24 June, 2010

വിശപ്പിന്റെ സൌന്ദര്യശാസ്ത്രം

സൌന്ദര്യശാസ്ത്ര ചര്‍ച്ചകളില്‍ അടിക്കടി പരാമര്‍ശിച്ചു കേള്‍ക്കാറുള്ള പ്രബന്ധമാണ് ലാറ്റിനമേരിക്കന്‍ സിനിമാ സംവിധായകനായ ഗ്ളാബര്‍ റോഷയുടെ 'വിശപ്പിന്റെ സൌന്ദര്യശാസ്ത്രം'. വിശപ്പ് ലജ്ജിക്കേണ്ട ഒരു കാര്യമല്ലെന്നും, വിശക്കുന്നവന്റെ സഹജഭാവം ഹിംസ (വയലന്‍സ്) ആയിരിക്കുമെന്നും പ്രസ്തുത പ്രബന്ധത്തില്‍ റോഷ വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ ഇക്കാര്യം കൃത്യതയോടെ, കണിശതയോടെ, തികഞ്ഞ പ്രായോഗികതയോടെ പറഞ്ഞ എഴുത്തുകാരന്‍ കോവിലനാകുന്നു. കോവിലന്റെ ഓരോ രചനയും വിശപ്പിന്റെ ഓരോ പുതിയ സൌന്ദര്യശാസ്ത്രങ്ങളാകുന്നു. "വിശപ്പ് ഒരു പാപമല്ല. ശാപമാണ്.'' ദൈവശാപം ജഠരാഗ്നിയായി ദാഹാനലനായി മനുഷ്യന്റെ കുടലുകളില്‍ കത്തിപ്പടര്‍ന്നുകയറുന്നു. അഗ്നി ഒരു പ്രളയത്തിലും കെടുന്നില്ല - അവനെ തിന്നുതീര്‍ക്കാതിരിക്കാന്‍ ആ അഗ്നിയിലേക്ക് അവന്‍ ആഹാരം ഹോമിക്കുന്നു. നേരാനേരത്തും ആഹാരം ഹോമിച്ചുകൊണ്ടിരിക്കുന്നു. നേരം തെറ്റിയോ, അഗ്നി അവനെ തിന്നും. കൂടുതല്‍ ആഹാരം തേടാന്‍, മെച്ചപ്പെട്ട ആഹാരം തേടാന്‍ മനുഷ്യന്‍ തമ്മില്‍തമ്മില്‍ മത്സരിക്കുന്നു.

"ദൈവമേ, എനിക്കെന്റെ ഉരിയരിക്കഞ്ഞി തരൂ.... എനിക്കൊരു തൊഴില്‍ തരൂ..... എന്റെ തൊഴില്‍ എന്റെ ജീവിതമാകുന്നു'' (ഭരതന്‍: പുറം 7-8). കോവിലന്റെ രചനകളിലെ സമയം വിശപ്പുകൊണ്ട് അളന്നു തിട്ടപ്പെടുത്തപ്പെട്ടതാണ്.

