10 September, 2011

കടമ്മനിട്ടയുടെ ശാന്ത

കടമ്മനിട്ട തൊള്ളായിരത്തി തൊണ്ണൂറ്റാറിലാണ് എംഎല്‍എയായത്. അതിനുമുമ്പ് രണ്ടു പതിറ്റാണ്ടോളം കാലം അദ്ദേഹം ചക്രവര്‍ത്തിയായിരുന്നു. ക്യാമ്പസുകളില്‍ , ഹോസ്റ്റലുകളില്‍ , ലോഡ്ജുകളില്‍ , ആളുകള്‍ കൂടുന്നിടങ്ങളില്‍ - കേരള യൗവനത്തെ ഭരിച്ച ചക്രവര്‍ത്തി. ആ തലമുറയ്ക്ക് ശാന്ത കടമ്മനിട്ടയുടെ ഭാര്യയല്ലായിരുന്നു. ശാന്ത ഒരു മഹാകാവ്യമായിരുന്നു. ഗദ്യപദ്യ സമ്മിശ്രമായ ചമ്പുപ്രബന്ധങ്ങളുടെ സമ്പന്ന പാരമ്പര്യമുള്ള കൈരളിക്ക് പദ്യത്തേക്കാള്‍ കാവ്യാത്മകം ഗദ്യമാണെന്ന് തല കുലുക്കി സമ്മതിക്കേണ്ടിവന്ന സന്ദര്‍ഭം. നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം എന്ന് എന്നും പ്രാര്‍ഥിച്ചുപോന്ന കടമ്മനിട്ട തന്റെ കാമിനിയെ, പത്നിയെ അരികത്തേക്ക് വിളിച്ച് സന്ധ്യാലക്ഷ്മീ കീര്‍ത്തനം പോലെ നല്ല നാലഞ്ചു വാക്കോതി നിറയുവാന്‍ ക്ഷണിക്കുകയാണ്.








ശാന്തയുടെ വര്‍ത്തമാനങ്ങളല്ല, ഒരു ഗ്രാമത്തിന്റെ വര്‍ത്തമാനങ്ങളുമല്ല, ഒരു കാലഘട്ടത്തിന്റെ വര്‍ത്തമാനങ്ങളാണ് ശാന്ത മുന്നോട്ടു വയ്ക്കുന്നത്. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ഭീതിയുടെയും അസ്വാതന്ത്ര്യത്തിന്റെയും വര്‍ത്തമാനം. നാവിനെ അടക്കിപ്പിടിച്ചിട്ടും കാലത്തിന്റെ രോഷവും ദൈന്യവും ഉയര്‍ത്തെഴുന്നേല്പുമെല്ലാം ശാന്തയുടെ നെടുവീര്‍പ്പുകളിലൂടെ-കാതങ്ങള്‍ക്കപ്പുറത്തുനിന്ന് കേള്‍ക്കുന്ന നെടുവീര്‍പ്പുകളില്‍നിന്ന് വായിച്ചെടുക്കുകയാണ്. എല്ലാം എപ്പോഴും ഒരുപോലെയായിരിക്കില്ലെന്ന് കടമ്മനിട്ടക്ക് ഉറപ്പുണ്ടായിരുന്നു. അസ്തിത്വ ദുഃഖത്തിന്റെയും നൈരാശ്യത്തിന്റെയും ശ്രേണിയില്‍ നില്‍ക്കാതെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും പോരാട്ടത്തിന്റെയും ശ്രേണിയില്‍ -അങ്ങനെ ആധുനികതയില്‍ ഏറ്റുമുട്ടിക്കൊണ്ടിരുന്ന രണ്ടു പ്രവണതകളില്‍ പ്രതീക്ഷയുടെ ശ്രേണിയെ കടമ്മനിട്ട പുല്കി. "വിസ്മയംപോലെ ലഭിക്കും നിമിഷത്തിനര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം" എന്നാണദ്ദേഹം ശാന്തയോട് പറഞ്ഞത്. ശാന്ത കടമ്മനിട്ടയുടെ ജീവിതപങ്കാളിയായതിനു പിന്നില്‍ ഭയങ്കരമായ ഒരു ഗൂഢാലോചനയും വിഭാഗീയതയുമുണ്ട്.







വള്ളിക്കോട്ടെ വീട്ടില്‍ ഭര്‍ത്താവിന്റെ അനുജന്‍ കടമ്മനിട്ട ഗോപിനാഥപണിക്കരുടെയും മകന്‍ ഗീതാകൃഷ്ണെന്‍റയും മുന്നില്‍വച്ച് ഒരു ചെറുചിരിയോടെ ശാന്തേച്ചി ആ കഥകള്‍ ഓര്‍ത്തെടുത്തു. വാഴമുട്ടത്ത് വലിയൊരു തറവാട്ടില്‍ നൂറുപറയുടെ നെല്‍കൃഷിയും പതിനഞ്ചേക്കറോളം കരഭൂമിയുമുള്ള കുടുംബം. മുറ്റത്ത് നാലു വലിയ തുറുകളാണ്. അന്ന് വൈക്കോല്‍കൂനയുടെ (തുറു) വലിപ്പം നോക്കി പെണ്ണുകാണലും നിശ്ചയവും നടക്കുന്ന കാലമാണ്. അമ്മ മീനാക്ഷിയമ്മ. അച്ഛന്മാര്‍ രണ്ടാണ്. രാഘവന്‍നായരും വേലായുധന്‍ നായരും. രാഘവന്‍ നായര്‍ കൃഷിക്കാരനും അനുജന്‍ വേലു സ്കൂള്‍ അധ്യാപകനുമാണ്. ജ്യേഷ്ഠാനുജന്മാര്‍ ഒരേ പെണ്ണിനെ വേള്‍ക്കുന്നത് അന്ന് മധ്യകേരളത്തില്‍ പലേടത്തും നായര്‍ സമുദായത്തിലും അപൂര്‍വമായിരുന്നില്ല. രാഘവന്‍ നായര്‍ക്കും വേലുനായര്‍ക്കും കൂടി മീനാക്ഷിയമ്മയില്‍ മക്കള്‍ മൂന്ന്. അവരില്‍ മൂത്തതത്രേ കഥാനായിക. ഇനി അവര്‍ തന്നെ പറയട്ടെ: "1962ല്‍ ഞാന്‍ പത്തില്‍ പഠിക്കുകയാണ്. കടമ്മനിട്ടയില്‍നിന്ന് ഞങ്ങളുടെ വീടിനടുത്ത് കല്യാണം കഴിച്ചുകൊണ്ടുവന്ന ഒരാളാണ് രാമകൃഷ്ണ പണിക്കരുടെ കാര്യം അമ്മയോട് പറഞ്ഞത്. മദിരാശിയില്‍ കേന്ദ്രഗവണ്‍മെന്റ് ജോലി. മുമ്പ് നല്ല പ്രസംഗക്കാരന്‍ ... നാള് നോക്കി. നല്ല പൊരുത്തം. പെണ്ണു കാണലോ ചെറുക്കന്‍ കാണലോ മറ്റന്വേഷണങ്ങളോ ഒന്നും നടന്നില്ല. അതിനുമുമ്പ് തന്നെ അമ്മയ്ക്ക് വലിയ ഇഷ്ടം. അമ്മ മനസ്സില്‍ അതങ്ങുറപ്പിക്കുകയായിരുന്നു... അച്ഛന്‍ വേലുനായര്‍ കടമ്മനിട്ടയില്‍ ചെന്ന് രഹസ്യമായി ഒരന്വേഷണം നടത്തി തിരിച്ചുവന്ന് പ്രഖ്യാപിച്ചു-അത് നമുക്ക് വേണ്ട. പാട്ടപ്പുരയിടമാണ്, വീടില്ല-ഒരു ചെറ്റപ്പുര. അന്നന്നത്തെ അന്നത്തിനുതന്നെ മുട്ട്. ദയനീയമായ കണ്ടീഷന്‍ . ആ ബന്ധം വേണ്ടേ വേണ്ട. അതൊരു സുഗ്രീവാജ്ഞപോലെയായിരുന്നു. പക്ഷേ അമ്മ പിന്‍വാങ്ങിയില്ല. അവര്‍ക്ക് അന്ന് അജ്ഞാതനായിരുന്നെങ്കിലും രാമകൃഷ്ണപണിക്കരെപ്പറ്റി പറയാന്‍ നാലു നാക്കായിരുന്നു. മിടുമിടുക്കന്‍ , നല്ല പ്രസംഗകന്‍ . പോരാത്തതിന് കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരനും. പുരയിടവും വീടും പണവുമെല്ലാം വരും പോകും. രാമകൃഷ്ണപണിക്കര്‍ക്ക് അതിനി ഉണ്ടാക്കാന്‍ കഴിയുകയും ചെയ്യും.







ആദ്യം എനിക്ക് അഭിപ്രായങ്ങളൊന്നുമുണ്ടായിരുന്നില്ല. അച്ഛന്മാരുടെയും അമ്മയുടെയും തീരുമാനമാണ് എന്റെയും തീരുമാനം. അമ്മ പക്ഷേ എന്നെ വിട്ടില്ല. ഇതുപോലൊരു വീട്ടിലേക്ക് നിന്നെ ഞാന്‍ വിടില്ല. നീ കാണുന്നില്ലേ, എന്റെ സ്ഥിതി. എപ്പോഴും നെല്ല് പുഴുങ്ങല്‍ , വറുക്കല്‍ , കുത്തല്‍ ... പത്തുപതിനഞ്ച് പണിക്കാര്‍ക്ക് വച്ചുവിളമ്പല്‍ ... എന്റെ കുട്ടിയെ ഞാനതിന് വിടില്ല. അച്ഛന്റെ എതിര്‍പ്പ് തുടര്‍ന്നുകൊണ്ടിരുന്നു. തുടര്‍ന്ന് അമ്മയേയും മറ്റേ അച്ഛനേയും കടമ്മനിട്ടയില്‍ പോയി അന്വേഷിച്ച് വരാന്‍ വേലായുധന്‍നായര്‍ സമ്മതിച്ചു. മീനാക്ഷിയമ്മയും രാഘവന്‍നായരും കടമ്മനിട്ടയില്‍ ചെന്നു. അന്വേഷിക്കാനൊന്നുമില്ല. അമ്മ അച്ഛനോട് പറഞ്ഞു: സഹോദരനോട് പറഞ്ഞ് സമ്മതിപ്പിക്കണം. മോള്‍ക്ക് ഒരു പ്രയാസവും വരില്ല. ദൈവം നിശ്ചയിച്ച ബന്ധമാണിത്. അങ്ങനെ ഒരച്ഛനെ ചട്ടം കെട്ടിയാണ് അമ്മ തിരിച്ചെത്തിയത്. പക്ഷേ എതിര്‍പ്പ് കുറഞ്ഞില്ല. മറുഭാഗത്ത് ഇതേസമയത്ത് മറ്റൊരു തരത്തില്‍ "ആലോചന" പുരോഗമിക്കുന്നുണ്ടായിരുന്നു. ആറന്മുള ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു കടമ്മനിട്ടയുടെ അമ്മ കുട്ടിയമ്മ. അവിടെയുണ്ടായിരുന്ന ഒരു സ്വാമിനിയമ്മ കുട്ടിയമ്മയുടെ സങ്കടങ്ങള്‍ കേട്ടു. മകന്റെ വിവാഹം വൈകാതെ നടക്കും; ആദ്യത്തെ അന്വേഷണം തന്നെ കല്യാണത്തിലേക്കെത്തും. കുചേലന്റെ വീട്ടില്‍ മഹാലക്ഷ്മി വരുംപോലെയാവും അത്.



ഇപ്പുറത്ത് കുട്ടിയമ്മ. അപ്പുറത്ത് മീനാക്ഷിയമ്മ. വിവാഹാലോചന പുരോഗമിച്ചു. രണ്ടമ്മമാര്‍ക്കും ഒരേ നിര്‍ബന്ധം. 1962 ജൂലൈയില്‍ ഒരുച്ചനേരത്ത് കാറില്‍ എട്ടൊമ്പത് പേര്‍ തിടുക്കത്തില്‍ കയറിവന്നു. എല്ലാവരും ശാപ്പാട് കഴിച്ചാണ് മടങ്ങിയത്. (പെണ്ണിനെ ശരിക്ക് കണ്ടൊന്നുമില്ല. കാലിന്റെ ഉപ്പൂറ്റിയേ കണ്ടുള്ളൂ. അതിന് നല്ല ശക്തിയുണ്ടെന്ന് മനസിലായി. അങ്ങുറപ്പിച്ചു എന്നാണ് പില്ക്കാലത്ത് കടമ്മനിട്ട പറഞ്ഞത്). ഈ സമയത്താണ് ഭര്‍തൃസഹോദരന്‍ ഗോപിനാഥപണിക്കര്‍ ഇടപെട്ടത്. ഗോവയില്‍ കോളേജധ്യാപകനും ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമൊക്കെയായിരുന്ന ഗോപിനാഥപണിക്കര്‍ , ചേട്ടെന്‍റ മകന്‍ ഗീതാകൃഷ്ണന്‍ കുവൈത്തില്‍നിന്ന് ലീവിലെത്തിയതറിഞ്ഞ് വന്നതാണ്. ഗോപിച്ചേട്ടന്‍ പറഞ്ഞു: ഞങ്ങളുടെ കുടുംബാവസ്ഥ അന്വേഷിക്കാന്‍ വേലായുധന്‍ നായര്‍ പിന്നെയും വന്നു. അവിചാരിതമായി, രഹസ്യമായി വന്നതാണ്. അന്ന് ഞങ്ങളുടെ വീട്ടില്‍ പൂജ നടക്കുകയാണ്. രാമായണത്തിലെ "പട്ടാഭിഷേകം" വായനയും പൂജയുമൊക്കെയാണ്. വേലുനായര്‍ അന്ധാളിച്ചു...ഞങ്ങള്‍ ഭദ്രകാളി സേവയുള്ളവരാണ്, മന്ത്രവാദി കുടുംബമാണ് എന്നൊക്കെ അദ്ദേഹം ധരിച്ചുവശായി.... അതേയതേ, അച്ഛന്‍ കലി തുള്ളിക്കൊണ്ടുവന്ന് പറഞ്ഞു: അവര് കാളിസേവക്കാരാണ്, മന്ത്രവാദികളാണ്. എന്റെ കൊച്ചിനെ അങ്ങോട്ടയക്കുന്ന പ്രശ്നമേയില്ല... പക്ഷേ, അമ്മയുടെ ഗൂഢാലോചനകള്‍ തന്നെ ഒടുവില്‍ വിജയിച്ചു. 1963 ഫെബ്രുവരി രണ്ടിന് (മകരം ഇരുപത്) വിവാഹം നടന്നു. അതിനുമുമ്പ് കടമ്മനിട്ടയിലെ കുടില്‍ പൊളിച്ച് ചെറിയൊരു വീടുണ്ടാക്കിയിരുന്നു. അമ്മ അച്ഛന്മാരറിയാതെ വീടുപണിക്ക് പണം സഹായിച്ചു.." കടമ്മനിട്ടയില്‍ കമ്യൂണിസത്തിന്റെ തീപ്പൊരികള്‍ കൊണ്ടുവന്നതും ഊതിക്കത്തിച്ചതും എം ആര്‍ രാമകൃഷ്ണപണിക്കര്‍ തന്നെ. കോട്ടയം സിഎംഎസ് കോളേജില്‍ പഠിക്കുമ്പോള്‍ താമസിച്ചത് എന്‍എസ്എസ് പ്രസിഡന്റായിരുന്ന എന്‍ ഗോവിന്ദമേനോന്റെ വീട്ടില്‍ . അദ്ദേഹത്തിന്റെ അനന്തരവന്‍ എന്‍ രാഘവക്കുറുപ്പ് സഹപാഠി (വാഴൂര്‍ എംഎല്‍എയായിരുന്നു രാഘവക്കുറുപ്പ്). ആ ചങ്ങാത്തമാണ് രാമകൃഷ്ണപണിക്കരെ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തകനാക്കിയത്. പാഠപുസ്തകങ്ങള്‍ക്കൊപ്പം മാര്‍ക്സിസ്റ്റ് ക്ലാസിക്കുകളുടെയും പഠനം...വിദ്യാര്‍ഥിയായിരിക്കെത്തന്നെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായ രാമകൃഷ്ണപണിക്കര്‍ ബിരുദധാരിയായി തന്റെ കുഗ്രാമത്തില്‍ തിരിച്ചെത്തിയതോടെ അതൊരു കമ്യൂണിസ്റ്റ് ഗ്രാമമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായി...







"1956ല്‍ കടമ്മനിട്ടയില്‍ ഒരു കര്‍ഷക കുടുംബത്തെ ജന്മി കുടിയൊഴിപ്പിച്ചു. ചേട്ടന്റെ നേതൃത്വത്തില്‍ കര്‍ഷകസമരം നടന്നു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തെ തിരിച്ചുകൊണ്ടുവന്ന് പഴയ സ്ഥലത്തുതന്നെ പുനരധിവസിപ്പിച്ചു. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് ചേട്ടന്‍ പ്രത്യേകം ശ്രദ്ധയൂന്നിയത്. ചെങ്ങറ എസ്റ്റേറ്റിലും മറ്റും അക്കാലത്ത് പലതവണ സമരങ്ങള്‍ നടന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പത്തനംതിട്ട താലൂക്ക് കമ്മിറ്റി അംഗമായിരുന്നു ചേട്ടന്‍". തല്ലിന് തല്ല് എന്ന തത്വക്കാരനായിരുന്നു രാഷ്ട്രീയക്കാരനായിരുന്ന കടമ്മനിട്ട. എണ്‍പതുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി പ്രത്യക്ഷബന്ധമൊന്നമില്ലാത്ത കാലത്ത് നടന്ന ഒരു സംഭവം സദസ്സില്‍ ചര്‍ച്ചയാക്കി. ബാബു ജോണാണതു പറഞ്ഞത്. "പരിചയക്കാരനായ ഒരു യുവാവിന്റെ കൈയില്‍ പ്രത്യേക ചരടും നെറ്റിയില്‍ പ്രത്യേക കുറിയും കണ്ടപ്പോള്‍ കടമ്മനിട്ട വിളിച്ചു, എടാ, ഇങ്ങ് വാടാ-എന്താടാ കൈയില്‍ കെട്ട് എന്നും പറഞ്ഞ് ഒരടി കൊടുത്തു"-അതാണ് കടമ്മനിട്ട. അദ്ദേഹം എന്നും രാഷ്ട്രീയക്കാരനായിരുന്നു. നാട്ടിന്‍പുറത്തെ പരുക്കനായ ഒരു കമ്യൂണിസ്റ്റിന്റെ മനസ്സ്...കയ്യൂരിനെക്കുറിച്ച് ജോണ്‍ എബ്രഹാം ഒരു സിനിമ നിര്‍മിക്കുകയാണ്. അതിന്റെ കൂട്ടായ്മയും കള്ളുകുടിയും വക്കാണവും നടക്കുമ്പോള്‍ ആ പ്രദേശത്തെ ഒരു പ്രവര്‍ത്തകന്‍ അവിടെയുണ്ടായിരുന്നു. കടമ്മനിട്ട കമ്യൂണിസത്തെക്കുറിച്ച് എന്തോ പറഞ്ഞപ്പോള്‍ ഗോപാലേട്ടന്‍ (പില്‍ക്കാലത്ത് സിഎംപിയില്‍ ചേര്‍ന്നു) പറഞ്ഞു: മുറത്തില്‍ കയറി കൊത്തല്ലേ. അപ്പോഴേക്കും കടമ്മനിട്ട ചാടിയെഴുന്നേറ്റു. സ്ഥലവും സന്ദര്‍ഭവും ആ സ്ഥലത്തെ ഭൗതിക സാഹചര്യവും ഒന്നും പരിഗണിക്കാതെ ഒരലര്‍ച്ചയാണ് - എന്താടാ കമ്യൂണിസത്തിന്റെ മുറം നിന്റെ തറവാട്ടു വകയാണോ... കടമ്മനിട്ടയുടെ രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയ ഉള്‍ക്കരുത്തും ഗോപാലേട്ടന്‍ മാത്രമല്ല, സംഭവം നടന്ന സ്ഥലത്തെ ആളുകളും മനസിലാക്കിയതപ്പോഴാണ്. 1985ലാണെന്നു തോന്നുന്നു ഒരു ദിവസം കണ്ണൂരില്‍നിന്ന് എന്റെ ഗ്രാമമായ മയ്യിലേക്ക് കടമ്മനിട്ടയും ഞാനും കാറില്‍ പോവുകയാണ്. മയ്യിലും കുറ്റ്യാട്ടൂരിലും ഓരോ പരിപാടിയുണ്ട്. വഴിയില്‍ രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ വലിയ ബോര്‍ഡുകള്‍ പലേടത്തും കാണാമായിരുന്നു. മതം മാറ്റത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനജാഗരണനിധി പിരിക്കുന്നതിനുവേണ്ടിയുള്ള വ്യാപകമായ വര്‍ഗീയ പ്രചാരണത്തിന്റെ ബോര്‍ഡുകളാണ് നിറഞ്ഞുനില്‍ക്കുന്നത്്. ഹിന്ദുത്വ പ്രചാരണം വല്ലാതെ ശക്തിപ്രാപിച്ച കാലം. തലശേരി മേഖലയില്‍ ആര്‍എസ്എസ് ആക്രമണങ്ങളും കൊലപാതകവും വര്‍ധിച്ചുവന്ന കാലം... അല്പം മാത്രം "വീരഭദ്രന്‍" അകത്താക്കിയിരുന്ന കടമ്മനിട്ടക്ക് രോഷമടക്കാനായില്ല. കവിത വായിക്കാനെത്തിയ അദ്ദേഹം ആദ്യം ഒരുഗ്രന്‍ പ്രസംഗമാണ് കാച്ചിയത്. കൈയില്‍ കെട്ടി, കഴുത്തില്‍ കെട്ടി, കുറിയിട്ട് ചുണ്ടും ചോപ്പിച്ച് നടക്കുന്ന അലവലാതികള്‍ ...സ്വവര്‍ഗാനുരാഗികളാണവരെന്നുപോലും പറഞ്ഞ് ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള രാഷ്ട്രീയപ്രസംഗം.







കടമ്മനിട്ട എല്ലാകാലത്തും മാര്‍ക്സിസ്റ്റായിരുന്നു. എം ഗോവിന്ദന്റെയും അയ്യപ്പപ്പണിക്കരുടെയും ശിഷ്യനും എഴുപതുകളിലെ ആധുനികതയുടെയും അരാജകത്വത്തോളമെത്തുന്ന കൂട്ടായ്മകളുടെയും പങ്കാളികളിലൊരാളുമായിരിക്കെത്തന്നെ സ്വക്ഷേത്രം വിട്ടുള്ള കളി കടമ്മനിട്ടക്കുണ്ടായിരുന്നില്ല. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ്പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാനും എംഎല്‍എയുമെല്ലാമായത് വിദ്യാര്‍ഥികാലം മുതലേയുള്ള വിപ്ലവ രാഷ്ട്രീയപ്രവര്‍ത്തന തുടര്‍ച്ച മാത്രമായിരുന്നു. കമ്യൂണിസത്തിനെതിരെ തന്റെ കൂട്ടുകാരിലാരെങ്കിലും പ്രതികരിച്ചാല്‍ ഈറ്റപ്പുലിപോലെ ചാടിവീഴുന്ന കടമ്മനിട്ട. പക്ഷേ എണ്‍പതുകളില്‍ കടമ്മനിട്ടയെ തിരിച്ചറിയുന്നതില്‍ പുരോഗമന പ്രസ്ഥാനത്തിന് വീഴ്ച പറ്റിയെന്നത് വാസ്തവമാണ്. വിശാലമായ പുരോഗമന സാഹിത്യമെന്ന കാഴ്ചപ്പാട് രൂപപ്പെടുംമുമ്പുള്ള സെക്ടേറിയന്‍ അന്തരാള ഘട്ടമെന്ന് വിശേഷിപ്പിക്കാം. കടമ്മനിട്ടക്കവിതയിലെ വര്‍ഗസമരത്തെ, തീക്ഷ്ണമായ കീഴാളസമരത്തിന്റെ ജ്വാലയെ കാണാതെ ഭോഗലാലസതയും അശ്ലീലവുമാണ് കടമ്മനിട്ടക്കവിതയില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നുവരെ പുരോഗമനപക്ഷത്തുനിന്ന് പുരോഗമനപരമല്ലാത്ത ആക്ഷേപങ്ങളുണ്ടായി. അക്കാലത്ത് പ്രൊഫ. എ സുധാകരന്‍ കടമ്മനിട്ടക്കവിതകള്‍ക്കെതിരെ എഴുതിയ ഒരു ദീര്‍ഘലേഖനം വല്ലാതെ തെറ്റിദ്ധാരണ പരത്തുകയും ചെയ്തു. ചൂഷകവര്‍ഗത്തിനെതിരെയും അധീശത്വത്തെയും എല്ലാത്തരം അമിതാധികാരങ്ങളെയും ഒരു കാട്ടാളന്റെ ഉശിരോടെ ചെറുത്ത, അടിയന്തരാവസ്ഥക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച കടമ്മനിട്ടക്ക് അദ്ദേഹം അര്‍ഹിക്കാത്ത ആക്ഷേപങ്ങളാണ് "ബന്ധു"ക്കളില്‍നിന്ന് ലഭിച്ചത്. ഇത്തരമൊരവസ്ഥയിലാണ് 1992ല്‍ കടമ്മനിട്ട ഉദ്യോഗത്തില്‍നിന്ന് വിരമിക്കുന്നത്. ഒരു തിങ്കളാഴ്ചയായിരുന്നു അന്ന്. തലേന്ന് ഉച്ചക്ക് ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയില്‍നിന്ന് ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹിമാനെ വിളിച്ചു. കടമ്മന്‍ നാളെ പിരിയുന്നു. ഒരു പ്രായശ്ചിത്തവും സ്വീകരണവും വേണ്ടേ... ധൈര്യമായി എഴുതൂ എന്ന് മറുപടി.







കടമ്മനിട്ട അശ്ലീലത്തിന്റെ കവിയല്ല, എല്ലാത്തരം അശ്ലീലങ്ങളെയും പിച്ചിച്ചീന്തുന്ന വര്‍ഗസമരത്തിന്റെ കവിയാണ്, വിപ്ലവത്തിെന്‍റ തീജ്വാലയാണ് ആ മഹാകണ്ഠത്തില്‍നിന്ന് ഉദ്ഗമിക്കുന്നത്. തപാലോഫീസിന്റെ ചുമരുകള്‍ ഭേദിച്ച് ആ മേഘഗര്‍ജനം ഇനി നമ്മുടെ സമൂഹത്തിലാകെ മുഴങ്ങാന്‍ പോകുന്നതിന്റെ ആഹ്ലാദം നിറഞ്ഞ വരവേല്പ് ലേഖനം. ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാംപേജിലാണ് ആ ദീര്‍ഘലേഖനം വന്നത്... പിന്നീട് കടമ്മനിട്ട പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റും പ്രസിഡന്റും ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റും എംഎല്‍എയുമൊക്കെയായി. ഈ സ്ഥാനമാനങ്ങള്‍ അദ്ദേഹത്തിന് എതിര്‍പ്പുകളുണ്ടാക്കി. ചില കോണുകളില്‍നിന്ന് പരിഹാസവുമുണ്ടായി. പ്രിയപ്പെട്ട അനുജനായി കടമ്മനിട്ട കണക്കാക്കിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഹസിച്ചത് അദ്ദേഹത്തെ വല്ലാതെ വികാരം കൊള്ളിച്ചു. കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യകാലത്ത് ഒരുനാള്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിമധ്യേ പള്ളിക്കുന്ന് ദേശാഭിമാനിയില്‍ കാര്‍ നിര്‍ത്തി. വിളിച്ചു-എടാ, ഇങ്ങ് വാടാ... കാന്റീനില്‍ നിന്ന് ചായ വരുത്തി കുടിച്ചശേഷം കടമ്മനിട്ട ഒരു കത്ത് പുറത്തെടുത്തു. കത്ത് മുഴുവന്‍ വായിച്ചുകേള്‍പ്പിച്ചു. ബാലചന്ദ്രന്റെ ആക്ഷേപങ്ങളാണ്. നിലപാടുകളില്‍നിന്ന് പിന്മാറി പദവികള്‍ സ്വീകരിക്കുന്നു, കവിതയെ പടികടത്തുന്നു എന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ്. ആ മുഖത്ത് വല്ലാത്ത സങ്കടം വന്നുനിറഞ്ഞതുപോലെ. ഇതുവഴി കടന്നുപോകുമ്പോള്‍ ഈ കത്ത് നിന്നെ ഒന്ന് വായിച്ചുകേള്‍പ്പിക്കാമെന്നു കരുതി, അത്രമാത്രം. കടമ്മന്‍ പോയി... ജോലിയില്‍നിന്ന് വിരമിച്ചശേഷം എടുത്തുപറയത്തക്ക കവിതകളൊന്നും കടമ്മനിട്ട എഴുതിയിട്ടില്ല. മദ്യപാനം ഒഴിവാക്കിയതും സജീവ പൊതുപ്രവര്‍ത്തനം ആരംഭിച്ചതുമാണ് കടമ്മനിട്ടയുടെ കാവ്യരചന നിലയ്ക്കാനിടയാക്കിയതെന്ന് മേല്‍പറഞ്ഞതുപോലുള്ള വിമര്‍ശനം പലര്‍ക്കുമുണ്ടായിരുന്നു. ചര്‍ച്ച അതേക്കുറിച്ചായപ്പോള്‍ മകന്‍ ഗീതാകൃഷ്ണന്‍ പറഞ്ഞു: പലരും ഇങ്ങനെ പറയാറുണ്ട്. അച്ഛനോട് അക്കാര്യം പലരും ചോദിക്കുകയും ചെയ്തു. "കവിത വരുമ്പോള്‍ വരും. അല്ലാതെ കുത്തിയിരുന്ന് കവിത എഴുതിക്കൂട്ടലല്ല. മദ്യപിച്ചുകൊണ്ട് ഒരു കവിതയും തനിക്ക് എഴുതാന്‍ കഴിഞ്ഞിട്ടില്ല. മദ്യപാനം ഉപേക്ഷിച്ചതും കവിത എഴുത്തുമായി ഒരു ബന്ധവുമില്ല. മദ്യം ഒരിക്കലും പ്രചോദനമായിട്ടില്ല. അതുപോലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുഴുകിയതും കവിതയെ ബാധിച്ചിട്ടില്ല. താപല്‍വകുപ്പില്‍ യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നപ്പോഴാണ് പ്രധാന കവിതകളെല്ലാം എഴുതിയത്" അച്ഛന്‍ അങ്ങനെയാണ് മറുപടി പറഞ്ഞത്-ഗീതാകൃഷ്ണന്‍ അനുസ്മരിച്ചു. കാളിസേവയല്ല, വീരഭദ്രസേവാമൂര്‍ത്തിയായിരുന്ന കടമ്മനിട്ട എങ്ങനെയാണ് മദ്യവിരുദ്ധനായത്. ശാന്തേച്ചി ആ കഥയിലേക്ക് കടന്നു. "1989 ലാണ്. കടമ്മനിട്ടയുടെ അടുത്ത സുഹൃത്തുക്കള്‍ ഒരു എസ്റ്റേറ്റില്‍ ഒത്തുകൂടുന്നു. എസ്റ്റേറ്റ് ഉടമ അടുത്ത കൂട്ടുകാരന്‍ . മൂന്നുദിവസം നീണ്ട അഖണ്ഡ മദ്യപാനവും കവിത വായനയുമാണവിടെ നടന്നതെന്നാണ് പിന്നീട് കേട്ടത്. കുടിച്ചുകുടിച്ച് തല പൊക്കാനാവാത്തവിധം ക്ഷീണിച്ച് വന്ന് ഇതാ ആ കട്ടിലില്‍ വീണു. പിറ്റേന്നും എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. പക്ഷേ വൈകിട്ടാവുമ്പോഴേക്കും വിളിക്കാന്‍ ആളെത്തി. കവി... വിദേശത്തുനിന്ന് വന്നിട്ടുണ്ട്. കുപ്പിയുണ്ട്. ആഗതന്‍ കടമ്മനിട്ടയെ കുലുക്കി വിളിക്കുകയാണ്. എഴുന്നേല്‍ക്ക് ചേട്ടാ, കുപ്പിയുണ്ട്... എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെടാ, വല്ലാത്ത ക്ഷീണം എന്നായി ചേട്ടന്‍ . അപ്പോഴാണ് ഞാന്‍ കാണുന്നത്. ചേട്ടനെ ഞാന്‍ കുലുക്കി വിളിച്ചു. എഴുന്നേല്‍ക്കൂ ഞാന്‍ താങ്ങിപ്പിടിക്കാം. കുപ്പി കൊണ്ടുവന്നതല്ലേ, പോയി കുടിച്ചു വാ... ഞാന്‍ "പ്രോത്സാഹിപ്പിച്ചു". എനിക്ക് കരച്ചിലും രോഷവും അടക്കാനായില്ല.... ഒടുവില്‍ ചേട്ടന്‍ പറഞ്ഞു നീ പോ...ഞാന്‍ ഇന്നു വരുന്നില്ല...നാളെ വരാമെന്നു പറ. പക്ഷേ കടമ്മനിട്ട പിന്നൊരിക്കലും മദ്യപിക്കാന്‍ പോയില്ല. മദ്യപിച്ചില്ല. മദ്യത്തിന്റെ മണം പിടിച്ചാല്‍ത്തന്നെ ഛര്‍ദിക്കാന്‍ വരുമായിരുന്നു. കോട്ടയത്തെ എസ്റ്റേറ്റില്‍ വച്ച് മൂന്നുദിവസം നടന്ന അഖണ്ഡ മദ്യപാനയജ്ഞം കള്ളുകുടി നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു." ശാന്തേച്ചി ദീര്‍ഘനിശ്വാസമുതിര്‍ത്തു. രൗദ്രതാളങ്ങള്‍ നിറഞ്ഞ എത്രയോ നിശകളില്‍ പാനോത്സവങ്ങള്‍ക്ക് മൂകസാക്ഷിയായി നില്‍ക്കേണ്ടിവന്ന ധര്‍മപത്നി.... വച്ചുവിളമ്പലിന്റെ മഹാപുണ്യം കൊണ്ട് ശാന്തയായവള്‍ ... "കല്യാണം കഴിഞ്ഞ് ഒരാഴ്ചപോലും തികഞ്ഞില്ല. റാന്നിയില്‍ ഒരു ബന്ധുവീട്ടില്‍ വിരുന്നുപോയി. പുറത്ത് ഇരുട്ട് കട്ടപിടിച്ചപ്പോഴേക്കും അകത്ത് വാറ്റുചാരായത്തിന്റെ മണമുയര്‍ന്നു. പതിനഞ്ചുകാരിയായ പുതുപ്പെണ്ണ് കാണെ രാമകൃഷ്ണ പണിക്കര്‍ ബന്ധുവിനോടൊപ്പം ഗ്ലാസ് കാലിയാക്കിക്കൊണ്ട് മുന്നേറുകയായിരുന്നു. ഒച്ചയായി. ബഹളമായി; പാട്ടായി.... ഭര്‍ത്താവിന്റെ യഥാര്‍ഥ മുഖം... എനിക്ക് പേടിയും സങ്കടവുമായിരുന്നു. അമ്മയെ ഓര്‍ത്താണ് പേടി. അച്ഛന്റെ കടുത്ത എതിര്‍പ്പുകള്‍ അമ്മ ഗൂഢാലോചനയിലൂടെ തകര്‍ത്താണ് കല്യാണം നടത്തിയത്. ഇങ്ങനെ കുടിച്ചാല്‍ എന്താണ് ഗതി. തറവാട്ടില്‍ തിരിച്ചുപോയാല്‍ എന്തായിരിക്കും അവസ്ഥ..." എഗ്മോര്‍ ഹൈറോഡില്‍ സ്വാമി റെഡ്ഡി സ്ട്രീറ്റിലെ വാടകവീട്ടില്‍ എന്നും പ്രതിഭാ സംഗമമായിരുന്നു. സി എന്‍ കരുണാകരനും മുത്തുക്കോയയും പാരീസ് വിശ്വനാഥനും മദ്യപിക്കാതെ എല്ലാറ്റിനും സാക്ഷിയായിരിക്കുന്ന ദാമോദരനും; പിന്നീട് ദാമോദരന്റെ ജീവിതസഖിയായിത്തീര്‍ന്ന പത്മിനിയും... കെ സി എസ് പണിക്കര്‍ പ്രിന്‍സിപ്പലായ മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സിലെ (പിന്നീട് ഫൈന്‍ ആര്‍ട്സ് കോളേജ്) വിദ്യാര്‍ഥികളും പ്രശസ്ത ചിത്രകാരന്മാരുമാണവര്‍ .







