13 August, 2011

അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍

ആണുങ്ങള്‍ക്ക് പലപ്പോഴും പെണ്ണുങ്ങള്‍ ഒരു പ്രശ്നമാണ്. അല്ലെങ്കില്‍ ഒരു വിഷയമാണ്. പെണ്ണുങ്ങള്‍ക്ക് പലപ്പോഴും ആണുങ്ങളും. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. സ്ത്രീവിഷയം എന്നൊരു പ്രത്യേക വിഷയം തന്നെ നമ്മള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വെറുതെയല്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും പുരോഹിതന്മാരുടെയും ഒക്കെ അവിശ്രാന്തമായ അധ്വാനം ഇതിനു പിന്നിലുണ്ട്. ക്ലാസ്മുറിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും തമ്മില്‍ തൊടാതെ രണ്ടു ഭാഗത്തായി "സുരക്ഷിതരായി" ഇരുത്തുന്നതു തൊട്ട് തുടങ്ങുന്നു ഇത്.

"ആണ്‍കുട്ടികളെ സൂക്ഷിക്കണം" എന്ന് പെണ്‍കുട്ടികളോടും പെണ്‍കുട്ടികളെ നോക്കുന്നത് തന്നെ മോശം സ്വഭാവമാണെന്ന് ആണുങ്ങളെയും നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിക്കഴിയുമ്പോള്‍ കാര്യം ഇതിലേറെ തമാശയാണ്. ഒരു സ്ത്രീയെ കാണുമ്പോള്‍, പരിചയപ്പെടുമ്പോള്‍ ഒരു പുരുഷനു മുന്നിലുള്ള ആദ്യത്തെ പ്രശ്നം അവളെ ആരായി കാണണം എന്നതാണ്. അതൊരു വിഷമം പിടിച്ച പ്രശ്നമാവുന്നത് അവന് തെരഞ്ഞെടുക്കാന്‍ അറിയാവുന്ന ഉത്തരങ്ങള്‍ പരിമിതമാണ് എന്നതുകൊണ്ടത്രേ. അവന്‍ പരിചയിച്ച ഉത്തരങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:

ഒന്ന്: അമ്മ എന്നുവച്ചാല്‍ കവിയൂര്‍ പൊന്നമ്മ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടം. അങ്ങനെ ഒരമ്മയെ കിട്ടിക്കഴിഞ്ഞാല്‍ സുഖമാണ് ജീവിതം. നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് "അമ്മ" ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍ . പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും "വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം" എന്നും അവള്‍ക്കറിയാം (ഈയടുത്തിറങ്ങിയ "കേരളാ കഫേ" എന്ന സിനിമയിലെ "ലളിതം ഹിരണ്‍മയം" എന്ന കഥയില്‍ ജ്യോതിര്‍മയി അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം ഈയിനത്തില്‍ പെടുന്ന ഒരമ്മയായിരുന്നു). താന്‍ വല്ല വികൃതിയുംകാണിച്ചാല്‍ "അങ്ങേര്‍" സഹിക്കുകയില്ല എന്നും അവള്‍ക്ക് നല്ലപോലെ അറിയാം. ചുരുങ്ങിയപക്ഷം കോക്ടെയിലിലെ ജയസൂര്യയുടെ ഭാര്യയെപ്പോലെ പക്ഷാഘാതമടിച്ച് കിടക്കുകയെങ്കിലും വേണ്ടിവരും എന്നും.

രണ്ട്: കാമുകി ധാരാളം എഴുതപ്പെട്ടിട്ടുണ്ട് പ്രണയത്തെപ്പറ്റി. ഒട്ടുമിക്കതും എഴുതിയത് ആണുങ്ങള്‍ തന്നെ. കാല്‍പ്പനികമായാലും മാംസനിബദ്ധമായാലും പ്രണയത്തിന്റെ (പ്രണയത്തിന്റെ സാക്ഷാത്കാരമായി ആഘോഷിക്കപ്പെടുന്ന ദാമ്പത്യത്തിന്റെയും) എഴുതിയതും എഴുതാത്തതുമായ നിയമങ്ങളൊക്കെ ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. വിവാഹം കഴിക്കുന്നതിലൂടെ അവന്‍ ഒരു സ്ത്രീയ്ക്ക് "ജീവിതം നല്‍കുക"യാണ്. ചാരിത്ര്യശുദ്ധി മുതലായ സങ്കല്പങ്ങള്‍ അത്രയും സ്ത്രീയ്ക്ക് മാത്രം ബാധകമാണ്. ഇനി പ്രണയവും വിവാഹവും വേണ്ടെന്നു വച്ചാലാകട്ടെ, ആണിന്റെ താങ്ങില്ലാത്ത സ്ത്രീയെ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നതും. പോരാത്തതിന് പുരുഷന് ആത്മാവിഷ്കാരത്തിനുള്ള മാര്‍ഗം കൂടിയത്രേ പ്രണയം. കേരളത്തില്‍ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും അങ്ങനെത്തന്നെയാണ്. പ്രണയം കേരളീയര്‍ക്ക് പൊതുവേ "ദുഃഖപര്യവസായിയായ ഒരു കഥ"യാവുന്നതിനെപ്പറ്റി, കൂടുതല്‍ ക്രിയാത്മകമായതും സന്തോഷം തരുന്നതുമായ പ്രണയങ്ങള്‍ ഉണ്ടാവേണ്ടതിനെപ്പറ്റി എല്ലാം ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം എം മുകുന്ദന്‍ എഴുതിയിരുന്നു. എഴുത്തിന്റെയും കലയുടെയും ലോകത്തെ പ്രണയത്തെപ്പറ്റി അദ്ദേഹം എഴുതി: "എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ടു മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.." "...പെണ്ണും പ്രണയവും പിക്കാസോവിെന്‍റ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍ ... പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ലോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി". സാര്‍ത്രിന്റെയും സിമോന്‍ ദ് ബുവാറിന്റെയും ജീവിതത്തെപ്പറ്റി അദ്ദേഹം പറയുന്നു: "ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്തിരുന്നില്ല. എല്ലാം അവര്‍ പരസ്പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്പരം ആഴത്തില്‍ സ്നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചുകഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി". എന്നിട്ടും മുകുന്ദന്‍ പ്രണയം എന്ന് പറയുമ്പോള്‍ ഓര്‍ക്കുന്ന പേരുകളില്‍ സിമോന്‍ ദ് ബുവാറിന്റെ പേരില്ല. അങ്ങനെ, മലയാളി ശീലിച്ചിട്ടില്ലാത്ത പലതരം പ്രണയങ്ങളെ നമുക്ക് പരിചയപ്പെടുത്തുമ്പോഴും (അതൊരു നല്ല കാര്യം തന്നെ) "ആണുങ്ങള്‍ക്ക്" ആത്മാവിഷ്കാരത്തിനുള്ള ഭാഷ മാത്രമായിട്ടാണ് അതില്‍ പെണ്ണ് കടന്നുവരുന്നത്. ആത്മാവിഷ്കാരം, കല, എഴുത്ത് ഇതൊക്കെ "ആണുങ്ങള്‍ക്ക് പറഞ്ഞ" കാര്യങ്ങളാണല്ലോ.

മൂന്ന്: ഒരു "കുറ്റി" കുറച്ചു "മോഡേണ്‍" ആയി വസ്ത്രം ധരിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്താല്‍ അവള്‍ ആരുടെ കൂടെയും എപ്പോഴും കിടക്കുന്ന ഒരു "അരാജകവാദി" ആകണം എന്നാണ് വയ്പ്പ്. ഒറ്റയ്ക്ക് താമസിക്കുന്നതും മുടി ചെറുതാക്കി വെട്ടുന്നതും ജീന്‍സും ടോപ്പും ധരിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ആണുങ്ങളുടെ കൂടെ നടക്കുന്നതുമൊക്കെ ഈ "ഇമേജിന്" ശക്തി പകരുന്ന കാര്യങ്ങളാണ്. അങ്ങനെ ഒരാളെ കണ്ടാല്‍ പിന്നെ ആണിന് കുറച്ചുകാലത്തേക്ക് ഉറക്കം വരില്ല. ഒരു "കളി" എങ്ങനെയും തരപ്പെടുത്തുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. പിന്നെ വേണമെങ്കില്‍ കുറച്ചുകാലം "കൊണ്ടുനടക്കുക"യും ആവാം (ഭാര്യ അറിയാതെ നോക്കിയാല്‍ മതി). അതിനുള്ള ശ്രമത്തില്‍ അവളുടെ കൈയിന്റെയോ ചെരിപ്പിന്റെയോ ചൂടറിയുന്നതും അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതും ഈഗോ മുറിപ്പെടുന്നതും സ്വാഭാവികം മാത്രം. അപ്പോള്‍പ്പിന്നെ അടുത്ത പണി അവളുടെ അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്്

നാല്: പെങ്ങള്‍ ഇതും അത്ര മോശമായ പരിപാടിയല്ല. ഭാര്യയൊഴിച്ച് ആരെയും പെങ്ങളാക്കാം. (ഭാര്യയെ പെങ്ങളാക്കിയാല്‍ വിവരമറിയും!) ഇതിനുമുമ്പ് പറഞ്ഞ കേസില്‍ നിന്ന് വ്യത്യസ്തമായി "മാന്യന്മാര്‍"ക്ക് പറ്റിയ പണിയാണ് എന്നു മാത്രമല്ല ഇവിടെ ഒരു സംരക്ഷകന്റെ റോളും എടുക്കാം. ഒരു "വല്യേട്ടന്‍" ആയില്ലെങ്കില്‍ ഒരു ബാലേട്ടനെങ്കിലും ആവാം. ആവണം. വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ കേറി ഇടപെടാനും സൗജന്യമായി കുറെ ഉപദേശം കൊടുക്കാനുമൊക്കെ ഇതിലും നല്ല ഒരു ചാന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പെണ്ണുങ്ങള്‍ തന്നെ പേടിച്ച് ചില ആണുങ്ങളെ ആങ്ങളയായങ്ങ് പ്രഖ്യാപിച്ചുകളയും. (അതു കഴിഞ്ഞിട്ടായിരിക്കും അവര്‍ മനസ്സിലാക്കുന്നത് ഈ "ഏട്ടനെ/അനിയനെ" സഹിക്കുന്നതിലും ഭേദം പഴയ പൂവാലനായിരുന്നു എന്ന്.) രക്ഷാബന്ധനം എന്നാണ് ഉത്തരേന്ത്യയില്‍ ഈ പരിപാടിയുടെ പേര്.

അഞ്ച്: മകള്‍ സുഹൃത്തിന്റെയോ സഹോദരങ്ങളുടെയോ മക്കളാണ് മിക്കവാറും ഈ കാറ്റഗറിയില്‍ ഏറെയും വന്നുപെടുന്നത്. സംരക്ഷകന്റെ വേഷം ഉള്‍പ്പെടെ ഏട്ടന്റെ റോളില്‍ കിട്ടുന്ന ഏതാണ്ടെല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവിടെയും കിട്ടും. അധികാരം കുറച്ചുകൂടി കൂടുതല്‍ എടുക്കുകയും ആവാം. "ലോകപരിചയമില്ലാത്ത" ഭാര്യയേയും വേണമെങ്കില്‍ മകളായി പ്രഖ്യാപിക്കാവുന്നതേ ഉള്ളൂ (ഭാര്യയെ പെങ്ങളാക്കുന്ന പോലെ റിസ്കില്ല മകളാക്കുന്നതില്‍).

പൊതുപ്രവര്‍ത്തന രംഗത്തോ ജോലിസ്ഥലത്തോ പുറത്തോ ഒക്കെ നമുക്കുമേല്‍ ഏതെങ്കിലും തരത്തില്‍ അധികാരമുള്ള സ്ത്രീകളെയും നമ്മള്‍ എങ്ങനെയെങ്കിലും ഇതിലേതെങ്കിലും ഒന്നിലേക്ക് ഒതുക്കാന്‍ ശ്രമിക്കും, എന്നിട്ട് നമ്മുടെ അധികാരം അവര്‍ക്കുമേല്‍ കാണിക്കാനും. പഞ്ചായത്ത് മെമ്പര്‍ , പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ഡോക്ടര്‍ , ഓട്ടോറിക്ഷാ ഡ്രൈവര്‍, പ്രിന്‍സിപ്പല്‍ , ഓഫീസിലെ മേലധികാരി..അങ്ങനെ ആരുമാവട്ടെ. ഇതൊന്നുമല്ലാതെ ഒരു സുഹൃത്തായി, അല്ലെങ്കില്‍ ഒരു വ്യക്തിയായി, അല്ലെങ്കില്‍ നമ്മുടെമേല്‍ അധികാരമുള്ള ഒരാളായി ഒരു പെണ്ണ് എന്നുപറഞ്ഞാല്‍ ... അത് ആലോചിക്കാന്‍ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. നമ്മളൊരു സിക്സ്റ്റീസ്/സെവന്റീസ് മോഡലൊക്കെ ആണെങ്കില്‍ വിശേഷിച്ചും.
പക്ഷേ പതുക്കെയാണെങ്കിലും അത് മാറിവരുന്നുണ്ട്. നമ്മള്‍ പൊതുവേ എന്തിനും ഏതിനും കുറ്റം പറയുന്ന "ഇന്റര്‍നെറ്റ്/മൊബൈല്‍ തലമുറ" ഈ നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. സൗഹൃദങ്ങള്‍ ഉണ്ടാവുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഒക്കെ അത് തടയാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും. കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍സുഹൃത്തുക്കളോ പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ "അവര്‍ തമ്മില്‍ ലൈനാണ്" എന്നൊരര്‍ഥം ഇന്നില്ല. നമുക്കറിയാവുന്നതിലും കൂടുതല്‍തരം ബന്ധങ്ങള്‍ അവര്‍ സങ്കല്‍പ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു (ഏറെക്കാലം അത് തുടര്‍ന്നുകൊണ്ടുപോവാന്‍ നമ്മള്‍ സമ്മതിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ).

ഈയൊരു മാറ്റം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. സ്ത്രീയെ പ്രധാനപ്പെട്ട കാര്യങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു ആണ്‍ജനതയുടെ "ആത്മാവിഷ്കാര"ത്തിന്റെ അന്ത്യം കുറിക്കുന്ന വിപ്ലവം. പുരുഷനെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു പെണ്‍ജനതയും അതോടൊപ്പം തന്നെ നാമാവശേഷമാവുന്നു. അങ്ങനെ ഒരു ലോകത്ത്, ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും പുസ്തകങ്ങളും പരദൂഷണങ്ങളും സിനിമകളും സീരിയലുകളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. ഇരുകൂട്ടരും സ്വാതന്ത്ര്യം മണക്കുന്നു. പറക്കാന്‍ തുടങ്ങുന്നു. ആ മാറ്റത്തിന് തടയിടാന്‍ ശ്രമിച്ചവര്‍ എന്ന് ചരിത്രം നമ്മെപ്പറ്റി പറയാന്‍ ഇടവരുത്താതെ നമുക്ക് നോക്കാം.
@@

ഡോ. സുദീപ് കെ എസ്, 
കടപ്പാട് :ദേശാഭിമാനി വാരിക

13 July, 2011

സ്‌കൂളുകളിലെ ഗീതാപഠനം: ആര്‍.എസ്.എസ് മഠത്തിന് 40 കോടി

ബംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മഠത്തിന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത് 40 കോടി രൂപ. ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സിര്‍സി ആസ്ഥാനമായുള്ള മഠത്തിനാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. നിരവധി സ്‌കൂളുകള്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ ദുരിതം അനുഭവിക്കുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുമ്പോഴാണ് മഠത്തിന് ഗീതാധ്യയനം നടത്തുന്നതിന് 40 കോടി ഗ്രാന്റ് നല്‍കിയത്.

സംസ്ഥാനത്ത് ഗീതാപഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വിശ്വേശ്വര ഹെഗ്‌ഡെ കെഗേരിയുടെ പ്രസ്താവന തെറ്റാണെന്നും തെളിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് തന്നെ ഗീതാപഠനം നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 74/2009 ഉത്തരവ് പ്രകാരം ഗീതാപഠനത്തിന് സൗകര്യം ഒരുക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ശിബിരം നടത്തുന്നതിന് ജില്ല, താലൂക്ക് തലങ്ങളില്‍ കോഓഡിനേറ്ററെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് ഒന്നര വര്‍ഷത്തോളം ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് ഈ അധ്യയനവര്‍ഷമാണ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചത്.
സ്‌കൂള്‍സമയം കഴിഞ്ഞശേഷം ഗീതാപഠനം നടത്താമെന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് നിര്‍ബന്ധിത ഗീതാ പഠനം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഗീതാപഠനം നിര്‍ബന്ധമാക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്ത് മാതൃകയില്‍ കാവിവത്കരണശ്രമം ഊര്‍ജിതമാക്കിയതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ചിക്‌ബെല്ലാപൂര്‍, കോലാര്‍ ജില്ലകളില്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാനാവില്ലെന്ന് അധികൃതര്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു.
ഭഗവദ്ഗീത പഠനത്തിനെതിരെ കോലാറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. അംബരീഷിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു.
ഗീത നിര്‍ബന്ധമാക്കാനുള്ള യെദിയൂരപ്പ സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച ബംഗളൂരുവില്‍ പ്രകടനവും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
@@
കടപ്പാട്: മാധ്യമം ദിനപത്രം.

12 July, 2011

വര്‍ഗീയത എന്ന ബാധ

ഇന്ത്യ എന്നത് പഴയ പേരാണ്. "എന്ത് ഇന്ത്യ" എന്ന ചോദ്യത്തിന്റെ ഉത്തരം അടങ്ങുന്ന ഒരു നീണ്ട പേരാണത്. ഭരണഘടന ആദ്യം നല്‍കിയ പേര് "സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്നാണ്. ഇന്ത്യയുടെ വിശേഷം അത് പരമാധികാരമുള്ള ഒരു ജനാധിപത്യരാജ്യമാണ് എന്നതുമാത്രമല്ലെന്ന് ഊന്നി പറയാന്‍ ഏറെ വര്‍ഷം കഴിഞ്ഞ് (1976ല്‍ , 42-ാം ഭേദഗതി) പേര് ഇങ്ങനെ നീട്ടി- "സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്". രണ്ട് വിശേഷണങ്ങള്‍കൂടി- വളരെ പ്രധാനപ്പെട്ടവ, മതേതരവും സമത്വനിഷ്ഠവും. ജനാധിപത്യമാണ് പരമമായ അടിസ്ഥാന മൂല്യമെങ്കിലും അത് അപായപ്പെടുന്നത് സമത്വവും മതേതര സംസ്കാരവും രാജ്യത്ത് ക്ഷയിച്ചുവരുമ്പോഴായിരിക്കണം.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നു പറഞ്ഞാല്‍ ഈ ഗുണവിശേഷണങ്ങളെ സംരക്ഷിക്കലാണ്. നാം എന്നും കാവല്‍ നില്‍ക്കേണ്ടത് ഈ രണ്ട് സ്വഭാവങ്ങള്‍ നിലനിര്‍ത്താനാണ്. ഭരണഘടനയില്‍ എവിടെയെല്ലാം ജനങ്ങള്‍ക്കിടയില്‍ വികസിപ്പിക്കേണ്ട ധര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ സമത്വ, മതേതരത്വങ്ങളുടെ പ്രാധാന്യവും ഉറപ്പിച്ച് പ്രസ്താവിക്കുന്നതു കാണാം. ആമുഖത്തില്‍ നാല് നന്മകള്‍ പൗരന്മാര്‍ക്ക് സമ്പാദിച്ചുകൊടുക്കുകയാണ് ഭരണഘടനയുടെ ലക്ഷ്യമെന്നു പറഞ്ഞിരിക്കുന്നു- നീതി (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (ചിന്ത, ആവിഷ്കാരം, വിശ്വാസം, മതം, ആരാധന), സമത്വം (നിലയുടെയും അവസരത്തിന്റെയും), സാഹോദര്യം (വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍), നീതി സമത്വം എന്ന ആദര്‍ശങ്ങള്‍ എല്ലാ രംഗത്തും സ്ഥിതിസമത്വം ഉറപ്പിക്കുന്നു.

സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകൊണ്ട് അനൈക്യത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ പ്രേരണ ചെലുത്തുന്നു. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ ഈ അടിത്തറയുടെ തത്വങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടത്ര ഓര്‍ക്കുന്നില്ല. വലിയൊരു മറവി അവരെ പിടികൂടിയിരിക്കുന്നു. അവരുടെ ഓര്‍മയെ ബലപ്പെടുത്താന്‍ കുറച്ചുകൂടി വിവരിക്കട്ടെ, ഭരണഘടന ന്യൂനപക്ഷം എന്നും വെറും ന്യൂനപക്ഷം എന്നും പറയുന്നത് അവരുടെ അവശത പരിഹരിക്കാന്‍വേണ്ടി മാത്രമാണ്. മൗലികാവകാശ അധ്യായത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ഒന്നിന്റെ പേരിലും (മതം, ജാതി, ലിംഗം, ജനനസ്ഥലം) ഒരു പൗരനും എതിരായ വിവേചനം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. അവസരസമത്വവും അതുപോലെ. നേരത്തെ ഇതൊക്കെ നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാമെന്നല്ലാതെ നീതിയുടെ മുന്നില്‍ ആര്‍ക്കും വ്യത്യാസമില്ല.

