25 March, 2010

ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി

"സംശയലേശമെന്യെ എപ്പോഴും നീതിയുടെപക്ഷത്തു നില്‍ക്കുക എന്നതാണ് ഇസ്ളാമിക രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ അന്തര്‍ധാര. വിട്ടുവീഴ്ചയില്ലാത്ത നൈതികതയും അനീതിക്കെതിരായ നിരന്തര സമരവും അതിന്റെ ജനിതക സ്വഭാവമാണ്.'' ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ വക്താക്കളില്‍ പ്രമുഖനായ സി ദാവൂദ് മാധ്യമം ദിനപത്രത്തില്‍ എഴുതിയതാണ് ഈ വരികള്‍. ഇതൊരു തരത്തിലുള്ള സ്വത്വബോധനിര്‍മിതിതന്നെയാണ്. നീതിയുടെപക്ഷത്ത് എപ്പോഴും നില്‍ക്കുന്നവരും വിട്ടുവീഴ്ചയില്ലാത്ത നൈതികത പ്രകടിപ്പിക്കുന്നവരും അനീതിക്കെതിരായി നിരന്തരമായി പോരാടുന്നവരുമാണ് ഇസ്ളാമിക ജനത എന്നുപറയുമ്പോള്‍ മറ്റു മതരാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇസ്ളാമിക രാഷ്ട്രീയത്തിന് ചാര്‍ത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. മതത്തെ ആസ്പദമാക്കിയുള്ള ഏത് രാഷ്ട്രീയത്തിന്റെയും നീതി മതപരമായ നീതിയാണ്. അവരെ നയിക്കുന്ന നീതിബോധം മതത്തിന്റെ നീതിബോധമാണ്. അവരുടെ അനീതിയെന്നത് മതത്തിനാല്‍ നിശ്ചയിക്കപ്പെടുന്ന അനീതിയാണ്. ഹിന്ദുത്വരാഷ്ട്രീയവും ഇസ്ളാമിക രാഷ്ട്രീയവും ക്രൈസ്തവ രാഷ്ട്രീയവും ഇതില്‍നിന്ന് മുക്തമല്ല.

ഇസ്ളാമികരാഷ്ട്രീയത്തെക്കുറിച്ചുള്ള ജമാഅത്തെ ഇസ്ളാമിയുടെ ഈ അവകാശവാദത്തെ കൂടുതല്‍ വികസിപ്പിച്ച് മുസ്ളീങ്ങള്‍ സ്വതവേ സാമ്രാജ്യത്വവിരോധികളാണ് എന്നുവരെ പ്രചിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ഇസ്ളാമിക രാഷ്ട്രീയം പൊതുവില്‍ പറഞ്ഞാല്‍ ഇപ്പോള്‍ സാമ്രാജ്യത്വത്തിനെതിരാണ്. എന്നാല്‍ ഇസ്ളാമിക ഭരണം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന സൌദി അറേബ്യ അമേരിക്കന്‍പക്ഷത്താണ്. ഇന്നിപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടെടുക്കുന്നുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാമ്രാജ്യത്വവുമായി ചേര്‍ന്നുനിന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്കും മതനിരപേക്ഷവാദികളായ മുസ്ളിം ഭരണാധികാരികള്‍ക്കുമെതിരെ പടനയിച്ചവരായിരുന്നു ഈ ഇസ്ളാമിക രാഷ്ട്രീയക്കാര്‍.

1978ലാണ് അഫ്‌ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നത്. അന്ന് അഫ്‌ഗാനിസ്ഥാനിലെ സാക്ഷരതാനിരക്ക് ഒമ്പത് ശതമാനവും അതില്‍തന്നെ സ്ത്രീകളുടേത് വെറും ഒരു ശതമാനവും മാത്രമായിരുന്നു. ഗോത്ര മേധാവികളുടെ കീഴിലായിരുന്നു അന്നത്തെ അഫ്‌ഗാന്‍ ജനത. കമ്യൂണിസ്റ്റുകാര്‍ ഭരണമേറ്റതോടെ അവിടത്തെ സമ്പന്നരും അവരുടെ ആശ്രിതരുമൊക്കെ പാകിസ്ഥാനിലേക്ക് കുടിയേറി. ഈ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കമ്യൂണിസ്റ്റുവിരുദ്ധ ജിഹാദി പ്രസ്ഥാനത്തിന് അമേരിക്ക വിത്തുപാകിയത്.

ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും ഫ്യൂഡല്‍ മേധാവിത്വത്തെ തലവിധിപോലെ അംഗീകരിക്കുന്നവരുമായ അഫ്‌ഗാന്‍ അഭയാര്‍ത്ഥികള്‍ "ദൈവവിരുദ്ധ കമ്യൂണിസ്റ്റ്'' ഭരണത്തിനെതിരായി അമേരിക്കന്‍ ചാരസംഘടനയുടെ ഒത്താശയോടെ ഇസ്ളാമികജിഹാദിനുള്ള പ്രസ്ഥാനമായി മാറ്റപ്പെടുകയായിരുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെയും അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയും പ്രവര്‍ത്തിച്ച ഇക്കൂട്ടരാണ് അഫ്ഘാനിസ്ഥാനിലെ പ്രതിവിപ്ളവത്തിന് നേതൃത്വംകൊടുക്കുകയും അഫ്ഘാനിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യത്തെ ഇസ്ളാമിസ്റ്റ് ഗവണ്‍മെന്റിന് മുജാഹിദീന്‍ ഭരണത്തിന് തുടക്കംകുറിക്കുകയും ചെയ്തത്.

