08 April, 2009

ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?

ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?

ആമുഖവചനം:

"കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും."

(സുവിശേഷം, മത്തായി, 6:22)

I

ടാജ് ഹോട്ടലിനെ അറിയാൻ എനിക്ക് വളരെ കുറച്ചു അവസരങ്ങളേ ലഭിച്ചിട്ടുള്ളൂ. അത് വളരെ വളരെ പണ്ട് 1962 ൽ ആയിരുന്നു.

അന്ന് ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഹൌസായിരുന്ന സ്‌റ്റാൻ‌ഡേർഡ് ഓയിൽ അവരുടെ ഏഷ്യൻ ഡിവിഷനായ എസ്സോ (ESSO) യിൽ ഒരു മാർക്കറ്റിംഗ് എൿസിക്യൂട്ടീവ് ആയി എന്നെ റിക്രൂട്ട് ചെയ്‌തിരുന്നു.

ഞങ്ങളുടെ ഓഫീസുകള്‍ നരിമാൻ പോയിന്റിലായിരുന്നു. ബോംബെയിൽ അന്ന് എയർ കണ്ടീഷനിംഗ് ഉള്ള ഏക കെട്ടിടം ഞങ്ങളുടേതായിരുന്നു.

എന്റെ ജോലിയുടെ പ്രത്യേകത കൊണ്ടാവാം പുഞ്ചിരിയും ബിസിനസ്സും നിറഞ്ഞ ടാജിന്റെ അകത്തളങ്ങളിൽ രണ്ടു മൂന്നു തവണ എനിക്ക് കയറിയിറങ്ങേണ്ടി വന്നിട്ടുണ്ട്.

ഏതാണ്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞപ്പോഴേയ്‌ക്കും ഇനി അടുത്ത നാൽ‌പ്പത് വർഷത്തേയ്‌ക്ക് എണ്ണ വിൽക്കാൻ ഞാനെന്തായാലുമില്ലെന്നു മനസ്സിലുറപ്പിക്കുകയും പൊരുത്തപ്പെടാനാവാത്ത മാർക്കറ്റിംഗ് ജീവിതത്തോട് വിട പറഞ്ഞ് ആൿടിവിസ്‌റ്റ് പ്രവര്‍ത്തനങ്ങളാല്‍ സജീവമായ അക്കാഡമിക്ക് ജീവിതത്തിലേക്ക് സസന്തോഷം മടങ്ങിവരികയും ചെയ്തു.

ആ ദിനങ്ങളില്‍ ടാജിന്റെ അകത്ത് ഇടപാടുകളുമായി ചുറ്റിക്കറങ്ങുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിച്ചിരുന്നത് പുറത്തു നിന്ന് അതിന്റെ ഗാംഭീര്യം വീക്ഷിക്കുന്നതായിരുന്നു. തികച്ചും ഗംഭീരമായൊരു സൌധമാണ് ടാജ്.

അതുകൊണ്ട് തന്നെ, മറ്റേതൊരു ഭാരതീയനെയും പോലെ, സാധാരണക്കാരുടെയും ഒട്ടേറെ വിശിഷ്‌ട വ്യൿതികളുടേയും ജീവന്‍ നഷ്‌ടപ്പെട്ടതും, ഈ സൌധത്തിനു നാശനഷ്ടങ്ങള്‍ നേരിട്ടതും എന്നെയും അഗാധമായി ദുഃഖിപ്പിക്കുന്നു. ബ്രിട്ടീഷുകാർക്ക് മാത്രമായി സംവരണം ചെയ്‌തിരുന്ന ഒരു ഹോട്ടലിൽ പ്രവേശനം നിഷേധിക്കപ്പെട്ട ജംഷഡ്‌ജി, അഭിനന്ദനീയമായൊരു കൊളോണിയല്‍ വിരുദ്ധ അന്തഃക്ഷോഭത്താല്‍ കെട്ടിപ്പടുത്തതാണ് ടാജ് എന്നതോര്‍ക്കുമ്പോള്‍ മനസ്സിന് വല്ലാത്ത നീറ്റലനുഭവപ്പെടുന്നു.

II

എന്റെ ഈ ചിന്തകള്‍ക്ക് കാരണമായത് ഒരു പ്രമുഖ ഇംഗ്ലീഷ് ചാനലില്‍ കഴിഞ്ഞ രാത്രി മുതല്‍ പ്രക്ഷേപണം ചെയ്‌തു വരുന്ന ഒരു പരിപാടിയാണ്.

അതിന്റെ തലക്കെട്ട് “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” (enough is enough) എന്നായിരുന്നു.

