപിക്കുകയും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശം അനുവദിക്കാതെ ഉടനടി വിധി നടപ്പാക്കുകയും ചെയ്തിരിക്കുന്നു. കിരീത് പരേഖ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞ് നിരന്തരവിലക്കയറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ തിരികൊളുത്തിയത് 2010 ജൂണിലാണ്. അന്ന് അതിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ ഹര്‍ത്താലിന്റെ ഭാഗമായി ചെയ്ത പ്രസംഗത്തിന്റെ പേരിലാണ് കേരള ഹൈക്കോടതി ജയരാജനെതിരെ സ്വന്തം നിലയ്ക്ക് കോടതിയലക്ഷ്യ കേസെടുത്തത്. പാതയോരത്തെ പ്രകടനങ്ങളും യോഗങ്ങളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വന്നതിന്റെ അടുത്ത ദിവസമാണ് പെട്രോള്‍ വില കുത്തനെ വര്‍ധിപ്പിച്ചതും അതിനെതിരെ ഹര്‍ത്താലുകളുള്‍പ്പെടെയുള്ള വമ്പിച്ച ജനകീയരോഷം ഉയര്‍ന്നുവന്നതും. പാതയോരത്ത് പ്രകടനവും പൊതുയോഗവും നിഷേധിക്കുന്നത് പൗരാവകാശ ധ്വംസനമാണെന്നും ഭരണകൂടത്തിന്റെ ദുര്‍നയങ്ങള്‍ അസഹനീയമാകുമ്പോള്‍ അത്തരം നിരോധനങ്ങള്‍ സ്വാഭാവികമായിത്തന്നെ ലംഘിക്കപ്പെടുമെന്നുമാണ് ജയരാജന്‍ പ്രസംഗിച്ചത്. ആ പ്രസംഗത്തില്‍ കോടതിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശമുണ്ടെന്ന് പറഞ്ഞാണ് കേസെടുത്തതും ശിക്ഷിച്ചതും.



2010 ജൂണില്‍ കേസ് തുടങ്ങിയത് പെട്രോള്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തിലാണെങ്കില്‍ 2011ല്‍ കേസില്‍ വിധിയും ശിക്ഷയും വന്നത് പെട്രോളിന് പന്ത്രണ്ടാം തവണയും വില കൂട്ടി ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രഹരമേല്‍പ്പിച്ച സാഹചര്യത്തിലാണ്. പാതയോരത്ത് പ്രകടനങ്ങളും യോഗങ്ങളും നിയന്ത്രണവിധേയമായി, അനുമതിയോടെ നടത്തുന്നതിനനുകൂലമായി കേരള നിയമസഭ ഐകകണ്ഠ്യേന നിയമം കൊണ്ടുവന്നു. ആ നിയമം ഹൈക്കോടതി മരവിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ ജീവിത ദുരിതങ്ങള്‍ക്കറുതി വരുത്തുന്നതിന് ജനങ്ങള്‍ ബഹുമുഖ സമരങ്ങള്‍ നടത്തുക സ്വാഭാവികമാണ്. നിയമനിര്‍മാണത്തിലൂടെയും ജുഡീഷ്യല്‍ , എക്സിക്യൂട്ടീവ് നടപടികളിലൂടെയും മാത്രമാണ് നാട് മുന്നോട്ടുപോകുന്നത് എന്ന് തെറ്റിദ്ധരിക്കുന്നവര്‍ ഈ കാലഘട്ടത്തിലും കണ്ടേക്കാം. എന്നാല്‍ , നാടിന്റെ പുരോഗതിക്ക് അടിസ്ഥാനം അധ്വാനവും അധ്വാനിക്കുന്നവരുടെ ജീവിതസമരങ്ങളുമാണ്. പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശനിഷേധം എന്നാല്‍ അത് അടിയന്തരാവസ്ഥാ മോഡലാണ്. എന്നാല്‍ , സമരങ്ങളും യോഗങ്ങളുമെല്ലാം മറ്റുള്ളവരുടെ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ടാകരുത്. അതിനാണ് നിയന്ത്രണങ്ങള്‍ . നിരോധനമല്ല, നിയന്ത്രണമാണ് ആവശ്യം.

പ്രതിഷേധിക്കാനും സമരംചെയ്യാനുമുള്ള അവകാശങ്ങള്‍ക്ക് മേല്‍ വിലങ്ങുവീഴുന്ന ഇക്കാലത്ത് എന്താണിവിടെ നടക്കുന്നത്. രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവ് എന്ന് പറഞ്ഞ് പെട്രോളിന് 1.82 രൂപയാണ് കഴിഞ്ഞയാഴ്ച കൂട്ടിയത്. ഇതേകാരണം പറഞ്ഞ് സെപ്തംബറില്‍ വര്‍ധിപ്പിച്ചത് 3.14 രൂപ. അതിനുമുമ്പ് മെയ്മാസം അഞ്ചു രൂപയുടെ വര്‍ധന. പെട്രോളിന് വില കൂടുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഓട്ടോടാക്സി ചാര്‍ജ് വന്‍തോതില്‍ വര്‍ധിക്കുന്നു. മെയ് മാസം ഡീസലിന് കൂടി വില വര്‍ധിപ്പിച്ചപ്പോള്‍ സ്വാഭാവികമായും ബസ് ചാര്‍ജ് ഗണ്യമായി വര്‍ധിച്ചു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 43 രൂപയായിരുന്ന പെട്രോള്‍ വില ഇന്ന് 71 രൂപ കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതാണ് എണ്ണ വിലകൂട്ടുന്നതിന് ഇതേവരെ ന്യായം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ രൂപയുടെ വിനിമയമൂല്യത്തിലെ ഇടിവാണ് പറയുന്നത്. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാരും റിലയന്‍സുള്‍പ്പെടെയുള്ള എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. രാജ്യത്തെ മൂന്ന് വന്‍ പൊതുമേഖലാ എണ്ണക്കമ്പനികളും കഴിഞ്ഞ വര്‍ഷം നല്ല ലാഭത്തിലായിരുന്നുവെന്നതും ഓഹരി ഉടമകള്‍ക്ക് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതോതില്‍ ഡിവിഡന്റ് നല്‍കിയെന്നതും അവര്‍ മറച്ചുവയ്ക്കുകയാണ്.



മുരളി ദേവ്റയാണ് ദീര്‍ഘകാലം പെട്രോളിയം മന്ത്രാലയം കൈയാളിയത്. ഗോദാവരി തീരത്ത് റിലയന്‍സ് കമ്പനിയുടെ ഗ്യാസ് ഖനനവും വിപണനവുമായി ബന്ധപ്പെട്ട ഇടപാടില്‍ ആ കമ്പനിക്ക് പതിനായിരക്കണക്കിന് കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കികൊടുത്തത് ദേവ്റയും കേന്ദ്രസര്‍ക്കാരുമാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. റിലയന്‍സിന് ലാഭമുണ്ടാക്കിക്കൊടുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളെ നഷ്ടത്തിലേക്ക് പിടിച്ചുതള്ളാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഈ കൊടുംഅഴിമതി തെളിഞ്ഞപ്പോള്‍ മുരളി ദേവ്റയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ യുപിഎ നിര്‍ബന്ധിതമായി. എന്നാല്‍ , അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായിരുന്നുവെന്ന് ദേവ്റയുടെ മകനെ കേന്ദ്ര മന്ത്രിസഭയിലെടുത്തതോടെ വ്യക്തമായി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അടിക്കടി വില വര്‍ധിപ്പിക്കുന്നതിന് പിന്നില്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന വന്‍ അഴിമതിയുണ്ട്. രണ്ട് അംബാനിമാരും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന ഗൂഢാലോചന അതിന് പിന്നിലുണ്ട്. അതോടൊപ്പംതന്നെ കേന്ദ്രസര്‍ക്കാരിന്റെ നയവൈകല്യവും. പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ പകുതിയിലേറെയും കേന്ദ്രസംസ്ഥാന നികുതികളാണ്. അതായത് യഥാര്‍ഥ വിലയുടെ 107 ശതമാനത്തോളം നികുതിയും ചേര്‍ത്ത വിലയാണ് ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. വര്‍ധിച്ച വിലയുടെ നികുതി വഴി കിട്ടുന്ന അധികവരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലെ യുഡിഎഫ് ഭരണം വാസ്തവത്തില്‍ കേന്ദ്രനയത്തെ വെള്ളപൂശുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയമായി അവര്‍ ആവശ്യപ്പെടുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവന്നപ്പോള്‍ വിലനിയന്ത്രണം പുനഃസ്ഥാപിക്കണമെന്ന് യുഡിഎഫും ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നുമാത്രം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര പ്രത്യക്ഷപരോക്ഷ നികുതികള്‍ വന്‍തോതില്‍ കുറയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെടുന്നില്ല. വിലക്കയറ്റത്തെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങളെ പാടിപ്പുകഴ്ത്താനാണ് ഇവിടുത്തെ യുഡിഎഫുകാര്‍ തുനിയുന്നത്.



എണ്ണ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രാജ്യപുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്നാണ് മന്‍മോഹന്‍ സിങ് പ്രസ്താവിച്ചത്. ഇനി പട്ടിണിയും പട്ടിണിമരണങ്ങളുംകൂടി പുരോഗതിയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും ലക്ഷണമാണെന്ന് ഇതേ പ്രധാനമന്ത്രി പറയില്ലെന്ന് ആരുകണ്ടു. അമേരിക്കയെ നോക്കി പകര്‍ത്താന്‍ ശ്രമിക്കുന്ന, അമേരിക്കന്‍ പരിശീലനം സിദ്ധിച്ച വിദഗ്ധനാണല്ലോ നമ്മുടെ പ്രധാനമന്ത്രി. സ്വന്തം രാജ്യത്തെ പതിനാറ് ശതമാനം ജനങ്ങളെ പട്ടിണിയിലേക്കും ആറിലൊന്നുപേരെ തൊഴില്ലില്ലായ്മയിലേക്കും തള്ളിവിട്ട അമേരിക്കന്‍ സാമ്രാജ്യത്വ ഭരണത്തിന്റെ ദുര്‍നയങ്ങള്‍ ഇവിടേക്കും ഇറക്കുമതിചെയ്യാനാണ് മന്‍മോഹന്‍ സിങ്ങിന്റെ ശ്രമം. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും ഉടനെതന്നെ വില വര്‍ധിപ്പിക്കുമെന്നും ഡീസലിന്റെ വില നിയന്ത്രണം എടുത്തുകളയുമെന്നും പാചകവാതകത്തിന്റെ സബ്സിഡിയും സിലിണ്ടറുകളുടെ എണ്ണവും കുറയ്ക്കുമെന്നുമെല്ലാം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും വ്യക്തമാക്കുന്നുണ്ട്.



ജനങ്ങളെ കടുത്ത ദുരിതത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്നര്‍ഥം. ഈ നയങ്ങളെ പിന്‍പറ്റി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരാകട്ടെ എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. സംസ്ഥാനത്ത് വിലക്കയറ്റവും ജീവിതച്ചെലവും അതിരൂക്ഷമായിരിക്കുന്നു. ബസ്, ഓട്ടോ ടാക്സി, വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു. പച്ചക്കറിക്കും പാലിനും ഭക്ഷ്യധാന്യങ്ങള്‍ക്കും അഭൂതപൂര്‍വമായ വിലക്കയറ്റമാണ്. ഹോട്ടല്‍ ഭക്ഷണവിലയും വര്‍ധിച്ചു. ഇങ്ങനെ ജനജീവിതം അതീവ ദുസ്സഹമായിരിക്കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. വിപണിയില്‍ ഇടപെട്ട് സബ്സിഡി നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഒന്നുംചെയ്യുന്നില്ല. കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയും കടക്കെണിയും കാരണമുള്ള കര്‍ഷക ആത്മഹത്യ വീണ്ടും ഉണ്ടായിരിക്കുന്നു. വയനാട്ടില്‍ മൂന്ന് കര്‍ഷകരാണ് ഒരാഴ്ചയ്ക്കിടെ ജീവിതം അവസാനിപ്പിച്ചത്. ഇറക്കുമതി ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിക്കുകയും അതുമൂലം ഇവിടുത്തെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിലയിടിയുകയുമാണ്. വളത്തിന്റെ സബ്സിഡി വെട്ടിക്കുറച്ചത് വഴി വളംവില വന്‍തോതില്‍ വര്‍ധിച്ചു. കൃഷിച്ചെലവ് വര്‍ധിക്കുകയും ഉല്‍പ്പന്നവില കുറയുകയും ചെയ്യുന്നത് കൃഷിക്കാരെ കടക്കെണിയിലാക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍നയങ്ങളാണ് കാര്‍ഷിക മേഖലയെ വീണ്ടും ഇരുളിലാഴ്ത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിഷേധ സമരങ്ങള്‍ പൊട്ടിപ്പുറപ്പെടുക സ്വാഭാവികമാണ്. അതിനുള്ള ജനാധിപത്യാവകാശം നിഷേധിക്കപ്പെടുന്നതിനെതിരെ ബഹുജനാഭിപ്രായം ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്.
വി. എസ്. അച്യുതാനന്ദന്‍

കനക സിംഹാസനങ്ങള്‍

കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന്‍ ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്. പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന്‍ ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു. ജഡ്ജിമാരെ വിമര്‍ശിക്കരുത് വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന്‍ എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല. നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്. ശുംഭന്‍ എന്ന് വിളിച്ചാല്‍ പുഴു എന്ന് തിരിച്ചുവിളിക്കും. പ്രൈമറി ക്ലാസിലെ ഒരു കുട്ടി മറ്റവനെ പൊട്ടാ എന്നു വിളിച്ചാല്‍ 'ഞാനല്ല നീയാണ് പൊട്ടന്‍' എന്നാവും മറുപടി. കോടതിയും ഇന്നാട്ടിലുള്ളതാണല്ലോ. ജയരാജന്‍ നിയമബിരുദം പാസായത് പുഴുക്കളുടെ കോളേജില്‍നിന്നാണ്. തിരുവനന്തപുരത്താണ് പുഴുക്കളുടെ നിയമപഠന കോളേജ്. ജഡ്ജിമാരെ കുറ്റംപറഞ്ഞുകൂടാ. വിവരമില്ലാത്തവരെന്നും വിളിച്ചുകൂടാ. അതുകൊണ്ട് തുറന്ന കോടതിയില്‍ വിധിച്ച കഠിനതടവ് ശിക്ഷയെ നിയമം സംരക്ഷിക്കാനുള്ള ഉദാത്തമായ ഉദ്യമമെന്നേ പറയാവൂ. അത് തിരുത്തിക്കാന്‍ രജിസ്ട്രാര്‍ വേണ്ടിവന്നു.
കോടതിയലക്ഷ്യക്കുറ്റത്തിന് കഠിനതടവുശിക്ഷ കണ്ട രജിസ്ട്രാര്‍ തലയില്‍ കൈവച്ചുപോയതും വെടിയും പുകയുമെന്നപോലെ അതിവേഗം തിരുത്തിച്ചതും നീതിനിര്‍വഹണത്തിലെ പരിപക്വ ഇടപെടലെന്നേ ചരിത്രത്തില്‍ രേഖപ്പെടുത്താവൂ. ജയിലില്‍ പോയി ജയരാജന്‍ കഠിനജോലി ചെയ്യട്ടെ; അത്രമാത്രം കനപ്പെട്ട വാക്കാണല്ലോ ഉപയോഗിച്ചത് എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാണ് വിധിയും കഠിനമായത്്. ജഡ്ജിമാര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ നിയമതടസ്സമില്ല. ജയരാജനോട് കോടതി ചെയ്തത് നല്ലകാര്യമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പ്രതീകാത്മകമായി ചില്ലറ ദിവസം തടവുശിക്ഷയും അപ്പോള്‍തന്നെ ജാമ്യവും കൊടുത്തിരുന്നുവെങ്കില്‍ ജയരാജനെ, 'ധീരാ വീരാ ജയരാജാ' എന്ന് മുദ്രാവാക്യം മുഴക്കി സ്വീകരിക്കാന്‍ ആരെങ്കിലും വരുമായിരുന്നുവോ? ഇതിപ്പോള്‍ എറണാകുളംമുതല്‍ പൂജപ്പുരവരെ സ്വീകരണം; ആരും ആഹ്വാനംചെയ്യാതെ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ . കോടതിയലക്ഷ്യ നിയമത്തെക്കുറിച്ച് നാടാകെ ചര്‍ച്ച. ജയിലില്‍ കിടക്കുമ്പോഴും ജയരാജന്‍ ഹീറോ തന്നെ. പാതയോരത്തെ പൊതുയോഗവും ആറ്റുകാല്‍ പൊങ്കാലയും നടത്തണോ അതോ കോടതിവിധി മാനിച്ച് മിണ്ടാതിരിക്കണോ എന്ന് ജനങ്ങളും ചിന്തിക്കുന്നു. പണ്ട് സുപ്രീംകോടതിയിലെ ഒരു ചീഫ് ജസ്റ്റിസുണ്ടായിരുന്നു ഭുപിന്ദര്‍നാഥ് കൃപാല്‍ എന്നാണ് പേര്. ജസ്റ്റിസ് ബി എന്‍ കൃപാല്‍ എന്നും വിളിക്കും. 'എന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ന്യായപീഠത്തിലെ കാലയളവില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല' എന്നാണ് ആ ജസ്റ്റിസ് റിട്ടയര്‍മെന്റ് വേളയില്‍ അഭിമാനം കൊണ്ടത്. കോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടത് കോടതിയലക്ഷ്യ നിയമംകൊണ്ടല്ല എന്നദ്ദേഹം തുറന്നടിച്ചു. കോടതിയെ ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. ബന്ധപ്പെട്ട ജഡ്ജിയുടെ കഴിവളക്കാന്‍ അത് ഉപയുക്തമാകുമെന്നും ജസ്റ്റിസ് കൃപാല്‍ പറഞ്ഞു. പിടിക്കുന്നതും കോടതി, വിചാരിക്കുന്നതും കോടതി, വിധിക്കുന്നതും കോടതി. ഈ നിയമം മാറ്റിയേ തീരൂവെന്ന് പറഞ്ഞ ജഡ്ജിമാരില്‍ കൃപാലുമുണ്ട്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമുണ്ട്. എന്നിട്ടും ജയരാജന് ശിക്ഷ പരമാവധിതന്നെ. ശംഖില്‍ വാര്‍ത്താല്‍ തീര്‍ഥവും ചട്ടിയില്‍ വാര്‍ത്താല്‍ തണ്ണീരുമാണ്. ജഡ്ജിമാരില്‍ കള്ളന്മാരുണ്ടെന്ന് ജസ്റ്റിസ് ബറൂച്ച പറഞ്ഞാല്‍ മഹത്തരം; ജയരാജന്‍ പറഞ്ഞാല്‍ കുറ്റം. ജയിലില്‍ കിടത്തിയേ തീരൂ എന്നാണ് വാശി പിടിച്ചത്്. കോഴിക്കോട്ടെ പൊലീസേമാന്‍ രാധാകൃഷ്ണപിള്ള വെടിവച്ചപോലെ ജയരാജനുനേരെ കോടതിയലക്ഷ്യ വെടി. കീഴൂട്ടെ പിള്ള ഇറങ്ങുമ്പോള്‍ ജയരാജന്‍ കയറി. എല്ലാം ഒരു പിള്ള കളിതന്നെ.

