13 March, 2010

ഹുസൈന്‍ തിരിച്ചുവരാതാകുമ്പോള്‍

"ഹുസൈന്‍ സാബിന് വരണം എന്നുണ്ട്. പക്ഷേ, സുരക്ഷ ഉറപ്പുവരുത്താതെ അദ്ദേഹം എങ്ങനെ വരും?''

നാലഞ്ചു മാസം മുമ്പ് ഡല്‍ഹിയില്‍ ഒരു സായാഹ്നസദസ്സില്‍ വച്ച് കാണാന്‍ ഇടയായപ്പോള്‍ ഷംഷാദ് ഹുസൈന്‍ പറഞ്ഞു. വിശ്വപ്രശസ്തനായ തന്റെ പിതാവിന്റെ - എം എഫ് ഹുസൈന്റെ - നിഴലില്‍നിന്ന് ഒരിക്കലും പുറത്തുകടക്കാന്‍ പറ്റാതിരുന്ന, ചിത്രകാരന്‍ തന്നെയായ ഷംഷാദ് ഇത് പറയുമ്പോള്‍ ഒരു മകന്‍ അച്ഛനെപ്പറ്റി സംസാരിക്കുകയായിരുന്നു എന്ന് വ്യക്തമായിരുന്നു. ഉത്കണ്ഠ, സ്നേഹം എന്നീ വികാരങ്ങളാണ് ആ മുഖത്ത് മുഴുവന്‍ നിറഞ്ഞുനിന്നത്. ഷംഷാദ് പക്ഷേ എല്ലായ്പ്പോഴും ഇങ്ങനെ അല്ല സംസാരിച്ചുകൊണ്ടിരുന്നത്. ഒരു കലാകാരന്‍ എന്ന നിലയില്‍, ഒരു സാമൂഹികജീവി എന്ന നിലയില്‍ എം എഫ് ഹുസൈന് ഇന്ത്യക്ക് പുറത്തു കഴിയേണ്ടിവരുന്നതിന്റെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങള്‍ ഷംഷാദ് പലപ്പോഴും ചര്‍ച്ചാവിഷയമാക്കാറുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്ത്യ ആര്‍ട് സമ്മിറ്റില്‍നിന്ന് ഹുസൈന്റെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ ഷംഷാദ് പ്രതികരിച്ചത് കലാകാരനും സാമൂഹിക ജീവിയുമായാണ്. "ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കലാകാരന്റെ ചിത്രങ്ങള്‍ ഇല്ലാതെ എന്ത് കലാ ഉച്ചകോടി?'' - എന്നാണ് അന്ന് ഷംഷാദ് ചോദിച്ചത്. നാലു വര്‍ഷമായി ഇന്ത്യയില്‍ കാലുകുത്താതെ എം എഫ് സാബിന് ജീവിക്കേണ്ടിവരുന്നതിന്റെ രാഷ്ട്രീയ വിവക്ഷകള്‍ നമ്മുടെ ജനാധിപത്യത്തിന്റെതന്നെ ശക്തിയും സാധുതയും ചോദ്യം ചെയ്യുന്നതാണെന്ന് എന്ന് ഷംഷാദ് പറയുമായിരുന്നു.