മുംബൈ നഗരത്തിന്റെ മറ്റു ഭാഗങ്ങളെയും, തീര്‍ച്ചയായും ഭാരതത്തിന്റെയും ലോകത്തിന്റെ തന്നെ മറ്റു ഭാഗങ്ങളെയും ചൂഴ്ന്ന് നില്‍ക്കുന്ന വൃത്തികേടുകളില്‍ നിന്നും അകലം പാലിക്കുന്ന, ശാന്തിയും ഐശ്വര്യവും വിളയാടുന്ന സമ്പന്നമായ ദക്ഷിണ മുംബൈയില്‍ തങ്ങളുടെ സന്ദര്‍ശനം ഒതുക്കുന്ന വിവിധ തരക്കാരായ മുംബൈ പൌരപ്രമുഖരുടെ കൂട്ടത്തില്‍ നിന്നും ഉയരുന്ന രോഷപ്രകടനങ്ങള്‍ക്ക് ചെവിയോര്‍ത്തിരിക്കെ ഞാന്‍ എന്നോട് തന്നെ ചോദിക്കുകയായിരുന്നു "ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?" എന്നു പറയുന്നതാരാണ് ? ആരോടാണവർ പറയുന്നത് ? എന്തുകൊണ്ടാണിപ്പോള്‍ പറയുന്നത്?“

ഇന്നിപ്പോൾ, ഈ ദുരന്താനുഭവത്തിന്റെ പശ്ചാത്തലത്തില്‍, ഭാഗ്യം ചെയ്‌ത ജന്മങ്ങൾക്ക് ഉത്തേജനം നൽകികൊണ്ട് നമുക്ക് ചുറ്റും മുഴങ്ങുന്ന “ എന്ത് വില കൊടുത്തും ഐക്യം” എന്ന മുദ്രാവാക്യത്തിനു എന്തുമാത്രം വിശ്വസനീയത ഉണ്ട്?

ചര്‍ച്ചകളെ ഇല്ലാതാക്കുന്നതിനായി തയ്യാറാക്കപ്പെടുന്ന ഈ ആധികാരിക വചനങ്ങള്‍ എന്തുകൊണ്ടാണ് ഒരു ചോദ്യവുമുയർത്താതെ സ്വീകരിക്കപ്പെടുന്നത് ? മാരകവും ശിഥിലീകരണ സ്വഭാവവുമുള്ള സംഭവഗതികൾ അരങ്ങേറിയപ്പോൾ ഇതേ “ഒറ്റ കണ്ണിലൂടെ”അവയെ നോക്കിക്കാണാൻ ദക്ഷിണ-മുംബൈ ഇന്ത്യയ്‌ക്ക് കഴിയാതിരുന്ന ഒട്ടേറെ അവസരങ്ങൾ നമ്മുടെ മനസ്സിൽ ഇപ്പോഴും ധാരാളം ഉണ്ടെന്നിരിക്കെ വിശേഷിച്ചും ?

ഇന്ന്, ടാജിനു എത്രതന്നെ നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ടങ്കിലും, രൂപഭംഗം ഉണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സുരക്ഷാസേനയുടെ മാതൃകാപരമായ ധൈര്യവും അച്ചടക്കവും കാരണം അത് തകര്‍ക്കപ്പെട്ടിട്ടില്ല - ഭീകരാക്രമണത്തിന്റെ ഉദ്ദേശം അതായിരുന്നിരിക്കാം എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാൽ, ഏതാണ്ട് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാനൂറ് വര്‍ഷം പഴക്കമുള്ള ഒരു പള്ളി സൈന്യവും, ടെലിവിഷനില്‍ മുഴുവന്‍ രാഷ്‌ട്രവും, നോക്കി നില്‍ക്കവെ ഇങ്ങിനി കാണാത്തവണ്ണം തകര്‍ക്കപ്പെട്ടിരുന്നു.

ആ അഭിശപ്‌തമായ ദിനത്തിലോ, കഴിഞ്ഞ പതിനാറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കൽ പോലുമോ “ ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? ” എന്ന വിലാപം ഇന്ന് രോഷാകുലരാകുന്നവരില്‍ നിന്നും ഉണ്ടായില്ല. ഇക്കാര്യത്തെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചവരിൽ ചിലർ പ്രതികരിച്ചില്ല എന്നല്ല. എന്നാൽ രാഷ്‌ട്രജീവിതത്തിലെ നിർണ്ണായക മുഹൂർത്തത്തിൽ ആഘാതമേൽ‌പ്പിച്ച സാമൂഹ്യശക്തികളെ ഇനിയൊരിക്കലും പ്രോത്സാഹിപ്പിക്കാൻ ആവില്ല എന്ന് ശക്തമായി പറയുന്നതിന് തുല്യമാവില്ലല്ലോ അത്.