"ഇന്നത്തെ അത്താഴം കഴിഞ്ഞു. ബുധന്‍ അവസാനിക്കുന്നു'' (ഭരതന്‍). കോവിലന്‍ രചിച്ച വിശപ്പിന്റെ ഭൂമികകളില്‍ അഗ്നി ഒരു സ്ഥിരം രൂപകമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. അഗ്നി വിശപ്പാകുന്നു. "ഈ പാപ്പന്‍ എപ്പോള്‍ കാണുമ്പോഴും വയറ്റത്തേ നോക്കൂ'' എന്നത്രയും പറയുമാറ് വയറ് മനുഷ്യന്റെ ഉത്തമാംഗമായി കോവിലന്‍ കണ്ടു. ഏതു ഭാഷ സംസാരിക്കുന്ന ജനസമൂഹത്തിനിടയിലും വിശക്കുന്ന മനുഷ്യനെ കോവിലന്‍ നൊടിയിടകൊണ്ട് തിരിച്ചറിഞ്ഞു. "മരിച്ചുപോയാല്‍ എല്ലാ സൊല്ലകളും അവസാനിച്ചുകിട്ടും. പക്ഷേ മരിച്ചുകിട്ടാന്‍ ഒരു ജീവിതം മുഴുവന്‍ ജീവിച്ചു തീര്‍ക്കണം''- മനുഷ്യന്റെ അസ്തിത്വദുഃഖങ്ങള്‍,ആധി ഭൌതികങ്ങള്‍ കോവിലന്റെ ഏറ്റവും പ്രിയപ്പെട്ട പ്രമേയങ്ങളായിത്തീരുന്നത് ഇക്കാരണത്താലാണ്. വിശപ്പാണ് മനുഷ്യന്റെ ആത്യന്തികസത്യം എന്ന് കോവിലന്‍ മനസ്സിലാക്കുന്നത് സ്വന്തം അനുഭവങ്ങളിലൂടെ മാത്രമല്ല. പാവറട്ടി സംസ്കൃത കോളേജില്‍ പഠിക്കുമ്പോള്‍ തന്റെ അഞ്ചു ഗുരുനാഥന്മാരിലൊരാള്‍ -ചെറുകാട്- പറഞ്ഞു: "പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇന്നലെ ഉണ്ടായ സംഭവമാണ്. മനുഷ്യന്‍ എന്തുമാത്രം ദുരിതങ്ങളാണനുഭവിക്കുന്നതെന്ന് ഇതു കേട്ടാല്‍ നിങ്ങള്‍ക്ക് ഊഹിക്കാം''. രാത്രിയായിരുന്നു, കൂരിരുട്ടായിരുന്നു, അസമയമായിരുന്നു. എന്തോ ഒരാവശ്യത്തിനുവേണ്ടി ചാവക്കാട്ടേക്ക് പോയ ചെറുകാട് പുന്നച്ചോട്ടിലെത്തിയപ്പോള്‍ ആരോ ഒരാള്‍ അദ്ദേഹത്തെ തടുത്തു. അപായമൊന്നും ഉണ്ടായില്ല- അതൊരു സ്ത്രീയായിരുന്നു. സ്ത്രീയുടെ പേക്കോലമായിരുന്നു. അവള്‍ക്ക് ചെറുകാട് എന്തെങ്കിലും കൊടുക്കണം. അവള്‍ക്ക് വിശക്കുന്നുണ്ട്. നാളുകളായി അവള്‍ ആഹാരം കഴിച്ചിട്ടില്ല. കൂരിരുട്ടില്‍ മിഴിച്ചുനിന്ന ചെറുകാടിനോട് സ്ത്രീ വീണ്ടും ഇരന്നു,"രണ്ടു മുക്കാല് തരൂ.... എന്നെ എന്തും ചെയ്തോളൂ. എനിക്ക് രണ്ടു മുക്കാല് തരൂ''...... തന്റെ ശിഷ്യനായ കോവിലനോട് ബനിയനിട്ടുവരാന്‍ പറയുകയും ബനിയനകത്ത് കമ്യൂണിസ്റ്റ് സാഹിത്യം ഒളിപ്പിച്ചു കൊടുത്തയക്കുകയും ചെയ്തു ചെറുകാട്. കോവിലനെ കമ്യൂണിസ്റ്റു പാര്‍ടിയിലേക്ക് അടുപ്പിക്കുന്നതും ചെറുകാടാണ്.

തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് 'ജന്മാന്തര'ങ്ങളില്‍ ഒരിടത്ത് കോവിലന്‍ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യന്‍ എത്ര സുന്ദരമായ പദം! മലയാളത്തിലെ കമ്യൂണിസ്റ്റു സാഹിത്യകാരന്മാരോളംതന്നെ ഉച്ചത്തില്‍ കോവിലന്‍ ഈ വാക്യം ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യന്റെ ജനിതകത്തെക്കുറിച്ച്, പാരമ്പര്യത്തിന്റെ തുടര്‍ക്കണ്ണികളെക്കുറിച്ച്, ഓരോ മനുഷ്യനും അനുഭവങ്ങളുടെ ഒരു മഹാപ്രപഞ്ചമാണെന്ന സത്യത്തെക്കുറിച്ച് കോവിലന്‍ ബോധവാനായിരുന്നു. മനുഷ്യനെക്കുറിച്ച് എഴുതേണ്ടിവന്നപ്പോഴൊക്കെ കോവിലന്‍ നിസ്സംഗതയോടെ അവന്റെ ശരിതെറ്റുകളെ നോക്കിക്കണ്ടു. ഒരു ധനചിഹ്നമെഴുതേണ്ടിടത്ത് ഒരു ഋണചിഹ്നമെഴുതിയതുകൊണ്ട് ഒരു ജീവിതം മുഴുവന്‍ പണയം നല്‍കേണ്ടിവരുന്ന പാവം മനുഷ്യജീവിതങ്ങള്‍ (എ മൈനസ് ബി).