അഭിപ്രായസ്വാതന്ത്ര്യവും അങ്ങനെതന്നെ. ഒരു മതത്തിനും മേല്‍ക്കൈ ഇല്ല. ന്യൂനപക്ഷങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും ഭാഷയുടെയോ ലിപിയുടെയോ ഭിന്നതമൂലം ചെറിയ പാരമ്പര്യങ്ങളുള്ള ചെറിയ സമൂഹങ്ങളാണ്. അവിടെ പാരമ്പര്യ സുരക്ഷയാണ് ലക്ഷ്യം. കേരളത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലാണ്; പക്ഷേ, ഭരണഘടന വിവക്ഷിക്കുന്ന ചെറിയ ന്യൂനപക്ഷങ്ങളല്ല മുസ്ലിങ്ങളും ക്രൈസ്തവരും. ഈ പഴയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ധനപരമായ ഉച്ചനീചത്വങ്ങളില്ലാത്തതും പൊതുജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതുമായ ഒരു നവ സമൂഹവ്യവസ്ഥയുടെ ഉദയമാണ് രാഷ്ട്രലക്ഷ്യം. നിര്‍ണായകതത്വങ്ങളുടെ അധ്യായം ആ ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇക്കഥയൊന്നും ഓര്‍ക്കാതെ നമ്മള്‍ ഈ ന്യൂനപക്ഷം ന്യൂനപക്ഷം എന്നുപറഞ്ഞ് രാഷ്ട്രീയത്തില്‍വരെ മതവര്‍ഗീയത കോട്ടകെട്ടി നില്‍ക്കുന്നു. ന്യൂനപക്ഷം പോയി, ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളും ന്യൂനപക്ഷ വര്‍ഗീയതയെ ശത്രുവായി കണ്ട് രാഷ്ട്രീയ കക്ഷിയുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. മുമ്പ് ഹിന്ദു മഹാസഭ എന്ന പേരില്‍ മതമുദ്രചാര്‍ത്തിയ കക്ഷി അത് വിലപ്പോകില്ല എന്ന് മനസ്സിലാക്കി ആര്‍എസ്എസ്, ശിവസേന, ബിജെപി എന്നൊക്കെ നാമാന്തരങ്ങള്‍ സ്വയം വരിച്ച് പ്രവര്‍ത്തിക്കുന്നു.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹൈന്ദവ വര്‍ഗീയതതന്നെ. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നമ്മുടെ പൗരന്മാരായി കണക്കാക്കാന്‍പോലും അവര്‍ക്ക് പ്രയാസമുണ്ട്. മറ്റു ചില കക്ഷികള്‍ മതജാതി നാമങ്ങള്‍ ഒഴിവാക്കാതെ ഇന്നും നിലനില്‍ക്കുന്നത് അത്ഭുതകരമാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അരാചകത്വത്തിന്റെ ചൂണ്ടുപലകയാണ് ഈ അവസ്ഥ. ദ്രാവിഡ എന്ന പേര്‍ ചേര്‍ത്ത് ഒന്നുരണ്ട് കഴകങ്ങള്‍ , അകാലിദള്‍ എന്ന പേരില്‍ ഒരു കക്ഷി, മുസ്ലിംലീഗ് എന്നിവ വര്‍ഗീയ നാമധാരികളാണ്. മുസ്ലിംലീഗിന് കേരളത്തില്‍ ഒരു ജില്ലയിലാണ് ശക്തി. അത് അവര്‍ സമര്‍ഥമായി കരുനീക്കി കളിക്കുന്നു. ഇത്തവണ വന്‍ വിജയമാണ്. വിജയഹേതു അവരുടെ ശക്തി എന്നതിനേക്കാള്‍ അവരെ കൂട്ടുപിടിച്ച കോണ്‍ഗ്രസിന്റെ അശക്തിയാണ്. വര്‍ഗീയത മരിച്ചു എന്ന അര്‍ഥത്തില്‍ ലീഗിനെ നെഹ്റു ചത്ത കുതിര എന്ന് വിളിച്ചു. അതു കേട്ട കോണ്‍ഗ്രസുകാര്‍ (അല്ല, കേള്‍ക്കുന്ന കോണ്‍ഗ്രസുകാരോ) എത്രയോ കാലമായി ഈ വാഹനത്തിലാണ് യാത്ര. രാഷ്ട്രീയത്തെ നിയന്ത്രിക്കേണ്ട മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നു എന്ന് ചുരുക്കം. കേരളത്തില്‍ അധികാരമോഹം കയറിയ കോണ്‍ഗ്രസ് ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നു മനസ്സിലാക്കിയ ലീഗ് നേതൃത്വം ഓരോ മര്‍മത്തിലും അമര്‍ത്തി വേദനിപ്പിച്ച് കോണ്‍ഗ്രസിനെക്കൊണ്ട് സമ്മതിപ്പിച്ച് കാര്യം നേടുന്ന കാഴ്ച വളരെ രസകരംതന്നെ.20 അംഗ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാര്‍ വേണമെന്ന വാദംതന്നെ കോണ്‍ഗ്രസിന്റെ അന്തസ്സിനെയും അഭിമാനത്തെയും തങ്ങള്‍ക്ക് വിലയില്ലെന്ന ലീഗിന്റെ ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ്. വിദ്യാഭ്യാസവകുപ്പുതന്നെ തങ്ങള്‍ക്ക് വേണമെന്ന ലീഗിന്റെ വാശി എത്ര തവണയായി എതിര്‍പ്പില്ലാതെ വിജയിച്ചരുളുന്നു. മുസ്ലിം ലീഗില്‍ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ ഇപ്പോഴില്ല. സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ വിദഗ്ധന്‍ ആയതുകൊണ്ടല്ല സമര്‍ഥനായതുകൊണ്ടാണ് ആ വകുപ്പില്‍ വിജയം നേടിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയുടെ പരിചയക്കുറവിന്റെയും കഴിവുകേടിന്റെയും ദുഷ്ഫലങ്ങള്‍ കേരളീയര്‍ അനുഭവിക്കേണ്ടിവന്നത്, ഇക്കാര്യം തക്കസമയത്ത് ചൂണ്ടിക്കാട്ടി തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതാണ്. അദ്ദേഹത്തിന്റെ പരിചയ ദാരിദ്ര്യവും മറ്റും കൊണ്ടാണ്, വള്ളത്തോള്‍ കേരളീയ അഭിനയകലകളുടെ ഉദ്ധരണത്തിന് സ്ഥാപിച്ച കലാമണ്ഡലത്തില്‍ ഒരു വാസ്തുവിദ്യക്കാരന്‍ വിസി ആയത്. എങ്ങനെ ഇത് ക്യാബിനറ്റിലൂടെ മാറ്റംകൂടാതെ കടന്നുപോയി എന്ന് ഓര്‍ക്കുമ്പോള്‍ വര്‍ഗീയകക്ഷിയുടെ ശക്തി എത്രമാത്രമുണ്ടെന്ന് ഊഹിക്കാന്‍ കഴിയും. പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസമന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല.

എംഎ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തരബിരുദക്കാര്‍ ധാരാളമുണ്ടെന്നുവച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസവകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്. ഇതൊക്കെ ചൂണ്ടിക്കാണിച്ചുകൂടെന്ന് വന്നിരിക്കുന്നു. ഇതിനിടെ ഞാന്‍ ഈ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വര്‍ഗീയത എന്ന കല്ലാണ് എന്റെ നേരെ എടുത്തെറിയപ്പെട്ടത്. നഗ്നയായി ഒരു സ്ത്രീ നടക്കുമ്പോര്‍ , നഗ്നത മറയ്ക്കാന്‍ മറ്റൊരു സ്ത്രീ തന്റെ രണ്ടാംമുണ്ട് വേണമോ എന്ന് അന്വേഷിച്ചപ്പോള്‍ , "തനിക്ക് നാണമില്ലേ, രണ്ടാംമുണ്ടില്ലാതെ മാറ് കാട്ടി നടക്കാന്‍" എന്നാണ് പൂര്‍ണനഗ്നയുടെ ധീരമായ മറുപടി. ഇവരുടെ വര്‍ഗീയാരോപണം ഇതിന് കിടയായി കിടക്കട്ടെ. വര്‍ഗീയത ചീത്തയാണെന്നെങ്കിലും സമ്മതിച്ചല്ലോ! മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്ലിംലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കുസ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം എടുക്കാന്‍ ചരിത്രത്തിന്റെ മുമ്പില്‍ നിയോഗം ഉള്ള കക്ഷിയാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ- "ചത്ത കുതിര" എന്ന ആ പ്രയോഗത്തെ- "ഓര്‍ക്കുക വല്ലപ്പോഴും"!

@@
സുകുമാര്‍ അഴീക്കോട്

11 July, 2011

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് & സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ

ചോ: എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

ഉ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.
 
ചോ: എന്താണ് ഇവരുടെ പരിപാടി?

ഉ: ഇരുളില്‍ അവര്‍ നായ്ക്കളുടെ ഗളഹസ്തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

ചോ: "പ്രവാചകനിന്ദയ്ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഉ: ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും
.
 
ചോ: ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത്?

ഉ: എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം/അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ചോ: ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്യ്രദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത്?

ഉ: പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്യ്ര ദിനത്തില്‍തന്നെ രാഷ്ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം.
ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം.
രണ്ട്, അയാളുടെ ചേഷ്ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

ചോ: മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ്? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ്?

ഉ: മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.
 
ചോ: എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?
 
ഉ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്ക്കുന്ന തുരപ്പന്‍ പരിപാടി.
രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്.
മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്മയും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല.
നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.

10 July, 2011

വൈകിട്ടെന്താ പരിപാടി...

ഫോണിലൂടെയും ആംഗ്യത്തിലൂടെയും മൗനത്തിലൂടെയും ഓഫീസിലും ബാങ്കിലും ആശുപത്രിയിലും കുടുംബത്തിനുള്ളില്‍ത്തന്നെയും ഈ ചോദ്യം സന്ദേശമായി വ്യാപരിക്കാന്‍ തുടങ്ങിയിട്ട് നാളേറെ യായിരിക്കുന്നു. വൈകിട്ടെന്താ പരിപാടി? വേറെന്താ അടിയോടടി തന്നെ എന്ന് സിനിമകളും നമ്മളോട് പറയുമ്പോള്‍ വൈകുന്നേരമെന്നത് കള്ളുകുടിക്കാനുള്ളതാണെന്ന് കണ്ടീഷന്‍ ചെയ്തു വച്ചിരിക്കുന്ന അവസ്ഥയിലേക്ക് മലയാളി എത്തിച്ചേരുന്നു. ജോലി കഴിഞ്ഞ് വൈകിട്ടാകുമ്പോള്‍ എന്റര്‍ടെയിന്‍ ചെയ്യാന്‍ മറ്റൊന്നുമില്ലാതെ മദ്യത്തിന്റെ മാസ്മരിക ലഹരിയിലേക്ക് നടന്നുപോകുന്ന മലയാളിയുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അത്രമേല്‍ കഠിനമായ ജോലിയാണോ നാമോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലെങ്കില്‍ത്തന്നെ ജോലി ചെയ്തു തളരുന്നതിന്റെ ക്ഷീണം മാറാനുള്ള മരുന്നാണോ മദ്യം? ജോലിഭാരം മദ്യപിക്കുന്നതിന് കാരണമാവുന്നില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ ശുഷ്കമാകുന്ന വൈകുന്നേരങ്ങള്‍ തള്ളി നീക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ല. മദ്യപിച്ചില്ലെങ്കില്‍ വൈകുന്നേരങ്ങള്‍ മരവിച്ചുപോകുമെന്ന അവസ്ഥ. അഞ്ചുമണിക്ക് ഓഫീസില്‍നിന്നിറങ്ങിയാല്‍ അല്ലെങ്കില്‍ പണി കഴിഞ്ഞിറങ്ങിയാല്‍ രാത്രി ഉറങ്ങുംവരെയുള്ള നാലഞ്ചുമണിക്കൂര്‍ ബോറടി മാറ്റാന്‍ വേറെന്തു ചെയ്യും? എത്ര നേരമെന്നും പറഞ്ഞ് ടിവി കാണും? അല്ലെങ്കില്‍ത്തന്നെ അത്രയും നേരം സീരിയലാണ്. കണ്ണീരും കരച്ചിലുമായി വീട്ടുകാരി കണ്ടുകൊള്ളും. പക്ഷേ ആണുങ്ങളെങ്ങനെ ക്ഷമിക്കും? ആ സമയം ഒരു നാലെണ്ണം വീശിയിട്ടാണെങ്കില്‍ ബോറടിയും മാറും രാത്രിയില്‍ സുഖമായി കിടന്നുറങ്ങുകയും ചെയ്യാം. മദ്യപാനം ശീലമാകുന്ന രീതിയെക്കുറിച്ച് മിക്കവാറും പേരുടെ അഭിപ്രായമാണിത്. അപ്പോള്‍ പ്രശ്നം വൈകുന്നേരങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ശുഷ്കമായിരിക്കുന്നു എന്നതാണ്. മുന്‍കാലത്തെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ കൂടുതലും മദ്യപാനശീലത്തിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ മടുപ്പുതന്നെയാണ്. മുമ്പ് വൈകുന്നേരങ്ങള്‍ ഇത്രയേറെ വിരസ മായിരുന്നില്ല. പ്രത്യേകിച്ച് എണ്‍പതുകള്‍വരെയുള്ള സായാഹ്നങ്ങള്‍ . സാംസ്കാരികമായി സമ്പന്ന മായിരുന്ന ആ കാലത്തും മദ്യമുണ്ടായിരുന്നു. മദ്യപന്‍ന്മാരുണ്ടായിരുന്നു. പക്ഷേ ഇത്രയേറെ ചെറുപ്പക്കാര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. വിരലിലെണ്ണാവുന്ന കുറെ കള്ളുകുടിയന്മാര്‍ ഏത് നാട്ടിലുമുണ്ടായിരുന്നു എന്നല്ലാതെ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ജീവിതത്തിന്റെ സമസ്ത മേഖലകളുമായി മദ്യത്തെ ബന്ധിപ്പിക്കുന്ന ദുരവസ്ഥ മുമ്പുണ്ടായിരുന്നില്ല തന്നെ. വ്യത്യസ്തവും പ്രയോജനപ്രദവുമായ അനേകം കാര്യങ്ങളുമായി ആ തലമുറ സാമൂഹികമായി സജീവമായിരുന്നു. പല കാര്യങ്ങളും അവര്‍ക്ക് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം, നാട്ടിലെ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്, ഫുട്ബോള്‍ , വോളിബോള്‍ കളികള്‍ , പാരലല്‍ കോളേജ് സൗഹൃദങ്ങള്‍ , വായനശാലകളുമായി ബന്ധപ്പെട്ട സാഹിത്യ സാംസ്കാരിക പരിപാടികള്‍ , കവിയരങ്ങുകള്‍ അങ്ങനെ പലപല കാര്യങ്ങള്‍ . ജീവിതത്തെ അടുത്തറിയാന്‍ അങ്ങനെ പലതും ആവശ്യമായിരുന്നു അവര്‍ക്ക്. സായാഹ്നങ്ങളില്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്തു. സമൂഹത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ ശ്രമിച്ചു. ഇന്ന് കേരളത്തില്‍ സജീവമായി നില്‍ക്കുന്ന എത്ര ക്ലബുകളുണ്ട്? വിമന്‍സ് ക്ലബുകളുടെയും ലയണ്‍സ് ക്ലബുകളുടെയും കാര്യമല്ല. നാടിന്റെ നാഡീഞരമ്പുകളായി ചോരയോട്ടമുണ്ടായിരുന്ന ആര്‍ട്സ് ക്ലബുകള്‍ കൂമ്പടഞ്ഞു. ഗ്രാമങ്ങള്‍ക്ക് അധികം പ്രയോജനമില്ലാത്ത റഡിഡന്‍സ് അസോസിയേഷനുകള്‍ കുറെ തലയുയര്‍ത്തി. ചെറുപ്പക്കാരെ കര്‍മ്മോത്സുകരാക്കി ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ഇത്തരം അസോസിയേഷനുകള്‍ക്ക് കഴിയാതെ പോയി. വിരസവും ശുഷ്കവുമായി സായാഹ്നങ്ങള്‍ പരുവപ്പെട്ടതിന്റെ ചരിത്രം ഒരു പരിധിവരെ ഇങ്ങനെയാണ്. ഈ നിര്‍വിചാരാവസ്ഥയാകട്ടെ മടുപ്പിനും ആലസ്യത്തിനും കാരണമാവുകയും അതില്‍നിന്ന് രക്ഷനേടാന്‍ മദ്യം ഒരുപാധിയാവുകയും ചെയ്തു. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതായ ഒരു വഴിത്തിരിവല്ല ഇത്. 'എന്ത് മീറ്റിങ്ങായാലെന്താ ആരു പ്രസംഗിച്ചാലെന്താ നീ വരുന്നോ. ഞാന്‍ പോകുവാ. സാബു ഷെയറിടാമെന്ന് പറഞ്ഞിട്ടുണ്ട്' താല്‍പര്യരാഹിത്യം മാനസികവൈകല്യംപോലെ ചെറുപ്പക്കാരെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അരാഷ്ട്രീയവാദമൊക്കെ സൃഷ്ടിച്ച അപകടമാണിത്. ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ലാത്ത അവസ്ഥ. അടിയന്തരമോ മീറ്റിങ്ങോ എന്തോ ആവട്ടെ. വരാം സഹകരിക്കാം. പക്ഷേ കുപ്പിയെടുത്തുതരണം. രണ്ടെണ്ണം വീശിയിട്ടാണേല്‍ ഏത് പാതാളത്തിലും വരാം. വലിയൊരു സാമൂഹികദുരന്തമാണ് ഈ മനോഭാവത്തിന്റെ പരിണിതഫലം. സാമൂഹിക സാംസ്കാരികരംഗത്ത് നില്‍ക്കുന്നവരും ഭരണകര്‍ത്താക്കളുമെല്ലാം ഈ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകണം. പ്രാദേശികഭരണകൂടങ്ങള്‍ ചെറുപ്പക്കാരുടെ സാംസ്കാരിക കൂട്ടായ്മക്കുവേണ്ടി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. ചെറിയ ധനസഹായങ്ങളിലൂടെയാണെങ്കിലും നാട്ടിന്‍പുറത്തെ ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. രാഷ്ട്രീയ സംഘടനകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ സമ്പന്നമാകണം. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന മാനസികാരോഗ്യ രംഗത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. അല്ലാത്തപക്ഷം കേരളം കുടിച്ചുകുഴയും. ലഹരിയുടെ അരാജകത്വത്തിലഴിഞ്ഞാടി ഇവിടുത്തെ യൗവ്വനം കീഴടങ്ങും. അടിമത്ത ത്തിന്റെ ദൗര്‍ബല്യം പേറി നില്‍ക്കുന്ന ഒരു ജനതയായല്ല, എവിടെയും കര്‍മ്മോത്സുകമായി സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തെളിഞ്ഞ, ഉയര്‍ന്ന ശിരസ്സിനവകാശികളായി വേണം മലയാളി ജനത ഉണര്‍ന്നെണീക്കാന്‍ .