അന്നത്തെ ഇരകള്‍ക്ക് നീതിയും സഹായവും ലഭിക്കുന്നതിനായി പോരാടിയത് മനസ്സാക്ഷിയും സാമൂഹ്യബോധവും കൈമോശം വരാത്ത ചില പൌരന്മാര്‍ മാത്രമാണ്. ഇതാകട്ടെ സ്വയം തിരക്കു നടിക്കുന്ന “അഭിജാതരുടെ ഇന്ത്യയില്‍“ നിന്നും പലപ്പോഴും പരസ്യമായ അവഹേളനം സഹിച്ചുകൊണ്ട് തന്നെയായിരുന്നു.

അന്ന് രാഷ്‌ട്രത്തിനുമേൽ രക്തദാഹം പൂണ്ട സര്‍വനാശം (blood-thirsty catastrophe) അടിച്ചേൽ‌പ്പിച്ചതിൽ പ്രത്യക്ഷത്തില്‍ തന്നെ കുറ്റക്കാരായ അഭിജാതവര്‍ഗം ഇന്നും കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്‌ടതോഴരാ‍യി വിരാജിക്കുകയാണ്. ഈ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പല സംവാദങ്ങളും നടത്തിയിരുന്നിരിക്കാം. എങ്കിലും ഒരിക്കല്‍പ്പോലും “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? “ എന്നവർ ചോദിച്ചിട്ടില്ല.

മുംബൈയിൽ ഭീകരർ നടത്തിയ ആക്രമണത്തില്‍ ഏതാണ്ട് ഇരുനൂറു ജീവന്‍ പൊലിഞ്ഞിട്ടുണ്ട്. എന്നാലും ബാബറി മസ്‌ജിദിന്റെ തകര്‍ക്കലിനുശേഷം നമ്മുടെ തന്നെ ആളുകള്‍ ആയിരമോ മറ്റോ നമ്മുടെ തന്നെ ആളുകളെ ഇതേ മുംബൈ നഗരത്തില്‍ തന്നെ കൊന്നുകളഞ്ഞിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനമില്ലാതെ തുടരുകയാണ്, ഈ ദിവസം വരെയും.

1992-93 ലെ കൂട്ടക്കൊലകളെക്കുറിച്ച് അന്വേഷിച്ച ഉന്നതാധികാര കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് എന്ത് കൊണ്ട് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമായില്ല എന്നതിനെക്കുറിച്ചുള്ള അഭിപ്രായപ്രകടങ്ങളില്‍ ഇന്ന് വരേണ്യ പണ്ഡിതന്മാർ പ്രകടിപ്പിക്കുന്ന മരണസമാനമായ ധൃതിയും, “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ? “ എന്ന മനോഭാവവും എന്തുകൊണ്ട് പ്രതിഫലിക്കുന്നില്ല?

ഗുജറാത്തില്‍ 2002ല്‍ നടന്ന കൂട്ടക്കൊലകളുടെ കാര്യമോ? അവിടെയും പുറമെ നിന്നുള്ള ഭീകരര്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നതോ സ്ഥലത്തെ ഏറ്റവും ശക്തനായ വ്യക്തിയുടെ അനുഗ്രഹാശിസ്സുകള്‍ തങ്ങള്‍ക്ക് ഉണ്ടെന്നുള്ള അറിവിന്റെ സുരക്ഷിതത്വത്തില്‍ പ്രവര്‍ത്തിച്ച നമ്മുടെ തന്നെ ആളുകള്‍ ആയിരുന്നു. ആ മനുഷ്യനാകട്ടെ, വികസനവും പരമാവധി ലാഭവും ഉറപ്പുവരുത്തിക്കൊണ്ട് രാഷ്‌ട്രത്തെ മാറ്റിത്തീർക്കാൻ അമാനുഷിക ശേഷികളുള്ള ചീഫ് എക്സിക്യൂട്ടീവ് ആയി കൊട്ടിഘോഷിക്കപ്പെടുകയാണ്. സ്‌തുതിപാഠകരാകാൻ അശേഷം ലജ്ജയില്ലാത്ത കുലീനവര്‍ഗത്തിന്റെ ഓമനയായി തുടരുകയാണയാൾ.