കോടതിക്കെതിരെ മിണ്ടിയാല്‍ ഗുരുതരാവസ്ഥ വരുമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്്. ആ ഗുരുതരാവസ്ഥ ആദ്യം വരുത്തിയത് നമ്മുടെ പ്രസ് കോണ്‍ഫറന്‍സ് ജോര്‍ജാണ്. അതിനുംമുമ്പ് കണ്ണൂരെ സുധാകരന്‍ . അന്നത്തെ അവസ്ഥയ്ക്കൊന്നും ഒരു പ്രശ്നവും ഉമ്മന്‍ചാണ്ടിക്ക് തോന്നിയിരുന്നില്ല. ഇപ്പോള്‍ കോടതിയുടെ ശ്രദ്ധയിലേക്ക് ഒരു വിഷയം കൊണ്ടുവരാന്‍ ജനങ്ങള്‍ കൂടിച്ചേരുന്നത് ഗുലുമാലാണത്രെ. രക്ഷപ്പെടാന്‍ പണപ്പെട്ടിയുമായി ജഡ്ജിമാരുടെ തിണ്ണ നിരങ്ങിയ കേസില്‍പ്പെട്ടവര്‍ക്ക് മന്ത്രിയാകാം. ജഡ്ജിയെ പാകിസ്ഥാന്‍കാരനെന്ന് വിളിച്ച മഹാനുഭവന് സ്റ്റേറ്റ് കാറില്‍ കൊടിവച്ച് പറക്കാം. ജഡ്ജിമാരുടെ അടുക്കള നിരങ്ങി കാര്യം സാധിക്കുന്നവന്റെ അക്കൗണ്ടുകളില്‍ കോടികള്‍ വന്ന് കുമിഞ്ഞുകൂടാം. അതിലൊന്നുമില്ലാത്ത ഗൗരവം മുദ്രാവാക്യവും പ്രസംഗവുമില്ലാതെ ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ എങ്ങനെ ഉണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി തന്നെ പറയേണ്ടതല്ലേ? കോടതിക്കെതിരാണ് മാര്‍ക്സിസ്റ്റുകാരെന്നും തങ്ങള്‍ കോടതിയുടെ സംരക്ഷകരാണെന്നും വരുത്തുന്നത് നല്ലതുതന്നെ. ഒരുപാട് കേസുകള്‍ കോടതിയിലുണ്ടല്ലോ. ഏതെങ്കിലും ജഡ്ജിക്ക് മാര്‍ക്സിസ്റ്റ് വിരോധം തോന്നിയാല്‍ കുഞ്ഞാലിക്കുട്ടിയെങ്കിലും രക്ഷപ്പെടും. കുളം കുഴിക്കുമ്പോള്‍ കുറ്റി പൊരിക്കുന്നത് വലിയൊരു കാര്യംതന്നെയാണ്്. എന്തുചെയ്യാം ഉമ്മന്‍ചാണ്ടിയുടെ ഉദീരണത്തിന് പ്രതികരണമൊന്നും വന്നുകാണുന്നില്ല. താടിയുള്ളപ്പനെയേ പേടിയുള്ളൂ എന്നാണ്. താടിയും മീശയും വളര്‍ത്തി രൗദ്രഭാവത്തില്‍ വേണം ഇത്തരം വലിയ അഭിപ്രായങ്ങള്‍ പറയാനെന്നര്‍ഥം. അതല്ലെങ്കില്‍ പി സി ജോര്‍ജിന്റെ നിലവാരത്തിലെങ്കിലും എത്തണം. പുറംനോക്കി മൂല്യം നിശ്ചയിക്കുന്ന കപടലോകമാണിതെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയാത്തതുകൊണ്ടാണ്. പഴയ കീറന്‍ കുപ്പായവും ചപ്രത്തലമുടിയും തന്നെ കേമം. നടക്കുമ്പോള്‍ ചെരുപ്പിന്റെ വാറു പൊട്ടണം. കുറെനേരം ചെരുപ്പില്ലാതെ നടക്കണം. അതുകഴിഞ്ഞാല്‍ അനുയായി സ്ലിപ്പര്‍ കൊണ്ടുവന്ന് കാലില്‍ അണിയിക്കണം. ഇടയ്ക്കൊന്നും കുനിയരുത്; താഴോട്ട് നോക്കരുത്്. കാട്ടാന വരുമ്പോള്‍ , വന്ന് കൃഷി തകര്‍ത്തപ്പോള്‍ , പിന്നെ കുളത്തിലിറങ്ങിയപ്പോള്‍ എന്ന മട്ടില്‍ ചെരുപ്പ് പൊട്ടിയപ്പോള്‍ , കളഞ്ഞപ്പോള്‍ , പുതിയത് വന്നപ്പോള്‍ എന്നിങ്ങനെ ചിത്രങ്ങള്‍ പത്രത്തില്‍ അച്ചടിച്ചുവന്നാല്‍ ആദര്‍ശവും ലാളിത്യവും പക്വതയും സമാസമംചേര്‍ത്ത് കുറുക്കി വറ്റിച്ചതിന്റെ ഫലം കിട്ടും. അതൊക്കെ മറന്ന് കുഞ്ഞാലിക്കുട്ടിയുടെയും പി സി ജോര്‍ജിന്റെയും സ്കൂളില്‍ പഠിക്കാന്‍ ചേര്‍ന്നതാണ് ഉമ്മന്‍ചാണ്ടിക്ക് പറ്റിയ കുഴപ്പം. ആദര്‍ശവും പോയി, വിവരവും പോയി. വെറും തടവിനുപകരം കഠിനതടവാണ് ഇപ്പോള്‍ വിധിച്ചുകൊണ്ടേയിരിക്കുന്നത്.

ശുംഭന്‍ എന്ന വാക്കിന് പ്രകാശം പരത്തുന്നവന്‍ എന്ന അര്‍ഥവുമുണ്ടെന്ന് കോടതിയില്‍ സാക്ഷിമൊഴി വന്നതിനെയാണ് മാതൃഭൂമി പരിഹസിക്കുന്നത്. അതെന്തായാലും നല്ലതുതന്നെ. ഇതേ മാതൃഭൂമി കാമം എന്ന വാക്കിന് മാമ്പഴം എന്നര്‍ഥമുണ്ടെന്ന് പണ്ട് കോഴിക്കോട്ടെ കോടതിയില്‍ താണുകേണ് ബോധിപ്പിച്ചിരുന്നു. ഇന്ദ്രന് അത് ഓര്‍മയില്ല. ജയരാജനെ നോക്കി കുരയ്ക്കുകയാണ്. പട്ടികള്‍ കുരയ്ക്കട്ടെ ജയരാജന് യാത്രതുടരാം എന്നേ പറയാനാവൂ. (ഇതെന്തോ ഫ്രഞ്ചിലെയോ മറ്റോ ശൈലിയാണ്. പട്ടിയെന്നു വിളിച്ചെന്നും മറ്റും പറഞ്ഞ് ആരും ലഹളയ്ക്ക് വരേണ്ട).

വാല്‍ഭാഗം: നിര്‍മാതാക്കളും സമരത്തിലായതോടെ മലയാള സിനിമയ്ക്ക് സമ്പൂര്‍ണ അവധിക്കാലമായി. സിനിമാമന്ത്രിക്ക് പണി വേറെയുണ്ട്. പോയവാരത്തില്‍ രക്ഷപ്പെട്ട സിനിമാക്കാരന്‍ സന്തോഷ് പണ്ഡിറ്റ് മാത്രമാണ്. സിനിമ ഹിറ്റ്; പണംവരവ് മലവെള്ളംപോലെ. കോഴി കറുത്തതായാലും മുട്ടയുടെ നിറം വെള്ളതന്നെ. സിനിമയില്‍ സകലതും പയറ്റിയ പണ്ഡിറ്റിനെ ചുരുങ്ങിയത് സിനിമാമന്ത്രിയെങ്കിലും ആക്കണം. പിറവത്ത് മത്സരിപ്പിച്ചാല്‍ വളരെ നന്ന്.
* ശതമന്യു, ദേശാഭിമാനി

10 September, 2011

കടമ്മനിട്ടയുടെ ശാന്ത

കടമ്മനിട്ട തൊള്ളായിരത്തി തൊണ്ണൂറ്റാറിലാണ് എംഎല്‍എയായത്. അതിനുമുമ്പ് രണ്ടു പതിറ്റാണ്ടോളം കാലം അദ്ദേഹം ചക്രവര്‍ത്തിയായിരുന്നു. ക്യാമ്പസുകളില്‍ , ഹോസ്റ്റലുകളില്‍ , ലോഡ്ജുകളില്‍ , ആളുകള്‍ കൂടുന്നിടങ്ങളില്‍ - കേരള യൗവനത്തെ ഭരിച്ച ചക്രവര്‍ത്തി. ആ തലമുറയ്ക്ക് ശാന്ത കടമ്മനിട്ടയുടെ ഭാര്യയല്ലായിരുന്നു. ശാന്ത ഒരു മഹാകാവ്യമായിരുന്നു. ഗദ്യപദ്യ സമ്മിശ്രമായ ചമ്പുപ്രബന്ധങ്ങളുടെ സമ്പന്ന പാരമ്പര്യമുള്ള കൈരളിക്ക് പദ്യത്തേക്കാള്‍ കാവ്യാത്മകം ഗദ്യമാണെന്ന് തല കുലുക്കി സമ്മതിക്കേണ്ടിവന്ന സന്ദര്‍ഭം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം എന്ന് എന്നും പ്രാര്‍ഥിച്ചുപോന്ന കടമ്മനിട്ട തന്റെ കാമിനിയെ, പത്നിയെ അരികത്തേക്ക് വിളിച്ച് സന്ധ്യാലക്ഷ്മീ കീര്‍ത്തനം പോലെ നല്ല നാലഞ്ചു വാക്കോതി നിറയുവാന്‍ ക്ഷണിക്കുകയാണ്.








ശാന്തയുടെ വര്‍ത്തമാനങ്ങളല്ല, ഒരു ഗ്രാമത്തിന്റെ വര്‍ത്തമാനങ്ങളുമല്ല, ഒരു കാലഘട്ടത്തിന്റെ വര്‍ത്തമാനങ്ങളാണ് ശാന്ത മുന്നോട്ടു വയ്ക്കുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വര്‍ത്തമാനം. നാവിനെ അടക്കിപ്പിടിച്ചിട്ടും കാലത്തിന്റെ രോഷവും ദൈന്യവും ഉയര്‍ത്തെഴുന്നേല്പുമെല്ലാം ശാന്തയുടെ നെടുവീര്‍പ്പുകളിലൂടെ-കാതങ്ങള്‍ക്കപ്പുറത്തുനിന്ന് കേള്‍ക്കുന്ന നെടുവീര്‍പ്പുകളില്‍നിന്ന് വായിച്ചെടുക്കുകയാണ്. എല്ലാം എപ്പോഴും ഒരുപോലെയായിരിക്കില്ലെന്ന് കടമ്മനിട്ടക്ക് ഉറപ്പുണ്ടായിരുന്നു. അസ്തിത്വ ദുഃഖത്തിന്റെയും നൈരാശ്യത്തിന്റെയും ശ്രേണിയില്‍ നില്‍ക്കാതെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പോരാട്ടത്തിന്റെയും ശ്രേണിയില്‍ -അങ്ങനെ ആധുനികതയില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്ന രണ്ടു പ്രവണതകളില്‍ പ്രതീക്ഷയുടെ ശ്രേണിയെ കടമ്മനിട്ട പുല്കി. "വിസ്മയംപോലെ ലഭിക്കും നിമിഷത്തിനര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം" എന്നാണദ്ദേഹം ശാന്തയോട് പറഞ്ഞത്. ശാന്ത കടമ്മനിട്ടയുടെ ജീവിതപങ്കാളിയായതിനു പിന്നില്‍ ഭയങ്കരമായ ഒരു ഗൂഢാലോചനയും വിഭാഗീയതയുമുണ്ട്.







വള്ളിക്കോട്ടെ വീട്ടില്‍ ഭര്‍ത്താവിന്റെ അനുജന്‍ കടമ്മനിട്ട ഗോപിനാഥപണിക്കരുടെയും മകന്‍ ഗീതാകൃഷ്ണെന്‍റയും മുന്നില്‍വച്ച് ഒരു ചെറുചിരിയോടെ ശാന്തേച്ചി ആ കഥകള്‍ ഓര്‍ത്തെടുത്തു. വാഴമുട്ടത്ത് വലിയൊരു തറവാട്ടില്‍ നൂറുപറയുടെ നെല്‍കൃഷിയും പതിനഞ്ചേക്കറോളം കരഭൂമിയുമുള്ള കുടുംബം. മുറ്റത്ത് നാലു വലിയ തുറുകളാണ്. അന്ന് വൈക്കോല്‍കൂനയുടെ (തുറു) വലിപ്പം നോക്കി പെണ്ണുകാണലും നിശ്ചയവും നടക്കുന്ന കാലമാണ്. അമ്മ മീനാക്ഷിയമ്മ. അച്ഛന്മാര്‍ രണ്ടാണ്. രാഘവന്‍നായരും വേലായുധന്‍ നായരും. രാഘവന്‍ നായര്‍ കൃഷിക്കാരനും അനുജന്‍ വേലു സ്കൂള്‍ അധ്യാപകനുമാണ്. ജ്യേഷ്ഠാനുജന്മാര്‍ ഒരേ പെണ്ണിനെ വേള്‍ക്കുന്നത് അന്ന് മധ്യകേരളത്തില്‍ പലേടത്തും നായര്‍ സമുദായത്തിലും അപൂര്‍വമായിരുന്നില്ല. രാഘവന്‍ നായര്‍ക്കും വേലുനായര്‍ക്കും കൂടി മീനാക്ഷിയമ്മയില്‍ മക്കള്‍ മൂന്ന്. അവരില്‍ മൂത്തതത്രേ കഥാനായിക. ഇനി അവര്‍ തന്നെ പറയട്ടെ: "1962ല്‍ ഞാന്‍ പത്തില്‍ പഠിക്കുകയാണ്. കടമ്മനിട്ടയില്‍നിന്ന് ഞങ്ങളുടെ വീടിനടുത്ത് കല്യാണം കഴിച്ചുകൊണ്ടുവന്ന ഒരാളാണ് രാമകൃഷ്ണ പണിക്കരുടെ കാര്യം അമ്മയോട് പറഞ്ഞത്. മദിരാശിയില്‍ കേന്ദ്രഗവണ്‍മെന്റ് ജോലി. മുമ്പ് നല്ല പ്രസംഗക്കാരന്‍ ... നാള് നോക്കി. നല്ല പൊരുത്തം. പെണ്ണു കാണലോ ചെറുക്കന്‍ കാണലോ മറ്റന്വേഷണങ്ങളോ ഒന്നും നടന്നില്ല. അതിനുമുമ്പ് തന്നെ അമ്മയ്ക്ക് വലിയ ഇഷ്ടം. അമ്മ മനസ്സില്‍ അതങ്ങുറപ്പിക്കുകയായിരുന്നു... അച്ഛന്‍ വേലുനായര്‍ കടമ്മനിട്ടയില്‍ ചെന്ന് രഹസ്യമായി ഒരന്വേഷണം നടത്തി തിരിച്ചുവന്ന് പ്രഖ്യാപിച്ചു-അത് നമുക്ക് വേണ്ട. പാട്ടപ്പുരയിടമാണ്, വീടില്ല-ഒരു ചെറ്റപ്പുര. അന്നന്നത്തെ അന്നത്തിനുതന്നെ മുട്ട്. ദയനീയമായ കണ്ടീഷന്‍ . ആ ബന്ധം വേണ്ടേ വേണ്ട. അതൊരു സുഗ്രീവാജ്ഞപോലെയായിരുന്നു. പക്ഷേ അമ്മ പിന്‍വാങ്ങിയില്ല. അവര്‍ക്ക് അന്ന് അജ്ഞാതനായിരുന്നെങ്കിലും രാമകൃഷ്ണപണിക്കരെപ്പറ്റി പറയാന്‍ നാലു നാക്കായിരുന്നു. മിടുമിടുക്കന്‍ , നല്ല പ്രസംഗകന്‍ . പോരാത്തതിന് കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരനും. പുരയിടവും വീടും പണവുമെല്ലാം വരും പോകും. രാമകൃഷ്ണപണിക്കര്‍ക്ക് അതിനി ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും.