@@
എല്‍ ആര്‍ മധുജന്‍

സ്വാശ്രയ വിദ്യാഭ്യാസം: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അഴിയാക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ പരമാവധി കഴുത്തറുപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഷൈലോക്കിയന്‍ മനോഭാവത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ ഭരണനേത്യത്വം മെഡിക്കല്‍ രംഗത്തെ എംബിബിഎസിന്റെ കാര്യത്തിലും പിജി കോഴ്സിന്റെ കാര്യത്തിലും സര്‍ക്കാരിന് സീറ്റുണ്ടോ, ഫീസെത്രയാണ് എന്നൊന്നും ഒരു തിട്ടവും ഇപ്പോഴത്തെ സര്‍ക്കാരിനില്ല. മാനേജ്മെന്റുകളുടെ സീറ്റിന്റെ കാര്യത്തിലും അവരീടാക്കുന്ന ഫീസിന്റെ കാര്യത്തിലുമെല്ലാം സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നത് ഇതേ അജ്ഞതയാണ്. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മാനേജ്മെന്റുകളുടെ ഏകപക്ഷീയ നിലപാടുകള്‍ക്കും ലാഭക്കൊതിക്കും ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു യുഡിഎഫ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. ഏ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേത്യത്വത്തിലുണ്ടായിരുന്ന 200106 ലെ യു ഡി എഫ് ഗവണ്‍മെന്റ് കാട്ടിയ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴും കാണുന്നത്. ആന്റണിയും പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുമാകട്ടെ സ്വാശ്രയ കോളജുകളില്‍ മാനേജ്മെന്റിനും സര്‍ക്കാരിനും 50:50 എന്ന അനുപാതം യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്യാതെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കൊള്ളക്കോഴയും താങ്ങാനാവാത്ത ഫീസും അടിച്ചേല്‍പ്പിച്ച് മാനേജ്മെന്റുകള്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയും ചെയ്തു. ഇങ്ങനെ 'രണ്ട് സ്വാശ്രയ കോളജ് സമം ഒരു ഗവണ്‍മെന്റ് കോളജ്' എന്ന ആന്റണിയുടെ പ്രഖ്യാപനം ഏട്ടിലെ പശുവായി മാറിയ സാഹചര്യത്തിലായിരുന്നു 2006 മെയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. സ്വാശ്രയ വിദ്യാഭ്യാസ നിയമം ആ ഗവണ്‍മെന്റാകട്ടെ, അധികാരമേറ്റയുടന്‍ തന്നെ പരമപ്രാധാന്യം നല്‍കി ഒരു സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു. 2006 മെയ് 18ന് അധികാരമേറ്റ എല്‍ ഡി എഫ് ഗവണ്‍മെന്റിന് ഇച്ഛാശക്തിയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി വെറും ഒന്നര മാസത്തിനുള്ളില്‍ തന്നെ(ജൂണ്‍ 30) നിയമം പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞു. പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സമയബന്ധിതമായിത്തന്നെ നടക്കണമെന്ന നിര്‍ബന്ധം ആ ഗവണ്‍മെന്റിനുണ്ടായിരുന്നതുകൊണ്ട് ജൂണ്‍ 30 ന് രാത്രി രണ്ടു മണിവരെ നീണ്ടുനിന്ന നിയമസഭാ സമ്മേളനത്തിലാണ് നിയമം പാസ്സാക്കിയത്. മെറിറ്റും സാമൂഹ്യനീതിയും കണക്കിലെടുത്തും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും സംവരണതത്വങ്ങള്‍ പാലിച്ചും മാനേജ്മെന്റുകളെ കടിഞ്ഞാണിട്ടും ആയിരുന്നു ആ നിയമത്തിന് രൂപം നല്‍കിയത്. പ്രവേശനം നല്‍കുന്നതും ഫീസ് ഈടാക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ നിയമവിധേയമായും സുതാര്യമായുമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമായിരുന്നു. പിന്നോക്കദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങളും നിയമത്തില്‍ ഉറപ്പാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി 2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാല് കോളേജുകളിലൊഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍(12,500 രൂപ) പ്രവേശനം നല്‍കി. കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഈ കുട്ടികള്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുകയും ചെയ്തു. ഇതിനൊപ്പം സംസ്ഥാനത്തെ 60 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായി. എന്നാല്‍ ലാഭക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകളുടെ ഹര്‍ജികളില്‍ കോടതി ഇടപെടുകയും അവര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നതിനനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയും കോടതിയുടെ പല വിധികളിലൂടെയും അട്ടിമറിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി നിയമം പൂര്‍ണമായ സ്പിരിറ്റില്‍ നടപ്പാക്കാനായില്ല. എങ്കില്‍പ്പോലും സ്വാശ്രയ മാനേജ്മെന്റുകളുമായി ഒറ്റയ്ക്കും കൂട്ടായുമൊക്കെ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുകയും പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് മെറിറ്റും സാമൂഹ്യനീതിയും പരമാവധി ഉറപ്പാക്കുകയും ചെയ്തു. വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ്, ധിക്കാരത്തോടെ സ്വാശ്രയമാനേജ്മെന്റ് പക്ഷേ വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ് വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. തങ്ങള്‍ ആഗ്രഹിക്കുന്ന ഏതുരീതിയിലും പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം നടത്താമെന്നും എത്ര ഉയര്‍ന്ന ഫീസും വാങ്ങാമെന്നും സ്വാശ്രയമാനേജ്മെന്റുകള്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , ത്യശൂരിലെ അമല, ജൂബിലി, തിരുവല്ല പുഷ്പഗിരി എന്നീ കോളജുകള്‍ ധിക്കാരപൂര്‍വം തോന്നിയപോലെ ഫീസ് വാങ്ങി. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദശലക്ഷങ്ങളുടെ കോഴയ്ക്കു പുറമേയാണ് ലക്ഷങ്ങളുടെ ഫീസും നിശ്ചയിച്ചത്. ഇതൊന്നും പോരാഞ്ഞ്, നിയമമനുസരിച്ച് സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം പി ജി സീറ്റിലും ഉയര്‍ന്ന ഫീസും കോഴയും വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും പൊതുസമൂഹവും എന്തു പറഞ്ഞാലും തങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന എന്തും ചെയ്യുമെന്ന് ഓരോ നടപടിയിലൂടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കൊള്ളയ്ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റാകട്ടെ അതിനൊന്നും തയ്യാറാകാതെ കുറ്റകരമായ മൗനംകൊണ്ട് സ്വാശ്രയമാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കുടപിടിക്കുകയും ചെയ്യുന്നു. പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്നാണ്ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് പ്രശ്നം പരിഹരിച്ചതെന്ന് ഓര്‍ക്കണം. പിജി സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, എംബിബിഎസ് പ്രവേശനത്തിലും തങ്ങള്‍ ആഗ്രിക്കുന്ന രീതിയില്‍ത്തന്നെ നടപടികള്‍ കൊണ്ടുപോകുമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും മറ്റ് ബഹുഭൂരിപക്ഷം സ്വാശ്രയമാനേജ്മെന്റുകളും പറയുന്നത്. സംസ്ഥാനത്തെ 11 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 1100 സീറ്റുകളാണുള്ളത്. ഇതില്‍ 50 ശതമാനം (550) സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കേണ്ടതാണ്. ഇതില്‍ നിന്നാണ് പട്ടികജാതിപട്ടികവര്‍ഗക്കാരടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകള്‍ കോടതിയിലടക്കം ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റിലും 3.50 ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ്. അങ്ങനെയാണെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്നാണ്. ഒപ്പം മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റിലേക്ക് പ്രവേശനപരീക്ഷ നടത്താനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോഴ വാങ്ങുന്നതും അതിന്റെ നിരക്കുമൊന്നും പരസ്യപ്പെടുത്താത്തതുകൊണ്ട് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല. ലക്കും ലഗാനുമില്ലാത്ത തലവരി സ്വാശ്രയകോളജുകളുടെ ആരംഭകാലത്ത് 2025 ലക്ഷം രൂപയായിരുന്നു എംബിബിഎസ് പ്രവേശനത്തിന് കോഴയായി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 5060 ലക്ഷം വരെയായിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന കോഴപ്പണത്തിന് സ്വാശ്രയമാനേജ്മെന്റുകള്‍ രസീത് നല്‍കാറുമില്ല. രസീത് നല്‍കാതെ വാങ്ങുന്ന പണമായതുകൊണ്ട് മാനേജ്മെന്റുകള്‍ ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പണം മുഴുവന്‍ കണക്കില്‍പ്പെടാത്ത കള്ളപ്പണമായി മാറുകയാണ് ചെയ്യുന്നത്. 100 സീറ്റുള്ള സ്വാശ്രയകോളജില്‍ 50 സീറ്റില്‍ ഇങ്ങനെ കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമായി മാറുന്ന കോടികള്‍ എത്രയാണെന്ന് ഊഹിച്ചുനോക്കുക. സാധാരണക്കാര്‍ക്കെന്നല്ല, നിയമവിധേയമായ വരുമാനം മാത്രമുള്ളവര്‍ക്കാര്‍ക്കും തന്നെ ഇത്രയും ഭീമമായ തുക കോഴ നല്‍കി മക്കളെ പഠിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഇത്ര വലിയ തുക കണക്കില്‍പ്പെടുത്താതെ നല്‍കി പ്രവേശനം നേടുന്നവരും ഇത് നേരായ മാര്‍ഗത്തില്‍ ഉണ്ടാക്കുന്ന പണമാകാനിടയില്ല. ചുരുക്കത്തില്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലെയും പണമിടപാടുകളില്‍ മാറിമറിയുന്നത് കള്ളപ്പണത്തിന്റെ മടിശ്ശീലകളാണ്. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോഴൊന്നും ഈ കള്ളപ്പണത്തിന്റെ സൈ്വര്യവിഹാരം ചര്‍ച്ചകളില്‍പ്പോലും വരാറില്ലെന്നതാണ് സത്യം. മാനേജ്മെന്റ് ക്വാട്ടയില്‍ ഇങ്ങനെ പ്രവേശനം തരപ്പെടുത്തുന്നവരുടെയും ഇത്തരം മാനേജ്മെന്റുകളുടെയും ധനസ്ഥിതിയെപ്പറ്റി ഗൗരവതരമായ അന്വേഷണം ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്താന്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. പൊരുത്തമില്ലാത്ത ഫീസ് നിര്‍ദേശം അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കുന്നതിന് മാനേജ്മെന്റ് അസോസിയേഷനുകള്‍ വയ്ക്കുന്ന ഉപാധി മുഴുവന്‍ സീറ്റിലും ഒരേ ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ്. എംബിബിഎസിന് അവര്‍ ആവശ്യപ്പെടുന്ന വാര്‍ഷികഫീസാകട്ടെ 3.50 ലക്ഷം രൂപയും. ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥിപോലും പ്രവേശനം ലഭിക്കുന്നത് സ്വാശ്രയകോളജിലാണെങ്കില്‍ ഈ ഉയര്‍ന്ന ഫീസ് നല്‍കണമെന്നു സാരം. ട്യൂഷന്‍ ഫീസായാണ് 3.50 ലക്ഷം രൂപ നല്‍കേണ്ടിവരുന്നതെങ്കിലും ഹോസ്റ്റല്‍ , പുസ്തകം, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ചെലവാക്കേണ്ടി വരുന്ന പണം കൂടി കണക്കുകൂട്ടടുമ്പോള്‍ മൂന്നര ലക്ഷമെന്നത് നാലരയോ അഞ്ചോ ലക്ഷമായി ഉയര്‍ന്നെന്നു വരും. കല്‍പ്പിത സര്‍വകലാശാലാ പദവിയുള്ള അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാകട്ടെ 5.50 ലക്ഷമാണ് ഫീസ്. അതായത് പ്രതിമാസം ശരാശരി 35,00040,000 രൂപയെങ്കിലും മുടക്കിയാലേ ഏറ്റവും മിടുക്കനായ കുട്ടിക്കുപോലും സ്വാശ്രയമെഡിക്കല്‍കോളജില്‍ പഠിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. സ്വന്തം മക്കളെ മാസം 40,000 രൂപകണ്ട് ചെലവഴിച്ച് പഠിപ്പിക്കാന്‍ കഴിയുന്ന എത്ര മാതാപിതാക്കള്‍ കേരളത്തിലുണ്ടാകും? ചുരുക്കത്തില്‍ ഈ ഫീസ് അനുവദിക്കപ്പെട്ടാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്ന് സാധാരണക്കാരുടെ മക്കള്‍ പൂര്‍ണമായി ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. എന്നുമാത്രമല്ല, അവിടം സമൂഹത്തിലെ ചെറുന്യൂനപക്ഷം വരുന്ന അതിസമ്പന്നര്‍ക്കു മാത്രമായി തീറെഴുതി കൊടുക്കുന്ന അവസ്ഥയും സംജാതമാകും. ഇത് വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിന്റെയും ഗുണവശങ്ങളെയാകെ അപഹരിക്കുകയും ചെയ്യും. പ്രവേശന പരീക്ഷയും അട്ടിമറിക്കപ്പെടുന്നു യാഥാര്‍ത്ഥ്യബോധമില്ലാത്ത കോഴയും ഫീസും വാങ്ങി ഉന്നതവിദ്യാഭ്യാസമേഖല ലാഭക്കൊയ്ത്തിനുള്ള അരങ്ങാക്കി മാറ്റുമ്പോഴും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കഴിയാതിരുന്ന കാര്യം സ്വന്തമായി പ്രവേശനപരീക്ഷ നടത്തുകയെന്നതായിരുന്നു. ഏറ്റവും പുതിയ സുപ്രീംകോടതി വിധിയിലൂടെ അവര്‍ക്ക്് ഇഷ്ടംപോലെ പ്രവേശന പരീക്ഷ നടത്താന്‍ കഴിയുന്ന അവസരം കൈവന്നിരിക്കുകയാണ്. മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റില്‍ അവര്‍ക്കു തന്നെ പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്നര്‍ത്ഥം. ഈ 50 ശതമാനം സീറ്റിലും കോഴപ്പണത്തിന്റെ കനം നോക്കിയാണ് പ്രവേശനം നടത്തുന്നതെന്നിരിക്കെ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. 2001ലെ ആന്റണി ഗവണ്‍മെന്റിന്റെ കാലത്ത് പൊതുപ്രവേശന പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെ മാത്രം മാര്‍ക്ക് വാങ്ങിയ കുട്ടിയെപ്പോലും 40 ലക്ഷത്തിന്റെ കോഴയുടെ പിന്‍ബലത്തില്‍ തിരുവല്ല പുഷ്പഗിരി കോളജില്‍ പ്രവേശനം നല്‍കിയതു സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നതാണ്. ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ യോഗ്യതാമാര്‍ക്കില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായി സി എ ജി തന്നെ കണ്ടെത്തിയതായി വന്ന വാര്‍ത്ത ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. അതായത് നാടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ചുമതലപ്പെട്ട പ്രൊഫഷണല്‍ മേഖല കാശിന്റെ തിണ്ണമിടുക്കു മാത്രം കൈമുതലായ മണ്ടന്മാരെക്കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. ചുരുക്കത്തില്‍ നാടിന്റെ ഭാവി തലമുറയോടുതന്നെ ചെയ്യുന്ന മഹാഅപരാധമായി ഇത് മാറാന്‍ പോവുകയാണ്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം മുദ്രാവാക്യങ്ങള്‍ കാറ്റില്‍ പറത്തുന്നു ഒരു നീതിബോധവുമില്ലാത്ത തരത്തില്‍ കോഴയും ഫീസും വാങ്ങുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ സത്യത്തില്‍ അവരുടെ തന്നെ പ്രഖ്യാപിത മുദ്രാവാക്യങ്ങളും നിലപാടുകളുമാണ് മറക്കുകയും മറയ്ക്കുകയും ചെയ്യുന്നത്. കൗണ്‍സിലിന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടതാണ്. ഇവരെല്ലാവരും കത്തോലിക്കാ ബിഷപ്പുമാരുടെ അഖിലേന്ത്യാ സംഘടനയായ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ)യുടെ കീഴിലുള്ളവരുമാണ്. രാജ്യത്തെ 212 ബിഷപ്പുമാരുള്‍പ്പെടുന്ന സി ബി സി ഐയില്‍ അംഗങ്ങളാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്ന കേരളത്തിലെ 29 ഇടവകകള്‍ . ഇവരെല്ലാവരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു അഖിലേന്ത്യാ കത്തോലിക്കാ വിദ്യാഭ്യാസ നയമുണ്ട്. 2006 ഏപ്രിലില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സി ബി സി ഐ ജനറല്‍ബോഡി യോഗത്തില്‍ രൂപം നല്‍കിയ ഈ നയം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സി ബി സി ഐ യുടെ സ്റ്റാന്റിങ് കമ്മിറ്റി 2007 ഏപ്രിലില്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഇതനുസരിച്ചായിരിക്കണം സി ബി സി ഐ യുടെ കീഴിലുള്ള ഓരോ വിദ്യാഭ്യാസ സ്ഥാപനവും നടപടികള്‍ നീക്കേണ്ടതെന്ന് നയരേഖയുടെ ആമുഖത്തില്‍ അന്നത്തെ പ്രസിഡന്റും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ടോപ്പോ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഈ നയത്തിന്റെ പൂര്‍ണമായ രൂപം സി ബി സി ഐ യുടെ സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്്. ഈ വിദ്യാഭ്യാസനയത്തിന്റെ തലവാചകം 'കത്തോലിക്കാ വിദ്യാഭ്യാസവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ സഭയുടെ ഉത്കണ്ഠയും' എന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ദളിതരടക്കമുള്ള പാവപ്പെട്ടവര്‍ക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും പറയുന്നുണ്ട്. മാനേജ്മെന്റ് നയം എന്ന പേരിലുള്ള അധ്യായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ സമാഹരണം നടത്തുന്നത് ധാര്‍മികമായ മാര്‍ഗങ്ങളിലൂടെയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസനയത്തിന്റെ എട്ടാം അധ്യായത്തിന്റെ മൂന്നാം ഖണ്ഡികയില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം പറയുന്നുണ്ട്: 'വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. വിശേഷിച്ച്, ഞങ്ങള്‍ തലവരിപ്പണം വാങ്ങില്ല.' ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് നേത്യത്വം കൊടുക്കുന്ന അഭിവന്ദ്യരായ ബിഷപ്പുമാരടക്കം തുല്യം ചാര്‍ത്തി പ്രഖ്യാപിച്ച നയരേഖയിലെ പ്രസക്തഭാഗങ്ങളാണ് മേലുദ്ധരിച്ചത്. നയരേഖയിലെ വചനങ്ങള്‍ ഇങ്ങനെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുമ്പോഴും ബിഷപ്പുതിരുമേനിമാരുടെ കോളജുകളില്‍ നടമാടുന്ന കോഴയും കൊള്ളഫീസുമടക്കമുള്ള കാര്യങ്ങള്‍ ഏത് പാര്‍ശ്വവല്‍ക്യതര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവര്‍ക്കു തന്നെയാണ്. പോരാട്ടങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വരേണ്യവര്‍ഗക്കാരുടെ കുത്തകയായിരുന്ന വിദ്യാഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവന്റേയും പാവപ്പെട്ടവന്റേയും മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ഒത്തിരി പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. എണ്ണമറ്റയാളുകളുടെ ചോരയും പ്രാണനും അതിനായി ബലി കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. ചിറയിന്‍കീഴില്‍ സവര്‍ണജാതിക്കാരായ കുട്ടികള്‍ മാത്രം പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഈഴവരായ കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നായര്‍ കുട്ടികള്‍ സ്കൂളില്‍ വരാതായ സംഭവം ശ്രീനാരായണഗുരുതന്നെ പറഞ്ഞിട്ടുണ്ട്. ഇതേ സ്കൂളില്‍ ഗുരു തന്നെ മുന്‍കൈയെടുത്ത് പുലയസമുദായത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ത്തപ്പോള്‍ അതുവരെ അവിടെയുണ്ടായിരുന്ന ഈഴവക്കുട്ടികള്‍ പഠനം നിര്‍ത്തി പോയ കഥയും ഗുരു വര്‍ണിക്കുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി അയ്യങ്കാളി സ്വന്തമായി വിദ്യാലയം ആരംഭിച്ച കഥയും കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഇങ്ങനെയുള്ള വിവേചനങ്ങള്‍ ആടിത്തിമിര്‍ത്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഏത് ജാതിയിലും ഏത് സമുദായശ്രേണിയിലും പെട്ടവര്‍ക്ക് തുല്യതയോടെ ഒരേ ബഞ്ചിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കിയത് 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും അത് കൊണ്ടുവന്ന വിദ്യാഭ്യാസ നയവുമാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുകയും സാര്‍വത്രികമാക്കുകയും ചെയ്തുവെന്നു മാത്രമല്ല, എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും പിന്നീട് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും സൗജന്യമാക്കിയത് യഥാക്രമം '57ലെയും '67 ലെയും ഇ എം എസ് ഗവണ്‍മെന്റുകളുമായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേഖലകളില്‍ വളര്‍ന്നുവന്ന പോരാട്ടങ്ങളും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ പുരോഗതിയുമൊക്കെ കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന് വെളിയില്‍പ്പോലും രോമാഞ്ചത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഇതെല്ലാം വീണ്ടും അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ വരേണ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കും വരേണ്യവര്‍ഗ അഭിരുചികള്‍ക്കും മേഞ്ഞുനടക്കാനുള്ള വേദിയാക്കി മാറ്റുകയാണ് ഷൈലക്കിയന്‍ ചിന്ത ഹ്യദയത്തില്‍ കുടിയിരുത്തുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് എല്ലാവിധ ഒത്താശകളും ചെയ്യുന്ന യു ഡി എഫ് ഗവണ്‍മെന്റും വാരിപ്പുണരുന്നു എന്നതാണ് സ്വാശ്രയമേഖലയിലെ നീതികേടു കളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടത്.
@@
കെ വി സുധാകരന്‍

