28 November, 2011

ടി കെ ഹംസ കമ്യൂണിസ്റ്റായ കഥ

മൈലാഞ്ചികൈയില്‍ പുസ്തകക്കെട്ടുമായി കൊച്ചു മൊഞ്ചത്തികളും, ഇശലുകള്‍ പെയ്യുന്ന ഖല്‍ബുമായി കുട്ടിക്കുറുമ്പന്മാരും നടന്നു നീങ്ങിയ മലപ്പുറത്തിന്റെ വഴികള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാകും. പോക്കുവെയിലിന്റെ ഇളം ചൂടേറ്റ് ബീഡിതെറുത്ത തൊഴിലാളികള്‍ക്കിടയിലിരുന്ന് കട്ടന്‍ചായ കുടിച്ച സമ്പന്നമായ വൈകുന്നേരങ്ങളെക്കുറിച്ചാണ് അന്നത്തെ ഒരു കൊച്ചുവീരന് പറയാനുള്ളത്.


    കൂരാട് എന്ന ഗ്രാമത്തിലെ പഴകിയ കെട്ടിടത്തിന്റെ തിണ്ണയില്‍ ചാരിയിരുന്ന് ബീഡിതെറുത്ത ഇക്കാക്കമാര്‍ക്ക്, 'ദേശാഭിമാനി'യും 'നവയുഗ'വുമൊക്കെ വായിച്ചുകൊടുത്ത ഹൈസ്കൂള്‍കാരന്‍ . അവന്റെ വായനയില്‍നിന്നുതിരുന്ന വാക്കുകള്‍ കേട്ട് അവര്‍ സന്തോഷത്തോടെ ബീഡി തെറുക്കും. അതും കഴിഞ്ഞ് അവര്‍ക്കൊപ്പം കട്ടന്‍ചായയും കുടിച്ചിരിക്കുമ്പോഴാണ് അവരുടെ സംഭാഷണത്തില്‍ നിന്നുയരുന്ന രാഷ്ട്രീയചിന്താധാരകള്‍ അവന്റെ മനസ്സിലേക്കും പടരുന്നത്.

    തൊഴിലാളിവര്‍ഗത്തിന് ഒരു രാഷ്ട്രീയമുണ്ടെന്നും അതിനിടയില്‍ ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും ആദ്യമവനറിഞ്ഞത് ആ ബീഡിത്തൊഴിലാളികളുമായുള്ള പരിചയത്തില്‍നിന്നാണ്. പിന്നെ, പലപ്പോഴും പന്തു കളിക്കാനും സിനിമ കാണാനുമൊക്കെ അവരോടൊപ്പം ആ കൊച്ചുബാലനും പോയി.

    ഒരു കമ്യൂണിസ്റ്റു കുടുംബാംഗമല്ലാതിരുന്നിട്ടും ഇടത്തരം മുതലാളി കുടുംബത്തില്‍ പിറന്നിട്ടും, ഹംസ എന്ന കൗമാരക്കാരന്‍ അന്നും തൊഴിലാളികളുമായി ബന്ധം പുലര്‍ത്തി. കര്‍ഷക കുടുംബത്തില്‍നിന്ന് പാട്ടം വാങ്ങുന്ന ഒരു കുടുംബമായിരുന്നു അവന്റേത്. പാട്ടം കൊടുക്കേണ്ടതില്ല എന്ന നിലപാടില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുമ്പോള്‍ സ്വാഭാവികമായും കുടുംബത്തില്‍നിന്ന് എതിര്‍പ്പുണ്ടായി. അതുകൊണ്ടുതന്നെ അന്നവന്റെ രാഷ്ട്രീയപ്രവര്‍ത്തനവും കുടുംബം കാണിച്ച വഴിയില്‍ത്തന്നെയായി. അങ്ങനെ കോണ്‍ഗ്രസ്സുകാരനായിത്തീര്‍ന്ന ഹംസ ആ പാര്‍ടിയുടെ നേതാവുമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ആ നിലപാട് മാറ്റി. തൊഴിലാളികളുടെ ഉന്നമനത്തിനായി രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ടി കെ ഹംസ ഇന്ന് മറ്റൊരു ചരിത്രം.

