30 June, 2010

ജമാഅത്തെ ഇസ്ളാമിയുടെ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും

കമ്യൂണിസത്തിനും ദേശീയ വിമോചനപ്രസ്ഥാനങ്ങള്‍ക്കുമെതിരെ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വിത്സണ്‍ ആവിഷ്‌ക്കരിച്ചതും പ്രസിഡന്റ് ഹാരി ട്രൂമാന്‍ വിപുലപ്പെടുത്തിയതുമായ 'പ്രതിവിപ്ളവപദ്ധതി' (counter intelligence program) യുടെ സൃഷ്‌ടിയാണ് ഇന്ത്യയിലെ ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയും. സോവിയറ്റ് യൂണിയനും ദേശീയ വിമോചനശക്തികളും ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടാനുള്ള സാമ്രാജ്യത്വത്തിന്റെ കുത്സിത നീക്കങ്ങളിലാണ് സര്‍വവിധ മത, വംശീയ പ്രസ്ഥാനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്.

വിശ്വാസപരമായ ധാരണകളെ സാമ്രാജ്യത്വവിരുദ്ധ ദേശീയതയെയും സ്ഥിതിസമത്വാശയങ്ങളെയും എതിര്‍ക്കാനുള്ള സ്ഥാപനപരമായ പ്രത്യയശാസ്‌ത്രപദ്ധതിയായി വികസിപ്പിക്കാനാണ് അമേരിക്കന്‍ സ്‌റ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റും അതിന്റെ രഹസ്യാന്വേഷണവിഭാഗങ്ങളും കൌണ്ടര്‍ ഇന്റലിജന്‍സ് പ്രോഗ്രാമിലൂടെ യത്‌നിച്ചത്. ആധുനിക രാഷ്‌ട്രസങ്കല്‍പ്പങ്ങളെയും ജീവിതവീക്ഷണങ്ങളെയും നിരാകരിക്കുന്ന എല്ലാവിധ ചിന്താധാരകളെയും ഡോളര്‍ ഒഴുക്കി ഈ ഭൂമണ്ഡലമാകെ വളര്‍ത്തുകയായിരുന്നു അമേരിക്കയും മറ്റ് സാമ്രാജ്യത്വരാജ്യങ്ങളും. ആര്‍എസ്എസും ജമാഅത്തെ ഇസ്ളാമിയുമെല്ലാം ജന്മമെടുക്കുന്നത് ഈയൊരു ആഗോളപശ്‌ചാത്തലത്തിലാണ്.

ആധുനിക ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങളെ ഗോള്‍വാള്‍ക്കറും മൌദൂദിയും സമീപിക്കുന്നത് പരമ പുച്‌ഛത്തോടെയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തേക്കാള്‍ എന്തുകൊണ്ടും വിശിഷ്‌ടം രാജവാഴ്‌ചയാണെന്ന് സ്ഥാപിക്കുന്ന ഗോള്‍വാള്‍ക്കറിസത്തിന്റെ നിലപാടുകളെത്തന്നെയാണ് മറ്റൊരു രൂപത്തില്‍ മൌദൂദിസവും മുന്നോട്ടു വയ്ക്കുന്നത്.

ഗോള്‍വാള്‍ക്കറെപ്പോലെതന്നെ ആധുനിക ജനാധിപത്യ സങ്കല്‍പ്പങ്ങളെയും ജീവിതസാഹചര്യങ്ങളെയും ശരിയായി വിശകലനം ചെയ്യാന്‍ വിസമ്മതിക്കുന്ന മൌദൂദിയും ജനാധിപത്യ - മതേതര ആശയങ്ങളോട് തികഞ്ഞ ശത്രുതയാണ് പുലര്‍ത്തുന്നത്. സമുദ്രഗുപ്‌ത മൌര്യന്റെയും റാണാപ്രതാപന്റെയും ഛത്രപതി ശിവജിയുടെയും ഭരണകാലത്തെ സുവര്‍ണകാലമായി വിലയിരുത്തുന്ന ഗോള്‍വാള്‍ക്കര്‍ ആ ഒരു ഭൂതകാലത്തിന്റെ വീണ്ടെടുക്കുന്നതിലൂടെ വര്‍ത്തമാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാക്കാമെന്ന മിഥ്യാധാരണയാണ് സൃഷ്‌ടിക്കുന്നത്. മൌദൂദിയും മധ്യകാലിക ജീവിതവീക്ഷണങ്ങളെ ആധുനിക പദപ്രയോഗങ്ങളില്‍ പുതപ്പിച്ചവതരിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. വര്‍ത്തമാന ജീവിതപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കാന്‍ ദൈവിക ഭരണം (ഹുക്കുമത്തെ ഇസ്ളാമിയെന്നോ ഇഖാമത്തുദ്ദീന്‍ എന്നോ നാമകരണം ചെയ്യപ്പെട്ട) സ്ഥാപിക്കണമെന്നാണ് വിളിക്കുന്നത്.