27 June, 2011

വിദ്യാഭ്യാസം വ്യാപാരികള്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ല

ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഉടന്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് എന്തായിരിക്കും സമീപനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ നടപ്പാക്കി വരുന്ന നവ ലിബറല്‍ നയങ്ങള്‍ എത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രിയുടെയും മുഖ്യമ്രന്ത്രിയുടെയും പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്്. പൊതുവിദ്യാഭ്യാസം നടത്തിക്കൊണ്ടുപോകാന്‍ പൊതുഖജനാവിനെ മാത്രം ആശ്രയിച്ച് കഴിയില്ലെന്നും കോര്‍പ്പറേറ്റുകളെയും സ്വകാര്യസംരംഭകരെയും പ്രോത്സാഹിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പ്രഖ്യാപനം നടപ്പാക്കാനുള്ള തീരുമാനങ്ങള്‍ ധ്രുതഗതിയില്‍ എടുക്കുകയും ചെയ്തു. ഇതിന്റെ ആദ്യപടിയാണ് സംസ്ഥാനത്ത് സി.ബി.എസ്.ഇ സ്കീമില്‍ സ്കൂളുകള്‍ തുടങ്ങാന്‍ എന്‍ .ഒ.സി നല്‍കാനുള്ള തീരുമാനം. ഈ തീരുമാനം വന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന പരസ്യം പ്രശ്നത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. എററോണ്‍ എഡുക്കേഷണല്‍ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാനത്തെ 34 കേന്ദ്രങ്ങളില്‍ സി.ബി.എസ്.ഇ സ്കൂളുകള്‍ തുടങ്ങാന്‍ ഭൂ ഉടമകളെ ക്ഷണിച്ചുകൊണ്ടുള്ള പത്രപ്പരസ്യം ഒരു പ്രമുഖ പത്രത്തില്‍ ജൂണ്‍ 11 ന് നല്‍കിയിട്ടുണ്ട്. സാധാരണഗതിയില്‍ പെട്രോള്‍ ബങ്കുകള്‍ തുടങ്ങാനാണ് ഈ വിധമുള്ള പരസ്യങ്ങള്‍ കാണാറ് പതിവ്. വിദ്യാഭ്യാസത്തെ മറ്റേതൊരു ചരക്കിനെയും പോലെ ഒരു ചരക്കാക്കി മാറ്റാന്‍ കച്ചവടശക്തികള്‍ എന്നും ശ്രമിച്ചുപോന്നിരുന്നു. മാറിയ സാഹചര്യത്തില്‍ അവര്‍ക്ക് എത്രമാത്രം സ്വാധീനം വിദ്യാഭ്യാസരംഗത്തെ നയരൂപീകരണ സംവിധാനങ്ങളില്‍ ചെലുത്താന്‍ കഴിയുമെന്നതിന്റെ പ്രത്യേകം ഉദാഹരണങ്ങളാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. കൂടാതെ സ്വകാര്യ  പൊതു സംരംഭങ്ങള്‍ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ പല കോര്‍പ്പറേറ്റുകളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു എന്നും കേള്‍ക്കുന്നു. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മധ്യവര്‍ഗ്ഗ സമൂഹം എന്ത് പ്രതിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് കച്ചവടതാല്പര്യത്തിന് പിറകെ വിദ്യാഭ്യാസകാര്യങ്ങളില്‍ അണിനിരക്കുമെന്ന് കച്ചവടശക്തികള്‍ കണക്കുകൂട്ടുന്നു. അവര്‍ക്ക് ഈ വിധത്തില്‍ കണക്കുകൂട്ടുന്നതിന് സഹായകമായ പ്രവണതകള്‍ കേരള സമൂഹത്തില്‍ കാണുന്നുമുണ്ട് എന്നതും ഒരു വസ്തുതയാണ്. എല്ലാവര്‍ക്കും സാധിതമായ തരത്തില്‍ എങ്ങനെ കേരളീയവിദ്യാഭ്യാസം മാറി എന്നത് വീണ്ടും വീണ്ടും നോക്കിക്കൊണ്ടുമാത്രമേ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് കൊണ്ട് പ്രസ്തുതശ്രമത്തിന്റെ ഭാഗമായി മാറാന്‍ കഴിയൂ. പ്രതിശീര്‍ഷവരുമാനത്തില്‍ പിന്നിലായിട്ടും ലോകത്തിലെ വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിതഗുണതാ സൂചകങ്ങള്‍ നേടിയെടുത്ത കേരളത്തിന്റെ വികസനാനുഭവങ്ങള്‍ ലോകതലത്തില്‍ തന്നെ സംവദിക്കപ്പെടുകയും ആഴത്തിലുള്ള പഠനത്തിന് വിധേയമാകുകയും ചെയ്യപ്പെടുന്നു. ഇതിന്റെ അടിസ്ഥാനകാരണമായി എല്ലാവരും നിരീക്ഷിക്കുന്ന ഒന്നാണ് കേരളത്തിലെ അതിശക്തമായ പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യസംവിധാനവും. ചൂഷണത്തിനെതിരായ വൈവിധ്യമാര്‍ന്ന പോരാട്ടങ്ങളുടെ നീക്കിബാക്കിയാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസശൃംഖല എന്ന് കേരളീയ വികസന ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാകുന്ന കാര്യമാണ്. കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പുതന്നെ പ്രാഥമിക വിദ്യാലയങ്ങളുടെ ശക്തമായ ശൃംഖല സംസ്ഥാനത്ത് വളര്‍ന്നിരുന്നു. സ്വകാര്യവ്യക്തികളും, സംഘടനകളും പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതില്‍ അതിനിര്‍ണ്ണായക പങ്കുവഹിച്ചു. ഇങ്ങനെ വികസിച്ചുവന്ന വിദ്യാഭ്യാസ സംവിധാനങ്ങളില്‍ പ്രകടമായി വന്ന ദൗര്‍ബല്യങ്ങള്‍ അഭിമുഖീകരിക്കാനും സാമൂഹിക നിയന്ത്രണം ഉറപ്പാക്കാനും സഹായകമായതായിരുന്നു 1957 ല്‍ ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായി വന്ന പ്രൊഫ. മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസബില്ല്.സ്വകാര്യ താല്പര്യങ്ങള്‍ക്ക് എത്രമാത്രം ശക്തമായി കേരളത്തെ സ്വാധീനിക്കാന്‍ കഴിയുമെന്ന് അനന്തരസംഭവവികാസങ്ങള്‍ തെളിയിച്ചു. എന്നിരുന്നാലും വിദ്യാഭ്യാസരംഗത്ത് അതിശക്തമായ സാമൂഹികനിയന്ത്രണം കൊണ്ടുവന്നതിന് അടിത്തറയായത് പ്രസ്തുത വിദ്യാഭ്യാസബില്ല് തന്നെയാണ് എന്ന് കാണാം. അന്നു വരെ പലവിധ ചൂഷണങ്ങളുടെയും കേന്ദ്രമായ വിദ്യാലയങ്ങളുടെ സ്വഭാവത്തില്‍ തന്നെ മാറ്റങ്ങള്‍ വന്നു. പൊതുകാര്യത്തിനായി സ്വകാര്യനിക്ഷേപത്തെ സമൂഹത്തിന്റെ നിയന്ത്രണത്തോടെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് നല്ല ഉദാഹരമാണ് സംസ്ഥാനത്തെ വിദ്യാഭ്യാസസംവിധാനം. കേരളസംസ്ഥാന രൂപീകരണത്തിന് ശേഷം സെക്കന്ററി, ഹയര്‍സെക്കന്ററി മേഖലകളില്‍ വ്യാപനമുണ്ടായി. സ്വകാര്യസംരംഭകരും ഈ വ്യാപനത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. അധ്യാപക നിയമനത്തിലും മറ്റും അനഭിലഷണീയമായ ചില പ്രവണതകള്‍ കാണുന്നു എന്നതൊഴിച്ചാല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളെയും വേര്‍തിരിച്ചു കാണാന്‍ സംസ്ഥാനത്തിന് കഴിയുമായിരുന്നില്ല. കുട്ടികള്‍ക്ക് പഠിക്കാന്‍ എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ എന്ന വേര്‍തിരിവ് ഒന്നും പ്രകടമല്ല. (ഭിന്ന സ്വഭാവമുള്ള അപൂര്‍വ്വം എയ്ഡഡ് വിദ്യാലയങ്ങളെ കാണാതെയല്ല ഇത് സൂചിപ്പിക്കുന്നത്). പൊതുവിദ്യാഭ്യാസ വ്യാപനത്തില്‍ സര്‍ക്കാര്‍ മേഖലയെ എന്നും ശക്തിപ്പെടുത്താനുള്ള നയങ്ങള്‍ ഇടതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ് എന്ന് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. വലതുപക്ഷശക്തികള്‍ പലവിധസ്വാധീനങ്ങള്‍ക്കും വിധേയമായി എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. എന്നാല്‍ അണ്‍  എയ്ഡഡ് മേഖലയെ എന്നും പ്രോത്സാഹിപ്പിച്ചിരുന്നത് വലതുപക്ഷശക്തികള്‍ അധികാരത്തില്‍ വന്ന ഘട്ടത്തിലാണ്. വിദ്യാഭ്യാസവ്യാപനത്തില്‍ എങ്ങനെയാണ് ഇടതുപക്ഷം ഇടപെട്ടത് എന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും. 200611 കാലഘട്ടത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഹയര്‍സെക്കന്ററി വ്യാപനത്തിന് വളരെ പ്രാധാന്യം നല്‍കി. 2008 ല്‍ 32 സര്‍ക്കാര്‍ ഹൈസ്ക്കൂളുകള്‍ ഹയര്‍സെക്കന്ററിയാക്കി. കൂടാതെ 294 അധിക ബാച്ചുകള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ തുടങ്ങി. കൂടാതെ 13 ഹൈസ്കൂളുകളെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയാക്കി മാറ്റി. കൂടാതെ 100 അധികബാച്ചുകള്‍ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ ആരംഭിച്ചു. 2010 ല്‍ 24 സര്‍ക്കാര്‍ ഹൈസ്കുളും 153 എയ്ഡഡ് ഹൈസ്കൂളുകളുമടക്കം 177 സ്കൂളുകളെ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തി. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴിലുള്ള മുഴുവന്‍ മോഡല്‍ റസിഡന്‍ഷ്യല്‍ , ഏകലവ്യ, ആശ്രമം സ്കൂളുകളെ 12ാം ക്ലാസ്സ് സ്കൂളുകളാക്കി മാറ്റി. 14 സ്കൂളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. യു.ഡി.എഫ് ഭരണത്തിന്റെ വിവിധഘട്ടങ്ങളില്‍ അനുവദിച്ച അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറെയും അനുവദിച്ചത് 1990 കളില്‍ ആരംഭിച്ച ആഗോളവത്കരണ നയങ്ങളുടെ ഭാഗമായാണ്. 1991-1996 കാലഘട്ടത്തില്‍ 182 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും 2001-2006 കാലഘട്ടത്തില്‍ 356 അണ്‍ എയ്ഡഡ് വിദ്യായങ്ങളും ആണ് അനുവദിച്ചത്. ഈ നയങ്ങളുടെ തുടര്‍ച്ചയായാണ് വീണ്ടും അധികാരത്തില്‍ വന്നയുടന്‍ സമയം ഒട്ടും തന്നെ പാഴാക്കാതെ വിദ്യാഭ്യാസത്തെ അതും പൊതുവിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനുള്ള പ്രവര്‍ത്തനപരിപാടി പ്രഖ്യാപിച്ച് നടപ്പാക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോകുന്ന ഘട്ടത്തില്‍ ദേശീയാടിസ്ഥാനത്തില്‍ യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളും മറ്റും പരിഗണിക്കപ്പെടുന്നുപോലുമില്ല എന്നതാണ് ഏറ്റവും കൗതുകകരം. 2010 ഏപ്രില്‍ മുതല്‍ നടപ്പാക്കപ്പെട്ട വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പേര് തന്നെ &ഹറൂൗീ;'സൗജന്യവും സാര്‍വ്വത്രികവുമായ വിദ്യാഭ്യാസത്തിനായുള്ള നിയമം' എന്നാണ്. ഇപ്പോള്‍ കേരളത്തില്‍ അനുവാദം നല്‍കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുമോ? ദേശിയാടിസ്ഥാനത്തില്‍ ജനപ്രിയമായ നിയമങ്ങള്‍ പ്രചരണപരതയ്ക്കായി കൊണ്ടു വരിക. സംസ്ഥാനത്ത് പണമുള്ളവന് പഠിക്കാന്‍ സഹായകമാകുംവിധം ഫീസ് നല്‍കേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, അതും സൗജന്യമായി പഠിക്കാന്‍ കഴിയുന്ന പൊതുവിദ്യാലയങ്ങളെ ഇല്ലാതാക്കിക്കൊണ്ട്. ഇതിലെ വൈരുദ്ധ്യം എങ്ങിനെയാണ് വിശദീകരിക്കാന്‍ കഴിയുക. വിദ്യാഭ്യാസ അവകാശ നിയമം വഴി 6 മുതല്‍ 14 വരെയുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം 'സ്റ്റേറ്റിന്റെ' കടമയാണ്. അയല്‍പക്കങ്ങളില്‍ മൂന്ന് വര്‍ഷത്തിനകം പഠിക്കാന്‍ ആവശ്യമായ വിദ്യാലയങ്ങള്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ ഉണ്ടാക്കണം എന്ന് വിദ്യാഭ്യാസ അവകാശ നിയമം നിഷ്കര്‍ഷിക്കുമ്പോഴാണ് ഈ നിയമം കൊണ്ടുവന്ന ദേശീയ സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടി തന്നെ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാര്‍ വിദ്യാഭ്യാസം എന്നാല്‍ പണം കൊടുത്ത് വാങ്ങേണ്ടുന്ന ഒരു ചരക്കാക്കി മാറ്റുന്നതും. കേരളത്തിലെ മധ്യവര്‍ഗ്ഗ രക്ഷിതാക്കളുടെ പിന്തുണ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നുണ്ടാകും. പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ മത്സരാധിഷ്ഠിത ക്രമത്തിന് അനുയോജ്യമായ പരിശീലനത്തിന് എല്ലാവര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്ത സാമ്പത്തികം എന്ന അരിപ്പ കടന്നു വന്നവര്‍ക്ക് മാത്രം പ്രാപ്യമായ വിദ്യാലയങ്ങള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരുപറ്റം രക്ഷിതാക്കളുണ്ട്. അവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്നുമുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന പൊലിമയില്‍ വിദ്യാഭ്യാസ മനഃശാസ്ത്രമോ, ആധുനിക വിദ്യാഭ്യാസ ചിന്തകളോ, മുന്നോട്ടു വരുന്ന ശാസ്ത്രീയധാരണകള്‍ ഉള്‍ക്കൊള്ളാനോ, ഉള്‍ക്കൊണ്ടാല്‍ തന്നെ പാലിക്കാനോ കഴിയാതെ വരുന്നവരെയാണ് കച്ചവട ശക്തികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ ശാസ്ത്രീയ ധാരണകളെക്കുറിച്ചുള്ള അജ്ഞതയോ, പൊങ്ങച്ചമോ ആണ് മലയാളം പഠിക്കേണ്ടതില്ല എന്നതിലേക്കുവരെ മലയാളിയെ നയിക്കുന്നത്. സാമൂഹികമായുണ്ടാകുന്ന ഇത്തരം ദൗര്‍ബല്യങ്ങളെ നന്നായി പ്രയോജനപ്പെടുത്താന്‍ കച്ചവടശക്തികള്‍ക്കറിയാം. അവര്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ് ഭരണാധികാരികള്‍ . യു.പി.എ സര്‍ക്കാര്‍ മുന്നോട്ടുവച്ച ദേശീയ പാഠ്യപദ്ധതി 2005, സംസ്ഥാന പാഠ്യപദ്ധതികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. മാതൃഭാഷയാകണം കഴിയാവുന്നതും ബോധനമാധ്യമം എന്നതാണ് വിദ്യാഭ്യാസ അവകാശ നിയമം സൂചിപ്പിക്കുന്നത്. ദേശീയ സര്‍ക്കാറിന്റെ ഈ കാഴ്ചപ്പാടിനെയാണ് കച്ചവടശക്തികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുച്ഛിച്ച് തള്ളുന്നത്. ഇനി സി.ബി.എസ്.ഇ. സ്കൂളുകളുടെ അവസ്ഥ തന്നെയെടുക്കാം. ജനസംഖ്യാനുപാതികമായി എടുക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സ്ക്കൂളുകള്‍ കേരളത്തിലാണെന്ന് കാണാം. 16 കോടി ജനങ്ങള്‍ വസിക്കുന്ന ഉത്തര്‍പ്രദേശില്‍ 859 സി.ബി.എസ്.ഇ. സ്കൂളുകള്‍ മാത്രമെയുള്ളൂ. കേരളത്തെക്കാള്‍ ജനസംഖ്യയുള്ള ആന്ധ്രാപ്രദേശില്‍ 262, തമിഴ്നാടില്‍ 214, മധ്യപ്രദേശില്‍ 323, ബീഹാറില്‍ 239, പശ്ചിമ ബംഗാളില്‍ 143, മഹാരാഷ്ട്രയില്‍ 196, കര്‍ണാടകയില്‍ 230 എന്നിങ്ങനെ സ്കൂളുകളുള്ളപ്പോള്‍ 3 കോടി ജനങ്ങള്‍ മാത്രം വസിക്കുന്ന കേരളത്തില്‍ ഇപ്പോള്‍തന്നെ 774 സി.ബി.എസ്.ഇ. സ്കൂളുകള്‍ ഉണ്ട്. കൂടാതെ 100 ഐ.സി.എസ്.ഇ. സ്കൂളുകളും ഉണ്ട്. ജനസംഖ്യാവര്‍ദ്ധനവിലെ പ്രവണതകള്‍ മൂലവും, മറ്റു പല കാരണങ്ങളാലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. 199495 ല്‍ 1.90 ലക്ഷം അധ്യാപകര്‍ ഉണ്ടായിരുന്നു. 200203 ല്‍ അത് 1.76 ലക്ഷം ആയി കുറഞ്ഞു. 200910 ല്‍ 1.72 ലക്ഷം ആയും കുറഞ്ഞു. വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നത് ഡിവിഷനുകള്‍ കുറയാനിടയാക്കുകയും അത് അധ്യാപകരുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഏതാണ്ട് 28000 ലധികം അധ്യാപക തസ്തികകള്‍ ഇല്ലാതായിട്ടുണ്ട്. തൊഴിലിന്റെ കാര്യത്തില്‍ ഏറ്റവും അരക്ഷിതമായ സമൂഹമായി അധ്യാപകര്‍ മാറിക്കൊണ്ടിരിക്കുകയാണ്. അരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട അധ്യാപനം എന്നത് എത്രമാത്രം പ്രതീക്ഷിക്കാന്‍ കഴിയും. വിദ്യാഭ്യാസകാര്യത്തില്‍ സംസ്ഥാനം നേടിയെടുത്ത മുന്‍കൈ നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ട സര്‍ക്കാര്‍ തന്നെയാണ് പൊതുവിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നത് എന്നതാണ് ഏറെ ഖേദകരം. യാതൊരുവിധ അക്കാദമികമായ നീതികരണവും ഇക്കാര്യത്തിനില്ല എന്നതും വ്യക്തമാണ്. ഹയര്‍സെക്കന്ററിവരെയുള്ള വിദ്യാഭ്യാസത്തിന് വികസിതരാജ്യങ്ങളടക്കം പാലിക്കുന്ന വിദ്യാഭ്യാസപരമായ ദര്‍ശനങ്ങളും നിലപാടുകളും ഉണ്ട്. കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കൂടി ഉള്‍ക്കൊണ്ട് മാനവരാശി കണ്ടെത്തിയ സാര്‍വ്വത്രിക അറിവുകളെ കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കാനും അതുവഴി പ്രസ്തുത അറിവുകള്‍ സ്വാംശീകരിക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് സ്കൂള്‍ വിദ്യാഭ്യാസഘട്ടത്തില്‍ ചെയ്യുന്നത്. അതില്‍ നിന്നെല്ലാമുള്ള പിന്നോക്കം പോക്കാണ് കച്ചവടശക്തികള്‍ക്ക് വഴങ്ങിക്കൊണ്ടുള്ള പുതിയ നയത്തിലൂടെ ചെയ്യുന്നത്. ഇതില്‍ ബലികൊടുക്കപ്പെടുന്നത് വിദ്യാഭ്യാസം ആണ്. കേരളം നേടിയെടുത്ത സാര്‍വ്വത്രികവും സൗജന്യവുമായ സ്കൂള്‍ വിദ്യാഭ്യാസം എന്ന പൊതുകാഴ്ചപ്പാടില്‍ നിന്നും പിന്‍തിരിഞ്ഞ് നടക്കണമോ എന്ന് ഉറക്കെ ചോദിക്കേണ്ട ഘട്ടമാണിത്. വേണ്ട എന്നാണ് ഉത്തരമെങ്കില്‍ അതിനാവശ്യമായ സാമൂഹിക അന്തരീക്ഷവും സാമൂഹിക സമ്മര്‍ദ്ദവും കേരളീയ സമൂഹത്തില്‍ വളര്‍ന്നു വരണം. അതിനാവശ്യമായ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും കാഹളം സംസ്ഥാനത്ത് ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. ഈ പ്രത്യാശ കേവലമായുണ്ടാകുന്നതല്ല കേരളീയ സമൂഹവികാസചരിത്രം നല്‍കുന്ന പാഠങ്ങളില്‍ നിന്ന് ഉണ്ടാകുന്നതാണ്.
@@

സി. രാമകൃഷ്ണന്‍

26 June, 2011

എന്‍ഡോസള്‍ഫാന്‍ എന്തുകൊണ്ട് സമരം തുടരണം?

2011 ഏപ്രില്‍ 25 മുതല്‍ 29 വരെ ജനീവയില്‍ നടന്ന 'സ്റ്റോക് ഹോം കണ്‍വന്‍ഷന്‍' ലോകത്താകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ചിരിക്കയാണല്ലോ. ഈ തീരുമാനത്തിന്റെ അന്തഃസത്ത ചോര്‍ത്തിക്കളയാനും നിരോധനം ഫലത്തില്‍ നടപ്പാക്കാതിരിക്കാനുമുള്ള ശ്രമങ്ങളാണ് ഇന്ത്യാസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജനീവയില്‍ നേടിയെടുത്ത പഴുതുകളിലൂടെ ഇന്ത്യ കീടനാശിനി ലോബിയെ സഹായിക്കാനുള്ള ശ്രമത്തിലാണ്. ഈയൊരു പശ്ചാത്തലത്തില്‍ കൈക്കൊള്ളേണ്ട നിലപാടുകളും പ്രവര്‍ത്തന പരിപാടികളും ഇന്ന് പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്. ഇതിന്റെ ഭാഗമായി, കേരള ശാസ്ത്രസാഹിത്യപരിഷത്ത് 'എന്‍ഡോസള്‍ഫാന്‍ ; പോരാട്ടം അവസാനിക്കുന്നില്ല' എന്ന വിഷയത്തില്‍ ഒരു സെമിനാര്‍ സംഘടിപ്പിക്കുകയും ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന ഒരു ഗ്രന്ഥം ('എന്‍ഡോസള്‍ഫാന്‍ : തുടരേണ്ട സമരം') പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഗ്രന്ഥത്തെ മുന്‍നിര്‍ത്തി പുതിയ സാഹചര്യങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ഈ കുറിപ്പ്. ഗ്രന്ഥത്തിന്റെ ഉള്ളടക്കം ആമുഖമടക്കം പതിനൊന്ന് അധ്യായങ്ങളും നാല് അനുബന്ധങ്ങളും അടങ്ങുന്നതാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കീടനാശിനികളുടെ നിലവിലുള്ള ഉല്‍പ്പാദനരീതി, ഉപയോഗം, കാര്‍ഷികരംഗത്തെ കോര്‍പറേറ്റ് കടന്നാക്രമണം എന്നിവയൊക്കെ സമഗ്രമായി പുനരവലോകനം ചെയ്യണമെന്ന ആഹ്വാനമാണ് ആമുഖമായി നല്‍കിയിരിക്കുന്നത്. രണ്ടാമത്തെ അധ്യായം കീടനാശിനികളുടെ ഉത്ഭവത്തെപ്പറ്റി പ്രതിപാദിക്കുന്നു. രാസായുദ്ധത്തിന്റെ തുടര്‍ച്ചയായാണ് കീടനാശിനികള്‍ കൂടുതലായി പ്രചരിക്കുന്നത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളും അതിലെ രാസായുധ പ്രയോഗങ്ങളും കീടനാശിനി വ്യാപനത്തിലേക്ക് നയിച്ച പശ്ചാത്തലം വ്യക്തമാക്കുന്നു. ഏറെക്കാലം മണ്ണിലും മറ്റ് പ്രതലങ്ങളിലും നശിക്കാതെ സ്ഥായിയായി വിഷം വമിപ്പിക്കുന്ന കീടനാശിനികളെപ്പറ്റിയാണ് പിന്നീട് വിശദീകരിക്കുന്നത്. ഇവയെയാണ് 'സ്ഥായിയായ കാര്‍ബണിക കീടനാശിനി' (ജഛജ) കളായി കണക്കാക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഈ വിഭാഗത്തില്‍ പെട്ടതാണ്. തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ , ഇന്ത്യയിലെ ഉല്‍പ്പാദന ചരിത്രം, അന്തര്‍ദേശീയ തലത്തിലെ ഇടപെടലുകള്‍ എന്നിവയൊക്കെയാണ് തുടര്‍ന്ന് പ്രതിപാദിക്കുന്നത്. കീടനാശിനി ഉപയോഗത്തിലെ അശാസ്ത്രീയതകളും അതുണ്ടാക്കുന്ന ആഘാതങ്ങളും ആണ് പിന്നീട് പറയാന്‍ ശ്രമിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങള്‍ കാസര്‍ക്കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം, അതിന്റെ അനന്തര ദുരന്തങ്ങള്‍ എന്നിവ വിശദമായി പരിശോധിക്കുന്നു. അവിടെ നടന്ന വിവിധ പഠനങ്ങളുടെ നിര്‍ദേശങ്ങള്‍ , കാസര്‍ക്കോട്ടെ സവിശേഷ സാഹചര്യങ്ങള്‍ , ജനീവാ തീരുമാനങ്ങള്‍ക്ക് ശേഷമുള്ള സ്ഥിതിഗതികള്‍ , നിരോധനത്തിന്റെ ഗുണം ലഭിക്കണമെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ ഇനിയും തുടരേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളുടെ വിശദീകരണത്തോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്. ഒടുവിലായി, ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളാണ്. വളരെ പ്രധാനപ്പെട്ട ഏതാനും വസ്തുതകള്‍ ഈ ഗ്രന്ഥത്തിന്റെ അനുബന്ധമായി നല്‍കിയിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ കശുമാവ് തോട്ടങ്ങളുടെ സ്ഥിതിവിവര കണക്കുകള്‍ , ഡോ. മോഹന്‍കുമാറിന്റെ കത്ത്, ശാസ്ത്രസാഹിത്യ പരിഷത്ത് 2001ല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട്, ദുബൈ കമ്മിറ്റി റിപ്പോര്‍ട്ടിന് പരിഷത്തിന്റെ ഭാഗത്തു നിന്നുള്ള വിയോജനക്കുറിപ്പുകള്‍ , പരിഷത്ത് വാര്‍ഷികങ്ങളിലെ പ്രമേയങ്ങള്‍ എന്നിവയാണ് അനുബന്ധങ്ങള്‍ . ഈ രീതിയിലെല്ലാം സമഗ്രവും സമ്പന്നവുമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഈ ഗ്രന്ഥത്തിലൂടെ പരിഷത്ത് ശ്രമിക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ വിവിധ തലങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചവരാണ് ഗ്രന്ഥം തയാറാക്കിയത് എന്നത് അതിന്റെ ആധികാരികത വര്‍ധിപ്പിക്കുന്നു. നിഷ്ഫലമായ നിരോധനം വളരെ ശക്തമായ ജനകീയ പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദങ്ങളിലൂടെയുമാണ് എന്‍ഡോസള്‍ഫാന്റെ ആഗോളനിരോധനം സാധ്യമായത്. (ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു). കാസര്‍കോട്ടും പരിസരത്തും നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങള്‍ , പഠനങ്ങള്‍ , ഗവേഷണങ്ങള്‍ എന്നിവയൊക്കെ പ്രത്യേക പങ്ക് വഹിച്ചു. ഈ ഭാഗത്ത് ഏതാനും മനുഷ്യസ്നേഹികള്‍ ആരംഭിച്ച പഠന/പ്രചാരണ പരിപാടികള്‍ ഘട്ടംഘട്ടമായി ഒരു ജനകീയ പ്രക്ഷോഭമായി വളരുകയായിരുന്നു. പിന്നീട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇടപെടുകയും സമരം കേരള ജനതയുടെ പൊതുവികാരമായി വളരുകയും ചെയ്തു. എന്നാല്‍ , ഇന്ത്യാസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. തകര്‍ന്ന മനുഷ്യജീവിതവും അവരുടെ യാതനകളും ഒരു ഭാഗത്തും കോര്‍പറേറ്റ് കമ്പോള താല്‍പ്പര്യങ്ങള്‍ മറുഭാഗത്തും നിലയുറപ്പിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വിധേയത്വംകൊണ്ടാവാം കോര്‍പറേറ്റ് പക്ഷത്ത് നിലയുറപ്പിക്കുകയായിരുന്നു. അതൊരു നാണംകെട്ട അടിയറവ് കൂടിയായിരുന്നു. 

