25 November, 2011

കൂടംകുളം സ്വര്‍ഗവാതിലോ?

വിലക്കയറ്റം എന്നതാണ് ഇന്നത്തെ ഏറ്റവും സജീവമായ വാക്ക്. പ്രധാന വാര്‍ത്തയും അതുതന്നെ. എല്ലാത്തിനും വില കൂടിക്കൂടി വരുന്നു. ഉപ്പതൊട്ട് കര്‍പ്പൂരംവരെ എന്ന് പറഞ്ഞതുപോലെ പെട്രോള്‍തൊട്ട് പച്ചക്കറിവരെ വിലക്കയറ്റമാണ്. ഒരെണ്ണത്തിന് വില കൂടിയാല്‍ ഉടനെ മറ്റൊന്നിന് വില കയറുകയായി. വീട്ടുചെലവ് ഈയിടെ പരിശോധിക്കേണ്ടിവന്നപ്പോള്‍ പേടിച്ചുപോയി; ഇങ്ങനെപോയാല്‍ എങ്ങനെ കഴിഞ്ഞുകൂടുമെന്ന്. ഒരു കഷ്ണം കുമ്പളങ്ങയ്ക്ക് 15 രൂപ! വിലക്കയറ്റത്തിന്റെ ഈ വെള്ളപ്പാച്ചിലില്‍ വില വളരെ കുറഞ്ഞുപോയ ഒരു വസ്തുവുണ്ട്. മനുഷ്യനുമാത്രം വിലയില്ല. അവന്റെ കാര്യം അവസാനത്തേക്ക് എല്ലാവരും മാറ്റിവയ്ക്കുന്നു. എല്ലാം മനുഷ്യനുവേണ്ടിയാണെന്നു പറയാത്ത ആളില്ല. വമ്പിച്ച അണക്കെട്ടുകള്‍ , വികസന പദ്ധതികള്‍ , നാലുവരിപ്പാതകള്‍  എന്തു വന്നാലും അവയുടെ ഏറ്റവും ചീത്തഫലം അനുഭവിക്കേണ്ടത് ഏറ്റവും അടുത്തുള്ള പാവം മനുഷ്യരാണ്. അപ്പോഴേക്കും ന്യായം മാറും. രാജ്യത്തിന്റെ വികസനവും പുരോഗതിയും ചുറ്റുപാടുമുള്ള കുറച്ചാളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുകൊണ്ട് തടസ്സപ്പെടുത്താമോ എന്നാണ് ചോദ്യം. നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വരുമ്പോള്‍ സ്വര്‍ഗവാതില്‍ തുറന്നതുപോലെയാണ് സംസാരമുണ്ടായത്. പക്ഷേ, അവിടെ പാര്‍ത്തുവന്ന ആദിവാസികളും പാവങ്ങളും വെള്ളംകയറുമ്പോള്‍ ഓടി ഉയര്‍ന്നപ്രദേശങ്ങളില്‍ രക്ഷപ്പെടണം. നര്‍മദാ അണക്കെട്ടിനെ വാഴ്ത്തിപ്പാടിയവര്‍ ആരെങ്കിലും ഇങ്ങനെ കഴിയുമോ?