ഫെബ്രുവരി 24ന് ദി ഹിന്ദു ഗ്രൂപ്പിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്‍ റാമിന് അയച്ച കത്തിലൂടെ തനിക്ക് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ട കാര്യം എം എഫ് ഹുസൈന്‍ പ്രഖ്യാപിച്ചശേഷം ഷംഷാദുമായി സംസാരിക്കാന്‍ അവസരം കിട്ടിയിട്ടില്ല. പക്ഷേ ഒന്ന് തീര്‍ച്ച. മകന്‍ എന്ന നിലയിലോ കലാകാരന്‍ എന്ന നിലയിലോ സാമൂഹികജീവി എന്ന നിലയിലോ എം എഫ് ഹുസൈനെ നഷ്ടപ്പെടുന്നത് ഷംഷാദിന് സ്വീകാര്യമാവാന്‍ വഴിയില്ല. പക്ഷേ ഫെബ്രുവരി 24ന് ശേഷമുള്ള ദിവസങ്ങളില്‍ ഹുസൈന് ഖത്തര്‍ പൌരത്വം സമ്മാനിക്കപ്പെട്ടതിനെപ്പറ്റി മറ്റ് ചില പ്രതികരണങ്ങളും എന്നിലേക്ക് എത്തുകയുണ്ടായി. അവയില്‍ പലതും ഹുസൈന്‍ ഏറെ വര്‍ഷക്കാലം വിധേയനാവേണ്ടിവന്ന സ്വേഛാധികാര പ്രവണതകളുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലം വെളിവാക്കുന്നതായിരുന്നു. "ഇനി ഏത് പടച്ചവനെപ്പറ്റിയാണ്, ഏത് ദൈവപുത്രനെയും പ്രവാചകനെയും പറ്റിയാണ് ഇവന്‍ വരയ്ക്കുന്നത് എന്ന് കാണണമല്ലോ.'' - ഏതാനും ദിവസങ്ങള്‍ക്കകം ഒരു സിനിമാനടി ഉള്‍പ്പെടുന്ന ഒരു സെക്സ് സ്റ്റിംഗ് വീഡിയോവില്‍ കഥാപാത്രമായി മാറിയ ഒരു യുവ സന്ന്യാസിയുടെ ശിഷ്യനും ബംഗളൂരുവിലെ ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവനുമായ ഒരു മധ്യവയസ്കന്‍ എസ് എം എസ് അയച്ചു."എത്തേണ്ട ഇടത്ത് എത്തിച്ചു.'' -ഹരിയാണയില്‍ നിന്നുള്ള, അത്രയൊന്നും പഠിക്കാത്ത, ചെറുപ്പകാലം മുതല്‍ ബജ്റംഗ്ദളും ഗുസ്തിയുമായി ഹിന്ദുത്വ രാഷ്ട്രീയത്തില്‍തന്നെ വളര്‍ന്നുവന്ന ഒരു വിശ്വഹിന്ദുപ്രവര്‍ത്തകന്‍ പറഞ്ഞു.

ഒറ്റനോട്ടത്തില്‍ വിദ്യാസമ്പന്നനായ ഐ ടി വിദഗ്ധനും, 'പഠിക്കാത്ത' വിശ്വഹിന്ദു പ്രവര്‍ത്തകനും പ്രകടിപ്പിക്കുന്നത് വ്യത്യസ്ത വികാരങ്ങളാണ്. ഐടി വിദഗ്ധന്റെ വാക്കുകളില്‍ ഒരു വ്രണിതഹൃദയന്റെ ഛായ ഉണ്ട്. വിശ്വഹിന്ദു പ്രവര്‍ത്തകന്‍ വിജയശ്രീലാളിതന്റെ ഭാവത്തിലാണ് സംസാരിക്കുന്നത്. പക്ഷേ യഥാര്‍ഥത്തില്‍ അവര്‍ രണ്ടുപേരും പറഞ്ഞുകൊണ്ടിരുന്നത് ഒരേ കാര്യമാണ് എന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ട കാര്യമില്ല. രണ്ടുപേരുടെയും പ്രശ്നം ഹുസൈന്‍ വരച്ച ചിത്രങ്ങളാണ്. തങ്ങളുടെ ഭാവുകത്വത്തിന് കീഴ്പ്പെട്ടു ജീവിച്ചുകൊള്ളണം എന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സങ്കല്‍പ്പനമാണ് അവരെ നിയന്ത്രിക്കുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം ഉപയോഗിച്ച് കീഴ്പ്പെടുത്തും എന്നാണ് ഇരുവരും പറയുന്നത്.