ജനീവക്ക് ശേഷം ഇന്ത്യാസര്‍ക്കാരിന്റെ കോര്‍പറേറ്റ് വിധേയത്വം ലോകത്തിന്റെ മുന്നില്‍ വെളിവാക്കപ്പെട്ടതും എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട കീടനാശിനിയാണെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് പൊതുവില്‍ അംഗീകരിക്കേണ്ടിവന്നതും ജനീവ സമ്മേളനത്തിന്റെ രണ്ടു സംഭാവനകളാണ്. അതിലപ്പുറം ഒരു നേട്ടവും ഇന്ത്യക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും സ്ഥിരമായി ഉപയോഗിക്കുന്ന അരി, ഗോതമ്പ്, ചോളം, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍ എന്നിവക്കൊന്നും എന്‍ഡോസള്‍ഫാന്‍ നിരോധനം ഇനിയൊരു അഞ്ച് വര്‍ഷത്തേക്ക് (വേണമെങ്കില്‍ പതിനൊന്ന് വര്‍ഷത്തേക്ക്) ബാധകമല്ല. ഇക്കാലയളവില്‍ കീടനാശിനി ലോബിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്നായിരിക്കാം കേന്ദ്രസര്‍ക്കാര്‍ കണക്കാക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ ഇന്ത്യാസര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം ചോദ്യം ചെയ്യേണ്ടവയാണ്. അവ(1) ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലി (കഇങഞ) നെ പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നതും പുതിയ പഠനഫലം ലഭിക്കണമെന്നതുമാണ്. (2) എന്‍ഡോസള്‍ഫാന് ബദല്‍ ഇല്ലെന്നതാണ് (3) അതിന് ചെലവ് കുറവാണെന്നതാണ്. ഐസിഎംആര്‍ ഇത്തരത്തിലുള്ള ഒരു പഠനത്തിന്റെ കാര്യം ആലോചിച്ചിട്ടില്ല എന്ന് അതിന്റെ പംക്തികള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല പഠനം ഇപ്പോള്‍ ആസൂത്രണം ചെയ്താല്‍ തന്നെ പ്രാഥമിക വിവരങ്ങള്‍ ലഭിക്കാന്‍ മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരുമത്രെ. അതേസമയം, കഇങഞ ന്റെ നിയന്ത്രണത്തിലുള്ള അഹമ്മദാബാദിലെ ചകഛഒ നടത്തിയ പഠനത്തില്‍ ദുരന്തകാരണം എന്‍ഡോസള്‍ഫാനാണെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ടുതാനും. 2001ല്‍ കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പഠനവും ഏറ്റവും ഒടുവില്‍ 2011ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് നടത്തിയ പഠനവും ഇതേ ഫലം തന്നെയാണ് നല്‍കുന്നത്. അതിനര്‍ഥം മൂന്ന് ശാസ്ത്രീയ പഠനങ്ങളും വിരല്‍ ചൂണ്ടുന്നത് ഒരേ ദിശയിലേക്ക് തന്നെ ആണെന്നതാണ്. അതാകട്ടെ, എന്‍ഡോസള്‍ഫാന്റെ ദുരുപയോഗത്തിലേക്കാണു താനും. എന്‍ഡോസള്‍ഫാന് ബദല്‍ ഇല്ലെന്നതാണ് രണ്ടാമത്തെ വാദം. ഒരു കീടത്തിന്നെതിരെ ഒരൊറ്റ കീടനാശിനി മാത്രമെ പ്രയോഗിക്കാവൂ എന്നത് നിലവിലുള്ള ശാസ്ത്രീയ നിഗമനങ്ങളെയും ഔദ്യോഗിക 'പാക്കേജ് ഓഫ് പ്രാക്ടീസിന്റേയും' നിരാകരണമാണ്. എത്രയോ കീടനാശിനികള്‍ ഒരു കീടത്തിന്നെതിരെ ശുപാര്‍ശ ചെയ്യുന്നുണ്ട്. അതില്‍ പ്രതികൂല ഫലങ്ങള്‍ ഏറ്റവും കുറഞ്ഞവ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ എന്‍ഡോസള്‍ഫാന്റെ അത്രയും (നശിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്ന, വെള്ളത്തില്‍പോലും ലയിക്കാത്ത) നല്ല കീടനാശിനി വേറെ ഇല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മൂന്നാമത്തേത് ചെലവിന്റെ പ്രശ്നമാണ്. ചെലവ് എന്നത് ഉല്‍പ്പാദനത്തിനുള്ള പ്രത്യക്ഷ ചെലവ് മാത്രമല്ല. സമൂഹത്തിന്റെ, പരിസ്ഥിതിയുടെ, ജനങ്ങളുടെ, ജീവജാലങ്ങളുടെ എല്ലാം ദുരിതവും ദുരന്തവും കൂടി ചേര്‍ന്ന പരോക്ഷമായതും സമൂഹം വഹിക്കുന്നതുമായ എല്ലാ കാര്യങ്ങളും ചെലവിന്റെ കണക്കില്‍ പെടുത്തേണ്ടതാണ്. അതിനാല്‍ ഉല്‍പ്പാദനത്തിനുള്ള പണച്ചെലവിനോടൊപ്പം ദുരിതത്തിന്റെ സാമൂഹ്യചെലവും കൂടി ചേര്‍ന്നതാണ് മൊത്തം ചെലവ്. അങ്ങനെ കണക്കാക്കിയാല്‍ എന്‍ഡോസള്‍ഫാന്‍ ഒരിക്കലും ചെലവ് കുറഞ്ഞ കീടനാശിനി ആകുന്നില്ല. രാഷ്ട്രീയ പ്രശ്നം സര്‍ക്കാരിന്റെ വാദങ്ങളെല്ലാം പ്രത്യക്ഷത്തില്‍തന്നെ കീടനാശിനി ലോബിയെയും കോര്‍പറേറ്റ് മൂലധനത്തെയും സഹായിക്കുന്നവയാണെന്ന് എളുപ്പത്തില്‍ ബോധ്യപ്പെടുന്നതാണ്. ഇത്തരം ദുര്‍വാശിയോടെയുള്ള നിലപാടുകള്‍ ജനങ്ങളെ സഹായിക്കാനുള്ളതല്ല. അതിനാല്‍തന്നെ, ജനങ്ങള്‍ക്ക് സഹായകമായ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ഇവിടെ എന്‍ഡോസള്‍ഫാനെതിരായ സമരം മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. എന്‍ഡോസള്‍ഫാന്റെ ഇന്നത്തെ നിരോധനം കടലാസില്‍ വരാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. മാത്രമല്ല, ചുരുങ്ങിയ കാലത്തിനിടയില്‍ പരമാവധി ലാഭം ഉണ്ടാക്കാനുള്ള രീതിയില്‍ കമ്പനികള്‍ തിരിച്ചടിച്ചേക്കുമെന്നും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ജനകീയ പ്രതിരോധങ്ങള്‍ മാത്രമാണ് പോംവഴി. 

കാസര്‍കോട്ടെ പ്രശ്നത്തില്‍ പിസികെ എന്ന കേരള പ്ലാന്റേഷന്‍ കോര്‍പ്പറേഷനും കൂട്ടുത്തരവാദിത്തമുണ്ട്. ഇരുപത് കൊല്ലക്കാലം ഹെലിക്കോപ്റ്റര്‍ വഴി മുകളില്‍നിന്ന് കീടനാശിനി തളിച്ചുകൊണ്ടിരുന്ന രീതി ഒരുപക്ഷേ, ലോകത്ത് ഒരിടത്തും ഇതുവരെ സംഭവിച്ചിരിക്കാന്‍ സാധ്യത യില്ല. ജീവിതാനുഭവങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, എതിര്‍പ്പുകള്‍ക്കും, ദുരന്തങ്ങള്‍ക്കും, ഒന്നും അവി ടെ സ്ഥാനമുണ്ടായിരുന്നില്ല. എല്ലാറ്റിനേയും നേരിടാനായി പിസികെ നടത്തിയ (പിസികെ എന്നാല്‍ അമൂര്‍ത്തമായ ഒരാശയമല്ല; ചിന്തി ക്കുന്ന ജീവനക്കാരുടെ മൂര്‍ത്തമായ കൂട്ടായ്മയാണ്) ശ്രമങ്ങള്‍ തന്നെയാണ് പ്രധാന പ്രശ്നം. എത്രയോ മീറ്റിങ്ങുകള്‍ നടക്കാതെ പോയിട്ടുണ്ട്. ജീവനുതന്നെ ഭീഷണി ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നിരിക്കുന്നു. അതില്‍നിന്ന് ഒഴിവാകാന്‍ കഴിയില്ല. ഇത്തരം അനുഭവങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ടതല്ലെന്നും അതിനാല്‍ കുറേക്കൂടി വിശാലമായി ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ പ്രശ്നമാണെന്നും സൂചിപ്പിക്കട്ടെ. ഏതാനും പേരുടെ തൊഴിലിന്റെ (തൊഴില്‍ എല്ലാവര്‍ക്കും പ്രധാനമാണ്; അത് സംരക്ഷിക്കുക തന്നെ വേണം) പേരില്‍ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ഉണ്ടാകുന്ന കെടുതികളെ അവഗണിക്കാനാവില്ല. മാവൂരിലും, ആണവനിലയത്തിന്റെ കാര്യത്തിലും സൈലന്റ്വാലി സംരക്ഷണപ്ര്ശനങ്ങളിലും എല്ലാം കേരളത്തില്‍ സംഭവിച്ചത് അതാണ്. പകരം വസ്തുതകളെയും ജീവിതാനുഭവങ്ങളെയും മുന്‍നിര്‍ത്തി തുറന്ന ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ വളരെ മെച്ചപ്പെട്ടേനെ. അതിനു പകരം, പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവരില്‍ തൊഴിലാളി വിരുദ്ധ നിലപാടുകള്‍ ആരോപിക്കുന്ന, സാമ്രാജ്യത്വചാരന്മാരായി മുദ്രകുത്തുന്ന രീതിയാണ് അനുവര്‍ത്തിച്ചത്. മണല്‍ അടക്കമുള്ള പ്രകൃതി വിഭവ ധൂര്‍ത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും അതാണ്. എല്ലാ ദുരന്തങ്ങള്‍ക്കുമൊടുവില്‍ കുറച്ച് പണം ആശ്വാസമായി വിതരണം ചെയ്യുന്നതില്‍ കാര്യമില്ലെന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതേസമയം, രാഷ്ട്രീയപാര്‍ടികളുടെ ഭാഗത്തുനിന്ന്, ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ജനാനുകൂല നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. പരിസ്ഥിതിയും പരിസ്ഥിതിബന്ധിത ദുരന്തങ്ങളും പരിഗണിക്കേണ്ടവയാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു. പരിസ്ഥിതി സംരക്ഷണവും പ്രകൃതിവിഭവ അടിത്തറയെ നിലനിര്‍ത്തലും ഇന്നത്തെ അടിയന്തര പ്രാധാന്യമുള്ള സാമൂഹ്യ ആവശ്യങ്ങള്‍ മാത്രമല്ല; നവലിബറല്‍ കമ്പോളശക്തികള്‍ക്കെതിരായ ഏറ്റുമുട്ടലിന്റെ പ്രധാന രാഷ്ട്രീയ വേദി കൂടിയാണെന്നതും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിനെതിരായ സമരത്തിന്റെ ഭാവി എന്താണ്? അതിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം? ചര്‍ച്ചക്കായി ചില കാര്യങ്ങള്‍കൂടി സൂചിപ്പിക്കുകയാണ്. (1) എന്‍ഡോസള്‍ഫാന്‍ ഇന്നൊരു ദേശീയ പ്രശ്നമാണ്  അതുകൊണ്ട് നിരോധനം എന്ന തീരുമാനം ദേശീയതലത്തില്‍തന്നെ പൂര്‍ണമായി നടപ്പിലാകണം. ഇതിനു വേണ്ട ജനകീയ സമ്മര്‍ദങ്ങള്‍ ശക്തിപ്പെടുത്താന്‍ രാഷ്ട്രീയപാര്‍ടികളും സന്നദ്ധ സംഘടനകളും തൊഴിലാളി സംഘടനകളുമെല്ലാം കൂട്ടായി ശ്രമിക്കണം. (2) കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാകണം കീടനാശിനികളുടെ അശാസ്ത്രീയ ഉപയോഗത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അവരുടെ സംഘടനകള്‍ ഈയൊരു തലത്തിലേക്ക് ഉയര്‍ന്നു പ്രവര്‍ത്തിക്കുകയും വ്യാപകമായ ബോധവല്‍ക്കരണം നടത്തുകയും വേണം. (3) കീടനാശിനിയെന്നാല്‍ നാട്ടില്‍ പറയുന്നതുപോലെ ഒരു മരുന്നല്ല; അത് വിഷമാണ്. അതുകൊണ്ടുതന്നെ വിഷം എന്ന രീതിയില്‍ തന്നെയാവണം കീടനാശിനികള്‍ കൈകാര്യം ചെയ്യുന്നത്. അതിന് എല്ലാ മുന്‍കരുതലുകളും എടുക്കാന്‍ ജനങ്ങളെ പ്രാപ്തമാക്കണം. (4) കാസര്‍കോട്ട് നിലവിലുള്ള രോഗികളുടെ ശാസ്ത്രീയവും സമഗ്രവുമായ പുനരധിവാസം നടക്കണം. ഓരോരുത്തരുടേയും പ്രശ്നങ്ങളെ പ്രത്യേകം പ്രത്യേകം പരിഹരിക്കാന്‍ സഹായിക്കുന്നതാവണം പുനരധിവാസ പരിപാടി. രോഗചികിത്സക്കായി പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാവണം. തൊഴില്‍ നല്‍കുന്നതിനും ആശ്രിതരെ സംരക്ഷിക്കുന്നതിനും പദ്ധതികള്‍ ഉണ്ടാവണം. 

(5) യാതൊരു മുന്‍ഗണനയും പരിഗണനയും ഇല്ലാതെ വളരെ അശ്രദ്ധയോടെയാണ് കീടനാശിനികള്‍ വില്‍ക്കുന്നത്. പച്ചക്കറിക്കും റബ്ബറിനും ഒരേ കീടനാശിനിതന്നെ നല്‍കുന്നു. നമ്മുടെ നാട്ടില്‍ പഞ്ചായത്ത് തലത്തില്‍വരെ കാര്‍ഷിക ബിരുദധാരിയായ കൃഷി ഓഫീസര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പരിശോധനയുടെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തില്‍ മാത്രമേ കീടനാശിനി വില്‍ക്കാനും വാങ്ങാനും പാടുള്ളൂ എന്ന രീതിയില്‍ നിയമനിര്‍മാണം വേണം. വളരെ വിപുലമായൊരു ജനകീയ വിദ്യാഭ്യാസ പരിപാടിയിലൂടെ മാത്രമേ കീടനാശിനി സംബന്ധിച്ച നിലപാടുകള്‍ മാറ്റിയെടുക്കാന്‍ കഴിയൂ. ഇന്നത്തെ ജീവിതശൈലീ രോഗങ്ങള്‍ക്ക് പോലും ഒരു പ്രധാന കാരണം മനുഷ്യശരീരത്തില്‍ അറിഞ്ഞും അറിയാതെയും പ്രവേശിക്കുന്ന കീടനാശികള്‍ ആവാം. കീടനാശിനി കേരളത്തില്‍ തന്നെ ഉല്‍പാദിപ്പിക്കണമെന്നോ, ഉപയോഗിക്കണമെന്നോ ഇല്ല. പ്രത്യക്ഷമായും പരോക്ഷമായും ഇറക്കുമതി ചെയ്യാം. പരിഷത്തിന്റെ പുതിയ ഗ്രന്ഥം കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ഇതിലെ മുഖ്യ പ്രമേയമാണ്. കാസര്‍കോടുകള്‍ ഇനി ആവര്‍ത്തിക്കാതിരിക്കണം. അതിന് എന്‍ഡോസള്‍ഫാന്‍ മാത്രമല്ല; അപകടകാരികളായ കീടനാശിനികളെല്ലാം നിരോധിക്കയും അവയുടെ ഉപയോഗം പൂര്‍ണമായിതന്നെ നടക്കാതിരിക്കുകയും വേണം. ഇതിന് വേണ്ട ജനകീയ സമ്മര്‍ദങ്ങള്‍ രൂപപ്പെട്ടു വരണം. അതിന്നാകട്ടെ വസ്തുതകളുടെ പിന്‍ബലം ഉണ്ടായിരിക്കണം. ആ നിലയ്ക്ക് കേരളത്തില്‍ നടക്കേണ്ടുന്ന വിപുലമായൊരു ജനകീയ വിദ്യാഭ്യാസത്തിന് സഹായകമായ ഒരു ഉപാധിയായി ഈ ഗ്രന്ഥത്തെ കാണാവുന്നതാണ്.
@@

ടി പി കുഞ്ഞിക്കണ്ണന്‍

പെട്രോളിയം വിലക്കയറ്റവും നവലിബറല്‍ ഭാഷ്യങ്ങളും

പെട്രോളിയം ഉല്‍പന്നങ്ങളുടെ ചാക്രികമായ വിലക്കയറ്റത്തിന് പിന്നിലെ കോര്‍പ്പറേറ്റ് മൂലധന താല്‍പര്യങ്ങളെ മറച്ചുപിടിക്കുന്ന നുണപ്രചരണങ്ങളാണ് കൗശിക്ബസുവും കേന്ദ്ര സര്‍ക്കാരും നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിെന്‍റയും ഡീസലിെന്‍റയും പാചകവാതകത്തിെന്‍റ യുമൊക്കെ ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും ഉപഭോഗം നിയന്ത്രിക്കു വാനായി സബ്സിഡികള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് നവലിബറല്‍ വാദികള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിെന്‍റ വിലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യതിയാനങ്ങള്‍ ഇന്ത്യയിലും വിലവര്‍ദ്ധനവിന് കമ്പനികളെ നിര്‍ബന്ധിച്ചു കൊണ്ടിരിക്കുമെന്നാണ് മറ്റൊരു വാദം. എന്നാല്‍ , തങ്ങളുടെ കോര്‍പ്പറേറ്റ് അനുകൂലനയങ്ങളെയും താല്‍പര്യങ്ങളെയും മറച്ചുപിടിക്കുവാനായി എഴുന്നെള്ളിക്കുന്ന ഇത്തരം പ്രചരണങ്ങള്‍ അങ്ങേയറ്റം യുക്തിരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന കാര്യംപോലും നവലിബറലിസത്തിെന്‍റ മത്ത് പിടിച്ച കൗശിക്ബസുവും അലുവാലിയയും ഓര്‍മ്മിക്കുന്നില്ല. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന് ബാരലിന് (160 ലിറ്റര്‍) 147 ഡോളര്‍ വില ഉള്ളപ്പോള്‍ പെട്രോളിന് ഇന്ത്യയില്‍ 40 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ക്രൂഡോയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ബാരലിന് 92 ഡോളറിനും 96 ഡോളറിനുമിടയിലായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. 92 രൂപ ബാരലിന് കണക്കാക്കിയാല്‍ ഇവിടെ ലിറ്ററിന് കമ്പനിയുടെ ലാഭമടക്കം പെട്രോള്‍ 26 രൂപക്ക് വില്‍ക്കാവുന്നതാണ്. എന്നാല്‍ , ഇപ്പോഴത്തെ വര്‍ദ്ധനവനുസരിച്ച് 65 രൂപയിലധികമായിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ എണ്ണ വില നിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ഇത് ഒമ്പതാമത്തെ തവണയാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം ഖനന  ശുദ്ധീകരണ  വിതരണരംഗത്തെ സ്വകാര്യവല്‍ക്കരണനയങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയില്‍ വിലക്കയറ്റത്തിന് കാരണമായത്. തദ്ദേശീയ ഉപഭോഗത്തിനുള്ള എണ്ണയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നത് കൊണ്ട് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില വ്യത്യാസങ്ങള്‍ക്കനുസരിച്ച് അടിക്കടി എണ്ണ വില കൂട്ടേണ്ടി വരുമെന്നാണ് നവലിബറല്‍വാദികള്‍ ആവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഇന്നത്തെ രീതിയില്‍ വിദേശ വിപണിയെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാക്കിയത് ഈ രംഗത്തെ സ്വകാര്യവല്‍ക്കരണ നയങ്ങളാണ്. 