    വണ്ടൂരിനടുത്തെ കൂരാട് ഗ്രാമത്തിലെ ആ കൊച്ചു ബീഡിക്കമ്പനിയിലെ ഇന്നത്തെ തൊഴിലാളികള്‍ക്കാകട്ടെ കെ ഹംസ വെറുമൊരു രാഷ്ട്രീയക്കാരനല്ല. സ്നേഹത്തോടെയുള്ള 'ബഡ്കൂസ്' വിളിയും പ്രസംഗത്തിനിടയില്‍ മാപ്പിളപ്പാട്ടുമായി തനി നാടന്‍ശൈലിയില്‍ 'ഹംസാക്ക' അവര്‍ക്കെല്ലാം പ്രിയങ്കരനാണ്. സ്നേഹത്തിന്റെയും സംഘബോധത്തിന്റെ തൂവെള്ളക്കുളിരുമായി നില്‍ക്കുന്ന സഖാവ് ടി കെ ഹംസ.

    അതുകൊണ്ടു തന്നെയാണ് തൊഴിലാളിവര്‍ഗത്തെ, അവരോപ്പം നില്‍ക്കുന്ന സിപിഐ എം എന്ന പ്രസ്ഥാനത്തെ നെഞ്ചേറ്റാനുള്ള സാഹചര്യം വിവരിച്ച് ടി കെ ഹംസ ആത്മകഥയെഴുതാന്‍ തയ്യാറായതും. ഹംസ എന്ന കമ്യൂണിസ്റ്റുകാരന്റെ സമകാലദൗത്യം വിവരിക്കുന്ന ആത്മകഥ 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങും. ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച ആത്മകഥ ചിന്ത പബ്ലിക്കേഷന്‍സ് ആണ് പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ സ്വാഗതസംഘം രൂപീകരണയോഗത്തില്‍ കോഴിക്കോട് വന്നപ്പോഴാണ് ടി കെ ഹംസയെ കണ്ടത്. ഉള്ളിലൊരു പാട്ടിന്റെ താളമൊളിപ്പിച്ച് വൈകി ഇറങ്ങിയ 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിനു ശേഷം ഇറങ്ങുന്ന രണ്ടാമത്തെ പുസ്തകമാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി'. എഴുത്തിന്റെ പാതയിലേക്ക് വൈകി എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ:

    'എനിക്ക് എന്നെപ്പറ്റി ഒരു ധാരണയുണ്ടായിരുന്നു. അത് വേറൊന്നും അല്ല. എന്നില്‍ സര്‍ഗാത്മകത ഇല്ല എന്ന വിചാരം. ചെറുപ്പത്തില്‍ എഴുതി നോക്കിയിട്ടുണ്ട്. പിന്നെ പ്രസംഗത്തിലായി ശ്രദ്ധ. 14 വയസ്സില്‍ പ്രസംഗം തുടങ്ങിയതോടെ പിന്നെ എഴുതാന്‍ നോക്കിയിട്ടില്ല. കാലം കഴിഞ്ഞപ്പോള്‍ സംഗീതനാടക അക്കാദമിയുടെ ഒരു വാര്‍ഷികസമ്മേളനത്തില്‍ മാപ്പിളകലയെക്കുറിച്ച് സംസാരിച്ചത് കുറേപ്പേര്‍ ക്ഷണിച്ചു. റംലാബീഗം, ആയിഷാബീഗം, വി എം കുട്ടി, ബാലകൃഷ്ണന്‍ വള്ളിക്കുന്ന് എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു. അവര്‍ ഇതേക്കുറിച്ച് എഴുതാന്‍ എന്നോട് പറഞ്ഞു. പിന്നെ ഇതേ വിഷയം തിരൂര്‍ തുഞ്ചന്‍പറമ്പിലും സംസാരിച്ചു. എം ടി വാസുദേവന്‍ നായരും പരിപാടിക്കുണ്ടായിരുന്നു. അദ്ദേഹമായിരുന്നു ഇത് പുസ്തകരൂപത്തില്‍ ആക്കണമെന്ന് നിര്‍ദേശിച്ചത്. 'മാപ്പിളപ്പാട്ടിന്റെ മാധുര്യ'ത്തിന് കേരളത്തില്‍ അംഗീകാരവും കിട്ടി.