രണ്ടു കിടപ്പുമുറി മാത്രമുള്ള വാടകവീട്ടില്‍ ഒരു മുറിയില്‍ രാത്രി തിത്തൈ തകതക... കള്ളുകുടിയും സാഹിത്യ ചര്‍ച്ചയും കലാചര്‍ച്ചയും അട്ടഹാസങ്ങളും. കൗമാരപ്രായം കടന്നിട്ടില്ലാത്ത വീട്ടമ്മ അവര്‍ക്കെല്ലാം ചോറും മീനും വച്ചുവിളമ്പി... അന്ന് കടമ്മനിട്ടയുടെ പത്ത് വയസ്സിളപ്പമുള്ള അനുജന്‍ ഗോപിനാഥ പണിക്കര്‍ അവിടെയുണ്ടായിരുന്നു. ഏട്ടനും ഏട്ടത്തിയമ്മക്കും കൂട്ട്. മദ്രാസ് പച്ചപ്പയ്യാസ് കോളേജിലെ രസതന്ത്രം ബിരുദവിദ്യാര്‍ഥിയാണന്ന് ഗോപിനാഥന്‍ . "രാത്രി പ്രതിഭാസംഗമം തുടങ്ങിയാല്‍ ഞാന്‍ മെല്ലെ, ടെറസ്സിലേക്ക് പോകും. അവിടെയിരുന്നാണെന്റെ പഠിത്തം. ഉത്സവം കഴിഞ്ഞ് പലരും അവിടെത്തന്നെ കിടന്നുറങ്ങും. എന്നാല്‍ എത്ര മത്തുപിടിച്ച് ക്ഷീണിച്ച് കിടന്നാലും ചേട്ടന്‍ കാലത്തെഴുന്നേറ്റ് കുളിച്ച് റെഡിയായി ജോലിക്ക് പോകും. അതിന് മുടക്കം വരുത്തുന്ന പ്രശ്നമില്ല"- ഗോപിനാഥപണിക്കര്‍ ഓര്‍ത്തു. "1964ലാണ് ഞാന്‍ ഗീതയെ പ്രസവിച്ചത്. ഒന്നരക്കൊല്ലത്തെ വ്യത്യാസമേയുള്ളൂ ഗീതയും ഗീതാകൃഷ്ണനുമായി. ചേട്ടനും അനിയനും ഞാനും രണ്ടു മക്കളും ഒക്കെകൂടി വലിയ കുടുംബമായതിനാല്‍ റോയ്പ്പേട്ടിലെ അല്പം വലിയൊരു വീട് വാടകയ്ക്കെടുത്തു. അവിടെയും സുഹൃത്തുക്കള്‍ക്ക് കുറവില്ല. രണ്ടു മാസത്തേക്കുള്ള സാധനങ്ങള്‍ ഒന്നിച്ചാണ് വാങ്ങുക. രണ്ടു മാസത്തേക്ക് നാളികേരം പതിനഞ്ചെണ്ണമാണ്. അതില്‍ അഞ്ചെണ്ണം കേടായിരിക്കും. ഒരു നാളികേരം നാലോ അഞ്ചോ ദിവസത്തേക്ക് തികയ്ക്കണം. പല ദിവസവും നാളികേരമരയ്ക്കാത്ത കറികള്‍ ...ഫ്രിഡ്ജില്ലാത്തതിനാല്‍ തേങ്ങാമുറി കടലാസില്‍ പൊതിഞ്ഞ് കെട്ടിവയ്ക്കും. പിറ്റേന്നു നോക്കുമ്പോള്‍ മഞ്ഞനിറം വന്നിട്ടുണ്ടാവും... അതൊന്നും ചേട്ടന് ബാധകമല്ല... എന്നും ഒന്നിച്ച് ആളുകളുണ്ടാവും. കൈ കഴുകുമ്പോഴേക്കും ചോറ് വിളമ്പിയിരിക്കണം...എനിക്ക് തല്ലുകിട്ടിയിട്ടു പോലുമുണ്ട.്.. പക്ഷേ അതിനേക്കാളെല്ലാം സ്നേഹവും കിട്ടിയിട്ടുണ്ട്..."-ശാന്തേച്ചി പറഞ്ഞു. കടമ്മനിട്ടയും മദ്യവും തമ്മിലുണ്ടായിരുന്ന ബന്ധം കേരളത്തില്‍ ഒരു വാര്‍ത്തയല്ല. 1985ലെ ഒരു രാത്രി. കൂത്തുപറമ്പ് യുപി സ്കുളില്‍ ഒരു പരിപാടി കഴിഞ്ഞ് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുകയാണ്. കടമ്മനിട്ടക്ക് വീരഭദ്രന്‍ നിര്‍ബന്ധം. വിദേശന്‍ പോരാ. വീരഭദ്രനുള്ള സ്ഥലം എ ടി മോഹന്‍രാജിനറിയാം. ഒരു വീട്ടിനടുത്ത് കാര്‍ നിന്നു. കുപ്പിനിറച്ച് വീരഭദ്രന്‍ എത്തുകയായി. റോഡരികില്‍ ഇരുളില്‍ നിന്നുകൊണ്ട് അതിന്റെ കഥ കഴിക്കുകയും...







രണ്ടു ദിവസം കഴിഞ്ഞ് മറ്റൊരു സംഭവം. അതേ ലോഡ്ജ്, അതേ മുറി. സന്ധ്യയായിക്കാണും. ഓഫീസില്‍ പോയി ജോലി കഴിഞ്ഞുവന്ന് ഒന്നു മിനുങ്ങിയതേയുള്ളു. ജുബ്ബായെല്ലാം ഊരിത്തൂക്കിക്കഴിഞ്ഞു. അപ്പോഴാണ് വാതിലില്‍ മുട്ട്. ഒരു എസ്ഐയും ഹെഡ്കോണ്‍സ്റ്റബിളുമാണ്. ഞങ്ങള്‍ പരിഭ്രമിച്ച് നില്‍ക്കുമ്പോള്‍ കടമ്മന്‍ ചീത്തവിളി തുടങ്ങിയിരുന്നു. "സോറി സാര്‍ , ഇന്നലെ ഒരബദ്ധം പറ്റിപ്പോയതാണ്. ഞങ്ങളെ രക്ഷിക്കണം"-എസ് ഐയുടെ അഭ്യര്‍ഥന. കടമ്മനിട്ട അടങ്ങുന്ന ഭാവമില്ല. കൈപിടിച്ച് ഒരുവിധം കട്ടിലിലിരുത്തി... കാര്യം ഇതായിരുന്നു: തലേന്ന് രാത്രി കോടിയേരിക്കടുത്ത് ഒരു പരിപാടി കഴിഞ്ഞ് കാറില്‍ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു കഥാനായകന്‍ . അന്ന് എംഎല്‍എയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏല്പിച്ച പരിപാടിയാണ്. സംഘാടകര്‍ കൊടുത്ത "ഉപഹാരം" കാറിലുണ്ട്. അപ്പോള്‍ത്തന്നെ നല്ല ലെവലായിട്ടുണ്ടുതാനും. ധര്‍മടം മൊയ്തുപാലത്തിനടുത്തുവച്ച് കാര്‍ പൊലീസ് തടഞ്ഞു. പരിശോധിച്ചു. വണ്ടിയില്‍നിന്ന്പുറത്തിറങ്ങിയ കടമ്മനിട്ട അവിടെ നിന്നാക്രോശിച്ചു- വിളിക്കെട, വയലാര്‍ രവിയെ; നിന്റെ തൊപ്പി തെറിപ്പിക്കും ഞാന്‍ . കടമ്മനിട്ടയോടാണോടാ കളി... അന്ന് ആഭ്യന്തരമന്ത്രിയാണ് വയലാര്‍ രവി. പിറ്റേന്ന് കാര്യങ്ങളുടെ ഗൗരവം പിടി കിട്ടിയിട്ടോ അതോ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശാനുസരണമോ ആവണം കാര്‍ പരിശോധിച്ച എസ്ഐയും എച്ച്സിയും മാപ്പു പറയാന്‍ വന്നിരിക്കുന്നത്. അവരെ ഏറെ ഗുണദോഷിച്ചശേഷം ഒരു കല്പനയാണ്. എടാ, അവര്‍ക്ക് ഒഴിച്ചുകൊടുക്കെടാ....കണ്ണൂരിലെ ബിവറേജസ് കോര്‍പറേഷനിലെ ആരാധകര്‍ അല്പംമുമ്പ് കൊണ്ടുവച്ച രണ്ട് കുപ്പികളുണ്ട്. നിര്‍ബന്ധിച്ചിട്ടും എസ്ഐ കഴിക്കാന്‍ കൂട്ടാക്കിയില്ല. എസ്ഐ അനുമതി നല്‍കിയിട്ടും എച്ച്സിക്ക് ബാത്ത്റൂമില്‍ കയറേണ്ടിവന്നു രണ്ടെണ്ണം അകത്താക്കാന്‍ . കണ്ടോടാ, പൊലീസിലെ അടിമത്തം എന്ന് കവിയുടെ കമന്റും...







കടമ്മനിട്ട ഒരു കര്‍ഷകനായിരുന്നു. നെല്ലിന്‍ തണ്ടു മണക്കും വഴികളും എള്ളിന്‍നാമ്പ് കുരുക്കും വയലുകളുംമനസ്സില്‍ എന്നും കൊണ്ടുനടന്ന കര്‍ഷകന്‍ ... 1967ല്‍ തിരുവനന്തപുരത്ത് സ്ഥലംമാറിയെത്തിയതില്‍പ്പിന്നെ വാരാന്തങ്ങളില്‍ വീട്ടിലെത്തി കൃഷികാര്യങ്ങള്‍ നോക്കി നടത്തുമായിരുന്നു. ഭാര്യവീടിനടുത്ത് വള്ളിക്കോട്ടുള്ള സ്വന്തം വീടിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ശാന്തേച്ചി കടമ്മനിട്ട എന്ന കൃഷിക്കാരനുണ്ടാക്കിയ പൊല്ലാപ്പുകളിലേക്ക് വഴി തെളിച്ചു. "അടിയന്തരാവസ്ഥക്കാലത്താണെന്നു തോന്നുന്നു, ഈ സ്ഥലം വാങ്ങിയത്. ഞങ്ങളുടെ ഒരു അകന്ന ബന്ധുവിന്റെ സ്ഥലമാണ്. ഞാനന്ന് അമ്മയുടെ കൂടെ തറവാട്ടു വീട്ടിലാണ്. ഭര്‍ത്താവും ആ വീടുമായി അപ്പോഴേക്കും നന്നായി ഇണങ്ങിക്കഴിഞ്ഞിരുന്നു. ഭൂപ്രഭുവും പണക്കാരനുമൊന്നുമല്ലെങ്കിലും എന്തിനും പോന്നവനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമാണ് മരുമകന്‍ എന്ന് മനസിലായി പഴയ എതിര്‍പ്പ് സ്നേഹവാത്സല്യങ്ങള്‍ക്ക് വഴിമാറിയിരുന്നു. അച്ഛന്‍ വേലുനായര്‍ , രാമകൃഷ്ണപണിക്കരേ എന്ന് ബഹുമാനത്തോടെയാണ് മരുമകനെ അഭിസംബോധന ചെയ്തിരുന്നത്. വാരാന്ത്യത്തില്‍ വാഴമുട്ടത്തെ എന്റെ വീട്ടില്‍ താമസിച്ച് തിങ്കളാഴ്ച പുലര്‍ച്ചെ മടങ്ങാറാണ് പതിവ്. അന്നാളില്‍ ഒരു ദിവസം ഒരു ബന്ധുവാണ് പറഞ്ഞത് ഈ സ്ഥലത്തെപ്പറ്റി. സ്ഥലമുടമ പാമ്പുകടിയേറ്റ് മരിച്ചു; അറവലയുണ്ടായ വീടുമാണ്-ബ്ലീഡിങ് കാരണം ഗര്‍ഭിണിയുടെ ദുര്‍മരണം. അതുകൊണ്ട് ഇവിടെ ആദ്യമുണ്ടായിരുന്ന കൊച്ചുവീടും ഈ വലിയ പറമ്പും എടുക്കാന്‍ ആളുണ്ടായില്ല. കടമ്മനിട്ട ഈ സ്ഥലം കച്ചവടമാക്കി. 1976ല്‍ "കുറത്തി" എഴുതിയ കാലത്താണെന്നു തോന്നുന്നു. ഇവിടെ താമസവുമാക്കി.. "ശാന്തേ, നമുക്കീ വീട് കിട്ടിയത് കവിത കൊണ്ടാണ്. അതുകൊണ്ട് വീടിന് പേര് കവിത എന്നിടാം." ഓരോ കവിതയുടെ കാശുകൊണ്ടാണ് വീട് പുതുക്കിയത്, ഓരോ മുറി കൂട്ടിയെടുത്തത്. പക്ഷേ വീടിന് കവിത എന്ന് പേരിടാനാവുമായിരുന്നില്ല. കൊയ്പ്പള്ളില്‍ വീടാണ്, കൊയ്പ്പള്ളില്‍ പുരയിടമാണ്.. ആ പേര് അങ്ങനെതന്നെ കിടന്നു. ദുര്‍മരണവും അറവലയും നടന്ന വീട് കാവൈശ്വര്യത്തിന്റെ, പ്രതിഭാ പ്രകര്‍ഷത്തിന്റെ ആധാരമായി... തുണിസഞ്ചിയും സഞ്ചിയില്‍ കുപ്പിയും ചുണ്ടില്‍ ബീഡിയും മനസ്സില്‍ പുത്തന്‍ചിന്തയും ചുണ്ടില്‍ തത്തിക്കളിക്കുന്ന പുതുകവിതകളും കൊണ്ട് പാന്ഥര്‍ കടന്നുവരികയും ഇറങ്ങിപ്പോവുകയും ചെയ്ത കാലം..







ഒരു രാത്രി കവിയോടൊപ്പം ബാലചന്ദ്രനും വിജയലക്ഷ്മിയുമുണ്ടായിരുന്നു. ഒപ്പമുള്ളത് പെങ്ങളാണെന്ന് കള്ളം പറയാന്‍ ശട്ടംകെട്ടിയിട്ടാണ് വരവ്. സത്യം പറഞ്ഞാല്‍ മൂവരെയും വീട്ടില്‍ കയറ്റില്ല എന്നും പറഞ്ഞിട്ടുണ്ടായിരുന്നുവത്രേ. വാതില്‍ തുറന്നപ്പോള്‍ പുറത്ത് ഭര്‍ത്താവിനൊപ്പം ബാലചന്ദ്രനും കൂടെ ഒരു പെണ്‍കുട്ടിയും. ആരാണെന്ന് ഞാന്‍ കടുപ്പിച്ച് ചോദിച്ചു. പെങ്ങള്‍ എന്നു മറുപടി. കടമ്മനിട്ടയിലെ കൃഷിക്കാരനെക്കുറിച്ചാണ് പറഞ്ഞുവന്നത്. തിരുവനന്തപുരത്ത് പൈപ്പിന്‍മൂടില്‍ കടമ്മനിട്ടയുടെ വാടകവീട്ടിലെ മറ്റു അന്തേവാസികളായി നരേന്ദ്രപ്രസാദും മുരളിയും മറ്റും ഇവിടെ വന്ന് ദിവസങ്ങളോളം താമസിക്കും. വന്നാല്‍പിന്നെ പാട്ടും കളിയും. വയലില്‍ കൃഷിപ്പണി തുടങ്ങുന്ന കാലത്ത് കടമ്മനിട്ടക്കൊപ്പം കൊച്ചാട്ടാ, കൊച്ചാട്ടാ എന്നും വിളിച്ച് മുരളിയും വരും, പിന്നെ കുറെനാള്‍ ഇരുവരും കര്‍ഷകരാവും. രാവിലെ കൈലിയുടുത്ത് തലയില്‍ കെട്ടുമായി ഇറങ്ങും. ആവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളും എല്ലാം പാത്രത്തിലാക്കി തലയില്‍ വച്ചാണ് പോക്ക്. പിന്നെ വൈകീട്ടേ മടങ്ങൂ. കൃഷിപ്പണിക്ക് പുറമെ പാടത്ത് ഒരുത്സവം തന്നെയാണെന്ന് പിന്നീടാണറിഞ്ഞത്. കൊച്ചാട്ടന്റെയും അനിയന്റെയും വയലില്‍ പോക്ക് ഞാന്‍ വരച്ച വരയില്‍ നിര്‍ത്തുകയായിരുന്നു. പാടത്തിനരികില്‍ ബീഡിയും മുറുക്കാനുമെല്ലാം വില്ക്കുന്നതിന് താല്‍ക്കാലികമായി ഒരു "ചാപ്പ"യുണ്ടായിരുന്നുപോലും. അതിന്റെ "ഉടമ"യാണെന്നും പറഞ്ഞ് ഒരാള്‍ ഒരു ദിവസം വീട്ടില്‍വന്നു. കൊച്ചാട്ടനും അനിയനുംകൂടി അവിടെ ഉണ്ടാക്കിവച്ച പറ്റ് മൂവായിരം രൂപ. ഞാന്‍ പണമൊന്നും തരില്ല, പോകൂ എന്നുപറഞ്ഞ് അന്ന് ഒഴിവാക്കി. രാത്രിയില്‍ വന്നപ്പോള്‍ ചോദിച്ചു, മൂവായിരം രൂപയുടെ പറ്റുണ്ടോ? ങ്ങ്ആ കുറേ രൂപ കൊടുക്കാന്‍ കാണും. 25-30 വര്‍ഷം മുമ്പ് വയല്‍ക്കരയിലെ ഒരു മുറുക്കാന്‍ കടയില്‍ ഒരാഴ്ച കൊണ്ട് മൂവായിരം രൂപയുടെ പറ്റുണ്ടാക്കണമെങ്കില്‍ - എന്റെ കണ്ണു തള്ളിപ്പോയി. അടുത്ത ദിവസം ആ ചെറുപ്പക്കാരനെ വിളിച്ചുവരുത്തി പണം മുഴുവന്‍ കൊടുത്തു. അന്ന് ഒരു നിരോധനാജ്ഞയും പുറപ്പെടുവിച്ചു. കൊച്ചാട്ടനും അനിയനും കൃഷിപ്പണിക്കാണെന്നും പറഞ്ഞ് ഇനി വയലിലെറങ്ങിപ്പോകരുത്. അവരുടെ പോക്ക് നിലച്ചത് കര്‍ഷകത്തൊഴിലാളികള്‍ക്ക് സങ്കടമുണ്ടാക്കി. കൊച്ചാട്ടനും അനിയനുമെത്തിയാല്‍ കണ്ടത്തില്‍ നല്ല ചേലായിരുന്നുപോല്‍ ...







ഭക്ഷണത്തിന്റെ കാര്യത്തില്‍ കടമ്മനിട്ട ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. വിവിധ ജില്ലകളില്‍ പോസ്റ്റല്‍ ഓഡിറ്റ് ജോലിക്കായി പോയി താമസിക്കുമ്പോഴും കാവ്യാവതരണത്തിനു പോയാലും ഭക്ഷണം കഴിവതും വീടുകളില്‍ വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു. മീന്‍കറിയും മീന്‍ വറുത്തതും ഏറ്റവും പ്രിയങ്കരം. കണ്ണൂര്‍ വീറ്റ്ഹൗസിലും കണ്ണൂരിലെ ചിരാഗ് ഹോട്ടലിലും വച്ച് മീനിനോടുള്ള ആക്രാന്തം കണ്ടതിന്റെ ഓര്‍മ ഇന്നും മനസ്സിലുണ്ട.് ഭക്ഷണം മോശമാണെങ്കില്‍ അത് മുഖത്ത് നോക്കി പറയാനും കടമ്മനിട്ട മടിക്കില്ല. മനസിലൊന്നും പുറത്തൊന്നും എന്നത് അദ്ദേഹത്തിന് അപരിചിതമായിരുന്നു. നാഗരിക നാട്യങ്ങള്‍ അന്യമായ കടമ്മനിട്ടക്ക് രോഷമുണ്ടായാല്‍ അടക്കിവയ്ക്കാനാവുമായിരുന്നില്ല. അത്തരമൊരനുഭവത്തിലേക്ക് ശാന്തേച്ചി കൂട്ടിക്കൊണ്ടുപോയി. റാന്നിയിലെ കോഫി ഹൗസാണ് രംഗം. അല്പമൊന്നു ഫിറ്റായ ശേഷം കഥാനായകന്‍ ഭക്ഷണം കഴിക്കാനെത്തിയതാണ്. ദോശയും സാമ്പാറുമാണ് കിട്ടിയത്. പുളിച്ച ദോശ, വളിച്ച സാമ്പാര്‍ .. പ്ലേറ്റ് എടുത്തെറിയുന്നതും വെയിറ്ററുടെ മുഖത്തൊന്നു പൊട്ടിക്കുന്നതുമാണ് പിന്നെ കണ്ടത്. ഈറ്റപ്പുലിയെപ്പോലെ കടമ്മനിട്ട അലറുകയാണ്. എടാ ഭക്ഷണമുണ്ടാക്കാന്‍ പഠിക്കണം. രുചിയുള്ള ഭക്ഷണം കഴിച്ചാലേ രുചിയുള്ള ഭക്ഷണമുണ്ടാക്കാനാവൂ. ആളുകള്‍ കൂടി. ഭയങ്കര ബഹളമായി. രുചിയുള്ള ഭക്ഷണമുണ്ടാക്കുന്നതെങ്ങനെയെന്ന് കാണിച്ചുതരാം, കഴിച്ചുനോക്കാന്‍ വാടാ-തൊപ്പിയും യൂനിഫോമുമണിഞ്ഞവരുള്‍പ്പെടെ ആറു പേരെ കാറില്‍ പിടിച്ചുകയറ്റി വള്ളിക്കോട്ടേക്ക്. മുപ്പത്തഞ്ച് കിലോമീറ്ററോളം ഓടി ഇവിടെ എത്തുമ്പോള്‍ ഉച്ചയാവാറായി. കോഫി ഹൗസ് യൂണിഫോമുകാര്‍ കാറില്‍ നിന്നിറങ്ങുന്നത് കണ്ട് അന്ധാളിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. അവരെയും നയിച്ച് ചേട്ടന്‍ അകത്തു കയറി.



ഇവര്‍ക്കെല്ലാം ചോറ് വിളമ്പെടി എന്ന ആക്രോശമാണ് ആദ്യം പുറത്തുവന്നത്. അഞ്ചാറു പേരെ കൂട്ടിക്കൊണ്ടുവന്ന് ഇപ്പൊത്തന്നെ ചോറ് വിളമ്പെന്ന് പറഞ്ഞാല്‍ ... കടമ്മനിട്ടയെ സംബന്ധിച്ച് അത് പതിവായിരുന്നു. ശാന്തേച്ചിക്ക് അത് ചിരപരിചിതവും... എന്താണ് പ്രശ്നമെന്നൊന്നും ചോദിക്കാതെ അമ്പരപ്പോടെ തന്നെ അവര്‍ക്കാറുപേര്‍ക്കും വിളമ്പി. കപ്പയും മീന്‍കറിയും ചോറും. ആവശ്യത്തിന് വിഭവങ്ങളുണ്ടായിരുന്നു. പുരയിടത്തില്‍ അന്ന് ഏഴെട്ടുപേര്‍ പണിക്കുണ്ടായിരുന്നു. അതുകൊണ്ട് നാണം കെടാതെ രക്ഷപ്പെട്ടു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ചേട്ടന്‍ ശാന്തനായി പറയുന്നത് കേള്‍ക്കാമായിരുന്നു. നന്നായി രുചിച്ച് കഴിക്കൂ. എങ്ങനെയുള്ള ഭക്ഷണമാണുണ്ടാക്കേണ്ടതെന്ന് മനസ്സിലായോ. അവര്‍ ഒരക്ഷരം ഉരിയാടാതെ കഴിച്ചുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ചശേഷം അവര്‍ തൃപ്തരായാണ് മടങ്ങിയത്. കടമ്മനിട്ടയെ അവര്‍ക്കും അറിയാമായിരുന്നു. ഇഷ്ടവുമായിരുന്നു... തിരിച്ചുപോകുമ്പോള്‍ ടാക്സികൂലി കൊടുക്കേണ്ട ബാധ്യതയും എനിക്ക്.. ഒന്നിനും മടിയില്ലാത്ത, യാതൊരു ജാടയുമില്ലാത്ത മനുഷ്യനായിരുന്നു കടമ്മനിട്ട. എഴുപതുകളും എണ്‍പതുകളും എന്ന കാലത്തിന്റെ സവിശേഷത കൂടിയായിരുന്നു അത്. കശുമാങ്ങ വാറ്റിയുണ്ടാക്കിയ റാക്കില്‍ കരിങ്ങാലി ചേര്‍ത്തുപിടിപ്പിക്കുമ്പോള്‍ പ്രത്യേകമായ ഒരു സുഖമായിരുന്നുവെന്ന്; കണ്ണ് പുകയുകയും മൂക്ക് ഗന്ധാധിക്യത്താല്‍ വിങ്ങുന്നതും തൊണ്ടയിലൂടെയുള്ള എരിപൊരി സഞ്ചാരത്തിന്റെയും വന്യമായ സുഖം. കടമ്മനിട്ടയും വള്ളിക്കോടും വാഴമുട്ടവും പോലൊരു ഗ്രാമത്തെ മലബാറില്‍ കവി കണ്ടെത്തിയത് കുറ്റ്യാട്ടൂരിലാണ്. കുറ്റ്യാട്ടൂര്‍ എന്ന തനി കാര്‍ഷിക ഗ്രാമത്തിലെ കന്നിമണ്ണ് കടമ്മനിട്ടക്കാവ്യ വര്‍ഷപാതം കൊണ്ട് ധന്യമായത് 1986ലാണ്. അതിന്റെ സ്മരണയ്ക്കായി കൊണ്ടുപോയത് കശുമാവിന്‍ തൈകളാണ്. വള്ളിക്കോട്ടെ പുരയിടത്തില്‍ കശുമാവ് വളര്‍ത്തി അതിന്റെ മാങ്ങ പിഴിഞ്ഞ് വാറ്റി അതിന്റെ രസം മോന്തി നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാക്കുക... തന്റെ തന്നെ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥനായ സുകുമാരന്‍ കുറ്റ്യാട്ടൂരിലേക്ക് കവിതാവതരണത്തിന് വിളിച്ചപ്പോള്‍ കവി രണ്ടു കണ്ടീഷനാണ് വച്ചത്. നല്ല മീന്‍ വേണം. മുളകിട്ടത് പ്രത്യേകം വേണം, പിന്നെ...