ആദ്യം എനിക്ക് അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ല. അച്ഛന്മാരുടെയും അമ്മയുടെയും തീരുമാനമാണ് എന്റെയും തീരുമാനം. അമ്മ പക്ഷേ എന്നെ വിട്ടില്ല. ഇതുപോലൊരു വീട്ടിലേക്ക് നിന്നെ ഞാന്‍ വിടില്ല. നീ കാണുന്നില്ലേ, എന്റെ സ്ഥിതി. എപ്പോഴും നെല്ല് പുഴുങ്ങല്‍ , വറുക്കല്‍ , കുത്തല്‍ ... പത്തുപതിനഞ്ച് പണിക്കാര്‍ക്ക് വച്ചുവിളമ്പല്‍ ... എന്റെ കുട്ടിയെ ഞാനതിന് വിടില്ല. അച്ഛന്റെ എതിര്‍പ്പ് തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് അമ്മയേയും മറ്റേ അച്ഛനേയും കടമ്മനിട്ടയില്‍ പോയി അന്വേഷിച്ച് വരാന്‍ വേലായുധന്‍നായര്‍ സമ്മതിച്ചു. മീനാക്ഷിയമ്മയും രാഘവന്‍നായരും കടമ്മനിട്ടയില്‍ ചെന്നു. അന്വേഷിക്കാനൊന്നുമില്ല. അമ്മ അച്ഛനോട് പറഞ്ഞു: സഹോദരനോട് പറഞ്ഞ് സമ്മതിപ്പിക്കണം. മോള്‍ക്ക് ഒരു പ്രയാസവും വരില്ല. ദൈവം നിശ്ചയിച്ച ബന്ധമാണിത്. അങ്ങനെ ഒരച്ഛനെ ചട്ടം കെട്ടിയാണ് അമ്മ തിരിച്ചെത്തിയത്. പക്ഷേ എതിര്‍പ്പ് കുറഞ്ഞില്ല. മറുഭാഗത്ത് ഇതേസമയത്ത് മറ്റൊരു തരത്തില്‍ "ആലോചന" പുരോഗമിക്കുന്നുണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു കടമ്മനിട്ടയുടെ അമ്മ കുട്ടിയമ്മ. അവിടെയുണ്ടായിരുന്ന ഒരു സ്വാമിനിയമ്മ കുട്ടിയമ്മയുടെ സങ്കടങ്ങള്‍ കേട്ടു. മകന്റെ വിവാഹം വൈകാതെ നടക്കും; ആദ്യത്തെ അന്വേഷണം തന്നെ കല്യാണത്തിലേക്കെത്തും. കുചേലന്റെ വീട്ടില്‍ മഹാലക്ഷ്മി വരുംപോലെയാവും അത്.



ഇപ്പുറത്ത് കുട്ടിയമ്മ. അപ്പുറത്ത് മീനാക്ഷിയമ്മ. വിവാഹാലോചന പുരോഗമിച്ചു. രണ്ടമ്മമാര്‍ക്കും ഒരേ നിര്‍ബന്ധം. 1962 ജൂലൈയില്‍ ഒരുച്ചനേരത്ത് കാറില്‍ എട്ടൊമ്പത് പേര്‍ തിടുക്കത്തില്‍ കയറിവന്നു. എല്ലാവരും ശാപ്പാട് കഴിച്ചാണ് മടങ്ങിയത്. (പെണ്ണിനെ ശരിക്ക് കണ്ടൊന്നുമില്ല. കാലിന്റെ ഉപ്പൂറ്റിയേ കണ്ടുള്ളൂ. അതിന് നല്ല ശക്തിയുണ്ടെന്ന് മനസിലായി. അങ്ങുറപ്പിച്ചു എന്നാണ് പില്ക്കാലത്ത് കടമ്മനിട്ട പറഞ്ഞത്). ഈ സമയത്താണ് ഭര്‍തൃസഹോദരന്‍ ഗോപിനാഥപണിക്കര്‍ ഇടപെട്ടത്. ഗോവയില്‍ കോളേജധ്യാപകനും ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമൊക്കെയായിരുന്ന ഗോപിനാഥപണിക്കര്‍ , ചേട്ടെന്‍റ മകന്‍ ഗീതാകൃഷ്ണന്‍ കുവൈത്തില്‍നിന്ന് ലീവിലെത്തിയതറിഞ്ഞ് വന്നതാണ്. ഗോപിച്ചേട്ടന്‍ പറഞ്ഞു: ഞങ്ങളുടെ കുടുംബാവസ്ഥ അന്വേഷിക്കാന്‍ വേലായുധന്‍ നായര്‍ പിന്നെയും വന്നു. അവിചാരിതമായി, രഹസ്യമായി വന്നതാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ പൂജ നടക്കുകയാണ്. രാമായണത്തിലെ "പട്ടാഭിഷേകം" വായനയും പൂജയുമൊക്കെയാണ്. വേലുനായര്‍ അന്ധാളിച്ചു...ഞങ്ങള്‍ ഭദ്രകാളി സേവയുള്ളവരാണ്, മന്ത്രവാദി കുടുംബമാണ് എന്നൊക്കെ അദ്ദേഹം ധരിച്ചുവശായി.... അതേയതേ, അച്ഛന്‍ കലി തുള്ളിക്കൊണ്ടുവന്ന് പറഞ്ഞു: അവര് കാളിസേവക്കാരാണ്, മന്ത്രവാദികളാണ്. എന്റെ കൊച്ചിനെ അങ്ങോട്ടയക്കുന്ന പ്രശ്നമേയില്ല... പക്ഷേ, അമ്മയുടെ ഗൂഢാലോചനകള്‍ തന്നെ ഒടുവില്‍ വിജയിച്ചു. 1963 ഫെബ്രുവരി രണ്ടിന് (മകരം ഇരുപത്) വിവാഹം നടന്നു. അതിനുമുമ്പ് കടമ്മനിട്ടയിലെ കുടില്‍ പൊളിച്ച് ചെറിയൊരു വീടുണ്ടാക്കിയിരുന്നു. അമ്മ അച്ഛന്മാരറിയാതെ വീടുപണിക്ക് പണം സഹായിച്ചു.." കടമ്മനിട്ടയില്‍ കമ്യൂണിസത്തിന്റെ തീപ്പൊരികള്‍ കൊണ്ടുവന്നതും ഊതിക്കത്തിച്ചതും എം ആര്‍ രാമകൃഷ്ണപണിക്കര്‍ തന്നെ. കോട്ടയം സിഎംഎസ് കോളേജില്‍ പഠിക്കുമ്പോള്‍ താമസിച്ചത് എന്‍എസ്എസ് പ്രസിഡന്റായിരുന്ന എന്‍ ഗോവിന്ദമേനോന്റെ വീട്ടില്‍ . അദ്ദേഹത്തിന്റെ അനന്തരവന്‍ എന്‍ രാഘവക്കുറുപ്പ് സഹപാഠി (വാഴൂര്‍ എംഎല്‍എയായിരുന്നു രാഘവക്കുറുപ്പ്). ആ ചങ്ങാത്തമാണ് രാമകൃഷ്ണപണിക്കരെ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനാക്കിയത്. പാഠപുസ്തകങ്ങള്‍ക്കൊപ്പം മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുടെയും പഠനം...വിദ്യാര്‍ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ രാമകൃഷ്ണപണിക്കര്‍ ബിരുദധാരിയായി തന്റെ കുഗ്രാമത്തില്‍ തിരിച്ചെത്തിയതോടെ അതൊരു കമ്യൂണിസ്റ്റ് ഗ്രാമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായി...







"1956ല്‍ കടമ്മനിട്ടയില്‍ ഒരു കര്‍ഷക കുടുംബത്തെ ജന്മി കുടിയൊഴിപ്പിച്ചു. ചേട്ടന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം നടന്നു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തെ തിരിച്ചുകൊണ്ടുവന്ന് പഴയ സ്ഥലത്തുതന്നെ പുനരധിവസിപ്പിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് ചേട്ടന്‍ പ്രത്യേകം ശ്രദ്ധയൂന്നിയത്. ചെങ്ങറ എസ്റ്റേറ്റിലും മറ്റും അക്കാലത്ത് പലതവണ സമരങ്ങള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായിരുന്നു ചേട്ടന്‍". തല്ലിന് തല്ല് എന്ന തത്വക്കാരനായിരുന്നു രാഷ്ട്രീയക്കാരനായിരുന്ന കടമ്മനിട്ട. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി പ്രത്യക്ഷബന്ധമൊന്നമില്ലാത്ത കാലത്ത് നടന്ന ഒരു സംഭവം സദസ്സില്‍ ചര്‍ച്ചയാക്കി. ബാബു ജോണാണതു പറഞ്ഞത്. "പരിചയക്കാരനായ ഒരു യുവാവിന്റെ കൈയില്‍ പ്രത്യേക ചരടും നെറ്റിയില്‍ പ്രത്യേക കുറിയും കണ്ടപ്പോള്‍ കടമ്മനിട്ട വിളിച്ചു, എടാ, ഇങ്ങ് വാടാ-എന്താടാ കൈയില്‍ കെട്ട് എന്നും പറഞ്ഞ് ഒരടി കൊടുത്തു"-അതാണ് കടമ്മനിട്ട. അദ്ദേഹം എന്നും രാഷ്ട്രീയക്കാരനായിരുന്നു. നാട്ടിന്‍പുറത്തെ പരുക്കനായ ഒരു കമ്യൂണിസ്റ്റിന്റെ മനസ്സ്...കയ്യൂരിനെക്കുറിച്ച് ജോണ്‍ എബ്രഹാം ഒരു സിനിമ നിര്‍മിക്കുകയാണ്. അതിന്റെ കൂട്ടായ്മയും കള്ളുകുടിയും വക്കാണവും നടക്കുമ്പോള്‍ ആ പ്രദേശത്തെ ഒരു പ്രവര്‍ത്തകന്‍ അവിടെയുണ്ടായിരുന്നു. കടമ്മനിട്ട കമ്യൂണിസത്തെക്കുറിച്ച് എന്തോ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ (പില്‍ക്കാലത്ത് സിഎംപിയില്‍ ചേര്‍ന്നു) പറഞ്ഞു: മുറത്തില്‍ കയറി കൊത്തല്ലേ. അപ്പോഴേക്കും കടമ്മനിട്ട ചാടിയെഴുന്നേറ്റു. സ്ഥലവും സന്ദര്‍ഭവും ആ സ്ഥലത്തെ ഭൗതിക സാഹചര്യവും ഒന്നും പരിഗണിക്കാതെ ഒരലര്‍ച്ചയാണ് - എന്താടാ കമ്യൂണിസത്തിന്റെ മുറം നിന്റെ തറവാട്ടു വകയാണോ... കടമ്മനിട്ടയുടെ രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ ഉള്‍ക്കരുത്തും ഗോപാലേട്ടന്‍ മാത്രമല്ല, സംഭവം നടന്ന സ്ഥലത്തെ ആളുകളും മനസിലാക്കിയതപ്പോഴാണ്. 1985ലാണെന്നു തോന്നുന്നു ഒരു ദിവസം കണ്ണൂരില്‍നിന്ന് എന്റെ ഗ്രാമമായ മയ്യിലേക്ക് കടമ്മനിട്ടയും ഞാനും കാറില്‍ പോവുകയാണ്. മയ്യിലും കുറ്റ്യാട്ടൂരിലും ഓരോ പരിപാടിയുണ്ട്. വഴിയില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ വലിയ ബോര്‍ഡുകള്‍ പലേടത്തും കാണാമായിരുന്നു. മതം മാറ്റത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനജാഗരണനിധി പിരിക്കുന്നതിനുവേണ്ടിയുള്ള വ്യാപകമായ വര്‍ഗീയ പ്രചാരണത്തിന്റെ ബോര്‍ഡുകളാണ് നിറഞ്ഞുനില്‍ക്കുന്നത്്. ഹിന്ദുത്വ പ്രചാരണം വല്ലാതെ ശക്തിപ്രാപിച്ച കാലം. തലശേരി മേഖലയില്‍ ആര്‍എസ്എസ് ആക്രമണങ്ങളും കൊലപാതകവും വര്‍ധിച്ചുവന്ന കാലം... അല്പം മാത്രം "വീരഭദ്രന്‍" അകത്താക്കിയിരുന്ന കടമ്മനിട്ടക്ക് രോഷമടക്കാനായില്ല. കവിത വായിക്കാനെത്തിയ അദ്ദേഹം ആദ്യം ഒരുഗ്രന്‍ പ്രസംഗമാണ് കാച്ചിയത്. കൈയില്‍ കെട്ടി, കഴുത്തില്‍ കെട്ടി, കുറിയിട്ട് ചുണ്ടും ചോപ്പിച്ച് നടക്കുന്ന അലവലാതികള്‍ ...സ്വവര്‍ഗാനുരാഗികളാണവരെന്നുപോലും പറഞ്ഞ് ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയപ്രസംഗം.







കടമ്മനിട്ട എല്ലാകാലത്തും മാര്‍ക്സിസ്റ്റായിരുന്നു. എം ഗോവിന്ദന്റെയും അയ്യപ്പപ്പണിക്കരുടെയും ശിഷ്യനും എഴുപതുകളിലെ ആധുനികതയുടെയും അരാജകത്വത്തോളമെത്തുന്ന കൂട്ടായ്മകളുടെയും പങ്കാളികളിലൊരാളുമായിരിക്കെത്തന്നെ സ്വക്ഷേത്രം വിട്ടുള്ള കളി കടമ്മനിട്ടക്കുണ്ടായിരുന്നില്ല. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ്പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാനും എംഎല്‍എയുമെല്ലാമായത് വിദ്യാര്‍ഥികാലം മുതലേയുള്ള വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തന തുടര്‍ച്ച മാത്രമായിരുന്നു. കമ്യൂണിസത്തിനെതിരെ തന്റെ കൂട്ടുകാരിലാരെങ്കിലും പ്രതികരിച്ചാല്‍ ഈറ്റപ്പുലിപോലെ ചാടിവീഴുന്ന കടമ്മനിട്ട. പക്ഷേ എണ്‍പതുകളില്‍ കടമ്മനിട്ടയെ തിരിച്ചറിയുന്നതില്‍ പുരോഗമന പ്രസ്ഥാനത്തിന് വീഴ്ച പറ്റിയെന്നത് വാസ്തവമാണ്. വിശാലമായ പുരോഗമന സാഹിത്യമെന്ന കാഴ്ചപ്പാട് രൂപപ്പെടുംമുമ്പുള്ള സെക്ടേറിയന്‍ അന്തരാള ഘട്ടമെന്ന് വിശേഷിപ്പിക്കാം. കടമ്മനിട്ടക്കവിതയിലെ വര്‍ഗസമരത്തെ, തീക്ഷ്ണമായ കീഴാളസമരത്തിന്റെ ജ്വാലയെ കാണാതെ ഭോഗലാലസതയും അശ്ലീലവുമാണ് കടമ്മനിട്ടക്കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നുവരെ പുരോഗമനപക്ഷത്തുനിന്ന് പുരോഗമനപരമല്ലാത്ത ആക്ഷേപങ്ങളുണ്ടായി. അക്കാലത്ത് പ്രൊഫ. എ സുധാകരന്‍ കടമ്മനിട്ടക്കവിതകള്‍ക്കെതിരെ എഴുതിയ ഒരു ദീര്‍ഘലേഖനം വല്ലാതെ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. ചൂഷകവര്‍ഗത്തിനെതിരെയും അധീശത്വത്തെയും എല്ലാത്തരം അമിതാധികാരങ്ങളെയും ഒരു കാട്ടാളന്റെ ഉശിരോടെ ചെറുത്ത, അടിയന്തരാവസ്ഥക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച കടമ്മനിട്ടക്ക് അദ്ദേഹം അര്‍ഹിക്കാത്ത ആക്ഷേപങ്ങളാണ് "ബന്ധു"ക്കളില്‍നിന്ന് ലഭിച്ചത്. ഇത്തരമൊരവസ്ഥയിലാണ് 1992ല്‍ കടമ്മനിട്ട ഉദ്യോഗത്തില്‍നിന്ന് വിരമിക്കുന്നത്. ഒരു തിങ്കളാഴ്ചയായിരുന്നു അന്ന്. തലേന്ന് ഉച്ചക്ക് ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയില്‍നിന്ന് ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹിമാനെ വിളിച്ചു. കടമ്മന്‍ നാളെ പിരിയുന്നു. ഒരു പ്രായശ്ചിത്തവും സ്വീകരണവും വേണ്ടേ... ധൈര്യമായി എഴുതൂ എന്ന് മറുപടി.