    പാടിക്കേട്ട ഓര്‍മയില്‍നിന്നു ചികഞ്ഞെടുത്ത പാട്ടിന്റെ ഈണവും താളവും ഭാവഭംഗിയുമൊക്കെ പകര്‍ത്തി രചിച്ച പുസ്തകത്തില്‍നിന്നുള്ള ഈരാടികളിലേക്കായി പിന്നെ..

    'പൂമകളാണെ ഹുസ്നല്‍ ജമാല്‍

    പുന്നാരത്താളം മികന്ത ബീവി.......

    ' ചീഫ് വിപ്പ്, മന്ത്രി, എം പി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തന മികവുമായി കമ്യൂണിസ്റ്റ് പാര്‍ടിയുടെ ജനകീയ നേതാവായി മാറിയ ടി കെ ഹംസ ഇങ്ങനെയൊക്കെയാണ്... ഏറനാടന്‍ ഭാഷയുടെ നാടന്‍ ഭാവുകത്വം മാറാതെ, ഇടയ്ക്കിടക്ക് നര്‍മം വിതറി സംസാരിക്കുന്ന നാട്ടുകാരുടെ 'ഹംസാക്ക'യോട് കൂടുതല്‍ സംസാരിച്ചാല്‍ , അദ്ദേഹം സോക്കറിന്റെയും സിനിമയുടെയും ലോകത്തേക്ക് പോകും. ഉമ്മ പാടിയ മാലപ്പാട്ട് കേട്ട് പാട്ടിനോട് താല്‍പ്പര്യം തോന്നിയ കഥമുതല്‍ , സ്കൂളില്‍ പഠിക്കുമ്പോള്‍ വളര്‍ന്നുതുടങ്ങിയ ഫുട്ബോള്‍ കമ്പംവരെ അതുനീണ്ടു പോയി. സന്തോഷ് ട്രോഫി ടൂര്‍ണമെന്റും ഡ്യൂറന്റ് കപ്പുമെല്ലാം കടന്ന് നിയമസഭാംഗമായിരിക്കെ ഫുട്ബോള്‍ മാച്ചില്‍ പങ്കെടുത്ത ഓര്‍മകളിലേക്കായി പിന്നെ നടത്തം. അന്ന് താന്‍ ആശ്വാസഗോള്‍ നേടിയ കഥ പറയുമ്പോള്‍ ആ മുഴുനീള രാഷ്ട്രീയക്കാരന്റെ മുഖത്ത് കണ്ടത് ഗോളടിച്ച സന്തോഷം.

    മാപ്പിളപ്പാട്ടിന്റെ ജ്വരത്തില്‍നിന്നും സിനിമയുടെ ലോകമാണ് പിന്നെ തുറന്നത്. കുട്ടിക്കാലംമുതല്‍ സിനിമാക്കമ്പവും തലയ്ക്കു പിടിച്ചിരുന്നു. കോഴിക്കോട് നിന്നാണ് ആദ്യം സിനിമ കണ്ടത്. അതും തിക്കുറിശി നായകനായ 'സ്ത്രീ' എന്നചിത്രം. പിന്നെ വണ്ടൂരിലും തിയറ്റര്‍ എത്തി. അങ്ങനെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ കാണാന്‍ തുടങ്ങി. ഹിന്ദിതാരം ദിലീപ് കുമാറിന്റെ ചരിത്രം വായിച്ച് ആവേശം കൊണ്ട കാലമായിരുന്നു അന്ന്. സിനിമയില്‍ എന്നും ഏറ്റവും ആരാധന തോന്നിയത് ദിലീപ്കുമാറിനോടാണ്.