കുഗ്രാമം എന്നത് തെറ്റായ വിശേഷണമാണെങ്കിലും ഉപയോഗത്തിലുള്ള പദമതായതിനാല്‍ അന്നത്തെ കുറ്റ്യാട്ടൂര്‍ അതുതന്നെ. ആദ്യമായി അവിടെ ഒരു മഹാകവി എത്തുകയാണ്. രണ്ട് തപാലോഫീസുകളില്‍ ഓഡിറ്റ് നടത്തി രാമകൃഷ്ണപണിക്കര്‍ കുറ്റ്യാട്ടൂരിലേക്ക്.. കവിയും സംഘാടകനും മൈക്ക്സെറ്റും അതിന്റെ ഓപ്പറേറ്ററുമെല്ലാം ചേര്‍ന്ന സംഘത്തെയും വഹിച്ച് ജീപ്പ് ഉച്ചയോടെ ഗ്രാമത്തിലെത്തുന്നു. നല്ലവനായ കാട്ടാളന്‍ നാളെ ഗ്രാമത്തിലെത്തുന്നുവെന്ന മെഗഫോണ്‍ പ്രചാരണം കേട്ട് ഗ്രാമവാസികള്‍ കൗതുകത്തോടെ കാത്തുനില്പാണ്. ഉച്ചയോടെയെത്തിയ കടമ്മനെ സ്വാഗതം ചെയ്തത് "കശുമാങ്ങക്കഷായ"ത്തിന്റെ തീക്ഷ്ണഗന്ധമാണ്. വീരഭദ്രസേവയും യഥേഷ്ടം മീന്‍ സഹിതമുള്ള മൃഷ്ടാന്നഭോജനവും കഴിഞ്ഞ് കിടന്നു. വൈകിട്ട് അഞ്ചു മണിയോടെ സുകുമാരന്റെ വീട്ടില്‍നിന്ന് കാല്‍നടയായി ഒന്നര കിലോമീറ്ററോളം നടന്ന് യോഗവേദിയിലേക്ക്. നിരവധി കുട്ടികള്‍ ഒപ്പം ചേര്‍ന്നു "ഒരു സംഭവമായ" യാത്ര. കുറ്റ്യാട്ടൂരിനോടുള്ള സവിശേഷമായ ബന്ധം വിവരിച്ച്, മാങ്ങയുടെ പുണ്യം വിളിച്ചറിയിച്ച്, നിങ്ങളുടെ നാട്ടുകാരനായ പ്രതിഭാശാലിയായ എന്‍ ശശിധരനെ നിങ്ങള്‍ക്കറിയില്ലേ, എനിക്കേറ്റവും വേണ്ടപ്പെട്ട അവന്‍ ഈ നാടിന്റെ നന്മകള്‍ പങ്കുവച്ചിട്ടുണ്ടെന്ന ആമുഖത്തോടെ ദീര്‍ഘഭാഷണം. നാടകകൃത്തും നിരൂപകനുമായ ശശിധരനെക്കുറിച്ച് അന്നാണ് നാട്ടുകാര്‍ അറിയുന്നത്. പ്രസംഗം തുടര്‍ന്നുകെണ്ടിരിക്കെ സ്റ്റേജില്‍ നോക്കി എവിടെ മറ്റവന്‍ എന്ന ചോദ്യം. കരിങ്ങാലി ചേര്‍ത്ത കശുമാങ്ങ രസമെവിടെ... സുകുമാരന്‍ വീട്ടിലേക്കോടി. ആളുകള്‍ എന്ത് പറയുമെന്ന ഭയം ഒരുഭാഗത്ത്. മറ്റവനെ കിട്ടിയില്ലെങ്കില്‍ കവിതാവതരണം ഉടന്‍ നിന്നേക്കുമെന്ന ഭീഷണിയും. പരസ്യമായിത്തന്നെ കരിങ്ങാലി വന്നുകൊണ്ടിരുന്നു. ഇടക്കിരുന്ന് വിശ്രമിച്ച് വീണ്ടും പ്രകടനം. നീണ്ടുനീണ്ട് മൂന്നു മണിക്കൂറോളം തുടര്‍ന്ന, ഇടിവെട്ടും മിന്നല്‍പിണരും കൊടുങ്കാറ്റും നിറഞ്ഞ മഹാകാവ്യ വര്‍ഷപാതം... തനിക്ക് ലഭിച്ച പുതിയ ഊര്‍ജപ്രവാഹത്തിന്റെ സ്രോതസ്സായി കവി കണ്ടത് "മങ്കുര്‍ണി" എന്നറിയപ്പെട്ടിരുന്ന "മാങ്ങേന്റെ വെള്ള"മാണ്. രണ്ടു കുപ്പി പൊതിഞ്ഞു നാട്ടിലേക്ക് കൊണ്ടുപോയ കവി, അത് തീര്‍ന്നപ്പോള്‍ സുകുമാരന് എഴുതിയത് കശുമാവിന്‍ തൈകള്‍ എത്തിച്ചുതരണമെന്നാണ്. നല്ല ഇനം കശുമാവിന്‍ തൈകള്‍ പെട്ടിയിലാക്കി സുകുമാരന്‍ കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് പുറപ്പെട്ടു. കടമ്മനിട്ടയുടെ മകള്‍ ഗീത അവിടെ ബിഡിഎസിന് പഠിക്കുന്നുണ്ട്. ഗീതയുടെ അടുത്ത സുഹൃത്ത് സുകുമാരന്റെ സുഹൃത്തായ ബിഡിഎസ് വിദ്യാര്‍ഥി വിശ്വനാഥന്റെ കാമുകിയാണ്. ഹോസ്റ്റലിലെത്തുമ്പോഴേക്കും ഗീത നാട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. വിശ്വനാഥന്റെ ഒരു പരിചയക്കാരിയെ കശുമാവിന്‍ തൈകളെ ശുശ്രൂഷിക്കാന്‍ ഏല്പിച്ച് സുകുമാരന്‍ മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ ഗ്രാമത്തില്‍ മറ്റൊരു പരിപാടിക്ക് വന്നപ്പോള്‍ കടമ്മനിട്ട കുറ്റ്യാട്ടൂരിലെ കശുമാവുകള്‍ തന്റെ പുരയിടത്തില്‍ വളരുന്നതിനെപ്പറ്റിയും അതിന്റെ മാങ്ങകളെക്കുറിച്ചും സംസാരിച്ചു. ആ മാവുകള്‍ വളരുമ്പോഴേക്കും കടമ്മനിട്ട എല്ലാത്തരം മദ്യങ്ങളുടെയും കടുത്ത ശത്രുവായിക്കഴിഞ്ഞിരുന്നു.







കടമ്മനിട്ടയുടെ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ശാന്തേച്ചിക്ക് മറ്റൊരു കഥാപാത്രത്തെ ഓര്‍മ വന്നു. ജോണ്‍ . ജോണ്‍ ഒരു കുടുംബാന്തരീക്ഷത്തിലേക്ക് കടന്നുവന്നാല്‍ ഉണ്ടാകാവുന്ന പുകില്‍ ... ഒരു സന്ധ്യയ്ക്കാണ് തന്റെ തനി സ്വരൂപത്തില്‍ ജോണ്‍ വള്ളിക്കോട്ടെ കൊയ്പ്പള്ളില്‍ വീട്ടിലേക്ക് കടന്നുവന്നത്. കടമ്മനിട്ടയുടെ അമ്മ മുഖം കൈയിലമര്‍ത്തി വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ്. ആഗതന്‍ വന്ന ഉടനെ ചോദ്യം, കടമ്മനിട്ടയുടെ അമ്മയല്ലേ. "അതേ മോനെ" മറുപടി. "എന്താ ഇങ്ങനെ ഇരിക്കുന്നത്"- "കൈക്കൊരു വേദനയാണ് മോനേ" മറുപടി. ഓ, അതാണോ കാര്യം, അതിപ്പം ശരിയാക്കിത്തരാം എന്ന് ജോണിന്റെ വാഗ്ദാനം. പെട്ടെന്ന് ഒരു മര്‍മ ചികിത്സകനായി മാറി ജോണ്‍ അമ്മയുടെ കൈ പിടിച്ച്തിരിക്കാനും വലിക്കാനും തുടങ്ങി. പിന്നെ കേള്‍ക്കുന്നത് ദീനരോദനമാണ്. ഓടിവായോ ശാന്തേ, ഓടി വായോ എന്ന ദീനരോദനം. ഒരു ഗോസായി അമ്മയുടെ കൈ പിടിച്ചുവലിക്കുന്നു. കൈ വിടുവിക്കാന്‍ അമ്മയുടെ ശ്രമം. പശുവിന് വെള്ളം കൊടുക്കുന്ന തിരക്കിലായിരുന്നു ഞാന്‍ . അമ്മയുടെ കൈ പൊട്ടാഞ്ഞത് ഭാഗ്യം. കുഴമ്പിട്ട് തടവേണ്ടി വന്നു. രാത്രി കടമ്മനിട്ട കാര്യമറിഞ്ഞ് ജോണിനെ വഴക്ക് പറഞ്ഞു. എടാ, നീ എന്റെ അമ്മയുടെ കൈ പൊട്ടിക്കാനാണോ നോക്കിയത്-കൈ പിടിച്ച് നേരെയാക്കാനായിരുന്നു, വേദന പോക്കാനായിരുന്നു തന്റെ ശ്രമമെന്ന് ജോണ്‍ . ഗീതാകൃഷ്ണനും കവിതയുടെ സുഖക്കേടുണ്ടായിരുന്നു. മകന്റെ കവിത അച്ഛന്‍ നോക്കി തിരുത്തുന്ന പ്രശ്നമില്ല. അങ്ങനെയിരിക്കെ വീട്ടില്‍വന്ന് തമ്പടിച്ച ജോണിന് കടമ്മനിട്ട ഒരു പണി കൊടുത്തു. ഒരു ഇമ്പോസിഷന്‍ തന്നെ. ഗീതാകൃഷ്ണന്റെ കവിത നോക്കി തിരുത്തിക്കൊടുക്കണം; അവന് കവിതയെഴുത്തിനെക്കുറിച്ച് പറഞ്ഞുകൊടുക്കണം. കൊച്ചാട്ടന്‍ പറഞ്ഞാല്‍ ആര്‍ക്കാണതിനപ്പീല്‍ . "ഹൃദയതാരകം" എന്ന പേരില്‍ എഴുതിയ കവിത ജോണ്‍ വായിക്കുന്നു. അന്ന് കേരളത്തിലെ എല്ലാ യുവകവികളെയുംപോലെ കടമ്മനിട്ടക്കവിതകളുടെ അനുകരണം അറിയാതെ തന്നെ ഇതിലും വന്നിട്ടുണ്ടായിരുന്നു. പിന്നെ ജോണിെന്‍റ ഭര്‍ത്സനമാണ് "എടാ, നീ നിന്റെ അച്ഛന്റെ നിഴലാകരുത്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം. നിനക്ക് സ്വന്തമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം എഴുതുക. അത് നിന്റെ രീതിയിലായിരിക്കണം" - അങ്ങനെ ആ ക്ലാസ് നീണ്ടുപോയി







ചെലവും കഴിച്ച് അഞ്ചു രൂപ. അതാണ് ജോണിന്റെ കണക്ക്. പോകുമ്പോള്‍ അഞ്ച് രൂപ കൊടുക്കണം... ആ അപൂര്‍വ ജീനിയസ് ഒടുവില്‍ കടമ്മനിട്ടയുടെ കുടുംബത്തോട് തെറ്റി, വള്ളിക്കോട്ടെ വീട്ടില്‍ വരുന്നതേ നിര്‍ത്തി-അതിന് ഭയങ്കരമായ ഒരു കാരണവുമുണ്ടായിരുന്നു. പതിവുപോലെ ഒരു സന്ധ്യയ്ക്ക് ജോണ്‍ വന്നു. എത്രയോ മാസമായി അലക്കാത്ത പാന്റും ജുബ്ബയും അഴിച്ച് ഭദ്രമായി ഒരിടത്ത് വച്ച് ഗീതാകൃഷ്ണെന്‍റ ലുങ്കിയും ഷര്‍ട്ടും അണിഞ്ഞു. കുളിക്കുകയോ പല്ലു തേക്കുകയോ ചെയ്യുന്നതില്‍ വലിയ എതിര്‍പ്പുണ്ടായിരുന്ന ജോണിന് അലക്കിയ വസ്ത്രത്തോടും വല്ലാത്ത അലര്‍ജി തന്നെയുണ്ടായിരുന്നു. അന്ന് കടമ്മനിട്ട ശാന്തേച്ചിയുമായി ചേര്‍ന്ന് ഒരു ഗൂഢാലോചന നടത്തി. മുറ്റത്ത് അടുപ്പ് കൂട്ടി ഒരു കുട്ടകത്തില്‍ ജോണിന്റെ പാന്റും ജുബയും എടുത്തിട്ട് അത് പുഴുങ്ങി അലക്കി വെളുപ്പിച്ച് ഇസ്തിരിയിട്ട് കൊടുക്കുക എന്നതായിരുന്നു ഗൂഢാലോചന. പക്ഷേ ഇടയ്ക്ക് ജോണ്‍ സര്‍ഗനിദ്രയില്‍ നിന്നുണര്‍ന്നു. തന്റെ വിശിഷ്ട വസ്ത്രങ്ങള്‍ കാണാനില്ല. വീടിനു ചുറ്റും നടന്ന് തിരയുകയായി. ആരെങ്കിലും എടുത്ത് എറിഞ്ഞുകളഞ്ഞോ എന്ന ശങ്ക. അതിന്റെ നിറമാകെ മാറി ഉണങ്ങാനിട്ട അവസ്ഥയില്‍ കണ്ടതും ജോണ്‍ കോപിഷ്ഠനായി. മുറ്റത്തിറങ്ങി, ഉണങ്ങാത്ത പാന്റും ജുബ്ബയുമെല്ലാം എടുത്ത് സഞ്ചിയും തൂക്കി ഒരക്ഷരം ഉരിയാടാതെ, പതിവ് അഞ്ച് രൂപ പോലും വാങ്ങാതെ നടകൊള്ളുകയായി. പിന്നെ ജോണ്‍ ഈ പടി കടന്നിട്ടില്ല. ശാന്തേച്ചി കണ്ണു തുടച്ചു.







കടമ്മനിട്ട മലയാളത്തിലെ പ്രോലിറ്റേറിയന്‍ കവിയായി, നിസ്വവര്‍ഗത്തിന്റെ കവിയായി, സമരോത്സുകതയുടെ കവിയായി, നല്ലവനായ കാട്ടാളനായി മുന്നേറിയതിന് ഒരു പശ്ചാത്തലമുണ്ട്. അച്ഛന്‍വഴിക്കും അമ്മവഴിക്കും അനാഥത്വത്തിന്റെ തീവ്രദൈന്യത്തിന്റേതായ പാരമ്പര്യമാണ് കടമ്മനിട്ടക്ക് പകര്‍ന്നുകിട്ടിയത്. അച്ഛന്‍ കടമ്മനിട്ട രാമന്‍നായരുടെ അമ്മ വളരെ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് അമ്മാവന്റെ വീട്ടില്‍ കുഞ്ഞമ്മയുടെ സംരക്ഷണയിലായി ജീവിത സംരക്ഷണം എന്നതു കൊണ്ട് അനാഥത്വം ഇല്ലാതായില്ലെന്നത് വേറെ കാര്യം. സന്ദര്‍ഭവശാല്‍ അതേ വീട്ടില്‍ത്തന്നെയാണ് കടമ്മനിട്ടയുടെ അമ്മ കുട്ടിയമ്മയ്ക്കും താമസിക്കേണ്ടിവന്നത്. കുട്ടിയമ്മയുടെ അമ്മയും ചെറുപ്പത്തിലേ മരിച്ചു. അതോടെ അച്ഛന്‍ സന്ന്യാസിയായി.... കുഞ്ഞൂഞ്ഞ് പണിക്കര്‍ ജാനകീദാസായി. പറവൂര്‍ രാമദാസ് സ്വാമിയാണ് കടമ്മനിട്ടയുടെ അപ്പൂപ്പനായ കുഞ്ഞൂഞ്ഞ് പണിക്കര്‍ക്ക് സന്ന്യാസദീക്ഷ നല്‍കിയതും ജാനകീദാസ് എന്ന് നാമകരണം ചെയ്തതും. ഹിമാലയത്തിലും ബദരീനാഥിലുമെല്ലാം തപസ്സനുഷ്ഠിച്ച ജാനകീദാസ് കോട്ടയം മല്ലപ്പള്ളിക്കടുത്ത് കറുകച്ചാലില്‍ ആശ്രമം സ്ഥാപിച്ചു. ഫലത്തില്‍ രണ്ട് അനാഥ ജന്മങ്ങളായ രാമന്‍നായരും കുട്ടിയമ്മയും ഒരേ തറവാട്ടില്‍ കഴിയുകയായിരുന്നു. അവിടെവച്ച് അവര്‍ വിവാഹിതരാകുന്നു...മേലേത്തറ രാമന്‍നായര്‍ പിന്നീട് പ്രഗല്ഭനായ പടയണി ആശാനായി, കടമ്മനിട്ട രാമന്‍നായര്‍ എന്നറിയപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടി. ഈ ദമ്പതികളുടെ മൂത്ത മകനാണ് എം ആര്‍ രാമകൃഷ്ണപണിക്കര്‍ എന്ന കടമ്മനിട്ട. രണ്ടാമനത്രെ കടമ്മനിട്ട ഗോപാലകൃഷ്ണപണിക്കര്‍ എന്ന പടയണി ആശാന്‍ . അദ്ദേഹത്തിനും സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. ഇളയവനാണ് കടമ്മനിട്ട ഗോപിനാഥപണിക്കര്‍ ... മുഴുപ്പട്ടിണിയും അര്‍ധപട്ടിണിയുമായ കുടുംബം. പടയണിയാശാനായ രാമന്‍നായര്‍ക്ക് ഒരേയൊരാഗ്രഹം. മൂത്തമകനെ പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കണം.... കടമ്മനിട്ട കോളേജില്‍ ചേരുന്നത് അങ്ങനെയാണ്.്..







പഠനകാലത്ത് ഭാഗികമായും പഠനാനന്തരം മുഴുവന്‍ സമയവും പാര്‍ടി പ്രവര്‍ത്തകനായ കടമ്മനിട്ടക്ക് ഒരു ജോലിയില്ലാതെ ജീവിതം തള്ളിനീക്കാനാവുമായിരുന്നില്ല. അടുപ്പില്‍ തീ പുകയുന്നില്ല....ഇളയ അനുജനെയെങ്കിലും കോളേജില്‍ പഠിപ്പിക്കണം..... അങ്ങനെ വിപ്ലവകാരി സജീവരാഷ്ട്രീയം ഉപേക്ഷിച്ച് അസമിലേക്ക് വണ്ടി കയറുകയാണ്. അസമില്‍ എന്തെങ്കിലും പണിയെടുത്ത് ജീവിക്കുക..... വൈലോപ്പിള്ളിയുടെ "ആസാം പണിക്കാര്‍" എന്ന കവിതയൊക്കെ വന്നിട്ട് 18 വര്‍ഷം കഴിഞ്ഞാണ് കടമ്മനിട്ടയുടെ ദേശാന്തരം. അസമില്‍ സ്ഥലംമാറ്റംകിട്ടി എത്തിയ പട്ടാളക്കാരനായ അമ്മാവന്‍ വിചാരിച്ചാല്‍ എന്തെങ്കിലും ജോലി കിട്ടുമെന്നാണ് പ്രതീക്ഷ. പക്ഷേ അസമില്‍ കാലുകുത്തേണ്ടിവന്നില്ല. ഹൗറയില്‍ വണ്ടി ഇറങ്ങിയപ്പോഴേക്കും പുതിയൊരാശയമുദിച്ചു. എന്‍എസ്എസ് പ്രസിഡന്റ് ഗോവിന്ദമേനോന്റെ മകന്‍ കല്‍ക്കത്തയിലുണ്ട്. 24 പര്‍ഗാനയിലെ ഗാന്ധി ആശ്രമത്തില്‍ . അവിടെ പലപല കൈത്തൊഴിലുകളിലേര്‍പ്പെട്ട് വിവിധ നാട്ടുകാരായ നിരവധിപേര്‍ കഴിയുന്നുണ്ട്. 24 പര്‍ഗാനയിലെ ഒരു കുടുസ്സുമുറിയില്‍ താമസിച്ചുകൊണ്ട് ഗാന്ധിആശ്രമത്തിലെ തീപ്പെട്ടിക്കമ്പനിയില്‍ എം ആര്‍ രാമകൃഷ്ണപണിക്കര്‍ ഒരു അപ്രന്റീസായി ചേരുന്നു. ആശ്രമത്തിലെ നിയമങ്ങള്‍ കടുകട്ടി. അതെല്ലാം അനുസരിച്ച് ഒരു തൊഴിലാളിയായി ഏതാനും മാസം.....







കടമ്മനിട്ടക്കാവിലെ കാളിയുടെ ഉപാസകനായ രാമകൃഷ്ണന്‍ 24 പര്‍ഗാന ജില്ലയുടെയും കല്‍ക്കത്തയുടെയും ഉള്‍നാടന്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു. പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ബംഗാളി ഗ്രാമീണന്റെ ജീവിതം കണ്ടു. ദുര്‍ഗാദേവി പൂജയുടെ ഭക്തിസാന്ദ്രതയും വികാരതീവ്രതയും ഉള്‍ക്കൊണ്ടു. തിന്മയുടെ പ്രതീകമായ ദാരികനെ നിഗ്രഹിക്കുന്ന കാളിയുടെ, ദുര്‍ഗയുടെ ബിംബം ആ മനസ്സില്‍ ഒന്നുകൂടി തിടംവച്ചു..... അങ്ങനെയിരിക്കെയാണ് പോസ്റ്റല്‍ ആന്‍ഡ് ടെലഗ്രാഫ് വകുപ്പില്‍ ഓഡിറ്റ് വിഭാഗത്തില്‍ ജോലി ലഭിച്ചതായുള്ള അറിയിപ്പ് കടമ്മനിട്ടയിലെ വീട്ടില്‍ കിട്ടുന്നത്. ഫോണ്‍ വിളിക്കാന്‍ സൗകര്യമില്ല. അറിയിക്കാന്‍ കത്ത് മാത്രമാണ് മാര്‍ഗം. കത്തയച്ചാല്‍ മദിരാശിയില്‍ ജോലിക്ക് ചേരേണ്ട സമയത്തിന് മുമ്പ് എത്താന്‍ സാധിക്കുമോ എന്ന് നിശ്ചയമില്ല. കമ്പനിയില്‍നിന്ന് പുറത്തുവിടില്ലെന്ന പ്രശ്നവുമുണ്ട്. അതുകൊണ്ട് കല്‍ക്കത്തയില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിവരമറിയിക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ആ സുഹൃത്ത് രാമകൃഷ്ണനെ ചെന്നുകണ്ട് കാര്യം അറിയിക്കുകയുംചെയ്തു. "അമ്മ മരിച്ചു; ഉടന്‍ പുറപ്പെടുക" എന്ന് കമ്പിസന്ദേശം. കമ്പനിയില്‍നിന്ന് പുറത്തേക്ക് വിടാന്‍ മറ്റു ഗത്യന്തരമില്ലാത്തതിനാലാണ് ആ അടവെടുത്തത്. കമ്പി കിട്ടിയ ഉടനെത്തന്നെ രാമകൃഷ്ണന്‍ മദിരാശിയിലേക്ക് പുറപ്പെട്ടു. അഡൈ്വസ് മെമ്മോയുമായി നാട്ടില്‍നിന്ന് മദിരാശി മെയിലില്‍ ബന്ധുവും..... 1959മുതല്‍ 67വരെയാണ് കടമ്മനിട്ട മദിരാശിയില്‍ ജോലിചെയ്തത്.







കുടുംബത്തെ സംരക്ഷിക്കുന്നതിന് കിട്ടുന്ന അണ പൈ മുഴുവന്‍ ഉപയോഗിക്കുക-അതായിരുന്നു കടമ്മനിട്ടയുടെ നയം. അതിനായി കഠിനാധ്വാനവും പിശുക്കും.... "പോസ്റ്റല്‍ ഓഡിറ്റ് വിഭാഗത്തില്‍ അന്ന് ഓവര്‍ടൈം കിട്ടുമായിരുന്നു. മണിഓര്‍ഡര്‍ കൂപ്പണുകളുടെയും മറ്റും വലിയ കെട്ടുമായാണ് രാത്രി വീട്ടില്‍ വരിക. ഊണുകഴിഞ്ഞശേഷം മണിക്കൂറുകളോളം അതിന്റെ പിന്നാലെയായിരിക്കും. അതില്‍നിന്ന് കിട്ടുന്ന ഓവര്‍ടൈം വരുമാനം ഏറെ സഹായകമായി"- ശാന്തച്ചേച്ചി അനുസ്മരിച്ചു. കടമ്മനിട്ടയുടെ പിശുക്ക് പ്രശസ്തമാണ്. അതേക്കുറിച്ച് അങ്ങോട്ട് ചില കഥകള്‍ പറഞ്ഞപ്പോള്‍ സദസ്സില്‍വച്ച് ഗോപിനാഥപണിക്കര്‍ പൊട്ടിച്ചിരിച്ചു. കടമ്മനിട്ട കടമ്മനിട്ടയായി കഴിഞ്ഞശേഷമാണ് സംഭവം. അനുജന്‍ ഗോപിക്കും അന്ന് ഗോവയില്‍ ജോലികിട്ടിക്കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും ഒന്നിച്ച് തിരുവനന്തപുരത്ത് പോകണം. ഗോപി പുലര്‍ച്ചെതന്നെ വള്ളിക്കോട്ടെ വീട്ടിലെത്തുന്നു. അഞ്ചരയുടെ സ്റ്റേറ്റ് ബസ്സിന് പോകാന്‍ കട്ടന്‍ മാത്രം കഴിച്ച് ഇറങ്ങി. പ്രഭാതഭക്ഷണത്തിനായി ബസ്സ് ചടയമംഗലത്ത് നിര്‍ത്തി. അനുജനെയും കൂട്ടി ചേട്ടനും പുറത്തിറങ്ങി. ഹോട്ടലിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഒരു ബോധോദയംപോലെ ചേട്ടന്‍ പറയുകയാണ്: "എടാ, നമ്മുടെ കാന്റീനില്‍ നല്ല പുട്ടും കടലയും കിട്ടും. ഇവിടുന്ന് കഴിക്കേണ്ട...." ചേട്ടന്റെ ചേതോവികാരം മനസ്സിലാക്കി ഒന്നുംമിണ്ടാതെ തിരിഞ്ഞുനടന്നു. തിരുവനന്തപുരത്തെത്തുമ്പോള്‍ വൈകിയതിനാല്‍ കാന്റീനില്‍ ഒന്നുമുണ്ടായിരുന്നില്ല. "ഇനി സാരമില്ല. ഉച്ചക്ക് ഉണ്ണാം"- ചേട്ടന്‍ ആശ്വസിപ്പിക്കുകയാണ്. അന്നുച്ചക്ക് ഊണ് ഫ്രീയായിരുന്നു. മുരളി പുതിയൊരു ഫിയറ്റ് കാര്‍ വാങ്ങിയതിന്റെ ആഘോഷം......







പിശുക്കുണ്ടെങ്കിലും സ്നേഹവാത്സല്യങ്ങളുടെ കാര്യത്തില്‍ കടമ്മനിട്ടച്ചേട്ടനെ കഴിച്ചേ മറ്റാരുമുള്ളു. മദിരാശിയില്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഗോപി ചേട്ടനൊന്നിച്ചായിരുന്നല്ലോ താമസം. ഗോവയില്‍ ജോലി കിട്ടി പോയശേഷവും ലീവില്‍ വന്നാല്‍ തിരുവനന്തപുരത്ത് പൈപ്പിന്‍മൂട്ടിലുള്ള തന്റെ വാടകവീട്ടില്‍ വന്ന് താമസിച്ചുകൊള്ളണം എന്ന് നിര്‍ബന്ധമായിരുന്നു. വീട്ടിനകത്തും ലോഡ്ജുകളിലും ബാറുകളിലും നടന്ന പ്രതിഭാസംഗമങ്ങളില്‍ മുരളിക്കും നെടുമുടിക്കും നരേന്ദ്രപ്രസാദിനുമെല്ലാമൊപ്പം ഗോപിക്കും പ്രവേശനമുണ്ടായിരുന്നു. അത്തരമൊരു പ്രതിഭാസംഗമത്തില്‍ ഗോപിനാഥപണിക്കരെ കൈയേറ്റം ചെയ്തുവെന്ന സംശയത്തില്‍ ഒരു ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ കടമ്മനിട്ട തല്ലിയ സംഭവവുമുണ്ടായിട്ടുണ്ടത്രെ.... കോട്ടയം മല്ലപ്പള്ളിയിലെ കറുകച്ചാല്‍ ആശ്രമത്തില്‍ വാരാന്ത്യങ്ങളില്‍ എത്തുന്ന സന്ദര്‍ശകരായിരുന്നു കുട്ടിയമ്മയും മക്കളും. ആഴ്ചയില്‍ ഒരു രാത്രിയും രണ്ടു പകലും നീളുന്ന ആശ്രമവാസം കടമ്മനിട്ടയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഉച്ചത്തിലുള്ള നാമജപവും സന്ധ്യാലക്ഷ്മീ കീര്‍ത്തനവും വേദേതിഹാസപാരായണവും. മുത്തച്ഛന്‍ ജാനകീദാസ് സ്വാമി നല്‍കിയ ഈണങ്ങള്‍ .....ആശ്രമത്തിലെ പുരാണഗ്രന്ഥങ്ങള്‍ കൊച്ചു കടമ്മനിട്ടയുടെ മനസ്സില്‍ പദങ്ങളുടെയും താളത്തിന്റെയും തത്വങ്ങളുടെയും സമ്പത്തുണ്ടാക്കി...