വികസനമെന്നല്ല എന്തുവന്നാലും കേക്ക് നമുക്കും പൊതി അവര്‍ക്കുമാണ്. അപ്പോഴാണ് കൂടംകുളം വരുന്നത്. സ്വര്‍ഗവാതില്‍ തുറന്നിട്ടിരിക്കുകയാണത്രേ. നടപ്പുമണിക്കൂറിന്റെ അടിയന്തരാവശ്യമാണ് കൂടംകുളം. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാം ഈ ആണവ റിയാക്ടര്‍ നിര്‍ദോഷവും നിരുപദ്രവവും ആണെന്ന് വളരെ പ്രചാരം നേടിയ ഒരു പ്രബന്ധത്തില്‍ വാദിച്ചു. അല്‍പ്പമാസംമുമ്പ് ജപ്പാനിലെ ഫുക്കുഷിമയിലെ ആണവ യന്ത്രത്തകരാറ് കാരണം ആയിരക്കണക്കിനു സമീപവാസികളായ പാവങ്ങള്‍ക്ക് റേഡിയേഷന്‍ വിപത്ത് നേരിട്ട സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് ലോകം മുക്തമാകുന്നതിനുമുമ്പ്. അതിലും നേരത്തെ റഷ്യയിലെ ചെര്‍ണോബിലും മുന്നറിയിപ്പ് തന്നു. മുന്നറിയിപ്പും പിന്നറിയിപ്പും വെറുതെ. കുറച്ചുമാസം മുമ്പേ ഒരു ഭൂകമ്പവും പിന്നെ സുനാമിയും കൂട്ടുചേര്‍ന്ന് ഫുക്കുഷിമയിലെ ആകെയുള്ള ആറ് റിയാക്ടറില്‍ നാലെണ്ണത്തെയും തകര്‍ത്തുകളഞ്ഞു. എല്ലാം നന്നായി പ്രവര്‍ത്തിച്ചാല്‍പ്പോലും കാല്‍ഭാഗം ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് ഈ അത്യാപത്തിന്റെ മുമ്പില്‍ ചെന്ന് നാം ചാടുന്നത്. പാവപ്പെട്ട മനുഷ്യരാകുമ്പോള്‍ പുതിയ ന്യായങ്ങള്‍ തുരുതുരെ പുറത്തുവരുന്നു. സര്‍ക്കാര്‍ കോടിക്കണക്കിനു മുതല്‍മുടക്കിയതുകൊണ്ട് ജനങ്ങളെ വിഷയം പഠിപ്പിച്ച് അനുകൂല മനഃസ്ഥിതിക്കാരാക്കണം എന്നതാണ് ഇപ്പോഴത്തെ ന്യായം. കോടിക്കണക്കിനു മുതലിറക്കുന്നവര്‍ നേരത്തെ എല്ലാവശങ്ങളും കണക്കിലെടുക്കേണ്ടതല്ലേ? കുറ്റം സര്‍ക്കാരിന്റെയോ ആ പാവങ്ങളുടേതോ?



പാവങ്ങളാകുമ്പോള്‍ തെറ്റ് എപ്പോഴും അവരുടേതായിരിക്കും. കോടീശ്വരനായ വിജയ് മല്യയുടെ വിമാന പരിപാടി ചീറ്റിപ്പോയപ്പോള്‍ മല്യയെ കരകയറ്റേണ്ട ചുമതല സര്‍ക്കാരിന്റേതായി ത്തീര്‍ന്നല്ലോ. മല്യയായപ്പോള്‍ ആരും അദ്ദേഹത്തെ 'വിദ്യാഭ്യാസം ചെയ്യിക്കാന്‍' ശ്രമിച്ചില്ല. വിദ്യാഭ്യാസം നല്‍കുക എന്നതിന് ഇക്കൂട്ടര്‍ കല്‍പ്പിക്കുന്ന ഗൂഢമായ അര്‍ഥം, ബുദ്ധിമുട്ടൊക്കെ സഹിച്ച് ബഹളം ഉണ്ടാക്കാതിരിക്കുക എന്നുമാത്രമാണ്. ജപ്പാന്‍ ഒമ്പതു റിയാക്ടര്‍ കൂടെ തുടങ്ങുമെന്നുവച്ചിട്ട് ഇപ്പോള്‍ അത് വേണോ എന്ന ആശങ്കയിലാണ്. നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക്, മഹാനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിനുപോലും അത്തരം ആശങ്ക ഉള്ളതായി കണ്ടില്ല. അവിടെ ഈ പ്രശ്നത്തില്‍ ഒരു പ്രധാനമന്ത്രി പോയി മറ്റൊരാള്‍ വന്നു. സമീപവാസികള്‍ എന്തും സഹിക്കാന്‍ പഠിക്കണം എന്നായിരുന്നില്ല ഇരുവരുടെയും കാഴ്ചപ്പാട്. ലോകത്തിലെ ഏത് സര്‍ക്കാരിനേക്കാളും വികസനത്തിന്റെ ബലിക്കല്ലുകളാണ് പാവപ്പെട്ടവന്‍ എന്ന ചിന്താഗതി ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്ന നാട് നമ്മുടേതാണ്. അതുകൊണ്ട് വന്നുകൂടുന്നത്, വികസനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോകാനാകാതെ തടസ്സങ്ങളില്‍ വഴിമുട്ടിനില്‍ക്കുക എന്ന അവസ്ഥയാണ്. മുതിര്‍ന്നവര്‍ പറയാറുണ്ടല്ലോ, 'പിള്ളയ്ക്ക് അത്രമതി' എന്ന്. അതുപോലെ 'പാവങ്ങള്‍ക്ക് അത്രമതി' എന്ന വിചാരം വിലപ്പോകില്ല. മനുഷ്യന്റെ വില കെടുത്തുന്ന സര്‍ക്കാരിനെ പിടികൂടുന്ന ഭ്രാന്ത് നമ്മുടെ ഭരണകേന്ദ്രങ്ങളെ ബാധിച്ചതുപോലുണ്ട്. വികസനത്തിന്റെ ലക്ഷ്യവും സങ്കല്‍പ്പവും എല്ലാം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്ലാനിങ് വിദഗ്ധര്‍ കാര്യമായ ശ്രമം നടത്തേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ വികസനം അര്‍ഥമില്ലാത്ത വെറും പൊള്ളവാക്കായി മാറും.