1976ലെ എണ്ണക്കമ്പനി കളുടെ ദേശസാല്‍ക്കരണവും 1948ലെ ഖനനനിയമവും അട്ടിമറിച്ചുകൊണ്ട് ഈ രംഗത്തേക്ക് നാടനും വിദേശിയുമായ സ്വകാര്യ കുത്തകകളെ കടത്തിക്കൊണ്ടുവന്ന കോണ്‍ഗ്രസ്  ബിജെപി സര്‍ക്കാരുകളുടെ ഉദാരവല്‍ക്കരണനയങ്ങളാണ് ഇറക്കുമതിയെ ആശ്രയിച്ച് പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കേണ്ട പരാശ്രിതത്വം തീവ്രമാക്കിയത്. 1980കളില്‍ ഒഎന്‍ജിസി എണ്ണ പര്യവേഷണ, ഖനനരംഗത്തിലും ശുദ്ധീകരണ സാങ്കേതികവിദ്യയിലും വമ്പിച്ച മുന്നേറ്റമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് എണ്ണപര്യവേഷണ പദ്ധതികള്‍ വികസിപ്പിക്കുകയും എണ്ണ പമ്പ് ചെയ്തു എടുക്കാവുന്ന ഘട്ടത്തിലേക്ക് നിരവധി എണ്ണ ഖനന പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഒഎന്‍ജിസിയുടെ ഉടമസ്ഥതയിലുള്ള ഇത്തരം എണ്ണപ്പാടങ്ങള്‍ നാടന്‍  വിദേശ കുത്തകകള്‍ക്ക് ചുളുവിലയ്ക്ക് വില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇറക്കുമതിക്കുപകരം ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതും, ദേശീയമായി ഗവണ്‍മെന്‍റ് ഉടമസ്ഥതയില്‍ പെട്രോളിയം ഖനന  ശുദ്ധീകരണ  വിതരണ ശൃംഖലകള്‍ പടുത്തുയര്‍ത്തുന്നതുമായ നയം ഉപേക്ഷിച്ച്, ഇന്ത്യയുടെ പെട്രോളിയം മേഖല വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ബ്രഹ്മപുത്രാതടത്തിലും കൃഷ്ണ  ഗോദാവരിതടത്തിലും മുംബൈ ഹൈയിലുമുള്ള നൂറുകണക്കിന് എണ്ണ പദ്ധതികള്‍ റിലയന്‍സടക്കമുള്ള കുത്തകകള്‍ക്ക് വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുക്തപന്ന എണ്ണപ്പാടം വെറും 12 കോടി രൂപയ്ക്കാണ് എന്‍റോണ്‍ പോലുള്ള ഒരമേരിക്കന്‍ കുത്തകകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിറ്റത്. 1600 കോടി രൂപ ചെലവഴിച്ച് എണ്ണ പമ്പ് ചെയ്തെടുക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചെടുത്ത മുക്തപന്ന എണ്ണക്കിണറുകള്‍ നക്കാപ്പിച്ചയ്ക്കാണ് അമേരിക്കന്‍ കുത്തക തട്ടിയെടുത്തത്. ആഭ്യന്തര ഉല്‍പാദനത്തെ തകര്‍ത്ത നയങ്ങളാണ് എണ്ണ ആവശ്യത്തിന് പരിപൂര്‍ണ്ണമായി അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്. രാജ്യത്തിനകത്ത് ഖനനം നടത്തുന്ന സ്വകാര്യ എണ്ണകമ്പനികളില്‍നിന്നും അന്താരാഷ്ട്ര വിലയ്ക്ക് തന്നെ ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങിക്കൊള്ളാമെന്നാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയ്ക്കും അന്താരാഷ്ട്ര വില നല്‍കണം! എണ്ണക്കമ്പനികള്‍ക്ക് വില തീരുമാനിക്കുവാന്‍ അധികാരം കൊടുത്തതാണ് തുടര്‍ച്ചയായ വിലക്കയറ്റത്തിന് കാരണമെന്ന് യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ തന്നെ ഇപ്പോള്‍ വിലപിക്കുന്നുണ്ട്. കൊന്നു തിന്നുന്നവര്‍ തന്നെ കണ്ണീരൊഴുക്കുന്നു! 1976ല്‍ ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ (ഇംപോര്‍ട്ട് പാരിറ്റി പ്രൈസിംഗ് സിസ്റ്റം) എടുത്തുകളഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് പ്രൈസിംഗ് സിസ്റ്റം കൊണ്ടുവന്നതാണ്. ഇത് വില നിശ്ചയിക്കുവാനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയ നടപടിയായിരുന്നു. ഐഎംഎഫ്  ലോകബാങ്ക് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കമ്പനികളുടെ കടിഞ്ഞാണില്ലാത്ത കൊള്ളയ്ക്കായി ഇറക്കുമതിക്ക് തുല്യമായ വിലയിടല്‍ പുനഃസ്ഥാപിച്ചുകൊടുത്തിരിക്കുന്നത്. എണ്ണക്കമ്പനികളുടെ സര്‍വ്വതന്ത്ര സ്വതന്ത്രമായ കൊള്ളയ്ക്കുള്ള അനുമതി നല്‍കിയ നയങ്ങളെ മറച്ചുപിടിച്ച് സബ്സിഡി നല്‍കുന്നതാണ് ഉപഭോഗം കൂടാന്‍ കാരണമെന്നും ഉപഭോഗം കൂടിയതാണ് വിലക്കയറ്റത്തിന് കാരണമെന്നും കേന്ദ്ര സര്‍ക്കാരിെന്‍റ പ്രതിനിധികള്‍ പ്രചരിപ്പിക്കുകയാണ്. ലോകബാങ്ക് മേധാവി റോബര്‍ട്ട് സ്വല്ലിക്കും അമേരിക്കന്‍ ഊര്‍ജ്ജകാര്യ സെക്രട്ടറിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണം അന്താരാഷ്ട്ര വിപണിയില്‍ ഊര്‍ജ്ജക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണം ഇന്ത്യക്കാരും ചൈനക്കാരും എണ്ണ ഉപഭോഗം വര്‍ദ്ധിപ്പിച്ചതാണെന്നാണ്. ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമായി ബുഷും കൊണ്ടലീസ റൈസും നേരത്തെ പറഞ്ഞത് ഇന്ത്യക്കാരും ചൈനക്കാരും ഭക്ഷ്യോപഭോഗം കൂട്ടിയതാണെന്നാണല്ലോ. ലോകജനസംഖ്യയുടെ വെറും 5 ശതമാനം വരുന്ന അമേരിക്കയുടെ പെട്രോളിയം ഉപഭോഗം ആഗോള ഉപഭോഗത്തിെന്‍റ 30 ശതമാനത്തിലേറെയാണ്. 

എന്നാല്‍ , ലോകജനസംഖ്യയുടെ 30 ശതമാനം വരുന്ന ഇന്ത്യയുടെ എണ്ണ ഉപഭോഗം ആഗോള ഉപഭോഗത്തിെന്‍റ 5 ശതമാനം മാത്രമാണ്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ്ഓയിലിെന്‍റ വിലക്കയറ്റത്തിന് മുഖ്യ ഉത്തരവാദി പെട്രോളിയം രംഗത്ത് കുത്തക സ്ഥാപിച്ചിരിക്കുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകളാണ്. അന്താരാഷ്ട്രരംഗത്തെ പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് എപ്പോഴും കാരണമായി എണ്ണക്കമ്പനികളും നവലിബറല്‍ പണ്ഡിതന്മാരും ചൂണ്ടിക്കാട്ടാറുള്ളത് എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്ന പ്രതിഭാസത്തെയാണ്. എണ്ണസ്രോതസ്സിെന്‍റ ശേഷി കുറയുന്നുവെന്ന മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ പല എണ്ണ ഉല്‍പാദകരാജ്യങ്ങളും ഉല്‍പാദനം കുറയ്ക്കാറുണ്ട്. എന്നാല്‍ ഒപ്പെക് രാജ്യങ്ങളുടെ പരമാധികാരത്തെയും ദേശീയ താല്‍പര്യങ്ങളെയും കടന്നാക്രമിച്ചുകൊണ്ട് എണ്ണശേഖരങ്ങള്‍ക്കുവേണ്ടിയുള്ള അക്രമാസക്തമായ കടന്നുകയറ്റങ്ങളാണ് അമേരിക്കന്‍ ഭരണകൂടം എക്കാലവും നടത്തിപ്പോന്നത്. മുതലാളിത്ത ഉല്‍പാദനവും ഉപഭോഗവ്യവസ്ഥയും സൃഷ്ടിച്ച ലാഭാര്‍ത്തമായ വികസനമാണ് വിവേചന രഹിതമായ പ്രകൃതി വിഭവങ്ങളുടെയും എണ്ണസ്രോതസ്സുകളുടെയും ചൂഷണത്തിന് ഗതിവേഗം കൂട്ടിയത്. പെട്രോളിയം വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് ലോകബാങ്ക് വിദഗ്ദ്ധര്‍ പറയുന്നത് ഇന്ത്യയും ചൈനയും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നത് മൂലമാണ് ആ രാജ്യങ്ങളില്‍ ഉപഭോഗം കൂടുന്നതെന്നാണ്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികള്‍ ഒഴിവാക്കി വികസ്വര രാജ്യങ്ങളിലെ ഉപഭോഗം കുറയ്ക്കണമെന്നാണ് ലോകബാങ്കും അമേരിക്കന്‍ ഭരണകൂടവും നിരന്തരം ഉപദേശിച്ചുകൊണ്ടിരിക്കുന്നത്. എണ്ണയുടെ ഉല്‍പാദനം അതിെന്‍റ പാരമ്യത്തിലെത്തിയെന്നും വരാന്‍ പോകുന്ന എണ്ണയുടെ ആവശ്യത്തെ നേരിടാന്‍ പറ്റാത്ത പ്രതിസന്ധിയിലാണ് ലോകമെന്നുമാണ് ലോകബാങ്ക് താക്കീത് ചെയ്യുന്നത്. അന്താരാഷ്ട്രരംഗത്തെ എണ്ണ ഉപഭോഗം കൂട്ടിയതും വിലക്കയറ്റം സൃഷ്ടിച്ചതും എണ്ണ ഉല്‍പാദന വിതരണ രംഗത്തെ അന്താരാഷ്ട്ര കുത്തകകളാണ്. ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടാണ് പെട്രോളിയത്തിെന്‍റ ലഭ്യതയിലെ കുറവ് കാണിച്ചുകൊണ്ടും വര്‍ദ്ധിച്ചു വരുന്ന ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടും വിലവര്‍ദ്ധനവ് അനിവാര്യമായൊരു കാര്യമാണെന്ന് സമര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്. ഡിമാന്‍റ് സപ്ലൈ തിയറി അവതരിപ്പിച്ചുകൊണ്ട് വിലക്കയറ്റം അനിവാര്യമാണെന്ന് പറയുന്നവര്‍ വര്‍ത്തമാനകാലത്തെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പിറകിലെ യഥാര്‍ത്ഥ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. സമ്പത്തുല്‍പാദനത്തിെന്‍റയും വിപണനത്തിെന്‍റയും മണ്ഡലങ്ങളിലെ കോര്‍പ്പറേറ്റ് മൂലധനാധിപത്യമാണ് വിലക്കയറ്റത്തിനും ഉല്‍പാദന മാന്ദ്യത്തിനും കാരണമെന്ന സത്യത്തെയാണ് ലോകബാങ്ക് പഠനങ്ങളും നവലിബറല്‍ പണ്ഡിതന്മാരും ഒരേപോലെ മൂടിവെയ്ക്കുന്നത്. 

ആഗോള കോര്‍പ്പറേറ്റ് അധീശത്വത്തെയും ചൂഷണത്തെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് സാമ്രാജ്യത്വമൂലധന വ്യവസ്ഥ അതിെന്‍റ അതിജീവനവും കൊള്ളയും ലോകജനതയ്ക്കുമേല്‍ അടിച്ചേല്‍പിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ വിലക്കയറ്റത്തിെന്‍റ യഥാര്‍ത്ഥ കാരണങ്ങളെയും മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയുടെ നൈസര്‍ഗ്ഗികമായ ദൗര്‍ബല്യങ്ങളെയും മറച്ചുപിടിക്കുന്ന പ്രചരണ വിദ്യകളിലൂടെയാണ് ആഗോള എണ്ണ കുത്തകകള്‍ തങ്ങളുടെ ദുരമൂത്ത ലാഭതാല്‍പര്യങ്ങളുടെ ഫലമായ വിലവര്‍ദ്ധനയെ അനിവാര്യമായൊരു നടപടിയായി വിശേഷിപ്പിക്കുന്നത്. ഇന്ന് ലോകജനതയുടെ ഊര്‍ജ്ജാവശ്യം പരിഹരിക്കുവാന്‍ കഴിയുന്ന രീതിയില്‍ ശാസ്ത്രീയമായ ഊര്‍ജ്ജ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം സാമ്രാജ്യത്വ ഉല്‍പാദന വ്യവസ്ഥയാണ്. കമ്പോളോന്മുഖമായ ഉല്‍പാദനക്രമത്തിെന്‍റ അനിവാര്യമായൊരു സൃഷ്ടിയാണ് ഇന്നത്തെ പ്രതിസന്ധിയും വിലക്കയറ്റവും. മുതലാളിത്തം സൃഷ്ടിച്ച വര്‍ദ്ധിച്ച ആവശ്യങ്ങളെയും ഉപഭോഗാസക്തിയെയുമെല്ലാം മൂന്നാംലോക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി അവസാനിപ്പിച്ചും ഉപഭോഗം കുറച്ചും നേരിടാമെന്ന് വാദിക്കുന്നവര്‍ ആഗോള കോര്‍പ്പറേറ്റ് ആധിപത്യത്തിെന്‍റ ക്രൂരന്മാരായ അഭിഭാഷകരോ മാപ്പുസാക്ഷികളോ മാത്രമാണ്. മുതലാളിത്ത ഉല്‍പാദന വിപണനവ്യവസ്ഥയുടെ അടിസ്ഥാനനിയമം തന്നെ ലഭ്യതയില്‍ കുറവ് കാണിച്ച് ഡിമാന്‍റ് സൃഷ്ടിച്ച് വില ഉയര്‍ത്തുകയും വില വര്‍ദ്ധിപ്പിച്ച് സപ്ലൈ കൂട്ടുകയുമാണ്. ആഗോള പെട്രോളിയം കുത്തകകള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലക്കയറ്റം സൃഷ്ടിച്ച് എണ്ണ വിപണനത്തിലൂടെയുള്ള ഒരാഗോള കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 135,000ത്തിലേറെ ആധുനിക ഉപഭോഗ വസ്തുക്കളുടെ നിര്‍മ്മിതിയിലെ അസംസ്കൃത പദാര്‍ത്ഥവും അടിസ്ഥാന വിഭവവുമാണ് ക്രൂഡ്ഓയില്‍ . അതുകൊണ്ടുതന്നെ എണ്ണ വിലക്കയറ്റം ജീവിതത്തിെന്‍റ സമസ്ത ആവശ്യങ്ങളുടെയും സാധനങ്ങളുടെയും വിലയും ചാര്‍ജ്ജും വര്‍ദ്ധിക്കുന്നതിലേക്കാണ് എത്തിക്കുക. എണ്ണയ്ക്കും ആഗോള സാമ്പത്തികക്രമത്തിനുംമേല്‍ ആധിപത്യമുറപ്പിച്ചിരിക്കുന്ന മുതലാളിത്ത കോര്‍പ്പറേറ്റ് വൃന്ദത്തിെന്‍റ ലാഭമോഹങ്ങളും ചൂഷണ തന്ത്രങ്ങളുമാണ് വിലക്കയറ്റത്തിനും അതിെന്‍റ പരിണതിയായ ജീവിത ദുരന്തങ്ങള്‍ക്കും അടിസ്ഥാനമായിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയെന്നത് ലാഭപ്രചോദിതമായൊരു ഉല്‍പാദന  വിതരണ ക്രമമാണ്. നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ലഭ്യതയില്‍ (ൌുുഹ്യ) കുറവ് കാണിച്ച് ആവശ്യം (റലാമിറ) സൃഷ്ടിച്ച് വില ഉയര്‍ത്തുകയെന്നതാണ് അതിെന്‍റ അടിസ്ഥാനനിയമം തന്നെ. കേം ബ്രിഡ്ജ് എനര്‍ജി റിസര്‍ച്ച് അസോസിയേഷെന്‍റ 2006ലെ ഒരു പഠനം ചൂണ്ടിക്കാട്ടിയത് വരുംവര്‍ഷങ്ങളില്‍ എണ്ണ ഉല്‍പാദനം 15 ദശലക്ഷം ബാരലായി ഉയരുമെന്നാണ്. കഴിഞ്ഞ 125 വര്‍ഷം കൊണ്ട് 1000 കോടി ബാരല്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് വരാന്‍ പോകുന്ന 30 വര്‍ഷംകൊണ്ട് 1000 കോടി ബാരലിെന്‍റ ഉപയോഗം ഉണ്ടാകുമെന്നാണ് ലോകബാങ്ക് വിദഗ്ദ്ധന്മാര്‍ ചൂണ്ടിക്കാട്ടുന്നത്. എണ്ണയുടെ അറിയപ്പെടുന്ന വിഭവശേഖരം (ുൃീ്ലി ൃലലെൃ്ലെ) എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ലഭ്യമായ എണ്ണ സ്രോതസ്സ് എന്നത് മാത്രമല്ല. 1968ല്‍ അമേരിക്കയില്‍ കണ്ടെടുക്കപ്പെട്ട എണ്ണശേഖരം 4000 കോടി ബാരല്‍ ആണത്രേ. ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ പഠനമനുസരിച്ച് യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ 15000 കോടി ബാരല്‍ എണ്ണ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ എണ്ണശേഖരത്തിലും അത് ഖനനം ചെയ്ത് എടുക്കുവാനുള്ള പര്യവേഷണ പരിപാടികളിലും ആധിപത്യമുറപ്പിച്ചിരിക്കുന്ന കോര്‍പ്പറേറ്റ് മൂലധന ശക്തികള്‍ എണ്ണയുടെ ലഭ്യതയില്‍ കുറവ് കാണിച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഡിമാന്‍റ് സൃഷ്ടിച്ച് വില വര്‍ദ്ധിപ്പിക്കുകയാണ്. വിദഗ്ദ്ധാഭിപ്രായമനുസരിച്ച് ലോകത്തില്‍ ഇന്ന് ലഭ്യമായ എണ്ണയെന്നത് അത് കണ്ടെത്തുവാനുള്ള ഉപാധികളെയും ചെലവിനെയും കൂടി ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമായ എണ്ണയുടെ അളവ് കണക്കാക്കുകയെന്ന പ്രയാസകരമായ സാഹചര്യത്തെ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുത്തകകള്‍ കുത്തനെയുള്ള വിലക്കയറ്റം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ആഗോള സമ്പദ്ഘടനയുടെ ജീവരക്തമെന്ന് വിശേഷിപ്പിക്കുന്ന എണ്ണ എന്ന രണ്ടക്ഷരമാണ് സാമ്രാജ്യത്വമൂലധനശക്തികളുടെ സാര്‍വ്വദേശീയ നയത്തെ തന്നെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മുന്‍നിര സാമ്പത്തികശക്തിയായി അമേരിക്ക നിലനില്‍ക്കുന്നത് എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍നിന്നും കുറഞ്ഞ വിലയ്ക്ക് എണ്ണയൂറ്റി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കൂടിയ വിലയ്ക്ക് വിറ്റ് കിട്ടുന്ന വരുമാനത്തിെന്‍റ സമൃദ്ധികൊണ്ടാണ്. ഈ മഹാകൊള്ളയുടെ കഠിനമായ സാഹചര്യത്തെയാണ് നവലിബറല്‍ പണ്ഡിതന്മാര്‍ ഡിമാന്‍റ് സപ്ലൈ തിയറിപോലുള്ള ബൂര്‍ഷ്വാ പൊതുസിദ്ധാന്തങ്ങള്‍ എഴുന്നെള്ളിച്ച് മറച്ചുപിടിക്കുവാന്‍ ശ്രമിക്കുന്നത്. സ്വതന്ത്രവിപണിവാദവും വിലക്കയറ്റവും സ്വതന്ത്രവിപണിയുടെ മൗലികവാദിയായ വക്താവ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിെന്‍റ ചെയര്‍മാനായിരുന്ന അലന്‍ഗ്രീന്‍സ്പാന്‍ 2002ലാരംഭിച്ച സാമ്പത്തിക പ്രതിസന്ധിയെ വിശകലനം ചെയ്തുകൊണ്ട് നടത്തിയ കുറ്റസമ്മതം മന്‍മോഹന്‍സിംഗും അലുവാലിയയും കൗശിക്ബസുവും ബോധപൂര്‍വ്വം അറിഞ്ഞില്ലെന്ന് നടിക്കുകയാണെന്ന് തോന്നുന്നു. വിപണിയെ സ്വതന്ത്രമാക്കുക വഴി വിലക്കയറ്റം തടയാമെന്നും സാമ്പത്തിക സുസ്ഥിരത കൈവരിക്കാമെന്നുമാണ് ഇന്ത്യയിലെ നവലിബറല്‍ വാദികള്‍ പുലമ്പിക്കൊണ്ടിരിക്കുന്നത്. അലന്‍ഗ്രീന്‍സ്പാന്‍ തുറന്നുപറഞ്ഞത് വിപണിയുടെ സ്വയം നിയന്ത്രണക്ഷമതയിലും സേവനോല്‍സുകതയിലും വിശ്വാസമര്‍പ്പിക്കുക വഴി ഞാനൊരു തെറ്റുവരുത്തുകയായിരുന്നുവെന്നാണ്. വിലക്കയറ്റം നിയന്ത്രണക്ഷമമാക്കുവാന്‍ സര്‍ക്കാരിെന്‍റ വിപണി ഇടപെടലുകള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കണമെന്നും ആഗോള റീടെയില്‍ കുത്തകകള്‍ക്ക് ഇന്ത്യയിലെ ചില്ലറ വില്‍പനമേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കണമെന്നുമാണല്ലോ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. മുതലാളിത്ത ചരിത്രത്തിലുടനീളം ആവര്‍ത്തിക്കപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും അതിെന്‍റ ഫലമായ സാമൂഹ്യ ദുരന്തങ്ങളും സ്വതന്ത്രവിപണി വ്യവസ്ഥയെ സംബന്ധിച്ച എല്ലാ വ്യാമോഹങ്ങളും അവസാനിപ്പിക്കുവാന്‍ ബൂര്‍ഷ്വാ ധനശാസ്ത്രജ്ഞരെപോലും നിര്‍ബന്ധിതരാക്കി യിട്ടുണ്ട്. സ്വതന്ത്രവിപണി എന്നത് നവലിബറല്‍ വാദികള്‍ അന്തസ്സാരശൂന്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതുപോലെ നിരുപദ്രവകരവും സ്വയം നിയന്ത്രണക്ഷമതയുള്ളതുമായ ഒരു സംവിധാനമല്ല. മല്‍സരവും സ്വതന്ത്രവിപണി പ്രവര്‍ത്തനവും പൊതുതാല്‍പര്യങ്ങളെ സേവിക്കുന്നതോ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും ഉണ്ടാക്കുന്നതോ അല്ലെന്ന് ചരിത്രം ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്. മഹാനായ മാര്‍ക്സ് നിരീക്ഷിച്ചതുപോലെ സ്വതന്ത്രവിപണി സ്വന്തം സവിശേഷതകളുള്ള ഒരു വ്യത്യസ്ത വ്യവസ്ഥയാണ്. അനിയന്ത്രിതവും സഹജസ്വഭാവം കൊണ്ടുതന്നെ അസ്ഥിരവുമായ ഒന്നാണത്. മുതലാളിത്ത ചരക്കുല്‍പാദന  വിപണന വ്യവസ്ഥയുടെ ആധാരങ്ങളായി വര്‍ത്തിക്കുന്ന സാമ്പത്തിക നിയമങ്ങളുടെ ദൗര്‍ബല്യങ്ങളെയാണ് മാര്‍ക്സ് വിശകലനം ചെയ്തത്. ചാക്രികമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കും തന്മൂലമുണ്ടാകുന്ന തൊഴില്‍നഷ്ടത്തിനും ഉല്‍പാദന ഉപാധികളുടെ വിനാശത്തിനും വിധേയമായൊരു വ്യവസ്ഥ യാണത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നിരീക്ഷിക്കുന്നത്; 'അന്യലോകത്തില്‍നിന്നും താന്‍ വിളിച്ചു വരുത്തിയ അതീതശക്തികളെ നിയന്ത്രിക്കാനാവാതെ നില്‍ക്കുന്ന മന്ത്രവാദിയെപ്പോലെയാണത്' എന്നാണ്. ഈയൊരു പ്രതിസന്ധിയെ ഹിംസാത്മകമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് എപ്പോഴും മുതലാളിത്ത വ്യവസ്ഥ അതിജീവിക്കുവാന്‍ ശ്രമിക്കുന്നത്. 'ബൂര്‍ഷ്വാസി ഈ പ്രതിസന്ധിയെ മറികടക്കുന്നത് എങ്ങനെയാണ്? ഒരുവശത്ത്, ഉല്‍പാദനശക്തികളില്‍ ഒരു പങ്കിനെ നശിപ്പിച്ചുകൊണ്ടും മറുവശത്ത്, പുതിയ വിപണികളെ കീഴ്പ്പെടുത്തിക്കൊണ്ടും പഴയ വിപണികളെ കുറെക്കൂടി ചൂഷണം ചെയ്തുകൊണ്ടുമാണ് മുതലാളിത്തം ഇതിന് ശ്രമിക്കുന്നത്'. (കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ). യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമല്‍സരമെന്നത് എല്ലാറ്റിനും മുകളില്‍ ആധിപത്യം ഉറപ്പിക്കുവാനുള്ള കുത്തകകളുടെ സ്വാതന്ത്ര്യം മാത്രമാണ്. വികാസത്തിെന്‍റയും മാന്ദ്യത്തിെന്‍റയും ഒന്നിടവിട്ട പരമ്പരയിലൂടെ മുതലാളിത്ത വ്യവസ്ഥ കുത്തക വല്‍ക്കരണത്തിലേക്കും അഭൂതപൂര്‍വ്വമായ ദരിദ്ര  ധനിക അന്തരത്തിലേക്കുമാണ് ലോകത്തെ എത്തിക്കുന്നത്. മുതലാളിത്തം സാമ്രാജ്യത്വമായി പരിവര്‍ത്തനപ്പെടുന്നതോടെ മല്‍സരത്തെ ദുര്‍ബലപ്പെടുത്തുകയും സ്വത്തുടമസ്ഥതയില്‍ ഭീതിദമായ തോതിലുള്ള അസമത്വങ്ങള്‍ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. സാമ്പത്തിക വളര്‍ച്ചയുടെ സമൃദ്ധിയില്‍ (കുമിള) ഉല്‍പാദിപ്പിക്കപ്പെടുന്ന സമ്പത്തില്‍ ഒരു ഭാഗം അടിത്തട്ടിലേക്ക് 'കിനിഞ്ഞിറങ്ങു'മെന്നും പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നുമൊക്കെയുള്ള സ്വതന്ത്രവിപണി സിദ്ധാന്തങ്ങള്‍ തീര്‍ത്തും പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. 1955ല്‍ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനും വില നിയന്ത്രിക്കുവാനുമായി നെഹ്റു സര്‍ക്കാര്‍ കൊണ്ടുവന്ന അവശ്യ സാധന നിയന്ത്രണ നിയമം കോണ്‍ഗ്രസ്  ബിജെപി സര്‍ക്കാരുകള്‍ മരവിപ്പിക്കുകയും ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഇത് തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പ്രധാന കാരണവും. ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ളവയുടെ ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ യഥേഷ്ടം സംഭരണം നടത്തുവാന്‍ അവധിവ്യാപാരം നിയമവല്‍കരിച്ചത് എന്‍ഡിഎ സര്‍ക്കാരിെന്‍റ കാലത്താണ്. 1962ലെ ഫോര്‍വേഡ് കോണ്‍ട്രാക്ട് റഗുലേഷന്‍സ് ആക്ട് കരിഞ്ചന്തയെയും പൂഴ്ത്തിവെപ്പിനെയും നിയമവല്‍ക്കരിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്തു. 1980ലെ കരിഞ്ചന്ത നിരോധനനിയമവും മരവിപ്പിച്ചു. അവധിവ്യാപാരവും അതുമൂലമുള്ള ഊഹക്കച്ചവടവുമാണ് അവശ്യസാധന വിലക്കയറ്റം രൂക്ഷമാക്കിയത്. സര്‍ക്കാര്‍ പൊതുസംഭരണ  വിതരണരംഗത്തുനിന്ന് പിന്മാറുന്നതോടെ ഈ രംഗം അവധിവ്യാപാരത്തിെന്‍റ സാധ്യതകള്‍ ഉപയോഗിച്ച് കുത്തകകള്‍ കയ്യടക്കികൊണ്ടിരിക്കുകയാണ്. അവധിവ്യാപാരത്തിെന്‍റ ഭീകരതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കില്‍ അതിനായി ഒഴുക്കുന്ന ഭീമമായ തുകയുടെ കണക്ക് പരിശോധിക്കണം. 2010ല്‍ 78 ലക്ഷം കോടിയുടെ അവധിവ്യാപാരമാണ് ഇന്ത്യയില്‍ നടന്നത്. 2009ല്‍ ഇത് 69 ലക്ഷം കോടിയായിരുന്നു. 2008ല്‍ 46.6 ലക്ഷം കോടിയും. കഴിഞ്ഞ വര്‍ഷത്തില്‍ 57% വര്‍ദ്ധനവാണ് അവധിവ്യാപാരരംഗത്തുണ്ടായത്. അവധിവ്യാപാരത്തിെന്‍റ ഭാഗമായി പച്ചക്കറി വിലവര്‍ദ്ധനവ് 70  73 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഇന്ത്യയിലിപ്പോള്‍ ചില്ലറ വില്‍പനമേഖലയിലേക്ക് കടന്നുവരുന്ന വിദേശ കുത്തകകള്‍ കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ സംഭരിച്ച് ആഗോള സപ്ലൈ ശൃംഖലകളിലേക്ക് കൊടുക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി വാള്‍മാര്‍ട്ട് ഇന്ത്യയില്‍ പല നഗരങ്ങളിലും കേന്ദ്രങ്ങള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. പൊതുസംഭരണ  വിതരണ സംവിധാനങ്ങളെ ദുര്‍ബലമാക്കുന്നതും ഇല്ലാതാക്കുന്നതുമായ കോര്‍പ്പറേറ്റ് അനുകൂല നയങ്ങളാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. ഈ അവസ്ഥയെ കൂടുതല്‍ തീക്ഷ്ണമാക്കുന്ന നയതീരുമാന ങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി അടിച്ചേല്‍പിച്ചു കൊണ്ടിരിക്കുന്നത്.
@@
കെ ടി കുഞ്ഞിക്കണ്ണന്‍