    'പണ്ട് വക്കീല്‍വേഷത്തിലിരിക്കുമ്പോള്‍ സ്നേഹിതനായ ശ്രീധരന്‍ വക്കീലിന്റെ അടുത്ത് പ്രാക്ടീസ് ചെയ്ത ആളാണ് മുഹമ്മദ്കുട്ടി. പിന്നെ അയാള്‍ മമ്മൂട്ടിയായി. അദ്ദേഹത്തോട് അന്ന് സൗഹൃദമുണ്ടായിരുന്നു. അന്നേ മമ്മൂട്ടിക്ക് കലാതാല്‍പ്പര്യമുണ്ടായിരുന്നു. മഞ്ചേരിയില്‍ ഹാര്‍മോണിയം തേടി മമ്മൂട്ടി എന്റെടുത്ത് വരും. ഞാന്‍ പാടുമ്പോള്‍ ഇടയ്ക്ക് വെള്ളി വീഴുന്നത് മമ്മൂട്ടിയാണ് ചൂണ്ടിക്കാണിച്ചത്'.

    രാഷ്ട്രീയവും സാഹിത്യവും സിനിമയും സ്പോര്‍ട്സും സംഗീതവും തുടങ്ങി ഏതു വിഷയം സംസാരിച്ചാലും ടി കെ ഹംസയ്ക്ക് പറയാന്‍ ഒരുപാടുണ്ടാകും. സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാണികളുടെ മനം കവരുന്ന കണ്‍കെട്ടു വിദ്യക്കാരനായി മാറും. മാജികിന്റെ താവളമാണ് നിലമ്പൂര്‍ . വാഴക്കുന്നം നമ്പൂതിരി, മലയത്ത്, മുതുകാട് തുടങ്ങിയവരെല്ലാം അവിടെ നിന്നും വന്ന് ലോകമറിയുന്ന മജീഷ്യന്മാരായി. ഹംസയ്ക്ക് മാജികിനോടു കമ്പമുണ്ട്. നിലമ്പൂരിലെ കുഞ്ഞിക്കോയയില്‍നിന്നാണ് കണ്‍കെട്ടുവിദ്യ അഭ്യസിച്ചത്. പറഞ്ഞു പറഞ്ഞ് കൈയിലെ നാണയമൊളിപ്പിച്ച് ഇത്തിരി മാജിക്കും കാണിക്കാന്‍ തുടങ്ങി ആ ഏറനാട്ടുകാരന്‍ .

    കോല്‍ക്കളിയോടുള്ള പ്രിയവും അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. 'ഇത്ര ശാസ്ത്രീയവും ചടുലവുമായ കളി വേറെയില്ല,' ഹംസ വാചാലനായി.

    ഏറനാട്ടില്‍ വണ്ടൂരിനടുത്ത് കൂരാട് എന്ന സ്ഥലത്ത് ടി കെ മുഹമ്മദിന്റെയും പാത്തുമ്മയുടെയും മകനായി 1937ലാണ് ടി കെ ഹംസ ജനിച്ചത്. കാലം മുന്നേറിയപ്പോള്‍ കലയുടെയും സാംസ്കാരികതയുടെയും നിഷ്കളങ്ക സ്പര്‍ശമായി ഏറനാടിനുമപ്പുറത്തേക്ക് അദ്ദേഹം വളര്‍ന്നു. മലപ്പുറത്തുകാരന്റെ തനി നാടന്‍ പ്രസംഗത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്കു പ്രവേശിച്ച അദ്ദേഹം എഴുത്തിന്റെ വഴികളിലേക്കും കടന്നു. അതു തുടങ്ങുന്നതിനെപ്പറ്റി ഒരിക്കല്‍ എം എന്‍ കാരശ്ശേരി അദ്ദേഹത്തോട് പറഞ്ഞുനിങ്ങളുടെ അനുഭവം നിങ്ങള്‍ക്ക് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അങ്ങനെ ഒരു പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച് ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയ അനുഭവങ്ങളാണ് 'ഞാനെങ്ങനെ കമ്യൂണിസ്റ്റായി' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

    പുസ്തകത്തിന് ആ പേരു വരാന്‍ തന്നെ ഒരു കാരണമുണ്ട്. അതേക്കുറിച്ച് ടി കെ ഹംസ പറയുന്നതിങ്ങനെ:

