05 June, 2010

മരം നടുമ്പോള്‍ നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനംവറ്റിപ്പോകുന്ന കടലും അപ്രത്യക്ഷമാകുന്ന നദികളും മരുഭൂമിയായിത്തീരുന്ന ഹിമശേഖരങ്ങളും പൊള്ളുന്ന ഭൂമിയും കരിയുന്ന ജീവജാലങ്ങളും സയന്‍സ് ഫിക്ഷനുകളിലെ കല്‍പിത കഥകളല്ല. മനുഷ്യരാശിയടെ ഉറക്കം കെടുത്തുന്ന വെറും ദൂ:സ്വപ്‌നങ്ങളുമല്ല. ഇനിയും നിസ്സഹായരായിരുന്നാല്‍ ഭൂമിയെ കാത്തിരിക്കുന്ന സര്‍വനാശത്തിന്റെ മുന്നറിയിപ്പുകളാണ്.

ഭൂമിയുടേയും അതിലെ ജീവജാലങ്ങളുടേയും നിലനില്‍പ്പിന് നേരെ ഉയരുന്ന ഏറ്റവും ആസന്നവും ഗുരുതരവുമായ ഭീഷണി ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവുമാണ്. ഈ ഭീഷണിയുടെ അപായമണി ഇന്ന് ലോകമാകെ മുഴങ്ങുന്നുണ്ട്. ശാസ്ത്രജ്ഞന്മാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇന്ന് ഈ ഉത്കണ്ഠകള്‍ പങ്കുവെക്കുകയും സാധ്യമായ പരിഹാര നടപടികളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരാവുകയും ചെയ്യുന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ അജണ്ടയിലേക്ക് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രാധാന്യത്തോടെ കടന്നുവരുന്നു. മാധ്യമങ്ങള്‍ ഗൗരവത്തോടെ പ്രശ്‌നത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നു. ദേശീയ സര്‍ക്കാരുകളും അന്താരാഷ്ട്ര ഏജന്‍സികളും ആഗോളതാപനത്തിന്റേയും കാലാവസ്ഥാ വ്യതിനായത്തിന്റേയും പാരിസ്ഥിതിക തകര്‍ച്ചയുടേയും പ്രത്യാഘാതങ്ങളെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുകയും ചര്‍ച്ചാസമ്മേളനങ്ങളും ഉച്ചകോടികളും സംഘടിപ്പിക്കുകയും ചെയ്യുന്നു.

സ്ഥിതിഗതികളുടെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. പഠനറിപ്പോര്‍ട്ടുകളും അവയിലടങ്ങിയിരിക്കുന്ന വസ്തുതകളും വിവരങ്ങളും സാഹചര്യത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് നടുക്കത്തോടെ നമ്മെ നയിക്കുന്നതാണ്. ഇന്‍ട്രാ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) ചൂണ്ടിക്കാണിക്കുന്നത് അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രീകരണം പരിധികള്‍ ലംഘിക്കുന്നിടത്തേക്ക് നീങ്ങിത്തുടങ്ങിയിരിക്കുന്നു എന്നാണ്. ഇങ്ങനെപോയാല്‍ വിനാശകരമായ കാലാവസ്ഥാ മാറ്റങ്ങളായിരിക്കും ഫലമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലവും ക്രമവും തെറ്റിയുള്ള പേമാരിയും ഇടക്കിടെയുള്ള വെള്ളപ്പൊക്കവും വരള്‍ച്ചയും വിനാശകാരികളായ ചുഴലിക്കാറ്റുകളും സംഭവിക്കുമെന്ന മുന്നറിയിപ്പുകള്‍ ഇതിനകം തന്നെ യാഥാര്‍ഥ്യമാകുന്നത് നാം കാണുകയുണ്ടായി. ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ നിര്‍ഗമനം കാരണം അന്തരീക്ഷത്തിലെ ഓസോണ്‍ കവചത്തിലുണ്ടാകുന്ന വിള്ളലുകളിലൂടെ അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതാണ് ആഗോളതാപനത്തിന് ഇടയാക്കുന്നത്. ഇങ്ങനെ ചൂട് കൂടുമ്പോള്‍ ധ്രുവങ്ങളിലെ മഞ്ഞ് ഉരുകാന്‍ തുടങ്ങുകയും സമുദ്ര ജലനിരപ്പ് ഉയരുകയും ചെയ്യും. ദ്വീപ് രാഷ്ട്രങ്ങളും സമുദ്രതീരമുള്ള രാജ്യങ്ങളുമാണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും പെട്ടെന്നും നേരിട്ടും അനുഭവിക്കേണ്ടിവരിക. മാലിദ്വീപില്‍ സമുദ്രജലനിരപ്പ് ഇതിനകംതന്നെ എട്ടിഞ്ച് ഉയര്‍ന്നുകഴിഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മാലിദ്വീപ് പൂര്‍ണമായും വെള്ളത്തിനടിയിലാകുമെന്ന് ഭയപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ക്ക് കൂടുതല്‍ ഇരയായിത്തീരാന്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. ഹിമാലയത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടയില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൂടിയെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ലോകത്താകെയുള്ള താപനിലയിലെ വര്‍ധനവിനേക്കാള്‍ കൂടുതലാണിത് എന്ന വസ്തുത ആശങ്കയുളവാക്കുന്നതാണ്. ഇത് നദികളില്‍ വെള്ളപ്പൊക്കത്തിനും പിന്നീട് അവ വറ്റിവരളുന്നതിനും പല മഹാനദികളും അപ്രത്യക്ഷമാകുന്നതിനുപോലും കാരണമായേക്കാം. നമ്മുടെ ജീവധാരയായ മണ്‍സൂണിന്റെ ഗതിക്രമങ്ങള്‍ മാറിമറയാനും അളവ് ഗണ്യമായി കുറയാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഭക്ഷ്യഉല്‍പാദനം തകരും. ഇപ്പോള്‍തന്നെ പ്രതിസന്ധി നേരിടുന്ന നമ്മുടെ ഭക്ഷ്യസുരക്ഷയെ അഗാധമായ അപകടത്തിലേക്ക് നയിക്കും. പട്ടിണിയും ക്ഷാമവും സാര്‍വത്രിക വിനാശവുമായിരിക്കും ഫലം.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരുള്‍പ്പെടെ സകല ജീവജാലങ്ങളേയും ബാധിക്കും എന്ന കാര്യം വ്യക്തം. പക്ഷേ, ആരാണ് ഈ ദുരന്തത്തിന്റെ നേരിട്ടുള്ള ഇരകള്‍? ആരുടെ ജീവിതമായിരിക്കും ആദ്യം വീണുടയുക? സംശയം വേണ്ട. ഭൂമിയിലെ ദരിദ്രരും പാവപ്പെട്ടവരുമായ ജനകോടികളായിരിക്കും ഇതിന്റെ ഇരകള്‍. ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ പഠനം പറയുന്നത് 2015 ആകുമ്പോഴേക്കും ആഗോളതാപനം ദോഷകരമായി ബാധിക്കുന്ന 375 ദശലക്ഷം പേരില്‍ മഹാഭൂരിപക്ഷവും വികസ്വര രാജ്യങ്ങളിലുള്ളവരായിരിക്കും എന്നാണ്.