പിന്നീടെന്നോ ആശ്രമത്തില്‍ മോഷണം നടക്കുകയും എല്ലാം പാഴാണെന്ന തിരിച്ചറിവില്‍ ആശ്രമം "പിരിച്ചുവിട്ട്" ജാനകീദാസ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തെങ്കിലും ആശ്രമത്തിലെ അനുഭവങ്ങള്‍ രാമകൃഷ്ണന്റെ മനസില്‍ കൂടുകൂട്ടി. സാഹിത്യത്തോടും പാട്ടിനോടുമുള്ള അഭിനിവേശം.... പടയണി ചെറുപ്പത്തിലേ രാമകൃഷ്ണന്റെ മനസ്സില്‍ രൗദ്രതാളങ്ങള്‍ നിറച്ചു. കറുകച്ചാല്‍ ആശ്രമാനുഭവത്തിന്റെ തുടര്‍ച്ചയും ഇടര്‍ച്ചയുമായി പടയണിപ്പാട്ടുകളും പടയണിത്തുള്ളലും. രാമായണ-മഹാഭാരത-ഭാഗവതാദി ഗ്രന്ഥങ്ങളുമായുള്ള ബന്ധമാണ് ആശ്രമത്തില്‍നിന്നെങ്കില്‍ കടമ്മനിട്ടക്കാവിലെ പടയണിയനുഭവം കാളീപൂജയുടെയും ദാരികനെ വധിക്കുന്ന കാളിയുടെ ഭൈരവിയുടെ ദ്രാവിഡപ്രഭാവത്തിന്റെ അനുഭവമായിരുന്നു. അച്ഛന്‍ മേലേത്തറയില്‍ രാമന്‍നായര്‍ പടയണിയാശാനും പടയണിയിലെ തപ്പുമേളക്കാരനും. അമ്മാവന്‍ കടമ്മനിട്ട രാമന്‍നായരും പടയണി കലാകാരന്‍ . കുടുംബപരമായി പടയണിക്കാരനാണെങ്കിലും മൂത്തമകനെ അതുമായി അടുപ്പിക്കാതെ കോളേജിലയച്ച് പഠിപ്പിച്ച് ഉദ്യോഗസ്ഥനാക്കിയേ തീരൂ എന്നതായിരുന്നു മേലേത്തറയില്‍ രാമന്‍നായരുടെ ശപഥം. കോട്ടയം സിഎംഎസ്സിലും ചങ്ങനാശ്ശേരി എന്‍എസ്്എസ്സിലും പഠിച്ച് 1957ല്‍ ബിരുദമെടുത്ത രാമകൃഷ്ണന് രണ്ട് വര്‍ഷത്തിനകംതന്നെ അച്ഛന്‍ ആഗ്രഹിച്ചതുപോലുള്ള ജോലി കിട്ടുകയുംചെയ്തു. പടയണിക്കാരനായില്ലെങ്കിലും പടയണിയുടെ പാട്ടും തപ്പുതാളവും അന്തര്‍ലീനമാവുകയും അത് പുതിയൊരു കാവ്യസംസ്കാരമായി ഉരുവംകൊള്ളുകയുംചെയ്തു. കവിതയുടെ സൃഷ്ടി തുടങ്ങുംമുമ്പ് നല്ലൊരു കാവ്യപ്രഭാഷകനായും രാമകൃഷ്ണന്‍ പേരെടുത്തു. വയലാറിന്റെ "ആയിഷ"യും മഹാകവി പി കുഞ്ഞിരാമന്‍നായരുടെ കവിതകളുമെല്ലാം പത്തനംതിട്ട താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കലാസമിതി വാര്‍ഷികങ്ങളിലും ക്ഷേത്രോത്സവവേദികളിലുമെല്ലാം രാമകൃഷ്ണന്‍ അവതരിപ്പിച്ച് പേരെടുത്തു. കടമ്മനിട്ടക്കാവിലെ പടയണിക്ക് പാട്ടുപാടാനും രാമകൃഷ്ണന്‍ റെഡി. അങ്ങനെ വശ്യവചസ്സായി, പുതിയ താളസ്രഷ്ടാവായി, പുതിയ ഈണത്തിന്റെയും വികാരാവേഗങ്ങള്‍ സൃഷ്ടിക്കുന്ന ശബ്ദഗാംഭീര്യത്തിന്റെയും ചൊല്‍ക്കാഴ്ചയുടെ പ്രതിരൂപമായി എം ആര്‍ രാമകൃഷ്ണപണിക്കര്‍ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന സാര്‍ഥക മുഴക്കമായി സംഭവിച്ചു....







അനന്തമൂര്‍ത്തിയും അരവിന്ദനും അടൂര്‍ ഗോപാലകൃഷ്ണനും ഗോപിയും നരേന്ദ്രപ്രസാദും നെടുമുടിവേണുവും മുരളിയുമടക്കമുള്ള മഹാപ്രതിഭകളുടെ സാന്നിധ്യവും സംഗമവുംകൊണ്ടുകൂടി കടമ്മനിട്ടക്കാവിലെ പടയണി പുഷ്കലമായി. സുഹൃദ്സംഘങ്ങള്‍ക്ക് കടമ്മനിട്ട ഗുരുജിയും കുറേക്കൂടി അടുപ്പമുള്ളവര്‍ക്ക് കൊച്ചാട്ടനുമായി. മധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന അനുഷ്ഠാനമായ പടയണിയോടെന്നപോലെ വടക്കേ മലബാറിലെ കാവുകളിലെ തെയ്യം തിറകളോടും കടമ്മനിട്ടക്ക് വലിയ കമ്പമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിയില്‍ പരേതനായ കാന്തലോട്ട് കരുണന്റെ വീട്ടില്‍ ഒരു രാത്രി കടമ്മനിട്ട അതിഥിയായെത്തി. ഒരുകാലത്ത് നക്സല്‍ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കാന്തലോട്ട് കരുണന്‍ സജീവരാഷ്ട്രീയമെല്ലാം വിട്ട് കൃഷിയും പശുവളര്‍ത്തലുമായി കഴിയുന്ന കാലം. ഫോക്ലോര്‍ സൈദ്ധാന്തികനായ അനന്തരവന്‍ രാഘവന്‍ പയ്യനാടിനൊപ്പം എത്തിയ കടമ്മനിട്ടയെ എല്ലാവരും ചേര്‍ന്ന് നയിച്ചത് തൊട്ടടുത്ത വയലിലെ പുതിയ ഭഗവതിത്തിറ കാണുന്നതിനാണ്. ആതിഥേയരില്‍ ഭൂരിപക്ഷവും ഉറക്കച്ചടവ് കാരണം വീട്ടിലേക്ക് മടങ്ങിയിട്ടും പുലര്‍കാലമഞ്ഞും തണുപ്പും അസഹ്യമായ പൊടിയും സഹിച്ച് കടമ്മനിട്ട തെയ്യത്തിന്റെ മാസ്മര നൃത്തം കാണാനിരുന്നു. ആ തെയ്യക്കണ്ടത്തില്‍ തണുപ്പിനെ അകറ്റാന്‍ മറ്റു "ഭക്തജന"ങ്ങളില്‍നിന്ന് ബീഡി വാങ്ങി വലിച്ച്, വീണ്ടും ബീഡിക്ക് ചോദിച്ച് കവി നടന്നത് പലരും മറന്നിട്ടുണ്ടാവില്ല. ഇന്ന് പല വന്‍ സിനിമാതാരങ്ങള്‍ക്കുമുള്ളത്ര "ഗ്ലാമര്‍" അന്ന് കടമ്മനിട്ടക്കുണ്ടായിരുന്നു. കടമ്മനിട്ട എന്നുകേട്ടാല്‍ ആവേശം നിറയുന്ന കാലം. ആ കാലത്താണ് തെയ്യക്കണ്ടത്തില്‍ ബീഡിചോദിച്ചുവാങ്ങി വലിച്ചും കടല കൊറിച്ചും യാതൊരസ്വാഭാവികതയുമില്ലാതെ കടമ്മനിട്ട..... ജാട എന്നത് കടമ്മനിട്ടക്കറിയില്ലായിരുന്നു. തന്റെ മുന്നില്‍ ജാട കാട്ടുന്നവരെ യാതൊരു കരുണയുമില്ലാതെ ആട്ടുന്ന സ്വഭാവവുമുണ്ടായിരുന്നു. ഏതെങ്കിലും വീട്ടില്‍പോയാലും തന്റെ വീട്ടിലെന്നപോലെയുള്ള പെരുമാറ്റം...വീട്ടില്‍ വന്നുകയറിയ ഉടന്‍ കുപ്പായമഴിച്ചുവയ്ക്കല്‍ ... പലപ്പോഴും മുണ്ടും... മറ്റുസ്ഥലങ്ങളില്‍ചെന്നാലും അതിന് മാറ്റമില്ലെന്നുപറഞ്ഞ് ശാന്തേച്ചി ചിരിച്ചു..... "യുഎസ് മലയാളി ഫൗണ്ടേഷന്‍ അവാര്‍ഡ് കടമ്മനിട്ടക്ക് കിട്ടുന്നത് 1984ലാണ്. അത് വലിയൊരു സഹായമായിരുന്നു. രണ്ടു മൂന്നാഴ്ചയോളം അമേരിക്കയിലും കനഡയിലും പര്യടനം നടത്തി കവിത അവതരിപ്പിച്ചു; പ്രസംഗിച്ചു. അമേരിക്കയിലും കനഡയിലുമായിരുന്നിട്ടും യാത്രയിലും പ്രോഗ്രാമുകളിലും മുണ്ടും ജുബ്ബയുമായിരുന്നു വേഷം. ആ യൂണിഫോം മാറാന്‍ ഒരിക്കലും കൂട്ടാക്കിയില്ല"-ശാന്തേച്ചിയും ഗോപിച്ചേട്ടനും അനുസ്മരിച്ചു. പുതിയ ഭാവുകത്വപ്രക്ഷേപണത്തിന്, പുരോഗമന രാഷ്ട്രീയത്തിന,് സൗന്ദര്യശാസ്ത്രപിന്‍ബലമേകുന്ന കൂട്ടായ്മകള്‍ക്ക,് കവിയരങ്ങ് എന്ന മഹാപ്രസ്ഥാനത്തിന് ചൈതന്യം പകരുകയും നേതൃത്വം നല്‍കുകയും ചെയ്ത കടമ്മനിട്ട അറുപതുകളുടെ രണ്ടാം പകുതിയോടെ മാത്രമാണ് കാവ്യരചനയില്‍ സജീവമാകുന്നത്.







മദിരാശിയില്‍ എം ഗോവിന്ദനും മറ്റും നേതൃത്വം നല്‍കിയ കൊച്ചു സാഹിത്യ കൂട്ടായ്മകളില്‍ , സാഹിത്യസമാജങ്ങളില്‍ പങ്കാളിയായിക്കൊണ്ടാണ് രചനാ രംഗത്ത് കടമ്മനിട്ട പ്രത്യക്ഷനാകുന്നത്. പുതിയ സൗന്ദര്യബോധവും പുതിയ യുക്തികളും നിറഞ്ഞ ചോദ്യങ്ങളും ഇടപെടലുകളും കടമ്മനിട്ടയെ സദസ്സില്‍ ശ്രദ്ധേയനാക്കുകയും ഗോവിന്ദന്‍ പ്രോത്സാഹകനായിത്തീരുകയും കടമ്മനിട്ട ചുവടുറപ്പിക്കുകയുമായിരുന്നു. പില്ക്കാലത്ത് "ന്യൂഡല്‍ഹി ഇന്ന്" മാസിക നടത്തിയ ടി വി കുഞ്ഞികൃഷ്ണന്‍ പത്രാധിപരായി മദിരാശിയില്‍നിന്ന് പ്രസിദ്ധപ്പെടുത്തിയ "അന്വേഷണം" എന്ന പുത്തന്‍ കൂറ്റ് മാസികയിലാണ് കടമ്മനിട്ടയുടെ കവിത ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്-




താറും കുറ്റിച്ചൂലും -1965ല്‍ . അതിനുമുമ്പ് എത്രയോ കവിതകള്‍ എഴുതിവച്ചെങ്കിലും പ്രസിദ്ധപ്പെടുത്തിയില്ല. മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സാഹിത്യ വാരിക കവിത നിരസിച്ചതോടെ ചോദിച്ചാലല്ലാതെ കവിത അയക്കുന്നത് കടമ്മനിട്ട നിര്‍ത്തി. പ്രസ്തുത വാരികയില്‍ ഒരു കവിതയും പ്രസിദ്ധപ്പെടുത്താതെ തന്നെ കടമ്മനിട്ടയെ മഹാകവിയായി കേരളം നെഞ്ചേറ്റുകയും ചെയ്തു. "കലാകൗമുദിക്കു വേണ്ടി കവിത കൊടുക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നതും കവിത വാങ്ങിക്കൊണ്ടുപോയി കൊടുക്കാറുള്ളതും നെടുമുടിയായിരുന്നു. ഓണക്കാലത്ത് എല്ലാ ആഴ്ചപ്പതിപ്പുകാരും കവിത ചോദിക്കും. മുന്‍കൂര്‍ കാശ് വരെ അയക്കും. പക്ഷേ അദ്ദേഹം ഞെക്കിപ്പഴുപ്പിച്ച് ഓണപ്പതിപ്പുകള്‍ക്കുവേണ്ടി എഴുതാറില്ലായിരുന്നു" - ശാന്തച്ചേച്ചി അനുസ്മരിച്ചു. തീവ്രവേദന സഹിച്ചുകൊണ്ടാണ,് സ്വയം വല്ലാതെ പീഡിപ്പിച്ചുകൊണ്ടാണ് കടമ്മനിട്ട മനസ്സില്‍ കവിതകള്‍ രചിച്ചത്. ഓരോ അക്ഷരവും ഓരോ വാക്കും ഓരോ വരിയും ഉരുവം കൊള്ളുന്ന സൃഷ്ടിയുടെ മഹാമുഹൂര്‍ത്തങ്ങള്‍ .. തിരുവനന്തപുരത്ത് പൈപ്പിന്‍മൂട്ടിലെ വാടകവീടിന് തൊട്ടടുത്താണ് (സാഹിത്യവാരഫലം) എം കൃഷ്ണന്‍നായരുടെ വസതി. വീട്ടുമുറ്റത്ത്, കടമ്മനിട്ട മറ്റെങ്ങും ശ്രദ്ധിക്കാതെ ഇടതുകൈ മൂര്‍ധാവില്‍ തിരുപ്പിടിപ്പിച്ച് നടക്കുന്നത് കാണുമ്പോള്‍ കൃഷ്ണന്‍നായര്‍ സാര്‍ പറയുമായിരുന്നുവത്രേ-അതാ അവിടെ ഒരു കവിത ജന്മമെടുക്കുകയാണ്. ഒന്നുകില്‍ ഇടതുകൈകൊണ്ട് മൂര്‍ധാവിലെ മുടി അതിശക്തിയോടെ പിഴുതെടുത്തെറിയുക, അല്ലെങ്കില്‍ വലതുകൈ കൊണ്ട് നെഞ്ചിലെ രോമം പിഴുതെടുത്തെറിയുക-അങ്ങനെ നൂറുനൂറു മുടികൊഴിച്ചിലിനുശേഷമാണ് മനസ്സില്‍ വരികള്‍ കൂടുകൂട്ടുന്നത്. ദിവസങ്ങളും ചിലപ്പോള്‍ മാസങ്ങളും നീളുന്ന ആ പ്രക്രിയയിലൂടെ രൂപം കൊള്ളുകയും പൂര്‍ണത പ്രാപിക്കുകയും ചെയ്യുന്ന കവിത കടലാസില്‍ കോറിയിടുന്നത് എത്രയോ കഴിഞ്ഞ്. കവിയരങ്ങുകളില്‍ തന്റെ കവിത നോക്കി വായിക്കേണ്ടി വരാറില്ലായിരുന്നു. അത് രൂപം കൊണ്ടതുപോലെ തന്നെ സ്വാഭാവികമായി പ്രവഹിക്കുകയും ചെയ്തുപോന്നു. കടമ്മനിട്ടക്കവിതകളുടെ സൃഷ്ടിക്കു പിന്നില്‍ അനുഭവങ്ങള്‍ തന്നെയാണ് പ്രേരകശക്തി. "കുറത്തി" എന്ന കവിതയ്ക്ക് പിന്നില്‍ ഒരു ബാഹ്യപ്രേരണ, അഥവാ ഒരഭ്യര്‍ഥനയുടെ ഫലമാണതെന്ന് ശാന്തച്ചേച്ചി ഓര്‍ക്കുന്നു.







വാഴമുട്ടത്ത് ഭാര്യയുടെ തറവാട് വീട്ടില്‍ കടമ്മനിട്ട താമസിക്കുന്ന കാലം. കുറവ സമുദായത്തില്‍പെട്ടവരാണ് തറവാട്ടിലെ കര്‍ഷകതൊഴിലാളികള്‍ . ഒരു കണ്ണില്ലാത്ത, കാളി എന്ന കുറവ സ്ത്രീ കടമ്മനിട്ടയ്ക്ക് ഒരു മുരുട പാല് കൊടുക്കുന്നു. അയിത്തം നിലനില്ക്കുന്ന കാലം. കടമ്മനിട്ട പാല്‍ കുടിക്കുന്നു. "ഞങ്ങളെപ്പറ്റി എന്താ പാട്ടെഴുതാത്തത്" എന്ന് കാളി ചോദിക്കുന്നു. "നോക്കട്ടെ, എഴുതാം" എന്ന് കവി. കേരളം അത്യാവേശത്തോടെയും രോഷത്തോടെയും വിപ്ലവക്കരുത്തോടെയും പാടിനടന്ന, കുറത്തി എന്ന മഹാകാവ്യത്തിന്റെ പിറവി അങ്ങനെയത്രേ. ശാന്തച്ചേച്ചിക്ക് ഏറ്റവും ഇഷ്ടം "ശാന്ത" തന്നെയാവുക സ്വാഭാവികം. "അയാളെന്ത് കവിതയാണെഴുതുന്നത്. സ്വന്തം പെമ്പ്രന്നോത്തിയെക്കൊണ്ട് കവിതയെഴുതുന്നതൊക്കെ മോശമല്ലേ" എന്ന് പലരും എന്നോട് ആക്ഷേപിച്ച് പറയുകയുണ്ടായി. "എന്നെപ്പറ്റി മാത്രമല്ലല്ലോ എല്ലാ പെണ്ണുങ്ങളെയും പറ്റിയല്ലേ എഴുതിയിരിക്കുന്നത്. എന്റെ പേരിട്ടുവെന്നല്ലേയുള്ളൂ" എന്നാണ് ഞാനവരോട് പറഞ്ഞത്. കവിതയിലൂടെ ഏറ്റവും പ്രശസ്തയായ കവിപത്നി അഭിമാനബോധത്തോടെ പറഞ്ഞു. കുറത്തിയും കാട്ടാളനും കിരാതവൃത്തവും പോലെ ചൂഷിതവര്‍ഗത്തിന്റെ ചെറുത്തുനില്പിന്റെയും മുന്നേറ്റത്തിന്റെയും ഇതിഹാസമാണ് അടിയന്തരാവസ്ഥയുടെ കരിമ്പാറയെ പിടിച്ചുലയ്ക്കാന്‍ ശ്രമിച്ച ശാന്ത-കടമ്മനിട്ടക്കവിതകളുടെ പശ്ചാത്തലത്തിലേക്ക് മാത്രം വിഹഗ വീക്ഷണം നടത്തി കവിതകളിലേക്കു കടക്കുകയേ ചെയ്യാതെ ഈ നിബന്ധം സമാപ്തം.

@@

കെ ബാലകൃഷ്ണന്‍



08 September, 2011

ഓണാശംസകള്‍



മുറ്റത്ത് പൂക്കളം തീര്‍ത്ത്, സദ്യയൊരുക്കി സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ഓണം ആഘോഷിക്കുകയാണ് മലയാളികള്‍. കേരളത്തില്‍ മാത്രമല്ല, മലയാളികള്‍ എവിടെയുണ്ടോ അവിടമൊക്കെ ആഘോഷത്തിന്‍റെ ലഹരിയിലാണ്.

കേരളം ഭരിച്ചിരുന്ന മഹാബലി മഹാരാജാവിനെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നും വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാബലിക്ക് വിഷ്ണു വരം വല്‍കിയെന്നുമാണ് ഐതീഹ്യം. മഹാബലി നാടുകാണാനെത്തുന്ന ആ പുണ്യ ദിനമാണ് തിരുവോണം.

പൂക്കളിറുക്കാന്‍ പൂക്കൂടയുമായി കുട്ടികള്‍ നടക്കുന്നതും സ്ത്രീകള്‍ ഓണപ്പാട്ടു പാടി തിരുവാതിരകളി നടത്തുന്നതും തുമ്പി തുള്ളലുമൊക്കെ ഇന്ന് അപൂര്‍വമായി മാത്രം കാണുന്ന കാഴ്ചയാണ്. പൂക്കള്‍ക്ക് പകരം പ്ലാസ്റ്റിക് പൂക്കളവും ഹോട്ടല്‍ സദ്യയുമൊക്കെ മലയാളികള്‍ ശീലമാക്കി തുടങ്ങിയിരിക്കുന്നു.

പതിവിന് വിപരീതമായി ഈ വര്‍ഷം പച്ചക്കറികള്‍ക്കും അരിക്കും പൂക്കള്‍ക്കും തീ വിലയാണ്. സര്‍ക്കാരും സഹകരണ ഏജന്‍സികളും വിലക്കയറ്റം തടയാന്‍ ശ്രമം നടത്തിയെങ്കിലും കാര്യമായ പ്രതിഫലനം ഉണ്‌ടാക്കാനായിട്ടില്ല. എല്ലാവര്ക്കും ഒരിക്കല്‍ കൂടി സാര്‍ദ്രം സാംസ്കാരിക സംഘത്തിന്റെ ഒരായിരം ഓണാശംസകള്‍. 

06 September, 2011

അമേരിക്കാദാസ്യം വിപദ്ഘട്ടത്തിലേക്ക്

സിഐഎയുടെയും ലഷ്കര്‍ ഇ തോയ്ബയുടെയും ഇരട്ടച്ചാരനായ ഡേവിഡ് ഹെഡ്ലിയെ അമേരിക്കയില്‍നിന്ന് വിട്ടുകിട്ടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് തീരെ താല്‍പ്പര്യമില്ലായിരുന്നുവെന്നത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. ജനവികാരം ശമിപ്പിക്കാന്‍ വേണ്ടി ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നുവെന്നേയുള്ളൂവെന്നും വിട്ടുകിട്ടുന്ന കാര്യത്തില്‍ തങ്ങള്‍ നിര്‍ബന്ധംപിടിക്കുന്നില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന എം കെ നാരായണന്‍ അമേരിക്കയെ അറിയിച്ചതായാണ് പുതിയ വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നത്. അമേരിക്കന്‍ അംബാസഡര്‍ തിമോത്തി ജെ റോമറും എം കെ നാരായണനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ രേഖയാണ് പുറത്തുവന്നിട്ടുള്ളത്. എംബസിയില്‍നിന്ന് അമേരിക്കയിലേക്കയച്ച കേബിള്‍ സന്ദേശമാണ് വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. എം കെ നാരായണന്‍ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും ഈ വിക്കിലീക്സ് രേഖകളെ അവിശ്വസിക്കാന്‍ കാരണമൊന്നും കാണുന്നില്ല. വിക്കിലീക്സ് ചോര്‍ത്തിയ ഒരു രേഖയുടെയും ആധികാരികതയെ അമേരിക്കന്‍ സര്‍ക്കാര്‍പോലും ചോദ്യംചെയ്തിട്ടില്ലതാനും. അതിനപ്പുറം, എം കെ നാരായണന്റെ വാക്കുകളില്‍ പ്രതിഫലിച്ചുകാണുന്നത് ഡോ. മന്‍മോഹന്‍സിങ്ങിന്റെയും അദ്ദേഹത്തിന്റെ മന്ത്രിസഭയുടെയും വികാരംതന്നെയാണ് എന്നുകാണാവുന്നതാണ്.

യുപിഎ സര്‍ക്കാരിന്റെ അമേരിക്കാ പ്രീണനനയത്തിന്റെ ചുവടുപിടിച്ചുതന്നെ ആ സര്‍ക്കാരിന്റെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചതില്‍ അത്ഭുതത്തിനവകാശമില്ല. 2008 നവംബര്‍ 26ന് 168 പേരുടെ ജീവനൊടുക്കിയ മുംബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഹെഡ്ലി. എല്ലാം ആസൂത്രണം ചെയ്തുവച്ചിട്ട് അയാള്‍ ഇന്ത്യയില്‍നിന്ന് കടന്നു. ഈ സിഐഎ ചാരന്‍ ഇന്ത്യയില്‍ വന്ന് കൂട്ടക്കൊലയ്ക്ക് അരങ്ങൊരുക്കിവച്ചിട്ട് സുരക്ഷിതനായി സ്ഥലംവിടുകയായിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സിനടക്കം ഈ ചാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ത്യ വിട്ടത് ഉന്നതരുടെ അറിവോടെയായിരുന്നുവെന്ന് അന്നേ വിമര്‍ശമുണ്ടായിരുന്നു. പിന്നീട്, ഹെഡ്ലി പിടികൂടപ്പെട്ട വേളയില്‍തന്നെ ഇന്ത്യാസര്‍ക്കാര്‍ അയാളെ വിട്ടുകിട്ടാന്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമായിരുന്നു. അതുണ്ടായില്ല. വേണമെങ്കില്‍ , അമേരിക്കയില്‍ വന്ന് അയാളോട് ചോദ്യം ചോദിച്ചുകൊള്ളാന്‍ അമേരിക്ക പറഞ്ഞു. വിധേയത്വത്തോടെ ഇന്ത്യാസര്‍ക്കാര്‍ അത് സമ്മതിച്ചുകൊടുത്തു. അതുപ്രകാരം അമേരിക്കയിലെത്തിയ സംഘത്തിന് ഹെഡ്ലിയെ കാണാന്‍പോലുമുള്ള അവസരം അമേരിക്ക ഉണ്ടാക്കിയില്ല. എഴുതിത്തയ്യാറാക്കിയ ഇന്ത്യന്‍ സംഘത്തിന്റെ ചോദ്യാവലിയില്‍ തനിക്ക് സൗകര്യമുള്ളതിനുമാത്രം എഴുതിത്തയ്യാറാക്കിയ മറുപടികൊടുത്തു ഹെഡ്ലി. ഇതിനൊക്കെയിടയിലാണ് യുപിഎ സര്‍ക്കാര്‍ യവനികയ്ക്കുപിന്നില്‍ അമേരിക്കയുമായി ഒത്തുള്ള നാടകം കളിച്ചത്. ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് പരസ്യമായി ആവശ്യപ്പെടുക; അതേസമയം, ആ ആവശ്യം സാധിക്കാന്‍ വേണ്ട ഒരു തുടര്‍നടപടിയും ചെയ്യാതിരിക്കുക. തരംകിട്ടിയ ആദ്യവേളയില്‍തന്നെ, ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് തങ്ങള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല എന്ന് അമേരിക്കയെ അറിയിക്കുകയുംചെയ്യുക. മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നയത്തിന്റെ ഉപകരണമാണ് എം കെ നാരായണന്‍ . രാജ്യതാല്‍പ്പര്യം ബലികഴിക്കുകയും ഭീകരരെ നേരിടാന്‍ മുംബൈയില്‍ ജീവന്‍ ബലിയര്‍പ്പിച്ച സേനാംഗങ്ങളുടെ ഓര്‍മകളോടുപോലും മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്യുകയുമാണ് ഈ നിലപാടിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ളവര്‍ . അമേരിക്കയെ പ്രീണിപ്പിക്കാന്‍വേണ്ടി, കുറ്റവിചാരണചെയ്ത് ശിക്ഷിക്കേണ്ട ക്രിമിനലുകളെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ അനുവദിക്കുന്നത് ഇതാദ്യമല്ല. ബൊഫോഴ്സ് കുംഭകോണക്കേസില്‍ പ്രതിയായ ക്വട്റോച്ചി ഇന്ത്യന്‍ കോടതികളില്‍ നിയമ നടപടികള്‍ ആരംഭിച്ചശേഷമാണ് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അയാളുടെ മരവിപ്പിച്ച ബാങ്ക് നിക്ഷേപം പ്രവര്‍ത്തനക്ഷമമാക്കിക്കൊടുത്തതും അയാള്‍ക്ക് സുരക്ഷിതമായി ഇന്ത്യവിടാന്‍ സന്ദര്‍ഭമുണ്ടാക്കിക്കൊടുത്തതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. സോണിയ ഗാന്ധിയുടെ സുഹൃത്തുകൂടിയായ ആ ഇറ്റലിക്കാരന്‍ അവരുടെ കുടുംബത്തിലെ നിത്യസന്ദര്‍ശകനായിരുന്നതിനാല്‍ ഇന്ത്യന്‍ കോടതികളില്‍ നേരിടേണ്ട വിചാരണയില്‍നിന്ന് രക്ഷപ്പെട്ടു. ഇതേപോലെയാണ് ഭോപാലില്‍ കൂട്ടമരണം വിതച്ച യൂണിയന്‍ കാര്‍ബൈഡ്കമ്പനിയുടെ വാറന്‍ ആന്‍ഡേഴ്സനെ ഇന്ത്യയില്‍നിന്ന് രക്ഷപ്പെടുത്തിയതും. വിഷവാതകദുരന്തമുണ്ടായി ദിവസങ്ങളോളം ആന്‍ഡേഴ്സണ്‍ മധ്യപ്രദേശില്‍തന്നെയുണ്ടായിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ചെയ്ത് നടപടികള്‍ നീക്കി. ആന്‍ഡേഴ്സനെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടമായി. ആ വേളയിലാണ് അയാള്‍ക്ക് വിമാനം കയറി അമേരിക്കയിലേക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കിക്കൊടുത്തത്. എത്ര ഭീകരമായ ആണവദുരന്തമുണ്ടായാലും 1500 കോടിക്കപ്പുറത്തുള്ള നഷ്ടപരിഹാരം വേണ്ട എന്ന് അമേരിക്കന്‍ ന്യൂക്ലിയര്‍ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ട് നിലപാടെടുത്തവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. ഇന്‍ഷുറന്‍സ്, കൃഷി, ചെറുകിട വ്യാപാരം എന്നീ മേഖലകളില്‍വരെ അമേരിക്കന്‍ കോര്‍പറേറ്റുകള്‍ക്ക് കടന്നുകയറാന്‍ അവസരമുണ്ടാക്കിക്കൊടുത്തവര്‍ . സ്വകാര്യബാങ്കുകളെ വിദേശബാങ്കുകള്‍ക്ക് കൈയടക്കാന്‍ പാകത്തില്‍ ബാങ്കിങ് പരിഷ്കാരനിയമഭേദഗതി കൊണ്ടുവന്നവര്‍ . 95 ലക്ഷം കോടിയുടെ കള്ളപ്പണം ഇന്ത്യന്‍ കള്ളപ്പണക്കാര്‍ വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നറിഞ്ഞിട്ട് അവരെ കണ്ടെത്താന്‍ നടപടിയെടുക്കാത്തവര്‍ . അമേരിക്കയ്ക്ക് നിര്‍ണായക മേധാവിത്വമുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ കല്‍പ്പനപ്രകാരം പൊതുവിതരണ സമ്പ്രദായം മുതല്‍ ദേശീയതൊഴിലുറപ്പുപദ്ധതിവരെ തകര്‍ത്ത് സാമൂഹ്യക്ഷേമനടപടികളില്‍ അവിശേഷിച്ചവയില്‍ നിന്നുകൂടി പിന്മാറുന്നവര്‍ . സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ പോയി ഇന്ത്യയെ ലോകസമക്ഷം നാണംകെടുത്തുന്നവിധത്തില്‍ എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കാനായി ഇന്ത്യന്‍ പ്രതിനിധികളെ ഒരുക്കിവിട്ടവര്‍ . വിശ്വാസവോട്ടുവേളയില്‍ , കുതിരക്കച്ചവടം നടത്താനായി തയ്യാറാക്കിവച്ച കോടികളുടെ നോട്ടുകെട്ടുകള്‍ അമേരിക്കന്‍ നയതന്ത്രജ്ഞരെ വിളിച്ചു കാണിച്ചു ബോധ്യപ്പെടുത്തിക്കൊടുത്തവര്‍ .