ആര്‍എസ്എസിനെപ്പോലെതന്നെ തികഞ്ഞ മതരാഷ്‌ട്രവാദമാണ് ജമാഅത്തെ ഇസ്ളാമിയും മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യയെപ്പോലൊരു ബഹുമത സമൂഹത്തില്‍ ഹിന്ദുരാഷ്‌ട്രവാദംപോലെതന്നെ രാഷ്‌ട്രഘടനയെയും ദേശീയ പരമാധികാരത്തെയും അസ്ഥിരീകരിച്ച് ദുര്‍ബലപ്പെടുത്തുന്ന പ്രത്യയശാസ്‌ത്ര പദ്ധതിയെന്ന നിലയിലാണ് ഇസ്ളാമികരാഷ്‌ട്രവാദവും പ്രോത്സാഹിക്കപ്പെടുന്നത്. ഇതിനായി അമേരിക്കയും സൌദിഅറേബ്യയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫൌണ്ടേഷനുകളും സംഘടനകളും പെട്രോ ഡോളര്‍ ഒഴുക്കുകയാണ്.

സിഐഎയുടെ കാര്‍മികത്വത്തില്‍ ഫോര്‍ഡ് ഫൌണ്ടേഷനും കാര്‍ണഗി എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തുടങ്ങിയ അമേരിക്കന്‍ സ്ഥാപനങ്ങളും മുന്‍കൈ എടുത്താണല്ലോ ലോകമുസ്ളിംലീഗ് (WORLD MUSLIM CONGRESS) രൂപീകരിക്കുന്നത്. അറബ് ലോകത്തെ അമേരിക്കയുടെ വിശ്വസ്‌ത താവളമായ സൌദിഅറേബ്യയിലെ ഫൈസല്‍ രാജകുമാരനെ മുന്‍നിര്‍ത്തിക്കൊണ്ടാണല്ലോ അമേരിക്ക അറബ് ദേശീയ ഉണര്‍വുകളെ തകര്‍ക്കാനും ലോകമെമ്പാടുമുള്ള കമ്യൂണിസ്‌റ്റ് ഭീഷണിയെ നേരിടാനുമായി ലോകമുസ്ളിംലീഗിന് (റാബിത്താത്ത് അല്‍-അലം-അല്‍ഇസ്ളാമി) രൂപം കൊടുത്തത്. അമേരിക്കയുടെയും ബ്രിട്ടന്റെയും എണ്ണ താല്‍പ്പര്യങ്ങള്‍ക്കെതിരെ അറബ് സമൂഹത്തിലാകെ പടര്‍ന്നുപിടിച്ച ദേശാഭിമാനപരമായ മുന്നേറ്റങ്ങളെയും അതിന് നേതൃത്വം കൊടുത്ത ഈജിപ്‌തിലെ നാസറെയും അദ്ദേഹത്തെ സഹായിക്കുന്ന ചേരിചേരാ രാഷ്‌ട്രങ്ങളെയും സോവിയറ്റ് യൂണിയനെയും ഇസ്ളാമിക പ്രത്യയശാസ്‌ത്രം ഉപയോഗിച്ച് നേരിടുക എന്നതായിരുന്നു റാബിത്തായുടെ പ്രഖ്യാപിതലക്ഷ്യം തന്നെ. 1962-ലെ മെയ് മാസത്തില്‍ മെക്കയില്‍ ചേര്‍ന്ന റാബിത്തയുടെ രൂപീകരണസമ്മേളനത്തില്‍ ജമാഅത്തെ ഇസ്ളാമിയുടെ സ്ഥാപകനായ മൌദൂദിയും പങ്കെടുത്തിരുന്നു. ലോകമെമ്പാടും ഇസ്ളാമികവ്യവസ്ഥ സ്ഥാപിക്കുക എന്ന ദൌത്യവുമായി അമേരിക്കന്‍ ആശീര്‍വാദത്തോടെ ജന്മമെടുത്ത റാബിത്തയുടെ ഫൌണ്ടര്‍ മെമ്പര്‍ കൂടിയാണ് മൌദൂദി.

റാബിത്തായുടെ രൂപീകരണ സമ്മേളന പ്രഖ്യാപനം കടുത്ത ഭാഷയില്‍തന്നെ പറയുന്നത്: "ഇസ്ളാമിനെ തള്ളിപ്പറയുകയും ദേശീയതയുടെ കടുംപിടിത്തത്തിനു കീഴില്‍ അതിനെ വികൃതപ്പെടുത്തുകയും ചെയ്യുന്നവര്‍ ഇസ്ളാമിന്റെയും അറബികളുടെയും കടുത്ത ശത്രുക്കളാണ് '' എന്നാണ്. ദേശീയതയെയും സമുദായത്തെയും സംബന്ധിച്ച മതേതര അവബോധത്തെ എതിര്‍ക്കുകയും തടയുകയും ചെയ്യുന്ന, സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങളിലും കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളിലും വിള്ളലുകള്‍ സൃഷ്‌ടിക്കുന്ന നാനാവിധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് റാബിത്തായെയും അതിന്റെ ബഹുമുഖമായ സംഘടനാശൃംഖലകളെയും ഉപയോഗിച്ച് സിഐഎ ആസൂത്രണം നടത്തിയത്.