വെടിയുണ്ടകള്‍ പറക്കുന്ന ഗ്രൌണ്ട് സീറോയില്‍ ( ആ പ്രയോഗം ഉപയോഗിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു) പത്രസമ്മേളനം നടത്തുന്ന ആദ്യ ആളായി മോഡി മാറിയതില്‍ അത്ഭുതമൊന്നുമില്ല, പ്രധാനമന്ത്രിയെപ്പോലും പുച്‌ഛിക്കാനുള്ള അവസരമായി അതിനെ ഉപയോഗിച്ചുകൊണ്ട് തന്നെ.

ഹൈന്ദവ ഭീകരതക്കെതിരെ അന്വേഷണം നടത്തുന്നതിനു ധൈര്യം കാണിച്ച ഭീകരവിരുദ്ധ സംഘത്തിനെതിരെ (Anti-Terrorism Squad) കഴിഞ്ഞ ദിവസം വരെ പരസ്യമായി അതിശക്തമായ അധിക്ഷേപങ്ങള്‍ ചൊരിഞ്ഞ അതേ മോഡി തന്നെ.

‘ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” എന്നവിടെ ആരും പറഞ്ഞില്ല, ചാനലുകളില്‍ പോലും വളരെ പതിഞ്ഞ സ്വരത്തിലുള്ള അതിവിനീതമായ ചില വിസമ്മതങ്ങള്‍ മാത്രമാണ് ഉയർന്നത്.

ആശയക്കുഴപ്പം നിറഞ്ഞ ഈ സമകാലിക സംഭവവികാസങ്ങളിലെ ഏറ്റവും ധീരമായ ഏട് ഏതായിരുന്നുവെന്ന് എന്നോട് ചോദിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ പറയും അത് മോഡി കാപട്യത്തോടെ വെച്ച് നീട്ടിയ പണം ഭീകരവിരുദ്ധ സംഘത്തിന്റെ തലവനായിരുന്ന, കൊല്ലപ്പെട്ട കാര്‍ക്കറെയുടെ വിധവ നിരസിച്ചതാണെന്ന്.

മുംബൈ നഗരം കശാപ്പ് ചെയ്യപ്പെടുന്ന അവസരത്തില്‍ മറാത്തി വിഭാഗീയ താല്പര്യങ്ങളുടെ മഹാനായ ചാമ്പ്യന്‍ രാജ് താക്കറെ എവിടെ എന്ന ചോദ്യവുമായി ഊരു ചുറ്റുന്ന എസ്.എം.എസ് സന്ദേശവും തികച്ചും അർത്ഥപൂർണ്ണമായിരുന്നു. അദ്ദേഹത്തിനറിയാമായിരിക്കുമോ, രാജ്യത്തിന്റെ ദക്ഷിണ, ഉത്തരഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മൃഗീയഭൂരിപക്ഷമുള്ള സുരക്ഷാസേനയായിരുന്നു മറാത്തി മാനുക്കളെയും (Marathi manoos) അതുപോലെ നഗരത്തിലെ മറ്റെല്ലാവരെയും രക്ഷിക്കുവാനായി മരിച്ചുവീണുകൊണ്ടിരുന്നതെന്ന് ?

ദക്ഷിണ മുംബൈക്കാര്‍ ഒരിക്കല്‍പ്പോലും ‘ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?’ എന്ന് താക്കറെക്കൂട്ടങ്ങളോട് പറഞ്ഞിരിക്കാന്‍ ഇടയില്ല. ഇന്നിപ്പോൾ അതേ താക്കറെക്കൂട്ടങ്ങള്‍ക്ക് അവർ ആർക്കെതിരായാണോ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചത്, അവരുടെ കരുണയെ ആശ്രയിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ലാതായിരിക്കുന്നു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ, ഒരു മഹാ ഐക്യത്തിന്റെ ആവേശം നമുക്കില്ലാതെയാകുന്നുവെന്ന് വിലപിക്കുന്നത് എന്ത് മാത്രം വിരോധാഭാസമാണ് ?

ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ഫാസിസ്‌റ്റ് വര്‍ഗീയതയുടെ രാഷ്‌ട്രീയത്തെക്കുറിച്ച് എന്തുകൊണ്ടാണ് നാം “ആവശ്യത്തിലേറെയായി, ഇനി നിറുത്തിക്കൂടേ?” എന്ന് ഐക്യകണ്ഠേനെ പറയാത്തത് ? ഭീകരവാ‍ദത്തിനുമേല്‍ അതിനുള്ള ഗാഢമായ സ്വാധീനത്തെക്കുറിച്ചൊരു പൊതുസമ്മിതി ഉണ്ടാ‍കാത്തതെന്തുകൊണ്ടാണ് ? എന്തുകൊണ്ടാണീ യാഥാര്‍ത്ഥ്യങ്ങള്‍, ഒരിക്കലും അവസാ‍നിക്കാത്ത, വാരങ്ങളില്‍ നിന്നും വാരങ്ങളിലേക്ക് നീളുന്ന, കുറ്റവാളികള്‍ക്ക് മറ്റുള്ളവരെക്കാള്‍ അധികം സമയം ലഭിക്കുന്ന, ടെലിവിഷന്‍ സംവാദങ്ങളിലെ വിഷയമായി നിലനില്‍ക്കുന്നത് ?

III

ഐക്യത്തെക്കുറിച്ച് പറയുമ്പോൾ നാം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ചില വിള്ളലുകള്‍ ഉണ്ട്. മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളിൽ സമര്‍ത്ഥമായി നാം ഒളിപ്പിച്ചുവച്ചിരിക്കുന്ന കരടുകളെ വെളിവാക്കുന്ന ചില വിള്ളലുകൾ.

മുംബൈ ആക്രമിക്കപ്പെട്ട അതേ ദിവസം രാവിലെ ഒരു മുൻ‌പ്രധാനമന്ത്രി നിര്യാതനായി.

ഒരു ചാനലിലൊഴിച്ച് മറ്റെവിടെയും മിന്നായം പോലെ മറഞ്ഞുപോകുന്ന അടിക്കുറിപ്പുകളിലെങ്കിലും ഇതിനെക്കുറിച്ചെന്തെങ്കിലും പരാമർശം കാണാൻ എനിക്ക് കഴിഞ്ഞില്ല. അദ്ദേഹം മരിച്ച വിവരം പോലും എങ്ങും റിപ്പോർട്ട് ചെയ്‌തു കണ്ടില്ല.

നമ്മുടെ കുലീനരായ ചാനലുകൾ ടാജിനും ഒബറോയിയ്‌ക്കും നേരെ നടന്ന ആക്രമത്തിന്റെ ഓരോ സെക്കൻഡുകളും ഒപ്പിയെടുത്ത് രാഷ്‌ട്രത്തിന് സമർപ്പിക്കുന്നതിൽ മുഴുകിയിരുന്നതുകൊണ്ടാണിതു സംഭവിച്ചത് എന്ന് തോന്നുന്നുണ്ടോ?

ഞാൻ ഇങ്ങനെ പറയും: അസുഖ ബാധിതനും സ്വന്തം പാർട്ടിക്കാരാൽ അവഗണിക്കപ്പെടുന്നവനും ആണെങ്കിലും നമുക്കിടയിൽ ഇപ്പോഴും സന്തോഷപൂർവം ജീവിച്ചിരിക്കുന്ന മറ്റൊരു മുൻ പ്രധാനമന്ത്രിയായിരുന്നു വി പി സിംഗിന്റെ സ്ഥാനത്ത് എന്ന് സങ്കൽ‌പ്പിക്കുക. നമ്മുടെ കുലീന ചാനലുകൾ എന്തു ചെയ്യുമായിരുന്നു? അവർ അദ്ദേഹത്തിനും മുംബൈയിലെ സംഭവങ്ങൾക്കുമായി തങ്ങളുടെ സമയം വീതിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

എന്തുകൊണ്ടാണ് വിശ്വനാഥ് പ്രതാപ് സിങ് അദ്ദേഹത്തിന്റെ മരണത്തിൽ പോലും ഇത്ര ക്രൂരമായും വൃത്തികെട്ട രീതിയിലും അവഗണിക്കപ്പെട്ടത്?

ദക്ഷിണ മുംബൈയിലെ ഇന്ത്യ (South-Mumbai India)ഇത്രമാത്രം വെറുത്ത ഒരാൾ ഉണ്ടാവില്ല എന്നതാണതിന്റെ കാരണം എന്നു തന്നെ ഞാൻ പറയും. നെഹ്‌റു കഴിഞ്ഞാൽ ഇന്ത്യ കണ്ട സ്വഭാവമഹിമയുള്ള ഒരു വിശിഷ്‌ട വ്യക്തിത്വം മാത്രമായിരുന്നില്ല, നെഹ്‌റുവിനെപ്പോലെ തന്നെ അടിമുടി മതേതരവാദിയുമായിരുന്നു അദ്ദേഹം. ഒരു പക്ഷെ നെഹ്‌റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ഭാവനാശാലിയായ രാഷ്‌ട്രീയ മനസ്സും അദ്ദേഹത്തിന്റേതായിരിക്കും.