കടമ്മനിട്ട അശ്ലീലത്തിന്റെ കവിയല്ല, എല്ലാത്തരം അശ്ലീലങ്ങളെയും പിച്ചിച്ചീന്തുന്ന വര്‍ഗസമരത്തിന്റെ കവിയാണ്, വിപ്ലവത്തിെന്‍റ തീജ്വാലയാണ് ആ മഹാകണ്ഠത്തില്‍നിന്ന് ഉദ്ഗമിക്കുന്നത്. തപാലോഫീസിന്റെ ചുമരുകള്‍ ഭേദിച്ച് ആ മേഘഗര്‍ജനം ഇനി നമ്മുടെ സമൂഹത്തിലാകെ മുഴങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദം നിറഞ്ഞ വരവേല്പ് ലേഖനം. ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാംപേജിലാണ് ആ ദീര്‍ഘലേഖനം വന്നത്... പിന്നീട് കടമ്മനിട്ട പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റും പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എംഎല്‍എയുമൊക്കെയായി. ഈ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് എതിര്‍പ്പുകളുണ്ടാക്കി. ചില കോണുകളില്‍നിന്ന് പരിഹാസവുമുണ്ടായി. പ്രിയപ്പെട്ട അനുജനായി കടമ്മനിട്ട കണക്കാക്കിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഹസിച്ചത് അദ്ദേഹത്തെ വല്ലാതെ വികാരം കൊള്ളിച്ചു. കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യകാലത്ത് ഒരുനാള്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിമധ്യേ പള്ളിക്കുന്ന് ദേശാഭിമാനിയില്‍ കാര്‍ നിര്‍ത്തി. വിളിച്ചു-എടാ, ഇങ്ങ് വാടാ... കാന്റീനില്‍ നിന്ന് ചായ വരുത്തി കുടിച്ചശേഷം കടമ്മനിട്ട ഒരു കത്ത് പുറത്തെടുത്തു. കത്ത് മുഴുവന്‍ വായിച്ചുകേള്‍പ്പിച്ചു. ബാലചന്ദ്രന്റെ ആക്ഷേപങ്ങളാണ്. നിലപാടുകളില്‍നിന്ന് പിന്മാറി പദവികള്‍ സ്വീകരിക്കുന്നു, കവിതയെ പടികടത്തുന്നു എന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ്. ആ മുഖത്ത് വല്ലാത്ത സങ്കടം വന്നുനിറഞ്ഞതുപോലെ. ഇതുവഴി കടന്നുപോകുമ്പോള്‍ ഈ കത്ത് നിന്നെ ഒന്ന് വായിച്ചുകേള്‍പ്പിക്കാമെന്നു കരുതി, അത്രമാത്രം. കടമ്മന്‍ പോയി... ജോലിയില്‍നിന്ന് വിരമിച്ചശേഷം എടുത്തുപറയത്തക്ക കവിതകളൊന്നും കടമ്മനിട്ട എഴുതിയിട്ടില്ല. മദ്യപാനം ഒഴിവാക്കിയതും സജീവ പൊതുപ്രവര്‍ത്തനം ആരംഭിച്ചതുമാണ് കടമ്മനിട്ടയുടെ കാവ്യരചന നിലയ്ക്കാനിടയാക്കിയതെന്ന് മേല്‍പറഞ്ഞതുപോലുള്ള വിമര്‍ശനം പലര്‍ക്കുമുണ്ടായിരുന്നു. ചര്‍ച്ച അതേക്കുറിച്ചായപ്പോള്‍ മകന്‍ ഗീതാകൃഷ്ണന്‍ പറഞ്ഞു: പലരും ഇങ്ങനെ പറയാറുണ്ട്. അച്ഛനോട് അക്കാര്യം പലരും ചോദിക്കുകയും ചെയ്തു. "കവിത വരുമ്പോള്‍ വരും. അല്ലാതെ കുത്തിയിരുന്ന് കവിത എഴുതിക്കൂട്ടലല്ല. മദ്യപിച്ചുകൊണ്ട് ഒരു കവിതയും തനിക്ക് എഴുതാന്‍ കഴിഞ്ഞിട്ടില്ല. മദ്യപാനം ഉപേക്ഷിച്ചതും കവിത എഴുത്തുമായി ഒരു ബന്ധവുമില്ല. മദ്യം ഒരിക്കലും പ്രചോദനമായിട്ടില്ല. അതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകിയതും കവിതയെ ബാധിച്ചിട്ടില്ല. താപല്‍വകുപ്പില്‍ യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നപ്പോഴാണ് പ്രധാന കവിതകളെല്ലാം എഴുതിയത്" അച്ഛന്‍ അങ്ങനെയാണ് മറുപടി പറഞ്ഞത്-ഗീതാകൃഷ്ണന്‍ അനുസ്മരിച്ചു. കാളിസേവയല്ല, വീരഭദ്രസേവാമൂര്‍ത്തിയായിരുന്ന കടമ്മനിട്ട എങ്ങനെയാണ് മദ്യവിരുദ്ധനായത്. ശാന്തേച്ചി ആ കഥയിലേക്ക് കടന്നു. "1989 ലാണ്. കടമ്മനിട്ടയുടെ അടുത്ത സുഹൃത്തുക്കള്‍ ഒരു എസ്റ്റേറ്റില്‍ ഒത്തുകൂടുന്നു. എസ്റ്റേറ്റ് ഉടമ അടുത്ത കൂട്ടുകാരന്‍ . മൂന്നുദിവസം നീണ്ട അഖണ്ഡ മദ്യപാനവും കവിത വായനയുമാണവിടെ നടന്നതെന്നാണ് പിന്നീട് കേട്ടത്. കുടിച്ചുകുടിച്ച് തല പൊക്കാനാവാത്തവിധം ക്ഷീണിച്ച് വന്ന് ഇതാ ആ കട്ടിലില്‍ വീണു. പിറ്റേന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ വൈകിട്ടാവുമ്പോഴേക്കും വിളിക്കാന്‍ ആളെത്തി. കവി... വിദേശത്തുനിന്ന് വന്നിട്ടുണ്ട്. കുപ്പിയുണ്ട്. ആഗതന്‍ കടമ്മനിട്ടയെ കുലുക്കി വിളിക്കുകയാണ്. എഴുന്നേല്‍ക്ക് ചേട്ടാ, കുപ്പിയുണ്ട്... എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെടാ, വല്ലാത്ത ക്ഷീണം എന്നായി ചേട്ടന്‍ . അപ്പോഴാണ് ഞാന്‍ കാണുന്നത്. ചേട്ടനെ ഞാന്‍ കുലുക്കി വിളിച്ചു. എഴുന്നേല്‍ക്കൂ ഞാന്‍ താങ്ങിപ്പിടിക്കാം. കുപ്പി കൊണ്ടുവന്നതല്ലേ, പോയി കുടിച്ചു വാ... ഞാന്‍ "പ്രോത്സാഹിപ്പിച്ചു". എനിക്ക് കരച്ചിലും രോഷവും അടക്കാനായില്ല.... ഒടുവില്‍ ചേട്ടന്‍ പറഞ്ഞു നീ പോ...ഞാന്‍ ഇന്നു വരുന്നില്ല...നാളെ വരാമെന്നു പറ. പക്ഷേ കടമ്മനിട്ട പിന്നൊരിക്കലും മദ്യപിക്കാന്‍ പോയില്ല. മദ്യപിച്ചില്ല. മദ്യത്തിന്റെ മണം പിടിച്ചാല്‍ത്തന്നെ ഛര്‍ദിക്കാന്‍ വരുമായിരുന്നു. കോട്ടയത്തെ എസ്റ്റേറ്റില്‍ വച്ച് മൂന്നുദിവസം നടന്ന അഖണ്ഡ മദ്യപാനയജ്ഞം കള്ളുകുടി നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു." ശാന്തേച്ചി ദീര്‍ഘനിശ്വാസമുതിര്‍ത്തു. രൗദ്രതാളങ്ങള്‍ നിറഞ്ഞ എത്രയോ നിശകളില്‍ പാനോത്സവങ്ങള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കേണ്ടിവന്ന ധര്‍മപത്നി.... വച്ചുവിളമ്പലിന്റെ മഹാപുണ്യം കൊണ്ട് ശാന്തയായവള്‍ ... "കല്യാണം കഴിഞ്ഞ് ഒരാഴ്ചപോലും തികഞ്ഞില്ല. റാന്നിയില്‍ ഒരു ബന്ധുവീട്ടില്‍ വിരുന്നുപോയി. പുറത്ത് ഇരുട്ട് കട്ടപിടിച്ചപ്പോഴേക്കും അകത്ത് വാറ്റുചാരായത്തിന്റെ മണമുയര്‍ന്നു. പതിനഞ്ചുകാരിയായ പുതുപ്പെണ്ണ് കാണെ രാമകൃഷ്ണ പണിക്കര്‍ ബന്ധുവിനോടൊപ്പം ഗ്ലാസ് കാലിയാക്കിക്കൊണ്ട് മുന്നേറുകയായിരുന്നു. ഒച്ചയായി. ബഹളമായി; പാട്ടായി.... ഭര്‍ത്താവിന്റെ യഥാര്‍ഥ മുഖം... എനിക്ക് പേടിയും സങ്കടവുമായിരുന്നു. അമ്മയെ ഓര്‍ത്താണ് പേടി. അച്ഛന്റെ കടുത്ത എതിര്‍പ്പുകള്‍ അമ്മ ഗൂഢാലോചനയിലൂടെ തകര്‍ത്താണ് കല്യാണം നടത്തിയത്. ഇങ്ങനെ കുടിച്ചാല്‍ എന്താണ് ഗതി. തറവാട്ടില്‍ തിരിച്ചുപോയാല്‍ എന്തായിരിക്കും അവസ്ഥ..." എഗ്മോര്‍ ഹൈറോഡില്‍ സ്വാമി റെഡ്ഡി സ്ട്രീറ്റിലെ വാടകവീട്ടില്‍ എന്നും പ്രതിഭാ സംഗമമായിരുന്നു. സി എന്‍ കരുണാകരനും മുത്തുക്കോയയും പാരീസ് വിശ്വനാഥനും മദ്യപിക്കാതെ എല്ലാറ്റിനും സാക്ഷിയായിരിക്കുന്ന ദാമോദരനും; പിന്നീട് ദാമോദരന്റെ ജീവിതസഖിയായിത്തീര്‍ന്ന പത്മിനിയും... കെ സി എസ് പണിക്കര്‍ പ്രിന്‍സിപ്പലായ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിലെ (പിന്നീട് ഫൈന്‍ ആര്‍ട്സ് കോളേജ്) വിദ്യാര്‍ഥികളും പ്രശസ്ത ചിത്രകാരന്മാരുമാണവര്‍ .







രണ്ടു കിടപ്പുമുറി മാത്രമുള്ള വാടകവീട്ടില്‍ ഒരു മുറിയില്‍ രാത്രി തിത്തൈ തകതക... കള്ളുകുടിയും സാഹിത്യ ചര്‍ച്ചയും കലാചര്‍ച്ചയും അട്ടഹാസങ്ങളും. കൗമാരപ്രായം കടന്നിട്ടില്ലാത്ത വീട്ടമ്മ അവര്‍ക്കെല്ലാം ചോറും മീനും വച്ചുവിളമ്പി... അന്ന് കടമ്മനിട്ടയുടെ പത്ത് വയസ്സിളപ്പമുള്ള അനുജന്‍ ഗോപിനാഥ പണിക്കര്‍ അവിടെയുണ്ടായിരുന്നു. ഏട്ടനും ഏട്ടത്തിയമ്മക്കും കൂട്ട്. മദ്രാസ് പച്ചപ്പയ്യാസ് കോളേജിലെ രസതന്ത്രം ബിരുദവിദ്യാര്‍ഥിയാണന്ന് ഗോപിനാഥന്‍ . "രാത്രി പ്രതിഭാസംഗമം തുടങ്ങിയാല്‍ ഞാന്‍ മെല്ലെ, ടെറസ്സിലേക്ക് പോകും. അവിടെയിരുന്നാണെന്റെ പഠിത്തം. ഉത്സവം കഴിഞ്ഞ് പലരും അവിടെത്തന്നെ കിടന്നുറങ്ങും. എന്നാല്‍ എത്ര മത്തുപിടിച്ച് ക്ഷീണിച്ച് കിടന്നാലും ചേട്ടന്‍ കാലത്തെഴുന്നേറ്റ് കുളിച്ച് റെഡിയായി ജോലിക്ക് പോകും. അതിന് മുടക്കം വരുത്തുന്ന പ്രശ്നമില്ല"- ഗോപിനാഥപണിക്കര്‍ ഓര്‍ത്തു. "1964ലാണ് ഞാന്‍ ഗീതയെ പ്രസവിച്ചത്. ഒന്നരക്കൊല്ലത്തെ വ്യത്യാസമേയുള്ളൂ ഗീതയും ഗീതാകൃഷ്ണനുമായി. ചേട്ടനും അനിയനും ഞാനും രണ്ടു മക്കളും ഒക്കെകൂടി വലിയ കുടുംബമായതിനാല്‍ റോയ്പ്പേട്ടിലെ അല്പം വലിയൊരു വീട് വാടകയ്ക്കെടുത്തു. അവിടെയും സുഹൃത്തുക്കള്‍ക്ക് കുറവില്ല. രണ്ടു മാസത്തേക്കുള്ള സാധനങ്ങള്‍ ഒന്നിച്ചാണ് വാങ്ങുക. രണ്ടു മാസത്തേക്ക് നാളികേരം പതിനഞ്ചെണ്ണമാണ്. അതില്‍ അഞ്ചെണ്ണം കേടായിരിക്കും. ഒരു നാളികേരം നാലോ അഞ്ചോ ദിവസത്തേക്ക് തികയ്ക്കണം. പല ദിവസവും നാളികേരമരയ്ക്കാത്ത കറികള്‍ ...ഫ്രിഡ്ജില്ലാത്തതിനാല്‍ തേങ്ങാമുറി കടലാസില്‍ പൊതിഞ്ഞ് കെട്ടിവയ്ക്കും. പിറ്റേന്നു നോക്കുമ്പോള്‍ മഞ്ഞനിറം വന്നിട്ടുണ്ടാവും... അതൊന്നും ചേട്ടന് ബാധകമല്ല... എന്നും ഒന്നിച്ച് ആളുകളുണ്ടാവും. കൈ കഴുകുമ്പോഴേക്കും ചോറ് വിളമ്പിയിരിക്കണം...എനിക്ക് തല്ലുകിട്ടിയിട്ടു പോലുമുണ്ട.്.. പക്ഷേ അതിനേക്കാളെല്ലാം സ്നേഹവും കിട്ടിയിട്ടുണ്ട്..."-ശാന്തേച്ചി പറഞ്ഞു. കടമ്മനിട്ടയും മദ്യവും തമ്മിലുണ്ടായിരുന്ന ബന്ധം കേരളത്തില്‍ ഒരു വാര്‍ത്തയല്ല. 1985ലെ ഒരു രാത്രി. കൂത്തുപറമ്പ് യുപി സ്കുളില്‍ ഒരു പരിപാടി കഴിഞ്ഞ് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുകയാണ്. കടമ്മനിട്ടക്ക് വീരഭദ്രന്‍ നിര്‍ബന്ധം. വിദേശന്‍ പോരാ. വീരഭദ്രനുള്ള സ്ഥലം എ ടി മോഹന്‍രാജിനറിയാം. ഒരു വീട്ടിനടുത്ത് കാര്‍ നിന്നു. കുപ്പിനിറച്ച് വീരഭദ്രന്‍ എത്തുകയായി. റോഡരികില്‍ ഇരുളില്‍ നിന്നുകൊണ്ട് അതിന്റെ കഥ കഴിക്കുകയും...







രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു സംഭവം. അതേ ലോഡ്ജ്, അതേ മുറി. സന്ധ്യയായിക്കാണും. ഓഫീസില്‍ പോയി ജോലി കഴിഞ്ഞുവന്ന് ഒന്നു മിനുങ്ങിയതേയുള്ളു. ജുബ്ബായെല്ലാം ഊരിത്തൂക്കിക്കഴിഞ്ഞു. അപ്പോഴാണ് വാതിലില്‍ മുട്ട്. ഒരു എസ്ഐയും ഹെഡ്കോണ്‍സ്റ്റബിളുമാണ്. ഞങ്ങള്‍ പരിഭ്രമിച്ച് നില്‍ക്കുമ്പോള്‍ കടമ്മന്‍ ചീത്തവിളി തുടങ്ങിയിരുന്നു. "സോറി സാര്‍ , ഇന്നലെ ഒരബദ്ധം പറ്റിപ്പോയതാണ്. ഞങ്ങളെ രക്ഷിക്കണം"-എസ് ഐയുടെ അഭ്യര്‍ഥന. കടമ്മനിട്ട അടങ്ങുന്ന ഭാവമില്ല. കൈപിടിച്ച് ഒരുവിധം കട്ടിലിലിരുത്തി... കാര്യം ഇതായിരുന്നു: തലേന്ന് രാത്രി കോടിയേരിക്കടുത്ത് ഒരു പരിപാടി കഴിഞ്ഞ് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു കഥാനായകന്‍ . അന്ന് എംഎല്‍എയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏല്പിച്ച പരിപാടിയാണ്. സംഘാടകര്‍ കൊടുത്ത "ഉപഹാരം" കാറിലുണ്ട്. അപ്പോള്‍ത്തന്നെ നല്ല ലെവലായിട്ടുണ്ടുതാനും. ധര്‍മടം മൊയ്തുപാലത്തിനടുത്തുവച്ച് കാര്‍ പൊലീസ് തടഞ്ഞു. പരിശോധിച്ചു. വണ്ടിയില്‍നിന്ന്പുറത്തിറങ്ങിയ കടമ്മനിട്ട അവിടെ നിന്നാക്രോശിച്ചു- വിളിക്കെട, വയലാര്‍ രവിയെ; നിന്റെ തൊപ്പി തെറിപ്പിക്കും ഞാന്‍ . കടമ്മനിട്ടയോടാണോടാ കളി... അന്ന് ആഭ്യന്തരമന്ത്രിയാണ് വയലാര്‍ രവി. പിറ്റേന്ന് കാര്യങ്ങളുടെ ഗൗരവം പിടി കിട്ടിയിട്ടോ അതോ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശാനുസരണമോ ആവണം കാര്‍ പരിശോധിച്ച എസ്ഐയും എച്ച്സിയും മാപ്പു പറയാന്‍ വന്നിരിക്കുന്നത്. അവരെ ഏറെ ഗുണദോഷിച്ചശേഷം ഒരു കല്പനയാണ്. എടാ, അവര്‍ക്ക് ഒഴിച്ചുകൊടുക്കെടാ....കണ്ണൂരിലെ ബിവറേജസ് കോര്‍പറേഷനിലെ ആരാധകര്‍ അല്പംമുമ്പ് കൊണ്ടുവച്ച രണ്ട് കുപ്പികളുണ്ട്. നിര്‍ബന്ധിച്ചിട്ടും എസ്ഐ കഴിക്കാന്‍ കൂട്ടാക്കിയില്ല. എസ്ഐ അനുമതി നല്‍കിയിട്ടും എച്ച്സിക്ക് ബാത്ത്റൂമില്‍ കയറേണ്ടിവന്നു രണ്ടെണ്ണം അകത്താക്കാന്‍ . കണ്ടോടാ, പൊലീസിലെ അടിമത്തം എന്ന് കവിയുടെ കമന്റും...







കടമ്മനിട്ട ഒരു കര്‍ഷകനായിരുന്നു. നെല്ലിന്‍ തണ്ടു മണക്കും വഴികളും എള്ളിന്‍നാമ്പ് കുരുക്കും വയലുകളുംമനസ്സില്‍ എന്നും കൊണ്ടുനടന്ന കര്‍ഷകന്‍ ... 1967ല്‍ തിരുവനന്തപുരത്ത് സ്ഥലംമാറിയെത്തിയതില്‍പ്പിന്നെ വാരാന്തങ്ങളില്‍ വീട്ടിലെത്തി കൃഷികാര്യങ്ങള്‍ നോക്കി നടത്തുമായിരുന്നു. ഭാര്യവീടിനടുത്ത് വള്ളിക്കോട്ടുള്ള സ്വന്തം വീടിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ശാന്തേച്ചി കടമ്മനിട്ട എന്ന കൃഷിക്കാരനുണ്ടാക്കിയ പൊല്ലാപ്പുകളിലേക്ക് വഴി തെളിച്ചു. "അടിയന്തരാവസ്ഥക്കാലത്താണെന്നു തോന്നുന്നു, ഈ സ്ഥലം വാങ്ങിയത്. ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ സ്ഥലമാണ്. ഞാനന്ന് അമ്മയുടെ കൂടെ തറവാട്ടു വീട്ടിലാണ്. ഭര്‍ത്താവും ആ വീടുമായി അപ്പോഴേക്കും നന്നായി ഇണങ്ങിക്കഴിഞ്ഞിരുന്നു. ഭൂപ്രഭുവും പണക്കാരനുമൊന്നുമല്ലെങ്കിലും എന്തിനും പോന്നവനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമാണ് മരുമകന്‍ എന്ന് മനസിലായി പഴയ എതിര്‍പ്പ് സ്നേഹവാത്സല്യങ്ങള്‍ക്ക് വഴിമാറിയിരുന്നു. അച്ഛന്‍ വേലുനായര്‍ , രാമകൃഷ്ണപണിക്കരേ എന്ന് ബഹുമാനത്തോടെയാണ് മരുമകനെ അഭിസംബോധന ചെയ്തിരുന്നത്. വാരാന്ത്യത്തില്‍ വാഴമുട്ടത്തെ എന്റെ വീട്ടില്‍ താമസിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ മടങ്ങാറാണ് പതിവ്. അന്നാളില്‍ ഒരു ദിവസം ഒരു ബന്ധുവാണ് പറഞ്ഞത് ഈ സ്ഥലത്തെപ്പറ്റി. സ്ഥലമുടമ പാമ്പുകടിയേറ്റ് മരിച്ചു; അറവലയുണ്ടായ വീടുമാണ്-ബ്ലീഡിങ് കാരണം ഗര്‍ഭിണിയുടെ ദുര്‍മരണം. അതുകൊണ്ട് ഇവിടെ ആദ്യമുണ്ടായിരുന്ന കൊച്ചുവീടും ഈ വലിയ പറമ്പും എടുക്കാന്‍ ആളുണ്ടായില്ല. കടമ്മനിട്ട ഈ സ്ഥലം കച്ചവടമാക്കി. 1976ല്‍ "കുറത്തി" എഴുതിയ കാലത്താണെന്നു തോന്നുന്നു. ഇവിടെ താമസവുമാക്കി.. "ശാന്തേ, നമുക്കീ വീട് കിട്ടിയത് കവിത കൊണ്ടാണ്. അതുകൊണ്ട് വീടിന് പേര് കവിത എന്നിടാം." ഓരോ കവിതയുടെ കാശുകൊണ്ടാണ് വീട് പുതുക്കിയത്, ഓരോ മുറി കൂട്ടിയെടുത്തത്. പക്ഷേ വീടിന് കവിത എന്ന് പേരിടാനാവുമായിരുന്നില്ല. കൊയ്പ്പള്ളില്‍ വീടാണ്, കൊയ്പ്പള്ളില്‍ പുരയിടമാണ്.. ആ പേര് അങ്ങനെതന്നെ കിടന്നു. ദുര്‍മരണവും അറവലയും നടന്ന വീട് കാവൈശ്വര്യത്തിന്റെ, പ്രതിഭാ പ്രകര്‍ഷത്തിന്റെ ആധാരമായി... തുണിസഞ്ചിയും സഞ്ചിയില്‍ കുപ്പിയും ചുണ്ടില്‍ ബീഡിയും മനസ്സില്‍ പുത്തന്‍ചിന്തയും ചുണ്ടില്‍ തത്തിക്കളിക്കുന്ന പുതുകവിതകളും കൊണ്ട് പാന്ഥര്‍ കടന്നുവരികയും ഇറങ്ങിപ്പോവുകയും ചെയ്ത കാലം..







ഒരു രാത്രി കവിയോടൊപ്പം ബാലചന്ദ്രനും വിജയലക്ഷ്മിയുമുണ്ടായിരുന്നു. ഒപ്പമുള്ളത് പെങ്ങളാണെന്ന് കള്ളം പറയാന്‍ ശട്ടംകെട്ടിയിട്ടാണ് വരവ്. സത്യം പറഞ്ഞാല്‍ മൂവരെയും വീട്ടില്‍ കയറ്റില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നുവത്രേ. വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഭര്‍ത്താവിനൊപ്പം ബാലചന്ദ്രനും കൂടെ ഒരു പെണ്‍കുട്ടിയും. ആരാണെന്ന് ഞാന്‍ കടുപ്പിച്ച് ചോദിച്ചു. പെങ്ങള്‍ എന്നു മറുപടി. കടമ്മനിട്ടയിലെ കൃഷിക്കാരനെക്കുറിച്ചാണ് പറഞ്ഞുവന്നത്. തിരുവനന്തപുരത്ത് പൈപ്പിന്‍മൂടില്‍ കടമ്മനിട്ടയുടെ വാടകവീട്ടിലെ മറ്റു അന്തേവാസികളായി നരേന്ദ്രപ്രസാദും മുരളിയും മറ്റും ഇവിടെ വന്ന് ദിവസങ്ങളോളം താമസിക്കും. വന്നാല്‍പിന്നെ പാട്ടും കളിയും. വയലില്‍ കൃഷിപ്പണി തുടങ്ങുന്ന കാലത്ത് കടമ്മനിട്ടക്കൊപ്പം കൊച്ചാട്ടാ, കൊച്ചാട്ടാ എന്നും വിളിച്ച് മുരളിയും വരും, പിന്നെ കുറെനാള്‍ ഇരുവരും കര്‍ഷകരാവും. രാവിലെ കൈലിയുടുത്ത് തലയില്‍ കെട്ടുമായി ഇറങ്ങും. ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും എല്ലാം പാത്രത്തിലാക്കി തലയില്‍ വച്ചാണ് പോക്ക്. പിന്നെ വൈകീട്ടേ മടങ്ങൂ. കൃഷിപ്പണിക്ക് പുറമെ പാടത്ത് ഒരുത്സവം തന്നെയാണെന്ന് പിന്നീടാണറിഞ്ഞത്. കൊച്ചാട്ടന്റെയും അനിയന്റെയും വയലില്‍ പോക്ക് ഞാന്‍ വരച്ച വരയില്‍ നിര്‍ത്തുകയായിരുന്നു. പാടത്തിനരികില്‍ ബീഡിയും മുറുക്കാനുമെല്ലാം വില്ക്കുന്നതിന് താല്‍ക്കാലികമായി ഒരു "ചാപ്പ"യുണ്ടായിരുന്നുപോലും. അതിന്റെ "ഉടമ"യാണെന്നും പറഞ്ഞ് ഒരാള്‍ ഒരു ദിവസം വീട്ടില്‍വന്നു. കൊച്ചാട്ടനും അനിയനുംകൂടി അവിടെ ഉണ്ടാക്കിവച്ച പറ്റ് മൂവായിരം രൂപ. ഞാന്‍ പണമൊന്നും തരില്ല, പോകൂ എന്നുപറഞ്ഞ് അന്ന് ഒഴിവാക്കി. രാത്രിയില്‍ വന്നപ്പോള്‍ ചോദിച്ചു, മൂവായിരം രൂപയുടെ പറ്റുണ്ടോ? ങ്ങ്ആ കുറേ രൂപ കൊടുക്കാന്‍ കാണും. 25-30 വര്‍ഷം മുമ്പ് വയല്‍ക്കരയിലെ ഒരു മുറുക്കാന്‍ കടയില്‍ ഒരാഴ്ച കൊണ്ട് മൂവായിരം രൂപയുടെ പറ്റുണ്ടാക്കണമെങ്കില്‍ - എന്റെ കണ്ണു തള്ളിപ്പോയി. അടുത്ത ദിവസം ആ ചെറുപ്പക്കാരനെ വിളിച്ചുവരുത്തി പണം മുഴുവന്‍ കൊടുത്തു. അന്ന് ഒരു നിരോധനാജ്ഞയും പുറപ്പെടുവിച്ചു. കൊച്ചാട്ടനും അനിയനും കൃഷിപ്പണിക്കാണെന്നും പറഞ്ഞ് ഇനി വയലിലെറങ്ങിപ്പോകരുത്. അവരുടെ പോക്ക് നിലച്ചത് കര്‍ഷകത്തൊഴിലാളികള്‍ക്ക് സങ്കടമുണ്ടാക്കി. കൊച്ചാട്ടനും അനിയനുമെത്തിയാല്‍ കണ്ടത്തില്‍ നല്ല ചേലായിരുന്നുപോല്‍ ...







ഭക്ഷണത്തിന്റെ കാര്യത്തില്‍ കടമ്മനിട്ട ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. വിവിധ ജില്ലകളില്‍ പോസ്റ്റല്‍ ഓഡിറ്റ് ജോലിക്കായി പോയി താമസിക്കുമ്പോഴും കാവ്യാവതരണത്തിനു പോയാലും ഭക്ഷണം കഴിവതും വീടുകളില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. മീന്‍കറിയും മീന്‍ വറുത്തതും ഏറ്റവും പ്രിയങ്കരം. കണ്ണൂര്‍ വീറ്റ്ഹൗസിലും കണ്ണൂരിലെ ചിരാഗ് ഹോട്ടലിലും വച്ച് മീനിനോടുള്ള ആക്രാന്തം കണ്ടതിന്റെ ഓര്‍മ ഇന്നും മനസ്സിലുണ്ട.് ഭക്ഷണം മോശമാണെങ്കില്‍ അത് മുഖത്ത് നോക്കി പറയാനും കടമ്മനിട്ട മടിക്കില്ല. മനസിലൊന്നും പുറത്തൊന്നും എന്നത് അദ്ദേഹത്തിന് അപരിചിതമായിരുന്നു. നാഗരിക നാട്യങ്ങള്‍ അന്യമായ കടമ്മനിട്ടക്ക് രോഷമുണ്ടായാല്‍ അടക്കിവയ്ക്കാനാവുമായിരുന്നില്ല. അത്തരമൊരനുഭവത്തിലേക്ക് ശാന്തേച്ചി കൂട്ടിക്കൊണ്ടുപോയി. റാന്നിയിലെ കോഫി ഹൗസാണ് രംഗം. അല്പമൊന്നു ഫിറ്റായ ശേഷം കഥാനായകന്‍ ഭക്ഷണം കഴിക്കാനെത്തിയതാണ്. ദോശയും സാമ്പാറുമാണ് കിട്ടിയത്. പുളിച്ച ദോശ, വളിച്ച സാമ്പാര്‍ .. പ്ലേറ്റ് എടുത്തെറിയുന്നതും വെയിറ്ററുടെ മുഖത്തൊന്നു പൊട്ടിക്കുന്നതുമാണ് പിന്നെ കണ്ടത്. ഈറ്റപ്പുലിയെപ്പോലെ കടമ്മനിട്ട അലറുകയാണ്. എടാ ഭക്ഷണമുണ്ടാക്കാന്‍ പഠിക്കണം. രുചിയുള്ള ഭക്ഷണം കഴിച്ചാലേ രുചിയുള്ള ഭക്ഷണമുണ്ടാക്കാനാവൂ. ആളുകള്‍ കൂടി. ഭയങ്കര ബഹളമായി. രുചിയുള്ള ഭക്ഷണമുണ്ടാക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരാം, കഴിച്ചുനോക്കാന്‍ വാടാ-തൊപ്പിയും യൂനിഫോമുമണിഞ്ഞവരുള്‍പ്പെടെ ആറു പേരെ കാറില്‍ പിടിച്ചുകയറ്റി വള്ളിക്കോട്ടേക്ക്. മുപ്പത്തഞ്ച് കിലോമീറ്ററോളം ഓടി ഇവിടെ എത്തുമ്പോള്‍ ഉച്ചയാവാറായി. കോഫി ഹൗസ് യൂണിഫോമുകാര്‍ കാറില്‍ നിന്നിറങ്ങുന്നത് കണ്ട് അന്ധാളിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. അവരെയും നയിച്ച് ചേട്ടന്‍ അകത്തു കയറി.