    'ഞാനൊരിക്കലും ഒരാളുടെയും നിര്‍ബന്ധത്തിനോ ക്ഷണം കൊണ്ടോ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ വന്നതല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആശയാദര്‍ശങ്ങള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ എന്റെ മനസ്സില്‍ തട്ടാനിടയായ പല സാഹചര്യങ്ങളുമുണ്ടായിരുന്നു. അത് കൃഷിപ്പണിക്കാരും ചെത്തുപ്പണിക്കാരുമായിട്ടുള്ള ചെറുപ്പത്തിലേയുള്ള ബന്ധവും, ബാല്യകാലത്ത് ബീഡിത്തെറുപ്പുകാരുമായിട്ടുള്ള അടുപ്പവും, തൊഴിലാളിവര്‍ഗപ്രശ്നങ്ങള്‍ അടുത്തറിയാന്‍ ഇടയായി. അതിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് ആലോചിക്കാനും ഇടയായി. അങ്ങിനെ ഒരു സന്ദര്‍ഭം വന്നപ്പോള്‍ , 1953 മുതല്‍ ഞാനൊരു കമ്യൂണിസ്റ്റ് അനുഭാവിയായി.
  *എ. പി. സജീഷ്

1 comment:

  1. അക്ബര്‍, ചന്തക്കുന്ന്, നിലമ്പൂര്‍Nov 28, 2011, 11:28:00 AM

    ഹംസ കമ്മുനിസ്റ്റ്‌ ആയിട്ടില്ല. ഏറ്റവും വലിയ കമ്മ്യുണിസ്റ്റ്‌ വിരുദ്ധനും, തൊഴിലാളി വിരുധനുമാണ് ഈ ടീ.കെ. ഹംസ. പണ്ട് ടി.കെ. ഹംസ നിലമ്പൂരില്‍ വില്ലജ് ഓഫീസര്‍ ആയിരുന്ന സമയത്ത് പാവപ്പെട്ട തൊഴിലാളികളുടെ ഭൂമിയുടെ പ്രശ്നം വന്നപ്പോള്‍ ഭൂജന്മിമാരുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി പാവപ്പെട്ടവര്‍ക്കെതിര തിരിഞ്ഞവനാണ് ഈ ഹംസ. അന്ന് ഞങ്ങളുടെ ധീര സഖാവ് കുഞ്ഞാലി, ഹംസയുടെ ഓഫീസില്‍ വന്നു വാക്ക് തര്‍ക്കം മൂത്, ദേഷ്യം വന്ന സഖാവ് കുഞ്ഞാലി ഹംസ ഇരുന്ന കസേരയടക്കം കൊടുത്തു ഒരു ചവിട്ടു. അതാ കിടക്കുന്നു ഹംസയും, കസേരയും താഴെ. പിന്നെ ആര്യാടനും, ഹംസയും തമ്മില്‍ ഗ്രൂപ് കളിച്ചു ഹംസക്ക് സീറ്റ്‌ കിട്ടാതായപ്പോള്‍ ഇടതു പക്ഷത്തോടൊപ്പം കൂടി. അല്ലാതെ ഹംസ ഒരിക്കലും കമ്മ്യുണിസ്റ്റ്‌ ആയിട്ടില്ല. ഇന്നും ഹംസക്ക് ആ പഴയ ഭൂര്ഷാ ചിന്താഗതി ഉണ്ട്. ഹംസ നയിച്ച ഏതു തൊഴിലാളി സമരമാണ് ഉള്ളത്? മൈകിന്റെ മുന്നില്‍ നിന്ന് കുറെ ബഡായി അടിക്കാന്‍ കൊള്ളാം. തനി ബൂര്‍ഷ. ഹംസ നല്ല പ്രസന്ഗികനാണ് അല്ലാതെ ഹംസ കമ്മ്യുണിസ്റ്റ്‌ അല്ല. സാര്‍ദ്രം പ്രവര്‍ത്തകര്‍ ഈ ജാതി പോസ്റ്റ്‌ ഇടുമ്പോള്‍ ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
    എന്ന്,
    - ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകന്‍

    ReplyDelete

Visit: http://sardram.blogspot.com