12 June, 2011

അണ്ണാമാരും ബാബാമാരും അഥവാ അരാഷ്ട്രീയത്തിന്റെ രാഷ്ട്രീയം

സ്വാതന്ത്ര്യാനന്തരഘട്ടത്തിലെ ഏറ്റവും ഭീമമായ അഴിമതികളുടെ ഭാരംപേറിയാണ് യുപിഎ ഗവണ്‍മെന്‍റ് മുന്നോട്ടുനീങ്ങുന്നത്. നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും 2 ജി സ്പെക്ട്രം അഴിമതിയുടെ ഭാഗമായി ജയിലിലാണ്. മറ്റു നിരവധി പേര്‍ സംശയത്തിെന്‍റ നിഴലിലാണ്. 2 ജി സ്പെക്ട്രത്തിെന്‍റ നേരിട്ടുള്ള പ്രത്യാഘാതമായി തമിഴ്നാട്ടില്‍ ഡിഎംകെ  കോണ്‍ഗ്രസ് സഖ്യം ഗവണ്‍മെന്‍റില്‍നിന്ന് തുടച്ചെറിയപ്പെട്ടു. കേരളത്തിലും മമതാബാനര്‍ജിയുടെ സഖ്യം വിജയിച്ച പശ്ചിമബംഗാളിലും കോണ്‍ഗ്രസിെന്‍റ നേട്ടങ്ങള്‍ പരിമിതമായിരുന്നു. കോണ്‍ഗ്രസിന് ലഭിക്കുന്ന പൊതുജന പിന്തുണയുടെ ഗ്രാഫ് താഴോട്ടുതന്നെയാണ് എന്നാണ് ഇന്ത്യയൊട്ടുക്കും ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. അഴിമതിക്കെതിരെയുള്ള ജനവികാരം സ്വാഭാവികമാണ്. അഴിമതിയില്‍പെട്ടിട്ടുള്ള സംഖ്യകള്‍ ലക്ഷക്കണണക്കിന് കോടികളാകുമ്പോള്‍ ഉണ്ടാകുന്ന അമ്പരപ്പും മനസ്സിലാക്കാം. 1969 മുതല്‍ ചര്‍ച്ചയിലിരിക്കുന്ന ലോക്പാല്‍ ബില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ മുതല്‍ എല്ലാ നിയമസഭാംഗങ്ങളുടെയും ആസ്തികള്‍ 'സുതാര്യ'മായി പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനവരെയുള്ള അഴിമതി വിരുദ്ധ നിലപാടുകളുടെയെല്ലാം പശ്ചാത്തലം ഇതുതന്നെയാണ്. കേരളത്തിലെ നിരവധി മന്ത്രിമാര്‍ അഴിമതിയുടെ നിഴലിലാകുമ്പോള്‍ ഇത്തരം അഭ്യാസങ്ങളുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നു. ഒരു വ്യത്യാസവും പ്രധാനമാണ്. അഴിമതിവിരുദ്ധ സമരങ്ങളുടെ നേതാക്കന്മാരായി രംഗത്തുവരുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമല്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് അവകാശപ്പെടുന്ന 'സിവില്‍ സമൂഹ' പ്രസ്ഥാനക്കാരാണ്. അവരാണ് ലോക്പാല്‍ ബില്‍ തയ്യാറാക്കാനുള്ള സമിതികളിലും 'ജനപ്രതിനിധി'കളായി സ്ഥാനംപിടിക്കുന്നത്. അണ്ണാഹസാരെയും അരവിന്ദ് കേജരിവാളും ശാന്തിഭൂഷണും ഇവരുടെ പ്രതിനിധികളാണ്. പരസ്യമായി രാഷ്ട്രീയത്തെ തള്ളിപ്പറയുന്ന ഇത്തരം ആളുകള്‍ രാഷ്ട്രീയക്കാരുടെ അഴിമതിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇതിനിടയിലാണ് മറ്റൊരു 'അഴിമതിവിരുദ്ധ'നായി ബാബാ രാംദേവിെന്‍റ അരങ്ങേറ്റം. രാംദേവ് ഹര്യാനയില്‍ ജനിച്ചുവളര്‍ന്ന പിന്നോക്ക സമുദായക്കാരനായ സ്വാമിയാണ്. ഹരിദ്വാറില്‍ ആശ്രമം സ്ഥാപിച്ച് യോഗം പഠിപ്പിക്കുകയും മറ്റ് 'സേവന' വ്യവസായങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇദ്ദേഹം ഇതിനുമുമ്പുതന്നെ പലവിധത്തില്‍ മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ച വ്യക്തിയാണ്. ദല്‍ഹിക്കുചുറ്റുമുള്ള പലയിടങ്ങളില്‍നിന്നും സ്വന്തം അനുയായികളെ കൊണ്ടുവന്നു താമസിപ്പിക്കുകയും രാംലീലാമൈദാനിയില്‍ നാലുകോടിയോളം ചെലവുമതിക്കുന്ന പന്തല്‍നിര്‍മ്മിക്കുകയും ചെയ്താണ് രാംദേവ് തെന്‍റ അഴിമതിവിരുദ്ധ ഉപവാസം നടത്തിയത്. അദ്ദേഹവുമായി സംഭാഷണം നടത്താനായി സീനിയര്‍ മന്ത്രിമാരായ കപില്‍സിബലും സുബോധ്കാന്ത് സഹായിയും നിയോഗിക്കപ്പെട്ടു. അവര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അനുസരിച്ച് ഒരു സമവായത്തിലെത്തിയതാണ്. പിന്നീട് നാം കേള്‍ക്കുന്നത് രാംദേവ് ഉപവാസം തുടരാന്‍ തീരുമാനിച്ചുവെന്നാണ്. അന്നുരാത്രി പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെതന്നെ രാംദേവിനെ അറസ്റ്റ്ചെയ്ത് ഹരിദ്വാറിലേക്കു മാറ്റുകയും ചെയ്തു. രാംദേവിനെ ഒരു വഞ്ചകനായി ചിത്രീകരിക്കാനും ആര്‍എസ്എസുകാരുടെ പിന്തുണയോടെയാണ് അയാള്‍ സമരം നടത്തിയതെന്ന് ആരോപിക്കാനും കോണ്‍ഗ്രസുകാര്‍ മറന്നില്ല. ഇതെഴുതുമ്പോള്‍ , രാംദേവ് സംഭവം ശക്തമായ പ്രതിഷേധത്തിനിടയാക്കുകയാണ് . ബിജെപിയും അണ്ണാഹസാരെയും സത്യാഗ്രഹം നടത്തുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമറിയിച്ചുകഴിഞ്ഞു. പ്രത്യേകിച്ച് ഒരു പ്രകോപനവുമില്ലാതെ പ്രതിഷേധസമരം നടത്തുന്ന ആളുകളെ അറസ്റ്റ്ചെയ്ത രീതിക്കെതിരെ ബുദ്ധിജീവികളും മാധ്യമങ്ങളുമെല്ലാം രംഗത്തുവന്നിട്ടുണ്ട്. എങ്കിലും നിരവധി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്. ഒന്നാമത്തേത്, രാംദേവിനോടുള്ള ഗവണ്‍മെന്‍റിെന്‍റ സമീപനമാണ്. ഒരു ജനാധിപത്യ രാഷ്ട്രീയത്തില്‍ താന്‍ തെറ്റാണെന്നു കരുതുന്ന പ്രവണതയ്ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കാനും സമരം നടത്താനും ആര്‍ക്കും അവകാശമുണ്ട്. അതിനുവേണ്ടി ആളുകളെ സംഘടിപ്പിക്കുക സ്വാഭാവികമാണ്. അതുതന്നെയാണ് രാംദേവും ചെയ്തത്. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്‍റ് ഈ സന്യാസിയെ അല്‍പം വഴിവിട്ട് അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ഫലിച്ചില്ലെന്നു കണ്ടപ്പോള്‍ അയാളെ അതേ തീവ്രതയോടെ അധിക്ഷേപിക്കുന്നു. ഇപ്പോള്‍ പറയുന്നത് രാംദേവിന് ഇരുന്നൂറിലധികം സ്ഥാപനങ്ങളും ഇന്ത്യയിലും വിദേശത്തും ആസ്തികളും ഉണ്ടെന്നാണ്. അയാള്‍ നടത്തിയ ആദായനികുതി വെട്ടിപ്പിെന്‍റയും കള്ളപ്പണത്തിെന്‍റയും കഥകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. ഇതൊന്നും പുതിയ കഥയല്ല. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ബൃന്ദാകാരാട്ട് രാംദേവിെന്‍റ ആശ്രമത്തിലെ സ്ത്രീപീഡനത്തെക്കുറിച്ചുള്ള പരാതി ഉന്നയിച്ചിരുന്നു. ഇയാളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് മാന്യമായ വേതനം നല്‍കുന്നില്ലെന്ന പരാതികളും ഉയര്‍ന്നിരുന്നു. അപ്പോള്‍ ഇവയെല്ലാം അവഗണിക്കപ്പെട്ടു. രാംദേവ് ഒരു വ്യാജ സന്ന്യാസിയാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നെങ്കില്‍ പിന്നെയെന്തുകൊണ്ട് ഗവണ്‍മെന്‍റ് നടപടിയെടുത്തില്ല? എന്തുകൊണ്ട് ഇയാള്‍ക്ക് അര്‍ഹതയില്ലാത്ത മാന്യതയും അംഗീകാരവും നല്‍കി? പിന്നെയെന്തുകൊണ്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു? രാംദേവിെന്‍റ സംഘത്തില്‍ സാധ്വി ഋതാംബരയെപ്പോലുള്ള ഹിന്ദുതീവ്രവാദികളുണ്ടായിരുന്നു. ഇതറിഞ്ഞുകൊണ്ടാണ് ഗവണ്‍മെന്‍റ് 'സന്ധി സംഭാഷണ'ത്തിന് ഒരുങ്ങിയത്. അത് വിജയിക്കാത്തപ്പോഴാണ് അയാള്‍ ഹിന്ദു തീവ്രവാദികളുടെയും ആര്‍എസ്എസിെന്‍റയും ചട്ടുകമാണെന്നുള്ള ആരോപണമുയര്‍ന്നത്. ഇതിനിടയില്‍ മാധ്യമങ്ങളില്‍നിന്നുയര്‍ന്നുവരുന്ന മറ്റാരോപണങ്ങളുണ്ട്. രാംദേവും അണ്ണാഹസാരെയും തമ്മിലുള്ള താരതമ്യമാണ് ഏറ്റവും പ്രധാനം. രാംദേവ് ഹിന്ദുമതവാദിയാണെങ്കില്‍ അണ്ണ 'സെക്കുലറാ'ണ്. അണ്ണ ലളിതമായ സമരം നടത്തിയെങ്കില്‍ രാംദേവ് 'പഞ്ചനക്ഷത്ര' സമരമാണ് നടത്തിയത്. അണ്ണയുടെ സമരത്തിന് ആളുകള്‍ സ്വമേധയാ പിന്തുണ പ്രഖ്യാപിച്ചു. രാംദേവ് പണമെറിഞ്ഞ് ജനങ്ങളെ സംഘടിപ്പിക്കുകയായിരുന്നു. അവസാനം ഒന്നുംകൂടി ചേര്‍ക്കാം. അണ്ണ മാന്യനും ലോക്പാല്‍ സമിതിയിലെ അംഗവുമാണ്. ബാബാ ദുരൂഹമായ നിലയില്‍ പണമുണ്ടാക്കിയ ചെറുകിട യോഗാധ്യാപകനുമാണ്. അതുകൊണ്ട് ഒരാളെ അംഗീകരിക്കാം. മറ്റെയാളെ തള്ളിപ്പറയാം. രണ്ടുപേരും പ്രതികരിച്ചത് ഒരേ വ്യവസ്ഥയ്ക്കെതിരെയാണെന്ന സത്യം സമര്‍ത്ഥമായി മറച്ചുവെച്ച് പഴി ഇരയുടെമേല്‍ ചാരാം. ഇത്തരം കസര്‍ത്തുകള്‍ മറച്ചുവയ്ക്കുന്ന മറ്റൊരു വസ്തുതയുമുണ്ട്. അണ്ണാഹസാരെ ഒരു ഗാന്ധിയനാണ്. റെലെഗന്‍സിദ്ധിയില്‍ ഗാന്ധിയന്‍ ആശ്രമം നടത്തുന്ന അദ്ദേഹം സ്വയം അരാഷ്ട്രീയവാദിയായി പ്രഖ്യാപിക്കുന്ന ആളാണ്. അതായത് ഗാന്ധിസത്തില്‍നിന്ന് 'പൗരസമൂഹ' പ്രസ്ഥാനങ്ങളിലേക്ക് കുടിയേറിയ നിരവധിപേരുടെ പ്രതിനിധിയാണദ്ദേഹം. അഴിമതിയെ രാഷ്ട്രീയ സമൂഹത്തിെന്‍റ ജീര്‍ണ്ണതയായിട്ടാണ് അദ്ദേഹവും മറ്റു 'പൗരസമൂഹ' പ്രസ്ഥാനങ്ങളും കാണുന്നത്. ഇത്തരം പൗരസമൂഹ പ്രസ്ഥാനങ്ങളെ അനുനയിപ്പിച്ചു കൂടെ നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും താല്‍പര്യമുണ്ട്. സോണിയാഗാന്ധി ചെയര്‍മാനായ ദേശീയ ഉപദേശകസമിതിയില്‍ ഇവരുടെ പ്രതിനിധികള്‍ അംഗങ്ങളാണ്. ലോക്പാല്‍ ബില്ലിെന്‍റ കരടു തയ്യാറാക്കാനുള്ള സമിതിയിലടക്കം നിരവധി കേന്ദ്ര സമിതികളില്‍ പൗരസമൂഹപ്രതിനിധികള്‍ സജീവ അംഗങ്ങളാണ്. രാഷ്ട്രീയപാര്‍ടികള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത മാന്യത ഇന്ന് 'പൗരസമൂഹ' പ്രതിനിധികളായ സ്വാമി അഗ്നിവേശനും മേധാപട്കര്‍ക്കും അരുണാറോയിക്കും അരവിന്ദ് കേജരിവാളിനുമുണ്ട്. ഇതേ 'മാന്യ പൗരസമൂഹ'ത്തിെന്‍റ മറുവശമാണ് ബാബാരാംദേവിനേയും ബാബയെ ശക്തമായി 'വിമര്‍ശി'ച്ച് രംഗത്തുവന്ന പുരി ശങ്കരാചാര്യരേയും പോലുള്ളവര്‍ . ആര്‍എസ്എസിെന്‍റയും വിശ്വഹിന്ദു പരിഷത്തിെന്‍റയും ഭാഗമല്ലെന്നു വാദിക്കുന്ന രാംദേവ് അതേസമയം ഹിന്ദുത്വവാദികള്‍ മുന്നോട്ടുവയ്ക്കുന്ന സ്വദേശി ജാഗരണിെന്‍റ പ്രചാരകനാണ്. ഒരര്‍ത്ഥത്തില്‍ ഹൈന്ദവ 'പൗരസമൂഹ'ത്തിെന്‍റ വക്താവായി ബാബയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ബാബാ രാംദേവിെന്‍റ പതഞ്ജലി ആശ്രമം പുതിയ രീതിയിലുള്ള സര്‍ക്കാരിതര സംഘടനയുമാണ്. അഴിമതി ഇല്ലായ്മചെയ്യാനും രാജ്യത്തിന് പുറത്തുപോയ കള്ളപ്പണം തിരികെ കൊണ്ടുവരാനും എല്ലാ പൗരന്മാരുടെയും ആസ്തികള്‍ പരസ്യമായി പ്രഖ്യാപിക്കാനും രാംദേവ് ആവശ്യപ്പെടുമ്പോള്‍ അദ്ദേഹത്തിെന്‍റ സ്വരം മറ്റു പൗരസമൂഹ പ്രസ്ഥാനങ്ങളുടേതുപോലെയാണ്. അതായത് രാഷ്ട്രീയക്കാരും പാര്‍ടികളുമാണ് ഇതിനുപിന്നില്‍ എന്നാണ് അദ്ദേഹം വാദിക്കുന്നത്. സ്വയം ഒരു കള്ളനായ ആള്‍ക്ക് ഇങ്ങനെ വാദിക്കാന്‍ അധികാരമില്ലെന്നാണ് കോണ്‍ഗ്രസും പുരിശങ്കരാചാര്യരും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നത്. പറയുന്ന ആള്‍ കള്ളനാണോ അല്ലയോ എന്നതല്ല ഇവിടെയുള്ള പ്രശ്നം. അരാഷ്ട്രീയ സ്വഭാവമുള്ള പൗരസമൂഹപ്രസ്ഥാനങ്ങളും രാഷ്ട്രീയപാര്‍ടികളും തമ്മിലുള്ള വേര്‍തിരിവ് അണ്ണാഹസാരെയെപ്പോലെ രാംദേവും ഉയര്‍ത്തുന്നു എന്നതാണ്. അണ്ണാഹസാരെയ്ക്ക് അഴിമതി ഒരു ധാര്‍മ്മിക പ്രശ്നമാണ്. രാംദേവിന് അഴിമതി ഹൈന്ദവ ദേശാഭിമാനം ഇല്ലാത്തതിെന്‍റ പ്രശ്നമാണ്. എന്നാല്‍ അഴിമതിയുടെ ഉറവിടം രാഷ്ട്രീയവും ധാര്‍മ്മികമൂല്യങ്ങളുടെ തകര്‍ച്ചയുമാണോ? അഴിമതിയില്‍പെട്ട ചില വ്യക്തികളുടെ കാര്യത്തില്‍ മൂല്യത്തകര്‍ച്ച പ്രധാനമായിരിക്കാം. പക്ഷേ, അതിനേക്കാള്‍ പ്രധാനമായി ഇന്നു വളര്‍ന്നുകൊണ്ടിരിക്കുന്ന മുതലാളിത്തം ഭരണകൂടത്തെ ഉപയോഗിക്കുന്ന രീതികളുണ്ട്. ഭരണകൂടം നിയന്ത്രിക്കുന്ന ഘടകങ്ങളില്‍ (ഉപഗ്രഹങ്ങളിലെ ബാന്‍ഡ്വിഡ്ത്ത് ഒരുദാഹരണമാണ്) സ്വന്തം അവകാശം സ്ഥാപിക്കുന്നതിനുവേണ്ടി കുത്തകകള്‍ തമ്മില്‍ നടത്തുന്ന മത്സരമുണ്ട്. ഈ മത്സരത്തില്‍ സ്വന്തം നേട്ടങ്ങളുണ്ടാക്കുന്നതിനുവേണ്ടി ഏതതിരുവരെ വേണമെങ്കിലും പോകാന്‍ തയ്യാറാണെന്ന് കുത്തകകള്‍ പല പ്രാവശ്യവും തെളിയിച്ചതാണ്. അതായത് ഇന്ന് അഴിമതി ഗവണ്‍മെന്‍റ് ഓഫീസിലെ ക്ലാര്‍ക്കു വാങ്ങുന്ന 'കിമ്പള'വും 'മാസപ്പടി'യുമല്ല, നവലിബറല്‍ ഭരണകൂടങ്ങളുടെ വിഭവങ്ങളും സാധ്യതകളും കുത്തക മുതലാളിമാര്‍ ഉപയോഗിക്കുന്ന രീതിയാണ്. ഇതില്‍നിന്നുള്ള വരുമാനമുപയോഗിച്ച് മറ്റു കുത്തകകള്‍ വളര്‍ന്നുവരുന്ന രീതിയാണ് കരുണാനിധി കുടുംബത്തില്‍ നാം കാണുന്നത്. ദയാനിധി