"മനുഷ്യന്‍ എന്തുമാവാം. എല്ലാവര്‍ക്കും ഓരോന്നില്ല. എന്തോ ഒന്നിന് പിശകാണ്. മനുഷ്യന്‍! മനുഷ്യന്‍ എന്ന ഈ മഹത്തായ വാക്ക് ഉള്‍ക്കൊള്ളുന്ന ആത്മാവും ഹൃദയവും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‍ എവിടെ? എന്തോ ഒന്നിന് പിശകാണ്. എ മൈസ് ബി. ജീവിതം പൂര്‍ണമല്ലെന്ന്. മനുഷ്യരുടെ കണക്കെഴുത്തില്‍ അനവരതം അകാലത്തില്‍നിന്ന് കാലത്തോളം കണക്കുകൂട്ടുന്ന ചിത്രഗുപ്തനെക്കുറിച്ച് ഇളയതു മാസ്റ്റരല്ലേ പറഞ്ഞുതന്നത്? ചിത്രഗുപ്തന്‍ ഒരാശയമാണോ? ജീവിതം പൂര്‍ണമല്ലെന്ന അജ്ഞേയമായ സംഹിതയെ വിഡംബനായ ഒരു കണക്കപ്പിള്ളയിലൂടെ ഏതൊരു ജീനിയസ്സാണ് ലോകത്തിന് ചികഞ്ഞെടുത്തുകൊടുത്തത്!'' (എ മൈനസ് ബി).

"ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ ഒരുകാലത്തും മനസ്സിലാക്കുകയില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവും അതാകുന്നു.ഒരു മനുഷ്യന്‍ തനതായ ഒരു പ്രപഞ്ചമാകുന്നു. ഒരു വിദൂര നക്ഷത്രമാകുന്നു. ആ പ്രപഞ്ചത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്, സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മറ്റൊരു മനുഷ്യന്‍ ഊഹിക്കുകയേ ഉള്ളൂ. ഊഹം യഥാതഥം ആയിക്കൊള്ളണമെന്നില്ല. ഞാന്‍ ഇങ്ങനെ ആയതുകൊണ്ട് അവന്‍ അങ്ങനെ ആയിരിക്കും. അന്യനെ മനസ്സിലാക്കാനുള്ള നിരവധി ഉപാധികളില്‍ ഒന്ന് അവന്റെ വാക്കാകുന്നു. പക്ഷേ മനുഷ്യന്‍ പൊളിവാക്കും പറയും'' (ഭരതന്‍).

അതെ, മനുഷ്യനെ മനസ്സിലാക്കുക എന്ന അത്യന്തം ശ്രമകരമായ പ്രവൃത്തിയാണ് തന്റെ സാഹിത്യത്തിലൂടെ കോവിലന്‍ നിര്‍വഹിക്കാന്‍ ശ്രമിച്ചത്. മുനിമടകളുടെയും കുടക്കല്ലുകളുടെയും നന്നങ്ങാടികളുടെയും അയല്‍പക്കക്കാരനായിരുന്ന കോവിലന്‍ മനുഷ്യന്റെ ജനിതകബന്ധങ്ങളെയും ചരിത്രത്തെയുംകുറിച്ചാണ് എപ്പോഴും ആവര്‍ത്തിച്ചു പറഞ്ഞുപോന്നത്.

"എക്കാലത്തും കണ്ണാഞ്ചിറക്കളരിയില്‍ രണ്ട് ഗുരുനാഥന്മാരുണ്ടായിരുന്നു. കഞ്ചുട്ടിപ്പണിക്കരുടെ മഹന്‍ കുഞ്ചിട്ട പണിയ്ക്കര്‍, കുഞ്ചിട്ട പണിയ്ക്കരുടെ മകന്‍ കുഞ്ചുട്ടി പണിക്കര്‍, കുഞ്ഞുട്ടി പണിക്കരുടെ മഹന്‍ ....'' (തട്ടകം).

"ആറാടിക്കടവില്‍ ചേന്നന്‍, ചേന്നന്‍ മകന്‍ ചേന്നപ്പന്‍, ചേന്നപ്പന്‍ മകന്‍ ചേന്നന്‍, ചേന്നന്‍ മകന്‍....'' (തോറ്റങ്ങള്‍).

പരമ്പരകളിലൂടെ ആവര്‍ത്തിക്കുന്ന മനുഷ്യമഹാജീവിതനാടകത്തിന്റെ സാക്ഷിയായിരുന്നു കോവിലന്‍. നിസ്സംഗനായ സാക്ഷി- "ഭടനും സന്യാസിയും നിസ്സംഗരാകുന്നു.'' കോവിലന്‍ ഭടനും സന്യാസിയുമായിരുന്നു. ഒന്നാംതരം ഒരു "റൊമാന്റിക് റവലൂഷണറി''. തന്റെ മതവും വിശ്വാസവും മാനവികതയാണെന്ന് വിളിച്ചുപറഞ്ഞ സന്യാസി. ഒരു കഷണം അസ്ഥിയും ഒരു പലം മനയോലയും മനസ്സില്‍ കൊണ്ടുനടന്ന ഭടനും സന്യാസിയുമായ ഒരു നിസ്സംഗന്‍.