1996ല്‍ ഹുസൈന്റെ സരസ്വതിയെ ചൊല്ലി ഹിന്ദുത്വ സംഘടനകള്‍ തുടങ്ങിയ പ്രതിഷേധ പരമ്പര മുതല്‍ തന്നെ ഈ സ്വേഛാധികാര പ്രയോഗഭീഷണി പ്രകടമായിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ പ്രതികരണങ്ങളിലും കാണാനാവുന്നത്. ആത്യന്തികമായി ഇത് ചിത്രകലയെപ്പറ്റിയോ ഹുസൈന്‍ ചിത്രകലയെ ഉപയോഗിക്കുന്ന രീതിയെപ്പറ്റിയോ അല്ല. മറിച്ച് അധികാരത്തെപ്പറ്റിയാണ്, അതിന് വഴങ്ങി ജീവിക്കണം എല്ലാതരം ന്യൂനപക്ഷങ്ങളും എന്ന സങ്കല്പനത്തെപ്പറ്റിയാണ്.

ജീവിതത്തിന്റെ പല തലങ്ങളിലും ഹുസൈന് തന്നെ അത് അറിയാമായിരുന്നു. 1996ല്‍ അദ്ദേഹത്തിന്റെ സരസ്വതി നഗ്നയാണ് എന്ന് ആക്ഷേപിച്ചുകൊണ്ട് വിശ്വഹിന്ദു പരിഷത്തും മറ്റ് ഹിന്ദുത്വവാദികളും ആക്രമണപരമ്പരക്ക് തുടക്കമിട്ടപ്പോള്‍ ഒരു കൂടിക്കാഴ്ചയില്‍ ഞാന്‍ ചോദിക്കുകയുണ്ടായി. "എന്തിനാണ് ഇങ്ങനെ പ്രക്ഷോഭം സൃഷ്ടിക്കുന്ന രീതിയില്‍ വരയ്ക്കുന്നത്?'' മറുപടി ഇങ്ങനെയായിരുന്നു." വരയ്ക്കുമ്പോള്‍ എന്നിലുള്ള ഹുസൈന്‍ ആണ് അത് ചെയ്യുന്നത്. അല്ലാതെ പ്രക്ഷോഭം ഉണ്ടാക്കാന്‍വേണ്ടി ബോധപൂര്‍വം ചെയ്യുന്നതല്ല. അല്ലെങ്കിലും ഞാന്‍ പണ്ടെപ്പോഴോ വരച്ച ചിത്രം ഇപ്പോള്‍ പ്രശ്നമാകുന്നത് എങ്ങനെയാണ്? ഒരുപക്ഷേ, അതാണ് നിങ്ങളെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ചോദിക്കേണ്ടത്.'' ഹുസൈന്‍ പറഞ്ഞത് ശരിയായിരുന്നു. 1976ല്‍ അദ്ദേഹം വരച്ച സരസ്വതി നഗ്നയാണ് എന്ന് ഹിന്ദുത്വ കൂട്ടകെട്ട് പെട്ടെന്ന് തിരിച്ചറിയുന്നത് ഇരുപത് വര്‍ഷം കഴിഞ്ഞായിരുന്നു. അതും മധ്യപ്രദേശിലെ ഹിന്ദുത്വ പ്രസിദ്ധീകരണമായ മീമാംസയില്‍ അത് പ്രസാധനം ചെയ്യപ്പെട്ടശേഷം. അപ്പോഴും അതിനുശേഷവും ഹുസൈനില്‍ സ്ഥിരമായി നിലനിന്നിരുന്ന ഒരു ബോധ്യം താന്‍ എന്തുതന്നെ ഒത്തുതീര്‍പ്പുണ്ടാക്കിയാലും സമൂഹത്തില്‍ ലീനമായ സ്വേഛാധികാരം പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ടാര്‍ഗെറ്റ് ചെയ്തുകൊണ്ടിരിക്കും എന്നുതന്നെയായിരുന്നു.