മുമ്പത്തെ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ലേഖനം, അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശിഷ്ടത കാരണം സാധാരണയില്‍ കവിഞ്ഞ അംഗീകാരം നേടുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നുതോന്നുന്നു. അദ്ദേഹത്തിന്റെ സദുദ്ദേശ്യത്തെ ചോദ്യംചെയ്യാതെതന്നെ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ചീത്തവശങ്ങളെ നാം തുറന്നു കാണിക്കണം. നമ്മുടെ പത്രങ്ങള്‍ 'മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാം' എന്ന പേരിന്റെ മുമ്പില്‍ മയക്കം പിടിച്ചുനില്‍ക്കുകയാണ്. അമേരിക്കന്‍ യാത്രയില്‍ വിമാനത്താവളത്തില്‍വച്ച് അപമാനകരമാംവിധം ദേഹപരിശോധന നടത്തിയത് നാടിനുപോലും അപമാനകരമായിരുന്നു. അതിന്റെ ഗൗരവം മനസ്സിലാക്കി അമേരിക്കന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കുകയുംചെയ്തു. പക്ഷേ, മുന്‍ രാഷ്ട്രപതി പറഞ്ഞത് എല്ലാം മറക്കാനാണ്. അദ്ദേഹത്തിന് വ്യക്തിപരമായി കഴിയുമായിരിക്കും എല്ലാം മറന്നുകളയാന്‍ . പക്ഷേ, ഒരു രാജ്യത്തിന് ഇതൊക്കെ പെട്ടെന്നങ്ങ് മറക്കാന്‍ പറ്റുമോ? അതിനാല്‍ കൂടംകുളം പദ്ധതിയുടെ കാര്യത്തിലും നമുക്ക് പാവങ്ങളുടെ താല്‍പ്പര്യത്തിന്റെ കൂടെ സഞ്ചരിക്കാനേ പറ്റുകയുള്ളൂ. ഈ കുറിപ്പിന്റെ ഉന്നം കേവലം കൂടംകുളമോ ആണവ റിയാക്ടറിന്റെ വിശ്വാസ്യതയോ ഒന്നുമല്ല, നമ്മുടെ സര്‍ക്കാരിന്റെ മസ്തിഷ്ക കേന്ദ്രങ്ങളില്‍ മറക്കാന്‍ പാടില്ലാത്തത് മറക്കാനും ഓര്‍ക്കേണ്ടത് ഓര്‍ക്കാനും കഴിയാത്ത ഒരു ഞരമ്പുരോഗം വ്യാപിച്ചുവരുന്ന സ്ഥിതിവിശേഷം നാം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്ന് അടിവരയിട്ടു പറയാനാണ്. ഗ്ലോബലൈസേഷന്റെ കാലാവസ്ഥയില്‍ പല പരിപാടികളും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന വിശാലമായ രാജ്യതാല്‍പ്പര്യങ്ങളെ കൈവെടിയരുത്. മനുഷ്യന്റെ വില കുറയ്ക്കുന്ന 'ഗൂഢമായ അജന്‍ഡ' നടപ്പാക്കുന്നതിനെതി രെ ജാഗ്രതയോടെ നില്‍ക്കേണ്ട കാലമാണിത്.
* സുകുമാര്‍ അഴീക്കോട്

No comments:

Post a Comment

Visit: http://sardram.blogspot.com