ഇന്ത്യന്‍ പെട്രോളിയംമേഖല അമേരിക്കന്‍ കുത്തകക്കമ്പനികള്‍ക്ക് കൈമാറിയവര്‍ . ഇങ്ങനെ ഏത് രംഗമെടുത്താലും, അവിടെയെല്ലാം അമേരിക്കാപ്രീണനം നടത്തിക്കൊണ്ടിരിക്കുന്നവര്‍ നട്ടെല്ലുനിവര്‍ത്തിനിന്ന് ഹെഡ്ലിയെ വിട്ടുതരണമെന്ന് അമേരിക്കന്‍ സര്‍ക്കാരിനോട് പറയാത്തത് മനസിലാക്കാം. അമേരിക്കന്‍ സര്‍ക്കാരിന്റെ മനസ്സിലിരിപ്പു മനസിലാക്കി, അതേ അഭിപ്രായം സ്വന്തം അഭിപ്രായമാക്കി അവരെ ധരിപ്പിക്കുന്നതിലെ വിധേയത്വവും ദാസ്യവുമാണ് മനസിലാക്കാന്‍ വിഷമം. യുപിഎ സര്‍ക്കാരിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും പൊതുനയമാണിത് എന്ന് ഈ പശ്ചാത്തലത്തില്‍ കാണാന്‍ വിഷമമില്ല. ആ നയം എം കെ നാരായണന്‍ അമേരിക്കന്‍ അംബാസഡറെ അറിയിച്ചുവെന്നുമാത്രം. രാജ്യതാല്‍പ്പര്യത്തില്‍ പൊതുവിലും രാജ്യരക്ഷാകാര്യത്തില്‍ പ്രത്യേകിച്ചും വിട്ടുവീഴ്ച ചെയ്യുന്ന വിപദ്ഘട്ടത്തിലേക്കെത്തിക്കഴിഞ്ഞിരിക്കുന്നു വൃത്തികെട്ട ഈ അമേരിക്കാദാസ്യം. ഇതിന് എം കെ നാരായണന്‍ മാത്രമല്ല, പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൂടിയാണ് രാജ്യത്തോടും ജനതയോടും മറുപടി പറയേണ്ടത്.

പാഠപുസ്തകം പൗരോഹിത്യം കൈയേറുമ്പോള്‍

കേരളത്തിലിപ്പോള്‍ പാഠപുസ്തകവിവാദം പതിവായിക്കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ ഏഴാം ക്ലാസില്‍ പഠിപ്പിക്കുന്ന കേരള പാഠാവലി പരമ്പരയിലെ സാമൂഹ്യശാസ്ത്ര പുസ്തകമായിരുന്നു വിവാദമായത്. ഇപ്പോള്‍ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പഠനത്തിനായി എസ്സിഇആര്‍ടി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകമാണ് വിവാദമായിരിക്കുന്നത്. കാത്തലിക് ബിഷപ്പ് കോണ്‍ഫ്രന്‍സും അതിന്റെ വക്താവായ ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും പാഠപുസ്തകം നിരീശ്വരവാദവും കമ്യൂണിസവും പ്രചരിപ്പിക്കുന്നുവെന്ന പതിവ് പ്രചാരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പാപവിമോചനകര്‍മങ്ങളുടെയും ദൈവികാനുഷ്ഠാനങ്ങളുടെയും ആത്മീയ ഔന്നത്യത്തിലിരിക്കുന്നവരില്‍നിന്ന് ഒരിക്കലും വിശ്വാസിസമൂഹം പ്രതീക്ഷിക്കാത്ത അപവാദ പ്രചാരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തീര്‍ത്തും സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.

1957ലെ ഒന്നാം ക്ലാസ് പാഠപുസ്തകത്തിലെ "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ കഥ" എന്ന പാഠത്തില്‍ കൊടുത്ത ചിത്രത്തിന് അന്നത്തെ പ്രതിപക്ഷ കക്ഷിയായ പി എസ് പിയുടെ നേതാക്കളായ പട്ടം താണുപിള്ളയുടെയും മറ്റും മുഖച്ഛായയുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രക്ഷോഭമുയര്‍ത്തിയത്. ടി എം ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലത്താണല്ലോ "റാകിപ്പറക്കുന്ന ചെമ്പരുന്ത്" വിവാദമായത്. കേശവദേവിന്റെ ഓടയില്‍നിന്ന് തുടങ്ങി കസാന്‍ദ് സാക്കിസിന്റെ "യേശുവിന്റെ അന്ത്യപ്രലോഭനം" എന്ന നോവലിനെ പരിചയപ്പെടുത്തുന്ന ലേഖനം വരെ വിവാദമാകുകയുണ്ടായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ "ആദാമും ദൈവവും" എന്ന കവിതക്കെതിരെയും പ്രതിലോമകരമായ ലക്ഷ്യങ്ങളോടെ വിവാദം ഉയര്‍ന്നുവരികയുണ്ടായി. "മതമില്ലാത്ത ജീവന്‍" വിവാദമാക്കിയവര്‍ യഥാര്‍ഥത്തില്‍ മതേതരമായ ജീവിതബന്ധങ്ങള്‍ അനുവദിക്കില്ലെന്ന മധ്യകാലിക യാഥാസ്ഥിതിക മൂല്യങ്ങളെയാണ് കേരളീയ സമൂഹത്തിലേക്ക് പുനരാനയിച്ചത്. സ്കൂളില്‍ കുട്ടിയെ ചേര്‍ക്കാനെത്തുന്ന മാതാപിതാക്കള്‍ കുട്ടിയുടെ ജാതിയും മതവും രേഖപ്പെടുത്തേണ്ടതില്ലെന്നും അവന്‍ വലുതാകുമ്പോള്‍ മതം വേണമെന്നുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിച്ചുകൊള്ളട്ടെ എന്നും ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് മറുപടിയായി പറയുന്നതാണ് യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചത്.

ക്രിസ്ത്യന്‍ സഭയും മുസ്ലിം വര്‍ഗീയവാദികളും എന്‍എസ്എസ്സുമെല്ലാം മതമില്ലാത്ത ജീവനെതിരെ ഒന്നിച്ചണിനിരക്കുകയായിരുന്നല്ലോ. തെരുവുകളെ കലാപകലുഷിതമാക്കിയ ആ വിവാദം ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കെതിരായ യാഥാസ്ഥിതികശക്തികളുടെ ധൈഷണികമായൊരു കടന്നാക്രമണം കൂടിയായിരുന്നു. മതവിശ്വാസികളെപ്പോലെ ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും സ്വന്തം വിശ്വാസങ്ങളനുസരിച്ച് ജീവിക്കുവാന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും വെല്ലുവിളിച്ച യാഥാസ്ഥിതികതയുടെ പുനരുത്ഥാനമാണ് "മതമില്ലാത്ത ജീവ"നെതിരെയുള്ള കലാപത്തിലൂടെ പ്രകടമായത്. വിശ്വാസത്തെയും മതത്തെയും പോലെതന്നെ മതേതര ആശയങ്ങള്‍ക്ക് സമൂഹത്തില്‍ നിലനില്ക്കുവാനുള്ള അവകാശമുണ്ടെന്ന ഭരണഘടനാ വാഗ്ദാനത്തെ തന്നെയാണ് ഈ നവ മതയാഥാസ്ഥിതികര്‍ ചോദ്യം ചെയ്യുന്നത്. ദൈവശാസ്ത്രജ്ഞനായ യൂജിന്‍ പാറ്റേഴ്സണ്‍ മതത്തെ വിശ്വാസപരമായ ഭ്രാന്തായി മാറ്റുന്നതുവഴി ചരിത്രത്തില്‍ സംഭവിച്ച വിദ്വേഷത്തിന്റെയും പീഡനങ്ങളുടെയും രക്തപങ്കിലമായ അനവധി ഉദാഹരണങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. മനുഷ്യന്റെ സാമൂഹ്യവികാസത്തിന്റെ ശൈശവ ഘട്ടങ്ങളില്‍ രൂപം കൊണ്ട മതം അതിന്റെ ചരിത്രപരമായ പരിമിതിക്കകത്തു നിന്നുകൊണ്ട് സാമൂഹ്യ പുരോഗതിക്ക് സഹായിച്ചിട്ടുണ്ട്. എല്ലാ മതങ്ങളുടെയും ആരംഭകാല ദര്‍ശനം മനുഷ്യസ്നേഹമായിരുന്നു. പ്രകൃതിയുടെ പ്രതികൂല പ്രതിഭാസങ്ങളെ അതിജീവിക്കുവാന്‍ മനുഷ്യന്‍ നടത്തുന്ന നിരന്തരമായ പോരാട്ടവും സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാനുള്ള ശ്രമങ്ങളുമാണ് യഥാര്‍ഥത്തില്‍ മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വളര്‍ച്ചക്കും വ്യാപനത്തിനും കാരണമായത്. പ്രപഞ്ചത്തിലെ നാനാ പ്രതിഭാസങ്ങളെ യുക്തിഭദ്രമായി വിശദീകരിക്കുവാന്‍ പ്രയാസപ്പെട്ടപ്പോഴാണ് മനുഷ്യന്‍ അവയ്ക്ക് ദിവ്യപരിവേഷം നല്‍കിയത്. നിഗൂഢവല്‍ക്കരിച്ചും അന്ധവിശ്വാസജടിലമായ വിശദീകരണങ്ങളിലൂടെയുമാണ് മതങ്ങള്‍ പ്രകൃതി പ്രതിഭാസങ്ങളെ വ്യാഖ്യാനിച്ചത്. തങ്ങള്‍ക്ക് അജ്ഞാതമായ ജീവിതത്തിന്റെ നശ്വരതയുടെ കാരണങ്ങളെ ദേവപ്രീതിക്കുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ അതിജീവിക്കുവാനാണ് മതവും ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അനുശാസിച്ചത്. മതം എങ്ങനെയാണ് ചരിത്രത്തില്‍ അപകടകരമായ ഒരുപാട് സംഭവങ്ങളുടെ ഊര്‍ജസ്രോതസ്സായി പരിണമിച്ചതെന്ന് അന്വേഷിച്ച പല ദൈവശാസ്ത്രജ്ഞരും ഒരുപോലെ ചൂണ്ടിക്കാട്ടിയത് അത് അധികാരിവര്‍ഗ പ്രത്യയശാസ്ത്രമായി പരിണമിച്ചതോടെയാണെന്നാണ്. റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന സാമൂഹ്യ ഉച്ചനീചത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ക്രിസ്തുമതം രംഗത്ത് വരുന്നത്. ദൈവരാജ്യത്തില്‍ അടിമയും ഉടമയുമില്ലെന്ന സമത്വത്തിന്റെ സുവിശേഷ പ്രചാരണവുമായിട്ടാണ് ക്രിസ്തു ജനമനസ്സുകളെ സ്വാധീനിച്ചത്.

ഭൂമിയില്‍ ദൈവനീതി യാഥാര്‍ഥ്യമാകുവാനുള്ള സുവിശേഷ ദൗത്യവുമായി അവതരിച്ച ക്രിസ്തുദേവനെ അധികാരിവര്‍ഗം കുരിശു മരണത്തിന് വിധിച്ചു. വിരോധാഭാസമെന്ന് തോന്നുംപോലെ റോമന്‍ ചക്രവര്‍ത്തി തന്നെ താമസിയാതെ ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. സമത്വത്തിന്റെ സുവിശേഷം പ്രചരിപ്പിച്ച ക്രിസ്തുവിന്റെ ദര്‍ശനങ്ങള്‍ ആധിപത്യശക്തികളുടെ പ്രത്യയശാസ്ത്ര ഉപകരണമായി പരിണമിച്ചു. സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായി ജന്മംകൊണ്ട മതം ആധിപത്യവ്യവസ്ഥക്കെതിരായ എല്ലാ ജനകീയ ഉണര്‍വുകളെയും തടസ്സപ്പെടുത്തി. മതകുറ്റവിചാരണകളിലൂടെ എണ്ണമറ്റ മനുഷ്യരെ നിഷ്ഠുരമായി കൊലപ്പെടുത്തി. എല്ലാവിധ ശാസ്ത്രാന്വേഷണങ്ങളെയും മുളയിലേ നുള്ളാന്‍ ശ്രമിച്ചു. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവ ചോദനയായിരുന്ന സ്വാതന്ത്ര്യവും സമത്വവും ലക്ഷ്യം വയ്ക്കുന്ന മാനുഷികമായൊരു ലോകത്തിനു വേണ്ടിയുള്ള ശ്രമവും ഇന്‍ക്വിസിഷന്റെ നിര്‍ദയമായ നടപടികളിലൂടെ ഞെരിച്ചമര്‍ത്തപ്പെട്ടു. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠത്തിലെ "ആധുനികലോകത്തിന്റെ ഉദയ"മെന്ന പാഠഭാഗം ഈയൊരു ചരിത്രസന്ദര്‍ഭത്തെയാണ് അവതരിപ്പിക്കുന്നത്. ഈ പാഠഭാഗത്തിന്റെ ഉപശീര്‍ഷകമായി കൊടുത്തിരിക്കുന്ന നവോത്ഥാനത്തിലെ പരാമര്‍ശങ്ങളാണ് ദൈവനിന്ദയും മതവികാരങ്ങളുടെ വ്രണപ്പെടുത്തലുമായി ദുര്‍വ്യാഖ്യാനിച്ച് വിവാദം ഉയര്‍ത്തുന്നത്.

പാഠപുസ്തകം തയ്യാറാക്കിയ എസ്സിഇആര്‍ടിയുടെ സ്വന്തം ആവിഷ്കാരങ്ങളല്ല ഈ പാഠത്തിലെ നവോത്ഥാനത്തെക്കുറിച്ചുള്ള ഭാഗം. ചരിത്രത്തിന്റെ അസന്ദിഗ്ധങ്ങളായ സത്യങ്ങളാണവ. ചരിത്രത്തെ അതിന്റെ തത്വശാസ്ത്രപരമായ സത്തയില്‍ അപഗ്രഥിച്ചിട്ടുള്ള ജവഹര്‍ലാല്‍ നെഹ്റുവും എച്ച് ജി വെല്‍സുമെല്ലാം അവരുടെ വിഖ്യാതമായ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുള്ള കാര്യങ്ങളുടെ സംഗ്രഹമാണീ പാഠഭാഗം. സങ്കുചിതമായ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്നവര്‍ പാഠഭാഗത്തിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ പാഠഭാഗം പരിശോധിച്ച് തിരുത്തുകള്‍ നിര്‍ദേശിക്കുവാന്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. എം ജി എസ് നാരായണനും ഡോ. ബാബുപോളും ഡോ. റെയ്മനും അടങ്ങുന്ന വിദഗ്ധസമിതി നെഹറുവിനെയും വെല്‍സിനെയും തിരുത്തുമോ? വിശ്വചരിത്രാവലോകനവും ലോകചരിത്ര സംഗ്രഹവും പോലുള്ള ചരിത്രകൃതികള്‍ക്ക് പാഠഭേദം ചമയ്ക്കുമോ? സ്കൂള്‍ സാമൂഹ്യശാസ്ത്ര പഠനം വേദപഠനമായി പരിമിതപ്പെടുത്തണമെന്ന് വാദിക്കുന്ന നവയാഥാസ്ഥിതികരായ ധൈഷണികരാണ് ഇന്ന് ജ്ഞാനോദയ മാനവികതക്കും നവോത്ഥാനാശയങ്ങള്‍ക്കും മരണം വിധിച്ചിരിക്കുന്നത്. 1959ല്‍ പ്രസിദ്ധീകൃതമായ റെയ്നോള്‍ഡ് നിബുവിന്റെ ദൈവശാസ്ത്ര സിദ്ധാന്തങ്ങളാണ് നവലിബറലിസം അതിന്റെ പ്രത്യയശാസ്ത്രമായി ആന്തരവല്‍ക്കരിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഘടന എന്ന കൃതിയിലൂടെ റെയ്നോള്‍ഡ് നിബു സാമ്രാജ്യത്വ ഭരണകൂടങ്ങള്‍ക്ക് മതവും ദൈവവും ആവശ്യമാണെന്ന് വാദിക്കുകയായിരുന്നു. മധ്യകാലഘട്ടങ്ങളിലുണ്ടായ മൂന്നു സാമ്രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചുകൊണ്ടാണ് സാമ്രാജ്യങ്ങള്‍ക്ക് മതവും ദൈവവുമില്ലാതെ നിലനില്ക്കാനാവില്ലെന്ന് പ്രസ്താവിച്ചത്. അമേരിക്കയുടെ നവ അധിനിവേശ തന്ത്രങ്ങളില്‍ മതവും ദൈവവും പ്രത്യയശാസ്ത്ര പദ്ധതിയാവുന്നതാണ് നാം കാണുന്നത്. ഇതിനനുസൃതമായ ഒരു നവയാഥാസ്ഥിതിക ധൈഷണികധാര ആഗോളതലത്തില്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ചെടുത്ത എല്ലാ ദര്‍ശനങ്ങളെയും മാനവീയ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന ഈ നവയാഥാസ്ഥിതിക ധൈഷണികധാര ആഗോള മൂലധന താല്പര്യങ്ങളോടൊപ്പം ഭീതിദമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യനീതി, സമത്വം, ജ്ഞാനോത്സുകത തുടങ്ങി നവോത്ഥാനപരമായ എല്ലാറ്റിനോടുമുള്ള ആഭിമുഖ്യം ആദര്‍ശതലത്തില്‍പോലും അംഗീകരിച്ചു കൊടുത്തുകൂടായെന്നും ശഠിക്കുന്ന ഈ നവയാഥാസ്ഥിതികത "സംസ്കാര സംഘര്‍ഷ" സിദ്ധാന്തങ്ങളിലൂടെ ലോകത്തെ അമേരിക്കന്‍ മൂലധനാധിപത്യത്തില്‍ കൊണ്ടുവരുവാനുള്ള പ്രത്യയശാസ്ത്ര ദൗത്യമാണ് നിര്‍വഹിക്കുന്നത്.

മനുഷ്യനെ എല്ലാ അതിരുകള്‍ക്കുമപ്പുറം ഒന്നായി കാണുകയെന്ന ഏറ്റവും സാമാന്യമായ ധാരണപോലും വെല്ലുവിളിക്കപ്പെടുകയാണ്. നാമിന്നറിയുന്ന മാനവീയ സങ്കല്പങ്ങള്‍ ചരിത്രത്തില്‍ സ്ഥാപിതമായത് മധ്യകാല ദൈവനീതിയെയും അന്ധകാര യുഗത്തിന്റെ പാതകങ്ങളെയും ചോദ്യം ചെയ്ത നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ്. നവോത്ഥാനം സൃഷ്ടിച്ച എല്ലാ ദര്‍ശനങ്ങളും യുക്തിയുടെയും കാര്യകാരണബന്ധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രകാശനമായിരുന്നു. ഏകാന്തവും ദൈവസമാനവുമായ മാനുഷികതയെ അനിവാര്യമായ ഉല്പാദനബന്ധങ്ങളിലെ പരിവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ സ്വതന്ത്രവും നീതിബന്ധവുമായ സാമൂഹ്യനിര്‍മിതിക്കുള്ള ചിന്തയും പ്രയോഗവുമാക്കി വികസിപ്പിക്കുകയായിരുന്നു നവോത്ഥാനം. ശാസ്ത്രവും കണ്ടുപിടിത്തങ്ങളും അതിന്റെ ഫലമായ വ്യാവസായിക വിപ്ലവവും കൂടുതല്‍ ഉദാരവും സാര്‍വലൗകികവുമായ മാനവികതയെക്കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് മുന്നോട്ട് കൊണ്ടുവന്നത്. പത്താം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ "ആധുനിക ലോകത്തിന്റെ ഉദയം" ഈയൊരു ചരിത്ര സന്ദര്‍ഭത്തെ സംഗ്രഹിച്ചവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതില്‍ ദൈവത്തിന്റെയും മതപരമായ വികാരങ്ങളുടെ വ്രണപ്പെടലും ആരോപിക്കുന്നവര്‍ ചരിത്രത്തെ പിറകോട്ട് വലിക്കുവാന്‍ മിനക്കെടുന്നവരാണ്. പുതിയ സഹസ്രാബ്ദപ്പിറവിയില്‍ സഭ തന്നെ ലോകത്തോട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിച്ച മഹാപാതകങ്ങളുടെ കെട്ടുപാടുകളില്‍നിന്ന് മുക്തി നേടാത്തവരാണ് ഇത്തരക്കാര്‍ . വിജ്ഞാന വിരോധത്തിന്റെ സഹസ്രാബ്ദങ്ങള്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളില്‍ വിശ്വാസി സമൂഹത്തെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്നവരാണവര്‍ . മനുഷ്യസമൂഹം നുണകളില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്ന കാലം സൃഷ്ടിച്ച ആശയക്കുഴപ്പങ്ങളെയും ക്രൂരമായ പീഡനങ്ങളെയും അവസാനിപ്പിച്ചുകൊണ്ടാണ് നവോത്ഥാനത്തിന്റെ പ്രകാശം പരന്നത്. മധ്യകാല യൂറോപ്പിനെ അടക്കി ഭരിച്ച കത്തോലിക്കാ സഭയെക്കുറിച്ച പാഠഭാഗത്തിലെ പരാമര്‍ശമാണ് മതവികാരങ്ങളെ വ്രണപ്പെടുത്തലായി കെസിബിസി വക്താവ് ആരോപിക്കുന്നത്. എല്ലാവിധ സത്യാന്വേഷണങ്ങളെയും ശാസ്ത്രബോധത്തെയും നിര്‍ദയമായി അടിച്ചമര്‍ത്തുകയും നിരോധിക്കുകയുമാണ് അക്കാലത്തെ സഭ ചെയ്തത്. കോപ്പര്‍നിക്കസിന്റെ പുസ്തകം സഭയുടെ നിരോധിത പുസ്തകങ്ങളുടെ പട്ടികയിലായിരുന്നു. യുക്തിരഹിതമായ വിശ്വാസങ്ങളെ വിമര്‍ശിക്കുന്ന എല്ലാത്തിനോടും സഭ കാണിച്ച അസഹിഷ്ണുതയും സംഹാരമനോഭാവവും ഭീകരമായിരുന്നു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ശാസ്ത്രജ്ഞാനം വിദ്യാര്‍ഥികളില്‍ എത്താതിരിക്കുവാന്‍ ഏതന്‍സിലെ സ്കൂളുകള്‍ മുഴുവന്‍ അടപ്പിച്ച ചരിത്രമുണ്ട്. ഇത്തരം കിരാതമായ നടപടികളും വിജ്ഞാന വിരോധവും കണ്ടാണ് പ്രാചീന റോമില്‍ വിന്‍സ്റ്റാന്‍സ്പിയ വിദ്യാഭ്യാസത്തെ പള്ളിയുടെ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണമായും മുക്തമാക്കണമെന്ന് വാദിച്ചത്. പൗരോഹിത്യത്തിന്റെ ജ്ഞാനാധികാരത്തെയും ദൈവശാസ്ത്രത്തെയും ചോദ്യം ചെയ്ത ബ്രൂണോവിനെ മതകുറ്റവിചാരണക്ക് വിധേയമാക്കി പരസ്യമായി നഗരചത്വരത്തില്‍ ചുട്ടുകരിച്ചു കൊന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രപഞ്ചവീക്ഷണത്തെ തന്റെ ജ്യോതിശാസ്ത്ര പഠനങ്ങളിലൂടെ നിരാകരിച്ച കോപ്പര്‍ നിക്കസിനെ ജീവിതാവസാനംവരെ സഭ നിശ്ശബ്ദനാക്കി തടവിലിടുകയായിരുന്നല്ലോ. കോപ്പര്‍ നിക്കസിന്റെ ഭ്രമണസിദ്ധാന്തത്തെ ഗലീലിയോ തന്റെ കണ്ടുപിടിത്തങ്ങളിലൂടെ വികസിപ്പിച്ചു. ദൂരദര്‍ശിനിയുടെ കണ്ടുപിടിത്തത്തോടെ കോപ്പര്‍നിക്കസിന്റെ പ്രപഞ്ച പരികല്പനയെ സമര്‍ഥിക്കുന്നതിനാവശ്യമായ തെളിവുകള്‍ ഗലീലിയോ മുന്നോട്ടുവച്ചു. വേദപുസ്തകത്തിലെ അസന്ദിഗ്ധങ്ങളായ സത്യത്തിന്റെ കുറ്റകരമായ നിഷേധമാണ് ഗലീലിയോവിന്റെ കണ്ടുപിടിത്തങ്ങളെന്ന് വിലയിരുത്തിയ സഭ അദ്ദേഹത്തെ കടുത്ത ശിക്ഷാവിധികള്‍ക്ക് വിധേയമാക്കി. വേദപുസ്തകത്തില്‍ പറയുംപോലെ ഭൂമി പരന്നതാണെന്ന് പറയിപ്പിക്കാനുള്ള ക്രൂരമായ പീഡനമുറകള്‍ക്ക് ഗലീലിയോ ഇരയായി. പൗരോഹിത്യവും മധ്യകാല ഭരണാധികാരികളും പരത്തി കിടത്തിയ ഭൂമിയെ ഗോളാകൃതിയിലാക്കുവാനും ദൈവസൃഷ്ടമായ അസന്തുലിതത്വങ്ങളെ പ്രകൃതി നിയമങ്ങള്‍കൊണ്ട് നിയന്ത്രിക്കപ്പെടുന്ന പ്രപഞ്ചവ്യവസ്ഥയുടെ നിയമങ്ങള്‍ കണ്ടെത്തിക്കൊണ്ട് മറികടക്കുവാനും അതുവഴി സര്‍വതോമുഖമായ പുരോഗതിക്ക് സാഹചര്യമൊരുക്കിയതും ജ്ഞാനോദയ ചിന്തകരാണ്. ഈ ഭൂമുഖത്തെ മനുഷ്യോന്മുഖമാക്കുവാന്‍ മധ്യകാലത്തിന്റെ അജ്ഞതയോടും അന്ധകാരത്തോടും പട വെട്ടിയവരാണ് ജ്ഞാനോദയ വിപ്ലവകാരികള്‍ . നവോത്ഥാനത്തിന്റെ ആവിര്‍ഭാവം മത നവീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളിലൂടെയാണ് പൊട്ടിപ്പുറപ്പെടുന്നത്. യുക്തിരഹിതമായ വിശ്വാസവും കടന്നാക്രമണ ത്വരയും സഭയെ നയിച്ചിരുന്ന കാലത്താണ് സെന്റ് അഗസ്റ്റിന്‍ സഭക്കകത്ത് അനേകം ചെന്നായ്ക്കളും സഭക്ക് പുറത്ത് അനേകം ആളുകളുമുണ്ടെന്നു പറഞ്ഞത്. മധ്യകാലത്തെ പ്രമുഖ ചിന്തകരിലൊരാളായിരുന്ന അബിലാര്‍സ് മതശാസ്ത്രത്തെ യുക്തിചിന്തയുമായി സംയോജിപ്പിക്കണമെന്ന് വാദിക്കുകയും ഈ ദിശയില്‍ മതശാസ്ത്രത്തെ വികസിപ്പിക്കുകയും ചെയ്തു. ബൈബിളിലും പുരോഹിതന്മാരുടെ ഉപദേശങ്ങളിലുമടങ്ങിയ പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകളെ അദ്ദേഹത്തിന്റെ "സിക് അറ്റ് നോണ്‍" എന്ന കൃതിയിലൂടെ അനാവരണം ചെയ്തു. ജ്ഞാനാന്വേഷണങ്ങളോടുള്ള അസഹിഷ്ണുതയും സംഹാര മനോഭാവവുമല്ല ക്രൈസ്തവതയുടേതെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണംകൊണ്ടാണ് സത്യത്തെ കണ്ടുപിടിക്കേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ശ്രേഷ്ഠമാണ് ബുദ്ധിശക്തിയുടെ അനുഗ്രഹംകൊണ്ടുള്ള ജ്ഞാനോദ്ദീപനം. ദൈവത്തെ പ്രീണിപ്പിക്കുവാന്‍ ഉത്തേജനം നല്‍കാനല്ല, ദിവ്യജ്ഞാനം നല്‍കി ലോകത്തെ പ്രകാശപൂര്‍ണമാക്കുവാനാണ് ക്രിസ്തു അവതരിച്ചതെന്നാണ് അബിലാര്‍ഡ് നിരീക്ഷിക്കുന്നത്. മറ്റൊരു മധ്യകാലപണ്ഡിതനായ തോമസ് അക്വിനാസ് യുക്തിയുടെ പിന്‍ബലത്തോടെ നേടുന്ന മതവിശ്വാസത്തിനു വേണ്ടിയാണ് വാദിച്ചത്. വിശ്വാസത്തിലൂടെ വെളിപ്പെട്ടതിന്റെയും യുക്തിയിലൂടെ സമര്‍ഥിക്കപ്പെട്ടതുമായ ഒരു മതവിശ്വാസത്തെക്കുറിച്ചാണ് അക്വിനാസ് അന്വേഷിച്ചത്. ധിഷണാപരമായ പുരോഗതിക്കാവശ്യമായ അറിയാനുള്ള ത്വരയും എല്ലാവിധ പ്രകൃതി പ്രതിഭാസങ്ങളെയും സാമൂഹ്യ വിഷയങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന ജിജ്ഞാസയുടെ വികാസവുമാണ് നവോത്ഥാനം സാധ്യമാക്കിയത്. നവോത്ഥാനത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ കുരിശുയുദ്ധവും സമുദ്രപര്യടനങ്ങളുമെല്ലാം ഈ ധിഷണാപരമായ പ്രത്യുത്ഥാനത്തെ ഉത്തേജിപ്പിച്ചു. വര്‍ത്തമാനകാലത്തെ അറിയുന്നതിലുള്ള ആഗ്രഹത്തിലും ഭൂതകാലത്തെപ്പറ്റിയുള്ള താല്പര്യത്തിലുമാണ് ഈ പ്രത്യുത്ഥാനം പ്രത്യക്ഷപ്പെട്ടതെന്ന്" നവോത്ഥാനത്തിന്റെ കഥ" യില്‍ ഹഡ്സണ്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ധിഷണാപരമായ പ്രത്യുത്ഥാനമാണ് പരമ്പരാഗതമായ സാമൂഹികാചാരങ്ങളെയും വിശ്വാസങ്ങളെയും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും വിമര്‍ശനപരമായ വിശകലനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്.