പക്ഷേ ഈ നിസ്സംഗന്റെ വ്യക്തിബന്ധങ്ങള്‍ എത്ര സ്നേഹപൂര്‍ണവും ദൃഢതരവുമായിരുന്നു എന്ന് കോവിലന്റെ മരണാനന്തരമുള്ള ശൂന്യതക്ക് മുന്നില്‍ നിന്നുകൊണ്ട് ഞാന്‍ ആലോചിക്കുകയാണ്. ചെറുകാടിന്റെ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ ഓരോരുത്തരെയും കോവിലന്‍ എപ്പോഴും ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ തലശേരി സാഹിത്യസമിതിയുടെ വാര്‍ഷികങ്ങള്‍ക്ക് വരുമ്പോഴൊക്കെയും മയ്യഴിയില്‍ എന്റെ വീട്ടില്‍ കോവിലന്‍ അതിഥിയായെത്തുമായിരുന്നു. സാമ്പത്തികമായും ശാരീരികമായും കോവിലന്‍ ഏറെ വിഷമങ്ങള്‍ അനുഭവിച്ച ഒരു കാലമായിരുന്നു അത്. പക്ഷേ എഴുത്തില്‍ പുതിയപുതിയ വഴികള്‍ തേടിയിരുന്ന കാലം. 'എ മൈനസ് ബി'യില്‍നിന്നും ഏഴാമെടങ്ങളില്‍നിന്നും വ്യത്യസ്തമായി കോവിലന്‍ പുതിയ പുതിയ ശൈലികള്‍ പരീക്ഷിച്ചുകൊണ്ടിരുന്ന കാലം. തോറ്റങ്ങളും, താഴ്വരകളും ഹിമാലയവും വന്ന കാലം. ആത്മാനുകരണം ആത്മഹത്യയെക്കാള്‍ മോശമാണെന്ന് കോവിലന്‍ വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. അക്കാലത്ത് ആധുനികതയുടെ ബാനറില്‍ പുറത്തിറങ്ങിയ കഴമ്പുറ്റ രചനകളെയെല്ലാം കോവിലന്‍ സ്വാഗതം ചെയ്തു. ചെറുപ്പക്കാരായ എഴുത്തുകാരെ ഇത്രയേറെ ശ്രദ്ധിക്കുകയും സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എഴുത്തുകാരന്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. പുതിയ കുട്ടികള്‍ക്കേ ഹിമാലയത്തിലെയും താഴ്വരകളിലെയും ഭാഷ മനസ്സിലാകൂ എന്നുവരെ ശഠിച്ചു കോവിലന്‍ - അതിഥിയായി വീട്ടിലെത്തിയാല്‍ ശാസിക്കാന്‍വരെ സ്വാതന്ത്യ്രമുള്ള ഒരു കാരണവരായി മാറും കോവിലന്‍. അടിയ്ക്കടി എഴുതാത്തതിനെച്ചൊല്ലി, എടുക്കുന്ന നിലപാടിനെച്ചൊല്ലി സ്നേഹത്തിന്റെ ഭാഷയില്‍ ശാസിക്കാന്‍ കോവിലന് കഴിയുമായിരുന്നു. എഴുപതുകള്‍ക്കുശേഷം കോവിലന്റെ വടക്കോട്ടുള്ള യാത്രകള്‍ ചുരുങ്ങി. ഏതെങ്കിലും യോഗത്തില്‍ കാണുമ്പോള്‍ കൈകള്‍ കൂട്ടിപ്പിടിച്ച് ഒരു കൂര്‍ത്ത നോട്ടം- ഒരു കനത്ത മൂളല്‍. 2007 ല്‍ തൃശൂര്‍ കേരളവര്‍മ കോളേജ് പൂര്‍വവിദ്യദ്യാര്‍ഥി സംഘം ഏര്‍പ്പെടുത്തിയ മൂന്നോ നാലോ അവാര്‍ഡുകളില്‍ ഏറ്റവും നല്ല ഗവേഷണകൃതിക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു. സച്ചിദാനന്ദനും കെ ആര്‍ മീരയുമായിരുന്നു മറ്റ് അവാര്‍ഡ് ജേതാക്കള്‍. അവാര്‍ഡ് നല്‍കുന്നത് കോവിലന്‍. എനിക്ക് അവാര്‍ഡ് തന്ന് ഒരു നിമിഷം എന്നെ നോക്കിനിന്ന് ചേര്‍ത്തുപിടിച്ച് എന്റെ നെറ്റിയില്‍ നല്‍കിയ ചുംബനത്തിന്റെ ചൂട് - സ്നേഹവാത്സല്യങ്ങളുടെ ചൂട് - നിറകണ്ണുകളോടെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. പ്രിയപ്പെട്ട കോവിലന്‍, മജിഷ്യന്‍ എന്ന് അങ്ങ് കളിപ്പേരിട്ട അങ്ങയുടെ ഗുരുനാഥന്റെ ബാക്കിയുള്ള ഒരു ജീവിതം മുഴുവന്‍ ജീവിച്ചുതീര്‍ക്കാനുള്ള ഉര്‍ജമാണ് ആ വാത്സല്യത്തില്‍നിന്ന് ലഭിച്ചത്."അവന്‍ ഒരു കൊച്ചുകുട്ടിയായിരുന്നു. നനഞ്ഞ മണല്‍ത്തിട്ടില്‍ അവന്‍ ഒരു വെള്ളിനാണ്യം കുഴിച്ചിട്ടു. അവന്റെ അമ്മ കടവില്‍ കുളിക്കുന്നുണ്ടായിരുന്നു. നാണ്യത്തിന്റെ വെള്ളിവിത്ത് മുളച്ച് തൈയായി മരമായി വളരുന്നതും കാത്ത് അവന്‍ മണല്‍ത്തിട്ടില്‍ ഇരുന്നു. ആ മരം കായ്ച്ച് ഉതിരുന്ന വെള്ളിനാണ്യങ്ങള്‍ ശേഖരിക്കാന്‍ അവന്‍ ഒരു കുട്ടുസഞ്ചി സമ്പാദിച്ചുവെച്ചു. വെള്ളി വിത്തിന് മുളപൊട്ടിയത് നോക്കാന്‍ അവന്‍ എന്നും ആറ്റുകടവില്‍ പോയി. പക്ഷേ അവന്‍ മറന്നുപോയി നനഞ്ഞ മണല്‍ത്തിട്ടില്‍ എവിടെയാണ് വെള്ളിനാണ്യം കുഴിച്ചിട്ടതെന്ന്. പിന്നിടൊരിക്കലും അവന് പിടികിട്ടിയില്ല. അമ്മ പറഞ്ഞു, നിന്റെ നാണ്യം അടുത്ത ജന്മത്തില്‍ മുളയ്ക്കും'' (ഭരതന്‍: പുറം 59-60).