നമ്മുടെ ഭരണഘടന ഇന്ത്യയിലെ “മറ്റു പിന്നോക്ക വർഗങ്ങൾ” ( ഒ ബി സി ) എന്ന് വിശേഷിപ്പിക്കുന്നവർക്ക് ജോലിക്കും വിദ്യാഭ്യാസത്തിനും സംവരണം ഏർപ്പെടുത്തണം എന്ന് ശുപാർശ ചെയ്‌ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാനുള്ള ദീർഘവീക്ഷണവും ധൈര്യവും അദ്ദേഹം കാണിച്ചു എന്നതിനാലാണ് അദ്ദേഹം ഇത്രയേറെ വെറുക്കപ്പെടുന്നത്. അതും ഭരണഘടന സുവ്യക്തമായി അനുശാസിക്കുന്ന നിര്‍ദ്ദേശങ്ങക്കനുരൂപമായി മാത്രം നടപ്പിലാക്കിയതിന്.

ഇന്ത്യയിൽ അനാദികാലം ഭരിക്കുവാനുള്ള അവകാശം തങ്ങൾക്കു മാത്രമാണെന്ന് ധരിച്ചുവശായ ഉയർന്ന ജാതിക്കാർ ഈ നടപടിയെ, കാലങ്ങളായി പിന്നാമ്പുറങ്ങളിൽ അവഗണിക്കപ്പെട്ടു കിടന്നവരെ രാഷ്‌ട്രജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്ന( അങ്ങനെ ദേശീയ ഐക്യം കൂടുതൽ ഊട്ടിയുറപ്പിക്കുന്ന) നടപടിയായല്ല, മറിച്ച് രാഷ്‌ട്രത്തെയും രാഷ്‌ട്രീയത്തെയും വിഭജിക്കുവാനുദ്ദേശിച്ച് കരുതിക്കൂട്ടി തയ്യാറാക്കിയ ദുഷ്‌ടലാക്കായാണ് കണ്ടത്. അവർ അദ്ദേഹത്തിന് ഒരിക്കലും മാപ്പ് നൽകിയില്ല.

ആ ദിവസങ്ങളിൽ തെരുവുകളിൽ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ഈ നടപടിയെ നഖശിഖാന്തമെതിർത്തവർ, വർഷങ്ങൾ കഴിയും തോറും ഇതിനെ ശരിവയ്‌ക്കുക മാത്രമല്ല ഹൃദയപൂർവം പിന്താങ്ങുക കൂടി ചെയ്യുന്ന കാഴ്‌ച കൌതുകകരമാണ്. പ്രസ്‌തുത നടപടി ചരിത്രപരമായ ഒരു ആവശ്യകതയായിരുന്നു എന്ന അദ്ദേഹത്തിന്റെ ദീർഘദർശിതത്വത്തിന് ഇതിനേക്കാൾ വലിയ ഒരു അംഗീകാരം ആവശ്യമുണ്ടോ?

ബാബറി മസ്‌ജിദ് പൊളിച്ചതിനുശേഷമുള്ള സംഭവങ്ങളിലും ഗുജറാത്ത് കൂട്ടക്കൊലയിലും പങ്കെടുക്കുക വഴി രക്തപങ്കിലമായ കൈകളുള്ളവർ അദ്ദേഹത്തിൽ കണ്ടത് മുസ്ലീങ്ങളെ സ്‌നേഹിക്കുന്ന, ഹിന്ദുക്കളെ വിഭജിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്ന, രാഷ്‌ട്രദ്രോഹിയായ ഒരു വില്ലനെയാണ്.

ഇതു കേട്ടാൽ തോന്നുക സഹസ്രാബ്‌ദങ്ങളായി ഹിന്ദുക്കൾക്കിടയിൽ യാതൊരു വിഭജനവും ഇല്ലാതെ നല്ല ഐക്യമായിരുന്നു എന്നാണ്.