പൗരാണിക കാലത്തെ അറിവിന്റെ അശാസ്ത്രീയതയും പരിപക്വതയില്ലായ്മയുമാണ് പ്രകൃത്യാതീതവാദങ്ങളിലും മരണാനന്തര ജീവിതത്തിലധിഷ്ഠിതമായ പല ക്രിസ്തീയ മതസിദ്ധാന്തങ്ങളിലും അടങ്ങിയിരിക്കുന്നതെന്ന് പില്‍ക്കാല സഭാമേധാവികള്‍ക്കുതന്നെ സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ശാസ്ത്രം സത്യത്തെ കണ്ടെത്താനുള്ള വഴിയാണ്. ഫ്രാന്‍സിസ് ബേക്കണ്‍ ചൂണ്ടിക്കാട്ടിയത്: "ഇപ്പോള്‍ ശാസ്ത്രത്തിന്റെ ശരിയായ, ന്യായമായ ലക്ഷ്യം മറ്റൊന്നുമല്ല, പ്രകൃതിയുടെ രഹസ്യങ്ങളെ അനാവരണം ചെയ്യുകയാണ്". അതായത് എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രജ്ഞാനവും കൊണ്ട് മനുഷ്യജീവിതത്തെ ധന്യമാക്കണമെന്നാണ് ബേക്കണ്‍ വ്യക്തമാക്കിയത്. മതാധികാരത്തിന്റെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ധര്‍മസംഹിതകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് എല്ലാറ്റിനെയും ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ദെക്കാര്‍ത്ത് വിരല്‍ ചൂണ്ടിയത്. ബ്രൂണോ തന്റെ ശിക്ഷാവിധി കേട്ടപ്പോള്‍ പ്രതിവചിച്ചത് ഭയമാണ് മതപൗരോഹിത്യത്തെ ഭരിക്കുന്നതെന്നാണ്. ഫാദര്‍ സ്റ്റീഫന്‍ ആലത്തറയും കെസിബിസി മേധാവികളും ചരിത്രത്തെ പിറകോട്ട് വലിക്കുകയാണ്. നവോത്ഥാനത്തിന്റെ മഹാപാഠങ്ങള്‍ സാമൂഹ്യശാസ്ത്ര പാഠത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളത്തിലിപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങളുടെ ധൈഷണിക പരിസരം ജ്ഞാനോദയ മാനവികതയെയും നവോത്ഥാനാശയങ്ങളെയും നിരാകരിക്കുന്ന നവലിബറല്‍ മൂലധനത്തിന്റെ അധിനിവേശ താല്പര്യത്തില്‍നിന്ന് ഉയരുന്നതാണ്.
@@
കെ. ടി. കുഞ്ഞിക്കണ്ണന്‍

13 August, 2011

അമ്മയും പെങ്ങളും ഭാര്യയും കാമുകിയും മകളും വേശ്യയുമല്ലാതൊരുവള്‍

ആണുങ്ങള്‍ക്ക് പലപ്പോഴും പെണ്ണുങ്ങള്‍ ഒരു പ്രശ്നമാണ്. അല്ലെങ്കില്‍ ഒരു വിഷയമാണ്. പെണ്ണുങ്ങള്‍ക്ക് പലപ്പോഴും ആണുങ്ങളും. കേരളത്തിലെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. സ്ത്രീവിഷയം എന്നൊരു പ്രത്യേക വിഷയം തന്നെ നമ്മള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വെറുതെയല്ല. മാതാപിതാക്കളുടെയും അധ്യാപകരുടെയും പുരോഹിതന്മാരുടെയും ഒക്കെ അവിശ്രാന്തമായ അധ്വാനം ഇതിനു പിന്നിലുണ്ട്. ക്ലാസ്മുറിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും തമ്മില്‍ തൊടാതെ രണ്ടു ഭാഗത്തായി "സുരക്ഷിതരായി" ഇരുത്തുന്നതു തൊട്ട് തുടങ്ങുന്നു ഇത്.

"ആണ്‍കുട്ടികളെ സൂക്ഷിക്കണം" എന്ന് പെണ്‍കുട്ടികളോടും പെണ്‍കുട്ടികളെ നോക്കുന്നത് തന്നെ മോശം സ്വഭാവമാണെന്ന് ആണുങ്ങളെയും നമ്മള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുന്നു. ഇങ്ങനെയൊക്കെ വളര്‍ന്നുവന്ന ഒരു ആണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിക്കഴിയുമ്പോള്‍ കാര്യം ഇതിലേറെ തമാശയാണ്. ഒരു സ്ത്രീയെ കാണുമ്പോള്‍, പരിചയപ്പെടുമ്പോള്‍ ഒരു പുരുഷനു മുന്നിലുള്ള ആദ്യത്തെ പ്രശ്നം അവളെ ആരായി കാണണം എന്നതാണ്. അതൊരു വിഷമം പിടിച്ച പ്രശ്നമാവുന്നത് അവന് തെരഞ്ഞെടുക്കാന്‍ അറിയാവുന്ന ഉത്തരങ്ങള്‍ പരിമിതമാണ് എന്നതുകൊണ്ടത്രേ. അവന്‍ പരിചയിച്ച ഉത്തരങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊക്കെയാണ്:

ഒന്ന്: അമ്മ എന്നുവച്ചാല്‍ കവിയൂര്‍ പൊന്നമ്മ. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടം. അങ്ങനെ ഒരമ്മയെ കിട്ടിക്കഴിഞ്ഞാല്‍ സുഖമാണ് ജീവിതം. നമ്മള്‍ എന്ത് ആഭാസം/അഹങ്കാരം/ഉത്തരവാദിത്തമില്ലായ്മ കാണിച്ചാലും അത് ബാലചാപല്യമാണെന്ന് പറഞ്ഞ് "അമ്മ" ക്ഷമിക്കും. ചായയും ചോറും വയ്ക്കല്‍ , വീട് വൃത്തിയാക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യുകയും വേണ്ടിവന്നാല്‍ പെണ്ണന്വേഷിക്കുകയും ചെയ്യും അവര്‍ . പ്രായം വലിയ വിഷയമല്ല. അധ്യാപികമാരെയും കൂട്ടുകാരുടെ അമ്മമാരെയും തൊട്ട് വാടകവീട്ടിന്റെ ഉടമസ്ഥയെയും മേലധികാരിയെയും സ്വന്തം ഭാര്യയെവരെയും പലരും ഈ വകുപ്പില്‍ പെടുത്തിക്കളയും. ഭാര്യ എന്തു ചെയ്യാനാണ്-സ്ത്രീ ഭാര്യയാണ്, അമ്മയാണ്, സര്‍വംസഹയാണ് എന്നൊക്കെ അവരും പഠിച്ചുവച്ചിട്ടുണ്ടല്ലോ. ഭര്‍ത്താവ് കാണിക്കുന്ന തോന്നിവാസങ്ങളൊക്കെ താന്‍ സഹിക്കണമെന്നും "വികൃതി കാണിച്ച കുട്ടിയോട് ക്ഷമിക്കണം" എന്നും അവള്‍ക്കറിയാം (ഈയടുത്തിറങ്ങിയ "കേരളാ കഫേ" എന്ന സിനിമയിലെ "ലളിതം ഹിരണ്‍മയം" എന്ന കഥയില്‍ ജ്യോതിര്‍മയി അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം ഈയിനത്തില്‍ പെടുന്ന ഒരമ്മയായിരുന്നു). താന്‍ വല്ല വികൃതിയുംകാണിച്ചാല്‍ "അങ്ങേര്‍" സഹിക്കുകയില്ല എന്നും അവള്‍ക്ക് നല്ലപോലെ അറിയാം. ചുരുങ്ങിയപക്ഷം കോക്ടെയിലിലെ ജയസൂര്യയുടെ ഭാര്യയെപ്പോലെ പക്ഷാഘാതമടിച്ച് കിടക്കുകയെങ്കിലും വേണ്ടിവരും എന്നും.

രണ്ട്: കാമുകി ധാരാളം എഴുതപ്പെട്ടിട്ടുണ്ട് പ്രണയത്തെപ്പറ്റി. ഒട്ടുമിക്കതും എഴുതിയത് ആണുങ്ങള്‍ തന്നെ. കാല്‍പ്പനികമായാലും മാംസനിബദ്ധമായാലും പ്രണയത്തിന്റെ (പ്രണയത്തിന്റെ സാക്ഷാത്കാരമായി ആഘോഷിക്കപ്പെടുന്ന ദാമ്പത്യത്തിന്റെയും) എഴുതിയതും എഴുതാത്തതുമായ നിയമങ്ങളൊക്കെ ആണുങ്ങള്‍ ആണുങ്ങള്‍ക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. വിവാഹം കഴിക്കുന്നതിലൂടെ അവന്‍ ഒരു സ്ത്രീയ്ക്ക് "ജീവിതം നല്‍കുക"യാണ്. ചാരിത്ര്യശുദ്ധി മുതലായ സങ്കല്പങ്ങള്‍ അത്രയും സ്ത്രീയ്ക്ക് മാത്രം ബാധകമാണ്. ഇനി പ്രണയവും വിവാഹവും വേണ്ടെന്നു വച്ചാലാകട്ടെ, ആണിന്റെ താങ്ങില്ലാത്ത സ്ത്രീയെ സമൂഹം എപ്പോഴും സംശയദൃഷ്ടിയോടെയാണ് കാണുന്നതും. പോരാത്തതിന് പുരുഷന് ആത്മാവിഷ്കാരത്തിനുള്ള മാര്‍ഗം കൂടിയത്രേ പ്രണയം. കേരളത്തില്‍ മാത്രമല്ല, ഏതാണ്ട് ലോകത്തെല്ലായിടത്തും അങ്ങനെത്തന്നെയാണ്. പ്രണയം കേരളീയര്‍ക്ക് പൊതുവേ "ദുഃഖപര്യവസായിയായ ഒരു കഥ"യാവുന്നതിനെപ്പറ്റി, കൂടുതല്‍ ക്രിയാത്മകമായതും സന്തോഷം തരുന്നതുമായ പ്രണയങ്ങള്‍ ഉണ്ടാവേണ്ടതിനെപ്പറ്റി എല്ലാം ദേശാഭിമാനി വാരികയില്‍ കഴിഞ്ഞ വര്‍ഷം എം മുകുന്ദന്‍ എഴുതിയിരുന്നു. എഴുത്തിന്റെയും കലയുടെയും ലോകത്തെ പ്രണയത്തെപ്പറ്റി അദ്ദേഹം എഴുതി: "എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ രണ്ടു മുഖങ്ങളാണ് എന്റെ കണ്‍മുമ്പില്‍ തെളിഞ്ഞുവരുന്നത്. ആ രണ്ടു മുഖങ്ങള്‍ പിക്കാസോവിന്റെയും സാര്‍ത്രിന്റെതുമാണ്.." "...പെണ്ണും പ്രണയവും പിക്കാസോവിെന്‍റ സര്‍ഗാത്മകതയില്‍ വേര്‍തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം ഇടകലര്‍ന്നു കിടക്കുന്നു. പെണ്ണായിരുന്നു പിക്കാസോവിന്റെ കലയുടെ പ്രധാന ചോദനകള്‍ ... പെണ്ണും പ്രണയവും ഇല്ലായിരുന്നെങ്കില്‍ ക്യൂബിസം ഉണ്ടാകുമായിരുന്നില്ല. പാബ്ലോ പിക്കാസോയും ഉണ്ടാകുമായിരുന്നില്ല. പെണ്ണിന് ഒരുപാട് നന്ദി". സാര്‍ത്രിന്റെയും സിമോന്‍ ദ് ബുവാറിന്റെയും ജീവിതത്തെപ്പറ്റി അദ്ദേഹം പറയുന്നു: "ഇണകള്‍ക്ക് ഒരു പുതിയ ജീവിതശൈലി അവര്‍ നല്‍കി. മരിക്കുന്നതുവരെ അവര്‍ വിവാഹം ചെയ്തിരുന്നില്ല. എല്ലാം അവര്‍ പരസ്പരം കൈമാറി. എല്ലാം തുറന്നുപറഞ്ഞു. പരസ്പരം ആഴത്തില്‍ സ്നേഹിച്ചു. തത്വചിന്തകരായും എഴുത്തുകാരായും രാഷ്ട്രീയ പ്രവര്‍ത്തകരായും അവര്‍ മരിക്കുന്നതുവരെ ഒന്നിച്ചു ജീവിച്ചു. മരിച്ചുകഴിഞ്ഞപ്പോള്‍ ഒരേ കല്ലറക്കടിയില്‍ ഇടം തേടി". എന്നിട്ടും മുകുന്ദന്‍ പ്രണയം എന്ന് പറയുമ്പോള്‍ ഓര്‍ക്കുന്ന പേരുകളില്‍ സിമോന്‍ ദ് ബുവാറിന്റെ പേരില്ല. അങ്ങനെ, മലയാളി ശീലിച്ചിട്ടില്ലാത്ത പലതരം പ്രണയങ്ങളെ നമുക്ക് പരിചയപ്പെടുത്തുമ്പോഴും (അതൊരു നല്ല കാര്യം തന്നെ) "ആണുങ്ങള്‍ക്ക്" ആത്മാവിഷ്കാരത്തിനുള്ള ഭാഷ മാത്രമായിട്ടാണ് അതില്‍ പെണ്ണ് കടന്നുവരുന്നത്. ആത്മാവിഷ്കാരം, കല, എഴുത്ത് ഇതൊക്കെ "ആണുങ്ങള്‍ക്ക് പറഞ്ഞ" കാര്യങ്ങളാണല്ലോ.

മൂന്ന്: ഒരു "കുറ്റി" കുറച്ചു "മോഡേണ്‍" ആയി വസ്ത്രം ധരിക്കുകയും സ്വാതന്ത്ര്യത്തെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്താല്‍ അവള്‍ ആരുടെ കൂടെയും എപ്പോഴും കിടക്കുന്ന ഒരു "അരാജകവാദി" ആകണം എന്നാണ് വയ്പ്പ്. ഒറ്റയ്ക്ക് താമസിക്കുന്നതും മുടി ചെറുതാക്കി വെട്ടുന്നതും ജീന്‍സും ടോപ്പും ധരിക്കുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും ആണുങ്ങളുടെ കൂടെ നടക്കുന്നതുമൊക്കെ ഈ "ഇമേജിന്" ശക്തി പകരുന്ന കാര്യങ്ങളാണ്. അങ്ങനെ ഒരാളെ കണ്ടാല്‍ പിന്നെ ആണിന് കുറച്ചുകാലത്തേക്ക് ഉറക്കം വരില്ല. ഒരു "കളി" എങ്ങനെയും തരപ്പെടുത്തുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. പിന്നെ വേണമെങ്കില്‍ കുറച്ചുകാലം "കൊണ്ടുനടക്കുക"യും ആവാം (ഭാര്യ അറിയാതെ നോക്കിയാല്‍ മതി). അതിനുള്ള ശ്രമത്തില്‍ അവളുടെ കൈയിന്റെയോ ചെരിപ്പിന്റെയോ ചൂടറിയുന്നതും അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുന്നതും ഈഗോ മുറിപ്പെടുന്നതും സ്വാഭാവികം മാത്രം. അപ്പോള്‍പ്പിന്നെ അടുത്ത പണി അവളുടെ അസാന്മാര്‍ഗിക ജീവിതത്തെപ്പറ്റി കഥകളുണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്്

നാല്: പെങ്ങള്‍ ഇതും അത്ര മോശമായ പരിപാടിയല്ല. ഭാര്യയൊഴിച്ച് ആരെയും പെങ്ങളാക്കാം. (ഭാര്യയെ പെങ്ങളാക്കിയാല്‍ വിവരമറിയും!) ഇതിനുമുമ്പ് പറഞ്ഞ കേസില്‍ നിന്ന് വ്യത്യസ്തമായി "മാന്യന്മാര്‍"ക്ക് പറ്റിയ പണിയാണ് എന്നു മാത്രമല്ല ഇവിടെ ഒരു സംരക്ഷകന്റെ റോളും എടുക്കാം. ഒരു "വല്യേട്ടന്‍" ആയില്ലെങ്കില്‍ ഒരു ബാലേട്ടനെങ്കിലും ആവാം. ആവണം. വേണ്ടതിലും വേണ്ടാത്തതിലും ഒക്കെ കേറി ഇടപെടാനും സൗജന്യമായി കുറെ ഉപദേശം കൊടുക്കാനുമൊക്കെ ഇതിലും നല്ല ഒരു ചാന്‍സ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ പെണ്ണുങ്ങള്‍ തന്നെ പേടിച്ച് ചില ആണുങ്ങളെ ആങ്ങളയായങ്ങ് പ്രഖ്യാപിച്ചുകളയും. (അതു കഴിഞ്ഞിട്ടായിരിക്കും അവര്‍ മനസ്സിലാക്കുന്നത് ഈ "ഏട്ടനെ/അനിയനെ" സഹിക്കുന്നതിലും ഭേദം പഴയ പൂവാലനായിരുന്നു എന്ന്.) രക്ഷാബന്ധനം എന്നാണ് ഉത്തരേന്ത്യയില്‍ ഈ പരിപാടിയുടെ പേര്.

അഞ്ച്: മകള്‍ സുഹൃത്തിന്റെയോ സഹോദരങ്ങളുടെയോ മക്കളാണ് മിക്കവാറും ഈ കാറ്റഗറിയില്‍ ഏറെയും വന്നുപെടുന്നത്. സംരക്ഷകന്റെ വേഷം ഉള്‍പ്പെടെ ഏട്ടന്റെ റോളില്‍ കിട്ടുന്ന ഏതാണ്ടെല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ഇവിടെയും കിട്ടും. അധികാരം കുറച്ചുകൂടി കൂടുതല്‍ എടുക്കുകയും ആവാം. "ലോകപരിചയമില്ലാത്ത" ഭാര്യയേയും വേണമെങ്കില്‍ മകളായി പ്രഖ്യാപിക്കാവുന്നതേ ഉള്ളൂ (ഭാര്യയെ പെങ്ങളാക്കുന്ന പോലെ റിസ്കില്ല മകളാക്കുന്നതില്‍).

പൊതുപ്രവര്‍ത്തന രംഗത്തോ ജോലിസ്ഥലത്തോ പുറത്തോ ഒക്കെ നമുക്കുമേല്‍ ഏതെങ്കിലും തരത്തില്‍ അധികാരമുള്ള സ്ത്രീകളെയും നമ്മള്‍ എങ്ങനെയെങ്കിലും ഇതിലേതെങ്കിലും ഒന്നിലേക്ക് ഒതുക്കാന്‍ ശ്രമിക്കും, എന്നിട്ട് നമ്മുടെ അധികാരം അവര്‍ക്കുമേല്‍ കാണിക്കാനും. പഞ്ചായത്ത് മെമ്പര്‍ , പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, ഡോക്ടര്‍ , ഓട്ടോറിക്ഷാ ഡ്രൈവര്‍, പ്രിന്‍സിപ്പല്‍ , ഓഫീസിലെ മേലധികാരി..അങ്ങനെ ആരുമാവട്ടെ. ഇതൊന്നുമല്ലാതെ ഒരു സുഹൃത്തായി, അല്ലെങ്കില്‍ ഒരു വ്യക്തിയായി, അല്ലെങ്കില്‍ നമ്മുടെമേല്‍ അധികാരമുള്ള ഒരാളായി ഒരു പെണ്ണ് എന്നുപറഞ്ഞാല്‍ ... അത് ആലോചിക്കാന്‍ തന്നെ കുറച്ചു ബുദ്ധിമുട്ടാണ്. നമ്മളൊരു സിക്സ്റ്റീസ്/സെവന്റീസ് മോഡലൊക്കെ ആണെങ്കില്‍ വിശേഷിച്ചും.
പക്ഷേ പതുക്കെയാണെങ്കിലും അത് മാറിവരുന്നുണ്ട്. നമ്മള്‍ പൊതുവേ എന്തിനും ഏതിനും കുറ്റം പറയുന്ന "ഇന്റര്‍നെറ്റ്/മൊബൈല്‍ തലമുറ" ഈ നിയമങ്ങള്‍ മാറ്റിയെഴുതുകയാണ്. സൗഹൃദങ്ങള്‍ ഉണ്ടാവുകയാണ്. അധ്യാപകരും രക്ഷിതാക്കളും ഒക്കെ അത് തടയാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും. കോളേജുകളില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍സുഹൃത്തുക്കളോ പെണ്‍കുട്ടികള്‍ക്ക് ആണ്‍സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ "അവര്‍ തമ്മില്‍ ലൈനാണ്" എന്നൊരര്‍ഥം ഇന്നില്ല. നമുക്കറിയാവുന്നതിലും കൂടുതല്‍തരം ബന്ധങ്ങള്‍ അവര്‍ സങ്കല്‍പ്പിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്നു (ഏറെക്കാലം അത് തുടര്‍ന്നുകൊണ്ടുപോവാന്‍ നമ്മള്‍ സമ്മതിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ).

ഈയൊരു മാറ്റം ഒരു സാമൂഹ്യ വിപ്ലവത്തിന്റെ തുടക്കം തന്നെയാണ്. സ്ത്രീയെ പ്രധാനപ്പെട്ട കാര്യങ്ങളില്‍നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു ആണ്‍ജനതയുടെ "ആത്മാവിഷ്കാര"ത്തിന്റെ അന്ത്യം കുറിക്കുന്ന വിപ്ലവം. പുരുഷനെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ നിന്നെല്ലാം മാറ്റിനിര്‍ത്തിയ ഒരു പെണ്‍ജനതയും അതോടൊപ്പം തന്നെ നാമാവശേഷമാവുന്നു. അങ്ങനെ ഒരു ലോകത്ത്, ലോകകാര്യങ്ങളും വീട്ടുകാര്യങ്ങളും പുസ്തകങ്ങളും പരദൂഷണങ്ങളും സിനിമകളും സീരിയലുകളും അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു. ഇരുകൂട്ടരും സ്വാതന്ത്ര്യം മണക്കുന്നു. പറക്കാന്‍ തുടങ്ങുന്നു. ആ മാറ്റത്തിന് തടയിടാന്‍ ശ്രമിച്ചവര്‍ എന്ന് ചരിത്രം നമ്മെപ്പറ്റി പറയാന്‍ ഇടവരുത്താതെ നമുക്ക് നോക്കാം.
@@

ഡോ. സുദീപ് കെ എസ്, 
കടപ്പാട് :ദേശാഭിമാനി വാരിക

13 July, 2011

സ്‌കൂളുകളിലെ ഗീതാപഠനം: ആര്‍.എസ്.എസ് മഠത്തിന് 40 കോടി

ബംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഭഗവദ് ഗീത പഠിപ്പിക്കുന്നതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള മഠത്തിന് ബി.ജെ.പി സര്‍ക്കാര്‍ അനുവദിച്ചത് 40 കോടി രൂപ. ആര്‍.എസ്.എസിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സിര്‍സി ആസ്ഥാനമായുള്ള മഠത്തിനാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്. നിരവധി സ്‌കൂളുകള്‍ അടിസ്ഥാനസൗകര്യം പോലുമില്ലാതെ ദുരിതം അനുഭവിക്കുകയും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുമ്പോഴാണ് മഠത്തിന് ഗീതാധ്യയനം നടത്തുന്നതിന് 40 കോടി ഗ്രാന്റ് നല്‍കിയത്.

സംസ്ഥാനത്ത് ഗീതാപഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രി വിശ്വേശ്വര ഹെഗ്‌ഡെ കെഗേരിയുടെ പ്രസ്താവന തെറ്റാണെന്നും തെളിഞ്ഞു. രണ്ടുവര്‍ഷം മുമ്പ് തന്നെ ഗീതാപഠനം നടപ്പാക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. 2009 സെപ്റ്റംബര്‍ 30ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 74/2009 ഉത്തരവ് പ്രകാരം ഗീതാപഠനത്തിന് സൗകര്യം ഒരുക്കണമെന്നും വീഴ്ച വരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു. ശിബിരം നടത്തുന്നതിന് ജില്ല, താലൂക്ക് തലങ്ങളില്‍ കോഓഡിനേറ്ററെ നിയമിക്കണമെന്നും വ്യക്തമാക്കിയിരുന്നു. പ്രതിഷേധം ഭയന്ന് ഒന്നര വര്‍ഷത്തോളം ഈ ഉത്തരവ് നടപ്പാക്കിയില്ല. തുടര്‍ന്ന് ഈ അധ്യയനവര്‍ഷമാണ് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചത്.
സ്‌കൂള്‍സമയം കഴിഞ്ഞശേഷം ഗീതാപഠനം നടത്താമെന്നും വിദ്യാര്‍ഥികളെ നിര്‍ബന്ധിപ്പിച്ച് പങ്കെടുപ്പിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറികടന്ന് നിര്‍ബന്ധിത ഗീതാ പഠനം നടത്താനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ഗീതാപഠനം നിര്‍ബന്ധമാക്കാനും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുമുള്ള സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗുജറാത്ത് മാതൃകയില്‍ കാവിവത്കരണശ്രമം ഊര്‍ജിതമാക്കിയതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്തെത്തിയിട്ടുണ്ട്. ഇടതു സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ സമരവും നടക്കുന്നുണ്ട്. ഇതേതുടര്‍ന്ന് ചിക്‌ബെല്ലാപൂര്‍, കോലാര്‍ ജില്ലകളില്‍ സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാനാവില്ലെന്ന് അധികൃതര്‍ സര്‍ക്കാറിന് കത്തെഴുതുകയും ചെയ്തു.
ഭഗവദ്ഗീത പഠനത്തിനെതിരെ കോലാറില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി. അംബരീഷിന് ചൊവ്വാഴ്ച ജാമ്യം ലഭിച്ചു.
ഗീത നിര്‍ബന്ധമാക്കാനുള്ള യെദിയൂരപ്പ സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, മഹിളാ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വ്യാഴാഴ്ച ബംഗളൂരുവില്‍ പ്രകടനവും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
@@
കടപ്പാട്: മാധ്യമം ദിനപത്രം.

12 July, 2011

വര്‍ഗീയത എന്ന ബാധ

ഇന്ത്യ എന്നത് പഴയ പേരാണ്. "എന്ത് ഇന്ത്യ" എന്ന ചോദ്യത്തിന്റെ ഉത്തരം അടങ്ങുന്ന ഒരു നീണ്ട പേരാണത്. ഭരണഘടന ആദ്യം നല്‍കിയ പേര് "സോവറിന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്" എന്നാണ്. ഇന്ത്യയുടെ വിശേഷം അത് പരമാധികാരമുള്ള ഒരു ജനാധിപത്യരാജ്യമാണ് എന്നതുമാത്രമല്ലെന്ന് ഊന്നി പറയാന്‍ ഏറെ വര്‍ഷം കഴിഞ്ഞ് (1976ല്‍ , 42-ാം ഭേദഗതി) പേര് ഇങ്ങനെ നീട്ടി- "സോവറിന്‍ സോഷ്യലിസ്റ്റ് സെക്കുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്". രണ്ട് വിശേഷണങ്ങള്‍കൂടി- വളരെ പ്രധാനപ്പെട്ടവ, മതേതരവും സമത്വനിഷ്ഠവും. ജനാധിപത്യമാണ് പരമമായ അടിസ്ഥാന മൂല്യമെങ്കിലും അത് അപായപ്പെടുന്നത് സമത്വവും മതേതര സംസ്കാരവും രാജ്യത്ത് ക്ഷയിച്ചുവരുമ്പോഴായിരിക്കണം.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നു പറഞ്ഞാല്‍ ഈ ഗുണവിശേഷണങ്ങളെ സംരക്ഷിക്കലാണ്. നാം എന്നും കാവല്‍ നില്‍ക്കേണ്ടത് ഈ രണ്ട് സ്വഭാവങ്ങള്‍ നിലനിര്‍ത്താനാണ്. ഭരണഘടനയില്‍ എവിടെയെല്ലാം ജനങ്ങള്‍ക്കിടയില്‍ വികസിപ്പിക്കേണ്ട ധര്‍മങ്ങളെപ്പറ്റി പറയുമ്പോള്‍ സമത്വ, മതേതരത്വങ്ങളുടെ പ്രാധാന്യവും ഉറപ്പിച്ച് പ്രസ്താവിക്കുന്നതു കാണാം. ആമുഖത്തില്‍ നാല് നന്മകള്‍ പൗരന്മാര്‍ക്ക് സമ്പാദിച്ചുകൊടുക്കുകയാണ് ഭരണഘടനയുടെ ലക്ഷ്യമെന്നു പറഞ്ഞിരിക്കുന്നു- നീതി (സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം), സ്വാതന്ത്ര്യം (ചിന്ത, ആവിഷ്കാരം, വിശ്വാസം, മതം, ആരാധന), സമത്വം (നിലയുടെയും അവസരത്തിന്റെയും), സാഹോദര്യം (വ്യക്തിയുടെ അന്തസ്സും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍), നീതി സമത്വം എന്ന ആദര്‍ശങ്ങള്‍ എല്ലാ രംഗത്തും സ്ഥിതിസമത്വം ഉറപ്പിക്കുന്നു.

സ്വാതന്ത്ര്യം, സാഹോദര്യം എന്നിവകൊണ്ട് അനൈക്യത്തെയും വര്‍ഗീയതയെയും ചെറുക്കാന്‍ പ്രേരണ ചെലുത്തുന്നു. നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ ഭരണഘടനയുടെ ഈ അടിത്തറയുടെ തത്വങ്ങള്‍ വേണ്ടപ്പോള്‍ വേണ്ടത്ര ഓര്‍ക്കുന്നില്ല. വലിയൊരു മറവി അവരെ പിടികൂടിയിരിക്കുന്നു. അവരുടെ ഓര്‍മയെ ബലപ്പെടുത്താന്‍ കുറച്ചുകൂടി വിവരിക്കട്ടെ, ഭരണഘടന ന്യൂനപക്ഷം എന്നും വെറും ന്യൂനപക്ഷം എന്നും പറയുന്നത് അവരുടെ അവശത പരിഹരിക്കാന്‍വേണ്ടി മാത്രമാണ്. മൗലികാവകാശ അധ്യായത്തില്‍ മനുഷ്യരെ വേര്‍തിരിക്കുന്ന ഒന്നിന്റെ പേരിലും (മതം, ജാതി, ലിംഗം, ജനനസ്ഥലം) ഒരു പൗരനും എതിരായ വിവേചനം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചിരിക്കുന്നു. അവസരസമത്വവും അതുപോലെ. നേരത്തെ ഇതൊക്കെ നിഷേധിക്കപ്പെട്ടവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കാമെന്നല്ലാതെ നീതിയുടെ മുന്നില്‍ ആര്‍ക്കും വ്യത്യാസമില്ല.

അഭിപ്രായസ്വാതന്ത്ര്യവും അങ്ങനെതന്നെ. ഒരു മതത്തിനും മേല്‍ക്കൈ ഇല്ല. ന്യൂനപക്ഷങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും ഭാഷയുടെയോ ലിപിയുടെയോ ഭിന്നതമൂലം ചെറിയ പാരമ്പര്യങ്ങളുള്ള ചെറിയ സമൂഹങ്ങളാണ്. അവിടെ പാരമ്പര്യ സുരക്ഷയാണ് ലക്ഷ്യം. കേരളത്തില്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതലാണ്; പക്ഷേ, ഭരണഘടന വിവക്ഷിക്കുന്ന ചെറിയ ന്യൂനപക്ഷങ്ങളല്ല മുസ്ലിങ്ങളും ക്രൈസ്തവരും. ഈ പഴയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ധനപരമായ ഉച്ചനീചത്വങ്ങളില്ലാത്തതും പൊതുജനങ്ങള്‍ക്ക് ഗുണം നല്‍കുന്നതുമായ ഒരു നവ സമൂഹവ്യവസ്ഥയുടെ ഉദയമാണ് രാഷ്ട്രലക്ഷ്യം. നിര്‍ണായകതത്വങ്ങളുടെ അധ്യായം ആ ലക്ഷ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. ഇക്കഥയൊന്നും ഓര്‍ക്കാതെ നമ്മള്‍ ഈ ന്യൂനപക്ഷം ന്യൂനപക്ഷം എന്നുപറഞ്ഞ് രാഷ്ട്രീയത്തില്‍വരെ മതവര്‍ഗീയത കോട്ടകെട്ടി നില്‍ക്കുന്നു. ന്യൂനപക്ഷം പോയി, ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കളും ന്യൂനപക്ഷ വര്‍ഗീയതയെ ശത്രുവായി കണ്ട് രാഷ്ട്രീയ കക്ഷിയുടെ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നു. മുമ്പ് ഹിന്ദു മഹാസഭ എന്ന പേരില്‍ മതമുദ്രചാര്‍ത്തിയ കക്ഷി അത് വിലപ്പോകില്ല എന്ന് മനസ്സിലാക്കി ആര്‍എസ്എസ്, ശിവസേന, ബിജെപി എന്നൊക്കെ നാമാന്തരങ്ങള്‍ സ്വയം വരിച്ച് പ്രവര്‍ത്തിക്കുന്നു.

ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത് ഹൈന്ദവ വര്‍ഗീയതതന്നെ. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നമ്മുടെ പൗരന്മാരായി കണക്കാക്കാന്‍പോലും അവര്‍ക്ക് പ്രയാസമുണ്ട്. മറ്റു ചില കക്ഷികള്‍ മതജാതി നാമങ്ങള്‍ ഒഴിവാക്കാതെ ഇന്നും നിലനില്‍ക്കുന്നത് അത്ഭുതകരമാണ്. നമ്മുടെ രാഷ്ട്രീയത്തിലെ അരാചകത്വത്തിന്റെ ചൂണ്ടുപലകയാണ് ഈ അവസ്ഥ. ദ്രാവിഡ എന്ന പേര്‍ ചേര്‍ത്ത് ഒന്നുരണ്ട് കഴകങ്ങള്‍ , അകാലിദള്‍ എന്ന പേരില്‍ ഒരു കക്ഷി, മുസ്ലിംലീഗ് എന്നിവ വര്‍ഗീയ നാമധാരികളാണ്. മുസ്ലിംലീഗിന് കേരളത്തില്‍ ഒരു ജില്ലയിലാണ് ശക്തി. അത് അവര്‍ സമര്‍ഥമായി കരുനീക്കി കളിക്കുന്നു. ഇത്തവണ വന്‍ വിജയമാണ്. വിജയഹേതു അവരുടെ ശക്തി എന്നതിനേക്കാള്‍ അവരെ കൂട്ടുപിടിച്ച കോണ്‍ഗ്രസിന്റെ അശക്തിയാണ്. വര്‍ഗീയത മരിച്ചു എന്ന അര്‍ഥത്തില്‍ ലീഗിനെ നെഹ്റു ചത്ത കുതിര എന്ന് വിളിച്ചു. അതു കേട്ട കോണ്‍ഗ്രസുകാര്‍ (അല്ല, കേള്‍ക്കുന്ന കോണ്‍ഗ്രസുകാരോ) എത്രയോ കാലമായി ഈ വാഹനത്തിലാണ് യാത്ര. രാഷ്ട്രീയത്തെ നിയന്ത്രിക്കേണ്ട മൂല്യങ്ങളെ കോണ്‍ഗ്രസ് മറന്നു എന്ന് ചുരുക്കം. കേരളത്തില്‍ അധികാരമോഹം കയറിയ കോണ്‍ഗ്രസ് ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നു മനസ്സിലാക്കിയ ലീഗ് നേതൃത്വം ഓരോ മര്‍മത്തിലും അമര്‍ത്തി വേദനിപ്പിച്ച് കോണ്‍ഗ്രസിനെക്കൊണ്ട് സമ്മതിപ്പിച്ച് കാര്യം നേടുന്ന കാഴ്ച വളരെ രസകരംതന്നെ.20 അംഗ മന്ത്രിസഭയില്‍ അഞ്ച് മന്ത്രിമാര്‍ വേണമെന്ന വാദംതന്നെ കോണ്‍ഗ്രസിന്റെ അന്തസ്സിനെയും അഭിമാനത്തെയും തങ്ങള്‍ക്ക് വിലയില്ലെന്ന ലീഗിന്റെ ധാര്‍ഷ്ട്യത്തിന്റെ പ്രകടനമാണ്. വിദ്യാഭ്യാസവകുപ്പുതന്നെ തങ്ങള്‍ക്ക് വേണമെന്ന ലീഗിന്റെ വാശി എത്ര തവണയായി എതിര്‍പ്പില്ലാതെ വിജയിച്ചരുളുന്നു. മുസ്ലിം ലീഗില്‍ ഒരു വിദ്യാഭ്യാസ വിദഗ്ധന്‍ ഇപ്പോഴില്ല. സി എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ വിദഗ്ധന്‍ ആയതുകൊണ്ടല്ല സമര്‍ഥനായതുകൊണ്ടാണ് ആ വകുപ്പില്‍ വിജയം നേടിയത്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയുടെ പരിചയക്കുറവിന്റെയും കഴിവുകേടിന്റെയും ദുഷ്ഫലങ്ങള്‍ കേരളീയര്‍ അനുഭവിക്കേണ്ടിവന്നത്, ഇക്കാര്യം തക്കസമയത്ത് ചൂണ്ടിക്കാട്ടി തിരുത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയതാണ്. അദ്ദേഹത്തിന്റെ പരിചയ ദാരിദ്ര്യവും മറ്റും കൊണ്ടാണ്, വള്ളത്തോള്‍ കേരളീയ അഭിനയകലകളുടെ ഉദ്ധരണത്തിന് സ്ഥാപിച്ച കലാമണ്ഡലത്തില്‍ ഒരു വാസ്തുവിദ്യക്കാരന്‍ വിസി ആയത്. എങ്ങനെ ഇത് ക്യാബിനറ്റിലൂടെ മാറ്റംകൂടാതെ കടന്നുപോയി എന്ന് ഓര്‍ക്കുമ്പോള്‍ വര്‍ഗീയകക്ഷിയുടെ ശക്തി എത്രമാത്രമുണ്ടെന്ന് ഊഹിക്കാന്‍ കഴിയും. പുതിയ മന്ത്രി പഴയ ഒരു നല്ല മന്ത്രിയുടെ മകനായതുമൂലം വിദ്യാഭ്യാസമന്ത്രി പദവിക്ക് യോഗ്യനാകുന്നില്ല.

എംഎ ബിരുദമുണ്ടെന്ന് ഗൗരവമായി ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നു. ഇക്കാലത്ത് വഴിയാത്രക്കാരില്‍ ബിരുദാനന്തരബിരുദക്കാര്‍ ധാരാളമുണ്ടെന്നുവച്ച് അവരെയെല്ലാം കേരളത്തില്‍ വിദ്യാഭ്യാസമന്ത്രിയാക്കാവുന്നവരാണ് എന്ന വാദം പരിഹാസ്യമാണ്. വിദ്യാഭ്യാസവകുപ്പ് ഒരു നവാഗതന്റെ താവളമാക്കരുത്. ഇതൊക്കെ ചൂണ്ടിക്കാണിച്ചുകൂടെന്ന് വന്നിരിക്കുന്നു. ഇതിനിടെ ഞാന്‍ ഈ ദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വര്‍ഗീയത എന്ന കല്ലാണ് എന്റെ നേരെ എടുത്തെറിയപ്പെട്ടത്. നഗ്നയായി ഒരു സ്ത്രീ നടക്കുമ്പോര്‍ , നഗ്നത മറയ്ക്കാന്‍ മറ്റൊരു സ്ത്രീ തന്റെ രണ്ടാംമുണ്ട് വേണമോ എന്ന് അന്വേഷിച്ചപ്പോള്‍ , "തനിക്ക് നാണമില്ലേ, രണ്ടാംമുണ്ടില്ലാതെ മാറ് കാട്ടി നടക്കാന്‍" എന്നാണ് പൂര്‍ണനഗ്നയുടെ ധീരമായ മറുപടി. ഇവരുടെ വര്‍ഗീയാരോപണം ഇതിന് കിടയായി കിടക്കട്ടെ. വര്‍ഗീയത ചീത്തയാണെന്നെങ്കിലും സമ്മതിച്ചല്ലോ! മതവര്‍ഗീയതയുടെ വിനാശത്തിന് ഏറ്റവും കൂടുതല്‍ മുന്നോട്ടുവരേണ്ടത് കോണ്‍ഗ്രസാണ്. മുസ്ലിംലീഗിനെ എന്ന് അവര്‍ ഉപേക്ഷിക്കുന്നുവോ അന്ന് കേരളത്തില്‍ മതവര്‍ഗീയതയുടെ മൂലക്കല്ല് ഇളകും. അവരെ ഇടതുപക്ഷം സ്വീകരിക്കാത്ത കാലത്തോളം ത്രിശങ്കുസ്വര്‍ഗത്തില്‍ ഉരുണ്ടുകളിക്കുകയേ നിവൃത്തിയുള്ളൂ. കോണ്‍ഗ്രസ് നിര്‍ണായക തീരുമാനം എടുക്കാന്‍ ചരിത്രത്തിന്റെ മുമ്പില്‍ നിയോഗം ഉള്ള കക്ഷിയാണ്. ജവാഹര്‍ലാല്‍ നെഹ്റുവിന്റെ- "ചത്ത കുതിര" എന്ന ആ പ്രയോഗത്തെ- "ഓര്‍ക്കുക വല്ലപ്പോഴും"!

@@
സുകുമാര്‍ അഴീക്കോട്

11 July, 2011

എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് & സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ

ചോ: എന്താണ് എന്‍ഡിഎഫ്? അതിന്റെ പൂര്‍വ രൂപങ്ങള്‍ എന്തായിരുന്നു?

ഉ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ പലപാട് പേര് മാറ്റിയ ഇക്കൂട്ടര്‍ നാഷണല്‍ ഡവലപ്മെന്റ് ഫ്രണ്ട് എന്ന് പുറത്തും നാഷണല്‍ ഡിഫന്‍സ് ഫോഴ്സ് എന്ന് അകത്തും അറിയപ്പെടുന്നു. 1980കളുടെ ആദ്യപാദത്തില്‍ 'ഇന്ത്യയുടെ മോചനം ഇസ്ളാമിലൂടെ' എന്ന് ഉദ്ഘോഷിച്ചു നടന്ന 'സിമി'യുടെ നേതൃനിരയിലും അവരുണ്ടായിരുന്നു. പിന്നീട് അവര്‍ 'കൈമ'യും (കോഴിക്കോട് യങ്മെന്‍ അസോസിയേഷന്‍) 'വൈമ' (വയനാട് യങ്മെന്‍ അസോസിയേഷന്‍)യും 'പൈമ'യും (പാലക്കാട് യങ്മെന്‍ അസോസിയേഷന്‍) ഉണ്ടാക്കി രംഗത്തു വന്നു. 1993ല്‍ എന്‍ഡിഎഫ് ആയി. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐ (സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി ഓഫ് ഇന്ത്യ)യിലും എത്തിനില്‍ക്കുന്നു.
 
ചോ: എന്താണ് ഇവരുടെ പരിപാടി?

ഉ: ഇരുളില്‍ അവര്‍ നായ്ക്കളുടെ ഗളഹസ്തം നടത്തും. അബദ്ധത്തില്‍ വാലും അരിഞ്ഞുവീഴ്ത്താറുണ്ട്. ഓടുന്ന ബൈക്കില്‍ 'താളാത്മകമായി' ബാലന്‍സ് ചെയ്താണ് ഇത്തരം അഭ്യാസങ്ങള്‍. ഫാസിസ്റുകളെ ചെറുക്കാനാണത്രെ ഇത്തരം മൃഗയാവിനോദങ്ങള്‍! പട്ടാപ്പകലാകട്ടെ നടുറോഡില്‍ കിടത്തി മതനിന്ദ ആരോപിച്ച് മനുഷ്യരുടെ കൈപ്പത്തി ഛേദിക്കും. എന്നിട്ട് ആരാന്റെ വീട്ടുമുറ്റത്തേക്കെറിയും. അതും കഴിഞ്ഞ് പ്രഥമശുശ്രൂഷയ്ക്കായി ദന്തഡോക്ടറെ കാണും. ഇതൊക്കെ കണ്ടും കേട്ടും മറ്റേ ഫാസിസ്റുകള്‍ ഊറിച്ചിരിക്കുകയാണ്. അവര്‍ക്ക് പരമാനന്ദംകൊണ്ട് ഇരിക്കാനും വയ്യ, നില്‍ക്കാനും വയ്യ എന്ന അവസ്ഥയാണ്. 'പ്രതിരോധം അപരാധമല്ല' എന്നായിരുന്നു കുറച്ചു മുമ്പ് പറഞ്ഞുനടന്നിരുന്നത്. ഇപ്പോള്‍ 'ആക്രമണം അപരാധമല്ല' എന്ന് തിരുത്തിയിരിക്കുന്നു.

ചോ: "പ്രവാചകനിന്ദയ്ക്കാണ് കൈപ്പത്തി വെട്ടിമാറ്റിയത്. അത് അത്ര വലിയ സംഗതിയാക്കേണ്ടതില്ല'' എന്നാണ് ചാനലുകളായ ചാനലുകളിലെല്ലാം പേര്‍ത്തും പേര്‍ത്തും എന്‍ഡിഎഫ് വക്താക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. ഇത് അക്രമിസംഘത്തെ പരസ്യമായി ന്യായീകരിക്കുന്ന നിലപാടല്ലേ?

ഉ: ഭീകര പ്രവര്‍ത്തനത്തെ വെള്ളപൂശുന്ന ഈ വാചകക്കസര്‍ത്ത് കേരളീയരെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കിയിരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നും തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടുമെന്നുമുള്ള ധിക്കാര പ്രഖ്യാപനമാണ് ഇത്. ഇങ്ങനെ വ്യത്യസ്ത സമുദായങ്ങളില്‍പെട്ട ഭീകരവാദികള്‍ തീരുമാനിച്ചാല്‍ നാട് കബന്ധങ്ങള്‍കൊണ്ട് നിറയും. മുഹമ്മദ്നബി തന്നെ വധിക്കാന്‍ ശ്രമിച്ചവര്‍ക്കുപോലും മാപ്പുകൊടുത്ത മഹാനുഭാവനാണ്. നബിയുടെ യശസ്സും തേജസും പതിനാല് നൂറ്റാണ്ട് പിന്നിട്ടിട്ടും ഒളിമങ്ങാതെ നിലനില്‍ക്കുന്നത് ഇത്തരം ഗുണ്ടകളുടെയും ഊളന്മാരുടെയും 'ഹസ്തഛേദനയജ്ഞം' കൊണ്ടല്ല. യഥാര്‍ഥത്തില്‍ 'പ്രവാചകനിന്ദ'യില്‍ മനംനൊന്തൊന്നുമല്ല ഇവര്‍ ഈ കാട്ടാളകൃത്യം നടത്തിയത്. കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ഒരു ഓഡിയന്‍സിനുവേണ്ടിയാണ് ഈ നീചകൃത്യം നടത്തിയത്; ചില ബാഹ്യശക്തികളെ പ്രീതിപ്പെടുത്താന്‍. അത്തരം ബാഹ്യശക്തികളുടെ 'കാരുണ്യം'കൊണ്ടാണ് ഇന്നോവ കാറുകളില്‍ കറങ്ങിയും ശീതീകൃത സൌധങ്ങളില്‍ ഉറങ്ങിയും ഇവര്‍ സുഖലോലുപരായി കാലക്ഷേപം നടത്തുന്നത്. ഇടയ്ക്കൊരാളെ കാലപുരിക്കയച്ചില്ലെങ്കില്‍, വല്ലപ്പോഴും ആരുടെയെങ്കിലും കൈവെട്ടിയില്ലെങ്കില്‍ വിദേശത്തുനിന്നുള്ള ധനപ്രവാഹം നിലയ്ക്കും. മതത്തിന്റെ മറപിടിച്ച് നടത്തുന്ന തീവ്രവാദ ബിസിനസ് പൊളിയും. ഇന്നത്തെ പല പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും രണ്ട് പതിറ്റാണ്ടുമുമ്പ് എങ്ങനെ ജീവിച്ചിരുന്നു, ഇപ്പോള്‍ ഏതുവിധം ജീവിക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യങ്ങളുടെ കിടപ്പ് ആര്‍ക്കും അനായാസം ബോധ്യമാകും
.
 
ചോ: ഇവര്‍ക്ക് ഈ നാടിന്റെ ഭരണഘടനയിലും നീതിന്യായക്രമത്തിലും എന്തുകൊണ്ടാണ് വിശ്വാസമില്ലാത്തത്?

ഉ: എങ്ങനെ വിശ്വാസമുണ്ടാകും? ഇക്കൂട്ടര്‍ അടവും തടവും പഠിച്ച പ്രത്യയശാസ്ത്രക്കളരി ജമാഅത്തെ ഇസ്ളാമിയുടേതാണ്. ജമാഅത്തിലോ അതിന്റെ ആദ്യകാല വിദ്യാര്‍ഥിവിഭാഗമായ 'സിമി'യിലോ പ്രവര്‍ത്തിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പല നേതാക്കളും. ജമാഅത്തിന് ഇന്ത്യന്‍ ഭരണകൂടം 'താഗൂത്തി'യാണ് (പൈശാചികം/അനിസ്ളാമികം). മനുഷ്യര്‍ക്ക് സ്വയംഭരണാവകാശമുള്ള ഒരു ഭരണസംവിധാനത്തെയും ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല.

ചോ: ഇന്ത്യന്‍ ഭരണകൂടത്തെ അംഗീകരിക്കാത്ത, ജനാധിപത്യത്തെയും മതേതരത്വത്തെയും പരമപുച്ഛത്തോടെ വീക്ഷിക്കുന്ന ഇവര്‍ എന്തിനാണ് 'സ്വാതന്ത്യ്രദിനാഘോഷ'ത്തിന്റെ ഭാഗമായി ഫ്രീഡം പരേഡ് നടത്തുന്നത്?

ഉ: പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് ഒരു തരം മിമിക്രിയാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്യ്ര ദിനത്തില്‍തന്നെ രാഷ്ട്രത്തെ കൊഞ്ഞനംകുത്തുന്ന അനുകരണാഭാസം. ഇന്ത്യന്‍ പട്ടാള റെജിമെന്റുകള്‍ ഡല്‍ഹിയില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഇവര്‍ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട നഗരകേന്ദ്രങ്ങളില്‍ മാര്‍ച്ച് നടത്തുന്നു. ഇന്ത്യന്‍ പട്ടാളത്തോടോ ഇന്ത്യന്‍ ജനതയോടോ ഉള്ള ഐക്യദാര്‍ഢ്യമല്ല, പ്രത്യുത വൈരമാണ് ഫ്രീഡം പരേഡിന്റെ അന്തര്‍ധാര. ഫ്രീഡം പരേഡുകള്‍ സംഘടിപ്പിക്കപ്പെടുന്ന കാലസന്ധികളില്‍തന്നെയാണ് കശ്മീരിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത വാര്‍ത്ത കേരളീയര്‍ അമ്പരപ്പോടെ കേട്ടത്. ആര്‍ക്കും രണ്ടുരീതിയില്‍ ഒരാളെ എതിര്‍ക്കാം.
ഒന്ന്, ഗൌരവത്തില്‍ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയാം.
രണ്ട്, അയാളുടെ ചേഷ്ടകളും ഭിന്നഭാവങ്ങളും സംസാരരീതിയും ആക്ഷേപകരമായി അനുകരിച്ച് പരിഹാസപൂര്‍വം എതിര്‍ക്കാം. ഫ്രീഡം പരേഡ് വാസ്തവത്തില്‍ ഇന്ത്യയുടെ സ്വാതന്ത്യ്രദിനത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഒരു ആക്ഷേപഹാസ്യ കെട്ടുകാഴ്ചയാണ്. പാകിസ്ഥാനിലെ അര്‍ധസൈനിക പരേഡുമായാണ് അതിന് കൂടുതല്‍ സാമ്യം. ചാരനിറമുള്ള ഷര്‍ട്ട് പാക് അര്‍ധസൈന്യമാണ് ധരിക്കുന്നത്. വലതുകൈ നെഞ്ചോട് ചേര്‍ത്ത് ആദരം അര്‍പ്പിക്കുന്നതും പാക് സൈനികരീതിതന്നെ.

ചോ: മുസ്ളിം ലീഗും എന്‍ഡിഎഫും തമ്മില്‍ എന്താണ്? എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്നു പറയാനുള്ള ധിക്കാരം തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. എന്താണ് ഇതിന്റെയൊക്കെ ഗുട്ടന്‍സ്?

ഉ: മുസ്ളിം ലീഗിന്റെ ചിറകിനടിയില്‍ വളര്‍ന്ന്, ഇപ്പോള്‍ മുസ്ളിം ലീഗിന് കുടവിരിച്ചു നില്‍ക്കുന്ന സംഘടിത സായുധ സംഘമായി എന്‍ഡിഎഫ് വളര്‍ന്നിരിക്കുന്നു. എന്‍ഡിഎഫുകാര്‍ ഉള്‍പ്പെട്ട പല കേസും പിന്‍വലിക്കാന്‍ യുഡിഎഫ് ഭരണകാലത്ത് അത്യുത്സാഹത്തോടെ മുന്നിട്ടിറങ്ങിയത് കുഞ്ഞാലിക്കുട്ടിയും അനുചരന്മാരുമാണ്. കുഞ്ഞാലിക്കുട്ടി സാഹിബിന് വോട്ടും നോട്ടുമാണ് പരമപ്രധാനം. ഉമ്മന്‍ചാണ്ടിക്കും മറ്റൊന്നല്ല. തീവ്രവാദത്തിനെതിരെ പകല്‍സമയം വഴിപാടുപോലെ മുസ്ളിം ലീഗ് വാചാടോപങ്ങള്‍ നടത്തും. പക്ഷേ, സന്ധ്യ മയങ്ങിയാല്‍ സഹശയനം അവരോടൊപ്പമാണ്. തീവ്രവാദ വിരുദ്ധ പ്രസ്താവങ്ങള്‍ ലീഗില്‍ വനരോദനങ്ങളായി കലാശിക്കുകയാണ് പതിവ്.
 
ചോ: എന്‍ഡിഎഫ് എതിര്‍ക്കപ്പെടേണ്ട സംഘടനയാണ്. സംശയമില്ല. എന്നാല്‍ എങ്ങനെ?
 
ഉ: ഇന്ത്യയുടെ ജനാധിപത്യവും മതേതരത്വവും നല്‍കുന്ന സൌകര്യങ്ങള്‍ ഉപയോഗിച്ചും രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ പഴുതുകള്‍ മുതലെടുത്തുമാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യവസ്ഥയുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് ആ വ്യവസ്ഥയെത്തന്നെ തുരങ്കംവയ്ക്കുന്ന തുരപ്പന്‍ പരിപാടി.
രണ്ടാമതായി, കണക്കററ വിദേശപണം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വിദേശ ധനസ്രോതസ്സ് മുറിച്ചുമാറ്റിയാല്‍ തന്നെ എന്‍ഡിഎഫിന്റെ പാതിമുക്കാല്‍ കാറ്റും പോകും. അതിന് കൈമെയ് മറന്ന് ഉത്സാഹിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരാണ്.
മൂന്നാമതായി, ഇത്തരം തീവ്രവാദ സംഘടനകളുടെ കൂട്ടോ വോട്ടോ വേണ്ടെന്ന് പറയാനുള്ള ആര്‍ജവവും ദീര്‍ഘവീക്ഷണവും കൂസലില്ലായ്മയും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം. അത് പക്ഷേ, ഉമ്മന്‍ചാണ്ടിയും യുഡിഎഫും പ്രദര്‍ശിപ്പിക്കുന്നില്ല.
നാലാമതായി, തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അടിച്ചമര്‍ത്തുന്നതോടൊപ്പം തീവ്രവാദ ആശയങ്ങള്‍ക്കെതിരെയുള്ള ഒരു പ്രത്യധീരവ്യവഹാരം വമ്പിച്ച ബോധവല്‍ക്കരണത്തിലൂടെ സമൂഹത്തില്‍ സൃഷ്ടിക്കണം. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കാനുള്ള പ്രത്യയശാസ്ത്ര ദാര്‍ഢ്യവും സംഘടനാശൃംഖലകളും രാഷ്ട്രീയ ഇച്ഛാശക്തിയുമുള്ളത് ഇടതുമതേതര പ്രസ്ഥാനങ്ങള്‍ക്കാണ്.

10 July, 2011

വൈകിട്ടെന്താ പരിപാടി...

ഫോണിലൂടെയും ആംഗ്യത്തിലൂടെയും മൗനത്തിലൂടെയും ഓഫീസിലും ബാങ്കിലും ആശുപത്രിയിലും കുടുംബത്തിനുള്ളില്‍ത്തന്നെയും ഈ ചോദ്യം സന്ദേശമായി വ്യാപരിക്കാന്‍ തുടങ്ങിയിട്ട് നാളേറെ യായിരിക്കുന്നു. വൈകിട്ടെന്താ പരിപാടി? വേറെന്താ അടിയോടടി തന്നെ എന്ന് സിനിമകളും നമ്മളോട് പറയുമ്പോള്‍ വൈകുന്നേരമെന്നത് കള്ളുകുടിക്കാനുള്ളതാണെന്ന് കണ്ടീഷന്‍ ചെയ്തു വച്ചിരിക്കുന്ന അവസ്ഥയിലേക്ക് മലയാളി എത്തിച്ചേരുന്നു. ജോലി കഴിഞ്ഞ് വൈകിട്ടാകുമ്പോള്‍ എന്റര്‍ടെയിന്‍ ചെയ്യാന്‍ മറ്റൊന്നുമില്ലാതെ മദ്യത്തിന്റെ മാസ്മരിക ലഹരിയിലേക്ക് നടന്നുപോകുന്ന മലയാളിയുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അത്രമേല്‍ കഠിനമായ ജോലിയാണോ നാമോരുത്തരും ചെയ്തുകൊണ്ടിരിക്കുന്നത്? അല്ലെങ്കില്‍ത്തന്നെ ജോലി ചെയ്തു തളരുന്നതിന്റെ ക്ഷീണം മാറാനുള്ള മരുന്നാണോ മദ്യം? ജോലിഭാരം മദ്യപിക്കുന്നതിന് കാരണമാവുന്നില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. മറ്റൊന്നും ചെയ്യാനില്ലാതെ ശുഷ്കമാകുന്ന വൈകുന്നേരങ്ങള്‍ തള്ളി നീക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ല. മദ്യപിച്ചില്ലെങ്കില്‍ വൈകുന്നേരങ്ങള്‍ മരവിച്ചുപോകുമെന്ന അവസ്ഥ. അഞ്ചുമണിക്ക് ഓഫീസില്‍നിന്നിറങ്ങിയാല്‍ അല്ലെങ്കില്‍ പണി കഴിഞ്ഞിറങ്ങിയാല്‍ രാത്രി ഉറങ്ങുംവരെയുള്ള നാലഞ്ചുമണിക്കൂര്‍ ബോറടി മാറ്റാന്‍ വേറെന്തു ചെയ്യും? എത്ര നേരമെന്നും പറഞ്ഞ് ടിവി കാണും? അല്ലെങ്കില്‍ത്തന്നെ അത്രയും നേരം സീരിയലാണ്. കണ്ണീരും കരച്ചിലുമായി വീട്ടുകാരി കണ്ടുകൊള്ളും. പക്ഷേ ആണുങ്ങളെങ്ങനെ ക്ഷമിക്കും? ആ സമയം ഒരു നാലെണ്ണം വീശിയിട്ടാണെങ്കില്‍ ബോറടിയും മാറും രാത്രിയില്‍ സുഖമായി കിടന്നുറങ്ങുകയും ചെയ്യാം. മദ്യപാനം ശീലമാകുന്ന രീതിയെക്കുറിച്ച് മിക്കവാറും പേരുടെ അഭിപ്രായമാണിത്. അപ്പോള്‍ പ്രശ്നം വൈകുന്നേരങ്ങള്‍ ഒന്നും ചെയ്യാനില്ലാതെ ശുഷ്കമായിരിക്കുന്നു എന്നതാണ്. മുന്‍കാലത്തെ അപേക്ഷിച്ച് ചെറുപ്പക്കാര്‍ കൂടുതലും മദ്യപാനശീലത്തിലേക്ക് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഈ മടുപ്പുതന്നെയാണ്. മുമ്പ് വൈകുന്നേരങ്ങള്‍ ഇത്രയേറെ വിരസ മായിരുന്നില്ല. പ്രത്യേകിച്ച് എണ്‍പതുകള്‍വരെയുള്ള സായാഹ്നങ്ങള്‍ . സാംസ്കാരികമായി സമ്പന്ന മായിരുന്ന ആ കാലത്തും മദ്യമുണ്ടായിരുന്നു. മദ്യപന്‍ന്മാരുണ്ടായിരുന്നു. പക്ഷേ ഇത്രയേറെ ചെറുപ്പക്കാര്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. വിരലിലെണ്ണാവുന്ന കുറെ കള്ളുകുടിയന്മാര്‍ ഏത് നാട്ടിലുമുണ്ടായിരുന്നു എന്നല്ലാതെ ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ജീവിതത്തിന്റെ സമസ്ത മേഖലകളുമായി മദ്യത്തെ ബന്ധിപ്പിക്കുന്ന ദുരവസ്ഥ മുമ്പുണ്ടായിരുന്നില്ല തന്നെ. വ്യത്യസ്തവും പ്രയോജനപ്രദവുമായ അനേകം കാര്യങ്ങളുമായി ആ തലമുറ സാമൂഹികമായി സജീവമായിരുന്നു. പല കാര്യങ്ങളും അവര്‍ക്ക് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനം, നാട്ടിലെ സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്, ഫുട്ബോള്‍ , വോളിബോള്‍ കളികള്‍ , പാരലല്‍ കോളേജ് സൗഹൃദങ്ങള്‍ , വായനശാലകളുമായി ബന്ധപ്പെട്ട സാഹിത്യ സാംസ്കാരിക പരിപാടികള്‍ , കവിയരങ്ങുകള്‍ അങ്ങനെ പലപല കാര്യങ്ങള്‍ . ജീവിതത്തെ അടുത്തറിയാന്‍ അങ്ങനെ പലതും ആവശ്യമായിരുന്നു അവര്‍ക്ക്. സായാഹ്നങ്ങളില്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്തു. സമൂഹത്തിന്റെ ഭാഗമാകാന്‍ കൂടുതല്‍ ശ്രമിച്ചു. ഇന്ന് കേരളത്തില്‍ സജീവമായി നില്‍ക്കുന്ന എത്ര ക്ലബുകളുണ്ട്? വിമന്‍സ് ക്ലബുകളുടെയും ലയണ്‍സ് ക്ലബുകളുടെയും കാര്യമല്ല. നാടിന്റെ നാഡീഞരമ്പുകളായി ചോരയോട്ടമുണ്ടായിരുന്ന ആര്‍ട്സ് ക്ലബുകള്‍ കൂമ്പടഞ്ഞു. ഗ്രാമങ്ങള്‍ക്ക് അധികം പ്രയോജനമില്ലാത്ത റഡിഡന്‍സ് അസോസിയേഷനുകള്‍ കുറെ തലയുയര്‍ത്തി. ചെറുപ്പക്കാരെ കര്‍മ്മോത്സുകരാക്കി ഒരു കുടക്കീഴില്‍ നിര്‍ത്താന്‍ ഇത്തരം അസോസിയേഷനുകള്‍ക്ക് കഴിയാതെ പോയി. വിരസവും ശുഷ്കവുമായി സായാഹ്നങ്ങള്‍ പരുവപ്പെട്ടതിന്റെ ചരിത്രം ഒരു പരിധിവരെ ഇങ്ങനെയാണ്. ഈ നിര്‍വിചാരാവസ്ഥയാകട്ടെ മടുപ്പിനും ആലസ്യത്തിനും കാരണമാവുകയും അതില്‍നിന്ന് രക്ഷനേടാന്‍ മദ്യം ഒരുപാധിയാവുകയും ചെയ്തു. പ്രോത്സാഹിപ്പിക്കപ്പെടേണ്ടതായ ഒരു വഴിത്തിരിവല്ല ഇത്. 'എന്ത് മീറ്റിങ്ങായാലെന്താ ആരു പ്രസംഗിച്ചാലെന്താ നീ വരുന്നോ. ഞാന്‍ പോകുവാ. സാബു ഷെയറിടാമെന്ന് പറഞ്ഞിട്ടുണ്ട്' താല്‍പര്യരാഹിത്യം മാനസികവൈകല്യംപോലെ ചെറുപ്പക്കാരെ ബാധിച്ചുതുടങ്ങിയിരിക്കുന്നു. അരാഷ്ട്രീയവാദമൊക്കെ സൃഷ്ടിച്ച അപകടമാണിത്. ഒന്നിനോടും ഒരു താല്‍പ്പര്യവുമില്ലാത്ത അവസ്ഥ. അടിയന്തരമോ മീറ്റിങ്ങോ എന്തോ ആവട്ടെ. വരാം സഹകരിക്കാം. പക്ഷേ കുപ്പിയെടുത്തുതരണം. രണ്ടെണ്ണം വീശിയിട്ടാണേല്‍ ഏത് പാതാളത്തിലും വരാം. വലിയൊരു സാമൂഹികദുരന്തമാണ് ഈ മനോഭാവത്തിന്റെ പരിണിതഫലം. സാമൂഹിക സാംസ്കാരികരംഗത്ത് നില്‍ക്കുന്നവരും ഭരണകര്‍ത്താക്കളുമെല്ലാം ഈ അവസ്ഥയെക്കുറിച്ച് ബോധവാന്മാരാകണം. പ്രാദേശികഭരണകൂടങ്ങള്‍ ചെറുപ്പക്കാരുടെ സാംസ്കാരിക കൂട്ടായ്മക്കുവേണ്ടി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. ചെറിയ ധനസഹായങ്ങളിലൂടെയാണെങ്കിലും നാട്ടിന്‍പുറത്തെ ക്ലബ്ബുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകണം. രാഷ്ട്രീയ സംഘടനകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഓഫീസുകളില്‍ സമ്പന്നമാകണം. കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന മാനസികാരോഗ്യ രംഗത്തെക്കുറിച്ചുള്ള പുനരാലോചനകള്‍ക്ക് ഇനിയും പ്രസക്തിയുണ്ട്. അല്ലാത്തപക്ഷം കേരളം കുടിച്ചുകുഴയും. ലഹരിയുടെ അരാജകത്വത്തിലഴിഞ്ഞാടി ഇവിടുത്തെ യൗവ്വനം കീഴടങ്ങും. അടിമത്ത ത്തിന്റെ ദൗര്‍ബല്യം പേറി നില്‍ക്കുന്ന ഒരു ജനതയായല്ല, എവിടെയും കര്‍മ്മോത്സുകമായി സംഭാവനകളര്‍പ്പിക്കാന്‍ കഴിയുന്ന തെളിഞ്ഞ, ഉയര്‍ന്ന ശിരസ്സിനവകാശികളായി വേണം മലയാളി ജനത ഉണര്‍ന്നെണീക്കാന്‍ .