ഇവര്‍ക്കെല്ലാം ചോറ് വിളമ്പെടി എന്ന ആക്രോശമാണ് ആദ്യം പുറത്തുവന്നത്. അഞ്ചാറു പേരെ കൂട്ടിക്കൊണ്ടുവന്ന് ഇപ്പൊത്തന്നെ ചോറ് വിളമ്പെന്ന് പറഞ്ഞാല്‍ ... കടമ്മനിട്ടയെ സംബന്ധിച്ച് അത് പതിവായിരുന്നു. ശാന്തേച്ചിക്ക് അത് ചിരപരിചിതവും... എന്താണ് പ്രശ്നമെന്നൊന്നും ചോദിക്കാതെ അമ്പരപ്പോടെ തന്നെ അവര്‍ക്കാറുപേര്‍ക്കും വിളമ്പി. കപ്പയും മീന്‍കറിയും ചോറും. ആവശ്യത്തിന് വിഭവങ്ങളുണ്ടായിരുന്നു. പുരയിടത്തില്‍ അന്ന് ഏഴെട്ടുപേര്‍ പണിക്കുണ്ടായിരുന്നു. അതുകൊണ്ട് നാണം കെടാതെ രക്ഷപ്പെട്ടു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചേട്ടന്‍ ശാന്തനായി പറയുന്നത് കേള്‍ക്കാമായിരുന്നു. നന്നായി രുചിച്ച് കഴിക്കൂ. എങ്ങനെയുള്ള ഭക്ഷണമാണുണ്ടാക്കേണ്ടതെന്ന് മനസ്സിലായോ. അവര്‍ ഒരക്ഷരം ഉരിയാടാതെ കഴിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ചശേഷം അവര്‍ തൃപ്തരായാണ് മടങ്ങിയത്. കടമ്മനിട്ടയെ അവര്‍ക്കും അറിയാമായിരുന്നു. ഇഷ്ടവുമായിരുന്നു... തിരിച്ചുപോകുമ്പോള്‍ ടാക്സികൂലി കൊടുക്കേണ്ട ബാധ്യതയും എനിക്ക്.. ഒന്നിനും മടിയില്ലാത്ത, യാതൊരു ജാടയുമില്ലാത്ത മനുഷ്യനായിരുന്നു കടമ്മനിട്ട. എഴുപതുകളും എണ്‍പതുകളും എന്ന കാലത്തിന്റെ സവിശേഷത കൂടിയായിരുന്നു അത്. കശുമാങ്ങ വാറ്റിയുണ്ടാക്കിയ റാക്കില്‍ കരിങ്ങാലി ചേര്‍ത്തുപിടിപ്പിക്കുമ്പോള്‍ പ്രത്യേകമായ ഒരു സുഖമായിരുന്നുവെന്ന്; കണ്ണ് പുകയുകയും മൂക്ക് ഗന്ധാധിക്യത്താല്‍ വിങ്ങുന്നതും തൊണ്ടയിലൂടെയുള്ള എരിപൊരി സഞ്ചാരത്തിന്റെയും വന്യമായ സുഖം. കടമ്മനിട്ടയും വള്ളിക്കോടും വാഴമുട്ടവും പോലൊരു ഗ്രാമത്തെ മലബാറില്‍ കവി കണ്ടെത്തിയത് കുറ്റ്യാട്ടൂരിലാണ്. കുറ്റ്യാട്ടൂര്‍ എന്ന തനി കാര്‍ഷിക ഗ്രാമത്തിലെ കന്നിമണ്ണ് കടമ്മനിട്ടക്കാവ്യ വര്‍ഷപാതം കൊണ്ട് ധന്യമായത് 1986ലാണ്. അതിന്റെ സ്മരണയ്ക്കായി കൊണ്ടുപോയത് കശുമാവിന്‍ തൈകളാണ്. വള്ളിക്കോട്ടെ പുരയിടത്തില്‍ കശുമാവ് വളര്‍ത്തി അതിന്റെ മാങ്ങ പിഴിഞ്ഞ് വാറ്റി അതിന്റെ രസം മോന്തി നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാക്കുക... തന്റെ തന്നെ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ സുകുമാരന്‍ കുറ്റ്യാട്ടൂരിലേക്ക് കവിതാവതരണത്തിന് വിളിച്ചപ്പോള്‍ കവി രണ്ടു കണ്ടീഷനാണ് വച്ചത്. നല്ല മീന്‍ വേണം. മുളകിട്ടത് പ്രത്യേകം വേണം, പിന്നെ...







കുഗ്രാമം എന്നത് തെറ്റായ വിശേഷണമാണെങ്കിലും ഉപയോഗത്തിലുള്ള പദമതായതിനാല്‍ അന്നത്തെ കുറ്റ്യാട്ടൂര്‍ അതുതന്നെ. ആദ്യമായി അവിടെ ഒരു മഹാകവി എത്തുകയാണ്. രണ്ട് തപാലോഫീസുകളില്‍ ഓഡിറ്റ് നടത്തി രാമകൃഷ്ണപണിക്കര്‍ കുറ്റ്യാട്ടൂരിലേക്ക്.. കവിയും സംഘാടകനും മൈക്ക്സെറ്റും അതിന്റെ ഓപ്പറേറ്ററുമെല്ലാം ചേര്‍ന്ന സംഘത്തെയും വഹിച്ച് ജീപ്പ് ഉച്ചയോടെ ഗ്രാമത്തിലെത്തുന്നു. നല്ലവനായ കാട്ടാളന്‍ നാളെ ഗ്രാമത്തിലെത്തുന്നുവെന്ന മെഗഫോണ്‍ പ്രചാരണം കേട്ട് ഗ്രാമവാസികള്‍ കൗതുകത്തോടെ കാത്തുനില്പാണ്. ഉച്ചയോടെയെത്തിയ കടമ്മനെ സ്വാഗതം ചെയ്തത് "കശുമാങ്ങക്കഷായ"ത്തിന്റെ തീക്ഷ്ണഗന്ധമാണ്. വീരഭദ്രസേവയും യഥേഷ്ടം മീന്‍ സഹിതമുള്ള മൃഷ്ടാന്നഭോജനവും കഴിഞ്ഞ് കിടന്നു. വൈകിട്ട് അഞ്ചു മണിയോടെ സുകുമാരന്റെ വീട്ടില്‍നിന്ന് കാല്‍നടയായി ഒന്നര കിലോമീറ്ററോളം നടന്ന് യോഗവേദിയിലേക്ക്. നിരവധി കുട്ടികള്‍ ഒപ്പം ചേര്‍ന്നു "ഒരു സംഭവമായ" യാത്ര. കുറ്റ്യാട്ടൂരിനോടുള്ള സവിശേഷമായ ബന്ധം വിവരിച്ച്, മാങ്ങയുടെ പുണ്യം വിളിച്ചറിയിച്ച്, നിങ്ങളുടെ നാട്ടുകാരനായ പ്രതിഭാശാലിയായ എന്‍ ശശിധരനെ നിങ്ങള്‍ക്കറിയില്ലേ, എനിക്കേറ്റവും വേണ്ടപ്പെട്ട അവന്‍ ഈ നാടിന്റെ നന്മകള്‍ പങ്കുവച്ചിട്ടുണ്ടെന്ന ആമുഖത്തോടെ ദീര്‍ഘഭാഷണം. നാടകകൃത്തും നിരൂപകനുമായ ശശിധരനെക്കുറിച്ച് അന്നാണ് നാട്ടുകാര്‍ അറിയുന്നത്. പ്രസംഗം തുടര്‍ന്നുകെണ്ടിരിക്കെ സ്റ്റേജില്‍ നോക്കി എവിടെ മറ്റവന്‍ എന്ന ചോദ്യം. കരിങ്ങാലി ചേര്‍ത്ത കശുമാങ്ങ രസമെവിടെ... സുകുമാരന്‍ വീട്ടിലേക്കോടി. ആളുകള്‍ എന്ത് പറയുമെന്ന ഭയം ഒരുഭാഗത്ത്. മറ്റവനെ കിട്ടിയില്ലെങ്കില്‍ കവിതാവതരണം ഉടന്‍ നിന്നേക്കുമെന്ന ഭീഷണിയും. പരസ്യമായിത്തന്നെ കരിങ്ങാലി വന്നുകൊണ്ടിരുന്നു. ഇടക്കിരുന്ന് വിശ്രമിച്ച് വീണ്ടും പ്രകടനം. നീണ്ടുനീണ്ട് മൂന്നു മണിക്കൂറോളം തുടര്‍ന്ന, ഇടിവെട്ടും മിന്നല്‍പിണരും കൊടുങ്കാറ്റും നിറഞ്ഞ മഹാകാവ്യ വര്‍ഷപാതം... തനിക്ക് ലഭിച്ച പുതിയ ഊര്‍ജപ്രവാഹത്തിന്റെ സ്രോതസ്സായി കവി കണ്ടത് "മങ്കുര്‍ണി" എന്നറിയപ്പെട്ടിരുന്ന "മാങ്ങേന്റെ വെള്ള"മാണ്. രണ്ടു കുപ്പി പൊതിഞ്ഞു നാട്ടിലേക്ക് കൊണ്ടുപോയ കവി, അത് തീര്‍ന്നപ്പോള്‍ സുകുമാരന് എഴുതിയത് കശുമാവിന്‍ തൈകള്‍ എത്തിച്ചുതരണമെന്നാണ്. നല്ല ഇനം കശുമാവിന്‍ തൈകള്‍ പെട്ടിയിലാക്കി സുകുമാരന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് പുറപ്പെട്ടു. കടമ്മനിട്ടയുടെ മകള്‍ ഗീത അവിടെ ബിഡിഎസിന് പഠിക്കുന്നുണ്ട്. ഗീതയുടെ അടുത്ത സുഹൃത്ത് സുകുമാരന്റെ സുഹൃത്തായ ബിഡിഎസ് വിദ്യാര്‍ഥി വിശ്വനാഥന്റെ കാമുകിയാണ്. ഹോസ്റ്റലിലെത്തുമ്പോഴേക്കും ഗീത നാട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. വിശ്വനാഥന്റെ ഒരു പരിചയക്കാരിയെ കശുമാവിന്‍ തൈകളെ ശുശ്രൂഷിക്കാന്‍ ഏല്പിച്ച് സുകുമാരന്‍ മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ഗ്രാമത്തില്‍ മറ്റൊരു പരിപാടിക്ക് വന്നപ്പോള്‍ കടമ്മനിട്ട കുറ്റ്യാട്ടൂരിലെ കശുമാവുകള്‍ തന്റെ പുരയിടത്തില്‍ വളരുന്നതിനെപ്പറ്റിയും അതിന്റെ മാങ്ങകളെക്കുറിച്ചും സംസാരിച്ചു. ആ മാവുകള്‍ വളരുമ്പോഴേക്കും കടമ്മനിട്ട എല്ലാത്തരം മദ്യങ്ങളുടെയും കടുത്ത ശത്രുവായിക്കഴിഞ്ഞിരുന്നു.







കടമ്മനിട്ടയുടെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ശാന്തേച്ചിക്ക് മറ്റൊരു കഥാപാത്രത്തെ ഓര്‍മ വന്നു. ജോണ്‍ . ജോണ്‍ ഒരു കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവന്നാല്‍ ഉണ്ടാകാവുന്ന പുകില്‍ ... ഒരു സന്ധ്യയ്ക്കാണ് തന്റെ തനി സ്വരൂപത്തില്‍ ജോണ്‍ വള്ളിക്കോട്ടെ കൊയ്പ്പള്ളില്‍ വീട്ടിലേക്ക് കടന്നുവന്നത്. കടമ്മനിട്ടയുടെ അമ്മ മുഖം കൈയിലമര്‍ത്തി വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. ആഗതന്‍ വന്ന ഉടനെ ചോദ്യം, കടമ്മനിട്ടയുടെ അമ്മയല്ലേ. "അതേ മോനെ" മറുപടി. "എന്താ ഇങ്ങനെ ഇരിക്കുന്നത്"- "കൈക്കൊരു വേദനയാണ് മോനേ" മറുപടി. ഓ, അതാണോ കാര്യം, അതിപ്പം ശരിയാക്കിത്തരാം എന്ന് ജോണിന്റെ വാഗ്ദാനം. പെട്ടെന്ന് ഒരു മര്‍മ ചികിത്സകനായി മാറി ജോണ്‍ അമ്മയുടെ കൈ പിടിച്ച്തിരിക്കാനും വലിക്കാനും തുടങ്ങി. പിന്നെ കേള്‍ക്കുന്നത് ദീനരോദനമാണ്. ഓടിവായോ ശാന്തേ, ഓടി വായോ എന്ന ദീനരോദനം. ഒരു ഗോസായി അമ്മയുടെ കൈ പിടിച്ചുവലിക്കുന്നു. കൈ വിടുവിക്കാന്‍ അമ്മയുടെ ശ്രമം. പശുവിന് വെള്ളം കൊടുക്കുന്ന തിരക്കിലായിരുന്നു ഞാന്‍ . അമ്മയുടെ കൈ പൊട്ടാഞ്ഞത് ഭാഗ്യം. കുഴമ്പിട്ട് തടവേണ്ടി വന്നു. രാത്രി കടമ്മനിട്ട കാര്യമറിഞ്ഞ് ജോണിനെ വഴക്ക് പറഞ്ഞു. എടാ, നീ എന്റെ അമ്മയുടെ കൈ പൊട്ടിക്കാനാണോ നോക്കിയത്-കൈ പിടിച്ച് നേരെയാക്കാനായിരുന്നു, വേദന പോക്കാനായിരുന്നു തന്റെ ശ്രമമെന്ന് ജോണ്‍ . ഗീതാകൃഷ്ണനും കവിതയുടെ സുഖക്കേടുണ്ടായിരുന്നു. മകന്റെ കവിത അച്ഛന്‍ നോക്കി തിരുത്തുന്ന പ്രശ്നമില്ല. അങ്ങനെയിരിക്കെ വീട്ടില്‍വന്ന് തമ്പടിച്ച ജോണിന് കടമ്മനിട്ട ഒരു പണി കൊടുത്തു. ഒരു ഇമ്പോസിഷന്‍ തന്നെ. ഗീതാകൃഷ്ണന്റെ കവിത നോക്കി തിരുത്തിക്കൊടുക്കണം; അവന് കവിതയെഴുത്തിനെക്കുറിച്ച് പറഞ്ഞുകൊടുക്കണം. കൊച്ചാട്ടന്‍ പറഞ്ഞാല്‍ ആര്‍ക്കാണതിനപ്പീല്‍ . "ഹൃദയതാരകം" എന്ന പേരില്‍ എഴുതിയ കവിത ജോണ്‍ വായിക്കുന്നു. അന്ന് കേരളത്തിലെ എല്ലാ യുവകവികളെയുംപോലെ കടമ്മനിട്ടക്കവിതകളുടെ അനുകരണം അറിയാതെ തന്നെ ഇതിലും വന്നിട്ടുണ്ടായിരുന്നു. പിന്നെ ജോണിെന്‍റ ഭര്‍ത്സനമാണ് "എടാ, നീ നിന്റെ അച്ഛന്റെ നിഴലാകരുത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. നിനക്ക് സ്വന്തമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം എഴുതുക. അത് നിന്റെ രീതിയിലായിരിക്കണം" - അങ്ങനെ ആ ക്ലാസ് നീണ്ടുപോയി







ചെലവും കഴിച്ച് അഞ്ചു രൂപ. അതാണ് ജോണിന്റെ കണക്ക്. പോകുമ്പോള്‍ അഞ്ച് രൂപ കൊടുക്കണം... ആ അപൂര്‍വ ജീനിയസ് ഒടുവില്‍ കടമ്മനിട്ടയുടെ കുടുംബത്തോട് തെറ്റി, വള്ളിക്കോട്ടെ വീട്ടില്‍ വരുന്നതേ നിര്‍ത്തി-അതിന് ഭയങ്കരമായ ഒരു കാരണവുമുണ്ടായിരുന്നു. പതിവുപോലെ ഒരു സന്ധ്യയ്ക്ക് ജോണ്‍ വന്നു. എത്രയോ മാസമായി അലക്കാത്ത പാന്റും ജുബ്ബയും അഴിച്ച് ഭദ്രമായി ഒരിടത്ത് വച്ച് ഗീതാകൃഷ്ണെന്‍റ ലുങ്കിയും ഷര്‍ട്ടും അണിഞ്ഞു. കുളിക്കുകയോ പല്ലു തേക്കുകയോ ചെയ്യുന്നതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്ന ജോണിന് അലക്കിയ വസ്ത്രത്തോടും വല്ലാത്ത അലര്‍ജി തന്നെയുണ്ടായിരുന്നു. അന്ന് കടമ്മനിട്ട ശാന്തേച്ചിയുമായി ചേര്‍ന്ന് ഒരു ഗൂഢാലോചന നടത്തി. മുറ്റത്ത് അടുപ്പ് കൂട്ടി ഒരു കുട്ടകത്തില്‍ ജോണിന്റെ പാന്റും ജുബയും എടുത്തിട്ട് അത് പുഴുങ്ങി അലക്കി വെളുപ്പിച്ച് ഇസ്തിരിയിട്ട് കൊടുക്കുക എന്നതായിരുന്നു ഗൂഢാലോചന. പക്ഷേ ഇടയ്ക്ക് ജോണ്‍ സര്‍ഗനിദ്രയില്‍ നിന്നുണര്‍ന്നു. തന്റെ വിശിഷ്ട വസ്ത്രങ്ങള്‍ കാണാനില്ല. വീടിനു ചുറ്റും നടന്ന് തിരയുകയായി. ആരെങ്കിലും എടുത്ത് എറിഞ്ഞുകളഞ്ഞോ എന്ന ശങ്ക. അതിന്റെ നിറമാകെ മാറി ഉണങ്ങാനിട്ട അവസ്ഥയില്‍ കണ്ടതും ജോണ്‍ കോപിഷ്ഠനായി. മുറ്റത്തിറങ്ങി, ഉണങ്ങാത്ത പാന്റും ജുബ്ബയുമെല്ലാം എടുത്ത് സഞ്ചിയും തൂക്കി ഒരക്ഷരം ഉരിയാടാതെ, പതിവ് അഞ്ച് രൂപ പോലും വാങ്ങാതെ നടകൊള്ളുകയായി. പിന്നെ ജോണ്‍ ഈ പടി കടന്നിട്ടില്ല. ശാന്തേച്ചി കണ്ണു തുടച്ചു.