സമൃദ്ധമായ ധനസഹായം നല്‍കി റാബിത്ത മുസ്ളിം ഭൂരിപക്ഷരാജ്യങ്ങളിലും ഇന്ത്യയെപ്പോലുള്ള ഏഷ്യയിലെ തന്ത്രപ്രധാന മേഖലകളിലും ഓഫീസുകളും കള്‍ച്ചറല്‍ സെന്ററുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പലിശരഹിത ബാങ്കുകളും ആരംഭിച്ചു. തങ്ങളുടെ മതരാഷ്‌ട്ര പ്രവര്‍ത്തനങ്ങളുടെ വിദ്വേഷജ്വാലകളെ വിശ്വാസികള്‍ക്കിടയില്‍ പടര്‍ത്താനും സ്വസമുദായത്തില്‍ മറ്റിതര വിഭാഗങ്ങളില്‍നിന്ന് ആളെ ചേര്‍ക്കാനും സമര്‍ഥമായ പ്രവര്‍ത്തനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് റാബിത്തയില്‍നിന്ന് പണം പറ്റി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകള്‍ സജീവമായിരിക്കുന്നത്. ജമാഅത്തെ ഇസ്ളാമിയുടെ ഇന്ത്യയിലെയും കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍ റാബിത്തായുടെയും നിരവധി ഫണ്ടിങ് ഏജന്‍സികളുടെയും ഏകോപനത്തിലും മുന്‍കൈയിലും ആവിഷ്‌ക്കരിക്കപ്പെടുന്നതാണ്.

പ്രശസ്‌ത പോളിഷ് ബുദ്ധിജീവി പ്രൊഫ. എച്ച് സിൿമോവ്സ്‌കി കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്‌റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ സിഐഎ എങ്ങനെയാണ് ക്രൈസ്‌തവ മതദര്‍ശനങ്ങളെ ഉപയോഗപ്പെടുത്തിയതെന്ന് നിരീക്ഷിക്കുന്നുണ്ട്. കുരിശിനെയും ക്രൈസ്‌തവ ചിഹ്നങ്ങളെയും പുനരുജ്ജീവിപ്പിച്ചുകൊണ്ടാണ് പോളണ്ടിലെ ജാറുല്‍സ്‌കി സര്‍ക്കാരിനെതിരെ മതവിശ്വാസികളെ തിരിച്ചുവിട്ടത്. കമ്യൂണിസ്‌റ്റുകാരുടെ 'ജനാധിപത്യമില്ലായ്‌മ'യെയും 'ദൈവനിഷേധ'ത്തെയും എതിര്‍ക്കാന്‍ എത്രയോ ലിബറല്‍ ബുദ്ധിജീവികളും മുന്‍കാല കമ്യൂണിസ്‌റ്റുകാരും ക്രൈസ്‌തവ മതമൌലികവാദികളോടൊപ്പം ചേര്‍ന്നതിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് അവര്‍ സിഐഎയുടെ പേ റോളില്‍ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് പിന്നീട് മറെക്ക് ഗ്ളാസ്‌കോവ്സ്‌കി അദ്ദേഹത്തിന്റെ യൂറോപ്യന്‍ ഫ്യൂച്ചര്‍ കോണ്‍ഗ്രസിലെ പ്രസംഗത്തില്‍ പറയുകയുണ്ടായി.

വ്യവസ്ഥ ആവശ്യപ്പെടുന്ന എന്തും സമ്മതിച്ചുകൊടുക്കുന്ന വേശ്യകളെന്ന് സിൿമോവിസ്‌കി വിശേഷിപ്പിക്കുന്ന പരിസ്ഥിതി-ദളിത്-മാവോയിസ്‌റ്റ് ബുദ്ധിജീവികളെ പരിരംഭണം ചെയ്‌തുകൊണ്ടാണ് ജമാഅത്തെ ഇസ്ളാമി അവരുടെ കമ്യൂണിസ്‌റ്റ് വിരുദ്ധ അജന്‍ഡ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങളുടെ മതരാഷ്‌ട്രവാദ- തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വീകാര്യത നേടിയെടുക്കാനുള്ള രാഷ്‌ട്രീയ ഇസ്ളാമിസ്‌റ്റുകളുടെ കൌശലപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ടേ മതേതര ജനാധിപത്യപ്രസ്ഥാനങ്ങള്‍ക്ക് മുന്നോട്ടു പോകാനാവൂ.

*****

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട് : ദേശാഭിമാനി

(എന്തുകൊണ്ട് ജമാഅത്തെ ഇസ്ളാമി എതിര്‍ക്കപ്പെടണം എന്ന ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം)

No comments:

Post a Comment

Visit: http://sardram.blogspot.com