@@
എല്‍ ആര്‍ മധുജന്‍

സ്വാശ്രയ വിദ്യാഭ്യാസം: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖല അനിശ്ചിതത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും അഴിയാക്കുരുക്കിലകപ്പെട്ടിരിക്കുകയാണ്. യു ഡി എഫ് ഭരണത്തിന്റെ അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ പരമാവധി കഴുത്തറുപ്പന്‍ നയങ്ങളുമായി മുന്നോട്ടുപോകുന്നു. ഷൈലോക്കിയന്‍ മനോഭാവത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ അവര്‍ക്കു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയാണ് സംസ്ഥാനത്തെ ഭരണനേത്യത്വം മെഡിക്കല്‍ രംഗത്തെ എംബിബിഎസിന്റെ കാര്യത്തിലും പിജി കോഴ്സിന്റെ കാര്യത്തിലും സര്‍ക്കാരിന് സീറ്റുണ്ടോ, ഫീസെത്രയാണ് എന്നൊന്നും ഒരു തിട്ടവും ഇപ്പോഴത്തെ സര്‍ക്കാരിനില്ല. മാനേജ്മെന്റുകളുടെ സീറ്റിന്റെ കാര്യത്തിലും അവരീടാക്കുന്ന ഫീസിന്റെ കാര്യത്തിലുമെല്ലാം സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നത് ഇതേ അജ്ഞതയാണ്. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി സ്വാശ്രയ മാനേജ്മെന്റുകളുടെ ഏകപക്ഷീയ നിലപാടുകള്‍ക്കും ലാഭക്കൊതിക്കും ചൂട്ടുപിടിക്കുന്ന സമീപനമായിരുന്നു യുഡിഎഫ് ഗവണ്‍മെന്റിന്റെ മുഖമുദ്ര. ഏ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേത്യത്വത്തിലുണ്ടായിരുന്ന 200106 ലെ യു ഡി എഫ് ഗവണ്‍മെന്റ് കാട്ടിയ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴും കാണുന്നത്. ആന്റണിയും പിന്നീട് വന്ന ഉമ്മന്‍ചാണ്ടിയുമാകട്ടെ സ്വാശ്രയ കോളജുകളില്‍ മാനേജ്മെന്റിനും സര്‍ക്കാരിനും 50:50 എന്ന അനുപാതം യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നും ചെയ്യാതെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും മാനേജ്മെന്റുകള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കൊള്ളക്കോഴയും താങ്ങാനാവാത്ത ഫീസും അടിച്ചേല്‍പ്പിച്ച് മാനേജ്മെന്റുകള്‍ ഇവിടെ സൈ്വര്യവിഹാരം നടത്തുകയും ചെയ്തു. ഇങ്ങനെ 'രണ്ട് സ്വാശ്രയ കോളജ് സമം ഒരു ഗവണ്‍മെന്റ് കോളജ്' എന്ന ആന്റണിയുടെ പ്രഖ്യാപനം ഏട്ടിലെ പശുവായി മാറിയ സാഹചര്യത്തിലായിരുന്നു 2006 മെയില്‍ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയത്. സ്വാശ്രയ വിദ്യാഭ്യാസ നിയമം ആ ഗവണ്‍മെന്റാകട്ടെ, അധികാരമേറ്റയുടന്‍ തന്നെ പരമപ്രാധാന്യം നല്‍കി ഒരു സ്വാശ്രയ വിദ്യാഭ്യാസ നിയമം കൊണ്ടുവന്നു. 2006 മെയ് 18ന് അധികാരമേറ്റ എല്‍ ഡി എഫ് ഗവണ്‍മെന്റിന് ഇച്ഛാശക്തിയോടെ നടത്തിയ ഇടപെടലുകളുടെ ഫലമായി വെറും ഒന്നര മാസത്തിനുള്ളില്‍ തന്നെ(ജൂണ്‍ 30) നിയമം പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞു. പ്രൊഫഷണല്‍ കോളജുകളിലെ പ്രവേശനം സമയബന്ധിതമായിത്തന്നെ നടക്കണമെന്ന നിര്‍ബന്ധം ആ ഗവണ്‍മെന്റിനുണ്ടായിരുന്നതുകൊണ്ട് ജൂണ്‍ 30 ന് രാത്രി രണ്ടു മണിവരെ നീണ്ടുനിന്ന നിയമസഭാ സമ്മേളനത്തിലാണ് നിയമം പാസ്സാക്കിയത്. മെറിറ്റും സാമൂഹ്യനീതിയും കണക്കിലെടുത്തും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയും സംവരണതത്വങ്ങള്‍ പാലിച്ചും മാനേജ്മെന്റുകളെ കടിഞ്ഞാണിട്ടും ആയിരുന്നു ആ നിയമത്തിന് രൂപം നല്‍കിയത്. പ്രവേശനം നല്‍കുന്നതും ഫീസ് ഈടാക്കുന്നതുമടക്കമുള്ള നടപടിക്രമങ്ങള്‍ നിയമവിധേയമായും സുതാര്യമായുമാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള കര്‍ശന വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമായിരുന്നു. പിന്നോക്കദളിത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്കോളര്‍ഷിപ്പടക്കമുള്ള ആനുകൂല്യങ്ങളും നിയമത്തില്‍ ഉറപ്പാക്കിയിരുന്നു. ഇതിന്റെയെല്ലാം ഫലമായി 2006ല്‍ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള നാല് കോളേജുകളിലൊഴികെയുള്ള മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍(12,500 രൂപ) പ്രവേശനം നല്‍കി. കോഴ്സ് പൂര്‍ത്തിയാക്കുന്നതുവരെ ഈ കുട്ടികള്‍ സര്‍ക്കാര്‍ ഫീസില്‍ പഠിക്കുകയും ചെയ്തു. ഇതിനൊപ്പം സംസ്ഥാനത്തെ 60 സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളിലും 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടായി. എന്നാല്‍ ലാഭക്കൊതിയന്മാരായ സ്വാശ്രയ മാനേജ്മെന്റുകളുടെ ഹര്‍ജികളില്‍ കോടതി ഇടപെടുകയും അവര്‍ക്ക് അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്തു. നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നതിനനുസരിച്ച് രൂപീകരിച്ച ജസ്റ്റീസ് പി എ മുഹമ്മദ് കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് മാത്രമേ വാങ്ങാവൂ എന്ന നിബന്ധനയും കോടതിയുടെ പല വിധികളിലൂടെയും അട്ടിമറിക്കപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി നിയമം പൂര്‍ണമായ സ്പിരിറ്റില്‍ നടപ്പാക്കാനായില്ല. എങ്കില്‍പ്പോലും സ്വാശ്രയ മാനേജ്മെന്റുകളുമായി ഒറ്റയ്ക്കും കൂട്ടായുമൊക്കെ ആവര്‍ത്തിച്ച് ചര്‍ച്ചകള്‍ നടത്തി സമവായം ഉണ്ടാക്കുകയും പ്രൊഫഷണല്‍ കോഴ്സുകളിലെ പ്രവേശനത്തിന് മെറിറ്റും സാമൂഹ്യനീതിയും പരമാവധി ഉറപ്പാക്കുകയും ചെയ്തു. വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ്, ധിക്കാരത്തോടെ സ്വാശ്രയമാനേജ്മെന്റ് പക്ഷേ വീണ്ടും യുഡിഎഫ് ഗവണ്‍മെന്റ് വന്നതോടെ കാര്യങ്ങളാകെ താളം തെറ്റി. തങ്ങള്‍ ആഗ്രഹിക്കുന്ന ഏതുരീതിയിലും പ്രൊഫഷണല്‍ കോഴ്സുകളിലേക്ക് പ്രവേശനം നടത്താമെന്നും എത്ര ഉയര്‍ന്ന ഫീസും വാങ്ങാമെന്നും സ്വാശ്രയമാനേജ്മെന്റുകള്‍ തീരുമാനിച്ചു. ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ കീഴിലുള്ള കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , ത്യശൂരിലെ അമല, ജൂബിലി, തിരുവല്ല പുഷ്പഗിരി എന്നീ കോളജുകള്‍ ധിക്കാരപൂര്‍വം തോന്നിയപോലെ ഫീസ് വാങ്ങി. സാധാരണക്കാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദശലക്ഷങ്ങളുടെ കോഴയ്ക്കു പുറമേയാണ് ലക്ഷങ്ങളുടെ ഫീസും നിശ്ചയിച്ചത്. ഇതൊന്നും പോരാഞ്ഞ്, നിയമമനുസരിച്ച് സര്‍ക്കാരിന് നല്‍കേണ്ട 50 ശതമാനം പി ജി സീറ്റിലും ഉയര്‍ന്ന ഫീസും കോഴയും വാങ്ങി വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളും പൊതുസമൂഹവും എന്തു പറഞ്ഞാലും തങ്ങള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ കഴിയുന്ന എന്തും ചെയ്യുമെന്ന് ഓരോ നടപടിയിലൂടെയും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കൊള്ളയ്ക്കെതിരെ നിയമപരമായ നടപടികളെടുക്കാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റാകട്ടെ അതിനൊന്നും തയ്യാറാകാതെ കുറ്റകരമായ മൗനംകൊണ്ട് സ്വാശ്രയമാനേജ്മെന്റുകളുടെ കൊള്ളയ്ക്ക് കുടപിടിക്കുകയും ചെയ്യുന്നു. പ്രശ്നം പരിഹരിക്കാന്‍ സമയമില്ലെന്നാണ്ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ 2006ല്‍ ഇതേ സമയപരിധിക്കുള്ളിലാണ് പ്രശ്നം പരിഹരിച്ചതെന്ന് ഓര്‍ക്കണം. പിജി സീറ്റിന്റെ കാര്യത്തില്‍ മാത്രമല്ല, എംബിബിഎസ് പ്രവേശനത്തിലും തങ്ങള്‍ ആഗ്രിക്കുന്ന രീതിയില്‍ത്തന്നെ നടപടികള്‍ കൊണ്ടുപോകുമെന്നാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സിലും മറ്റ് ബഹുഭൂരിപക്ഷം സ്വാശ്രയമാനേജ്മെന്റുകളും പറയുന്നത്. സംസ്ഥാനത്തെ 11 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 1100 സീറ്റുകളാണുള്ളത്. ഇതില്‍ 50 ശതമാനം (550) സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കേണ്ടതാണ്. ഇതില്‍ നിന്നാണ് പട്ടികജാതിപട്ടികവര്‍ഗക്കാരടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സംവരണമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സ്വാശ്രയമാനേജ്മെന്റുകള്‍ കോടതിയിലടക്കം ആവശ്യപ്പെടുന്നത് മുഴുവന്‍ സീറ്റിലും 3.50 ലക്ഷം രൂപ നിരക്കില്‍ ഫീസ് ഈടാക്കാന്‍ അനുവദിക്കണമെന്നാണ്. അങ്ങനെയാണെങ്കില്‍ 50 ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്നാണ്. ഒപ്പം മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റിലേക്ക് പ്രവേശനപരീക്ഷ നടത്താനുള്ള അവകാശം മാനേജ്മെന്റുകള്‍ക്ക് നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. കോഴ വാങ്ങുന്നതും അതിന്റെ നിരക്കുമൊന്നും പരസ്യപ്പെടുത്താത്തതുകൊണ്ട് അതേപ്പറ്റി കൂടുതല്‍ കാര്യങ്ങളൊന്നും പറയുന്നില്ല. ലക്കും ലഗാനുമില്ലാത്ത തലവരി സ്വാശ്രയകോളജുകളുടെ ആരംഭകാലത്ത് 2025 ലക്ഷം രൂപയായിരുന്നു എംബിബിഎസ് പ്രവേശനത്തിന് കോഴയായി വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോളത് 5060 ലക്ഷം വരെയായിട്ടുണ്ട്. ഇങ്ങനെ നല്‍കുന്ന കോഴപ്പണത്തിന് സ്വാശ്രയമാനേജ്മെന്റുകള്‍ രസീത് നല്‍കാറുമില്ല. രസീത് നല്‍കാതെ വാങ്ങുന്ന പണമായതുകൊണ്ട് മാനേജ്മെന്റുകള്‍ ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ പണം മുഴുവന്‍ കണക്കില്‍പ്പെടാത്ത കള്ളപ്പണമായി മാറുകയാണ് ചെയ്യുന്നത്. 100 സീറ്റുള്ള സ്വാശ്രയകോളജില്‍ 50 സീറ്റില്‍ ഇങ്ങനെ കോഴ വാങ്ങുമ്പോള്‍ കള്ളപ്പണമായി മാറുന്ന കോടികള്‍ എത്രയാണെന്ന് ഊഹിച്ചുനോക്കുക. സാധാരണക്കാര്‍ക്കെന്നല്ല, നിയമവിധേയമായ വരുമാനം മാത്രമുള്ളവര്‍ക്കാര്‍ക്കും തന്നെ ഇത്രയും ഭീമമായ തുക കോഴ നല്‍കി മക്കളെ പഠിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ വരുമ്പോള്‍ ഇത്ര വലിയ തുക കണക്കില്‍പ്പെടുത്താതെ നല്‍കി പ്രവേശനം നേടുന്നവരും ഇത് നേരായ മാര്‍ഗത്തില്‍ ഉണ്ടാക്കുന്ന പണമാകാനിടയില്ല. ചുരുക്കത്തില്‍ സ്വാശ്രയപ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലെയും പണമിടപാടുകളില്‍ മാറിമറിയുന്നത് കള്ളപ്പണത്തിന്റെ മടിശ്ശീലകളാണ്. എന്നാല്‍ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ തര്‍ക്കവിതര്‍ക്കങ്ങള്‍ ആടിത്തിമിര്‍ക്കുമ്പോഴൊന്നും ഈ കള്ളപ്പണത്തിന്റെ സൈ്വര്യവിഹാരം ചര്‍ച്ചകളില്‍പ്പോലും വരാറില്ലെന്നതാണ് സത്യം. മാനേജ്മെന്റ് ക്വാട്ടയില്‍ ഇങ്ങനെ പ്രവേശനം തരപ്പെടുത്തുന്നവരുടെയും ഇത്തരം മാനേജ്മെന്റുകളുടെയും ധനസ്ഥിതിയെപ്പറ്റി ഗൗരവതരമായ അന്വേഷണം ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്താന്‍ തയ്യാറായാല്‍ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും പുറത്തുവരിക. പൊരുത്തമില്ലാത്ത ഫീസ് നിര്‍ദേശം അമ്പത് ശതമാനം സീറ്റ് സര്‍ക്കാരിന് വിട്ടുനല്‍കുന്നതിന് മാനേജ്മെന്റ് അസോസിയേഷനുകള്‍ വയ്ക്കുന്ന ഉപാധി മുഴുവന്‍ സീറ്റിലും ഒരേ ഫീസ് നിരക്ക് ഏര്‍പ്പെടുത്തണമെന്നാണ്. എംബിബിഎസിന് അവര്‍ ആവശ്യപ്പെടുന്ന വാര്‍ഷികഫീസാകട്ടെ 3.50 ലക്ഷം രൂപയും. ഏറ്റവും ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ത്ഥിപോലും പ്രവേശനം ലഭിക്കുന്നത് സ്വാശ്രയകോളജിലാണെങ്കില്‍ ഈ ഉയര്‍ന്ന ഫീസ് നല്‍കണമെന്നു സാരം. ട്യൂഷന്‍ ഫീസായാണ് 3.50 ലക്ഷം രൂപ നല്‍കേണ്ടിവരുന്നതെങ്കിലും ഹോസ്റ്റല്‍ , പുസ്തകം, അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് ചെലവാക്കേണ്ടി വരുന്ന പണം കൂടി കണക്കുകൂട്ടടുമ്പോള്‍ മൂന്നര ലക്ഷമെന്നത് നാലരയോ അഞ്ചോ ലക്ഷമായി ഉയര്‍ന്നെന്നു വരും. കല്‍പ്പിത സര്‍വകലാശാലാ പദവിയുള്ള അമ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാകട്ടെ 5.50 ലക്ഷമാണ് ഫീസ്. അതായത് പ്രതിമാസം ശരാശരി 35,00040,000 രൂപയെങ്കിലും മുടക്കിയാലേ ഏറ്റവും മിടുക്കനായ കുട്ടിക്കുപോലും സ്വാശ്രയമെഡിക്കല്‍കോളജില്‍ പഠിക്കാന്‍ കഴിയൂ എന്നര്‍ത്ഥം. സ്വന്തം മക്കളെ മാസം 40,000 രൂപകണ്ട് ചെലവഴിച്ച് പഠിപ്പിക്കാന്‍ കഴിയുന്ന എത്ര മാതാപിതാക്കള്‍ കേരളത്തിലുണ്ടാകും? ചുരുക്കത്തില്‍ ഈ ഫീസ് അനുവദിക്കപ്പെട്ടാല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്ന് സാധാരണക്കാരുടെ മക്കള്‍ പൂര്‍ണമായി ആട്ടിയോടിക്കപ്പെടുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. എന്നുമാത്രമല്ല, അവിടം സമൂഹത്തിലെ ചെറുന്യൂനപക്ഷം വരുന്ന അതിസമ്പന്നര്‍ക്കു മാത്രമായി തീറെഴുതി കൊടുക്കുന്ന അവസ്ഥയും സംജാതമാകും. ഇത് വിദ്യാഭ്യാസ മേഖലയിലെ ജനാധിപത്യവല്‍ക്കരണത്തിന്റെയും സാര്‍വത്രികവല്‍ക്കരണത്തിന്റെയും ഗുണവശങ്ങളെയാകെ അപഹരിക്കുകയും ചെയ്യും. പ്രവേശന പരീക്ഷയും അട്ടിമറിക്കപ്പെടുന്നു യാഥാര്‍ത്ഥ്യബോധമില്ലാത്ത കോഴയും ഫീസും വാങ്ങി ഉന്നതവിദ്യാഭ്യാസമേഖല ലാഭക്കൊയ്ത്തിനുള്ള അരങ്ങാക്കി മാറ്റുമ്പോഴും സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് കഴിയാതിരുന്ന കാര്യം സ്വന്തമായി പ്രവേശനപരീക്ഷ നടത്തുകയെന്നതായിരുന്നു. ഏറ്റവും പുതിയ സുപ്രീംകോടതി വിധിയിലൂടെ അവര്‍ക്ക്് ഇഷ്ടംപോലെ പ്രവേശന പരീക്ഷ നടത്താന്‍ കഴിയുന്ന അവസരം കൈവന്നിരിക്കുകയാണ്. മാനേജ്മെന്റിന് അവകാശപ്പെട്ട 50 ശതമാനം സീറ്റില്‍ അവര്‍ക്കു തന്നെ പരീക്ഷ നടത്തി കുട്ടികളെ പ്രവേശിപ്പിക്കാമെന്നര്‍ത്ഥം. ഈ 50 ശതമാനം സീറ്റിലും കോഴപ്പണത്തിന്റെ കനം നോക്കിയാണ് പ്രവേശനം നടത്തുന്നതെന്നിരിക്കെ മാനേജ്മെന്റുകള്‍ സ്വന്തമായി നടത്തുന്ന പ്രവേശനപരീക്ഷയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ. 2001ലെ ആന്റണി ഗവണ്‍മെന്റിന്റെ കാലത്ത് പൊതുപ്രവേശന പരീക്ഷയില്‍ 10 ശതമാനത്തില്‍ താഴെ മാത്രം മാര്‍ക്ക് വാങ്ങിയ കുട്ടിയെപ്പോലും 40 ലക്ഷത്തിന്റെ കോഴയുടെ പിന്‍ബലത്തില്‍ തിരുവല്ല പുഷ്പഗിരി കോളജില്‍ പ്രവേശനം നല്‍കിയതു സംബന്ധിച്ച് വിവാദങ്ങളുയര്‍ന്നതാണ്. ഇപ്പോള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അഞ്ച് സ്വാശ്രയ എഞ്ചിനീയറിങ് കോളജുകളില്‍ യോഗ്യതാമാര്‍ക്കില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായി സി എ ജി തന്നെ കണ്ടെത്തിയതായി വന്ന വാര്‍ത്ത ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. അതായത് നാടിന്റെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ ദിശ നിര്‍ണയിക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ചുമതലപ്പെട്ട പ്രൊഫഷണല്‍ മേഖല കാശിന്റെ തിണ്ണമിടുക്കു മാത്രം കൈമുതലായ മണ്ടന്മാരെക്കൊണ്ടു നിറയ്ക്കുകയായിരിക്കും ചെയ്യുക. ചുരുക്കത്തില്‍ നാടിന്റെ ഭാവി തലമുറയോടുതന്നെ ചെയ്യുന്ന മഹാഅപരാധമായി ഇത് മാറാന്‍ പോവുകയാണ്. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സ്വന്തം മുദ്രാവാക്യങ്ങള്‍ കാറ്റില്‍ പറത്തുന്നു ഒരു നീതിബോധവുമില്ലാത്ത തരത്തില്‍ കോഴയും ഫീസും വാങ്ങുന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകള്‍ സത്യത്തില്‍ അവരുടെ തന്നെ പ്രഖ്യാപിത മുദ്രാവാക്യങ്ങളും നിലപാടുകളുമാണ് മറക്കുകയും മറയ്ക്കുകയും ചെയ്യുന്നത്. കൗണ്‍സിലിന്റെ കീഴിലുള്ള നാല് മെഡിക്കല്‍ കോളജ് മാനേജ്മെന്റുകളും ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടതാണ്. ഇവരെല്ലാവരും കത്തോലിക്കാ ബിഷപ്പുമാരുടെ അഖിലേന്ത്യാ സംഘടനയായ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ)യുടെ കീഴിലുള്ളവരുമാണ്. രാജ്യത്തെ 212 ബിഷപ്പുമാരുള്‍പ്പെടുന്ന സി ബി സി ഐയില്‍ അംഗങ്ങളാണ് ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാനേജ്മെന്റുകളെ നിയന്ത്രിക്കുന്ന കേരളത്തിലെ 29 ഇടവകകള്‍ . ഇവരെല്ലാവരും ചേര്‍ന്ന് രൂപം നല്‍കിയ ഒരു അഖിലേന്ത്യാ കത്തോലിക്കാ വിദ്യാഭ്യാസ നയമുണ്ട്. 2006 ഏപ്രിലില്‍ ബംഗളൂരുവില്‍ ചേര്‍ന്ന സി ബി സി ഐ ജനറല്‍ബോഡി യോഗത്തില്‍ രൂപം നല്‍കിയ ഈ നയം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള സി ബി സി ഐ യുടെ സ്റ്റാന്റിങ് കമ്മിറ്റി 2007 ഏപ്രിലില്‍ അംഗീകരിക്കുകയും ചെയ്തതാണ്. ഇതനുസരിച്ചായിരിക്കണം സി ബി സി ഐ യുടെ കീഴിലുള്ള ഓരോ വിദ്യാഭ്യാസ സ്ഥാപനവും നടപടികള്‍ നീക്കേണ്ടതെന്ന് നയരേഖയുടെ ആമുഖത്തില്‍ അന്നത്തെ പ്രസിഡന്റും റാഞ്ചി ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ടോപ്പോ അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. ഈ നയത്തിന്റെ പൂര്‍ണമായ രൂപം സി ബി സി ഐ യുടെ സൈറ്റില്‍ ഇപ്പോഴും ലഭ്യമാണ്്. ഈ വിദ്യാഭ്യാസനയത്തിന്റെ തലവാചകം 'കത്തോലിക്കാ വിദ്യാഭ്യാസവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ സഭയുടെ ഉത്കണ്ഠയും' എന്നതാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് ദളിതരടക്കമുള്ള പാവപ്പെട്ടവര്‍ക്ക്, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും പറയുന്നുണ്ട്. മാനേജ്മെന്റ് നയം എന്ന പേരിലുള്ള അധ്യായത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വിഭവ സമാഹരണം നടത്തുന്നത് ധാര്‍മികമായ മാര്‍ഗങ്ങളിലൂടെയായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസനയത്തിന്റെ എട്ടാം അധ്യായത്തിന്റെ മൂന്നാം ഖണ്ഡികയില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യം പറയുന്നുണ്ട്: 'വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ഞങ്ങള്‍ അപലപിക്കുന്നു. വിശേഷിച്ച്, ഞങ്ങള്‍ തലവരിപ്പണം വാങ്ങില്ല.' ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് നേത്യത്വം കൊടുക്കുന്ന അഭിവന്ദ്യരായ ബിഷപ്പുമാരടക്കം തുല്യം ചാര്‍ത്തി പ്രഖ്യാപിച്ച നയരേഖയിലെ പ്രസക്തഭാഗങ്ങളാണ് മേലുദ്ധരിച്ചത്. നയരേഖയിലെ വചനങ്ങള്‍ ഇങ്ങനെ പ്രകാശം ചൊരിഞ്ഞു നില്‍ക്കുമ്പോഴും ബിഷപ്പുതിരുമേനിമാരുടെ കോളജുകളില്‍ നടമാടുന്ന കോഴയും കൊള്ളഫീസുമടക്കമുള്ള കാര്യങ്ങള്‍ ഏത് പാര്‍ശ്വവല്‍ക്യതര്‍ക്കു വേണ്ടിയാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത അവര്‍ക്കു തന്നെയാണ്. പോരാട്ടങ്ങളിലൂടെ വളര്‍ന്ന വിദ്യാഭ്യാസം ആറ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് വരേണ്യവര്‍ഗക്കാരുടെ കുത്തകയായിരുന്ന വിദ്യാഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവന്റേയും പാവപ്പെട്ടവന്റേയും മക്കള്‍ക്ക് പ്രവേശനം ലഭിക്കാന്‍ ഒത്തിരി പോരാട്ടങ്ങള്‍ നടന്ന മണ്ണാണിത്. എണ്ണമറ്റയാളുകളുടെ ചോരയും പ്രാണനും അതിനായി ബലി കൊടുക്കേണ്ടി വന്നിട്ടുമുണ്ട്. ചിറയിന്‍കീഴില്‍ സവര്‍ണജാതിക്കാരായ കുട്ടികള്‍ മാത്രം പഠിച്ചിരുന്ന പ്രൈമറി സ്കൂളില്‍ ഈഴവരായ കുട്ടികളെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നായര്‍ കുട്ടികള്‍ സ്കൂളില്‍ വരാതായ സംഭവം ശ്രീനാരായണഗുരുതന്നെ പറഞ്ഞിട്ടുണ്ട്. ഇതേ സ്കൂളില്‍ ഗുരു തന്നെ മുന്‍കൈയെടുത്ത് പുലയസമുദായത്തില്‍പ്പെട്ട കുട്ടികളെ ചേര്‍ത്തപ്പോള്‍ അതുവരെ അവിടെയുണ്ടായിരുന്ന ഈഴവക്കുട്ടികള്‍ പഠനം നിര്‍ത്തി പോയ കഥയും ഗുരു വര്‍ണിക്കുന്നുണ്ട്. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി അയ്യങ്കാളി സ്വന്തമായി വിദ്യാലയം ആരംഭിച്ച കഥയും കേരളത്തിന്റെ ചരിത്രത്തിലുണ്ട്. ഇങ്ങനെയുള്ള വിവേചനങ്ങള്‍ ആടിത്തിമിര്‍ത്തിരുന്ന സാഹചര്യത്തില്‍ നിന്ന് ഏത് ജാതിയിലും ഏത് സമുദായശ്രേണിയിലും പെട്ടവര്‍ക്ക് തുല്യതയോടെ ഒരേ ബഞ്ചിലിരുന്ന് പഠിക്കാന്‍ അവസരമൊരുക്കിയത് 1957 ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റും അത് കൊണ്ടുവന്ന വിദ്യാഭ്യാസ നയവുമാണെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. വിദ്യാഭ്യാസത്തെ ജനാധിപത്യവല്‍ക്കരിക്കുകയും സാര്‍വത്രികമാക്കുകയും ചെയ്തുവെന്നു മാത്രമല്ല, എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും പിന്നീട് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസവും സൗജന്യമാക്കിയത് യഥാക്രമം '57ലെയും '67 ലെയും ഇ എം എസ് ഗവണ്‍മെന്റുകളുമായിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മേഖലകളില്‍ വളര്‍ന്നുവന്ന പോരാട്ടങ്ങളും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ പുരോഗതിയുമൊക്കെ കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന് വെളിയില്‍പ്പോലും രോമാഞ്ചത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഇതെല്ലാം വീണ്ടും അട്ടിമറിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയെ വരേണ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കും വരേണ്യവര്‍ഗ അഭിരുചികള്‍ക്കും മേഞ്ഞുനടക്കാനുള്ള വേദിയാക്കി മാറ്റുകയാണ് ഷൈലക്കിയന്‍ ചിന്ത ഹ്യദയത്തില്‍ കുടിയിരുത്തുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ ചെയ്യുന്നത്. നിര്‍ഭാഗ്യവശാല്‍ അതിന് എല്ലാവിധ ഒത്താശകളും ചെയ്യുന്ന യു ഡി എഫ് ഗവണ്‍മെന്റും വാരിപ്പുണരുന്നു എന്നതാണ് സ്വാശ്രയമേഖലയിലെ നീതികേടു കളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടത്.
@@
കെ വി സുധാകരന്‍