ഇനി ആരാണ് ഇതിനുത്തരവാദികള്‍ എന്ന് നോക്കുക. 1950 നും രണ്ടായിരത്തിനും ഇടയില്‍ ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ 72 ശതമാനവും വികസിത രാഷ്ട്രങ്ങളുടെ വകയായിരുന്നു. ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ഡയോക്‌സൈഡ് ബഹിര്‍ഗമനം 1.1 ടണ്‍ ആണെങ്കില്‍ അമേരിക്കയുടേത് 20.1 ടണ്‍ ആണ്. നമ്മുടേതിന്റെ ഇരുപത് ഇരട്ടി! ലോക ജനസംഖ്യയില്‍ വികസിത രാഷ്ട്രങ്ങളുടെ പങ്ക് ഇരുപത് ശതമാനമാണ്. എന്നാല്‍ ആഗോള ''കാര്‍ബണ്‍ സ്‌പേസി''ന്റെ 75ശതമാനം അവര്‍ കയ്യടക്കിവെച്ചിരിക്കുന്നു. ഈ കണക്കുകള്‍ ആഗോള താപനത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും രാഷ്ട്രീയമാണ് വിശദീകരിക്കുന്നത്. വികസിത മുതലാളിത്ത രാജ്യങ്ങളുടെ അന്ധമായ ചൂഷണമാണ് ഈ പ്രതിസന്ധിയുടെ കാരണമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതിന്റെ ഇരകളാവട്ടെ ദരിദ്ര ഭൂരിപക്ഷവും. അതായത്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വര്‍ഗസമരത്തിന് ഒരു പാരിസ്ഥിതിക തലംകൂടി കൈവന്നിരിക്കുന്നു എന്നര്‍ഥം. ആഗോളവല്‍ക്കരണ കാലത്ത് കൊള്ളലാഭത്തിനായി മൂലധന ശക്തികള്‍ പ്രകൃതിയെ അന്ധമായി ചൂഷണം ചെയ്യുന്ന പ്രക്രിയ തീവ്രമായിരിക്കുന്നു. ഇതിനെ ചെറുക്കുക എന്നത് ആഗോളവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനും എതിരായ സമരത്തിന്റെ പ്രധാന കടമയായിത്തീരുന്നുണ്ട്. ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളില്‍ സാമ്രാജ്യത്വ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിന്റെ രാഷ്ട്രീയവും ശരിയായി മനസ്സിലാക്കണം. കോപ്പന്‍ഹേഗനില്‍ ഇന്ത്യ പ്രഖ്യാപിത നിലപാടുകളില്‍നിന്ന് പിന്നാക്കം പോയതതിന്റേയും ഉറച്ച നിലപാടുകള്‍ സ്വീകരിക്കാതിരുന്നതിന്റേയും പശ്ചാത്തലമിതാണ്.

ഹരിത രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കം മനസ്സിലാക്കിയതുകൊണ്ടാണ് ഡിവൈഎഫ്‌ഐ പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ ഇടപെടല്‍ ദൈനംദിന പ്രവര്‍ത്തനത്തിന്റെ അഭേദ്യ ഭാഗമാകണം എന്ന് തീരുമാനിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളമാകെ ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നത് വെറുമൊരു കാല്‍പനിക പരിസ്ഥിതി പ്രവര്‍ത്തനമല്ല, ബോധപൂര്‍വമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. കാല്‍പനിക പരിസ്ഥിതിവാദവും പരിസ്ഥിതി മൗലികവാദവും ഫാഷനായി അരങ്ങുതകര്‍ക്കുന്ന കേരളത്തില്‍ അത്തരം പൊള്ളയായ പൊങ്ങച്ചങ്ങളോട് വ്യക്തമായ വീക്ഷണ വ്യത്യാസവും ഡിവൈഎഫ്‌ഐക്കുണ്ട്. കേവല പരിസ്ഥിതി വാദത്തിന്റേയും പരിസ്ഥിതി മൗലികവാദത്തിന്റേയും യുക്തിരാഹിത്യവും കാപട്യവും ആശയശൂന്യതയുമെല്ലാമാണ് അതിരപ്പള്ളി പദ്ധതി സംബന്ധിച്ച കേന്ദ്ര വിദഗ്ധസമിതിയുടെ കണ്ടെത്തലിലൂടെ ഒരിക്കല്‍കൂടി വ്യക്തമായത്. കൊള്ളലാഭം മാത്രം ലക്ഷ്യമാക്കിയുള്ള മൂലധന ശക്തികളുടെ ഭ്രാന്തമായ പാരിസ്ഥിതിക ചൂഷണത്തിനും പരിസ്ഥിതി പ്രണയം അലങ്കാരമാക്കിയവരുടെ കാല്‍പനിക ചാപല്യങ്ങള്‍ക്കും മധ്യേയുള്ള സമഗ്രവും സന്തുലിതവും സുവ്യക്തവുമായ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

-എം.ബി.രാജേഷ്

No comments:

Post a Comment

Visit: http://sardram.blogspot.com