കടമ്മനിട്ട മലയാളത്തിലെ പ്രോലിറ്റേറിയന്‍ കവിയായി, നിസ്വവര്‍ഗത്തിന്റെ കവിയായി, സമരോത്സുകതയുടെ കവിയായി, നല്ലവനായ കാട്ടാളനായി മുന്നേറിയതിന് ഒരു പശ്ചാത്തലമുണ്ട്. അച്ഛന്‍വഴിക്കും അമ്മവഴിക്കും അനാഥത്വത്തിന്റെ തീവ്രദൈന്യത്തിന്റേതായ പാരമ്പര്യമാണ് കടമ്മനിട്ടക്ക് പകര്‍ന്നുകിട്ടിയത്. അച്ഛന്‍ കടമ്മനിട്ട രാമന്‍നായരുടെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് അമ്മാവന്റെ വീട്ടില്‍ കുഞ്ഞമ്മയുടെ സംരക്ഷണയിലായി ജീവിത സംരക്ഷണം എന്നതു കൊണ്ട് അനാഥത്വം ഇല്ലാതായില്ലെന്നത് വേറെ കാര്യം. സന്ദര്‍ഭവശാല്‍ അതേ വീട്ടില്‍ത്തന്നെയാണ് കടമ്മനിട്ടയുടെ അമ്മ കുട്ടിയമ്മയ്ക്കും താമസിക്കേണ്ടിവന്നത്. കുട്ടിയമ്മയുടെ അമ്മയും ചെറുപ്പത്തിലേ മരിച്ചു. അതോടെ അച്ഛന്‍ സന്ന്യാസിയായി.... കുഞ്ഞൂഞ്ഞ് പണിക്കര്‍ ജാനകീദാസായി. പറവൂര്‍ രാമദാസ് സ്വാമിയാണ് കടമ്മനിട്ടയുടെ അപ്പൂപ്പനായ കുഞ്ഞൂഞ്ഞ് പണിക്കര്‍ക്ക് സന്ന്യാസദീക്ഷ നല്‍കിയതും ജാനകീദാസ് എന്ന് നാമകരണം ചെയ്തതും. ഹിമാലയത്തിലും ബദരീനാഥിലുമെല്ലാം തപസ്സനുഷ്ഠിച്ച ജാനകീദാസ് കോട്ടയം മല്ലപ്പള്ളിക്കടുത്ത് കറുകച്ചാലില്‍ ആശ്രമം സ്ഥാപിച്ചു. ഫലത്തില്‍ രണ്ട് അനാഥ ജന്മങ്ങളായ രാമന്‍നായരും കുട്ടിയമ്മയും ഒരേ തറവാട്ടില്‍ കഴിയുകയായിരുന്നു. അവിടെവച്ച് അവര്‍ വിവാഹിതരാകുന്നു...മേലേത്തറ രാമന്‍നായര്‍ പിന്നീട് പ്രഗല്ഭനായ പടയണി ആശാനായി, കടമ്മനിട്ട രാമന്‍നായര്‍ എന്നറിയപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. ഈ ദമ്പതികളുടെ മൂത്ത മകനാണ് എം ആര്‍ രാമകൃഷ്ണപണിക്കര്‍ എന്ന കടമ്മനിട്ട. രണ്ടാമനത്രെ കടമ്മനിട്ട ഗോപാലകൃഷ്ണപണിക്കര്‍ എന്ന പടയണി ആശാന്‍ . അദ്ദേഹത്തിനും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഇളയവനാണ് കടമ്മനിട്ട ഗോപിനാഥപണിക്കര്‍ ... മുഴുപ്പട്ടിണിയും അര്‍ധപട്ടിണിയുമായ കുടുംബം. പടയണിയാശാനായ രാമന്‍നായര്‍ക്ക് ഒരേയൊരാഗ്രഹം. മൂത്തമകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കണം.... കടമ്മനിട്ട കോളേജില്‍ ചേരുന്നത് അങ്ങനെയാണ്.്..







പഠനകാലത്ത് ഭാഗികമായും പഠനാനന്തരം മുഴുവന്‍ സമയവും പാര്‍ടി പ്രവര്‍ത്തകനായ കടമ്മനിട്ടക്ക് ഒരു ജോലിയില്ലാതെ ജീവിതം തള്ളിനീക്കാനാവുമായിരുന്നില്ല. അടുപ്പില്‍ തീ പുകയുന്നില്ല....ഇളയ അനുജനെയെങ്കിലും കോളേജില്‍ പഠിപ്പിക്കണം..... അങ്ങനെ വിപ്ലവകാരി സജീവരാഷ്ട്രീയം ഉപേക്ഷിച്ച് അസമിലേക്ക് വണ്ടി കയറുകയാണ്. അസമില്‍ എന്തെങ്കിലും പണിയെടുത്ത് ജീവിക്കുക..... വൈലോപ്പിള്ളിയുടെ "ആസാം പണിക്കാര്‍" എന്ന കവിതയൊക്കെ വന്നിട്ട് 18 വര്‍ഷം കഴിഞ്ഞാണ് കടമ്മനിട്ടയുടെ ദേശാന്തരം. അസമില്‍ സ്ഥലംമാറ്റംകിട്ടി എത്തിയ പട്ടാളക്കാരനായ അമ്മാവന്‍ വിചാരിച്ചാല്‍ എന്തെങ്കിലും ജോലി കിട്ടുമെന്നാണ് പ്രതീക്ഷ. പക്ഷേ അസമില്‍ കാലുകുത്തേണ്ടിവന്നില്ല. ഹൗറയില്‍ വണ്ടി ഇറങ്ങിയപ്പോഴേക്കും പുതിയൊരാശയമുദിച്ചു. എന്‍എസ്എസ് പ്രസിഡന്റ് ഗോവിന്ദമേനോന്റെ മകന്‍ കല്‍ക്കത്തയിലുണ്ട്. 24 പര്‍ഗാനയിലെ ഗാന്ധി ആശ്രമത്തില്‍ . അവിടെ പലപല കൈത്തൊഴിലുകളിലേര്‍പ്പെട്ട് വിവിധ നാട്ടുകാരായ നിരവധിപേര്‍ കഴിയുന്നുണ്ട്. 24 പര്‍ഗാനയിലെ ഒരു കുടുസ്സുമുറിയില്‍ താമസിച്ചുകൊണ്ട് ഗാന്ധിആശ്രമത്തിലെ തീപ്പെട്ടിക്കമ്പനിയില്‍ എം ആര്‍ രാമകൃഷ്ണപണിക്കര്‍ ഒരു അപ്രന്റീസായി ചേരുന്നു. ആശ്രമത്തിലെ നിയമങ്ങള്‍ കടുകട്ടി. അതെല്ലാം അനുസരിച്ച് ഒരു തൊഴിലാളിയായി ഏതാനും മാസം.....







കടമ്മനിട്ടക്കാവിലെ കാളിയുടെ ഉപാസകനായ രാമകൃഷ്ണന്‍ 24 പര്‍ഗാന ജില്ലയുടെയും കല്‍ക്കത്തയുടെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ബംഗാളി ഗ്രാമീണന്റെ ജീവിതം കണ്ടു. ദുര്‍ഗാദേവി പൂജയുടെ ഭക്തിസാന്ദ്രതയും വികാരതീവ്രതയും ഉള്‍ക്കൊണ്ടു. തിന്മയുടെ പ്രതീകമായ ദാരികനെ നിഗ്രഹിക്കുന്ന കാളിയുടെ, ദുര്‍ഗയുടെ ബിംബം ആ മനസ്സില്‍ ഒന്നുകൂടി തിടംവച്ചു..... അങ്ങനെയിരിക്കെയാണ് പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍ ഓഡിറ്റ് വിഭാഗത്തില്‍ ജോലി ലഭിച്ചതായുള്ള അറിയിപ്പ് കടമ്മനിട്ടയിലെ വീട്ടില്‍ കിട്ടുന്നത്. ഫോണ്‍ വിളിക്കാന്‍ സൗകര്യമില്ല. അറിയിക്കാന്‍ കത്ത് മാത്രമാണ് മാര്‍ഗം. കത്തയച്ചാല്‍ മദിരാശിയില്‍ ജോലിക്ക് ചേരേണ്ട സമയത്തിന് മുമ്പ് എത്താന്‍ സാധിക്കുമോ എന്ന് നിശ്ചയമില്ല. കമ്പനിയില്‍നിന്ന് പുറത്തുവിടില്ലെന്ന പ്രശ്നവുമുണ്ട്. അതുകൊണ്ട് കല്‍ക്കത്തയില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിവരമറിയിക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ആ സുഹൃത്ത് രാമകൃഷ്ണനെ ചെന്നുകണ്ട് കാര്യം അറിയിക്കുകയുംചെയ്തു. "അമ്മ മരിച്ചു; ഉടന്‍ പുറപ്പെടുക" എന്ന് കമ്പിസന്ദേശം. കമ്പനിയില്‍നിന്ന് പുറത്തേക്ക് വിടാന്‍ മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് ആ അടവെടുത്തത്. കമ്പി കിട്ടിയ ഉടനെത്തന്നെ രാമകൃഷ്ണന്‍ മദിരാശിയിലേക്ക് പുറപ്പെട്ടു. അഡൈ്വസ് മെമ്മോയുമായി നാട്ടില്‍നിന്ന് മദിരാശി മെയിലില്‍ ബന്ധുവും..... 1959മുതല്‍ 67വരെയാണ് കടമ്മനിട്ട മദിരാശിയില്‍ ജോലിചെയ്തത്.







കുടുംബത്തെ സംരക്ഷിക്കുന്നതിന് കിട്ടുന്ന അണ പൈ മുഴുവന്‍ ഉപയോഗിക്കുക-അതായിരുന്നു കടമ്മനിട്ടയുടെ നയം. അതിനായി കഠിനാധ്വാനവും പിശുക്കും.... "പോസ്റ്റല്‍ ഓഡിറ്റ് വിഭാഗത്തില്‍ അന്ന് ഓവര്‍ടൈം കിട്ടുമായിരുന്നു. മണിഓര്‍ഡര്‍ കൂപ്പണുകളുടെയും മറ്റും വലിയ കെട്ടുമായാണ് രാത്രി വീട്ടില്‍ വരിക. ഊണുകഴിഞ്ഞശേഷം മണിക്കൂറുകളോളം അതിന്റെ പിന്നാലെയായിരിക്കും. അതില്‍നിന്ന് കിട്ടുന്ന ഓവര്‍ടൈം വരുമാനം ഏറെ സഹായകമായി"- ശാന്തച്ചേച്ചി അനുസ്മരിച്ചു. കടമ്മനിട്ടയുടെ പിശുക്ക് പ്രശസ്തമാണ്. അതേക്കുറിച്ച് അങ്ങോട്ട് ചില കഥകള്‍ പറഞ്ഞപ്പോള്‍ സദസ്സില്‍വച്ച് ഗോപിനാഥപണിക്കര്‍ പൊട്ടിച്ചിരിച്ചു. കടമ്മനിട്ട കടമ്മനിട്ടയായി കഴിഞ്ഞശേഷമാണ് സംഭവം. അനുജന്‍ ഗോപിക്കും അന്ന് ഗോവയില്‍ ജോലികിട്ടിക്കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും ഒന്നിച്ച് തിരുവനന്തപുരത്ത് പോകണം. ഗോപി പുലര്‍ച്ചെതന്നെ വള്ളിക്കോട്ടെ വീട്ടിലെത്തുന്നു. അഞ്ചരയുടെ സ്റ്റേറ്റ് ബസ്സിന് പോകാന്‍ കട്ടന്‍ മാത്രം കഴിച്ച് ഇറങ്ങി. പ്രഭാതഭക്ഷണത്തിനായി ബസ്സ് ചടയമംഗലത്ത് നിര്‍ത്തി. അനുജനെയും കൂട്ടി ചേട്ടനും പുറത്തിറങ്ങി. ഹോട്ടലിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഒരു ബോധോദയംപോലെ ചേട്ടന്‍ പറയുകയാണ്: "എടാ, നമ്മുടെ കാന്റീനില്‍ നല്ല പുട്ടും കടലയും കിട്ടും. ഇവിടുന്ന് കഴിക്കേണ്ട...." ചേട്ടന്റെ ചേതോവികാരം മനസ്സിലാക്കി ഒന്നുംമിണ്ടാതെ തിരിഞ്ഞുനടന്നു. തിരുവനന്തപുരത്തെത്തുമ്പോള്‍ വൈകിയതിനാല്‍ കാന്റീനില്‍ ഒന്നുമുണ്ടായിരുന്നില്ല. "ഇനി സാരമില്ല. ഉച്ചക്ക് ഉണ്ണാം"- ചേട്ടന്‍ ആശ്വസിപ്പിക്കുകയാണ്. അന്നുച്ചക്ക് ഊണ് ഫ്രീയായിരുന്നു. മുരളി പുതിയൊരു ഫിയറ്റ് കാര്‍ വാങ്ങിയതിന്റെ ആഘോഷം......







പിശുക്കുണ്ടെങ്കിലും സ്നേഹവാത്സല്യങ്ങളുടെ കാര്യത്തില്‍ കടമ്മനിട്ടച്ചേട്ടനെ കഴിച്ചേ മറ്റാരുമുള്ളു. മദിരാശിയില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഗോപി ചേട്ടനൊന്നിച്ചായിരുന്നല്ലോ താമസം. ഗോവയില്‍ ജോലി കിട്ടി പോയശേഷവും ലീവില്‍ വന്നാല്‍ തിരുവനന്തപുരത്ത് പൈപ്പിന്‍മൂട്ടിലുള്ള തന്റെ വാടകവീട്ടില്‍ വന്ന് താമസിച്ചുകൊള്ളണം എന്ന് നിര്‍ബന്ധമായിരുന്നു. വീട്ടിനകത്തും ലോഡ്ജുകളിലും ബാറുകളിലും നടന്ന പ്രതിഭാസംഗമങ്ങളില്‍ മുരളിക്കും നെടുമുടിക്കും നരേന്ദ്രപ്രസാദിനുമെല്ലാമൊപ്പം ഗോപിക്കും പ്രവേശനമുണ്ടായിരുന്നു. അത്തരമൊരു പ്രതിഭാസംഗമത്തില്‍ ഗോപിനാഥപണിക്കരെ കൈയേറ്റം ചെയ്തുവെന്ന സംശയത്തില്‍ ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കടമ്മനിട്ട തല്ലിയ സംഭവവുമുണ്ടായിട്ടുണ്ടത്രെ.... കോട്ടയം മല്ലപ്പള്ളിയിലെ കറുകച്ചാല്‍ ആശ്രമത്തില്‍ വാരാന്ത്യങ്ങളില്‍ എത്തുന്ന സന്ദര്‍ശകരായിരുന്നു കുട്ടിയമ്മയും മക്കളും. ആഴ്ചയില്‍ ഒരു രാത്രിയും രണ്ടു പകലും നീളുന്ന ആശ്രമവാസം കടമ്മനിട്ടയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഉച്ചത്തിലുള്ള നാമജപവും സന്ധ്യാലക്ഷ്മീ കീര്‍ത്തനവും വേദേതിഹാസപാരായണവും. മുത്തച്ഛന്‍ ജാനകീദാസ് സ്വാമി നല്‍കിയ ഈണങ്ങള്‍ .....ആശ്രമത്തിലെ പുരാണഗ്രന്ഥങ്ങള്‍ കൊച്ചു കടമ്മനിട്ടയുടെ മനസ്സില്‍ പദങ്ങളുടെയും താളത്തിന്റെയും തത്വങ്ങളുടെയും സമ്പത്തുണ്ടാക്കി...