അതിനാൽ തന്നെ, വി പി സിങിന് അന്ത്യാഞ്‌ജലി അർപ്പിക്കുവാനെത്തിയ രാഷ്‌ട്രീയ നേതൃത്വത്തിൽ ദളിതരും മറ്റു പിന്നോക്ക വിഭാഗക്കാരുമായിരുന്നു കാണപ്പെട്ടത്. മറ്റു പാർട്ടികളുടെ പ്രാദേശിക / താഴ്‌ന്ന നിലവാരത്തിലെ പ്രവർത്തകരുടെ പ്രാതിനിധ്യം ഉണ്ടെങ്കിൽ തന്നെ ആരു ശ്രദ്ധിക്കുവാനാണ് ? ഇന്ത്യക്കാരെല്ലാം ഇന്ത്യയെ “ഒറ്റക്കണ്ണിലൂടെ” മാത്രം നോക്കിക്കാണണം എന്ന കുലീന മാദ്ധ്യമങ്ങളുടെ നിലവിളിയോട് നീതി പുലർത്താൻ അതു പോരല്ലോ?

അന്തിമ സംസ്‌ക്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഞാൻ എല്ലാ ചാനലുകളിലും മാറി മാറി നോക്കി. ഔദ്യോഗിക ചാനലായ ദൂരദര്‍ശനൊഴിച്ച് മറ്റാരും അത് പ്രക്ഷേപണം ചെയ്‌ത് കണ്ടില്ല.

അതു കൊണ്ട് തന്നെ ഞാൻ ഒന്നു കൂടി ആവർത്തിക്കട്ടെ, നേരത്തെ സൂചിപ്പിച്ച മുൻ പ്രധാനമന്ത്രിയായിരുന്നുവെങ്കിൽ, എന്റെ അവസാന നാണയം വരെ പന്തയം വയ്‌ക്കാൻ ഞാൻ തയ്യാറാണ്, അവരെല്ലാം അവിടെ വന്നേനെ.

ഐക്യത്തിനുവേണ്ടിയുള്ള കാഹളത്തെക്കുറിച്ച് എനിക്ക് ഇത്ര മാത്രമേ പറയാനുള്ളൂ.

IV

അവസാനിപ്പിക്കും മുമ്പ്, മുംബൈയിലാക്രമണം സംഘടിപ്പിച്ചവർക്ക്, എനിക്കൊരു സന്ദേശം നൽകുവാനുണ്ട്.

അവർ സർക്കുലേറ്റ് ചെയ്‌ത ഇ - മെയിലിൽ പറയുന്നത് അമേരിക്കൻ പൌരന്മാരേയും ബ്രിട്ടീഷുകാരേയും സിയോണിസ്‌റ്റുകളെയും വധിയ്‌ക്കുകയെന്ന മറ്റു ലക്ഷ്യങ്ങൾ കൂടാതെ അവർ ഇന്ത്യക്കാരായ മുസ്ലീങ്ങൾക്ക് വേണ്ടിയാണ് ഈ കൃത്യം ചെയ്യുന്നതെന്നാണ്.

ഞാൻ പറയുന്നു, ഇപ്പോൾ ചെയ്‌ത ഈ പ്രവൃത്തികളിലൂടെ അവർ ഇന്ത്യൻ മുസ്ലീങ്ങൾക്ക് സേവനമല്ല മറിച്ച് ഗുരുതരവും ക്രൂരവുമായ ദ്രോഹമാണ് ചെയ്‌തിരിക്കുന്നത്.

മറ്റു മത സമുദായങ്ങളിലുള്ളതു പോലെ തന്നെ, പ്രതികാരത്തിന്റെ അക്രാമകമായ രാഷ്‌ട്രീയത്തിൽ വിശ്വസിക്കുന്ന ഇന്ത്യൻ മുസ്ലീങ്ങൾ അവിടെയും ഇവിടെയും ഉണ്ടാവില്ലെന്നല്ല ഞാൻ പറയുന്നത്. എന്നാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലീം സമുദായ അംഗങ്ങളും, അതു പോലെ തന്നെ പാകിസ്‌താനിലെ ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങൾക്കു വേണ്ടി എന്ന നാട്യത്തിൽ നടത്തപ്പെടുന്ന ഇത്തരം ആക്രമങ്ങൾക്കും കൂട്ടക്കുരുതികൾക്കും എതിരാണെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട് .എന്നു മാത്രമല്ല ജീവിതത്തിൽ നിന്നും എന്താണോ അവരാഗ്രഹിക്കുന്നത് അവ നേടിയെടുക്കാനുള്ള അവരുടെ കഠിനമായ പരിശ്രമങ്ങൾക്ക് ഇത്തരം സംഭവങ്ങൾ ഗുരുതരമായ തിരിച്ചടി നൽക്കുന്നുവെന്നാണവർ കരുതുന്നത്.