ഈ ബോധ്യം കാരണമോ എന്തോ തന്റെ ഭാഗത്തുനിന്ന് പ്രകോപനം ഉണ്ടാവരുത് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം അമിത ശ്രദ്ധ പുലര്‍ത്തുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായത് അദ്ദേഹത്തിന്റെ 1987 മുതല്‍ 1993 വരെയുള്ള രാജ്യസഭാ കാലാവധിയില്‍ തന്നെയാണ്. അയോധ്യയിലെ ഹിന്ദുത്വപ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ആ കാലയളവില്‍ ആ വിഷയത്തെപ്പറ്റി ഒരിക്കലും പ്രൊ-ആക്ടീവ് ആയി എന്തെങ്കിലും പറയാന്‍ ഹുസൈന്‍ തയാറായില്ല. എന്നു മാത്രമല്ല അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാലും മറുപടി ഒരു ചിരിയില്‍ ഒതുക്കുക ആയിരുന്നു പതിവ്. രാജ്യസഭയില്‍ ഒരു മൂലയില്‍ക്കൂടി ചിത്രം വരയ്ക്കുകയും ഒടുവില്‍ അതിനെ സന്‍സദ്നാമ എന്ന കൃതി ആയി പുറത്തിറക്കുകയുംചെയ്തു എന്നതായിരുന്നു ആ സാമാജികന്റെ ഏറ്റവും വലിയ നേട്ടം.

എങ്കിലും ഒരിക്കല്‍മാത്രം അദ്ദേഹത്തില്‍നിന്ന് വാചാലമായ ഒരു ഉത്തരം ലഭിച്ചത് ഓര്‍ക്കുന്നു. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലൂടെ നടന്ന് അദ്ദേഹം ലൈബ്രറിക്ക് മുന്നില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കുറച്ചു പത്രക്കാര്‍ കൂടി പിടിച്ചതായിരുന്നു. പല വിഷയങ്ങളും അന്ന് അദ്ദേഹത്തോട് ചോദിച്ചു. എന്റെ ചോദ്യം ഇന്ത്യ വിഭജനകാലത്ത് എപ്പോഴെങ്കിലും പാകിസ്ഥാനിലും താമസിക്കാന്‍ ഇഛ തോന്നിയിരുന്നോ എന്നായിരുന്നു.

ഒരിക്കലും ഇല്ല എന്നു പതിവില്ലാത്ത ഒരു ഉറപ്പോടെ തറപ്പിച്ചുപറഞ്ഞ അദ്ദേഹം ഒരു ഏകമത രാജ്യത്ത് ജീവിക്കാന്‍ കലാകാരന്മാര്‍ക്ക് ആവുമോ എന്ന് തിരിച്ചു ചോദിക്കുകയുംചെയ്തു.

ഈ ചോദ്യോത്തരവേള എന്നിലേക്ക് തിരിച്ചെത്തുമ്പോള്‍ ഞാന്‍ അറിയുന്നു ഷംഷാദിനെപ്പോലെ എം എഫ്നും ഖത്തര്‍വാസം തീര്‍ത്തും സുഖകരമായ ഒരനുഭവമാവാന്‍ സാധ്യതയില്ല. പക്ഷേ നമ്മുടെ സാമൂഹിക സ്വേഛാധികാരം മറ്റെല്ലാ രാഷ്ട്രീയ -ജനാധിപത്യ സങ്കല്പനങ്ങളെയും മറികടന്നിരിക്കുന്നു.

1996ല്‍ ഹുസൈന്റെ വീട് ആദ്യമായി ആക്രമിക്കപ്പെട്ടപ്പോള്‍ കാര്‍ടൂണിസ്റ്റ് ഉണ്ണിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ടു ലഘു പ്രതിഷേധ സിനിമകള്‍ ഉണ്ടാക്കി. ഡല്‍ഹിയിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും പല സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ചു. അത്തരമൊരു പ്രദര്‍ശനം കണ്ടശേഷം സമാജ്വാദി പാര്‍ടി നേതാവ് മുലായം സിങ് യാദവ് പറഞ്ഞത് ഇപ്പോഴും പ്രസക്തമായ ഒരു ഓര്‍മവാചകമായി തിരിച്ചെത്തുന്നു. "നഗ്നത ഹുസൈനോ ഹുസൈന്റെ ചിത്രങ്ങള്‍ക്കോ അല്ല. ചിലരുടെ അധികാര മോഹമാണ് നഗ്നമായിരിക്കുന്നത്.''

*
വെങ്കിടേശ് രാമകൃഷ്ണന്‍ കടപ്പാട്: ദേശാഭിമാനി വാരിക

No comments:

Post a Comment

Visit: http://sardram.blogspot.com