പിന്നീടെന്നോ ആശ്രമത്തില്‍ മോഷണം നടക്കുകയും എല്ലാം പാഴാണെന്ന തിരിച്ചറിവില്‍ ആശ്രമം "പിരിച്ചുവിട്ട്" ജാനകീദാസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തെങ്കിലും ആശ്രമത്തിലെ അനുഭവങ്ങള്‍ രാമകൃഷ്ണന്റെ മനസില്‍ കൂടുകൂട്ടി. സാഹിത്യത്തോടും പാട്ടിനോടുമുള്ള അഭിനിവേശം.... പടയണി ചെറുപ്പത്തിലേ രാമകൃഷ്ണന്റെ മനസ്സില്‍ രൗദ്രതാളങ്ങള്‍ നിറച്ചു. കറുകച്ചാല്‍ ആശ്രമാനുഭവത്തിന്റെ തുടര്‍ച്ചയും ഇടര്‍ച്ചയുമായി പടയണിപ്പാട്ടുകളും പടയണിത്തുള്ളലും. രാമായണ-മഹാഭാരത-ഭാഗവതാദി ഗ്രന്ഥങ്ങളുമായുള്ള ബന്ധമാണ് ആശ്രമത്തില്‍നിന്നെങ്കില്‍ കടമ്മനിട്ടക്കാവിലെ പടയണിയനുഭവം കാളീപൂജയുടെയും ദാരികനെ വധിക്കുന്ന കാളിയുടെ ഭൈരവിയുടെ ദ്രാവിഡപ്രഭാവത്തിന്റെ അനുഭവമായിരുന്നു. അച്ഛന്‍ മേലേത്തറയില്‍ രാമന്‍നായര്‍ പടയണിയാശാനും പടയണിയിലെ തപ്പുമേളക്കാരനും. അമ്മാവന്‍ കടമ്മനിട്ട രാമന്‍നായരും പടയണി കലാകാരന്‍ . കുടുംബപരമായി പടയണിക്കാരനാണെങ്കിലും മൂത്തമകനെ അതുമായി അടുപ്പിക്കാതെ കോളേജിലയച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കിയേ തീരൂ എന്നതായിരുന്നു മേലേത്തറയില്‍ രാമന്‍നായരുടെ ശപഥം. കോട്ടയം സിഎംഎസ്സിലും ചങ്ങനാശ്ശേരി എന്‍എസ്്എസ്സിലും പഠിച്ച് 1957ല്‍ ബിരുദമെടുത്ത രാമകൃഷ്ണന് രണ്ട് വര്‍ഷത്തിനകംതന്നെ അച്ഛന്‍ ആഗ്രഹിച്ചതുപോലുള്ള ജോലി കിട്ടുകയുംചെയ്തു. പടയണിക്കാരനായില്ലെങ്കിലും പടയണിയുടെ പാട്ടും തപ്പുതാളവും അന്തര്‍ലീനമാവുകയും അത് പുതിയൊരു കാവ്യസംസ്കാരമായി ഉരുവംകൊള്ളുകയുംചെയ്തു. കവിതയുടെ സൃഷ്ടി തുടങ്ങുംമുമ്പ് നല്ലൊരു കാവ്യപ്രഭാഷകനായും രാമകൃഷ്ണന്‍ പേരെടുത്തു. വയലാറിന്റെ "ആയിഷ"യും മഹാകവി പി കുഞ്ഞിരാമന്‍നായരുടെ കവിതകളുമെല്ലാം പത്തനംതിട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാസമിതി വാര്‍ഷികങ്ങളിലും ക്ഷേത്രോത്സവവേദികളിലുമെല്ലാം രാമകൃഷ്ണന്‍ അവതരിപ്പിച്ച് പേരെടുത്തു. കടമ്മനിട്ടക്കാവിലെ പടയണിക്ക് പാട്ടുപാടാനും രാമകൃഷ്ണന്‍ റെഡി. അങ്ങനെ വശ്യവചസ്സായി, പുതിയ താളസ്രഷ്ടാവായി, പുതിയ ഈണത്തിന്റെയും വികാരാവേഗങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദഗാംഭീര്യത്തിന്റെയും ചൊല്‍ക്കാഴ്ചയുടെ പ്രതിരൂപമായി എം ആര്‍ രാമകൃഷ്ണപണിക്കര്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന സാര്‍ഥക മുഴക്കമായി സംഭവിച്ചു....







അനന്തമൂര്‍ത്തിയും അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും ഗോപിയും നരേന്ദ്രപ്രസാദും നെടുമുടിവേണുവും മുരളിയുമടക്കമുള്ള മഹാപ്രതിഭകളുടെ സാന്നിധ്യവും സംഗമവുംകൊണ്ടുകൂടി കടമ്മനിട്ടക്കാവിലെ പടയണി പുഷ്കലമായി. സുഹൃദ്സംഘങ്ങള്‍ക്ക് കടമ്മനിട്ട ഗുരുജിയും കുറേക്കൂടി അടുപ്പമുള്ളവര്‍ക്ക് കൊച്ചാട്ടനുമായി. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന അനുഷ്ഠാനമായ പടയണിയോടെന്നപോലെ വടക്കേ മലബാറിലെ കാവുകളിലെ തെയ്യം തിറകളോടും കടമ്മനിട്ടക്ക് വലിയ കമ്പമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയില്‍ പരേതനായ കാന്തലോട്ട് കരുണന്റെ വീട്ടില്‍ ഒരു രാത്രി കടമ്മനിട്ട അതിഥിയായെത്തി. ഒരുകാലത്ത് നക്സല്‍ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കാന്തലോട്ട് കരുണന്‍ സജീവരാഷ്ട്രീയമെല്ലാം വിട്ട് കൃഷിയും പശുവളര്‍ത്തലുമായി കഴിയുന്ന കാലം. ഫോക്ലോര്‍ സൈദ്ധാന്തികനായ അനന്തരവന്‍ രാഘവന്‍ പയ്യനാടിനൊപ്പം എത്തിയ കടമ്മനിട്ടയെ എല്ലാവരും ചേര്‍ന്ന് നയിച്ചത് തൊട്ടടുത്ത വയലിലെ പുതിയ ഭഗവതിത്തിറ കാണുന്നതിനാണ്. ആതിഥേയരില്‍ ഭൂരിപക്ഷവും ഉറക്കച്ചടവ് കാരണം വീട്ടിലേക്ക് മടങ്ങിയിട്ടും പുലര്‍കാലമഞ്ഞും തണുപ്പും അസഹ്യമായ പൊടിയും സഹിച്ച് കടമ്മനിട്ട തെയ്യത്തിന്റെ മാസ്മര നൃത്തം കാണാനിരുന്നു. ആ തെയ്യക്കണ്ടത്തില്‍ തണുപ്പിനെ അകറ്റാന്‍ മറ്റു "ഭക്തജന"ങ്ങളില്‍നിന്ന് ബീഡി വാങ്ങി വലിച്ച്, വീണ്ടും ബീഡിക്ക് ചോദിച്ച് കവി നടന്നത് പലരും മറന്നിട്ടുണ്ടാവില്ല. ഇന്ന് പല വന്‍ സിനിമാതാരങ്ങള്‍ക്കുമുള്ളത്ര "ഗ്ലാമര്‍" അന്ന് കടമ്മനിട്ടക്കുണ്ടായിരുന്നു. കടമ്മനിട്ട എന്നുകേട്ടാല്‍ ആവേശം നിറയുന്ന കാലം. ആ കാലത്താണ് തെയ്യക്കണ്ടത്തില്‍ ബീഡിചോദിച്ചുവാങ്ങി വലിച്ചും കടല കൊറിച്ചും യാതൊരസ്വാഭാവികതയുമില്ലാതെ കടമ്മനിട്ട..... ജാട എന്നത് കടമ്മനിട്ടക്കറിയില്ലായിരുന്നു. തന്റെ മുന്നില്‍ ജാട കാട്ടുന്നവരെ യാതൊരു കരുണയുമില്ലാതെ ആട്ടുന്ന സ്വഭാവവുമുണ്ടായിരുന്നു. ഏതെങ്കിലും വീട്ടില്‍പോയാലും തന്റെ വീട്ടിലെന്നപോലെയുള്ള പെരുമാറ്റം...വീട്ടില്‍ വന്നുകയറിയ ഉടന്‍ കുപ്പായമഴിച്ചുവയ്ക്കല്‍ ... പലപ്പോഴും മുണ്ടും... മറ്റുസ്ഥലങ്ങളില്‍ചെന്നാലും അതിന് മാറ്റമില്ലെന്നുപറഞ്ഞ് ശാന്തേച്ചി ചിരിച്ചു..... "യുഎസ് മലയാളി ഫൗണ്ടേഷന്‍ അവാര്‍ഡ് കടമ്മനിട്ടക്ക് കിട്ടുന്നത് 1984ലാണ്. അത് വലിയൊരു സഹായമായിരുന്നു. രണ്ടു മൂന്നാഴ്ചയോളം അമേരിക്കയിലും കനഡയിലും പര്യടനം നടത്തി കവിത അവതരിപ്പിച്ചു; പ്രസംഗിച്ചു. അമേരിക്കയിലും കനഡയിലുമായിരുന്നിട്ടും യാത്രയിലും പ്രോഗ്രാമുകളിലും മുണ്ടും ജുബ്ബയുമായിരുന്നു വേഷം. ആ യൂണിഫോം മാറാന്‍ ഒരിക്കലും കൂട്ടാക്കിയില്ല"-ശാന്തേച്ചിയും ഗോപിച്ചേട്ടനും അനുസ്മരിച്ചു. പുതിയ ഭാവുകത്വപ്രക്ഷേപണത്തിന്, പുരോഗമന രാഷ്ട്രീയത്തിന,് സൗന്ദര്യശാസ്ത്രപിന്‍ബലമേകുന്ന കൂട്ടായ്മകള്‍ക്ക,് കവിയരങ്ങ് എന്ന മഹാപ്രസ്ഥാനത്തിന് ചൈതന്യം പകരുകയും നേതൃത്വം നല്‍കുകയും ചെയ്ത കടമ്മനിട്ട അറുപതുകളുടെ രണ്ടാം പകുതിയോടെ മാത്രമാണ് കാവ്യരചനയില്‍ സജീവമാകുന്നത്.







മദിരാശിയില്‍ എം ഗോവിന്ദനും മറ്റും നേതൃത്വം നല്‍കിയ കൊച്ചു സാഹിത്യ കൂട്ടായ്മകളില്‍ , സാഹിത്യസമാജങ്ങളില്‍ പങ്കാളിയായിക്കൊണ്ടാണ് രചനാ രംഗത്ത് കടമ്മനിട്ട പ്രത്യക്ഷനാകുന്നത്. പുതിയ സൗന്ദര്യബോധവും പുതിയ യുക്തികളും നിറഞ്ഞ ചോദ്യങ്ങളും ഇടപെടലുകളും കടമ്മനിട്ടയെ സദസ്സില്‍ ശ്രദ്ധേയനാക്കുകയും ഗോവിന്ദന്‍ പ്രോത്സാഹകനായിത്തീരുകയും കടമ്മനിട്ട ചുവടുറപ്പിക്കുകയുമായിരുന്നു. പില്ക്കാലത്ത് "ന്യൂഡല്‍ഹി ഇന്ന്" മാസിക നടത്തിയ ടി വി കുഞ്ഞികൃഷ്ണന്‍ പത്രാധിപരായി മദിരാശിയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയ "അന്വേഷണം" എന്ന പുത്തന്‍ കൂറ്റ് മാസികയിലാണ് കടമ്മനിട്ടയുടെ കവിത ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്-




താറും കുറ്റിച്ചൂലും -1965ല്‍ . അതിനുമുമ്പ് എത്രയോ കവിതകള്‍ എഴുതിവച്ചെങ്കിലും പ്രസിദ്ധപ്പെടുത്തിയില്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സാഹിത്യ വാരിക കവിത നിരസിച്ചതോടെ ചോദിച്ചാലല്ലാതെ കവിത അയക്കുന്നത് കടമ്മനിട്ട നിര്‍ത്തി. പ്രസ്തുത വാരികയില്‍ ഒരു കവിതയും പ്രസിദ്ധപ്പെടുത്താതെ തന്നെ കടമ്മനിട്ടയെ മഹാകവിയായി കേരളം നെഞ്ചേറ്റുകയും ചെയ്തു. "കലാകൗമുദിക്കു വേണ്ടി കവിത കൊടുക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നതും കവിത വാങ്ങിക്കൊണ്ടുപോയി കൊടുക്കാറുള്ളതും നെടുമുടിയായിരുന്നു. ഓണക്കാലത്ത് എല്ലാ ആഴ്ചപ്പതിപ്പുകാരും കവിത ചോദിക്കും. മുന്‍കൂര്‍ കാശ് വരെ അയക്കും. പക്ഷേ അദ്ദേഹം ഞെക്കിപ്പഴുപ്പിച്ച് ഓണപ്പതിപ്പുകള്‍ക്കുവേണ്ടി എഴുതാറില്ലായിരുന്നു" - ശാന്തച്ചേച്ചി അനുസ്മരിച്ചു. തീവ്രവേദന സഹിച്ചുകൊണ്ടാണ,് സ്വയം വല്ലാതെ പീഡിപ്പിച്ചുകൊണ്ടാണ് കടമ്മനിട്ട മനസ്സില്‍ കവിതകള്‍ രചിച്ചത്. ഓരോ അക്ഷരവും ഓരോ വാക്കും ഓരോ വരിയും ഉരുവം കൊള്ളുന്ന സൃഷ്ടിയുടെ മഹാമുഹൂര്‍ത്തങ്ങള്‍ .. തിരുവനന്തപുരത്ത് പൈപ്പിന്‍മൂട്ടിലെ വാടകവീടിന് തൊട്ടടുത്താണ് (സാഹിത്യവാരഫലം) എം കൃഷ്ണന്‍നായരുടെ വസതി. വീട്ടുമുറ്റത്ത്, കടമ്മനിട്ട മറ്റെങ്ങും ശ്രദ്ധിക്കാതെ ഇടതുകൈ മൂര്‍ധാവില്‍ തിരുപ്പിടിപ്പിച്ച് നടക്കുന്നത് കാണുമ്പോള്‍ കൃഷ്ണന്‍നായര്‍ സാര്‍ പറയുമായിരുന്നുവത്രേ-അതാ അവിടെ ഒരു കവിത ജന്മമെടുക്കുകയാണ്. ഒന്നുകില്‍ ഇടതുകൈകൊണ്ട് മൂര്‍ധാവിലെ മുടി അതിശക്തിയോടെ പിഴുതെടുത്തെറിയുക, അല്ലെങ്കില്‍ വലതുകൈ കൊണ്ട് നെഞ്ചിലെ രോമം പിഴുതെടുത്തെറിയുക-അങ്ങനെ നൂറുനൂറു മുടികൊഴിച്ചിലിനുശേഷമാണ് മനസ്സില്‍ വരികള്‍ കൂടുകൂട്ടുന്നത്. ദിവസങ്ങളും ചിലപ്പോള്‍ മാസങ്ങളും നീളുന്ന ആ പ്രക്രിയയിലൂടെ രൂപം കൊള്ളുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്ന കവിത കടലാസില്‍ കോറിയിടുന്നത് എത്രയോ കഴിഞ്ഞ്. കവിയരങ്ങുകളില്‍ തന്റെ കവിത നോക്കി വായിക്കേണ്ടി വരാറില്ലായിരുന്നു. അത് രൂപം കൊണ്ടതുപോലെ തന്നെ സ്വാഭാവികമായി പ്രവഹിക്കുകയും ചെയ്തുപോന്നു. കടമ്മനിട്ടക്കവിതകളുടെ സൃഷ്ടിക്കു പിന്നില്‍ അനുഭവങ്ങള്‍ തന്നെയാണ് പ്രേരകശക്തി. "കുറത്തി" എന്ന കവിതയ്ക്ക് പിന്നില്‍ ഒരു ബാഹ്യപ്രേരണ, അഥവാ ഒരഭ്യര്‍ഥനയുടെ ഫലമാണതെന്ന് ശാന്തച്ചേച്ചി ഓര്‍ക്കുന്നു.







വാഴമുട്ടത്ത് ഭാര്യയുടെ തറവാട് വീട്ടില്‍ കടമ്മനിട്ട താമസിക്കുന്ന കാലം. കുറവ സമുദായത്തില്‍പെട്ടവരാണ് തറവാട്ടിലെ കര്‍ഷകതൊഴിലാളികള്‍ . ഒരു കണ്ണില്ലാത്ത, കാളി എന്ന കുറവ സ്ത്രീ കടമ്മനിട്ടയ്ക്ക് ഒരു മുരുട പാല് കൊടുക്കുന്നു. അയിത്തം നിലനില്ക്കുന്ന കാലം. കടമ്മനിട്ട പാല്‍ കുടിക്കുന്നു. "ഞങ്ങളെപ്പറ്റി എന്താ പാട്ടെഴുതാത്തത്" എന്ന് കാളി ചോദിക്കുന്നു. "നോക്കട്ടെ, എഴുതാം" എന്ന് കവി. കേരളം അത്യാവേശത്തോടെയും രോഷത്തോടെയും വിപ്ലവക്കരുത്തോടെയും പാടിനടന്ന, കുറത്തി എന്ന മഹാകാവ്യത്തിന്റെ പിറവി അങ്ങനെയത്രേ. ശാന്തച്ചേച്ചിക്ക് ഏറ്റവും ഇഷ്ടം "ശാന്ത" തന്നെയാവുക സ്വാഭാവികം. "അയാളെന്ത് കവിതയാണെഴുതുന്നത്. സ്വന്തം പെമ്പ്രന്നോത്തിയെക്കൊണ്ട് കവിതയെഴുതുന്നതൊക്കെ മോശമല്ലേ" എന്ന് പലരും എന്നോട് ആക്ഷേപിച്ച് പറയുകയുണ്ടായി. "എന്നെപ്പറ്റി മാത്രമല്ലല്ലോ എല്ലാ പെണ്ണുങ്ങളെയും പറ്റിയല്ലേ എഴുതിയിരിക്കുന്നത്. എന്റെ പേരിട്ടുവെന്നല്ലേയുള്ളൂ" എന്നാണ് ഞാനവരോട് പറഞ്ഞത്. കവിതയിലൂടെ ഏറ്റവും പ്രശസ്തയായ കവിപത്നി അഭിമാനബോധത്തോടെ പറഞ്ഞു. കുറത്തിയും കാട്ടാളനും കിരാതവൃത്തവും പോലെ ചൂഷിതവര്‍ഗത്തിന്റെ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും ഇതിഹാസമാണ് അടിയന്തരാവസ്ഥയുടെ കരിമ്പാറയെ പിടിച്ചുലയ്ക്കാന്‍ ശ്രമിച്ച ശാന്ത-കടമ്മനിട്ടക്കവിതകളുടെ പശ്ചാത്തലത്തിലേക്ക് മാത്രം വിഹഗ വീക്ഷണം നടത്തി കവിതകളിലേക്കു കടക്കുകയേ ചെയ്യാതെ ഈ നിബന്ധം സമാപ്തം.

@@

കെ ബാലകൃഷ്ണന്‍