"അമ്മിഞ്ഞ പുഴയില്‍ തുണി കഴുകുമ്പോള്‍ അപ്പുക്കുട്ടന്‍ തൊട്ടപ്പുറത്ത് നനഞ്ഞ പൂഴിയില്‍ നാണ്യം കുഴിച്ചിട്ടു. മുളച്ച് വളര്‍ന്ന് കാശുമരമാകട്ടെ. തിരിച്ചുവരുമ്പോള്‍, അമ്മിഞ്ഞ ചോദിച്ചു,

അണ എവിടെ?

ഉടനെ പറഞ്ഞു:

'കുഴിച്ചിട്ടു'

'എവിടെ?'

അപ്പുക്കുട്ടന്‍ സ്ഥലം മറന്നുപോയി. ഓളങ്ങള്‍ നിരന്തരം കയറിത്തലോടിയ പുഴക്കരയില്‍ നാണ്യം എവിടെയെന്ന് അവന്‍ കണ്ടെത്തിയില്ല'' (തട്ടകം: പുറം 157-158).

തട്ടകം എഴുതുമ്പോഴേക്ക് കോവിലന്‍ തന്റെ ജനിതകത്തിന്റെ വെള്ളിനാണയം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിക്കഴിഞ്ഞിരുന്നു. അത് മുറ്റത്തെ മുരിങ്ങമരച്ചുവട്ടിലാണെന്ന്തന്റെ ഗുരുനാഥന്‍ - മജിഷ്യന്‍ എന്ന് താന്‍ കളിപ്പേരിട്ട ഗുരുനാഥന്‍- തന്നെയാണല്ലോ പറഞ്ഞുകൊടുത്തത്.

*

കെ പി മോഹനന്‍, ദേശാഭിമാനി വാരിക

No comments:

Post a Comment

Visit: http://sardram.blogspot.com