ഇസ്ളാമിക രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ വരുന്ന ഒന്നാണ് താലിബാന്‍. വിദ്യാര്‍ത്ഥി എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അമേരിക്കക്കാരും സൌദി-ഗള്‍ഫ് ഭരണാധികാരികളുമൊക്കെ സാമ്പത്തിക സഹായംനല്‍കി വന്നിരുന്ന മുസ്ളിം മത പാഠശാലകളില്‍ പഠിച്ചുവന്നിരുന്ന അഭയാര്‍ത്ഥികളുടെ മക്കളായ വിദ്യാര്‍ത്ഥികളാണ് പാകിസ്ഥാനില്‍ താലിബാന്‍ രൂപീകരണത്തിന് ഉപയോഗപ്പെടുത്തപ്പെട്ടത്. അമേരിക്കന്‍ പിന്തുണയോടെ അഫ്ഘാനില്‍ രൂപപ്പെടുത്തിയെടുത്ത മുജാഹിദീന്‍ ഭരണം അഴിമതിയിലും മറ്റുകൊള്ളരുതായ്മകളിലുംപെട്ട് തകര്‍ന്നപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെയാണ് അമേരിക്കന്‍ പിന്തുണയോടെ പാകിസ്ഥാന്‍ ഒരു ഇടപെടല്‍ ശക്തിയായി വളര്‍ത്തിക്കൊണ്ടുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യപങ്കാളിത്തത്തോടെ താലിബാന്‍ നടത്തിയ ഈ കടന്നുകയറ്റത്തില്‍ അഫ്ഘാന്‍ ഭരണം അവരുടെ ചൊല്‍പ്പടിയിലായി മാറി. സ്ത്രീയായി ജനിച്ചവരൊക്കെ തടവറയില്‍ കഴിയുന്ന പ്രതീതിയാണ് താലിബാന്‍ ഭരണത്തിന്‍കീഴില്‍ ഉണ്ടായത്.

അഫ്‌ഗാനിസ്ഥാനില്‍ രൂപീകൃതമായ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ തകര്‍ക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ഇതാണെങ്കില്‍ മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന മതനിരപേക്ഷ ഗവണ്‍മെന്റുകള്‍ അട്ടിമറിക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ചെറുതല്ലെന്ന് രണ്ടാം ലോക യുദ്ധാനന്തരകാലഘട്ടത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റു സാമ്രാജ്യത്വശക്തികളും ഇസ്ളാമിക രാഷ്ട്രീയത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്മൂലം ഇസ്ളാമിക രാഷ്ട്രീയത്തിന് കമ്യൂണിസത്തോടുള്ള ശത്രുത മയപ്പെടുത്തേണ്ടിവന്നിരിക്കുന്നു എന്നു മാത്രമല്ല ഏറ്റവുമുറച്ച സാമ്രാജ്യത്വവിരുദ്ധപ്പോരാളികള്‍ തങ്ങളാണെന്ന് വരുത്താനുള്ള ശ്രമവും ഇസ്ളാമിക രാഷ്ട്രീയക്കാര്‍ നടത്തുന്നുണ്ട്. സാമ്രാജ്യത്വത്തെക്കുറിച്ച് തികച്ചും ഉപരിപ്ളവമായ സമീപനമാണ് ഇവര്‍ക്കുള്ളത്. സാമ്രാജ്യത്വമെന്നത് മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുതലാളിത്തത്തിനെതിരല്ല. സാമ്പത്തികമായ അസമത്വമെന്നത്, മുതലാളിത്തമെന്നത്, ദൈവനിശ്ചയമാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നുമാണ് അവരുടെ നിലപാട്.

അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ ആദിരൂപമായ മുതലാളിത്ത വ്യവസ്ഥ തകര്‍ക്കാനല്ല മറിച്ച് ആ വ്യവസ്ഥയുടെ അനന്തരഫലമായി പാര്‍ശവല്‍ക്കരിക്കപ്പെടുന്നവരെ സംഘടിപ്പിച്ച് അവരുടെ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന പരിമിത മുദ്രാവാക്യമാണ് ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. മറുഭാഗത്ത് മുസ്ളീംലീഗിനെപ്പോലുള്ള ഇസ്ളാമിക രാഷ്ട്രീയക്കാരാവട്ടെ പരസ്യമായ സാമ്രാജ്യത്വ പ്രീണന നിലപാട് നടത്തുകയുമാണ്.

ജമാഅത്തെ ഇസ്ളാമിതന്നെ ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ (എം)നെ പിന്തുണയ്ക്കുന്നതല്ല മറിച്ച് അതിനെ ശിഥിലീകരിക്കാനുതകുംവിധം വളര്‍ന്നുവരുന്ന സ്വത്വരാഷ്ട്രീയവാദികളെ പിന്തുണയ്ക്കാനും അവരെ ശാക്തീകരിക്കുകവഴി തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഇസ്ളാമിക-ദളിത്-ആദിവാസി പ്രസ്ഥാനത്തെ രൂപപ്പെടുത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ എടുക്കുന്ന സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ വര്‍ഗരാഷ്ട്രീയം രൂപപ്പെടുന്നതിലും വളര്‍ന്നുവരുന്നതിലും അവര്‍ കാണിക്കുന്ന അസഹിഷ്ണുതയേയും വിദ്വേഷത്തെയും കമ്യൂണിസ്റ്റുകാര്‍ തുറന്നെതിര്‍ക്കാതിരിക്കാനാവില്ല.

*****

കെ എ വേണുഗോപാലന്‍, കടപ്പാട് : ചിന്ത

No comments:

Post a Comment

Visit: http://sardram.blogspot.com