മാരനെ ചുറ്റിപ്പറ്റി ഉയരുന്ന ആരോപണങ്ങള്‍ ഈ കഥയുടെ മറ്റൊരധ്യായമാകാം. അഴിമതിയുടെ പ്രശ്നം ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണകൂടം ക്ഷേമരാഷ്ട്ര സങ്കല്‍പത്തില്‍ അടിയുറച്ചതായിരുന്നു. പൊതുവായ സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുവേണ്ടി പരിശ്രമിക്കുകയും മുതലാളിത്തത്തിെന്‍റ വികാസത്തെ ഈ പൊതുമാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന രീതിയായിരുന്നു. അന്ന് ഭരണകൂടം ബൂര്‍ഷ്വാഭൂപ്രഭു വര്‍ഗങ്ങളെത്തന്നെയാണ് സേവിച്ചിരുന്നത്. അതിനോടൊപ്പം പൊതു സമൂഹത്തിനുവേണ്ടി ചിലതു ചെയ്യാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമായിരുന്നു. എന്നാല്‍ ഇന്ന് ഭരണകൂടത്തിെന്‍റയും ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റയും സ്വഭാവം വ്യത്യസ്തമാണ്. മുതലാളിത്തത്തിെന്‍റയും സ്വകാര്യ ബിസിനസ് താല്‍പര്യങ്ങളുടെയും വളര്‍ച്ചയ്ക്ക് എല്ലാവിധ സംരക്ഷണവും ചെയ്തുകൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതിനായി ഇതുവരെ ഭരണകൂടത്തിെന്‍റ അവകാശങ്ങളുടെ കീഴില്‍ നിലനിന്ന എല്ലാ വിഭവങ്ങളും അവര്‍ സ്വകാര്യ ബിസിനസ്സുകാര്‍ക്കുവേണ്ടി തുറന്നുകൊടുക്കുന്നു. അതിനുവേണ്ടി നടക്കുന്ന പിടിവലിയാണ് അഴിമതിയിലേക്കു നയിച്ചത്. ഇതിെന്‍റ ഫലമായി ബൂര്‍ഷ്വാ രാഷ്ട്രീയത്തില്‍ മറ്റൊരുമാറ്റവും വരുന്നുണ്ട്. ഇന്ത്യ നിലനിര്‍ത്തുന്ന പാര്‍ലമെന്‍ററി ജനാധിപത്യ വ്യവസ്ഥയില്‍ ജനതാല്‍പര്യങ്ങളെ പൂര്‍ണ്ണമായി അവഗണിച്ച് മുതലാളിമാരുമായി ഒത്താശചെയ്യാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. അതുകൊണ്ട് മൂലധനത്തിന് ഇന്ത്യയിലെ വിഭവങ്ങളെല്ലാം തുറന്നു കൊടുക്കുമ്പോള്‍തന്നെ അതിെന്‍റ പ്രത്യാഘാതങ്ങളെ ജനകീയതലത്തില്‍ രാകിമിനുസപ്പെടുത്താനുള്ള തന്ത്രങ്ങളും അവര്‍ ആലോചിക്കും. അതിനുള്ള ഉപകരണം രാഷ്ട്രീയപാര്‍ടികളല്ല, ജനകീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന 'പൗരസമൂഹ' പ്രസ്ഥാനങ്ങളാണ്. ഇന്ന് പ്ലാനിങ് കമ്മീഷന്‍ മുതല്‍ വിവിധ മന്ത്രാലയങ്ങള്‍വരെ തങ്ങളുടെ എല്ലാ പദ്ധതികളിലും പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് ഈ മിനുസപ്പെടുത്തലിെന്‍റ ഭാഗമാണ്. അതായത് അരാഷ്ട്രീയവാദം ഇന്നത്തെ ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റ അതിശക്തമായ ഉപകരണമാണ്. ഗാന്ധിയനായ അണ്ണാഹസാരെയുടെ അരാഷ്ട്രീയം കോണ്‍ഗ്രസിെന്‍റ രാഷ്ട്രീയമാണ്. അവര്‍ തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന രാഷ്ട്രീയ സംവാദങ്ങളുടെ ദിശ നിര്‍ണയിക്കാന്‍ സഹായകരവുമാണ്. ബാബാ രാംദേവിെന്‍റ അരാഷ്ട്രീയം നേരെ തിരിച്ചാണ്. കാരണം അത് ഹിന്ദു രാഷ്ട്രീയത്തിെന്‍റ അരാഷ്ട്രീയമാണ്. അഴിമതിയും കള്ളപ്പണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളും ഒരു സാധാരണ ഹിന്ദുവില്‍ സൃഷ്ടിക്കുന്ന അറപ്പും വെറുപ്പും ഉപയോഗിക്കാന്‍ ഒരു കാവിവസ്ത്രധാരിക്ക് സാധിക്കും. കാവിവസ്ത്രധാരി ഒരു യാദവ് വംശജനാകുമ്പോള്‍ ജാതിബോധവും പ്രയോഗത്തില്‍ വരും. (അണ്ണായുടെകൂടെയും ഒരു കാവിയുണ്ട്. സ്വാമി അഗ്നിവേശ്, പക്ഷേ അദ്ദേഹം യാദവനല്ല). അതായത്, ബാബാരാംദേവിെന്‍റ അഴിമതി വിരോധം വ്യാപിക്കുകയാണെങ്കില്‍ അത് ഭരണകൂടത്തിനെതിരായ മുന്നേറ്റമാകുമെന്ന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ മനസ്സിലാക്കുന്നു. കോണ്‍ഗ്രസ് അതിനെ അടിച്ചമര്‍ത്തുമ്പോള്‍ , ബിജെപി അതിനെ ഏറ്റെടുക്കുന്നു. നമ്മുടെ അരാഷ്ട്രീയ പൗരസമൂഹ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. പൗരസമൂഹ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയേതരമല്ല. അവര്‍ വ്യക്തമായ രാഷ്ട്രീയത്തോടെ ഇടപെടുന്നവര്‍തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രഖ്യാപിതമായ കര്‍മ്മപരിപാടികളുണ്ട്, അതിെന്‍റ അടിസ്ഥാനത്തില്‍ പാര്‍ലമെന്‍ററി ജനാധിപത്യ പ്രക്രിയയില്‍ അവര്‍ പങ്കെടുക്കുന്നു. പൗരസമൂഹ പ്രസ്ഥാനങ്ങള്‍ക്ക് ഈ ഒരു പരിമിതി ഇല്ല. അവര്‍ക്ക് വ്യക്തിപരമോ അല്ലെങ്കില്‍ പൊതുജനാധിപത്യബോധത്തിെന്‍റ അടിസ്ഥാനത്തിലുള്ളതോ ആയ ഇടപെടലുകള്‍ നടത്താം. അതുകൊണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ചെയ്യാനാകാത്ത കാര്യങ്ങള്‍ അവര്‍ക്ക് ചെയ്യാം. ഉദാഹരണത്തിന്, സ്പെക്ട്രം അഴിമതി നടത്തുന്നതില്‍ മുഖ്യപങ്കുവഹിച്ച ഡിഎംകെയെ സഖ്യകക്ഷിയെന്നനിലയില്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ബാധ്യസ്ഥമാണ്. അവര്‍ അതില്‍നിന്ന് പിന്മാറിയാല്‍ ഭരണത്തില്‍നിന്നു പുറത്തുപോകും. അതേസമയം, അഴിമതി സൃഷ്ടിച്ച ജനകീയ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ട്. അതിനായി അരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഇടപെടലിനെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ലോക്പാല്‍ സമിതിയില്‍ സ്ഥാനം നല്‍കുകയും ചെയ്യുന്നു. അവരുടെ താല്‍പര്യത്തിനെതിരായി നീങ്ങിയ രാംദേവിനെ കള്ളനായി മുദ്രകുത്തുന്നു. അതായത് അരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലവിലുള്ള ബൂര്‍ഷ്വാ രാഷ്ട്രീയത്തിെന്‍റ പങ്കാളികളായിത്തീരുന്നു. ജനങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനും അതിനെ ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിമറിക്കാനുമുള്ള സേഫ്റ്റി വാല്‍വുകളായി പൗരസമൂഹ പ്രസ്ഥാനങ്ങള്‍ മാറുന്നു. ഈ സേഫ്റ്റി വാല്‍വ് രാഷ്ട്രീയത്തിന് വേറൊരു വശവുമുണ്ട്. രാഷ്ട്രീയപാര്‍ടികള്‍ക്ക് സ്വന്തം നിലപാടുകളനുസരിച്ച് മാത്രമാണ് ഭരണകൂട നയങ്ങളെ നേരിടാന്‍ സാധിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് സ്വന്തം അണികളുടെ എതിര്‍പ്പ് നേരിടേണ്ടിവരും. അരാഷ്ട്രീയ സംഘങ്ങള്‍ക്ക് ഇത് ബാധകമല്ല. അവരുടേത് 'മനസ്സാക്ഷി' അരാഷ്ട്രീയമാണ്. അതുകൊണ്ട് ഒരേസമയം സ്വന്തം നയങ്ങളുമായി മുന്നോട്ടുപോകാനും അതിെന്‍റ പ്രത്യാഘാതങ്ങളെ വിവിധതരത്തിലുള്ള 'ആനുകൂല്യ'ങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ക്കൊള്ളാനും ഭരണകൂടങ്ങള്‍ക്കു സാധിക്കും. ഉദാഹരണത്തിന് അഴിമതിക്കെതിരെ പോരാടാനും അഴിമതി നടത്തുന്നവര്‍ കൊണ്ടുവരുന്ന അഴിമതി വിരുദ്ധ സംവിധാനങ്ങളുമായി സഹകരിക്കാനും അരാഷ്ട്രീയസംഘങ്ങള്‍ക്കു കഴിയും. ലോക്പാല്‍ ബില്ലിനെപ്പറ്റി ഗവണ്‍മെന്‍റ് അയച്ച കത്തിനോട് പ്രതികരിക്കാന്‍ ബിജെപിയും ഇടതുകക്ഷികളും വിസമ്മതിച്ചു. ലോക്പാലിനോടുള്ള സ്വന്തം വീക്ഷണമെന്തെന്ന് സര്‍ക്കാര്‍ പറയട്ടെ, അതിനോട് പ്രതികരിക്കാമെന്നാണ് അവര്‍ പറഞ്ഞത്. അത് രാഷ്ട്രീയപാര്‍ടികളുടെ നിലപാടാണ്. അത്തരത്തിലുള്ള നിലപാടില്ലാതെ 'അഴിമതിവിരുദ്ധ' ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ അരാഷ്ട്രീയസംഘങ്ങള്‍ അഴിമതി നടത്തുന്ന സര്‍ക്കാരുമായി സഹകരിക്കുന്നു. ഇതേതരത്തിലുള്ള സഹകരണം അരാഷ്ട്രീയസംഘങ്ങളും മമതാബാനര്‍ജിയും തമ്മില്‍ പശ്ചിമബംഗാളിലുണ്ടായിട്ടുണ്ട്. 'ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ'ത്തിെന്‍റ ഭാഗമായി മമതയുടെ രാഷ്ട്രീയമോ സാമൂഹ്യ സാമ്പത്തിക നിലപാടുകളോ പരിശോധിക്കാതെയാണ് അരാഷ്ട്രീയ സംഘങ്ങള്‍ മമതയെ പിന്തുണച്ചത്. അരാഷ്ട്രീയസംഘങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി പ്രകടമാണ്. 'മനസ്സാക്ഷി'യുടെയും 'ജീവിതശൈലി'യുടെയും ഭാഗമായി സമൂഹത്തിലെ ഏതു വിഭാഗത്തിെന്‍റയും പിന്തുണ നേടാന്‍ അവര്‍ക്കു കഴിയും. ഹിന്ദുവും മുസ്ലീമും ദളിതരും സ്ത്രീകളും ആദിവാസികളുമടക്കം എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാനും അതേസമയം മദ്ധ്യവര്‍ഗ്ഗങ്ങളുടെ സൗഹാര്‍ദ്ദം നേടാനും അവര്‍ക്കു പ്രയാസമില്ല. അണ്ണായ്ക്കും ബാബായ്ക്കും ലഭിച്ച മാധ്യമ 'പ്രീതി' സാധാരണ രാഷ്ട്രീയ നേതാവിന് ലഭിക്കുകയുമില്ല. ഫാസിസം മുതല്‍ അരാജകത്വംവരെ ഏതുതലത്തിലുള്ള നിലപാടു സ്വീകരിക്കാനും മൂലധനത്തിെന്‍റ സേഫ്റ്റിവാല്‍വ് ആയി മാറാനും അവര്‍ക്ക് സാധിക്കും. ഈ മെയ്വഴക്കം അത്തരം നിലപാടുകളാഗ്രഹിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തെ പ്രീതിപ്പെടുത്തുകയും ചെയ്യും. അതായത് മൂലധനത്തിെന്‍റ രാഷ്ട്രീയത്തിന് എതിരില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയും അതിനോടുള്ള അസംതൃപ്തികളുടെ ഗതി വേണ്ടവിധത്തില്‍ നിര്‍ണ്ണയിക്കുകയും ചെയ്യാന്‍ അരാഷ്ട്രീയസംഘങ്ങള്‍ക്കു സാധിക്കും. ബൂര്‍ഷ്വാ രാഷ്ട്രീയത്തെ ഇതു ബാധിക്കുകയില്ല. പക്ഷേ, അതിനെ സ്വന്തം നിലപാടുകളുടെ വെളിച്ചത്തില്‍ നേരിടുന്ന പുരോഗമന ഇടതുപക്ഷ ശക്തികളുടെ സ്വാധീനത്തെയാണ് ഇത് ബാധിക്കുക. ഇപ്പോഴത്തെ അഴിമതിരാഷ്ട്രീയത്തിനെതിരെ പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായി പ്രതികരിച്ചത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിെന്‍റ ജെപിസിക്കുവേണ്ടിയുള്ള ശക്തമായ നിലപാടാണ് അവസാനം വിജയിച്ചതും. സമിതിക്കുള്ളില്‍ ഭൂരിപക്ഷമുണ്ടായിരുന്ന യുപിഎ, പിഎസി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനെ പൊളിച്ചു. അവര്‍തന്നെയാണ് അഴിമതിവിരുദ്ധരുമായി ചര്‍ച്ചനടത്താന്‍ ഓടുന്നത്. പക്ഷേ, ഇതിനെ ജനമനസ്സില്‍ തേച്ചുമാച്ചു കളയാന്‍ അണ്ണാമാര്‍ക്കും ബാബാമാര്‍ക്കും കഴിഞ്ഞു. ഇതുതന്നെയായിരുന്നില്ലേ അവരുടെ ലക്ഷ്യവും? അടിക്കുറിപ്പ്: ഇതിന് കേരളത്തില്‍ പ്രസക്തമായ ഒരു അനുബന്ധമുണ്ട്. നമ്മുടെ പുതിയ റവന്യൂമന്ത്രി ഒരു 'ബുദ്ധിജീവി'യാണ്. ചെങ്ങറസമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും അട്ടപ്പാടിയില്‍ കാറ്റാടി നിര്‍മ്മാണശാലയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവരികയും ചെയ്ത ആളാണ്. സിംഗൂര്‍ നന്ദിഗ്രാം സമരങ്ങളുടെ രാഷ്ട്രീയസാധ്യതകള്‍ അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നര്‍ത്ഥം. ഇപ്പോള്‍ അദ്ദേഹത്തിെന്‍റ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി നടന്ന മൂലംപള്ളി സമരം 'ഒത്തു തീര്‍ന്നിരിക്കുന്നു'. ഒത്തുതീര്‍പ്പ് പാക്കേജ് എല്‍ഡിഎഫ് സര്‍ക്കാരിേന്‍റതായിരുന്നുവെന്ന് സമരനേതാവ് ഫ്രാന്‍സിസ് കളത്തുങ്കല്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിയും അതു നിഷേധിച്ചിട്ടില്ല. കഴിഞ്ഞ ഗവണ്‍മെന്‍റിെന്‍റ കാലത്ത് ഭൂമി പതിച്ചുനല്‍കിയതിനെതിരെ 12 കുടുംബങ്ങള്‍ കേസുകൊടുത്തിരുന്നു. കേസ് പിന്‍വലിക്കുന്നതനുസരിച്ച് 12 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്ന വ്യവസ്ഥയിലാണ് സമരം ഒത്തുതീര്‍പ്പിലായത്. രണ്ടുമാസംമുമ്പ് 'ഇടതുപക്ഷ വിരുദ്ധ' രാഷ്ട്രീയത്തിെന്‍റ ഭാഗമായി കേസ് നിലവിലിരുന്നു. ഇപ്പോള്‍ റവന്യുമന്ത്രി മൂലംപള്ളി ഒത്തുതീര്‍പ്പിെന്‍റ ഭാഗമായി അരാഷ്ട്രീയ സംഘങ്ങളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ബംഗാളിലെ ഇടതുപക്ഷ വിരുദ്ധ സമരനായികയായ മഹാശ്വേതാദേവി അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ആടിയുലയുന്ന യുഡിഎഫ് രാഷ്ട്രീയത്തിെന്‍റ സേഫ്റ്റിവാല്‍വായി അരാഷ്ട്രീയ 'പൗരസമൂഹ' ബുദ്ധിജീവികള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്ന കാലം അടുത്തുവരുന്നില്ലേ?
@@
ഡോ. കെ എന്‍ ഗണേശ്