വാസ്‌തവത്തിൽ, ഭീകരവാദത്തിലധിഷ്‌ഠിതമായ ആക്രമണങ്ങൾ സംഘടിപ്പിക്കുന്നവർ പ്രാഥമികമായി തന്നെ മുസ്ലീം അല്ല എന്നത് ഇന്ത്യൻ മുസ്ലീങ്ങൾ അംഗീകരിക്കുക മാത്രമല്ല, സാദ്ധ്യമായ എല്ലാ സംഘടിത പ്ലാറ്റ്ഫോമുകളിൽ നിന്നും ആവർത്തിച്ചാവർത്തിച്ച് വ്യക്തമാക്കുക കൂടിയാണ് .

അതിനാൽ, നിങ്ങൾ വീണ്ടും വീണ്ടും പ്രാർത്ഥിക്കുന്ന അള്ളായുടെ നാമത്തിൽ, ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്, നിങ്ങളുടെ ജീവിതം കൊണ്ട് കൂടുതൽ പ്രയോജനപ്രദമായ, മനുഷ്യത്വപരമായ എന്തെങ്കിലും ചെയ്യൂ, യഥാർത്ഥ മതം അംഗീകരിക്കുന്ന എന്തെങ്കിലും.

ആഗോള സാമ്രാജ്യത്വത്തെ പിഴുതെറിയുവാനുള്ള വഴിയിലൂടെയാണ് നിങ്ങൾ സഞ്ചരിക്കുന്നത് എന്ന് ദയവായി വിശ്വസിക്കാതിരിക്കൂ..

അതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, നിങ്ങളുടെ സ്വന്തം രാഷ്‌ട്രത്തിൽ ജനാധിപത്യപരമായും ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടും പഠനങ്ങളിലൂടെയും വാദങ്ങളിലൂടെയും പൊതു അഭിപ്രായരൂപീകരണം നടത്തി മുന്നേറുക എന്നതിനെ കവച്ചു വയ്‌ക്കുന്ന മറ്റൊരു മാർഗമില്ല തന്നെ.

നിങ്ങളുടെ മാർഗം ഇതിലേതാണെങ്കിലും , ദയവായി ഇന്ത്യൻ മുസ്ലീങ്ങളെ നിങ്ങളുടെ ആഗോള വ്യാകുലതകളിലേയ്‌ക്ക് വലിച്ചിഴയ്‌ക്കാതിരിക്കുക...ഒപ്പം പാക്കിസ്‌താനി മുസ്ലീങ്ങളെയും.

ഒരു നല്ല ഭാവി അവരെ കാത്തിരിക്കുന്നു. അവർക്കായി പൊരുതാൻ ആയിരങ്ങൾ തയ്യാറാണ്. ദയവായി അവരുടെ ശത്രുക്കാളാവരുതേ.

“എന്തു തരം ഐക്യമാണ് ആഗ്രഹിക്കുന്നതെന്ന് നിങ്ങൾ സ്വയം ചോദിക്കൂ”, എന്ന് ദക്ഷിണ- മുംബൈ ഇന്ത്യക്കാരോട് നമുക്ക് പറയാം. ഇന്ത്യയിൽ ലഭ്യമായ എല്ലാ സുഖസൌകര്യങ്ങളും അടിച്ചുമാറ്റി ശാന്തമായും സന്തോഷത്തോടെയും കഴിയാൻ അനുവദിക്കുന്ന ഐക്യമാണോ നിങ്ങൾ ആഗ്രഹിക്കുന്നത്. അതോ എല്ലാത്തിനേയും ഒരേകണ്ണിലൂടെ നോക്കുന്ന എല്ലാവർക്കും വേണ്ട അളവിൽ നൽകുന്ന ഐക്യമോ? ഏതൊക്കെ നിറത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും, അത് പച്ചയോ, ചുമപ്പോ, കുങ്കുമമോ ആയിക്കോട്ടെ പാപത്തെ അപലപിക്കാൻ ഈ “ഒറ്റക്കണ്ണി”നാവണം. എല്ലാറ്റിനും ഉപരിയായി ഈ “ഒറ്റക്കണ്ണ് ” ഇടയ്‌ക്കിടെ അകത്തേയ്‌ക്കും തിരിയ്‌ക്കേണം, നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന അത്യാഗ്രഹത്തെ അപലപിക്കാൻ.

****


ഡോ. ബദ്രി റെയ്‌ന എഴുതിയ 'enough is enough Says who to whom?' എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. അദ്ദേഹത്തിന്റെ ഇ മെയില്‍ വിലാസം badri.raina@gmail.com
കടപ്പാട്: വര്‍ക്കേഴ്‌സ് ഫോറം

No comments:

Post a Comment

Visit: http://sardram.blogspot.com